വിമാന യാത്രയിൽ ചെവി വേദന

ചോദ്യം

വിമാന യാത്ര ചെയ്യുമ്പോൾ എനിക്ക് ചെവിയിൽ വേദന വരുന്നു. ഞാൻ എന്ത് മുൻകരുതലുകൾ എടുക്കണം?

ഉത്തരം

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പലപ്പോഴും ചെവിയിൽ വേദനയുണ്ടെന്ന് ആളുകൾ പരാതിപ്പെടുന്നു. വിമാനം ലാൻഡുചെയ്യുമ്പോൾ ഈ പ്രശ്നം കൂടുതൽ സാധാരണമാണ്. ഇത് ഒഴിവാക്കാൻ ഇയർ പ്ലഗുകൾ ഉപയോഗിക്കുക. കൂടാതെ ച്യൂയിംഗ് ഗം ചവച്ചുകൊണ്ട് നിങ്ങൾക്ക് ഈ പ്രശ്നം ഒഴിവാക്കാം. ഇതുകൂടാതെ, വിമാനത്തിൽ യാത്ര ചെയ്യുന്നതിന് പുറമെ മറ്റെന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ ചെവിയിൽ വേദന അനുഭവപ്പെടുകയാണെങ്കിലോ ഒരു ഡോക്ടറെ കാണുക.

 

ചോദ്യം

കഴിഞ്ഞ മാസം ഒരപകടത്തിൽ, എന്‍റെ കർണ്ണ പുടത്തിൽ ദ്വാരം ഉണ്ടായി . ഇത് ചികിത്സിക്കുന്നതിനുള്ള ഓപ്ഷനുകൾ എന്തൊക്കെയാണ്?

ഉത്തരം

വാഹനമോടിക്കുന്നതിനിടെ അപകടം പോലുള്ള മാരകമായ സംഭവങ്ങൾ ചെവിയിൽ പെട്ടെന്ന് കഠിനമായ വേദനയുണ്ടെങ്കിൽ, ചെവിയുടെ മധ്യഭാഗം കേടായതായി മനസ്സിലാക്കുക. ഇയർ ഡ്രം ൽ ചെറിയ ദ്വാരം ആണെങ്കിൽ, അത് സ്വയം നികന്നു പോകും. എന്നാൽ വലിയ ദ്വാരമുണ്ടെങ്കിൽ ചികിത്സ നേടേണ്ടത് അത്യാവശ്യമാണ്. മാസ്റ്റിക്കേറ്റഡ് പേപ്പർ ഉപയോഗിച്ച് ദ്വാരം പാച്ചിംഗ് നടത്തുന്നു.

ഗുരുതരമായ കേസുകളിൽ, ദ്വാരം അടയ്ക്കുന്നതിന് ശരീരത്തിന്‍റെ മറ്റൊരു ഭാഗത്ത് നിന്ന് ടിഷ്യു എടുക്കുന്നു. കൃത്യസമയത്ത് ചികിത്സ നടത്തിയില്ലെങ്കിൽ, ചെവിയിൽ കടുത്ത വേദന ഉണ്ടാകാം, അണുബാധയുടെ സാധ്യതയും വർദ്ധിക്കുന്നു.

ചോദ്യം

ഞാൻ ഒരു ഡിസ്കോ ബാറിൽ ജോലി ചെയ്യുന്നു, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേൾവിക്കുറവ് അനുഭവപ്പെടുന്നു. എന്തുചെയ്യും?

ഉത്തരം

ആന്തര കർണ്ണത്തിൽ ചെറിയ ഹെയർ സെല്ലുകളുടെ ഒരു കൂട്ടമുണ്ട്. അവ തലച്ചോറിലേക്ക് സിഗ്നൽ നൽകുന്നു. ഉച്ചത്തിലുള്ള ശബ്ദത്തിൽ സംഗീതം കേൾക്കുന്നതിലൂടെ, ഈ ഹെയർ സെല്ലുകൾ വലുതാകുന്നു, പക്ഷേ കുറച്ച് സമയത്തിന് ശേഷം അവ സാധാരണ നിലയിലേക്ക് മടങ്ങുന്നു.

ഇങ്ങനെ നീണ്ടുനിൽക്കുന്ന ശബ്ദ മലിനീകരണം അവയെ നശിപ്പിക്കുകയും ചെയ്യും. വാർദ്ധക്യത്തോടെ, ഈ പ്രശ്നം കൂടുതൽ ഗുരുതരമാവുന്നു, അതിനാൽ കേൾക്കാനുള്ള കഴിവ് നഷ്‌ടപ്പെടും.

ഉച്ചത്തിലുള്ള ശബ്ദങ്ങൾ തടയുന്നതിന് ഇയർ പ്ലഗുകൾ, ഇയർ മഫ്ലുകൾ എന്നിവ പോലുള്ള ശ്രവണ സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക. ജോലിക്കിടയിൽ ഇവ ഉപയോഗിക്കുന്നത് സാധ്യമല്ലെങ്കിൽ, ജോലി മാറ്റുക മാത്രമാണ് പോംവഴി.

 

ചോദ്യം

എന്‍റെ ചെവിയിൽ എപ്പോഴും മെഴുക് ഉണ്ട്. ഇത് അൽപ്പം ഉറച്ചിരിക്കുന്നു. എന്തുചെയ്യും?

ഉത്തരം

ചെവിയും മറ്റു ശരീരഭാഗങ്ങൾ പോലെ വൃത്തിയായി സൂക്ഷിക്കണം എന്നാണ് എല്ലാവരുടെയും ധാരണ. അതുകൊണ്ട് നമ്മൾ സ്വയം വൃത്തിയാക്കുന്നു. പലതവണ ചെവികൾ വൃത്തിയാക്കുകയും അവയിൽ മൂർച്ചയുള്ള എന്തെങ്കിലും ഇടുകയും ചെയുന്നത് കേൾവിശക്തിയെ ബാധിക്കാം. ചിലപ്പോൾ ഇയർ ഡ്രം പൊട്ടിപ്പോകും.. അതിനാൽ നിങ്ങളുടെ ചെവിക്കകത്ത് ഒന്നും ഇടരുത്. ഇയർ വാക്സ് ചെവിയില്‍ നിന്ന് സ്വയം പുറത്തുവരുന്നത് സാധാരണമാണ്. ചെവി മെഴുക് കട്ടി കൂടിയിട്ടുണ്ടെങ്കിൽ, ഡോക്ടറുമായി ബന്ധപ്പെടുക.

 

ചോദ്യം

എന്‍റെ മകന് 6 മാസം പ്രായം ഉണ്ട്, കയ്യടിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുമ്പോൾ അവൻ തല തിരിക്കുന്നില്ല. കേൾവി തകരാർ ഉണ്ടായിട്ടാണോ?

ഉത്തരം

സാധാരണഗതിയിൽ, 4 മാസത്തേക്ക്, കൈയ്യടിച്ചാലും ശബ്ദമുണ്ടാക്കിയാലും കുട്ടി തലയോ കണ്ണോ തിരിച്ചു നോക്കണം എന്നില്ല. എന്നാൽ നിങ്ങളുടെ കുട്ടിക്ക് 6 മാസം പ്രായമുണ്ട്, ശബ്ദത്തോട് ഒരു പ്രതികരണവും നൽകുന്നില്ല, എങ്കിൽ നിങ്ങൾ ഒരു ഇഎൻ‌ടി യെ കണ്ട് ശ്രവണശേഷി പരിശോധിക്കണം.

ശബ്ദം കേൾക്കാൻ കുഞ്ഞിന് കഴിയുന്നില്ലെങ്കിൽ ഒരു ലിസണിംഗ് മെഷീൻ ഇൻസ്റ്റാൾ ചെയ്യണം. കടുത്ത ബധിരത ഉണ്ടെങ്കിൽ, 1 വയസ്സുള്ളപ്പോൾ കോക്ലിയർ ഇംപ്ലാന്‍റ് ചെയ്യണം. ഇതോടെ, സാധാരണ കുട്ടികളെ പോലെ സംസാരിക്കാനും കേൾക്കാനും തുടങ്ങുന്നു.

– ഡോ. അഭയ് കുമാർ

എം‌എസ്, വി‌എം‌സി‌സി, സഫ്ദർ ജംഗ് ഹോസ്പിറ്റൽ, ഡൽഹി

40തിലും 20ന്റെ തിളക്കം

പ്രായം തോന്നുന്നേയില്ല… ചർമ്മത്തിന് എന്തൊരു തിളക്കമാണ് എന്നിങ്ങനെയുള്ള പ്രശംസാ വാക്കുകൾ കേൾക്കാൻ ഏത് സ്ത്രീയാണ് ആഗ്രഹിക്കാത്തത്. എന്നാൽ മുതിർന്ന പ്രായക്കാരായ സ്ത്രീകൾക്ക് കൗമാരക്കാരുടേതുപോലെ യുവത്വം തുളുമ്പുന്ന ലുക്കും ‌റ്റൈലും ലഭിക്കുകയെന്നുള്ളത് അത്ര എളുപ്പമുള്ള സംഗതിയല്ല. അപ്ഡേറ്റ് ചെയ്ത വാർഡ്രോബ്, സ്മാർട്ട് സ്‌കിൻ കെയർ, കിടിലൻ സ്റ്റൈലിംഗ് സെൻസ് എന്നിവയൊക്കെ അതിന് പിൻബലമായി ആവശ്യമാണ്. 20 വയസ്സുള്ള ഒരു പെൺകുട്ടിയെപ്പോലെ കാണപ്പെടാനും, തിളങ്ങുന്ന ചർമ്മവും ട്രെൻഡി ഫാഷൻ ലുക്കും സ്വന്തമാക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വയം പുതുക്കലിനുള്ള ശ്രമം ആരംഭിക്കാവുന്നതാണ്. അതിനാൽ പ്രായത്തെ റിവേ ഴ്സ് ഗിയറിലാക്കുന്ന സീക്രട്ട് സ്റ്റൈ ലിംഗ് ട്രെൻഡുകൾ എന്തൊക്കെയാണെന്ന് നമുക്ക് മനസിലാക്കേണ്ടതുണ്ട്.

ഫാഷൻ ഗെയിം കൃത്യമായി മനസ്സിലാക്കണം

കൗമാരക്കാരുടെ ഫാഷൻ സെൻസ് ഇപ്പോൾ ജീൻസിലും ടീ-ഷർട്ടുകളിലും മാത്രം ഒതുങ്ങുന്നതല്ല. ക്രോപ്പ് ടോപ്പുകൾ, കോർഡുകൾ, ഓവർസൈസ് ഷർട്ടുകൾ, ടീ-ഷർട്ടുകൾ, ക്യൂട്ട് സ്കേർട്ടുകൾ എന്നിവയ്ക്കൊപ്പം നിരവധി ട്രെൻഡി ടോപ്പുകളും നിറഞ്ഞ അവരുടെ ഫാഷൻ സെൻസുമായി കിടപിടിക്കുന്നതിന് നിങ്ങളുടെ വാർഡ്രോബിലും സമാനമായ ചില മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്.

കോർഡ് സെറ്റുകൾ: ഈ ലുക്ക് ഇപ്പോൾ സർവ്വസാധാരണമായി മാറിയിട്ടുണ്ട്. സ്നീക്കറുകൾക്കൊപ്പം മെസ്സിയായ ഒരു ഹെയർ ബണ്ണും കൂടിയായാൽ ഈ സ്റ്റൈലിംഗിലൂടെ കൂടുതൽ ചെറുപ്പമാകാം.

ഓവർസൈസ്‌ഡ് ടീസ്

ഇത് ജെൻ ഇസഡിന്‍റെ പുതിയ യൂണിഫോമാണ്. സുഖകരവും വളരെ സ്റ്റൈലിഷും കൂടിയായ ഒന്ന്. എന്ത് ധരിക്കണമെന്ന് ആശയക്കുഴപ്പമുള്ളപ്പോൾ ലളിതമായ ഓവർസൈസ്‌ഡ് ടീ-ഷർട്ട് നിങ്ങളെ സ്റ്റൈലിഷും ചെറുപ്പവുമാക്കും.

മോണോക്രോം ലുക്ക്

ഒരേ നിറത്തിലുള്ള വസ്ത്രധാരണം ഉയരക്കൂടുതൽ തോന്നിപ്പിക്കാനും മെലിഞ്ഞതുമായ ഒരു ലുക്കും നൽകും. ഇതിലൂടെ ശരീരഭാരം സ്റ്റൈലിൽ മറയ്ക്കാനും കഴിയും. കൂടാതെ ഏത് സ്‌ഥലത്തും വേറിട്ടുനിൽക്കാൻ കഴിയും. അത് ഓഫീസായാലും സുഹൃത്തിന്‍റെ പാർട്ടിക്കായാലും ശരി.

ലെയറിംഗ്

കൗമാരക്കാർ ലെയറിംഗിൽ വിദഗ്ധരാണ്. നിങ്ങളുടെ പഴയ വസ്ത്രത്തിന് ജീവൻ നൽകാനോ സ്വന്തം ‌റ്റൈലിംഗ് ഗെയിമിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനോ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലായ്പ്പോഴും ലൈറ്റ്‌വൈയ്റ്റ് ജാക്കറ്റുകൾ, ഷഗ്ഗുകൾ വലിപ്പമേറിയ ഡെനിം ഷർട്ടുകൾ എന്നിവ ലെയറിംഗിനായി കൈവശം വയ്ക്കുക.

ചർമ്മ സംരക്ഷണം എന്ന രഹസ്യവിദ്യ

മധുര 17-ന്‍റെ തിളക്കം കൈവരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഐസ് ഡിപ്പ് മുതൽ റെറ്റിനോൾ വരെ ചർമ്മ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൗന്ദര്യ പരിചരണ മാർഗ്ഗങ്ങൾ സ്വന്തമാക്കാം. ഒപ്പം ചർമ്മത്തിന്‍റെ ദൃഢത നിലനിർത്തേണ്ടത് പ്രധാനമാണ്. അതിനായി സോളിഡ് സ്കിൻ കെയർ പിന്തുടരാം.

ഐസ് ഫേഷ്യൽ അല്ലെങ്കിൽ ഐസ് ഡിപ്പ്

മുഖം ഐസ് വെള്ളത്തിൽ മുക്കി ദിവസം ആരംഭിക്കുക. ഇത് ചർമ്മ സുഷിരങ്ങൾ ശക്തമാക്കുകയും മുഖത്തിന്‍റെ വീക്കം കുറയ്ക്കുകയും മുഖത്തിന് തൽക്ഷണം ഉണർവും പുതുമയും നൽകുകയും ചെയ്യും.

റെറ്റിനോൾ

25 വയസ്സിനുമുകളിൽ പ്രായമുണ്ടങ്കിൽ റെറ്റിനോളിനെ നിങ്ങൾക്ക് ഉറ്റ ചങ്ങാതിയാക്കാം. നേർത്ത വരകൾ, പിഗ്മെന്‍റേഷൻ, മങ്ങൽ എന്നിവ കുറച്ച് ചർമ്മത്തിന് സൗന്ദര്യവും ദൃഢതയും പകരും. ഒരു ഡെർമറ്റോളജിസ്‌റ്റിനെ കണ്ട് ചർമ്മാരോഗ്യം വർദ്ധിപ്പിക്കാനുള്ള സംരക്ഷണ മാർഗ്ഗങ്ങൾ ആരായാം. മുമ്പ് ഒരിക്കലും റെറ്റിനോൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ വിദഗ്ദ്ധ ഉപദേശം തേടിയ ശേഷം അത് ആരംഭിക്കാം. ആഴ്ചയിൽ രണ്ടുതവണ രാത്രിയിൽ ഈ 0.3% റെറ്റിനോൾ ഉപയോഗിക്കാം. മുഖത്ത് ഉണ്ടാകുന്ന ഏജിംഗ് ലക്ഷണങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

സൺസ്ക്രീൻ

വീട്ടിലായാലും പുറത്തായാലും എസ്‌പിഎഫ് 50 സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിച്ചിരിക്കണം. ഇത് അകാല വാർദ്ധക്യത്തെ തടയും.

ജലാംശം നൽകുന്ന ടോണറുകളും സിറമുകളും

ഹൈലൂറോണിക് ആസിഡും നിയാസിനാമൈഡ് ആസിഡും അടങ്ങിയ ഉൽപ്പന്നങ്ങൾ ചർമ്മത്തെ ശക്‌തിപ്പെടുത്തുകയും ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും.

മേക്കപ്പ് ഗെയിം

ലെസ്സ് ഈസ് മോർ എന്ന നിലയിലാണ് കൗമാരക്കാരുടെ മേക്കപ്പ്. വളരെ സൂക്ഷ്മവും ഭംഗിയുള്ളതുമാണ് അത്. കനത്ത ബേസും ഇല്ല. കടുത്ത ലിപ്‌സ്‌റ്റിക്കും ഇല്ല. ചർമ്മനിറത്തിനു അനുസരിച്ചുള്ള ബേസും റോസ് നിറമുള്ള കവിളുകളും ഇഷ്ടപ്പെടുന്നവരാണ് കൗമാരക്കാർ. അത്തരത്തിൽ മേക്കപ്പ് ട്രിക്കുകൾ അവലംബിക്കാം.

ടിന്‍റെഡ് മോയ്സ്ചറൈസർ അല്ലെങ്കിൽ ബിബി ക്രീം

ചർമ്മത്തെ മനോഹരവും ഈവൻ ടോണിലുമുള്ളതാക്കാൻ കനത്ത ഫൗണ്ടേഷൻ ആവശ്യമില്ല. പ്രകൃതിദത്തവും ശ്വസിക്കാൻ കഴിയുന്നതുമായ ബേസ് ചർമ്മത്തെ കൂടുതൽ ചെറുപ്പമാക്കും. ടിന്‍റഡ് മോയ്‌സ്‌ചറൈസർ, ബിബി അല്ലെങ്കിൽ സിസി ക്രീം അതിനായി തെരഞ്ഞെടുക്കാം.

ബ്ലഷ്, ഹൈലൈറ്റർ

പൗഡർ ബ്ലഷ് പുരട്ടുന്നത് എളുപ്പമാണെങ്കിലും ക്രീം ബ്ലഷ് ഉപയോഗിക്കുന്നത് കവിളുകൾക്ക് സ്വാഭാവികമായ തിളക്കം പകരും. പുരട്ടി കുറച്ച് സമയത്തിന് ശേഷം ക്രീം ബ്ലഷ് മുഖത്ത് നന്നായി സെറ്റ് ആകും. ഈ ഉൽപ്പന്നം ചർമ്മത്തിൽ ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ആർക്കും പറയാനും കഴിയില്ല. അത്രത്തോളം സ്വാഭാവികതയാണ് ഇത് പകരുന്നത്.

പുരികങ്ങൾ

കട്ടിയുള്ളതും വൃത്തിയായി ബ്രഷ് ചെയ്തതുമായ പുരികങ്ങൾ മുഖത്തിന് പുതുമയുള്ളതും നിർവചിക്കപ്പെട്ടതുമായ രൂപം നൽകുന്നു.

തിളങ്ങുന്ന ചുണ്ടുകൾ

ന്യൂഡ്, തവിട്ട് അല്ലെങ്കിൽ ഇളം പിങ്ക് നിറത്തിലുള്ള ലിപ് ഗ്ലോസ് നിങ്ങളുടെ ലുക്കിനെ കൂടുതൽ പുതുമയുള്ളതാക്കും. എന്നാൽ ഗ്ലോസിന് ടച്ചപ്പ് ആവശ്യമാണെന്ന കാര്യം ഓർക്കുക. അതിനാൽ പഴ്‌സിൽ പ്രസ്‌തുത ഷേഡ് കരുതുക. ആവശ്യമുള്ളപ്പോഴേല്ലാം ചുണ്ടുകൾക്ക് തിളക്കം പകരാൻ കഴിയും.

ഹെയർ സ്റ്റൈലിംഗ്

ചുറുചുറുക്കും യുവത്വവും നിറഞ്ഞ ലുക്കുകളായ ട്രെയ്റ്റ്, സ്ലീക് ഹെയർ സ്‌റ്റൈൽ അൽപ്പം പഴയതായി കാണപ്പെട്ടേക്കാം.

ലൂസ് വേവ്സ്

മുടിയുടെ വേവ് സ്റ്റൈൽ നിങ്ങളെ കൂടുതൽ ചെറുപ്പമുള്ളതായി കാട്ടും. മുടിയ്ക്ക് സ്വാഭാവികമായ രീതിയിൽ അലകളുള്ളതാണെങ്കിൽ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് സ്വാഭാവിക തരംഗങ്ങൾ വർദ്ധിപ്പിക്കാൻ പഠിക്കുക. ഇനി മുടി സ്ട്രെയ്റ്റാണെങ്കിൽ പോലും വിഷമിക്കേണ്ട. മുടി കഴുകിയ ശേഷം ബ്ലോ ഡ്രയറിന്‍റെ സഹായത്തോടെ മുടിയിൽ തരംഗങ്ങൾ സൃഷ്ടിക്കാം. ഇത്തരത്തിൽ കുറച്ച് ദിവസത്തേക്ക് ഈ ഹെയർ സ്‌റ്റൈൽ നിലനിർത്താൻ കഴിയും. ഉറങ്ങുമ്പോൾ സാറ്റിൻ ഹെയർ ക്യാപ്പും തലയിണയും ഉപയോഗിക്കുക. കൂടാതെ മുടി ബൺ സ്റ്റൈലിൽ കെട്ടി വച്ചു ഉറങ്ങുക. ടച്ചപ്പ് ഇല്ലാതെ തന്നെ ഏതാനും ദിവസം മുടിയിൽ ബൗൺസ് നിലനിൽക്കും.

ഹാഫ് ബൺ അല്ലെങ്കിൽ മെസ്സി ബൺ

കൗമാരക്കാരുടെ വൈബ് പകരുന്ന സ്റ്റൈലിംഗ് ആണിത്. നിങ്ങൾക്ക് വേണമെങ്കിൽ ഒരു ഹാഫ് മെസ്സി ബൺ പരീക്ഷിക്കാം. ഒരു പ്രത്യേക സ്‌റ്റൈലുമായി അവർ സ്വയം ബന്ധിക്കുന്നില്ല എന്നതാണ് കൗമാരക്കാരുടെ സ്റ്റൈലിംഗിന്‍റെ അടിസ്ഥാനം. മറിച്ച് എല്ലാ ദിവസവും അവർ പരീക്ഷണം നടത്തുന്നു. അപ്രകാരം എല്ലാ ദിവസവും വ്യത്യസ്ത‌മായ ഹെയർ സ്‌റ്റൈൽ നിങ്ങളും സ്വീകരിക്കുക.

ക്ലോ ക്ലിപ്പുകളും ഫങ്കി ഹെയർ ബാൻഡുകളും

ഇവ ട്രെൻഡി മാത്രമല്ല, ഫേസ് ലിഫ്റ്റും ചെയ്യുന്നു. കർട്ടൻ ബാഗുകൾ അല്ലെങ്കിൽ സോഫ്റ്റ് ലെയറുകൾ, ഫെയ്‌സ് ഫ്രെയിമിംഗ് ലെയറുകൾ മുഖത്തെ മെലിഞ്ഞതും ചെറുപ്പവുമാക്കുന്നു.

ജീവിതശൈലി മാറ്റങ്ങൾ

ആന്തരികമായ തിളക്കമാണ് യഥാർത്ഥ തിളക്കമെന്ന വസ്‌തുത മറക്കാതിരിക്കുക. സൗന്ദര്യം പുറത്തു നിന്ന് മാത്രമല്ല അത് ഉള്ളിൽ നിന്നും ഉണ്ടാകേണ്ടതുമാണ്.

ജലാംശം: ധാരാളം വെള്ളം കുടിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുക.

ഉറക്കം: കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങുക. ഇത് മുഖത്തെ ചെറുപ്പമായി കാണിക്കുന്നു.

ഭക്ഷണക്രമം: പഴങ്ങൾ, സാലഡുകൾ, വിത്തുകൾ, അവോക്കാഡോ, നട്‌സ് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ചർമ്മത്തെ ഉള്ളിൽ നിന്ന് പരിപോഷിപ്പിക്കുന്നു.

വ്യായാമം: യോഗ, നൃത്തം, എന്നിവ ദിനചര്യയുടെ ഭാഗമാക്കുക. ശരീര പോസ്‌ചർ മെച്ചപ്പെടുത്തുകയും ശരീരത്തെ ടോൺ ചെയ്യുകയും ചെയ്യുന്നു.

സ്റ്റൈലിംഗ് സെൻസ്: സ്റ്റൈലിഷ് ആയി കാണപ്പെടാൻ വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രം ധരിക്കേണ്ട ആവശ്യമില്ല. ശരിയായ സ്റ്റൈലിംഗ് ഉപയോഗിച്ച് നിങ്ങൾക്ക് ഏത് വസ്ത്രവും ഹൈ എൻഡ് ഫാഷനാക്കി മാറ്റാം.

ശരിയായ ആക്സസറികൾ: ഹൂപ്പ് കമ്മലുകൾ, ഡെലിക്കേറ്റ്സ് ചെയിനുകൾ, ലെയേർഡ് ബ്രേ‌സ്ലെറ്റുകൾ എന്നീ ഘടകങ്ങൾ ലുക്കിനെ സമ്പൂർണ്ണമാക്കും.

ബാഗുകൾ പാദരക്ഷകൾ: ഒപ്പം ട്രെൻഡി സ്ലിംഗ് ബാഗും സ്റ്റൈലിഷ് സ‌ീക്കറുകളും കൂടിയാകുമ്പോൾ കൂടുതൽ ചെറുപ്പമാകും.

നഖങ്ങൾ: ഗ്രൂം ചെയ്‌ത നഖങ്ങളും പ്രകൃതിദത്തമോ പേസ്‌റ്റൽ നെയിൽ നിറങ്ങളോ ഉപയോഗിക്കുന്നത് ട്രെൻഡി ലുക്ക് നൽകും.

സുഗന്ധം: ഉയർന്ന ക്വാളിറ്റിയിലുള്ള ഫ്ളവർ പെർഫ്യൂം ഉപയോഗിക്കുന്നത് ദിവസത്തെ മുഴുവനും മനോഹരവും ഹൃദ്യവുമാക്കും. ഒപ്പം ലുക്കിനെയും ആകർഷകമാക്കും.

സോഷ്യൽ മീഡിയ ഫിൽട്ടറല്ല മനോഭാവം പ്രധാനമാണ്. ഇന്നത്തെ ലോകത്ത് മനോഹരമായി കാണപ്പെടുന്നത് മാത്രം പോരാ സോഷ്യൽ മീഡിയയിലെ സാന്നിധ്യവും പ്രധാനമാണ്. സെൽഫികളിൽ നല്ല വെളിച്ചവും സ്വാഭാവിക ഭാവങ്ങളും പ്രധാനമാണ്. ആത്മാർത്ഥവും ഒപ്പം പിന്നണിയിലെ വൈബുകളുമുള്ള ഫോട്ടോകൾ ആളുകളെ കൂടുതൽ ആകർഷിക്കുന്നു. ട്രെൻഡി ശബ്ദങ്ങളുടേയും പ്രസക്തമായ ഉള്ളടക്കത്തിന്‍റെയും റീലുകൾ ഉപയോഗിച്ച് നിങ്ങൾക്ക് കൗമാരക്കാരെപ്പോലെ ആവേശം സൃഷ്‌ടിക്കാൻ കഴിയും.

ദേ ഡെനിം സാരീ…

ജീൻസിന് പുറമേ ഡെനിം സ്‌കർട്ടുകൾ, ഷോർട്ട്സ്, ടോപ്പുകൾ എന്നിവ യുവാക്കൾക്കിടയിൽ ഫാഷൻ ലോകത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. കുട്ടികളും മുതിർന്നവരും എല്ലാവരും ഡെനിം തുണികൊണ്ടുള്ള വസ്ത്രങ്ങൾ ഉപയോഗിച്ച് ഫാഷനബിളും സ്റ്റൈലിഷും ആകാറുണ്ട്. എന്നാൽ ഇപ്പോൾ ഡെനിം സാരിയാണ് പുതിയ താരം. ഡെനിം സാരി പുതുതലമുറയുടെ ആദ്യ ചോയ്സ് ആയി മാറിയിരിക്കുന്നു. പരമ്പരാഗത സാരിയിൽ നിന്ന് വ്യത്യസ്തമായി ഈ ആധുനിക ഡെനിം സാരി ജെൻസിക്ക് വളരെ ഇഷ്ടമാണ്. മറ്റു സാരികളെ അപേക്ഷിച്ച് ഡെനിം സാരിയുടെ ചില പ്രത്യേകതകൾ നമുക്ക് നോക്കാം.

ധരിക്കാൻ എളുപ്പം

സാരി ധരിക്കുന്നത് വ്യക്തിത്വത്തെ സവിശേഷമാക്കുന്നു. ഇക്കാലത്ത് പുതുതലമുറയിലെ സ്ത്രീകൾ പോലും സാരി ധരിക്കാൻ ഇഷപ്പെടുന്നു. പക്ഷേ സാരി ധരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതും ആയതിനാൽ അത് ധരിക്കാൻ മടിക്കുന്നു. എന്നാൽ ഡെനിം സാരികൾ അടിസ്ഥാനപരമായി റെഡി- ടു- വെയറാണ്. ഇതു ധരിക്കാൻ വളരെ എളുപ്പമാണെന്ന് മാത്രമല്ല സമയമെടുക്കുന്നില്ല.

പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും മിശ്രിതം

ഡെനിം പേലുള്ള ആധുനിക തുണിത്തരങ്ങളിൽ എംബ്രോയിഡറി, ബ്ലോക്ക് പ്രിന്‍റ്, കലംകാരി, ബന്ധാനി തുടങ്ങിയ പരമ്പരാഗത പ്രിന്‍റുകൾ ഉപയോഗിച്ച് പാച്ച് വർക്ക് കൊണ്ട് അലങ്കരിച്ചിരിക്കുന്നതിനാൽ ഈ സാരികൾ പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും തികഞ്ഞ മിശ്രിതമാണ്. കാരണം അവയ്ക്ക് ആധുനികവും പരമ്പരാഗതവുമായ ഒരു ലുക്ക് നൽകാൻ കഴിയും.

തുണിയുടെ പ്രത്യേകത

പരമ്പരാഗത സാരികൾ വളരെ ലോലമായതിനാൽ അവയ്ക്ക് അധിക പരിചരണം ആവശ്യമാണ്. പലപ്പോഴും ഷിഫോൺ, ബനാറസി തുടങ്ങിയ തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ച സാരികൾ ചെറിയ അശ്രദ്ധമൂലം കേടാകുന്നു. മറുവശത്ത്, ഡെനിം സാരികൾ പരുക്കൻ തുണികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പ്രത്യേക പരിചരണം ആവശ്യമില്ല. ഡെനിം ദീർഘകാലം നില നിൽക്കുന്നതും, പുനരുപയോഗിക്കാവുന്നതും, ആധുനികവുമായ തുണിത്തരമാണ്.

വ്യക്തിത്വത്തിന് പുതിയ രൂപം

ഈ സാരികൾ പരുക്കനും കടുപ്പമുള്ളതുമായ തുണികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ധരിക്കുന്നയാൾക്ക്, ‌സ്റ്റൈ ലിഷും അതുല്യവുമായ രൂപം ലഭിക്കുന്നു. ഇത് ആൾക്കൂട്ടത്തിൽ അവരുടേതായ ഐഡന്‍റി സൃഷ്ടിക്കാൻ സഹായിക്കുന്നു.

മാച്ചിംഗ് എളുപ്പം

ഡെനിം സാരികൾ സ്ന‌ീക്കേഴ്‌സ്, ഷൂസ്, ബൂട്ട്സ്, ക്രോപ്പ് ടോപ്പുകൾ, ബ്ലൗസുകൾ, ജാക്കറ്റുകൾ തുടങ്ങിയവയുമായി എളുപ്പത്തിൽ ജോടിയാക്കാം. പരമ്പരാഗത സ്വർണ്ണാഭരണങ്ങൾക്ക് പകരം, ഡയമണ്ട്, ഓക്സിഡൈസ്ഡ് ലൈറ്റ് ആഭരണങ്ങളാണ് നല്ലത്.

ഈ കാര്യങ്ങൾ കൂടി

കട്ടിയുള്ള തുണിത്തരങ്ങൾക്ക് പകരം നേർത്ത നെയ്‌ത തുണികൊണ്ടുള്ള സാരി വാങ്ങുക. കാരണം കട്ടിയുള്ള ഡെനിം ഭാരം കൂടുതലാണ്. നേർത്ത നെയ്‌ത ഡെനിം ഭാരം കുറവാണ് ഇത് ധരിക്കാൻ എളുപ്പമാണ്..

റെഡി ടു വെയർ സാരി വാങ്ങുകയാണെങ്കിൽ ബ്ലൗസിന്‍റെ ഫിറ്റിംഗിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക. കാരണം ആകർഷകമായ രൂപത്തിന് ബ്ലൗസിന്‍റെ ഫിറ്റിംഗ് സാരിയെപ്പോലെ പ്രധാനമാണ്.

ഇരുണ്ട നിറത്തിൽ ഒരാൾ മെലിഞ്ഞതായി കാണപ്പെടും. ഇളം നിറത്തിൽ തടിച്ചതായി കാണപ്പെടും. അതിനാൽ ഒരു സാരി വാങ്ങുമ്പോൾ സ്വന്തം വ്യക്‌തിത്വം മനസ്സിൽ വയ്ക്കുക.

പരമ്പരാഗത എംബ്രോയിഡറി അല്ലെങ്കിൽ പാച്ച് വർക്ക്, ക്ലാസിക്, ബോംബർ, വെ‌സ്റ്റേൺ സാരികൾ വിപണിയിൽ ലഭ്യമാണ്. ഇഷ്ടമുള്ള ഏത് സാരിയും വാങ്ങാം.

ഡെനിം സാരികളുടെ തുണി കട്ടിയുള്ളതിനാൽ ഭാരമുള്ള ആക്‌സസറികൾ ധരിക്കുന്നത് ഒഴിവാക്കുക.

ഹൈ ഹീൽ- ബൂട്ട്, പെൻസിൽ ഹീൽ ഷൂസ് എന്നിവ ഡെനിം സാരിയിൽ വളരെ സ്റ്റൈലിഷ് ലുക്ക് നൽകും. ഒരിക്കൽ ധരിച്ച ശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടച്ച് ഹാംഗറിൽ തൂക്കിയിടുക. ഓരോ ഉപയോഗത്തിനു ശേഷവും ഡ്രൈ ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല.

വനമാലി

അത്താഴം കഴിഞ്ഞ് കിഴക്കെ മുറ്റത്ത് തെക്കുവടക്കായുള്ള പതിവ് നടത്തത്തിന്‍റെ ഇടയിലായിരുന്നു റിട്ടയേർഡ് ബാങ്ക് ജീവനക്കാരനും കവിയുമായ ദേവകുമാറിന് വാർഡ് മെമ്പറുടെ ഫോൺ വന്നത്.

“ദേവേട്ടാ ഞാൻ വാർഡ് മെമ്പറാണ്. നാളെ നമ്മുടെ മാങ്കോട്ടുകോണം ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് മൂന്ന് മണിയ്ക്ക് നമ്മുടെ വാർഡിന്‍റെ ഒരു സഭ കൂടുന്നുണ്ട്. പ്രവർത്തന വിലയിരുത്തലിന് ശേഷം നാട്ടിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിയ്ക്കുന്ന ചടങ്ങുകൂടെയുണ്ട്. ഈ വർഷത്തെ മികച്ച കവിതാ സമാഹാരത്തിന് മൂന്നാം സമ്മാനാർഹനായ ചേട്ടനെ ആദരിക്കുവാനുദ്ദേശിക്കുന്നു. ചേട്ടൻ സകുടുംബം നിർബ്ബന്ധമായും വരണം.”

അങ്ങോട്ടൊന്നും ചോദിക്കാൻ ഇടം തരാതെ ആ മിടുക്കിക്കുട്ടി എല്ലാം ഒറ്റശ്വാസത്തിൽ പൂർത്തിയാക്കി. സമ്മതമറിയിച്ചതോടെ നാളെ അവിടെ കാണാമെന്നും ഈയിടെ നേടിയ പുരസ്കാരങ്ങളുടെയെല്ലാം ഒരു സംക്ഷിപ്തം വാട്സ്ആപ്പിലൂടെ അയച്ചു കൊടുക്കണമെന്നും അഭ്യർത്ഥിച്ചിട്ട് ഇങ്ങോട്ട് നന്ദി പറഞ്ഞു കൊണ്ട് മെമ്പർ ഫോൺ കാൾ അവസാനിപ്പിച്ചു.

നാലുവർഷങ്ങൾക്കു മുന്നെ വനിതാ വാർഡ് ആയി നിശ്ചയിക്കപ്പെട്ട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടിയിട്ട് ആദ്യ പര്യടനത്തിനിടയിൽ പ്രവർത്തകർക്കൊപ്പം എല്ലാ വീടുകളിലും കയറി ആദ്യമായി പരിചയപ്പെടുന്ന ദിവസം തന്‍റെ വീട്ടിലും വന്ന് തനിക്ക് ഒരു പഴയകാല പ്രവർത്തകൻ എന്ന ബഹുമാനം തന്ന് അനുഗ്രഹിക്കണമെന്ന് പറഞ്ഞ് തന്‍റെ കാൽ തൊട്ടു വണങ്ങിയ സംഭവം പെട്ടെന്ന് ദേവൻ മനസ്സിലൂടെ കടന്നുപോയി. ഇലക്ഷനിൽ മത്സരിച്ച് ജയിച്ച് നവാഗതയായിട്ട് കൂടി ഒട്ടും തെറ്റില്ലാത്ത രീതിയിൽ തന്നെ വാർഡിലെ റോഡിന്‍റെയും കുടിവെള്ളത്തിന്‍റെയും കാര്യങ്ങളിലും മറ്റ് സർക്കാർ പദ്ധതികൾ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിലും മികച്ച പ്രവർത്തനം കാഴ്ചവച്ച മെമ്പറെ ഒന്ന് അനുമോദിക്കാൻ കൂടി ഒരവസരമായല്ലോ എന്ന് ആലോചിച്ച് ദേവന് ഏറെ സന്തോഷവും ഒരു ആദരവ് ഏറ്റുവാങ്ങുന്നതിൽ അഭിമാനവും തോന്നി.

അത്താഴത്തിന് ശേഷമുള്ള അടുക്കള ജോലികളെല്ലാം പൂർത്തിയാക്കി ഭാര്യയും മകളും കൊച്ചുമോനും കൂടി പതിവ് വീട്ടു സഭയ്ക്ക് തയ്യാറെടുത്ത് സിറ്റൗട്ടിൽ സ്‌ഥലം പിടിച്ചു. മരുമകൻ ജോലി അൽപം ദൂരെ ആയതിനാൽ ഇപ്പോൾ കുറെ നാളായിട്ട് ആഴ്ചയിൽ വന്ന് പോകുകയാണ്.

“ആരായിരുന്നു വിളിച്ചത്? കോളേജിലെ പഴയ ചങ്ങാതിക്കൂട്ടം ഒത്തുകൂടാനുള്ള വല്ല പ്ലാനുമുണ്ടോ? പിന്നെ കൂടുന്നതൊക്കെ കൊള്ളാം. ബോധം ഒട്ടും കുറയാതെ തന്നെ ഇങ്ങെത്തിയേക്കണം എന്‍റെ സ്വഭാവം മാറ്റരുത്…”

അവൾ ലക്ഷ്മ‌ണരേഖ വരച്ചു കഴിഞ്ഞു. ഞാൻ കാര്യമെല്ലാം ചുരുക്കിപ്പറഞ്ഞതും എന്നാൽ പിന്നെ നമുക്ക് ഒരുമിച്ച് പോയാലോ എന്നായി രണ്ടാം ക്ലാസിലായ കൊച്ചുമോന്‍റെ കൂട്ടിച്ചേർക്കൽ. താൻ അവിടെ തന്നെയാണോ പോകുന്നതെന്ന് അറിയുവാനുള്ള ഒരു അവസരമാണല്ലോ ഇത് എന്ന് കരുതിയാകും ശ്രീമതിയും അതിനെ പിന്താങ്ങി. അപ്പോഴാണ് മകൾ ഇടപെട്ടത്. “അച്ഛാ ശർമ്മ സാർ നല്ല സുഖമില്ലാതെ കിടപ്പിലാണെന്ന് കേട്ടു. പുറത്തോട്ടൊന്നും തീരെ യാത്രയില്ലന്നാണ് അറിഞ്ഞത്.” മുറ്റത്ത് ഉലാത്തിയ ദേവന്‍റെ പാദങ്ങൾ ആരോ പിടിച്ചു വച്ചതു പോലെ നിശ്ചലമായി. അയാൾ നടപ്പ് നിറുത്തി സിറ്റൗട്ടിൽ നിന്ന് ഒരു ചൂരൽ കസേര എടുത്ത് മുറ്റത്തെ പ്രിയ മാവിന്‍റെ ചുവട്ടിലിട്ട് മെല്ലെ അതിലിരുന്നു. ദേവന്‍റെ ഓർമ്മകൾ കോളേജിലെ തന്‍റെ ബിഎ മലയാളം അദ്ധ്യാപകനായിരുന്ന ശർമ്മ സാറിന്‍റെ അടുക്കലേക്ക് ഇളം കാറ്റിലെന്നവണ്ണം ഒഴുകിയെത്തി.

ബിരുദ പഠന സമയത്താണ് തന്‍റെ ചില കവിതകൾ കോളേജ് മാഗസിനിലൂടെ ആദ്യമായി പ്രകാശിതമായത്. അന്ന് ദേവൻ എന്ന തൂലികാ നാമം വച്ചിട്ടായിരുന്നു അച്ചടിച്ചു വന്നത്. ശർമ്മ സർ അത് കണ്ട് ആരാണ് ഈ ദേവൻ എന്ന് ചിലരോടൊക്കെ അന്വേഷിച്ച് തന്നെ ടീച്ചേഴ്സ് റൂമിലേയ്ക്ക് വിളിപ്പിച്ചു. “ദേവകുമാർ എന്ന ഒരു കവി എന്‍റെ ക്ലാസിലുണ്ട് എന്ന് ഞാനറിഞ്ഞത് ഈ മാഗസിൻ കാരണമാണെടോ. ഈ കവിതയുടെ വിഷയം ലോകമുണ്ടായ കാലം മുതലുള്ള പ്രണയം എന്ന പഴയ വിഷയം തന്നെയായിട്ടും താൻ അത് ഒരു പുതുമ കലർന്ന വ്യത്യസ്ത‌മായ രീതിയിൽ അവതരിപ്പിച്ചു എന്നിടത്താണ് തന്‍റെ മിടുക്ക്. ദേവനിൽ ഒരു നല്ല കവിയെയും തന്‍റെ ഒരു കയ്യൊപ്പും ഇതിലൂടെ എനിക്ക് കാണാം. എഴുത്ത് നിർത്തരുത് എന്ന് മാത്രമല്ല ഇതുപോലെ പുതിയ രീതികൾ പരീക്ഷിക്കുകയും വേണം.”

അന്നത്തെ ആ അനുമോദനവും ധൈര്യപ്പെടുത്തലും തന്‍റെ ചെവിയിൽ ഇപ്പോൾ വീണ്ടുമൊരിക്കൽ കൂടി കേൾക്കുന്നപോലെ തോന്നി ദേവന്. അയാൾ കൊച്ചുമോനെക്കൊണ്ട് ടീപോയിൽ നിന്ന് ഫോൺ എടുപ്പിച്ച് ശർമ്മ സാറിന്‍റെ നമ്പർ ഡയൽ ചെയ്തു. രണ്ടാമത്തെ റിംഗിൽ തന്നെ ഫോൺ കണക്‌ട് ആയി.

“ശർമ്മ സർ ഞാൻ ദേവനാണ്.”

“ഹലോ അങ്കിൾ, അച്ഛൻ ഈയിടെയായി നേരത്തെ ആഹാരവും മരുന്നും കഴിച്ച് കിടക്കും. മരുന്നിന് ചെറിയ സെഡേഷൻ ഉള്ളതിനാൽ ഇപ്പോൾ ഉറങ്ങിത്തുടങ്ങി. ഞാൻ മകനാണ്.”

ദേവൻ നാളെ നടക്കുവാൻ പോകുന്ന വാർഡ് സഭയിലെ ആദരിക്കൽ ചടങ്ങിന്‍റെ കാര്യം ചുരുക്കിപ്പറഞ്ഞിട്ട് നാളെ രാവിലെ നേരിട്ട് വിളിച്ച് കൊള്ളാമെന്നും പറഞ്ഞ് ഡിസ്‌കണക്ട് ആക്കി.

മകര മഞ്ഞ് കൊണ്ട് ഇനി പനിയൊന്നും വരുത്താതെ അകത്ത് ഇരുന്നിട്ട് മതി ബാക്കിയെല്ലാം എന്ന് ഭാര്യയുടെ താക്കീതു കൂടെയായപ്പോൾ എല്ലാവരും എഴുന്നേറ്റു. എഴുത്തുമുറിയിൽ ഇരുന്ന് നാളത്തെ ചടങ്ങിൽ മറുമൊഴിയായി എന്തു പറയണം എന്നാലോചിക്കുമ്പോഴും ശർമ്മ സർ തന്‍റെ മനസ്സിൽ അപ്പോഴും നിറഞ്ഞു തന്നെ നിൽക്കുകയാണ് എന്ന് അയാളറിഞ്ഞു.

ബിരുദമെല്ലാം കഴിഞ്ഞ് പിന്നെ ജോലിക്കായിട്ടുള്ള പാച്ചിലിൽ എഴുത്തിന്‍റെ വഴിയിൽ അൽപം വേഗത കുറഞ്ഞുവെങ്കിലും ബാങ്കിന്‍റെ പൂനെ ബ്രാഞ്ചിൽ ജോലിയിൽ കയറിയപ്പോഴാണ് കവിതയുടെ വഴിയോരങ്ങളിൽ സുഗന്ധ പുഷ്പങ്ങൾ വിടർന്നു തുടങ്ങിയത്. ഫോൺ വ്യാപകമല്ലാതിരുന്ന ആ കാലത്ത് കത്തിലൂടെ ശർമ്മ സാറുമായി ഇടക്ക് ബന്ധപ്പെട്ടിരുന്നതിൽ നിന്നാണ് അതുവരെ എഴുതിയ പലതും നാട്ടിലെ വാരികയിലും മാസികയിലുമൊക്കെ ഇടയ്ക്ക് അച്ചടിച്ച് വന്നത്.

പ്രസിദ്ധീകരണത്തിനായി അയയ്ക്കുമ്പോൾ ചെയ്യേണ്ടതായ ഓരോ കാര്യങ്ങളും പാലിക്കേണ്ടതായ സാഹിത്യ രംഗത്തെ മര്യാദകളും തത്വദീക്ഷകളും എല്ലാം ക്ലാസിലിരിക്കുന്ന ഒരു കൊച്ചുകുട്ടിയോടെന്ന പോലെ സർ എഴുത്തിലൂടെ പറഞ്ഞ് തന്ന് തന്നെക്കൊണ്ട് ചെയ്യിപ്പിച്ചിരുന്നത് കൊണ്ടാകാം പ്രശസ്‌തരായ പല എഴുത്തുകാരുമായും പ്രസാധകരുമായും ഒരു ആത്മബന്ധം പുലർത്തുവാൻ തനിക്ക് എളുപ്പം സാധിച്ചത് എന്ന് ദേവൻ ഓർത്തു.

ശർമ്മ സർ റിട്ടയർ ചെയ്ത് സ്വസ്ഥമായപ്പോഴാണ് തനിക്ക് നാട്ടിലേക്ക് മാറ്റം കിട്ടിയതും സാറിന്‍റെ നിർദ്ദേശപ്രകാരം അതുവരെ എഴുതിയ എൺപതോളം കവിതകൾ എല്ലാം ചേർത്ത് ഒരു സമാഹാരമായി പുറത്തിറക്കുവാനും സാധിച്ചത്. സാറിനെക്കൊണ്ട് തന്നെ അവതാരികയും എഴുതിച്ച് അത് പുറത്തിറങ്ങിയപ്പോൾ സദസ്സിൽ വച്ച് സാർ കെട്ടിപ്പുണർന്നത് ഇപ്പോഴെന്നതു പോലെ ദേവന് തോന്നി.

വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് തന്‍റെ റിട്ടയർമെന്‍റിന് ശേഷം ഇറങ്ങിയ രണ്ടാമത്തെ കവിതാ സമാഹാരമാണ് കഴിഞ്ഞ മൂന്ന് വർഷം സംസ്‌ഥാനത്ത് പ്രസിദ്ധീകരിച്ചവയിൽ വച്ച് ഏറ്റവും മികച്ചതിനുള്ള മൂന്നാം സമ്മാനാർഹമായത് എന്നറിഞ്ഞ് ശർമ്മ സർ തന്നെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്‍റെ സംസാരത്തിലുള്ള വയ്യായ്കയും കിതപ്പുമെല്ലാം താൻ തിരിച്ചറിഞ്ഞുരുന്നതാണ് എന്ന് ദേവൻ കസേരയിൽ ചാഞ്ഞ് കിടന്നുകൊണ്ട് ഓർത്തു.

അങ്ങനെ കിടന്ന് എപ്പോഴാണ് ഉറങ്ങിയത് എന്ന് ദേവന് ഓർമ്മയില്ല. രാവിലെ മോൾ ചായ കൊണ്ടുവന്നപ്പോൾ ശർമ്മ സാറിനെ വിളിക്കുവാൻ അവൾ ഒന്നുകൂടി ഓർമ്മിപ്പിച്ചു. സർ എഴുന്നേറ്റ് ഒന്ന് ഫ്രെഷ് ആയി വരാൻ സമയമെടുക്കുമെന്നതിനാൽ ഒമ്പതുമണിയോടെ വിളിച്ചു കാര്യം പറയാമെന്ന് കരുതി തന്‍റെ ചായ മെല്ലെ ആസ്വദിക്കുമ്പോഴാണ് ശർമ്മ സർ തന്നെ ഇങ്ങോട്ട് വിളിച്ചത്. സംസാരിച്ചത് പക്ഷെ ഇന്നലത്തെപ്പോലെ മകൻ തന്നെയായിരുന്നു.

“അങ്കിൾ അച്ഛൻ ഇന്നലെ രാത്രി ഒരു പത്ത് മണിയോടെ വെള്ളം വേണമെന്ന് പറഞ്ഞ് എഴുന്നേറ്റിരുന്നു. ഞാൻ അങ്കിൾ വിളിച്ച കാര്യവും ഇന്നത്തെ ചടങ്ങുമെല്ലാം പറഞ്ഞു. അതു കേട്ടപ്പോൾ മുഖത്ത് വല്ലാത്ത ഒരു സന്തോഷം വന്നിട്ട് തല മെല്ലെ മുന്നോട്ടും പുറകോട്ടും രണ്ടുവട്ടം ആട്ടി. കണ്ണുകൾ അടച്ച് എല്ലാം ഭംഗിയാകുമെന്ന് പറഞ്ഞിട്ട് അൽപം വെള്ളം കുടിച്ച് വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു. പക്ഷെ രാത്രി എപ്പോഴോ അച്ഛന്‍റെ ആത്മാവ് നമ്മളെയെല്ലാം വിട്ടുപോയി അങ്കിൾ. രാവിലെ അമ്മ വിളിച്ചുണർത്താൻ നോക്കിയപ്പോഴാണ് ഞങ്ങൾ അറിയുന്നത്.”

ഒരു നിമിഷം ഇടറിപ്പോയ തൊണ്ട കാരണം ഒന്ന് നിറുത്തിയിട്ട് അയാൾ തുടർന്നു. “സ്വസ്ഥവും സമാധാനപൂർണ്ണവുമായ ഒരു വേർപാട് ഈശ്വരാനുഗ്രഹത്താൽ ലഭിച്ചു. അച്‌ഛൻ വിട പറയുന്നതിന് മുന്നെ അവസാനമായി കേട്ടത് അങ്കിളിന്‍റെ ഇന്നത്തെ ആദരിക്കൽ ചടങ്ങിന്‍റെ കാര്യങ്ങളായിരുന്നു. ശാന്തികവാടത്തിൽ വച്ച് മൂന്ന് മണിയ്ക്കാണ് സംസ്‌കാരം അങ്കിൾ.

നേരമേറെക്കഴിഞ്ഞ് ഒഴിഞ്ഞ ചായക്കപ്പ് എടുക്കാനായി മോൾ വന്നു നോക്കുമ്പോൾ അൽപം മാത്രം കുടിച്ച ചായയുടെ ബാക്കി മുന്നിലിരിക്കുന്നതോ ഡിസ്ക‌ണക്ട് ആയ ഫോൺ ചെവിയോട് ചേർത്തു തന്നെ വച്ചിരിയ്ക്കുന്നതോ മകൾ വന്നതോ ഒന്നും അറിയാതെ തന്‍റെ മനസ്സിൽ കവിതയുടെ ഒരു ആരാമം നട്ടു നനച്ച് വളർത്തിയെടുത്ത് അതിൽ വർണ്ണ പുഷ്പങ്ങളെക്കൊണ്ട് കാവ്യ വസന്തം വിരിയിച്ച വനമാലിയുടെ ഓർമ്മകളിലായിരുന്നു അയാളപ്പോഴും.

ഒരു പാലക്കാടൻ ഗ്രാമ കഥ

അതിരാവിലെ ആൽമരങ്ങൾക്കിടയിലൂടെ സൂര്യകിരണങ്ങൾ സ്വർണംപോലെ അരിച്ചിറങ്ങുന്നു. അഗ്രഹാരത്തിന്‍റെ ഇടുങ്ങിയ പാതകളിൽ സ്വർണ്ണ നിഴലുകൾ വീശുന്നു. പായൽ നിറഞ്ഞ കൽച്ചുവരുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുല്ലപ്പൂ വള്ളികളെ മൃദുവായ കാറ്റ് തലോടി കടന്നു പോയ്… ഹാ മദിപ്പിക്കുന്ന സുഗന്ധം… ശംഖിന്‍റെ നേർത്ത പ്രതിധ്വനി വായുവിലൂടെ ഒഴുകി നീങ്ങുന്നു.

ഒരു തനി നാടൻ പാലക്കാടൻ ഗ്രാമത്തിന്‍റെ ഭംഗിയിൽ അലിഞ്ഞു ചേരാൻ കൊതിക്കാത്തവർ ഉണ്ടാവില്ല… പാലക്കാടൻ വയലേലകൾ, അഗ്രഹാരങ്ങൾ, കാറ്റാടിയന്ത്രങ്ങൾ, കാറ്റിൽ ഉലയുന്ന പന മരങ്ങൾ കാടുകൾ അതിനെല്ലാം ഉപരിയായ നിഷ്‌കളങ്കരായ ജനങ്ങൾ.

അവിടത്തെ അഗ്രഹാരങ്ങൾ വെറും ബ്രാഹ്‌മണ ഭവനങ്ങളുടെ നിരകളല്ല. അവ ഒരു സംസ്കാരത്തിന്‍റെ ജീവിക്കുന്ന മ്യൂസിയങ്ങളാണ്. കൊത്തിയെടുത്ത മരത്തൂണുകൾ, റെഡ് ഓക്സൈഡ് വിരിച്ച തറകൾ, മധ്യഭാഗത്തുള്ള തുറന്ന മുറ്റം. ഓരോ വീടും അതിന്‍റെ ചുവരുകളിൽ തലമുറകളുടെ കഥകൾ സൂക്ഷിക്കുന്നു. ഫിൽട്ടർ കോഫിയുടേയും തുളസി ഇലകളുടേയും ചന്ദനത്തിന്‍റെയും സുഗന്ധം ഇടകലർ ന്ന് കാറ്റിലൊഴുകുന്നു. അഗ്രഹാരങ്ങളുടെ സിഗ്നേച്ചർ ഫ്രാഗ്രൻസ്.

വാതിൽപ്പടികളിൽ കോലം വരയ്ക്കുന്നതിന്‍റെ കാഴ്ച- അരിപ്പൊടി ഡിസൈനുകൾ സമൃദ്ധിയെ സ്വാഗതം ചെയ്യുകയും കലയുടേയും ജീവിതത്തിന്‍റെയും നശ്വരതയെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. അതിനിടയിലൂടെ കുട്ടികൾ നഗ്നപാദരായി ഓടുന്നു. ഇവിടെ ജീവിതം ശാന്തമായി മുന്നോട്ട് പോകുന്നു-തിരക്കില്ലാത്ത, ചിന്താശേഷിയുള്ള പൈതൃകവുമായി ആഴത്തിൽ ബന്ധപ്പെട്ട ജീവിതം.

കൽപ്പാത്തി പൈതൃക ഗ്രാമം പ്രശസ‌്തമായ കൽപ്പാത്തി രഥോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നു. കല്ല് പാകിയ തെരുവുകളിലൂടെ ഉജ്‌ജ്വലമായി അലങ്കരിച്ച മര രഥങ്ങൾ എഴുന്നെള്ളും. മണികളുടെ മുഴക്കം, മന്ത്രങ്ങൾ, സംഗീതം എന്നിവ വിശ്വാസത്തിന്‍റെയും താളത്തിന്‍റെയും സിംഫണി സൃഷ്‌ടിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ പ്രതിധ്വനിക്കുന്ന കല്ലുകൾ പാകിയ പാതകളിൽ ചരിത്രം ഉറങ്ങുന്നു.

അഗ്രഹാരങ്ങൾക്കിടയിലെ പാത ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കും വേണ്ടിയുള്ള വേദിയാണിത്. നവരാത്രി സമയത്ത്, അഗ്രഹാരം സജീവമാകുന്നു. ശ്ലോകങ്ങളുടെ ഈണവും മൃദംഗത്തിന്‍റെ മൃദുലമായ താളവും കൊണ്ട് അന്തരീക്ഷം മുഖരിതമാകും. എന്നാൽ ഇത്തരം ഗൃഹാതുരത്വത്തിനപ്പുറം ഭൂതകാലത്തിനും വർത്തമാനത്തിനും ഇടയിലുള്ള പിരിമുറുക്കമുണ്ട്. ചില വീടുകൾ പൂട്ടിയിരിക്കുന്നു. കാലക്രമേണ അവയുടെ വാതിലുകൾ മങ്ങുന്നു. യുവതലമുറ പലരും അകന്നുപോയിട്ടുണ്ട്. എന്നാൽ അഗ്രഹാരം മന്ത്രിക്കുന്നു. ഞങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. തമിഴ്- മലയാളി സംസ്‌കാരത്തിന്‍റെയും കർണാടക സംഗിതത്തിന്‍റെയും വേദ പാരമ്പര്യത്തിന്‍റെയും, ഊഷ്മളവും സത്യസന്ധവുമായ ആതിഥ്യമര്യാദയുടേയും പുണ്യ ഇടനാഴികളാണ് പാലക്കാടിന്‍റെ അഗ്രഹാരങ്ങൾ. സൂര്യപ്രകാശം ചിതറിവീണ ഇടനാഴിയിലൂടെ നടക്കുമ്പോൾ സ്വന്തം വീട്ടിലെത്തിയതായി നമുക്ക് തോന്നും.

പാലക്കാടൻ ചുരം

പശ്ചിമഘട്ടത്തിന്‍റെ ഗാംഭീര്യം തുളുമ്പുന്ന മലമടക്കുകൾക്കിടയിലൂടെ ചുരം കടന്നു വരുന്ന കാറ്റിനാൽ ചുംബിക്കപ്പെടുന്ന പാലക്കാട്. കേരളത്തിന്‍റെ ധാന്യപ്പുര എന്നറിയപ്പെടുന്ന പാലക്കാട് അതിന്‍റെ ശാന്തതയുമായി പ്രണയത്തിലാകാൻ ഓരോരുത്തരേയും ക്ഷണിക്കുകയാണ്.

കേരളത്തിനും തമിഴ്‌നാടിനും ഇടയിലുള്ള പ്രകൃതിദത്ത ഇടനാഴിയായി പ്രവർത്തിക്കുന്ന പശ്ചിമഘട്ടത്തിലെ ചുരം, പ്രദേശത്തിന്‍റെ സവിശേഷമായ കാലാവസ്ഥയെ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. എപ്പോഴും കാറ്റു വീഴുന്ന സൂര്യപ്രകാശം ലഭിക്കുന്ന ശാന്തമായ വിശാലമായ നെൽവയലുകൾ നീല ആകാശത്തിന് കീഴിൽ പച്ച വെൽവെറ്റ് പോലെ വിരിഞ്ഞുനിൽക്കുന്നു. അതിരുകളിൽ തെങ്ങുകൾ കാവൽ നിൽക്കുന്നു.

ക്ഷേത്രങ്ങളുടേയും കോട്ടകളുടേയും നാട്

ടിപ്പുവിന്‍റെ കോട്ട എന്നും അറിയപ്പെടുന്ന പാലക്കാട് കോട്ടയിൽ നിന്ന് യാത്ര ആരംഭിക്കാം. 1766-ൽ ഹൈദർ അലി നിർമ്മിച്ച ഇത് കേരളത്തിലെ ഏറ്റവും മികച്ച സംരക്ഷിത കോട്ടകളിൽ ഒന്നാണ്. അതിന്‍റെ ലാറ്ററൈറ്റ് ചുവരുകൾ യുദ്ധങ്ങളുടേയും സഖ്യങ്ങളുടേയും പരിവർത്തനങ്ങളുടേയും കഥകൾ മന്ത്രിക്കുന്നു. കൂടാതെ മനോഹരമായ പൂന്തോട്ടങ്ങൾ പ്രഭാത നടത്തക്കാരെയും യാത്രക്കാരെയും ഒരുപോലെ ആകർഷിക്കുന്നു.

പ്രകൃതിയുടെ നിശബ്ദത

ഇന്ത്യയിലെ ഉഷ്ണ‌മേഖലാ മഴക്കാടുകളിൽ പെട്ട സൈലന്‍റ് വാലി നാഷണൽ പാർക്കിലേക്ക് പോയാൽ ആ പേര് ഉണ്ടായിരുന്നിട്ടും താഴ്വര പല ശബ്ദത്താൽ നിറഞ്ഞിരിക്കുന്നത് അനുഭവിക്കാം. സിക്കാഡകളുടെ മൂളൽ, സിംഹവാലൻ കുരങ്ങുകൾ, നീലഗിരി ലങ്കൂർ പോലുള്ള അപൂർവ ജീവികളുടെ ശബ്ദം, പലതരം പക്ഷികളുടെ കൂജനം ഇതെല്ലാം നമുക്ക് നേരിട്ട് അറിയാം.

അടുത്തുതന്നെയുള്ള അട്ടപ്പാടി കുന്നുകൾ തികച്ചും വ്യത്യസ്തമായ വനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. തദ്ദേശീയ സമൂഹങ്ങൾ പാർക്കുന്ന ഇവിടെ ഷോല വനങ്ങൾക്കിടയിലൂടെ മൂടൽ മഞ്ഞുള്ള നീണ്ട പാതകൾ വളരെ മനോഹരമായ കാഴ്ചയാണ്. പിന്നെ മലമ്പുഴ അണക്കെട്ടും ഉദ്യാനവും കാണേണ്ട കാഴ്ചയാണ്. അവിടെ ആർട്ടിസ്‌റ്റ് നെക് ചന്ദിന്‍റെ ശിൽപങ്ങൾ കൊണ്ട് പൂന്തോട്ടം അലങ്കരിച്ചിരിക്കുന്നു. റോപ്പ്‍വേ നിങ്ങൾക്ക് റിസർവോയറിന്‍റെയും കുന്നുകളുടേയും മനോഹരമായ കാഴ്ചകൾ നൽകുന്നു. ചുവന്നു തുടുത്ത സന്ധ്യാ സമയത്ത് ഈ കാഴ്ച്ച സ്വപ്നതുല്യമാണ്.

പാരമ്പര്യങ്ങളുടെ പ്രതിധ്വനി

പാലക്കാട് സംഗീതമയമാണ്… പാലക്കാട് കെ.വി.നാരായണ സ്വാമി, പാലക്കാട് മണി അയ്യർ തുടങ്ങിയ കർണാടക സംഗീത ഇതിഹാസങ്ങളെ ലോകത്തിന് സമ്മാനിച്ച നഗരമാണിത്. ഇന്നും വീടുകൾ പലപ്പോഴും കച്ചേരി വേദികളായി മാറുന്നു. അവിടെ മൃദംഗ താളങ്ങളും രാഗങ്ങളും സന്ധ്യയെ സ്വീകരിക്കുന്നു.

ദേശത്തിന്‍റെ രുചികൾ

പാലക്കാടിന്‍റെ പാചകരീതി സസ്യാഹാരത്തിന്‍റേതാണ്. തമിഴ് രുചികളേയും അവിടെ കണ്ടെത്തും. സാമ്പാർ, രസം, മാമ്പഴ അച്ചാർ, കൂട്ടുകറി, ഇഞ്ചി തൈര്, പരിപ്പ് എന്നിവയ് ക്കൊപ്പം വിളമ്പുന്ന പാലക്കാടൻ മട്ട അരി പരീക്ഷിച്ചു നോക്കൂ.

വിസ്‌പറിംഗ് ഗ്രീൻ

ഓരോ ദിവസവും പശ്ചിമഘട്ടത്തിന് പിന്നിൽ സൂര്യൻ ഉദിക്കുമ്പോൾ ആകാശം പ്രതിഫലിക്കുന്ന കണ്ണാടി പോലുള്ള വയലുകൾ… പേരുകേട്ട പ്രശസ്ത‌മായ പാലക്കാടൻ മട്ട അരിയുടെ ഉറവിടം. നൂറ്റാണ്ടുകളായി മട്ട കൃഷി ചെയ്തിരുന്നത് ഈ വയലുകളിലാണ്. പാലക്കാടൻ കർഷകരെ സംബന്ധിച്ചിടത്തോളം വിതയ്ക്കൽ വെറും കാർഷിക പ്രവൃത്തിയല്ല ഒരു ആചാരം പോലെ ആത്മീയമാണ്.

ഇന്ന് ട്രാക്ടറുകൾ കൊണ്ട് ഉഴവൽ ഉണ്ടെങ്കിലും പല കർഷകരും ഇപ്പോഴും പഴയ കാർഷിക വിദ്യകളെ ആശ്രയിക്കുന്നു. പ്രാദേശിക കാർഷിക സഹകരണ സ്‌ഥാപനങ്ങൾ ആകട്ടെ ജൈവ കൃഷി, ഹൈബ്രിഡ് പരീക്ഷണങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

കാർഷിക ടൂറിസം പോലുള്ള സംരംഭങ്ങൾ നഗര സന്ദർശകരെ വയലുകളിൽ സമയം ചെലവഴിക്കാൻ ക്ഷണിച്ചിട്ടുണ്ട്. നെല്ല് എങ്ങനെ വളർത്തുന്നു പാകം ചെയ്യുന്നു എന്ന് പഠിപ്പിക്കുന്നു. സന്ധ്യാസമയത്ത് ഒരു പാലക്കാടൻ വയലിൽ നിൽക്കുമ്പോൾ നിറഞ്ഞ ശാന്തത അനുഭവിക്കാം.

പ്രധാന ടൂറിസം കേന്ദ്രങ്ങൾ

  • പാലക്കാട് ഫോർട്ട്
  • മലമ്പുഴ ഡാം
  • സൈലന്‍റ് വാലി നാഷണൽ പാർക്ക്
  • പറമ്പിക്കുളം ടൈഗർ റിസർവ്
  • നെല്ലിയാമ്പതി ഹിൽസ്
  • കൊല്ലങ്കോട് കൊട്ടാരം
  • ശിരുവാനി ഡാം
  • ഒറ്റപ്പാലം
  • സീതാർ ഗുണ്ട് വ്യൂ പോയിന്‍റ്
  • കാഞ്ഞിരപ്പുഴ റിസർവോയർ
  • കാവ വ്യൂ പോയിന്‍റ്
  • അട്ടപ്പാടി റിസർവ് ഫോറസ്‌റ്റ്
  • കൽപാത്തി ഹെറിറ്റേജ് ഗ്രാമം.

ഇങ്ങനെ എത്തിച്ചേരാം

എയർവേ: ഏറ്റവും അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂരിലെ പീലമേട് വിമാനത്താവളമാണ്. ഭൂവനേശ്വർ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂർ, കൊച്ചി, പൂനെ, ഷാർജ, ബാങ്കോക്ക്, സിംഗപ്പൂർ, അഹമ്മദാബാദ് എന്നിവയുമായി നേരിട്ട് സർവീസ് ഉണ്ട്.

റെയിൽ: പാലക്കാട് ജംഗ്ഷൻ, പാലക്കാട് ടൗൺ എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ ‌സ്റ്റേഷനുകൾ. രാജ്യത്തെ പ്രധാന നഗരങ്ങളുമായി ട്രെയിൻ സർവീസ് ഉണ്ട്.

റോഡ്: കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും (കെഎസ്ആർടിസി) ചില സ്വകാര്യ ബസുകളും ഉപയോഗിച്ച് യാത്ര ചെയ്യാം.

ഹാപ്പി ഹോർമോൺ എങ്ങനെ ഹാക്ക് ചെയ്യാം

മനസ്സിനും ശരീരത്തിനും സുഖം തോന്നാൻ നല്ല ചുറ്റുപാടും നല്ല വ്യക്തികളുടെ സഹവാസവും മാത്രം പോരാ. സന്തോഷകരമായ ഹോർമോണുകൾ അതായത് സെറോടോണിൻ, ഡോപാമിൻ, എൻഡോർഫിൻ, ഓക്സിടോസിൻ എന്നിവയും ആവശ്യമാണ്. വിഷാദവും ഉത്കണ്ഠയും കുറച്ച് സന്തോഷം പ്രോത്സാഹിപ്പിക്കുന്നതിന് ഈ ഹോർമോണുകൾ സഹായിക്കുന്നു.

തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സുനിതയ്ക്ക് എന്താണ് കുറവ്? അവൾക്ക് എല്ലാം ഉണ്ട്. രണ്ട് വീടുകൾ, വലിയ കാറുകൾ ധാരാളം വിലപിടിപ്പുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ മുതലായവ. എന്നാൽ ഇന്ന് അവൾ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം ഉണ്ടായിട്ടും സന്തോഷവതി അല്ല. എപ്പോഴും ദേഷ്യപ്പെടുക ഒരു ജോലിയിലും താൽപര്യം കാണിക്കാതിരിക്കുക എന്നിവയെല്ലാം അവളുടെ പെരുമാറ്റത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു. അവളോട് എന്തെങ്കിലും ചോദിക്കുമ്പോഴോ പോലും അവൾക്ക് അതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഇപ്പോൾ മോശം മാനസികാവസ്‌ഥയിലാണെന്നാണ് അവൾ പറയുന്നത്. പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞൊഴിയും. സുനിത എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മനസ്സിലാക്കാൻ കഴിയുന്നില്ലായിരുന്നു. പിന്നീടാണ് മനസ്സിലായത് സ ന്തോഷകരമായ ഹോർമോണുകളുടെ അഭാവത്തിന്‍റെ അടയാളമായിരുന്നു അതെല്ലാം എന്ന്. ഇന്നത്തെ കാലത്ത് മോശമായ ജീവിതശൈലിയും മൊബൈലിന്‍റെ അമിത ഉപയോഗവും കാരണം മാനസികാരോഗ്യം മോശമാവുകയാണ്. ഇത് കാരണം സന്തോഷകരമായ ഹോർമോണുകളുടെ കുറവ് സംഭവിക്കുന്നു. ഇക്കാരണത്താൽ പലരും സമ്മർദ്ദവും വിഷാദവും നേരിടുന്നു.

ഹാപ്പി ഹോർമോണുകൾ മാനസിക ആരോഗ്യം സംരക്ഷിക്കുന്നു

നല്ല മാനസികാവസ്‌ഥ ലഭിക്കാൻ എന്തൊക്കെ സഹായിക്കും എന്ന് നോക്കാം. ആദ്യപടി തന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ നമ്മൾ കിടന്ന കിടക്ക ഭംഗിയാക്കി വിരിച്ചിടുക എന്നതാണ്. ഇത് സ്‌ഥിരം ചെയ്യുമ്പോൾ സ്വയം ഒരു ബഹുമാനം ഒക്കെ തോന്നും. പിന്നെ ധ്യാനം നല്ലൊരു സംഗതി ആണ്… ഇഷ്ടമുള്ളവർക്ക് അത് ചെയ്യാം. വ്യായാമം തീർച്ചയായും ചെയ്യുക. പാചകം ചെയ്യുക, ഭക്ഷണം കഴിക്കുക, സംഗീതം കേൾക്കുക സംസാരിക്കുക. പ്രിയപ്പെട്ടവരോട് തമാശ പറയുക എന്നിങ്ങനെയുള്ള ചില ലളിതമായ പ്രവർത്തനങ്ങൾ ചെയ്‌തുകൊണ്ട് നിങ്ങളുടെ ഹാപ്പി ഹോർമോണുകളുടെ ഉത്‌പാദനം വർദ്ധിപ്പിക്കാം.

എന്താണ് ഹോർമോണുകൾ

ശരീരത്തിലെ വിവിധ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന രാസവസ്‌തുക്കളാണ് ഹോർമോണുകൾ. അവ രക്തചംക്രമണത്തിലൂടെ ശരീരത്തിലുടനീളം ശേഖരിക്കുന്നുണ്ട്. കൂടാതെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്ന നിരവധി ശാരീരിക പ്രക്രിയകളിൽ പ്രധാന പങ്ക് വഹിക്കുന്നു.

സന്തോഷകരമായ ഹോർമോണുകൾ എന്തൊക്കെയാണ്?

ശരീരത്തിൽ അടങ്ങിയിരിക്കുന്ന ഹാപ്പി ഹോർമോണുകൾ സന്തോഷത്തോടെയിരിക്കാൻ നിങ്ങളെ സഹായിക്കുന്നു. ശരീരത്തിൽ ഇടയ്ക്കിടെ പുറപ്പെടുവിക്കുന്ന ഹോർമോണുകൾ ആണ് ഒരു വ്യക്തിക്ക് സന്തോഷവും സങ്കടവും നൽകുന്നത്. ഒരു വ്യക്തിക്ക് എന്തെങ്കിലും നല്ലത് സംഭവിക്കുമ്പോൾ ഈ സന്തോഷകരമായ ഹോർമോണുകൾ തലച്ചോറിലേക്ക് ഒരു സന്ദേശം അയയ്ക്കുന്നു. അതിനുശേഷം വ്യക്‌തിക്ക് ഉള്ളിൽ സന്തോഷം തോന്നുന്നു. ഹോർമോണുകൾ തലച്ചോറിലേക്ക് സന്ദേശങ്ങൾ കൈമാറുമ്പോൾ മാത്രം വിശപ്പ്, ദാഹം, വേദന, സമ്മർദ്ദം, ദേഷ്യം എന്നിവ അനുഭവപ്പെടുന്നതുപോലെ എന്തെങ്കിലും നല്ലത് സംഭവിക്കുമ്പോൾ തലച്ചോറിലേക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ഉള്ളിൽ നിന്ന് സന്തോഷം തോന്നുകയും ചെയ്യുന്ന ഹാപ്പി ഹോർമോണുകളുമുണ്ട്.

ഡോപാമൈൻ: ഇത് സന്തോഷത്തിന്‍റെ ഹോർമോൺ എന്നറിയപ്പെടുന്നു. ഈ ഹോർമോൺ നിങ്ങളെ സുഖപ്പെടുത്തുന്നു. നമുക്ക് സുഖകരമായ എന്തെങ്കിലും അനുഭവിക്കുമ്പോൾ ശരീരത്തിൽ അതിന്‍റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു.

സെറോടോണിൻ: ഫീൽഗുഡ് ഹോർമോൺ എന്നും അറിയപ്പെടുന്നു. ഉത്കണ്ഠയും വിഷാദവും ഒഴിവാക്കുന്നതിൽ സെറോടോണിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് മനസിലാക്കുക. വ്യായാമം ചെയ്യുന്നതിലൂടെയും പുറത്ത് സമയം ചിലവഴിക്കുന്നതിലൂടെയും നല്ല ഉറക്കത്തിലൂടെയും സെറോടോണിന്‍റെ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയും.

എൻഡോർഫിൻസ്: സാധാരണയായി ഈ ഹോർമോൺ വ്യായാമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓട്ടം, പടികൾ കയറൽ, നടത്തം, സൈക്കിൾ ചവിട്ടൽ തുടങ്ങിയ ഹൃദയ വ്യായാമങ്ങൾ എൻഡോർഫിൻ പുറത്തുവിടാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ്. ഈ ശക്തമായ ഹോർമോൺ സ്വാഭാവികമായും വേദന കുറയ്ക്കാൻ സഹായിക്കുന്നു.

ഓക്സിടോസിൻ: പ്രണയ ഹോർമോൺ എന്നും അറിയപ്പെടുന്നു. പ്രണയിക്കുമ്പോൾ സെക്സ് ചെയ്യുമ്പോൾ ഒക്കെ ശരീരം ഇത് പുറപ്പെടുവിക്കും. പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും സ്ത്രീകളുടെ ശരീരത്തിൽ ഇത് അതിവേഗം വർദ്ധിക്കുന്നുണ്ട്. ഈ ഹോർമോൺ സ്പർശനത്തിലൂടെയും വർദ്ധിക്കുന്നു. കൈകൾ പിടിക്കുക, വളർത്തുമൃഗങ്ങളുമായി കളിക്കുക, കുടുംബവുമായി അടുത്തിടപഴകുക, ആലിംഗനം, ചുംബനം, മസാജ് തുടങ്ങിയവയിലൂടെ സ്നേഹം അനുഭവപ്പെടുന്ന ഓരോ പ്രക്രിയയിലും ഈ ഹോർമോൺ ഉത്പാദിക്കപ്പെടുന്നു.

ജീവിതശൈലിയിൽ ചില പ്രധാന മാറ്റങ്ങൾ അറിഞ്ഞു കൊണ്ട് തന്നെ വരുത്തി നോക്കൂ. നിങ്ങൾക്ക് ഈ ഹോർ മോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയും.

വ്യായാമം ചെയ്യുമ്പോൾ

പതിവായി വ്യായാമം ചെയ്യുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഓട്ടം, നടത്തം, യോഗ തുടങ്ങിയ മാനസികവും വൈകാരികവുമായ ആരോഗ്യത്തിലും വ്യായാമത്തിന് നല്ല സ്വാധീനമുണ്ട്. എൻഡോർഫിൻ ഹാപ്പി ഹോർമോണുകൾ പുറത്തുവിടാൻ വ്യായാമം സഹായിക്കുന്നു.

വ്യായാമം എൻഡോർഫിൻ വർദ്ധിപ്പിക്കുക മാത്രമല്ല ഡോപാമൈൻ, സെറോടോണിൻ എന്നിവയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വ്യായാമം ചെയ്യുമ്പോൾ വേദന അനുഭവപ്പെട്ടാൽ പോലും, മസ്‌തിഷ്‌കം എൻഡോർഫിനുമായി ഇടപഴകുകയും നിങ്ങളുടെ വേദന കുറയ്ക്കുകയും ചെയ്യും.

ധ്യാനിക്കുന്നത് പ്രധാനമാണ്

മാനസിക പിരിമുറുക്കം കുറയ്ക്കന്നതിനൊപ്പം ഉറക്കത്തിന്‍റെ ഗുണമേന്മയും വർദ്ധിപ്പിക്കുന്നു. തിന്മയാൽ ചുറ്റപ്പെട്ടാൽ ശരീരത്തിൽ ഡോപമിൻ സെറോടോണിൻ എന്നിവയുടെ ഉത്പാദനം ഗണ്യമായി കുറയുന്നു. ഇത് ശാരീരിക ആരോഗ്യത്തെയും മാനസികാവസ്‌ഥയെയും മോശമായി ബാധിക്കുന്നു. ധ്യാനിക്കുമ്പോൾ ഡോപാമിൻ ഉൽപാദനം വർദ്ധിക്കുന്നു. ധ്യാനം പരിശീലിക്കുന്നത് ഹാപ്പി ഹോർമോൺ ഉൽപ്പാദിപ്പിക്കും.

ഇഷ്ട്‌ടപ്പെടുന്നവരോടൊപ്പം

സ്നേഹപൂർവ്വം സംസാരിക്കുകയോ സ്‌പർശിക്കുകയോ ചെയ്യുന്നത് ശരീരത്തിലെ സന്തോഷ ഹോർമോണുകളെ വർദ്ധിപ്പിക്കുന്നു. അതിനാൽ ഹാപ്പി ഹോർമോൺ ഉണ്ടാക്കാൻ നിങ്ങളെ സ്നേഹിക്കുന്നവരുടെ കൂടെ നിൽക്കണം. തുറന്ന് സംസാരിക്കാനും എല്ലാം പങ്കിടാനും കഴിയുന്ന ആളുകളുമായി സൗഹൃദം സ്ഥാപിക്കുക.

6 മുതൽ 7 മണിക്കൂർ വരെ ഉറക്കം

6-7 മണിക്കൂർ ഉറക്കം സമ്മർദ്ദം കുറയ്ക്കുക മാത്രമല്ല സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യും. തലച്ചോറിനെ ശാന്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനൊപ്പം മാനസിക രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും സുഖം തോന്നുന്നതിനും ഇത് സഹായിക്കും.

കോമഡി സിനിമയോ വീഡിയോയോ കാണുക

ഏറ്റവും എളുപ്പമുള്ള ഒരു മാർഗമാണിത്. കോമഡി സിനിമയോ വീഡിയോയോ കാണുക. ഇത് നമ്മെ സന്തോഷിപ്പിക്കുകയും മനസിന് ലാഘവം തോന്നുകയും ചെയ്യും. ഇത് സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുന്നു. മാനസികാവസ്‌ഥയിലെ മാറ്റങ്ങൾ വിഷാദം തുടങ്ങിയ പ്രശ്‌നങ്ങൾ കുറയാൻ തുടങ്ങുകയും ചെയ്യുന്നു. ഇതുകൂടാതെ സന്തുഷ്ടരായിരിക്കാനും സംഗീതം കേൾക്കാനും സർഗ്ഗാത്മക പ്രവർവത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.

വളർത്തു മൃഗങ്ങൾ

വീട്ടിൽ വളർത്തു മൃഗങ്ങളെ വളർത്തുന്നതും അവയോടൊപ്പം സമയം ചിലവഴിക്കുന്നതും നല്ല ഹോർമോൺ പ്രോത്സാഹിപ്പിക്കുന്നു.

ഈ കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

മത്തങ്ങ, സൂര്യകാന്തി വിത്തുകൾ, ബദാം, വാൽനട്ട്, നിലക്കടല തുടങ്ങിയ പരിപ്പുകളിലും വിത്തുകളിലും സെറോടോണിൻ ഉത്പാദിപ്പിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം സെറോടോണിൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനായി ചീരയും കഴിക്കാം.

ശരീരത്തിലെ ഡോപാമൈൻ വർദ്ധിപ്പിക്കാൻ ഡാർക്ക് ചോക്കലേറ്റ് സഹായിക്കുന്നു. ഇത് ശരിക്കും ഒരു നല്ല ഹോർമോൺ ബൂസ്‌റ്റർ ആണ്. ശരീരത്തിലെ സ്ട്രെസ് ഹോർമോൺ അതായത് കോർട്ടിസോൾ കുറയ്ക്കുകയും സന്തോഷത്തിന്‍റെ ഹോർമോൺ വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മറ്റൊരു പ്രധാന കാര്യമാണ് ഭക്ഷണത്തിൽ വിറ്റാമിൻ ഡി വർദ്ധിപ്പിക്കുക എന്നത്. സന്തോഷകരമായ ഹോർമോൺ വർദ്ധിപ്പിക്കുന്നതിന് കൂൺ, മത്സ്യം പോലുള്ള വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. ഹാപ്പി ഹോർമോണുകളെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിൻ ഡി ഉണങ്ങിയ പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇവ വിഷാദരോഗം കുറയ്ക്കുകയും മാനസികാവസ്‌ഥ കുറയ്ക്കുകയും ശരീരത്തിൽ ഹാപ്പി ഹോർമോണുകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടെങ്കിൽ ഡോക്‌ടറുടെ ഉപദേശപ്രകാരം ഈ കുറവ് നികത്താൻ സപ്ലിമെന്‍റുകൾ കഴിക്കാം.

ഒരു പെൺകുട്ടി

പൂർണ്ണ ചന്ദ്രനെ ഓർമ്മപ്പെടുത്തുന്ന മുഖം. അത്രയ്ക്ക് നിലാ (നിലാവിൻ) പെരുമയുള്ള മുഖം

“നിലാപെരുമയെന്ന് പറഞ്ഞാൽ…” സംശയത്തിൻ ഇരുളിൽ നിന്ന് ഇങ്ങനെയൊരു ഒച്ചയുമായ് ശബ്നം.

“അത്രയ്ക്ക് പ്രസന്നത ഞാൻ പിന്നെയൊരു പെൺകുട്ടിയിലും കണ്ടിട്ടില്ല. അത് കൊണ്ടാണിങ്ങനെയൊരു ഉപമ…”

“ആ പെൺകുട്ടിക്ക് ശേഷമൊരു പെൺ മുഖത്തും നോക്കി കാണില്ല. അത് കൊണ്ടാ…” ഇത്രയും പറഞ്ഞ് ശബ്നം ചിരിച്ചു.

വാസ്തവ വിരുദ്ധമായ ഒന്നാണ് ശബ്നം എനിക്ക് മേൽ ആരോപിക്കുന്നത്. എന്‍റെ കാഴ്ച‌കളുടെ സൂക്ഷ്മ‌തയിൽ സ്ത്രീകളേയുള്ളു. ഒരിക്കൽ ശബ്നവുമായ് എവിടെയോ പോയ് തിരിച്ച് വരുമ്പോൾ ബസ്സിന്‍റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ നോക്കുമ്പോൾ ആ പെൺകുട്ടി ആംഗ്യ ഭാഷയിൽ കൂടെയുള്ള ശബ്നയെ നോക്കുവെന്ന് പറഞ്ഞതവൾ മറന്ന് കാണും.

പെണ്ണുങ്ങളെ കാണുമ്പോൾ ഇങ്ങനെ നോക്കുന്നത് എന്തിനാണെന്ന് പുറത്തേക്കിറങ്ങുമ്പോഴൊക്കെ ശബ്നം ചോദിക്കാറുണ്ട്. കാണാൻ ചന്തമുള്ള പെണ്ണിനെ കാണുന്നിടത്തോളം ആനന്ദകരമായ ഒരു കാഴ്ചയും ഈ ലോകത്തിൽ വേറെയില്ലെന്നാണ് എന്‍റെ പക്ഷം.

ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാനും കാണാൻ ചേലുള്ള പെണ്ണല്ലേ എന്നാകും അവളുടെ മറുമൊഴി. സ്‌ഥിരമായ കാഴ്ച. അതെത്ര മനോഹരമായിരുന്നാലും വിരസമാകും.

ഇങ്ങനെയൊക്കെ പറഞ്ഞാലും ശബ്നത്തിന്‍റെ സുപ്പീരിയോറിറ്റിയും ഈഗോയുമൊന്നുമതിനെ അംഗീകരിച്ച് തരില്ല. എന്നാൽ സ്ത്രീയായാൽ എത്ര ബോൾഡായിരിക്കണമെന്നതിനുള്ള ഉത്തമോദാഹരണമാണ് ശബ്നമെന്നും എനിക്ക് അഭിപ്രായമുണ്ട്.

“ഇത്രയും നേരം പറഞ്ഞത് പോലല്ലല്ലോ അയാളിപ്പോൾ പറയുന്നത്. ഇയാളൊരു പെൺകോന്തനാണോ?”

“എന്‍റെ പ്രിയ സുഹൃത്തേ ആണിലാണെങ്കിലും പെണ്ണിലാണെങ്കിലും കാണുന്നതിനെ അംഗീകരിക്കണം. അല്ലാത്തതിന് നേരെ കണ്ണടയ്ക്കുയല്ല ചെയ്യേണ്ടത്. അതിനാ നിഷ്പക്ഷത എന്ന് പറയുന്നേ. മനസ്സിലായോ?”

“അതൊരു സുപ്രഭാതത്തിൽ ഉണ്ടാക്കി എടുക്കാനാവുന്നതല്ല. അതൊക്കെ ജന്മനാൽ ഉണ്ടാകണം. മനുഷ്യരൊക്കെ ഇപ്പോ തൻകാര്യം വൻകാര്യമെന്ന് കരുതുന്നവരാ. നടപ്പ് ഭാഷയിൽ പറഞ്ഞാൽ സ്വാർത്ഥർ. അതിനപ്പുറത്തേക്കൊരു ജീവിത സഞ്ചാരവും ഇപ്പോൾ ആർക്കുമില്ല. സമൂഹത്തിലുമില്ല. കുടുംബത്തിലുമില്ല. ഇപ്പോ കൂട്ടായ്മയൊന്നുമില്ല. ഇങ്ങനെയൊക്കെ പേരിട്ട് ചില നാടകങ്ങൾ ചില സംഘടനകൾ നടത്തുന്നുവെന്നല്ലാതെ.. ഒരുമിച്ച് ഇരിക്കുമ്പോഴും അടുത്തിരിക്കുന്ന ആളൊടൊരു മുന കാണും. അപ്പോ ചിലർ പറയും. ഞങ്ങൾ ദൈവമൊന്നുമല്ലല്ലോ കുറ്റങ്ങളും കുറവുകളുമൊന്നും ഇല്ലാതിരിക്കാൻ.. കുറ്റങ്ങളും കുറവുകളുമൊക്കെ മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാ..”

“ഇതൊരു അഞ്ഞഞ്ഞാ പിഞ്ഞഞ്ഞാ വർത്തമാനമായ് പോയ്. കുറ്റങ്ങളും കുറവുകളും മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാണെങ്കിലും അതിൽ നിന്നെങ്ങനെ വിട്ട് നിൽക്കാനാവുമെന്നതിനു വിശേഷബുദ്ധിയും മനുഷ്യന് കൊടുത്തിട്ടുണ്ട്. അത് കൊണ്ടല്ലേ നാരായണ ഗുരു അവനവനാത്മസുഖത്തിനായ് ആചരിക്കുന്നത് അപരനുമങ്ങനെയാവണമെന്ന് പറഞ്ഞത്. എന്നിട്ട് നിങ്ങളൊരു പെണ്ണിനെ കാണുമ്പോൾ നോക്കുന്നതിലങ്ങനെ സംഭവിക്കുന്നുണ്ടോ?”

“എന്തേ സംശയം?”

“അത് ഞാൻ നോക്കുന്ന പെണ്ണിന് താൻ കാണാൻ കൊള്ളാവുന്നൊരു പെണ്ണാണെന്ന പ്രതീതി ജനിപ്പിക്കുന്നില്ലേ? അതവരുടെ വ്യക്‌തി പ്രഭാവത്തെ വർദ്ധിപ്പിക്കുന്നില്ലേ? കൂടുതൽ അണിഞ്ഞൊരുങ്ങാൻ പ്രേരിപ്പിക്കുന്നില്ലേ? എന്തിലും ഏതിലും അപര ആദരവും സ്നേഹവും ഉണ്ടെങ്കിൽ കുടുംബവും സമൂഹവുമൊക്കെ നന്നായ്കൊള്ളും.”

“ഇതൊന്നും ആർക്കും മനസ്സിലാകാത്തതല്ല. മനസ്സിലായത് മനസ്സിലാകുന്നില്ലെന്ന് നടിക്കുന്നതാണ്. ഏത് മാരക രോഗത്തിന് ചികിത്സയുണ്ടെങ്കിലും ഈ രോഗത്തിന് ചികിത്സയില്ല. അത് കൊണ്ടാണീ സമൂഹം അതിന്‍റെ രോഗാതുരതയെ അതിജീവിക്കാനാവാതെ ഉഴലുന്നത്. ഇനിയുള്ള കാലമിതൊക്കയേ നടക്കൂ. അതെക്കുറിച്ചൊന്നുമാർക്കുമൊരു പരാതിയോ പരിഭവമോ ഉണ്ടാവാനും ഇടയില്ല. ഉണ്ടായെങ്കിൽ എന്നേ ഇവിടമതിന്‍റെ മിന്നാമിനുങ്ങിന് നുറുങ്ങ് വെട്ടം പോലുള്ള സൂചനകളെങ്കിലും ഉണ്ടായേക്കാം.

“കള്ളന്മാർ നാട് ഭരിക്കും പ്രജകൾ ബുദ്ധിമാന്ദ്യം വന്നവരെ പോലവരെ പേറും. ഭരിക്കുന്നവർ വിവേകികളാകും. അവർക്ക് ഊണിലും ഉറക്കത്തിലുമൊക്കെയൊരു പ്രാർത്ഥനയെ ഉണ്ടാകൂ. പ്രജകൾ യുക്ത‌ിഹീനരാകണമെന്ന്.”

ശബ്നം ഉറങ്ങിക്കഴിഞ്ഞു. കേൾക്കാൻ ആളില്ലെങ്കിൽ പറയുന്നതിനൊരു ആത്മാവുണ്ടാകില്ല. അപ്പോ ബാക്കിയൊക്കെ പിന്നെ പറയാനായ് കരുതിവെക്കാം. ആയുസ്സ് അനുവദിക്കുമെങ്കിൽ…

പിന്നെ ശബ്നത്തെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. അതെന്‍റെ വ്യക്തിപരമായ കാര്യമാണ്. തൽക്കാലം നിങ്ങളതിൽ ഇടപെടേണ്ട. അവൾ ജീവിച്ചിരിക്കുന്ന കാലത്തിന്‍റെ വിഹ്വലതകൾ അവൾക്ക് കൂടെ ബോധ്യമാകണമല്ലോ. അതിനായ് ഇങ്ങനെ ചില പറച്ചിലുകൾ.. അതെന്‍റെ… എന്ന നിലക്കുള്ള ഉത്തരവാദിത്തമാണെന്നാ ഞാൻ കരുതുന്നത്.”

“നാളെയൊരു കാലം അവൾ വേദനിക്കരുത്. എന്‍റെ ഇങ്ങനെയൊന്നും പറഞ്ഞില്ലല്ലോ എന്നോർത്ത് അത് ഭാവിയിൽ എത്രത്തോളം സഫലവും ആരോഗ്യകരമാകുന്നതിനെക്കുറിച്ചുള്ള വിചാരങ്ങളിലൊന്നും ഞാനിപ്പോൾ വ്യാപൃതനാകുന്നില്ല.”

“എന്തായാലും ശബ്നം ആരാണെന്നും എന്താണ് നിങ്ങളും അവരും തമ്മിലുള്ള ബന്ധമെന്നും വ്യക്തമാക്കേണ്ടതുമുണ്ടായിരുന്നു.”

“മനസ്സില്ല”

“ഞാൻ നിങ്ങൾ കരുതും പോലൊരു മര്യാദ രാമനെന്നു വ്യക്‌തിപരമായി പറഞ്ഞതിന്മേൽ കയറി വീണ്ടും സർക്കസ്സ് കളിക്കുന്നോ? ഞാൻ കരുതിയിരുന്നതാണ്. അവസാനം ഇങ്ങനെയൊരു കല്ലേറ്… അത് സംഭവിച്ചില്ലെങ്കിലും ഒരു സത്യം പറയാം. ഇപ്പോ ശബ്നം ഉള്ളത് കൊണ്ടാണ് എന്‍റെ ജീവിതഗൃഹത്തിൽ കാറ്റും വെളിച്ചവുമൊക്കെ കടന്ന് വരുന്നത്. അതിന് മുൻപെ ഞാനൊരു ഏകാകിയായിരുന്നു. എന്തായാലും എല്ലാവരോടും ഈയുള്ളവന്‍റെയും ശബ്നത്തിന്‍റെയും നന്ദിയും സ്നേഹവും…….

സുംബ സൂപ്പറാ…

ലഹരിയുടെ വഴിയിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാനുള്ള മാർഗ്ഗമായാണ് സംസ്‌ഥാനത്തെ സ്‌കൂളുകളിൽ സുംബ ഡാൻസ് സംസ്ഥാന സർക്കാർ മുന്നോട്ട് വന്നു നടപ്പാക്കിയത്. സർക്കാരിന്‍റെ ഈ പുതിയ തീരുമാനം എന്തുകൊണ്ടും വിദ്യാർത്ഥികളെ സംബന്ധിച്ച് പ്രയോജനപ്രദമാകുമെന്നാണ് ഭൂരിഭാഗംപേരും വിലയിരുത്തുന്നത്. സർക്കാർ നിർദ്ദേശത്തെ എല്ലാവരും ഒരേ മനസ്സോടെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇതിനെതിരെ ചില രാഷ്ട്രീയ-മത സംഘടനകൾ ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. സുംബ വ്യായാമം കുട്ടികളുടെ ശാരീരിക- മാനസികാരോഗ്യനില മികച്ചതാക്കുമെന്നാണ് ഫിറ്റ്നസ്സ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. തളർച്ചയോ ആലസ്യമോ ഉണ്ടാക്കാത്ത മാധുര്യമേറിയ ശരീര ചലനങ്ങൾ ഉൾപ്പെടുന്ന രസകരമായ സുംബ വർക്കൗട്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണപ്രദമാണ്.

സംഗീതവും നൃത്തവും ഇഴുകി ചേർന്നുള്ള ഫിറ്റ്നസ് പ്രോഗ്രാമായ സുംബ നമ്മുടെ നാട്ടിലെങ്ങും സുപരിചിതമാണ്. സുംബ ഡാൻസിന്‍റെ രസം അറിയുന്നവർ പിന്നീട് ഒരിക്കലും ഈ വർക്കൗട്ട് ഫോർമാറ്റിൽ നിന്നും പിന്തിരിയില്ല. ഫിറ്റ്‌നസ്സ് മൂവ്‌മെന്‍റ്സിൽ നൃത്തം ഉൾപ്പെടുത്തിയുള്ള പാട്ടിന്‍റെ പശ്ചാത്തലത്തിലുള്ള ഒരു വ്യായാമ രീതി മാത്രമാണിത്. അതിനാൽ സുംബ ചെയ്യുന്നവർക്ക് ബോറടിക്കുകയുമില്ല. കുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ളവർക്കും സുംബ വർക്കൗട്ട് ചെയ്യാം.

സന്തോഷത്തിനും ആരോഗ്യത്തിനും സുംബ

zumba

ഒരു വ്യക്തിയുടെ ശരീരാരോഗ്യത്തെയും മാനസികാരോഗ്യത്തെയും സുംബ വ്യായാമം എങ്ങനെ സ്വാധീനിക്കുന്നു? ഇതേക്കുറിച്ച് എറണാകുളം കാക്കനാടിലെ ജെയ്‌സൽസ് ഡാൻസ് ആൻഡ് ഫിറ്റ്നസ്സ് സ്‌റ്റുഡിയോയിലെ പരിശീലകനായ ജെയ്‌സൽ ജയിംസ് പറയുന്നത് ഇങ്ങനെയാണ്. “ശാരീരികമായി മാത്രമല്ല വൈകാരികമായും സാമൂഹികമായും സുംബ നമ്മെ പോസിറ്റീവായി സ്വാധിനിക്കുന്നുണ്ട്. വ്യായാമത്തിനുപരിയായി ഇത് ചലനത്തിന്‍റെയും താളത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ആഘോഷവും കൂടിയാണ്.

സുംബയിൽ പങ്കെടുക്കുന്നവർക്ക് ഉണ്ടാകുന്ന ആദ്യ നേട്ടം അതിൽ നിന്നുണ്ടാകുന്ന സന്തോഷമാണ്. നൃത്തവും സംഗീതവും സമന്വയിപ്പിച്ചുള്ള വ്യായാമം ആയതിനാൽ ശരീരത്തിൽ അത് ഹാപ്പി ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിച്ച് മാനസിക സമ്മർദ്ദത്തെ കുറയ്ക്കുന്നു” അദ്ദേഹം പറയുന്നു.

മറ്റ് വ്യായാമങ്ങളെ അപേക്ഷിച്ച് സുംബയുടെ പ്രത്യേകത എന്താണ് എന്ന് പലരും ചോദിക്കാറുണ്ട്. ഇതിനുള്ള ഉത്തരവും അദ്ദേഹം പറയുന്നു. “ആളുകളെ പുഞ്ചിരിക്കാനും വിയർക്കാനും സമ്മർദ്ദം ഇല്ലാതാക്കാനും പ്രേരിപ്പിക്കുന്നു. ജോലി, കുടുംബപരമായ സമ്മർദ്ദം എന്നിവ അഭിമുഖീകരിക്കുന്നവരാണ് സുംബ സെഷനിൽ പങ്കെടുക്കുന്ന 80% പേരും. ഒരു മണി ക്കൂർ സെഷൻ ചെയ്യുമ്പോൾ അവർ എല്ലാ ടെൻഷനും മറന്നിരിക്കും. വ്യായാമത്തിൽ മാത്രമാവും ഫോക്കസ്. സംഗീതത്തിന്‍റെ ചടുലതാളത്തിനൊപ്പമുള്ള ചുവടുകളിലൂടെ മനസ്സ് ഫ്രീ ആകും. ഒപ്പം ശരീരത്തിന് പുത്തനുണർവും ഊർജ്ജവും ലഭിക്കുന്നുവെന്നാണ് അവർ പറയുന്നത്.” ജെയ്സൽ പറയുന്നു.

തുടർച്ചയായുള്ള സുംബ പരിശീലനത്തിലൂടെ ഫ്ളക്സ‌ിബിലിറ്റി, സ്‌റ്റാമിന, മൊബിലിറ്റി എന്നിവ മെച്ചപ്പെടുത്തുകയും കാർഡിയോ വാസ്‌കുലർ സിസ്‌റ്റം മികച്ചതാവുകയും ചെയ്യുന്നു. ജിം വർക്കൗട്ടുകൾ, നടത്തം എന്നിവയൊക്കെ സ്‌ഥിരമായി ചെയ്യുമ്പോൾ സ്വാഭാവികമായും മിക്കവരിലും മടുപ്പുണ്ടാകാം. ചിലർ മാത്രം അത് തുടർന്ന് പോകാം. മറ്റ് ചിലർക്കത് വിരസതയുണ്ടാക്കാം. അവിടെയാണ് സുംബയ്ക്കുള്ള പ്രസക്തി.

ഡാൻസ് ചെയ്യാൻ ഇഷ്‌ടപ്പെടുന്നവരാണ് ഭൂരിഭാഗംപേരും. നൃത്തത്തിനു സമാനമായ ചലനങ്ങളിൽ അധിഷ്‌ഠിതമായ സുംബ ചെയ്യാൻ എല്ലാവരും ഇഷ്‌ടപ്പെടുന്നു. അതുപോലെ വിരസത അകറ്റാൻ ഇതിന്‍റെ പശ്ചാത്തല സംഗീതം അടിക്കടി മാറ്റുകയും ചെയ്യുന്നതുകൊണ്ട് ആവർത്തന വിരസതയും മടുപ്പും ഉണ്ടാവുകയില്ല. ആളുകൾ ഒരേ മനസ്സോടെ നന്നായി എൻജോയ് ചെയ്യും. ഗ്രൂപ്പ് സെഷൻ ആയതുകൊണ്ട് കുറച്ചുകൂടി ആക്റ്റീവ് ആയി ചെയ്യാനുള്ള താൽപ്പര്യം എല്ലാവരിലും ഒരേ തലത്തിൽ ഉണ്ടാകും. വ്യായാമത്തിന്‍റെ കൊഴുപ്പ് കൂട്ടാൻ ഇടയ്ക്ക് ബോളിവുഡ് സോംഗ്, തമിഴ് ഡപ്പാം കൂത്ത് പാട്ടുകൾ, മലയാളം പാട്ടുകൾ എന്നിവ കൂടി ചേർക്കാറുണ്ട്. ഇതൊക്കെ സുംബ സെഷനെ രസകരമാക്കാറുണ്ട്.

ബോഡിവെയ്റ്റ് കുറയ്ക്കാം, കുട്ടാം

ഒരു ഫുൾ ബോഡി വർക്കൗട്ട് ആണ് സുംബ. ശരീരത്തിന്‍റെ ഒരു ഭാഗത്തിന് മാത്രമായി ഈ വ്യായാമം ചെയ്യാനാവില്ല. ശരീരഭാരം വർദ്ധിപ്പിക്കാനായാലും കുറയ്ക്കാനായാലും വർക്കൗട്ട് ആവശ്യമാണ്. ഒപ്പം മികച്ചൊരു ഡയറ്റ് പ്ലാനും വേണം. അതിന്‍റെ കൂടെ 6-7 മണിക്കൂർ വിശ്രമവും കൃത്യമായി ഉണ്ടാകണം. ഇത് മൂന്നും കൂടി വരുമ്പോഴാണ് നമ്മൾ ഉദ്ദേശിക്കുന്ന റിസൾട്ട് കിട്ടുക. തുടർച്ചയായി സുംബ കാർഡിയോ വർക്കൗട്ട് ചെയ്യുമ്പോൾ പേശികൾ വഴക്കമുള്ളതാകും. ഒരു മണിക്കൂർ വർക്കൗട്ട് കൊണ്ട് ഏകദേശം 500-800 കലോറി വരെ എരിച്ചു കളയാം.

നാം ആഗ്രഹിക്കുന്ന തലത്തിൽ ശരീരം ടോൺഡ് ആകാൻ എത്ര നാൾ വേണ്ടി വരുമെന്നത് ചില ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. വ്യക്‌തിയുടെ ശാരീരിക ഘടന, ശരീര ഭാഷ, ആ വ്യക്തി എത്ര മാത്രം അർപ്പണമനോഭാവത്തോടെ ചെയ്യുന്നുവെന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുമത്. എല്ലാവരും ഒരേ തീവ്രതയോടെ സുംബ ചെയ്യണമെന്നില്ല. ചിലർക്ക് പെട്ടെന്ന് റിസൾട്ട് ലഭിക്കാം. ചിലർക്ക് കാലതാമസമെടുക്കാം. സുംബ തുടർച്ചയായി ചെയ്യാം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന, സ്‌റ്റാമിന വർദ്ധിപ്പിക്കുന്ന മികച്ച കാർഡിയോ വ്യായാമവും കൂടിയാണിത്.

ഒരു ഫംഗ്ഷനോ പ്രോഗ്രാമോ വരുമ്പോൾ നമുക്ക് ഈസിയായി ഡാൻസ് ചെയ്യാൻ കഴിയുമെന്നതും ഇതിന്‍റെ പ്ലസ് പോയിന്‍റാണ്. ഫ്ളക്സിബിലിറ്റിയും വ്യായാമവും സന്തോഷവും എല്ലാം കൂടിച്ചേരുമ്പോൾ ജോലികളൊക്കെ ഉത്സാഹത്തോടെ ചെയ്യാനും കഴിയും. ഒപ്പം ദിവസം മുഴുവനും ഹാപ്പിയുമാകും.

കുട്ടികൾക്ക് മികച്ച വ്യായാമം

കുട്ടികളെ തെറ്റായ വഴികളിൽ നിന്നും കുട്ടി പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണല്ലോ സ്‌കൂളുകളിൽ സുംബ പരിശീലനം ഏർപ്പെടുത്താനായി സർക്കാർ മുന്നോട്ട് വന്നത്. പൂർണ്ണമായും സന്തോഷവും ഊർ‌ജ്ജവും ഉണർത്തുന്ന സുംബ കുട്ടികളെ സംബന്ധിച്ച് മികച്ചൊരു വ്യായാമപദ്ധതിയാണ്. ഫിറ്റ്‌നസ്സിനും ആരോഗ്യത്തിനും പ്രാധാന്യം നൽകിയുള്ള ജീവിത ശൈലി ചെറുപ്പം തുടങ്ങി കുട്ടികളിൽ വളർത്തിയെടുക്കുന്നത് ജീവിതകാലം മുഴുവനും അവർക്ക് ഗുണം ചെയ്യും. അതിലൂടെ ഫിറ്റ്‌നസ്സ് മെന്‍റാലിറ്റി അവരിൽ വളർത്തിയെടുക്കാം. ഇപ്പോൾ ഒട്ടുമുക്കാൽ സ്‌കൂളുകളിലും ഫ്ളാറ്റുകളിലുമൊക്കെ സുംബ പരിശീലിപ്പിക്കുന്നുണ്ട്.

ലാറ്റിൻ സംഗീതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്ന നൃത്ത വ്യായാമാണ് സുംബ. അക്കാദമിക് സമ്മർദ്ദം, മറ്റ് ശാരീരികവും മാനസികവുമായ സമ്മർദ്ദം, ഉദാസീനമായ ദിനചര്യകൾ എന്നിവ നേരിടുന്ന വിദ്യാർത്ഥികൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഉന്മേഷദായകവും ശക്‌തവുമായ ഒരു മാർഗ്ഗമെന്ന നിലയിൽ സുംബ മികച്ചൊരു ഉപാധിയാണ്.

അടുക്കളയിൽ നിന്ന് സുംബയിലേക്ക്- ഷീല അലോഷി

zumba sheela

സുംബ വർക്കൗട്ട് ചെയ്‌ത്‌ ശരീരഭാരം കുറച്ച് ശാരീരിക വേദനകളെ അതിജീവിക്കുകയും നിരവധി സ്ത്രീകളെ സുംബ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്‌ത ഷീല അലോഷി എന്ന വീട്ടമ്മയുടെ അനുഭവങ്ങളെക്കുറിച്ചറിയാം.

സുംബയിലൂടെ ആരോഗ്യവും ഊർജ്ജവും വീണ്ടെടുത്ത വീട്ടമ്മയാണ് ഫോർട്ട് കൊച്ചി നസ്‌റത്ത് നെടിയോടി വീട്ടിൽ ഷീല അലോഷി. സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിന്‍റെ ഭാഗമായി ആരംഭിച്ച സുംബ വ്യായാമം അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു യാത്രയായി പരിണമിക്കുകയായിരുന്നു. അത് മാത്രമല്ല ചുറ്റുമുള്ളവരിലേക്കും അവർ ആരോഗ്യ സംരക്ഷണത്തിന്‍റെ മഹത്തായ ആ പാഠം പകർന്ന് നൽകി. ഇന്ന് ഷീലയുടെ കീഴിൽ 50 ലേറെ പേരാണ് സുംബ ഡാൻസ് പരിശീലിച്ച് ആരോഗ്യവും സന്തോഷവും കൈവരിച്ചുകൊണ്ടിരിക്കുന്നത്. കേവലം സുംബ ഡാൻസ് വീഡിയോകൾ മാത്രം കണ്ട് പരിശീലിച്ച ഈ വീട്ടമ്മ ചുറ്റുമുള്ള സാധാരണക്കാരായ വീട്ടമ്മമാർക്കും ജോലിക്കാരായിട്ടുള്ളവർക്കുമായി അതിന്‍റെ പ്രയോജനം ലഭിക്കാനായി വീടിന്‍റെ മൂന്നാം നിലയിൽ സുംബ ഡാൻസ് ഫ്ളോർ കാലക്രമേണ ഒരുക്കുകയായിരുന്നു. ഷീലയുടെ പരിശീലനകേന്ദ്രത്തെ കുറിച്ച് കേട്ടറിഞ്ഞു ദൂരെ നിന്നുപോലും ആളുകൾ സുംബ പരിശീലിക്കാനായി എത്തുന്നുണ്ട്.

“അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്” എന്നാണ് തന്‍റെയും ശിഷ്യരുടേയും ശാരീരിക ആരോഗ്യത്തിൽ ഉണ്ടായ മാറ്റത്തെ കുറിച്ച് ഷീല സ്വയം വിശേഷിപ്പിക്കുന്നത്. തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ആരോഗ്യ നേട്ടങ്ങൾ മറ്റുള്ളവർക്ക് കൂടി പ്രയോജനമാകുന്ന രീതിയിൽ ഒരു നിശബ്ദ ആരോഗ്യ വിപ്ലവത്തിന് സാധാരണ വീട്ടമ്മയായ ഷീല തുടക്കമിടുകയായിരുന്നു. അമിതവണ്ണം, നട്ടെല്ലിന് വേദന, യൂറിക് ആസിഡ്, ഉപ്പൂറ്റി വേദന, മുട്ട് വേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോയ അവർ സുംബയുടെ ഊർജ്ജസ്വലവും ചടുലവുമായ ചുവടുകളിലൂടെ താൻ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ചു. അതും ജിമ്മിലൊന്നും പോകാതെ വീഡിയോ കണ്ട് സ്വന്തമായി സുംബ പഠിച്ചെടുത്തുകൊണ്ട് ശരീരഭാരം 76 കിലോയിൽ നിന്നും 62 കിലോയിൽ എത്തിച്ചു.

“നട്ടെല്ലിന് കടുത്ത വേദനയുണ്ടായി ഓപ്പറേൻ ചെയ്യണമെന്ന സ്ഥിതിയിൽ വരെയെത്തി. പക്ഷേ ഓപ്പറേഷന് വിധേയമാകാതെ ഞാൻ ഒരു ആയുർവേദ ഡോക്‌ടറെ കാണുകയായിരുന്നു. അദ്ദേഹം നിർദ്ദേശിച്ച ചില മരുന്നുകൾ കഴിച്ചു. വേദന കുറഞ്ഞു. ശരീരഭാരം കുറയ്ക്കുകയല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്ന് ഡോക്ടർ തറപ്പിച്ചു പറഞ്ഞു. കോവിഡ് ലോക്ക്ഡൗൺ സമയം വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിച്ചതുകൊണ്ട് ശരീരഭാരം നന്നായി വർദ്ധിച്ചിരുന്നു. പിന്നെ ഒട്ടും വൈകിയില്ല. ഞാൻ തന്നെ ഒരു പരിഹാരം കണ്ടെത്തി. യൂട്യൂബ് സെർച്ച് ചെയ്ത‌ത് സുംബ വീഡിയോകൾ നോക്കി സുംബ പരിശീലിച്ചു. ആദ്യം 5 മിനിറ്റ് നേരം ചെയ്‌. ക്രമേണ സമയം കൂട്ടി കൂട്ടി ഒരു മണിക്കൂർ വച്ച് രാവിലെയും വൈകുന്നേരവും ഒറ്റയ്ക്ക് സുംബ ചെയ്യുന്നത് പതിവാക്കി. ഒപ്പം വീഡിയോ നോക്കി മറ്റ് വ്യായാമങ്ങളും യോഗയും ചെയ്യുന്നതും പതിവാക്കി.”

“വണ്ണം കുറയ്ക്കണമെന്നത് എന്‍റെ വാശിയായിരുന്നു. തുടക്കത്തിൽ 76 കിലോ ഉണ്ടായിരുന്ന ശരീരഭാരം 3 മാസം കൊണ്ട് 6 കിലോ കുറഞ്ഞു. പിന്നെയും ഒന്നര വർഷം ഞാൻ ഒറ്റയ്ക്ക് വ്യായാമം ചെയ്തു. അങ്ങനെ 14 കിലോ കുറഞ്ഞു 62 കിലോയിലെത്തി. എനിക്കുണ്ടായ ഈ മാറ്റം കണ്ടപ്പോൾ അമിതവണ്ണവും ആരോഗ്യപ്രശ്നങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകളെ ഉൾപ്പെടുത്തി ഒരു പരിശീലന പരിപാടി എന്തുകൊണ്ട് നടത്തികൂടായെന്ന ചിന്ത എന്‍റെ മനസ്സിൽ ഉണ്ടായി.”

“യൂറിക് അസിഡ് പ്രശ്ന‌ം കൊണ്ട് ഉപ്പൂറ്റി വേദന അടക്കം പലവിധ പ്രശ്‌നങ്ങൾ എനിക്കുണ്ടായിരുന്നു. 5-6 വർഷമായിട്ട് കാലുകുത്താൻ പറ്റാത്തത്ര വേദനയായിരുന്നു. വണ്ണം കുറഞ്ഞു 62 കിലോയിലെത്തിയപ്പോൾ എന്‍റെ ഉപ്പൂറ്റി വേദന എങ്ങോട്ട് പോയെന്ന് അറിയില്ല. എന്തിനേറെ എൻ മുട്ട് വേദനയും മാറി. മുമ്പ് പള്ളിയിൽ മുട്ട് കുത്തി പ്രാർത്ഥിക്കാൻ ബുദ്ധിമുട്ടിയിരുന്നു. നിലത്തിരുന്നാൽ എഴുന്നേൽപ്പിക്കാൻ ഭർത്താവും മകനും സഹായിക്കണമായിരുന്നു. എന്നാൽ വണ്ണം കുറഞ്ഞതോടെ എത്ര നിലവരെയും എനിക്ക് ഓടി കയറാമെന്നായി. ഈസിയായി ഓടാം ചാടാം. ഏതു ജോലിയും ചെയ്യാം. ഭാരമുയർത്താം. മുമ്പ് ഇതൊന്നും ആലോചിക്കാനേ കഴിയുമായിരുന്നില്ല. ശരീരത്തിന്‍റെ ഒട്ടുമുക്കാൽ പ്രശ്ന‌ങ്ങളും മാറികിട്ടി. ഒപ്പം ദിവസം മുഴുവനും നീണ്ടുനിൽക്കുന്ന ഊർജ്ജസ്വലതയും ഉത്സാഹവും. ഇതൊക്കെ എന്‍റെ അനുഭവത്തിൽ നിന്നറിഞ്ഞ യാഥാർഥ്യങ്ങളാണ്.

ലേഡി മൂവേഴ്‌സ് സുംബ ഫിറ്റ്‌നസ്സ് ഡാൻസ് സ്റ്റുഡിയോ

“വീടിന്‍റെ മൂന്നാം നിലയിലാണ് ലേഡി മൂവേഴ്‌സ് സുംബ ഫിറ്റ്‌നസ്സ് എന്ന ഡാൻസ് സ്റ്റുഡിയോ ഒരുക്കിയിട്ടുള്ളത്. സാധാരണക്കാരയ വീട്ടമ്മമാരാണ് എന്‍റെ അടുത്ത് പരിശീലനത്തിനായി വരുന്നത്. ധാരാളം പണം മുടക്കാൻ കഴിയുന്നവർ വൻകിട ഹെൽത്ത് ക്ലബ്ബിൽ പോയി ചേരും. എന്നാൽ സാധാരണക്കാരായിട്ടുള്ളവർക്ക് അങ്ങനെ പോകാൻ ഒരിടവുമില്ല. അതൊക്കെ ഓർത്താണ് ഞാൻ വീട്ടിൽ പരിശീലന പരിപാടി ആരംഭിച്ചത്. 10 വയസ്സ് തുടങ്ങി 60 വയസ്സ് വരെയുള്ളരാണ് എന്‍റെ കൂടെ വ്യായാമ പദ്ധതിയിൽ പങ്കെടുക്കുന്നത്. നാലുപേരിൽ നിന്ന് തുടങ്ങിയ സുംബ ക്ലാസ്സിപ്പോൾ 60 പേരിൽ എത്തി നിൽക്കുന്നു. നിലവിൽ 3 ബാച്ചുകളിലായി രാവിലെയും വൈകുന്നേരവുമായാണ് പരിശീലനം നൽകുന്നത്. മിക്കവരെയും അവരുടെ ഭർത്താക്കന്മാരാണ് ക്ലാസ്സിനു കൊണ്ടു വരുന്നതെന്നാണ് രസകരമായ ഒരു കാര്യം. ഭാര്യമാർ ആരോഗ്യവതികളും സന്തോഷവതികളും ആയിരിക്കണമെന്ന് അവരും ആഗ്രഹിക്കുന്നുണ്ട്. ഫീസിനേക്കാളുപരി അവർക്ക് അതിൽ നിന്നും കിട്ടുന്ന സന്തോഷവും ആരോഗ്യവുമാണ് എനിക്ക് പ്രധാനം. ഇവിടെ വന്ന് വ്യായാമം ചെയ്ത് മെച്ചപ്പെട്ട ആരോഗ്യം കൈവരിച്ചവരാണ് ഏറെപ്പേരും. 4 മാസമായി മാസമുറ വരാത്ത ഒരു പെൺകുട്ടിക്ക് വ്യയാമം ചെയ്ത‌തോടെ നല്ല മാറ്റമുണ്ടായി. മാസമുറ കൃത്യമായി. ഫാറ്റി ലിവർ കുറയാൻ വ്യായാമം ചെയ്യുന്നത് നല്ലതാണെന്നാണ് ഡോക്ടർ പറയുന്നത്. ഈ പ്രശ്ന‌മുള്ള ധാരാളം സ്ത്രീകൾ ഇവിടെ വന്ന് വ്യായാമം ചെയ്ത് ഫാറ്റി ലിവർ കുറച്ചിട്ടുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൃത്യമായി വ്യായാമം ചെയ്ത് നടുവേദന, പേശി വേദന തുടങ്ങിയ പ്രശ്‌നങ്ങൾ മാറിയവരുമുണ്ട് അക്കൂട്ടത്തിൽ. ശരീരത്തിന് നല്ല ഫ്ളക്സിബിലിറ്റിയും ഊർജ്ജസ്വലതയും ലഭിച്ചു എന്ന് പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്.

വ്യായാമം ദിനചര്യയാക്കി

അടുക്കളയിൽ മാത്രം ഒതുങ്ങിയിരുന്ന ആളായിരുന്നു ഞാൻ. എന്‍റെ ഈ സംരംഭം കൊണ്ട് ഒരുപാട് പേർക്ക് ആരോഗ്യഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. “ഷീലേച്ചി ഇത് നേരത്തെ തുടങ്ങേണ്ടതായിരുന്നു.” എന്നാണ് എന്‍റെ കൂട്ടുകാർ പറയുന്നത്. ഒരു സ്‌റ്റെപ് പോലും വയ്ക്കാൻ അറിയാത്തവരായിരുന്നു പലരും. ഇപ്പോൾ ഞങ്ങൾ നന്നായി ഡാൻസ് ചെയ്യാറുണ്ട്. അതോർക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്. 55 വയസ്സായ ഞാനാണോ ഇതൊക്കെ ചെയ്യുന്നതെന്ന്. ചില പരിപാടികൾക്ക് ഞങ്ങൾ കൂട്ടുകാർ ചേർന്ന് സ്‌റ്റേജിൽ നൃത്തമൊക്കെ അവതരിപ്പിക്കാറുണ്ട്. എനിക്ക് 48 വയസ്സുള്ളപ്പോഴാണ് സുംബ പരിശീലിച്ചു തുടങ്ങുന്നത്. അന്ന് ഞാൻ മാത്രമായിരുന്നു. ഇപ്പോൾ ആ സ്ഥാനത്ത് എനിക്കൊപ്പം നിരവധി പേർ.” ഷീല ചിരിയോടെ പറയുന്നു.

ഭക്ഷണ ചിട്ട

കൃത്യമായ സുംബ ഡാൻസ് വർക്കൗട്ടിനൊപ്പം ഭക്ഷണകാര്യത്തിലും ഷീലയുടേതായ ചില ചിട്ടകളുണ്ട്. ഭക്ഷണ കാര്യത്തിൽ കർശന നിയന്ത്രണങ്ങളൊന്നുമില്ല. പകരം നിയന്ത്രണങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. ചോറിന്‍റെ അളവ് കുറച്ച് കറികളും സലാഡും ധാരാളം കഴിക്കും. കാരറ്റ്, ബീൻസ്, ബീറ്റ്റൂട്ട് എന്നിവ കറിയായോ സലഡായോ കഴിക്കും. ചിയ സീഡ് വെള്ളം കുടിക്കാറുണ്ട്. നാരങ്ങ വെള്ളത്തിൽ ചിയ സീഡ് ചേർത്തും കഴിക്കും. വൈകിട്ട് 6 മണിയ്ക്ക് മുമ്പായി രാത്രി ഭക്ഷണം കഴിക്കും. അതിനുശേഷം കഴിക്കില്ല. വൈകിട്ട് മിക്കവാറും പഴങ്ങളും പപ്പായയുമാണ് കഴിക്കുക. വിശന്നാൽ എന്തെങ്കിലും പഴം കഴിക്കും. ഇതേ ഡയറ്റാണ് ശിഷ്യർക്കും ഷീല നിർദ്ദേശിക്കുന്നത്.

വറുത്തുപൊരിച്ച വിഭവങ്ങളും ബേക്കറി വിഭവങ്ങളും ഒഴിവാക്കും. ബീഫ് കഴിക്കാറില്ല. പകരം ചിക്കൻ ചെറിയ തോതിൽ കഴിക്കാൻ ആവശ്യപ്പെടാറുണ്ട്. വൈകിട്ട് 6 മണിയ്ക്ക് ശേഷം കട്ടിയുള്ള ആഹാരം കഴിക്കരുതെന്ന് പ്രത്യേകം നിഷ്ക്കർഷിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിന് ഒരു മാസത്തേക്ക് പാലിച്ചുള്ള ഡയറ്റിനാണ് പ്രാധാന്യം നൽകുന്നത്. രാവിലെ 8 മണിയ്ക്ക് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കും. അതും അളവ് കുറച്ച്. ഇത്തരം നിയന്ത്രണങ്ങളിലൂടെ ഒരുവിധം വണ്ണം കുറഞ്ഞു കഴിഞ്ഞാൽ പിന്നീട് സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചാലും ശരീരഭാരം വർദ്ധിക്കുകയില്ല. പക്ഷേ സുംബയും വ്യായാമവും കൃത്യമായി ചെയ്യുന്നത് തുടരണം. ഇതോടൊപ്പം തന്നെ ബോഡി ഫിറ്റ്നസ്സിനായുള്ള ഒരു മാജിക് ഡ്രിങ്കും ഷീല പരിചയപ്പെടുത്തുന്നുണ്ട്. കുക്കുമ്പർ, ഇഞ്ചി, 2-3 അല്ലി വെളുത്തുള്ളി എന്നിവ ചേർത്തുള്ള ജ്യൂസ് തയ്യാറാക്കി രാത്രിയിൽ കഴിക്കുന്നത് ബോഡി ഫിറ്റ്നസ്സിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് ഷീല പറയുന്നത്. “ഇപ്പോൾ ഞാൻ സാധാരണ രീതിയിൽ എല്ലാം കഴിക്കാറുണ്ട്. ഒപ്പം 3 മണിക്കൂർ സുംബയും വ്യായാമവും മുടങ്ങാതെ ചെയ്യും. ഇനി എത്ര സുഖമില്ലെങ്കിൽ കൂടിയും ഞാൻ എന്‍റെ കൂട്ടുകാർക്കൊപ്പം വ്യായാമം ചെയ്യും. അതിലൂടെ അവർക്ക് പകരുന്ന ഊർ‌ജ്ജം വളരെ വലുതാണ്. മാറി നിന്നാൽ അവർക്ക് ഉത്സാഹം തോന്നില്ല. അതുകൊണ്ട് മടിച്ചിരിക്കില്ല.

പരിശീലന രീതി

സുംബയ്ക്കൊപ്പം യോഗയും മറ്റ് ചില വ്യായാമങ്ങളും കോർത്തിണക്കിയുള്ള പരിശീലനമാണ് ഷീല നൽകുന്നത്. അര മണിക്കൂർ സുംബ ഡാൻസ് കഴിഞ്ഞാൽ അര മണിക്കൂർ നേരം വിവിധ ശരീര ഭാഗങ്ങൾക്കായുള്ള വ്യത്യസ്‌തങ്ങളായ വ്യായാമങ്ങളും ചെയ്യിക്കും. രാവിലെ വ്യായാമം ചെയ്‌തു കഴിഞ്ഞാൽ വൈകുന്നേരം വരെ അതേ ഊർജ്ജം ഉണ്ടാകുമെന്നാണ് ഇവിടെ വന്ന് പരിശീലനം നേടുന്നവർ ഒരേ സ്വരത്തിൽ പറയുന്നത്. ശരീരത്തിനും മനസ്സിനും മൊത്തത്തിൽ എനർജി ഫീൽ ചെയ്യും. ആരോഗ്യപ്രശ്‌നങ്ങൾ കുറഞ്ഞു, ശരീരഭാരം കുറഞ്ഞു, ഏത് വസ്ത്രവും ഇടാം, എത്ര പടികൾ വരെയും ഓടി കയറാം. മുമ്പ് പ്രയാസപ്പെട്ട് പടികൾ കയറിയവർ അതും 40ഉം 45ഉം 50ഉം ഒക്കെ കടന്നവർ ഇന്ന് ഈസി ആയിട്ടാണ് പടികൾ ചാടി കയറി എന്‍റെ മൂന്നാമത്തെ നിലയിലുള്ള ഡാൻസ് ഫ്ളോറിലേക്ക് വരുന്നത്. അതൊക്കെ പറഞ്ഞു കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നാറുണ്ട്.

അടിമുടി മാറ്റം

പൊതുവെ സാരി ധരിച്ചിരുന്ന ഷീല ഇപ്പോൾ മോഡേൺ വേഷങ്ങളാണ് അധികവും ധരിക്കുന്നത്. മുമ്പ് അതൊക്കെ ഏറെ ആഗ്രഹിച്ചിരുന്നു ഇന്നത് സാധ്യമായി. ജീൻസും ടോപ്പും ഷർട്ടുമൊക്കെ ധരിച്ചു പുറത്തു പോകാറുണ്ട്.. മുമ്പ് വണ്ണമുള്ളതുകൊണ്ട് അതൊക്കെ ധരിക്കാൻ മടിയായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. ശരീരം ഒതുങ്ങിയതോടെ മോഡേൺ വേഷങ്ങൾ ധരിക്കാനുള്ള ആത്മവിശ്വാസം വർദ്ധിച്ചു. ഒപ്പം ഉത്സാഹവും.

സിംപിൾ സുംബ സ്‌റ്റെപ്പ്

“സുംബയുടെ ചടുലമായ ചുവടുകൾ അൽപം മയം വരുത്തിയാണ് സുംബ പരിശീലിപ്പിക്കുന്നത്. ബോഡി മൂവ്മെന്‍റ്സിന് പ്രാധാന്യം നൽകി കൊണ്ടുള്ള പരിശീലനത്തിനാണ് മുൻ തൂക്കം നൽകുന്നത്. ഒരേ സംഗീത പശ്ചാത്തലത്തിലുള്ള സുംബ പരിശീലനം ശിഷ്യർക്ക് ബോറടിക്കാതിരിക്കാൻ ഇടയ്ക്ക് ഒരു ചേഞ്ചിനായി മലയാളം, തമിഴ്, നാടൻ പാട്ടുകൾ, ബോണി എം പോലെയുള്ള സംഗീതം പ്ലേ ചെയ്യാറുണ്ട്. എല്ലാവർക്കും ഇത് കൂടുതൽ ആവേശവും ഊർജ്ജവും പകരാറുണ്ട്.

ഇത് സൗഹൃദത്തിന്‍റെയും കൂട്ടായ്മ

ഫിറ്റ്നസ്സിൽ മാത്രം ഒതുങ്ങുന്ന തല്ല ഷീലയുടേയും സംഘത്തിന്‍റെയും സന്തോഷം, അതിലുമുപരിയായി ഒരുമയേയും സ്നേഹത്തേയും ഐക്യത്തേയും പ്രതീകപ്പെടുത്തുന്നു അവരുടെ കൂട്ടായ്മ‌. സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും ഈ കൂട്ടായ്‌മയിൽ ഓണവും വിഷുവും, ക്രിസ്‌തുമസുമൊക്കെ അവർ നിറഞ്ഞ മനസ്സോടെയാണ് ആഘോഷിക്കുന്നത്. ഷീലയുടെ വാക്കുകളിൽ പറഞ്ഞാൽ. “ഞങ്ങളുടെ ഈ ഫിറ്റ്നസ്സ് ഗ്രൂപ്പ് യഥാർത്ഥത്തിൽ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും ഒരു സൗഹൃദ കൂട്ടായ്മയാണ്. ഇവിടെ വേർതിരിവുകളില്ല. ഞങ്ങൾ ഒരുമിച്ച് അനാഥലയങ്ങൾ സന്ദർശിച്ച് അവിടത്തെ അഗതികൾക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്.

വർഷത്തിൽ ഒരു തവണ എല്ലാവരുമൊരുമിച്ച് വിനോദയാത്രയ്ക്ക് പോകാറുണ്ട്.  അത് നിർബന്ധമാണ്. പലവിധ തിരക്കുകളും കാരണങ്ങൾ കൊണ്ടും വീട്ടമ്മമാർക്ക് ഇത്തരം അവസരങ്ങൾ ലഭിക്കാറില്ലല്ലോ. സ്വന്തം ശരീരത്തിനും മനസ്സിനുമുണ്ടായ മാറ്റങ്ങൾ കണ്ട് സ്‌കൂൾ കാലഘട്ടത്തിലേക്ക് മടങ്ങിപോയതുപോലെയാണെന്നാണ് ഇപ്പോൾ ഫിറ്റനസ്സ് ഗ്രൂപ്പിലുള്ള കൂട്ടുകാർ പറയുന്നത്.” ഷീല അഭിമാനപൂർവ്വം പറയുന്നു.

മനീഷയുടെ ആരോഗ്യ രഹസ്യം ഇതാണ്

മനീഷ കൊയ്‌രാളയെ കണ്ടാൽ ഒരു കാൻസർ രോഗി ആയിരുന്നു എന്ന് ആരും ഇപ്പോൾ പറയുകയില്ല. കാൻസറിനെ തോൽപ്പിച്ചു കൊണ്ട് 54 വയസ്സുള്ളപ്പോൾ പോലും 30 വയസ്സ് തോന്നിക്കുന്നതിന്‍റെ ആ രഹസ്യം എന്താണ്?

90 കളിലെ പ്രശസ്ത‌ നടിയായിരുന്ന മനീഷ കൊയ്‌രാളയ്ക്ക് മോഡലിംഗാണ് വെള്ളിത്തിരയിലേക്കുള്ള വഴി തുറന്നു കൊടുത്തത്. നേപ്പാളി ചിത്രമായ ‘ഫേരി ഭേട്ടുല‘ യിലൂടെ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ച മനീഷ ഹിന്ദി, തമിഴ് ചിത്രങ്ങളിലൂടെയാണ് സിനിമാപ്രേമികൾക്ക് പരിചിതയായത്. അവർക്ക് കരിയറിന്‍റെ തുടക്കത്തിൽ ഗംഭീരവിജയങ്ങൾ നൽകാൻ കഴിഞ്ഞില്ലെങ്കിലും തൊണ്ണൂറുകളുടെ പകുതിയിൽ ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിച്ച് സിനിമാ മേഖലയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ നൽകി. അഭിനയ മികവിന് പലവട്ടം ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെയുള്ള നിരവധി അംഗീകാരങ്ങൾ മനീഷ നേടിയിട്ടുണ്ട്.

ദിലീപ് കുമാർ, രാജ്‌കുമാർ തുടങ്ങിയ വലിയ താരങ്ങൾ അണിനിരന്ന ആദ്യ ചിത്രമാണ് “സൗദാഗർ”. ഇതിനുപുറമേ മണിരത്നത്തിന്‍റെ “ബോംബെ”, “1942 എ ലവ് ‌സ്റ്റോറി”, “ദിൽസേ”, “ലജ്‌ജ””അകേലെ ഹം അകേലെ തും” തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായ അഭിനയവും സൗന്ദര്യവും കൊണ്ട് അവർ പ്രേക്ഷകരെ ആകർഷിച്ചു. ഈ സമയത്ത് തെറ്റായ ജീവിതശൈലിയും അമിതമായ മദ്യപാനവും കാരണം ജീവിതം അവർക്ക് ഒരു തമാശയായി മാറി. ബോളിവുഡിൽ ലഭിച്ച ജനപ്രീതിയും പ്രശസ്‌തിയും പണവും മനീഷയെ ആഹ്ളാദഭരിതയാക്കി. പക്ഷേ പെട്ടെന്ന് ഒരു ദിവസം തനിക്ക് കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ അവർ ഞെട്ടിപ്പോയി.

കാൻസർ രോഗത്തെക്കുറിച്ച് അറിഞ്ഞ ഉടനെ അവർ മാനസികമായി വളരെയധികം തകർന്നു എങ്കിലും ആ നിർണായക ഘട്ടത്തിൽ മനീഷ കൊയ്‌രാളയ്ക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞു. കൂടാതെ കാൻസറിനെതിരായ പോരാട്ടത്തിൽ വിജയിച്ചുകൊണ്ട് ജീവിതത്തിന് അവർ പുതിയ ദിശാബോധം നൽകി. കാൻസറിൽ നിന്ന് സുഖം പ്രാപിച്ചതിനു ശേഷമാണ് മോശം ജീവിതശൈലിയും അമിതമായ മദ്യപാനവും എത്രത്തോളം ദോഷകരമാണെന്ന് മനസ്സിലായത്. അങ്ങനെ മനീഷ മുഴുവൻ ജീവിതശൈലിയും മാറ്റി. പതിവ് വ്യായാമത്തിലൂടെ മനീഷ സ്വയം വളരെയധികം ഫിറ്റ്നസ് നേടിയിട്ടുണ്ട്. അഭിനയത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും മൂന്നു വർഷം കഴിഞ്ഞ് ചലച്ചിത്രരംഗത്തേക്ക് തിരിച്ചെത്തി. ഇന്ന് 54 വയസ്സുള്ള അവരെ കണ്ടാൽ 30 വയസ്സ് മാത്രമേ തോന്നുകയുള്ളു.

ജീവിതം ഇവിടെത്തീർന്നു എന്നു വിചാരിച്ചിടത്തുനിന്ന്, ഏതു പ്രതിസന്ധിയിലും ഇഷ്ടങ്ങളെ ചേർത്തുപിടിച്ച് എങ്ങനെ ജീവിക്കണമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് മനീഷ കൊയ്‌രാള….

“കാൻസറിന് എതിരായ പോരാട്ടത്തിൽ വിജയിച്ചതിനു ശേഷം ജീവിതം എന്നത് എത്ര പ്രധാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് സ്വയം ഫിറ്റ്‌നസ് നിലനിർത്താൻ ഞാൻ യോഗയുടെയും ജിമ്മിന്‍റെയും സഹായം സ്വീകരിച്ചു. ഇതിനുപുറമെ ഞാൻ നെഗറ്റീവ് ആളുകളിൽ നിന്ന് അകലം പാലിക്കുകയും പോസിറ്റീവ് ചിന്തയിലേക്ക് തിരിയുകയും ചെയ്തു.” മനീഷ പറയുന്നു.

പുസ്‌തകം എഴുതി

“എനിക്ക് ഓപ്പൺ എയറിൽ വ്യായാമം ചെയ്യാൻ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാൻ ബീച്ചിൽ പോയി വ്യായാമം ചെയ്യുന്നത്. ഞാൻ കുറഞ്ഞത് 45 മിനിറ്റെങ്കിലും നടക്കുകയും പുസ്‌തകങ്ങൾ വായിക്കുകയും ചെയ്യും. ഈ സമയത്ത് എഴുത്തിനോടുള്ള അഭിനിവേശം എന്നിൽ വളർന്നു.” മനീഷ പറയുന്നു. കാൻസറിന് എതിരെ പോരാടിയ ആ യാത്രയെ കുറിച്ചും അതിനുശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ചും “ഹീൽഡ് ഹൗ ക്യാൻസർ ഗേവ് മി എ ന്യൂ ലൈഫ്” എന്ന പുസ്‌തകത്തിൽ അവർ വിവരിച്ചിട്ടുണ്ട്.

കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് എന്തു നൽകണം?

ചില കുട്ടികളുണ്ട്, കാഴ്ചയിൽ ആരോഗ്യവാന്മാരായി തോന്നും. പക്ഷേ ബുദ്ധിശക്‌തിയുടെയും ഓർമ്മ ശക്‌തിയുടെയും കാര്യത്തിൽ അവർ മറ്റ് കുട്ടികളെ അപേക്ഷിച്ച് വളരെ പിന്നോക്കമായിരിക്കും. ഇത്തരം കുട്ടികളെ പലരും ബുദ്ധിമാന്ദ്യമുള്ളവർ എന്നു വിളിക്കാറുണ്ട്. യഥാർത്ഥത്തിൽ അവരുടെ ശരീരത്തിൽ ഡിഎച്ച്എയുടെ അളവ് കുറവായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുക. ഇക്കാരണത്താൽ കുട്ടികളിൽ ശരിയായ ബുദ്ധി വികാസം നടക്കാതെ പോവുന്നു.

കുട്ടികൾക്ക്2 മുതൽ 6 വയസ്സ് പ്രായമുള്ള കുട്ടികളിൽ ബൗദ്ധികവും ശാരീരികവുമായ വികാസം വളരെ വേഗത്തിൽ നടക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഈ പ്രായത്തിൽ ഡിഎച്ച്എ അഥവാ ഒമേഗ ഫാറ്റി ആസിഡ് 3 ഉചിതമായ അളവിൽ ലഭിച്ചില്ലെങ്കിൽ കുട്ടിയുടെ വളർച്ചയെ അത് തടസ്സപ്പെടുത്തും. ശാരീരികമായ വളർച്ചയ്ക്ക് കാൽസ്യം, അയൺ, വിറ്റാമിൻ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ ആവശ്യമായി വരുന്നതുപോലെ ബുദ്ധി വികാസത്തിന് ഡിഎച്ച്എ ഏറ്റവുമാവശ്യമാണ്.

കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ചയ്ക്ക് ഇതേറ്റവും ആവശ്യമായി വരുന്ന പോഷകഘടകമാണ്. ഇത് ഓർമ്മ ശക്‌തിയെ വർദ്ധിപ്പിക്കും. ഡിഎച്ച് എയുടെ അഭാവമുള്ള കുട്ടികളിൽ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷിയും ചിന്താശേഷിയും സാധാരണ കുട്ടികളെ അപേക്ഷിച്ച് കുറവായിരിക്കും. അത് അവരുടെ പഠനത്തേയും സ്വാധീനിക്കും. ഇത്തരം കുട്ടികൾ മാനസിക പിരിമുറുക്കത്തിന് അടിമപ്പെടുമെന്നതാണ് മറ്റൊരു പ്രശ്നം.

ഗർഭിണികൾ അറിയാൻ

ഗർഭിണികളുടെ ഭക്ഷണരീതി ഏറ്റവും അധികം ഗർഭസ്ഥ ശിശുവിനെയാണ് ബാധിക്കുക. ശിശുക്കളിൽ ഡിഎച്ച്എ നിർമ്മിക്കാനുള്ള ശേഷി ഉണ്ടാകാറില്ല. അതിനാൽ ഗർഭസ്ഥ ശിശുവിനത് അമ്മയിൽ നിന്നാണ് ലഭിക്കുക. ന്യൂറോണിന്‍റെയും കോശത്തിന്‍റെയും നേർത്ത തൊലിയുടെയും രൂപീകരണത്തിന് ഡിഎച്ച്എ ആവശ്യമാണ്. ജനനശേഷം കുഞ്ഞിന് അമ്മയുടെ മുലപ്പാലിൽ നിന്നാണ് ഡിഎച്ച്എ ലഭിക്കുക. ഗർഭിണികളായ സ്ത്രീകൾ 5-ാം മാസത്തിലോ അല്ലെങ്കിൽ 20 ആഴ്ച തുടങ്ങിയോ 200 മുതൽ 300 മില്ലിഗ്രാം അളവിൽ ഡിഎച്ച്എ ദിവസവും ഭക്ഷണത്തിലൂടെ കഴിച്ചിരിക്കണം. ഇതേക്കുറിച്ച് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ. ശ്വേത പറയുന്നതിങ്ങനെയാണ്.

“ഡിഎച്ച്എ (ഡോകോസാ ഹെക്സോണിക് ആസിഡ്) ഒരു തരത്തിലുള്ള ഒമേഗ3 ഫാറ്റി ആസിഡാണ്. ലോംഗ് ചെയിൻ പോളി അൺസാച്ചുറേറ്റഡ് ആസിഡ് എന്നും ഇതേക്കുറിച്ച് പറയാറുണ്ട്. ഇത് മനുഷ്യ ശരീരത്തിൽ രൂപം കൊള്ളാറില്ല. ഭക്ഷണത്തിലൂടെ ഇത് ശരീരത്തിൽ ലഭ്യമാവുകയാണ് ചെയ്യുന്നത്. കുട്ടികൾക്ക് പുറമേ ഗർഭിണികളായ സ്ത്രീകൾക്കും ഡിഎച്ച്എ ആവശ്യമായ അളവിൽ ലഭ്യമാകണം. കാരണം ഗർഭസ്ഥ ശിശുവിന്‍റെ ബുദ്ധിവികാസം അമ്മയുടെ ഉദരത്തിൽ വച്ചു തന്നെ ആരംഭിക്കുമല്ലോ. ഡിഎച്ച്എ പ്രധാനമായും ബുദ്ധിവികാസത്തിനും കണ്ണുകളിലെ റെറ്റിനാ രൂപപ്പെടുന്നതിനുമാണ് ആവശ്യമായി വരുന്നത്. ഒപ്പം അത് കേന്ദ്രനാഡീ വ്യൂഹത്തിന്‍റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പോഷകങ്ങളുടെ സ്രോതസ്സ്

മത്തി, ട്യൂണ, കോര, കോഡ് തുടങ്ങിയ മത്സ്യങ്ങൾ ഡിഎച്ച്എയുടെ ഉത്തമ സ്രോതസ്സുകളാണ്. ഡിഎച്ച്എ ലഭിക്കാനായി മിക്കവരും ഡ്രൈ ഫ്രൂട്ടുകൾ കഴിക്കാറുണ്ട്. എന്നാൽ ഡ്രൈ ഫ്രൂട്ടുകളിൽ ഡിഎച്ച്എ മൂലകം ഇല്ലെന്നതാണ് വാസ്തവം. മറിച്ച് എഎൽഎയാണ് അതിലുള്ളത്. എഎൽഎ ഒരു ഒമേഗ ഫാറ്റി ആസിഡാണെങ്കിലും അത് ശരീരത്തിലെത്തി ഡിഎച്ച്എയായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ ഈ പരിവർത്തനം പൂർണ്ണമായും നടക്കണമെന്നില്ല. മുട്ടയിൽ ഓമേഗ3 ഫാറ്റി ആസിഡും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട ഓംലറ്റായി കഴിക്കുന്നതിന് പകരമായി പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്.

കുട്ടികൾക്കിത് പ്രാതലിനൊപ്പം നൽകുന്നത് കൂടുതൽ ഗുണം ചെയ്യും. മുട്ടയിലുള്ള ഒമേഗ3 ഫാറ്റി ആസിഡ് ശരീരത്തിന്‍റെ വളർച്ചാവികസനത്തിന് നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്. കുട്ടികൾക്ക് പനീർ നൽകുന്നത് ഡിഎച്ച്എയുടെ അപര്യാപ്തത പരിഹരിക്കും. പനീർ ബ്രൗൺ ബ്രഡിനകത്ത് സ്റ്റഫ് ചെയ്ത് സാൻഡ്‍വിച്ച് തയ്യാറാക്കി നൽകാം. മുട്ടയ്ക്കും പനീറിനും പുറമേ ബീൻസ്, നിലക്കടല, മത്സ്യം തുടങ്ങിയവയിലും നല്ലയളവിൽ പ്രോട്ടീനുണ്ട്. ഇവയെല്ലാം കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.

കുട്ടികൾ എല്ലാ നിറത്തിലുമുള്ള ഫലങ്ങൾ കഴിക്കണം.

കാരണം ഓരോ നിറത്തിലുമുള്ള ഫലത്തിൽ വിറ്റാമിൻ, കാത്സ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ വ്യത്യസ്തമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഉദാ: ഒരു മീഡിയം ആകൃതിയിലുള്ള വാഴപ്പഴത്തിൽ 1.29 ഗ്രാം പ്രോട്ടീനും 3.2 ഗ്രാം ഫൈബറുമുണ്ട്. 76 ഐയു വിറ്റാമിനും 6 മില്ലിഗ്രാം കാത്സ്യവും ഉണ്ട്. ഒരു മീഡിയം സൈസ് ആപ്പിളിലാകട്ടെ 0.47 ഗ്രാം പ്രോട്ടീനും 4.4 മില്ലിഗ്രാം ഫൈബറും 195 മില്ലിഗ്രാം പൊട്ടാസ്യവും 98 ഐയു വിറ്റാമിനും 11 മില്ലിഗ്രാം കാത്സ്യവുമാണ് ഉള്ളത്. ഒരു കപ്പ് മുന്തിരിയിലാണെങ്കിൽ 1.09 ഗ്രാം പ്രോട്ടീനും 1.4 ഗ്രാം ഫൈബറും 100 ഐയു വിറ്റാമിൻ എയും 15 മില്ലിഗ്രാം കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഫലങ്ങളെല്ലാം ചേർത്ത് ഫ്രൂട്ട് ചാട്ട് തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നത് ഉത്തമമാണ്.

ദിവസവും രണ്ട് ഗ്ലാസ് പാൽ

കുട്ടികൾക്ക് സമ്പൂർണ്ണമായ പോഷണം ലഭ്യമാക്കുന്നതിന് ദിവസവും 2 ഗ്ലാസ് പാൽ നൽകാം. പാലിൽ ഡിഎച്ച്എയ്ക്ക് പുറമേ വിറ്റാമിൻ, പ്രോട്ടീൻ, കാത്സ്യം എന്നിവ വേണ്ടയളവിലുണ്ട്. പാല് കൂടാതെ തൈര്, തൈര് ഉൽപന്നങ്ങൾ എന്നിവയും കുട്ടികൾക്ക് നൽകാം. പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലിന്‍റെ ബലത്തിനും ഉറപ്പിനും നല്ലതാണ്. എന്നാൽ കുഞ്ഞുങ്ങൾ മിക്കപ്പോഴും പാൽകുടിക്കാൻ മടികാട്ടുക സാധാരണമാണല്ലോ. അവർക്കായി വിപണിയിൽ ലഭിക്കുന്ന ഹെൽത്ത് ഡ്രിങ്കുകൾ പ്രയോജനപ്പെടുത്തുക. ഇത് പാലിൽ ചേർത്ത് കുട്ടികൾക്ക് കൊടുക്കാം. ഇത്തരം ഹെൽത്ത് ഡ്രിങ്കുകളുടെ രുചി കുട്ടികൾക്കിഷ്ടമാവും. അതുപോലെ പാൽ ചേർത്ത് മാംഗോ ഷേക്ക് വാനില ഷേക്ക്, ബനാനാ, സ്ട്രോബറി ഷേക്കുകൾ തയ്യാറാക്കി കുഞ്ഞുങ്ങൾക്ക് നൽകാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें