സുഹൃത്തുക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി സനിത ഭർത്താവ് മോഹിതിന് ഫോൺ ചെയ്തു. “ഏട്ടാ... അവരെല്ലാം നാളെ പാർട്ടി കൊടുക്കണമെന്ന് പറയുന്നു. ഞാനെന്താണ് മറുപടി പറയേണ്ടത്.”
“അച്‌ഛന്‍റെയും അമ്മയുടെയും സമ്മതം ചോദിക്കാതെ ആരേയും വീട്ടിലേയ്‌ക്ക് ക്ഷണിച്ചാൽ ശരിയാവില്ല.” മോഹിതിന്‍റെ വാക്കുകളിലും പരിഭ്രമത്തിന്‍റെ സ്പർശം ഉണ്ടായിരുന്നു.
“അപ്പോ ഇവർക്കുള്ള പാർട്ടി എപ്പോ കൊടുക്കും?”
“ഇതേപ്പറ്റി നമുക്ക് രാത്രി കൂടിയാലോചിക്കാം.”
“ആയിക്കോട്ടെ.”
സനിത ഫോൺ കട്ട് ചെയ്‌തു. എന്നിട്ട് മോഹതിന്‍റെ അഭിപ്രായം കൂട്ടുകാരോട് പറഞ്ഞപ്പോൾ അവർ അവളെ വിടാനുള്ള ഭാവമില്ലായിരുന്നു. “എടോ, ഞങ്ങൾ കൈയും വീശി വരികയൊന്നുമില്ല. ഗിഫ്റ്റ് എന്തായാലും കൊണ്ട് വരും.”
“ഭർതൃ വീട്ടുകാരെ പേടിച്ച് നീയിങ്ങനെ എത്രകാലം കഴിയും?” കൂട്ടുകാരെല്ലാവരും ഇതുപോലെ ഓരോന്ന് പറഞ്ഞ് സനിതയെ കളിയാക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് വല്ലാത്തൊരു എനർജിയോടെ സനിതയും ഇടപെട്ടു കൊണ്ട് മറുപടി കൊടുത്തു.
“നിങ്ങൾ എന്‍റെ തല തിന്നാതെ. ഞാൻ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കൂ... നാളെ രാത്രി 8 മണിക്ക് എല്ലാവരും സാഗർ രത്നയിൽ വരിക. അവിടെയാണ് ഡിന്നർ പാർട്ടി. ഇനി ആരും ഗിഫ്റ്റ് വീട്ടിൽ മറന്ന് വച്ച് വരേണ്ട.”
സനിതയുടെ ഈ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് കൂട്ടുകാർ സ്വീകരിച്ചത്.
കുറച്ച് നരം കഴിഞ്ഞപ്പോൾ സനിതയെ തനിച്ച് കിട്ടിയപ്പോൾ സംഗീത മാഡം ചോദിച്ചു. “ചെലവ് കൊടുക്കാമെന്നേറ്റിട്ട് നീ സ്വയം എടാകൂടത്തിൽ പെട്ടിരിക്കുകയാണോ മോളെ?”
“ഇനി വരുന്നിടത്ത് വച്ച് കാണാം ചേച്ചി” സനിത പുഞ്ചിരി പൊഴിച്ചു കൊണ്ട് മറുപടി പറഞ്ഞു.
“വീട്ടിൽ ടെൻഷൻ കൂടുകയാണെങ്കിൽ എന്നെ വിളിക്കാൻ മടിക്കണ്ട. ഞാൻ എല്ലാവരെയും വിളിച്ച് പാർട്ടി കാൻസൽ ചെയ്ത വിവരം പറഞ്ഞോളാം. നാളെ നീ കരയുകയും മറ്റും ചെയ്യരുത് കെട്ടോ.”
“ചേച്ചി കരഞ്ഞു തീർക്കാനുള്ള കണ്ണീരത്രയും ഞാൻ കഴിഞ്ഞ ഒരു വർഷം കൊണ്ട് തീർത്തതല്ലേ. ചേച്ചിയ്‌ക്കും അത് അറിയാവുന്നതല്ലേ.”
“ആ ദിനങ്ങളിലെ ഓർമ്മകളാണ് എന്നെ ഇപ്പോഴും ആധിപിടിപ്പിക്കുന്നത് എന്‍റെ മോളെ.”
“എന്നെക്കുറിച്ചോർത്ത് ടെൻഷനടിക്കണ്ട. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഞാനും ഏറെ മാറിയിട്ടുണ്ട്.”
“ശരിയാണ്. നിനക്ക് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു സനിതേ. ഭർതൃവീട്ടിലെ പ്രയാസങ്ങൾ നിന്നെ മാറ്റിയിരിക്കുന്നു. അമ്മായിയമ്മപ്പോരും നാത്തൂന്‍റെ ഒറ്റപ്പെടുത്തലും അനുഭവിച്ച് നിനക്കിപ്പോ ഒന്നും പ്രശ്നമല്ലാതായിരിക്കുന്നു.
“ടെൻഷൻ, സങ്കടം, പേടി ഇത്തരം രോഗങ്ങൾ ഞാനിപ്പോൾ മനസ്സിൽ വളർത്താറില്ല ചേച്ചി. നാളെ രാത്രി പാർട്ടി ഗംഭീരമായി നടക്കും. ചേച്ചി ചേട്ടനും പിള്ളേരുമായി തീർച്ചയായും വരണം.” ഇത്രയും പറഞ്ഞ് കൊണ്ട് സനിത തന്‍റെ ഇരിപ്പിടത്തിൽ ചെന്നിരുന്നു.
സനിത അനുവാദമില്ലാതെയാണ് കൂട്ടുകാർക്ക് പാർട്ടി കൊടുക്കാനുള്ള തീരുമാനമെടുത്തത്. ഈ വിവരമറിഞ്ഞ് അമ്മായിയമ്മ ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു. “ഞങ്ങളോട് ചോദിക്കാതെ ഇത്തരമൊരു തീരുമാനം എടുക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു. ഈ വീട്ടിലെ ചിട്ടവട്ടങ്ങൾ തെറ്റിക്കാൻ ആർക്കും അവകാശമില്ല. ഇവിടുത്തെ രീതികൾ നിനക്ക് പിടിക്കുന്നില്ലെങ്കിൽ മാറി താമസിക്കുന്നതിനെപ്പറ്റി ചിന്തിച്ചോ...”
“അമ്മേ അവരെല്ലാം എന്‍റെ പിന്നാലെ കൂടിയത് കൊണ്ടാണ്. നിങ്ങൾക്കിത് മോശമായി തോന്നുന്നുവെങ്കിൽ ഞാനിപ്പോൾ തന്നെ അവരെ വിളിച്ച് പാർട്ടി കാൻസൽ ചെയ്‌ത കാര്യം പറയാം.” വളരെ ശാന്തമായി സനിത പറഞ്ഞു. എന്നിട്ട് അവൾ അടുക്കളയിലേയ്‌ക്ക് ചെന്ന് ജോലി ചെയ്യാൻ തുടങ്ങി.