രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആരാണ്? ഇങ്ങ് തെക്ക് കൊച്ചു കേരളത്തിന്‍റെ തലസ്ഥാന നഗരിയിലെ മേയർ ആര്യാ രാജേന്ദ്രനാണ് ആ നിയോഗം. 1999 ജനുവരി 12 നാണ് ആര്യയുടെ ജനനം. 21 കാരിയായ ആര്യ ഇക്കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലാണ് ആ നേട്ടം കൈവരിച്ചത്.
കാർമ്മൽ ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂൾ, ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻറി സ്ക്കൂൾ കോട്ടൻ ഹിൽ എന്നിവിടങ്ങളിൽ പഠിച്ച ശേഷം കോളേജ് പഠനത്തിലേയ്ക്ക് എത്തിയതെ ഉള്ളൂ ഈ മേയർ. തിരുവനന്തപുരം ആൾസെയിന്‍റ്സ് കോളേജിലെ ബിഎസ്സി മാത്‍സ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ആര്യ. സിപിഐഎം സ്‌ഥാനാർത്ഥിയായി തിരുവനന്തപുരത്തെ മുടവൻമുഗൾ വാർഡിൽ നിന്നാണ് ആര്യ വിജയിച്ചു കയറിയത്.
ഐപിഎസ് ഓഫീസറാകാൻ കൊതിച്ച് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മാറിയ ആര്യ രാജേന്ദ്രന്‍റെ വാക്കുകൾ.
21 കാരിക്ക് മേയർ സ്‌ഥാനം ഏറ്റെടുക്കാനുള്ള ചങ്കൂറ്റമായിട്ടില്ല എന്ന വിമർശനത്തോട് എങ്ങനെ പ്രതികരിക്കുന്നു.
ഒരു വ്യക്‌തിയുടെ കഴിവ് അളക്കേണ്ട അളവുകോൽ പ്രായമാണെന്ന് ഞാൻ കരുതുന്നില്ല. ഈ വിമർശനങ്ങൾക്ക് വാക്കുകൾ കൊണ്ടല്ല പ്രവൃത്തി കൊണ്ടല്ലേ മറുപടി നൽകേണ്ടത്. സംഘടനാ പ്രവർത്തനങ്ങളിൽ ഞാൻ ബാല്യകാലം മുതൽ സജീവമായിരുന്നു. അതിനാൽ കർത്തവ്യങ്ങൾ നിർവഹിക്കാനും, ജനതയുടെ ആവശ്യങ്ങൾ മനസിലാക്കാനും എനിക്ക് കഴിയും. മേയർ എന്ന പദവി ഉണ്ടെങ്കിലും എല്ലാ കാര്യത്തിലും ഞാൻ തനിച്ചല്ലല്ലോ ചെയ്യുന്നത്. വളരെ പ്രവൃത്തി പരിചയമുള്ളവർ എനിക്കൊപ്പമുണ്ട്.
ഐപിഎസ് ഓഫീസറാവുകയായിരുന്നു സ്വപ്നം എന്നു പറഞ്ഞല്ലോ?
ഞാൻ സ്ക്കൂളിൽ പഠിക്കുമ്പോൾ തോന്നിയ ഇഷ്ടമാണ്. യൂണിഫോമിലൊക്കെ അവരെ കാണുമ്പോഴുള്ള ആവേശമാകാം അത്. ഇപ്പോൾ ഞാൻ രാഷ്ട്രീയത്തിലേക്ക് എത്തി. ഇനി ഭാവിയും ഈ രംഗത്തു തന്നെയാകാനാണ് തീരുമാനം. രാഷ്ട്രീയരംഗം ഒരു തൊഴിൽ മേഖലയല്ല, എന്നാലും നല്ലൊരു രാഷ്ട്രീയ പ്രവർത്തകയാകാനാണ് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത്.
നഗരവികസനം ഏതു മേയറുടേയും ലക്ഷ്യമാണ്. അതിനപ്പുറം എന്തെങ്കിലും ലക്ഷ്യമുണ്ടോ?
രാത്രിയിലും സ്വസ്ഥമായി സമാധാനമായി ഈ തിരുവനന്തപുരം നഗരത്തിലൂടെ സ്ത്രീകൾക്ക് യഥേഷ്ടം നടക്കാൻ കഴിയണം. അതെന്‍റെ ലക്ഷ്യമാണ്. ഏതു നഗരത്തിന്‍റെയും ശുചിത്വ കാര്യങ്ങൾ എപ്പോഴും ഗൗരവമർഹിക്കുന്നു. മാലിന്യ നീക്കവും സംസ്കരണവും പ്രത്യേക ശ്രദ്ധ നൽകേണ്ട വിഷയമാണ്. നഗരം സുന്ദരമാക്കാൻ ഗ്രീൻ ആർമിയുടെ പ്രവർത്തനം നഗരത്തിലാരംഭിച്ചിട്ടുണ്ട്. മാലിന്യ നിർമാർജ്നമാണ് പ്രധാന ലക്ഷ്യം.
രാഷ്ട്രീയത്തിൽ ഒരു റോൾ മോഡൽ ഉണ്ടോ?
ഇടതുപക്ഷ പാർട്ടിയിൽ നമുക്ക് മാതൃകയാക്കാവുന്ന നിരവധി പേരുണ്ട്. അതിനാൽ ഒരാളുടെ പേര് എടുത്ത് പറയാൻ ആഗ്രഹമില്ല. എന്തെല്ലാം പ്രതിസന്ധികളെയാണ് നമ്മുടെ മുഖ്യമന്ത്രി ഇക്കഴിഞ്ഞ വർഷങ്ങളിൽ തരണം ചെയ്തത്. അദ്ദേഹം വിദഗ്ധനായ ക്രൈസിസ് മാനേജരാണ്. സാധാരണക്കാരിൽ അദ്ദേഹത്തിനുള്ള സ്വാധീനവും എന്നെ ആകർഷിക്കുന്നു. പ്രതിസന്ധികളിലും ജനതയ്ക്കൊപ്പം നിൽക്കാൻ കഴിയുന്ന നേതാവാകുക എന്നത് വലിയ കാര്യമാണ്.
തെരഞ്ഞെടുപ്പ് പ്രചരണത്തെ എങ്ങനെയാണ് മുന്നോട്ടു കൊണ്ടു പോയത്?