ദീപ്തി

 

7 വർഷം മുമ്പുള്ള ഒരു ശനിയാഴ്ച, ഞാനവളെ ആദ്യമായി കണ്ടത് ഇപ്പോഴും ഓർക്കുന്നു. രാത്രി ഏകദേശം 11 മണി, ഉറങ്ങുന്നതിന് മുമ്പായി വസ്ത്രം മാറാൻ പോകുന്ന നേരത്താണ് കടുത്ത നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഡോർബെൽ മുഴങ്ങിയത്. എന്‍റെ മുഖത്തേക്ക് നീരസത്തോടെ നോക്കി കൊണ്ട് ഭർത്താവ് പിറുപിറുത്തു, “ഈ നേരത്ത് ആരാ?”

“ആവോ അറിയില്ല” ഉറക്കച്ചടവോടെ അദ്ദേഹം കിടക്കയിൽ നിന്നുമെഴുന്നേറ്റ് വസ്ത്രം നേരെയാക്കി ഡോറിനടുത്തേക്ക് നടക്കുന്നതിനിടെ ഡോർബെൽ വീണ്ടും മുഴങ്ങി. വന്നയാൾക്ക് എന്തോ തിടുക്കമുള്ളതു പോലെ…

“ഛെ, ആരാ ഈ നേരത്ത്? വീട്ടിൽ വരാൻ കണ്ട സമയമാണോ ഇത്?” അദ്ദേഹം തെല്ലൊരു നീരസത്തോടെ പിറുപിറുത്തു കൊണ്ട് വാതിലിനടുത്തേക്ക് നടന്നു.

വാതിൽ തുറക്കുന്ന ശബ്ദത്തിനൊപ്പം പുറത്തു നിന്നും ഏതോ സ്ത്രീയുടെ ശബ്ദം കേൾക്കുന്നതു പോലെ എനിക്ക് തോന്നി. തിടുക്കത്തിൽ എന്തോ പറയുന്നതുപോലെ. അവരുടെ അസമയത്തുള്ള വരവിൽ ഭർത്താവിനുണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിച്ചു കൊണ്ട് അവർ സംസാരിച്ചു തുടങ്ങി. അപ്പോഴേക്കും ഞാൻ മുറിയിൽ നിന്നും പുറത്തെ വാതിലിനടുത്തേക്ക് ചെന്നു.

“ഹലോ, നിങ്ങൾ രജ്ഞന അല്ലേ? ഞാൻ ദീപ്തി” എന്നു പറഞ്ഞു കൊണ്ട് അവൾ ഒട്ടും കൂസലില്ലാതെ എന്‍റെയടുത്തേക്ക് വന്ന് കൈനീട്ടി.

അവൾ എന്‍റെ കൈപിടിച്ചു കൊണ്ട് ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു.

“ഞാൻ നിങ്ങളുടെ കോളനിയിൽ തന്നെയാ താമസം. അങ്ങ് 251-ാം നമ്പർ വീട്. കുറെ നാളുകളായി നിങ്ങളെ കാണണമെന്ന ആഗ്രഹമായിരുന്നു എനിക്ക്. സമയം ഒത്തു വന്നില്ല. ഇന്നോർത്തപ്പോൾ ഇങ്ങ് പോന്നു.”

“വരൂ” അൽപം നീരസത്തോടെയാണെങ്കിലും ഞാനവരെ അകത്തേക്ക് ക്ഷണിച്ചു. നല്ല തളർച്ചയും ക്ഷീണവുമുള്ളതിനാൽ ആതിഥേയ മര്യാദയോടെ സംസാരിക്കാനുള്ള മൂഡിലുമായിരുന്നില്ല.

“അയ്യോ, ഇവിടെ വേണ്ട. നമുക്കൊരുമിച്ച് പുറത്തു പോയി കോഫി കുടിക്കാം. മെഡോ കോഫി ഷോപ്പിൽ പോകാം.”

“മെഡോയിലോ? ഈ സമയത്ത്? നാളെ പോകാം?”

“അയ്യോ അത് പറ്റില്ല. നാളെ നമ്മൾ കാണുമെന്ന് ആരറിഞ്ഞു. നമുക്ക് ഇന്ന് തന്നെ പോകാം. നല്ല രസമായിരിക്കും. കോഫി ഷോപ്പ് ലേറ്റ് നൈറ്റ് വരെയുണ്ടല്ലോ.”

അവർ എന്തെങ്കിലും പ്രതികരിക്കും മുമ്പെ ദീപ്തി വേഗം തന്നെ വാതിലും കടന്ന് പുറത്തേക്ക് പോയി. “വേഗം രണ്ടുപേരും റെഡിയായി വാ. ഡ്രസ് മാറേണ്ട ആവശ്യമില്ല. അതൊക്കെ ആര് ശ്രദ്ധിക്കാനാ. എന്‍റെ കാർ റോഡിൽ പാർക്ക് ചെയ്‌തിരിക്കുകയാ. അവിടെ അധികനേരം പാർക്ക് ചെയ്യാൻ പറ്റില്ല. ഞാനവിടെ വെയിറ്റ് ചെയ്യാം” എന്ന് അവൾ മടങ്ങുന്നതിനിടെ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നു. ഇതെന്ത് കഥ എന്നർത്ഥത്തിൽ ഞാനും ഭർത്താവും പരസ്പരം പകച്ചു നോക്കി. ദീപ്തി വീടിന് പുറത്താണ്. അതുകൊണ്ട് മറ്റ് പോംവഴിയൊന്നുമില്ലാതെ ഞങ്ങളിരുവരും പെട്ടെന്ന് ജീൻസും ടീഷർട്ടുമണിഞ്ഞ് ദീപ്തിയുടെ കാർ പാർക്ക് ചെയ്തയിടത്ത് എത്തി.

അപ്പോൾ അതായിരുന്നു ദീപ്തി. നല്ല ഊർജ്ജസ്വലയായ പുറം പൂച്ച് കാട്ടാത്ത പച്ചയായ സ്ത്രീ. മനസിലുള്ളത് അവൾ തുറന്ന് പറയും. അവൾ റോഡിലൂടെ നടന്നു പോകുന്നത് പലപ്പോഴും കണ്ടിരുന്നുവെങ്കിലും മുമ്പൊരിക്കലും അവളെ പരിചയപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പക്ഷേ, എന്തു കൊണ്ടാണെന്നറിയില്ല. അവളെ പണ്ടുതൊട്ടെ എനിക്ക് പരിചയമുള്ളതു പോലെ തോന്നി.

നല്ല പൊക്കം, വടിവൊത്ത ശരീരം, ഇരുകവിളിലും പുഞ്ചിരിക്കുമ്പോൾ വിരിയുന്ന മനോഹരമായ നുണക്കുഴികൾ. ചുമലിനും താഴെ വരെ നീണ്ടിടതൂർന്ന മുടി അവളുടെ നീണ്ട മുഖത്തിന് മനോഹരമായി ഫ്രെയിം ഒരുക്കിയിരുന്നു. അതിനും അപ്പുറമായിരുന്നു അവളുടെ കരിവണ്ടു പോലെയുള്ള മിഴിയിണകൾ. വാചാലമായ മിഴികൾ. പക്ഷേ ദീപ്തി ഒന്നും സംസാരിക്കാതിരിക്കുമ്പോഴാണ് കണ്ണുകൾ വാചാലമാകുന്നതെന്ന് പറയാം. എല്ലാം കൂട്ടിച്ചേർത്താൽ നല്ല ചുറുചുറുക്കും ചൊടിയുമുള്ള പെൺകുട്ടി.

എനിക്കും ദീപ്തിക്കുമിടയിൽ സൗഹൃദം ഉടലെടുക്കാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല. ഞങ്ങളിരുവരും ഡെറാഡൂൺകാരായിരുന്നു. മാത്രവുമല്ല, പൊതുമേഖല ബാങ്കിലാണ് ഞങ്ങളിരുവരും ജോലി ചെയ്തിരുന്നതും. ആദ്യം നോർമൽ കപ്പുചിനോ കുടിച്ചു കൊണ്ട് പരസ്പരം വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. പിന്നീട് ഐറിഷ് കോഫി, കോൾഡ് കോഫി വിത്ത് ഐസ്ക്രീം വരെ കഴിച്ചു കൊണ്ട് സംസാരം ഇടതടവില്ലാതെ സമയത്തെ അതിക്രമിച്ചു കൊണ്ട് മുന്നോട്ടു കടന്നു. സംസാരിച്ച് സംസാരിച്ച് സമയം വെളുപ്പിനെ 3 മണിയായതു പോലും ഞങ്ങളറിഞ്ഞില്ല.

സംസാരത്തിനിടെ അവൾ തന്‍റെ ബോയ്ഫ്രണ്ടിനെപ്പറ്റിയും പറഞ്ഞു. ദീപക്. ദീപക് അമേരിക്കയിൽ എംബിഎ ചെയ്യാൻ പോയിരിക്കുകയാണെന്നും ഇനി ഒരു വർഷം കഴിഞ്ഞേ മടങ്ങുവെന്നും അവൾ പറഞ്ഞു. പക്ഷേ ദീപക്കിന്‍റെ മാതാപിതാക്കൾ അവരുടെ വിവാഹ തീരുമാനത്തെ അനുകൂലിച്ചിട്ടില്ലായത്രേ. അതിന് കാരണം ദീപ്തി ഇരുനിറക്കാരിയാണെന്നതായിരുന്നു. പക്ഷേ ദീപക് ഉറച്ച തീരുമാനത്തിലാണ്. അവൻ വിവാഹം ചെയ്യുന്നുവെങ്കിൽ അത് ദീപ്തിയെ മാത്രമായിരിക്കും അല്ലാതെ മറ്റൊരാളേയും ആയിരിക്കുകയില്ല.

ആ രാത്രി ഞങ്ങൾക്കിടയിൽ രൂപപ്പെട്ട ശക്തമായ സൗഹൃദം ദിനംപ്രതി അടിയുറച്ചു കൊണ്ട് മുന്നേറി കൊണ്ടിരുന്നു. കഴിഞ്ഞ ജന്മത്തിൽ തനിക്കേറ്റവും പ്രിയപ്പെട്ട ഏതോ ഒരാളെപ്പോലെയായിരുന്നു അവളെനിക്ക്. ഞങ്ങളെന്നും വൈകുന്നേരം ഒരുമിച്ച് നടക്കാനിറങ്ങി, ഒരുമിച്ച് സമയം കിട്ടുമ്പോൾ ഷോപ്പിംഗ് നടത്തി. സിനിമ കാണാനും ഒരുമിച്ച് പോയി. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അവൾ ഞങ്ങളുടെ മൂന്നാമത്തെ കുടുംബാംഗമായി മാറിയിരുന്നു.

യാതൊരു പൊങ്ങച്ചവുമില്ലാത്ത വ്യക്‌തിത്വമായിരുന്നു അവളുടേത്. ഒളിമറയില്ലാത്ത പെരുമാറ്റം. മനസിൽ തോന്നുന്നത് അവൾ അറുത്തു മുറിച്ചു പറയും. ഒരു ഞായറാഴ്ച ദിവസം, ഡോർബെൽ 3 വട്ടം മുഴങ്ങി. ദീപ്തിയുടെ അതെ തിടുക്കം ഡോർബെല്ലിനും. അതിപ്പോൾ ദീപ്തിയുടെ മറ്റൊരു പ്രതിരൂപമായി മാറിയിരിക്കുന്നു. വാതിൽ തുറന്ന് നോക്കിയപ്പോൾ പുറത്ത് ദീപ്തി. പതിവുപോലെ കൈനീട്ടലില്ല, അഭിവാദനമില്ല. അവൾ തെല്ലും കൂസാതെ നേരെ?എന്‍റെ അടുക്കളയിലേക്ക് നടന്നു.

എനിക്കൊന്നും മനസിലായില്ല. അവൾ നേരെ ചെന്ന് കിച്ചൻ ഡ്രോയർ തുറന്ന് എന്‍റെ മുഴുവൻ സ്പൂണും ഫോർക്കുമെടുത്തു. “വീട്ടിൽ കുറച്ചുപേർ ലഞ്ചിനു വരുന്നുണ്ട്. എന്‍റെ കൈവശം സ്പൂണൊന്നും അധികമില്ല. നിങ്ങളിന്ന് കൈ കൊണ്ട് കഴിച്ചാൽ മതി. ങ്ഹാ, വേണ്ട ഈ രണ്ട് സ്പൂൺ വച്ചോ ബാക്കി വൈകുന്നേരം തരാം കേട്ടോ.” എന്നു പറഞ്ഞു കൊണ്ട് അവൾ പുറത്തേക്കോടി.

“ശരി വൈകുന്നേരം കാണാം. ഞാൻ ഫുഡ് കൊണ്ടുവരാം. നമുക്കൊരുമിച്ച് കഴിക്കാം.” അവൾ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.

എനിക്കവളുടെ പെരുമാറ്റം കണ്ടിട്ട് ചിരിയാണ് വന്നത്. എന്നേക്കാൾ ഏതാനും വർഷം ഇളയതാണ് അവൾ. അതുകൊണ്ടു കൂടി എനിക്കവൾ കുഞ്ഞനുജത്തിയെപ്പോലെയായിരുന്നു. വൈകുന്നേരമായി, പിന്നെ രാത്രിയായി. ഞാൻ രാത്രിയിലേക്കായി ഡിന്നർ തയ്യാറാക്കിയിരുന്നില്ല. ദീപ്തി വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. പറഞ്ഞതു പോലെ അവൾ സ്പൂണും ഫോർക്കും തിരികെ കൊണ്ടു വന്നു തന്നു.

“ഭക്ഷണമൊന്നും ബാക്കി വന്നില്ല. വന്നവരെല്ലാം മൊത്തം കഴിച്ചു. ഫ്രിഡ്ജിൽ എന്തെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ എടുക്ക് ഞാൻ അപ്പോഴേക്കും കിച്ചടി തയ്യാറാക്കാം.” വന്നയുടനെ അവൾ പറഞ്ഞു.

അങ്ങനെ മാസങ്ങൾ കടന്നു പോയി. എപ്പോഴാണെന്നറിയില്ല, അവളിൽ ചില വിചിത്രമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഒരിക്കൽ ഒരു സംഭവമുണ്ടായി ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലായിരുന്നു അവളുടെ പെരുമാറ്റം. ഞാൻ വീടിന് പുറത്ത് ഗെയിറ്റിനടുത്തായി നിൽക്കുകയായിരുന്നു, ഈ സമയം ദീപ്തി ജോലിയും കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. ദൂരെ നിന്നുള്ള അവളുടെ വരവ് കണ്ടപ്പോൾ തന്നെ മനസിൽ എന്തോ പന്തികേട് തോന്നി. ആകെ ആടിയുലഞ്ഞ പോലെയുള്ള വരവ്. അടുത്ത് വന്നപ്പോൾ ഞാനവളുടെ മുഖത്തേക്ക് നോക്കി. “എന്താ നീ ഇങ്ങനെ വളഞ്ഞു പുളഞ്ഞു നടക്കുന്നത്, എന്ത് പറ്റി? എന്തെങ്കിലും പ്രോബ്ളം ഉണ്ടോ?”

എന്‍റെ ചോദ്യം കേട്ട് അവൾ ഉടനടി പൊട്ടിച്ചിരിച്ചു. അവളുടെ കവിളിലെ നുണക്കുഴികൾ വിരിഞ്ഞു. “ഏയ് ഒന്നുമില്ല. കുറച്ച് ദിവസമായി നേരെ നടക്കാൻ പറ്റുന്നില്ലായിരുന്നു. ഡോക്ടർ പറഞ്ഞത്. ക്ഷീണം കൊണ്ടായിരിക്കുമെന്നാ. അതുകൊണ്ട് കുറച്ച് വിറ്റാമിൻ കഴിക്കാൻ പറഞ്ഞു. പക്ഷേ എവിടെയോ എന്തോ പ്രശ്നമുള്ളതു പോലെ എനിക്ക് തോന്നുന്നു. നാളെ ഏതെങ്കിലും സ്പെഷ്യലിസ്റ്റിനെ കാണണമെന്ന് വിചാരിക്കുവാ. അയ്യോ… നേരം വൈകി. പോകട്ടെ.” എന്നു പറഞ്ഞു കൊണ്ട് ഇടറിയ കാലുകളോടെ അവൾ ആടിയാടി ഫ്ളാറ്റ് ലക്ഷ്യമാക്കി നടന്നു.

മൂന്ന് ദിവസത്തിനു ശേഷം അവളുടെ ഫോൺ വന്നു. “രജ്ഞനാ ഞാൻ ഹോസ്പിറ്റലിലാണ്. എല്ലാം പെട്ടെന്നായിരുന്നു. അതുകൊണ്ട് പറയാൻ പറ്റിയില്ല.”

“എന്ത്, ഹോസ്പിറ്റലിലോ? ഏത് ഹോസ്പിറ്റലിൽ, എന്താ നിനക്ക് പറ്റിയത്?”

“അയ്യോ പേടിക്കണ്ട, എന്‍റെ മസ്തിഷ്കത്തിൽ ഏതോ കീടം കടന്നു കൂടിയിരിക്കുന്നു. ഇതെനിക്ക് എപ്പോഴെ അറിയാമായിരുന്നു. ഇപ്പോ ന്യൂറോളജിസ്റ്റ് ഒരു ട്യൂമർ കണ്ടെത്തി. കീടങ്ങളുടെ വീടായിരിക്കുമത്” എന്ന് പറഞ്ഞു കൊണ്ട് അവൾ ഉച്ചത്തിൽ ചിരിച്ചു.

“നീ തെളിച്ച് പറ. ഇങ്ങനെ കടങ്കഥ പറയാതെ?” ഞാനവളോട് ദേഷ്യത്തോടെ പറഞ്ഞു.

“ഉടനടി സർജറി ചെയ്യണമെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഞാനും സമ്മതിച്ചു. അതുകൊണ്ട് അമ്മയോട് ഡെറാഡൂണിൽ നിന്നും വരാൻ പറഞ്ഞിട്ടുണ്ട്. നാളെയാണ് സർജറി എന്നെ കാണാൻ നീ വരുമല്ലോ അല്ലേ?”

ഒരു നിമിഷം സ്‌ഥലകാലബോധം നശിച്ചവളെ പോലെ ഞാൻ നിന്നു. മുന്നോട്ട് എന്ത് പറയണമെന്നറിയാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

ഇത്രയും സങ്കീർണ്ണമായ സർജറിയ്ക്ക് തൊട്ട് തലേന്നുള്ള സന്ധ്യയ്ക്ക് യാതൊരു ടെൻഷനുമില്ലാതെയിരിക്കാൻ ആർക്കാണ് കഴിയുക.

അവളുടെ മമ്മിയെ കണ്ട് ദീപ്തിയുടെ ആരോഗ്യവിവരം അറിയുന്നതിനായി ഞാനെന്നും ഹോസ്പിറ്റലിൽ പോയി കൊണ്ടിരുന്നു. 5 ദിവസത്തിനു ശേഷം അവളെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി. അവളുടെ മനോഹരമായ മുടിയൊക്കെയും മുറിച്ച് കളഞ്ഞിരുന്നു. മാത്രവുമല്ല ശിരസ്സിൽ ബാൻഡേജും ഇട്ടിരുന്നു. ഏറെ ക്ഷീണിതയായിരിക്കുന്നു അവൾ. പക്ഷേ അവളുടെ പുഞ്ചിരിയ്ക്ക് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. എത്ര ധൈര്യശാലിയാണവൾ. അവളെക്കുറിച്ചോർത്ത് എനിക്ക് മനസിൽ അഭിമാനം തോന്നി.

പക്ഷേ അവളുടെ മുഖത്ത് എന്തോ ഒരു മാറ്റമുണ്ടായതു പോലെ എനിക്ക് തോന്നി. മുഖത്തിന്‍റെ ഷെയ്പ് ആകെ മാറിയിരിക്കുന്നു. പക്ഷേ ചോദിക്കാൻ ധൈര്യമുണ്ടാകാതെ മനസിലുണർന്ന സങ്കടത്തെ കടിച്ചമർത്തി.

എന്‍റെ മുഖത്തെ ഭാവമാറ്റം അവൾ പെട്ടെന്ന് കണ്ടുപിടിച്ചു. “എന്താ നോക്കുന്നത്, എന്‍റെ മുഖം വളഞ്ഞിരിക്കുന്നുവല്ലേ? ആ തെമ്മാടി ട്യൂമർ ഉണ്ടല്ലോ എന്‍റെ മസ്തിഷ്കത്തിലെ നെർവിനെയൊക്കെ ചുറ്റിപിണഞ്ഞിരിക്കുകയായിരുന്നു. പാവം സർജൻ കുറേ ശ്രമിച്ചു. ഒടുവിൽ ആ നെർവിനെ മുറിക്കേണ്ടി വന്നു.” എന്നു പറഞ്ഞു കൊണ്ട് അവൾ പൊട്ടിച്ചിരിച്ചു. ആ ചിരിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന സങ്കടവും നിരാശയും എനിക്ക് വ്യക്‌തമായി കാണാമായിരുന്നു.

“ജീവൻ തിരിച്ചു കിട്ടിയത് വളരെ ഭാഗ്യമായെന്നാ ഡോക്ടർ പറഞ്ഞത്. പിന്നെന്ത് മുഖം? എന്നെ മനസിലാകുന്നവർ, സ്നേഹിക്കുന്നവർ ഞാൻ ജീവനോടെയിരിക്കുന്നത് കാണാനല്ലേ ഇഷ്ടപ്പെടുക. എന്നെ മനസിലാക്കാത്തവർ എന്ത് വേണേലും ചിന്തിച്ചോട്ടെ. അതെന്നെ ബാധിക്കുന്ന കാര്യമല്ല. അതല്ലേ ശരി?” പിന്നെയും അവൾ ആയിരം വാട്ട് പവറുള്ള ബൾബു പോലെ പുഞ്ചിരിച്ചു.

ഈ ചെറുപ്രായത്തിൽ നേരിട്ട ഇത്രയും വലിയ പ്രഹരം അവൾ എങ്ങനെയോ ചിരിച്ചു കൊണ്ട് അഭിമുഖീകരിക്കുകയായിരുന്നു. അവളെനിക്കൊരു അദ്ഭുതമായിരുന്നു. ഹോസ്പിറ്റലിലെ മണി മുഴങ്ങി. സന്ദർശകരുടെ സമയം കഴിഞ്ഞിരിക്കുന്നു.

ഞാൻ പതിയെ യാന്ത്രികമായി ഹോസ്പിറ്റലിന്‍റെ പടിയിറങ്ങി വീട്ടിലേക്ക് മടങ്ങി. വഴിയിലുടനീളം അവളെക്കുറിച്ചുള്ള ചിന്തയായിരുന്നു മനസിൽ. വിധി അവളോട് എത്ര വലിയ അന്യായമാണ് കാട്ടിയത്. രണ്ട് ദിവസത്തിനു ശേഷം ഞാൻ വീണ്ടും അവളെ കാണാനായി ഹോസ്പിറ്റലിലെത്തി. ദീപ്തി കറുത്ത കണ്ണട ധരിച്ച് കിടക്കയിൽ കിടക്കുകയായിരുന്നു.

“ഹായ്, എന്താ സ്റ്റൈൽ. അകത്ത് മുറിയിലിരിക്കുമ്പോൾ കറുത്ത കണ്ണടയോ?” പെട്ടെന്ന് ഒന്നുമാലോചിക്കാതെ ഞാനവളെ കണ്ടയുടനെ പറഞ്ഞു. പക്ഷേ അവളുടെ നിരാശപൂണ്ട മുഖം കണ്ടപ്പോൾ എനിക്ക് ഉള്ളിൽ കുറ്റബോധം തോന്നി. അവളുടെ കോടിയ മുഖം കണ്ടപ്പോൾ എന്‍റെ മനസ് കുറ്റബോധം കൊണ്ട് നീറി.

“പരാലിസിസ് വന്നതു കൊണ്ട് കണ്ണിമ വെട്ടുന്നില്ല. ഇൻഫക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടർ കണ്ണട ധരിക്കാൻ പറഞ്ഞിരിക്കുകയാ” അവൾ ഗൗരവം പൂണ്ട ശബ്ദത്തിൽ പറഞ്ഞു. സർജറിക്ക് ശേഷം അന്നാദ്യമായാണ് ഞാനവളെ അസ്വസ്ഥയായി കണ്ടത്.

അവളെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ പറഞ്ഞു.“സാരമില്ല കുറച്ചു ദിവസത്തെ കാര്യമല്ലേ, എല്ലാം ശരിയാകും” പക്ഷേ അവളുടെ ആ അവസ്‌ഥ കാണാനുള്ള കരുത്ത് എനിക്കുണ്ടായിരുന്നില്ല.

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് വാങ്ങിയ ശേഷം കുറച്ചു നാളത്തെ പരിപൂർണ്ണ വിശ്രമം ആവശ്യമുള്ളതിനാൽ അവൾ മാതാപിതാക്കൾക്കൊപ്പം ഡെറാഡൂണിലേക്ക് മടങ്ങി. ഏകദേശം 2 മാസത്തെ വിശ്രമത്തിനു ശേഷം അവൾ ഡൽഹിയിലെ സ്വന്തം ഫ്ളാറ്റിലെത്തി.

അതെ പോലെ മെലിഞ്ഞ് നീണ്ട് ആത്മവിശ്വാസമുള്ള പെൺകുട്ടിയായി. അവളുടെ ശിരസിൽ മുടി വളർന്നിരുന്നു. പക്ഷേ ഒരെയൊരു വ്യത്യാസം മാത്രം. അവൾ എപ്പോഴും കണ്ണട ധരിച്ചിരുന്നുവെന്നതാണ്. അടഞ്ഞു പോയ ഇടതു കണ്ണും വികലമായ മുഖത്തിന്‍റെ ഏറെക്കുറെ ഭാഗം പുറമേക്ക് പ്രകടമാകാതിരിക്കാനുമായിരുന്നുവത്.

ഒരു ദിവസം വൈകുന്നേരം കോളനിയിലെ വാക്‌വേയിലൂടെ നടക്കവെ അവൾ മനസിൽ മൂടികിടന്ന ആ സങ്കടം അവസാനം എന്നോട് പങ്കുവച്ചു.

“രജ്ഞനാ, എന്‍റെ ഈ മുഖം കണ്ടിട്ട് ദീപക് എന്നെ പഴയതു പോലെ സ്നേഹിക്കുമെന്ന് നീ വിചാരിക്കുന്നുണ്ടോ? എന്നെ വിവാഹം ചെയ്യാൻ അയാൾ ഇപ്പോഴും തയ്യാറാണെന്ന് കരുതുന്നുണ്ടോ?”

അവളുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടിയാണ് നൽകേണ്ടതെന്നറിയാതെ ഞാൻ പകച്ചു നിന്നു. ഞാൻ ദീപക്കിനെ ഒരിക്കൽ പോലും കണ്ടിട്ടില്ല. എന്നാലും അവളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ആശ്വസിപ്പിക്കേണ്ടതാവശ്യമാണ്. “അയാൾ നിന്നെ സത്യസന്ധമായി സ്നേഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും വിവാഹം ചെയ്യും.” അവളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഞാനീ മറുപടി പറഞ്ഞതെന്ന് എനിക്കറിയാമായിരുന്നു.

“നിനക്കറിയാമോ രജ്ഞനാ, ദീപക് എനിക്ക് കുറേ മെസേജ് അയച്ചിരുന്നു. കുറേ തവണ അവൻ വിളിക്കുകയും ചെയ്‌തിരുന്നു. പക്ഷേ അതിനൊന്നും മറുപടി കൊടുക്കാൻ എനിക്കാവുമായിരുന്നില്ല.”

അവൾ തന്‍റെ ദുപ്പട്ട കൊണ്ട് വിരലുകൾ പൊതിഞ്ഞു പിടിക്കുന്നത് അവളറിയാതെ ഞാൻ ശ്രദ്ധിച്ചു. അവളാകെ അസ്വസ്ഥയും ദുഃഖിതയുമാണെന്ന് അവളുടെ ചലനങ്ങളിൽ നിന്നും വാക്കുകളിൽ നിന്നും എനിക്ക് വായിച്ചറിയാൻ കഴിയുമായിരുന്നു.

“എന്തിനാ മണ്ടി അങ്ങനെയൊക്കെ ചിന്തിക്കുന്നത്? നീ അവനോട് സർജറിയെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ലേ? അവനെന്തു മാത്രം നിന്നെക്കുറിച്ചോർത്ത് വിഷമിക്കുന്നുണ്ടാകും?”

ഞാനവളെ സ്നേഹത്തോടെ ശാസിച്ചു “അതൊക്കെ എനിക്ക് മനസിലാവും. സർജറി ടൈമിൽ ദീപക്കിന്‍റെ സെമസ്റ്റർ എക്സാമായിരുന്നു. എന്തിനാ വെറുതെ ടെൻഷനടിപ്പിക്കുന്നത്. പിന്നെ ആലോചിച്ചപ്പോൾ എന്താണ് പറയേണ്ടതെന്നായി. ഏന്‍റെ കണ്ണുകളെയാണോ ദീപക് ഏറെ മോഹിച്ചിരുന്നത്, അതിൽ ഒരെണ്ണം എന്നന്നേക്കുമായി… ഇനിയെന്നെ ദീപക് വിവാഹം ചെയ്യുമെന്ന പ്രതീക്ഷ എനിക്കില്ല.”

“പക്ഷേ ദീപക് വാക്ക് തന്നതല്ലേ, നീയവനോട് പറയേണ്ടതായിരുന്നു. അതിനുള്ള അവകാശം ദീപക്കിനുണ്ടല്ലോ അല്ലേ?”

“എനിക്കറിയാം രജ്ഞനാ, പക്ഷേ തിരസ്കാരത്തെ ഭയന്നാണ് ഞാൻ… അവനെന്നെ വേണ്ടാന്നു വച്ചാലോ?”

“പക്ഷേ ഇക്കാര്യം അറിയാനുള്ള അവകാശം അവനില്ലേ?” ഞാൻ വീണ്ടും അവളോട് അതേ ചോദ്യം ആവർത്തിച്ചു.

“പക്ഷേ ഒറ്റക്കണ്ണിയെ വിവാഹം ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് അവൻ കരുതില്ലേ? അങ്ങനെ നിർബന്ധമില്ലല്ലോ. മാത്രവുമല്ല അവന്‍റെ ജീവിതത്തെ നശിപ്പിക്കാൻ യാതൊരു അവകാശവും എനിക്കില്ല. ഇപ്പോഴാണെങ്കിൽ ഞങ്ങളുടെ വിവാഹവും നടന്നിട്ടില്ല. അവൻ മറ്റേതെങ്കിലും നല്ല പെൺകുട്ടിയെ…”

അവളുടെ തൊണ്ടയിൽ വാക്കുകൾ കുരങ്ങി നിന്നു പോയ പോലെ… നടന്ന് ഫ്ളാറ്റിനടുത്ത് എത്തിയതിനാൽ തുടർന്നൊന്നും പറയാതെ അവൾ വേഗത്തിൽ സ്വന്തം ഫ്ളാറ്റിലേക്ക് മടങ്ങി. വൈകുന്നേരത്തെ ഇരുട്ടിലും അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണീർ എനിക്ക് കാണാനാവുമായിരുന്നു.

അടുത്ത 2-3 ആഴ്ച ജോലി സംബന്ധമായ തിരക്കുകളിലായിരുന്നു ഞാൻ. ബാങ്കിൽ ഇൻസ്പെക്ഷൻ നടക്കുകയാണ്. ഒരു ദിവസം യാദൃശ്ചികമായി ദീപ്തി ടാക്സിയിൽ എങ്ങോട്ടോ പോകുന്നത് കണ്ടു. എന്നെ കണ്ടയുടനെ അവൾ ടാക്സി നിർത്തിച്ചു.

“രജ്ഞനാ, എനിക്ക് ട്രാൻസ്ഫർ കിട്ടി. ഡൽഹിക്ക് പുറത്താണ്.”

“എന്ത്? എങ്ങോട്ട് പോവുകയാണ്?”

“എല്ലാം ഞാൻ പറയാം. ഇപ്പോഴല്ലാ. ഫ്ളൈറ്റ് വിട്ടു പോകും. അവിടെ എത്തിയിട്ട് ഫോൺ ചെയ്യാം. ബൈ രജ്ഞനാ” എന്നു പറഞ്ഞു കൊണ്ട് ടാക്സി മുന്നോട്ടെടുക്കാൻ അവൾ ഡ്രൈവറോട് ആംഗ്യം കാട്ടി.

ടാക്സി പോകുന്നതും നോക്കി ഞാൻ അവിടെ തന്നെ പകച്ചു നിന്നു. പിന്നെ നിരാശയോടെ വീട്ടിലേക്ക് മടങ്ങി. ഇതെന്ത് ഫെയർവെല്ലാണ്? കൂട്ടുകാരിയെ വിട്ടുപോയതിൽ ദേഷ്യവും ഒപ്പം സങ്കടവും തോന്നി. ഞാനവിടെ നിന്നതു കൊണ്ടല്ലേ അവൾ ഇക്കാര്യം പറഞ്ഞത്. അല്ലായിരുന്നുവെങ്കിൽ അവൾ പറയുമായിരുന്നില്ലല്ലോ. ഇതാണോ സൗഹൃദം എന്ന് പറയുന്നത്?

ഞാനവളുടെ കോളിനായി ആഴ്ചകളോളം കാത്തിരുന്നു. പക്ഷേ ഒരു ഫോണോ സന്ദേശമോ ഒന്നുമുണ്ടായില്ല. അവൾ ഏത് നഗരത്തിലേക്കാണ് ട്രാൻസ്ഫറായി പോയതെന്ന കാര്യവും കൂടി എനിക്കറിയുമായിരുന്നില്ല. അവളുടെ ഫോണിലേക്ക് വിളിക്കുമ്പോഴൊക്കെ സ്വിച്ച്ഡ് ഓഫ് അല്ലെങ്കിൽ ഔട്ട് ഓഫ് കവറേജ് ഏരിയ എന്ന സന്ദേശമാണ് കേൾക്കാനായത്. കുറച്ചുനാൾ കഴിഞ്ഞതോടെ ആ നമ്പർ നിലവില്ല എന്ന സന്ദേശമാണ് കിട്ടിയത്.

ഒരു പക്ഷേ അവൾ തന്‍റെ ഫോൺ തന്നെ മാറി കാണും. എന്നെ വിളിക്കണമെന്നത് ഒരാവശ്യമായി അവൾക്ക് തോന്നി കാണില്ലായിരിക്കും. അവൾ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടും ഡി ആക്ടിവേറ്റ് ചെയ്തിരുന്നു. അവൾക്കയച്ചിരുന്ന മെയിലുകൾ തിരികെ വന്നു.

അവളുടെ സങ്കടമോർത്ത് ആദ്യം മുതലെ മനസ് അസ്വസ്ഥമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്കവളോട് ദേഷ്യമാണ് തോന്നിയത്. എന്‍റെ സ്നേഹത്തെ, സൗഹൃദത്തെ അവൾ തമാശയായി കണ്ടതിലുള്ള ദേഷ്യമായിരുന്നു എനിക്കവളോട്. അവൾ എവിടെയായിരിക്കും.

ഈ സംഭവം കഴിഞ്ഞിട്ടിപ്പോൾ വർഷങ്ങളായിരിക്കുന്നു. ജീവിതം അതിന്‍റെ യാത്ര തുടർന്നു കൊണ്ടേയിരുന്നു. പുതിയ ബന്ധങ്ങൾ വന്നു ചേർന്നു. ഔദ്യോഗിക ജീവിതത്തിലെ വർദ്ധിച്ച ഉത്തരവാദിത്തങ്ങളും 2 കുട്ടികളുടെ വളർച്ചയും തിരക്കുകളുമൊക്കെയായി സമയമൊട്ടുമില്ലാതെയായി. ദീപ്തിയിലൂടെ വന്ന ആഘാതവും ഇപ്പോൾ ഏറെക്കുറെ മാഞ്ഞിരുന്നു.

എന്നാലും ഇടയ്ക്കിടെ നീറുന്ന വേദനയോടെ അവൾ മനസിൽ ഓടിയെത്തുമായിരുന്നു. അവൾ എവിടെയായിരിക്കും. എങ്ങനെ കഴിയുന്നുവെന്നൊക്കെയുള്ള ചിന്തകൾ മനസിലുണ്ടാകുമായിരുന്നു.

ഒരു ദിവസം ഓഫീസിൽ നിന്നും എനിക്കൊരു പ്രത്യേക അറിയിപ്പു കിട്ടി. അഹമ്മദാബാദിലെ പ്രശസ്തമായ സ്‌ഥാപനത്തിൽ 3 ദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നിർദ്ദേശമായിരുന്നുവത്. പക്ഷേ പോകാൻ എനിക്കൊട്ടും മനസു തോന്നിയില്ല. നല്ലൊരു ട്രെയിനിംഗ് പ്രോഗ്രാമായതിനാൽ വിട്ടു കളയാൻ മനസും വന്നില്ല. അങ്ങനെ ഞാൻ അഹമ്മദാബാദിലെത്തി. പ്രോഗ്രാമിൽ പങ്കെടുക്കാൻ പല പല സ്‌ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും ഓഫീസർമാർ എത്തിയിരുന്നു.

ആദ്യ ദിനം പരിശീലകർ സ്വയം പരിചയപ്പെടുത്തി. ഇതിനിടെ വേദിയിൽ ഒരു വ്യക്‌തി സ്വയം പരിചയപ്പെടുത്തുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ദീപ്തി ജോലി ചെയ്‌തിരുന്ന ബാങ്കിലെ ഉദ്യോഗസ്‌ഥനായിരുന്നുവത്. അവസരം കിട്ടുമ്പോൾ അദ്ദേഹത്തെ കണ്ട് ദീപ്തിയെക്കുറിച്ച് ചോദിച്ചറിയാമെന്ന് ഞാൻ മനസിൽ കണക്കു കൂട്ടി. അതിനുള്ള അവസരവും സംജാതമായി. അടുത്ത ദിവസം ലഞ്ച് ടൈമിൽ ഞങ്ങൾ ഒരേ ടേബിളിലാണ് ഇരുന്നത്. ഈയവസരം നോക്കി ഞാനയാളോട് ദീപ്തിയെക്കുറിച്ച് ചോദിച്ചു.

“താങ്കൾക്ക് ദീപ്തിയെ അറിയാമോ? കുറേ വർഷം മുമ്പ് ഡൽഹി ഹെഡ് ഓഫീസിൽ ആയിരുന്നു. പക്ഷേ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല?”

“വളരെ നന്നായി അറിയാം. എന്‍റെ ബാച്ച്മേറ്റായിരുന്നു. ഇപ്പോൾ മുംബൈ മെയിൻ ബ്രാഞ്ചിലാണ് ദീപ്തി. താങ്കൾക്ക് അവരെ പരിചയമുണ്ടോ?”

“യെസ് കുറച്ച് വർഷം മുമ്പാണ് പരിചയപ്പെട്ടത്. ഞങ്ങളുടെ വീടിനടുത്തായിരുന്നു താമസം.” അവളെന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നുവെന്ന് എങ്ങനെ അദ്ദേഹത്തോട് പറയുമെന്ന ആശങ്കയിലായി ഞാൻ.

“ദീപ്തി ഇപ്പോഴും അൺമാരീഡാണോ അതോ വിവാഹം കഴിഞ്ഞോ?” അൽപം സങ്കോചത്തോടെയാണെങ്കിലും ഞാനയാളോട് ചോദിച്ചു.

“ങ്ഹാ, ദീപ്തിയുടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ 6-7 വർഷമായി. മുംബൈയിൽ എത്തി കുറച്ചുനാൾ കഴിഞ്ഞായിരുന്നു വിവാഹം. ഭർത്താവ് അറിയപ്പെടുന്ന ഫിനാൻഷ്യൽ അനലിസ്റ്റാണ്. പല വൻകിട കമ്പനികൾ അദ്ദേഹത്തെ ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുകയാണ്. അത്രയ്ക്ക് കഴിവുറ്റയാളാണ്. അമേരിക്കയിൽ പഠനം നടത്തിയയാളാണെന്ന് കേട്ടിട്ടുണ്ട്. അവിടെ അദ്ദേഹത്തിന് മികച്ച അവസരങ്ങൾ കിട്ടിയതാണ്. പക്ഷേ ഇന്ത്യയിൽ സേവനം നടത്താനാണ് അദ്ദേഹത്തിനിഷ്ടം.”

“ഹൗ ക്യൂട്ട്, വളരെ നല്ല കാര്യം” ഞാൻ ആശ്ചര്യം പ്രകടിപ്പിച്ചു.

“അതെ… താങ്കൾക്ക് ഒരു പക്ഷേ അറിയില്ലായിരിക്കും അവരുടെ പ്രണയ കഥ വളരെ രസകരമായിരുന്നു. പാവത്തിന് ബ്രെയിൻ ട്യൂമറായിരുന്നു. സർജറിക്കിടെ ഡോക്ടർമാർക്ക് ചില പിഴവുകൾ സംഭവിച്ചു. അവരുടെ മുഖത്ത് പരാലിസിസ് ഉണ്ടായി. ആ സമയത്ത് അവരുടെ ബോയ്ഫ്രണ്ട് അതായത് പ്രതിശ്രുത വരൻ ദീപക് അമേരിക്കയിലായിരുന്നു. വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയാണ് അദ്ദേഹം അവിടെ പോയത്. പക്ഷേ അദ്ദേഹം ഈയവസ്‌ഥയിൽ ദീപ്തിയെ സ്വീകരിക്കുമോയെന്ന് ദീപ്തിക്ക് സംശയം ഉണ്ടായിരുന്നു. ഒട്ടും പ്രതീക്ഷയില്ലായിരുന്നു. അങ്ങനെയാണ് ദീപ്തി മുംബൈയിലേക്ക് ട്രാൻസ്ഫർ വാങ്ങിയത്. ദീപക് ദീപ്തിയെക്കുറിച്ച് അന്വേഷിച്ചാൽ ഒന്നും പറയരുതെന്ന് ഞങ്ങളിൽ നിന്നും ഉറപ്പും വാങ്ങിയിരുന്നു.” അയാൾ തമാശയെന്നോണം ദീപ്തിയുടെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

“ആണോ, പിന്നെ എന്താണ് സംഭവിച്ചത്?” കഥയുടെ ഈ ഭാഗം വരെ എനിക്കറിയാമെന്ന കാര്യം അദ്ദേഹത്തോട് ഞാനെങ്ങനെയാണ് പറയുക.

“ദീപ്തി വിചാരിച്ചത് തന്നെ സംഭവിച്ചു. യുഎസിൽ നിന്നും മടങ്ങിയ ദീപക് ദീപ്തിയെ അന്വേഷിച്ച് ഞങ്ങളുടെ ഓഫീസിൽ വന്നു. ദീപ്തിയ്ക്ക് വാക്ക് നൽകിയതിനാൽ ഞങ്ങളാരും തന്നെ ദീപക്കിനോട് ഒന്നും പറഞ്ഞില്ല. പക്ഷേ ഹെഡ് ഓഫീസിൽ പോസ്റ്റിംഗ് ഡീറ്റൈയിൽസ് രഹസ്യമാക്കി വയ്ക്കില്ലല്ലോ? അദ്ദേഹം എച്ച്ആറിലും വർക്കിംഗ് സെക്ഷനിലും പോയി ദീപ്തിയുടെ പോസ്റ്റിംഗ് ഡീറ്റെയിൽസ് എടുത്തു.”

അദ്ദേഹം രസകരമായ കഥ പോലെ സംഭവങ്ങൾ വിവരിച്ചു കൊണ്ടിരുന്നു. ഡൈനിംഗ് ടേബിളിൽ ഉണ്ടായിരുന്നവർ ദീപ്തിയുടെ പ്രണയകഥ ഏറെ കൗതുകത്തോടെ കേട്ടിരുന്നു.

“പിന്നീടന്ത് സംഭവിച്ചു? ദീപക് മുംബൈയിൽ പോയോ?” കഥയുടെ പര്യവസാനം എന്തായിരിക്കുമെന്നറിയാനായി ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

“ങ്ഹാ ദീപക് പോയല്ലോ? അദ്ദേഹം ആദ്യ ഫ്ളൈറ്റിൽ തന്നെ മുംബൈയിലേക്ക് പറന്നു.” കഥയിപ്പോൾ ക്ലൈമാക്സിലേക്ക് വേഗത്തിലടുത്തു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മേശക്കരികിൽ വന്നതിനാൽ എല്ലാവരും ബഹുമാനാർത്ഥം എഴുന്നേറ്റ് നിന്ന് അദ്ദേഹത്തോട് കോഴ്സ് സംബന്ധിച്ചുള്ള വിശദാംശങ്ങളെപ്പറ്റി സംസാരിക്കുന്ന തിരക്കിലായി. ദീപ്തിയുടെ പ്രണയകഥ അതോടെ അപൂർണ്ണമായ കഥയായി അവശേഷിച്ചു.

ലഞ്ചിനു ശേഷം തുടർന്ന ക്ലാസിൽ ശ്രദ്ധിക്കാൻ എനിക്കായില്ല. അടിക്കടി ദീപ്തിയുടെ പുഞ്ചിരിക്കുന്ന മുഖവും നുണക്കുഴികളും എന്‍റെ മനസിൽ തെളിഞ്ഞു വന്നു. അവളെ ഒരിക്കൽ കൂടി കാണണമെന്ന് മനസ് തീവ്രമായി ആഗ്രഹിച്ചു.

വൈകുന്നേരം ക്ലാസ് കഴിഞ്ഞയുടൻ ദീപ്തിയുടെ ബാച്ച്മേറ്റിൽ നിന്നും അവളുടെ ഫോൺ നമ്പർ വാങ്ങാമെന്ന് തീരുമാനിച്ചെങ്കിലും ക്ലാസ് കഴിയും മുമ്പെ തന്നെ അദ്ദേഹം അവിടെ നിന്നും പോയിരുന്നു. ഒരു പക്ഷേ ഫ്ളൈറ്റിനുള്ള സമയമായതിനാലാവണം അദ്ദേഹം വേഗം മടങ്ങിയത്.

പിറ്റേ ദിവസം രാവിലെയായിരുന്നു ഡൽഹിയിലേക്കുള്ള എന്‍റെ ഫ്ളൈറ്റ്. രാത്രി മുഴുവനും ദീപ്തിയെക്കുറിച്ച് ഞാൻ ആലോചിച്ച് കിടന്നു. ഒരിക്കലെങ്കിലും അവളെ കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ…

അതിരാവിലെ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടയിലും ദീപ്തിയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു മനസു മുഴുവനും. അവളിപ്പോൾ എങ്ങനെയായിരിക്കും ഉണ്ടായിരിക്കുക. പക്ഷേ ഇത് ടെലിപ്പതിയാണോ അതോ യാദൃശ്ചികതയോ എന്താണെന്നറിയില്ല. ദീപ്തിയെ യാദൃശ്ചികമായി സെക്യൂരിറ്റി ലോഞ്ചിൽ കണ്ട് ഞാൻ പകച്ചു നിന്നു. ഇത് സ്വപ്നമോ യാഥാർത്ഥ്യമോ…

അതേ മെലിഞ്ഞ് ആകൃതിയൊത്ത ശരീരം. അതേ, ചുമലോളം ഇടതൂർന്ന നീണ്ട മുടിയിഴകൾ. അതേ ഡ്രസ് കോഡ്, കാഷ്വൽ ഫേഡഡ് ജീൻസും അവളുടെ പ്രിയപ്പെട്ട നിറത്തിലുള്ള ചുവപ്പും കറുപ്പും ചെക്ക് ഡിസൈനിലുള്ള ഷർട്ടും അണിഞ്ഞ്. എപ്പോഴത്തെയും പോലെ അവൾ ഷർട്ടിന്‍റെ കൈ മുട്ടു വരെ മടക്കി വച്ചിരുന്നു. അവളിൽ ഒന്നും മാറ്റമുള്ളതായി തോന്നിയില്ല.

വികൃതിയായ ഒരു കുട്ടിയുടെ പിറകിൽ അവൾ ഓടുകയായിരുന്നു. ആ കുട്ടിയാകട്ടെ നേരെ എന്‍റെ മുന്നിലേക്ക് ഓടി വരികയായിരുന്നുതാനും. ഞാൻ മുന്നോട്ട് ചെന്ന് കുഞ്ഞിനെ പിടിച്ചത് കണ്ട് ദീപ്തി എന്നെ സൂക്ഷിച്ചു നോക്കി. എന്നെ തിരിച്ചറിഞ്ഞയുടൻ അവൾ ഒരു കൈ കൊണ്ട് കുഞ്ഞിനെ താങ്ങിയെടുത്ത് മറുകൈ കൊണ്ട് എന്നെ സ്വന്തം നെഞ്ചോട് ചേർത്തു പിടിച്ചു.

“രജ്ഞനാ, എത്ര വർഷങ്ങൾക്ക് ശേഷമാ നമ്മൾ കണ്ടുമുട്ടുന്നത്. നീ എവിടെയായിരുന്നു?”

“ഞാനാണോ പോയത് അതോ നീയോ? നീ എവിടെയോ രഹസ്യമായി മുങ്ങി. എത്രവർഷമായിരിക്കുന്നു. നിന്നെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. എങ്ങോട്ടാ പോയത്? നിനക്ക് സുഖമാണോ?” അവൾ എന്നെ നിറമിഴികളോടെ നോക്കി.

“സോറി മൈ ഡിയർ ഫ്രണ്ട്.” ഞാൻ നിന്നോട് മനഃപൂർവ്വമാണ് ഒന്നും പറയാതിരുന്നത്. ദീപക് എന്നെ അന്വേഷിച്ച് നമ്മുടെ കോളനിയിൽ വരുമെന്ന് ഉറപ്പായിരുന്നു. ആ സമയത്ത് എന്നെക്കുറിച്ച് നീ അദ്ദേഹത്തോട് പറയും. അദ്ദേഹത്തിൽ നിന്നും ഞാൻ അകന്നു പോകുന്നത് നിനക്കിഷ്ടമായിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.”

“പിന്നെ എങ്ങനെയാ ദീപക് നിന്നെ കണ്ടു പിടിച്ചത്? അത് മാത്രമോ ദീപക്കിനെ ചുറ്റിപ്പറ്റിയുള്ള നിന്‍റെ പേടി അർത്ഥശൂന്യങ്ങളായിരുന്നില്ലേ?”

“അതൊക്കെ വല്യ കഥയാ. സർജറിയെക്കുറിച്ച് പറയാതിരുന്നതിന് ദീപക്കിന് എന്നോട് കടുത്ത ദേഷ്യമായിരുന്നു. 3-4 മാസം കമ്മ്യൂണിക്കേഷൻ ഇല്ലാതിരുന്നതു കൊണ്ട് ദീപക് വലിയ സങ്കടത്തിലായിരുന്നു. ഇന്ത്യയിലെത്തിയയുടൻ അദ്ദേഹം നേരെ പോയത് എന്‍റെ പഴയ താമസസ്‌ഥലത്തേക്കാ, അവിടെ ആർക്കും എന്നെക്കുറിച്ച് പറയാൻ കഴിഞ്ഞില്ല.”

“പിറ്റേ ദിവസം എന്‍റെ ഓഫീസിലെത്തി. അവിടെ നിന്ന് എന്‍റെ പോസ്റ്റിംഗ് ഡീറ്റെയിൽസ് മനസിലാക്കി നേരെ മുംബൈയിൽ എന്‍റെ വീട്ടിലെത്തി. രാത്രി 11 മണിക്ക് ഡോർബെൽ മുഴങ്ങുന്നത് കേട്ട് ഞാനാദ്യം പേടിച്ചു പോയി. ജനാലയിലൂടെ നോക്കിയപ്പോൾ പുറത്ത് ദീപക്. വാതിൽ തുറക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. വാതിൽ തുറന്നയുടൻ ആദ്യം കുറേ വഴക്കു പറഞ്ഞു. പിന്നെ എന്‍റെ സർജറിയെക്കുറിച്ച് എല്ലാം ചോദിച്ചറിഞ്ഞു. പിന്നെ… മറ്റാരെയെങ്കിലും വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്ന് ഞാൻ ദീപക്കിനോട് പറഞ്ഞു. അത് കേട്ടയുടൻ ദീപക് ദേഷ്യപ്പെട്ടു.”

“എന്നിട്ട്?” ഞാൻ ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.

“എനിക്ക് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നീയെന്നെ വിട്ടു പോകുമായിരുന്നോയെന്ന് ദീപക് എന്നോട് ചോദിച്ചു. വിവാഹശേഷം ഇങ്ങനെ സംഭവിച്ചിരുന്നതെങ്കിൽ നീയെന്നെ ഡിവോഴ്സ് ചെയ്യുമായിരുന്നോ? പ്രാന്തി, നിനക്കെങ്ങനെ ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞു എന്നൊക്കെ പറഞ്ഞു.”

“ഞങ്ങൾ അന്ന് രാത്രി മുഴുവനും തർക്കിച്ചു കൊണ്ടിരുന്നു. രാവിലെയായപ്പോൾ ഞാൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാമെന്നും പറഞ്ഞ് ദീപക് കിച്ചനിൽ കയറി, എന്നോട് കുളിച്ച് റെഡിയാകാൻ പറഞ്ഞു. നമുക്ക് ഇന്നു തന്നെ രജിസ്റ്റർ മാര്യേജ് നടത്താമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ വിവാഹിതരായി.”

ദീപ്തിയുടെ മുഖത്ത് അപ്പോൾ ആയിരം വാട്ട് പ്രകാശമുള്ള ബൾബു പോലെ മനോഹരമായ പുഞ്ചിരി വിടർന്നു നിന്നു. അവളുടെ മുഖത്ത് പക്ഷാഘാതം ഉണ്ടായതിന്‍റെ അടയാളം മാഞ്ഞു പോയത് ഞാൻ ശ്രദ്ധിച്ചു. കണ്ണും അടഞ്ഞിരുന്നില്ല. അത് മറയ്ക്കാനുള്ള വലിയ കറുത്ത കണ്ണടയും ഉണ്ടായിരുന്നില്ല.

“മുഖത്തെ കോട്ടം? കണ്ണട?” എങ്ങനെ ഏത് വിധത്തിൽ ചോദിക്കണമെന്ന രൂപം പോലും അപ്പോൾ എനിക്ക് ഉണ്ടായിരുന്നില്ല.

“ഈ ലോകത്ത് വലിയ അദ്ഭുതങ്ങളും നടക്കും. ആ അദ്ഭുതം എന്നിലും സംഭവിച്ചു. ഒരു വർഷം കഴിഞ്ഞ് മുഖം കോടിയിരുന്നത് താനെ മാറി. ദീപക് എന്നെ ചിരിപ്പിച്ചിട്ടാ അത് മാറിയതെന്നാ ദീപക് പറയുന്നത്. ചില കേസുകളിൽ മുറിഞ്ഞു പോയ നെർവ്വ് താനെ ജോയിന്‍റായി മുഖം പഴയ രൂപത്തിലാകുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. പറയാറില്ലേ… ഏത് രോഗത്തിനുമുള്ള ഔഷധമാണ് ശുദ്ധമായ സ്നേഹമെന്ന്.” എന്ന് പറഞ്ഞുകൊണ്ട് ദീപ്തി പൊട്ടിച്ചിരിച്ചു. പഴയ അതെ ഊർജജത്തോടെയുള്ള ചിരി. വീണ്ടും മനോഹരമായ നുണക്കുഴികൾ കവിളുകളിൽ വിരിഞ്ഞത് കണ്ട് എന്‍റെ കണ്ണും മനസും നിറഞ്ഞു.

പെട്ടെന്ന് അവളുടെ പേര് വിളിച്ചുള്ള പബ്ലിക് അനൗൺസ്മെന്‍റ് മുഴങ്ങി. ദീപ്തി എത്രയും വേഗം ഫ്ളൈറ്റിൽ കയറണമെന്ന് നിർദ്ദേശിച്ചുള്ളതായിരുന്നു അനൗൺസ്മെന്‍റ്.

അവൾ എന്നോട് യാത്ര പറഞ്ഞ ശേഷം മകന്‍റെ കൈ പിടിച്ചു കൊണ്ട് വിമാനത്തിനടുത്തേക്ക് തിടുക്കത്തിൽ നടന്നു. പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു മുംബൈയിലെത്തിയിട്ട് ഫോൺ ചെയ്യാമെന്ന് ആംഗ്യം കാട്ടി.

വീണ്ടും ഒരിക്കൽ കൂടി ദീപ്തി ആൾക്കൂട്ടത്തിനിടയിലെവിടെയോ മറഞ്ഞു. അന്ന് ഞാൻ ഏറെ സന്തോഷവതിയായിരുന്നു. വേദനാജനകമായ ഒരു അധ്യായം അവളുടെ ജീവിതത്തിൽ നിന്നും മറഞ്ഞു പോയതോർത്ത് ഞാനേറെ സന്തോഷിച്ചു.

ശരീരത്തിലും മനസിലും വരിഞ്ഞു മുറുകിയിരുന്ന കുറേ ചോദ്യങ്ങൾക്കും വേദനകൾക്കും സന്തോഷകരമായ പരിസമാപ്തി ഉണ്ടായതിന്‍റെ സന്തോഷത്തിൽ എന്‍റെ മനസ് തുള്ളിച്ചാടുകയായിരുന്നു.

ദിവ്യമായ സ്നേഹത്തിന്‍റെ ശക്തി കൊണ്ട് അവളുടെ ജീവിതം ധന്യമാക്കിയ ദീപക് എന്ന മഹദ് വ്യക്‌തിയോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹവും ആദരവുമാണപ്പോൾ തോന്നിയത്. പ്രകാശമായി പടരുന്ന അവളുടെ ചിരി എന്‍റെ മനസിൽ നിലാവു പോലെ പരന്നൊഴുകി.

നീതു ശ്രീവാസ്തവ സാമൂഹ്യപ്രവർത്തക

സമൂഹത്തിലെ നിർദ്ധനരേയും നിസ്സഹായരേയും വൃദ്ധരേയും പരിരക്ഷിക്കുകയും കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും സ്ത്രീകളെ വേശ്യാവൃത്തിയിൽ നിന്നും മോചിപ്പിക്കുകയും ചെയ്ത ധീരയായ സാമൂഹ്യ പ്രവർത്തക. 2019 മാർച്ചിൽ ശ്രുതി ഫൗണ്ടേഷന് തുടക്കം കുറിച്ച് സമൂഹത്തിലെ ഉപേക്ഷിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച് വരികയാണവർ. ഛത്തീസ് ഗഡിലെ ഭിലായ് പട്ടണത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന നീതു ശ്രീവാസ്തവ സ്ക്കൂളിൽ പഠിച്ചിരുന്ന കാലംതൊട്ടെ സമൂഹ നന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ ആഗ്രഹം മനസ്സിനുള്ളിൽ സൂക്ഷിച്ചിരുന്നു.

സോഷ്യൽ വർക്കിലും പൊളിറ്റിക്കൽ സയൻസിലും ബിരുദാനന്തര ബിരുദം നേടിയ നീതു ഐടിഐയിൽ നിന്നും ഇലക്ട്രോണിക്സിൽ പിജിയും കരസ്ഥമാക്കിയിട്ടുണ്ട്.

സാമൂഹ്യ സേവനരംഗത്ത് വരാനുള്ള പ്രേരണ?

സ്ക്കൂളിൽ പഠിച്ചിരുന്ന കാലം തൊട്ടേ സാമൂഹ്യ സേവനം എന്ന ചിന്ത മനസിലുണ്ടായിരുന്നു. സ്ക്കൂളിൽ സ്കൗട്ടിന്‍റെ ഭാഗമായി രോഗികളെ പരിചരിക്കുന്നതെങ്ങനെ എന്നൊക്കെ പരിശീലിക്കുന്നതിനായി ഞങ്ങൾ വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുമായിരുന്നു. അങ്ങനെ മനസ്സിൽ സാമൂഹ്യ സേവനം വളർന്നു കൊണ്ടിരുന്നു. സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവരിലായി എന്‍റെ ശ്രദ്ധ.

സാമൂഹ്യസംഘടനകളുമായി എങ്ങനെയാണ് ബന്ധപ്പെട്ടത്?

ഈ രംഗത്ത് ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യുകയെന്നത് അസാദ്ധ്യമായിരുന്നു. സമൂഹ നന്മയ്ക്കായി ചെയ്യുന്ന ഏത് കാര്യവും ഞാൻ എഫ്ബിയിൽ പങ്ക് വയ്ക്കുമായിരുന്നു. അങ്ങനെ ആളുകളും വിവിധ സാമൂഹ്യ സംഘടനകളും എന്നെ ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെയാണ് സാമൂഹ്യ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഓഫർ കിട്ടുന്നത്.

വിദ്യാഭ്യാസം ലഭിക്കാതിരിക്കുക, വേശ്യാവൃത്തി എന്നിവ രാജ്യത്തെ 2 വലിയ പ്രശ്നങ്ങളാണ്. ഇവയ്ക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് പറയാമോ?

ഇവ രണ്ടിനുമുള്ള കാരണങ്ങൾ പണത്തിന്‍റെ അഭാവവും നിസ്സഹായവസ്ഥയും വിദ്യാഭ്യാസമില്ലാത്തതുമാണ്. ഒപ്പം ആളുകൾക്കിടയിൽ വേണ്ടത്ര ബോധവൽക്കരണമില്ലാത്തതും ഒരു കാരണമാണ്. വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ട് ഇതിന്‍റെ മോശമായ പരിണിത ഫലങ്ങളെക്കുറിച്ച് പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവരെ ഇതിൽ നിന്നും മോചിപ്പിച്ച് പുനരധിവസിപ്പിക്കേണ്ടതുണ്ട്.

വലിയ സാമൂഹ്യ സംഘടനകൾക്ക് പേരുണ്ട്, കാഴ്ച വളരെ ചെറുതും. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

വലിയ വലിയ സംഘടനകൾ, പുറമേ നിന്ന് നോക്കുമ്പോൾ വളരെ വലുതായി തോന്നും. പക്ഷേ അകത്ത് വെറും പൊള്ളയായിരിക്കും. നമ്മുടെ സമൂഹത്തിലുള്ളവർ തന്നെ സമൂഹത്തെ സഹായിക്കാൻ മുന്നോട്ട് വരാതിരിക്കുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. എന്‍റെ യുദ്ധം ഇവിടെ നിന്നാണ് തുടങ്ങിയത്. ഗ്രൗണ്ട് ലെവലിൽ നിന്ന് പ്രവർത്തിച്ച് തുടങ്ങിയ എനിക്ക് ഈ ഫീൽഡിൽ വേറിട്ട പ്രവർത്തനം കാഴ്ച വയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്തെങ്കിലും ചെയ്യാൻ വലിയ ഡൊണേഷന്‍റെ ആവശ്യമൊന്നുമില്ല. ഭരണകൂടത്തിന്‍റെ സഹായ സഹകരണത്തിലൂടെ പല കാര്യങ്ങളും നമുക്ക് ചെയ്യാനാവും.

വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ടോ?

പലതരം വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ട്. പ്രത്യേകിച്ചും മെഡിക്കൽ ഫീൽഡിൽ. ആളുകൾക്ക് സഹായവും പണവും ആവശ്യമാണ്. ഈ സാഹചര്യത്തിൽ അവരെ പറഞ്ഞ് മനസ്സിലാക്കേണ്ടി വരും. ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ചെയ്യുന്നത് ശരിയാണെന്ന് അവരെ ബോധിപ്പിക്കേണ്ടി വരും. എന്തെങ്കിലും തർക്കങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ സാക്ഷി പറയുന്നതിൽ നിന്നും പിൻവാങ്ങും. അങ്ങനെ വരുമ്പോൾ ഏത് കേസായാലും ദുർബലമായി പോകുമല്ലോ.

സ്ത്രീകൾക്ക് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം?

നിങ്ങളുടെ ഉള്ളിൽ ഒരു സ്വപ്നമുണ്ടെങ്കിൽ എന്തെങ്കിലും ചെയ്യാൻ തീവ്രമായ ഇച്ഛയുണ്ടെങ്കിൽ സ്വയം ആത്മവിശ്വാസം വളർത്തിയെടുക്കുക. പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ തളർന്നു പോകരുത്. പ്രതിസന്ധികളുടെ സമയത്ത് കൂടെ ആരുമുണ്ടാവില്ലെങ്കിലും വിജയം വരിക്കുമ്പോൾ നിങ്ങൾക്ക് പിന്നാലെ ധാരാളം ആളുകൾ വരും.

ഞാൻ കണ്ട ലക്ഷദ്വീപ് – മിയാ

യാത്ര എപ്പോഴും എനിക്കിഷ്ടം തന്നെയാണ്. ഓരോ യാത്രയും നമുക്ക് പല അനുഭവങ്ങളാണ് പകർന്നു നൽകുന്നത്. വ്യത്യസ്‌തതരം ആളുകളേയും അവരുടെ ജീവിത രീതികളേയും ഭാഷയേയും അടുത്തറിയാനാകും. ഷൂട്ടിനായി ലക്ഷദ്വീപിലേക്കു നടത്തിയ ട്രിപ്പ് എനിക്ക് അവിസ്മരണീയമാണ്. ഇതുവരെ കാണാത്ത, അല്ലെങ്കിൽ കേൾക്കാത്ത ഒരു ലോകത്തേക്കാണ് അതെന്നെ എത്തിച്ചത്. അത്രമാത്രം ആകർഷകമായിരുന്നു അവിടുത്തെ കാഴ്ചകൾ. മിയ തന്‍റെ യാത്രാനുഭവങ്ങൾ ഓർമ്മയിൽ ഇഴനെയ്യുകയാണ്. കണ്ണും കാതും മനവും നിറഞ്ഞ നിമിഷങ്ങളിലേക്ക് മിഴി തുറക്കുകയാണ് ഈ താരം.

സച്ചി ചേട്ടൻ സംവിധാനം ചെയ്‌ത അനാർക്കലി എൺപത് ശതമാനത്തോളവും ഷൂട്ട് ചെയ്‌തത് ലക്ഷദ്വീപിൽ തന്നെയാണ്. ഒരു അഡ്വഞ്ചറസ് മൂവിയാണിത്. സിനിമയിലുടനീളം കടലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്. നമ്മൾ പറഞ്ഞുമാത്രം കേട്ടിട്ടുള്ള ലക്ഷദ്വീപിലെ കാഴ്ചകൾ നേരിൽ കാണാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം തോന്നി. എന്നോടൊപ്പം രാജുചേട്ടൻ (പൃഥിരാജ്), ബിജുചേട്ടൻ (ബിജുമേനോൻ), സുരേഷേട്ടൻ (സുരേഷ് കൃഷ്ണ) എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതിനാൽ ടീമംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ചുള്ള ഒരു യാത്രയും കൂടിയായിരുന്നു അത്.

കപ്പൽ യാത്ര രസകരം

കൊച്ചിയിലെ വില്ലിംഗ്ടൺ ഐലന്‍റിൽ നിന്നും ഞങ്ങൾ പുറപ്പെടുമ്പോൾ സമയം ഉച്ചകഴിഞ്ഞ് മൂന്നരയോളമായിരുന്നു. എല്ലാവരും വളരെ ജോളിയായിട്ടാണ് കാണപ്പെട്ടത്. താരങ്ങളും അണിയറ പ്രവർത്തകരും അടങ്ങിയ സംഘത്തിന്‍റെ യാത്ര. ഇതിനിടയിൽ തന്നെ സിനിമയുടെ ഭാഗങ്ങളും ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. ക്രൂയിസിലെ മണിക്കൂറുകളോളമുള്ള യാത്ര ഒരനുഭവം തന്നെയാണ്. ഒരു പുതിയ സഥലത്തേക്ക് പോകുന്നതിന്‍റെ ആകാംക്ഷയും മനസ്സിലുണ്ടായിരുന്നു.

കപ്പൽ പുറപ്പെട്ട് അധികം വൈകാതെ തന്നെ ഞങ്ങൾക്ക് കേരളതീരവുമായുള്ള ബന്ധം ഇല്ലാതായി. മൊബൈലിനാണെങ്കിൽ റെയ്ഞ്ചും കിട്ടുന്നില്ല. ടിവിയും മൊബൈലും ഒന്നുമില്ലാതെയുള്ള യാത്ര. സന്ധ്യയാകുമ്പോഴേക്കും പുറത്തേക്ക് ഒരു കാഴ്ചയുമില്ല. മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്‌ഥയും. പലപ്പോഴും ഷൂട്ടിനായി ക്രൂയിസ് പിടിച്ചിട്ടിരുന്നു. കപ്പലിൽ വച്ച് ഒരു സോംഗും ചിത്രീകരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ അങ്ങനെ ഞങ്ങൾ തീരത്തേക്കടുത്തു. അവിടെയെത്തിയപ്പോൾ മൊബൈലിന് റേയ്ഞ്ച് ലഭിച്ചിരുന്നു.

ലക്ഷദ്വീപ് നേർക്കാഴ്ചകൾ

ആദ്യമായി ലക്ഷദ്വീപിലെത്തിയ ഞങ്ങളെ ആകർഷിച്ചത് അവിടത്തെ തെങ്ങുകൾ തന്നെയാണ്. നമ്മുടേതിനെക്കാളും അധികം തെങ്ങുകൾ അവിടെയുണ്ടെന്ന് തോന്നിപ്പോകും. എല്ലാം തൊട്ടു തൊട്ടു നിൽക്കുകയാണ്. അതിനു ചുവട്ടിലൂടെ നടക്കാൻ തന്നെപേടി തോന്നും. തേങ്ങയെങ്ങാനും താഴെ വീണാലോ… റോഡുകൾ ഒക്കെ കോൺക്രീറ്റ് ചെയ്‌തിട്ടുണ്ട്. പക്ഷേ അവയൊക്കെ തീരെ വീതി കുറഞ്ഞവയുമാണ്. പെട്രോൾ പമ്പൊന്നും അവിടെയില്ല.

പൂച്ചയും കോഴിയുമൊക്കെ ഇഷ്ടം പോലെ കാണാൻ കഴിയും. എന്നാൽ കാക്കയോ പാമ്പോ ഒന്നും ഉണ്ടായിരുന്നില്ല. അവിടെ സാധനങ്ങൾ ഒക്കെ വാങ്ങാൻ കിട്ടും. പക്ഷേ അത് കൊച്ചിയിൽ നിന്നോ കോഴിക്കോട്ടു നിന്നോ എത്തിക്കുകയാണ്. അരി പോലും തീർന്നു പോയാൽ അതു വരുന്നതു നോക്കിയിരിക്കേണ്ട അവസ്‌ഥ. ഷോപ്പുകൾ അത്യാവശ്യം ഉണ്ട്. ഹോസ്പിറ്റൽ സൗകര്യവും ലഭിക്കും. തീയേറ്റർ അവിടെയില്ല. അവർക്ക് ടിവി തന്നെയാണ് ആശ്രയം.

സ്നേഹമുള്ള ദ്വീപുവാസികൾ

അവിടുത്തെ ജനങ്ങളുടെ സ്നേഹം കാണണം. ഞങ്ങൾ കേരളത്തിൽ നിന്നു വന്ന ഷൂട്ടിംഗ് സംഘമാണെന്ന് അറിഞ്ഞതു മുതൽ കാഴ്ചക്കാരായി നിരവധിയാളുകൾ എത്തിക്കൊണ്ടിരുന്നു. താരങ്ങളെയൊക്കെ അവർക്ക് വലിയ കാര്യമാണെന്നു തോന്നുന്നു. അവർ വീട്ടിലേക്ക് ക്ഷണിക്കും. അതൊക്കെ അവർക്ക് വലിയ സന്തോഷമാണ്. നമ്മളെ പരിചയമില്ലെങ്കിൽ പോലും അതൊന്നും കാണിക്കില്ല. പലരും കല്യാണമൊക്കെ ക്ഷണിക്കാൻ വന്നിരുന്നു. സ്നേഹമുള്ളവരും സൽക്കാരപ്രിയരുമാണ് അവിടുത്തുകാർ. ലക്ഷദ്വീപിലെ ഭക്ഷണമൊക്കെ തയ്യാറാക്കി തരും. വീടിന്‍റെ പരിസരമൊക്കെ വളരെ വൃത്തിയോടെയാണ് സൂക്ഷിക്കുന്നത്. വേസ്‌റ്റ് ഒന്നും ഒരിടത്തും ഇട്ടു കണ്ടിട്ടില്ല.

അവർ നല്ലതുപോലെ മലയാളം സംസാരിക്കുന്നവരാണ്. പക്ഷേ അവരുടേതായ ജസീരി ലാംഗ്വേജാണ് കൂടുതലായി പറയുന്നത്. മലയാളികളെ കാണുമ്പോൾ മലയാളം പറയും. ചിലപ്പോൾ നമുക്ക് ഒന്നും മനസ്സിലാകില്ല. പിന്നെ, പുറകോട്ട് എന്നിവയൊക്കെ പറയുമ്പോൾ ഫലത്തിന്‍റെ ഫ യാണ് ഉപയോഗിക്കുന്നത്. അവരുടെ ഭാഷയ്‌ക്ക് ലിപിയില്ല.

ഞങ്ങൾ ചെല്ലുമ്പോൾ അവിടെ നല്ല ചൂടുള്ള ദിവസങ്ങളായിരുന്നു. 45 ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. ഫുൾസീനും ഔട്ട്ഡോർ തന്നെ. 55 ഡിഗ്രി വരെ ഒക്കെ വന്ന ദിവസങ്ങളുണ്ട്. ഞങ്ങൾ ഇടയ്‌ക്കിടെ വെള്ളം കുടിച്ചു കൊണ്ടിരിക്കും. മൂവിയുടെ പോർഷൻ ഡബ്ബ് ചെയ്യാൻ പോയപ്പോൾ ഞാൻ സീനുകൾ കണ്ടിരുന്നു. ലക്ഷദ്വീപിനെ നല്ലപോലെ അടുത്തറിയാൻ ഈ പടം സഹായിക്കും. ഹെലിക്യാം ഉപയോഗിച്ചും ഷൂട്ട് നടത്തിയിരുന്നു. അവിടുത്തെ കൾച്ചർ സിനിമയിൽ വ്യക്‌തമാക്കുന്നുമുണ്ട്.

സ്കൂബാ ഡൈവിംഗ് ത്രില്ലടിപ്പിച്ചു

എന്തൊരു രസ കരമായിരുന്നെന്നോ… ഞങ്ങൾ പലപ്പോഴായി സ്കൂബാ ഡൈവിംഗ് പ്രാക്ടീസ് ചെയ്തിരുന്നു. അതിനായി പ്രത്യേകം ഇൻസ്ട്രക്‌റ്റർ ഉണ്ടായിരുന്നു. രാജുചേട്ടനും ബിജുചേട്ടനുമൊക്കെ ഒഴിവു സമയത്തൊക്കെ കടൽ തീരത്തുതന്നെയായിരിക്കും. എന്നോടൊപ്പം സഹതാരങ്ങളായ പ്രിയാ ഗോയൽ, സംസ്കൃതി ഷേണായ് എന്നിവരും ഉണ്ടായിരുന്നു. എല്ലാവർക്കും സ്കൂബാ ഡൈവിംഗ് ഏറെയിഷ്ടമായി.

ചെറിയ പ്രാക്ടീസ് എടുത്തു മാത്രമേ നമുക്ക് കടലിലിറങ്ങാൻ കഴിയൂ. അബ്ദു, നിസാം എന്നീ രണ്ട് ഇൻസ്ട്രക്റ്റർമാരാണ് ഉണ്ടായിരുന്നത്. ഇവരുടെ നിർദേശപ്രകാരം സാൻഡി ബീച്ചിലാണ് ഞങ്ങൾ ഡൈവിംഗ് നടത്തിയത്. അബ്ദു ചീഫ് ഇൻസ്ട്രക്റ്ററാണ്. ഇദ്ദേഹമാണ് സർട്ടിഫൈ ചെയ്‌ത് നമ്മളെ കടത്തി വിടുക. ഭയങ്കര സപ്പോർട്ടീവായിരുന്നു. ഒരാളുടെ കൂടെ ഒരു ഇൻസ്ട്രക്റ്റർ വേണമെന്നാണ്, എങ്കിൽ മാത്രമേ ഡൈവിംഗിന് പോകാൻ കഴിയൂ.

ആദ്യ ദിവസം എനിക്ക് നാലുമീറ്ററും പിന്നെ പത്തു മീറ്ററും തുടർന്ന് പതിനഞ്ചു മീറ്ററും ആഴത്തിൽ പോകാൻ കഴിഞ്ഞു. രാജുചേട്ടൻ ഒരു സ്കൂബാ ഡൈവിംഗ് ഇൻസ്ട്രക്റ്ററുടെ റോളിലാണ്. ഡൈവിംഗ് സിനിമയിൽ നല്ലതുപോലെ ചിത്രീകരിച്ചിട്ടുമുണ്ട്. അത് നല്ലൊരു അനുഭവമായിരുന്നു.

വിശാലമായ ലോകം

അമ്പരപ്പിക്കുന്ന ഒരു ലോകമാണ് കടലിന്‍റെ അടിത്തട്ട്. അതിലെ കാഴ്ചകൾ ഒന്നു കാണണം. എന്തൊക്കെയാണ് ഈ ഭൂമിയിൽ സൃഷ്ടിച്ചിരിക്കുന്നതെന്ന് തോന്നും. അയ്യയ്യോ, മീനുകളെയൊക്കെ ഒന്നു കാണേണ്ടതു തന്നെയാണ്. അക്വേറിയത്തിലെ മീനുകളൊന്നും ഒന്നുമല്ല. അതിലും എത്രയോ വെറൈറ്റികൾ. എന്തൊക്കെ കളറുകളിലാണ് അവ. അവയൊക്കെ നമ്മുടെ അടുത്തേക്ക് പാഞ്ഞു വരും. ഡൈവിംഗ് പോകുമ്പോൾ കയ്യിൽ ബ്രെഡ് കരുതിയിരിക്കും. മീനുകൾ നമ്മളെ പൊതിയും. അവ ഇരച്ചു വരും പിന്നെ കയ്യിൽ നിന്ന് ബ്രെഡ് കഴിക്കും. കൈയിലും കാലിലുമൊക്കെ അവ തട്ടിക്കളിക്കും. വലിയ മീനുകളേയും ഇതോടൊപ്പം കാണാം. തെരണ്ടി ഇനത്തിലുള്ളതും കണ്ടിരുന്നു. വയലറ്റ് നിറത്തിലുള്ള ഒരു തരം എന്തു രസമാണെന്നോ, ഞാൻ മുമ്പൊന്നും അത്തരം മീനുകളെ കണ്ടിട്ടേയില്ല. നല്ല ബ്രൈറ്റ് ആയി അവ തിളങ്ങും. പിന്നെ പച്ച, നീല, മഞ്ഞ കളറുകളിലൊക്കെ മീനുകൾ…

ഞങ്ങൾ കടലിനടിത്തട്ടിലൂടെ തുഴഞ്ഞു നീങ്ങി. പല പല തട്ടുകളായിട്ടാണ് എനിക്ക് തോന്നിയത്. ഒരേ ആഴം ആയിരുന്നില്ല. ഇൻസ്ട്രക്റ്റേഴ്സിന് അതിന്‍റെ ആഴവും കിടപ്പുമൊക്കെ വ്യക്‌തമായി അറിയാം. അങ്ങനെയാണ് കൊണ്ടു പോകുന്നത്. ഈൽ എന്ന മത്സ്യത്തിനേയും കണ്ടിരുന്നു. തെരണ്ടി മീൻ, കടലാമ ഇവയൊക്കെയുമുണ്ട്. നക്ഷത്ര മത്സ്യത്തിനെ ഞാൻ കൈ കൊണ്ടു തൊട്ടു നോക്കി. ഈലിന്‍റെ അടുത്തേക്ക് ചെല്ലാൻ ചെറിയ പേടി തോന്നി.

രാജു ചേട്ടനും ബിജു ചേട്ടനുമൊക്കെ ഷൂട്ട് കഴിഞ്ഞ് വൈകുന്നേരങ്ങളിലൊക്കെ കടലിൽ പോയി ക്ഷീണമൊക്കെ തീർത്തു വരും. ഇവിടെ താമസസൗകര്യം തീരെ കുറവാണെന്നു തോന്നുന്നു. ടൂറിസം പ്രമോട്ട് ചെയ്യുന്നതിൽ പിന്നിലാണോയെന്ന് സംശയം. ആകെ രണ്ട് ഹോട്ടൽ മാത്രമേ കാണാനുള്ളൂ. അതു കൂടാതെ റസ്റ്റ്ഹൗസുകളൊക്കെ അവിടെയുണ്ട്. ഷൂട്ടിംഗ് ടീമിനായി ഹോട്ടൽ മുൻക്കൂട്ടി ബുക്ക് ചെയ്‌തിരുന്നു. അവിടെയാണ് ഞങ്ങൾ താമസിച്ചിരുന്നത്. ലക്ഷദ്വീപിൽ പ്രധാന ഭക്ഷണം തന്നെ മീനാണ്. ചൂര മീനാണ് കൂടുതലായി കിട്ടിയിരുന്നത്. ഞങ്ങൾക്ക് സ്വന്തം മെസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. രാജുചേട്ടനും ബിജുചേട്ടനും സുരേഷേട്ടനുമൊക്കെ ഇടയ്ക്കിടെ എന്തൊക്കെയോ മീനും വാങ്ങി വരും. എന്നിട്ട് മമ്മിയോട് പറയും “ ആന്‍റി, ഇതൊക്കെ നല്ല മുളകിട്ട്, അല്ലെങ്കിൽ തേങ്ങ വറുത്തരച്ച് വച്ചു തരാമോ” എന്നൊക്കെ. അവർ എന്നെ എപ്പോൾ കണ്ടാലും മമ്മിയെയാണ് അന്വേഷിക്കുന്നത്.

ഒരു സിനിമക്കഥ പോലെ

സിനിമയിൽ എന്‍റെ കഥാപാത്രത്തിന്‍റെ പേര് ഡോ. ഷെറിനെന്നാണ്. കോട്ടയത്തു നിന്നും ലക്ഷദ്വീപിൽ ജോലിക്കെത്തുന്നതായാണ്. ശക്‌തമായ ഒരു കഥാപാത്രമാണ്. ലക്ഷദ്വീപിൽ ആദ്യമായിട്ടാണ് ഒരു ചിത്രം ഫുൾ ആയി ഷൂട്ട് ചെയ്‌തതെന്നു പറയുന്നു. നാട്ടുകാർക്കും അതിനാൽ വളരെ ഉത്സാഹമായിരുന്നു. എനിക്ക് ഹെലികോപ്റ്ററിലും സഞ്ചരിക്കാൻ കഴിഞ്ഞു. അഗത്തി ഐലന്‍റിലാണ് എയർപോർട്ട് ഉള്ളത്. ഞങ്ങൾക്ക് കവരത്തിയിലേക്ക് ഷൂട്ടിനായി പോകേണ്ടതുണ്ടായിരുന്നു. അഗത്തിയിൽ നിന്ന് ഞാൻ ഫ്ളൈറ്റിൽ കൊച്ചിയിലേക്കും ഇടയ്‌ക്കു പോന്നു. അത് എക്സാം എഴുതാൻ വേണ്ടിയായിരുന്നു. പിന്നെ തിരികെ അവിടേക്ക് പോയി. വളരെ വ്യത്യസ്തമായ ഒരു ജീവിതാനുഭവമാണ് ഇവിടെ നിന്നു ലഭിച്ചത്.

തിരികെ ഞങ്ങൾ പോന്നത് എല്ലാ ഐലന്‍റുകളും ടച്ച് ചെയ്തു കൊണ്ടായിരുന്നു. ഏകദേശം മൂന്നു ദിവസത്തോളം അങ്ങനെ കടന്നുപോയി. ഒരു സിനിമാക്കഥ പോലെ തന്നെ രസകരമായിരുന്നു ഈ യാത്ര. ലക്ഷദ്വീപിനെ ആഴത്തിൽ അറിഞ്ഞ ദിവസങ്ങൾക്ക് വിട പറഞ്ഞ് ഞങ്ങൾ മടങ്ങി. ഇനി എന്നെങ്കിലുമൊരിക്കൽ വീണ്ടും കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ… ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങി…

സായരി ചഹൽ ഫൗണ്ടർ, ഷിറോസ്

സ്‌ത്രീകളുടെ സോഷ്യൽ നെറ്റ്‍വർക്കായ ഷിറോസിന്‍റെ ഫൗണ്ടറാണ് സായരി ചഹൽ. ദേവി അവാർഡ്, ഫെമിന അച്ചീവേഴ്‌സ് അവാർഡ്, എഡിറ്റേഴ്‌സ് ചോയിസ് ഫോർ ലോറിയൽ, ഫെമിന വുമൻസ് തുടങ്ങി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

ഷിറോസ് ഒരു വലിയ സോഷ്യൽ നെറ്റ്‌വർക്ക് പ്ലാറ്റ്‌ഫോമാണ്. അതിലൂടെ നിരവധി കാര്യങ്ങൾ സായരി ചെയ്യുന്നു. അതിൽ എന്തും പോസ്‌റ്റ് ചെയ്യാം. ഭക്ഷണം, ആർട്ട്, ഫാഷൻ, ഇങ്ങനെ എന്തും. പ്രോഡക്‌ടുകൾ വിൽക്കാം, വാങ്ങാം. കവിതകളും കഥകളും എഴുതി ഷെയർ ചെയ്യാം. വീട്ടിൽ നിന്ന് ജോലി ചെയ്യുകയുമാവാം.

ഈ പ്ലാറ്റ് ഫോമിൽ പുരുഷന്മാർ ഇല്ല. അതിനാൽ ബന്ധങ്ങൾ, സെക്‌സ്, പീരിയഡ്‌സ്, ബോഡി ഇമേജ് തുടങ്ങിയ തികച്ചും സ്വകാര്യമായ കാര്യങ്ങൾ പോലും ഇവിടെ സംസാരിക്കാൻ പ്രയാസമില്ല.

കുട്ടിക്കാലം മുതൽ ബിസിനസ് വുമൺ ആകാനാണോ ആഗ്രഹിച്ചിരുന്നത്?

അല്ല. എനിക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസർ ആകണമെന്നായിരുന്നു ആഗ്രഹം. കോളജിൽ നിന്ന് തന്നെ എന്‍റെ എന്‍റർപ്രണർഷിപ്പ് യാത്ര ആരംഭിച്ചു. 1999-ൽ ഇന്‍റർനെറ്റുമായി പരിചയമായപ്പോൾ, ലോകത്തെ മാറ്റിമറിക്കാനുള്ള ഇന്‍റർനെറ്റിന്‍റെ കഴിവിൽ ഞാൻ പ്രചോദിതയായി. 2014-ൽ ഇന്‍റർനെറ്റ് ഉപയോഗിച്ച് സ്‌ത്രീകൾക്കുവേണ്ടി കൂട്ടായ്‌മ ചെയ്യാൻ തീരുമാനിച്ചു. അവിടെ നിന്നാണ് ബിസിനസ് വുമൺ എന്ന വഴി തെളിഞ്ഞത്.

സ്‌ത്രീകളുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ ഷിറോസ് എങ്ങനെയാണ് സഹായിക്കുന്നത്?

അംഗീകാരവും ആദരവും സൗഹൃദവും അവസരങ്ങളും ഉന്നതിയും ഓരോ സ്‌ത്രീയും ആഗ്രഹിക്കുന്നുണ്ട്. അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാണ് ഷിറോസ് ഒരു വലിയ ഓൺലൈൻ ഇക്കോസിസ്‌റ്റം രൂപീകരിച്ചത്. ഞങ്ങൾ ആപ്പ് ലോഞ്ച് ചെയ്‌തത് വീട്ടിലിരിക്കുന്ന സ്‌ത്രീകൾക്ക് എന്‍റർപ്രണർ ആകാൻ സഹായം നൽകാനാണ്. ഷിറോസ് കൗൺസിലിംഗ് ഹെൽപ്പ് ലൈൻ ഉപയോഗിച്ച് തങ്ങളുടെ സംഘർഷങ്ങളെക്കുറിച്ച് പറഞ്ഞ് ഉപദേശം തേടാം.

ഫിറ്റ്‌നസ് സൂക്ഷിക്കാൻ എന്താണ് ചെയ്യുന്നത്?

എല്ലാ ദിവസത്തിന്‍റെ തുടക്കവും വ്യായാമത്തിലൂടെയാണ്. യാത്രയിലാണെങ്കിൽ കൂടി ഞാൻ ആ ദിനചര്യ മുടക്കാറില്ല. എനിക്ക് നേച്ചർ വാക്ക് വലിയ ഇഷ്‌ടമാണ്. അതുകൊണ്ടാണ് എന്നെ നിങ്ങൾ സ്‌നീക്കേഴ്‌സ് ധരിച്ച് മിക്കവാറും കാണുന്നത്.

സ്‌ത്രീകൾ ഭീരുക്കളാവുന്നത് എപ്പോഴാണ്?

സ്‌ത്രീകൾ എപ്പോഴും കരുത്തരായിരിക്കണം. കുടുംബത്തിന്‍റെയും, മറ്റു സ്‌ത്രീകളുടെയും സഹകരണം അവർക്ക് കൂടുതൽ കരുത്ത് നൽകുന്നു. സ്വന്തം ഉന്നതി, സന്തോഷം, സാമ്പത്തിക സ്വാതന്ത്യ്രം ഇവയ്‌ക്കായി ഇന്‍റർനെറ്റ് ഉപയോഗിക്കാൻ പഠിക്കണം. അതിലൂടെ അവർ കൂടുതൽ കരുത്തരും, സ്വാശ്രയ ശീലമുള്ളവരും ആയി മാറും.

ഭയം തോന്നിയിട്ടുണ്ടോ?

ആകെ ഭയപ്പെടുത്തിയിട്ടുള്ള കാര്യം അനാരോഗ്യം മാത്രമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യം നാം സൂക്ഷിക്കണം. അതാണ് ശരിയായ ധനം.

ഒരു നല്ല എന്‍റർപ്രണർ ആകാൻ എന്തൊക്കെ വേണം?

കഠിനാധ്വാനം, ഫോക്കസ്, ത്യാഗം, ലീഡർഷിപ്പ്, ക്രിയേറ്റിവിറ്റി തുടങ്ങിയ കാര്യങ്ങൾ വിജയകരമായ എന്‍റർപ്രണർഷിപ്പിന് അനിവാര്യമാണ്. മോശം സമയത്തും ദൃഢമായ മനസോടെ മുന്നേറുന്നതാണ് പരമപ്രധാനം. പരാജയപ്പെടുമ്പോൾ അതിൽ നിന്ന് എങ്ങനെ വിജയിക്കാമെന്ന പാഠവും പഠിക്കുന്നുണ്ട്.

താങ്കളുടെ ഏറ്റവും വലിയ ഭാഗ്യം?

അമ്മ. എന്‍റെ അമ്മ നല്ലൊരു ലീഡർ ആണ്. അമ്മ ഒരു സാധാരണ ഹൗസ്‌വൈഫ് ആയിട്ടും, എല്ലാ കാര്യവും എത്ര ഭംഗിയായി മാനേജ് ചെയ്യുമെന്നോ! ഷിറോസിന്‍റെ സൂപ്പർ യൂസർ ആണ് അമ്മ. ഇന്‍റർനെറ്റ് വളരെ ഭംഗിയായി ഉപയോഗിക്കും. ചിത്രങ്ങൾ, റെസിപ്പികൾ, കഥകൾ, ഇങ്ങനെ എല്ലാം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നു. ഇതെല്ലാം അമ്മ ചെയ്യുന്നതു കണ്ടിട്ടാണ് എനിക്ക് പ്രചോദനം ലഭിക്കുന്നത്. ഷിറോസിൽ ഇപ്പോൾ 16 ദശലക്ഷം അംഗങ്ങളുണ്ട്. എന്‍റെ അമ്മയെപ്പോലെ നിരവധി സ്‌ത്രീകൾ ഈ പ്ലാറ്റ്‌ഫോം വിജയകരമായി ഉപയോഗിക്കുന്നത് കാണുന്നതാണ് എന്‍റെ ഏറ്റവും വലിയ സന്തോഷവും ഭാഗ്യവും!

ഡിഫറന്‍റാണ് ഈ വക്കീല്‍

ഈ വക്കീൽക്കുട്ടി അത്ര ചില്ലറക്കാരിയൊന്നുമല്ല. ആരാണെന്നല്ലേ? അഡ്വക്കേറ്റ് പാർവ്വതി രാധാകൃഷ്ണൻ. ടിവി അവതാരക കൂടിയായ പാർവ്വതി കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ്. ടിവി അവതാരകയായി മാത്രമല്ല ഷോർട്ട് ഫിലിം സംവിധായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ്, നർത്തകി, ഇവന്‍റ് ആങ്കറിംഗ്, പ്രോഗ്രാം ഡയറക്‌ടർ തുടങ്ങി പല പല റോളുകളിലായി പാർവ്വതി അരങ്ങ് തകർക്കുകയാണ്. ഒരു മിനിറ്റ് എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്‌ത് ശ്രദ്ധേയയായ പാർവ്വതിയോട് വക്കീൽ പണിയാണോ അതോ മീഡിയയാണോ കൂടുതൽ ഇഷ്‌ടമെന്ന് ചോദിച്ചാൽ രണ്ടും തനിക്ക് പ്രിയപ്പെട്ടതാണെന്ന് പറയും.

എപിജെ അബ്ദുൾ കലാമിന്‍റെ ആശയങ്ങളെ മുറുകെ പിടിക്കുന്ന പാർവ്വതിക്ക് വക്കീൽ ജോലി പ്രിയപ്പെട്ട പ്രൊഫഷനും മീഡിയ ഒരു ഡീപ് പാഷനുമാണ്. ഒരു സാധാരണ വ്യക്തിയായി ജീവിക്കുന്നതിന് പകരം ജീവിതത്തിൽ എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്യുക എന്നതാണ് പാർവ്വതിയുടെ വലിയ സ്വപ്നം.

ചെറുപ്പം തൊട്ടെ കലയോടിഷ്ടം

ചെറുതിലെ തുടങ്ങി പാർവ്വതി നൃത്തം പരിശീലിച്ചിട്ടുണ്ട്. 13 വർഷം ഭരതനാട്യം പരിശീലിച്ചിട്ടുള്ള പാർവ്വതി സ്ക്കൂളിൽ കലാ മത്സരങ്ങളിലൊക്കെ സജീവമായിരുന്നു.

“സ്ക്കൂളിൽ പഠിക്കുമ്പോൾ എല്ലാ ഐറ്റത്തിനും ചേരുമായിരുന്നു. അതിന് ഒരു പ്രധാന കാരണവുമുണ്ടായിരുന്നു. പ്രോഗ്രാം റിഹേഴ്സലിന്‍റെ പേരിൽ ക്ലാസ്സിൽ നിന്നും മുങ്ങാമല്ലോ! മിമിക്രി, കഥ, കവിത, നാടകം, പ്രസംഗം തുടങ്ങി എല്ലാ മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. മിക്കതിനും സമ്മാനവും കിട്ടിയിട്ടുണ്ട്. മിമിക്രി മത്സരത്തിൽ സബ്ഡിസ്ട്രിക്‌റ്റ് ലെവലിൽ സെക്കന്‍റും എ ഗ്രേഡും കിട്ടിയിട്ടുണ്ട്” പാർവ്വതി ചിരിക്കുന്നു.

10-ക്ലാസ്സിൽ പഠിക്കുമ്പോൾ സ്ക്കൂളിലെ ഒരു ഡ്രാമ കോമ്പറ്റീഷനിൽ പങ്കെടുത്തത് പാർവ്വതി ഇന്നും ഓർക്കുന്നു. ഒരു കൂട്ടുകാരിയ്ക്ക് പകരം അന്ന് അരങ്ങിൽ കയറി അഭിനയിച്ചു. അതിന് മികച്ച നടിക്കുള്ള സമ്മാനവും കിട്ടി.

അന്നൊക്കെ ക്ലാസ്സിലെ നോട്ട് എഴുതിയെടുക്കുന്നതും പഠിപ്പിക്കുന്നതുമൊക്കെ അച്‌ഛനും ചേച്ചി ദേവിയുമായിരുന്നു. ആ കലാ ജീവിതമാകാം തന്നെ ഇപ്പോഴും ഈ രംഗത്ത് നിലയുറപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് പാർവ്വതി പറയുന്നു.

പിന്നെ ആർ.ജെ

കേരള ലോ അക്കാദമി ലോ കോളേജിൽ ഫസ്റ്റ് ഇയറിന് പഠിച്ചു കൊണ്ടിരിക്കെയാണ് പാർവ്വതി റെഡ് എഫ് എമ്മിൽ ആർ ജെ ആകുന്നത്. അതും അപ്രതീക്ഷിതമായി.

“അന്ന് എഫ്എം മാത്രമുള്ള ഒരു കുഞ്ഞ് ഫോണായിരുന്നു എന്‍റേത്. അതിൽ ആർജെ യെ ആവശ്യമുണ്ടെന്ന് പരസ്യം കേട്ടിട്ട് ഇന്‍റർവ്യൂവിന് ചെല്ലുകയായിരുന്നു. അവിടെ ചെന്നപ്പോഴോ കുറേപ്പേരുണ്ട്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ അവിടെ ഇരുന്നു. അഭിമുഖത്തിൽ പല ചോദ്യങ്ങളും ചോദിച്ചു. ഒന്നും എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് അക്കാര്യം ഞാൻ സത്യസന്ധമായി തന്നെ പറഞ്ഞു. പക്ഷേ ഒടുക്കം എനിക്ക് സെലക്ഷൻ കിട്ടി. എല്ലാമൊരു അദ്ഭുതം പോലെ തോന്നി. ആർജെ എന്ന പ്രൊഫഷൻ വ്യത്യസ്തമായ ഒരനുഭവമാണെന്ന് പാർവ്വതി. “നമ്മളെ ആരും കാണുന്നില്ല എന്നാൽ നമ്മൾ ഒരുപാട് കാര്യങ്ങൾ പ്രേക്ഷകരോട് പറയുന്നു. ആർജെയായി വന്ന ശേഷമാണ് നാം സംസാരിക്കുന്ന ഓരോ വാക്കും വളരെ വ്യക്‌തമായി ശ്രദ്ധിക്കണം എന്നു തോന്നിത്തുടങ്ങിയത്.”

ഇങ്ങനെ ആർജെയായി വിലസി നടക്കുന്ന സമയത്താണ് പാർവ്വതിയുടെ മനസ്സിൽ മറ്റൊരു മോഹമുദിക്കുന്നത്. ഈ കേൾക്കുന്ന ശബ്ദത്തിന്‍റെ ഉടമ താനാണെന്ന കാര്യം എല്ലാവരും അറിയണമെന്ന മോഹം, ആ മോഹമാണ് പാർവ്വതിയെ വിജെ യായി ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ജോലി പഠനത്തിനിടയിലായതു കൊണ്ട് ക്ലാസ്സിൽ മിക്കപ്പോഴും പാർവ്വതിക്ക് പോകാൻ കഴിയാതെ വന്നു. എന്നാലും പഠിത്തം കുഴപ്പമില്ലാതെ കൊണ്ടു പോകാൻ തനിക്ക് കഴിഞ്ഞുവെന്ന് പാർവ്വതി. തെരഞ്ഞെടുത്ത ഇവന്‍റുകൾ മാത്രമേ പാർവ്വതി അവതരിപ്പിച്ചിട്ടുള്ളൂ. അതും ചാനൽ ലോഞ്ചിംഗ്, റാവീസ് ന്യൂഇയർ പരിപാടി, ഫയർ ആന്‍റ് സേഫ്റ്റി ബ്രേവറി അവാർഡ്സ്, തായ്ക്കോൺഡോ നാഷണൽ ചാമ്പ്യൻഷിപ്പ് തുടങ്ങി ഒരുപിടി പരിപാടികൾ. ഈ മിടുക്കി കുട്ടി ഇതിനോടകം ആങ്കർ ചെയ്തിട്ടുണ്ട്. ഒപ്പം പ്രധാന ചാനലുകളിലെല്ലാം പാർവ്വതി അവതാരകയുടെ റോളിലുണ്ട്.

ഷോർട്ട് ഫിലിം മേക്കർ

ഇതിനിടയിലാണ് ഡയറക്ഷൻ എന്ന മോഹം പാർവ്വതിയുടെ മനസ്സിൽ മൊട്ടിടുന്നത്. “കുറേ കഥകൾ മനസ്സിലുണ്ടായിരുന്നു. പക്ഷേ സ്ക്രിപ്റ്റ് ആരെങ്കിലും എഴുതിത്തരണം. അങ്ങനെയാണ് ഒരു മിനിറ്റ് എന്ന ഷോർട്ട് ഫിലിം എടുക്കുന്നത്. ഗുരുതരാവസ്‌ഥയിലായ എന്‍റെയൊരു ഫ്രണ്ടിനെ വളരെ വൈകി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച ഒരനുഭവമുണ്ടായി. അതാണ് ഈ ഷോർട്ട് ഫിലിമിന് നിമിത്തമായത്. ഇതിൽ അഭിനയിച്ചിരിക്കുന്നവരെല്ലാം എന്‍റെ കൂട്ടുകാർ തന്നെയാണ്.” പാർവ്വതി പറയുന്നു.

“ഒരു മിനിറ്റ്” എന്നത് നമ്മൾ ജീവിതത്തിൽ എല്ലായ്പ്പോഴും എന്തിനും ഏതിനും ആവർത്തിക്കുന്ന ഒരു വാചകമാണ്. എന്തെങ്കിലും ഒഴിവാക്കാവുന്ന അപകടമുണ്ടായാൽ ഒരു മിനിറ്റ് എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കിൽ ഒന്ന് പറഞ്ഞിരുന്നുവെങ്കിൽ എന്നിങ്ങനെ നിത്യം ഉപയോഗിക്കുന്ന ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയിലാണ് ഈ പേര് ഷോർട്ട് ഫിലിമിനായി സ്വീകരിക്കുന്നത്. ഒരു മിനിറ്റ് എന്നത് വെറുമൊരു സമയമല്ല.

വക്കീൽ പണി പ്രിയപ്പെട്ടത്

“ഞാനൊരു അഡ്വക്കേറ്റായതിൽ എന്‍റെ രക്ഷിതാക്കൾക്കുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. മീഡിയ വളരെ കളർഫുൾ ആണ്. പക്ഷേ ഒരു അഡ്വക്കേറ്റ് എന്നത് ഗൗരവമേറിയ പ്രൊഫഷനാണ്.” ആദ്യം സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറിന്‍റെ കീഴിൽ ജൂനിയറായിട്ടാണ് ചേർന്നതെങ്കിലും പിന്നീട് ഫാമിലി കോർട്ടിലാണ് പാർവ്വതി പ്രാക്ടീസ് ചെയ്‌തത്.

“ഓരോ കേസും ഓരോ ജീവിതാനുഭവങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. പലതും വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ്. ഒരു അഡ്വക്കേറ്റ് എന്ന നിലയിൽ അതൊരു അനുഭവം തന്നെയായിരുന്നു. വലതും ചെറുതുമായ കുടുംബ പ്രശ്നങ്ങൾ പലതും വിചിത്രമായവ.”

“ഒരു വിവാഹമോചന കേസിൽ കുട്ടിയെ വേണ്ട എന്ന് പറഞ്ഞ ഒരമ്മയെ ഞാനിപ്പോഴും ഓർക്കുന്നു. അതുപോലെ ജാതക പ്രശ്നം കൊണ്ട് ഒരുമിച്ച് ജീവിക്കാനാവില്ലെന്ന് പറഞ്ഞ് ഭർത്താവിൽ നിന്നും മന:പൂർവ്വം വേർപ്പെട്ട് കഴിയുന്ന മറ്റൊരു ഭാര്യ. ഈ ഭാര്യ വിവാഹമോചനത്തിനും തയ്യാറാല്ലെന്നതാണ് വിചിത്രമായ കാര്യം.” മനസ്സിൽ തട്ടിയ ചില അനുഭവങ്ങൾ പാർവ്വതി ഓർമ്മിക്കുന്നു. ആദ്യമൊക്കെ കുറേ അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. പിന്നീട് കുറേ കേസുകൾ ഹാൻഡിൽ ചെയ്തതോടെ കുറേയധികം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഈ തിരക്കുകൾക്കിടയിലും പാർവ്വതി ഫാമിലി കൗൺസലിംഗ് ചെയ്യാറുണ്ട്. “കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് വിവാഹ മോചനത്തിന്‍റെ വക്കിലെത്തിയ പല ദമ്പതികളേയും ഒരുമിപ്പിച്ചിട്ടുണ്ട്. പലതും നിസ്സാരമായ കാരണങ്ങളായിരുന്നു.” പാർവ്വതി പറയുന്നു.

സിനിമയിലേക്ക്…

വക്കീൽ ജോലിയും അവതാരക വേഷവും കൂടാതെ പാർവ്വതിക്ക് സിനിമാഭിനയത്തിലും മോഹമുണ്ട്. സിനിമയിൽ നിന്നും ധാരാളം ഓഫറുകൾ ഇതിനോടകം എത്തിക്കഴിഞ്ഞു.

സ്ത്രീകൾ സ്വയം ശക്‌തരാകുക

ഇന്നത്തെ തലമുറ ലക്ഷ്യബോധമുള്ളവരാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. അതുപോലെ അർപ്പണ മനോഭാവം ഉള്ളവരുമാണ്. എങ്കിലും എപ്പോഴും സ്വയം പരിഷ്ക്കരിക്കാനും മുന്നേറാനും ശ്രമിക്കുക. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് അവയെ വളർത്തി കൊണ്ടു വരിക.” പാർവ്വതി പുഞ്ചിരിയോടെ പറയുന്നു.

സാഗര സംഗമം ഭാഗം-1

കറുത്ത ഭിത്തിയ്ക്കപ്പുറം നിഴൽ പോലെ മറഞ്ഞു നിന്ന മരണമുഖത്തു നിന്ന് എന്നെ അടർത്തിയെടുത്ത ആ മനുഷ്യസ്നേഹി ആരായിരിക്കും?… അത് പുരുഷ വീരസ്യം സടകുടഞ്ഞ ധീരനായ ഒരാണായിരിക്കുമോ?… അതോ സ്ത്രീത്വത്തിന്‍റെ മഹനീയത വിളിച്ചോതുന്ന ഒരു പെണ്ണോ?…

“മിസ്സിസ് മീരാ നാരായണൻ… ഹൗ ഡു യു ഫീൽ നൗ? ആർ യു ഓകെ?…” ഡോക്ടർ തട്ടിവിളിച്ചപ്പോൾ ഏതോ അന്യലോകത്തു നിന്നു ഭൂമിയിലേയ്ക്കെന്ന പോലെ ഞാൻ കണ്മിഴിച്ചു നോക്കി. ബോധ തലങ്ങളുടെ ഒരു നേരിയ മറ അപ്പോഴും എന്നെ ചൂഴ്ന്നു നിന്നു.

“എവിടെ? ആ ആളെവിടെ ഡോക്ടർ?… ആ ആളെ എനിക്കു കാണിച്ചു തരൂ ഡോക്ടർ!…” അബോധാവസ്‌ഥയുടെ ആഴങ്ങളിൽ നിന്നെന്നപോലെ ഞാൻ അസ്പഷ്ടമായി ഉച്ചരിച്ചു കൊണ്ടിരുന്നു.

“പ്രൊഫസർ, മീര നിങ്ങൾക്കു കിഡ്നി ദാനമായി നൽകിയ ആളെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?…. ആ ആളെ നിങ്ങൾക്ക് ഒരിക്കലും കാണാനാവുകയില്ല. കാരണം അയാളൊരിക്കലും നിങ്ങളുടെ മുന്നിൽ വരാൻ ആഗ്രഹിക്കുന്നില്ല…”

“അങ്ങനെ പറയരുതു ഡോക്ടർ… എനിക്കയാളെ കണ്ടേ തീരൂ… എനിക്കീ ജീവിതം ദാനമായി നൽകി മറഞ്ഞു നിൽക്കുന്ന ആ പുണ്യത്മാവ് ആരാണു ഡോക്ടർ?… ഒരു പ്രാവശ്യം… ഒരൊറ്റ പ്രാവശ്യം എനിക്കായാളെ കാണിച്ചു തരൂ ഡോക്ടർ…”

ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വാശി പിടിച്ചു കൊണ്ടിരുന്നു.

“സോറി മാഡം. ഞാനയാൾക്കു വാക്കു കൊടുത്തു കഴിഞ്ഞു. ഞാനൊരിക്കലും അയാളെ വെളിപ്പെടുത്തുകയില്ലെന്ന്…” അതും പറഞ്ഞ് ഡോക്ടർ ഹേമാംബിക നടന്നകന്നപ്പോൾ എനിക്ക് ഉറക്കെ കരയാനാണ് തോന്നിയത്. ഈ വലിയ ലോകത്ത് ഞാനിതാ വീണ്ടും ഒറ്റപ്പെട്ടിരിക്കുന്നു. കരുണയുടെ ഒരു പുൽനാമ്പു പോലും പൊട്ടിമുളയ്ക്കാത്ത ഈ വരണ്ട ഭൂമിയിൽ ഞാനേകയായി അലഞ്ഞു നടക്കാൻ തുടങ്ങിയിട്ട് നാളെത്രയായി.

കഴിഞ്ഞ എട്ടു വർഷങ്ങൾ…

നരേട്ടൻ എന്നോടു യാത്ര പറഞ്ഞു പോയിട്ട് എട്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

ഒഴിഞ്ഞ കിളിക്കൂടു പോലെയായിത്തീർന്ന ഈ ജീവിത വൃക്ഷത്തിന്‍റെ ശാഖയിൽ ഒറ്റയ്ക്കു ചിറകടിച്ച് ഇനിയും എത്രനാൾ?

അകലെക്കാണുന്ന വെള്ളമേഘക്കീറുകൾക്കപ്പുറത്തേയ്ക്ക് പറന്നുയരാൻ എന്‍റെ ആത്മാവ് വെമ്പൽ കൊള്ളുന്നു. അവിടെ എന്നെക്കാത്ത് നരേട്ടൻ നില്പുണ്ടാവുമോ? അതോ വഞ്ചനയുടെ മുഖം മൂടിയണിഞ്ഞവളെന്നു പറഞ്ഞ് എന്നെ അകലേയ്ക്കു തള്ളി നീക്കുമോ?…

മുപ്പതു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനിടയിൽ എപ്പോഴാണ് ഞാൻ വഞ്ചനയുടെ മുഖം മൂടി അഴിച്ചു നീക്കിയിട്ടുള്ളത്?

ഭൂതകാലത്തിന്‍റെ കറുത്ത ഏടുകളിൽ ഒളിഞ്ഞും തെളിഞ്ഞും നിന്ന ഏതോ രൂപം എപ്പോഴൊക്കെയോ എന്‍റെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നില്ലെ?… ജീവിതം വഴി മുട്ടിയെന്ന് തോന്നിയ സന്ദർഭങ്ങളിലെല്ലാം മനസ്സിനുള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

“ഇല്ല… നിനക്കു ഞാനുണ്ട്!” നിഴൽ പോലെ പിന്തുടർന്ന ആ ശബ്ദം!.

പുതുമഴയിൽ ഭൂമിയുടെ ഗർഭഗൃഹത്തിൽ മുളപൊട്ടിയ ആദ്യാനുരണനം പോലെ കേട്ടു മറന്ന ഏതോ ഗാനം പോലെ ആ ശബ്ദം.

ഭൂതകാലത്തിന്‍റെ പിൻവിളിയിൽ മലർക്കെതുറന്ന എന്‍റെ മനസ്സിന്‍റെ ജാലക വാതിലിനരികിലെത്തി അയാൾ നിന്നു. ഫഹദ് മുഹമ്മദ്.

കേരളത്തിലെ ആ പ്രസിദ്ധമായ കലാലയത്തിലെ കെമിസ്ട്രി ലക്ചറർ. എന്‍റെ ഭൂതകാല ജീവിതത്തിലെ ദുരന്ത നായകൻ.

ഒരിക്കൽ വിവാഹത്തിന്‍റെ പടിവാതിൽക്കലോളമെത്തി അകന്നു പോയ രണ്ടു ജന്മങ്ങൾ. അല്ലെങ്കിൽ നിയമ സാധുതയില്ലാത്ത കള്ളക്കല്യാണത്തിലൂടെ ചേർത്തു വയ്ക്കപ്പെട്ട രണ്ടുപേർ. മറ്റുള്ളവരാൽ പറിച്ചെറിയപ്പെട്ടപ്പോഴും ഒട്ടിച്ചേർന്ന ഇരു ഹൃദയങ്ങളുമായി അകന്നു പോകാൻ വിധിക്കപ്പെട്ടവർ. അലംഘനീയമായ വിധിയെ പിന്തുടരുമ്പോഴും ഞങ്ങൾ അഞ്ചു വർഷക്കാലം പ്രേമിച്ചു നടന്ന സുഭാഷ് പാർക്കിലെ പൂമരത്തണൽ എല്ലാറ്റിനും സാക്ഷിയായി നിശബ്ദം തേങ്ങി നിന്നു.

വിവാഹത്തോളമെത്തി രജിസ്റ്റർ ഓഫീസിന്‍റെ അവധി പ്രമാണിച്ച് മാറ്റിവയ്ക്കപ്പെട്ട ആ രജിസ്ട്രേഷൻ പിന്നീടൊരിയ്ക്കലും നടന്നില്ല. എങ്കിലും മാറി വന്ന ഋതു സംക്രമണത്തിനനുസരിച്ച് ജീവിതം ഗതിമാറ്റപ്പെട്ടപ്പോഴും മറ്റൊരാളുമായി ജീവിതം പങ്കുവയ്ക്കപ്പെട്ടപ്പോഴും എല്ലാം മറന്ന് ജീവിച്ച എന്‍റെ മനസ്സിന്‍റെ കോണിൽ ആ നാളുകളും അതിലെ ദുരന്തനായകനും നിത്യഹരിതാഭമായി പൂത്തുലഞ്ഞു നിന്നു. ഒരിക്കലും ഒളിമങ്ങാത്ത നാളം പോലെ ആ കെടാവിളക്ക് മനസ്സിന്‍റെ ഏതോ കോണിൽ കത്തി നിന്നു.

എന്നാണ് ഫഹദ് സാറിനെ ഞാൻ ആദ്യമായി കണ്ടുമുട്ടുന്നത്?… പൂത്തു നിൽക്കുന്ന ചുവന്ന വാകമരച്ചുവട്ടിൽ കളിചിരികൾ കോർത്തു വച്ച് ആർത്തുല്ലസിക്കുന്ന താനുൾപ്പെടെ ഏതാനും വിദ്യാർത്ഥികൾ ഹൃദ്മണ്ഡലത്തിൽ തെളിഞ്ഞു വന്നു. ലോകത്തിലെ എല്ലാ ആനന്ദവും ആ മരച്ചുവട്ടിൽ സന്നിവേശിച്ചിരിക്കുകയാണെന്നു തോന്നും ഞങ്ങളുടെ ആനന്ദം കണ്ടാൽ… നിരർത്ഥകമായ ഞങ്ങളുടെ കളിചിരികളിൽ നിഷ്ക്കളങ്കമായ കൗമാരത്തിന്‍റെ കുതൂഹലങ്ങൾ നിറഞ്ഞു നിന്നു. അല്ലെങ്കിൽ ജീവിതത്തിന്‍റെ ഏറ്റവും സുന്ദരമായ കാലഘട്ടം കൗമാരമാണല്ലോ കളങ്കമറ്റ സൗഹൃദത്തിന്‍റെ നിറചാർത്തുകൾ വാരിയണിഞ്ഞ് ആഹ്ലാദത്തിന്‍റെ മാലപ്പടക്കങ്ങൾ പൊട്ടിച്ചിതറുന്ന കൗമാരം.

മനുഷ്യ ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലഘട്ടം. അതുകൊണ്ടു തന്നെ ആ കാലഘട്ടം ആഘോഷപൂരിതമാക്കുന്ന ഒരു വിദ്യാർത്ഥി സമൂഹമാണ് ആ മരച്ചുവട്ടിൽ സമ്മേളിച്ചിരിക്കുന്നത്. പെട്ടെന്നാണ് മുന്നിലുള്ള വെളുത്ത കോൺക്രീറ്റ് ബിൽഡിംഗിന്‍റെ പടവുകളിറങ്ങി വരുന്ന സുമുഖനായ ആ ചെറുപ്പക്കാരനെ ഞങ്ങൾ കണ്ടത്.

“അല്ലാ നമ്മുടെ പ്രോംനസീറല്ലെ ആ വരുന്നത്…” ആവശ്യത്തിനും അനാവശ്യത്തിനും തമാശകൾ പൊട്ടിക്കുന്ന അരുൺ എന്ന വിദ്യാർത്ഥിയാണ് അതു പറഞ്ഞത്.

“പ്രേംനസീറോ… ശരിയാണല്ലോ… ഇദ്ദേഹം പ്രേംനസീറിനെക്കാൾ സുന്ദരനാണല്ലോ. പക്ഷേ പ്രേംനസീറിന്‍റെ അതേ ഭാവചലനങ്ങൾ…” ഏതോ സ്വപ്ന ലോകത്തിലെന്നപ്പോലെ അതിവിശയം വിടർന്ന കണ്ണുകളോടെ ഞാൻ മെല്ലെ പറഞ്ഞു.

“മീര മാധവ്” എന്ന നീളൻ മിഴിയും, നീണ്ടിടതൂർന്ന മുടിയിഴകളുമുള്ള അതിസുന്ദരിയായ പെൺകുട്ടിയായിരുന്നു ഞാൻ അന്ന്. എന്‍റെ സംസാരത്തിലും ചലനത്തിലുമെല്ലാം ഒരു വല്ലാത്ത വശ്യത തുടിച്ചു നിന്നു. ഞാൻ ആ കോളേജിൽ ഒന്നാം വർഷം ഡിഗ്രിയ്ക്കാണ് പഠിക്കുന്നത്. കോളേജിലെ ഏറ്റവും സ്മാർട്ടായ പെൺകുട്ടികളിലൊരുവൾ.

“ങാ… പക്ഷേ ഇത് സിനിമാ ആക്ടർ പ്രേംനസീറല്ല. സാക്ഷാൽ രസതന്ത്രം എന്ന വിഷംയ കൈകാര്യം ചെയ്യുന്ന ഫഹദ് മുഹമ്മദ് സർ. പുതിയ ലക്ചർ ആണ്. ങാ… മീര സുഖമില്ലാതെ രണ്ടു ദിവസം ലീവിലായിരുന്നല്ലോ. അതാണ് കാണാതിരുന്നത്.” ആനന്ദ് എന്ന വിദ്യാർത്ഥി തുടർന്നുള്ള വിവരണം നൽകി. പെൺകുട്ടികൾ അടക്കം എല്ലാവരുടേയും കണ്ണുകൾ ആ സുമുഖനായ ചെറുപ്പക്കാരനിലായിരുന്നു. പെട്ടെന്ന് അയാളുടെ തീക്ഷ്ണമായ നോട്ടം ആ മരച്ചുവട്ടിലേയ്ക്ക് പാഞ്ഞു ചെന്നു. വിദ്യാർത്ഥികൾ അറിയാതെ ഒരു ചൂളൽ അവരിൽ പടർന്നു കയറി.

എന്നാൽ തനിക്കു മാത്രം വലിയ കൂസലൊന്നും തോന്നിയില്ല. പകരം ദൂരക്കാഴ്ചയിൽ ത്തന്നെ ഒരു വല്ലാത്ത അടുപ്പം എനിക്കു ഫീൽ ചെയ്‌തു തുടങ്ങിയിരുന്നു. പ്രേംനസീറിനെപ്പോലെ അതിസുന്ദരനായ ഈ ചെറുപ്പക്കാരനിൽ പെണ്ണുങ്ങളെ ആകർഷിക്കുന്ന ഏതോ വ്യക്‌തിവൈശിഷ്ട്യം നിറഞ്ഞു നിൽക്കുന്നതായി എനിക്കു തോന്നി.

അയാൾ അടുത്തുവരാനായി ഞാൻ കാത്തു നിന്നു. എന്നാൽ കൂടെ നിന്ന മിക്കവരുടേയും മുഖം വിവർണ്ണമായിരുന്നു.

“സാർ കേട്ടുവെന്നു തോന്നുന്നു. ഇങ്ങോട്ടു ശ്രദ്ധിക്കുന്നുണ്ട്.” നിമിഷ എന്ന ബോബ് മുടിക്കാരിയാണ് അത് പറഞ്ഞത്. ഞങ്ങളെല്ലാം നിശബ്ദരായി ഒന്നുമറിയാത്തതുപോലെ നിന്നു. അദ്ദേഹം നടന്നു വന്ന് ഞങ്ങളുടെ അടുത്തെത്തി ചോദിച്ചു.

“എന്താ എല്ലാവരും ഇവിടെ നിൽക്കുന്നത്? ക്ലാസ്സിൽ കയറുന്നില്ലെ?”

“ക്ലാസ്സിൽ കയറാം സാർ… ഇപ്പോൾ ക്ലാസ്സിലിരുന്നാൽ നല്ല ചൂടാണ് സാർ. ക്ലാസ്സിൽ ഇരുന്നാൽ ഉറക്കം വരും. അതുകൊണ്ട് ഞങ്ങളെല്ലാവരും പുറത്തു നിന്ന് അൽപം കാറ്റുകൊള്ളാമെന്ന് കരുതി സർ…” ഞാൻ എന്‍റെ സ്മാർട്ട്നെസ്സ് വെളിവാക്കി കൊണ്ട് അൽപം പരിഭ്രമത്തിൽ പറഞ്ഞു നിർത്തി. അതുകേട്ട് മറ്റു കുട്ടികളിൽ ചിരി ഉണർന്നുവെങ്കിലും അവർ അത് കടിച്ചു പിടിച്ചു നിന്നു. അതുകേട്ട് കൃത്രിമമായി വരുത്തിയ ഗൗരവത്തിൽ എല്ലാവരേയും തറപ്പിച്ചൊന്നു നോക്കി ഫഹദ് മുഹമ്മദ് പറഞ്ഞു.

“ഉം… എല്ലാവരും ക്ലാസ്സിലേയ്ക്കു പൊയ്ക്കോളൂ. ഇവിടെ നിന്ന് വെറുതെ സമയം കളയണ്ട.” അദ്ദേഹത്തിന്‍റെ ആജ്ഞയനുസരിച്ച് ക്ലാസ്സിലേയ്ക്കു പോകുമ്പോൾ ഞങ്ങളെല്ലാം മനസ്സിലോർത്തത് ആ അറുബോറൻ ഫിസിക്സ് മാഷുടെ ക്ലാസ്സിനെക്കുറിച്ചാണ്.

ആ ക്ലാസ്സിൽ നിന്നും എങ്ങിനെയാണ് തല ഊരേണ്ടതെന്ന് തലപുകച്ചാണ് ഞങ്ങൾ ഓരോരുത്തരും വീട്ടിൽ നിന്നുമിറങ്ങുന്നതുതന്നെ. അതുപക്ഷെ ഫഹദ് മുഹമ്മദ് സാറിനോട് പറയുമ്പോൾ ആവുകയില്ലല്ലോ! ഒടുവിൽ നിവൃത്തിയില്ലാതെ ഫിസിക്സ് ക്ലാസ്സ് അറ്റൻഡു ചെയ്യുമ്പോൾ ഞങ്ങൾ ഫഹദ് മുഹമ്മദിനെ ശപിക്കുകയായിരുന്നു.

കോളേജ് വിട്ട് അന്ന് അൽപം നേരത്തേയിറങ്ങി ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുകയായിരുന്നു ഞാൻ. സാധാരണ കോളേജ് വിട്ടാൽ മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഞാൻ തമാശ പറഞ്ഞും, കളിച്ചു ചിരിച്ചും കുറേ സമയം കളയാറുണ്ട്. ചിലപ്പോൾ കോളേജ് കോർട്ടിൽ ബാഡ്മിന്‍റൻ കളിയ്ക്കാൻ മറ്റു കുട്ടികൾക്കൊപ്പം നിൽക്കും. എന്നാലിന്ന് അമ്മയോടൊപ്പം ഷോപ്പിംഗിന് പോകേണ്ടതു കൊണ്ട് ഞാൻ നേരത്തെയിറങ്ങിയാതാണ്. രാവിലെ കോളേജിലേയ്ക്കു പുറപ്പെടുമ്പോൾ അമ്മ ഓർമ്മിപ്പിച്ചിരുന്നതാണ്.

“മീരാ, നീ ഇന്ന് നേരത്തെ എത്തണം. നാളെ അച്‌ഛന്‍റെ ബർത്ത് ഡേയാണ്. ഒരു നല്ല ബർത്ത് ഡേ ഗിഫ്റ്റ് വാങ്ങണം. നീ കൂടി വന്നിട്ടു വേണം ടെക്സ്റ്റൈൽ ഷോപ്പിലൊന്നു പോകാൻ…”

അച്‌ഛന്‍റെ എല്ലാ ജന്മദിനങ്ങൾക്കും എന്തെങ്കിലുമൊരു സർപ്രൈസ് ഗിഫ്റ്റ് അമ്മയുടെ വകയുണ്ടാകും. അതു മിക്കവാറും അച്‌ഛനിഷ്ടപ്പെട്ട കളറിലുള്ള എന്തെങ്കിലുമാകും. ഇത്തവണ അമ്മ ഷർട്ടാണ് പ്ലാൻ ചെയ്‌തിരിക്കുന്നതെന്നു തോന്നുന്നു. ഏതായാലും നേരത്തെ എത്തിയില്ലെങ്കിൽ അമ്മയുടെ വക പരിഭവവും ശകാരവും മുഴുവൻ കേൾക്കേണ്ടി വരും. തന്‍റെ ഇളയവരായ മഞ്ജു പ്രീഡിഗ്രിയിക്കും, മായ പത്തിലുമാണ് പഠിക്കുന്നതെന്നതിനാൽ അമ്മയ്ക്കവരെ കൂട്ടി പുറത്തിറങ്ങാൻ ആവുമായിരുന്നില്ല. രണ്ടു പേർക്കും പഠിക്കുവാൻ ധാരാളമുണ്ടാകും. മഞ്ജു എൻജിനീയറിങ്ങിനും പോകണമെന്ന നിർബന്ധത്തിലാണ്. മായയാകട്ടെ മെഡിസിനും. എനിക്കു മാത്രം ഇത്തരം ലക്ഷ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. മാത്രമല്ല എൻജിനീയറിങ്ങും, മെഡിസിനും എന്നു കേൾക്കുന്നതു തന്നെ എനിക്കു വെറുപ്പായിരുന്നു. മറ്റേതെങ്കിലും ഫീൽഡിൽ കഴിവു തെളിയിക്കാനായിരുന്നു എനിക്കു താൽപര്യം. ഞാൻ അറിയാതെ വാച്ചിലേയ്ക്കു നോക്കി. സമയം ഇപ്പോൾ തന്നെ അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ഇനിയും ബസ് കിട്ടി വീട്ടിലെത്തുമ്പോൾ അരമണിക്കൂർ കഴിയും. അമ്മയുടെ വക ശകാരമോർത്തപ്പോൾ അവൾ കാലുകൾ വലിച്ചു വച്ചു നടന്നു.

“അല്ല… ഇന്നു നല്ല സ്പീഡിലാണല്ലോ മീര നടത്തം. അതും ഒറ്റയ്ക്ക്? എന്തുപറ്റി? സാധാരണ ഏതെങ്കിലും ഫ്രണ്ട്സിനൊപ്പം കളിച്ചു ചിരിച്ചാണല്ലോ താൻ വരാറ്? ഇന്നെന്താ നിമിഷയും ആനന്ദുമൊന്നും തന്‍റെ കൂടെ വരാത്തത്?

ബോട്ടണി തേർഡ് ഇയറിലെ നിരഞ്ജൻ ആയിരുന്നു അത്. അവന് എന്‍റെ മേൽ ഒരു നോട്ടമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അവന്‍റെ സ്നേഹം സ്ഥുരിക്കുന്ന നോട്ടങ്ങളെ ഞാൻ അവഗണിക്കുകയായിരുന്നു പതിവ്. ഒപ്പം പഠിക്കുന്നവരുമായിട്ടുള്ള ഒരു പ്രേമബന്ധം എനിക്ക് സങ്കല്പിക്കുവാൻ പോലുമാകുമായിരുന്നില്ല. ഭർത്താവെന്നാൽ അഞ്ചു വയസ്സെങ്കിലും മൂത്തതായിരിക്കണം. അതാണ് അന്ന് എന്‍റെ പക്ഷം. കോളേജിൽ ഒപ്പം പഠിക്കുന്ന വിദ്യാർത്ഥികളെ ഞാൻ സഹോദരങ്ങളെ പോലെയാണ് കണ്ടിരുന്നത്. അതുകൊണ്ടു തന്നെ നിരഞ്ജന്‍റെ ചോദ്യത്തിന് ഞാൻ ഉത്തരം പറയാതെ വെറുതെ പുച്ഛത്തിൽ ചിരിച്ചു കളഞ്ഞു. അതുകണ്ട് നിരഞ്ജൻ വല്ലായ്മയോടെ മുന്നോട്ടു നീങ്ങി. ഞാൻ അവനെ അവഗണിക്കുന്നതാണെന്ന് അവന് മനസ്സിലാകുന്നുണ്ടായിരുന്നു. ഞാൻ ബസ്സ് സ്റ്റോപ്പിലെത്തിയ ഉടനെ ബസ്സ് വന്നു നിന്നു. ഞാൻ അതിൽ കേറുവാൻ തുനിഞ്ഞ ഉടനെ ഒരു കൂട്ടം ആളുകൾ എന്നെ പൊതിഞ്ഞു കൊണ്ട് ബസ്സിൽക്കേറുവാനായി വന്നെത്തി. ആളുകൾക്കിടയിലൂടെ തിക്കിത്തിരക്കി ഞാൻ എങ്ങിനെയെങ്കിലും ബസ്സിനുള്ളിൽ കയറിപ്പറ്റി. അപ്പോൾ എന്‍റെ നീണ്ട മുടിയിഴകൾ ഒരു മദ്ധ്യവയസ്കയുടെ കൈയ്യിലുടക്കി. അവർ ആ മുടിയിഴകൾ കുടഞ്ഞു കളഞ്ഞു കൊണ്ട് ചോദിച്ചു.

“മുടി ഒന്നൊതുക്കി കെട്ടിയിട്ടു വേണ്ടേ മോളെ ബസ്സിൽ കയറാൻ. ഇത്ര നീളമുള്ള മുടിയായതു കൊണ്ട് പ്രത്യേകിച്ചും…”

അപ്പോൾ ബസ്സിലുള്ള പലരും എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ഇത്ര സൗന്ദര്യമുള്ള പെൺകുട്ടികൾ ഈ നാട്ടിലുണ്ടോ എന്ന അർത്ഥത്തിൽ. എനിക്കൽപം ജാള്യതയും, ഒപ്പം അഭിമാനവും തോന്നി, സ്വന്തം സൗന്ദര്യത്തെക്കുറിച്ചോർത്ത്. അപ്പോൾ അമ്മയുടെ വാക്കുകളോർത്തു.

“മീരാ, നിയീ മുടിയിങ്ങനെ വെറുതെ അഴിച്ചിട്ടാൽ മുഴുവൻ കൊഴിഞ്ഞു പോവുകയേ ഉള്ളൂ. നിനക്കത് നല്ലതു പോലെ കെട്ടിവച്ചു നടന്നു കൂടെ കുട്ടീ…”

അപ്പോൾ ഞാൻ ഓർക്കാറുണ്ടായിരുന്നത് കോളേജിലെ മറ്റു കുട്ടികളുടെ അസൂയ കലർന്ന നോട്ടത്തെ എനിക്കപ്പോൾ കാണാനാവുകയില്ലല്ലോ എന്നാണ്. “കോളേജ് ബ്യൂട്ടി” എന്നാണ് ഞാനിപ്പോൾ അറിയപ്പെടുന്നത്. ആ സൗന്ദര്യത്തിന് എന്തെങ്കിലും ഭംഗം വരുന്ന കാര്യങ്ങൾ ചെയ്യുവാൻ ഞാനന്ന് ഒരുക്കമായിരുന്നില്ല.

ഭൂതകാലത്തിലെ വർണ്ണക്കുടകൾ നീർത്തിയ പൂരപ്പറമ്പിലൂടെ നടന്നു നീങ്ങിയപ്പോൾ അറിയാതെ എന്‍റെ ചുണ്ടുകളിൽ ചിരി പടർന്നു. അന്നത്തെ ആ സൗന്ദര്യ റാണിയുടെ ഇന്നത്തെ അവസ്‌ഥയോർക്കുമ്പോൾ എങ്ങിനെ ചിരിക്കാതിരിക്കും. മുടി കൊഴിഞ്ഞ്, ജരാനരകൾ ബാധിച്ച് ദീനക്കിടക്കയിൽ കഴിയുന്ന ഞാനിന്ന് ആരുടേയും പരിഹാസ പാത്രമാകുവാൻ പോരും വിധം വിരൂപയായിത്തീർന്നിരിക്കുന്നു. അന്നത്തെ ഓജസ്സു തുടിച്ചു നിന്ന നീണ്ടു മിഴിയിണകൾ ഇന്ന് ചൈതന്യം വറ്റിവരണ്ടുണങ്ങിക്കഴിഞ്ഞു.

ഫഹദ് സാറിന്‍റെ നീണ്ട വിരലുകൾ തഴുകിയിരുന്ന മുഖമാകട്ടെ വിളറി വെളുത്ത് രക്‌തപ്രസാദം നഷ്ടപ്പെട്ടവനായി ത്തീർന്നിരിക്കുന്നു. എന്നിട്ടു ഒരിക്കൽ കൂടി ആ വർണ്ണ പ്രപഞ്ചത്തിലേയ്ക്ക് ഊളിയിട്ടിറങ്ങുവാൻ ഞാനറിയാതെ കൊതിച്ചു പോയി. ഭൂതകാലത്തിലെ വർണ്ണപ്പൊട്ടുകൾ മിന്നിത്തിളങ്ങിയ പഴയകാലം, മെല്ലെ മെല്ലെ മനസ്സിലേയ്ക്കരിച്ചെത്തി.

അന്ന് ഞാൻ ചെല്ലുമ്പോൾ അമ്മ എന്നെക്കാത്ത സിറ്റൗട്ടിൽ തന്നെ നിൽക്കുകയായിരുന്നു. അമ്മ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ് ധരിച്ചിട്ടുണ്ട്. അമ്മയ്ക്കിഷ്ടപ്പെട്ട ആ നീല കളർ സാരിയിൽ അമ്മയുടെ സൗന്ദര്യം ഇരട്ടിച്ചതായി എനിക്കു തോന്നി. എന്നെക്കണ്ട് ശുണ്ഠിയോടെ മുഖം തിരിച്ച അമ്മയെ അനുനയിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“അമ്മ ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു. ഈ നീല കളർ സാരിയിൽ അമ്മയെക്കണ്ടാൽ ഒരു ബ്യൂട്ടിക്യൂൻ പോലെയുണ്ട്.

എന്‍റെ വാക്കുകൾ അമ്മയിൽ ഉചിത ഫലം ഉളവാക്കിയെന്നു തോന്നി. അമ്മ അൽപം സ്നേഹത്തോടെ എന്‍റെ പുറത്തു തട്ടി പറഞ്ഞു.

“നീ പോയി കുളിച്ച് ഡ്രസ് മാറി വാ… ഞാൻ ഡ്രൈവറോട് വണ്ടിയെടുക്കാൻ പറയാം.”

അച്‌ഛൻ മാധവമോനോൻ പ്രശസ്ത ക്രിമിനൽ ലോയറായതു കൊണ്ടു തന്നെ വീട്ടിൽ അച്‌ഛന്‍റെ ആവശ്യത്തിന് ഒരു ബെൻസ് കാറുണ്ട്. പിന്നെ ഒരു അംബാസിഡറും അമ്മ ഡ്രൈവിംഗ് പഠിച്ചിരുന്നുവെങ്കിലും വല്ലപ്പോഴും മാത്രമേ വണ്ടിയെടുത്തിരുന്നുള്ളൂ. ഒരിക്കൽ ഒരു ആക്സിഡൻറ് ഉണ്ടായതാണ് അതിനു കാരണം പതിനെട്ടു വയസ്സു തികഞ്ഞതിനാൽ ഞാനും ഡ്രൈവിംഗ് ലൈസൻസ് എടുത്തിരുന്നു. പക്ഷേ അമ്മയാകട്ടെ എന്നെ വണ്ടിയെടുക്കാൻ അനുവദിച്ചിരുന്നില്ല.

“ഒന്നു രണ്ടു കൊല്ലം കൂടി കഴിഞ്ഞിട്ടു മതി നീ വണ്ടിയോടിക്കൽ” എന്നാണ് അമ്മ പറയാറുള്ളത്.

വേഗം കുളിച്ചൊരുങ്ങി ടെക്സ്റ്റൈൽ ഷോപ്പിലേയ്ക്കു പുറപ്പെടുവാൻ തയ്യാറായി നിന്നപ്പോൾ മായ ഓടി വന്നറിയിച്ചു. “എനിക്ക് ഒരു മഞ്ഞ പട്ടു പാവാട വേണമമ്മേ…” അവൾക്ക് ഓണത്തിന് ഉടുക്കുവാൻ വേണ്ടിയാണത്രെ.

“ഏതായാലും എല്ലാവർക്കും എടുത്തേയ്ക്കാം, ഓണം അടുത്തുവരുകയാണല്ലോ…” അമ്മ എന്നോടു പറഞ്ഞു. പിന്നീട് അംബാസിഡറിൽ കയറി പട്ടണത്തിലേയ്ക്കു പുറപ്പെടുമ്പോൾ അമ്മ ഡ്രൈവറോടു പറഞ്ഞു. “വേഗം വണ്ടി വിട്ടോളൂ… സമയം ആറുമണിയായെന്നു തോന്നുന്നു…”

“അതിനെന്താ മാഡം… നമുക്ക് നല്ല സ്പീഡിൽ പോകാം. ഒരു അരമണിക്കൂറിനുള്ളിൽ നമ്മളാ ടെക്സ്റ്റൈൽ ഷോപ്പിലെത്തും.” ആവശ്യത്തിൽ കൂടുതൽ സ്പീഡ് എടുത്ത് ശീലമുള്ള ഡ്രൈവർ വണ്ടി പൂർവ്വാധികം സ്പീഡിൽ വിട്ടു.

ഏകദേശം പത്തു മിനിട്ട് കഴിഞ്ഞില്ല. ഒരു ഓട്ടോറിക്ഷയിൽ ഉരസി വണ്ടി നിന്നു. ഞാനും അമ്മയും ഭയപ്പെട്ടതു പോലെ ഓട്ടോ ഡ്രൈവർ ഇറങ്ങി വന്നു ചീത്ത വിളിക്കാൻ തുടങ്ങി.

“എന്താടോ തനിയ്ക്കു കണ്ണില്ലേ… ഇങ്ങിനെയാണോ വണ്ടി ഓടിക്കുന്നത്. ഞാനിപ്പം വണ്ടിയിടിച്ച് ചാകുമായിരുന്നല്ലോ…” ഓട്ടോ ഡ്രൈവർ അലറി. ആളുകൾ ഓടിക്കൂടുന്നതു കണ്ട് സംഗതി ഗുലുമാലാണെന്ന് മനസ്സിലായി.

“വലിയ ആളുകൾക്ക് എന്തുമാകാമല്ലോ. ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് എന്തുപറ്റിയാലും നിങ്ങൾക്കൊന്നുമില്ലല്ലോ” അതും പറഞ്ഞ് ഓട്ടോ ഡ്രൈവർ ബഹളം വയ്ക്കാൻ തുടങ്ങി. കുറേ ആളുകൾ ഓട്ടോ ഡ്രൈവറുടെ പക്ഷം ചേർന്നു.

പെട്ടെന്ന് അതുവഴി കടന്നു പോയ ഫഹദ് മുഹമ്മദ് സാർ, കാർ നിർത്തി ഇറങ്ങി വന്നു. കാറിനുള്ളിൽ ഭയന്നിരുന്ന എന്നെക്കണ്ട് അദ്ദേഹത്തിന് മനസ്സിലായി.

“കുട്ടി ഞങ്ങളുടെ കോളേജിൽ ഫസ്റ്റ് ഇയർ ഡിഗ്രിയ്ക്കു പഠിക്കുന്ന കുട്ടിയല്ലേ? എന്താണ് പറ്റിത്?”

ഞാൻ സംഭവം വിവരിച്ചപ്പോൾ സാർ പറഞ്ഞു.

“ഇത്രേയുള്ളോ… ഇത് ഞാൻ ഒത്തു തീർപ്പാക്കാം.”

അദ്ദേഹം ഏതാനും നോട്ടുകൾ ഓട്ടോ ഡ്രൈവറുടെ കൈകളിലേയ്ക്ക് നൽകി എന്നിട്ട് പറഞ്ഞു.

“ഇനി നിങ്ങൾ പ്രശ്നം ഒന്നും ഉണ്ടാക്കരുത്. അല്ലെങ്കിലും സ്ത്രീകൾ മാത്രമാണ് ഈ വണ്ടിയിൽ ഉള്ളത്. നിങ്ങൾ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഒഴിഞ്ഞു പോകണം.”

പണം കൈയ്യിൽ കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർക്കു സന്തോഷമായി. അയാൾ വാക്കു തർക്കം നിർത്തിപ്പറഞ്ഞു.

“അല്ലെങ്കിലും എനിക്കും വണ്ടിക്കും ഒന്നും പറ്റാത്തതു കൊണ്ട് പരാതിയില്ല സാറെ…” അയാൾ വണ്ടിയിൽ കയറി ഓടിച്ചു പോയി. ആളുകൾ ഒഴിഞ്ഞു പോയപ്പോൾ സാർ എന്നോടായി പറഞ്ഞു.

“പകലത്തെ സ്മാർട്ട്നെസ്സ് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് താനൊരു പുലിയാണെന്നാണ്. പക്ഷേ ഇപ്പോഴല്ലെ മനസ്സിലായത് ആളൊരു ആട്ടിൻ കുട്ടിയാണെന്ന്.”

അതുപറഞ്ഞ് അദ്ദേഹം ഉറക്കെചിരിച്ചു. പിന്നീട് കാറിനുള്ളിലുണ്ടായിരുന്ന അമ്മയെ നോക്കി തൊഴുതു. എന്നിട്ട് സ്വയം പരിചയപ്പെടുത്തി.

“ഞാൻ ഫഹദ് മുഹമ്മദ് മോൾ ഡിഗ്രിയ്ക്കു പഠിക്കുന്ന കോളേജിലെ രസതന്ത്ര അധ്യാപകനാണ്” അമ്മയും അദ്ദേഹത്തെ തൊഴുതു കൊണ്ട് പറഞ്ഞു.

“സാർ ഇപ്പോൾ ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളാകെ കുഴപ്പത്തിൽപ്പെട്ടേനെ. നന്ദിയുണ്ട് സാർ…” അമ്മ കൃതജ്ഞതാപൂർവ്വം അറിയിച്ചു.

അതുവരെ ഒന്നും മിണ്ടാനാരാകെ  ആകെ ചമ്മിയിരുന്നു ഞാൻ. ഒടുവിൽ പോകാൻ നേരം സാർ ഗൗരവത്തിൽ പറഞ്ഞു.

“ശരി, നാളെ കാണാം. നാളെ ഞാൻ ക്ലാസ്സിൽ പറഞ്ഞോളാം തന്‍റെ വീരസ്യത്തെപ്പറ്റി.” അതുകേട്ട് ഞാനറിയാതെ ഒന്ന് ഞെട്ടി. കൂട്ടുകാർക്കിടയിൽ സ്മാർട്ട് ഗേൾ എന്നറിയപ്പെട്ടിരുന്ന തന്‍റെ അധഃപതനമാകുമോ നാളെ. ഒരു പക്ഷേ ഇനി കൂട്ടുകാർക്കിടയിൽ തലയുയർത്തി നടക്കാൻ എനിക്കാവുകയില്ലെന്നു തോന്നി. മാത്രമല്ല കോളേജ് മുഴുവൻ ഞാൻ മിടുക്കിയെന്നാണ് അറിയപ്പെട്ടിരുന്നത്.

മ്യൂസിക്കിനും, ഡാൻസിനും, പ്രസംഗമത്സരത്തിനും, നാടകത്തിനും എന്നു വേണ്ട കോളേജിലെ എല്ലാ പരിപാടികൾക്കും പ്രീഡിഗ്രി മുതൽ ആ കോളേജിൽ പഠിച്ചിരുന്ന ഞാൻ മുൻപന്തിയിൽ തന്നെ ഉണ്ടാകുമായിരുന്നു. ആ എന്നെ ഇദ്ദേഹം മറ്റു കുട്ടികളുടെ മുമ്പിൽ വച്ച് നാണം കെടുത്തുമോ? പെട്ടെന്ന് കാറിൽ നിന്നിറങ്ങിച്ചെന്ന് തൊഴുകൈകളോടെ ഞാൻ പറഞ്ഞു. “ക്ഷമിക്കണം സാർ, രാവിലെ ഒരു രസത്തിന് ഞാനങ്ങനെ പറഞ്ഞതാണ്. ഇനി ഒരിക്കലും ഞാനത് ആവർത്തിക്കുകയില്ല.”

“ശരി… ശരി… ഞാൻ തന്നെ ഒന്നു പരീക്ഷിച്ചതല്ലെ. ഞാൻ വെറുതെ പറഞ്ഞതാണെടോ. ഞാൻ ക്ലാസ്സിലൊന്നും പറയാൻ പോകുന്നില്ല. എങ്കിലും തന്നെ എനിക്കിഷ്ടമായി. പ്രത്യേകിച്ച് തന്‍റെ സ്മാർട്ട്നെസ്സ്…” അതും പറഞ്ഞ് അദ്ദേഹം എന്നെ നോക്കി കണ്ണിറുക്കി കാറിൽ യാത്രയായി. അപ്പോൾ മാത്രമാണ് എനിക്ക് ശ്വാസം നേരെ വീണത്.

ആ നിമിഷം മുതൽ ഞാൻ ആവശ്യത്തിൽ കവിഞ്ഞ പക്വതയുള്ള ഒരു പെൺകുട്ടിയായി മാറി എന്നു പറയാം. ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് ഡ്രസ്സുകൾ വാങ്ങി മടങ്ങുമ്പോൾ അന്ന് എന്‍റെ മനസ്സിൽ ഏതോ ആഹ്ലാദം തുടി കൊട്ടിയിരുന്നു. ഏതോ ആകാശതീരത്ത് ഒരു പട്ടം പോലെ ഒഴുകി നടക്കുന്ന പ്രതീതി… മനസ്സ് ആ യുവ കോമളന്‍റെ വാക്കും, നോക്കും കൊണ്ട് നിറഞ്ഞിരുന്നു. ഹൃദയം രോമാഞ്ച സാഗരത്തിൽ ആറാടുമ്പോൾ മനസ്സിലേയ്ക്ക് അദ്ദേഹത്തിന്‍റെ വാക്കുകൾ വീണ്ടും വീണ്ടും ഒഴുകിയെത്തി. എനിക്ക് തന്നെ ഇഷ്ടമായി, പ്രത്യേകിച്ച് തന്‍റെ സ്മാർട്ട്നെസ്സ്.

പ്രേമ സംഗീതം പൊഴിച്ചു കൊണ്ട് എവിടെ നിന്നോ ഒരു കിളി പാറി വന്നെത്തി മനസ്സിനുള്ളിൽ കൂടു വച്ചു. ആ കിളിയുടെ സാന്ദ്ര സംഗീതധാരയിൽ അലിഞ്ഞില്ലാതെയായി ഞാനന്നുറങ്ങി. ഉറക്കത്തിൽ ഞാനാസ്വപ്നം കണ്ടു. “ഞാനും ഫഹദ്സാറും രണ്ടിണക്കിളികളെപ്പോലെ കൈകോർത്തു പിടിച്ച് കോളേജങ്കണത്തിൽ പാറി നടക്കുന്നു. പിറ്റേന്ന് കോളേജിലേയ്ക്ക് നേരത്തെ പുറപ്പെട്ടു. ക്ലാസ്സെടുക്കുമ്പോൾ ഫഹദ് സാറിന്‍റെ കണ്ണുകൾ എന്‍റെ മുഖത്തുതന്നെ തറഞ്ഞു നിന്നു.?അന്ന് കെമിസ്ട്രി ലാബിലും സാറിന്‍റെ സഹായ ഹസ്തമുണ്ടായിരുന്നു. കൂട്ടുകാർ പലരും സാറിന് എന്നോടുള്ള പ്രത്യേകത മനസ്സിലാക്കിത്തുടങ്ങിയിരുന്നു. ക്ലാസ്സ് കഴിഞ്ഞപ്പോൾ അവർ ചുറ്റും കൂടി.

“താനെന്താ മീര വല്ല വശീകരണമന്ത്രവും പ്രയോഗിച്ചോ? ഫഹദ്സാറിന്‍റെ കണ്ണുകൾ തന്‍റെ മുഖത്തു തന്നെയായിരുന്നുവല്ലോ?”

ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ടു നിന്നപ്പോൾ അവർക്കത്ഭുതമായി.

“എന്താ മീര, താനെപ്പോൾ മുതലാണ് മിണ്ടാപ്പൂച്ചയായത്? ഫഹദ് സാർ വല്ല മാന്ത്രിക വിദ്യയും പ്രയോഗിച്ചോ?…”

അങ്ങിനെ നൂറുനൂറു ചോദ്യങ്ങൾ എനിക്കു ചുറ്റും ഒഴുകി നടന്നു. എന്നാൽ ഒന്നിനും മറുപടി നൽകാതെ ഞാൻ മിണ്ടാതിരുന്നു. പതുക്കെപതുക്കെ എന്നിലും എന്തോ മാറ്റങ്ങൾ ഉണ്ടാകുന്നതായി എനിക്കു തോന്നിത്തുടങ്ങിയിരുന്നു. ഊണിലും ഉറക്കത്തിലും ഫഹദ് സാർ മാത്രം. ഫഹദ് സാറിന്‍റെ വാക്കുകൾ ഫഹദ് സാറിന്‍റെ ചലനങ്ങൾ എല്ലാം എന്നെ സ്വാധീനിച്ചു കൊണ്ടിരുന്നു. അതേത്തുടർന്ന് ഏതോ സ്വപ്നലോകത്തിലെന്നതു പോലെയായിത്തീർന്നു എന്‍റെ ചലനങ്ങൾ. എന്നാൽ കൂട്ടുകാർ മാത്രം എന്നിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനാവാതെ നിന്നു. അവർക്ക് എന്നിലെ ചുണക്കുട്ടിയെയായിരുന്നു ഇഷ്ടം. എപ്പോഴും ഓടിച്ചാടി നടന്ന് കളിതമാശകൾ പറയുന്ന, കോളേജിലെ എല്ലാ ആഘോഷങ്ങൾക്കും മുൻപന്തിയിൽ നിന്നിരുന്ന മീരയെ… ഒരിക്കൽ അവർ കളിയാക്കുകയും ചെയ്‌തു.

“താനെന്താ സിനിമയിലെ ശാലീന സുന്ദരിയായ നായിക ശാരദയെപ്പോലെയാവുകയാണോ?” അടുത്ത സുഹൃത്ത് ആനന്ദ് കളിയാക്കി.

എന്നാൽ അൽപം കൂടി കഴിഞ്ഞപ്പോൾ അവർ ആ ഉപമ മാറ്റി മറ്റൊന്നാക്കി.

“ഫഹദ്സാർ നസീറും, താൻ അദ്ദേഹത്തിന്‍റെ കാമുകി ഷീലുമായി മാറിയെന്നു തോന്നുന്നു.” അന്നൊരിക്കൽ മറ്റൊരു സുഹൃത്ത് അഭിലാഷ് പറഞ്ഞു. അതുപക്ഷേ സിനിമയിലല്ല, ജീവിതത്തിലാണെന്നു മാത്രം…” എന്‍റെ ആത്മസുഹൃത്ത് നിമിഷയുടെ വകയായിരുന്നു ആ കളിയാക്കൽ.

അതെ! അവർ നിരന്തരം കളിതമാശകൾ തൊടുത്തു വിട്ടപ്പോൾ ജീവിതത്തിന്‍റെ വെള്ളിത്തിരയിൽ അന്നത്തെ പ്രമുഖ നടീനടന്മാരെ പോലെ ഞങ്ങൾ കാമുകീകാമുകന്മാരായി ജീവിച്ചു തുടങ്ങിയിരുന്നു. ദിവസങ്ങൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും വഴിമാറിക്കൊടുത്തപ്പോൾ ഞങ്ങളുടെ പ്രേമബന്ധവും തളിരണിഞ്ഞ് നിറയെ പൂത്തുലഞ്ഞു നിന്നു.

ഫഹദ് സാറിന്‍റെ ജീവിതത്തിൽ ഞാൻ ഒഴിച്ചു കൂടാനാവാത്ത ഒരു വ്യക്‌തിയായിത്തീർന്നു. സുഭാഷ് പാർക്ക് ഞങ്ങളുടെ സ്നേഹ സംഗമത്തിന്‍റെ നിരന്തര വേദിയായി. ഒരിക്കൽ സുഭാഷ് പാർക്കിലെ പൂമരത്തണലിലെ നർമ്മ സല്ലാപങ്ങൾക്കിടയിലായിരുന്നു അദ്ദേഹമത് പറഞ്ഞത്.

“ഉമ്മയ്ക്ക് മീരയെ ഒന്നു കാണണമെന്ന്.”

“ഫഹദ്സാറിന്‍റെ ഉമ്മ എന്നെ അംഗീകരിക്കുമോ? നമുക്കിടയിലുള്ള മതത്തിന്‍റെ വേലിക്കെട്ടുകൾ തന്നെ പ്രധാന കാരണം…” ഞാൻ ആശങ്കയോടെ ചോദിച്ചു.

“ഉമ്മയ്ക്ക് ജാതിയും മതവുമൊന്നുമില്ല. എന്‍റെ ഇഷ്ടമാണ് ഉമ്മയുടെയും ഇഷ്ടം.” ഫഹദ് സാർ അൽപം ആവേശപൂർവ്വം പറഞ്ഞു നിർത്തി. ആത്മവിശ്വാസത്തിന്‍റെ ഒരു നറുംതിരിവെട്ടം അപ്പോൾ ആമുഖത്തുണ്ടായിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രേമബന്ധം അപ്പോഴേയ്ക്കും കോളേജിൽ പാട്ടായിക്കഴിഞ്ഞിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിനപ്പുറം ഞങ്ങളുടെ ബന്ധം അതിരുകൾ ഭേദിച്ച് വളർന്നു കഴിഞ്ഞുവെന്ന് എല്ലാവർക്കും മനസ്സിലായി.

നിരവധി പ്രേമങ്ങൾക്കും പ്രേമ ഭംഗങ്ങൾക്കും കുട പിടിച്ച മഹാരാജാസ് കോളേജിലെ പൂമരത്തണൽ ഞങ്ങൾക്കും തണലേകി. ഒരു ഒഴിവുദിനം കോളേജിൽ സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് പറഞ്ഞ് ഞാൻ നേരത്തെ വീട്ടിൽ നിന്നുമിറങ്ങി. അത് എംഎസ്എസി ഫൈനൽ ഇയർ തീരാൻ ഏതാനും നാളുകളുള്ളപ്പോഴായിരുന്നു. അന്നായിരുന്നു ഫഹദ്സാറിന്‍റെ വീട്ടിലേയ്ക്കു പോകാൻ തീരുമാനിച്ചിരുന്നത്.

(തുടരും)

തുന്നിയെടുക്കുന്ന ജീവിതം

ജാതിയുടെ പേരിലും മതത്തിന്‍റെ പേരിലും നിറത്തിന്‍റെ പേരിലും പേരിന്‍റെ പേരിലും വിവേചനം അനുഭവിക്കുന്നവർ അനവധിയാണ്. സോഷ്യൽ മീഡിയകളിലും ഈ വിവേചനം ശക്‌തമാണ്. നവമാധ്യമ കാലഘട്ടത്തിലും ദളിതനെ നശിപ്പിക്കുക, പാർശ്വവൽക്കരിക്കുക എന്ന?ഉദ്ദേശത്തോടുകൂടി ആസൂത്രണം ചെയ്യുന്ന കാര്യങ്ങൾ പലരേയും തളർത്തുന്നു. ചിലർ പക്ഷേ ഇതിനെയെല്ലാം മറികടന്ന് സംഘശക്‌തിയുടെ ബലത്തിൽ പടപൊരുതുന്നുണ്ട്. കാർത്തു രമ്യ അതിലൊരാളാണ്. ഒറ്റയ്ക്കും അല്ലാതെയും എല്ലാത്തരം മനുഷ്യവിരുദ്ധമായ കാര്യങ്ങളോടും ഉറക്കെ ശബ്ദിക്കുന്നവൾ.

സാഹിത്യ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും ഒരേപോലെ കൊണ്ടുപോവുന്ന  രമ്യ തയ്യൽക്കാരിയാണ്. ഇപ്പോൾ ആങ്ങള രാജീവും (28) അമ്മൂമ്മ ഓമനയ്ക്കും (86)  ഒപ്പമാണ് കഴിയുന്നത്. ആങ്ങള കൂലിപ്പണിക്കാരനാണ്. അമ്മൂമ്മയ്ക്ക് വാർദ്ധക്യകാല അവശതകൾ ഏറെയുണ്ട്. രണ്ട് അപകടങ്ങൾ സംഭവിച്ചത് മൂലം രമ്യയ്ക്ക് കുറേയേറെ ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ വലിയ ജോലികൾ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇപ്പോഴും ചികിത്സ നടക്കുന്നുണ്ട്. കാർത്തു രമ്യ തന്‍റെ സംഘർഷഭരിതമായ ദളിത് ജീവിതം വിവരിക്കുന്നു.

രമ്യയുടെ കുട്ടിക്കാലം, പഠനകാലം അതു കഴിഞ്ഞുള്ള ജീവിതത്തെക്കുറിച്ചു പറയാമോ?

ആങ്ങളയുടെ വരുമാനത്തിലാണ് ഇപ്പോൾ ഞങ്ങള് ജീവിച്ചു പോകുന്നത്. എന്‍റെ കുട്ടിക്കാലം പട്ടിണിയും അതിലുപരി അവഗണനകൾ നിറഞ്ഞതുമായിരുന്നു. അമ്മയുടെ കണ്ണീരും രോഗാവസ്‌ഥകളും വീട്ടിലെ അനിശ്ചിതാവസ്‌ഥകളും കണ്ടുള്ളൊരു കുട്ടിക്കാലം. പക്ഷേ വയലേലകളും കശുമാവിടങ്ങളും മാങ്ങാച്ചുനകളുമറിഞ്ഞ് ആഘോഷിച്ചിരുന്നു ഞാനെന്‍റെ ബാല്യം. നാളത്തെ എന്‍റെ വരുംതലമുറയ്ക്ക് സ്വപ്നം പോലും കാണാനാവാത്തൊരു ബാല്യ-കൗമാര കാലങ്ങൾക്കുടമയാണ്. ഞാനതിൽ അഭിമാനിക്കുന്നു. ആ നല്ല കാലങ്ങളും പ്രകൃതിയും മാറിയതിൽ സങ്കടവുമുണ്ട്, പഠനകാലത്ത് നോട്ടെഴുതാൻ ബുക്കില്ലാതെയും  പുസ്തകങ്ങളില്ലാതെയും ക്ലാസ്സിൽ നിന്ന് പുറത്താക്കപ്പെടുകയും പരീക്ഷയെഴുതുമ്പോൾ പേനയിലെ മഷി തീർന്ന് പരീക്ഷാഹാളിൽ നിന്ന് ഇറങ്ങി പോരേണ്ട അവസ്‌ഥകളും അനുഭവിച്ചിട്ടുണ്ട്.

വീട്ടിലെ ദരിദ്രാവസ്‌ഥയിൽ മനംനൊന്ത് പതിനൊന്നാം വയസ്സിൽ പഠിത്തം നിർത്തി അണ്ടിയാപ്പീസിൽ ജോലിക്ക് പോയിട്ടുണ്ട്. അവിടെ നിന്ന് അമ്മയുടെ ഒരകന്ന ബന്ധുവും സുപ്രഭ ടീച്ചറും ചേർന്നാണെന്നെ വീണ്ടും സ്ക്കൂളിലെത്തിച്ചത്. പത്താം ക്ലാസ്സിൽ വലുതായി പഠിക്കാതെ പോയി പരീക്ഷയെഴുതീട്ടും ഞാൻ ജയിച്ചു. അപ്പോഴേക്കും അമ്മയ്ക്ക് കാൻസർ മൂർച്ഛിച്ചിരുന്നു. വേദന സഹിക്കാനാവാതെ ഞങ്ങളുടെ അമ്മ ആത്മഹത്യ ചെയ്യുന്നത് ഓണാഘോഷസമയത്താണ്. പിന്നീട് കുഞ്ഞനുജനെയും രോഗിയായ അമ്മൂമ്മയെയും സംരക്ഷിക്കേണ്ട ചുമതല എനിക്കായി.

തുടർപഠനമെന്നത് ആഗ്രഹം മാത്രമായി ഞാൻ ജോലിക്ക് ഇറങ്ങി. ആദ്യം പോയത് അടുക്കള ജോലിക്കാണ്. പഠിച്ച് ഒരു നഴ്സാകണമെന്ന ആഗ്രഹം മനസ്സിലങ്ങനെ കിടപ്പുണ്ടായിരുന്നു. അങ്ങനെയിരിക്കെ കൊല്ലം റോട്ടറി ക്ലബ്ബും സേവാഭാരതിയും ചേർന്ന് ഹോം നഴ്സിംഗ് കോഴ്സ് നടത്തുന്നതറിഞ്ഞത്. അടുക്കളപ്പണികളോടൊപ്പം ഞാൻ ഹോം നഴ്സിംഗ് ക്ലാസ്സിനും പോയി ത്തുടങ്ങി, കോഴ്സ് പാസ്സായി കൊല്ലത്ത് തന്നെ ജോലിക്ക് കയറി.

കാർത്തു എന്ന പേരെങ്ങനെയാണ് വന്നത്?

ഇനി കാർത്തു എന്ന പേരിനെക്കുറിച്ച്… ഫേസ്ബുക്കിൽ നിന്ന് എനിക്ക് കിട്ടിയ ജ്യേഷ്ഠനാണ് കവിയും എഴുത്തുകാരനുമായ കുറത്തിയാടൻ പ്രദീപ്. അതേ പോലെ ഫേസ്ബുക്കിലെ എന്‍റെ ഏറ്റവും നല്ല സുഹൃത്താണ് സജി കല്യാണി, കുറത്തിയാടനെയും കല്യാണിയെയും പോലെ കയിൽ തുടങ്ങുന്ന പേര് വേണമെന്ന് എന്‍റെ സ്നേഹവാശിക്ക് സജി കല്യാണി സമ്മാനിച്ചതാണ് കാർത്തു എന്ന ചെല്ലപ്പേര്.

പാലിയേറ്റീവിന്‍റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടല്ലോ, എന്തൊക്കെയാണ് ചെയ്യുന്നത്? രോഗികളിൽ നിന്നോ രോഗികളുടെ ബന്ധുക്കളിൽ നിന്നോ മോശമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ടോ? എന്താണ് പൊതുവെ ആളുകളുടെ മനോഭാവം?

പതിനാല് വർഷത്തോളം പ്രത്യക്ഷമായും ഇപ്പോൾ പരോക്ഷമായും ഞാൻ പാലിയേറ്റീവ് കെയർ മേഖലയിലുണ്ട്. ആ പുണ്യ പ്രവൃത്തിയിലൂടെ പേരോ പ്രശസ്തിയോ ഈ നിമിഷം വരെ ഞാൻ ആഗ്രഹിച്ചിട്ടില്ല. നല്ലൊരു പാലിയേറ്റീവ് കെയർ വോളണ്ടിയർ എന്ന തിരിച്ചറിവിൽ ഞാനിന്നും  സ്നേഹിക്കപ്പെടുന്നുണ്ട്. രോഗികളുടെ ബന്ധുക്കളുടെ തെറ്റായ സമീപനം മൂലം സങ്കടത്തോടെ എന്‍റെ രോഗികളോട് വിട പറയേണ്ടുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. അതേസമയം ഒരു മകളായി നിന്ന് പരിചരിച്ച് ആ രോഗികൾ മരിക്കുമ്പോൾ അവരുടെ മക്കളേടൊപ്പം ചേർന്ന് മരണാനന്തര ചടങ്ങുകൾ ചെയ്‌തിട്ടുമുണ്ട്. ഇപ്പോഴും തുടരുന്നു ചില നന്മബന്ധങ്ങൾ.

എഴുത്തിലേക്കുള്ള വഴി? എന്താണ് എഴുതാറുള്ളത്?

എഴുത്തിലേക്കുള്ള വഴി തെളിച്ചു തന്നത് എന്‍റെ ഹൈസ്ക്കൂൾ കാലത്തെ മലയാളം അദ്ധ്യാപിക വിജയലക്ഷ്മി ടീച്ചറായിരുന്നു. വീട്ടിൽ സാധനങ്ങൾ പൊതിഞ്ഞ് കൊണ്ട് വന്നിരുന്ന പത്രത്താളുകളിലെ വാർത്തകൾ മനസ്സിലിരുത്തുകയും മലയാളം പരീക്ഷാ പേപ്പറുകളിൽ പ്രബന്ധങ്ങളായി എഴുതിക്കൂട്ടി മാർക്ക് വാങ്ങുകയും ചെയ്‌തിരുന്നു. പിന്നെ പദ്യങ്ങൾക്ക് ആസ്വാദനം തയ്യാറാക്കാനും ടീച്ചറെന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. പ്രണയമാണ് എഴുതാറുള്ളത്. അതും രതിമൂർച്ഛകളുടെ പ്രകൃതിബിംബങ്ങൾ. അന്നുമിന്നുമെന്നും മാധവിക്കുട്ടിയുടെ പുസ്‌തകങ്ങൾ എനിക്ക് ലഹരിയാണ്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണല്ലോ. എങ്ങനെയാണ് ആളുകളുടെ പ്രതികരണം?

സോഷ്യൽ മീഡിയയുടെ നല്ല വശങ്ങളെക്കുറിച്ച് പറയാനാണ് എനിക്കേറെയിഷ്ടം. വളരെ സന്തോഷത്തോടെ പറയട്ടെ ഒരു ദിവസം പത്ത് കവിതകൾ വരെയെഴുതുന്ന എന്നെപ്പോലുള്ള കവിക്കിറുക്കുകൾക്ക് ഏറെ പ്രയോജനപ്രദമാണ്. ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങൾ, എഴുത്ത് എളുപ്പം വായനക്കാരിലേക്കെ ത്തുന്നു. അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും വിമർശനങ്ങളും ഇത്രവേഗം വേറെ എവിടെ നിന്നാണ് ലഭ്യമാകുക. ദാദ്രി സംഭവം ചർച്ചാ വിഷയമായി പോസ്റ്റെഴുതി കേട്ട ചീത്തവിളികളും ഞാനെന്ന എഴുത്തുകാരിക്ക് ശക്‌തി പകരുന്നുണ്ട്. ചീത്ത വശങ്ങളുപേക്ഷിച്ച് നല്ല വശങ്ങളെ കാണാനായാൽ സാമൂഹ മാദ്ധ്യമങ്ങൾ പോലെ നല്ലൊരു പ്ലാറ്റ്ഫോം വേറെയില്ല.

ഫേസ്ബുക്കിൽ ആദ്യമായി ഫോട്ടോ ഇട്ടപ്പോഴുള്ള അനുഭവമെന്തായിരുന്നു?

അതുവരെ എഴുതുക മാത്രമേ ചെയ്തിരുന്നുള്ളൂ. പലരും ഇൻബോക്സിൽ വന്ന് നമ്പറൊക്കെ ചോദിക്കും. ഫോട്ടോ കണ്ടതോടുകൂടി പലരും ഒഴിവാക്കി പോയി. ചിലർ കരിംഭൂതം, കരിങ്കുരങ്ങ്, ബ്ലാക്ക് ഡോഗ് തുടങ്ങിയ നികൃഷ്ടങ്ങളായ പദങ്ങളുപയോഗിച്ച് ഫോണിൽ കൂടിയും മെസ്സേജയച്ചും തെറിയഭിഷേകം നടത്തി. ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്തിനാണെന്നു എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. തൊലി കറുത്തുപോയതുകൊണ്ടോ?

വിപ്ലവം പറയുന്നവർ പോലും സമൂഹമാധ്യമങ്ങളിൽ വർണ്ണവിവേചനം കാട്ടുന്നുണ്ട്. പക്ഷേ ഇപ്പോൾ ആളുകളുടെ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്നു തോന്നുന്നു. ഞാനെഴുതുന്നത് വായിക്കാനും അഭിപ്രായം പറയാനും ആളുകളുണ്ട്.

എന്നെങ്കിലും ഈ ജീവിതത്തോട് വെറുപ്പോ വിദ്വേഷമോ തോന്നിയിട്ടുണ്ടോ?

ജീവിതത്തോട് വെറുപ്പും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതും എന്‍റെ ആങ്ങള മദ്യത്തിനടിമയായി ഞങ്ങളുടെ ജീവിതവും സമാധാനവും തകർന്ന സമയത്താണ്. ഇപ്പോൾ മൂന്ന് വർഷമായി എന്‍റെ ആങ്ങള മദ്യപാനം നിർത്തിയിട്ട്. അതാണെന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും ഭാഗ്യവും.

ആരൊക്കെയാണ് രമ്യയുടെ കൂടെയുള്ളത്? അഥവാ എഴുത്തിന് പ്രചോദനം നൽകുന്നത്?

ജീവിതത്തിലും ഫേസ്ബുക്കിലും എനിക്ക് താങ്ങായും തണലായും ഒരുപാട് സ്നേഹിതരും കൂടപ്പിറപ്പുകളുമുണ്ട്. കുറത്തിയാടൻ പ്രദീപ് എന്ന വല്യേട്ടനും സൂഫി എന്ന പേരിലറിയപ്പെടുന്ന ഫർഹത്തുള്ളയുമാണ് പ്രധാനപ്പെട്ടവർ, ലത ആന്‍റണി, മിനി ഒലിവർ പ്രമോദ് ഇതുവരെ എന്‍റെ മുന്നിൽ പ്രത്യക്ഷപ്പെടാത്ത ഓഷോ, ഇടയ്ക്കിടെ കത്തുകളിലൂടെ മനസ്സും കണ്ണുകളും നിറയ്ക്കുന്ന ശ്രീലിമ ചേച്ചി, സമ്മാനങ്ങളയച്ച് എന്നെ വീർപ്പുമുട്ടിച്ച സീന ഡയസ് എന്ന കണ്ണൂരുകാരി, ചക്കരചേച്ചിക്കുട്ടി പ്രീത തോന്നയ്ക്കൽ, കളേഴ്സിലെ ശാന്ത അമ്മ, സുനിൽ പിള്ള ചേട്ടൻ, മാലാഖക്കൊച്ചായ നർഗ്ഗീസ് ബീഗം.

സമൂഹത്തിൽ രമ്യ എന്ന പെൺകുട്ടിയുടെ അല്ലെങ്കിൽ രമ്യയെ പോലെയുള്ള പെൺകുട്ടികൾ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികൾ എന്താണ്?

ഈ സമൂഹത്തിൽ ഒരു ദളിത് പെൺകുട്ടി എന്ന നിലയ്ക്ക് ധാരാളം അവഹേളനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തെറ്റിന്‍റെ വഴിയേ നീങ്ങാൻ സ്വന്തം കുടുംബത്തിൽ നിന്നു പോലും സമ്മർദ്ദമുണ്ടായിട്ടുണ്ട്. പേപ്പറും പേനയുമായി ഇരിക്കുന്നത് കണ്ട് എന്നെ ഭ്രാന്തി എന്ന് ആദ്യം വിളിച്ചത് ബന്ധുക്കൾ തന്നെയാണ്.

ഒരു പ്രമുഖ മലയാളം ചാനലിൽ ഇന്‍റർവ്യൂ വന്നപ്പോൾ അതിനെയും പുച്‌ഛിച്ചു. കണ്ടവർക്കിടയിലാണ് എന്‍റെ വാസം. തെറ്റായ ബന്ധങ്ങളിലേക്ക് തള്ളിയിടലും അവിഹിതഗർഭങ്ങളം പട്ടിണി മരണങ്ങളും എല്ലാമെല്ലാം ഞാനെന്‍റെ കണ്മുന്നിൽ കാണുന്നുണ്ട്. പ്രതികരിക്കാനും സഹായിക്കാനും മനസ്സുണ്ട്. പക്ഷേ, ഞങ്ങളെന്തിനും തയ്യാറാണെന്ന് പറയുന്ന ഇരകളുള്ള ഈ സമൂഹത്തിൽ പകച്ചു നിൽക്കാനേ എനിക്കാവുന്നുള്ളൂ. സമൂഹ മാദ്ധ്യമങ്ങളിലും കറുത്തതാണെന്ന കുറവിന്‍റെ പേരിൽ ഞാൻ മാറ്റി നിർത്തപ്പെടുന്നുണ്ട്. എന്‍റെ എഴുത്തുകളും തഴയപ്പെടുന്നുണ്ട്.

രമ്യയുടെ ജീവിതത്തിൽ മറക്കാനാവാത്ത സംഭവങ്ങളുണ്ടായിട്ടുണ്ടോ?

ആരോടും വെളിപ്പെടുത്താത്ത രഹസ്യമെന്നത് ഞാനൊരു കാൻസർ രോഗി ആയിരുന്നുവെന്നതും ചെറുപ്പത്തിലെ പിള്ളവാതം വന്ന് ഒരു വർഷത്തോളം തളർന്നു കിടന്നുവെന്നതുമാണ്. തളർന്നു പോകാതെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചവരോടെല്ലാം ഒത്തിരിയൊത്തിരി സ്നേഹമുണ്ട്.

എന്താണ് വായനക്കാരോട് പങ്കു വയ്‌ക്കാനുള്ളത്?

വായനക്കാരോട് പറയാനുള്ളത്, ദയവായി നിങ്ങളെന്നെ വിമർശിക്കൂ എന്നതാണ്. കാരണം പുകഴ്ത്തലുകൾ മുന്നിലേക്കുള്ള പാതകൾ അടയ്ക്കാറാണ് പതിവ്. എനിക്കിനിയും കുറേ ദൂരം എഴുത്തിന്‍റെ വഴിയെ സഞ്ചരിക്കേണ്ടതുണ്ട്. വിമർശനങ്ങൾ വീറും വാശിയും കൂട്ടാറുണ്ട്, അനുഭവമുണ്ടുട്ടോ.

പുതിയ വീടിന്‍റെ വിശേഷങ്ങൾ എന്തൊക്കെയാണ്?

ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷമാണ് ഞങ്ങളുടെ തകർന്ന വീടിന് പകരമായി പുതിയൊരു വീട് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച് കിട്ടിയത്. 2015-16 ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം ലഭിച്ച വീടിന് മൂന്ന് ലക്ഷം രൂപയുണ്ടെന്ന സർക്കാർ ഓർഡർ വിശ്വസിച്ച് കരാറിലേർപ്പെടുകയും ഫേസ്ബുക്കിലെ നല്ലവരായ സുഹൃത്തുക്കളുടെ സഹായധനവും ചേർത്ത് വീട് പണി തുടങ്ങി പകുതിയായപ്പോഴാണറിയുന്നത് ഇന്ദിര ആവാസ് യോജന ധനസഹായം രണ്ട് ലക്ഷമേ ലഭിക്കുള്ളൂവെന്ന്.

മുഖത്തല ബ്ലോക്കിലെ ഇന്ദിര ആവാസ് യോജന ഉപഭോക്‌താക്കളുടെ കൂട്ടായ്മ വിളിച്ച് ചേർത്ത് സമര പരിപാടികൾക്ക് പോസ്റ്ററുകളൊട്ടിച്ച് തുടക്കം കുറിച്ചെങ്കിലും എന്‍റെ അനാരോഗ്യവസ്‌ഥ മൂലം സമരം പാതിവഴിയിലാണിപ്പോൾ. വീട് ഇപ്പോൾ വാസയോഗ്യമാക്കാനുള്ള ശ്രമങ്ങളിലാണ്.

നിലവിൽ ഭരണകൂട വ്യവസ്‌ഥയിൽ പോലും വിവേചനം നിലനിൽക്കുന്നുണ്ട്. മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ദളിതരുടെ വിവേചനത്തിനെതിരായ ശബ്ദവും അധികം സഞ്ചരിക്കാതെ ഒരു മേഖലയിൽ ഒതുങ്ങി നിന്നിരുന്നു. പക്ഷേ ഇന്ന് രമ്യയോടുള്ള വിവേചനം തന്നെയാണ് രമ്യക്കുള്ള ഊർജ്‌ജവും. ഇതൊരു പോരാട്ടമാണ്.

മുടിഞ്ഞ വേനൽ!

കടുത്ത വേനൽക്കാലം തുങ്ങുകയായി. ഈ കാലാവസ്‌ഥ നിങ്ങളുടെ മുടിയെ സാരമായി ബാധിക്കാം. വേനൽക്കാല കേശ സംരക്ഷണം എങ്ങനെയാവണം എന്നതിനെ പറ്റി അറിയാം. സൂര്യ കിരണങ്ങളിൽ നിന്നും മുടിയുടെ ആരോഗ്യം കാക്കാം.

സ്കാൽപ് കെയർ

വേനലിൽ ശിരോചർമ്മത്തിന്‍റെ പരിചരണം വളരെ പ്രധാനമാണ്. ഈ സീസണിൽ ശിരോചർമ്മം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം ഈർപ്പവും നിലനിർത്തണം. അണുബാധയിൽ നിന്നും സംരക്ഷണം നൽകാൻ ഇതു സഹായിക്കും. ശിരോചർമ്മം വരളുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. വേനലിൽ അമിതമായി വിയർക്കുമല്ലോ. വിയർപ്പു കാരണം പൊടിയും ചളിയും ശിരോചർമ്മത്തിൽ അടിഞ്ഞു കൂടും. അതിനാൽ കൃത്യമായി മുടി കഴുകണം.

മുടിയുടെ സ്വഭാവം കണക്കിലെടുത്ത് മൈൽഡ് ഷാംപു കൊണ്ട് കഴുകാം, കെമിക്കൽ അധികം ഇല്ലാത്ത ഷാംപു ആണ് ഉത്തമം. അമിതമായി ഷാംപു ഉപയോഗിച്ചാൽ ശിരോചർമ്മത്തിലെ എണ്ണമയും നഷ്ടപ്പെടും. അത് ദോഷമാണ്. അതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണ തേച്ച് കഴുകി കളയാം.

മുടി കഴുകിയ ശേഷം നല്ല കണ്ടീഷണർ ഉപയോഗിക്കണം. ഇതു മുടിയ്ക്ക് സുരക്ഷാ കവചം ഒരുക്കും. മുടി വരണ്ടതായി തീരുകയുമില്ല. തിളക്കവും ഈർപ്പവും നിലനിൽക്കുകയും ചെയ്യും. പുറത്തു പോകുന്ന വേളയിൽ തലയിൽ സ്കാർഫ് ചുറ്റുക. ഇത് ശിരോചർമ്മം വിയർക്കാതിരിക്കാൻ സഹായിക്കും. പൊടിപടലങ്ങൾ അടിഞ്ഞു കൂടുന്നതും തടയും. ഷോർട്ട് ഹെയർ ഉള്ളവർക്ക് തൊപ്പിയും അണിയാവുന്നതാണ്. നല്ല വെൻറിലേഷൻ കിട്ടുന്നതാവണമെന്ന് മാത്രം.

ഈർപ്പം നിലനിർത്തുക

ധാരാളം വെള്ളം കുടിക്കണം. ഇത് മുടിയുടെ ആരോഗ്യ സംരക്ഷണത്തിനും നല്ലതാണ്. വെള്ളം കുടിക്കുന്നത് മുടി വേരുകൾക്ക് ബലം നൽകുന്നു. അഴകും പ്രദാനം ചെയ്യുന്നു. ശിരോചർമ്മം ആരോഗ്യത്തോടെയിരിക്കാനും ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ഡിഹൈഡ്രേഷൻ തടയാനും ഉപകരിക്കും. കരിക്ക്, കഞ്ഞിവെള്ളം, തണ്ണിമത്തൻ, പഴച്ചാറുകൾ, നാരങ്ങാ വെള്ളം, ഡിടോക്സ് വാട്ടർ എന്നിവ കുടിക്കാം.

ഷോർട്ട് ഹെയർ കൂൾ ലുക്ക്

പുരുഷന്മാർക്കാണിത് ഏറെ സൗകര്യം. നീണ്ട മുടിയുള്ളവർക്ക് അത് പരിചരിക്കാൻ വേനൽക്കാലത്ത് പാടായിരിക്കും. മുടി വെട്ടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ വേനൽക്കാലത്ത് ചെയ്യുന്നതാണ് ഉചിതം. ബോയ്ക്കട്ട് ചെയ്യാൻ ഇഷ്ടപ്പെടാത്തവർ, പ്രത്യേകിച്ചും നീണ്ട മുടിയുള്ളവർ കുറച്ച് വെട്ടി നിർത്തുന്നതാണ് അഭികാമ്യം. വേനൽക്കാല കേശ പ്രശ്നങ്ങൾ ബാധിക്കാതിരിക്കാൻ അതാണ് നല്ലത്.

കളറിംഗ് വേണ്ട

കൃത്രിമ നിറങ്ങൾ മുടിയ്ക്ക് നൽകുന്നത് ഫാഷനാണെങ്കിലും അത് വേനലിൽ ഒഴിവാക്കുക. കളറിൽ കെമിക്കലുകൾ ഉണ്ടാവും അത് മുടിയ്ക്ക് ദോഷം ചെയ്യും. കളർ ചെയ്‌താൽ വേനലിൽ മുടിയ്ക്ക് പ്രത്യേക പരിചരണം നൽകുകയും വേണം. ആഴ്ചയിൽ എണ്ണയിട്ട് മസാജ് ചെയ്ത ശേഷം മൈൽഡ് ഷാംപു കൊണ്ട് കഴുകണം. സൂര്യ കിരണങ്ങൾ മുടിയിൽ ഏൽക്കാതെ നോക്കണം.

കായിക പ്രേമികൾക്ക്

ഈ സീസണിൽ മിക്കവരും വെക്കേഷൻ ആഘോഷിക്കാനായി ട്രക്കിംഗിനും മറ്റും പോകാറുണ്ട്. അതുപോലെ സ്വിമ്മിംഗും. ഇങ്ങനെ കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ മുടിയുടെ ആരോഗ്യം കാക്കണം.

വിയർപ്പാണ് വില്ലനാവുന്നത്. സ്വിംമ്മിഗിനു മുമ്പ് ഷാംപു ഉപയോഗിക്കരുത്. കാരണം മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടും. പിന്നെ ക്ലോറിൻ വെള്ളത്തിൽ നീന്തുന്നതോടെ മുടി വീണ്ടും വരണ്ടു പോകും. പൊട്ടിപ്പോകാനും കൊഴിയാനും ഇത് ഇടയാക്കും. ഹെയർ ക്യാപ്പ് ധരിക്കുന്നതും നന്ന്. സ്വിമ്മിംഗ് കഴിഞ്ഞ ശേഷം ഷാംപു ഇട്ട് മുടി കഴുകാം. വ്യായാമം ചെയ്യുന്നവരാണെങ്കിൽ നന്നായി വെള്ളം കുടിക്കണം. പഴങ്ങളും കഴിക്കണം.

ഊരിന്‍റെ നായിക – വി. കെ ഗീത

അതിരപ്പിള്ളിയിൽ നിന്ന് കാട്ടിനകത്തേക്കുള്ള ടാർ റോഡിലേക്ക് കടന്നപ്പോഴെ ഫോൺ നോ നെറ്റ് വർക്ക് ഏരിയ കാണിച്ചു തുടങ്ങി. വീഥിയുടെ ഇരുവശവും തിങ്ങി നിറഞ്ഞ പുഴയോരക്കാഴ്ചക്കളുടെ പച്ചപ്പുതപ്പിനുള്ളിൽ മഴയുടെ ഇരുട്ടും കനത്ത നിഴൽ വീഴ്ത്തുന്നു. യാത്രക്കിടെ ഒരു ട്രാൻസ്പോർട്ട് ബസ് സാവകാശം എതിരെ കടന്നു വന്നതൊഴിച്ചാൽ ആളനക്കത്തിന്‍റെ ഒരു ലാഞ്ചന പോലും ആ വഴിയിൽ കാണാൻ കഴിഞ്ഞില്ല. കുറച്ചു മുന്നോട്ടുപോയപ്പോൾ കണ്ട വാഴച്ചാൽ ചെക്ക് പോസ്‌റ്റിൽ ഒന്നോ രണ്ടോ വാഹനങ്ങൾ ഊഴം കാത്തു കിടക്കുന്നുണ്ടായിരുന്നു. വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടവും വിജനമാണ്. ഫോൺ പണിമുടക്കിയതോടെ ആദിവാസി ഊരു നേതാവായ ഗീത താമസിക്കുന്നതെവിടെ എന്ന് ചെക്ക് പോസ്‌റ്റിൽ അന്വേഷിക്കേണ്ടി വന്നു.

വളരെ സൗഹാർദ്ദത്തോടെയുള്ള മറുപടിയും പെരുമാറ്റവും

ചെക്ക് പോസ്റ്റിനു തൊട്ടടുത്തുള്ള ആദിവാസി കോളനിയിലാണ് ഗീത താമസിക്കുന്നത്. പുളിയിലപ്പാറയിലെ അംഗനവാടിയിൽ നിന്ന് കുട്ടികളെ പഠിപ്പിക്കൽ കഴിഞ്ഞ് ഗീത എത്തിയതേയുള്ളൂ. അപ്പോഴേക്കും കനത്ത മഴ പെയ്തു തുടങ്ങി. റോഡരികിലെ ചെറിയ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഞങ്ങൾ മഴ നനയാതെ കയറി ഇരുന്നു. കാടർ സമുദായത്തിന്‍റെ ഊരു മൂപ്പത്തിയാണ് ഈ യുവതി. കേരളത്തിൽ രണ്ടേ രണ്ടു വനിതകൾ മാത്രമാണ് ഊരു മൂപ്പത്തി സ്‌ഥാനം വഹിക്കുന്നത്. ഒരാൾ വയനാട്ടിൽ. ആദിവാസി നേതാവ്, സാമൂഹ്യപ്രവർത്തക, അംഗനവാടി ടീച്ചർ, പരിസ്ഥിതി പ്രവർത്തക എന്നിങ്ങനെ നിരവധി റോളുകൾ കൈകാര്യം ചെയ്യുന്നുണ്ട് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ യുവതി. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കപ്പെട്ടാൽ കുടിയിറക്കിന്‍റെ ഭീഷണി നേരിടുന്ന 350 ഓളം അംഗങ്ങളുള്ള കാടർ സമുദായത്തിന്‍റെ ഊരുകൂട്ടത്തിന്‍റെ നേതാവായ ഗീത തന്നെയാണ് ആദിവാസി പ്രശ്നങ്ങളിൽ സമരത്തിന് നേതൃത്വം കൊടുക്കുന്നത്.

ഇപ്പോൾ വീണ്ടും കുടിയൊഴിപ്പിക്കൽ ഭീഷണി ഉണ്ടല്ലോ

പറമ്പിക്കുളത്ത് ഡാം നിർമ്മിച്ചപ്പോൾ ഞങ്ങളുടെ പഴയ തലമുറ പെരിങ്ങകുത്തിൽ താമസം തുടങ്ങിയതാണ്. പിന്നീട് അവിടെയും ഡാം വന്നപ്പോൾ ഞങ്ങളെ വാഴച്ചാലിലേക്ക് മാറ്റി. ഇപ്പോഴത്തെ നിർദിഷ്ട അതിരപ്പിള്ളി ഡാം വാഴച്ചാലിലാണ്. അതു വന്നാൽ ഞങ്ങൾ 62 കുടുംബങ്ങൾ വീണ്ടും കുടിയിറക്കപ്പെടും. എന്നാൽ ഇപ്പോൾ വനഅവകാശനിയമം നിലവിലുണ്ട്. ഈ നിയമം അനുസരിച്ച് കാടിന്‍റെ അവകാശികൾ ആദിവാസികൾ ആണ്. ഞങ്ങളുടെ അനുവാദമില്ലാതെ കാട്ടിൽ പ്രവേശിക്കാനോ നിർമ്മാണം നടത്താനോ പാടില്ല. അതിനാൽ ഈ നിയമം അനുസരിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്‌തിട്ടുണ്ട്.

വർഷങ്ങളായി ഇങ്ങനെ ചുറ്റിക്കറങ്ങി ജീവിക്കേണ്ടി വരികയാണ് ഞങ്ങൾക്ക്. സർക്കാർ ഓരോ സ്‌ഥലത്തും ഡാം പണിയാൻ തുടങ്ങുമ്പോൾ കാടരെ മാറ്റും. കാടർ സമുദായം പുഴയുടെ തീരത്താണ് താമസിക്കുക. പുഴയോരക്കാടുകളാണ് അവരുടെ പ്രിയപ്പെട്ട വാസസ്‌ഥാനം. ജീവിത മാർഗ്ഗം പുഴയിലെ മീനും കാട്ടിലെ വിഭവവുമാണ്. പണ്ട് ഈറ്റവെട്ടും മറ്റും ഉണ്ടായിരുന്നു. പലരും പുറം പണിക്ക് പോകുന്നുണ്ട് അങ്ങനെയാണ് ജീവിച്ച് പോകുന്നത്.

എന്തെല്ലാം സാമൂഹ്യ പ്രവർത്തനങ്ങളാണ് ഊരിൽ ചെയ്യുന്നത്?

കാടരുടെ സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങളും വനസംരക്ഷണവും എന്‍റെ പ്രവർത്തനമേഖലയാണ്. കാടില്ലെങ്കിൽ ഞങ്ങൾ ഇല്ലല്ലോ. ഈ സമുദായവും വംശനാശ ഭീഷണിയിലാണ്. കാടരുടെ ഇടയിൽ മദ്യപാനശീലം ഉണ്ടായിരുന്നില്ല. അവർ ആകെ കൂടി ഉപയോഗിച്ചിരുന്നത് കറുപ്പാണ്. നാട്ടുകാരുടെ കടന്നു കയറ്റവും അവരുമായുള്ള അടുപ്പവും വന്നതോടെ മദ്യം ഉപയോഗിക്കാൻ തുടങ്ങി. അതോടെ ആദിവാസി കുടിലുകളിൽ സദാ മദ്യത്തിന്‍റെ മണമായി. ഇവിടെ പുരുഷന്മാരും സ്ത്രീകളുമടക്കം ഭൂരിഭാഗം പേരും മദ്യത്തിന് അടിമയാണ്. ഞങ്ങളുടെ സമൂഹത്തിനിടയിൽ രാഷ്ട്രീയമില്ല. കുറ്റം പറയുകയാണെന്ന് കരുതരുത്. രാഷ്ട്രീയക്കാർ വോട്ടിനായി ബന്ധപ്പെട്ടു തുടങ്ങിയതോടെ തുടങ്ങിയ ഒരു മാറ്റമാണ് ഈ മദ്യപാനം. ഓരോ തെരഞ്ഞെടുപ്പ് വേളയിലും എല്ലാ രാഷ്‌ട്രീയക്കാരും ആദിവാസികൾക്ക് മദ്യം കൊടുത്താണ് വോട്ടു ചെയ്യിക്കുന്നത്. ഇപ്പോൾ അവർക്ക് ഈ ശീലം മാറ്റാൻ പറ്റുന്നില്ല. കുട്ടികൾ പോലും മദ്യത്തിനടിമകളായതോടെ ശക്‌തമായി ഇടപെടേണ്ടി വന്നു.

മദ്യത്തിന്‍റെ രസം കിട്ടി കഴിഞ്ഞാൽ കുട്ടികൾ ഭവിഷ്യത്ത് മനസ്സിലാക്കില്ല. പണിക്ക് പോയി കിട്ടുന്ന കാശിന് വീട്ടിലേക്ക് എന്തെങ്കിലും വാങ്ങും. ബാക്കി മുഴുവൻ മദ്യപിക്കാൻ ഉപയോഗിക്കും. പിന്നെ കുടിലുകളിൽ അടിയും വഴക്കുമാണ്. മദ്യത്തിന്‍റെ ഭീഷണി വല്ലാതങ്ങു കനത്തതോടെ കളക്‌ടർക്കു പരാതി കൊടുക്കേണ്ടി വന്നു. പോലീസിന്‍റെയും വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെയും സഹായങ്ങൾ ഉള്ളതു കൊണ്ട് കുറയൊക്കെ പരിഹരിക്കാൻ കഴിഞ്ഞു.

എസ്റ്റി പ്രൊമോട്ടർ ആയിരുന്നപ്പോൾ എനിക്ക് വധഭീഷണി ഉണ്ടായി. അതിരപ്പിള്ളിയിലെ തുരുത്തുകളിൽ വാറ്റ് വ്യാപകമായപ്പോൾ ധൈര്യപൂർവ്വം രംഗത്തിറങ്ങിയപ്പോഴാണ് ഭീഷണി ഉണ്ടായത്. ഇത്രയും അംഗങ്ങളുള്ള ഈ ഊരിൽ 25 ഓളം പേർ മാത്രമാണ് മദ്യപിക്കാത്തത്. മദ്യത്തെ തുരത്താനുള്ള ശ്രമത്തിൽ അവരാണ് പിന്തുണ. മദ്യപിക്കുന്ന സ്ത്രീകളുടെയും സപ്പോർട്ട് ഉണ്ട്. കാരണം അവർക്ക് ഈ ദു:ശീലം ഒഴിവാക്കാൻ ആഗ്രഹമുണ്ട്. ഊര് സഭ കൂടിയാണ് ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നത്. പ്രശ്നങ്ങൾ പരിധി വിട്ടാൽ വീടുകളിൽ ചെന്ന് സംസാരിക്കുകയോ അവരെ വിളിപ്പിക്കുകയോ ചെയ്യും. കാടർക്ക് മദ്യം പുറത്തു നിന്ന് ആളുകൾ എത്തിച്ചു കൊടുക്കുന്നത് കടബാധ്യത വച്ചിട്ടാണ്. പിന്നീട് ഇവർ ജീവിതകാലം മുഴുവൻ മദ്യത്തിനു വേണ്ടി അടിമപ്പണി ചെയ്യേണ്ടി വരുന്നു.

ഇത്തരം മദ്യപാന പ്രശ്നങ്ങൾ ലൈംഗികാതിക്രമങ്ങൾക്ക് വഴി വയ്ക്കാറുണ്ടോ?

ആദിവാസി ഊരുകളിൽ മദ്യപാനം ഉയർത്തുന്ന പ്രധാന പ്രശനം സാമ്പത്തിക ബാധ്യതയും വീട്ടിലെ വഴക്കുമാണ്. ലൈംഗികാതിക്രമങ്ങളൊന്നും ഞങ്ങളുടെ ഇടയിൽ പതിവില്ല. പുറത്തു നിന്നു വരുന്നവരെ ഊരുകളിലേക്ക് കയറ്റാറുമില്ല. പ്രത്യേകിച്ചും 6 മണിക്കു ശേഷം ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഊരിലുള്ളവർ, “മൂപ്പത്തി, ഞങ്ങൾക്കൊരു പ്രശ്നമുണ്ട്” എന്നു പറഞ്ഞ് വരും.

ഊരുമൂപ്പത്തി സ്‌ഥാനത്തെ കുറിച്ച്?

ഊരു സഭ കൂടിയാണ് എന്നെ തെരഞ്ഞെടുത്തത്. കോളനിയിലെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് മൂപ്പനോ, മൂപ്പത്തിയോ ആയിരിക്കണം എന്നാണ് ഞങ്ങളുടെ രീതി. ഊരു മൂപ്പത്തിയായി തെരഞ്ഞെടുത്ത ശേഷം ഊരിലിരുന്നുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും മദ്യപിക്കലും ബഹളമുണ്ടാക്കലും വളരെ കുറഞ്ഞു. രാത്രി പ്രശ്നം വന്നാൽ ചിലരൊക്കെ ഫോൺ ചെയ്‌ത് പറയും. ഞങ്ങൾ എന്താ ചെയ്യേണ്ടേ എന്നു ചോദിക്കും. ഏതു രാത്രിയിലും അവിടെ എത്തും. മൂപ്പത്തി പറഞ്ഞാൽ പിന്നെ അതിനപ്പുറമൊന്നുമില്ല എന്നാണ് ഊരിലെ നിലപാട്.

അതിരപ്പിള്ളി പദ്ധതിക്കെതിരെ എന്താണ് ഉദ്ദേശിക്കുന്നത്?

ഇതുവരെയും ഈ പദ്ധതി വരുന്നതിനെക്കുറിച്ച് ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. കുടിയൊഴിപ്പിക്കുമെന്നോ, വേറെ സ്‌ഥലം കണ്ടെത്തിതരുമെന്നോ പറഞ്ഞിട്ടില്ല. ഞങ്ങളുടെ ചോദ്യം ഇതാണ്. ആദിവാസികൾ എവിടെ താമസിക്കുന്നോ അവിടെ എന്തുകൊണ്ടാണ് അണകെട്ടുന്നത്. ഈ കാട് നശിച്ചാൽ ഇങ്ങനെ ഒരു കാട് ഉണ്ടാക്കാൻ പറ്റുമോ, ആദിവാസി വിഭാഗങ്ങളെ സൃഷ്ടിക്കാൻ പറ്റുമോ? ആദിവാസികളെ എന്തിനാണ് ഇല്ലാതാക്കുന്നത്?

ഇപ്പോൾ വനാവകാശ നിയമപ്രകാരം ഈ ഭൂമിയുടെ അവകാശികൾ ആദിവാസികൾ ആണെങ്കിൽ ഇവിടെ അണകെട്ടാൻ ഞങ്ങൾ സമ്മതിക്കില്ല. 40000 ഹെക്ടർ വനഭൂമി ആദിവാസികൾക്കായി അളന്നു കൊടുത്തതാണ്. വനം വകുപ്പ് ഉദ്യോഗസ്‌ഥർക്കുപ്പോലും കാടിനകത്ത് കയറാൻ ഞങ്ങളുടെ അനുമതി വേണം. അത്രയ്ക്കും അവകാശമുണ്ട് കാട്ടിൽ ആദിവാസികൾക്ക്. കെഎസ്ഇബിയും സർക്കാരും വിചാരിച്ചാൽ ഈ പദ്ധതി നടപ്പാവില്ല. വനാവകാശ നിയമം ഇവിടെ 9 ഊരുകൾക്ക് ബാധകമാണ്. അവകാശം ലംഘിക്കപ്പെടുന്നതിനെതിരെ എല്ലാവരും ഒത്തൊരുമയോടെ ഈ പ്രശ്നത്തെ നേരിടും. ജീവിക്കാൻ വേണ്ടി ഞങ്ങൾ എല്ലാവരും കാടിനെയാണല്ലോ ആശ്രയിക്കുന്നത്.

കോളനിയിൽ ആരോഗ്യപ്രശ്നം ഉണ്ടോ?

കാടർ പൊതുവേ ആശുപത്രികളെ ആശ്രയിക്കാറില്ല. അസുഖം വന്നാൽ ഹെൽത്ത് ഡിപ്പാർട്ട്മെന്‍റിനെയോ പോലീസിനെയോ വിളിച്ച് ആംബുലൻസ് എത്തിക്കും. ഇവിടെ എല്ലാവരും വിളർച്ചരോഗം ബാധിച്ചവർ ആണ്. പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നം. തനതു ഭക്ഷണം ഉപേക്ഷിച്ചതു കൊണ്ടാണ്. ആദിവാസികൾ കാട്ടുമരുന്നല്ലാതെ മറ്റൊന്നും കഴിക്കാറില്ല. എന്നാൽ ഇപ്പോൾ കാൻസർ അടക്കം ചില രോഗങ്ങൾ ഈ കുടിലുകളിൽ വന്നെത്തിക്കഴിഞ്ഞു.

കുടുംബം

അമ്മയും ചേച്ചിയും കൂടെയുണ്ട്. അച്‌ഛൻ കരിമ്പയ്യൻ മരിച്ചു പോയി. എനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ല. എന്‍റെ ചേച്ചിമാരുടെ ജീവിതം, എന്‍റെ സമൂഹത്തിലെ ജീവിതം ഇതൊക്കെ കണ്ടപ്പോൾ വിവാഹം വേണ്ടെന്ന് തോന്നി. ചേച്ചിയുടെ ഭർത്താവ് മദ്യപിച്ച് വന്ന് ഉപദ്രവിക്കും. പേടിയാകും അതു കണ്ടാൽ. വേറൊരു ചേച്ചിയുടെ ഭർത്താവ് മരിച്ചു. അവരുടെയും കുട്ടികളുടെയും ഉത്തരവാദിത്തം എനിക്ക് ഏറ്റെടുക്കേണ്ടി വന്നു.

ഞാൻ എവിടെയും ഒറ്റയ്ക്കു പോകും. ഡൽഹിയിൽ വനാവകാശനിയമ ക്ലാസിന് പോയിട്ടുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും സ്‌ഥിരമെന്നോണം പോകേണ്ടി വരും. കേസിന്‍റെ ആവശ്യങ്ങൾക്ക്. അതിരപ്പിള്ളിക്കെതിരെ 18-ാം വയസ്സിലാണ് ആദ്യമായി കേസു കൊടുത്തത്. പിന്നീട് 17 വർഷമായി ഞാൻ ഇതിനു വേണ്ടി പ്രവർത്തിക്കുന്നു. അതിരപ്പിള്ളി പദ്ധതിക്കു വേണ്ടി ഒരു സംഘടന നടത്തിയ പഠനം തന്നെ തെറ്റാണ്. എന്തിനാണ് ആദിവാസികളെ ഇങ്ങനെ പറ്റിക്കുന്നത്. ഞാൻ ആ റിപ്പോർട്ട് മലയാളത്തിൽ വായിച്ചു മനസ്സിലാക്കി. എന്‍റെ സമൂഹത്തിനു വേണ്ടി എന്തായാലും രംഗത്തിറങ്ങും എന്ന് തോന്നിയത് അത് വായിച്ചപ്പോഴാണ്. അതിനായി ആദിവാസി ചരിത്രം പഠിച്ചു. അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി തെറ്റായ റിപ്പോർട്ട് കൊടുത്തുവെന്ന് കേസ് കൊടുത്തു. പദ്ധതി പ്രദേശത്ത് ആൾതാമസം ഇല്ല, ഹോസ്‌റ്റൽ ഇല്ല എന്നൊക്കെ ആണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഇപ്പോൾ വീണ്ടും പദ്ധതി നടപ്പാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട് എന്ന് അറിയുന്നു..

ഈ സ്നേഹത്തണലിൽ…

ഉരുളൻ കല്ലുകൾ നിറഞ്ഞ ഇടുങ്ങിയ മൺപാതയിലൂടെ കായലോരത്തെ ആ ചെറിയ വീട്ടിലേക്ക് ഞങ്ങൾ കടന്നു ചെല്ലുമ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആ കുടുംബം. രോഗാതുരമായ അന്തരീക്ഷം അവരുടെ സങ്കടത്തിന്‍റേയും നൈരാശ്യത്തിന്‍റേയും കാഠിന്യത്തിൽ കനത്തു നിന്നു. കായലിൽ നിന്ന് നിരന്തരം വീശിയെത്തുന്ന തണുത്ത കാറ്റിൽ പോലും അതു അലിഞ്ഞു പോയില്ല.

കുമ്പളങ്ങിയിൽ കായലോരത്തോടു ചേർന്ന കുട്ടൻ കോളനിയിൽ ഇടത്തരക്കാരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് അധികവും. വി.കെ.ശശിയും മത്സ്യത്തൊഴിലാളിയായിരുന്നു. കാൻസർ രോഗത്തിൽ നിന്ന് മുക്‌തി നേടാൻ ശ്രമിക്കുന്ന ശശിയുടെ വീട്ടിലേക്കാണ് സ്നേഹത്തണൽ സംഘം അപ്പോൾ എത്തിച്ചേർന്നത്. ആ ഇടുങ്ങിയ വഴിയിലൂടെ വീട്ടിലേക്ക് വാഹനമെത്തില്ല. അതിനാൽ ആംബുലൻസ് അൽപം അകലെയുള്ള റോഡരികിൽ തന്നെ നിർത്തിയിട്ടു.

നാട്ടിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ജൂഡ് അവിടെ ഞങ്ങളെ കാത്തുനിൽപ്പുണ്ട്. കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ. സി എൻ മോഹൻ നായരും സ്പെഷ്യലിസ്റ്റ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ആനി മാത്യുവും ഉൾപ്പെട്ട മെഡിക്കൽ സംഘമാണ് കാൻസർ രോഗികളെ വീട്ടിൽ ചെന്നു കണ്ട് ചികിത്സ നൽകാനെത്തിയിരിക്കുന്നത്.

ഡോക്ടറെത്തേടി രോഗികൾ വരുന്ന കാഴ്ചയ്‌ക്ക് എവിടെയും ഒരു പുതുമയുമില്ല. എന്നാൽ രോഗിയെത്തേടി ഡോക്‌ടർ രോഗിയുടെ വീട്ടിലെത്തുന്ന കാഴ്ചയ്‌ക്ക് തികച്ചും വ്യത്യസ്‌തതയുണ്ട്. അതുകൊണ്ടാവാം ആ പരിസരത്തെ വീടുകളിൽ നിന്നൊക്കെ ആദരവോടെ കുറെയേറെ ആളുകൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു. വേണ്ടത്ര കാറ്റും വെളിച്ചവുമൊക്കെയുള്ള ഒരു കൊച്ചു വീട്ടിലേക്കാണ് ഞങ്ങൾ കടന്നു ചെന്നത്.

ഡോക്ടറെ കണ്ട ഉടനെ കൈകൂപ്പി കൊണ്ട് രോഗി ശശി തന്‍റെ വിഷമം പറഞ്ഞു. 2002 ൽ ആണ് ശശിക്ക് കാൻസർ രോഗം തുടങ്ങിയത്. ഇതുവരെ ചികിത്സയിലായിരുന്നു. ഇപ്പോൾ മുത്രസഞ്ചി നീക്കം ചെയ്‌തശേഷം കൃത്രിമ സഞ്ചി പിടിപ്പിച്ചിരിക്കുകയാണ്. ഈ സഞ്ചി 9 ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാൻ പ്രയാസമാണ്. ഒരു സഞ്ചിക്ക് 500 രൂപ ചെലവു വരും. ആ ചെലവ് താങ്ങാൻ പറ്റുന്നില്ല. സഹായിക്കണം. തന്‍റെ ശാരീരിക അവശതകളെക്കുറിച്ച് ഡോക്ടറോട് പറയും മുമ്പേ ഇക്കാര്യമാണ് അദ്ദേഹം സൂചിപ്പിച്ചത്. സാമ്പത്തിക ബാധ്യതയാണ് ഈ രോഗിയെ കൊണ്ട് ഇത് പറയിപ്പിച്ചതെന്ന് വ്യക്‌തം. “അതിനൊക്കെ എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കാം. അതിനു മുമ്പ് ഇപ്പോൾ ആരോഗ്യം എങ്ങനെ ഉണ്ടെന്നു നോക്കട്ടെ.” ഡോക്ടറുടെ മറുപടിയിൽ അയാൾ ആശ്വാസത്തോടെ കട്ടിലിൽ കിടന്നു.

ഡോക്‌ടർ പരിശോധിക്കുമ്പോൾ ഭാര്യ അംബിക എല്ലാ റിപ്പോർട്ടുകളുമായി അടുത്ത് വന്നു. മൂത്രാശയ കാൻസർ വന്ന് ഭേദമായെങ്കിലും മരണത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസമുണ്ടെങ്കിലും ശശിക്ക് ആകപ്പാടെ അസ്വസ്ഥതയാണ്. ഈ കുമ്പളങ്ങിയിൽ ഞാൻ മാത്രമാണ് ഇങ്ങനെ മൂത്രത്തിൽ സദാ കഴിയുന്നതെന്ന അപകർഷതാബോധം. 9 ദിവസം മാത്രമാണ് കൃത്രിമ മൂത്രസഞ്ചിയുടെ കപ്പാസിറ്റി. അതു നിറഞ്ഞാൽ അൽപാൽപം ലീക്ക് ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ 8 ദിവസത്തിനകം മാറ്റണം.

“ഇപ്പോൾ ഏറ്റവും വലിയ പ്രയാസം ഇതു തന്നെയാണ്. മൂത്രം നാറുകയാണെന്ന വിഷമമാണ് എപ്പോഴും. കിടക്കയിൽ ഷീറ്റ് ഇട്ട് കൊടുത്ത് അഡ്ജസ്‌റ്റ് ചെയ്യുമ്പോഴൊക്കെ ഭയങ്കര സങ്കടവും ദേഷ്യവുമാണ്” ഭാര്യ അത് തുറന്നു പറഞ്ഞു. രോഗം മാറിയെങ്കിലും രോഗത്തിന്‍റെ അനന്തരഫലങ്ങളിലൂടെ കടന്നു പോകുകയാണ് ഈ കുടുംബം. സാമ്പത്തിക പരാധീനതക്കൊപ്പം രോഗിയുടെയും കുടുംബത്തിന്‍റെയും അപകർഷതാബോധമാണ് ഇവിടെ പ്രശ്നമായിരിക്കുന്നത്. ഇപ്പോഴും തുടരുന്ന ചില ശാരീരികാസാസ്‌ഥ്യങ്ങൾക്ക് ഡോക്‌ടർ മരുന്ന് നിർദ്ദേശിച്ചു.

“ഇപ്പോൾ ശശിക്ക് യാതൊരു അസുഖവുമില്ലല്ലോ. പിന്നെന്തിനാണ് ഈ മുറിയിൽ തന്നെ കഴിയുന്നത്. പുറത്തേക്ക് ഇറങ്ങൂ. ഇനി മുതൽ കടയിൽ പോകുകയും അമ്പലത്തിൽ പോകുകയും ഒക്കെ ചെയ്യണം. ഇങ്ങനെ വീട്ടിൽ കിടന്നും ഇരുന്നും സമയം കളയരുത്. വേറെ പ്രയാസം ഒന്നും തോന്നുന്നില്ലെങ്കിൽ ജോലിക്കും പോകാം. രോഗിയാണെന്ന ചിന്ത മനസ്സിൽ നിന്ന് കളഞ്ഞോളൂ.” ഡോക്‌ടറുടെ വാക്കുകൾ കേട്ടപ്പോൾ അയാളുടെ കണ്ണുകളിൽ ആത്മവിശ്വാസം.

“കോടിക്കണക്കിന് വിലയുണ്ട് ഈ വാക്കുകൾക്ക്. എന്നെ കാണാൻ വന്നതിനും സഹായിക്കാൻ മനസ്സു കാണിച്ചതിനും നന്ദി. നിങ്ങൾക്ക് നന്മ ലഭിക്കും.” നെഞ്ചിൽ കൈവച്ച് അയാൾ പറയുമ്പോൾ ഭാര്യയുടെ കണ്ണും ഈറനണിഞ്ഞു. ആ സന്തോഷം കണ്ടപ്പോൾ അവർ ചിരിയോടെ പറഞ്ഞതിങ്ങനെ. “വേദന വരുമ്പോഴും, സങ്കടവും നിരാശയും തോന്നുമ്പോഴും ഇങ്ങേര് എന്നെ ഇടിക്കുമായിരുന്നു.” ഭാര്യുടെ പരാതിയ്ക്ക് ജാള്യതയുള്ള ചിരിയായിരുന്നു അയാളുടെ പ്രതികരണം. അതൊക്കെ പോകട്ടെ. ഇനി ഇദ്ദേഹം രോഗിയല്ല. ആ രീതിയിൽ കാണുകയുമരുത്.”

ഡോക്‌ടറുടെ നിർദ്ദേശം കേട്ടപ്പോൾ അയാൾ കൂടുതൽ ഉത്സാഹവാനായി. സ്നേഹത്തണൽ പ്രവർത്തകർക്കൊപ്പം അൽപം അകലെ കിടക്കുന്ന വാഹനത്തിനരികിലേക്ക് അയാൾ നടന്നു വന്നു. അപ്പോൾ അദ്ദേഹത്തിന്‍റെ മുഖത്ത് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ പുഞ്ചിരിയിൽ നിന്ന് പകർന്ന സന്തോഷത്തോടെയാണ് അൽപം അകലെയുള്ള ആലത്തറ വീട്ടിൽ ത്രേസ്യാക്കുട്ടിയെ കാണാൻ പോയത്. ഗർഭാശയ കാൻസറാണ് ത്രേസ്യാക്കുട്ടിക്ക്. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും കുടുംബത്തിൽ മകന്‍റെയും മരുമകളുടെയും കരുതൽ ഈ അമ്മയ്‌ക്ക് ലഭിക്കുന്നുണ്ടെന്നത് ആശ്വാസകരമായി തോന്നി. എന്നാൽ അവർക്ക് കൂടുതൽ ചികിത്സയുടെ ആവശ്യമുണ്ട്.

സ്കാൻ ചെയ്യാനും സൗജന്യ ചികിത്സക്കും വേണ്ടി ആശുപത്രിയിൽ ഉടനെ അഡ്മിറ്റാവാൻ ഡോക്‌ടർ നിർദ്ദേശിച്ചപ്പോൾ അവർ മരുമകളെ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞു. “വീട്ടിൽ എല്ലാം ചെയ്യാൻ ഈ പെൺകൊച്ച് മാത്രമേയുള്ളൂ. ഞാൻ തന്നെ വന്നു നിന്നാൽ മതിയോ?” ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടും, വീട്ടിൽ സഹായത്തിന് ആളില്ലാത്തതിന്‍റെ പ്രശ്നമാണ് അവർക്ക്. രോഗം കണ്ടെത്തിയാലും ചികിത്സ വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇതും.

കുമ്പളങ്ങിക്കാരി ചക്കാലയ്‌ക്കൽ കുഞ്ഞമ്മ ജോസഫിന്‍റെ അവസ്‌ഥയും വ്യത്യസ്‌തമായിരുന്നില്ല. രോഗവുമായി മല്ലിട്ട് വീട്ടിൽ തന്നെ കഴിയുമ്പോഴാണ് സ്നേഹത്തണൽ പ്രവർത്തകർ വീട്ടിൽ എത്തി അവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. “ഡോ. മോഹനൻ നായരും ആനി സിസ്‌റ്ററും സ്നേഹത്തണൽ പ്രവർത്തകരുമാണ് എന്നെ സ്പെഷ്യലിസ്‌റ്റ് ആശുപത്രിയിൽ ചികിത്സ നൽകിയത്. ഇന്നുവരെ അനുഭവിച്ച വേദനകളെല്ലാം മാറി, സന്തോഷകരമായി ജീവിക്കാൻ കഴിയുമെന്ന വിശ്വാസമായി” അവർ പറയുന്നു.

സ്പെഷ്യലിസ്‌റ്റ് ആശുപത്രിയിലെ സീനിയർ പിആർഒയും സാമൂഹ്യപ്രവർത്തകനുമായ ടി.ആർ രാജൻ ആണ് സ്നേഹത്തണലിന്‍റെ ആത്മാവ്. 17 വർഷം മുമ്പ് ആരംഭിച്ചതാണ് ഈ സംരംഭം. കാൻസർ രോഗവിദഗ്ദ്ധൻ നേരിട്ട് വീട്ടിൽ ചെന്ന് രോഗിയെ കാണുന്നു എന്നതാണ് സ്നേഹത്തണലിന്‍റെ പ്രത്യേകത. സ്നേഹത്തണലിൽ വിളിച്ച് പേര് രജിസ്‌റ്റർ ചെയ്‌താൽ ഏറ്റവും അടുത്ത ദിവസം ഡോക്‌ടർ വീട്ടിലെത്തും. ആഴ്ചയിൽ രണ്ടു ദിവസമാണ് സന്ദർശനം. തുടർ ചികിത്സ വേണമെന്നു തോന്നുന്ന രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി വേണ്ടതെല്ലാം ചെയ്യും. സാമ്പത്തികമായി സഹായം ആവശ്യമുള്ളവർക്ക് അതു കൊടുക്കും.

അർബുദ രോഗികളിൽ 40 ശതമാനത്തോളം ആളുകൾ കൃത്യമായ ചികിത്സ കിട്ടാതെ മരണത്തിനിടയാകുന്ന സാഹചര്യം കണക്കിലെടുത്താണ് രോഗികളുടെ അടുത്തേയ്ക്ക് ഉറങ്ങിച്ചെല്ലുന്നതെന്ന് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന സ്പെഷ്യലിസ്‌റ്റ് ആശുപത്രി ഡയറക്‌ടർ ഡോ.കെആർ രാജപ്പൻ പറയുന്നു. എംബിആർ ട്രസ്‌റ്റ്, മരട് നന്ദനം ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സഹകരണമുണ്ട് പദ്ധതിക്ക്. പാവപ്പെട്ട രോഗികളാണെങ്കിൽ സൗജന്യ ചികിത്സയും മരുന്നും നൽകാറുണ്ട്. ഈ സേവനം അതാതു പരിസരത്തെ ആശാ വർക്കർമാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും ഇടപെടലോടെയാണ് നിർവ്വഹിക്കുന്നത്.

ഇക്കാലത്തും പ്രൊഫഷണലുകൾ പോലും ചിന്തിക്കുന്നത് മരണം കാത്തു കിടക്കുന്നവർക്കാണ് പാലിയേറ്റീവ് കെയർ എന്നാണ്. എന്നാൽ ബെഡ് റിഡൻ ആയ ഏതു രോഗിക്കും പാലിയേറ്റീവ് കെയർ ആവശ്യമാണ്. രോഗിക്കും രോഗിയുടെ കുടുംബത്തിനും ചെയ്യാൻ കഴിയുന്ന എന്ത് ആശ്വാസവും സാന്ത്വന ചികിത്സയുടെ ഭാഗം തന്നെ. ദേശീയതലത്തിൽ ഏതാണ്ട് 50 ലക്ഷം പേർ സാന്ത്വന ചികിത്സ തേടുന്നുണ്ട്. എന്നാൽ ലഭിക്കുന്നത് ഇവരിൽ രണ്ട് ശതമാനത്തിനു മാത്രം. എന്നാൽ കേരളത്തിലെ സ്‌ഥിതി കൂടുതൽ നല്ലതാണ്. ചികിത്സ ആവശ്യമായ ഒന്നര ലക്ഷത്തോളം പേരിൽ പകുതിയോളം പേർക്ക് സാന്ത്വന ചികിത്സ ലഭിക്കുന്നു.

ഔട്ട് പേഷ്യന്‍റ് കെയർ, ഇൻപേഷ്യന്‍റ് കെയർ, ഹോം കെയർ, റിഹാബിലിറ്റേഷൻ എന്നിങ്ങനെയാണ് ചികിത്സാ രീതി. “കാൻസർ രോഗിയ്ക്ക് കുടുംബത്തിന്‍റെ പിന്തുണ, മരുന്നു പോലെ തന്നെ പ്രധാനമാണ്. ആരും നോക്കാനില്ല എന്ന തോന്നൽ രോഗിയിൽ ഉണ്ടായാൽ ചികിത്സ പ്രയാസകരമാവുന്നു. ഹോളിസ്റ്റിക് സമീപനമാണ് കാൻസർ രോഗത്തോട് വേണ്ടത്” ഡോക്ടർ മോഹൻ നായർ ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ സാഹചര്യത്തിൽ എല്ലാ രോഗികൾക്കും തുല്യ നീതിയിൽ ചികിത്സ ലഭ്യമാകുന്നില്ല എന്നതു യാഥാർത്ഥ്യമാണ്. നേരത്തെ രോഗം കണ്ടെത്തിയിട്ടു പോലും യഥാസമയം ചികിത്സ കിട്ടുന്നവർ കുറവാണ്. അങ്ങനെയുള്ളവർക്കും വേണം സാന്ത്വന ചികിത്സ. ആശുപത്രിയിൽ പോയി ചികിത്സ നേടാൻ കഴിയാത്ത രോഗികളെ വീടുകളിൽ ചെന്നു പരിശോധിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കുമ്പോൾ ധാരാളം പേർ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.

“ചുമട്ടു തൊഴിലാളിയായ പരീതിന്‍റെ കാര്യമാണ് ഓർമ്മ വരുന്നത്. അയാൾക്ക് രോഗബാധ ഉണ്ടായപ്പോൾ ഭക്ഷണം പോലും കഴിക്കാനാവാതെ, ചികിത്സ തേടാതെ വീട്ടിൽ കിടക്കുകയായിരുന്നു. 6 മാസത്തെ ചികിത്സ കൊണ്ട് അയാൾക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞു. രോഗവിമുക്‌തനായ ശേഷം പരീത് സ്നേഹത്തണലിന് അയച്ച കത്ത് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി” അദ്ദേഹത്തെ ചികിത്സിച്ച ഡോക്‌ടർ മോഹൻ പറയുന്നു. പണമുണ്ടെങ്കിൽ നല്ല ചികിത്സ കിട്ടും, എന്നാൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും അപകർഷതാബോധം മാറ്റി വയ്‌ക്കാനും പലർക്കും കഴിയില്ല. മറ്റ് രോഗങ്ങൾ പോലെ തന്നെയാണ് ഇതും എന്ന ചിന്തയില്ല. പകരം ജീവിച്ചിട്ട് കാര്യമില്ല എന്ന ചിന്ത ശക്‌തമാകുന്നു.

യഥാർത്ഥത്തിൽ ഈ രോഗത്തിന്‍റെ ചികിത്സ കൂടുതൽ എളുപ്പമാക്കാൻ അതിനെ ജനകീയമാക്കുകയാണ് വേണ്ടത്. ജനങ്ങൾക്കിടയിൽ രോഗം ചർച്ചാവിഷയമാക്കണം. ചില രോഗികളിലെങ്കിലും കുടുംബത്തിന്‍റെ പിന്തുണ കുറയുന്നതിൽ ഇതൊരു കാരണമാണ്. ഈ രോഗം രഹസ്യമാക്കി വയ്‌ക്കാൻ രോഗിയും കുടുംബവും ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ രോഗത്തെക്കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരാകുന്നതിലൂടെ 60 ശതമാനം രോഗം പ്രതിരോധിക്കാൻ കഴിയും. ചികിത്സയ്‌ക്കു കൊടുക്കുന്ന ഫോക്കസ് പ്രതിരോധത്തിനും നൽകണം.

സമൂഹത്തിൽ ഓരോ വ്യക്‌തിക്കും കാൻസറിനെ പ്രതിരോധിക്കാനുള്ള കാര്യങ്ങൾ നിർവ്വഹിക്കാൻ കഴിയും. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ജോലിസ്‌ഥലങ്ങൾ, കുടുംബ ശ്രീ, അയൽക്കൂട്ടം ഇവിടെയൊക്കെ ബോധവൽക്കരണ ക്ലാസുകൾ നടത്താം. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ സമയോചിതവും ബുദ്ധിപൂർവ്വവുമായ ഇടപെടലും, സഹായവും രോഗിക്ക് ആശ്വാസം ആകും. കാൻസർ രോഗവും പ്രതിരോധവും സ്കൂൾ തല സിലബസ് ആക്കാവുന്നതാണ്. കുട്ടികളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ജനകീയ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ കഴിയും.

പുകവലി ഇല്ലാതിരുന്നാൽ 40 ശതമാനം വരെ കാൻസർ നിയന്ത്രിക്കാം. മദ്യപാനം ഇല്ലെങ്കിൽ 5 ശതമാനം വരെ തനതായ കൃഷിയിലൂടെയും ജീവിത രീതിയിലൂടെയും 20 ശതമാനം കുറയ്ക്കാം. ഗർഭാശയഗള കാൻസറിനു ഹേതുവായ അണുബാധ തടയാൻ വാക്സിൻ നൽകിയാൽ 80 ശതമാനം ഗർഭാശയ കാൻസർ കുറയ്‌ക്കാൻ പറ്റും. ആഴ്‌ചയിൽ 5 ദിവസം 45 മിനിട്ട് വീതം വ്യായാമം ചെയ്‌താൽ 20 ശതമാനം കാൻസർ കുറയും.

പുകയിലയുടെയും മദ്യത്തിന്‍റെയും ഉപയോഗം ഉപേക്ഷിച്ചാൽ വായ്, ശ്വാസകോശം, കരൾ, അന്നനാളം, മൂത്രാശയം തുടങ്ങിയ പല അവയവങ്ങളെയും ബാധിക്കുന്ന കാൻസറുകളിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാം. അതു പോലെ തന്നെയാണ് ഭക്ഷണത്തിന്‍റെ കാര്യവും. കീടനാശിനികൾ തളിക്കാത്ത പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉപയോഗിക്കുക, നാരു കൂടിയ ആഹാരം കഴിക്കുക, കൊഴുപ്പു കുറഞ്ഞ എണ്ണ ഉപയോഗിക്കുക, കരിച്ചതും പൊരിച്ചതുമായ ആഹാരം വേണ്ടന്നു വയ്‌ക്കുക. ഇങ്ങനെ ചെയ്‌താൽ അന്നനാളം, ആമാശയം, കുടൽ, സ്തനം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസർ തടയാം.

സ്‌ഥിരമായി വ്യായാമം ചെയ്യുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്താൽ സ്തനാർബുദം, പ്രോസേറ്റ്‌റ്റ് കാൻസറും തടയാം. ഇതൊക്കെ പരിഗണിക്കുമ്പോൾ 60 ശതമാനം കാൻസറും നമ്മൾ വിലയ്‌ക്കു വാങ്ങുന്നതാണെന്ന് മനസ്സിലാക്കാം. ഇതിനുപരിയായും ചിലപ്പോൾ കാൻസർ കണ്ടെന്നു വരാം. എന്നാൽ അതിന്‍റെ ശതമാനം വളരെ കുറവാണെന്നോർക്കുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें