കടലമാവുപയോഗിച്ച് നമ്മൾ പക്കാവഡയും ബജിയുമൊക്കെ തയ്യാറാക്കാറുണ്ട്. അതുപോലെ മറ്റനേകം പലഹാരങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഗ്രാം ഫ്ളോർ എന്ന് ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്ന ഈ മാവ് ആരോഗ്യത്തിന് എത്രമാത്രം ഗുണം ചെയ്യുന്നുവെന്ന കാര്യം നിങ്ങൾക്കറിയാമോ? പ്രോട്ടീനിന്‍റെ മികച്ച സ്രോതസ്സാണിത്. ശരീരത്തിന് ആന്തരികമായി പോഷണം പകരുമെന്ന് മാത്രമല്ല ചർമ്മ സൗന്ദര്യത്തിനും ഇത് മികച്ചതാണ്. പണ്ടു തൊട്ടെ ഇത് സൗന്ദര്യ വർദ്ധകമായി ഉപയോഗിച്ചു വരുന്നു. അതായത് ആന്തരികമായും ബാഹ്യമായും ഒരുപോലെ ആരോഗ്യവും അഴകും പകരാൻ കടലമാവ് അത്യുത്തമമാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപാർട്ട്മെന്‍റ് ഓഫ് അഗ്രികൾച്ചറിന്‍റെ കണക്കുപ്രകാരം 100 ഗ്രാം കടലമാവിൽ 22 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതുപോലെ 11 ഗ്രാം ഫൈബറുമുണ്ട്. സീറോ കൊളസ്ട്രോൾ ആണിത്. പൊട്ടാസ്യം, അയൺ, വിറ്റാമിൻ ബി-6, മഗ്നീഷ്യം എന്നിവയും നല്ലയളവിൽ ഇതിലുണ്ട്. അതായത് കടലമാവ് മികച്ചൊരു ഭക്ഷ്യവസ്തുവാണ്.
ഡയബറ്റിക് ഫ്രണ്ട്‍ലി
ഡയബറ്റിക്കായിട്ടുള്ളവർക്കോ അല്ലെങ്കിൽ പാരമ്പര്യമായി ഡയബറ്റിക്കായിട്ടുള്ളവർക്കോ ഡയറ്റിൽ തീർച്ചയായും കടലമാവ് ഉൾപ്പെടുത്താം. കാരണം ഇതിൽ കാൽസ്യം കാർബോഹൈഡ്രേറ്റുകളും ലോ ഗ്ലൈസമിക് ഇൻഡക്സുമുണ്ട്. ഇവ പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. ഒപ്പം ഇതിലുള്ള ഫൈബറും മഗ്നീഷ്യവും ശരീരത്തിന്‍റെ ഇൻസുലിൻ റെസ്പോൺസിനെ വർദ്ധിപ്പിക്കുന്നു.
എന്തുകൊണ്ടാണ് കടലമാവ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതെന്നറിയാം:
ശരീരഭാരം നിയന്ത്രിക്കാൻ ഉത്തമം
ഇന്ന് നമ്മുടെ ജീവിതശൈലിയിൽ ഏറെ മാറ്റം വന്നിരിക്കുകയാണ്. പണ്ടത്തേതിലും അപേക്ഷിച്ച് ആരോഗ്യത്തിന് ആളുകൾ കൂടുതൽ പ്രാധാന്യം നൽകി തുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമ്മൾ ശരിയായ പോഷകങ്ങൾ ഉള്ള ഭക്ഷ്യവസ്‌തുക്കൾ തെരഞ്ഞെടുത്ത് ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. ഹൈ ഫൈബറും പ്രോട്ടീൻ റിച്ചുമായ ഡയറ്റിന് പ്രാധാന്യം നൽകുന്നു. ശരീരത്തിന്‍റെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനൊപ്പം വിശപ്പും തോന്നുകയില്ല. അതായത് മാംസപേശികളെ മെയിന്‍റയിൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു പോഷകമാണ് പ്രോട്ടീൻ. ഹൈ ഫൈബർ, പ്രോട്ടീൻ റിച്ച് ആയതിനാൽ കടലമാവ് ശരീരഭാരത്തെ വളരെ വേഗം നിയന്ത്രിക്കും. ശരീരത്തിൽ മഗ്നീഷ്യത്തിന്‍റെ അളവ് വളരെ കുറവായിരിക്കുമ്പോൾ പാൻക്രിയാസ് ആവശ്യമായ അളവിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതെ വരുന്നു. ഇക്കാരണം കൊണ്ട് രക്‌തത്തിൽ ഗ്ലൂക്കോസ് നില വർദ്ധിക്കുകയും കടലമാവ് ഈയവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം
ഇന്ത്യയിൽ എല്ലാ വർഷവും ഹൃദ് രോഗത്താൽ മരണപ്പെടുന്നവരുടെ സംഖ്യം വളരെയധികം വർദ്ധിച്ച് വരികയാണ്. 2016 ൽ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഹൃദ്രോഗത്താൽ മരണപ്പെടുന്നവരുടെ സംഖ്യ 1.7 മില്യൺ ആണ്. ലോകത്ത് അത് 17.3 മില്യൺ വരും. ഈ സാഹചര്യത്തിൽ ഹൃദയാരോഗ്യം കാത്തുസംരക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്. ഹെൽത്തി ഹാർട്ട് ആഗ്രഹിക്കുന്നവർ കടലമാവും ഡയറ്റിൽ ഉൾപ്പെടുത്തുക. കാരണം ഇതിൽ സൊല്യൂബിൾ ഫൈബർ ഉള്ളതിനാൽ ഇത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ബ്ലഡ് പ്രഷറും നിയന്ത്രണ വിധേയമാകും. വയറ്റിൽ എരിച്ചിൽ, അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ല. കടലമാവിൽ കണ്ടുവരുന്ന ഫൈബർ കൊളസ്ട്രോൾ നിലയെ നിയന്ത്രിക്കുന്നതിനൊപ്പം രക്‌തയോട്ടത്തെ മികച്ച നിലയിലാക്കി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.