ഹേ മാഡം എന്നെ അടിച്ചുതളിക്കാരി എന്ന് വിളിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു. എന്നെ എന്തെങ്കിലും വിളിക്കണമെങ്കിൽ വളരെ സ്നേഹത്തോടെ പേര് വിളിക്കാം. അല്ലെങ്കിൽ മേഡ് സർവ്വന്‍റ് എന്നോ മേഡ് എന്നോ വിളിക്കാമല്ലോ.
മാഡം, ഞാൻ അടിച്ചുതളിക്കാരിയല്ല. അത് ഓർമ്മ വേണം. എനിക്ക് ഇവിടുത്തെ ജോലി ആവശ്യമൊന്നുമില്ല. എന്നെയാണ് നിങ്ങൾക്ക് ആവശ്യം. എനിക്ക് എല്ലായിടത്തു നിന്നും ഓഫർ ഉണ്ട്. ഒരു വീട് വിട്ടാൽ 10 വീട് എനിക്ക് കിട്ടും. എന്നെ വേണമെങ്കിൽ ജോലിക്ക് വച്ചാൽ മതി.
ഒരു കാര്യം കൂടി പറഞ്ഞേക്കാം. ഞാൻ എന്‍റെ സൗകര്യത്തിനു മാത്രമേ ജോലിയെടുക്കുകയുള്ളൂ. എന്നെ നിയമിക്കുന്നുണ്ടെങ്കിൽ സമയത്തിന്‍റെ കാര്യമൊന്നും പറയരുത്. എനിക്ക് തോന്നിയ സമയത്ത് ഞാൻ വന്ന് ജോലി ചെയ്തിട്ടു പോകും. ലീവ് പറയാനൊന്നും എന്നെ കിട്ടില്ല. നിങ്ങളെപ്പോലെ ഞാൻ ഓഫീസിലൊന്നുമല്ല പണിയെടുക്കുന്നത്.
ഓഫീസിലേതുപ്പോലെ കൃത്യസമയത്തൊന്നും വരേണ്ടതില്ലല്ലോ. അതിനാൽ ഞാൻ സമയവും സൗകര്യവും അനുസരിച്ചേ ജോലിക്ക് വരൂ. അതുകൊണ്ട് ഇന്ന സമയത്ത് വരണമെനൊന്നും എന്നോട് പറഞ്ഞേക്കരുത്. മാഡത്തിന് മനസ്സിലായോ?
പിന്നെ വേറൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. എനിക്ക് മൊബൈൽ ഉണ്ട്. ഞാനത് എത്ര സമയം വേണമെങ്കിലും ആരെ വേണമെങ്കിലും എപ്പോ വേണമെങ്കിലും വിളിക്കുകയോ സംസാരിക്കുകയോ ചെയ്യും. അതിൽ തലയിടാൻ വന്നേക്കരുത്. മൊബൈൽ ഓഫാക്കി ജോലിയെടുക്ക് എന്ന് മാത്രം കൽപ്പിക്കരുത്. ആരും എന്‍റെ സ്വകാര്യതയിൽ ഇടപെടുന്നത് എനിക്കിഷ്ടമല്ല.
പിന്നെ എപ്പോ വേണമെങ്കിൽ ഒരു ചായ ഇട്ട് കുടിക്കാനുള്ള സൗകര്യവും എനിക്ക് അനുവദിച്ചു തരണം. മിക്ക വീടുകളിലും അവർ തന്നെ ഇട്ട് തരാറാണ് പതിവ്. പാൽ ചായ ആണെങ്കിൽ വളരെ നല്ലത്.
വേറൊരു കാര്യം കൂടിയുണ്ട് മാഡം, ഞാൻ ഉച്ചക്കാണ് വരുന്നതെങ്കിൽ എന്‍റെ പ്രിയപ്പെട്ട ടിവി സീരിയൽ കാണാനുള്ള സമയം കൂടി എനിക്ക് വേണ്ടി വരും. ഈ സമയത്ത് ഞാൻ ഫുൾ സ്പീഡിൽ ഫാൻ ഇടുകയാണെങ്കിൽ മുഖം വീർപ്പിക്കാനൊന്നും വരരുത്. ഇതിനൊപ്പം വരുന്ന പരസ്യം കണ്ട് കണ്ടാണ് എനിക്ക് ഇത്രയും ജനറൽനോളേജ് കിട്ടിയതു തന്നെ!
പാത്രം കഴുകുന്ന പൊടിയിൽ ചെറുനാരങ്ങയുടെ അംശം ഉള്ളതിനാൽ പാത്രങ്ങൾ വെട്ടി തിളങ്ങും എന്നൊക്കെ എനിക്കിപ്പോ അറിയാം. ഇത്തരത്തിലുള്ള പരസ്യങ്ങൾ ഞങ്ങളെപ്പോലുള്ള ഹൗസ് മേഡുകളെ ഉദ്ദേശിച്ചാണ് ഇറക്കുന്നത് തന്നെ. വീട്ടിൽ ആര് എന്ത് ഉപയോഗിക്കണമെന്ന് ഞങ്ങളാണല്ലോ തീരുമാനിക്കുന്നത്. കൈ ചീത്തയാവാതിരിക്കാനും സൗന്ദര്യം നഷ്‌ടപ്പെടാതിരിക്കാനും ഞങ്ങൾ എല്ലാം ശ്രദ്ധിക്കണമല്ലോ. അതിനാൽ ഞാൻ പറയുന്ന പ്രോഡക്‌ട് മാഡം മാർക്കറ്റിൽ നിന്ന് വാങ്ങി വയ്‌ക്കണം.
പിന്നെ വെറെ ഒരു കാര്യം പറഞ്ഞാൽ മുഷിച്ചിൽ തോന്നരുത്. അമ്മായിയമ്മയും അമ്മായിയച്ഛനും വന്ന് താമസിക്കുന്ന വീട്ടിൽ ഞാൻ ജോലിക്ക് നിൽക്കാറില്ല. മറ്റൊന്നുമല്ല അവർ കുതിരകേറുന്നത് എനിക്ക് സഹിക്കാനാവില്ല. ഞാൻ ചിലപ്പോൾ രണ്ടെണ്ണം കൊടുത്തെന്ന് വരും. ഇത്തരക്കാർക്ക് ഹെഡ്മാസ്റ്റർമാരുടെ സ്വഭാവമായിരിക്കും അത് ചെയ്യ്, ഇതു ചെയ്യ്, അവിടെ ശരിയായില്ല ഇങ്ങനെ ചെയ്യരുത് എന്നൊക്കെ പിറുപിറുക്കും. ഞാൻ ന്യുജെൻ ആയതിനാൽ ഇതൊന്നും ഒട്ടും പൊറുക്കാൻ കഴിയില്ല മാഡം.