ഉത്തരാഖണ്ഡിന്‍റെ തലസ്ഥാന നഗരമായ ഡറാഡൂണിലേക്കാണ് ഇത്തവണത്തെ യാത്ര. ഒരാഴ്ചയായി നടത്തി വരുന്ന ബിസിനസ്സ് യാത്രകളുടെ ക്ഷീണം മറക്കാൻ ഒന്ന് റിലാക്സ് ആകാൻ വേണ്ടിയാണ് ഞങ്ങൾ ഡറാഡൂൺ തെരഞ്ഞെടുത്തത്.
ഡൽഹിയിൽ നിന്നും ഞങ്ങൾ ബിസിനസ് കറക്കങ്ങൾക്കായി വിളിച്ച ടാക്സി യാത്ര അവസാനിപ്പിച്ചത് ഉത്തർപ്രദേശിലെ ശഹരൻപുരിൽ ആയിരുന്നു. അവിടെ നിന്ന് ഡറാഡൂണിലേക്ക് ബസിലാണ് യാത്ര തുടർന്നത്.
67 കിലോമീറ്റർ ദൂരമുണ്ട്. രണ്ടര മണിക്കൂർ യാത്രയുണ്ട്. യുപി സർക്കാരിന്‍റെ ബസിൽ ഞങ്ങൾ സീറ്റു പിടിച്ചു, ബസിൽ വന്ന കച്ചവടക്കാരിൽ നിന്നും പഴങ്ങളും വറുത്ത കപ്പലണ്ടിയും വാങ്ങി കഴിക്കാൻ തുടങ്ങി. ബസ് പതിയെ ശഹരൻപൂർ ടൗണിലൂടെ നീങ്ങുകയാണ്. സിഗ്നലിൽ പച്ച തെളിഞ്ഞാലും ചുവപ്പു തെളിഞ്ഞാലും കയ്യൂക്കുള്ളവൻ വണ്ടിയെടുത്തു പോകുന്നുണ്ട്. ആർക്കോ വേണ്ടി തെളിയുന്ന സിഗ്നൽ ലാമ്പുകൾ.
അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ബസ് നഗരത്തിനു പുറത്തേക്കു എത്തി. പുറത്തു നല്ല പൊടിയാണ്. റോഡുപണി നടക്കുന്നുണ്ട്. വൈകുന്നേരം ആയതിനാൽ ബസിൽ നല്ല തിരക്കുണ്ട്. കപ്പലണ്ടി കഴിക്കുന്നതിനോടൊപ്പം മൂളിപ്പാട്ടും പാടി പുറത്തെ കാഴ്ചകൾ ആസ്വദിച്ചു ഇരിക്കുകയായിരുന്നു. പാട്ടിൽ ഹരം കയറിയ സുഹൃത്ത് ഗസൽ തുടങ്ങി വച്ചു. പിന്നെ മലയാളി എവിടെ ചെന്നാലും പാടുന്ന അല്ലിയാമ്പൽ കടവും സന്യാസിനിയുമായി ഞങ്ങൾ കൊഴുപ്പിക്കാൻ തുടങ്ങി. മുന്നിലെ സീറ്റിൽ പതിയെ താളമിട്ടു പാടി തുടങ്ങിയപ്പോഴേക്കും ആ സീറ്റിലെ രണ്ടു കുട്ടികൾ എഴുന്നേറ്റു നിന്ന് ഞങ്ങളുടെ പാട്ടിന്‍റെ കൂടെ കൂടി. കാഴ്ചക്കാർ കൂടിയപ്പോൾ പാട്ടിന്‍റെ താളവും മുറുകി.
സീറ്റിന്‍റെ തൊട്ടടുത്തു നിന്നിരുന്ന തട്ടമിട്ട രണ്ടു സുന്ദരികളായ കോളേജു കുട്ടികൾ കൂടി ഞങ്ങളുടെ പാട്ടിനൊപ്പം സീറ്റിൽ താളമിടാൻ തുടങ്ങി.
സിനിമയിൽ നിവിൻ പോളി പറഞ്ഞപോലെ “അവൾ തട്ടമിട്ടാൽ ന്‍റെ സാറേ ചുറ്റുമുള്ളത് ഒന്നും കാണാൻ കഴിയില്ല.” എന്ന ഡയലോഗ് ഓർത്തു പോയി. ഇത് യുപിയാണ് സ്‌ഥലം, നാട്ടുകാരുടേതാണ് നിയമം എന്നറിയുന്നതു കൊണ്ടും പിന്നെ ജീവിതത്തിൽ ഒന്നും കാണാൻ കഴിയില്ല എന്ന ബോധ്യം ഉള്ളത് കൊണ്ടും അവരെ ശ്രദ്ധിക്കാതെ ഞങ്ങൾ ഞങ്ങളുടെ കാര്യം മാത്രം ശ്രദ്ധിച്ചു. ഇടക്കൊരു ഹിന്ദി പാട്ട് പാടുമോ എന്ന് ആ കുട്ടികൾ ചോദിച്ചു. ഹിന്ദി ഭാഷ ഞങ്ങൾക്ക് നന്നായി അറിയുന്നത് കൊണ്ട് ഞങ്ങൾ അത് പാടില്ല എന്നും പറഞ്ഞു!
നേരം സന്ധ്യയായി, പുറമേ നിന്നും നല്ല തണുത്ത കാറ്റ് വരുന്നുണ്ട്. ജനൽ അടച്ചു, ഇപ്പോൾ ചുരം കയറി കൊണ്ടിരിക്കുകയാണ്, വളരെ വീതി കുറഞ്ഞ റോഡുകൾ ആണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ നമ്മുടെ ബസ് പല സ്‌ഥലങ്ങളിലും ഒതുക്കി നിർത്തി.
മുകളിൽ നിന്നും മണ്ണിടിഞ്ഞു വീണതിന്‍റെ അടയാളങ്ങൾ, മലവെള്ളപാച്ചിലിൽ വെള്ളം കുത്തിയൊഴുകി പോയ വഴികൾ, അങ്ങനെ കാഴ്ചകൾ കണ്ടു അതിൽ ലയിച്ചിരിക്കുമ്പോഴെക്കും വെൽക്കം റ്റു ഉത്തരാഖണ്ഡ് ബോർഡ് ഞങ്ങളെ വരവേറ്റു.