രാജശ്രീ ദേശ്പാണ്ഡെ

രാജശ്രീ ദേശ്പാണ്ഡേ, അഭിനയ രംഗത്ത് വ്യക്‌തി മുദ്ര പതിപ്പിച്ച നടി. അതോടൊപ്പം നല്ലൊരു മനുഷ്യസ്നേഹി. പാംഘ്രി ഗ്രാമത്തിൽ അവർ ജലസംരക്ഷണ പദ്ധതികൾ നടപ്പിലാക്കി വർഷം മുഴുവനും ജലലഭ്യത ഉറപ്പ് വരുത്തി. ഈ ഗ്രാമത്തിൽ ഒരു കനാലും 200 ശൗചാലയങ്ങളും ഒരു സ്ക്കൂളും നിർമ്മിച്ച് ഗ്രാമത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോൾ അവർ മറ്റൊരു ഗ്രാമത്തിൽ സേവന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.

അടുത്തിടെ ജലസംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് അവർക്ക് പുരസ്ക്കാരങ്ങളും ലഭിച്ചു. 2018 അവർ നഭാംഗൺ ഫൗണ്ടേഷൻ സ്ഥാപിച്ചു. കോവിഡ് -19 ലോക്ക് ഡൗൺ കാലത്ത് 30 ഗ്രാമങ്ങളിലാണ് രാജശ്രീ സേവന പ്രവർത്തനങ്ങൾ നടത്തിയത്.

അഭിനയരംഗത്ത്, സീക്രട്ട് ഗെയിംസിൽ നവാസുദ്ദീൻ സീദ്ദിഖിയുടെ ഭാര്യയുടെ റോളിലും മൺടോയിൽ ഉർദ്ദു ലേഖിക ഇമ്മത് ചുഗ്തായിയും, പാൻ നളിനിന്‍റെ യംഗ് ഇന്ത്യൻ ഗോഡസ് എന്ന ചിത്രത്തിൽ ലക്ഷ്മി എന്ന കഥാപാത്രത്തേയും അവർ അവതരിപ്പിച്ചിട്ടുണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപ്പെറ്റ് വോക്ക് നടത്താനും രാജശ്രീയ്ക്ക് അവസരം ലഭിച്ചു.

കുടുംബത്തെക്കുറിച്ച് പറയാമോ?

അമ്മ സുനന്ദ, അച്‌ഛൻ ബൽവന്ത്, എന്‍റെ മൂത്ത രണ്ട് സഹോദരിമാർ എന്നിവരടങ്ങുന്നതാണ് എന്‍റെ കുടുംബം. മാതാപിതാക്കൾ ഔറംഗാബാദിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് താമസം. അച്‌ഛൻ കർഷകനായിരുന്നു. ഭൂമി നഷ്ടപ്പെട്ടതോടെ അദ്ദേഹം ഔറംഗാബാദ് നഗരത്തിൽ വന്ന് ജോലി ചെയ്യുകയായിരുന്നു.

പല പല ജീവിത ഘട്ടങ്ങളിലൂടെ കടന്നു വന്നവരാണ് എന്‍റെ മാതാപിതാക്കൾ. ഞങ്ങൾ 3 മക്കളെ വളർത്തുക, ഉചിതമായ വിദ്യാഭ്യാസം നൽകുക എന്നതിനൊക്കെ അവർ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അവരുടെ പ്രയാസങ്ങളെ മറക്കാനാവില്ല. എന്‍റെ ഏറ്റവും മൂത്ത സഹോദരി ഡോക്ടറും വക്കീലുമാണ്. രണ്ടാമത്തെയാൾ എൻജീനീയറിംഗ് കഴിഞ്ഞതാണ്.

പൂന സിംബയോസിസിൽ നിന്നും നിയമ ബിരുദം നേടിയ ശേഷം സിംബയോസിസ് ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും അഡ്വർടൈംസിംഗിൽ ഉന്നത ഡിഗ്രിയും ഞാൻ കരസ്ഥമാക്കിയിട്ടുണ്ട്. മുംബൈ വിസിലിംഗ് വൂഡ്സ് ഇന്‍റർനാഷണലിൽ നിന്നും ഫിലിം മേക്കിംഗിൽ ഡിപ്ലോമയും ചെയ്‌തു.

5 വർഷം മുമ്പ് പാംഘ്രി ഗ്രാമത്തെ എന്തുകൊണ്ടാണ് ദത്തെടുത്തത്?

2015 ൽ നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോൾ ഒരു അന്താരാഷ്ട്ര എൻജിഒ സംഘത്തിനൊപ്പം നേപ്പാളിലെ ഭൂകമ്പ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. മുംബൈയിലെ കുട്ടികൾക്കായി പ്രവർത്തിച്ചു. മഹാരാഷ്ട്രയിലെ പ്രളയബാധിത മേഖലകളിലും ഞാൻ ജോലി ചെയ്‌തിരുന്നു. പക്ഷേ ഇതെല്ലാം തന്നെ ഒരു വൊളന്‍റിയർ എന്ന നിലയിലായിരുന്നു. ജോലി പൂർത്തിയായ ശേഷം എനിക്കറിയാവുന്ന പ്രദേശങ്ങളിലെ ആളുകൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനമെടുക്കുകയായിരുന്നു.

അങ്ങനെ മൂന്ന് മാസക്കാലം ഗ്രാമങ്ങൾ തോറും സന്ദർശിച്ചു കൊണ്ടിരുന്നു. അതിൽ ചെറിയൊരു ഗ്രാമമായിരുന്നു പാംഘ്രി. നിങ്ങൾ വെറുതെ സംസാരിക്കാൻ വന്നതല്ലേ അല്ലാതെ ഒന്നും ചെയ്യാനല്ലല്ലോവയെന്നാണ് അവിടുത്തെ മുതിർന്ന സ്ത്രീകൾ എന്നോട് ചോദിച്ചത്. അവരെ അതിൽ തെറ്റ് പറയാനുമാവില്ല. പലരും ഗ്രാമങ്ങളിൽ പോയി അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ് സോഷ്യൽ മീഡിയയിൽ എഴുതി സ്വന്തം കർത്തവ്യം പൂർത്തിയാക്കും. പ്രവർത്തിയിൽ ഒന്നുമുണ്ടാവില്ല. അങ്ങനെ ഞാൻ പാംഘ്രി ഗ്രാമത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ഇതുവരെ എത്ര ഗ്രാമങ്ങളിൽ സേവനങ്ങൾ നടത്തിയിട്ടുണ്ട്?

5 വർഷം മുമ്പ് കേവലം പാംഘ്രിയിൽ മാത്രമായിരുന്നുവത്. മഥാജൽഗാവ് ഗ്രാമത്തിലും സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കോവിഡ് 19 കാലത്ത് 30 ഗ്രാമങ്ങളിൽ ജോലി ചെയ്‌തു.

ഇപ്പോൾ വുമൺസ് കമ്മ്യൂണിറ്റി സെന്‍ററിന്‍റെ നിർമ്മാണത്തിലാണ്. പൂനയ്ക്കടുത്ത് അവി എന്ന ഗ്രാമത്തിൽ സ്ക്കൂൾ നിർമ്മിച്ചു വരികയാണ്. പല സർക്കാർ സ്ക്കൂളുകളും പുനർനിർമ്മിക്കാനുള്ള ആലോചനയിലാണിപ്പോൾ. പലതും മോശമായ അവസ്‌ഥയിലാണ്.

ഇനിയെന്താണ് ഭാവി പ്രവർത്തനങ്ങൾ?

പദ്ധതികൾ മുൻക്കൂട്ടി തയ്യാറാക്കിയിട്ടില്ല. ഗ്രാമങ്ങളുടെ വികസനങ്ങൾക്കായി പ്രവർത്തിക്കുക അതാണ് ലക്ഷ്യം. ഞാനൊരു വ്യവസായി അല്ല, ഗ്രാമത്തിൽ ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങൾ ചെയ്‌തു കൊടുക്കുക എന്നതാണ് മുഖ്യം. വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയെന്നല്ല. കുട്ടികൾക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം.

പൂവ് പോലൊരു പെണ്‍കുട്ടി

അടുത്ത വീട്ടിലെ കുട്ടി… അനശ്വര രാജനെന്ന നടിയെ കാണുമ്പോൾ ആർക്കും അങ്ങനെ തോന്നിപ്പോകും. സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ അത്രയ്‌ക്ക് ലാളിത്യം. ഉദാഹരണം സുജാതയെന്ന ചിത്രത്തിൽ മഞ്‌ജുവാര്യരുടെ മകളായി മലയാള സിനിമയിൽ കടന്നുവന്ന അനശ്വരയിപ്പോൾ നായികാറോളുകളിലും മിന്നുന്ന പ്രകടനമാണ് കാഴ്‌ചവച്ചത്. നടിയിപ്പോൾ പ്ലസ് വൺ പരീക്ഷാ തിരക്കിലാണ്. പഠനത്തിരക്കിനിടയിൽ നിന്നും ഇത്തിരി നേരം അനശ്വര തന്‍റെ സിനിമാവിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.

ഉദാഹരണം സുജാതയിലൂടെ തുടക്കം…

ഓഡിഷൻ വഴിയാണ് ചിത്രത്തിലെത്തിയത്. ചിത്രത്തിലേക്ക് കുട്ടികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒരു പരസ്യം വന്നിരുന്നു. എന്‍റെ കുറച്ച് ഫാമിലി ഫ്രണ്ട്‌സ് ഇത് അയച്ചു തന്നു. കവി ഉദ്ദേശിച്ചത്… എന്ന സിനിമ ഡയറക്‌റ്റ് ചെയ്‌തത് എന്‍റെ ഫാമിലി ഫ്രണ്ടായ ലിജു ആണ്. അദ്ദേഹമാണ് ഈ സിനിമയിലേക്ക് എന്‍റെ ചിത്രമയയ്‌ക്കാൻ പ്രോത്സാഹിപ്പിച്ചത്. അയച്ചോ നല്ല മൂവിയും നല്ല ടീമുമാണ് എന്നൊക്കെ ലിജുച്ചേട്ടൻ പറഞ്ഞത് കേട്ടാണ് ഞാൻ ഫോട്ടോ അയച്ചു കൊടുത്തത്. അങ്ങനെ ആ സിനിമയിലേക്ക് എന്നെ വിളിച്ചു. ആദ്യമായി സെറ്റിൽ പോയപ്പോൾ നല്ല പേടിയുണ്ടായിരുന്നു. ടീമിലെല്ലാവരും നല്ല പിന്തുണയാണ് തന്നത്. മഞ്‌ജു ചേച്ചി (മഞ്‌ജുവാര്യർ)യൊക്കെ നല്ലവണ്ണം പ്രോത്സാഹിപ്പിച്ചു. ഫസ്‌റ്റ് ഡേ മാത്രമേ പേടിയുണ്ടായിരുന്നുള്ളൂ. ആ സെറ്റ് ഒരു ഫാമിലി പോലെയായിരുന്നു. അത്ര ടെൻഷനൊന്നും പിന്നെയുണ്ടായില്ല. എട്ടാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു ആ ചിത്രത്തിന്‍റെ ഷൂട്ട്.

തണ്ണീർമത്തൻ ദിനങ്ങൾ

നല്ല ലൊക്കേഷൻ ആയിരുന്നു. എന്‍റെ പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞിട്ട് കൂട്ടുകാരെ പിരിയുന്ന സമയത്തായിരുന്നു സിനിമയുടെ ഷൂട്ട്. അഞ്ചാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ് വരെ പഠിച്ച സ്‌ക്കൂൾ, കൂട്ടുകാരെയൊക്കെ വിട്ടു പോകുകയാണല്ലോ… ഇനി ഞങ്ങൾ ഒരുമിച്ചില്ലല്ലോ… എന്നൊക്കെ ഓർത്ത് നല്ല സങ്കടം തോന്നി. പക്ഷേ നേരെ ലൊക്കേഷനിൽ എത്തിയപ്പോൾ എന്‍റെ സങ്കടം മാറി. ഫുൾടൈം എൻജോയ്‌മെന്‍റ്! സ്‌ക്കൂൾ അന്തരീക്ഷമാണല്ലോ… എല്ലാം സമപ്രായക്കാർ… ഞങ്ങളെല്ലാവരും സ്‌ക്കൂളിലെ കുട്ടികളെപ്പോലെ ഫുൾടൈം തമാശയും കളിയും ചിരിയുമൊക്കെയായി. ഇപ്പോഴും എന്‍റെ നല്ല ഫ്രണ്ട്‌സാണ് അവർ. എന്‍റെ മൂന്നാമത്തെ സിനിമയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. അതിനിടയിൽ എവിടെ എന്ന സിനിമയും ചെയ്‌തിരുന്നു. ബോബി-സഞ്‌ജയ് ടീമിന്‍റെതായിരുന്നു ആ ചിത്രം. തണ്ണീർമത്തനിലെ കഥാപാത്രമായ കീർത്തിയായി മാറാൻ എനിക്ക് അത്ര പ്രയാസമൊന്നും തോന്നിയില്ല.

ആദ്യരാത്രി

തണ്ണീർ മത്തന് മുമ്പേ കമ്മിറ്റ് ചെയ്‌ത സിനിമയാണ് ആദ്യരാത്രി. ഷൂട്ട് നീണ്ട് പോയി. അതിന് മുമ്പായി തണ്ണീർമത്തൻ കംപ്ലീറ്റ് ആയി. ആദ്യരാത്രിയിൽ അൽപം മുതിർന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥാപാത്രത്തിന് തടി വേണമെന്ന് പറഞ്ഞിരുന്നു. പക്ഷേ തടിവയ്‌ക്കാൻ പറ്റിയില്ല. നല്ല ടീമായിരുന്നു. നായികയുടെ ഇമേജിൽ വന്ന മൂവി ഇതാണ്. സിനിമയിലെ അജുച്ചേട്ടനു (അജു വർഗീസ്)മൊത്തുള്ള ആ പാട്ട് മൂന്ന് ദിവസമെടുത്താണ് ഷൂട്ട് ചെയ്‌തത്. അത് കഴിഞ്ഞിട്ടായിരുന്നു ബാക്കി രംഗങ്ങൾ. ആദ്യമായിട്ടാണ് ഡാൻസ് ചെയ്യുന്നത്. ഒന്നാമത് ആ സെറ്റൊക്കെ കണ്ടപ്പോൾ ടെൻഷനായി. രണ്ടാമത് എന്‍റെ കോസ്‌റ്റ്യും സാരിയും, നിറയെ ആഭരണങ്ങളും അണിഞ്ഞുള്ള രംഗം. ഇതെല്ലാം എനിക്ക് കുറച്ച് കഷ്‌ടപ്പാടായിരുന്നു. ഷൂട്ടിനിടയിൽ ആഭരണങ്ങൾ അഴിച്ചുവയ്‌ക്കാൻ പറ്റില്ലായിരുന്നു. സിനിമയിൽ കല്യാണമൊക്കെ രണ്ട് ദിവസമുണ്ടായിരുന്നു. ആ ഓർണമെന്‍റ് ഞാൻ രാവിലെ മുതൽ വൈകുന്നേരം വരെ രണ്ട് ദിവസം ഇടേണ്ടി വന്നു.

അഭിനയമോഹം നേരത്തെയുണ്ടായിരുന്നോ?

ഇല്ല. അങ്ങനെ ചിന്തിക്കാനുള്ള അവസരം കിട്ടിയില്ല. വളരെ അവിചാരിതമായി കടന്നു വന്നതാണ്. സ്‌ക്കൂളിൽ പഠിക്കുമ്പോൾ മോണോആക്‌ട് ഒക്കെ ചെയ്യുമായിരുന്നു. അതുപോലെ സ്‌കിറ്റിനും നാടകത്തിലുമൊക്കെ പങ്കെടുക്കുമായിരുന്നു. ഡാൻസും പാട്ടുമൊന്നും പഠിച്ചിട്ടില്ല. ആ സമയത്ത് ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. ദുൽക്കർ സൽമാന്‍റെ മേക്കപ്പ്മാൻ രതീഷേട്ടൻ ചെയ്‌ത ചിത്രമായിരുന്നു അത്. അതിൽ അഭിനയിച്ച പരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.

anaswara rajan

താരമായത് നാട്ടിൽ സ്വാതന്ത്യക്കുറവുണ്ടാക്കുന്നുണ്ടോ?

നാട്ടിൽ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും പണ്ടത്തെ സ്വാതന്ത്യ്രത്തൊടെ പോകാൻ പറ്റാറില്ല. എന്നാലും ആളുകളുടെ സ്നേഹവും മറ്റും കാണുമ്പോൾ പെരുത്ത് സന്തോഷം തോന്നാറുണ്ട്.

തമിഴിലെ അരങ്ങേറ്റം

റാങ്കി എന്ന തമിഴ്ചത്രമായിരുന്നുവത്. തൃഷയ്ക്കൊപ്പമാണ് ഞാൻ അഭിനയിച്ചത്. ചെറുപ്പം മുതലെ തമിഴ്പടം കാണുന്നതുകൊണ്ട് തമിഴ് കുറച്ചൊക്കെ അറിയാം. ഷൂട്ട് സമയത്ത് ചെറിയ തെറ്റുകൾ വരുമ്പോൾ എല്ലാവരും കറക്ട് ചെയ്ത് തരുമായിരുന്നു. മലയാളത്തിൽ ഡയലോഗ് തെറ്റുമ്പോൾ ഭാഷ അറിയാവുന്നതുകൊണ്ട് നമുക്ക് കയ്യിൽ നിന്നും ഡയലോഗ് എടുത്തിടാമല്ലോ. പക്ഷേ തമിഴിൽ അങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ. മുമ്പ് തമിഴിൽ ഒരു പരസ്യം ചെയ്തിരുന്നു. അതുകണ്ടിട്ടാണ് അവരെന്നെ വിളിച്ചത്. ഉസ്ബക്കിസ്ഥാനിൽ പോയപ്പോഴും തൃഷാ മാം നല്ല സപ്പോർട്ടായിരുന്നു. മാം എന്ന് വിളിക്കുമ്പോൾ അങ്ങനെ വിളിക്കല്ലെ എന്നു പറയുമായിരുന്നു. തൃഷ. അതുകൊണ്ട് ഞാൻ ചേച്ചി എന്നാണ് വിളിച്ചിരുന്നത്. ആദ്യമായിട്ടാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു സ്ഥലത്ത് പോകുന്നത്. വളരെ എക്സൈറ്റഡായിരുന്നു ഞാൻ.

വീട്ടിലെ വിശേഷങ്ങൾ

അച്ഛൻ, അമ്മ, ചേച്ചി എന്നിവരടങ്ങുന്നതാണ് എന്‍റെ കുടുംബം. അച്ഛൻ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷനിൽ ജോലി ചെയ്യുന്നു. അമ്മ അംഗനവാടി അദ്ധ്യാപികയാണ്. ചേച്ചി ബാങ്ക് കോച്ചിംഗ് ചെയ്യുന്നു. ചേച്ചിയും ഞാനും നല്ല കൂട്ടാണ്. എല്ലാവരും നല്ല സപ്പോർട്ടാണ്. സ്ക്കൂളിലും അങ്ങനെ തന്നെ. എന്‍റെ അദ്ധ്യാപകരൊക്കെ എനിക്ക് മിസ്സായ പാഠഭാഗങ്ങളൊക്കെ പറഞ്ഞുതരും. വെള്ളൂർ ഹയർ സെക്കന്‍ററി സ്ക്കൂളിലാണ് ഞാൻ പഠിക്കുന്നത്.

ഇഷ്ടങ്ങൾ

പാട്ട് കേൾക്കാൻ ഇഷ്ടമാണ്. ചിത്രം വരയ്ക്കാൻ ഇഷ്ടമാണെങ്കിലും വരയ്ക്കാൻ അത്ര അറിയില്ല. പക്ഷേ ഒത്തിരി ഇഷ്ടമാണ്. യാത്ര ചെയ്യാൻ ഇഷ്ടമാണ്. ഫുഡ് ഇഷ്ടമാണെങ്കിലും കുറേ കഴിക്കാറില്ല. പുതിയ കാര്യങ്ങൾ ഓരോന്നും ട്രൈ ചെയ്യാനിഷ്ടമാണ്. അഭിനയത്തിലാണെങ്കിൽ പാർവ്വതിയെ ഒരുപാടിഷ്ടമാണ്. പാർവ്വതി അഭിനയിച്ച എന്ന് നിന്‍റെ മൊയ്തീൻ, ഉയരെ എന്നി ചിത്രങ്ങളൊക്കെ വലിയ ഇഷ്ടമാണ്. എത്ര മനോഹരമായാണ് അവർ അതിൽ അഭിനയിച്ചിരിക്കുന്നത്.

ഇനിയുള്ള പ്രൊജക്ടുകൾ

മലയാളത്തിൽ 3-4 പ്രൊജക്റ്റുകൾ വന്നിട്ടുണ്ട്. തീരുമാനമായിട്ടില്ല. തെലുങ്കിൽ 2 ഉം. അതിലൊന്ന് തണ്ണീർമത്തന്‍റെ റീമേക്കാണ്. എല്ലാം കൊണ്ടും ഞാൻ ഹാപ്പിയാണ്.

വലിയൊരു സ്വപ്നം

നല്ലൊരു ബോൾഡ്, സ്ട്രോംഗ് കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമുണ്ട്. അതൊരു സ്വപ്നമാണ്.

സിനിമയെ സ്വപ്നം കാണുന്ന പെൺകുട്ടി

വലിയൊരു സ്വപ്ന സാക്ഷാത്ക്കാരത്തിന്‍റെ യത്നത്തിലാണ് ലീല സന്തോഷ്. ഐതിഹ്യങ്ങളും വീര കഥകളും ഉറങ്ങുന്ന വയനാടൻ മണ്ണിന്‍റെ ചൂടും ചൂരും പേറുന്ന കരിന്തണ്ടന്‍റെ ജീവിതത്തെ സിനിമയാക്കുകയാണ് ലീല. കേരളത്തിൽ ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ആദ്യ ട്രൈബൽ സംവിധായികയെന്ന ടൈറ്റിൽ കരസ്ഥമാക്കാൻ പോവുകയാണ്, വയനാട് നടവയലിലെ പണിയ സമുദായ അംഗമായ ലീല സന്തോഷ്. കരിന്തണ്ടന് മുമ്പായി മറ്റൊരു ചിത്രം പൂർത്തിയാക്കാനുള്ള തിരക്കിലാണിപ്പോൾ ലീല.

സ്ക്കൂളിൽ പോയി ഔപചാരിക വിദ്യാഭ്യാസം പോലും നേടാൻ കഴിയാത്ത പെൺകുട്ടിയുടെ സ്വപ്ന ഫ്രെയിമിലേക്ക് സിനിമയെന്ന മാധ്യമം എങ്ങനെ ചേക്കേറി. ആ സ്വപ്നത്തിലേക്ക് തന്നെ നയിച്ച അനുഭവങ്ങളെക്കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചും ലീല പങ്കുവയ്ക്കുന്നു.

ലീലയുടെ ബാല്യം

വയനാട് പാലക്കുന്നിൽ കൊളത്തറ കോളനിയിൽ ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടിയാണ് ഞാൻ. കളിയും ചിരിയും നിറഞ്ഞ ബാല്യം. പക്ഷേ സ്ക്കൂളിൽ പോകാൻ വലിയ താൽപര്യമുണ്ടായിരുന്നില്ല. വീട്ടിൽ നിന്നും 5 കിലോമീറ്റർ ദൂരെയുള്ള സ്ക്കൂളിൽ നടന്നു വേണം പോകാൻ അതായിരുന്നു കാരണം. ഞാൻ ചെറുതായിരുന്നപ്പോഴെ അച്‌ഛൻ മരിച്ചു. പിന്നെ അമ്മ, ചേച്ചി, അനിയൻ, അനിയത്തി ഇവരായി എന്‍റെ ലോകം.

സിനിമ മോഹം

അച്ഛന്‍റെ മരണ ശേഷം ഞങ്ങൾ വയനാട് കൊളത്തറ കോളനിയിൽ നിന്നും നെയ്ക്കുപ്പയിലെ അമ്മ വീട്ടിലായി താമസം. അവിടെ കെജെ ബേബി സാർ പനമരത്ത് ആരംഭിച്ച കനവ് എന്ന ബദൽ സ്ക്കൂളിൽ ചേർന്ന് പഠനം തുടങ്ങി. 1993 ൽ ആദിവാസികളുടെ ഗദ്ദിക എന്ന കലാരൂപത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള ഗുരുകുലമായിരുന്നു കനവ്. അവിടുത്തെ പഠനമാണ് എന്നിൽ സിനിമ സ്വപ്നങ്ങൾ നിറച്ചത്. യഥാർത്ഥത്തിൽ എന്‍റെ ജീവിതത്തിൽ വലിയ മാറ്റമാണ് കനവ് ഉണ്ടാക്കിയത്. പാട്ടും നൃത്തവും കളരിപ്പയറ്റും തീയറ്ററും സിനിമയും ഭാഷയുമൊക്കെയുള്ള പഠന വിഷയങ്ങൾ. ജീവിതത്തിൽ പുതിയ നിറങ്ങൾ പകരുകയായിരുന്നു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ആദിവാസി വിദ്യാർത്ഥികളെ കലയും ഭാഷയും മറ്റും പഠിപ്പിച്ചും പരിശീലിപ്പിച്ചും മുഖ്യധാരയിലെത്തിക്കുക എന്നതായിരുന്നു കനവിന്‍റെ ലക്ഷ്യം. കനവിന്‍റെ ഗൂഢവ എന്ന ചിത്രത്തിന്‍റെ അസിസ്റ്റന്‍റായി. എന്താണ് സ്ക്രിപ്റ്റ്, ഫ്രെയിം എന്നിങ്ങനെ സിനിമയെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങൾ മനസിലാക്കാനുള്ള അവസരമായിരുന്നുവത്. കുറച്ച് സിനിമ വർക്കുഷോപ്പുകൾ ചെയ്തു. പിന്നെ ഡോക്യുമെന്‍ററികളും ചെയ്തു. അതിലൊന്ന് അവിവാഹിതരായ അമ്മമാരെക്കുറിച്ചുള്ള ചീരുവ എന്ന ഡോക്യുമെന്‍ററിയായിരുന്നു.

കരിന്തണ്ടൻ എന്ന പ്രൊജക്ട്

കരിന്തണ്ടന്‍റെ സ്ക്രിപ്റ്റിന്‍റെ അവസാന മിനുക്കുപണികളിലാണ്.വിനായകൻ ആണ് കരിന്തണ്ടന്‍റെ റോൾ ചെയ്യുന്നത്. പിന്നെ മറ്റൊരാൾ കൂടി വേണം. തമിഴ് ഇൻഡസ്ട്രിയിൽ നിന്നും ആരെയെങ്കിലും കണ്ടെത്തണം. സിനിമ ചർച്ചകൾക്കും മറ്റുമായി ഒരു ഓഫീസ് സെറ്റ് ചെയ്തു. ഈ പ്രൊജക്ടിന് ആവശ്യമായ റിസർച്ചിനും മറ്റുമായി ധാരാളം പുസ്തകങ്ങൾ വാങ്ങിയിരുന്നു. ഇനിയുള്ള കടമ്പ നിർമ്മാണത്തെ സംബന്ധിച്ചുള്ളതാണ്. ചില പ്രൊഡ്യുസർമാരുമായി സംസാരിക്കുന്നുണ്ട്. ഈ വർഷമോ അടുത്ത വർഷം ആദ്യമോ സിനിമ പൂർത്തിയാക്കാനാണ് പ്ലാൻ.

karinthandan

മറ്റൊരു സിനിമ കൂടി

ഒരു ചെറിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോൾ. അതിന്‍റെ തിരക്കഥ രചനയിലാണ്. സ്ത്രീ പ്രാധാന്യമുള്ള സിനിമയാണ്. ആദിവാസി പെൺകുട്ടികൾ അനുഭവിക്കുന്നതും എന്നാൽ പുറംലോകം അറിയാതെ പോകുന്നതുമായ വിഷയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഒരു പെൺകുട്ടി രണ്ട് പ്രണയങ്ങളിൽ അകപ്പെട്ടു പോവുകയും അവൾ അതിനെ അതിജീവിക്കുകയും ചെയ്യുന്നതാണ് കഥ. ഒരു ഫീച്ചർ മൂവിയായിരിക്കും. പേര് നിശ്ചയിച്ചിട്ടില്ല. കരിന്തണ്ടന് മുമ്പായി ഈ ചിത്രം പൂർത്തീകരിച്ച് റിലീസ് ചെയ്യാനാണ് പ്ലാൻ.

എങ്ങനെയുള്ള സിനിമകൾ

ട്രൈബൽ ബേസ്ഡായിട്ടുള്ള കഥകളാണ് ഇത്രയും കാലം മനസിലുണ്ടായിരുന്നത്. ഒരു പക്ഷേ ഈ രണ്ട് സിനിമകൾ ചെയ്‌ത് കഴിഞ്ഞാൽ പൊതു സ്വഭാവമുള്ള സിനിമകൾ ചെയ്തേക്കാം. പിന്നെ ഇവിടുത്തെ വളരെ റെയർ ആയിട്ടുള്ള ജീവിതം അതായത് ബാഹ്യലോകം അറിയാത്തതായ ചിലത് ചെയ്യണമെന്നുണ്ട്. നമ്മുടെ ഒരു ജീവിത ശൈലിയുണ്ടല്ലോ. സിറ്റി ലൈഫിൽ നിന്നും വേറിട്ടതാണ്. വയനാട്ടിൽ തന്നെ രണ്ട് തരം ജീവിതമുണ്ട്. ഒന്ന് സാധാരണവും മറ്റൊന്ന് ട്രൈബ്സിന്‍റെ ജീവിതവും. മുമ്പ് പല സിനിമകളിൽ ട്രൈബ്സിന്‍റെ ജീവിതം പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവിടുത്തെ ജീവിതവും സിനിമയിൽ പരാമർശിക്കപ്പെടുന്ന ജീവിതവും തമ്മിൽ കുറേ അന്തരമുള്ളതായി തോന്നിയിട്ടുണ്ട്. കൃത്യമായ ജീവിതം പുറംലോകത്ത് എത്തിക്കണം. അതാണ് ആഗ്രഹം. ട്രൈബ്സിന്‍റെ ജീവിതം കൃത്യമായി പറയാൻ എനിക്കാവും. കാരണം നമ്മൾ അതിന്‍റെ ഭാഗമാണല്ലോ.

സാമൂഹിക – രാഷ്ട്രീയ കാര്യങ്ങളിലുള്ള ഇടപെടലുകൾ

ഗൗരവമർഹിക്കുന്ന രീതിയിലില്ല. എന്നാൽ എനിക്ക് പ്രതികരിക്കാൻ തോന്നുന്ന ചില കാര്യങ്ങളിൽ ഇടപ്പെടാറുണ്ട്. മറ്റൊന്ന്, ചെയ്യുന്ന കാര്യങ്ങൾക്കൊന്നും പബ്ലിസിറ്റി കൊടുക്കാറില്ല. കോളനിയിലുള്ള അശരണരും മുതിർന്ന പ്രായക്കാരുമായ ആളുകളെ നമ്മൾ ആവും വിധം സഹായിക്കാറുണ്ട്. അതിപ്പോൾ വസ്ത്രമോ ഭക്ഷണമോ ഒക്കെ നൽകിയാണ്. അതുപോലെ ഇവിടെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ട സഹായങ്ങളും ചെയ്യാറുണ്ട്. ബുക്സും മറ്റും വാങ്ങി നൽകാറുണ്ട്. ഇപ്പോൾ ഓൺലൈൻ ക്ലാസ് ആയതു കൊണ്ട് ചില സുഹൃത്തുക്കൾ വഴി 3 ഊരുകളിലായി 3 ടിവികൾ കൊടുത്തു. ഇങ്ങനെയൊക്കെ ചെറിയ തോതിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട്. സിനിമകൾ ഇറങ്ങി സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട ശേഷം എന്തെങ്കിലും ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. ഇവിടെയുള്ളവർക്ക് സാമ്പത്തിക സഹായമാണ് വേണ്ടത്. മറ്റൊന്ന് രോഗികളെ ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങൾ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് ഇവിടെ. അങ്ങനെ പല പ്രശ്നങ്ങൾ വരുമ്പോൾ എനിക്ക് പലപ്പോഴും നിസ്സഹായയായി ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെപ്പറ്റി പ്രൊമോട്ടർമാരെ അറിയിക്കാറുണ്ട്. പ്രളയമുണ്ടായപ്പോൾ നമ്മൾ പരമാവധി സഹായം എത്തിച്ചിരുന്നു.

പക്ഷേ വ്യക്‌തിപരമായി, ഒരു സാമൂഹിക പ്രവർത്തക എന്ന നിലയിലാകാനുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ പറ്റിയിട്ടില്ല. ഉള്ളിൽ വലിയ ആഗ്രഹമുണ്ട്, സ്വപ്നങ്ങളുണ്ട്. സിനിമകൾ ചെയ്‌ത ശേഷം കുട്ടികൾക്കായി ഒരു സ്റ്റഡി സെന്‍റർ പോലെ അവർക്ക് സ്വതന്ത്രമായി ഇടപഴകാനുള്ള ഒരിടം ഒരുക്കണമെന്നുണ്ട്. ആദിവാസി കുട്ടികളുടെ പ്രത്യേകതയെന്തെന്നു വച്ചാൽ അവർക്ക് കളിക്കാൻ സ്ഥലമില്ലെന്നതാണ്. ആകെയുള്ളത് വയലും പുഴതീരങ്ങളുമാണ്. അങ്ങനെ ഉള്ളയിടത്തേക്ക് അവർ നമ്മളെ വിട്ടങ്ങ് മറഞ്ഞു പോകും. നമ്മളും അവരുമായുള്ള ബന്ധം അറ്റുപോകും. അവരെ നമ്മുടെ അടുത്തായി കൊണ്ടുവരികയാണ് വേണ്ടത്. അവരുടെ ക്രിയേറ്റിവിറ്റിയെ പുറത്തു കൊണ്ടുവരാൻ കഴിയുന്ന ആക്ടിവിറ്റിസുകളിൽ അവരെ ഉൾപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെയുള്ള ഒരു സ്റ്റഡി സെന്‍റർ തുടങ്ങണം. എന്തായാലും അതിനു വേണ്ടി കൂടിയാണ് ശ്രമിക്കുന്നത്.

മക്കൾ സംരക്ഷിക്കാത്ത മാതാപിതാക്കളുണ്ട്. അന്തിയുറങ്ങാൻ പോലും ഇടമില്ലാത്തവരുണ്ട്, ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്നവരുണ്ട്, മരുന്ന് വാങ്ങാൻ കഴിയാത്തവരുണ്ട്. സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും അത്തരം സേവനങ്ങൾ എത്തപ്പെടാത്ത മേഖലകളുമുണ്ട്. അത്തരക്കാരെ വേണ്ട രീതിയിൽ സഹായിക്കണം.

സാമൂഹികവും വിദ്യാഭ്യാസപരവുമായ മാറ്റങ്ങൾ തീർച്ചയായും നല്ലതും ചീത്തയുമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആളുകളുടെ മനോഭാവത്തിലും മാറ്റമുണ്ടായി. ചില ഊരുകളിൽ വിദ്യാഭ്യാസം ചെയ്തവരിലുണ്ടായ മാറ്റം പൊതു സമൂഹത്തിലുള്ള ചിലർ സ്വന്തം മാതാപിതാക്കളോട് എങ്ങനെയാണോ പെരുമാറുന്നത് ആ രീതിയിലാണ് അവരും മാതാപിതാക്കളോട് പെരുമാറുന്നതെന്നാണ്. ഇത് ആറ്റിറ്റ്യൂഡിന്‍റെ പ്രശ്നമാണ്.

വിദ്യാഭ്യാസം കൊണ്ട് മാറ്റം വന്നുവെന്ന് തോന്നിയിട്ടില്ല. എനിക്ക് വിഷമം തോന്നിയിട്ടുള്ള കാര്യമാണിത്. രക്ഷിതാകൾക്കൊപ്പം പുറത്തു പോകാൻ മടി കാട്ടുന്നവരുണ്ട്, മാതാപിതാക്കളാണെന്ന് പറയാൻ മടി, ഇതൊക്കെ അവരിലെ അന്തർമുഖതയെയാണ് വെളിപ്പെടുത്തുന്നത്. വിദ്യാഭ്യാസം ഒരുപാടുണ്ട്. ഭൗതിക സൗകര്യങ്ങൾ ഏറെയുള്ളവരാണ്. ജോലി ചെയ്യുന്നവരുമാണ്. എന്നിട്ടും പഴയപ്പോലെ മാതാപിതാക്കളെ അംഗീകരിക്കാൻ യുവതിയുവാക്കൾക്കും കുട്ടികൾക്കും സങ്കോചമാണ്. കുട്ടികളുടെ ഈ മനോഭാവത്തിൽ മാറ്റം ഉണ്ടാകണം. എന്‍റെ അച്ഛൻ, എന്‍റെ അമ്മ എന്ന ധൈര്യത്തോടെ പറയാൻ ആർജ്ജവം അവർക്ക് ഉണ്ടാകണം. അത്തരം കുറച്ച് കാര്യങ്ങൾ ചുറ്റുമുള്ളവർക്ക് പറഞ്ഞു കൊടുക്കാറുണ്ട്.

ട്രൈബൽ പെൺകുട്ടികളുടെ ജീവിതാവസ്‌ഥ

13 വയസാവുമ്പോൾ കല്യാണം കഴിഞ്ഞു പോകുന്ന സ്‌ഥിതി വിശേഷമാണിവിടെ. ഇത് കുട്ടികളെ സാമ്പത്തികമായും ശാരീരികവുമായി തളർത്തുന്ന കാര്യമാണ്. ശാരീരികമെന്ന് പറഞ്ഞാൽ ഡെലിവറിയൊക്കെ ആകുമ്പോൾ അവർക്ക് സ്വയം മാനേജ് ചെയ്യാൻ പറ്റാത്ത അവസ്‌ഥയാണ്. ഉൾക്കൊള്ളാൻ പറ്റില്ലെന്ന് മാത്രമല്ല ശാരീരികമായി അവർ ഡൗൺ ആയി പോകുന്നു. ഉദാ: അനിമിക് ആവുക, മറ്റ് ശാരീരിക – മാനസിക പ്രശ്നങ്ങൾ. അതിലൊക്കെ നമ്മൾ ഇടപ്പെട്ടിട്ടുണ്ട്. പക്ഷേ രക്ഷിതാക്കളെയാണ് യഥാർത്ഥത്തിൽ ഇവിടെ ബോധവൽക്കരിക്കേണ്ടത്. രക്ഷിതാക്കൾക്ക് ഇത് സംബന്ധിച്ചുള്ള ബോധവൽക്കരണം നൽകണമെന്നാണ് ആഗ്രഹം. എന്‍റെ ചുറ്റുവട്ടങ്ങളിൽ ഞാൻ അത്തരക്കാരെ ബോധവൽക്കരിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ അവരത് ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ലെന്നതാണ് സത്യം.

ബാലവിവാഹം നിയമപരമായി ശിക്ഷാർഹമല്ലേ

നിയമപരമായി ശിക്ഷാർഹമാണ്. ഇവിടെ അത്തരം കേസുകളും നടക്കുന്നുണ്ട്. ഋതുമതിയായി കഴിഞ്ഞാൽ കല്യാണം കഴിക്കണമെന്ന നിയമം പണിയ സമുദായത്തിലുണ്ട്. മറ്റ് ആദിവാസി സമുദായങ്ങളിലുമുണ്ടാവാം. അതൊരു പ്രശ്നമാണ്. നമ്മുടെ പൊതു നിയമവും സമുദായത്തിന്‍റെ നിയമവും തമ്മിൽ ഒരു ക്ലാഷ് നടക്കുന്നുണ്ട്. അതാണ് പ്രശ്നം. പെൺകുട്ടിയ്ക്ക് ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. ഭർത്താവ് ഉപേക്ഷിച്ച് പോയാൽ തന്നെ പെൺകുട്ടിയ്ക്ക് മറ്റൊരാളെ കണ്ടെത്താം. അത് ആ പെൺകുട്ടിയുടെ തീരുമാനമാണ്. തെറ്റെന്നും ശരിയെന്നും പറയാനാവില്ല. ചെറുപ്രായത്തിൽ കുട്ടികളും പ്രാരാബ്ധങ്ങളും പേറുന്നതാണ് പ്രശ്നം. ഇപ്പോൾ 13 വയസ് എന്ന് പറയുന്നത് ചെറുപ്രായമാണ്. അതുകൊണ്ട് ചെറുപ്രായത്തിലുള്ള വിവാഹം നല്ല പ്രവണതയായി കാണാനാവില്ല.

കേസുണ്ടായാൽ തന്നെ സമുദായത്തിന്‍റെ നിയമങ്ങൾ തടസമായി വരുന്നു. നിയമപരമായ നടപടികൾ സ്വീകരിക്കുകയും കുട്ടികളെയും മാതാപിതാക്കളേയും ബോധവൽക്കരിക്കുകയും വേണം. അങ്ങനെ കുറേ കാര്യങ്ങൾ പറഞ്ഞാലും മനസിലാകാവത്തരാണ്. ക്ലാസുകൾ കൊടുത്തിട്ടും ഡോക്യുമെന്‍ററികൾ കാണിച്ചിട്ടും വിവാഹം എന്ന ആകർഷണത്തിന് പിന്നാലെ പോകുന്ന കുട്ടികളുണ്ട്. ഇവർക്ക് ഭയമാവശ്യമാണ്.

ആദിവാസി കോളനികളിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഉണ്ടാകുന്ന പോഷകാഹാരക്കുറവ്

ഇപ്പോൾ ഈ പ്രശ്നം വളരെ കുറഞ്ഞിട്ടുണ്ട്. സർക്കാർ വേണ്ട ഇടപെടലുകളും ജാഗ്രതയും പുലർത്തുന്നതു കൊണ്ട് ആളുകൾ കുറച്ചു കൂടി നന്നായി ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. എന്തൊക്കെ റിസ്ക് ഉണ്ടായാലും രക്ഷിതാക്കൾ കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കാറുണ്ട്.

മദ്യപാനം

മദ്യപാനമാണ് വലിയൊരു പ്രശ്നം. ഇത് കുട്ടികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. 10-15 വയസാകുന്നതോടെ കുട്ടികൾ മദ്യപാനികളാവുന്ന അവസ്‌ഥയാണ്. കോളനികളിൽ കഴിയുന്ന കുട്ടികളിലാണ് കൂടുതലായും ഇത് കണ്ടുവരുന്നത്. മാതാപിതാക്കൾ പരസ്പരം കലഹിക്കുമ്പോൾ കുട്ടികൾ വയലുകളിൽ പോയി ഒളിച്ചിരിക്കും. ഇങ്ങനെയുള്ള അവസ്‌ഥകൾക്ക് മാറ്റം വരണമെങ്കിൽ ഊരുകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തേണ്ടതാവശ്യമാണ്.

സ്വതന്ത്ര സംവിധായികയാവണം… വെല്ലുവിളി

തീർച്ചയായും വെല്ലുവിളി തന്നെയാണ്. ഒരു സ്ത്രീയായതു കൊണ്ടും റിസ്കാണ്. പ്രത്യേകിച്ച് ഞാനൊരമ്മയും കൂടിയാണല്ലോ. അതിന്‍റെ റിസ്കുമുണ്ട്. പക്ഷേ കുട്ടികളുടെ കുസൃതികളും കുറുമ്പുകളും എഴുത്തിനിടയിൽ എൻജോയ് ചെയ്യാറുണ്ട്.

പിന്നെ സിനിമയ്ക്ക് പുറത്ത് നിന്നുള്ള സപ്പോർട്ട് വരുമ്പോൾ അതിന്‍റെ പിന്നിലെ ഗൂഢലക്ഷ്യം മനസിലാക്കാൻ പെട്ടെന്ന് കഴിഞ്ഞെന്നു വരില്ല. ഞാനൊരു ട്രൈബായതു കൊണ്ടാകാം. എല്ലാവരേയും കണ്ണുമടച്ച് വിശ്വസിക്കും. 2-3 ആഴ്ച കഴിഞ്ഞായിരിക്കും സത്യം മനസിലാവുക. അത്തരം ഘട്ടങ്ങളെ തിരിച്ചറിഞ്ഞ് അതിജീവിക്കാൻ ശ്രമിക്കാറുണ്ട്. പിന്നെ ട്രൈബ്സിന്‍റെ ഒരു പൊതു സ്വഭാവമുണ്ട്. അവർ നിഷ്കളങ്കരാണ്. എല്ലാവരേയും വിശ്വസിക്കും. പക്ഷേ ഞാൻ ഇപ്പോൾ എല്ലാവരേയും നന്നായി മനസിലാക്കാൻ ശ്രമിക്കും. സ്ക്രിപ്റ്റ് അടക്കം നഷ്ടപ്പെട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്.

കരിന്തണ്ടന്‍റെ സവിശേഷതകൾ

ഒരു ഫീച്ചർ ഫിലിം മോഡിലാണ് കരിന്തണ്ടൻ എത്തുക. ഹോളിവുഡ് സ്റ്റൈലിലായിരിക്കും ചിത്രം. ഉടനെ തന്നെ സ്ക്രിപ്റ്റ് പൂർത്തിയാകും. അതിന്‍റെ നിർമ്മാണ ചർച്ചകൾ നടക്കുന്നു.

ഒരു സ്ത്രീയുടെ ശക്തി

വീട്ടിലെ പ്രതികൂലമായ സാഹചര്യത്തെ അതിജീവിച്ച് സ്ത്രീ മുന്നേറുന്നതാണ് ഏറ്റവും വലിയ ശക്തിയെന്ന് പറയാം. നമ്മൾ പരാതി പറയാതെ സ്വയം മാറാൻ ശ്രമിക്കുക. അപ്പോൾ തന്നെ മുന്നേറാനുള്ള കരുത്ത് ഉള്ളിലുണ്ടാകും. വീട്ടിൽ ധാരാളം സുഖസൗകര്യങ്ങൾ ഉള്ളവർ പോലും പരാതി പറയുന്നത് കേൾക്കാറുണ്ട്.

ഇത്രയും സൗകര്യമുള്ളപ്പോൾ എന്തിനാണ് ഇങ്ങനെ പരാതി പറയുന്നത്. നമുക്ക് ശ്രമിച്ച് നേടാവുന്ന കാര്യങ്ങളെയുള്ളൂ. ഒന്ന് ടൈം സെറ്റ് ചെയ്താൽ മതി. ഏത് സമയവും വിലപ്പെട്ടത് തന്നെയാണ്. നമ്മൾ നിശ്ചയിച്ചാൽ മതി നമ്മുടെ സമയം. അതായിരിക്കും ഒരു സ്ത്രീയുടെ ശക്തി. തീർച്ചയായും അത് സമൂഹത്തിൽ ഒരുപാട് മാറ്റമുണ്ടാകും. നമ്മളെ അംഗീകരിക്കാൻ ധാരാളമാളുകൾ വരും. പിന്നെ കടന്നു വരികയെന്നുള്ളതാണ്. നമ്മൾ സ്വയം മറിയാൽ മാത്രമേ നമുക്ക് സമൂഹത്തോട് ഒരു പരാതിയെങ്കിലും പറയാൻ പറ്റുകയുള്ളൂ.

ജാതീയവും വർഗ്ഗപരവുമായ വിവേചനങ്ങൾ

വ്യക്‌തിപരമായ നിലയിൽ എനിക്ക് സ്വന്തം ഗ്രാമത്തിൽ നിന്നു പോലും ജാതീയമായ കമന്‍റുകൾ വരാറുണ്ട്. അങ്ങനെയൊരു അനുഭവത്തെപ്പറ്റി പറയാം. ഒരു ദിവസം ഞാൻ ടൗണിൽ പോയപ്പോൾ ഒരു ലോട്ടറിക്കാരനും മറ്റൊരാളും തമ്മിൽ എന്തോ സംസാരിക്കുന്ന കൂട്ടത്തിൽ ഇവിടെ എവിടെയോ ഒരു പണിച്ചി സിനിമ ചെയ്യുന്നത് കേട്ടല്ലോ. പത്രത്തിൽ കണ്ടിരുന്നുവല്ലോ എന്നൊക്കെ മറ്റേയാൾ ലോട്ടറിക്കാരനോട് ചോദിക്കുന്നത് ഞാൻ കേട്ടു. ലോട്ടറിക്കാരൻ ഉടനടി എന്‍റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് “ആ പണിച്ചിയാണ്” അവിടെ നിൽക്കുന്നതെന്ന് പറഞ്ഞു. അത്രത്തോളം നമ്മളെ ജാതീയമായി അടിച്ചമർത്തി കൊണ്ടിരിക്കുന്നുണ്ട്.

എത്ര ഉയരങ്ങളിൽ പോയാലും ജാതീയുടെ പേരിൽ താഴ്ത്തി കെട്ടും. അയാൾക്ക് അത്രയേ നിലവാരമുള്ളൂവെന്ന് ചിന്തിച്ചു കൊണ്ട് ഞാനത് കാര്യമാക്കിയില്ല. എന്‍റെ നിലവാരം അതല്ലല്ലോ. അവരോട് പ്രതികരിച്ചിട്ടെന്ത് കാര്യം. നമ്മളും ആ നിലവാരത്തിലായി പോകില്ലേ. ഇതുപോലെ വേദനിപ്പിച്ച കുറേ സാഹചര്യങ്ങൾ ഉണ്ട്. പക്ഷേ അത് ആ സ്പോട്ടിൽ മാത്രം. പക്ഷേ അതിനെ അതിജീവിക്കുകയെന്നതിലാണ് ലക്ഷ്യം. ഒരാൾ നെഗറ്റീവ് പറഞ്ഞാൽ അതിലപ്പുറം കടക്കാൻ ശ്രമിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ എനിക്ക് ഊർജ്ജമാണ് തരുന്നത്. കൂടുതൽ കരുത്തോടെ മുന്നേറാൻ.

എഴുത്തും കുടുംബ ജീവിതവും

കുടുംബത്തിന്‍റെ സപ്പോർട്ട് നല്ലവണ്ണം ഉണ്ട്. ഭർത്താവ് സന്തോഷ് നല്ല പ്രോത്സാഹനമാണ് തരുന്നത്. എനിക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഒരു സ്പേസ് ഉണ്ട്. ചിലപ്പോൾ രാത്രി ഒരു മണിക്കൊക്കെ സിനിമ ചർച്ചകൾ ഉണ്ടാവും. അതിനൊക്കെ അദ്ദേഹം സപ്പോർട്ട് ചെയ്യും. ലീവ് എടുത്ത് കുട്ടികളെ നോക്കും. എന്നെ വീട്ടിലെ തിരക്കുകളിൽ നിന്നും മാറ്റി എന്‍റേതായ സമയം തരാറുണ്ട്. ഞങ്ങൾ ഒരുമിച്ച് പഠിച്ച് വളർന്നവരാണ്. നല്ല കൂട്ടുകാരാണ്. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ബന്ധുക്കൾക്ക് ആദ്യമൊക്കെ പ്രശ്നമായിരുന്നു. അതൊക്കെ മാറ്റം വരുത്തി. പുരുഷൻ, സ്ത്രീ എന്ന വേർതിരിവ് പൊതുവെ ട്രൈബ്സിനിടയിലില്ല. രണ്ടുപേർക്കും ഈക്വൽ സ്പേസുണ്ട്. പൊതു സമൂഹത്തിലുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഞങ്ങൾ സ്ത്രീകൾ നേരിടാറില്ല. എല്ലാ ഉത്തരവാദിത്തങ്ങളും രണ്ടുപേരും നിർവഹിക്കും. ഞങ്ങൾക്ക് 4 കുട്ടികളാണ് മൂത്തയാൾ 8 ലും രണ്ടാമത്തെയാൾ 5 ലും മൂന്നാമത്തെ കുട്ടി 3 ലും പഠിക്കുന്നു. ഏറ്റവും ഇളയ കുഞ്ഞിന് 2 വയസ്സായിട്ടേയുള്ളൂ.

സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും നൽകുന്ന സന്ദേശം?

പൊതുവെ ഒരു സ്ത്രീ സങ്കൽപമുണ്ടല്ലോ. സ്ത്രീകൾക്ക് പരിമിതികൾ ഉണ്ടെന്നത് സത്യമാണ്. പുരുഷന്മാർ രാത്രിയിൽ സഞ്ചരിക്കുന്നതു പോലെ സ്ത്രീകൾക്ക് സഞ്ചരിക്കാനാവില്ല. അത് മനസിലാക്കി കൊണ്ട് അതിജീവിക്കുകയാണ് പ്രധാനം. ഒരു പക്ഷേ ഭാവിയിൽ നമുക്ക് രാത്രിയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിച്ചേക്കാം. അങ്ങനെ സ്വതന്ത്രമായി ഇറങ്ങി നടക്കാൻ പറ്റുന്ന സാഹചര്യം നമ്മുടെ ഗ്രാമത്തിൽ അല്ലെങ്കിൽ ചുറ്റുപാടുകളിലെങ്കിലും ഉണ്ടാക്കാൻ പറ്റണം. നമ്മുടെ പരിമിതികളെപ്പറ്റി പറഞ്ഞു കൊണ്ടിരിക്കാതെ മുന്നേറാൻ ശ്രമിച്ചു കൊണ്ടിരിക്കുക.

പരീക്ഷകൾ പരീക്ഷണങ്ങള്‍ ആവരുത്!

പരീക്ഷ എന്ന് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. ഒരു ഉൾഭയത്തോടെയല്ലാതെ ആ വാക്കിനെ ഉൾക്കൊള്ളാൻ കാലങ്ങളായുള്ള പരീക്ഷാരീതികൾ നമ്മളെ പ്രാപ്തരാക്കിയിട്ടില്ല. കാലങ്ങളായി നിലവിലുള്ള പരീക്ഷകളിൽ മിക്കതും നമ്മുടെ ഓർമ്മയെ മാത്രം പരീക്ഷിക്കുന്നവയാണ്. നമ്മുടെ നൈപുണ്യം അളക്കുന്ന പരീക്ഷകൾ ഇന്നും തുലോം കുറവാണ്. നമ്മുടെ ഓർത്തു വയ്ക്കാനുള്ള കഴിവിനെ മാത്രം ആശ്രയിച്ചുള്ള പരീക്ഷാരീതിയുടെ ഉപജ്ഞാതാവായ ഫ്രെഡ്രിക് കെല്ലി തന്നെ “ഈ പരീക്ഷകൾ വളരെയധികം അപരിഷ്കൃതമായതിനാൽ അവ ഉപേക്ഷിക്കണം. എന്ന് പിന്നീട് തള്ളി പറഞ്ഞതാണ് എന്നതാണ് കൗതുകം.”

ഉന്നത പഠനത്തിലേക്കും ജോലിയിലേക്കും ഉള്ള ഒരു താക്കോലാണ് എന്നുള്ളത് കൊണ്ട് തന്നെ വളരെ പ്രാധാന്യത്തോടെയും ആ പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ വളരെ സമ്മർദ്ദത്തോടെയുമാണ് വിദ്യാർത്ഥികളും മാതാപിതാക്കളും ഒക്കെ പരീക്ഷകളെ നോക്കി കാണുന്നത്. ഫുൾ എ പ്ലസ് കിട്ടാത്തതിന് മകളെ അച്‌ഛൻ തല്ലിച്ചതച്ചു, പരീക്ഷയിൽ തോറ്റത്തിനാൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു, എൻട്രൻസ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു എന്നിങ്ങനെയുള്ള വാർത്തകൾ നാം സ്ഥിരമായി മാധ്യമങ്ങളിൽ കാണുന്നതും മേൽപറഞ്ഞ സമ്മർദ്ദം മൂലമാണ്.

കോവിഡ് കാലം വിദ്യാഭ്യാസ ലോകത്തെ ആകെ മാറ്റി മറിച്ചു. ഓൺലൈൻ വിദ്യാഭ്യാസ രീതിയിലേക്ക് പെട്ടെന്നു എല്ലാവരും മാറിയെങ്കിലും എല്ലാ പാഠഭാഗങ്ങളും പൂർണമായി വിജയകരമായി പഠിപ്പിച്ചു മനസിലാക്കിക്കാൻ സാധിച്ചു എന്ന് അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ അവകാശപ്പെടാൻ സാധിക്കാത്ത അവസ്‌ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഈ മാർച്ച്- ഏപ്രിലിൽ വരുന്ന പരീക്ഷകൾക്ക് അധിക സമ്മർദ്ദ ഭാരം ഉണ്ടാവും എന്നുറപ്പാണ്. അതുകൊണ്ട് തന്നെയാണ് ഇത്തവണ പരീക്ഷയെക്കുറിച്ച് എഴുതാം എന്ന് ഞാൻ തീരുമാനിച്ചതും.

ഒന്ന് മുതൽ ഒമ്പത് വരെ

ഒന്നാം ക്ലാസുകാരനെ കൗഡ് കമ്പ്യൂട്ടിങ് വിദഗ്ധനാക്കാം എന്ന് പറഞ്ഞു പല ഓൺലൈൻ പഠന ആപ്പുകളും പരസ്യം ചെയ്യുന്ന കാലമാണിത്. ജനിക്കുമ്പോൾ തൊട്ടെ മക്കളെ ഡോക്ടറും എഞ്ചിനീയറും പോലീസും കളക്ടറും ആക്കാൻ നടക്കുന്ന മാതാപിതാക്കളെ ഭംഗിയായി വല വീശിപിടിക്കാൻ ശ്രമിക്കുന്നുണ്ട് ഈ ഓൺലൈൻ വിദ്യഭ്യാസ വാണിഭക്കാർ. അവരുടെ മോഹന വലയത്തിൽ പെട്ടു പോകരുത്. കുട്ടിക്കാലം കുട്ടികൾക്ക് ആസ്വാദ്യമായിരിക്കണം. പഠനത്തിന്‍റെ കൂടെ കളിയും, ചിരിയും, ഓട്ടവും, ചാട്ടവും, മരംകേറ്റവും, വീണു കാലു മുറിയലും ഒക്കെ വേണം. കുറഞ്ഞ പക്ഷം ഒരു അഞ്ചാം ക്ലാസ് വരെയെങ്കിലും അത് അങ്ങനെ ആവുന്നതാണ് അവരുടെ സന്തുലിത വികസനത്തിന് സഹായകമാകുക.

anandam - exam

ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വേനൽ പരീക്ഷകളുടെ ഉദ്ദേശ്യം അടുത്ത തരത്തിലേക്ക് അവരെ ഉയർത്തുക എന്നത് മാത്രമാണ് എന്ന് നമുക്ക് അറിയാവുന്നതാണല്ലോ. അതുകൊണ്ട് തന്നെ റാങ്ക് മേടിച്ചില്ലെങ്കിലും പാസ്സ് ആയാൽ മതി എന്ന നിലപാട് സ്വീകരിച്ചാൽ മേൽപറഞ്ഞ സന്തുലിത വികസനവും സാധ്യമാവും കുട്ടി അടുത്ത തലത്തിലേക്ക് അനായാസം നടന്നു കേറുകയും ചെയ്യും. (മിക്ക സ്ക്കൂളുകളിലും മാർച്ച് പരീക്ഷയുടെ മാർക്ക് പ്രസിദ്ധപ്പെടുത്താറില്ല. അടുത്ത ക്ലാസ്സിലേക്ക് പ്രൊമോഷൻ കിട്ടിയോ ഇല്ലയോ എന്ന് മാത്രമേ പറയാറുള്ളൂ എന്നും കൂടി ഓർക്കുക) മിക്കപ്പോഴും ഒരു എട്ടാം ക്ലാസ് ഒക്കെ കഴിയുമ്പോഴാണ് സ്കൂളുകൾ പിന്നെയും മാർക്ക് കുറവുള്ളവരെ ശ്രദ്ധിക്കാൻ തുടങ്ങുക. അതും പത്തിൽ ആരും തോറ്റ് സ്കൂളിന് ചീത്തപ്പേരുണ്ടാകാതിരിക്കാൻ. (അഡ്മിഷൻ കുറയും എന്നുള്ളത് കൊണ്ടാണ് കേട്ടോ, അല്ലാതെ പിള്ളേര് തോക്കണേലുള്ള ദണ്ണം കൊണ്ടൊന്നുമല്ല)

പത്തും പന്ത്രണ്ടും

പരീക്ഷയുടെ സമ്മർദ്ദം വിദ്യാർത്ഥികൾ ഏറ്റവുമധികം അനുഭവിക്കുന്ന രണ്ടു അവസരങ്ങളാണ് പത്തും പന്ത്രണ്ടും. എസ്എസ്എൽസി പരീക്ഷയെ എന്ത് കൊണ്ട് ഇത്രയും സമ്മർദ്ദത്തിലാണ്ടു എഴുതി എന്നും അതിലേറെ സമ്മർദ്ദത്തിൽ ഫലം കാത്തു നിന്നു എന്നും പിന്നീട് പത്തിരുപത് വർഷങ്ങൾക്കിപ്പുറം പലരും ചിരിച്ചു കാണാറുണ്ട്. കാരണം, ഒരു ഡിഗ്രി സമ്പാദിച്ചു കഴിഞ്ഞു ഒരു ജോലിക്കായി നിങ്ങൾ ശ്രമിക്കുമ്പോൾ ആരും തന്നെ നിങ്ങൾക്ക് പത്തിൽ എത്ര മാർക്ക് കിട്ടി പ്ലസ് ടുവിൽ എത്ര മാർക്ക് കിട്ടി എന്ന് നോക്കാറില്ല. പിന്നെന്തിനായിരുന്നു പത്തിലും പന്ത്രണ്ടിലും ഇക്കണ്ട പുകിലൊക്കെ?

അപ്പോ പറഞ്ഞു വരുന്നത് പത്തിലും പന്ത്രണ്ടിലും പഠിക്കണ്ട എന്നാണോ? അല്ല നമുക്ക് ഒരു ഉദാഹരണം നോക്കാം.

കേരളത്തിൽ മൊത്തം 5 ലക്ഷം പേര് എസ്എസ്എൽസി എഴുതുന്നുണ്ട് എന്ന് കരുതുക. (താരതമ്യപ്പെടുത്താനുള്ള ഒരു സാങ്കൽപിക കണക്ക് മാത്രമാണ് കേട്ടോ). ആ 5 ലക്ഷത്തിൽ നാലര ലക്ഷം പേർ പാസ് ആയി എന്നും കരുതുക. പന്ത്രണ്ടാം തരത്തിലേക്ക് ലഭ്യമായ ആകെ സീറ്റ് എന്നത് വെറും 2 ലക്ഷം മാത്രമാണ്. എന്നു വച്ചാൽ ജയിച്ചവരെക്കാൾ പകുതിയിലും താഴെയേ തുടർപഠനത്തിനുള്ള അവസരമുള്ളൂ. ആ നാലര ലക്ഷത്തിൽ അരലക്ഷം പേർ പല പല കാരണങ്ങളാൽ വിദ്യാഭ്യാസം തുടരണ്ട എന്ന് തീരുമാനിക്കുന്നു എന്ന് വയ്ക്കുക (വിവാഹം, വീട്ടിലെ ദാരിദ്യ്രാവസ്‌ഥ, വിദ്യാലയത്തിലേക്കുള്ള ദൂരം എന്നിങ്ങനെ) ബാക്കി ഉള്ള 4 ലക്ഷം പേരിൽ നിന്ന് രണ്ടു ലക്ഷം പേരിലേക്കെത്തുന്നത് പൂർണമായും മാർക്കിന്‍റെ മാത്രം അടിസ്‌ഥാനത്തിലാണ്. സംവരണ സീറ്റുകളിലും ഇതേ മാനദണ്ഡം പാലിച്ചാണ് അഡ്മിഷൻ. ഉദാഹരണത്തിന്, നിങ്ങൾ സ്പോർട്സ് ക്വോട്ടയിലാണ് അപേക്ഷിക്കുന്നതെങ്കിൽ ലഭിച്ച അപേക്ഷകരിൽ കൂടുതൽ മാർക്കുള്ളവരാണ് കേറി പോവുക. അവിടെയാണ് പത്തിലേയും പന്ത്രണ്ടിലെയും മാർക്കുകൾ സുപ്രധാനമാവുന്നത്, സമ്മർദ്ദമേറുന്നതും.

ആയതിനാൽ ആ സമ്മർദ്ദം കുറയ്ക്കാനും മാർക്കിന്‍റെ കടമ്പയിൽ മുന്നിട്ട് നിൽക്കാനും ഒരു വർഷം മുമ്പ് തന്നെ ചിട്ടയായി പഠിച്ചു തുടങ്ങി. അന്നന്നത്തെ വിഷയങ്ങൾ അന്നന്ന് തന്നെ പഠിച്ചു, സംശയങ്ങളുണ്ടെങ്കിൽ നിവർത്തിച്ചു പോയാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. പരീക്ഷ സഹായികളും മിക്ക ദിനപത്രങ്ങളിലും വരുന്ന പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങാം എഴുതാം തുടങ്ങിയ പംക്തികൾ വായിക്കുന്നതും സഹായകമാകും.

anandam - exam

ഡിഗ്രി, പിജി

നേരത്തെ പറഞ്ഞ സാങ്കൽപിക കണക്കു പ്രകാരം 2 ലക്ഷം പേരാണ് പ്ലസ് ടുവിന് ചേർന്നതെങ്കിൽ ഒരു ലക്ഷത്തോളം സീറ്റുകളാണ് ബിരുദത്തിനു ഉണ്ടാവുക. അത് തന്നെ ബിരുദാനന്തര ബിരുദത്തിലേക്കെത്തുമ്പോ വെറും 20000 ആവും. വീണ്ടും മാർക്കിന്‍റെ മികവിലാണ് ഭൂരിഭാഗം അഡ്മിഷനും (ഉയർന്ന ഡൊണേഷൻ കൊടുത്തുള്ള മാനേജ്മെന്‍റ് ക്വോട്ട സീറ്റുകളും ഉണ്ട്, പക്ഷേ അവ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉതകില്ല എന്ന് മാത്രം)

സ്കൂളുകളിൽ പരക്കെ കണ്ടു വരുന്ന ഡിസിപ്ലിനിങ്ങും യൂണിഫോം സിസ്റ്റവും ഒക്കെ ഏറെക്കുറെ ഇല്ലാതാവുന്നു എന്നതാണ് കലാലയങ്ങളെ ആകർഷണീയമാക്കുന്നത്. ഈ ആകർഷണീയതയ്ക്കൊപ്പം കുറച്ചു കൂടി തുറന്ന പരസ്പര സമ്പർക്കം, കലാലയ രാഷ്ട്രീയം, സൗഹൃദം, യാത്രകൾ എന്നിങ്ങനെ പലതും ചേരുമ്പോൾ കോളേജുകൾ പഠനത്തിൽ നിന്നും ഒരുപടി മുന്നിൽ നിന്ന് ജീവിതവുമായി താരതമ്യം പ്രാപിക്കുന്നു. എന്നിരിക്കലും ചില കുട്ടികളും അതിന്‍റെ വർണശബളതയിൽ മയങ്ങി പഠനത്തിൽ നിന്ന് പിന്നോക്കം പോവുക പതിവാണ്. സ്കൂളിൽ നിന്ന് കോളേജ് ജീവിതത്തെ വ്യത്യസ്തമാക്കുന്ന സുപ്രധാന ഘടകമെന്നത് (നിങ്ങൾ സ്വയം തെരഞ്ഞെടുത്ത) ഐച്ഛിക വിഷയത്തിൽ നിങ്ങൾക്ക് ആഴത്തിലുള്ള പഠനം (ബിരുദം, ബിരുദാനന്തര ബിരുദം) സാധ്യമാക്കുന്നു എന്നതാണ്. എന്ന് വെച്ചാൽ ആ മൂന്ന്, അഞ്ച് വർഷക്കാലം കൊണ്ട് നിങ്ങൾ നേടുന്ന അറിവ് നിങ്ങളുടെ തൊഴിലുമായും തൊഴിൽ സാധ്യതകളുമായും വളരെ തീവ്രമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. (ഐച്ഛിക വിഷയ തെരഞ്ഞെടുപ്പും, പാഠ്യക്രമവും, പാഠ്യ പദ്ധതിയും, അതിന്‍റെ നിർമ്മിതിയും, ഓരോരുത്തർക്കും പഠനത്തിനോടും പഠിപ്പിക്കലിനോടും ഉള്ള സമീപനങ്ങളും, പാഠ്യ സാഹചര്യങ്ങളും, തൊഴിൽ ലഭ്യതയും, തൊഴിൽ സാഹചര്യങ്ങളും ഒക്കെ പ്രശ്നവത്ക്കരിക്കാനും രാഷ്ട്രീയവത്ക്കരിക്കാനും സാധിക്കുമെങ്കിലും തത്ക്കാലം അതിനു മുതിരുന്നില്ല). അത് കൊണ്ട് തന്നെ കോളേജ് കാല പഠനത്തിൽ അറിവ് സമ്പാദനവും അതിനൊപ്പം തന്നെ നൈപുണ്യ വികസനവും അത്യാവശ്യമാണ്. സ്കിൽ ബേസ്ഡ് ആയി അതിവേഗം പരിണമിച്ചു കൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിൽ പിടിച്ചു നിൽക്കാൻ എങ്കിലേ സാധിക്കുകയുള്ളൂ.

തോൽവി ഒരു അവസാനമല്ല

മേൽപറഞ്ഞ പഠനത്തിന്‍റെ ഓരോ ഘട്ടത്തിലും പരാജയപ്പെട്ടത് കൊണ്ടും മാർക്ക് കുറഞ്ഞത് കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും തുടർപഠനം മുടങ്ങുന്നവർക്ക് വഴികൾ അടയുന്നു എന്നർത്ഥമില്ല. സ്കൂൾ തലത്തിൽ പരാജയപ്പെടുന്നവരും മാർക്ക് കുറയുന്നവരും പ്രയോഗിക പരിശീലനം തേടി ഐടിഐ, പോളിടെക്നിക്, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയ മേഖലകളിലേക്ക് ചേക്കേറുന്നു.

കോളേജ് പഠനത്തിൽ മാർക്ക് കുറഞ്ഞവരും പഠനം പാതി വഴിയിൽ നിർത്തിയവരും വിദൂര വിദ്യാഭ്യാസ സ്രോതസുകളെ ആശ്രയിക്കുന്നു. സാധാരണക്കാരന്‍റെ യൂണിവേഴ്സിറ്റി എന്ന വിശേഷണമുള്ള ഇന്ദിരഗാന്ധി നാഷണൽ യൂണിവേഴ്സിറ്റ് (ഇഗ്നോ) ആണ് ഇതിൽ മുൻപന്തിയിൽ. ഇതിനു പുറമെ ആനന്ദം ആദ്യ ലേഖനത്തിൽ സൂചിപ്പിച്ച മൂക്ക് കോഴ്സുകളെയും പലരും ആശ്രയിക്കുന്നുണ്ട്.

പത്തിൽ തോറ്റവർക്ക് ഇന്നും സച്ചിൻ ടെണ്ടുൽക്കർ ഒരു മാതൃകയാണ്. തോൽവിയോടെ ഒന്നും നഷ്ടപ്പെടുന്നില്ല. ഒന്ന് മനസ്സ് വച്ചാൽ ജീവിത വിജയം പ്രാപ്യമാണ്. സ്കൂൾ കുട്ടികൾ മുതൽ ഐഐടി ഡ്രോപ്ഔട്ടുകൾക്ക് വരെ ഗൂഗിളും ഫേസ്ബുക്കും ആപ്പിളും അടക്കമുള്ള കമ്പനികൾ ഇപ്പോൾ ജോലി നൽകുന്നുണ്ട്. നിങ്ങൾക്ക് എത്ര അറിവുണ്ട് എന്നതിൽ നിന്ന് അതിനെ എത്രത്തോളം ഉപയോഗിക്കാൻ അറിയാം എന്നതിലേക്ക് തൊഴിൽ ദാതാക്കൾ മാറുന്നതിന്‍റെ ശുഭ സൂചനയാണിത്.

സമയത്തെ എങ്ങനെ മെരുക്കാം?

തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ നമ്മളുടെ ഓർമ്മ ശക്തിയെ അളക്കുന്ന പരീക്ഷകളാണല്ലോ ഇന്നും നിലവിൽ ഉള്ളത്. അതുകൊണ്ട് തന്നെ അതെഴുതുമ്പോൾ പല വിദ്യാർത്ഥികളുടേയും പേടി സ്വപ്നം നിലയ്ക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ഘടികാരത്തെയാണ്. ഒന്ന് മനസ്സ് വെച്ചാൽ മെരുക്കാവുന്നതേയുള്ളൂ സമയത്തെ. 3 മണിക്കൂർ നീളുന്നതാണ് മിക്ക പരീക്ഷകളും. അതുകൊണ്ടു തന്നെ ചോദ്യ പേപ്പറുകളും ആ സമയം മനസ്സിൽ വച്ചു കൊണ്ടായിരിക്കും ചോദ്യകർത്താക്കൾ തയ്യാറാക്കുക. പലപ്പോഴും പരീക്ഷാ ഡ്യൂട്ടിക്ക് നിൽക്കുമ്പോൾ ഒന്നര രണ്ടു മണിക്കൂർ കഴിയുമ്പോഴേയ്ക്കും പല വിദ്യാർത്ഥികളും പരീക്ഷ തീർത്തു ഇറങ്ങിപ്പോവുന്നത് കാണാറുണ്ട്. ഒരിക്കലും മൂന്ന് മണിക്കൂറിനായ് തയ്യാറാക്കിയ ചോദ്യങ്ങൾക്ക് 2 മണിക്കൂറിൽ ഉത്തരം എഴുതിത്തീർക്കുക സാധ്യമല്ല. തീർത്തു എന്ന മിഥ്യാധാരണയിലാണ് പലരും ഇറങ്ങി പോവുന്നത്. ഫലമോ? റിസൾട്ട് വരുമ്പോൾ മാർക്ക് കുറവായിരിക്കും. അതുകൊണ്ട് തന്നെ ഞാൻ വിദ്യാർത്ഥികളോട് പറയാറുള്ളത് നിങ്ങൾ ഇനി അഥവാ നേരത്തെ എഴുതി കഴിഞ്ഞാൽ ഒന്നു കൂടെ ഇരുത്തി വായിച്ച് നോക്കുക. അക്ഷരതെറ്റുകൾ, തെറ്റായി എഴുതിയ ചിലത്, മറന്നു പോയ ചില ഭാഗങ്ങൾ ഒക്കെ തിരുത്താൻ അതിലൂടെ സാധിക്കും.

anandam - exam

സമയത്തെ മെരുക്കുന്നതിനെ കുറിച്ചാണല്ലോ പറഞ്ഞു വന്നത്. മൂന്ന് മണിക്കൂറിനായ് തയ്യാറാക്കിയ ചോദ്യ കടലാസ്സിൽ മിക്കപ്പോഴും മൂന്നോ നാലോ ഭാഗങ്ങൾ കാണും. ഒറ്റവാക്കിൽ, വാക്യത്തിൽ എഴുതേണ്ടവ. ഒരു ഖണ്ഡികയിൽ എഴുതേണ്ടവ, ഉപന്യാസം എന്നിങ്ങനെ. പലരും 80 ൽ 30 മാർക്ക് മാത്രം വരുന്ന ഉപന്യാസങ്ങളിൽ തുടങ്ങി അവിടെ കുടുങ്ങി കിടന്നു സമയം അതിക്രമിച്ചു ബാക്കി 50 ൽ പകുതിയും എഴുതാതെ മാർക്ക് നഷ്ടപ്പെടുത്തും. മറ്റു ചിലരാവട്ടെ ഒരു വാക്കിൽ ഉത്തരമെഴുതേണ്ടതിനു ഒന്നര പേജ് എഴുതി അവസാനം ഉപന്യാസങ്ങൾ എഴുതാൻ സമയം കിട്ടാതെ വിഷമിക്കും. ഇതിനു ഒരു പരിഹാരമായി ഞാൻ പറയാറുള്ളത് ഓരോ ചോദ്യത്തിനും നിങ്ങൾ അതിന്‍റെ മാർക്കിന്‍റെ ഇരട്ടി സമയം നീക്കി വെക്കുക. അതായത് അഞ്ച് മാർക്കിന്‍റെ ചോദ്യമാണെങ്കിൽ പത്ത് മിനിറ്റ്, പതിനഞ്ചു മാർക്കിന്‍റെ ഉപന്യാസമാണെങ്കിൽ മുപ്പത് മിനിറ്റ് എന്നിട്ട് തീരുന്നിടത്തു വച്ച് കുറച്ചു സ്പേസ് ഇട്ടിട്ട് അടുത്ത ചോദ്യത്തിലേക്ക് കടക്കുക. അതാവുമ്പോ എല്ലാ ചോദ്യങ്ങളും എഴുതാനും പറ്റും, അവസാനം സമയനുസരണം തിരിച്ചു പോയി ചിലതൊക്കെ മുഴുമിപ്പിക്കാനും പറ്റും.

ഇതിനു പുറമെ പരീക്ഷയ്ക്ക് മുമ്പ് പൂർവ പേപ്പറുകൾ കണ്ടുപിടിച്ചു സമയബന്ധിതമായി ഉത്തരമെഴുതി നോക്കുന്നതും നല്ല മാർക്ക് നേടാൻ സഹായകമാകും.

മഹാരാജാസിൽ ഞാൻ പഠിപ്പിച്ചിരുന്ന ക്രിസ്റ്റ ബെൻ എന്ന ഒരു വിദ്യാർത്ഥിനി ഈയിടെ ഏറെ നാളുകൾക്കു ശേഷം വിളിച്ച് വിശേഷങ്ങൾ പങ്കുവച്ചു. ക്രിസ്റ്റ നന്ദിയോടെ സൂചിപ്പിച്ചത് മേൽപ്പറഞ്ഞ സമയക്രമീകരണ രീതി ഇന്നും അവർക്ക് ഉപകാരപ്പെടുന്നുണ്ട് എന്നാണ്. വളരെ സന്തോഷം തോന്നി അത് കേട്ടപ്പോൾ.

അപ്പോൾ പറഞ്ഞു വന്നത് പരീക്ഷകളെ നിസ്സാരമായി കാണുകയോ അർഹിക്കുന്നതിൽ പരം പ്രാധാന്യം നൽകി സമ്മർദ്ദത്തിനടിമപ്പെടുകയോ ചെയ്യരുത് എന്നാണ്. പരീക്ഷ ഹാളിൽ പോയിട്ടുള്ള പരീക്ഷണമാവരുത് പരീക്ഷകൾ എന്ന് ചുരുക്കം. നന്നായി തയ്യാറെടുക്കുക, കാണാപാഠം പഠിച്ചു ഛർദ്ദിക്കാതെ മനസിലാക്കി നന്നായി തയ്യാറെടുത്തു പരീക്ഷയെഴുതുക. ഏവർക്കും അറിവിന്‍റെ പരീക്ഷയുടെ വിജയത്തിന്‍റെ ആനന്ദം ഭവിക്കട്ടെ.

പ്രേമമെന്നാൽ ഇതാണ് പെണ്ണേ…

ഇരുപത്തൊമ്പതുകാരനായ രാഹുൽ ഒരു കമ്പനിയുടെ പ്രോജക്ട് മാനേജരാണ്. ആദ്യ പ്രണയത്തെ കുറിച്ച് പറയുമ്പോൾ രാഹുൽ ആദ്യം ഓർമ്മിക്കുന്നത് തന്‍റെ ആദ്യത്തെ ക്രഷ് തന്നെ.

“ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി ഒരു പെൺകുട്ടിയോട് ഇഷ്‌ടം തോന്നിയത്. എന്നേക്കാൾ ഒരു ക്ലാസ് താഴെയാണ് അവൾ പഠിച്ചിരുന്നത്. സ്കൂളിൽ അവൾ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. ഞാനും അവളുടെ ആരാധകനായിരുന്നു. ഒരു ഡാൻസ് കോമ്പറ്റീഷനിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട് എന്നതു മാത്രമാണ് ആകെ അടുത്തിടപഴകിയ അവസരം. പക്ഷേ ആ ദിവസങ്ങളിൽ അവളെ കാണാൻ ഞാൻ എത്ര തീവ്രമായി ആഗ്രഹിച്ചിരുന്നു എന്നതോർക്കുമ്പോൾ ഇപ്പോഴും അദ്ഭുതം തോന്നും. അവളെ കാണുമ്പോൾ ഉള്ള സന്തോഷവും കാണാതിരിക്കുമ്പോഴുള്ള വെപ്രാളവും. എന്തൊരു അവസ്‌ഥയായിരുന്നു അത്. പത്താം ക്ലാസ് കഴിഞ്ഞ് വഴി പിരിഞ്ഞപ്പോൾ അതും വിട്ടു പോയി. ഇപ്പോൾ അതൊരു രസമുള്ള ഓർമ്മ മാത്രമാണ്. അത് ലവ് അല്ല, ഇൻഫാക്ച്വേഷൻ ആയിരുന്നു എന്ന് മനസ്സിലാക്കിയത് വളരെനാൾ കഴിഞ്ഞാണ്.”

ഇൻഫാക്ച്വേഷൻ എന്നത് കുറച്ചുനാൾ മാത്രം തോന്നുന്ന ഒരു ആരാധന കലർന്നൊരു ഇഷ്ടം മാത്രമായിരിക്കുമെന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്. ഇൻഫാക്ച്വേഷൻ അഥവാ ആകർഷണത്തെ പ്രണയം ആയി ചിലർ തെറ്റിദ്ധരിക്കാറുണ്ട് എന്നതാണ് വാസ്തവം.

അതി തീവ്രമായ ആകർഷണം തോന്നുന്ന ആ കാലയളവിൽ ആ വ്യക്തിക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കും, ഉറക്കത്തിലും ചിന്തയിലും എല്ലാം ആ വ്യക്‌തി നിറയും. ഇൻഫാക്ച്വേഷൻ ഒരു ബാധ പോലെ ബ്രെയിൻ കെമിസ്ട്രിയുടെ ഭാഗമാകുകയാണ് പിന്നെ.

മെലിഞ്ഞ, സ്മാർട്ടായ സ്ത്രീകളോട് പുരുഷന്മാർ ആകർഷിക്കപ്പെടുന്നു. സ്ത്രീകൾക്കാകട്ടെ തങ്ങളെക്കാൾ ഉയർന്ന ബുദ്ധി നിലവാരമോ, കഴിവോ ഉള്ള പുരുഷന്മാരോട് ആകർഷണം തോന്നുന്നു. പൊതുവേ ഇങ്ങനെ പറയുമെങ്കിലും ഇതിൽ സാമൂഹ്യ ചുറ്റുപാടുകൾക്കനുസരിച്ച് വേറെയും മാറ്റങ്ങളുണ്ട്. ഇൻഫാക്ച്വേഷൻ ആയാൽ പിന്നെ അതു പ്രണയമാണെന്ന് തോന്നുക സ്വാഭാവികമാണ്. പക്ഷേ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അത് പ്രണയമല്ല എന്ന് സ്വയം മനസ്സിലാവുകയും ആ വ്യക്‌തിയെ തലച്ചോർ മറക്കാൻ തുടങ്ങുകയും ചെയ്യും.

ഇൻഫാക്ച്വേഷൻ തിരിച്ചറിയാം

നിങ്ങൾക്ക് ഒരാളോട് തോന്നിയ വികാരം ആകർഷണമാണോ പ്രണയമാണോ എന്ന് തിരിച്ചറിയാൻ ചില വഴികളുണ്ട്.

27 വയസ്സുള്ള ദേവിക പറയുന്നതു കേൾക്കൂ. “കോളേജിൽ പഠിക്കുമ്പോൾ എനിക്ക് വലിയ ടാലന്‍റഡ് ആയ ഒരു ക്ലാസ്മേറ്റിനോട് വലിയ ക്രേസ് തോന്നി. എനിക്ക് അയാളുമായി റിലേഷൻഷിപ്പിലാകാൻ ആഗ്രഹം തോന്നുകയും ചെയ്‌തു. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ കക്ഷി എന്നെ ഡോമിനേറ്റ് ചെയ്‌തു തുടങ്ങി. കൂടുതൽ സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ഞാൻ മനസ്സിൽ ആഗ്രഹിച്ച വ്യക്‌തിയും അയാളും തമ്മിൽ വലിയ അന്തരം ഉണ്ടെന്ന് മനസ്സിലായി. അതോടെ അയാളോടു തോന്നിയ അതല്ലെങ്കിൽ അയാളുടെ വ്യക്‌തി പ്രഭാവത്തോടു തോന്നിയ ആവേശം കെട്ടടങ്ങിത്തുടങ്ങി. ഞങ്ങൾക്കിടയിൽ കോമൺ ഇന്‍ററസ്റ്റുകളും ഇല്ലായിരുന്നു. എനിക്ക് മനസ്സിൽ അയാളോടു തോന്നിയ വികാരങ്ങളൊക്കെ എവിടെയോ പോയൊളിച്ചു. ഞാനുമായുള്ള ബന്ധം നിലനിർത്താൻ അയാൾ പിന്നെയും ശ്രമിച്ചെങ്കിലും എന്‍റെ മനസ്സിൽ നിന്ന് അയാൾ മാഞ്ഞു പോയിരുന്നു.”

ഇത്തരം അവസഥകൾ പലർക്കും ഉണ്ടാകും. പരസ്പരം ആകർഷണം തോന്നി ഒരു മാസത്തിനുള്ളിൽ തന്നെ ഇതൊക്കെ കെട്ടടങ്ങി പോകും. അപ്പോൾ ചിലരൊക്കെ, അവൾ, അവൻ എന്നെ തേച്ചു എന്നു പറഞ്ഞേക്കാനും ഇടയുണ്ട്.

“നമ്മുടെ തലച്ചോറിൽ സ്‌ഥിതി ചെയ്യുന്ന പ്ലഷർ സെന്‍ററുകൾ ഡോപമിൻ കൂടുതൽ ഉൽപാദിപ്പിക്കുമ്പോഴാണ് ക്രഷ് ഇഫക്ട് ഉണ്ടാകുന്നതും അതിരില്ലാത്ത സ്നേഹം തോന്നുന്നതും.” കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റായ ഡോ.രവി ഗുപ്ത ചൂണ്ടിക്കാട്ടുന്നു.

ഫീൽ ഗുഡ് ഹോർമോണുകളായ സെറോട്ടോനിന്‍റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഒരു വ്യക്‌തിയുടെ മൂഡുകളെ സ്വാധീനിക്കുന്നത്. ക്രഷിനെ കാണുമ്പോഴും ആ വ്യക്‌തിയെ കുറിച്ചോർക്കുമ്പോഴും ഇവയുടെ ഉൽപാദനം കൂടുകയും സന്തോഷം തോന്നുകയും ചെയ്യും. ഈ അവസ്‌ഥയിൽ അതു പ്രണയമാണോ വെറും ആകർഷണമാണോ എന്നറിയാൻ പ്രയാസമാണ്.

എന്തു ചെയ്യണം?

ഒരാളോട് ആകർഷണം തോന്നിയെന്നിരിക്കട്ടെ, ആളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയുമെങ്കിൽ അതു തന്നെയാണ് ആദ്യ കടമ്പ. ആകർഷണം നിലനിൽക്കുന്ന വേളയിൽ തന്നെ ക്രഷിന് അൽപം ഇടവേള നൽകി നോക്കുക, അപ്പോഴറിയാം യഥാർത്ഥ സ്‌ഥിതി.”

ക്രഷിന്‍റെ സ്വഭാവത്തിലെ, ജീവിതത്തിലെ മോശം കാര്യങ്ങളെ കുറിച്ചും കുറവുകളെക്കുറിച്ചും ചിന്തിക്കുക. യാഥാർത്ഥ്യം മനസ്സിലാക്കാൻ അതെല്ലാം സഹായിക്കും.

“എന്‍റെ ക്ലാസിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയോട് എനിക്ക് കടുത്ത ആകർഷണം തോന്നിയിരുന്നു. ഞാൻ അവളുടെ അടുത്തായിരുന്നു ക്ലാസിൽ ഇരുന്നത്. പക്ഷേ സംസാരിക്കാൻ ധൈര്യം കുറവായിരുന്നു. എന്‍റെ ക്രേസ് വർദ്ധിച്ചു വന്നു. അതിനിടയിൽ ഒരു ദിവസം ഞാനെന്‍റെ ഇഷ്‌ടം തുറന്നു പറഞ്ഞു. പക്ഷേ അപ്പോൾ അവൾ മറ്റാരെയോ സ്നേഹിക്കുന്നു എന്ന് തുറന്നു പറഞ്ഞു. അപ്പോൾ തോന്നിയ നിരാശയും സങ്കടവും മറ്റാനായി ഞാൻ കൂട്ടുകാർക്കും കുടുംബത്തിനുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങി. ക്രഷിനെ കുറിച്ച് ചിന്തിക്കാൻ അവസരം കുറഞ്ഞതോടെ ആ ഇഷ്ടവും മനസ്സിൽ നിന്ന് മാഞ്ഞു.” തന്‍റെ അനുഭവം മറ്റുള്ളവർക്കു വേണ്ടി തുറന്നു പറയുകയാണ് ഇവന്‍റ്മാനേജർ ആയ ജയേഷ്.

വൈകാരികമായ ചിന്താവ്യതിയാനങ്ങൾ പലതും നിയന്ത്രിക്കാൻ വ്യായാമങ്ങൾ കൊണ്ടു കഴിയും. വ്യായാമം സെറോട്ടോണിൻ ഉൽപാദനം വർദ്ധിപ്പിക്കുന്നതു കൊണ്ടാണിത്. അതിനാൽ ടെൻഷനും ബ്രേക്ക്അപ്പും മാത്രമല്ല, മറ്റൊരാളോട് ആകർഷണം തോന്നുന്നു എന്ന് ചിന്തിക്കുമ്പോഴും വ്യായാമം  നല്ലൊരു രക്ഷാമാർഗ്ഗമാണ്.

ഒരു വ്യക്‌തിയോട് ഇൻഫാക്ച്വേഷൻ തോന്നുമ്പോൾ, അവരുടെ ചലനങ്ങൾ, ശബ്ദം ഇതൊക്കെ വളരെ ശ്രദ്ധയോടെ നാം വീക്ഷിക്കും. സോഷ്യൽ മീഡിയയിലെ പ്രൊഫൈലുകൾ ഉണ്ടെങ്കിൽ അതു കൂടെ കൂടെ സന്ദർശിക്കും. എന്നാൽ ഇൻഫാക്ച്വേഷൻ തോന്നിയ വ്യക്തിയിൽ നിന്ന് എല്ലാ രീതിയിലും അകലം പാലിക്കാൻ ശ്രമിക്കുക. ഏതാനും ദിവസങ്ങൾക്കകം ആ വ്യക്തിയെ കുറിച്ചുള്ള ചിന്തകൾ മനസ്സിൽ നിന്നും മാഞ്ഞു തുടങ്ങും.

ക്രഷിനോട് തന്‍റെ ചിന്തകൾ വെളിപ്പെടുത്തുന്നതിൽ തെറ്റില്ല. പക്ഷേ അതു സത്യസന്ധമായിരിക്കണം. രണ്ടു പേർക്കും, ഒരു ബന്ധത്തിലുണ്ടാകാവുന്ന കുറവുകളും ഗുണങ്ങളും മനസിലാക്കാൻ സത്യസന്ധമായ സമീപനം സഹായിക്കും.

പക്ഷേ എത്ര ആകർഷണം തോന്നിയാലും സെൽഫ് റെസ്പെക്ട് കൈവിടരുത് എന്നാണ് മന:ശാസ്ത്രജ്ഞർ നൽകുന്ന ഉപദേശം. ആദ്യം സ്വയം സ്നേഹിക്കുക, പിന്നെയും സ്വയം സ്നേഹിക്കുക താൻ ഇഷ്ടപ്പെട്ട ആൾ സ്നേഹിക്കുമ്പോഴാണ് സന്തോഷം കൂടുതലെന്ന ചിന്തയൊക്കെ മാറ്റി വച്ച് സ്വയം സ്നേഹിക്കുന്നതിന് മുൻതൂക്കം നൽകുന്നതാണ് സുരക്ഷിതം. മറ്റൊരു വ്യക്‌തിയെ കുറിച്ച് കൂടുതൽ ചിന്തിക്കുകയും അതിന്‍റെ പേരിൽ സ്വന്തം ജീവിതത്തിന്‍റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യുന്നതിലും വലിയൊരു നഷ്ടം വേറെയുണ്ടാവില്ല. ഇൻഫാക്ച്വേഷൻ അനാവശ്യമാണെന്ന് തോന്നിയാൽ, തിരക്കുള്ള ജീവിതശൈലിയിലേക്ക് മാറുകയാണ് ഏറ്റവും നല്ല മാർഗ്ഗം.

പ്രണയത്തിന്‍റെ പിന്നാലെ ഓടണ്ടാ, അതു സ്വയം നിങ്ങളെ തേടി വരും. അനായാസവും അന്ത്യമില്ലാത്തതുമായി രണ്ടുപേർക്കും തങ്ങളുടെ പ്രണയം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതാണ് യഥാർത്ഥ പ്രണയം. അതായത് രണ്ടാൾക്കും ഒരുമിച്ച് ഒട്ടും നിർബന്ധമില്ലാതെ പരസ്പരം ഇഷ്ടം തോന്നണം. പിന്നാലെ നടന്നുനടന്ന് തോന്നിപ്പിക്കേണ്ടതല്ല പ്രണയം എന്നർത്ഥം. അപ്പോൾ ഉറപ്പിക്കാം സോൾമേറ്റിനെ തന്നെയാണ്  കണ്ടെത്തിയിരിക്കുന്നത്.

എവറസ്റ്റ് കൊടുമുടി കീഴടക്കിയ മേഘ പർമാർ

ജീവിതം എത്ര സുന്ദരമാണോ അത്രയും വിചിത്രവും കൂടിയാണ്. എന്നാൽ ജീവിതത്തിൽ ഒരു വ്യത്യസ്തത സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്കു മുന്നിൽ എവറസ്റ്റ് കൊടുമുടി പോലെ തടസങ്ങളും വന്നു ചേരാം. പക്ഷേ വ്യക്‌തിത്വം സൃഷ്ടിക്കാനായി എവറസ്റ്റ് കൊടുമുടിയെത്തന്നെ തോൽപ്പിച്ചാലോ? മധ്യപ്രദേശിലെ സിഹോർ ജില്ലയിലെ നിവാസി മേഘ പർമാർ അങ്ങനെ ഒരു ചരിത്രത്തിലേക്ക് നടന്നു കയറിയ വനിതയാണ്.

2019 മെയ് 22 ന് രാവിലെ 5 മണിക്ക് മേഘ എന്ന 24 വയസുകാരി തന്‍റെ ജീവിതത്തിലെ ആദ്യത്തെ വലിയ ആഗ്രഹം സഫലമാക്കി. എവറസ്റ്റ് കൊടുമുടിയ്ക്കു മുകളിൽ ഇന്ത്യൻ ദേശീയ പതാക പറപ്പിച്ചു. ആ ദിനം ലോകം മുഴുവൻ മേഘയുടെ കാൽക്കീഴിലായിരുന്നു. തലയ്ക്കു മുകളിലൂടെ പറന്നു നീങ്ങിയ മേഘക്കൂട്ടങ്ങളെ കൈ കൊണ്ട് സ്പർശിച്ചു കൊണ്ട് മേഘ ആ നിമിഷങ്ങളെ സ്വാഗതം ചെയ്‌തു. ഈ വിജയത്തിനു പിന്നിൽ അടങ്ങാത്ത അഭിവാഞ്ചയും കഠിനാധ്വാനവുമുണ്ടായിരുന്നു. മേഘയുടെ വാക്കുകൾ കേൾക്കാം.

സ്വയം ഒന്നു പരിചയപ്പെടുത്താമോ?

സീഹോർ ജില്ലയിൽ ആയിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഭോജ്പൂർ ഗ്രാമത്തിലാണ് ഞാൻ താമസിക്കുന്നത്. പപ്പ കർഷകനാണ്. എന്‍റേത് ഗ്രാമീണാന്തരീക്ഷത്തിലുള്ള കൂട്ടുകുടുംബമാണ്. സ്ക്കൂൾ പഠനത്തിനു ശേഷം ഞാൻ സീഹോർ വനിതാ കോളേജിൽ ചേർന്നപ്പോഴാണ് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറാൻ ആരംഭിച്ചത്.

ഗ്രാമീണ പെൺകുട്ടികൾ എങ്ങനെയാണ് നഗരത്തിലെ പെൺകുട്ടികളേക്കാൾ പിന്നോക്കമാകുന്നത് എന്ന് ഞാൻ മനസിലാക്കി. കോളേജിൽ പോകുമ്പോൾ എനിക്ക് രണ്ടു ജോഡി വസ്ത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്കതിൽ വലിയ സങ്കോചമായിരുന്നു. പക്ഷേ പിന്നീടതൊക്കെ ഞാൻ മറികടന്നു.

ആ സങ്കോചത്തിൽ നിന്ന് എങ്ങനെയാണ് പുറത്തു കടന്നത്?

എനിക്ക് എന്‍റെ വ്യക്തിത്വം തെളിയിക്കേണ്ടത് ആവശ്യമായിരുന്നു. കോളേജിലെ എല്ലാ ആക്ടിവിറ്റികളിലും ഞാൻ പങ്കെടുത്തു. എൻസിസിയുടെ ഏറ്റവും മികച്ച കേഡറ്റ് ആയി. ഇതിന്‍റെ പേരിൽ മാലദ്വീപിൽ പോകാൻ അവസരം കിട്ടി. അങ്ങനെ ഞാൻ ആദ്യമായി വിമാനത്തിൽ കയറി.

മാലദ്വീപിൽ വേദിയിൽ എനിക്ക് 3 മിനിട്ട് സംസാരിക്കാനുള്ള അവസരം ലഭിച്ചു. അതെനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. സ്വയം എവിടെയും തിരിച്ചറിയപ്പെടാൻ കഴിയുന്ന ഒരു കർമ്മം ചെയ്യുക എന്ന ചിന്ത എന്നിൽ മുളച്ചത് അന്നു മുതൽക്കാണ്. ഇതിനിടയിൽ മധ്യപ്രദേശിൽ രണ്ട് ആൺകുട്ടികൾ എവറസ്റ്റ് കൊടുമുടി കീഴടക്കിയ കാര്യം പത്രത്തിൽ വായിച്ചപ്പോഴാണ് എനിക്കും ആഗ്രഹം തോന്നിയത്.

എങ്ങനെയായിരുന്നു തുടക്കം?

പിന്നീട് ഞാൻ അതിനായി ഓരോ വിവരങ്ങളും ശേഖരിക്കാൻ തുടങ്ങി. ഒരു ലക്ഷ്യത്തിലെത്തിച്ചേരണമെങ്കിൽ ലക്ഷങ്ങൾ ചെലവിടേണ്ടി വരുമെന്നും എനിക്കറിയില്ലായിരുന്നു. പിന്നീട് ഞാൻ സ്പോൺസർമാരെ തെരയാൻ ആരംഭിച്ചു. വിജയിച്ചാൽ സ്പോൺസർ ചെയ്യുന്ന കമ്പനിയ്ക്കു വേണ്ടി പ്രചാരണം നടത്താമെന്ന് വാക്കു നൽകി. അങ്ങനെ, ശ്രമങ്ങൾ മെല്ലെ വിജയം കണ്ടു തുടങ്ങി. മധ്യപ്രദേശ് സർക്കാരും ഏതാനും കമ്പനികളും എന്നെ സഹായിക്കാൻ തയ്യാറായി. അങ്ങനെ പരിശീലനത്തിനായി മനാലിയിലെ അടൽ ബിഹാരി വാജ്പോയി മൗണ്ട്റി ഇൻസ്റ്റിറ്റ്യൂട്ടിലെത്തി.

കുടുംബത്തിന്‍റെ പ്രതികരണം?

തുടക്കത്തിൽ ബന്ധുക്കൾ എന്നെ പിന്തുണച്ചില്ല. ഗ്രാമത്തിൽ ആൺ-പെൺഭേദം കൂടുതലാണല്ലോ. ഇവിടെ പെൺകുട്ടികൾക്ക് ഉണക്കചപ്പാത്തി കൊടുക്കും ആൺകുട്ടികൾക്ക് നെയ്യ് പുരട്ടി കൊടുക്കും. പെൺകുട്ടികൾക്ക് ഇത്രയും സ്വാതന്ത്യ്രമൊന്നും കൊടുക്കരുതെന്ന് അച്‌ഛനമ്മമാരോട് ബന്ധുക്കൾ പറയാറുണ്ടായിരുന്നു. പക്ഷേ അച്‌ഛനും അമ്മയും എനിക്കൊപ്പം നിന്നു.

പർവ്വതാരോഹണ അനുഭവങ്ങൾ?

കയ്പും മധുരവും നിറഞ്ഞതാണ് ആ അനുഭവങ്ങൾ. ആദ്യത്തെ ശ്രമത്തിൽ ഞാൻ പരാജയപ്പെട്ടു. പക്ഷേ ധൈര്യം വെടിഞ്ഞില്ല. മെയ്യ് 18 ന് ഞാൻ ബേസ് ക്യാമ്പിൽ നിന്ന് 4-ാം നമ്പർ ക്യാമ്പിലെത്തി. അപ്പോൾ ഓക്സിജൻ ലെവൽ വളരെ കുറവായിരുന്നു. ആ സമയം 7600 കിലോമീറ്റർ മുകളിലെത്തിയിരുന്നു. കൂടെ വന്ന ഷേർപ്പ ഓക്സിജൻ സിലിണ്ടർ മാസ്കിനിടയിലൂടെയാണ് പിടിപ്പിച്ചിരുന്നത്. പക്ഷേ 10 മീറ്റർ മുന്നോട്ടു പോയപ്പോഴേക്കും എനിക്ക് ഓക്സിജൻ മാസ്കിനിടയിലൂടെ വലിക്കാൻ പറ്റാത്ത സ്‌ഥിതി വന്നു. ഈ സ്ഥിതി കണ്ടപ്പോൾ ഷേർപ്പ എന്നെ വീണ്ടും ബേസ് ക്യാമ്പിലാക്കി. പിറ്റേന്ന് പോകാൻ ആഗ്രഹിച്ചുവെങ്കിലും ഡോക്ടർമാർ സമ്മതിച്ചില്ല. എന്‍റെ സ്വപ്നം തകർന്നതായി എനിക്കു തോന്നി. പിറ്റേന്ന് മല കയറാൻ അനുവാദം കിട്ടി. എല്ലാറ്റിനേയും വളരെ കഷ്ടപ്പെട്ടു തന്നെയാണ് അതിജീവിച്ചത്.

സൂപ്പർ ഫുഡ് കടലമാവിന്‍റെ 7 പ്രയോജനങ്ങൾ

കടലമാവുപയോഗിച്ച് നമ്മൾ പക്കാവഡയും ബജിയുമൊക്കെ തയ്യാറാക്കാറുണ്ട്. അതുപോലെ മറ്റനേകം പലഹാരങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഗ്രാം ഫ്ളോർ എന്ന് ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്ന ഈ മാവ് ആരോഗ്യത്തിന് എത്രമാത്രം ഗുണം ചെയ്യുന്നുവെന്ന കാര്യം നിങ്ങൾക്കറിയാമോ? പ്രോട്ടീനിന്‍റെ മികച്ച സ്രോതസ്സാണിത്. ശരീരത്തിന് ആന്തരികമായി പോഷണം പകരുമെന്ന് മാത്രമല്ല ചർമ്മ സൗന്ദര്യത്തിനും ഇത് മികച്ചതാണ്. പണ്ടു തൊട്ടെ ഇത് സൗന്ദര്യ വർദ്ധകമായി ഉപയോഗിച്ചു വരുന്നു. അതായത് ആന്തരികമായും ബാഹ്യമായും ഒരുപോലെ ആരോഗ്യവും അഴകും പകരാൻ കടലമാവ് അത്യുത്തമമാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപാർട്ട്മെന്‍റ് ഓഫ് അഗ്രികൾച്ചറിന്‍റെ കണക്കുപ്രകാരം 100 ഗ്രാം കടലമാവിൽ 22 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതുപോലെ 11 ഗ്രാം ഫൈബറുമുണ്ട്. സീറോ കൊളസ്ട്രോൾ ആണിത്. പൊട്ടാസ്യം, അയൺ, വിറ്റാമിൻ ബി-6, മഗ്നീഷ്യം എന്നിവയും നല്ലയളവിൽ ഇതിലുണ്ട്. അതായത് കടലമാവ് മികച്ചൊരു ഭക്ഷ്യവസ്തുവാണ്.

ഡയബറ്റിക് ഫ്രണ്ട്‍ലി

ഡയബറ്റിക്കായിട്ടുള്ളവർക്കോ അല്ലെങ്കിൽ പാരമ്പര്യമായി ഡയബറ്റിക്കായിട്ടുള്ളവർക്കോ ഡയറ്റിൽ തീർച്ചയായും കടലമാവ് ഉൾപ്പെടുത്താം. കാരണം ഇതിൽ കാൽസ്യം കാർബോഹൈഡ്രേറ്റുകളും ലോ ഗ്ലൈസമിക് ഇൻഡക്സുമുണ്ട്. ഇവ പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. ഒപ്പം ഇതിലുള്ള ഫൈബറും മഗ്നീഷ്യവും ശരീരത്തിന്‍റെ ഇൻസുലിൻ റെസ്പോൺസിനെ വർദ്ധിപ്പിക്കുന്നു.

എന്തുകൊണ്ടാണ് കടലമാവ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതെന്നറിയാം:

ശരീരഭാരം നിയന്ത്രിക്കാൻ ഉത്തമം

ഇന്ന് നമ്മുടെ ജീവിതശൈലിയിൽ ഏറെ മാറ്റം വന്നിരിക്കുകയാണ്. പണ്ടത്തേതിലും അപേക്ഷിച്ച് ആരോഗ്യത്തിന് ആളുകൾ കൂടുതൽ പ്രാധാന്യം നൽകി തുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമ്മൾ ശരിയായ പോഷകങ്ങൾ ഉള്ള ഭക്ഷ്യവസ്‌തുക്കൾ തെരഞ്ഞെടുത്ത് ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. ഹൈ ഫൈബറും പ്രോട്ടീൻ റിച്ചുമായ ഡയറ്റിന് പ്രാധാന്യം നൽകുന്നു. ശരീരത്തിന്‍റെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനൊപ്പം വിശപ്പും തോന്നുകയില്ല. അതായത് മാംസപേശികളെ മെയിന്‍റയിൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു പോഷകമാണ് പ്രോട്ടീൻ. ഹൈ ഫൈബർ, പ്രോട്ടീൻ റിച്ച് ആയതിനാൽ കടലമാവ് ശരീരഭാരത്തെ വളരെ വേഗം നിയന്ത്രിക്കും. ശരീരത്തിൽ മഗ്നീഷ്യത്തിന്‍റെ അളവ് വളരെ കുറവായിരിക്കുമ്പോൾ പാൻക്രിയാസ് ആവശ്യമായ അളവിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതെ വരുന്നു. ഇക്കാരണം കൊണ്ട് രക്‌തത്തിൽ ഗ്ലൂക്കോസ് നില വർദ്ധിക്കുകയും കടലമാവ് ഈയവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം

ഇന്ത്യയിൽ എല്ലാ വർഷവും ഹൃദ് രോഗത്താൽ മരണപ്പെടുന്നവരുടെ സംഖ്യം വളരെയധികം വർദ്ധിച്ച് വരികയാണ്. 2016 ൽ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഹൃദ്രോഗത്താൽ മരണപ്പെടുന്നവരുടെ സംഖ്യ 1.7 മില്യൺ ആണ്. ലോകത്ത് അത് 17.3 മില്യൺ വരും. ഈ സാഹചര്യത്തിൽ ഹൃദയാരോഗ്യം കാത്തുസംരക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്. ഹെൽത്തി ഹാർട്ട് ആഗ്രഹിക്കുന്നവർ കടലമാവും ഡയറ്റിൽ ഉൾപ്പെടുത്തുക. കാരണം ഇതിൽ സൊല്യൂബിൾ ഫൈബർ ഉള്ളതിനാൽ ഇത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ബ്ലഡ് പ്രഷറും നിയന്ത്രണ വിധേയമാകും. വയറ്റിൽ എരിച്ചിൽ, അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ല. കടലമാവിൽ കണ്ടുവരുന്ന ഫൈബർ കൊളസ്ട്രോൾ നിലയെ നിയന്ത്രിക്കുന്നതിനൊപ്പം രക്‌തയോട്ടത്തെ മികച്ച നിലയിലാക്കി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.

അലർജി റിസ്കില്ല

ഭൂരിഭാഗംപേരിലും ധാന്യവുമായി ബന്ധപ്പെട്ട് അലർജിയുണ്ടായി കാണാറുണ്ട്. ധാന്യങ്ങളിൽ ഗ്ലൂട്ടൻ എന്ന ഘടകം ഉള്ളതിനാലാണ് ചിലരിലെങ്കിലും അലർജിയുണ്ടാകുന്നത്. ഇതൊരു തരം പ്രോട്ടീനാണ്. പൊതുവെ ധാന്യങ്ങളിൽ കണ്ടുവരുന്നവയാണ് ഇത്. എന്നാൽ കടലമാവ് ഗ്ലൂട്ടൻ ഫ്രീയാണ്. ഇക്കാരണം കൊണ്ട് ഇത്തരത്തിലുള്ള അലർജിയുണ്ടാകുമെന്ന പേടി വേണ്ട. കടലമാവു കൊണ്ടുള്ള റൊട്ടി, മറ്റ് ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി കഴിക്കാം. അതുവഴി ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യാം. ഒപ്പം രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. ശരീരത്തിലെ എല്ലാ പോഷകങ്ങളേയും ആഗീരണം ചെയ്യാനും സഹായിക്കും. അതിനാൽ സധൈര്യം കടലമാവ് ഡയറ്റിൽ ഉൾപ്പെടുത്താം.

ബ്രസ്റ്റ് കാൻസർ സാധ്യതയേയും കുറയ്ക്കും

ഇന്ത്യയിൽ ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ സ്തനാർബുദ രോഗികളുടെ എണ്ണം വളരെ വേഗം വർദ്ധിച്ച് വരികയാണ്. ഭൂരിഭാഗംപേരും മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജിലെത്തുമ്പോഴാണ് രോഗം തിരിച്ചറിയുന്നത് തന്നെ. അപ്പോഴേക്കും സമയം ഏറെ കടന്നു പോയിരിക്കും. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം 2018 ൽ 6 ലക്ഷത്തിലധികം പേരാണ് ബ്രസ്റ്റ് കാൻസർ മൂലം മരണപ്പെട്ടത്. വളരെ ഞെട്ടിക്കുന്ന കണക്കാണിത്. ജാഗ്രതയും ഭക്ഷണകാര്യത്തിൽ അതീവശ്രദ്ധയും പുലർത്തുന്നതിലൂടെ മരണസംഖ്യ വളരെയധികം കുറയ്ക്കാൻ പറ്റും.

മികച്ച ഉറക്കത്തിനും നല്ലത്

സുഖനിദ്ര മികച്ച ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയാറുണ്ട്. സംഗതി സത്യമാണ്. സുഖകരമായ നല്ല ഉറക്കം ലഭിച്ചാൽ മാത്രമേ നമ്മൾ സന്തുഷ്ടരാകുകയുള്ളൂ. ജോലിയിൽ വ്യാപൃതരാവാനും മികച്ച പ്രൊഡക്റ്റിവിറ്റി ഉണ്ടാകാനും സുഖനിദ്രയ്ക്കുള്ള പങ്ക് വളരെ വലുതാണ്. സുഖനിദ്ര നേരിട്ട് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ 8-9 മണിക്കൂർ ഉറക്കം ഒരു വ്യക്‌തിയ്ക്ക് ആവശ്യമാണ്. എന്നാൽ ഉറക്കത്തിനൊപ്പം തന്നെ സ്വന്തം ഡയറ്റിലും പോഷകസമ്പന്നമായ വിഭവങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്. എന്നാലെ മികച്ച ആരോഗ്യം ലഭിക്കൂ. കടലമാവ് സുഖനിദ്ര പ്രദാനം ചെയ്യുന്നതിന് ഉത്തമമാണ്. ഇതിൽ അമിനോ ആസിഡ്, ട്രിപ്റ്റോഫേൻ, സെറോട്ടോനിൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഉറക്കത്തിന് വളരെയധികം പ്രയോജനപ്രദങ്ങളാണ്. ട്രിപ്റ്റോഫേൻ ശാന്തത പകരുന്നു. സെറോട്ടോനിൻ ആകട്ടെ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

ഗർഭധാരണത്തിന് മികച്ചത്

കടലമാവിൽ നിറയെ ഫോളേറ്റ്, അയൺ, വിറ്റാമിൻ ബി 6 എന്നിവ അടങ്ങിയിരിക്കുന്നു. കുഞ്ഞിന്‍റെ വളർച്ചയ്ക്ക് ഇവ അനിവാര്യമാണ്. ഫോളേറ്റ് എന്ന വിറ്റാമിൻ ഗർഭസ്‌ഥ ശിശുവിന്‍റെ വളർച്ചയെ സഹായിക്കുന്ന പോഷകമാണ്. ഇതിൽ ഉള്ള കാത്സ്യം ഗർഭിണികളിൽ കണ്ടുവരുന്ന എല്ലുകൾ തടിക്കുന്ന പോലെയുള്ള പ്രശ്നങ്ങളെ അകറ്റുന്നു.

ഗർഭകാലത്ത് ആവശ്യമായ അളവിൽ ബി 6 കഴിക്കുകയാണെങ്കിൽ ഗർഭസ്‌ഥ ശിശുവിന്‍റെ മസ്തിഷ്ക വികാസത്തിന് ഇത് സഹായിക്കുമെന്ന് മാത്രമല്ല രോഗപ്രതിരോധശേഷിയെ ഇത് ശക്‌തിയുള്ളതാക്കും. ഒപ്പം സ്ത്രീകളിലുണ്ടാവുന്ന ഛർദ്ദി പോലെയുള്ള ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതിനാൽ ഗർഭിണികൾ നിത്യവും സ്വന്തം ഡയറ്റിൽ 40 ഗ്രാം കടലമാവ് ഉൾപ്പെടുത്തിയിരിക്കണം. ഇത് ശരീരത്തിന് പോഷകങ്ങൾ നൽകി ഗർഭഛിദ്രം ഫലപ്രദമായി തടയുകയും ചെയ്യുന്നു.

ഡറാഡൂൺ

ഉത്തരാഖണ്ഡിന്‍റെ തലസ്ഥാന നഗരമായ ഡറാഡൂണിലേക്കാണ് ഇത്തവണത്തെ യാത്ര. ഒരാഴ്ചയായി നടത്തി വരുന്ന ബിസിനസ്സ് യാത്രകളുടെ ക്ഷീണം മറക്കാൻ ഒന്ന് റിലാക്സ് ആകാൻ വേണ്ടിയാണ് ഞങ്ങൾ ഡറാഡൂൺ തെരഞ്ഞെടുത്തത്.

ഡൽഹിയിൽ നിന്നും ഞങ്ങൾ ബിസിനസ് കറക്കങ്ങൾക്കായി വിളിച്ച ടാക്സി യാത്ര അവസാനിപ്പിച്ചത് ഉത്തർപ്രദേശിലെ ശഹരൻപുരിൽ ആയിരുന്നു. അവിടെ നിന്ന് ഡറാഡൂണിലേക്ക് ബസിലാണ് യാത്ര തുടർന്നത്.

67 കിലോമീറ്റർ ദൂരമുണ്ട്. രണ്ടര മണിക്കൂർ യാത്രയുണ്ട്. യുപി സർക്കാരിന്‍റെ ബസിൽ ഞങ്ങൾ സീറ്റു പിടിച്ചു, ബസിൽ വന്ന കച്ചവടക്കാരിൽ നിന്നും പഴങ്ങളും വറുത്ത കപ്പലണ്ടിയും വാങ്ങി കഴിക്കാൻ തുടങ്ങി. ബസ് പതിയെ ശഹരൻപൂർ ടൗണിലൂടെ നീങ്ങുകയാണ്. സിഗ്നലിൽ പച്ച തെളിഞ്ഞാലും ചുവപ്പു തെളിഞ്ഞാലും കയ്യൂക്കുള്ളവൻ വണ്ടിയെടുത്തു പോകുന്നുണ്ട്. ആർക്കോ വേണ്ടി തെളിയുന്ന സിഗ്നൽ ലാമ്പുകൾ.

അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ബസ് നഗരത്തിനു പുറത്തേക്കു എത്തി. പുറത്തു നല്ല പൊടിയാണ്. റോഡുപണി നടക്കുന്നുണ്ട്. വൈകുന്നേരം ആയതിനാൽ ബസിൽ നല്ല തിരക്കുണ്ട്. കപ്പലണ്ടി കഴിക്കുന്നതിനോടൊപ്പം മൂളിപ്പാട്ടും പാടി പുറത്തെ കാഴ്ചകൾ ആസ്വദിച്ചു ഇരിക്കുകയായിരുന്നു. പാട്ടിൽ ഹരം കയറിയ സുഹൃത്ത് ഗസൽ തുടങ്ങി വച്ചു. പിന്നെ മലയാളി എവിടെ ചെന്നാലും പാടുന്ന അല്ലിയാമ്പൽ കടവും സന്യാസിനിയുമായി ഞങ്ങൾ കൊഴുപ്പിക്കാൻ തുടങ്ങി. മുന്നിലെ സീറ്റിൽ പതിയെ താളമിട്ടു പാടി തുടങ്ങിയപ്പോഴേക്കും ആ സീറ്റിലെ രണ്ടു കുട്ടികൾ എഴുന്നേറ്റു നിന്ന് ഞങ്ങളുടെ പാട്ടിന്‍റെ കൂടെ കൂടി. കാഴ്ചക്കാർ കൂടിയപ്പോൾ പാട്ടിന്‍റെ താളവും മുറുകി.

സീറ്റിന്‍റെ തൊട്ടടുത്തു നിന്നിരുന്ന തട്ടമിട്ട രണ്ടു സുന്ദരികളായ കോളേജു കുട്ടികൾ കൂടി ഞങ്ങളുടെ പാട്ടിനൊപ്പം സീറ്റിൽ താളമിടാൻ തുടങ്ങി.

സിനിമയിൽ നിവിൻ പോളി പറഞ്ഞപോലെ “അവൾ തട്ടമിട്ടാൽ ന്‍റെ സാറേ ചുറ്റുമുള്ളത് ഒന്നും കാണാൻ കഴിയില്ല.” എന്ന ഡയലോഗ് ഓർത്തു പോയി. ഇത് യുപിയാണ് സ്‌ഥലം, നാട്ടുകാരുടേതാണ് നിയമം എന്നറിയുന്നതു കൊണ്ടും പിന്നെ ജീവിതത്തിൽ ഒന്നും കാണാൻ കഴിയില്ല എന്ന ബോധ്യം ഉള്ളത് കൊണ്ടും അവരെ ശ്രദ്ധിക്കാതെ ഞങ്ങൾ ഞങ്ങളുടെ കാര്യം മാത്രം ശ്രദ്ധിച്ചു. ഇടക്കൊരു ഹിന്ദി പാട്ട് പാടുമോ എന്ന് ആ കുട്ടികൾ ചോദിച്ചു. ഹിന്ദി ഭാഷ ഞങ്ങൾക്ക് നന്നായി അറിയുന്നത് കൊണ്ട് ഞങ്ങൾ അത് പാടില്ല എന്നും പറഞ്ഞു!

നേരം സന്ധ്യയായി, പുറമേ നിന്നും നല്ല തണുത്ത കാറ്റ് വരുന്നുണ്ട്. ജനൽ അടച്ചു, ഇപ്പോൾ ചുരം കയറി കൊണ്ടിരിക്കുകയാണ്, വളരെ വീതി കുറഞ്ഞ റോഡുകൾ ആണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ നമ്മുടെ ബസ് പല സ്‌ഥലങ്ങളിലും ഒതുക്കി നിർത്തി.

മുകളിൽ നിന്നും മണ്ണിടിഞ്ഞു വീണതിന്‍റെ അടയാളങ്ങൾ, മലവെള്ളപാച്ചിലിൽ വെള്ളം കുത്തിയൊഴുകി പോയ വഴികൾ, അങ്ങനെ കാഴ്ചകൾ കണ്ടു അതിൽ ലയിച്ചിരിക്കുമ്പോഴെക്കും വെൽക്കം റ്റു ഉത്തരാഖണ്ഡ് ബോർഡ് ഞങ്ങളെ വരവേറ്റു.

ഹിമാലയത്തിലെ താഴെ തട്ടിൽ സ്‌ഥിതി ചെയ്യുന്ന ഒരു പട്ടണം ആണ് ഡറാഡൂൺ. ഇവിടെ നിന്നും ഹിമാലയം ആരംഭിക്കുകയായി. നാട്ടിലെ സിനിമകളിലും പട്ടാള കഥകളിലും ആണ് ഡറാഡൂണിനെ കുറിച്ച് നമ്മൾ എപ്പോഴും കേൾക്കുന്നത്. “പണ്ട് ഞാൻ ഡറാഡൂണിൽ ആയിരുന്നപ്പോൾ” എന്ന് തുടങ്ങിയാവും മിക്കവാറും സംഭാഷണം.

ഇന്ത്യൻ ആർമിയുടെ ട്രെയിനിംഗ് സെന്‍റർ ആയ ഇന്ത്യൻ മിലിട്ടറി അക്കാദമി സ്‌ഥിതി ചെയ്യുന്നത് ഡറാഡൂണിൽ ആണ്. ഇന്ത്യൻ കരസേനയിലെ മിക്ക ഓഫീസർമാരും എല്ലാം തന്നെ ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കുന്നത് ഇവിടെ നിന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് മിലിട്ടറി ഓഫീസർമാരെയെല്ലാം ട്രെയിനിംഗിനു വേണ്ടി ബ്രിട്ടനിലേക്ക് അയച്ചിരുന്നു. ലോക മഹായുദ്ധം വന്നപ്പോൾ ഒരുപാട് മിലിട്ടറി ഉദ്യോഗ്ഥരുടെ ആവശ്യം വരികയും അവരെയെല്ലാം ബ്രിട്ടനിൽ വിട്ടു പഠിപ്പിക്കൽ അപ്രായോഗികമാണെന്നും ചിന്തിച്ചപ്പോഴാണ് അവർ ഇന്ത്യയിൽ തന്നെ ഒരു ട്രെയിനിംഗ് കേന്ദ്രം തുടങ്ങാൻ തീരുമാനിക്കുന്നത്. ഇന്ത്യൻ കരസേനയുടെ വിവിധ പദവികൾ അലങ്കരിച്ചവർ എല്ലാം തന്നെ ഇവിടെ നിന്ന് ട്രെയിനിംഗ് കിട്ടിയവരാണ്.

വലിയ സിറ്റിയാണ് ഡറാഡൂൺ. ഇന്ത്യയിലെ പ്രധാനപ്പെട്ട എജ്യുക്കേഷൻ ഹബ്ബ് കൂടിയാണ്. ലോക നിലവാരത്തിലുള്ള ബോർഡിംഗ് സ്കൂളുകൾ, കോളേജുകൾ, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ, എംബിഎ കോളേജുകൾ എല്ലാം ഉണ്ട്.

എഞ്ചിനീയറിംഗ് കോളേജുകളിൽ ഒരുപാട് മലയാളി കുട്ടികളും ഇവിടെയുണ്ട്. മലയാളികൾ അധികവും ഫോറസ്ട്രിയും അഗ്രിക്കൾച്ചറൽ സയൻസും പഠിക്കാൻ വന്നവരാണ്. ഇന്‍റർസ്റ്റേറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ഞങ്ങൾ ഒരു ഓട്ടോ വിളിച്ചു. മനോഹരമായ വൃത്തിയുള്ള റോഡുകൾ. ബസ് സ്റ്റാൻഡിൽ നിന്നും ആറു കിലോമീറ്റർ മാറിയാണ് റെയിൽവേ സ്റ്റേഷൻ. അതിനടുത്താണ് ഞങ്ങളുടെ ഹോട്ടൽ. റൂമിൽ ചെക്ക് ഇൻ ചെയ്‌തു ഫ്രഷ് ആയി ഞങ്ങൾ.

dehradun

ഹോട്ടലിലെ ബാൽക്കണിയിൽ നിന്നും മനോഹരമായ കാഴ്ചയാണ്. നല്ല തണുപ്പുണ്ട്, ദീപാവലിയുമാണ്. വീടും നഗരവും എല്ലാം എൽഇഡി വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ആകാശം നിറയെ വർണ്ണപൂക്കൾ വാരി വിതറി കരിമരുന്നു പ്രയോഗവും നടക്കുന്നുണ്ട്.

ഞങ്ങൾ പുറത്തിറങ്ങാൻ തീരുമാനിച്ചു. ഡറാഡൂണിലെ രാത്രി കാഴ്ചകൾ അറിയണമല്ലോ, മാത്രവുമല്ല അവിടത്തെ ഭക്ഷണവും പരീക്ഷിക്കണം.

റോഡിന്‍റെ ഒരു വശത്തേക്ക് നടന്നാൽ റെസിഡൻഷ്യൽ ഏരിയ ആണ്. വീടുകൾ എല്ലാം തന്നെ ദീപാലങ്കാരത്തിൽ മുങ്ങി നിൽക്കുന്നു. മുറ്റവും മതിലുകളും മൺചിരാതുകൾ പ്രകാശം പരത്തുന്നു. റോഡിനു സമീപത്തെ കടകൾ എല്ലാം തന്നെ പലതരം ദീപാവലി മിഠായികൾ നിരത്തിയിട്ടുണ്ട്. എല്ലാം കഴിച്ചു നോക്കാം. എല്ലാം കുറേശെ വാങ്ങി, കാഴ്ചകൾ കണ്ടു നടന്നു.

പല സ്ഥലത്തും പല സംഘാടനകളുടെയും ആഘോഷങ്ങൾ നടക്കുന്നുണ്ട്. രാത്രി ഡറാഡൂൺ സുന്ദരിയാണ്. റോഡിനു സമീപത്തൊക്കെ ചെറിയ കടകൾ ഒരുപാടുണ്ട്. എല്ലാ തന്നെ തന്തൂരി സ്റ്റൈൽ ആണ്. വെജ്, നോൺവെജ് എല്ലാം ഉണ്ട്.

നല്ല മഷ്റൂം, പനീർ എല്ലാം ഉണ്ട് തന്തൂരിയായി. പിന്നെ അവിടത്തെ നാടൻ രുചികളും എല്ലാം കഴിച്ചു ഞങ്ങൾ റൂമിലേക്ക് നടന്നു.

ആ രാത്രി ഒരൽപം പോലും ഉറങ്ങാൻ സാധിച്ചില്ല. നേരം വെളുക്കുവോളം മത്സരം കണക്കെ ആയിരുന്നു ദീപാവലി വെടിക്കെട്ടുകൾ.

രാവിലെ ഞങ്ങൾ സ്‌ഥലങ്ങൾ കാണാൻ ഇറങ്ങി. ഹോട്ടിലെ ട്രാവൽ ഡെസ്കിൽ നിന്നും അവിടെ കാണാനുള്ള സ്‌ഥലങ്ങളുടെ ലിസ്റ്റും ദൂരവും എഴുതി തന്നു.

ലിസ്റ്റിലെ ആദ്യ സ്‌ഥലത്തേക്ക് പോകുവാൻ വേണ്ടി ഓട്ടോ വിളിച്ചപ്പോഴേക്കും നല്ല കത്തി റേറ്റ്, ഞങ്ങളെ ലോക്കൽ ബസ് സ്റ്റാൻഡിൽ വിടാൻ പറഞ്ഞു. ഒന്നര കിലോമീറ്റർ അപ്പുറത്തുള്ള സ്റ്റാൻഡിൽ വിടാൻ അമ്പതു രൂപ!

തലേ ദിവസം ആറു കിലോമീറ്റർ സഞ്ചരിക്കാൻ വന്നത് നൂറ്റിയമ്പത് രൂപ. ബസ് സ്റ്റാൻഡിൽ ഇറങ്ങി. ബസ് അന്വേഷിക്കാൻ നോക്കുമ്പോൾ അവിടെ പ്രീ പെയിഡ് ടാക്സി കൗണ്ടർ. എട്ടു മണിക്കൂർ ഡറാഡൂൺ ചുറ്റുവട്ടം ഉള്ള പ്രദേശങ്ങൾ കറങ്ങുവാൻ മൂന്നുപേർക്ക് 1800 രൂപ.

ആദ്യം പോയത് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെക്കായിരുന്നു. ദീപാവലി അവധി ആയതിനാൽ കാണാൻ കഴിഞ്ഞില്ല, അടുത്ത ദിവസത്തേക്ക് മാറ്റി വച്ചു.

റോബേർസ് കേവിലെക്കായിരുന്നു അടുത്ത യാത്ര. അതെ കൊള്ളക്കാരുടെ ഗുഹ തന്നെ. പണ്ട് കൊള്ള മുതലുകളുമായി അവർ ഒളിച്ചു താമസിച്ചിരുന്ന ഇടം. കാടിനോട് ചേർന്ന് ഒരുപാട് നീളമുള്ള ഗുഹയാണ്. പ്രത്യേകത എന്തെന്നാൽ ഗുഹയിൽ മുട്ടോളം വെള്ളമുണ്ട്. അതിലൂടെ വേണം നടക്കുവാൻ. ഗുഹയിലൂടെ നടക്കുമ്പോൾ പല ഭാഗങ്ങളിലും ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം. ഒരു അദ്ഭുത ലോകം തന്നെയാണ് അത്.

നല്ല നീല വെളളത്തിലൂടെ നടക്കാൻ ചെരിപ്പ് വേണം. പത്തു രൂപ കൊടുത്താൽ വാടകയ്ക്ക് സ്ലിപ്പർ കിട്ടും. പല സാമൂഹ്യദ്രോഹികളും ബിയർ കുപ്പികൾ പൊട്ടിച്ചു ഇട്ടിട്ടുണ്ട് മുകളിൽ. അത് ചിലപ്പോൾ വെള്ളത്തിലൂടെ ഒഴുകി വരും.

ഞങ്ങൾ ഡ്രസ്സിംഗ് റൂമിൽ നിന്നും വസ്ത്രങ്ങൾ മാറി, നടക്കാൻ ആരംഭിച്ചു. വെള്ളത്തിലേക്ക് കാലെടുത്തു വച്ചതും കോച്ചുന്ന തണുപ്പ്. ഓരോ അടിവെക്കുമ്പോഴും തണുപ്പ് അരിച്ചു മുകളിലേക്ക് കയറുന്ന പോലെ. പതിയെ പതിയെ തണുപ്പ് ശീലമായി. തെളിഞ്ഞ നീല നിറമുള്ള വെള്ളത്തിലൂടെ ഓരോ അടിയും മുന്നോട്ടു പോകുമ്പോഴും ഗുഹയിൽ ഉള്ള ആകർഷണം കൂടി വന്നു.

ഗുഹയുടെ ചുമരുകൾ എല്ലാം തന്നെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. കുറേ കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങൾ. ഗുഹയിലൂടെ നടന്നു ഞങ്ങൾ ഒരു തുറന്ന സ്ഥലത്തെത്തി. മുകളിലേക്ക് നോക്കുമ്പോൾ ഒരു കിണറിൽ ഇറങ്ങി നിൽക്കുന്ന പോലെ തോന്നും.

ചെറിയ കുട്ടികൾ ഇവിടെ സ്വിമ്മിംഗ് പൂളിലേതുപോലെ കളിക്കുകയാണ്. ഇവിടെന്നു അങ്ങോട്ട് ഗുഹയിൽ വെള്ളം ശക്തമായി ചുഴി പോലെ ഒഴുകി വരികയാണ്. ഇവിടെ ക്രോസ് ചെയ്യാൻ നമ്മൾ പാറയിൽ ചവിട്ടി മുകളിൽ കയറി അപ്പുറത്തേക്ക് ഇറങ്ങണം.

ശ്രദ്ധിച്ചു വേണം പാറയിൽ ചവിട്ടി കയറാൻ, നല്ല വഴുക്കൽ ഉണ്ട്. വീണ്ടും ഗുഹയ്ക്കുള്ളിൽ കയറി, നടക്കേണ്ട വഴികളിൽ എല്ലാം തന്നെ ചുമരിൽ ആരോ മാർക്ക് ഇട്ടിട്ടുണ്ട്. ഞങ്ങൾ അത് നോക്കി മുന്നോട്ടു നടന്നു. ഇപ്പോൾ എത്തി നിൽക്കുന്നത് വലിയൊരു കോട്ടയുടെ ഹാൾ പോലെയുള്ള സ്‌ഥലത്താണ്. ഇവിടെ പഴയൊരു മതിലും കാണുന്നുണ്ട്. ഗുഹ സംരക്ഷിക്കാൻ പണ്ടെന്നോ കെട്ടിയതാണ്. കുറച്ചു സമയം അവിടെ വിശ്രമിച്ചു വീണ്ടും മുന്നോട്ടു നടന്നു.

അവിടെ കണ്ട കാഴ്ചയായിരുന്നു കൂടുതൽ അദ്ഭുതപ്പെടുത്തിയത്. വെള്ളത്തിൽ കുറച്ചു കസേരകൾ നിരത്തിയിട്ടിരിക്കുന്നു. വെള്ളത്തിൽ ഒരു കാന്‍റീൻ! ഗുഹക്കു മുകൾ ഭാഗത്തായി ഒരു തട്ടുകട, ഓംലെറ്റ്, മാഗി, ചായ, കാപ്പി എല്ലാം കിട്ടും. നല്ല തണുപ്പുള്ള വെള്ളത്തിൽ ഇരുന്നു ചൂടുള്ള ചായയും ഓംലെറ്റും വൗ… കിടു ഫീൽ…

കുറേ സമയം കാടിനു അകത്തെ ആ സ്ഥലത്ത് ചായയും കഴിച്ചു സ്‌ഥലം ആസ്വദിച്ചു ഇരുന്നു. ഒരു സ്റ്റാർ ഹോട്ടലിനും നൽകാൻ കഴിയാത്ത ആംബിയൻസ്. കുറച്ചു ദൂരം കൂടി മുന്നോട്ടു നടക്കാനുണ്ട്, അവിടെ വരെ പോയി തിരിച്ചു വന്നു. തിരിച്ചു നടക്കുമ്പോൾ കുറെ സമയം കൂടി ആ ഗുഹയ്ക്കുള്ളിൽ വെള്ളത്തിൽ ചെലവഴിക്കാൻ തോന്നി…

അടുത്തത് സഹസ്ര ധാരയിലേക്കാണ്. പേര് സൂചിപ്പിച്ചത് പോലെ ആയിരം ജലധാരകൾ ആണ്. ഹിമാലയത്തിലെ മലയിടുക്കുകളിൽ നിന്നും ധാരയായി എത്തുന്ന വെള്ളം ഒരു പുഴയായി ഒഴുകുന്നു. നല്ല തണുപ്പുണ്ട്. തെളിഞ്ഞ വെള്ളം! നദിക്കു ഇരുവശവും നിറയെ കടകളും ചെറിയ റിസോർട്ടുകളുമാണ്. ഓരോ കടകളിലും വസ്ത്രം മാറാനുള്ള മുറികളും ലഭ്യമാണ്. നദിയിൽ ബണ്ട് കെട്ടുന്നതു പോലെ കരിങ്കൽ കൊണ്ട് ചെറിയ സ്വിമ്മിംഗ് പൂൾ കണക്കെ പല പല ഭാഗങ്ങൾ ആയി വേർതിരിച്ചിട്ടുണ്ട്. വെള്ളം കുറവായത് കാരണം തടയണകൾ കെട്ടിയതാണ്.

ഞങ്ങൾ വാഹനത്തിൽ നിന്നും ഇറങ്ങി, ഒരുപാട് നായകൾ കൂട്ടമായി നിൽക്കുന്നു. ഞങ്ങൾ മുന്നോട്ടു നടന്നു. അതിൽ രണ്ടു നായകൾ ഒരു വഴി കാട്ടിയെ പോലെ ഞങ്ങളുടെ കൂടെ നടന്നു. നദിയുടെ ഓരംപറ്റി കുറച്ചു മുകൾ ഭാഗത്തേക്ക് നടന്നു. ഇവിടെ ചെറിയൊരു അമ്യൂസ്മെന്‍റ് പാർക്ക് ഉണ്ട്. ദീപാവലി അവധിയാണ് പാർക്കിന്. അതുകൊണ്ട് തന്നെ ഇവിടെ തിരക്ക് കുറവാണ്. വൈകുന്നേരം ആയതിനാൽ നല്ല തണുപ്പുണ്ട്. വെള്ളത്തിലേക്ക് കാലെടുത്തു വയ്ക്കാൻ കഴിയുന്നില്ല. തെളിഞ്ഞ വെള്ളം, താഴെ നിറയെ ചുണ്ണാമ്പു കല്ലുകൾ, ഇവിടെ മതിൽ കെട്ടി തിരിച്ച ഭാഗത്ത് മറ്റാരും ഇല്ല. ശാന്തം സുന്ദരം. നല്ല തണുപ്പിലും ഒന്ന് മുങ്ങി കുളിക്കാൻ തീരുമാനിച്ചു.

വസ്ത്രങ്ങൾ മാറി നേരെ വെള്ളത്തിലേക്ക് എടുത്തു ചാടി. ഇവിടെ വെള്ളത്തിന് സൾഫറിന്‍റെ അംശം കൂടുതൽ ആണ്. അതുകൊണ്ട് തന്നെ ത്വക്ക് രോഗങ്ങൾക്ക് ഇവിടെ കുളിക്കുന്നത് നല്ലതാണ്. വിശ്വാസവും സയൻസും നോക്കി ഇവിടെ കുളിക്കാൻ ധാരാളം പേർ എത്തുന്നു.

സന്ധ്യയോടു അടുക്കുന്നു. ഈ വെള്ളത്തിൽ ഇങ്ങനെ ശയിച്ചു കിടക്കുമ്പോൾ മനസ്സും ശരീരവും വളരെ ശാന്തമാകുന്നു. ഇരു കരകളിലെയും കടക്കാരും കോട്ടേജുകളും ചിരാതുകൾ തെളിയിച്ചിരിക്കുന്നു. മനോഹരമായ കാഴ്ച. നദിയിൽ കിടന്നു നദിക്കു ഇരുവശവും തെളിഞ്ഞ ആ ദീപാലങ്കാരത്തിന്‍റെ ആസ്വാദനം വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല. മഴക്കാലത്ത് ഇവിടെ ഇങ്ങനെ ശയിച്ചു കിടക്കാൻ കഴിയില്ല. വെള്ളം കുത്തിയൊലിച്ചു ഒഴുകുകയായിരിക്കും.

തൊട്ടടുത്ത് തന്നെ ദ്രോണാചാര്യരുടെ പേരിൽ ഒരു ക്ഷേത്രം ഉണ്ട്. കുറച്ചു മാറി ദ്രോണാചാര്യൻ തപസ്സു ചെയ്ത ഗുഹയും കാണാം.

രാത്രിയായി. വസ്ത്രം മാറി അടുത്ത കടയിൽ നിന്നും നല്ല ചൂടുള്ള ചായയും ചോളവും കഴിച്ചു. ശരീരവും മനസ്സും ഭാരമൊഴിഞ്ഞ അവസ്ഥയിൽ ആ തണുപ്പിൽ ഞങ്ങൾ നടന്നു. കൂടെ ഞങ്ങളുടെ വഴികാട്ടിയായ രണ്ടു ശ്വാനന്മാരും. ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി അവർക്ക് കൊടുത്തു. നമ്മുടെ ഡ്രൈവർ ചേട്ടൻ മുറുക്കാനും ചവച്ചു കാറിനു അരികിൽ നിൽപ്പുണ്ട്. ഇന്നത്തെ കാഴ്ചകൾ അവസാനിപ്പിക്കാം, റൂമിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ അദ്ദേഹവും ഹാപ്പിയായി. കാരണം ഓരോ സ്ഥലവും ആസ്വദിച്ചു കാണാൻ ഞങ്ങൾ കൂടുതൽ സമയം എടുത്തത് കൊണ്ട് കുറച്ചു ദൂരമേ ഓടേണ്ടി വന്നിട്ടുള്ളൂ.

അവിടത്തെ തണുപ്പിനെ കുറിച്ചും കാലാവസ്‌ഥയെ കുറിച്ചും അദ്ദേഹം വാചാലനായി. പിന്നെ കേരളത്തിലെ പ്രളയത്തെ കുറിച്ച് ചോദിച്ചു. ഈ യാത്രയിൽ ഞങ്ങൾ പരിചയപ്പെട്ട എല്ലാവർക്കും കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാണ് അറിയേണ്ടത്.

തട്ടുകടക്കാരൻ മുതൽ ഹോട്ടൽ റിസപ്ഷനിലെ പെൺകുട്ടി, ഓട്ടോ ഡ്രൈവർ അങ്ങനെ ഒരുപാട് പേർ നമുക്ക് സംഭവിച്ച ദുരന്തത്തിന്‍റെ ആധിയിൽ ആണ്. ഇന്ത്യയുടെ രണ്ടറ്റത്ത് കിടക്കുന്ന ആൾക്കാർ, രണ്ടു ഭാഷ, രണ്ടു സംസ്കാരം, രണ്ടു പ്രകൃതി എന്നിട്ടും മനുഷ്യ സ്നേഹത്തിന്‍റെ നേർക്കാഴ്ചകൾ ആയിരുന്നു അവരുടെ സ്നേഹത്തോടെയുള്ള ആ കരുതലും ആശ്വസിപ്പിക്കലും.

റൂമിൽ നിന്നും പുറത്തിറങ്ങി തലേ ദിവസം നടന്ന റോഡിന്‍റെ എതിർവശത്തേക്ക് നടന്നു, ഭക്ഷണം തന്നെയാണ് ലക്ഷ്യം. ഒരുപാട് പെട്ടികടകൾ ഉണ്ട്. മോമോസ്, ബജികൾ, പൂരി അങ്ങനെ…

ഒരു കടയിൽ കയറി നല്ല വെട്ടി തിളക്കുന്ന നാടൻ മട്ടൻ സൂപ്പ് ചൂടോടെ അകത്താക്കി. ഇവിടെ ദീപാവലിയുടെ ആഘോഷം കഴിഞ്ഞിട്ടില്ല. പടക്കവും മത്താപ്പൂവും എല്ലാം ഉണ്ട്. അന്നത്തെ ഉറക്കവും നഷ്ടപെടും എന്നുറപ്പിച്ചു.

ഹോട്ടലിലെ ബാൽക്കണിയിൽ ഇരുന്നു കാഴ്ചകൾ കണ്ടു. പല നിറത്തിലുള്ള പൂത്തിരികളും പടക്കങ്ങളും വർണ്ണ കാഴ്ചകൾ നിറച്ച ആകാശത്തു കൂടെ ഡറാഡൂൺ എയർ പോർട്ടിൽ നിന്നും പറന്നുയർന്ന വിമാനങ്ങൾ പോകുന്നത് നോക്കിയിരുന്നു.

അതിരാവിലെ എഴുന്നേറ്റു നടക്കാനിറങ്ങി. ഡറാഡൂണിന്‍റെ മഞ്ഞിൽ മൂടിയ പ്രഭാത കാഴ്ചകൾ ആയിരുന്നു ലക്ഷ്യം. സമയം ഏഴുമണിയോട് അടുത്തു. അടുത്തു കണ്ട പെട്ടിക്കടയിൽ നിന്നും ഇഞ്ചിയും ഏലവും ഇട്ടു തിളപ്പിച്ച ചൂട് ചായ കുടിച്ചു ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും പ്രഭാത ഭക്ഷണം റെഡി ആയിരുന്നു.

കുളിയും ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. തലേ ദിവസം കാണാൻ ബാക്കി വച്ച കാഴ്ചകൾ ഇന്ന് കാണണം.

ലോക്കൽ ബസ് സ്റ്റാൻഡിൽ നിന്നും കുറച്ചു ദൂരമുണ്ട് എഫ്ആർഐ ലേക്ക്. ടാക്സി വിളിച്ചു. വിശാലമായ റോഡിനു ഇരുവശം കുട്ടികളും കുടുംബങ്ങളും കൂട്ടമായി നടക്കുന്നുണ്ട്. ദീപാവലി ആഘോഷങ്ങൾ അവസാനിച്ചിട്ടില്ല എന്ന് തോന്നുന്നു. അവധി ദിവസങ്ങൾ അവരവരുടെ രീതിയിൽ സന്തോഷിക്കുകയാണ് ഓരോ ഗ്രൂപ്പുകളും.

കൊളോണിയൽ രീതിയിൽ പണിത വലിയ മതിലിനു സമീത്തു കൂടെയാണ് നമ്മുടെ കാർ പോയിക്കൊണ്ടിരിക്കുന്നത്. പഴയ ബ്രിട്ടീഷ് കൊട്ടാരങ്ങളെ ഓർമ്മപ്പെടുത്തുന്നു. വലിയ ഗേറ്റിനു മുന്നിൽ കാർ നിർത്തി. സെക്യൂരിറ്റി ചെക്കിംഗ് ആണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫോറസ്റ്റ് റിസർച്ച് സ്ഥാപനങ്ങളിൽ ഒന്നാണ് എഫ്ആർഐ. 1878 ൽ ബ്രിട്ടീഷ് ഇംപീരിയൽ ഫോറസ്റ്റ് സ്ക്കൂൾ ആയിട്ടായിരുന്നു ഇതിന്‍റെ തുടക്കം. 1906 ൽ ഇതിനെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്തുകയായിരുന്നു.

450 ഹെക്ടറിൽ പടർന്നു കിടക്കുന്ന വലിയൊരു ലോകമാണ് എഫ്ആർഐ ക്യാമ്പസ്. വിശാലമായ പൂന്തോട്ടം, എത്ര സമയം ചെലവഴിച്ചാലും ഇവിടെ നമുക്ക് കൂടുതൽ കൂടുതൽ ഫ്രെഷ്നസ് തരുന്നു.

വലിയൊരു ഫോറസ്ട്രി മ്യൂസിയം തന്നെ ഇവിടെ ഉണ്ട്. കാടിനെ സ്നേഹിക്കുന്നവർക്ക് മരങ്ങളെ സ്നേഹിക്കുന്നവർക്ക് ഒരുപാട് പുതിയ അറിവ് നൽകുന്നവയാണ് ഇത്. ഈ വരാന്തകളിലൂടെ നടക്കുമ്പോൾ ഒരു രാജകൊട്ടാരത്തിൽ നിൽക്കുന്ന പ്രൗഡിയാണ്. ഇംഗ്ലണ്ടിലെ ഏതോ പട്ടണത്തിൽ എത്തിയ പോലെയൊരു അനുഭവം ഈ കെട്ടിടവും പൂന്തോട്ടവും സമ്മാനിക്കുന്നു.

dehradun

ആർക്കിടെക്ക്ച്ചർ വിദ്യാർത്ഥികൾക്കും വളരെയധികം താൽപര്യമുള്ള കെട്ടിടമാണ് ഇത്. പുൽത്തകിടിയിൽ ഒരുപാട് പേര് ഫോട്ടോസ് എടുക്കുന്ന തിരക്കിലാണ്. നല്ല സീനറിയിൽ ഒരുപാട് ചിത്രങ്ങൾ പകർത്താൻ കഴിയും ഇവിടെ! കാഴ്ചകൾ കണ്ട സമയം പോയതറിഞ്ഞില്ല. ഇനിയും കാഴ്ചകൾ ഞങ്ങളെ കാത്തിരിക്കുന്നുണ്ട്.

ഇനി അടുത്തതായി കാണാനുള്ളത് തപ്കേഷർ മഹാദേവിക്ഷേത്രം ആണ്. കാടിനോട് ചേർന്ന് നിൽക്കുന്ന ശിവ ക്ഷേത്രം.

നഗരത്തിരക്കിൽ നിന്നും മാറി തിരക്കൊഴിഞ്ഞ ഒരിടമാണിത്. വലിയൊരു ഗ്രൗണ്ടും അതിനോട് ചേർന്ന് കുറച്ചു മരങ്ങളും നമ്മുടെ നാട്ടിലെ അമ്പലപ്പറമ്പുകളെപ്പോലെ തോന്നിപ്പിക്കുന്ന സ്‌ഥലം.

താഴോട്ട് പടികൾ ഇറങ്ങി വേണം ക്ഷേത്രത്തിൽ പോകാൻ. പടികളിൽ സന്യാസിമാർ ഭിക്ഷയാചിച്ചു ഇരിക്കുന്നുണ്ട്. പടികൾക്കു മുകൾ വശങ്ങളിലായി വഴിയമ്പലം പോലെയുള്ള ചെറിയ കെട്ടിടങ്ങളും ഉണ്ട്. അവിടെയെല്ലാം സന്യാസിമാർ വിശ്രമിക്കുന്നു.

ഞങ്ങൾ പകുതി പടികൾ ഇറങ്ങി. ഇനി താഴേക്ക് ഇറങ്ങിയാൽ പുഴയാണ്. ഇടതു വശത്തേക്ക് ആണ് ക്ഷേത്രം. നദിക്കപ്പുറത്ത് ഹനുമാന്‍റെ വലിയൊരു പ്രതിമയുണ്ട്, അങ്ങോട്ട് പോകുവാൻ ചെറിയൊരു പാലവും നദിക്കു കുറുകെയുണ്ട്.

ചെരിപ്പുകൾ അഴിച്ചു വച്ച് നടന്നു. ഇതൊരു ഗുഹാക്ഷേത്രം ആണ്. ഗുഹക്കു അകത്തേക്ക് പ്രവേശിക്കുമ്പോൾ ഭക്‌തി സാന്ദ്രമായ അന്തരീക്ഷം. ഗുഹക്കു നടുവിലായി വലിയൊരു ശിവലിംഗം ഉണ്ട്. ഒരുപാട് ഭക്‌തർ പ്രാർത്ഥിക്കുന്നു. ശിവലിംഗത്തിനു മുകളിലെക്കായി ഗുഹയുടെ സീലിംഗിൽ നിന്നും വെള്ളം ഉറവായി വീണു കൊണ്ടിരിക്കുന്നത് പ്രത്യേകതയാണ്.

ഗുഹയ്ക്കുള്ളിൽ ആയി വലിയൊരു നടുത്തളം ഉണ്ട്. വലിയൊരു കോൺഫറൻസ് മുറിയുടെ അത്ര തന്നെയുണ്ട്.

ഇവിടെ പ്രാർത്ഥിച്ചാൽ എല്ലാ ആഗ്രഹങ്ങളും സാധിച്ചും കിട്ടും എന്നാണ് വിശ്വാസം. ദ്രോണാചാര്യർ ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം. അദ്ദേഹത്തിന്‍റെ മകനായ അശ്വത്ഥമാ ഈ ഗുഹയിലാണ് ജനിച്ചത്. അമ്മയിൽ മുലപ്പാല് കുറവായത് കാരണം കുഞ്ഞായ അശ്വത്ഥാ കരഞ്ഞു പ്രാർത്ഥിച്ചെന്നും അത് കേട്ട് ശിവൻ കുഞ്ഞിനു യഥേഷ്ടം പാൽ നൽകിയെന്നുമാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇവിടെ പ്രാർത്ഥിച്ചാൽ എല്ലാം സാധ്യമാകും എന്ന് ശിവഭക്‌തർ വിശ്വസിക്കുന്നു.

ഗുഹയിൽ നിന്നും താഴേക്കിറങ്ങിയാൽ നദിയിലേക്ക് എത്താം. തെളിഞ്ഞ വെള്ളം. മുട്ടോളം മാത്രമേയുള്ളൂ. അപ്പുറത്ത് കാടാണ്. അതിന്‍റെ എല്ലാ ശാന്തിയും ഇവിടെയുണ്ട്. ചിലർ വിശ്വാസം കൊണ്ട് ഇവിടെ സ്നാനം ചെയ്യുന്നു. ചിലർ സെൽഫി എടുക്കാനായി വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നു. ഒരു നൂറു മീറ്റർ നദിക്കരയിലൂടെ നടന്നു. ഇവിടെ കുറച്ചു കൂടി ആഴമുണ്ട്. രണ്ടു സന്യാസിമാർ ഈ തണുപ്പിൽ കഴുത്ത് വരെ വെള്ളത്തിൽ മുങ്ങിനിന്ന് ധ്യാനം ചെയ്യുകയാണ്.

ഇവിടെ മുറിച്ചു കടന്നാൽ കുറച്ചു ദൂരം കാടിലൂടെ ട്രക്ക് ചെയ്യാം. കുറച്ചു യുവാക്കൾ ആ വഴി പോകുന്നത് കണ്ടു ഞങ്ങൾ തിരിച്ചു നടന്നു.

സമയം കുറവാണ്. സമീപത്തുള്ള കടയിൽ നിന്നും ഓരോ ചായ കുടിച്ചു. പ്രായം ചെന്ന ഒരു അമ്മച്ചി ക്ഷേത്രത്തിന്‍റെ ഐതീഹ്യത്തെ കുറിച്ചും അവിടുന്ന് പ്രാർത്ഥിച്ചു കാര്യങ്ങൾ നേടിയ ആളുകളുടെയും കഥകൾ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.

ഡറാഡൂണിലെ ബുദ്ധ ക്ഷേത്രത്തിൽ ആണ് പിന്നീട് പോയത്. പെട്ടെന്ന് ടിബറ്റിലോ നേപ്പാളിലോ എത്തിയ പോലെ തോന്നി. നിറയെ ബുദ്ധസന്യാസിമാർ, യോദ്ധ സിനിമയിലെ അക്കോസോട്ടയെ ഓർമ്മിപ്പിക്കുന്ന അതേ പ്രായത്തിലുള്ള കുറേ കുട്ടികൾ. നിഷ്ക്കളങ്കമായ പുഞ്ചിരി! 103 അടി ഉയരമുള്ള ബുദ്ധന്‍റെ പ്രതിമ നല്ലൊരു കാഴ്ചയാണ്. വളരെ ശാന്തമായി നടന്നു ഇവിടത്തെ കാഴ്ചകളെ അനുഭവിച്ചറിഞ്ഞു.

പല വലിയ ബുദ്ധമത നേതാക്കളും ഇവിടെ സന്ദർശിച്ചിട്ടുണ്ട്. 1965 ൽ ആണ് ഈ ക്ഷേത്രം പണിതത്. ജാപ്പനീസ് ആർക്കിടെക്ച്ചർ സ്റ്റൈലും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കൂടി കലരുമ്പോൾ സന്ദർശകർക്ക് അവാച്യമായ ആനന്ദം തന്നെയാണ്.

സമയം വൈകുന്നേരമായി ഇനിയും യാത്ര തുടരേണ്ടതുണ്ട്. ഡറാഡൂണിലെ കാഴ്ചകൾക്ക് വിട നൽകി ഞങ്ങൾ തിരിക്കുകയാണ്. കണ്ട കാഴ്ചകൾ മനോഹരം കാണാത്ത കാഴ്ചകൾ അതിമനോഹരം ആണെന്ന് അറിയാം. മറ്റൊരു ദിവസം ഡറാഡൂൺ എന്ന കാമുകിയെ കാണാൻ തിരിച്ചു വരാമെന്ന ഉറപ്പിൽ യാത്ര തുടർന്നു. അതേ… ഓരോ യാത്രികനും പ്രണയിച്ചു പോകുന്ന സൗന്ദര്യമാണ് ഡറാഡൂൺ എന്ന സുന്ദരിക്ക്…

ദീപ മാലിക് പാരാലിംപിക് അത്‍ലറ്റ്

കായികരംഗത്ത് അദ്ഭുത പ്രതിഭാസമാണ് ദീപ മാലിക്. സ്വന്തം അംഗവൈകല്യത്തെ മറികടന്നാണ് ലക്ഷക്കണക്കിനാളുകളുടെ പ്രേരണാശക്‌തിയായി മാറിയത്. പദ്മശ്രീ, അർജുന അവാർഡ്, രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് എന്നിവ നേടിയ ദീപ മാലിക് പാരാലിംപിക് റിയോ 2016 ൽ പതക്കം നേടുന്ന ഇന്ത്യയുടെ ആദ്യത്തെ വനിത പാരാലിംപിക് അത്‍ലറ്റ് ആണ്. 1999 ൽ ട്യൂമർ ഉണ്ടാവുകയും തുടർന്ന് 29-ാം വയസ്സിൽ പക്ഷാഘാതം പിടിപെട്ടിട്ടും ദീപ മാലിക് വികലാംഗത്വത്തെ സ്വന്തം ഇച്ഛാശക്‌തി കൊണ്ടാണ് നേരിട്ടത്. മനശക്‌തിയാർജിച്ചാൽ ഏത് ശാരീരിക വൈകല്യത്തെയും ചെറുത്ത് തോൽപ്പിക്കാനാവും. ദീപ മാലിക് അതാണ് തെളിയിച്ചത്.

കായികരംഗത്ത് ഈ നേട്ടത്തിന് പ്രേരണ?

എന്‍റെ ആദ്യ പ്രേരണ എന്‍റെ അച്ഛന്‍റെയും അമ്മയുടെയും പരിചരണം തന്നെ. അവരാണ് എന്‍റെ മനസ്സിൽ ശുഭാപ്തി വിശ്വാസത്തിന്‍റെ വിത്ത് പാകിയത്. കുട്ടിക്കാലത്ത് 5 വയസ്സുള്ളപ്പോൾ നട്ടെല്ലിൽ ട്യൂമറുണ്ടായതിനെത്തുടർന്ന് പക്ഷാഘാതം ഉണ്ടായി. അപ്പോഴൊക്കെ അച്ഛനും അമ്മയും ധൈര്യം തന്നു. കുട്ടിക്കാലത്തെ ആ ധൈര്യം ആണ് എനിക്ക് ഈ നിമിഷം വരെ തുണയായത്.

മറ്റൊന്ന് എന്‍റെ രണ്ട് പെൺമക്കൾക്കും പ്രേത്സാഹനവും പിന്തുണയും നൽകി ജീവിക്കുകയെന്ന തീവ്രമായ ആഗ്രഹം. എന്നെയവർ നിസ്സഹായയും ദു:ഖിതയുമായ അമ്മയായി കാണരുത്. കുട്ടികളുടെ ജീവിതം സന്തുഷ്ടി നിറഞ്ഞതാക്കാൻ എനിക്ക് സ്വയം കാര്യങ്ങൾ ചെയ്യേണ്ടി വന്നു.

മൂന്നാമതായി സമൂഹത്തിന്‍റെ കാഴ്ചപ്പാടിൽ നിന്നും ശാരീരികവൈകല്യത്തെ എങ്ങനെയാണ് സമൂഹം നോക്കി കാണുന്നത് എന്നതിനെപ്പറ്റി ചിന്തിച്ചു.

ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്ന നിമിഷമേതാണ്?

രണ്ട് പെണ്മക്കളുടെ അമ്മയായ നിമിഷം. ഇന്ന് എന്‍റെ മൂത്ത മകൾ വികലാംഗർക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. അവൾ ഇതേ മേഖലയിൽ പിഎച്ച്ഡിയും എടുത്തു. ഫീലിംഗ് ഹാപ്പിനസ് എന്ന സംഘടന അവൾ നടത്തുന്നുണ്ട്. വികലാംഗരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അവൾ മുഖ്യമായും ഗ്രാമമേഖലയിലാണ് ബോധവൽക്കരണം നടത്തുന്നത്. 500 വികലാംഗർക്ക് വീൽചെയർ വിതരണവും ചെയ്തിരുന്നു. അവൾക്ക് അന്താരാഷ്ട്ര രംഗത്ത് യംഗ് ലീഡർ അവാർഡ് കിട്ടിയിട്ടുണ്ട്. വുമൻ ട്രാൻസ്ഫോമിംഗ് ഇന്ത്യ അവാർഡും കിട്ടി.

ഇളയമകൾ എംബിഎ ചെയ്ത് കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നു. അവർ ഇരുവരുമാണ് എന്നെ കുളിപ്പിക്കുന്നത്. ഡയപ്പർ ധരിപ്പിക്കുന്നത്. അവരാണ് എന്നെ സാമൂഹിക പരിപാടികളിൽ പങ്കെടുപ്പിക്കുന്നത്. അവർ കാരണമാണ് ഞാൻ കോൻ ബനേഗ കരോർപതിയിൽ അമിതാബ്ബച്ചന്‍റെ ജന്മദിന എപ്പിസോഡിൽ പങ്കെടുത്തതും.

വെല്ലുവിളി അതിജീവിക്കാൻ ശുഭാപ്തി വിശ്വാസം എത്രത്തോളം സഹായിച്ചിട്ടുണ്ട്?

1999 ൽ എനിക്ക് പക്ഷാഘാതം ഉണ്ടായപ്പോൾ ഭർത്താവ് സൈന്യത്തിൽ നിന്നും നേരത്തെ വിരമിച്ചു. കുടുംബത്തിൽ ഒരു ഭാരമായി ഞാൻ മാറുമെന്ന് അന്നൊക്കെ ആളുകൾ പറയുമായിരുന്നു. എങ്ങനെ ചെലവ് നടത്തും? ഇക്കാര്യം എന്നെ വേദനിപ്പിച്ചു. അന്ന് ഞാൻ ഒരു കാര്യം മനസ്സിലുറപ്പിച്ചു. ഭർത്താവായാലും പിതാവായാലും ശരി ആരിൽ നിന്നും ചെലവ് സ്വീകരിക്കുകയില്ലെന്ന്. അതിനായി ഞാൻ റെസ്റ്റോറന്‍റിൽ ജോലി ചെയ്തും കാർ റേസിംഗ് ചെയ്തും മോട്ടോർ സൈക്കിൾ ഇവന്‍റുകളിൽ നിന്നും പണം കണ്ടെത്തി. മോട്ടിവേഷണൽ സ്പീക്കറായി.

എന്തുകൊണ്ട് ഈ രംഗം സ്വന്തം കരിയറാക്കി?

ഒരു കാലത്ത് എന്‍റെ ശരീരം നോക്കി ആളുകൾ പുച്ഛിച്ചു. എന്നെ ദുർബല, നിസ്സഹായ എന്നൊക്കെ പറഞ്ഞു. തളർന്ന എന്‍റെ ശരീരത്തിന് എന്ത് ചെയ്യാൻ പറ്റും. ഇത് കാട്ടിക്കൊടുക്കാൻ ഞാൻ സ്പോർട്സ് മാധ്യമമാക്കി.

നേരിടേണ്ടിവന്ന വെല്ലുവിളികൾ?

ഹിമാലയത്തിലെങ്ങനെ വാഹനമോടിക്കും? അതും ഒരു സ്ത്രീ… പിന്നെയൊരു വികലാംഗയും. ഇത്തരം ചോദ്യങ്ങളുമായിട്ടാണ് ആളുകൾ എന്നെ കണ്ടിരുന്നത്. 36-ാം വയസ്സിൽ 2 കുട്ടികളുടെ അമ്മയായ ശേഷം ഞാൻ നീന്താൻ വന്നപ്പോൾ ആളുകൾ എന്നെ പരിഹാസിച്ചു. 48 വയസ്സിനുള്ളിൽ മൂന്ന് തവണ തുടർച്ചയായി ഏഷ്യൻ ഗെയിംസിൽ മെഡൽ നേടി.

കോവിഡ് വാക്‌സിനേഷൻ അനുഭവങ്ങൾ

കോവിഡ് വാക്സിൻ ഇന്ത്യയിൽ ജനുവരി 16 മുതൽ കൊടുത്തു തുടങ്ങി. വാക്സിൻ എടുത്തു കഴിഞ്ഞുള്ള അനുഭവത്തെപ്പറ്റിയുള്ള ശരിയായ വിവരങ്ങൾ അത് എടുത്തവരിൽ നിന്നും നേരിട്ടറിയാൻ ഏറെപ്പേർക്ക് താൽപര്യമുണ്ട്. വാക്സിൻ എടുത്ത 5396 ആരോഗ്യ പ്രവർത്തകർ ഓൺലൈൻ സർവ്വേ മുഖേന 29 ജനുവരി മുതൽ 4 ഫെബ്രുവരി വരെ പങ്കുവച്ച കാര്യങ്ങൾ ഇവിടെ ചുരുക്കി പറയാം. ഒരാളുടെ അഭിപ്രായത്തേക്കാൾ വിലയുണ്ട് 5000 പേരുടെ അനുഭവത്തിന്.

ഈ റിപ്പോർട്ട് തയ്യാറാക്കിയത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനു വേണ്ടി ഡോ. രാജീവ് ജയദേവൻ, ഡോ. രമേശ് ഷേണായ്, അനിത ടി എസ് എന്നിവർ ചേർന്നാണ്

വാക്സിൻ എടുത്ത ശേഷം എത്ര പേർക്ക് പനിയും മറ്റും ഉണ്ടായി?

മൂന്നിൽ ഒരാൾക്ക് (1/3 or 33% of the respondents) ഒരു ലക്ഷണവും ഉണ്ടായില്ല. മൂന്നിൽ രണ്ടുപേർക്ക് (66% ) സാധാരണ വാക്സിൻ എടുത്താൽ തോന്നാവുന്ന symptoms അനുഭവപ്പെട്ടു.

എന്തൊക്കെയായിരുന്നു ലക്ഷണങ്ങൾ?

ക്ഷീണം, ശരീരവേദന, പനി, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാവർക്കും എല്ലാ ലക്ഷണവും ഉണ്ടായില്ല. ലക്ഷണങ്ങൾ വരികയാണെങ്കിൽ 80% പേരിലും ആദ്യത്തെ 12 മണിക്കൂറിനകം വന്നിരിക്കും എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. വന്നാൽ ശരാശരി ഒരു ദിവസം നീണ്ടു നിൽക്കും. താനേ ശമിക്കും.

ആർക്കാണ് കൂടുതൽ സാധ്യത?

ചെറുപ്പക്കാരിലും സ്ത്രീകളിലും ഈ ലക്ഷണങ്ങൾ കൂടുതലായി കാണപ്പെട്ടു. പുരുഷന്മാർക്ക് 58.6% സ്ത്രീകൾക്ക് 74.7% ശതമാനം എന്ന തോതിൽ ലക്ഷണങ്ങൾ ഉണ്ടായി. ആരിലും ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടായില്ല.

അറുപതു കഴിഞ്ഞവരിൽ വാക്സിൻ സുരക്ഷിതമാണോ?

അതെ, ഈ പഠനത്തിൽ പങ്കെടുത്ത 5396 വ്യക്‌തികളിൽ 947 പേർ അറുപതിനു മുകളിൽ പ്രായമുള്ളവരാണ്. ആരിലും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായില്ല. വാസ്തവത്തിൽ പ്രായം ഏറിയവരിൽ മേൽപറഞ്ഞ ലക്ഷണങ്ങൾ നന്നേ കുറവായിരുന്നു എന്നാണ് കണ്ടെത്തിയത്. ഇത് സ്വാഭാവികമാണ്. ലക്ഷണങ്ങൾ ഉണ്ടായില്ല എന്നു കരുതി അവരുൽ പ്രതിരോധം ഉണ്ടാവുന്നില്ല എന്ന് അർത്ഥമില്ല.

ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടായോ?

20% ആളുകൾക്ക് മേൽപ്പറഞ്ഞ അസ്വസ്ഥതകൾ മൂലം ഇൻജെക്ഷൻ എടുത്ത പിറ്റേന്ന് പതിവു ജോലികൾ ചെയ്യുന്നത് ക്ലേശകരമായി തോന്നുകയുണ്ടായി. സ്ത്രീകളിൽ കൂടുതൽ പേർക്ക് ഇപ്രകാരമുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത് താൽക്കാലികം ആയിരുന്നു.

കോവിഡ് മുമ്പു വന്നു പോയവരിൽ കൂടുതൽ ലക്ഷണങ്ങൾ ഉണ്ടായോ?

ഇല്ല. കോവിഡ് മുമ്പു വന്നു പോയ 472 പേർ പഠനത്തിൽ പങ്കെടുത്തിരുന്നു. ഇക്കൂട്ടരിൽ മറ്റുള്ളവർക്ക് വന്ന അതേ തോതിൽ തന്നെയാണ് ലക്ഷണങ്ങൾ ഉണ്ടായത്.

വാക്സിൻ എടുത്തതു കൊണ്ട് രോഗം തടുക്കാനാവും എന്ന് ഈ പഠനത്തിൽ നിന്ന് അറിയാൻ സാധിക്കുമോ?

ഒരാളിൽ വൈറസ് ബാധിക്കാനിടയായാലും അത് ഗുരുതരമായ രോഗം വരുത്താതെ വാക്സിൻ സംരക്ഷിക്കുന്നു. എന്നാൽ ഈ സംരക്ഷണം ലഭിക്കുന്നത് പ്രധാനമായും രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കു ശേഷമാണ്. വാക്സിൻ ആദ്യ ഡോസ് കിട്ടി തൊട്ടടുത്ത നാളുകളിൽ നടത്തിയ ഈ പഠനത്തിൽ മേൽപറഞ്ഞ കാര്യക്ഷമത സ്വാഭാവികമായും തെളിയിക്കാൻ സാധിക്കുകയില്ല. വാക്സിൻ എടുത്തവരിലും അല്ലാത്തവരിലും നട ത്തുന്ന ദീർഘനാളത്തെ നിരീക്ഷണത്തിൽ കൂടി മാത്രമേ ഇക്കാര്യം പഠിക്കാൻ സാധിക്കൂ.

കോവാക്സിൻ എടുക്കാമോ?

നിരവധി പേർ ചോദിച്ച ചോദ്യമാണിത്. ഡോ. രാജീവ് ജയദേവൻ മറുപടി പറയുന്നു.

എന്താണ് ഈ കോവാക്സിൻ?

പരമ്പരാഗത രീതിയിൽ നിർമ്മിച്ച ഒന്നാണത്. അതായത് പണ്ടുകാലം മുതൽ നിർമ്മിച്ചു വന്ന രീതിയിൽ.

എന്നു വച്ചാൽ എന്താണ്?

പകർച്ചവ്യാധികളെ ചെറുക്കാനായി ശരീരത്തെ സജ്ജമാക്കുന്ന ഇൻജെക്ഷൻ ആണ് വാക്സിൻ. രോഗം വരുത്താതെ പ്രതിരോധം ജനിപ്പിക്കുക എന്നതാണ് വിദ്യ. അവ പലതരം.

അതിൽ inactivated വാക്സിൻ ആവുമ്പോൾ രോഗാണുവിന്‍റെ അംശങ്ങൾ ഉണ്ടാവും, കൂടെ ചമ്മന്തിക്ക് തേങ്ങാപ്പീര പോലെ ഒരു adjuvant ഉം, ഈ മിശ്രിതമാണ് കുത്തിവയ്ക്കുന്നത്.

മറ്റാരെങ്കിലും ഇതുപയോഗിച്ചിട്ടുണ്ടോ?

ഇതേ പരമ്പരാഗത രീതിയാണ് പാൻഡെമിക് കണ്ടയുടൻ തന്നെ ഈയിനത്തിൽ പെട്ട വൈറസിനെ പറ്റി ഏറ്റവും അധികം ഗവേഷണം നടത്തി പാരമ്പര്യമുള്ള ചൈന സ്വീകരിച്ചത്. അവർ മാസങ്ങൾക്കുള്ളിൽ ക്ലിനിക്കൽ ട്രയലുകൾ പബ്ലിഷ് ചെയ്യാൻ കാത്തു നിൽക്കാതെ എത്രയും വേഗം ലക്ഷക്കണക്കിന് പൗരന്മാർക്ക് ആ വാക്സിൻ എത്തിച്ചു കൊടുത്തു. ചൈനയിൽ മരണങ്ങൾ പൊടുന്നനെ കുറയാൻ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അവരുടെ അതിവേഗ വാക്സിനേഷൻ പ്രോഗ്രാമാണ്.

എന്തിനാണ് adjuvant ചേർക്കുന്നത്? വെറുതെ അൽപം വൈറസ് പൊടിച്ച് അരച്ചു കുത്തിവച്ചാൽ പോരേ?

ജീവനുള്ള വൈറസ് ആണ് കൂടുതൽ പ്രഹരശേഷിയുള്ളത്. അതു കുത്തിവച്ചാൽ adjuvant ഇല്ലാതെ തന്നെ സിസ്റ്റം ഓണായിക്കൊള്ളം. എന്നാൽ കോവിഡ് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തൽക്കാലം ജീവനുള്ള കൊറോണാ വൈറസ് കൊണ്ട് വാക്സിൻ ഇറക്കിയിട്ടില്ല.

അതിനാൽ “നിര്യാതനായ” (inactivated) വൈറസ് ഉപയോഗിക്കുമ്പോൾ ഇമ്മ്യൂൺ സിസ്റ്റം ഉണർന്നു വരാനുള്ള ഒരു ബൂസ്റ്റർ ആണ് ഈ adjuvant.

കോവാക്സിൻ adjuvant ന്‍റെ പ്രത്യേകത?

ഏറ്റവും പുതിയ മോഡൽ adjuvant ആണ് ഇതിൽ ചേർത്തിട്ടുള്ളത്. ഉണ്ടാകാവുന്നതിൽ ഏറ്റവും മെച്ചപ്പെട്ട തരം ഇമ്മ്യൂൺ റെസ്പോൺസ് ഉണ്ടാവാൻ വേണ്ടി ഏറെ അന്വേഷിച്ചാണ് പണ്ട് മുതൽ ഉപയോഗിച്ചു വന്ന വെറും പച്ച ALUM എന്നതിനു പകരം toll – like receptor 7/8 agonist ആയ  IMDG അതിൽ ALUM നോടൊപ്പം ചേർത്തിട്ടുള്ളത്. അതിന് ALUM-IMDG എന്നു പറയുന്നു. ചൈന ഉപയോഗിച്ച വെറും ALUM നേക്കാൾ മെച്ചപ്പെട്ടതാണിത്.

ഏതാണ് എടുക്കേണ്ടത്? കോവിഷീൽഡോ കോവാക്സിനോ?

ഏതാണോ ആദ്യം കിട്ടുക അതെടുക്കുക. ഇതാണ് ലോകമെമ്പാടും വിദഗ്ധർ ഒരേ സ്വരത്തിൽ പറയുന്നത്.

ഏതാണ് നല്ലത്?

ഉത്തരമില്ലാത്ത ചോദ്യമാണിത്. രണ്ടും മെച്ചപ്പെട്ട വാക്സിൻ എന്ന് എന്‍റെ വ്യക്‌തിപരമായ അഭിപ്രായം. ടോയോട്ടയാണോ ഹോണ്ടയാണോ നല്ലത് എന്നു ചോദിച്ചാൽ എന്നതു പോലെയാണ്.

കോവിഷീൽഡിനില്ലാത്ത എന്തെങ്കിലും ഗുണം കോവാക്സിനുണ്ടോ?

കോവിഷീൽഡ് വൈറസിന്‍റെ മുള്ളിനെതിരെ മാത്രം പ്രതിരോധം ഉൽപാദിപ്പിക്കുന്നു. കോവാക്സിൻ മൊത്തം വൈറസിനെതിരെയും. അതിനാൽ ഭാവിയിൽ കാര്യമായ ജനിതകമാറ്റം വൈറസിൽ ഉണ്ടായാൽ ഒരു പക്ഷേ ചെറുത്തു നിൽക്കാൻ സഹായിക്കുക കോവാക്സിൻ ആവാം. ഇത് ഒരു എഡ്യൂക്കേറ്റഡ് ഗസ് മാത്രം ആണ്. കാരണം അങ്ങനെ വലിയ രീതിയിൽ ഒരു ജനികത മാറ്റം ഇതുവരെ സംഭവിച്ചിട്ടില്ലല്ലോ.

കോവാക്സിൻ ഫലപ്രദം ആണെന്ന് തെളിവുണ്ടോ?

ഒരു കോവിഡ് വാക്സിനിൽ ഞാൻ പ്രതീക്ഷിക്കുന്ന എല്ലാ കാര്യങ്ങളും ഇതു തരുന്നതായി തെളിവുണ്ട്. എനിക്കു വേണ്ടത് പ്രധാനമായും ഒരു പ്രത്യേക തരത്തിലുള്ള ടി സെൽ റെസ്പോൺസ് ആണ്. ടിഎച്ച് 1 എന്നു പറയും. അതോടൊപ്പം ആവശ്യത്തിന് ആൻറിബോഡിയും ഉൽപാദിപ്പിക്കുന്നുണ്ട് എന്ന് എണ്ണൂറോളം മനുഷ്യരിൽ പഠനം നടത്തി പബ്ലിഷ് ചെയ്‌തു കഴിഞ്ഞു. ദീർഘ കാലത്തേക്കുള്ള സംരക്ഷണവും ഗുരുതര രോഗത്തിൽ നിന്നുമുള്ള പരിരക്ഷയും പ്രധാനമായും ടി സെൽ മുഖേനയാണ് നമുക്ക് ലഭിക്കുക എന്ന് നിരവധി സമീപനകാല പഠനങ്ങൾ ഞാൻ വിശദമായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോവാക്സിൻ സുരക്ഷിതമാണോ?

പണ്ടു മുതൽ പ്രയോഗിച്ചു വരുന്ന രീതിയിൽ നിർമ്മിക്കുന്ന കോവാക്സിന്‍റെ സുരക്ഷിതത്വത്തെപ്പറ്റി ഈ ഫീൽഡറിയാവുന്ന ആർക്കും ആശങ്കയില്ല. ന്യൂ ജനറേഷൻ വാക്സിനുകളായ കോവിഷീൽഡ്, ഫൈസർ, മോഡർന, സ്പുടിനിക് മുതലായവയെ ചുറ്റിപ്പറ്റിയായിരു ന്നു ആശങ്ക കൂടുതൽ. മറ്റൊന്നും കൊണ്ടല്ല, പുതിയ ടെക്നോളജി ആയത് കൊണ്ടു മാത്രം. ട്രയലുകളിൽ?അവർ സുരക്ഷിതം എന്ന് തെളിഞ്ഞിട്ടുണ്ട്. പോരാത്തതിന് മേൽപ്പറഞ്ഞ ട്രയലിൽ കോവാക്സിനും സുരക്ഷിതമാണ്.

എന്താണ് ക്ലിനിക്കൽ ട്രയൽ മോഡ് എന്നൊക്കെ വച്ചാൽ?

വ്യത്യസ്തമായ അപ്രൂവൽ ആയതിനാൽ കോവാക്സിൻ എടുക്കുന്ന വ്യക്‌തികൾ അഡീഷനലായി ഒരു ഫോം പൂരിപ്പിക്കണം. എന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ പോയാൽ നമുക്ക് ചികിത്സയിൽ എതിർപ്പില്ല എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം നിരവധി ഫോമുകൾ ഒപ്പിടേണ്ടി വരാറുണ്ട്. അതുപോലെ തന്നെ ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ, എംആർഐ സ്കാൻ എടുക്കേണ്ടി വരുമ്പോൾ. സാങ്കേതികമായ കാര്യമാണ്. അതിൽ ഒരു കുഴപ്പവും ഇല്ല എന്നാണ് ഔദ്യോഗിക പദവിയിൽ ഉള്ളവരിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ ഇത്തരം സമ്മതപത്രം ഒപ്പിടാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല.

എന്താണ് ചിലർ ഇതു വേണ്ടാ എന്നു പറയുന്നത്?

അമിതമായ ആലോചനയാണ് പലപ്പോഴും തെറ്റായ തീരുമാനങ്ങളിലേക്ക് നമ്മെ നയിക്കുന്നത്. അതിന് ഇൻഫർമേഷൻ ഓവർലോഡ് ആൻഡ് ഓവർതിങ്കിംഗ് എന്നു പറയും. വർഷങ്ങൾക്കു മുമ്പ് എഴുതിയിട്ടുള്ള വിഷയമാണിത്.

കടയിൽ വച്ച് ഏതു മാങ്ങ വാങ്ങണം എന്നു തീരുമാനിക്കാൻ നാം ലൈബ്രറിയിൽ പോയി ഫ്രൂട്ടിനെ പറ്റിയുള്ള എൻസൈക്ലോപീഡിയ നോക്കാൻ തുനിഞ്ഞാൽ, അല്ലെങ്കിൽ പത്തു പേരോട് അഭിപ്രായം ചോദിച്ചാൽ ചിലപ്പോൾ ഒന്നും തീരുമാനിക്കാൻ സാധിക്കാതെ വെറും കയ്യോടെ മടങ്ങി എന്നു വരും. ഒരു പക്ഷേ മാങ്ങ ഇനി മേലാൽ വാങ്ങരുതെന്നും അതിനേക്കാൾ നല്ലത് ആപ്പിളാണെന്ന് തീരുമാനിച്ചെന്നും ഇരിക്കും.

വാക്സിന്‍റെ കാര്യത്തിൽ ഏറെ അറിവും എക്സ്പീരിയൻസും ഉള്ളവർ പറയുന്നത് നമുക്കു വിശ്വസിക്കാം. പിന്നെ വാക്സിൻ എുക്കണോ വേണ്ടേ എന്നുള്ളത് ഓരോ വ്യക്‌തിയുടെയും തീരമാനമാണ്. ആരേയും വാക്സിൻ എടുക്കാൻ നിർബന്ധിക്കേണ്ടതില്ല.

വാക്സിൻ എടുത്തവർക്ക് പിൽക്കാലത്ത് അഥവാ വൈറസ് ബാധിച്ചാലും ഗുരുതര രോഗം പിടിപെടാതെ രക്ഷപെടാം എന്നുള്ള പ്രതീക്ഷയാണ് നിലവിലുള്ള എല്ലാ കോവിഡ് വാക്സിനുകളും നമുക്ക് നൽകുന്നത്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें