റാഗി ബിസ്ക്കറ്റ്

റാഗിയിൽ മാംസ്യവും ധാതുക്കളും അടങ്ങിയിട്ട്. മറ്റ് അന്നജ ആഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ റാഗിയില്‍ അടങ്ങിയിരിക്കുന്നു.

ദിവസവും ഒരുനേരം റാഗി വിഭവം കഴിച്ചാൽ രോഗങ്ങളില്‍ നിന്നും ഒരു പരിധി വരെ രക്ഷപെടാന്‍ സാധിക്കും.

റാഗി ഉപയോഗിച്ച് ദോശ, അട, ചപ്പാത്തി, ഉപ്പുമാവ്, പുട്ട്, ഹൽവ, ഇഡ്ഡലി തുടങ്ങി സ്വാദിഷ്ഠവുമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാം.

 ചേരുവകൾ

റാഗി പൊടി അര കപ്പ്

ആട്ട അര കപ്പ്

ബട്ടർ അര കപ്പ്

ബ്രൗൺഷുഗർ അര കപ്പ്

ബേക്കിംഗ് പൗഡർ 3 ചെറിയ സ്പൂൺ

കൊക്കോപൗഡർ ഒരു വലിയ സ്പൂൺ

വാനില എക്സ്ട്രാക്റ്റ് അര സ്പൂൺ

പാൽ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ റാഗി പൊടി ഇട്ട് ഒരു മിനിറ്റ് വറുക്കുക. ശേഷം ഇതിൽ ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് മാവ് തയ്യാറാക്കാം.

ഇനി ചെറിയ ഉരുളകൾ തയ്യാറാക്കി കുക്കീസ് പോലെ പരത്തുക. ഇത് അടച്ച് ഫ്രിഡ്ജിൽ 20-30 മിനിറ്റ് വയ്ക്കുക.

അതിനുശേഷം ഓവനിൽ 160 ഡിഗ്രി സെൻറിഗ്രേഡിൽ 15 മിനിറ്റ് ബേക്ക് ചെയ്യാം. ബിസ്ക്കറ്റ് എയർടൈറ്റ് കണ്ടയ്നറിൽ സൂക്ഷിക്കാം.

 

നോ ബേക്ക് ബട്ടർ പീനട്ട് ബൈറ്റ്സ്

യൂറോപ്യൻ നാടുകളിലും അമേരിക്കൻ നാടുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ധാന്യമാണ് ഓട്സ്.

വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഓട്സിൽ വൈറ്റമിനുകൾ, മിനറൽ, ആന്‍റിക്സിഡന്‍റ് എന്നിവ അടങ്ങിയിരിക്കുന്നു.

ചേരുവകൾ

റോസ്റ്റഡ് ഓട്സ് ഒന്നര കപ്പ്

പീനട്ട് ബട്ടർ അര കപ്പ്

മേപ്പിൾ സിറപ്പ് മൂന്നിലൊന്ന് കപ്പ്

ചോക്ലേറ്റ് ചിപ്സ് മൂന്നിലൊന്ന് കപ്പ്

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം ഒരു ബൗളിൽ ഒരുമിച്ച് മിക്സ് ചെയ്ത് അര മണിക്കൂർ നേരം അടച്ച് ഫ്രിഡ്ജിൽ വയ്ക്കുക.

അര മണിക്കൂർ കഴിഞ്ഞ് എടുത്ത് ബോളുകൾ തയ്യാറാക്കി എയർ ടൈറ്റ് ഡബ്ബയിൽ സ്റ്റോർ ചെയ്ത് ആവശ്യാനുസരണം കഴിക്കാം.

ആക്ട്രസ് ലുക്കിൽ നിങ്ങൾക്കും തിളങ്ങാം

ഈ പുതുവർഷത്തിൽ എല്ലാവരും തന്നെ പെർഫക്റ്റ് ലുക്ക് വേണമെന്ന് സ്വപ്നം കാണുന്ന ആ പെർഫക്റ്റ് ലുക്ക് സ്വന്തമാക്കിയാലോ…. ഏത് അവസരത്തിലായാലും വളരെ സ്റ്റൈലിഷ് ആയി കാണപ്പെടണം. അതാണ് ഏത് പെണ്ണും ആഗ്രഹിക്കുന്നത്. സെലിബ്രിറ്റി ഫാഷൻ എന്നത് എപ്പോഴും ട്രെന്‍റിയായ ഒന്നാണ്. വസ്ത്രങ്ങൾ അണിഞ്ഞതു കൊണ്ട് മാത്രം സൗന്ദര്യം ഉണ്ടാകുമെന്നല്ല. നമ്മുടെ ആന്തരിക സൗന്ദര്യമാണ് നമ്മുടെ വ്യക്‌തിത്വത്തെ തിളക്കമുള്ളതാക്കുന്നത്. എന്നാൽ നൈസർഗ്ഗികമായി കിട്ടിയ സൗന്ദര്യത്തെ പരിപാലിക്കുക, സ്വയം സ്നേഹിക്കുക. അതിനാൽ ഈ പുതുവർഷത്തിൽ അൽപ്പം ശ്രദ്ധ സ്വന്തം കാര്യത്തിലും നൽകാം.

സ്കിൻ കെയർ തുടങ്ങി മേക്കപ്പ്, ഡ്രസ്സിംഗ് സെൻസ് എന്നിവയെല്ലാം തന്നെ പ്രധാനമാണ്. മികച്ച ലുക്കിന് പണം വാരികോരി ചെലവാക്കണമെന്നല്ല. മറിച്ച് കുറഞ്ഞ ചെലവിലും നിങ്ങൾക്ക് മികച്ച ലുക്ക് നേടിയെടുക്കാം. അൽപ്പം ബുദ്ധി പ്രയോഗിച്ചാൽ ആർക്കും സൗന്ദര്യറാണിയാകാം.

ഇതാ ചില വിശേഷപ്പെട്ട ടിപ്സുകൾ

കളർഫുൾ ട്രൗസർ

എല്ലാവരും അണിയുന്ന ഒന്നാണ് ജീൻസ്. മിക്കവരുടേയും കൈവശം ജീൻസുണ്ടാവുമല്ലോ. ജീൻസ് വാങ്ങാൻ ആഗ്രഹിക്കുന്നവർ ആ സ്‌ഥാനത്ത് മറ്റേതെങ്കിലും നിറത്തിലുള്ള ട്രൗസർ വാങ്ങാം. ഇത് വേറിട്ട സ്റ്റൈലിഷ് ലുക്ക് നൽകും. ഏത് ടോപ്പിനൊപ്പവും അണിഞ്ഞ് കൂളായി ഓഫീസിലും പോകാം. വളരെ കംഫർട്ടിബിളായ ഔട്ട് ഫിറ്റാണിത്. ആംഗിൾ ലെംഗ്ത് ട്രൗസർ കുർത്തയ്ക്കൊപ്പം തീർച്ചയായും ട്രൈ ചെയ്തു നോക്കൂ. ഫോർമൽ ലുക്കിനൊപ്പം ലേറ്റസ്റ്റ് ഫാഷൻ എന്ന ഫീലും ലഭിക്കും.

പ്ലീറ്റഡ് സ്കർട്ട്

വാർഡ്രോബിൽ ഒരു പ്ലീറ്റഡ് സ്കർട്ടെങ്കിലും കരുതി വയ്ക്കാം. ബജറ്റിനനുസരിച്ചുള്ളതും സ്റ്റൈലിഷ് ലുക്ക് ഉള്ളതുമായിരുന്നാൽ സംഗതി കലക്കും. ഡേറ്റിംഗിന് പോകാനോ ഓഫീസിലെ വീക്കെൻഡ് പാർട്ടിക്കോ പ്ലീറ്റഡ് സ്കർട്ട് ഫോർമലായും കാഷ്വലായും ധരിക്കാം. ഏത് ടോപ്പിനൊപ്പവും ഇത് ക്യാരി ചെയ്യാം.

സ്ട്രിപ്പ് ഡ്രസ്

ആക്ട്രസ് ലുക്ക് വേണമെന്ന് ആഗ്രഹിക്കുന്ന ഏത് പെൺകുട്ടിയും കുറഞ്ഞത് ഒരു സ്ട്രിപ്പ് ഡ്രസ്സെങ്കിലും കരുതി വയ്ക്കണം. ഏതെങ്കിലുമൊരു ദിവസത്തിൽ ഒരു സ്പെഷ്യൽ ലുക്ക് വേണമെന്ന് തോന്നുകയാണെങ്കിൽ ഈ ഡ്രസ് ധൈര്യപൂർവ്വം അണിയാം. ഇതും ബജറ്റ് ഫ്രണ്ട്‍ലി ഡ്രസ്സാണ്. മാത്രവുമല്ല അടിക്കടി ഷോപ്പിംഗ് നടത്തേണ്ട ആവശ്യവും വരില്ല. സ്വന്തം ഉയരമനുസരിച്ച് ഇതിന്‍റെ ലങ്ത്ത് കണക്കാക്കാം.

സാരി

ഏത് തരം വേസ്റ്റേൺ ഡ്രസ്സുകൾ ധരിച്ചാലും ശരി സാരി ധരിക്കുമ്പോഴുണ്ടാകുന്ന ഒരു ലുക്ക് വേറെ തന്നെയാണ്. ഏത് പെൺകുട്ടിയും കൊതിക്കുന്ന ഒന്ന്. അതുകൊണ്ട് സാരിയിൽ തന്നെ പുതിയ ട്രെന്‍റ് ട്രൈ ചെയ്‌ത് നോക്കാം. ഫേവറൈറ്റ് കളറിലുള്ള സീക്വൻസ് സാരി തന്നെ തെരഞ്ഞെടുക്കാം. വിവാഹ വേളയിലോ കോക്ടെയിൽ പാർട്ടിയിലോ സാരി ധരിക്കാം. ബോളിവുഡ് സുന്ദരിമാർ മനോഹരമായി സാരിയണിഞ്ഞ് തിളങ്ങുന്നത് കണ്ടിട്ടില്ലേ… സീക്വൻസ് സാരി ഇത്തരത്തിൽ ഫന്‍റാസ്റ്റിക് ഓപ്ഷനാണ്.

സ്പെഷ്യൽ ടിപ്

ലുക്കിനെ കോംപ്ലിമെന്‍റ് ചെയ്യുന്ന തരത്തിലുള്ള ഫുട്‍വിയര്‍ ധരിക്കണം. ഷൂസ്, ഹീൽ, ഫ്ളാറ്റ് സ്ലീപ്പർ എന്നിവ കയ്യിൽ കരുതി വയ്ക്കുക.

ഉറക്കമില്ലായ്മ ഉണ്ടോ….

നിങ്ങൾ ഉറങ്ങാൻ ആഗ്രഹിക്കുന്നു, പക്ഷേ മനസ്സ് ഒരു പട്ടം പോലെ എവിടെയൊക്കെയോ പാറി നടക്കുകയാണ്. ഉറക്കം വരാത്ത സ്‌ഥിതിയ്ക്ക് നിങ്ങൾ കൂട്ടുകാരനുമായോ, കൂട്ടുകാരിയുമായോ ചാറ്റിംഗ് ചെയ്യുകയോ അതുമല്ലെങ്കിൽ ഒരാവശ്യവുമില്ലാതെ ഫേസ്ബുക്കിലോ യൂട്യൂബിലോ അലഞ്ഞു തിരിയുകയോ ചെയ്യാം. ഉറങ്ങാൻ ശ്രമിക്കുന്നതിന് പകരം സോഷ്യൽ മീഡിയയുമായി അടുപ്പത്തിലാവുകയാണ് ചെയ്യുന്നത്. മിക്കവരിലും ഉണ്ടാകുന്ന ഒരവസ്‌ഥയാണിത്. ഉറക്കം വരാത്ത ഈയവസ്‌ഥ ഒരു ജീവിതശൈലി രോഗമാണ്. സ്ലീപ്പിംഗ് ഡിസ്ഓഡർ സാധാരണയായി തീർന്നിട്ടുണ്ട്. ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഇന്ന് മിക്കവരും കണ്ടുവരാറുണ്ട്. ഹൈപ്പർ ടെൻഷൻ, മാനസികപിരിമുറുക്കം, ഡിപ്രഷൻ, ഉറക്കമില്ലായ്മ എന്നിവയാണ് അതിൽ ഉൾപ്പെടുക.

ഉറക്കം വരാത്ത അവസ്ഥ

ആവശ്യത്തിലധികം ജോലി ചെയ്യുന്നതു കൊണ്ട് മനസ്സിനും ശരീരത്തിനും ഒരുപോലെ തളർച്ചയുണ്ടാകാം. തിടുക്കപ്പെട്ട് ഭക്ഷണം കഴിക്കുക ജങ്ക് ഫുഡ്ഡിനെ അമിതമായി ആശ്രയിക്കുക തുടങ്ങിയവ ഇത്തരം താളപ്പിഴകൾ ഉണ്ടാകാം. ഉറക്കമില്ലായ്മ പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. ഇത് വ്യക്‌തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും.

ഒരു പഠനമനുസരിച്ച് അമേരിക്കയിൽ 30 മുതൽ 40 ശതമാനം ആളുകൾ ഉറക്കമില്ലായ്മ അനുഭവിക്കുന്നവരാണ്. എന്നാൽ 10 മുതൽ 15 ശതമാനം മുതിർന്നവർക്ക് ഈ പ്രശ്നം പാരമ്പര്യമായി കിട്ടുന്നതാണ്.

ഇന്ത്യയിൽ ഒരു കോടിയിലധികമാളുകൾ ഉറക്കമില്ലായ്മ നേരിടുന്നവരാണത്രെ. ഇതിനുള്ള പ്രധാന കാരണം ഓരോ വ്യക്തിയും കൂടുതൽ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെന്നതാണ്. അതുകൊണ്ട് അവർ രാത്രി ഏറെക്കഴിഞ്ഞും ഓഫീസിൽ ജോലി തുടരുന്നു. അതിനിടയിൽ അവർക്ക് പാർട്ടികളിലും പങ്കെടുക്കണം. അതുകൊണ്ട് ഓഫീസ് കഴിഞ്ഞ് അവർ പാർട്ടിയിൽ പങ്കെടുക്കാൻ പോകും. അവരുടെ ജീവിതത്തിൽ എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടാകും. എന്നാൽ നല്ല ഉറക്കം മാത്രമുണ്ടാവില്ല.

ജീവിതത്തെ ആഴത്തിൽ ബാധിക്കുക

നമ്മുടെ മസ്തിഷ്കത്തിൽ ഉറങ്ങാനും ഉണരാനുമുള്ള ഒരു സൈക്കിൾ ഉണ്ടെന്നുള്ള കാര്യം ബഹുഭൂരിഭാഗം വിസ്മരിക്കുകയാണ് ചെയ്യുന്നത്. സ്ലീപ്പ് സൈക്കിൾ വർക്കിംഗ് മോഡിലാണെങ്കിൽ വേക്ക് അപ്പ് സൈക്കിൾ ഓഫിൽ ആയിരിക്കും. കാരണം സ്ലീപ് സൈക്കിൾ ജോലി ചെയ്യുന്നത് നിർത്തുമ്പോഴാണ് ഇത് സംഭവിക്കുക. അതുകൊണ്ട് ആരെങ്കിലും ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ടെങ്കിൽ ആ വ്യക്‌തിയുടെ ബയോളജിക്കൽ സിസ്റ്റത്തിൽ ഈ രണ്ട് സൈക്കിളും ഒരേ വശത്തേക്കാണ് ജോലി ചെയ്യുന്നതെന്ന് പറയാം. ആരോഗ്യത്തിന് ദോഷകരമാവുന്ന ഈ ഉറക്കരാഹിത്യം ജീവിതത്തെ ആഴത്തിൽ ബാധിക്കുന്നു. അതുകൊണ്ട് ഏത് വ്യക്‌തിയും ഉറങ്ങാൻ വളരെയധികം പ്രയാസം നേരിടേണ്ടി വരും. അതോടെ അവരുടെ ഊർജ്ജവും കുറയും. മനസ്സിന്‍റെ ഏകാഗ്രതയും നഷ്ടപ്പെടും. മൂഡ് തുടർച്ചയായി മാറി കൊണ്ടിരിക്കും. അതോടൊപ്പം അവരുടെ പെർഫോമൻസിനെയും അത് ബാധിക്കും.

ഉറക്കം എത്ര ആവശ്യമാണ്

ഉറക്കമില്ലായ്മ കൊണ്ട് പ്രയാസം നേരിടുന്ന ഭൂരിഭാഗംപ്പേരും ദൈനംദിന ജീവിതത്തിൽ പലതരം പ്രശ്നങ്ങളെയും നേരിടുന്നവരാണ്. ഉറക്കമില്ലായ്മ കൊണ്ട് വിഷാദം ഉണ്ടാകും. ഉറക്കമില്ലായ്മ നേരിടുന്നവർക്ക് പെട്ടെന്ന് ദേഷ്യം വരും. അവരുടെ മസ്‌തിഷ്കം ശരിയായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. ചിലർ രാത്രി ഏറെ വൈകിയും ഓഫീസിൽ ഇരിക്കാറുണ്ട്. ഒരേ ചെയറിലിരുന്ന് ദീർഘസമയം തുടരുന്ന ജോലി നട്ടെല്ലിൽ വേദനയുളവാക്കും ഒപ്പം നടുവേദനയ്ക്കും ഇരയാവും.

ഉറക്കമില്ലായ്മ 3-4 ആഴ്ചയിലധികം തുടരുകയാണെങ്കിൽ ആ വ്യക്‌തി ഉടനടി ഡോക്ടറെ കണ്ട് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ തേടണം. ഉറക്കമില്ലായ്മയ്ക്ക് ചികിത്സ തേടാനും ചിലർക്ക് ഭയമാണ്. ഈ പ്രശ്നത്തിന് മരുന്ന് കഴിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ പ്രകൃതിദത്തമായ ചികിത്സ കൊണ്ട് ഉറക്കമില്ലായ്മയെ പരിഹരിക്കാവുന്നതേയുള്ളൂ. എട്ട് മണിക്കൂർ സുഖനിദ്രയാണ് ഒരു വ്യക്‌തിക്കാവശ്യം. നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് നല്ല ഉറക്കം.

പരിഹാരം ഉണ്ട്

ഉറക്കമില്ലായ്മ നേരിടുന്നവർക്ക് വീട്ടിൽ ചെയ്യാവുന്ന ചില ഉപായങ്ങളുണ്ട്. കിടക്കുന്നതിന് മുമ്പായി ഇളം ചൂട് വെള്ളത്തിൽ കുളിക്കുക. ഇതൊരു വ്യായാമം പോലെയായിരിക്കും. ചൂട് വെള്ളത്തിലുള്ള കുളിക്ക് ശേഷം കിടന്നയുടനെ ഉറക്കം കിട്ടും.

പകൽ മുഴുവനുമുള്ള അദ്ധ്വാനത്തിനു ശേഷം മാംസപേശികൾക്ക് വിശ്രമം നൽകാനും നല്ല ഉറക്കം കിട്ടാനും സ്വന്തം ശരീരത്തെ കൂൾ ഡൗൺ ചെയ്യേണ്ടതാവശ്യമാണ്. അതിനായി ഒരു ടബ്ബിലോ, ബക്കറ്റിലോ നിറച്ച ഇളം ചൂട് വെള്ളത്തിൽ പാദങ്ങൾ മുക്കി വയ്ക്കുക.

ശരീരത്തിനും മാംസപേശികൾക്കും തന്തുക്കൾക്കും വിശ്രമം നൽകുന്നതിനായി ഒരു സ്പൂൺ എഡ്സം സോൾട്ട് അല്ലെങ്കിൽ ഡെഡ് സീസാൾട്ട് വെള്ളത്തിലിട്ട ശേഷം ഫുട്ട്ബാത്ത് ചെയ്യുക. ഇത് ചർമ്മത്തെ ബാക്ടീരിയകളിൽ നിന്നും സംരക്ഷിക്കും. പകൽ മുഴുവനുമുള്ള തളർച്ച മൂലം കാലുകൾക്കുണ്ടായിരിക്കുന്ന വേദന കുറയും. ഈ ചൂട് വെള്ളത്തിൽ എസ്സൻഷ്യൽ ഓയിൽ ചേർക്കുന്നതും നല്ലതാണ്. ശരീരത്തെയാകെ റിലാക്സ്ഡാക്കാൻ ഇത് സഹായിക്കും.

ഉറക്കമില്ലായ്മ പരിഹരിക്കാൻ പലതരം എണ്ണകൾക്കും കഴിയും. തുളസിയെണ്ണ, ദേവദാരു എണ്ണ, ലാവൻഡർ എണ്ണ, റോസ്മെറി എണ്ണ, വിന്‍റർ ഗ്രീൻ എണ്ണ മുതലായവ ഉപയോഗപ്പെടുത്താം. ഇതിൽ ഏതെങ്കിലും ഒരു എണ്ണയുടെ 1-2 തുള്ളി വെള്ളത്തിൽ ചേർത്ത് കുളിക്കാം.

വീട്ടുവൈദ്യം

ലാവൻഡർ ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്‌ത് 5 മിനിറ്റിനുള്ളിൽ തന്നെ അത് ശരീരത്തിലെ കോശങ്ങളിൽ എത്തിച്ചേരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ എണ്ണയുടെ ശാന്ത പ്രകൃതത്തിന് ഉറക്കമില്ലായ്മയെ പരിഹരിക്കാനാവും. ഇതിന്‍റെ സുഗന്ധം നേരിട്ട് മസ്തിഷ്കത്തിലെത്തും. എണ്ണയിലെ ബാഷ്പീകൃത മൂലിക നേരിട്ട് ശ്വാസത്തിൽ പ്രവേശിക്കും.

കിടക്കുന്നതിന് മുമ്പായി ചൂട് വെള്ളത്തിൽ കുളിക്കാനുള്ള സമയമില്ലെങ്കിൽ ഇളം ചൂട് വെള്ളത്തിൽ പാദങ്ങൾ മുക്കി വച്ചിരിക്കാം. പകൽ മുഴുവനുമുള്ള കഠിനാദ്ധ്വാനത്തിനു ശേഷം റിലാക്സാകാനുള്ള ഒരു മികച്ച രീതിയാണിത്. ഈ ഉപായത്തിലൂടെ ചർമ്മം ഹൈഡ്രേറ്റാകും. മാംസപേശികൾ അയയും. അതുവഴി റിലാക്സ്കാൻ സാധിക്കും. കിടക്കയിൽ കിടന്നയുടൻ നല്ല ഉറക്കവും കിട്ടും.

ഡോ. നരേഷ് അറോറ

ചേസ് അരോമതെറാപ്പി & കോസ്മെറ്റിക്സ്

ക്യാൻസർ പ്രതിരോധവും ആസ്പിരിനും

ക്യാൻസർ തടയൽ വളരെ സങ്കീർണമായ വിഷയമാണ്. അപകട സാദ്ധ്യത കുറയ്ക്കുന്നതിനുള്ള ജീവിതശൈലി മാറ്റങ്ങൾ, ആദ്യകാലത്ത് തന്നെ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള സ്ക്രീനിംഗ് രീതികൾ, മരുന്നുകൊണ്ട് ക്യാൻസറിനെ തടുക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ക്യാൻസറിനെ പ്രതിരോധിക്കുവാനുള്ള ചികിത്സ ഇപ്പോഴും അതിന്‍റെ ശൈശവസ്ഥായിയിലാണെങ്കിലും ചില പ്രധാനപ്പെട്ട കണ്ടെത്തലുകൾ ഇതിനകം നടത്തിയിട്ടുണ്ട്. ഇവയിൽ ആസ്പിരിനുള്ള പങ്ക് വളരെ വലുതാണ്.

ആസ്പിരിന്‍റെ രാസനാമം അസെറ്റൈൽ സാലിസിലിക് ആസിഡ് എന്നാണ്. ആസ്പിരിൻ നൂറ്റാണ്ടുകളായി വേദനയും പനിയും ചികിത്സയ്ക്കാനായി ഉപയോഗിച്ച് വരുന്നു. കൂടാതെ ഹൃദയാഘാതവും സ്ട്രോക്കും വരുവാനുള്ള സാദ്ധ്യത ഒരു പരിധിവരെ കുറയ്ക്കുവാൻ ആസ്പിരിന് കഴിയും.

ക്യാൻസർ പ്രതിരോധവും ആസ്പിരിനും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള നൂറിലധികം പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശകലനം അടുത്തിടെ ഏപ്രിൽ 6 ന് പ്രമുഖ ക്യാൻസർ ജേർണലായ അന്നൽസ് ഓഫ് ഓൺകോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആസ്പിരിൻ പതിവായി ഉപയോഗിക്കുന്നവരിൽ ജനന നാളത്തിൽ ഉണ്ടാവുന്ന വിവിധതരം ക്യാൻസറുകൾക്ക് ഉള്ള സാദ്ധ്യത 22 ശതമാനം മുതൽ 39 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തി. കൂടാതെ ഹെപ്പറ്റോ ബിലിയറി (കരൾ, പിത്താശയം, ബൈൽ ഡക്റ്റ്) ക്യാൻസറുകളുടെ കാര്യത്തിൽ 38 ശതമാനം കുറവ് കണ്ടെത്താനും സാധിച്ചു.

ഉയർന്ന ഡോസിൽ ആസ്പിരിൻ ഉപയോഗിച്ചാൽ വൻകുടലിലെ ബാധിക്കുന്ന ക്യാൻസറിനെ ഉയർന്ന നിരക്കിൽ പ്രതിരോധിക്കാൻ കഴിയും എന്ന് ഗവേഷകർ മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ ആസ്പിരിന് പല പാർശ്വഫലങ്ങളുണ്ട്. ആമാശയത്തിലും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും രക്‌തസ്രാവം, ആമാശയഭിത്തിയിൽ ഉണ്ടാക്കാവുന്ന നീർവീഴ്ച തുടങ്ങിയ പാർശ്വഫലങ്ങൾ ചിലപ്പോൾ കാണാറുണ്ട്. അതിനാൽ ഒരു ഡോക്ടറുമായി ആലോചിക്കാതെ ആസ്പിരിൻ ഉപയോഗിക്കുവാൻ പാടില്ല.

aspirn matter

പ്രതിരോധത്തിനായി ആസ്പിരിൻ ഉപദേശിക്കുന്നതിനു മുമ്പ് ലിംഗം, പ്രായം, ക്യാൻസറുമായി ബന്ധപ്പെട്ട കുടുംബ ചരിത്രം, വ്യക്‌തിക്ക് ക്യാൻസർ വരാനുള്ള അപകട സാദ്ധ്യത തുടങ്ങിയ പല ഘടകങ്ങളും ഡോക്ടർ കണക്കിലെടുക്കും. മേൽപ്പറഞ്ഞ ക്യാൻസർ വരുവാൻ കൂടുതൽ സാദ്ധ്യതുള്ള വ്യക്‌തികൾക്ക് ആസ്പിരിനിൽ നിന്ന് ഏറ്റവും വലിയ നേട്ടങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഉള്ള കണ്ടെത്തലുകൾ വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും എന്നുള്ള കാര്യത്തിൽ സംശയം ഇല്ല.

– ഡോ. സി.എൻ മോഹനൻ നായർ

സീനിയർ കൺസൾട്ടന്‍റ്, ഓൺകോളജിസ്റ്റ്, കൊച്ചി

മുഖക്കുരു ശല്യം ഒഴിവാക്കാം

പെൺകുട്ടികളുടെ ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. പൊതുവേ മുഖ സൗന്ദര്യത്തിന് വിലങ്ങുതടിയാകുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. വിയർപ്പാണ് മുഖക്കുരു ഉണ്ടാവാനുള്ള കാരണം.

  • മുഖം വിയർക്കുമ്പോൾ പൊതുവേ ചർമ്മത്തിൽ ഒട്ടൽ അനുഭവപ്പെടാം. അതോടെ പൊടി പടലങ്ങളും ചർമ്മത്തിൽ ഒട്ടിപിടിക്കും. അതോടെ രോമ സുഷിരങ്ങൾ അടഞ്ഞു പോവുകയും വിയർപ്പ് കുരുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതിന് പുറമെ ഭൂരിഭാഗം പേരുടെയും ചർമ്മം കൂടുതൽ സംവേദന ക്ഷമവുമായിരിക്കും. വിയർപ്പും അഴുക്കുകളും അടിഞ്ഞ് ചൊറിച്ചിലും തടിച്ച പാടുകൾ പോലെയുള്ള പ്രശ്നങ്ങളും പ്രത്യക്ഷപ്പെടുന്നു.
  • ഓയിലി സ്കാൽപ്പും മുഖക്കുരുവിനുള്ള ഒരു വലിയ കാരണമാണ്. ഇത് മുഖക്കുരു എളുപ്പത്തിൽ ഉണ്ടാകാനിട വരുത്തും.
  • വിയർപ്പ് മൂലം മുഖത്തിന് ഓയിലി ലുക്ക് കിട്ടാതിരിക്കാൻ സ്ത്രീകൾ മുഖത്ത് പൗഡർ ഇടാറുണ്ട്. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. കാരണം പൗഡറിന്‍റെ അമിത പ്രയോഗം രോമസുഷിരങ്ങളെ ബ്ലോക്ക് ചെയ്ത് മുഖക്കുരു പ്രശ്നമുണ്ടാക്കും.

പരിഹാരമാർഗ്ഗം

  • അമിത തണുപ്പും ചൂടും ഉള്ള കാലാവസ്‌ഥയിൽ വളരെ ലൈറ്റ് മേക്കപ്പ് ചെയ്യുക. കിടക്കുന്നതിന് മുമ്പായി മുഖം വൃത്തിയാക്കുക.
  • ഓയിൽ മേക്കപ്പ് പ്രൊഡക്റ്റ് പ്രയോഗിക്കരുത്.
  • ക്ലേ മാസ്ക്ക് പ്രയോഗിക്കുക. മുഖത്ത് വിയർപ്പ് ഉണ്ടാകുന്നത് കുറയും.
  • രണ്ട് തുള്ളി ലെമൺ ജ്യൂസ് വെള്ളത്തിൽ ചേർത്ത് ദിവസവും മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം മുഖം കഴുകുക. വിയർപ്പ് മൂലം മുഖത്ത് അടിഞ്ഞു കൂടുന്ന അമിതമായ എണ്ണ നീങ്ങി കിട്ടും. അഥവാ മുഖക്കുരു ഉണ്ടെങ്കിൽ അത് ക്രമേണ മാറിക്കോളും.
  • കടുക് പൊടിച്ചതിൽ തേൻ ചേർത്ത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഇതും വിയർപ്പ് പ്രശ്നത്തെയകറ്റും. മുഖക്കുരു പ്രശ്നത്തിന് ആശ്വാസവും കിട്ടും.
  • കോട്ടൺ തുണിയിൽ ഐസ് ക്യൂബ് വച്ച് പൊതിഞ്ഞ ശേഷമ മുഖത്ത് 1-2 മിനിറ്റ് നേരം ഉരസുക. മുഖക്കുരു, അമിത എണ്ണമയം മാറിക്കിട്ടും.
  • ഐസ് സ്പേഞ്ച് ചെയ്യുമ്പോൾ കണ്ണിന് സമീപത്ത് പ്രയോഗിക്കരുത്. ഐസ് സ്പേഞ്ച് 2 മിനിറ്റിലധികം അധികരിക്കരുത്. മറ്റൊരു പ്രധാന കാര്യം കൂടി ശ്രദ്ധിക്കണം. ഐസ് ക്യൂബ് ഒരിക്കലും ചർമ്മത്തിൽ നേരിട്ട് പ്രയോഗിക്കരുത്. അത് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ.

