ചിത്രശലഭം

വർണപൂത്തുമ്പികൾക്കു പുറകെ പാറിനടക്കുമ്പോൾ അവൾ മറ്റെല്ലാം മറന്നിരുന്നു. ആഭരണചെപ്പ് താഴെയിട്ടു പൊട്ടിച്ചതിനു അമ്മയുടെ കയ്യിൽ നിന്നും കിട്ടിയ ശകാര വർഷവും കരിവള എടുത്തണിഞ്ഞതിനും ചേച്ചിയുടെ അടി കൊണ്ടതുമെല്ലാം മുത്തശ്ശിയുടെ വെറ്റിലച്ചെല്ലം എടുത്തു കളിച്ചതിനു പതിവുപോലെ അശ്രീകരം എല്ലാം നശിപ്പിക്കുമിവൾ. ബുദ്ധിയില്ലെങ്കിലെന്താ കുറുമ്പിനൊരു കുറവുമില്ല എന്ന ശകാരവും കേട്ടു. അല്ലെങ്കിലും മുത്തശ്ശി അശ്രീകരമെന്നേ ചിന്നുവിനെ വിളിക്കൂ. ഇനി അച്ഛൻ മാത്രമേ ചിന്നുവിനെ വഴക്കുപറയാതെയുള്ളൂ.

മറ്റുള്ളവരുടെ ശകാരവർഷങ്ങൾ കർണപുടങ്ങളെ ഭേദിക്കുമ്പോളവൾ അലറിക്കരയാറാണ് പതിവ്. എന്നലിന്ന് സാധാരണപോലെ കരഞ്ഞു ബഹളമുണ്ടാക്കാൻ നിൽക്കാതെ അവൾ തൊടിയിലേക്കിറങ്ങി, മുറ്റത്തെ ചെമ്പരത്തിച്ചെടിയിൽ വന്നിരുന്ന ഒരു ചിത്രശലഭത്തെ കയ്യിലെ ടുക്കാൻ മോഹിച്ച് അവൾ അതിന്  പുറകെ പാഞ്ഞു. ചിത്രശലഭം അവളെ മോഹിപ്പിച്ചുകൊണ്ട് ഏറെ ദൂരം പിടികൊടുക്കാതെ പറന്നു. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക്.

കിലുകിലേ ചിരിച്ചുകൊണ്ട് അവൾ അതിനുപുറകെ ഓടി. അപ്പോഴാണവൾ പൂവാലിയുടെ ചെറുപൈതൽ പറമ്പിലൂടെ കെട്ടുപൊട്ടിച്ച് പായുന്നത് കണ്ടത്. അമ്മയുടെ അകിടിലെ പാൽ കുടിച്ചു തുള്ളി മദിച്ചാണ് അവളുടെ വരവ്. ചിന്നുവിന്‍റെ ശ്രദ്ധ അവളിലേക്കായി.

ചിത്രശലഭത്തെ വിട്ട് അവൾ കിടാവിന്‍റെ പുറകെ ഓടിത്തുടങ്ങി, പൈക്കിടാവാകട്ടെ പിടികൊടുക്കാതെ അവളെ പറമ്പിൽ മുഴുവൻ ഓടിച്ചു. അങ്ങനെ ഓടിക്കൊണ്ടിരുന്നപ്പോഴാണ് അമ്മയുടെ പുറകിൽ നിന്നുള്ള വിളി അവൾ കേട്ടത്.

“എടി ചിന്നു… നീയിങ്ങനെ കിടന്നു ഓടാതെ… നിന്‍റെ പാവാട മുഴുവൻ ചുവന്ന നിറമായല്ലോ…” താൻ ഋതുമതി ആണെന്നുള്ള വിചാരം പോലുമില്ലാതെയാണല്ലോ… പിഞ്ചുകുട്ടികളെപ്പോലെ അവൾ ഓടുന്നതെന്നോർത്തു ആ അമ്മ ഹൃദയം തേങ്ങി.

“വേണ്ട എന്നോട് മിണ്ടണ്ട… എന്നെ നേരത്തെ… അഭരണപ്പെട്ടി പൊട്ടിച്ചതിനു വക്കു പറഞ്ഞില്ലേ” അവൾ അമ്മയെ നോക്കി ചിണുങ്ങി. പിഞ്ചികുട്ടികളുടേതു പോലെ അൽപം കൊഞ്ചലോടെയുള്ള അവളടെ വർത്തമാനം കേട്ടു വരദ കണ്ണുകൾ തുടച്ച് അവളെ നോക്കി ചിരിച്ചു.

“അത് മോളെ നീ… പിന്നെ എത്ര ഭംഗിയുള്ള ആമാടപ്പെട്ടിയായിരുന്നു അത്… അത് മുത്തശ്ശി എനിക്ക് സമ്മാനമായി തന്നതായിരുന്നുവത്. നീ അത് താഴെയിട്ടു പൊട്ടിച്ചപ്പോൾ എനിക്കൽപം ദേഷ്യം വന്നു എന്നത് ശരിയാണ്. ഇന്നിപ്പോൾ അമ്മയുടെ ദേഷ്യമെല്ലാം പോയി. എന്‍റെ പൊന്നുമോളല്ലേ… അമ്മയുടെ കൂടെ വന്നു ആ പാവാട മാറ്റിയുടുത്തിട്ട് പോ” അമ്മയുടെ ദേഷ്യമെല്ലാം പമ്പകടന്നു എന്ന് മനസ്സിലായപ്പോൾ ചിന്നു പരിഭവമെല്ലാം മറന്നു ഓടിച്ചെന്നു.

അവളുടെ കയ്യിൽ പിടിച്ചു വരദ അകത്തേക്ക് നയിച്ചു. പത്തുപതിനാല് വയസ്സായിട്ടും നാല് വയസ്സിന്‍റെ ബുദ്ധി വളർച്ച മാത്രമുള്ള മകളെ ശാസിച്ചിട്ടു ഫലമില്ലെന്ന് മനസ്സിലാക്കിയിരുന്നു. പക്ഷേ എന്നിട്ടും അറിയാതെ ചിലപ്പോൾ അവളെ പ്രാകുകയും ചെയ്തുപോകുന്നു.

ബാത്റൂമിൽ കൊണ്ടുപോയി ശരീരം കഴുകി വൃത്തിയാക്കിയ ശേഷം അടിവസ്ത്രം ധരിപ്പിച്ചു. അലമാരയിൽ നിന്നും എടുത്ത പുതിയ പാവാടയും ബ്ലൗസും അണിയിക്കുമ്പോൾ അവൾ കൈകൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അമ്മയുടെ പിണക്കമെല്ലാം പോയെ… ചിന്നുകുട്ടിയോട് അമ്മയ്ക്ക് ഇഷ്ടമാണേ”

“അതെ, മോളെ മോളോട് അമ്മയ്ക്ക് ഒത്തിരി ഇഷ്ടമാണ്” എന്‍റെ പൊന്നുമോളാണ് നീ”

“നല്ല അമ്മ… അമ്മച്ച് ചിന്നുമോൾ ഉമ്മ തരാം..” അങ്ങനെ പറഞ്ഞു അവൾ വരദയുടെ കവിളിൽ ഉമ്മ വച്ചു. അപ്പോൾ വരദ അവളെ തന്നോട് ചേർത്ത് നിർത്തി ചെവിയിൽ പറഞ്ഞു.

“അതെ… ഇന്ന് ചിന്നുമോൾടെ പുറന്നാളാണ്. അമ്മ അമ്പലത്തീന്ന് കണ്ണന്‍റെ പാൽ പായസം കൊണ്ടുവന്നു വച്ചിട്ടുണ്ട്. എന്‍റെ മോൾക്ക് കഴിക്കണ്ടേ…”

“ഹായ് കണ്ണന്‍റെ പാൽപായസം എനിച്ചു എന്തിട്ടമാണെന്നോ” അങ്ങനെ പറഞ്ഞു അവൾ വീണ്ടും കൊച്ചുകുട്ടികളെപ്പോലെ തുള്ളിച്ചാടാൻ തുടങ്ങി. അതുകണ്ട് വരദയുടെ കണ്ണുകൾ വീണ്ടും നനഞ്ഞു.

പതിന്നാലിന്‍റെ കൗമാര കുതൂഹലവും പേറി, യൗവ്വനത്തിന്‍റെ പടിവാതിലിൽ സ്വപ്നം കണ്ട് പാറി നടക്കേണ്ട പെൺകുട്ടി. ഇന്നവൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ശൈശവ സഹജമായ നൈർമല്യത്തോടെ തുള്ളിച്ചാടുന്നു. ശിശുവിന്‍റെ ഭാവനാലോകമാണ് അവളുടെയും ലോകം.

വിരിയുന്ന പൂവിന്‍റെ സൗരഭം ആ ഹൃദയത്തിനുണ്ടെങ്കിലും ഇനിയും വിരിയാത്ത പൂമൊട്ടാണ് ആ ഹൃദയം. പക്ഷേ ഈ വീട്ടിൽ താനൊഴികെ മറ്റെല്ലാവർക്കും അവളോട് വെറുപ്പാണ്. ചിലപ്പോൾ വിജയേട്ടനു പോലും. കണ്ണന്‍റെ പായസം അവൾക്കു നൽകാതെ മറ്റെല്ലാവരും കുടിച്ചു തീർക്കുമെന്നോർത്താണ് താനവളുടെ പുറന്നാൾ പോലും രഹസ്യമാക്കി വച്ചത്.

വരദ നോക്കുനോൾ സമൃദ്ധമായ നീണ്ട മുടിയിഴകളെ മന്നോട്ടിട്ട് താഴെയിരുന്നു ക്രയോൺ ചായപ്പെൻസിൽ കൊണ്ട് എന്തോ കുത്തിവരയ്ക്കുന്ന തിരക്കിലാണവൾ. അടുത്തുചെന്ന് ആ മുടിയിഴകളൊതുക്കി രണ്ടായി പിന്നിയിടുമ്പോൾ അവൾ പറഞ്ഞു,

“ചിന്നു ഒരു പക്കിയെ വച്ചത് കണ്ടോ അമ്മേ… അമ്മ കണ്ടില്ലേ… നേരത്തെ ആ ചെമ്പരത്തിച്ചെടിയിൽ വന്നിരുന്ന പങ്ങിയുള്ള പക്കി..”

ശരിയാണ് ഒരു ചിത്രശലഭത്തിന്‍റെ ആകൃതി അവൾ ഒപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം സ്പെഷ്യൽ സ്ക്കൂൾ വാർഷികത്തിന് വന്നെത്തിയ മുഖ്യാതിഥി പറഞ്ഞതോർത്തു.

“മറ്റ് കുട്ടികളിൽ നിന്നും ഭിന്നമായി അവർക്ക് ചില പ്രത്യേക കഴിവുകൾ ദൈവം നൽകിയിട്ടുണ്ടാകാം. അതിനെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കു. കൂടുതൽ ക്രിയേറ്റിവ് ആയിട്ടുള്ള കാര്യങ്ങളിലേക്ക് അവരുടെ മനസ്സ് തിരിക്കണം. തന്നത്താൻ സ്വന്തം കാര്യങ്ങളിലേക്ക് അവരുടെ മനസ്സ് തിരിക്കണം തന്നത്താൻ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പഠിപ്പിക്കണം. എല്ലാറ്റിനെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചോളൂ” അവളുടെ മനസ്സ് വ്യാപരിക്കുന്നിടത്തേക്ക് സർഗ്ഗാത്മമായി കൈപിടിച്ചു നടത്തേണ്ടത് അമ്മയായ തന്‍റെ കടമാണ്.

“ഹായ് നോക്കട്ടെ മോളൂ, ചിത്രം വരച്ചത് നന്നായിട്ടുണ്ടല്ലോ.” അവൾ ഒരു ചിത്രശലഭത്തിന്‍റെ ചിറകിനു നിറങ്ങൾ നൽകിക്കഴിഞ്ഞു. ഇപ്പോൾ അത് അവൾ നേരത്തെ കണ്ട ഭംഗിയുള്ള ചിത്രശലഭമായി മാറിക്കഴിഞ്ഞു. അവളിൽ പുതിയ കഴിവുകൾ വികസിക്കുന്നത് കണ്ടു മനസ്സ് ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നു. അവളെ അഭിനന്ദിച്ചു അടക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആരും കാണാതെ പാൽപ്പായസം ടംബ്ലറിൽ എടുത്തുകൊടുത്തു. അത് മുഴുവൻ മൊത്തിക്കുടിച്ചശേഷം അവൾ വീണ്ടും വേണമെന്നാവശ്യപ്പെട്ടു.

കുടിക്കുമ്പോൾ പായസം ദേഹത്തും പാവാടായിലും വീണു വൃത്തികേടായികൊണ്ടിരുന്നു. “അയ്യോ… ചിന്നു മോളേ നിന്‍റെ പുതിയ പാവാടയും ബ്ലൗസുമെല്ലാം പായസം വീണു വൃത്തിക്കേടായാല്ലോ. അമ്മ വേറെ ഉടപ്പിടിക്കാം.”

“ഹും വേണ്ട എനിച്ചിതു മതി… ഈ പാവാടയും ബ്ലൗസും കാണാൻ എന്ത് ഭംഗിയാ… ഇപ്പോൾ ചിന്നുമോളെ കാണാൻ പംഗിയില്ലേ. ഞാൻ കാണ്ണാടിയിൽ കണ്ടൂലോ. ചിന്നുമോളെ കാണാൻ നല്ല പംഗീണ്ട്. എനിച്ചീ ഉടുപ്പ് തന്നെ മതി.” അവൾ വാശി പിടിച്ചു കരയാൻ തുടങ്ങിക്കഴിഞ്ഞു.

വരദ പിന്നെ കൂടുതൽ നിർബന്ധിക്കുവാൻ പോയില്ല. ജന്മദിനമായിട്ട് അവളുടെ ഇഷ്ടം തന്നെ നടക്കട്ടെ. പാവാടയിലും ബ്ലൗസിലും വീണ പായസം ഒരു ടവൽ കൊണ്ട് തുടച്ചു കൊടുത്തു, പിന്നെ അവളുടെ ശ്രദ്ധ മേശപ്പുറത്തിരുന്ന മുല്ലപ്പൂവിലേക്കായി. രാവിലെ താൻ ദേവിയുടെ അമ്പലത്തിൽ നിന്നും കൊണ്ട് വന്ന പൂവാണത്.

അവളുടെ പേരിൽ അർച്ചന കഴിച്ചപ്പോൾ കിട്ടിയ പൂവ്. അവൾ ഋതുമതിയായിരിക്കുന്നതുകോണ്ടാണ് പൂവും പ്രസാദവും നൽകാതിരുന്നത്. എന്നാലിപ്പോൾ അവൾ അത് കണ്ടുപിടിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി അതിനുവേണ്ടായിരിക്കും വാശിപിടിത്തം. വിചാരിച്ചതുപോലെ അവൾ പൂവ് കൈനീട്ടീ എടുത്തു തലയിൽ വയ്ക്കാൻ തുടങ്ങി. അപ്പോൾ വരദ സ്വയം ആ പൂവ് അവളുടെ തലയിൽ ചൂടിക്കൊടുത്തു.

പ്രസാദവും കുങ്കുമവും അവൾ കയ്യിലെടുത്തു. നെറ്റിയിലും മഖത്തും വാരിപ്പൂശുന്നതിനു മുമ്പ് വരദ അവളുടെ നെറ്റിയിൽ അതണിഞ്ഞു കൊടുത്തു. “ഇനി ചിന്നു കണ്ണാടിയിൽ നോച്ചിട്ടൂ വരാമ്മേ” അവൾ ആഹ്ലാദത്തൊടെ കിടപ്പുമുറിയിലേക്ക് ഓടിക്കഴിഞ്ഞു. അൽപം കഴിഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ ഓടിവന്നു.

“ഹായ്. ഇപ്പോൾ ചിന്നുമോളെ കാണാൻ എന്ത് ഭംഗിയാ ഇല്ലേ അമ്മേ” അവൾ വരദയെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു. അതുകേട്ടു വരദ ആഹ്ലാദത്തോടെ പറഞ്ഞു.

“പിന്നില്ലെ… എന്‍റെ മോളേ കണ്ടാൽ ലോകസുന്ദരിമാരു പോലും ഇപ്പോൾ തോറ്റുപോകും” വരദ അവളുടെ കവിളിൽ ഒരു മുത്തം നൽകിക്കൊണ്ട് പറഞ്ഞു. ചിന്നുമോൾക്കു അത്രയും മതിയായിരുന്നു അമ്മയുടെ അഭിനന്ദനം അവളെ വാനോളമുയർത്തി.

“മോള് മുത്തശ്ശിയേം ചേച്ചിയേം കണ്ടിട്ട് വരാം ട്ടോ”

അവൾ തുള്ളിച്ചാടി അകത്തേക്ക് പോയപ്പോൾ വരദ ചിന്തിച്ചുപോയി. തന്‍റെ മോളെക്കാണാൻ ഒരു ദേവിയുടെ ചന്തമുണ്ട്. ആ ഭംഗിയുള്ള നീണ്ടമുടിയും ഭംഗിയുള്ള കണ്ണുകളെല്ലാം അവൾക്ക് അച്ചമ്മയിൽ നിന്നും കിട്ടിയതാണ്. ഇത്ര പ്രായമായിട്ടും വിജയേട്ടന്‍റെ അമ്മയെ കാണാൻ ഇപ്പോഴും നല്ല ഭംഗിയാണല്ലോ എന്നവളോർത്തു.

“ഹും ഒരു സുന്ദരിക്കോത വന്നിരിക്കുന്നു. ലോകസുന്ദരിയാത്രേ”

തുടർന്ന് അടിപിടിയുടെയും ഉച്ചത്തിലുള്ള കരിച്ചിലിന്‍റെയും സ്വരം കേട്ടു അധികം ഭംഗിയില്ലാത്ത മൂത്തവൾ അസൂയ പെരുത്തിട്ട് അവളെ തല്ലി ഓടിച്ചതാകാം.

“എന്താ… അവിടെ ഒരു ബഹളം. ഈ അശ്രീകരത്തെ കൊണ്ട് തോറ്റുവല്ലോ. ഒരു നേരം സ്വൈര്യം തരില്ല.”

വിജയേട്ടന്‍റെ അമ്മയാണത്. രണ്ടുദിവസമായി അമ്മക്ക് നല്ല സുഖമില്ല. വാവാടുക്കുമ്പോ തുടങ്ങും ശ്വാസം മുട്ട്. അപ്പോൾ പിള്ളേരുടെ ബഹളമൊന്നും അമ്മ സഹിക്കുകയില്ല. ചിന്നുമോളുടെ മുന്നിൽ കാവ്യ പലപ്പോഴും തോൽക്കാനാണ് പതിവ്.

ചിന്നു കാവ്യയുടെ പുറത്തു കയറിയിരുന്നു. അവളെ ഇടിക്കുന്നതും മാന്തുന്നതുമാണ് വരദ ചെന്നപ്പോൾ കണ്ടത്. ദേഷ്യം വന്നാൽ പിന്നെ അവൾ കാട്ടുമൃഗത്തേപ്പോലെയാണ്. കാവ്യയുടെ പുറത്തുനിന്നും ചിന്നുവിനെ പിടിച്ചുമാറ്റാൻ വരദ കുറേ പണിപ്പെട്ടു. അടിയും ഇടിയും കൊണ്ട് മുഖവും ചുണ്ടും വീർത്ത കാവ്യ കരഞ്ഞുകൊണ്ട് എഴുന്നേറ്റു. അവളുടെ മുഖവും കൈകാലുകളും ചതയുകയും പോറുകയും മറിയുകയും ചെയ്തിട്ടുണ്ടായിരുന്നു. ചുണ്ടിൽ നിന്ന് ചോര ഒഴുകിക്കൊണ്ടിരുന്നു.

“എന്നെ പൊട്ടിച്ചീന്ന് വിച്ചു… അതാ ഞാൻ ഇവളെ ഇച്ചത്.” ചിന്നു ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു. വരദയാകട്ടെ ആരുടെ കൂടെ നിൽക്കണം എന്നറിയാതെ വിഷമിച്ചു.

“ഹും അവൾ സുഖമില്ലാത്ത കുട്ടിയാണെന്ന് നിനക്കറിയാൻ പാടില്ലേ. പിന്നെ എന്തിനാ അവളെ അരിശം പിടിപ്പിക്കുന്നത്” മൂത്തവളെ വഴക്കുപറയുമ്പോൾ വരദയുടെ നിയന്ത്രണം വിട്ടിരുന്നു.

“ഹും അമ്മയാണ് ഇവളെ വഷളാക്കുന്നത്. ഇന്നച്ഛൻ വരട്ടെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് ഇവളുടെ തോന്ന്യാസങ്ങളെല്ലാം” അങ്ങനെ പറഞ്ഞ് കാവ്യ കരഞ്ഞ് മുഖം വീർപ്പിച്ചു അവിടെ നിന്നും പോയി.

മുത്തശ്ശിയുടെ അടുത്തേക്കായിരിക്കും അവൾ പോയതെന്ന് വരദ ഊഹിച്ചു. മുത്തശ്ശിയെക്കൊണ്ട് വിജയേട്ടനോടെല്ലാം പറഞ്ഞ് കൊടുത്ത് ചിന്നുമോൾക്ക് നല്ല അടിവാങ്ങി കൊടുക്കുകയാണ് അവളുടെ ലക്ഷ്യം.

“എന്‍റെ മോളേന്തിനാ ചേച്ചിയോട് വഴക്ക് കൂടാൻ പോയത്. അതല്ലേ കുഴപ്പമായത്”

വരദ അവളെ ചേർത്തു പിടിച്ചു ചോദിച്ചു. ചിന്നുവിന്‍റെ കുറുമ്പ് കൂടുമ്പോൾ ചിലപ്പോൾ വിജയേട്ടൻ വടിയെടുത്തു അവളെ നല്ലോണം തല്ലാറുണ്ട്.

“അമ്മ അച്ഛനെന്നെ തല്ലുവോ… ചിന്നു ഇനി കുസൃതി കാണിച്ചില്ലാ അമ്മേ” അവൾ പേടിച്ചതുപോലെ വരദയെ കെട്ടിപ്പിടിച്ചു.

“ഇന്ന് ചിന്നുവിന്‍റെ പിറന്നാൾ ആയതുകൊണ്ട് തല്ലണ്ടാന്ന് പറയാട്ടോ.. നല്ല കുട്ടിയായി മുറിക്കകത്തു പോയിരുന്നു കളിച്ചോളൂ. അമ്മ സദ്യ ഉണ്ടാക്കി തരാം” അങ്ങനെ പറഞ്ഞു വരദ അടുക്കളക്കകത്തേക്ക് നടന്നു.

ചിന്നു വീടിന്‍റെ പുറത്തേക്ക് നടന്നു. അച്ഛൻ വൈകുന്നേരം വരുമ്പോൾ അടിക്കുമോ എന്ന ഭയം അവൾക്കപ്പോഴും ഉണ്ടായിരുന്നു. അവൾ ഒന്നും ചെയ്യാനാവാതെ ഏങ്ങിക്കരഞ്ഞുകൊണ്ട് വീടിനുപുറത്തെ ചവിട്ടുപടിയിൽ ഇരുന്നു. അപ്പോൾ വീടിന് മുമ്പിലുള്ള റെയിൽപാളത്തിൽ കൂടി ഒരു ട്രെയിൻ പോകുന്നതവൾ കണ്ടു. അത് കണ്ടതോടെ കൂടി ചിന്നു തന്‍റെ ദു:ഖങ്ങൾ മറന്നു.

ട്രെയിനിന്‍റെ ജനാലക്കരികിൽ ആളുകളെക്കണ്ട് അവൾ കൈകൊട്ടിച്ചിരിക്കുകയും കൈവീശി റ്റാറ്റാ പറയുകയും ചെയ്തു. അപ്പോൾ അതിനുള്ളിൽ അച്ഛൻ നിൽക്കുന്നതുപോലെ അവൾക്ക് തോന്നി. അച്ഛൻ ട്രെയിൻ ഓടിക്കുന്ന ആളാണെന്ന് അവൾക്കറിയാമായിരുന്നു.

അച്ഛന്‍റെ തല്ലിനെക്കുറിച്ചുള്ള ഭയം പിന്നെയും അവളെ പിടികൂടി. ചിന്നുവിന് കരച്ചിൽ വന്നു. അപ്പോൾ അവൾക്ക് തോന്നി തന്‍റെ സങ്കടം കാണാൻ ആരുമില്ലെന്ന്. രണ്ടുദിവസമായി പരീത് മാമനെയും കാണാനില്ല. ഉണ്ടായിരുന്നെങ്കിൽ മാമനോട് പറയാമായിരുന്നു. അല്ല മാമൻ ചിലപ്പോൾ വീട് പണിയുന്നിടത്ത് ഉണ്ടെങ്കിലോ ഉണ്ടെങ്കിൽ മാമനോട് കാര്യം പറയാം. അങ്ങനെ വിചിരിച്ചു അവൾ എഴുന്നേറ്റ് നടന്നു.

അൽപം അകലെ പറമ്പിൽ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടായിരുന്നു അവളുടെ ലക്ഷ്യം. അവിടെ ചെന്നാൽ ഇഷ്ടം പോലെ കളിക്കാൻ പൂഴിമണ്ണും കിട്ടും. പിന്നെ പൊട്ടിയ ഇഷ്ടികയും തടിക്കഷണങ്ങളും അവൾ കണ്ടു. അവൾ എല്ലാം മറന്നു കളികളിൽ മുഴുകി. അപ്പോഴാണ് പുറകിൽ നിന്നും പരീതിന്‍റെ ശബ്ദം കേട്ടത്. “അല്ല ചിന്നുക്കുട്ടി വീട് പണിയാണോ… നല്ല ഭംഗിയുണ്ടല്ലോ വീടിന്” അങ്ങനെ പറഞ്ഞ് അയാൾ ചിന്നുവിന്‍റെ അടുത്തിരുന്നു.

“ഹായ് പരീത് മാമൻ. രണ്ടുദിവസം മാമൻ എവിടെയായിരുന്നു. മാമനെ കാണാഞ്ഞ് ചിന്നുവിന് സങ്കടമായി”

“മാമന് അത്യാവശ്യമായി ഒരിടം വരെ പോകണമായിരുന്നു.”

“അതുപറയുമ്പോൾ അയാളുടെ കണ്ണുകൾ ചിന്നുമോളുടെ മുഖത്തായിരുന്നു. ഇന്നവൾ അണിഞ്ഞൊരുങ്ങി സുന്ദരിയായിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു…” മാമ ഇന്ന് ചിന്നുമോളുടെ പുറന്നാളാണ്.

അൽപ നേരത്തേക്ക് അന്നത്തെ ദു:ഖകരമായ സംഭവങ്ങൾ എല്ലാം മറന്നവൾ അയാളോട് അങ്ങനെ പറഞ്ഞുവെങ്കിലും അടുത്ത നിമിഷം അവൾ അയാളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി.

“മാമാ ഇന്ന് ചിന്നുമോളെ അച്ഛൻ തല്ലുവോ… ചിന്നുമോൾ കവ്യയെ തല്ലി. കാവ്യ ചിന്നുമോളെ പൊട്ടിച്ചീന്ന് വിച്ചു”

അവളുടെ നിഷ്കളങ്കമായ പറച്ചിൽ അയാൾ കേട്ടില്ല. അപ്പോൾ അയാളുടെ കണ്ണുകൾ അവളുടെ ചോദ്യത്തിനൊപ്പം ചലിക്കുന്ന ചുണ്ടുകളിലും മറ്റു അംഗവടിവുകളിലുമായിരുന്നു. വിരിഞ്ഞു തുടങ്ങുന്ന സൂര്യകാന്തി പൂപോലെ മനോഹരിയായ ഒരു പെണ്ണ്. തന്‍റെ ശീരത്തോട് ഒട്ടിച്ചേർന്ന്, നിയന്ത്രണങ്ങളെല്ലാം വിട്ട് അവൾക്ക് ഒരു മുത്തം കൊടുക്കാൻ അയാളുടെ മനസ്സ് വെമ്പി. പെട്ടെന്നയാൾ ചുറ്റിനും നോക്കി.

അൽപം അകലെ പശുവിനെ മേച്ചുനിൽക്കുന്ന ഒരാണിനേയും അടുത്ത വീട്ടിൽ കല്ലിൽ തുണിയലക്കിക്കൊണ്ട് നിൽക്കുന്ന സ്ത്രീയേയും അൽപം അകലെ തന്‍റെ വീടിന് മുന്നിൽ അയയിൽ തുണി വിരിച്ചുനിൽക്കുന്ന വരദയേയും അയാൾകണ്ടു. അപ്പോഴാണയാൾ തങ്ങളുടെ സമീപത്തുകൂടി ആ ചിത്രശലഭം പാറുന്നത് കണ്ടത്.

“ചിന്നുമോൾക്ക് പക്കിയെ പിടിക്കണംന്ന് കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞായിരുന്നില്ലേ… നമുക്കിപ്പോൾ അതിനെ പിടിക്കാൻ പോയാലോ. ”അതുകേൾക്കേണ്ട താമസം ചിന്നു ആഹ്ലാദത്തോടെ ചാടിയെഴുന്നേറ്റു.

“വേണം എനിച്ച് പക്കിയെ പിടിച്ചണം” അവൾ ചാടിയെണീറ്റു. പരീതിന്‍റെ കയ്യിൽ പിടിച്ചുവലിച്ചു. അവൾ പരീതിനൊപ്പം ചിത്രശലഭത്തിന്‍റെ പുറകെ ഓടുന്നത് വരദ കണ്ടിരുന്നു. പത്തറുപത്തിനാല് വയസ്സുള്ള ചിന്നുമോളുടെ

മുത്തച്ഛനാകാൻ പ്രായമുള്ള അയാളൊടൊപ്പം അവൾ ഓടി നടക്കുന്നിൽ വരദക്ക് അപാകത ഒന്നും തോന്നിയില്ല. മാത്രമല്ല കുടുംബത്തിൽ ഒരു സഹായിയായി വർത്തിച്ചിരുന്ന അയാൾ ഒരു നല്ല മനുഷ്യനാണെന്നും വരദ കരുതി. പിന്നീട് ഏറെനേരം കഴിഞ്ഞ് ചിന്നുവിനെ കാണാഞ്ഞ് അവളെ അന്വേഷിച്ചു ചെന്ന വരദ കണ്ടത് വീട്ടിൽ നിന്നും അൽപം അകലെ സ്ഥിതി ചെയ്യുന്ന റെയിൽപ്പാതയിൽ മിക്കവാറും നഗ്നമായ ഉടലോടെ ചിന്നിച്ചിതറിയ ശവശരീരമായിട്ടായിരുന്നു. അവിടെ ആളുകൾ ധാരാളം കൂടി നിന്നിരുന്നു.

ബുദ്ധിമാന്ദ്യമുള്ള അവൾ അബദ്ധത്തിൽ ട്രെയിനടിയിൽപ്പെട്ടതാകാമെന്ന് പോലീസ് വിധിയെഴുതി. ആ ശരീരത്തിൽ വീണു അലറിക്കരയുന്ന വരദയെ നോക്കി കൊണ്ട് അപ്പോൾ ആൾക്കൂട്ടത്തിൽ ഭാവഭേദമില്ലാതെ ഒരാൾ നിന്നിരുന്നു.

അയാളുടെ മുഖം പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ നിസ്സംഗമായിരുന്നു. അത് ചിന്നുവിന്‍റെ സുഹൃത്തും കളിത്തോഴനുമായിരുന്ന പരീത് ആയിരുന്നു. മാരീചനെപ്പോലെ ആൾക്കൂട്ടത്തിൽ മറഞ്ഞുനിന്ന അയാൾ, വരദയുടെ ദൃഷ്ടിയിൽ പെടും മുമ്പ് അവിടെ നിന്നും വേഗം നടന്നുനീങ്ങി.

കണ്ടാൽ ഐശ്വര്യറായ് തന്നെ

കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലെ ഒരു രംഗം തകർത്തഭിനയിച്ചു സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ആണ് അമൃത താരമായത്. എൻഡി ടിവി, പോളിമർ ന്യൂസ് എന്നീ ദേശീയമാധ്യമങ്ങളിൽ അമൃത വാർത്തയായി.

കേരളത്തിനകത്തും പുറത്തും വൻ ആരാധകരുള്ള അമൃതയ്ക്ക് 1.4 മില്യൺ ഫോളോവേഴ്സ് ടിക്ടോക് നിരോധിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നു. കഴിഞ്ഞ 2 വർഷമായി ടിക്ടോക്കിൽ അത്രയും സജീവമായിരുന്നു അമൃത സജു എന്ന ഇടുക്കിക്കാരി. ടിക്ടോക്കിൽ അമ്മൂസ് അമൃതയെന്നാണ് അമൃത അറിയപ്പെട്ടിരുന്നത്. ടിക്ടോക് ഇപ്പോൾ ഇല്ലെങ്കിലും അതിലെ പ്രശസ്തി പിക്കാസോ എന്ന മലയാള സിനിമയിലേക്ക് അമൃതയ്ക്ക് എൻട്രി നൽകി.

വൈറൽ വിഡിയോ

ഏതാനും മാസം മുമ്പാണ് ഒരു പ്രത്യേക ആംഗിളിൽ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലെ ഒരു രംഗം അഭിനയിച്ച് ടിക്ടോക്കിലാക്കിയത് അനിയത്തി അപർണ്ണയുടെ നിർദ്ദേശങ്ങളനുസരിച്ചായിരുന്നു. എന്നാൽ ഒറ്റയടിയ്ക്ക് ഈ വീഡിയോ വൈറലാകുമെന്ന് അമൃത ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഏതാനും ദിവസങ്ങൾ കൊണ്ട് വീഡിയോ കണ്ടവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു.

“പ്രത്യേക ആംഗിളിൽ ടിക്ടോക് ചെയ്തത് കണ്ട് കഴിഞ്ഞാണ് ഐശ്വര്യ റായ്ടെ കട്ടുണ്ടെന്ന് ആളുകൾ പറഞ്ഞുതുടങ്ങിയത്. ലെൻസ് വച്ചാൽ ഒറിജിനാലിറ്റിയുണ്ടാവുമെന്നൊക്കെയുള്ള കമന്‍റുകളും വന്നു. എങ്കിൽ അത്തരം വീഡിയോ ചെയ്തു നോക്കിയാലോയെന്ന് അനിയത്തി പറഞ്ഞു. “ആകെ മൂന്നോ നാലോ എണ്ണം മാത്രമാണ് ഞാൻ ഐശ്വര്യ റായ്ടെ അഭിനയ രംഗങ്ങൾ ചെയ്തത്. ബാക്കിയൊക്കെ എന്‍റെ സ്വന്തം രീതിയിൽ മറ്റ് ഗാനരംഗങ്ങളാണ് ചെയ്തത്”

“മോഡേൺ സ്റ്റൈലിലാണ് ഞാൻ മിക്ക വീഡിയോകളും ചെയ്തിരുന്നത്. നാടൻ സ്റ്റൈലൊന്നും അധികം ചെയ്തിട്ടില്ല. അങ്ങനെ സ്റ്റൈലൊന്ന് മാറ്റി പിടിച്ചപ്പോൾ ഐശ്വര്യ റായ്ടെ ചില നാടൻ കഥാപാത്രങ്ങളോട് സാമ്യതയുള്ളതുപോലെ എല്ലാവർക്കും തോന്നി. അങ്ങനെയാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ വീഡിയോ ഇത്രയധികം വൈറലായത്” അമൃത പറയുന്നു.

തുടക്കത്തിൽ ഒരു രസത്തിനുവേണ്ടിയാണ് ചെയ്ത് തുടങ്ങിയത്. പിന്നെ പിന്നെയത് ലക്ഷക്കണക്കിന് ആരാധകരിലേക്ക് എത്തി. അവരുടെ നിറഞ്ഞ പ്രോത്സാഹനവും കയ്യടിയും കൂടിയായതോടെ കേരളത്തിന്‍റെ സ്വന്തം ആഷ് ദേശീയതലത്തിലും ശ്രദ്ധേയയായി. ദേശീയ മാധ്യമങ്ങളിലടക്കം അമൃതയുടെ അഭിമുഖങ്ങളും വന്നു. ഏതോ നോർത്തിന്ത്യൻ ആരാധിക ട്വിറ്ററിൽ അമൃതയുടെ വൈറലായ വീഡിയോയെപ്പറ്റി പോസ്റ്റിട്ടതോടെയാണ് ദേശീയ മാധ്യമങ്ങളിൽ അമൃത ശ്രദ്ധിക്കപ്പെട്ടത്.

ആഷിന്‍റെ കടുത്ത ആരാധികയാണ് അമൃത. “ഐശ്വര്യ റായ്ടെ കണ്ണുകളുടെ ചലനങ്ങൾക്ക്പോലും എത്ര ഭംഗിയാണ്. അതേപ്പോലെ എനിക്ക് ചെയ്യാൻ പറ്റിയില്ലെങ്കിൽ ആരും ഇടിക്കാൻ വരാതിരുന്നാൽ മതിയായിരുന്നു.” അമൃത കുസൃതിച്ചിരിയോടെ പറയുന്നു. ഐശ്വര്യയുടെ സ്ക്രീൻ പെർഫോമൻസ് ശ്രദ്ധയോടെ കണ്ടുപഠിച്ചാണ് ഈ സുന്ദരി അവതരിപ്പിച്ചത്. കൂടെ പിന്തുണയുമായി ഇളയ സഹോദരി അപർണയും കൂടും. “അപർണയാണ് ക്യാമറാ വുമൺ. ഒപ്പം അവളുടെ ചില നിർദേ ദ്ശങ്ങളുമൊക്കെയുണ്ടാവും.

സിനിമയിലേക്ക് അവസരങ്ങൾ

വീഡിയോകൾ വൈറലായ ശേഷം ഞെട്ടി നിൽക്കുകയാണ്, സന്തോഷമുണ്ട്. സിനിമയിലേക്ക് ഓഫറുകൾ വന്നിരുന്നു. ലോക്ഡൗണായതുകൊണ്ട് തീരുമാനമായിട്ടില്ല. അതുപോലെ പരസ്യങ്ങളിലേക്കും ഓഫറുകളുണ്ട്. ഞാൻ നേരത്തെ തന്നെ മോഡലിംഗൊക്കെ ചെയ്തിട്ടുണ്ട്. “പിക്കാസോയെന്ന ചിത്രത്തിൽ നേരത്തെ അഭിനയിച്ചിരുന്നു. ചിത്രത്തിൽ നായിക കഥാപാത്രമാണ്. ബോൾഡ് ആന്‍റ് സൈലന്‍റ് ആയിട്ടുള്ള കഥയാണ്. നടൻ ഉണ്ണിമുകുന്ദന്‍റെ ഇളയ സഹോദരൻ സിദ്ധാർത്ഥ് ആണ് നായകൻ. .

സിനിമയിൽ തുടരുമോ

തീർച്ചയായും നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും. സിനിമ ഇഷ്ടമാണ്. ശോഭന, ഉർവ്വശി എന്നിവരുടെ കടുത്ത ഫാനാണ് ഞാൻ. പിന്നെ ആസിഫ് അലിയുടെയും അഭിനയം ഇഷ്ടമാണ്.

നെഗറ്റീവ് കമന്‍റുകൾ

ചിലരൊന്നും അത്രവേഗം അംഗീകരിക്കില്ല. കേരളത്തിന്‍റെ പുറത്തു നിന്നാണ് എനിക്ക് നല്ല കമന്‍റുകൾ കിട്ടിയത്. കേരളത്തിനകത്ത് നിന്നുമാണ് കൂടുതൽ വിമർശനങ്ങൾ ഉണ്ടായത്. അതിനെ അതിന്‍റെ വഴിക്ക് വിടും. അമൃത ചെറുചിരിയോടെ പറയുന്നു.

പഠനം,  കുടുംബം

തൊടുപുഴ കോലാനിയിൽ സജു വിശ്വനാഥിന്‍റെയും മായയുടെയും മകളാണ് അമൃത. അച്ഛൻ ബിസിനസ് ചെയ്യുന്നു. അമ്മ വീട്ടമ്മയാണ് പിന്നെ അനിയത്തി അപർണ. ഇവർ കട്ട സപ്പോർട്ടാണ്. പെരുമ്പാവൂർ ജയ്ഭാരത് കോളേജിൽ നിന്നും ബിസിഎ ഡിഗ്രി കഴിഞ്ഞ് നിൽക്കുകയാണ്. “കാനഡയിൽ പോയി എംസിഎ ചെയ്യണമെന്നാണ് എന്‍റെ ലക്ഷ്യം. പഠനം ഫസ്റ്റ് പ്രയോറിറ്റി തന്നെയാണ്.”

കോളേജിൽ കലാരംഗത്ത് സജീവമായിരുന്നു അമൃത. പക്ഷേ ഡാൻസിൽ മാത്രമായിരുന്നു. ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടില്ലെങ്കിലും യൂട്യൂബിൽ വരുന്ന നൃത്ത വീഡിയോകൾ കണ്ട് പഠിക്കുകയാണ് ചെയ്യാറ്. ഹിപ്ഹോപ്പാണ് അമൃതയുടെ ഇഷ്ട ചോയിസ്. പാട്ട് പഠിച്ചിട്ടില്ലെങ്കിലും അത്യാവശ്യം നന്നായി പാടുമെന്ന് അമൃത. ടിക്ടോക്ക് നിർത്തിയെങ്കിലും ഇൻസ്റ്റാഗ്രാമിൽ അമൃത സജീവമാണ്.

ആഷിനെ നേരിൽ കണ്ടാൽ

ആഷിനെ നേരിൽ കാണണമെന്നത് വലിയ ആഗ്രഹമാണെങ്കിലും ഒരു പക്ഷേ നേരിൽ കണ്ടാൽ ഞാൻ എക്സൈറ്റഡാകും. എന്ത് പറയണമെന്നറിയാതെ നിൽക്കും. അമൃത നിറഞ്ഞ ചിരിയോടെ പറയുന്നു.

കൂട്ടത്തിൽ താരം മറ്റൊരു സന്തോഷം കൂടി പങ്ക് വയ്ക്കുന്നു. തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള നടൻ മാധവന്‍റെ ഇൻസ്റ്റഗ്രാം സന്ദേശമായിരുന്നുവത്. തന്‍റെ വിശേഷങ്ങൾ ആരാഞ്ഞുള്ള ആ സന്ദേശം വിലമതിക്കാനാവാത്ത താണെന്ന് അമൃത നിറഞ്ഞ സന്തോഷത്തോടെ പറയുന്നു.

ബനാന ഓട്ട്മീൽ കുക്കീസ്

സ്വഭാവിക അന്‍റാസിഡുകളാണ് വാഴപ്പഴം. വളരെ പോഷകഗുണങ്ങളുള്ള വാഴപ്പഴം നമ്മുടെ പ്രിയ പഴം കൂടിയാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിവുള്ള മൂലികകള്‍ വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. വാഴപ്പഴത്തെ ഒരു എനര്‍ജി ബൂസ്റ്ററായും കരുതപ്പെടുന്നു.

ചേരുവകൾ

വാഴപ്പഴം ഒന്ന്

പീനട്ട് ബട്ടർ നാലിലൊന്ന് കപ്പ്

ഓട്സ് ഒന്നേകാൽ കപ്പ്

കിസ്മിസ് നാലിലൊന്ന് കപ്പ്

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം നന്നായി മിക്സ് ചെയ്ത് ഇഷ്ടമുള്ള ആകൃതി തയ്യാറാക്കുക.

ഓവനിൽ 160 ഡിഗ്രി സെന്‍റി ഗ്രേഡിൽ 12 മിനിറ്റ് നേരം ബേക്ക് ചെയ്യാം. ഓട്ട്മീൽ കുക്കീസ് റെഡി.

ഹോൾവീറ്റ് ജാഗറി കുക്കീസ്

ശർക്കര പണ്ടുമുതലേ ലോകമെമ്പാടുമുള്ളവർ ഭക്ഷണത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ട്. ഒരു കഷണം ശർക്കര നമ്മുടെ മെനുവിൽ ഉൾപ്പെടുത്താം, ശർക്കരയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ശരീരത്തിലെ വിഷാംശത്തെ തടയാൻ സഹായിക്കുന്നു. ആന്‍റി ഓക്സിഡൻസിന്‍റിന്‍റെ കലവറ കൂടിയാണ് ശർക്കര.

ചേരുവകൾ

ആട്ട ഒന്നര കപ്പ്

ബേക്കിംഗ് പൗഡർ അര ചെറിയ സ്പൂൺ

ഏലയ്ക്ക പൊടിച്ചത് അര ചെറിയ സ്പൂൺ

കറുവപ്പട്ട പൊടിച്ചത് മൂന്നിലൊന്ന് ചെറിയ സ്പൂൺ

ശർക്കര അര കപ്പ്

പാൽ 3 വലിയ സ്പൂൺ

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്ത് മാവ് തയ്യാറാക്കാം. ശേഷം ഇത് ഉരുളകളാക്കി കുക്കീസ് ഷെയ്പിൽ മുറിക്കുക.

ഓവൻ 160 ഡിഗ്രി സെന്‍റിഗ്രേഡിൽ ചൂടാക്കി 17-18 മിനിറ്റ് ബേക്ക് ചെയ്യാം. ജാഗറി കുക്കീസ് റെഡി.

 

എഗ്‍ലെസ് കോക്കനട്ട് കുക്കീസ്

ആരോഗ്യം വര്‍ദ്ധിക്കുന്നതിന് പതിവായി നാളികേരം കഴിക്കുന്നത് ഫലപ്രദമാണ്. കോക്കനട്ട് ഉപയോഗിച്ച് സ്വാദിഷ്ഠമായ പലവിഭവങ്ങള്‍ തയ്യാറാക്കാം. 

ചേരുവകൾ

ആട്ട ഒരു കപ്പ്

പഞ്ചസാര പൊടിച്ചത് ഒരു കപ്പ്

തേങ്ങ ചിരകിയത് മൂന്നിലൊന്ന് കപ്പ്

ബട്ടർ അര കപ്പ്

വാനില എക്സ്ട്രാക്റ്റ് അര ചെറിയ സ്പൂൺ

പാൽ 2 വലിയ സ്പൂൺ

തയ്യാറാക്കുന്ന വിധം

പഞ്ചസാരയിൽ മുഴുവൻ ചേരുവകളും ചേർത്ത് മാവ് തയ്യാറാക്കുക.

ആട്ടകൊണ്ട് ബോൾ തയ്യാറാക്കി തേങ്ങ ചിരകിയതിൽ മുക്കിപ്പൊതിയുക.

ഓവനിൽ 15 മിനിറ്റ് നേരം ബേക്ക് ചെയ്യാം. ഇനി തയ്യാറായ കോക്കനട്ട് കുക്കീസ് സർവ്വ് ചെയ്യാം.

കൊറോണബാധയിൽ നിന്ന് മുക്‌തി നേടിയാൽ

കൊറോണ വൈറസ്ബാധ കൂടിയും കുറഞ്ഞും പിടിതരാതെ കളി തുടരുകയാണിപ്പോഴും. കേരളത്തിലേക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളവരുടെ മടക്കം തുടങ്ങിയതിനുശേഷം പ്രിതദിനമുള്ള കണക്കുകൾ വർദ്ധിച്ചിരുന്നു. കേരളത്തിലും മഹാരാഷ്ട്രയിലും ഡൽഹിയിലും ഗുജറാത്തിലും തമിഴ്നാട്ടിലുമെല്ലാം കൊറോണ ബാധിച്ച് രോഗമുക്‌തി നേടുന്നവരുടെ എണ്ണവും താരതമ്യേന കൂടുതലാണ്. രോഗബാധയിൽ നിന്ന് മോചനം നേടി, കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയി എന്നതുകൊണ്ട് ആ വ്യക്‌തി ആരോഗ്യവാനായി മാറുന്നില്ല. ശാരീരികവും മാനസികവുമായി നേരിട്ട ദൗർബല്യം, ശരിയായ രീതിയിൽ പരിഹരിക്കപ്പെടണം.

ലോകം മുഴുവൻ ജീവിതശൈലിയിൽ വരെ വലിയ മാറ്റത്തിന്‍റെ വക്കിലാണ് ഇപ്പോൾ. ആരോഗ്യപരമായ ജീവിതമാണ് പുത്തൻ ജീവിതശൈലിയുടെ അടിസ്ഥാനം. ഒരു സാധാരണ പനി വരുന്നത് പോലെയാണ് പലർക്കും കൊറോണ രോഗം വന്നുപോകുന്നത്. എന്തായാലും പനിയിൽ നിന്ന് മോചനമായോ എന്നറിയാൻ സഹായകമാകുന്ന ചില സൂചകങ്ങൾ ഇതൊക്കെയാണ്.

  • മരുന്നില്ലാതെ 72 മണിക്കൂർ കഴിയാൻ പറ്റുക.
  • ചുമ, ശ്വാസതടസ്സം ഇവ ഇല്ലാതിരിക്കുക.
  • ആദ്യമായി പനിലക്ഷണം വന്ന് 7 ദിവസം കഴിയുമ്പോൾ യാതൊരു ലക്ഷണവും ഇല്ലാതിരിക്കുക.

കോവിഡ് 19 വിമുക്‌തിക്കു ശേഷം ശരീരം പൂർണ്ണമായും ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് സമയമെടുത്തേക്കാം. രോഗതീവ്രത ഉണ്ടായവർക്കാണ് ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ടാകുക. ലോകാരോഗ്യ സംഘടനയുടെ സൂചകമനുസരിച്ച് ഈ രോഗത്തിൽ പൂർണ്ണമായി വിടുതൽ ലഭിക്കാൻ 6 ആഴ്ച മിനിമം വേണ്ടിവരും. രോഗം സീരിയസ് ആയി വെന്‍റിലേറ്ററിൽ പ്രവേശിക്കപ്പെടുമ്പോൾ കണ്ടുവരുന്ന ചലഞ്ചുകൾ താഴെപ്പറയുന്നു.

  • ലംഗ്സ് ദുർബലമാകുന്നു. മസിലിന്‍റെ ബലം കുറയുന്നു. കടുത്ത ചുമ, ശ്വാസതടസ്സം.
  • വൈറൽ മയോകാർഡിടിസ് അഥവാ ഹൃദയത്തിനുണ്ടാകുന്ന ഇൻഫ്ളമേഷൻ മൂലം ഹാർട്ട് ഫെയിലർ ഉണ്ടാകുന്നു.
  • ന്യൂറോജിക്കൽ പ്രശ്നങ്ങൾ, സ്ട്രോക്ക്, ബ്ലഡ് ക്ലോട്ടിംഗ് സംഭവിക്കുന്നു.
  • പാദങ്ങളിൽ പോളങ്ങൾ, കാൽവേദന മേൽപ്പറഞ്ഞതൊന്നും 90 ശതമാനം രോഗികൾക്കും ഉണ്ടാകാറില്ല. വൃദ്ധജനങ്ങൾ, പ്രമേഹരോഗികൾ, രക്‌തസമ്മർദ്ദമുള്ളവർ ഇവർക്കൊക്കെയാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്.

രോഗബാധ ഉണ്ടായവർ ശ്രദ്ധിക്കേണ്ടത്

  • വീട്ടിൽ സ്വസ്ഥമായ അന്തരീക്ഷം.
  • കൂടുതൽ പഴങ്ങൾ കഴിക്കുക. നാച്ചുറൽ വിറ്റാമിനുകൾ ധാരാളം അടങ്ങിയത്.
  • പച്ചനിറത്തിലുള്ള പച്ചക്കറികൾ ധാരാളം കഴിക്കാം.
  • പ്രോട്ടീൻ ഭക്ഷണം.
  • വെജിറ്റേറിയരാണെങ്കിൽ പനീർ, പരിപ്പ്, നട്സ് കൂടുതൽ കഴിക്കണം.
  • നോൺവെജുകാർ മുട്ടയും ഇറച്ചിയും കഴിക്കുക.
  • ചെറിയ വ്യായാമവും നല്ല ഉറക്കവും.

ഇത്രയും ശ്രദ്ധിച്ചാൽ ശരീരം രോഗത്തിന്‍റെ പരിക്കിൽ നിന്ന് മെല്ല കരകയറും.

ഡയബറ്റീസിനെ പ്രതിരോധിക്കാൻ നാച്ചുറൽ ഡയറ്റ്

ഡയബറ്റീസ് ജീവിതശൈലി രോഗമാണ്. പഞ്ചസാരയുടെ നില ഉയർന്ന അവസ്ഥയിലെത്തുന്ന സ്‌ഥിതി വിശേഷമാണിത്. ഈ രോഗത്തെ ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ മറ്റ് പല രോഗങ്ങൾക്കും കാരണമാകാം. ഒരു വ്യക്‌തിയുടെ ആമാശയത്തിൽ പര്യാപ്തമായ അളവിൽ ഇൻസുലിൻ ഉൽപ്പാദനം നടക്കാത്ത അവസ്‌ഥയാണ് ഡയബറ്റീസ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് 300 മില്യൺ ആളുകൾ ഈ രോഗത്തിന് അടിമപ്പെട്ടവരാണ്. മാത്രവുമല്ല ഈ സംഖ്യ വളരെ വേഗത്തിൽ വളരുകയാണ്. ഷുഗറിനെ നിയന്ത്രിക്കുന്നതിന് അലോപ്പതി മരുന്നുകൾക്കൊപ്പം ആയുർവേദവും ഉപയോഗിക്കാം.

പാരമ്പര്യമാണ് ഈ രോഗത്തിന്‍റെ പ്രധാന കാരണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക അല്ലെങ്കിൽ അമിതമായ ജങ്ക് ഫുഡ് കഴിക്കുക, അമിതവണ്ണം എന്നിവയെല്ലാം ഇതിന്‍റെ കാരണങ്ങളാണ്. ശരീരഭാരം വർദ്ധിക്കുന്നതിനാൽ ഉയർന്ന രക്തസമ്മർദ്ദം പോലെയുള്ള പ്രശ്നമുണ്ടാകാം. അതുപോലെ രക്‌തത്തിൽ കൊളസ്ട്രോൾ നിലയും അമിതമായി ഉയരാം.

ഇക്കാരണം കൊണ്ട് ഡയബറ്റീസ് ഉണ്ടാകാം.

അമിതമായ അളവിൽ മധുരം കഴിക്കുക, ജങ്ക് ഫുഡ്, കുറച്ച് വെള്ളം കുടിക്കുക, വ്യായാമം ചെയ്യാതെയിരിക്കുക, ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുക, ശാരീരികാധ്വാനമില്ലാത്ത ജീവിതരീതി എന്നിങ്ങനെ ജീവിതശൈലി ഉള്ളവരിൽ ഈ രോഗ സാധ്യത കൂടുതലാണ്.

കുട്ടികളിലുണ്ടാവുന്ന ഡയബറ്റീസിന്‍റെ മുഖ്യകാരണം ഇപ്പോഴത്തെ ജീവിതശൈലിയും ഭക്ഷണ രീതിയുമൊക്കെയാണ്. ഇപ്പോഴത്തെ കുട്ടികൾ ശാരീരികമായി നിഷ്ക്രിയരാണ്. ടിവി കണ്ടും മൊബൈലിൽ ഗെയിം കളിച്ചും സമയം ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും. കായികമായ വിനോദങ്ങൾ വളരെ കുറവാണ്. ഇക്കാരണം കൊണ്ട് ഡയബറ്റീസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിൽ നിന്നും മോചനം നേടുന്നതിന് ആരോഗ്യ പൂർണ്ണമായ ജീവിതം സ്വായത്തമാക്കുകയാണ് വേണ്ടത്.

ഡയബറ്റീസ് രണ്ട് തരത്തിലുണ്ട്. ടൈപ്പ് 1 ഡയബറ്റീസ്. ഡയബറ്റീസ് രോഗിയുടെ ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദനം ആവശ്യമായ അളവിൽ നിന്നും കുറയുന്ന അവസ്‌ഥയാണിത്. ഈ കുറവ് പരിഹരിക്കുന്നതിന് പുറമെ നിന്നും ഇൻസുലിൻ നൽകി നിയന്ത്രിക്കുകയാണ് ചെയ്യുക. രോഗിയുടെ പാൻക്രിയാസിൽ ബീറ്റാ കോശങ്ങൾ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതെ വരുന്നതാണ് ഇതിന് കാരണം. ഈയവസ്‌ഥയ്ക്ക് ഫലവത്തായ ചികിത്സയില്ല.

ടൈപ്പ് -2 ഡയബറ്റീസിൽ രോഗിയുടെ ശരീരം ഇൻസുലിൻ പൂർണ്ണമായ രീതിയിൽ ഉപയോഗിക്കാതെ വരുന്നു. ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദനം നടക്കുമെങ്കിലും വളരെ കുറഞ്ഞയളവിലായിരിക്കും. പലപ്പോഴും ശാരീരിക പ്രവർത്തനങ്ങൾക്ക് അത് പ്രയോജനം ചെയ്യുമില്ല. ടൈപ്പ് 1 ഡയബറ്റീസിനെ ചികിത്സയിലൂടെയും ശരിയായ ഭക്ഷണ രീതിയിലൂടെയും നിയന്ത്രിക്കാനാകും.

ഡയബറ്റീസ് ലക്ഷണങ്ങൾ

ശരീരത്തിൽ ഗ്ലൂക്കോസ് വർദ്ധിക്കുന്നതിനൊപ്പം മറ്റ് ചില ലക്ഷണങ്ങളും പ്രകടമാകും. അതിൽ പ്രധാനപ്പെട്ടവയാണ് ദാഹം തോന്നുക, അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക, എപ്പോഴും തളർച്ചയനുഭവപ്പെടുക, ശരീരഭാരം വർദ്ധിക്കുക അല്ലെങ്കിൽ കുറയുക, ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക അല്ലെങ്കിൽ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ. ഇതിന് പുറമെ നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉദാ: മങ്ങിയ കാഴ്ച പ്രമുഖ കാരണമാണ്. ഡയബറ്റീസ് മൂലം മുറിവ് ഉണ്ടായാൽ അത് അത്ര പെട്ടെന്ന് സുഖപ്പെടുകയില്ല. അതുപോലെ പ്രതിരോധ വ്യവസ്‌ഥയും ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരാം. സ്ത്രീകളിൽ ഭൂരിഭാഗംപ്പേരിലും യോനി ഭാഗത്ത് കാൻഡിഡ് ഇൻഫക്ഷൻ ഉണ്ടാകാറുണ്ട്. ചിലരിൽ കൈകാലുകളിൽ പെരുപ്പും വേദനയും നീറ്റലുമൊക്കെ ഉണ്ടാകാം.

ഡയബറ്റീസിൽ നിന്നും മോചനം 

ഭക്ഷണരീതി, ജീവിതശൈലി, വീട്ടിൽ ചെയ്യാൻ കഴിയുന്ന നാടൻ ചികിത്സാ രീതികൾ എന്നിവയിലൂടെയും ഡയബറ്റീസിനെ നിയന്ത്രിക്കാൻ കഴിയും. പാവയ്ക്ക, കുക്കുംബർ, വെള്ളരിക്ക, തക്കാളി, മുളങ്കി, ചുരയ്ക്ക, പാലക്, ഉലുവ ചീര, കാബേജ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. ആപ്പിൾ, അനാർ, ഓറഞ്ച്, പപ്പായ, ഞാവൽപ്പഴം, പേരയ്ക്ക എന്നി പഴങ്ങളും കഴിക്കുക.

പഞ്ചസാര, ശർക്കര, കരിമ്പിൻ ജ്യൂസ്, ചോക്ക്ളേറ്റ് എന്നിവ തീർത്തും ഒഴിവാക്കുക. ഒരു നേരം തന്നെ ഭക്ഷണം കൂടിയ അളവിൽ കഴിക്കുന്നതിന് പകരം വിശപ്പ് തോന്നുമ്പോൾ മാത്രം അൽപ്പാൽപ്പം കഴിക്കുക. ഡയബറ്റീസ് രോഗി നിത്യവും അരമണിക്കൂർ നേരം നടക്കുന്നതും വ്യായാമം ചെയ്യുന്നതും നല്ലതാണ്. പരമാവധി ടെൻഷൻ ഫ്രീയായിരിക്കുകയെന്നതും പ്രധാനമാണ്. ഡയബറ്റീസ് സംബന്ധമായ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കാണുക.

ഡയബറ്റീസ് ചികിത്സ

 ഡയബറ്റീസിന് ആയുർവേദ മരുന്നുകളും മികച്ച ഉപാധിയാണ്. ഡയബറ്റീസ് രോഗികൾ നിത്യവും രാവിലെ 2-3 തുളസിയിലകൾ വെറും വയറ്റിൽ ചവച്ചരച്ചിറക്കുക. ഡയബറ്റീസ് ലക്ഷണങ്ങളെ കുറയ്ക്കാൻ ഇത് ഫലവത്താണ്. മാത്രവുമല്ല രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും. പാവയ്ക്ക ജ്യൂസ് കഴിക്കുന്നത് ഷുഗറിന്‍റെ അളവ് കുറയ്ക്കും.

രാവിലെ വെറും വയറ്റിൽ ഫ്ളാക് സീഡ് പൊടിച്ചത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിക്കാം. ഭക്ഷണ ശേഷം രോഗിയുടെ ഷുഗറിനെ 25 ശതമാനം കുറയ്ക്കാൻ ഇതിനാവും. അതുപോലെ ഡയബറ്റീസ് നിയന്ത്രിക്കുന്നതിന് ഉലുവയ്ക്കുള്ള പ്രാധാന്യവും വലുതാണ്. ഉലുവ രാത്രിയിൽ കുതിർക്കാൻ വച്ചിട്ട് രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കാം. ഉലുവ ചവച്ചരച്ച് തിന്നുകയും ചെയ്യാം. ഒപ്പം കൃത്യമായ ഇടവേളകളിൽ പഞ്ചസാര നില പരിശോധിക്കുകയും വേണം.

വീട്ടിലൊരുക്കാം ഒരു കുഞ്ഞ് നഴ്സറി

വീടിന് ചുറ്റും സ്‌ഥലപരിമിതിയുള്ള പലരും മടുപ്പാവിൽ പൂന്തോട്ടവും കൃഷിയും ചെയ്ത് വിജയിച്ച അനുഭവങ്ങൾ നമ്മൾ പലപ്പോഴും വായിച്ചറിഞ്ഞിട്ടുള്ളവയാണ്. പൂച്ചട്ടികളിലും ഗ്രോബാഗുകളിലും ഇഷ്ടപ്പെട്ട പൂച്ചെടികളും പച്ചക്കറികളും നട്ടുവളർത്തുന്നതിനൊപ്പം മറ്റ് പലതരം കൃഷികളും അവർ പരീക്ഷിച്ച് നോക്കാറുണ്ട്. അങ്ങനെയുള്ള ഒരു വ്യക്‌തിയാണ് മീന. മട്ടുപ്പാവിൽ വികസിപ്പിച്ചെടുത്ത പൂന്തോട്ടത്തെ മീന പിന്നീട് നഴ്സറിയാക്കി മാറ്റുകയാണ് ചെയ്തത്.

മീനയ്ക്ക് തന്നെ ഈ വളർച്ചയിൽ സ്വയം അമ്പരപ്പാണ് ഉണ്ടായത്. അത് തരക്കേടില്ലാത്ത ഒരു വരുമാന മാർഗ്ഗമായി വളർന്നു. അതിന് നിമിത്തമായത് മറ്റൊരാളും. ഒരിക്കൽ അയൽക്കാരനായ ഒരു യുവാവ് അൽപ്പം കറിവേപ്പില വാങ്ങാനായി മീനയെ സമീപിച്ചു. ഉദാരമതിയായ മീന യുവാവിനോട് മട്ടുപ്പാവിൽ പോയി കറിവേപ്പിലയെടുത്തു കൊള്ളാൻ ആവശ്യപ്പെട്ടു മട്ടുപ്പാവിലെത്തിയ അയാൾ അവിടുത്തെ കാഴ്ച കണ്ട് അമ്പരന്നു പോയി. ചെറിയ ചട്ടികളിലായി ആര്യവേപ്പിലയുടെ തൈകൾ, കറിവേപ്പില തൈകൾ മറ്റ് പച്ചക്കറികൾ, പൂച്ചെടികൾ…

കൃഷിയിൽ തൽപ്പരനായ അയാൾ പണം കൊടുത്ത് മീനയുടെ കയ്യിൽ നിന്നും കറിവേപ്പില തൈകൾ വാങ്ങാനായി താൽപ്പര്യപ്പെട്ടു. ചെടിയുടെ വില കേട്ട് മീനയ്ക്കും അമ്പരപ്പു തോന്നി. ഇതിന് ഇത്രയും സൗധ്യതയുണ്ടോയെന്ന ചിന്ത അവരുടെ മനസിൽ പുതിയ ചില ചിന്തകൾക്ക് വിത്തുപാകി. അവർ അന്ന് തുടങ്ങി തൈകൾ നട്ടു. പലതരം ചെടികൾ 2 മാസം കൊണ്ട് വളർന്നു. ചിലർ ഇക്കാര്യമറിഞ്ഞ് ഫോട്ടോഗ്രാഫി വർക്ക് ഷോപ്പിനായി ഏതാനും മണിക്കൂർ മട്ടുപ്പാവ് വാടകയ്ക്കെടുത്തു. അതൊരു ഉദ്യാനമായിരുന്നു.

തൈകളുടെ ഉൽപ്പാദനം

ചില ചെടികളുടെ വിത്തുകൾ പാകി മുളപ്പിക്കാൻ സമയമെടുത്തുവിരുന്നുവെങ്കിലും ചില സെക്യുലൻറ് തൈകൾ വളരെ കുറഞ്ഞ സമയം കൊണ്ട് നല്ലൊരു വരുമാന മാർഗ്ഗത്തിന് കാരണമായി. ചില അലങ്കാര ചെടികളാകട്ടെ എക്സിബിഷനുകൾക്കായി വിൽക്കപ്പെട്ടു. അവയെ വികസിപ്പിച്ചെടുക്കുകയെന്നുള്ളത് വളരെ എളുപ്പമായിരുന്നു. അവയുടെ ഒരു തണ്ട് വളക്കൂറുള്ള മണ്ണിൽ നടുന്നതോടെ പുതിയൊരു ചെടി വളർന്നു വരുന്നു. ആർക്കും നഴ്സറി ബിസിനസ് ആരംഭിക്കാം. ഈ ബിസിനസ് ആരംഭിക്കുന്നതിന് മുമ്പായി ഉചിതമായ പദ്ധതിയും ഒരുക്കങ്ങളും ആവശ്യമാണ്. എന്നാൽ പണവും അധ്വാനവും മറ്റ് ജോലികളെ അപേക്ഷിച്ച് അത്രയാവശ്യമായി വരികയില്ല.

മട്ടുപ്പാവിൽ എങ്ങനെ നഴ്സറി സജ്ജീകരിക്കാം… അറിയാം ചില കാര്യങ്ങൾ

മട്ടുപ്പാവിലെ സ്‌ഥലം അളന്ന് അതിനനുസരിച്ചുള്ള പൂച്ചെടികൾ തെരഞ്ഞെടുക്കുകയെന്നുള്ളതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ആരംഭത്തിൽ ഒഴിഞ്ഞ കുപ്പികൾ, വലിയ ടബുകൾ, ചട്ടികൾ എന്നിവയിൽ ചെടികൾ നട്ടു വളർത്തിയെടുക്കാം. അവയെ പിന്നീട് ചെടി ചട്ടികളിലേക്ക് മാറ്റി വിൽക്കുകയും ചെയ്യാം.

ശരിയായ ഒരുക്കവും തെരഞ്ഞെടുപ്പുമാണ് നഴ്സറിയൊരുക്കുന്നതിന് ആവശ്യം. അതായത് കുറഞ്ഞ സ്‌ഥലത്ത് കൂടുതൽ ചെടികൾ നട്ടു വളർത്തുക. അതിനനുസരിച്ച് വലിയ ചട്ടികളിൽ പച്ചക്കറികളും ചീരകളും വിത്തുപാകി ചെടികളാക്കി വികസിപ്പിക്കുക. ഇങ്ങനെയാണ് എല്ലാ നഴ്സറിയിലും ചെയ്യുന്നത്.

വലിയ ഡ്രമ്മിൽ ക്രോട്ടൺ തണ്ട് നടുന്നതിനൊപ്പം അതിൽ മല്ലി, ജീരകം, അശ്വഗന്ധം എന്നിവയുടെ വിത്തുകൾ പാകി ചെടികൾ മുളപ്പിച്ചെടുക്കാം. ഇത് റൂം ഫ്രഷ്നർ എന്ന നിലയിൽ വിൽക്കപ്പെടും.

ചെടികൾ തെരഞ്ഞെടുക്കുമ്പോൾ

നഴ്സറിയിൽ ചെടികൾ തെരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. ഏറ്റവുമാദ്യം ചെയ്യേണ്ടത് വൻകിട കച്ചവടക്കാരെ സമീപിച്ച് വില കുറച്ച് കൂടുതൽ അളവിൽ ചെടികൾ വാങ്ങുക. കൃഷിരീതിയെക്കുറിച്ച് അവർ നൽകുന്ന നിർദ്ദേശങ്ങളും സ്വീകരിക്കുക. അത്തരക്കാർ ഏക്കർ കണക്കിന് വസ്തുവിലാവും കൃഷി ചെയ്‌ത് വിത്തുൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്നത്. അവരിൽ നിന്നും തന്നെ വളവും വിത്തും കുറഞ്ഞ നിരക്കിൽ വാങ്ങാം.

ഇത്തരത്തിൽ ചുവടുവച്ച് നീങ്ങിയാൽ നഴ്സറിക്കാവശ്യമായ തൈകളും വിത്തുകളും, ചട്ടികളും മണ്ണും വളവും തുടങ്ങി ചെടി നനയ്ക്കുന്നതിനു വരെ വലിയ ചെലവ് വരില്ല.

സാധാരണ ഗതിയിൽ കുറഞ്ഞത് 10-12,000 രൂപ വരെ ഇതിനായി നിക്ഷേപിക്കേണ്ടി വരികയുള്ളൂ. എന്നാൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ താൽപര്യമുള്ളവർ കയ്യിൽ ഉള്ള നീക്കിയിരിപ്പ് ഇതിനായി ഉപയോഗപ്പെടുത്താം. അതിനായി ബാങ്ക് ലോണും സ്വീകരിക്കാം. ചെറുകിട വ്യവസായത്തിന് കുറഞ്ഞ പലിശയിൽ മിക്ക ബാങ്കുകാരും ലോണും നൽകുന്നുണ്ട്.

സാധന സാമഗ്രികൾ ശേഖരിച്ച ശേഷം സ്വന്തം പദ്ധതി നഴ്സറിയിൽ നടപ്പിലാക്കുകയെന്നത് അടുത്ത ചുവടുവയ്പാണ്. അനുയോജ്യമായ ഉപഭോക്താക്കളെ കണ്ടെത്തുകയെന്നുള്ളതും അതനുസരിച്ചുള്ള രീതികൾ അവലംബിക്കുകയെന്നുള്ളതും ലാഭകരമായിരിക്കും. നന്നായി അറിഞ്ഞ ശേഷം വിത്തുകൾ പാകുക, ചെടികൾ തെരഞ്ഞെടുക്കുക, കുറഞ്ഞ വെള്ളം കൊണ്ട് വളരെയധികം ഉണ്ടാകുന്ന ചെടികൾ എന്നിവ വളരെവേഗം വിറ്റഴിക്കപ്പെടും.

ഈ രീതി കൂടുതൽ ലാഭമുണ്ടാക്കാൻ സഹായിക്കും. വിവാഹം, ജന്മദിനം, വിരമിക്കൽ, ആദരിക്കൽ ചടങ്ങ്, രാഷ്ട്രീയ മീറ്റിംഗുകൾ എന്നിവയ്ക്കായി നഴ്സറികളിൽ നിന്നും ലക്ഷക്കണക്കിന് ചെടികൾ വാങ്ങാറുണ്ടെന്നാണ് കഴിഞ്ഞ 5 വർഷത്തെ കണക്കുകൾ പറയുന്നത്.

വിത്തുകളുടെ തെരഞ്ഞെടുപ്പ്

നഴ്സറിയിലൂടെ ഏത് തരത്തിൽ വരുമാനമാണ് ഉണ്ടാക്കേണ്ടതെന്ന കാര്യത്തിൽ ആദ്യം തീരുമാനമെടുക്കണം. ഉദാ: ചെടികൾ, വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ വിത്തുകൾ, പുല്ല്, പച്ചക്കറി തൈകൾ അതുമല്ലെങ്കിൽ വിദേശയിനങ്ങൾ എന്നിങ്ങനെ.

സ്വന്തം നഴ്സറിയിൽ നാരങ്ങയുടെ ഇനങ്ങൾ, മാമ്പഴം, പേരയ്ക്ക, മാതളം, ലെമൺ ഗ്രാസ്, തുളസി, ചുരയ്ക്ക, കുമ്പളങ്ങ, ബീറ്റ്റൂട്ട്, മുളക്, തക്കാളി, കറിവേപ്പില, പാലക്, ചെണ്ട് മല്ലി, സീനിയ, ക്രോട്ടൺ എന്നിവയുടെ വിത്തുകൾ പാകി വളർത്താം. ഇതിനിടയിൽ ഉയരത്തിൽ വളരുന്ന വിദേശയിനങ്ങളും നന്നായി വളർത്തിയെടുക്കാം. അഥവാ വിത്തു പാകി ചെറിയ തൈകൾ ഉൽപ്പാദിപ്പിച്ച് വിൽക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ മികച്ചയിനം വിത്തുകൾ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാക്കാം.

ചെടികൾ വിറ്റ് പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഏതെങ്കിലും വൻകിട കൃഷിക്കാരനിൽ നിന്നും കരാറടിസ്‌ഥാനത്തിൽ അവിടെ നിന്നും മാസത്തിൽ ചെടികൾ ലഭ്യമാക്കി മടുപ്പാവിൽ വികസിപ്പിച്ചെടുത്ത് വിൽക്കാം.

നഴ്സറി സൃഷ്ടിച്ച് കഴിഞ്ഞാൽ ചെടിയ്ക്കായി മണ്ണ് ലഭ്യമാക്കുകയെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. പൂച്ചട്ടികൾ ഒരുക്കാൻ മണ്ണ് വളരെ അനായാസം ലഭ്യമാക്കാം. വസ്തു വാങ്ങുന്ന പോലെ അത്ര ചെലവേറിയ കാര്യമല്ല ഇത്. പൂച്ചട്ടികളും ഗ്രോബാഗുകളും വലിയ വലിപ്പമുള്ളതായിരിക്കുകയെന്നത് ഉറപ്പ് വരുത്തണം. ബിസിനസ്സ് നന്നായി പോകുന്നതിന് ചെടികൾക്ക് സംരക്ഷണമൊരുക്കണം. ഉയർന്ന ഗുണനിലവാരമുള്ള വിത്തുകൾക്ക് ചാണകവളം അല്ലെങ്കിൽ ജൈവവളം ആവശ്യമാണ്. ചിലപ്പോൾ കീടങ്ങളടെ ശല്യം കാരണം പൂച്ചട്ടികളിലെ മണ്ണും മറ്റും മാറ്റേണ്ടതായി വരും. അതത്ര കഠിനമായ ജോലിയല്ല. 4-5 മിനിറ്റിനുള്ളിൽ ചെയ്‌ത് തീർക്കാവുന്ന ജോലിയാണ്.

വിപണന സാധ്യത

നഴ്സറി ബിസിനസിൽ ഏറ്റവും ഒടുവിലത്തെയും പ്രധാനപ്പെട്ടതുമായ കാര്യമാണ് വിപണന സാധ്യത കണ്ടെത്തുകയെന്നത്. അതുകൊണ്ട് ചുറ്റുപാടുകളിൽ വിപണ സാധ്യത അന്വേഷിക്കുകയെന്നതാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്. വ്യത്യസ്ത ഇടങ്ങളിലായി ചെടികളും വിത്തുകളും വിൽക്കപ്പെടുക തന്നെ ചെയ്യും. ചില സ്‌ഥാപനങ്ങൾ ഇത്തരം നഴ്സറികളിൽ നിന്നും നിരന്തരം ചെടികളും മറ്റും വാങ്ങാറുമുണ്ട്.

എല്ലാവർഷവും ജൂൺ മുതൽ ആഗസ്റ്റ് വരെ പല സ്‌ഥാപനങ്ങളും മരങ്ങളും മറ്റും നട്ടുപിടിപ്പിക്കാറുണ്ട്. അതുപോലെ ചില സർക്കാർ സ്‌ഥാപനങ്ങളും സ്ക്കൂളുകളും ഇക്കാര്യത്തിൽ മുൻകൈ എടുക്കാറുണ്ട്.

ഇത്തരം സ്‌ഥാപനങ്ങളെ സമീപിച്ച് വിപണ സാധ്യത കണ്ടെത്താവുന്നതേയുള്ളൂ.

ഇതുപോലെ ആയിരക്കണക്കിന് സ്‌ഥാപനങ്ങളും സ്വകാര്യ വ്യക്‌തികളെയും കണ്ടെത്തി വിപണി സാധ്യത വികസിപ്പിക്കാം. കൂടാതെ സോഷ്യൽ മീഡിയകൾ വിപണന സാധ്യത കണ്ടെത്തുന്നതിന് മികച്ചൊരു ഉപാധിയാണ്. ഏറ്റവും ലളിതമായും വേഗത്തിലും ഇതിലൂടെ ചെടികളുടെ വിപണി മികച്ച രീതിയിൽ കണ്ടെത്താം.

 

ആരോഗ്യത്തിന്‍റെ അടുത്ത കൂട്ടുകാർ

ചുവന്നമുളക്

വിറ്റാമിൻ എ,സി,ബി 6 എന്നിവയാൽ സമ്പന്നമാണ് ഈ മുളക്. കൂടാതെ ആന്‍റി ഓക്സിഡന്‍റുമാണ്. മസ്തിഷ്ക്കത്തെ ഉത്തേജിപ്പിക്കുന്നതിനൊപ്പം ആക്ടീവുമാക്കുന്നു. ചർമ്മം, നേത്രങ്ങൾ, മാംസപേശികൾ എന്നിവയ്ക്ക് ആരോഗ്യം പകരുന്നതിനും സഹായിക്കുന്നു. മുളകിന്‍റെ നാരുകൾ പൊട്ടാസ്യം, മാംഗനീസ് എന്നീ പോഷകങ്ങൾ പകരുന്നതിനും ഉത്തമമാണ്. ശരീരഭാരം നിയന്ത്രിക്കുന്നു. ഒപ്പം കൊളസ്ട്രോൾ നില കുറയ്ക്കുന്നു.

മധുര മുള്ളങ്കി (ടർണിപ്പ്)

 ക്രൂസി ഫേരി ഇനത്തിൽ പെട്ടതാണ് മധുര മുള്ളങ്കി. ഇതിന്‍റെ മറ്റിനമാണ് മുള്ളങ്കി, കാരറ്റ് എന്നിവയൊക്കെ. ഇത് പോഷക സമ്പന്നമാണ്. പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ ഇവ അനേകം രോഗങ്ങളെ ചെറുക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസൈനോലറ്റ്സ് മൂലമാണ് ഇതിന് എരിവ് രുചിയുള്ളത്. അച്ചാർ, കറി, സാലഡ് എന്നിങ്ങനെ ഇവ ഉപയോഗിക്കാം.

തണ്ണിമത്തൻ 

നല്ല ചുവപ്പൻ ഫലമായ തണ്ണിമത്തനിൽ 80 ശതമാനം വെള്ളമാണ്. അയൺ, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിൻ എ, തയമിൻ, റിബോഫ്ളേവിൻ, അസ്കോർബിക് ആസിഡ് എന്നിവയുടെ മികച്ച സ്രോതസ്സാണിത്. തണ്ണിമത്തന്‍റെ ചുവന്ന ഭാഗം വിറ്റാമിന്‍റെ സ്രോതസ്സാസാണ്. ബീറ്റാ കരോട്ടിനെ അപേക്ഷിച്ച് രണ്ടിരട്ടി ശക്‌തിയുണ്ട്. ഇത് വിറ്റാമിൻ ഇയുടെ ഗുണത്തെ 10 ഇരട്ടി വർദ്ധിപ്പിക്കുന്നു. അതുവഴി ചർമ്മത്തിനുണ്ടാകുന്ന ഫ്രീ റാഡിക്കൽസിനെ നിഷ്ക്രിയമാക്കുന്നു.

ബീറ്റ്റൂട്ട്

ഇതിലുള്ള നാരുകൾ ദഹനത്തെ സഹായിക്കുന്നു. ബീറ്റ്റൂട്ടിലുള്ള പോഷകങ്ങളിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാത്സ്യം, ഫോസ്ഫറസ്, അയൺ, കൊഴുപ്പ്, വിറ്റാമിൻ എ, ബി-1 ബി-2,സി,ഡി സോഡിയം ക്ലോറൈഡ്, ഫോളിക് ആസിഡ്, അയഡിൻ, ജലാംശം എന്നിവ അമൂല്യമാണ്. ഗവേഷകരുടെ അഭിപ്രായത്തിൽ ബീറ്റാസയനിൻ (ബീറ്റ്റൂട്ടിന് നിറം പകരുന്ന മൂലിക) ട്യൂമർ എന്നിവയെ ഇല്ലാതാക്കാൻ മികച്ചതാണ്. സമസ്ത പോഷകങ്ങളുടെ കലവറയായ ഇതിന്‍റെ ജ്യൂസ് ലഭിക്കുന്നതിന് ഫ്രഷ് ബീറ്റ്റൂട്ട് തന്നെ ഉപയോഗിക്കുക. ഇതിന്‍റെ തൊലിയടക്കം കഴിക്കുക.

തക്കാളി

നല്ല പഴുത്ത തക്കാളി രക്‌തം രൂപപ്പെടുന്നതിന് മികച്ചതാണ്. രോഗത്തെ തടയുന്നതിനും മികച്ചതാണ്. ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട് തക്കാളിയിൽ. ഇതിൽ കണ്ടുവരുന്ന വിറ്റാമിന്‍റെ സവിശേഷത സാധാരണ ചൂടിൽ ഇല്ലാതാവുന്നില്ല. എന്നാൽ മറ്റുള്ളവയിലുള്ള വിറ്റാമിനുകൾ ചൂടിൽ നിശേഷം ഇല്ലാതാകുന്നു. പാലിൽ ഉള്ളതിനേക്കാൾ രണ്ടിരട്ടിയും മുട്ടയിലുള്ളതിനേക്കാൾ 5 ഇരട്ടിയും അയൺ തക്കാളിയിലുണ്ട്.

സ്ട്രോബറി 

ചുവന്ന നിറം കൊണ്ട് സമ്പന്നമായ സ്ട്രോബറിയ്ക്ക് പുളി നിറഞ്ഞ സ്വാദാണ് അധികം. ആപ്പിളും സ്ട്രോബറിയും ഒരേ ഫാമിലിയിൽ പെട്ടവയാണ്. സ്ട്രോബറിയിൽ മാംഗനീസും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇതിൽ പെക്റ്റിൻ അഥവാ പഴത്തിലുള്ള നാരുകൾ ഉണ്ട്. ബ്ലഡ്പ്രഷർ, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിക്കുന്നു ഈ ഫൈബർ.

ആപ്പിൾ

 വളരെ രുചികരമായ എല്ലാവരുടെയും പ്രിയപ്പെട്ട ഫലമാണിത്. ഇതിൽ പെക്റ്റിൻ എന്ന് പേരുള്ള അലിഞ്ഞുചേരുന്ന നാരുകൾ ഉണ്ട്. അതിനാൽ ഭക്ഷണം ദഹിക്കുന്നതിനും മറ്റ് പോഷകങ്ങളെ സ്വാംശീകരിക്കുന്നതിനും കുടലിനെ സഹായിക്കുന്നു. എല്ലുകളുടെ ബലത്തിന് ഇത് ഉത്തമമാണ്. ഒരു ആപ്പിളിൽ ഏകദേശം 8 എംഎൽ വിറ്റാമിൻ സിയും സമ്പന്നമായ വിറ്റാമിൻ എ യും ഉണ്ടാകും. അതുകൊണ്ട് തൊലിയടക്കം ആപ്പിൾ കഴിക്കുക.

ക്രിസ്പി സിനമൺ കുക്കീസ്

ഭക്ഷണത്തില്‍ സ്വാദിനും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന കറുവപ്പട്ട രോഗപ്രതിരോധശേഷി കൂട്ടുന്ന കാര്യത്തിലും മുന്‍പന്തിയില്‍ തന്നെയാണ്.

ഉന്മേഷവും ഉണര്‍വ്വും ഓര്‍മ്മശക്തിയും  വര്‍ദ്ധിക്കുവാന്‍ ഫലപ്രദമാണ്.

ചേരുവകൾ

ആട്ട ഒരു കപ്പ്

ബട്ടർ അര കപ്പ്

പഞ്ചസാര പൊടിച്ചത് അര ചെറിയ കപ്പ്

ജാതിപത്രി പൊടിച്ചത് മൂന്നിലൊന്ന് ചെറിയ സ്പൂൺ

വാനില എക്സ്ട്രാക്റ്റ് ഒരു ചെറിയ സ്പൂൺ

പാൽ രണ്ട് വലിയ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആട്ടയിൽ എല്ലാ ചേരുവകളും ചേർത്ത് മാവ് തയ്യാറാക്കുക. ശേഷം റോൾ ചെയ്ത് കുക്കീസ് കട്ടർ കൊണ്ട് കട്ട് ചെയ്യുക.

ശേഷം ഓവനിൽ 160 ഡിഗ്രി സെൻറിഗ്രേഡിൽ 20 മിനിറ്റ് ബേക്ക് ചെയ്യാം. തണുത്തശേഷം എയർടൈറ്റ് ടിന്നിൽ സ്റ്റോർ ചെയ്യാം

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें