ജീവിതത്തിൽ സന്തോഷം അനുഭവിക്കാൻ കഴിയുന്നതിന്‍റെ അത്രയൊന്നും നമ്മൾ സന്തോഷിപ്പിക്കാറില്ല. കാരണം നമ്മൾ ജീവിതത്തെ അതേ സ്വാഭാവികതയോടെ സ്വീകരിക്കാറില്ല. പലപ്പോഴും സന്തോഷം നശിപ്പിക്കുന്നതിലാണ് നമ്മൾ സ്വയം ഏർപ്പെടുന്നത്. നിങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്‍റെ ഡ്രൈവർ നിങ്ങൾ തന്നെയാവണം. ആ സീറ്റിലിരുന്ന് ഈ മാറ്റങ്ങൾ വരുത്തി നോക്കൂ. ആനന്ദം ചുറ്റിലും നിറയുന്നതു കാണാം...
17 കാരിയെപ്പോലെ ഇടപ്പെടാം
തുളസി ഹെൽത്ത് കെയർ ഡയറക്‌ടർ ഡോ. ഗൗരവ് ഗുപ്ത പറയുന്നത്, “നിങ്ങളുടെ കുട്ടികൾ 17-18 വയസ്സുള്ളവരാണെങ്കിൽ അവരുടെ അടുത്ത് അമ്മയെപ്പോലെ ഇടപ്പെടരുതെന്നാണ്. അമ്മയായിരിക്കുമ്പോൾ തന്നെ സുഹൃത്തിനെപ്പോലെ ഇടപ്പെടാം. അല്ലെങ്കിൽ മൂത്ത ചേച്ചിയെപ്പോലെ പെരുമാറാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ജനറേഷൻ ഗ്യാപ് ഇല്ലാതാക്കാൻ കഴിയും. മാത്രമല്ല നിങ്ങളുടെ പ്രായത്തെപ്പറ്റിയുള്ള ആശങ്കകളും അകലും. കുട്ടികളുടെ പക്കൽ നിന്നും അധിക ബഹുമാനം കിട്ടുകയും ചെയ്യും.” ഇതിന്‍റെ ഏറ്റവും വലിയ ഗുണം എന്താണെന്ന് വച്ചാൽ കുട്ടികൾ യാതൊരു കാര്യവും നിങ്ങളിൽ നിന്ന് ഒളിക്കുകയില്ല എന്നതാണ്.
ടീനേജ് വല്ലാത്തൊരു കാലഘട്ടമാണ്. ഒരുപാട് വൈകാരികതയിലൂടെ കടന്നു പോകുന്ന പ്രായം ആത്മവിശ്വാസവും വിജയിക്കാനുള്ള ത്വരയും അവരിൽ സൃഷ്ടിക്കേണ്ടതും ഈ പ്രായത്തിലാണ്. ലക്ഷ്യത്തിൽ നിന്ന് അകലാതെ അവരെ നേർവഴിക്ക് നയിക്കുകയും വേണം.
കുട്ടികളിൽ നിങ്ങളുടെ ചിന്തകൾ അടിച്ചേൽപ്പിക്കാനും പാടില്ല. 17-18 വയസ്സിൽ അവരുടേതായ ചിന്ത വികസിച്ചിട്ടുണ്ടാവും. അവരെ അവരുടെ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും വിടുക. പക്ഷേ നല്ലതും ചീത്തയും വേർതിരിച്ചു കൊടുക്കണമെന്ന് മാത്രം. ആ ഉത്തരവാദിത്വം സൗഹൃദ മനോഭാവത്തോടെ നിർവ്വഹിക്കുക.
ഉള്ളിലെ കുട്ടിയെ സൂക്ഷിച്ചു വയ്ക്കാം
വലുതാകുതോറും നാം ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ നിന്ന് ആർജ്‌ജിക്കുന്ന കാര്യങ്ങളിൽ നിന്ന് ചില നിയമങ്ങൾ പഠിച്ചു വയ്‌ക്കും. ഈ സ്വഭാവം നമ്മുടെ ക്രിയാത്മകമായ സ്വഭാവത്തെ ഇല്ലാതാക്കാം. അതിനാൽ ഉള്ളിലെ കുട്ടിയെ ഒരിക്കലും കളഞ്ഞ് കുളിക്കരുത്. എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു കുസൃതി കുരുന്നുണ്ടാവും. ചിലപ്പോഴെങ്കിലും അവനെപ്പോലെ കുസൃതി കാണിക്കാം. ജീവിതത്തിൽ ബലം പിടിച്ചു നിന്നതു കൊണ്ട് വലിയ പ്രയോജനം ഒന്നും ഇല്ല. സ്വയം റിലാക്‌സാകാൻ ഉള്ളിലെ കുട്ടിത്തം സഹായകമാവും. ഏതു പ്രായത്തിലുള്ളവരായാലും ഈ തിയ്യറി സ്വീകരിച്ചോളൂ.
മനസ്സും ശരീരവും ആരോഗ്യകരമാക്കാം
നിങ്ങൾ 25 കാരിയോ 55 കാരിയോ ആയിക്കോട്ടെ. മനസ്സും ശരീരവും ആരോഗ്യത്തോടെ നിലനിർത്താൻ തീർച്ചയായും ശ്രമിക്കണം. മാനസിക ആരോഗ്യം കാത്തു സൂക്ഷിക്കാൻ മെന്‍റൽ എക്സർസൈസ് ശീലമാക്കുക. മസ്‌തിഷ്കത്തിന് വെല്ലുവിളികൾ നൽകാം. പുതിയ വാക്കുകൾ പഠിക്കാം. പുതിയ കാര്യങ്ങൾ ഓർത്തു വയ്ക്കാം. പുതിയ കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശ്രമം തുടരണം. ഇടയ്ക്ക് ജോലിയിൽ നിന്ന് ബ്രേക്ക് എടുത്തിട്ട് കുടുംബ സഹിതം യാത്ര പോകാം. ഭക്ഷണ കാര്യത്തിൽ നല്ല ശ്രദ്ധ കൊടുക്കണം. പുഞ്ചിരിക്കാനുള്ള മനസ്സ് കൈമോശം വരരുത്. സാമൂഹികമായ ബന്ധങ്ങളും വളർത്തിയെടുക്കണം. വ്യായാമം മുടക്കരുത്. ഇതെല്ലാം ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്ന കാര്യങ്ങളാണ്.