സനിതയുടെ വീട്

സുഹൃത്തുക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി സനിത ഭർത്താവ് മോഹിതിന് ഫോൺ ചെയ്തു. “ഏട്ടാ… അവരെല്ലാം നാളെ പാർട്ടി കൊടുക്കണമെന്ന് പറയുന്നു. ഞാനെന്താണ് മറുപടി പറയേണ്ടത്.”

“അച്‌ഛന്‍റെയും അമ്മയുടെയും സമ്മതം ചോദിക്കാതെ ആരേയും വീട്ടിലേയ്‌ക്ക് ക്ഷണിച്ചാൽ ശരിയാവില്ല.” മോഹിതിന്‍റെ വാക്കുകളിലും പരിഭ്രമത്തിന്‍റെ സ്പർശം ഉണ്ടായിരുന്നു.

“അപ്പോ ഇവർക്കുള്ള പാർട്ടി എപ്പോ കൊടുക്കും?”

“ഇതേപ്പറ്റി നമുക്ക് രാത്രി കൂടിയാലോചിക്കാം.”

“ആയിക്കോട്ടെ.”

സനിത ഫോൺ കട്ട് ചെയ്‌തു. എന്നിട്ട് മോഹതിന്‍റെ അഭിപ്രായം കൂട്ടുകാരോട് പറഞ്ഞപ്പോൾ അവർ അവളെ വിടാനുള്ള ഭാവമില്ലായിരുന്നു. “എടോ, ഞങ്ങൾ കൈയും വീശി വരികയൊന്നുമില്ല. ഗിഫ്റ്റ് എന്തായാലും കൊണ്ട് വരും.”

“ഭർതൃ വീട്ടുകാരെ പേടിച്ച് നീയിങ്ങനെ എത്രകാലം കഴിയും?” കൂട്ടുകാരെല്ലാവരും ഇതുപോലെ ഓരോന്ന് പറഞ്ഞ് സനിതയെ കളിയാക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് വല്ലാത്തൊരു എനർജിയോടെ സനിതയും ഇടപെട്ടു കൊണ്ട് മറുപടി കൊടുത്തു.

“നിങ്ങൾ എന്‍റെ തല തിന്നാതെ. ഞാൻ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കൂ… നാളെ രാത്രി 8 മണിക്ക് എല്ലാവരും സാഗർ രത്നയിൽ വരിക. അവിടെയാണ് ഡിന്നർ പാർട്ടി. ഇനി ആരും ഗിഫ്റ്റ് വീട്ടിൽ മറന്ന് വച്ച് വരേണ്ട.”

സനിതയുടെ ഈ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് കൂട്ടുകാർ സ്വീകരിച്ചത്.

കുറച്ച് നരം കഴിഞ്ഞപ്പോൾ സനിതയെ തനിച്ച് കിട്ടിയപ്പോൾ സംഗീത മാഡം ചോദിച്ചു. “ചെലവ് കൊടുക്കാമെന്നേറ്റിട്ട് നീ സ്വയം എടാകൂടത്തിൽ പെട്ടിരിക്കുകയാണോ മോളെ?”

“ഇനി വരുന്നിടത്ത് വച്ച് കാണാം ചേച്ചി” സനിത പുഞ്ചിരി പൊഴിച്ചു കൊണ്ട് മറുപടി പറഞ്ഞു.

“വീട്ടിൽ ടെൻഷൻ കൂടുകയാണെങ്കിൽ എന്നെ വിളിക്കാൻ മടിക്കണ്ട. ഞാൻ എല്ലാവരെയും വിളിച്ച് പാർട്ടി കാൻസൽ ചെയ്ത വിവരം പറഞ്ഞോളാം. നാളെ നീ കരയുകയും മറ്റും ചെയ്യരുത് കെട്ടോ.”

“ചേച്ചി കരഞ്ഞു തീർക്കാനുള്ള കണ്ണീരത്രയും ഞാൻ കഴിഞ്ഞ ഒരു വർഷം കൊണ്ട് തീർത്തതല്ലേ. ചേച്ചിയ്‌ക്കും അത് അറിയാവുന്നതല്ലേ.”

“ആ ദിനങ്ങളിലെ ഓർമ്മകളാണ് എന്നെ ഇപ്പോഴും ആധിപിടിപ്പിക്കുന്നത് എന്‍റെ മോളെ.”

“എന്നെക്കുറിച്ചോർത്ത് ടെൻഷനടിക്കണ്ട. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഞാനും ഏറെ മാറിയിട്ടുണ്ട്.”

“ശരിയാണ്. നിനക്ക് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു സനിതേ. ഭർതൃവീട്ടിലെ പ്രയാസങ്ങൾ നിന്നെ മാറ്റിയിരിക്കുന്നു. അമ്മായിയമ്മപ്പോരും നാത്തൂന്‍റെ ഒറ്റപ്പെടുത്തലും അനുഭവിച്ച് നിനക്കിപ്പോ ഒന്നും പ്രശ്നമല്ലാതായിരിക്കുന്നു.

“ടെൻഷൻ, സങ്കടം, പേടി ഇത്തരം രോഗങ്ങൾ ഞാനിപ്പോൾ മനസ്സിൽ വളർത്താറില്ല ചേച്ചി. നാളെ രാത്രി പാർട്ടി ഗംഭീരമായി നടക്കും. ചേച്ചി ചേട്ടനും പിള്ളേരുമായി തീർച്ചയായും വരണം.” ഇത്രയും പറഞ്ഞ് കൊണ്ട് സനിത തന്‍റെ ഇരിപ്പിടത്തിൽ ചെന്നിരുന്നു.

സനിത അനുവാദമില്ലാതെയാണ് കൂട്ടുകാർക്ക് പാർട്ടി കൊടുക്കാനുള്ള തീരുമാനമെടുത്തത്. ഈ വിവരമറിഞ്ഞ് അമ്മായിയമ്മ ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു. “ഞങ്ങളോട് ചോദിക്കാതെ ഇത്തരമൊരു തീരുമാനം എടുക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു. ഈ വീട്ടിലെ ചിട്ടവട്ടങ്ങൾ തെറ്റിക്കാൻ ആർക്കും അവകാശമില്ല. ഇവിടുത്തെ രീതികൾ നിനക്ക് പിടിക്കുന്നില്ലെങ്കിൽ മാറി താമസിക്കുന്നതിനെപ്പറ്റി ചിന്തിച്ചോ…”

“അമ്മേ അവരെല്ലാം എന്‍റെ പിന്നാലെ കൂടിയത് കൊണ്ടാണ്. നിങ്ങൾക്കിത് മോശമായി തോന്നുന്നുവെങ്കിൽ ഞാനിപ്പോൾ തന്നെ അവരെ വിളിച്ച് പാർട്ടി കാൻസൽ ചെയ്‌ത കാര്യം പറയാം.” വളരെ ശാന്തമായി സനിത പറഞ്ഞു. എന്നിട്ട് അവൾ അടുക്കളയിലേയ്‌ക്ക് ചെന്ന് ജോലി ചെയ്യാൻ തുടങ്ങി.

അമ്മായിയമ്മ പക്ഷേ നിർത്താൻ ഭാവമില്ലായിരുന്നു. അവർ കലിതുള്ളികൊണ്ടിരുന്നു. ഈ സമയം അവരുടെ മകൾ ഇടപെട്ടു.

“അമ്മേ, ചേച്ചിയ്ക്ക് തന്നിഷ്ടം ചെയ്യുന്നതിലാണ് താൽപര്യമെങ്കിൽ അമ്മ വെറുതെ വായിട്ട് അലച്ചിട്ടെന്താ കാര്യം. വെറുതെ ഒച്ച വച്ച് എന്നെ ശല്യം ചെയ്യല്ലേ. തല പെരുക്കുന്നു. ഒന്ന് നിർത്താമോ? നിങ്ങൾ അവരെ ചീത്ത പറയുമ്പോൾ അവൾ അടുക്കളയിൽ പാട്ട് കേട്ട് ജോലി ചെയ്യുകയാണ്. അമ്മയെ കളിയാക്കുന്നതും അമ്മ ആസ്വദിക്കുകയാണോ?”

എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലുള്ള മകളുടെ സംസാരം കേട്ട് അവർക്ക് ഒന്നു കൂടി ഹാലിളകി. അവർ എന്തെല്ലാമോ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു.

പക്ഷേ ഇതൊന്നും കേട്ട് സനിത പ്രകോപിതയായില്ല. അവൾ അടുക്കള പണിയെല്ലാം തീർത്ത് ഭക്ഷണം മേശ മേൽ നിരത്തി.

“ഭക്ഷണം റെഡിയായിരിക്കുന്നു.” അവളുടെ ഉറക്കെയുള്ള ക്ഷണം കേട്ട് എല്ലാവരും ഡൈനിംഗ് ടേബിളിനരികലെത്തി. എല്ലാവരുടെയും മുഖത്ത് പക്ഷേ നീരസം പ്രതിഫലിച്ചിരുന്നു.

സനിത പക്ഷേ അന്ന് ഭക്ഷണം ആസ്വദിച്ചു കഴിച്ചു. അമ്മായിഅച്ഛൻ അന്തരീക്ഷം ശാന്തമാക്കാനായി പലതും പതിയെ സംസാരിച്ചെങ്കിലും അമ്മായിയമ്മ കുലുങ്ങിയില്ല. അമ്മായിയമ്മ കൂടുതൽ പ്രശ്നം ഉണ്ടാക്കുമെന്നായപ്പോൾ അവരുടെ ഭർത്താവ് ഇടപെട്ട് ഒതുക്കി.

സനിത പക്ഷേ ഒരക്ഷരം ഉരിയാടിയില്ല. അതുകൊണ്ട് കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടായില്ല. അമ്മായിയമ്മയ്ക്കുള്ള മറുപടി അവൾ പുഞ്ചിരിയായാണ് തിരിച്ചു നൽകിയത്.

രാത്രി മോഹിതും തന്‍റെ നീരസം ഭാര്യയോട് പ്രകടിപ്പിക്കാതിരുന്നില്ല. ധിക്കാരം നല്ലതല്ലെന്നുള്ള നിലപാടിലായിരുന്നു മോഹിത്.

“മറ്റാരുടെ അനുവാദം ചോദിച്ചില്ലെങ്കിലും ഇത്തരമൊരു തീരുമാനം എടുക്കും മുമ്പ് നിനക്ക് എന്നോടെങ്കിലും ചോദിക്കാമായിരുന്നില്ലേ. നാളെ നിന്‍റെ പാർട്ടിയ്ക്ക് എന്നെ പ്രതീക്ഷിക്കേണ്ട.”

“നിങ്ങളുടെ ഇഷ്‌ടം” കുസൃതി നിറഞ്ഞൊരു ചിരി മുഖത്ത് വരുത്തി സനിത പറഞ്ഞു. എന്നിട്ട് അയാളുടെ കവിളിൽ ഒരുമ്മ നൽകി അവൾ ബാത്ത്റൂമിലേയ്‌ക്ക് കയറി.

രാത്രി പന്ത്രണ്ടു മണിയായപ്പോൾ സനിതയുടെ മൊബൈൽ അലാറം അടിച്ചതിനാൽ രണ്ടാളുടെയും ഉറക്കം മുറിഞ്ഞു.

“എന്തിനാണ് ഈ പാതിരാത്രിയ്ക്ക് അലാറം വച്ചത്?” മോഹിത് ഉറക്കം മുറിഞ്ഞ ദേഷ്യം പ്രകടിപ്പിച്ചു.

“ഹാപ്പി മാര്യേജ് ആനിവേഴ്സറി സ്വീറ്റ് ഹാർട്ട്.” സനിത വളരെ റൊമാന്‍റിക്കായി മോഹിതിന്‍റെ കവിളിൽ തൊട്ടു.

രാത്രിയുടെ നിശ്ശബ്ദയാമത്തിൽ പ്രണയത്തിന്‍റെ ശ്വാസ നിശ്വാസം മുറിയിൽ നിറഞ്ഞപ്പോൾ മോഹിതിന്‍റെ ദേഷ്യം എവിടെയോ പോയി മറഞ്ഞു. അയാൾ ഭാര്യയെ ചേർത്ത് പിടിച്ചു. അവളുടെ ചുവന്ന ചുണ്ടിൽ തന്‍റെ ചുണ്ടമർത്തി. അവൾ നാവ് കൊണ്ട് അയാളുടെ മേൽ ചുണ്ടിൽ ഇക്കിളിയിട്ടു.

“ഏറ്റവും പ്രിയപ്പെട്ട രാത്രിയായിത് മാറിയത് നിയെനിക്ക് അവിചാരിതമായി തന്ന ഈ കിടപ്പറ സമ്മാനം കാരണമാണ്.” ഈ സമ്മാനത്തിന് ഞാനെന്താണ് പകരം തരേണ്ടത്?” തന്‍റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുന്ന ഭാര്യയോട് അയാൾ മന്ത്രിച്ചു.

“ഇന്ന് എന്‍റെ കൂടെ വരില്ലേ?” സനിത പ്രണയാർദ്രമായി ചോദിച്ചു.

“പാർട്ടിക്കോ?” അയാൾ ഭാര്യയെ അമർത്തിപ്പിടിച്ചു.

“ഞാൻ പാർക്കിൽ പോകുന്ന കാര്യമാണ് പറഞ്ഞത് മാഷേ.”

“അവിടെ ഞാനെന്തായാലും വരും.”

“നിങ്ങൾ എത്ര സ്നേഹമുള്ളവനാണ്!” സനിത അതീവ സന്തോഷത്തോടെ പറഞ്ഞു. എന്നിട്ട് അയാളെ ഒരു വട്ടം കൂടി ഉമ്മ വച്ചു.

സനിത രാവിലെ 6 മണിക്ക് എഴുന്നേറ്റ് കുളിച്ച് തയ്യാറായി. എഴുന്നേറ്റ് കണ്ണ് തുടച്ച ഉടനെ ഭാര്യ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്നതാണ് മോഹിത് കണ്ടത്. അയാൾക്ക് വലിയ സന്തോഷം തോന്നി.

“സുന്ദരിക്കുട്ടിയായല്ലോ…” ജീവിത പങ്കാളിയുടെ കോംപ്ലിമെന്‍റ് അവളെ തരളിതയാക്കി. മോഹിത് അവളെ വാരി പുണരാൻ ശ്രമിച്ചതും, വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി അവൾ മുറിയ്ക്ക് പുറത്ത് വന്നു.

ഉടനെ അടുക്കളയിൽ കയറി എല്ലാവർക്കുമായി ചായ ഇട്ടു. ശേഷം അമ്മായിയമ്മയുടെ മുറിയിലെത്തി അമ്മായി അച്ഛന്‍റെയും അമ്മായിയമ്മയുടെയും കാലിൽ തൊട്ട് ആശീർവാദം വാങ്ങി.

ചായ മൊത്തി കൊണ്ട് അമ്മായിയമ്മ മൃദുസ്വരത്തിൽ ചോദിച്ചു. “മോളെ രാവിലെ തന്നെ നീ വീട്ടിൽ പോവാനൊരുങ്ങിയോ?”

“ഞങ്ങൾ പാർക്കിലേയ്‌ക്ക് പോവാണ് അമ്മേ” സനിത സ്നേഹം തുളുമ്പുന്ന സ്വരത്തിൽ പറഞ്ഞു.

“അതെന്തായാലും നന്നായി, രാവിലെ കുളിർ കാറ്റിൽ നടക്കുന്നത് വളരെ നല്ലതാണ് മോളെ” അമ്മായി അച്‌ഛൻ ഇടപെട്ടു കൊണ്ട് പറഞ്ഞു.

“ഞങ്ങൾ പോയിട്ട് വരട്ടെ അമ്മേ?”

“എന്തേലും ചെയ്യുന്നതിനു മുമ്പ് നീ എന്‍റെ അഭിപ്രായം ചോദിക്കുന്ന ശീലം ഇല്ലായിരുന്നല്ലോ? അമ്മായിയമ്മ തലേ ദിവസത്തെ മൂഡിലേയ്‌ക്ക് മെല്ലെ വന്നു കൊണ്ടിരുന്നു.

“എന്നോട് പിണങ്ങല്ലേ അമ്മേ, ഞങ്ങൾ പോയിട്ട് വേഗം വരാം.” അവൾ അമ്മായിയമ്മയെ ബുദ്ധിപൂർവ്വം ഒഴിവാക്കി കൊണ്ട് പ്രസന്നമായ മുഖഭാവത്തോടെ തന്‍റെ മുറിയിലേയ്‌ക്ക് നടന്നു.

അവൾ മോഹിതിനൊപ്പം പാർക്കിലെത്തി. പ്രഭാതത്തിലെ മഞ്ഞിൻ തണുപ്പും ശുദ്ധവായുവും അവരുടെ മനസ്സിനെ കൂടുതൽ അടുപ്പിച്ചു. രണ്ട് മൂന്ന് റൗണ്ട് പരസ്പരം കൈപിടിച്ചും തൊട്ടുരുമിയും നടന്ന ശേഷം അവൻ അടുത്തുള്ള ഹോട്ടലിൽ കയറി നന്നായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.

രണ്ട് മണിക്കൂറിനു ശേഷമാണ് അവർ വീട്ടിൽ മടങ്ങി എത്തിയത്. വീട്ടിലുള്ളവർക്കെല്ലാം അവർക്കിഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് പാർസൽ വാങ്ങി കൊണ്ടു വന്നിരുന്നു സനിത. ഇതൊന്നും പക്ഷേ വീട്ടുകാരുടെ നീരസം മാറാൻ ഉതകുന്നതായില്ല.

ആരും സനിതയുടെ മുഖത്ത് നോക്കി സംസാരിച്ചിരുന്നില്ല. അമ്മായിയമ്മയും മുഖം വീർപ്പിച്ചാണ് നടന്നിരുന്നത്. അവർക്ക് തന്‍റെ ഭർത്താവിന്‍റെയും മകളുടെയും അയഞ്ഞ സമീപനം അത്ര പിടിച്ചിരുന്നില്ല. മകൾക്കും അമ്മയുടെ വാശി അത്ര പിടിച്ചിരുന്നില്ല. എന്തെങ്കിലും പറഞ്ഞ് കൂടുതൽ പ്രശ്നം സൃഷ്ടിക്കണ്ടാ എന്ന് കരുതി അവൾ സനിതയോട് അമ്മ കാൺകെ അടുപ്പം കാണിച്ചില്ല.

ഉച്ചഭക്ഷണം തയ്യാറാക്കാനായി സനിത വീണ്ടും അടുക്കളയിൽ കയറി, സജീവമായി. ഡ്രസ് മാറ്റാൻ നാത്തൂൻ പറഞ്ഞെങ്കിലും അവൾ അതിനു മറുപടി പറഞ്ഞു. “ചേച്ചി, ഇന്ന് നിങ്ങളുടെ ചേട്ടൻ എന്‍റെ സൗന്ദര്യത്തെ എത്രമാത്ര മാണെന്നോ പുകഴ്ത്തിയത്. അതിനാൽ ഈ സാരി ഞാൻ രാത്രിയായാലേ മാറ്റൂ.”

“ഈ വില പിടിച്ച സാരിയിൽ അടുക്കള ജോലിയെടുത്താൽ കറയാവില്ലെ? അതു കൊണ്ട് പറഞ്ഞതാണേ…”

“ഇത്തരം ചെറിയ കാര്യങ്ങൾക്ക് ടെൻഷനടിക്കുന്ന കാര്യം ഞാൻ വിട്ടിരിക്കുകയാണ് ചേച്ചി” സനിത പറഞ്ഞു.

“എന്‍റെ അഭിപ്രായത്തിൽ മണ്ടന്മാരാണ് തങ്ങൾക്ക് വരുന്ന നഷ്ടങ്ങളെ വകവയ്ക്കാതെ കാര്യങ്ങൾ ചെയ്യുക.” നാത്തൂൻ പറഞ്ഞു.

“ഞാൻ പക്ഷേ അത്ര മണ്ടിയൊന്നുമല്ല. ചേട്ടന്‍റെ സ്നേഹത്താൽ ഭ്രാന്തായതാണ്…” സനിത നിർത്താതെ ചിരിച്ചു കൊണ്ട് നാത്തൂനെ കെട്ടിപ്പിടിച്ചു. അപ്പോൾ നാത്തൂനും ആ ചിരിയിൽ പങ്ക് ചേർന്നു. അടുക്കള നിറയെ ചിരി മുഴങ്ങി.

സനിത അന്ന് വിഭവ സമൃദ്ധമായ സദ്യയൊരുക്കി. ചെമ്മീൻ റോസ്റ്റ് മാത്രം പുറത്ത് നിന്ന് വരുത്തിച്ചു.

“ഇപ്പോഴത്തെ പെൺകുട്ടികൾ വളരെ ധൂർത്തടിക്കാരികളാണ്. കാശ് വെറുതെ ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി കളയും. പണിയെടുക്കാൻ മടിച്ചിട്ട് എല്ലാം പുറത്ത് നിന്ന് വാങ്ങി കൊണ്ടു വരും.” ഇത്തരം കുത്തുവാക്കുകൾ അമ്മായിയമ്മ പറയുമ്പോൾ അതെല്ലാം സനിത ഒരു പുഞ്ചിരിയോടെ ആണ് നേരിടാറ്. ആ പതിവ് ഇന്നും അവൾ തെറ്റിച്ചില്ല.

അന്നേ ദിവസം മോഹിതിനും സനിതയ്ക്കും ഗിഫ്റ്റുകൾ കിട്ടി. സനിതയ്ക്ക് ഒരു സാരി മോഹിതിന് ഒരു ഷർട്ട്. സനിത നാത്തൂനും അമ്മായിയമ്മയ്ക്കും നൽകാൻ രണ്ട് സമ്മാനങ്ങൾ കരുതിയിരുന്നു. അമ്മായിയമ്മയ്ക്ക് സാരി, നാത്തൂന് അവൾക്കിഷ്ടപ്പെട്ട പെർഫ്യൂം ബ്രാന്‍റ്. അമ്മായി അച്ഛന് കസവ് മുണ്ടും വെള്ള ജുബ്ബയും. ഇത്രയും കൈമാറ്റം ചെയ്യപ്പെട്ടത്തോടെ വീട്ടിലെ സംഘർഷാവസ്‌ഥയ്ക്ക് തെല്ല് മാറ്റം വന്നു. എല്ലാവരുടെയും മനസ്സിൽ സ്നേഹത്തിന്‍റെ പ്രകാശം പരക്കാൻ തുടങ്ങിയിരുന്നു. ഹോട്ടൽ സാഗർ രത്നയിലെ പാർട്ടി സമയം രാത്രി 8 മണിക്കാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു.

6 മണിയ്ക്ക് മോഹിത് ഡ്രോയിംഗ് റൂമിൽ എത്തിയപ്പോൾ, തന്‍റെ വീട്ടുകാരുടെ മൂഡ് വീണ്ടും അലമ്പായത് ശ്രദ്ധയിൽപ്പെട്ടു.

“പാർട്ടിയ്ക്ക് എന്‍റെ അനുമതിയില്ലാതെ പോകണമെന്നുണ്ടെങ്കിൽ പൊയ്ക്കോളൂ” മോഹിതിന്‍റെ അമ്മ മുഖം വീർപ്പിച്ചു.

“ഇന്നേ ദിവസം എല്ലാവർക്കും ഒന്നിച്ച് നിൽക്കുന്നതല്ലെ നല്ലത് ചേട്ടാ” പെങ്ങൾ അയാളോട് ചോദിച്ചു.

“സനിത പാർട്ടിയ്ക്ക് പോകുന്നില്ല എന്നാണ് പറയുന്നത്.” മോഹിതിന്‍റെ മറുപടി കേട്ട് മറ്റ് മൂന്ന് പേരും എന്തോ അവിചാരിതമായി സംഭവിച്ചപോലെ പരസ്പരം നോക്കി.

“മരുമോളെന്താ പാർട്ടിയ്ക്ക് പോകില്ലെന്ന് തീരുമാനം എടുത്തത്?” അമ്മായിഅച്ഛൻ ചോദിച്ചു പോയി.

“നിങ്ങൾ മൂന്ന് പേരും ഇല്ലെങ്കിൽ അവളും വരുന്നില്ലെന്നാണ് പറയുന്നത്.” മോഹിത് പറഞ്ഞു.

“ഈയിടെയായി അവൾ വല്ലാതെ നാടകം കളിക്കുന്നുണ്ട്.” അമ്മയുടെ മുഖം ചുവക്കുന്നത് മോഹിത് ശ്രദ്ധിച്ചു. അയാൾ ഒന്നിനും മറുപടി പറയാതെ സോഫയിൽ പോയി ഇരുന്നു.

“സനിതയെ അപമാനിക്കാനുള്ള അവകാശമൊന്നും നമുക്കില്ല. നിങ്ങൾ രണ്ടാളും പാർട്ടിയ്ക്ക് പോകാനായി വേഗം തയ്യാറാവൂ. ഇല്ലെങ്കിൽ ഞാനിനി ഈ വീട്ടിൽ നിന്ന് ഒരിക്കലും ഭക്ഷണം കഴിക്കുകയില്ല.” അമ്മായിഅച്‌ഛൻ പതിവിലധികം വികാരാധീനനായി. ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം വേഗം തന്‍റെ മുറിയിലെത്തി വേഷം മാറാൻ തുടങ്ങി.

വീട്ടുകാരെല്ലാം കൃത്യസമയത്ത് തന്നെ ഹോട്ടലിലെത്തി. സനിതയുടെ കൂട്ടുകാരെയെല്ലാം അമ്മായിയമ്മയും മോഹിതും ചേർന്നാണ് സ്വാഗതം ചെയ്തത്. എല്ലാവരെയും ചിരിച്ച മുഖഭാവത്തോടെ കണ്ടതോടെ ചില കൂട്ടുകാർക്കെങ്കിലും ആശ്ചര്യം തോന്നാതിരുന്നില്ല. എന്ത് മാജിക് ആണ് സനിത കാണിച്ചതെന്ന് അറിയാൻ അവർക്ക് താൽപര്യമായി.

“നീയെന്ത് കൂടോത്രമാണെടി കാണിച്ചേ… ഇവരെയെല്ലാം ഇത്ര സന്തോഷത്തോടെ ഇവിടെയെത്തിക്കാനായി… ഹെ” സംഗീത മാഡം സനിതയെ ഹാളിന്‍റെ ഒഴിഞ്ഞയിടത്തേയ്ക്ക് മാറ്റി നിർത്തി കൊണ്ട് ചോദിച്ചു പോയി!

സനിതയുടെ മുഖത്തൊരു പൂർണ്ണ ചന്ദ്രന്‍റെ വെളിച്ചം വിടർന്നു. അവൾ വളരെ ശാന്തമായി സംസാരിക്കാൻ തുടങ്ങി. “ചേച്ചി കഴിഞ്ഞ ഒരു വർഷമായി എന്‍റെ ഉള്ളിൽ ഉണ്ടായിട്ടുള്ള മാറ്റത്തെക്കുറിച്ച് ഞാൻ പറയാം. ഒന്നാം വിവാഹ വാർഷിക ദിവസം എന്‍റെ ഭർതൃവീട്ടുകാരുടെ കടുത്ത നിലപാടും പെരുമാറ്റവും കാരണം ഒരുപാട് കരഞ്ഞിരുന്നു. ഈ കാര്യങ്ങളൊക്കെ ചേച്ചിക്കും നന്നായി അറിയാമല്ലോ…”

“അന്ന് രാത്രിയാണെനിക്ക് ഒരു കാര്യം വ്യക്‌തമായത്. അന്ന് എന്‍റെ കണ്ണീര് കണ്ട് അവിടെ ആരും തന്നെ സന്തോഷിച്ചിരുന്നില്ല. എന്‍റെ സങ്കടം ഒരു തരത്തിലും അമ്മായിയമ്മയേയും നാത്തൂനെയും സംതൃപ്തിപ്പെടുത്തുന്നില്ല എന്ന് എനിക്ക് മനസ്സിലായി. തമ്മിലടിപ്പിച്ച് സന്തോഷം കണ്ടെത്താനുള്ള മനസ്സ് ആ വീട്ടുകാർക്കില്ലായെന്നുള്ള സത്യമാണ് ഇതിലൂടെ എനിക്ക് വെളിപ്പെട്ടത്. ഈ അറിവാണെന്നെ മാറാൻ പ്രേരിപ്പിച്ചത്. എന്‍റെ മനസ്സിന്‍റെ ശാന്തിയും സമാധാനവും എന്‍റെ കൈയ്യിൽ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.

“ഞാനുമായി ബന്ധപ്പെട്ട ആളുകളെ ഞാൻ രണ്ടായി തരം തിരിച്ചിരിക്കുകയാണ്. അതിലൊരു കൂട്ടർ ഞാൻ സന്തോഷിച്ചിരിക്കുന്നത് കാണുമ്പോൾ സന്തോഷിക്കുന്നവരാണ്. ചിലർ അങ്ങനെയല്ലാത്തവരും. രണ്ടാമത്തെ വിഭാഗത്തിലുള്ളവർ എന്നെ നിരാശപ്പെടുത്താനും വെറുപ്പിക്കാനും ശ്രമിക്കുന്നവരാണ്. ഇപ്പോൾ ഞാനത്തരക്കാരുമായി യാതൊരു അടുപ്പവും പുലർത്താറില്ല. അവരു പറയുന്നതൊന്നും അതിനാൽ തന്നെ എന്നെ ബാധിക്കാറുമില്ല.

“ഓഫീസിൽ റീതു എന്നെ പ്രകോപിപ്പിക്കാറുണ്ട്. പക്ഷേ ഞാനതിൽ ഇപ്പോൾ വീഴാറില്ല. അതുപോലെ സുരേന്ദ്രൻ സാർ വഴക്ക് പറഞ്ഞ ശേഷം ഞാൻ അവരെ നോക്കി പുഞ്ചിരിക്കാനും ശ്രമിക്കുന്നു.”

“വീട്ടിലും ഇതാണ് ഞാൻ പരീക്ഷിക്കുന്നത്. അമ്മായിയമ്മയും നാത്തൂനും എത്ര തന്നെ ഒച്ചവച്ചാലും പ്രകോപിപ്പിച്ചാലും ഞാൻ കൂൾ ആയിരിക്കും. ആ വലയിൽ ഞാൻ വീഴാതെ നോക്കും. ആരുടെയും കുറ്റങ്ങൾ ഞാൻ മോഹിതിനോടും പറയാറില്ല.”

സംഗീതാ മാഡം അവൾ പറയുന്നതെല്ലാം കൗതുകം നിറഞ്ഞ സ്നേഹത്തോടെ കേട്ടിരുന്നു.

“ചെറിയ കാര്യത്തിനു കരയുന്ന സ്വഭാവമെല്ലാം ഞാൻ കളഞ്ഞു ചേച്ചി. ചിരിച്ചു കൊണ്ട് എല്ലാം ദുരന്തത്തെയും നേരിടാൻ എന്‍റെ മനസ്സ് പാകപ്പെട്ടിരിക്കുന്നു. എന്‍റെ സന്തോഷം ഞാനിപ്പോ ആർക്കും വിട്ടുകൊടുക്കുന്നില്ല…” സനിത ചിരിച്ചു. എന്‍റെ സന്തോഷം മറ്റുള്ളവരുടെ സന്തോഷമാക്കി മാറ്റാനുള്ള മാജിക് എനിക്കിപ്പോ അറിയാം ചേച്ചി. ആ മാജിക്കാണ് ഇവിടെ വർക്ക്ഔട്ടായത്. കണ്ടോ എന്‍റെ അമ്മായിയമ്മയും നാത്തൂനും അമ്മായി അച്‌ഛനും എത്ര സന്തോഷത്തോടെയാണ് പാർട്ടിക്ക് വന്നതെന്ന്. ഇനി നോക്കിക്കോ ഞാൻ എന്‍റെ വീട് ഒരു സ്വർഗ്ഗമാക്കും.”

സംഗീത മാഡം സ്നേഹപൂർവ്വം അവളെ താലോടി തന്നിലേയ്‌ക്ക് ചേർത്തു പിടിച്ചു. ഒരു മകളോടുള്ള വാത്സല്യം എന്നും അവർക്ക് സനിതയോട് ഉണ്ടായിരുന്നു.

“മോളെ നീ ശരിക്കും ബുദ്ധിമതിയാണ്. സ്നേഹമുള്ളവളാണ്. നിന്നെപ്പോലെ ഒരു മരുമകളെ എനിക്കും കിട്ടിയിരുന്നെങ്കിൽ …” സംഗീത മാഡം പറഞ്ഞു.

“ചേച്ചി എന്‍റെ ജീവിതത്തിൽ എനിക്കിത്രയും മനോഹരമായ കോംപ്ലിമെന്‍റ് മുമ്പോരിക്കലും കിട്ടിയിട്ടില്ല. താങ്ക് യു വെരി മച്ച്.”

“മോളെ, സനിതയെ അമ്മായിയമ്മ വിളിച്ചു. സന്തോഷത്തിന്‍റെ കണ്ണുനീർ നിറച്ച കണ്ണുകളുമായി അവൾ പാർട്ടിയിൽ മുഴുകി. അമ്മായിയമ്മയും അവളും ചേർന്ന് കേക്ക് മുറിച്ചപ്പോൾ എല്ലാവരും കൈയടിച്ചു.

ചായ ആരോഗ്യം

നല്ല ക്ഷീണവും മൂഡ് ഓഫും ഉണ്ടെങ്കിൽ ഒരു കപ്പ് ചൂടൻ കട്ടൻ ചായ കുടിച്ചാൽ ഉണ്ടാകുന്ന ആശ്വാസവും സന്തോഷവും എത്രമാത്രമാണെന്ന് വിവരിക്കാനാവില്ല. ഞൊടിയിടനേരം കൊണ്ട് പുത്തനുണർവും ഉന്മേഷവും പ്രദാനം ചെയ്യുന്ന കട്ടൻ ചായയിലെ മാജിക് എന്താണ്? അറിയാം ചില ചായ വിശേഷങ്ങൾ.

ചായയുടെ ചരിത്രം

വളരെ പഴക്കം ചെന്ന ചരിത്രമാണ് ചായക്കുള്ളത്. ചൈനയിലാണ് ചായയുടെ കണ്ടുപിടിത്തം നടന്നത്. പിന്നീട് 6-ാം നൂറ്റാണ്ടിൽ ചൈനയിൽ നിന്നും ജപ്പാ നിലെത്തി. ജപ്പാനിൽ ചായ പ്രിയപ്പെട്ട പാനീയമായി മാറി. ഏഷ്യയിൽ 19-ാം നൂറ്റാണ്ടിലായിരുന്നു ചായയുടെ വരവ്. ഇന്ന് ഇന്ത്യയാണ് ചായയുടെ വലിയ ഉൽപാദകർ.

ചായ കൊണ്ടുള്ള പ്രയോജനങ്ങൾ

ഉന്മേഷം പകരുന്ന പാനീയമാണ് ചായ. ആന്‍റിഇൻഫ്‌ളമേറ്ററി, ആന്‍റി ബാക്ടീരിയൽ, ആന്‍റി ഡയബറ്റിക് ഗുണങ്ങളാൽ സമ്പുഷ്ടമാണ് ചായ. പൊട്ടാസ്യം അടക്കം ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ചായയിൽ അടങ്ങിയിരിക്കുന്ന കാറ്റ്ചിൻ, പോളിഫിനോൾ, ആന്‍റി ഓക്സിഡന്‍റ്സ് എന്നിവ ചായയെ പോഷക സമ്പന്നമാക്കുന്നു. ഇന്ത്യയിൽ കൗസാനി, നീലഗിരി റേഞ്ച് മേഖല, ഡാർജിലിംഗ്, അസം, ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലുമാണ് തേയില കൃഷിയുള്ളത്.

ബ്ലാക്ക് ടീ

ഓക്സിഡേഷൻ പ്രക്രിയയിലൂടെയാണ് ബ്ലാക്ക് ടീ തയ്യാറാക്കുന്നത്. ഇതിൽ 50 മുതൽ 60 ശതമാനം കഫീൻ അടങ്ങിയിരിക്കും. ചായയുടെ ഏറ്റവും സാധാരണ വെറൈറ്റിയാണ് ബ്ലാക്ക് ടീ. ലോകത്ത് 70 ശതമാനം ആളുകൾ ബ്ലാക്ക് ടീ ഉപയോഗിക്കുന്നവരാണ്. ഇതിൽ പഞ്ചസാര വളരെ മിതമായി ചേർത്ത് കുടിക്കുന്നതാണ് ആരോഗ്യകരം.

ഗുണങ്ങൾ

ഹൃദ്രോഗ സാദ്ധ്യതയെ ഇത് വളരെയധികം കുറയ്ക്കുന്നു. രോമസുഷിരങ്ങളിൽ മുറുക്കം സൃഷ്ടിക്കാൻ ബ്ലാക്ക് ടീ ഉത്തമമാണ്. അതുപോലെ ചുവന്ന രക്താണുക്കളേയും അത് സംരക്ഷിക്കുന്നു.

ഒലോംഗ് ടീ

ചൈനീസ് ഭാഷയിൽ ഒലോംഗിന്‍റെ അർത്ഥം ബ്ലാക്ക് ഡ്രാഗൺ എന്നാണ്. ഗ്രീൻ ടീയിലും ബ്ലാക്ക് ടീയ്ക്കും ഇടയിൽ വരുന്ന അളവിലാണ് ഇതിൽ കഫീൻ കണ്ടന്‍റ് ഉള്ളത്. ഇതിന് അതിന്‍റേതായ സുഗന്ധമുണ്ട്. ഇത് ബ്ലാക്ക് ടീ പോലെയാണ് ഇരിക്കുന്നതെങ്കിലും ഇതിന്‍റെ ഫെർമന്‍റേഷൻ വളരെ കുറഞ്ഞ സമയം വരെയുണ്ടാകൂ. അതിനാൽ ഇതിന്‍റെ സ്വാദ് വളരെ നല്ലതാണ്. ഒലോംഗ് ടീയുടെ ഒരു കപ്പിൽ കഫീനിന്‍റെ അളവ് 30 മില്ലി ഗ്രാം വരെയുണ്ടാകും.

ഗുണങ്ങൾ

ശരീരഭാരം കുറയ്ക്കുന്നതിന് ഉത്തമമാണ്. അതുപോലെ ചർമ്മത്തിലുണ്ടാകുന്ന ഏജിംഗിനെ നിയന്ത്രിക്കും. കാൻസർ, ഹൃദ്രോഗം എന്നിവയെ തടയും.

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ കേവലം 10 മുതൽ 30 ശതമാനം വരെ കഫീൻ അടങ്ങിയിട്ടുള്ളൂ. ടീയുടെ സ്വാദ് കൂട്ടാൻ നാരങ്ങാനീരോ പുദീനയിലയോ, തേനോ ചേർക്കാം. എന്നാൽ പഞ്ചസാര ചേർക്കാൻ പാടില്ല.

ഗുണങ്ങൾ

കാറ്റ്ചിൻ എന്ന പേരുള്ള ആന്‍റി ഓക്സിഡന്‍റിനാൽ സമ്പന്നമാണിത്. കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ ഇത് ചെറുക്കും. ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് കാർഡിയോ വാസ്ക്കുലർ ഡിസീസിനുള്ള സാദ്ധ്യത 10 ശതമാനം വരെ കുറയ്ക്കുമെന്നാണ് ഒരു പഠനം പറയുന്നത്. അതുപോലെ ശരീരഭാരം നിയന്ത്രിച്ച് നിലനിർത്തുന്നതിന് പകൽ സമയം 3 കപ്പ് ഗ്രീൻ ടീ നിർബന്ധമായും കുടിക്കണം. ചൈനയിലേയും ജപ്പാനിലേയും ഭൂരിഭാഗം പേരും ഗ്രീൻ ടീ കുടിക്കുന്നതു കൊണ്ട് അവിടെ ഹൃദ്രോഗവും കാൻസറും വളരെ കുറവായാണ് കണ്ടുവരുന്നത്.

മസാല ടീ

കുരുമുളക്, ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട എന്നിവ പൊടിച്ച് തയ്യാറാകുന്ന ചായയാണ് മസാല ടീ. അതിനായി മസാല നേരത്തെ തയ്യാറാക്കി വയ്ക്കും. ചായ തയ്യാറാക്കുമ്പോൾ മസാലയും കൂടി ചേർത്ത് കപ്പിലേക്ക് പകരും. മസാല ചേർക്കുന്നതിനാൽ എല്ലാ ഫ്ളേവറുകളുടെയും രുചിയും ഗുണവും ആസ്വദിക്കാം.

വൈറ്റ് ടീ

വളരെ കടുപ്പം കുറഞ്ഞ ഫ്ളേവറിലുള്ള ചായയാണിത്. വളരെ രുചികരമാണിത്. ഇതിന്‍റെ ഒരു കപ്പിൽ 15 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിട്ടുണ്ട്.

ഗുണങ്ങൾ

കാർഡിയോ വാസ്ക്കുലർ രോഗങ്ങളിൽ നിന്നും ഇത് സംരക്ഷിക്കും. അതുപോലെ കാൻസറിനെ ചെറുക്കാനും ഫലവത്താണിത്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ ഇത് മികച്ചതാണ്.

ഹെർബൽ ടീ

ചില ഡ്രൈ ഫ്രൂട്ടുകളും ഔഷധങ്ങളും (ഹെർബ്സ്) ചേർന്നതാണിത്. കഫീൻ അടങ്ങിയിട്ടില്ല. അതു പോലെ പഞ്ചസാര ചേർക്കേണ്ടതുമില്ല. ഇതിന് വേറിട്ട മണവും സ്വാദുമുണ്ട്.

ഗുണങ്ങൾ

ജേർണൽ ഓഫ് ന്യൂട്രിഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ദിവസവും 2 മുതൽ 3 കപ്പ് ഹെർബൽ ടീ കുടിക്കുന്നത് ഹൈപ്പർ ടെൻഷൻ രോഗികൾക്ക് ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നതിന് നല്ലതാണ്. ഉന്മേഷവും നല്ലപോലെ പ്രദാനം ചെയ്യും.

ഡോക്ടർ ഡാൻസർ

ജീവിത സാഹചര്യത്തിനു മുന്നിൽ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്ന ധാരാളം സ്ത്രീകളുണ്ട്. അത്തരക്കാർക്ക് പ്രതീക്ഷയേക്കുന്ന ജീവിതമാണ്. ഡോ. ഷൈനി ബി ഹരിലാലിന്‍റേത്. പ്രൊഫഷനു വേണ്ടി നൃത്ത പഠനം ഉപേക്ഷിച്ച ഷൈനി ഡാൻസർ ആയ കഥ.

മനസ്സുണ്ടെങ്കിൽ ചക്ക വേരിലും കായ്‌ക്കുമെന്ന് പറയാറില്ലേ… ഡോ. ഷൈനി ബി ഹരിലാലിന്‍റെ കാര്യത്തിൽ ഇത് അക്ഷരം പ്രതി ശരിയാണ്. ബ്രഹ്മമംഗലം ഹവൺമെന്‍റ് ആയുർവേദ ഡിസ്പെൻസറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായ ഡോ. ഷൈനിക്ക് നൃത്തം ആതുരസേവനം പോലെ മറ്റൊരു ഇഷ്‌ടമാണ്.

ഡിസ്പെൻസറിയിലെ തിരക്കുകൾക്കൊടുവിൽ ഡോക്‌ടർക്ക് ആശ്വാസവും അനുഗ്രഹവുമാകുന്നത് നൃത്തമാണ്. നൃത്തം ചെയ്യുമ്പോൾ എല്ലാ ടെൻഷനും പറന്നകന്ന് മനസ്സ് ശാന്തമാകുന്ന അനുഭവമാണ് പകരുതെന്ന് ഷൈനി. ഇതിനോടകം നിരവധി വേദികളിൽ ഈ ഡോക്‌ടർ നർത്തകി നൃത്തം അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഷൈനിക്ക് രണ്ട് മക്കളാണ്. ഗൗതം ഹരിലാലും ഗൗരി ഹരിലാലും. ഭർത്താവ് വി എസ് ഹരിലാൽ.

“നൃത്തം പഠിക്കാൻ പ്രായം ഒരു തടസ്സമല്ല. ഏത് പ്രായത്തിലും പഠിക്കാവുന്നതേയുള്ളൂ. അതിനോടുള്ള തീവ്രമായ ആഗ്രഹവും അർപ്പണ മനോഭാവവും വേണമെന്ന് മാത്രം. ടൈംപാസ് ആകരുത്” ഷൈനി പറയുന്നു.

ഡോക്ടറാവുകയെന്ന തീവ്രമായ ലക്ഷ്യം ഉണ്ടായിരുന്നു. ഒപ്പം നൃത്തത്തോടുള്ള ഇഷ്‌ടവും. പക്ഷേ അതിനുള്ള അവസരവും സമയവും കുട്ടിക്കാലത്ത് കിട്ടിയിരുന്നില്ലെങ്കിലും ആ മോഹം ഉപേക്ഷിക്കാൻ ഷൈനിക്ക് മനസ്സു വന്നില്ല.

“ഒടുവിൽ എൻട്രൻസ് എഴുതി തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോഴാണ് നൃത്ത പഠനത്തിനുള്ള വഴിതുറന്നത്.”

നൃത്ത പഠനം

ബിഎഎംഎസ് പഠനം തുടങ്ങി ഒരു വർഷമായപ്പോഴാണ് സന്തോഷം പകരുന്ന ആ വാർത്ത കാണാനിടയായത്. മോഹിനിയാട്ടം പ്രോത്സാഹിപ്പിക്കുന്നതിന് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ 50 രൂപ ഫീസിൽ നൃത്ത പരിശീലന പദ്ധതിക്ക് തുടക്കമിടുന്നുവെന്നതായിരുന്നു വാർത്ത. “ആ സമയത്ത് ഭരതനാട്യം പോലെ കളർഫുളായ നൃത്തത്തിനായിരുന്നു ഏറെപ്പേരും പ്രാധാന്യം കൊടുത്തിരുന്നത്. ഈ ഘട്ടത്തിലാണ് കല്ല്യാണിക്കുട്ടിയമ്മ ഇത്തരമൊരു പരിശീലന പദ്ധതിയുമായി വരുന്നത്” ഷൈനി ഓർത്തെടുക്കുന്നു.

പിന്നെയൊട്ടും താമസിച്ചില്ല. ഷൈനി നേരെ കല്ല്യാണിക്കുട്ടിയമ്മയെ കണ്ട് നൃത്തം പഠിക്കാനുള്ള താൽപര്യം അറിയിച്ചു. “അമ്മയ്ക്ക് (കല്ല്യാണിക്കുട്ടിയമ്മ) വലിയ സന്തോഷമായി. അങ്ങനെ കല്ല്യാണിക്കുട്ടിയമ്മ എന്‍റെ ആദ്യത്തെ ഗുരുവായി. അന്ന് അമ്മയ്‌ക്ക് സുഖമില്ലാതിരിക്കുന്ന സമയമായിരുന്നു. അപ്പോൾ മകൾ കലാവിജയൻ ആണ് ഞങ്ങൾക്ക് പരിശീലനം തന്നിരുന്നത്. ഇടയ്‌ക്ക് അമ്മയും വന്ന് ഞങ്ങൾക്ക് പരിശീലനം തരുമായിരുന്നു.”

“അച്ഛനറിയാതെയായിരുന്നു നൃത്ത പഠനം. ഞാനൊരു ഡോക്ടറാകണമെന്നതായിരുന്നു അച്‌ഛന്‍റെയും അമ്മയുടെയും വലിയ സ്വപ്നം. അതു കൊണ്ട് ഡാൻസ് പഠിക്കുന്ന കാര്യം അച്‌ഛനെ അറിയിച്ചില്ല. എനിക്ക് പഠന സമയത്ത് കിട്ടുന്ന പോക്കറ്റ് മണി ശേഖരിച്ച് വച്ചാണ് ഡാൻസിനുള്ള ഫീസ് കണ്ടെത്തിയിരുന്നത്. ശനിയും ഞായറുമായിരുന്നു ഡാൻസ് ക്ലാസ്. അതുകൊണ്ട് പഠനത്തെയൊട്ടും ബാധിച്ചിരുന്നുമില്ല” ഷൈനി ഓർക്കുന്നു.

അരങ്ങേറ്റം

അരങ്ങേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഷൈനി ചിരിയോടെയാണ് പറഞ്ഞു തുടങ്ങിയത്. സത്യത്തിൽ അരങ്ങേറ്റവും മത്സരവും ഒരുമിച്ചായിരുന്നു. ബിഎഎംഎസ് ഫൈനൽ ഇയർ ആയപ്പോഴായിരുന്നു ഷൈനി മോഹിനിയാട്ടം ആദ്യമായി അരങ്ങിൽ അവതരിപ്പിച്ചത്. അതും ഇന്‍റർ യൂണിവേഴ്‌സിറ്റി ആയുർ ഫെസ്‌റ്റിൽ. അത് എന്‍റെ അരങ്ങേറ്റ വേദിയായി. അരങ്ങേറ്റമാണെന്ന വിചാരത്തേക്കാളും മനസ്സിൽ മത്സരത്തിന്‍റെ പിരിമുറുക്കമായിരുന്നു. അന്ന് എനിക്ക് മോഹിനിയാട്ടത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. മോഹിനിയാട്ട വേഷത്തിൽ കാലിൽ ചിലങ്കയണിഞ്ഞ് സ്റ്റേജിൽ ഒരിക്കല്ലെങ്കിലും കയറുകയെന്നത് എന്‍റെ സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്ക്കരിച്ച നിമിഷം എനിക്ക് മറക്കാനാവില്ല. അന്ന് ഞങ്ങൾക്ക് സമ്മാനം വിതരണം ചെയ്‌തത് ഊർമ്മിള ഉണ്ണിയായിരുന്നു.”

കോഴ്സ് കഴിഞ്ഞ് വിവാഹം നടന്നതോടെ ഡാൻസ് പരിശീലനത്തിന് ഒരു ഇടവേള നൽകേണ്ടി വന്നു ഷൈനിക്ക്. അന്ന് പന്തളത്തിനടുത്ത് അടൂരിലായിരുന്നു ഷൈനിയുടെ കുടുംബം. ഭർത്താവ് എറണാകുളത്തും. ജോലിയും മകന്‍റെ ജനനവുമൊക്കെയായതോടെ ഒന്നിനും സമയമില്ലാത്ത അവസ്‌ഥ. പിന്നീട് ഗവൺമെന്‍റ് സർവീസിൽ കയറിയതോടെ തിരക്കും കൂടി. അപ്പോഴും നൃത്തത്തോടുള്ള ഇഷ്‌ടം ഷൈനി മനസ്സിൽ കാത്തു സൂക്ഷിച്ചിരുന്നു.

“മകൾ ജനിച്ചതോടെ ഞങ്ങൾ തൃപ്പൂണിത്തുറയ്‌ക്ക് അടുത്ത് തിരുവാങ്കുളത്ത് താമസമാക്കിയിരുന്നു. മോൾക്ക് നാല് വയസ്സായപ്പോൾ ഡാൻസ് സ്ക്കൂളിൽ ചേർക്കാനായി തിരുവാങ്കുളത്ത് തന്നെയുള്ള സ്വാതി തിരുനാൾ ട്രസ്‌റ്റിൽ ചെന്നപ്പോഴാണ് വീണ്ടും മനസ്സിൽ നൃത്തം പഠിക്കണമെന്ന മോഹം ശക്‌തമാകുന്നത്. അവിടെ ക്ലാസെടുത്തിരുന്നത് ആർഎൽവി ജോളി മാത്യു സാറാണ്. സാറിനോട് മനസ്സിലെ മോഹം അറിയിച്ചപ്പോൾ ക്ലാസിന് ചേർന്നു കൊള്ളൂ എന്നായിരുന്നു സാറിന്‍റെ മറുപടി. മകൻ ഗൗതമിനെ വയലിനും മകൾ ഗൗരിയെ ഡാൻസിനും ചേർത്തു.

വീണ്ടും നൃത്തം പഠിക്കണമെന്ന മോഹത്തെക്കുറിച്ച് ഭർത്താവിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിനും പൂർണ്ണ സന്തോഷമായിരുന്നു. പക്ഷേ അദ്ദേഹം ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിച്ചു.

“നീ ക്ലാസ്സിൽ ചേർന്നോ പക്ഷേ സീരിയസായി എടുക്കണം. വെറും ടൈം പാസാകരുത്.”

“ഭർത്താവിന്‍റെ പിന്തുണയാണ് എന്‍റെ ഏറ്റവും വലിയ ശക്‌തി. അദ്ദേഹമാണ് കോസ്റ്റ്യൂമൊക്കെ തെരഞ്ഞെടുക്കുന്നതും കളറൊക്കെ നിർദ്ദേശിക്കുന്നതും. ഡാൻസ് പരിശീലനത്തിന്‍റെ പേരിൽ വീട്ടിലെ ഒരു കാര്യത്തിനും ഞാൻ മുടക്കം വരുത്താറില്ല.”

കുച്ചിപ്പുടി

മോഹിനിയാട്ടം കൂടാതെ കുച്ചിപ്പുടിയിലും പ്രാവീണ്യം തെളിയിച്ചു ഡോക്ടർ. കുച്ചിപ്പുടിയിൽ അരങ്ങേറ്റംക്കുറിച്ച് കാണികളുടെ പ്രശംസ പിടിച്ചു പറ്റി. “അരങ്ങേറ്റത്തിൽ ഞങ്ങൾ രണ്ടു പേർ ചേർന്നാണ് കുച്ചിപ്പുടി അവതരിപ്പിച്ചത്. ഇനി ഒറ്റയ്‌ക്ക് വേദിയിൽ കുച്ചിപ്പുടി അവതരിപ്പിക്കണമെന്നാണ് മോഹം.”

അച്‌ഛനും അമ്മയും കലാസ്വാദകർ

നല്ല കലാസ്വാദകരാണ് ഷൈനിയുടെ അച്‌ഛനും അമ്മയും. അച്‌ഛൻ ഇരവിപുരം ഭാസി പ്രശ്സത കാഥികനാണ്. ഷൈനിയുടെ മൂത്ത സഹോദരി സിമി നല്ലൊരു ഗായികയാണ്.

“ഞാൻ ചെറിയ ക്ലാസ്സിൽ തുടങ്ങി ഡാൻസിലും മറ്റും ആക്ടീവായിരുന്നു. ഒന്നാം ക്ലാസു തുടങ്ങി കോളേജു കാലം വരെ തിരുവാതിര ടീമിൽ അംഗമായിരുന്നു. അതു കൊണ്ട് നൃത്തം ചെയ്യുന്നതിന് ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. ഒരു താള ബോധമുണ്ടായിരുന്നതിനാൽ മോഹിനിയാട്ടത്തിന് അത് ഏറെ ഗുണം ചെയ്‌തു. ഒപ്പം 9-ാം ക്ലാസ് തുടങ്ങി യോഗയും അഭ്യസിച്ചിരുന്നു. ഇതൊക്കെ മെയ്‌വഴക്കത്തിനും ഗുണം ചെയ്‌തിട്ടുണ്ട്.

“രക്ഷിതാക്കൾ കുട്ടികളെ നിർബന്ധിച്ച് നൃത്തം പഠിപ്പിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. പിന്നെ മുതിരുമ്പോൾ എന്താ എന്നെ ഡാൻസ് പഠിപ്പിക്കാൻ അയക്കാതിരുന്നതെന്ന് അവർ പറയാനിടവരരുത്. ചെറിയ പ്രായത്തിൽ ഡാൻസ് പഠിക്കാൻ ഇഷ്‌ടം കാണിക്കണമെന്നില്ല. 14-15 വയസ്സ് കഴിയുമ്പോഴാവും സ്വന്തമായ ഒരിഷ്‌ടം അവരിൽ രൂപപ്പെടുന്നത്” ഷൈനി പറയുന്നു. അത് ശരീരത്തിനും മനസ്സിനും ഒരുപോലെ പോസിറ്റീവ് എനർജി പകരുകയാണ് ചെയ്യുന്നത്. ഒപ്പം റിലാക്‌സഡാകുകയും ചെയ്യും. ഇതൊരു വലിയ കാര്യമല്ലേ.”

ഹെൽത്ത് ബെനിഫിറ്റ്സ്

പെൺകുട്ടികൾ നിർബന്ധമായും നൃത്തം പരിശീലിക്കുന്നത് ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഏറ്റവും നല്ലതാണ്. ഗർഭാശയത്തിന് ബലം കിട്ടാനും സന്ധികൾക്കുണ്ടാകുന്ന തേയ്മാനം തടയാനും ജോയിന്‍റ്സ് മൂവ്മെന്‍റ്സ് ആയസ രഹിതമാക്കാനും നൃത്തം മികച്ചൊരു സിദ്ധൗഷധമാണ്. ചർമ്മത്തിനെപ്പോലും അത് സൗന്ദര്യമുള്ളതാക്കും. മുഖ പ്രസന്നമാകും. ബ്രത്ത് കൺട്രോൾ, ബോഡി കോർഡിനേഷൻ എന്നിവ കിട്ടാനും നൃത്തം പരിശീലനം സഹായിക്കുമെന്നാണ് ഡോക്ടർ ഷൈനി നൽകുന്ന ഉപദേശം. “ഞാൻ നൃത്തം പരിശീലിക്കുന്നതറിഞ്ഞ് എന്‍റെ പല കൂട്ടുകാരും നൃത്തം പഠിക്കാൻ തുടങ്ങിയിരിക്കുകയാണ്. എന്‍റെ സൈക്യാട്രിസ്‌റ്റായ കൂട്ടുകാരിയും, ടീച്ചറും ഇപ്പോൾ നൃത്തം പരിശീലിക്കാൻ തുടങ്ങിയിരിക്കുന്നു. മോളെ പ്രസവിച്ച സമയത്ത് എനിക്ക് ശ്വാസം മുട്ടൽ ഉണ്ടായിരുന്നു. ഡാൻസ് പഠിച്ച് തുടങ്ങിയതോടെ അത് മാറി. സന്ധികളിലോ കാലിലോ ഒരിക്കലും വേദനയുണ്ടായിട്ടില്ല.”

“നൃത്തം എനിക്കൊരു കംപീറ്റ് ഹാപ്പിനെസ്സാണ്” ഡോക്ടർ ഷൈനി ചിരിയോടെ പറയുന്നു.

സംതിംഗ് പേഴ്സണൽ…

ഒരു മൊബൈൽ ഫോണിലെന്ത് എന്ന് വെറുതെ ചോദിക്കാവുന്ന കാലമല്ല ഇത്. ഉറ്റചങ്ങാതി ആരെന്ന് ചോദിച്ചാൽ ഇക്കാലത്ത് എന്‍റെ സ്മാർട്ട് ഫോൺ എന്ന് മറുപടി പറയുന്നവരാണ് ഏറെയും. ആ ഉറ്റചങ്ങാതിക്കറിയാവുന്ന രഹസ്യങ്ങൾ ജീവിത പങ്കാളിക്കു പോലും അറിയില്ല എന്നതാണ് വാസ്തവം. ഈ വേളയിൽ പങ്കാളിയുടെ മൊബൈൽ ഫോണിൽ എന്താണെന്ന് ആലോചിച്ച് തല പുകയ്ക്കേണ്ടതുണ്ടോ?

ബാംഗ്ലൂരിൽ സോഫ്റ്റ്‍വെയർ ഉദ്യോഗസ്‌ഥയായ സുനിതാ സിംഗ് തന്‍റെ ഭർത്താവിന്‍റെ വിരലുകൾ കറിക്കത്തി കൊണ്ട് മുറിച്ചു. സ്വന്തം ഫോൺ ഭർത്താവ് പരിശോധിക്കുന്നതിൽ അരിശം മൂത്തുണ്ടായ പെട്ടെന്നുള്ള പ്രകോപനം കൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഇത്തരം വാർത്തകൾ നമ്മുടെ നാട്ടിൽ അപൂർവ്വമാണെങ്കിലും ഇങ്ങനെ പലതും നിത്യേന സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്.

“മനസ്സും ജീവിതവും ഗാഡ്ജറ്റുകൾ നിയന്ത്രിക്കാൻ തുടങ്ങിയ ഇക്കാലത്ത് ഡിജിറ്റൽ അതിർവരമ്പുകൾ എവിടെ വരയ്ക്കണമെന്ന് പറയാൻ കഴിയാത്ത  അവസ്‌ഥയുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സൗകര്യവും സുഖവും 24×7 അനുഭവിക്കുമ്പോൾ തന്നെ അവ ഉണ്ടാക്കുന്ന സ്വാധീനവും ഇടപെടലുകളും ബന്ധങ്ങളെ ദോഷമായും ബാധിക്കാറുണ്ട്. സ്വന്തം പങ്കാളിയുടെ ജീവിതത്തെ കുറിച്ചുള്ള താൻ അറിയാത്ത പലകാര്യങ്ങളും അറിയാൻ കൈപ്പാടകലെ ഇരിക്കുന്ന മൊബൈൽ ഫോൺ മാത്രം മതിയാകുമെന്ന ചിന്തയിൽ ഒളിച്ചു നോട്ടത്തിനും സ്നൂപ്പിങ്ങിനും ശ്രമിക്കാറുണ്ട്. ഇത് ചിലപ്പോൾ മനപൂർവ്വമോ, അല്ലാതെയോ തോന്നുന്ന ഒരു പ്രലോഭനമാകാം. പങ്കാളിയായാലും അയാളുടെ, അവളുടെ ഫോൺ, ഇമെയിൽ തുടങ്ങിയ കാര്യങ്ങളിലേക്ക് ഒളിച്ചുകയറുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ?” കൊച്ചിയിൽ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ രമേഷ് കുറുപ്പ് ചോദിക്കുന്നു.

സ്വകാര്യതയ്‌ക്ക് നിയമപരമായ അംഗീകാരം ഇല്ലാത്ത ഇന്ത്യയിൽ ഇങ്ങനെ സ്നൂപ്പിങ്ങ് ചെയ്‌ത് കിട്ടുന്ന തെളിവുകൾ വിവാഹമോചനക്കേസുകളിൽ ഹാജരാക്കാറുണ്ട്. അതേസമയം സ്വകാര്യതയ്ക്ക് നിയമപരമായ അവകാശമുള്ള അമേരിക്കയിലും ബ്രിട്ടനിലും നേരെ മറിച്ചാണ് അവസ്‌ഥ. മറ്റൊരാളുടെ ഫോൺ, മെയിൽ തുടങ്ങിയ തികച്ചും സ്വകാര്യമായ കാര്യങ്ങളിൽ നുഴഞ്ഞു കയറുന്നത് മറ്റൊരു കുറ്റമാണ്. അനുവാദമില്ലാതെ രേഖകൾ എടുത്തു എന്ന് തിരിച്ചൊരു പരാതി വന്നാൽ, വാദി പ്രതിയാവും.

“പങ്കാളിയുടെ സ്വകാര്യ ഇമെയിൽ, സോഷ്യൽ നെറ്റ്‍വർക്കിംഗ് അക്കൗണ്ട്, മെസേജ്, കോൾ ലിസ്റ്റ് ഇതൊക്കെ ഹാക്ക് ചെയ്യുന്നതും ഒളിച്ചു വിവരം ശേഖരിക്കുന്നതും പങ്കാളി ഉപയോഗിക്കുന്ന കാറിൽ ജിപിഎസ് അവരറിയാതെ ഘടിപ്പിക്കുന്നതും, വീട്ടിൽ ഒളിക്യാമറ വയ്‌ക്കുന്നതും എല്ലാം നിയമവിരുദ്ധമാണ്. ഇതും സ്വകാര്യതയ്‌ക്ക് എതിരെയും ആശയവിനിമയത്തിനുള്ള സ്വാതന്ത്യ്രത്തിൻ മേലുള്ള കടന്നു കയറ്റമാണ്.

“സ്വകാര്യതയ്ക്കുള്ള അവകാശം എന്നത് ഇപ്പോൾ പ്രധാനപ്പെട്ട ഒരു കാര്യമായി മാറിയിരിക്കുകയാണ്. എല്ലാം ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരാളുടെ സ്വകാര്യ ഫയലുകൾ, രേഖകൾ, ഫോട്ടോ തുങ്ങിയവയൊക്കെ അനധികൃതമായി ആക്സസ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തിൽ ഭാര്യാഭർതൃ ബന്ധം ആണെങ്കിൽ കൂടി വ്യക്‌തിപരമായ അവകാശം മാറുന്നില്ല. പക്ഷേ നമ്മുടെ നാട്ടിൽ സ്വകാര്യതയ്‌ക്ക് നിയമപരമായ അംഗീകാരം ലഭിച്ചിട്ടില്ല.” അഭിഭാഷകനും മാധ്യമപ്രവർത്തകനുമായ കെവിഎസ് ഹരിദാസ് പറയുന്നു.

പങ്കാളികൾക്കിടയിൽ സ്വന്തമായ ഒരു സ്പേസ് അതെന്തായാലും വേണം. അങ്ങനെ ഇടം കൊടുക്കുന്നതാണ് ആരോഗ്യകരമായ വിശ്വാസ്യതയുള്ള ബന്ധത്തിന്‍റെ അടിസ്‌ഥാനം.

“പങ്കാളിയുടെ ഫോണിലെന്താണെന്നറിയാനുള്ള ആകാംക്ഷ, ബന്ധത്തെ ഒരു തരത്തിലും സഹായിക്കില്ല. ഒരു പ്രാവശ്യം അങ്ങനെ എന്തെങ്കിലും കണ്ട് കഴിഞ്ഞാൽ കൂടെക്കൂടെ പരിശോധിക്കാനുള്ള പ്രവണത ഉണ്ടാകും. പങ്കാളിയെ, ബഹുമാനിക്കുന്നുണ്ടെങ്കിൽ അവരുടെ സ്വാതന്ത്യ്രവും സ്വകാര്യതയും കൂടി ബഹുമാനിക്കണം. അവരുടെ പേഴ്സണൽ സ്പേസ് മുഴുവൻ കയ്യടക്കേണ്ട ആളല്ല ശരിയായ പങ്കാളി. പിന്നെ ഇതൊക്കെ സാന്ദർഭികമായ കാര്യങ്ങൾ മാത്രമാണ്.” സ്വമൂഹ്യപ്രവർത്തകയും സൈക്കോളജിസ്റ്റുമായ ഡോ. ഗീത ജേക്കബ് പറയുന്നു.

“ഭാര്യയും ഭർത്താവും മൊബൈൽ പരസ്‌പരം കാണിക്കുന്നതും അനുവാദം ചോദിക്കാതെ ഫോൺ എടുത്തു നോക്കുന്നതുമൊക്കെ സാധാരണ കാര്യമാണ്. അതുപോലെ ഒളിച്ചു വയ്‌ക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒളിച്ചുവയ്‌ക്കപ്പെടാറുണ്ട്. തെറ്റു ചെയ്യുന്നതു കൊണ്ടാണ് പ്രൈവസി വേണം എന്നു തോന്നുന്നത്. തുറന്നു പറയുമ്പോൾ ഫോണിൽ എന്താണെന്ന് നോക്കാനുള്ള ആകാംക്ഷ ഉണ്ടാവില്ല.” ഒമാനിൽ ജോലി ചെയ്യുന്ന സാജൻ പോൾ പറയുന്നു.

“പങ്കാളിയുടെ ഫോൺ ചെക്ക് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. എനിക്ക് വരുന്ന ഫോട്ടോസ്, വീഡിയോ മെസേജസ് വായിച്ചു കഴിഞ്ഞാൽ ഡിലീറ്റ് ചെയ്യും. എനിക്ക് എന്‍റെ ഫോൺ വൃത്തിയായിരിക്കുന്നതാണ് ഇഷ്ടം.” കൊച്ചിയിൽ യുവ വ്യവസായിയായ യൂജിൻ പോൾ പറയുന്നതിങ്ങനെ.

“ഫോൺ അനുവാദമില്ലാതെ നോക്കരുത് എന്നാണ് എന്‍റെയും അഭിപ്രായം. എന്നാൽ എന്‍റെ കാര്യത്തിൽ ഞാൻ എന്‍റെ ഭർത്താവിനും മകനും, ഫോൺ യൂസ് ചെയ്യാൻ അനുവാദം നൽകിയിട്ടുണ്ട്, തിരിച്ചും.” ആലുവ സ്വദേശിയായ മീനു വിൻസെന്‍റിന്‍റെ അഭിപ്രായം ഇതാണ്.

സുതാര്യത ആണ് ബന്ധത്തിന്‍റെ ഉറപ്പിന്‍റെ അടിസ്‌ഥാനം. അത് നിലനിർത്താനുള്ള കാര്യങ്ങൾ വേണം. ഒരാളുടെ ഫോൺ ചെക്ക് ചെയ്ത് കൊണ്ട് നല്ലതൊന്നും കിട്ടില്ല. ഒരു സാധാരണ മെസേജ് പോലും തെറ്റായി വായിക്കപ്പെടാം. അതൊക്കെ പിന്നീട് പ്രശ്നമുണ്ടാക്കാം. ഒരാൾക്ക് മറ്റേയാളുടെ ഫോൺ വേണമെന്നു തോന്നിയാൽ ചോദിച്ചു വാങ്ങാം.

ബന്ധത്തിൽ വേണ്ടത്ര ഇന്‍റിമസി ആണ് പ്രധാനം. എങ്കിലും ഇൻഡിവിജ്വൽ ഐഡന്‍റിറ്റി സൃഷ്ടിക്കുന്നതിൽ യാതൊരു തെറ്റുമില്ല. പാസ്‍വേഡുകളും മൊബൈൽ ഡാറ്റയും പരസ്‌പരം ഷെയർ ചെയ്യുന്നത് മാത്രമാണ് സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റേയും അളവുകോൽ എന്ന് വ്യാഖ്യാനിക്കുന്നതു തന്നെ മണ്ടത്തരമല്ലേ.

അതിനുശേഷം

നിർമ്മല പുതപ്പിനുള്ളിലേയ്ക്ക് ശരീരം മുഴുവൻ വളച്ചു വച്ച് കരയാൻ തുടങ്ങി. പുതപ്പിന്‍റെ വിറയലല്ലാതെ ഒന്നും കാണാനില്ലാത്തതിനാൽ കാണികൾ നിരാശരായി. അവർ ആ റൂമിലെ എല്ലാ സാധനങ്ങളിലും കണ്ണോടിച്ചു വിരസതയോടെ നിന്നു.

അവിടെയുള്ള എല്ലാ വസ്തുക്കളിലും ആ വീടിന്‍റെ അവസ്‌ഥ പ്രതിഫലിച്ചു കാണാമായിരുന്നു. ജനാലപ്പടിയിലുള്ള പഴയ മാസികക്കെട്ടിൽ പൊടി നിറഞ്ഞിരിക്കുന്നു. നിറം മങ്ങിയ വിവാഹ ഫോട്ടോ ചുവരലമാരയിൽ ചെരിഞ്ഞിരിക്കുന്നു. വല്ലാത്തൊരു മൗനത്തിന്‍റെ അസ്വസ്ഥതയിൽ നിന്നും രക്ഷപ്പെടാൻ വെമ്പി ഓരോരുത്തരായി പുറത്തേയ്ക്കിറങ്ങാൻ തുടങ്ങി. നിവൃത്തികേടിന്‍റെ കയ്പുചാലിച്ച മുഖവുമായി തൊട്ടയൽപക്കത്തെ രണ്ടു പേർ മാത്രം അവിടെ തങ്ങി.

“കുട്ടികൾ?”

അടക്കിപ്പിടിച്ച സ്വരത്തിൽ ആരോ ചോദിച്ചു. ഉത്തരം പറയാനാവാത്ത വിമ്മിട്ടത്തോടെ അയൽക്കാരികളിലൊരാൾ കൂടി പുറത്തേയ്ക്കിറങ്ങി. പുതപ്പിനുള്ളിലെ ചൂട് ജ്വലിച്ചുയർന്ന് ഒരഗ്നി കുണ്ഠമായി മാറിയ പോലെ നിർമ്മലയ്ക്കു തോന്നി. വിയർത്തു കുളിച്ച് അവൾ എഴുന്നേറ്റു. കട്ടിലിനരികിൽ മുട്ടുകാലിൻ മേൽ തലയും വച്ച് വളഞ്ഞിരുന്നു. ഹാളിൽ നിന്നുള്ള പിറുപിറുപ്പുകൾ വാതിൽ കടന്നെത്തുന്നു. ചന്ദനത്തിരിയുടെ മരണഗന്ധം എല്ലായിടത്തും നിറഞ്ഞു കഴിഞ്ഞു. സന്ദർശകരുടെ കാലുകൾ റൂമിനു പുറത്ത് നിറയാൻ തുടങ്ങി.

ഹാളിലെ ഫർണ്ണീച്ചറുകളെല്ലാം ആരൊക്കെയോ ചേർന്ന് പുറത്തേയ്ക്ക് ഇട്ടിരുന്നു. ഒഴിഞ്ഞ സ്‌ഥലവും ആൾക്കൂട്ടവും ചേർന്ന് വല്ലാത്തൊരു അപരിചിതത്വം സൃഷ്ടിച്ചതായി സുരേന്ദ്രന് തോന്നാൻ തുടങ്ങി.

മറ്റാരുടെയോ വീട്ടിലെ മരണത്തിൽ പങ്കുകൊള്ളാനെത്തിയ പോലെ ഒരു ശൂന്യത. അർത്ഥമില്ലാത്ത ആശ്വാസ വചനങ്ങളും ചോദ്യ വാക്കുകളും ചുറ്റിനും കറങ്ങുന്നു. എല്ലാമൊന്ന് പെട്ടെന്ന് തീർന്നെങ്കിൽ രക്ഷപ്പെടാമായിരുന്നു.

ഓടിപ്പോകണം. നിർമ്മലയുടെ നോട്ടമെത്താത്ത, മക്കളുടെ വിളിയൊച്ചയെത്താത്ത ഏതെങ്കിലും തുരുത്തിൽ ചെന്നടിയണം. ഈ അഗ്നി കുണ്ഠത്തിൽ അവസാനശ്വാസവും പൊള്ളിയുരുകിയടിയും മുമ്പ് രക്ഷപ്പെടണം. രണ്ടു ദിവസമായി ഏതൊക്കെയോ അബോധതലങ്ങളിലൂടെയാണ് മനസ്സിന്‍റെ യാത്ര.

“സുരേട്ടാ, ഇനീം വൈകണ്ടലോ. എടുക്കല്ലേ?”

സുരേന്ദ്രൻ വേച്ചു വേച്ച് എഴുന്നേറ്റു. വെള്ളത്തുണി പുതപ്പിച്ചു കിടത്തിയ കുഞ്ഞുരൂപത്തിന്‍റെ മുഖത്തെ തുണി പതിയെ മാറ്റി. ഉറക്കമാണവൻ. നല്ല ഉറക്കം. ഒരു കുഞ്ഞുപുഞ്ചിരിയിൽ നിശ്ചലമായി പോയ ചുണ്ടുകൾ.

“ആരാ, ഇവന്‍റെ മുഖംമൂടി ഇട്ടെ, അവനത് ഇഷ്ടല്യാന്നറിയില്ലെ നിങ്ങക്ക്?” അയാൾ അലറി വിളിച്ചു. രണ്ടുനാൾ മുമ്പ് ടിവിയിൽ സിനിമയും വച്ച് എല്ലാവരും കിടന്നുറങ്ങിയ ഹാളിൽ ഇപ്പോൾ അവനൊറ്റയ്ക്ക് ഉറങ്ങുന്നു. വലിയൊരു ചുഴലിക്കാറ്റിനിടയിൽ വന്ന ശൂന്യതയിൽ നിന്നും മറ്റൊരു നിലവിളിക്കാറ്റായി അയാൾ പുറത്തേക്കോടി.

റിനുവും ദിശയും സൈനാന്‍റിയുടെ വീട്ടിലായിരുന്നു. പഴമയെ പുതുക്കിപ്പണിതു മനോഹരമാക്കിയ ആ വീടിന്‍റെ ഉൾമുറികളിലൊന്നിലായിരുന്നു അവർ. വിളർത്ത മുഖവും പാറിപ്പറന്ന തലമുടിയും മുഷിഞ്ഞ ഡ്രസ്സുമായി ദിശ ഒരു മൂലയിൽ ചുമരും ചാരി ഇരുന്നു.

ഒരു പഴയ ബാലമാസികയിലെ പദപ്രശ്നത്തിനിടയിൽ കുരുങ്ങിയിരിക്കുകയായിരുന്നു റിനു. എത്ര ശ്രമിച്ചിട്ടും പിടി തരാതെ ചില ഉത്തരങ്ങളും ചോദ്യങ്ങളും. ഇടയ്ക്കിടെ അവൻ ചോദ്യങ്ങളുമായി തല പൊക്കും. ഇടയ്ക്കിടെ ആരൊക്കെയോ വാതിക്കൽ വന്നെത്തി നോക്കി പോവുന്നുണ്ട്. എന്നും കളിക്കാൻ കൂട്ടുവരാറുള്ള സൈനാന്‍റിയുടെ മക്കളെയും കാണാനില്ല.

“ദിച്ചു, നമുക്ക് വീട്ടില് പോവാം? വിശക്കുന്നു. നമ്മളെന്തിനാ ഇവടെ? പോവാ”

ദിശ അവനെ പിടിച്ച് മടിയിൽ ഇരുത്തി. സൈനാന്‍റി എപ്പോഴോ കൊണ്ടു വച്ച ബിസ്ക്കറ്റ് വായിൽ വച്ചു കൊടുത്തു.

“മോൻ ഒതുങ്ങി ഇരിക്കാമെങ്കിൽ ചേച്ചി ഒരു കഥ പറഞ്ഞ് തരാം. എന്നിട്ട് വീട്ടില് പോവാം.” ഏതോ ഇല്ലാക്കഥയുടെ ചരടിലേക്ക് അവനെ കൂട്ടിക്കെട്ടുന്നതിനിടയിൽ അവളുടെ കുഞ്ഞു കണ്ണുകൾ പിന്നെയും നനഞ്ഞൊഴുകാൻ തുടങ്ങി. നൂറു കണക്കിനു കണ്ണുകൾ തങ്ങളുടെ മേലാകെ ഓടി നടക്കുന്നതു പോലൊരു അരക്ഷിതത്വം അവൾക്കനുഭവപ്പെടാൻ തുടങ്ങി. കണ്ണടയ്ക്കാൻ തുടങ്ങിയ റിനുവിനെ അവൾ ദേഹത്തോട് ചേർത്തു പിടിച്ചു.

“ദിച്ചു, കുഞ്ഞുനെ…”

ഞെട്ടി വിറച്ച ദിശ അവന്‍റെ വായ് പൊത്തിപ്പിടിച്ചു. ഒരു മരുഭൂമിയുടെ നടുവിൽ ഒറ്റപ്പെട്ടു പോയവരെപ്പോലെ അവർ ഒതുങ്ങിക്കൂടിയിരുന്നു.

കവറിൽ നിന്നെടുത്ത കോഴിക്കഷണങ്ങൾ പാത്രത്തിലിട്ട് സൈനബ ഒന്നേ നോക്കിയുള്ളൂ. കുടലാകെ മറിഞ്ഞു വരുന്നതു പോലെ. വായ പൊത്തിപ്പിടിച്ച് അവൾ വാഷ്ബേസിനരികിലേക്കോടി. ആശുപത്രിയിൽ നിന്നുള്ള വരവിലാണ് മജീദ് ധൃതിപ്പെട്ട് ഇളം ചുവപ്പു നിറത്തിലുള്ള ചോര തങ്ങി നിൽക്കുന്ന ആ ഇറച്ചി കഷണങ്ങളുടെ പാക്കറ്റ് അവളെ ഏൽപിച്ചത്.

ഇത്തരമൊരു സന്ദർഭത്തിലും രുചികളെക്കുറിച്ചു ചിന്തിക്കാൻ മജീദിനു കഴിയുന്നുണ്ടല്ലോ എന്ന ചിന്ത അവളിൽ അമർഷം വളർത്തി. ഈ നേരത്ത് നിർമ്മലയോടൊപ്പം നിൽക്കണമായിരുന്നു. ഉച്ചച്ചോറിനോടൊപ്പം ഇറച്ചിക്കറി കാണാതിരുന്നാൽ മജീദിനു ഹാലിളകും.

സൈനബ ഇറച്ചിക്കഷണങ്ങളിലേക്ക് വെള്ളം തുറന്നു വിട്ടു. ഇതേ നിറമായിരുന്നല്ലോ പടച്ചോനെ. ഇതേ നിറം വല്ലാത്തൊരു നിലവിളി ശബ്ദമായിരുന്നു അത്. വേദനയോ ഞെട്ടലോ പരിഭ്രമമോ മരണ പരാക്രമമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത കൂട്ടക്കരച്ചിൽ. പകുതി കുഴച്ചു വച്ച അപ്പപ്പൊടി വെപ്രാളത്തിനിടയിൽ താഴെ വീണു ചിതറി.

നിർമ്മലയുടെ വീട്ടിലെ ഓഫീസ് മുറിയിലെ ചെറിയ കട്ടിലിൽ കുഞ്ഞുമോൻ ചുവന്ന് കിടന്നു. മുറിയാകെ ചുവപ്പ് കാലിൽ പശ പോലെ എന്തോ ഒട്ടിപ്പിടിച്ചു. തിരിഞ്ഞോടി. ആദ്യം കണ്ട ചവിട്ടിയിൽ കാൽ അമർത്തിത്തുടച്ചു. അവിടെയും ചുവപ്പു പടരുന്നതിനിടയിൽ ചെറിയൊരു മാംസക്കഷണം പതിഞ്ഞു കിടന്നു. അള്ളാ എന്ന ഒറ്റ വിളിയിൽ സൈനബ ചുരുണ്ടു വീണു.

എസ്.ഐ രാജീവൻ അടുത്ത സിഗരറ്റിന് തീ കൊടുത്തു. സ്റ്റേഷനു പുറത്തു വച്ചിട്ടുള്ള പുകയില നിരോധിത മേഖല എന്ന ബോർഡെടുത്ത് എസ്.ഐയുടെ മുന്നിൽ പ്രതിഷ്ഠിക്കാൻ തോന്നിയ ചിന്തയെ ഒരു മുരടനക്കലിലൊതുക്കി കോൺസ്റ്റബിൾ ഭാസ്കരൻ വിനീതനായി നിന്നു.

ഇയാൾ എന്തെങ്കിലുമൊന്ന് മൊഴിഞ്ഞിട്ടു വേണം ബാക്കി കൂടി വായിച്ച് തീർക്കാൻ. ഇന്ന് രമണിയെ കീമോയ്ക്കു കൊണ്ടു പോകേണ്ട ദിവസമാണ്. മരുന്ന് ട്യൂബിലൂടെ ഞരമ്പിലേക്കൊഴുകുമ്പോൾ അവൾ നോക്കാറുള്ള നോട്ടമോർത്തപ്പോൾ ഭാസ്കരൻ തളർന്നു. അയാൾക്ക് എല്ലാവരോടും അരിശം വന്നു.

“സർ, ബാക്കി കൂടി?”

രാജീവൻ അപ്പോൾ പോലീസായിരുന്നില്ല. ഹോസ്റ്റൽ മുറിയിലെ മുഷിഞ്ഞ കിടക്കയിൽ മറ്റൊരു പഴന്തുണിക്കെട്ടു പോലെ വീണു കിടക്കുകയായിരുന്നു. അപ്പുറത്തെ കട്ടിലിൽ നിന്ന് രഘുവിന്‍റെ ഞരക്കം ഇടയ്ക്കിടെ ചെവിയിലെത്തുന്നുണ്ട്. നടുവിൽ കസേരയിൽ ഇരുന്ന് അനിലിന്‍റെ രോഷം.

“കംപ്ലയിന്‍റ് കൊടുക്കാന് ഞാനന്നേ പറഞ്ഞതാ. നിങ്ങൾ കേട്ടില്ല. ഇപ്പോ എന്തായി. അനുഭവിച്ചോ. ഒരക്ഷരം പുറത്തു പറയാൻ പറ്റ്വോ? ഞാൻ ഇതോടെ നിർത്താണ്. നാളെ ആദ്യത്തെ വണ്ടിയ്ക്ക് നാട്ടിൽ പോവും.”

നിവൃത്തികേടുകളിൽ നിന്ന് ഉടലെടുത്ത ആശയമായിരുന്നു അത്. രാത്രിയിൽ ഹോസ്റ്റലിനു പിറകിലെ പഴയ കെട്ടിടത്തിൽ ക്യാമറയുമായി ഒളിഞ്ഞിരിക്കുക. തെളിവു സഹിതം വാർഡനച്ചനു മുന്നിൽ അവതരിപ്പിക്കുക. ഇതുവരെ നേരിടേണ്ടി വന്ന എല്ലാ അപമാനങ്ങൾക്കും ഒരു പകരം വീട്ടൽ. പക്ഷേ അമിതാവേശത്തോടെയുള്ള പ്ലാനിംഗ് എവിടെയോ പാളി. കനത്ത ഷൂസുകൾ നെഞ്ചിൽ ആഞ്ഞു പതിച്ചു. കൈത്തണ്ടയിൽ കുത്തിയിറക്കിയ സൂചികളിലൂടെ കയറി വന്ന മയക്കം തലച്ചോറിനെ തളർത്തി.

“സർ…”

രാജീവൻ സിഗററ്റ് കുത്തിക്കെടുത്തി.

“ആ വായിക്കടോ”

നിർവികാരതയുടെ പൂപ്പൽ ബാധിച്ച ശബ്ദത്തിൽ ഭാസ്ക്കരൻ പേജു മറിച്ചു.

“പലതരം ലഹരി മരുന്നുകൾക്ക് അടിമയായിരുന്നു പ്രതി. പഠനത്തിൽ മിടുക്കനായിരുന്ന പ്രതി മയക്കുമരുന്നു മാഫിയയിൽ എത്തിപ്പെടുകയായിരുന്നു. അമിതമായ ലഹരി ഉപയോഗം മൂലം പല പെരുമാറ്റ വൈകല്യങ്ങളും ഇയാൾക്കുണ്ടായിരുന്നു. വീട്ടുകാരുമായി നിരന്തരം വഴക്കിടാറുണ്ടെങ്കിലും സഹോദരങ്ങളുമായി നല്ല അടുപ്പത്തിലായിരുന്നു.”

ലോക്കപ്പിനു പുറത്തു നിന്നിരുന്ന മനോജ് അഴികൾക്കിടയിലൂടെ നോക്കി.

“പന്നക്കഴുവേറി, എന്നിട്ടാണ് ഒരു കുരുന്നു ശരീരത്തിനെ.”

വായിൽ കുമിഞ്ഞു കൂടിയ വെള്ളം തുപ്പിക്കളഞ്ഞ് അയാൾ കസേരയിൽ തളർന്നിരുന്നു. വിവരമറിഞ്ഞയുടൻ സംഭവ സ്‌ഥലത്തേക്ക് പോയ സംഘത്തിൽ ദൗർഭാഗ്യവശാൽ അയാളും ഉണ്ടായിരുന്നു.

ഒരു കുഞ്ഞുടൽ ഏറ്റു വാങ്ങാവുന്നതിലധികം മുറിവുകളുമായി ചുവന്നു കിടന്നു. ചുണ്ടിലപ്പോഴും ഒരു കുഞ്ഞു പുഞ്ചിരി ഉറഞ്ഞു കൂടിയിരുന്നു. അയാൾക്ക് മകനേയും ഭാര്യയേയും കാണാൻ തോന്നി. ശരീരമാസകലം തളർന്നു പോയവനെ പോലെ അടുത്തുള്ള സോഫയിലേക്ക് അയാൾ ചാഞ്ഞിരുന്നു.

“ഇരുപത്തൊന്ന് കുത്തുകളായിരുന്നു. മുഖമൊഴികെ ബാക്കി എല്ലായിടത്തും മുറിവുകളുണ്ടായിരുന്നു…”

“മതിയെടോ” രാജീവൻ കൈ ഉയർത്തി തടഞ്ഞു.

“എന്നിട്ടവൻ ഇപ്പോൾ എന്തു ചെയ്യുന്നു? നോർമലായോ മൊഴി എടുക്കണ്ടേ?”

“വയലന്‍റായിരുന്നു. ഞങ്ങൾ മൂന്നാലു പേർ ചേർന്നു പിടിച്ചൊതുക്കി ലോക്കപ്പിലാക്കി… സ്റ്റീഫൻ ചെറുതായി ഒന്ന് കൈവച്ച്. ഇപ്പോ ഒതുങ്ങിക്കിടപ്പുണ്ട്.

ലോക്കപ്പിലെ വെറും നിലത്ത് ആ തണുപ്പിലേക്കലിഞ്ഞ് അപ്രത്യക്ഷനാവാൻ മോഹിച്ച് മഹി കിടന്നു. ചുണ്ടിൽ നിന്ന് പൊട്ടിയ ചോര തുപ്പലിൽ കലർന്ന് നിലത്തേക്കൊഴുകി. കാലങ്ങൾക്കു ശേഷം അവന് അമ്മയെ കെട്ടിപ്പിടിക്കാൻ തോന്നി. ഒരിക്കൽ മാത്രം ആ മടിയിൽ മുഖം വച്ചൊന്നു കിടക്കാൻ.

പിന്നെയും ഞരമ്പുകളിലൂടെ ചൂട് കയറി വരുന്നു. തലച്ചോറ് പൊട്ടിപ്പിളരുന്ന പോലെ. കൈകൾ ചുമരിലള്ളിപ്പിടിച്ച് അവനലറിക്കരഞ്ഞു. തല ചുമരിലേക്കാഞ്ഞിടിച്ചു. വാതിൽ തുറന്ന് സ്റ്റീഫൻ വീണ്ടും അകത്തു കയറി. ഒരു ദീനരോദനത്തോടെ മഹി മൂലയിലേയ്ക്ക് ചുരുണ്ടു വീണു.

അബോധാവസ്‌ഥയിലേയ്ക്കുള്ള ആ യാത്രയിൽ അവന്‍റെ മനസ്സിൽ തലേ ദിവസം അരങ്ങേറിയ യുദ്ധക്കാഴ്ചകളുടെ തനിയാവർത്തനം നടന്നു. കൂട്ടത്തിലെ എല്ലാ പോരാളികളും മരിച്ചു വീണുകഴിഞ്ഞു. ഇനി ഒറ്റയ്ക്കാണ്. മുന്നേറണം അരിഞ്ഞു വീഴ്ത്തണം. ശത്രുക്കൾ മുന്നിൽ നിന്ന് ആർത്തട്ടഹസിക്കുന്നു.

“കുഞ്ഞാട്ടാ, ഒരു കഥ പറഞ്ഞരോ. ദിച്ചു റിനൂന് മാത്രേ പറഞ്ഞൊടുക്കുള്ളൂത്രേ… അമ്മേം ഒറങ്ങി. ഇന്നാള് പറഞ്ഞ ഉറുമ്പിന്‍റെ കഥ മതി.” കഴുത്തിൽ ചുറ്റിപ്പിടിച്ച കുഞ്ഞിക്കൈ എടുത്തു മാറ്റി. പിന്തിരിപ്പിക്കാൻ പല രൂപത്തിലും എത്തും. ശത്രുക്കളുടെ അടവുകൾ പണ്ടേ അറിയാം…

വെട്ടി മുന്നേറണം. തളർന്നു വീഴും മുമ്പെ അരിഞ്ഞു വീഴ്ത്തണം എല്ലാവരെയും. കയ്യിൽ വഴുവഴുക്കുന്ന നനവ് പടരുന്നു. പച്ചച്ചോരയുടെ ഗന്ധം ലഹരി കൂട്ടി. വെളിച്ചം, അലർച്ചകൾ ആരോ കനത്തൊരായുധം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തും വരെ പോരാടി.

വരിഞ്ഞു കെട്ടിയിട്ട കയറിൽ നിന്ന് ഈ തണുത്ത നിലം വരെ കടുത്ത മർദ്ദനങ്ങൾ. ഇതിനിടയിൽ കുഞ്ഞുമോനെവിടെ ആവോ. മാറ്റി നിർത്തിയതാണല്ലോ. അമ്മയേയും കണ്ടില്ല. അമ്മ അമ്മ… അവൻ നിലത്ത് പറ്റിച്ചേർന്നു കിടന്നു.

“അമ്മാ, ഒരു കഥ പറഞ്ഞരോ.”

മയക്കം പിടിക്കാൻ തുടങ്ങിയതേയുള്ളൂ. കുഞ്ഞുവാണ്. ഇങ്ങനൊരു പതിവ് ഇടയ്ക്കുണ്ട്. അമ്മക്കഥ കേട്ട് ഇടയിൽ വന്നു കിടക്കണം. സുരേന്ദ്രൻ അപ്പുറത്ത് കൂർക്കം വലി തുടങ്ങിക്കഴിഞ്ഞു.

മഹി വീട്ടിലെത്തുന്ന ദിവസങ്ങളിലെല്ലാമുള്ള പതിവു വഴക്കുകൾക്കു ശേഷം കിടക്കാൻ തന്നെ വൈകി. “ദൈവമേ, അവന്‍റെ ബുദ്ധി നേരെയാക്കണേ, വല്ലാത്തൊരപരിചിതത്വമാണ് അവന്‍റെ മുഖത്ത്. ശത്രുക്കളോടെന്ന പോലെയാണ് പെരുമാറ്റം. വേണ്ടായിരുന്നു. നാട്ടിലെ കോളേജിൽ പഠിച്ചാൽ മതി എന്ന അവന്‍റെ ആഗ്രഹമായിരുന്നു ശരി. ഇതിപ്പോൾ അവനൊരുപാട് അകന്നു പോയ പോലെ.” തികട്ടി വന്ന തേങ്ങലിനെ തലയിണയിലേക്കമർത്തി നിർമ്മല കിടന്നു.

മയക്കം പിടിച്ച ബോധമണ്ഡലത്തിലേയ്ക്ക് അമർത്തിയൊതുക്കിയ ഒരു ശബ്ദം കേറി വന്നു. ഒരു രൂക്ഷഗന്ധം വീടാകെ നിറഞ്ഞു. അതു ചോരയുടെ മണമാണെന്ന് തിരിച്ചറിഞ്ഞതും എഴുന്നേറ്റോടിച്ചെന്നു. ദൈവമേ, എന്‍റെ മക്കൾ. ദിച്ചുവും റിനുവും ഹാളിലേ സോഫയിൽ കെട്ടിപ്പിടിച്ചു കിടക്കുന്നുണ്ടായിരുന്നു.

മഹിയുടെ റൂമിന്‍റെ വാതിൽ ചവിട്ടിത്തുറന്നു. അവിടാകെ നിറഞ്ഞ ചുവപ്പിൽ കുഞ്ഞു കിടന്നു പിടഞ്ഞു. മേശപ്പുറത്തുള്ള ഇസ്തിരിപ്പെട്ടിയാണ് കയ്യിൽ തടഞ്ഞത്. തല പെരുപ്പിക്കുന്ന ചുവപ്പിന്‍റെ വഴുപ്പിലേക്ക് നിർമ്മല കുഴഞ്ഞു വീണു.

വെളിച്ചം ജനാല തുറന്ന് ഉള്ളിലേക്കെത്തി നോക്കിയപ്പോൾ വീട് ഉണർന്നു. ആദ്യം പതിവു പോലെ നിർമ്മലയുടെ ബോധത്തിലേക്കിടാൻ വീടിനു കഴിഞ്ഞു. അമ്പരന്ന മുഖങ്ങൾക്കിടയിലൂടെ നിർമ്മല വീട് വൃത്തിയാക്കാൻ തുടങ്ങി. ചിതറിക്കിടന്നിരുന്ന കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും അലമാരയിലേയ്ക്ക് ഒതുക്കി വച്ചു. നൈറ്റി എടുത്തു കുത്തി ചൂലെടുത്ത് അടിച്ചു വാരാൻ തുടങ്ങിയപ്പോൾ ഒരു വിതുമ്പലോടെ ആരോ വന്നു ചൂല് പിടിച്ചു വാങ്ങി.

നിർമ്മലയെ ആ പകൽ വീട്ടിലെ ഏറ്റവും സുരക്ഷിതമായ ഒരു മുറിയിലെ കട്ടിലിലേയ്ക്ക് ഏറ്റുവാങ്ങി. അവളുടെ മുഖം ഭയപ്പെടുത്തും വിധം ശാന്തമായിരുന്നു. അതിനുശേഷം നിർമ്മല പുതപ്പിനുള്ളിലേയ്ക്ക് ശരീരം മുഴുവൻ വളച്ചുവച്ച് കരയാൻ തുടങ്ങി.

സ്തനാർബുദം നേരത്തെ കണ്ടുപിടിക്കാം

പത്തൊമ്പത് വർഷം മുമ്പ് ഒരു ഫെബ്രുവരി മാസത്തിലാണ് ഇരുപത്തിനാല് വയസ്സുള്ള ബീന ഓ.പിയിൽ വന്നത്. വളരെ പരിഭ്രാന്തിയോടെ അമ്മയുടെ കൈ അമർത്തിപ്പിടിച്ചുകൊണ്ടാണ് ആ യുവതി എന്‍റെ മുന്നിലിരുന്നത്. അവർ ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സ്‌റ്റാഫ് നഴ്‌സായി ജോലി ചെയ്യുമ്പോഴാണ് ഇടത് സ്‌തനത്തിൽ മുഴ കണ്ടത്. അവിടെ തന്നെ ബയോപ്‌സി ചെയ്‌ത് സ്‌തനാർബുദമാണെന്ന് സ്‌ഥിരീകരിച്ചിരുന്നു. അവരുടെ ഒരു ബന്ധുവിന്‍റെ നിർദ്ദേശ പ്രകാരമാണ് എന്നെ കാണാൻ വന്നത്. വിശദമായ പരിശോധനയിലൂടെ രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നു മനസ്സിലാക്കാൻ സാധിച്ചു.

ആരംഭ ഘട്ടത്തിയിലായിരുന്നതിനാൽ സ്‌തനം മുഴുവനായി മുറിച്ചു മാറ്റാതെ കല്ലിപ്പും കക്ഷത്തിലെ ഗ്രന്ഥികളുടെ മാത്രം ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യുവാൻ തീരുമാനിച്ചത് ആ കുടുംബത്തിന് ആശ്വാസം പകർന്നു. സർജറിക്കു ശേഷം നാല് കോഴ്‌സ് കീമോതെറാപ്പിയും റേഡിയേഷനും നൽകി. രോഗ വിമുക്‌തയായ ബീന വീടിനടുത്തുള്ള ആശുപത്രിയിൽ മൂന്നു വർഷം സേവനമനുഷ്‌ഠിച്ചു. ഇതിനിടയിൽ അതേ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലെ ടെക്‌നീഷ്യനുമായ ജോസുമായുള്ള വിവാഹം നടന്നു. ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന ബീന പതിനാല് വയസ്സായ ഒരു പെൺകുട്ടിയുടെ മാതാവാണ്. വർഷം തോറും ചെക്കപ്പിന് നാട്ടിലെത്തുമ്പോൾ മറ്റു രോഗികളെ സഹായിക്കുവാനായി കുറച്ചു പണം ഏൽപ്പിക്കുവാൻ മറക്കാറില്ല. കൂടാതെ ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് ആത്മവിശ്വാസം പകരാൻ ഷീനയും ജോസും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

സ്‌ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാം സ്‌ഥാനം സ്തനാർബുദത്തിനാണ്. ഇന്ത്യയിൽ 1,45,000 പേർക്ക് കഴിഞ്ഞ വർഷം സ്തനാർബുദം വന്നതായി രേഖകൾ സൂചിപ്പിക്കുന്നു. ഏകദേശം ഏഴായിരം പേർ മരിക്കുകയും ചെയ്‌തു. ബീനയെപ്പോലെ ആരംഭ ദശയിൽ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം അമ്പത് ശതമാനത്തിൽ താഴെയാണ്. സ്‌തനാർബ്ബുദം കൂടുതൽ കാണുന്നത് 35-55 നുമിടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ്. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളിൽ പകുതിയിലധികം രോഗികളും മൂന്നാമത്തെയോ നാലാമത്തെയോ ദശയിലായിരിക്കും ചികിത്സയ്‌ക്കായി എത്തുന്നത്. ഈ ഘട്ടത്തിൽ രോഗം പരിപൂർണ്ണമായും ഭേദപ്പെടുത്തുവാൻ ബുദ്ധിമുട്ടാണ്. ആരംഭ ഘട്ടത്തിലെ രോഗ നിർണ്ണയവും ശാസ്‌ത്രീയമായ ചികിത്സയും ഭൂരിപക്ഷം രോഗികളേയും രോഗവിമുക്‌തരാക്കും. ആ ലക്ഷ്യം കൈവരിക്കണമെങ്കിൽ രോഗത്തെക്കുറിച്ചുള്ള അവബോധം നന്നേ ചെറുപ്പത്തിൽ തന്നെ സ്‌ത്രീകൾക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഡബ്ല്യു.എച്ച്.ഒ എല്ലാ വർഷവും ഓക്‌ടോബർ മാസം സ്തനാർബുദ മാസമായി ആചരിക്കുന്നത് രോഗത്തെകുറിച്ചുള്ള ശാസ്‌ത്രീയമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ്.

രോഗ ലക്ഷണങ്ങൾ

  • സ്‌തനത്തിലുണ്ടാകുന്ന മുഴ, കല്ലിപ്പ്
  • സ്‌തനാകൃതിയിൽ വരുന്ന മാറ്റം
  • ചർമ്മത്തിലെ വ്യതിയാനങ്ങൾ
  • മുലഞെട്ട് ഉള്ളിലോട്ട് വലിയുക
  • മുലക്കണ്ണിൽ നിന്നുള്ള സ്രവങ്ങൾ
  • മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം, വ്രണങ്ങൾ
  • കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം

സ്തനാർബുദം ഉണ്ടാകുവാൻ സാധ്യത

  • 35 വയസ്സിന് മേൽ പ്രായമുള്ള സ്‌ത്രീകൾ
  • കുടുംബത്തിൽ മറ്റാർക്കെങ്കിലും (ഉദാ- അമ്മ, മകൾ, സഹോദരി) സ്തനാർബുദം ഉണ്ടായിട്ടുണ്ടെങ്കിൽ
  • 12 വയസ്സിനു മുമ്പ് ആർത്തവം ആരംഭിച്ചിട്ടുള്ളവർ
  • 55 വയസ്സിനു ശേഷം ആർത്തവ വിരാമം ഉണ്ടായിട്ടുള്ളവർ
  • ആദ്യത്തെ ഗർഭധാരണം 30 വയസ്സിനു ശേഷം
  • ഒരിക്കലും ഗർഭം ധരിക്കാത്തവർ
  • ആർത്തവ വിരാമത്തിനു ശേഷം അമിത ഭാരമുണ്ടായവർ
  • ദുർമേദസ്സുള്ളവർ
  • വ്യായാമം ചെയ്യാത്തവർ
  • നീണ്ട കാലം ഹോർമോൺ ചികിത്സ എടുക്കുന്നവർ
  • കാൻസർ അല്ലാത്ത സ്‌തന രോഗങ്ങൾ ഉണ്ടായിട്ടുള്ളവർ
  • ജനിതക വ്യതിയാനം വന്ന ബ്രസ്‌റ്റ് കാൻസർ ജീൻ ഉള്ളവർ

ഈ ഘടകങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ സ്‌തനാർബുദം വരുമെന്നു ഭയക്കാതെ ഡോക്‌ടറുടെ ശ്രദ്ധയിൽ പെടുത്തുകയും വിദഗ്‌ദ്ധ പരിശോനകൾ നടത്തുകയും വേണം.

ആരംഭത്തിലെ കണ്ടുപിടിക്കുവാൻ സഹായിക്കുന്ന ഏറ്റവും ലളിതമായ മാർഗ്ഗമാണ് സ്വയം പരിശോധന (Breast Self Examination – BSE). പ്രായപൂർത്തിയായ എല്ലാ സ്‌ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്‌തന പരിശോധന ചെയ്യേണ്ടതാണ്. സ്വന്തം സ്‌തനത്തിനെ മനസ്സിലാക്കുവാനും അതിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാനും സ്വയം പരിശോധന കൊണ്ടു സാധിക്കും.

സ്വയം പരിശോധന എപ്പോൾ? എങ്ങനെ?

ആർത്തവം കഴിഞ്ഞ് ഒരാഴ്‌ചയ്‌ക്കകം BSE ചെയ്യുന്നതു നന്നായിരിക്കും. ആർത്തവ വിരാമം വന്നവരും ഗർഭപാത്രം നീക്കം ചെയ്‌തവരും മാസത്തിലെ ഒരു പ്രത്യേക ദിവസം സ്‌തനം പരിശോധിക്കണം.

BSE രണ്ടു ഘട്ടങ്ങളായി ചെയ്യാം. 1) നിരീക്ഷണം 2) തൊട്ടുള്ള പരിശോധന

നിരീക്ഷണം – സ്‌തനചർമ്മത്തിലുള്ള നിറഭേദം, സ്‌തനത്തിന്‍റെ ആകൃതിയിലോ വലുപ്പത്തിലോ ഉള്ള മാറ്റങ്ങൾ, മുലഞെട്ടുകൾ ഒരു പോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നൊക്കെ കണ്ണാടിയുടെ മുന്നിൽ നിന്നു നിരീക്ഷിക്കണം.

തൊട്ടുള്ള പരിശോധന – നിന്നു കൊണ്ടും കിടന്നു കൊണ്ടും ഈ പരിശോധന നടത്താം. കൈയിലെ പെരുവിരലൊഴികെയുള്ള നാലു വിരലുകൾ കൊണ്ടു പരിശോധിക്കുക. ഇടതു കൈവിരലുകൾ കൊണ്ടു മൃദുവായി അമർത്തി വൃത്താകൃതിയിൽ ചലിപ്പിച്ചുകൊണ്ടു വലത്തേ സ്‌തനം പൂർണ്ണമായും പരിശോധിക്കുക. വലതു കൈ കൊണ്ടു ഇടതു സ്‌തനവും പരിശോധിക്കണം.

കൂടാതെ കക്ഷത്തിൽ എന്തെങ്കിലും കല്ലിപ്പുകളോ മറ്റോ ഉണ്ടോ എന്നു നോക്കണം. കിടന്നു പരിശോധിക്കുമ്പോൾ അതാതു വശത്തുള്ള തോളിന്‍റെ അടിയിൽ ചെറിയ തലയിണ വെച്ചാൽ പരിശോധന കൂടുതൽ കൃത്യമാകും.

ഡോക്‌ടർ നടത്തുന്ന പരിശോധന – 20-39 നും ഇടയ്‌ക്കു പ്രായമുള്ളവർ രണ്ടു വർഷത്തിലൊരിക്കലും 40 വയസ്സിനു മുകളിലുള്ളവർ വർഷത്തിലൊരിക്കലും ഡോക്‌ടറെ കണ്ട് സ്‌തനം പരിശോധിപ്പിക്കണം. സ്‌തനാർബുദം വരാൻ സാധ്യതയുള്ളവർ (നാൽപ്പതു വയസ്സിനു മുകളിൽ) മാസത്തിലൊരിക്കലെങ്കിലും ഡോക്‌ടറെ കാണണം.

മാമോഗ്രാഫി

രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിനു മുമ്പു വളരെ ആരംഭദശയിലുള്ള സ്‌തനാർബുദം കണ്ടുപിടിക്കുവാനുള്ള ഏറ്റവും മികച്ച രീതിയാണ് മാമോഗ്രാഫി.

വീര്യം കുറഞ്ഞ x-ray സ്‌തനത്തിലൂടെ കടത്തി വിട്ട് കിട്ടുന്ന ചിത്രങ്ങൾ പരിശോധിച്ചാണ് രോഗ നിർണ്ണയം നടത്തുന്നത്. സ്‌തനാർബുദത്തിന് സാധ്യത കൂടുതലുള്ളവർ ഡോക്‌ടറുടെ ഉപദേശപ്രകാരം ഇത് ചെയ്യുക. ആർത്തവം കഴിഞ്ഞ് ഒരാഴ്‌ചക്കകമാണ് മാമോഗ്രാഫി ചെയ്യേണ്ടത്.

എം.ആർ.ഐ

വളരെ ചിലവ് കൂടിയ പരിശോധനയാണിത്. കാന്ത തരംഗങ്ങളാണ് പരിശോധനയ്‌ക്കായി ഉപയോഗിക്കുന്നത്. എല്ലാ പ്രായത്തിലുള്ള സ്‌ത്രീകൾക്കും ഉചിതം.

മേൽപ്പറഞ്ഞ പരിശോധനകൾ കൂടാതെ ജനിതകമായ പരിശോധനയിൽ കൂടി ബ്രസ്‌റ്റ് കാൻസർ ജീനുകളുടെ (BRCA 1, BRCA 2)ഘടനയെക്കുറിച്ചു മനസ്സിലാക്കാം. സ്‌തനാർബുദം ഉണ്ടാകാനുള്ള സാധ്യത വളരെ നേരത്തെ കണ്ടുപിടിക്കുവാന്‍ ഈ മാർഗ്ഗം ഉപകരിക്കും.

കോശ പരിശോധന

മേൽപ്പറഞ്ഞ പരിശോധനകൾ വഴി സ്‌തനത്തിലെന്തെങ്കിലും മാറ്റങ്ങളുണ്ടെന്നു മനസ്സിലായാൽ രോഗസ്‌ഥിരീകരണത്തിന് കോശപരിശോധന ആവശ്യമാണ്.

എഫ് എൻ എ സി (FNAC)

സ്‌തനത്തിൽ വ്യതിയാനമുള്ള ഭാഗത്തേക്ക് ഒരു സൂചി കടത്തി കോശങ്ങൾ വലിച്ചെടുത്തു പരിശോധിക്കുന്ന രീതിയാണിത്. വളരെ ലളിതവും വേദനാരഹിതവുമാണ് FNAC. എന്നാൽ പലപ്പോഴും കാൻസർ കോശങ്ങൾ ലഭിക്കണമെന്നില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ഡോക്‌ടർ നിർദ്ദേശിച്ചാൽ ബയോപ്‌സിക്കു വിധേയമാകണം. വിമുഖത കാണിക്കാൻ പാടില്ല.

സർജിക്കൽ ബയോപ്‌സി

സംശയാസ്‌പദമായ ഭാഗത്തുനിന്ന് കുറച്ചു ദശ (Tissue) മുറിച്ചെടുത്ത് ശാസ്‌ത്രീയ പരിശോധന നടത്തുന്നത് കൃത്യമായ രോഗ നിർണ്ണയത്തിന് സഹായിക്കും.

ആരംഭദശയിൽ രോഗം നിർണ്ണയിച്ചാൽ

  • സ്‌തനം മുഴുവൻ മുറിച്ചു നീക്കേണ്ടതായി വരില്ല
  • ലളിതമായ ചികിത്സാരീതികൾ മതിയാകും
  • ഉയർന്ന രോഗശമന നിരക്ക്
  • ചെലവ് കുറവ്
  • രോഗിക്ക് കൂടുതൽ ആത്മവിശ്വാസം

ചികിത്സ

ദശകങ്ങൾക്കു മുമ്പ് സ്‌തനാർബുദ ചികിത്സയിൽ സ്‌തനം മുഴുവൻ മുറിച്ചു മാറ്റുന്ന രീതിയാണ് അവലംബിച്ചു പോന്നത്. കല്ലിപ്പും കക്ഷത്തിലുള്ള ഗ്രന്ഥികളും മാത്രം നീക്കം ചെയ്യുന്ന രീതിയാണ് അഭികാമ്യം. എങ്കിലും കല്ലിപ്പിന്‍റെ വലിപ്പം, സ്‌ഥാനം, സ്‌തനത്തിന്‍റെ വലിപ്പം സ്‌തനാർബ്ബുദത്തിന്‍റെ സ്വഭാവം, പ്രായം, രോഗിയുടെ ഇച്‌ഛ തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചേ അന്തിമ തീരുമാനം നടത്തുവാൻ കഴിയൂ.

ശസ്‌ത്രക്രിയയ്‌ക്കു ശേഷം കീമോതെറാപ്പി, റേഡിയേഷൻ, ഹോർമോൺ ചികിത്സ, ടാർഗെറ്റഡ് ചികിത്സ (Targeted treatment) തുടങ്ങിയ അനുബന്ധ ചികിത്സകളും വേണ്ടി വരാം.

തുടർപരിശോധന

ശരിയായ ചികിത്സാ രീതിയ്‌ക്കെന്നപോലെ തന്നെ പ്രാധാന്യമുണ്ട് തുടർപരിശോധനയ്‌ക്കും. എന്നാൽ പലരും തുടർപരിശോധനയ്‌ക്കു വിമുഖത കാണിക്കാറുണ്ട്. അതൊട്ടും അഭിലഷണീയമല്ല. കാരണം രോഗം വീണ്ടും ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

എതിർ സ്‌തനത്തിലോ മറ്റ് അവയവങ്ങളിലോ രോഗമുണ്ടായാൽ നേരത്തെ തന്നെ കണ്ടുപിടിക്കുവാനും ചികിത്സിച്ചു ഭേദമാക്കുവാനും ഇത്തരം പരിശോധന സഹായിക്കും.

– ഡോ. സി.എൻ മോഹനൻ നായർ

 കാൻസർ രോഗ വിദഗ്‌ദ്ധൻ, കൊച്ചി

സീരിയൽ കലക്കി കുടുംബവും കലങ്ങി!

മദ്യവും മയക്കുമരുന്നും ക്രിക്കറ്റും പോലെ ടെലിവിഷൻ പരമ്പരകൾ കുടുംബിനികളിൽ ആസക്തി സൃഷ്ടിക്കുന്നു. ഒഴിവുവേളകൾ മാത്രമല്ല ജീവിതത്തിന്‍റെ മുക്കാൽ സമയവും ഉപയോഗ ശൂന്യമാക്കിക്കളയുകയാണ് പല സ്ത്രീകളും. പ്രത്യേകിച്ചും വീട്ടമ്മമാർ. ക്രിയാത്മകമായ എല്ലാ നന്മകളേയും മനസ്സിൽ നിന്ന് എടുത്ത് കളയുന്ന നേരംകൊല്ലി സീരിയലുകൾ കുടുംബബന്ധങ്ങളെ പാഴാക്കുക തന്നെ ചെയ്യും. ടിആർപി റേറ്റിംഗ് കൊണ്ട് ശിഥിലമായ ബന്ധങ്ങളെ നേരെയാക്കാൻ ഒക്കുമോ?

ചെറിയ കുട്ടിയുടെ ദുരന്ത ജീവിതത്തിന്‍റെ കഥ പറയുന്ന സീരിയൽ കണ്ടിരിക്കെ അമ്മായിയമ്മയ്ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. “ഹൊ! ആ കുഞ്ഞിനെ കഷ്‌ടപ്പെടുത്തുന്നത് കണ്ടില്ലേ, ഇവളെയൊക്കെ എന്താ ചെയ്യേണ്ടേ. ഇത്തരം സ്വഭാവോം കൊണ്ടു നടന്നാൽ ഒരു കാലത്തും ഗുണം പിടിക്കില്ല.” മരുമകളെ ഒളികണ്ണിട്ടു നോക്കി ഇങ്ങനെയൊരു ഡയലോഗ് ശരം കണക്കേ തൊടുത്തു വിട്ടപ്പോൾ അത് കൊള്ളേണ്ടയിടത്തു തന്നെ ചെന്നു കൊണ്ടു. മരുമകൾ അടുത്തിരുന്ന ഭർത്താവിനെ മുഖം കനപ്പിച്ച് നോക്കി. എന്നിട്ട് മറ്റൊരു ഡയലോഗ്! “അവളും ചോറു തന്നെയല്ലേ കഴിക്കുന്നേ!”

പിന്നെ സീരിയലിലെ കഥാപാത്രങ്ങൾ ടിവിയിൽ നിന്ന് മുറിയിലേക്ക് ഇറങ്ങി വന്ന് മുള്ളും മുനയും വച്ച ഡയലോഗുകൾ പറഞ്ഞു തുടങ്ങി. അങ്ങനെ സമാധാനപരമായി ഇരുണ്ടു പുലരേണ്ട ഒരു രാത്രി ആകെ കലങ്ങി മറിഞ്ഞു.

ഇത് ഒരു വീട്ടിൽ മിക്ക ദിവസവും നടക്കാറുള്ള സംഭവമാണ്. ഇതുപോലെ നിരവധി വീടുകളിൽ നടക്കുന്നുമുണ്ടാകാം.

