ലൈഫ് ഈസ് ബ്യൂട്ടിഫുൾ

ബുഷ്റ എന്ന പേരിന്‍റെ അർത്ഥം സന്തോഷവാർത്ത അറിയിക്കുന്നവൾ എന്നാണ്. ഈ ബുഷ്റയും അങ്ങനെ തന്നെ. സംസാരത്തിലും പെരുമാറ്റത്തിലും ആർക്കും സന്തോഷം തോന്നും. പക്ഷേ ബുഷ്റ അബ്ദു സ്വന്തം ജീവിതത്തിൽ സന്തോഷത്തെ തിരിച്ചു പിടിച്ചത് എത്ര എളുപ്പത്തിലല്ല. കഠിനമായ സങ്കടങ്ങളിൽ നിന്ന് സന്തോഷങ്ങളുടെ പൂക്കൂടാരത്തിലേക്ക് നിമിഷങ്ങളെ ശലഭങ്ങളെ പോലെ വലിച്ചടുപ്പിച്ചത് കഠിന പ്രയത്നം കൊണ്ടു മാത്രം.

ദാമ്പത്യത്തിൽ പ്രതിസന്ധികൾ മാത്രം അനുഭവിക്കേണ്ടി വന്ന വീട്ടമ്മയുടെ റോളിൽ നിന്ന് ഒരു യുവ സംരംഭകയുടെയും ബൈക്ക് റൈഡറുടെയും മേക്കപ്പ് ആർട്ടിസ്റ്റിന്‍റേയും റോളിലേക്ക് ബുഷ്റ കടന്നു വന്നത് ആത്മവിശ്വാസം ചേർത്തു പിടിച്ചാണ്. ഇളംകുളത്ത് ബുഷ്റാസ് മേക്കപ്പ് സ്റ്റുഡേിയോ നടത്തുകയാണ് ബുഷ്റ അബ്ദു.

ജീവിതം തിരിച്ചുപിടിച്ച വഴി

“ഞാൻ ചിറ്റേത്തുകരയിലെ ത്സാൻസി റാണിയാണ്” ഇങ്ങനെ ബുഷ്റ സ്വയം വിശേഷിപ്പിക്കാൻ ഇഷ്‌ടപ്പെടുമ്പോൾ അതൊരു തമാശയായി മാത്രമേ അവർ കരുതിയിട്ടുണ്ടാവൂ. എന്നാൽ ഒരു യുദ്ധം ജയിക്കുന്നതു പോലെ തന്നെയാണ് അവർ തന്‍റെ പ്രതിസന്ധികളെ മറികടന്നത്.

“ഡിഗ്രിക്കു പഠിക്കുമ്പോൾ വിവാഹിതയായി വർഷങ്ങൾക്കുള്ളിൽ മൂന്ന് കുട്ടികളുടെ അമ്മയുമായി. പിന്നീട് താളം തെറ്റിയ ദാമ്പത്യ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയതോടെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ട് ഞാൻ.”

“വാപ്പയും ഉമ്മയും മൂന്നു പെണ്മക്കളും അടങ്ങുന്ന കുടുംബം. ഞാനാണ് മൂത്ത പെൺകുട്ടി. വീട്ടിൽ ഞങ്ങൾ എല്ലാ സ്വാതന്ത്യ്രത്തോടെയുമാണ് വളർന്നത്. വാപ്പ അബദുവും ഉമ്മ റംലയും അക്കാര്യത്തിൽ വളരെ മുന്നിലായിരുന്നു. വീട്ടിൽ ഗ്യാസ് തീർന്നാൽ അതു മാറ്റിയിടാനും ഫ്യൂസ് പോയാൽ കെട്ടി ശരിയാക്കാനുമൊക്കെ ഞാൻ അന്നും ഇഷ്‌ടപ്പെട്ടിരുന്നു.”

ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞാൽ ആദ്യത്തെ രണ്ടു മാസമെങ്കിലും സ്ത്രീകൾ വളരെ സന്തോഷത്തോടെ ജീവിക്കും. എനിക്ക് പക്ഷേ വിവാഹത്തിന്‍റെ മൂന്നാം നാൾ മുതൽ തുടങ്ങിയ പ്രയാസങ്ങളാണ്. ഇതിനിടയിൽ മൂന്നു കുട്ടികളെ എനിക്ക് കിട്ടി എന്ന സന്തോഷം മാത്രം.

മറ്റുള്ളവരോട് സംസാരിക്കുന്നതു പോലും ഇഷ്‌ടമില്ലാത്ത ഒരാളോടൊപ്പമുള്ള ജീവിതം, ദുസ്സഹമായിരുന്നു. പിന്നീടൊരു ദിവസം ഞാൻ ആ ജീവിതം വേണ്ടെന്നു വച്ചു സ്വന്തം വീട്ടിലേക്കു മടങ്ങി. വീട്ടിൽ ഞാനും എന്‍റെ മൂന്നുമക്കളും കൂടി എത്തുമ്പോൾ വാപ്പയും ഉമ്മയും കഷ്ടപ്പെടുമല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. പക്ഷേ എന്‍റെ പാരന്‍റ്സ് ആണ് ഏറ്റവും വലിയ സപ്പോർട്ട്. അവളെ കൊള്ളില്ല എന്നു തോന്നുന്നെങ്കിൽ വിട്ടേക്ക് എന്നു ഭർതൃവീട്ടുകാരോട് പറഞ്ഞ് സ്വീകരിക്കാനുള്ള മനസ്സ് എന്‍റെ വാപ്പയും ഉമ്മയും കാണിച്ചു. ഒരു ജോലി കിട്ടിയിട്ട് വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് വാപ്പ വിവാഹത്തിന് മുമ്പും ചിന്തിച്ചിരുന്നു. പക്ഷേ അത് അന്ന് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇനി ഒരു ജോലി ഇല്ലാതെ പറ്റില്ല.

പുതിയ ജീവിതം

എന്‍റെ അനുജത്തിയുടെ ശ്രമത്തിൽ ഞാൻ കളർലാബ് എന്ന സ്‌ഥാപനത്തിൽ മാനേജർ ആയി ജോലിയിൽ കയറി. വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, ആൽബം മേക്കിംഗ് ഇങ്ങനെ ഞാൻ അറിയാത്ത ഒരു മേഖലയായിരുന്നു അതെങ്കിലും ആത്മവിശ്വാസത്തോടെ ഞാൻ ഏറ്റെടുത്തു. കുട്ടികളുടെ ഫീസ് അടയ്ക്കാനുള്ള പണമെങ്കിലും എനിക്ക് പണിയെടുത്തുണ്ടാക്കിയേ പറ്റൂ. അഞ്ചു വർഷത്തോളം അവിടെ ജോലി ചെയ്‌തു. ആ സമയത്താണ് സ്വന്തമായൊരു ബാങ്ക് അക്കൗണ്ട് പോലും ഞാൻ ഉണ്ടാക്കിയത്. ഇതിനിടെ രാവിലെ 7 മുതൽ 9.30 വരെ മോണിംഗ് ക്ലാസ്സിൽ ചേർന്നു പഠിച്ചു ഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു. ഡിഗ്രിക്കു പഠിക്കുന്ന സമയത്ത് സ്കിൻ ആന്‍റ് ഹെയർ ബ്യൂട്ടി ട്രീറ്റ്മെന്‍റ് സംബന്ധിച്ച് ഒരു കോഴ്സ് ചെയ്‌തിരുന്നു.

ഇഷ്ടപ്പെട്ട പ്രൊഫഷൻ

കുട്ടിക്കാലം മുതൽ മേക്കപ്പ് എനിക്ക് ഇഷ്‌ടമുള്ള വിഷയമായിരുന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ടീച്ചർ എന്‍റെ ബാഗു പരിശോധിച്ചപ്പോൾ പുറത്തെടുത്ത സാമഗ്രികൾ ഏതെന്നറിയുമോ? കണ്മഷിയും ലിപ്സ്റ്റിക്കും. അന്നു തൊട്ടേ ഞാൻ അറിയാതെ ഉള്ളിൽ കൊണ്ടു നടന്ന ആഗ്രഹമാണ് മേക്കപ്പ് ആർട്ടിസ്‌റ്റാവുക എന്നത്. പട്ടണം റഷീദിന്‍റെ മേക്കപ്പ് സ്റ്റുഡിയോയിൽ ചേർന്ന് മേക്കപ്പ് കോഴ്സും പഠിച്ചു. പിന്നീടാണ് ബുഷ്റാസ് മേക്കപ്പ് സ്റ്റുഡിയോ എന്ന സ്‌ഥാപനം തുടങ്ങിയത്.

ഫിലിം മേക്കപ്പ് എന്ന രീതിയിലേക്കൊന്നും ഇപ്പോൾ പോകാൻ താൽപര്യമില്ല. അർച്ചന കവി, രഞ്ജിനി ഇവർക്കൊക്കെ മേക്കപ്പ് ചെയ്‌തിട്ടുണ്ട്. വീഡിയോ ആൽബത്തിനു വേണ്ടിയും സൗന്ദര്യമത്സരങ്ങൾക്ക് വേണ്ടിയും മേക്കപ്പ് ചെയ്‌തിട്ടുണ്ട്. എന്നാൽ വീട്ടിൽ എല്ലാ ദിവസവും മടങ്ങിയെത്താൻ കഴിയുന്ന വർക്കുകൾ ആണ് ഇപ്പോൾ ചെയ്യുന്നത്. കാരണം എന്‍റെ കുട്ടികൾക്ക് ഇപ്പോൾ എന്‍റെ സാന്നിധ്യം ആവശ്യമാണ്.

ബ്രൈഡൽ മേക്കപ്പുകളിലാണ് ബുഷ്റ കൂടുതൽ ശ്രദ്ധിക്കുന്നത്. പരമ്പരാഗതമായി ലഭിച്ച സൗന്ദര്യ ചികിത്സാരീതി കൂടി ഉപയോഗിക്കുന്നുണ്ട് ബുഷ്റ. 7 മുതൽ 17 ദിവസം വരെ ചെയ്യാവുന്ന സൗന്ദര്യ ചികിത്സയാണ്. ഇത് വീട്ടിൽ ചെന്ന് ചെയ്‌തു കൊടുക്കും. സസ്യഭക്ഷണം മാത്രം കഴിച്ച്, പ്രാർത്ഥനയോടെയാണ് ഈ ട്രീറ്റ്മെന്‍റ് ചെയ്യിക്കുന്നത്. മുഖത്തെ പാടുകൾ മാറ്റാൻ സഹായിക്കുന്ന ഒരു സൗന്ദര്യക്കൂട്ട് തന്‍റെ പേരിൽ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ബുഷ്റ ഇപ്പോൾ.

ബൈക്ക് റൈഡിംഗ് പാഷൻ

ഇതിനിടയിൽ ബുഷ്റ കുട്ടിക്കാലം മുതൽ മനസ്സിൽ സൂക്ഷിച്ച ആ ആഗ്രഹവും സഫലീകരിക്കാനുള്ള ശ്രമങ്ങളിലാണ്. സ്പോർട്സ് ബൈക്ക് റൈഡർ ആവണം. ഡ്രൈവിംഗ് അറിയാമെങ്കിലും ഇതുവരെ സ്പോർട്സ് ബൈക്ക് ഓടിക്കാൻ ശ്രമിച്ചിരുന്നില്ല. ഇപ്പോൾ അതും സാധിച്ചു. ട്രംഫ് സ്പോർട്സ് ബൈക്കിൽ ബുഷ്റ പറക്കുന്നതു കണ്ടിട്ട് സ്വന്തം കുട്ടികൾ പോലും പറഞ്ഞു ഉമ്മ സൂപ്പറാണ്! ഉമ്മയുടെ ബൈക്ക് റൈഡിൽ ഏറ്റവും അഭിമാനം മകൻ മഹർ സെയിനിനാണ്.

bushra abdu

ഒരു ലേഡി റൈഡറെ കൂടി കിട്ടിയാൽ സ്പോർട്സ് ബൈക്കിൽ ഒരു യാത്ര ബൈക്ക് കമ്പനി ഓഫർ ചെയ്‌തിരിക്കുകയാണ്. 500 സിസിയുടെ ബൈക്ക് ഓടിച്ചു ശീലിച്ചതോടെ ഇനി ഏതു ബൈക്കും ഓടിക്കാൻ പറ്റും എന്ന വിശ്വാസമുണ്ട്. പൾസറും, ബുള്ളറ്റുമെല്ലാം ഓടിച്ചിട്ടുണ്ട് ബുഷ്റ. ഹൈവേ വഴിയുള്ള റൈഡിംഗ് ആവേശം തരും. കാണുന്നവരൊക്കെ ഇത് ഏതു വണ്ടി എന്ന മട്ടിൽ നോക്കുന്നതു തന്നെ രസമല്ലേ…

ബ്രൈഡൽ മേക്കപ്പിനൊപ്പം വിവാഹഫോട്ടോ വീഡിയോ വർക്കുകൾ കൂടി ബുഷ്റ ഏറ്റെടുത്തു നടത്താറുണ്ട്. മകൾ ഫാത്തിമ മെഹ്നാസ് മെഹന്ദി വർക്കും ചെയ്യും. ഫ്ളവേഴ്സ് ചാനലിനു വേണ്ടി മെഹന്ദി ചെയ്‌തിട്ടുണ്ട്. ഒരു മകൾ കൂടിയുണ്ട്. ഖദീജ മെഹ്റിൻ.

ജീവിതത്തിൽ നിന്ന് ഒരുപാട് പഠിച്ചും അനുഭവിച്ചും ഞാൻ ഇപ്പോൾ തന്‍റേടമുള്ള ഒരു സ്ത്രീയായി മാറിക്കഴിഞ്ഞു. പല രക്ഷിതാക്കളുടെയും ചിന്ത, പെൺകുട്ടിയെ ഒരാൾക്കു കല്യാണം കഴിച്ചു കൊടുത്താൽ അവിടെ അവരുടെ ഉത്തരവാദിത്തം തീർന്നു എന്നാണ്. സ്വന്തമായി സമ്പാദിച്ച് ജീവിക്കാൻ ആണിനെയും പെണ്ണിനെയും പ്രാപ്തമാക്കുന്നതിനാണ് അച്‌ഛനമ്മമാർ മുൻതൂക്കം നൽകേണ്ടത്. കഠിനാധ്വാനം ചെയ്യുക, അതിന്‍റെ ഫലം കിട്ടും. സ്നേഹം മാത്രം കൊടുക്കുക, ആ സ്നേഹം, എവിടെ നിന്നെങ്കിലുമൊക്കെ തിരിച്ചു കിട്ടും. ജീവിതത്തിൽ എങ്ങും തളരാതെ ബുഷ്റയെ മുന്നോട്ടു നയിക്കുന്ന സൂത്രവാക്യം ഇതുമാത്രമാണ്.

കൊറോണക്കാലത്ത് ഏഴു മാസം മേക്കപ്പ് സ്റ്റുഡിയോ അടച്ചിടേണ്ടി വന്നുവെങ്കിലും വീണ്ടും ശക്തിതമായി തിരിച്ചു വരാനും സാധിച്ചു.

യു ടേൺ

ഓഫീസ് തിരക്കുകൾ കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയ ഗിരീഷിന് വീട് അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ട് പ്രത്യേകിച്ചും യാതൊരു അസ്വസ്ഥതയും തോന്നിയില്ല. ഒരു പക്ഷേ ആ കാഴ്ച ശീലമായതിനാലാവാം അയാൾ അപ്പോഴെക്കെയും പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത് ഒരു ലേഖനത്തിൽ എഴുതിയ വരികൾ ഓർക്കുമായിരുന്നു.

“വീട്ടിലെ പുരുഷന്മാർ നല്ല ചൂടുള്ള ചപ്പാത്തി കഴിക്കണമെന്ന ആഗ്രഹം വെടിഞ്ഞാലേ ആ വീട്ടിലെ സ്ത്രീയ്ക്ക് വീട്ടിലെ ഉത്തരവാദിത്വങ്ങൾക്കൊപ്പം സ്വന്തം കരിയറിൽ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് വളരാനാവൂ.” ലേഖനത്തിലെ ഈ വരികളാണ് ഗിരീഷിനെ എപ്പോഴും ശാന്തനായിരിക്കാൻ സഹായിച്ചിരുന്നത്.

വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് ഗിരീഷിന് രൂപാലിയുടെ വീട്ടുകാരുമായി അടുക്കേണ്ടി വന്നത്. ആ സമയം മുതൽ തന്നെ രൂപാലിയുടെ ആധിപത്യ സ്വഭാവത്തെക്കുറിച്ചും സ്വതന്ത്രമായ കാഴ്ചപ്പാടിനെക്കുറിച്ചും ഗിരീഷിന് ഏറെക്കുറെ മനസ്സിലായി കഴിഞ്ഞിരുന്നു.

“എനിക്ക് എന്‍റെതായ കാഴ്ചപ്പാട് ഉണ്ട്. സ്വന്തമായ വഴിയും ഞാൻ അതിലൂടെ സഞ്ചരിക്കൂ.” സമാധാനപൂർണ്ണമായ ജീവിതത്തിന് തുല്യപദവി അലങ്കരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് അവളുടെ ഈ നിലപാടിലൂടെ അയാൾ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ഗിരീഷ് യാതൊരു പ്രശ്നങ്ങൾക്കും പഴികൾക്കും ഇടം കൊടുക്കാതെ സ്വയം വീട്ടുകാര്യങ്ങൾ കൈകാര്യം ചെയ്‌തു. കഴിയുന്നിടത്തോളം ഗിരീഷ് വീട്ടുജോലികൾ ചെയ്‌ത് ഭാര്യയെ സഹായിച്ചു.

രാവിലെ ഓഫീസിൽ പോകും മുമ്പെ വാഷിംഗ് മെഷീനിൽ മുഷിഞ്ഞ തുണിയൊക്കെ ഇട്ട് അലക്കിയെടുത്ത് വിരിക്കും. വീട്ടുവേലക്കാരി അവിധിയെടുക്കുന്ന ദിവസങ്ങളിൽ രൂപാലി വീട് വൃത്തിയാക്കുമ്പോൾ ഗിരീഷ് അടുക്കളയിൽ പാത്രങ്ങൾ കഴുകി അടുക്കി അടുക്കള ക്ലീനാക്കുന്ന ജോലി ഏറ്റെടുക്കും.

ഭക്ഷണം പാകം ചെയ്യാനായിരുന്നു ഗിരീഷിന് ഏറെ ബുദ്ധിമുട്ട് തോന്നിയിരുന്നത്. ഒരിക്കലും ഒറ്റയ്ക്ക് നിൽക്കാത്തതിനാൽ വീട്ടിൽ അമ്മയായിരുന്നു ഭക്ഷണം പാകം ചെയ്‌തിരുന്നത്. പക്ഷേ ജോലി കിട്ടി മറ്റൊരു നഗരത്തിലെത്തിയതോടെ ഓഫീസ് കാന്‍റീനും ഹോട്ടലുമൊക്കെയായി ആശ്രയം. അതുകൊണ്ട് പാചകം ചെയ്‌തുള്ള ശീലം ഗിരീഷിന് ഇല്ലായിരുന്നു. അതിനിടെയാണ് കല്യാണമൊക്കെ കഴിഞ്ഞ് വീടിന്‍റെ സുഖസൗകര്യങ്ങളിലേക്ക് മാറിയത്.

വീട്ടിൽ വന്നയുടനെ ഗിരീഷ് ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. അതിനു ശേഷം ചിതറി കിടന്ന പാത്രങ്ങളും പുസ്തകങ്ങളും അടുക്കി ടീപ്പോയിൽ വച്ചു. കിടക്കയിലും കസേരയിലുമായി ചിതറി കിടന്ന രാവിലെ മാറിയ വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് ലോൺട്രിയിൽ നിക്ഷേപിച്ചു. കിടക്കവിരി കുടഞ്ഞ് ചുളിവില്ലാതെ വിരിച്ചിട്ടു. രൂപാലി അപ്പോഴും ഓഫീസിൽ നിന്നും മടങ്ങിയെത്തിയിരുന്നില്ല. ജോലിക്കാരിയും ഇന്ന് വന്നിട്ടില്ല. രാവിലെ അത്യാവശ്യ ജോലികൾ മാത്രം ചെയ്‌ത് തീർത്ത് രണ്ടുപേരും ഓഫീസിലേക്ക് പോവുകയാണ് ഉണ്ടായത്.

“ഗിരി എപ്പോഴാ എത്തിയത്? ഇന്ന് ഞാൻ അൽപം വൈകി,” വീട്ടിൽ പ്രവേശിച്ചയുടനെ രൂപാലി അദ്ഭുതത്തോടെ പറഞ്ഞു.

“ഞാനും എത്തിയതേയുള്ളൂ. ഏകദേശം 15 മിനിറ്റായി കാണും.” ഗിരീഷ് സാധനങ്ങൾ അടുക്കിവച്ച് പറഞ്ഞു.

“ഇന്ന് ഞങ്ങളുടെ ടീമിൽ വീണ്ടും തർക്കമുണ്ടായി. അതുകൊണ്ടാ ഞാൻ ലേറ്റ് ആയത്. ഓഫീസിലെ സജിത്തില്ലേ അവൻ പറയുവാ സ്ത്രീകൾ ഒന്ന് ചിരിച്ചു കാണിച്ചാൽ മാത്രം മതി പ്രൊമോഷൻ കിട്ടുമെന്ന്. ഒട്ടും പ്രയാസമില്ലെന്ന്. പിന്നെ ഞാൻ വിട്ടുകൊടുക്കുമോ. അവനെ കണക്കിന് പറഞ്ഞു. ഈ പുരുഷന്മാർ സ്വയം എന്താ ധരിച്ച് വച്ചിരിക്കുന്നത്. ഞങ്ങൾ സ്ത്രീകളും അവരെപ്പോലെ കഷ്ടപ്പെട്ട് പഠിച്ചല്ലേ ജോലി നേടുന്നത്. മത്സര പരീക്ഷകളിലൊക്കെ അവരെപ്പോലെ കഷ്ടപ്പെട്ട് തന്നെയാ ജോലി നേടുന്നത്. കഠിനമായി പരിശ്രമിച്ച് തന്നെയാണ് ജോലിയിലും കഴിവ് തെളിയിക്കുന്നത്. അത് മാത്രമല്ല മറിച്ച് ഞങ്ങൾക്ക് മുന്നേറാൻ കുറേക്കൂടി അദ്ധ്വാനിക്കേണ്ടി വരുന്നുണ്ട്. ഗിരി ഗ്ലാസ് സീലിംഗിനെ പറ്റി കേട്ടിട്ടുണ്ടോ.”

“നീ ഗ്ലാസ് സീലിംഗിനെ അംഗീകരിക്കുന്നുണ്ടോ?”

“എനിക്കതിന്‍റെ ആവശ്യമില്ല. കാരണം ഞാൻ ശക്‌തയായ സ്ത്രീയാണ്. അബലയല്ല. എന്നെ ജയിക്കാൻ ഒരു പുരുഷനും കഴിയില്ല.”

“പാവം ഈ പുരുഷനോട് ക്രൂരത കാട്ടല്ലേ ഡാർളിംഗ്. നീ എന്തെങ്കിലും ഉണ്ടാക്കി തരാമോ? എനിക്ക് വിശക്കുന്നു.” ഗിരീഷിന് സഹിക്കാനാവാത്ത വിശപ്പ് തോന്നി.

“ഞാനും ഗിരീഷിനെപ്പോലെ ജോലി ചെയ്‌തിട്ടല്ലേ ഓഫീസിൽ നിന്നും വരുന്നത്. നിങ്ങളെപ്പോലെ തന്നെ ക്ഷീണിച്ച് എന്നിട്ടാണോ… ഇങ്ങനെ…”

“എന്ത് ചെയ്യാനാ, ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ എനിക്ക് നിന്നെ ആശ്രയിച്ചേ പറ്റൂ. അതുകൊണ്ടല്ലേ മെയിഡ് വരാത്തപ്പോൾ ഞാൻ മറ്റ് ജോലികളൊക്കെ ചെയ്യുന്നത്. നിന്നോട് ഞാൻ അനീതി കാണിക്കുകയാണെന്ന് വിചാരിക്കരുത്. കഴിക്കാൻ ഉപ്പ് മാവായാലും മതി.”

രൂപാലി നേരിയൊരു നീരസത്തോടെ തിടുക്കപ്പെട്ട് ഉപ്പ്മാവ് തയ്യാറാക്കി. മുമ്പൊക്കെ ഗിരീഷ് എന്തെങ്കിലും കഴിക്കാൻ ആവശ്യപ്പെടുമ്പോൾ ഹോട്ടലിൽ ഓർഡർ നൽകി എന്തെങ്കിലും വാങ്ങിക്കുമായിരുന്നു. പക്ഷേ അപ്പോഴൊക്കെ ഗിരീഷിന്‍റെ വയറിന് അസുഖം പിടിപ്പെടുന്നത് മാത്രവുമല്ല ഗിരീഷ് വൃത്തി ഭ്രാന്തനായിരുന്നു. എന്നാൽ രൂപാലി നേരെ മറിച്ചും. എന്തെങ്കിലും വസ്‌തു അലങ്കോലമായി കിടന്നാലും അതൊന്നും അവളെ തെല്ലും അലട്ടിയിരുന്നില്ല. ഭക്ഷണം കഴിക്കുന്ന സമയത്ത് ടേബിളിൽ വച്ചിരിക്കുന്ന വസ്‌തുക്കൾ എടുത്ത് സോഫയിൽ വയ്ക്കും. സോഫയിൽ ഇരിക്കാൻ പോകുമ്പോൾ ആ സാധനങ്ങളെക്കെ എടുത്ത് തിരിച്ച് ടേബിളിലും വയ്‌ക്കും.

ഗിരീഷ് ഇതിനെ എതിർക്കുമ്പോഴൊക്കെ രൂപാലി ഉടനടി പറയും.

“ഗിരിയ്ക്ക് ഇതൊക്കെ കാണുമ്പോൾ ദേഷ്യം വരുന്നുണ്ടെങ്കിൽ സ്വയമെടുത്ത് മാറ്റി വച്ചോ. ഞാനും നിങ്ങളെപ്പോലെ കഷ്‌ടപ്പെട്ട് ജോലി ചെയ്‌താ വരുന്നത്. ആഫ്റ്റർ ഓൾ സമത്വത്തിന്‍റെ കാലമാണല്ലോ ഇപ്പോൾ.” അതോടെ ഗിരീഷ് നിശബ്ദത പാലിക്കും.

ഒരിക്കൽ ഗിരീഷിന്‍റെ അമ്മ അവരെ സന്ദർശിക്കാൻ വന്ന സമയത്തും ഇരുവർക്കുമിടയിൽ ഇതുപോലെ തർക്കമുയർന്നു. ഏറെ നേരമായുള്ള വാഗ്വാദം കേട്ട് അമ്മയ്ക്കും ഇടപെടേണ്ടി വന്നു.

“സമത്വം നല്ല കാര്യം തന്നെ. അങ്ങനെ തന്നെയാണ് വേണ്ടതും. പക്ഷേ സമൂഹത്തെ നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ ചില ജോലികൾ സ്ത്രീകളും മറ്റ് ചിലത് പുരുഷന്മാരും ചെയ്യണം. ഉദാ: ഗൃഹപരിപാലനം, ഭക്ഷണം പാകം ചെയ്യൽ സ്ത്രീകൾക്കേ തന്മയത്വത്തോടെ ചെയ്യാനാവൂ. എന്നാൽ വീടിന് പുറത്തുള്ള ജോലി പുരുഷനും ചെയ്യാം. എന്നാൽ രൂപാലിയ്‌ക്ക് അമ്മയുടെ അഭിപ്രായത്തോട് യോജിക്കാനായില്ല. അതുകൊണ്ട് അവളത് കേട്ടതായി പോലും നടിച്ചില്ല.

എന്തിനേറെ കിടപ്പറയിൽ അയാൾ അവളെ പ്രണയപുരസ്സരം കെട്ടിപിടിച്ചാലും അവളിലെ ഫെമിനിസ്‌റ്റ് വീറോടെ എതിർത്തു തുടങ്ങും.

“ഗിരി, ഞാൻ തുടക്കമിടുന്നതു വരെ കാത്തിരിക്കാൻ വയ്യേ?”

“ഞാനതിന് ബലപ്രയോഗമൊന്നും ചെയ്യുന്നില്ലല്ലോ. നിനക്ക് താൽപ്പര്യമില്ലെങ്കിൽ വേണ്ട.”

“എന്നോട് അങ്ങനെ ആർക്കും ബലം പ്രയോഗിക്കാനൊന്നും കഴിയില്ല. നിങ്ങൾക്കും അതെ.”

“ഞാനും അതെ പറഞ്ഞുള്ളൂ രൂപ. നിർബന്ധിക്കാൻ എനിക്കിഷ്ടമല്ലെന്ന്. ഇതിൽ തർക്കിക്കാനുള്ള കാര്യമൊന്നുമില്ലല്ലോ?” രൂപാലി അനാവശ്യമായി വാദിക്കുന്നത് കേട്ട് ഗിരീഷിന് ഉള്ളിൽ ദേഷ്യം തോന്നി.

ഏതാനും മാസങ്ങൾക്കുശേഷം രൂപാലിയുടെ അമ്മ അവർക്കൊപ്പം കുറച്ച് ദിവസം താമസിക്കാനായി വന്നു. മകളുടെ കുടുംബ ജീവിതം കണ്ട് അവർ സന്തുഷ്ടയായി. എന്നാലും അമ്മയ്ക്ക് മുന്നിൽ ഗിരീഷിനും രൂപാലിക്കുമിടയിൽ സ്ത്രീ പുരുഷ സമത്വത്തെ ചൊല്ലിയുള്ള പൊട്ടിതെറികൾ പതിവു പോലെ ഉണ്ടായി കൊണ്ടിരുന്നു. ഇതിനിടെ ഗിരീഷിന് ഔദ്യോഗികാവശ്യത്തിനായി ടൂർ പോകേണ്ടി വന്നു. പെട്ടെന്നുള്ള തീരുമാനമായതിനാൽ ഗിരിഷ് രൂപാലിയെ ഫോൺ ചെയ്‌ത് തനിക്കുള്ള ഡ്രസ്സ് ബാഗിൽ എടുത്തു വയ്‌ക്കാൻ ആവശ്യപ്പെട്ടു.

“ഓഹോ… ഓർഡർ തന്നാൽ മതിയല്ലോ. ഞാനെന്താ വെറുതെ ഇരിക്കുകയാണോ ഇവിടെ? തന്നെത്താൻ ചെയ്‌താലെന്താ? എനിക്കും എന്‍റേതായ ജോലിയുണ്ട്. നാളെ പോകണമെന്നുണ്ടെങ്കിൽ ഓഫീസിൽ നിന്നും വൈകുന്നേരം നേരത്തെ ഇറങ്ങിയാൽ പോരെ. കല്യാണത്തിന് മുമ്പും സ്വന്തം ജോലി മറ്റുള്ളവരെ കൊണ്ടാണോ ചെയ്യിച്ചിരുന്നത്.”

“എന്താ രൂപാലി നീയിങ്ങനെ? നീ അവന്‍റെ ഭാര്യയല്ലേ? കുടുംബ ജീവിതമാകുമ്പോൾ ഭാര്യയും ഭർത്താവും എല്ലാ കാര്യങ്ങളും പങ്കുവച്ച് ജീവിക്കണം. അതിൽ വിട്ടുവീഴ്ചയൊക്കെ വേണം. നീ അവന്‍റെ കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽ പിന്നെ ആര് ചെയ്യും? അങ്ങനെ അവനവന്‍റെ കാര്യം മാത്രം നോക്കി ജീവിച്ചാൽ മതിയായിരുന്നുവെങ്കിൽ കല്യാണം കഴിക്കേണ്ടതിന്‍റെ ആവശ്യമൊന്നുമില്ലല്ലോ? ഞാനെന്തിനാ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് അത് ഗിരീഷിന് ചെയ്തു കൂടെയെന്ന് നാളെ നീ ചോദിക്കില്ലെന്ന് ആര് കണ്ടു” രൂപാലിയുടെ അമ്മയ്ക്ക് അവളുടെ നിലപാടിനോട് യോജിക്കാനായില്ല.

“അമ്മ ഗിരീഷിന്‍റെ അമ്മയെ പോലെ സംസാരിക്കല്ലേ,” രൂപാലിയ്ക്ക് അമ്മയുടെ സംസാരം കേട്ട് ദേഷ്യം വന്നു. അതോടെ അമ്മ വാത്സല്യപൂർവ്വം രൂപാലിയുടെ മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു.

“മോളെ, അമ്മയായാലും അമ്മായിയമ്മയായാലും ശരി മക്കളുടെ നന്മ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ. നല്ലത് മാത്രമേ പറയൂ. കുറേ ജീവിതാനുഭവത്തിന്‍റെ വെളിച്ചത്തിലാണ് പറയുന്നത്. മക്കൾക്ക് അറിയാത്ത കാര്യം അമ്മമാർ പറഞ്ഞുതരും.”

“പക്ഷേ അമ്മേ, ഗിരീഷ് പഠിച്ചത്രയും ഞാനും പതിച്ചിട്ടുണ്ട്. ഗിരീഷിന്‍റെ ജോലി പോലെ തന്നെ കഠിനമാണ് എന്‍റെ ജോലിയും. പിന്നെ എന്തിന് ഞാൻ മാത്രം കുടുംബകാര്യവും നോക്കണം. പിന്നെ ഞാനൊരു ഫെമിനിസ്‌റ്റാണെന്ന കാര്യം അമ്മയ്ക്ക് അറിയാമല്ലോ.”

“നീ പരിധി വിടുകയാണ് രൂപാലി എല്ലാ കാര്യത്തിലും പുരുഷനെ എതിർക്കുകയെന്നതല്ല സ്ത്രീവാദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള ഹൃദ്യമായ ബന്ധം കൊണ്ടാണ് കുടുംബ ജീവിതം സുഖകരമാകുക. ഗിരീഷിന് പറ്റുന്ന രീതിയിൽ നിന്നെ സഹായിക്കാറില്ലേ. നിനക്ക് ചെയ്യാനുള്ളത് നീയും ചെയ്യണം.”

പക്ഷേ അമ്മ പറഞ്ഞ കാര്യങ്ങളൊക്കെ രൂപാലിയെ സംബന്ധിച്ച് അർത്ഥശൂന്യങ്ങളായ വാക്കുകളായിരുന്നു.

വിവാഹം കഴിഞ്ഞ് ഏറെക്കുറെ ഒരു വർഷമായതോടെ ഗിരീഷ് രൂപാലിയുടെ സ്വഭാവത്തിനനുസരിച്ച് സ്വയം മാറ്റിയെടുത്തു കൊണ്ടിരുന്നു. ഗിരീഷിന് രൂപാലിയെ ജീവനായിരുന്നു. ഭാര്യ എപ്പോഴും സന്തോവതിയായിരിക്കണം എന്ന് മാത്രമേ അയാൾ ചിന്തിച്ചിരുന്നുള്ളൂ. സ്ത്രീ സമത്വം എന്നത് ആപ്തവാക്യമാക്കിയെടുത്ത രൂപാലിയുടെ സ്വഭാവമാകട്ടെ തെല്ലിട മാറിയില്ല.

ഒരിക്കൽ ഗിരീഷിന്‍റെ ഏതാനും സുഹൃത്തുക്കൾ ഗിരീഷിനെ കാണാനായി വീട്ടിൽ വന്നു. അവരുടെ സംസാരത്തിൽ സ്‌ഥലം മാറി വന്ന പുതിയ ബോസും വിഷയമായി മാറി. “എന്താണെന്ന് അറിയില്ല, അവർ ഭയങ്കര ധിക്കാരിയാണ്. എന്ത് പറഞ്ഞാലും വളരെ ദേഷ്യത്തിലായിരിക്കും. അവരുടെ റിയാക്ഷൻ അറോഗന്‍റ് ലേഡി.”

ഗിരീഷിന്‍റെ സഹപ്രവർത്തകരിൽ ഒരാളായ വിജയിയുടെ അഭിപ്രായം കേട്ട് രൂപാലിയുടെ ഭാവം മാറി.

“നിങ്ങൾ പുരുഷന്മാർക്ക് ഏതെങ്കിലും സ്ത്രീ ബോസായി വന്നാൽ അവരെ അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടാണ് അല്ലേ? ആ സ്‌ഥാനത്ത് ഏതെങ്കിലും പുരുഷനായാൽ ഒരു കുഴപ്പവുമില്ല. പക്ഷേ സ്ത്രീയായാൽ പിന്നെ പറയണ്ട പുരുഷന്മാർ അവരുടെ കുറ്റം പറയും പരിഹസിക്കും. വർക്ക് റിലേഷൻഷിപ്പു പോലും ഉണ്ടാവില്ല.”

“അയ്യോ ചേച്ചി എന്താ ഈ പറയുന്നത്?” വിജയിയുടെ മുഖം വിളറി വെളുത്തു.

“രൂപാലി നീ ഇതെന്ത് അറിഞ്ഞിട്ടാ പറയുന്നത്. നിനക്ക് ഞങ്ങളെയെല്ലാം അറിയാമല്ലോ. പക്ഷേ ഞങ്ങളുടെ പുതിയ ബോസിനെ നിനക്കറിയാമോ? എന്നിട്ടും നീ അവരെപ്പറ്റി പുകഴ്‌ത്തി സംസാരിക്കുകയാണോ?” രൂപാലിയുടെ പെട്ടെന്നുള്ള പ്രതികരണം കേട്ട് ഗിരീഷ് വല്ലാതെ പരിഭ്രമിച്ചു പോയി.

രൂപാലിയുടെ മനസ്സിലുള്ള അനാവശ്യമായ പുരുഷ വിദ്വോഷമാണെന്ന് അതോടെ ഗിരീഷിന് മനസ്സിലായി. പുരുഷന്മാർ ഒന്നടങ്കം സ്ത്രീകളുടെ ശത്രുക്കളാണെന്ന അന്ധമായ വിശ്വാസമാണ് അവളെ നയിക്കുന്നത് അതു കൊണ്ടാണ് സ്ത്രീ സമത്വം എന്ന പേരും പറഞ്ഞ് വീട്ടുജോലികൾ വരെ അവൾ തരംതിരിച്ച് നിർത്തിയിരുന്നത്.

അന്ന് രാത്രി ഗിരീഷും രൂപാലിയും പുറത്ത് ഡിന്നർ കഴിക്കാനായി പോയി. ഭക്ഷണം കഴിച്ച ശേഷം അവർ കാറിൽ മടങ്ങവെ രണ്ട് മൂന്ന് ബൈക്കുകളിലായി വന്ന ഒരു സംഘം കാറിനെ പിന്തുടരുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ഏകദേശം 3 ബൈക്കുകളിലായി 6-7 യൂവാക്കളാണ് ഉണ്ടായിരുന്നത്. കാറിന് പിന്നിൽ എത്തുമ്പോൾ യുവാക്കൾ ഉച്ചത്തിൽ കൂവികൊണ്ടിരുന്നു.

“ഞാൻ നേരത്തെ പറഞ്ഞതാ ഇതുവഴി പോകരുതെന്ന്. ഷോർട്ട് കട്ട്? കണ്ടില്ലേ ഇപ്പോൾ? രൂപാലിയുടെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു.

“എന്ത് കണ്ടുവെന്നാ? ഒന്നുമില്ല. എന്തിനാ നീ പേടിക്കുന്നത്? ആഫ്റ്റർ ഓൾ സമത്വത്തിന്‍റെ കാലമല്ലേ.” ഗിരീഷിന്‍റെ പ്രതികരണം കേട്ടതോടെ രൂപാലിയുടെ മുഖം വിളറി വെളുത്തു. അവൾ അടിക്കടി ആവർത്തിച്ചിരുന്ന കാര്യം ഗിരീഷിനെ എത്രമാത്രം വേദനിപ്പിച്ചിരുന്നുവെന്ന് അന്നവൾ ആദ്യമായി മനസ്സിലാക്കുകയായിരുന്നു.

അപ്പോഴെക്കും രൂപാലി ആകെ അസ്വസ്ഥയായി. “ഗിരീഷ് നിങ്ങളെന്‍റെ ഭർത്താവാണ്.” എന്‍റെ സംരക്ഷിക്കേണ്ട ചുമതലയും ഉത്തരവാദിത്തവും നിങ്ങൾക്കാണ്. എന്‍റെ സുരക്ഷിതത്വം നിന്‍റെ കൈകളിലാണ്. നീ നിന്‍റെ കർത്തവ്യത്തിൽ നിന്നും പിന്നോട്ട് മാറരുത്.”

ഗിരീഷ് മറുപടിയൊന്നും പറയാതെ കാർ അതിവേഗം പായിച്ച് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടു നിർത്തി. അപ്പോഴെക്കും ബൈക്കുകളിൽ പിന്തുടർന്നിരുന്നവർ എങ്ങോട്ടോ അപ്രത്യക്ഷമായി. തുടർന്ന് വീട്ടിലെത്തിയ അവർ രക്ഷപ്പെട്ട ആശ്വാസത്തിൽ ദീർഘ നിശ്വാസമുതിർത്തു. പക്ഷേ രണ്ടുപേരും ഒരക്ഷരം പോലും സംസാരിക്കാതെ യാന്ത്രികമായി അവരവരുടെ ജോലികളിൽ മുഴുകി. ഗിരീഷ് നിശബ്ദത പാലിച്ചു കൊണ്ട് തനിക്ക് പിറ്റേ ദിവസം പോകാനുള്ള ഫയലുകളും മറ്റും അടുക്കി വച്ചു.

രൂപാലിയ്ക്ക് സ്വയം ചിന്തിക്കാനുള്ള അവസരം മന:പൂർവ്വം ഒരുക്കുകയായിരുന്നു ഗിരീഷ്. രൂപാലിയും നിശബ്ദയായിരുന്നു. കഥ വലിയൊരാഘാതത്തിൽ അകപ്പെട്ടിരിക്കുകയായിരുന്നു അവൾ. തന്‍റെ ദൗർബല്യത്തെക്കുറിച്ച് സ്വയം പറയേണ്ടി വന്നതിലുള്ള ഇച്‌ഛാഭംഗത്തിലായിരുന്നു രൂപാലി.

പിറ്റേന്ന് രാവിലെ ഗിരീഷ് തയ്യാറായി ഓഫീസിലേക്ക് പുറപ്പെട്ടു. പിന്നാലെ രൂപാലിയും തന്‍റെ ഓഫീസിലേക്ക് പോയി. കമ്പ്യൂട്ടറിൽ ഇമെയിൽ പരിശോധിക്കുന്നതിനിടെ അവൾക്ക് ഗിരീഷിന്‍റെ ഇമെയിൽ സന്ദേശമെത്തി.

“രൂപാലി,

എന്നെ മനസ്സിലാക്കുക. സ്ത്രീയെ രണ്ടാം കിടയായി കാണുന്ന ഒരു വ്യക്‌തിയേയല്ല ഞാൻ. നിന്നെപ്പോലെ തന്നെ സ്ത്രീ പുരുഷ സമത്വത്തിൽ വിശ്വസിക്കുന്നയാളാണ് ഞാൻ എന്നു മാത്രമല്ല പുരുഷനുള്ളതു പോലെ സ്ത്രീക്കും എല്ലാ അവകാശവും അധികാരവുമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. പുരുഷൻ നൽകുന്ന ഔദാര്യവുല്ല അത്. അതുകൊണ്ടാണല്ലോ ഞാൻ നിന്നെ ഇത്രയധികം സ്നേഹിക്കുന്നതും പരിപാലിക്കുന്നതും. ഇനിയും അത് തുടരും. എന്‍റെ മരണം വരെ.

പക്ഷേ നിന്‍റേത് വ്യർത്ഥമായ നിലപാടാണ്. എല്ലാ പുരുഷന്മാരേയും ശത്രുക്കളായി കാണുന്നതാണ് നിന്‍റെ മനോഭാവം. ഒന്ന് മനസ്സിലാക്കുക. സ്ത്രീയും പുരുഷനും പരസ്‌പര പൂരകങ്ങളായ ഘടകങ്ങളാണ്. സ്ത്രീയില്ലെങ്കിൽ പുരുഷനില്ല. പുരുഷനില്ലെങ്കിൽ സ്ത്രീയും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും രണ്ടുപേരും വേണം.

പക്ഷേ നമ്മുടെ വീട്ടിൽ സംഭവിക്കുന്നതെന്താണ്? വികലമായ കാഴ്ചപ്പാടിന്‍റെ പേരിൽ നീ അവകാശവും അധികാരവും ഉറപ്പിക്കുകയല്ലേ? അതും ഒരു വാശിപ്പോലെ. വാശിയുടെ ആവശ്യമുണ്ടോ, നമുക്കിടയിൽ? വിലപ്പെട്ട വ്യക്‌തിയായല്ലേ ഞാൻ നിന്നെ കാണുന്നത്. മറ്റൊന്ന് സ്ത്രീ കഴിവുള്ളവൾ തന്നെയാണ്.

എല്ലാ കാര്യത്തിലും പുരുഷനെപ്പോലെ അല്ലെങ്കിൽ അതിലുമേറെ അവൾക്ക് കഴിവ് പ്രദർശിപ്പിക്കാൻ പറ്റും. എങ്കിലും ഇവർ രണ്ടു പേർക്കും ജനിതകപരമായ ചില ധർമ്മങ്ങളും ദൗർബല്യങ്ങളുമില്ലേ. പരസ്‌പരം സ്നേഹിക്കുന്നതിന് വിട്ടുവീഴ്ച ചെയ്യുന്നതിന് എന്തിനാണ് ഈ പിടിവാശി കാട്ടുന്നത്. ജീവിതത്തിലെ നല്ല നിമിഷങ്ങളെ കൊല്ലുന്നത്.

എന്ന് നിന്‍റെ സ്വന്തം

ഗിരി

അന്ന് വൈകുന്നേരം ഓഫീസിൽ നിന്നെത്തിയ ഗിരീഷ് വീടിനകത്തെ പതിവില്ലാത്ത കാഴ്ച കണ്ട് അദ്ഭുതപ്പെട്ടു. എന്നും അലങ്കോലമായി കിടക്കുന്ന വീട് ഇന്ന് മൊത്തത്തിൽ ചിട്ടയായിരിക്കുന്നു.

എല്ലാ വസ്‌തുക്കളും അതാതിടത്ത് ഭംഗിയായി വച്ചിരിക്കുന്നു. നിലം അടിച്ച് വാരി തുടച്ചിരിക്കുന്നു. ഫ്ളവർ പോട്ടിൽ ഫ്രഷ് പൂക്കൾ. തീൻമേശയിൽ നല്ല ചൂടൻ പൂരിയും മസാലയും ഗ്ലാസ് ബൗളിൽ അടച്ച് വച്ചിരിക്കുന്നു.

അടുക്കളിയിൽ നിന്നും പുഞ്ചിരിയോടെ ഇറങ്ങി വന്ന രൂപാലി തെല്ലൊരു ലജ്‌ജയോടെ എന്നാൽ അൽപം ഗമയോടെ അയാളെ നോക്കി. താൻ സ്വപ്നം കാണുകയാണോ അതോ ഇതെല്ലാം യാഥാർത്ഥ്യമാണോ എന്നറിയാതെ ഗിരീഷ് അവളെ തന്നെ നോക്കിയിരുന്നു.

ഒടുവിൽ അയാൾ വലിയൊരു പുഞ്ചിരിയോടെ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. അവളത് കാത്തിരിക്കുകയായിരുന്നു.

“ഞാനെന്‍റെ ജോലി ചെയ്‌തു. ഇനി ഗിരിയുടെ ഊഴമാണ്” അവളുടെ മുഖത്ത് വിജയിയുടെ ഭാവമായിരുന്നു അപ്പോൾ.

എല്ലാം പെയ്തൊഴിഞ്ഞതുപോലെ അയാൾ അവളെ ഇറുകെ പുണർന്നു നിന്നു.

ഉളുപ്പൂണി വാഗമണ്ണിലെ സ്വർഗം

ഏഷ്യയുടെ സ്കോട്ട്ലാന്‍റ് എന്നറിയപ്പെടുന്ന വാഗമൺ കാണണമെന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് നാളുകളായെങ്കിലും അവസരം ഒത്തുവന്നത് അടുത്തിടെയാണ്. എല്ലാറ്റിനും അതിന്‍റെ സമയമുണ്ടല്ലോ ദാസാ… എന്നു പറയുന്നതു വെറുതെയാണോ? തൊടുപുഴ വഴിയും പാല വഴിയും വാഗമൺ എത്താം. പാല വഴി പോകേണ്ട ആവശ്യം വന്നതിനാൽ വാഗമണിലേക്കുള്ള യാത്രയ്ക്ക് ആ റൂട്ട് ആണ് തെരഞ്ഞെടുത്തത്.

മനോഹരമായ ശാന്തമായ മാലിനീകരിക്കപ്പെടാത്ത ഒരു പ്രദേശത്ത് ഒരു ദിവസം ചെലവഴിക്കുക എന്ന മിതമായ ആഗ്രഹം മാത്രമേ ആ യാത്രയിൽ ഉണ്ടായിരുന്നുള്ളൂ. പട്ടു പോലെയുള്ള പുൽത്തകിടികളും കുന്നിൽ നിന്ന് മറ്റൊരു കുന്നിലേക്ക് ആകാശം തൊട്ടുരുമിപ്പറക്കുന്ന പാരാഗ്ലൈഡർമാരെയും ആണ് വാഗമണ്ണിനെ കുറിച്ച് അവിടെ പോകും വരെ ആകെ അറിയാവുന്ന കാര്യങ്ങൾ. പക്ഷേ കാത്തിരുന്നത് വിസ്മയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. വെറും കാഴ്ചകൾ എന്നു പറഞ്ഞാൽ യാത്രയുടെ ഒരിത് നഷ്ടമാകും. വാഗമണ്ണിലെ പ്രകൃതി അനുഭവിച്ച് തന്നെ അറിയണം.

അത്ര പരിചയമില്ലാത്ത വഴികളായതിനാൽ ഗൂഗിൾ മാപ്പ് സെറ്റ് ചെയ്‌തു വച്ചായിരുന്നു ഞങ്ങളുടെ യാത്ര. ഇടയ്ക്കൊക്കെ ഗൂഗിൾ ചേച്ചി വഴി തെറ്റിച്ച് കുറച്ചൊന്നു വളഞ്ഞു സഞ്ചരിച്ചെങ്കിലും വാഗമണ്ണിലേക്കുള്ള വഴിയിലൂടെ ഞങ്ങൾ അനായാസമെത്തിച്ചേർന്നു.

വാഗമൺ എത്തുന്നതിനു മുമ്പ് റോഡരികിൽ അത്ര തിരക്കില്ലാതെ കണ്ട ഒരു ചായക്കടയിൽ കയറി. അവിടെ ആകെയുള്ളത് പൊറോട്ടയും മുട്ടക്കറിയും. വേറെ വഴിയില്ലാത്തതു കൊണ്ട് കേരളത്തിന്‍റെ ജനകീയ ഭക്ഷണമായ പൊറോട്ടയും മുട്ടക്കറിയും വാങ്ങിക്കഴിച്ചു. സത്യം പറയാലോ.. അടിപൊളി സ്വാദുള്ള പൊറോട്ടയും കറിയും. ഇതു കഴിച്ചതിന്‍റെ ഇഫക്ട് എന്തായാലും ഉഗ്രൻ. ഒരു ദിവസം മുഴുവൻ വിശപ്പ് തോന്നിയില്ല. യാത്രയിൽ പിന്നെ ഭക്ഷണം കഴിച്ചതേയില്ല.

പൊതുവേ നമ്മളെല്ലാം യാത്രകൾ ചെയ്യുന്ന സീസൺ ഏപ്രിൽ, മെയ്യ് ആയിരിക്കും. എന്നാൽ വാഗമണ്ണിൽ ആ കാലത്ത് പോകാതിരിക്കുകയാണ് ഉത്തമം. കരിഞ്ഞ മൊട്ടക്കുന്നുകൾ മാത്രമേ അപ്പോൾ ഉണ്ടാകൂ… പച്ചപ്പ് കുറയും. ആഗസ്റ്റു മുതൽ ഡിസംബർ വരെയുള്ള സീസൺ വാഗമൺ സന്ദർശിക്കാൻ പറ്റിയ സമയമാണ്. നല്ല അന്തരീക്ഷം മാത്രമല്ല പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ആവാഹിച്ച് നിൽക്കുകയുമാവും.

ഞങ്ങൾ പോയ സമയം വളരെ നല്ലതാണെന്ന് തോന്നിയതോടെ ആവേശം പതിന്മടങ്ങായി. ചില സ്പോട്ടുകളിൽ ആളുകൾ വാഹനങ്ങൾ നിർത്തി പടമെടുപ്പാണ്. അത്തരം സെന്‍ററുകൾ ചെറിയ ഷോപ്പിംഗ് സെന്‍ററുകൾ കൂടിയാണ്. സെൽഫി വന്നതോടെ സ്വന്തം പടമെടുക്കാൻ ആളെ അന്വേഷിക്കാൻ മെനക്കെടേണ്ട കാര്യമൊന്നുമില്ലാത്തതിനാൽ യാത്രികർ മിക്കവരും സെൽഫി പിടുത്തമാണ്. ഈ അവസരം മുതലാക്കി സെൽഫി സ്റ്റിക്ക് വിൽക്കുന്ന ഒരു യുവാവിനെ കണ്ടു. സെൽഫി സ്റ്റിക്ക് കണ്ടപ്പോഴാണ് ഒന്നു വാങ്ങിയാലോ എന്ന ചിന്ത വന്നത്. 100 മുതൽ 150 രൂപ വരെ വിലയുള്ള സെൽഫി സ്റ്റിക്കുകൾ. അതിലൊന്ന് വാങ്ങി. സ്റ്റിക്ക് അയാൾ തന്നെ ഫോണിൽ ഫിറ്റ് ചെയ്‌തു തന്നു. അപ്പോൾ തന്നെ ഒരു പരീക്ഷണ ഫ്രെയിം എടുത്തു. ആഹാ… കിടിലം…. വാഗമണ്ണിന്‍റെ പ്രകൃതി ഭംഗി മുഴുവൻ പകർത്താൻ ഈ സെൽഫി സ്റ്റിക്കാണ് ഞങ്ങളെ സഹായിച്ചത്.

പോകുന്ന വഴിയിൽ വെയിൽ ഉറച്ചു തുടങ്ങിയെങ്കിലും നേർത്ത തണുപ്പുള്ള അന്തരീക്ഷം. വളഞ്ഞും തിരിഞ്ഞും പോകുന്ന വഴികൾ. മുകളിലേക്ക് കയറുകയാണെന്ന് തോന്നുന്നത് താഴെ ഒരു കുഴിയിലെന്ന പോലെ കെട്ടിടങ്ങളും വൃക്ഷങ്ങളും കാണുമ്പോഴാണ്. ഇടയ്ക്ക് മഴ പെയ്തുവെങ്കിലും പെട്ടെന്ന് അതു മാറി. മഴയുള്ളപ്പോൾ ഒരു പ്രത്യേക ഭംഗിയുണ്ട് വാഗമണ്ണിലെ കുന്നുകൾക്കും റോഡുകൾക്കും. യാത്രയിൽ അവിടവിടെ വഴിയരികിൽ തന്നെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ. മരങ്ങൾക്കും പച്ചപ്പിനും ഇടയിൽ മനോഹരമായ റിസോർട്ടുകൾ.

vagamon

പ്രകൃതിയുമായി സൗഹൃദം സ്ഥാപിക്കാൻ ഇത്രയും നല്ലൊരു സ്‌ഥലം വേറെ കാണില്ലെന്ന് മനസ്സ് പറഞ്ഞു തുടങ്ങിയിരുന്നു. വാഗമണ്ണിന്‍റെ തണുത്ത വായുവും പ്രകൃതിയുടെ പച്ചമണവും വല്ലാത്ത ഊർജ്ജമാണ് ഹൃദയത്തിലേക്ക് ഇരമ്പിയെത്തിച്ചത്.

വാഗമൺ നിരവധി മലകളുടെ ഒരു സങ്കേതമാണ്. മലമുകളിലേക്കുള്ള വഴികൾ പലപ്പോഴും ഒരു കുന്നിനെ കേന്ദ്രീകരിച്ചല്ല. പല പല കുന്നുകളെ വളഞ്ഞു വളഞ്ഞാണ് ഹിൽസ്റ്റേഷനിലെത്തുക. മലഞ്ചെരിവുകളെ അണിയിച്ചൊരുക്കുന്ന വിശാലമായ തേയിലത്തോട്ടങ്ങൾ അതിസുന്ദരമായ ദൃശ്യാനുഭവം സമ്മാനിക്കുന്നു.

വാഗമണിന്‍റെ പ്രധാന സൗന്ദര്യം നിബിഢ വനങ്ങളല്ല. പച്ചപ്പട്ട് വിരിച്ചതുപോലെ തോന്നുന്ന കുന്നിൻ ചെരിവുകൾ. പുൽമേടുകൾ… പുല്ലുകളല്ലാതെ ഒരു ചെടി പോലും കാണില്ല. ഈ ഭംഗി അതിന്‍റെ തനിമയോടെ ആസ്വദിക്കണമെങ്കിൽ, മഴക്കാലം കഴിഞ്ഞ ഉടനെ പോകുന്നതായിരിക്കും നല്ലത് എന്ന് തോന്നി. അന്വേഷിച്ചപ്പോൾ അതു ശരിയാണെന്നും മനസ്സിലായി.

സൈൻ ബോർഡുകളെയും ഗൂഗിൾ മാപ്പിനേയും ആശ്രയിച്ച് കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ കണ്ട ജംഗ്ഷനിൽ നിന്ന് വലത്തേക്ക് പോയാൽ പൈൻ ഫോറസ്റ്റ്, ഇടത്തേക്ക് പോയാൽ വാഗമൺ ടൗൺ. എന്തുകൊണ്ടോ അപ്പോൾ തോന്നിയത് വാഗമൺ ടൗണിലേക്ക് പോകാനാണ്. ഒരു ചെറിയ ടൗൺഷിപ്പാണ് വാഗമൺ. മറ്റ് ടൂറിസ്റ്റ് സെന്‍ററുകൾ പോലെ വാണിജ്യ വൽക്കരിക്കപ്പെട്ടിട്ടില്ല. ഹോം മെയ്ഡ് ചോക്ക് ളേറ്റുകളുടെയും തേയിലകളുടെയും ചെറിയ ഷോപ്പുകൾ. കുഞ്ഞു ചായക്കടകൾ.

ഞങ്ങൾ കുറച്ചു മുന്നോട്ടു പോയി കാർ റിവേഴ്സ് എടുത്തു വന്ന റൂട്ടിൽ മടങ്ങി. വഴിയിൽ നിന്ന് നോക്കിയാൽ അകലെ കാണുന്ന ജലാശയത്തിന്‍റെ ഭംഗി കണ്ട് വാഹനം നിർത്തി. അതേ സ്‌ഥലത്ത് മറ്റൊരു കുടുംബം സെൽഫി എടുക്കുന്ന തിരക്കിലാണ്. അന്വേഷിച്ചപ്പോൾ അവരും എറണാകുളത്തു നിന്ന് വന്നവരാണ്. വാഗമണ്ണിൽ ഇനി എന്താണ് കാണേണ്ടതെന്ന് യാതൊരു രൂപവും മനസ്സിൽ ഇല്ലാത്തതിനാൽ പൈൻ ഫോറസ്റ്റ് എന്ന പേര് ഓർമ്മയിൽ വച്ച് എതിർ ദിശയിലേക്ക് വണ്ടി വിട്ടു. ആദ്യം കടന്നു വന്ന അതേ ജംഗ്ഷനിൽ വണ്ടി നിർത്തി. അവിടെ കണ്ട ചെറുപ്പ ക്കാരനോട് പൈൻവാലിയിലേക്ക് എത്ര ദൂരമുണ്ടെന്ന് അന്വേഷിച്ചു. 3 കിലോമീറ്റർ എന്ന് അയാൾ പറഞ്ഞു. ഒപ്പം മൊബൈലിൽ ചില ദൃശ്യങ്ങൾ ഞങ്ങളെ കാണിച്ചു. കൂടെ നിങ്ങൾ പൈൻവാലി കാണാൻ പോകുന്നതിനേക്കാൾ നല്ലൊരു സജഷൻ പറയട്ടെയെന്ന ചോദ്യവും.

വാഗമൺ ടൗണിൽ നിന്ന് ഉളുപ്പൂണി എന്ന സ്‌ഥലത്തേക്ക് ഓഫ് റോഡ് ട്രക്കിംഗ് പോകാം. 15 കിലോമീറ്ററോളം കാടിനകത്തേക്കുള്ള യാത്ര. പിന്നെ തുരങ്കത്തിലൂടെ ഇടുക്കി ഡാമിലേക്കുള്ള വെള്ളത്തിന്‍റെ പാത, വെള്ളച്ചാട്ടങ്ങൾ.

സാബു എന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ വീണ്ടും സ്ഥലം കാണിക്കാനെന്നോണം പറഞ്ഞു. “നിങ്ങൾ ഇവിടെ പോകുന്നുണ്ടെങ്കിൽ ജീപ്പ് അറേഞ്ച് ചെയ്‌തു തരാം.” ഓഹോ അപ്പോൾ ഇതൊരു ബിസിനസ്സ് ആണല്ലേ എന്ന് ചിന്തിച്ചപ്പോഴേക്കും അടുത്ത വാചകം വന്നു. 2500 രൂപയെങ്കിലും ചെലവാണ്. 3 മണിക്കൂർ യാത്രയുണ്ട്. നിങ്ങൾ 2000 രൂപ തന്നാൽ മതി. പോകുന്ന സ്‌ഥലം ഇഷ്‌ടപ്പെട്ടില്ലെങ്കിൽ പൈസ വേണ്ട.”

അതു ഒരു ചാക്കിടൽ ആണെന്നറിയാമായിരുന്നിട്ടും, പതിവ് റൂട്ട് വിട്ട് ഉളിപ്പുണി ട്രക്കിംഗ് പോകാനാണ് എന്‍റെ മനസ്സ് പറഞ്ഞത്. അതിനൊരു കാരണം കൂടിയുണ്ടായിരുന്നു. അമൽ നീരദിന്‍റെ ഇയോബിന്‍റെ പുസ്തകം എന്ന സിനിമ ഷൂട്ട് ചെയ്തത് വാഗമണ്ണിലെ ഉളുപ്പൂണി എന്ന ആരും കാര്യമായി സഞ്ചരിക്കാത്ത കാട്ടിലാണ് എന്ന ഓർമ്മ. ഈ സ്‌ഥലത്തേക്ക് ഓഫ്റോഡ് ട്രക്കിംഗ് സൗകര്യം ഉണ്ടെന്നറിഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. 8 പേർക്കുള്ള ഒരു ജീപ്പിൽ 3 പേരായി എങ്ങനെ പോകും എന്നായി ചിന്ത. ആദ്യം കണ്ട ഫാമിലിയോട് കൂടുന്നോ എന്ന് ചോദിച്ചപ്പോൾ അവർ ഒഴിഞ്ഞു മാറി. എന്തായാലും ഇനി പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ഞങ്ങൾ സാബുവിനോട് യെസ് പറഞ്ഞു.

വാഹനം വാഗമൺ സിറ്റിയിൽ ഒതുക്കിയിട്ട് ഞങ്ങൾ ജീപ്പിലേക്ക് കയറി. ട്രക്കിംഗിനു സജ്ജമായ ജീപ്പ്. യാത്ര തുടങ്ങുന്നതിനു മുമ്പ് ഡ്രൈവർ നിർദ്ദേശിച്ചതനുസരിച്ച് കുറച്ചു പഴവും ബിസ്ക്കറ്റും ഞങ്ങൾ വാങ്ങി വണ്ടിയിൽ വച്ചു. കാട്ടിലേക്ക് കടന്നാൽ പിന്നെ നാലു മണിക്കൂറോളം ഭക്ഷണമൊന്നും കിട്ടില്ല. രാവിലെ കഴിച്ച പൊറോട്ട വയറ്റിൽ ഇപ്പോഴുമുണ്ട്. വിശക്കുന്നൊന്നുമില്ലെങ്കിലും മകൻ കൂടെയുള്ളതു കൊണ്ട് കുറച്ചു ഭക്ഷണം കരുതുന്നതാണ് ബുദ്ധിയെന്നു തോന്നി.

ജീപ്പ് ഡ്രൈവർ ഡ്രൈവിംഗിൽ വളരെ എക്സ്പീരിയൻസ്ഡ് ആണെന്ന് അയാളുടെ ഡ്രൈവിംഗ് സ്കിൽ കണ്ടപ്പോൾ തോന്നി. ശാന്തനായ മനുഷ്യൻ. അങ്ങോട്ട് സൗഹൃദത്തോടെ സംസാരിച്ചപ്പോൾ അയാളും ഫ്രണ്ട് ലിയായി. വാഗമൺ ടൗണിൽ നിന്ന് പുള്ളിക്കാനം റൂട്ടിൽ ആറു കിലോമീറ്റർ പോയാൽ ചോറ്റുപാറക്കവല. വലത്തോട്ട് തിരിഞ്ഞ് കുറച്ചുദൂരം കൂടി സഞ്ചരിച്ചാൽ ഉളുപ്പൂണിയാണ്. കാടിന്‍റെ ഭംഗിയുള്ള ഗ്രാമത്തിലൂടെയാണ് ഇപ്പോൾ ഞങ്ങളുടെ യാത്ര. അവിടെയും ഇവിടെയുമായി ചില വീടുകൾ കാണാം. അങ്ങു ദൂരേയ്ക്കു നോക്കിയാൽ പുൽമേടുകൾക്കിടയിലായി മനോഹരമായ ചെറിയ കെട്ടിടങ്ങൾ കാണാം. അവയെല്ലാം അടുത്തിടെ ഉയർന്ന റിസോർട്ടുകൾ ആണെന്ന് ഡ്രൈവർ സൂചിപ്പിച്ചു.

ടാറിട്ട റോഡ് അവസാനിച്ചു. വണ്ടി ചെമ്മൺ പാതയിലേക്ക് കടന്നു. ചെമ്മൺ പാതയുടെ വാതായനങ്ങൾ തുറക്കുന്നത് പച്ചപ്പട്ട് പോലുള്ള പുൽമേടുകളിലേക്കാണ്. ഇരുവശത്തും ഒരാൾപ്പൊക്കത്തിനും മേലെ വളർന്ന പുല്ലുകൾ. അതിനിടയിൽ പലയിടത്തും ചുവന്ന വലിയ പൂക്കൾ നിറഞ്ഞ മരങ്ങൾ. മലകളെ തഴുകിയും താലോലിച്ചും വരുന്ന കാറ്റിന്‍റെ ഇരമ്പം! അവാച്യമായ ഒരു സന്തോഷം നിറയുന്നതു പോലെ. വാഗമണ്ണിന്‍റെ പ്രകൃതി ഭംഗി കാണണമെങ്കിൽ ഓഫ് റോഡ് ട്രക്കിംഗ് പോകണം എന്ന് സാബു പറഞ്ഞത് സത്യമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു തുടങ്ങി.

തുടക്കത്തിൽ ട്രക്കിംഗ് എന്ന് പറഞ്ഞപ്പോൾ അതൊരു സിംപിൾ കാര്യമായിരിക്കും എന്നു വിചാരിച്ചത് തെറ്റി. ഒരു ജീപ്പിനു കഷ്ടിച്ചു പോകാൻ കഴിയുന്ന ചെമ്മൺ പാതയിൽ പലയിടത്തും വലിയ കല്ലുകൾ. അവയ്ക്കു മീതേ കൂടി അതിസാഹസികമായാണ് ഡ്രൈവർ വണ്ടിയോടിക്കുന്നത്. ജീപ്പിന്‍റെ ചലനങ്ങൾ ഞങ്ങളെ ഭയചകിതരാക്കി. അതേ സമയം വിസ്മയം വാനോളം നിറയുകയും ചെയ്‌തു. ഡ്രൈവർ വലിയ സ്കിൽ ഉള്ള ആൾ തന്നെ. അയാൾ വളരെ കൂൾ ആയി തന്‍റെ ജോലി ചെയ്യുകയാണ്.

കുന്നിൻ മുകളിലേക്ക് അൽപം അകലെ മറ്റൊരു റോഡിലൂടെ ജീപ്പ് പോകുന്നുണ്ടായിരുന്നു. വേറൊരു ജീപ്പ് ഞങ്ങൾ കയറ്റം കയറുന്ന അതേ പാതയിലൂടെ താഴേക്ക് വരുന്നു. എന്തു ചെയ്യും എന്നാലോചിച്ചു അമ്പരക്കവേ, മറ്റേ ജീപ്പിന്‍റെ ഡ്രൈവർ ജീപ്പ് പുറകിലേക്ക് നീക്കി സൈഡ് കൊടുത്തു. ഒരടി നീങ്ങിയാൽ താഴെ പോകും. അതേക്കുറിച്ചിങ്ങനെ ഭയന്നാലോചിക്കവേ, ഡ്രൈവർ ഒരു കാര്യം കൂടി പറഞ്ഞു. ഇപ്പോൾ കടന്നു പോയ ആ ജീപ്പ് രണ്ടാഴ്ച മുമ്പ് ഇതുപോലെ സൈഡ് കൊടുത്തപ്പോൾ താഴേക്ക് തെന്നി മറിഞ്ഞത്രേ. നിസ്സാരപരിക്കോടെ ആളുകൾ രക്ഷപ്പെട്ടു.

ജീപ്പ് മുന്നോട്ടു യാത്ര തുടങ്ങിയപ്പോൾ ഞങ്ങളുടെ ഭയമെല്ലാം ആവേശമായി മാറി. അത്രയും ത്രില്ലടിപ്പിക്കുന്ന കാഴ്ചയാണ് ചുറ്റിലും. കേരളത്തിൽ ഇത്രയും സുന്ദരമായ സ്‌ഥലങ്ങൾ ഉള്ളപ്പോഴാണ് നമ്മൾ അതൊന്നും കാണാതെ മറ്റിടങ്ങൾ തേടിപ്പോകുന്നത്. ഒരൊറ്റ ജീപ്പിനു മാത്രം പോകാൻ കഴിയുന്ന കാട്ടുപാതയിലൂടെ സാഹസികരായ ചെറുപ്പക്കാർ ബൈക്കിലും മറ്റും വരുന്നുണ്ട്. ടൂവീലർ ഓടിക്കുന്നത് വലിയൊരു സാഹസം തന്നെയാണ്.

വഴിച്ചാലുകളിലൂടെ ജീപ്പ് ചാഞ്ഞും ചെരിഞ്ഞും ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ ഉരുണ്ടും തെന്നിയും മുന്നോട്ടു നീങ്ങി. ഇടയ്ക്ക് പുൽത്തടം വന്നപ്പോൾ ഡ്രൈവർ വണ്ടി നിർത്തി. ഫോട്ടോ എടുക്കാൻ സമയം നൽകി. കുറച്ചു നേരം ആ മനോഹര ദൃശ്യങ്ങൾ ഒപ്പിയെടുത്തു വീണ്ടും കുന്നിൻ മുകളിലേക്ക്. ഏറ്റവും മുകളിലേക്ക് ഫസ്റ്റ് ഗിയറിൽ വണ്ടി ഇരമ്പിയെത്തി നിന്നു. ആ സമയം പിന്നാലെ ഒരു ജീപ്പിന്‍റെ ഡ്രൈവർ ശരവേഗത്തിൽ കൊണ്ടു വന്നു ആഞ്ഞുചവിട്ടി നിർത്തി. അയാൾ കാണിച്ച സാഹസം എന്തായാലും കൈവിട്ട കളിയായിരുന്നു. അതിലെ യാത്രക്കാർ ഭയത്തോടെ ഉച്ചത്തിൽ അലറിവിളിക്കുന്നുണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നും വന്ന സംഘമാണ്.

ഏറ്റവും മുകളിൽ വലിഞ്ഞു കയറി അതിന്‍റെ നെറുകയിൽ ചവിട്ടി നിന്ന് തണുത്ത സുഖപ്രദമായ കാറ്റേറ്റു നിൽക്കുമ്പോൾ ഹാ…  എന്നു പറഞ്ഞു പോകും. ചുറ്റും മേഘങ്ങളെ തൊട്ടു നിൽക്കുന്ന പച്ചക്കുന്നുകൾ. അകലെ ഇടുക്കി ഡാം നീലനിറത്തിൽ പരന്നു കിടക്കുന്നത് ഈ കുന്നിൻ മുകളിൽ നിന്നു കാണാം. അതു നോക്കി നിൽക്കവേ, സായംസന്ധ്യയിൽ ഈ കാഴ്ച എത്ര മനോഹരമായിരിക്കും എന്നോർത്തു പോയി. നിലാവുള്ള രാത്രികളിൽ മറ്റൊരു ഭംഗിയായിരിക്കും.

വൈകുന്നേരവും രാത്രിയും വനത്തിനുള്ളിൽ ജീപ്പ് ട്രക്കിംഗ് പറ്റുമോ എന്ന് ഡ്രൈവറോട് ആരാഞ്ഞു. കൊണ്ടുപോകാമല്ലോ എന്ന് അയാൾ സന്തോഷത്തോടെ പറഞ്ഞു. പേടിക്കേണ്ട കാര്യമില്ലത്രേ. ആനക്കൂട്ടമുള്ള കാടാണ് മൊട്ടക്കുന്നുകൾക്ക് അപ്പുറത്ത്! അതൊന്നും അത്ര പേടിക്കാനില്ലത്രേ? രാത്രിയിൽ ഈ കാടുകൾക്കുള്ളിലെ ഹോംസ്റ്റേകളിലോ റിസോർട്ടുകളിലോ താമസിച്ചാൽ മാത്രമേ രാത്രിയിലെ ട്രക്കിംഗും ക്യാമ്പ്ഫയറു മൊക്കെ നടത്താൻ പറ്റൂ. മഴയില്ലെങ്കിൽ യാത്രയിൽ റിസ്ക്കില്ല?എന്നാണ് ഡ്രൈവർ പറഞ്ഞത്.

മഴക്കാലത്ത് ട്രക്കിംഗ് പ്രയാസമാണ്. ഇടിയുള്ള സമയമാണെങ്കിലും അപകട മാണ്. കേരളത്തിൽ ഏറ്റവും മിന്നൽ സാധ്യതയുള്ള സ്‌ഥലമാണ് വാഗമൺ. അതിനാൽ അക്കാര്യം അവിടെയെല്ലാം മുന്നറിയിപ്പ് ബോർഡ് വച്ചിട്ടുണ്ട്.

ഉളുപ്പൂണിയിലെ കുന്നിൻ മുകളിൽ നിന്ന് ചുറ്റും നോക്കിയപ്പോൾ ഇയോബിന്‍റെ പുസ്തകത്തിൽ ഫഹദ് ഫാസിൽ മലമുകളിൽ നിന്ന് ആ നാടിന്‍റെ ഭംഗി ആസ്വദിക്കുന്ന സീൻ കണ്മുന്നിൽ തെളിഞ്ഞു. ബ്രിട്ടീഷ് ഇന്ത്യയിൽ നടക്കുന്ന ഇയോബിന്‍റെ പുസ്തകം എന്ന കഥയുടെ മുക്കാൽ ഭാഗവും ചിത്രീകരിച്ചത് ഉളുപ്പൂണിയിലാണ്. അധികമാരും കാണാത്ത ഈ കുന്നുകളുടെ ഭംഗിയിൽ ആകൃഷ്ട നായാണ് സംവിധായകൻ അമൽ നീരദ് പതിറ്റാണ്ടുകൾക്കു മുമ്പുള്ള മൂന്നാർ ചിത്രീകരിക്കാൻ ഈ സ്‌ഥലം തെരഞ്ഞെടുത്തത്.

കുറേ സമയം ഉളുപ്പൂണിയിലെ കുന്നിൻ മുകളിൽ ചെലവഴിച്ച ശേഷം ഞങ്ങൾ തിരിച്ച് കുന്നിറങ്ങി. പാറക്കല്ലുകൾ നിറഞ്ഞ പാതയിലൂടെ കീഴോട്ടുള്ള യാത്രയും ഭയം ജനിപ്പിച്ചു. ഉളുപ്പൂണി കവലയിലെത്തി മൂലമറ്റം റോഡിലൂടെ മുന്നോട്ടു പോയാൽ വലത്തേക്കൊരു വഴിയുണ്ട്. വനാതിർത്തി വരെ ടാറിട്ട റോഡാണ്. പക്ഷേ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഇരുവശത്തും തേയിലത്തോട്ടങ്ങൾ. വനാതിർത്തിയിൽ നോ എൻട്രി ബോർഡ് ഉള്ള ഭാഗത്ത് പാതയ്ക്കിരുപുറത്തു നിന്നും വെള്ളം കുത്തിയൊഴുകുന്ന ശബ്ദം കേൾക്കാം. വളരെ നേർത്ത പാത. നടപ്പാത എന്നൊന്നും വിളിക്കാൻ പറ്റില്ല. ഒരു വശത്ത് നിബിഢമായ വനത്തിന്‍റെ ഉള്ളിലൂടെ കടന്നു വരുന്ന വെള്ളാരംചിറ്റ, ഉളുപ്പൂണി തുരങ്കം.

vagamon

ഇടുക്കി ഡാമിൽ നിന്ന് കുളമാവ് റിസർവോയറിലേക്ക് പോകുന്ന വെള്ളമാണത്. മറുവശത്ത് കാട്ടരുവി വെള്ളച്ചാട്ടമായി കുത്തിയൊഴുകുന്നു. അൽപം മുന്നോട്ട് ചെല്ലുമ്പോൾ തുരങ്ക ത്തിലെ വെള്ളവും കാട്ടരുവിയും ഒരുമിച്ച് ഒഴുകി കുളമാവ് ഡാമിലെത്തുന്നു. ഉരുളൻകല്ലുകൾ നിരന്ന വെള്ളച്ചാട്ടത്തിനു താഴെ ധാരാളം പേർ കുളിക്കുന്നുണ്ടായിരുന്നു. കുതിച്ചൊഴുകുന്ന കാട്ടാറിന്‍റെ വന്യമായ ഭംഗിയും ഭയപ്പെടുത്തുന്ന ഇരമ്പവും. ചില്ലുകണങ്ങൾപോലെ തെറിച്ചു വീഴുന്ന വെള്ളത്തുള്ളികളുടെ തണുപ്പും ആസ്വദിച്ച് ഞങ്ങൾ ജീപ്പിൽ വാഗമൺ സിറ്റിയിലേക്ക് മടക്കയാത്രയായി. നാലു മണിക്കൂർ കടന്നു പോയിരിക്കുന്നു. അത്രയും നേരം വിശപ്പും ദാഹവും അറിഞ്ഞതേയില്ല.

സിറ്റിയിൽ വന്നശേഷം സ്വന്തം വാഹനത്തിൽ പൈൻ വാലിയിലേക്ക് തിരിച്ചു. നിരയൊപ്പിച്ച് വച്ചു പിടിപ്പിച്ച പൈൻ മരങ്ങൾ കാണാൻ പോകുമ്പോൾ മഴയുടെ അകമ്പടിയുണ്ടായിരുന്നു. തൂണുകൾ നാട്ടിയ പോലുള്ള തടികളുടെ മുകളിൽ കൂടുപോലെ മരശിഖരങ്ങൾ പരസ്പരം ചേർന്നു നിൽക്കുന്നു.

വാഗമണ്ണിലേക്ക് വരുന്ന വഴി കണ്ട സെൽഫി സ്റ്റിക്ക് വിൽപനക്കാരനെ ഇപ്പോൾ ഇവിടെയും കണ്ടു. അയാൾ ആദ്യം കണ്ട പരിചയം പുതുക്കി അടുത്തു വന്നു, കുശലം പറഞ്ഞു. വഴിയരികിൽ ഉപ്പും മുളകുപൊടിയും പുരട്ടിയ മാങ്ങ, വെള്ളരി, പൈനാപ്പിൾ, നെല്ലിക്ക, കാരറ്റ് തുടങ്ങിയവ നിരത്തി വച്ചിരിക്കുന്നു. ഹോം മെയിഡ് ചോക്ക്ലേറ്റുകൾ വിവിധയിനം തേയിലകൾ, സുഗന്ധ ദ്രവ്യങ്ങൾ എല്ലാം കൂടി വാഗമണ്ണിനെ ഒരു ടൂറിസ്റ്റ് സിറ്റിയുടെ തിരക്കിലേക്ക് കൊണ്ടു പോകുന്നത് പൈൻവാലിയാണ്.

ഇവിടെ നിന്ന് കുറച്ചു കൂടി മുന്നോട്ടു പോയാൽ ബുൾമദർ ഫാം, മൊട്ട ക്കുന്നുകൾ, പൂന്തോട്ടങ്ങൾ, കുരിശുമല, മുരുകൻമല, സൂയിസൈഡ് പോയിന്‍റ് ഇങ്ങനെ പല കാഴ്ചകളും ഉണ്ട്. ഇതിന്‍റെ എല്ലാം പ്രത്യേകത, ആൾക്കൂട്ടമുണ്ട് എന്നതാണ്. വാഗമൺ എന്നു പറഞ്ഞാൽ ഇതൊക്കെയാണെന്ന ധാരണ തിരു ത്താൻ ഞങ്ങൾക്ക് കഴിഞ്ഞത് ഉളുപ്പൂണിയിലേക്കുള്ള ഓഫ്റോഡ് ട്രക്കിംഗ് തന്നെയായിരുന്നു. ഇനിയും പോകണം ആ വഴികളിലൂടെ കുന്നിൻ മുകളിലേക്ക്…

ദിവസം പാഴാക്കാതെ ചിരിക്കാം

എന്താണ് ചിരി? ഓക്സ്ഫോർഡ് ഡിക്ഷണറി അനുസരിച്ച് സന്തോഷം, ആഹ്ലാദം പ്രകടിപ്പിക്കാനായി മുഖ ചലനങ്ങൾ ഉള്ളതും ശബ്ദമുണ്ടാക്കിയുമുള്ള ഒരു പ്രക്രിയ എന്നാണ്.

പക്ഷേ ചിരി എന്നുള്ളത് വെറുതെ ചിരിച്ചു തള്ളാനുള്ള കാര്യമല്ല! ലോകപ്രശസ്ത ഒളിമ്പിക് ചാമ്പ്യൻ ഉസൈൻ ബോൾട്ടിന്‍റെ വിജയമന്ത്രം എന്താണെന്നറിയാമോ… ചിരി അല്ലാതെന്ത്. ഉസൈനിന്‍റെ അമ്മ പറയുന്നു, വീട്ടിൽ ഇരിക്കുമ്പോൾ ഉസൈനിന് ചിരിയുണർത്തുന്ന കാര്യങ്ങളെ അവർ സംസാരിക്കുകയുള്ളൂവെന്ന്. അതിന്‍റെ ഫലം ലോകം ട്രാക്കിലും കണ്ടതാണല്ലോ.

സന്തുഷ്ടി നിറഞ്ഞ ജീവിതത്തെ സംബന്ധിച്ച് ഒരു ടിബറ്റൺ ചൊല്ലുണ്ട്. പകുതി ഭക്ഷണം, ഇരട്ടി നടപ്പ്, മൂന്നിരട്ടി ചിരി, അളവില്ലാത്ത സ്നേഹം എന്നിവയാണത്രേ ദീർഘായുസ്സും സന്തുഷ്ടിയും നിറഞ്ഞ ജീവിതത്തിന്‍റെ രഹസ്യങ്ങൾ.

ഇന്ന് പല നഗരങ്ങളിലും ലാഫ്റ്റർ ക്ലബ്ബുകൾ തന്നെയുണ്ട്. ഒരു പറ്റം ആളുകൾ വട്ടത്തിൽ നിന്ന് ഉച്ചത്തിൽ ദീർഘനേരം ചിരിച്ച് ഉള്ളിലെ പിരിമുറുക്കത്തെ അകറ്റുകയാണ് ഇത്തരം ക്ലബ്ബുകളുടെ മുഖ്യ ലക്ഷ്യം. അതുവഴി സന്തുഷ്ടിയും സമാധാനവും കൈവരിക്കുക.

സ്ട്രസ് ഹോർമോണുകളെ നിയന്ത്രിച്ചും ഹൃദയധമനികളിലെ അസ്വസ്ഥതകളെ കുറച്ചും എച്ച്ഡിഎൽ കൊഴുപ്പിനെ വർദ്ധിപ്പിക്കാൻ ഒരു നല്ല ചിരിക്ക് കഴിയുമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്.

ചിരിക്കുമ്പോൾ ശരീരത്തിലെ എത്ര പേശികൾ അതിൽ പങ്കുകൊള്ളുന്നുണ്ടെന്ന് കൃത്യമായി നിർണയിക്കാൻ കഴിയില്ലെങ്കിലും ഏറെക്കുറെ 43 മസിലുകൾ നെറ്റി ചുളിക്കുമ്പോഴും 17 മസിലുകൾ ചിരിക്കുമ്പോഴും ഉൾപ്പെടുന്നുവെന്നാണ് പൊതുവെ പറയുന്നത്. ദേഷ്യപ്പെടുന്നതിന് 11 മസിലുകളും പുഞ്ചിരിക്കുന്നതിനു 12 മസിലുകളും ആവശ്യമായി വരുമെന്ന മറ്റൊരു വാദഗതിയുമുണ്ട്. പക്ഷേ ഓരോ മസിലുകളും എത്രമാത്രം ഊർജ്‌ജം ഉപയോഗിക്കുന്നുവെന്ന് കണക്കിലെടുക്കാതെയാണ് ഈ വിലയിരുത്തൽ.

ലാഫ്റ്റർ യോഗ

ലാഫ്റ്റർ യോഗയ്ക്ക് പ്രാണയാമ വ്യായാമവുമായിട്ടും ബന്ധമുണ്ട്. ബ്രീത്തിംഗ് എക്സർസൈസും ഇതിനിടയിൽ ഉപയോഗിക്കുന്നുണ്ട്. ദീർഘമായി ചിരിക്കുകയെന്നതാണ് ലാഫ്റ്റർ യോഗ (ഹാസ്യ യോഗ). കൂട്ടം ചേർന്നുള്ള ചിരി പെട്ടെന്നുള്ള ചിരി പോലെ തന്നെ ശാരീരികവും മാനസികവുമായ ഉത്സാഹവും ഉണർവും പകരുന്നു. ഗ്രൂപ്പായാണ് ലാഫ്‌റ്റർ യോഗ ചെയ്യുക. പരസ്പരം നോക്കി ഹാസ്യാസ്പദമായാണ് അത് ചെയ്യുക. നിർബന്ധപൂർവ്വമുള്ള ചിരി പെട്ടെന്ന് യഥാർത്ഥ്യത്തിലേക്ക് വഴിമാറി ചിരി എല്ലാവരിലേക്കും പടരുകയും ചെയ്യുന്നു.

ലാഫ്റ്റർ മെഡിറ്റേഷനോടു കൂടിയാണ് ഒരു ലാഫ്റ്റർ യോഗ സെഷൻ അവസാനിക്കുന്നത്. ലാഫ്റ്റർ യോഗയുടെ വക്‌താവായ ഡോ.കട്ടാരിയ ലാഫ്റ്റർ യോഗ ഒരു ഭാഗമായോ അല്ലെങ്കിൽ ചുവടെ ചേർത്ത ഒരു പാക്കേജായോ ചെയ്യാമെന്ന് നിർദ്ദേശിക്കുന്നു.

• ഹൃദയം തുറന്നുള്ള ചിരി

• വായ തുറന്നുള്ള നിശബ്ദമായ ചിരി

• മൂളിക്കൊണ്ടുള്ള ചിരി

• സിംഹച്ചിരി

• വാഗ്വാദത്തോടെയുള്ള ചിരി

• ഡാൻസിംഗ് ലാഫ്

• ആരോഹണത്തോടെയുള്ള ചിരി

30-40 സെക്കന്‍റുകൾ നീണ്ടു നിൽക്കുന്നതാണ് ഓരോ ലാഫ്റ്റർ സെഷനുകളും ഓരോ സെഷനുകൾക്കിടയിൽ ശ്വസന വ്യായാമങ്ങളുണ്ടാവും. അതുപോലെ നെക്ക്, ഷോൾഡർ, സ്ട്രെച്ചിംഗ് വ്യായാമങ്ങളും ഉൾപ്പെടും.

ലാഫ്റ്റർ യോഗയ്ക്ക് സമാപ്തി കുറിക്കുന്നതിലുമുണ്ട് പ്രത്യേകത. സംഘത്തിലെ അവതാരകൻ ചൊല്ലുന്ന വാചകത്തിന് മറുപടിയായി അംഗങ്ങൾ അതെയെന്ന് പറയണം.

• ഉദാ: ഞങ്ങൾ ലോകത്തിലെ സന്തുഷ്ടരായ ആളുകളാണ് – അതെ

• ഞങ്ങൾ ലാഫ്റ്റർ ക്ലബ്ബ് അംഗങ്ങളാണ്- അതെ

ചിരിക്കാനും പോസിറ്റീവ് ചിന്തയുണർത്താനും മറ്റ് ചില വഴികളുമുണ്ട്.

തമാശ കവിത

നല്ല കവിത കേൾക്കുക മനസ്സിന് സന്തോഷവും ഉണർവും പകരുന്ന കാര്യമാണ്. അത്തരം കവിതകൾ കേൾക്കുമ്പോൾ പൊട്ടിച്ചിരി ഉണ്ടാക്കണമെന്നില്ല. എന്നാലും ചുണ്ടിൽ പുഞ്ചിരിയുണർത്താം. അത്തരം കവിതകൾ തെരഞ്ഞെടുത്ത് വായിക്കുകയോ കേൾക്കുകയോ ചെയ്യാം.

ചിരി കൊണ്ടുള്ള പ്രയോജനങ്ങൾ

• രോഗപ്രതിരോധ വ്യവസ്ഥ ഊർജ്‌ജസ്വലമാക്കുന്നു.

• ലിംഫോസൈറ്റ്സ് എക്സിന്‍റെ ഉത്പാദനം ഊർജ്‌ജസ്വലമാക്കുന്നു. (അണുബാധ ചെറുക്കുന്ന ബി സെല്ലുകൾ. ഇവ രണ്ടും നമ്മുടെ എല്ലിലുള്ള മജ്‌ജയിൽ നിന്നാണ് രൂപപ്പെടുന്നത്)

• ടെൻഷൻ കുറയ്ക്കുന്നു, മനസ്സിനെ ശാന്തമാക്കുന്നു.

• സ്ട്രസ് കുറയ്‌ക്കുന്നു

• രക്‌ത സമ്മർദ്ദത്തെ കുറയ്‌ക്കുന്നു. രക്‌തധമനികളിലെ രക്‌തപ്രവാഹത്തെ ത്വരിതപ്പെടുത്തുന്നു.

• വേദന കുറയ്‌ക്കുന്നു. ഒരു നല്ല ചിരി ശരീരത്തിൽ എൻഡോർഫിനുകൾ സൃഷ്ടിക്കപ്പെടാൻ സഹായിക്കുന്നു. ഇത് സന്തോഷമുണർത്തുന്ന ഹോർമോണുകളാണ്.

• ഭയത്തേയും ദേഷ്യത്തേയും അകറ്റുന്നു.

• പ്രതിസന്ധികളെ തരണം ചെയ്യാൻ ആത്മധൈര്യം പകരും.

ചെയ്യാത്ത തെറ്റിനോ ഈ ശിക്ഷ!

അന്യ സംസ്ഥാന തൊഴിലാളികൾ നിറഞ്ഞ ഒരു നഗര സന്ധ്യയിലെ കാഴ്ചയായിരുന്നു അത്. അച്‌ഛനും അമ്മയും നാലു പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പെട്ട ഒരു കുടുംബം ബസ് കാത്തു നിൽക്കുകയാണ്. കുസൃതി കാട്ടുന്ന കുഞ്ഞുങ്ങളെ അടക്കിയൊതുക്കി നിർത്താൻ അച്‌ഛൻ കാണിച്ച സൂത്രം എന്തെന്നോ. ചുണ്ടിൽ എരിയുന്ന സിഗററ്റിന്‍റെ പുകച്ചുരുളുകളെ വായിൽ ഒളിപ്പിച്ചു വയ്‌ക്കും. പിന്നെ അത് അൽപാൽപമായി പല ആകൃതിയിൽ കുഞ്ഞുങ്ങളുടെ മുഖത്തേക്കും മറ്റും ഊതിക്കൊടുക്കും. നിഷ്കളങ്കമായ ചിരിയോടെ പുകച്ചുരുളുകൾ കൈവെള്ളയിൽ പിടിക്കാൻ ശ്രമിക്കുന്ന കുരുന്നുകൾ. അതുകണ്ട് നിൽക്കാൻ കഴിയാത്തതു കൊണ്ട് അയാളുടെ അടുത്ത് ചെന്ന് അങ്ങനെ ചെയ്യരുത്, കുഞ്ഞുങ്ങൾക്ക് കേടാണ്, മാത്രമല്ല ഇത് പൊതു സത്യമാണ് എന്ന് സൂചിപ്പിച്ചപ്പോൾ അജ്ഞതയും ലേശം പരിഹാസവും കലർന്ന ഒരു നോട്ടം.

പുകവലിക്കാത്തവരെയും രോഗികളാക്കുന്ന പാസീവ് സ്മോക്കിംഗ് ഇപ്പോഴും ഒളിച്ചിരിക്കുന്ന വില്ലൻ തന്നെയാണ്. ബസ്സ്റ്റാന്‍റുകളിൽ, തീയറ്ററുകളിൽ, പൊതുശൗചാലയങ്ങളിൽ, നിരത്തുകളിലൊക്കെ പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ മുമ്പ് ഇതൊന്നുമായിരുന്നില്ല അവസ്‌ഥ. പുകവലിക്ക് നിയന്ത്രണങ്ങളില്ലാതിരുന്ന സമയത്തും അതിന്‍റെ ദുരിതങ്ങൾ കൂടുതൽ അനുഭവിച്ചിരുന്ന് വലിക്കാത്തവർ തന്നെയായിരുന്നു. സിഗരറ്റ് വിൽക്കാമെങ്കിൽ പുകവലിക്കാനുള്ള സ്വാത്രന്ത്യം ഉണ്ട് എന്ന മട്ടിലൊക്കെയായിരുന്നു വർഷങ്ങൾക്കു മുമ്പ് പൊതു മനോഭാവം. ഇതിനു മാറ്റം വന്നത് 1998 മുതലാണ്. പുകവലി നിരോധന നിയമം പ്രാബല്യത്തിൽ വന്ന ആദ്യ സംസ്ഥാനമാണ് കേരളം. 1999 ലാണ് അത്. അന്ന് അത് സംഭവിക്കാൻ ഇടയാക്കിയത് ഒരു വനിതയാണ്, പ്രൊഫ. മോനമ്മ കോക്കാട്.

“ഔദ്യോഗികാവശ്യത്തിന് ധാരാളം തീവണ്ടി യാത്രകൾ ചെയ്‌തു കൊണ്ടിരുന്ന 1998 കാലയളവിലാണ് ഞാൻ പുകവലിയുടെ ദുരിതം ശരിക്കും അനുഭവിച്ചത്. അന്നൊന്നും തീവണ്ടികളിൽ ലേഡീസ് കമ്പാർട്ടുമെന്‍റുകൾ ഇല്ല. ജനറൽ കമ്പാർട്ടുമെന്‍റുകളിൽ പുകവലിക്കാർ കൂടുതലും. മഴയൊക്കെയുള്ളപ്പോൾ അടച്ചിട്ട കമ്പാർട്ടുമെന്‍റുകളിലെ യാത്ര അസഹനീയമായിരുന്നു. പരാതിപ്പെട്ടപ്പോൾ അവർക്ക് വലിക്കാനുള്ള അവകാശമുണ്ടെന്നാണ് പറഞ്ഞത്. ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം പുകവലിക്കാത്തവർക്കുമില്ലേ എന്ന ചിന്ത വന്നത് അപ്പോഴാണ്. അങ്ങനെയാണ് 98 ൽ ഞാൻ കൊടുത്ത പൊതുതാൽപര്യ ഹർജിയിലൂടെ പൊതുസ്ഥലങ്ങളിലും പുകവലി കോടതി നിരോധിച്ചത്. ഇപ്പോൾ പുകവലി വളരെ കുറഞ്ഞു. ഡയറക്‌ട് സ്മോക്കിംഗും പാസീവ് സ്മോക്കിംഗും ഇപ്പോഴും ഉണ്ടാകും. എന്നാലും മുമ്പുണ്ടായിരുന്നത്ര ഭീകരമല്ല.”

പുകവലി ശീലം മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാലും നിരോധനം ഉള്ളതിനാലും സ്വകാര്യ സ്‌ഥലങ്ങൾ കണ്ടെത്തി വലിക്കും. ഇങ്ങനെ കണ്ടെത്തുന്ന സ്‌ഥലങ്ങളിൽ ചിലത് കാറുകളും ടോയ് ലെറ്റും മറ്റുമാണ്. നഗരത്തിലെ ഒരു പ്രമുഖ വസ്‌ത്രശാലയിലെ കാർ പാർക്കിംഗിൽ ആണ് സംഭവം.

വണ്ടി പാർക്ക് ചെയ്ത് താക്കോൽ സെക്യൂരിറ്റിയെ ഏൽപിച്ച് ഭാര്യയും ഭർത്താവും ഷോപ്പിംഗിന് കയറി. സാധാരണ ഷോപ്പിംഗിന് പോയാൽ കുറേ സമയം എടുക്കാറുണ്ട്. എന്നാൽ അന്ന് അരമണിക്കൂറിനകം തിരിച്ചു വന്നു. കാർ അപ്പോൾ പാർക്കിംഗ് ഏരിയയിൽ ഇല്ലായിരുന്നു. സെക്യൂരിറ്റിക്കാരനോട് ചോദിച്ചപ്പോൾ ആരെയോ ഫോണിൽ വിളിച്ചു. അപ്പോൾ തന്നെ കാർ എത്തുകയും ചെയ്‌തു.

പുകവലിയെ കുറിച്ച് പറയുമ്പോൾ ഈ സംഭവത്തിനെന്തു പ്രസക്‌തി എന്നു തോന്നാം. ഇനിയാണ് ശരിക്കും ശ്രദ്ധിക്കേണ്ട സംഗതി. ആ വണ്ടി തുറന്ന് അകത്തു കയറിയപ്പോൾ സിഗററ്റിന്‍റെ നാറ്റം. വണ്ടിയുടെ ഉടമ പുകവലിക്കാരനല്ല. ആ വണ്ടിയിൽ പുകവലിക്കാൻ അറിഞ്ഞു കൊണ്ട് ആരെയും അനുവദിക്കാറുമില്ല.

ആ വാഹനം ഉടമ അറിയാതെ എടുത്തു കൊണ്ടു പോയതും ഉപയോഗിച്ചതും വലിയൊരു തെറ്റാണ്. ആ തെറ്റിന് പ്രേരിപ്പിച്ചത് സ്വസ്ഥമായി പുകവലിക്കാൻ ഉള്ള സങ്കേതം കാർ ആണെന്ന ചിന്തയും. ഇതിന്‍റെ പുകയും ഗന്ധവും, മാരകമായ രാസകണങ്ങളും കാറിൽ തങ്ങി നിൽക്കുമെന്ന കാര്യം ഇവരൊന്നും കണക്കിലെടുക്കുകയുമില്ല.

“കേരളത്തിൽ ഇത്ര പ്രകടമായി ചായക്കടകളുടെ മുന്നിലും മറ്റും പുകവലി കാണാറില്ല. നിരോധനം ഇന്ത്യ മുഴുവൻ ഉണ്ടെങ്കിലും ഇവിടത്തെ അത്ര ഫലപ്രദമല്ല മറ്റൊരിടത്തും. ബാംഗ്ലൂരിലെ തിരക്കേറിയ റോഡുകളിൽ പോലും രാവിലെയും വൈകിട്ടും ചായ കുടിക്കാൻ വരുന്നവർ ഒപ്പം പുകവലിക്കുന്നതും കാണാം. വലിയ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. എന്നാൽ അവിടെ ആരും പരാതിപ്പെട്ടു കണ്ടിട്ടില്ല.” ബാംഗ്ലൂരിൽ ബിരുദ വിദ്യാർത്ഥിയായ ഗീതാഞ്ജലി പറയുന്നു.

നിയമ സംവിധാനം കൊണ്ടും ബോധവൽക്കരണം കൊണ്ടും ഉണ്ടായ ഗുണമാണിത്. കട്ടൻ ചായയും ബീഡിയും ഇല്ലെങ്കിൽ സോഷ്യലിസം പോലും ഇല്ലെന്ന് ചിന്തിച്ചിരുന്ന സമൂഹത്തിലേക്കാണ് ഈ നിരോധനം കടന്നു വന്നത്. പൊതു സ്ഥലത്തെ പുകവലിയും മദ്യപാനവും നിരോധിച്ചതോടെ സ്വന്തം വീട്ടിലിരുന്ന് ഇവ രണ്ടും നിർവഹിക്കാനുള്ള പ്രവണത വർദ്ധിക്കുമെന്നും അത് കുട്ടികളിലും സ്ത്രീകളിലും ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാക്കുമെന്നും കുറേപേർ അന്നും വാദിച്ചിരുന്നു. തുടർച്ചയായ പരസ്യങ്ങളും നിയമ നടപടികളും മൂലം, ഇതൊരു കുറ്റകൃത്യം എന്നതിലുപരി ആരോഗ്യ പ്രശ്നമായി ജനം തിരിച്ചറിഞ്ഞു. പക്ഷേ തലമുറകൾ മാറി വരുമ്പോഴും ബോധവൽക്കരണം തുടരേണ്ടതുണ്ട്.

അടുത്തയിടെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തിയ സർവ്വേ പ്രകാരം എറണാകുളം ജില്ലയിലെ വിദ്യാർത്ഥികളിൽ 56 ശതമാനത്തോളം പേർ പാസീവ് സ്മോക്കിംഗ് അനുഭവിക്കുന്നുണ്ട്. വീട്ടിലോ സ്ക്കൂൾ പരിസരത്തോ ആണ് ഇത്. ഇങ്ങനെ പാസീവ് സ്മോക്കിംഗിന് ഇരയാവുന്നവരിൽ 15 ശതമാനം പേർക്കും ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ ഉണ്ടത്രേ!

“പാസീവ് സ്മോക്കിംഗ് അഥവാ നിഷ്ക്രിയ പുകവലി അത്ര വലിയ പ്രശ്നമായി പുകവലിക്കാർക്ക് തോന്നാറില്ല. പുകവലിക്കുന്നവർക്കു മാത്രമല്ല, അതേക്കുറിച്ച് ധാരണ കുറവുള്ള ഭൂരിഭാഗം പേർക്കും പാസീവ് പുകവലി ഉണ്ടാക്കുന്ന സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഗൗരവമായ ചിന്തയില്ല.” കാൻസർ രോഗ വിദഗ്ധൻ ഡോ. സി എൻ മോഹനൻ നായർ ചൂണ്ടിക്കാട്ടുന്നു.

“സിഗററ്റ് പുകയുമ്പോൾ അതിൽ 6000 ത്തോളം രാസവസ്‌തുക്കൾ അന്തരീക്ഷത്തിലെത്തുന്നുണ്ട്. അവയിൽ 60 ഓളം കെമിക്കലുകൾ കാർസിനോജെനസ്, അതായത് കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ളവയാണ്. ഇങ്ങനെ പലതരം മാരകമായ രാസകണങ്ങൾ അടിഞ്ഞു കൂടുന്ന അന്തരീക്ഷത്തിൽ കഴിയേണ്ടി വരുന്നതിനെ തേഡ്ഹാന്‍റ് സ്മോക്കിംഗ് എന്ന് പറയാറുണ്ട്. സ്വന്തം കാറിലിരുന്ന് പുകവലിക്കുന്നവരുണ്ട്.

കിടപ്പുമുറിയിലും, കുളിമുറിയിലും അടച്ചിട്ടിരുന്ന് വലിക്കുന്ന വരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്‌ത ശേഷം ഫാൻ ഇട്ടതു കൊണ്ടോ കാറിന്‍റെ വിൻഡോ തുറന്നിട്ടതുകൊണ്ടോ കാര്യമില്ല. അടച്ചിരിക്കുമ്പോൾ കെമിക്കലുകളുടെ സാന്ദ്രത കൂടും. തുറന്നിട്ടാലും പുകവലിയെ തുടർന്ന് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന രാസകണങ്ങൾ ആ സ്പേസിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇത്തരം സ്‌ഥലങ്ങളിൽ കുഞ്ഞുങ്ങൾ കഴിയേണ്ടി വന്നാൽ ആരോഗ്യത്തെ ബാധിക്കും.

നവ ജാതശിശുക്കളിൽ പെട്ടെന്നുള്ള മരണത്തിനു (സഡൻ ഡെത്ത് സിൻഡ്രോം) വരെ കാരണമായേക്കാം. ആസ്മ അസുഖമുള്ള കുഞ്ഞുങ്ങൾക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്. ശ്വാസകോശ അണുബാധ, ബ്രോങ്കൈറ്റിസ്, ഹൃദ്രോഗം, ക്ഷയം, അലർജി, നാഡീ ന്യൂനതകൾ, മാനസിക ശേഷിക്കുറവ്, ഉറക്കമില്ലായ്മ ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകാം.

ഡയറക്‌ട് സ്മോക്കിംഗിലൂടെയും പാസീവ് സ്മോക്കിംഗിലൂടെയും കാൻസർ ബാധ ഉണ്ടാകാം. എന്നാൽ ഇത് കൂടുതലായി കാണുന്നത് മുതിർന്നവരിലാണ്. തൊണ്ട, നാസാരന്ധ്രങ്ങൾ, ശ്വാസകോശം, അന്നനാളം ഇവിടെയൊക്കെ രോഗം ബാധിക്കാം” ഡോക്‌ടർ ചൂണ്ടിക്കാട്ടുന്നു.

പാസീവ് സ്മോക്കിംഗ് കൂടുതലും ബാധിക്കുക കുട്ടികളെയാണ്. വർക്ക് പ്ലെയ്സ്, ടോയ് ലെറ്റുകൾ, ഓഫീസ് കാബിനുകൾ ഇവിടെ നിന്നൊക്കെയാണ് മുതിർന്നവർക്ക് സംഭവിക്കുന്നതെങ്കിൽ കുട്ടികൾക്കും സ്ത്രീകൾക്കും പുകവലിയുടെ ദൂഷ്യഫലം കൂടുതൽ കിട്ടുന്നത് സ്വന്തം വീടുകളിൽ നിന്നു തന്നെയായിരിക്കും.

“വീട്ടിൽ അച്‌ഛൻ കടുത്ത പുകവലിക്കാരനായിരുന്നു. ഒരിക്കലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. അതിന്‍റെ പ്രത്യാഘാതം അനുഭവിച്ചത് അമ്മയാണ്.” എറണാകുളത്ത് സ്വകാര്യ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്ന പറവൂർ സ്വദേശിനി ഷൈനി പറയുന്നു.

ഷൈനിയുടെ അമ്മ മഹിള ശ്വാസകോശാർബുദത്തിന് ചികിത്സയിലാണിപ്പോൾ. “കൈകാൽ തളർന്നതിനെ തുടർന്ന് ഡോക്‌ടറെ കാണാൻ പോയപ്പോഴാണ് അർബുദബാധയാണെന്ന് വ്യക്‌തമായത്. ശ്വാസകോശം, തലച്ചോറ്, ഇവിടെ എല്ലായിടത്തും പടർന്നതിനു ശേഷമാണ് തിരിച്ചറിഞ്ഞത്.”

പുകയില ഉൽപന്നങ്ങളൊന്നും ഉപയോഗിക്കുന്ന ആളല്ല മഹിള. പിന്നെങ്ങിനെ ശ്വാസകോശാർബുദം ഉണ്ടാകും എന്ന ചോദ്യത്തിന്‍റെ ഉത്തരം ചെന്നെത്തുന്നത് ഭർത്താവ് കലാധരന്‍റെ കലശലായ പുകവലി ശീലത്തിലാണ്.

“പാസീവ് സ്മോക്കിംഗിന്‍റെ ഇരയാണ് മഹിള. നൂറു ശ്വാസകോശാർബുദ രോഗികളെ കണക്കിലെടുത്താൻ 99 പേരും പുകവലിക്കാരായിരിക്കും. അല്ലെങ്കിൽ പാസീവ് സ്മോക്കിംഗിന്‍റെ ഇരയായിരിക്കും.” മഹിളയെ ചികിത്സിക്കുന്ന ഡോ മോഹൻ ചൂണ്ടിക്കാട്ടുന്നു. മഹിളയ്ക്ക് രോഗം ഉണ്ടായതിനു ശേഷം, മകൾ ഷൈനിക്ക് ഒരു വർഷത്തോളം ജോലിക്കു പോകാൻ കഴിഞ്ഞില്ല.

പുകവലിക്കാരുടെ വീട്ടിൽ ചിലപ്പോൾ ഗുരുതരമായ രോഗങ്ങളൊന്നും ഉണ്ടായെന്നു വരില്ല. എന്നാൽ അവിടെ പലതരത്തിലുള്ള ശാരീരികാസ്വസ്ഥ്യങ്ങൾ, പഠനവൈകല്യങ്ങൾ, ഇതൊക്കെ ഉണ്ടാകാം. പലരും അതൊന്നും ശ്രദ്ധിക്കാറില്ല.

പുകവലിയും, മദ്യപാനവുമൊക്കെ പൊതുസ്ഥലങ്ങൾ വിട്ട് വീടിന്‍റെ സ്വകാര്യതയിലേക്ക് കടന്നു കയറി, കിടപ്പുമുറിയും പങ്കിട്ടു. ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. നിശബ്ദമായി ഈ പുക എവിടെയും കൊലയാളിയായി മാറാം.

അച്ഛൻ ഉറങ്ങാത്ത വീട്

മകളെ ഐപിഎസ് കാരിയാക്കാൻ ജീവിതത്തെ അതിജീവനമാക്കി മാറ്റിയ ഒരു പിതാവിന്‍റെ വിജയ കഥ. അണിയാൻ കൊതിച്ച കുപ്പായം എത്തി പിടിക്കാൻ കഴിയാതെ വന്നപ്പോൾ മകളെ ആ യൂണിഫോമിൽ കാണാൻ ആ പിതാവ് കൊതിച്ചു. ഉന്നത പദവിയിൽ എത്താമായിരുന്ന കേന്ദ്ര സർക്കാർ ജോലിയിൽ നിന്നും നാൽപത്തിനാലാം വയസ്സിൽ വിആർഎസ് എടുത്ത് ഉറച്ച മനസ്സോടെ സ്വന്തം ജീവിതം മകൾക്കായി ഉരുക്കിയ ഒരച്‌ഛന്‍റെ അനുഭവ കഥ.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ സുരക്ഷാ ചുമതല നിർവഹിച്ചിരുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ കമാൻഡോയായിരുന്നു കൊല്ലം സ്വദേശിയായ സുനിൽ കുമാർ. ജോലിയുടെ ഭാഗമായി രാജ്യത്തുടനീളം സഞ്ചരിക്കാനും പ്രഗത്ഭ മതികളായ പലരുമായി അടുത്തിടപഴകാനും അവസരം ലഭിച്ചു. അതിലൂടെ സിവിൽ സർവ്വീസിന്‍റെ മഹിമയെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും മനസ്സിലാക്കാൻ കഴിഞ്ഞു. ഇതിനിടെ ഒരു ഐപിഎസ് മോഹം മനസ്സിൽ മുളപൊട്ടാനും തുടങ്ങി. സുനിൽ കുമാർ തന്‍റെ കഥ വായനക്കാർക്കായി പകർന്നു തരുന്നു.

അച്‌ഛനുറങ്ങാത്ത വീട് എന്ന് അങ്ങയെ വിശേഷിപ്പിച്ചാൽ നിഷേധിക്കാനാകുമോ?

തീർച്ചയായും ഇല്ല. ഞാൻ അല്ല ഞങ്ങൾ ഇതു വരെ അനുഭവിച്ചത് അതു തന്നെയായിരുന്നു. ജീവിതം ഞങ്ങൾക്കു മുന്നിൽ വഴി മുട്ടി നിൽക്കുമ്പോൾ എങ്ങിനെ സുഖമായി ഉറങ്ങാൻ കഴിയും? ഉറക്കം നടിച്ച് കിടക്കാനല്ലാതെ.

മക്കൾ അമ്മമാരുടെ ഉറക്കം കെടുത്താറുണ്ട്. ഇവിടെ അച്‌ഛൻ…?

ആരോഗ്യകരമായ ഒരു ബാല്യമോ കുടുംബ പശ്ചാത്തലമോ ഒന്നുമായിരുന്നില്ല എന്‍റേത്. ഞാനുൾപ്പെടെ ഞങ്ങൾ മൂന്നു സഹോദരങ്ങൾ. പതിനാറു വയസ്സിനു മുതിർന്ന ഒരു ജ്യേഷ്ഠനും പത്തു വയസ്സിനു ഇളയ ഒരനിയനും ആണെനിക്ക്.

എന്‍റെ അമ്മയ്ക്കോ മക്കളായ ഞങ്ങൾക്കോ അച്‌ഛന്‍റെ കരുതൽ നേരാവണ്ണം കിട്ടിയില്ല. രണ്ടു ഭാര്യമാരായിരുന്നു അച്‌ഛന്. രണ്ടുപേരും ഒരേ അച്‌ഛനുമമ്മയ്ക്കും പിറന്ന അനുജത്തി ജ്യേഷ്ഠത്തിമാരായിരുന്നു. എങ്കിലും, പിൽക്കാലത്ത് അസ്വസ്ഥതകൾ രൂപപ്പെട്ടിട്ടുണ്ട്. മൂത്തമ്മക്ക് ആറുമക്കൾ, അച്‌ഛന് മൂത്തമ്മയോടും മക്കളോടുമൊപ്പം രണ്ടു കിലോമീറ്ററോളം ദൂരെ മറ്റൊരു വീട്ടിലായിരുന്നു താമസം.

ഞാൻ പ്രൈമറി സ്ക്കൂളിലായിരുന്നപ്പോൾ അതുവരെ ട്യൂട്ടോറിയലിൽ പഠിപ്പിച്ചു നടന്ന ജ്യേഷ്ഠന് കെഎസ്ആർടിസിയിൽ കണ്ടക്ടർ ആയി ജോലി ലഭിച്ചു. വീട്ടിലെ കാര്യങ്ങൾക്കും എന്‍റെ തുടർന്നുള്ള പഠനത്തിനു അതൊരു സഹായമായി. അതുവരെ അമ്മ അടുത്തുള്ള ചന്തകളിൽ പോയി അരി വാങ്ങി വിറ്റു കിട്ടുന്ന തുച്ഛമായ ലാഭത്തിൽ വീടു പുലർത്തുകയായിരുന്നു.

എസ്എസ്എൽസിക്ക് ഒരു സ്കൂൾ ടോപ്പർ ആയതു കൊണ്ടും മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയതു കൊണ്ടും മാത്രമാണ് കോളേജിന്‍റെ പടി കയറാനും ഗണിതം മുഖ്യ വിഷയമായെടുത്ത് ഫീസിളവോടു കൂടി ബിരുദം വരെ ഒരു വിദ്യാർത്ഥി എന്ന നിലയിൽ തുടരാനും കഴിഞ്ഞത്. അത്യാവശ്യം പഠിക്കുമായിരുന്നിട്ടും സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്ന എനിക്ക് പഠിച്ചൊരു ജോലി സമ്പാദിക്കാൻ കഴിയുമെന്നോ കുടുംബമായി ജീവിക്കാൻ അവസരമുണ്ടാവുമെന്നോ അന്നത്തെ ജീവിത സാഹചര്യത്തിൽ പ്രതീക്ഷിക്കാനാവുമായിരുന്നില്ല.

പ്യൂൺ ജോലി വല്ലതും കിട്ടിയാൽ അതുമതി, വിവാഹത്തെപ്പറ്റി ആലോചിക്കുകയേ വേണ്ട എന്ന് ജ്യേഷ്ഠൻ എപ്പോഴൊക്കെയോ അഭിപ്രായപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്‍റെ ഡിഗ്രി പഠനത്തിനിടയിൽ, വൈകിയാണെങ്കിലും ജ്യേഷ്ഠൻ വിവാഹിതനായി തിരുവനന്തപുരത്തേക്കു മാറി. അങ്ങിനെയാണ് നല്ലൊരു കുടുംബം എന്ന സങ്കൽപം എനിക്കേറെ വിലപ്പെട്ടതായത്.

പതിനെട്ടു വയസ്സു കഴിഞ്ഞുടൻ സിആർപിഎഫിൽ ജോലിയായപ്പോൾ വിവാഹം അറേഞ്ച്ഡ് ആവണം അത് മറ്റുള്ളവർക്ക് മാതൃകയാവണം എന്നൊക്കെയായിരുന്നു സ്വപ്നം. ജോലി കിട്ടി ഒൻപത് വർഷങ്ങൾക്കു ശേഷം അതു തന്നെയാണ് സംഭവിച്ചതെങ്കിലും മാനുഷിക മൂല്യങ്ങൾക്കും അപ്പുറം സ്വത്ത്, സാമ്പത്തികം ഇവയിലൂടെ നിലവാരം നിശ്ചയിക്കപ്പെടുന്ന ഒരു സാഹചര്യമാണ് എന്നെ കാത്തിരുന്നത്. ഒരു ശരാശരി സിആർപിക്കാരനായി ഭാര്യയേയും മക്കളെയും നാട്ടിൽ ജനിച്ചിടത്തു നിർത്തണം എന്ന പരോക്ഷമായ സമ്മർദ്ദമുണ്ടായിട്ടും എന്‍റെ പരിമിതികളെ വകവയ്ക്കാതെ എല്ലായ്പ്പോഴും അവരെ ഒപ്പം കൂട്ടുകയായിരുന്നു ഞാൻ. അതു കൊണ്ടു മാത്രമാണ് മകൾ സുശ്രീയെ ഐപിഎസ് കാരിയാക്കാൻ എനിക്ക് കഴിഞ്ഞത്.

ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് കാരിയെ സമ്മാനിച്ച അച്ഛന് ശിരസ്സിലെ പൊൻതൂവലല്ലേ ഇത്?

ആവാം. പക്ഷേ വ്യക്‌തിപരമായി അതിനെ അത്തരത്തിലൊന്നും കാണാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്നെ നേരിട്ടറിയാവുന്ന മറ്റാർക്കെങ്കിലുമോ മക്കൾക്കോ അങ്ങിനെ തോന്നിട്ടുണ്ടെങ്കിൽ കൃതാർത്ഥത മാത്രം.

ആദ്യം മുതലേ കുടുംബത്തെ നാട്ടിൽ നിർത്തിയിട്ട് ഞാനൊരു ശരാശരി സിആർപിക്കാരനായി കാര്യങ്ങൾ നോക്കണം എന്നാഗ്രഹിച്ചവരുടെ മുമ്പിൽ സ്വയം അവകാശപ്പെടാൻ വിശേഷിച്ചൊന്നുമില്ലാതെ വ്യത്യസ്തമായി ചിന്തിച്ചതു മൂലം രൂപപ്പെട്ട താഴ്ത്തിക്കെട്ടലും പരിഹാസവും ഞാൻ സഹിക്കേണ്ടി വന്നിട്ടുണ്ട്. മകളുടെ വ്യക്‌തിപരവും പഠനപരവുമായ ഉയർച്ചയിൽ പലപ്പോഴും മകളുടെയും അമ്മയുടെയും കൂടി ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കേണ്ടിയും വന്നിട്ടുണ്ട്. അതെല്ലാം ഒരച്‌ഛന്‍റെ കടമയായി തന്നെ ഞാൻ കാണുന്നു.

മകളെ ഐപിഎസ് കാരിയാക്കണമെന്ന ചിന്ത ഉടലെടുക്കുന്നത്?

2007-2008 കാലഘട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ സുരക്ഷാ വിഭാഗ (എസ്പിജി) ത്തിലായിരുന്നു ഞാൻ. മകൾ ഏഴിലും എട്ടിലും ഒക്കെ പഠിക്കുന്ന സമയം. ഞാൻ സിആർപിഎഫിൽ ജോലിക്ക് പ്രവേശിച്ച കാലത്ത് ആസ്സാമിലെ നൗഗോങ് ജില്ലയുടെ എസ്പിയും മലയാളിയുമായ രാമചന്ദ്രൻ സാർ തന്ന സ്പാർക്ക് ഉള്ളിൽ കിടക്കുന്നതു കൊണ്ടാവാം. മുതിർന്ന ഐപിഎസ് ഓഫീസർമാരുടെ പ്രവർത്തന ശൈലി എന്നെ ഏറെ ആകർഷിച്ചിരുന്നു.

ജോലി സ്ഥലത്ത് എനിക്ക് അവരോടൊപ്പമുണ്ടായ വിലപ്പെട്ട അനുഭവങ്ങൾ ക്വാർട്ടേഴ്സിൽ തിരികെ എത്തുമ്പോൾ മകളോട് ഞാൻ പങ്കു വയ്ക്കുകയും ക്രമേണ അവളെ സിവിൽ സർവ്വീസിലേക്ക് നയിക്കാൻ ഉതകുന്ന മാഗസിനുകൾ (പ്രതിയോഗിത ദർപൺ, കോമ്പറ്റീഷൻ സക്സസ് റിവ്യു, കോമ്പറ്റീഷൻ വിസാർഡ് യോജന, കുരുക്ഷേത്ര, ഫ്രണ്ട് ലൈൻ തുടങ്ങിയവ) പുറത്തു നിന്നും വാങ്ങി വീട്ടിൽ കൊണ്ടു വന്നു വായിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. കൂടുതൽ സൗകര്യത്തിനായി ഡൽഹി സരോജിനി നഗർ ഗവ. പബ്ലിക് ലൈബ്രറിയിൽ എന്നോടൊപ്പം സുശ്രീയക്കും മെമ്പർഷിപ്പ് എടുത്തു.

അടുക്കും ചിട്ടയോടും കൂടി പഠിച്ചാൽ നമ്മുടെ പരിമിതമായ സാഹചര്യത്തിൽ വലിയ സാമ്പത്തിക ചെലവ് ഒന്നുമില്ലാതെ എത്തിച്ചേരാവുന്ന സേവന സാധ്യതകൾ ഏറെയുള്ള മേഖലയാണിതെന്നും ഞാൻ അവളെ വേണ്ടവിധം ബോധ്യപ്പെടുത്തി. അങ്ങിനെ പത്താം ക്ലാസ്സായപ്പോൾ തനിക്ക് സിവിൽ സർവീസ് മതിയെന്ന് ധൈര്യപൂർവ്വം പറയാൻ അവൾ സ്വയം പ്രാപ്തയായി.

ഉന്നത പദവിയിലെത്താമായിരുന്ന ജോലി വലിച്ചെറിയുമ്പോൾ അങ്കലാപ്പ് തോന്നിയോ? 

ഇരുപത്തിനാലു വർഷത്തെ സേവനാനന്തരം സ്വയം വിരമിക്കുകയായിരുന്നു. വീണ്ടും പതിനാറു വർഷം ബാക്കിയുള്ളപ്പോൾ, മകൾ രക്ഷപെടും വരെ പരിമിതമായ പെൻഷൻ കൊണ്ട് കാര്യങ്ങളൊക്കെ നീക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു. ആ ഉറച്ച വിശ്വാസമാണ് ശേഷം കാര്യങ്ങൾ മുന്നോട്ടു നീക്കാൻ പിൻബലമായത്. അതുകൊണ്ട് അങ്കലാപ്പൊന്നും തോന്നിയില്ല. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ തോന്നാറുണ്ട്. എനിക്കോ വീട്ടിലാർക്കെങ്കിലുമോ അപ്രതീക്ഷിതമായി എന്തെങ്കിലും അസുഖമോ ചികിത്സയോ വന്നിരുന്നെങ്കിൽ എല്ലാ സ്വപ്നങ്ങളും എളുപ്പത്തിൽ പൊലിഞ്ഞു പോകുമായിരുന്നല്ലോ എന്ന്. അങ്ങനെയൊന്നും സംഭവിക്കാതെ ഉടനീളം താങ്ങായി നിന്നു ശക്തിയ്ക്ക്, നന്ദി പറയാൻ വാക്കുകളില്ല.

മകളുടെ മനസ്സിനെ അച്‌ഛന്‍റെ ഫോക്കസ്സിലേക്ക് കൊണ്ടു വരാൻ എങ്ങിനെ കഴിഞ്ഞു?

എട്ടാം ക്ലാസ്സു മുതൽ അഞ്ചു വർഷം മനഃശാസ്ത്രപരമായ സജ്ജമാക്കൽ, അടുത്ത നാലു വർഷം പരീക്ഷയ്ക്കു വേണ്ടി സമയ നിഷ്ഠയോടെയുള്ള തയ്യാറെടുപ്പ്. ചെറുപ്രായം മുതൽ ചുറ്റുമുള്ളവരുമായി ആരോഗ്യപരമായി സംവദിക്കുക, ഒപ്പം പഠിക്കുന്ന കൂട്ടുകാരുടെയും സമൂഹത്തിലുള്ള മറ്റുള്ളവരുടെയും പ്രശ്നങ്ങൾ സമാനുഭാവത്തോടെ ഉൾക്കൊള്ളുക, എങ്ങനെ പരിഹാരമുണ്ടാക്കാമെന്നു ചിന്തിക്കുക, കഷ്ടതയനുഭവിക്കുന്ന സഹജീവികൾക്ക് തന്നാലാവും വിധം എന്തെങ്കിലുമൊക്കെ ഉപകരിക്കുക, എൻഎസ്എസ് തുടങ്ങിയ മാധ്യമങ്ങളിലൂടെ സാമൂഹ്യ സേവനത്തിൽ പങ്കാളിയാവുക, സകുടുംബം അനാഥാലയങ്ങൾ സന്ദർശിച്ച് അവിടെയുള്ളവരോടൊപ്പം സമയം ചെലവഴിക്കുകയും കഴിയുന്ന സഹായങ്ങളും സംഭാവനകളുമൊക്കെ ചെയ്യാനും ശ്രമിക്കുക, ആർസിസി സന്ദർശിച്ച് അവിടെയുള്ള രോഗികളുണ്ട് പ്രയാസങ്ങളും കഷ്ടതകളും നേരിട്ട് കണ്ട് അവർക്കാശ്വാസമാവുക, പരന്ന വായനയിലൂടെ ഇത്തരം കാര്യങ്ങളിൽ അഭിരുചിയും ആഭിമുഖ്യവും വളർത്തുക ഇവയായിരുന്നു പ്രാഥമികമായി ഞാൻ അവളെക്കൊണ്ടു ചെയ്യിപ്പിക്കാൻ ശ്രമിച്ചത്.

മകൾക്ക് നല്ലൊരു ബയോഡേറ്റ വേണമെന്ന് നിർബന്ധപൂർവം മനസ്സിൽ ക്കണ്ടതു കൊണ്ടാണ് പതിനൊന്നും പന്ത്രണ്ടും എന്‍റെയടുത്തുതന്നെ സമയനിഷ്ഠയോടെ ഇരുത്തി പഠിപ്പിച്ച് സ്കൂൾ ടോപ്പർ ആക്കിയതും, ഡിഗ്രിയിൽ യൂണിവേഴ്സിറ്റി ടോപ്പറാക്കിയതും. ഇതിനിടയിൽ എനിക്ക് നല്ല ജോലി ഓഫറുകൾ പലതു വന്നിട്ടും അതിനൊന്നും പോവാതെ മകളുടെ പരിമിതികൾ മനസിലാക്കി അതിനുതകും വിധമുള്ള സ്റ്റഡി പ്ലാൻ ടൈംടേബിൾ ഇവ സമയബന്ധിതമായി നിർദ്ദേശിച്ചു ഒപ്പം നിന്നു കാര്യങ്ങൾ ചെയ്യിക്കുകയായിരുന്നു.

നല്ലൊരു വായനക്കാരൻ ആണെന്ന് അറിയുന്നു?

നാട്ടിലെ സന്മാർഗ ദായിനി യുവജനസമാജം വായനശാലയിലെ ഒരുമാതിരിപ്പെട്ട പുസ്തകങ്ങളൊക്കെ ഞാൻ വായിച്ചിട്ടുണ്ട്. ഞാൻ വെറും ഒരംഗം മാത്രമായിരുന്നു അവിടെ. പതിനെട്ടാം വയസ്സിൽ ജോലി കിട്ടും വരെ മാത്രമേ ആ ഗ്രന്ഥശാല എനിക്ക് പ്രയോജനപ്പെടുത്താനായുള്ളൂ.

സ്വന്തം പേരിനൊപ്പം ഐപിഎസ് ചേർക്കാൻ കൊതിച്ചിരുന്നില്ലേ? 

ഇല്ല എന്ന് പറയുന്നില്ല. ഗുവാഹത്തിക്കു സമീപം നൗഗോങ് ജില്ലയിൽ ജോലി നോക്കുന്നതിനിടയിലാണ് നൗഗോങിലെ എസ്പിയും നാട്ടുകാരനുമായ എൻ.രാമചന്ദ്രനെ പരിചയപ്പെടുന്നത്. (അദ്ദേഹം പിന്നീട് മേഘാലയ, അസം ഡിജിപിയും എസ്പിജി ഉപമേധാവിയും കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനുമായി). അദ്ദേഹം എന്‍റെ ആഗ്രഹങ്ങളും കഴിവുകളും മനസ്സിലാക്കി പഠനം തുടരാൻ ഉപദേശിച്ചു. ജോലിയിലിരുന്നു തന്നെ രണ്ടു വിഷയങ്ങളിൽ കൂടി ബിരുദാനന്തര ബിരുദം എടുത്ത ശേഷം സിവിൽ സർവ്വീസിനു ശ്രമിക്കണമെന്നും നിർദ്ദേശിച്ചു. ആ ഉപദേശം മനസ്സാ സ്വീകരിച്ച് അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതിയെടുത്തു. സോഷ്യോളജിയിൽ എംഎയും ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്‍റിൽ എംബിഎയും നേടി. പക്ഷേ പലനാടുകളിലെ ജോലിയും പഠനവും കഴിഞ്ഞപ്പോഴേക്കും സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള എന്‍റെ പ്രായപരിധി കടന്നു പോയിരുന്നു. ഇതിനിടെ ശ്രീകലയുമായുള്ള വിവാഹവും മക്കളായ സുശ്രീയുടെയും ദേവശ്രീയുടെയും പിറവിയും നടന്നു. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ സിവിൽ സർവീസ് മനസ്സിൽ ഒരു കനലായി ജ്വലിച്ചു കിടന്നു.

രണ്ടാമത്തെ മകളിൽ അച്‌ഛനുള്ള പ്രതീക്ഷ?

അവളുടെ കാര്യത്തിൽ വ്യക്‌തത വരാൻ ഇനിയും സമയമെടുത്തേക്കും. രണ്ടു മക്കളും തമ്മിൽ പ്രായത്തിൽ ആറ് വയസ്സിന് വ്യത്യാസമുണ്ട്. രണ്ടുപേർക്കും ഒരേ മുറിയിൽ ഇരുന്നു പഠിക്കാൻ ഞാൻ തന്നെ പദ്ധതിയിട്ട് അതിനുള്ള സൗകര്യങ്ങൾ ചെയ്‌തിരുന്നു. അനിയത്തിയുടെ പ്രായത്തിലെ അപാകം ചേച്ചിയുടെ ഗൗരവമേറിയ പഠനത്തെ ബാധിക്കുന്നുവെന്ന ഘട്ടത്തിൽ അവളെ മുറി മാറ്റിയിരുത്തി പഠിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അവിടെയിരുന്ന് അമ്മയുടെ കാര്യങ്ങളിൽ ഇടപഴകാനും അഭിരുചിയുണ്ടായിട്ടു തന്നെ അടുക്കള കാര്യങ്ങളിൽ മിടുക്കിയാവാനും അവൾക്ക് കഴിയുന്നു.

ചേച്ചിയുടെ നേട്ടങ്ങൾ സ്വാധീനിച്ചിട്ടാകും പഠനത്തിൽ കർക്കശക്കാരനായ അച്‌ഛനോടു തന്നെയാണ് ഇപ്പോൾ ചായ് വ് കൂടുതൽ. പല കാര്യങ്ങളിലും ചേച്ചിയേക്കാൾ മികവുണ്ടവൾക്ക്, അഭിരുചികൾ ഇനിയും സൂക്ഷ്മ പഠനത്തിനു വിധേയമാക്കുന്നതോടൊപ്പം കൂടുതൽ ഉത്തരവാദിത്വബോധവും ശൂഷ്കാന്തിയും സമയ ബന്ധിതമായി അവളിൽ രൂപപ്പെടുത്തേണ്ടി വന്നേക്കും. കോളേജധ്യാപനത്തോടാണ് ആഭിമുഖ്യം. ഡിഗ്രി ഒന്നാംവർഷമാണിപ്പോൾ, ലക്ഷ്യത്തിൽ കൊണ്ടെത്തിക്കണമെങ്കിൽ ഞാൻ വീട്ടുതടങ്കലിൽ തന്നെ തുടരണമെന്ന സാഹചര്യവും നിലവിലുണ്ട്.

(സുശ്രീയുമായുള്ള അഭിമുഖം ജൂലായ് ലക്കം മാസികയിൽ ചേർത്തിരുന്നു)

ഇനിയുമെത്ര ദൂരം

“ഭയ്യാ… ജൽദി…” റയിൽവേ സ്റ്റേഷനിലേക്കുള്ള ഓട്ടപ്പാച്ചിൽ ഇന്നും അങ്ങനെ തന്നെ. എന്താണ് എല്ലാ പ്രാവശ്യവും ഇതുപോലൊക്കെ തന്നെ സംഭവിക്കുന്നത്. നീര ആലോചിച്ചു. താൻ തിരക്ക് കൂട്ടിയെന്നിട്ടും ഡ്രൈവർ അതു കേട്ടില്ലെന്നു തോന്നുന്നു. അയാൾ പ്രതികരിച്ചതേയില്ല.

നീരയ്ക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. പുറത്തെ ചൂടും അകത്തെ ചൂടും. സുര്യൻ നന്നായി ചുട്ടുപഴുത്തു തിളങ്ങി നിൽക്കുന്ന ഒരു ദിവസം. വിയർപ്പു ചാലിട്ട മുഖവും കഴുത്തും. വേനൽക്കാലം നീരയ്ക്ക് വെറുപ്പാണ്. സത്യം പറഞ്ഞാൽ അവൾക്ക് ജീവിതത്തിൽ ഒന്നും തന്നെ ഇഷ്‌ടമുള്ളത് ഇല്ല!

അമൃത്സർ റയിൽവേ സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹി സ്റ്റേഷനിലേക്കാണ് ട്രെയിൻ പിടിക്കേണ്ടത്. അതു മിസ് ചെയ്താൽ, വീട്ടിൽ ചെല്ലുമ്പോൾ വഴക്കിന്‍റെ പൂരമായിരിക്കും.

“കുറച്ചു കൂടി വേഗം പോകുമോ? പ്ലീസ്…” അവൾ വളരെ താഴ്മയായി ചോദിച്ചു. ഇത്തരം സമയങ്ങളൽ താഴ്ന്നു നിന്നില്ലെങ്കിൽ കാര്യം നടക്കില്ല. മനസമാധാനവും നഷ്‌ടമാകും.

നീര ബാഗിൽ നിന്ന് കർചീഫെടുത്ത് നെറ്റിയും മുഖവും തുടച്ചു. സ്പീഡ് കൂട്ടാൻ പറഞ്ഞത് ഡ്രൈവർ ഇപ്രാവശ്യം കേട്ടെന്ന് തോന്നി. അയാൾ കുറച്ചു വേഗത കൂട്ടിയിട്ടുണ്ട്. പക്ഷേ എന്തുകാര്യം. ഈ നഗരത്തിലെ ട്രാഫിക്ക്! സ്പീഡ് കൂട്ടാൻ പോയിട്ട്, അൽപം പോലും നീങ്ങാൻ കഴിഞ്ഞിട്ടു വേണ്ടേ?

നീര ദീർഘമായി ശ്വസിച്ചു. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. ഇന്നത്തെ ദിവസം തന്നെ ആകെ കഷ്ടപ്പാടായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ കറന്‍റ് ഇല്ല. ഇൻവെർട്ടർ ഓൺ ചെയ്‌തപ്പോൾ അഞ്ചു മിനിറ്റിൽ അതു പണി മുടക്കി. പിന്നെ ഇരുട്ടത്തിരുന്ന് എന്തൊക്കെയോ പാക്ക് ചെയ്തു. അതു കാരണം പലതും മറന്നു. അത്യാവശ്യമായി കയ്യിൽ കരുതേണ്ട മരുന്നു പോലും.

നീര ഒരു ഡിപ്രഷൻ രോഗിയാണ്. എങ്ങനെയാണ് ഈ അവസ്‌ഥയിലെത്തിയതെന്ന് അവൾക്കും അറിയില്ല. ജീവിതം തരക്കേടില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നത്ര പണം തന്‍റെ ജോലിയിലൂടെ നീര കണ്ടെത്തുന്നുണ്ട്. ചിലപ്പോഴൊക്കെ കുടുംബത്തിന്‍റെ ആവശ്യങ്ങൾക്കും പണം ചെലവഴിക്കാറുണ്ട്.

ആരുമായും പ്രണയബന്ധമില്ലാത്തതിനാൽ ഹാർട്ട് ബ്രേയ്ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്താണോ ഇപ്പോഴത്തെ ജീവിതം അതു ഭംഗിയായി പോകുന്നു, പക്ഷേ എന്നാൽ സന്തുഷ്ടയാണോ എന്നു ചോദിച്ചാൽ അല്ല.

റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ ഓട്ടോ ഡ്രൈവർക്ക് പണം കൊടുത്ത് അവൾ പ്ലാറ്റ്ഫോമിലേക്ക് ഓടിക്കയറി. ടിക്കറ്റ് റിസർവ് ചെയ്‌ത മെസേജ് ഒന്നു കൂടി നോക്കി കമ്പാർട്ട്മെന്‍റ് ഉറപ്പിച്ചു.

മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ വന്നു കഴിഞ്ഞു. എക്സലേറ്ററിനും വേഗതയില്ലെന്ന് നീരയ്ക്ക് തോന്നി. ഓടിക്കുതിച്ചെത്തിയ ട്രെയിന് ഒരു മിനിട്ട് സ്റ്റോപ്പേ ഉള്ളൂ. ട്രെയിനിൽ കാലെടുത്തു വച്ചതേ ഉള്ളൂ വണ്ടി അനങ്ങിത്തുടങ്ങി.

ശ്വാസമെടുക്കാൻ ബന്ധപ്പെട്ട് അവൾ അകത്തേക്ക് വലിഞ്ഞു കയറി.

കൃത്യസമയത്ത് വന്നതു കൊണ്ട് വണ്ടി കടന്നു പോയില്ല. ഭാഗ്യം! ഒരു മിനിട്ട് വൈകിയാൽ പ്ലാറ്റ്ഫോമിൽ ഇരിക്കേണ്ടി വന്നേനെ.

ഇനി ട്രെയിൻ കിട്ടിയാൽ തന്നെയും സീറ്റും ഉണ്ടാകില്ല. സീറ്റിൽ ഇരിക്കും മുമ്പേ തന്‍റെ സഹയാത്രികയെ നീര കണ്ണു കൊണ്ട് ഉഴിഞ്ഞു. കറുത്ത ഡ്രസ്സിൽ സുന്ദരിയായ ഒരു സ്ത്രീ. അവർ എന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്.

നീര തന്‍റെ ലഗേജ് കുറച്ചു ഒതുക്കി വച്ച് കുപ്പിയിൽ നിന്ന് ഒരു കവിൾ വെള്ളം വിഴുങ്ങി സീറ്റിൽ ഇരുന്നു. ട്രെയിൻ അതിവേഗം മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.

നീര ജനാലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകൾ പടർത്തി വിട്ടു. യാത്രകൾ ഇഷ്‌ടമാണ്. ഡെസ്റ്റിനേഷൻ എത്തുന്നതിനേക്കൾ ഇഷ്‌ടം ഇങ്ങനെ യാത്ര ചെയ്‌തു കൊണ്ടിരിക്കുന്നതാണ്.

യാത്ര എന്നു പറഞ്ഞാൽ അതിന് ഒരു ലക്ഷ്യമുണ്ട്. ജീവിതം പോലെ. ആ ലക്ഷ്യത്തിലെത്തിയാൽ പിന്നെ അതിന്‍റെ ത്രില്ല് കുറഞ്ഞു പോകും.

ആകാശത്ത് മേഘങ്ങൾ മാഞ്ഞു പോകുന്നതും പക്ഷികൾ പറക്കുന്നതും നോക്കിയിരിക്കേ അവളുടെ മനം ആർദ്രമായി. കണ്ണുകളിൽ നനവു പടർന്നു. ഇത്രയും വെയിലിൽ ഈ പക്ഷികൾ എങ്ങനെ പറക്കുന്നുണ്ടാവുമോ?

ഫോൺ ബെല്ലടിക്കുന്ന ശബ്ദം അവളുടെ ആകാശ കാഴ്ചകളെ പെട്ടെന്ന് പിന്നോട്ടു തള്ളി. തൊട്ടടുത്ത സീറ്റിലെ സ്ത്രീയുടെ ഫോൺ ആണ്. ബാഗിൽ നിന്ന് അവർ അത് പണിപ്പെട്ട് തപ്പിയെടുത്തു കോൾ അറ്റന്‍റ് ചെയ്‌തു.

നീരയ്ക്ക് ഫോൺ ശബ്ദം കേട്ടപ്പോൾ അസ്വസ്ഥത തോന്നി. ആ യുവതി ഫോണിൽ ആരോടോ ഉറക്കെ സംസാരിക്കാൻ തുടങ്ങി.

ഗോതമ്പിന്‍റെ നിറമുള്ള ശരീരം. അതു മാത്രമല്ല തിളക്കമുള്ള ചർമ്മസൗന്ദര്യം. കറുത്ത കണ്ണുകൾ അലസമായ മുടിയിഴകളിൽ ചിലവ മുഖത്തേക്ക് വീണു കിടക്കുന്നു. അത് അവരുടെ മുഖസൗന്ദര്യത്തിന്‍റെ ചാരുത കൂടി.

പ്രൊഫഷണൽ സ്റ്റൈലിൽ ബ്ലാക്ക് കോട്ട് ഉൾപ്പെട്ട ഡ്രസ്സ്, ഹൈ ഹീൽസ്. തനിക്കു ചുറ്റുമുള്ള അന്തരീക്ഷത്തിനു പോലും ഒരു പ്രാധാന്യം നൽകാൻ അവർക്കു കഴിയുന്നുണ്ടല്ലോ എന്ന് നീര ലേശം കുറുമ്പോടെ ചിന്തിച്ചു.

“ഞാൻ ഡൽഹി എത്തിയാലുടൻ അവിടെ വരാം.”

ആ യുവതി തന്‍റെ ഫോണിൽ ആരോടൊ പറയുന്നുണ്ടായിരുന്നു.

“ഇനി ഇക്കാര്യത്തിൽ ഒത്തിരി താമസം ഉണ്ടാകില്ല. എത്രയും വേഗം തീർക്കാനാണ് ഞാനും ശ്രമിക്കുന്നത്.” അവൾ പിന്നെ കുറച്ചു നേരം നിശബ്ദമായി, മറുവശത്തെ ആൾ പറയുന്നത് കേട്ടു കൊണ്ടിരുന്നു.

സംഭാഷണത്തിനൊടുവിൽ ഔപചാരികമായി ഒരു ഗുഡ്ബൈ പറഞ്ഞിട്ട് അവർ ഫോൺ ഹാന്‍റ് ബാഗിലേക്ക് വച്ചു. നീര അപ്പോഴാണ് അതു ശ്രദ്ധിച്ചത്. അവരുടെ കൈവശമുള്ളത് ഒരു ഐഫോൺ ആണ്.

താൻ ഈ നേരമത്രയും അവരെ തന്നെ ഉറ്റു നോക്കി ഇരിക്കുകയാണെന്ന സത്യം അവരുടെ മറുചോദ്യത്തിലൂടെയാണ് നീര മനസ്സിലാക്കിയത്.

“ഹലോ? എവിടെ പോകുന്നു?”

നീര പെട്ടെന്ന് ഞെട്ടിയെങ്കിലും പുഞ്ചിരി മുഖത്തു വരുത്തി. “ഡൽഹി” എന്നു മറുപടി പറഞ്ഞെങ്കിലും ഈ സ്ത്രീയെ ഇനി ശ്രദ്ധിക്കുന്ന പ്രശ്നമില്ലെന്ന് നീര മനസ്സിലുറപ്പിച്ചു.

യാത്രയിലുടനീളം, അടുത്തിരിക്കുന്ന വ്യക്‌തിയെ അവഗണിക്കുക അത്ര എളുപ്പമല്ല. എങ്കിലും അപ്പോൾ അവൾ ആഗ്രഹിച്ചത്.

നീര, അന്ന് പൊതുവേ കുറച്ച് വിഷാദത്തിലായിരുന്നു. ജീവിതത്തിൽ എന്തൊക്കെയോ നേടണമെന്നുണ്ട്. പക്ഷേ, ജീവിതം തരുന്നതോ? വളരെ കുറച്ചു മാത്രം.

പഠിക്കുമ്പോൾ മുതൽ കഠിനാധ്വാനി ആണ്. എന്നാൽ തന്‍റെ അച്‌ഛനമ്മമാരെ സംതൃപ്തിപ്പെടുത്താൻ കഴിയുന്നത്ര അക്കാദമിക നിലവാരം പുലർത്താൻ കഴിഞ്ഞില്ല. നല്ലൊരു ജോലി ലഭിക്കത്ര മാർക്കും കഴിവും ഉണ്ടായില്ല.

പാട്ടു പാടാൻ വളരെ ഇഷ്‌ടമാണ്. ആ രംഗത്തു തുടരാൻ ആഗ്രഹിച്ചപ്പോൾ മറ്റു പല പ്രശ്നങ്ങളുടെ മുൻഗണനാക്രമത്തിൽ ആ മോഹം ചവറ്റുകുട്ടയിലായി. ഇപ്പോഴുള്ള ജോലിയോട് വലിയ താൽപര്യം ഒന്നും ഇല്ല. വരുമാന മാർഗ്ഗം എന്ന നിലയിൽ അതു തുടരുന്നു എന്നു മാത്രം.

താൻ ആദ്യമായി സ്നേഹിച്ച പുരുഷനോട് അക്കാര്യം തുറന്നു പറയാൻ പോലും കഴിഞ്ഞില്ല. അയാളാകാട്ടെ കാനഡ എന്ന കണ്ണെത്താദൂരത്തേക്ക് കുടിയേറിപ്പോയി.

ജീവിതം എന്താണ് തനിക്ക് കാത്തു വച്ചിരിക്കുന്നത്. അത് തന്നെ എവിടെയും വീഡ്ഢിയാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ജീവിതം യഥാർത്ഥത്തിൽ ജീവിക്കുകയല്ല, എന്തിനോ അതിജീവിക്കുകയാണെന്ന തോന്നൽ!

നീര തന്‍റെ ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ആ യുവതി തൊട്ടടുത്തിരുന്ന് ലാപ്ടോപ്പിൽ എന്തോ ടൈപ്പ് ചെയ്‌തു കൊണ്ടിരിക്കുകയാണ്. യാത്രയും പകുതി ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. അപ്പോഴും അവർ തന്‍റെ ജോലി തുടരുന്നുണ്ടായിരുന്നു.

എല്ലാം മറന്ന് ലാപ്പിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ആ സ്ത്രീയോട് നീരയ്ക്ക് അകാരണമായി നീരസം തോന്നി. ഇടയ്ക്കിടെ വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം കുടിക്കുന്ന തൊഴിച്ചാൽ അവർ മറ്റൊരു കാര്യവും ശ്രദ്ധിക്കുന്നതേയില്ല.

അവർക്ക് വളരെയധികം കാര്യങ്ങൾ ചെയ്‌തു തീർക്കാനുണ്ടെന്ന് തോന്നുന്നു. അവരെ കാണാൻ നല്ല ചന്തമുണ്ട്. ഇഷ്‌ടം പോലെ പണം, സ്വന്തമായൊരു ലാപ്ടോപ്പ്, ഐഫോൺ, ഡയമണ്ട്സ്, എല്ലാറ്റിനുമുപരി വളരെ ഇഷ്‌ടപ്പെട്ട ജോലിയാണെന്നു തോന്നുന്നു.

ഇവർക്കൊക്കെ ജീവിതം എത്ര ലളിതവും രസകരവുമാണ്. പക്ഷേ എന്നെപ്പോലെ കുറേപ്പേർക്ക് അതൊരു വല്ലാത്ത കഷ്ടപ്പാടും. നീര ആലോചിച്ചു.

അനന്തമായ ചിന്താച്ചരടുകളിൽ അവളുടെ മനസ്സ് ആടിക്കളിച്ചു. എപ്പോഴോ ഉറങ്ങിപ്പോയതെന്ന് ഓർമ്മയില്ല. അടുത്തിരുന്ന് അവർ വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്. ചൂടു കാരണം ശരീരമാകെ വിയർത്തുക്കുളിച്ചിരുന്നു. വേനൽക്കാലത്തെ ഇഷ്ടമല്ലാത്തതു ഇതൊക്കെ കൊണ്ടാണ്.

ലഞ്ച്ട്രോളിയുമായി ട്രെയിൻ കാറ്ററിംഗ് സർവീസ് വന്നു നിൽക്കുന്നു. എന്താണ് വേണ്ടതെന്ന് അറിയാനാണ് നീരയെ വിളിച്ചുണർത്തിയത്. വെജിറ്റേറിയൻ നീര മെല്ലെ പറഞ്ഞു. വെയിറ്റർ ഒരു പാക്കറ്റ് ഫുഡ് സീറ്റിൽ വച്ചിട്ട് മുന്നോട്ടു നീങ്ങി.

“താങ്ക്യൂ…” നീര, ആ യുവതിയെ ക്ഷമാപണ ഭാവത്തോടെ നോക്കി.

അവർ പുഞ്ചിരിച്ചു.

“ഓകെ ആം ആയിഷ ദേവ്”

ഞാൻ നീര.

നീര വളരെ മൃദുവായി പറഞ്ഞിട്ടു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. ആയിഷയെപ്പോലൊരു ലേഡിയുമായി കൂടുതൽ സംസാരിക്കാൻ നീരയുടെ മനം എന്തോ പിന്നെയും മടിച്ചു.

“ഇവരുടെ പേരും ഒരുമാതിരി…” നീര ആലോചിച്ചു.

ഭക്ഷണം കഴിച്ചു തീരും വരെ നീര, ആയിഷയെ പൂർണ്ണമായും അവഗണിച്ചു. അവൾക്ക് അപകർഷതാബോധം തോന്നിയതിനാൽ അങ്ങനെ ചെയ്യാനെ കഴിയുന്നുണ്ടായിരുന്നുള്ളൂ.

“നിങ്ങൾ അമൃത്സറിൽ നിന്നാണോ?” ആയിഷ സ്നേഹാദരവോടെ ചോദിക്കുന്നു. പക്ഷേ അതിനുള്ള മറുപടി പോലും നേരെ ചൊവ്വേ പറയാൻ നീര പണിപ്പെട്ടു.

ആയിഷ എന്തിനാണ് തന്നോട് സംസാരിക്കാൻ ശ്രമിക്കുന്നതെന്ന് ആലോചിച്ചു പോയി. അവർ ശരിക്കും ഒരു സംഭാഷണം തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടാകുമോ?

“അതേ… പക്ഷേ. ഞാൻ വർക്ക് ചെയ്യുന്നത് ഡൽഹിയിലാണ്.”

“ഓഹോ… എവിടെയാണ്.?”

“ഒരു സ്ഥാപനത്തിന്‍റെ അക്കൗണ്ട്സ് സെക്ഷൻ” നീര ഒട്ടും താൽപര്യമില്ലാതെ മറുപടി പറഞ്ഞു.

എന്തെങ്കിലും നല്ല കാര്യങ്ങൾ ഇത്രയും കാലത്തിനിടയിൽ ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത അവളുടെ മനസ്സിൽ തികട്ടി വന്നു.

“വൗ അത് കൊള്ളാം” ആയിഷയുടെ കണ്ണുകളിൽ തിളക്കം.

“എനിക്ക് വളരെ ഇഷ്‌ടമുള്ള രംഗമാണ് അക്കൗണ്ടിംഗ്. പക്ഷേ ഞാൻ ഒരു ഇവന്‍റ്മാനേജ്മെന്‍റ് സ്‌ഥാപനത്തിൽ പെട്ടു പോയി…”

നീര തലയാട്ടി. അതുകണ്ട് ആയിഷ അതിശയം കൂറുന്ന മിഴിയോടെ നോക്കി. “എന്തെങ്കിലും പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ?” ആയിഷയുടെ ചോദ്യം കേട്ടപ്പോൾ നീര ഒന്നു ഞെട്ടി.

“ഇല്ല അങ്ങനെയൊന്നുമില്ല.” നീര പെട്ടെന്ന് മറുപടി പറഞ്ഞു.

“യാത്രയിലുടനീളം എന്താ ടൈപ്പ് ചെയ്‌തു കൊണ്ടിരിക്കുന്നത്?”

ആയിഷ ചിരിച്ചു. ഒരു വ്യത്യസ്‌തമായ ചിരി ആയിരുന്നു അത്.

“അതൊരു കഥയാണ്.”

“ഇവന്‍റ് സ്‌ഥാപനത്തിൽ കഥ എഴുത്തോ?” നീര സംശയത്തോടെ ചോദിച്ചു.

ആയിഷ അതുകേട്ട് ഉറക്കെ ചിരിച്ചു.

“നോ… ഞാൻ ഒരു കഥ എഴുതുന്നു. പക്ഷേ, അതെന്‍റെ ജോലിയുടെ ഭാഗമല്ല. ഞാൻ എന്‍റെ ജോലി ഉപേക്ഷിക്കാൻ പോകുകയാണ്.”

നീരയ്ക്ക് വലിയ അതിശയം തോന്നി.

“ജോലി ഉപേക്ഷിക്കുകയോ… നല്ല ശബളം ഉള്ള ജോലിയല്ലേ?”

ആയിഷ തലയാട്ടി.

“പിന്നെന്തെ ഇങ്ങനെ ഒരു തീരുമാനം?”

“എനിക്ക് ഈ കഥ ഉടനെ തീർക്കണം. എന്‍റെ ജോലിയുടെ സ്വഭാവം വച്ച് അതിനൊപ്പം കഥയെഴുത്ത് വലിയ പ്രയാസമാണ്.”

ആയിഷയുടെ മുഖത്ത് വിടർന്ന ചിരി നീര കൗതുകത്തോടെ നോക്കിയിരുന്നു.

“ഒന്നിനും സമയം തികയാതെയായി.” ആയിഷ ആത്മഗതമൊന്നോണം മന്ത്രിച്ചു.

“കഥ എഴുതിക്കൊടുക്കാൻ സമയം പറഞ്ഞിട്ടുണ്ടോ?” അവൾക്ക് ജിജ്‌ഞാസ അടക്കാൻ പറ്റിയില്ല. ആയിഷയോടുള്ള അസൂയ നിമിഷം പ്രതി ഇരട്ടിക്കുന്നതു പോലെ! ഇത്രയും ശബളമുള്ള ഒരു ജോലി ഇട്ടെറിഞ്ഞു പോകാൻ ഇവർക്കെന്താ വട്ടാണോ?

“ഇത് എഴുതിയാൽ ഇപ്പോൾ കിട്ടുന്ന ശബളത്തേക്കാൾ കൂടുതൽ കിട്ടുമോ?”

നീര തന്‍റെ സംശയം തീർക്കാൻ വേണ്ടി വീണ്ടും ചോദിച്ചു.

“അതറിയില്ല. ഈ കഥയ്ക്ക് അത്രയൊന്നും കിട്ടാനിടയില്ല.”

“പിന്നെന്തിനാ റിസ്ക് എടുക്കുന്നത്?” നിങ്ങൾക്ക് ഇപ്പോൾ വേണ്ടത്ര പണം ബാങ്ക് ബാലൻസ് ഉണ്ടാകുമല്ലേ?”

ആയിഷ അതുകേട്ട് പൊട്ടിച്ചിരിച്ചു. “ഓഹ്… ഇല്ല ഞാൻ ഒരു ഇടത്തരം കുടുബാംഗമാണ്. അങ്ങനെ വലിയ സേവിംഗ്സ് ഒന്നും ഇല്ലടോ…”

ഇത്രയും നേരം സംസാരിച്ച ടോണിൽ നിന്ന് വിഭിന്നമായിരുന്നു പിന്നെ ആയിഷയുടെ സംസാരം.

“ഞാൻ ഇത് ചെയ്യുന്നത് എനിക്ക് എഴുതാൻ ഇഷ്‌ടമുള്ളതു കൊണ്ടാണ്. അത് എന്നെ സന്തുഷ്ടയാക്കുന്നു. ഇതുവരെ ഞാനെന്‍റെ ജീവിതം പണം ഉണ്ടാക്കാൻ മാത്രമായി വിനിയോഗിച്ചു. എനിക്ക് സന്തോഷം ലഭിക്കുന്ന ഒരു കാര്യവും ഞാൻ ചെയ്‌തില്ല. എഴുത്ത് എനിക്ക് ഹാപ്പിനസ് തരുന്ന കാര്യമാണ്. ഇനി ഞാൻ അത് പിന്തുടരാൻ തീരുമാനിച്ചു.”

അതുകേട്ട് നീര, ആയിഷയെ നിർന്നിമേഷമായി നോക്കിയിരുന്നു.

“സ്വയം ഹാപ്പിയാവാൻ നീര എന്താണ് ചെയ്യുന്നത്? എന്തൊക്കെയാ ഹോബി?”

ആയിഷ ചോദിച്ചു.

“ഹും… നീര ഒന്നു മൂളി. ഞാൻ പാട്ട് പാടാറുണ്ടായിരുന്നു.”

“ഉണ്ടായിരുന്നു? അതിനർത്ഥം ഇപ്പോൾ ഇല്ല എന്നാണോ?”

ആയിഷയുടെ മുഖത്ത് അമ്പരപ്പ്.

നീര തലകുലുക്കി.

“സമയം കിട്ടുന്നില്ല. അതു തന്നെ പ്രശ്നം.”

“ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. താൻ ഇത്ര ഡിപ്രസ്ഡ് ആയിരിക്കുന്നത് ഇതു കൊണ്ടാണ്.”

ആയിഷയുടെ വാക്കുകൾ നീരയുടെ ഹൃദയത്തിൽ തന്നെയാണ് തറച്ചത്. പക്ഷേ അവൾ നിശബ്ദത പാലിച്ചു.

“സന്തോഷം ലഭിക്കുന്ന കാര്യം താൻ ഉപേക്ഷിച്ചിരിക്കുന്നു. പണത്തേക്കാൾ ജീവിതത്തിൽ വലുത് ഹാപ്പിനസ് തന്നെയാണെടോ.”

“പക്ഷേ നിങ്ങൾക്ക് പണത്തിന്‍റെ ആവശ്യകതയെ കുറിച്ച് എന്തറിയാം ആയിഷ?” നീര അൽപം ദേഷ്യത്തോടെ പ്രതികരിച്ചു.

“നിങ്ങളുടെ ജോലി, നിങ്ങൾക്ക് ആവശ്യമുള്ളതിലേറെ ശബളം തരുന്നു. ഐഫോൺ, ലാപ്ടോപ്, ബ്രാന്‍റഡ് ക്ലോത്ത്സ്… എല്ലാം സ്വന്തം. ചിലപ്പോൾ നിങ്ങൾ ഡൽഹിയിലെത്തുമ്പോൾ ബിഎംഡബ്ലിയു കാർ കാത്ത് കിടപ്പുണ്ടാകും. പക്ഷേ എന്നെപ്പോലുള്ള സാധാരണക്കാരായവരോ? ഓരോ ദിവസവും ജീവിച്ചു പോകാൻ കഷ്‌ടപ്പെടുകയാണ്. പണം ആവശ്യത്തിലേറെ ഉള്ളവർക്ക് അതിന്‍റെ വില മനസ്സിലാവില്ല.”

നീരയുടെ രോഷം പൂണ്ട വാക്കുകൾ കേട്ടപ്പോൾ ആയിഷ കുറച്ചുനേരം നിശബ്ദയായി. അവൾ ഒരു ദീർഘനിശ്വാസത്തോടെ സാവകാശം പറയാൻ തുടങ്ങി.

“ശരിയാണ് ഞാൻ അർഹിക്കുന്നതിലും പണം എനിക്ക് കിട്ടുന്നുണ്ട്. പക്ഷേ എന്‍റെ ചോദ്യം ഇതാണ്. അത്രയും പണം നൽകുന്ന ആ ജോലി ചെയ്‌തതു കൊണ്ട് ഞാൻ ഹാപ്പിയാണോ? ആ ചോദ്യത്തിന് എന്‍റെ ഉത്തരം നോ എന്നാണ്.”

അതുകേട്ട് നീര ഒന്നുകൂടെ ഉഷാറായി. ഇവരുടെ ഈ നിലപാടിനെ അഹങ്കാരം എന്നല്ലാതെ എന്താ പറയുക? “അത്…” നീര പറയാൻ തുടങ്ങിയതിനെ ഖണ്ഡിച്ചു കൊണ്ട് ആയിഷ പറഞ്ഞു തുടങ്ങി.

“ഞാൻ സന്തോഷത്തിന്‍റെ അന്വേഷണത്തിലാണ്. എനിക്ക് ഇനിയുള്ള ഈ ചെറിയ ജീവിതം പരമാവധി സന്തോഷത്തോടെ ജീവിക്കണം. എനിക്കു മുന്നിൽ ദീർഘമായ ജീവിതം ഇനിയുണ്ടോ എന്നറിയില്ല. ഞാൻ ഒരു ഹൃദ്രോഗിയാണ്. ഏതു നിമിഷവും താളം തെറ്റാവുന്ന ഹൃദയവുമായി നടക്കുന്നവൾ. ചിലപ്പോൾ ഈ ട്രെയിനിൽ നിന്ന് ഇറങ്ങും മുമ്പ് അല്ലെങ്കിൽ എന്‍റെ പുസ്തകം പ്രകാശനം ചെയ്യും മുമ്പ്, അതുമല്ലെങ്കിൽ ഞാൻ അടുത്ത ഒരു വാക്ക് പറയും മുമ്പ്! എപ്പോൾ വേണമെങ്കിലും അതു സംഭവിക്കാം. മരണം! അതിലേക്ക് നടക്കുന്ന ഓരോ നിമിഷവും ഞാൻ സന്തോഷത്തോടെയല്ലേ ജീവിക്കേണ്ടത്?” ആയിഷ പുഞ്ചിരിച്ചു.

നീരയുടെ നെഞ്ചിൽ ഒരു സ്ഫോടനം ശക്‌തിയോടെ കലഹിച്ചു. മറുവാക്കിനായി ചുണ്ടുകൾ പരതുമ്പോൾ അവൾ കണ്ണുകളെ ജനാലയിലേക്ക് തുറന്നു വച്ചു.

തടാകക്കരയിലെ കാട്

തമിഴിൽ യേരി എന്നാൽ തടാകം എന്നാണ് അർത്ഥം. തടാകക്കരയിലെ കാട്. അതാണ് യേർക്കാട്. പേരുപോലെ തന്നെയാണ് പ്രദേശവും. സേലം ജില്ലയിലെ ഒരു ഹിൽ സ്റ്റേഷനാണ് യേർക്കാട്.

ചെന്നൈയുടെ വാണിജ്യകേന്ദ്രം ആണ് സേലം. ഇവിടെ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ യേർക്കാടിലെത്താം. വടക്കുകിഴക്കു ഭാഗത്തായിട്ടുള്ള ശെർവരയൻ മലനിരകളാണ് പ്രധാന ആകർഷണം. ഈ മലനിരകളിലാണ് തെക്കിന്‍റെ ആഭരണം എന്നു വിശേഷിപ്പിക്കുന്ന യേർക്കാട്.

കരിംപച്ച പുതച്ച മരങ്ങളും കാപ്പിത്തോട്ടങ്ങളും കുറ്റിക്കാടുകളും ഉൾപ്പെട്ട മോഹിപ്പിക്കുന്ന ജന്തുസസ്യജാലങ്ങൾ തീർച്ചയായും നിങ്ങളെ വിസ്മയിപ്പിക്കും. മനസ്സിൽ അശാന്തിയുടെ ചെറു ഇളക്കമെങ്കിലും ഉണ്ടെങ്കിൽ ഈ സുന്ദരമായ പ്രദേശം തീർച്ചയായും കാണുക.

പച്ചപുതച്ച മലനിരകളെക്കുറിച്ച് പറയും മുമ്പേ അങ്ങോട്ടുള്ള യാത്രയെക്കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. യേർക്കാടിലേക്ക് യാത്ര പദ്ധതിയിട്ടതിനു ശേഷമാണ് ഈ പാതയിലെ 20 ഓളം ഹെയർപിൻ വളവുകളെക്കുറിച്ച് അറിയുന്നത്.

സേലത്തു നിന്ന് കാറിൽ യാത്ര ആരംഭിക്കുമ്പോൾ നെഞ്ചിടിപ്പ് ഉയർന്നു പോയി. കൊടും വളവുകളിലൂടെയുള്ള യാത്ര ഭയം ജനിപ്പിക്കാറുണ്ട്. എന്നാൽ കുറച്ചു മുന്നോട്ടു പോയപ്പോഴേക്കും എന്‍റെ ഹൃദയമിടിപ്പ് സാധാരണ രീതിയിലേക്ക് മാറി. റോഡുകൾ വളരെ ഭംഗിയായി ഡിസൈൻ ചെയ്തതിനാലും കുണ്ടും കുഴിയുമൊന്നുമില്ലാത്തതിനാലും എന്‍റെ ശ്വാസകോശങ്ങൾ സാമാധാനത്തോടെയും ആഹ്ലാദത്തോടെയും ശ്വാസമെടുത്തു തുടങ്ങി. പാതയോരെത്തെ സംരക്ഷണ ഭിത്തികളും വ്യക്‌തമായ മാർക്കിംഗുകളും കൃത്യമായ സൈൻ ബോർഡുകളും ഡ്രൈവ് സുന്ദരമായ അനുഭവമാക്കി.

ഓരോ ഹെയർപിൻ വളുകളും യാത്രക്കാർ ശ്രദ്ധിക്കത്തക്കവണ്ണമാണ് റോഡിന്‍റെ ഡിസൈനിംഗ്. 1/20 മുതൽ 20/20 വരെയുള്ള വളവുകളെ ഇത്രയേറെ ഭംഗിയായി അപകടരഹിതമായി ഡിസൈൻ ചെയ്തിരിക്കുന്നത് മറ്റൊരു പാതയിലും കണ്ടിട്ടില്ല. അപകടങ്ങൾ പതിയിരിക്കുന്ന ആ പാതയിലൂടെ ഒരു ബട്ടർ സ്മൂത്ത് ഡ്രൈവ് ഞങ്ങൾക്ക് സാധിച്ചു!

ഹെയർപിൻ വളവുകളിൽ വണ്ടി നിർത്തുന്നത് അത്ര എളുപ്പമല്ലെങ്കിൽ കൂടിയും ചില ദൃശ്യങ്ങൾ മനസ്സിലും കാമറയിലെ ഒപ്പിയെടുക്കാൻ അതേ മാർഗ്ഗമുണ്ടായിരുന്നുള്ളു. കാറിന്‍റെ ഓരോ ചക്രമുരുളുമ്പോഴും ഓരോ കാഴ്ചകൾ! പാതയോരത്തെ കാടുകളിലും മരങ്ങളിലും കൂട്ടം കൂടി വാനരന്മാരുടെ ആഘോഷം. താഴെ നിന്ന് മല കയറി 5000 അടി ഉയരത്തിലെത്തിയതു പോലും അറിഞ്ഞില്ലെന്നതാണ് വാസ്തവം. ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങൾ മുകളിലെത്തി.

യേർക്കാടിലേക്ക് ഞങ്ങൾ എത്തുമ്പോൾ സമയം പുലർച്ചേ 7.30 ആയതേയുള്ളൂ. സൂര്യകിരണങ്ങൾ മലച്ചില്ലകൾക്കിടയിലൂടെ അരിച്ചെത്തുന്ന കാഴ്ചയിൽ മനസ്സ് ഉഷാറായി.

യേർക്കാടിൽ ആദ്യം സ്വാഗതം ചെയ്യുന്നത് അവിടെത്തെ തടാകം തന്നെയാണ്. ദക്ഷിണേന്ത്യയിലെ ഏക പ്രകൃതിദത്ത തടാകമാണിത്. ചുറ്റും വനത്തിന്‍റെ നിബിഢത, തടാകത്തിലേക്കുള്ള വഴിയിൽ ചെറു ടൗൺഷിപ്പുമുണ്ട് ഇവിടെ ഹോട്ടലുകൾ യഥേഷ്ടമുണ്ട് താനും. അവിചാരിതമായി സൂര്യൻ തന്‍റെ കിരണങ്ങളെ മടക്കി വിളിച്ച പ്രതീതി. ആകാശമാകെ കരിമേഘങ്ങൾ ഉരുണ്ടുകൂടി. എപ്പോൾ വേണമെങ്കിലും പെയ്യാം… പ്രതീക്ഷിച്ചപോലെ കനത്ത മഴ അലറിപ്പാഞ്ഞുവന്നു. അതിരറ്റ സന്തോഷമാണ് ആ കാഴ്ച നൽകിയത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് തരം സീസൺ കാണാൻ കഴിയുക. അത്ര ആഹ്ദാകരമായ അനുഭവമായിരുന്നു.

തടാകത്തിന്‍റെ കരയിലെമ്പാടും പലതരം പഴങ്ങൾ കച്ചവടത്തിനു വച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് അത്തിപ്പഴമാണ്. നാട്ടിൽ വിളവെടുത്ത തനി അത്തിപ്പഴങ്ങൾ നീളെ നിരത്തി കൂട്ടയിട്ടിരിക്കുന്നു. നാഗ്പൂർ ഓറഞ്ചുകളെക്കാൾ സ്വാദുള്ള ഓറഞ്ചുകൾ ഇവിടെ ഉണ്ടെന്ന് അവിടത്തെ കച്ചവടക്കാർ പറയുന്നുണ്ടായിരുന്നു.

യേർക്കാട് ഓറഞ്ച് ചെറുതും മധുരമുള്ളതും ധാരാളം നീരുള്ളതുമാണ്! കസ്റ്റാഡ് ആപ്പിൾ രണ്ടു തരമുണ്ട്. വടക്കേന്ത്യയിൽ കാണുന്ന തരമല്ലാതെ മധുരവും ചവർപ്പും കലർന്ന തരം സീതപ്പഴം ഇവിടത്തെ സവിശേഷതയാണ്. ഈ പഴത്തിന്‍റെ ഗുണമേന്മകളെക്കുറിച്ച് കച്ചവടക്കാരൻ നല്ല വാക്ചാതുതിയൊടെ വിശദീകരിക്കുന്നുണ്ടായിരുന്നു. ഇതിലടങ്ങിയ വിറ്റാമിൻ എ, സി, ബി6, മെഗ്നീഷ്യം, പൊട്ടാസ്യം ഫൈബർ, നിയാസിൻ തുടങ്ങിയ ഘടകങ്ങൾ ചർമ്മത്തിനും മുടിയ്ക്കും ആരോഗ്യം നൽകുമെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നത് ശരിക്കും കൗതുകമുണർത്തി. രക്‌തസമ്മർദ്ദം, ആസ്തമം, പ്രമേഹം, തുടങ്ങിയവയെപ്പോലും പരിഹരിക്കാൻ ശേഷിയുള്ള അതിശയപ്പഴം എന്നു കേൾക്കുമ്പോൾ കുറേപ്പേർ വാങ്ങുന്നുണ്ടായിരുന്നു. വിൽക്കുന്ന പഴങ്ങളെക്കുറിച്ചുള്ള അയാളുടെ അറിവ് തന്നെയാണ് ഞങ്ങളെയും ആ പഴം വാങ്ങാൻ പ്രേരിപ്പിച്ചത്.

തടാകത്തിൽ അൽപം അകലെയുള്ള രാജരാജേശ്വരി ക്ഷേത്രപരിസരത്ത് ഉണക്കിയ മുളക് വാങ്ങാൻ കിട്ടും. 15 മുളകിന് 30 രൂപ കൊടുത്ത് ഞങ്ങൾ വാങ്ങി. കുരുമുളക് ചെടികളിൽ കുരുമുളക് ഉണ്ടായിക്കിടക്കുന്ന കാഴ്ചയും വളരെ കൗതുകകരമായിരുന്നു. മൂപ്പെത്താത്ത കുരുമുളക് കുറച്ച് അടർത്തി രുചിച്ചു നോക്കി. ആ രുചിയുടേയും എരിവന്‍റെയും സുഗന്ധത്തിന്‍റെയും ഫ്രഷ്നസ് ശരീരത്തിലെമ്പാടും നിറയുന്ന പോലെ.

ഒരു ദിവസത്തെ യാത്രയുടെ അന്തിമ ഘട്ടത്തിലേക്ക് കടക്കാറായിരിക്കുന്നു. പ്രകൃതിയുടെ സൗന്ദര്യവും തനിമയും നാട്ടുരുചികളും ഇനിയും എവിടെയങ്കെിലും ഉണ്ടോ. ഒരാൾക്ക് 550 രൂപ കൊടുത്താൽ ഡെസ്റ്റിനേഷനുകൾ സന്ദർശിച്ചു വരാനുള്ള പാക്കേജുണ്ട് അവിടെ. പകോഡ പോയിന്‍റ് എന്നു കേട്ടപ്പോൾ ഞങ്ങൾ അവിടെ പോകാം എന്ന് തീരുമാനിച്ചു. ഹോട്ട് പകോഡകളും മണവും സ്വാദും ഓർത്തപ്പോൾ ഞങ്ങൾ വളരെ സന്തോഷപൂർവ്വം ആ ഡെസ്റ്റിനേഷൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ ആ പോയിന്‍റിലെത്തി. ഡ്രൈവർ കാർ നിർത്തിയ ഭാഗത്ത് പകോഡ കടകൾ ഒന്നും തന്നെയില്ല.

ഇതാണ് പഗോഡ പോയിന്‍റ്. ഒരു അക്ഷരത്തിന്‍റെ ഉച്ചാരണത്തിലെ വ്യത്യാസം കൊണ്ടുണ്ടായ അമളി. അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്. നാല് കൽത്തൂണുകൾ നാട്ടിയ ഒരു പ്രദേശം. ആ ഭാഗത്ത് ആദിവാസികൾ ഒത്തുകൂടുന്ന സ്ഥലമാണത്രേ അത്. സത്യത്തിൽ ചിരിക്കണോ കരയണോ എന്ന മട്ടിലായി ഞങ്ങൾ. നല്ല പക്കവട മോഹിച്ചു വന്ന ഞങ്ങളെ വരവേറ്റത് നാലു കരിങ്കൽ തൂണുകൾ! (പിന്നീട് ഇതേക്കുറിച്ചോർത്തപ്പോഴെക്കെ ചിരിപൊട്ടി എന്നതു വാസ്തവം)

എന്തായാലും ഭക്ഷണം മോഹിച്ചു ചെന്ന ഞങ്ങൾക്ക് സവാളയും കായയും കോളിഫ്ളവറും ഉരുളക്കിഴങ്ങും ചേർത്ത ഒരു വിഭവം കിട്ടി. ഒപ്പം ചട്നിയുടെ അപൂർവ്വ കോമ്പിനേഷൻ! അതു കഴിഞ്ഞപ്പോൾ ചൂടുള്ള മുളക് പക്കവട ഒരു സ്ത്രീ നടത്തുന്ന ചെറിയ കടയിൽ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു! പക്ഷേ അവിടെ ഇരുന്ന് കഴിക്കാനൊന്നും പറ്റില്ല. വേവിച്ച കപ്പലണ്ടി ഇവിടത്തെ മറ്റൊരു ആകർഷണമാണ്. ഒരു പ്രത്യേക സ്വാദ് ഇവയ്ക്കുണ്ട്. ഒരു പേപ്പർ പൊതിയിലാണ് ഇവ സെർവ്വ് ചെയ്യുന്നത്, പക്ഷേ സ്വാദ് അവാച്യം. എവിടെയും കോഫി കിട്ടും. അതിന്‍റെയും സ്വാദ് ആസ്വാദ്യകരമായിരുന്നു. കാപ്പിത്തോട്ടങ്ങളിൽ നിന്ന് ശേഖരിച്ചുണ്ടാക്കിയ നാടൻ കാപ്പിയുടെ സ്വാദും തനിമയും ആവോളമുണ്ട്.

ഈ മലനിരകളുടെ ഉയരം 5300 അടിയാണ്. ഇവിടെ നിന്നുള്ള കാഴ്ചകൾ മറ്റേതു പശ്ചിമഘട്ട മലനിരകളോടും കിടപിടിക്കുന്നതാണ്.

മലനിരകൾക്കുള്ളിൽ ഒരു ഗുഹാക്ഷേത്രമുണ്ട്. ഇവിടെ ചിത്രങ്ങൾ എടുക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്തുള്ള കൊടും കാടുകളും ശക്‌തിയായി വീശുന്ന കാറ്റും ഒട്ടൊരു ഭയം ജനിപ്പിക്കും. എങ്കിലും ഇവിടെയും പുറത്തേക്കു വന്നാൽ ഫോട്ടോ എടുത്തു കൊടുക്കാൻ തയ്യാറായി വരുന്ന ആളുകളെ കാണാം. വീശിയടിക്കുന്ന തണുത്ത കാറ്റിൽ കൂടുതൽ നേരം നിൽക്കാൻ കഴിഞ്ഞില്ല. താപനില അപ്പോഴേക്കും 12 ഡിഗ്രി സെൽഷ്യസിൽ എത്തി. യെർക്കാടിൽ താപനില പരമാവധി 29 ഡിഗ്രിയാണ്.

തിരിച്ചുള്ള ഇറക്കവും യാത്രയും വളരെ ഫണ്ണിയായിരുന്നു. ഹെയർ പിൻ വളവുകളെ പ്രണയിച്ചുകൊണ്ട് ആ മടക്കത്തിൽ ഞങ്ങൾ ശാന്തസുന്ദരമായ ആ തടാകക്കരയോട് വീണ്ടും വരാമെന്ന് വാക്ക് കൊടുത്ത് വിട പറഞ്ഞു.

വിവാദം കൂടപ്പിറപ്പാണ്…

രഞ്ജിത്ത് സംവിധാനം ചെയ്‌ത പ്രജാപതിയിലൂടെയാണ് 2006 ൽ അതിഥി റാവു ഹൈദരി സിനിമയിലെത്തിയത്. പിന്നെ രാകേഷ് ഓം പ്രകാശ് മെഹറയുടെ ദില്ലി 6 എന്ന സിനിമയിൽ ഒരു ചെറിയ റോൾ അതു കഴിഞ്ഞ് ഗ്ലാമറും കഴിവും കൊണ്ട് മാത്രം ബോളിവുഡിൽ തന്‍റെ സ്‌ഥാനം ഉറപ്പിച്ചു. ഹൈദ്രബാദിലെ ഒരു റോയൽ ഫാമിലിയിൽ ജനിച്ചു വളർന്ന അതിഥി ബിരുദ്ധം നേടിയ ശേഷമാണ് അഭിനയം കരിയറായി സ്വീകരിച്ചത്. കരിയറിലെ കയറ്റിറക്കങ്ങൾ കുലുക്കാത്ത വിവാദ നായികയായി പ്രേക്ഷകരുടെ മനം മയക്കുന്നു.

സിനിമാ വ്യവസായം ഇപ്പോഴും നിങ്ങളെ ഏറ്റെടുത്തിട്ടില്ല എന്ന് ഒരിക്കൽ പരിഭവം പറഞ്ഞിരുന്നു? അതു മാറിയോ…

അതു ഞാൻ പറഞ്ഞത് ശരിയാണ്. സിനിമാ കുടുംബത്തിൽ നിന്ന് വരാത്ത ഒരാളെ അംഗീകരിക്കാൻ ഹിന്ദി സിനിമാ വ്യവസായത്തിന് മടിയാണ്. നടന്‍റെ മകളോ പ്രൊഡ്യുസറുടെ ബന്ധുവോ സംവിധായകന്‍റെ മകളോ ഒക്കെ ആയാൽ മാത്രമേ സ്‌റ്റാർ പവർ കൽപ്പിച്ചു കൊടുക്കൂ. നമ്മൾക്ക് വേണ്ടി വാദിക്കാനും അവസരം തരപ്പെടുത്തി തരാനും ആളില്ലെങ്കിൽ നമുക്ക് അങ്ങനെയെ ഈ കാര്യത്തെ കാണാൻ സാധിക്കൂ. ഞാൻ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ് വരുന്നത്. എനിക്ക് ഒരു കസേര കിട്ടിയത് ഞാൻ വലിച്ചിട്ട് ഇരുന്നത് കൊണ്ടാണ്. എനിക്കാരും പരവതാനി വിരിച്ച് തന്നിട്ടില്ല.

വസീർ എന്ന ചിത്രത്തിൽ വമ്പൻമാരോടൊപ്പം ജോലി ചെയ്‌തപ്പോൾ എന്തായിരുന്നു അനുഭവം?

അമിതാബ്ജിക്കൊപ്പം അഭിനയിക്കണമെന്നത് എന്‍റെ തുടക്കം മുതലുള്ള സ്വപ്നമായിരുന്നു. ഞാൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ അദ്ദേഹത്തിന്‍റെ ഫാനാണ്. എന്‍റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു അദ്ദേഹത്തോടൊപ്പമുള്ള അഭിനയം. ഒരു റോക്ക് സ്‌റ്റാറിനൊപ്പം ഒരു ഫാൻ ജോലി ചെയ്യുന്നപ്പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.

എന്‍റെ കഴിവിന്‍റെ അടിസ്‌ഥാനത്തിൽ തന്നെയാണ് എനിക്കി റോൾ കിട്ടിയത്. അതും ശുപാർശ ചെയ്തട്ടില്ല. സിനിമയുടെ സംവിധായകൻ വിനയ് നമ്പ്യാർ എന്‍റെ കുറച്ച് ഫോട്ടോഗ്രാഫുകൾ കാണാൻ ഇടയായിരുന്നു. അങ്ങനെയാണ് എനിക്കി ചിത്രം ചെയ്യാൻ സാധിച്ചത്. 2 പ്രാവശ്യം ഒഡീഷനും ഡാൻസ് ടെസ്‌റ്റും ചെയ്‌തു. അതിനു ശേഷമാണ് കരാർ സൈൻ ചെയ്‌തത്. ഇത്രയും വലിയ താരനിരയും മുന്തിയ ടെക്നീഷന്മാരും ആണ് ഇതിന്‍റെ പിറകിലെന്ന് ആദ്യം എനിക്ക് അറിയില്ലായിരുന്നു. ശരിക്കും ചാലഞ്ചിംഗ് ആയിരുന്നു എന്‍റെ ഈ റോൾ.

ഫർഹാനിനൊപ്പം സ്ക്രീൻ ഷെയർ ചെയ്‌തപ്പോഴുള്ള അനുഭവം പറയാമോ?

ഷൂട്ടിംഗ് തീരുന്നതുവരെ ഫർഹാനെ ഒരു ആരാധിക നോക്കി കാണുന്നതുപ്പോലെയാണ് ഞാൻ നോക്കി കണ്ടത്. എന്‍റെ ഉള്ളിൽ അദ്ദേഹത്തോട് ആരാധനയായിരുന്നു. വലിയ സംവിധായകനും നടനുമൊക്കെയല്ലോ. പക്ഷേ ഞാൻ അദ്ദേഹത്തിനൊപ്പം ക്യാമറയ്ക്ക് മുന്നിൽ വരുമ്പോൾ ശരിക്കും അഭിനേത്രിയാവും. അത് എന്‍റെ ശക്‌തിയാണ്. ഫർഹാൻ ചെയ്യുന്നത് വളരെ കറക്‌ട് ആയിരിക്കും. ഒപ്പം അഭിനയിക്കുന്നതും അതിനനുസരിച്ച് ഉയരണം.

അദ്ദേഹത്തിന്‍റെ കണ്ണിൽ ദർശിച്ചത് സത്യസന്ധതയുടെ ആത്മാർപ്പണത്തിന്‍റെ പ്രകാശമാണ്. സത്യം പറയുന്ന കണ്ണുകൾ ആണ് അദ്ദേഹത്തിന്‍റേത്.

നിങ്ങൾ കാരണമാണ് ഫർഹാന്‍റെ വിവാഹ ജീവിതം തകർന്നത് എന്ന് ശ്രുതിയുണ്ടായിരുന്നു?

അടിസ്‌ഥാന രഹിതമായ ആരോപണമാണിത്. ഞാൻ അത്രയും താഴ്ന്ന നിലയിൽ ചിന്തിക്കുന്ന ആളല്ല. ഇതൊക്കെ മീഡിയയുടെ ചില തൽപരകക്ഷികളുടെ പണിയാണ്. ഞാൻ കാരണം ആരുടെയും വീട് നശിക്കില്ല. ഇനി ആരുടെയെങ്കിലും ലൈഫ് തകർന്നിട്ടുണ്ടെങ്കിൽ അതവരുടെ പ്രശ്നം കൊണ്ടാവും. ഞാൻ അതിന് ഉത്തരവാദിയല്ല.

ഗ്ലാമർ കാണിച്ചാണ് അഥിതി റാവ് ഹൈദരി പിടിച്ചു നിൽക്കുന്നത് എന്ന് ആരോപിക്കുന്നവരുണ്ട്?

കഥ ആവശ്യപ്പെടുമ്പോൾ എക്സ്പോസ് ചെയ്യാത്ത എത്ര നടികളെ നിങ്ങൾക്ക് ചൂണ്ടി കാട്ടാനാവും? ഇല്ല. ആരും തന്നെയുണ്ടാവില്ല. ഇതൊരു ജോലിയാണ്. കഥാപാത്രത്തിന്‍റെ സ്വഭാവം അനുസരിച്ച് ചിലപ്പോൾ ഗ്ലാമർ കാണിക്കേണ്ടി വരും. അത് പാപമാണോ? തുണി അഴിച്ചിട്ടുള്ള രംഗമൊന്നും ഞാനിതു വരെ അഭിനയിച്ചിട്ടില്ല. ഗ്ലാമർ കാണിക്കുന്നത് ഗ്ലാമർ ഉള്ളത് കൊണ്ടാണെന്ന് ആരോപിക്കുന്നവർ സമാധാനപ്പെടട്ടെ എന്നേ എനിക്ക് പറയാനുള്ളൂ. സൗന്ദര്യം കാണിക്കാനും ആസ്വദിക്കാനും ഉള്ളതാണ്. എന്‍റെ കഴിഞ്ഞ ചിത്രത്തിൽ ചുംബന രംഗം ഉണ്ട്. ഞാനത് ഇഷ്‌ടപ്പെട്ട് സ്വന്തം ഇഷ്‌ടപ്രകാരം ചെയ്‌തതല്ല. കഥ അങ്ങനെയൊരു രംഗം ആവശ്യപ്പെടുന്നുണ്ട്. ഈ ചെറിയ കാര്യത്തിന് ഇത്രയും ഒച്ചപാട് ഉണ്ടാക്കേണ്ട കാര്യമുണ്ടോ? ഉടുക്ക് കൊട്ടി എന്നെയാരും പേടിപ്പിക്കുകയൊന്നും വേണ്ട.

വയറുവേദന കാരണങ്ങൾ

വയറുവേദന വളരെ സാധാരണമായ ഒരു ലക്ഷണമാണ്. വയറുവേദന പലതരത്തിലുണ്ട്. ചിലപ്പോൾ വളരെ ലഘുവായതാവാം അല്ലെങ്കിൽ കഠിനമായ വേദനയാവാം. ചില വേദന കുറച്ചു നേരം മാത്രം ഉണ്ടാവുന്നതാണെങ്കിൽ മറ്റു ചില വേദനകൾ ദീർഘ കാലം നീണ്ടു നിൽക്കുന്നവയായിരിക്കും. വയറുവേദനയോടൊപ്പം മറ്റു ലക്ഷണങ്ങളും ഉണ്ടാവാം. (ഉദാ: ഛർദ്ദി, വയറിളക്കം, മൂത്രമൊഴിക്കുമ്പോൾ വേദന, പനി തുടങ്ങിയവ)

കാരണങ്ങൾ

വയറുവേദനയ്ക്ക് പല കാരണങ്ങളുണ്ട്. ഉദാ: പിത്താശയക്കല്ലുകൾ, ആമാശയത്തിലും ചെറുകുടലിലും ഉണ്ടാവുന്ന പുണ്ണുകൾ, ഇത്തരം പുണ്ണുകൾ പൊട്ടുക, അപ്പൻഡിസൈറ്റിസ്, ഡൈവട്ടിക്കുലൈറ്റിസ്, ആന്തരിക രക്‌തസ്രാവം, ഭക്ഷ്യവിഷബാധ, മൂത്രത്തിൽ പഴുപ്പ്, മൂത്രസഞ്ചിയിലോ വൃക്കയിലോ കല്ലുകൾ, കാൻസർ തുടങ്ങിയവ.

സ്ത്രീകൾക്ക് അണ്ഡാശയത്തിലുണ്ടാവുന്ന ഒരു തരം ദ്രാവകം നിറഞ്ഞ മുഴകൾ പഴുക്കുകയോ, തിരിയുകയോ ചെയ്യുമ്പോഴും, ഗർഭാശയത്തിൽ ഫൈബ്രോയിഡ് മുഴകളിൽ സങ്കീർണ്ണതകൾ ഉണ്ടാവുമ്പോഴും വയറുവേദന ഉണ്ടാവാം.

ഗർഭാവസ്‌ഥയിൽ പല കാരണങ്ങൾ കൊണ്ട് വയറുവേദന ഉണ്ടാവാം. ചിലതരം ന്യൂമോണിയയിൽ വയറു വേദന ഉണ്ടാവാം. ചിലന്തികൾ കടിച്ചാൽ ചിലപ്പോൾ കടുത്ത വയറുവേദന ഉണ്ടായേക്കാം. ഹൃദയാഘാതം പലപ്പോഴും നെഞ്ചെരിച്ചിലോ വയറുവേദനയോ മാത്രമായി പ്രത്യക്ഷപ്പെടാം.

വയറുവേദന പലതരത്തിലാവാം

കുറേനേരം നീണ്ടു നിൽക്കുന്ന തുടർച്ചയായ വേദനയോ, പെട്ടെന്ന് തുളച്ചു കയറുന്നതു പോലെയോ കീറുന്നതു പോലെയോ ഉള്ള വേദനയോ ഉണ്ടാവാം. വയറ്റിന്‍റെ ഏതു ഭാഗത്തും വേദനയുണ്ടാവാം. (മുകൾ ഭാഗത്തോ നടുവിലോ അടിവയറ്റിലോ ഇടതു – വലതു ഭാഗത്തോ) വയറ്റിലെ ഏതവയവത്തിനാണ് രോഗം എന്നതനുസരിച്ച് വയറുവേദന ഉണ്ടാവുന്ന സ്‌ഥലവും വ്യത്യസ്തമായിരിക്കും.

ഡോക്‌ടറെ സമീപിക്കുമ്പോൾ

ഡോക്‌ടർ ആദ്യം രോഗത്തിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ചോദിച്ചറിയുന്നു. വയറുവേദന എപ്പോൾ തുടങ്ങി, ഏതു ഭാഗത്താണു വേദന, എത്രത്തോളം ഗൗരവമുള്ളതാണ്, എത്രനേരം നീണ്ടുനിൽക്കും, വയറുവേദന ഏതുതരത്തിലുള്ളതാണ്, അതുപോലുള്ള വേദന മുമ്പ് ഉണ്ടായിട്ടുണ്ടോ, മലശോധനയും മൂത്ര വിസർജ്‌ജനവും ശരിയായി നടക്കുന്നുണ്ടോ, വേദന കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ഘടകങ്ങൾ എന്തെല്ലാമാണ്, വയറുവേദനയോടൊപ്പം മറ്റേതെങ്കിലും ലക്ഷണങ്ങളുണ്ടോ എന്നീ കാര്യങ്ങളെല്ലാം ഡോക്ടർ ചോദിക്കുമ്പോൾ വ്യക്‌തമായി മറുപടി പറയണം. രോഗ നിർണ്ണയത്തിന് അത് സഹായകമാവും.

വയറുവേദനയ്ക്കു കാരണമായ രോഗമനുസരിച്ചാണ് ചികിത്സ തുടങ്ങുന്നത്. ചിലപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌ത് ഞരമ്പു വഴി മരുന്നുകൾ നൽകി നിരീക്ഷിക്കും. മറ്റു ചില രോഗങ്ങൾക്ക് ശസ്ത്രക്രിയ തന്നെ വേണ്ടിവരും. ഭേദമാവാൻ എത്ര ദിവസം വേണമെന്നത് രോഗമനുസരിച്ചിരിക്കും. വയറുവേദനയ്ക്കു കാരണമാവുന്ന ചില രോഗങ്ങളെക്കുറിച്ച് അറിയാം.

പിത്താശയക്കല്ലുകൾ

കരളിനടിയിലുള്ള ഒരു ചെറിയ സഞ്ചി പോലുള്ള അവയവമാണ് പിത്താശയം. ഭക്ഷണത്തിലെ കൊഴുപ്പ് ദഹിപ്പിക്കാനാവശ്യമായ പിത്തരസം ഉണ്ടാവുന്നത് ഇതിൽ നിന്നാണ്. പിത്താശയത്തിൽ കല്ലുകൾ ഉണ്ടാവുന്നതോടൊപ്പം പിത്താശയം ചെറുകുടലിലേക്കു തുറക്കുന്ന നാളിയിലും കല്ലുകൾ നിറയാനിടയുണ്ട്. ഈ നാളിയിൽ കല്ലുണ്ടാവുമ്പോൾ ആ ഭാഗത്ത് വീക്കമുണ്ടാവുകയും നാളി അടഞ്ഞു പോവുകയും ചെയ്യുന്നതിനാൽ വയറുവേദന ഉണ്ടാവാം.

വയറിന്‍റെ മുകൾ ഭാഗത്ത് വലതുവശത്തായി ഉണ്ടാവുന്ന ഈ വേദന, കൊഴുപ്പുള്ള ഭക്ഷണം കഴിച്ചശേഷമാണ് സാധാരണയായി ഉണ്ടാവുന്നത്. കൊഴുപ്പുള്ള ഭക്ഷണം വയറ്റിലെത്തുമ്പോൾ പിത്താശയം സങ്കോചിക്കുന്നു. പിത്താശയത്തിൽ പഴുപ്പും കൂടിയുണ്ടെങ്കിൽ ഇത്തരം സങ്കോചങ്ങൾ കൂടുതലാവുകയും കടുത്ത വയറുവേദന ഉണ്ടാവുകയും ചെയ്യും.

അപ്പൻഡിസൈറ്റിസ്

വയറ്റിനുള്ളിൽ പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലാത്ത ഒരു ചെറിയ അവയവമാണ് അപ്പൻഡിക്സ്, വൻകുടലിന്‍റെ ഭാഗമായ ഇത് പഴുക്കുമ്പോൾ കഠിനമായ വയറുവേദന ഉണ്ടാവാം. പൊതുവെ കുട്ടികളിലും യുവാക്കളിലുമാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. വയറിന്‍റെ നടുവിൽ തുടങ്ങി താഴത്തെ ഭാഗത്ത് വലതു വശത്തേക്ക് വ്യാപിക്കുന്ന കഠിനമായ വേദന ഈ രോഗത്തിന്‍റെ ലക്ഷണമാവാം. പഴുത്തു നിൽക്കുന്ന അപ്പൻഡിക്സ് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാതിരുന്നാൽ അത് പഴുത്തു പൊട്ടാനിടയുണ്ട്. അപ്പോൾ വയറ്റിനുള്ളിൽ പഴുപ്പു വ്യാപിച്ച് പെരിറ്റോണിറ്റീസ് എന്ന അവസ്ഥയുണ്ടാവാം. ഇത് മരണത്തിനു മിടയാക്കാറുണ്ട്.

വയറ്റിലെ പുണ്ണുകൾ

വയറ്റിൽ ആമാശയത്തിലും ചെറു കുടലിന്‍റെ തുടക്കമായ ഡുവോഡിനം എന്ന ഭാഗത്തും വ്രണങ്ങളുണ്ടാവുന്നത് വയറു വേദനയ്ക്കു കാരണമാവാം. വയറിന്‍റെ മുകൾ ഭാഗത്തു നടുവിലായി വേദനയുണ്ടാവുന്നു. ചിലപ്പോൾ ഭക്ഷണം കഴിച്ച ശേഷമായിരിക്കും വേദന. മറ്റു ചിലപ്പോൾ വെറും വയറ്റിൽ വേദന കൂടാറുണ്ട്. ചിലർ വയറുവേദന കൊണ്ട് രാത്രി ഉണരാറുമുണ്ട്. (ഇതെല്ലാം വയറ്റിൽ ഏതു ഭാഗത്താണ് പുണ്ണ് എന്നതനുസരിച്ച് വ്യത്യാസപ്പെടുന്നു)

ഇത്തരം വയറുവേദനയ്ക്കും വയറ്റിലെ പുണ്ണുകൾക്കും കാരണം വയറ്റിലെ ആമാശയത്തിലെ ആസിഡിന്‍റെ തോത് കൂടുക, വയറ്റിനുള്ളിൽ ഒരുതരം ബാക്‌ടീരിയ (എച്ച് പിലോറി അഥവാ ഹെലികോബാക്ടർ പിലോറി) മൂലം അണുബാധയുണ്ടാവുക, വേദനാസംഹാരി ഗുളികകളുടെ പ്രത്യേകിച്ചും നോൺസ്റ്റിറോയ്ഡൽ ആന്‍റി ഇൻഫ്ളമേറ്ററി ഡ്രഗ് (എൻഎസ്എഐഡി) എന്ന വിഭാഗത്തിൽ പെട്ടവയുടെ അമിതമായ ഉപയോഗം എന്നിവയാണ്.

ആസിഡ് കുറയ്ക്കാനുള്ള മരുന്നുകളും ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്‍റി ബയോട്ടിക്കുകളുമാണ് ഡോക്‌ടർ നിർദ്ദേശിക്കുക. അധികം എരിവും മസാലയും എണ്ണയുമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാൻ പാടില്ല. മദ്യപാനവും പുകവലിയും പാടില്ല.

ഗാസ്ട്രോ ഈസോഫാഗൽ റിഫ്ളക്‌സ് ഡിസീസ് (ജിഇആർഡി)

ആമാശയത്തിനുള്ളിലെ ആസിഡ് അന്നനാളത്തിലെത്തുന്നതു കൊണ്ടുള്ള നെഞ്ചെരിച്ചിൽ ജിഇആർഡി എന്ന രോഗത്തിന്‍റെ ഒരു ലക്ഷണമാണ്. ഇതിനു കാരണം ആമാശയത്തിനും അന്നനാളത്തിനുമിടയിൽ വൃത്താകാരത്തിലുള്ള മാംസപേശിയുടെ (സ്പിൻറ്റർ) ശക്‌തി കുറഞ്ഞ് അയഞ്ഞു പോകുന്നതാണ്. അപ്പോൾ ആസിഡ് ആമാശയത്തിൽ നിന്ന് അന്നനാളത്തിലെത്തുന്നത് തടയാൻ ആ മാംസപേശിക്ക് കഴിയാതാവുന്നു.

ചിലർക്ക് മാനസികമായ പിരിമുറുക്കം കൊണ്ട് ഇത് കൂടുതലാവാം. അമിതവണ്ണമുള്ളവരിലും പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങളുള്ളവരിലും ജിഇആർഡി ഉണ്ടാവാൻ സാദ്ധ്യത കൂടുന്നു.

നെഞ്ചെരിച്ചിൽ വർദ്ധിപ്പിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ (ഉദാ: ചെറുനാരങ്ങ, മുസമ്പി പോലുള്ള സിട്രസ് പഴങ്ങളും അവയുടെ പഴച്ചാറുകളും, തക്കാളി, തക്കാളി സോസ്, കഫീനടങ്ങിയ കാപ്പി, കോള പോലുള്ള പാനീയങ്ങൾ, പെപ്പർമിന്‍റd, അധികം എരിവും കൊഴുപ്പുമടങ്ങിയ ഭക്ഷണം എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

ഭക്ഷണം മെല്ലെ ചവച്ചരച്ചു തിന്നുക. ഓരോ പ്രാവശ്യവും ഭക്ഷണം അൽപമായി കഴിക്കണം. ഒറ്റപ്രാവശ്യം വലിച്ചു വാരിത്തിന്നുന്നതിനു പകരം പല പ്രാവശ്യം കുറേശേയായി ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്. ഉറങ്ങുമ്പോൾ തലയിണകൾ വച്ച് തല ഉയർത്തി വച്ച് കിടക്കുക. അമിതവണ്ണം ഒഴിവാക്കുക. മാനസിക സംഘർഷം കുറയ്ക്കുക.

ഭക്ഷ്യവിഷബാധ

ഭക്ഷണത്തിലും പാനീയങ്ങളിലും കലരുന്ന വൈറസ്സുകളോ ബാക്‌ടീരിയയോ മറ്റു രോഗാണുക്കളോ ആണ് ഇതുണ്ടാക്കുന്നത്. വൃത്തികെട്ട ഭക്ഷണവും വെള്ളവും വൃത്തിയില്ലാത്ത പാത്രങ്ങൾ, പഴകിയ ഭക്ഷണം, ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ നന്നായി കഴുകാതിരിക്കുക എന്നിവയെല്ലാം ഇതിനു കാരണമാവാം. പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകണം.

വയറുവേദന, ഛർദ്ദി, പനി, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം. ചില ഭക്ഷ്യവിഷബാധകൾ കൊണ്ട് രോഗി ഗുരുതരനിലയിലാവാനും മരിച്ചു പോവാനും സാദ്ധ്യതയുണ്ട്. സാധാരണയായി 1-2 ദിവസം മാത്രം നീണ്ടു നിൽക്കുന്ന ഈ രോഗം ചില വൈറസ്സുകൾ കൊണ്ട് ഉണ്ടായതാണെങ്കിൽ കൂടുതൽ ദിവസം നീണ്ടു നിന്നേക്കാം.

ഇൻഫ്ളമേറ്ററി ബൗവ്വൽ ഡിസീസ്

ചെറുകുടലിലോ വൻ കുടലിലോ ഉണ്ടാവുന്ന ഒരുതരം പഴുപ്പാണ് ഇതിനു കാരണം. ഇതിന്‍റെ ഫലമായി കുടലിൽ വ്രണങ്ങളുണ്ടാവാനും അവ ഉണങ്ങുമ്പോൾ കുടലിനുള്ളിൽ തടസ്സമുണ്ടാവാനുമിടയുണ്ട്. വയറുവേദന, വയറിളക്കം, വയറ്റിൽ നിന്നും രക്‌തം പോക്ക് എന്നിവയുണ്ടാവാം. ലക്ഷണങ്ങൾ ചിലപ്പോൾ ദീർഘകാലം നീണ്ടു നിൽക്കുകയോ കൂടുകയോ കുറയുകയോ ചെയ്യാം. ക്രമേണ കാൻസർ ഉണ്ടാവാനും സാദ്ധ്യതയുണ്ട്.

ഇറിറ്റബിൾ ബവ്വൽ സിൻഡ്രോം

ഇത് ഇൻഫ്ളമേറ്ററി ബൗവ്വൽ ഡിസീസ് പോലെയുള്ള രോഗമല്ല. ഈ രോഗത്തിൽ ദീർഘകാലം നീണ്ടു നിൽക്കുന്ന വയറുവേദന, മലശോധനയിൽ വ്യത്യാസം എന്നിവ കാണാമെങ്കിലും രക്‌തം പോക്ക് ഉണ്ടാവാറില്ല. സ്ത്രീകളിൽ കൂടുതലായി കാണുന്നു.

മാനസിക സംഘർഷം

മാനസിക സംഘർഷം കൊണ്ട് തലവേദന, ഉറക്കമില്ലായ്മ, രക്താതിസമ്മർദ്ദം എന്നിവ മാത്രമല്ല വയറുവേദനയും ഉണ്ടാവാം. വിഷാദരോഗമുള്ളവർക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് (തൂക്കക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയവ) നേരെ മറിച്ച് അതായത് തുടർച്ചയായ വയറു വേദന വിഷാദത്തിനും ഉറക്കമില്ലായ്മക്കും കാരണമാവാം.

മാനസികസംഘർഷം കുടലിന്‍റെ പല പ്രവർത്തനങ്ങളെയും ബാധിക്കാറുണ്ട്. നെഞ്ചെരിച്ചിൽ മാനസിക സംഘർഷം കൊണ്ടും ഉണ്ടാവാം. അതുകൊണ്ട് മാനസികസംഘർഷം കുറയ്ക്കാൻ ശ്രമിക്കുക. നടത്തം പോലുള്ള ലഘുവ്യായാമങ്ങൾ, വായന, സംഗീതം കേൾക്കുക, യോഗ, ധ്യാനം, ഹോബികൾ ഇവ മാനസിക സംഘർഷം കുറയ്ക്കും.

കാൻസർ

വയറ്റിനുള്ളിലെ ഏതെങ്കിലും അവയവത്തിൽ (ഉദാ: കരൾ, പിത്താശയം, പാൻക്രിയാസ്, ആമാശയം, അണ്ഡാശയം) കാൻസർ ഉണ്ടായാൽ, പ്രത്യേകിച്ചും കാൻസർ അവസാന ഘട്ടത്തിലാണെങ്കിൽ വയറുവേദന ഉണ്ടാവാം. മറ്റു ലക്ഷണങ്ങൾ വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, നിർത്താതെയുള്ള ഛർദ്ദി, എപ്പോഴും വയറുവീർത്തതു പോലെ തോന്നുക, മലശോധനയിൽ വ്യത്യാസം തുടങ്ങിയവയാണ്.

പാൻക്രിയാസിൽ പഴുപ്പുണ്ടായാൽ വയറിനു മുകൾ ഭാഗത്ത് നടുവിലായി കടുത്ത വേദനയുണ്ടാവാം. അതു ചിലപ്പോൾ പുറകുവശത്തേക്കും വ്യാപിക്കാം. അതോടൊപ്പം ഓക്കാനവും ഛർദ്ദിയും ഉണ്ടാവാം. അമിതമായ മദ്യപാനം പാൻക്രിയാസിൽ പഴുപ്പും കാൻസറും ഉണ്ടാക്കാൻ കാരണമാവാം.

അമിതമായി ച്യൂയിംഗം ചവച്ചാൽ

ചില ഷുഗർ ഫ്രീ ച്യൂയിംഗങ്ങളിലടങ്ങിയ സോർബിറ്റോൾ എന്ന പദാർത്ഥം കൂടുതലായി വയറ്റിനുള്ളിലെത്തിയാൽ വയറുവേദനയും വയറിളക്കവും തൂക്കകുറവും ഉണ്ടാവാം. ഷുഗർ ആൽക്കഹോൾ അടങ്ങിയ മധുരപദാർത്ഥങ്ങളും ച്യൂയിംഗമ്മും ഉപയോഗിക്കുന്നതു കുറച്ചാൽ ഈ പ്രശ്നം മാറും.

ഡൈവർട്ടിക്കുലൈറ്റിസ്

കുടലിനുള്ളിലെ (സാധാരണയായി വൻകുടലിലെ) ആവരണത്തിൽ നിന്നുണ്ടാവുന്ന ചെറിയ പോക്കറ്റുകൾ പോലുള്ള സഞ്ചികളെ ഡൈവർട്ടിക്കുല എന്നു പറയുന്നു. ഇവയിലുണ്ടാകുന്ന പഴുപ്പാണ് ഡൈവർട്ടിക്കുലൈറ്റിസ്.

കുടലിന്‍റെ ഉള്ളിൽ കുഴികൾ പോലെ ഉണ്ടാവുകയും ക്രമേണ മലം അതിനു മുകളിലൂടെ കടന്നു പോകുമ്പോൾ അവ പഴുക്കാനും തടസ്സമുണ്ടാവാനുമിടയാവുന്നു. ലക്ഷണങ്ങളിൽ പ്രധാനം അടിവയറ്റിൽ വേദനയാണ്. പഴുപ്പു മാറാനുള്ള മരുന്നുകൾ കഴിച്ചാൽ വേദന കുറയും. നാരടങ്ങിയ ഭക്ഷണവും കഴിക്കണം.

വളരെ കൂടുതലായാൽ പഴുത്ത് കുരുക്കൾ പോലെയാവുക, രക്‌തസ്രാവം, കുടലിനുള്ളിലെ ആവരണം പൊട്ടി സുഷിരങ്ങൾ ഉണ്ടാവുക എന്നീ സങ്കീർണ്ണതകളുണ്ടാവാം. അപ്പോൾ കഠിനമായ വയറുവേദന ഉണ്ടാവും. ഇതിന് ഉടനെ ശസ്ത്രക്രിയ വേണ്ടി വരും.

എൻഡോമെട്രിയോസിസ്സ്

സ്ത്രീകളിൽ മാത്രമുണ്ടാവുന്ന ഒരു രോഗമാണിത്. ഗർഭപാത്രത്തിനുള്ളിലെ ആവരണത്തിൽ നിന്ന് കോശങ്ങൾ പുറത്തു വന്ന് അടിവയറ്റിലെ ഏതെങ്കിലും സ്‌ഥലത്ത് പറ്റിപ്പിടിച്ചു വളരുന്നതാണ് ഈ രോഗം. വയറുവേദന, ഇടക്കിടെ യോനിയിൽ നിന്ന് രക്‌തസ്രാവം, വന്ധ്യത എന്നിവയുണ്ടാവാം. ഏതു ഭാഗത്താണ് രോഗം എന്നതനുസരിച്ച് ചികിത്സ നിശ്ചയിക്കുന്നു. പ്രതിവിധിയായി ശസ്ത്രക്രിയ പോലെ പലതരം ചികിത്സയുണ്ട്.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ

തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിലെ പല പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു. ദഹനവ്യവസ്‌ഥയും അതിലൊന്നാണ്. തൈറോയ്ഡ് ഗ്രന്ഥി കൂടുതൽ പ്രവർത്തിക്കുമ്പോൾ അതിൽ നിന്ന് കൂടുതൽ ഹോർമോൺ ഉണ്ടാവും (ഹൈപ്പർതൈറോയിഡിസം). അപ്പോൾ ദഹനവ്യവസ്‌ഥയുടെ പ്രവർത്തനവും വേഗത്തിലാവുന്നു. അതിന്‍റെ ഫലമായി വയറുവേദനയും വയറിളക്കവും ഉണ്ടാവാം.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുമ്പോൾ (ഹൈപ്പോതൈറോയിഡിസം) ദഹനവ്യവസ്‌ഥയുടെ പ്രവർത്തനം മന്ദഗതിയിലാവും. അപ്പോൾ മലബന്ധം, വയറുവേദന, വയറ്റിൽ ഗ്യാസ് എന്നിവയുണ്ടാവാം.

പരജീവികൾ (പാരസൈറ്റ്സ്)

ചിലതരം പരജീവികൾ( ക്രിപ്റ്റോസ്പോറിഡിയം, ജിയാർഡിയ മുതലായവ) വയറ്റിൽ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. വൃത്തികെട്ട വെള്ളം നിറഞ്ഞ തടാകത്തിലോ നീന്തൽക്കുളത്തിലോ നീന്തുക, വൃത്തിയില്ലാത്ത വെള്ളം കുടിക്കുക ഇതെല്ലാം ഇത്തരം പരജീവികൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ കാരണമാവുന്നു.

ക്രിപ്റ്റോസ്പോറിഡിയം എന്ന പരജീവിയുടെ കാര്യത്തിലാണെങ്കിൽ 2-10 ദിവസങ്ങൾക്കുള്ളിലും ജിയാർഡിയയുടെ കാര്യത്തിൽ 1-3 ആഴ്ചക്കുള്ളിലും വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവ പോലുള്ള ലക്ഷണങ്ങൾ കാണാൻ തുടങ്ങും. ഇതിനു പുറമെ മറ്റു പല പരജീവികളും വേവു കുറഞ്ഞതോ വൃത്തികെട്ടതോ ആയ ഭക്ഷണത്തിലൂടെ ശരീരത്തിലേക്കു പകരാറുണ്ട്.

മരുന്നുകൾ

ചില മരുന്നുകളുടെ പാർശ്വഫലമായി വയറുവേദന ഉണ്ടാവാം. ഓറൽ ബിസ്പോസ്ഫൊണേറ്റ് (അസ്‌ഥിക്ഷയം തടയാൻ കൊടുക്കുന്ന ഒരു തരം മരുന്ന്) എൻഎസ്എഐഡിഎസ് എന്ന വിഭാഗത്തിൽ പെട്ട വേദനാസംഹാരി മരുന്നുകൾ (ഉദാ: ബ്രൂഫെൻ, ആസ്പിരിൻ) എന്നിങ്ങനെ ചില മരുന്നുകൾ അന്നനാളത്തിന്‍റെ താഴത്തെ അറ്റത്തോ ആമാശയത്തിലോ വീക്കവും പുണ്ണുകളും ഉണ്ടാകും.

ലാക്ടോസ് ഇൻടോളറൻസ്

പാലിലും പാലുൽപന്നങ്ങളിലും കാണുന്ന ലാടോക്സ് എന്ന തരം പഞ്ചസാരയെ ദഹിപ്പിക്കാൻ ചില ആൾക്കാർക്ക് പ്രശ്നമുണ്ടാവുന്നതിനെയാണ് ലാക്ടോസ് ഇൻടോളറൻസ് എന്നു പറയുന്നത്. അധികം ശക്തമല്ലാത്ത വയറുവേദന, വയറ്റിൽ ഗ്യാസ് നിറയുക, ഏമ്പക്കം, വയറിളക്കം, ദഹനക്കേട് എന്നിവയുണ്ടാവാം. പാലും പാലുൽപന്നങ്ങളും കഴിക്കുന്നത് പൂർണ്ണമായി നിർത്തുക എന്നതാണ് ഇതിനുള്ള പ്രതിവിധി.

ഗ്ലൂട്ടെൻ ഇൻടോളെറൻസ്

ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളിലുള്ള ഗ്ലൂട്ടേൻ എന്ന പ്രോട്ടീനിനോട് ശരീരം പ്രതികരിക്കുന്നതാണ് ഈ അസുഖത്തിന്‍റെ കാരണം. ചെറുകുടലിന്‍റെ പ്രവർത്തനം തകരാറിലാവുകയും ദഹനപ്രക്രിയയിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

വയറുവേദന, വയറ്റിൽ ഗ്യാസ് നിറഞ്ഞു വീർത്തതായി തോന്നുക, ക്ഷീണം എന്നീ ലക്ഷണങ്ങളുണ്ടാവാം. കുടലിനുള്ളിൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയാതെ വരുന്നതിനാൽ ദീർഘകാലം നീണ്ടു നിൽക്കുന്ന വയറിളക്കം, പോഷകാഹാരക്കുറവ്, ശരീരഭാരം കുറയുക എന്നിവയും ഉണ്ടാവാനിടയുണ്ട്.

വയറുവേദന ഒരു ലക്ഷണം മാത്രം. ശരിയായ കാരണം കണ്ടുപിടിച്ചാൽ മാത്രമേ ചികിത്സ നിശ്ചയിക്കാൻ കഴിയൂ.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें