സീതാപരിത്യാഗം

രാത്രിയിൽ നല്ല മഴയായിരുന്നു. നല്ല കാറ്റും. വേനലിലെ ആദ്യത്തെ മഴ. മഴയുടെ താളം ശ്രവിച്ച് സീത വെറുതെ ഓരോന്നോർത്തു കിടക്കുകയായിരുന്നു. ഒട്ടും ഉറക്കം വന്നതേയില്ല. രാവിലെ അവൾ നേരത്തെ എഴുന്നേറ്റു.

ഞായറാഴ്ചയാണ്. ഒരുപാടു ജോലികൾ ചെയ്‌തു തീർക്കാനുണ്ട്. അവധിയുടെ ആലസ്യമാണോ പുതുമഴ സമ്മാനിച്ച കുളിരാണോ എന്താണെന്നറിയില്ല രഘുനാഥൻ മൂടി പുതച്ചു കിടന്നു നല്ല ഉറക്കത്തിലാണ്.

ഇത് എങ്ങനെയൊക്കെയാണ് ഈ കിടക്കുന്നത്… കൊച്ചു കുട്ടികളെക്കാൾ കഷ്ടമായിട്ട് സ്‌ഥാനം തെറ്റിക്കിടന്നിരുന്ന അയാളുടെ വസ്ത്രം അവൾ ശരിക്ക് പിടിച്ചിട്ടു. കിടക്കയിൽ നിന്നും വഴുതി പോയ തലയിണ നേരെ വച്ചു കൊടുത്തു. മധുരതരമായ ഏതോ സ്വപ്നം കണ്ടിട്ടെന്നവണ്ണം ഒരു ചെറുപുഞ്ചിരി ഇടക്കിടയ്ക്ക് അയാളുടെ ചുണ്ടിൽ മിന്നിമറയുന്നുണ്ട്. അതും നോക്കി സീത കട്ടിലിന്‍റെ ഓരം ചേർന്ന് വേറുതെയങ്ങനെയിരുന്നു.

പണ്ട് രഘുനാഥനോടൊപ്പം ചെലവഴിച്ച ഞായറാഴ്ചകളിലെ പുലർച്ചകളെപ്പറ്റി അവൾ ഓർത്തു. രണ്ടുപേരും പരസ്പരം കെട്ടിപ്പിണഞ്ഞു ഓരോരോ കുസൃതിത്തരങ്ങളും കാട്ടി അങ്ങനെ കിടക്കും. ആരുടേയും ഒരു ശല്യമോ, ബഹളമോ ഒന്നുമില്ലാതെ. നഗരം നേർത്ത് നേർത്ത് വന്ന് അവസാനിക്കുന്നിടത്ത് ഗ്രാമത്തിന്‍റെ ശാലീന സൗന്ദര്യമുള്ള ഒരു കൊച്ചു വീട്ടിൽ അവർ രണ്ടേ രണ്ടുപേർ മാത്രം. ഉച്ചിയിൽ വെയിൽ വന്നു വീഴുമ്പോഴാകും എഴുന്നേൽക്കുക. അതുപോലെ ഒരിക്കൽ കൂടി കുറച്ച് നേരം മനസ്സും ശരീരവും ഒന്നായി അയാളെ ഇറുകെ പുണർന്ന് കിടക്കുവാൻ അവൾ അതിയായി മോഹിച്ചു. പക്ഷേ…?

മുടി വാരിക്കെട്ടി അവൾ ഒരു നെടുവീർപ്പോടെ പുറത്തേക്കിറങ്ങി. വിചാരിച്ചതു പോലെ മുറ്റം മുഴുവൻ കാറ്റും മഴയും ചേർന്ന് ഒരു യുദ്ധം നടത്തിയതു പോലുണ്ട്. മുറ്റത്തെ മൂവാണ്ടൻ മാവിന്‍റെ ഒരു കൊമ്പൊടിഞ്ഞു അതിൽ തന്നെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

മുറ്റമടിച്ചു വൃത്തിയാക്കിയപ്പോഴേക്കും ആകെ കുഴഞ്ഞു പോയി. അവൾ പിന്നെ അകത്തു ചെന്ന് പുരയ്ക്കകം മുഴുവൻ തൂത്ത് തുടച്ചു, കർട്ടൻ വിരികൾ നേരയാക്കി അവിടെയും ഇവിടെയും അലക്ഷ്യമായി കിടന്നിരുന്ന സാധനങ്ങളും, പഴയ പത്രമാസികകളുമെല്ലാം അടുക്കി വച്ച് എല്ലാത്തിനുമൊരു ചിട്ട വരുത്തി. പിന്നെ അടുക്കളയിൽ ചെന്ന് പ്രഭാത ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായി.

രഘുനാഥിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടിയപ്പവും, മുട്ടക്കറിയുമുണ്ടാക്കി ഹോട്ട് ഡിഷിലാക്കി അവൾ ഡൈനിംഗ് ടേബിളിൽ കൊണ്ട് വച്ചു അപ്പോഴേക്കും അടുപ്പത്തു വച്ചിരുന്ന വെള്ളം തിളച്ചു. അതിൽ അരി കഴുകി വാരിയിട്ടു, കറിക്കരിഞ്ഞു, ഫ്രിഡ്ജിൽ മുളക് തേച്ച് വച്ചിരുന്ന മീനെടുത്തു വറുത്ത് എല്ലാം കഴിഞ്ഞ് വന്നു നോക്കുമ്പോഴും രഘുനാഥൻ ഉണർന്നിട്ടില്ല. കട്ടിലിൽ കിടന്നു അയാൾ ഭ്രമണം ചെയ്യുകയാണെന്നു അവൾക്കു തോന്നി.

അവൾ അയാളെ വിളിക്കാനൊന്നും പോയില്ല. അവധിയല്ലേ… ഓഫീസിലൊന്നും പോകണ്ടല്ലോ. ഉണരുമ്പോൾ ഉണരട്ടെയെന്നു വിചാരിച്ചു.

പ്രതീക്ഷിച്ചതിലും നേരത്തെ ജോലികൾ എല്ലാം തീർന്നു. ഒന്നു രണ്ടു ഡ്രസ്സുകൾ കൂടി നനച്ചിടാമെന്നു വച്ചു അവൾ അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ നോക്കി ഹാംഗറിൽ നിന്നും എടുത്തുകൊണ്ടു പോയി. പോകുന്ന വഴിക്ക് ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നും എന്തോ ഒന്ന് താഴെ വീണു.

ഒരു വർണ്ണക്കടലാസ്. അവൾ അതിലൂടെ നിസംഗതയോടെ കണ്ണുകളോടിച്ചു. നഗരത്തിലെ പ്രശസ്തമായ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് ആർക്കോ ചുരീദാറോ മറ്റോ വാങ്ങിയതിന്‍റെ ബില്ലാണത്. അവൾ അതിനെപ്പറ്റി ആലോചിച്ച് തല പുണ്ണാക്കാനൊന്നും നിന്നില്ല. ആ പേപ്പർ മടക്കി പോക്കറ്റിലിട്ട് അവളത് അതേ പടി ഹാംഗറിൽ കൊണ്ടു പോയി തൂക്കി.

വെള്ളത്തിൽ മുക്കുന്നതിന് മുമ്പ് അത് കണ്ടത് നന്നായെന്ന് അവൾ വിചാരിച്ചു. അപ്പോൾ കൃത്യം പോലെ രഘുനാഥന്‍റെ ഫോൺ വിളറി പിടിച്ച് ഗൗളിയെപ്പോലെ ചിലച്ചു. എല്ലാ ദിവസവും ഇതേ സമയത്ത് ഒരു വിളിയുള്ളതാണ്. ഏതോ ഒരു രേണുകയോ മറ്റോ ആണ്. രഘുനാഥന് ഗുഡ്മോണിംഗ് പറയാൻ വേണ്ടി വിളിക്കുന്നതാണ്.

കൂട്ടത്തിൽ രാത്രിയിൽ നന്നായി ഉറങ്ങിയോ? രാവിലെ എന്താണ് കഴിച്ചത്? ഓഫീസിൽ വരുമ്പോൾ ഏത് ഷർട്ടാണിടുന്നത്? ഉച്ചയ്ക്ക് ചോറിന്‍റെ കൂടെ എന്തൊക്കെയുണ്ടാകും കൂട്ടാൻ? അങ്ങനെ നിർദോഷമായ ചില അന്വേഷണങ്ങളും ഉണ്ടാകും. അതെല്ലാം പരിഭ്രമം പിടിച്ച നോട്ടങ്ങളിൽ, അമർത്തിപ്പിടിച്ച മൂളലുകളിൽ ഒളിക്കാൻ നോക്കുന്ന സുഖദമായ ഞരങ്ങലുകളിൽ മണക്കാതെ മണത്തും, കേൾക്കാതെ കേട്ടും അവൾ പണ്ടേ രഘുനാഥന്‍റെ മുഖത്ത് നിന്ന് വായിച്ചെടുത്തിട്ടുള്ളതാണ്.

ഫോൺ നിറുത്താതെ റിംഗ് ചെയ്‌തു കൊണ്ടിരുന്നെങ്കിലും അവളത് എടുക്കാനൊന്നും പോയില്ല. ഉദ്ദേശിച്ച ആളല്ല എടുക്കുന്നതെങ്കിൽ അങ്ങേത്തലയ്ക്കൽ ഒരു മഹാ മൗനമായിരിക്കും മറുപടി. വെറുതെ മറ്റുള്ളവരെ കൂടി എന്തിന് അർദ്ധവിരാമത്തിന്‍റെ മുൾമുനയിൽ നിർത്തണം?

വസ്ത്രങ്ങൾ അലക്കി വിരിച്ചിട്ടു പിന്നെ കുളിച്ചു ഈറൻ മാറാത്ത മുടിയുമായി അകത്തെത്തിയപ്പോഴേക്കും രഘുനാഥൻ എഴുന്നേറ്റ് പ്രാതൽ കഴിക്കാൻ തുടങ്ങിയിരുന്നു. വാതിൽപ്പടി ചാരി ശിരസ്സ് കുനിച്ചു ഏതോ ചിന്തയിലാണ്ട് അവൾ കുറേ നേരം അയാൾക്കു മുന്നിൽ തന്നെ നിന്നു.

രഘുനാഥൻ പ്രാതൽ കഴിക്കുന്നതിനോടൊപ്പം കൈയിലിരുന്ന പത്രത്തിന്‍റെ നിർജീവങ്ങളായ കോളങ്ങളിലേക്ക് നോക്കിയതല്ലാതെ അവളെ ശ്രദ്ധിച്ചതേയില്ല. മുഖമുയർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

“ഞാൻ പോകുകയാണ്. ഇനി വരില്ല… ഒരിക്കലും…” അവൾ പറഞ്ഞു. അയാളത് കേട്ടതായി ഭാവിച്ചില്ല. പത്രത്തിലെ മാട്രിമോണിയൽ കോളത്തിലെ ഏതോ കോളത്തിൽ മിഴിനട്ടിരിക്കുകയായിരുന്നു അയാളപ്പോൾ. അയാളുടെ മറുപടി പ്രതീക്ഷിച്ചിട്ടാണെന്നു തോന്നുന്നു പിന്നെയും കുറേനേരം അവൾ അവിടെ തന്നെ നിന്നത്.

രാവിലത്തെ ഒരുക്കം കണ്ടപ്പോൾ അയാൾ വിചാരിച്ചത് അവളേതോ അമ്പലത്തിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നാണ്. അവളിങ്ങനെ ദിവസോം അമ്പലത്തിൽ പോകുന്നതു കൊണ്ട് എന്ത് ഗുണമാണുള്ളതെന്നു അയാൾ പുച്ഛത്തോടെ ചിന്തിക്കുകയും ചെയ്‌തു. പ്രാതൽ കഴിഞ്ഞു രഘുനാഥൻ എഴുന്നേറ്റു കൈ കഴുകി വന്നു വീണ്ടും പത്രതാളുകളിലേക്ക് മുഖം പൂഴ്ത്തി.

“ബസ്സ് എപ്പോഴോണ്ട്?” അതിനിടയ്ക്ക് അയാൾ ചോദിച്ചു.

“ബസ്സല്ല, ട്രെയിന് പോകുകയാണ്. അതാണ് സുഖം” അവൾ പറഞ്ഞു.

“പോകനെല്ലാം ഒരുക്കിയോ?”

“ഇല്ല ഒരുക്കാനൊന്നുമില്ല”

“എടുക്കാനുള്ളതെല്ലാം മറക്കാതെ എടുത്തോളണം” അയാളുടെ വാക്കുകളിൽ എന്തോ കാർക്കശ്യമുണ്ടായിരുന്നതു പോലെ.

അവൾ എങ്ങോട്ടാണ് പോകുന്നതെന്ന് അയാൾ മനഃപൂർവ്വം ചോദിച്ചില്ല. അവൾക്കു പോകാൻ അധികമിടമൊന്നും ഇല്ലെന്ന് അയാൾക്കും അറിവുള്ളതായിരുന്നുവല്ലോ.

അവളുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. അച്‌ഛൻ പട്ടാളത്തിൽ ഭേദപ്പെട്ട റാങ്കുള്ള ഒരുദ്യോഗസ്‌ഥനായിരുന്നു. അവളെ വിവാഹം കഴിച്ചയച്ചതിനു ശേഷം അയാൾ മകളുടെ പ്രായം മാത്രമുള്ള ഒരു പെണ്ണിനെ കെട്ടി ജോലി സ്‌ഥലത്തേക്ക് കൊണ്ടു പോയി. അതോടു കൂടി അയാളും അവളെക്കുറിച്ച് അന്വേഷിക്കാതെയായി. മകളെ ഒരു സർക്കാർ ഉദ്യോഗസ്‌ഥന് വിവാഹം കഴിച്ചു കൊടുത്തതോടെ അവളുടെ ജീവിതം സുരക്ഷിതമായെന്ന് അയാളും വിചാരിച്ചു കാണണം.

സീത പിന്നീടു അവിടെ നിന്നില്ല. അവൾ കണ്ണ് തുടച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് ചെന്നു. പെട്ടെന്ന് പോകാനെല്ലാം ഒരുക്കി. ഒരു സ്യൂട്ട് കേസിലും ഒരു ചെറിയ ബാഗിലും കൊള്ളാവുന്ന സാധനങ്ങൾ മാത്രമേ അവളുടേതായിട്ട് ഉണ്ടായിരുന്നുള്ളൂ. പെട്ടന്നവൾ എന്തോ ഓർത്തിട്ടെന്നവണ്ണം അലമാര തുറന്നു അവരുടെ വിവാഹ ആൽബം പുറത്തെടുത്തു.

“ഞാനിതിൽ നിന്നും ഒരു ഫോട്ടോ എടുക്കുകയാണ്” അവൾ പറഞ്ഞു. ഒരു ഫോട്ടോയല്ല ആ ആൽബം തന്നെ എടുത്തോളാൻ അയാൾ പറഞ്ഞു. അവളത് ഭദ്രമായി പൊതിഞ്ഞു ബാഗിനകത്തു വച്ചു. പിന്നെ നിലക്കണ്ണാടിക്കു മുന്നിൽ ചെന്ന് നിന്ന് വിവാഹത്തിന്‍റെ ആദ്യ വാർഷിക ദിനത്തിൽ രഘുനാഥൻ സമ്മാനിച്ച ചുവപ്പിൽ ഇളം പൂക്കളുള്ള പട്ടുസാരിയെടുത്ത് ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങാൻ തുടങ്ങി. പത്രം വായിക്കുന്നു എന്നാ ഭാവേനെ രഘുനാഥൻ അത് അസഹ്യതയോടെ നോക്കിയിരുന്നു. “ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത എന്താണന്നറിയുമോ നിങ്ങൾക്ക്?” അവൾ ചോദിച്ചു. ആലോചിച്ചു തുടങ്ങിയപ്പോൾ തന്നെ പിടികിട്ടി. എങ്കിലും അയാൾ അജ്‌ഞത നടിച്ചു.

“ഇന്ന് നമ്മുടെ വിവാഹ വാർഷികമാണ്. ഏഴു വർഷങ്ങൾക്കു മുമ്പ് ഇതേ പോലൊരു ദിവസമാണ് ഞാനാദ്യമായി നിങ്ങളോടൊപ്പം ഈ വീടിന്‍റെ പടി ചവിട്ടുന്നത്. അതെല്ലാം ഞാൻ ഇന്നലത്തെ പോലെ ഓർക്കുന്നു.”

രഘുനാഥൻ പരമ പുച്ഛത്തോടെ ചുണ്ട് കോട്ടിയൊന്നു ചിരിച്ചു.

“കുറെനാളായി അമ്മാതിരി കാര്യങ്ങളൊന്നും ഓർക്കാൻ ഞാനിഷ്ടപ്പെടുന്നതേയില്ല.”

“അതെനിക്കറിയാം. അതുകൊണ്ടാണല്ലോ ഉറക്കത്തിനിടയിൽ പോലും നിങ്ങൾ എന്നിൽ നിന്നും കൃത്യമായ അകലം പാലിക്കുന്നത്.”

രഘുനാഥന് ചെറുതായെങ്കിലും കുറ്റബോധം തോന്നിയിരിക്കണം. അയാൾ പത്രവായന അവസാനിപ്പിച്ച്, അവൾ അണിയിച്ച വിവാഹ മോതിരവും തെരുപ്പിടിപ്പിച്ചു അങ്ങനെയിരുന്നു.

“ചോറും കറികളും വിളമ്പി ഞാൻ അടുക്കളേൽ അടച്ചു വച്ചിട്ടുണ്ട്. നിങ്ങളത് സമയത്തിനെടുത്തു കഴിക്കണം.”

“ഓഹോ… നന്ദി.”

രഘുനാഥൻ ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിൽ പിടിപ്പിച്ചു കൊണ്ട് എന്തോ ആലോചിച്ചു കസേരയിലേക്ക് ചാഞ്ഞു കിടന്നു.

“നിങ്ങൾ ആരോഗ്യം നോക്കണം. സിഗരറ്റു വലി കുറക്കണം. അസുഖം വന്നാൽ സമയത്തിന് ഡോക്ടറെ പോയി കാണണം. മഴക്കാലം വരികയാണ്. തലയിൽ വെള്ളം താന്നാൽ പെട്ടെന്ന് പനി പിടിക്കുന്ന സ്വഭാവമാ നിങ്ങൾക്ക്. അതുകൊണ്ട് റെയിൻ കോട്ടോ, കുടയോ ഒന്നുമില്ലാതെ പുറത്തോട്ടൊന്നും പോകരുത്.”

“നീയെന്നെ ഇങ്ങനെ ഉപദേശിക്കാൻ ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല” അയാൾ അൽപം ദേഷ്യത്തോടെ പറഞ്ഞു.

അവൾ അതൊന്നും വക വയ്ക്കാതെ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

ഗ്യാസ് ഓൺ ചെയ്‌തിട്ട് എങ്ങും പോവരുതെന്നോ, അടുക്കളയിലെ സ്റ്റോറിൽ ചമ്മന്തിപ്പൊടിയോ, മാങ്ങാ അച്ചാറോ അങ്ങനെ ഏതാണ്ടൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടന്നോ, അതൊന്നും നനഞ്ഞ സ്പൂണിട്ടു എടുക്കരുതെന്നോ, രാവിലെ മുറ്റമടിക്കാൻ അയലത്തെ വീട്ടിൽ അടുക്കളയ്ക്ക് നിൽക്കുന്ന സ്ത്രീയെ ഏർപ്പെടുത്തിയിട്ടുണ്ടെന്നോ… അങ്ങനെ പലതും ഒടുവിൽ പതുക്കെ പതുക്കെ അവൾ തനിയെ നിശബ്ദയായി.

മുറിക്കകത്തുനിന്നും ബാഗും സ്യൂട്കേസുമെടുത്തു സിറ്റൗട്ടിൽ കൊണ്ടു വച്ച് അവൾ വിദൂരതയിലേക്ക് നോക്കി നിന്നു.

നല്ല മഴക്കോളുണ്ട്. മൂടൽ മഞ്ഞ് പോലെ പൊടിമഴ ചാറുന്നു.

“റോഡ് മുഴുവൻ വെള്ളമായിരിക്കും. നടന്നു പോയാൽ സാരി മുഴുവൻ ചെളി തെറിക്കും. അതുകൊണ്ട് നിങ്ങൾ…”

“സ്ക്കൂട്ടർ കണ്ടീഷനല്ല” പൊടുന്നനെ അയാൾ പറഞ്ഞു.

“മഴയത്ത് സ്ക്കൂട്ടെറെടുത്ത് നിങ്ങൾ ബുദ്ധിമുട്ടെണ്ടാ. ഒരു ഓട്ടോ പിടിച്ചു തന്നാൽ മതി. അതാണ് നല്ലത്” അവൾ പറഞ്ഞു.

രഘുനാഥൻ നീരസത്തോടെ എഴുന്നേറ്റു ചെന്ന് ഫോണെടുത്തു ഏതോ നമ്പർ ഡയൽ ചെയ്‌തു വന്നു.

“ഓട്ടോ ഇപ്പോഴിങ്ങെത്തും. ഒന്നും മറന്നിട്ടില്ലല്ലോ” രഘുനാഥൻ ഓർമ്മിപ്പിച്ചു.

അവളപ്പോൾ കൈവിരലിലെ നഖങ്ങൾ കൊണ്ട് ഭിത്തിയിലെന്തോ കോറുകയായിരുന്നു. ഭിത്തിയിൽ നിന്നപ്പോൾ നരച്ച മേഘത്തിന്‍റെ നിറമുള്ള വെള്ളയുടെ ഒരുപാളി അടർന്നു താഴെ വീണു ചിന്നി ചിതറി.

“നിങ്ങളുടെ ഒരു കുഞ്ഞിന്‍റെ അമ്മയാകാൻ കഴിഞ്ഞില്ല എന്ന തെറ്റു മാത്രമേ ഞാൻ ചെയ്‌തിട്ടുള്ളൂ. രമണിയേയോ, രേണുകയേയോ ആരെയാണെങ്കിലും നിങ്ങൾ ഉടനെ വിവാഹം ചെയ്യണം. ആഗ്രഹം പോലെ ഒരു കുഞ്ഞിന്‍റെ അച്‌ഛനാകണം. ഒന്നിനും ഞാനൊരു തടസ്സമാകുന്നില്ല. നിങ്ങളെന്നെ ഒഴിയുക മാത്രം ചെയ്യരുത്. അവകാശം ചോദിച്ചു ഞാനൊരിക്കലും വരില്ല.”

മുറ്റത്തു ഒരു ഓട്ടോ വന്നു ഞരങ്ങി നിന്നു. ചാറി ചാറി നിന്നിരുന്ന മഴ അപ്പോൾ ചന്നം പിന്നം പെയ്യാൻ തുടങ്ങി. നാലുവശത്തു നിന്നും തൂവാനും അകത്തേക്ക് അടിച്ചു കയറി. ഡ്രൈവർ ഓട്ടോ പോർച്ചിലേക്ക് നീക്കിയിട്ടു. സീത തണുത്ത കൈവിരലുകൾ കൊണ്ട് രഘുനാഥന്‍റെ നെഞ്ചിൽ പതിയെ സ്പർശിച്ചു. അവളുടെ കരസ്പർശം ഏറ്റു തന്‍റെ നെഞ്ചു പൊള്ളുന്നത് പോലെ അയാൾക്ക് തോന്നി.

“ജീവിതത്തിൽ ഞാനാദ്യമായും, അവസാനമായും സ്നേഹിച്ച പുരുഷൻ നിങ്ങളാണ്. എന്നെങ്കിലും കാണണമെന്ന് തോന്നുമ്പോൾ വരാൻ മടിക്കരുത്.”

അവൾ സ്യൂട്ട്കേസ്, ഓട്ടോയിൽ കൊണ്ട് വച്ച് അതിൽ കയറിയിരുന്നു. “മഴതോരട്ടെ… ഓട്ടോക്കാരന് ധൃതിയൊന്നുമില്ല” രഘുനാഥൻ പറഞ്ഞു. അവളൊന്നു ചിരിച്ചു. “ഈ മഴ ഇപ്പോഴെങ്ങും തോരില്ല. വെള്ളം അകത്തേക്ക് തെറിക്കാതിരിക്കാനെന്നവണ്ണം അവൾ സൈഡിലെ ടാർപാളിൻ ഷീറ്റുകൾ താഴ്ത്തിയിട്ടു. അതിനിടയിൽ അവൾ പറഞ്ഞു. “കുടിക്കാൻ വെള്ളം എടുത്തു വയ്ക്കുന്ന കാര്യം ഞാൻ മറന്നു പോയി. നിങ്ങൾ പച്ചവെള്ളം കുടിച്ചു ഇല്ലാത്ത രോഗം ഒന്നും വരുത്തി വയ്ക്കരുത്.”

ഓട്ടോ ഒരു ഇരമ്പലോടെ അകന്നു പോയി. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മഴ ഏതാണ്ട് തോർന്നിരുന്നു. യാത്രക്കാരായിട്ടു വളരെ കുറച്ചു ആൾക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ അവൾ രഘുനാഥനെക്കുറിച്ചോർത്തു, മടിയനാണ്. കുടിക്കാനുള്ള വെള്ളം ചൂടാക്കിയിരിക്കാൻ ഒരു വഴിയുമില്ല.

നാളെ ഓഫീസിലേക്കു പോകാൻ അയാൾക്ക് ആരായിരിക്കും എല്ലാം ഒരുക്കി കൊടുക്കുക. നല്ല കാര്യം, നാട്ടിൽ ഹോട്ടലുകൾക്കാണോ പഞ്ഞം?

“അടുത്ത ട്രെയിൻ എപ്പോഴാണ്?” കാഴ്ചയിൽ മാന്യനെന്നു തോന്നിക്കുന്ന ഒരു വൃദ്ധനോട് അവൾ ചോദിച്ചു.

അയാൾ മനോഹരമായി ചിരിച്ചു. “തെക്കോട്ടാണോ… വടക്കോട്ടാണോ…?”

“ആദ്യം ഏതാണ് വരുന്നത്…?”

വടക്കോട്ടാണെങ്കിൽ ഇപ്പോൾ ഒരു എക്സ്പ്രസ്സുണ്ട്. പക്ഷേ അതിനിവിടെ സ്റ്റോപ്പില്ല. പിന്നെ പാസഞ്ചറുണ്ട്. അതു വരാൻ ഉച്ച കഴിയും.”

അവൾ അവിടെ കണ്ട ഒരു സിമന്‍റ് ബഞ്ചിൽ പോയിരുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. പ്രാതൽ കഴിക്കുന്ന കാര്യം തിരക്കിനിടയിൽ മനഃപൂർവ്വം മറന്നു. അവൾ ബാഗു തുറന്നു വിവാഹ ആൽബമെടുത്ത് വെറുതെ മറിച്ചു നോക്കി കൊണ്ടിരുന്നു.

രഘുനാഥന്‍റെ നവവധുവായി ആ വീട്ടിൽ ചെന്ന് കയറിയ ദിനം. അയാളുടെ സ്നേഹ പ്രകടനങ്ങൾ, കുസൃതിത്തരങ്ങൾ, നേരമ്പോക്കുകൾ, ഉച്ചത്തിലുള്ള പൊട്ടിച്ചിരികൾ…

തെക്കു നിന്ന് ഒരു ട്രെയിന്‍റെ ഉച്ചത്തിലുള്ള മുഴക്കം കേട്ടു അവൾ ബാഗും സ്യൂട്ട്കേസും അവിടെത്തന്നെ വച്ചിട്ട് പതിയെ എഴുന്നേറ്റു നടന്നു. പ്ലാറ്റ്ഫോമും കഴിഞ്ഞ് ആളൊഴിഞ്ഞ ഒരു കോണിൽ പോയി നിന്നു.

അപ്പോൾ വലിയൊരു കാറ്റ് വീശി. ഓരത്തെ മരച്ചില്ലകളിൽ നിന്ന് സ്ഫടിക കഷ്ണങ്ങൾ പോലെ ജലകണങ്ങൾ പൊഴിഞ്ഞു. അതേൽക്കാതിരിക്കാനെന്നവണ്ണം അവളപ്പോൾ സാരിത്തലപ്പു പിടിച്ചു തലവഴിയേയിട്ടു.

ഭക്ഷ്യവസ്തുക്കൾ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കുമോ?

ചോദ്യം

19 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയാണ് ഞാൻ. ബി.കോം രണ്ടാം വർഷമാണ്. എനിക്ക് അടിക്കടി പനിയും ചുമയും ഉണ്ടാകുന്നു. എക്സ്റേ എടുത്ത് നോക്കിയപ്പോൾ എന്‍റെ മുക്കിനുള്ളിലെ എല്ല് വളഞ്ഞിരിക്കുന്നതായാണ് കണ്ടത്. ഇത് നേരെയാക്കാൻ ശസ്ത്രക്രിയ വേണ്ടി വരുമോ? മരുന്ന് കൊണ്ട് ഇത് ഭേദപ്പെടുമോ?

ഉത്തരം

പ്രശ്നം അലർജി കൊണ്ടുള്ളതാണ് എന്നാണ് കത്തിൽ നിന്നും മനസ്സിലാക്കുന്നത്. മൂക്കിനുള്ളിലെ എല്ല് അഥവാ സെപ്റ്റം (മൂക്കിനെ രണ്ട് ഭാഗമായി തിരിക്കുന്നത്) വളഞ്ഞിരിക്കുന്നത് പലരിലും സംഭവിക്കുന്നുണ്ട്. മുമ്പ് പനിയും ചുമയും വരുമ്പോൾ മൂക്കിന്‍റെ എല്ല് വളഞ്ഞിരിക്കുന്നതുമായി ബന്ധപ്പെടുത്തി കാണുമായിരുന്നു. അത് മാറാനായി സെപ്റ്റോ പ്ലാസ്റ്ററി ഓപ്പറേഷനും ചെയ്യുമായിരുന്നു. എന്നാൽ സെപ്റ്റം വളഞ്ഞിരിക്കുന്നതുമായി മൂക്കിലെ അലർജിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. തൽക്കാലം ശസ്ത്രക്ക്രിയയെപ്പറ്റി ആലോചിക്കുന്നതിന് പകരമായി അലർജിയെ പ്രതിരോധിക്കാനുള്ള മരുന്നുകൾ കൃത്യമായി കഴിക്കുക.

ഏതെങ്കിലും മികച്ച ഇഎൻടി ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സ നടത്തുക. പ്രശ്നം മാറിക്കിട്ടും.

ചോദ്യം

ഭക്ഷ്യവസ്തുക്കൾ സ്ത്രീ പുരുഷന്മാരുടെ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കുമെന്ന് പറയുന്നത് സത്യമാണോ? കഴിഞ്ഞ ദിവസം ഇന്‍റർനെറ്റിൽ ഇതേ വിഷയത്തെ സംബന്ധിച്ച് തിരഞ്ഞപ്പോൾ അറിയാൻ ഇടയായ കാര്യമാണ് ഇത്. കൊഴുപ്പ് കൂടുതലുള്ള അമിത ഭക്ഷണം പുരുഷന്‍റെ പ്രത്യുൽപ്പാദനശേഷിയെ കുറയ്ക്കും എന്ന് കണ്ടു. എന്‍റെ ഭർത്താവ് ഇത് വിശ്വസിക്കുന്നില്ല. ഇന്‍റർനെറ്റിൽ അടിസ്ഥാനരഹിതമായ വിവരങ്ങളും ഉണ്ടാകും എന്നാണ് അദ്ദേഹം പറയുന്നത്. അതൊന്നും വിശ്വസനീയം അല്ലത്രേ. സത്യമാണോ ഇക്കാര്യം?

ഉത്തരം

ഇന്‍റർനെറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെല്ലാം വിശ്വാസ യോഗ്യമല്ലെന്നുള്ള ഭർത്താവിന്‍റെ അഭിപ്രായം ശരിയാണ്. ഇന്‍റർനെറ്റിൽ യഥാർത്ഥവും അല്ലാത്തതുമായ ധാരാളം വിവരങ്ങൾ പലയിടത്തും നിന്നുമായി എത്തിച്ചേരാം.

എന്നാൽ ഭക്ഷ്യവസ്തുക്കൾ പുരുഷന്‍റെ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കും എന്നുള്ള വിവരം ശരിയാണ്. അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് മെഡിക്കൽ സ്കൂൾ ഒരു ഗവേഷണം നടത്തുകയുണ്ടായി. നാല് വർഷമായി 99 മുതിർന്ന പുരുഷന്മാരിൽ നടത്തിയ ഗവേഷണത്തിൽ നിന്നും ഭക്ഷണം അവരുടെ ബീജങ്ങളുടെ സംഖ്യയേയും ശേഷിയേയും ബാധിക്കുന്നു എന്നാണ് കണ്ടെത്തിയത്. അവരുടെ ഈ ഗവേഷണ ഫലം പ്രശസ്തമായ ഹ്യൂമൻ റിപ്രൊഡക്ഷൻ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പൂരിത കൊഴുപ്പ് അധിക അളവിൽ അടങ്ങിയ ഭക്ഷണം കഴിച്ച പുരുഷന്മാരിൽ ഭൂരിഭാഗം പേരുടെയും ബീജങ്ങളുടെ സംഖ്യ താരതമ്യേന കുറവായിരുന്നു എന്ന് ഗവേഷണ സംഘത്തിലെ ഡോക്ടറായ ഡോ. ജിൽ അറ്റാമാൻ പറയുന്നു. ഇത് മാത്രമല്ല ബീജങ്ങളുടെ രൂപത്തിലും ഗുണത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടത്രേ.

സാച്ചുറേറ്റഡ് ഫാറ്റ് കഴിച്ച പുരുഷന്മാരിൽ 43 ശതമാനം പേരുടെയും സെമൻ ടെസ്റ്റിൽ ബീജങ്ങളുടെ എണ്ണം കുറവായിരുന്നു. അതുപോലെ ബീജങ്ങളുടെ ക്രിയാശീലത തീരെ കുറവായിരുന്നു. ഇവരെ അപേക്ഷിച്ച് മോണോ, പോളി സാച്ചുറേറ്റഡ് ഫാറ്റ് കഴിച്ചവരുടെ ബീജാണുക്കൾ കൂടുതൽ ആരോഗ്യമുള്ളതായി കണ്ടെത്തുകയുണ്ടായി. ആരോഗ്യം മികച്ച രീതിയിൽ നിലനിർത്തുന്നതിന് കൊഴുപ്പ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.

എണ്ണ, വെണ്ണ, നെയ്യ് എന്നിവ നിയന്ത്രിതമായ അളവിൽ കഴിക്കുക. മോണോ അൺസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പ് ആരോഗ്യത്തിന് മികച്ചവയാണ്. കൊളസ്ട്രോളിലെ ദോഷകാരികളായ ഘടകങ്ങളെ നിയന്ത്രിക്കുന്നതിന് ഇവ ആവശ്യമാണ്. ധമനികളുടെ പ്രവർത്തനരീതിയെ ഇത് മികച്ചതാക്കുന്നു.

ചോദ്യം

55 വയസ്സുള്ള വീട്ടമ്മയാണ് ഞാൻ. കഴിഞ്ഞ കുറെ മാസമായി എനിക്കുണ്ടായ മാറ്റങ്ങളിൽ ഞാനാകെ അസ്വസ്ഥയാണ്. സെക്സിൽ ഏർപ്പെടുമ്പോൾ വേദന അനുഭവപ്പെടുന്നു. ഉള്ളിൽ താൽപര്യം ഉണ്ടായാലും സെക്സിൽ ഏർപ്പെടാൻ കഴിയുന്നില്ല.

ഇതിന്‍റെ പേരിൽ ഭർത്താവിന് എന്നോട് ദേഷ്യമാണ്. ഞങ്ങൾ വളരെ സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. പക്ഷേ, ഇപ്പോൾ ഇക്കാരണത്താൽ എപ്പോഴും വഴക്കാണ്. അദ്ദേഹത്തിന്‍റെ മനസ്സ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടെങ്കിലും ഞാൻ തീർത്തും നിസ്സഹായവസ്ഥയിൽ ആണ്. സങ്കോചം മൂലം ആരോടും പറയാനും കഴിയുന്നില്ല.

ഉത്തരം

മെനോപോസിന് (ആർത്തവവിരാമം) ശേഷം സ്ത്രീകളുടെ ശരീരത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാകാം. ആർത്തവവിരാമത്തെ തുടർന്ന് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ ഉൽപാദനം നിലയ്ക്കുന്നു. ഇക്കാരണത്താൽ യോനിയിൽ ഡ്രൈനെസ്സ് ഉണ്ടാകാം. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുകയാണ് എങ്കിൽ പ്രശ്നം കൂടുതൽ വഷളാകുകയേയുള്ളൂ. ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിന് ഒപ്പം പതിവായി സെക്സിലേർപ്പെടുന്ന മദ്ധ്യവയസ്കരായ സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായി കാണാറില്ല. സെക്സിൽ ഏർപ്പെടുമ്പോൾ യോനിയിലെ രക്തക്കുഴലുകൾ വികസിച്ച് രക്തപ്രവാഹം കൂടുന്നതിനാൽ സ്വാഭാവികമായും മുമ്പത്തെ പോലെ തന്നെ സ്രവം ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും. അമിതമായ ഉത്കണ്ഠ ഒഴിവാക്കുക.

ശ്വാസകോശരോഗികളുടെ ഇൻഹേലർ ഉപയോഗം

മെട്രോപൊളിറ്റൻ നഗരങ്ങളിൽ വർദ്ധിച്ചുവരുന്ന മലിനീകരണത്തിനും പുകവലിക്കും പുകയിലയ്ക്കുമുള്ള ആസക്തിയ്‌ക്കൊപ്പം ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ സാധ്യതയും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസാണ് (സിഒപിഡി) 15- 39 വയസ്സിനിടയിലുള്ളവരുടെ ആദ്യ മരണകാരണമെന്ന് എയിംസിലെ പൾമണറി മെഡിസിൻ ആൻഡ് സ്ലീപ് ഡിസോർഡേഴ്‌സ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ.കരൺ മദൻ പറയുന്നു . 40-69 വയസ്സ്. വിഭാഗത്തിലെ മരണത്തിന്‍റെ മൂന്നാമത്തെ പ്രധാന കാരണമാണിത്. COPD 1990-ൽ മരണത്തിന്‍റെയും വൈകല്യത്തിന്‍റെയും 13-ാമത്തെ പ്രധാന കാരണമായിരുന്നു, 2016-ൽ മൂന്നാമത്തെ പ്രധാന കാരണമായി. ഇത് ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വർദ്ധിച്ചുവരുന്ന എണ്ണവും അവ നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകതയെയും പ്രതിഫലിപ്പിക്കുന്നു.

ആസ്തമ, സി‌ഒ‌പി‌ഡി എന്നിവയുടെ മാനേജ്‌മെന്‍റിലെ പ്രധാന വെല്ലുവിളികൾ ഫലപ്രദവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഇൻ‌ഹേലറുകളുടെ ഉപയോഗവും വികസനവും മെച്ചപ്പെടുത്തുകയാണെന്ന് രോഗ നിയന്ത്രണത്തിന്‍റെ വെല്ലുവിളികളെക്കുറിച്ച് ചെസ്റ്റ് ഫിസിഷ്യൻ ഡോ. പ്രവീൺ പാണ്ഡെ പറഞ്ഞു. പല രോഗികൾക്കും മരുന്നുകളും ഇൻഹേലറുകളും ഉപയോഗിക്കാൻ അറിയില്ല. അതിനാൽ രോഗനിയന്ത്രണം പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ആസ്ത്മയുടെ ഇൻഹെൽഡ് തെറാപ്പിക്ക് രോഗത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഡോക്ടർ പാണ്ഡെ പറയുന്നു. ഏഷ്യാ പസഫിക് ആസ്ത്മ ഇൻസൈറ്റ്സ് മാനേജ്മെന്‍റ് (എപി-എഐഎം) സർവേ പ്രകാരം, ഇന്ത്യയിലെ എല്ലാ ആസ്ത്മ രോഗികളിലും രോഗം നിയന്ത്രണാതീതമോ ഭാഗികമായോ നിയന്ത്രിക്കപ്പെടുന്നു. ഈ ദുർബലമായ നിയന്ത്രണത്തിന്‍റെ പ്രധാന കാരണം ഇൻഹേലറിന്‍റെ ദുർബലമായ സാങ്കേതികവിദ്യയാണ്.

ആസ്ത്മ, സിഒപിഡി തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഇൻഹേൽഡ് മരുന്നുകൾ അത്യന്താപേക്ഷിതമാണ്. ഇവ മരുന്ന് നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിക്കുകയും കുറഞ്ഞ അളവിൽ പോലും വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ശ്വസിക്കുന്ന മരുന്നുകൾ രോഗത്തിന്‍റെ അവസ്ഥ മെച്ചപ്പെടുത്തുകയും ലക്ഷണങ്ങളെ നിയന്ത്രിക്കുകയും രോഗത്തിന്‍റെ എണ്ണവും തീവ്രതയും കുറയ്ക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മരുന്നുകൾ പോലെ തന്നെ പ്രധാനമാണ് ശ്വാസകോശത്തിലേക്ക് മരുന്നുകൾ എത്തിക്കുന്ന ഉപകരണങ്ങളും. ഇൻഹേലർ ഉപകരണങ്ങളിൽ പ്രഷറൈസ്ഡ് മീറ്റർ ഡോസ് ഇൻഹേലറുകൾ (എംഡിഐ), ഡ്രൈ പൗഡർ ഇൻഹേലർ (ഡിപിഐ), നെബുലൈസറുകൾ എന്നിവ ഉൾപ്പെടുന്നു. രാജ്യത്തെ 90 ശതമാനം ഡോക്ടർമാരും അവരുടെ ക്ലിനിക്കുകളിൽ ആദ്യമായി വരുന്ന ആസ്ത്മ, സിഒപിഡി രോഗികളിൽ 40 ശതമാനമെങ്കിലും ഇൻഹേലർ ഉപകരണങ്ങൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു. 71 ശതമാനം രോഗികൾക്ക് പിഎംഡിഐ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ഒരു പഠനം റിപ്പോർട്ട് ചെയ്തു.

ആസ്ത്മയോ സിഒപിഡിയോ ഉള്ള 246 രോഗികളിൽ നടത്തിയ മറ്റൊരു പഠനത്തിൽ, 81.4 ശതമാനം എംഡിഐ ഉപയോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. 90 ശതമാനം രോഗികൾക്കും ഡിപിഐ ശരിയായി ഉപയോഗിക്കാൻ കഴിയിയുന്നില്ലെന്ന് മറ്റൊരു പഠനം തെളിയിച്ചു. പെർസെപ്റ്റ് പഠനം ഇന്ത്യയിലെ ഇൻഹലേഷൻ തെറാപ്പിയെക്കുറിച്ചുള്ള ഡോക്ടർമാരുടെ അറിവും പരിശീലനവും വിലയിരുത്തി, ഏകദേശം 61 ശതമാനം ഡോക്ടർമാർക്കും ശരിയായ ഇൻസ്ട്രുമെന്‍റ് ടെക്നിക് ഇല്ലെന്നും 67 ശതമാനം ഡോക്ടർമാരും ഉദ്ദേശിച്ച രീതിയിൽ ഇൻഹലേഷൻ തെറാപ്പി നടത്തിയില്ലെന്നും കണ്ടെത്തി, ഇത് മോശമായ ഫലങ്ങൾ ഉണ്ടാക്കുന്നു.

ഇൻഹെൽഡ് രീതി വർഷങ്ങളായി വികസിച്ചിട്ടുണ്ടെന്നും എന്നാൽ തെറ്റായ ഇൻഹേലർ സാങ്കേതികവിദ്യ കാരണം ഫലം നല്ലതല്ലെന്നും സിപ്ല ലിമിറ്റഡിന്‍റെ ഗ്ലോബൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജയ്ദീപ് ഗോഗേറ്റ് പറഞ്ഞു. ഇത് പാലിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശ്നമാണ്. യുഎസ്, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിലെ പൾമോണോളജിസ്റ്റുകളുടെയും പ്രൈമറി കെയർ ഫിസിഷ്യൻമാരുടെയും ഡാറ്റാ മോണിറ്റർ ഹെൽത്ത്‌കെയർ നടത്തിയ ഒരു സർവേയിൽ, രോഗം നിയന്ത്രിക്കുന്നതിൽ ചിട്ടയായ ഉപയോഗം പ്രധാനമാണ് എന്ന് കണ്ടെത്തി. ഇൻഹേലേഷൻ തെറാപ്പിയുടെ ഗുണങ്ങളെക്കുറിച്ചും ശരിയായ ഇൻഹേലർ സാങ്കേതികതയെക്കുറിച്ചും രോഗികളെ ബോധവൽക്കരിക്കുന്നത് ഇൻഹേലർ സ്വീകാര്യതയിലേക്ക് നയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. രോഗികൾക്ക് ശരിയായി ഉപയോഗിക്കാൻ കഴിഞ്ഞാൽ രോഗത്തെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ കഴിയും.

ജങ്ക് ഫുഡ് ആസക്തി എങ്ങനെ ഉപേക്ഷിക്കാം

ഇക്കാലത്ത് കുട്ടികളിലും യുവ തലമുറയിലും ജങ്ക് ഫുഡ് കഴിക്കാനുള്ള ആസക്‌തി വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും ജങ്ക് ഫുഡ് കഴിക്കുന്നത് നിമിത്തം ഒരു ലഹരിക്കടിമപ്പെടുന്ന അവസ്‌ഥ സംജാതമാകുകയാണ്. ഒരാൾക്ക് ആഗ്രഹമുണ്ടെങ്കിൽപോലും ആ ശീലം ഒഴിവാക്കാൻ കഴിയുകയില്ല. അതിനാൽ അവർ പൊണ്ണത്തടിയുള്ളവരായി മാറുകയും ചെറുപ്രായത്തിൽ തന്നെ രോഗങ്ങളാൽ കഷ്‌ടപ്പെടുകയും ചെയ്യുന്നു. ജങ്ക് ഫുഡ് കഴിക്കുന്ന ശീലത്തിൽ നിന്ന് വിട്ടുനിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വിവരങ്ങൾ വളരെ ഉപയോഗപ്രദമാകും.

എന്‍റെ മകന് ബിരിയാണി കഴിച്ചശേഷം അപ്പോൾ തന്നെ കൊക്കോകോള പോലെ എന്തെങ്കിലും കുടിച്ചേ മതിയാകു. ഇത് നല്ല ഭക്ഷണ ശീലമല്ല എന്ന് പറഞ്ഞു കൊടുത്താലും മാറ്റമില്ല. അമ്മ വിദ്യ പറയുന്നു. എന്തുചെയ്യണം എന്‍റെ മകന്‍റെ ഈ ശീലം എത്ര ശ്രമിച്ചിട്ടും മാറുന്നില്ല എന്നൊക്കെ ഇങ്ങനെ ചിലർ പറയുന്നത് കേട്ടിട്ടില്ലെ. ഉപേക്ഷിക്കേണ്ട ശീലങ്ങളെ നമ്മൾ നെഗറ്റീവ് രീതിയിലാണ് എടുക്കുന്നത്. എന്നാൽ വാസ്തവത്തിൽ ഒരു വ്യക്തിയുടെ ദൈനംദിന ദിനചര്യ തീരുമാനിക്കുന്നത് ആ വ്യക്തിയുടെ ശീലങ്ങളാണ്.

നമ്മുടെ ശീലങ്ങൾക്കനുസൃതമായാണ് നാമെല്ലാവരും നമ്മുടെ ദൈനംദിന ജോലികളിൽ പലതും ചെയ്യുന്നത്. രാവിലെ ഉണരുന്ന സമയമായാലും രാത്രി ഉറങ്ങുന്ന സമയമായാലും നമ്മൾ എന്ത് കഴിക്കുന്നു എങ്ങനെ പെരുമാറുന്നു എന്നതായാലും ശീലങ്ങളാണ് മുഖ്യം. അതു കൊണ്ടാണ് ശീലങ്ങൾ നല്ലതും ചീത്തയും ആകുന്നത്. ശീലം നല്ലതാണെങ്കിൽ അത് നമ്മളിലും കുടുംബത്തിലും സമൂഹത്തിലും നല്ല സ്വാധീനം ചെലുത്തുന്നു. മറുവശത്ത് നമ്മൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ശീലങ്ങൾ മോശമോ നെഗറ്റീവോ ആണെങ്കിൽ അവ ഉപേക്ഷിക്കാൻ പ്രയാസകരവുമാണ്.

ഒരാൾ രാവിലെ ഉണരുമ്പോൾ തന്നെ ചായയോ കാപ്പിയോ ആഗ്രഹിക്കുന്നതുപോലെ എല്ലാ ദിവസവും എത്ര നല്ല ഭക്ഷണം കഴിച്ചാലും ചിലർക്ക് സമൂസ, ബർഗർ, മധുരപലഹാരങ്ങൾ തുടങ്ങിയ ചില ജങ്ക് ഫുഡ് വേണം. അത് കഴിക്കുന്നതുവരെ ആ വ്യക്തിക്ക് സംതൃപ്തി തോന്നുന്നില്ല. ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കിൽ മറ്റേന്തെങ്കിലും കിട്ടിയാലും അത് ആസ്വദിക്കാനും കഴിയില്ല.

മോശം ശീലങ്ങൾ ഉപേക്ഷിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. പിന്നെ പലപ്പോഴും നമ്മൾ പറയുന്നു ഞാൻ ശ്രമിക്കുന്നുണ്ടെന്ന്. പക്ഷേ ഈ ശീലം മാറുന്നില്ല. ഇതിന് പിന്നിലെ കാരണം എന്താണ്? എല്ലാത്തിനുമുപരി നല്ലതോ ചീത്തയോ ആയ ശീലങ്ങൾ എങ്ങനെയാണ് വളരുന്നത്? നമ്മുടെ ശീലങ്ങൾക്കനുസരിച്ച് നാം നമ്മുടെ ദിനചര്യ പിന്തുടരുന്നത് എന്തുകൊണ്ടാണ്? നമുക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും നമ്മുടെ ശീലങ്ങൾ മാറ്റാനോ ഉപേക്ഷിക്കാനോ കഴിയാത്തത് എന്തുകൊണ്ടാണ്? നമ്മുടെ ശീലങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു? ഉപേക്ഷിച്ചതിനുശേഷവും നാം വീണ്ടും ചില ശീലങ്ങളിലേക്ക് മടങ്ങി വരുന്നത് എന്തു കൊണ്ടാണ്?

എന്താണ് ശീലം

ശീലം എന്നത് ഒരു പെരുമാറ്റമാണ്. പതിവായി ആവർത്തിക്കുന്ന ഏതൊരു പെരുമാറ്റവും മിക്കവാറും യാതൊരു ചിന്തയും ആവശ്യമില്ലാത്തതും മറിച്ച് ആവർത്തനത്തിലൂടെ വികസിക്കുന്നതും തുടർന്ന് ആ പ്രവൃത്തി ചിന്തിക്കാതെ യാന്ത്രികമായോ സ്വയമേവയോ സംഭവിക്കാൻ തുടങ്ങുന്നതുമാണ്. ഉദാഹരണത്തിന് എല്ലാ ദിവസവും ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികൾ അതിന് അടിമപ്പെടുന്നു. പിന്നീട് ജങ്ക് ഫുഡ് അവർക്ക് ഒരു ആസക്‌തിയായി മാറുന്നു. അതിന്‍റെ ഫലമായി അവർ അത് കഴിക്കുന്നതുവരെ അസ്വസ്‌ഥതയോടെ തുടരുന്നു. അവരുടെ അസ്വസ്‌ഥത കോപത്തിന്‍റെയും ക്ഷോഭത്തിന്‍റെയും രൂപത്തിൽ പുറത്തുവരുന്നു.

ശീലങ്ങൾ നല്ലതും ചീത്തയുമാകുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ പെരുമാറ്റംമൂലം ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ദോഷഫലങ്ങൾ അറിഞ്ഞിട്ടും നമ്മൾ അതിനെ ഒരു മോശം ശീലം അല്ലെങ്കിൽ ആസക്‌തി എന്ന് വിളിക്കുന്നു. പിന്നീട് അത് ആസക്തി സ്വഭാവം ആവർത്തിക്കാനുള്ള നമ്മുടെ നിർബന്ധമായി മാറുന്നു.

ഒരു ശീലവും ജനനം മുതൽ വരുന്നതല്ല. നമ്മൾ അത് ക്രമേണ പഠിക്കുന്നതാണ്. എന്തെങ്കിലും പഠിക്കുന്നത് നമ്മുടെ തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ പഠിക്കുന്നതെന്തും തലച്ചോറിൽ സംഭരിക്കപ്പെടുന്നു. വിവിധ പഠന രീതികളിൽ, ശീലങ്ങൾക്ക് കാരണമാകുന്ന ഒരു പ്രധാനകാര്യം പ്രതിഫലത്തെ അടിസ്ഥാനമാക്കിയുള്ള പഠനമാണ്. മനഃശാസ്ത്രജ്ഞനായ എഡ്വേർഡ് തോൺഡൈക്കിന്‍റെ അഭിപ്രായ പ്രകാരം പ്രതിഫലത്തെ അടിസ്‌ഥാനമാക്കിയുള്ള തലച്ചോറിന്‍റെ പഠനമാണ് നമ്മുടെ ശീലങ്ങൾക്ക് കാരണമാകുന്നത്.

പ്രതിഫലാധിഷ്‌ഠിത പഠനം എന്താണ്?

നമുക്ക് സംതൃപ്തിയോ സന്തോഷമോ നൽകുന്ന അനുഭവം അല്ലെങ്കിൽ ജോലി. ആ അനുഭവം നേടുന്നതിനായി ആ ജോലി വീണ്ടും വീണ്ടും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. തുടർന്ന് നമ്മൾ ആ കാര്യം വീണ്ടും വീണ്ടും ചെയ്യുന്നു. ഇവിടെയാണ് ഒരു ശീലം ജനിക്കുന്നത്. നമ്മുടെ മസ്‌തിഷ്കം ഈ മുഴുവൻ ശീലത്തിന്‍റെയും ന്യൂറൽ നെറ്റ്‌വർക്ക് സൃഷ്ടിക്കുന്നു. അത് കാലക്രമേണ ശക്തമാക്കുന്നു.

ജങ്ക് ഫുഡ് കഴിക്കുന്ന ശീലം

നമ്മൾ ആദ്യമായി ജങ്ക് ഫുഡ് കഴിക്കുകയോ രുചിക്കുകയോ ചെയ്ത ശേഷം അത് നമുക്ക് ഇഷ്ടപ്പെട്ടെങ്കിൽ വീണ്ടും കഴിക്കാൻ ആഗ്രഹിക്കും. പിന്നെ അത് ദിവസവും കഴിക്കാൻ സാധ്യതയുണ്ട്. പിന്നീട് ആവർത്തിക്കുന്നതിലൂടെ ശീലമായി മാറും. കാരണം അത് കഴിച്ചതിനുശേഷം ഉടനടി അല്ലെങ്കിൽ അൽപനേരം സംതൃപ്തിയുടെയോ സന്തോഷത്തിന്‍റെയോ അനുഭവം ഉണ്ടാകുന്നു. പക്ഷേ അത് ശാശ്വതമല്ല. അതേ അനുഭവം വീണ്ടും ലഭിക്കാൻ നമ്മൾ ദിവസവും ജങ്ക് ഫുഡ് കഴിക്കുന്നു. അപ്പോൾ തലച്ചോറിലെ ന്യൂറോൺ നെറ്റ്‌വർക്ക് ശക്തമാകുന്നു. അതോടെ ഈ ശീലം ഉപേക്ഷിക്കേണ്ടി വരുമ്പോൾ അത് വളരെ ബുദ്ധിമുട്ടായിത്തീരുന്നു.

തലച്ചോറിൽ ന്യൂറോൺ പാറ്റേണുകൾ എങ്ങനെയാണ് രൂപപ്പെടുന്നത്? ശീലങ്ങൾ നമ്മെ വിട്ടു പോകാത്തത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് നമ്മൾ മോശം ശീലങ്ങളുടെ അടിമകളാകുന്നത്?

നമ്മുടെ മസ്തിഷ്‌കം വളരെ സങ്കീർണ്ണമായ ഒരു സംവിധാനത്തിലൂടെ സജീവമായി തുടരുന്നു. നമ്മുടെ ശരീരം തലച്ചോറിന്‍റെ ക്രമപ്രകാരം പ്രവർത്തിക്കുന്നു. തലച്ചോറിൽ 86 ബില്യൺ ന്യൂറോണുകളുണ്ട്. നമ്മൾ അനുഭവിക്കുന്നതോ കാണുന്നതോ പഠിക്കുന്നതോ ആയ എന്തും ന്യൂറോണുകളുടെ ഒരു ശൃംഖലയോ പാറ്റേണോ സൃഷ്ടിച്ചുകൊണ്ട് മസ്‌തിഷ്കം അത് സംഭരിക്കുന്നു. ഒരു ജോലി ആവർത്തിക്കുന്നതിലൂടെ ആ ജോലിയുടെ ശൃംഖല ഓരോ ആവർത്തനത്തിലും ശക്തമാക്കുന്നു.

ശീലങ്ങളുടെ അടിമയാകരുത്

നമ്മൾ ഒരു കാറോ സ്‌കൂട്ടറോ ഓടിക്കാൻ പഠിക്കുമ്പോൾ നമ്മുടെ മുഴുവൻ ശ്രദ്ധയും വാഹനം കൈകാര്യം ചെയ്യുന്നതിലാണ്. അതിനാൽ ആ വിവരങ്ങളുടെ ന്യൂറോൺ ശൃംഖല നമ്മുടെ തലച്ചോറിൽ രൂപപ്പെടുന്നില്ല. എന്നാൽ നമ്മൾ എല്ലാ ദിവസവും ഒരു കാറോ സ്കൂട്ടറോ ഓടിക്കാൻ പരിശീലിക്കുമ്പോൾ നമ്മുടെ തലച്ചോറിൽ ഒരു ന്യൂറോൺ ഡ്രൈവിംഗ് പാറ്റേൺ രൂപപ്പെടുന്നു. അത് ഡ്രൈവിംഗിന് ആവശ്യമായ വിവരങ്ങളും കഴിവുകളും സംഭരിക്കുന്നു. ആവർത്തിച്ച് വാഹനമോടിക്കുന്നതിലൂടെ ഈ ശൃംഖല അല്ലെങ്കിൽ ന്യൂറോൺ പാറ്റേൺ ശക്തമാകാൻ തുടങ്ങുന്നു. തുടർച്ചയായി ഡ്രൈവിംഗ് പരിശീലിക്കുന്നതിലൂടെ ഈ പാറ്റേൺ നമ്മുടെ തലച്ചോറിൽ ശക്തമാവുകയും മിക്കവാറും സ്‌ഥിരമാവുകയും ചെയ്യുന്നു. അതോടെ ഒന്നും ചിന്തിക്കാതെ തന്നെ ആ ജോലി യാന്ത്രികമായി ചെയ്യാൻ തുടങ്ങുന്നു. അപ്പോൾ നമ്മൾ ഡ്രൈവിംഗിൽ കാര്യക്ഷമതയുള്ളവരാകുകയും നമ്മുടെ മസ്‌തിഷ്‌കം ഓട്ടോ മോഡിലേക്ക് പോകുകയും ചെയ്യുന്നു.

നമ്മുടെ ജങ്ക് ഈറ്റിംഗ് ശീലങ്ങൾക്കും ഇതിനു സമാനമായ ഒരു ശൃംഖല രൂപം കൊള്ളുന്നു. ഇത് ഒരിക്കൽ തലച്ചോറിൽ ശക്ത‌മാകുമ്പോൾ നമ്മെ ഓട്ടോ മോഡിൽ നിലനിർത്തുന്നു. അതിനാൽ നമ്മൾ ഭക്ഷണം കാണുമ്പോഴോ കഴിക്കുമ്പോഴോ നമുക്ക് ജങ്ക് ഫുഡ് മാത്രമേ കഴിക്കാൻ തോന്നൂ. അല്ലെങ്കിൽ നമ്മുടെ കൈ എപ്പോൾ അതിലേക്ക് നീങ്ങുമെന്നോ എപ്പോൾ കഴിക്കുമെന്നോ പോലും നമുക്ക് അറിയില്ല. കാരണം നമ്മുടെ തലച്ചോറ് ഓട്ടോ മോഡിലേക്ക് പോകുന്നു. പിന്നെ നമ്മൾ ഇവിടെ ജങ്ക് ഫുഡ് തിരഞ്ഞെടുക്കുന്നു. എന്തു കൊണ്ടാണ് ഇത് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് നമ്മൾ മോശം ശീലങ്ങളുടെ അടിമകളാകുന്നത്?

കാരണം 1: തൽക്ഷണം ആനന്ദം നേടുക

നമ്മുടെ മസ്‌തിഷ്‌കം തൽക്ഷണ ആനന്ദത്തിലേക്കോ തൽക്ഷണ സംത്യപ്തിയിലേക്കോ കൂടുതൽ ആകർഷിക്കപ്പെടുന്നു. ഇതുമൂലം തൽക്ഷണ നേട്ടങ്ങൾക്കായി ദീർഘകാല നേട്ടങ്ങളോ പാർശ്വഫലങ്ങളോ നാം അവഗണിക്കുന്നു. ജങ്ക് ഫുഡിന്‍റെ ഫലം തൽക്ഷണമായതിനാൽ അത് കഴിച്ചതിനുശേഷം നമുക്ക് വളരെ സുഖം തോന്നുന്നു. അത് തൽക്ഷണ ആനന്ദത്തിന്‍റെയോ ആവേശത്തിന്‍റെയോ രൂപത്തിൽ അനുഭവപ്പെടുന്നു. പക്ഷേ അത് ദിവസവും കഴിക്കുന്നതിലൂടെ പൊണ്ണത്തടി, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ നമുക്ക് അനുഭവപ്പെടാം. ഇതറിഞ്ഞ ശേഷവും നമ്മൾ അത് കഴിക്കാൻ ഇഷ്ടപ്പെടുന്നു. ആ ശീലത്തിന്‍റെ ദീർഘകാല പാർശ്വഫലങ്ങൾ നമ്മൾ അവഗണിക്കുന്നു.

നമ്മുടെ ദൈനംദിന ജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്ന തൽക്ഷണ ആനന്ദത്തിന്‍റെ ഒരു ഉദാഹരണം വളരെ സാധാരണമാണ്. നാളെ രാവിലെ ഞാൻ നേരത്തെ എഴുന്നേറ്റ് നടക്കാൻ പോകുമെന്ന് ഇന്ന് രാത്രി മനസ് തീരുമാനിച്ചു. എന്നാൽ രാവിലെ നിങ്ങൾ തീരുമാനം മാറ്റി. ഇന്ന് ഞാൻ കൂടുതൽ നേരം ഉറങ്ങും. നാളെ മുതൽ ഞാൻ നേരത്തെ എഴുന്നേൽക്കും. ഇവിടെ തൽക്ഷണ ആനന്ദത്തിനായുള്ള പ്രഭാത നടത്തത്തിന്‍റെ ദീർഘകാല നേട്ടങ്ങൾ അവഗണിച്ചു തൽക്ഷണ ആനന്ദത്തിനായി കൂടുതൽ ഉറങ്ങാൻ ഇഷ്ടപ്പെട്ടു.

കാരണം 2: ഹോർമോണുകളുടെയും രാസവസ്തു‌തുക്കളുടെയും രൂപീകരണം

 

നമ്മൾ സ്വാഭാവികമായി സന്തോഷിക്കുമ്പോഴോ സന്തോഷവും സംത്യപ്തിയും അനുഭവിക്കുമ്പോഴോ നമ്മുടെ തലച്ചോറിൽ ചില പ്രത്യേക ഹോർമോണുകളും രാസവസ്‌തുക്കളും രൂപം കൊള്ളുന്നു. അതുമൂലം നമുക്ക് സന്തോഷം തോന്നുന്നു. ജങ്ക് ഫുഡ് കഴിച്ചതിനു ശേഷവും ഇതുതന്നെ സംഭവിക്കുന്നു. നമുക്ക് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടുന്ന ഹോർമോണുകൾ പുറത്തുവരുന്നു. വിശക്കുമ്പോൾ പോലും നമുക്ക് അത് ലഭിച്ചില്ലെങ്കിൽ പിന്നെ അസ്വസ്‌ഥത അനുഭവപ്പെടുന്നു.

ഈ അസ്വസ്ഥതയിൽ നിന്ന് മുക്തി നേടാൻ ഈ ന്യൂറൽ നെറ്റ്‌വർക്ക് ഉണ്ടാക്കി വെച്ചശീലം ഒരു നിർബന്ധയി മാറുന്നു. അങ്ങനെ ജങ്ക് ഫുഡ് കഴിക്കുന്ന ശീലത്തിന്‍റെ ഒരു വളയം രൂപപ്പെടുന്നു. അപ്പോൾ നല്ല ശീലങ്ങൾ കൊണ്ട് ഇത് സംഭവിക്കാത്തത് എന്തുകൊണ്ട്? നല്ല ശീലങ്ങൾ ഒരിക്കലും തൽക്ഷണ ആനന്ദമോ സന്തോഷമോ നൽകുന്നില്ല. അവ ദീർഘകാല നേട്ടങ്ങൾ മാത്രമേ നൽകുന്നുള്ളൂ.

കാരണം-3: സമയമില്ലാത്തപ്പോൾ അല്ലെങ്കിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ

ഇന്നത്തെ തിരക്കേറിയ ജീവിതശൈലി യിൽ പലപ്പോഴും നമുക്ക് ഭക്ഷണം പാകം ചെയ്യാൻ സമയം ലഭിക്കില്ല അ ല്ലെങ്കിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ പാ ചകം ചെയ്യാൻ തോന്നില്ല. എളുപ്പത്തിൽ ലഭ്യമായതും നല്ലതുമായ എന്തും നമ്മൾ കഴിക്കുമെന്ന് നമ്മൾ കരുതുന്നു. ഈ ഭക്ഷണം നമുക്ക് ദോഷകരം ചെയ്യുമോ അതോ ഗുണം ചെയ്യുമോ എന്ന് അ പ്പോൾ ചിന്തിക്കുന്നില്ല. ആ നിർബന്ധം കൊണ്ടാണ് നമ്മൾ ജങ്ക് ഫുഡുമായി സൗഹൃദം സ്ഥാപിക്കുന്നത്. എന്നാൽ ഇത് വളരെക്കാലം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന ജങ്ക് ഫുഡ് കഴിക്കുന്നതിന്‍റെ ദോഷഫലങ്ങൾ താൽക്കാലത്തേക്ക് അവഗണിക്കുന്നു. പക്ഷേ ശരീരം വളരെക്കാലം ആരോഗ്യകരമായി നിലനിർത്തണമെങ്കിൽ വീടിനടുത്തുള്ള ഒരു ടിഫിൻ സെന്‍ററിലോ റസ്‌റ്റേറന്‍റിലോ പോയി ലളിതമോ ആരോഗ്യകരമോ ആയ ഭക്ഷണം ആസ്വദി ക്കാം. കൂടാതെ അവധി ദിവസങ്ങളിൽ ഇഷ്‌ടമുള്ള ആരോഗ്യകരമായ ഭക്ഷണം വീട്ടിൽ തന്നെ പാകം ചെയ്‌ത്‌ ആസ്വദിക്കാം.

“ദി പവർ ഓഫ് ഹാബിറ്റ്” എന്ന പ്രശസ്‌ത പുസ്‌തകത്തിന്‍റെ രചയിതാവായ ചാൾസ് ഡുഹിഗ് പറയുന്നതിനനുസരിച്ച് ഒരു മോശം ശീലം മാറ്റുന്നത് മാത്രമല്ല പുതിയ നല്ല ശീലങ്ങൾ രൂപപ്പെടുത്തുന്നതും ബുദ്ധിമുട്ടാണ്. കാരണം നല്ല ശീലങ്ങളുടെ പുതിയ സ്വഭാവം പഴയ ശീലത്തെ തസ്സപ്പെടുത്തുകയും നിങ്ങളുടെ തലച്ചോറിനെ ഓട്ടോ മോഡിലേക്ക് പോകുന്നത് തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ തലച്ചോറിലെ നിലവിലുള്ളതോ സംഭരിച്ചിരിക്കുന്നതോ ആയ ശീലങ്ങളുടെ ശക്തമായ ശൃംഖല പുതിയ പെരുമാറ്റത്തെ വിജയിക്കാൻ അനുവദിക്കുന്നില്ല.

നിങ്ങളുടെ മോശം ശീലങ്ങൾ ഈ രീതിയിൽ മാറ്റാൻ കഴിയും

ഏതെങ്കിലും മോശം ശീലം ഉപേക്ഷിക്കാൻ എല്ലായ്പ്പോഴും ഇച്ഛാശക്തി ആവശ്യമാണ്. ഈ ഇച്‌ഛാശക്ത‌ി ഒരു പേശി പോലെയാണ്. തുടർച്ചയായ പരിശീലനത്തിലൂടെ ഇത് ശക്തിപ്പെടുത്തേണ്ടതുണ്ട്. രണ്ടാമതായി അമിതമായ ഉപയോഗം മൂലം പേശികൾ തളർന്നുപോകുകയും പ്രവർത്തിക്കാൻ കഴിയാതെ വരികയും ചെയ്യുന്നതുപോലെ ഒരു ഘട്ടത്തിനുശേഷം ഇച്ഛാശക്തിയും ദുർബലമാകും. ഉപേക്ഷിക്കപ്പെട്ട ഒരു ശീലം 90% മുതൽ 95% വരെ കേസുകളിലും തിരികെ വരുന്നതിന്‍റെ കാരണം ഇതാണ്. അതിനാൽ ഇച്ഛാശക്തി ഉപയോഗിച്ച് ശീലങ്ങൾ മാറ്റാൻ കഴിയും. പക്ഷേ ആവർത്തിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.

പ്രതിഫല മൂല്യം

ഡോ. ജാഡ്സൺ ബ്രൂവർ തന്‍റെ അൺവൈൻഡിംഗ് ആംസൈറ്റി എന്ന പുസ്‌തകത്തിൽ ശീലങ്ങളെക്കുറിച്ചുള്ള ഒരു പ്രധാന വസ്തുത അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ നമുക്ക് ഒരു അനുഭവം ഉണ്ടാകുമ്പോഴെല്ലാം ആ അനുഭവത്തിൽ നിന്ന് ലഭിക്കുന്ന സന്തോഷത്തിന്‍റെയും സംതൃപ്തിയുടേയും അടിസ്‌ഥാനത്തിൽ നമ്മുടെ മസ്‌തിഷ്‌കം ആ അനുഭവത്തിന്‍റെ പ്രതിഫല മൂല്യം രേഖപ്പെടുത്തുന്നു. ആവർത്തിച്ചുള്ള അനുഭവങ്ങളുടെ അടിസ്‌ഥാനത്തിൽ ഈ മൂല്യം ശക്തമാകുന്നു. എല്ലാ മോശം ശീലങ്ങളും നമുക്ക് തൽക്ഷണം അല്ലെങ്കിൽ ഉടനടി സംതൃപ്തി അല്ലെങ്കിൽ സന്തോഷം നൽകുന്നതിനാൽ നമ്മുടെ മസ്‌തിഷ്കം അവയുടെ പ്രതിഫല മൂല്യം കൂടുതൽ രേഖപ്പെടുത്തുന്നു.

കേക്കിന്‍റെയും ആപ്പിളിന്‍റെയും കാര്യം എടുക്കാം. കേക്കും ആപ്പിളും കഴിക്കുന്നത് നമ്മൾ ഇതിനകം പലതവണ അനുഭവിച്ചിട്ടുള്ളതിനാലും ആ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കേക്കിന്‍റെ പ്രതിഫല മൂല്യം നമ്മുടെ തലച്ചോറിൽ കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നതിനാലും മിക്കവാറും ആളുകൾ കേക്ക് തിരഞ്ഞെടുക്കും. ദീർഘകാലത്തിനുശേഷമാണ് നമു ക്ക് ആപ്പിളിന്‍റെ ഗുണങ്ങൾ ലഭിക്കാൻ സാധ്യതയുള്ളു എന്നതിനാൽ അതിന്‍റെ പ്രതിഫല മൂല്യം കേക്കിനേക്കാൾ താരതമ്യേന കുറവാണ്. അതിനാൽ ഇച്ഛാശക്തിയുടെ അടിസ്‌ഥാനത്തിൽ നമ്മുടെ ശീലം മാറ്റാൻ കഴിയുന്നില്ലെങ്കിൽ ആ ശീലത്തിന്‍റെ പ്രതിഫല മൂല്യം കുറയ്ക്കുകയോ അതിന്‍റെ ഏതെങ്കിലും ബദലുകളുടെ പ്രതിഫല മൂല്യം വർദ്ധിപ്പിക്കുകയോ ചെയ്യേണ്ടിവരും. കൂടാതെ ജങ്ക് ഫുഡ് കഴിക്കുന്ന ശീലം ആവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന വികാരങ്ങൾ തിരിച്ചറിയുകയും വേണം.

അതിഥിയെ സ്നേഹപൂർവ്വം വരവേൽക്കാം

തടസ്സങ്ങളോ അസൗകര്യങ്ങളോ ഉണ്ടാകാതെ ഹൃദ്യമായ താമസം ആസ്വദിക്കാൻ കഴിയുന്നതാവണം അതിഥിമുറി. അത്തരമൊരു അതിഥിമുറിയ്ക്ക് നിങ്ങളുടേതായ ഒരു സിഗ്നേച്ചർ സ്റ്റൈൽ പകരാൻ ഇക്കാര്യങ്ങൾ ഓർത്തു വയ്ക്കാം…

മികച്ച രീതിയിൽ അലങ്കരിച്ച അതിഥിമുറി വെറുമൊരു കിടപ്പുമുറി മാത്രമല്ല. അത് ആതിഥ്യ മര്യാദയുടേയും ഊഷ്‌മളതയുടേയും പ്രതിഫലനമാണ്. അതിഥികളെ ശ്രേഷ്ഠമായി സൽക്കരിക്കുകയെന്നത് നമ്മുടെ സാംസ്ക്‌കാരിക പൈതൃകത്തെയാണ് അടയാളപ്പെടുത്തുന്നത്. വീട്ടിൽ എത്തുന്ന അതിഥികൾക്ക് നിങ്ങളുടെ ഇടവും ഹൃദയവും പങ്കിടാനുള്ള സന്നദ്ധതയുടെ പ്രതിഫലനമാണത്.

സുഖകരവും സ്റ്റെലിഷുമായ ഒരു അതിഥിമുറി അല്ലെങ്കിൽ ഗസ്‌റ്റ് റൂം അതിഥികളിൽ സന്തോഷവും മതിപ്പും ഉളവാക്കും. നിങ്ങൾ അതിഥികളെ എത്രമാത്രം വിലമതിക്കുന്നുവെന്ന് അത് എടുത്ത് കാട്ടുന്നു. വർഷങ്ങളോളം അതിഥികളുടെ മനസ്സിൽ ഹൃദ്യമായ ഓർമ്മയായി അത് നിറഞ്ഞു നിൽക്കും. സുഖസൗകര്യങ്ങൾ, പ്രവർത്തനക്ഷമത, വ്യക്‌തിപരമായ താൽപ്പര്യം എന്നിവ സമന്വയിപ്പിച്ചുള്ള ഒരു അതിഥിമുറി അലങ്കരിക്കുന്നതെങ്ങനെ എന്നറിയാം.

അതിഥിമുറിയിലെ ഫർണിച്ചർ

അതിഥിമുറിക്ക് വ്യത്യസ്‌തത പകരുന്നതിന് വ്യത്യസ്ത‌ നിറങ്ങളുടെ ഒരു ശേഖരം ഉപയോഗിച്ച് മുറി അലങ്കരിക്കാം. ഇതിനായി ചെറിയ സോഫയും അലമാര പോലുള്ള വ്യത്യസ്‌ത തരം ഫർണിച്ചറുകളും ഉപയോഗിക്കാം. വേണമെങ്കിൽ തറയിൽ വർണ്ണാഭമായ മെത്തകൾ വിരിച്ചിടുന്നത് മുറിയെ കൂടുതൽ ആകർഷകമാക്കും.

ചെറിയ മുറിയാണെങ്കിൽ കൂടിയും മുറിയുടെ വലിപ്പം കൂട്ടി കാട്ടാൻ ഫർണിച്ചറുകൾ സമർത്ഥമായി തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ഫോൾഡിംഗ് മേശകൾ അല്ലെങ്കിൽ ചുമരിൽ ഫിക്സ് ചെയുന്ന കിടക്കകൾ എന്നിങ്ങനെ. ഇങ്ങനെ ചെയ്യുന്നതിലൂടെ മുറി വിശാലമായി കാണപ്പെടും. ഇതിനുപുറമെ ഗസ്‌റ്റ് റൂമിലേക്ക് ഒരു ടേബിൾ ലാമ്പ്, അലമാര, കസേര എന്നിവയും ആവശ്യമാണ്.

സോഫ കം ബെഡ്

വീട്ടിലെ അതിഥിമുറിക്ക് മികച്ചതും ഒതുക്കമുള്ളതുമായ രൂപകൽപ്പനയും അലങ്കാരവുമാണ് ആവശ്യം. ഇതിനായി ഒരു സോഫ കം ബെഡ് വാങ്ങാം. ഒരേസമയം 2 ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നതാണ് ഇതിന്‍റെ മെച്ചം. സ്വീകരണമുറിയിലും ഇത്തരത്തിലുള്ള ഫർണിച്ചറുകൾ ഉപയോഗിക്കാം. വീട്ടിൽ സ്‌ഥലം കുറവാണെങ്കിൽ പകൽ സമയത്ത് സ്വീകരണ മുറിയായും രാത്രിയിൽ അതിഥിമുറിയായും ലിവിംഗ് സ്പേസിനെ മാറ്റിയെടുക്കാം. അതിഥികൾ വരുമ്പോൾ സോഫ തുറന്ന് ഒരു കിടക്കയുമാക്കാം. ബാക്കിയുള്ള സമയം അത് ദിവാനായി ഉപയോഗിക്കുകയും ചെയ്യാം.

നിലക്കണ്ണാടി സ്ഥാപിക്കുക

അതിഥിമുറിയിൽ ഫുൾ ലെംഗ്ത് കണ്ണാടി സ്‌ഥാപിക്കുക. അതിഥിയ്ക്ക് ശരിയായ വണ്ണം തയ്യാറാവാൻ ഇത് സൗകര്യപ്രദമാകും. ചെറിയ മുറിയുടെ വലിപ്പം കൂട്ടിക്കാണിക്കാനും മുറി പ്രകാശപുരിതമാക്കാനും ചുവരിൽ വലിയ കണ്ണാടി സ്ഥാപിക്കുന്നത് അനുയോജ്യമാണ്.

ഒരു ക്ലോക്കും

സമയം നോക്കാനുള്ള സംവിധാനമൊക്കെ സ്മാർട്ട്ഫോണിൽ ഉണ്ടെങ്കിലും മുറിയിൽ ഒരു ക്ലോക്ക് ഉണ്ടായിരിക്കുന്നത് നിങ്ങളുടെ ജാഗ്രതയെയാണ് കാണിക്കുന്നത്. ഒപ്പം ഗസ്‌റ്റ് റൂം ഉപയോഗശൂന്യമായ മുറിയല്ലെന്നും ഇത് സൂചിപ്പിക്കുന്നു. മുറിയിൽ മനോഹരമായ ഒരു ക്ലോക്ക് ഉണ്ടായിരിക്കുന്നത് ഇന്‍റീരിയറിന്‍റെ പ്രധാന ഭാഗമാണ്. അതിനാൽ ഭംഗിയുള്ള ക്ലോക്ക് കൊണ്ട് അതിഥിമുറി അലങ്കരിക്കുക.

അലമാര കുടി

അതിഥിമുറിയിൽ ഒരു അലമാര ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്. അതിഥിയ്ക്ക് ഏതാനും ദിവസം താമസിക്കേണ്ടി വരികയാണെങ്കിൽ അവരുടെ സാധന സാമഗ്രികൾ ക്രമീകരിച്ച് സൂക്ഷിക്കാൻ ഇതുവഴി സാധിക്കും. ചെറിയ ഒരു അലമാരയാണെങ്കിൽ കൂടിയും മുറിയിൽ അത് ക്രമീകരിക്കുന്നത് ആതിഥേയൻ ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്.

ചാർജിംഗ് പോയിന്‍റ്

അതിഥികൾക്ക് അവരുടെ മൊബൈലും ലാപ്പ്ടോപ്പം മറ്റും ചാർജ് ചെയ്യുന്നതിൽ ഒരു പ്രശ്നവും നേരിടാതിരിക്കാൻ മുറിയിൽ സൗകര്യപ്രദമായിടത്ത് ഒരു ചാർജിംഗ് പോയിന്‍റ് ക്രമീകരിക്കുക.

ഇലക്ട്രോണിക് ഉപകരണങ്ങൾ

ഇക്കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാത്ത ഒരു മുറി പോലും വീട്ടിൽ ഉണ്ടായിരിക്കുകയില്ല. വീട്ടിലെ മിക്കവാറും എല്ലാ മുറികളിലും ടെലിവിഷൻ, കമ്പ്യൂട്ടർ അല്ലെങ്കിൽ ഹെയർ ഡ്രസ്സിംഗ് പോലുള്ള ചില ഇലക്ട്രോണിക് ഉപകരണങ്ങൾ ഉണ്ടാകും അതിഥിമുറിയിലെ മേശമേൽ ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷിക്കാം. വേണമെങ്കിൽ അതിഥികളുടെ സൗകര്യാർത്ഥം അയൺ ബോക്സ്, ചുടുവെള്ളം നിറച്ച കെറ്റിൽ എന്നിവയും സൂക്ഷിക്കാം. ശൈത്യകാലമാണെങ്കിൽ ഹീറ്ററും കരുതാം. അതിഥികൾക്കായി വാട്ടർ ബോട്ടിലുകൾ ചായ അല്ലെങ്കിൽ കാപ്പി ഉണ്ടാക്കുന്ന വസ്‌തുക്കൾ എന്നിവയും കൂടി മുറിയിൽ കരുതാം.

അതിഥിമുറിയിൽ വെളിച്ച ക്രമീകരണം

സ്മാർട്ട് ലൈറ്റിംഗ് മുറിയിൽ വ്യത്യസ്തവും ഹൃദ്യവുമായ പ്രതീതി ജനിപ്പിക്കും. റിഫ്ളക്റ്റഡ് ലൈറ്റുകൾ ഉപയോഗിക്കുന്നതാണ് ലേറ്റസ്‌റ്റ് ട്രെൻഡ്. ഇവ ഉപയോഗിച്ച് അതിഥിമുറിയുടെ ഭംഗി വർദ്ധിപ്പിക്കാനും കഴിയും. അതിഥിമുറിയിൽ മാത്രമല്ല വീട്ടിലെ എല്ലാ മുറികളിലും വെളിച്ചത്തിന്‍റെ ശരിയായ ക്രമീകരണം വളരെ പ്രധാനമാണ്. ഇത് ഒരു വ്യക്‌തിയിൽ പോസിറ്റീവായ മനോഭാവം ഉളവാക്കും.

വീട്ടിൽ പ്രത്യേകിച്ച് അതിഥിമുറിയിൽ മികച്ച രീതിയിൽ വെളിച്ചം ഉപയോഗിക്കുന്നത് അന്തരീക്ഷത്തെ ഉന്മേഷദായകമാക്കും.

മുറി വൃത്തിയായി സൂക്ഷിക്കുക

വൃത്തിയായും വെടിപ്പായും അതിഥിമുറി സൂക്ഷിക്കുന്നതും പ്രധാനമാണ്. മുറിയിൽ സാധനങ്ങൾ കുത്തിനിറച്ച് വയ്ക്കുന്നത് ഒഴിവാക്കാം. ഉപയോഗശുന്യമായിക്കൊണ്ടിരിക്കുന്ന വസ്തുക്കൾ നീക്കം ചെയ്യാം. സാധനങ്ങൾ കുറവായിരിക്കുന്നത് മുറിയെ വലിപ്പമുള്ളതാക്കി കാട്ടും. ഒപ്പം വായു സഞ്ചാരമുള്ളതുമാക്കും. ഏറ്റവും ആവശ്യമായ വസ്‌തുക്കൾ മാത്രം മുറിയിൽ സൂക്ഷിക്കുക. ബാക്കിയുള്ളവ മാറ്റി വയ്ക്കുക.

ബുക്ക് കോർണർ

എല്ലാ വീട്ടിലും പുസ്‌തകങ്ങളുടെ ഒരു ശേഖരം ഉണ്ടായിരിക്കുമെന്നത് ഉറപ്പാണ്. എന്നാൽ വായിച്ചതിനുശേഷം അവ എന്തുചെയ്യണമെന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം. ചിലർ അത്തരം വിലയേറിയ പുസ്‌തകങ്ങൾ തൂക്കി വിൽക്കാറുമുണ്ട്. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. ഗസ്‌റ്റ് റൂമിന്‍റെ ഒരു കോർണർ ബുക്ക് കോർണറാക്കി മാറ്റുക. ചാരുകസേര, പുസ്‌തകങ്ങൾ കൊണ്ട് അലങ്കരിച്ച മനോഹരമായ ഒരു പുസ്‌തക ഷെൽഫ്, ഫ്ളോർ ലാമ്പ് മുതലായവ സ്‌ഥാപിക്കുക. മുറിയെ ഇത് സ്‌റ്റൈലിഷ് ആക്കുമെന്ന് മാത്രമല്ല വായിക്കാനും എഴുതാനും ഇഷ്‌ടപ്പെടുന്ന അതിഥികൾ ആ ഇടം ഫലപ്രദമായി വിനിയോഗിക്കും.

ബാൽക്കണി അലങ്കരിക്കാം

ഗസ്‌റ്റ് റൂമിനോട് ചേർന്ന് ഒരു ബാൽക്കണി ഉണ്ടെങ്കിൽ ചെറിയ ചട്ടികളിലായി മനോഹരമായ ചെടികൾ വച്ച് ബാൽക്കണിയിൽ പച്ചപ്പിന്‍റെ ഒരു സ്പർശം തന്നെ തീർക്കാം. ഒപ്പം അവിടെ കസേരയും കൂടിയാവാം. മുന്നിൽ ഫ്രഷ് പൂക്കളിൽ നിന്നും വരുന്ന സുഗന്ധമാസ്വദിച്ചു കൊണ്ട് ആവി പറക്കുന്ന ചായ കുടിച്ച് അതിഥികൾക്ക് ആ പ്രഭാതത്തെ അവിസ്‌മരണീയമായ അനുഭവുമാക്കാം.

കർട്ടനുകളും ബെഡ്ഷീറ്റുകളും

പൊതുവെ വളരെ പരിമിതമായി മാത്രമാണ് അതിഥിമുറി ഉപയോഗിക്കപ്പെടുക. അതുകൊണ്ട് മുറിയിലെ സാധനങ്ങളുടെ ഉപയോഗവും പരിമിതമായിരിക്കും. അതിനാൽ കാലാനുസൃതമായ മാറ്റങ്ങൾ മുറിയിൽ ആവശ്യമില്ലെന്ന് കരുതരുത്. മൂന്ന് വർഷം മുമ്പ് വന്ന അതിഥി വീണ്ടും സന്ദർശനത്തിനായി വരുമ്പോൾ അദ്ദേഹത്തിന് അതേ പഴയ ബെഡ്ഷീറ്റ് നൽകുന്നത് ഒഴിവാക്കണം.

ഫാഷന് അനുസരിച്ച് ഗസ്‌റ്റ് റൂമിൽ മാറ്റങ്ങൾ വരുത്തുക. ട്രെൻഡിംഗ് പ്രിന്‍റുകളുള്ള ബെഡ്ഷീറ്റുകൾ വാങ്ങുക. ഇതത്ര ചെലവേറിയ കാര്യമല്ല. ചുവരുകളുടേയും കാർപ്പറ്റിന്‍റെയും ബെഡ് കവറുകളുടേയും നിറം ഒരേ തരത്തിലായിരിക്കുന്നത് മുറിയിൽ ഊഷ്‌മളത നിറയ്ക്കും. ഉദാഹരണത്തിന് ചുവരിന് ഇളം നീല നിറമാണെങ്കിൽ അതേ നിറത്തിലുള്ള കാർപെറ്റും വെളുത്ത നീല പ്രിന്‍റുകളുള്ള ബെഡ്കവറും തിരഞ്ഞെടുക്കുക. ഇതിനുപുറമെ അതിഥിമുറി വലുതായി തോന്നിപ്പിക്കുന്നതിന് ഇളം നിറങ്ങളിലുള്ള ബെഡ്ഷീറ്റുകളും ചെറിയ ഫ്ളവർ പ്രിന്‍റുകൾ ഉള്ള കർട്ടനുകളും തിരഞ്ഞെടുക്കുക.

സ്വകാര്യതയും പ്രധാനം

അതിഥികളുടെ സ്വകാര്യതയ്ക്കും പ്രാധാന്യം നൽകുക. രാവിലെയുള്ള തീവ്രമായ വെളിച്ചം തടയുന്നതിനു മുറിയിൽ കർട്ടനുകളോ ബ്ലൈൻഡുകളോ ഉണ്ടെന്ന് ഉറപ്പാക്കുക. സാധ്യമെങ്കിൽ ഒരു ഡസ്‌റ്റ് ബിന്നും കോർണറിലായി സജ്ജീകരിക്കാം.

ഉത്സവത്തിനനുസരിച്ച് അതിഥിമുറി അലങ്കരിക്കുക

ഏതെങ്കിലും ഉത്സവം കൂടാനായി നിങ്ങളുടെ വീട്ടിലേക്ക് അതിഥികൾ വരുന്നുണ്ടെങ്കിൽ ഉത്സവപ്രതീതി ജനിപ്പിക്കാനായി മൺചിരാതുകൾ, വർണ്ണാഭമായ മെഴുകുതിരികൾ, രംഗോലി മുതലായവ ഉപയോഗിച്ച് മുറിയെ വർണ്ണാഭമായി അലങ്കരിക്കാം. ഇതുകൂടാതെ അൽപം പൊലിമ പകരുന്നതിനായി മുറി പൂമാല കൊണ്ട് അലങ്കരിക്കാം. ചുവരിൽ അലങ്കാരങ്ങളായി കുടുംബ ഫോട്ടോകളോ കലാസൃഷ്ടികളോ വയ്ക്കാം.

ഫ്ളോട്ടിംഗ് ഷെൽഫ്

വീട്ടിൽ സന്ദർശനം നടത്തുന്ന അതിഥികൾക്ക് അവരുടെ സാധനങ്ങൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടുണ്ടാകരുത്. അതിഥിമുറിയ്ക്ക് അത്ര വലിപ്പമില്ലെങ്കിൽ സ്‌ഥല പരിമിതി കണക്കിലെടുത്ത് ഫ്ളോട്ടിംഗ് ഷെൽഫ് ഉപയോഗപ്പെടുത്താം. ഫ്ളോട്ടിംഗ് ഷെൽഫ് അതിഥിമുറിക്ക് മനോഹരമായ രൂപം നൽകുക മാത്രമല്ല അതിൽ അതിഥികൾക്ക് സ്വന്തം സാധനങ്ങൾ എളുപ്പത്തിൽ സൂക്ഷിക്കാനും കഴിയും.

പുതിയ കിടക്ക തയ്യാറാക്കുക

പഴയ തലയിണകളും കുഷ്യനുകളും നീക്കം ചെയ്യുക. ദീർഘകാലമായുള്ള ഉപയോഗം മൂലം അവയിൽ നിന്ന് സ്വാഭാവികമായും ദുർഗന്ധം വമിക്കാം. ഇത് അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. തലയിണകൾ വാങ്ങുന്നത് വളരെ ചെലവേറിയ കാര്യമല്ല. അതിനാൽ അവയെ മാറ്റി പുതിയവ വാങ്ങാം. അല്ലെങ്കിൽ അവ കഴുകുകയോ ഡ്രൈക്ലീൻ ചെയ്യുകയോ ആവാം.

ടവലുകൾ

പുതിയ ടവലുകൾ, ഹാൻഡ് സോപ്പ്, ഷാംപൂ, കണ്ടീഷണർ, ആവശ്യമായ മറ്റ് വസ്തുക്കൾ എന്നിവ കൂടി മുറിയിൽ കരുതി വയ്ക്കാം. സാധ്യമെങ്കിൽ ഈ വസ്‌തുക്കൾ മനോഹരമായ ഒരു ബാസ്ക്കറ്റിൽ അലങ്കരിച്ച് വയ്ക്കുക.

അതിഥികൾ കുട്ടികളുമായി വരുന്നുണ്ടെങ്കിൽ അവർക്കായി ചില കളിപ്പാട്ടങ്ങൾ കൂടി കരുതി വയ്ക്കാം. അതിഥികൾക്കായി ചെറിയ സമ്മാനം ഗ്രീറ്റിംഗ് കാർഡ് അല്ലെങ്കിൽ ചെറിയ ഗിഫ്റ്റ് കിറ്റ് പോലുള്ളവയോ മുറിയിൽ സൂക്ഷിക്കുക. ഹൃദ്യമായ സ്വാഗതമൊരുക്കുന്നതിനായി സ്വന്തം ഇഷ്ടമനുസരിച്ച് ഹൃദയ സ്‌പർശിയായ ഒരു കുറിപ്പോ കലാസൃഷ്ടിയോ മുറിയിൽ സർപ്രൈസായി ഒരുക്കി വയ്ക്കുന്നത് അവരിൽ സന്തോഷം നിറയ്ക്കും.

അതിഥികൾക്ക് നൽകാനായി സമ്മാനങ്ങൾ മുൻകൂട്ടി വാങ്ങി വയ്ക്കാം. അവർ തിരികെ പോകുമ്പോൾ സ്നേഹപൂർവ്വം അവ നൽകുക. വളരെ വിലയേറിയ സമ്മാനമല്ലെങ്കിൽ പോലും വർഷങ്ങളോളം അത് നല്ലൊരു ഓർമ്മയായി അതിഥികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും. ഒപ്പം നിങ്ങളുടെ സ്നേഹത്തെയും കരുതലിനെയും അവർ എക്കാലവും ഓർത്ത് വയ്ക്കും.

താരം ഭൂമിയിലുണ്ട്

ഒരു താരം എന്ന നിലയിലല്ല ഒരു സാധാരണക്കാരനായി സ്വയം കരുതുന്ന നടന്മാരിൽ ഒരാളാണ് ആമിർ ഖാൻ. അദ്ദേഹം തന്‍റെ ഹൃദയം പറയുന്നത് കേൾക്കുന്നു. ബോക്സ് ഓഫീസ് കണക്കുകൾക്ക് പിന്നാലെ ഓടുന്നില്ല.

ചിത്രത്തിന്‍റെ കഥയ്ക്കാണ് അദ്ദേഹം ഏറ്റവും പ്രധാന്യം നൽകുന്നത്. ആ കഥ ഒരു സിനിമയുടെ റീമേക്ക് ആണെങ്കിൽ പോലും. ഏകദേശം 3 വർഷത്തിനുശേഷം ആമിർഖാൻറ “സിതാരേ സമീൻ പർ” എന്ന ചിത്രം വാർത്തകളിൽ ഇടം നേടി. ഇത് അദ്ദേഹത്തിന്‍റെ മുൻചിത്രമായ “താരേ സമീൻ പർ” എന്ന ചിത്രത്തിന്‍റെ തുടർച്ചയാണ്. ബുദ്ധിവൈകല്യമുള്ള ന്യൂറോ ഒപ്റ്റിക്കൽ പ്രശ്ന‌ം ഉള്ള പത്ത് കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ கம.

ചിത്രത്തിൽ ആമിർഖാൻ ഒരു വേഷം ഫുട്ബോൾ പരിശീലകൻ ചെയ്തു. ലാൽ സിംഗ് ചഡ്ഢയുടെ പരാജയത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം ആമിർഖാൻ “സിതാരേ സമീൻ പർ” എന്ന ചിത്രം വാർത്തകളിൽ ഇടം നേടിയപ്പോൾ ഈ ചിത്രത്തെക്കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത് എന്താണ്? ഈ സിനിമയിൽ പ്രവർത്തിച്ചതിന്‍റെ അനുഭവം എങ്ങനെയായിരുന്നു. ആമിർ ഖാൻ തന്‍റെ പ്രത്യേക ശൈലിയിൽ നിരവധി രസകരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

ചോദ്യം: സിതാരേ സമീൻ പർ എന്ന ചിത്രത്തിൽ പ്രവർത്തിച്ചതിന്‍റെ അനുഭവം എങ്ങനെയായിരുന്നു?

ഉത്തരം: വളരെ രസകരമാണ്. ഷൂട്ടിംഗിനിടെ ദിവസവും എന്‍റെ സഹനടന്മാരായ പത്ത് കുട്ടികളിൽ നിന്ന് എനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. സെറ്റിലെ അന്തരീക്ഷവും വളരെ രസകരവും പോസിറ്റീവുമായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് എപ്പോൾ അവസാനിച്ചുവെന്ന് എനിക്ക് പോലും മനസ്സിലായില്ല.

ചോദ്യം: ഇന്നത്തെ കാലത്ത് സിനിമ നിർമ്മിക്കുന്നത് സിനിമ റിലീസ് ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ടാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഉത്തരം: ഉണ്ട്. പല കാര്യങ്ങളുടെയും പിരിമുറുക്കമുണ്ട്. സിനിമ സെൻസറിൽ കുടുങ്ങിപ്പോകുന്നു വിവാദങ്ങളി ൽ അകപ്പെടുമോ എന്ന പിരിമുറുക്കം. കാര്യങ്ങൾ അതിരുകടക്കുമോ എന്ന ഭയം സിനിമയെക്കുറിച്ചുള്ള ആളുകളുടെ നെഗറ്റീവ് പ്രതികരണങ്ങൾ ഒടുവിൽ ഫിലിം പൈറസിയുടെ കടന്നുകയറ്റം തുടങ്ങിയവ. ഇതൊക്കെ സംഭവിക്കുന്നത് സിനിമ പ്രക്രിയയുടെ ഒരു ഭാഗമായതു കൊണ്ടാണ്. എനിക്ക് മാത്രമല്ല എല്ലാവർക്കും ഇതെല്ലാം കടന്നുപോകേണ്ടി വരുന്നു. എന്നാൽ ഒരു കാര്യം, അപകടത്തെ ഭയന്ന് നമുക്ക് റോഡിൽ നടക്കുന്നത് നിർത്താൻ കഴിയുമോ എന്നതാണ്. നമുക്കെതിരെ എന്തെങ്കിലും ആരോപണം ഉന്നയിക്കുകയോ സിനിമയെക്കുറിച്ച് എന്തെങ്കിലും കിംവദന്തി പ്രചരിക്കുകയോ ചെയ്താൽ നമ്മൾ അതിനെതിരെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ സത്യസന്ധരാണെങ്കിൽ ഒന്നിനെയും ഭയപ്പെടില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വ്യക്തിപരമായി എനി ക്കറിയാവുന്നതിനാൽ ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. ഞാൻ എന്‍റെ ജോലി സത്യസന്ധമായി ചെയ്‌തുവെന്ന് എനിക്കറിയാം. പ്രേക്ഷകർക്ക് എന്‍റെ ജോലി ഇഷ്ട‌പ്പെട്ടാൽ അവർ സിനിമ ഇഷ്ടപ്പെടും. അവർക്ക് അത് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ നിരസിക്കും. രണ്ട് സാഹചര്യങ്ങളിലും പ്രേക്ഷകരുടെ തീരുമാനം ഞാൻ അംഗീകരിക്കുന്നു കാരണം അവർ എന്നെ വളരെയധികം സ്നേഹിച്ചിട്ടുണ്ടെങ്കിൽ അവരുടെ തിരഞ്ഞെടുപ്പ് എനിക്ക് ഏറ്റവും പ്രധാനമാണ്.

ചോദ്യം : സിനിമയുടെ പേര് സിതാ രേ സമീൻ പർ എന്നാണ്. താങ്കളുടെ കണ്ണിൽ ആരാണ് യഥാർത്ഥ താരം?

ഉത്തരം: ബോളിവുഡിൽ താരങ്ങളും സൂപ്പർസ്‌റ്റാറുകളും എല്ലാം ട്രെൻഡാണ്. പക്ഷേ ഞാൻ പറയുകയാണെങ്കിൽ എന്‍റെ കണ്ണിൽ എല്ലാവരും താരമാണ്. തൊഴിലുകൾ വ്യത്യസ്‌തമാണങ്കിലും നാമെല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആരും വ്യത്യസ്‌തരല്ല എല്ലാവരും നമ്മുടെ സ്വന്തം. ഇതാണ് എന്‍റെ യഥാർത്ഥ ചിന്ത. ഈ ആശയത്തിൽ ഞാൻ ശക്‌തമായി വിശ്വസിക്കുന്നു. നാമെല്ലാവരും എവിടെയോ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യൻ തത്ത്വ ചിന്തയിൽ നമ്മളെല്ലാം ഒന്നാണ്. എന്‍റെ ചിന്തയും സമാനമാണ് അതുകൊണ്ടാണ് എന്‍റെ കണ്ണിൽ എല്ലാവരും താരമാകുന്നത്.

ചോദ്യം: സിനിമ ഹിറ്റായാലും പരാജയമായാലും പുതിയ എന്തെങ്കിലും അവതരിപ്പിക്കാൻ താങ്കൾ ശ്രമിക്കുന്നു. സിതാരേ സമീൻ പർ ൽ 10 വികലാംഗ അഭിനേതാക്കളെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?

ഉത്തരം: എന്‍റെ ജീവിതത്തിൽ നിന്നോ എന്‍റെ ബന്ധുക്കളുടെ ജീവി തത്തിൽ നിന്നോ എന്തെങ്കിലും പാഠം പഠിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. “സിതാരേ സമീൻ പർ” എന്ന സിനിമയിൽ ഞാൻ അത്തരം കുട്ടികളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അവരിൽ നിന്ന് ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ഇത്രയും വലിയ ഒരു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ബുദ്ധിപരമായി വൈകല്യമുള്ള 10 കുട്ടികളാകുന്നത് ഇതാദ്യമായിരിക്കാം. ഒരു വശത്ത് അവരോടൊപ്പം പ്രവർത്തിക്കുന്നത് എനിക്ക് ഒരു ആവേശവും വെല്ലുവിളിയുമായിരുന്നു മറുവശത്ത് അവരോടൊപ്പം പ്രവർത്തിക്കുന്നത് വ്യത്യസ്‌തമായ ഒരു അനുഭവവുമായിരുന്നു.

ചോദ്യം : ഇതുവരെയുള്ള വി ജയത്തിൽ സംതൃപ്തനാണോ?

ഉത്തരം: ഇന്നത്തെ കാലത്ത് ഇതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാൻ വളരെ ബുദ്ധിമുട്ടാണ്. പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെടണം എന്നതാണ് ശ്രമം. സിനിമ കോമഡിയും വിനോദവും നിറഞ്ഞതാണ്. പക്ഷേ ചിലപ്പോൾ എനിക്ക് കാര്യങ്ങൾ തെറ്റായി പോകാറുണ്ട്. “ലാൽ സിംഗ് ചഡ്ഢ” എന്ന കോമഡി സിനിമ നിർമ്മിച്ചപ്പോൾ അത് ആക്ഷൻ സിനിമകളുടെ കാലഘട്ടമായിരുന്നു. എന്‍റെ “ഗജിനി” പുറത്തിറങ്ങിയപ്പോൾ അത് കോമഡി സിനിമകളുടെ കാലഘട്ടമായിരുന്നു. അതിനാൽ ചിലപ്പോൾ പ്രേക്ഷകരുടെ മാനസികാവസ്‌ഥ എന്തായിരിക്കുമെന്ന് എനിക്ക് തന്നെ ആശയക്കുഴപ്പമുണ്ടാകും. അതിനാൽ ഹിറ്റുകളുടെയും. ഫ്ളോപ്പുകളുടെയും ബുദ്ധിമുട്ടുകളിൽ അകപ്പെടുന്നതിനു പകരം ഞാൻ എന്‍റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റെല്ലാം പ്രേക്ഷകരുടെ തിരഞ്ഞെടുപ്പിന് വിടുകയും ചെയ്യുന്നു.

ചോദ്യം : താങ്കളുടെ സിനിമകൾക്ക് എപ്പോഴും ഒരു സാമൂഹിക സന്ദേശമുണ്ട് അത്തരം കഥയാണോ ആദ്യം തിരഞ്ഞെടുക്കുന്നത്?

ഉത്തരം : പ്രേക്ഷകരെപ്പോലെ സിനിമയുടെ കഥ എനിക്ക് എല്ലാ വികാരങ്ങളെയും അനുഭവപ്പെടുത്തുന്നുവെങ്കിൽ അത് നല്ലതാണ്. അത് ഒരു സാമൂഹിക സന്ദേശം നൽകുന്നുവെങ്കിൽ അത് നല്ലതാണ്. പക്ഷേ ഒരു സാമൂഹിക സന്ദേശം ഉള്ളതിനാൽ മാത്രം ഞാൻ ഒരു സിനിമയിൽ ഒപ്പിടാറില്ല കാരണം ഞാൻ ഒരു എന്‍റർടെയ്നറാണ്. പ്രേക്ഷകർ എന്‍റെ സിനിമകളെ ഇഷ്ട‌പ്പെടുന്നതും എനിക്ക് പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയുന്നതും എന്‍റെ ഉത്തരവാദിത്തമാണ്.

ചോദ്യം: താങ്കളുടെ മിക്ക സിനിമകളും (ലാൽ സിംഗ് ഛദ്ദ, ഗജിനി തുടങ്ങിയവ) റീമേക്കുകളാണ്. ഇപ്പോൾ സിതാരെ സമീൻ പർ എന്നതിന്‍റെ കഥ സ്പ‌ാനിഷ് ചിത്രമായ കാപിയൻസിന്‍റെ റീമേക്കാണ്. ഇതിനുപുറമെ ഇതേ ചിത്രം ഹോളിവുഡിലും “ചാമ്പ്യൻസ്” എന്ന പേരിൽ നിർമ്മിച്ചു. ഇപ്പോൾ ഇതേ ചിത്രം ഹിന്ദിയിൽ “സിതാരെ സമീൻ പർ” എന്ന പേരിൽ നിർമ്മിച്ചു. ഇതിനെക്കുറിച്ച് എന്താണ് പറയുന്നത്?

ഉത്തരം : റീമേക്കുകളിൽ എനിക്ക് വ്യക്തിപരമായി ഒരു പ്രശ്ന‌വുമില്ല. റീമേക്ക് ചിത്രങ്ങളിൽ പ്രവർത്തിക്കുന്നത് തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. ഇതിനുമുമ്പ് ഞാൻ നിരവധി റീമേക്ക് ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ സിനിമയുടെ കഥ സ്പാനിഷ് അല്ലെങ്കിൽ ഹോളിവുഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെങ്കിൽ അതിൽ എന്താണ് തെറ്റ്. എത്ര പേർ സ്‌പാനിഷ് ഹോളിവുഡ് സിനിമകൾ കണ്ടിട്ടുണ്ടാകും. നല്ല കഥകളിൽ പ്രവർത്തിക്കുക എന്നതാണ് എന്‍റെ ലക്ഷ്യം അത് റീമേക്ക് ആയാലും ഒറിജിനൽ ആയാലും എനിക്ക് പ്രശ്നമല്ല.

ചോദ്യം: സമുഹത്തോടുള്ള ഭയം കാരണം ഒരു നിശ്ചിത പ്രായത്തിനു ശേഷം പ്രണയം തുറന്നു പറയാൻ മിക്ക ആളുകളും ഭയപ്പെടുന്നു. പക്ഷേ താങ്കൾ ഗൗരിയെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം: അതെ ഇത് സത്യമാണ്. ഞാൻ ഗൗരിയുമായി പ്രണയത്തിലായത് എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ ഗൗരിയോടൊത്ത് ജീവിക്കുമ്പോൾ എനിക്ക് പൂർണ്ണത തോന്നുന്നു. എനിക്ക് അവളുടെ കൂട്ട് കെട്ട് ഇഷ്ടമാണെന്ന് അംഗീകരിക്കാൻ ഒരു മടിയുമില്ല. തുടക്കത്തിൽ ഞങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ രണ്ടുപേരും തികച്ചും വ്യത്യസ്തരാണ്. അവൾ വളരെ ശാന്തയാണെങ്കിലും എന്‍റെ മനസ്സിൽ ശാന്തത കുറവായിരുന്നു. അവളോടൊ പ്പം താമസിച്ചതിനുശേഷം അവളില്ലാതെ ഞാൻ അപൂർണ്ണനാണെന്ന് മനസ്സിലാക്കി. ഇന്ന് എനിക്ക് പൂർണ്ണതയും സംതൃപ്തിയും തോന്നുന്നു. സ്ത്രീകളോട് എനിക്ക് എപ്പോഴും പോസിറ്റീവ് സമീപനമാണുള്ളത്. എന്‍റെ മുൻ ഭാര്യമാരായ റീനയുമായും കിരണുമായും എനിക്ക് നല്ല ബന്ധമുണ്ട്. ബന്ധങ്ങൾ നിലനിർത്തുന്നതിൽ ഞാൻ വിശ്വസിക്കുന്നതുകൊണ്ടായിരിക്കാം ഇത് സംഭവിക്കുന്നത്.

പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ കഴിയുമോ?

ചോദ്യം

25 വയസ്സുള്ള പെൺകുട്ടിയാണ്. ചെറുപ്പത്തിൽ തന്നെ എനിക്ക് പ്രമേഹം പിടിപെട്ടു. രോഗം നിയന്ത്രണ വിധേയമാക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം

പ്രമേഹം 2 തരത്തിലുണ്ട്. ടൈപ്പ് 1 ഉം ടൈപ്പ് 2 ഉം. ടൈപ്പ് 1 പ്രമേഹത്തെ വളരെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ ജനിതക അവസ്‌ഥയാണ്. അതേസമയം ടൈപ്പ് 2 പ്രമേഹത്തെ ഇൻസുലിൻ പ്രതിരോധവും അസാധാരണമായ ഇൻസുലിൻ സ്രവവുമാണ് നിർവചിക്കുന്നത്. രക്തത്തിൽ ഉയർന്ന അളവിലുള്ള പഞ്ചസാരയുടെ സാന്നിധ്യം ശ്വേത രക്താണുക്കളുടെ അണുബാധയെ ചെറുക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നതിനാൽ പ്രമേഹമുള്ളവർക്ക് ചില രോഗങ്ങൾ കൂടുതൽ അപകടകരമാകാം. അതിനാൽ പ്രമേഹമുള്ളവർ ഇൻഫ്ളുവൻസ, ന്യൂമോകോക്കൽ രോഗങ്ങൾ, ടെറ്റനസ്, ഡിഫ്ത്‌തീരിയ, ഷിംഗിൾസ്, ഹെപ്പറ്റൈറ്റിസ് ബി, എന്നിവയ്ക്കെതിരായ വാക്സിനുകൾക്കായി ഡോക്‌ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.

ബ്ലഡ് ഷുഗർ നിയന്ത്രണത്തിലാക്കാൻ ശരിയായ പോഷകാഹാരവും വ്യായാമവും അത്യാവശ്യമാണ്. കൃത്യമായ ഷെഡ്യൂളിൽ ഭക്ഷണം കഴിക്കുക. ഭക്ഷണ ക്രമം, പോഷകാഹാര ആവശ്യങ്ങൾ, ലക്ഷ്യങ്ങൾ, മരുന്നുകൾ എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു പോഷകാഹാര വിദഗ്ദ്ധനെയും എൻഡോക്രൈനോളജിസ്‌റ്റിനെയും സമീപിക്കുക. പോഷകാഹാരത്തോടൊപ്പം തന്നെ ശാരീരിക പ്രവർത്തനങ്ങളും പ്രമേഹ നിയന്ത്രണത്തിന്‍റെ പ്രധാന ഭാഗമാണ്. ആഴ്‌ചയിൽ 150 മിനിറ്റ് മിതമായി വ്യായാമം ചെയ്യുന്നത് പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കും. സാവധാനം ആരംഭിച്ച് 150 മിനിറ്റായി വർദ്ധിപ്പിക്കുക. നടത്തം, സൈക്ലിംഗ്, നീന്തൽ, എയറോബിക് വ്യായാമങ്ങൾ ചെയ്യുക. സൗകര്യപ്രദമായ വ്യായാമങ്ങൾ തെരഞ്ഞെടുത്തു ചെയ്യുക. ദിനചര്യയിൽ സ്ട്രങ്ത് ട്രെയിനിംഗും ഉൾപ്പെടുത്താം.

ചോദ്യം

അടുത്തിടെ പുതിയ ഒരു നഗരത്തിൽ എനിക്ക് ജോലി ലഭിച്ചിരിക്കുകയാണ്. എനിക്ക് ഇവിടെ വലിയ പരിചയമൊന്നുമില്ല. അതുകൊണ്ട് വല്ലാത്ത ഏകാന്തത അനുഭവപ്പെടുകയാണ്. ഈ പ്രശ്‌നത്തെ എങ്ങനെയാണ് നേരിടുക?

ഉത്തരം

പുതിയ നഗരം പുതിയ അനുഭവങ്ങൾ ആളുകൾ തുടങ്ങിയ കാര്യങ്ങളുമായി പൊരുത്തപ്പെടാൻ തുടക്കത്തിൽ അൽപം വിഷമം തോന്നാം. അതിനാൽ സ്വന്തം മാനസികാരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ് സാമൂഹിക ജീവിതത്തിൽ നിന്നും മാറി നിൽക്കുന്നതും ഏകാന്തതയും മറ്റും നിങ്ങളെ വിഷാദത്തിലേക്ക് തള്ളി വിടാം. മാത്രവുമല്ല ജോലിയിലുള്ള താൽപര്യം കുറയാനും ഇത് കാരണവുമാകാം. പലവിധ ശാരീരിക അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യും. സാമൂഹിക ജീവിതവുമായി ഇഴുകി ചേർന്നുള്ള പ്രവർത്തനങ്ങൾ ഒറ്റപ്പെടലിനെ നേരിടാൻ സഹായിക്കും. ബുക്ക് ക്ലബ്ബുകൾ, ഫിലിം ക്ലബ്ബുകൾ തുടങ്ങിയ നിങ്ങൾക്ക് താൽപര്യമുള്ള മേഖലകളിലെ പ്രാദേശിക ക്ലബ്ബുകളോ കമ്മ്യൂണിറ്റികളോ അന്വേഷിച്ച് കണ്ടുപിടിക്കുക. അതുവഴി സമാനമേഖലയിൽ താൽപ്പര്യമുള്ള ആളുകളെ കണ്ടുമുട്ടാൻ കഴിയും. എന്നിരുന്നാലും തുടർച്ചയായി 2 ആഴ്‌ചയിൽ കൂടുതലായി സങ്കടമോ വിഷാദമോ അനുഭവപ്പെടുന്നത് തുടരുകയാണെങ്കിൽ സഹായത്തിനായി നിങ്ങളുടെ അടുത്ത സുഹൃത്തുക്കളേയോ കുടുംബാംഗങ്ങളേയോ ബന്ധപ്പെടുക. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ വെല്ലുവിളികളെ മറികടക്കുന്നതിനുമുള്ള വഴികൾ കണ്ടത്താൻ അവർക്ക് സഹായിക്കാനാകും. അവരുടെ സഹായത്തോടെ ഒരു തെറാപ്പിസ്റ്റ‌ിനെയോ കൗൺസിലറെയോ ബന്ധപ്പെടുന്നത് പരിഗണിക്കുക.

ചോദ്യം

ഞാൻ 20 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. ഇപ്പോൾ കോളേജ് വിദ്യാർത്ഥിനിയാണ്. പലപ്പോഴും രാവിലത്തെ തിരക്കു കാരണം എനിക്ക് പ്രഭാതഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. ഇത് ഭാവിയിൽ എന്തെങ്കിലും ദോഷം വരുത്തുമോ?

ഉത്തരം

ദീർഘകാലമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വിഷാദം, സന്തോഷം കുറയൽ, പോസ്റ്റ് ട്രോമാറ്റിക്സ് ഡിസോർഡർ, ഏകാന്തത, ഉറക്ക പ്രശ്‌നങ്ങൾ, ഹൃദയ സംബന്ധമായ അപകടസാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. വെറും 10 മിനിറ്റ് മാത്രമാണെങ്കിൽ പോലും പ്രഭാതഭക്ഷണത്തിനായി സമയം കണ്ടെത്താൻ ശ്രമിക്കുക. കുറച്ച് പഴങ്ങളോ ഒരു ബൗൾ ധാന്യമോ കഴിക്കുക. തലേന്ന് രാത്രി പ്രഭാതഭക്ഷണം തയ്യാറാക്കി വയ്ക്കുന്നതും നല്ലതാണ്. ഇഷ്‌ടപ്പെട്ട ടോപ്പിംഗുകൾ ചേർത്ത് ഓട്‌സ് ഉണ്ടാക്കി കഴിക്കാം.

മികച്ചതും ആരോഗ്യകരവുമായ പ്രഭാതഭക്ഷണ ഓപ്ഷനുകൾ കണ്ടെത്തുന്നതിനായി ഒരു ന്യൂട്രിഷനിസ്റ്റിന്‍റെ സഹായം തേടാം.

ബിക്കിനി കള്ളൻ

സെൻട്രൽ മാർക്കറ്റ് പോലീസ് സ്റ്റേഷനിലെ ഇടുങ്ങിയ മുറിയിലെ ചുവരിൽ ആണിയിൽ തൂങ്ങിക്കിടക്കുന്ന മഹാത്മാജിയുടെ ചിത്രത്തിലേക്ക് നോക്കി രാമാനുജൻ പതിവു പോലെ കൈകൂപ്പി. കാണുന്നവർക്ക് തോന്നും ഇത്രയും ദേശഭക്തിയുള്ള പോലീസുകാരനോ, അൽപം കൂടി സൂക്ഷിച്ചു നോക്കിയാൽ ഗാന്ധിജിയുടെ ഫോട്ടോയോട് ചേർന്ന് താഴെ മൂലയിൽ വച്ച ഒരു ചെറിയ ചിത്രം, രാമാനുജൻ കടുത്ത വൈഷ്ണവാരാധകനാണ്.

കഴിഞ്ഞ മുപ്പതു വർഷമായി തുടരുന്ന ഈ വ്യായാമം ഇന്നും അയാൾ നിർവ്വഹിച്ചു. പ്രാർത്ഥിക്കുമ്പോൾ ചുണ്ടുകൾ മെല്ലെ അനക്കും. പക്ഷേ ശബ്ദം പുറത്തേക്കു വരില്ല. സെൻട്രൽ മാർക്കറ്റ് സ്റ്റേഷനിൽ നിന്ന് ഒരിക്കലും സ്‌ഥലം മാറ്റം ഉണ്ടാവരുതല്ലോ. അതിനും കൂടിയാണ് ഈ കൈമണി.

രാമാനുജന്‍റെ വീട് സെൻട്രൽ മാർക്കറ്റ് റോഡിലാണ്. വീട്ടിൽ നിന്ന് അമ്പത് അടി നടന്നാൽ സ്റ്റേഷനായി. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ജീവിക്കുന്നത് ഈ തിരക്കു പിടിച്ച ചന്തത്തെരുവിലാണ്. ഇവിടെത്തന്നെയായിരുന്നു ജീവിതത്തിന്‍റെ തുടക്കം. ഒടുക്കവും ഇവിടെ മതിയെന്ന് ചിന്തിക്കാതിരിക്കാൻ ഒരു കാരണവുമില്ല രാമാനുജന്.

സ്റ്റേഷനിലെ ഏറ്റവും ഇടുങ്ങിയ മുറിയാണ് റെക്കോർഡ് റൂം. അക്കാലമത്രയും ഉള്ള കേസുകൾ ഫയലുകളായി ശ്വാസം മുട്ടിക്കിടക്കുകയാണ് അവിടെ. പക്ഷേ ഏതു ഫയലും എപ്പോൾ ചോദിച്ചാലും രാമാനുജന് കൃത്യമായറിയാം. രാവിലെ 8 മണിക്കു വന്നാൽ രാത്രി 8 മണി വരെ രാമാനുജന്‍റെ സേവനം അവിടെയുണ്ട്.

ഗാന്ധി ചിത്രത്തിനു താഴെ നിന്ന് ചന്ദനത്തിരി കത്തിച്ചു വച്ച് ഒരു മിനിറ്റ് കണ്ണടച്ചു നിന്നിട്ട് രാമാനുജൻ തന്‍റെ കസേരയിൽ വന്നിരുന്നു. അതേ സമയം തന്നെ രണ്ട് സുന്ദരികൾ അവിടേക്ക് വന്നു. രണ്ടുപേർക്കും ശരാശരിയിലധികം ഉയരമുണ്ട്. പോലീസ് സ്റ്റേഷനിലേക്ക് യാതൊരു സങ്കോചവുമില്ലാതെ അവർ കടന്നു വന്നു. വളരെ ഭംഗിയായ വസ്ത്രധാരണം ചെയ്‌ത ആ സ്ത്രീകൾ എഫ്ഐആർ നൽകുവാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ പാറാവു നിൽക്കുന്ന കോൺസ്റ്റബിൾ കൗതുകത്തോടെ അവരെ നോക്കിക്കൊണ്ട് റെക്കോർഡ് റൂമിലേക്ക് കൈചൂണ്ടി.

വാതിലിനു പുറംതിരിഞ്ഞാണ് രാമാനുജന്‍റെ ഇരിപ്പ്. താളാത്മകമായി ചെരുപ്പുകൾ നിലത്തുരയുന്ന ശബ്ദവും അവിടമാകെ മദിപ്പിക്കുന്ന സുഗന്ധവും രാമാനുജന് അപരിചിതമായി തോന്നി. അയാൾ പുറം തിരിഞ്ഞു നോക്കി. യുവതികളെ കണ്ട് തെല്ല് അമ്പരന്നെങ്കിലും അയാൾ തന്‍റെ പതിവു ചോദ്യം മറന്നില്ല.

“എന്താ വേണ്ടത്?”

“പരാതി നൽകാനുണ്ട്” തെല്ലും സങ്കോചമില്ലാതെ അവർ പറഞ്ഞു. അവർ രണ്ടുപേരും സുന്ദരികളാണ്. എന്തെങ്കിലും അതിക്രമത്തിന് ഇരകളാണെന്ന് തോന്നുന്നില്ല. മനസിലെ സംശയം മുഖത്ത് പ്രതിഫലിക്കാതിരിക്കാൻ അയാൾ വളരെ പ്രയാസപ്പെട്ടു.

“ഇൻസ്പെകടർ അകത്തുണ്ട്. അദ്ദേഹത്തെ കണ്ടാൽ, പരാതി എഴുതാതെ ചിലപ്പോൾ നിങ്ങളുടെ പ്രശ്നം പരിഹരിക്കും. വളരെ മിടുക്കനാണ്.”

കേസും കൂട്ടവും വന്നാലുള്ള നൂലാമാലകൾ കണ്ടു തഴമ്പിച്ച രാമാനുജന്‍റെ കണ്ണുകൾ ആ യുവതികളെ സംശയത്തോടെ ചൂഴ്ന്നു നോക്കി. അയാളുടെ മുന്നറിയിപ്പ് അവർക്ക് അത്ര ഇഷ്‌ടമായില്ലെന്ന് തോന്നിയെങ്കിലും നീരസം പുറത്തു കാണിക്കാതെ ഒരു സുന്ദരി രാമാനുജനെ വീണ്ടു ഞെട്ടിച്ചു.

“അദ്ദേഹം മിടുക്കനായിരിക്കാം. പക്ഷേ ഞങ്ങൾക്ക് ഈ പരാതി ബോധ്യപ്പെടുത്തണം, രസീതും വേണം.”

രാമാനുജൻ ഫയലുകൾക്കിടയിൽ നിന്ന് പച്ചപുറം ചട്ടയുള്ള ഫയൽ വലിച്ചെടുത്തു സാവകാശം നിവർത്തി. പറഞ്ഞോളൂ എന്ന മട്ടിൽ അയാൾ പേനയുടെ ക്യാപ് ഊരി മേശമേൽ വച്ച് തയ്യാറായി. പരാതിക്കാരികൾക്ക് അൽപം മടിയുണ്ടെന്ന് രാമാനുജന് മനസ്സിലായത് അപ്പോഴാണ്.

“അൽപം കാത്തിരിക്കാൻ തയ്യാറാണെങ്കിൽ എഫ്ഐആർ രേഖപ്പെടുത്താൻ ലേഡി കോൺസ്റ്റബിളിനെ വിളിക്കാം.”രാമാനുജൻ പറഞ്ഞു.

നിമിഷങ്ങളുടെ ഇടവേളയിൽ അവരിലൊരാൾ മറുപടി നൽകി.

“യഥാർത്ഥത്തിൽ, ഇതൊരു ചെറിയ വിഷയമാണ്. ഐ മീൻ, അൽപം വ്യത്യസ്തമായത്. പക്ഷേ ഒരു വനിതാ പോലീസിന്‍റെ ആവശ്യമില്ല.”

അപ്പോഴേക്കും, മറ്റേ യുവതി കാര്യങ്ങൾ വിവരിക്കാൻ ആരംഭിച്ചു.

“ഞങ്ങൾ സുഹൃത്തുക്കളാണ്. കഴിഞ്ഞ 6 മാസമായി വാടക വീട്ടിലാണ് താമസം. ഇവൾ പഞ്ചാബിയാണ്. ഞാൻ ആസ്സാംകാരിയും. ഞങ്ങൾ ഒരേ ലക്ഷ്യത്തിലാണ് ഈ ഫാഷൻ നഗരത്തിൽ വന്നത്. മോഡലിംഗ് താരങ്ങളാവണമെന്നാണ് ആഗ്രഹം. ഇപ്പോൾ ചില്ലറ കരാറുകൾ കിട്ടിത്തുടങ്ങി. അത്ര വലിയ ഓഫറുകളല്ല, കുഴപ്പമില്ലാതെ ജീവിക്കാം. അത്രയേയുള്ളൂ.” അവൾ പറഞ്ഞതിന്‍റെ ബാക്കി മറ്റേ യുവതി ഏറ്റെടുത്തു.

“അടുത്തയിടെ, ഫാഷൻ ഹൗസിൽ നിന്ന് ഞങ്ങൾക്ക് മോഡൽ അസൈന്‍റ്മെന്‍റ് കിട്ടി. ചെറിയ കാലയളവുകൊണ്ട് ഉയർന്നു വന്ന സ്‌ഥാപനമാണ്. സ്ത്രീകൾക്കു വേണ്ടി എക്സ്ക്ലൂസീവായ അടിവസ്‌ത്രങ്ങൾ ഡിസൈൻ ചെയ്‌ത് നിർമ്മിക്കുന്നു. ഇന്നലെ 10 സെറ്റ് വസ്ത്രങ്ങൾക്ക് ഞങ്ങൾ മോഡൽ ചെയ്‌തിരുന്നു.” ഇത്രയും പറഞ്ഞിട്ട് ആ യുവതികൾ പരസ്പരം നോക്കി.

“അടി വസ്ത്രങ്ങളുടെ മോഡലിംഗ്?”

രാമാനുജൻ ആകാംക്ഷയും അമ്പരപ്പും മുറ്റി നിൽക്കുന്ന ഭാവത്തോടെ അവരെ നോക്കി. തൊട്ടടുത്ത നിമിഷം തന്നെ അതിലെ വശപ്പിശക് മനസ്സിലാക്കി അയാൾ നിസംഗതയോടെ ചോദിച്ചു.

“എന്നിട്ടെന്നു സംഭവിച്ചു?”

“സർ, മോഡലിംഗിനു ശേഷം അടിവസ്ത്രങ്ങൾ കമ്പനിക്ക് തിരിച്ചു കൊടുക്കണമായിരുന്നു. അവിടെ അതുമായിച്ചെന്നപ്പോഴാണ് ഒരു സെറ്റ് കാണാനില്ലെന്നറിയുന്നത്. എല്ലായിടവും അരിച്ചു പെറുക്കി. ഫോട്ടോഷൂട്ട് നടന്ന സഥലവും സ്റ്റുഡിയോ കോർണറും ടോയ്‍ലെറ്റുമെല്ലാം. ചെറി റെഡ് നിറത്തിലുള്ള ഒന്നാണ് നഷ്ടമായത്.”

രാമാനുജൻ അന്തംവിട്ടു. ഛെ! എന്തു കഷ്ടം… തന്‍റെ മുപ്പത് വർഷത്തെ സർവ്വീസിൽ ഇതാദ്യത്തെ സംഭവമാണ്. അടി വസ്ത്രം നഷ്ടപ്പെട്ടുവെന്ന് പോലീസിൽ പരാതി ലഭിക്കുക. അത് എഴുതി വാങ്ങിക്കുക. അയാൾ തന്‍റെ പേന മേശപ്പുറത്ത് വച്ചു. “ഒരു ജോഡി അടിവസ്‌ത്രം നഷ്ടപ്പെട്ടാലെന്ത്? അതങ്ങ് പോയി എന്നു കരുതിയാൽ പോരേ… പോലീസിന്‍റെ സമയം മെനക്കെടുത്തുന്നതെന്തിന്?” രാമാനുജൻ ചിന്തിച്ചത് ഇങ്ങനെയാണെങ്കിലും പറഞ്ഞത് മറ്റൊന്നാണ്.

“നിങ്ങളുടെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു. പുറത്തു പറയാനാവാത്ത സംഗതി പോലും കളവുപോയി എന്ന് പരാതിപ്പെട്ടല്ലോ. നിങ്ങൾ എവിടെയോ മറന്നിട്ട അടിവസ്‌ത്രം കണ്ടുപിടിക്കുക എന്ന ജോലി പോലീസിന് കൊടുക്കുന്നതെന്തിനാണ് മാഡം?”

രാമാനുജന്‍റെ ഇഷ്ടക്കേട് അവർക്ക് മനസ്സിലായി. പഞ്ചാബിക്കാരിയായ യുവതി പെട്ടെന്ന് പറഞ്ഞു.

“സർ, ആ അടിവസ്ത്രങ്ങൾ സാധാരണ വസ്ത്രങ്ങളല്ല. അതൊരു ഡിസൈനർ പീസ് ആണ്. അതിൽ വജ്രം പതിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ വില വരുമതിന്! അവ നഷ്ടപ്പെട്ടതിനാൽ ഞങ്ങൾക്ക് പ്രതിഫലം കിട്ടിയിട്ടില്ല. ഞങ്ങൾക്കെതിരെ കേസും ഉണ്ടാകും. കാരണം അതു മോഷ്ടിച്ചത് ഞങ്ങളാണെന്ന് കമ്പനി തെറ്റിദ്ധരിച്ചിരിക്കുന്നു.”

ഇപ്പോൾ രാമാനുജൻ വീണ്ടും ഞെട്ടി. സംഗതി നിസ്സാരമല്ല…

“ഡയമണ്ട്! അടിവസ്ത്രങ്ങളിൽ ഡയമണ്ട് പിടിപ്പിച്ച് ഇറക്കുക. കൊള്ളാം, ഏതു കമ്പനിയാണത്? രാമാനുജനും പൊട്ടിത്തെറിക്കും പോലെയാണ് പ്രതികരിച്ചത്. അയാൾ ഞെട്ടിത്തെറിച്ച് ചുമരിലെ ഗാന്ധി പ്രതിമയുടെ മൂലയിലുള്ള ഫോട്ടോയിലേക്ക് നോക്കി.

“അമ്പമ്പോ എന്തൊക്കെയാണീ കേൾക്കുന്നത്?”

പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമോ എന്ന സംശയത്തിൽ യുവതികൾ പരിഭ്രാന്തിയോടെ പരസ്പരം നോക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ഒരു പരാതി കൊടുത്താലേ, തങ്ങളുടെ നിരപരാധിത്വം വിശ്വസിക്കൂ എന്ന് അവർ കരുതുന്നുണ്ട്. അല്ലെങ്കിൽ ഫാഷൻ ഹൗസ് ഉടമകൾ വെറുതെയിരിക്കുമോ? അധികാര സ്‌ഥാനങ്ങളിലുള്ള പുരുഷന്മാർ ഇതൊരവരസമായി കണ്ട് പല മോഹവുമായി വരുമെന്നും അവർക്കറിയാം. അല്ലെങ്കിലും അവസരം ചോദിച്ചു ചെന്ന വേളയിൽ ചിലർ പറഞ്ഞ വാചകങ്ങളിലെ അർത്ഥം ശരിക്കും മനസ്സിലാക്കിയതാണ്.

“ഇൻഡസ്ട്രിയിൽ നഷ്ടങ്ങളുണ്ടായാൽ അതു മറ്റു രീതിയിൽ നികത്താൻ മോഡലുകൾ ബാധ്യസ്‌ഥരാണത്രേ.”

ഒരു സീനിയർ മോഡലിന്‍റെ ഉപദേശം ഇങ്ങനെയായിരുന്നു. “ആളുകൾക്ക് ഉൽപന്നവും അതിന്‍റെ ബ്രാന്‍ഡ് അംബാസിഡറും വിൽപന വസ്തുക്കളാണ്. ഇവിടെ പ്രൊഫഷനിൽ ദയയ്ക്ക് യാതൊരു സ്‌ഥാനവുമില്ല.”

രാമാനുജൻ പേനയെടുത്ത് രജിസ്റ്ററിൽ എഴുതാനാരംഭിച്ചു. അഞ്ച് മിനിറ്റോളം നീണ്ടു എഴുത്ത്. അയാൾ ഒരു രസീതും എഴുതി മോഡലുകൾക്ക് കൊടുത്തു.

“ഇപ്പോൾ നിങ്ങൾക്കു പോകാം. ഇൻസ്പെക്ടർ കാണാൻ വരും. അപ്പോൾ കൂടുതൽ വിവരങ്ങൾ നൽകിയാൽ മതി.”

അയാൾ ദീർഘ നിശ്വാസത്തോടെ കസേരയിൽ നിവർന്നിരുന്നു. പക്ഷേ അടുത്ത രണ്ടാഴ്ചകൾ രാമാനുജനെ സംബന്ധിച്ച് തികച്ചും തലവേദനയായി. രാമാനുജനു മാത്രമല്ല പോലീസ് സ്റ്റേഷനിലാകെ കോലാഹലം. സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇത്തരം 6 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അടി വസ്ത്രങ്ങൾ മാത്രമാണ് നഷ്ടമാകുന്നത്. ഓരോ പരാതിയിലും അവ വളരെ വിലപിടിപ്പുള്ളതാണെന്ന പരാമർശവും ഉണ്ട്.

പ്രമുഖ ഡിസൈനർ ആയ മിസിസ് ഉമാപിള്ളയുടെ ബാഗിൽ കഴിഞ്ഞ രണ്ടുമാസമായി സൂക്ഷിച്ചിരുന്ന ഡിസൈനർ പീസ് നഷ്ടപ്പെട്ടതായി അവർ അറിഞ്ഞത് ഒരാഴ്ച മുമ്പ് വിമാനത്താവളത്തിൽ വച്ചാണ്. ബാൽക്കണിയിലെ ഓപ്പൺ ഏരിയയിലെ അയയിൽ ഉണക്കാനിട്ട അടിവസ്‌ത്രം കാറ്റത്തു നഷ്ടപ്പെട്ടു എന്നൊരു പരാതിയും ലഭിച്ചു. സിനിമാരംഗത്ത് തുടക്കക്കാരിയായ മായ എന്ന സുന്ദരിക്ക് വിദേശയാത്ര കഴിഞ്ഞു വന്നപ്പോൾ ഭർത്താവ് സമ്മാനിച്ച വിലയേറിയ ഡിസൈനർ ലിംഗറിയാണ് നഷ്ടമായത്.

പുതിയ മോഷണ പരമ്പര പോലീസിനെ ശരിക്കും വെട്ടിലാക്കി. സ്ത്രീകളുടെ അടിവസ്ത്രം മാത്രമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വിഷയത്തിന്‍റെ പുതുമ കൊണ്ട് മോഷണം ജനശ്രദ്ധ നേടാൻ തുടങ്ങിയതും പോലീസിനെ പ്രതിസന്ധിയിലാക്കി.

ഊഹാപോഹങ്ങൾക്ക് ഒരു പഞ്ഞവുമില്ല. മോഷണം നടത്തുന്നത് ഒരേ കള്ളനാണെന്നായിരുന്നു അതിൽ പ്രധാനം. സ്ത്രീകളുടെ അടിവസ്ത്രങ്ങളോടു തോന്നിയ ആകർഷണം. അങ്ങനെയും പറഞ്ഞു കേൾക്കുന്നുണ്ടല്ലോ. വിലപിടിപ്പുള്ളവ ധരിക്കാൻ ആഗ്രഹിക്കുന്ന കള്ളികളുമാവാം. ഇതു ചെയ്തതെന്നാണ് മറ്റൊരാഖ്യാനം.

കേസുകളുടെ എണ്ണം കൂടിയതോടെ സംഗതി പോലീസിന്‍റെ കൈവിട്ടു പോകുമോ എന്നായി ഭയം. പോലീസിന്‍റെ നിഷ്ക്രിയത്വം വിമർശിക്കപ്പെട്ടു. പത്രങ്ങളും ചാനലുകളും അടിവസ്ത്ര മോഷണ വാർത്ത ആഘോഷപൂർവ്വം കൊണ്ടാടി. പരിപാടികൾക്കിടയിലും ടിവി സ്ക്രീനിന്‍റെ ഏറ്റവും താഴെ അടിവസ്ത്ര മോഷണ വാർത്ത അപഡേറ്റ് ചെയ്യപ്പെട്ടു.

ചുരുക്കിപ്പറഞ്ഞാൽ അടിവസ്ത്രങ്ങൾ ദേശീയതലത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കിയേക്കാവുന്ന ഒരു കൊടുങ്കാറ്റായി. പാർക്കുകളിൽ, ജോലി സ്‌ഥലങ്ങളിൽ തെരുവുകളിൽ എല്ലാം ഇതു തന്നെ ചർച്ച. ആരാണ് ഈ ബിക്കിനി കള്ളൻ? അടിവസ്ത്രം മോഷ്ടിച്ച് ആ കള്ളൻ എന്താണ് ലക്ഷ്യമിടുന്നത്.

അത്താഴം പോലും ഉപേക്ഷിച്ച് ചാനൽ ഡിബേറ്റുകൾ കാണാൻ ജനം മെനക്കെട്ടു. അടിവസ്ത്ര നിർമ്മാതാക്കൾ ഈ അവസരം ശരിക്കും ഉപയോഗിച്ചു. പരിപാടികൾ സ്പോൺസർ ചെയ്യാൻ കിട്ടിയ മികച്ച അവസരം ആരും പാഴാക്കിയില്ല. ചാനൽ ചർച്ചകളിൽ എല്ലാ വിഭാഗങ്ങളിലുള്ളവരും പങ്കെടുത്തു കൊണ്ടിരിക്കുകയാണ്.

“ബിക്കിനികൾ പോലും ഈ നാട്ടിൽ സുരക്ഷിതമല്ലാതായിരിക്കുന്നു. അപ്പോൾ അതു ധരിക്കുന്ന സ്ത്രീകളോ? ഒരു പ്രമുഖ ചാനലിൽ പ്രശസ്തനായ അവതാരകന്‍റെ നേരെ നോക്കി. സാമൂഹ്യ പ്രവർത്തകനായ അദ്ധ്യാപകൻ നിശീതമായി വാദിച്ചു.

“അതൊരു മണ്ടൻ വാദമാണ്. വിദേശ രാജ്യങ്ങളിൽ ആർക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ബിക്കിനി ധരിച്ചും നടക്കാം. അവിടെ ആരും അതേച്ചൊല്ലി വിലപിക്കാറില്ല. സ്ത്രീകൾ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ.” മറ്റൊരു പാനലിസ്റ്റ്, അയാൾ ഒരു സാമ്പത്തിക വിദഗ്ദ്ധനും പാശ്ചാത്യാനുകൂലിയുമാണെന്ന് തോന്നുന്നു. തന്‍റെ കണ്ണട സ്റ്റൈലായി തലയ്ക്കുമുകളിൽ വച്ച് ഗമയോടെ ചാഞ്ഞിരുന്നു.

“നമ്മുടെ നാട്ടിലെ ജനങ്ങൾ മൂന്ന് കാര്യത്തിലാണ് ദുഃഖിക്കാറുള്ളത്. വീട്, ഭക്ഷണം, വസ്ത്രം. ഇപ്പോൾ അവർക്ക് അടിവസ്‌ത്രത്തെക്കുറിച്ചും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.”

താടി വളർത്തി നിരാശ ഭാവത്തിലിരിക്കുന്ന ഇടതു ചിന്തകന്‍റെ വാക്കുകൾ കേട്ടപ്പോൾ പലരും അതേയെന്ന മട്ടിൽ തലകുലുക്കി.

“നമ്മൾ വിഷയത്തിൽ നിന്നകന്നു. ഇവിടെ ചർച്ച ചെയ്യുന്നത് മോഷണത്തെക്കുറിച്ചാണ്. അതിലേക്ക് സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും കൊണ്ടു വന്നതെന്തിനാണ്? ഒരു ബിക്കിനി കള്ളൻ, അതല്ലെങ്കിൽ ഒരു പറ്റം കള്ളന്മാർ വിചാരിച്ചാൽ തകർക്കാൻ കഴിയുന്നതല്ല സ്ത്രീ ജീവിതം.” ചർച്ചയുടെ ഗതി മാറുന്നതിൽ പ്രതിഷേധിച്ച് മുൻപോലീസ് ഓഫീസർ മുഷ്ടി ചുരുട്ടി ശൂന്യതയിൽ പ്രഹരിച്ചു.

“എന്നിട്ടെന്താ? പോലീസിപ്പോ എന്നാ ചെയ്യുവാ? കണ്ടില്ലേ, ഒന്നിന്നും കൊള്ളാത്തവരാണെന്ന് പിന്നേം പിന്നേം തെളിയിക്കല്യോ…” ഒരു പോലീസ് വിരോധി പരിഹസിച്ചു. അവതാരകൻ ഇടപെട്ടു.

“പക്ഷേ, പ്രിയ സുഹൃത്തുക്കളെ, ഈ പ്രശ്നത്തിന് എന്താണ് പരിഹാരം. അതാണ് ഞാനും എന്‍റെ പ്രേക്ഷകരും നിങ്ങളിൽ നിന്ന് കേൾക്കാനാഗ്രഹിക്കുന്നത്.” വളരെ സ്ഫുടമായ ഭാഷാശൈലിയായിരുന്നു അയാളുടേത്. താരത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

“തെരുവിൽ അടിവസ്ത്രം ധരിക്കാതെ കുട്ടികൾ ഭിക്ഷ യാചിക്കുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷേ ഇന്നാട്ടിൽ സ്ത്രീകളെങ്ങനെ അടിവസ്ത്രമില്ലാതെ ജീവിക്കും? ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത് എക്സ്ക്ലൂസീവ് അടിവസ്ത്രങ്ങളാണ്. അടിവസ്‌ത്രം നഷ്ടപ്പെട്ടവർ, ഇനി നഷ്ടപ്പെടാനുള്ളവർ എല്ലാവരും ഉൾപ്പെട്ട നമ്മുടെ പ്രേക്ഷകർ അതീവ പ്രതീക്ഷയോടെയാണ് ഈ ചാനൽ പരിപാടി കണ്ടു കൊണ്ടിരിക്കുന്നത്. നിങ്ങൾ അത് മറക്കരുത്” അവതാരകൻ പറഞ്ഞു കൊണ്ടിരുന്നു.

“യഥാർത്ഥത്തിൽ ഈ ബിക്കിനി കള്ളൻ ഒരു ഗുണം സമൂഹത്തിന് ചെയ്യുന്നുണ്ട്. അയാളുടെ രീതി സ്വീകാര്യമല്ലെങ്കിൽ കൂടി ഒരു കള്ളനിൽ നിന്ന് ഇതല്ലാതെ എന്തോന്ന് പ്രതീക്ഷിക്കാനാണ്? നമുക്ക് ബി യുടേയും പി യുടേയും കെട്ടുപാടുകൾ ഒഴിവാക്കുകയുമാവാല്ലോ. പിന്നെ മോഷണത്തെ ഭയക്കണോ?” ഒരു സാമ്പത്തിക വിദഗ്ദ്ധന്‍റെ അഭിപ്രായം കേട്ടപ്പോൾ അവതാരകൻ ഒന്നു ഞെട്ടി. പക്ഷേ അയാൾ പറഞ്ഞതിന്‍റെ അർത്ഥം ശരിക്കും മനസ്സിലായിട്ടില്ല.

“അതായത്, ഞാൻ നിങ്ങൾക്ക് ഒരു ക്ലൂ തരാം, ബി എന്നാൽ ബ്രേസിയർ, മനസ്സിലായോ?” എന്നിട്ടും കാര്യം അത്രയൊന്നും വ്യക്തമായിട്ടില്ലെന്ന മട്ടിൽ അവതാരകൻ lല കുലുക്കി.

“സാംസ്കാരികമായും പാരമ്പര്യമായും ഒരു നാണക്കേട് നാം വളർത്തിയെടുത്തിരിക്കുകയാണ്. അടി വസ്ത്രമില്ലാതെ പുറത്തിറങ്ങുക എന്ന കാര്യം നമുക്കാലോചിക്കാൻ പോലും വയ്യ. നിങ്ങൾ അത് ധരിച്ചിട്ടുണ്ടോ ഇല്ലല്ലോ എന്ന കാര്യം മറ്റുള്ളവരെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. അത് ഒരാളുടെ ഇഷ്ടമാണ്. താങ്ങാവുന്ന ബജറ്റിലുള്ളതു ഉപയോഗിക്കുന്നു അത്ര തന്നെ. അടിവസ്ത്രം ഉപേക്ഷിക്കാനുള്ള ആർജ്ജവവും നമ്മൾ കാട്ടണം. എന്നാൽ പൊതുജനത്തിന്‍റെ നാണക്കേട് എന്ന ഫോബിയ വളർത്തിയെടുക്കുന്നത് മറ്റൊരു സാമ്പത്തിക തന്ത്രം. ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല.” അയാൾ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു തീർന്നപ്പോൾ അവതാരകൻ പെട്ടെന്ന് ഇടപെട്ടു.

“മോഷണമെന്ന പ്രധാന വിഷയത്തെക്കുറിച്ചുള്ള ചർച്ച പല ദിശയിലേക്ക് പോയിക്കൂടാ. സ്ത്രീകൾക്ക് ഒട്ടും ഒഴിച്ചു കൂടാനാവാത്ത ഒരു സംഗതിയാണ് ആരോ നിഷേധിക്കാൻ ശ്രമിക്കുന്നത്. ഇവയ്ക്ക് ഒരു പരിഹാരം കാണണം. ഇന്നു രാത്രി തന്നെ ഐ മീൻ ആഫ്റ്റർ എ വെരി ഷോർട്ട് കൊമേഴ്സ്യൽ ബ്രേക്ക്!”

മോഷണത്തിനിരയായ അടിവസ്ത്രത്തിന്‍റെ ഉടമകളായ ഫാഷൻ ഹൗസ് ആണ് ചാറ്റ്ഷോയുടെ സ്പോൺസർ. സ്ക്രീനിൽ ഫാഷൻ ഹൗസിന്‍റെ പരസ്യം മിന്നിമറയുമ്പോൾ പാനലിസ്റ്റുകൾ സഹതാപത്തോടെ നോക്കിയിരുന്നു. ലോകോത്തര നിലവാരമുള്ള അടിവസ്ത്രങ്ങൾ സ്ത്രീകൾക്ക് ലഭ്യമാക്കിയ വലിയൊരു സ്‌ഥാപനം. അതിന്‍റെ ഭാവി തുലാസിലാണ്. അവതാരകൻ വീണ്ടും വന്നു. ചോദ്യം ആവർത്തിച്ചു.

“നമുക്കൊരു പരിഹാരമാണ് വേണ്ടത്. അത് ഇന്നു തന്നെ ലഭിക്കണം.”

അപ്പോൾ പാനലിസ്റ്റായ മുൻ പോലീസുകാരൻ തന്‍റെ പോലീസ് ബുദ്ധി പുറത്തെടുത്തു. “എല്ലാ മോഷണവും ഒരു പ്രത്യേക രീതിയിലാണ് പ്ലാൻ ചെയ്‌തതെങ്കിൽ, അയാളൊരു മനോവൈകല്യമുള്ള കള്ളനാണെന്ന് കരുതാം. പക്ഷേ ഇവിടെ അങ്ങനെയല്ല. കള്ളൻ ഒരു സാധാരണ വ്യക്‌തി തന്നെ. അയാളുടെ ലക്ഷ്യം വ്യക്‌തമാവുന്നില്ല.”

“ചിലപ്പോൾ മോഷണം നടത്തിയത് ഒരു പെണ്ണാകാനും സാധ്യതയുണ്ട്. കള്ളൻ എന്ന് പറഞ്ഞ് പുരുഷബിംബീകരിക്കുന്നതെന്തിന്?”

പ്രതിപക്ഷ പാർട്ടിയെ പ്രതിനിധീകരിക്കുന്ന വളർന്നു വരുന്ന യുവ നേതാവ് രോഷത്തോടെ ചോദ്യ ശരമെറിഞ്ഞു. അപ്പോൾ അയാളുടെ നോട്ടം ഭരണ കക്ഷിയുടെ പ്രതിനിധിക്കും നേരെയായിരുന്നു. ഇതുവരെയും മൗനം വിദ്വാനുഭൂഷണം എന്ന മട്ടിൽ വാദപ്രതിവാദം കേട്ടു രസിച്ചിരുന്നു ഭരണകക്ഷി പ്രതിനിധി, വായ് തുറക്കാൻ ശ്രമിച്ചതും അവതാരകൻ വീണ്ടും ഇടപെട്ടു.

“ദയവായി, പരസ്പരം വെല്ലുവിളിക്കുന്നത് ഒഴിവാക്കൂ. ക്രിയാത്മകമായ ഒരു പരിഹാര നിർദ്ദേശമാണിവിടെ ആവശ്യം. നമ്മുടെ തലയ്ക്കു മീതെ കത്തുന്ന ഒരു വിഷയമല്ലേ ഇത്.”

“ഇതത്രയ്ക്കു പരിഭ്രമിക്കാനുള്ള സാഹചര്യമൊന്നുമല്ല. കോളനി വാഴ്ചയുടെ സ്വാധീനത്തിൽ നിന്ന് തുറന്ന സമൂഹത്തിന്‍റെ സ്വാതന്ത്യ്രത്തിലേക്കുള്ള യാത്രയിൽ ഇതുപോലെ പലതും നേരിടേണ്ടി വരും. എനിക്ക് തോന്നുന്നത് ആ കള്ളന് എന്തോ മഹത്തായ ലക്ഷ്യങ്ങളുണ്ടെന്നാണ്.”

“മോഷണം എന്തായാലും മോഷണം തന്നെ. അതിനെ അങ്ങനെ മഹത്വവൽക്കരിക്കാൻ പറ്റില്ല. ചെറുപ്പത്തിലേ മുതൽ നമ്മൾ കേൾക്കുന്നതാണ്, മോഷണം മോശം ശീലമാണ്.

“ഓഹോ! അങ്ങനെയെങ്കിൽ ഭൗതികവാദവും നമ്മുടെ ചെറുപ്പത്തിൽ മോശം കാര്യമായിരുന്നു. ഇപ്പോഴോ?”

“യഥാർത്ഥത്തിൽ ഈ ചർച്ചയിൽ ഒരു വനിതയെയെങ്കിലും ഉൾപ്പെടുത്തേണ്ടതായിരുന്നു.” ഇടതു ചിന്തകൾ ഇതു പറഞ്ഞപ്പോൾ തെല്ലിട മൗനം പരന്നു. പങ്കെടുക്കാമെന്നറിയിച്ച വനിത അവസാന നിമിഷം പിൻവാങ്ങിയതായി ചാനൽ അവതാരകൻ പറഞ്ഞു. ഇത്തരം ചർച്ചയിൽ പങ്കെടുക്കാൻ അവർക്കു താൽപര്യമില്ല എന്നാണ് പറഞ്ഞത്.

“അതിൽ അതിശയിക്കാനൊന്നുമില്ല. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റ്വോ? അടിവസ്ത്രം മോഷ്ടാക്കളല്ലേ വിലസുന്നത്. എന്തായാലും പുരുഷന്മാരെ അവർ വെറുതെ വിട്ടത് നന്നായി.” ചർച്ച നാളെ തുടരുമെന്ന പ്രഖ്യാപനത്തോടെ അവതാരകൻ സിനിമാസ്റ്റൈലിൽ സൈൻ ഓഫ് ചെയ്‌തു.

സ്ക്രീനിനു മുന്നിൽ കുത്തിയിരുന്നവരോട് നാളെ വരെ ക്ഷമിക്കൂ എന്നാണ് അപേക്ഷ. തുടർ ചർച്ചകളിലും അവതാരകൻ ആവശ്യപ്പെട്ട പോലെ പരിഹാരം ഉണ്ടായില്ല.

പ്രാദേശിക ചാനലുകളിലെ ചർച്ചകളെല്ലാം പോലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു. കേവലം ഒരു ഷഡ്ഡി മോഷണം കണ്ടുപിടിക്കാൻ കഴിയാത്ത പോലീസ് എങ്ങനെ സ്ഫോടനങ്ങൾക്ക് തടയിടും? രാജ്യം വലിയ സുരക്ഷ പ്രശ്നങ്ങളിലേക്കാണ് നീങ്ങുന്നത്. ആ തരത്തിൽ ചിന്തിച്ചാൽ ചാനൽ ചർച്ചകൾക്ക് ഫലമുണ്ടായി.

സംഭവം ആഭ്യന്തര മന്ത്രിയുടെ തലയിൽ മുൾക്കീരിടം വയ്പിച്ചുവല്ലോ, സ്‌ഥാനം തെറിക്കുമെന്ന ഭയത്തിൽ മന്ത്രി അടിയന്തിരയോഗം ചേർന്നു. ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വായ് തുറന്നാൽ അബദ്ധം മാത്രം പറയുന്ന ആഭ്യന്തര മന്ത്രി പക്ഷേ ഇതിനായി ഒരു തന്ത്രം തന്നെ ഉപദേശിച്ചു.

ഒരു ലിംഗറി ഫെയർ നടത്തുക. “ഈ അവസരം കള്ളൻ നഷ്ടപ്പെടുത്താനിടയില്ല. അവൻ വരും, മോഷ്ടിക്കും, അപ്പോൾ കയ്യോടെ പോലീസ് പിടികുടണം.”

ലിംഗറി ഷോ സ്പോൺസർ ചെയ്യാൻ മോഷണത്തിന്‍റെ ഇരയായ ഫാഷൻ ഹൗസ് തന്നെ തയ്യാറായി. അതിനുള്ള പ്രത്യുപകാരമെന്നോണം, കമ്പനിയുടെ പുതിയ ശാഖയ്ക്ക് കുറഞ്ഞ നിരക്കിൽ സ്ഥലം നൽകും. അക്കാര്യം മന്ത്രി ചർച്ചയിൽ വച്ചു തന്നെ ഉറപ്പു നൽകി.

ലിംഗറി ഷോ പെട്ടെന്നുള്ള പരിപാടി ആയതു കൊണ്ട് എട്ടു ബ്രാൻഡുകളേ പങ്കെടുത്തുള്ളൂ. അവർ തങ്ങളുടെ ഉൽപന്നങ്ങൾ ഭംഗിയായി പ്രദർശിപ്പിച്ചു. ഷോ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത് കനത്ത പോലീസ് ബന്തവസ്സോടെയായിരുന്നു. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ ഘടിപ്പിച്ച പ്രദർശന നഗരിയിൽ ധാരാളം സന്ദർശകർ. അവരിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. സ്ത്രീകളുടെ വസ്ത്രങ്ങൾ കാണാൻ പുരുഷന്മാർ കൂടുതൽ വരുന്നതിൽ അസ്വാഭാവികത ഒന്നുമില്ല. അതുതന്നെയാണ് ശരിയായ ട്രെന്‍റ് എന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ വിശകലനം. ഇന്നാട്ടിലെ ജനത ശരിയായ വഴിക്കാണ് ചിന്തിക്കുന്നത്.

സന്ദർശകരിൽ ഭൂരിഭാഗം പേർക്കും, പ്രദർശിപ്പിച്ച വസ്തുക്കൾ ആകാശ നക്ഷത്രങ്ങൾ മാത്രം. ആകർഷകമാണ്. പക്ഷേ അടുക്കാൻ വയ്യ. അത്രയ്ക്കു വിലപിടിപ്പുള്ള അടിവസ്ത്രങ്ങൾ ഒന്നു കാണാൻ പറ്റുക എന്നതു പോലും ഭാഗ്യമല്ലേ എന്നു കരുതി വന്നവരും ധാരാളം ഇങ്ങനെ ഒന്നും വാങ്ങാതെ ചുറ്റിക്കറങ്ങി നടക്കുന്നവരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചു.

ഷോ അവസാനിക്കാറായ സമയത്താണ് അത് സംഭവിച്ചത്. ഏതാനും കമ്പനികൾ തങ്ങളുടെ ഷഡ്ഡികൾ കാണാനില്ല എന്ന പരാതിയുമായെത്തി. ഡിസൈനർ ഇനങ്ങൾ തന്നെയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു സാധാരണ കള്ളന് ഇത്രയും കഴിവോ? വിദേശ ബ്രാൻഡുകളുടെ പ്രതിനിധികൾ അവിശ്വസനീയതയോടെ പ്രതികരിച്ചു.

ഏറ്റവും മികച്ചതാണ് നഷ്ടമായിരിക്കുന്നത്. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ ഒന്നും സംസാരിച്ചതുമില്ല. ഒരേ പീസിനു വേണ്ടി രണ്ട് കസ്റ്റമറുകൾ കലഹിക്കുന്നത് അടിവസ്ത്രങ്ങളുടെ ഫാൻറസി ലോകത്ത്, കുഞ്ഞുങ്ങളെ മറന്നു പോയ അമ്മമാർ. ഇങ്ങനെ ഏതാനും കേസുകൾ വന്നുപെട്ടതല്ലാതെ മോഷണത്തിന്‍റെ യാതൊരു സാധ്യതകളും പോലീസിനു മുന്നിൽ ഉണ്ടായിരുന്നില്ല. അർദ്ധരാത്രിയിൽ പോലീസ് നേതൃത്വം ആഭ്യന്ത മന്ത്രിയുടെ ഓഫീസിൽ യോഗം ചേർന്നു. തങ്ങൾക്ക് പറ്റിയ പിഴവ് എവിടെയാണെന്നറിയാതെ അവർ നാണം കെട്ടു.

“നിങ്ങളുടെ മൂക്കിനടിയിൽ നിന്നല്ലേ ഇത്രയേറെ അടിവസ്‌ത്രങ്ങൾ മോഷണം പോയത്? എന്നിട്ടും നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നു വന്നാൽ?” ആഭ്യന്തര മന്ത്രി ദേഷ്യത്തോടെ മേശപ്പുറത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു.

“ഡ്യൂട്ടിയിൽ ഉറങ്ങുന്ന സ്വഭാവമുണ്ടോ നിങ്ങൾക്ക്? എനിക്ക് മറുപടി വേണം പോലീസ് മേധാവി?”

മുഖം ഉയർത്തിയാണിരിക്കുന്നതെങ്കിലും പോലീസ് മേധാവിക്ക് ഒളിക്കണമെന്നു തോന്നിക്കാണും. അദ്ദേഹം എന്തു മറുപടി നൽകാനാണ്. അതും നേരിട്ട് ഏറ്റെടുക്കാത്ത ഒരു കാര്യത്തെക്കുറിച്ച്. എങ്കിലും തൊട്ടടുത്ത റാങ്കിലുള്ള ഉദ്യോഗസ്‌ഥൻ മറുപടി നൽകി. “ഞങ്ങൾ വൈകിട്ട് പരിപാടി തീരും വരെ വളരെ അലർട്ടായിരുന്നു സർ, കണ്ണിലെണ്ണയൊഴിച്ചാണ് ഞങ്ങൾ കാവലിരുന്നത്.”

മന്ത്രിയുടെ പൊട്ടിത്തെറിയും ശകാരവും കുറേ സമയം നീണ്ടു, കൂടുതലൊന്നും പറയാനില്ലാത്തതിനാൽ യോഗം അരമണിക്കൂർ മാത്രം നീണ്ടു.

പ്രദർശനത്തിൽ പങ്കെടുത്തവരുടെ പേരു വിവരവും അവർ പ്രദർശിപ്പിച്ച അടിവസ്ത്ര ശ്രേണികളും രാമാനുജൻ വീണ്ടും വീണ്ടും പരിശോധിച്ചു. പ്രദർശനത്തിനു മുമ്പ്, പിൻപ് എന്ന രീതിയിലാണ് കണക്ക് ഇത് ഇൻസ്പെക്ടർ കൈമാറിയത്. ഫയൽ റെക്കോർഡ് ചെയ്യാനാണ്. സാധാരണ പേപ്പറിൽ രണ്ട് തുള ഇട്ട് തടിച്ച ക്ലിപ് ബോർഡിലേക്ക് ഇടുക മാത്രമാണ് രാമാനുജന്‍റെ ഡ്യൂട്ടി. എന്നാൽ ഇത്തവണ അതുമാത്രം ചെയ്‌ത് കണ്ണടയ്ക്കാൻ രാമാനുജന് തോന്നിയില്ല.

അയാൾ ആ കടലാസിലെ വിവരങ്ങളിലേക്ക് വീണ്ടും വീണ്ടും കണ്ണോടിച്ചു. നരവീണ പുരികങ്ങൾക്കിടയിലെ അയാളുടെ കണ്ണുകൾ എന്തോ കണ്ടുപിടിച്ച സൂചനയിൽ വജ്രം പോലെ തിളങ്ങി. അസ്‌ഥികൾ തെളിഞ്ഞു നിൽക്കുന്ന മെലിഞ്ഞ കൈവിരലുകൾ കൊണ്ട് അയാൾ തലയുടെ ഇരുപുറവും അമർത്തി.

അയാളുടെ മനസിൽ ചില ഗുണനങ്ങളും ഹരണങ്ങളും നടക്കുന്നതിന്‍റെ സൂചന ആയിരുന്നു അത്. ഷോ സ്പോൺസർ ചെയ്ത കമ്പനിയുടേതൊഴികെ പങ്കെടുത്ത ബാക്കി എല്ലാ കമ്പനികളുടേയും അടിവസ്ത്രങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

“നാളെ ഈ കേസിന് ഒരു പുതിയ ഫയൽ തുറക്കേണ്ടി വരും.” രാമാനുജൻ ആലോചനയോടെ തന്‍റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു. ചുമരിലെ ഗാന്ധി ചിത്രത്തിലേക്ക് നോക്കിയിട്ട് അയാൾ തല കുനിച്ചു. മെല്ലെ ഇടറുന്ന കാൽപാദങ്ങളോടെ അയാൾ പുറത്തേക്കു നടന്നു. ഇന്ന് വളരെ വൈകി. രാത്രി 10.30 ആയിരിക്കുന്നു. പതിവായി രാമാനുജൻ പോകുന്ന സമയം 8 മണിയാണ്.

ഇൻസ്പെക്ടർ ജീപ്പിലിരിപ്പുണ്ട്. വണ്ടി സ്റ്റാർട്ടാക്കി അദ്ദേഹം രാമാനുജനെ വിളിച്ചു. “വളരെ വൈകിയിരിക്കുന്നു. ജീപ്പിൽ കയറിക്കോ ഞാൻ വീടിനു മുന്നിലിറക്കാം.”

രാമാനുജൻ ജീപ്പിന്‍റെ പിൻസീറ്റിലേക്ക് കയറി ഇരുന്നു. അയാൾ വരണ്ട തൊണ്ടയിലേക്ക് ഉമിനീര് ഇറക്കാൻ പ്രയാസപ്പെട്ടു. എങ്കിലും മുരടനക്കി ധൈര്യം സംഭരിച്ചു. രാമാനുജന് ആ ചോദ്യം ചോദിക്കാതിരിക്കാനായില്ല. “സർ. നമുക്ക് കള്ളനെ പിടിച്ചു കൂടെ? ഫാഷൻ ഹൗസിനെ തന്നെ ചോദ്യം ചെയ്‌താൽ മതിയെന്ന് എനിക്കൊരു തോന്നൽ!”

ഇൻസ്പെക്ടർ ഡ്രൈവറുടെ സമീപമാണ് ഇരിക്കുന്നത്. ഇരുട്ടിൽ മുഖഭാവം വ്യക്‌തമല്ല. എങ്കിലും ഒരു നേർത്ത ചിരി ഇൻസ്പെക്ടറുടെ മുഖത്ത് തെളിഞ്ഞു. പുറത്തു മഞ്ഞിൽ പുതഞ്ഞ കുളിർമയുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു.

ശ്വാസം നന്നായൊന്നു വലിച്ച് കൈകൾ മുകളിലേക്ക് ഉയർത്തി. പുഞ്ചിരിച്ചു കൊണ്ട് ഇൻസ്പെക്ടർ പിന്നിലേക്ക് തിരിഞ്ഞ് രാമാനുജനെ നോക്കി.

“രാമാനുജാ, ഇതൊരു മോഷണക്കേസു തന്നെ. പക്ഷേ മോഷണം ഇവിടെയൊരു വിഷയമേയല്ല…”

രാമാനുജന് അതു കേട്ടിട്ട് ഞെട്ടലൊന്നും ഉണ്ടായില്ല. പക്ഷേ അയാൾക്ക് പെട്ടെന്ന് ഒരു സുഗന്ധം ഓർമ്മ വന്നു. തൊട്ടു പിന്നാലെ മനോഹരമായ വിരലുകളും.

“അപ്പോൾ ആ മോഡലുകളുടെ പരാതി?”

“സത്യം അവരും താമസിയാതെ അറിയും.”

രാത്രിയിൽ പതുങ്ങി വരുന്ന കള്ളനെ പോലെ ജീപ്പ് ശബ്ദമുണ്ടാക്കാതെ നിരത്തോരത്ത് വീടിനോട് ചേർന്ന് നിന്നു. രാമാനുജൻ വളരെ സാവകാശം ജീപ്പിൽ നിന്നിറങ്ങി. വീട്ടിലേക്കുള്ള വഴി ഒരു കള്ളനെപ്പോലെ പതുങ്ങി നിൽപ്പുണ്ടായിരുന്നു.

ടെൻഷൻ അകറ്റുന്ന 5 എസ്സെൻഷ്യൽ ഓയിലുകൾ

ടെൻഷൻ നിറഞ്ഞ മനസ്സ് ഇപ്പോൾ രാജ്യത്തുടനീളം സാധാരണ കാര്യമാണ്. കാരണം ലോകം മുഴുവൻ കൊറോണ വൈറസ് പകർച്ചവ്യാധിയുമായി മല്ലിടുകയാണ്. പകർച്ചവ്യാധിയുമായി ജനങ്ങൾ ഒരു വർഷത്തിൽ അധികമായി ജീവിക്കുന്നു, ഈ അവസ്ഥയിൽ ദുഖവും സമ്മർദ്ദവും വിഷാദവും അനുഭവപ്പെടുന്നത് സാധാരണമാണ്, സമ്മർദ്ദം, ദുഖം, വിഷാദം എന്നിവ ഹോർമോണുകളെ വളരെ മോശമായി ബാധിക്കുമെന്നും ശാരീരിക രോഗങ്ങൾക്കും മാനസികരോഗങ്ങൾക്കും കാരണമാകുന്നു. സമ്മർദ്ദം അനുഭവപ്പെടുകയും അസ്വസ്ഥതകളെ നേരിടാൻ പ്രയാസവുമുണ്ടെങ്കിൽ, മനസ്സിനെ ശാന്തമാക്കാൻ ചില ഓയിലുകളുടെ സഹായം സ്വീകരിക്കാം.

ടെൻഷൻ കുറയ്ക്കാൻ ഈ എണ്ണകൾ ഉപയോഗപ്രദമാണ്. കുളിക്കുന്ന വെള്ളത്തിൽ ഇത് ഉപയോഗിക്കുക, അല്ലെങ്കിൽ കാലിൽ പുരട്ടുക, മുറിയിൽ തളിക്കുക എന്നിങ്ങനെ നിങ്ങൾക്ക് ഈ എണ്ണകൾ വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാം.

സാൻഡൽ ഓയിൽ

സമ്മർദ്ദം ഒഴിവാക്കുന്നതിനുള്ള ഏറ്റവും നല്ല ഓയിൽ ആണ് സാൻഡൽ ഓയിൽ നിങ്ങൾക്ക് ഇത് ഒരു ഡിഫ്യൂസറിലോ കുളിക്കുന്ന വെള്ളത്തിലോ ഇടാവുന്നതാണ് അല്ലെങ്കിൽ എല്ലാ ദിവസവും സുഗന്ധദ്രവ്യമായി ഉപയോഗിക്കാം, ഇത് തീർച്ചയായും നിങ്ങളെ സമ്മർദ്ദരഹിതമാക്കും. ആളുകൾ ചന്ദനത്തെ തിലകമായി ഉപയോഗിക്കുന്നതിനുള്ള കാരണം ഇതാണ്, കാരണം ഇത് നിങ്ങളുടെ മനസ്സിനെ ഉടനടി തണുപ്പിക്കുന്നു.

ജാസ്മിൻ ഓയിൽ

സമ്മർദ്ദവും വിഷാദവും നേരിടാൻ വളരെയധികം സഹായിക്കുന്ന മറ്റൊരു എണ്ണയാണ് ജാസ്മിൻ ഓയിൽ. വിവാഹങ്ങളിലും ക്ഷേത്രങ്ങളിലും ഈ ഓയിൽ ധാരാളം ഉപയോഗിക്കുന്നു, കാരണം ഈ ഓയിൽ നിങ്ങളെ ഉടനടി ശാന്തമാക്കുകയും പേശികളെ റീലാക്സ് ചെയുകയും ചെയ്യുന്നു.

റോസ് ഓയിൽ

ഉത്കണ്ഠ ചികിത്സിക്കുന്നതിനുള്ള മറ്റൊരു അത്ഭുതകരമായ എണ്ണയാണ് റോസ് ഓയിൽ. ഈ ഓയിൽ കുളിക്കുന്ന വെള്ളത്തിൽ അല്ലെങ്കിൽ സുഗന്ധദ്രവ്യമായി ഉപയോഗിക്കുക.

ലാവെൻഡർ ഓയിൽ

വൈറസുമായി ബന്ധപ്പെട്ട ദൈനംദിന വാർത്തകൾ നമുക്കെല്ലാവർക്കും വളരെയധികം സമ്മർദ്ദം നൽകുന്നു, ഇത് രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കാം, അതിനാൽ ഉറങ്ങാൻ സഹായിക്കുന്നതിന് ലാവെൻഡർ ഓയിൽ ഉപയോഗിക്കുക. ഈ എണ്ണ ഉറക്കത്തെ സഹായിക്കുന്ന ഒരു ആന്‍റി സ്ട്രെസ്, ആന്‍റ വൈറൽ ഓയിൽ ആണ്. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ നിങ്ങൾക്ക് ഇത് ഒരു ഡിഫ്യൂസറിലോ കുളിക്കുന്ന വെള്ളത്തിലോ ഉപയോഗിക്കാം. അല്ലെങ്കിൽ കുറച്ച് തുള്ളികൾ കാലുകളിൽ തടവുക, ഇത് നിങ്ങളെ ഉറങ്ങാൻ സഹായിക്കും.

യലാംഗ് യലാംഗ് ഓയിൽ

ഏതു സമയത്തും വീട്ടിലെ പ്രായമായവരെ പരിപാലിക്കുന്നത് പ്രധാനമാണ്. നിരവധി പ്രശ്നങ്ങൾ അവർക്ക് ഉണ്ട്. അവരുടെ ഉത്കണ്ഠയും വിഷാദവും മറികടക്കാൻ അവരെ സഹായിക്കുന്നതിന് യലാംഗ് യലാംഗ് ഓയിൽ ഉപയോഗിക്കുക. കുളി കഴിഞ്ഞാൽ ഇത് തലമുടിയിൽ പുരട്ടുക, അല്ലെങ്കിൽ കാലുകൾ യെലംഗ് യെലാംഗ് വെള്ളത്തിൽ മുക്കിവയ്ക്കുക അല്ലെങ്കിൽ എല്ലാ ദിവസവും ഇത് ഒരു സുഗന്ധദ്രവ്യമായി ഉപയോഗിക്കാം.

അടുക്കള ജോലി എളുപ്പമാക്കാൻ ഇത് ചെയ്യൂ

അടുക്കളയിൽ കയറുമ്പോൾ പണികൾ എളുപ്പമാക്കാൻ കുറച്ചു വിദ്യകൾ പഠിച്ചു വെയ്ക്കാം. സാമ്പാറിൽ വെള്ളം കൂടിപ്പോയാലും പഴയ കറി ചൂടാക്കി ഉപയോഗിക്കേണ്ടി വന്നാലും ഇങ്ങനെയൊക്കെ കാര്യം റെഡി ആക്കാം. അറിഞ്ഞിരിക്കാം ചില കിച്ചൻ ടിപ്‌സ്.

  • സാമ്പാർ ഫ്രിഡ്ജിൽ നിന്നെടുത്തു ചൂടക്കുമ്പോൾ അൽപം കടുക് താളിച്ചു ചേർത്താൽ കറിക്കു പുതുമ തോന്നും.
  • ക്യാരറ്റിന്‍റെ അറ്റത്തു പച്ചപ്പ് മുള ഉണ്ടെങ്കിൽ ആ ഭാഗം ചെത്തിക്കളഞ്ഞു വെള്ളത്തിൽ ഇട്ട് വയ്ക്കുക ഇല വളർന്നു വരും. അത് സലാഡിൽ ഉപയോഗിക്കാം.
  • പച്ചക്കറികൾ വേവിക്കുന്ന വെള്ളം ഉപ്പുമാവ് ചപ്പാത്തി പുട്ട് ഇവ തയ്യാറാക്കാൻ ഉപയോഗിക്കാം. പോഷക സമ്പന്നമാണ്.
  • മോര് കറി, തേങ്ങ ചേർത്ത കറി ഇവ രണ്ടാമത് ചൂടാക്കുമ്പോൾ നേരെ അടുപ്പത്തു വെയ്ക്കരുത്. മോര് കറി പാത്രം തിളയ്ക്കുന്ന വെള്ളത്തിൽ ഇറക്കി വെച്ചാൽ മതി. കറിക്ക് സ്വാദ് വർദ്ധിക്കും.
  • പാത്രത്തിലെ മുട്ടയുടെ ഉളുമ്പു മണം മാറാൻ പാത്രം കടലമാവും ചൂട് വെള്ളവും ഉപയോഗിച്ച് കഴുകി നോക്കു. നാരകത്തിന്‍റെ ഇല കൊണ്ട് ഉരച്ചു കഴുകിയാലും ഉളുമ്പു മണം പോകും.
  • എണ്ണ മയമുള്ള പാത്രം നാരങ്ങാനീരു കൊണ്ട് തുടച്ച ശേഷം ചൂട് വെള്ളത്തിൽ കഴുകിയാൽ കൂടുതൽ വൃത്തിയും തിളക്കവും ലഭിക്കും.
  • വറുത്തരച്ച കറികളിൽ അല്പം ശർക്കര ചേർത്താൽ രുചി കൂടും.
  • സാമ്പാറിൽ വെള്ളം കൂടിപ്പോയാൽ അല്പം അരിപ്പൊടി ചേർത്താൽ മതി.
  • പായസം ഉണ്ടാക്കുമ്പോൾ മധുരം ചേർക്കുന്നതിനൊപ്പം ഒരു നുള്ള് ഉപ്പും ചേർത്താൽ കൂടുതൽ സ്വാദ് തോന്നും.
अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें