പകൽ സമയത്ത് ആരുടേയും കണ്ണിൽ പെടാതെ തട്ടിൻ പുറത്ത് കയറി. ഓടിനിടയിലൂടെ വെളിച്ചം ഒരു രേഖ പോലെ ഇരുട്ടിലേക്ക് കടന്ന് തറയിൽ കുഞ്ഞു കുഞ്ഞു രത്നങ്ങൾ പോലെ കിടന്നിരുന്നു...

തട്ടിൻ പുറത്ത് ആരാമ്മൂ...?” അമ്മുവിനെ (അമ്മൂമ്മ) മുറുക്കെ കെട്ടിപ്പിടിച്ച് ഒരു കാൽ കൊണ്ട് ചുറ്റി വരിഞ്ഞു, ഇരുട്ടിൽ തട്ടിൻ പുറത്തെ നിഗൂഢ ശബ്ദങ്ങൾ കേട്ട് ഞാൻ പേടിച്ചു.

“ശ്... മിണ്ടാതെ... മോളില് തട്ടിൻപുറത്തപ്പനാ” ഞങ്ങൾ ശ്വാസം കൊണ്ട് സംസാരിച്ചു. ഉയർന്നു കിടന്ന എന്‍റെ പെറ്റിക്കോട്ട് അമ്മു ശരിയാക്കി വച്ചു. ഞാനതൊന്നും ശ്രദ്ധിച്ചില്ല.

“ആണോ? തട്ടിൻപുറത്തപ്പൻ എന്തിനാ വന്നേക്കണത്...?”

“രാത്രീൽ കാളീം... കൂളീം...പൂതനും... പ്രേതനും ഒക്കെ വർത്താനം പറയണ കേൾക്കാൻ വന്നിരിയ്ക്കേണ്...”

“യ്യോ... അപ്പോ അവരും ണ്ടോ... മോളില്...?”

“പിന്നല്ലാണ്ടെ... വേം കെടന്നുറങ്ങിയ്ക്കോ.” എണ്ണ കിനിയുന്ന, കെട്ടി വയ്ക്കാൻ നീളമില്ലാത്ത എന്‍റെ മുടി അമ്മു വിരലുകൾ കൊണ്ട് ഒതുക്കി വച്ചു കൊണ്ടിരുന്നു. കണ്ണിറുക്കിയടച്ച് കിടക്കുമ്പോളാലോചിച്ചു. ഇവരെല്ലാം കൂടിയെന്തിനാ ഇങ്ങോട്ട് വന്നിരിക്കണത്... കാളിയും... പൂതനും പേരുകൾ നല്ലതെന്ന് തോന്നി. കൂളിയും പ്രേതനും എനിക്കിഷ്ടായില്ല. എങ്കിലും തട്ടിൻ പുറത്തെ വർത്തമാനങ്ങളിലേയ്ക്ക് ഞാൻ കാതുകൾ കൂർപ്പിച്ചു തുടങ്ങി. ഗോവണിയില്ലാത്ത തട്ടിൻ മുകളിലേയ്ക്ക് ജനലഴികളിൽ കൂടി എളുപ്പവഴികൾ നോക്കി കണ്ടുപിടിച്ചു. തട്ടിൻ പുറത്തേയ്ക്കും നോക്കി വെറുതെ നിൽക്കുകയാണെന്ന് തെറ്റിദ്ധരിച്ച അമ്മ പലപ്പോഴും ശാസിച്ചു.

“മോളിലെന്താ ചക്ക വെട്ടണുണ്ടോ... ങ്ങനെ നോക്കി നിൽക്കാൻ...” അച്‌ഛന് ഞാനൊരു കാഴ്ച പോലുമല്ലാതിരുന്നതോണ്ട് രക്ഷപ്പെട്ടു. വടക്കേലെ അരണ മരത്തിൽ കമ്പായിരുന്നു അച്‌ഛന്‍റെയും എന്‍റെയും ഇടയിലെ ബന്ധം പലപ്പോഴും നിലനിർത്തിയിരുന്നത്... അതോണ്ട് തന്നെ എന്‍റെ തട്ടിൻപുറം നോക്കി നിൽപ് അച്‌ഛനറിഞ്ഞുമില്ല. അങ്ങനെ കയറാൻ ശ്രമം തുടങ്ങി. പകൽ സമയത്ത് ആരുടേയും കണ്ണിൽ പെടാതെ ശ്രമിച്ച് ശ്രമിച്ച് പരാജയപ്പെട്ട് പരാജയപ്പെട്ട്... ഒടുവിൽ ഒരു ദിവസം ജയിച്ചു. പകലും ഇരുട്ടായിരുന്നു അവിടെ. ഓടിനിടയിലൂടെ വെളിച്ചം ഒരു രേഖ പോലെ ഇരുട്ടിലേക്ക് കടന്ന് തറയിൽ കുഞ്ഞു കുഞ്ഞു രത്നങ്ങൾ പോലെ കിടന്നിരുന്നു. ബാക്കിയൊക്കെ ഇരുട്ട്.

എന്നിട്ടും കണ്ടുപിടിച്ചു. പലതും ഒരു പാരായണ പലക. കൗതുകമുള്ള ആകൃതിയോടെ കുറേ കുപ്പികൾ, പഴകിയ മണ്ണെണ്ണ വിളക്കുകൾ... ചില്ലുകൾ നഷ്ടമായ കണ്ണാടി വിളക്കുകൾ... കുറച്ച് ഓട്ടു സാമഗ്രികൾ. പിന്നെയുമെന്തൊക്കെയോ. പക്ഷേ, അവരെന്തിയേ... കാളീം... കൂളിം... പൂതനും... പ്രേതനും. തഴെ ഇറ ങ്ങയപ്പോൾ പെറ്റിക്കോട്ടിൽ പറ്റിയ മാറാല തുണ്ടുകളിൽ കുഞ്ഞനെട്ടുകാലികളെ കണ്ടു. അന്നു രാത്രി കിടന്നപ്പോൾ അമ്മൂനോട് ചോദിച്ചു.

“അവരൊക്കെ എവിടെയാ ഇരിക്കണതമ്മൂ...? തട്ടിൻ പുറത്ത് കണ്ടില്ല”

അമ്മു എന്‍റെ നേരെ തിരിഞ്ഞു കിടന്നു.

“അവരേയ്... അമ്പലക്കൊളത്തീ കുളിക്കാൻ പോയിട്ടുണ്ടാവും.”

“ആണോ...?”

“ആം...” വലതുകാൽ അമ്മൂനെ ചുറ്റി...

കൂടണോ കൂട്ട് കുഞ്ഞി പയ്യ്

മേയണോ കൂടെ തട്ടിൻ മേലെ

നാവിന് കൊള്ളണ പാട്ടും പാടി

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...