കോവിഡ് വാക്സിൻ ഇന്ത്യയിൽ ജനുവരി 16 മുതൽ കൊടുത്തു തുടങ്ങി. വാക്സിൻ എടുത്തു കഴിഞ്ഞുള്ള അനുഭവത്തെപ്പറ്റിയുള്ള ശരിയായ വിവരങ്ങൾ അത് എടുത്തവരിൽ നിന്നും നേരിട്ടറിയാൻ ഏറെപ്പേർക്ക് താൽപര്യമുണ്ട്. വാക്സിൻ എടുത്ത 5396 ആരോഗ്യ പ്രവർത്തകർ ഓൺലൈൻ സർവ്വേ മുഖേന 29 ജനുവരി മുതൽ 4 ഫെബ്രുവരി വരെ പങ്കുവച്ച കാര്യങ്ങൾ ഇവിടെ ചുരുക്കി പറയാം. ഒരാളുടെ അഭിപ്രായത്തേക്കാൾ വിലയുണ്ട് 5000 പേരുടെ അനുഭവത്തിന്.
ഈ റിപ്പോർട്ട് തയ്യാറാക്കിയത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനു വേണ്ടി ഡോ. രാജീവ് ജയദേവൻ, ഡോ. രമേശ് ഷേണായ്, അനിത ടി എസ് എന്നിവർ ചേർന്നാണ്
വാക്സിൻ എടുത്ത ശേഷം എത്ര പേർക്ക് പനിയും മറ്റും ഉണ്ടായി?
മൂന്നിൽ ഒരാൾക്ക് (1/3 or 33% of the respondents) ഒരു ലക്ഷണവും ഉണ്ടായില്ല. മൂന്നിൽ രണ്ടുപേർക്ക് (66% ) സാധാരണ വാക്സിൻ എടുത്താൽ തോന്നാവുന്ന symptoms അനുഭവപ്പെട്ടു.
എന്തൊക്കെയായിരുന്നു ലക്ഷണങ്ങൾ?
ക്ഷീണം, ശരീരവേദന, പനി, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാവർക്കും എല്ലാ ലക്ഷണവും ഉണ്ടായില്ല. ലക്ഷണങ്ങൾ വരികയാണെങ്കിൽ 80% പേരിലും ആദ്യത്തെ 12 മണിക്കൂറിനകം വന്നിരിക്കും എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. വന്നാൽ ശരാശരി ഒരു ദിവസം നീണ്ടു നിൽക്കും. താനേ ശമിക്കും.
ആർക്കാണ് കൂടുതൽ സാധ്യത?
ചെറുപ്പക്കാരിലും സ്ത്രീകളിലും ഈ ലക്ഷണങ്ങൾ കൂടുതലായി കാണപ്പെട്ടു. പുരുഷന്മാർക്ക് 58.6% സ്ത്രീകൾക്ക് 74.7% ശതമാനം എന്ന തോതിൽ ലക്ഷണങ്ങൾ ഉണ്ടായി. ആരിലും ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടായില്ല.
അറുപതു കഴിഞ്ഞവരിൽ വാക്സിൻ സുരക്ഷിതമാണോ?
അതെ, ഈ പഠനത്തിൽ പങ്കെടുത്ത 5396 വ്യക്‌തികളിൽ 947 പേർ അറുപതിനു മുകളിൽ പ്രായമുള്ളവരാണ്. ആരിലും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായില്ല. വാസ്തവത്തിൽ പ്രായം ഏറിയവരിൽ മേൽപറഞ്ഞ ലക്ഷണങ്ങൾ നന്നേ കുറവായിരുന്നു എന്നാണ് കണ്ടെത്തിയത്. ഇത് സ്വാഭാവികമാണ്. ലക്ഷണങ്ങൾ ഉണ്ടായില്ല എന്നു കരുതി അവരുൽ പ്രതിരോധം ഉണ്ടാവുന്നില്ല എന്ന് അർത്ഥമില്ല.
ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടായോ?
20% ആളുകൾക്ക് മേൽപ്പറഞ്ഞ അസ്വസ്ഥതകൾ മൂലം ഇൻജെക്ഷൻ എടുത്ത പിറ്റേന്ന് പതിവു ജോലികൾ ചെയ്യുന്നത് ക്ലേശകരമായി തോന്നുകയുണ്ടായി. സ്ത്രീകളിൽ കൂടുതൽ പേർക്ക് ഇപ്രകാരമുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത് താൽക്കാലികം ആയിരുന്നു.
കോവിഡ് മുമ്പു വന്നു പോയവരിൽ കൂടുതൽ ലക്ഷണങ്ങൾ ഉണ്ടായോ?
ഇല്ല. കോവിഡ് മുമ്പു വന്നു പോയ 472 പേർ പഠനത്തിൽ പങ്കെടുത്തിരുന്നു. ഇക്കൂട്ടരിൽ മറ്റുള്ളവർക്ക് വന്ന അതേ തോതിൽ തന്നെയാണ് ലക്ഷണങ്ങൾ ഉണ്ടായത്.
വാക്സിൻ എടുത്തതു കൊണ്ട് രോഗം തടുക്കാനാവും എന്ന് ഈ പഠനത്തിൽ നിന്ന് അറിയാൻ സാധിക്കുമോ?
ഒരാളിൽ വൈറസ് ബാധിക്കാനിടയായാലും അത് ഗുരുതരമായ രോഗം വരുത്താതെ വാക്സിൻ സംരക്ഷിക്കുന്നു. എന്നാൽ ഈ സംരക്ഷണം ലഭിക്കുന്നത് പ്രധാനമായും രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കു ശേഷമാണ്. വാക്സിൻ ആദ്യ ഡോസ് കിട്ടി തൊട്ടടുത്ത നാളുകളിൽ നടത്തിയ ഈ പഠനത്തിൽ മേൽപറഞ്ഞ കാര്യക്ഷമത സ്വാഭാവികമായും തെളിയിക്കാൻ സാധിക്കുകയില്ല. വാക്സിൻ എടുത്തവരിലും അല്ലാത്തവരിലും നട ത്തുന്ന ദീർഘനാളത്തെ നിരീക്ഷണത്തിൽ കൂടി മാത്രമേ ഇക്കാര്യം പഠിക്കാൻ സാധിക്കൂ.