നിർമ്മല പുതപ്പിനുള്ളിലേയ്ക്ക് ശരീരം മുഴുവൻ വളച്ചു വച്ച് കരയാൻ തുടങ്ങി. പുതപ്പിന്‍റെ വിറയലല്ലാതെ ഒന്നും കാണാനില്ലാത്തതിനാൽ കാണികൾ നിരാശരായി. അവർ ആ റൂമിലെ എല്ലാ സാധനങ്ങളിലും കണ്ണോടിച്ചു വിരസതയോടെ നിന്നു.
അവിടെയുള്ള എല്ലാ വസ്തുക്കളിലും ആ വീടിന്‍റെ അവസ്‌ഥ പ്രതിഫലിച്ചു കാണാമായിരുന്നു. ജനാലപ്പടിയിലുള്ള പഴയ മാസികക്കെട്ടിൽ പൊടി നിറഞ്ഞിരിക്കുന്നു. നിറം മങ്ങിയ വിവാഹ ഫോട്ടോ ചുവരലമാരയിൽ ചെരിഞ്ഞിരിക്കുന്നു. വല്ലാത്തൊരു മൗനത്തിന്‍റെ അസ്വസ്ഥതയിൽ നിന്നും രക്ഷപ്പെടാൻ വെമ്പി ഓരോരുത്തരായി പുറത്തേയ്ക്കിറങ്ങാൻ തുടങ്ങി. നിവൃത്തികേടിന്‍റെ കയ്പുചാലിച്ച മുഖവുമായി തൊട്ടയൽപക്കത്തെ രണ്ടു പേർ മാത്രം അവിടെ തങ്ങി.
“കുട്ടികൾ?”
അടക്കിപ്പിടിച്ച സ്വരത്തിൽ ആരോ ചോദിച്ചു. ഉത്തരം പറയാനാവാത്ത വിമ്മിട്ടത്തോടെ അയൽക്കാരികളിലൊരാൾ കൂടി പുറത്തേയ്ക്കിറങ്ങി. പുതപ്പിനുള്ളിലെ ചൂട് ജ്വലിച്ചുയർന്ന് ഒരഗ്നി കുണ്ഠമായി മാറിയ പോലെ നിർമ്മലയ്ക്കു തോന്നി. വിയർത്തു കുളിച്ച് അവൾ എഴുന്നേറ്റു. കട്ടിലിനരികിൽ മുട്ടുകാലിൻ മേൽ തലയും വച്ച് വളഞ്ഞിരുന്നു. ഹാളിൽ നിന്നുള്ള പിറുപിറുപ്പുകൾ വാതിൽ കടന്നെത്തുന്നു. ചന്ദനത്തിരിയുടെ മരണഗന്ധം എല്ലായിടത്തും നിറഞ്ഞു കഴിഞ്ഞു. സന്ദർശകരുടെ കാലുകൾ റൂമിനു പുറത്ത് നിറയാൻ തുടങ്ങി.
ഹാളിലെ ഫർണ്ണീച്ചറുകളെല്ലാം ആരൊക്കെയോ ചേർന്ന് പുറത്തേയ്ക്ക് ഇട്ടിരുന്നു. ഒഴിഞ്ഞ സ്‌ഥലവും ആൾക്കൂട്ടവും ചേർന്ന് വല്ലാത്തൊരു അപരിചിതത്വം സൃഷ്ടിച്ചതായി സുരേന്ദ്രന് തോന്നാൻ തുടങ്ങി.
മറ്റാരുടെയോ വീട്ടിലെ മരണത്തിൽ പങ്കുകൊള്ളാനെത്തിയ പോലെ ഒരു ശൂന്യത. അർത്ഥമില്ലാത്ത ആശ്വാസ വചനങ്ങളും ചോദ്യ വാക്കുകളും ചുറ്റിനും കറങ്ങുന്നു. എല്ലാമൊന്ന് പെട്ടെന്ന് തീർന്നെങ്കിൽ രക്ഷപ്പെടാമായിരുന്നു.
ഓടിപ്പോകണം. നിർമ്മലയുടെ നോട്ടമെത്താത്ത, മക്കളുടെ വിളിയൊച്ചയെത്താത്ത ഏതെങ്കിലും തുരുത്തിൽ ചെന്നടിയണം. ഈ അഗ്നി കുണ്ഠത്തിൽ അവസാനശ്വാസവും പൊള്ളിയുരുകിയടിയും മുമ്പ് രക്ഷപ്പെടണം. രണ്ടു ദിവസമായി ഏതൊക്കെയോ അബോധതലങ്ങളിലൂടെയാണ് മനസ്സിന്‍റെ യാത്ര.
“സുരേട്ടാ, ഇനീം വൈകണ്ടലോ. എടുക്കല്ലേ?”
സുരേന്ദ്രൻ വേച്ചു വേച്ച് എഴുന്നേറ്റു. വെള്ളത്തുണി പുതപ്പിച്ചു കിടത്തിയ കുഞ്ഞുരൂപത്തിന്‍റെ മുഖത്തെ തുണി പതിയെ മാറ്റി. ഉറക്കമാണവൻ. നല്ല ഉറക്കം. ഒരു കുഞ്ഞുപുഞ്ചിരിയിൽ നിശ്ചലമായി പോയ ചുണ്ടുകൾ.
“ആരാ, ഇവന്‍റെ മുഖംമൂടി ഇട്ടെ, അവനത് ഇഷ്ടല്യാന്നറിയില്ലെ നിങ്ങക്ക്?” അയാൾ അലറി വിളിച്ചു. രണ്ടുനാൾ മുമ്പ് ടിവിയിൽ സിനിമയും വച്ച് എല്ലാവരും കിടന്നുറങ്ങിയ ഹാളിൽ ഇപ്പോൾ അവനൊറ്റയ്ക്ക് ഉറങ്ങുന്നു. വലിയൊരു ചുഴലിക്കാറ്റിനിടയിൽ വന്ന ശൂന്യതയിൽ നിന്നും മറ്റൊരു നിലവിളിക്കാറ്റായി അയാൾ പുറത്തേക്കോടി.
റിനുവും ദിശയും സൈനാന്‍റിയുടെ വീട്ടിലായിരുന്നു. പഴമയെ പുതുക്കിപ്പണിതു മനോഹരമാക്കിയ ആ വീടിന്‍റെ ഉൾമുറികളിലൊന്നിലായിരുന്നു അവർ. വിളർത്ത മുഖവും പാറിപ്പറന്ന തലമുടിയും മുഷിഞ്ഞ ഡ്രസ്സുമായി ദിശ ഒരു മൂലയിൽ ചുമരും ചാരി ഇരുന്നു.
ഒരു പഴയ ബാലമാസികയിലെ പദപ്രശ്നത്തിനിടയിൽ കുരുങ്ങിയിരിക്കുകയായിരുന്നു റിനു. എത്ര ശ്രമിച്ചിട്ടും പിടി തരാതെ ചില ഉത്തരങ്ങളും ചോദ്യങ്ങളും. ഇടയ്ക്കിടെ അവൻ ചോദ്യങ്ങളുമായി തല പൊക്കും. ഇടയ്ക്കിടെ ആരൊക്കെയോ വാതിക്കൽ വന്നെത്തി നോക്കി പോവുന്നുണ്ട്. എന്നും കളിക്കാൻ കൂട്ടുവരാറുള്ള സൈനാന്‍റിയുടെ മക്കളെയും കാണാനില്ല.