അക്ക ഏനു തപ്പ് മില്തിജി... ബെയ്പ്പുണ്ട് ചികളെ... ബെയ്പ്പുണ്ട് ബഞ്ചി.” ചേച്ചി ഞാൻ തെറ്റ് ചെയ്‌തിട്ടില്ല എന്‍റെ നെഞ്ചും വയറും കത്തുന്നു. 14 വയസ്സുള്ള ആ പെൺകുട്ടി പൊട്ടിക്കരയുകയാണ്. തുളു ഭാഷയിൽ അവൾ നിർത്താതെ ഇങ്ങനെ പലതും പറഞ്ഞുകൊണ്ടിരിക്കുന്നു.
കാസർകോഡ് അറൂരിലെ അമ്മയും രണ്ടുപെൺമക്കളും മാത്രമുള്ള വീട്ടിലെ 14 വയസ്സുകാരിയാണ് ഇവൾ. ഈ പെൺകുട്ടി ബലാത്സംഗത്തിനിരയായതാണ്. അവൾക്കാകെയുള്ള രണ്ട് ജോടി ഡ്രസ്സ് പിഞ്ചിക്കീറിയപ്പോൾ തുന്നാൻ വേണ്ടി സൂചിയും നൂലും വാങ്ങാൻ പോയതാണ്. തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ അയൽവാസിയായ രവി എന്നയാൾ ഓട്ടോയുമായി വന്നു. അവളെ കയറ്റി വിജനമായ സ്‌ഥലത്ത് എത്തി ക്രൂരമായി ബലാത്സംഗം ചെയ്‌തു. അതിനു ശേഷം അവളുടെ ജീവിതം പഴയതിലും ദുരിതമയമായി. ശാരീരികവും മാനസികവുമായി ആ പെൺകുട്ടി തകർന്നു. അതിനിടയിൽ ഇത്ര ചെറു പ്രായത്തിലെ ഗർഭം ചുമക്കേണ്ടി വരികയും ചെയ്‌തു. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവളെ ആശുപത്രിയിൽ കൊണ്ടുപോകാനാണ് സാമൂഹ്യ പ്രവർത്തകയായ ധന്യാരാമൻ അവിടെ എത്തിയത്.
കാസർകോഡ് വനിതാ സി.ഐ ആണ് ധന്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. 14 വയസ്സുള്ള കുട്ടി ബലാത്സംഗത്തിനിരയായി. അടച്ചുറപ്പില്ലാത്ത വീട്ടിൽ അമ്മയും രണ്ട് പെൺകുഞ്ഞുങ്ങളും മാത്രമേയുള്ളൂ.
“കാസർകോഡ് അറൂരിലെ അവരുടെ വീട്ടിലെത്തുമ്പോൾ ആ പെൺകുട്ടി കിളിക്കുഞ്ഞിനെപ്പോലെ വിറയ്‌ക്കുകയായിരുന്നു. അവൾക്ക് മാനസികനില തെറ്റിയ പോലെയാണ് സംസാരിച്ചത്. ആത്മഹത്യ ചെയ്യാനുള്ള പ്രവണത ആ കുട്ടിക്കു ഉണ്ടെന്നു സംസാരത്തിൽ നിന്ന് മനസ്സിലായി. മൂന്ന് ദിവസം കൂടെ നിർത്തി സമാധാനിപ്പിച്ച് കരച്ചിൽ നിന്നശേഷം ജില്ലാ ആശുപത്രിയിലെത്തിച്ചു. ലേബർ റൂമിൽ പത്തോളം ഗർഭിണികൾ. അവരെ ചികിത്സിക്കുന്ന വനിതാ ഡോക്‌ടറെ കണ്ടപ്പോൾ അവർ വല്ലാത്ത രീതിയിലാണ് പെരുമാറിയത്. ബലാത്സംഗത്തെ തുടർന്ന് അഡ്മിറ്റ് ചെയ്യപ്പെട്ടതാണ് അവൾ നേരത്തെ. അന്ന് നീ എന്തിനാ പോയത് എന്നു ചോദിച്ച് ഡോക്‌ടർ ബഹളം വച്ചു. ഡോക്‌ടർ അറിവില്ലാതെ പറ്റിയതാണ്. ക്ഷമിക്കണം എന്നു പറഞ്ഞപ്പോൾ നിനക്ക് ഇതൊക്കെ അറിയാലോ... എന്ന് ദേഷ്യത്തോടെ അലറി. തകർന്ന മനസ്സും ശരീരവുമായി നിൽക്കുന്ന ആ കുട്ടിയോട് യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ഡോക്‌ടറുടെ പെരുമാറ്റം.
ഇതൊന്നും ബലാംത്സംഗം അല്ല, സ്വന്തം ഇഷ്‌ടപ്രകാരം പോകുന്നതല്ലേ എന്നാണവർ ചോദിച്ച് കുറ്റപ്പെടുത്തുന്നത്. “ഈ പെൺകുട്ടിയെ പോലെ നൂറു കണക്കിന് ദളിത്-ആദിവാസി പെൺകുട്ടികൾ ബലം പ്രയോഗിക്കപ്പെട്ടും അറിവില്ലായ്മ കൊണ്ടും ദാരിദ്യ്രം കൊണ്ടും കടുത്ത ചൂഷണത്തിന് ഇരയാവു ന്നുണ്ട്. ആദിവാസികൾക്ക് വനമേഖലയിൽ സർക്കാർ അനുവദിച്ച ഭൂമി പാട്ടത്തിനെടുക്കാനും മറ്റും പുറത്തു നിന്ന് വരുന്നവരാണ് അവിടത്തെ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവരിൽ ഏറിയ പങ്കും.
ഇങ്ങനെ പീഡിപ്പിക്കപ്പെട്ട് ഗർഭിണികളായി അവിവാഹിത അമ്മമാരായി ജീവിക്കേണ്ടി വരുന്ന പെൺകുട്ടികളെ വയനാട്, പാലക്കാട്, കാസർകോഡ്, തിരുവനന്തപുരം ജില്ലകളിലെ ട്രൈബൽ മേഖലകളിൽ കാണാം. വനം വകുപ്പ് ഉദ്യോഗസ്‌ഥർ, തൊഴിലാളികൾ, ടൂറിസ്‌റ്റുകൾ, പ്രാദേശിക നേതാക്കൾ ഇങ്ങനെ പലരും പ്രതിസ്‌ഥാനത്തുണ്ട്. പണവും സമ്മാനവും നൽകിയോ അതല്ലെങ്കിൽ ബലം പ്രയോഗിച്ചോ പെൺകുട്ടികളെ ഉപയോഗിച്ച് തള്ളുന്ന പ്രവണത. സർക്കാർ കണക്കുകൾ പ്രകാരം കേരളത്തിലെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ 50 ശതമാനവും ദളിത് പെൺകുട്ടികൾക്കു നേരെയാണ്. ആരും ചോദിക്കാനില്ലാത്ത വിഭാഗം, പുറമ്പോക്കിൽ കഴിയുന്നവർ, ദരിദ്രർ എന്നീ നിലകളിൽ അവർ അവജ്‌ഞയ്ക്കിരയാവുന്നു.