പൂമ്പാറ്റപ്പെണ്ണ്

അന്ന്… എന്‍റെ ഓഫീസിലുള്ള എന്‍റെ കൂട്ടുകാരി എനിക്കായി പ്രത്യേകം ചീരക്കറി കൊണ്ടു വന്നു തന്നു. എനിക്കാണെങ്കിൽ ചീരയൊട്ടും ഇഷ്ടമല്ല. കുട്ടിക്കാലത്ത് എന്‍റെ ക്ലാസിൽ നല്ല പൊക്കമുണ്ടായിരുന്ന ഒരു കുട്ടിയെ എല്ലാവരും ചീരപ്പെണ്ണേ എന്ന് വിളിച്ചിരുന്നത് ഞാനിപ്പോഴും ഓർക്കുന്നു. മാർക്കറ്റിലെവിടെയെങ്കിലും ചീര വിൽക്കാൻ വച്ചിരിക്കുന്നത് കാണുമ്പോൾ ഞാൻ അക്കാര്യം ഓർക്കുമായിരുന്നു.

സഹപ്രവർത്തക ചീരക്കറി തന്നപ്പോൾ അത് കഴിക്കാനുള്ള അനിഷ്ടം മനസ്സിലൊളിപ്പിച്ച് മുഖത്ത് ഇഷ്ടം വരുത്തി അൽപം സ്വന്തം പാത്രത്തിലേക്കായി എടുക്കുകയായിരുന്നു. പക്ഷേ ആ കറി കാണാൻ നല്ല ചന്തമായിരുന്നു.

ചീരയിലയുടെ പച്ചപ്പ് ഒട്ടും മാറാതെ മഞ്ഞൾ കലർന്ന തേങ്ങയും ചേർന്ന് നല്ല കളർ കോമ്പിനേഷനിൽ. പക്ഷേ ഞാൻ വീട്ടിൽ ചീരക്കറി ഉണ്ടാക്കുമ്പോഴൊക്കെ ഇലയൊക്കെ വാടി ഇത്തിരി കറുപ്പ് നിറം വരുന്നത് ജാള്യതയോടെയാണ് ഞാൻ അപ്പോൾ ഓർത്തത്.

ചീരക്കറി കാഴ്ചയിൽ നല്ലതായി തോന്നിയെങ്കിലും കഴിക്കുമ്പോൾ എന്തോ ഒരു സ്വാദ് നാവിനെ കീഴടക്കുന്നതു പോലെ. ഒരു തരം കയ്പ് രസം രുചിമുകുളങ്ങളെ കീഴ്പ്പെടുത്തി മനസ്സിൽ മടുപ്പ് നിറച്ചു.

ഞാൻ ഒരിക്കലും ഇത്തരം കറി ഉണ്ടാക്കുകയില്ല. പക്ഷേ എന്ത് ചെയ്യാൻ, വീട്ടിൽ ബാക്കിയുള്ളവർക്കെല്ലാം ചീര വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാനും മനസ്സ് മടുത്ത് അത് തിന്നുമായിരുന്നു. എനിക്കായി ഇനി മറ്റൊരു കറി കൂടി പ്രത്യേകം തയ്യാറാക്കാൻ ആർക്കാണ് കഴിയുക?

അതുപോലെ ഞാനുമിപ്പോൾ കുറേ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. ആദ്യമൊക്കെ കൂട്ടുകാരി ലഞ്ച് ടൈമിൽ നീട്ടുന്ന ചീരപാത്രത്തിൽ നിന്നും മടിച്ച് മടിച്ച് ഇത്തിരിയെടുത്ത് കഴിച്ചിരുന്ന സ്‌ഥാനത്തിപ്പോൾ ആ പാത്രത്തിലെ മുഴുവൻ ചീരയും തിന്നു തീർക്കുമായിരുന്നു. എനിക്കും ചീരക്കറി ഏറെ സ്വാദിഷ്ഠമായി തോന്നി തുടങ്ങിയിരിക്കുന്നു.

പക്ഷേ എന്‍റെ ഭാഗത്ത് ഒരു വീഴ്ചയുണ്ടായിരിക്കുന്നു. വിഡ്ഢിയായ ഞാൻ ഒരിക്കൽ ഈ പെൺകുട്ടിയേയും ചീരക്കറി കഴിപ്പിച്ചു. അവളാണെങ്കിലോ, എന്നെ പോലുമറിയിക്കാതെ എന്‍റെ കൂട്ടുകാരിയിൽ നിന്നും അതിന്‍റെ രുചി രഹസ്യങ്ങളുടെ കലവറയെ ചേരുവകൾ ചോദിച്ച് മനസ്സിലാക്കിയിരിക്കുന്നു. കള്ളി! അല്ല ബുദ്ധിമതി.

അന്നു തുടങ്ങി ഈ പെണ്ണ് എന്‍റെ പിന്നാലെ കൂടിയിരിക്കുകയാണ്. ചേച്ചി ചീര വാങ്ങി ഫ്രിഡ്ജിൽ വച്ചിരുന്നാൽ ചീത്തയായി പോകില്ലേ… നമുക്കത് വൃത്തിയാക്കി അരിഞ്ഞ് കറിയാക്കാം. അതിനായി അവൾ പറമ്പിലുള്ള തെങ്ങിൽ നിന്നും തോട്ടി കൊണ്ട് നല്ല പച്ച തേങ്ങ ഇട്ടു കൊണ്ടുവരികയും ചെയ്‌തു.

ഓരോ പ്രാവശ്യവും അവൾ ഇതാവർത്തിച്ചു കൊണ്ടിരുന്നു. ഇങ്ങനെ പോയാൽ അവൾ അധിക ചെലവ് ഉണ്ടാക്കി വയ്ക്കും. ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളുടെ എല്ലാ ആവശ്യങ്ങളും പൂർണ്ണമായും നിറവേറ്റാൻ കഴിയാതെ വരും. അതൊന്നും ഈ ധിക്കാരിയെ സംബന്ധിച്ച് പ്രശ്നമല്ലല്ലോ.

കുഞ്ഞുങ്ങൾക്കിഷ്ടമുള്ള കിഴങ്ങുക്കറിയുണ്ടാക്കാമെന്ന് പറയുകയോ അല്ലെങ്കിൽ ഭർത്താവിനിഷ്ടമുള്ള ഉള്ളി സാമ്പാർ ഉണ്ടാക്കാമെന്ന് പറഞ്ഞാലും ആ തന്നിഷ്ടക്കാരി ഞാൻ പറയുന്നതൊന്നും കേൾക്കാതെ ചീരക്കറിയുണ്ടാക്കും.

എല്ലാവരുടേയും ഇഷ്ടങ്ങളും താൽപര്യങ്ങളും പൂർത്തീകരിക്കാൻ ഞാൻ എങ്ങനെ സമയം കണ്ടുപിടിക്കും. സമയം എനിക്കു വേണ്ടി നിലയ്ക്കില്ലല്ലോ?

ഞാനിതുവരെ അവളാരാണെന്ന് നിങ്ങളോട് പറഞ്ഞില്ലല്ലോ. ക്ഷമിക്കുക എന്‍റെ വിവാഹശേഷം ഞാൻ അവളേയും കൂട്ടിയാണ് ഭർത്താവിന്‍റെ വീട്ടിലെത്തിയത്.

എന്‍റെ ജീവിതത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചവളാണവൾ. ഞാൻ പറയുന്ന ഒരു കാര്യം പോലും അവൾ അനുസരിക്കില്ല. അവളെക്കുറിച്ച് എന്താണ് നിങ്ങളോട് പറയേണ്ടത്. എന്നെയവൾ ഒരു അർത്ഥശൂന്യയായിട്ടാണ് കരുതുന്നത്.

ചിലപ്പോൾ വഴിയിൽ കാണുന്ന ഒട്ടകം പോലെയിരിക്കുന്ന പെൺകുട്ടി പിറുപിറുത്തു കൊണ്ടിരിക്കും. മറ്റ് ചിലപ്പോൾ കുട്ടികളെപോലെ ആരെയെങ്കിലും നോക്കി ഒരു കാരണവുമില്ലാതെ ചിരിക്കും.

അവളെക്കൊണ്ട് മടുത്തിരിക്കുകയാണ്. അവളുടെ ഉള്ളിൽ കോളമ്പസ് കോംപ്ലക്സ് എട്ടുകാലിയെ പോലെ വല വിരിച്ചിരിക്കുകയാണെന്ന് തോന്നുന്നു. വഴിമദ്ധ്യേ ആരെയെങ്കിലും കണ്ടാൽ മതി ചിരപരിചിതരെ പോലെ സംസാരിക്കും.

എന്‍റെ ഗൃഹപരിപാലനത്തെക്കുറിച്ച് അവൾ മോശം പ്രതിഛായ സൃഷ്ടിച്ചിരിക്കുകയാണ്. നല്ല പെൺകുട്ടികളെ പോലെ മര്യാദയോടു കൂടി എല്ലാവരോടൊപ്പം കഴിയണമെന്ന് പറഞ്ഞാൽ അവൾ കേൾക്കുകയേയില്ല. തല തെറിച്ച പെണ്ണ്.

ഇനിയെനിക്ക് വയ്യാ. ഞാനവളെ കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ്. അവൾ മരിച്ചേ പറ്റൂ. ഒരു അറയിൽ ഒരു വാൾ മതി. ഈ വീട്ടിൽ ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൾ. അതാലോചിച്ചപ്പോൾ എന്‍റെ മനസ്സ് തണുത്തതു പോലെ തോന്നും.

അവളാണ് ഇവിടെ ജീവിക്കുന്നതെങ്കിൽ ഞാനെന്നും മരിച്ച് ജീവിക്കും. അവൾ മരിക്കുകയാണെങ്കിൽ എനിക്ക് സ്വസ്ഥമായ ജീവിതം കിട്ടും. ഇന്ന് അവളുടെ ജീവിതത്തിലെ അവസാന ദിനം കുറിക്കപ്പെടും.

നാളെ മുതൽ അവളുടെ ശബ്ദം ആരും കേൾക്കുകയില്ല. ആർക്കും ഒരു സംശയത്തിനിട വരുത്താതെ പുറത്ത് ഒരൊച്ചയും കേൾക്കാത്ത വിധം ഞാനവളെ അതിവിദഗ്ദ്ധമായി കൊല ചെയ്യും.

വരൂ… ഇന്ന് ഞാൻ അവൾക്ക് ഏറെ പ്രിയപ്പെട്ട ചീരക്കറി കുട്ടികൾക്കിഷ്ടപ്പെടുന്ന രുചിയിൽ ഉണ്ടാക്കി കൊടുക്കട്ടെ. എന്‍റെ പുറപ്പാട് അറിഞ്ഞാൽ ഇപ്പോൾ അവൾ ബഹളം വച്ച് തുടങ്ങും. അതേ രുചിയിൽ വേണം എന്ന് പറഞ്ഞ് വാശികാട്ടി എന്‍റെ പിന്നാലെ കൂടും.

അവധി ദിവസങ്ങളിൽ വീട്ടിൽ ചെയ്യാൻ ഇരട്ടിപ്പണികളുണ്ടാവും എനിക്ക്. കുട്ടികൾക്കും ഭർത്താവിനും ഇഷ്‌ടപ്പെട്ട പ്രാതൽ, കറികൾ, ആഴ്ചയൊടുവിലെ പെന്‍റിംഗ് ജോലികൾ ഇങ്ങനെ വിശ്രമം അനുവദിക്കാത്ത ജോലികളുടെ ഒരു നിര. ഒന്ന് നിവർന്ന് നിന്ന് ശ്വാസമെടുക്കാൻ പോലും സമയമുണ്ടാവില്ല. എനിക്ക് കടുത്ത അരിശം വരുന്നു. എന്‍റെ ദേഷ്യം ഉച്ചിലെത്തിയിരിക്കുന്നു. ഈ വട്ടു പിടിച്ച പെണ്ണ് മരണത്തെ സ്വയം വിളിച്ച് വരുത്തിയിരിക്കുകയാ.

അരിശം മൂത്ത ഞാൻ അമ്മിക്കല്ലും പൊക്കി അവളുടെ നേർക്ക് ചീറിയടുത്തു. ഉടനെ അവൾ പിന്നിലൂടെ വന്ന് എന്‍റെ വായിൽ തുണി തിരുകിക്കയറ്റി. എന്‍റെ കൈകാലുകൾ ചലിക്കാനാവാത്ത വിധം മരവിച്ചു പോയി. ഞാൻ നിസ്സഹായയായിരിക്കുന്നു. നിരാശപൂണ്ട കണ്ണുകളോടെ ഞാനവളെ നോക്കിയിരുന്നു. അവളുടെ മനസ്സിലെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു. വെറുക്കപ്പെട്ട ചീരക്കറി അവൾ സമർത്ഥമായി എന്നെകൊണ്ട് തയ്യാറാക്കിപ്പിച്ചു.

ചീരക്കറി എന്നെകൊണ്ട് പാകം ചെയ്യിപ്പിച്ച് അവർ സ്വയം കഴിച്ച് വിരൽ നക്കി തുടച്ച് അവസാന രുചിയുമാസ്വദിക്കുക മാത്രമല്ല എന്നെ കൊണ്ട് നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയും ചെയ്തു. എന്നെ കഴിപ്പിക്കുന്ന കാഴ്ച കണ്ട് ഞാൻ അന്തംവിട്ടിരുന്നു. ഇന്നവളെ കൊല്ലേണ്ട ദിവസമായിരുന്നു. പക്ഷേ ഇവിടെ എല്ലാം കണക്കുകളും പിഴച്ചു. അവൾ വളരെ സമർത്ഥമായി രക്ഷപ്പെട്ടിരിക്കുന്നു. അത് മാത്രമല്ല എന്നെ ജീവനോടെ അവൾ വിട്ടയക്കുകയും ചെയ്‌തു.

അവളെന്നെ തോൽപ്പിച്ച് ജയിച്ചിരിക്കുന്നു. എന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവളെ എനിക്ക് എങ്ങനെ കൊല്ലാനാവും? അവളെ ഞാനെത്ര മാത്രമാണ് സ്നേഹിക്കുന്നത്. ചിലപ്പോൾ മാർക്കറ്റിൽ പോകുമ്പോൾ ഞാനവളേയും കൂട്ടി കറങ്ങി നടക്കും. അവളുടെ ജന്മദിനം ആരുമറിയാതെ അവൾക്കൊപ്പം ആഘോഷിക്കും. അവൾക്കിഷ്ടപ്പെട്ട ജന്മദിന സമ്മാനവും കൊടുക്കും. ഇടയ്ക്ക് ഐസ്ക്രീം പാർലറിൽ കയറി സ്ട്രോബറി ഐസ്ക്രിമിന്‍റെ രുചിയാസ്വദിക്കും. എല്ലാം അവൾക്കു വേണ്ടി…

ഒരു കോമാളിയെ പോലെ കഴിഞ്ഞ 20 വർഷമായി എനിക്കൊപ്പമുള്ള അല്ല എന്നെ ഒട്ടിപ്പിടിച്ചിരിക്കുന്ന ഇവൾ എന്‍റെ ആരാണെന്നറിയാൻ നിങ്ങൾക്കെല്ലാവർക്കും ആകാംക്ഷയുണ്ടായിരിക്കുമല്ലോ.

അതെ… ഞാനവളെ വെറുക്കുകയും നിർലോഭം സ്നേഹിക്കുകയും ചെയ്‌തിരുന്നു. യഥാർത്ഥത്തിൽ ഞാനും അവളും തമ്മിൽ എന്ത് ബന്ധമാണുള്ളത്?

നിങ്ങൾക്കവളെ മനസ്സിലായില്ലല്ലോ?

എന്‍റെയുള്ളിലെ സദ്ഗുണങ്ങൾ നിറഞ്ഞ ഗൃഹനാഥയ്ക്കുള്ളിൽ ഇരിക്കുന്ന പെൺകുട്ടിയാണവൾ. സ്വന്തമിഷ്ടമനുസരിച്ചും ജീവിക്കാൻ ആഗ്രഹിക്കുകയും കൈക്കുമ്പിൾ നിറയെ സന്തോഷം തേടി നടക്കുന്ന കുട്ടിത്തമുള്ള ഒരു കുഞ്ഞ് വലിയ വ്യക്‌തിത്വം ആണവൾ! സാധാരണ സ്ത്രീകളെ പോലെ ഞാനും സ്വന്തമായ അസ്തിത്വവും ഇഷ്ടങ്ങളും സ്വപ്നങ്ങളും പേറുന്ന ആ പെൺകുട്ടിയെ കൊന്നൊടുക്കി നിശബ്ദയാക്കാൻ ശ്രമിച്ചു. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. അല്ല കഴിയുമായിരുന്നില്ല.

സാധാരണ സ്ത്രീകൾ ഇഷ്‌ടപ്പെട്ട ആഭരണങ്ങൾ വാങ്ങിയണിയും. അതേപോലെ ആ ആഭരണങ്ങൾ ആവശ്യങ്ങൾക്കായി ത്യജിക്കുകയും ചെയ്യും. ഡിസ്ക്കൗണ്ട് സെയിൽ മേളകളിൽ ഇഷ്‌ടപ്പെട്ട ഒരു സാരിയെങ്കിലും തെരഞ്ഞ് അവൾ കറങ്ങി നടക്കും.

ഭർത്താവിന്‍റെയും കുഞ്ഞുങ്ങളുടെയും ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കു വേണ്ടിയും സ്വന്തം വ്യക്‌തിത്വവും അസ്തിത്വവും അവൾ തച്ചുടയ്ക്കും. അവിടെ അവൾ വ്യക്‌തിയേയില്ല… പകരം അവൾ ഒരു നിഴലായി രൂപാന്തരം പ്രാപിക്കും.

പുസ്തകങ്ങളും പത്രങ്ങളുമായുള്ള പ്രിയപ്പെട്ട ബന്ധത്തെ അവൾ മറക്കും. പിന്നീട് എന്തിന് സ്വന്തം ഇഷ്‌ടങ്ങൾ ഭൂതകാലത്തിലെ വിഴുപ്പിൽ അവൾ കെട്ടിവയ്ക്കും. ആ ഇഷ്ടങ്ങൾ എവിടെയെങ്കിലും ഉപേക്ഷിക്കാനായി തട്ടിൻ പുറത്തെ ഇരുളിൽ മായ്ച്ചു കളയും.

ആ പെൺകുട്ടി എന്‍റെയുള്ളിൽ ഇപ്പോഴും പ്രസരിപ്പോടെ ജീവിച്ചിരിക്കുന്നുവെന്നത് എന്‍റെ ഭാഗ്യമാണ്. ഇത്രയും വർഷങ്ങൾക്ക് ഇപ്പുറം മനസ്സ് തുറന്ന്. ശരീരത്തിലെ കോടാനുകോടി വരുന്ന കോശങ്ങളെ ഉണർത്തി മതിയാവോളം ശ്വസിക്കാൻ അവൾ ശ്രമിക്കുകയാണ്. എപ്പോൾ വേണമെങ്കിലോ അല്ലെങ്കിൽ ചില ഇടവേളകളിലോ സ്വന്തമിഷ്ടമനുസരിച്ച് ജീവിക്കാനും അവൾ കൊതിക്കുന്നുണ്ട്.

ഒരു നിമിഷ നേരത്തെക്കാണെങ്കിലും മനസ്സ് തുറന്ന് തനിക്കു വേണ്ടി അവൾ ചിരിക്കാറുണ്ട്. ഏറെ സന്തോഷത്തോടെ തന്നെ. എന്തിനേറെ അവൾക്കിഷ്ടപ്പെട്ട അല്ല, ഏറ്റവുമിഷ്ടപ്പെട്ട ചീര വിഭവം ഉണ്ടാക്കി കഴിപ്പിക്കാറുമുണ്ട്. യഥാർത്ഥത്തിൽ ഞാനല്ല അവളാണ് എന്നെ ജീവിപ്പിക്കുന്നത് എനിക്ക് കൂടുതൽ തെളിച്ചത്തോടെ സ്വപ്നങ്ങൾ കാട്ടിതരുന്നത് അവളല്ലേ.

മഴ പെയ്യുമ്പോൾ പുറത്തെ തണുപ്പിലേക്ക് അവളല്ലേ എന്നെ സ്നേഹത്തോടെ ഉന്തി തള്ളിവിടുന്നത്. പണ്ടെങ്ങോ കേട്ടുമറന്ന പ്രണയ പാട്ടുകളിലെ ഈണങ്ങളിലേക്ക് എന്‍റെ ചെവി ചേർത്തു പിടിക്കുന്നത് അവളല്ലോ. ആകാശത്ത് ചിതറിത്തെറിച്ച് മിന്നുന്ന നക്ഷത്രങ്ങളെ ഭൂമിയിലെ ഇരുട്ടിൽ നിന്നാസ്വദിക്കാൻ അവളല്ലേ എന്നെ വീണ്ടും പുറത്തേക്ക് ക്ഷണിക്കുന്നത്.

ഇല്ല എനിക്കാവില്ല അവളെ കൊല്ലാനും മറക്കാനും എനിക്ക് വേണം ജീവവായു പോലെ എന്നെ അതിരറ്റ് സ്നേഹിക്കുന്ന എന്നെ മാത്രം എത്രയോ ആഴത്തിൽ തിരിച്ചറിയുന്ന ആ പൂമ്പാറ്റ പെണ്ണിനെ എന്നെയൊരിക്കലും ഉപേക്ഷിച്ച് പോകാത്ത നിരുപാധികം സ്നേഹിക്കുന്ന എന്‍റെ പൂമ്പാറ്റ പെണ്ണിനെ…

ടൂത്ത്ബ്രഷ് വലിച്ചെറിയേണ്ട!

ഇന്ത്യ ഒരു വർഷം വലിച്ചെറിയുന്ന ടൂത്ത്ബ്രഷുകളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ഈയിനത്തിൽ പ്രകൃതിയ്ക്ക് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്കിന്‍റെ പുറന്തള്ളൽ കൂടിയാണ് നാം ചെയ്യുന്നത്. മിക്കവരും ഒരു ടൂത്ത് ബ്രഷ് 3 ആഴ്ച മാത്രമേ ഉപയോഗിക്കാറുള്ളൂ. അത് കഴിഞ്ഞ് പുതിയത് വാങ്ങും. പഴയത് വലിച്ചെറിയും. എന്നാൽ പലരും ഇതൊരു മാലിന്യ പ്രശ്നമായി കാണാറേയില്ല. പഴയ ടൂത്ത്ബ്രഷ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താം. അതിനാൽ ഇനി ടൂത്ത് ബ്രഷ് മാറ്റുമ്പോൾ യാതൊരു മയവുമില്ലാതെ വലിച്ചെറിയേണ്ട. അതിനെ പുനരുപയോഗിക്കാം. പഴയ ടൂത്ത്ബ്രഷുകൾ കൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്. പ്രകൃതിയെ നശിപ്പിക്കുന്നത് നീട്ടി വയ്‌ക്കാനും പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ തോത് വർദ്ധിക്കുന്നത് തടയാനും ഇതുവഴി സാധിക്കും. പഴയ ടൂത്ത്ബ്രഷു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ.

  • ഷൂസിന്‍റെ അറ്റവും മൂലയും പൊടിപിടിച്ചിരുന്നാൽ അത് ടൂത്ത്ബ്രഷ് കൊണ്ട് വൃത്തിയാക്കാം.
  • കാൽ പാദം വൃത്തിയാക്കാൻ ടൂത്ത്ബ്രഷ് ഉപയോഗപ്പെടുത്താം. അൽപ്പസമയം നേരിയ ചൂട് വെള്ളത്തിൽ കാൽപാദങ്ങൾ മുക്കി വയ്‌ക്കുക. ഇനി അൽപം നാരങ്ങാനീര് ടൂത്ത്ബ്രഷിൽ എടുത്ത് ചർമ്മത്തിൽ ഉരസി വൃത്തിയാക്കാം. മൃതകോശങ്ങൾ അകന്ന് നല്ല നിറം ലഭിക്കും.
  • വാതിലിന്‍റെയും ജനാലയുടെയും ഡിസൈനിനുള്ളിൽ പൊടി പിടിച്ച ഭാഗം തട്ടിക്കളയാൻ ടൂത്ത്ബ്രഷാണ് ഉത്തമം.
  • അതുപോലെ നഖങ്ങളുടെ പരിചരണത്തിനും ടൂത്ത്ബ്രഷ് ഉപയോഗപ്പെടുത്തുക. നഖങ്ങൾക്ക് കൂടുതൽ തിളക്കവും സൗന്ദര്യവും ലഭിക്കാനായി ടൂത്ത്ബ്രഷിൽ അൽപം ടൂത്ത് പേസ്റ്റ് ചേർത്ത് ഉരസിയാൽ മതി.
  • പഴയ ടൂത്ത്ബ്രഷുകൾ ഉപയോഗിച്ച് മനോഹരമായ നെയിൽ ആർട്ട് ചെയ്യാനാവും. നഖങ്ങളിൽ ബേസിക് കോട്ട് ആദ്യം ഇടുക. അതു കഴിഞ്ഞ് ഒരു പാത്രത്തിൽ വിവിധ നിറങ്ങളിലുള്ള നെയിൽ പോളിഷുകൾ ഓരോ തുള്ളി വീതം എടുത്ത് ഇവയിൽ ടൂത്ത്ബ്രഷിന്‍റെ അറ്റങ്ങൾ മുക്കിയെടുത്ത് നഖത്തിൽ പതിപ്പിച്ച് നോക്കൂ. മനോഹരമായ നെയിൽ ആർട്ട് ആവും.
  • ആഭരണങ്ങൾ ഉരച്ച് കഴുകി വൃത്തിയാക്കാനും പഴയ ടൂത്ത്ബ്രഷുകൾ ഉപയോഗിക്കാം.
  • മേക്കപ്പ് ബ്രഷുകളം മുടി ചീകുന്ന ചീർപ്പും ബ്രഷുകളും കഴുകി വൃത്തിയാക്കാൻ ടൂത്ത്ബ്രഷ് കൊണ്ട് ഉരയ്ക്കാം. ഇവ പതിവായി വൃത്തിയാക്കാൻ ടൂത്ത്ബ്രഷ് ഉപയോഗിക്കുക.
  • ഹെയർ കളർ പുരട്ടിയ ശേഷം പലപ്പോഴും മുന്നിലുള്ള ചില മുടിയിഴകൾ വെളുത്തതായി കാണപ്പെടാറുണ്ട്. അവ കറുപ്പിക്കാനായി ഹെയർ കളറിൽ ടൂത്ത്ബ്രഷ് മുക്കി ടച്ച് ചെയ്‌താൽ മതി.
  • ചെരിപ്പിലെ ഡിസൈനിലും ഷൂസിന്‍റെ സ്റ്റിച്ചിലും പോളിഷ് നന്നായി പുരണ്ടിട്ടില്ലെങ്കിൽ ടൂത്ത്ബ്രഷിൽ പോളിഷ് മുക്കി തേയ്‌ക്കാവുന്നതാണ്.
  • ലെതറിന്‍റെ പാദരക്ഷകളിലെ മണ്ണും പൊടിയും നീക്കുന്നതിനും ടൂത്ത്ബ്രഷ് ഉപയോഗപ്പെടുത്താം.

ടെൻഷൻ ഫ്രീ ലൈഫ്

“എനിക്കു മടുത്തു.” ഈ വാക്ക് പറയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, ജോലിക്കാർ, എല്ലാവർക്കും ടെൻഷനാണ്.

സ്ട്രെസ് എല്ലാവരുടേയും ജീവിതത്തിന്‍റെ ഭാഗമാണ്. ഒരു ദിവസത്തിൽ പകലും രാത്രിയും ഉള്ളതുപോലെ ജീവിതത്തിൽ സുഖവും ദു:ഖവും ഉണ്ടാകും.

ടെൻഷൻ വേണം

നമ്മുടെ ചിന്തകളും വികാരങ്ങളും സ്വഭാവങ്ങളും പരസ്‌പരം ഒത്തു പോകുന്നവയാണ്. നമുക്ക് സന്തോഷമാണെങ്കിൽ നമ്മുടെ ചിന്തകൾ പോസിറ്റീവ് ആയിരിക്കും. പ്രവൃത്തികളിൽ ആത്മവിശ്വാസം നിറയും. എന്നാൽ സങ്കടം തോന്നുന്ന നിമിഷങ്ങളിൽ ചിന്തകൾ നെഗറ്റീവായിരിക്കും. അപ്പോൾ ശരീരത്തിന് ക്ഷീണം തോന്നും. ഒന്നും ചെയ്യാനുള്ള ഊർജ്ജം ശരീരത്തിന് ഇല്ലാത്തതുപോലെ തോന്നും.

അപകടത്തിലാവുന്ന അവസരങ്ങളിലും അമിതമായി ഭയപ്പെടുന്ന അവസ്‌ഥയിലും നമ്മുടെ ശരീരം അഡ്രിനാലിൻ എന്ന സ്ട്രെസ്സ് ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നു. അതോടെ നെഞ്ചിടുപ്പ് കൂടുകയും ശരീരത്തിന് കൂടുതൽ പിരിമുറുക്കം അനുഭവപ്പെടുകയും ചെയ്യും. ശരീരം വിയർക്കുകയും വിറയ്‌ക്കുകയും ചെയ്യും. ശ്വാസോച്ഛാസം കൂടി നമ്മുടെ ഉറക്കവും ദഹനവും അടക്കം എല്ലാ ശാരീരിക പ്രവർത്തനങ്ങളിലും പ്രകടമായ മാറ്റം സംഭവിക്കുന്നു. നമ്മളിൽ ഇങ്ങനെയൊരു ടെൻഷൻ ഉണ്ടാകുന്നതു കൊണ്ട് അപകടങ്ങൾ വരുമ്പോൾ അതിനെ നേരിടാനോ, അതിൽ നിന്നും ഓടി രക്ഷപെടാനോ ഈ അവസ്‌ഥ സഹായകമാകും.

അതുകൊണ്ട് ചെറിയ രീതിയിലുള്ള ടെൻഷൻ പ്രശ്നങ്ങളെ നേരിടുവാനുള്ള നമ്മുടെ കഴിവുകളെ ഉത്തേജിപ്പിക്കുകയും കൂടുതൽ നന്നായി പ്രശ്ന പരിഹാരം സാദ്ധ്യമാകുവാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ടെൻഷൻ കൂടിയാൽ നമ്മൾ ചെയ്യുന്ന പ്രവൃത്തികളിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയാതെ വരും. കൂടാതെ ഓർമ്മക്കുറവും ഏർപ്പെടുന്ന ജോലികളിൽ പാരാജയപ്പെടുകയും ചെയ്യും. അതിനാൽ നമ്മളെ കുറിച്ചുള്ള മതിപ്പ് സ്വയം ഇല്ലാതാകുകയും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്യും. ഇതിന്‍റെ ഫലമായി പ്രശ്നങ്ങളിൽ നിന്ന്‌ ഓടി രക്ഷപെടാൻ ശ്രമിക്കും.

സ്ട്രെസ്സ് പലരിലും വിഷാദം, വേവലാതി, ഉത്കണ്ഠ തുടങ്ങിയ അവസ്‌ഥയിലും ശാരീരിക രോഗങ്ങളായ ആസ്ത്മ, ഉയർന്ന രക്‌ത സമ്മർദം, അവ്യക്‌തമായ വേദനകൾ, ക്ഷീണം, ഛർദ്ദി, തലവേദന, ശ്രദ്ധക്കുറവ് എന്നിവയ്‌ക്കും പഠനത്തിൽ നിന്നും കുടുംബ ബന്ധങ്ങളിൽ നിന്നുള്ള ഒളിച്ചോടൽ തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങൾക്കും കാരണമാകും.

മദ്യപാനം, അമിതമായ ദേഷ്യം, അക്രമ വാസന, ലൈംഗിക വിരക്‌തി, പരസ്‌പര വിശ്വാസമില്ലായ്മ തുടങ്ങിയ അവസ്‌ഥകളും ടെൻഷന്‍റെ ഭാഗമാണ്. എനിക്ക് ഈ ടെൻഷൻ താങ്ങാൻ കഴിയുന്നില്ല. മരിച്ചാൽ പിന്നെ ഒന്നും അറിയുകയും അനുഭവിക്കുകയും വേണ്ടല്ലോ എന്നു പറഞ്ഞ് ആത്മഹത്യയിലേക്ക് നീങ്ങുന്നവരും നമുക്കിടയിലുണ്ട്.

ജോലിയിലെ ടെൻഷൻ മാറ്റാം

അച്ഛന്‍റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി ഡോക്ടറാവാൻ പോയ വിനീതിന് ജോലി കിട്ടിയിട്ടും സന്തോഷം തോന്നിയില്ല. രോഗികളെ മനസ്സറിഞ്ഞ് ചികിത്സിക്കാനോ അവരോട് കൂടുതൽ അടുത്ത് പെരുമാറാനോ വിനീതിന് കഴിഞ്ഞില്ല. ഈ അവസ്‌ഥയ്‌ക്ക് കാരണം മനസ്സിനിഷ്‌ടപ്പെടാത്ത ജോലിയിൽ ഏർപ്പെട്ടതിനാലാണ്.

നമ്മൾ ഒരു ജോലി ഏറ്റെടുക്കുമ്പോൾ സ്വന്തം ഇഷ്‌ടത്തിന് ആദ്യ പ്രാധാന്യം കൊടുക്കണം. ഇഷ്‌ടമില്ലാത്ത ജോലി ഏറ്റെടുക്കുമ്പോൾ അതൊരു ഭാരമായി നമുക്ക് തോന്നും. ഏറ്റെടുക്കുന്ന ജോലി വളരെ ആസ്വദിച്ച് ചെയ്‌തു തീർക്കാൻ ശ്രമിക്കണം. ഇതിനു നല്ലൊരു ഉദാഹരണമാണ് സാധാരണക്കാരായ അമ്മമാർ. അവർ അവരുടെ കുഞ്ഞുങ്ങളെ എത്ര കഷ്ടപ്പെട്ടാണ് വളർത്തുന്നത്. അവർക്കാവശ്യമുള്ളതെല്ലാം ഉണ്ടാക്കി കൊടുത്ത് രാവും പകലുമില്ലാതെ അവർക്കുവേണ്ടി കഷ്‌ടപ്പെടുമ്പോൾ മടുപ്പ് തോന്നാറില്ല. കാരണം അവർ അത് വളരെ എൻജോയ് ചെയ്‌താണ് ചെയ്യുന്നത്.

കൂൾ ആകാനുള്ള വഴികൾ

ടെൻഷൻ അടിച്ചു പാട്ടുപാടിയാൽ മലയാളത്തിന്‍റെ വാനമ്പാടിക്കുപോലും നന്നായി പാടാൻ സാധിക്കില്ല. ടെൻഷൻ ഇല്ലാതാക്കാൻ വഴികൾ പലതാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ്.

റിലാക്സേഷൻ

വെറുതേ പാട്ടുകേൾക്കുന്നതിലൂടെയോ കൂട്ടുകാരുമൊത്ത് ഔട്ടിംഗിന് പോകുന്നതിലൂടെയോ വ്യായാമം ചെയ്യുന്നതിലൂടെയോ ഒക്കെ ടെൻഷൻ കുറയ്‌ക്കാൻ സാധിക്കും. ഓരോ വ്യക്‌തിയും വ്യത്യസ്‌തരാണ്. സ്വന്തം പ്രശ്നങ്ങൾ മനസ്സിലാക്കുവാനും നേരിടാനുമുള്ള കഴിവ് വ്യത്യസ്‌തമാണ്. ഒരു വ്യക്‌തിക്ക് സ്ട്രെസ്സ് മാനേജ് ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.

ശാന്തരാകാം

ശാന്തമായ മനസ്സിൽ മാത്രമേ പ്രശ്ന പരിഹാരം കണ്ടെത്താനുള്ള കാഴ്ചപ്പാട് ഉണ്ടാകൂ. മനശാന്തി ലഭിക്കാൻ അവരവർക്ക് ഇഷ്‌ടമുള്ള രീതി തെരഞ്ഞെടുക്കാം. എന്നാൽ ടെൻഷൻ ക്രമാതീതമായി ഫലപ്രദമാവണമെന്നില്ല. അപ്പോൾ ഒരു മനശാസ്ത്രജ്‌ഞന്‍റെ സഹായത്തോടെ മനസ്സിനെ ശാന്തമാക്കി മാറ്റാൻ സാധിക്കും.

വിലയിരുത്തുക

നമുക്കുണ്ടായ ടെൻഷന്‍റെ കാരണങ്ങളും ഫലങ്ങളും വിലയിരുത്തുകയാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. ഇതിൽ ഏറ്റവും പ്രധാനഭാഗമാണ് സ്ട്രെസ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് തിരിച്ചറിയുന്നത്.

കഴിവ് നേടുക

നാം നേരിടുന്ന സ്ട്രെസ് പോസിറ്റീവ് ആണെങ്കിൽ തീർച്ചയായും അത് നമ്മുടെ വ്യക്‌തിത്വ വികാസത്തെ പരിപോഷിപ്പിക്കും. അതിനാൽ തന്നെ ആ സ്ട്രെസ് ആവശ്യപ്പെടുന്ന കഴിവുകൾ നിങ്ങൾക്കുണ്ടോ എന്ന് വിലയിരുത്തുക.

പൊരുത്തപ്പെടുക

സാമ്പത്തിക പ്രശ്നങ്ങൾ, പ്രിയപ്പെട്ടവരുടെ മരണം തുടങ്ങിയവ നെഗറ്റീവ് സ്ട്രെസ് ആണെന്നു പറയാം. ഇവയിൽ പലതും നമ്മുടെ വ്യക്‌തിപരമായ പിഴവുകൾ കൊണ്ട് ഉണ്ടായവ അല്ല. അവയെ തടയാനോ പഴയ അവസ്‌ഥയിലേക്ക് തിരികെ കൊണ്ടുവരാനോ പലപ്പോഴും നമുക്ക് സാധിച്ചു കൊള്ളണമെന്നില്ല. യാഥാർത്ഥ്യത്തെ അംഗീകരിച്ച് അതുമായി പൊരുത്തപ്പെട്ടു ജീവിക്കാനും പൂർണമായിട്ടല്ലെങ്കിൽ കൂടി പഴയതിനു സമാനമായ അവസ്‌ഥയിലേക്ക് സാവധാനം മടങ്ങിയെത്താനും ഈ ഘട്ടത്തിൽ സാധിക്കണം.

ചികിത്സ തേടുക

സ്ട്രെസ് അനുഭവിക്കുന്ന വ്യക്‌തികൾ പ്രശ്ന പരിഹാരത്തിനു ശ്രമിക്കാതെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ നോക്കും. ഇവരെ മനശാസ്‌ത്ര ചികിത്സയിലൂടെ പഴയ അവസ്‌ഥയിലേക്ക് മടക്കി കൊണ്ടു വരാൻ സാധിക്കും. ഏതു കൂരിരുട്ടിലും മിന്നാമിനുങ്ങിന്‍റെ ചെറിയ വെളിച്ചം ഉള്ളതുപോലെ ഏതു പ്രതിസന്ധികൾക്കിടയിലും കാണാതെ പോകുന്ന ധാരാളം അവസരങ്ങൾ ഉണ്ട്. ശാന്തമായ മാനസികാവസ്‌ഥയിലേക്ക് തിരികെ എത്തിയാൽ ഇവയെ തിരിച്ചറിയാനും നമുക്ക് അനുയോജ്യമായി പ്രയോജനപ്പെടുത്താനും കഴിയും. പക്ഷേ അതിനു വേണ്ട ക്ഷമ ഉണ്ടാകണമെന്ന് മാത്രം.

ഈ സിഗ്നലുകൾ അവഗണിക്കല്ലേ…

ഭാവിയിൽ വരാവുന്ന അപകടങ്ങളെക്കുറിച്ചുള്ള അടയാളങ്ങളാണ് മുന്നറിയിപ്പുകൾ. അത് ആരോഗ്യത്തിന്‍റെ കാര്യത്തിലും സംഭവിക്കാറുണ്ട്. ശരീരം നൽകുന്ന വാണിംഗ് സിഗ്നലുകൾ അവഗണിക്കരുത്. അവയെ ശ്രദ്ധിച്ചാൽ രോഗങ്ങളെ നേരത്തെ കണ്ടുപിടിക്കാൻ കഴിയും.

നെഞ്ചിൽ ചെറിയ വേദനയോ എരിച്ചിലോ മറ്റോ തോന്നിയാൽ അത് ഗ്യാസ് കൊണ്ട് സംഭവിക്കുന്നതാണെന്ന് കരുതി പലരും അവഗണിക്കാറുണ്ട്. ഒരു പക്ഷേ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ചില സിഗ്നലുകൾ ശരീരം നൽകുന്നതും ആവാം അത്.

“നമ്മുടെ ശരീരം ഏതെങ്കിലും രോഗാവസ്ഥ നേരിടുന്നുണ്ടെങ്കിൽ തീർച്ചയായും അതിന്‍റെ സൂചനകൾ പുറപ്പെടുവിക്കും.” പ്രൈംസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ, അനുരാഗ് സക്സേന പറയുന്നു.

ചിന്ത: അമിതമായ ചിന്ത ഹൃദയാരോഗ്യക്കുറവിന് കാരണമാകും. അല്ലെങ്കിൽ ഹൃദ്രോഗത്തിന്‍റെ ലക്ഷണവുമാകാം. താൻ മരിക്കാൻ പോകുന്നു എന്ന ചിന്തയിലൂടെ ഹൃദയത്തിന്‍റെ പ്രവർത്തനം വരെ താറുമാറിലാകാം. അത്തരം ചിന്തകൾ ഉണ്ടെങ്കിൽ ഉടനെ ആരോഗ്യവിദഗ്ദ്ധനെ കാണേണ്ടതുണ്ട്.

നെഞ്ചുവേദന: നെഞ്ചുവേദനയോ ആ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ മുന്നറിയിപ്പായി കാരുതണം. ഇങ്ങനെ തോന്നുന്ന എല്ലാവർക്കും പ്രശ്നമുണ്ടാകണമെന്നൊന്നുമില്ല. ഹൃദയവുമായി ബന്ധപ്പെട്ട വേദനയാണെങ്കിൽ നെഞ്ചിന്‍റെ ഇടതുഭാഗത്ത് കൂടുതൽ പ്രയാസം തോന്നും. ഒരു കല്ല് കയറ്റിവച്ച പോലൊരു ഭാരവും അനുഭവപ്പെടും. ഇത്തരം അവസ്ഥകൾ അവഗണിക്കരുത്.

ചുമ: അമിതമായ ചുമ ഹൃദയാരോഗ്യ പ്രശ്നത്തിന്‍റെയും സൂചനയാകാറുണ്ട്. ശ്വാസകോശത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലും ചുമ ഉണ്ടാകാം.

തലകറക്കം: ഹൃദയാരോഗ്യക്കുറവിന്‍റെ ലക്ഷണമായി തലകറക്കത്തെയും കാണേണ്ടതാണ്.

ക്ഷീണം: സ്ത്രീകളിൽ അമിതമായി കാണുന്ന ക്ഷീണവും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. അമിതമായ ക്ഷീണം എപ്പോഴും തോന്നുന്നുണ്ടെങ്കിൽ ഡോക്ടറെ കാണാൻ സമയമായി. മോശം ജീവിതചര്യ കൊണ്ടും ക്ഷീണം സംഭവിക്കാം.

ശരീര വേദന: ഹൃദ്രോഗമുണ്ടെങ്കിൽ കഴുത്ത്, കൈ, പുറം, വയറ് തുടങ്ങിയ ഭാഗങ്ങളിലും വേദന തോന്നാം. നെഞ്ചിൽ തന്നെ വേദന ഉണ്ടാകണമെന്ന് നിർബന്ധമില്ല.

നെഞ്ചിടിപ്പ്: നെഞ്ചിടിപ്പ് താളം തെറ്റുന്നതും ക്രമാതീതമായി കൂടുന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. വേഗത്തിൽ നടക്കുമ്പോഴും രക്‌തചംക്രമണം കൂടുമ്പോഴും നെഞ്ചിടിപ്പ് കൂടാറുമുണ്ട്. എന്നാൽ അതോടൊപ്പം ശ്വാസം കിട്ടാതെ വരികയോ അമിതമായി വിയർക്കുകയോ ക്ഷീണമോ തോന്നിയാൽ ശ്രദ്ധിക്കണം.

മേൽപ്പറഞ്ഞ പലതും നമ്മൾ സാധാരണമായി കണ്ട് അവഗണിക്കുകയാണ് പതിവ്. തലച്ചോറുമായി ബന്ധപ്പെട്ടും പല രോഗങ്ങളും വരാം. അവയുടെ പ്രധാന ലക്ഷണങ്ങൾ, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരിക, തലവേദന, ഓർമ്മക്കുറവ്, സ്വഭാവത്തിൽ മാറ്റം, മാംസപേശികൾ നിയന്ത്രിക്കാനാവാതെ വരിക തുടങ്ങിയവയാണ്.

ചെമ്മീൻ മസാല

ഏതു നാട്ടിൽ ചെന്നാലും വീട്ടിലെ ഭക്ഷണം ഒരു വികാരമാണ്.  പരമ്പരാഗതമായി നമ്മുടെ അടുക്കളയിൽ തയ്യാറാക്കുന്ന നാടൻ വിഭവങ്ങളുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. അത്തരം വിഭവങ്ങളെ പരിചയപ്പെടാം. ഇത് രുചിയുടെ നൊസ്റ്റാൾജിയ!

പരമ്പരാഗത കറി വിഭവങ്ങളിൽ  ഒന്നാണ്  ചെമ്മീൻ മസാല, ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ചെമ്മീൻ അരകിലോ വൃത്തിയാക്കിയത്

മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ

മുളകുപൊടി ഒരു ടീസ്പൂൺ (ആവശ്യമെങ്കിൽ എരിവ് കൂട്ടാം)

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

ചെമ്മീൻ മസാലയ്ക്ക്

സവാള മീഡിയം സൈസ് നേർത്ത തായി അരിഞ്ഞത്

ചെറിയ ഉള്ളി 10-15 എണ്ണം അരിഞ്ഞത്

ജീരകം അര ടീസ്പൂൺ

തക്കാളി ഒന്ന് ചെറുതായി അരിഞ്ഞത്

മുളകുപൊടി ഒരു ടീസ്പൂൺ

ഉപ്പ്/എണ്ണ ആവശ്യത്തിന്

അരയ്ക്കാൻ

തേങ്ങ ചിരകിയത് അര കപ്പ്

പച്ചമുളക് 6-7 എണ്ണം നെടുകെ മുറിച്ചത്

ഇഞ്ചി ചെറിയ കഷണം നുറുക്കിയത്

കുരുമുളക് അര ടീസ്പൂൺ

വെളുത്തുള്ളി 4 അല്ലി

മല്ലി ഒരു ടീസ്പൂൺ

വറ്റൽ മുളക് 2-3 എണ്ണം

തയ്യാറാക്കുന്ന വിധം

മുളകുപൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി പേസ്റ്റ് എന്നിവ ചെമ്മീനിൽ പുരട്ടി അരമണിക്കൂർ മാറ്റിവയ്ക്കാം.

പാനിൽ എണ്ണ ചൂടാക്കി അരയ്ക്കാനുള്ള എല്ലാ ചേരുവകളും ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുംവരെ വറുത്ത് എടുക്കുക. തണുത്തശേഷം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം.

ഫ്രൈയിംഗ് പാനിൽ എണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത ചെമ്മീൻ ചെറുതായി വറുത്തെടുക്കുക. അതേ എണ്ണയിൽ ജീരകം പൊട്ടിച്ച് കറിവേപ്പിലയും സവാളയും ചെറിയ ഉള്ളിയും ഇട്ട് നന്നായി വഴറ്റുക.

അതിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ഇവ ചേർത്ത് പച്ചമണം മാറുംവരെ ഇളക്കുക. ഇനി തക്കാളി ചേർക്കാം.

തുടർന്ന് അരച്ച മസാല ചേർത്ത് 8-10 മിനിറ്റ് നേരം വഴറ്റുക.

അതിൽ വറുത്ത ചെമ്മീൻ ചേർത്ത് അരപ്പ് കൊണ്ട് ഇളക്കി പൊതിഞ്ഞ് വയ്ക്കുക. കുറച്ച് വെള്ളവും ഉപ്പും ചേർക്കാം.

ലോ ഫ്ളെയിമിൽ 5 മിനിറ്റ് നേരം പാകം ചെയ്യുക. വെള്ളം വറ്റണം. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ ചെമ്മീൻ മസാല സർവ്വ് ചെയ്യാം.

അസുഖം ഹാൻഡ് ബാഗിൽ!

ഏറ്റവും അത്യാവശ്യമുള്ള സാധനസാമഗ്രികൾ ഭദ്രമായി സൂക്ഷിക്കാൻ വേണ്ടിയാണല്ലോ ഹാൻഡ് ബാഗുകൾ ഒപ്പം കരുതുന്നത്. എന്നാൽ അത്യാവശ്യ സാധനങ്ങൾ കൂടാതെ നിങ്ങൾ മറ്റ് പലതും കൂടി വഹിക്കുന്നുണ്ടെന്ന കാര്യം എത്രപേർക്കറിയാം? അതെ, സ്വന്തം പേഴ്സിൽ ചില ബാക്‌ടീരിയകളേയും നിങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. അത് നിങ്ങളെ രോഗിയാക്കും.

പുതിയതായി നടത്തിയ ഗവേഷണത്തിലാണ് നല്ലൊരു ശതമാനം അളവിൽ ബാക്‌ടീരിയകൾ ഹാൻഡ് ബാഗിലോ പേഴ്സിലോ ജന്മം കൊള്ളുന്നുണ്ടെന്ന വസ്‌തുത പുറത്തു വന്നിരിക്കുന്നത്.

ബാത്ത്റൂം, അടുക്കള തുടങ്ങിയ ഇടങ്ങളെ അപേക്ഷിച്ച് പേഴ്സിൽ ഏറ്റവുമധികം ബാക്‌ടീരിയകൾ പെരുകുന്നുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യത്തിന് അത് ഹാനികരവുമാണ്.

പുരുഷനും സ്ത്രീക്കും ഒരുപോലെ അണുബാധയേൽക്കാൻ അവരുടെ സ്വന്തം പേഴ്സ് കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്. പുരുഷനെ അപേക്ഷിച്ച് സ്ത്രീകളുടെ പേഴ്സിലാണത്രേ കൂടുതൽ ബാക്‌ടീരിയകൾ രൂപം കൊള്ളുന്നത്.

ആരോഗ്യസംരക്ഷണ കാര്യത്തിൽ നാം ബദ്ധശ്രദ്ധ പുലർത്താറുണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. അതുകൊണ്ട് ഇനി മുതൽ ഹാൻഡ് ബാഗും വൃത്തിയായി സൂക്ഷിക്കാൻ ശീലിക്കുക. അതിൽ അത്യാവശ്യ വസ്‌തുക്കൾ വയ്ക്കുക. അതും ശരിയായ രീതിയിൽ.

ഹാൻഡ് ബാഗ് എങ്ങനെ വൃത്തിയാക്കാം

  • ഇളം ചൂട് വെള്ളത്തിൽ ലിക്വിഡ് സോപ്പ് മിക്‌സ് ചെയ്‌ത് ഹാൻഡ് ബാഗിന്‍റെ ബാഹ്യഭാഗങ്ങൾ തുടച്ച് വൃത്തിയാക്കുക. ലിക്വിഡിന് പകരം ഷാംപുവും ഉപയോഗിക്കാം. പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് നീക്കാൻ ഇത് സഹായിക്കും.
  • ഹാൻഡ് ബാഗ് ക്ലീൻ ചെയ്യാൻ ബേബി വൈപ്പ്സോ, വിനാഗിരിയോ വീട്ടിൽ ഉപയോഗിക്കുന്ന രാസവസ്‌തുക്കളും ഉപയോഗിക്കരുത്. ബാഗിന്‍റെ നിറത്തിന് കോട്ടം തട്ടും.
  • ലെതർ പേഴ്സാണെങ്കിൽ വളരെ സോഫ്റ്റായ തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം. അതിനായി പെട്രോളിയം ജെല്ലി ഉപയോഗിക്കാം.
  • ഹാൻഡ് ബാഗ് ആന്‍റി ബാക്‌ടീരിയൽ ജെൽ കൊണ്ട് വൃത്തിയാക്കുക.
  • ബാഗിന്‍റെ കോണുകൾ വൃത്തിയാക്കാൻ ടൂത്ത് പിക്ക് ഉപയോഗിക്കാം.
  • ബാഗ് വൃത്തിയാക്കിയ ഉടൻ അതിനുള്ളിൽ സാധനങ്ങൾ വയ്‌ക്കരുത്. അൽപ സമയം കാറ്റിൽ വച്ച് ഉണക്കിയ ശേഷം സാധനങ്ങൾ വയ്‌ക്കാം.

ചെയ്യാൻ പാടില്ലാത്തത്

  • മേക്കപ്പ് വസ്‌തുക്കൾ കൊണ്ട് ഹാൻഡ് ബാഗ് കുത്തി നിറയ്ക്കരുത്. ദിവസവും ആവശ്യമായി വരുന്ന വസ്‌തുക്കൾ മാത്രം വയ്‌ക്കുക. അതുപോലെ അത്യാവശ്യമായി വരുന്ന പ്രൊഡക്റ്റുകളും ഒരു പൗച്ചിൽ പായ്ക്ക് ചെയ്‌ത് ബാഗിൽ കരുതാം.
  • ഭക്ഷ്യവസ്‌തുക്കൾ ബാഗിൽ വയ്‌ക്കരുത്. ഉറുമ്പുകൾ വരാൻ ഇത് കാരണമാകും.
  • ബാഗ് എവിടെയെങ്കിലും സൂക്ഷിക്കരുത്. പ്രത്യേകിച്ചും ബാക്ടീരിയ ഉള്ളയിടത്ത്.
  • ഹാൻഡ് ബാഗ് ഒരു ഡസ്റ്റ് ബിൻ ആക്കരുത്. ചില സ്ത്രീകൾ എന്ത് വസ്‌തുക്കളും ബാഗിൽ നിക്ഷേപിക്കാറുണ്ട്.

ഇവ കൂടി ശ്രദ്ധിക്കുക

  • എപ്പോഴും വാട്ടർ പ്രൂഫ് ആയതായിരിക്കണം ബാഗ്. കാരണം നോർമൽ ബാഗ് ആണെങ്കിൽ അകത്തുള്ള വസ്‌തുക്കൾ മഴക്കാലത്ത് നനയും.
  • ബാഗിന്‍റെ ഭാരത്തെക്കുറിച്ച് കൂടി ചിന്തിക്കുക. ഭാരക്കൂടുതൽ മാംസപേശികളെ ബാധിക്കും. സോഫ്റ്റായതും കനം കുറഞ്ഞതുമായ സ്ട്രിപ്സ് ഉള്ള ബാഗ് വാങ്ങാൻ എപ്പോഴും ശ്രദ്ധിക്കുക.
  • ഒരിക്കലും ഹാൻഡ് ബാഗ് പ്ലാസ്റ്റിക്ക് ബാഗിൽ വയ്‌ക്കരുത്. ബാഗ് എളുപ്പത്തിൽ ചീത്തയാകാൻ ഇത് കാരണമാകും. അതിനായി തലയിണയുടെ പഴയ കവർ ഉപയോഗിക്കാം.
  • ബാഗ് ഉപയോഗിക്കാത്ത സമയത്ത് ബാഗിലെ മുഴുവൻ വസ്‌തുക്കളും പുറത്തേക്ക് മാറ്റിയ ശേഷം അതിനുള്ളിൽ ടിഷ്യു പേപ്പർ ഇട്ട് വയ്‌ക്കാം. ബാഗിന്‍റെ ഷെയ്പ് നിലനിൽക്കാനും ബാക്ടീരിയ പെരുകാതിരിക്കാനും ഇത് സഹായിക്കും.
  • ബാഗിനുള്ളിൽ ഈർപ്പം ഉണ്ടാകാതെ സൂക്ഷിക്കണം. കാരണം ഇതിൽ ബാക്‌ടീരിയ ഉണ്ടാകാം.

വജൈനൽ ഇൻഫെക്ഷൻ കാരണങ്ങളും പരിഹാരവും

സ്ത്രീകളിൽ വജൈനൽ ഇൻഫെക്ഷൻ സാധാരണ കണ്ടുവരുന്ന ഒരു രോഗമാണ്. ശരാശരി 70 ശതമാനം സ്ത്രീകൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും വജൈനൽ അണുബാധ ഉണ്ടായിട്ടുണ്ടാകാനിടയുണ്ട്. ഇതുകൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥത കൂടുതലോ കുറവോ എന്നതിലുപരി ഇത്തരം അണുബാധകൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഇൻഫെക്ഷൻ ഗർഭാശയം, സർവ്വിക്കൽ, തുടങ്ങി ജനനേന്ദ്രിയ ഭാഗങ്ങളെ കൂടുതൽ ബാധിച്ചാൽ കാൻസർ വരാനുള്ള സാദ്ധ്യത കൂടുതലാണ്. ഡൽഹി മുൽചന്ദ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.മിതാ വർമ്മ പറയുന്നത് കേൾക്കാം.

ഏതെല്ലാം തരത്തിലുള്ള വജൈനൽ ഇൻഫെക്ഷൻ ഉണ്ടാകാറുണ്ട്? കാരണം എന്താണ്?

ബാക്ടീരിയൽ, ഫംഗൽ അതല്ലെങ്കിൽ രണ്ടും കൂടിയായി അണുബാധ ഉണ്ടാവാ റുണ്ട്. യോനിയിൽ നല്ല ബാക്ടീരിയകളുണ്ട്. അവയെ ഫ്ളോറാസ് എന്നാണ് വിളിക്കുക. ഈ ബാക്ടീരിയകളാണ് വജൈനൽ ഏരിയയ്ക്ക് മോയ്സ്ചുറൈസിംഗ് അഥവാ ഈർപ്പം നൽകുന്നത്. യോനി ഭാഗത്ത് ഈർപ്പം ആവശ്യമാണ്. സാധാരണ ഈ ബാക്ടീരിയയെ ഹെൽത്തി ആന്‍റ് ഫ്രണ്ട് ലി  ബാക്ടീരിയ എന്നാണ് വിളിക്കുന്നത്. വജൈനയുടെ പിഎച്ച് ബാലൻസ് നിലനിർത്തുന്നത് ഈ ബാക്ടീരിയയാണ്. ഈ ബാക്ടീരിയകൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസം നേരിടുമ്പോഴാണ് വജൈനൽ ഇൻഫെക്ഷൻ ആയി മാറുന്നത്. യോനിയുടെ പിഎച്ച് സന്തുലനം നഷ്ടമാകുന്നതോടെ വജൈന പലതരം ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ഇതിനെയാണ് നമ്മൾ ഇൻഫെക്ഷൻ എന്നു വിളിക്കുന്നത്. ചൊറിച്ചിൽ, പുകച്ചിൽ, ഡിസ്ചാർജ് കൂടുക, ഡ്രൈനസ്, റെഡ്നസ് തുടങ്ങി പല ലക്ഷണങ്ങളും ഉണ്ടാകാം.

വജൈനൽ അണുബാധ ഉണ്ടാകുന്നത് ഏതു പ്രായക്കാരെയാണ്?

ഇത് ഏതു പ്രായക്കാരിലും ഉണ്ടാകാം. എന്നാൽ പൊതുവേ ചെറിയ പ്രായത്തിലുള്ള സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. ആർത്തവ വിരാമം വന്നതിനുശേഷം വജൈനൽ ഇൻഫെക്ഷൻ കുറയുന്നതായിട്ടാണ് കണ്ടുവരുന്നത്. എന്നാൽ പ്രതേിരോധശേഷി കുറയുന്നതിനാൽ ഇൻഫെക്ഷൻ വന്നാൽ കൂടെ കൂടെ ഉണ്ടാകാനും സാദ്ധ്യത ഉണ്ട്. പ്രമേഹരോഗമുണ്ടെങ്കിലും പ്രതിരോധ ശേഷി കുറയും. ഇൻഫെക്ഷൻ പിടിപെടാം.

വജൈനൽ ഇൻഫെക്ഷൻ കൊണ്ടുണ്ടാകുന്ന പ്രയാസങ്ങൾ എന്തൊക്കെയാണ്?

വേദന, വരൾച്ച, ചൊറിച്ചിൽ, പുകച്ചിൽ ഇവയൊക്കെ വജൈനൽ ഭാഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാൽ സദാസമയം അസ്വസ്ഥത തോന്നാം. ഗർഭാശയമുഖത്തുനിന്ന് അണുബാധ അകത്തേക്ക് പ്രവേശിക്കുമ്പോഴാണ് യോനിയിൽ വരൾച്ച അനുഭവപ്പെടുന്നത്. ഇങ്ങനെ വരുമ്പോൾ മൂത്രനാളിയും അണ്ഡവാഹിനിക്കുഴലും അടയുകയും ചെയ്യും. ഇതിനെ പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് എന്നാണ് വിളിക്കുക. അണ്ഡവാഹിനിക്കുഴലിനെയും അണുബാധ പിടികൂടുന്നതോടെ റിപ്രോഡക്ടീവ് സിസ്റ്റം പൂർണ്ണമായും തകരാറിലാവും. ഇങ്ങനെ സംഭവിക്കുമ്പോൾ ഗർഭധാരണ സാദ്ധ്യതയും കുറയുന്നു. തുടർന്ന് ഗർഭാശയത്തിലേക്കും അണുബാധ പടരുന്നു. ഇങ്ങനെ കുറേ ദിവസങ്ങൾ ഇൻഫെക്ഷൻ തുടർന്നാൽ ഗർഭാശയമുഖത്ത് കോശങ്ങൾ നശിക്കുകയും കാൻസർ വരാനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്യുന്നു. ഭാരതത്തിൽ ഏറ്റവും മരണ നിരക്കുള്ള കാൻസറിൽ ഗർഭാശയ കാൻസറിന് രണ്ടാം സ്ഥാനമാണെന്നറിയുക.

വജൈനൽ ഇൻഫെക്ഷനും അടിവസ്ത്രങ്ങളുടെ ഉപയോഗവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ഇന്‍റിമേറ്റ് ഏരിയ വൃത്തിയായിരിക്കാൻ സഹായിക്കുന്ന തരത്തിലുള്ള അടിവസ്ത്രങ്ങൾ ധരിക്കേണ്ടത് പ്രധാനമാണ്. സ്വകാര്യഭാഗങ്ങൾ വൃത്തിയോടെ സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. അടിവസ്ത്രം കോട്ടൺ മെറ്റീരിയലിന്‍റെ ആവുന്നതാണ് നല്ലത്. വാഷ് റൂം പോകുന്ന വേളയിലെല്ലാം വെള്ളം ഉപയോഗിച്ച് സ്വകാര്യഭാഗം വൃത്തിയാക്കുക. തുടർന്ന് അവിടെ നനവില്ലാത്ത വിധം സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാവില്ല.

വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ വജൈനൽ അണുബാധ ഉണ്ടാകുമോ?

വെള്ളം കുടിക്കാത്തതുകൊണ്ട് വജൈനൽ ഇൻഫെക്ഷൻ ഉണ്ടാവില്ല. എന്നാൽ യൂറിൻ ബേണിംഗ് ഉണ്ടാകാം. മൂത്രമൊഴിക്കുമ്പോൾ തടസ്സവും വേദനയും അനുഭവപ്പെടുന്നുണ്ടെങ്കിൽ വെള്ളം കുടിക്കുന്നതിലെ കുറവുകൊണ്ടാണെന്ന് കരുതാം.

ഭക്ഷണശീലവും വജൈനൽ ഇൻഫെക്ഷനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

തീർച്ചയായും, മധുരം കൂടുതലടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ ശരീരം അസിഡിക് ആവുന്നു. അതിന്‍റെ പ്രഭാവം ശരീരത്തിലുടനീളം ഉണ്ടാവുന്നു. വജൈനയിൽ പുകയുന്നതുപോലുള്ള അവസ്ഥ ഇങ്ങനെ ഉണ്ടാകാം. പുളിച്ച ഭക്ഷണങ്ങൾ അഥവാ ഫെർമെന്‍റഡ് ഭക്ഷണം കഴിച്ചാൽ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. അതുപോലെ മഴക്കാലത്ത് വേവിക്കാത്ത ഭക്ഷണം കഴിക്കുന്നതും നല്ലതല്ല. ഇതുകൊണ്ടൊക്കെ വജൈനൽ ഇൻഫെക്ഷൻ വർദ്ധിക്കാം. ഡീപ് ഫ്രൈ ചെയ്തതും, റോസ്റ്റ് ചെയ്തതുമായ ഭക്ഷണങ്ങളും അണുബാധ ഉള്ളപ്പോൾ നല്ലതല്ല.

നവവിവാഹിതരായ സ്ത്രീകൾക്ക് യൂറിനറി ഇൻഫെക്ഷൻ വരാൻ കാരണമെന്താണ്?

വിവാഹത്തിന്‍റെ തുടക്കത്തിൽ അവരുടെ സെക്സ് ലൈഫ് വളരെ ആക്ടീവാകുന്നു. മാത്രമല്ല കൂടുതൽ പ്രാവശ്യം സെക്സിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇതേത്തുടർന്ന് വജൈനൽ ഏരിയയിൽ സമ്മർദ്ദം കൂടുന്നതിനാൽ കൂടുതൽ മൃദുലമാകുന്നു. ഇവിടെ ചുവന്നു തടിക്കാനും സാദ്ധ്യതയുണ്ട്. ഗർഭാശയത്തോട് ചേർന്നാണ് മൂത്രസഞ്ചി സ്ഥിതി ചെയ്യുന്നത്. അതിനാൽ അവിടെയും സമ്മർദ്ദം സംഭവിച്ച് കൂടെക്കൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത ഉണ്ടായേക്കാം. മൂത്രം പരിശോധിച്ചിട്ട് അണുബാധ കാണുന്നില്ല, എന്നാൽ ലക്ഷണങ്ങൾ ഉണ്ട് എങ്കിൽ ഹണിമൂൺ സിസ്റ്റയ്സിസ് എന്ന അവസ്ഥ ആണ് എന്ന് ഉറപ്പിക്കാം. മാത്രമല്ല, ഈ സമയത്ത് നല്ല ഭക്ഷണം കഴിക്കേണ്ടത് വളരെ അനിവാര്യമാണ്.

സെക്സിലേർപ്പെടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ശുചിത്വം വളരെ പ്രധാനപ്പെട്ട സംഗതിയാണ്. രണ്ടു പങ്കാളികളും സ്വകാര്യഭാഗങ്ങൾ ശുചിത്വത്തോടെ സൂക്ഷിക്കുക. അസാധരാണമായ പോസ്ച്ചറുകളും അസ്വാഭാവിക സെക്സും ഒഴിവാക്കുക.

വജൈനൽ ഇൻഫെക്ഷൻ ഇല്ലാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം?

ഇന്‍റിമേറ്റ് ഏരിയ ഹൈജീനിക് ആയി സൂക്ഷിക്കുക. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. അണുബാധ ഇല്ലാതിരിക്കാൻ വായുസഞ്ചാരം ആവശ്യമാണ്. വായുസഞ്ചാരം കൃത്യമാകുന്നതിനായി രാത്രിയിൽ നൈറ്റി പോലുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ബാത്ത് ടബ് ഉപയോഗിക്കുന്നതിന് പകരം ഷവർ ബാത്ത് ഉപയോഗിക്കുക. ബാത്ത് ടബിലെ കുളി കൊണ്ട് വജൈനൽ ഇൻഫെക്ഷൻ സംഭവിക്കാം. ബാത്ത് ടബിൽ ഇടുന്ന ജെൽ യോനിയ്ക്ക് അസ്വസ്ഥത സൃഷ്ടിക്കാം. നോർമൽ ഷവർ ആണ് നല്ല രീതി.

വിപണിയിൽ ധാരാളം വജൈനൽ വാഷുകൾ ലഭ്യമാണ്. പക്ഷേ അതൊന്നും ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. യോനിയുടെ പിഎച്ച് ബാലൻസ് പ്രകൃതിദത്തമായി സംഭവിക്കേണ്ടതാണ്. വജൈനൽ വാഷുകൾ കെമിക്കലുകളാണ്. അവ ഒഴിവാക്കുക. ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ നിത്യവും ഉപയോഗിക്കാതിരിക്കുക. പാന്‍റി ലൈനേഴ്സ് സ്ഥിരമായി ഉപയോഗിക്കുന്നതും നല്ലതല്ല. യോനിയുടെ സ്വാഭാവികമായ ഈർപ്പം, പാന്‍റി ലൈനേഴ്സ് ആഗിരണം ചെയ്യും. ഇതും നല്ലതല്ല. ഡ്രൈ ഫീൽ കിട്ടാൻ വേണ്ടി പാഡ്സ് വയ്ക്കുന്നതും ഒഴിവാക്കണം. യോനിയുടെ ഉൾഭാഗം വരണ്ടു പോകുമെന്നു മാത്രമല്ല സ്കിന്നിൽ ഉരസി നിറം മാറാനും സാദ്ധ്യതയുണ്ട്. അതോടെ ഇൻഫെക്ഷൻ സാദ്ധ്യത വർദ്ധിക്കുന്നു. വജൈനൽ ഏരിയയിലെ മോയിസ്ചുറൈസിംഗ് നിലനിർത്താൻ കോട്ടൻ പാഡുകൾ ഉപയോഗിക്കാവുന്നതാണ്. തിരക്കുമൂലം പാഡ് നീക്കം ചെയ്യാതിരിക്കുന്നതും ഇൻഫെക്ഷൻ ഉണ്ടാക്കുമെന്നും മറക്കാതിരിക്കുക.

വൈറ്റ് ഡിസ്ചാർജ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

സാധാരണ നിലയിൽ കൊഴുത്ത ഒരു ദ്രാവകം ഡിസ്ചാർജ് ആയി കാണപ്പെടാറുണ്ട്. ഇതിനെ ഓവുലേറ്ററി ഡിസ്ചാർജ് എന്നാണ് വിളിക്കുന്നത്. അണ്ഡോൽപാദനത്തിന്‍റെ ലക്ഷണമാണിത്. ഇത് സ്വാഭാവികമാണ്. എന്നാൽ ക്രമാതീതമായ ഡിസ്ചാർജ് നിറം മാറിയോ ദുർഗന്ധത്തോടെയോ വരികയാണെങ്കിൽ ഡോക്ടറെ കാണുക. വജൈനൽ ഇൻഫെക്ഷൻ ആണ് കാരണം.

കൂടെക്കൂടെ വജൈനൽ ഇൻഫെക്ഷൻ വരുന്നതിന് എന്താണ് പ്രതിവിധി?

അടുപ്പിച്ച് വജൈനൽ ഇൻഫെക്ഷൻ ഉണ്ടാവുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന അനിവാര്യമാണ്. വച്ചു വൈകിപ്പിക്കരുത്. ആദ്യം സൂചിപ്പിച്ചതുപോലെ അണ്ഡവാഹിനിക്കുഴൽ അടഞ്ഞുപോകാനിടയുണ്ട്. പ്രജനനാവയവങ്ങൾക്ക് എല്ലാം അണുബാധയേറ്റാൽ തുടർച്ചയായി അണുബാധയുടെ ലക്ഷണം ഉണ്ടായിക്കൊണ്ടിരിക്കും.

അണുബാധയ്ക്ക് ഗൃഹവൈദ്യം ഉപയോഗിക്കുന്നത് നല്ലതാണോ?

രോഗാവസ്ഥകൾ നേരിടാൻ വേണ്ടി ആയുർവ്വേദത്തിൽ പല കാര്യങ്ങളും പറയുന്നുണ്ടാകും. അതിനാൽ പലതരത്തിൽ ആളുകൾ ഈ അവസ്ഥയെ തരണം ചെയ്യാൻ ഉപയോഗിക്കുന്നുണ്ടാകാം. അതൊന്നും എനിക്ക് നല്ലതോ ചീത്തയോ എന്ന് വ്യക്‌തമാക്കാൻ കഴിയുന്നതല്ല.

അണുബാധ ഉള്ളപ്പോൾ സെക്സ് ചെയ്താൽ പങ്കാളിയെ ബാധിക്കുമോ?

തീർച്ചയായും. അങ്ങോട്ടും ഇങ്ങോട്ടും ഇതിനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ രണ്ടുപേരും ചികിത്സ തേടുന്നതും നല്ലതാണ്.

– ഡോ.മിതാ വർമ്മ, ഗൈനക്കോളജിസ്റ്റ് മുൽചന്ദ് ഹോസ്പിറ്റൽ, ഡൽഹി

എന്‍റെ സ്വർഗ്ഗരാജ്യം

ഒരു വലിയ വഴക്കിനുള്ള കാരണമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഒന്നും രണ്ടും സംസാരിച്ച് രോഹിതും അച്‌ഛനും തമ്മിലുള്ള തർക്കം മൂത്ത് സംഗതി വലിയ സ്ഫോടനം വരെയെത്തി.

“എടാ മഹാപാപി, നിനക്ക് അമ്മയെക്കുറിച്ചും എന്നെക്കുറിച്ചും വല്ല വിചാരവും ഉണ്ടോ? നീയിനി ഈ വീട്ടിൽ കഴിയണമെന്നില്ല. ഇറങ്ങി പോടാ.” അമ്മായച്‌ഛന്‍റെ ഈ വാക്കുകൾ എരിതീയ്യിൽ എണ്ണ ഒഴിക്കുന്നതു പോലെയായി.

ദേഷ്യം നിയന്ത്രിക്കാനാവാതെ രോഹിത് അപ്പോൾ തന്നെ അറിയപ്പെടുന്ന ബ്രോക്കറെ കാണാനായി പുറപ്പെട്ടു.

ഞാൻ കാണാൻ സുന്ദരിയാണ്. അതിനാൽ രോഹിതിന് എന്നോട് ദേഷ്യം തോന്നിയാലും പ്രകടിപ്പിക്കാറില്ല. ഞാൻ ഭർത്താവായ രോഹിതിനെ കൈവിരലുകളാൽ നിയന്ത്രിക്കുകയാണെന്ന് ഭർത്തൃവീട്ടുകാരും രോഹിതിന്‍റെ കൂട്ടുകാർക്കും നന്നായി അറിയാം.

ഞാൻ ആ വീട്ടിലെ രണ്ടാമത്തെ മരുകളാണ്. ഇരട്ടതാപ്പാണ് എന്നോട് രോഹിതിന്‍റെ വീട്ടുകാർ കാണിക്കുന്നത്. ഞാൻ അവരുടെ മകനെ കെട്ടിപൂട്ടിയിട്ടിരിക്കുകയാണെന്നാണ് എപ്പോഴും ആരോപിക്കുന്നത്. രോഹിത് എന്‍റെ വലയിൽ വീണ് പോയതാണത്രേ. ഞാനാണ് പോലും രോഹിതിനെ അവരിൽ നിന്ന് അകറ്റുന്നത്.

അച്‌ഛൻ ഇറങ്ങിപ്പോകാൻ പറഞ്ഞ സ്‌ഥിതിക്ക് ആശ്വാസത്തിനായി എന്‍റെ തോളിൽ ചായാനായി രോഹിത് മുറിയിൽ കയറി വരുമെന്ന് എനിക്കറിയാമായിരുന്നു. ദേഷ്യം വന്നിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയുന്നത് മറ്റൊരു കാര്യമാണ്. എന്‍റെ അമ്മായിയമ്മയും അമ്മായിയച്‌ഛനും തങ്ങളെ നോക്കാൻ ഞങ്ങളല്ലാതെ മറ്റാരും ഇല്ല എന്ന് നന്നായിട്ടറിയാം. മുകൾ നിലയിൽ താമസിക്കുന്ന മൂത്ത ചേട്ടനും ചേട്ടത്തിയമ്മയും എന്നോട് മാത്രമല്ല, മറ്റുള്ളവരോട് പോലും അറുത്തുമുറിച്ചൊന്നും സംസാരിക്കാറില്ല.

ഞാൻ വളരെ സാധാരണ കുടുംബത്തിൽ നിന്നാണ് വന്നത്. ഞാൻ സുന്ദരിയല്ലായിരുന്നുവെങ്കിൽ എന്നെ കല്യാണം കഴിക്കാൻ പണക്കാരനായ രോഹിത് ഒരിക്കലും തയ്യാറാകുമായിരുന്നില്ല.

ചെറുപ്പത്തിലെ എന്‍റെ മാതാപിതാക്കൾ, സൗന്ദര്യം കൊണ്ട് എല്ലാ ജീവിത സുഖസൗകര്യങ്ങളും നേടിയെടുക്കാൻ പറ്റുമെന്ന് വിശ്വസിപ്പിച്ചിരുന്നു. എന്‍റെ സൗന്ദര്യത്തിൽ ഞാൻ അഭിമാനിക്കുകയും വലിയ ജീവിതം സ്വപ്നം കാണുകയും ചെയ്‌തത്, മാതാപിതാക്കളുടെ പ്രേരണ കൊണ്ടാണ്.

രോഹിതിനെ ഞാൻ ആദ്യമായി കാണുന്നത് എന്‍റെ സുഹൃത്തിന്‍റെ സഹോദരന്‍റെ കല്യാണ സമയത്താണ്. രോഹിത് ഇറങ്ങിയ കാറിന്‍റെ നിറവും ഡിസൈനും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അയാൾ ഉയർന്ന ജോലി ചെയ്യുകയാണെന്ന് സുഹൃത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി. ഇതറിഞ്ഞപ്പോൾ തന്നെ രോഹിതുമായി ചങ്ങാത്തം സ്ഥാപിക്കണമെന്ന് ഞാൻ നിശ്ചയിച്ചിരുന്നു.

അയാളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ഒന്നു രണ്ട് വട്ടം ചിരിക്കുകയും ചെയ്‌തു. ആനിമിഷം തന്നെ അയാൾ എന്നിൽ ആകൃഷ്ടനായി എന്ന് എനിക്ക് മനസ്സിലായിരുന്നു. അവസരം കിട്ടിയപ്പോഴൊക്കെ എന്നോട് സംസാരിക്കാൻ രോഹിത് അതിയായ ഉത്സാഹം കാട്ടി. എന്‍റെ നാണം കുണുങ്ങുയ സ്വഭാവം അയാളെ എന്നിലേയ്‌ക്ക് കൂടുതൽ അടുപ്പിച്ചു.

അന്ന് രാത്രി വിടപറയും മുമ്പ് രോഹിത് എന്‍റെ ഫോൺ നമ്പർ വാങ്ങി. അടുത്ത ദിവസം മുതൽ തന്നെ ഞങ്ങൾ പരസ്പരം ഫോണിൽ സംസാരിക്കാൻ തുടങ്ങി. ശനിയാഴ്ചകളിൽ ഓഫീസ് കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഞങ്ങൾ കാണാനും തുടങ്ങി.

ഞങ്ങളുടെ നാലാമത്തെ കണ്ടുമുട്ടൽ ഒരു വലിയ പാർക്കിൽ വച്ചായിരുന്നു. അവിടെ വിജനമായ ഒരു മരച്ചോട്ടിൽ വച്ച് രോഹിത് എന്‍റെ ചുണ്ടിൽ ദീർഘനേരം ചുംബിച്ചു. ആദ്യമായി കിട്ടിയ ഫ്രഞ്ച് കിസിൽ ഞാൻ വല്ലാതായിപ്പോയി. എനിക്ക് സ്വയം നിയന്ത്രിക്കാനാവാത്തതിനാൽ ഞാൻ സ്വയം രോഹിതിന്‍റെ സ്നേഹത്തിൽ അലിഞ്ഞുപ്പോയി. ഞാൻ രോഹിതിനെ കെട്ടിപിടിച്ചു. ഇപ്പോൾ ശിശുസഹജമായ നിഷക്കളങ്കതയോടെ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം രോഹിതും എന്നെ മുറുകെ പിടിച്ചു. രോഹിതിന്‍റെ കരവലയത്തിൽ നിന്ന് പുറത്ത് കടന്നതും ഞാൻ വിതുമ്പാൻ തുടങ്ങിയിരുന്നു. ഇതു കൂടി കണ്ടതോടെ രോഹിത് പകച്ചു പോയി.

രോഹിത് എത്ര ചോദിച്ചിട്ടും കരയാനുള്ള കാരണം ഞാൻ പറഞ്ഞില്ല. മാത്രമല്ല പിന്നെ അധിക നേരം ഞാനവിടെ നിന്നില്ല. പിന്നീടുളള്ള 3 ദിവസം ഞാൻ രോഹിതിനോട് ഫോണിൽ സംസാരിച്ചതേയില്ല. നാലാം നാൾ രോഹിത് എന്നെ തിരഞ്ഞ് ഓഫീസ്ഗേറ്റിൽ നിൽക്കുന്നതാണ് ഞാൻ കണ്ടത്.

രോഹിത് എന്തെങ്കിലും പറയുന്നതിന് മുമ്പ് ഞാൻ ഉദാസീനയായി പറഞ്ഞു. “അയാം സോറി… ഇനി നമ്മൾ ഇങ്ങനെ കാണുന്നത് ശരിയല്ല, രോഹിത്”

“അതെന്താണ്? എന്താ നിന്‍റെ പ്രശ്നം, ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ?” രോഹിത് പരിഭ്രമത്തോടെ ചോദിച്ചു.

“നീയൊരു തെറ്റും ചെയ്‌തിട്ടില്ല.”

“പിന്നെ എന്താണ് എന്നെ കാണാൻ മടിക്കുന്നത്?”

അയാൾ കുത്തി കുത്തി ചോദിച്ചപ്പോൾ ഞാൻ കണ്ണിൽ നോക്കാതെ മറുപടി പറഞ്ഞു. “ഞാൻ നിന്നെയോർത്തു ഭ്രാന്താകുകയാണ്. നിന്നെ അടിക്കടി കണ്ടാൽ എന്‍റെ ഭ്രാന്ത് മുറുകും. എനിക്കെന്‍റെ ഭാവനകളെ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല.”

“നീയെന്താണ് പറയാൻ ഉദ്ദേശിക്കുന്നത്?” രോഹിതിന്‍റെ കണ്ണുകൾ കൂടുതൽ തിളങ്ങി.

“നമ്മൾ ഇങ്ങനെ നിരന്തരം കാണാൻ തുടങ്ങിയാൽ തെറ്റായ ചില കാര്യങ്ങൾ സംഭവിക്കാം. ഞാനൊരു ചീപ്പ് പെൺകുട്ടിയാണെന്ന് നീ ധരിച്ചാൽ അതെനിക്ക് സഹിക്കാനാവില്ല. സാധാരണക്കാരിയായ എന്നെപ്പോലുള്ള ഒരാൾ നിനക്കൊപ്പം ജീവിക്കുന്നത് സ്വപ്നം കാണുന്നതേ മണ്ടത്തരമാണ്. അതുകൊണ്ട് ഇനിയെന്നെ കാണാൻ വരരുത്. പ്ലീസ്…”

ഇടറിയ തൊണ്ടയിൽ നിന്ന് പിന്നെയൊന്നും വന്നില്ല. ഞാൻ എന്നെ കാത്തു ചങ്ങാതി, സജനിയുടെ അടുത്തേക്ക് നടന്നു.

രോഹിത് പിന്നെയും പിന്നെയും എന്നെ ഫോൺ ചെയ്‌തു കൊണ്ടിരുന്നു. എന്‍റെ സൗന്ദര്യത്തിൽ അവൻ വല്ലാതെ വീണു പോയിരുന്നു.

അടുത്ത മാസം അവസാനം രോഹിതിന്‍റെ വീട്ടുകാർ എന്നെ കാണാൻ വരുമെന്ന് അവൻ എന്നോടു പറഞ്ഞു. വിവാഹം ഉറപ്പിക്കാനാണത്രേ അവർ വരുന്നത്.

അന്നേ ദിവസത്തെ പരിചയപ്പെടൽ കൊണ്ട് എനിക്ക് ഒരു കാര്യം ബോധ്യമായിരുന്നു. രോഹിതിന്‍റെ വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമല്ല. ഇപ്പോൾ എന്‍റെ വിവാഹം കഴിഞ്ഞിട്ട് 6 മാസം ആയിരിക്കുന്നു. അവരുടെ നീരസം ഇപ്പോഴും തീർന്നിട്ടില്ല. അത് കൂടി കൊണ്ടിരിക്കുകയാണ്.

അച്‌ഛനുമായി വഴക്കിട്ട ശേഷം രോഹിത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി അഞ്ചു മിനിറ്റ് ആകും മുമ്പേ അമ്മായിയമ്മ എന്‍റെ മുറിയിലേക്ക് വന്നു. അവരുടെ മുഖം കണ്ടാലറിയാം എന്നോട് സംസാരിക്കാൻ വന്നതിൽ അവർക്ക് അപമാനം ഉണ്ടെന്ന്.

എന്‍റെ മുന്നിൽ തല കുനിക്കുന്നത് അവരെ സംബന്ധിച്ച് നിവൃത്തികേടായിരുന്നു. തന്‍റെ മൂത്ത മരുമകൾ നേഹയോട് അവർ പക്ഷേ സ്നേഹപൂർവമാണ് ഇടപ്പെടുന്നത്. കാരണം അവർ വലിയ പണക്കാരിയാണ്. എന്നോട് പക്ഷേ പുച്‌ഛമാണവർക്ക്.

എന്‍റെ അരികിൽ ഇരുന്ന് കൊണ്ട് അമ്മായിയമ്മ സംസാരിക്കാൻ തുടങ്ങി. “ഏത് വീട്ടിലും ചെറിയ വഴക്കും തട്ടലും മുട്ടലും ഒക്കെ ഉണ്ടാവും അത് സ്വാഭാവികമാണ്. വീട് വിട്ട് പോകുന്ന കാര്യം നീ രോഹിതിനോട് പുനപരിശോധിക്കാൻ പറയണം. കടുത്ത തീരുമാനത്തിൽ നിന്ന് നീ വേണം അവനെ പിന്തിരിപ്പിക്കാൻ.”

“അമ്മയ്ക്ക് അറിയാമോ, രോഹിത് ആത്മാഭിമാനമുള്ള കൂട്ടത്തിലാണ്. ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ ആരും പറഞ്ഞാലും രോഹിത് കേൾക്കില്ല.” നിങ്ങൾ അച്‌ഛനോടും പറയൂ, ഇതുപ്പോലുള്ള ഇറക്കിവിടൽ ഭീഷണിയൊന്നും നല്ലതല്ലെന്ന്” ഞാൻ പറഞ്ഞു.

“ദേഷ്യം പോവാതെ ഇനി അദ്ദേഹത്തിന്‍റെ തലയിൽ വല്ലതും കേറുമെന്ന് എനിക്ക് തോന്നുന്നില്ല.”

“അമ്മേ പ്ലീസ്, ഇങ്ങനെയൊന്നും പറയാതെ.”

രണ്ടാളും അടിയുണ്ടാക്കിയാൽ അമ്മായിയച്‌ഛന് വല്ലതും പറ്റുമോ എന്നായിരുന്നു എന്‍റെ ആധി.

അമ്മായിയച്‌ഛന്‍റെ മോശമാകുന്ന ആരോഗ്യ സ്‌ഥിതിയെപ്പറ്റി ഓർമ്മിപ്പിച്ച് അമ്മായിയമ്മ മുറിവിട്ട് പോയി. ഞങ്ങൾ വീട് വിട്ട് പോവില്ല എന്ന ഉറപ്പ് ഞാൻ കൊടുത്തതിനാൽ അവർക്ക് തെല്ല് ആശ്വാസം തോന്നിക്കാണണം.

അന്ന് രാത്രി എന്നെയും കൂടി രോഹിത് തന്‍റെ സുഹൃത്തിന്‍റെ വിവാഹ വാർഷിക പാർട്ടിയിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നു. ആ പ്ലാൻ പൊളിഞ്ഞു. കാരണം അമ്മായിയച്‌ഛൻ രാവിലെ തുടങ്ങി 5-6 തവണ ഛർദ്ദിച്ചിരുന്നു.

ഓഫീസിൽ നിന്ന് വന്നയുടനെ എന്നോട് വേഗം തയ്യാറാവാൻ പറയുന്നുണ്ടായിരുന്നു. അതിനിടയിലാണ് വഴക്ക് തുടങ്ങിയത്. സംഗതി നീണ്ട് പോയപ്പോൾ പ്രശ്നം വഷളാവുകയും ചെയ്‌തു.

സത്യത്തിൽ ഞാൻ ആ കോക്ക്ടെയിൽ പാർട്ടിക്ക് പോകാൻ ആഗ്രഹിച്ചിരുന്നില്ല. ഇന്ന് ഞാൻ എന്‍റെ സ്വപ്നത്തിന്‍റെ തൊട്ടടുത്താണുള്ളത്. ഏക്കാലത്തെയും സ്വപ്നത്തിന്‍റെ തൊട്ടടുത്ത്… അത് ബുദ്ധിമോശം കൊണ്ട് കളഞ്ഞു കളിക്കാൻ ഞാൻ തയ്യാറല്ല.

രോഹിതിന്‍റെ ഒരു ആന്‍റി ഉണ്ട്. നിശ, അവർ ഭർത്താവുമായി സ്വരചേർച്ചയിൽ അല്ല. രണ്ടുപേരും ഉടനെ വിവാഹമോചിതരാവും എന്നാണ് അടുപ്പമുള്ളവരൊക്കെ പറയുന്നത്. ഫളർട്ടിംഗിൽ അഗ്രഗണ്യയായ നിശാ ആന്‍റി കഴിഞ്ഞ ഏതാനും പാർട്ടികളിൽ ഒക്കെ തന്നെ രോഹിതുമായി കൊഞ്ചികുഴയാനും ലിഫ്റ്റ് കൊടുക്കാനും ഉത്സാഹം കാണിക്കുന്നുണ്ട്.

ഒരിക്കൽ ട്രാക്ക് തെറ്റിയ ബന്ധങ്ങൾ നേരെയാക്കിയെടുക്കാൻ വലിയ പാടാണെന്ന് എല്ലാവർക്കും അറിയാം. നിശാ ആന്‍റിയിൽ നിന്ന് രോഹിതിനെ രക്ഷിക്കേണ്ടത് എന്‍റെ പ്രഥമ ആവശ്യമാണ്. എന്‍റെ അനുഭവത്തിൽ നിന്ന് ഇതിന്‍റെ പ്രശ്നങ്ങൾ നന്നായി അറിയാം.

എന്‍റെ ആദ്യ കാമുകനായ സമീർ ഞാൻ ഇപ്പോഴും പൂർണ്ണമായി മറന്നിട്ടില്ല. ആദ്യത്തേത് എന്നും പ്രിയപ്പെട്ടതായിരിക്കുമല്ലോ. അത് ഇടയ്‌ക്ക് തികട്ടി വരില്ലേ…

സമീർ എന്‍റെ ചങ്ങാതി ഷിഖയുടെ ചേട്ടനായിരുന്നു. ഞാൻ 12-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഞാനനവിടെ പഠിക്കാൻ പോകുമായിരുന്നു പരീക്ഷാക്കാലത്ത്. എന്‍റെ അഴകിൽ അവൻ വേഗം തന്നെ വീണു. സമീറിന്‍റെ സ്മാർട്ട്നെസ്സ് എന്നെ അതിനായി ആകർഷിച്ചിരുന്നു.

അവിടെ, വീട്ടിൽ 10 -15 മിനിറ്റൊക്കെ ഏകാന്തതയിൽ ഇരുന്ന് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. ഈ ചെറിയ സമയത്തുപ്പോലും അവന്‍റെ ശരീരം പുറപ്പെടുവിക്കുന്ന ദീർഘ നിശ്വാസങ്ങൾ എന്നെ കുഴക്കിയിരുന്നു. ആ സമയം എനിക്ക് ഭ്രാന്ത് പിടിക്കുന്നതുപ്പോലെ തോന്നും. അവന്‍റെ കൈവിരലുകൾ എന്‍റെ ദേഹത്തെ തഴുകുമ്പോൾ ഞാൻ വല്ലാത്ത ഒരവസ്‌ഥയിൽ എത്തിയിരുന്നു. ഒരു തരം നിർവൃതി.

ഒരു ഞായറാഴ്ച അവന്‍റെ ഉമ്മ മാർക്കറ്റിൽ പോകാനായി ഇറങ്ങി. ഉമ്മ പോകുന്നത് കണ്ട സമീർ പുറത്ത് നിന്ന് വീട്ടിലേയ്‌ക്ക് കയറി വന്നു. അന്ന് രണ്ടുപേരും പരസ്‌പരം അറിഞ്ഞു. നനഞ്ഞു.

ഉമ്മ പേഴ്സ് എടുക്കാൻ മറന്നു പോയിരുന്നു. ഉമ്മ പെട്ടെന്ന് കയറി വരുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. കുറെ ദൂരം ചെന്നതിനു ശേഷമാണ് പേഴ്സിന്‍റെ കാര്യം അവർ ഓർത്തത്. വാതിൽ തുറന്ന് കൊടുത്തതും ഞാനും സമീറും പരുങ്ങി നിൽക്കുന്നത് കണ്ട് അവർക്ക് കാര്യം മനസ്സിലായി.

അവർ അപ്പോൾ തന്നെ എന്നെ വീട്ടിലേയ്‌ക്ക് പറഞ്ഞയച്ചു. വൈകീട്ട് വന്ന് എന്‍റെ അമ്മയോട് പരാതി പറഞ്ഞു. ഈ സംഭവത്തോടെ എന്‍റെയും ശിഖയുടെയും സൗഹൃദം അവസാനിച്ചു. മാതാപിതാക്കളുടെ മുന്നിൽ ഞാനും നാണം കെട്ടു. പാപബോധം എന്നെയും പിടികൂടിയിരുന്നു.

ഞാൻ സ്വാതന്ത്യ്രം ദുരുപയോഗം ചെയ്‌തു എന്ന തോന്നലായിരുന്നു വീട്ടുകാർക്ക്. ഈ സംഭവത്തിനു ശേഷം എന്നെ അധികം പുറത്തേക്കൊന്നും വിടാറില്ലായിരുന്നു.

അമ്മയുടെ കുറ്റപ്പെടുത്തലുകളും അച്‌ഛന്‍റെ മുഖത്ത് നോക്കാതെയുളള സംസാരവും എല്ലാം എന്നെ വീർപ്പുമുടിച്ചിരുന്നു. കഠിനമായ ദിവസങ്ങൾ ആയിരുന്നു അത്. സന്തോഷമില്ലാതെ ജീവിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്.

ഞാൻ സങ്കടങ്ങൾ എല്ലാം മറിക്കടക്കാൻ ശ്രമിച്ചു.

“സൗന്ദര്യം കൊണ്ട് മാത്രം കാര്യം നടക്കില്ല. കാഴ്ചയിൽ മാത്രമല്ല ഒരാൾ തന്‍റെ ഉള്ളിലും നന്നായിരിക്കണം. ആന്തരിക സൗന്ദര്യം ഇല്ലാത്തവർ മറ്റുള്ളവർക്കും സ്വയവും ദു:ഖമുണ്ടാക്കും. ഞാൻ സ്വയം നന്നാവാൻ തീരുമാനിച്ചു. ജീവിതത്തിൽ വരുന്ന പ്രതിസന്ധികൾ എല്ലാം സോൾവ് ചെയ്യാനുള്ള ശക്‌തിയാർജ്‌ജിച്ചു. ഞാൻ കരുത്തുള്ള സ്ത്രീയായി തീർന്നു.”

രോഹിതിന് വിവാഹേതര ബന്ധം ഉണ്ടാവാൻ പാടില്ല. ഈ പേടി കൂടാതെ മറ്റൊരു കാര്യം കൂടി എന്നെ അലട്ടി തുടങ്ങിയിരുന്നു. ആഴ്ചയിൽ ഒരിക്കൽ മദ്യപിക്കുന്ന ശീലം രോഹിത് തുടങ്ങിയിരിക്കുന്നു. അവന് ദേഷ്യം പിടിക്കാനുള്ള മുഖ്യ കാരണം ഈ മദ്യപാനമാണ്. തലയ്ക്ക് വെളിവില്ലാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയും. വേണ്ടതിനും വേണ്ടാത്തതിനും ഓക്കെ ഏറ്റുപിടിക്കും. ഞങ്ങൾ മാറി താമസിച്ചാൽ സുഹൃത്തുക്കളുമായി ചേർന്നുള്ള രോഹിതിന്‍റെ മദ്യപാനം വർദ്ധിക്കുമെന്ന് ഞാൻ ഭയന്നു.

സമീറുമായുള്ള ബന്ധം അറിഞ്ഞതിൽ പിന്നെ അമ്മ വളരെ കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നെ പുറത്തൊന്നും ഒറ്റയ്‌ക്ക് വിടാതെയായി. എന്‍റെ നന്മയാണ് അമ്മ ആഗ്രഹിച്ചത്. പക്ഷേ കൂട്ടിലിട്ട ജീവിതം പോലെയായി. ഇപ്പോൾ അവരുടെ തീരുമാനത്തിന്‍റെ ശരി എനിക്ക് മനസ്സിലാവും. അന്ന് പക്ഷേ… വെറുത്തിരുന്നു.

വീട്ടിൽ നിന്ന് ചാടി പോകാനൊക്കെ പദ്ധതിയുണ്ടായിരുന്നു. ഈ അനുഭവം ഉള്ളതിനാലാണ് ഞാനിപ്പോൾ ജീവിതത്തിന്‍റെ പ്രാക്ടിക്കൽ വശമൊക്കെ ചിന്തിച്ച് തീരുമാനം എടുക്കുന്നത്. തീരുമാനങ്ങളാണല്ലോ ജീവിതത്തെ നല്ലതും ചീത്തയും ആക്കുന്നത്.

രോഹിത് രണ്ട് മണിക്കൂർ കഴിഞ്ഞ് മടങ്ങിയെത്തി, അപ്പോഴും രോഹിതിന്‍റെ കണ്ണുകളിൽ ദേഷ്യം തളംകെട്ടി കിടന്നിരുന്നു. എന്നിട്ടും ഞാൻ മനസ്സിലൂള്ള കാര്യം രോഹിതിനോട് പറയാൻ തീരുമാനിച്ചു.

രോഹിത് എന്തെങ്കിലും പറയാൻ ഒരുങ്ങും മുമ്പ് തന്നെ ഞാൻ കാര്യം അവതരിപ്പിച്ചു. “നിങ്ങൾ എല്ലാവരുടെയും മുന്നിൽ എന്നെ താറടിച്ചു കാണിക്കാൻ ശ്രമിക്കുകയാണോ?”

“ഞാൻ നിനക്ക് ദോഷം വരുന്ന എന്തു കാര്യമാണ് ചെയ്‌തത്?” രോഹിത് കലിതുള്ളി. “അച്‌ഛന്‍റെ ചൊറിഞ്ഞ വർത്തമാനം എനിക്കിന്നി സഹിക്കാൻ കഴിയില്ല.”

“നിങ്ങളിങ്ങനെ പരസ്പരം വഴക്കടിച്ചിട്ട് പുള്ളിയ്ക്ക് ശാരീരിക അസ്വസ്ഥത കൂടിയിരിക്കുകയാണ്. പ്രായമായ ആളാണ്. ഇതിന്‍റെ പേരിൽ എന്തെങ്കിലും സംഭവിച്ചാൽ എനിക്കാവും ചീത്തപ്പേര്.”

“അവരുടെ വർത്തമാനം കേൾക്കുമ്പോൾ… തന്നെ… പാർട്ടിക്ക് പോകാനുള്ള സകല മൂഡും പോയി.”

“ഇനിയിപ്പോ പാർട്ടിക്ക് പോവുകയൊന്നും വേണ്ട. ഞാനില്ലെ കൂടെ മൂഡൊക്കെ ഞാൻ ശരിയാക്കി തരാം.” ഞാൻ രോഹിതിന്‍റെ തലമുടിയിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.

“നീയെന്‍റെ മാലാഖയല്ലെ” രോഹിത് തെല്ലൊന്നുയഞ്ഞു.

“എങ്കിൽ ഞാൻ പറയുന്ന ചെറിയയൊരു കാര്യം കേൾക്കാമോ?”

“തീർച്ചയായും!”

എന്‍റെ സൗന്ദര്യം എന്‍റെ ഏറ്റവും വലിയ ആയുദ്ധമായിരുന്നു. അതായിരുന്നു എന്‍റെ കരുത്ത്. ഈ ആയുദ്ധം ഉപയോഗിച്ച് ഞാൻ എല്ലാ ബന്ധങ്ങളും നല്ലനിലയിലാകും. ജീവിതം റിപ്പയർ ചെയ്യും. ഇവിടെ എല്ലാവരിലും സന്തോഷം നിറയ്‌ക്കും.

ഭർത്തൃവിട്ടുകാരുമായി നല്ല ഹൃദയബന്ധം സ്‌ഥാപിക്കാൻ ഞാൻ എന്‍റെ സൗന്ദര്യവും പുഞ്ചിരിയും സൗമ്യതയും ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. ഞാൻ ജീവിതത്തിൽ കൈകൊണ്ട് ഉചിതവും നന്മ നിറഞ്ഞതുമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്.

ഈ ലക്ഷ്യം മനസ്സിൽ വച്ച് ഞാൻ പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരോടും പെരുമാറാൻ തുടങ്ങി.

ഞാൻ രോഹിതിന്‍റെ കാതിൽ ചുണ്ട് ചേർത്ത് കൊണ്ട് മന്ത്രിച്ചു. “ഞാൻ എപ്പോഴും എന്തെങ്കിലുമൊക്കെ അലോസരപ്പെടുത്തുന്ന കാര്യം പറഞ്ഞതിനു ശേഷമാണോ നിങ്ങളെ ഉറങ്ങാൻ വിടുന്നത്?”

“ഇല്ല ഒരിക്കലുമില്ല. ഇന്ന് നിയെന്നെ ഉറക്കരുത്!” രോഹിത് എന്നെ മുന്നത്തെക്കാൾ ഏറെ സ്നേഹത്തോടെ കെട്ടിപിടിച്ചു.

“ഹും… പിന്നെ എനിക്കും നിങ്ങൾ ഒരു വാക്ക് തരണം. ഇനിയാരോടും വെറുതെ കലഹിക്കരുത്. പ്രത്യേകിച്ചും വീട്ടിൽ വച്ച്.”

“ശരി… ഞാൻ സമ്മതിക്കുന്നു. ക്ഷമയുടെയും സ്നേഹത്തിന്‍റെയും ആൾരൂപമാകാം ഞാൻ. ഇനി ഞാൻ കാരണം നിനക്ക് യാതൊരു അപമാനവും ഉണ്ടാവുകയില്ല.”

“എങ്കിൽ വരൂ എന്‍റെ കൂടെ.”

“എവിടെയ്ക്ക്?”

“അച്‌ഛന്‍റെയും അമ്മയുടെയും അടുത്തേക്ക്”

“എന്തിനാണ് ഞാൻ അവരെ കാണാൻ പോവേണ്ടത്?”

“നിങ്ങൾ അവർക്കൊപ്പം കുറച്ച് നേരം ഇരിക്കൂ. സംസാരിക്കുമ്പോൾ എല്ലാം ശരിയാകും. ദേഷ്യമെല്ലാം പമ്പകടക്കും. അങ്ങനെ വന്നാൽ ഇരു കൂട്ടർക്കും സമാധാനപരമായി കിടന്നുറങ്ങാമല്ലോ.

“ഇല്ല, ഞാൻ വരുന്നില്ല….”

ഞാൻ വളരെ വിവശയായി രോഹിതിലേക്ക് ചാഞ്ഞ് കൊണ്ട് മുഖത്തൊരു ഉമ്മ കൊടുത്തു. എന്നിട്ട് അയാളുടെ കണ്ണുകളിലേയ്‌ക്ക് തന്നെ നോക്കിയിരുന്നു.

“പ്ലീസ്, എന്‍റെ സന്തോഷത്തിനു വേണ്ടിയെങ്കിലും ഞാൻ പറയുന്നതിപ്പോൾ കേൾക്കൂ… എന്‍റെ ചക്കരയല്ലോ…”

“നീ സ്നേഹത്തോടെ പറയുമ്പോൾ എനിക്കെങ്ങനെ നിഷേധിക്കാനാവും.” രോഹിതും റോമാന്‍റിക് മൂഡിലായിരുന്നു. എന്‍റെ കൈ തലോടി കൊണ്ട് രോഹിത് എഴുന്നേറ്റു. എന്‍റെ കൈ പിടിച്ചു കൊണ്ട് അച്‌ഛന്‍റെയും അമ്മയുടെയും അരികിലെത്തി.

എനിക്ക് വലിയ സന്തോഷമായി. ജീവിതത്തിന്‍റെ സ്റ്റിയറിംഗ് എന്‍റെ കൈയ്യിലായതിന്‍റെ വിജയിഭാവവും അപ്പോൾ എന്‍റെ മുഖത്ത് പ്രകാശിച്ചിരുന്നു.

ഒരു വീട് നരകമാക്കാൻ എളുപ്പം കഴിയും. പക്ഷേ അത് ആനന്ദം നിറഞ്ഞതും ആദരണീയവുമായ ഭവനം ആവണമെങ്കിൽ മനസ്സ് വച്ചാൽ മാത്രം മതി. ആ നിമിഷം മുതൽ ഞാനെന്‍റെ വീട് തിരിച്ചു പിടിച്ചു.

മുഗളായി ഫിഷ് കറി

നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഏത് ആഘോഷാവസരത്തിലും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന വിഭവമാണ് മുഗളായി ഫിഷ് കറി. മുഗളായി പാചകരീതി കേരളീയരായ നമ്മുക്ക് പരിചിതമല്ല, അതിനാൽ തന്നെ എല്ലാ നോൺ-വെജിറ്റേറിയൻകാരും തീർച്ചയായും ഉണ്ടാക്കേണ്ട വിഭവമാണ് ഇത്!

ചേരുവകൾ

നെയ്മീൻ 600 ഗ്രാം

മഞ്ഞൾപ്പൊടി 2 ടീസ്പൂൺ

ഗരം മസാല 2 ടീസ്പൂൺ

നാരങ്ങാനീര് 2 ടീസ്പൂൺ

തൈര് 3 ടേബിൾ സ്പൂൺ

പാൽ/തേങ്ങാപ്പാൽ രണ്ടര കപ്പ്

ഉപ്പ് ആവശ്യത്തിന്

വെജിറ്റെബിൾ ഓയിൽ അര കപ്പ്

സവാള രണ്ട്

ഇഞ്ചി 2 ഇഞ്ച് വലിപ്പമുള്ളത്

വെളുത്തുള്ളി 6 അല്ലി

മല്ലി(സീഡ്) 4 ടീസ്പൂൺ

മുളകുപൊടി 2 ടീസ്പൂൺ

ആൽമണ്ട് 8 എണ്ണം

വിനിഗർ ഒരു ടേബിൾ സ്പൂൺ

കസ്കസ് 6 ടീസ്പൂൺ

കുരുമുളക് 2 ടേബിൾ സ്പൂൺ

മല്ലിയില അൽപം ആവശ്യമെങ്കിൽ

തയ്യാറാക്കുന്ന വിധം

മഞ്ഞൾപ്പൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ മിക്സ് ചെയ്ത് മീൻ കഷണങ്ങളിൽ പുരട്ടി 40 മിനിറ്റ് നേരം വയ്ക്കുക.

കസ്കസ് വെള്ളത്തിലിട്ട് തിളപ്പിക്കുക.

കസ്കസും സവാളയും വെളുത്തുള്ളിയും ഇഞ്ചിയും കുരുമുളകും മല്ലിയും ജീരകവും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ആൽമണ്ടും ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.

ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. മാരിനേറ്റ് ചെയ്ത മീൻ കഷണങ്ങൾ ഓരോന്നായി ഇടുക. ഒരു മിനിറ്റ് നേരം ഫ്രൈ ചെയ്തശേഷം അതേ പാനിൽ അരച്ച സവാള പേസ്റ്റ് ചേരുവയിട്ട് പച്ചമണം മാറും വരെ വഴറ്റുക.

ഇനി അതിൽ അടിച്ചുവച്ച തൈരും ഗരംമസാലയും ഉപ്പും ചേർക്കാം. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം.

ഇനി പാൽ ചേർത്ത് മീൻ ഗ്രേവിയിൽ ലോ ഫ്ളെയിമിൽ പാകം ചെയ്യുക. ഗ്രേവി കുറുകുമ്പോൾ ഗ്യാസ് ഓഫാക്കാം.

തുടർന്ന് മല്ലിയില വിതറി മുഗളായി ഫിഷ് കറി ചോറിനോ പുലാവിന് ഒപ്പമോ സർവ്വ് ചെയ്യാം.

 

കളർഫുൾ മസ്ക്കാരയിൽ വിരിയുന്ന മിഴിയഴക്

ഐ ലൈനറിനും ഐ ഷാഡോയ്ക്കും പുറമെ മിഴിയിണകൾക്ക് ഭംഗി പകരാൻ യെല്ലോ, ഗ്രീൻ, ബ്ലൂ, പിങ്ക് തുടങ്ങി വിവിധ ഷെയ്ഡുകളിലായി മസ്ക്കാരകളുടെ ഒരു കളക്ഷൻ തന്നെയുണ്ട്. പതിവായി ബ്ലാക്ക്, ട്രാൻസ്പേരന്‍റ് ഷെയ്ഡിലുള്ള മസ്ക്കാരയിട്ട് മടുത്തവർക്ക് കളർഫുൾ മസ്‌ക്കാര ട്രൈ ചെയ്‌ത് നോക്കാം. കളർഫുൾ ഷെയിഡുകൾ കണ്ണുകൾക്ക് വലിപ്പം തോന്നിക്കാനും ബ്രൈറ്റ് ലുക്ക് പകരാനും സഹായിക്കും. ബ്ലാക്ക് മസ്ക്കാരയെ അപേക്ഷിച്ച് കണ്ണുകളെ ഇത് ഒന്നു കൂടി സുന്ദരമാക്കും. മസ്ക്കാര തെരഞ്ഞെടുക്കുമ്പോൾ സ്വന്തം സ്കിൻ ടോണിനനുസരിച്ചുള്ള മസ്ക്കാര തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.

ബ്ലൂ മസ്ക്കാര

ഗ്രേ, ബ്രൗൺ അല്ലെങ്കിൽ ലൈറ്റ് ഗ്രീനിലുള്ള കണ്ണുകളാണെങ്കിൽ ബ്ലൂ ഷെയ്ഡിലുള്ള മസ്‌ക്കാര ബാഗിൽ കരുതാം. വിപണിയിൽ ബ്ലൂവിന്‍റെ  വിവിധതരം ഷെയിഡുകളിലുള്ള മസ്‌ക്കാര ലഭ്യമാണ്. ഉദാ: റോയൽ ബ്ലൂ, നേവി ബ്ലൂ, സി ബ്ലൂ മുതലായവ. ബ്ലൂവിന്‍റെ  ഇത്തരം ഷെയ്ഡുകൾ വെളുത്തവർക്ക് മാത്രമല്ല ഡാർക്ക്, മീഡിയം കോംപ്ലക്ഷനിലുള്ളവർക്കും ചേരും. ബ്ലൂ ഷെയിഡ് മസ്ക്കാര ഡേ പാർട്ടിക്കാണ് കൂടുതൽ ഇണങ്ങുക.

ഗ്രീൻ മസ്ക്കാര

ഡാർക്ക് ബ്രൗൺ ഷെയിഡിലുള്ള കണ്ണുകൾക്ക് ഗ്രീൻ ഷെയിഡിലുള്ള മസ്‌ക്കാര നന്നായി ഇണങ്ങും. സ്കിൻ ടോണിനനുസരിച്ച് ബ്ലൂവിനേ പോലെ തന്നെ ഗ്രീൻ ഷെയിഡ് എല്ലാ നിറക്കാർക്കും യോജിക്കും. ഗ്രീൻ മസ്ക്കാര ഹൈലൈറ്റ് ചെയ്ത് കാണണമെന്നുള്ളവർ ഗ്രീൻ മസ്ക്കാരയിടുമ്പോൾ അതിനൊപ്പം ഡാർക്ക് ഷെയിഡിലുള്ള ഐഷാഡോ അല്ലെങ്കിൽ ഐലൈനർ കൂടി പുരട്ടാൻ മറക്കരുത്. അല്ലെങ്കിൽ ഡാർക്ക് ഷെയിഡിന് മുന്നിൽ മസ്ക്കാരയ്ക്ക് മങ്ങിയ പ്രതീതിയാവും ഉണ്ടാവുക.

ബ്രൗൺ മസ്‌ക്കാര

ബ്ലാക്ക് മസ്ക്കാര ഉപയോഗിച്ച് ശീലിച്ചവർക്ക് കളർഫുൾ മസ്ക്കാരയിടാൻ മടി തോന്നുന്നുവെങ്കിൽ ബ്രൗൺ മസ്‌ക്കാരയിട്ട് തുടങ്ങാം. ബ്ലാക്ക് ഷെയ്ഡിനെ അപേക്ഷിച്ച് അൽപം ലൈറ്റാണിത്. ഇതിന് നാച്ചുറൽ ഇഫക്റ്റ് ഉണ്ടാകും. മീഡിയം, ഫെയർ കോംപ്ലക്ഷനിലുള്ള സ്ത്രീകൾക്കും ബ്രൗൺ കണ്ണുകൾ ഉള്ളവർക്കും ബ്രൗൺ ഷെയ്ഡിലുള്ള മസ്ക്കാര നന്നായി ഇണങ്ങും. ഡേ പാർട്ടിക്കും വിശേഷാവസരങ്ങളിലും ബ്രൗൺ മസ്ക്കാര ഇടാം. ഡേ ആന്‍റ് നൈറ്റിലും ഇത് ഉപയോഗിക്കാം.

ഗോൾഡൻ മസ്‌ക്കാര

നൈറ്റ് പാർട്ടി പോലുള്ള അവസരങ്ങളിൽ ഗ്രീൻ, ബ്ലൂ, പർപ്പിൾ തുടങ്ങിയ ഷെയ്ഡിലുള്ള മസ്ക്കാരയ്ക്ക് പകരം ഗോൾഡൻ ഷെയ്ഡിലുള്ള മസ്ക്കാര തെരഞ്ഞെടുക്കാം. ഇത് എല്ലാ കണ്ണുകൾക്കും ഇണങ്ങും. ഡാർക്ക് തുടങ്ങി മീഡിയം, ഫെയർ സ്കിൻ ടോണിലുള്ളവർക്കും ഗോൾഡൻ ഷെയിഡ് മസ്‌ക്കാര നന്നായി ഇണങ്ങും. പാർട്ടിയിലെ ആകർഷണ കേന്ദ്രമാകാൻ ഗോൾഡൻ ഷെയിഡ് മസ്‌ക്കാര വാനിറ്റി ബോക്‌സിൽ കരുതാം.

പർപ്പിൾ മസ്ക്കാര

ചെറിയ കണ്ണുകളുള്ളവർ വലിപ്പം തോന്നിക്കാൻ പർപ്പിൾ ഷെയിഡ് മസ്ക്കാര ടച്ച് ചെയ്യാം. ഗ്രീൻ, ബ്രൗൺ, ബ്ലൂ എന്നീ നിറങ്ങളിലുള്ള കണ്ണുകൾക്ക് ഇത് നന്നായി ഇണങ്ങും. പ്രത്യേകിച്ചും ഇതിന്‍റെ 3 ഷെയിഡുകള്‍ റോയൽ പർപ്പിൾ, പ്ലം, വയലറ്റ് എന്നിവ. സ്കിൻ ടോൺ ഡാർക്ക് ആയിട്ടുള്ളവർ പർപ്പിൾ ഷെയ്ഡിലുള്ള മസ്ക്കാര ടച്ച് ചെയ്യാം. ഫെയർ കോംപ്ലക്ഷനിലുള്ളവർക്ക് വയലറ്റ് ഷെയിഡും മീഡിയം കോംപ്ലക്ഷൻ ഉള്ളവർക്ക് പ്ലം ഷെയിഡും നന്നായി യോജിക്കും. നൈറ്റ് പാർട്ടിയെ അപേക്ഷിച്ച് ഡേ പാർട്ടിക്കാണ് പർപ്പിൾ ഷെയിഡ് മസ്‌ക്കാര നന്നായി യോജിക്കുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें