പൂർണ്ണ ചന്ദ്രനെ ഓർമ്മപ്പെടുത്തുന്ന മുഖം. അത്രയ്ക്ക് നിലാ (നിലാവിൻ) പെരുമയുള്ള മുഖം
“നിലാപെരുമയെന്ന് പറഞ്ഞാൽ…” സംശയത്തിൻ ഇരുളിൽ നിന്ന് ഇങ്ങനെയൊരു ഒച്ചയുമായ് ശബ്നം.
“അത്രയ്ക്ക് പ്രസന്നത ഞാൻ പിന്നെയൊരു പെൺകുട്ടിയിലും കണ്ടിട്ടില്ല. അത് കൊണ്ടാണിങ്ങനെയൊരു ഉപമ…”
“ആ പെൺകുട്ടിക്ക് ശേഷമൊരു പെൺ മുഖത്തും നോക്കി കാണില്ല. അത് കൊണ്ടാ…” ഇത്രയും പറഞ്ഞ് ശബ്നം ചിരിച്ചു.
വാസ്തവ വിരുദ്ധമായ ഒന്നാണ് ശബ്നം എനിക്ക് മേൽ ആരോപിക്കുന്നത്. എന്‍റെ കാഴ്ചകളുടെ സൂക്ഷ്മതയിൽ സ്ത്രീകളേയുള്ളു. ഒരിക്കൽ ശബ്നവുമായ് എവിടെയോ പോയ് തിരിച്ച് വരുമ്പോൾ ബസ്സിന്‍റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ നോക്കുമ്പോൾ ആ പെൺകുട്ടി ആംഗ്യ ഭാഷയിൽ കൂടെയുള്ള ശബ്നയെ നോക്കുവെന്ന് പറഞ്ഞതവൾ മറന്ന് കാണും.
പെണ്ണുങ്ങളെ കാണുമ്പോൾ ഇങ്ങനെ നോക്കുന്നത് എന്തിനാണെന്ന് പുറത്തേക്കിറങ്ങുമ്പോഴൊക്കെ ശബ്നം ചോദിക്കാറുണ്ട്. കാണാൻ ചന്തമുള്ള പെണ്ണിനെ കാണുന്നിടത്തോളം ആനന്ദകരമായ ഒരു കാഴ്ചയും ഈ ലോകത്തിൽ വേറെയില്ലെന്നാണ് എന്‍റെ പക്ഷം.
ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാനും കാണാൻ ചേലുള്ള പെണ്ണല്ലേ എന്നാകും അവളുടെ മറുമൊഴി. സ്‌ഥിരമായ കാഴ്ച. അതെത്ര മനോഹരമായിരുന്നാലും വിരസമാകും.
ഇങ്ങനെയൊക്കെ പറഞ്ഞാലും ശബ്നത്തിന്‍റെ സുപ്പീരിയോറിറ്റിയും ഈഗോയുമൊന്നുമതിനെ അംഗീകരിച്ച് തരില്ല. എന്നാൽ സ്ത്രീയായാൽ എത്ര ബോൾഡായിരിക്കണമെന്നതിനുള്ള ഉത്തമോദാഹരണമാണ് ശബ്നമെന്നും എനിക്ക് അഭിപ്രായമുണ്ട്.
“ഇത്രയും നേരം പറഞ്ഞത് പോലല്ലല്ലോ അയാളിപ്പോൾ പറയുന്നത്. ഇയാളൊരു പെൺകോന്തനാണോ?”
“എന്‍റെ പ്രിയ സുഹൃത്തേ ആണിലാണെങ്കിലും പെണ്ണിലാണെങ്കിലും കാണുന്നതിനെ അംഗീകരിക്കണം. അല്ലാത്തതിന് നേരെ കണ്ണടയ്ക്കുയല്ല ചെയ്യേണ്ടത്. അതിനാ നിഷ്പക്ഷത എന്ന് പറയുന്നേ. മനസ്സിലായോ?”
“അതൊരു സുപ്രഭാതത്തിൽ ഉണ്ടാക്കി എടുക്കാനാവുന്നതല്ല. അതൊക്കെ ജന്മനാൽ ഉണ്ടാകണം. മനുഷ്യരൊക്കെ ഇപ്പോ തൻകാര്യം വൻകാര്യമെന്ന് കരുതുന്നവരാ. നടപ്പ് ഭാഷയിൽ പറഞ്ഞാൽ സ്വാർത്ഥർ. അതിനപ്പുറത്തേക്കൊരു ജീവിത സഞ്ചാരവും ഇപ്പോൾ ആർക്കുമില്ല. സമൂഹത്തിലുമില്ല. കുടുംബത്തിലുമില്ല. ഇപ്പോ കൂട്ടായ്മയൊന്നുമില്ല. ഇങ്ങനെയൊക്കെ പേരിട്ട് ചില നാടകങ്ങൾ ചില സംഘടനകൾ നടത്തുന്നുവെന്നല്ലാതെ.. ഒരുമിച്ച് ഇരിക്കുമ്പോഴും അടുത്തിരിക്കുന്ന ആളൊടൊരു മുന കാണും. അപ്പോ ചിലർ പറയും. ഞങ്ങൾ ദൈവമൊന്നുമല്ലല്ലോ കുറ്റങ്ങളും കുറവുകളുമൊന്നും ഇല്ലാതിരിക്കാൻ.. കുറ്റങ്ങളും കുറവുകളുമൊക്കെ മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാ..”
“ഇതൊരു അഞ്ഞഞ്ഞാ പിഞ്ഞഞ്ഞാ വർത്തമാനമായ് പോയ്. കുറ്റങ്ങളും കുറവുകളും മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാണെങ്കിലും അതിൽ നിന്നെങ്ങനെ വിട്ട് നിൽക്കാനാവുമെന്നതിനു വിശേഷബുദ്ധിയും മനുഷ്യന് കൊടുത്തിട്ടുണ്ട്. അത് കൊണ്ടല്ലേ നാരായണ ഗുരു അവനവനാത്മസുഖത്തിനായ് ആചരിക്കുന്നത് അപരനുമങ്ങനെയാവണമെന്ന് പറഞ്ഞത്. എന്നിട്ട് നിങ്ങളൊരു പെണ്ണിനെ കാണുമ്പോൾ നോക്കുന്നതിലങ്ങനെ സംഭവിക്കുന്നുണ്ടോ?”
“എന്തേ സംശയം?”
“അത് ഞാൻ നോക്കുന്ന പെണ്ണിന് താൻ കാണാൻ കൊള്ളാവുന്നൊരു പെണ്ണാണെന്ന പ്രതീതി ജനിപ്പിക്കുന്നില്ലേ? അതവരുടെ വ്യക്‌തി പ്രഭാവത്തെ വർദ്ധിപ്പിക്കുന്നില്ലേ? കൂടുതൽ അണിഞ്ഞൊരുങ്ങാൻ പ്രേരിപ്പിക്കുന്നില്ലേ? എന്തിലും ഏതിലും അപര ആദരവും സ്നേഹവും ഉണ്ടെങ്കിൽ കുടുംബവും സമൂഹവുമൊക്കെ നന്നായ്കൊള്ളും.”
“ഇതൊന്നും ആർക്കും മനസ്സിലാകാത്തതല്ല. മനസ്സിലായത് മനസ്സിലാകുന്നില്ലെന്ന് നടിക്കുന്നതാണ്. ഏത് മാരക രോഗത്തിന് ചികിത്സയുണ്ടെങ്കിലും ഈ രോഗത്തിന് ചികിത്സയില്ല. അത് കൊണ്ടാണീ സമൂഹം അതിന്‍റെ രോഗാതുരതയെ അതിജീവിക്കാനാവാതെ ഉഴലുന്നത്. ഇനിയുള്ള കാലമിതൊക്കയേ നടക്കൂ. അതെക്കുറിച്ചൊന്നുമാർക്കുമൊരു പരാതിയോ പരിഭവമോ ഉണ്ടാവാനും ഇടയില്ല. ഉണ്ടായെങ്കിൽ എന്നേ ഇവിടമതിന്‍റെ മിന്നാമിനുങ്ങിന് നുറുങ്ങ് വെട്ടം പോലുള്ള സൂചനകളെങ്കിലും ഉണ്ടായേക്കാം.
“കള്ളന്മാർ നാട് ഭരിക്കും പ്രജകൾ ബുദ്ധിമാന്ദ്യം വന്നവരെ പോലവരെ പേറും. ഭരിക്കുന്നവർ വിവേകികളാകും. അവർക്ക് ഊണിലും ഉറക്കത്തിലുമൊക്കെയൊരു പ്രാർത്ഥനയെ ഉണ്ടാകൂ. പ്രജകൾ യുക്തിഹീനരാകണമെന്ന്.”
ശബ്നം ഉറങ്ങിക്കഴിഞ്ഞു. കേൾക്കാൻ ആളില്ലെങ്കിൽ പറയുന്നതിനൊരു ആത്മാവുണ്ടാകില്ല. അപ്പോ ബാക്കിയൊക്കെ പിന്നെ പറയാനായ് കരുതിവെക്കാം. ആയുസ്സ് അനുവദിക്കുമെങ്കിൽ…
പിന്നെ ശബ്നത്തെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. അതെന്‍റെ വ്യക്തിപരമായ കാര്യമാണ്. തൽക്കാലം നിങ്ങളതിൽ ഇടപെടേണ്ട. അവൾ ജീവിച്ചിരിക്കുന്ന കാലത്തിന്‍റെ വിഹ്വലതകൾ അവൾക്ക് കൂടെ ബോധ്യമാകണമല്ലോ. അതിനായ് ഇങ്ങനെ ചില പറച്ചിലുകൾ.. അതെന്‍റെ… എന്ന നിലക്കുള്ള ഉത്തരവാദിത്തമാണെന്നാ ഞാൻ കരുതുന്നത്.”
“നാളെയൊരു കാലം അവൾ വേദനിക്കരുത്. എന്‍റെ ഇങ്ങനെയൊന്നും പറഞ്ഞില്ലല്ലോ എന്നോർത്ത് അത് ഭാവിയിൽ എത്രത്തോളം സഫലവും ആരോഗ്യകരമാകുന്നതിനെക്കുറിച്ചുള്ള വിചാരങ്ങളിലൊന്നും ഞാനിപ്പോൾ വ്യാപൃതനാകുന്നില്ല.”
“എന്തായാലും ശബ്നം ആരാണെന്നും എന്താണ് നിങ്ങളും അവരും തമ്മിലുള്ള ബന്ധമെന്നും വ്യക്തമാക്കേണ്ടതുമുണ്ടായിരുന്നു.”
“മനസ്സില്ല”
“ഞാൻ നിങ്ങൾ കരുതും പോലൊരു മര്യാദ രാമനെന്നു വ്യക്‌തിപരമായി പറഞ്ഞതിന്മേൽ കയറി വീണ്ടും സർക്കസ്സ് കളിക്കുന്നോ? ഞാൻ കരുതിയിരുന്നതാണ്. അവസാനം ഇങ്ങനെയൊരു കല്ലേറ്… അത് സംഭവിച്ചില്ലെങ്കിലും ഒരു സത്യം പറയാം. ഇപ്പോ ശബ്നം ഉള്ളത് കൊണ്ടാണ് എന്‍റെ ജീവിതഗൃഹത്തിൽ കാറ്റും വെളിച്ചവുമൊക്കെ കടന്ന് വരുന്നത്. അതിന് മുൻപെ ഞാനൊരു ഏകാകിയായിരുന്നു. എന്തായാലും എല്ലാവരോടും ഈയുള്ളവന്‍റെയും ശബ്നത്തിന്‍റെയും നന്ദിയും സ്നേഹവും…….