കുടുംബ ബന്ധങ്ങളിലെ സെന്‍റിമെന്‍റ്സുകൾ ആവശ്യത്തിലധികം കൂട്ടിക്കലർത്തിയെടുത്ത ടെലിവിഷൻ സീരിയലുകളുടെ അതിപ്രസരത്തെക്കുറിച്ചും അവയുടെ സ്വാധീനത്തെക്കുറിച്ചും പറയാനും കേൾക്കാനും തുടങ്ങിയിട്ട് കാലങ്ങളായി. യാതൊരു ബെല്ലും ബ്രേക്കുമില്ലാതെ പായുന്ന സീരിയൽ ജ്വരം നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നൊക്കെ ഒരു വശത്ത് ആവശ്യം ഉയരുമ്പോൾ മറുവശത്ത് ഞെട്ടിപ്പിക്കുന്ന കഥകളും സെന്‍റിമെന്‍റ്സും ആയി സീരിയലുകൾ യഥേഷ്ടം കെട്ടുകാഴ്ചകളായി നിറയുന്നു. കുറ്റവാസനയും അവിഹിതബന്ധവും ചൂഷണവും പീഡനവും നിറഞ്ഞ പല സീരിയലുകളും കണ്ടാൽ തോന്നും, കുടുംബകലഹം മാത്രമേ വീടുകളിൽ ഉള്ളൂവെന്ന്! പ്രതികാര ദാഹികളും അവിഹിത ബന്ധക്കാരും മാത്രമേ ഇന്നാട്ടിലുള്ളൂവെന്ന്!

കുട്ടികളും വീട്ടമ്മമാരും മുതിർന്ന പൗരന്മാരുമാണ് ഇത്തരം സീരിയലുകൾ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദത്തിന്‍റെ ഏറ്റവും പ്രധാന ഇരകൾ. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 7 മുതൽ 11 വരെ ഇപ്പോൾ കുടുംബ ബന്ധങ്ങൾക്ക് സ്‌ഥാനം ടെലിവിഷൻ സെറ്റിനു മുന്നിലാണ്.

ഒരു വ്യക്‌തി സ്ഥിരമായി സീരിയലുകൾ മാത്രം കാണുന്നത് അയാളുടെ മാനസികമായ കരുത്ത് നഷ്‌ടപ്പെടുത്തിയേക്കാം. അതിനാൽ ആ നേരത്ത് വായനാശീലം വളർത്തുകയാണ് നല്ലതെന്ന് പ്രശസ്ത സംവിധായകനും നടനുമായ ശ്രീനിവാസൻ ഒരിക്കല്‍ പറഞ്ഞത് വിവാദമായിരുന്നു.

“ടിവി സീരിയലുകൾ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അതിന് കാഴ്ചക്കാർ ഉള്ളത്. ഇതാണ് ഇവിടുത്തെ സ്ത്രീകൾ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞാണ് അത്തരം സീരിയലുകൾ നിർമ്മാതാക്കൾ ഇറക്കുന്നത്.” അധ്യാപികയായ ഷീജ അരുൺ ചൂണ്ടിക്കാട്ടുന്നു.

ഓവർസെന്‍റിമെന്‍റ്സുകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്ന പരമ്പരകളാകട്ടെ സാധാരണക്കാരായ സ്ത്രീകൾക്കു മുമ്പിൽ മോശം സന്ദേശം പ്രചരിപ്പിക്കുകയും കുടുംബ കലഹത്തിനും അനാവശ്യ പിരിമുറുക്കങ്ങൾക്കും കാരണമാകുകയും ചെയ്യുന്നുണ്ട്.

“പുരുഷന്മാരിൽ മദ്യവും മയക്കുമരുന്നും ക്രിക്കറ്റും പോലെ ടെലിവിഷൻ പരമ്പരകൾ കുടുംബിനികളിൽ ആസക്തി സൃഷ്ടിക്കുന്നു. ഒഴിവുവേളകൾ മാത്രമല്ല ജീവിതത്തിന്‍റെ മുക്കാൽ സമയവും ഉപയോഗ ശൂന്യമാക്കിക്കളയുകയാണ് പല സ്ത്രീകളും. പ്രത്യേകിച്ചും വീട്ടമ്മമാർ.” എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ കലാ നായർ പറയുന്നു.

വീട്ടിലെ ജോലികളൊക്കെ കഴിയുമ്പോൾ ബോറടി മാറ്റാനെന്ന പേരിലാണ് ടിവിയ്ക്കു മുന്നിൽ വന്നിരിക്കുക. അതു പിന്നീട് ശീലമാകും. എന്നാൽ ലഭിക്കുന്ന കാഴ്ചകളാകട്ടെ, മാനസികമായി യാതൊരു ഗുണവും ഇല്ലാത്തതാവും. ഈ കാഴ്ചകൾ സ്വന്തം കാഴ്ചപ്പാടിനെ പോലും മാറ്റിക്കളയാൻ പ്രാപ്തിയുള്ളതാണെന്ന സത്യം പലരും ഓർക്കാറുമില്ല. സെക്കന്‍റുകളിൽ മിന്നിമറിയുന്ന ചാനൽ കാഴ്ചകൾ ഒന്നും തന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുമില്ല. മാത്രമല്ല, സീരിയലുകളിൽ സ്ഥിരമായി കേൾക്കുന്ന ചില സ്ത്രീപക്ഷ ഡയലോഗുകൾ കേട്ടാൽ നമ്മൾ ഇനിയും എത്രയോ കാതം പിന്നിൽ എന്നു തോന്നിപ്പോകും.

“നിനക്ക് എന്തു ചെയ്യാൻ പറ്റും? നീ ഒരു പെണ്ണല്ലേ?”

“വിവാഹിതയായാൽ പിന്നെ അച്ഛനമ്മമാരെ മറന്നേക്കണം.”

“പെണ്മക്കളുള്ള അച്‌ഛനമ്മമാരുടെ ഉള്ളിൽ തീയാണ്. അവർക്കൊരു ചിന്തയേ കാണൂ. മകളെ സുരക്ഷിതമായൊരു കൈകളിൽ ഏൽപിക്കണം.”

“കുടുംബത്തിന്‍റെ വിളക്കാണ് സ്ത്രീ.”

പെണ്ണായാൽ അവൾ നല്ല സഹോദരി, ഭാര്യ, അമ്മ ആകണം. ഇങ്ങനെ സ്ത്രീയെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടാൻ വേണ്ടി സൃഷ്‌ടിച്ചെടുത്ത വാചകകസർത്തുകളിൽ സ്ത്രീ സമൂഹം മയങ്ങി കിടക്കുകയാണ്. അതിനൊപ്പം കുട ചൂടുകയാണ് പരമ്പരകൾ.

“ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകൾക്ക് ഇപ്പോഴും തുല്യത ലഭിക്കുന്നില്ല. രണ്ടാംകിട പൗരന്മാർ എന്ന സ്ത്രീയുടെ ആ സ്റ്റാറ്റസ് അതങ്ങനെ തന്നെ തുടരട്ടെ എന്ന മനോഭാവത്തോടെ ഇറക്കുന്ന ദൃശ്യങ്ങൾക്ക് അവൾ തന്നെ കീഴടങ്ങുകയാണ്” കൊച്ചിയിൽ ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്ന റോയി ചാക്കോ പറയുന്നു.

സ്ത്രീകളുടെ നിസ്സഹായതയും ഭർത്താവിന്‍റെ അവിഹിതവും അമ്മായിയമ്മപ്പോരും ആണ് ടെലിവിഷൻ പരമ്പരകളുടെ സമവാക്യം. സ്ത്രീകളുടെ പുരോഗതിക്ക് ഇവയൊന്നും സഹായിക്കുന്നില്ല. ഹെൽത്തി ഫാമിലി ലൈഫ് പ്രെമോട്ട് ചെയ്യുന്നില്ല. അദ്യത്തെ അഞ്ച് എപ്പിസോഡുകൾ ഭയങ്കര സസ്പെൻസിലായിരിക്കും. ഇനിയെന്തായിരിക്കും എന്ന ആകാംക്ഷ ജനിപ്പിച്ച്. അവസാനം ഒരു എപ്പിസോഡ് പോലും കാണാതിരിക്കാൻ വയ്യാത്ത അവസ്‌ഥയാകും. നായികാ കേന്ദ്രീകൃതമാണ് സീരിയലുകൾ. അതുകൊണ്ട് സ്ത്രീകൾ കൂടുതൽ കാണുന്നു. ഈ സ്‌ഥിതി സീരിയൽ നിർമ്മാതാക്കൾ ചൂഷണം ചെയ്യുന്നു.

കുട്ടികൾക്കും ചെറുപ്പക്കാർക്കും ഓവർഡോസിലുള്ള സെന്‍റിമെന്‍റ്സ് അത്ര ഇഷ്‌ടമായെന്നു വരില്ല. ഇഷ്‌ടമായാൽ തന്നെ അവരുടെ വ്യക്‌തിത്വ വികാസത്തെ അത് ബാധിച്ചേക്കാം. മുതിർന്നവർക്കാകട്ടെ ഓവർസെന്‍റിമെന്‍റ്സ് അത്ര പ്രശ്നവുമല്ല. വീട്ടിലെ ജോലിയെല്ലാം ഒതുക്കി, ടിവിക്കു മുന്നിലിരിക്കുമ്പോൾ അതിലെ കഥാപാത്രം പറയുന്നതെല്ലാം സ്വന്തം ജീവിതം തന്നെയാണെന്ന് തോന്നും. സെന്‍റിമെന്‍റ്സ് കൂടിപ്പോയാൽ അതു ജീവിതത്തെ നെഗറ്റീവായിട്ടേ ബാധിക്കൂ എന്ന കാര്യം വ്യക്‌തമാണല്ലോ. കൂടുതൽ സമയം സങ്കടങ്ങൾക്കും സെന്‍റിമെന്‍റ്സിനും പിന്നാലെ പോയാൽ ജീവിതവും അങ്ങനെയാകും. നമ്മൾ എത്ര പോസിറ്റീവാണോ, അത്രയും വിജയം സ്വന്തമാക്കാം. സെന്‍റിമെന്‍റ്സ് നമ്മുടെ മനോഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കും.

“ദൈനം ദിന ജോലികളെ പോലും മറന്ന് ആളുകൾ ഇൻവോൾഡ് ആവുന്ന നാല് കാര്യങ്ങൾ എന്തായിരിക്കും? പ്രണ യം, മദ്യം, സീരിയൽ, സോഷ്യൽ മീഡിയ. വ്യക്‌തികൾക്കനുസരിച്ച് ഇതിന്‍റെ രീതി മാറിയേക്കാം എന്നു മാത്രം. അമിതമായാൽ ഇതെല്ലാം വിഷമായിതീരും.” കോളേജ് വിദ്യാർത്ഥിയായ അനിരുദ്ധ് ദേവ് തന്‍റെ അഭിപ്രായം തുറന്നടിക്കുന്നു.

കുടുംബ ബന്ധങ്ങൾക്കും മൊബൈൽഫോണും ഇന്‍റർനെറ്റും ഭീഷണിയാകുന്നതു പോലെ സീരിയലുകളും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

സീരിയലുകളിലും ടിവി ചാനലുകളിലും ഒരു വിഭാഗം ആകൃഷ്ടരാകുമ്പോൾ, മറ്റൊരു വിഭാഗം ഇന്‍റനെറ്റിലും സോഷ്യൽ മീഡിയയിലും ആധുനിക ഗാഡ്ജറ്റുകളിലും സമയം പോക്കുന്നു. രണ്ടായാലും വീട്ടിൽ പരസ്‌പരം മിണ്ടാട്ടം കുറയുന്നു എന്നതാണ് ഫലം! സാമൂഹ്യബന്ധവും കുടുംബബന്ധവും കുറയ്‌ക്കാൻ ഇവ കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് അടിമപ്പെടാത്തവർക്ക് മറ്റുള്ളവരുടെ പെരുമാറ്റം ചിലപ്പോൾ സഹിക്കാൻ പറ്റിയെന്നു വരില്ല. ഒരു വീട്ടിൽ അതിഥി എത്തുമ്പോൾ ഗൃഹനാഥ ടിവിക്കു മുന്നിലും കുടുംബനാഥനും മക്കളും ആധുനിക ഗാഡ്ജറ്റുകൾക്കുള്ളിലും അടിപ്പെട്ടും ഇരുന്നാൽ എന്താണ് സ്‌ഥിതി!. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മഞ്ജു പറയുന്നത് കേൾക്കൂ.

“മാസങ്ങൾക്കു ശേഷമാണ് ഒരു വർക്കിംഗ് ഡേയിൽ അവധി കിട്ടിയത്. അന്ന് ചേച്ചിയുടെ വീട്ടിൽ സകുടുംബം പോകാൻ തീരുമാനിച്ചു. വൈകിട്ട് 4 മണിക്കു ചെന്നപ്പോൾ ചേച്ചിയും അമ്മായിയമ്മയും എല്ലാം വളരെ സ്നേഹപൂർവ്വം സംസാരിച്ചു സൽക്കരിച്ചു. രാത്രി അൽപം വൈകി സ്വന്തം വീട്ടിലേക്ക് മടങ്ങാം. അത്താഴം കഴിച്ചിട്ടു പോകാം എന്നൊക്കെ കണക്കാക്കിയാണ് സന്ദർശനം. എന്നാൽ വൈകിട്ട് 7 മണി ആയതോടെ ചേച്ചിയും അമ്മയും ടിവിക്കു മുന്നിലായി. അതുവരെ നല്ല സ്നേഹത്തോടെ പെരുമാറിയ ചേച്ചിക്ക് യാതൊരു മൈൻഡുമില്ല. ഭക്ഷണം തരുന്ന ലക്ഷണവുമില്ല. ഇനി നിന്നാൽ പണികിട്ടും എന്ന് തോന്നിയപ്പോൾ ഞങ്ങൾ അവിടെ നിന്നും മുങ്ങി. പുറത്തു നിന്ന് ഭക്ഷണവും കഴിച്ച് വീട്ടിൽ പോയി.” ഇനി ചേച്ചിയുടെ സീരിയൽ അഡിക്ഷൻ മാറാതെ രാത്രി സന്ദർശനം ഇല്ലായെന്ന് മഞ്‌ജുവിനു തീരുമാനിക്കേണ്ടി വന്നു. കുട്ടികൾ ടിവി കാണുമ്പോഴും ഗെയിം കളിക്കുമ്പോഴും മുതിർന്നവർ ശ്രദ്ധിക്കണം എന്നു പറയാറുണ്ട്. ഇപ്പോൾ മുതിർന്നവർ ടിവിയ്ക്കു മുന്നിലും മൊബൈലിലും സോഷ്യൽ മീഡിയ്ക്കു മുന്നിലും കൂടുതൽ സമയം ചെലവിടുമ്പോൾ എന്തു ചെയ്യണം? ഒരു ദിവസത്തെ കഠിനാധ്വാനത്തിനുശേഷം അൽപം മെന്‍റൽ റിലാക്സേഷൻ, അതാണ് ആളുകൾ ചാനലുകളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന പരമ്പരകൾ മാനസിക സമ്മർദ്ദം കൂട്ടുന്നു. കെട്ടുകഥകൾ കണ്ട് സമയം കളയുന്നതിന് നിയന്ത്രണം വേണം.

“സീരിയലുകൾ കാണുക മാത്രമല്ല, കഥയിലെ സാഹചര്യങ്ങളെ കുറിച്ച് അയൽവക്കത്തുള്ളവരുമായി ചർച്ച നടത്തുകയും ചെയ്യും. കുടുംബ ബന്ധങ്ങളെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്നു. മറ്റുള്ളവരുടെ വികാര വിചാരങ്ങളെ കുറിച്ച് എന്തെങ്കിലും ധാരണ ലഭിക്കുകയും ചെയ്യും” സീരിയലുകൾ സ്ഥിരമായി കാണുന്ന ജയശ്രീ ഉണ്ണി പറയുന്നു.

“എന്നാൽ രണ്ടും മൂന്നും വർഷം തുടർച്ചയായി വരുന്ന പരമ്പരകൾ കണ്ടു കൊണ്ടിരിക്കുന്നത് സമയം വെറുതെ നഷ്‌ടപ്പെടുത്തലാണ്. യാതൊരു വിവരവും കിട്ടാത്ത പരമ്പരകൾ ഇതുകണ്ട് കരഞ്ഞും ചിന്തിച്ചും സമയം കൊല്ലുന്നത് നല്ലതല്ല” ജയശ്രീ പറയുന്നു.

തിരുവനന്തപുരത്ത് പൊതു ജനം ലെയിൻ ഹൗസിംഗ് കോളനിയിൽ വൈകിട്ട് 7 മുതൽ 9 വരെ സീരിയലുകൾ കാണേണ്ടായെന്ന് അവിടത്തെ റസിഡന്‍റ് അസോസിയേഷൻ തീരുമാനിച്ചത് അടുത്തിടയാണ്. എല്ലാ സ്ത്രീകളും ടിവിയിലെ സോപ്പ് സീരിയലുകൾ മാത്രമാണ് കാണുന്നതെന്ന് പറയാൻ പറ്റില്ല. 50 ശതമാനം സ്ത്രീകൾ വാർത്തകൾക്കും കറന്‍റ് അഫയർ പ്രോഗ്രാമിനും ഇടം കൊടുക്കുന്നുണ്ട്.

വിമൻ കമ്മീഷന്‍റെ മീഡിയ മോണിട്ടറിംഗ് സെൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഗ്രാമങ്ങളിൽ നടത്തിയ സർവ്വേയിൽ 54 ശതമാനം സ്ത്രീകളും പ്രതികരിച്ചത് അവർ വാർത്തകൾക്കും പ്രാധാന്യം നൽകുന്നുണ്ടെന്നാണ്.

1980 കളിലാണ് ടെലിവിഷൻ കേരളത്തിൽ സജീവമായത്. അതിനു മുമ്പ് ദൂരദർശൻ മാത്രം. അതും വേണ്ടത്ര പരിപാടികൾ കാണാൻ ഇല്ല. ഹിന്ദി മാത്രം. മലയാളം സംപ്രേക്ഷണം 4 മണിക്കൂർ മാത്രം. പിന്നീട് ചാനലുകൾ വർദ്ധിച്ചപ്പോൾ പരിപാടികൾക്കു റേറ്റിംഗ് കൂട്ടാൻ മത്സരിച്ചു. ഫലമോ സോപ്പ് പരിപാടിക്കു പിന്നാലെ ജനവും പാഞ്ഞു.

അജന്ത – അവസാന ഭാഗം

കടന്നുപോയ ഓരോ ദിനങ്ങളും അജന്തയ്‌ക്ക് സമ്മാനിച്ചുകൊണ്ടിരുന്നത് ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കാത്ത മാനസിക തലമായിരുന്നു. ശശാങ്കിന്‍റെ പക്വതയില്ലാത്ത പെരുമാറ്റവും സംസാരവും പരിധി വിട്ടുകൊണ്ടിരുന്നു. എന്നിട്ടും അത് അവസാനിപ്പിക്കണം എന്ന തോന്നൽ അജന്തയ്‌ക്കുണ്ടായില്ല.

ടിച്ചർ-സ്‌റ്റുഡന്‍റ് ബന്ധം ഒന്നും അവന് ഒരു തടസമായില്ല. തന്നേക്കാൾ നാലു വയസു മൂത്ത അജന്തയോടുള്ള അവന്‍റെ പ്രേമം തുടർന്നുകൊണ്ടിരുന്നു. അവളുടെ മനസും അവന്‍റെ പ്രണയത്തെ ഇഷ്‌ടപ്പെടുന്നുണ്ടായിരുന്നു. ശശാങ്കാണ് തന്നെ കൂടുതൽ സ്‌നേഹിക്കുന്നത്. ജീവിതത്തിൽ പ്രണയം എന്തെന്ന് മനസിലാക്കിത്തരുന്നത് ശശാങ്കാണ്. ഇങ്ങനെയൊക്കെ അവൾ ആലോചിക്കും. അടുത്ത നിമിഷം തന്നെ പ്രശാന്തിന്‍റെ ഓർമ്മ വരും.

തന്‍റെ ഇഷ്‌ടങ്ങളും നിയമങ്ങളുമൊക്കെ അജന്തയ്‌ക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പ്രശാന്ത്. എന്നാൽ അതൊന്നും അജന്തയ്‌ക്ക് ഇഷ്‌ടമല്ലെന്ന് കണ്ടാൽ, അത് അംഗീകരിച്ച്, അജന്തയെ സന്തുഷ്‌ടയാക്കാൻ ശ്രമിക്കാറുണ്ട്.

സത്യം പറഞ്ഞാൽ അജന്തയുടെ മനസും ജീവിതവും പ്രശാന്തിനും ശശാങ്കിനും ഇടയിൽപ്പെട്ട് കുരുങ്ങിക്കിടക്കുകയായിരുന്നു. ചില നേരങ്ങളിൽ അവൾക്ക് രണ്ടുപേരോടും ദേഷ്യവും വെറുപ്പും തോന്നും. രണ്ടുപേരെയും ധൈര്യപൂർവം സ്വന്തം ജീവിതത്തിൽ നിന്ന് വലിച്ച് പുറത്തെടുത്തുകളയണം എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അത്രയും കഠിനഹൃദയമുള്ള ആളല്ല താൻ. അതുകൊണ്ടാണ് ശശാങ്കിനോട് കടുപ്പിച്ച് പറയാൻ കഴിയാത്തത്. പ്രശാന്തിനോടും അവന്‍റെ വീട്ടുകാരോടും ഉള്ള പ്രതിബദ്ധത കൊണ്ട് അവിടെയും ഒന്നും പറയാൻ കഴിയുന്നില്ല. ഒരുപാട് ആലോചിച്ചിട്ടും, തീരുമാനത്തിലെത്താൻ കഴിയാതെ അവൾ ഉലഞ്ഞുപോയി.

അജന്തയ്‌ക്ക് വലിയൊരു ഭയം വേറെയുണ്ടായിരുന്നു. കോളേജ് പഠനകാലത്ത് തനിക്ക് രാജീവിനെ ഇഷ്‌ടമായിരുന്നു എന്ന് പ്രശാന്ത് വിവാഹശേഷം അറിയുമ്പോൾ എന്തായിരിക്കും പ്രതികരണം. സ്വന്തം ഭാര്യ മാനസികമായി പോലും കന്യകയായിരിക്കണം എന്നു നിർബന്ധമുള്ള ആളാണല്ലോ പ്രശാന്ത്!

അതിനപ്പുറം ചില ചിന്തകളിൽ പെടുമ്പോഴെല്ലാം അവൾ ശശാങ്കിൽ നിന്നും പ്രശാന്തിൽ നിന്നും ഒഴിഞ്ഞുമാറാൻ വളരെയധികം ആഗ്രഹിച്ചു.

പ്രശാന്തിനെ കാണാൻ പോകുന്ന സമയങ്ങളിൽ ശശാങ്കിന് ഇഷ്‌ടപ്പെട്ട വസ്‌ത്രം ധരിക്കാൻ അവൾ ശ്രമിച്ചു. ശശാങ്കിനെ കണ്ടുമുട്ടുന്ന വേളകളിൽ, പ്രശാന്തിനിഷ്‌ടപ്പെട്ട വസ്‌ത്രം ധരിച്ചാലോ എന്നും ആഗ്രഹിച്ചു. അജന്തയെ അത്തരം വസ്‌ത്രങ്ങളിൽ കാണുമ്പോൾ പ്രശാന്തിന്‍റെ മൂഡ് നഷ്‌ടപ്പെടും. ഷോർട്ട് സ്‌കർട്ടൊക്കെ ധരിച്ചു ചെല്ലുമ്പോൾ നീ ടീച്ചറല്ലെ, ഇതൊന്നും കൊള്ളില്ല എന്നൊക്കെ പറഞ്ഞ് പ്രശാന്ത് വഴക്കുണ്ടാക്കും. സൽവാർ കമ്മീസ് ധരിച്ച് ശശാങ്കിനെ കാണുമ്പോഴും ശശാങ്ക് ചിരിക്കും. “മാം ഇന്നു സുന്ദരിയായിരിക്കുന്നു. പക്ഷേ സ്‌കർട്ട് ധരിക്കുമ്പോഴാണ് കൂടുതൽ സുന്ദരി” എന്ന് പറയാനും അവൻ മറക്കാറില്ല.

തന്‍റെ ആഗ്രഹങ്ങൾക്ക് വില കൽപ്പിക്കുന്ന ആളാണ് ശശാങ്ക്. അതുകൊണ്ടാണ് തനിക്ക് ശശാങ്കിനോട് ഇഷ്‌ടം തോന്നിയത്. അതേസമയം പ്രശാന്ത് പ്രതിശ്രുത വരനാണ്. ഏതാനും മാസങ്ങൾക്കകം വിവാഹിതരാകാൻ തീരുമാനിച്ചവരാണ്.

കുടുംബങ്ങളാണ് തീരുമാനത്തിന് പിന്നിലെങ്കിലും വിവാഹം തകർന്നാൽ എന്തായിരിക്കും പരിണത ഫലം! വർഷങ്ങളായി നിലനിൽക്കുന്ന കുടുംബബന്ധങ്ങളും തകർന്നു പോവില്ലേ?

ശശാങ്കിനോട് തനിക്ക് തോന്നിത്തുടങ്ങിയ താൽപര്യവും, തിരിച്ച് ശശാങ്കിനുള്ള തീവ്രമായ സ്‌നേഹവും തടയാൻ വേണ്ടി ഒരു ദിവസം അജന്ത ശശാങ്കിനോട് പ്രശാന്തിനെ കുറിച്ച് സംസാരിച്ചു. ഉടനെ തന്നെ തങ്ങളുടെ വിവാഹം നടക്കും എന്നു പറഞ്ഞു കേട്ടതോടെ, അല്‌പനേരം ശശാങ്കിന്‍റെ മുഖത്ത് നിരാശ പടർന്നു. പിന്നെ വിടർന്ന ചിരിയോടെ അവൻ പ്രതികരിച്ചു.

“ഏതോ കവി പറഞ്ഞ വാക്യം ഓർമ്മ വരുന്നു. പരിശ്രമിക്കുക. ഫലം താനെ വന്നുചേരും.”

ശശാങ്കിന്‍റെ നിരാശ പൂണ്ട ഭാവം സന്തോഷമായി മാറുന്നതു കണ്ടപ്പോൾ അജന്തയ്‌ക്ക് ആശ്വാസമായി.

“എന്നുവച്ചാൽ എന്താണ്?”

“എന്‍റെ ഇഷ്‌ടത്തോട് നിങ്ങൾ കീഴടങ്ങുന്നതു വരെ ഞാൻ എന്‍റെ പരിശ്രമം തുടരും…”

“നോ ചാൻസ്” അജന്തയുടെ പ്രതികരണം കേട്ടപ്പോഴും ശശാങ്കിന് ഭാവഭേദമൊന്നുമില്ല.

അങ്ങനെ സംഭവിച്ചില്ലെങ്കിൽ സാരമില്ല. നിങ്ങൾ, നിങ്ങളുടെ സ്‌നേഹത്താൽ എന്നെ കീഴടക്കിയാലും മതി!”

ശശാങ്കിന്‍റെ വാക്കുകളിൽ തമാശയെങ്കിലും പക്ഷേ അതിലെ സ്‌നേഹത്തിന്‍റെ തീവ്രത അവളുടെ മനസിൽ ആഴത്തിൽ തൊട്ടു. അകലാൻ ശ്രമിച്ചപ്പോൾ, കൂടുതൽ അടുക്കുകയാണോ? അജന്തയ്‌ക്ക് സംശയമായി.

തൊട്ടടുത്ത ദിവസങ്ങളിലായി നടന്ന രണ്ടു സംഭവങ്ങൾ… അതാണ് അജന്തയുടെ ചിന്തകളെ മാറ്റിമറിച്ചത്.

ഫൈനൽ എക്‌സാം നടക്കുന്നതിനു മുമ്പ് പോളിടെക്‌നിക്കിൽ വാർഷിക കായികമേള നടക്കാറുണ്ട്. ആ ജില്ലയിലെ എല്ലാ പോളിടെക്‌നിക്കിൽ നിന്നുള്ള കുട്ടികളും ആ മേളയിൽ പങ്കെടുക്കാനെത്താറുണ്ട്‌. ഓരോ കോളജിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരയ്‌ക്കുന്നത്. ഇവർക്കു വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുക്കാനായി വോളണ്ടിയറിംഗ് ചെയ്യുന്നത് കോളജിലെ സീനിയർ സ്‌റ്റുഡന്‍റ്സ് ആണ്. ഇവർക്ക് എല്ലാം ഒരു പാസ് കൊടുത്തിട്ടുണ്ട്. ആ പാസുമായി എവിടെയും കടന്നുചെല്ലാം.

ജൂനിയർ ആൺകുട്ടികൾക്കായി പ്രത്യേകം പാസ് ഇഷ്യൂ ചെയ്‌തിട്ടുണ്ടായിരുന്നു. അജന്ത ഒരു സ്‌പോർട്‌സ് പേഴ്‌സൺ ആയതിനാൽ അവളും സജീവമായി പങ്കുചേർന്നു. ശശാങ്കും ഒരു വോളണ്ടിയർ ആണ്. ജാൻസിയിൽ നിന്നു വന്ന ഒരു പറ്റം വിദ്യാർത്ഥികളെ ഹാന്‍റിൽ ചെയ്യുന്നത് അവനാണ്. “മാം, പല നഗരങ്ങളിൽ നിന്നും നല്ല മിടുക്കികളായ പെൺകുട്ടികൾ കളിക്കാൻ വന്നിട്ടുണ്ട്. പക്ഷേ അവരാരും മാമിന്‍റെ അത്രേം വരില്ല!”

ശശാങ്കിന്‍റെ സ്‌നേഹവും കുസൃതിയും നിറഞ്ഞ സംഭാഷണം കേട്ടപ്പോൾ അവൾക്ക് മനസിൽ ഭയങ്കര നിരാശ തോന്നി. താനും ഒരു വിദ്യാർത്ഥി ആയാൽ മതിയായിരുന്നു! ശശാങ്കിന്‍റെ സ്‌നേഹത്തിന് പോസിറ്റീവ് മറുപടി നൽകാമായിരുന്നു!” ഇതൊക്കെയാണെങ്കിലും കാർഡ് ശശാങ്ക് വോളണ്ടിയർ എങ്ങനെ ഒപ്പിച്ചു എന്നായി അജന്തയുടെ സന്ദേഹം. അവൾ അതു തുറന്നു ചോദിച്ചു.

“അതിലെന്താണ് വലിയ കാര്യം. വാർഡന്‍റെ വീട്ടിൽ അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ട സാധനം കൊണ്ടുകൊടുത്തു. ഒരു പാസ് വാങ്ങി.”

സത്യം പറഞ്ഞാൽ ശശാങ്ക് ചെയ്‌തത് നിയമവിരുദ്ധമമായ കാര്യമായിരിക്കും, പക്ഷേ അവന്‍റെ ആ കുസൃതി നിറഞ്ഞ സംസാരവും പെരുമാറ്റവും അജന്ത സ്വന്തം ഹൃദയത്തോട് ചേർത്തുവച്ചു പോയി.

അതോടൊപ്പം, വാർഡന്‍റെ ഈ ദുഃസ്വഭാവം അറിഞ്ഞപ്പോൾ ദേഷ്യം തോന്നുകയും ചെയ്‌തു. ആദ്യം വിചാരിച്ചത്, പ്രിൻസിപ്പാളിനോട് പരാതി പറയാമെന്നാണ്. എന്നാൽ ശശാങ്കിന്‍റെ പാസ് തിരികെ വാങ്ങുമല്ലോ എന്ന ഭയം നിമിത്തം അജന്ത നിശബ്‌ദത പാലിച്ചു.

ശശാങ്കിനോട് അവൾക്കുള്ള സ്‌നേഹത്തിന്‍റെ തെളിവു തന്നെയായിരുന്നു ആ മൗനം.

കായികമേള അവസാനിച്ചു. വർണശബളമായ സമാപനച്ചടങ്ങിനു ശേഷം, അതിഥികളായെത്തിയ കുട്ടികളെല്ലാം അവരുടെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. കോളേജ് കാമ്പസിലെമ്പാടും ആഹ്ലാദ നിമിഷങ്ങൾ. എന്നാൽ അവിചാരിതമായി അതെല്ലാം തകിടം മറിഞ്ഞു. അല്ലെങ്കിലും അങ്ങനെയാണല്ലൊ, ഇത്തരം സംഭവങ്ങൾ അപ്രതീക്ഷിതമായാണല്ലോ രംഗപ്രവേശം ചെയ്യുക.

ജാൻസിയിൽ നിന്ന് വന്ന വിദ്യാർത്ഥിനി പൂജ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്‌ഥാനം നേടിയ മിടുക്കിക്കുട്ടി. രക്‌തം പൊടിഞ്ഞ ശരീരവുമായി കരഞ്ഞുകൊണ്ടു ഓടിവന്നു! അവൾ ഷോപ്പിംഗിനായി മാർക്കറ്റിൽ പോയിരിക്കുകയായിരുന്നു. തിരിച്ചുവരാൻ നേരം രാത്രിയായി. അവൾക്കൊപ്പം രണ്ട്‌ പെൺകുട്ടികളും ഉണ്ടായിരുന്നു.

കോളജിന്‍റെ പിന്നിലെ ഗേറ്റിൽ ഓട്ടോ ഇറങ്ങിയ ശേഷം പൂജ ഓട്ടോക്കാരന് പണംകൊടുക്കാൻ കാത്തുനിന്നു. ചില്ലറ കിട്ടാത്തതുകൊണ്ട് രണ്ടു മിനിറ്റ് എടുക്കുകയും ചെയ്‌തു. ഈ സമയം കൂടെ വന്ന കുട്ടികൾ കോളേജ് കാമ്പസിലേക്ക് കടക്കുകയും ചെയ്തു. കോളേജിന്‍റെ പിന്നാമ്പുറത്തെ റോഡിൽ പൊതുവെ വെളിച്ചം കുറവാണ്.

പൂജ പണം കൊടുത്ത് അകത്തേക്കു കയറാനൊരുങ്ങവേ ആരോ അവളെ തട്ടിയെടുത്തു നീങ്ങി. അവൾ ഒച്ചവച്ചു ബഹളം വയ്‌ക്കാൻ ശ്രമിച്ചെങ്കിലും വായ് പൊത്തിപ്പിടിച്ചതിനാൽ ശബ്‌ദം പുറത്തേക്ക് വന്നില്ല. അവർ രണ്ടുപേരുണ്ടായിരുന്നു. അവരുടെ കായികബലത്തിനു മുന്നിൽ പൂജയ്‌ക്ക് ഒന്നും ചെയ്യാനായില്ല. അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ അവളെ ജീവനോടെ വിട്ടു എന്നു മാത്രം.

പൂജയുടെ അവസ്‌ഥ ദയനീയമായിരുന്നു. അവൾക്ക് ഒന്നും സംസാരിക്കാൻ പോലും കഴിയുന്നില്ലായിരുന്നു. സംഭവമറിഞ്ഞ് അജന്തയും ഓടിപ്പാഞ്ഞെത്തി. ചിലരൊക്കെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. മറ്റു ചിലരാകട്ടെ, ഇതൊക്കെ പുറത്തു പറഞ്ഞാൽ കുട്ടിയുടെ ഭാവി തകരില്ലേ എന്ന് ആശങ്കപ്പെടുന്നു. ഇതിനിടയിൽ ഒരു ശബ്‌ദം ഉയർന്നു.

“നമുക്ക് പോലിസ് സ്‌റ്റേഷൻ പോകാം. കുറ്റവാളികൾക്ക് തക്ക ശിക്ഷ കൊടുക്കാൻ അതാവശ്യമാണ്!” ആ ശബ്‌ദം ശശാങ്കിന്‍റേതാണെന്ന് അജന്ത തിരിച്ചറിഞ്ഞു.

“ഈ പയ്യൻ എന്തു മണ്ടത്തരമാണ് കാണിക്കാൻ പോകുന്നത്.” ആ ശബ്‌ദവും അജന്തയ്‌ക്ക് പരിചിതമായ ആളുടെ ആയിരുന്നു.

“പ്രശാന്തിന്‍റെ!” പ്രശാന്ത് ഇവിടെ!

“അതെ, നിന്‍റെ ഫ്‌ളാറ്റിൽ പോയിരുന്നു. അവിടെ അടച്ചിട്ടിരിക്കുന്നു.”

അജന്തയുടെ ചോദ്യത്തിന് മറുപടിയായി പ്രശാന്ത് പറഞ്ഞു.

“നീ കോളേജിൽ ഇവന്‍റ് ആണെന്ന് പറഞ്ഞിരുന്നല്ലോ. അതാണ് ഇങ്ങോട്ട് വന്നത്. ഇവിടെ വന്നപ്പോൾ കണ്ടത് ബഹുകേമമായി. ആ പെങ്കൊച്ച് കുട്ടിപ്പാവാടയുമിട്ട് ഇറങ്ങിയിട്ടല്ലേ ഈ പ്രശ്നമൊക്കെ ഉണ്ടായത്.”

പ്രശാന്തിന്‍റെ സംസാരം അജന്തയിൽ തീകോരിയിടുന്ന അനുഭവമാണ് ഉണ്ടാക്കിയത്. അതങ്ങനെ പൊള്ളിച്ചുകൊണ്ടിരിക്കെ പ്രശാന്തിൽ നിന്ന് അടുത്ത തീ വാക്കുകളായി പുറത്തേക്ക് തെറിച്ചു.

“ഈ ചെറുക്കൻ എന്തൊക്കെയാ പറയുന്നത്. സംഭവിച്ചതു സംഭവിച്ചു. ഇനി ഈ പെങ്കൊച്ചിന്‍റെ ഭാവിയെ കരുതി മിണ്ടാതിരിക്കുകയാണ് ഭേദം.”

“അതെന്തിന്? അപരാധം ചെയ്‌തവർ സുഖമായി പൊയ്‌ക്കോട്ടെ എന്നാണോ?”

“അപ്പോൾ നീ ആണോ ഞാനാണോ നേതാവ്….” പ്രശാന്തിന്‍റെ മുഖത്ത് ഈർഷ്യ നിറഞ്ഞുനിന്നു.

“നിങ്ങൾ നേതാവായിരിക്കും. പക്ഷേ ഇപ്പോൾ ഈ പെൺകുട്ടിയ്ക്കൊപ്പം നിന്ന് അവളെ സഹായിക്കാൻ എന്താണ് പോംവഴി.” അജന്തയ്‌ക്ക് അദമ്യമായ ദേഷ്യം വന്നു.

“നോക്കൂ അജന്ത, ഞാൻ നിന്‍റെ കൂടെ വൈകുന്നേരം ചെലവഴിക്കാൻ വന്നതാണ്. അതുകൊണ്ടാണ് ഞാൻ ഇവിടെ വരെ വന്നത്. നമുക്ക് പോകാം.”

“പ്രശാന്ത് ഇത് മഹാ കഷ്‌ടമാണ്. പൂജയ്‌ക്ക് ഇപ്പോൾ നമ്മുടെ ആവശ്യമുണ്ട്. പോലീസ് സ്‌റ്റേഷനിൽ പോകേണ്ടിവരും.” അജന്തയ്‌ക്ക് മറുത്തു പറയാതെ നിവൃത്തിയില്ലാതായി. പക്ഷേ അതിന് പ്രശാന്ത് നൽകിയ ഉത്തരം അവളെ വീണ്ടും ദേഷ്യത്തിലാക്കിയതേയുള്ളൂ.

“നമ്മുടെ വീട്ടിലെ സ്‌ത്രീകൾ പോലിസ് സ്‌റ്റേഷൻ കയറിയിറങ്ങാറില്ല. നീ ആ പെൺകുട്ടിയുടെ കൂടെ സ്‌റ്റേഷനിൽ പോകാൻ ഞാൻ സമ്മതിക്കില്ല.”

“പക്ഷേ പ്രശാന്ത്! ഇത് കഷ്‌ടം തന്നെ.”

“പക്ഷേയും കുക്ഷേയും ഒന്നുമില്ല. ഇപ്പോ എന്‍റെ കൂടെ വരിക.”

അജന്തയും പ്രശാന്തും തമ്മിൽ തർക്കം നടക്കുന്നതിനിടെ ശശാങ്ക്, മറ്റൊരു അധ്യാപകന്‍റെ കാറിൽ പൂജയെ കയറ്റിയിരുത്തി. ഒപ്പം മൂന്നുപേരെ വിളിച്ചിരുത്തി കാർ നേരെ പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടു.

“ഹാ… അവർ പോയല്ലോ. ഇനി പ്രശ്നമൊക്കെ അവരെല്ലാം കൂടി നോക്കി പരിഹരിക്കും. ഇപ്പോൾ നമുക്ക് പോകാം.”

പ്രശാന്ത് ശാന്തസ്വരത്തിൽ പറഞ്ഞു. അജന്ത നിശബ്‌ദയായി ഇടറിയ പാദങ്ങളോടെ കാറിനടുത്തേക്ക് നടന്നു. മടിയോടെ കാറിന്‍റെ ഡോർ തുറന്ന് അവൾ അകത്തിരുന്നു.

കുറച്ചു നേരം ഇരുവരും നിശബ്‌ദരായിരുന്നു. പിന്നെ പ്രശാന്ത് സംസാരിച്ചു തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് രണ്ടു കുടുംബങ്ങളും ഒത്തുചേർന്ന് വിവാഹത്തിന്‍റെ തീയതി നിശ്ചയിക്കാൻ പോകുകയാണ്. അജന്ത അതെല്ലാം കേട്ട് യെസ് മൂളി ഇരുന്നതേയുള്ളൂ.

ഒരു വലിയ റസ്റ്ററന്‍റിന്‍റെ മുന്നിൽ പ്രശാന്ത് വണ്ടി നിർത്തി. അകത്തേക്കു പ്രവശേിച്ച ശേഷം അയാൾ ഭക്ഷണം ഓർഡർ ചെയ്‌തു. അജന്തയ്‌ക്ക് എന്താണ് ഇഷ്‌ടം എന്നുപോലും ചോദിക്കാതെയാണ് പ്രശാന്ത് ഭക്ഷണം ഓർഡർ ചെയ്‌തത്. എല്ലാം സ്വന്തം ഇഷ്‌ടമനുസരിച്ചുള്ള മെനു!

വെയിറ്റർ ഭക്ഷണം സെർവ് ചെയ്‌തു. ഭക്ഷണം കഴിക്കുമ്പോഴും അജന്തയുടെ മനസ് നിറയെ പൂജയായിരുന്നു. “പാവം പെൺകുട്ടി! എന്തൊരു ക്രൂരതയാണ് അവളോട് ചെയ്‌തത്!”

“എന്തു അപരാധമാണെന്നാണ്?”

“സത്യം പറഞ്ഞാൽ ആ പെണ്ണിനെ ഇതൊന്നും അറിയാതെ കെട്ടാൻ പോകുന്ന ചെറുക്കന്‍റെ കഷ്‌ടകാലമാണ് ഞാൻ ആലോചിച്ചത്!”

പ്രശാന്തിന്‍റെ ഈ ഡയലോഗ് കേട്ടപ്പോൾ അജന്തയ്‌ക്ക് ഉള്ളിൽ നിന്ന് ഒരു നിലവിളി ഉയർന്നു. അജന്തയ്‌ക്ക് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി അവളൊന്നു ചുമച്ചു.

മുന്നിൽ ഇരിക്കുന്ന ഭക്ഷണം വിഷംപോലെ അവൾ അറച്ചറച്ചിറക്കി.

അജന്തയുടെയും പ്രശാന്തിന്‍റെയെും വിവാഹത്തീയതി തീരുമാനിച്ചു. രണ്ടു കുടുംബങ്ങളും വിവാഹത്തിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. അതോടെ പ്രശാന്ത്, അജന്തയ്‌ക്കുമേൽ അവകാശം ശക്‌തമായി ഉറപ്പിക്കാൻ തുടങ്ങി. അജന്തയ്‌ക്കാകട്ടെ വിവാഹം നടക്കാൻ പോകുന്നതിന്‍റെ യാതൊരു ആഹ്ലാദവും മനസിൽ തെളിഞ്ഞതുമില്ല.

കല്യാണക്കുറി കോളേജിൽ എല്ലാ വർക്കും കൊടുത്തുവെങ്കിലും ശശാങ്കിന് കൊടുക്കാൻ തോന്നിയില്ല. അവൾ തന്‍റെ കല്യാണത്തീയതി ശശാങ്കിനോട് പറഞ്ഞു എന്നു മാത്രം. പക്ഷേ അതു കേട്ടിട്ടും അവനിൽ വലിയ ഭാവവ്യത്യാസങ്ങളൊന്നും കണ്ടില്ല.

അവൻ ചിരിക്കുക മാത്രം ചെയ്‌തു. അതു കണ്ടപ്പോൾ അജന്തയ്‌ക്ക് ശശാങ്കിന്‍റെ സ്‌നേഹത്തെക്കുറിച്ച് സംശയം തോന്നി. ഒരുപക്ഷേ, വെറും ആകർഷണം മാത്രമാവാം. ടൈംപാസ് ആയിട്ടേ ശശാങ്ക് ഇതിനെ കണ്ടിട്ടുണ്ടാവൂ.

പൂജയുടെ മേൽ അതിക്രമം കാട്ടിയവരെ കണ്ടെത്താനും, ആ പെൺകുട്ടിയ്‌ക്ക് നീതി ലഭ്യമാക്കാനും അജന്ത നടത്തിയ ശ്രമങ്ങൾക്ക് ശശാങ്കിന്‍റെ പൂർണ പിന്തുണ ലഭിച്ചു.

ഒരു ദിവസം കോളേജ് കാന്‍റീനിൽ വച്ച് ശശാങ്കിനെ കണ്ടപ്പോൾ അജന്തയ്‌ക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. “ശശാങ്ക് ഇപ്പോൾ നിനക്ക് എന്നെ വിവാഹം കഴിക്കണമെന്നു തോന്നുന്നില്ലേ? അതൊക്കെ മനസിൽ നിന്ന് മാറ്റിയോ?” അജന്ത വളരെ സീരിയസായിട്ടാണ് ചോദിച്ചത്. പക്ഷേ ശശാങ്ക് ഇതിനും പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

“മാം, നിങ്ങളുടെ വിവാഹം നടക്കുന്നതുവരെ എന്‍റെ മനസിൽ ആ ആഗ്രഹം ഉണ്ടായിരിക്കും.”

ശശാങ്ക് രണ്ട് ചായ ഓർഡർ ചെയ്‌തതിനുശേഷം അജന്തയുടെ നേരെ തിരിഞ്ഞു.

“ഓഹ്…. അപ്പോൾ നീ എന്നെ അത്രയും സ്‌നേഹിക്കുന്നു. അപ്പോൾ ഞാൻ പോയാൽ നീ എന്തു ചെയ്യും.”

“ജീവിച്ചല്ലേ പറ്റൂ… ” ശശാങ്ക് അപ്പോഴും നിയന്ത്രിതമായ സ്വരത്തിൽ പറഞ്ഞു.

“ആരും കൂടെ ഇല്ലാതെ?“

“ആരെങ്കിലും ഇല്ലാതെ പ്രയാസമാവും.“

“പക്ഷേ ആരുണ്ടാവും?”

“ഞാൻ പൂജയെ വിവാഹം കഴിക്കും.” ശശാങ്ക് ഗൗരവഭാവത്തിൽ പറഞ്ഞു. ആദ്യമായിട്ടാണ് ശശാങ്ക് ഇത്രയും ഗൗരവത്തിൽ സംസാരിക്കുന്നത്.

“അവൾക്ക് സംഭവിച്ചതൊക്കെ അറിഞ്ഞിട്ടും!” അജന്ത ശശാങ്കിന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

“അവൾ വെർജിൻ അല്ലാത്തതുകൊണ്ട് നിനക്ക് അവളെ അംഗീകരിക്കാൻ കഴിയുമോ?”

“അംഗീകരിക്കൽ? അഭിമാനമല്ലേ തോന്നേണ്ടത്. ഒരു കുറ്റകൃത്യത്തിനെതിരെ ശബ്‌ദമുയർത്താൻ ധൈര്യം കാണിച്ച പെൺകുട്ടിയല്ലേ അവൾ?”

ശശാങ്കിന്‍റെ ഈ മറുപടി അജന്ത ഒട്ടും പ്രതീക്ഷിച്ചതല്ല. അവളുടെ ശിരസ്സ് അവന്‍റെ വലിയ മനസിന് മുന്നിൽ നിശബ്‌ദം നമിച്ചുപോയി.

പ്രശാന്തുമായുള്ള വിവാഹ ദിനം അടുത്തു. അജന്തയ്‌ക്ക് അയാൾ ഒരു മൊബൈൽ ഫോൺ ഗിഫ്‌റ്റായി കൊടുത്തിരുന്നു. വിവാഹം ലക്‌നൗവിൽ വച്ചാണ് നടക്കാൻ പോകുന്നത്. അജന്തയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ലക്‌നൗവിൽ എത്തിക്കഴിഞ്ഞിരുന്നു.

വിവാഹ ദിനം തൊട്ടടുത്തു വന്നു കഴിഞ്ഞതോടെ അജന്തയുടെ ഹൃദയം അതികഠിനമായി ഉലഞ്ഞു തുടങ്ങി. ശശാങ്കിന് കല്യാണക്കുറി പോലും കൊടുത്തില്ലല്ലോ എന്ന ചിന്ത അവളെ അലട്ടി. താൻ അവനെ ക്ഷണിക്കാത്തത് തെറ്റായിപ്പോയി. അവൾ ഒരു കാർഡ് ബാഗിൽ വച്ച് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി ഒരു ടാക്‌സി വിളിച്ചു.

ഈ സമയം പ്രശാന്ത് അവളെ കാണാനായി റൂമിലേക്ക് ചെന്നു. അജന്തയെ അവിടെ കാണാതെ അയാൾ മറ്റു മുറികളിലും അന്വേഷിച്ചു. അജന്തയുടെ അച്‌ഛനും അമ്മയ്‌ക്കും പോലും അറിയില്ല. അജന്ത എവിടെപ്പോയെന്ന്! അയാൾ അവളെ ഫോണിൽ വിളിച്ചു.

“നീ എവിയെപ്പോയ്?” അയാൾ അധികാര സ്വരത്തിൽ ചോദിച്ചു.

“ഒരു സുഹൃത്തിന് കല്യാണക്കുറി നൽകാനാണ്.”

“ഓ… ഇനി അതിന്‍റെ ആവശ്യം എന്ത്? നീ മടങ്ങി വാ…”

“ഏയ്… ഞാൻ കൊടുത്തിട്ടു വരാം. അല്ലെങ്കിൽ അയാൾക്ക് വിഷമം ആവും.”

“വിഷമം ആയാൽ ആവട്ടെ! നീ മടങ്ങി വരാനാണ് ഞാൻ പറഞ്ഞത്.”

“കാർഡ് കൊടുത്തിട്ട് ഉടനെ വരാം.”

“നൊ! ഇപ്പോൾ എവിടെ എത്തിയോ അവിടെ നിന്ന് തന്നെ തിരിച്ചു പോന്നോളൂ.”

“ഞാൻ ഇപ്പോൾ അവിടെ എത്തും.” അജന്തയ്‌ക്ക് ദേഷ്യം വന്നുവെങ്കിലും അവൾ സംയമനത്തോടെ പറഞ്ഞു.

“എടീ, പിശാചേ, നിന്നോടല്ലേ മടങ്ങി വരാൻ പറഞ്ഞത്. കല്യാണം കഴിഞ്ഞാൽ പിന്നെ ഈ തന്നിഷ്‌ടം ഒന്നും നടക്കാൻ പോകുന്നില്ല.”

പ്രശാന്തിന്‍റെ ഈ ചീത്തവിളി കേട്ടതോടെ അവൾക്ക് കടുത്ത ദേഷ്യം തോന്നി. കാതിൽ ചൂടുള്ള എന്തോ പതിച്ച തോന്നൽ. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ അവളെ ഇങ്ങനെ ഭത്സിക്കുന്നത്. അതും നാളെ തന്‍റെ കഴുത്തിൽ താലിചാർത്താൻ പോകുന്നവൻ.

അജന്തയുടെ ഹൃദയം ദുഃഖഭാരത്താൽ ഞെരുങ്ങി. അവൾ കൂടുതലൊന്നും പറയാതെ ഫോൺ കട്ട് ചെയ്‌തു. പ്രശാന്ത് പിന്നെയും വിളിച്ചെങ്കിലും അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തുവച്ചു. ഇനി അയാളുമായി ഒരു വാക്ക് സംസാരിക്കുവാനോ കേൾക്കുവാനോ ഉള്ള മനസ്സ് അവൾക്കില്ലായിരുന്നു. പിടയ്‌ക്കുന്ന ഹൃദയത്തോടെയാണ് അവൾ ശശാങ്കിന്‍റെ മുറിയിലെത്തിയത്.

“ഹായ്….മാം, നാളെ മാഡത്തിന്‍റെ വിവാഹമല്ലേ!” അജന്തയെ അവിടെ കണ്ട് ശശാങ്ക് ശരിക്കും അമ്പരന്നു.

“നിങ്ങളില്ലാതെ എന്‍റെ കല്യാണം എങ്ങനെ നടക്കുമെന്നാണ്?” അജന്ത മുറിക്കുള്ളിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.

“ഇന്ന് മാഡം വലിയ മാറ്റത്തിലാണല്ലോ…” ശശാങ്ക് കുസൃതിച്ചിരിയോടെ പറഞ്ഞു.

“എന്തു മാറ്റമാണ്.”

“നീ എന്നതിനു പകരം നിങ്ങൾ!”

“എന്നേക്കാൾ പ്രായം കുറഞ്ഞ ആളാണെങ്കിലും, ഞാൻ ബഹുമാനിക്കണമല്ലോ. എനിക്ക് അങ്ങനെ തോന്നി.”

“പക്ഷേ അതുകൊണ്ട് കാര്യമില്ല. എന്‍റെ കൂടെ ഉണ്ടാവണം. എന്നാലെ ഞാനത് അംഗീകരിക്കൂ.”

ശശാങ്ക് തന്‍റെ പതിവു ശൈലിയിൽ പറയാൻ തുടങ്ങി. ശശാങ്കിന്‍റെ സംഭാഷണം കേട്ട് അജന്ത കുറച്ചു സമയം നിശബ്‌ദയായി. പിന്നെ അയാളുടെ അടുത്തേക്ക് ചേർന്നു അവൾ ചോദിച്ചു.

“എനിക്ക് എന്‍റെ ശശാങ്കിനൊപ്പം താമസിക്കാൻ കഴിയുമോ?” അജന്തയുടെ വാക്കുകൾ കേട്ട് അവിശ്വസനീയതയോടെ അയാൾ അവളെ നോക്കി.

“എന്താണ് മാം പറയുന്നത്!”

“അതേ, അതുതന്നെ. ഞാൻ എല്ലാം ഉപേക്ഷിച്ചു, നിന്‍റെ അടുത്ത് എത്തിയിരിക്കുന്നു. പരിശ്രമം വിജയം കണ്ടിരിക്കുന്നു. എന്‍റെ സ്‌നേഹത്തിൽ നിന്നെ കീഴ്‌പ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.”

“ഞാൻ എപ്പോഴെ കീഴടങ്ങിയതാണ്” ശശാങ്ക് അവളുടെ തോളിൽ കൈവച്ച് ശരീരത്തിലേക്ക് ചേർത്തു നിർത്തി.

“മാം അല്ല അജന്ത എന്നു വിളിക്കൂ.”

അവൾ ശശാങ്കിന്‍റെ ദേഹത്തോട് ചേർന്നുനിന്ന് മൃദുവായി പറഞ്ഞു.

“അജന്ത…” അയാൾ ദീർഘനിശ്വാസത്തോടെ അജന്തയെ ആലിംഗനം ചെയ്‌തു. മധുരമായ സ്വരത്തിൽ അവൾ അയാളുടെ കാതിൽ മന്ത്രിച്ചു.

ലവ് യു ശശാങ്ക്!

(അവസാനിച്ചു)

സ്വന്തം മനസ്സിനെ സ്നേഹിക്കാം

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള വ്യഗ്രതയോടെ ഓരോ പ്രണയ ദിനങ്ങൾ കടന്നു പോകുമ്പോൾ എത്രപേർ ഈ കാര്യം ഓർമ്മിച്ചിട്ടുണ്ടാകും? ജോലിയെ, പങ്കാളിയെ സ്നേഹിക്കും പോലെ സ്വന്തം മനസ്സിനെയും സ്നേഹിക്കാൻ!

ഇന്ത്യയിൽ ഏകദേശം 70 ദശലക്ഷം പേർ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ഇങ്ങനെ തുടർന്നാൽ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യൻ ജനതയുടെ 20 ശതമാനം പേർക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ജോലിത്തിരക്കും ബന്ധങ്ങളിലെ വിള്ളലുകളുമൊക്കെ സൃഷ്‌ടിക്കുന്ന സമ്മർദ്ദം മൂലം ഡിപ്രഷൻ അനുഭവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഞാൻ മൂഡ് ഔട്ടാണ്, മെന്‍റലി ടയേഡ് എന്നൊക്കെ പറയുന്നതിലപ്പുറം പാവം മനസ്സിനെയും തലച്ചോറിനെയും പരിഗണിക്കാൻ പലരും തയ്യാറാകില്ല എന്നതാണ് സത്യം.

മാരകരോഗത്തെക്കാൾ ഇതിനെ ഭയപ്പെടുകയും മറച്ചു പിടിക്കുകയും ചെയ്യുന്നു. ശാരീരികാരോഗ്യത്തിനും ഫിറ്റ്നസിനും നൽകുന്ന പ്രാധാന്യം മാനസികാരോഗ്യത്തിനും നൽകാറില്ല.

പ്രശസ്ത ബോളിവുഡ് താരം ദീപികാ പദുകോൺ തനിക്ക് വിഷാദ രോഗമുണ്ടെന്ന് തുറന്നു പറയുകയുണ്ടായി. നമുക്കിടയിൽ നാലിലൊരാൾ പല കാരണങ്ങൾ കൊണ്ട് ഡിപ്രസ്ഡ് ആയിരിക്കുന്ന സാഹചര്യത്തിൽ മാനസികാരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലിവ് ലവ് ലാഫ് ഫൗണ്ടേഷൻ എന്ന പ്രസ്‌ഥാനത്തിന് ലോക മാനസികാരോഗ്യ ദിനത്തിൽ ദീപിക തുടക്കമിടുകയും ചെയ്‌തു.

ഒരു പക്ഷേ ഇതു വായിച്ചു കഴിയുമ്പോൾ നിങ്ങൾക്കും തോന്നിയേക്കാം, ഈ ലക്ഷണങ്ങളിൽ ചിലതൊക്കെ തനിക്കും ഉണ്ടെന്ന്! അത്തരം ചില മാനസിക പ്രശ്നങ്ങളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അവ പൊതുവേ സമൂഹത്തിൽ പലരിലും കണ്ടുവരുന്നു പക്ഷേ അതിന്‍റെ തീവ്രത ഏറിയും കുറഞ്ഞും പ്രകടമാകുന്നു എന്നു മാത്രം.

“ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് ബാധിക്കുന്ന പൊതു മാനസിക പ്രശ്നമാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ. ഇതിനെക്കുറിച്ച് പലരും ബോധവാന്മാരാണ്. എന്നാൽ മറ്റു ചില മാനസിക പ്രശ്നങ്ങളെ ഒരു വ്യക്‌തിയുടെ സ്വഭാവമായി വിലയിരുത്തി, അവഗണിക്കപ്പെടാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ബോർഡർ ലൈൻ ഡിസോർഡർ.” എറണാകുളം ജനറൽ ആശുപത്രിയിലെ സൈക്കാട്രിസ്റ്റ് ഡോ. അജീഷ് രാമചന്ദ്രൻ പറയുന്നു.

ഈ രോഗം കൂടുതൽ പ്രകടമാകുകയോ ഉണ്ടെന്ന് തിരിച്ചറിയുകയോ ചെയ്യുന്നത് ആഴമുള്ള ബന്ധങ്ങളിൽ പ്രശ്നങ്ങൾ വരുമ്പോഴായിരിക്കും. എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് ദേഷ്യപ്പെടുന്നവരേയും ഒരു പ്രണയ ബന്ധം തകരുമ്പോൾ  ആശ്വാസം തേടി മറ്റൊന്നിലേക്ക് ചെന്നു വീഴുന്നവരേയുമൊക്കെ യഥേഷ്ടം നമുക്കു ചുറ്റിലും കാണാൻ കഴിയും. കുറച്ചു നേരം മുമ്പ് വളരെ സന്തോഷത്തോടെ സംസാരിച്ച ആൾ, അവർ പോലുമറിയാതെ സങ്കടത്തിലും നിരാശയിലും ദേഷ്യത്തിലും പെട്ടുപോകുന്നു. ഇവർ പലപ്പോഴും സ്വന്തം മാനസിക വ്യാപാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ, അപ്പോൾ തോന്നുന്ന പോലെ പ്രതികരിക്കുകയും ചെയ്യും. ഇതിന്‍റെ പേരിൽ അവർ ശത്രുക്കളെ പോലും ഉണ്ടാക്കിയെടുക്കും. കുടുംബ ജീവിതം സെട്രസ്ഫുൾ ആക്കും. സ്നേഹബന്ധങ്ങളിൽ ഉലച്ചിൽ ഉണ്ടാകും. ഇങ്ങനെയൊക്കെ പെരുമാറുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്.

“ഇതിനെ അവരുടെ സ്വഭാവമായിട്ടാണ് വിലയിരുത്തുക. രോഗമായി കാണുകയില്ല. സാഹചര്യം കൊണ്ട് സംഭവിക്കുന്നത് എന്ന മട്ടിൽ അവഗണിച്ച് പിന്നീട് വലിയ പ്രശ്നമായി ജീവിതത്തെ ബാധിച്ച നിരവധി വ്യക്‌തികൾ എന്‍റെ മുന്നിൽ എത്തിയിട്ടുണ്ട്” ഡോക്ടർ പറയുന്നു.

“അയൽവക്കത്തെ വീട്ടിലെ പതിനഞ്ചുകാരിയെ സ്നേഹിച്ച യുവാവ്. ഇഷ്ടമാണെന്ന പറഞ്ഞപ്പോൾ ആ പെൺകുട്ടിയും തലയാട്ടി. അതുകണ്ട് സ്വപ്ന ലോകത്ത് അയാൾ ജീവിച്ചു. പിന്നീടുള്ള വർഷങ്ങൾ അവളെ ചുറ്റിപ്പറ്റി ആയിരുന്നു അയാളുടെ ജീവിതം. 20-ാം വയസ്സിൽ പെൺകുട്ടി കല്യാണം കഴിച്ചു. വേറൊരാളെ! യഥാർത്ഥത്തിൽ അവൾ അറിഞ്ഞതേയില്ല, ഇങ്ങനെ ഒരാൾ തന്നെ കാത്തിരിക്കുന്നുണ്ട് എന്ന്. ആ സങ്കടം അയാൾ സ്വയം ഉള്ളിലേക്ക് വലിച്ചു. കല്യാണം കഴിക്കേണ്ട എന്നായിരുന്നു അയാളുടെ തീരുമാനം. ഈ കഥ ഇവിടെ കൊണ്ട് അവസാനിക്കേണ്ടതായിരുന്നു. കല്യാണം കഴിച്ചു പോയ പെൺകുട്ടി ദുബായിൽ സെറ്റിൽ ചെയ്‌തു. അവർ നാട്ടിൽ വരുന്ന വേളയിൽ ഇദ്ദേഹം ജോലിക്ക് പോകാതെ അവധിയെടുത്ത് വീട്ടിലിരിക്കും. പുറത്തിറങ്ങില്ല അവർ തിരിച്ചു പോയിക്കഴിഞ്ഞേ പുറത്തിറങ്ങൂ. ഇപ്പോൾ ഈ വ്യക്‌തിക്ക് 52 വയസ്സുണ്ട്. വർഷങ്ങൾക്കിപ്പുറം ആ സ്ത്രീ തന്‍റെ മകളുടെ വിവാഹം ക്ഷണിക്കാൻ ഇയാളുടെ വീട്ടിലെത്തി. അവരെ അഭിമുഖീകരിക്കാൻ അയാൾ വളരെയധികം പ്രയാസപ്പെട്ടിട്ടുണ്ടാവണം. കല്യാണം കഴിയാതെ തനി മൊശടനായി കഴിയുന്ന ഈ കക്ഷിയുടെ മാനസ്സികാരോഗ്യം വീട്ടുകാരോ നാട്ടുകാരോ ആ പെൺകുട്ടിയോ ഇത്രയും വർഷം അറിഞ്ഞതേയില്ല! തന്‍റെ നിത്യ പ്രണയിനിയുടെ മകളുടെ വിവാഹമാണെന്നറിഞ്ഞപ്പോൾ അയാൾ അതിൽ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു. സ്വന്തം മകളുടെ വിവാഹമാണെന്ന് അയാൾ ചിന്തിച്ചു. എന്നാൽ അവിടെയും വിധി അയാളെ വെറുതെ വിട്ടില്ല. വിവാഹം ഉറപ്പിച്ച ആ പെൺകുട്ടി ഏതോ രോഗം വന്നു പെട്ടെന്ന് മരണമടഞ്ഞു. അതോടെ അയാൾ കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമയായി. ഈ അവസ്‌ഥയിലാണ് അയാൾ മാനസിക രോഗ വിദഗ്ദ്ധന്‍റെ സഹായം തേടിയത്. 25 വർഷത്തോളം അയാൾ തന്‍റെ വേദന നിശ്ശബ്ദമായി സഹിച്ചു ഉണ്ടാക്കി വച്ച മാനസിക അസ്വാസ്ഥ്യം!

ഏതു വ്യക്‌തിക്കാണെങ്കിലും വൈകാരികമായി മനസ്സു കൊണ്ട് ബന്ധിക്കപ്പെടാൻ ഒരാളുമായിട്ടേ പറ്റൂ. ആ സ്നേഹത്തിനായുള്ള ക്രേവിംഗ്, അതാണ് പലപ്പോഴും ഇത്തരം ആളുകളെ വഴക്കാളികളാക്കി മാറ്റുന്നത്. പ്രത്യേക തരം മാനസികാവസ്‌ഥയിലെത്തിക്കുന്നത്. അതു നഷ്‌ടപ്പെടാലോ കുറഞ്ഞാലോ അതിഭയാനകമായ ശൂന്യത തോന്നിയേക്കാം. തന്നെ ആരും സ്നേഹിക്കുന്നില്ല എന്ന ചിന്ത കുടുംബത്തിലെ വഴക്കുകൾ ഉലഞ്ഞ ബന്ധങ്ങൾ ഇതൊക്കെ വൈകാരികമായ അസ്‌ഥിരത ഉണ്ടാക്കാം.

ബോർഡർലൈൻ പേഴ്സണാലിറ്റി ഉള്ളവർ പേരു സൂചിപ്പിക്കും പോലെ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് അവരുടെ മനസ്. എപ്പോൾ വേണമെങ്കിലും താഴെ വീഴാം, വീഴാതിരിക്കാം. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ കൂടുതൽ പ്രകടിപ്പിക്കുന്ന രോഗികളിൽ 75 ശതമാനവും സ്ത്രീകൾ ആണ്.

“35 വയസ്സുള്ള ഒരു സ്ത്രീ എന്നെ കാണാൻ വന്നു. അവർ വീട്ടിൽ എപ്പോഴും വഴക്കുണ്ടാക്കും, എപ്പോഴും കുഞ്ഞിന് ഉപദ്രവം ആണ്. അതു കഴിഞ്ഞാൽ പിന്നെ സ്നേഹമാണ്. ഈ സ്വഭാവം സഹിക്കാൻ പറ്റുന്നില്ലെങ്കിലും ബന്ധം ഒഴിയാതെ പിടിച്ചു നിൽക്കുന്നുവെന്നാണ് ഭർത്താവ് പറഞ്ഞത്. രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സ സ്വീകരിച്ചതോടെ ആ സ്ത്രീക്ക് നോർമൽ ലൈഫ് തിരിച്ചു കിട്ടി. നഷ്‌ടപ്പെട്ടുപോയ ബന്ധങ്ങൾ മടങ്ങി വന്നു.

മറ്റൊരു കേസ് ഇങ്ങനെ, ആ യുവാവിന്‍റെ 21-ാം വയസ്സിൽ തുടങ്ങിയ പ്രണയമാണ്. ഇപ്പോൾ 9 വർഷമായി. പെൺകുട്ടിയെ ദിവസവും രാത്രി 7.30 ന് വിളിക്കും. പെൺകുട്ടിയുടെ അച്ഛൻ പുറത്തു പോകുന്ന സമയം നോക്കിയാണ് അവർ സംസാരിക്കുന്നത്. ഒരു ദിവസം ഫോൺ കിട്ടിയില്ലെങ്കിൽ, ഫോൺ എൻഗേജ്ഡ് ആയാൽ, വേഗം കട്ട് ചെയ്‌താൽ ഒക്കെ ആ യുവാവ് അസ്വസ്ഥനാകും. എന്നിട്ട് രാത്രി മുഴുവൻ ഉറങ്ങാതെ എഴുന്നേറ്റു നടക്കും. ഇങ്ങനെ ഉറക്കം നഷ്‌ടപ്പെട്ടപ്പോൾ  ആണ് അയാൾ മയക്കു മരുന്നിലേക്ക് മെല്ലെ കടന്നത്. ഒന്നിലുള്ള അഡിക്ഷനെ മറികടക്കാൻ മറ്റൊരു അഡിക്ഷനിലേക്ക് വഴിമാറുകയാണ് ഇയാൾ ചെയ്‌തത്.

ഇത്തരം മാനസിക പ്രശ്നമുള്ളവർ മറ്റൊരാൾ എന്നെ നോക്കിയില്ല, സ്നേഹമില്ല എന്നൊക്കെ തന്നെ ആലോചിച്ചു കൊണ്ടിരിക്കും. ഈ ചിന്താരീതിയാണ് പ്രശ്നമാകുന്നത്. ചിന്തയുടെ വഴി മാറുമ്പോൾ കുറെ പ്രശ്നം ഒഴിവാകും. സ്വയം സ്നേഹിക്കുക, മറ്റുള്ളവരെയും സ്നേഹിക്കുക. ആരോഗ്യമുള്ള മനസ്സ് നിങ്ങൾക്കും ലഭിക്കട്ടെ…

love ur mind

ഒരു വ്യക്‌തിയുടെ ജീവിതത്തെ വളരെയധികം സങ്കീർണ്ണമാക്കിയേക്കാവുന്ന ഒരു മാനസികാവസ്‌ഥയാണ് ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ. സ്വന്തം മാനസികാ വ്യാപാരങ്ങളെയും ദേഷ്യത്തെയും അതിനെ തുടർന്നുള്ള വികാര പ്രകടനങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവ് നഷ്‌ടപ്പെടുന്നതോ, കുറയുന്നതോ ആണ് ഇത്തരം അവസ്‌ഥ. ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളോട് അതെത്ര ചെറിയ പ്രശ്നമായാൽ പോലും ഇവർ അമിതമായി പ്രതികരിച്ചു പോകും. പാരമ്പര്യമായും ജീവിതസാഹചര്യങ്ങൾ കൊണ്ടും ഒരാൾക്ക് ബിപിഡി ഉണ്ടാകാം. കൗമാരപ്രായത്തിൽ തന്നെ ഇത്തരം അവസ്ഥകൾ ആരംഭിക്കാം. വൈകാരിക പിന്തുണ ലഭിക്കാതെ വളർന്ന കുട്ടികൾ വലുതാവുമ്പോൾ ബിപിഡി ഉണ്ടാകാം.

തലച്ചോറിൽ ഉൽപാദിപ്പിക്കുന്ന ഫീൽഗുഡ് രാസവസ്‌തുവായ സെറോട്ടോണിൻ സാധാരണ രീതിയിൽ ഉൽപാദിപ്പിക്കപ്പെടാതെ വന്നാലും മാനസികാസ്വാസ്ഥ്യം ഉണ്ടാകാം. ബിപിഡി ഉള്ള രോഗികൾക്ക് അവരെ എല്ലാവരും തെറ്റിദ്ധരിക്കുന്നതായി തോന്നാം. സ്വയം റിലാക്സ് ചെയ്യാൻ അവർക്കു കഴിയില്ല. അതിനു മറ്റൊരാളുടെ സഹായം വേണ്ടി വന്നേക്കാം.

എന്നാൽ ഇവരുടെ മൂഡ് വ്യതിയാനങ്ങൾ കുറച്ചു നേരത്തേക്കെ കാണൂ. ഇവരിൽ ഉറക്കക്കുറവോ മറ്റോ പോലുള്ള ലക്ഷണങ്ങളും ഉണ്ടാകില്ല. അതേസമയം ബോർഡർലൈൻ പേഴ്സണാലിറ്റി ഉള്ള പല രോഗികളുടെയും അനുഭവം വളരെ തീവ്രവും ആവർത്തിക്കുന്നതും ആണ്. അതു കൊണ്ടാവാം പല വിദേശ സിനിമകളിലും ഈ അവസ്‌ഥ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ബെറ്റിബ്ലൂ, ബ്ലാക്ക് സ്വാൻ, ടൂ ബ്യൂട്ടിഫുൾ ടു ഡൈ ടൂ വൈൽഡ് ടൂ ലീവ്, വാട്ട് ലൈസ് ബിനീത്, ബോഡി ഹീറ്റ്, ഓർഡിനറി പിപ്പീൾ, സിംഗിൾ വൈറ്റ് ഫീമെയിൽ, സ്ലീപ്പിംഗ് വിത് ദി എനിമി തുടങ്ങി ധാരാളം സിനിമകൾ ഇറങ്ങിയിട്ടുണ്ട്.

തീവ്രമായ ബന്ധങ്ങളുടെ പേരിലുണ്ടാകുന്ന സങ്കടങ്ങളോ നഷ്‌ടപ്പെടുമ്പോഴുണ്ടാകുന്ന ശൂന്യതയും മറ്റും ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസമാണ്. എന്നാൽ ആത്മഹത്യാ പ്രവണത, സ്വയം വേദനിപ്പിക്കൽ, മയക്കുമരുന്ന് ഉപയോഗം, തെറ്റായ ഭക്ഷണശീലങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ ചികിത്സയിലൂടെ മാറ്റിയെടുക്കാൻ പറ്റും. ദേഷ്യം നിയന്ത്രിക്കുന്നതിന് വഴി കണ്ടെത്തുകയാണ് ഇവർക്കുള്ള ഏറ്റവും പ്രധാന പരിഹാരം. ദേഷ്യം പിടി മുറുക്കുമെന്ന് തോന്നിയാൽ വെള്ളം കുടിക്കുകയോ പുറത്തേക്ക് നടക്കുകയോ ചെയ്യുക.

കൗൺസിലിംഗിനൊപ്പം പതിവായി വ്യായാമം, നല്ല ഉറക്കം, പോഷകാഹാരം, മരുന്ന്, സ്വയം പരിപാലിക്കാനുള്ള മനസ്സ്. ഇതാണ് സ്വന്തം മാനസികാരോഗ്യം സംരക്ഷിക്കാൻ ഒരാൾ ചെയ്യേണ്ടത്.

– ഡോ. അജീഷ് രാമചന്ദ്രൻ

സൈക്യാട്രിസ്റ്റ്, എറണാകുളം ജനറൽ ആശുപത്രി.

ചെറിയ വീഥി, വലിയ യാത്ര

കേവലം രണ്ടുമിനിറ്റ് ഊഴം കാത്ത് സിഗ്നലിൽ കിടക്കുമ്പോഴും ഹോൺ അടിച്ച് അക്ഷമ കാട്ടുന്നവർ. ഹോൺ വിളി ഇങ്ങനെ തുടർന്നാൽ റെഡ് സിഗ്നൽ പച്ചയാവും എന്ന മട്ടിലാണ് ഹോണടി. പക്ഷേ ഹോണടിക്കുന്ന മുറയ്ക്ക് ചുവപ്പ് സിഗ്നൽ വീണ്ടും ചുവപ്പായാലോ?

കുറച്ചുനാൾ മുമ്പ് മുംബൈ പോലീസിന്‍റെ ഒരു വീഡിയോ പുറത്തിറങ്ങി. ഡെസിമൽ മീറ്റർ സിഗ്നലിനോട് കണക്ട് ചെയ്താണ് ഈ പണിഷിംഗ് സിഗ്നൽ ഉണ്ടാക്കിയത്. റെഡ് സിഗ്നലിൽ കൂടുതൽ കാത്തുനിൽക്കാൻ ക്ഷമയുണ്ടെങ്കിൽ ഹോണടിച്ചോളൂ എന്നാണ് മുംബൈ പോലീസിന്‍റെ നിലപാട്. കൂടുതൽ ഹോണടിക്കൂ… കൂടുതൽ കാത്ത് നിൽക്കൂ…!

ഈ വീഡിയോ ട്രാഫിക് ബോധവൽക്കരണത്തിനായി ഉണ്ടാക്കിയതാകാം. എങ്കിലും പൊതുനിരത്തുകളിലെ നമ്മുടെ ശീലങ്ങളും സംസ്ക്കാരങ്ങളും എങ്ങനെയൊക്കെയാണെന്ന് ചിന്തിക്കാൻ ഈ വീഡിയോ പ്രേരിപ്പിക്കുന്നുണ്ട്. കേരളത്തിലെ നിരത്തുകളിലായി 69 ലക്ഷത്തോളം പുരുഷന്മാരും 16 ലക്ഷത്തോളം സ്ത്രീകളും വാഹനമോടിക്കുന്നുണ്ട് എന്നാണ് കണക്ക്. എന്തായാലും നിരത്തുകളിൽ അപകടങ്ങളും റാഷ് ഡ്രൈവിംഗും സെൻസില്ലാത്ത റോഡ് ക്രോസിംഗും ചീത്തവിളികളും വാഹനങ്ങൾ വർദ്ധിക്കുന്നതോടെ കൂടി വരുന്നതല്ലാതെ കുറയുന്നില്ല.

എന്താണ് മലയാളികളുടെ റോഡ് സെൻസ്! അതേക്കുറിച്ച്, പലർക്കും പറയാൻ നിരവധി കാര്യങ്ങളുണ്ട്.

രാവിലെ ജോലിക്കു പോകുമ്പോഴും വൈകിട്ട് മടങ്ങുമ്പോഴും ബസിന്‍റെ മുൻ സീറ്റിലിരിക്കുമ്പോൾ ആകെ ടെൻഷനാണ് രഞ്‌ജിനിയ്ക്ക്. റാഷ് ഡ്രൈവിംഗിനൊപ്പം, ബസിലെ തിരക്ക്, നിരത്തുകളിലൂടെ എതിരെയും അരികിലുടെയും പോകുന്ന വാഹനങ്ങളുടെ അശ്രദ്ധ. അയ്യോ! എന്ന് പലവട്ടം കരഞ്ഞുപോകുന്നത്ര ഭയാനകമാണ് നിരത്തിലെ കാഴ്ചകൾ. ഇതൊന്നും ശ്രദ്ധിക്കാതെ കണ്ണടച്ച് ഉറങ്ങുന്നവരെ നോക്കി… എത്ര ഭാഗ്യവാന്മാർ എന്നു ദിവസവും അസൂയപ്പെടുക മാത്രമേ തരമുള്ളൂ…

“യാത്രകൾ അത് ഏത് മാർഗമായാലും വളരെ ഇഷ്ടമായിരുന്നു എനിക്ക്. പക്ഷേ കൊച്ചിനഗരത്തിലെ ബസിലെ തുടർച്ചയായ യാത്ര എന്നെ ഇപ്പോൾ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഓവർടേക്കിംഗും ഓവർ സ്പീഡും ഡ്രൈവർമാർ തമ്മിലുള്ള മത്സരയോട്ടവും ഹോണടിയും എല്ലാം കൂടി യുദ്ധസമാനമായ അന്തരീക്ഷമാണ്. അങ്ങനെ യാത്ര ചെയ്യുമ്പോൾ വല്ലാത്തൊരു ടെൻഷനാണ്. ബസ്സിറങ്ങി നടക്കുമ്പോൾ ഹാ… സ്വർഗം എന്നു തോന്നിപ്പോകുന്നതിൽ മാത്രമാണ് ബസുകാരുടെ മത്സരയോട്ടത്തിന്‍റെ നല്ല ഇംപാക്ട്!

ഏതു നിരത്തിലും ഡ്രൈവിംഗ് ഏറെ ആസ്വദിക്കുന്നയാളാണ് ചേറ്റുവ സ്വദേശി വിനേഷ്. രാത്രി ഡ്രൈവിംഗ് പണ്ട് ആസ്വദിച്ചതുപോലെ ഇപ്പോൾ ആസ്വദിക്കാൻ കഴിയുന്നില്ല എന്ന വലിയ പരിഭവമുണ്ട് വിനേഷിന്. വലിയ സങ്കേതിക സൗകര്യങ്ങൾ ഉള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ എന്തെല്ലാം തരം ലൈറ്റിംഗ് മോഡിഫിക്കേഷനാണ് വന്നിരിക്കുന്നത്. സാദാ വാഹനം ഓടിക്കുന്നവർക്ക് കണ്ണുകാണാൻ പറ്റാത്തരീതിയിൽ ക്യാമറ ഫ്ളാഷ് പോലെയാണ് വമ്പന്മാർ ലൈറ്റ് ഇട്ടുപറപ്പിക്കുന്നത്. റോഡ് നിന്‍റെ സ്വകാര്യസ്വത്താണോ എന്ന് വ്യംഗേന ചോദിക്കുന്ന പരസ്യം ഓർമ്മ വരുന്നില്ലേ. അംബേദ്കർ റോഡിൽ റോംഗായി വണ്ടി പാർക്ക് ചെയ്ത ആളോട് അംബേദ്കർ നിങ്ങളുടെ അച്ഛനായിരിക്കുമല്ലേ എന്ന് പുഞ്ചിരിയോടെ ചോദിക്കുന്ന പോലീസ് ഓഫീസർ. അതുപോലൊരു ചീത്തവിളി ആത്മഗതമാക്കി ദേഷ്യം അടക്കുകയാണ് പലരും.

ഇതുപോലുള്ള വാചകങ്ങൾ ചില വാഹനങ്ങളുടെ പുറത്തും എഴുതിവച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. “ഇറ്റ്സ് മൈ ഡാഡ്സ് റോഡ്, എന്നെ മുട്ടാൻ നിൽക്കണ്ട, പണി കിട്ടും, ഉമ്മ വയ്ക്കല്ലേ പ്ലീസ്!” ഇങ്ങനെ രസകരമായ പല വാചകങ്ങളും വാഹനങ്ങളിൽ കാണാം. ഇതൊക്കെ മലയാളിയുടെ വാഹനകൾച്ചറിന്‍റെ ഭാഗം തന്നെയാണ്. മോശം റോഡുകളും റാഷ് ഡ്രൈവിംഗും ഗതാഗതചട്ട ലംഘനങ്ങളും നിമിത്തം കേരളത്തിൽ റോഡപകടമരണ നിരക്ക് ഉയർന്നു നിൽക്കുന്നു. കൊച്ചിയും തിരുവനന്തപുരവുമാണ് റോഡപകടങ്ങളിൽ മുന്നിൽ. കൊച്ചുകേരളത്തിൽ ഇനിയും വലിയ തോതിലുള്ള റോഡ് വികസന സാദ്ധ്യത കുറവാണ്. വാഹനങ്ങൾ പെരുകുകയും ചെയ്യുന്നു.

road sense

“ഇന്ത്യയിൽ റോഡപകട മരണങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ ജനസംഖ്യയിൽ മൂന്ന് ശതമാനം മാത്രമാണ് കേരളം. പക്ഷേ റോഡപകട മരണ നിരക്ക് 10 ശതമാനം! അപകടങ്ങളിൽ മരണപ്പെടുന്നവർ 84 ശതമാനം പേരും പുരുഷന്മാരുമാണ്. നമ്മുടെ നാട് പൊതുവേ പറഞ്ഞാൽ ട്രാഫിക് കൾച്ചറിൽ വളരെ പിന്നിലാണെന്ന് പറയാതെ വയ്യ.” എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നജീബ് കെ.എം പറയുന്നു.

2019 ലെ കണക്കനുസരിച്ച് 4303 പേരാണ് റോഡപകടത്തിലൂടെ കഴിഞ്ഞ വർഷം മരണപ്പെട്ടത്. മുൻ വർഷത്തിൽ നിന്ന് ഈ സംഖ്യ കൂടുതലാണ്. റോഡുകളുടെ ശോചനീയാവസ്ഥയാണ് പ്രധാന കാരണമായി പറയുന്നതെങ്കിലും റോഡിൽ വണ്ടിയുമായി പോകുന്നവരാണ് സ്വന്തം ജീവിതം സൂക്ഷിക്കേണ്ടത്.

2010 മുതൽ 2020 വരെ റോഡ് സേഫ്റ്റി ആക്ഷൻ പ്ലാൻ ഡെക്കേഡ് ആയിരുന്നു. ഇതിന്‍റെ ഭാഗമായി നിരവധി ബോധവൽക്കരണ പരിപാടികളും നടത്തുകയുണ്ടായി. സ്ക്കൂളുകളിൽ റോഡ് സേഫ്റ്റി സിലബസിന്‍റെ ഭാഗമാക്കമെന്നാണ് നജീബ് ചൂണ്ടിക്കാട്ടുന്നത്.

“നിയമം എന്നു പറയുന്നത് ആർക്കും അത്ര സുഖിക്കുകയില്ല. കാരണം നിയമം പറയുന്നത്, അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നാണ്. നമ്മൾ കുട്ടികളോട് അരുത് എന്നു പറയുമ്പോൾ അവരുടെ പ്രതികരണം കണ്ടിട്ടില്ലേ! അതുതന്നെയാണ് ഞങ്ങളും അഭിമുഖീകരിക്കുന്നത്.”

സിലബസിന്‍റെ ഭാഗമായിട്ട് റോഡ് സേഫ്‌റ്റി വന്നാൽ മാത്രമാണ് കുട്ടികളിൽ റോഡ് സുരക്ഷ ഒരു ശീലമായി വളർത്തിയെടുക്കാൻ കഴിയുക.

ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുതന്നെ ആവർത്തിക്കുമ്പോൾ മോശം ശീലം സംഭവിക്കുന്നതു പോലെയാണ്, നിരത്തിലെ ജനങ്ങളുടെ നിലപാടുകളും. ഒരു കോടി മുപ്പതു ലക്ഷത്തിലേറെ വാഹനങ്ങൾ നിരത്തിലുണ്ട്. ഇനിയൊരു പത്തുവർഷം കഴിയുമ്പോൾ എന്താവും സ്‌ഥിതിയെന്ന് പറയാൻ കഴിയില്ല.

വാഹന അപകടങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ശരാശരി പ്രായം 15നും 40നും ഇടയിലാണ്. ഇതിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. മരിക്കാതെ, ചലനശേഷി നഷ്‌ടപ്പെട്ടും മറ്റും കഴിഞ്ഞു കൂടൂന്നവർ നിരവധി. ഇങ്ങനെ വരുമ്പോൾ കുടുംബങ്ങളിലാണ് ഇതിന്‍റെ പ്രത്യാഘാതം.

പത്തുവർഷമായി നിരവധി കാംപയിനുകൾ ഇവിടെ നടക്കുന്നുണ്ടെങ്കിലും. എന്നിട്ടും കെയർലസ് ഡ്രൈവിംഗിന് കുറവില്ല.

വാഹനങ്ങളുടെ ചേയ്സിംഗ് മെന്‍റാലിറ്റി കേരളത്തിൽ വളരെ കൂടുതലാണ്. ഒരു വാഹനം ബാക്കിൽ നിന്നു വേഗത്തിൽ വരുന്ന കണ്ടാൽ സ്പീഡ് കൂട്ടും, കടത്തി വിടാതിരിക്കാനാണ്. കേരളത്തിലെ ഡ്രൈവർമാരുടെ മനോഭാവമാണത്. എനിക്കാദ്യം പോകണമെന്ന ചിന്തയാണ് എല്ലാവർക്കും. ഹയർക്ലാസ് വെഹിക്കിൾ ഓടിക്കുന്നവരേക്കാൾ മിഡിൽ ക്ലാസിനിടയിലാണ് ഇത്തരം ശീലങ്ങൾ.

ലെഫ്റ്റ് സൈഡ് ഓവർടേക്കിംഗ് എറണാകുളത്ത് ഏറ്റവും കൂടുതലാണ് തിരുവനന്തപുരം അത്രയും ഇല്ല. അവിടെ കുറച്ചുകൂടി സ്ലോ ആണ്. ഇടതുവശത്തുകൂടി കയറുകയുള്ളൂ എന്നത് പലർക്കും ഒരു അവകാശം പോലെയാണ്. എന്നിട്ട് മറ്റേയാളെ നോക്കി ചീത്ത വിളിക്കുകയും ചെയ്യും. ഇതൊക്കെയാണ് നഗരത്തിൽ കുറച്ചുനേരം വീക്ഷിച്ചാൽ കാണുന്ന കാര്യങ്ങൾ.

“അങ്ങോട്ടും ഇങ്ങോട്ടും വാഹനം ഓടിച്ചു പോകുന്നവർ, പക്ഷേ അവർക്ക് പരസ്പരം റെസ്പെക്ട് ഇല്ല. ഞാനാണ് വലുത് എന്ന ഭാവം. ഒരു പെഡസ്ട്രിയൻ ക്രോസിംഗിന് നിൽക്കുമ്പോൾ അയാളെ കടത്തിവിടാം. ഒരു ഹായ് പറയാം. താങ്ക്സ് പറയാം. മനുഷ്യനെ റെസ്പെക്ട് ചെയ്യാൻ പഠിച്ചാൽ ഇതൊക്കെ താനെ വരും. ”ബിസിനസ്സുകാരനായ സജു ജോർജ് പറയുന്നു. വിദേശത്തും നാട്ടിലും വാഹനമോടിച്ച് ശീലമുള്ള വ്യക്‌തിയാണ് സജു.

“പെഡസ്ട്രിയൻസിനെ കൺസിഡർ ചെയ്യുന്ന പരിപാടി നമുക്ക് ഇല്ല. വിദേശത്ത് ഡ്രൈവ് ചെയ്യുന്ന സമയത്ത്, പെഡസ്ട്രിയനെ ഇടിച്ചാൽ പണി കിട്ടും. അതിനാൽ എത്ര വലിയവനായാലും കാൽനട യാത്രക്കാരനെ റോഡിൽ കണ്ടാൽ വണ്ടി നിർത്തി കടത്തി വിടും. പെഡസ്ട്രിയനും നിയമം പാലിക്കണം. ക്രോസിംഗ് ഏരിയ അല്ലാത്തിടത്ത് ക്രോസ് ചെയ്താൽ കനത്ത പിഴ ഉണ്ട്. കാൽനട യാത്രക്കാരനെ തട്ടിയിട്ടാൽ നല്ല ശിക്ഷയുണ്ട് എന്ന് മനസ്സിലായാൽ പിന്നെ വാഹനങ്ങൾ സ്ലോ ഡൗൺ ചെയ്യും.” സജു ജോർജ് പറയുന്നു.

പെഡസ്ട്രിയൻ ക്രോസിംഗിനെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പറയാനുണ്ട്. “പെഡസ്‌ട്രിയൻ ക്രോസിംഗിന്‍റെ കാര്യത്തിലും ചില രീതികളുണ്ട്. കാൽ നടയാത്രക്കാരനാണ് രാജാവ് എന്നു നാം പറയും. പക്ഷേ കക്ഷിയെ രാജാവാക്കിയാൽ ചില അപകടങ്ങളുണ്ട്. നിർത്തിക്കൊടുക്കുന്ന സാഹചര്യത്തിൽ രണ്ടുവശവും ശ്രദ്ധിച്ച് ക്രോസ് ചെയ്യാൻ ശീലിച്ചില്ലെങ്കിൽ പ്രയാസമാണ്. ഒരു ഡ്രൈവർ തന്‍റെ വാഹനം നിർത്തുമ്പോൾ കുറച്ചൊരു എഫർട്ട് എടുക്കുന്നുണ്ട്. നിർത്തിക്കൊടുത്ത വ്യക്‌തിയ്‌ക്ക് ഒരു റ്റാറ്റയോ താങ്ക്‌സ് അതുമല്ലെങ്കിൽ ഒരു പുഞ്ചിരിയോ കൊടുക്കു. ഇത് വീണ്ടും ചെയ്യാൻ ഡ്രൈവറെ പ്രചോദിപ്പിക്കും. റോഡുകൾ ചെറുതായാലും നമ്മുടെ പ്രവൃത്തികൾ വലുതായാൽ മതിയല്ലോ.” നജീബ് പറയുന്നു.

“എന്നാൽ മലയാളികളുടെ നിരത്തിലെ ഇത്തരം പൊതുസ്വഭാവത്തെ പ്രതി അവരെ ഒരു ക്രിമിനലായിട്ടല്ല അപ്രോച്ച് ചെയ്യേണ്ടത്. ഇത് മലയാളികളുടെ അസുഖമാണ്. അതു മാറ്റണം. ട്രീറ്റ് ചെയ്യേണ്ട രീതി വേറെയാണ്. അടി കൊടുത്താൽ മാറുന്ന രോഗമല്ല ഇത്. സ്നേഹിച്ച് തന്നെ മാറ്റേണ്ടിവരും. ഇതിന് കുട്ടികളെ ഉപയോഗിച്ചുള്ള കാംപയിൻ വളരെ ഇഫക്ടീവാണ്.” സജു ജോർജ് പറയുന്നു. എല്ലാ സ്ക്കൂളുകളും തീർച്ചയായും സഹകരിക്കും. വളർന്നുവരുന്ന തലമുറയ്ക്കും നല്ലൊരു ട്രാഫിക് കൾച്ചർ ഉണ്ടാകും. ഇവരല്ലേ നാളെ 18 വയസ്സായി വാഹനം ഓടിച്ചു പോകേണ്ടവർ. അതിന് മോട്ടോർ വകുപ്പിന്‍റെയും പോലീസിന്‍റെയും സംവിധാനം ഉപയോഗിക്കാം. നിയമത്തിന് പുറം തിരിഞ്ഞു നിൽക്കുന്നവരെ ബലം പിടിച്ച് അടുപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല.

നമ്മുടെ നാട്ടിൽ ആളുകളെ ഇൻഫ്ളുവൻസ് ചെയ്യാൻ ഇമോഷണൽ അപ്രോച്ച് വേണ്ടിവരും. പ്രിയനടൻ മോഹൻലാൽ വന്ന് റോഡിൽ നിന്നു പറഞ്ഞാലും മലയാളി ഉൾക്കൊള്ളില്ല. എന്നാൽ കൊച്ചുകുട്ടികൾ വന്നു പറഞ്ഞാൽ അവർ തള്ളിക്കളയില്ല. അത് അവന്‍റെ ചങ്കിൽ കൊള്ളും. കുട്ടികളെ കൊണ്ട് പറയിക്കുമ്പോൾ ഏത് കൊലകൊമ്പനും മിണ്ടാതെ നിന്നും കേൾക്കും. അപ്പോൾ നിയമം അടിച്ചേൽപ്പിക്കുന്നതായി തോന്നുകയുമില്ല.” പക്ഷേ നല്ല ഗതാഗതത്തിനായി നിയമവും ഫൈനുമൊക്കെ നടപ്പാക്കുമ്പോൾ ഗവൺമെന്‍റും മാതൃകയാവണ്. ഉദാഹരണത്തിന് കാറിൽ സീറ്റ്ബെൽറ്റ് നിർബന്ധിക്കുമ്പോൾ ബസിലും അതു നടപ്പാക്കണം. കുറഞ്ഞത് കെഎസ്ആർടിസിയിൽ എങ്കിലും!

“കാൽനടയാത്രികർക്ക് വേണ്ടി സീബ്രാ മാർക്ക് ചെയ്യാൻ റോഡിൽ ഉപയോഗിക്കുന്ന പെയിന്‍റ് വില കൂടിയതാണ്. അത് പെട്ടെന്ന് മാഞ്ഞുപോകില്ല. 40000 രൂപയോളം ചെലവ് വരും ഒരു സീബ്രാ ക്രോസിംഗ് പെയിന്‍റ് ചെയ്യാൻ. ഇത്രയും പണം മുടക്കി ഒരു കാര്യം ചെയ്യുമ്പോൾ അതിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കണം.”

“തിരക്കുള്ള നിരത്തുകളിൽ ബസുകളുടെ മത്സരയോട്ടത്തോട് പൊരുത്തപ്പെട്ടാണ് പലരും വണ്ടിയോടിക്കുന്നത്. റോഡ് മുഴുവൻ കവർ ചെയ്‌തുള്ള ഓവർടേക്കിംഗും കുത്തിക്കയറ്റവും ചെവിടു തുളയ്‌ക്കുന്ന ഹോണടിയും എല്ലാം കൂടി റോഡിലെ ഗുണ്ടകളാണ് സ്വകാര്യബസുകൾ എന്നു തോന്നിപ്പോകും. ഓട്ടോറിക്ഷകളാണെങ്കിൽ ചെല്ലപ്പിള്ളേരെ പോലെയാണ്. അവർക്ക് എന്തും ചെയ്യാം. നമ്മൾ ക്ഷമിച്ചു കൊടുക്കണം. ബൈക്കുകളുടെ പോക്ക് പാമ്പുകളെപ്പോലെയും.”

“ഇവിടെ ഇങ്ങനെയൊക്കെ വാഹനമോടിച്ചവർ, മറ്റൊരു നാട്ടിൽ ചെന്നാൽ എത്ര ഭംഗിയായിട്ടാണ് നിയമം പാലിക്കുന്നതും വാഹനം പെർഫെക്‌ടായി ഓടിക്കുന്നതും. ഇതൊക്കെ ഒരു ആറ്റിറ്റ്യൂഡിന്‍റെ ഭാഗമാണ്.” റോഡനുഭവത്തെക്കുറിച്ച് സജു ജോർജ് പറയുന്നതിങ്ങനെ.

road sense

നഗരത്തിൽ സ്‌ഥിരമായി ഹോൺ അടിച്ച് വണ്ടിയോടിക്കുന്ന ഒരാൾക്ക് പിന്നെ അതില്ലാതെ വണ്ടിയോടിക്കാൻ കഴിയില്ലെന്നുണ്ടോ?

“ഹോൺ തുടരെ അടിക്കുമ്പോൾ അവർക്ക് കോൺഫിഡൻസ് ലെവൽ കൂടും. ഹോൺ അടിക്കുമ്പോൾ മുന്നിൽ ഉള്ളവർ ഒതുങ്ങിക്കൂടും, റോഡ് ക്ലിയർ ആകും. അങ്ങനെ ഈസിയായി മുന്നോട്ടുപോകും. ഹോണടിക്കാനുള്ള പെർമിഷനില്ലെങ്കിൽ ചിലർക്ക് വണ്ടി ഓടിക്കാൻ പോലും ധൈര്യം കിട്ടില്ല.” അസിസിറ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നജീബ് ചൂണ്ടിക്കാട്ടുന്നു.

“സിനിമയിലെ നായകനെപ്പോലെ സ്വയം ആളുകൾ കാണുന്നതു കൊണ്ട് അവരുടെ ഒഫൻസ് ബോധ്യപ്പെടുത്തിക്കൊടുക്കാൻ നിയമവും ബോധവൽക്കരണവും ഫൈനും മാത്രം പോരാ. റോഡ് ഉപയോഗിക്കുന്നവരുടെ മനോഭാവം മാറണം. കേരളീയർക്ക് വിവരം ഉണ്ട്. പക്ഷേ ധിക്കാരമനോഭാവവും കൂടുതലാണ്. റോഡിലെ സഹകരണമാണ് ഏറ്റവും വലുത്. നിരത്തിലിറങ്ങുന്ന പലതരം ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന കാർട്ടൂണുകൾ ചെയ്യാൻ തീരുമാനിച്ചത് അങ്ങനെയാണ്. ചിത്രകാരനും കാർട്ടൂണിസ്‌റ്റുമായ ബാദുഷയുമായി ചേർന്ന് റോഡ് സേഫ്‌റ്റി കാർട്ടൂൺ ചെയ്യുന്നുണ്ട്. ഇത് പ്രധാന കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുന്നു. കാർട്ടൂണിലൂടെ ഓരോ നിയമലംഘനവും അതിന്‍റെ കറക്ഷൻ ചെയ്യാൻ സന്നദ്ധതയോടെ നിൽക്കുന്ന ഒരു ഉദ്യോഗസ്‌ഥനെയുമാണ് ചിത്രീകരിക്കുന്നത്.” നജീബ് പറയുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു ബസ് ഡ്രൈവറുടെ അനുഭവം തന്നെ ചോദിക്കാം. പ്രത്യേകിച്ചും ഓവർടേക്കിംഗും ഹോണടിയും.

“അമിതമായ ഹോങ്കിംഗ് ഒരു നിയമ ലംഘനമാണെന്ന് വണ്ടിയോടിക്കുന്ന ഡ്രൈവർക്കോ, വണ്ടിയിലിരിക്കുന്ന യാത്രക്കാർക്കോ പലർക്കും അറിയില്ല. എനിക്കും ആദ്യം അറിയില്ലായിരുന്നു.” ബസ് ഡ്രൈവറായ റിയാസ് പറയുന്നു.

“മത്സരയോട്ടം നമ്മുടെ സംവിധാനങ്ങൾ തന്നെ സൃഷ്‌ടിച്ച കാര്യമല്ലേ, ഇത്രയും തിരക്കുള്ള സിറ്റിയിൽ റൂട്ട് സമയം പാലിക്കാൻ സഹായിക്കുന്നത് സത്യം പറഞ്ഞാൽ ഈ ഹോണും, മുൻപിൻ നോക്കാതെയുള്ള ഡ്രൈവിംഗും തന്നെയാണ്.” റിയാസ് അത് അംഗീകരിച്ചുകൊണ്ട് പറയുന്നു.

“റോഡ്‌കൾച്ചർ ഉണ്ടാകണമെങ്കിൽ, ഇവിടെ ബസ് മുതലാളിമാർ കൂടി മനസ്സുവയ്‌ക്കേണ്ടി വരും. ജീവനക്കാർ മാത്രം വിചാരിച്ചാൽ നടക്കില്ല. ഇതേക്കുറിച്ച് പറയാൻ നോക്കിയാൽ നിരവധിയുണ്ട്. മദ്യപിച്ചും ലഹരിയടിച്ചും വണ്ടിയോടിക്കുന്ന ശീലവും ഇന്ന് ചെറുപ്പക്കാർക്കിടയിലുണ്ട്. പക്ഷേ നല്ലരീതിയിൽ വാഹനങ്ങൾ ഓടിക്കുന്നവരും ഉണ്ട്.” റിയാസ് പറയുന്നു.

“വണ്ടിയെടുത്ത് യാത്ര ചെയ്യുന്ന സമയം പ്രശ്നങ്ങൾ ഓർത്ത് ഡ്രൈവ് ചെയ്യുന്നു. വീട്ടിലെയും മറ്റും പ്രശ്നങ്ങൾ ആലോചിച്ച് മനസ്സിന്‍റെ നിയ്രന്തണവും ഏകാഗ്രതയും നഷ്ടപ്പെടുത്തിക്കൊണ്ട് ബൈക്കും കാറും ഓടിക്കുന്നത് വലിയ കഷ്ടമാണ്.” മജിഷ്യൻ ടിജോ വർഗീസ് പറയുന്നു.

“റോഡ് സേഫ്ടി എന്നു പറഞ്ഞാൽ കോൺസൻട്രേഷനാണ് മെയിൻ പാർട്ട്. ഇതാണ് ശരിക്കും ശ്രദ്ധിക്കേണ്ട കാര്യം. ബൈക്കോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാൻ പറയുന്നതിനോട് പലർക്കും മടുപ്പാണ്.” പക്ഷേ ഹെൽമറ്റ് തകർന്നോട്ടെ തല തകരരുത് എന്ന് ചൂണ്ടിക്കാട്ടി ടിജോ വർഗീസ് മാജിക് ഷോ കാമ്പയിൻ നടത്തിയിരുന്നു. ഹെൽമറ്റ് ധരിക്കുമ്പോൾ ഇയർഫോണും ബ്ലൂടൂത്തും ഉപയോഗിക്കുന്നത് വലിയ റിസ്കാണ്.

“ഡ്രൈവിംഗ് ചെയ്യുമ്പോൾ ഇയർഫോൺ വഴി മ്യൂസിക് കേൾക്കുന്നത് മനസ്സിന്‍റെ ഏകാഗ്രതയ്ക്ക് തടസ്സം ഉണ്ടാക്കും. നമ്മൾ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തിരിച്ചു ചെല്ലും എന്ന പ്രതീക്ഷ വീട്ടിലിരിക്കുന്നവർക്ക് കൊടുത്താണല്ലോ ഇറങ്ങുന്നത്” ടിജോ വർഗീസ് പറയുന്നു.

road sense

“നഗരത്തിൽ എനിക്ക് ടൂവീലർ ഓടിക്കാനാണ് താൽപര്യം. ചൂടിൽ കാർ ആണ് നല്ലതെങ്കിലും എവിടെയും ഒറ്റയ്‌ക്ക് പോകുമ്പോൾ, നഗരത്തിരക്കിലെല്ലാം ടൂവീലർ ആണ് സൗകര്യം. എറണാകുളത്ത് ബിസിനസ് പേഴ്സൺ ആയ ഗീത എ മേനോൻ പറയുന്നു. ബിസിനസ് വർക്കിന്‍റെ ഭാഗമായിട്ട് മുംബൈയും ഹൈദരാബാദുമൊക്കെ പോകുമ്പോൾ അവിടെ കാർ റെന്‍റിന് എടുത്ത് ഓടിക്കാറുണ്ട്.”

എറണാകുളം നഗരത്തിലെ ഡ്രൈവിംഗ് കൾച്ചറിന്‍റെ പല ഘട്ടങ്ങൾ നേരിട്ടു മനസ്സിലാക്കിയിട്ടുള്ള ആളെന്ന നിലയ്‌ക്ക്, ഗീത പറയുന്നത് മുമ്പ് ഉണ്ടായിരുന്ന ഡ്രൈവിംഗ് സെൻസൊക്കെ ഇപ്പോൾ ഏറെ കുറഞ്ഞു എന്നു തന്നെയാണ്.

“നഗരത്തിലേക്ക് വണ്ടിയെടുത്ത് ഇറങ്ങിയാൽ പിന്നെ ഒന്നും പ്രെഡിക്‌ടബിൾ അല്ല. പ്രത്യേകിച്ച് ഡ്യൂക്ക് പോലുള്ള വണ്ടികളുടെ പോക്ക് കാണുമ്പോൾ പരാതി കൊടുക്കണം എന്നു പോലും തോന്നിയിട്ടുണ്ട്. പലരും ബ്രേയ്‌ക്ക് ചവിട്ടുന്നതു കൊണ്ടാണ് അതിൽ പാഞ്ഞുപോകുന്നവർക്ക് അപകടം ഉണ്ടാകാത്തത് എന്ന് മനസ്സിലാവുന്നില്ല. എന്‍റെ ഡ്രൈവിംഗിനിടെ ഞാൻ ശ്രദ്ധിച്ച മറ്റൊരു സംഗതി ലേഡി ഡ്രൈവർമാർക്ക് നിരത്തിൽ അക്‌സപ്റ്റൻസ് കുറവാണെന്നാണ്. അത്യാവശ്യം വേഗതയിൽ ഒക്കെ പോകുമ്പോൾ അപ്രീഷിയേറ്റ് ചെയ്യുന്നവരും ഉണ്ട് എന്ന് മറക്കുന്നില്ല. എന്നാലും പൊതുവേ മനോഭാവം പുച്‌ഛമാണ്.

പക്ഷേ കംപാരറ്റീവ്‌ലി സ്‌ത്രീകളാണ് ശരിക്കും സേഫ് ആയിട്ട് ഓടിക്കുന്നത്. അത് ആരും അംഗീകരിക്കാറില്ല. ഏതു അപകടങ്ങളും ശ്രദ്ധിക്കൂ, സ്‌ത്രീകൾ വണ്ടി ഓടിച്ചുണ്ടായ അപകടങ്ങൾ കുറവല്ലേ! എന്നിട്ടും ആളുകൾ പറയുന്നത് സ്‌ത്രീകൾക്ക് വണ്ടിയോടിക്കാൻ അറിയില്ലെന്നാണ്. ഞാൻ ബുള്ളറ്റ് ഓടിക്കാൻ തുങ്ങിയിട്ട് രണ്ടു വർഷമായി. അതു കാണുമ്പോൾ ചിലരൊക്കെ തമ്പ്‌സ് അപ് തരും. എന്തായാലും സ്‌ത്രീകൾ വണ്ടി ഓടിക്കുമ്പോഴുള്ള പരിഹാസവും പുച്‌ഛവും കുറഞ്ഞുവരുന്നുണ്ട് എന്നുമാത്രം.

“ബസുകളുടെ ഇടയിലൂടെയുള്ള ഡ്രൈവിംഗ്! ഇവർ നമ്മെ വെറുപ്പിക്കുന്നതു കണ്ടാൽ തുറന്നു പറഞ്ഞാൽ ഗുണ്ടകൾ എന്നുതന്നെ പറയേണ്ടിവരും. മറ്റു വാഹനങ്ങൾ എന്തോ തെറ്റു ചെയ്‌തുവെന്ന മട്ടിലാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം. അവർ റോഡിന്‍റെ മുക്കാലും കവർ ചെയ്‌ത് കിടന്ന് ആളെ കയറ്റിയും ഇറക്കിയും പോകും. പക്ഷേ മറ്റൊരു വാഹനം അവരെ മറികടന്നാൽ ഇറിറ്റേറ്റ് ചെയ്യും. ബസുകാരിൽ നിന്ന് ഇതെല്ലാം പ്രതീക്ഷിച്ചു തന്നെയാണ് റോഡിൽ ഇറങ്ങാറ്!” ഗീത പറയുന്നു.

എറണാകുളം നഗരം ആദ്യമൊക്കെ നല്ല കംഫർട്ടബിൾ ആയിരുന്നു. ഇപ്പോൾ മുംബൈയിലെ പോലെയായി ഇവിടെയും. അവിടെയൊക്കെ 75 ശതമാനം ചളുങ്ങിയ വാഹനങ്ങളാണ്. കേരളത്തിൽ അങ്ങനെയായിരുന്നില്ല. ഇപ്പോൾ വണ്ടികളുടെ എണ്ണം ഇവിടെയും കൂടിയതോടെ ചെറിയ ചെറിയ ക്രാഷുകൾ കൂടെക്കൂടെ ഉണ്ടാകുന്നു. വാഹനങ്ങൾ മുട്ടിമുട്ടി ചളുങ്ങിപ്പോകുന്നു.

geetha - road sense

പണ്ടൊക്കെ ഓവർടേക്ക് ചെയ്യുമ്പോൾ നമുക്ക് ഒരു ഫീല് ഉണ്ട്, അത്യാവശ്യം കൊണ്ടായിരിക്കും! ഇപ്പോഴത്തെ ഓവർടേക്കിംഗ് വെറും ഈഗോ ആയി തോന്നിപ്പോകുന്നു. ഒരു വാഹനത്തെ അത്യാവശ്യം കൊണ്ട് ഓവർടേക്ക് ചെയ്യേണ്ടേി വരുമ്പോൾ അവൻ പാഞ്ഞെത്തും. അപ്പോൾ ഞാൻ പറയാറുണ്ട്, ദാ ഒരുത്തൻ പിറകേ സർട്ടിഫിക്കറ്റും കൊണ്ട് വരുന്നു! എന്തായാലും ഈഗോ ഡ്രൈവർമാരുടെ എണ്ണം കുറച്ചു കൂടുതലാണ്.

നല്ല ഡ്രൈവിംഗ് കൾച്ചറുള്ള നഗരമായിരുന്നു എറണാകുളം. പക്ഷേ ഇപ്പോൾ ഹൈടെക് ആപ്പുമായി പലതരം ആളുകൾ ഡ്രൈവിംഗ് സീറ്റിൽ വന്നതോടെ, യൂബർ പോലുള്ള വാഹനങ്ങൾ പെരുകിയതോടെ ഡ്രൈവിംഗ് സെൻസ് ഇല്ലാതെ വണ്ടിയെടുത്ത് ഇറങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചു. കാൽനട യാത്രക്കാരാണ് മറ്റൊരു കാര്യം. സിഗ്നലിലൊക്ക പച്ച കത്താറാവുമ്പോൾ റോഡ് ക്രോസ് ചെയ്യാൻ വരുന്നുവരുണ്ട്. സീബ്ര ക്രോസിംഗ് ഇല്ലാത്ത സ്‌ഥലത്ത് കാൽ നടയാത്രക്കാർ ക്രോസിംഗ് നിൽക്കുമ്പോൾ സ്‌പീഡിൽ വരുന്ന വണ്ടി വേണം എന്നു വിചാരിച്ചാൽ പോലും നിർത്താൻ കഴിഞ്ഞെന്നു വരില്ല.

മിററിൽ നോക്കുമ്പോൾ പിറകിൽ വരുന്ന വണ്ടി നല്ല വേഗതയിലായിരിക്കും. അപകട സാധ്യത ഒഴിവാക്കാൻ വേണ്ടി നിർത്താതെ പോകേണ്ടി വരും. പെഡിസ്‌ട്രിയൻ ഐ കോണ്ടാക്‌ട് വച്ച് നമ്മൾ നിർത്തും എന്ന് പ്രതീക്ഷിക്കുകയും ചെയ്യും. വാഹനം നിർത്തി കൊടുത്താൽ, മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്താലൊക്കെ, താങ്ക്‌സ്, ചിരിയൊക്കെ ആദ്യമൊക്കെ കൊടുക്കാറുണ്ടായിരുന്നു. പക്ഷേ തിരിച്ചു കിട്ടാതെ വന്നപ്പോൾ പിന്നെ ഞാനുമത് ഉപേക്ഷിച്ച മട്ടായി. എന്തായാലും നിരത്തുകളിൽ മറ്റുള്ളവർ ബ്രേയ്‌ക്ക് ചവിട്ടുന്നതാണ് നമ്മുടെ ആയുസിന്‍റെ ദൈർഘ്യം എന്ന് മനസ്സിലാക്കണം. ഡ്രൈവർമാരായാലും കാൽനട യാത്രികരായാലും!”
ഗീത എ മേനോൻ ഓർമ്മിപ്പിക്കുന്നു.

വാഹനപ്പെരുപ്പം ക്രമാതീതമകുമ്പോഴും നമ്മുടെ നാട്ടിൽ വിശാലമായ ഫ്ളൈ ഓവറുകളും ആറുവരിപ്പാതകളുമൊന്നും കൂടുതൽ പ്രതീക്ഷിക്കാൻ പറ്റിയ സാഹചര്യം ഇന്ന് ഇല്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകളൊന്നും മാറാനും പോകുന്നില്ല, മനസും മനോഭാവവും മാറട്ടെ. പകുതി പ്രശ്നം തീർന്നു.

എന്തായാലും ഇത്തരം അവസ്ഥകളിലും പരമാവധി ട്രാഫിക് നല്ല രീതിയിൽ കൊണ്ടുപോകാനാണ് ട്രാഫിക് വകുപ്പും ട്രാഫിക് പോലീസും ശ്രമിക്കുന്നത്.ലൈസൻസ് റദ്ദാക്കാൻ വകുപ്പുള്ള ട്രാഫിക് ഒഫൻസുകൾ ചെയ്യുന്നവരെ നേരെയാക്കാൻ ഇപ്പോൾ വേറെയും ചില രീതികളുണ്ട്. ആശുപത്രിയിലെ ഐസിയുകളിലും മറ്റും പ്രത്യേകിച്ചും വാഹനാപകടത്തിൽ പെട്ടവർ കിടക്കുന്ന വാർഡുകളിൽ ഒരാഴ്‌ചത്തെ നിർബന്ധിത സേവനം ആവശ്യപ്പെടും. ആ കാഴ്‌ചകൾ കണ്ടാലെങ്കിലും കുറച്ചുനാളേയ്‌ക്ക് മനം മാറട്ടെ.!

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें