മനീഷ കൊയ്‌രാളയെ കണ്ടാൽ ഒരു കാൻസർ രോഗി ആയിരുന്നു എന്ന് ആരും ഇപ്പോൾ പറയുകയില്ല. കാൻസറിനെ തോൽപ്പിച്ചു കൊണ്ട് 54 വയസ്സുള്ളപ്പോൾ പോലും 30 വയസ്സ് തോന്നിക്കുന്നതിന്‍റെ ആ രഹസ്യം എന്താണ്?

90 കളിലെ പ്രശസ്ത‌ നടിയായിരുന്ന മനീഷ കൊയ്‌രാളയ്ക്ക് മോഡലിംഗാണ് വെള്ളിത്തിരയിലേക്കുള്ള വഴി തുറന്നു കൊടുത്തത്. നേപ്പാളി ചിത്രമായ ‘ഫേരി ഭേട്ടുല‘ യിലൂടെ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ച മനീഷ ഹിന്ദി, തമിഴ് ചിത്രങ്ങളിലൂടെയാണ് സിനിമാപ്രേമികൾക്ക് പരിചിതയായത്. അവർക്ക് കരിയറിന്‍റെ തുടക്കത്തിൽ ഗംഭീരവിജയങ്ങൾ നൽകാൻ കഴിഞ്ഞില്ലെങ്കിലും തൊണ്ണൂറുകളുടെ പകുതിയിൽ ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിച്ച് സിനിമാ മേഖലയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ നൽകി. അഭിനയ മികവിന് പലവട്ടം ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെയുള്ള നിരവധി അംഗീകാരങ്ങൾ മനീഷ നേടിയിട്ടുണ്ട്.

ദിലീപ് കുമാർ, രാജ്‌കുമാർ തുടങ്ങിയ വലിയ താരങ്ങൾ അണിനിരന്ന ആദ്യ ചിത്രമാണ് “സൗദാഗർ”. ഇതിനുപുറമേ മണിരത്നത്തിന്‍റെ “ബോംബെ”, “1942 എ ലവ് ‌സ്റ്റോറി”, “ദിൽസേ”, “ലജ്‌ജ””അകേലെ ഹം അകേലെ തും” തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായ അഭിനയവും സൗന്ദര്യവും കൊണ്ട് അവർ പ്രേക്ഷകരെ ആകർഷിച്ചു. ഈ സമയത്ത് തെറ്റായ ജീവിതശൈലിയും അമിതമായ മദ്യപാനവും കാരണം ജീവിതം അവർക്ക് ഒരു തമാശയായി മാറി. ബോളിവുഡിൽ ലഭിച്ച ജനപ്രീതിയും പ്രശസ്‌തിയും പണവും മനീഷയെ ആഹ്ളാദഭരിതയാക്കി. പക്ഷേ പെട്ടെന്ന് ഒരു ദിവസം തനിക്ക് കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ അവർ ഞെട്ടിപ്പോയി.

കാൻസർ രോഗത്തെക്കുറിച്ച് അറിഞ്ഞ ഉടനെ അവർ മാനസികമായി വളരെയധികം തകർന്നു എങ്കിലും ആ നിർണായക ഘട്ടത്തിൽ മനീഷ കൊയ്‌രാളയ്ക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞു. കൂടാതെ കാൻസറിനെതിരായ പോരാട്ടത്തിൽ വിജയിച്ചുകൊണ്ട് ജീവിതത്തിന് അവർ പുതിയ ദിശാബോധം നൽകി. കാൻസറിൽ നിന്ന് സുഖം പ്രാപിച്ചതിനു ശേഷമാണ് മോശം ജീവിതശൈലിയും അമിതമായ മദ്യപാനവും എത്രത്തോളം ദോഷകരമാണെന്ന് മനസ്സിലായത്. അങ്ങനെ മനീഷ മുഴുവൻ ജീവിതശൈലിയും മാറ്റി. പതിവ് വ്യായാമത്തിലൂടെ മനീഷ സ്വയം വളരെയധികം ഫിറ്റ്നസ് നേടിയിട്ടുണ്ട്. അഭിനയത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും മൂന്നു വർഷം കഴിഞ്ഞ് ചലച്ചിത്രരംഗത്തേക്ക് തിരിച്ചെത്തി. ഇന്ന് 54 വയസ്സുള്ള അവരെ കണ്ടാൽ 30 വയസ്സ് മാത്രമേ തോന്നുകയുള്ളു.

ജീവിതം ഇവിടെത്തീർന്നു എന്നു വിചാരിച്ചിടത്തുനിന്ന്, ഏതു പ്രതിസന്ധിയിലും ഇഷ്ടങ്ങളെ ചേർത്തുപിടിച്ച് എങ്ങനെ ജീവിക്കണമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് മനീഷ കൊയ്‌രാള….

“കാൻസറിന് എതിരായ പോരാട്ടത്തിൽ വിജയിച്ചതിനു ശേഷം ജീവിതം എന്നത് എത്ര പ്രധാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് സ്വയം ഫിറ്റ്‌നസ് നിലനിർത്താൻ ഞാൻ യോഗയുടെയും ജിമ്മിന്‍റെയും സഹായം സ്വീകരിച്ചു. ഇതിനുപുറമെ ഞാൻ നെഗറ്റീവ് ആളുകളിൽ നിന്ന് അകലം പാലിക്കുകയും പോസിറ്റീവ് ചിന്തയിലേക്ക് തിരിയുകയും ചെയ്തു.” മനീഷ പറയുന്നു.

പുസ്‌തകം എഴുതി

“എനിക്ക് ഓപ്പൺ എയറിൽ വ്യായാമം ചെയ്യാൻ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാൻ ബീച്ചിൽ പോയി വ്യായാമം ചെയ്യുന്നത്. ഞാൻ കുറഞ്ഞത് 45 മിനിറ്റെങ്കിലും നടക്കുകയും പുസ്‌തകങ്ങൾ വായിക്കുകയും ചെയ്യും. ഈ സമയത്ത് എഴുത്തിനോടുള്ള അഭിനിവേശം എന്നിൽ വളർന്നു.” മനീഷ പറയുന്നു. കാൻസറിന് എതിരെ പോരാടിയ ആ യാത്രയെ കുറിച്ചും അതിനുശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ചും “ഹീൽഡ് ഹൗ ക്യാൻസർ ഗേവ് മി എ ന്യൂ ലൈഫ്” എന്ന പുസ്‌തകത്തിൽ അവർ വിവരിച്ചിട്ടുണ്ട്.

और कहानियां पढ़ने के लिए क्लिक करें...