തുല്യത എന്നത് സങ്കൽപ്പം മാത്രമാണ്!

ഒരു എഴുത്തുകാരി എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും കേരളത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങളെയും സ്ത്രീ സമത്വത്തെയും എങ്ങനെ വിലയിരുത്തുന്നു?

സ്ത്രീ എന്ന നിലയിൽ കേരളത്തിലും ഇന്ത്യയിലും ലോകത്തും എന്നും സ്ത്രീകളുടെ സ്ഥാനം ആൺമേൽക്കോയ്മ്മയുടെ കീഴിൽ തന്നെയാണ്. വ്യക്‌തമായ തുല്യതയൊന്നും ലോകം സ്ത്രീക്ക് നൽകുന്നില്ല. പാട്രിയാർക്കിയുടെ അധികാര പ്രയോഗങ്ങൾ പല രീതിയിലാണ് സ്ത്രീക്കു മേൽ ആധിപത്യം സ്ഥാപിക്കുന്നത്. സ്നേഹ സമ്പുഷ്ടനായ അച്ഛനായും സ്നേഹ സമ്പുഷ്ടനായ ഭർത്താവായും സഹോദരനായിട്ടുമൊക്കെ പാട്രനൈസ് ചെയ്‌തു കൊണ്ട് സ്ത്രീകളുടെ അധികാരങ്ങളെയും സ്വാതന്ത്യ്രത്തെയുമൊക്കെ ബലപ്രയോഗത്തിലൂടെയും സ്നേഹത്തിലൂടെയും നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീ എന്ത് ചെയ്യണം എന്ത് ചെയ്യരുത് ഏത് വരെ പഠിക്കണം ആരെ വിവാഹം കഴിക്കണം തുടങ്ങി സമസ്ത വിഷയങ്ങളിലും പാട്രിയാർക്കി ഇടപെട്ടു കൊണ്ടിരിക്കുകയാണ്. ചില ഇടങ്ങളിൽ പാട്രിയാർക്കി സ്ത്രീകൾക്ക് വേണ്ടിയുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കുകയും അവൾക്ക് എല്ലാവിധ പിന്തുണയും നൽകുന്ന സന്ദർഭങ്ങളിൽ പോലും സ്ത്രീക്ക് തുല്യത നഷ്ടമാകുന്നതായാണ് എനിക്ക് തോന്നുന്നത്.

തുല്യത എന്നത് ഒരു സങ്കൽപം മാത്രമാണ്. എത്രയൊക്കെ തുല്യത പറഞ്ഞാലും ദാമ്പത്യം, കുടുംബം തുടങ്ങിയ സംഗതികൾ ആൺകോയ്മയുടെ ഒരു ഇടം തന്നെയാണ്. എന്തൊക്കെ പറഞ്ഞാലും സ്ത്രീക്ക് അതിനുള്ളിൽ വിട്ടുവീഴ്ചകൾ ചെയ്യെണ്ട അവസ്‌ഥകളുണ്ട്. മറിച്ചു ചിന്തിക്കുന്ന സ്ത്രീകൾക്ക് അതിന്‍റെതായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. കുടുംബം എന്നത് പുരുഷാധിപത്യ പ്രക്രിയകൾക്കായി നിർമ്മിക്കപ്പെട്ട ഒരു സംവിധാനം തന്നെയാണ്.

പ്രണയത്തിന്‍റെയും രതിയുടെയും മരണത്തിന്‍റെയും വ്യത്യസ്ത ഭാവങ്ങൾ അനാവരണം ചെയ്യുന്ന കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം ആഖ്യാനത്തിലും ശൈലിയിലും മലയാളത്തിന് അപരിചിതമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു നോവലാണ്. കടലിന്‍റെ ആഴവും പരപ്പും പോലെ ആൽബർട്ടോ മെയർ വായനക്കാരുടെ മനസ്സിൽ ആടിയുലയുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിചിത്ര കഥ പ്രമേയമായത്?

എല്ലാ കഥകളും യഥാർത്ഥത്തിൽ വിചിത്രമാണ്. അനുഭവത്തിൽ നിന്നു എഴുതുന്നത് കഥയല്ലല്ലോ? അത് മനുഷ്യരുടെ നേരനുഭവമാണ്. പൂർണ്ണമായും ഭാവനയിൽ നിന്നും നമ്മൾ കാണുന്ന സ്വപ്നങ്ങളിൽ നിന്നും ഭ്രമ കല്പനയിൽ നിന്നുമാണ് ശരിയായ കഥകളുണ്ടാകുന്നത്. ഫെയറിടെയിലിലൂടെയാണ് രസകരമായ കഥകളുണ്ടാകുന്നത്. കൊച്ചു കുട്ടികളുടെയൊക്കെ കഥകൾ കണ്ടിട്ടില്ലേ അതൊക്കെ വളരെ ഭ്രമകല്പനകൾ കൊണ്ടാണ് സൃഷ്ടിക്കുന്നത്. അങ്ങനെയുള്ള ഒരു കുട്ടിക്കാലത്തിലൂടെയും കഥാലോകത്തിലൂടെയും വളർന്നു വന്ന ഒരാളെന്ന നിലയിൽ വ്യത്യസ്തമായ കഥകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും പ്രണയ നിരാസത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ ഒരുപാട് കഥകൾ നമുക്ക് മുന്നിലൂടെ സഞ്ചരിച്ചു പോയിട്ടുണ്ട്. നമ്മൾ എഴുതുമ്പോൾ അതിൽ നമ്മുടേതായിട്ടുള്ള പ്രത്യേക സ്പർശം നൽകാനാവുക എന്ന ചോദ്യത്തിനു മുന്നിലാണ് എന്‍റെ എഴുത്തിന് ഒരു വ്യത്യാസം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്. ആ വ്യത്യാസം സാധാരണ മനുഷ്യരുടെ ചിന്തകൾക്കപ്പുറം സഞ്ചരിക്കുന്നതാകണമെന്നും ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യർക്ക് പ്രേതമുണ്ടാകുന്നത് നാം കണ്ടിട്ടുണ്ട്.

പ്രേത ഭൂമിയിൽ മരിച്ചു പോയ ആളുകളുടെ സത്ത ഊറ്റി കുടിച്ച തേക്ക് മരങ്ങളിൽ പ്രേതാത്മാക്കൾ കയറിക്കൂടുകയും ആ പ്രേതാത്മാക്കളുള്ള വൃക്ഷത്തെ വെട്ടി കപ്പലാക്കുകയും ആ കപ്പലുകൾക്ക് ഏഴു പ്രേതങ്ങളുണ്ടാവുകയും ചെയ്യുന്നു. കപ്പലുകൾ ഉണ്ടാക്കുന്നത് പലതരം മരങ്ങൾ ഉപയോഗിച്ചാണ്. അതിൽ ഏഴു തേക്കുമരങ്ങളിൽ പ്രേതാകൃഷ്ടമാവുകയും ചെയ്യുന്ന കഥയാണ് കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം. ആളുകൾ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്നത് യുക്തിയുടെ അടിസ്‌ഥാനത്തിലുള്ള കഥകൾ ആയിരിക്കണമെന്നില്ല. ഇതുപോലുള്ള മിത്തുകൾ അധിഷ്ഠിതമായ എഴുത്തുകളും ധാരാളമുണ്ട്. മനുഷ്യർ പലപ്പോഴും അവരുടെ നേട്ടത്തിനു വേണ്ടിയാണ് മിത്തുകൾ മെനയുന്നത്. കടൽക്കൊള്ളക്കാരും സഞ്ചാരികളും വഴിതെറ്റി പോകാതിരിക്കാനും യാത്രയിലെ വിരസത അകറ്റുവാനുമൊക്കെയാണ് പലതരത്തിലുള്ള മിത്തുകളുണ്ടാക്കുന്നത്. മിത്തുകൾക്ക് പലവിധ ധർമ്മങ്ങളാണ് നിർവഹിക്കാനുള്ളത്. അങ്ങനെയൊക്കെയുള്ള കുറച്ചു കാര്യങ്ങളാണ് കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകത്തിൽ പറയാൻ ശ്രമിച്ചത്. എന്‍റെ ഭാവന കുറച്ച് ഭ്രാന്ത് പിടിച്ചതായതു കൊണ്ട് ഇത് അൽപ്പം ഭ്രമാത്മകമായെന്ന് മാത്രം.

ദൈവത്തെ മതത്തെ അധികാര കേന്ദ്രങ്ങളെയൊക്കെ വിമർശിക്കാനുള്ള അധികാരം എഴുത്തുകാർക്കുണ്ട്. എന്നാൽ തിരിച്ചുള്ള വിമർശനങ്ങൾ ഉൾകൊള്ളാൻ എഴുത്തുകാർക്ക് കഴിയാറുണ്ടോ? എഴുത്തുകാർക്ക് വിമർശിക്കാനുള്ള അവകാശം പോലെ തന്നെ പ്രസക്തമല്ലെ എഴുത്തുകാരെ വിമർശിക്കാനും. അങ്ങോട്ട് ചെയ്യുമ്പോൾ സ്വാതന്ത്യ്രവും ഇങ്ങോട്ട് ചെയ്യുമ്പോൾ അസഹിഷ്ണുതവാദവുമാകുന്നത് എന്ത് കൊണ്ടാണ്?

എല്ലാത്തരം വിമർശനങ്ങളെയും ഗൗരവത്തോടെ കാണുന്നതാണ് എന്‍റെ രീതി. വിമർശനങ്ങളിലൂടെ എഴുത്തുകാരിയെന്ന നിലയിൽ എന്തെങ്കിലും ഇൻപുട്ട് ലഭിക്കുകയാണെങ്കിൽ അത്തരം വിമർശനങ്ങളെ സ്വാഗതം ചെയ്യാറുണ്ട്. മറിച്ചുള്ള എല്ലാ വിമർശനങ്ങളും പ്രശംസകളും അവഗണിക്കുകയാണ് പതിവ്. പുകഴ്ത്തലുകളും ഇകഴ്ത്തലുകളും ഒരുപോലെ അപകടകരമാണ് ഒരു എഴുത്തുകാരന്. എന്നെ സംബന്ധിച്ച് ആരെങ്കിലും എന്നെ പുകഴ്ത്തി എന്നത് കൊണ്ട് ഞാൻ കൂടുതൽ എഴുതുകയോ ഇകഴ്ത്തി എന്നത് കൊണ്ട് എഴുതാതിരിക്കുകയോ ചെയ്യാറില്ല. അതെന്‍റെ ശൈലി അല്ല. അതുകൊണ്ട് തന്നെ ഇത്തരം വിഷയത്തിൽ ഞാൻ സന്തുഷ്ടയോ അസന്തുഷ്ടയോ അല്ല. രണ്ടിനേയും അതിന്‍റേതായ അർത്ഥത്തിൽ കാണാൻ ശ്രമിക്കാറുണ്ട്.

എഴുത്തിനെ ആർക്കും വിമർശിക്കാം. എഴുതാനുള്ള സ്വാതന്ത്യ്രം പോലെ തന്നെയാണ് വായനക്കാരന് മറുവശം കാണാനുമുള്ള സ്വാതന്ത്യ്രവും. നമുക്ക് സ്വാതന്ത്യ്രം വേണമെന്ന് പറയുകയും മറുവശത്തിന് അത് വേണ്ടയെന്ന് പറയുകയും ചെയ്യുന്നത് ഒട്ടും ആശാസ്യകരമല്ല. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്യ്രം വേണം. അതാണ് ജനാധിപത്യം മറിച്ചുള്ളത് ഫാസിസമാണ്.

indumenon

സ്ത്രീ ജീവിതങ്ങളിലെ സംഘർഷങ്ങളെ അതിന്‍റേതായ പൂർണ്ണതയിൽ അവതരിപ്പിക്കുവാൻ ഭാഷാപരമായ പരിമിതികളുണ്ടോ? സ്ത്രീ പക്ഷ രചനകൾ ഒട്ടേറെ എഴുതിയിട്ടുള്ള താങ്കളുടെ അനുഭവം എന്താണ്?

സ്ത്രീ ജീവിതത്തിലെ സംഘർഷങ്ങളെ അതിന്‍റേതായ പൂർണ്ണതയിൽ അവതരിപ്പിക്കുവാൻ ഭാഷാപരമായി പ്രയാസങ്ങളൊന്നുമില്ല. പക്ഷേ എല്ലാ സ്ത്രീകളും ഒരേ വിധമുള്ള സംഘർഷങ്ങളല്ല അനുഭവിക്കുന്നത്. ഗാർഹിക പീഡനം ഭർത്താവുമായുള്ള സംഘർഷം തുടങ്ങിയ ചില കാര്യങ്ങളിലൊക്കെ സമാനതകൾ കാണുമെങ്കിലും സമൂഹത്തിലെ വിഭിന്ന ശ്രേണിയിലുള്ള സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷങ്ങളും പ്രയാസങ്ങളും വ്യത്യസ്തമാണ്. സ്ത്രീ എന്ന് പറയുന്നത് ഏകശിലയല്ല. അത് അടിത്തട്ടുമുതൽ മുകൾതട്ട് വരെ വ്യത്യസ്തമായ ശ്രേണികളിൽ പെട്ടിട്ടുള്ളതാണ്. ഒരു കേബേജ് ഓരോ അടരുകളായി അടർത്തി എടുക്കാൻ കഴിയുന്നത് പോലെ സ്ത്രീകളുടെ ജീവിതം പല അടരുകളായി ചിതറപ്പെട്ടു കിടക്കുന്നതാണ്. അത് കൊണ്ട് തന്നെ ഓരോ സ്ത്രീയും അനുഭവിക്കുന്ന സംഘർഷങ്ങളെ നമുക്ക് സാമാനവൽക്കരിക്കാൻ കഴിയില്ല.

എഴുത്ത് എന്ന് പറയുന്നത് ഭാവനയും ക്രിയാത്മകതയും ക്രിയേറ്റിവിറ്റിയും ഒക്കെ ആവശ്യമുള്ള ഒരു സംഗതിയാണ്. സൃഷ്ടിപരതയും സ്വപ്നം കാണാനുള്ള കഴിവും നുണ പറയാനുള്ള കഴിവും എല്ലാം ചേർന്നിട്ടുള്ളതാണ് എഴുത്ത് എന്ന് പറയുന്നത്. ചെറിയ കാര്യങ്ങളെ പോലും വലിയ രീതിയിൽ കാണുവാനും അവതരിപ്പിക്കാനുമുള്ള ശേഷിയും പ്രാപ്തിയും എഴുത്തുകാർക്കുണ്ട്. അതിന് എനിക്ക് ഭാഷ ഒരു തടസ്സമായി തോന്നാറില്ല.

സ്ത്രീ പുരുഷബന്ധം വളരെ പവിത്രമായിരിക്കണമെന്നും അത് നില നിർത്തേണ്ട ബാധ്യത സ്ത്രീയുടെ താണെന്നുമുള്ള ഒരു ഗോത്ര സങ്കൽപം ആധുനിക കാലത്തും നിലനിൽക്കുന്നത് എന്ത് കൊണ്ടാണ്? ലൈംഗികത എപ്പോഴും ആണധികാരത്തിന്‍റെ അടയാളമായി നിലനിൽക്കുമ്പോൾ സമൂഹത്തിൽ എഴുത്തിനപ്പുറം എത്ര മാത്രം ലൈംഗിക സ്വാതന്ത്രവും സമത്വവുമുണ്ടാകും?

ലൈംഗിക സ്വാതന്ത്യ്രം എന്ന് പറയുന്നത് വ്യക്‌തിപരമായ ചോയിസാണ്. എല്ലാ ജീവികളെയും പോലെ തന്നെയാണ് മനുഷ്യരുടെയും ലൈംഗിക തൃഷ്ണ. പരിണാമ ദശകളിലൂടെ മനുഷ്യൻ നേടിയെടുത്ത സാമൂഹിക ഔന്നിത്യത്തിൽ അതിഷ്ടിതമായ സമൂഹം കുടുംബം എന്നിങ്ങനെയുള്ള സങ്കൽപ്പങ്ങളിൽ നിന്നാണ്. ഒരാൾക്ക് ഒരു ഇണ എന്ന കാഴ്ചയുണ്ടാകുന്നത്. പ്രധാനമായും കുട്ടികളുടെ സംരക്ഷണത്തിനും പരിചരണത്തിനും കുടുംബമെന്ന സാമൂഹിക പശ്ചാത്തലം സഹായകരമാകുന്നുണ്ട്. എന്നാൽ മറ്റു ജീവികളുടെ കാര്യം അങ്ങനെ അല്ല. അവർ വളരെ വേഗം തന്നെ സ്വയം പര്യാപ്തത കൈവരിക്കാൻ പ്രാപ്തിയുള്ളവരാണ്.

കുടുംബത്തിന് അകത്തു നിന്നു കൊണ്ടു തന്നെ ലൈംഗിക സ്വാതന്ത്യ്രമെടുക്കുന്നവർ ധാരാളമുണ്ട്. അതൊക്കെ വ്യക്തിപരമായ സ്വാതന്ത്യ്രമാണ്. ലൈംഗികത ആണധികാരത്തിന്‍റെ അടയാളമാണെന്ന് പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു. എഴുത്തിനപ്പുറം ലൈംഗിക സ്വാതന്ത്യ്രം നേടുവാൻ വ്യക്‌തിപരമായോ സാമൂഹികപരമായോ ഞാൻ ആഗ്രഹിക്കുന്നില്ല. കുടുംബം എന്ന സങ്കൽപത്തിൽ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

നമ്മുടെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പലപ്പോഴും സെലക്ടീവ് പ്രതികരണക്കാരാണെന്നുള്ള ആക്ഷേപമുയരുന്നുണ്ട്.അനീതി, അധർമ്മം, അസമത്വം ഇതിലൊക്കെ അടയാളം നോക്കിയുള്ള പ്രതികരണത്തിലെ ആത്മാർത്ഥത എന്താണ്?

എഴുത്തുകാർ പ്രതികരണ തൊഴിലാളികളാണെന്നുള്ള വിചാരം ആദ്യം അവസാനിപ്പിക്കണം. എഴുത്തുകാർ പ്രതികരണ തൊഴിലാളികളല്ല. എഴുത്തുകാർ വെറും എഴുത്തുകാർ മാത്രമാണ്. നുണ നന്നായി പറയുവാനും എഴുതുവാനും കഴിവുള്ളവർ മാത്രമാണ്. പലപ്പോഴും ബുദ്ധി ജീവികൾ പോലുമല്ല എഴുത്തുകാർ. കേരളത്തിൽ മാത്രമാണ് എഴുത്തുകാരെ ബുദ്ധി ജീവികൾ എന്ന സംജ്ഞയിൽ കാണുന്നത്.

എന്താണ് സാംസ്കാരിക പ്രവർത്തനം?

സാമൂഹിക പ്രവർത്തകർ എന്ന് പറഞ്ഞാൽ ആക്റ്റിവിസ്റ്റുകളാണ്. അവർ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുന്നവരാണ്. സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവരുമായി ഇടപെടുകയും ചെയ്യുന്നവരാണ്. എഴുത്ത് എന്ന് പറയുന്നത് മറ്റ് ഏതൊരു തൊഴിൽ പോലെയും ഒരു തൊഴിൽ മാത്രമാണ്. ലോഹതൊഴിൽ പോലെയോ മരപ്പണി പോലെയോ ഒരു തൊഴിൽ മാത്രമാണ്. അതിൽ പ്രത്യേകിച്ച് എല്ലാറ്റിനോടും പ്രതികരിക്കാനുള്ള ബാധ്യതയോ ഒന്നുമില്ല.

വെള്ളിത്തിരയിലെ പെൺ കാര്യം

ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലയ്‌ക്ക് തന്നെ. ഈ പഴഞ്ചൊല്ല് സ്ത്രീകളുടെ ദൗർബല്യം ചൂണ്ടിക്കാട്ടാൻ ഉപയോഗിക്കാറുള്ള ഒരു പതിവു വാചകമാണ്. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ സംവിധായിക അഞ്ജലി മേനോൻ ആ ഡയലോഗ് ഒന്നു മാറ്റിപ്പിടിച്ചു. ഇക്കാലത്ത് ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് മുള്ളിന്! അതിനു പറ്റിയ ഒരു സീനും. മോഡേൺ ആയ പെൺകുട്ടിയെ ചൂളമടിച്ച നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രത്തെ അവൾ വന്നു തല്ലുമ്പോൾ ദുൽഖർ സൽമാൻ പറയുന്ന ഡയലോഗ്. പെണ്ണിനെ ദുർബലയാക്കി മുദ്ര കുത്തുന്ന വാചകക്കസർത്തുകളെ മാറ്റി പരീക്ഷിക്കാൻ ഒരു സ്ത്രീക്കു മാത്രമേ കഴിയൂ എന്നു പറയുന്നില്ല. എന്നാൽ കാലങ്ങളായി സിനിമയിലും, ദൈനംദിന ജീവിതത്തിലും ഉപയോഗിച്ചു വരുന്ന ആ വാചകത്തിലെ സ്ത്രീ വിരുദ്ധത മനസ്സിലാക്കാൻ ഒരു സ്ത്രീക്കു കഴിഞ്ഞു എന്നതാണ് പ്രത്യേകത.

സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ച് അല്ലെങ്കിൽ സ്ത്രീയുടെ ദൗർബല്യത്തെ കുറിച്ച് എടുത്തു കാട്ടാൻ ഉപയോഗിക്കുന്ന അനേകം വാചകങ്ങളിൽ ഒന്നു മാത്രമാണിത്. യഥാർത്ഥ ജീവിതത്തിലും, സിനിമയിലും ഇത്തരം ക്ലീഷേകൾ സ്ത്രീയെ പിന്തുടരുന്നുണ്ട്. ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം ഉത്തരവാദിത്തങ്ങൾ ധൈര്യപൂർവ്വം ഏറ്റെടുക്കാൻ പെൺകുട്ടികൾക്കു കഴിയണം. അതിനു ഊർജ്‌ജം പകരുന്ന കാഴ്ചകൾ നമുക്ക് ആവശ്യമാണ്. ഈ സാഹചര്യത്തിൽ, ബാല്യം മുതൽ വാർദ്ധക്യം വരെ സ്ത്രീയെ സംരക്ഷിക്കാൻ ആണൊരുത്തൻ ഇല്ലാതെ പറ്റില്ല എന്ന പൊതു കാഴ്ചപ്പാട് തന്നെയാണ് മിക്ക സിനിമകളിലും പ്രതിഫലിക്കുന്നത്. ഇതിന് അപവാദമായി ചില സ്ത്രീ പക്ഷ സിനിമകൾ ഇറങ്ങുന്നുണ്ട്. ആശ്വാസകരമാണത്. “വസ്ത്രധാരണത്തിൽ പോലും സ്ത്രീത്വം അളക്കപ്പെടുന്ന ഇക്കാലത്ത് സ്ത്രീയ്ക്ക് അർഹിക്കുന്ന ആദരവും സ്നേഹവും ലഭിക്കാൻ പ്രേരിപ്പിക്കുന്ന സിനിമകൾ, അല്ലെങ്കിൽ കാഴ്ച അനിവാര്യമാണ്.” കൊച്ചിയിൽ കോർപ്പറേറ്റ് ഉദ്യോഗസ്ഥയായ അനിതാറാവു.

മലയാളത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ നീന ഒരു സ്ത്രീ പക്ഷ സിനിമയായിട്ടാണ് കരുതുന്നത്. എന്നാൽ ഈ ചിത്രത്തിൽ നായികയാണ് കേന്ദ്ര കഥാപാത്രം എന്നതിലുപരി സ്ത്രീപക്ഷത്തുനിന്ന് മാത്രം സംസാരിക്കുന്ന ഒരു ചിത്രമല്ല. പുരുഷന്‍റെ കണ്ണിലൂടെ സ്ത്രീത്വത്തെ രണ്ടു രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണ് ഇവിടെയും. മദ്യപിക്കുകയും പുകവലിക്കുകയും ബൈക്കോടിക്കുകയും ചെയ്യുന്ന ഇതിലെ നീന എന്ന കഥാപാത്രം സ്ത്രീയാണെങ്കിൽക്കൂടി പുരുഷനെ അനുകരിക്കുന്നതുകൊണ്ടാണ് അങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് സമർത്ഥിക്കുന്നു.

അച്ഛൻ നീനയെ ആൺകുട്ടിയെപ്പോലെ വളർത്തുന്നതും കുട്ടിക്കാലം മുതൽ ചേരിയിലെ ആൺസൗഹൃദങ്ങളും അവളുടെ സ്വതന്ത്ര ചിന്താഗതിക്ക് കാരണമാകുന്നു. ഇതുപോലും പുരുഷനോടുള്ള അനുകരണമാണ്. എന്നാൽ ഇതിലെ നായകനെ പ്രേമിക്കുമ്പോൾ അവൾ ഒരു സ്ത്രീയാണ്. നായകന്‍റെ ഭാര്യയാവട്ടെ ഒരു വ്യക്‌തി എന്ന നിലയിൽ പോലും സ്വതന്ത്രചിന്ത ഇല്ലാത്ത സ്ത്രീ. ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും സൗന്ദര്യം വർദ്ധിപ്പിക്കുകയും മാത്രമാണ് ഉത്തമ കുടുംബിനിയുടെ റോൾ എന്നു ചിന്തിച്ചു പോകും! ബോക്സ് ഓഫീസ് ഹിറ്റ് ആയ പ്രേമം എന്ന ചിത്രത്തിലുമുണ്ട് മൂന്ന് നായികമാർ. നായകന്‍റെ പ്രണയ പരീക്ഷണങ്ങളിൽ വന്ന മൂന്ന് പെൺകുട്ടികൾ മാത്രമാണിവർ. നായകന് പ്രണയം തോന്നാനുള്ള ചില കാരണങ്ങളിലൂടെ രൂപപ്പെട്ട ഈ നായികമാർക്കും അസ്തിത്വം ഇല്ല!

ആണിന് പ്രേമം തോന്നുന്ന സ്ത്രീകളുടെ സൃഷ്ടി ഇങ്ങനെ കാതലില്ലാത്ത ചില കാര്യങ്ങളിലൂടെ രൂപപ്പെടുമ്പോൾ സ്വതന്ത്ര സ്ത്രീയുടെ ആവിഷ്കരണം പലപ്പോഴും സ്റ്റീരിയോ ടൈപ്പ് ആകുന്നു. കാർട്ടൂൺ അനിമേറ്ററായ ഫെബിന്‍റെ കാഴ്ചപ്പാട് ഇതാണ്.

പെണ്ണുങ്ങൾ ഒരുമിച്ചിരുന്ന് മദ്യപിക്കുക, സുന്ദരനായ ആണിനെ ഫോണിൽ വിളിച്ച് ഉമ്മ കൊടുക്കുക, ബൈക്ക് ഓടിക്കുക, ഇതൊക്കെ ചെയ്‌താൽ സ്വതന്ത്ര സ്ത്രീ ആയി. സർവ്വോത്തമയായ വിനയാന്വിതയായ പെണ്ണ്, അൽപം കള്ളത്തരമുള്ള സ്വാതന്ത്യ്ര ബോധം ഉള്ള കാര്യപ്രാപ്തിയുള്ള പെണ്ണ് ഇതിൽ ആരെയാണ് നിങ്ങൾ ഇഷ്ടപ്പെടുക എന്ന പരോക്ഷമായ ചോദ്യവും അതിന്‍റെ ഉത്തരവും നൽകാൻ പല സിനിമകളും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

“ചലച്ചിത്രങ്ങളിലെ ബോൾഡ് കഥാപാത്രങ്ങൾക്ക് നിറയെ കയ്യടി കിട്ടും. എന്നാൽ ജീവിതത്തിലോ? വിമർശനങ്ങളാണ് കിട്ടുക” കോട്ടയം സ്വദേശിയായ അനീഷ് സെബാസ്റ്റ്യൻ ഇതാണ് ചൂണ്ടിക്കാട്ടുന്നത്.  സിനിമയ്‌ക്കകത്തെ നായികാ കഥാപാത്രങ്ങളെ നമ്മൾ അംഗീകരിക്കും. പക്ഷേ യഥാർത്ഥജീവിതത്തിൽ നമുക്ക് അത്രയും വിശാലമനസ്കത ഇല്ല. സ്ത്രീയായാലും പുരുഷനായാലും ഇക്കാര്യത്തിൽ വലിയ വ്യത്യാസമില്ല. അതേസമയം നല്ല സ്ത്രീ, ചീത്ത സ്ത്രീ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ സിനിമകൾക്ക് വലിയ പങ്കുണ്ടുതാനും.

ഇന്ത്യൻ സിനിമകളിലും സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ബോക്സ് ഓഫീസ് ഹിറ്റ് സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ച ചിത്രങ്ങളിൽ ചിലതാണ് ഡർട്ടിപിക്ചർ, ഫാഷൻ, കഹാനി, ഇംഗ്ലീഷ് വിംഗ്ലീഷ്, ക്വീൻ, റിവോൾവർ റാണി, മർദാനി തുടങ്ങിയവ. ഇത്തരം കുറെ ചിത്രങ്ങൾ മലയാളത്തിലും ഉണ്ട്. ഏറ്റവും പുതിയ ചിത്രം നീന ഒരു ഉദാഹരണം. 22 ഫീ മെയിൽ കോട്ടയം, ഓം ശാന്തി ഓശാന, ഹൗ ഓൾഡ് ആർ യു, സഖറിയായുടെ ഗർഭിണികൾ… ഇതൊക്കെ.  പുരുഷകേന്ദ്രീകൃത ഉത്തരേന്ത്യൻ വിവാഹ രീതികളോടുള്ള ഒരു പെൺകുട്ടിയുടെ പോരാട്ടമാണ് ക്വീൻ എന്ന ചിത്രം.

പുരുഷന്‍റെ താൽപര്യങ്ങളെ മറികടന്നും സ്ത്രീക്ക് ജീവിക്കാൻ പറ്റും എന്ന് ഈ ചിത്രം ഓർമ്മപ്പെടുത്തുന്നു. വിദ്യാബാലനും കങ്കണയ്ക്കും പ്രിയങ്കയ്‌ക്കും ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രങ്ങൾ ഹിറ്റുകളായി. അതേസമയം കഥാമൂല്യമുള്ള ചിത്രങ്ങൾ ഇറക്കുന്നുവെന്ന് പേരുള്ള മലയാള സിനിമയിൽ 12 വർഷമായി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കടന്നു വന്നിട്ടില്ല. പാഠം ഒന്ന് ഒരു വിലാപത്തിലൂടെ മീരാ ജാസ്മിൻ കൊണ്ടു വന്നതാണ് അവസാനത്തെ ദേശീയ അവാർഡ്. നായിക പ്രാധാന്യമുള്ള സിനിമകൾ ഉണ്ടാകാത്തതാണ് കാരണം. ആണുങ്ങൾക്ക് വേണ്ടി ആണുങ്ങൾ നിർമിച്ചെടുക്കുന്ന സിനിമാ രംഗത്തേക്ക് ചരക്കിന്‍റെ മൂല്യം മാത്രമായി സ്ത്രീകളും സ്ത്രീ കഥാപാത്രങ്ങളും മാറുന്നു.

നിശബ്ദ സിനിമയുടെ കാലം മുതൽ മലയാള സിനിമ എങ്ങനെയാണ് സ്ത്രീത്വത്തെ ചിത്രീകരിക്കുന്നതെന്ന് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. മലയാള സിനിമയിൽ സ്ത്രീപക്ഷ സിനിമകൾ ജനിക്കണമെങ്കിൽ പുരുഷൻ പ്രതിസ്ഥാനത്തു നിൽക്കേണ്ടി വരുന്നതായി മിക്ക സിനിമകളും തെളിയിക്കുന്നുണ്ട്. അടുത്തയിടെ ഇറങ്ങിയ ഹൗ ഓൾഡ് ആർയു തന്നെ ഉദാഹരണം. വിവാഹം, കുടുംബം എന്ന വ്യവസ്‌ഥാപിത ചട്ടക്കൂടിൽ നിന്ന് ഇറങ്ങി വന്ന് ജീവിതത്തെ നേരിടുമ്പോൾ നിരുപമ എന്ന നായികയ്ക്ക് സ്വന്തം ഭർത്താവാണ് എതിരാളിയുടെ സ്‌ഥാനത്തു വരുന്നത്. 22 ഫീമെയിൽ കോട്ടയത്തിലും ഇതു തന്നെ അവസ്ഥ.

കന്മദത്തിലെ ഭാനുവും പത്രത്തിലെ ദേവികയും എൽസമ്മ എന്ന ആൺകുട്ടിയിലെ എൽസമ്മയും നീനയിലെ നീനയും ഇവർക്കെല്ലാം പൊതുവായ ഒരു സവിശേഷതയുണ്ട്. ആണായി ജനിക്കേണ്ടവർ, ആണിന്‍റെ ധൈര്യമുള്ളവർ എന്ന വിശേഷണത്തോടെയാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പെണ്ണിന് പെണ്ണത്തത്തിന്‍റെ ബോൾഡ്നസ് അല്ല, കടം വാങ്ങിയ ആണത്തത്തിന്‍റെ ആദരവാണ് ഇവിടെയും ലഭിച്ചതെന്ന് സാരം. ഇനി അങ്ങനെയൊന്നുമല്ലാത്ത സ്ത്രീ കഥാപാത്രങ്ങൾ ആൺമേൽക്കോയ്മയെ അംഗീകരിച്ചില്ലെങ്കിൽ അത് സ്ത്രീയുടെ തന്‍റേടമോ ധാർഷ്ട്യമോ ആവുന്നു! മുന്നറിയിപ്പിലെ പത്രപ്രവർത്തകയും ദൃശ്യത്തിലെ ഐജിയും ഇതിനുദാഹരണമാണ്.

ആളുകളുടെ ചിന്ത, പെരുമാറ്റം, വികാരം ഇവയേയൊക്കെ മാധ്യമങ്ങൾക്ക് സ്വാധീനിക്കാൻ കഴിയും. നായകന്‍റെ ഭാര്യ, മകൾ, കാമുകി, സുഹൃത്ത് എന്നിങ്ങനെ പ്രധാനമെന്നു തോന്നാവുന്ന റോളുകളിൽ ഒരു വ്യക്‌തിത്വവും പ്രകടമാക്കാത്ത സ്ത്രീ കഥാപാത്രങ്ങളാണ് സിനിമകളിലുള്ളത്. സമൂഹത്തിന്‍റെ പരിച്ഛേദമാണ് ഇത് എന്ന് പറയുമ്പോൾ കൂടിയും ഇത്തരം കഥാപാത്രങ്ങൾ സ്ത്രീകൾ ദുർബലരാണ്, സഹാനുഭൂതിക്ക് പാത്രമാകേണ്ടവരാണെന്ന ചിന്ത അരക്കിട്ടു ഉറപ്പിക്കുകയാണ് “മലയാള സിനിമയിലെ കുലപതികളായി കരുതുന്ന എം.ടി വാസുദേവൻ നായർ, പത്മരാജൻ, കെ.ജി. ജോർജ്, ലോഹിതദാസ്, ഐ വി ശശി തുടങ്ങിയവരുടെ സ്ത്രീ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാൽ അവരുടെ സ്ത്രീ കഥാപാത്ര സൃഷ്ടികൾപോലും അവരുടെ കാഴ്ചപ്പാടുകളിൽ നിന്ന് ഉരുത്തിരിയുന്നതാണെന്ന് തോന്നും. എം.ടിയുടെ കഥയിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം തന്നെ പുരുഷാധിപത്യത്തോട് സന്ധി ചെയ്യുന്നവരാണ്. പഞ്ചാഗ്നിയിലെ ഗീത ചെയ്‌ത കഥാപാത്രം മാത്രമാണ് വ്യത്യസ്‌തമായിട്ടുള്ളത്. എത്ര ചെറുത്തു നിന്നാലും അവസാനം പുരുഷന് കീഴടങ്ങി സ്വന്തം അസ്തിത്വം വിട്ടു പോകുന്നവർ. ഒരു പക്ഷേ ഇത് തന്നെയാണ്. ഭൂരിഭാഗം സ്ത്രീകളുടെയും അവസ്‌ഥ.” എഴുത്തുകാരനായ കെ. പി മുരളി പറയുന്നു.

പത്മരാജന്‍റെ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളും പുരുഷാധിപത്യത്തിനു കീഴടങ്ങുന്നവരാണ്. തകരയിലെ സുഹാസിനി മുതൽ ഞാൻ ഗന്ധർവ്വനിലെ നായിക വരെ അതിന്‍റെ ഉദാഹരണങ്ങളാണ്. മാത്രമല്ല ഇവർ എല്ലാം ലൈംഗിക ബിംബങ്ങളുമാണ്. കെ.ജി ജോർജ്‌ജും ലോഹിതദാസുമാണ് ഒരു പക്ഷേ അതിലും ശക്‌തമായ സ്ത്രീ കഥാപാത്രങ്ങൾ സൃഷ്ടിച്ചത്. പുരുഷാധിപത്യത്തിൽ നിന്ന് മോചനം നേടുന്നവരാണ് ഇവരുടെ നായികമാർ. പുരുഷന്‍റെ സഹായം ഇല്ലെങ്കിലും ഞങ്ങൾ ജീവിക്കും എന്ന് തന്‍റേടമുള്ള കഥാപാത്രങ്ങൾ. ജീവിതാഭിമുഖ്യം പ്രകടിപ്പിക്കുന്നവരാണ് പല കഥാപാത്രങ്ങളും. ഇനി ജീവിച്ചിട്ടേ കാര്യമുള്ളൂ എന്ന് പറയുന്ന സ്ത്രീകൾ നാട്ടിൻ പുറത്തും കാണാം. ഇന്നത്തെയും അന്നത്തെയും സ്ത്രീ കഥാപാത്രങ്ങളെയും നടികളെയും ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്‌തമാണ്. നടികൾ വ്യക്‌തി ജീവിതത്തിൽ കുറേക്കൂടി ബോൾഡ് ആണ്. ഐവി ശശിയുടെ അവളുടെ രാവുകൾ എന്ന ചിത്രത്തിലെ സീമയുടെ റോളും സീമയും അത്തരത്തിൽ  ബോൾഡാണ്.

“ഇക്കാലത്ത് സ്ത്രീകൾക്ക് പരസ്‌പരം അല്ലെങ്കിൽ സ്ത്രീക്ക് പുരുഷനോട് സെക്സിനെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഭയമില്ല. സ്ത്രീകൾ മദ്യപിക്കുന്ന ക്ലൈമാക്സ് കൂട്ടായ്മകൾക്കും അത്ര പഞ്ഞമില്ല. ഇതിനെ ശാക്‌തീകരണം എന്ന് വിളിക്കാൻ പറ്റില്ല. എന്നാൽ തന്നെയും സ്ത്രീയുടെ കാഴ്ചപ്പാടുകളിൽ വന്ന മാറ്റം പ്രകടമാണ്. ഈ മാറ്റം സിനിമകളിലും നിഴലിക്കാം” മുരളി പറയുന്നു.

തന്‍റെ വികാരം ശമിപ്പിക്കാൻ ഒരു സ്ത്രീ മതിയാവാതെ വരുമ്പോൾ, വഴി തെറ്റി പോകാതിരിക്കാൻ പുരുഷന് നാല് വിവാഹം വരെ കഴിക്കാം എന്നു പറഞ്ഞ മതപ്രഭാഷകനോട് ഫാത്തിമ എന്ന മുസ്ലീം സ്ത്രീ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. അപ്പോൾ ഒരു പുരുഷൻ മതിയാവാത്ത സ്ത്രീയ്ക്കോ? ജനശ്രദ്ധ നേടാതെപോയ ആലീഫ് എന്ന ചിത്രത്തിൽ ലെന അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്ന ചോദ്യമാണത്. ഇത്തരം ചോദ്യത്തിലൂടെ ഒരു സ്ത്രീ യഥാർത്ഥ ജീവിതത്തിൽ എന്തെല്ലാം നേരിട്ടേക്കാം?

നീന എന്ന ചിത്രത്തിൽ സംവിധായകൻ അവസാനം നീനയെ സദ്ഗുണ സമ്പന്നയാക്കി കുടുംബത്തെ രക്ഷപ്പെടുത്തുന്നു. ഈ ചിത്രം കണ്ടവർ തനു വെഡ്സ് മനുവിലെ രണ്ട് നായികമാരെയും നായകനെയും തൂവാനത്തുമ്പിയിലെ ക്ലാര, രാധ, ജയകൃഷ്ണൻ കഥാപാത്രങ്ങളെയും ഓർമ്മിക്കുന്നത് നല്ലതാണ്. കുടുംബ വ്യവസ്‌ഥകളെ ലംഘിക്കാൻ കഴിവുള്ളവർക്ക് എപ്പോഴും ത്യാഗത്തിന്‍റെ പരീക്ഷണം കൂടി വച്ചു കൊടുക്കുന്നു. ഇത്തരം ക്ലീഷേകളെ മറികടക്കാൻ സംവിധായകർക്ക് കഴിയണം. സ്ത്രീകളുടെ പ്രശ്നങ്ങളെ, വികാരങ്ങളെ, ജീവിതത്തെ മനസ്സിലാക്കുന്ന തരത്തിലുള്ള സിനിമകൾ വേണം. അവയ്ക്ക് സ്ത്രീപക്ഷ സിനിമ എന്ന ബാനർ ആവശ്യമില്ല. ജനപക്ഷത്തു നിന്നു തന്നെ സ്ത്രീയെ ഉൾക്കൊള്ളുന്ന തരം കാഴ്ചകളും കാഴ്ചപ്പാടുകളും ഉള്ള സിനിമകൾ. അതാണ് നമുക്ക് ആവശ്യം. അതിലൂടെ അവളുടെ ജീവിതം ഒന്നാം നമ്പറിലേക്ക് ഉയരട്ടെ.

സാഗരസംഗമം ഭാഗം – 2

വഴിയിൽ കാത്തു നിന്ന ഫഹദ് സാറിനൊപ്പം ബസ്സിൽ മലപ്പുറത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടിലേയ്ക്കു പുറപ്പെടുമ്പോൾ ഹൃദയം വല്ലാതെ തുടികൊട്ടിയിരുന്നു. സ്വന്തം വീട്ടിൽ പറയാത്തതിന്‍റെ കുറ്റബോധം ഒരു വശത്ത്. ഫഹദ് സാറിന്‍റെ ഉമ്മയ്ക്ക് എന്നെ ഇഷ്ടമാകുമോ എന്ന ചിന്ത മറുവശത്ത്. ഒരു പക്ഷേ ഫഹദിന്‍റെ ഉമ്മയ്ക്ക് എന്നെ ഇഷ്ടമായില്ലെങ്കിലോ? തുടർന്ന് ഒന്നും ചിന്തിക്കാൻ പോലുമാകാതെ ഞാനിരുന്നു.

ഇരുവീട്ടുകാരും വിവാഹത്തിന് അനുകൂലമല്ലെങ്കിൽ ഒളിച്ചോടി രജിസ്റ്റർ വിവാഹം കഴിക്കുകയെ ഞങ്ങൾക്കു നിവൃത്തിയുള്ളൂ. ഇങ്ങനെ മനസ്സിനെ മഥിക്കുന്ന ചിന്തകളിൽ മുഴുകി ഞാനിരിക്കുമ്പോൾ, അരികിൽ ഫഹദ്സാറും ഏതാണ്ടതേ നിലയിൽ ചിന്തകളിൽ മുഴുകി ബസ്സിനുള്ളിൽ നിശബ്ദനായിരുന്നു. ഒരു പക്ഷേ എന്നെ അലട്ടിയതു പോലെയുള്ള ചിന്തകളായിരിക്കും ഫഹദ് സാറിനേയും നിശബ്ദനാക്കിയത്.

ഒരു ഹിന്ദുവായ എന്‍റെ വീട്ടിൽ നിന്നുള്ള എതിർപ്പിനെക്കുറിച്ചാവും അദ്ദേഹവും ചിന്തിച്ചത്. എന്നാൽ എന്‍റെ ഭയം അസ്ഥാനത്തായിരുന്നുവെന്ന് ഫഹദ് സാറിന്‍റെ ഉമ്മ തെളിയിച്ചു. അന്ന് മൂന്നു നാലു മണിക്കുറോളം വടക്കോട്ടു യാത്ര ചെയ്‌ത്, ഫഹദ്സാറിന്‍റെ നാട്ടിൻ പുറത്തുള്ള വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിന്‍റെ ഉമ്മ എന്നെക്കാത്ത് പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ പടി കടന്നെത്തുമ്പോൾ അവർ ഓടിവന്ന് ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“നല്ല മൊഞ്ചുള്ള പൊങ്കോച്ചാണല്ലോടാ… അനക്കെബിടുന്നു കിട്ടി ഇത്ര നല്ല മൊഞ്ചത്തിയെ…”

“അതുമ്മാ… ചെറുപ്പത്തിൽ ഉമ്മ ചൊല്ലിത്തരാറുള്ള ആ രാജകുമാരേൻറയും രാജകുമാരിയുടേയും കഥയില്ലെ അതുപോലെ ഏഴാം കടലിനക്കരെയുള്ള ഒരു കൊട്ടാരത്തീന് ഞാൻ മോഷ്ടിച്ചു കൊണ്ടു വന്നതാ. ഉമ്മായ്ക്ക് പിടിച്ചെങ്കി ഇപ്പത്തന്നെ മരുമോളാക്കിയ്ക്കോ…”

“ഇതു തന്നെയാണെടാ, അനക്കു ഞാൻ ചൊല്ലിത്തരാറുള്ള കഥയിലെ മൊഞ്ചത്തി രാജകുമാരി. എനക്ക് പെരുത്തിഷ്ടായി. ഇതു തന്നെയാണു മോനെ ഇനി നിന്‍റെ ബീവിയും എന്‍റെ മരുമോളും…”

ഉമ്മായുടെ സ്നേഹ പ്രകടനങ്ങളിൽ മയങ്ങി നിൽക്കുമ്പോൾ ഞാനെത്ര ഭാഗ്യവതിയാണെന്ന് ഓർത്തു പോയി.

“ബാ മോളെ അകത്തേയ്ക്ക്. ഞാൻ നിങ്ങൾക്കു വേണ്ടി ഒത്തിരി പലഹാരങ്ങളൊണ്ടാക്കീട്ടുണ്ട്…”

ഉമ്മ സ്നേഹപൂർവ്വം അകത്തേയ്ക്കു ക്ഷണിച്ചു. ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്ത ശാലീനയായ ആ ഉമ്മയുടേയും, ഫഹദ്സാറിേൻറയും പുറകേ വീട്ടിനകത്തേയ്ക്കു നടക്കുമ്പോൾ ഞാനോർത്തു. എന്നെങ്കിലുമൊരിയ്ക്കൽ സാറിന്‍റെ കൈ പിടിച്ച് അദ്ദേഹത്തിന്‍റെ ഭാര്യയായി ഈ ഭവനത്തിലെത്താൻ എനിയ്ക്കാകുമോ?… ഈ ഉമ്മയുടെ നിറഞ്ഞ സ്നേഹം ജീവിതം മുഴുവൻ പങ്കിടാൻ എനിയ്ക്കാകുമോ?…

മനസ്സിനുള്ളിൽ വെറുതെ ഒരു ഭീതി തളംകെട്ടി. എന്‍റെ വീട്ടുകാർ ഒരിയ്ക്കലും ഈ ബന്ധത്തിന് കൂട്ടുനിൽക്കുകയില്ലെന്ന് മനസ്സു പറഞ്ഞു.

“അല്ലാ… മോളിബിടെ ഒറ്റയ്ക്ക് നിന്ന് കിനാവു കാണുകയാണോ?… ബാമോളെ അകത്തേയ്ക്ക്…” അൽപനേരമായിട്ടും എന്നെക്കാണാതെ പുറത്തേയ്ക്കു വന്ന ഉമ്മ സ്നേഹപൂർവ്വം ക്ഷണിച്ചു അപ്പോഴാണ് ഞാനറിഞ്ഞത്, ചിന്തകളിൽ മുഴുകി ആ വരാന്തയിൽ അത്രനേരവും ഞാൻ ഏകയായി നിൽക്കുകയായിരുന്നുവെന്ന്, ഉള്ളിൽ തുടികൊട്ടിയ ആശങ്കയും ഭീതിയും എന്നെ തളർത്തിയിരുന്നു. ജീവിതത്തിൽ ആദ്യമായി വിറപൂണ്ട കാലടികളോടെ ഞാൻ വീടിനകത്തേയ്ക്കു നടന്നു. ഒരു നവവധുവിനെ പോലെ തുടിയ്ക്കുന്ന ഹൃദയവുമായി…

വേപഥുവോടെ ഉള്ളിലേയ്ക്കു നടന്നെത്തുമ്പോൾ പൂമുഖത്തെ കസേരകൾ ചൂണ്ടിക്കാട്ടി ഉമ്മ പറഞ്ഞു.

“നിങ്ങളിബിടെ കുത്തി ഇരിയ്ക്കിൻ… ഞാൻ പോയി കുടിക്കാനെന്തെങ്കിലും എടുത്തിട്ടു ബരാം…”

പൂമുഖത്തെ കസേരയിൽ എന്നേയും ഫഹദ്സാറിനെയുമിരുത്തി ഉമ്മ അകത്തേയ്ക്കു നടന്നു. ഉമ്മയോടൊപ്പം ഫഹദ് സാറും അകത്തേയ്ക്കു നടന്നു ചെന്നു. ഏകയായി ഞാൻ വെറുതെ ചുറ്റിനും കണ്ണോടിച്ചിരുന്നു. അപ്പോൾ പൂമുഖ ജനാലയിലൂടെ, മുറ്റത്തു കൊത്തിപ്പെറുക്കുന്ന കോഴിയേയും, കുഞ്ഞുങ്ങളേയും കണ്ടു. പത്തിരുപതു സെന്‍റിൽ അധികം വിസ്തൃതിയില്ലാത്ത ആ കൊച്ചു പറമ്പിൽ പ്ലാവിൻ ചുവട്ടിൽ കെട്ടിയിട്ടിരിക്കുന്ന കുഞ്ഞാട്… കൂട്ടിൽ കിടക്കുന്ന അതിന്‍റെ അമ്മയുടെ സമീപമെത്താൻ വേണ്ടിയായിരിക്കും അത് ഇടയ്ക്കിടയ്ക്ക് കരഞ്ഞു കൊണ്ടിരുന്നത്. മുറ്റത്ത് വടക്കുദിക്കിലായി ഒരു കിണർ.

ചിത്രകാരന്‍റെ ഭാവനയിലെന്ന പോലെ ഗ്രാമീണാന്തരീക്ഷം തികഞ്ഞ ആ കൊച്ചു വീടും പരിസരവും എന്‍റെ മനസിനെ പിടിച്ചു നിർത്തി. അപ്പോഴാണ് മുറ്റത്തെ ചാമ്പമരവും, അതിൽ നിന്നും കൊഴിഞ്ഞു വീണ പിങ്ക് നിറമുള്ള പൂക്കൾ തീർത്ത പരവതാനിയും കണ്ടത്. അതോടെ അതുവരെ മനസ്സിൽ കനത്തു നിന്ന വേപഥുവെല്ലാം ഓടിയകന്നു. ഹൃദയം ആഹ്ലാദഭരിതമായി.

അകത്തേയ്ക്കു പോയ ഫഹദ് സാർ അൽപം കഴിഞ്ഞ് തിരിച്ചെത്തി. മുറ്റത്തെ ഭംഗിയാർന്ന കാഴ്ചകളിലേയ്ക്ക് കണ്ണുനട്ടിരുന്ന എന്നെക്കണ്ട് അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു.

“എന്താ തനിക്കീ ഗ്രാമീണാന്തരീക്ഷം നല്ലതു പോലെ പിടിച്ചമട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ ഇവിടെ സ്‌ഥിര താമസമാക്കിയാലോ എന്നു തോന്നുന്നുണ്ടോ?…”

ഫഹദ് സാർ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു ഞാൻ അൽപം നാണത്തോടെ ചിരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

“ഉമ്മ തനിക്കു വേണ്ടി നിറയെ പലഹാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാം താൻ കഴിച്ചില്ലെങ്കിൽ ഉമ്മയ്ക്കു വലിയ വിഷമമാകും.

ഈ ഉമ്മയുടെ നിഷ്ക്കളങ്ക സ്നേഹം എന്നെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. പട്ടണത്തിൽ ജനിച്ചു വളർന്ന എനിക്ക് ഗ്രാമീണ മനസ്സിന്‍റെ ഉള്ളൂ തുറന്ന സ്നേഹ പ്രകടനം ഒരു പുതുമയായിരുന്നു. അൽപം കഴിഞ്ഞ് ഉമ്മ വന്ന് ഞങ്ങളെ അകത്തെ ഊണുമുറിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോി. അവിടെ മേശപ്പുറത്ത് നിറയെ പലഹാരങ്ങൾ നിരത്തി വച്ചിരുന്നു. പത്തിരിയും കോഴി ബിരിയാണിയും, പിന്നെ ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത കല്ലുമ്മേക്കായ് വറുത്തതും ഉന്നക്കായും മുട്ടസുർക്കയും കായ്പോളയും എല്ലാമെല്ലാം…

ഊണു മുറിയിലെ കസേരയിൽ എന്നെ പിടിച്ചിരുത്തി ഉമ്മ പറഞ്ഞു.

“ഇനി കഴിയ്ക്ക് മോളേ… ഞാൻ അനക്കു വേണ്ടിയാണ് ഇതെല്ലാം ഉണ്ടാക്കിയത്…” അവർ എന്നെ എല്ലാം കഴിയ്‌ക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.

“എന്തിനാ ഉമ്മ ഇത്രയും പലഹാരങ്ങൾ?… ഉമ്മായുടെ സ്നേഹം തന്നെ എന്‍റെ വയറു നിറച്ചു കഴിഞ്ഞു…” ഞാൻ തികഞ്ഞ ആത്മാർത്ഥതയോടെ പറഞ്ഞു.

“അതൊന്നും പറഞ്ഞാൽ പറ്റില്ല… ഇതു മുഴുവൻ കഴിച്ചേ ഞാൻ മോളെ ബിടുകയുള്ളൂ…”

അന്നാ പലഹാരങ്ങൾ മുഴുവൻ കഴിപ്പിച്ച് തന്‍റെ വയറു നിറപ്പിച്ചേ ഉമ്മ വിട്ടുള്ളൂ. പോരാൻ നേരം നിറകണ്ണുകളോടെ ഉമ്മ പറഞ്ഞു.

“മോളെ, ഓന് ജീവനാണെന്നെനിയ്ക്കറിയാം ഞമ്മടെ കൊച്ചു ബീട്ടിലേയ്ക്ക് മോളെ പറഞ്ഞു വിടാൻ മോളുടെ ബീട്ടുകാർക്കിഷ്ടമല്ലെങ്കിലും ഉമ്മ വന്ന് കൂട്ടി കൊണ്ടു പോരും. മോളെ ഉമ്മായ്ക്കത്രക്കിഷ്ടമായി.”

ആ ഉമ്മയുടെ നിഷ്ക്കളങ്ക സ്നേഹം എന്‍റെ കണ്ണുനിറച്ചു. ഞങ്ങളെ പടിക്കലോളം വന്ന് യാത്രയാക്കി എന്‍റെ കൈപിടിച്ച് ഉമ്മ പറഞ്ഞു.

“ഞാൻ ഒരിയ്ക്കൽ കൂടി പറയുവാ… ഒന്നും ഓർത്ത് മോള് കരയരുത്. മോളുടെ ബാപ്പായും ഉമ്മായും ഈ ബന്ധത്തിന് എതിരു നിന്നാലും മോളെ സ്വീകരിക്കാൻ ഈ ഉമ്മയുണ്ടാകും. മോള് ധൈര്യമായിട്ട് പോയിട്ടു വാ….” എന്നിട്ട് ഫഹദ് സാറിനോടായി പറഞ്ഞു.

“ഈ മോളെ ബേഗം കൂട്ടിക്കൊണ്ടു ബരണേടാ… എനിക്ക് പെരുത്ത് ധൃതിയായി…”

നിറഞ്ഞ മനസ്സും കണ്ണുമായി തിരികെ നടക്കുമ്പോൾ ഫഹദ്സാറിനൊപ്പം എത്രയും പെട്ടെന്ന് ആ വീട്ടിൽ തിരികെയെത്താനുള്ള വെമ്പലായിരുന്നു എനിക്ക്. തിരികെ ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ ഫഹദ് സാർ പറഞ്ഞു.

“തനിക്കിപ്പോൾ എന്‍റെ വീടും, വീട്ടിലെ സ്‌ഥിതിയും മനസ്സിലായില്ലെ, ഞങ്ങൾ വളരെ പാവങ്ങളാണ്. ഉപ്പ മരിച്ച ശേഷം ഉമ്മ വളരെ കഷ്ടപ്പെട്ട് എന്നെ വളർത്തി. അന്യ വീടുകളിൽ പോയി പണിയെടുത്താണ് ഉമ്മ എന്നെ വളർത്തിയത്. പക്ഷേ പഠിക്കുവാനും ഉയരുവാനുമുള്ള മോഹം എന്നെ ഇവിടെക്കൊണ്ടെത്തിച്ചു. ഇന്നിപ്പോൾ എന്‍റെ വരുമാനം കൊണ്ട് എനിക്കും ഉമ്മായ്ക്കും സുഖമായി കഴിയാം. എങ്കിലും എന്‍റെ ഉമ്മ ആർഭാടങ്ങളൊന്നും ഇഷ്ടപ്പെടുന്നവളല്ല. ഒരു കാർ വാങ്ങിക്കുന്ന കാര്യം പറഞ്ഞിട്ട് ഉമ്മ സമ്മതിച്ചില്ല. അത്രയ്ക്ക് സിംപിളാണ് എന്‍റെ ഉമ്മ.

തനിക്കെന്‍റെ ഉമ്മായെ പിടിച്ചെങ്കിൽ ഞാൻ തന്നെ നിക്കാഹ് കഴിച്ച് വേഗം ഇങ്ങോട്ടു കൂട്ടി ക്കൊണ്ടു പോരാം… എന്തു പറയുന്നു?…”

വീട്ടുകാരുടെ സമ്മതത്തോടു കൂടി ഒരിയ്ക്കലും എനിക്ക് ഫഹദ്സാറിന്‍റെ ഭാര്യയാകുവാൻ കഴിയുകയില്ലെന്ന് അറിയാമായിരുന്നു. പിന്നെ ഒരു രജിസ്റ്റർ മാര്യേജ്, അതുമാത്രമേ പോംവഴിയായുണ്ടാവുകയുള്ളൂവെന്ന് മനസ്സു പറഞ്ഞു. എന്‍റെ മനസ്സു മനസിലാക്കിയിട്ടെന്ന പോലെ ഫഹദ്സാർ പറഞ്ഞു.

“തന്‍റെ വീട്ടുകാർ ഈ മാര്യേജിന് സമ്മതിക്കുകയില്ലെന്നെനിക്കറിയാം. പിന്നെ ഒരു രജിസ്റ്റർ മാര്യേജ് അതിനെക്കുറിച്ച് നമുക്കൽപം കൂടി കഴിഞ്ഞാലോചിക്കാം. ആദ്യം തന്‍റെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് കംപ്ലീറ്റ് ആവട്ടെ. അതുകഴിഞ്ഞ് മതി ഒരു വിവാഹം…”

അന്നു കോളേജ് വിടുന്ന സമയത്തു തന്നെ എന്നെ തിരികെ വീട്ടു പടിയ്ക്കലെത്തിച്ച് അദ്ദേഹം മടങ്ങി.

ഞാനെത്തുമ്പോൾ മുല്ലശേരി മാധവമോനോൻ എന്ന പ്രതാപശാലിയായ എന്‍റെ അച്‌ഛൻ അസ്വസ്ഥതയോടെ ഉമ്മറത്തു ഉലാത്തുന്നുണ്ടായിരുന്നു. അദ്ദേഹം ഗൗരവപൂർവ്വം എന്നെ നോക്കി ചോദിച്ചു.

“ഇന്നേതിന്‍റെ സ്പെഷ്യൽ ക്ലാസ്സായിരുന്നു ഉണ്ടായിരുന്നത്?”

“കെമിസ്ട്രിയുടെ” ഞാനൽപം വിറയലോടെ അറിയിച്ചു. “ഉം…” അച്‌ഛൻ ഇരുത്തി മൂളി. തെറ്റു ചെയ്ത കൊച്ചുകുട്ടിയുടെ പരുങ്ങലും, ഭയവും എന്നിൽ വളർന്നു. എങ്കിലും അതു മറയ്ക്കാനായി ഞാൻ വേഗം അകത്തേയ്ക്കു നടന്നു. ഏതാനും മാസങ്ങൾ കൂടിയെ ഉണ്ടായിരുന്നുള്ളൂ, എന്‍റെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് കംപ്ലീറ്റ് ആവാൻ. പ്രേമം തലയ്ക്കു പിടിച്ചെങ്കിലും ഞാൻ പഠനത്തിൽ പിന്നോക്കം പോയില്ല. ഫൈനൽ ഇയർ പരീക്ഷ അതിവേഗം കടന്നു പോയി.

ഇതിനിടയിൽ വീട്ടിൽ എനിക്കായി തകൃതിയായി വിവാഹാലോചനകൾ നടന്നു കൊണ്ടിരുന്നു. അപ്പോഴേയ്ക്കും മഞ്ജു എൻജിനീയറിംഗ് മൂന്നാം വർഷം ആയിക്കഴിഞ്ഞിരുന്നു. മായ മെഡിസിന് രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കുന്നു. എന്‍റെ താഴെയുള്ള പെൺകുട്ടികളും വിവാഹ പ്രായമെത്തി നിൽക്കുന്നതിനാൽ അച്‌ഛനും അമ്മയ്ക്കും എന്‍റെ വിവാഹം എത്രയും വേഗം നടത്തണമെന്നായിരുന്നു. അതിനാൽ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ് പിഎച്ച്ഡി ചെയ്യണമെന്ന എന്‍റെ മോഹത്തെ വീട്ടുകാർ എതിർത്തു.

ഒടുവിൽ ഒരു ദിവസം എന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ എത്തി. അച്‌ഛന്‍റെ ബന്ധുവും ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറുമായിരുന്ന വിഷ്ണു നാരായണൻ ആയിരുന്നു അത്. ഞങ്ങൾ തമ്മിൽ ചെറുപ്പത്തിൽ അച്‌ഛന്‍റെ തറവാട്ടു വീട്ടിൽ വച്ച് ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ കൂടിക്കാഴ്ച വളരെക്കാലത്തിനു ശേഷമായിരുന്നു. അദ്ദേഹം എന്നെക്കണ്ടയുടനെ വിവാഹത്തിന് സമ്മതമറിയിച്ചു. ജാതകപ്പൊരുത്തവും ഞങ്ങൾ തമ്മിൽ ഏറെയുണ്ടായിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ആ വിവാഹത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറി നിന്നപ്പോൾ അച്‌ഛനുമ്മയ്ക്കും അൽപം സംശയം തോന്നാതെയിരുന്നില്ല.“ഇവൾ എന്തെങ്കിലും കുഴപ്പത്തിൽ പെട്ടു കാണുമോ…? എന്ന് അമ്മ അച്ഛനോട് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാൽ പിഎച്ച്ഡിയും എടുത്തു കഴിഞ്ഞുമതി എനിക്ക് ഒരു വിവാഹം എന്ന എന്‍റെ നിലപാടിനോട് ഒടുവിലവർ അനുകൂലിക്കുക തന്നെ ചെയ്‌തു. എന്നാൽ ലൈബ്രറിയിലേയ്ക്കെന്ന വ്യാജേന വീട്ടിൽ നിന്നുമിറങ്ങുന്ന ഞാൻ സുഭാഷ് പാർക്കിലെ പൂമരച്ചോട്ടിൽ ഫഹദ് സാറിനെ കാത്തു നിൽക്കുകയായിരുന്നു പതിവ്. ഒരിക്കൽ ഞങ്ങളുടെ സംഗമം അച്‌ഛന്‍റെ കണ്ണിൽ പെട്ടു അതോടെ വീട്ടിൽ പൊട്ടിത്തെറിയായി. ഫഹദ്സാർ ഒരു മുസൽമാനാണെന്ന അറിവ് വീട്ടിലെ അന്തരീക്ഷത്തെ കാർമേഘാ വൃതമാക്കി. ഇടിയും മിന്നലും ആ അന്തരീക്ഷത്തിൽ ഇടയ്ക്കിടെ മുഴങ്ങി ക്കൊണ്ടിരുന്നു.

ഞാൻ പുറത്തിറങ്ങുമ്പോൾ നിരീക്ഷിക്കാൻ അനുജത്തിമാരെ അച്‌ഛൻ നിയോഗിച്ചു. പക്ഷേ അവർ എന്നോടൊപ്പം നിൽക്കുന്നവരാണെന്ന് അച്‌ഛനറിയില്ലല്ലോ…. ഒടുവിൽ അനുജത്തിമാരുടെ എസ് കോർട്ടും സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയ അച്‌ഛൻ ഞാൻ പുറത്തിറങ്ങാതിരിക്കാൻ കർശന നിർദ്ദേശം വച്ചു.

“നിനക്കാവശ്യമുള്ള പുസ്തകങ്ങൾ ഞാൻ ലൈബ്രറിയിൽ നിന്നും എടുത്തു തരാം…” ഒടുവിൽ ഗത്യന്തരമില്ലാതായ ഞാൻ അച്‌ഛന്‍റെ കാലുപിടിച്ച് കരഞ്ഞു.

“അച്‌ഛാ…. ഫഹദ് സാറിനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കാൻ എന്നെ നിർബന്ധിക്കരുത്.” എന്‍റെ കണ്ണുനീർ അച്‌ഛന്‍റെ കാൽച്ചുവട്ടിൽ വീണു ചിതറി.

“ഒരു മുസൽമാനെ വിവാഹം കഴിക്കാനോ ഒരിക്കലും ഞാനതിനനുവദിക്കുകയില്ല… നിന്‍റെ വിവാഹം ഞാൻ നമ്മുടെ ജാതിയിലുള്ള മറ്റൊരാളുമായി നടത്തും…”

മുല്ലശേരി മാധവമേനോൻ എന്ന എന്‍റെ അച്‌ഛന്‍റെ ഉഗ്രശാസനം ആ വീടിനുള്ളിൽ മുഴങ്ങി.

“വിവാഹം കഴിയുന്നതു വരെ അവളിനി ഈ വീടിനു പുറത്തിറങ്ങരുത്. അതുവരെ ഒരു നേരത്തെ അൽപാഹാരം മാത്രം നൽകിയാൽ മതി.”

അച്‌ഛൻ അമ്മയോടു പറഞ്ഞു. അച്‌ഛന്‍റെ കൽപന കല്ലിനെ പോലും പിളർക്കുന്നതായിരുന്നു. എന്‍റെ ബെഡ് റൂമിൽ തടങ്കലിലായ എന്നെത്തേടി ഫഹദിന്‍റെ ദൂതർ വന്നു. എന്‍റെ കൂട്ടുകാരായ അഭിലാഷും, നിമിഷയും, ആനന്ദും… അവർ ഏതെങ്കിലും രീതിയിൽ എന്നെ രക്ഷിക്കാനാകുമെന്നു കരുതി ഒളിച്ചും പാത്തും എന്‍റെ വീടിനരികിലെത്തി. എന്നാൽ അച്‌ഛന്‍റെ സുരക്ഷാ കവചങ്ങൾക്കുള്ളിൽ ബന്ധിതയായ എന്നെ ഒരു നോക്കു കാണുവാൻ പോലും അവർക്ക് കഴിഞ്ഞില്ല.

അൽപാഹാരം മാത്രം കഴിച്ച് ദിനംതോറും ഞാൻ ക്ഷീണിച്ചു വന്നു മാത്രമല്ല അസുഖബാധിതയുമായി. അതുകണ്ട് അമ്മയുടെ മനസ്സലിഞ്ഞു. അമ്മ അച്‌ഛൻ കാണാതെ എനിക്കാവശ്യമുള്ള ആഹാരം എത്തിച്ചു കൊണ്ടിരുന്നു. ഒടുവിൽ അച്‌ഛൻ അതുകണ്ടു പിടിച്ച് അമ്മയെ വഴക്കു പറഞ്ഞു.

“നിനക്കും ഞാൻ പറയുന്നത് അനുസരിക്കാൻ വയ്യെങ്കിൽ ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാം…” അച്‌ഛൻ താക്കീതു നൽകി. അമ്മ ഒരു കുറ്റവാളിയെ പോലെ അച്‌ഛന്‍റെ മുമ്പിൽ നിന്നു. എന്നാൽ ഒടുവിൽ ധൈര്യം സംഭരിച്ച് അമ്മ ചോദിക്കുന്നത് കേട്ടു.

“ഇങ്ങിനെ പീഢിപ്പിക്കുവാൻ മാത്രം എന്തു തെറ്റാണ് അവൾ ചെയ്‌തത്? ഒരാളെ സ്നേഹിച്ചു എന്നതാണോ അവൾ ചെയ്‌ത് കുറ്റം?”

“അതെ അതൊരു വലിയ കുറ്റം തന്നെയല്ലേ?” നമ്മുടെ അറിവോ സമ്മതമോ കൂടാതെ അവൾ ഒരാളെ കണ്ടെത്തിയത്. അതും ഒരു മുസൽമാനെ…”

“മുസൽമാനെന്താ മനുഷ്യനല്ലെ? നിങ്ങളിങ്ങനെ ഇടുങ്ങിയ മനസ്‌ഥിതിക്കാരനായി പ്പോയല്ലോ…”

അമ്മ ഒരു വക്കീലിന്‍റെ ഭാര്യയിക്കിണങ്ങും വിധം വാദഗതികൾ നിരത്തി. എന്നാൽ അച്ഛൻ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. “അവളെന്താ ഒരു ഹിന്ദു മുസ്ലീം ലഹളയ്ക്കൊരുങ്ങുകയാണോ?” ഇക്കാലത്ത് മലപ്പുറം പോലെ മുസ്ലീം ഭൂരിപക്ഷമുള്ള ഒരു സ്‌ഥലത്തു വച്ച് ഇങ്ങനെ ഒരു വിവാഹം നടത്താനോ? അതൊരിക്കലും നടക്കുകയില്ല. അല്ലെങ്കിൽ പ്പിന്നെ അവരുടെയിടയിൽ ചെന്ന് അവൾ മതം മാറേണ്ടി വരും. അതൊരിക്കലും ഞാനനുവദിക്കുകയില്ല. അൽപം കഴിഞ്ഞ് അച്‌ഛൻ കടുപ്പിച്ചു പറഞ്ഞു.

“ഈ വീട്ടിൽ എല്ലാവരും ഞാൻ പറയുന്നതനുസരിച്ചാൽ മതി…”

അമ്മ പിന്നെ ഒന്നും മിണ്ടിയില്ല. എങ്കിലും ഇടയ്ക്കിടയ്ക്ക് ഒരു കോടതിയിലെന്ന പോലെ അമ്മ എനിക്കു വേണ്ടി അച്‌ഛന്‍റെ മുന്നിൽ വാദഗതികൾ നിരത്തിക്കൊണ്ടിരുന്നു. ആരും കാണാതെ എനിക്കുള്ള ആഹാരം മുറിയിലെത്തിക്കുകയും ചെയ്‌തു. അച്‌ഛൻ അതു കണ്ടുപിടിച്ചു ശാസിക്കുമ്പോൾ അമ്മ പലപ്പോഴും അച്‌ഛനോട് തട്ടിക്കയറി.

“ഞാനെന്താ എന്‍റെ കുഞ്ഞിനെ പട്ടിണിയ്ക്കിട്ടു കൊല്ലണേ? അവളെ പ്രസവിച്ച എനിക്കതിനാവില്ല. അവൾക്കു വേണ്ടി ഈ വീടുവിട്ടിറങ്ങാനും ഞാൻ തയ്യാറാണ്.”

അമ്മയുടെ ധീരമായ മറുപടി കേട്ടിട്ടാവണം അച്‌ഛൻ പിന്നെ ഒന്നും പറഞ്ഞില്ല. എങ്കിലും യുദ്ധത്തിൽ തോറ്റു പിന്മാറാനിഷ്ടപ്പെടാത്ത രാജാവിനെ പോലെ അച്‌ഛൻ എനിക്കുള്ള കാവൽ ശക്തമാക്കി. ഗേറ്റിൽ സെക്യൂരിറ്റിയെ കാവൽ നിർത്തിയ അച്‌ഛൻ, കോടതിയിൽ പോകുമ്പോൾ വീട്ടിനുള്ളിലുള്ളവരുടെ നീക്കങ്ങൾ അറിയിക്കാൻ അയാളെ ശട്ടം കെട്ടി. ഒടുവിൽ ഒരു ദിവസം തലക്കറക്കമാണെന്നും ഹോസ്പിറ്റലിൽ പോകണമെന്നും പറഞ്ഞ്, അച്‌ഛനില്ലാത്ത നേരത്ത് അനുജത്തിമാരുടേയും അമ്മയുടേയും സഹായത്താൽ വീടിനു പുറത്തു കടന്നു.

സ്വാതന്ത്യ്രത്തിന്‍റെ ഉഛ്വാസ വായു ശ്വസിച്ച ഞാൻ ഒരു റിക്ഷ പിടിച്ച് കോളേജിലെത്തി. സമയം ഒട്ടും പാഴാക്കാതെ ഫഹദ് സാറിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തേയും കൂട്ടി ബസ് സ്റ്റാൻഡിലെത്തി. പിന്നെ ഞങ്ങൾ ഇരുവരും കൂടി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് യാത്ര തിരിച്ചു. അവിടെ സ്നേഹത്തിന്‍റെ ഒരു സാഗരം നെഞ്ചിലൊളിപ്പിച്ച് ഫഹദ് സാറിന്‍റെ ഉമ്മ ഇരുകൈകളും നീട്ടി ഞങ്ങളെ സ്വീകരിച്ചു.

“ഞാൻ കാത്തിരിയ്ക്കാരുന്നു, ഈ മൊഞ്ചത്തീനെ ഒന്നു കാണാൻ… ജ്‌ജ ഇപ്പളെങ്കിലും ഓളെ കൊണ്ടുവന്നൂലോ… മോള് ഒന്നുകൊണ്ടും ബിഷ്മിയ്ക്കേണ്ട… ഇബ്ടെ മോക്ക് ഒരു കുറവും വരുത്താതെ ഉമ്മ നോക്കിക്കൊളാം. ”

ഫഹദ് സാറിന്‍റെ ഉമ്മ സ്നേഹ സാഗരത്തിലാറാടിച്ച് എന്നെ വീർപ്പു മുട്ടിച്ചു.

പിന്നീട് കല്യാണത്തിനുള്ള ഒരുക്കങ്ങളായി. രജിസ്റ്റർ ഓഫീസിൽ വച്ച് കല്യാണം നടത്താനായിരുന്നു തീരുമാനം. കാരണം അച്‌ഛൻ പറഞ്ഞതു പോലെ മലപ്പുറം പോലെ മുസ്ലീം ഭൂരിപക്ഷമുള്ള ഒരു സ്‌ഥലത്തു വച്ച് അക്കാലത്ത് ഇത്തരത്തിൽ ഒരു മിശ്ര വിവാഹം നടത്തുകയെന്നാൽ അത് ഒരു ലഹളയ്ക്കു തന്നെ കാരണമായേക്കാം. അതുകൊണ്ട് ഒരു മുസ്ലീം സ്ത്രീയായിത്തന്നെ എന്നെ അവിടത്തെ ആൾക്കാരുടെ മുന്നിൽ അവതരിപ്പിക്കാനായിരുന്നു ഉമ്മയുടെ ശ്രമം. എതിർപ്പുണ്ടായിരുന്നുവെങ്കിലും ഞാൻ ഉമ്മയുടെ ആഗ്രഹത്തിനു വഴങ്ങി. എന്നെ ഒരു ഹൂറിയെപ്പോലെ അണിയിച്ചൊരുക്കുമ്പോൾ ഫഹദ് സാറിന്‍റെ ഉമ്മ പറഞ്ഞു.

“എന്‍റെ ഒരേയൊരു മകന്‍റെ നിക്കാഹ് ഈ വീട്ടിൽ വച്ച് നടത്താനായിരുന്നു അനക്ക് മോഹം, പക്ഷേങ്കില് അതിന് ഇബടത്തെ ചില ദേശവാസികൾ സമ്മതിക്കൂല്ല മോളെ… ഏതെങ്കിലും കാരണവശാൽ നീ ഹിന്ദുവാണെന്നറിഞ്ഞ് അവരും, ഹിന്ദുക്കളും കൂടിച്ചേർന്ന് വല്ല ലഹളയും അഴിച്ചു ബിട്ടാല് നമ്മള് അതിനെ നേരിടേണ്ടി വരും. അതുകൊണ്ട് ആരും അറിയാതെ നമുക്ക് ഈ നിക്കാഹ് നടത്താം…”

അതു പറയുമ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഉമ്മയുടെ കവിഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

“ഉമ്മ വിഷമിക്കരുത്… ഫഹദ് സാറിനു വേണമെങ്കിൽ ഒരു മുസ്ലീം ആകാനും ഞാൻ തയ്യാറാണ്. പക്ഷേ അദ്ദേഹം എന്നോടൊരിക്കലും അങ്ങിനെ പറയില്ലെന്ന് എനിക്കറിയാം. കാരണം അദ്ദേഹം തികഞ്ഞ ഒരു ആദർശവാദിയാണ്. ഇത്തരം മതം മാറ്റത്തെ ഒന്നും അനുകൂലിക്കുന്ന ആളല്ല അദ്ദേഹം. മാത്രമല്ല എന്‍റേയും, ഫഹദ് സാറിന്‍റേയും മനസ്സിൽ ഈ വിവാഹം എന്നേ നടന്നു കഴിഞ്ഞു. ഇനി ഉമ്മയ്ക്ക് കാണാൻ വേണ്ടി പേരിനൊരു ചടങ്ങു മാത്രം മതി.”

ഞാൻ ഊഹിച്ചതു പോലെ ഉമ്മ എന്നെ ഒരു മുസ്ലീം വധുവാക്കുന്നതിനെ അദ്ദേഹം എതിർത്തു. “ഉമ്മ എന്താണീ കാണിക്കുന്നത്? മീര ഒരു ഹിന്ദു പെൺകുട്ടിയാണ്. അവളെ ആ രീതിയിൽ ജീവിതം മുഴുവൻ കാണുവാനാണ് എനിക്കിഷ്ടം. അല്ലാതെ ഒരു മുസ്ലീമായി മതം മാറ്റി അവളെ വിവാഹം ചെയ്യുവാനല്ല ഞാനിവിടെ കൊണ്ടു വന്നത്.”

ഉമ്മയുടെ വാദഗതികൾ ഒന്നും അവിടെ വിലപ്പോയില്ല. ഒടുവിൽ ഉമ്മയും മകനോടും യോജിച്ചു. രജിസ്‌റ്റർ ഓഫീസിൽ വച്ച് വിവാഹം നടത്താൻ തീരുമാനമായി. ഉമ്മയുടെ കൈകളാൽ ഒരു ഹിന്ദു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ ഞാൻ ആ വേഷത്തിൽ അതിസുന്ദരിയായിരുന്നു.

“അന്‍റെ മോളെക്കാണാൻ ഇപ്പോൾ ഒരു ഹൂറിയെപ്പോലുണ്ട്, ഞങ്ങടെ അറബിക്കഥയിലെ രാജകുമാരിയെപ്പോലെ. ഇപ്പം ഈ വേഷത്തിൽ മോളെ ക്കണ്ടാൽ ആരും കൊതിച്ചു പോകും. എന്‍റെ ഫഹദ് ഒരു ഭാഗ്യവാനാണെ…” ഉമ്മ മതിമറന്ന് സന്തോഷിച്ചു കൊണ്ടു പറഞ്ഞു.

രജിസ്റ്റർ ഓഫീസിലെ കല്യാണച്ചടങ്ങുകൾക്ക് സാക്ഷികളാവാൻ എന്‍റെ സുഹൃത്തുക്കളെത്തി. ആനന്ദും, അഭിനവും, നിമിഷയും പക്ഷേ ഞങ്ങൾ രജിസ്റ്റർ ഓഫീസിലെത്തിയപ്പോൾ അന്ന് ഓഫീസിന് അവധി ദിനമാണ്. പിന്നെ എന്തു വേണ്ടു എന്നറിയാതെ വിഷമിച്ചു നിന്ന ഞങ്ങളോട് അവർ പറഞ്ഞു. “നമുക്കീ വിവാഹം ഈ രജിസ്റ്റർ ഓഫീസിന്‍റെ മുമ്പിൽ വച്ചു തന്നെ നടത്താം. പിന്നീടെപ്പോഴെങ്കിലും വന്ന് നിങ്ങൾ ഒപ്പിട്ടാൽ മതി. ഞങ്ങൾ സാക്ഷികളായെത്താം.”

തങ്ങൾ കയ്യിൽ കരുതിയിരുന്ന പൂമാലയും താലിയും ഞങ്ങൾക്കു നേരെ നീട്ടിക്കൊണ്ട് അവർ പറഞ്ഞു. മഴമേഘങ്ങൾ മൂടി നിന്ന ഹൃദയാകാശച്ചെരുവിൽ ഉരുണ്ടു കൂടിയ കണ്ണുനീർ മുത്തുകൾ. അവ വിവാഹശേഷം ആനന്ദകടലായ് പെയ്തു തീർന്നപ്പോൾ കൂട്ടുകാർ എന്നെ സമാശ്വസിപ്പിച്ചു.

“നീ ഭാഗ്യവതിയാണ് മീര… എല്ലാം നല്ലതിനാണെന്ന് വിചാരിച്ചാൽ മതി. നീ കൊതിച്ചതു തന്നെ നിനക്ക് വിധിച്ചല്ലോ. ഫഹദ് സാർ നിന്നെ പൊന്നു പോലെ നോക്കും…”

നിർമ്മല സൗഹൃദത്തിന്‍റെ നറും മാല്യങ്ങളണിയിച്ച് ഞങ്ങളെ കൂട്ടിയിണക്കുമ്പോൾ അവർ പറഞ്ഞു. പ്രപഞ്ചാകാശത്തിന്‍റെ അനന്ത വിശാലതയിൽ ഞങ്ങളെ രണ്ടിണക്കിളികളെപ്പോലെ പാറി നടക്കാൻ അനുഗ്രഹിച്ച് അവർ യാത്രയായി.

ഫഹദ് സാറിന്‍റെ വീട്ടിലെത്തിയ എന്നെ സ്നേഹിക്കാൻ അമ്മയും മകനും പരസ്പരം മത്സരിച്ചു. അവിടെ ഒരു കൊച്ചു സ്വർഗ്ഗം പണിതുയർത്തി ഞങ്ങൾ കഴിഞ്ഞു. അങ്ങിനെ ഏഴുനാളുകൾ ചിറകു വച്ച് പറന്നകന്നു. മനസ്സും, ശരീരവും ഒന്നായി സ്വർലോക ഗംഗയിൽ നീരാടിയ ഏഴുനാളുകൾ, എൻറ ജീവിത പുസ്തകത്തിന്‍റെ ഏടുകളിൽ പൊൻതൂവലാ ചേർത്തു വച്ചു.

ഇതിനിടയിൽ ഞങ്ങളുടെ വിവാഹത്തിന് നിയമസാധുത തേടുന്നതിനെക്കുറിച്ച് ഞങ്ങൾ മറന്നു. ഒടുവിൽ ഞങ്ങളുടെ മകളെ കാണാനില്ല എന്ന അച്‌ഛന്‍റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അന്വേഷണത്തിനൊടുവിൽ ഫഹദ്സാറിന്‍റെ വീട്ടിൽ എന്നെ കണ്ടെത്തി. അച്‌ഛന്‍റെ സുഹൃത്തായ ഡിസിപി മുഖാന്തിരം എന്നെ അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്ന് നിർബന്ധപൂർവ്വം പിടിച്ചിറക്കി.

“ഇങ്ങോട്ടിറങ്ങി വാടീ… അവൾ വന്നു താമസിക്കാൻ കണ്ടു പിടിച്ച ഇടം കൊള്ളാം. ഒരു മുസൽമാന്‍റെ വീട്ടിൽ…” അച്‌ഛൻ ശാസനയോടെ എന്നെ പിടിച്ച് വലിച്ച് കാറിനകത്തേയ്ക്കു തള്ളി. എന്നെ തട്ടിക്കൊണ്ടു വന്നതിന്‍റെ പേരിൽ കള്ളക്കേസ് ചമച്ച് ഫഹദ് സാറിനെ അറസ്റ്റു ചെയ്യാൻ തുനിഞ്ഞു. ഞങ്ങളുടെ വിവാഹത്തിന് നിയമസാധുതയില്ലാത്തത് അവരുടെ വാദത്തിന് ബലമേകി.

എന്നാൽ അപ്പോഴേയ്ക്കും എവിടെ നിന്നെന്നറിയാതെ കുറേപ്പേർ അവിടെ വന്നെത്തി. അവരിൽ മുസ്ലീങ്ങളും, ഹിന്ദുക്കളും ഉണ്ടായിരുന്നു.

“ഞമ്മടെ നാട്ടീവന്ന് പോലീസ് അതിക്രമം കാണിക്കുന്നോ? ഒരുത്തനെ ഇങ്ങനെ പിടിച്ചു കൊണ്ടു പോകാൻ ഇവൻ എന്തു കുറ്റാ ശെയ്തത്…” മുസ്ലീങ്ങൾ ആക്രോശിച്ചു.

ആ നാട്ടിലെ പ്രമാണിയായ ഒരു മുസ്ലീം അടുത്തെത്തി പോലീസിനോട് വിവരങ്ങൾ ആരാഞ്ഞു. അപ്പോഴാണ് ആ വീട്ടിൽ ഇത്ര ദിവസവും അനാഥയാണെന്ന ധാരണയിൽ കഴിഞ്ഞത് ഒരു ഹിന്ദു വധുവാണെന്ന് അവരറിഞ്ഞത്. ഞാൻ ഒരു മുസ്ലീമാണെന്ന ധാരണയിൽ അവർ മിണ്ടാതിരിക്കുകയായിരുന്നു. ഞാൻ അനാഥയാണെന്നും മാത്രമല്ല ഞങ്ങളടെ വിവാഹം ആ വീട്ടിൽ വച്ച് അടുത്തു തന്നെ ഉണ്ടാകും എന്നും ഉമ്മ കള്ളം പറഞ്ഞിരുന്നു. യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെ അവിടെ കൂടിയ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വാക്കേറ്റമായി.

ഒടുവിൽ അതിന് ഒരു ലഹളയുടെ സ്വഭാവം കൈവരുന്നത് ഞങ്ങൾ കണ്ടു. പലരും മാരകായുധങ്ങളുമായി വന്നെത്തി എതിരിടാൻ തുടങ്ങി. അവിടെയുണ്ടായിരുന്ന പോലീസ് ക്രമസമാധാനം പാലിക്കാൻ ആവുന്നത്ര ശ്രമിച്ചു. ജനങ്ങളിൽ കുറെപ്പേർ ഞങ്ങൾക്കനുകൂലമായിരുന്നു. അവർ ഫഹദ് സാറിനെ അറസ്റ്റ് ചെയ്‌തു കൊണ്ട് പോകുന്നതിനെയും എന്നെ പിടിച്ചു കൊണ്ടു പോകുന്നതിനെയും എതിർത്തു കാര്യം പന്തിയല്ലെന്നു കണ്ട് അച്‌ഛൻ വേഗം കാറിൽ കയറി.

ഡ്രൈവറോട് പറഞ്ഞ് എന്നെയും കൊണ്ട് അതിവേഗം കാറോടിച്ച് എറണാകുളത്തേയ്ക്ക് പോന്നു. ഞാൻ കരഞ്ഞു ബഹളം വച്ചു. കാറിൽ നിന്നും പുറത്തു ചാടാൻ നോക്കി, എന്നാൽ അച്‌ഛന്‍റെ കൈകൾ എന്നെ ബലമായി പിടിച്ചിരുന്നു. അങ്ങിനെ പണത്തിന്‍റെ ബലത്തിൽ പോലീസുകാരെ സ്വാധീനിച്ച് എന്നെ വീണ്ടെടുത്ത അചഛൻ, പുറം ലോകം കാണാനാവാത്തവിധം എന്നെ വീട്ടുതടങ്കലിലാക്കി.

“ഇനി ഈ വീടുവിട്ടിറങ്ങിയാൽ അന്നു നിന്‍റെ അവസാനമായിരിക്കും… ഞാൻ പറയുന്നതനുസരിക്കാൻ നിനക്ക് കഴിയുമോന്നറിയണമല്ലോ?” അന്ത്യശാസനം മുഴക്കി അച്‌ഛൻ നടന്നകന്നു. അങ്ങിനെ ദിനങ്ങൾ കണ്ണുനീർ പുഷ്പങ്ങളായി എന്‍റെ മുന്നിൽ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അച്‌ഛന്‍റെ ആജ്ഞയനുസരിച്ച് അമ്മ നൽകിയ ഒരു നേരത്തെ അൽപാഹാരം മാത്രമായി കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾ.

ആ ദിനങ്ങളിൽ, പഞ്ജരത്തിലെ കിളിയെപ്പോലെ ഞാൻ ശ്വാസം മുട്ടി പിടഞ്ഞു കൊണ്ടിരുന്നു.

മൊബൈൽ ഫോൺ പോയിട്ട്, ലാൻഡ് ഫോൺ പോലും വേണ്ടത്ര പ്രചാരത്തിലില്ലാത്ത ആ കാലത്ത് ഫഹദ് സാറിന്‍റെ വിവരങ്ങളറിയാതെ ഹൃദയം വീർപ്പുമുട്ടി. എനിക്ക് സ്നേഹത്തിന്‍റെ പാൽച്ചോറ് വിളമ്പിത്തന്ന് ഊട്ടിയുറക്കിയ ഫഹദ് സാറിന്‍റെ ഉമ്മയെ ഓർത്ത് മനസ്സ് വിലപിച്ചു. ഒടുവിൽ എന്‍റെ അനുജത്തിമാരുടെ കൈകളിൽ എന്‍റെ സുഹൃത്തുക്കൾ കൊടുത്തുവിട്ട കത്തുകളിലൂടെ ഞാനാ കദന കഥയറിഞ്ഞു. ഒരിക്കൽ ജയിൽ സന്ദർശന വേളയിൽ അദ്ദേഹത്തിൽ നിന്നും അവർ ആ കത്തുകൾ വാങ്ങി സൂക്ഷിക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ കൈപ്പടയിലെഴുതിയ കത്തുകൾ ഞാനാർത്തിയോടെ പൊട്ടിച്ചു വായിച്ചു.

അന്ന് ലഹളയുണ്ടാക്കിയ മറ്റു പലരോടൊപ്പം അറസ്റ്റിലായ ഫഹദ് സാറിനെ പോലീസുകാർ അടിച്ചവശനാക്കി മൃതപ്രായനാക്കി. ആ നാട്ടിൽ വർഗ്ഗീയ ലഹളയുണ്ടാക്കാൻ നേതൃത്വം നൽകി എന്ന കള്ളക്കേസു കൂടി അവർ അദ്ദേഹത്തിനെതിരെ ചമച്ചുണ്ടാക്കി. ഒടുവിൽ പോലീസ് മർദ്ദനത്തെത്തുടർന്ന് അവശനായ അദ്ദേഹമിപ്പോൾ ഹോസ്പിറ്റലിലാണെന്നും ഞാനാ കത്തിലൂടെ അറിഞ്ഞു.

(തുടരും)

ഇവർക്കുമില്ലേ ജീവിക്കാൻ അവകാശം…

അക്ക ഏനു തപ്പ് മില്തിജി… ബെയ്പ്പുണ്ട് ചികളെ… ബെയ്പ്പുണ്ട് ബഞ്ചി.” ചേച്ചി ഞാൻ തെറ്റ് ചെയ്‌തിട്ടില്ല എന്‍റെ നെഞ്ചും വയറും കത്തുന്നു. 14 വയസ്സുള്ള ആ പെൺകുട്ടി പൊട്ടിക്കരയുകയാണ്. തുളു ഭാഷയിൽ അവൾ നിർത്താതെ ഇങ്ങനെ പലതും പറഞ്ഞുകൊണ്ടിരിക്കുന്നു.

കാസർകോഡ് അറൂരിലെ അമ്മയും രണ്ടുപെൺമക്കളും മാത്രമുള്ള വീട്ടിലെ 14 വയസ്സുകാരിയാണ് ഇവൾ. ഈ പെൺകുട്ടി ബലാത്സംഗത്തിനിരയായതാണ്. അവൾക്കാകെയുള്ള രണ്ട് ജോടി ഡ്രസ്സ് പിഞ്ചിക്കീറിയപ്പോൾ തുന്നാൻ വേണ്ടി സൂചിയും നൂലും വാങ്ങാൻ പോയതാണ്. തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ അയൽവാസിയായ രവി എന്നയാൾ ഓട്ടോയുമായി വന്നു. അവളെ കയറ്റി വിജനമായ സ്‌ഥലത്ത് എത്തി ക്രൂരമായി ബലാത്സംഗം ചെയ്‌തു. അതിനു ശേഷം അവളുടെ ജീവിതം പഴയതിലും ദുരിതമയമായി. ശാരീരികവും മാനസികവുമായി ആ പെൺകുട്ടി തകർന്നു. അതിനിടയിൽ ഇത്ര ചെറു പ്രായത്തിലെ ഗർഭം ചുമക്കേണ്ടി വരികയും ചെയ്‌തു. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവളെ ആശുപത്രിയിൽ കൊണ്ടുപോകാനാണ് സാമൂഹ്യ പ്രവർത്തകയായ ധന്യാരാമൻ അവിടെ എത്തിയത്.

കാസർകോഡ് വനിതാ സി.ഐ ആണ് ധന്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. 14 വയസ്സുള്ള കുട്ടി ബലാത്സംഗത്തിനിരയായി. അടച്ചുറപ്പില്ലാത്ത വീട്ടിൽ അമ്മയും രണ്ട് പെൺകുഞ്ഞുങ്ങളും മാത്രമേയുള്ളൂ.

dalit and dalit problems

“കാസർകോഡ് അറൂരിലെ അവരുടെ വീട്ടിലെത്തുമ്പോൾ ആ പെൺകുട്ടി കിളിക്കുഞ്ഞിനെപ്പോലെ വിറയ്‌ക്കുകയായിരുന്നു. അവൾക്ക് മാനസികനില തെറ്റിയ പോലെയാണ് സംസാരിച്ചത്. ആത്മഹത്യ ചെയ്യാനുള്ള പ്രവണത ആ കുട്ടിക്കു ഉണ്ടെന്നു സംസാരത്തിൽ നിന്ന് മനസ്സിലായി. മൂന്ന് ദിവസം കൂടെ നിർത്തി സമാധാനിപ്പിച്ച് കരച്ചിൽ നിന്നശേഷം ജില്ലാ ആശുപത്രിയിലെത്തിച്ചു. ലേബർ റൂമിൽ പത്തോളം ഗർഭിണികൾ. അവരെ ചികിത്സിക്കുന്ന വനിതാ ഡോക്‌ടറെ കണ്ടപ്പോൾ അവർ വല്ലാത്ത രീതിയിലാണ് പെരുമാറിയത്. ബലാത്സംഗത്തെ തുടർന്ന് അഡ്മിറ്റ് ചെയ്യപ്പെട്ടതാണ് അവൾ നേരത്തെ. അന്ന് നീ എന്തിനാ പോയത് എന്നു ചോദിച്ച് ഡോക്‌ടർ ബഹളം വച്ചു. ഡോക്‌ടർ അറിവില്ലാതെ പറ്റിയതാണ്. ക്ഷമിക്കണം എന്നു പറഞ്ഞപ്പോൾ നിനക്ക് ഇതൊക്കെ അറിയാലോ… എന്ന് ദേഷ്യത്തോടെ അലറി. തകർന്ന മനസ്സും ശരീരവുമായി നിൽക്കുന്ന ആ കുട്ടിയോട് യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ഡോക്‌ടറുടെ പെരുമാറ്റം.

ഇതൊന്നും ബലാംത്സംഗം അല്ല, സ്വന്തം ഇഷ്‌ടപ്രകാരം പോകുന്നതല്ലേ എന്നാണവർ ചോദിച്ച് കുറ്റപ്പെടുത്തുന്നത്. “ഈ പെൺകുട്ടിയെ പോലെ നൂറു കണക്കിന് ദളിത്-ആദിവാസി പെൺകുട്ടികൾ ബലം പ്രയോഗിക്കപ്പെട്ടും അറിവില്ലായ്മ കൊണ്ടും ദാരിദ്യ്രം കൊണ്ടും കടുത്ത ചൂഷണത്തിന് ഇരയാവു ന്നുണ്ട്. ആദിവാസികൾക്ക് വനമേഖലയിൽ സർക്കാർ അനുവദിച്ച ഭൂമി പാട്ടത്തിനെടുക്കാനും മറ്റും പുറത്തു നിന്ന് വരുന്നവരാണ് അവിടത്തെ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവരിൽ ഏറിയ പങ്കും.

ഇങ്ങനെ പീഡിപ്പിക്കപ്പെട്ട് ഗർഭിണികളായി അവിവാഹിത അമ്മമാരായി ജീവിക്കേണ്ടി വരുന്ന പെൺകുട്ടികളെ വയനാട്, പാലക്കാട്, കാസർകോഡ്, തിരുവനന്തപുരം ജില്ലകളിലെ ട്രൈബൽ മേഖലകളിൽ കാണാം. വനം വകുപ്പ് ഉദ്യോഗസ്‌ഥർ, തൊഴിലാളികൾ, ടൂറിസ്‌റ്റുകൾ, പ്രാദേശിക നേതാക്കൾ ഇങ്ങനെ പലരും പ്രതിസ്‌ഥാനത്തുണ്ട്. പണവും സമ്മാനവും നൽകിയോ അതല്ലെങ്കിൽ ബലം പ്രയോഗിച്ചോ പെൺകുട്ടികളെ ഉപയോഗിച്ച് തള്ളുന്ന പ്രവണത. സർക്കാർ കണക്കുകൾ പ്രകാരം കേരളത്തിലെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ 50 ശതമാനവും ദളിത് പെൺകുട്ടികൾക്കു നേരെയാണ്. ആരും ചോദിക്കാനില്ലാത്ത വിഭാഗം, പുറമ്പോക്കിൽ കഴിയുന്നവർ, ദരിദ്രർ എന്നീ നിലകളിൽ അവർ അവജ്‌ഞയ്ക്കിരയാവുന്നു.

28 വയസ്സ് പ്രായമുള്ള എൽഎൽബി പഠിക്കുന്ന ജിഷ എന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു കൊന്ന വാർത്ത പോലും അഞ്ചു ദിവസം കഴിഞ്ഞാണ് പുറം ലോകം അറിയുന്നത്. അതും നഗരവുമായി അത്ര അകലെയൊന്നും അല്ലാത്ത ഒരു പ്രദേശത്ത് സ്വന്തം വീട്ടിൽ പട്ടാപ്പകൽ നടന്ന അതിക്രമം. അയൽപക്കത്തുള്ളവരെ പോലും ബാധിക്കാത്ത ഒരു സംഭവമായത് എന്തുകൊണ്ട് എന്ന ചോദ്യം ഉയർന്നത് സ്വാഭാവികമാണ്. ഈ പെൺകുട്ടി സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവളാണ്. ആദിവാസി മേഖലയിലെ സ്ത്രീകളുടെ നിസഹായാവസ്‌ഥയും ഏറെ വേദനാജനകമാണ്. അവരിൽ എല്ലാവരും തന്നെ ദുരിതങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും ചില മുഖങ്ങൾ കടുത്തനീറ്റൽ തരും.

 

dalit and dalit problems

മേപ്പാടി ചെമ്പൂത്ര കോളനിയിലെ 14 വയസ്സുള്ള കുട്ടിയുടെ കഥ അങ്ങനെയൊന്നാണ്. ഭാഗികമായ കാഴ്‌ചയുള്ള കുട്ടിയാണ് അവൾ. അച്‌ഛനമ്മമാർ ജോലിക്കു പോയ നേരത്ത് ബലാത്സംഗത്തിനിരയായി. അതോടെ മാനസികനില തകരാറിലായി. ഗർഭിണിയായതോ, പ്രസവിച്ചതോ തനിക്കൊരു കുഞ്ഞുണ്ടെന്നോ അറിയാതെ പീഡനത്തിന്‍റെ ഷോക്കിൽ കഴിയുകയായിരുന്നു. ട്രൈബൽ ഡിപ്പാർട്ട്‌മെന്‍റിന്‍റെ സഹായത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ചികിത്സ നൽകിയപ്പോൾ ചെറിയ മാറ്റം വന്നുവെന്നു മാത്രം. “ഞാൻ ഈ പെൺകുട്ടിയെ കാണാൻ ചെന്നപ്പോൾ മൺകുടിലിലെ ഭിത്തിയിൽ നെറ്റിയുരച്ച് ആകെ ചോര പൊടിഞ്ഞിരിക്കുകയായിരുന്നു. നെറ്റിയിൽ ഭസ്‌മം തേയ്‌ക്കുന്നതു പോലെ മൂന്ന് വിരലുകൾ നീളത്തിൽ വരച്ച് അവൾ എന്നെ നോക്കി ഒരു ചിരി ചിരിച്ചു. ആ ചിരി കുറേക്കാലം എന്‍റെ ഉറക്കം കെടുത്തിക്കളഞ്ഞു” ധന്യ പറയുന്നു.

വിതുരയിലെ ആലുമ്മൂടിൽ മറ്റൊരു പെൺകുട്ടിയുടെ കഥയും ഇതിലും ദയനീയമാണ്. അച്‌ഛനും അമ്മയും സഹോദരനും മരിച്ചതോടെ തനിച്ചായിപ്പോയ പെൺകുട്ടിയെ വനത്തിൽ തടിവെട്ടിനു വന്ന നാലുപേർ മാനഭംഗം ചെയ്‌തു. കാണി സമുദായത്തിൽ പെട്ട പെൺകുട്ടി ഗർഭിണിയായതോടെ അവൾക്ക് ഊരുവിലക്കായി. വനത്തിൽ ഒറ്റപ്പെട്ടുപോയ അവൾ തനിയെ മുളങ്കമ്പുകൾ നാട്ടി ഒരു കുടിലുണ്ടാക്കി അതിൽ ജീവിച്ചു. മറച്ചു കെട്ടില്ലാത്ത ആ കുടിലിന്‍റെ തറയിൽ കിടന്ന് അവൾ പ്രസവിച്ചു. കത്തിയെടുത്തു പൊക്കിൾക്കൊടി മുറിച്ച്, തൊട്ടടുത്തുള്ള തോട്ടിൽ പോയി കുഞ്ഞിനെ കഴുകി അവളും വൃത്തിയായി. കുഞ്ഞിനെ തറയിൽ കിടത്തിയിട്ട് വനത്തിൽ പോയി മുതുവാൻ കിഴങ്ങ് വെട്ടിക്കൊണ്ടുവന്ന് പുഴുങ്ങി കഴിച്ച് വിശപ്പടക്കി അവൾ. ഒരു പെൺകുട്ടിക്കും ഇത്രയും ഭീകരമായ അവസ്‌ഥ ഉണ്ടായിട്ടുണ്ടാവില്ല. ഈ പെൺകുട്ടിയെയും പിന്നീട് ധന്യ പോലീസ് സഹായത്തോടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ട്രൈബൽ ഡിപ്പാർട്ടുമെന്‍റിൽ നിന്ന് വീടും സ്വയം തൊഴിൽ വായ്‌പയും അനുവദിക്കുകയും ചെയ്‌തു.

ഇവരെപ്പോലെ നിരവധി അവിവാഹിത അമ്മമാരാണ് ആദിവാസി ഊരുകളിൽ കഴിയുന്നത്. ഈ കേസ് പുറംലോകം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് 2012 ൽ ഇവർക്ക് വേണ്ടി കേസ് രജിസ്റ്റർ ചെയ്‌ത് പെൻഷനും റേഷനും മറ്റും അനുവദിക്കാൻ സമ്മർദ്ദങ്ങളെ തുടർന്ന് സർക്കാർ തയ്യാറായപ്പോഴാണ്.

2015 ൽ  എൻസിആർബി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് പട്ടികജാതിക്കാരോട് 47064 അതിക്രമങ്ങൾ നടന്നിട്ടുണ്ട്. 2014 ൽ ഇന്ത്യയിൽ 2233 ദളിത് സ്ത്രീകൾ ബലാത്സംഗത്തിനിരയായിട്ടുണ്ട്. കേരളത്തിൽ 5756 ദളിത് പീഡനക്കേസുകൾ ഇതുവരെ രജിസ്‌റ്റർ ചെയ്യപ്പെട്ടു. ദളിതുകൾക്കെതിരെ അക്രമം നടക്കുന്ന കാര്യത്തിൽ ഹരിയാനയാണ് മുന്നിൽ.

“ദളിത് വിഭാഗത്തിലായതു കൊണ്ടു മാത്രം അവർക്കെതിരെയുള്ള കേസ് ദളിത് മുദ്രവൽക്കരിക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്ന് മുഖം തിരിക്കുന്നതിനു തുല്യമാകും. എല്ലാ സംഭവങ്ങൾക്കു നേരെയും ഇതേ മനോഭാവം വരുന്നതും നല്ലതല്ല. ജിഷ കൊലപാതകം നടക്കുന്ന കാലയളവിൽ തന്നെയാണ് വർക്കലയിൽ ഒരു നഴ്‌സിംഗ് വിദ്യാർത്ഥിനി കൂട്ടമാനഭംഗം ചെയ്യപ്പെട്ടത്. കാമുകനും സുഹൃത്തുക്കളും ചേർന്നായിരുന്നു പീഡനം. ഈ പെൺകുട്ടിയും ദളിത് ആയിരുന്നു എന്നത് അവഗണിക്കേണ്ട കാര്യമല്ല.” കൊല്ലം സ്വദേശിയും രാഷ്ട്രീയ പ്രവർത്തകനുമായ കെ. കെ സതീഷ് പറയുന്നു. 1989 ലെ പട്ടികജാതി വർഗ്ഗ പീഡന നിരോധനനിയമം നടപ്പിലായതിനു ശേഷവും ദളിതരോടുള്ള സമീപനത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

ദരിദ്രനെയും ദളിതനെയും മുഷിഞ്ഞ വേഷം ധരിക്കുന്നവനെയും അവജ്‌ഞയോടെ കാണുന്ന ശീലമാണ് പൊതുവേ കണ്ടുവരുന്നത്. സ്ത്രീകൾക്കു നേരെയുള്ള അക്രമത്തിന്‍റെ കാര്യം വരുമ്പോൾ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളവും മറ്റു സംസ്‌ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമല്ല. പെണ്ണിന്‍റെ അവകാശവും അഭിമാനവും ജലരേഖയായി മാറുന്ന കാഴ്ചകളാണ് ആൺമേൽക്കോയ്മയുള്ള സമൂഹത്തിൽ കണ്ടു വരുന്നത്. ഇക്കാര്യത്തിൽ ജാതിമതഭേദമില്ല.

ദളിത് പിന്നോക്ക വിഭാഗത്തിൽപെട്ട സ്ത്രീക്കു നേരെയാണ് അതിക്രമമെങ്കിൽ  അവർ അതിന് അർഹരാണെന്ന മനോഭാവം കൂടുന്നു. ഇതിനൊരു മാറ്റം ഇനി എന്നാണ് ഉണ്ടാവുക?

വേനലിൽ ചുണ്ടുകളുടെ സംരക്ഷണം

വേനലിലും ചുണ്ട് പൊട്ടുന്നതും വിണ്ട് കീറുന്നതും സാധാരണമാണ്. വീട്ടുവൈദ്യം കൊണ്ട് ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. എന്നാൽ ചുണ്ട് പൊട്ടുന്നത് എന്ത് കൊണ്ടാണെന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. വേനൽക്കാലത്തെ ചൂട് കാറ്റ് ഏൽക്കുന്നതിനാലാണ് ചുണ്ട് വിണ്ട് പൊട്ടുന്നതെന്ന് കോസ്മെറ്റിക്ക് ഇൻസ്റ്റിറ്റ്യൂട്ട് മുംബൈയിലെ കോസ്മെറ്റിക് സർജനായ ഡോ.മോഹൻ തോമസ് പറയുന്നത്. ഇതല്ലാതെ താഴെ പറയുന്ന മറ്റ് കാരണങ്ങൾ കൊണ്ടും വേനൽക്കാലത്ത് ചുണ്ട് പൊട്ടാം.

  • ചുണ്ട് വരളുന്നതിനാലും ഇടക്കിടയ്ക്ക് നനച്ചു കൊടുക്കുമ്പോൾ അത് പെട്ടെന്ന് ഡ്രൈയാവുകയും ചുണ്ടിന്‍റെ മുകളിലെ തൊലി പൊളിഞ്ഞു വരാൻ ഇടയാവുകയും ചെയ്യുന്നു. ഇത് മാറ്റുമ്പോൾ അതിനു താഴെയുള്ള തൊലിയും വരളാൻ തുടങ്ങും. ഈ പ്രക്രിയ തുടർന്നു കൊണ്ടിരിക്കും.
  • ചുണ്ടിൽ ഈർപ്പം നിലനിർത്തുന്ന ഗ്രന്ഥികൾ ഒന്നും തന്നെയില്ല. ചൂട് കാറ്റ് ഏറ്റ് ഡ്രൈനസ് ഉണ്ടാവുന്നതും വിണ്ട് പൊട്ടുന്നതും അതു കൊണ്ടാണ്. ശരീരത്തിലെ ഡിഹൈഡ്രേഷൻ കാരണമാണിത് സംഭവിക്കുന്നത്.
  • സൺസ്ക്രീൻ കൊണ്ട് ചുണ്ടുകൾ സംരക്ഷിച്ചില്ലെങ്കിലും വരണ്ട് പോകും.
  • വേനലിൽ പൊടി, അന്തരീക്ഷ മലിനീകരണം, ചൂട് കാറ്റ് എന്നിവ കാരണവും ചുണ്ട് പൊട്ടാം.
  • നിങ്ങൾ വായിലൂടെ ശ്വസിക്കുമ്പോൾ ചൂട് വായു മൂക്കിലൂടെ ചുണ്ടുകളിലേയ്‌ക്ക് വരുന്നു. ഇതു കാരണവും ലിപ് ക്രാക്ക് ഉണ്ടാവുന്നു.
  • ചില ടൂത്ത് പേസ്‌റ്റുകൾ ചുണ്ടിന്‍റെ ചർമ്മത്തിനു പറ്റാറില്ല. ഇതുകൊണ്ടും ചുണ്ട് പൊട്ടാം.
  • ചിലർക്ക് ജ്യൂസ്, സോസ്, പുളി രസമുള്ള ഫലം എന്നിവ കഴിക്കുമ്പോൾ ചുണ്ടിൽ അലർജി ഉണ്ടാവാം. ഇതും ചുണ്ട് പൊട്ടാനിടയാക്കും.
  • ചില മരുന്നുകൾ കഴിക്കുമ്പോഴും ചുണ്ട് ഡ്രൈയാവാം. മരുന്നു കഴിക്കുന്ന സമയത്ത് ധാരാളം വെള്ളം കുടിക്കണം. ജ്യൂസ് കഴിക്കുന്നതും നല്ലതാണ്.

“വേനലിൽ പുറത്തിറങ്ങി നടക്കുന്ന സ്ത്രീകൾക്ക് മാത്രമല്ല ചുണ്ട് വരണ്ട് പൊട്ടുന്നത്. വീട്ടിലിരിക്കുന്ന സ്ത്രീകൾക്കും ചൂട് കാറ്റും നിർജ്‌ജലീകരണവും കാരണം ചുണ്ട് പൊട്ടാറുണ്ട്. ചുണ്ടുകളുടെ ചർമ്മം വളരെയേറെ സംവേദനക്ഷമതയുള്ളതാണ്. ശരിയായ രീതിയിൽ ലുബ്രിക്കേറ്റ് ചെയ്‌തില്ലെങ്കിൽ ക്രാക്ക്സ് പ്രത്യക്ഷപ്പെടും.” കോസ്മെറ്റിക് സർജനായ ഡോ.ഡിസിൽവ പറയുന്നു.

വീട്ടുവൈദ്യം കൊണ്ട് പ്രശ്നം പരിഹരിക്കാം

  • വേനലിൽ ദ്രവ ഭക്ഷണം ആവശ്യമായ അളവിൽ കഴിക്കാം. ശരീരത്തിന് നിർജ്ജലീകരണം തടയാനിത് സഹായിക്കും. ചുണ്ട് പൊട്ടുന്നത് ഒഴിവാകും.
  • രാവിലെ ബ്രഷ് ചെയ്യുമ്പോൾ ചുണ്ടിൽ ഡ്രൈനെസ്സ് കാണുന്നുവെങ്കിൽ ബ്രഷ് കൊണ്ട് പതുക്കെ ചുണ്ടിൽ ഉരസാം. ഡെഡ് സ്കിൻ മാറും. എന്നിട്ട് ഉടനെ ലിപ് ബാം പുരട്ടുക.
  • രാത്രി ഉറങ്ങാൻ കിടക്കും മുമ്പേ ചുണ്ടിൽ വെളിച്ചെണ്ണ പുരട്ടുക. ചുണ്ടിൽ ഈർപ്പം നിലനിർത്താനിത് സഹായിക്കും.
  • മേക്കപ്പ് ചെയ്യുമ്പോൾ ലിപ്ഗ്ലോസ് ഉപയോഗിക്കരുത്. യുവി പ്രൊട്ടക്ഷൻ ഉള്ള ലിപ്ബാം പുരട്ടാം.
  • പുറത്ത് പോകാത്ത അവസരത്തിൽ ചുണ്ടിൽ വെണ്ണ ഇടയ്ക്കിടയ്ക്ക് പുരട്ടാം.
  • പോഷക ആഹാരങ്ങൾ കഴിക്കാൻ വളരെയധികം ശ്രദ്ധിക്കണം. വിറ്റാമിൻ സി, വിറ്റാമിൻ ഇ, പച്ചിലക്കറികൾ, പച്ചക്കറികൾ, വേനൽ പഴങ്ങൾ എന്നിവ ധാരാളം കഴിക്കുക.
  • തൈര്, മോര് വെള്ളം കഴിക്കാം.
  • ലസ്സി എത്ര കഴിക്കാൻ പറ്റുമോ അത്രയും അളവിൽ കഴിക്കാം. ചുണ്ടിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
  • പെൺകുട്ടികൾ സ്ലിം ട്രീം ആവുന്നതിന് വേണ്ടി ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കാറില്ല. ജങ്ക് ഫുഡിന്‍റെ ആരാധകരുമാണിവർ. അതിനാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാറില്ല. ഇതിന്‍റെ ലക്ഷണങ്ങൾ ആദ്യം ശരീരം പ്രകടിപ്പിക്കുന്നത് ചുണ്ടിൽ ആയിരിക്കും. പുകവലിയും മുറുക്കുന്നതും ചുണ്ടിന്‍റെ പ്രശ്നങ്ങൾ വഷളാക്കും.” ഡോ.അമിത് റാവു പറയുന്നു.
  • കുറച്ച് തേൻ, പഞ്ചസാര, ചെറുനാരങ്ങ നീര് മിക്‌സ് ചെയ്‌ത് ഫിഡ്ജിൽ വയ്ക്കുക. എന്നിട്ട് സമയം കിട്ടുമ്പോഴെല്ലാം ചുണ്ടിൽ തേച്ച് പിടിപ്പിക്കാം. വേനലിൽ ജോലിയെടുക്കുന്ന സ്ത്രീകൾ ഇത് എന്തായാലും ചെയ്യണം.
  • ചുണ്ട് വളരെയധികം പൊട്ടിയിട്ടുണ്ടെങ്കിൽ തക്കാളി നീരും നാടൻ നെയ്യും മിക്‌സ് ചെയ്‌ത് ചുണ്ടിൽ തേയ്‌ക്കാം. നെയ്യ്ക്ക് പകരം വെണ്ണയും ഉപയോഗിക്കാവുന്നതാണ്.

മായുന്ന നിഴലുകൾ

ഉരുളുന്ന രണ്ടു സ്ട്രെച്ചറുകൾ. ഒന്ന് അകത്തേക്കും ഒന്ന് പുറത്തേക്കും. ചെരിപ്പുരഞ്ഞു തേഞ്ഞ ആശുപത്രി വരാന്തകളിൽ ആളുകൾ തിങ്ങി നിറഞ്ഞു. കാറ്റും മഴയുമായി പ്രകൃതി കരഞ്ഞു തുടങ്ങി. ഉന്തിയ വയറുമായി ദേവികയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി. ആശുപത്രിയുടെ നീണ്ട വരാന്തയിലോരറ്റത്തു തൂണിൽ ചാരിയിരുന്നു സഹായിയായ ത്രേസ്യ ചേടത്തി കരയുന്നുണ്ട്. അവരുടെ പിറുപുറുക്കലുകൾ പ്രാർത്ഥനകളായി ഇടറി വീഴുന്നു.

“രണ്ടും രണ്ടാക്കി തരണേന്‍റെ വേളാങ്കണ്ണി മാതാവേ. ഒരമ്മയുടെയും കുഞ്ഞിന്‍റെയും വെള്ളി രൂപം ഞാൻ നേരുന്നുണ്ട്.” പുറത്തു മഴ ചൊരിഞ്ഞു വീഴുന്നു. ചരൽ വിരിച്ച മുറ്റം ചറപറാന്നു തേങ്ങി.

ദേവികയ്ക്ക് ബോധമില്ലായിരുന്നു. എങ്ങോട്ട് തിരിയണമെന്നറിയാതെ ദേവികയുടെ ഭർത്താവ് ഗിരീഷ് പതറി നിന്നു.

അകത്തു നിന്നും പുറത്തേക്ക് തള്ളി കൊണ്ടു വന്ന സ്ട്രെച്ചറിന് ചുറ്റും ഒരിരമ്പലോടെ കാത്തു നിന്ന ജനം ഓടി വന്നു പൊതിഞ്ഞു. അത് കണ്ടതോടെ ഗിരീഷിന്‍റെ ചങ്ക് തകർന്നു പോയി. ഹതാശനായി ഹൃദയം നുറുങ്ങി മകന്‍റെ ചേതനയറ്റ മുഖത്തേക്ക് അയാൾ നോക്കി. അവന്‍റെ അധരകോണുകളിൽ ഉറങ്ങിക്കിടക്കുന്ന ഒരു കുസൃതിച്ചിരി ഉള്ളിൽ തട്ടി പ്രതിഫലിക്കുന്നു. “അച്‌ഛാ… കൊച്ചു കള്ളാ…”

എന്‍റെ മോനേ… അഖിലേ…” നെഞ്ചത്ത് ആഞ്ഞു തല്ലി കൊണ്ട് അയാൾ നിന്നു. ഒരച്ഛന്‍റെ മനമുരുകിയുള്ള പൊട്ടിക്കരച്ചിൽ അൽപനേരം കൊണ്ട് അയാൾ ഒരു ഭ്രാന്തനെ പോലെയായി തീർന്നു.

“ഗിരീഷേ… എടാ ഗിരീഷേ…” സ്നേഹിതരെല്ലാം പേര് വിളിച്ച് കൊണ്ട് അയാൾക്ക് ചുറ്റും ഓടിക്കൂടി. ആശ്വാസ വചനങ്ങൾക്ക് അവിടെ പ്രസക്തിയില്ല. കണ്ണീരോടെ ഗിരീഷ് തലയുയർത്തി നോക്കിയപ്പോൾ ഡോ.ശാലിനി മാത്യു ഓപ്പറേഷന് തിയേറ്ററിലേക്ക് ഓടിപ്പോകുന്നത് കണ്ടു. ഡോക്ടർ അയാളെയും കണ്ടു. പക്ഷേ കണ്ടതായി ഭാവിച്ചില്ല.

ഇപ്പോൾ അയാളെ ആശ്വസിപ്പിക്കാൻ ആർക്കാവും? അയാളുടെ ഹൃദയത്തിലെ അഗ്നി കെടുത്തുവാൻ ദുർബലമായ വാക്കുകൾക്കാവില്ല. നഷ്ടപ്പെട്ടിരിക്കുന്നത് കുടുംബത്തിന്‍റെ അത്താണിയും പ്രതീക്ഷയുമായ മകനെയാണ്. അതും ആകസ്മികമായി.

ഡോക്ടർ ശാലിനിയുടെ മൊബൈൽ ശബ്ദിച്ചു. “ശാലിനി” ഭർത്താവ് എബ്രഹാം മാത്യുവാണ്.

“എബിച്ചായാ പറയൂ, ഞാൻ തിയേറ്ററിലേക്ക് കയറി കൊണ്ടിരിക്കുകയാണ്.”

“അവിടെ എന്തായി?” ആകുലതയോടെ ഡോക്ടർ തിരക്കി.

“സ്റ്റേഷനിലെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു. ബൈക്ക് സറണ്ടർ ചെയ്‌തു. വേറെ കുഴപ്പമൊന്നുമില്ല. ഇവിടെ ജീത്തുണ്ട് കൂടെ.”

“എന്തായിരുന്നു വാസ്തവത്തിൽ സംഭവിച്ചത്?”

“മൂന്നാർ പോയി തിരിച്ചിറങ്ങുമ്പോഴായിരുന്നു അപകടം. പിറകിലത്തെ ബൈക്കുകാരെ കാണാതെ ഇവർ അന്വേഷിച്ചു പോയതാ. അഖിലിന്‍റേത് പുത്തൻ ബൈക്കായിരുന്നു. സ്കിഡ് ചെയ്‌തതായിരുന്നു. ആരുടേയും കുറ്റം കൊണ്ടല്ലല്ലോ. സംഭവിക്കാനുള്ളത് സംഭവിച്ചു?

“ജിത്തു എവിടെ? എനിക്കു അവനോടു സംസാരിക്കാമോ?”

“വേണ്ട… ഞങ്ങളങ്ങ് വരുവാ. അവൻ വല്ലാതെ വിഷമിച്ചു ആകെ ബ്ലാങ്ക് ഔട്ട് ആയിരിക്കുകയാണ്. ദാ ഞങ്ങളിറങ്ങി.”

ഡോക്ടർ ശാലിനി ദീർഘശ്വാസം വലിച്ചു വിട്ടു. പിന്നെ പറഞ്ഞു.

“ങ്ഹാ ഇവിടെ ബോഡി പോസ്റ്റുമോട്ടം കഴിഞ്ഞു. ആംബുലൻസിലേക്ക് കയറ്റുന്നതിന് മുമ്പ് അച്‌ഛൻ ഗിരീഷിനെ അവർ കാണിച്ചു. അയാളാകെ തകർന്നിരിക്കുകയാണ്. നാട്ടിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും അഖിലിന്‍റെ കൂട്ടുകാരുമൊക്കെ ഓടിക്കൂടിയിട്ടുണ്ട്. ആർക്കും ഉൾക്കൊള്ളാനും വിശ്വസിക്കാനും കഴിഞ്ഞിട്ടില്ല.”

“അർച്ചന?”

“അവളിവിടെ ഉണ്ട്. കൂട്ടുകാർക്കിടയിൽ.”

“ജിത്തുവിന്‍റെ പപ്പയുണ്ടായിരുന്നു. കമ്മീഷണറുടെ മോനല്ലേ. സ്റ്റേഷനിൽ ജിത്തുവിന് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ജിത്തുവല്ല അഖിൽ തന്നെയാണ് ബൈക്ക് ഓടിച്ചത്. ആരോ എഴുതി ചേർത്തിരിക്കുന്നത് ജിത്തുവിന്‍റെ പേരാണ്. ജിത്തു മനഃപൂർവ്വം ഒന്നും ചെയ്‌തിട്ടില്ല.”

ഡോ.ശാലിനി അറിയാതെ ഞെട്ടി. തൊണ്ട വരണ്ടു.

“അഖിലിന്‍റെ അമ്മ?”

“അവർക്ക് ഇതുവരെ ബോധം വീണിട്ടില്ല. അഖിലിന് ആക്സിഡന്‍റായി  എന്നേ അവരെ ഗിരീഷ് അറിയിച്ചിട്ടുള്ളൂ. അതോടെ നിലത്തു വീണതാ.”

“ഓ മൈ…ഗോഡ്”

“ഇനീം ഉണ്ട് മൂന്ന് ആഴ്ചത്തെ ഗ്രോത്ത്. എന്നാലും ദേവികയെ സിസേറിയനു കയറ്റിയിരിക്കുന്നു. വളരെ റിസ്ക്കുണ്ട്. ഞാനാകെ ടെൻഷൻ കൊണ്ടിരിക്കുകയാണ്. ശ്വാസം മുട്ടലൊക്കെയുള്ള രോഗിയല്ലേ ദേവിക. ഡോ.ഷെർലി വർഗീസിനെ കൂടി വിളിപ്പിച്ചിട്ടുണ്ട്. കോംപ്ലിക്കേറ്റഡ് ആണ് എബിച്ചായാ. ചിലപ്പോൾ അമ്മ അല്ലെങ്കിൽ കുട്ടി ഒരാളെയെങ്കിലും രക്ഷിക്കാൻ കഴിയുമോന്നാ നോക്കുന്നത്.”

“ബീ കൂൾ ശാലിനി. വിഷമിക്കരുത്. ബീ കെയർഫുൾ. സമചിത്തതയാണ് ആവശ്യം.”

“അതേ… ഞാൻ മൊബൈൽ ഓഫ് ചെയ്യുവാ. സർജറി കഴിഞ്ഞു കാണാം.” ഗൗൺ ധരിച്ചു മാസ്ക് കെട്ടി തിയേറ്ററിനകത്ത് കയറുമ്പോൾ ഡോ.ശാലിനിയുടെ ഹൃദയം പ്രാർത്ഥനാഭരിതമായി.

രണ്ടു ജീവനാണ് മുന്നിൽ. അമ്മയും കുഞ്ഞും. രണ്ടും ജീവന്‍റെയും മരണത്തിന്‍റെയും ഇടക്കുള്ള ഒരു പോരാട്ടത്തിലാണ്. അദൃശ്യമായ ഒരു നിഴൽ അവർക്കിടയിൽ ഉണ്ടെന്ന് ശാലിനിക്ക് അപ്പോൾ തോന്നി. ഡോ.ശാലിനിക്ക് ഒന്നുറക്കെ കരയണമെന്ന് തോന്നി.

അവർ തനിക്കാരുമല്ല. പക്ഷേ വളരെ വേണ്ടപ്പെട്ട ഒരാളാണുതാനും. ശാലിനിയുടെ ഹൃദയം അങ്ങിനെ പറയുന്നു. ഗിരീഷും ദേവികയും ആദ്യായിട്ടു ഡോക്ടർ ശാലിനിയെ കാണാൻ വന്നതു ഒരു നാലഞ്ച് മാസം മുമ്പായിരുന്നു. ഗിരീഷ് അന്നും യൂണിഫോമിലായിരുന്നു. ഓട്ടോ ഡ്രൈവർ ആണെന്ന് പരിചയപ്പെടുത്തേണ്ടി വന്നില്ല. കൺസൾട്ടിംഗ് റൂമിൽ തലകുനിച്ചു വിളറി കുറ്റവാളിയെപ്പോലെ കൂനിപ്പിടിച്ചിരുന്നു ദേവിക.

“നിങ്ങൾ എന്തെങ്കിലുമൊന്നു പറയൂ. എന്തിനാണിങ്ങനെ ദുഃഖിക്കുന്നത്? ഇതിൽ ഒളിക്കാനും വ്യസനിക്കാനും ഒന്നുമില്ല. നിങ്ങൾ ചെറുപ്പമാണ്. ഭർത്താവും ചെറുപ്പം. ഗർഭം ധരിക്കും. പ്രസവിക്കും. എന്താണിതിൽ പ്രശ്നം.”

തിങ്കളാഴ്ച ദിവസമായതു കൊണ്ടു ഒപിയിൽ ഗർഭിണികളുടെ നല്ല തിരക്കാണ്. എല്ലാവരും ഡോക്ടറിനെ കാത്ത് അക്ഷമരായിരിക്കും. കാത്തിരിപ്പിന്‍റെ നിമിഷങ്ങൾ. ഡോക്ടർ ശാലിനി കുറച്ചു വർഷം കൊണ്ടു തന്നെ നല്ലൊരു ഗൈനക്കോളജിസ്‌റ്റ് എന്ന പേരെടുത്തു കഴിഞ്ഞു. നഗരത്തിൽ ഏറ്റവും തിരക്കുള്ള ഡോക്ടറാണവർ.

ദേവിക തലതിരിച്ചു ഗിരീഷിനെ നോക്കി. അയാളാകട്ടെ തനിക്കിതിലൊന്നും ഒരു പങ്കുമില്ലെന്ന മട്ടിൽ വാതിക്കൽ തന്നെ തൂങ്ങി നിൽക്കുകയാണ്.

“ഡോക്ടർ ഞങ്ങൾ വന്നത് എങ്ങനെയെങ്കിലും ഇതൊന്നു” ദേവികയുടെ കണ്ണുകൾ നിറഞ്ഞു. കവിളുകൾ നനഞ്ഞു. വാക്കുകൾ ചിതറി ചിലമ്പിച്ചു വീണു. ഡോക്ടർക്ക് കാര്യം മനസ്സിലായി.

“അസംബന്ധം പറയാതിരിക്കൂ. നിങ്ങൾക്കിപ്പോൾ മൂന്നുമാസം കഴിഞ്ഞു. ഈ സമയത്ത് ഗർഭം അലസിപ്പിക്കുക എന്നതു ഹൈലി റിസ്ക്കിയാണ്.”

ദേവിക ഒളിക്കാൻ സ്‌ഥലമില്ലാതെ ഇരുന്നു വിയർത്തു.

നിങ്ങൾക്ക് എത്ര വയസ്സായി. ഡോക്ടർ തിരക്കി.

“നാല്പ്പത്തി രണ്ട്” ദേവിക യാന്ത്രികമായി ചുണ്ടനക്കി. “ബെസ്റ്റ് ഒന്ന് പൊയ്ക്കേ. നഴ്സ് അടുത്ത പെഷ്യന്‍റിനെ വിളിക്കൂ.” ഡോ.ശാലിനിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.

അവർ ചീട്ടെടുത്തു മരുന്നുകൾ എഴുതി. വിറ്റാമിൻസ് ഗുളികകൾക്ക് പ്രീസ്ക്രിബ്ഷൻ വേറെയും. ചീട്ടു ദേവികയുടെ കൈയിൽ കൊടുത്തു സ്വരം താഴ്ത്തി പറഞ്ഞു.

“ഈ പ്രായത്തിൽ ഒരു അബോർഷൻ നടത്താൻ കഴിയില്ല ദേവികാ. നിങ്ങൾക്ക് ശ്വാസം മുട്ടലും ഉള്ളതല്ലേ. ബിപിയുടെ മരുന്നും കഴിക്കുന്നുണ്ട്. പിന്നെ അടുത്താഴ്ച ഒരു സ്കാൻ ഉണ്ട്.”

“അത്… അത്” ദേവിക മുഖം പൊത്തി ഏങ്ങലടിച്ചു കരഞ്ഞു.

“ടെൽ മീ ദേവിക. വാടീസ് യുവർ പ്രോബ്ലം. നിങ്ങൾ പറയൂ” ഡോക്ടർ ശാലിനി ദേവികയുടെ ഭർത്താവ് ഗിരീഷിനെ അടുത്തേക്ക് വിളിച്ചു. അയാൾ മടിച്ച് മടിച്ച് സംസാരിച്ചു തുടങ്ങി.

“ഡോക്ടർ ക്ഷമിക്കണം. ഇവൾക്ക് ശ്വാസം മുട്ടലും ബിപിയും ഒക്കെ ഈയിടെ കൂടുതലാ. അതിലുപരി ഇവളെ വിഷമിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്. എന്‍റെ മൂത്ത മകൻ അഖിലിന് പ്രായം ഇരുപത്തിയൊന്നായി. എഞ്ചിനീയറിംഗ് കഴിഞ്ഞു കാമ്പസ്സ് സെലക്ഷൻ കിട്ടി ജോലിയായിട്ടു രണ്ടു മാസമായി.”

അയാൾ വിളറി ചമ്മലോടെ പറഞ്ഞു. “അവനിതറിഞ്ഞിട്ടില്ല. അവന്‍റെ അമ്മ ഇനിയും പ്രസവിക്കാൻ പോകുന്നുവെന്നറിഞ്ഞാൽ അവന്‍റെ മനസ്സിലെന്താവും തോന്നുക. ആകെയൊരു വിമ്മിഷ്ടമാണ് ഡോക്ടറെ. നാണക്കേടായിയെന്നാ ഇവൾ പറയുന്നത്.” ഡോക്ടർ ഒരു നിമിഷം സ്തംഭിച്ചിരുന്നു. പിന്നീടവർ ചിരിക്കാൻ തുടങ്ങി.

“ഇതാണോ ഇത്ര വലിയ കാര്യം?”

“മകന്‍റെ പേരെന്താ?”

“അഖിൽ ദേവ്, എഞ്ചിനീയറാ. ഡോക്ടറുടെ മകൾ അർച്ചനയുടെ ക്ലാസ്മേറ്റാണവൻ.”

“ഓ… അഖിലോ, അർച്ചനയുടെ ഫ്രണ്ട്. ഇപ്പം മനസ്സിലായി. അഖിലിനെ എനിക്കറിയാം. കാര്യങ്ങളെല്ലാം ഞാൻ അവനോടു പറഞ്ഞോളാം. നിങ്ങൾ ചെല്ല്.”

ഡോക്ടർ അടുത്ത പേഷ്യന്‍റിനെ പരിശോധിച്ചു തുടങ്ങി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. ഉറക്കാത്ത കാലുകളോടെ ദേവിക പുറത്തേക്ക് നടന്നു. പിറകെ ഗിരീഷും. ദേവികയുടെ മുഖത്ത് നോക്കാനുള്ള ധൈര്യം അയാൾക്ക് കീട്ടിയില്ല. മുറിക്ക് പുറത്തു കാത്തു നിന്നിരുന്ന ത്രേസ്യച്ചേടത്തി ചട്ടക്ക് കുറുകെയിട്ടിരുന്ന കവിണിയെടുത്ത് നന്നായി ഒന്നൂടെ കുടഞ്ഞുടുത്തു അവരുടെ പിറകെ ഓടിച്ചെന്നു. ഗിരീഷ് ഓട്ടോയെടുതോണ്ടു വന്നു.

ദേവികയും ത്രേസ്യച്ചേടത്തിയും അതിൽ കയറി.

“ദേവികക്കുഞ്ഞേന്തിനാ കരയുന്നത്?”

“ഇതെന്താ കുഞ്ഞേ, വെള്ളരിക്കപ്പട്ടണമാണോ?” ഇക്കാലത്ത് ഇങ്ങനെയുണ്ടോ, ചേടത്തി എല്ലാവരും അറിഞ്ഞാൽ നാണക്കേടായി.” ദേവിക പതം പറഞ്ഞു കരഞ്ഞു.

കുഞ്ഞെന്തു വർത്തമാനമാ പറയുന്നത്. എന്‍റെ അമ്മ പത്താമത്തെ പെറ്റ് കിടക്കുമ്പോൾ എന്‍റെ മോൻ രണ്ടു വയസ്സാ പ്രായം.”

“അത് അന്നത്തെ കാലത്ത്”.

“ദേവിക എങ്ങിയേങ്ങി കരഞ്ഞു. എനിക്ക് മരിച്ചാൽ മതിയായിരുന്നു.”

“ഗിരീഷ് വണ്ടി ചവിട്ടി നിർത്തി. നീ ആധി പിടിച്ചു മോങ്ങി കൊണ്ടിരുന്നു വല്ലതും വരുത്തി വച്ചാലുണ്ടല്ലോ. ഡോക്ടർ പറഞ്ഞില്ലേ റിസ്ക്കിയാണെന്ന്.”

“ങ്ഹാ ഡോ. ശാലിനി സമ്മതിച്ചില്ലേല് പിന്നെ ടൗണിലെ വേറെ ഡോക്ടർമാർ ആരും സമ്മതിക്കില്ല. കൊച്ചു വിഷമിക്കാതെ ഇനിയിപ്പോ കുറിച്ചു തന്ന മരുന്നൊക്കെ കഴിച്ചു ആരോഗ്യമൊക്കെ നന്നാക്കാൻ നോക്ക്.” ത്രേസ്യാച്ചേടത്തി ആശ്വസിപ്പിച്ചു.

റെസ്റ്റാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. “ഗിരീഷ് അസ്വസ്ഥനായി. അയാൾ ദേവികയുടെ മുഖത്ത് തന്നെ നോക്കിയിരുന്നു. സങ്കടത്തോടെ പറഞ്ഞു. “ഇവളിങ്ങനെ കരഞ്ഞു കൊണ്ട് ഓരോന്ന് പറഞ്ഞു എന്നെയും പ്രാന്തനാക്കും.”

“ഗിരീഷേ… നിങ്ങളിതൊന്നും കേൾക്കണ്ട. മുന്നോട്ട് നോക്കി വണ്ടിയോടിക്ക്. നാലുമാസമായില്ലേ ഇനി ഒരു അഞ്ചുമാസം പെട്ടെന്നു തീരും.” ത്രേസ്യച്ചേടത്തി വഴക്കു പറഞ്ഞു തുടങ്ങി.

ദേവിക മൗനത്തിൽ സ്വയം മുങ്ങി. ട്രാഫിക് ജാമിൽ പെട്ട് ഓട്ടോയിൽ കുലുങ്ങിക്കുലുങ്ങി ഒരുവിധം വീട്ടിലെത്തി.

അവരെ രണ്ടുപേരെയും വീടിന്‍റെ ഗേറ്റിന് മുന്നിലിറക്കി ഗിരീഷ് പോയി. “മരുന്ന് വാങ്ങിക്കണം” അയാൾ പറഞ്ഞു.

“അമ്മേ?” അഖിൽ അകത്തു നിന്നും ഇറങ്ങി വന്നു. എന്താ മുഖമൊക്കെ ചുവന്നു വിങ്ങിയിരിക്കുന്നത്. അമ്മ കരഞ്ഞോ? അവൻ ദേവികയെ പിടിച്ചു നിർത്തി.

“നീയെന്താ ഈ സമയത്ത്” ദേവിക അമ്പരന്നു.

“അമ്മ ഞാൻ ചോദിച്ചതിനു മറുപടി പറയൂ” അഖിൽ വിടാൻ ഭാവമില്ല. ദേവിക അവന്‍റെ ചോദ്യങ്ങൾ കേൾക്കാത്ത പോലെ വേഗം മുറിക്കുള്ളിലേക്ക് പോയി. സാരി മാറി നൈറ്റിയുടുത്ത് അടുക്കളയിലേക്ക് കയറി.

“അച്‌ഛനെന്താ അകത്തേക്ക് കയറി ഊണു കഴിക്കാതെ പോയത്?”

“അച്‌ഛൻ മരുന്ന് വാങ്ങിക്കാൻ പോയതാ” ത്രേസ്യാച്ചേടത്തി തേങ്ങ തിരുമ്മാൻ ഇരിക്കുന്നതിനിടെ അറിയിച്ചു.

ദേവിക ഭക്ഷണമെടുത്ത് മേശപ്പുറത്ത് വിളമ്പി വച്ചു. മകനിഷ്ടമുള്ളതൊക്കെ തന്നെ. മോരു കാച്ചിയത്, കൊഞ്ച് ഉലർത്തിയത്, ചീര തോരൻ.

“നിനക്കു ഭക്ഷണമെടുത്ത് കഴിക്കായിരുന്നില്ലേ. മണി രണ്ടരയായല്ലോ.”

“അമ്മേ ഇന്നെനിക്ക് ഓഫായിരുന്നു. ഊണു അമ്മ വന്നിട്ട് കഴിക്കാം എന്നു കരുതി.” അഖിൽ ഊണു കഴിക്കുന്നതിനിടെ പെട്ടെന്നു തിരക്കി.

“ഡോക്ടർ ശാലിനിയെയാണ് കാണുന്നത് അല്ലേ അമ്മേ? അഖിലിന്‍റെ മുഖത്ത് കുസൃതി… അവൻ വീണ്ടും തിരക്കി.

“ശാലിനി ഡോക്ടർ എന്തു പറഞ്ഞു. ഞാൻ പറഞ്ഞിട്ടില്ലേ അമ്മേ അവരുടെ മകൾ എന്‍റെ ക്ലാസ്സിലുണ്ടായിരുന്നു.”

“എനിക്കറിയാം”

ദേവികയുടെ മുഖം തുടുത്തു. നസികാഗ്രാം ഒന്നു കൂടി ചുവന്നു. ദേവിക ഒരാശ്രയത്തിനായി ത്രേസ്യച്ചേടത്തിയെ നോക്കി. അവരാകട്ടെ ഒന്നും കേൾക്കാത്തത് പോലെ കുനിഞ്ഞിരുന്നു തേങ്ങ ചിരവി. അവരുടെ വലിയ മെക്കാമോതിരങ്ങൾ ഒരേ താളത്തിൽ ആടിക്കൊണ്ടിരുന്നു. ദേവിക എഴുന്നേറ്റ് മുറിയിലേക്ക് പൊയ്ക്കളഞ്ഞു. അവൾ ബെഡിലിരുന്നു മുഖം പൊത്തി കരഞ്ഞു.

കുറച്ചു കഴിഞ്ഞു അഖിൽ മുറിയിലേക്ക് കയറി വന്നു. അവൻ അമ്മയോട് ചേർന്നിരുന്നു.

“അച്‌ഛനും അമ്മയും എന്നെ ഒളിച്ചതൊക്കെ മതി. ഡോ. ശാലിനി എന്നെ വിളിച്ചിരുന്നു.” ദേവിക നടുങ്ങിപ്പോയി. ശ്വാസം പിടിച്ചു കെട്ടിയത് പോലെ ദേവിക ഒരാന്തലോടെ മകനെ നോക്കി.

“അമ്മേ ഒരു കുഞ്ഞനിയനോ കുഞ്ഞനിയത്തിയോ ഇല്ലല്ലോ എന്നോർത്തു ഒത്തിരിനാൾ വേദനിച്ചിട്ടുണ്ട്. ഞാൻ കുട്ടിക്കാലത്തെ ഒറ്റക്കുട്ടിയുടെ ഏകാന്തത എത്ര അസഹ്യമായിരുന്നു എന്നറിയാമോ? ഈശ്വരൻ തന്നതാ ഈ ഭാഗ്യം അമ്മേ, അമ്മയിനി കരയരുത്. അച്‌ഛനെ കുറ്റപ്പെടുത്തരുത്. ഏണിക്ക് വാ. എനിക്ക് സന്തോഷമേയുള്ളൂ.”

ഊണു മുറിയിൽ മുരടനക്കം. അച്‌ഛൻ തിരിച്ചു എത്തിയിരിക്കുന്നു. അഖിൽ പറഞ്ഞതെല്ലാം അച്‌ഛൻ കേട്ടിരിക്കുന്നു.

“ദേ കൊച്ചു കള്ളൻ എത്തിയിട്ടുണ്ട്” ദേവിക ചിരിച്ചു പോയി.

“അമ്മയ്ക്ക് റെസ്റ്റാണ് ഇനിയുള്ള മാസങ്ങൾ. ത്രേസ്യച്ചേടത്തി ഉള്ളതു കൊണ്ടു അമ്മയിനി ഒന്നും ചെയ്യണ്ട.” അഖിൽ കരുതലോടെ പറഞ്ഞു. അത് കേട്ട് ഗിരീഷിന്‍റെ മനസ്സും ഒന്ന് തണുത്തു.

“ഇനി ഓട്ടോയിലെന്നും കയറല്ലേ കേട്ടോ” അഖിൽ പറഞ്ഞു.

അടുത്ത പ്രാവശ്യം ചെക്കപ്പിന് വന്നപ്പോൾ ദേവിക വളരെ സന്തോഷവതിയായിരുന്നു. ദേവിക അഖിലിനെക്കുറിച്ച് വളരെ സംസാരിച്ചു. ഡോ.ശാലിനി ചിരിച്ചു കൊണ്ടു അവളെ കേട്ടു. അവന്‍റെ കുസൃതികൾ കൂട്ടുകാർ.

“ഡോക്ടറിന് അഖിലിനെ നേരത്തെ, ഞാൻ പറയുന്നതിന് മുമ്പെ അറിയാമായിരുന്നു അല്ലേ.”

“ങ്ഹും പക്ഷേ അഖിൽ ദേവികയുടെ മകനാണെന്ന് അപ്പോഴാ അറിഞ്ഞത്.”

“എഞ്ചിനീയറിംഗിന് അഖിലിനൊപ്പം ആയിരുന്നല്ലോ എന്‍റെ മകൾ.”

“അതേ അർച്ചന, അർച്ചന മാത്യുവെന്നല്ലേ ആ കുട്ടിയുടെ പേര്. ആ കുട്ടിയെക്കുറിച്ച് അവൻ എപ്പോഴും പറയാറുണ്ട്” ദേവിക അറിയിച്ചു.

“അതേ എന്‍റെ ഏക മകളാണ്” ഡോക്ടർ പറഞ്ഞു.

“അഖിലിന്‍റെ അച്ഛൻ സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവറാണ്. പക്ഷേ മോന്‍റെ കൂട്ടുകാരൊക്കെ വലിയ വലിയ അച്‌ഛനമ്മമാരുടെ മക്കളാണ്. ഡോക്ടറിന്‍റെ മക്കൾ ജഡ്ജിയുടെ മക്കൾ. കമ്മീഷണറുടെ മകൻ അങ്ങിനെ എല്ലാവരും ഉണ്ട്. മിക്കവരും വീട്ടിൽ വന്നിട്ടുണ്ട്. അഖിലിനോടു എല്ലാവർക്കും വലിയ മതിപ്പും സ്നേഹവും ആണ്” ദേവിക അഭിമാനത്തോടെ പറഞ്ഞു.

ഡോ.ശാലിനി ചിരിച്ചെന്നു വരുത്തി. ഡോ. ശാലിനിക്കറിയാം. അർച്ചനയ്ക്കു അഖിലിനേക്കുറിച്ച് ആയിരം നാവാണ്. അവർ തമ്മിൽ ഇഷ്ടമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

പക്ഷേ അർച്ചനയ്ക്കും ജിത്തുവിനും യുഎസ്എയിലേക്കുള്ള വിസ റെഡിയായി കഴിഞ്ഞു. അവരെ ഒന്നിച്ചു ചേർക്കണമെന്ന് രണ്ടുപേരുടെയും വീട്ടുകാർ തീരുമാനിച്ചു കഴിഞ്ഞു. ഡോക്ടർ അത് ദേവികയോട് പറഞ്ഞില്ല. കൂടുതൽ അടുപ്പം ഡോക്ടർ ആഗ്രഹിച്ചില്ല.

“ശാലിനി”

ഡോ.ഷെർലി വർഗീസ് റെഡിയായി വന്നു കഴിഞ്ഞു. ഓപ്പറേഷൻ ടേബിളിലേക്ക് എടുത്തു കിടത്തുന്നതിന് മുമ്പ് ദേവികയ്ക്ക് ബോധം വന്നുവോ? ഒരു നിമിഷം ദേവിക കണ്ണുതുറന്നു പരതി നോക്കുന്നു.

വെള്ളയുടുപ്പുടുത്ത് ധാരാളം മാലാഖമാർ ചുറ്റും ഉണ്ട്. എല്ലാവരും മുഖം മറച്ചിരിക്കുന്നു. ആ വാതിൽക്കൽ വന്നു ചിരിച്ചു നിൽക്കുന്നത് ആരാണ്. അഖിലല്ലേ. അതേ അഖിലിനെ പോലെ ഉണ്ട്. അവൻ ചിരിച്ചു കൈയുയർത്തി വിരൽ പൊക്കി കാണിക്കുന്നുണ്ട്. മോനേ അഖിലേ…

നീയിവിടെ? മൂന്നാർ ടൂറു പോകുന്നുവെന്ന് പറഞ്ഞല്ലോ? അവന്‍റെ പുതിയ ബൈക്കിൽ. കൂടെ മാധവും അജിത്തും ജിത്തും ഉണ്ണിയുമൊക്കെ ഉണ്ടത്രേ. അവൻ എപ്പോ എത്തി? താനെവിടെയാണ്. വല്ലാതെ ശ്വാസം മുട്ടുന്നുണ്ടല്ലോ?

ഡോ.ശാലിനി ദേവികയുടെ എളിയിലായി ഒരു ഇഞ്ചെക്ഷൻ കൊടുത്തു.

അനേകം കുഴലുകളിലേക്ക് അവളെ ബന്ധിച്ചു. ശരീരത്തിൽ ഒരു തരുതരിപ്പുണ്ട്. നിഴലുകളെല്ലാം മാഞ്ഞു പോകുന്നു.ഈശ്വരന്‍റെ കൈവിരൽ തുമ്പിനായി കൈനീട്ടി ബോധത്തിനും അബോധത്തിനും ഇടയിൽ ദേവിക ഉറങ്ങി. അകലങ്ങളിൽ ഏതോ താഴ്വരയിൽ ഒരു കുഞ്ഞ് കരച്ചിൽ.

സിസേറിയൻ വേഗം കഴിഞ്ഞു. ആൺകുഞ്ഞ്, ഡോക്ടർ ശാലിനി കുഞ്ഞുമായി പുറത്തേക്ക് വന്നു. ത്രേസ്യാച്ചേടത്തി ഓടിവന്നു കുഞ്ഞിനെ വാങ്ങി.

വരാന്തയിൽ ആരവം തോർന്ന നിശബ്ദത പടർന്നൂ. ഗിരീഷിന്‍റെ നനഞ്ഞ മിഴികൾ ഇടറി വിടർന്നു. അയാൾ കുഞ്ഞിനെ ഒന്നു നോക്കി.

ദേവിക വേണ്ടയെന്ന് ആഗ്രഹിച്ച കുഞ്ഞ്. പുറപ്പെടാനായി നിന്നിരുന്ന ആംബുലൻസിനടുത്ത് അഖിലിന്‍റെ കൂട്ടുകാർ കണ്ണീർ വാർത്തു നിന്നിരുന്നു.

ആ കൂട്ടത്തിൽ നിന്നു അർച്ചന മാത്യു ഓടി വന്നു. ചോര കുഞ്ഞിന്‍റെ മൃദുവാർന്ന കാൽപ്പാദങ്ങളിൽ അവൾ ഒന്ന് തൊട്ടു.

“എടീ അർച്ചനെ എന്‍റെ വീട്ടിൽ വരുമ്പോൾ വാവയ്ക്കുള്ള കളിപ്പാട്ടം മറക്കരുതുട്ടോ.” അഖിലിന്‍റെ സ്നേഹമസൃണമായ കുസൃതി ശബ്ദം ഉള്ളുരുക്കി. അവളുടെ വിരലുകളും ഹൃദയവും വിറ കൊണ്ടു.

വരണ്ട കണ്ണുകളോടെ ഗിരീഷ് ഒരു വാക്ക് മാത്രം ഡോക്ടറിനോട് ഉച്ചരിച്ചു.

“ദേവിക”

“ശ്വാസ തടസ്സം ഉണ്ടായതു കൊണ്ട് വെന്‍റിലേറ്ററിലാണ്. ഇപ്പോൾ വേറെ കുഴപ്പമൊന്നുമില്ല.”

“ദേവികയെ ഡോക്ടർ തന്നെ വിവരം അറിയിക്കണം.” കരഞ്ഞു കൊണ്ട് ഗിരീഷ് പറഞ്ഞു.

“ഞാൻ ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങുകയാണ്. അവിടെ ബന്ധുക്കളും നാട്ടുകാരും കാത്തുനിൽക്കുകയാണ്. ഇന്ന് തന്നെ ക്രിമിനേഷൻ നടത്തണം.”

“ദേവികയെ ഈ അവസ്‌ഥയിൽ മോനേ കാണിക്കാൻ പറ്റില്ലല്ലോ” ഡോ.ശാലിനി പറഞ്ഞു.

ഗിരീഷ് മറുപടി പറഞ്ഞില്ല.

കുഞ്ഞുമായി ഡോക്ടർ അകത്തേക്ക് തന്നെ മടങ്ങി. കൈക്കൂപ്പി തേങ്ങലോടെ ഗിരീഷ് വരാന്തയിലേക്കൂർന്നിരുന്നു.

പുറത്തു മഴ പെയ്തു തുടങ്ങി. വീണ്ടും അതിശക്തമായി. മഴയ്ക്കപ്പുറത്തേക്ക് നനഞ്ഞു നനഞ്ഞു അർച്ചന മാത്യു നടന്നു പോയി. കോടമഞ്ഞിലേക്ക് മാഞ്ഞു അലിഞ്ഞു പോകുന്ന നിഴൽ രൂപം പോലെ.

പപ്പയ്ക്കൊപ്പം കാറിൽ വന്നിറങ്ങിയ ജിത്തുവിനെ അവൾ ശ്രദ്ധിച്ചതെയില്ല.

ആരോഗ്യം തരുന്ന ജീവിതശൈലി

ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്‌ഥയാണ് 28 കാരിയായ കാവ്യ. അവിവാഹിതയാണ്. ലോക്ക്ഡൗൺ ആയതോടെ കാവ്യയുടെ കമ്പനി വർക്ക് ഫ്രം ഹോം വ്യവസ്ഥയിലേക്ക് മാറി. 2-3 മാസങ്ങൾ പിന്നിടുന്നതോടെ കാര്യങ്ങളൊക്കെ പഴയ അവസ്‌ഥയിലേക്ക് ആകുമെന്ന് എല്ലാവരേയും പോലെ കാവ്യയും പ്രതീക്ഷിച്ചു. പക്ഷേ കൊറോണ വ്യാപനം ഗുരുതരമായതോടെ സ്‌ഥിതി സാധാരണ നിലയിലെത്തുന്നതിന് പകരം വഷളായി മാറുകയാണ് ഉണ്ടായത്. അങ്ങനെ കാവ്യയും വർഷാവസാനം വരെ വർക്ക് ഫ്രം ഹോം രീതിയിൽ ജോലിത്തുടർന്നു.

തുടക്കത്തിൽ വീട്ടിലിരുന്നുള്ള ജോലി കാവ്യ ഏറെ ആസ്വദിച്ചിരുന്നു. ആക്ടീവുമായിരുന്നു. രാവിലെ 6 മണിക്ക് എഴുന്നേറ്റ് പ്രഭാത സവാരിക്ക് പോകുമായിരുന്നു. പ്രഭാത സവാരിയ്ക്ക് പോകാത്ത ദിവസങ്ങളിൽ വീട്ടിൽ അരമണിക്കൂർ നേരം വ്യായാമം ചെയ്യും. ഒപ്പം ഭക്ഷണ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തി. എന്നാൽ സമയം കടന്നു പോയതോടെ അനന്തമായി നീണ്ട വീട്ടിലെ വാസം കാവ്യയെ അൽപ്പം മടിച്ചിയാക്കി. ഓഫീസിൽ പോകാത്തതിനാൽ ഉറക്കം രാവിലെ 8-9 മണി വരെ നീണ്ടു. പ്രഭാത സവാരി ഏറെക്കുറെ നിന്നു. ഓഫീസ് ആക്ടീവാകുന്നതിനനുസരിച്ച് 10 മണിക്ക് തന്നെ കാവ്യ ലാപ്ടോപ്പിൽ ജോലിയാരംഭിക്കും. ഇതിനിടയിൽ ഔദ്യോഗിക കോളുകളും അറ്റൻഡ് ചെയ്യണം.

എണ്ണയിൽ വറുത്തു പൊരിച്ചതും റെഡിമെയ്ഡുമായ ഭക്ഷണങ്ങൾ കഴിക്കാൻ താൽപര്യമേറി. സമയനിഷ്ഠയില്ലാതെയായി. അതിനാൽ അനവസരത്തിൽ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്നതും പതിവായി. മുമ്പ് 9 മണിയോടെ ഡിന്നർ കഴിച്ച് 11 മണിക്ക് ഉറക്കം പിടിച്ചിരുന്ന കാവ്യയ്ക്ക് ഡിന്നറിന് സമയമില്ലാതെയായി. അതുപോലെ ഉറക്കവും നീണ്ടു. രാത്രി ഏറെ വൈകുവോളം വെബ്സീരിസുകൾ കണ്ട് ഉറക്കത്തെ അകറ്റി. അതോടെ രാവിലെ വൈകി എഴുന്നേൽക്കുന്നത് പതിവായി. ഈയൊരു ജീവിതചര്യ അധികം താമസിയാതെ ദഹന സംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്ന് പറയാം. എന്തെങ്കിലും അധ്വാനമുള്ള ജോലി ചെയ്‌താൽ ഉടൻ തളർച്ചയനുഭവപ്പെടുന്നത് പതിവായി.

ഒരു ദിവസം രാത്രി കാവ്യയ്ക്ക് കഠിനമായ വയറുവേദന ഉണ്ടായി. വേദന ക്രമാതീതമായി വർദ്ധിച്ചു. എങ്ങനെയൊക്കെയോ രാത്രി കഴിച്ചു കൂട്ടി പിറ്റേന്ന് ഡോക്ടറെ പോയി കണ്ടു. പരിശോധനയിൽ അപ്പെൻഡൈറ്റിസ് ആണെന്ന് കണ്ടെത്തി. പക്ഷേ രോഗം ആരംഭ ദശയിലാണ്. അതിനാൽ സർജറി കഴിഞ്ഞ് പെട്ടെന്ന് തന്നെ കാവ്യ സുഖം പ്രാപിച്ചു.

പക്ഷേ ഇത് എങ്ങനെ ഉണ്ടായി? കാവ്യയുടെ ചോദ്യത്തിന് ഡോക്ടർ നൽകിയ മറുപടി ഇതായിരുന്നു. തെറ്റായ ഭക്ഷണശീലമാണ് ഈ രോഗത്തിലേക്ക് നയിച്ചതെന്നായിരുന്നു. കാവ്യ കഴിഞ്ഞ കുറേ നാളുകളായി ഭക്ഷണ കാര്യത്തിലും ആരോഗ്യ കാര്യത്തിലും വലിയ അലംഭാവം പുലർത്തിയിരുന്നു. ചില രോഗങ്ങളാകട്ടെ സ്വാഭാവികമായും നമ്മളിൽ ഉണ്ടാകും. മറ്റ് ചിലവയെ നമ്മൾ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്. ഇവിടെ പ്രതിപാദിച്ച കാവ്യയുടെ അനുഭവം തന്നെ അതിന് ഉദാഹരണമാണ്. ഹെൽത്തി ലൈഫ് സ്റ്റൈൽ വേണമെന്ന് ആഗ്രഹിക്കുന്നവർക്കാകട്ടെ അതെങ്ങനെ എവിടെ നിന്ന് തുടങ്ങണമെന്ന ആശങ്കയായിരിക്കും. അതിനായി ചുവടെ കൊടുത്തിരിക്കുന്ന രീതികൾ ഫോളോ ചെയ്യുക.

എക്സർസൈസ് / നടപ്പ്

ഇത്തിരി തണുപ്പ് കാലമായാലും ചൂട് കാലമായാലും ശരി പുറത്തു പോയി വർക്കൗട്ട് ചെയ്യുന്നതും നടക്കുന്നതും ഫിറ്റായിരിക്കാനുള്ള മികച്ച രീതികളാണ്. തണുപ്പ് പ്രദേശത്തുള്ളവർക്ക് ഔട്ട്ഡോർ വർക്കൗട്ട് സാധിക്കാത്തതിനാൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഡാൻസ്, സുംബ, ഹിപ്പ് ഹോപ്പ് പോലുള്ളവ ചെയ്‌ത് ഫിറ്റ്നസ് കൈവരിക്കാം.

ഏത് തരം എക്സർസൈസും ചെയ്യുകയെന്നതാണ് ഫിസിക്കൽ ആക്ടിവിറ്റി. അതുവഴി ശരീരത്തിൽ നിന്നും വിയർപ്പ് വരിക തന്നെ വേണം. നല്ല ഉറച്ച മാംസപേശികൾ ഉണ്ടാകും. രോഗപ്രതിരോധശേഷി വർദ്ധിക്കാനും ഫിസിക്കൽ ആക്ടിവിറ്റി മികച്ചൊരുപാധിയാണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളാണ്. കൂടുതൽ സമയമില്ലെങ്കിലും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം നിർബന്ധമായും ചെയ്യാം.

പോഷക സമ്പന്നമായ ഡയറ്റ്

നമ്മുടെ ഭക്ഷണരീതി നമ്മുടെ ശരീരത്തെ സ്വാധീനിക്കുന്ന വലിയൊരു ഘടകമാണ്. പോഷക സമ്പന്നമായ ഭക്ഷണം ശരീരത്തിന് എനർജി നൽകും. സിംപിൾ കാർബോ ഹൈഡ്രേറ്റിനായി അവൽ, ഉപ്പുമാവ്, സ്റ്റീമഡ് ഇഡ്ഡലി, ഓട്സ്, റാഗി, പ്രോട്ടീനിനായി മുട്ട, ക്രീമില്ലാത്ത പാൽ എന്നിവ കഴിക്കാം. ഫാറ്റിനായി ബദാം, വാൽനട്ട്, ഫ്ളാക്സീഡ് എന്നിവയും. വൈകുന്നേരം ഏതെങ്കിലും പച്ചക്കറി കൊണ്ടുള്ള സൂപ്പ് അല്ലെങ്കിൽ ഗ്രീൻ ടീ കഴിക്കാം. രാത്രി ഭക്ഷണമായി ഒരു ബൗൾ സലാഡ് അല്ലെങ്കിൽ പുഴുങ്ങിയ പച്ചക്കറി അല്ലെങ്കിൽ പപ്പായ കഴിക്കാം. പച്ചക്കറികളിൽ സവാള, വെളുത്തുള്ളി എന്നിവ ഉൾപ്പെടുത്താം.

ഡയറ്റ് 6-7 ഭാഗങ്ങളായി വിഭജിക്കാം. അഥവാ മൂന്ന് നേരമായി കഴിക്കുകയാണെങ്കിൽ ഇടയ്ക്ക് മുളപ്പിച്ച ധാന്യങ്ങൾ, സീസൺ പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ സലാഡ് കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് ശീലമാക്കാം.

ഗോതമ്പ് ചപ്പാത്തിയ്ക്ക് പുറമെ, ചോളം, മില്ലറ്റ് എന്നിവ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കാം. വെളുത്ത ചോറിന് പകരം ബ്രൗൺ റൈസ് ഉൾപ്പെടുത്തുക. ഇതിലുള്ള പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, ഫൈബർ, പൊട്ടാസ്യം എന്നിവ പോലെയുള്ള പോഷകങ്ങൾ ശരീരഭാരം നിയന്ത്രിക്കുന്നതിനൊപ്പം ദഹന പ്രക്രിയ സുഗമമാക്കാനും ബ്ലഡ് ഷുഗർ നില നോർമലാകാനും സഹായിക്കും.

ആവശ്യമായ അളവിൽ വെള്ളം കുടിക്കാം

ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുക. രാവിലെ എഴുന്നേറ്റാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലം വളർത്തുക. ഉദരം ശുചിയാക്കാൻ ഇത് സഹായിക്കും. വെള്ളം കുടിക്കുന്നതു കൊണ്ട് ചർമ്മ വരൾച്ച അകലുകയും ചെയ്യും. മാംസപേശികളുടെ 80 ശതമാനം ഭാഗം വെള്ളത്താൽ നിർമ്മിതമാണ്. അതിനാൽ മാംസപേശികളിലുണ്ടാവുന്ന വലിച്ചിൽ അകലാൻ വെള്ളം സഹായിക്കും.

പഞ്ചസാരയും ഉപ്പും കുറഞ്ഞയളവിൽ മതി

ഭക്ഷണത്തിൽ ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ അളവ് കുറച്ചാൽ അമിതവണ്ണം, ഉയർന്ന രക്‌തസമ്മർദ്ദം, ഡയബറ്റീസ്, ഹൃദ്രോഗം എന്നിവയുണ്ടാകാതെ സൂക്ഷിക്കാം. ഉയർന്ന കലോറി അളവിലുള്ളതാണ് പഞ്ചസാര. മാത്രവുമല്ല പഞ്ചസാരയിൽ യാതൊരുവിധ വിറ്റാമിനുകളോ ധാതുക്കളോ പോഷകങ്ങളോ ഇല്ല. പഞ്ചസാര കേവലം ശരീരത്തിന് ഊർജ്ജം പകരുക മാത്രമാണ് ചെയ്യുന്നത്. ഒരു ദിവസം ആകെ 25 ഗ്രാമിലധികം പഞ്ചസാര ഉപയോഗിക്കാൻ പാടില്ല. അങ്ങനെ തന്നെ ഉപ്പും 6 ഗ്രാം മാത്രമേ കഴിക്കാൻ പാടുള്ളൂ.

പുകവലി, മദ്യപാനം അരുത്

അമിത മദ്യപാനം, പുകവലി എന്നിവ വ്യക്‌തിയുടെ ആരോഗ്യത്തെ നശിപ്പിക്കും. അകാല വാർദ്ധ്യകത്തെ അത് ക്ഷണിച്ചു വരുത്തും. അതുപോലെ രോഗപ്രതിരോധ ശേഷിയേയും അത് സാരമായി ബാധിക്കും.

ഇപ്പോൾ പലതരം രോഗങ്ങൾ വ്യാപിക്കുന്നത് പതിവായിരിക്കുകയാണ്. അവയൊക്കെ കൃത്യസമയത്ത് ചികിത്സിച്ചാൽ ധാരാളം പ്രയോജനങ്ങൾ ഉണ്ടാകും. ഉദാ: ശരീരഭാരം സന്തുലിതമായി നിലനിൽക്കും. ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറയും. ആയുർദൈർഘ്യം കൂടും. വ്യക്‌തിയ്ക്ക് സ്വയം ഉന്മേഷവും സന്തോഷവും അനുഭവപ്പെടും. അതിനാൽ ഇനി മുതൽ ആരോഗ്യപൂർണ്ണമായ ജീവിതശൈലിയ്ക്ക് തുടക്കമിടാം.

മേഘ സിംഘാനിയ

എയർ ഏഷ്യ ഇന്ത്യയുടെ കാബിൻ ക്രൂ ഡിപ്പാർട്ട്മെന്‍റ് ഹെഡ്, മേഘ സിംഘാനിയയുടെ വ്യക്‌തിത്വം വേറിട്ടതാണ്. 10 വർഷത്തിലധികമായി ഏവിയേഷൻ ഇൻഡ സ്ട്രിയിൽ ജോലി ചെയ്യുന്ന മേഘ എപ്പോഴും വെല്ലുവിളികളെ ഇഷ്ടപ്പെടുന്നു.

കോവിഡ് -19 സമയത്ത് മേഘയുടെ ടീമിന് ഫേസ്മാസ്കും ഫേസ് ഷീൽഡും പിപിഇ കിറ്റും ധരിച്ച് വിമാന യാത്രക്കാരുടെ സേവനങ്ങൾക്കായി മണിക്കൂറുകളോളം മുഴുകേണ്ടി വന്നു.

മേഘയുടെ ഈ നേട്ടങ്ങൾക്കും വിജയങ്ങൾക്കും പിന്നിൽ അവരുടെ കുടുംബത്തിന്‍റെയും ഭർത്താവ് രാജ് സിംഘാനിയയുടെയും നിറഞ്ഞ പിന്തുണയുണ്ട്. മേഘ തന്‍റെ വിജയകരമായ ആ യാത്രയെക്കുറിച്ച് മനസ്സ് തുറക്കുന്നു.

എന്താണ് ഈ രംഗം തെരഞ്ഞെടുക്കാൻ കാരണം?

എനിക്ക് പണ്ടു തൊട്ടെ ഷോ ബിസ് ആയിട്ടുള്ള ജോലിയോട് വലിയ ഇഷ്ടമാണ്. ഉദാ: ഗ്രൂമിംഗ്, കോച്ചിംഗ്, സർവീസിംഗ് എന്നിങ്ങനെ. ഈ മൂന്ന് മേഖലകളിലും ജോലി ചെയ്യാൻ ആഗ്രഹമായിരുന്നു. 2004 ൽ മിസ് ഇന്ത്യ ഇവന്‍റിൽ 30 സ്ത്രീകൾക്കൊപ്പം ഫൈനൽ റൗണ്ട് വരെ എത്തുക എന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ കാര്യമാണ്.

അതിനുശേഷം ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി. എയർ ഏഷ്യയിൽ ജോലി കിട്ടി. ഇവിടെ എത്തിയപ്പോഴാണ് ഇതൊരു ജോലി മാത്രമല്ല ഒരുപാട് കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള അവസരവും കൂടിയാണെന്ന് മനസ്സിലായി. ഇവിടെ ഞാൻ ഏകദേശം 700 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നുണ്ട്.

വെല്ലുവിളികളെ എങ്ങനെ നേരിടുന്നു?

കാബിൻ ക്രൂ ആയിട്ടായിരുന്നു തുടക്കം. വീട്ടിൽ ജോലി ചെയ്യുന്നതും വിമാനത്തിൽ ജോലി ചെയ്യുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. പലപല സ്ഥലങ്ങളിൽ നിന്നുമായി വ്യത്യസ്ത മാനസികാവസ്‌ഥയും സ്വഭാവക്കാരായിട്ടുള്ളവരാണ് ഇവിടെ വരുന്നത്. അതുകൊണ്ട് സർവീസിൽ വളരെ സൂക്ഷ്മത പുലർത്തി സംസാരിക്കേണ്ടി വരും. അതത്ര ഈസിയല്ല. ആളുകൾക്ക് പൊതുവിൽ ഒരു ധാരണയുണ്ട്. കാബിൻ ക്രൂ എന്നാൽ അണിഞ്ഞൊരുങ്ങി ഭക്ഷണം വിളമ്പി, ലഗ്ഗേജ് മാനേജ് ചെയ്യുന്നതാണെന്നൊക്കെ. എന്നാൽ അതല്ല. ഫസ്റ്റ് എയിഡ്, സേഫ്റ്റി സെക്യുരിറ്റി എന്നിവയൊക്കെയും അവർക്ക് പഠിക്കേണ്ടി വരും. അവർ ഫയർ ഫയറ്ററാണ്. എമർജൻസി ഘട്ടങ്ങളിൽ ശരിയായ തീരുമാനമെടുക്കേണ്ടി വരും.

കോവിഡ്- 19 സമയത്ത് ടീമിനെ ലീഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നോ?

ടീമിലുള്ള ചിലർക്ക് എയർക്രാഫ്റ്റാണ് ഓഫീസ്. കാരണം അവർ എന്നും പറക്കുന്നവരാണ്. കോവിഡ് കാലത്ത് അത്തരക്കാരെ എയർ ക്രാഫ്റ്റിൽ നിന്നും മാറ്റി ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരുത്തുകയായിരുന്നു. ഇവിടെ 18 നും 25 നും ഇടയിലുള്ളവരാണ് ജോലി ചെയ്യുന്നത്. വീട്ടിലിരിക്കുകയെന്നത് അവരെ സംബന്ധിച്ച് പ്രയാസമായിരുന്നു. അവർക്ക് സ്വന്തം വീട്ടിൽ പോകാനും കഴിയില്ല. ആ സമയത്ത് അവർക്ക് മാനസികമായ പിന്തുണ വളരെയാവശ്യമായിരുന്നു. ജോലിയില്ലാതിരിക്കുന്ന അവസ്‌ഥ അവരിൽ പരിഭ്രാന്തിയുണർത്തിയിരുന്നു. അതിനായി ഞാൻ അവർക്ക് കൗൺസലിംഗിനുള്ള സൗകര്യമൊരുക്കി. എന്നും അവരോട് സംസാരിച്ചു, വിശേഷങ്ങൾ ചോദിച്ചു. ഇതിന് പുറമെ കോവിഡ് സംബന്ധിച്ചുള്ള വിവരങ്ങൾ വെർച്വലി നൽകി കൊണ്ടിരുന്നു.?

താങ്കളുടെ മോട്ടിവേഷൻ ഫാക്ടർ എന്താണ്?

പറക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. രാവിലെ എഴുന്നേറ്റ് ഓഫീസിൽ പോവുക, പുതിയ കാര്യങ്ങൾ പഠിക്കുക, കുട്ടികളോടൊപ്പം സമയം ചെലവിടുക എന്നിവയെല്ലാം മോട്ടിവേഷൻ നൽകുന്ന കാര്യങ്ങളാണ്.

കോവിഡ് കാലത്ത് ഉണ്ടായ ബുദ്ധിമുട്ടുകളെ എങ്ങനെ അതിജീവിച്ചു?

കോവിഡ് കാലത്ത് ലോക്ക്ഡൗണിനെ തുടർന്ന് ഓഫീസ് തുറന്നപ്പോൾ ധാരാളം റസ്ട്രിക്ഷനുകൾ ഉണ്ടായിരുന്നു. വീട്ടിൽ നിന്നിറങ്ങിയ ശേഷവും ഓഫീസിൽ നിന്നിറങ്ങി വീട്ടിലെത്തും വരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഓഫീസിൽ എല്ലാതരം സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. അതിനാൽ അവിടെ ജോലി വലിയ പ്രയാസകരമായി തോന്നിയിരുന്നില്ല. ഇതിന് പുറമെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരം തന്നു. ഞാൻ സ്വന്തം വാഹന ത്തിലാണ് ഓഫീസിൽ പോയിരുന്നത്. ഇടയ്ക്ക് ഞാൻ സ്വന്തം ഓക്സിജൻ ലെവൽ പരിശോധിക്കുമായിരുന്നു.

ഒഴിവ് സമയങ്ങൾ എങ്ങനെ ആസ്വദിക്കുന്നു?

ഗാർഡനിംഗ്, വായന, ജിം, യോഗ. പിന്നെ ഏതെങ്കിലും എക്സ്പെർട്ടുമായി സംസാരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യും. ഇവയെല്ലാമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

വീട്ടിൽ ഉണ്ടാക്കാം ബദാം കൺമഷി

സ്ത്രീയുടെ ഏറ്റവും പ്രിയപ്പെട്ട മേക്കപ്പ് സാധനങ്ങളില്‍ ഒന്ന് ആണ് കൺമഷി അഥവാ കാജൽ. മേക്കപ്പ് ചെയ്യുമ്പോൾ കണ്ണിൽ കൺമഷി പുരട്ടുന്നത് ഒരു പുതിയ കാര്യമല്ല. കണ്ണുകളുടെ ഭംഗി മെച്ചപ്പെടുത്തുന്നതിൽ കാജലിന് ഒരു പ്രധാന പങ്കുണ്ട്. മിക്കപ്പോഴും, അമ്മമാർ മക്കളുടെ കണ്ണിൽ വീട്ടിൽ ഉണ്ടാക്കിയ കൺമഷി പുരട്ടാറുണ്ട്‌. ഭംഗി കൂട്ടുന്നതിനു പുറമേ, കണ്ണുകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ നിന്നും ശുദ്ധമായ കാജൽ ആശ്വാസം നൽകുന്നു.

കണ്ണിൽ കൺമഷി പ്രയോഗിക്കുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ടെങ്കിലും ദോഷങ്ങളുമുണ്ട്. ഇന്ന് വിപണിയിൽ കാണപ്പെടുന്ന കൺമഷി ഉണ്ടാക്കാൻ പലതരം രാസവസ്തുക്കൾ ഉപയോഗിക്കുന്നു, ഇത് നമ്മുടെ കണ്ണുകൾക്ക് ദോഷകരമാണെന്ന് തെളിയിക്കപ്പെട്ടതാണ്… പലതരം കൺമഷി വിപണിയിൽ കാണപ്പെടുന്നു. ഇത് നമ്മുടെ കണ്ണുകൾക്ക് ദോഷകരമാണ്. ഇതിലുള്ള ലെഡ് ശരീരത്തിലെ ഈയത്തിന്‍റെ അളവ് വർദ്ധിപ്പിക്കുകയും കണ്ണുകൾക്ക് ആഴത്തിലുള്ള നാശമുണ്ടാക്കുകയും ചെയ്യും. കണ്ണിൽ രാസവസ്തുക്കളുള്ള കാജൽ പ്രയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചും അറിയുക

1) കണ്ണിലെ വരൾച്ച

2) ചൊറിച്ചിലും പുകച്ചിലും

3) കണ്ണുകൾക്കുള്ളിലെ കുരു

4) വൃക്കരോഗം

5) കണ്ണുകളുടെ അലർജി

6) നാഡീവ്യവസ്ഥയുടെ ബലഹീനത

7) മറ്റ് നേത്രരോഗങ്ങൾ

വിപണിയിൽ വിൽക്കുന്ന കാജലിൽ മായം ചേർക്കലും രാസവസ്തുക്കളും അടങ്ങിയിരിക്കുന്നതിനാൽ കണ്ണിൽ കാജൽ പ്രയോഗിക്കുന്നതിന്‍റെ ഗുണത്തേക്കാൾ ദോഷങ്ങളുണ്ട്. കണ്ണിൽ കൺമഷി പ്രയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മാർക്കറ്റ് കൺമഷിക്കു പകരം, വീട്ടിൽ തന്നെ കൺമഷി ഉണ്ടാക്കുക. വീട്ടിൽ നിർമ്മിച്ച കൺമഷി രാസരഹിതവും നിങ്ങളുടെ കണ്ണുകൾക്ക് തികച്ചും സുരക്ഷിതവുമാണ്.

വീട്ടിൽ കൺമഷി ഉണ്ടാക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ടെങ്കിലും ബദാം കൺമഷി ഉണ്ടാക്കുന്ന രീതിയാണ് ഏറ്റവും എളുപ്പമുള്ളത്. കണ്ണുകളുടെ പ്രകാശം വർദ്ധിപ്പിക്കാൻ ബദാം കൺമഷി സഹായിക്കുന്നു. അതോടൊപ്പം കണ്പീലികളുടെ വളർച്ച വർദ്ധിക്കാനും സഹായിക്കുന്നു. വീട്ടിലുണ്ടാക്കുന്ന ബദാം കൺമഷി കണ്ണുകൾക്ക് കുളിര്‍മ്മ നിലനിര്‍ത്താൻ ഗുണം ചെയ്യും. ബദാം കാജലിന് ധാരാളം ഗുണങ്ങളുണ്ട്. വീട്ടിൽ ബദാം ഉപയോഗിച്ച് കാജൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ബദാം കൺമഷി ഉണ്ടാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍

5-4 ബദാം

വെളിച്ചെണ്ണ

ഒഴിഞ്ഞ പാത്രം

രീതി

ഒന്നാമതായി, ഒരു ഹോൾഡറുടെ സഹായത്തോടെ ബദാം പിടിച്ച് തീയിൽ ചുട്ടെടുക്കുക. നിങ്ങൾക്ക് വേണമെങ്കിൽ, ലൈറ്ററുകളുടെ സഹായത്തോടെ ഇത് ചെയ്യാം. ചുട്ടെടുത്ത ബദാം നന്നായി പൊടിക്കുക. ഈ പൊടി വൃത്തിയുള്ള അടപ്പുള്ള പാത്രത്തിലേക്ക് മാറ്റുക.അതിനുശേഷം ബദാം പൊടിയുടെ അളവ് അനുസരിച്ച് വെളിച്ചെണ്ണ അല്പാല്പം ചേര്‍ത്ത് കറുത്ത പേസ്റ്റ് ഉണ്ടാക്കുക.

ബദാം കൊണ്ട് നിർമ്മിച്ച പ്രകൃതിദത്ത കൺമഷി തയ്യാറാണ്. ഇത് പത്ത് ദിവസത്തേക്ക് നന്നായി അടച്ച് സൂക്ഷിക്കുക, പത്ത് ദിവസത്തിന് ശേഷം, വീട്ടിൽ നിർമ്മിച്ച രാസവസ്തുക്കളില്ലാത്ത കാജൽ നിങ്ങളുടെ കണ്ണുകളിൽ പുരട്ടാം.

ആര്യ രാജേന്ദ്രൻ

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആരാണ്? ഇങ്ങ് തെക്ക് കൊച്ചു കേരളത്തിന്‍റെ തലസ്ഥാന നഗരിയിലെ മേയർ ആര്യാ രാജേന്ദ്രനാണ് ആ നിയോഗം. 1999 ജനുവരി 12 നാണ് ആര്യയുടെ ജനനം. 21 കാരിയായ ആര്യ ഇക്കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലാണ് ആ നേട്ടം കൈവരിച്ചത്.

കാർമ്മൽ ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂൾ, ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻറി സ്ക്കൂൾ കോട്ടൻ ഹിൽ എന്നിവിടങ്ങളിൽ പഠിച്ച ശേഷം കോളേജ് പഠനത്തിലേയ്ക്ക് എത്തിയതെ ഉള്ളൂ ഈ മേയർ. തിരുവനന്തപുരം ആൾസെയിന്‍റ്സ് കോളേജിലെ ബിഎസ്സി മാത്‍സ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ആര്യ. സിപിഐഎം സ്‌ഥാനാർത്ഥിയായി തിരുവനന്തപുരത്തെ മുടവൻമുഗൾ വാർഡിൽ നിന്നാണ് ആര്യ വിജയിച്ചു കയറിയത്.

ഐപിഎസ് ഓഫീസറാകാൻ കൊതിച്ച് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മാറിയ ആര്യ രാജേന്ദ്രന്‍റെ വാക്കുകൾ.

21 കാരിക്ക് മേയർ സ്‌ഥാനം ഏറ്റെടുക്കാനുള്ള ചങ്കൂറ്റമായിട്ടില്ല എന്ന വിമർശനത്തോട് എങ്ങനെ പ്രതികരിക്കുന്നു.

ഒരു വ്യക്‌തിയുടെ കഴിവ് അളക്കേണ്ട അളവുകോൽ പ്രായമാണെന്ന് ഞാൻ കരുതുന്നില്ല. ഈ വിമർശനങ്ങൾക്ക് വാക്കുകൾ കൊണ്ടല്ല പ്രവൃത്തി കൊണ്ടല്ലേ മറുപടി നൽകേണ്ടത്. സംഘടനാ പ്രവർത്തനങ്ങളിൽ ഞാൻ ബാല്യകാലം മുതൽ സജീവമായിരുന്നു. അതിനാൽ കർത്തവ്യങ്ങൾ നിർവഹിക്കാനും, ജനതയുടെ ആവശ്യങ്ങൾ മനസിലാക്കാനും എനിക്ക് കഴിയും. മേയർ എന്ന പദവി ഉണ്ടെങ്കിലും എല്ലാ കാര്യത്തിലും ഞാൻ തനിച്ചല്ലല്ലോ ചെയ്യുന്നത്. വളരെ പ്രവൃത്തി പരിചയമുള്ളവർ എനിക്കൊപ്പമുണ്ട്.

ഐപിഎസ് ഓഫീസറാവുകയായിരുന്നു സ്വപ്നം എന്നു പറഞ്ഞല്ലോ?

ഞാൻ സ്ക്കൂളിൽ പഠിക്കുമ്പോൾ തോന്നിയ ഇഷ്ടമാണ്. യൂണിഫോമിലൊക്കെ അവരെ കാണുമ്പോഴുള്ള ആവേശമാകാം അത്. ഇപ്പോൾ ഞാൻ രാഷ്ട്രീയത്തിലേക്ക് എത്തി. ഇനി ഭാവിയും ഈ രംഗത്തു തന്നെയാകാനാണ് തീരുമാനം. രാഷ്ട്രീയരംഗം ഒരു തൊഴിൽ മേഖലയല്ല, എന്നാലും നല്ലൊരു രാഷ്ട്രീയ പ്രവർത്തകയാകാനാണ് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത്.

നഗരവികസനം ഏതു മേയറുടേയും ലക്ഷ്യമാണ്. അതിനപ്പുറം എന്തെങ്കിലും ലക്ഷ്യമുണ്ടോ?

രാത്രിയിലും സ്വസ്ഥമായി സമാധാനമായി ഈ തിരുവനന്തപുരം നഗരത്തിലൂടെ സ്ത്രീകൾക്ക് യഥേഷ്ടം നടക്കാൻ കഴിയണം. അതെന്‍റെ ലക്ഷ്യമാണ്. ഏതു നഗരത്തിന്‍റെയും ശുചിത്വ കാര്യങ്ങൾ എപ്പോഴും ഗൗരവമർഹിക്കുന്നു. മാലിന്യ നീക്കവും സംസ്കരണവും പ്രത്യേക ശ്രദ്ധ നൽകേണ്ട വിഷയമാണ്. നഗരം സുന്ദരമാക്കാൻ ഗ്രീൻ ആർമിയുടെ പ്രവർത്തനം നഗരത്തിലാരംഭിച്ചിട്ടുണ്ട്. മാലിന്യ നിർമാർജ്നമാണ് പ്രധാന ലക്ഷ്യം.

രാഷ്ട്രീയത്തിൽ ഒരു റോൾ മോഡൽ ഉണ്ടോ?

ഇടതുപക്ഷ പാർട്ടിയിൽ നമുക്ക് മാതൃകയാക്കാവുന്ന നിരവധി പേരുണ്ട്. അതിനാൽ ഒരാളുടെ പേര് എടുത്ത് പറയാൻ ആഗ്രഹമില്ല. എന്തെല്ലാം പ്രതിസന്ധികളെയാണ് നമ്മുടെ മുഖ്യമന്ത്രി ഇക്കഴിഞ്ഞ വർഷങ്ങളിൽ തരണം ചെയ്തത്. അദ്ദേഹം വിദഗ്ധനായ ക്രൈസിസ് മാനേജരാണ്. സാധാരണക്കാരിൽ അദ്ദേഹത്തിനുള്ള സ്വാധീനവും എന്നെ ആകർഷിക്കുന്നു. പ്രതിസന്ധികളിലും ജനതയ്ക്കൊപ്പം നിൽക്കാൻ കഴിയുന്ന നേതാവാകുക എന്നത് വലിയ കാര്യമാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തെ എങ്ങനെയാണ് മുന്നോട്ടു കൊണ്ടു പോയത്?

ഞാനൊരിക്കലും എന്‍റെ പ്രയാസങ്ങൾ പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ മാത്രം പറഞ്ഞാണ് വോട്ട് ചോദിച്ചത്. മുടവൻമുഗളിൽ ഞാൻ മത്സരിച്ചത് ഇടതു സ്ഥാനാർത്ഥി ആയിട്ടാണല്ലോ. മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ധാരാളം വിമർശനങ്ങളും അഭിനന്ദനങ്ങളും കേട്ടിരുന്നു. പ്രായമായിരുന്നു പ്രധാന കാരണം. പ്രായം പക്വത തീരുമാനിക്കുന്ന ഘടകമല്ല എന്നും, എന്‍റെ അഞ്ചുവർഷത്തെ പ്രവർത്തനം കൊണ്ട് എന്‍റെ പക്വത വിലയിരുത്തിയാൽ മതിയെന്നും ഞാൻ കരുതുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകാനല്ല, മറിച്ച് ഏറ്റവും മികച്ച മേയർ എന്ന വിശേഷണത്തിലേക്ക് എത്താനാണ് എന്‍റെ ശ്രമം.

കുടുംബം?

അച്‌ഛൻ രാജേന്ദ്രൻ, അമ്മ ശ്രീലത. അച്‌ഛൻ ഇലക്ട്രീഷ്യനാണ്. അമ്മ എൽഐസി ഏജന്‍റും. രണ്ടുപേരും പാർട്ടിയുടെ സജീവ പ്രവർത്തകരാണ്. ഒരു സഹോദരനുണ്ട്. അരവിന്ദ് അബുദാബിയിൽ ഓട്ടോമാറ്റിക് എഞ്ചിനീയറാണ്.

ഇഷ്ട കാര്യങ്ങൾ?

ഫ്രീം ടൈം കിട്ടുമ്പോൾ, പാട്ട് കേൾക്കാറുണ്ട്. കവിതകളിഷ്ടമാണ്. പുസ്തക വായനയും ഉണ്ട്. കെ.ആർ.മീര ഇഷ്ടപ്പെട്ട എഴുത്തുകാരിയാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें