ആദ്യത്തെ നോക്കിൽ നീ ജാലക്കാരി

ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി ഹിറ്റ് ഗാനങ്ങൾ പാടി മലയാളത്തിന്‍റെ ഇഷ്ടഗായികയായി മാറിയ ആൻ ആമീ… യാഹുവിലെ ഉദ്യോഗം രാജിവച്ച് സംഗീതത്തെ ഹൃദയത്തോട് ചേർത്തു നിർത്തിയ ആൻ ആമീ പാടിയ പാട്ടുകളത്രയും ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ആൻ ആമീ സംഗീതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.

ഏത് മേഘമാരി?

ഷാനിക്ക (ഷാൻ റഹ്മാൻ) ആണ് ഏത് മേഘമാരി എന്ന ആദ്യഗാനം പാടാൻ അവസരം തന്നത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ എന്ന സിനിമയിലെ ഗാനം. അതിന് മുമ്പായി കോക്ക് സ്റ്റുഡിയോ പാകിസ്ഥാനിൽ വന്ന ഒരു ഹിന്ദി ഗാനം ഞാൻ പാടിയിരുന്നു. ആ ഗാനം എന്‍റെ സുഹൃത്തും മ്യൂസിക് കമ്പോസറുമായ ഹിഷാം അബ്ദുൾ വഹാബ് ഷാനിക്കയ്ക്ക് അയച്ചു കൊടുത്തിരുന്നു. അത് കേട്ടിട്ടാണ് ഷാനിക്ക എനിക്ക് ഈ പാട്ട് സമ്മാനിച്ചത്.

ഞാനിപ്പോഴും ഓർക്കുന്നു ആ ദിവസം. ഭയങ്കര ടെൻഷനോടെയാണ് മേഘമാരി പാടാൻ ചെന്നത്. അദ്ദേഹം പ്രശസ്തനായ മ്യൂസിക് കമ്പോസർ. അങ്ങനെയുള്ള ഒരാൾക്കു വേണ്ടി പാടുകയന്നെത് നല്ല ടെൻഷനുള്ള കാര്യമാണല്ലോ. അന്ന് ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു. ഷാനിക്ക വളരെ കംഫർട്ടിബിളാക്കിയിട്ടാണ് എന്നെ ആ പാട്ട് പാടിച്ചത്.

കരിയറിൽ ടേണിംഗ് പോയിന്‍റായ ആ ഗാനം?

പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിലെ കിളിവാതിലിൻ എന്ന ഗാനം എന്‍റെ കരിയറിൽ ടേണിംഗ് പോയിന്‍റായി. എന്‍റെ ഫാമിലി ഫ്രണ്ടായ നടൻ വിജയ്ബാബു പറഞ്ഞിട്ടാണ് എം.ജയചന്ദ്രൻ സാറിന് ഞാൻ പാടിയ ഹിന്ദി ഡെമോ സോംഗും മേഘമാരിയും അയച്ചു കൊടുത്തത്. കുറച്ചു കഴിഞ്ഞ് സാർ തിരിച്ചു വിളിച്ചിട്ട് ഒരു പാട്ട് കമ്പോസ് ചെയ്തിട്ടുള്ള കാര്യം പറഞ്ഞു. അതൊന്ന് പാടി നോക്കൂ എന്ന് സാറ് ആവശ്യപ്പെട്ടു. കിളിവാതിലിൻ എന്ന പാട്ടായിരുന്നുവത്. ആ സമയത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ഓഫീസിലെ മീറ്റിംഗ് റൂമിൽ കയറി പാടി നോക്കി. കുഴപ്പമില്ലായെന്ന് തോന്നിയ ശേഷം സാറിനെ വിളിച്ച് പറഞ്ഞു. സാറിന് സോംഗ് പാടി അയച്ചു കൊടുക്കുകയും ചെയ്തു. അതൊരു വെള്ളിയാഴ്ച ആയിരുന്നു. ആ വീക്കെന്‍റ് മുഴുവൻ പാട്ട് പരിശീലനം. ഓരോ തവണ പാട്ട് അയച്ചു കൊടുക്കുമ്പോൾ സാറ് ഫീഡ് ബാക്ക് തന്നുകൊണ്ടിരുന്നു. അങ്ങനെ തിരുത്തി ശരിയാക്കി. ഞായറാഴ്ച വൈകുന്നേരമായപ്പോൾ നമുക്കിത് റെക്കോഡ് ചെയ്യാമെന്ന് പറഞ്ഞ് സാറിന്‍റെ മറുപടിയെത്തി. ഡേറ്റ് ഫിക്സ് ചെയ്തു. ഭാഗ്യമോ നിർഭാഗ്യമോ എന്ന് പറയാം. എനിക്ക് തൊണ്ടയ്ക്ക് പ്രശ്നം വന്നു.

ചെന്നൈയിലായിരുന്നു റെക്കോഡിംഗ്. ഞാൻ സ്റ്റുഡിയോയിൽ പോയി പാടിയപ്പോൾ എന്തോ പ്രശ്നമുണ്ടല്ലോയെന്ന് സാറും പറഞ്ഞു. വിചാരിച്ചതുപോലെ പാടാൻ പറ്റുന്നില്ല. ഇന്ന് വോക്കൽ റെസ്റ്റ് എടുത്തിട്ട് നാളെ നോക്കാമെന്ന് സാർ പറഞ്ഞു. പിറ്റേന്നും അങ്ങനെയത്ര ശരിയായില്ല. പക്ഷേ സാർ നല്ല ഫ്രീഡം തന്നു. റൂമിൽ പൊയ്ക്കോ വൈകിട്ട് വന്നാൽ മതിയെന്ന് പറഞ്ഞു. വൈകിട്ട് വന്ന് എങ്ങനെയോ ഫുൾ സോംഗ് പാടി. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. ഈയൊരൊറ്റ കാരണം കൊണ്ട് പാടാൻ പറ്റാതെ വന്നാലോയെന്ന ചിന്തയായിരുന്നു.

എം.എർ ജയഗീതയുടെ വരികളും ജയചന്ദ്രൻ സാറിന്‍റെ മ്യൂസിക്കും ചേർന്ന ആ പാട്ട് എനിക്ക് ധാരാളം റെക്കഗ്നിഷൻ നേടി തന്നു. പക്ഷേ സാറിന്‍റെ പ്രോത്സാഹനവും പിന്തുണയും ആണ് ആ പാട്ട് പാടാൻ കഴിഞ്ഞതിനു പിന്നിൽ. എനിക്ക് അവാർഡുകൾ നേടിത്തന്ന പാട്ടാണ്.

ആ പാട്ട് കേട്ടപ്പോൾ…

സത്യത്തിൽ അദ്ഭുതമായിരുന്നു. ഞാൻ തന്നെയാണോ ഇത് പാടിയിരിക്കുന്നതെന്ന് തോന്നി. സാറിനൊപ്പമുള്ള റെക്കോഡിംഗ് സെഷൻ എന്ന് പറയുന്നത് ഒരു ലേണിംഗ് സെഷൻ തന്നെയാണെന്ന് പറയാം. നമ്മുടെ ഉള്ളിലുള്ള നമ്മൾ ഇതുവരെ കണ്ടെത്താത്ത ഭാഗമുണ്ടാകുമല്ലോ അതൊക്കെ തിരിച്ചറിയാൻ പറ്റിയ അവസരമായിരുന്നുവത്. ഒടുവിൽ പാട്ട് ഇറങ്ങിയപ്പോൾ ഞാൻ ചെറുതായി കിടുങ്ങിപ്പോയി. എന്‍റെ വോയിസ് സാറ് അങ്ങനെയാ ട്രീറ്റ് ചെയ്തിരിക്കുന്നത്.

പാട്ടിന്‍റെ മേക്കിംഗ് വീഡിയോ ആണ് ആദ്യം പറത്തു വന്നത്. ആ വീഡിയോ മമ്മുക്ക എഫ്ബിയിൽ പങ്ക് വച്ചിരുന്നു. സ്വപ്നതുല്യമായ നിമിഷമാണ് ആ പാട്ട് എനിക്ക് സമ്മാനിച്ചത്.

അന്യഭാഷാ ചിത്രങ്ങളിലും പാടിയിട്ടുണ്ടോ?

തെലുങ്കിൽ പാടിയിട്ടുണ്ട്. ഷാനിക്കയുടെ കമ്പോസിഷനായിരുന്നു. പ്രേമത്തു മീ കാർത്തിക് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നുവത്. ഭാഷയറിയില്ല. അത് മറ്റൊരു എക്സ്പീരിയൻസായിരുന്നു. സച്ചിൻ വാര്യർക്കൊപ്പമുള്ള ഡ്യൂയറ്റ് സോംഗായിരുന്നു.

പാട്ടിനോടുള്ള ഇഷ്ടം

ഏഴ് വയസ്സ് മുതൽ പാട്ട് പഠിക്കുന്നുണ്ട്. ദുബായിലാണ് പഠിച്ചത്. എപ്പോഴോ എന്തോ മൂളി നടക്കുന്നത് കണ്ട് എനിക്ക് പാട്ടിൽ വാസനയുണ്ടെന്ന് പപ്പയ്ക്കും അമ്മയ്ക്കും തോന്നി. അങ്ങനെ അവർ എന്നെ പാട്ട് ക്ലാസിൽ ചേർത്തു. സത്യം പറഞ്ഞാൻ ആദ്യം ഭരതനാട്യത്തിനാണ് ചേർത്തത്. എനിക്ക് ഭയങ്കര മടിയായിരുന്നു. ക്ലാസിൽ പോകാൻ വലിയ താൽപര്യമുണ്ടായിരുന്നില്ല. പാട്ടിനോടായിരുന്നു താൽപര്യം. ഒരു ഓർത്തഡോക്സ് പള്ളിയിലാണ് ഞാൻ ആദ്യം പാടുന്നത്. പിന്നെ അത് കഴിഞ്ഞ 2 വർഷം നാട്ടിൽ പഠിച്ചിരുന്നു. തൃശൂർ ഭാരതീയ വിദ്യാഭവനിൽ. തേർഡ്, ഫോർത്ത് സ്റ്റാന്‍റേർഡ് അവിടെയായിരുന്നു. ആ സമയത്ത് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു. ലൈറ്റ് മ്യൂസിക്കിന് സബ്ജൂനിയർ ലെവലിൽ ഫസ്റ്റ് കിട്ടിയിരുന്നു. പിന്നീട് ദുബായിൽ മടങ്ങിവന്നു. അവിടെയും നിറയെ മത്സരങ്ങളിലും ഷോസിലും പങ്കെടുക്കുമായിരുന്നു.

കോളേജ് കാലത്ത് മ്യൂസിക്

ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലാണ് ബിബിഎ ചെയ്തത്. എന്‍റെ ബെസ്റ്റ് സ്റ്റൈൽ സിംഗിങ്ങ് എന്താണെന്ന് തിരിച്ചറിഞ്ഞത് ക്രൈസ്റ്റ് കോളേജിൽ വച്ചാണ്. അവിടെ കിട്ടിയ എക്സ്പോഷർ ഒക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കോളേജിൽ ഒരു മ്യൂസിക് ബാൻഡ് ഉണ്ടായിരുന്നു. മൂന്ന് വർഷവും ആ ബാൻഡിലെ ഫീമെയിൽ സിംഗറായിരുന്നു ഞാൻ. എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായിരുന്നു കോളേജ് പഠനം.

ബിബിഎ ഫൈനൽ ഇയറിൽ ഞാൻ കൾച്ചറൽ സെക്രട്ടറിയായിരുന്നു. അവിടെയുള്ള ഫ്രണ്ട്സ് അവർ മ്യൂസിക്കിനെപ്പറ്റി പറയുന്ന കമന്‍റുകളും അഭിപ്രായങ്ങളുമൊക്കെ എന്നെയൊരുപാട് സഹായിച്ചിട്ടുണ്ട്. അക്കാലം മറക്കാനാവില്ല. അതിനുശേഷം കാമ്പസ് ഇന്‍റർവ്യൂ വഴി ഒരു ഇന്‍റർനാഷണൽ ബാങ്കിൽ ജോലി കിട്ടി. അതു കഴിഞ്ഞ് ദുബായിൽ ഇന്‍റർനാഷണൽ ബിസിനസ്സിൽ പിജി ചെയ്തു. മാസ്റ്റേഴ്സ് കഴിഞ്ഞ ശേഷം നേരെ ബാംഗ്ലൂരിൽ യാഹുവിൽ ജോയിൻ ചെയ്തു.

അവിടെ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് പൈപ്പിൻ ചോട്ടിലെ കായലിറമ്പിലെയും കിളിവാതിലിൻ തുടങ്ങിയ പാട്ടുകൾ പാടുന്നത്.

പാട്ടാണ് വഴി എന്ന് തിരിച്ചറിഞ്ഞത്?

നമ്മൾ എന്താണ് ചെയ്യുന്നത് അതിൽ മനസ്സ് ഉറപ്പിച്ചില്ലെങ്കിൽ വിചാരിച്ചപ്പോലെ റിസൾട്ട് കിട്ടില്ലെന്ന് മനസ്സിലായി. മാത്രവുമല്ല ജോലി ബാംഗ്ലൂരിലായതുകൊണ്ട് എല്ലാ വീക്കെന്‍റിലും വന്നു പോകുകയെന്നത് അത്രയെളുപ്പമായിരുന്നില്ല. ഇതെല്ലാം ചിന്തിച്ചപ്പോൾ മനസ്സു പറയുന്നത് കേൾക്കാനാണ് തയ്യാറായത്.

ഇതുവരെ പാടിയതിൽ

കായലിറമ്പിലെ എന്ന പാട്ട് ഞാൻ ബിജിബാൽ സാറിനൊപ്പം പാടിയതാണ്. ഇത് ഗംഭീരമാക്കണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ പാടിയത്. ആ പാട്ട് ഞാൻ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു. ഞാൻ നന്നായി പാടിയിട്ടുണ്ടെന്ന് സാർ പറഞ്ഞപ്പോൾ ശരിക്കും സന്തോഷം തോന്നി.

അതുപോലെ കൂടെയിലെ ആരാരോയും. ഏത് പ്രൊജക്ടാണ് എന്നൊന്നുമറിയാതെയാണ് ആരാരോ പാടാൻ പോയത്. മലയാളം പ്രൊജക്ടാണെന്ന് മാത്രമാണ് മനസ്സിലായത്. നസ്രിയയ്ക്കു വേണ്ടിയാണ് പാടുന്നതെന്നറിയില്ലായിരുന്നു. ആരാരോ യുടെ ഹാപ്പി വേർഷൻ പാടാനാണ് എന്നെ വിളിക്കുന്നത്. ആ സമയത്ത് ലിറിക്സ് എഴുതിയിരുന്നില്ല. ഡമ്മി ട്രാക്ക് ഉണ്ടാക്കി പാടി. കുറച്ച് ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് തുടങ്ങുന്നത്. ഈ പാട്ട് വച്ചാണ് ഷൂട്ട് തുടങ്ങുന്നത്.

റിയാലിറ്റി ഷോയിൽ സജീവമായിരുന്നല്ലോ

2007 ൽ ഐഡിയ സ്റ്റാർ സിംഗറിൽ പങ്കെടുത്തു. ഹിഷാമിനെ അന്ന് തൊട്ടേയറിയാം. പക്ഷേ പരിപാടിയിൽ ഒരുപാട് പങ്കെടുക്കാൻ പറ്റിയില്ല. ദുബായിൽ നിന്നും ഷൂട്ടിനായി ഇവിടെ വന്നു പോകുന്നത് അസൗകര്യമായപ്പോൾ അതിൽ നിന്നും പിന്മാറുകയായിരുന്നു. പക്ഷേ പരിപാടിയിൽ ഉള്ള സമയത്ത് ശരത് സാർ, എംജി ശ്രീകുമാർ സാർ, ഉഷാ ഉതുപ്പ് മാഡം എന്നിവരുടെ വിലപ്പെട്ട ഉപദേശവും നിർദ്ദേശങ്ങളുമൊക്കെ എനിക്ക് വിലമതിക്കാനാവാത്ത പാഠങ്ങളായിരുന്നു. പിന്നെ ഹിഷാമിനെപ്പോലെ ഒരു നല്ല സുഹൃത്തിനേയും കിട്ടി.

ഏത് തരം പാട്ടുകളാണ് കൂടുതലിഷ്ടം

എല്ലാത്തരം പാട്ടുകളും പാടാൻ ഇഷ്ടമാണെങ്കിലും ഓപ്പൺ ത്രോട്ട് സിംഗിങ്ങിനോടാണ് ഒരിത്തിരി ഇഷ്ടക്കൂടുതൽ. എല്ലാത്തരം പാട്ടുകൾ കേൾക്കാറുണ്ട് പാടാറുമുണ്ട്. എത്രത്തോളം വേഴ്സറ്റൈൽ ആകാമോ അത്രയും നല്ലത്. ഞാനധികവും ഇപ്പോൾ പാടിയിരിക്കുന്നത് മെലഡീസ് ആണ്. അതിൽ വ്യത്യസ്തമെന്ന് പറയാവുന്നത് കൂടെയിലെ ടൈറ്റിൽ സോംഗാണ്. ഷോസിലൊക്കെ കൂടുതൽ തുറന്ന പാട്ടുകൾ പാടാറുണ്ട്. അതുപോലെ മറ്റൊരിഷ്ടവും കൂടിയുണ്ട്. പാകിസ്ഥാൻ ടെലിവിഷൻ മ്യൂസിക് പ്രോഗ്രാമായ കോക്ക് സ്റ്റുഡിയോ കാണാറുണ്ട്. അതിൽ വരുന്ന ഗാനങ്ങളിൽ ചിലത് പഠിക്കാറുണ്ട്.

ഇഷ്ടപ്പെട്ട സംഗീതജ്‌ഞർ

അത് ഒരുപാട് പേരുണ്ട്. ജോൺസൺ മാഷ്, റഹ് മാൻ സാർ അങ്ങനെയുപാട് പേർ. അതുപോലെ ശങ്കർ മഹാദേവൻ സാറിന്‍റെ വലിയൊരു ഫാനാണ് ഞാൻ. ശങ്കർ സാറിനും സുനീധി ചൗഹാനും കെകെയ്ക്കുമൊപ്പം പെർഫോം ചെയ്യാനുള്ള ഭാഗ്യവും ഒരിക്കൽ എനിക്കുണ്ടായി. ദുബായിൽ വച്ച് ശങ്കർ മഹാദേവൻ ഒരു മ്യൂസിക് ഷോയിലേക്ക് മത്സരം സംഘടിപ്പിച്ചിരുന്നു. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നുവത്. സ്ക്കൂളിൽ നിന്ന് വന്നപ്പോൾ പപ്പ പറഞ്ഞു ഒരു മ്യൂസിക് പ്രോഗ്രാം നടക്കുന്നുണ്ട്. നിനക്കൊന്ന് ട്രൈ ചെയ്ത് കൂടെയെന്ന്. സുഖമില്ലാത്തതുകൊണ്ട് ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും പപ്പ എന്നെ നിർബന്ധിച്ച് പ്രോഗ്രാം നടക്കുന്ന സ്ഥലത്ത് കൂട്ടിക്കൊണ്ടു പോയി. അവിടെ എത്തിയപ്പോഴേക്കും മത്സരമൊക്കെ കഴിഞ്ഞിരുന്നു.

ഞാൻ പപ്പയെ നോക്കി. പപ്പ വെയ്റ്റ് എന്നു പറഞ്ഞു. ഞാനും പപ്പയും കൂടി ഒരു ചെറിയ ഹാളിലേക്ക് കയറി ചെന്നു. ശങ്കർജി അവിടെയിരിക്കുന്നു. അദ്ദേഹം ഞങ്ങളെ കണ്ടു. കോംപറ്റീഷന് വന്നതാണോയെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ പാടിക്കോ എന്ന് പറഞ്ഞു. അവർ മൂന്നുപേരും എന്നെ സപ്പോർട്ട് ചെയ്തു. ലതാജിയുടെ പാട്ടാണ് ഞാൻ പാടിയത്.

പാടിക്കഴിഞ്ഞപ്പോൾ സാറ് എന്നോട് സുഖമില്ലേ എന്ന് ചോദിച്ചു. ഞാൻ സുഖമില്ലായെന്ന് പറഞ്ഞപ്പോൾ സാറ് പറഞ്ഞ മറുപടി എന്നെ അദ്ഭുതപ്പെടുത്തി. സുഖമില്ലാതെ ഇത്രയും മനോഹരമായി പാടുന്നുണ്ടെങ്കിൽ അല്ലാത്തപ്പോൾ എത്ര നന്നായിട്ടാവും പാടുക. ആ വാക്കുകൾ എനിക്ക് ഒരിക്കലും മറക്കാനാവാത്ത വിലപ്പെട്ട കോംപ്ലിമെന്‍റായിരുന്നു. പപ്പ ഈ സമയം എന്നെ നോക്കിയൊരു ചിരി.

അങ്ങനെ പിറ്റേ ദിവസത്തെ മ്യൂസിക് ഷോയിൽ എനിക്ക് സാറിനൊപ്പം പാടാൻ പറ്റി. വേറെ രണ്ടുപേരെയും മത്സരത്തിൽ സെലക്ട് ചെയ്തിരുന്നു. ശങ്കർ സാർ നല്ലൊരു മ്യുസിഷ്യനും പെർഫോമറും കൂടിയാണ്. സുനീധി ചൗഹാൻ, മഹാലക്ഷ്മി അയ്യർ എന്നിവരും ആ ഷോയിൽ പാടാൻ എത്തിയിരുന്നു.

സംഗീതം കഴിഞ്ഞുള്ള ഇഷ്ടങ്ങൾ..

സംഗീതം തന്നെയാണ് ലൈഫ്. കുറേ പാട്ടുകൾ പാടുക, ഷോസ് ചെയ്യുക ഇതൊക്കെയാണ് ഏതൊരു സിംഗറിന്‍റെയും പോലെ എന്‍റെയും ഡ്രീം. അന്യഭാഷകളിലും സജീവമാകണം എന്നാഗ്രഹമുണ്ട്. സിനിമ കാണാൻ ഒരുപാടിഷ്ടമാണ്. വായനയുമുണ്ട്. കൂടുതലും ഇംഗ്ലീഷ് ഫിക്ഷനുകളാണ് വായിക്കുന്നത്.

അംഗീകാരങ്ങൾ

കൂടെയിലെ ആരാരോ എന്ന പാട്ടിന് 2019 ൽ വയലാർ രാമവർമ്മ അവാർഡ് ലഭിച്ചു. അതുപോലെ സൂരജ് സന്തോഷിനൊപ്പം ഉയിരിൽ തൊടും എന്ന ഗാനത്തിന് ബെസ്റ്റ് ഡ്യുയറ്റ് സോംഗിനുള്ള മഴവിൽ മ്യൂസിക് അവാർഡും. റെഡ് എഫ്എം മലയാളം മ്യൂസിക് അവാർഡും കിട്ടിയെന്നുള്ള സന്തോഷവുമുണ്ട്. മിർച്ചി മ്യൂസിക്കിന്‍റെ മലയാളത്തിലെ 2017 ലെ അപ് കമിംഗ് ഫീമെയിൽ വോക്കലിസ്റ്റ് ഓഫ് ദി ഇയർ അവാർഡും ഉണ്ടായിരുന്നു. ഏഷ്യാ വിഷൻ മൂവി അവാർഡ്സിന്‍റെ ന്യൂ സെൻസേഷൻ സിംങിങ് 2017 ൽ അവാർഡ് കിളിവാതിലിൻ ചാരെ എന്ന പാട്ടിന് എനിക്ക് കിട്ടിയ ആദ്യ അംഗീകാരമായിരുന്നു. അംഗീകാരങ്ങൾ ച്രചോദനങ്ങളാണെങ്കിലും ഇനിയും ഇനിയും കൂടുതൽ മെച്ചപ്പെടുത്തണമെന്ന ഉത്തരാദിത്തവും അത് സൃഷ്ടിക്കുന്നുണ്ട്.

അമ്മൂന്‍റെ ഞാൻ

പകൽ സമയത്ത് ആരുടേയും കണ്ണിൽ പെടാതെ തട്ടിൻ പുറത്ത് കയറി. ഓടിനിടയിലൂടെ വെളിച്ചം ഒരു രേഖ പോലെ ഇരുട്ടിലേക്ക് കടന്ന് തറയിൽ കുഞ്ഞു കുഞ്ഞു രത്നങ്ങൾ പോലെ കിടന്നിരുന്നു…

തട്ടിൻ പുറത്ത് ആരാമ്മൂ…?” അമ്മുവിനെ (അമ്മൂമ്മ) മുറുക്കെ കെട്ടിപ്പിടിച്ച് ഒരു കാൽ കൊണ്ട് ചുറ്റി വരിഞ്ഞു, ഇരുട്ടിൽ തട്ടിൻ പുറത്തെ നിഗൂഢ ശബ്ദങ്ങൾ കേട്ട് ഞാൻ പേടിച്ചു.

“ശ്… മിണ്ടാതെ… മോളില് തട്ടിൻപുറത്തപ്പനാ” ഞങ്ങൾ ശ്വാസം കൊണ്ട് സംസാരിച്ചു. ഉയർന്നു കിടന്ന എന്‍റെ പെറ്റിക്കോട്ട് അമ്മു ശരിയാക്കി വച്ചു. ഞാനതൊന്നും ശ്രദ്ധിച്ചില്ല.

“ആണോ? തട്ടിൻപുറത്തപ്പൻ എന്തിനാ വന്നേക്കണത്…?”

“രാത്രീൽ കാളീം… കൂളീം…പൂതനും… പ്രേതനും ഒക്കെ വർത്താനം പറയണ കേൾക്കാൻ വന്നിരിയ്ക്കേണ്…”

“യ്യോ… അപ്പോ അവരും ണ്ടോ… മോളില്…?”

“പിന്നല്ലാണ്ടെ… വേം കെടന്നുറങ്ങിയ്ക്കോ.” എണ്ണ കിനിയുന്ന, കെട്ടി വയ്ക്കാൻ നീളമില്ലാത്ത എന്‍റെ മുടി അമ്മു വിരലുകൾ കൊണ്ട് ഒതുക്കി വച്ചു കൊണ്ടിരുന്നു. കണ്ണിറുക്കിയടച്ച് കിടക്കുമ്പോളാലോചിച്ചു. ഇവരെല്ലാം കൂടിയെന്തിനാ ഇങ്ങോട്ട് വന്നിരിക്കണത്… കാളിയും… പൂതനും പേരുകൾ നല്ലതെന്ന് തോന്നി. കൂളിയും പ്രേതനും എനിക്കിഷ്ടായില്ല. എങ്കിലും തട്ടിൻ പുറത്തെ വർത്തമാനങ്ങളിലേയ്ക്ക് ഞാൻ കാതുകൾ കൂർപ്പിച്ചു തുടങ്ങി. ഗോവണിയില്ലാത്ത തട്ടിൻ മുകളിലേയ്ക്ക് ജനലഴികളിൽ കൂടി എളുപ്പവഴികൾ നോക്കി കണ്ടുപിടിച്ചു. തട്ടിൻ പുറത്തേയ്ക്കും നോക്കി വെറുതെ നിൽക്കുകയാണെന്ന് തെറ്റിദ്ധരിച്ച അമ്മ പലപ്പോഴും ശാസിച്ചു.

“മോളിലെന്താ ചക്ക വെട്ടണുണ്ടോ… ങ്ങനെ നോക്കി നിൽക്കാൻ…” അച്‌ഛന് ഞാനൊരു കാഴ്ച പോലുമല്ലാതിരുന്നതോണ്ട് രക്ഷപ്പെട്ടു. വടക്കേലെ അരണ മരത്തിൽ കമ്പായിരുന്നു അച്‌ഛന്‍റെയും എന്‍റെയും ഇടയിലെ ബന്ധം പലപ്പോഴും നിലനിർത്തിയിരുന്നത്… അതോണ്ട് തന്നെ എന്‍റെ തട്ടിൻപുറം നോക്കി നിൽപ് അച്‌ഛനറിഞ്ഞുമില്ല. അങ്ങനെ കയറാൻ ശ്രമം തുടങ്ങി. പകൽ സമയത്ത് ആരുടേയും കണ്ണിൽ പെടാതെ ശ്രമിച്ച് ശ്രമിച്ച് പരാജയപ്പെട്ട് പരാജയപ്പെട്ട്… ഒടുവിൽ ഒരു ദിവസം ജയിച്ചു. പകലും ഇരുട്ടായിരുന്നു അവിടെ. ഓടിനിടയിലൂടെ വെളിച്ചം ഒരു രേഖ പോലെ ഇരുട്ടിലേക്ക് കടന്ന് തറയിൽ കുഞ്ഞു കുഞ്ഞു രത്നങ്ങൾ പോലെ കിടന്നിരുന്നു. ബാക്കിയൊക്കെ ഇരുട്ട്.

എന്നിട്ടും കണ്ടുപിടിച്ചു. പലതും ഒരു പാരായണ പലക. കൗതുകമുള്ള ആകൃതിയോടെ കുറേ കുപ്പികൾ, പഴകിയ മണ്ണെണ്ണ വിളക്കുകൾ… ചില്ലുകൾ നഷ്ടമായ കണ്ണാടി വിളക്കുകൾ… കുറച്ച് ഓട്ടു സാമഗ്രികൾ. പിന്നെയുമെന്തൊക്കെയോ. പക്ഷേ, അവരെന്തിയേ… കാളീം… കൂളിം… പൂതനും… പ്രേതനും. തഴെ ഇറ ങ്ങയപ്പോൾ പെറ്റിക്കോട്ടിൽ പറ്റിയ മാറാല തുണ്ടുകളിൽ കുഞ്ഞനെട്ടുകാലികളെ കണ്ടു. അന്നു രാത്രി കിടന്നപ്പോൾ അമ്മൂനോട് ചോദിച്ചു.

“അവരൊക്കെ എവിടെയാ ഇരിക്കണതമ്മൂ…? തട്ടിൻ പുറത്ത് കണ്ടില്ല”

അമ്മു എന്‍റെ നേരെ തിരിഞ്ഞു കിടന്നു.

“അവരേയ്… അമ്പലക്കൊളത്തീ കുളിക്കാൻ പോയിട്ടുണ്ടാവും.”

“ആണോ…?”

“ആം…” വലതുകാൽ അമ്മൂനെ ചുറ്റി…

കൂടണോ കൂട്ട് കുഞ്ഞി പയ്യ്

മേയണോ കൂടെ തട്ടിൻ മേലെ

നാവിന് കൊള്ളണ പാട്ടും പാടി

രാവിന് താളം പിടിക്കാന്ണ്ടോ…

കൂടണോ പയ്യ് കുഞ്ഞി പയ്യ്…”

അവരെനിക്ക് ചുറ്റും കൈകാട്ടി പാടുകയായിരുന്നു. കാളീം, കൂളീം, പൂതനും, പ്രേതനും… ഉച്ചയ്ക്ക് ഊണു കഴിഞ്ഞെല്ലാവരും മയങ്ങുന്ന നേരത്ത് തട്ടിൻ പുറത്തെത്തിയപ്പോഴായിരുന്നു അത്.

“ഞാൻ പയ്യല്ല…” വീറോടെ പറഞ്ഞു.

അവർ പിന്നെയും പാടി.

“പയ്യൊന്ന്വല്ലന്ന്…” എനിക്ക് ദേഷ്യം വന്നു.

അവർ പെട്ടെന്ന് കൈകൊട്ടിക്കളി നിർത്തി പരസ്പരം നോക്കി…

“മനുഷ്യക്കുട്ട്യാണ് ഞാൻ…” അവരുറക്കെ ചിരിച്ചു. കുടശീല പോലുള്ള എന്തോ കീറിക്കീറി നാണം മറച്ച കൂളീം… കുരുത്തോല കൊണ്ട് അരയും മാറും മറച്ച കാളിയും ചുവന്ന പട്ടു കൊണ്ട് തറ്റുപോലെയുടുത്ത പൂതനും, കോണകം മാത്രമുടുത്ത പ്രേതനും… എല്ലാം അമ്മു പറഞ്ഞ പോലന്നെ, അവരുടെ ഉടുപ്പൊക്കെ…

പെറ്റിക്കോട്ടിൽ പൊടിയാവുമെന്നത് മറന്ന് ഞാനവരുടെ നടുക്കിരുന്നു… അവരും ഇരുന്നു. അപ്പോൾ കിട്ടിയ ആത്മവിശ്വാസത്തിൽ ഞാൻ ഒന്നു കൂടി ഉറക്കെ പ്രഖ്യാപിച്ചു.”

“ഞാനൊര് പെങ്കുട്ട്യാണ്”

കാളി എന്‍റെ മുഖത്തോട് മുഖമടുപ്പിച്ചു… ചുവന്ന ഞരമ്പുകൾ നിറച്ചുള്ള കണ്ണുകൾ… ഇളം പച്ചനിറമുള്ള മുഖം. കാതിലെ തോട ആടിക്കൊണ്ടിരിക്കുന്നു.

“പെങ്കുട്ട്യോള് വാലിട്ട് കണ്ണെഴ്തും…” കാളി പറഞ്ഞു…

“ചാന്ത് തൊടും” കൂളിയും പറഞ്ഞു

“കവിളത്ത് ഒരു മറുക് കൂടി തൊടൂലോ” പൂതൻ പൂരിപ്പിച്ചു…

“കുപ്പിവളേം ഇടും…” പ്രേതൻ തല കുലുക്കി…

ഉത്സവം വരുമ്പോൾ കുപ്പി വള വാങ്ങിക്കുമെന്നാണ് അമ്മ പറഞ്ഞത്… കണ്മഷിച്ചെപ്പിന്‍റെ മൂട്ടിൽ പോലും ഇത്തിരിയില്ല… ചെപ്പേ കളഞ്ഞല്ലോ… ഒന്നും ഞാൻ പറഞ്ഞില്ല. എനിക്ക് കരച്ചിൽ വന്നു. ചുണ്ടുകൾ കൂർപ്പിച്ച് ഒരു കരച്ചിലിലേക്ക് കയറുന്നതിനു മുമ്പ് കാളി തന്‍റെ മോതിരവിരൽ കൊണ്ട് കൂളിയുടെ മെയ്യിൽ തോണ്ടി കറുപ്പെടുത്ത് എന്നെ ചേർത്തു പിടിച്ച് കണ്ണെഴുതിച്ചു. ചെന്നിയോളം നീട്ടിയെഴുതി കണ്ണുകൾ വാൽനക്ഷത്രമാക്കി… പുരികങ്ങൾ വളച്ചെഴുതി മഴവില്ലാക്കി… നിലാവത്തെ നിഴൽപ്പൊട്ടു പോലെ കവിളിൽ മറുക് കുത്തി…

“അപ്പോ ചാന്തോ…?” പൂതൻ ചോദ്യമെറിഞ്ഞതിനൊപ്പം കൂളിയുടെ നാവിലെ മുറുക്കാൻ നീര് തൊട്ടെടുത്ത് എന്‍റെ നെറ്റിയിൽ വച്ചു….

“ഹാ….ചോന്ന പൊട്ട്….” പൂതൻ തൃപ്തിയോടെ ചിരിച്ചു. അപ്പോൾ പൂതനെ കാണാൻ നല്ല ഭംഗീണ്ടായിരുന്നു…

ഞാനവരെ മാറി മാറി നോക്കി… നാലുപേരും എന്നെയും നോക്കി ചിരിച്ചു കൊണ്ട് ബഹളം കൂട്ടിയിരിക്കയാണ്…

“ഇപ്പോ പെങ്കുട്ട്യായില്ലേ…?”fr  ഞാൻ കണ്ണുകൾ ഒന്നു കൂടി വിടർത്തി ചോദിച്ചു…

“ഊ…ഹും…” പ്രേതൻ തല വിലങ്ങനെ ആട്ടി ഇല്ലെന്ന് കാണിച്ചു.

“ഇപ്പല്ല…” കാളി പിന്നെയും എന്നെ ചേർത്തു പിടിച്ചു. കുരുത്തോലയിളക്കി മാറിയ ഇളം പച്ച മുലകളിലേയ്ക്ക് എന്‍റെ ശിരസ്സ് ചായിച്ചു ചേർത്തു… അമ്മ അനിയൻവാവയ്ക്ക് അമ്മിഞ്ഞയൂട്ടുന്നതോർത്തു ഞാൻ അന്നേരം…

“അതേ, ഇപ്പല്ല…” കൂളിയും ശരിവച്ചു…

“നീ കാണണ മരങ്ങളിലേം ചെടികളിലേം പൂവൊക്കെ ചോപ്പാവും ഒരൂസം…” പൂതൻ എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി തുടർന്നു.

“നീ ചവിട്ടണ ഓരോ പുല്ലും പൂവിടും… നിലാവിന് സുഗന്ധോണ്ടാവും…”

“എനിക്കറിയാ… നിശാഗന്ധീടല്ലേ… അമ്മു പറഞ്ഞിട്ട്ണ്ട്.”

പൂതൻ ഒരു നിമിഷം മൗനമായിരുന്ന് എന്‍റെ താടി തൊട്ടുയർത്തി പറഞ്ഞു.

“പെൺപൂവിന്‍റെ സുഗന്ധം…”

ഞാൻ കണ്ണുകൾ വിടർത്തി തന്നെയിരുന്നു.

കൊത്തങ്കല്ലാടാൻ തുടങ്ങിയ കൂളിയെ പ്രേതൻ ശാസിച്ചു കല്ലുകൾ മാറ്റി വച്ചു. അപ്പോഴാണോർത്തത്…

“തട്ടിൻ പുറത്തപ്പൻ എന്ത്യേ…?”

“ശ്… ഉറങ്ങാണ്… രാത്രിയാ എഴുന്നേൽക്ക… ഞങ്ങളെ പോലല്ല… ദേഷ്യക്കാരനാ… തട്ടിൻ പുറത്തെ രാജാവല്ലേ…”

ഞാനോർത്തു… ശരിയാണ്, അമ്മു പറഞ്ഞിട്ടുണ്ട്…

“ദാ നോക്ക്…” അവർ നാലു പേരും ഒരേ ദിശയിലേയ്ക്ക്… വെളിച്ചത്തിന്‍റെ ലാഞ്ചനയുള്ള മൂലയിലേയ്ക്ക് വിരൽ ചൂണ്ടി…

ഹൗ… അറ്റത്തെ മൂലയിൽ ഒരു പട്ടികയിൽ അള്ളിപ്പിടിച്ച് തലകീഴായി കിടക്കുകയാണ്…

“അതു വാവ്വലല്ലേ…” എനിക്ക് പേടിയായി…, ചില രാത്രികളിൽ ഒരു മിന്നൽ പോലെ മുന്നിലൂടെ പറന്നു പോകുന്നത്…

“ഉം… ഇപ്പതെ വാവ്വലാ… ന്നാ രാത്യ്രായാ ഇങ്ങനല്ല…” പൂതൻ ശബ്ദം താഴ്ത്തി പറഞ്ഞു…

“നിലം തൊടണ വെളുത്തതാടീം, മുടീം ഉണ്ട് മൂപ്പർക്ക്… അതു ചുറ്റീട്ടാ തട്ടിൻപുറത്തപ്പൻ നാണം മറയ്ക്ക… കയ്യിൽ ചമത കൊണ്ടുള്ള ഊന്നുവടീണ്ടാവും. കണ്ണുകൾ പൂച്ചേനേ പോലെയാ. രാത്യ്രായാ വടീം കുത്തി വന്ന് ഞങ്ങൾടെ നടുക്കിരിക്കും… വിശേഷങ്ങൾ കേൾക്കാൻ…”

“ഉം… എനിക്കറ്യാ… ഞാൻ കേക്കാറ്ണ്ട്. പിന്നെ അമ്മു പറയാറ്ണ്ട്…” ആവേശത്തിൽ ഞാനുറക്കെ പറഞ്ഞു…

പെട്ടെന്ന് മൂലയിൽ ഞാന്നു കിടന്ന വാവ്വൽ എന്നെ കണ്ണു തുറന്ന് നോക്കി… പൂച്ചയുടെ കണ്ണ്… പക്ഷേ കൃഷ്ണമണികൾ ചുവന്നിട്ട് തീ പാറുന്നത് പോലെ… ഞാൻ ചുറ്റും പരതി… കാളീം, കൂളീം, പ്രേതനും, പൂതനും ഒക്കെ എവിടെ…?

ഇരുട്ട് മാത്രം… ഇരുട്ടിൽ ഞാനും തീപാറുന്ന പൂച്ചക്കണ്ണുകളും മാത്രം… ആ വാവ്വൽ പിടിവിട്ട് എന്‍റെ നേരെ ചിറക് വിരിക്കുന്നു. അടുക്കുന്ന രണ്ട് തീ ഗോളങ്ങൾ…

• • • •

“എന്ത് കാളീം കൂളീംന്നൊക്കെയാണീ പറയണത്…? ഉച്ചയ്ക്ക് ഒറങ്ങാത്തയാള് നാലു മണിയായിട്ടും എഴുന്നേക്കാണ്ട് കെടക്കാണ്…”

കുലുക്കി വിളിക്കുന്ന അമ്മയുടെ ശബ്ദത്തിന്‍റെ രീതി മാറി വന്നു.

“അല്ലാ… പനീണ്ടല്ലോ…അയ്യയ്യോ… ദേ ഇങ്ങോട്ട് വന്നേ… ദേഹത്ത് പൊങ്ങീട്ടുണ്ട്… ഇതിപ്പ എവിടന്ന് കിട്ടീതാണ് ദൈവമേ…”

അങ്കലാപ്പുകളുടെ… പരക്കം പാച്ചിലിന്‍റെ ബഹളം ചുറ്റും…

“ഈ കണ്മഷ്യാക്കെ എവിടന്നാ തേച്ചിരിക്കണത് മുഖത്ത് മുഴോൻ…?”

മുഖം തുടയ്ക്കുന്ന കൈകൾ… കണ്മഷി മായ്ക്കാനെടുത്ത വിളക്കെണ്ണയുടെ മണം…

“കൂളീടെ ദേഹത്തപ്പിടി കണ്മഷ്യാണമ്മാ…നാവില് ചാന്തും…” ശബ്ദത്തിന് ബലം കിട്ടുന്നില്ല എങ്കിലും പറഞ്ഞു…

“ന്ത്… ഏത് കൂളീ… ഓരോ കഥകൾ പറഞ്ഞ് കൊടുത്തോളും…” ഇപ്പോ എനിക്കറിയാം… കുറ്റപ്പെടുത്തലിന്‍റെ നോട്ടമേറ്റ് അമ്മു എന്നെ തൊട്ടിരിക്ക്യാ.. “അമ്മൂ…” ക്ഷീണത്തിലും ഞാൻ നീട്ടി വിളിച്ചു… കിടക്കുമ്പോൾ കൈയ്യും കാലും അമ്മുവിനെ മാത്രമേ തേടാറുള്ളൂ. ചുറ്റിപ്പിടിക്കാൻ കിട്ടിയിരുന്നതും അമ്മുവിനെ മാത്രമായിരുന്നു. പനിച്ചൂട് വക വയ്ക്കാതെ… ദേഹത്തെ ചുവന്ന പൊങ്ങലുകളിൽ അമർന്ന് വേദനിപ്പിക്കാതെ അമ്മു എന്നോട് ചേർന്നു കിടന്നു… അമ്മുവിന്‍റെ മൂക്കിൻ തുമ്പത്ത് കൺപീലികൾ കൊണ്ട് തൊട്ട് ഞാൻ ചിരിച്ചു.

“കൂളി കൊത്താങ്കല്ലാടുംല്ലേ അമ്മൂ?”

“വെള്ളം വേണോ നെനക്ക്…?”

“വേണ്ട….”

“ഒറങ്ങിക്കോ… വേദനേണ്ടോ…?

“ഇല്ല… പിന്നേയ് അമ്മു… വെള്ളേം മഞ്ഞേം റോസും പൂക്കളൊക്കെ വെറെയാ… എല്ലാം ചോപ്പാവണം… ചെമ്പരത്തി പോലെ… നടക്കുമ്പോൾ പുല്ലുകളും പൂക്ക്വത്രേ… പിന്നെ… പിന്നെ… മറന്നോവുന്നു… തലകീഴായാണോ ഞാൻ കിടക്കണെ അമ്മു…? മുറുക്കെ പിടിച്ചോള്… മുറുകെ… മുറുകെ…”

വീട്ടിലെ റാണിയാണ് വെറും ജോലിക്കാരി

ഹേ മാഡം എന്നെ അടിച്ചുതളിക്കാരി എന്ന് വിളിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു. എന്നെ എന്തെങ്കിലും വിളിക്കണമെങ്കിൽ വളരെ സ്നേഹത്തോടെ പേര് വിളിക്കാം. അല്ലെങ്കിൽ മേഡ് സർവ്വന്‍റ് എന്നോ മേഡ് എന്നോ വിളിക്കാമല്ലോ.

മാഡം, ഞാൻ അടിച്ചുതളിക്കാരിയല്ല. അത് ഓർമ്മ വേണം. എനിക്ക്  ഇവിടുത്തെ ജോലി ആവശ്യമൊന്നുമില്ല. എന്നെയാണ് നിങ്ങൾക്ക് ആവശ്യം. എനിക്ക് എല്ലായിടത്തു നിന്നും ഓഫർ ഉണ്ട്. ഒരു വീട് വിട്ടാൽ 10 വീട് എനിക്ക് കിട്ടും. എന്നെ വേണമെങ്കിൽ ജോലിക്ക് വച്ചാൽ മതി.

ഒരു കാര്യം കൂടി പറഞ്ഞേക്കാം. ഞാൻ എന്‍റെ സൗകര്യത്തിനു മാത്രമേ ജോലിയെടുക്കുകയുള്ളൂ. എന്നെ നിയമിക്കുന്നുണ്ടെങ്കിൽ സമയത്തിന്‍റെ കാര്യമൊന്നും പറയരുത്. എനിക്ക് തോന്നിയ സമയത്ത് ഞാൻ വന്ന് ജോലി ചെയ്തിട്ടു പോകും. ലീവ് പറയാനൊന്നും എന്നെ കിട്ടില്ല. നിങ്ങളെപ്പോലെ ഞാൻ ഓഫീസിലൊന്നുമല്ല പണിയെടുക്കുന്നത്.

ഓഫീസിലേതുപ്പോലെ കൃത്യസമയത്തൊന്നും വരേണ്ടതില്ലല്ലോ. അതിനാൽ ഞാൻ സമയവും സൗകര്യവും അനുസരിച്ചേ ജോലിക്ക് വരൂ. അതുകൊണ്ട് ഇന്ന സമയത്ത് വരണമെനൊന്നും എന്നോട് പറഞ്ഞേക്കരുത്. മാഡത്തിന് മനസ്സിലായോ?

പിന്നെ വേറൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. എനിക്ക് മൊബൈൽ ഉണ്ട്. ഞാനത് എത്ര സമയം വേണമെങ്കിലും ആരെ വേണമെങ്കിലും എപ്പോ വേണമെങ്കിലും വിളിക്കുകയോ സംസാരിക്കുകയോ ചെയ്യും. അതിൽ തലയിടാൻ വന്നേക്കരുത്. മൊബൈൽ ഓഫാക്കി ജോലിയെടുക്ക് എന്ന് മാത്രം കൽപ്പിക്കരുത്. ആരും എന്‍റെ സ്വകാര്യതയിൽ ഇടപെടുന്നത് എനിക്കിഷ്ടമല്ല.

പിന്നെ എപ്പോ വേണമെങ്കിൽ ഒരു ചായ ഇട്ട് കുടിക്കാനുള്ള സൗകര്യവും എനിക്ക് അനുവദിച്ചു തരണം. മിക്ക വീടുകളിലും അവർ തന്നെ ഇട്ട് തരാറാണ് പതിവ്. പാൽ ചായ ആണെങ്കിൽ വളരെ നല്ലത്.

വേറൊരു കാര്യം കൂടിയുണ്ട് മാഡം, ഞാൻ ഉച്ചക്കാണ് വരുന്നതെങ്കിൽ എന്‍റെ പ്രിയപ്പെട്ട ടിവി സീരിയൽ കാണാനുള്ള സമയം കൂടി എനിക്ക് വേണ്ടി വരും. ഈ സമയത്ത് ഞാൻ ഫുൾ സ്പീഡിൽ ഫാൻ ഇടുകയാണെങ്കിൽ മുഖം വീർപ്പിക്കാനൊന്നും വരരുത്. ഇതിനൊപ്പം വരുന്ന പരസ്യം കണ്ട് കണ്ടാണ് എനിക്ക് ഇത്രയും ജനറൽനോളേജ് കിട്ടിയതു തന്നെ!

പാത്രം കഴുകുന്ന പൊടിയിൽ ചെറുനാരങ്ങയുടെ അംശം ഉള്ളതിനാൽ പാത്രങ്ങൾ വെട്ടി തിളങ്ങും എന്നൊക്കെ എനിക്കിപ്പോ അറിയാം. ഇത്തരത്തിലുള്ള പരസ്യങ്ങൾ ഞങ്ങളെപ്പോലുള്ള ഹൗസ് മേഡുകളെ ഉദ്ദേശിച്ചാണ് ഇറക്കുന്നത് തന്നെ. വീട്ടിൽ ആര് എന്ത് ഉപയോഗിക്കണമെന്ന് ഞങ്ങളാണല്ലോ  തീരുമാനിക്കുന്നത്. കൈ ചീത്തയാവാതിരിക്കാനും സൗന്ദര്യം നഷ്‌ടപ്പെടാതിരിക്കാനും ഞങ്ങൾ എല്ലാം ശ്രദ്ധിക്കണമല്ലോ. അതിനാൽ ഞാൻ പറയുന്ന പ്രോഡക്‌ട് മാഡം മാർക്കറ്റിൽ നിന്ന് വാങ്ങി വയ്‌ക്കണം.

പിന്നെ വെറെ ഒരു കാര്യം പറഞ്ഞാൽ മുഷിച്ചിൽ തോന്നരുത്. അമ്മായിയമ്മയും അമ്മായിയച്ഛനും വന്ന് താമസിക്കുന്ന വീട്ടിൽ ഞാൻ ജോലിക്ക് നിൽക്കാറില്ല. മറ്റൊന്നുമല്ല അവർ കുതിരകേറുന്നത് എനിക്ക് സഹിക്കാനാവില്ല. ഞാൻ ചിലപ്പോൾ രണ്ടെണ്ണം കൊടുത്തെന്ന് വരും. ഇത്തരക്കാർക്ക് ഹെഡ്മാസ്റ്റർമാരുടെ സ്വഭാവമായിരിക്കും അത് ചെയ്യ്, ഇതു ചെയ്യ്, അവിടെ ശരിയായില്ല ഇങ്ങനെ ചെയ്യരുത് എന്നൊക്കെ പിറുപിറുക്കും. ഞാൻ ന്യുജെൻ ആയതിനാൽ ഇതൊന്നും ഒട്ടും പൊറുക്കാൻ കഴിയില്ല മാഡം.

ആ…പിന്നെ… നിങ്ങളുടെ വീട്ടിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, ഞാൻ ചിലപ്പോൾ അവരെ വഴക്ക് പറഞ്ഞൂന്നോ തല്ലിയെന്നോ വരും. പിന്നെ അതിന്‍റെ പേരിൽ എന്‍റെ മേക്കിട്ട് കയറാൻ വരരുത്. ഇപ്പോ എന്‍റെ വീട്ടിലെ കുട്ടികൾ ആണെങ്കിൽ ഞാൻ ഇതല്ലേ ചെയ്യൂ. അപ്പോ എന്‍റെ സ്വന്തം കുട്ടികളെപ്പോലെയാണ് ഞാനവരെ കണക്കാക്കുന്നതെന്ന് കരുതിയാൽ മതി. പക്ഷേ ചില കൊച്ചമ്മമാരുടെ പിള്ളാരെ പറഞ്ഞത് കേട്ട് എന്‍റെടുത്ത് ചാടിക്കടിക്കാൻ വരും. ഹ… അത്തരം വേലയൊന്നും എന്‍റെടുത്ത് പറ്റില്ല. അല്ല… ഞാൻ ഓർമ്മപ്പെടുത്തിയെന്നേയുള്ളൂ.

പിന്നെ വേറെയുമുണ്ട് കാര്യങ്ങൾ. എനിക്കെന്‍റേതായ റൂൾസ് ആന്‍റ് റഗുലേഷൻസ്  ഉണ്ട്. ജോലിക്കു കയറും മുമ്പ് തന്നെ ഇക്കാര്യങ്ങൾ പറയുന്നതാണ് എന്‍റെ ഒരു രീതി. പിന്നെ പ്രശ്നങ്ങൾ ഒഴിവാക്കാമല്ലോ. മാസത്തിൽ 4 ലീവ് എടുക്കും. ആഴ്ചയിൽ ഒന്ന് വീതം വച്ച്. പിന്നെ എല്ലാ പൊതു അവധി ദിനത്തിലും ഞാൻ വരികയുമില്ല. പിന്നെ രോഗം വന്നാൽ പറയേണ്ടതില്ലല്ലോ. അല്ലാ എനിക്കങ്ങനെ ചെറിയ പനി പോലും വരാറില്ല. എന്നാലും പറയേണ്ടത് പറയണമല്ലോ.

കല്യാണം, മരണം ഒക്കെ ഉണ്ടാവും. അതിതൊക്കെ ചിലപ്പോൾ വിളിച്ചു പറയാൻ പറ്റിയെന്നും വരില്ല. പക്ഷേ ആ ലീവ് ഞാൻ കോമ്പൻസേറ്റ് ചെയ്യാം. ഏതെങ്കിലും അവധി ദിവസം വന്ന് കൊള്ളാം.

ലീവ് ഒപ്പിക്കാൻ എന്‍റെ കൈയിൽ നമ്പറിനൊന്നും കുറവൊന്നും ഇല്ല. പക്ഷേ ഞാനത് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് എല്ലാം നേരത്തെ തന്നെ വെട്ടിത്തുറന്ന് പറയുന്നത്. മാത്രമല്ല നിങ്ങളെ പോലെ വിദ്യാസമ്പന്നയും ഉയർന്ന ഉദ്യോഗസ്‌ഥയുമായ സർവ്വോപരി സുന്ദരിയും സുശീലയുമായ മാഡത്തോട് എനിക്കെങ്ങനെ ഒളിച്ചു കളിക്കാനാവും.

അഡ്വാൻസ് ചോദിക്കുന്നതിനെപ്പറ്റിയും എനിക്ക് ചിലത് പറയാനുണ്ട്. ചില സമയത്ത് അത് നിങ്ങൾക്ക് അഡ്ജസ്റ്റ് ചെയ്തേ പറ്റൂ. നാലായിരം മുതൽ അയ്യായിരം വരെ ഞാൻ അഡ്വാൻസ് വാങ്ങാറുണ്ട്. ആയിരം രണ്ടായിരം വച്ച് ഓരോ മാസവും പിടിച്ചാൽ മതി. അതിനിടയിൽ വിട്ട് പോകുകയാണെങ്കിൽ ഞാൻ മൊത്തം അടച്ചു തീർത്തിട്ടെ പോകൂ. അതു ഞാൻ ഗ്യാരന്‍റി.

ഇനി എന്‍റെ സ്വഭാവത്തെപ്പറ്റി അറിയണമെങ്കിൽ ഞാൻ മുമ്പ് ജോലി ചെയ്‌ത ഇടങ്ങളിലോ ഇപ്പോൾ ജോലിക്ക് പോകുന്ന സ്‌ഥലങ്ങളിലെ ആൾക്കാരോടൊ ചോദിച്ചാൽ മതി. എല്ലാവർക്കും എന്നെ പറ്റി നല്ല അഭിപ്രായമാണ്. ഒരു സ്ഥലത്ത് നിന്നും ഒരു സൂചിപോലും ഇതുവരെ കാണാതായെന്ന് ഒരാളും പരാതി പറഞ്ഞിട്ടില്ല.

ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയും ആൾക്കാരുണ്ടല്ലോ, നിന്നെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം എന്നാണ് എല്ലാവരും പറയുന്നത് മാഡം. എനിക്കറിയാം മാഡത്തിനും എന്നെപറ്റിയുള്ള ആദ്യ ഇംപ്രഷൻ ഇങ്ങനെ തന്നെയായിരിക്കും.

വീടുകളിലെ മെമ്പർമാരുടെ ദിനചര്യ വീട്ടമ്മമാരേക്കാൾ എനിക്ക് നന്നായറിയാം. ഞാൻ അത്രയ്ക്ക് ശ്രദ്ധിച്ചിട്ടാണ് എല്ലാം ചെയ്യുന്നത്.

മാഡം ഇനി കുറച്ച് പേഴ്സണൽ കാര്യം കൂടി പറഞ്ഞോട്ടെ… റൊമാന്‍റിക്കായ കാര്യമാണ്. മറ്റൊന്നും തോന്നരുത്.

വീട്ടിലെ പുരുഷ കേസരികൾ ഞാൻ നിലം തുടയ്‌ക്കുമ്പോഴോ, കുനിഞ്ഞ് പാത്രം കഴുകുമ്പോഴോ നോക്കിപ്പോയാൽ ഞാൻ ഉത്തരവാദിയല്ല. എന്തായാലും ജോലി ചെയ്യുമ്പോൾ സാരി കേറ്റി കുത്തേണ്ടി വരും. അപ്പോൾ അവിടെയും ഇവിടെയും ഒക്കെ കാണുമല്ലോ. അത് എന്‍റെ കുഴപ്പമായി എടുക്കരുത്. അനിഷ്ട സംഭവങ്ങൾക്കൊന്നും ഞാൻ ഉത്തരവാദിയായിരിക്കില്ല. ഞാൻ പറഞ്ഞുവരുന്നത് ഒളിഞ്ഞുനോട്ടത്തിന്‍റെ കാര്യമാണ്… തെറ്റിദ്ധരിക്കരുതേ.

ജോലി സമയം അവാർഡ് സിനിമ പോലെ ആവില്ല എന്ന് ഞാൻ ഉറപ്പു തരാം. ഞാൻ സംസാരിച്ചോണ്ടിരിക്കും. പരദൂഷണമല്ല കെട്ടോ, എല്ലാവർക്കും ഇന്‍റർസ്റ്റിംഗ് ആയ കാര്യങ്ങളാവും ഞാൻ സംസാരിക്കുക.

ഇങ്ങനെ പരസ്പരം മിണ്ടിയും തമാശ പറഞ്ഞും ഞാൻ ജോലി എഞ്ചോയ് ചെയ്യും. അതിന് മറ്റൊരു ഗുണവും ഉണ്ട്. വീട്ടുകാർ തമ്മിൽ നല്ല അടുപ്പം വരും. ബോസ് കളിക്കാൻ ആർക്കും തോന്നുകയുമില്ല.

പിന്നെ പലചരക്ക് സാധനങ്ങളോക്കെ വേണമെന്നുണ്ടെങ്കിൽ അതിന്‍റെ സപ്ലൈയും എനിക്ക് ചെയ്യാൻ കഴിയും. ഒന്ന് ഫോൺ ചെയ്‌ത് പറഞ്ഞാൽ മതി. ഞാൻ കൊണ്ടു വരും. അതിന്‍റെ കാശ് സർവീസ് ചാർജ് അടക്കം ഉടനെ തരേണ്ടിയും വരും കേട്ടോ.

പിന്നെ പരദൂഷണവും മറ്റുള്ളവരുടെ വീട്ടിലെ കാര്യവും പറഞ്ഞ് നടക്കുന്ന ചളി ജോലിക്കാരികളെപ്പോലെ എന്നെയും കാണരുത്. ഞാൻ ആ ടൈപ്പല്ല. പിന്നെ സഹിക്കാൻ പറ്റാത്ത വല്ലതും ഉണ്ടെങ്കിൽ ഞങ്ങൾ പരസ്പരം എസ്എംഎസ് ചെയ്യാറാണ് പതിവ്. അല്ലെങ്കിൽ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലിടും.

കഴിഞ്ഞ ദിവസം നമ്മുടെ യൂണിയനിലെ സരോജയെ തെക്കേലെ സഹദേവൻ ചേട്ടൻ ഒന്ന് തോണ്ടിയത് ഗ്രൂപ്പിൽ വലിയ ചർച്ചയായിരുന്നു. ഞാൻ പക്ഷേ അങ്ങനെയൊന്നും ചെയ്യാറില്ല. വല്ല കാശും വാങ്ങി ഒതുക്കാറാണ് പതിവ്! പക്ഷേ ബ്ലാക്ക്മെയിൽ ചെയ്യാറൊന്നുമില്ല മാഡം.

പിന്നെ അവസാനമായി ഒരു കാര്യം കൂടി. ഭീഷണിയായി എടുത്താലും കുഴപ്പമൊന്നുമില്ല. ഞങ്ങളുടെ മേഡ് സർവ്വന്‍റ് യൂണിയൻ വളരെ ശക്‌തമാണ്. അതിന്‍റെ സെക്രട്ടറി ഞാനാണ്.

യൂണിയൻ മീറ്റിംഗ് ഉള്ളപ്പോൾ സംഭാവനയും ലീവും തരേണ്ടിവരും. ആ മീറ്റിംഗിന്‍റെ തീരുമാനപ്രകാരം ഞങ്ങളുടെ ശബള വർദ്ധനയും മറ്റ് അലവൻസുകളും കൂട്ടി തരാനുള്ള ബാധ്യതയും നിങ്ങൾക്കുണ്ട്. അതിന് മുൻകൂർ നോട്ടീസ് ഒന്നും ഞങ്ങൾ നൽകാറില്ല.

സംഘടിത ശക്‌തിയായി നിന്നാൽ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാനാവുകയുള്ളൂ മാഡം. ഞാൻ ഇതൊക്കെ മാഡത്തെ പേടിപ്പിക്കാൻ പറഞ്ഞതൊന്നുമല്ല കേട്ടോ. പറയുമ്പോൾ എല്ലാം പറയണമല്ലോ. ഇനി മാഡം തന്നെ തീരുമാനിച്ചോളൂ.

എന്നെ ജോലിക്ക് വയ്‌ക്കണമോ വേണ്ടയോ എന്ന്. ആരു വന്നാലും ഞങ്ങളുടെ യൂണിയനിൽ അംഗത്വമുള്ളവരായിരിക്കും വരിക. മാഡം ആലോചിച്ചിട്ട് തീരുമാനിച്ചാൽ മതി. ശരി എങ്കിൽ ഞാൻ വരട്ടെ… ഇതാ എന്‍റെ കാർഡ്.

ഇടമുണ്ട് ഇടം കൈക്കും

ഒരു വ്യക്‌തി ഇടതു കൈയ്യൻ ആണെന്ന് പറയുമ്പോൾ പൊതുവേ ഒരു കൗതുകം തോന്നുക സ്വഭാവികമാണ്. അയാൾ എഴുതുന്നതും കളിക്കുന്നതും, അടക്കമുള്ള പല കാര്യങ്ങളും പതിവിൽ നിന്ന് വ്യത്യസ്‌തമായ ഒരു കാഴ്ച സമ്മാനിക്കുന്നതു കൊണ്ടാണ് ഈ കൗതുകം. പെതുവേ ഇടതു കൈയ്യിനോടുള്ള അയിത്തം, ഇവരോട് വേണോ? അതിന്‍റെ ആവശ്യമേയില്ല. കാരണം ലോകത്തെ  മൊത്തം ജനസംഖ്യയുടെ 10 ശതമാനം വരും ഇടതു കൈയൻമാർ. എന്നാൽ ഇവരിൽ ഒരുപാട് പ്രശസ്തരുണ്ട്. പേര് കേൾക്കുമ്പോഴേ അമ്പോ എന്ന് ചിന്തിച്ചു പോകും

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി മുതൽ തുടങ്ങാം. പ്രശസ്തരായ  നടൻമാർ, പൊളിറ്റീഷ്യൻമാർ, ബിസിനസുകാർ, കായിക താരങ്ങൾ… ലെഫ്റ്റ് ഹാൻഡ് ക്ലബ്‌ അത്ര മോശം അല്ല. മറിച്ചു കിടു ആണെന്നർത്ഥം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, നടൻ അമിതാബ് ബച്ചൻ, മൈക്രോ സോഫ്റ്റ്‌ ഫൗണ്ടർ ബിൽ ഗേറ്റ്സ്, മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരക് ഒബാമ, ഫേസ്ബുക് സിഇഒ  മാർക്ക് സുകൻ ബർഗ്, ക്രിക്കറ്റ്‌ താരം സച്ചിൻ … നിര ഇനിയും ഉണ്ട്.ഇടം കൈയ്യൻ മാരെ ‘അണ്ടർ എസ്റ്റിമേറ്റ്’ ചെയ്യണ്ട എന്ന് മനസിലായല്ലോ!

എന്നിരുന്നാലും  ഇടതുകൈ കൊണ്ടുള്ള ജീവിതം സ്വസ്ഥമായി നയിക്കാൻ പലപ്പോഴും കഴിയാത്തത് അവരെ കൂടുതൽ പ്രയാസത്തിലാക്കാറുണ്ട് എന്നതാണ് വാസ്തവം. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസർ സ്‌റ്റാൻലി കരെൻ നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്ന ചില വസ്‌തുതകൾക്ക് നേരെ കണ്ണടയ്‌ക്കാൻ പറ്റില്ല.

ഇടതു കൈയ്യന്മാർക്ക്, വലം കൈയ്യന്മാരെ അപേക്ഷിച്ച് 9 വർഷത്തെ ജീവിത കാലയളവ് കുറവാണെന്നാണ് ഗവേഷണം വെളിപ്പെടുത്തിയത്. ഇതനുസരിച്ച് അമേരിക്കയിൽ ഇടതു കൈയ്യന്മാരുടെ ശരാശരി ആയുർദൈർഘ്യം 66 വയസ്സാണ്. വലം കൈയ്യന്മാർക്ക് 75 വയസ്സും. മാത്രമല്ല ഇടതു കൈയ്യന്മാരായവർക്ക് അപകട മരണമുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ അഞ്ചിരട്ടിയാണെന്നും പറയുന്നു. ഇങ്ങനെ സംഭവിക്കുന്നത് ഇടതു കൈയ്യന്മാരായിട്ടല്ല, മറിച്ച് ഈ ലോകം മുഴുവനും രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത് വലം കൈയ്യ്യന്മാർക്കു ഇണങ്ങും വിധമാണ്. അവരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള സംവിധാനങ്ങളാണ് ലോകമെമ്പാടുമുള്ളത്. ഇത് ഇടം കൈയ്യ്യന്മാരായ കുട്ടികളുടെ രക്ഷിതാക്കളെ കുറച്ചെങ്കിലും വിഷമിപ്പിച്ചേക്കാം.

ഇടതു കൈ കൊണ്ടുള്ള അവരുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതിരിക്കുക എന്നതു തന്നെയാണ് ഇവരോട് ചെയ്യാവുന്ന ഏറ്റവും മികച്ച സഹായം. കാരണം വലതുകൈ കൊണ്ട് ജീവിക്കാൻ പാകത്തിന് രൂപപ്പെട്ട ലോകത്തെ ഇടം കൈയ്യന്മാർ മനസ്സിലാക്കുന്നതു പോലെ മറ്റാർക്കും പിടികിട്ടുകയുമില്ല. ഇടതു കൈ കൊണ്ടുള്ള ജീവിതം ഒരു വൈകല്യമാണെന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കി എടുക്കുന്നതു പോലും രക്ഷിതാക്കൾ ആണ്. അതൊരു കുറവാണെന്ന മട്ടിലുള്ള പ്രതികരണം തുടക്കം മുതലേ കുഞ്ഞുങ്ങളോട് പറയുന്നവർ അച്‌ഛനമ്മമാർ തന്നെയായിരിക്കുമല്ലോ.

നല്ല പരിശീലനമുണ്ടെങ്കിൽ മാറ്റാവുന്ന കാര്യങ്ങളെ വ്യക്‌തിയുടെ ശീലങ്ങളിലും ഉള്ളൂ എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാൽ പ്രശ്നമില്ല. കൈയ്‌ക്ക് വൈകല്യമുള്ള കുട്ടികൾ കാൽ ഉപയോഗിച്ച് പെയിന്‍റ് ചെയ്യുന്നതും, അന്ധരായവർ ടൈപ്പു ചെയ്യുന്നതും ഒക്കെ ഇങ്ങനെ പരിശീലനത്തിലൂടെ നേടിയെടുക്കുന്ന കാര്യമാണ്. കുട്ടികളിൽ ഒരു പ്രശ്നം ഉണ്ടെന്ന് കണ്ടാൽ അതിനെ കറക്‌ട് ചെയ്യാൻ രക്ഷിതാക്കൾക്ക് വ്യഗ്രത കൂടുതലായിരിക്കും. ജനനം കൊണ്ട് ഇടം കൈയ്യ്യനായ ഒരു കുഞ്ഞിനെ ബലം പ്രയോഗിച്ച് വലം കൈയ്യനാക്കാൻ ശ്രമിക്കും. തലച്ചോറിന്‍റെ ഏറ്റവും വികസിച്ച ഭാഗമാണ് ഡോമിനന്‍റ് ആയിരിക്കുക. വലം കൈയ്യന്മാരായ ആളുകളുടെ ഇടതുവശത്തെ ബ്രെയിൻ കൂടുതൽ ശക്‌തമായിരിക്കും. ബ്രെയിനിൽ നിന്നുള്ള നാഡീ ഞരമ്പുകൾ ശരീരത്തിന്‍റെ വിപരീതദീശയിലേക്കാണ് സഞ്ചരിക്കുന്നത്. അതിനാൽ ഇടതുവശത്തെ ബ്രെയിൻ, വലതുഭാഗം ആക്‌ടിവാക്കുകയും വലതുവശത്തെ ബ്രെയിൻ ഇടതുഭാഗം ശക്‌തിപ്പെടുത്തുകയും ചെയ്യുന്നു.

സംസാരം തുടങ്ങിയ ഘടകങ്ങൾക്ക് നിയന്ത്രിക്കുന്നത് ബ്രെയിനിലെ ഡോമിനന്‍റ് ഭാഗത്താണ്. ഈ ഡോമിനന്‍റ് ഭാഗം ബലമായി നിയന്ത്രിക്കാൻ ശ്രമിച്ചാൽ കുട്ടിക്ക് സംഭാഷണ വൈകല്യം ഉണ്ടാകാം. വിക്കൽ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം.

കുട്ടികൾ ഇടം കൈയ്യമാരാണെങ്കിലും അത് ചെയ്യുന്നത് നിരുത്സാഹപ്പെടുത്താതിരിക്കുകയാണ് അവർ കൂടുതൽ ബുദ്ധിയുള്ളവരായി വളരാൻ സഹായിക്കുക. ജീവിതത്തിൽ വൻ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ള ഇടം കൈയ്യന്മാരുണ്ടെന്നും അവരെ പറഞ്ഞ് പ്രോത്സാഹിപ്പിക്കാം.

ഓൺലൈൻ ഷോപ്പിംഗ്

ഓൺലൈനിൽ എല്ലാം കിട്ടും. പക്ഷേ നോക്കിയും കണ്ടും ഓർഡർ കൊടുത്തില്ലെങ്കിൽ പണി കിട്ടും. ഇതൊക്കെ എല്ലാവർക്കും അറിയാം എന്നാലും ചെന്ന് തലവച്ചു കൊടുക്കും. ഓൺലൈൻ ഷോപ്പിംഗിനെപ്പറ്റി മിക്കവരുടെയും അനുഭവം ഇങ്ങനെയൊക്കെയാവും. പ്രത്യേകിച്ചും ആദ്യമായി ഓൺലൈൻ പർച്ചേസിംഗ് ചെയ്യുന്നവർക്ക്.

സാധനം ഡാമേജായാൽ മാറ്റി വാങ്ങാൻ പോലും ഓപ്ഷൻ ഉണ്ട്. ഇതൊന്നും പക്ഷേ പലർക്കും അറിയില്ല. റിപ്ലേസ്മെന്‍റ് വാറന്‍റി, വാങ്ങുന്ന സാധനങ്ങൾക്ക് മേൽ ബോണസ് കൂപ്പൺ എന്നിവ ലഭിക്കാറുണ്ട്. ഫിള്പ്പ്കാർട്ട്, ആമസോൺ, സ്നാപ്ഡീൽ എന്നീ ഓൺലൈൻ വെബ്ബ്സൈറ്റുകളിൽ വമ്പൻ ഓഫറുകൾ ഉണ്ടാവാറുണ്ട്.

ഇന്ത്യയിൽ 2013 ൽ ഓൺലൈനിൽ സാധനം വാങ്ങിയവരുടെ സംഖ്യ 2 കോടി ആയിരുന്നുവെങ്കിൽ 2016 ൽ അത് 4 കോടിയാണ്. ഇന്ത്യയിലെ
ഈ- കോമേഴ്സ് 8.5 ബില്ല്യൻ ഡോളറിന്‍റേതാണ്. 2015 അവസാനത്തോടെ 38 മില്ല്യൺ യുസേഴ്സ് ഓൺലൈൻ ഷോപ്പിംഗ് നടത്തിയിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഓൺലൈൻ ബിസിനസ്സ് തകൃതിയായി നടക്കുന്നതിനൊപ്പം ഓൺലൈൻ കൊള്ളയും നടക്കുന്നുണ്ട്. ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ വഞ്ചിതരാവാതിരിക്കാനുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കാം.

വില താരമത്യം ചെയ്യുക: ഓൺലൈൻ ഷോപ്പിംഗിന് ഒരുങ്ങും മുമ്പ് മിക്ക സൈറ്റിലും കയറി ഒരേ സാധനത്തിന്‍റെ വില നോക്കുക. ചിലപ്പോൾ വലിയ വില വ്യത്യാസം ഉണ്ടാവാം. അതു നോക്കിയ ശേഷം മാത്രം ഓർഡർ നൽകിയാൽ മതി.

ബ്രൗസർ എക്സ് റ്റൻഷൻ ഡൗൺലോഡ് ചെയ്യാം: ഒരേ സമയം ഒരുപാട് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ മാന്യുൽ താരതമ്യം ചെയ്യുക പാടായിരിക്കും. എന്നാൽ ബ്രൗസർ എക്സ് റ്റൻഷൻ വഴി ചെയ്‌താൽ പണി എളുപ്പമാകും. Buyhatke എന്ന എക്സ് റ്റൻഷൻ ഡൗൺലോഡ് ചെയ്യാം. ഇത് എല്ലാ ബ്രൗസറിലും പ്രവർത്തിക്കും. ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്ന വേളയിൽ എല്ലാ സൈറ്റിലെയും ഡീൽ ഇത് ലൈവായി കാണിക്കും. വില എപ്പോഴാണ് താഴ്ന്നിരിക്കുന്നത്, ഏറ്റവും കുറഞ്ഞ വില, വില ഉയരുന്നത്, എല്ലാം അറിയാൻ പറ്റും. കൂടാതെ my smart price, compare raja, price dekho തുടങ്ങിയ സൈറ്റുകളിൽ സന്ദർശിച്ചാൽ വില നിലവാരവും വ്യത്യാസവും അറിയാനാവും.

ആപ്പുകൾ ഉപയോഗിക്കാം: ഫ്ളിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ വെബ്ബ്സ്റ്റോറുകൾക്കായി ആപ്പുകൾ ഉണ്ട്. അതു നിങ്ങളെ നല്ല ഡീൽ നടത്താൻ സഹായിക്കും. കുറഞ്ഞ വിലയുടെ ഓഫർ ഇതുവഴി മനസ്സിലാക്കാം.

കൂപ്പൺ, ഡ്രൈസ് അപ്പ് ഡേറ്റ്: മാർക്കറ്റ് വിലയുടെ അടിസ്‌ഥാനത്തിലല്ല ഓൺലൈനിൽ ഷോപ്പിംഗിൽ ബെറ്റ് ഡീൽ കണക്ക് കൂടുന്നത്. വില നിലവാരം (കൂടുന്നതും കുറയുന്നതും) അടിസ്‌ഥാനപ്പെടുത്തിയാണ്. കൂപ്പൺ, ഡിസ്ക്കൗണ്ട് കോഡ്സ് എന്നിവ ഉപയോഗപ്പെടുത്താം.

പ്രൊമോ കോഡും കൂപ്പൺ ഡിസ്ക്കൗണ്ടും: ഏറ്റവും കുറഞ്ഞ വിലയാണ് നിങ്ങൾ നോക്കുന്നതെങ്കിൽ അതിനായി പ്രൊമോകോഡും കൂപ്പൺ ഡിസ്ക്കൗണ്ടും ഉണ്ട്. പല ഷോപ്പിംഗ് വെബ്ബ്സൈറ്റുകളും ആക്ടീവ് കൂപ്പൺ കാർഡുകൾ നൽകുന്നുണ്ട്. ഇത് കൂടാതെ coupon duniya, freekomaal, desidime, coupan mantra തുടങ്ങിയ വെബ്ബ്സൈറ്റുകൾ പല ഷോപ്പിംഗ് സൈറ്റുകൾ നൽകിയ ക്യാഷ് ബാക്ക് കൂപ്പൺ, കൂപ്പൺ കോഡ് എന്നിവയുടെ താരതമ്യ ലിസ്റ്റ് നൽകാറുണ്ട്. ഈ സേവനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യണമെന്ന് മാത്രം. അറിയിപ്പുകൾ ഇമെയിലായി നിങ്ങൾക്ക് കിട്ടി കൊണ്ടിരിക്കും. ഇതിൽ നിന്നും ബെസ്റ്റ് ഡീൽ തെരഞ്ഞെടുക്കാവുന്നതാണ്.

കൂപ്പൺ തരംഗം: ഓൺലൈൻ ഷോപ്പിംഗ് ചെയ്യുമ്പോൾ വില കുറച്ച് കിട്ടാനായി കൂപ്പൺ സഹായകമാണ്. പക്ഷേ നിങ്ങൾക്ക് ഇഷ്‌ടപ്പെട്ട വെബ്ബ്സൈറ്റുകളിൽ കൂപ്പൺ ലഭിക്കുന്നില്ലെങ്കിൽ ഗൂഗിളിൽ പോയി തിരയാവുന്നതാണ്. സാധനങ്ങൾ വാങ്ങുമ്പോൾ മാത്രമേ കൂപ്പൺ കൊണ്ട് ഉപകാരമുള്ളൂ. അതു ഉണ്ടെങ്കിൽ കിഴിവ് കിട്ടും.

ക്യാഷ് ബാക്ക് ലോയൽറ്റി പ്രോഗ്രാം: നിങ്ങൾ നിരന്തരം ഓൺലൈൻ ഷോപ്പിംഗ് നടത്തുന്ന ആളാണെങ്കിൽ ഇത് വളരെ ഉപകാരപ്രദമാണ്. Cash karo, in peny.in, gopaisa.com തുടങ്ങിയ സൈറ്റുകൾ മെഡിക്കൽ ഹെൽത്ത് ചെലവുകൾ വരുമ്പോൾ ഉപകാരപ്രദമാണ്.

ക്യാഷ് ബാക്ക് ഡിസ്ക്കൗണ്ട്: വിലയിൽ ഡിസ്ക്കൗണ്ട് ലഭിക്കുന്നതിനൊപ്പം pennyful.in, baggout.com തുടങ്ങിയ ക്യാഷ്ബാക്ക് വെബ്ബ്സൈറ്റ് ഷോപ്പിംഗ് സൈറ്റിൽ നിലവിലുള്ള ക്യാഷ് ബാക്ക് ഓഫറുകളെപ്പറ്റി അറിയിപ്പ് നൽകുന്നു. ഇതിൽ നിന്ന് നിങ്ങൾക്ക് പറ്റിയ ഡീൽ തെരഞ്ഞെടുക്കാം.

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെ പറ്റിയുള്ള വിശദവിവരം: വിലക്കുറവ് ഉണ്ടെന്ന് കരുതി ഏതെങ്കിലും സൈറ്റിൽ പോയി വാങ്ങരുത്. സൈറ്റിനെ പറ്റി നല്ലവണ്ണം മനസ്സിലാക്കിയ ശേഷം മാത്രം പർച്ചേഴ്സ് ചെയ്യുന്നതാണ് ബുദ്ധി. സൈറ്റിൽ നൽകിയിരിക്കുന്ന എമ്പൗട്ടിൽ പോയി FAQ വായിക്കുക. ഇത്രയുമാകുമ്പോഴേക്കും നിങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അറിവ് ലഭിക്കും.

സൈറ്റിന്‍റെ സെക്യൂരിറ്റി സിസ്റ്റം ചെക്ക് ചെയ്യുക: ഓൺലൈൻ ഷോപ്പിംഗ് സുരക്ഷിതമാക്കാനായി സൈറ്റിന്‍റെ URL https നോക്കുക. അതിൽ s ഇല്ലെങ്കിൽ സുരക്ഷിതമല്ല എന്നർത്ഥം.

കോപ്പിറൈറ്റ് മാർക്ക് നോക്കണം: വെബ്ബ്സൈറ്റിന്‍റെ ഹോം പേജിൽ കോപ്പിറൈറ്റ് മാർക്ക് ഉണ്ടോ എന്ന് പരിശോധിക്കുക. കോപ്പിറൈറ്റ് വർഷം ശ്രദ്ധിക്കുക. ഒരു വർഷത്തിൽ കൂടുതൽ ആയിട്ടുണ്ടെങ്കിൽ വിട്ടുകളയുക. അതുപ്പോലെ കസ്റ്റമർ കെയർ നമ്പർ കൊടുത്തിട്ടുണ്ടോ അത് നിലവിൽ ഉണ്ടോ എന്നൊക്കെ പരിശോധിക്കുക.

ഷിപ്പിംഗ് ഓഫർ: മിക്ക സൈറ്റുകളും ഇപ്പോൾ ഫ്രീ ഷിപ്പിംഗ് ചാർജ്‌ജ് ഓഫർ ചെയ്യാറുണ്ട്. അങ്ങനെയുള്ള പ്രോഡക്ടിന്‍റെ വില കുറയും. ഷിപ്പിംഗ് ചാർജ്‌ജ് ഫ്രീ അല്ലെങ്കിൽ സാധനത്തിന്‍റെ കൂടെ ആ ചാർജ്‌ജും ഈടാക്കും. അതായത് ഷിപ്പിംഗ് ചാർജ്‌ജ് നിങ്ങളുടെ പോക്കറ്റിൽ നിന്ന് പോകുമെന്നർത്ഥം. ഫേസ്ബുക്കുമായി കണക്റ്റ് ചെയ്യുക. പല വെബ്ബ്സൈറ്റുകളും ഫേസ്ബുക്കു വഴി കണക്റ്റഡ് ആയിരിക്കും. അവരുടെ പേജ് ലൈക്ക് ചെയ്താൽ പിന്നെ നല്ല ഓഫറുകളുടെയെല്ലാം നോട്ടിഫിക്കേഷൻ ലഭിച്ചു കൊണ്ടിരിക്കും.

ക്രഡിറ്റ് കാർഡ് വഴി: പല സൈറ്റുകളും ക്രെഡിറ്റ് കാർഡ് വഴിയുള്ള പേമെന്‍റിന് ആകർഷകമായ കാശ്ബാക്ക് ഓഫറുകൾ നൽകാറുണ്ട്. അതു ഉപയോഗപ്പെടുത്താം.

ഓൺലൈൻ ട്രാൻസാക്ഷൻ: ഷോപ്പിംഗ് എപ്പോഴും പുതിയ ബ്രൗസിംഗ് വിന്‍ഡോയിൽ മാത്രം ചെയ്യുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഓൺലൈൻ ട്രാൻസാക്ഷൻ കൂടുതൽ സുരക്ഷിതമായിരിക്കും. ഓൺലൈൻ ട്രാൻസാക്ഷനു ശേഷം നിങ്ങളുടെ ഓൺലൈൻ ബാങ്കിംഗ് പാസ് വേർഡ് മാറ്റുക. ക്രഡിറ്റ് കാർഡ് പാസ് വേർഡും മാറ്റണം. ഇങ്ങനെ ചെയ്യുന്ന പക്ഷം കബളിപ്പിക്കപ്പെടാനുള്ള സാധ്യത കുറയും.

പുതിയ ഇമെയിൽ വിലാസം: പ്രമുഖ സൈറ്റുകൾ ഡെയിലി ഡീൽ ഓഫർ നൽകാറുണ്ട്. അതിനു വേണ്ടി ഇമെയിൽ വഴി കൺഫർമേഷൻ നൽകേണ്ടതുണ്ട്. പിന്നെ അവൻ നിരന്തരം നിങ്ങളുടെ ഐഡിയിലേക്ക് ഓഫറുകൾ അയച്ചു കൊണ്ടിരിക്കും. അതു കൊണ്ട് ഇതിനു വേണ്ടി മാത്രം പുതിയ ഇമെയിൽ വിലാസം ഉണ്ടാക്കി നൽക്കുന്നതാണ് ബുദ്ധി. ഇല്ലെങ്കിൽ ഇൻബോക്‌സ് നിറഞ്ഞ് കവിയും.

ഡലവറി സമയത്ത് ശ്രദ്ധിക്കുക: ഓൺലൈനിൽ ലാപ്ടോപ്പിന് ഓർഡർ നൽകിയിട്ട് പാക്കറ്റ് കിട്ടിയപ്പോൾ അതിനുള്ളിൽ രണ്ട് കല്ലുകൾ ലഭിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഷൂസ് ഓഡർ നൽകിയിട്ട് പാക്കറ്റ് പൊട്ടിച്ചപ്പോൾ ഉപയോഗിച്ച ഷൂസായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ കബളിപ്പിക്കപ്പെടാം. പാക്കിംഗ് സമയത്തെ ചില പ്രശ്നങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഡലിവറി ബോയ് സാധനം തരുന്ന സമയത്ത് പാക്കറ്റ് പൊടിച്ച് നോക്കി ഉറപ്പ് വരുത്തണം. സാധനം ഡാമേജ് ആണെങ്കിൽ ഡലിവറി ബോയിയെ സാക്ഷി നിർത്തി സ്നാപ്പ് ഷോട്ട് എടുക്കുക. ക്ലെയിം നൽകുമ്പോൾ കേസിനു ബലം കിട്ടാൻ ഇത് ഉപകരിക്കും.

ഓൺലൈൻ റിവ്യൂ വായിക്കുക: ഓൺലൈൻ ഷോപ്പിംഗ് വെബ്ബ്സൈറ്റിനെ പറ്റിയുള്ള റിവ്യൂ നോക്കിയ ശേഷം മാത്രം ക്രിഡിറ്റ് കാർഡ് വിവരങ്ങൾ നൽകാവൂ. വിശ്വസനീയമായ സൈറ്റുകൾ അല്ലെങ്കിൽ ഡീൽ നടത്താതിരിക്കുക.

കമ്പനി നിയമാവലികൾ ശ്രദ്ധിക്കണം: മിക്ക സൈറ്റുകളും 500 രൂപയിൽ കൂടുതലുള്ള ഷോപ്പിംഗിനു മാത്രമേ ഡലിവറി ചാർജ് ഫ്രീ നൽകാറുള്ളൂ. ചിലപ്പോൾ ഡലിവറി ചാർജ് ഫ്രീ എന്ന് എഴുതിയ ശേഷം നിബന്ധനകൾ ബാധകം എന്നും പറഞ്ഞിട്ടുണ്ടാവും. അത് കസ്‌റ്റമർ വായിച്ചില്ലെങ്കിൽ ഡലിവറി സമയത്ത് കാശ് പോകും.അതുപ്പോലെ കമ്പനി വാറന്‍റി നൽകുന്നുണ്ടോ എന്നും ശ്രദ്ധിക്കണം.

സുന്ദരിയാകാൻ ഇനി ബ്യൂട്ടി ഗാഡ്ജറ്റുകൾ

ചർമ്മ സൗന്ദര്യത്തിനും പെർഫെക്ട് ലുക്കിനുമായി ഇടയ്ക്കിടെ ബ്യൂട്ടിപാർലറിൽ പോകാൻ സമയവും സൗകര്യവും ഇല്ലെങ്കിൽ ഒട്ടും വിഷമിക്കേണ്ട. പാർലറുകളിൽ ചെയ്യുന്ന പോലെ വീട്ടിലിരുന്നു ചെയ്യാൻ ചില ഉപകരണങ്ങൾ സഹായിക്കും. ബ്യൂട്ടി ഗാഡ്ജറ്റ്സ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഡർമറ്റോളജിസ്റ്റ് ഡോ.ഗീതാഞ്‌ജലി ഷെട്ടി നിർദ്ദേശിക്കുന്നു.

ക്ലൻസിംഗ് ബ്രഷ്

നല്ല ചർമ്മം ലഭിക്കാൻ ദിവസവും ക്ലൻസിംഗ്, ടോണിംഗ്, മോയിസ്ചുറൈസിംഗ് ഇവ അനിവാര്യമാണ്. ഇതിൽ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം ക്ലൻസിംഗ് ആണ്. ചർമ്മത്തിലെ മാലിന്യങ്ങൾ കൃത്യമായി നീക്കിയാൽ മാത്രമേ ആരോഗ്യമുള്ള ചർമ്മം ലഭിക്കൂ. അതിനാൽ ബ്യൂട്ടികിറ്റിൽ ക്ലൻസിംഗ് ബ്രഷ് തീർച്ചയായും സൂക്ഷിക്കൂ. പുറത്തു നിന്ന് ക്ലീൻ ചെയ്‌ത് അകത്തും ആരോഗ്യം നിലനിർത്താം. മസാജിംഗിലൂടെ ചർമ്മത്തിന്‍റെ തിളക്കവും വർദ്ധിക്കും.

എങ്ങനെ ചെയ്യണം

ക്ലൻസിംഗ് ബ്രഷ് കിറ്റ് വാങ്ങുമ്പോൾ കൂടെ ക്ലൻസിംഗ് ക്രീം കൂടി ലഭിക്കും. മുഖം മുഴുവൻ ക്ലൻസിംഗ് ക്രീം പുരട്ടിയ ശേഷം ക്ലൻസിംഗ് ബ്രഷ് ഉപയോഗിച്ച് 5 മിനിട്ട് മുഖം ഉഴിയുക. വെള്ളം ഒഴിച്ച് കഴുകി ഉണക്കുക.

സ്മാർട്ട് ടിപ്സ്

ഒലെ പ്രോ എക്സ് മൈക്രോ ഡർമ ബ്രഷ് അഡ്വാൻസ് ക്ലൻസിംഗ് ബ്രഷ്, പ്രൊ ആക്‌ടീവ് സ്കിൻ ക്ലൻസിംഗ് ബ്രഷ്, സ്പാ സോണിക് കെയർ സിസ്റ്റം ഇവയുടെ ബ്രഷ് വാങ്ങാവുന്നതാണ്. വില ആയിരം രൂപ മുതൽ.

റിങ്കിൾ ഇറേസർ

മുഖത്ത് പ്രായാധിക്യത്തെ തുടർന്നുണ്ടാകുന്ന ചുളിവുകൾ അലട്ടുന്നുവോ? ബ്യൂട്ടിപാർലറുകളിൽ മാസം തോറും പോയി വലിയ തുക മുടക്കിയിട്ടും വലിയ മാറ്റം തോന്നുന്നില്ല എങ്കിൽ റിങ്കിൾ ഇറേസർ വാങ്ങി ഉപയോഗിക്കാവുന്നതാണ്. മുഖത്തെ ചുളിവുകൾ, കണ്ണുകൾ, ചുണ്ടുകൾ, കഴുത്ത് എന്നിവിടങ്ങളിലെ വരകൾ ഇതൊക്കെ കുറയ്ക്കാം. ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപയോഗിക്കണം.

ഉപയോഗിക്കേണ്ട രീതി

റിങ്കിൾ ഇറേസർ പെൻ ഉപയോഗിക്കും മുമ്പ് കണ്ണുകൾക്കടിയിൽ അണ്ടർ ഐ ക്രീം പുരട്ടുക. അതിനു ശേഷം റേസർ പെൻ ചുളിവുകളിൽ സാവകാശം അമർത്തിപ്പിടിക്കുക. എന്നിട്ട് മാറ്റുക. 2-3 മിനിറ്റ് ഇങ്ങനെ ആവർത്തിക്കുക. ചുണ്ടുകൾക്കടിയിലും, കഴുത്തിലും ഉള്ള ചുളിവുകൾ ഇങ്ങനെ കുറയ്ക്കാം.

സ്മാർട്ട് ടിപ്സ്

റിങ്കിൾ ഇറേ സറിന്‍റെ വില രണ്ടായിരം രൂപ മുതൽ. കെയർ ജോയ്, ഇറേസർ പെൻ, എച്ച്ഐജിപിഎഫ് റിങ്കിൾ ഇറേ സർ പെൻ, ഡർമൊസിൻ ഇൻസ്റ്റന്‍റ് റിങ്കിൾ ഇറേസർ ഇങ്ങനെ പലതുമുണ്ട്. ഇഷ്‌ടമുള്ളത് തെരഞ്ഞെടുക്കാം.

സ്കിൻ സ്മൂത്തർ

മുഖചർമ്മം വളരെ മൃദുലമാണ്. വെയിൽ, പൊടിപടലങ്ങൾ, അന്തരീക്ഷത്തിലെ മറ്റു മാലിന്യങ്ങൾ ഇതൊക്കെ വളരെ വേഗം മുഖചർമ്മത്തെ ബാധിക്കും. മുഖം വരണ്ട്, നിറം മങ്ങിയതു പോലെ തോന്നുന്നത് അതുകൊണ്ടാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാണ് സ്കിൻ സ്മൂത്തർ. ആഴ്ചയിൽ രണ്ടുപ്രാവശ്യം ഇതുപയോഗിക്കാം. ഡാർക്ക് സ്പോട്ട്സും കുറയും.

ഉപയോഗിക്കേണ്ട വിധം

മുഖത്ത് ഭംഗിയായി മോയിസ്ചുറൈസർ പുരട്ടിയ ശേഷം സ്കിൻ സ്മൂത്തർ ഉപയോഗിക്കണം. മുഖത്ത് സ്മൂത്തർ കൊണ്ട് മസാജ് ചെയ്‌താൽ ഉണങ്ങി വരണ്ട ചർമ്മം നീങ്ങും. തുടർന്ന് വെള്ളം മുഖത്ത് ധാരാളം ഒഴിച്ച് കഴുകിക്കളയുക.

സ്മാർട്ട് ടിപ്സ്

ഫിലിപ്സ് സ്കിൻ സ്മൂത്തർ, പിഎംഡി പേഴ്സണൽ മൈക്രോ ഡെം, അൾട്രാ സോണിക്ക് സ്കിൻ സ്മൂത്തർ തുടങ്ങിയവ ട്രൈ ചെയ്യാം. വില ആയിരം രൂപ മുതൽ ഓൺലൈൻ പർച്ചേസ് ചെയ്യാം.

ടെംപററി സ്കിൻ ടൈറ്റ്നർ

പ്രായമാകുന്തോറും ചർമ്മത്തിന്‍റെ മുറുക്കം കുറഞ്ഞു വരും. കെമിക്കൽ വസ്‌തുക്കൾ കലർന്ന ബ്യൂട്ടി പ്രൊഡക്റ്റുകൾ ഉപയോഗിക്കുമ്പോൾ ഇത് കുറച്ചൊക്കെ പരിഹരിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ അതിന് വലിയ തുക ചെലവാകും. ടെംപററി സ്കിൻ ടൈറ്റ്നർ കയ്യിലുണ്ടെങ്കിൽ കുറച്ചു പരിഹാരമാവും. പേരു സൂചിപ്പിക്കും പോലെ ഇത് താൽക്കാലികമായ പരിഹാരം മാത്രമാണ്.

ഉപയോഗിക്കേണ്ട വിധം

ചർമ്മത്തിൽ മുറുക്കം വേണം എന്നു തോന്നുന്ന ഭാഗത്ത് ഈ മെഷീൻ സാവകാശം അമർത്തുകയും മാറ്റുകയും ചെയ്യുക. ഇത് രണ്ടുമിനിട്ട് ആവർത്തിക്കുക.

സ്മാർട്ട് ടിപ്സ്

വീനസ് വിവാ സ്കിൻ ടൈറ്റനിംഗ്, ട്രിവ സ്കിൻ ടൈറ്റ്നിംഗ്, മിഷ സ്കിൻ ടൈറ്റ്നിംഗ് തുടങ്ങിയ ഗാഡ്ജറ്റുകൾ ഉപയോഗിക്കാം. വില 1500 രൂപ മുതൽ.

ട്വീസർ

ഐബ്രോയുടെ ആകൃതി ശരിയല്ല എന്നു തോന്നിയോ? അതിനായി ബ്യൂട്ടിപാർലറിൽ പോകാൻ സമയവുമില്ല എന്നിരിക്കട്ടെ. അങ്ങനെ ഉള്ളവർക്ക് ട്വീസർ നല്ല ഓപ്ഷനാണ്. കുറേ ദിവസത്തേക്ക് യാത്ര പോകുമ്പോഴും ഇത് ഉപകാരപ്രദമാകും. പുരികത്തിലെ അനാവശ്യ രോമങ്ങൾ നീക്കാൻ ട്വീസർ സഹായിക്കും.

 ഉപയോഗിക്കേണ്ട വിധം

വളരെ എളുപ്പം ഉപയോഗിക്കാം. കൊടിൽ പോലൊരു ഉപകരണമാണിത്. മുടി പിഴുതെടുക്കാൻ എളുപ്പം കഴിയും.

സ്മാർട്ട് ടിപ്സ്

100 രൂപ മുതൽ 600 വരെ വില. ബ്ലൂസേറ്റ് ട്വീസർ, ട്വീസർ ഗുരു, ഹാർപർ ടോൺ പ്ലക്ക്കിറ്റ് ഈ പേരിലൊക്കെ മാർക്കറ്റിൽ ലഭ്യമാണ്.

ഫേഷ്യൽ ഹെയർ റിമൂവർ

മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കാൻ മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും പാർലർ സന്ദർശിക്കേണ്ട സ്‌ഥിതി ഉണ്ടെങ്കിൽ ഒരു ഫേഷ്യൽ ഹെയർ റിമൂവർ ഉടനെ വാങ്ങി വച്ചോളൂ. വീട്ടിലിരുന്നു തന്നെ വളരെ എളുപ്പത്തിൽ മുഖരോമങ്ങൾ നീക്കാം. വാക്‌സ്, ബ്ലീച്ച് ഇവ ചെയ്‌തു വിഷമിക്കേണ്ടതുമില്ല. ഏതാനും മിനിട്ടുകൾ മതി, കാര്യം നടത്താം.

 ഉപയോഗിക്കേണ്ട വിധം

ഹെയർ റിമൂവറിന്‍റെ രണ്ടുവശത്തും പിടിച്ചിട്ട് മുകളിൽ നിന്ന് താഴേക്ക് വലിക്കുക.

സ്മാർട്ട് ടിപ്സ്

ട്വീസർ പോലെ ഫേഷ്യൽ ഹെയർ റിമൂവറിനും വില താരതമ്യേന കുറവാണ്. 150 രൂപ മുതലാണ് വില. ട്വീസർ മെൻ സ്മൂത്ത് ഫിനിഷ് ഫേഷ്യൽ ഹെയർ റിമൂവർ, യുനീക് ഹെയർ റിമൂവൽ, ഡിഐവൈ ക്വിക്ക് സ്മൂത്ത് ഹെയർ റിമൂവർ തുടങ്ങിയവയിലേതെങ്കിലും തെരഞ്ഞെടുക്കാം.

ഹെയർ റിമൂവർ ലേസർ

കൈകാലുകൾ, ബിക്കിനി ലൈൻ, എന്നു വേണ്ട ശരീരത്തിലെവിടെയും രോമം നീക്കം ചെയ്യാൻ സഹായിക്കുന്ന ഗാഡ്ജറ്റാണ് ഹെയർ റിമൂവൽ ലേസർ. ചർമ്മത്തിൽ നിന്ന് രോമം നീക്കം ചെയ്യുന്നതിനൊപ്പം ചർമ്മത്തെ കോമളവുമാക്കും. ഇതുപയോഗിക്കുമ്പോൾ വേദനിക്കുകയുമില്ല. രണ്ടുമാസത്തിലൊരിക്കൽ ഈ ഗാഡ്ജറ്റ് ഉപയോഗിച്ചാൽ മതിയാവും.

ഉപയോഗിക്കേണ്ട വിധം

അനാവശ്യരോമങ്ങളുള്ള ഭാഗത്ത് സാവധാനം ചേർത്തു വലിക്കുക.

സ്മാർട്ട് ടിപ്സ്

വീറ്റ് ഹെയർ റിമൂവൽ ഡിവൈസ്, വർസാ ഈപ്പൻ പെർമനന്‍റ് ഹെയർ റിമൂവൽ, ട്രിവ ഹെയർ റിമൂവൽ ലേസർ ഇതൊക്കെ മാർക്കറ്റിൽ ലഭിക്കും. വില അയ്യായിരം മുതൽ.

സേഫ്റ്റി റൂൾസ്

  • ബ്യൂട്ടി ഗാഡ്ജറ്റുകളുടെ ഉപയോഗം ശ്രദ്ധയോടെ വേണം. വാങ്ങുന്ന പാക്കറ്റിൽ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം പ്രയോഗിക്കുക.
  • സ്കിൻ അലർജി ഉള്ളവരാണെങ്കിൽ ഗാഡ്ജറ്റ് ഉപയോഗം, ഡെർമറ്റോളജിസ്റ്റിനോട് ചോദിച്ചിട്ട് ചെയ്യുക.

സ്കിൻ പ്രശ്നങ്ങളുള്ളവർ പ്രാഥമികമായി ഒരു ഡോക്‌ടറെ കൺസൾട്ട് ചെയ്‌തശേഷം മാത്രം ഗാഡ്ജറ്റ് ഉപയോഗിക്കുക.

ചേലാകർമം സ്ത്രീകൾ സഹിക്കേണ്ട കാര്യമില്ല

ഏതാണ്ട് ഒരു വർഷം മുമ്പാണ് സമൂഹ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ആ സംഭവം പുറത്തറിയുന്നത്. കേരളത്തിലും പെൺ ചേലാകർമം നടക്കുന്നുവെന്ന യാഥാർത്ഥ്യം. അഞ്ച് വയസ്സിന് താഴെയുള്ള പെൺകുഞ്ഞുങ്ങളുടെ ജനനേന്ദ്രീയം അംഗ വിച്ഛേദം ചെയ്ത് ചേലാകർമം എന്ന പ്രാകൃതമായ ആചാരം ഇവിടെയും നടക്കുന്നുവെന്ന ക്രൂരമായ വസ്തുത പുറം ലോകം ഭീതിയോടയൊണ് കേട്ടത്.

ആഫ്രിക്കയിലെ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ നിലനിൽക്കുന്ന വളരെ പ്രാകൃതമായ ആചാരം ഇങ്ങ് കേരളത്തിൽ പലയിടങ്ങളിലും നടക്കുന്നുണ്ടെന്നത് ഞെട്ടലുളവാക്കുന്നു.

പെൺകുഞ്ഞുങ്ങൾ തുടങ്ങി മുതിർന്ന സ്ത്രീകൾ വരെ ചേലാകർമത്തിന് വിധേയരാകുന്നുണ്ടത്രേ. വളരെ രഹസ്യമായി നടത്തപ്പെടുന്ന ഈ ആചാരം സമുദായത്തിന്‍റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ചെയ്യുന്നത്. തികച്ചും അന്ധവിശ്വാസങ്ങളുടെയും മറ്റും പേര് പറഞ്ഞാണ് ചേലാകർമം നടത്തുന്നത്.

ചേലാകർമം നടത്തുന്നത് ആരുടെയും ശ്രദ്ധ കടന്നു ചെല്ലാത്ത ചില കെട്ടിടങ്ങളിൽ വച്ചാണത്രേ. കോഴിക്കോട്ട് നിന്നും റിപ്പോർട്ട് ചെയ്‌ത സംഭവത്തിൽ പറയുന്നത് ഇത്തരമൊരു ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത് ബീച്ചിനോട് ചേർന്ന ഒരു പഴയ വീട്ടിൽ ആണെന്നാണ്. അവിടെ അങ്ങനെയൊരു സംഭവം നടക്കുന്നതായി പരിസരവാസികശക്കു പോലും അറിയില്ലായിരുന്നു.

ഫോൺ വഴിയായിരുന്നു അപ്പോയ്മെന്‍റ്. ഒരു ക്ലിനിക്കിനു വേണ്ട ശുചിത്വമോ സൗകര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. അതായത് ചേലാകർമത്തിനിടയിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അതിനു തക്ക പരിഹാരമാർഗ്ഗങ്ങൾ ഇല്ലെന്നർത്ഥം. ഇത്തരത്തിൽ കേരളത്തിൽ പലയിടങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായ റിപ്പോർട്ടുകളുണ്ട്.

ജനിച്ച് അധികമാവാത്ത കുഞ്ഞുങ്ങൾ തുടങ്ങി വിവാഹിതരും വിവാഹിതരാകാത്തവരുമായ സ്ത്രീകൾ ഇത്തരം കേന്ദ്രങ്ങളിലെത്തി ചേലാകർമത്തിന് വിധേയരാകുന്നുണ്ടത്രേ.ചേലാകർമം ചെയ്‌താൽ സന്തുഷ്ടിയും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യ ജീവിതം നയിക്കാമെന്ന്, ഇവിടുത്തെ ചികിത്സകരുടെ ഉപദേശവും ഉണ്ടാകും.

കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്ത് ഡൽഹി, മുംബൈ, ചെന്നൈ, കോയമ്പത്തൂർ, ബംഗ്ളൂരു തുടങ്ങിയ സ്ഥലങ്ങളിലും ചേലാകർമം നിർബാധം നടക്കുന്നുണ്ടെന്നത് മുമ്പ് വാർത്തയായിട്ടുണ്ട്. ഇതിനായി നല്ല ഫീസും ക്ലിനിക്കുകൾ ഈടാക്കാറണ്ടത്രേ!

ഈജിപ്ത്, ആഫ്രിക്ക, യെമൻ തുടങ്ങിയ ഇടങ്ങളിലെ ഗോത്രവർഗ്ഗക്കാരുടെയിടയിൽ ഈ ആചാരം നിലനിൽക്കുന്നു. ഇത് സംബന്ധിച്ച് പല ആരോഗ്യപ്രശ്നങ്ങളും പെൺകുട്ടികളിലും സ്ത്രീകളിലും ഉണ്ടാകാറുണ്ട്. രക്തസ്രാവം, അണുബാധ പ്രസവസമയത്തുണ്ടാകുന്ന സങ്കീർണ്ണതകളും മറ്റും ഇതിലുൾപ്പെടുന്നു.

വളരെ അശാസ്ത്രീയവും പ്രാകൃതവുമായ രീതിയിൽ നടത്തപ്പെടുന്നതിനാൽ മരണവും സംഭവിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏകദേശം 20 കോടി പെൺകുട്ടികളും സ്ത്രീകളും ചേലാകർമത്തിന് ഇരയായിട്ടുണ്ടെന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. പ്രാകൃതമായ ഈ ആചാരം ഇന്ത്യയിൽ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സുനിത തിവാരി സുപ്രീം കോടതിയിൽ ഹർജി നൽകുകയുണ്ടായി.

ഇന്ത്യയിൽ ബോഹ്റാ മുസ്ലീം വിഭാഗങ്ങൾക്കിടയിൽ ഈ ആചാരം വ്യാപകമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിൽ 97 ശതമാനം പേരും കുട്ടിക്കാലത്ത് ഈ ദുരാചാരത്തിന് വിധേയരായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി. മാത്രവുമല്ല വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്നതോടെ ലൈംഗിക ജീവിതത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സർവേയിൽ പറയുന്നു. മൂത്ര സംബന്ധമായ അണുബാധയും അമിത രക്‌തസ്രാവവും തുടങ്ങിയുള്ള അനുബന്ധ പ്രശ്നങ്ങളും ഉണ്ടായതായും പെൺചേലാകർമത്തിന് ഇരയായവർക്കിടയിൽ നടത്തിയ പഠനങ്ങളിൽ പറയുന്നുണ്ട്.

ഭർത്താവിനും വിവാഹത്തിനും വേണ്ടി മാത്രമുള്ളതല്ല സ്ത്രീയുടെ ജീവിതം എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഈ ദുരാചാരത്തെ വിമർശിച്ചത്. ദാവൂദി ബോഹ്റ മുസ്ലിം സമുദായത്തിലെ പെൺകുട്ടികളിൽ നടത്തുന്ന ചേലാകർമവുമായി ബന്ധപ്പെട്ട് ഹർജി കൈകാര്യം ചെയ്യുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ കക്ഷി ചേർന്ന കേന്ദ്ര സർക്കാർ സ്ത്രീ ശരീരത്തിന്‍റെ സമ്പൂർണ്ണതയെ തകർക്കുന്ന മതപരമായ ഏത് ആചാരത്തെയും എതിർക്കുമെന്ന് വ്യക്‌തമാക്കി. അതിനാൽ പെൺകുഞ്ഞുങ്ങൾക്ക് നിതാന്തമായ ദോഷമുണ്ടാക്കുന്ന ഈ ആചാരത്തെ നിരോധിക്കണമെന്നും കേന്ദ്രസർക്കാരും നിലപാട് വ്യക്‌തമാക്കി.

അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾക്ക് പുറമെ 27 ആഫ്രിക്കൻ രാജ്യങ്ങൾ ഈ ആചാരം നിരോധിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾ ഭർത്താവിന് കീഴടങ്ങണമെന്നത് ഭരണഘടനപരമായി അംഗീകരിക്കാനാവില്ലെന്നും ഇത്തരത്തിലുള്ള ആചാരം സ്ത്രീയുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നു കോടതി വിലയിരുത്തി. പെൺകുട്ടികളുടെ ലൈംഗിക താൽപര്യത്തെ അടിച്ചമർത്തുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇത്തരം ആചാരത്തിന് പിന്നിലെന്നത് വ്യക്‌തമാണ്.

യോനീഛേദം നടത്തുന്നതിലൂടെ സ്ത്രീയുടെ ലൈംഗിക താൽപര്യം കുറയുകയും വിവാഹേതര ബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യും. പുരുഷന് കീഴ്പ്പെട്ടവളായി ജീവിക്കാൻ സ്ത്രീയെ പ്രേരിപ്പിക്കാൻ വേണ്ടിയുള്ള ഇത്തരം നടപടികൾ തീർത്തും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.

വളരെ പ്രാകൃതമായ നടപടിയായി മാത്രമേ ഇത്തരം കാര്യങ്ങളെ കാണാനാവൂ. സ്ത്രീയുടെ ശരീരവും സ്വത്വവും പുരുഷന്‍റേതു മാത്രമായി ചുരുക്കുകയെന്ന ഗൂഢ ഉദ്ദേശ്യമാണ് ഇതിന് പിന്നിൽ ഉള്ളത്. മതത്തിന്‍റെ പേരിൽ അന്ധവിശ്വാസം കുത്തി വച്ച് സ്ത്രീകളെ തളച്ചിടുന്ന പരിപാടിയാണിത്. അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം ഹീനകൃത്യങ്ങൾ ഈ ആധുനിക യുഗത്തിലും തെളിഞ്ഞും ഒളിഞ്ഞും നടക്കുന്നുവെന്നത് സമൂഹ മന:സാക്ഷിയ്ക്ക് കാണാൻ കഴിയുമോ?

സ്ത്രീ വിവാഹം ചെയ്യണമെന്നതു കൊണ്ട് മാത്രം ഈ ആചാരം നടത്താനാവില്ലെന്നും സ്ത്രീകൾക്ക് മറ്റ് പല കടമകളും നിർവ്വഹിക്കാനുണ്ടാകുമെന്നായിരുന്നു സുപ്രീം കോടതി ബെഞ്ചിലെ അഭിഭാഷകർ അഭിപ്രായപ്പെട്ടത്.

ഭരണഘടന ബെഞ്ച് ഹർജി പരിശോധിക്കണമെന്നും നേരത്തെ കേസിന്‍റെ വിസ്താരത്തിനിടെ മുസ്ലിം സംഘടനയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിങ് വി അഭിപ്രായപ്പെട്ടു. പെൺ ചേലാകർമം ഒരു ആചാരവുമായി ബന്ധപ്പെട്ടതായതിനാൽ കോടതി ഇടപെടരുതെന്ന് സിങ് വി നിലപാട് വ്യക്‌തമാക്കുകയായിരുന്നു.

ഒരു വ്യക്‌തിയുടെ ശരീരത്തിന്‍റെ സമ്പൂർണ്ണത എങ്ങനെയാണ് ഒരു മതാചാരത്തിന്‍റെ ഭാഗമാകുക? ഒരു വ്യക്‌തിയുടെ ജനനേന്ദ്രീയങ്ങൾക്കു മേൽ എങ്ങനെയാണ് മറ്റൊരു വ്യക്‌തിയ്ക്ക് അധികാരമുറപ്പിക്കാനാവുക?

ഇസ്ലാം മതവിശ്വാസികളായ പുരുഷന്മാർ സുന്നത്ത് നടത്തുന്നു. അത് ലോകമെമ്പാടും അനുവദിച്ചിട്ടുള്ള മതപരമായ നടപടിയാണെന്നായിരുന്നു അഭിഭാഷകനായ സിങ് വി ചൂണ്ടിക്കാട്ടിയത്.

വളരെ നിർണായകവും പ്രാധാന്യവുമർഹിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ അഭിഭാഷകയായ സുനിത തിവാരി നേരത്തെ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് കോടതി തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് കോടതി മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. ഇന്ത്യയിലുടനീളം ചേലാകർമം പൂർണ്ണമായും നിരോധിക്കണമെന്ന് സുനിത തിവാരി കോടതിയോട് അഭ്യർത്ഥിക്കുകയുണ്ടായി.

ഇതിനെതിരെ ശക്‌തമായ എതിർപ്പുകൾ പലഭാഗത്തു നിന്നും ഉയർന്നു വരുന്നുണ്ടെങ്കിലും വളരെ സംവേദനക്ഷമമായ ഈ വിഷയത്തെ സംബന്ധിച്ച് കൂടുതൽ വ്യക്‌തത വരാനിരിക്കുന്നതേയുള്ളൂ. യഥാർത്ഥത്തിൽ ഇത്തരം ആചാരങ്ങളിലൂടെ ഇരയുടെ അടിസ്‌ഥാനപരമായ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇവിടെ ഇര മൈനർ ആണെന്നത് പ്രശ്നത്തിന്‍റെ ഗൗരവത്തെ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ ഭാഗഭാക്കായിട്ടുള്ള ശിശുക്കളുടെ അവകാശങ്ങളെ സംബ ന്ധിച്ചുള്ള യുഎൻ കൺവെൻഷനിനും എതിരായ നടപടിയാണിത്. പെൺകുഞ്ഞിന്‍റെ ശരീരത്തെ എന്നന്നേക്കുമായി വികലമാക്കുകയാണ് ഈ നടപടിയിലൂടെ സംഭവിക്കുന്നത്. ഇതെത്രമാത്രം ഹീനമായ കാര്യമാണെന്ന് പരിഷ്കൃത സമൂഹത്തിന് തിരിച്ചറിയാൻ വളരെയധികം സമയമൊന്നും വേണ്ടതാനും.

മറ്റൊരു പ്രധാന കാര്യം പെൺചേലാ കർമ്മത്തിലൂടെ ലിംഗപരമായ വിവേചന ബുദ്ധി കൂടി നടപ്പിലാക്കുന്നുവെന്നതാണ്. ഇത് തീർത്തും സ്ത്രീ വിരുദ്ധമായ കാര്യമാണ്. മൈനറായിരിക്കെ ഒരു കുഞ്ഞിന് ഭരണഘടന ഉറപ്പു നൽക്കുന്ന സുരക്ഷിതത്വവും സ്വകാര്യതയും ശാരീരിക സമ്പൂർണ്ണതയും സ്വാതന്ത്യ്രവും ക്രൂരവും നിന്ദ്യവുമായ പ്രവൃത്തിയിലൂടെ നിഷേധിക്കപ്പെടുന്നു. ഇതെല്ലാം തന്നെ സുനിത തിവാരി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

പെൺചേലാകർമത്തിൽ, കോടതിയുടെ അന്തിമ വിധി എന്തായിരിക്കുമെന്നതാണ് ഏറ്റവും നിർണായകമായ കാര്യം. കാരണം ആചാരവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക സമുദായത്തിൽ നടക്കുന്ന ഒരു വിഷയമായതിനാൽ ഇതിൽ അന്തിമമായ തീരുമാനം കൈക്കൊള്ളുക ഏറെ സങ്കീർണ്ണമായിരിക്കും. കാര്യം എന്തായാലും ഇത്തരം ആചാരങ്ങളുടെ പേരിൽ പെൺകുഞ്ഞിനെ, സ്ത്രീയെ നിത്യമായ വേദനയിലേക്ക് തള്ളി വിടുകയെന്നത് മന:സാക്ഷിയുള്ള ആർക്കും സഹിക്കാനാവില്ല. അതിന് ശാശ്വതമായ പരിഹാരം ഉണ്ടായേ തീരൂ.

വലയ്ക്കുന്ന തൈറോയിഡ്

തൈറോയിഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇപ്പോൾ വളരെ സാധാരമായിരിക്കുന്നു. ലോകമെമ്പാടും 200 ദശലക്ഷം പേർ തൈറോയിഡ് രോഗങ്ങൾ അനുഭവിക്കുന്നവരാണ്. നാഷണൽ സെന്‍റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ അനുസരിച്ച് ഇന്ത്യയിൽ ഏകദേശം 42 ദശലക്ഷം പേർ തൈറോയിഡ് പ്രശ്നം നേരിടുന്നു. ഇതിൽ 60 % പേരും സ്ത്രീകളാണ്. ഇന്ത്യയിൽ 8 സ്ത്രീകളിൽ ഒരാൾക്ക് തൈറോയ്ഡ് പ്രശ്നം ഉണ്ട്.

എന്താണ് തൈറോയ്ഡ് പ്രശ്നം

തൈറോയ്ഡ് ഗ്ലാൻഡ് കഴുത്തിൽ ഒരു പൂമ്പാറ്റയുടെ ആകൃതിയിലാണ് സ്‌ഥിതി ചെയ്യുന്നത്. ഹോർമോൺ ഉൽപാദിപ്പിച്ച് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്ന ജോലി നിർവഹിക്കുന്നത് ഈ ഗ്ലാൻഡ് ആണ്. ശരീരത്തിന്‍റെ മെറ്റബോളിസം നിരക്ക്, ഹൃദയ സംബന്ധവും ദഹന സംബന്ധവുമായ പ്രവർത്തനം, മസ്തിഷ്ക വികാസം, മാംസപേശികളുടെയും എല്ലുകളുടെയും ശക്തി ഇതൊക്കെ സാധ്യമാക്കുന്ന അപാരശക്തി കേന്ദ്രം തന്നെയാണ് ഈ ഗ്രന്ഥി.

എന്തുകൊണ്ട് സ്ത്രീകൾക്ക്

തൈറോയ്ഡ് പ്രശ്നങ്ങൾ കൂടുതലായും സ്ത്രീകളിലാണ് കണ്ടുവരുന്നതെന്ന് പറഞ്ഞുവല്ലോ. അത് നിരവധി സങ്കീർണ്ണതകൾ ഉണ്ടാക്കുന്നുണ്ട് എന്നും വ്യക്‌തമാണ്. പ്രതിരോധശേഷിയെയും ഇത് ബാധിക്കുന്നുണ്ട്. തൈറോയിഡ് ഗ്രന്ഥിയുടെ പിഴവു കൊണ്ട് ഓട്ടോ ഇമ്യൂൺ ഡിസീസ്, ഡയബറ്റീസ് മാലിറ്റസ് ടൈപ്പ്, ഇൻഫ്ളമേറ്ററി ബേവൽ ഡിസീസ്, മൾട്ടിപ്പിൾ സെക്റോസിസ്, റ്യൂമറ്റോയ്ഡ് ആർത്രൈറ്റീസ് എന്നിവയൊക്കെ സ്ത്രീകളിൽ കണ്ടുവരുന്നു.

ലക്ഷണങ്ങൾ

ഹൈപ്പോതൈറോയിഡിസം, തൈറോയിഡിറ്റിസ്, തൈറോയിഡ് കാൻസർ തുടങ്ങിയ പ്രശ്നങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്നുണ്ട്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്ന അവസ്‌ഥയാണ് ഹൈപ്പോതൈറോയിഡിസം. അതോടെ ഹോർമോൺ ഉൽപാദനവും കുറയുന്നു. അതോടെ മെറ്റബോളിസത്തിന്‍റെ സന്തുലിനവും നഷ്ടമാകുന്നു.

സ്ത്രീകളിൽ ഹൈപ്പോതൈറോയിഡിസിന്‍റെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് ഓട്ടോ ഇമ്യൂൺ ഡിസീസ്. ശരീരത്തിലെ ആന്‍റി ബോഡികൾ തൈറോയിഡിനെ ലക്ഷ്യം വച്ച് പ്രവർത്തിക്കുകയും, അതോടെ തൈറോഡിലെ ഹോർമോൺ ഉൽപാദനം ക്രമേണ കാര്യക്ഷമമല്ലാതാവുകയും ചെയ്യുന്നു.

പത്ത് സ്ത്രീകളിൽ ഒരാൾക്ക് എന്ന നിരക്കിൽ ഹൈപ്പോതൈറോയിഡിസം ഉണ്ട് എന്നാണ് കണക്കുകൾ. ഹൈപ്പോതൈറോയിഡിസം ഉണ്ടാകുന്നവരിൽ ഹോർമോൺ ഉൽപാദനം ക്രമാതീതമായി മാറുകയും ശരീരത്തിന്‍റെ പ്രവർത്തനം താളം തെറ്റുകയും ചെയ്യുന്നു. തൈറോയിഡ് ഗ്രന്ഥി വലുതാക്കുകയും ചെയ്യും. അവിചാരിതമായി ഭാരം കുറയുക, ഹൃദയമിടിപ്പ് ക്രമം തെറ്റുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഹൈപ്പോതൈറോയിഡിസം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

തൈറോയിഡ് പ്രശ്നങ്ങൾക്ക് പൊതുവായ ലക്ഷണങ്ങൾ പറയാൻ കഴിയില്ല. പക്ഷേ ഇതിന്‍റെ പേരിൽ വന്ധ്യത, ലിപിഡ് ഡിസോർഡർ, അനീമിയ, ഡിപ്രഷൻ ഇതൊക്കെ ഉണ്ടാകാം. ക്ഷീണം, വരണ്ട ചർമ്മം, മാംസപേശികൾക്ക് വേദന, തണുപ്പും ചൂടും സഹിക്കാൻ കഴിയാതെ വരിക, വീർത്തു തൂങ്ങിയ കൺപോളകൾ, മാസമുറ ക്രമം തെറ്റുക, അമിതഭാരം, ഭാരക്കുറവ്, ഭയം, ഉറങ്ങാൻ പ്രയാസം, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, വിശപ്പ് കൂടുക, വയറിന്‍റെ പ്രശ്നങ്ങൾ ഇങ്ങനെ എന്തു അവസ്‌ഥകൾക്കു പിന്നിലും തൈറോയിഡ് പ്രശ്നം ഉണ്ടാകാമെന്ന് കരുതേണ്ടതുണ്ട്.

പാരമ്പര്യം, ഓട്ടോ ഇമ്മ്യൂൺ സിസ്റ്റം കഴുത്തിലെ റേഡിയേഷൻ തൈറോയിഡിലുണ്ടായ സർജറി ഇതെല്ലാം കൊണ്ട് തൈറോയിഡ് ഗ്രന്ഥി തകരാറിലാവാൻ സാധ്യതയുണ്ട്. ഒരു ജീവിതശൈലി രോഗമായും തൈറോയിഡിനെ കാണാൻ പറ്റും. ശരീരത്തിൽ അയഡിൻ കുറഞ്ഞാൽ തൈറോയിഡ് രോഗങ്ങൾ ഉണ്ടാകാം.

സ്ത്രീകൾ വർഷത്തിലൊരിക്കൽ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം പരിശോധിക്കണം. പലവിധ രോഗലക്ഷണങ്ങളുടെയും ഒരു കാരണം ഇതിൽ നിന്നു കണ്ടെത്താനാകും.

ട്രൈബൽ ഫാഷൻ

എന്താണ് ലേറ്റസ്റ്റ് ഫാഷൻ ട്രെന്‍റ് എന്നു ചോദിച്ചാൽ കിട്ടുന്ന ഉത്തരങ്ങളിൽ എപ്പോൾ നോക്കിയാലും ഈ കക്ഷി ഉണ്ടാകും! ആരാന്നല്ലേ, വേറെ ആരുമല്ല ട്രൈബൽ ഫാഷൻ! മോഡേൺ ആയാലും ട്രഡീഷണൽ ആയാലും യംഗ് ആയാലും ഓൾഡ് ആയാലും ഈ കക്ഷിയ്ക്ക് അതൊരു പ്രശ്നമേയല്ല. അത്രയും മാച്ച് ആണ് ആരുമായും. അതുകൊണ്ടാണ് ഫാഷൻ ഡിസൈനർമാരുടെ പ്രിയ സങ്കേതങ്ങളിൽ ഒന്നായി ട്രൈബൽ ഫാഷൻ മാറിയത്.

ട്രൈബൽ ഫാഷൻ, പ്രകൃതിയും മൃഗങ്ങളുമായി ഗാഢബന്ധം പുലർത്തു ന്നുണ്ട്. നാച്ചുറൽ പ്രിന്‍റ് ആണ് ഇതിന്‍റെ സവിശേഷത. ട്രൈബൽ പ്രിന്‍റുള്ള വെസ്റ്റേൺ വെയറുകൾക്ക് കൂടുതൽ ഡിമാന്‍റുണ്ട്. ഈ ഡ്രസുകൾ ഫ്യൂഷൻ ലുക്ക് നൽകുന്നതാണ്. ഒപ്പം പ്രിൻറും വളരെ ട്രെന്‍റി ആയിരിക്കും. ട്രൈബൽ ലുക്കുള്ള സാരികൾക്കും ഇപ്പോൾ ആരാധകരേറെയാണ്. സാരിയിലെ ട്രൈബൽ ഫാഷൻ ക്ലാസി ആന്‍റ് എലഗന്‍റ് ലുക്ക് ക്രിയേറ്റ് ചെയ്യും. ഐശ്വര്യ റായ് മുതൽ ജനീലിയ, ബിപാഷ വരെയുള്ളവർ ട്രൈബൽ പ്രിന്‍റ് സാരികളുടെ ആരാധകരാണ്.

ട്രൈബൽ ലുക്കിൽ ഏറ്റവും അനുയോജ്യമായത് ആഫ്രിക്കൻ പ്രിന്‍റുകൾ തന്നെയാണ്. ആഫ്രിക്കൻ പ്രിന്‍റുള്ള സ്കാർവ്സ് മുതൽ ബെഡ് ഷീറ്റ്സ്, കുഷ്യൻ ഇങ്ങനെ ഹോം ഇന്‍റീരിയർ ഡെക്കോറുകളും ആളുകൾ അന്വേഷിച്ചു കണ്ടെത്താറുണ്ട്. ആഫ്രിക്കൻ ഡിസൈനുകളുള്ള കുർത്തയും സൽവാർ സ്യൂട്ടും കൂൾ ലുക്ക് നൽകും. ഇത് ഏതു അവസരങ്ങളിലും ധരിക്കാവുന്നതുമായിരിക്കും. ജോടികളിൽ ഒരാൾ ട്രൈബൽ പ്രിന്‍റുള്ള പാന്‍റ് ഉപയോഗിക്കുകയാണെങ്കിൽ മറ്റേയാൾക്ക് ഷർട്ടോ ടോപ്പോ യൂസ് ചെയ്യാവുന്നതാണ് ട്രൈബൽ പ്രിന്‍റുള്ള പലാസോയും ക്രോഫ് ടോപ്പും വളരെ കൂൾ ആയി ക്യാരി ചെയ്യാം.

ജ്വല്ലറി

വസ്ത്രത്തിലുള്ളതിനേക്കാൾ കൂടുതൽ വെറൈറ്റി ആഭരണങ്ങളിലുമുണ്ട്. ട്രൈബൽ ഇയറിംഗ്സ് യുവതികൾ മുതൽ പ്രായമായവർക്കു വരെ ധരിക്കാൻ അനുയോജ്യമാണ്. ട്രഡീഷണലോ, വെസ്റ്റെണോ ആയ ഏതു ഫാഷന്‍റെ കൂടെയും ട്രൈബൽ ജ്വല്ലറി ഇണങ്ങും. ആദിവാസി മേഖലകളിൽ ജീവിക്കുന്ന സ്ത്രീകൾ വളരെ ഹെവിയായ ആഭരണങ്ങളാണ് ധരിക്കാറുള്ളത്. എന്നാൽ ഡിസൈനർ നിർമ്മിതമായ ട്രൈബൽ ആഭരണങ്ങൾക്ക് കനം കുറവായിരിക്കും. അഷ്ടധാതുക്കളും, ചെമ്പും വെള്ളിയും ചേർത്തു നിർമ്മിക്കുന്ന ട്രൈബൽ ജ്വല്ലറി ഇൻഡോ വെസ്റ്റേൺ ഔട്ട് ഫിറ്റിനും നന്നായി ചേരും. അനിമൽ ജ്വല്ലറി, ടർറ്റിൽ റിംഗ്, ഔൾ ചെയ്ൻ, പാരറ്റ് ഇയറിംഗ്സ് ലീഫ് സെറ്റ് ഇതൊക്കെ നല്ല മാർക്കറ്റ് ഉള്ള ഡിസൈനുകളാണ്.

വെള്ളി ആഭരണങ്ങൾക്കൊപ്പം വൈറ്റ്, ബ്ലാക്ക് മെറ്റൽ ഇയറിംഗ്സും ട്രൈബൽ ബോഹോ ബാംഗിൾസും വ്യത്യസ്തമായ ലുക്ക് നൽകും. ബോഹോ ബാംഗിൾസ്, ബേസ് ലെറ്റ് പോലെയും ധരിക്കാം.

ട്രൈബൽ പ്രിന്‍റുള്ള സ്കാർഫ് സ്മാർട്ട് ലുക്ക് ലഭിക്കാൻ വളരെ നല്ലതാണ്. ജീൻസ്, കുർതി ഇങ്ങനെ ന്യൂജെൻ ഡ്രസിനൊപ്പം ഇത് നന്നായി മാച്ച് ചെയ്യും. ഫോർമലോ, കാഷ്വലോ ആയ ട്രൈബൽ പ്രിന്‍റഡ് സ്കാർഫ് ഏത് ഔട്ട്ഫിറ്റിനൊപ്പവും ധരിക്കാം. പ്ലെയ്ൻ കളർ ഡ്രസ് ധരിക്കുമ്പോൾ ട്രൈബൽ പ്രിന്‍റഡ് സ്കാർഫ് വളരെ നല്ലതായിരിക്കും. ഡ്രസിനും കൂടുതൽ ഭംഗി തോന്നാൻ ഈ സിംപിൾ ട്രിക്ക് സഹായിക്കും. ബ്രോച്ചുകൾ ഇഷ്ടമാണെങ്കിൽ സാരിക്കൊപ്പം ട്രൈബൽ ബ്രോച്ച് യൂസ് ചെയ്യാം.

മേക്കപ്പ്

മേക്കപ്പ് ക്രേസ് ഉള്ളവർക്ക് ട്രൈബൽ ലുക്ക് ട്രൈബൽ ജ്വല്ലറി ആ രീതിയിലും പരീക്ഷിക്കാവുന്നതാണ്. കണ്ണുകൾക്ക് ഹെവി മേക്കപ്പ് നൽകിയാണ് ട്രൈബൽ ലുക്ക് സൃഷ്ടിക്കുന്നത്. കണ്ണുകൾ ബോൾഡ് ആയി തോന്നാൻ കൺപോള നന്നായി ഷെയ്ഡ്സ് ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യും. കണ്മഷി കൊണ്ട് പടർത്തി എഴുതാം. മസ്കാരയും ആർട്ടിഫിഷ്യൽ ഐലാഷസും കൂടിയായാൽ ബോൾഡ് ഐ ലുക്ക് ആയി.

ചുണ്ടുകൾക്ക് ട്രൈബൽ ലുക്ക് നൽകാൻ ലിക്വിഡ് ഫൗണ്ടേഷനും ബ്രോസറും ഉപയോഗിക്കാം. മാറ്റ് കളർ ലിപ്സിറ്റിക് ഓറഞ്ച്, കോറൽ, റെഡ് നിറത്തിലുള്ളതായാൽ കൂടുതൽ നല്ലത്.

മുടിയ്ക്കും ട്രൈബൽ ലുക്ക് നൽകാൻ ലൂസ് ഹെയർ സ്റ്റൈൽ ഉപയോഗിക്കാം. നീളമുള്ള മുടിയാണെങ്കിൽ ചുരുട്ടി വയ്ക്കാം.

തീർത്ഥയാത്ര മനുഷ്യ നിർമ്മിത ഭ്രാന്ത്

രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. ഡൽഹിയിലെ 11 അംഗ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യ. മോക്ഷ പ്രാപ്തിക്കു വേണ്ടിയായിരുന്നുവത്രേ കുടുംബത്തിന്‍റെ ഈ കടുംകൈ. ഭക്‌തിയുടെ ഉന്മാദാവസ്‌ഥയിൽ എപ്പോഴോ സംഭവിച്ച ഈ ദുരന്തത്തെ ആധുനിക സമൂഹം എങ്ങനെ കാണുന്നുവെന്നത് പ്രസക്തമാണ്.

ഭാട്ടിയ കുടുംബത്തിന്‍റെ ലക്ഷ്യം മോക്ഷമായിരുന്നുവെങ്കിൽ ഇത്രയും വർഷക്കാലം അമർനാഥ് യാത്ര നടത്തുന്ന ലക്ഷക്കണക്കിനുള്ള ഭക്‌തരുടെയും ലക്ഷ്യം അത് മാത്രമായിരിക്കുമല്ലോ.

മോക്ഷം! യാദൃശ്ചികമെന്ന് പറയട്ടെ, ആ തീയതിയിൽ കഴിഞ്ഞ അമർനാഥ് യാത്രയിൽ മരണപ്പെട്ട യാത്രക്കാരുടെ എണ്ണവും 11 ആയിരുന്നു. പക്ഷേ ഒരെയൊരു വ്യത്യാസം മാത്രം മരണപ്പെട്ടവർ ഒരേ കുടുംബത്തിൽ പെട്ടവരായിരുന്നില്ല. അവർ രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നെത്തിയവരായിരുന്നു.

ആന്ധ്രപ്രദേശിലെ ഫായവലം സ്വദേശി 75 വയസ്സുള്ള തോട്ടാരാധനം അമർനാഥ് യാത്രയ്ക്കിടെ ജൂലൈ 3 ന് ആണ് ഹൃദയാഘാതം വന്ന് മരണപ്പെട്ടത്. മരണ സമയത്ത് അയാളൊരു ലംഗറിലെ അടുക്കളയിലായിരുന്നു.

ആന്ധ്രാപ്രദേശിലെ തന്നെ അനന്തപൂരിൽ താമസിക്കുന്ന 65 വയസ്സുകാരൻ രാധാകൃഷ്ണ ശാസ്ത്രിയുടെ മരണം അമർനാഥ് ഗുഹയ്ക്ക് സമീപത്ത് സംഗം എന്ന പേരുള്ള സ്‌ഥലത്ത് വച്ചായിരുന്നു. അദ്ദേഹവും ഹൃദയാഘാതം വന്നാണ് മരിച്ചത്.

ഉത്തരാഖണ്ഡ് സ്വദേശി പുഷ്ക്കർ ജോഷി ബദരിയിലെ മഞ്ഞ് വീഴ്ചയെ തുടർന്ന് ബദരി മാർഗ്ഗിൽ റെയിൽവേ പാളത്തിൽ പരിക്കേറ്റ് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇങ്ങനെ ഓരോ സാഹചര്യങ്ങളിലുമായി എത്രയോ പേർ അമർനാഥ് യാത്രയിൽ മരണപ്പെട്ടിരിക്കുന്നു.

മോക്ഷവും മരണവും

ഇവരുടെയൊക്കെ അപകടമരണമായിട്ടും ആരും ഒരു ബഹളവും വച്ചില്ല മറിച്ച് പുണ്യ സ്‌ഥലമായ അമർനാഥിൽ വച്ച് മരിച്ചത് വലിയ ഭാഗ്യമാണെന്നായിരുന്നു പല ഭക്‌തരുടെയും നിരീക്ഷണം. അവർ മരിച്ചതല്ല, മോക്ഷ പ്രാപ്തിയിൽ എത്തിയെന്നായിരുന്നു ബന്ധുക്കളുടെയും മറ്റും കണ്ടെത്തൽ.

ഡൽഹിയിൽ ഭാട്ടിയ കുടുംബം ഈ മോക്ഷമാർഗ്ഗത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ഈ വഴി തെരഞ്ഞെടുക്കുമായിരുന്നു എന്നത് സത്യമാണ്. അമർനാഥ് തീർത്ഥാടകരെപ്പോലെ അവരും അമർനാഥിലേക്ക് ജീവനെടുക്കുന്ന യാത്ര തെരഞ്ഞെടുക്കാൻ തുനിഞ്ഞേനെ. പ്രതികൂല കാലാവസ്‌ഥയിൽ പെട്ടോ ഹൃദയാഘാതമുണ്ടായോ അതുമല്ലെങ്കിൽ മറ്റ് വല്ല കാരണത്താലോ മരണമുണ്ടായാലും മോക്ഷം കിട്ടുമല്ലോ. മഞ്ഞുറഞ്ഞ ശിവലിംഗ രൂപത്തെ ദർശിക്കാനുള്ള സൗഭാഗ്യത്തിലൂടെയും മോക്ഷം കിട്ടും.

ഈ രണ്ട് സംഭവങ്ങളും തികച്ചും മതവുമായി ബന്ധപ്പെട്ട് ഉള്ളതാണ്. അമർനാഥ് തീർത്ഥാടനത്തിന് പോയി മരണപ്പെട്ടവരൊന്നും സാമൂഹ്യ പ്രവർത്തനത്തിന് പോയവരായിരുന്നില്ല. മറിച്ച് അവരുടെ ലക്ഷ്യം മോക്ഷം മാത്രമായിരുന്നു. പക്ഷേ മരണശേഷം മോക്ഷം കിട്ടിയോ ഇല്ലയോയെന്നത് ദൈവം യഥാർത്ഥത്തിൽ ഉണ്ടെങ്കിലല്ലേ അറിയാനാവൂ.

വ്യക്‌തമായി പറഞ്ഞാൽ മരണപ്പെട്ട ഈ തീർത്ഥാടകരും ഭാട്ടിയ കുടുംബം ചെയ്‌ത മണ്ടത്തരം മറ്റൊരു രീതിയിൽ ചെയ്യുകയായിരുന്നു. അതുകൊണ്ട് മരണവും മറ്റൊരു രീതിയിൽ സംഭവിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ മോക്ഷവും മരണവും തമ്മിലുള്ള അന്തരമെന്താണെന്നും മരണശേഷം മോക്ഷം കിട്ടുമോ അതോ മോക്ഷം കിട്ടുമ്പോഴാണോ മരണം സംഭവിക്കുകയെന്നതും പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്.

അപകടകരമായ തീർത്ഥാടനങ്ങൾ

മതവിശ്വാസത്തിന്‍റെ കാവൽക്കാരും പൂജാരിമാരും തെറ്റൊന്നുമല്ല പറയുന്നത്. ദൈവദർശനം വെറുതെയങ്ങ് കിട്ടുമോ? അതുപോലെ ജീവനോടെയിരിക്കുമ്പോൾ ദക്ഷിണയും ദാനവുമൊന്നും അർപ്പിക്കാതെ ദൈവദർശനവും കിട്ടില്ല. അതുകൊണ്ട് ഭക്‌തരും മറ്റും മോക്ഷപ്രാപ്തിക്കായി പാപങ്ങൾ കഴുകി കളയാനും, മരണശേഷം സ്വർഗ്ഗവാസത്തിനും കാണുന്നയിടത്തേക്കൊക്കെ തീർത്ഥയാത്ര നടത്തിക്കൊണ്ടിരിക്കും.

ഒരു കാര്യം സത്യമാണ്. മരിക്കുന്നവർക്കാണ് മോക്ഷം ലഭിക്കുക. മരിച്ചാലെ മോക്ഷം കിട്ടുവെന്ന ഗ്യാരന്‍റി ആർക്കെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും അത് ഭക്‌തർക്കായിരിക്കും. അമർനാഥ് യാത്രയിലെ വെല്ലുവിളികൾക്ക് സമാനമായ ഉദാഹരണങ്ങളില്ലെന്ന് പറയാം. ജമ്മുവിന് ശേഷം തുടരുന്ന യാത്രയിലെ ഓരോ ചുവടുവയ്പിലും മരണം ഒരു നിഴലു പോലെ ഭക്‌തരെ പിന്തുടർന്നു കൊണ്ടിരിക്കും. മണ്ണിടിച്ചിൽ, ശക്തമായ മഴ, മേഘ വിസ്ഫോടനം, മഞ്ഞ് വീഴ്ച എന്നിവ യാത്രാവേളയിലുണ്ടാകുന്ന സാധാരണ അപകടങ്ങൾ മാത്രമാണ്. മറ്റൊരു വലിയ അപകടം തീവ്രവാദി ആക്രമണങ്ങളാണ്.

ട്രാവൽ ഏജന്‍റുമാർ മാടി വിളിക്കുന്നു

അമർനാഥ് യാത്ര സംഘടിപ്പിക്കുന്ന ട്രാവൽ ഏജന്‍റുമാർ ഓരോ നഗരത്തിലും സജീവമായുണ്ട്. അവരെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ഫ്ളക്സുകളും ബാനറുകളും അമ്പലങ്ങളിൽ തൂക്കിയിട്ടുമുണ്ട്. ക്ഷേത്രങ്ങളിൽ കാണിക്കയർപ്പിക്കുന്നതിന് പകരമായി ചിലയിടങ്ങളിൽ ബസ് – ട്രെയിൻ യാത്ര സൗജന്യമാക്കിയിട്ടുമുണ്ട്.

അതുകൊണ്ട് അമർനാഥിലെ ശിവ ലിംഗം ദർശിക്കാൻ വേണ്ടി രാജ്യമെമ്പാടുമുള്ള ഭക്‌തരാണ് ഗ്രൂപ്പുകളായി അമർനാഥ് യാത്രയ്ക്ക് പുറപ്പെടുന്നത്. ജമ്മുവിന് ശേഷം പഹൽഗാമും ബാൽടാലിന്‍റെ രണ്ട് വഴികളിലൂടെ അമർനാഥ് ഗുഹ വരെ എത്തിച്ചേരും. ഇതിൽ ബാൽടാലിലൂടെയുള്ള വഴി ഏറ്റവും അപകടം പിടിച്ചതാണ്. എന്നാൽ ഭൂരിഭാഗം ഭക്തരും തെരഞ്ഞെടുക്കുന്നതും ഈ മരണവഴിയാണെന്നതാണ് വിസ്മയിപ്പിക്കുന്ന കാര്യം.

മോക്ഷപ്രാപ്തിക്കു വേണ്ടി ആളുകളെ ഇളക്കിവിടുന്ന മതപണ്ഡിതന്മാർക്കും ഇവിടെ പഞ്ഞമില്ല. പാപ പങ്കിലമായ ഈ ജീവിതം പാപമുക്തമാക്കാൻ തീർത്ഥാടനങ്ങൾ നല്ലതാണെന്ന് പറഞ്ഞ് പുരോഹിതന്മാർ ഭക്‌തരെ മുതലെടുക്കുന്നു. തീർത്ഥാടനം നടത്താത്തവരുടെ ജന്മം വ്യർത്ഥമാണെന്നും ജീവിതം മൃഗതുല്യമാണെന്നും അവർ ഘോരം ഘോരം പറഞ്ഞു കൊണ്ടിരിക്കും.

പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ മഹത് വൽക്കരിച്ച് കാണിക്കുന്നതും ഭക്തരെ അത്തരമിടങ്ങളിലേക്ക് ആകർഷിക്കുകയാണ് ചെയ്യുന്നത്. ഇതിനെല്ലാം പിന്നിൽ പണം തന്നെയാണ് ലക്ഷ്യം. ഇനി പണമില്ലാത്തവനാണെങ്കിൽ അവർക്ക് തീർത്ഥാടനം നടത്താനുള്ള ലോണും നൽകും. അതിന്‍റെ പലിശ നിരക്ക് ഇനിയെത്ര കൂടിയാലും അതൊക്കെ ഭക്‌തിയുടെ നിറവിൽ ചോദ്യം ചെയ്യപ്പെടാതെ പോകും. ദൈവം തോന്നിപ്പിച്ച് വിളിക്കുന്നതാണ്, അതുകൊണ്ട് ഇനിയെത്ര പണം ചെലവായാലെന്ത് എന്ന മനോഭാവമായിരിക്കും. ഭക്‌തർക്ക് തീർത്ഥാടന മരണങ്ങൾ അവനവൻ കുഴിക്കുന്ന കുഴിയാണ്.

പ്രശ്നങ്ങൾ കുറയുന്നില്ല

അമർനാഥ് യാത്ര നടത്തിയവർക്ക് അത്ര നല്ല അനുഭവങ്ങൾ ഉണ്ടാകണമെന്നില്ല. ഇത്തവണ കാലാവസ്ഥ മോശമായതിനാൽ പലതവണ യാത്ര തടസ്സപ്പെട്ടു. ദുർഘടമായ പർവ്വതങ്ങളിൽ കുടുങ്ങി പോയ തീർത്ഥാടകരാകട്ടെ മന്ത്രങ്ങൾ ജപിച്ച് ദിവസങ്ങൾ കഴിച്ചു കൂട്ടി. കാലാവസ്‌ഥ അനുകൂലമായതോടെ വീണ്ടും അവർ യാത്ര തുടർന്നു. എല്ലാം ദൈവത്തിന്‍റെ പരീക്ഷണമെന്ന മട്ടിൽ. ഇതെന്ത് ഭക്തിയാണ്? ഏറ്റവും ദുർഘടമായ സ്‌ഥലമാണെന്ന് അറിഞ്ഞിട്ടും സ്വന്തം ജീവൻ പണയപ്പെടുത്തുക. പിന്നീട് ദൈവമന്ത്രങ്ങൾ ഭജിക്കുക. അഥവാ പ്രാർത്ഥനയിൽ എന്തെങ്കിലും ശക്‌തിയുണ്ടായിരുന്നുവെങ്കിൽ അത് ഒറ്റയടിയ്ക്ക് കാലാവസ്‌ഥ അനുകൂലമാക്കുമായിരുന്നില്ലേ?

11 മരണങ്ങൾ നടന്നത് വലിയ അദ്ഭുതമല്ല. മരിച്ച് ജീവനോടെ വരുന്നതാണ് അദ്ഭുതം. കാരണം അവർ അമർനാഥിൽ ദൈവത്തിന്‍റെ മടിത്തട്ടിലല്ലേ. ഭക്‌തർക്ക് ദോഷം വരുന്നത് ദൈവം തടയില്ലേ? എന്നാൽ യഥാർത്ഥത്തിൽ ഇത് സംഭവിക്കുന്നില്ല. ഇത് ഏതോ ഭക്‌തി സിനിമയിൽ സംഭവിക്കുന്ന കാര്യം പോലെയാണ്.

ലംഗർ കൊള്ളയടി

ഭക്‌തരുടെ അമർനാഥ് യാത്രയുടെ മറ്റൊരു രഹസ്യം ലംഗർ (പൊതു സൗജന്യ അടുക്കള) ആണ്. ലംഗറുകളിൽ ഒരുക്കുന്ന ഭക്ഷണം രുചിപ്രദവും ഗുണവുമുള്ളതാണെന്ന കേട്ടു കേൾവിയാണ് അവരെ അങ്ങോട്ടേക്ക് ആകർഷിക്കുന്നത്. എല്ലാ പ്രദേശത്തേയും ഭക്ഷണം വിളമ്പുമെന്ന പ്രചാരവും ലംഗറുകളെ കുറിച്ചുണ്ട്. ഭക്‌തർക്ക് ഫ്രീയായിട്ട് മൂക്കുമുട്ടെ കഴിക്കാമല്ലോ.

പക്ഷേ സത്യം മറ്റൊന്നാണ് ഈ വർഷവും പതിവു പോലെ ലംഗറുകൾക്ക് ചാകരയായിരുന്നു. ഇക്കാര്യം എങ്ങനെ അറിഞ്ഞുവെന്നത് അറിയുന്നതിന് മുമ്പായി ഒരു കാര്യം അറിയേണ്ടതാവശ്യമാണ്.

ഈ ലംഗറുകൾ വളരെ ദുർഘടം പിടിച്ച ഇടങ്ങളിലാണ് സംഘടിപ്പിക്കുന്നത്. ഭക്ഷണമൊരുക്കാൻ ഇവരുടെ കൈവശമുള്ളതെല്ലാം ദാനങ്ങളായി കിട്ടുന്നവയാണ്. അതൊക്കെ സംഘാടകർ സ്വന്തം മേഖലകളിൽ നിന്നും ശേഖരിച്ച് കൊണ്ടുവരുന്നതാണ്. ആട്ട, പരിപ്പ്, അരി തുടങ്ങി കശുവണ്ടി പരിപ്പ്, കിസ്മിസ് വരെ അമർനാഥ് യാത്രയുടെ പേരിൽ ദാനങ്ങളായി കിട്ടുന്നു. ആളുകൾ പുണ്യം കിട്ടാനായി നിർലോഭം ദാനം ചെയ്യുകയും ചെയ്യും. അത് മാത്രമല്ല സമിതി നല്ലൊരു തുകയും സംഭാവനയായി സ്വീകരിക്കും. പർവ്വത മേഖലയിൽ നല്ലൊരു ഇടം കണ്ടുപിടിച്ച് താൽക്കാലിക ടെന്‍റ് കെട്ടി അടുക്കള സ്‌ഥാപിക്കും. ആളുകൾക്ക് സൗജന്യമായി എന്ത് കിട്ടിയാലും സന്തോഷമാണല്ലോ.

ഇത്തവണയാണെങ്കിൽ ലംഗറുകൾ പരിധി വിട്ടതു പോലെയായിരുന്നു. കാലാവസ്‌ഥ പ്രതികൂലമായതോടെ റേഷൻ സപ്ലൈ കുറഞ്ഞു. അതോടെ ലംഗറുകളുടെ സംഘാടകർ വളരെ പരസ്യമായി തീർത്ഥാടകരിൽ നിന്നും പണം ഈടാക്കാൻ തുടങ്ങി. അതു പോലെ തീർത്ഥാടനത്തിന്‍റെ മറവിൽ നടക്കുന്ന കൊള്ളയും ഭീകരമാണ്. ടെന്‍റ് ഉടമകൾ തീർത്ഥാടകരിൽ നിന്നും ദിവസവും 600 രൂപയാണ് താമസത്തിനായി ഈടാക്കുന്നത്. 20 രൂപ വില വരുന്ന കുപ്പി വെള്ളത്തിന് 60 രൂപയാണ് അവർ ഈടാക്കുന്നത്. ഇത്തരം അതിക്രമങ്ങൾക്കെതിരെ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ച് കാണാറില്ല.

ചെലവ് കൂടിയ തീർത്ഥാടനങ്ങൾ

പണ്ടത്തെ പോലെ വളരെ ചെലവ് കുറഞ്ഞതല്ല തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രകൾ. ഇപ്പോഴാണെങ്കിൽ ദൂര സ്‌ഥലങ്ങളിൽ നിന്നുള്ളവർ എസി കോച്ചിൽ യാത്ര ചെയ്‌താണ് തീർത്ഥാടന കേന്ദ്രങ്ങളിലെത്തുന്നത്. താമസിക്കുന്നത് വലിയ ആഡംബര ഹോട്ടലിലും. കാരണം അവർക്ക് എല്ലാവിധ സുഖസൗകര്യങ്ങളും വേണം. ഹരിദ് വാർ, ഇലഹാബാദ്, പുഷ്കർ, ഗയ തുടങ്ങിയ ഡസൻ കണക്കിന് വരുന്ന തീർത്ഥാടന കേന്ദ്രങ്ങളിലെല്ലാം എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ഹോട്ടലുകൾ ലഭ്യമാണ്. ഇത്തരമിടങ്ങളിൽ സേവനങ്ങളുടെ പേരിൽ പണം പിടുങ്ങാൻ ആയിരക്കണക്കിനു ആളുകളുണ്ട്.

അമർനാഥ് പോലെയുള്ള യാത്രകൾക്കായി സർക്കാരും കോടികണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. സൈന്യത്തെ ഡ്യൂട്ടിയിൽ നിയോഗിക്കാനും മറ്റ് സുരക്ഷാ സജ്ജീകരണങ്ങൾക്കും സർക്കാർ പണം വാരിക്കോരി വിനിയോഗിക്കുന്നുണ്ട്. ഇതെല്ലാം ഭക്‌തിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു….

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें