വലിയൊരു സ്വപ്ന സാക്ഷാത്ക്കാരത്തിന്‍റെ യത്നത്തിലാണ് ലീല സന്തോഷ്. ഐതിഹ്യങ്ങളും വീര കഥകളും ഉറങ്ങുന്ന വയനാടൻ മണ്ണിന്‍റെ ചൂടും ചൂരും പേറുന്ന കരിന്തണ്ടന്‍റെ ജീവിതത്തെ സിനിമയാക്കുകയാണ് ലീല. കേരളത്തിൽ ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ആദ്യ ട്രൈബൽ സംവിധായികയെന്ന ടൈറ്റിൽ കരസ്ഥമാക്കാൻ പോവുകയാണ്, വയനാട് നടവയലിലെ പണിയ സമുദായ അംഗമായ ലീല സന്തോഷ്. കരിന്തണ്ടന് മുമ്പായി മറ്റൊരു ചിത്രം പൂർത്തിയാക്കാനുള്ള തിരക്കിലാണിപ്പോൾ ലീല.
സ്ക്കൂളിൽ പോയി ഔപചാരിക വിദ്യാഭ്യാസം പോലും നേടാൻ കഴിയാത്ത പെൺകുട്ടിയുടെ സ്വപ്ന ഫ്രെയിമിലേക്ക് സിനിമയെന്ന മാധ്യമം എങ്ങനെ ചേക്കേറി. ആ സ്വപ്നത്തിലേക്ക് തന്നെ നയിച്ച അനുഭവങ്ങളെക്കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചും ലീല പങ്കുവയ്ക്കുന്നു.
ലീലയുടെ ബാല്യം
വയനാട് പാലക്കുന്നിൽ കൊളത്തറ കോളനിയിൽ ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടിയാണ് ഞാൻ. കളിയും ചിരിയും നിറഞ്ഞ ബാല്യം. പക്ഷേ സ്ക്കൂളിൽ പോകാൻ വലിയ താൽപര്യമുണ്ടായിരുന്നില്ല. വീട്ടിൽ നിന്നും 5 കിലോമീറ്റർ ദൂരെയുള്ള സ്ക്കൂളിൽ നടന്നു വേണം പോകാൻ അതായിരുന്നു കാരണം. ഞാൻ ചെറുതായിരുന്നപ്പോഴെ അച്‌ഛൻ മരിച്ചു. പിന്നെ അമ്മ, ചേച്ചി, അനിയൻ, അനിയത്തി ഇവരായി എന്‍റെ ലോകം.
സിനിമ മോഹം
അച്ഛന്‍റെ മരണ ശേഷം ഞങ്ങൾ വയനാട് കൊളത്തറ കോളനിയിൽ നിന്നും നെയ്ക്കുപ്പയിലെ അമ്മ വീട്ടിലായി താമസം. അവിടെ കെജെ ബേബി സാർ പനമരത്ത് ആരംഭിച്ച കനവ് എന്ന ബദൽ സ്ക്കൂളിൽ ചേർന്ന് പഠനം തുടങ്ങി. 1993 ൽ ആദിവാസികളുടെ ഗദ്ദിക എന്ന കലാരൂപത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള ഗുരുകുലമായിരുന്നു കനവ്. അവിടുത്തെ പഠനമാണ് എന്നിൽ സിനിമ സ്വപ്നങ്ങൾ നിറച്ചത്. യഥാർത്ഥത്തിൽ എന്‍റെ ജീവിതത്തിൽ വലിയ മാറ്റമാണ് കനവ് ഉണ്ടാക്കിയത്. പാട്ടും നൃത്തവും കളരിപ്പയറ്റും തീയറ്ററും സിനിമയും ഭാഷയുമൊക്കെയുള്ള പഠന വിഷയങ്ങൾ. ജീവിതത്തിൽ പുതിയ നിറങ്ങൾ പകരുകയായിരുന്നു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ആദിവാസി വിദ്യാർത്ഥികളെ കലയും ഭാഷയും മറ്റും പഠിപ്പിച്ചും പരിശീലിപ്പിച്ചും മുഖ്യധാരയിലെത്തിക്കുക എന്നതായിരുന്നു കനവിന്‍റെ ലക്ഷ്യം. കനവിന്‍റെ ഗൂഢവ എന്ന ചിത്രത്തിന്‍റെ അസിസ്റ്റന്‍റായി. എന്താണ് സ്ക്രിപ്റ്റ്, ഫ്രെയിം എന്നിങ്ങനെ സിനിമയെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങൾ മനസിലാക്കാനുള്ള അവസരമായിരുന്നുവത്. കുറച്ച് സിനിമ വർക്കുഷോപ്പുകൾ ചെയ്തു. പിന്നെ ഡോക്യുമെന്‍ററികളും ചെയ്തു. അതിലൊന്ന് അവിവാഹിതരായ അമ്മമാരെക്കുറിച്ചുള്ള ചീരുവ എന്ന ഡോക്യുമെന്‍ററിയായിരുന്നു.
കരിന്തണ്ടൻ എന്ന പ്രൊജക്ട്
കരിന്തണ്ടന്‍റെ സ്ക്രിപ്റ്റിന്‍റെ അവസാന മിനുക്കുപണികളിലാണ്.വിനായകൻ ആണ് കരിന്തണ്ടന്‍റെ റോൾ ചെയ്യുന്നത്. പിന്നെ മറ്റൊരാൾ കൂടി വേണം. തമിഴ് ഇൻഡസ്ട്രിയിൽ നിന്നും ആരെയെങ്കിലും കണ്ടെത്തണം. സിനിമ ചർച്ചകൾക്കും മറ്റുമായി ഒരു ഓഫീസ് സെറ്റ് ചെയ്തു. ഈ പ്രൊജക്ടിന് ആവശ്യമായ റിസർച്ചിനും മറ്റുമായി ധാരാളം പുസ്തകങ്ങൾ വാങ്ങിയിരുന്നു. ഇനിയുള്ള കടമ്പ നിർമ്മാണത്തെ സംബന്ധിച്ചുള്ളതാണ്. ചില പ്രൊഡ്യുസർമാരുമായി സംസാരിക്കുന്നുണ്ട്. ഈ വർഷമോ അടുത്ത വർഷം ആദ്യമോ സിനിമ പൂർത്തിയാക്കാനാണ് പ്ലാൻ.