അത്താഴം കഴിഞ്ഞ് കിഴക്കെ മുറ്റത്ത് തെക്കുവടക്കായുള്ള പതിവ് നടത്തത്തിന്‍റെ ഇടയിലായിരുന്നു റിട്ടയേർഡ് ബാങ്ക് ജീവനക്കാരനും കവിയുമായ ദേവകുമാറിന് വാർഡ് മെമ്പറുടെ ഫോൺ വന്നത്.
"ദേവേട്ടാ ഞാൻ വാർഡ് മെമ്പറാണ്. നാളെ നമ്മുടെ മാങ്കോട്ടുകോണം ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് മൂന്ന് മണിയ്ക്ക് നമ്മുടെ വാർഡിന്‍റെ ഒരു സഭ കൂടുന്നുണ്ട്. പ്രവർത്തന വിലയിരുത്തലിന് ശേഷം നാട്ടിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിയ്ക്കുന്ന ചടങ്ങുകൂടെയുണ്ട്. ഈ വർഷത്തെ മികച്ച കവിതാ സമാഹാരത്തിന് മൂന്നാം സമ്മാനാർഹനായ ചേട്ടനെ ആദരിക്കുവാനുദ്ദേശിക്കുന്നു. ചേട്ടൻ സകുടുംബം നിർബ്ബന്ധമായും വരണം."
അങ്ങോട്ടൊന്നും ചോദിക്കാൻ ഇടം തരാതെ ആ മിടുക്കിക്കുട്ടി എല്ലാം ഒറ്റശ്വാസത്തിൽ പൂർത്തിയാക്കി. സമ്മതമറിയിച്ചതോടെ നാളെ അവിടെ കാണാമെന്നും ഈയിടെ നേടിയ പുരസ്കാരങ്ങളുടെയെല്ലാം ഒരു സംക്ഷിപ്തം വാട്സ്ആപ്പിലൂടെ അയച്ചു കൊടുക്കണമെന്നും അഭ്യർത്ഥിച്ചിട്ട് ഇങ്ങോട്ട് നന്ദി പറഞ്ഞു കൊണ്ട് മെമ്പർ ഫോൺ കാൾ അവസാനിപ്പിച്ചു.
നാലുവർഷങ്ങൾക്കു മുന്നെ വനിതാ വാർഡ് ആയി നിശ്ചയിക്കപ്പെട്ട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടിയിട്ട് ആദ്യ പര്യടനത്തിനിടയിൽ പ്രവർത്തകർക്കൊപ്പം എല്ലാ വീടുകളിലും കയറി ആദ്യമായി പരിചയപ്പെടുന്ന ദിവസം തന്‍റെ വീട്ടിലും വന്ന് തനിക്ക് ഒരു പഴയകാല പ്രവർത്തകൻ എന്ന ബഹുമാനം തന്ന് അനുഗ്രഹിക്കണമെന്ന് പറഞ്ഞ് തന്‍റെ കാൽ തൊട്ടു വണങ്ങിയ സംഭവം പെട്ടെന്ന് ദേവൻ മനസ്സിലൂടെ കടന്നുപോയി. ഇലക്ഷനിൽ മത്സരിച്ച് ജയിച്ച് നവാഗതയായിട്ട് കൂടി ഒട്ടും തെറ്റില്ലാത്ത രീതിയിൽ തന്നെ വാർഡിലെ റോഡിന്‍റെയും കുടിവെള്ളത്തിന്‍റെയും കാര്യങ്ങളിലും മറ്റ് സർക്കാർ പദ്ധതികൾ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിലും മികച്ച പ്രവർത്തനം കാഴ്ചവച്ച മെമ്പറെ ഒന്ന് അനുമോദിക്കാൻ കൂടി ഒരവസരമായല്ലോ എന്ന് ആലോചിച്ച് ദേവന് ഏറെ സന്തോഷവും ഒരു ആദരവ് ഏറ്റുവാങ്ങുന്നതിൽ അഭിമാനവും തോന്നി.
അത്താഴത്തിന് ശേഷമുള്ള അടുക്കള ജോലികളെല്ലാം പൂർത്തിയാക്കി ഭാര്യയും മകളും കൊച്ചുമോനും കൂടി പതിവ് വീട്ടു സഭയ്ക്ക് തയ്യാറെടുത്ത് സിറ്റൗട്ടിൽ സ്‌ഥലം പിടിച്ചു. മരുമകൻ ജോലി അൽപം ദൂരെ ആയതിനാൽ ഇപ്പോൾ കുറെ നാളായിട്ട് ആഴ്ചയിൽ വന്ന് പോകുകയാണ്.
"ആരായിരുന്നു വിളിച്ചത്? കോളേജിലെ പഴയ ചങ്ങാതിക്കൂട്ടം ഒത്തുകൂടാനുള്ള വല്ല പ്ലാനുമുണ്ടോ? പിന്നെ കൂടുന്നതൊക്കെ കൊള്ളാം. ബോധം ഒട്ടും കുറയാതെ തന്നെ ഇങ്ങെത്തിയേക്കണം എന്‍റെ സ്വഭാവം മാറ്റരുത്..."
അവൾ ലക്ഷ്മണരേഖ വരച്ചു കഴിഞ്ഞു. ഞാൻ കാര്യമെല്ലാം ചുരുക്കിപ്പറഞ്ഞതും എന്നാൽ പിന്നെ നമുക്ക് ഒരുമിച്ച് പോയാലോ എന്നായി രണ്ടാം ക്ലാസിലായ കൊച്ചുമോന്‍റെ കൂട്ടിച്ചേർക്കൽ. താൻ അവിടെ തന്നെയാണോ പോകുന്നതെന്ന് അറിയുവാനുള്ള ഒരു അവസരമാണല്ലോ ഇത് എന്ന് കരുതിയാകും ശ്രീമതിയും അതിനെ പിന്താങ്ങി. അപ്പോഴാണ് മകൾ ഇടപെട്ടത്. "അച്ഛാ ശർമ്മ സാർ നല്ല സുഖമില്ലാതെ കിടപ്പിലാണെന്ന് കേട്ടു. പുറത്തോട്ടൊന്നും തീരെ യാത്രയില്ലന്നാണ് അറിഞ്ഞത്.” മുറ്റത്ത് ഉലാത്തിയ ദേവന്‍റെ പാദങ്ങൾ ആരോ പിടിച്ചു വച്ചതു പോലെ നിശ്ചലമായി. അയാൾ നടപ്പ് നിറുത്തി സിറ്റൗട്ടിൽ നിന്ന് ഒരു ചൂരൽ കസേര എടുത്ത് മുറ്റത്തെ പ്രിയ മാവിന്‍റെ ചുവട്ടിലിട്ട് മെല്ലെ അതിലിരുന്നു. ദേവന്‍റെ ഓർമ്മകൾ കോളേജിലെ തന്‍റെ ബിഎ മലയാളം അദ്ധ്യാപകനായിരുന്ന ശർമ്മ സാറിന്‍റെ അടുക്കലേക്ക് ഇളം കാറ്റിലെന്നവണ്ണം ഒഴുകിയെത്തി.





