എയർ ഏഷ്യ ഇന്ത്യയുടെ കാബിൻ ക്രൂ ഡിപ്പാർട്ട്മെന്‍റ് ഹെഡ്, മേഘ സിംഘാനിയയുടെ വ്യക്‌തിത്വം വേറിട്ടതാണ്. 10 വർഷത്തിലധികമായി ഏവിയേഷൻ ഇൻഡ സ്ട്രിയിൽ ജോലി ചെയ്യുന്ന മേഘ എപ്പോഴും വെല്ലുവിളികളെ ഇഷ്ടപ്പെടുന്നു.
കോവിഡ് -19 സമയത്ത് മേഘയുടെ ടീമിന് ഫേസ്മാസ്കും ഫേസ് ഷീൽഡും പിപിഇ കിറ്റും ധരിച്ച് വിമാന യാത്രക്കാരുടെ സേവനങ്ങൾക്കായി മണിക്കൂറുകളോളം മുഴുകേണ്ടി വന്നു.
മേഘയുടെ ഈ നേട്ടങ്ങൾക്കും വിജയങ്ങൾക്കും പിന്നിൽ അവരുടെ കുടുംബത്തിന്‍റെയും ഭർത്താവ് രാജ് സിംഘാനിയയുടെയും നിറഞ്ഞ പിന്തുണയുണ്ട്. മേഘ തന്‍റെ വിജയകരമായ ആ യാത്രയെക്കുറിച്ച് മനസ്സ് തുറക്കുന്നു.
എന്താണ് ഈ രംഗം തെരഞ്ഞെടുക്കാൻ കാരണം?
എനിക്ക് പണ്ടു തൊട്ടെ ഷോ ബിസ് ആയിട്ടുള്ള ജോലിയോട് വലിയ ഇഷ്ടമാണ്. ഉദാ: ഗ്രൂമിംഗ്, കോച്ചിംഗ്, സർവീസിംഗ് എന്നിങ്ങനെ. ഈ മൂന്ന് മേഖലകളിലും ജോലി ചെയ്യാൻ ആഗ്രഹമായിരുന്നു. 2004 ൽ മിസ് ഇന്ത്യ ഇവന്‍റിൽ 30 സ്ത്രീകൾക്കൊപ്പം ഫൈനൽ റൗണ്ട് വരെ എത്തുക എന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ കാര്യമാണ്.
അതിനുശേഷം ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി. എയർ ഏഷ്യയിൽ ജോലി കിട്ടി. ഇവിടെ എത്തിയപ്പോഴാണ് ഇതൊരു ജോലി മാത്രമല്ല ഒരുപാട് കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള അവസരവും കൂടിയാണെന്ന് മനസ്സിലായി. ഇവിടെ ഞാൻ ഏകദേശം 700 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നുണ്ട്.
വെല്ലുവിളികളെ എങ്ങനെ നേരിടുന്നു?
കാബിൻ ക്രൂ ആയിട്ടായിരുന്നു തുടക്കം. വീട്ടിൽ ജോലി ചെയ്യുന്നതും വിമാനത്തിൽ ജോലി ചെയ്യുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. പലപല സ്ഥലങ്ങളിൽ നിന്നുമായി വ്യത്യസ്ത മാനസികാവസ്‌ഥയും സ്വഭാവക്കാരായിട്ടുള്ളവരാണ് ഇവിടെ വരുന്നത്. അതുകൊണ്ട് സർവീസിൽ വളരെ സൂക്ഷ്മത പുലർത്തി സംസാരിക്കേണ്ടി വരും. അതത്ര ഈസിയല്ല. ആളുകൾക്ക് പൊതുവിൽ ഒരു ധാരണയുണ്ട്. കാബിൻ ക്രൂ എന്നാൽ അണിഞ്ഞൊരുങ്ങി ഭക്ഷണം വിളമ്പി, ലഗ്ഗേജ് മാനേജ് ചെയ്യുന്നതാണെന്നൊക്കെ. എന്നാൽ അതല്ല. ഫസ്റ്റ് എയിഡ്, സേഫ്റ്റി സെക്യുരിറ്റി എന്നിവയൊക്കെയും അവർക്ക് പഠിക്കേണ്ടി വരും. അവർ ഫയർ ഫയറ്ററാണ്. എമർജൻസി ഘട്ടങ്ങളിൽ ശരിയായ തീരുമാനമെടുക്കേണ്ടി വരും.
കോവിഡ്- 19 സമയത്ത് ടീമിനെ ലീഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നോ?
ടീമിലുള്ള ചിലർക്ക് എയർക്രാഫ്റ്റാണ് ഓഫീസ്. കാരണം അവർ എന്നും പറക്കുന്നവരാണ്. കോവിഡ് കാലത്ത് അത്തരക്കാരെ എയർ ക്രാഫ്റ്റിൽ നിന്നും മാറ്റി ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരുത്തുകയായിരുന്നു. ഇവിടെ 18 നും 25 നും ഇടയിലുള്ളവരാണ് ജോലി ചെയ്യുന്നത്. വീട്ടിലിരിക്കുകയെന്നത് അവരെ സംബന്ധിച്ച് പ്രയാസമായിരുന്നു. അവർക്ക് സ്വന്തം വീട്ടിൽ പോകാനും കഴിയില്ല. ആ സമയത്ത് അവർക്ക് മാനസികമായ പിന്തുണ വളരെയാവശ്യമായിരുന്നു. ജോലിയില്ലാതിരിക്കുന്ന അവസ്‌ഥ അവരിൽ പരിഭ്രാന്തിയുണർത്തിയിരുന്നു. അതിനായി ഞാൻ അവർക്ക് കൗൺസലിംഗിനുള്ള സൗകര്യമൊരുക്കി. എന്നും അവരോട് സംസാരിച്ചു, വിശേഷങ്ങൾ ചോദിച്ചു. ഇതിന് പുറമെ കോവിഡ് സംബന്ധിച്ചുള്ള വിവരങ്ങൾ വെർച്വലി നൽകി കൊണ്ടിരുന്നു.?