“എന്‍റെ തൊഴിൽ എനിക്ക് സാമൂഹ്യസേവനം കൂടിയാണ്” സുബിത സുകുമാർ

വർക്കിംഗ് ജേർണലിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ കൊറോണ വാരിയേഴ്സ് അവാർഡ് നേടിയ മാധ്യമ പ്രവർത്തക. മാധ്യമപ്രവർത്തനത്തിലൂടെ സാമൂഹ്യ സേവനത്തിന്‍റെ അന്തസത്ത ഉയർത്തിപ്പിടിച്ച് വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കുന്ന സുബിത. സമൂഹത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ദുരിതക്കയങ്ങളിൽ കഷ്ടപ്പെടുന്നവരുടെ വേദനകളെ പുറംലോകത്തെയറിയിച്ച് അവർക്കാശ്വാസവും അഭയവുമായി മാറുകയാണീ മാധ്യമപ്രവർത്തക. സമൂഹത്തിനുവേണ്ടി ഇങ്ങനെയും നന്മകൾ ചെയ്യാനാവുമെന്നതിന് ഉദാത്ത മാതൃകയാണിവർ.

മാധ്യമരംഗത്തെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളെ മുൻനിർത്തി നിരവധി പുരസ്കാരങ്ങളും ഇതിനോടകം സുബിതയ്ക്ക് ലഭിച്ചിട്ടുണ്ട്.

ലഭിച്ച അംഗീകാരങ്ങൾ?

2013 ൽ സംസ്ഥാന ടെലിവിഷൻ ബെസ്റ്റ് ന്യൂസ് പ്രസന്‍റർ അവാർഡ് എനിക്ക് ലഭിച്ചിരുന്നു. അഞ്ച് വാർത്താധിഷ്ഠിത പരിപാടികൾ ഞാൻ ജീവൻ ചാനലിൽ ചെയ്യുന്നുണ്ട്. അതിലൊന്നാണ് കാഴ്ചപ്പതിപ്പ് എന്ന പരിപാടി. ഏകദേശം 250 എപ്പിസോഡ് ആയിട്ടുണ്ട് ഈ പരിപാടി. കാഴ്ചപ്പതിപ്പിൽ വന്ന ചിതയുടെ കാവൽക്കാരി സെലീനയ്ക്കാണ് 2016 ബെസ്റ്റ് ഡോക്യുമെന്‍ററി ഓൺ ബയോഗ്രഫിയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് കിട്ടുന്നത്. ഡോക്യുമെന്‍ററി ഓൺ വിമൻ ആന്‍റ് ചിൽഡ്രൻ വിഭാഗത്തിൽ ടീച്ചറമ്മ എന്ന ബയോഗ്രഫിയ്ക്കും. ഞാൻ ആദ്യം ചെയ്ത ഡോക്യുമെന്‍ററിയായിരുന്നുവത്. ഭിന്നശേഷിക്കാരായ, ബുദ്ധിവൈകല്യം സംഭവിച്ച 65 കുട്ടികളെ ഏറ്റെടുത്ത റിട്ടയേഡ് പ്രഫസർ ഭാനുമതിയെന്ന സ്നേഹനിധിയായ ടീച്ചറമ്മയെക്കുറിച്ചുള്ളതായിരുന്നു ആ പരിപാടി.

മറ്റൊന്ന് നാലുകെട്ടിലെ മുരളീധരൻ (കാലിന് കീഴ്പ്പോട്ട് സ്വാധീനമില്ലാത്ത വ്യക്‌തി) എന്ന ബയോഗ്രഫിയ്ക്കായിരുന്നു. എസ്‍സിഎസ്ടി വിഭാഗങ്ങളുടെ ഉന്നമനത്തിനായുമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തി അമ്മയുറങ്ങാത്ത വീട്, കാവലമ്മ, അഭയമില്ലാത്ത 6 പെണ്ണുങ്ങൾ എന്നീ ഡോക്യുമെന്‍ററികൾക്ക് ബിആർ അംബേദ്കർ അവാർഡ് ലഭിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാറിന്‍റെ ബെസ്റ്റ് ഡൈവേഴ്സിറ്റി അവാർഡും 2017 ൽ എനിക്ക് ലഭിച്ചിരുന്നു.

മാധ്യമരംഗത്തെ മൊത്തം പ്രവർത്തനങ്ങളെ കാണക്കിലെടുത്താണ് ഏറ്റവും ഒടുവിലായി കിട്ടിയ കൊറോണ വാരിയേഴ്സ് അവാർഡ്. അവാർഡുകൾ നൽകുന്ന സന്തോഷം വളരെ വലുതാണെങ്കിലും അതിലുപരിയായിട്ടുള്ളത് ഞാൻ ചെയ്ത പരിപാടിയിലൂടെ ഒത്തിരിപ്പേർക്ക് സഹായമെത്തിക്കാൻ കഴിഞ്ഞുവെന്ന സംതൃപ്തി. അതാണ് എന്‍റെ ഊർജ്‌ജവും ആശ്വാസവും.

ഗൾഫ് ന്യൂസ് വീക്ക് പ്രോഗ്രാം ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാണല്ലോ?

കഷ്ടതയനുഭവിക്കുന്ന പ്രവാസികളെക്കുറിച്ചുള്ള പരിപാടിയാണത്. പല പ്രശ്നങ്ങളിൽ പെട്ട് ഗൾഫ് രാജ്യങ്ങളിലെ ജയിലിൽ കിടന്ന എത്രയോ പേരെ നാട്ടിലെത്തിക്കാൻ ഈ പരിപാടിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നതാണ് ഇതിന്‍റെ വിജയം. പ്രവാസികളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചുള്ള പരിപാടികൾ കണ്ട് ഗൾഫിലെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് ഞങ്ങളെ വിളിച്ച് വിവരങ്ങൾ മനസ്സിലാക്കി പലരേയും നാട്ടിലെത്തിച്ചിട്ടുണ്ട്. എന്‍റെ എഫ്ബി കമന്‍റ് ബോക്സിൽ അതിന്‍റെ പേരിൽ നിറയെ അഭിനന്ദനങ്ങൾ അറിയിച്ചുള്ള സന്ദേശങ്ങൾ വരാറുണ്ട്. പ്രവാസികളുടെ മദർ തെരേസ എന്നും വിശേഷിപ്പിച്ച് കണ്ടിട്ടുണ്ട്. അതൊക്കെ കാണുമ്പോൾ കണ്ണും മനസ്സും നിറഞ്ഞ സംതൃപ്തിയാണ്.

ആഴ്ചവട്ടം എന്ന വാർത്താധിഷ്ടിത പരിപാടിയെക്കുറിച്ച് പറയാമോ?

ട്രാൻസ്ജെൻഡേഴ്സിനെക്കൊണ്ട് വാർത്ത വായിപ്പിക്കുന്ന ലോകത്തെ ആദ്യപരിപാടിയായിരുന്നു ഇത്. ഇതിന്‍റെ പ്രൊഡ്യൂസർ ഞാനാണ്. ഈ പരിപാടി ഒരു ദേശീയ മാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. ക്ഷേമാ സാംബമൂർത്തിയെന്ന മാധ്യമ പ്രവർത്തക എടുത്ത എന്‍റെ അഭിമുഖം അതിൽ വന്നിരുന്നു. ട്രാൻസ്ജെൻഡേഴ്സിനെ സഹായിക്കുന്ന കുറേ സ്ഥാപനങ്ങളുടെ സർവ്വേ എടുത്തിരുന്നു. ഇന്ത്യയിൽ പൊതുവേ ട്രാൻസ്ജെൻഡേഴ്സ് തഴയപ്പെടുന്ന വിഭാഗമാണല്ലോ. ആ സാഹചര്യത്തിൽ ട്രാൻസിനെ സപ്പോർട്ട് ചെയ്യുന്ന ചാനൽ ഏറെ ശ്രദ്ധ നേടി. എല്ലാ ഞായറാഴ്ചകളിലുമാണ് ആഴ്ചവട്ടം വന്നിരുന്നത്. മഞ്‌ജുവാര്യരുടെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വീറ്റി ബെർണാഡ്, ഋത്വിക് എന്നിവരാണ് വാർത്ത അവതരിപ്പിച്ചിരുന്നത്.

മാധ്യമപ്രവർത്തനത്തിലേക്ക് വരാനുണ്ടായ സാഹചര്യം?

എന്‍റെ ഭർത്താവ് ഷാജി ജി കുമാർ ആണ് എന്നെ ഈ രംഗത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം മനോരമയിൽ ചീഫ് ക്യാമറാമാനായിരുന്നു. അതുകൊണ്ട് എന്‍റെ തുടക്കം മനോരമയിലായി. ദി വീക്കിൽ ജോലി ചെയ്തു. ഒരിക്കലും ഈ രംഗത്ത് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബോട്ടണിയിൽ എംഎസ്സി കഴിഞ്ഞ് റിസർച്ച് ഒക്കെ ചെയ്യാനായിരുന്നു താൽപര്യം. ഒരു ഡോക്ടറേറ്റ് എടുക്കണം പ്രൊഫസറാകണം എന്നൊക്കെയായിരുന്നു എന്‍റെ അപ്പോഴത്തെ ലക്ഷ്യം. പക്ഷേ ഭർത്താവിന് ഞാൻ മാധ്യമരംഗത്തേക്ക് വരുന്നതിലായിരുന്നു താൽപര്യം. എംഎസ്സി പഠിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു ഞങ്ങളുടെ കല്യാണം. ആദ്യമൊക്കെ അൽപം ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും പിന്നീട് ഈ ജോലി ഏറെ ഇഷ്ടപ്പെട്ട് തുടങ്ങി.

ദീർഘകാലമായി ജീവൻ ടിവിയിൽ… മറ്റ് അവസരങ്ങൾ തേടി വന്നിട്ടും അതൊന്നും വേണ്ടാന്നുവച്ചു? എന്തായിരുന്നു കാരണം?

ജീവൻ ടിവി തുടങ്ങിയ സമയത്ത് വെറുതെ അപ്ലൈ ചെയ്തു. ന്യൂസ് പ്രസന്‍ററായിട്ട്. ഹസ്ബന്‍റ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജീവൻ ടിവിയിൽ സെലക്ടായി. 2002 ൽ തുടങ്ങി ഞാൻ ജീവൻ ടിവിയുടെ ഭാഗമായി. പിന്നെയൊരു ചാനലിലും പോയിട്ടില്ല. ഒത്തിരി ചാനലുകൾ ഉണ്ടായി. പല ചാനലുകളിൽ നിന്നും വിളിച്ചിട്ടുണ്ട്. മികച്ച സാലറി ഓഫർ ചെയ്തിട്ടുണ്ട്. എന്‍റെയൊപ്പം ജോലി ചെയ്തിരുന്ന പലരും പല ചാനലുകളിലേക്ക് ചേക്കേറിയപ്പോഴും എന്‍റെ മനസ്സ് അതിന് അനുവദിച്ചില്ല. ഈ ചാനലിൽ നിൽക്കുമ്പോഴെ നമുക്ക് സാമൂഹ്യ പ്രവർത്തനം ചെയ്യാൻ പറ്റുള്ളൂ. ചാനലിൽ നിന്നും എനിക്ക് കിട്ടുന്ന ആദരവുണ്ട്. ഉത്തരവാദിത്വ ബോധമുണ്ട്. ആ ഒരു സ്വാതന്ത്യ്രവും ഡിസിഷൻ മേക്കിംഗിനുള്ള അവസരവും മറ്റെങ്ങും കിട്ടില്ല. കേരളത്തിലെവിടെയും വാർത്ത ചെയ്യാം. കാഴ്ചപ്പതിപ്പ് ചെയ്യാം. ജോലിയ്ക്ക് വേണ്ടുന്ന എല്ലാവിധ സൗകര്യങ്ങളും ചാനൽ ഒരുക്കിത്തരുന്നുണ്ട്.

മാധ്യമപ്രവർത്തകർ സാമൂഹിക പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് വിശ്വസിക്കുന്നുണ്ടോ?

തീർച്ചയായും. മാധ്യമപ്രവർത്തകൻ നല്ലൊരു സാമൂഹ്യ പ്രവർത്തകനായിരിക്കണം എന്നാണെന്‍റെ അഭിപ്രായം. ചാനലിലെ പ്രോഗ്രാമുകളിലൂടെ മാത്രമേ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്താൻ പറ്റുകയുള്ളു. മറ്റു ചാനലുകളിൽ പോയാൽ അങ്ങനെയൊരവസരം കിട്ടണമെന്നില്ല. ആശയപരമായ എതിർപ്പുകളും പ്രതിസന്ധികളും പ്രതിബന്ധങ്ങളായി ഉയരാം. പണത്തിനല്ല ഞാൻ പ്രാധാന്യം നൽകുന്നത്. മറിച്ച് മാധ്യമപ്രവർത്തനത്തിലൂടെ സമൂഹത്തിന് നന്മ ഉണ്ടാകുന്ന പ്രവർത്തനങ്ങൾക്കാണ് ഞാൻ മുൻഗണന നൽകുന്നത്. പൊതുവേ എല്ലാവരാൽ അവഗണിക്കപ്പെടുന്നവരാണ് പാവപ്പെട്ടവർ. മാധ്യമപ്രവർത്തനമാകുമ്പോൾ പറയുന്ന കാര്യങ്ങൾക്ക് റീച്ച് ഉണ്ടാകും. ആ സ്ഥാനത്ത് നിൽക്കുമ്പോൾ പരമാവധി കാര്യങ്ങൾ ചെയ്യണം. അതുകൊണ്ട് ചാനലിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മറ്റ് മുൻനിര ചാനലുകൾക്കൊപ്പം തന്നെ.

മത്സരാധിഷ്ഠിതമാണ് ചാനൽ ലോകം. ഇത്തരം പശ്ചാത്തലം വെല്ലുവിളിയല്ലേ?

ചാനലിന് അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിക്കുകയെന്നുള്ളത് വലിയ കാര്യമാണ്. മുൻനിര ചാനൽ അല്ലാത്തതിനാൽ നമ്മുടെ പ്രവർത്തനമികവ് റക്കമെന്‍റ് ചെയ്യാൻ പറ്റില്ല. മുൻനിര ചാനലുകൾക്ക് അത്തരം പ്രശ്നമുണ്ടാവണമെന്നില്ല. കേരളത്തിൽ ജീവൻ ടിവിയ്ക്ക് വ്യൂവേഴ്സ് ഉണ്ടാവില്ല. പക്ഷേ കേരളത്തിനും ഇന്ത്യയ്ക്കും പുറത്താണ് ഞങ്ങളുടെ കാഴ്ചക്കാർ ഉള്ളത്. കഴിവുകൊണ്ട് മാത്രമാണ് ചാനലിന് അവാർഡുകൾ കിട്ടിയത്. ചാനൽ പ്രോഗ്രാമുകൾക്കും കാഴ്ചപ്പതിപ്പിനും കാഴ്ചക്കാർ പുറത്തുള്ളവരാണ്. ലോകമെമ്പാടും നിന്നുള്ള പ്രതികരണങ്ങൾ കിട്ടുമ്പോൾ ശരിക്കും സന്തോഷം തോന്നാറുണ്ട്.

subhitha sukumar

വെറും ഒരു ജോലിയായി കാണാതെ മാധ്യമപ്രവർത്തനത്തിന് ഒരു സേവനതലമുണ്ടെന്ന് തിരിച്ചറിഞ്ഞുള്ള പ്രവർത്തനരീതിയിൽ വിശ്വസിക്കുന്നുണ്ടോ?

ശരിക്കും. ആളുകൾ കുറേ മാറേണ്ടതുണ്ട്. ജോലിയിൽ പ്രവേശിക്കുമ്പോൾ സത്യം പറഞ്ഞാൽ എനിക്കൊന്നുമറിയില്ലായിരുന്നു. എംഎസ്സി കഴിഞ്ഞിട്ടാണ് ഞാൻ ജേർണലിസം പഠിക്കുന്നത്. അന്നൊക്കെ ന്യൂസ് പ്രസന്‍റിംഗ് എന്നതല്ലാതെ ഒന്നുമറിയില്ല. പക്ഷേ അന്നുതുടങ്ങി സാമൂഹിക പ്രവർത്തനം ചെയ്യണമെന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. മറ്റൊന്ന് ഞാൻ ശ്രദ്ധിച്ചിരുന്ന ഒരു കാര്യമുണ്ട്. ഒരാൾ ഒരു പ്രോഗ്രാം ചെയ്ത് കഴിഞ്ഞാൽ അത് അവിടെ കഴിഞ്ഞ് മുന്നോട്ട് പോവുകയാണ് ചെയ്യുക. പക്ഷേ ഇന്ന് അതിൽ മാറ്റമുണ്ടായിട്ടുണ്ട്. ഇനിയും മാറേണ്ടതുണ്ട്. നമ്മൾ കാണാറില്ലേ, ചാനലുകളിൽ എത്രയെത്ര അനാവശ്യങ്ങളായ പരിപാടികളാണ് നടക്കുന്നത്.

ജീവിതം വഴിമുട്ടി നിൽക്കുന്ന എത്രയോ ദുർബലവിഭാഗങ്ങളുണ്ട് ഇവിടെ. ചില ചാനലുകളിൽ ദുർബലവിഭാഗങ്ങൾക്ക് സഹായകമാകുന്ന പരിപാടികൾ നടക്കുന്നുണ്ട്. കഥയല്ലിത് ജീവിതം പോലുള്ളവ. ഈ ലോകത്ത് ബഹുഭൂരിഭാഗവും ദരിദ്രരായിട്ടുള്ളവരാണ്. അവരെയൊക്കെ കൈപിടിച്ച് ഉയർത്തണം. എന്ത് പ്രോഗ്രാം ചെയ്താലും അവരെയും കൂടി സപ്പോർട്ട് ചെയ്തുള്ളതാവണം. കുറേ റിയാലിറ്റി ഷോകൾ നടത്താറുണ്ട്. അത് അവർക്കും കൂടി പ്രയോജനകരമാകുന്ന രീതിയിൽ വേണം. എന്‍റർടെയ്ൻമെന്‍റ് വേണ്ടാന്നല്ല. അതൊക്കെ വേണം. ഒപ്പം സാമൂഹികപ്രവർത്തനത്തിനും സ്ഥാനം നൽകണം.

കാഴ്‌ചപതിപ്പിൽ നാലുകെട്ടിലെ മുരളീധരൻ എന്ന തലക്കെട്ടിൽ വന്ന ഫീച്ചർ, അതിനുമുമ്പ് മുരളീധരനെപ്പറ്റി മറ്റു ചാനലുകൾ വാർത്ത കൊടുത്തിരുന്നു. പക്ഷേ അതുകൊണ്ട് ഒരു സഹായവും കിട്ടിയില്ലെന്ന് മുരളീധരൻ ഞങ്ങളോട് പറയുകയുണ്ടായി. മുരളീധരനെപ്പറ്റി പുറം ലോകം അറിഞ്ഞതോടെ ധാരാളം സഹായങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

പരിപാടിയിൽ എന്‍റെ ഫോൺ നമ്പറാണ് കൊടുത്തിരുന്നത്. ആ നമ്പറിൽ വിളിച്ചാണ് മുരളീധരനുള്ള സഹായ വാഗ്ദാനങ്ങൾ ഓരോരുത്തരും അറിയിച്ചിരുന്നുത്. ഇങ്ങനെയുള്ള സാമ്പത്തിക ഇടപാടുകൾ നേരിട്ടാകുന്നതാണ് കൂടുതൽ നല്ലത്. ഞങ്ങൾ അങ്ങനെ മുരളീധരനുമായി അവരെ ഡയറക്ട് കോണ്ടാക്ട് ചെയ്യിക്കുകയായിരുന്നു. ആ ഒരു ജെനുവിനിറ്റി നമ്മുടെ പ്രോഗ്രാമിനുണ്ട്.

വിഷ്വൽ മീഡിയയെന്നത് മുഴുവൻ സമയം ആവശ്യപ്പെടുന്ന ഒന്നാണ്. ഇത് സമ്മർദ്ദം ഉണ്ടാക്കാറുണ്ടോ?

സത്യം പറഞ്ഞാൽ ജോലിയിൽ നിന്നുള്ള സംതൃപ്തിയാണ് എന്‍റെ എനർജി. നമ്മുടെ പരിപാടി കണ്ട് വീട് വച്ചുകൊടുക്കാൻ തയ്യാറാണെന്ന് പറയുമ്പോഴോ ധനസഹായ വാഗ്ദാനം ചെയ്യുന്നതോ കാണുമ്പോൾ വലിയ സന്തോഷമാണ്, നിറഞ്ഞ സംത്യപ്തിയാണ്. നമ്മുടെ പരിപാടിയിലൂടെ സഹായം കിട്ടുന്നവരുടെ കുടുംബത്തിന്‍റെ സന്തോഷവും ചിരിയുമൊക്കെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം മറ്റൊന്നിനും തരാനാവില്ല. അങ്ങനെ സഹായം കിട്ടിയ ഒരു ആലിക്ക… അവരെന്നും എന്നെ ഓർത്ത് പ്രാർത്ഥിക്കുന്നുവെന്ന് പറയുമ്പോൾ തോന്നുന്ന ആ സന്തോഷം, ഊർജ്ജം അതാണ് വലിയ നന്മ. അത് നമ്മുടെ ചാനൽ കാത്തുസൂക്ഷിക്കുന്നുണ്ട്.

സ്ത്രീ പുരുഷ വേർതിരിവില്ലാത്ത മേഖലയായി മാറിയിരിക്കുന്നു മാധ്യമലോകം?

അതേ. നല്ല സ്വാതന്ത്യ്രമുണ്ട് എവിടെയും പോകാൻ പറ്റും. സഹപ്രവർത്തകരും പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ട്. നമ്മുടെ ബലം അതോറിറ്റിയാണ്. എംഡി ബേബി മാത്യു സോമതീരം, ചീഫ് ന്യൂസ് എഡിറ്റർ ബാബു വളപ്പായ സാറും എക്സി.എഡിറ്റർ പി.ജെ ആന്‍റണി പിന്നെ എന്‍റെ കൂടെയുള്ള മറ്റ് സഹപ്രവർത്തകർ എന്നിവരുടെ നിർലോഭമായ പിന്തുണ, അതാണ് ശക്‌തി. അവാർഡിനുള്ള എൻട്രി ക്ഷണിച്ചുകൊണ്ടുള്ള പത്രക്കുറിപ്പുകൾ ഒക്കെ കൊണ്ടുവന്ന് അയക്കാൻ പ്രോത്സാഹിപ്പിക്കുന്നത് അവരാണ്. പിജെ ആന്‍റണി സാറാണ് കാഴ്ചപ്പതിപ്പ് എന്ന പ്രോഗ്രാമിനുള്ള ത്രെഡ് ചിലപ്പോൾ തരുന്നത്. നമ്മൾ കൂടിവന്നാൽ രണ്ട് മൂന്ന് പത്രങ്ങളായിരിക്കും വായിക്കുക. അദ്ദേഹം ദിവസവും 10-15 പത്രങ്ങൾ വായിക്കും.

മാധ്യമപ്രവർത്തക എന്ന നിലയിൽ ഉണ്ടായ മറക്കാനാവാത്ത അനുഭവങ്ങളെപ്പറ്റി?

ആത്മാർത്ഥതയോടെ ഏത് കാര്യവും ചെയ്താൽ അതിന്‍റെ ഫലം കിട്ടും. ഈ വിശ്വാസക്കാരിയാണ് ഞാൻ. അല്ലെങ്കിൽ ഇവിടെ പ്രേക്ഷകർ കുറവുള്ള ചാനലിന് ഇത്രയും അവാർഡുകൾ കിട്ടുമോ? എവിടെയൊക്കെയോ ഉള്ള ആളുകൾ കാണുന്നുണ്ട്. വിലയിരുത്തുന്നുണ്ട്. ഇത് പറയുമ്പോൾ എനിക്ക് വികെ ശ്രീരാമൻ അയച്ച സന്ദേശമാണ് ഓർമ്മ വരുന്നത്. അദ്ദേഹം കൈരളി ചാനലിൽ ഒരു പരിപാടി ചെയ്തുകൊണ്ടിരിക്കെയാണ് എനിക്ക് ആ സന്ദേശം അയച്ചത്. ഞാൻ അന്ന് കാഴ്ചപ്പതിപ്പിൽ യഹൂദന്‍റെ വിലാപം എന്ന പരിപാടി ചെയ്തിരുന്നു. അത് കണ്ടിട്ടാണ് അദ്ദേഹം ഇപ്രകാരം സന്ദേശമയച്ചത്.

“ഞാനൊരു യഹൂദനെ കണ്ടു. നല്ല പരിപാടി.” അത് എനിക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു. അങ്ങനെ എത്രയോ പേർ സന്ദേശം അയക്കുന്നു. അവയോരോന്നും മറക്കാൻ പറ്റാത്തവ തന്നെയാണ്.

അതുപോലെ ഏറ്റവും സങ്കടകരമായ അവസ്ഥയും ഉണ്ടായിട്ടുണ്ട്. കാഴ്ചപ്പതിപ്പ് എന്ന പരിപാടിയാണല്ലോ എന്‍റെ ഹൈലൈറ്റ്. അതിൽ ചെയ്ത അഭയമില്ലാത്ത 6 പെണ്ണുങ്ങൾ എന്ന ഒരു പരിപാടി ഞാൻ ചെയ്തിരുന്നു. ഭർത്താവ് ആകസ്മികമായി മരണപ്പെട്ട് അനാഥരായ 6 സ്ത്രീകളെ കുറിച്ചായിരുന്നു പരിപാടി. മരിച്ചയാളിന്‍റെ 4 പെണ്മക്കൾ, വിധവയായ പെങ്ങൾ, ഭാര്യ എന്നിങ്ങനെ 6 പേർ. അടച്ചുറപ്പില്ലാത്ത ചെറ്റക്കുടിലിൽ ദരിദ്രമായ സാഹചര്യത്തിൽ പകച്ചു നിൽക്കുന്ന 6 പെണ്ണുങ്ങൾ. ആ കാഴ്ച ഹൃദയത്തിന്‍റെ വേദനയായി നിറയുന്ന ഒന്നായിരുന്നു. അത് വല്ലാത്ത സങ്കടമായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിൽ വന്നിട്ടും ഒന്നും കഴിക്കാൻ തോന്നിയില്ല. ഭർത്താവിനോടും ഇതേപ്പറ്റി പറഞ്ഞു സങ്കടപ്പെട്ടു. പരിപാടി കണ്ട് പിന്നീട് അവർക്ക് ധാരാളം സഹായം കിട്ടി. കുട്ടികളെ പഠിപ്പിക്കാനും വീടുണ്ടാക്കാനും കഴിഞ്ഞു. ഇത്തരം ജീവിതങ്ങൾ കാണുമ്പോൾ നമ്മുടെയൊന്നും സങ്കടം ഒന്നുമല്ലായെന്ന് തോന്നും.

പലപ്പോഴും കാഴ്ചപ്പതിപ്പിനുള്ള സ്റ്റോറി ചെയ്യാൻ പോകുമ്പോൾ ഓരോരുത്തരുടേയും ദയനീയത കണ്ട് ഞാൻ കാശും ഭക്ഷണ സാധനങ്ങളും ഒക്കെ കൊടുത്തിട്ടുണ്ട്. ഞങ്ങളുടെ വാഹനത്തിൽ അവർക്കുള്ള അരിയും മറ്റ് വസ്തുക്കളും വാങ്ങി കൊണ്ടുകൊടുത്തിട്ടുമുണ്ട്. നമ്മൾ മനുഷ്യരല്ലേ. നമ്മൾ ചെയ്യുന്ന പരിപാടിക്കുള്ള വസ്തുക്കളല്ലല്ലോ അവർ. അവരെ അങ്ങനെ ഉപക്ഷേിച്ച് പോരാൻ തോന്നില്ല.

വാർത്തവായനക്കിടയിൽ സങ്കടമുണർത്തുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോ?

ഈയടുത്ത് പാലക്കാട് ഗർഭിണിയായ ആന ചരിഞ്ഞതും കൂടത്തായി കൊലപാതകങ്ങളുമൊക്കെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ച സംഭവങ്ങളാണ്. അത്തരം വാർത്തകൾ സ്പോട്ടിൽ വരുമ്പോൾ, വിഷ്വൽസ് കാണിക്കുമ്പോൾ വായിക്കാൻ പറ്റില്ല. പക്ഷേ ആ സങ്കടം ഉള്ളിലൊതുക്കി മാനേജ് ചെയ്യും. .

മാധ്യമപ്രവർത്തനം മാറ്റിനിർത്തിയാൽ ഇഷ്ടപ്പെട്ട മറ്റ് കാര്യങ്ങൾ?

സംഗീതം ഒരുപാടിഷ്ടമാണ്. ഞാൻ പാടാറുമുണ്ട്. അതുപോലെ ഞങ്ങളുടെ ഹെഡ് എഴുതിയ പാട്ടിന് സംഗീതം പകർന്ന് അമ്മയ്ക്കൊരു പാട്ട് എന്ന സെഗ്മെന്‍റിൽ ഞാൻ പാടുകയുണ്ടായി. പാട്ട് എനിക്ക് ജീവനാണ്. അമ്മ ഞങ്ങളെ നാരായണീയം ചൊല്ലൽ പഠിപ്പിച്ചിരുന്നു. ഗുരുവായൂരിൽ പോയി നാരായണീയം വായിച്ചിരുന്നു. പിന്നെ മൂകാംബിക ക്ഷേത്രത്തിൽ പോയി 7 ദിവസം ഭാഗവതവും.

അതുപോലെ കുട്ടിക്കാലത്ത് ഏറെ ആസ്വദിച്ചരുന്ന ഒന്നുണ്ട് പത്രവായന. രണ്ടിലും മൂന്നിലുമൊക്കെ പഠിക്കുമ്പോൾ അപ്പൂപ്പൻ എന്നെയും ചേട്ടന്മാരെയും കൊണ്ട് പത്രങ്ങൾ വായിപ്പിക്കുമായിരുന്നു. അന്ന് മുഖപ്രസംഗം എന്ന പേജുണ്ടല്ലോ. അത് വായിപ്പിക്കും. അതൊരു ട്രെയിനിംഗ് കൂടിയായിരുന്നു. അപ്പൂപ്പന് കാഴ്ച കുറഞ്ഞപ്പോൾ ഞങ്ങൾ ഇത് മുടങ്ങാതെ ചെയ്യുമായിരുന്നു. അന്ന് ഞങ്ങളുടെ വീട്ടിലെ ടിവിയുണ്ടായിരുന്നുള്ളൂ. അപ്പോൾ വാർത്തകൾ കാണണമെന്നത് നിർബന്ധമായിരുന്നു. ദൂരദർശൻ മാത്രമല്ലേ ഉണ്ടായിരുന്നത്. അന്നൊക്കെ വാർത്തവായനക്കാരായ രാജേശ്വരി മോഹൻ, അളകനന്ദ, മായ എന്നിവരെ ഞാൻ നോക്കിയിരിക്കും.

മറ്റു വിശേഷങ്ങൾ

അമ്മ സ്ക്കൂൾ അദ്ധ്യാപികയായിരുന്നു. രണ്ട് സഹോദരന്മാരുണ്ട്. മഹാരാജാസിലായിരുന്നു പ്രീഡിഗ്രിയും പിജിയും ചെയ്തത്. ഡിഗ്രി തലയോലപ്പറമ്പ് ഡിബി കോളേജിലും. എംഎസ്സി ബോട്ടണിയാണ് ചെയ്തത്. അന്ന് 12 ടോപ്പേഴ്സിൽ ഒരാളായിരുന്നു ഞാൻ. എംഎസ്സി കഴിഞ്ഞ് റിസർച്ച് ഒക്കെ ചെയ്ത് ഡോക്ടറേറ്റ് എടുക്കണം, പ്രൊഫസറകാണം എന്നൊക്കെയായിരുന്നു ഡ്രീം. പക്ഷേ വിവാഹശേഷം തീരുമാനം മാറ്റുകയായിരുന്നു. ജേർണലിസ്റ്റായി. മനോരമയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഞാൻ ഇഗ്നോയിൽ ജേർണലിസം കോഴ്സ് ചെയ്യുന്നത്.

ഉഠാ… വികാസ് ഉഠാ!

2014 കോമൺ വെൽത്ത്‌ഗെയിംസ്. ഗ്ലാസ്ഗോ, സ്ക്കോട്ട്ലന്‍റിന്‍റെ മനോഹാരിതയിൽ അരങ്ങേറിയ കോമൺവെൽത്ത് ഗെയിംസിൽ പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള ഒരു പയ്യൻ 85 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗ് മത്സര വിഭാഗത്തിൽ വെള്ളിക്കൊടി പാറിച്ചു. അതൊരു പുതിയ താരോദയത്തിന്‍റെ തുടക്കം തന്നെയായിരുന്നു. വികാസ് ഠാക്കൂർ എന്ന വെയ്റ്റ്ലിഫ്റ്ററിന്‍റെ തുടക്കം. നാല് വർഷത്തിനിപ്പുറം 2018ലെ ഗോൾഡ് കോസ്റ്റ് കോമൺവെൽത്തിലും വികാസ് നിരാശപ്പെടുത്തിയില്ല. വളരെ ചലഞ്ചിംഗായ 94 കിലോഗ്രാം വിഭാഗത്തിൽ വികാസ് ബ്രോൺസ് മെഡൽ കരസ്ഥമാക്കി. ചെറുപ്പം മുതൽക്കേ വീടിനടുത്തുള്ള ലുധിയാന ക്ലബ്ബിൽ പരിശീലിച്ചു തുടങ്ങിയ വികാസ് 2011ൽ തന്‍റെ കരിയർ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആരംഭിച്ചു. 5 തവണ തുടർച്ചയായി നാഷണൽ ചാമ്പ്യനായി. ഇപ്പോഴും ചാമ്പ്യൻ പട്ടം വികാസ് നിലനിർത്തുന്നു.

ആ ചെറിയ വലിയ തുടക്കം

ലുധിയാനയിൽ ഞങ്ങളുടെ വീടിന്‍റെ തൊട്ടടുത്തായിരുന്നു ഗുരുനാനാക്ക്  സ്റ്റേഡിയം. എന്നും രാവിലെ അച്ഛൻ നടക്കാൻ പോകുമ്പോൾ എന്നെയും കൊണ്ടുപോകും. ആ പ്രായത്തിൽ വലിയ ഗ്രൗണ്ട് മൂന്ന് തവണയൊക്കെ അച്ഛന്‍റെ കൂടെ ഞാൻ വലം വയ്ക്കാറുണ്ട്. അന്നേ അച്ഛന് അറിയാമായിരുന്നെന്ന് തോന്നുന്നു എന്‍റെ സ്പോർട്സിലെ താൽപര്യം.

10 വയസ്സുള്ളപ്പോൾ തൊട്ടേ ശ്രദ്ധ വെയ്റ്റ്ലിഫ്റ്റിംഗായി എന്നു പറഞ്ഞാൽ അതിൽ ഒരു ഇത്തിരി അതിശയോക്തി ഇല്ലേ എന്നു നിങ്ങൾ കരുതും. എന്നാൽ അങ്ങനെയല്ല. റെയിൽവേസിൽ ജോലി ചെയ്യുന്ന എന്‍റെ അച്ഛന് എന്നെക്കുറിച്ചുണ്ടായ സ്വപ്നമാണ് ഇന്നത്തെ ഈ ഞാൻ. മാത്രമല്ല അച്ഛന്‍റെ വാക്കുകളിൽ പറഞ്ഞാൽ സ്പോർട്സിൽ കുട്ടികൾക്ക് ഒരുപാട് അവസരങ്ങളും സാദ്ധ്യതകളും ഉണ്ട്. അങ്ങനെ 2003ൽ വെയ്റ്റ്ലിഫ്റ്റിംഗിന്‍റെ ലോകത്തേക്ക് അച്ഛൻ കൈപിടിച്ചു കയറ്റി. അന്ന് അച്ഛന്‍റെ സ്വപ്നം 2010ലെ കോമൺവെൽത്തിൽ എന്നെ പങ്കെടുപ്പിക്കുക എന്നതായിരുന്നു. എന്നാൽ അത് സാധിച്ചില്ല. പക്ഷേ 20-ാം വയസ്സിൽ എനിക്ക് കോമൺവെൽത്തിൽ പങ്കെടുക്കാൻ സാധിക്കുകയും 85 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടാനും കഴിഞ്ഞു.

കോമൺവെൽത്തിലെ ആദ്യ മെഡൽ

ഇന്‍റർനാഷണൽ മെഡൽ എന്നുള്ളത് എന്നേക്കാൾ അച്ഛന്‍റെ സ്വപ്നമായിരുന്നു. കോമൺവെൽത്തിൽ പങ്കെടുക്കാൻ സാധിച്ചപ്പോൾ സത്യത്തിൽ ഒരു ബ്രോൺസ് എങ്കിലും കിട്ടണം എന്നേ പ്രാർത്ഥിച്ചുള്ളു. അവിടെ നിന്ന് എനിക്ക് സിൽവർ നേടാൻ സാധിച്ചു. 2016ലെ റിയോ ഒളിംപിക്സിൽ 2014 കോമൺവെൽത്ത് പെർഫോമൻസ് എനിക്ക് ആവർത്തിക്കാൻ കഴിഞ്ഞില്ല. അതൊന്നും എന്‍റെ മനസ്സിനെയോ ശരീരത്തിനേയോ ബാധിച്ചിട്ടില്ല. ബാധിക്കാൻ പാടില്ലാ എന്ന ഉത്തമബോദ്ധ്യമുണ്ട്. ഞാൻ പറയുന്നത് എത്ര പരിശീലനം എടുത്താലും ആ ഒരു ദിവസത്തെ ലക്കും ഒരു വലിയ ഫാക്ടറാണ്. വെയ്റ്റ്ലിഫ്റ്റിംഗിന്‍റെ പടവുകൾ നടന്നു തുടങ്ങിയിട്ടല്ലേയുള്ളൂ. എനിക്ക് ഇനിയും സമയം ധാരാളമുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. ഇനിയെത്രയൊക്കെ പടവുകൾ എനിക്ക് കയറാൻ കഴിഞ്ഞാലും 2014ലെ കോമൺവെൽത്ത് സിൽവർ മെഡൽ, ഞാൻ അച്ഛന് നൽകിയ സമ്മാനം! അതാണ് എന്‍റെ ഏറ്റവും ഗ്രേറ്റ് നിമിഷം.

2018ൽ എനിക്ക് ബ്രോൺസ് കൊണ്ട് തൃപ്തനാകേണ്ടി വന്നു. കാരണം 94 കിലോഗ്രാം വിഭാഗം വളരെ കോമ്പറ്റീഷനുള്ള ഒന്നാണ്. 85ൽ നിന്ന് നേരെ 94 കിലോയിലേക്കുള്ള മാറ്റവും എന്നെ ചെറുതായി ബാധിച്ചു. പിന്നെ 2018ൽ ബ്രോൺസ് കിട്ടിയപ്പോൾ പ്രധാനമന്ത്രി മോദിജിയുടെ പ്രശംസിച്ചുകൊണ്ടുള്ള ട്വീറ്റും ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തെ കാണാനും സാധിച്ചു.

കഠിനമായ പരിശീലനം… 

മറ്റുള്ള സ്പോർട്സ് ഇവെന്‍റുകൾ പോലെയല്ല. വെയ്റ്റ്ലിഫറ്റിംഗ് വളരെ കഠിനമാണ്. പരിശീലനം അതിലേറെ ദുഷ്കരവുമാണ്. അപകട സാദ്ധ്യത വളരെ കൂടുതലാണ്. ഓരോ ലിഫ്റ്റിലും ഓരോ അപകടം പതിയിരിക്കുന്നു. നമ്മളൊന്നും മെഷിന്‍ അല്ലാത്തകൊണ്ട് തന്നെ ലക്ക് എന്ന ഘടകം ഒരുപാട് വേണ്ട ഒരു ഇനമാണിത്. ആഴ്ചയിൽ 3 ദിവസം എന്ന രീതിയിലാണ് പരിശീലനം. ഈ മൂന്ന് ദിവസങ്ങൾ 3 സമയങ്ങളിലായി 8 മണിക്കൂറോളം പ്രാക്ടീസ് ചെയ്യുന്നു. രാവിലെ ഗ്രൗണ്ട് വർക്കിൽ തുടങ്ങി രാത്രി 8 മണിയോളം നീളുന്ന പരിശീലനമാണ്. പിന്നെ ഇതിനെല്ലാത്തിലുമുപരി പുറത്ത് നിന്നുള്ള ഭക്ഷണമൊക്കെ അവോയ്ഡ് ചെയ്യണം. ശരീരം നോക്കണം. ആദ്യമൊക്കെ എനിക്ക് അതൊക്കെ ഭയങ്കര ബദ്ധിമുട്ടായിരുന്നു. പക്ഷേ വീട്ടുകാരും എന്‍റെ പരിശീലകന്മാരുമൊക്കെ ചേർന്ന് എന്‍റെ ഫോക്കസ് വെയ്റ്റ്ലിഫ്റ്റിംഗിൽ തന്നെ നിർത്താൻ ഒരുപാട് സഹായിച്ചു. ഇപ്പോഴും പുറത്ത് നിന്ന് സ്വാദിഷ്ഠമായ വിഭവങ്ങളൊക്കെ കാണുമ്പോൾ കൊതി വരുമെങ്കിലും ഞാൻ സ്വയം അടക്കും.

സപ്പോർട്ട്, പ്രചോദനം…

ഇന്ത്യൻ ഫെഡറേഷന്‍റെ ഭാഗത്ത് നിന്ന് നല്ല സപ്പോർട്ടാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഞാൻ വളരെ ഹാപ്പിയാണ്. മറ്റൊരു കാര്യം, ഞാൻ കരിയർ തുടങ്ങിയ സമയത്ത് ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പറായിരുന്നു. ബാക്കിയുള്ളവർ എന്നേക്കാൾ 12ഉം 14ഉം വർഷം എക്സ്പീരിയൻസ് ഉള്ളവരാണ്. വെറുതെ ഇരിക്കാത്ത എന്‍റെ സ്വഭാവം കാരണം ഞാൻ ക്യാംപിൽ എന്തെങ്കിലുമൊക്കെ വേലത്തരങ്ങൾ ഒപ്പിച്ചുകൊണ്ടിരിക്കും. മറ്റൊരു കാര്യം തുറന്നു പറയട്ടെ. ക്യാമ്പിൽ ആയിരിക്കുമ്പോൾ ചിലർ പറയുന്നതു കേൾക്കാറുണ്ട്. വീട് വല്ലാതെ മിസ് ചെയ്യുന്നെന്നൊക്കെ… എന്നെ സംബന്ധിച്ച് അങ്ങനെയൊരു സംഭവമേയില്ല. അതിനുള്ള എല്ലാ ക്രെഡിറ്റും ഇന്ത്യൻ ഫെഡറേഷനിലെ ടീമംഗങ്ങൾക്കും പരിശീലകർക്കുമാണ്. കാരണം അവർ ഞങ്ങളോട് വളരെയടുത്ത ബന്ധം പുലർത്തുന്നു. വെയ്റ്റ്ലിഫ്റ്റിംഗ് മാത്രമല്ല ടീമിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധത്തിനും വളരെയധികം പ്രധാന്യം നൽകാറുണ്ട്.

മറ്റൊരു കാര്യം എടുത്ത് പറയാനുള്ളത്. വിദേശത്തും ഞാൻ പരിശീലനം നടത്താറുണ്ട്. തീർച്ചയായും ഇന്ത്യൻ ഫെഡറേഷന്‍റെ കീഴിലുള്ള പരിശീലനമാണ് ബെസ്റ്റ് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്. അതിന്‍റെയും കാരണം കോച്ചസിന്‍റെ ഈ കെയറിംഗ് തന്നെയാണ്. പിന്നെ എന്‍റെ ഏറ്റവും വലിയ പ്രചോദനം ഇന്ത്യൻ വെയ്റ്റ്ലിഫ്റ്റർ രവികുമാർ സാർ ആണ്.

കുട്ടിക്കാലവും പഠനവും

സ്ക്കൂളിംഗെല്ലാം ലുധിയാനയിൽ എസ്ഡി പബ്ലിക് സ്ക്കൂളിൽ ആയിരുന്നു. കാല്‍സാ കോളേജിലാണ് ആർട്സ് ബിരുദം ചെയ്തത്. ഇതിനിടയിൽ പഠനത്തിന് പ്രാധാന്യം കൊടുത്ത് കോളേജ് ലൈഫ് ഒന്നും ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. കരിയർ ഫോക്കസ്ഡായാൽ എല്ലാവർക്കും അങ്ങനെയേ സാധിക്കൂ… ആലോചിക്കുമ്പോൾ നഷ്ടം തോന്നാറുണ്ട്. പക്ഷേ കോളേജ് ഓർമ്മകൾ ഒന്നും തന്നെയില്ല. കോളേജിനെക്കുറിച്ച് ആകെയുള്ള ഓർമ്മകൾ പരീക്ഷകൾ എഴുതാൻ പോകുന്നത് മാത്രമാണ്.

ഞാൻ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണ്. ഫ്രണ്ട്സുമായി തരം കിട്ടിയാൽ ട്രിപ്പൊക്കെ പോകാൻ ശ്രമിക്കാറുമുണ്ട്. കുട്ടിക്കാലം തൊട്ടേയുള്ള കൂട്ടുകാരാണ് എനിക്കിപ്പോഴും. ഇന്ത്യൻ ആർമിയിൽ ഉള്ള വിപിൻ കുമാറാണ് എന്‍റെ ബെസ്റ്റ് ഫ്രണ്ട്. അവനും ഒരു വെയ്റ്റ്ലിഫ്റ്റർ ആണ്. പിന്നെ അജയ്, അഷു.. ഇവരൊക്കെ തന്നെ എപ്പോഴും സപ്പോർട്ടായുണ്ട്. സൗഹൃദങ്ങൾക്ക് ഒരു വക്‌തിയുടെ ജീവിതത്തെ ഒരുപാട് സ്വാധീനിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു.

മറ്റ് ആഗ്രഹങ്ങൾ

ഇന്ത്യൻ വായുസേനയിലാണ് ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത്, പോലീസ് സേനയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. സർക്കാർ എന്നെ ആ വിഭാഗത്തിലേക്ക് വിളിച്ചാൽ തീർച്ചയായും വായുസേനയിലെ ഉദ്യോഗം ഞാൻ രാജിവയ്ക്കും. എനിക്ക് കുറച്ച് കൂടി ചലഞ്ചിംഗും ഞാൻ എന്നെ കാണാൻ ആഗ്രഹിക്കുന്നതും ഒരു പോലീസ്കാരനായിട്ടാണ്. ഞാൻ ജനിച്ചത് ഹിമാചൽ പ്രദേശിലാണ്. അച്ഛന്‍റെ ജോലി സംബന്ധിയായാണ് ഞങ്ങൾ ലുധിയാനയിലേക്ക് താമസം മാറിയത്. പഞ്ചാബിനെയാണ് ഞാൻ വെയ്റ്റ്ലിഫ്റ്റിംഗിൽ പ്രതിനിധീകരിക്കുന്നതെങ്കിലും എന്‍റെ ജന്മനാടായ ഹിമാചലിനെ പ്രതിനിധീകരിച്ച് മെഡൽ നേടാൻ കഴിയണമെന്നാണ് എന്‍റെ മറ്റൊരു ആഗ്രഹം. അത് പിന്നെ എല്ലാവർക്കും അങ്ങനെതന്നെയായിരിക്കുമല്ലോ…

ഞാൻ ഭക്ഷണപ്രിയൻ… 

അത് മാത്രം ഓർമ്മിപ്പിക്കരുത്. എന്നെ കണ്ടാൽ തന്നെ അറിയില്ലേ. നന്നായി ഫുഡ് കഴിക്കുന്ന കൂട്ടത്തിലാണെന്ന്. എന്‍റെ അമ്മയാണ് ഈ വേൾഡിലെ ബെസ്റ്റ് കുക്ക്. അമ്മയുടെ പേര് ആശാ ഠാക്കൂർ. അച്ഛൻ ബ്രിജ് ഠാക്കൂർ. എന്‍റെ ഗോഡ്മാൻ! പിന്നെ ഭക്ഷണത്തിന്‍റെ കാര്യം പറഞ്ഞാൽ ഇപ്പോൾ കുറച്ചൊക്കെ നിയന്ത്രിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ കുറച്ചൊന്നുമല്ല കേട്ടോ ഈ നിയന്ത്രണം, ക്യാമ്പ് ഡയറ്റ് മാത്രമാണ് ഈ പാവം എന്‍റെ മെനു. എനിക്കൊരു സഹോദരിയുണ്ട്. അഭിലാഷ. ഞാനും അവളും വീട്ടിലുണ്ടെങ്കിൽ പിന്നെ പൂരമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സഹോദരിയുടെ വിവാഹം കഴിഞ്ഞു. സഹോദരിയുടെ ഭർത്താവ് സംഗീത് എഞ്ചിനീയറാണ്.

വികാസിന്‍റെ വിവാഹം എന്നാണ്?

വിവാഹമോ… ഞാനൊരു കൊച്ചു പയ്യനല്ലേ.. അതിനൊക്കെ ഇനിയും ഒരുപാട് സമയമുണ്ട്. ഇപ്പോൾ ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് എന്‍റെ കരിയറിനെയാണ്. കുറച്ചുകാലം ഞാൻ എന്‍റെ കരിയറുമായി ജീവിക്കട്ടെ… എന്നിട്ടാകാം മറ്റൊരു വിവാഹം.. ഒരു കാര്യം കൂടി പറയാം. ഇന്‍റർനാഷണൽ ഇവെന്‍റിൽ ഗോൾഡ് മെഡൽ കിട്ടട്ടെ! ഇന്ത്യൻ ദേശീയ ഗാനം അലയടിക്കട്ടെ… ത്രിവർണ്ണ പതാക ഉയരുന്നത് നോക്കി മനസ്സ് നിറഞ്ഞ് ഞാനൊന്ന് ഒരുപാട് കരയട്ടെ, എന്നിട്ടേ ഞാൻ വിവാഹം കഴിക്കൂ…

മറ്റൊരു വലിയ സ്വപ്നം…

 പിന്നെ ഒരു ഭയങ്കര മോഹമുണ്ട്. എന്‍റെ ജീവിതവും സിനിമയാകണം. വെറുതെ പറഞ്ഞതല്ല. കുറച്ച് അത്യാഗ്രഹമാണ്. എന്നാലും മിൽഖാ സിംഗ് പോലെയോ മേരികോം പോലെയോ ഭാവിയിൽ എന്‍റെ പേരിലും സിനിമ വരണം. വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് അതൊരു പ്രചോദനമാകുന്നെങ്കിൽ ആകട്ടെ! ഫ്രണ്ട്സൊക്കെ തമാശയ്ക്ക് പറയും… അങ്ങനെയൊരു സിനിമ വരികയാണെങ്കിൽ അതിന്‍റെ പേരായിരിക്കും ഉഠാ വികാസ് ഉഠാ! എങ്ങനെയുണ്ട് നല്ലതല്ലേ!

ജീവിതം തൃപ്തികരമാക്കാൻ ഇത്രയും മതി

ജീവിതത്തിൽ സന്തോഷം അനുഭവിക്കാൻ കഴിയുന്നതിന്‍റെ അത്രയൊന്നും നമ്മൾ സന്തോഷിപ്പിക്കാറില്ല. കാരണം നമ്മൾ ജീവിതത്തെ അതേ സ്വാഭാവികതയോടെ സ്വീകരിക്കാറില്ല. പലപ്പോഴും സന്തോഷം നശിപ്പിക്കുന്നതിലാണ് നമ്മൾ സ്വയം ഏർപ്പെടുന്നത്. നിങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്‍റെ ഡ്രൈവർ നിങ്ങൾ തന്നെയാവണം. ആ സീറ്റിലിരുന്ന് ഈ മാറ്റങ്ങൾ വരുത്തി നോക്കൂ. ആനന്ദം ചുറ്റിലും നിറയുന്നതു കാണാം…

17 കാരിയെപ്പോലെ ഇടപ്പെടാം

തുളസി ഹെൽത്ത് കെയർ ഡയറക്‌ടർ ഡോ. ഗൗരവ് ഗുപ്ത പറയുന്നത്, “നിങ്ങളുടെ കുട്ടികൾ 17-18 വയസ്സുള്ളവരാണെങ്കിൽ അവരുടെ അടുത്ത് അമ്മയെപ്പോലെ ഇടപ്പെടരുതെന്നാണ്. അമ്മയായിരിക്കുമ്പോൾ തന്നെ സുഹൃത്തിനെപ്പോലെ ഇടപ്പെടാം. അല്ലെങ്കിൽ മൂത്ത ചേച്ചിയെപ്പോലെ പെരുമാറാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ജനറേഷൻ ഗ്യാപ് ഇല്ലാതാക്കാൻ കഴിയും. മാത്രമല്ല നിങ്ങളുടെ പ്രായത്തെപ്പറ്റിയുള്ള ആശങ്കകളും അകലും. കുട്ടികളുടെ പക്കൽ നിന്നും അധിക ബഹുമാനം കിട്ടുകയും ചെയ്യും.” ഇതിന്‍റെ ഏറ്റവും വലിയ ഗുണം എന്താണെന്ന് വച്ചാൽ കുട്ടികൾ യാതൊരു കാര്യവും നിങ്ങളിൽ നിന്ന് ഒളിക്കുകയില്ല എന്നതാണ്.

ടീനേജ് വല്ലാത്തൊരു കാലഘട്ടമാണ്. ഒരുപാട് വൈകാരികതയിലൂടെ കടന്നു പോകുന്ന പ്രായം ആത്മവിശ്വാസവും വിജയിക്കാനുള്ള ത്വരയും അവരിൽ സൃഷ്ടിക്കേണ്ടതും ഈ പ്രായത്തിലാണ്. ലക്ഷ്യത്തിൽ നിന്ന് അകലാതെ അവരെ നേർവഴിക്ക് നയിക്കുകയും വേണം.

കുട്ടികളിൽ നിങ്ങളുടെ ചിന്തകൾ അടിച്ചേൽപ്പിക്കാനും പാടില്ല. 17-18 വയസ്സിൽ അവരുടേതായ ചിന്ത വികസിച്ചിട്ടുണ്ടാവും. അവരെ അവരുടെ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും വിടുക. പക്ഷേ നല്ലതും ചീത്തയും വേർതിരിച്ചു കൊടുക്കണമെന്ന് മാത്രം. ആ ഉത്തരവാദിത്വം സൗഹൃദ മനോഭാവത്തോടെ നിർവ്വഹിക്കുക.

ഉള്ളിലെ കുട്ടിയെ സൂക്ഷിച്ചു വയ്ക്കാം

വലുതാകുതോറും നാം ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ നിന്ന് ആർജ്‌ജിക്കുന്ന കാര്യങ്ങളിൽ നിന്ന് ചില നിയമങ്ങൾ പഠിച്ചു വയ്‌ക്കും. ഈ സ്വഭാവം നമ്മുടെ ക്രിയാത്മകമായ സ്വഭാവത്തെ ഇല്ലാതാക്കാം. അതിനാൽ ഉള്ളിലെ കുട്ടിയെ ഒരിക്കലും കളഞ്ഞ് കുളിക്കരുത്. എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു കുസൃതി കുരുന്നുണ്ടാവും. ചിലപ്പോഴെങ്കിലും അവനെപ്പോലെ കുസൃതി കാണിക്കാം. ജീവിതത്തിൽ ബലം പിടിച്ചു നിന്നതു കൊണ്ട് വലിയ പ്രയോജനം ഒന്നും ഇല്ല. സ്വയം റിലാക്‌സാകാൻ ഉള്ളിലെ കുട്ടിത്തം സഹായകമാവും. ഏതു പ്രായത്തിലുള്ളവരായാലും ഈ തിയ്യറി സ്വീകരിച്ചോളൂ.

മനസ്സും ശരീരവും ആരോഗ്യകരമാക്കാം

നിങ്ങൾ 25 കാരിയോ 55 കാരിയോ ആയിക്കോട്ടെ. മനസ്സും ശരീരവും ആരോഗ്യത്തോടെ നിലനിർത്താൻ തീർച്ചയായും ശ്രമിക്കണം. മാനസിക ആരോഗ്യം കാത്തു സൂക്ഷിക്കാൻ മെന്‍റൽ എക്സർസൈസ് ശീലമാക്കുക. മസ്‌തിഷ്കത്തിന് വെല്ലുവിളികൾ നൽകാം. പുതിയ വാക്കുകൾ പഠിക്കാം. പുതിയ കാര്യങ്ങൾ ഓർത്തു വയ്ക്കാം. പുതിയ കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശ്രമം തുടരണം. ഇടയ്ക്ക് ജോലിയിൽ നിന്ന് ബ്രേക്ക് എടുത്തിട്ട് കുടുംബ സഹിതം യാത്ര പോകാം. ഭക്ഷണ കാര്യത്തിൽ നല്ല ശ്രദ്ധ കൊടുക്കണം. പുഞ്ചിരിക്കാനുള്ള മനസ്സ് കൈമോശം വരരുത്. സാമൂഹികമായ ബന്ധങ്ങളും വളർത്തിയെടുക്കണം. വ്യായാമം മുടക്കരുത്. ഇതെല്ലാം ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്ന കാര്യങ്ങളാണ്.

ക്രിയാത്മകമായി സമയം വിനിയോഗിക്കുക

24 മണിക്കൂറിനുള്ളിൽ 7 മണിക്കൂർ നാം ഉറങ്ങാനാണ് ഉപയോഗിക്കുന്നത്. ബാക്കി വരുന്ന 17 മണിക്കൂർ ക്രിയാത്മകമായി വിനിയോഗിക്കാനുള്ള ടിപ്സാണ് താഴെ

  • വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇമെയിൽ തുടങ്ങിയവയൊക്കെ ഓഫീസിലെ ലഞ്ച് ബ്രേക്കിൽ മാത്രമ നോക്കുക, കാരണം രാവിലെയാണ് നിങ്ങളുടെ എനർജി ഏറ്റവും നന്നായി ഉണർന്നിരിക്കുക. അത് പരമാവധി ഉപയോഗപ്പെടുത്താം.
  • ചുരുങ്ങിയ സമയത്തിനുള്ളിൽ വീട്ടിലെയോ ഓഫീസിലെയോ ജോലി ചെയ്‌തു തീർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കൃത്യനിഷ്ഠ പാലിക്കുക. സാധനങ്ങൾ തെരഞ്ഞ് അധികം സമയം കളയരുത്. എല്ലാം അടുക്കും ചിട്ടയോടും എടുത്തു വച്ചാൽ പകുതി ജോലി എളുപ്പമാകും.
  • ജോലി ചെയ്യുന്നതിനിടയിൽ ശരീരത്തിനു വിശ്രമവും നൽകണം. 20 മിനിറ്റ് ജോലി ചെയ്‌താൽ 1.0 മിനിറ്റ് ബ്രേക്ക് നിങ്ങളെ റിഫ്രഷ് ആക്കും.
  • എപ്പോഴും എല്ലാവർക്കും അവേലബിൾ ആയിരിക്കരുത്. നോ പറയാനും പഠിക്കണം. ജീവിതത്തിന്‍റെ തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞ് ഏകനായി ഏകാന്തതയനുഭവിക്കാനും ശ്രമിക്കാം. ഈ സന്ദർഭത്തിൽ മൊബൈൽ, കമ്പ്യൂട്ടർ എന്നിവ ഓഫാക്കി ധ്യാനനിരത്തനാവാം.
  • ടെൻഷനടിക്കരുത്. അത് നിങ്ങളെ മൊത്തത്തിൽ ബാധിക്കും. നാം എത്രനേരം ഒരാളുമായി തർക്കിക്കും? അല്ലെങ്കിൽ ജോലി പങ്കിടുന്നതിനെപറ്റി വേവലാതിപ്പെടും? ഇത്തരം കാര്യങ്ങളിൽ ഇഗോ വെടിഞ്ഞ് സ്ട്രെസ് ഒഴിവാക്കാനാവും. എല്ലാവരുമായി ക്വാളിറ്റി ടൈം ചെലവഴിക്കാം.

ചുറുചുറുക്കോടെ പണിയെടുക്കാം

തങ്ങളുടെ മുൻഗണനകൾ മനസ്സിലാക്കി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. പ്രായം കൂടുംതോറും നമ്മുടെ പ്രയോറിറ്റികൾ മാറി വരാം. ചെറുപ്രായത്തിൽ തങ്ങളുടെ ലക്ഷ്യം നേടാൻ അഹോരാത്രം പണിയെടുക്കും. ഈ ചുറുചുറുക്ക് ജീവിതത്തിന്‍റെ മധ്യവയസ്സിലും നിലനിർത്തണം. മിക്കവരും പ്രായം കൂടിവരും തോറും അലസരായി മാറാറുണ്ട്. ഇതു പാടില്ല. പ്രായം ഒന്നിനും ഒരു തടസ്സമല്ല. 65-ാം വയസ്സിലൊക്കെ ബിസിനസ്സ് തുടങ്ങി വൻ വ്യവസായികളായി തീർന്നവർ ഒക്കെയുണ്ട്.

ഭാര്യാ പദവിയിലും കാമുകിയാകാം

പ്രായം കൂടുംതോറും സ്ത്രീകൾ സുഖങ്ങൾ അനുഭവിക്കുന്നത് കുറയ്ക്കാറുണ്ട്. അതിനു പ്രധാന കാരണം ഉത്തരവാദിത്വങ്ങളുടെ അമിതഭാരമാണ്. സെക്സിനു പോലും സമയം കണ്ടെത്താൻ കഴിയാതെയോ താൽപര്യം കാണിക്കാതെയോ ഓക്കെയിരിക്കുന്നവർ, ജീവിതത്തിന്‍റെ അർത്ഥം ശരിക്കും മനസ്സിലാക്കാത്തവരാണ്. പ്രണയവും മനസ്സിൽ കുഴിച്ചു മൂട്ടും. ഇതു പാടില്ല. പങ്കാളിയെ റൊമാന്‍റിക് ആയി നിലനിർത്താൻ നിങ്ങളടെ ഉള്ളിലെ പ്രണയം പുറത്തെടുക്കുക. കുട്ടികൾ വലുതായാല്ലോ, നര വീണാല്ലോ എന്നെന്നും ചിന്തിക്കേണ്ട. പ്രണയത്തിനും പ്രായം തടസ്സമല്ല. മാനസികമായി ഫിറ്റായിരിക്കുക. തങ്ങളുടെ ലുക്ക് ശ്രദ്ധിക്കണം. ഫാഷനബിൾ ആവാം. ട്രെന്‍റി വസ്‌ത്രങ്ങൾ ധരിക്കാം. ഭർത്താവിനൊപ്പം പുറത്ത് കറങ്ങാൻ പോകാം. മുമ്പ് കല്ലാണം കഴിഞ്ഞ സമയത്തെ അതേ വൈകാരികതയോടെ.

സന്തോഷം കണ്ടെത്താൻ ശ്രമിക്കാം

കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾ പോലും നിങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കും. അതിനാൽ ചെറിയ കാര്യങ്ങളിൽപ്പോലും സന്തോഷം കണ്ടെത്താൻ ശ്രമിക്കാം. ഒരു പ്രശ്നം ഉണ്ടാവുമ്പോൾ അതിൽ നിന്ന് ഒളിച്ചോടാതെ സധൈര്യം അതിലേക്കിറങ്ങുക. പ്രശ്നം നിങ്ങളെ വിട്ട് പോയി കൊള്ളും. ഒളിച്ചോടുമ്പോഴാണ് തലവേദന കൂടി വരിക.

നിങ്ങളുടെ കൈയ്യിൽ ഇല്ലാത്തതിനെപ്പറ്റി ഓർക്കാതെ നിങ്ങളുടെ പ്ലസ് പോയിന്‍റിനെ പറ്റി ചിന്തിക്കുക. സന്തോഷത്തിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. പോസിറ്റീവ് എനർജി തരുന്ന ആൾക്കാരുമായി കൂട്ട് കൂടാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാരുമൊത്ത് ഉല്ലാസ യാത്ര പോകാം. പഴയ കൂട്ടുകാരുടെ വീട് സന്ദർശിക്കാം. ഹോബികൾ ഡവലപ്പ് ചെയ്യാം. വെറുതെ ഇരുന്ന് ഒരിക്കലും ബോറടിക്കാൻ സമയം കണ്ടെത്തരുത്.

ഭർത്താവിന്‍റെ ആരോഗ്യം ശ്രദ്ധിക്കണം

ഭർത്താവിന്‍റെ കാര്യത്തിലും ശ്രദ്ധ വേണം. അദ്ദേഹത്തിന്‍റെ ഡ്രസ്സിംഗ്, ഭക്ഷണം, ആരോഗ്യം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കുക. പോഷക സമ്പന്നമായ ഭക്ഷണം വച്ച് വിളമ്പാം. ഷുഗർ, കൊളസ്ട്രോൾ നില കൂടുന്ന ഭക്ഷണം നൽകാതിരിക്കുക. ശരിയായ സമയത്ത് ശരിയായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക. പുള്ളിയുടെ ലുക്ക് മാറ്റി മറിക്കുന്ന വസ്ത്രങ്ങൾ അണിയാൻ പറയാം. അത് അദ്ദേഹത്തിന്‍റെ പേഴ്സണാലിറ്റിയ്ക്ക് മാറ്റ് കൂട്ടുന്നത് ആയിരിക്കുകയും വേണം. രാവിലെ ഇരുവർക്കും ഒന്നിച്ചു നടക്കാൻ പോവാം.

തർക്കിക്കുന്നതും നല്ലതാണ്

ക്ലിനിക്കല്‍ സൈക്കളോജിസ്റ്റായ ഡോ അതുൽ പറയുന്നത്” ചെറുപ്രായത്തിൽ നമ്മൾ ബോധ്യം വരാത്ത സംഗതികൾക്ക് വേണ്ടി തർക്കത്തിൽ ഏർപ്പെടാറുണ്ട്. ആ പ്രായത്തിൽ എന്താണ് തെറ്റ് ഏതാണ് ശരി എന്ന് ഗൗരവമായി ആലോചിക്കും. സാമൂഹിക കെട്ട്പാടുകളും നാട്ടുനടപ്പും ഒക്കെ മറികടന്ന് നമ്മൾക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യും. ഏതു കാര്യത്തിലും തർക്കിച്ചതിനു ശേഷമാവും തീരുമാനത്തിലെത്തുക. പക്ഷേ പ്രായം കൂടുംതോറും ഈ സ്വഭാവത്തിൽ കാര്യമായ മാറ്റം വരുന്നു. അനുഭവപാഠങ്ങളും പക്വതയും തീരുമാനമെടുക്കുന്നതിൽ സ്വാധീനം ചെലത്തുന്നു. ഈ അവസ്‌ഥയിൽ സ്വയം ബാലൻസ് ചെയ്യാൻ ശ്രമിക്കണം. പഴയ തർക്കകാരിയുടെ മനസ്സ് വീണ്ടെടുക്കണം. അങ്ങനെ ചെയ്യുമ്പോൾ മാത്രമേ ഏറ്റവും നല്ല തീരുമാനം പുറത്ത് വരൂ. ഇത് ജീവിതത്തെ കൂടുതൽ അർത്ഥപൂർണ്ണമായിക്കി തീർക്കും.

കുടുംബത്തിൽ സന്തോഷം നിറയ്ക്കാനുള്ള വഴികൾ

  • ഓഫീസിൽ നിന്ന് വീട്ടിലേയ്‌ക്ക് മടങ്ങും വഴി ചിലപ്പോഴെങ്കിലും കുട്ടികൾക്ക് കഴിക്കാൻ സ്നാക്സോ മറ്റോ വാങ്ങാം. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ, ബുക്സ് ഒക്കെ ഇങ്ങനെ വാങ്ങി നൽകാം.
  • ഭർത്താവിനും സർപ്രൈസ് ഗിഫ്റ്റ് നൽകണം.
  • കുടുംബ വഴക്ക് അനുഭാവപൂർവ്വം കൈകാര്യം ചെയ്യണം.
  • കുടുംബാംഗങ്ങൾക്ക് അവർ അർഹിക്കുന്ന ബഹുമാനം നൽകുക.
  • ഒഴിവു ദിവസം പൂർണ്ണമായും കുടുംബത്തിനായി നീക്കി വയ്‌ക്കുക. മൊബൈൽ, ഇന്‍റർനെറ്റ് ഒഴിവാക്കി കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കാം.
  • വല്ലപ്പോഴുമൊക്കെ അടുക്കളയ്ക്ക് ബ്രേയ്ക്ക് നൽകി. കുടുംബവുമൊത്ത് പുറത്ത് പോയി ഭക്ഷണം കഴിക്കാം.
  • ബന്ധുക്കളെ സുഹൃത്തുക്കളെയൊക്കെ വിളിച്ച് ഇടയ്‌ക്ക് ഒത്തുകൂടാം. ഭക്ഷണവും മറ്റും നൽകി സൽക്കരിക്കാം.
  • വിരുന്നു പോകുന്നതും ശീലമാക്കുക. പോകുമ്പോൾ ഗിഫ്റ്റ് കൊടുക്കാൻ മറക്കരുത്.
  • വീടാണ് കുട്ടികളുടെ പാഠശാല. അവരെ നല്ലതു പഠിപ്പിക്കുക. വീട്ടിൽ സ്നേഹവും സമാധാനവും നിറയും.
  • വീട്ടിൽ ടിവി കാണുന്നതിനും നിശ്ചിത സമയം വയ്‌ക്കണം. വീട്ടിൽ വന്നാൽ സോഷ്യൽ മീഡിയയിൽ അധികം ചെലവഴിക്കാതെ കുടുംബാംഗങ്ങളുമായി ഇടപഴകണം.
  • നിർണ്ണായക തീരുമാനങ്ങൾ പങ്കാളിയുമായി ചേർന്ന് എടുക്കുക. ഒരു കാര്യവും പങ്കാളിയോട് മറച്ച് വയ്‌ക്കരുത്.
  • വീട്ടിൽ എല്ലാവരിലും സമ്പാദ്യശീലം വളർത്തുക. കുറിയിലും മറ്റും ചേരാം.

ബന്ധങ്ങളിൽ നിക്ഷേപിക്കാം

എപ്പോഴാണ് ആരാണ് ഉപകാരപ്പെടുക എന്ന് പറയാൻ കഴിയില്ല. അതിനാൽ ലാഭേച്‌ഛ കൂടാതെ സൗഹൃദങ്ങൾ പടുത്തുയർത്തുക. മാസത്തിലൊരിക്കല്ലെങ്കിലും കൂട്ടായ്മ സംഘടിപ്പിച്ചോ നേരിട്ട് പോയോ ഇവരുമായി ചങ്ങാതം പുതുക്കണം. സുഹൃത്തുക്കൾ ഉള്ളപ്പോൾ തന്നെ അപരിചിതരേയും സഹായിക്കാനുള്ള മനസ്സ് കാണിക്കുകയും വേണം.

പുതിയ കാര്യങ്ങൾ പഠിക്കാം

ജീവിതത്തിലെ മടുപ്പ് ഇല്ലാതാക്കാൻ ഒരു വഴിയേ ഉള്ളൂ. പുതിയ കാര്യങ്ങൾ പഠിക്കുക. ഡ്രൈവിംഗ് അറിയില്ലെങ്കിൽ അതു പഠിക്കാം. നീന്തൽ പഠിക്കാം. തുന്നൽ പഠിക്കാം. ഇങ്ങനെ നമ്മൾക്ക് അറിവില്ലാത്ത കാര്യങ്ങൾ ചെയ്യാം, പഠിക്കാം. അത് ജീവിതത്തിന് പുതിയ ഉൻമേഷം നൽകും. ഇതൊന്നുമല്ലെങ്കിൽ ഒരു പുതിയ കാര്യം ഒരാളെ പഠിപ്പിക്കുകയും ചെയ്യാം. ഉദാഹരണത്തിന് വീട്ടിലെ വയസ്സായ ഒരാളെ ഇന്‍റർനെറ്റ് ഉപയോഗിക്കാൻ പഠിപ്പിക്കാം. ഇതെല്ലാം നിങ്ങളെയും പുതുക്കി കൊണ്ടിരിക്കും.

പങ്കാളിയോട് ഒരിക്കലും പറയരുതാത്ത കാര്യങ്ങൾ

  • നിങ്ങളുടെ ഡ്രസ്സിംഗ് സ്റ്റൈൽ ശരിയല്ല.
  • നിങ്ങളെ കൊണ്ട് പറ്റില്ല, ഞാൻ അത് ചെയ്തോളാം.
  • നിങ്ങൾ എന്നെ ഒട്ടും ശ്രദ്ധിക്കാറേയില്ല.
  • കണ്ടോ ഞാൻ വല്ലാതെ വണ്ണം വച്ചിരിക്കുന്നു
  • എനിക്ക് നിങ്ങളെ ഭർത്താവായി കിട്ടരുതായിരുന്നു.
  • എനിക്ക് നിങ്ങളുടെ കൂട്ടുകാരെ ഇഷ്‌ടമല്ല
  • എപ്പോഴാണ് ജോലി മാറുന്നത്?
  • നിങ്ങൾക്ക് എന്താ ഭ്രാന്തുണ്ടോ?
  • എന്നെ തൊടണ്ട, മാറി നിൽക്കൂ
  • എന്‍റെ മുൻ ഭർത്താവ് എപ്പോഴും എന്‍റെ ഇഷ്‌ടത്തിനുള്ള സാരി വാങ്ങി തരുമായിരുന്നു.
  • നിങ്ങൾക്ക് എന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കാനറിയില്ല.
  • നിങ്ങൾക്ക് എന്നോട് സ്നേഹമുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു.
  • എന്‍റെ അമ്മയ്ക്ക് ഈ കല്ല്യാണം അന്നേ ഇഷ്‌ടമായിരുന്നില്ല.
  • വേഷം കെട്ട് എന്‍റെ അടുക്കൽ വേണ്ട.

ഒഴിവാക്കേണ്ട കാര്യങ്ങൾ

  • ഈഗോ
  • ദേഷ്യം
  • പശ്ചാത്താപം
  • നെഗറ്റീവ് ചിന്തകൾ
  • അമിതാസക്‌തി
  • കള്ളം പറയുന്ന ശീലം
  • തോറ്റു പോകുമെന്ന ഭയം
  • വാക്ക് പാലിക്കാതിരിക്കൽ
  • അലസ കൂട്ട് കെട്ടുകൾ
  • അമിത വ്യയം
  • പ്രതികാര മനോഭാവം
  • അന്ധവിശ്വാസം

മ്യൂസിക് ഈസ് മൈ സോൾ

ഗിറ്റാറിന്‍റെ സ്വരലയതാളത്തിനൊപ്പം തന്‍റെ മാന്ത്രിക ശബ്ദം കൊണ്ട് ഇംഗ്ലീഷ് സംഗീതത്തെ ആസ്വാദ്യ ഹൃദയങ്ങളിലെത്തിച്ച ഗായകൻ… നവീൻ ജെ ആന്ത്രപ്പേർ. ഗായകൻ, ഗിറ്റാറിസ്റ്റ്, സംഗീത സംവിധായകൻ എന്നിങ്ങനെ സംഗീതത്തിന്‍റെ പല തലങ്ങളിലൂടെ സംഗീതത്തിന്‍റെ ആത്മാവ് തൊട്ടറിയുകയാണ് ഈ യുവ ഗായകൻ. കഴിഞ്ഞ 23 വർഷമായി സംഗീത ലോകത്ത് സജീവമായ നവീൻ 2013 ൽ റിലീസ് ചെയ്‌ത ലോൺലി അയാം ക്രയിംഗ് എന്ന മ്യൂസിക് വീഡിയോയിലൂടെ ആരാധകരുടെ മനം കവരുകയായിരുന്നു. തുടർന്ന് ഗാനത്തിന് ഐ ലൈക്ക് ഇറ്റ് വേൾഡ് ടാലന്‍റ് അവാർഡും ഗായകനെ തേടിയെത്തി.

ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി മ്യൂസിക് ഷോകൾ നടത്തിയിട്ടുള്ള നവീനിന് സംഗീതമെന്നാൽ ആത്മാവു പോലെയാണ്. ഏത് തലമുറയേയും ആവേശം കൊള്ളിക്കുന്ന മ്യൂസിക് റെൻഡിഷൻ. ഒപ്പം ഹൃദയ സ്പർശിയായ വരികളിലൂടെ നവീൻ മനുഷ്യ സ്നേഹത്തെയും പ്രതീക്ഷകളേയും നന്മയേയും തന്‍റെ സംഗീതത്തിലൂടെ ഹൈലൈറ്റ് ചെയ്യുന്നു. നവീനുമായി നടത്തിയ അഭിമുഖത്തിൽ നിന്നും.

ലോൺലി അയാം ക്രയിംഗ് എന്ന മ്യൂസിക് വീഡിയോ ഏറെ ഹിറ്റായിരുന്നുവല്ലോ.

ലോൺലി അയാം ക്രയിംഗ് എന്ന മ്യൂസിക് വീഡിയോ ഒറ്റപ്പെടൽ അനുഭവിക്കുന്നവരെക്കുറിച്ചുള്ളതാണ്. ഒറ്റപ്പെടൽ അനുഭവിക്കുന്ന ആർക്കും അതുമായി റിലേറ്റ് ചെയ്യാൻ പറ്റും. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുകയെന്നതാണ് ഈ സംഗീതത്തിന്‍റെ ലക്ഷ്യം. ഏകാന്തതയനുഭവിക്കുന്ന ഏത് കുട്ടിക്കും വേണ്ടിയാണ് ഈ ഗാനം. പക്ഷേ ഈ സംഗീതത്തിൽ ഉപയോഗിച്ചിരിക്കുന്ന ചൈൽഡ് എന്ന പദം പ്രായഭേദമില്ലാതെ ഏതൊരു വ്യക്‌തിയേയും സൂചിപ്പിക്കുന്നു.

പലപ്പോഴും എല്ലാം നഷ്ടപ്പെട്ടു പോയവരെയോ ഒറ്റപ്പെട്ടുപോയവരെയോ നമ്മൾ കാണാറുണ്ട്. പക്ഷേ അത്തരമാളുകളെ ശ്രദ്ധിക്കാനോ അവരുടെ ജീവിതത്തിൽ പ്രതീക്ഷകൾ നിറയ്ക്കാനോ സമയമില്ലാതെ എല്ലാവരും കടന്നു പോവുകയാണ് ചെയ്യുക. ഒറ്റപ്പെടൽ അനുഭവിക്കുന്നവരെക്കുറിച്ച് ചിന്തിക്കാനുള്ള സന്ദേശം നൽകുകയെന്ന ലക്ഷ്യമാണ് ആ ഗാനം ഓർമ്മപ്പെടുത്തുന്നത്. അതുപോലെ നിറഞ്ഞ പ്രതീക്ഷയും.

സംഗീതം പോലെ തന്നെ ചിത്രീകരണം കൊണ്ടും ഏറെ പ്രത്യേകതകൾ ഉള്ള പാട്ടാണല്ലോ അത്

ലോൺലി അയാം ക്രയിംഗ് എന്ന പാട്ട് 2013 ലാണ് റിലീസ് ആയത്. പാട്ടെഴുതിയത് എന്‍റെ സുഹൃത്ത് ടിഎസ് അഭിലാഷാണ്. കമ്പോസിംഗ് ഞാൻ തന്നെയായിരുന്നു.

റോഹതാംഗ് പാസ്, മണാലി എന്നിവിടങ്ങളിൽ വച്ചാണ് പാട്ട് ചിത്രീകരിച്ചത്. മഞ്ഞുമൂടിയ പർവ്വതങ്ങളും ഗ്ലേസിയറുകൾ പർവ്വത കൊടുമുടികളുടെ ദൃശ്യഭംഗി ആ പാട്ടിന് കൂടുതൽ സൗന്ദര്യം പകർന്നു.

എത്ര വർഷമായി സംഗീത രംഗത്ത്?

പ്രൊഫഷ്ണലായി പെർഫോം ചെയ്‌ത് തുടങ്ങിയത് 1997 ലാണ്. ഇപ്പോൾ 23 വർഷമായി പ്രൊഫഷണൽ സംഗീതത്തിൽ.

സംഗീത പഠനമാരംഭിച്ചത്

എന്‍റെ 7-ാം വയസ്സു മുതലാണ് ഞാൻ സംഗീതമഭ്യസിച്ച് തുടങ്ങിയത്. കിന്‍റർ ഗാർട്ടൻ മുതൽ 7-ാം ക്ലാസ് വരെ വൈപ്പിനിലെ ലേഡി ഓഫ് ഹോപ്പ് സ്ക്കൂളിലാണ് പഠിച്ചത്. ഗിറ്റാറിന്‍റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത് എന്‍റെ അച്‌ഛൻ ജോസഫ് ആന്ത്രപ്പേർ ആയിരുന്നു. അതിനു ശേഷം ഞാൻ തനിയെ പഠിക്കുകയായിരുന്നു. ആ സമയത്ത് ബ്രേക്ക് ഡാൻസും ഗിറ്റാറും പഠിച്ച് തുടങ്ങിയിരുന്നതു കൊണ്ട് സ്റ്റേജിൽ അവയൊക്കെ അവതരിപ്പിക്കുമായിരുന്നു.

സ്ക്കൂളിലെ മാർച്ചിംഗ് ബാൻഡിലെ ട്രംപറ്റ് പ്ലേയറും ഡ്രമ്മറുമായിരുന്നു ഞാൻ. പിന്നെ 8-ാം ക്ലാസ് മുതൽ രാജഗിരി സ്ക്കൂളിലായി പഠനം. അവിടെ പ്രോഗ്രാമുകളിൽ ബ്രേക്ക് ഡാൻസ് പെർഫോം ചെയ്യുമായിരുന്നു. ലേഡി ഓഫ് ഹോപ്പിലേയും രാജഗിരി സ്ക്കൂളിലെയും സംഗീതാധ്യാപകരിൽ നിന്നാണ് ഞാൻ സംഗീതം പരിശീലിച്ചത്. പിന്നീട് സ്റ്റേജ് പെർഫോമൻസിൽ നിന്നും കുറെക്കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.

പ്രകൃതിയിലെ ഓരോ ചലനങ്ങളിൽ നിന്നും കാറ്റിൽ നിന്നും നീലിമയാർന്ന ആകാശത്തു നിന്നും ചുറ്റുപാടും കണ്ട ആളുകളിൽ നിന്നും എന്തിനേറെ പ്രൊഫഷണൽ സംഗീതജ്ഞരല്ലാത്തവരിൽ നിന്നു വരെ സംഗീതം പഠിക്കുകയാണ് ഉണ്ടായത്. അതൊരു മനോഹരമായ യാത്രയായിരുന്നു.

വീട്ടിലെ വിശേഷങ്ങൾ?

എന്‍റെ കുഞ്ഞുനാൾ തുടങ്ങി വീട്ടിൽ സംഗീതം മാത്രമായിരുന്നു. വീട്ടിൽ എല്ലാവരും സംഗീത പ്രേമികളാണ്. സംഗീതത്തിന്‍റെ അന്തരീക്ഷം ആയിരുന്നു വീട്ടിൽ. ശരിക്കും ഒരു മ്യൂസിക്കൽ ഫാമിലിയാണ് ഞങ്ങളുടേത്.

സ്ക്കൂൾ,  കോളേജ് പഠനക്കാലത്തെ കലോത്സവങ്ങൾ ഓർക്കുമ്പോൾ

സ്ക്കൂൾ, കോളേജ് പഠനകാലത്ത് സംഗീതത്തിൽ എപ്പോഴും ആക്ടീവായിരുന്നു. രാജഗിരി പബ്ലിക് സ്ക്കൂളിൽ പഠിക്കുമ്പോഴാണ് ഞാനാദ്യമായി പാടിയത്. സ്‌ക്കൂൾ ഫംഗ്ഷനുകൾക്കുവേണ്ടി ഞാൻ സ്‌ഥിരമായി പാട്ടുപാടുകയും ഗിറ്റാർ വായിക്കുകയും ചെയ്യുമായിരുന്നു. 97ൽ കേരള സ്ക്കൂൾ കലോത്സവത്തിൽ വൃന്ദവാദ്യ സംഗീതത്തിൽ ഞങ്ങൾക്കാണ് ഫസ്റ്റ് കിട്ടിയത്. മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്ത് എംജി കലോത്സവത്തിൽ വെസ്റ്റേൺ ഗ്രൂപ്പ് മ്യൂസിക്കിൽ ഫസ്റ്റ് കിട്ടിയിരുന്നു. അതിന്‍റെ വോക്കൽ കോച്ച് ഞാനായിരുന്നു. അന്നത്തെ റിഹേഴ്സലും ഒരുക്കങ്ങളും ഓർക്കുമ്പോൾ ആ കാലം തിരിച്ച് വന്നിരുന്നെങ്കിലെന്ന് തോന്നി പോകും. അത്രയും ത്രില്ലിംഗ് ആയ എക്സ്പീരിയൻസായിരുന്നുവത്.

സംഗീതത്തോടുള്ള കാഴ്ചപ്പാട്

എനിക്ക് ജന്മനാലെ ലഭിച്ച വരദാനമാണ് സംഗീതം. എന്‍റെ ജീവിതത്തിലുടനീളം സംഗീതമുണ്ട്. ഇനിയും അത് തുടരും. സംഗീതമെന്ന മഹത്തായ വരം തന്നതിന് ഞാൻ ആ ശക്തിയോട് കടപ്പെട്ടിരിക്കുന്നു.

സംഗീതത്തിന് പുതിയ ദിശ

മഹാരാജാസ് കോളേജ് പഠനകാലമാണ് എന്‍റെ സംഗീത സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകിയത്. 2000 ത്തിൽ മഹാരാജാസിൽ ഇംഗ്ലീഷിൽ ബിരുദ കോഴ്സിന് പഠിക്കുമ്പോഴാണ് പ്രൊഫഷണലായി ലൈവ് മ്യൂസിക് ഷോകൾ നടത്തി തുടങ്ങിയത്. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തു ചേർന്നുള്ള ലൈവ് ഷോകൾ.

2005 തുടങ്ങി ഞാൻ സോളോ പെർഫോമൻസിലേക്ക് തിരിഞ്ഞു. ദി നവീൻ ആന്ത്രപ്പേർ ഷോ എന്ന ബാനറിലായിരുന്നു സോളോ പെർഫോമൻസുകൾ. ഈ സമയത്താണ് എന്‍റെ ആദ്യ ഇംഗ്ലീഷ് ആൽബം ക്രിസ്തുമസ് മെലഡീസ് റിലീസാകുന്നത്. 4 മ്യൂസിക് വീഡിയോകൾ അതിൽ ഉണ്ടായിരുന്നു. അതിൽ ഞാൻ പാടുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. മഹാരാജാസ് കോളേജിൽ വച്ച് പരിചയമുണ്ടായിരുന്ന സംവിധായകൻ അൻവർ റഷീദാണ് ആ മ്യൂസിക് വീഡിയോ ഡയറക്റ്റ് ചെയ്‌തത്. 2005 ൽ അടുത്ത ഇംഗ്ലീഷ് മ്യൂസിക് വീഡിയോ യുവർ ടെന്‍റർനസ് റിലീസ് ചെയ്‌തു. അതും അൻവർ റഷീദാണ് ഡയറക്ട് ചെയ്തത്. സിനിമാറ്റോഗ്രാഫി ഷൈജു ഖാലിദും.

ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേഷണം ചെയ്‌തിരുന്ന ചിൻകു ചിൻകു വെന്ന ടെലിവിഷൻ ഷോവിന്‍റെ മ്യൂസിക് കംപോസിംഗ് ചെയ്യാനുള്ള ഭാഗ്യമെനിക്കുണ്ടായി. 100 എപിസോഡിലധികം ഉണ്ടായിരുന്ന പ്രോഗ്രാമായിരുന്നുവത്. ഇതിനിടെ കേരളത്തിൽ പല ഭാഗങ്ങളിലും മ്യൂസിക് ഷോ അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു. അതിനുശേഷമാണ് മുംബൈയിലേക്ക് പോകുന്നത്. സൗണ്ട് റെക്കോഡിംഗ് പഠിക്കാനായിരുന്നുവത്. അവിടെ വച്ചും ധാരാളം മ്യൂസിക് ചാനലുകളിലും വേദികളിലും സംഗീതം അവതരിപ്പിക്കാൻ അവസരം കിട്ടി. അവിടെ വച്ചാണ് ലോൺലി അയാം ക്രയിംഗ് എന്ന മ്യൂസിക് വീഡിയോ റിലീസ് ചെയ്യുന്നത്. പിന്നീട് ദുബായിൽ ചേക്കേറി. ദുബായ്, യുഎഇ എന്നിവിടങ്ങളിൽ സംഗീത പരിപാടികളുമായി ആക്ടീവാകുകയായിരുന്നു. ഇതിനിടെ കേരളത്തിൽ മ്യൂസിക് ഷോകൾ അവതരിപ്പിക്കാൻ വരുമായിരുന്നു. ഇക്കാലമത്രയും സംഗീതത്തെക്കുറിച്ച് ആഴത്തിൽ അറിയാനും പഠിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു.

90 കളിലും 2000 ത്തിന് ആരംഭത്തിലുമൊക്കെ പോപ്പ്, റാപ്പ് തുടങ്ങിയ വെസ്റ്റേൺ സംഗീതവും ഇന്ത്യൻ സംഗീത പശ്ചാത്തലമുള്ള ആൽബങ്ങളുമൊക്കെയായി സമാന്തര സംഗീതം നമുക്ക് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഉടനീളം സിനിമ സംഗീതം മാത്രമേ വളരുന്നുള്ളൂവെന്ന് കരുതുന്നുണ്ടോ?

തീവ്രമായ ഇച്‌ഛയുണ്ടെങ്കിൽ ഏത് മേഖലയിലായാലും അതിനുള്ള സാധ്യതകൾ തെളിഞ്ഞു വരുമെന്ന വിശ്വാസക്കാരനാണ് ഞാൻ. ഞാൻ കൂടുതലും ശ്രദ്ധയർപ്പിച്ചിരുന്നത് ഇംഗ്ലീഷ് സംഗീതത്തിലാണ്. സിനിമ സംഗീതം പോലെ തന്നെ ഇംഗ്ലീഷ് സംഗീത ലോകത്ത് ആൽബങ്ങൾക്കുള്ള സാധ്യതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മളെന്താണോ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ടി കഠിനപ്രയത്നം നടത്തുക. ഒരിക്കലും ആ ആഗ്രഹത്തെ കൈവിട്ട് കളയരുത്. നമ്മൾ നമ്മുടെ ഏറ്റവും മികച്ചത് സമ്മാനിക്കുക. അതിനുള്ള പ്രതിഫലം നമുക്ക് ലഭിക്കും. അവസരങ്ങൾ ഉണ്ട്.

സംഗീത ലോകത്ത് റോൾ മോഡലുകൾ

ഒരുപാട് പേരുണ്ട്. പക്ഷേ ദൈവം എനിക്ക് തന്ന യൂണിക് ടാലൻറിനനുസരിച്ച് എന്‍റേതായ യഥാർത്ഥ രീതിയിൽ സംഗീതം അവതരിപ്പിക്കാനാണ് ഇഷ്ടം. ഒറിജിനലായിരിക്കുക അതാണ് ഇഷ്ടം.

മറക്കാനാവാത്ത നിമിഷങ്ങൾ

 ജീവിതത്തിലെ ഓരോ നിമിഷവും വിലമതിക്കാനാവാത്തതും മറക്കാനാവാത്തതുമാണ്. ഒരുപാട് അധ്വാനങ്ങൾക്കു ശേഷം ലോൺലി എന്ന ഗാനം എല്ലാവരും ഇരുകൈ നീട്ടി സ്വീകരിച്ചത് വല്ലാത്തൊരു ത്രില്ലിംഗ് അനുഭവമായിരുന്നു.

ഭാവി പരിപാടികൾ

 ഇനി വരാനിരിക്കുന്ന പാട്ടുകളുടെ റെക്കോഡിംഗുകളും വീഡിയോ ഷൂട്ടുകളും ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇനിയും സംഗീതത്തെ ഏറെ അറിയാനുണ്ട്. അതിനുള്ള മനോഹരമായ യാത്ര തുടരുകയാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें