ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി ഹിറ്റ് ഗാനങ്ങൾ പാടി മലയാളത്തിന്‍റെ ഇഷ്ടഗായികയായി മാറിയ ആൻ ആമീ... യാഹുവിലെ ഉദ്യോഗം രാജിവച്ച് സംഗീതത്തെ ഹൃദയത്തോട് ചേർത്തു നിർത്തിയ ആൻ ആമീ പാടിയ പാട്ടുകളത്രയും ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ആൻ ആമീ സംഗീതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.
ഏത് മേഘമാരി?
ഷാനിക്ക (ഷാൻ റഹ്മാൻ) ആണ് ഏത് മേഘമാരി എന്ന ആദ്യഗാനം പാടാൻ അവസരം തന്നത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ എന്ന സിനിമയിലെ ഗാനം. അതിന് മുമ്പായി കോക്ക് സ്റ്റുഡിയോ പാകിസ്ഥാനിൽ വന്ന ഒരു ഹിന്ദി ഗാനം ഞാൻ പാടിയിരുന്നു. ആ ഗാനം എന്‍റെ സുഹൃത്തും മ്യൂസിക് കമ്പോസറുമായ ഹിഷാം അബ്ദുൾ വഹാബ് ഷാനിക്കയ്ക്ക് അയച്ചു കൊടുത്തിരുന്നു. അത് കേട്ടിട്ടാണ് ഷാനിക്ക എനിക്ക് ഈ പാട്ട് സമ്മാനിച്ചത്.
ഞാനിപ്പോഴും ഓർക്കുന്നു ആ ദിവസം. ഭയങ്കര ടെൻഷനോടെയാണ് മേഘമാരി പാടാൻ ചെന്നത്. അദ്ദേഹം പ്രശസ്തനായ മ്യൂസിക് കമ്പോസർ. അങ്ങനെയുള്ള ഒരാൾക്കു വേണ്ടി പാടുകയന്നെത് നല്ല ടെൻഷനുള്ള കാര്യമാണല്ലോ. അന്ന് ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു. ഷാനിക്ക വളരെ കംഫർട്ടിബിളാക്കിയിട്ടാണ് എന്നെ ആ പാട്ട് പാടിച്ചത്.
കരിയറിൽ ടേണിംഗ് പോയിന്‍റായ ആ ഗാനം?
പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിലെ കിളിവാതിലിൻ എന്ന ഗാനം എന്‍റെ കരിയറിൽ ടേണിംഗ് പോയിന്‍റായി. എന്‍റെ ഫാമിലി ഫ്രണ്ടായ നടൻ വിജയ്ബാബു പറഞ്ഞിട്ടാണ് എം.ജയചന്ദ്രൻ സാറിന് ഞാൻ പാടിയ ഹിന്ദി ഡെമോ സോംഗും മേഘമാരിയും അയച്ചു കൊടുത്തത്. കുറച്ചു കഴിഞ്ഞ് സാർ തിരിച്ചു വിളിച്ചിട്ട് ഒരു പാട്ട് കമ്പോസ് ചെയ്തിട്ടുള്ള കാര്യം പറഞ്ഞു. അതൊന്ന് പാടി നോക്കൂ എന്ന് സാറ് ആവശ്യപ്പെട്ടു. കിളിവാതിലിൻ എന്ന പാട്ടായിരുന്നുവത്. ആ സമയത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ഓഫീസിലെ മീറ്റിംഗ് റൂമിൽ കയറി പാടി നോക്കി. കുഴപ്പമില്ലായെന്ന് തോന്നിയ ശേഷം സാറിനെ വിളിച്ച് പറഞ്ഞു. സാറിന് സോംഗ് പാടി അയച്ചു കൊടുക്കുകയും ചെയ്തു. അതൊരു വെള്ളിയാഴ്ച ആയിരുന്നു. ആ വീക്കെന്‍റ് മുഴുവൻ പാട്ട് പരിശീലനം. ഓരോ തവണ പാട്ട് അയച്ചു കൊടുക്കുമ്പോൾ സാറ് ഫീഡ് ബാക്ക് തന്നുകൊണ്ടിരുന്നു. അങ്ങനെ തിരുത്തി ശരിയാക്കി. ഞായറാഴ്ച വൈകുന്നേരമായപ്പോൾ നമുക്കിത് റെക്കോഡ് ചെയ്യാമെന്ന് പറഞ്ഞ് സാറിന്‍റെ മറുപടിയെത്തി. ഡേറ്റ് ഫിക്സ് ചെയ്തു. ഭാഗ്യമോ നിർഭാഗ്യമോ എന്ന് പറയാം. എനിക്ക് തൊണ്ടയ്ക്ക് പ്രശ്നം വന്നു.
ചെന്നൈയിലായിരുന്നു റെക്കോഡിംഗ്. ഞാൻ സ്റ്റുഡിയോയിൽ പോയി പാടിയപ്പോൾ എന്തോ പ്രശ്നമുണ്ടല്ലോയെന്ന് സാറും പറഞ്ഞു. വിചാരിച്ചതുപോലെ പാടാൻ പറ്റുന്നില്ല. ഇന്ന് വോക്കൽ റെസ്റ്റ് എടുത്തിട്ട് നാളെ നോക്കാമെന്ന് സാർ പറഞ്ഞു. പിറ്റേന്നും അങ്ങനെയത്ര ശരിയായില്ല. പക്ഷേ സാർ നല്ല ഫ്രീഡം തന്നു. റൂമിൽ പൊയ്ക്കോ വൈകിട്ട് വന്നാൽ മതിയെന്ന് പറഞ്ഞു. വൈകിട്ട് വന്ന് എങ്ങനെയോ ഫുൾ സോംഗ് പാടി. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. ഈയൊരൊറ്റ കാരണം കൊണ്ട് പാടാൻ പറ്റാതെ വന്നാലോയെന്ന ചിന്തയായിരുന്നു.