ലഹരിയുടെ വഴിയിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാനുള്ള മാർഗ്ഗമായാണ് സംസ്‌ഥാനത്തെ സ്‌കൂളുകളിൽ സുംബ ഡാൻസ് സംസ്ഥാന സർക്കാർ മുന്നോട്ട് വന്നു നടപ്പാക്കിയത്. സർക്കാരിന്‍റെ ഈ പുതിയ തീരുമാനം എന്തുകൊണ്ടും വിദ്യാർത്ഥികളെ സംബന്ധിച്ച് പ്രയോജനപ്രദമാകുമെന്നാണ് ഭൂരിഭാഗംപേരും വിലയിരുത്തുന്നത്. സർക്കാർ നിർദ്ദേശത്തെ എല്ലാവരും ഒരേ മനസ്സോടെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇതിനെതിരെ ചില രാഷ്ട്രീയ-മത സംഘടനകൾ ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. സുംബ വ്യായാമം കുട്ടികളുടെ ശാരീരിക- മാനസികാരോഗ്യനില മികച്ചതാക്കുമെന്നാണ് ഫിറ്റ്നസ്സ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. തളർച്ചയോ ആലസ്യമോ ഉണ്ടാക്കാത്ത മാധുര്യമേറിയ ശരീര ചലനങ്ങൾ ഉൾപ്പെടുന്ന രസകരമായ സുംബ വർക്കൗട്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണപ്രദമാണ്.
സംഗീതവും നൃത്തവും ഇഴുകി ചേർന്നുള്ള ഫിറ്റ്നസ് പ്രോഗ്രാമായ സുംബ നമ്മുടെ നാട്ടിലെങ്ങും സുപരിചിതമാണ്. സുംബ ഡാൻസിന്‍റെ രസം അറിയുന്നവർ പിന്നീട് ഒരിക്കലും ഈ വർക്കൗട്ട് ഫോർമാറ്റിൽ നിന്നും പിന്തിരിയില്ല. ഫിറ്റ്‌നസ്സ് മൂവ്‌മെന്‍റ്സിൽ നൃത്തം ഉൾപ്പെടുത്തിയുള്ള പാട്ടിന്‍റെ പശ്ചാത്തലത്തിലുള്ള ഒരു വ്യായാമ രീതി മാത്രമാണിത്. അതിനാൽ സുംബ ചെയ്യുന്നവർക്ക് ബോറടിക്കുകയുമില്ല. കുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ളവർക്കും സുംബ വർക്കൗട്ട് ചെയ്യാം.
സന്തോഷത്തിനും ആരോഗ്യത്തിനും സുംബ

ഒരു വ്യക്തിയുടെ ശരീരാരോഗ്യത്തെയും മാനസികാരോഗ്യത്തെയും സുംബ വ്യായാമം എങ്ങനെ സ്വാധീനിക്കുന്നു? ഇതേക്കുറിച്ച് എറണാകുളം കാക്കനാടിലെ ജെയ്‌സൽസ് ഡാൻസ് ആൻഡ് ഫിറ്റ്നസ്സ് സ്‌റ്റുഡിയോയിലെ പരിശീലകനായ ജെയ്‌സൽ ജയിംസ് പറയുന്നത് ഇങ്ങനെയാണ്. "ശാരീരികമായി മാത്രമല്ല വൈകാരികമായും സാമൂഹികമായും സുംബ നമ്മെ പോസിറ്റീവായി സ്വാധിനിക്കുന്നുണ്ട്. വ്യായാമത്തിനുപരിയായി ഇത് ചലനത്തിന്‍റെയും താളത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ആഘോഷവും കൂടിയാണ്.
സുംബയിൽ പങ്കെടുക്കുന്നവർക്ക് ഉണ്ടാകുന്ന ആദ്യ നേട്ടം അതിൽ നിന്നുണ്ടാകുന്ന സന്തോഷമാണ്. നൃത്തവും സംഗീതവും സമന്വയിപ്പിച്ചുള്ള വ്യായാമം ആയതിനാൽ ശരീരത്തിൽ അത് ഹാപ്പി ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിച്ച് മാനസിക സമ്മർദ്ദത്തെ കുറയ്ക്കുന്നു" അദ്ദേഹം പറയുന്നു.
മറ്റ് വ്യായാമങ്ങളെ അപേക്ഷിച്ച് സുംബയുടെ പ്രത്യേകത എന്താണ് എന്ന് പലരും ചോദിക്കാറുണ്ട്. ഇതിനുള്ള ഉത്തരവും അദ്ദേഹം പറയുന്നു. "ആളുകളെ പുഞ്ചിരിക്കാനും വിയർക്കാനും സമ്മർദ്ദം ഇല്ലാതാക്കാനും പ്രേരിപ്പിക്കുന്നു. ജോലി, കുടുംബപരമായ സമ്മർദ്ദം എന്നിവ അഭിമുഖീകരിക്കുന്നവരാണ് സുംബ സെഷനിൽ പങ്കെടുക്കുന്ന 80% പേരും. ഒരു മണി ക്കൂർ സെഷൻ ചെയ്യുമ്പോൾ അവർ എല്ലാ ടെൻഷനും മറന്നിരിക്കും. വ്യായാമത്തിൽ മാത്രമാവും ഫോക്കസ്. സംഗീതത്തിന്‍റെ ചടുലതാളത്തിനൊപ്പമുള്ള ചുവടുകളിലൂടെ മനസ്സ് ഫ്രീ ആകും. ഒപ്പം ശരീരത്തിന് പുത്തനുണർവും ഊർജ്ജവും ലഭിക്കുന്നുവെന്നാണ് അവർ പറയുന്നത്.” ജെയ്സൽ പറയുന്നു.
തുടർച്ചയായുള്ള സുംബ പരിശീലനത്തിലൂടെ ഫ്ളക്സിബിലിറ്റി, സ്‌റ്റാമിന, മൊബിലിറ്റി എന്നിവ മെച്ചപ്പെടുത്തുകയും കാർഡിയോ വാസ്‌കുലർ സിസ്‌റ്റം മികച്ചതാവുകയും ചെയ്യുന്നു. ജിം വർക്കൗട്ടുകൾ, നടത്തം എന്നിവയൊക്കെ സ്‌ഥിരമായി ചെയ്യുമ്പോൾ സ്വാഭാവികമായും മിക്കവരിലും മടുപ്പുണ്ടാകാം. ചിലർ മാത്രം അത് തുടർന്ന് പോകാം. മറ്റ് ചിലർക്കത് വിരസതയുണ്ടാക്കാം. അവിടെയാണ് സുംബയ്ക്കുള്ള പ്രസക്തി.
ഡാൻസ് ചെയ്യാൻ ഇഷ്‌ടപ്പെടുന്നവരാണ് ഭൂരിഭാഗംപേരും. നൃത്തത്തിനു സമാനമായ ചലനങ്ങളിൽ അധിഷ്‌ഠിതമായ സുംബ ചെയ്യാൻ എല്ലാവരും ഇഷ്‌ടപ്പെടുന്നു. അതുപോലെ വിരസത അകറ്റാൻ ഇതിന്‍റെ പശ്ചാത്തല സംഗീതം അടിക്കടി മാറ്റുകയും ചെയ്യുന്നതുകൊണ്ട് ആവർത്തന വിരസതയും മടുപ്പും ഉണ്ടാവുകയില്ല. ആളുകൾ ഒരേ മനസ്സോടെ നന്നായി എൻജോയ് ചെയ്യും. ഗ്രൂപ്പ് സെഷൻ ആയതുകൊണ്ട് കുറച്ചുകൂടി ആക്റ്റീവ് ആയി ചെയ്യാനുള്ള താൽപ്പര്യം എല്ലാവരിലും ഒരേ തലത്തിൽ ഉണ്ടാകും. വ്യായാമത്തിന്‍റെ കൊഴുപ്പ് കൂട്ടാൻ ഇടയ്ക്ക് ബോളിവുഡ് സോംഗ്, തമിഴ് ഡപ്പാം കൂത്ത് പാട്ടുകൾ, മലയാളം പാട്ടുകൾ എന്നിവ കൂടി ചേർക്കാറുണ്ട്. ഇതൊക്കെ സുംബ സെഷനെ രസകരമാക്കാറുണ്ട്.





