അടുത്ത വീട്ടിലെ കുട്ടി... അനശ്വര രാജനെന്ന നടിയെ കാണുമ്പോൾ ആർക്കും അങ്ങനെ തോന്നിപ്പോകും. സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ അത്രയ്‌ക്ക് ലാളിത്യം. ഉദാഹരണം സുജാതയെന്ന ചിത്രത്തിൽ മഞ്‌ജുവാര്യരുടെ മകളായി മലയാള സിനിമയിൽ കടന്നുവന്ന അനശ്വരയിപ്പോൾ നായികാറോളുകളിലും മിന്നുന്ന പ്രകടനമാണ് കാഴ്‌ചവച്ചത്. നടിയിപ്പോൾ പ്ലസ് വൺ പരീക്ഷാ തിരക്കിലാണ്. പഠനത്തിരക്കിനിടയിൽ നിന്നും ഇത്തിരി നേരം അനശ്വര തന്‍റെ സിനിമാവിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.
ഉദാഹരണം സുജാതയിലൂടെ തുടക്കം...
ഓഡിഷൻ വഴിയാണ് ചിത്രത്തിലെത്തിയത്. ചിത്രത്തിലേക്ക് കുട്ടികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒരു പരസ്യം വന്നിരുന്നു. എന്‍റെ കുറച്ച് ഫാമിലി ഫ്രണ്ട്‌സ് ഇത് അയച്ചു തന്നു. കവി ഉദ്ദേശിച്ചത്... എന്ന സിനിമ ഡയറക്‌റ്റ് ചെയ്‌തത് എന്‍റെ ഫാമിലി ഫ്രണ്ടായ ലിജു ആണ്. അദ്ദേഹമാണ് ഈ സിനിമയിലേക്ക് എന്‍റെ ചിത്രമയയ്‌ക്കാൻ പ്രോത്സാഹിപ്പിച്ചത്. അയച്ചോ നല്ല മൂവിയും നല്ല ടീമുമാണ് എന്നൊക്കെ ലിജുച്ചേട്ടൻ പറഞ്ഞത് കേട്ടാണ് ഞാൻ ഫോട്ടോ അയച്ചു കൊടുത്തത്. അങ്ങനെ ആ സിനിമയിലേക്ക് എന്നെ വിളിച്ചു. ആദ്യമായി സെറ്റിൽ പോയപ്പോൾ നല്ല പേടിയുണ്ടായിരുന്നു. ടീമിലെല്ലാവരും നല്ല പിന്തുണയാണ് തന്നത്. മഞ്‌ജു ചേച്ചി (മഞ്‌ജുവാര്യർ)യൊക്കെ നല്ലവണ്ണം പ്രോത്സാഹിപ്പിച്ചു. ഫസ്‌റ്റ് ഡേ മാത്രമേ പേടിയുണ്ടായിരുന്നുള്ളൂ. ആ സെറ്റ് ഒരു ഫാമിലി പോലെയായിരുന്നു. അത്ര ടെൻഷനൊന്നും പിന്നെയുണ്ടായില്ല. എട്ടാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു ആ ചിത്രത്തിന്‍റെ ഷൂട്ട്.
തണ്ണീർമത്തൻ ദിനങ്ങൾ
നല്ല ലൊക്കേഷൻ ആയിരുന്നു. എന്‍റെ പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞിട്ട് കൂട്ടുകാരെ പിരിയുന്ന സമയത്തായിരുന്നു സിനിമയുടെ ഷൂട്ട്. അഞ്ചാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ് വരെ പഠിച്ച സ്‌ക്കൂൾ, കൂട്ടുകാരെയൊക്കെ വിട്ടു പോകുകയാണല്ലോ... ഇനി ഞങ്ങൾ ഒരുമിച്ചില്ലല്ലോ... എന്നൊക്കെ ഓർത്ത് നല്ല സങ്കടം തോന്നി. പക്ഷേ നേരെ ലൊക്കേഷനിൽ എത്തിയപ്പോൾ എന്‍റെ സങ്കടം മാറി. ഫുൾടൈം എൻജോയ്‌മെന്‍റ്! സ്‌ക്കൂൾ അന്തരീക്ഷമാണല്ലോ... എല്ലാം സമപ്രായക്കാർ... ഞങ്ങളെല്ലാവരും സ്‌ക്കൂളിലെ കുട്ടികളെപ്പോലെ ഫുൾടൈം തമാശയും കളിയും ചിരിയുമൊക്കെയായി. ഇപ്പോഴും എന്‍റെ നല്ല ഫ്രണ്ട്‌സാണ് അവർ. എന്‍റെ മൂന്നാമത്തെ സിനിമയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. അതിനിടയിൽ എവിടെ എന്ന സിനിമയും ചെയ്‌തിരുന്നു. ബോബി-സഞ്‌ജയ് ടീമിന്‍റെതായിരുന്നു ആ ചിത്രം. തണ്ണീർമത്തനിലെ കഥാപാത്രമായ കീർത്തിയായി മാറാൻ എനിക്ക് അത്ര പ്രയാസമൊന്നും തോന്നിയില്ല.
ആദ്യരാത്രി
തണ്ണീർ മത്തന് മുമ്പേ കമ്മിറ്റ് ചെയ്‌ത സിനിമയാണ് ആദ്യരാത്രി. ഷൂട്ട് നീണ്ട് പോയി. അതിന് മുമ്പായി തണ്ണീർമത്തൻ കംപ്ലീറ്റ് ആയി. ആദ്യരാത്രിയിൽ അൽപം മുതിർന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥാപാത്രത്തിന് തടി വേണമെന്ന് പറഞ്ഞിരുന്നു. പക്ഷേ തടിവയ്‌ക്കാൻ പറ്റിയില്ല. നല്ല ടീമായിരുന്നു. നായികയുടെ ഇമേജിൽ വന്ന മൂവി ഇതാണ്. സിനിമയിലെ അജുച്ചേട്ടനു (അജു വർഗീസ്)മൊത്തുള്ള ആ പാട്ട് മൂന്ന് ദിവസമെടുത്താണ് ഷൂട്ട് ചെയ്‌തത്. അത് കഴിഞ്ഞിട്ടായിരുന്നു ബാക്കി രംഗങ്ങൾ. ആദ്യമായിട്ടാണ് ഡാൻസ് ചെയ്യുന്നത്. ഒന്നാമത് ആ സെറ്റൊക്കെ കണ്ടപ്പോൾ ടെൻഷനായി. രണ്ടാമത് എന്‍റെ കോസ്‌റ്റ്യും സാരിയും, നിറയെ ആഭരണങ്ങളും അണിഞ്ഞുള്ള രംഗം. ഇതെല്ലാം എനിക്ക് കുറച്ച് കഷ്‌ടപ്പാടായിരുന്നു. ഷൂട്ടിനിടയിൽ ആഭരണങ്ങൾ അഴിച്ചുവയ്‌ക്കാൻ പറ്റില്ലായിരുന്നു. സിനിമയിൽ കല്യാണമൊക്കെ രണ്ട് ദിവസമുണ്ടായിരുന്നു. ആ ഓർണമെന്‍റ് ഞാൻ രാവിലെ മുതൽ വൈകുന്നേരം വരെ രണ്ട് ദിവസം ഇടേണ്ടി വന്നു.