ഹോം സ്റ്റൈലിംഗ് പേഴ്സണൽ ടച്ചിലൂടെ

പുത്തൻ വീട് ഉണ്ടാക്കുകയോ വീട് പുതുക്കിപ്പണിയുകയോ ആവട്ടെ. നാം വസിക്കുന്ന ഇടം മനോഹരവും കംഫർട്ടബിളും ആക്കുന്നത് മനസ്സിനും സ്പേസിനും യോജിച്ച ഹോം സ്റ്റൈലിംഗ് തന്നെയാണ്.

നിറങ്ങളോട് പണ്ടേ ചങ്ങാത്തമുണ്ട് വർഷയ്ക്ക്. അതുകൊണ്ടാണ് എഞ്ചിനീയർ ജോലി മാറ്റി വച്ച് ഹോം സ്റ്റൈലിംഗിനോട് കൂട്ടുകൂടിയത്. വീടുകൾക്കുള്ളിലെ നിറപ്പകിട്ടാർന്ന ലോകത്തേക്ക് കടന്നു വന്നിട്ട് ഒരുപാട് നാളായിട്ടില്ലെങ്കിലും ഹോം സ്റ്റൈലിംഗിലും മേക്കോവറിലും സ്വന്തം സ്റ്റൈൽ ക്രിയേറ്റ് ചെയ്‌തിരിക്കുകയാണ് വർഷ രവീന്ദ്രൻ എന്ന ഹോം സ്റ്റൈലിസ്റ്റ്.

ഇന്‍റീരിയർ ഡിസൈൻ ചെയ്താലും ഒരു ഇടം, താമസിക്കാനിണങ്ങുന്ന ഇടമാകുന്നത് അതിൽ പേഴ്സണൽ ടച്ച് കൂടി വരുമ്പോഴാണ്. അവിടെയാണ് ഹോം സ്റ്റൈലിംഗിന്‍റെ പ്രസക്തി. പുത്തൻ വീട് ഉണ്ടാക്കുകയോ വീട് പുതുക്കിപ്പണിയുകയോ ആവട്ടെ. നാം വസിക്കുന്ന ഇടം മനോഹരവും കംഫർട്ടബിളും ആക്കുന്നത് മനസ്സിനും സ്പേസിനും യോജിച്ച ഹോം സ്റ്റൈലിംഗ് തന്നെയാണ്.

“ഞാൻ കൂടുതൽ ഫോക്കസ് ചെയ്യുന്നത് ഹോം സ്റ്റൈലിംഗിലും മേക്കോവർ പ്രോജക്ടുകളിലുമാണ്. നിലവിൽ ഒരു ഇന്‍റീരിയർ ഉള്ളതും മാറ്റം ആഗ്രഹിക്കുന്നതുമായ സ്പേസുകളിൽ എന്തൊക്കെ ചെയ്‌താൽ ഭംഗിയാകും എന്നാണ് ഇപ്പോൾ ഞാൻ നോക്കാറുള്ളത്. ഒരു ഫ്ളാറ്റോ വീടോ കിട്ടിയാൽ അതിൽ താമസിക്കുന്ന ഒരു വ്യക്‌തി എന്ന നിലയിൽ എന്തു ചെയ്യാൻ പറ്റുമെന്ന് നാം നോക്കാറുണ്ട്. ചിലർക്ക് നല്ല രീതിയിൽ സ്റ്റൈൽ സെറ്റ് ചെയ്യാൻ പറ്റും. എന്നാൽ ചിലർക്കാകട്ടെ യോജിച്ച കളർ കോർഡിനേഷൻ അറിയാൻ പറ്റില്ല. അത്തരം സാഹചര്യത്തിലാണ് ഹോം സ്റ്റൈലിസ്റ്റിന്‍റെ ആവശ്യം.” കൊച്ചിയിൽ ചെസ്റ്റ്നട്ട് ഹോം സ്റ്റൈലിസ്റ്റ് എന്ന സ്ഥാപനം നടത്തുന്ന വർഷ പറയുന്നു.

varsha raveendran

കർട്ടൻ, ഫാബ്രിക് സെലക്ഷൻ മുതൽ കസ്റ്റമൈസ്ഡ് പ്രോഡക്ടറ്റുകളും ഫർണീച്ചറുകളും തെരഞ്ഞെടുക്കുന്നതിൽ വരെ വർഷ കസ്റ്റമറെ സഹായിക്കുന്നു. “ഇന്‍റീരിയറിൽ പേഴ്സണൽ ടച്ച് വരുമ്പോഴാണ് ഹൗസ് ഒരു ഹോം ആയി മാറുന്നത്. ഒരു വീടിന് പേഴ്സണൽ ടച്ച് നൽകി, സ്റ്റൈലിംഗ് ചെയ്യുമ്പോൾ ഞാൻ ശ്രദ്ധിക്കാറുള്ളത് ആ വീട്ടിൽ താമസിക്കുന്നവരുടെ ഇഷ്‌ടങ്ങളും അതിനോട് ഒത്തു പോകുന്ന കളർ പാലറ്റും ലൈറ്റിംഗും ഡെക്കോറുമാണ്.” വർഷ പറയുന്നു.

വീടു പണിതു കഴിയുമ്പോഴേക്കും മിക്കവരുടെയും കയ്യിലെ കാശ് മുക്കാലും തീർന്നിട്ടുണ്ടാകും. അപ്പോൾ പറ്റുന്ന കുറേ ഫർണീച്ചർ വാങ്ങും, അല്ലെങ്കിൽ ഗിഫ്റ്റായി ലഭിക്കുന്ന ഫർണീച്ചറിൽ അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കും. എന്നാൽ ഇവയും വീടിന്‍റെ ഇന്‍റീരിയറും ആളുകളുടെ ഇഷ്‌ടവും തമ്മിൽ വലിയ കോർഡിനേഷൻ ഒന്നും ഉണ്ടാകില്ല. ഇത്തരം അവസ്‌ഥകളെ ചെറിയ പോംവഴികളിലൂടെ മികച്ചതായി മാറ്റിയെടുക്കാൻ കഴിയും. മേക്കോവർ പ്രോജക്ടുകൾ വളരെ സന്തോഷം നൽകുന്ന കാര്യമാണ് വർഷയ്ക്ക്.

“ഒരു വ്യക്‌തി താൻ താമസിക്കുന്ന ഇടം മടുത്തു തുടങ്ങുമ്പോഴാണ് മേക്കോവറിനെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. അടുത്തയിടെ ഞാൻ ചെയ്‌ത മേക്കോവർ ഒരു ഗസ്റ്റ് ബെഡ് റൂമിന്‍റേതാണ്. മുഴുവൻ വുഡ് ടെക്സ്ച്ചർ ഉള്ള ഡാർക്ക് ബ്രൗൺ കർട്ടനുകൾ നിറഞ്ഞ ഒരു മുറി. ആകെ ഇരുട്ടടച്ച ഫീൽ. ഒരു ഗസ്റ്റ് ബെഡ്റൂം ശരിക്കും ഇൻവൈറ്റിംഗ് ഫീൽ നൽകുന്നതാവണം. പോസിറ്റീവ് എനർജി ലഭിക്കാൻ സൂര്യപ്രകാശം ആണ് ഏറ്റവും ആവശ്യം. കർട്ടൻ ഫാബ്രിക് മാറ്റി, വുഡ് ടെക്സ്ച്ചർ നിറം മാറ്റാൻ റീ പെയ്ന്‍റ് ചെയ്‌തു. എല്ലാം ഈട്ടിയുടെയും തേക്കിന്‍റെയും കളറായാൽ ഒരു ഫർണീച്ചർ കടയിൽ പോയ പോലെ തോന്നും. അതിനാൽ പല ഗ്രേഡിയന്‍റുകൾ പരീക്ഷിക്കാം. മുറിയിലെ ശ്രദ്ധ മൊത്തം പോകുന്ന തരത്തിലുള്ള വലിയ വിഷ്വൽ ബ്ലോക്കുകൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കാവുന്നതാണ്. പൊളിക്കലുകളില്ലാതെ റീ അറേഞ്ച് ചെയ്യുന്നതിലൂടെ മാത്രം വലിയ വ്യത്യാസം വരുത്താൻ കഴിയും.”

ഇനി കൺസ്ട്രക്ഷൻ സമയത്ത് വീടിന്‍റെ അകം കാണാൻ കഴിയുന്നുണ്ടെങ്കിൽ മാറ്റങ്ങൾ വരുത്താൻ എളുപ്പമാണ്. വീട്ടിലേക്കുള്ള ഇന്‍റീരിയർ സാമഗ്രികൾ വാങ്ങുമ്പോൾ കൂടെ പോയി പർച്ചേസ് ചെയ്‌തു സഹായിക്കാറുണ്ട് വർഷ.

“ഒരു ഡിസൈനർ എന്ന രീതിയിലല്ല, ഇന്‍റീരിയർ കൺസൾട്ടന്‍റ് എന്ന രീതിയിലാണ് ഞാൻ ക്ലൈന്‍റിനെ സമീപിക്കുന്നത്.”

കണ്ടംപററി സ്റ്റൈലിൽ ഇന്‍റീരിയർ ചെയ്യാൻ കസ്റ്റമർ പറഞ്ഞാലും, അവരുടെ മനസ്സിലെ സ്റ്റൈൽ അറിയാൻ ചിത്രങ്ങൾ സഹായിക്കും. തുടർന്ന് കളർപാലറ്റിൽ വർക്ക് ചെയ്യും. ഇഷ്ടപ്പെട്ട ഫർണീച്ചർ സ്റ്റെൽ, ലൈറ്റ് അറേഞ്ച്മെന്‍റ്, ഡെക്കോർ ഇവയും മനസ്സിലാക്കിയ ശേഷം ബജറ്റ് റെഡിയാക്കി കൊടുക്കും. ഇത് അപ്രൂവ് ആയാൽ അവർക്കൊപ്പമോ തനിച്ചോ ഷോപ്പിംഗ് ചെയ്യും.

ഹോം സ്റ്റെലിംഗിൽ ഏറ്റവും ശ്രദ്ധിക്കാനുള്ളത് നിറം തന്നെയാണ്. നിറത്തെ ഒരു തീം എന്ന നിലയിൽ കാണുമ്പോൾ ചിലപ്പോൾ ഉദ്ദേശിച്ച സ്റ്റൈൽ കിട്ടില്ല. ഇഷ്ടവും കളർ കോമ്പിനേഷനും ആണ് പ്രധാനം. ചിലർക്ക് ചില നിറത്തോട് പ്രത്യേക ഇഷ്ടം തന്നെയുണ്ടാവും. എന്നാൽ ആ നിറം തന്നെ മുഴുവൻ ഉപയോഗിക്കുന്നത് ബോറടി സൃഷ്ടിക്കാനും ക്രമേണ ആ നിറത്തോട് വെറുപ്പ് ഉണ്ടാക്കാനും ഇടയാക്കും. ഓരോ ദിവസവും ഓരോ മൂഡ് ആയിരിക്കും. ആ മൂഡിനനുസരിച്ച് നിറത്തോടുള്ള ഇഷ്‌ടവും മാറിക്കൊണ്ടിരിക്കും. നീല നിറം ഇഷ്ടമാണെങ്കിലും എല്ലാ ദിവസവും നീല ഡ്രസ്സ് ഇടാൻ താൽപര്യമുണ്ടാകില്ലല്ലോ. നിറവും മൂഡും കണക്ടായതു പോലെ തന്നെ ഇന്‍റിരിയറും, കംഫർട്ടും തമ്മിലും ബന്ധമുണ്ട്.

ഹോം സ്റ്റൈലിംഗ് ഒരു തുടർ പ്രക്രിയ എന്നു പറയാം. വ്യത്യസ്തമായ ആശയങ്ങൾ ഉപയോഗിച്ച് അത് കിടിലനാക്കാം. മുറിയുടെ സ്വഭാവമനുസരിച്ച് വേണം സെറ്റ് ചെയ്യാൻ.

ചിലപ്പോൾ ഒരു സ്പെയ്സ് എത്ര വിചാരിച്ചാലും ഭംഗിയാവണമെന്നില്ല. ഒരു മോശം ഫർണീച്ചർ, അല്ലെങ്കിൽ നാച്ചുറൽ വെളിച്ചത്തിന്‍റെ അഭാവം ഇതൊക്കെയായിരിക്കാം കാരണം. വീട് സുന്ദരമാക്കാൻ, ഊർജ്ജം നിറഞ്ഞതാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മുറിയിൽ പരമാവധി സൂര്യപ്രകാശം ലഭിക്കുക എന്നതാണ്. കടും നിറത്തിലുള്ള കർട്ടനുകൾ ഒഴിവാക്കി ഇളം ഷെയ്ഡുകൾ കൊണ്ടു വന്നാൽ മുറിയിൽ കൂടുതൽ വെളിച്ചം ഉണ്ടാകും. ഉറങ്ങുമ്പോൾ ഇരുട്ട് കൂടുതൽ വേണമെന്നുള്ളവർക്ക് ഒരു ഡാർക്ക് ലെയർ വേറെ ചേർത്തു വച്ചാൽ മതിയാവും.

തീം എന്ന രീതിയിൽ സ്പേസ് കാണുന്നതിനപ്പുറം കളർ ടോണിൽ വ്യത്യസ്ത ഘടകങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അതിശയകരമായ മാറ്റം ലഭിക്കും. ഫ്ളോറുമായി മാച്ച് ചെയ്യാത്ത കളർ പാലറ്റിലാണ് വർക്ക് ചെയ്യേണ്ടി വരുന്നതെങ്കിൽ റഗുകൾ ഉപയോഗിച്ച് ആ പ്രശ്നം പരിഹരിക്കാം. ഒട്ടും ലൈവ് അല്ലാത്ത ഇടങ്ങളിൽ ഒരു ലൈവ് എലമെന്‍റ് കൊണ്ടുവരാൻ പ്ലാന്‍റുകൾക്ക് കഴിയും. വീട്ടിനുള്ളിലെ വെളിച്ചത്തിൽ വളരാൻ കഴിയുന്ന ചെറിയൊരു ചെടി ആയാലും മതിയാവും. മുറിയിൽ ഒരുപാട് ഹെവി ഫീലിംഗ് ഉണ്ടാക്കുന്ന സാമഗ്രികൾ ഒഴിവാക്കുന്നതാണ് മറ്റൊരു കാര്യം. ദൈനംദിന പ്രവർത്തനങ്ങൾക്കനുസരിച്ച് ഫർണീച്ചറുകൾ റീ അറേഞ്ച് ചെയ്യാം.

മുറിയുടെ ഒരു ചിത്രം എടുത്തിട്ട് അതിൽ റീ വർക്ക് ചെയ്‌തു നോക്കി മികച്ച പാറ്റേൺ കണ്ടെത്തുകയുമാവാം. ഹോം സ്റ്റൈലിംഗ് ചെയ്യുമ്പോൾ ഉള്ള ആശ്വാസം അവിടെ പൊളിക്കലുകൾ ഒന്നും ഉണ്ടാക്കുന്നില്ല എന്നതു തന്നെയാണ്. പഴയ ഫർണീച്ചറുകൾ പോലും, മറ്റു പലതുമായി മിക്‌സ് ചെയ്‌ത് ഉപയോഗിക്കാൻ പറ്റും. വളരെ മോശം ആണെന്നു കണ്ടാൽ മാത്രമേ അതു മാറ്റാൻ നിർദ്ദേശിക്കാറുള്ളൂ.

“ആലപ്പുഴയിൽ ഞാൻ ഒരു പ്രോജക്ട് ചെയ്‌തിരുന്നു. ഒരു രീതിയിലും പൊളിക്കൽ സാധ്യമല്ലാത്ത ഒരു വീട്. ബാത്ത്റൂം മുതൽ കിച്ചൻ വരെ റീവർക്ക് ചെയ്യേണ്ടി വന്നു. അതിന് കണ്ടെത്തിയ മാർഗ്ഗം പൂർണ്ണമായും കസ്റ്റമൈസ് ചെയ്യുക എന്നതു തന്നെയായിരുന്നു. മാർക്കറ്റിലെ വില കുറഞ്ഞ സാധനങ്ങൾ വാങ്ങാതെ സ്വയം ഉണ്ടാക്കി ഉപയോഗിച്ചാൽ ചെലവു കുറയും, ഭംഗിയും സൗകര്യവും വർദ്ധിക്കുകയും ചെയ്യും.” വർഷ നിർദ്ദേശിക്കുന്നു.

interior

പഴയ സ്റ്റൈലിൽ തേക്കു കൊണ്ടുള്ള ഫർണീച്ചറുകളായിരുന്നു ആ വീട്ടുകാർക്ക് ആവശ്യം. അതിനാൽ തേക്കിന്‍റെ സെക്കന്‍റ് ഹാന്‍റ് ഫർണീച്ചർ എടുത്ത് റീ പെയിന്‍റ് ചെയ്‌തു. അപ്പോൾ പഴയ ലുക്ക് കിട്ടി എന്നു മാത്രമല്ല, മികച്ച സ്റ്റൈൽ കൂടിയായി. ഫർണീച്ചർ ലിസ്റ്റ് ചെയ്ത് കാർപ്പെന്‍റർക്ക് എത്തിച്ച് റീ പോളിഷ് ചെയ്‌തു. സെക്കന്‍റ് ഹാന്‍റ് കിട്ടാത്തവ, യോജിച്ച കണ്ടംപററി ഡിസൈനുകൾ കണ്ടുപിടിച്ച് മിക്‌സ് ചെയ്‌തു. ജൂട്ട് റഗുകൾ ഫ്ളോറിൽ നിരത്തുകയും കസ്റ്റമൈസ്ഡ് ആർട്ട് വർക്കുകളും കർട്ടനുകളും മുറികളിൽ വരുകയും ചെയ്‌തതോടെ സ്റ്റൈൽ മാറി.

ഒരു സ്പേസിൽ എന്തു വച്ചാലും ഒരു യൂണിറ്റി കിട്ടണം. ചിതറിക്കിടക്കുന്ന ഫീൽ ഉണ്ടാക്കി റൂം സെറ്റ് ചെയ്യരുത്. അതിന് നാച്ചുറൽ കളറുകളിലുള്ള മെറ്റീരിയലുകൾ തന്നെയാണ് ഭംഗി. പഴയ വീടുകളിലെ ബ്ലാക്ക്, റെഡ് ഓക്സൈഡ്, വുഡ് ഇതിന്‍റെ ഒക്കെ നിറം തന്നെ ശ്രദ്ധിച്ചാൽ ആ മാറ്റം മനസ്സിലാകും. പണ്ടത്തെ വീടുകളിൽ പോകുമ്പോൾ ലഭിക്കുന്ന ഗുഡ് ഫീൽ, അത്തരം നാച്ചുറൽ കോമ്പിനേഷന്‍റെ പ്രത്യേകതയാണ്.

ബുക്ക് ഷെൽഫുകൾ എങ്ങനെ വേണം എന്നത് ഒരാളുടെ വായനാശീലത്തെ അനുസരിച്ചാണ്. അത്രയും കസ്റ്റമൈസ് ചെയ്താൽ ഓരോ ഇടവും മറ്റു സാമഗ്രികൾ കൊണ്ട് ഡംപ് ചെയ്യാതെ നോക്കാൻ പറ്റും. ബുക്ക് ഷെൽഫ് എപ്പോഴും കംഫർട്ടബിൾ സ്പേസിലായിരിക്കണം. രാത്രിയിലും ലൈറ്റ് ഭംഗിയായി ലഭിക്കുന്ന ഇടമായിരിക്കണം. ബെഡ് റൂമിനോടു ചേർന്നും റീഡിംഗ് കോർണർ സെറ്റ് ചെയ്യാം.

ഇന്‍റീരിയറിലും ഹോം സ്റ്റൈലിലും ട്രെന്‍റിനും പിന്നാലെ പോകുന്നതിൽ വലിയ കാര്യമില്ല. ആർക്കിടെക്ടിൽ മിനിമം എന്നൊരു കൺസെപ്റ്റ് ഇപ്പോൾ ഉണ്ട് എന്നതാണ് പ്രത്യേകത.

നിസ്സാര കാര്യങ്ങളുടെ ഒടേതമ്പുരാനാവുക

അങ്ങനെ ഒരു പുതുവർഷം കൂടി വന്നു പോയി, പുതുവർഷത്തെ എനിക്ക് സ്വതവേ ഇഷ്‌ടമാണ്. വാക്കുകളാൽ ആശംസകളാൽ പോസിറ്റിവിറ്റി മാത്രം സ്ഫുരിക്കുന്ന നാളുകളാണ് പുതുവത്സരത്തിലെ ആദ്യ ദിനങ്ങൾ. ഒത്തു കൂടലുകൾ, കളിചിരികൾ, പുതുവർഷ പ്രതിജ്ഞകൾ എന്നിങ്ങനെ സർവം പ്രത്യാശയും ആനന്ദവും മാത്രം ഉള്ള ഒരു സമയം. അത് കൊണ്ട് തന്നെ അത്തരത്തിലൊരു ആനന്ദ കഥ കൂട്ടാക്കാം എന്ന് വിചാരിച്ചു.

കഴിഞ്ഞ വർഷം ഇതേ സമയത്ത് വരാനിരിക്കുന്ന കോവിഡ് എന്ന ഇത്തിരിക്കുഞ്ഞനായ വിനാശകനെക്കുറിച്ച് ഒരു ധാരണയുമില്ലാതെ നമ്മളേവരും 2020 എന്ന അടിപൊളി വർഷത്തിന്‍റെ വരവ് പ്രത്യാശയോടെ ആഘോഷിച്ചു.

മാർച്ച് മുതൽ കഥ മാറി, 2020 പലർക്കും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത വർഷമായി മാറി. എത്ര എത്ര പേരാണ് നമ്മെ വിട്ടു പോയത്. സുശാന്ത്, എസ്പിബി, മറഡോണ, എന്‍റെ അമ്മ… എത്ര എത്ര പേർ. അത് കൊണ്ട് തന്നെ 2021 ന്‍റെ പുതുവത്സര പടിവാതുക്കൽ എത്തി നിൽക്കുമ്പോൾ ആർക്കും അത്ര ആനന്ദമില്ല, പ്രത്യാശ പോരാ, ആഗ്രഹങ്ങളേക്കാൾ ആകുലതകളാണ് ഏറെ.

2021 ൽ എങ്കിലും കോവിഡ് മാറി ആ പഴയ ലോകം നമുക്ക് തിരിച്ചു കിട്ടുമോ? സമാധാനവും സന്തോഷവും സമൃദ്ധിയും മടങ്ങി വരുമോ? 2021 ൽ നമുക്ക് എന്താണ് വ്യത്യസ്തമായി ചെയ്യാനാവുക? ഞാൻ നിങ്ങളോടു ചില കഥകൾ പറയാം. കഥ പറഞ്ഞാൽ എല്ലാം ശരിയാവും എല്ലാവരും നന്നാവും എന്നൊന്നും വിചാരിച്ചിട്ടല്ല കേട്ടോ, മറിച്ചു കഥ കേൾക്കാൻ ഇഷ്ടമല്ലാത്ത ആരാണുള്ളത്? നല്ല കഥകളോളം ആനന്ദദായകമായി മറ്റെന്താനുള്ളത്?

പാഠം ഒന്ന്: ആനന്ദത്തിന്‍റെ വഴി ലളിതമാണ്

2015-17 കാലഘട്ടത്തിൽ ഞാൻ മഹാരാജാസ് കോളേജിൽ ഗസ്റ്റ് (അനുഭവങ്ങളുടെ വെളിച്ചത്തിൽ അതിഥി, തത്ക്കാല എന്നീ വാക്കുകളോട് താൽപര്യമില്ലാത്തത് കൊണ്ട് തന്നെയാണ്) അദ്ധ്യാപകനായി ജോലി ചെയ്‌തിരുന്നു. അവിടത്തെ ആപ്പീസിലെ ഏമാന്മാരുടെ (എന്ന് പറയുമ്പോ പ്രത്യേകിച്ചും ചില വനിതാ ക്ലാർക്കുമാരുടെ) സന്മനസ്സു കാരണം (നടത്തി തരാം നടത്തി തരാം എന്ന് പറഞ്ഞ് എനിക്കർഹതപ്പെട്ട ശമ്പളത്തിനായി എന്നെ പിന്നെയും ഒരു ഒന്നൊന്നര കൊല്ലം നടത്തിച്ചു സഹായിച്ചത് കൊണ്ട്) 2017- 18 കാലയളവിൽ സാലറി എരിയേഴ്സ് കിട്ടാനായി ഇടയ്ക്കിടയ്ക്ക് മഹാരാജാസിൽ പോകുമായിരുന്നു (ആ സംഭവബഹുലമായ കഥകളൊക്കെ പിന്നീടൊരിക്കൽ എഴുതാം).

അങ്ങനെ, ഒരു ദിവസം മഹാരാജാസിൽ പോയപ്പോൾ എന്നെ കണ്ട് അവിടത്തെ തൂപ്പുകാരൻ ഇക്ക സന്തോഷത്തോടെ ഓടി വന്നു. കൈയ്യിൽ പിടിച്ച് സുഖ വിവരങ്ങൾ അന്വേഷിച്ചു. എന്നെ ട്രാൻസ്ഫർ ചെയ്‌ത രാഷ്ട്രീയ ശക്‌തികളെ പ്രാകി (ഞാൻ സ്‌ഥിരാധ്യാപകൻ ആണെന്നു തെറ്റിദ്ധരിച്ചിട്ടാണ് കേട്ടോ), എന്നിട്ട് എന്നോട് “ഞാൻ സാറിനെ ഒരുപാട് മിസ്സ് ചെയ്യുന്നൂണ്ട് കേട്ടോ” എന്ന് പറഞ്ഞു.

ഞാൻ ആകെ സ്തബ്ധനായി പോയി. സത്യം പറഞ്ഞാൽ എനിക്ക് അദ്ദേഹത്തെ കുറിച്ച് കാര്യമായി ഒന്നും തന്നെ അറിവില്ലായിരുന്നു. പഠിപ്പിച്ചിരുന്നപ്പോൾ കണ്ട അവ്യക്‌തമായ ഒരു ഓർമയല്ലാതെ, പേര് പോലും ഓർത്തെടുക്കാനായില്ല. അതുകൊണ്ട് തന്നെ അടക്കാനാവാത്ത ജിജ്‌ഞാസയോടെ ഞാൻ അദ്ദേഹത്തോട് എന്നെ ഇത്ര മാത്രം മിസ്സ് ചെയ്യുന്നതെന്താ എന്ന് ആരാഞ്ഞു.

അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്‍റെ കണ്ണ് നനയിച്ചു. “എന്‍റെ പൊന്നു സാറെ, സാർ ഓർക്കുന്നുണ്ടോ എന്നറിയില്ല, സാർ എന്നും രാവിലെ 8.30 – 8.40 ആവുമ്പൊ കോളേജിൽ എത്തുമായിരുന്നു.

ഞാനും ആ സമയത്തു ചൂലുമായി തൂക്കാൻ ഇറങ്ങുകയായിരിക്കും. ക്യാന്‍റീനിലേക്കുള്ള ഇടുങ്ങിയ പാതയിൽ വച്ച് മിക്കവാറും നമ്മൾ മുഖാമുഖം വരുമ്പോൾ മൃദുവായി എന്നെ നോക്കി പുഞ്ചിരിച്ചിട്ട് സാർ എന്നോട് “ഇക്ക കഴിച്ചോ” എന്നോ “ഇക്ക സുഖമായിരിക്കുന്നോ” എന്നോ ചോദിക്കും. അത് എനിക്ക് എന്ത് ഉൻമേഷമാണെന്നോ നൽകിയിരുന്നത്. എന്നോട് വേറെ ആരും ഇങ്ങനെ ഒരു സുഖാന്വേഷണം നടത്താറില്ല. സാറിനെ ഞാൻ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് സാറെ, ചുമ്മാ പറഞ്ഞതല്ല.”

ഓർത്ത് നോക്കിയപ്പോൾ സംഗതി ശരിയാണ്. വെളുപ്പിനെ അസാപ്പിന്‍റെ ക്ലാസ് കഴിഞ്ഞു 8.30 – 8.40 ആവുമ്പൊ ഞാൻ കോളേജിൽ എത്തുമായിരുന്നു. നല്ല വിശപ്പുള്ളത് കൊണ്ട് തന്നെ ബാഗ് സ്റ്റാഫ് റൂമിൽ വച്ചിട്ട് രാജൻ ചേട്ടന്‍റെ ക്യാന്‍റീനിലേക്കോടും.

വഴിയിൽ എതിരെ ആര് വന്നാലും ഉള്ള ഒരു സ്വാഭാവിക പ്രതികരണം മാത്രമാണ് ഒരു പുഞ്ചിരിയും സ്നേഹാന്വേഷണവും. എന്നാൽ അതിനു ഒരാളിൽ ഇത്രേം വല്യ സ്വാധീനം ചെലുത്താനാവുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അദ്ദേഹത്തെ കൂടുതൽ അടുത്തറിയാതിരുന്നതിൽ എനിക്ക് സ്വയം ലജ്ജ തോന്നി.

പക്ഷേ അന്ന് ആ എളിയ മനുഷ്യൻ എന്നെ പഠിപ്പിച്ച പാഠമാണ് നന്മയുടെയും ആനന്ദത്തിന്‍റെയും വഴി ലളിതമാണെന്നു തീർത്തും നിരുപദ്രവകരമായ ഒരു ചിലവുമില്ലാത്ത ഒരു പുഞ്ചിരി, രണ്ടു നല്ല വാക്ക്, ചിലപ്പോൾ ഒരു തോളിൽ തട്ട്- അത്രയും മതി മറ്റൊരാളുടെ ജീവിതത്തിൽ വെട്ടം തെളിക്കാൻ.

പാഠം രണ്ട്: വൗ ഹെൻറി

anandam smile

115 വർഷങ്ങൾക്കു മുമ്പ്, വില്യം സിഡ്നി പോർട്ടർ എന്ന ഒ.ഹെൻറി ന്യൂയോർക്കിലെ പിറ്റ്സ് മദ്യശാലയിലിരുന്ന് കാലത്തെ അതിജീവിക്കാൻ പ്രാപ്തിയുള്ള ഒരു പ്രണയകഥ എഴുതി- ജിം എന്നും (ജെയിംസ്) ഡെല്ല എന്നും പേരുള്ള ദരിദ്രരായ രണ്ടു യുവ ദമ്പതികളുടെ നിസ്വാർത്ഥ പ്രേമത്തിന്‍റെ കഥ.

ഒരു ക്രിസ്മസ് തലേന്നാണ് കഥ തുടങ്ങുന്നത്. തന്‍റെ അത് വരെ ഉള്ള സമ്പാദ്യം കൂട്ടി നോക്കി വ്യസനിക്കുന്ന ഡെല്ല, രണ്ട് ഡോളറിൽ താഴെയേ ഉള്ളൂ. തന്‍റെ പ്രിയപ്പെട്ടവനു ഒരു ക്രിസ്മസ് സമ്മാനം വാങ്ങാൻ ഡെല്ലയ്ക്ക് അത് മതിയാവില്ല.

അമൂല്യമായ രണ്ട് വസ്തുവകകൾ മാത്രമേ അവർക്കുള്ളൂ. ജിമ്മിന്‍റെ മുത്തച്ഛന്‍റെ സ്വർണ്ണ പോക്കറ്റ് വാച്ചും, ഡെല്ലയുടെ മുട്ടറ്റം നീളമുള്ള മുടിയും.

ജിമ്മിന്‍റെ പോക്കറ്റ് വാച്ചിനായി ഒരു ചെയിൻ സമ്മാനമായി വാങ്ങാൻ അവൾ അഗാധമായി ആഗ്രഹിക്കുന്നു. അതിനു പണം തികയാത്തതിനാൽ തന്‍റെ മുടി മുറിച്ചു വിൽക്കുന്നു. അങ്ങനെ കിട്ടിയ തുകയും കൂടെ ചേർത്തു അവൾ ജിമ്മിനായ് വാച്ചിൽ കൊരുക്കാവുന്ന ഒരു പ്ലാറ്റിനം ചെയിൻ വാങ്ങുന്നു.

തിരിച്ചു വീട്ടിലെത്തിയ ഡെല്ല കണ്ണാടിയിൽ നോക്കി “ദൈവമേ, ഞാൻ ഇപ്പോഴും സുന്ദരിയാണെന്ന് ജിമ്മിന് തോന്നണേ” എന്ന് നിഷ്കളങ്കമായി പ്രാർത്ഥിക്കുമ്പോൾ വരാനിരിക്കുന്നതോർത്ത് നമ്മളും തുളുമ്പിപ്പോവും.

ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ജിം ഡെല്ലയുടെ രൂപമാറ്റത്തെ അവിശ്വസനീയതയോടെ നോക്കി കാണുന്നു. അവന്‍റെ സമ്മാനം വാങ്ങാൻ മുടി വിറ്റതായി അവൾ സമ്മതിക്കുന്നു. അവൾ അത് അവനു നൽകുന്നതിനു മുമ്പ് ജിം ആകസ്മികമായി തന്‍റെ ഓവർകോട്ട് പോക്കറ്റിൽ നിന്ന് ഒരു പാക്കറ്റ് പുറത്തെടുത്ത് അവൾക്ക് കൈമാറുന്നു.

അകത്ത്, ഡെല്ല വളരെക്കാലമായി തന്‍റെ മുടി ചീകാനായി മോഹിച്ചിരുന്ന വിലയേറിയ ചീപ്പുകളായിരുന്നു. എന്നാൽ മുടി മുറിച്ചതിനാൽ അവൾക്ക് അത് ഇപ്പോൾ തീർത്തും ഉപയോഗശൂന്യമാണ്. ആ വ്യസനം മാറ്റി വച്ച് അണിയിക്കാനായ് അവൾ അവന്‍റെ വാച്ച് തപ്പുമ്പോൾ അത് വിറ്റിട്ടാണ് ചീപ്പ് വാങ്ങിയത് എന്ന് ജിം അവളോട് ഏറ്റു പറയുന്നു.

ഒറ്റ നോട്ടത്തിൽ ഒരു ദുരന്ത കഥ എന്ന് തോന്നാമെങ്കിലും ഒന്നുമില്ലായ്മയുടെ ഇടയിലും നിസ്വാർത്ഥമായി തന്‍റെ ഇണയെ എങ്ങനെ സ്നേഹിക്കാമെന്നും സമ്മാനം നൽകി സന്തോഷിപ്പിക്കാം എന്നും ഒ.ഹെൻറി നമുക്ക് കാട്ടിത്തരുന്നു.

ആത്മത്യാഗത്തിന്‍റെയും അതിലൂടെ സിദ്ധിക്കുന്ന ഉദാത്തമായ ആനന്ദത്തിന്‍റെയും മകുടോദാഹരണങ്ങളാണ് ജിമ്മും ഡെല്ലയും നമുക്ക് പകർന്ന് നൽകുന്നത്. വെറും മൂന്ന് മണിക്കൂർ കൊണ്ടത്രേ ഒ.ഹെൻറി ഈ കഥ എഴുതി തീർത്തത്.

പാഠം മൂന്ന്: ജനുവരിയിൽ വിരിഞ്ഞവർ, ശലഭമായി ഉയർന്നവർ

ജനുവരിയിൽ ജനിച്ചവർ എന്ന് വെറുതെ ഒന്ന് ഗൂഗിൾ ചെയ്‌തു നോക്കിയതാണ്. അപ്പോൾ ദാ ഗൂഗിൾ ഒട്ടനവധി പേരുകൾ നിരത്തി അടുക്കുന്നു. ജൊവാൻ ഓഫ് ആർക്ക്, വിർജീനിയ വുൾഫ്, സിമോൺ ഡി ബുവേ, സൊറ നീൽ ഹർസ്ടൻ, മുഹമ്മദ് അലി, മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ, സ്റ്റീഫൻ ഹോക്കിംഗ്, ഐസക് ന്യൂട്ടൻ, എ.ആർ റഹ്മാൻ എന്നിങ്ങനെ നീണ്ട് നീണ്ട് പോകുന്നു ആ നിര.

ഓരോ പേരിന്‍റെ പിന്നിലും ഒരു നൂറു കഥകൾ ഒളിഞ്ഞിരിപ്പുണ്ട്. ആ കഥകളടെ ഒക്കെ ചുരുക്കം ഒന്ന് മാത്രം, അപ്രാപ്യമെന്നു എല്ലാവരും പരിഹസിച്ചപ്പോഴും നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട് മാത്രം ചരിത്രം തിരുത്തിയെഴുതിയ പോരാളികളാണിവരൊക്കെ.

പുരുഷകേന്ദ്രികൃതം മാത്രമായ ഒരു ലോകത്തു സ്ത്രീ സമത്വത്തിനു വേണ്ടി ശബ്ദം ഉയർത്തിയവർ. വർണ്ണ വെറി പിടിച്ച ഒരു ലോകത്തിൽ സമത്വ സുന്ദര ലോകത്തിനായി പോരാടിയവർ. വൈകല്യം എന്നത് പരിമിതി മാത്രമാണെന്നും അതൊരു പൂർണ്ണവിരാമമല്ലെന്നും ലോകത്തിനു കാണിച്ചു കൊടുത്തവർ.

ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ പ്രതീക്ഷയുടെ പോസിറ്റീവ് വിത്തുകൾ പാകാൻ ജനുവരിയെക്കാൾ മികച്ച ഒരു മാസം ഇല്ല തന്നെ. പരമമായ ആനന്ദത്തിലേക്കുള്ള ചുവടുവെപ്പാണല്ലോ ഓരോ പ്രതീക്ഷകളും 2021 ഏവർക്കും അങ്ങനൊരു ആനന്ദം നിറഞ്ഞ വർഷമായിരിക്കട്ടെ.

നമുക്ക് ബല്യ ബല്യ സന്തോഷങ്ങൾ സ്വപ്നം കാണുന്നതിന്‍റെ കൂടെ തന്നെ കുഞ്ഞു കുഞ്ഞു ആനന്ദങ്ങളുടെ ഒടേതമ്പുരാന്മാരും തമ്പുരാട്ടികളുമാവാം, ആനന്ദം ഭവിക്കട്ടെ.

സമ്മർ ക്യാമ്പ്

ഒന്നും ചെയ്യാതെ ജനാലയ്ക്കരികിൽ വെറുതെ പുറത്തേക്ക് നോക്കിയിരിക്കുന്ന ടിൻസിയെ വാസുദേവ് ശ്രദ്ധിച്ചു. തന്‍റെ മകൾ ഇങ്ങനെ ആക്ടിവല്ലാതെ ഉത്സാഹമൊന്നും കാണിക്കാതെ ഇരിക്കുന്നതിനോട് അയാൾക്ക് യോജിപ്പില്ല.

“ഇവളെന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ആരെങ്കിലും അവളെ ശല്യപ്പെടുത്തുന്നുണ്ടോ” അയാൾ ഭാര്യ റോമയെ വിളിച്ച് സംശയം പ്രകടിപ്പിച്ചു.

“ഏയ്… എന്‍റെ അറിവിൽ ആരും അവളെ ശല്യപ്പെടുത്തുന്നില്ല. ഇത് ഒട്ടുമിക്ക കൗമാരക്കാരും കടന്നു പോകുന്ന അവസ്ഥയല്ലേ. നാളയെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതാണ്” റോമയ്ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു.

“എന്തായാലും അവളുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കുവാൻ നമുക്ക് എന്തെങ്കിലും ചെയ്തേ മതിയാവൂ. എന്താ നിന്‍റെ അഭിപ്രായം” വാസുദേവ് ഭാര്യയോട് എന്തെങ്കിലുമൊരു ഉപായം പറയൂ എന്ന രീതിയിൽ അന്വേഷിച്ചു.

“ഞാൻ അവളോട് ഒരു സമ്മർ ക്യാംപിന്‍റെ കാര്യം പറഞ്ഞിരുന്നു. എന്തോ അവളത്ര താൽപര്യം കാണിച്ചില്ല. സമ്മർ ക്യാംപൊക്കെ ആകുമ്പോൾ ധാരാളം കുട്ടികളുണ്ടാകും. പുതിയ കൂട്ടുകാരും പിന്നെ ഗെയിമുകളും ക്രിയേറ്റീവ് പ്ലാറ്റ്ഫോമും കൂടിയാകുമ്പോൾ ടിൻസി മൊത്തത്തിൽ ഉഷാറാകുമല്ലേ” റോമ തനിക്കു തോന്നിയ കാര്യം പറഞ്ഞു.

“അതൊരു നല്ല ഐഡിയ ആണല്ലോ. മറ്റുള്ളവരോട് ആശയവിനിമയം നടത്താനും ക്യാംപിന്‍റെ അന്തരീക്ഷത്തിൽ ഇഴുകി ചേരാനും ടിൻസിക്ക് സാധിച്ചാൽ അവളുടെ ആത്മവിശ്വാസം താനേ വർദ്ധിക്കും. എങ്കിൽ മാത്രമേ ഈ ഉൾവലിഞ്ഞിരിക്കുന്ന സ്വഭാവം മാറുകയുള്ളൂ.” വാസുദേവ് ഒരു പരിഹാരം കണ്ടെത്തിയ പോലെ നിർദേശിച്ചു.

ടിൻസി അവരെ ചുറ്റിപ്പറ്റി മാത്രം നിന്നാൽ മാനസികാവസ്‌ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് റോമയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വാഗമണ്ണിലെ സമ്മർ ക്യാംപിൽ ടിൻസിയെ എങ്ങനെയെങ്കിലും നിർബന്ധിച്ച് അയക്കാൻ റോമ തീരുമാനിച്ചു.

പറ്റിയൊരു സമയം നോക്കിയിരുന്ന റോമ ഡൈനിംഗ് സമയത്ത് വാഗമണ്ണിലെ സമ്മർ ക്യാംപിന്‍റെ കാര്യം വീണ്ടും എടുത്തിട്ടു.

“ഇവൾക്കിവിടെ വെറുതെ ഇരിക്കുന്ന നേരം കൊണ്ട് വാഗമണ്ണിൽ ക്യാംപിന് പൊയ്ക്കൂടെ? എന്തു പറയുന്നു വാസു. അതല്ലേ നല്ലത്” റോമ ഭർത്താവിനോട് അഭിപ്രായം ചോദിക്കുന്ന പോലെ.

“ശരിയാ, ഇവിടെ ചടഞ്ഞു കൂടി ഇരിക്കണ്ടല്ലോ” വാസുദേവിന്‍റെ പെട്ടെന്നുള്ള മറുപടി. ടിൻസി അച്‌ഛനും അമ്മയും പറയുന്നത് കേട്ട് മൂളുക മാത്രം ചെയ്‌തു.

“എന്തായാലും അടുത്താഴ്ച വിമലയുടെ ഇരട്ടകൾ ഇവിടെ വരുന്നുണ്ട്. നീ ക്യാംപിന് പോകുന്നില്ലേൽ അവർക്ക് കമ്പനി കൊടുക്ക്” റോമ ടിൻസിയുടെ റിയാക്ഷൻ എന്താണെന്നറിയാൻ ശ്രദ്ധിച്ചിരുന്നു.

ടിൻസി ഇരട്ടകൾ എന്നു കേട്ടപ്പോഴേ അപകടം തിരിച്ചറിഞ്ഞമട്ടാണ്. കഴിഞ്ഞ വർഷം അവർ വന്ന് തനിക്ക് തലയ്ക്ക് സ്വൈര്യം തരാതിരുന്നത് ടിൻസി ഇപ്പോഴും മറന്നിട്ടില്ല. അത്രയും തെറുപ്പുകളാണ് ആ കുട്ടികളുടെ കയ്യിലുണ്ടായിരുന്നത്.

ഇരട്ടകളുടെ കയ്യിൽ പെടുന്നതിനേക്കാളും ക്യാംപിൽ പോകുന്നതാണ് നല്ലതെന്ന് ടിൻസി തീരുമാനിച്ചു.

ഇരട്ടപിള്ളേരെ ടിൻസിക്ക് ഇഷ്‌ടമല്ല എന്നറിയാവുന്ന റോമ അവരുടെ രണ്ട് ദിവസത്തേക്ക് മാത്രമായുള്ള വരവിനെ ഒരു മാസത്തേക്കെന്ന പോലെ അവതരിപ്പിച്ച് മകളുടെ മനസ്സിനെ സ്വാധീനിച്ചെടുത്തു.

“ഞാൻ സമ്മർ ക്യാംപിലേക്ക് പോകാം അമ്മേ, ഇവിടെ വെറുതെ ഇരിക്കുന്നതിലും നല്ലത് അത് തന്നെയാ.” ടിൻസി സമ്മതമെന്ന പോലെ പറഞ്ഞു.

റോമയും വാസുദേവും ടിൻസിക്ക് പോകാനുള്ള അറേഞ്ച്മെന്‍റ്സ് ചെയ്‌തു. വാഗമണ്ണിലേക്കായതു കൊണ്ട് കുന്നുകളും തടാകങ്ങളുമുള്ള പ്രദേശത്തിന്‍റെ ഒരേകദേശ രൂപം ടിൻസിയുടെ ചിന്തകളിലേക്ക് ഓടിയെത്തി.

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ടിൻസി കുടുംബത്തോടൊപ്പമല്ലാതെ ആദ്യമായിട്ടാണ് തനിച്ച് പോകുന്നത്. വാസുദേവ് തന്‍റെ മാനേജറെ വാഗമൺ വരെ ടിൻസിയെ കൊണ്ടാക്കുവാൻ ഏൽപ്പിച്ചു.

ബാംഗ്ലൂരിൽ നിന്ന് എറണാകുളം വരെ ട്രെയിൻ ബുക്ക് ചെയ്‌തു. എറണാകുളത്ത് നിന്ന് ട്രാവൽ ഏജൻസിക്കാരെ വിളിച്ച് പോകാമെന്നായിരുന്നു പ്ലാനെങ്കിലും വിചാരിച്ച പോലെ ടാക്‌സി ബുക്ക് ചെയ്‌ത് കിട്ടിയില്ല.

മാനേജർ രഘുവരൻ തന്‍റെ പരിചയത്തിലുള്ള ഒരു ഏജൻസിയെ വിളിച്ച് പരമാവധി ഇടങ്ങളിൽ അന്വേഷിക്കാൻ പറഞ്ഞു. ഊബർ ആപ്പിൽ തീരെ പരിചയമില്ലാത്ത ഒരാളുടെ കൂടെ പോകാനൊരു മടി ആയതു കൊണ്ട് രഘുവരൻ കുറച്ചു കൂടി ഉത്തരവാദിത്വമുള്ള ഏജൻസിക്കാരെ തന്നെ വിളിച്ചു.

എറണാകുളത്ത് ടിൻസിയും രഘുവരനും ട്രെയിനിറങ്ങിയപ്പോൾ ഏജൻസിയിൽ നിന്ന് വാഗമണ്ണിലെ അതേ ക്യാംപിലെ സ്ഥലത്തേക്ക് ഇന്ന് ഉച്ചയ്ക്ക് ഒരു കാർ പോകുന്നുണ്ടെന്നും അല്ലെങ്കിൽ രണ്ട് ദിവസം വെയിറ്റ് ചെയ്യണമെന്നും. ഫോൺ വിളിച്ച് പറഞ്ഞു. ഏജൻസിയിൽ നേരിട്ട് ചെന്നപ്പോൾ പോകുന്നത് ഒരാളാണെന്നും കാർ ഷെയർ ചെയ്യാൻ അയാൾ തയ്യാറാണെന്നും അറിയിച്ചു.

അങ്ങനെ രഘുവരനും ടിൻസിയും കാത്തു നിൽക്കവെ ക്യാംപിലേക്ക് പോകുന്ന കാർ ഏജൻസിയിലെത്തി. ടിൻസിയോളം തന്നെ സമപ്രായമുള്ള വിനീത് എന്ന യുവാവാണ് ആ എസ്യുവിയിൽ ഉണ്ടായിരുന്നത്.

രഘുവരന് തനിക്കറിയാവുന്ന ഏജൻസിയിൽ നിന്നു തന്നെ കാർ ലഭിച്ചതിൽ സന്തോഷവും സുരക്ഷിതത്വവും തോന്നി. അവരേയും കൊണ്ട് കാർ വാഗമണ്ണിലേക്ക് നീങ്ങി.

വിനീത് സ്വന്തം പേര് പരിചയപ്പെടുത്തിയതല്ലാതെ കൂടുതലൊന്നും സംസാരിക്കാത്തതിൽ ടിൻസിക്കും സമാധാനമായി. രഘുവരനങ്കിൾ തന്‍റെ കൂടെയുണ്ടെന്നതിനാൽ ടിൻസിക്ക് യാത്രയിൽ യാതൊരുവിധത്തിലുമുള്ള അസ്വസ്ഥതകളും തോന്നിയില്ല.

ക്യാംപിലെത്തിയതും വിനീത് അവരോട് ബൈ പറഞ്ഞ് സംഘാടക സമിതിയിലുള്ള തന്‍റെ കൂട്ടുകാരെ തേടിപ്പോയി.

രഘുവരൻ ക്യാംപ് ഡയറക്ടറുടെ അടുത്ത് ചെന്ന് ടിൻസിയെ അഡ്മിറ്റ് ചെയ്‌തു. എല്ലാം ഓക്കെയെന്നു ഉറപ്പു വരുത്തിയ ശേഷം ഒരു മാസം കഴിഞ്ഞ് ക്യാംപ് സമാപിക്കുന്ന ദിവസം വരാമെന്നേറ്റ് രഘുവരൻ വന്ന കാറിൽ തന്നെ തിരിച്ച് മലയിറങ്ങി.

രാത്രി ഡോർമെറ്ററിയിൽ കിടന്നുറങ്ങവെ ടിൻസിക്ക് വീണ്ടും ഒരു മടുപ്പു പോലെ വന്നു. ഇരട്ടകളെ സഹിക്കുന്നതായിരുന്നു ഭേദമെന്ന് അവൾക്ക് തോന്നി.

ടിൻസിക്ക് മൊത്തത്തിൽ കൺഫ്യൂഷനായതു പോലെ. ആരേയും പരിചയമില്ലാതെ ഒറ്റക്കിവിടെ മാനേജ് ചെയ്യുന്ന കാര്യം ടിൻസി ആലോചിച്ച് കിടന്നു.

പിറ്റേ ദിവസം രാവിലെ ക്യാംപിൽ മഞ്ഞുരുക്കൽ പ്രഖ്യാപനം നടന്നുവെങ്കിലും അവിടെ വന്നതിലധികവും കുട്ടികളും തമ്മിൽ പരിചയമുള്ളവരായിരുന്നു.

നാലു വർഷത്തോളമായി സ്‌ഥിരം ക്യാംപിൽ വരുന്നവരും. ഒരേ കോളേജിൽ നിന്നുള്ളവരും, സോഷ്യൽ മീഡിയയിൽ കണക്റ്റ് ആയിട്ടുള്ളവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതുകൊണ്ടെല്ലാം മറ്റുള്ളവർക്ക് പെട്ടെന്ന് തമ്മിൽ കൂട്ടുകൂടാനും ഓരോ ഗ്രൂപ്പായി മാറാനും സാധിച്ചു. ടിൻസി പറ്റിയൊരാളെ തിരഞ്ഞു.

മാനസിയാണ് ടിൻസിക്കൊരു കൂട്ടായി ക്യാംപിൽ പെരുമാറിയത്. പക്ഷേ മാനസിയുടെ ഒരു വലിയ പ്രശ്നം തന്‍റെ കൂട്ടുകാരെല്ലാം തന്നെ മാത്രം ആശ്രയിക്കുന്നവരും കൂടെ നിന്ന് മറ്റുള്ളവരെ കളിയാക്കുന്നതിന് മുൻകൈ എടുക്കുന്നവരുമാകണമെന്നാണ്.

മാനസിയുടെ സിൽബന്തികളായി നിൽക്കുന്നവരുടെ കൂട്ടത്തിൽ പെരുമാറുവാൻ ടിൻസിക്ക് സാധിക്കില്ലായിരുന്നു. മറ്റുള്ളവരെ വളരെ സൂക്ഷ്മമായി വിശകലനം ചെയ്‌ത് അവരുടെ സ്വഭാവത്തിലെ പിശകുകൾ കണ്ടുപിടിക്കാൻ മാനസി വിദഗ്ധയായിരുന്നു.

ടിൻസി തന്‍റെ രീതികൾക്കനുസരിച്ച് നിൽക്കുന്നയാളല്ല എന്നു മനസ്സിലാക്കിയ മാനസി തരം കിട്ടുമ്പോഴെല്ലാം ടിൻസിയെ ലക്ഷ്യമിട്ട് പരിഹാസങ്ങൾ ഇറക്കുവാൻ തീരുമാനിച്ചു.

ടിൻസിക്ക് ചുണ്ടെലി എന്നൊരു ഇരട്ടപ്പേരിടാനും മാനസി മറന്നില്ല. വിനീതുമായി ടിൻസി അടുപ്പത്തിലാണെന്നൊരു ഗോസിപ്പ് പെട്ടെന്നാണ് ക്യാംപിൽ പടർന്നത്.

എങ്ങനെയാണ് ഇങ്ങനെയൊരു ഗോസിപ്പ് പടർന്നു പിടിച്ചതെന്ന് എത്രയാലോചിച്ചിട്ടും ടിൻസിക്ക് മനസ്സിലായില്ല. വിനീതുമായി കാറിൽ ഒരുമിച്ചു വന്നു എന്നല്ലാതെ പിന്നെ സംസാരിച്ചതേയില്ല.

“ചുണ്ടെലി പതുങ്ങിയിരിക്കുന്നു എന്നേയുള്ളൂ നമ്മളോടൊന്നും സംസാരിച്ചില്ലെങ്കിലും ആൺകുട്ടികളിൽ ചിലരുമായി അടുക്കുന്നതിന് യാതൊരു മടിയുമില്ല.” മാനസി തന്‍റെ പതിവ് ശൈലിയിൽ പറഞ്ഞു കൊണ്ടിരുന്നു. മാനസിയുടെ സിൽബന്തി അഞ്ജലി ഇതുകേട്ട് ഡോർമെറ്ററി മുഴങ്ങുമാറ് “ആരാണാ ഭാഗ്യവാന്മാർ” എന്ന് വിളിച്ചുകൂവി.

ഇതൊക്കെയാണെങ്കിലും ടിൻസി പതിയെ ക്യാംപിനെ ഇഷ്‌ടപ്പെട്ടു പോന്നു. മാനസിയുടെ കളിയാക്കലും ഗോസിപ്പും ഒഴിവായിക്കിട്ടണമെന്ന് പൂർണ്ണമായും ടിൻസി ആഗ്രഹിച്ചില്ല. കാരണം ക്യാംപിലെ പത്തഞ്ഞൂറ് പേരുടെ ഇടയിൽ കളിയാക്കുവാനാണെങ്കിലും മാനസി തന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ.

രാവിലെ യോഗ ചെയ്യുന്ന സമയത്തും, ഭക്ഷണം വിളമ്പുന്ന നേരങ്ങളിലും വൈകുന്നേരം തീയിട്ട് ക്യാംപ് അംഗങ്ങൾ വട്ടം കൂടുന്ന കലാസന്ധ്യയിലും ടിൻസി തന്‍റേതായ ഇടത്തിൽ സ്വസ്ഥമായിരുന്നു. അപ്പോഴൊക്കെ ടിൻസിയെ ശല്യപ്പെടുത്തുവാൻ ആരും ഉണ്ടാകില്ല.

പക്ഷേ ഒരു വൈകുന്നേരം മാനസി ടിൻസിയെ നിർബന്ധിച്ച് കൊണ്ടുവന്ന് കലാസന്ധ്യയിൽ വട്ടം കൂടിയ സദസ്സിന്‍റെ മുമ്പിൽ വച്ച് പാടാൻ പറഞ്ഞു. പക്ഷേ ടിൻസി മടിയും നാണവും കൊണ്ട് അത് നിരസിച്ചു. പക്ഷേ അവിടെ കൂടിയിരുന്നവർ വിടാനൊരുക്കമില്ല.

“അല്ലേൽ വേണ്ടന്നേ. വെറുതെ എന്തിനാ അവളെ നിർബന്ധിക്കുന്നേ അവൾക്ക് പാടാനൊന്നും അറിയത്തില്ല. വെറുതെ എന്തിനാ ഇൻട്രസ്റ്റിംഗ് അല്ലാത്ത ശബ്ദത്തിൽ പാടിപ്പിച്ച് മൂഡ് കളയണോ. ചുണ്ടെലിയെ പോലുള്ളവരെ സഹിക്കാൻ വിനീതിനേ പറ്റൂ.” മാനസിയും കൂട്ടുകാരും ഇത് പറഞ്ഞ് ചിരിയായി. പെട്ടെന്ന് ടിൻസിക്ക് എന്തോപോലെ തോന്നി.

അവൾ അവരുടെ കൂട്ടത്തിൽ നിന്ന് ഡോർമെറ്ററി ഭാഗത്തേക്ക് ഓടിപ്പോയി. അവൾക്ക് കരച്ചിൽ വന്നു. ഡോർമെറ്ററിക്ക് സമീപമുള്ള ഗാർഡനിലെ ബെഞ്ചിൽ കലങ്ങിയ കണ്ണുകളോടെ അവളിരുന്നു.

അൽപസമയം കഴിഞ്ഞ് തന്‍റെ മുഖത്തിനു നേരെ ഒരു തൂവാല ഉയർന്നു വരുന്നതായി അവൾക്ക് തോന്നി. അത് വിനീതിന്‍റെ കൈയിലെ കർച്ചീഫായിരുന്നു.

“ടിൻസി മാനസിക്ക് പിടികൊടുത്തല്ലേ… മുഖമൊക്കെ ആകെ വല്ലാതായല്ലോ. ടിൻസിയെപ്പോലെ ബോൾഡായൊരു പെൺകുട്ടിക്ക് മാനസിയെ മാനേജ് ചെയ്യാൻ അറിയില്ലേ. ഇതൊക്കെ നിസ്സാരമായി എടുക്കായിരുന്നു.” വിനീത് വളരെ ലാഘവത്തോടെ പറഞ്ഞു.

വിനീതിനു നേരെ മുഖം ഉയർത്തി കൊണ്ട് “നമ്മളെക്കുറിച്ചുള്ള ഗോസിപ്പ് എങ്ങിനെയാ പടർന്നത്” ടിൻസി ചോദിച്ചു.

“നമ്മളിവിടെ വന്ന ദിവസം ഒരേ കാറിൽ നിന്നിറങ്ങുന്നത് പലരും കണ്ടതല്ലേ. ആൺപിള്ളേരിൽ പലരും എന്നെയതു പറഞ്ഞ് കളിയാക്കുമായിരുന്നു. ഞാനത് കേൾക്കുമ്പോഴൊക്കെ ചിരിക്കും എന്നല്ലാതെ അതോർത്തിരിക്കാറില്ല. പലരും അവരുടെ കഴിവില്ലായ്മയെ മറച്ചു വയ്ക്കാൻ മറ്റുള്ളവരെ പരിഹസിക്കാറുണ്ട്. നമ്മളതിനോട് ഓവർ റിയാക്ട് ചെയ്യുമ്പോൾ അവർ വിജയിച്ച പോലെയായില്ലേ.” വിനീത് ടിൻസിയോടായി കാരണങ്ങൾ എടുത്തു പറഞ്ഞു.

“ഞാനെന്തു ചെയ്യണമെന്നാണ്”

ടിൻസി നിസ്സഹായതയോടെ വിനീതിനോട് ചോദിച്ചു.

“എന്തിനാ ഒളിച്ചോടുന്നത് അവിടെ കൂട്ടത്തിൽ പോയി ഇരിക്ക് അവര് പറഞ്ഞപോലെ പാട്ടൊക്കെ പാടൂ. ടിൻസി നന്നായി പാടുമല്ലോ”

വിനീത് പറഞ്ഞതു കേട്ട് “ഞാൻ പാടുമെന്ന് വിനീതിനെങ്ങിനെ അറിയാം.” ടിൻസി ആകാംക്ഷ നിറഞ്ഞ ഭാവത്തിൽ ചോദിച്ചു.

“ക്യാംപിലേക്ക് വരുന്ന വഴി ടിൻസി കാറിലിരുന്ന് നല്ല പോലെ ഈണത്തിൽ മൂളുന്നുണ്ടായിരുന്നല്ലോ. ഞാനന്ന് ശ്രദ്ധിച്ചിരുന്നു.” വിനീത് ഇതു പറഞ്ഞതും ടിൻസി ചെറുതായി മന്ദഹസിച്ചു.

അവർ രണ്ടുപേരും പതിയെ അവിടെ നിന്നും തിരിച്ച് കലാസന്ധ്യയുടെ കൂട്ടത്തിലേക്ക് നടന്നു ചെന്നു.

വിനീതും ടിൻസിയും ഒരുമിച്ച് നടന്നു വരുന്നത് കണ്ട മാനസി, “ഇതാ നമ്മുടെ ചുണ്ടെലിയും സഹയാത്രികനും എത്തിയിരിക്കുന്നു.”

വിനീത് മാനസി പറഞ്ഞത് ശ്രദ്ധിക്കാതെ വട്ടം കൂടിയിരുന്നവരുടെ മധ്യഭാഗത്തേക്ക് കടന്ന് ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന മട്ടിൽ എല്ലാവരോടുമായി ടിൻസിയൊരു പാട്ട് പാടുന്നതാണെന്ന് അനൗൺസ് ചെയ്‌തു.

ഗിത്താർ വായിക്കുകയായിരുന്ന ആലിയയും, ഷാഹിദും പാട്ടിനെ അനുഗമിക്കാനെനോണം ടിൻസിക്ക് അരികിലേക്ക് എത്തി.

ടിൻസിക്ക് തന്‍റെ ഹൃദയത്തിന് പെട്ടെന്ന് ഭാരം കൂടിയതു പോലെ തോന്നി. എന്നാലും ധൈര്യം സംഭരിച്ച് ഒന്നു രണ്ടു വരികൾ മൂളികൊണ്ട് തുടങ്ങി. ഗിത്താറിന്‍റെ താളവും ഒപ്പം ചേർന്നു വന്നു. ആദ്യം പതർച്ച അനുഭവപ്പെട്ടുവെങ്കിലും പിന്നീട് ടിൻസി മനസ്സറിഞ്ഞ് പാടി.

സദസ്സിലാകെ നിശബ്ദത പടർന്നു. ടിൻസിയുടെ മനോഹരമായ ശബ്ദം ആ അന്തരീക്ഷത്തിൽ ഒരു കാവ്യം പോലെ അലിഞ്ഞു ചേർന്നു. കണ്ണടച്ചാണ് ടിൻസി പാട്ട് പാടിയത്.

മാനസി ടിൻസിയുടെ പാട്ട് കേട്ട് തരിച്ചിരുന്നു പോയി. ടിൻസി പാടിക്കഴിഞ്ഞതും അവിടെയാകെ കൈയടി പടർന്നു. മാനസിക്കും കൂട്ടർക്കും കൈയടിക്കണം എന്നുണ്ടായിരുന്നുവെങ്കിലും അവരത് ചെയ്‌തില്ല. അവിടെക്കൂടിയിരുന്നവരിൽ പലരും ടിൻസിക്ക് ചുറ്റുമായി വന്നിരുന്നു.

ടിൻസി ഒരുപാട് പേരുടെ ഇഷ്‌ടം സമ്പാദിച്ചു. പെൺകുട്ടികൾക്കിടയിലെ ഒരു താരമായി ടിൻസി മാറി. ക്യാംപിൽ ടിൻസിയുടെ പാട്ട് ചർച്ചാ വിഷയമായി.

ക്യാംപിലെ ആൺകുട്ടികളും പെൺകുട്ടികളും ഗ്രൂപ്പ് തിരിഞ്ഞ് നടത്തുന്ന പോയിന്‍റ് മത്സരങ്ങൾ തുടങ്ങുന്ന ദിവസമെത്തി. മാനസിക്കാണ് പെൺകുട്ടികളുടെ മത്സരങ്ങൾ ലീഡ് ചെയ്യാനുള്ള ചാർജ്.

ടിൻസിയുടെ പാട്ട് വേണമെന്ന് ഭൂരിഭാഗം പേരും മാനസിയോട് ആവശ്യപ്പെട്ടു. “ഞാൻ ടിൻസിയെ ഒരുപാട് കളിയാക്കിയിട്ടുണ്ട് ഞാനിപ്പോൾ ഇത് പറഞ്ഞാൽ അവൾ കേൾക്കുമോ.” മാനസി സംശയത്തോടെ പറഞ്ഞു. ഇത് കേട്ടു അങ്ങോട്ടെക്കെത്തിയ ടിൻസി ചിരിച്ചു.

“എന്താ മാനസി, പോയിന്‍റ് കിട്ടുമെങ്കിൽ അതിനു ഞാൻ തയ്യാറാണ്. നിങ്ങൾ പറ ഞാനെന്തു ചെയ്യണമെന്ന്. ഇത് നമ്മൾ പെൺകുട്ടികളുടെ അഭിമാന പ്രശ്നമല്ലേ.”

ഇതു പറഞ്ഞു കഴിഞ്ഞതിനു ശേഷം മാനസിയോട് സാവധാനത്തിൽ ചെവിയോട് ചേർന്നിരുന്ന്, “എനിക്ക് മാനസിയോട് വ്യക്‌തിവിദ്വേഷം ഒന്നും ഇല്ലല്ലോ പിന്നെ എന്തിനാ എന്നെ എപ്പോഴും കളിയാക്കുന്നത്.” ടിൻസി ഇതു പറഞ്ഞതും മാനസിക്ക് സ്വയം ഇല്ലാതായതു പോലെ തോന്നി.

“എന്നെ മാനസിക്ക് ഇഷ്‌ടമല്ലെങ്കിൽ കൂടി ഒരിക്കലും എന്നെ ഉപദ്രവിക്കണമെന്ന രീതിയിൽ ചിന്തിക്കരുതായിരുന്നു. എന്നെ തരം താഴ്ത്തി മാനസി സംസാരിക്കാൻ ശ്രമിച്ചതു തീരെ ശരിയായില്ല” ടിൻസി ഇതു പറഞ്ഞ് അവസാനിപ്പിച്ചു.

“ക്ഷമിക്കണം… ഇനി ഞാൻ…” ഇടർച്ചയോടെ മാനസി ടിൻസിയോട് മാപ്പു പറഞ്ഞു.

“അപ്പോൾ നമ്മൾ കൂട്ടുകാരല്ലേ മാനസി” ടിൻസി മാനസിയുടെ കൈളെടുത്ത് തന്‍റെ കൈയോടു ചേർത്ത് പിടിച്ചിത് പറഞ്ഞതും മാനസിക്ക് സന്തോഷമായി.

“അതെ” മാനസി മുഖത്തൊരു പ്രകാശം നിറയ്ക്കുന്നതുപോലെ പുഞ്ചിരിച്ചു.

ടിൻസിക്ക് എന്ത് പ്രശ്നം വന്നാലും ഇനിയെന്തു സാഹചര്യം ക്യാംപിലുണ്ടായാലും അതിജീവിക്കാൻ തക്കവണ്ണം ആത്മവിശ്വാസം കൈവന്നിരുന്നു.

സമ്മർ ക്യാംപിലെ ഇനിയുള്ള ദിവസങ്ങൾ തനിക്ക് ഏറ്റവും നല്ല നിമിഷങ്ങൾ സമ്മാനിക്കുമെന്ന് ടിൻസിക്ക് ഉറപ്പായി. ക്യാംപ് പതിവുപോലെ ആക്ടീവായി.

സൈറ വസിം

അമീർ ഖാൻ ചിത്രമായ ദംഗലിൽ ഗീത ഫൊഗോട്ടിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച കാശ്മീരി പെൺകുട്ടിയെ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. രണ്ടാമത്തെ ചിത്രമായ സീക്രട്ട് സൂപ്പർസ്‌റ്റാറിലും ആ പെൺകുട്ടി ശ്രദ്ധിക്കപ്പെട്ടു. താൻ ഒരു അഭിനേത്രിയാവുമെന്ന് സിനിമയിൽ അഭിനയിക്കാൻ ചാൻസ് എത്തുന്നവരെ അവൾ വിചാരിച്ചതേയില്ല. അതാണ് സൈറ വസിം.

എന്തു ചെയ്‌താലും അത് വ്യത്യസ്തമായിരിക്കണം എന്ന ചിന്ത ബാല്യം മുതൽ സൈറയ്ക്കുണ്ട്. പക്ഷേ ആ ചിന്തയിലൊന്നും അഭിനയമോ സിനിമയോ കടന്നു വന്നിരുന്നില്ല.

വളരെ ചെറുപ്രായത്തിൽ ഏതാനും പരസ്യങ്ങളിൽ പങ്ക് ചേരാൻ കഴിഞ്ഞിരുന്നു. അതിൽ നിന്നാണ് സിനിമാ ലോകത്തേക്കുള്ള വാതിൽ തുറക്കപ്പെട്ടത്. അമീർ ഖാൻ തന്‍റെ ചിത്രമായ ദംഗലിലേക്ക് പുതിയ മുഖങ്ങൾ തെരയുന്ന സമയത്താണ് സൈറയുടെ സ്ക്കൂൾ പ്രിൻസിപ്പൽ, സൈറയോട് അവളുടെ പേര് കൊടുക്കാൻ നിർദ്ദേശിച്ചത്. സൈറ തന്‍റെ ചിത്രം അയച്ചു കൊടുത്തു. ഓഡിഷനിൽ വിജയിക്കുകയും ചെയ്‌തു. പക്ഷേ വീട്ടുകാർക്ക് സൈറയെ അഭിനയ ലോകത്തേക്ക് അയക്കാൻ താൽപര്യമില്ലായിരുന്നു. പിന്നെ ബന്ധുക്കളും സുഹൃത്തുക്കളും പ്രിൻസിപ്പലും നിർബന്ധിച്ചപ്പോൾ വീട്ടുകാർ സമ്മതം മൂളുകയായിരുന്നു.

കാലത്തിനൊപ്പം ജീവിക്കണമെന്ന പക്ഷക്കാരിയാണ് സൈറ. മുൻകൂട്ടി ഒന്നും പ്ലാൻ ചെയ്യാറില്ല. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടു പോകണമെന്നാണ് ആഗ്രഹം. പത്താം ക്ലാസ്സ് പരീക്ഷയിൽ 92 ശതമാനം മാർക്ക് നേടിയാണ് കഴിഞ്ഞ വർഷം സൈറ വിജയിച്ചത്. നല്ല പാട്ടുകാരി കൂടിയാണ് ഈ കൊച്ചു മിടുക്കി.

ശ്രീനഗറിലെ ഒരു യാഥാസ്‌ഥിതിക മുസ്ലീം ജന്മി കുടുംബത്തിലാണ് സൈറ ജനിച്ചത്. അച്‌ഛൻ വസിം ബാങ്ക് ഉദ്യോഗസ്‌ഥനാണ്. അമ്മ ജർക്കാ വസിം. സിനിമാ ലോകത്തെ തന്‍റെ എൻട്രിക്കും പ്രശസ്തിക്കും കാരണം തന്‍റെ കുടുംബത്തിന്‍റെ പിന്തുണ മാത്രമാണെന്ന് സൈറ കരുതുന്നു. 16-ാം ജന്മദിനം തന്‍റെ സുഹൃത്തുക്കൾക്കൊപ്പമാണ് ആഘോഷിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് വിവാദത്തിലും പെട്ടു സൈറ. കൊച്ചു നായികയ്ക്കൊപ്പം ചെറിയൊരു ചാറ്റ്.

സിനിമ സ്വപ്നം എപ്പോഴെങ്കിലും മനസ്സിലുണ്ടായിരുന്നോ?

ഇല്ലേയില്ല. അതൊരു അതിശയം തന്നെയാണ്. ദംഗലിന്‍റെ ഓഡിഷനു പോയപ്പോൾ ആ ചിത്രത്തിലേക്ക് സെലക്ട് ആയേക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. സീക്രട്ട് സൂപ്പർ സ്റ്റാറിന്‍റെ ഓഡിഷനു പോയപ്പോഴും അതായിരുന്നു അനുഭവം. കിട്ടിയ അവസരങ്ങളിൽ ഞാൻ അങ്ങേയറ്റം ഹാപ്പിയാണ്.

ഈ ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരുപാട് തയ്യാറെടുപ്പ് വേണ്ടി വന്നോ?

ദംഗലിന്‍റെ സമയത്ത് റസ് ലിംഗ് പഠിക്കേണ്ടി വന്നു. ഒരുപാട് വിയർപ്പൊഴുക്കിയാണ് ആ റോൾ ചെയ്‌തത്. സീക്രട്ട് സൂപ്പർ സ്‌റ്റാറിൽ ഗിറ്റാർ വായിക്കാൻ പഠിച്ചു.

ഒരു കാര്യം ചെയ്യാൻ പറ്റുമെന്ന് വിശ്വാസം വന്നാൽ മാത്രമേ അതു ഞാൻ ഏറ്റെടുക്കുകയുള്ളൂ. സീക്രട്ട് സൂപ്പർ സ്‌റ്റാറിൽ ഗായികയുടെ റോൾ ആയിരുന്നല്ലോ. ആരെങ്കിലും എന്നോട് തമാശയ്ക്ക് എന്നാൽ ഒന്ന് പാടൂ കേൾക്കട്ടെ എന്നു പറഞ്ഞാൽ അതു ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നല്ല ഗായികയല്ല. പക്ഷേ ഈ റോൾ ചെയ്‌തപ്പോൾ ഞാൻ പാട്ട് പഠിച്ചു.

രണ്ടു വിജയ ചിത്രങ്ങളുടെ ഭാഗമായതിനു ശേഷം ജീവിതത്തിൽ വന്ന മാറ്റമെന്താണ്? കാശ്മീർ ജനത എന്തു പറയുന്നു?

എന്‍റെ ഡെസ്റ്റിനി എന്താണോ അതാവാം എന്നെ ഇവിടെ വരെ എത്തിച്ചത്. അതിനൊപ്പം എന്‍റെ പരിശ്രമവും കൂടി ചേരുമ്പോൾ ഞാൻ വിചാരിക്കാത്തത്ര കാര്യങ്ങൾ എനിക്കൊപ്പം വന്നു. വളരെ കുറച്ച് ആളുകൾ മാത്രമാണ് എന്നെ ഇപ്പോൾ അഭിനേത്രി എന്ന നിലയിൽ തിരിച്ചറിയുന്നത്. എന്‍റെ നാടായ കാശ്മീരിൽ എന്നെ പരിചയമുള്ളവരൊക്കെ വളരെ ഹാപ്പിയാണ്. അതെനിക്കും സന്തോഷമാണ്.

യഥാർത്ഥ ജീവിതത്തിൽ സൈറ എങ്ങനെയാണ്? 

ഞാൻ ഭയങ്കര നാണക്കാരി തന്നെയാണ്. മറ്റുള്ളവരോട് മിണ്ടാൻ ഭയമുണ്ട്. ക്യാമറ ഓൺ ആയി കഴിഞ്ഞാൽ ഞാൻ എന്‍റെ കഥാപാത്രത്തെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ. എന്നെക്കുറിച്ച് ആലോചിക്കാറില്ല.

അമീർ ഖാനൊപ്പം അഭിനയിച്ച അനുഭവം?

ഞാൻ അദ്ദേഹത്തിന്‍റെ പാഷൻ ഫോളോ ചെയ്യുകയാണ്. അദ്ദേഹം ജോലി ചെയ്യുന്ന രീതി, ഓരോ കാര്യത്തെയും സമീപിക്കുന്ന രീതി ഇതൊക്കെ ഞാൻ ശരിക്കും ശ്രദ്ധിക്കാറുണ്ട്. അതു പിന്തുടരാൻ ഞാൻ ശ്രമിക്കുന്നുണ്ട്.

ഇതുവരെ കിട്ടിയതിൽ ഏറ്റവും നല്ല കോംപ്ലിമെന്‍റ് എന്താണ്?

 സീക്രട്ട് സൂപ്പർ സ്‌റ്റാറിലെ പല രംഗങ്ങളും വളരെ ഇമോഷണൽ ആണ്. അതു കണ്ടിട്ട് എന്‍റെ അച്‌ഛന്‍റെ കണ്ണു നിറഞ്ഞു. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കോംപ്ലിമെന്‍റ് അതാണ്. എന്‍റെ അച്‌ഛൻ കരയുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. അച്‌ഛൻ കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.

ഇപ്പോൾ ഡ്രീം റോൾ വല്ലതും മനസ്സിലുണ്ടോ?

ഇതുവരെ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. ആകെ തോന്നിയ ഒരു ആഗ്രഹം, കങ്കണ റണാവത്തിനൊപ്പം അഭിനയിക്കണമെന്നാ.

കാശ്മീരിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ?

കാശ്മീരിൽ ആരും തന്നെ ആ നാടിനൊരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടാവില്ല. ഓരോരുത്തരും സ്വയം മാറ്റം ആഗ്രഹിക്കുന്നുണ്ടാകണം. ഞാനും അങ്ങനെയാണ്. ആ മാറ്റത്തിൽ സന്തോഷം കണ്ടെത്താമല്ലോ.

അഭിനയമല്ലാതെ വേറെ എന്തു മേഖലയാണ് ഇഷ്‌ടം?

പഠിക്കണം. അതിൽ മാത്രമാണ് ശ്രദ്ധ. അഭിനയവും, പഠനവും കഴിഞ്ഞാൽ പിന്നെ വേറൊന്നിനും സമയമില്ല. രണ്ടും കൂടി കൊണ്ട് പോകാൻ വളരെ പ്രയത്നം വേണം. എങ്കിലും എങ്ങനെ മുന്നേറണമെന്നതിനെപ്പറ്റി ഇപ്പോൾ വ്യക്‌തമായ ധാരണ ഉണ്ട്.

ഭക്ഷണപ്രിയയാണെന്ന് കേട്ടല്ലോ?

ശരിക്കും എനിക്ക് ഭക്ഷണം ഉണ്ടാക്കാൻ വലിയ ഇഷ്‌ടമൊന്നുമില്ല. പക്ഷേ കഴിക്കാൻ നല്ല താൽപര്യമുണ്ട്.

കൂട്ടുകാരോട് പറയാനുള്ളത്?

നമ്മൾ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനോട് ശരിക്കും പാഷൻ വേണം. എന്നാലേ ലക്ഷ്യത്തിലെത്താൻ കഴിയൂ.

വിദേശത്ത് പ്രിയപ്പെട്ട അതിഥിയാവാം

ആദ്യമായി വിദേശത്ത് പോകുമ്പോൾ അവിടെ എങ്ങനെ പെരുമാറണം, എങ്ങനെ ജീവിക്കണം എന്നതിനേക്കുറിച്ച് വളരെയധികം സംശയങ്ങളും ആശങ്കകളും ഉണ്ടാകും. പ്രത്യേകിച്ചും സന്ദർശക വിസയിൽ കുറച്ചു നാളത്തേക്കു മാത്രമായി പോകുന്നവരെ സംബന്ധിച്ച് ഈ പ്രശ്നം വല്ലാതെ അലട്ടിയേക്കാം.

നമ്മുടെ നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും മാറ്റു രാജ്യങ്ങളിലെ അതിഥി- ആതിഥേയത്വ രീതികൾ. സംഭാഷണം, ഭക്ഷണം വസ്ത്രധാരണം ഇങ്ങനെ ദൈനംദിന ജീവിതത്തിൽ എല്ലാറ്റിലുമുണ്ടാകും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ശ്രീദേവി അഭിനയിച്ച ബോളിവുഡ് സിനിമ ഇംഗ്ലീഷ് – വിംഗ്ലീഷ് കണ്ടിട്ടുള്ളവർക്ക് അത്തരം കാര്യങ്ങളെക്കുറിച്ച് ചില ധാരണകൾ ലഭിച്ചിട്ടുണ്ടാകും. പ്രത്യേകിച്ചും ആശയവിനിമയത്തിന്‍റെ കാര്യത്തിൽ. ജോലി സംബന്ധമായും സുഹൃത് സന്ദർശനത്തിനും കുടുംബാംഗങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടും ഒക്കെയാണ് സന്ദർശന വിസയിൽ വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നത്.

വിജയലക്ഷ്മിയുടെ കാര്യം നോക്കൂ. അവർ വിദേശത്തുള്ള മകൾ വിഭയുടെ പ്രസവത്തിനു വേണ്ടിയാണ് അമേരിക്കയിലെത്തിയത്. പ്രസവം കഴിഞ്ഞ് വീട്ടിൽ എത്തിയ ശേഷം അമ്മയേയും കുഞ്ഞിനേയും പരിപാലിക്കുന്ന ദൗത്യം വിജയലക്ഷ്മി ഏറ്റെടുത്തു. ഇക്കാര്യത്തിനിടയിൽ ഒറ്റയ്ക്ക് ഒരിക്കൽ പോലും പുറത്തുപോയിട്ടുമില്ല. വല്ലപ്പോഴും പോകുന്നുണ്ടെങ്കിൽ അത് കുടുംബസമേതം മാത്രം. അതിനാൽ അവിടത്തെ ആചാര രീതികളോ, ആതിഥ്യ മര്യാദകളോ, സംഭാഷണ ശൈലികളോ ഒന്നും വിജയലക്ഷ്മി ശ്രദ്ധിച്ചിരുന്നില്ല.

പിന്നീട് ഒരിക്കൽ കൂടി അമേരിക്കയിൽ മകളുടെ അടുത്ത് ചെന്നപ്പോഴാണ് അന്നാട്ടുകാരനായ ഒരു സുഹൃത്തിന്‍റെ വീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ നിർബന്ധിതയായത്. എന്നാൽ വിജയലക്ഷ്മിയ്ക്ക് അത് വളരെ പ്രയാസകരമായ ഒരു ദൗത്യമായിരുന്നു! എങ്ങനെ മിണ്ടും? എന്തു മിണ്ടും. എപ്പോൾ എവിടെ എന്ത് ചെയ്യണം ഇങ്ങനെ പലകൂട്ടം ആശങ്കകൾ.

മകൾ ചില കാര്യങ്ങൾ പഠിപ്പിച്ചും പറഞ്ഞും കൊടുത്ത് ചടങ്ങിന് പറഞ്ഞുവിട്ടു. അതുകൊണ്ട് വലിയ പ്രയാസമില്ലാതെ ആ ചടങ്ങിൽ പങ്കെടുത്തു മടങ്ങി.

വിദേശസന്ദർശനവേളയിൽ വിദേശികുടുംബത്തിന്‍റെ നല്ല അതിഥിയായിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. അറിഞ്ഞിരിക്കൂ.

  • ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു കഴിഞ്ഞാൽ അയച്ച ആൾക്ക് ഫോണിലൂടെയോ ഇമെയിൽ വഴിയോ വാട്ട്സാപ്പ് വഴിയോ ക്ഷണിച്ചതിനുള്ള നന്ദി അറിയിക്കണം. പാർട്ടിയിൽ പങ്കെടുത്തു കഴിഞ്ഞാലും അത് ചെയ്യണം. പാർട്ടിയ്ക്ക് ചെന്ന് കിട്ടിയതും കഴിച്ച് പൊടിതട്ടിപ്പോകുന്ന ശീലം അവിടെ കാണിക്കരുത്.
  • ക്ഷണം സ്വീകരിച്ചതായി അറിയിച്ചു കഴിഞ്ഞാൽ പരമാവധി ആ പരിപാടിയിൽ പങ്കെടുക്കുക. അടിയന്തിര കാര്യത്താൽ ചെല്ലാൻ കഴിയാതെ വന്നാൽ അക്കാര്യം മുൻകൂട്ടി അറിയിക്കുക.
  • ക്ഷണം ഒരാൾക്കു മാത്രമാണെങ്കിൽ മറ്റാരെയും കൂടെ കൂട്ടാതിരിക്കുക. ആളുകളെ മാത്രമല്ല, പെറ്റ്സിനേയും കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  • വെറും കയ്യോടെ പോകരുത്. ആതിഥേയരുടെ പ്രത്യേകത മനസ്സിലാക്കി എന്തെങ്കിലും ചെറിയൊരു സമ്മാനം കയ്യിൽ കരുതാം. ഒരു പൂവായാലും മതി. ചായയ്ക്കാണ് വിളിച്ചിരിക്കുന്നതെങ്കിൽ സ്നാക്സ്, സെന്‍റഡ് സോപ്പ് ഇങ്ങനെ എന്തെങ്കിലും കൊണ്ടുപോകുന്നതിൽ തെറ്റില്ല.
  • വിദേശികൾ വളരെ വ്യക്‌തമായി സംസാരിക്കുന്നവരും, വ്യക്‌തതയോടെ കേൾക്കാൻ ആഗ്രഹിക്കുന്നവരുമാണ്. അതെ എന്നു പറഞ്ഞാൽ അതെ എന്നു തന്നെയാണ് അവർ ഉദ്ദേശിക്കുക. ഇല്ലാ അല്ല പറഞ്ഞാലും അതേ അർത്ഥത്തിലെടുക്കും.
  • സോഫ്റ്റ് ഡ്രിങ്ക് വേണോ, ഹാർഡ് ഡ്രിങ്ക് വേണോ എന്നുചോദിച്ചാൽ കൃത്യമായ ഉത്തരം നൽകാം. ഓഫർ ചെയ്യുന്നത് വേണ്ട എന്നു നാം പറയുന്നത് ചിലപ്പോൾ ആതിഥ്യ മര്യാദയുടേയൊ പൊങ്ങച്ചത്തിന്‍റേയോ ഭാഗമായിട്ടായിരിക്കാം. എന്നാൽ ഏതെങ്കിലും ഭക്ഷണമോ ഡ്രിങ്ക്സോ വേണ്ട എന്ന് നിങ്ങൾ പറഞ്ഞാൽ അവർ കരുതുന്നത് അത് നിങ്ങൾക്ക് ഇഷ്ടമില്ലാഞ്ഞിട്ടാണ് എന്നാണ്. അതിനാൽ വേണ്ട, ഇല്ല പറയുമ്പോൾ ശ്രദ്ധിക്കുക. നമ്മുടെ നാട്ടിലെ പോലെ നിർബന്ധിച്ച് തരുമെന്ന് പ്രതീക്ഷിക്കരുത്. ഭക്ഷണം കൊണ്ടുവരുമ്പോൾ ഇപ്പോൾ വേണ്ട പിന്നെ മതി തുടങ്ങിയ വാചകങ്ങളും ഒഴിവാക്കാം. അതൊക്കെ അതിഥിയ്ക്ക് ഭക്ഷണത്തിൽ താൽപര്യമില്ലാത്തതുകൊണ്ട് പറയുന്നതായി അവർ കണക്കാക്കും.
  • അയൽപക്കത്തെ വിദേശകുടുംബത്തിലേക്കാണ് ക്ഷണമെങ്കിൽ അവിടെ എന്താണ് ചടങ്ങിനുള്ള ഡിഷ് എന്ന് നേരത്തെ മനസ്സിലാക്കി വയ്ക്കണം. ആ പാർട്ടിയ്ക്കു ചേരുന്ന തരം ഗാർണിഷിംഗ് സാമഗ്രികളോ സ്പൂണോ മറ്റോ ഉപഹാരമായി കൊണ്ടുപോകാം. അയൽപക്കം ബന്ധം ഊട്ടി ഉറപ്പിക്കാനും ഇത് സഹായിക്കും.
  • ചില വേളകളിൽ പരസ്പരം ഇടപെടാൻ ലജ്‌ജിച്ചു നിൽക്കുന്ന മറ്റൊരു അതിഥിയെ പാർട്ടിയിൽ കണ്ടെന്നു വരാം. അവർ ചിലപ്പോൾ പാർട്ടിവേദിയുടെ ഒരു മൂലയിൽ ഒതുങ്ങി മാറിനിൽക്കുന്നുണ്ടാകും. അവരോട് സംസാരിക്കാനും പാർട്ടിയിൽ സജീവമാക്കാനും ശ്രമിക്കുക. അത്തരം കാര്യങ്ങൾ ആതിഥേയരും ഇഷ്ടപ്പെടും. മറ്റൊരു കാര്യം വിദേശത്ത് മറ്റൊരു നല്ല ചങ്ങാതിയെ ലഭിക്കാനും ഈ ശ്രമം ഉപകരിക്കും.
  • ടീപാർട്ടി, ഡിന്നർ എന്തുമാകട്ടെ ആതിഥേയർ പാർട്ടിയ്ക്കു ശേഷം തീൻമേശ വൃത്തിയാക്കുന്ന വേളയിൽ നിങ്ങൾക്കും സഹകരിക്കാം. അതു ചെയ്യുന്നതിൽ യാതൊരു കുറച്ചിലും തോന്നേണ്ടതില്ല. മാത്രമല്ല ഇതിലൂടെ ആതിഥേയർ നിങ്ങളോട് കൂടുതൽ വിനീതരും നന്ദിയുള്ളവരുമാകും.
  • പാർട്ടിയിൽ ആതിഥേയരോ മറ്റ് വിദേശ അതിഥികളോ വന്ന് എന്തുണ്ട് വിശേഷം എന്നു ചോദിച്ചാൽ ഒന്നുമില്ല എന്നു പറഞ്ഞ് ഒഴിയരുത്. പുതിയ പ്രോഗ്രാമിനേക്കുറിച്ചോ ടൂറിനെക്കുറിച്ചോ കഥയെക്കുറിച്ചോ പറയുക. സംസാരിക്കാൻ ഒരു തുടക്കമിടാനാണ് അവർ എന്തുണ്ട് എന്ന് ചോദിക്കുന്നത്. വിദേശ പാർട്ടികളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച് മറുപടി പറയേണ്ട ഒരു ചോദ്യമാണിത്.
  • ഭക്ഷണം വിളമ്പുമ്പോൾ ഏതെങ്കിലും ഭക്ഷണം ഇഷ്ടമല്ലെങ്കിലോ മറ്റൊന്ന് മതിയെങ്കിലോ കൃത്യമായി അത് പറയാം. അതു പറയുന്നതുകൊണ്ട് അവർക്ക് വിഷമം തോന്നുകയില്ല. നിങ്ങൾ അതിഥിയാണ് എന്ന യാതാർത്ഥ്യം അവർക്കും അറിവുള്ളതാണല്ലോ.
  • കൂടെ ഉള്ളവരുടെ വികാര വിചാരങ്ങളെ ആഴത്തിൽ ശ്രദ്ധിക്കുന്നവരല്ല പൊതുവേ വിദേശികൾ. കൂടുതൽ സംഭാഷണങ്ങളും ഇവരിൽ നിന്ന് പ്രതീക്ഷിക്കരുത്. നേരെ ചെവ്വേ കാര്യം പറയുന്നതാണ് അവരുടെ ശീലം. എന്നാൽ തന്നെയും ചെറിയ കാര്യങ്ങളിൽ പോലും അവർ പ്രശംസ ചൊരിയും. ഡ്രസ്, ആഭരണം, സൽക്കാര രീതി ഇതിലൊക്കെയുള്ള ആകർഷകമായ കാര്യങ്ങളെ അവർ തുറന്നു പറയാൻ മടിക്കാറില്ല.
  • സന്ദർശിക്കാൻ അനുവദിച്ച സമയത്തിൽ തന്നെ ചെല്ലുകയും മടങ്ങുകയും ചെയ്യുക. ഈ കാലയളവിൽ ഏറ്റവും ഭംഗിയായി ഇടപെടുക. വീണ്ടുമൊരു ക്ഷണം അവരിൽ നിന്ന് ലഭിക്കാൻ ഇതുമാത്രം മതി.
  • ബാത്ത്റൂം, വാഷ്റൂം തുടങ്ങിയവ ഉപയോഗിക്കുമ്പോഴും ശ്രദ്ധവേണം. വെള്ളം ദുരുപയോഗം ചെയ്യുന്നവരല്ല വിദേശികൾ. ഇതിനർത്ഥം അവർക്ക് വൃത്തിയില്ലെന്നല്ല.
  • പാർട്ടിയിൽ പ്രത്യേക ഡ്രസ്കോഡ് ഉണ്ടൊ എന്ന് മുൻകൂട്ടി ചോദിച്ചറിഞ്ഞു പോകുന്നതാണ് നല്ലത്. അതിനനുസരിച്ച് വസ്ത്രം ധരിക്കുന്നത് കൂടുതൽ കോൺഫിഡൻസ് ഇരുകൂട്ടർക്കും നൽകും.

സ്നേഹമുള്ളയിടത്ത് പരിഭവങ്ങളും ഉണ്ടാകും

ആഹ്ലാദകരമായ ദാമ്പത്യജീവിതത്തിൽ അല്ലറ ചില്ലറ സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടാവുക സാധാരണമാണ്. പിണക്കങ്ങളും ഇണക്കങ്ങളുമാണ് ദാമ്പത്യ ജീവിതത്തെ സജീവമാക്കി തീർക്കുന്നത്. സൗന്ദര്യ പിണക്കങ്ങളുണ്ടാക്കുന്ന സന്ദർഭങ്ങളും കാരണങ്ങളും അറിയാം.

സർപ്രൈസുകൾ നൽകാൻ ഇഷ്‌ടപ്പെടുന്നവരാണ് സ്ത്രീകൾ. ഒരു പക്ഷേ ഇക്കാര്യത്തിൽ സ്ത്രീകൾക്കൽപം കിറുക്കുണ്ടെന്ന് തന്നെ പറയാം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ സർപ്രൈസുകൾ നൽകുന്ന കാര്യത്തിൽ പിന്നിലാണ്. അതുകൊണ്ട് ദാമ്പത്യ ജീവിതത്തിൽ കലഹത്തിന് ഇതൊരു നല്ല കാരണവുമാകും. ചിലപ്പോൾ ഭർത്താവ് സർപ്രൈസ് നൽകുന്നത് തന്നെ നിർത്തിക്കളയും. ഇത് വളരെ നിസ്സാര കാര്യമാണെങ്കിലും ഒരു കൊച്ചു പിണക്കത്തിന് ഇത് മതി. ചിലപ്പോഴത് ഗുരുതരമായ കലഹത്തിനും കാരണമാകും.

അമിതമായ തിരക്ക്

ഭർത്താവിന്‍റെ അമിതമായ തിരക്കിനെ ചൊല്ലിയും ഭാര്യ അസ്വസ്ഥപ്പെടാറുണ്ട്. ഭർത്താവിന് അവധി ദിവസമുള്ളപ്പോഴും ഭാര്യയുടെ കാര്യങ്ങൾ ശ്രദ്ധിക്കാത്തതിനെ ചൂണ്ടിക്കാട്ടി ഭാര്യ കലഹിക്കാറുണ്ട്. ഭാര്യവീട്ടിലെ ഏതെങ്കിലും ആവശ്യത്തിന് അവധിയെടുക്കാൻ ഭർത്താവിന് കഴിയാതെ വന്നാൽ സംഗതിയാകെ കുഴയും. പിന്നെ വലിയൊരു യുദ്ധമായിരിക്കും പൊട്ടി പുറപ്പെടുക.

സാധന സാമഗ്രികൾ വച്ചിടത്ത് കാണാതെ വന്നാൽ

സ്വന്തം വസ്‌തുക്കൾ വച്ചിടത്ത് കാണാതെ വരികയാണെങ്കിൽ ഭർത്താവ് കലിതുള്ളും. ഭാര്യ ചിലപ്പോഴത് കൂടുതൽ സുരക്ഷിതമായി വയ്ക്കാനോ അതുമല്ലെങ്കിൽ വൃത്തിയാക്കാനോ വേണ്ടി വച്ചതാണെങ്കിൽ പോലും ഈ കലഹമൊഴിയില്ല.

ആദ്യത്തെ സ്നേഹം ഇപ്പോഴില്ലെങ്കിൽ

ഇതൊരു സാധാരണ പ്രശ്നമാണ്. ഭാര്യയും ഭർത്താവും ഉദ്യോഗസ്‌ഥരാണെങ്കിൽ അമിതമായ തിരക്കുകൾ ഇരുവരുടെയും ഇടയിലുള്ള റൊമാൻസിനെ ഇല്ലാതാക്കാം. ഇരുവരും ഇക്കാര്യത്തെ ചൊല്ലി പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈ കലഹം തന്നെ പരസ്പരം മനസ്സിൽ സൂക്ഷിക്കുന്ന സ്നേഹത്തെയാണ് സൂചിപ്പിക്കുന്നത്.

വസ്ത്രങ്ങൾ അലക്ഷ്യമായി ഇടുക

ഇത് നിത്യവും കലഹത്തിനുള്ള ഒരു വിഷയമാണ്. നനഞ്ഞ തോർത്ത്, മുഷിഞ്ഞ സോക്സ് അല്ലെങ്കിൽ വസ്ത്രങ്ങൾ അവിടവിടായി അലക്ഷ്യമായി ഇടുന്നതൊക്കെ പലപ്പോഴും കലഹ കാരണങ്ങളിലൊന്നാണ്.

സുഹൃത്തുക്കളെ സ്നേഹിക്കുക

ഭർത്താവിന്‍റെ സുഹൃദ്സ്നേഹമാണ് ഭാര്യയെ ഏറ്റവും ചൊടിപ്പിക്കുന്ന ഒരു കാര്യം. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്ന ഭർത്താവ് പലപ്പോഴും ഭാര്യയെ അവഗണിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഭാര്യ പരാതി പറയുന്നത് തുടരും. എനിക്കു വേണ്ടി ചെലവഴിക്കാൻ നിങ്ങൾക്ക് സമയമില്ലാ… എന്നിങ്ങനെ പറഞ്ഞ് ഭാര്യ പിണങ്ങും.

എപ്പോഴും പിണങ്ങിയിരിക്കുക

മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന പരാതിയാണിത്. വീട്ടിലിരിക്കുന്ന സമയത്ത് ഭാര്യയും ഭർത്താവും പിണങ്ങിയിരിക്കും. എന്നാൽ പുറത്തിറങ്ങിയാലോ, മറ്റുള്ളവരോട് ചിരിച്ച് കളിച്ച് നിർത്താതെ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കും.

പാചക കാര്യത്തിലും

സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും തലവേദനയുണ്ടാക്കുന്ന കാര്യമാണിത്. ഇനി എന്തെങ്കിലുമൊരു വിഭവം ഉണ്ടാക്കിയാൽ തന്നെ എന്നും ഇതേ ഉണ്ടാക്കുകയുള്ളോയെന്നാവും വീട്ടിലുള്ളവരുടെ പരാതി. അല്ലെങ്കിൽ ഇഷ്‌ടമില്ലെന്ന് പറഞ്ഞ് ആ വിഭവം ഒഴിവാക്കികളയും. മിക്ക വീടുകളിലും കലഹത്തിന് കാരണമാകുന്ന സ്‌ഥിരം കാര്യമാണിത്.

ഒരു ബന്ധവും പെർഫക്റ്റല്ല

ഏത് ബന്ധവും സമ്പൂർണ്ണമല്ലെന്നതാണ് വാസ്തവം. തങ്ങളുടെ ബന്ധം ഏതെങ്കിലും സിനിമാക്കഥ പോലെയായിരിക്കണമെന്നാവും ഓരോരുത്തരും ആഗ്രഹിക്കുക. ഓരോ ബന്ധവും മറ്റൊന്നിൽ നിന്നും തീർത്തും വ്യത്യസ്‌തമായിരിക്കും. ഇത് മാത്രമല്ല ഓരോ ബന്ധത്തിനും സ്നേഹവും സമർപ്പണവും പരിശ്രമവും ത്യാഗവുമൊക്കെ ആവശ്യമാണ്. മിക്ക ബന്ധങ്ങളും തകരുന്നതിന് കാരണം ഇതൊന്നും ഇല്ലാത്തതാണ്.

അദ്ദേഹം എപ്പോഴും ശരിയായ കാര്യങ്ങൾ പറയട്ടെ

ഇത് സംഭവ്യമല്ല. അതുകൊണ്ട് ഇത്തരം പ്രതീക്ഷ വച്ചു പുലർത്തരുത്. ആരും പെർഫക്റ്റല്ല എന്നതാണ് ഇതിന് കാരണം. എപ്പോഴും നല്ല നല്ല കാര്യങ്ങൾ പറയാൻ ഭർത്താവ് ഏതെങ്കിലും റൊമാന്‍റിക് സിനിമയിലെ നായകനല്ല. പങ്കാ ളിയും ഒരു മനുഷ്യനാണ്. തെറ്റുകൾ സംഭവിക്കാം. ചിലപ്പോൾ പറയാൻ പാടില്ലാത്ത കാര്യങ്ങൾ വരെ പരസ്പരം പറഞ്ഞെന്നു വരാം. ഇത്തരം അനിഷ്ട സംസാരം മനസ്സിലേറ്റരുത്. ഇങ്ങനെ പതിവായി സംഭവിക്കുകയാണെങ്കിൽ തീർച്ചയായും ചിന്തിക്കേണ്ട കാര്യമാണ്.

എന്നും സന്തോഷത്തോടെയിരിക്കാം

ഇങ്ങനെയായിരിക്കുകയെന്നത് ഏറ്റവും വലിയ കാര്യമാണ്. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കുമറിയില്ല. ജീവിതത്തിൽ വളരെ വിചിത്രങ്ങളായ കാര്യങ്ങൾ സംഭവിക്കാം. ഒരു പക്ഷേ നിങ്ങളിലൊരാൾക്ക് അസുഖം പിടിപെടാം. അതുകൊണ്ട് ജീവിതത്തിൽ വീണു കിട്ടുന്ന ഏത് നിമിഷവും സന്തോഷപ്രദമാക്കുക. ജീവിതം ഒരു സിനിമാക്കഥ പോലെ സ്വപ്ന സദൃശ്യമാകണമെന്നില്ല. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം. നിങ്ങൾ അതിനു വേണ്ടി തയ്യാറായിരിക്കുകയാണ് ഏറ്റവും പ്രധാനം.

പ്രകൃതി ദത്തമായ ഷിയാ ബട്ടർ

കെമിക്കലുകളില്ലാത്ത പ്രകൃതി ദത്തമായ മാർഗ്ഗങ്ങളാണ് ചർമ്മ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം. ഷിയാ ബട്ടർ ആ കൂട്ടത്തിൽ പെടുത്താം. മങ്ങിയ വെളുപ്പ് കലർന്ന നിറത്തോടു കൂടിയ ഷിയാ ബട്ടർ ആഫ്രിക്കയിലെ ഷിയാ മരങ്ങളിൽ നിന്നാണ് ശേഖരിക്കുന്നത്. അറുപതടിയോളം വളരുന്ന ഷിയാ മരങ്ങൾ ഇരുനൂറ് വർഷം വരെ ജീവിക്കും. ആദ്യത്തെ 20 വർഷത്തോളം ഷിയാ മരങ്ങൾ പൂക്കുകയില്ല. ഷിയാ മരങ്ങളിലെ കായ്കൾ പറിച്ച് അവ നുറുക്കിയും ഇടിച്ചും വേവിച്ചുമൊക്കെയാണ് ഷിയാ ബട്ടർ തയ്യാറാക്കുക. സ്ത്രീകളാണ് ഷിയാമരങ്ങളുടെ കായ്കൾ ശേഖരിക്കുക. ഷിയാ മരത്തെ ഒരു പുണ്യമരമായാണ് ആഫ്രിക്കൻ ജനത കണ്ടുപോരുന്നത്. നിരവധി ആരോഗ്യ സംബന്ധമായ ഗുണങ്ങളാണ് ഷിയാ ബട്ടറിനുള്ളത്. ഇപ്പോൾ നമ്മുടെ സൂപ്പർമാർക്കറ്റുകളിലും മാളുകളിലും ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.

ആന്‍റി ഓക്സിഡന്‍റുകൾ

വിറ്റാമിൻ എ,ഇ,എഫ് തുടങ്ങി നിരവധി ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ഷിയാ ബട്ടറുകൾ.

ത്വക്കിനൊരു ഡോക്‌ടർ

ഷിയാ ബട്ടർ കൊണ്ട് നിരവധി ചർമ്മ സംബന്ധമായ അസുഖങ്ങൾക്ക് പരിഹാരം ലഭിക്കും. വരണ്ട ചർമ്മത്തിനും മുഖക്കുരുവിനും, പാടുകൾക്കും, ചർമ്മത്തിലെ മൃതഭാഗങ്ങൾക്കും ഷിയാ ബട്ടർ നല്ലൊരു മരുന്നാണ്. വായു മലിനീകരണം, അൾട്രാവയലറ്റ് കിരണങ്ങൾ എന്നിവ മൂലം സംഭവിക്കുന്ന ചർമ്മ ദോഷങ്ങൾക്ക് ഷിയാ ബട്ടർ പരിഹാരം നൽകും. ത്വക്കിന്‍റെ യുവത്വവും, ഭംഗിയും വീണ്ടെടുക്കാൻ ഷിയാ ബട്ടർ സഹായിക്കും അതുപോലെ ത്വക്കിലെ കോശങ്ങൾക്ക് വേണ്ട പ്രോട്ടീൻ നൽ കാനും ഷിയാ ബട്ടർ ഉത്തമമാണ്.

മുറിവിനാശ്വാസം പകരും

ഷിയാ ബട്ടർ പല പ്രമുഖ മരുന്ന് കമ്പനികളും ഒരു ഹീലിംഗ് കണ്ടന്‍റായി ഓയിൽമെന്‍റുകളിൽ ഉപയോഗിക്കുന്നുണ്ട്. പൊള്ളലിനും, പാടുകൾക്കും ചെറിയ മുറിവുകൾക്കും, വിഷ വസ്‌തുക്കളുടെ സാന്നിദ്ധ്യത്തിനും ത്വക്കിലെ അലർജി മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾക്കും ഷിയാ ബട്ടർ മരുന്ന് കൂട്ടായി ഉപയോഗിക്കുന്നു.

കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാം

പ്രകൃതിദത്തവും വളരെ സോഫ്റ്റുമായ ഷിയാ ബട്ടർ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഉപയോഗിക്കാവുന്നതാണ്. വളരെ സെൻസിറ്റീവായ കുഞ്ഞു ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഷിയാ ബട്ടർ ത്വക്കിനെ ഒരു കവചം പോലെ സംരക്ഷിക്കുന്നു. രോഗാണുക്കളെ ചെറുക്കാനും ഷിയാ ബട്ടറിനു കഴിയും.

മസിലുകൾക്ക്

കായികമായ അഭ്യാസങ്ങൾക്കിടയിൽ മസിലുകളെ സംരക്ഷിക്കാൻ ഷിയാ ബട്ടർ ഉപയോഗിക്കുന്നുണ്ട്. വർക്കൗട്ട് ചെയ്യുന്നതിന് മുമ്പും പിമ്പും ഉണ്ടാകുന്ന പേശി സംബന്ധമായ വേദനക്ക് ശമനം നൽകുവാനും മസിലുകൾക്ക് ആയാസമില്ലാത്ത വിധത്തിൽ ഷിയാ ബട്ടർ പ്രയോജനകരമാക്കാം.

ചുണ്ടുകളിലെ പരിചരണം

ലിപ് ബാമുകൾക്കും വിലകൂടിയ ലിപ് ക്രീമുകൾക്കും ഗുഡ്ബൈ പറയാം. ഇവയേക്കാൾ നൂറിരട്ടി ഗുണമുള്ളതാണ് ഷിയാ ബട്ടർ. തണുപ്പു സമയങ്ങളിൽ ചുണ്ടിനേൽക്കുന്ന ആഘാതം കുറയ്ക്കാൻ ഷിയാ ബട്ടറിനു കഴിയും.

മുടി പരിചരണം

മുടിക്ക് വേണ്ട പരിചരണം നൽകാൻ ഷിയാ ബട്ടറിനും സാധിക്കും. മുടി പൊട്ടിപ്പോകുന്നത് തടയാനും, മുടി വേരുകൾക്ക് ബലം നൽകുവാനും മുടിയിഴകളെ ഒരു കോട്ട പോലെ പൊതിഞ്ഞ് സംരക്ഷിക്കുവാനും ഷിയാ ബട്ടറിനു കഴിയും. ശരീരത്തിലെന്ന പോലെ സ്കാൽപ്പിലും മസാജ് ചെയ്യാനും ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം

ചർമ്മത്തിലായാലും മുടിയിഴകളിലായാലും ഷിയാ ബട്ടർ നേരിട്ട് തേച്ച് പിടിപ്പിക്കാം. വളരെ മൃദുവായ ഷിയാ ബട്ടർ കൈവെള്ളയിലെടുത്ത് തേച്ചതിനു ശേഷം കൈകൾ തമ്മിലുരസുക. അപ്പോൾ കിട്ടുന്ന ചൂടു കൊണ്ട് ഷിയാ ബട്ടർ പതിയെ ഉരുകും. അത് ചർമ്മത്തിലും മുടിയിഴകളിലും ഉപയോഗിക്കാം.

വ്യത്യസ്ത തരത്തിലുള്ളവ

ഷിയാ ബട്ടർ ഇന്ന് പ്രകൃതിദത്തമായ രീതിയിലും അല്ലാതെയും സംസ്കരിച്ച് എടുക്കുന്നുണ്ട്. പഞ്ഞിപ്പ് പോലെയുള്ള മങ്ങിയ നിറത്തിൽ ഒരു ഗോൾഡൻ ഷെയ്ഡ് തോന്നിക്കുന്നതാണ് റിഫൈൻ ചെയ്യാത്ത ഷിയാ ബട്ടർ. ഷിയാ മരത്തിലെ കായ്കൾ ശേഖരിച്ച് സാധാരണ പോലെയോ മെക്കാനിക്കലോ ആയ രീതിയിൽ ഷിയാ ബട്ടർ തയ്യാറാക്കുമ്പോൾ അതിലേറ്റവും ഗുണപ്രദം മെക്കാനിക്കൽ അല്ലാത്തവയാണ്.

യുവത്വം കാത്തു സൂക്ഷിക്കാനും, മൃദുത്വം നൽകുവാനും മുറിവിന് ആശ്വാസമായും എന്തിന് ചോക്ലേറ്റിലെ ഒരു കൂട്ടായും ഷിയാ ബട്ടർ ഉപയോഗിക്കുന്നുണ്ട്. കെമിക്കൽ പ്രൊസസിലൂടെ കടന്നുവരുന്ന ഷിയാ ബട്ടറുകൾക്ക് പ്രകൃതി ദത്തമായ രീതിയിൽ കിട്ടുന്നതിന്‍റെ എല്ലാ ഗുണവും ലഭിക്കില്ല. പ്രകൃതി അനുഗ്രഹിച്ചു നൽകിയ നല്ലൊരു വിഭവമാണ് ഷിയാ മര കായ്കളും, ഷിയാ ബട്ടറും.

നേപ്പാൾ ഡയറി

ഏറെ കാലം സ്വപ്നം കണ്ട് കാത്തിരുന്ന ഒരു യാത്രയായിരുന്നു അത്. പാസ്പോർട്ട് ഇല്ലാതെ കടന്ന് ചെല്ലാവുന്ന രാജ്യം. നമ്മുടെ ഒരു രൂപ അവിടത്തെ 1.6 രൂപയ്ക്ക് തുല്യം. മദ്യപാനികൾക്ക് ഫ്രണ്ട് ലിയായ കൺട്രി. പെട്ടിക്കടകളിൽ പോലും ലോകോത്തര ബ്രാന്‍റ് മദ്യങ്ങൾ. എവറസ്റ്റ് ഉൾപ്പെടെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ എട്ടെണ്ണവും സ്ഥിതി ചെയ്യുന്ന രാജ്യം. പ്രകൃതി രമണീയമായ സ്ഥലങ്ങൾ തുടങ്ങിയവ നേപ്പാൾ യാത്രയ്ക്ക് ആക്കം കൂട്ടി. രാജ ഭരണത്തിന്‍ കീഴിലായിരുന്ന നേപ്പാൾ ബഹുജന പ്രക്ഷോഭത്തെ തുടർന്നാണ് 2008 ൽ ആദ്യ തെരഞ്ഞെടുപ്പ് നടത്തി ഡെമോക്രാറ്റിക് ഫെഡറൽ റിപ്പബ്ലിക്ക് ആയി പ്രഖ്യപിച്ചത്.

ട്രെയിൻ അൽപം വൈകിയതു കാരണം ബോർഡർ അടക്കുന്നതിന് മുമ്പ് ഇന്ത്യൻ അതിർത്തി കടക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഞങ്ങളുടെ ട്രാവൽ ഏജൻസി ഗോരഖ്പൂരിൽ ഏർപ്പെടുത്തിയ ഒരു ഹോട്ടലിൽ തങ്ങി പിറ്റേന്ന് പുലർച്ചേ അതിർത്തി കടക്കാമെന്ന് തീരുമാനിച്ചു. നേപ്പാൾ എന്ന സ്വപ്നസുന്ദര ഭൂമിയും അക്കോസേട്ടനേയും ഉണ്ണിക്കുട്ടനേയും കുറിച്ചുള്ള ഓർമ്മകളും ഗോരഖ്പൂർ എന്ന പൊടിപിടിച്ച നഗരത്തിലെ ചൂടിനെയും കൊതുകിനെയും അതിജീവിച്ച് ആ രാത്രി തള്ളിനീക്കാൻ സഹായിച്ചു. പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങൾക്കായി ട്രാവൽ ഏജൻസി ഒരുക്കിയ ടെമ്പോ ട്രാവലറിൽ അമിത് എന്ന ഗോരഖ്പൂർ സ്വദേശിയായ ഡ്രൈവറും ദാമു എന്ന കിളിയ്ക്കുമൊപ്പം ഞങ്ങൾ ഏകദേശം 75 കിലോമീറ്റർ അകലെയുള്ള സൊനൗലി ബോർഡറിലേക്ക് യാത്ര തിരിച്ചു.

അതിർത്തി

വാഗാബോർഡർ എന്ന സങ്കൽപ്പവും നല്ല നീളൻ കാലുകൾ പൊക്കി തലയ്ക്കു മുകളിൽ കൊണ്ടുപോയി സല്യൂട്ട് അടിക്കുന്ന പട്ടാളക്കാരെയും കുറേ മുള്ള് വേലിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ പ്രൗഢിയ്ക്കൊത്ത കവാടവും പ്രതീക്ഷിച്ച് ചെന്ന ഞങ്ങളെ വരവേറ്റത് പൊടിപടലങ്ങളും അതിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കുറച്ച് പഴയകെട്ടിടങ്ങളും പെട്ടിക്കടകളും വഴിവാണിഭക്കാരും പൊടി സഹിക്കാൻ പറ്റാതെ തീവ്രവാദികളെ പോലെ മുഖം മറച്ചു നിൽക്കുന്ന കുറേ പട്ടാളക്കാരും. ഒപ്പം നമ്മുടെ നാട്ടിലെ പാരലൽ കോളേജിന്‍റെ കവാടത്തിന്‍റെതു പോലെ പോലും താരതമ്യം ചെയ്യാൻ പറ്റാത്ത മോശമായ ഒരു ഗേറ്റും.

കാൽനടയാത്രക്കാർ തേരാ പാരാ നടക്കുന്നു. ഇരുചക്രവാഹനങ്ങളും യഥേഷ്ടം കടന്നുപോകുന്നു. വലിയ വാഹനങ്ങൾ നാമമാത്രമായ പരിശോധനയ്ക്ക് ശേഷം കടത്തി വിടുന്നു. ഏതായാലും ചെറിയ തുക ഫീസും അടച്ച് അതിർത്തി കടത്തി ഒപ്പം ഞങ്ങളും നേപ്പാൾ എന്ന രാജ്യത്തേക്ക് കടന്നു.

അതിർത്തി കടക്കുമ്പോഴേ നമ്മളെ വരവേൽക്കുന്നത് കുറേയധികം കറൻസി എക്സ്ചേഞ്ച് ഏജൻസികളാണ്. നമ്മുടെ നൂറുരൂപ കൊടുത്താൽ അവരുടെ 160 രൂപ കിട്ടും. നേപ്പാളിലേക്ക് യാത്ര പോകുന്നവർ കഴിവതും സൊനൗലിയിൽ നിന്ന് ആവശ്യത്തിന് കറൻസി കൊണ്ടുപോകുന്നതായിരിക്കും നല്ലത്. കണക്ക് നല്ലത് പോലെ അറിയാമെങ്കിൽ നമ്മുടെ രൂപ കയ്യിലിരുന്നാലും മതി. നേപ്പാളികൾ കൂടുതൽ ഇന്ത്യൻ രൂപ പ്രിയരാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ 1000, 500 നോട്ടുകൾ ഇവ രണ്ടും അവർ തൊടില്ല. കാരണം ഇത് രണ്ടും കൂടുതൽ കള്ളനോട്ടുകളാണെന്നതാണ് അവരുടെ വാദം. അതിർത്തിയിൽ നിന്ന് പൊഖ്റയിലേക്കും നീണ്ടുകിടക്കുന്ന പൃഥ്വി ഹൈവേ ഏറെ അപകടം പതിയിരിക്കുന്നതാണ്. ഒരു വശത്ത് ചെങ്കുത്തായ ഏതു നിമിഷവും താഴേക്ക് വീഴാവുന്ന തരത്തിൽ നിൽക്കുന്ന പാറക്കെട്ടുകൾ. മറുവശത്ത് അലറിക്കൂവിപ്പായുന്ന ത്രിശൂലി നദി. ഏതൊരു ഡ്രൈവറെയും വെല്ലുവിളിക്കുന്ന വഴികൾ.

ഈ ദുർഘടങ്ങളെ പിന്നിട്ട് ഞങ്ങൾ ഉച്ചയോടെ മുഗ്ളീംഗ് ജംഗ്ഷനിൽ എത്തി. ഇവിടെ നിന്ന് വഴി രണ്ടായി പിരിയുകയാണ്. ഇടത്തേക്ക് പോയാൽ പൊഖ്റയും വലത്തേക്ക് കാഠ്മണ്ഡുവും.

ഉച്ചഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ അതാ വരുന്നു ഒരാൾ റാഫ്റ്റിംഗിനു പോരുന്നോ എന്ന് ചോദിച്ച്. 5-6 വയസ്സുള്ള കുട്ടികൾക്കും സുരക്ഷിതമായി റാഫ്റ്റിംഗ് ചെയ്യാം എന്ന ഉറപ്പിൻമേൽ അയാൾ പറഞ്ഞ തുകയിൽ വിലപേശി നേരെ 1500 ഒരാൾക്ക് എന്നതിൽ നിന്ന് 600 രൂപയിലേക്ക് താഴ്ത്തി ഞങ്ങൾ കാഠ്മണ്ഡു റൂട്ടിൽ 1 മണിക്കൂർ സഞ്ചരിച്ച് റാഫ്റ്റിംഗ് സറ്റാർട്ടിംഗ് പോയന്‍റിലേക്ക് എത്തി.

ചെറിയ ചാറ്റൽ മഴയെ വകവയ്ക്കാതെ സുരക്ഷാ വസ്ത്രങ്ങളും ധരിച്ച് ക്യാമറയുമായി രണ്ട് ചെറു റാഫ്റ്റിംഗ് ബോട്ടുകളിലായി 15 വയസ്സ് പ്രായം തോന്നിയ രണ്ട് പയ്യൻസിന്‍റെ അകമ്പടിയോടെ കുതിച്ച് പായുന്ന ത്രിശൂലി നദിയിലൂടെ താഴേക്ക്. ത്രീശൂലി നദി ചിലയിടങ്ങളിൽ നിശ്ചലമാകുന്നു. വീണ്ടും പാറക്കെട്ടുകളിലൂടെ അലറിക്കുതിക്കുന്നു. ഏതായാലും അടുത്ത ഒരു മണിക്കൂർ ആ മലമടക്കുകളിൽ അലയടിച്ചത് ഞങ്ങളുടെ നിലവിളി ശബ്ദങ്ങൾ മാത്രമാണ്. വിജയശ്രീ ലാളിതരായി തിരിച്ചു വന്ന ഞങ്ങൾ നേപ്പാൾ യാത്രയിലെ അവിസ്മരണീയമായ ഒരേട് സമ്മാനിച്ച് റാഫ്റ്റിംഗ് ടീമിന് പറഞ്ഞതിലും 500 രൂപ കൂടുതൽ നൽകി പൊഖ്റയിലേക്ക് യാത്ര തുടങ്ങി.

താഴ്വരകളും സമതലങ്ങളും മലമടക്കുകളും പിന്നിട്ട് ഇടയ്ക്ക് കുറേ നേരം തല കാട്ടിയ മഞ്ഞണിഞ്ഞ മലനിരകളും കണ്ട് ഏകദേശം 100 കി.മീറ്റർ പിന്നിട്ട് രാത്രി 7 മണിയോട് കൂടി പോഖ്റയിൽ ഞങ്ങൾക്കായി ഏർപ്പാട് ചെയ്തിരുന്ന ഹോട്ടലിൽ എത്തിച്ചേർന്നു. രാത്രി ഭക്ഷണം അവിടെ നിന്ന് കഴിച്ച് തുളച്ച്കയറുന്ന തണുപ്പിനെ വകവയ്ക്കാതെ എല്ലാവരും പിറ്റേന്ന് പോഖ്റയിലെ സൂര്യോദയം കാണാനുള്ള ആകാക്ഷയിൽ പുതപ്പിനടിയിലേക്ക് നുഴഞ്ഞു കയറി.

പൊഖ്റ

ഇളംവെയിൽ പതിയെ മുഖത്ത് തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. നേരം വൈകിയോ എന്ന ഭയന്ന് വാച്ചിൽ നോക്കിയപ്പോൾ 5 മണിയാകുന്നതേയുള്ളു. പതിയെ റൂമിന് പുറത്തിറങ്ങി മേലേയ്ക്ക് നോക്കിയപ്പോഴാ കണ്ടത് ദൂരെ മഞ്ഞിൽ പുതച്ച് നിൽക്കുന്ന അന്നപൂർണ്ണ റേഞ്ചിലെ പർവ്വത നിരകൾ. മനസ്സ് നിറഞ്ഞു പോയി.

പതിയെ ചെന്ന് ശിവകുമാറനേയും വിളിച്ച് ഒരു പ്രഭാത നടത്തത്തിന് ഇറങ്ങി. കടകൾ ഒന്നും തുറന്നിട്ടില്ല. ഒരു ചായക്കട തിരക്കിയിറങ്ങിയ ഞങ്ങളെ വരവേറ്റത് അതിരാവിലെ തുറന്നിരിക്കുന്ന ചാരായക്കടകൾ.

കുറേനടന്ന് തൊട്ടടുത്ത തടാകക്കരയിലിരുന്ന് ഒരു ചായയും കുടിച്ച് ഞങ്ങൾ ഹോട്ടലിലെത്തിയപ്പോഴെക്കും എല്ലാവരും ഉണർന്നിരുന്നു. ചൂടുവെള്ളത്തിൽ ഒരു കുളിയും പാസാക്കി നേരെ ഗൂർഖ മ്യൂസിയത്തിലേക്ക് 1994 ൽ കാഠ്മണ്ഡുവിൽ താൽക്കാലികമായി തുടങ്ങി പിന്നീട് 2005 ൽ പൊഖ്റയിലേക്ക് മാറ്റി സ്ഥാപിച്ച ഗൂർഖ മ്യൂസിയം ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഗൂർഖ ജവാന്മാരുടെ പോരാട്ട വീര്യത്തിന്‍റെ കഥകൾ ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ സഹായത്തോടെ കാഴ്ച്ചക്കാർക്ക് വിവരിക്കുന്നു.

ഗൂർഖ മ്യൂസിയത്തിനു തൊട്ടടുത്തുള്ള പൂന്തോട്ടത്തിൽ കൂടിയാണ് 500 അടിയെങ്കിലും ഇടുങ്ങിയ ഒരു ഗർത്തത്തിലൂടെ പാൽ നിറത്തിൽ സേത്തി നദി ഒഴുകുന്ന കാഴ്ച. ഇനി ഈ വെള്ളം കൈക്കുമ്പിളിൽ എടുക്കണമെന്ന് ആഗ്രഹമുള്ളവർക്കായി ഇതേ നദിയിലെ വെള്ളം കനാലിലൂടെ തൊട്ട് മുമ്പിലൂടെ ഒഴുക്കിക്കൊണ്ടുപോകുന്ന കാഴ്ചയും കാണാം.

ഇവിടെ നിന്ന് അൽപം കൂടി താഴെക്കിറങ്ങിയാൽ പ്രശസ്തമായ മഹേന്ദ്ര ഗുഹയിലെത്താം. 1950 കളിൽ കണ്ടെത്തിയ ഈ ഗുഹ സ്റ്റാറ്റഗ്മൈറ്റ്, സ്റ്റാറ്റ് അക്റ്റീസ് റോക്ക് ഫോർമേഷന് പേരുകേട്ടതാണ്. രാജാ മഹേന്ദ്ര വീർ വിക്രം ഷാ ദേവിന്‍റെ പേരിൽ അറിയപ്പെടുന്ന ഈ ഗുഹകളിലായി ഒരു ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പുറത്തേക്കിറങ്ങാൻ ഒരാൾക്ക് മാത്രം നൂണ്ടു കടക്കാൻ പാകത്തിന് ഒരു വഴിയും ഉണ്ടിതിന്. ഒടുവിൽ പുനർജ്‌ജനി നൂണ്ട് കടക്കുന്നതുപോലെ ഒരാൾക്ക് മാത്രം നൂണ്ടുകടക്കാവുന്ന ഗുഹാമുഖത്തിലൂടെ ഞങ്ങളും എങ്ങനെയോ പുറത്തെത്തി.

അവിടന്ന് വണ്ടി നേരെ ഡേവിസ് ഫാളിലേക്ക്. പണ്ട് 1961 ൽ ഡേവിസ് എന്ന മദാമ്മ കുളിക്കാനിറങ്ങിയപ്പോൾ വെള്ളച്ചാട്ടത്തിൽ കൂടി താഴേക്ക് പോയി മരിച്ചു. അന്നു മുതൽ ഇതവരുടെ പേരിലായി. ഈ വെള്ളച്ചാട്ടിന്‍റെ പ്രത്യേകത എന്തെന്നാൽ വെള്ളം പുഴയിൽ നിന്ന് താഴെ വീണ് എവിടെയോ അപ്രത്യക്ഷമാകുന്നത് മാത്രമേ കാണാൻ പറ്റു. ഈ വെള്ളം എവിടെ ചെന്ന് വീഴും എന്ന് നോക്കിയിരിക്കുന്നവർക്കായി തൊട്ടപ്പുറത്ത് ഒരു ഗുഹ ഉണ്ട്. ഇതാണ്. ഗുപ്തേശ്വര കേവ്സ്.

സ്പൈറൽ ആകൃതിയിലുള്ള കോണികളിലൂടെ ഒരു 100 അടി താഴ്ചയിലേക്ക് എത്തുമ്പോൾ ഒരു അമ്പലത്തിൽ എത്തും. അവിടെ നിന്ന് ഏകദേശം 2 കിലോമീറ്ററോളം ഉള്ളിൽ കൂടി ചുറ്റിക്കറങ്ങിയും മുട്ടിലിഴഞ്ഞും നമ്മൾ എത്തിച്ചേരുന്നത് ഒരു ഭൂഗർഭ തടാകത്തിൻ കരയിലാണ്. അതിന്‍റ മറുകരയിലായി മുകളിൽ നിന്ന് ഒരു വെള്ളച്ചാട്ടതിന്‍റെ ഒരു വിടവ്. അതിൽ കൂടി എവിടെ നിന്നെന്നറിയാതെ വന്ന് പതിക്കുന്ന ജലപാതം. തീർച്ചയായും പൊഖ്റയിൽ കണ്ടരിക്കേണ്ടകാഴ്ചകൾ.

അവിടെ നിന്ന് ഒരു ചെറിയ ബോട്ടിംഗ് നടത്താം എന്ന് കരുതി ടൗണിന് അടുത്ത് തന്നെയുള്ള ഫേവാ തടാകക്കരയിൽ എത്തിയ ഞങ്ങളെ വരറ്റേത് അതിശക്തമായ കാറ്റും ചാറ്റൽ മഴയുമാണ്. മഴ അൽപനേരത്തിനുള്ളിൽ ശമിച്ചെങ്കിലും തടാകക്കരയിൽ ചുറ്റിക്കറങ്ങി ടൗണിലേക്ക് നടന്നു. ചെറിയ ഒരു ഷോപ്പിംഗ് നടത്തി പിറ്റേന്ന് അതിരാവിലെ സാരംഗ് കോട്ടിൽ അന്നപൂർണ്ണ ഹിമാലയൻ റേഞ്ചിലെ സൂര്യോദയം കാണാമെന്ന് മോഹിച്ച് അമിത് ഞങ്ങളെ വീണ്ടും ഹോട്ടലിലേക്ക് എത്തിച്ചു.

പൊഖ്റയ്ക്ക് വിട

എല്ലാവരും രാവിലെ 4.30 ന് തന്നെ എഴുന്നേറ്റ് സാരംഗ് കോട്ട് സൂര്യോദയത്തിന് പോകാൻ തയ്യാറായി. പൊഖ്റ ടൗണിൽ നിന്ന് അര മണിക്കൂർ യാത്ര ചെയ്ത് ഒരു വലിയ കുന്ന് കയറി ഞങ്ങളുടെ ടെമ്പോ ട്രാവലറർ നീങ്ങി. വഴിയരികിൽ ഗൂർഖ റജിമെന്‍റ് റിക്രൂട്ട്മെന്‍റ് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് നടത്തുന്ന ഗൂർഖ പിള്ളേർ ആറേഴ് കിലോമീറ്റർ കുന്നു മലയും പുല്ല് പോലെ ഓടിക്കയറുന്ന കാഴ്ച. എല്ലാ കൊല്ലവും ബ്രിട്ടീഷ് ആർമിയിലേക്ക് ഗൂർഖകളെ തെരഞ്ഞെടുക്കുന്നുണ്ടത്രേ. ഗൂർഖകളുടെ പോരാട്ട വീര്യത്തെ ചൂഷണം ചെയ്യുന്ന ബ്രിട്ടൺ സൈക്കോളജിക്കൽ മൂവ് സാരംഗ് കോട്ട് കുന്നിന് മുകളിലെത്തിയപ്പോഴേക്കും വെട്ടം വീണു കഴിഞ്ഞിരുന്നു. പക്ഷേ സൂര്യൻ ഇതുവരെ തല പുറത്തു കാണിച്ചിട്ടില്ല.

അന്നപൂർണ്ണ പർവ്വത നിരകളെ സുവർണ്ണ കിരീടമണിയിച്ച് കൊണ്ട് ആദിത്യൻ എഴുന്നെള്ളുന്നത് ഒരു കാഴ്ച തന്നെയാണ്. സൂര്യോദയം കണ്ട് മലയിറങ്ങുന്ന വഴിയിൽ തന്നെയായിരുന്നു പ്രശസ്തവും പുരാതനവുമായ ബിന്ധ്യ ബ്യാസിനി ക്ഷേത്രം. പൊഖ്റ താഴ്വരയിലെ ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഒരുപോലെ വിശ്വസിക്കുന്ന ഒരു ചെറിയ മനോഹരമായ കുന്നിൽ സ്ഥിതി ചെയ്യുന്ന ഈ ദേവീക്ഷേത്രം പൊഖ്റ സന്ദർശിക്കുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ്.

ഞങ്ങൾ ചെന്ന സമയം അവിടെയൊരു നേപ്പാളി വിവാഹം നടക്കുകയായിരുന്നു. ക്ഷണിക്കാതെ തന്നെ കല്യാണത്തിൽ പങ്കെടുത്ത് വധൂവരന്മാർക്കൊപ്പം നിന്ന് ഫോട്ടോയും എടുത്തു. സമയ പരിമിതി മൂലം ഞങ്ങൾ മഞ്ഞണിഞ്ഞ മലനിരകളേയും നേപ്പാളി വധൂവരന്മാരെയും പൊഖ്റയുടെ സൗന്ദര്യത്തേയും അതിവേഗം പിന്നിൽ ഉപേക്ഷിച്ച് നേപ്പാളിന്‍റെ തലസ്ഥാനവും ഓരേയൊരു മെട്രോപോളിറ്റൻ സിറ്റിയുമായ കാഠ്മണ്ഡുവിലേക്ക് യാത്ര തിരിച്ചു.

nepal

വീണ്ടും പൃഥ്വി ഹൈവേയിലൂടെ ഒരു യാത്ര. ഇനി ഞങ്ങൾക്ക് മുഗ്ളീംഗ് ജംഗ്ഷനിൽ എത്തി കാഠ്മണ്ഡുവിലേക്ക് തിരിയണം. ഞങ്ങൾ റാഫ്റ്റിംഗ് നടത്തിയ ത്രിശൂലി നദിയ്ക്ക് സമാന്തരമായി വീണ്ടും മൻകാമനാ ക്ഷേത്രം ലക്ഷ്യമാക്കി അമിത് വാഹനം പറപ്പിച്ചു. മുഗ്ളീംഗിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള വഴിയെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ മൻകാമനാ ക്ഷേത്രത്തിലേക്ക് കേബിൾ കാർ പുറപ്പെടുന്ന കുരിന്താർ എന്ന ചെറിയ ടൗൺഷിപ്പിൽ എത്തും. ഏകദേശം 10 മണിയോട് കൂടി കുരിന്താറിൽ എത്തിയ ഞങ്ങൾ കേബിൾ കാർ സ്റ്റേഷനിലേക്ക് പാഞ്ഞു. അവിടത്തെ തിരക്ക് കണ്ടപ്പോൾ അമിതിന്‍റെ അഭിപ്രായം മാനിച്ച് അന്ന് ക്ഷേത്ര ദർശനം ഉപേക്ഷിച്ച് നേരെ നേപ്പാളിന്‍റെ തലസ്ഥാലമായ കാഠ്മണ്ഡുവിലേക്ക് തിരിച്ചു.

ആലിപ്പഴം പൊഴിയുന്ന കാഠ്മണ്ഡു

ഉച്ചയോടെ കാഠ്മണ്ഡുവിൽ എത്തിയ ഞങ്ങളെ വരവേറ്റത് ഒരു ചാറ്റൽ മഴ. ഒപ്പം വണ്ടിയിലേക്ക് ചറപറ കല്ലുകൾ വലിച്ചെറിയുന്ന ഒച്ചയും. ചാറ്റൽ മഴയ്ക്കൊപ്പം ആലിപ്പഴവും പൊഴിയുന്നു. നമ്മുടെ നാട്ടിൽ ആദ്യമഴയ്ക്ക് വീഴുന്ന പോലെ ഒന്നും രണ്ടുമല്ല. മഴത്തുള്ളി പോലെ വീഴുന്ന ഐസ് കട്ടകൾ. വണ്ടിയുടെ ജനലിൽ കൂടി കൈ പുറത്തേക്കിട്ട് എന്‍റെ കയ്യിലും ഐസ് നിറഞ്ഞു. റോഡിൽ കുട പിടിച്ചും രക്ഷയില്ലാതെ പരക്കം പായുന്ന ആളുകൾ. അങ്ങനെ ആദ്യ ചുവടുകൾ ആഘോഷമാക്കി കാഠ്മണ്ഡുവിലേക്ക് പ്രവേശിച്ചു.

ഒരു രാജ്യത്തിന്‍റെ തലസ്ഥാനം എന്നൊന്നും വിശേഷിപ്പിക്കാൻ നമുക്ക് തോന്നാത്ത നമ്മുടെ നാട്ടിലെ ഒരു ജില്ലാ ആസ്ഥാനത്തിന്‍റെ ഒപ്പം പോലും എത്താനാകാത്ത ഒരു ചെറുപട്ടണം. റോഡരികിലായി ന്യൂ ജനറേഷൻ കെട്ടിടങ്ങളും ഷോപ്പിംഗ് മാളുകളും സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഉള്ളിലേക്ക് പോയാൽ പൗരാണികത വിട്ടുമാറാത്ത കെട്ടിടങ്ങൾ തന്നെയാണ് നേപ്പാളിലെ ഒരേയൊരു മെട്രോ സിറ്റിയായ കാഠ്മണ്ഡുവിന്‍റെ ആകർഷണം. ടൗണിൽ നിന്ന് തന്നെ ഭക്ഷണവും കഴിച്ച് ചെറിയ ഷോപ്പിംഗും കഴിഞ്ഞപ്പോഴേക്കും നേരം സന്ധ്യയായി. ഷോപ്പിംഗ് മാളിനോട് തൊട്ടടുത്ത് സ്റ്റേഡിയത്തിൽ ഇന്ത്യ- നേപ്പാൾ ഫുട്ബോൾ മാച്ച് നടക്കുന്നു.

ഭക്ഷണവും ഷോപ്പിംഗും മഴയും ചേർന്ന് ലേറ്റാക്കിയ ഞങ്ങൾ എവിടെയൊക്കെ കറങ്ങണമെന്ന കാര്യത്തിൽ ഒരു ഐഡിയയുമില്ലാതെ സ്വയം ഭൂനാഥ് സ്തൂപം, ബൗദ്ധനാഥ്, ബുദ്ധവിഹാരങ്ങൾ, ഡർബാർ സ്ക്വയർ എല്ലാം ഒഴിവാക്കി പശുപതിനാഥ് മാത്രം തെരഞ്ഞെടുത്തു. എവറസ്റ്റ് കൊടുമുടി കാണാമെന്നുള്ള മോഹവുമായി കാഠ്മണ്ഡുവിലെത്തിയപ്പോൾ 40 മിനിറ്റെങ്കിലും ഒരു ചെറുവിമാനത്തിൽ കയറി പോയാൽ മാത്രമേ അതിന്‍റെ ബേസ് ക്യാംപിൽ എങ്കിലും എത്താൻ സാധിക്കൂ എന്ന് മനസ്സിലാക്കി ആ മോഹം ഉപേക്ഷിച്ചു.

പശുപതിനാഥ്

പതിനഞ്ചാം നൂറ്റണ്ടിൽ പണികഴിപ്പിച്ചുവെന്ന് വിശ്വസിക്കുന്ന പഗോഡ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന പശുപതിനാഥ് ശിവക്ഷേത്രം യുനെസ്കോയുടെ സംരക്ഷിത സ്ഥലങ്ങളിൽ ഒന്നാണ്. നേപ്പാൾ പോലീസിന്‍റെ സംരക്ഷണത്തിൽ ഉള്ള ക്ഷേത്രത്തിന്‍റെ തൊട്ടടുത്ത് കൂടി ഒഴുകുന്ന ഭാഗ് മതി നദിയ്ക്കിരുവശവും മൃതദേഹങ്ങൾ പുകഞ്ഞെരിഞ്ഞുകൊണ്ടിരിക്കുന്നു.

ക്ഷേത്രത്തോട് ചേർന്നുള്ള കര ആര്യഗഡ് എന്നും മറുകര ഭസ്മേശ്വർ ഗഡ് എന്നും അറിയപ്പെടുന്നു. വാരാണസിയ്ക്ക് ശേഷം ഏത് അർദ്ധരാത്രിയും ശവദാഹം നടത്താൻ അനുമതിയുള്ള ഒരേയൊരു ക്ഷേത്രമാണിത്. ആര്യഗഡ് രാജകുടുംബാംഗങ്ങളുടെ ശവദാഹത്തിനായി മാത്രം നിർമ്മിച്ചതാണ്. ഭസ്മേശ്വർ പൊതുജനത്തിനും. ക്ഷേത്രദർശനവും നടത്തി തെരുവിളക്കിന്‍റെ വെളിച്ചത്തിൽ കാഠ്മണ്ഡു ടൗൺ ചുറ്റി പിറ്റേന്ന് അതിരാവിലെ മൻകാമന ക്ഷേത്രത്തിൽഎത്തിച്ചേരണമെന്നുള്ള ചിന്തയിൽ ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു.

മൻകാമനയും കേബിൾ കാറും

കാഠ്മണ്ഡുവിൽ നിന്നും ഏകദേശം 100 കിലോമീറ്റർ സഞ്ചരിച്ചാൽ മൻകാമന ക്ഷേത്രത്തിന്‍റെ എൻട്രി പോയിന്‍റായ കുരിന്താർ ടൗണിൽ എത്താം. മുൻകാലങ്ങളിൽ ഒരു ദിവസത്തോളം കാൽ നടയായി മല കയറിയാൽ മാത്രമേ സമുദ്ര നിരപ്പിൽ നിന്ന് 5000 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദുർഗാദേവി ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിക്കുമായിരുന്നുള്ളു. ഈ യാത്ര ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കാനുമുള്ള വഴിയായാണ് 1998ൽ രാജാ വീരേന്ദ്രബീർ വിക്രം ഷാദേവ് മുൻകയ്യെടുത്ത് മൻകാമന കേബിൾ കാർ സർവ്വീസ് ആരംഭിച്ചത്.

നമ്മുടെ മലമ്പുഴ റോപ്പ് വേയുടെ അഡ്വാൻസ്ഡ് സാധനം. ആസ്ട്രിയൻ ടെക്നോളജിയിൽ രൂപപ്പെടുത്തിയ ഈ കേബിൾ കാർ 100 ശതമാനം സുരക്ഷ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 31 പാസഞ്ചർ കാറുകളും 4 ലഗേജ് കാരിയറുകളുമുണ്ട്. രാവിലെ 9 മണിയ്ക്ക് പ്രവർത്തനം ആരംഭിക്കുന്ന ഈ കേബിൾ കാർ സർവ്വീസ് വൈകിട്ട് 5 മണി വരെ ഉണ്ടാകും. ഉച്ചയ്ക്ക് അര മണിക്കൂർ ഇതിന് വിശ്രമവും. മുകളിലേക്കും താഴേക്കുമായി പോയി വരാൻ 600 രൂപയോളം ചാർജ് ഈടാക്കുന്നുണ്ട്.

രാവിലെ 9 മണിയോടെ തന്നെ അവിടെ എത്തിച്ചേർന്ന ഞങ്ങളെ എതിരേറ്റത് അത്യാവശ്യം വലിയ ഒരു ക്യൂ ആണ്. ബ്രേക്ക് ഫാസ്റ്റിനു നിന്നാൽ തലേന്നത്തെ അവസ്ഥ തന്നെയാകുമെന്ന് മനസ്സിലായ ഞങ്ങൾ അതൊഴിവാക്കി. ടിക്കറ്റ് എടുത്ത് സമീപത്ത് തന്നെയുള്ള മനോഹരമായ പൂന്തോട്ടത്തിന് സമാന്തരമായി ക്യൂവിൽ കേബിൾ കാർ സ്റ്റേഷനിലേക്ക് നീങ്ങി.

മുകളിലേക്ക് മെല്ലേ ചലിച്ചുകൊണ്ടിരിക്കുന്ന കാറുകൾ മലമുകളിൽ അപ്രത്യക്ഷമാകുന്നു. പിന്നെ അവ ഒരു സൈഡിൽകൂടി പൊടുന്നനെ പ്രത്യക്ഷപ്പെട്ട് താഴേക്ക് ഇറങ്ങുന്നു. 6 പേർക്ക് ഇരിക്കാവുന്ന ഫൈബർ ഗ്ലാസിൽ തയ്യാർ ചെയ്ത ക്യാബിനുകളിൽ ഞങ്ങൾ കയറി.

കേബിൾ കാർ ത്രിശൂലി നദിയ്ക്ക് മുകളിൽ കൂടി 45 ഡിഗ്രി ചരിവിൽ മെല്ലെ ചലിച്ച് തുടങ്ങി. ഞങ്ങൾക്ക് കൂടെയുണ്ടായിരുന്നവർ മുമ്പിലും പിറകിലുമായി മറ്റു കാറുകളിൽ യാത്ര ആരംഭിച്ചിരുന്നു. യാത്ര ആരംഭിച്ച സ്റ്റേഷനും താഴെ നിന്നിരുന്ന ആൾക്കാർക്കും വലിപ്പം കുറഞ്ഞു കുറഞ്ഞു വന്നു തുടങ്ങി.

ഏകദേശം 2000 അടി ഉയരത്തിൽ ആദ്യ മല കയറിയ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു സമതല പ്രദേശത്ത് കുറേ വീടുകളും കൃഷിയിടങ്ങളും. അവിടെ നിന്ന് രണ്ടുനില കെട്ടിടത്തിന്‍റെ മാത്രം ഉയരത്തിൽ ഒരു 10 മിനിറ്റ് സഞ്ചരിച്ചാൽ ഞങ്ങൾക്കു മുമ്പിൽ അതാ ആദ്യം കണ്ടതിന്‍റെ ഇരട്ടി വലിപ്പത്തിൽ മറ്റൊരു മല. ആഹാ..

വീണ്ടും 45 ഡിഗ്രി ചരിവിൽ ഒരു കയറ്റം കയറി മൻകാമന കേബിൾ സ്റ്റേഷനിൽ എത്തിയ ഞങ്ങളെ വരവേറ്റത് ഒരു മനോഹരമായ പൂന്തോട്ടവും അതിലുപരി അവിടെ നിന്നും താഴേക്ക് നോക്കുമ്പോഴുള്ള കാഴ്ചകളും. അവിടെ നിന്ന് തെരുവ് കച്ചവടക്കാർക്കിടയിലൂടെ മെല്ലേ ക്ഷേത്രത്തിലേക്ക്. പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചു എന്നു കരുതപ്പെടുന്ന പഗോഡ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ദുർഗാക്ഷേത്രത്തിൽ മൃഗബലിയും തുടർച്ചയായി നടക്കുന്നു.

ദർശനം നടത്തി പെട്ടെന്ന് തന്നെ താഴെ ഇറങ്ങി. ഉച്ചയ്ക്ക് അരമണിക്കൂർ കേബിൾ കാർ നിർത്തുന്നതിന് മുമ്പ് താഴെയെത്തി കഴിക്കാമെന്ന് തീരുമാനിച്ച് എല്ലാവരും കേബിൾ സ്റ്റേഷനിലേക്ക് നീങ്ങി. അതിനിടെ തെരുവ് കച്ചവടക്കാരിൽ നിന്ന് അൽപം സാധനങ്ങൾ വാങ്ങാൻ നിന്ന ഞാനും സൂര്യയും മകളും പിറകിലായി പോയത് ശ്രദ്ധിച്ചില്ല. സ്റ്റേഷനിലെത്തിയപ്പോഴേക്കും ബാക്കിയെല്ലാവരും താഴേക്ക് പോയ്ക്കഴിഞ്ഞിരുന്നു. ബ്രേക്കിന് മുമ്പുള്ള അവസാന കേബിൾ കാറിൽ കയറിപ്പറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞു.

വീണ്ടും 45 ഡിഗ്രി ചരിവിൽ താഴേക്ക്. ഞാൻ വീണ്ടും ഡിഎസ്എൽആർ ക്യാമറയെടുത്ത് സജീവമായി. ആദ്യ മലയിറങ്ങി സമതലത്തിലേക്ക്. തൊട്ട് താഴെ ഒരു വിളിപ്പാടകലത്തിൽ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന ആൾക്കാരെ കൈവീശി കാണിച്ച് രണ്ടാമത്തെ മലയും ഇറങ്ങി. കേബിൾ കാർ ത്രിശൂലി നദിയുടെ നടുവിലെത്തിയപ്പോളാണ് നേപ്പാളിനെ നടുക്കിയ ഭൂചലനം സംഭവിച്ചത്! ഇതിൽ നിന്ന് ഞങ്ങൾ രക്ഷപ്പെട്ട് അടുത്ത ടൗണിൽ തന്നെ സാമാന്യം ഭേദപ്പെട്ട ഹോട്ടലിൽ രാത്രി ഭക്ഷണത്തിനായി എത്തി.

എല്ലാവരും ടിവിയ്ക്ക് മുമ്പിൽ, എല്ലാ ചാനലിലും ഭൂകമ്പ വാർത്ത മാത്രം. ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ട് വന്ന കുടുംബമാണെന്ന് പറഞ്ഞപ്പോൾ ഒരു പ്രത്യേക പരിഗണനയും കിട്ടി.

ഭക്ഷണവും കഴിച്ച് പെട്ടെന്ന് തന്നെ ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഒരു പോറൽ പോലും ഏൽക്കാതെ ഇത്രയും വലിയ അപകടത്തിൽ നിന്നും സുരക്ഷിതരായി ഞങ്ങളെ തിരിച്ചെത്തിച്ച ഡ്രൈവർ അമിത്നേയും ദാമുവിനയും പിരിയാൻ നേരമായി. വളരെ കുറഞ്ഞ സമയം കൊണ്ട് ഞങ്ങളുടെ കുടുംബത്തിലെ ഒരുംഗത്തെപ്പോലെയായിരുന്നു അമിത്. അവന്‍റെ സമചിത്തതയോടെയുള്ള തിരുമാനങ്ങളാണ് ഞങ്ങളുടെ നേപ്പാൾ യാത്രയെ സമാധാന പൂർണ്ണമാക്കിയത്.

അവർക്ക് നന്ദി പറഞ്ഞു കൊണ്ട് പിറ്റേന്ന് അതിരാവിലെ പുറപ്പെടുന്ന ഗോരഖ്പൂർ തിരുവനന്തപുരം എക്സ്പ്രസ്സിനായുള്ള കാത്തിരിപ്പ് ആരംഭിച്ചു…

അമിത രോമവളർച്ച തടയാൻ വീട്ടുപായങ്ങൾ

അമിത രോമവളർച്ച പെൺകുട്ടികളെ സംബന്ധിച്ച് ഒരു വലിയ തലവേദനയാണ്. അമിത രോമവളർച്ചയ്ക്ക് പിന്നിൽ ഒത്തിരി കാരണങ്ങളുണ്ട്. ആർത്തവ ക്രമക്കേടുകൾ, ഹോർമോൺ അസന്തുലിതാവസ്‌ഥ, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം, ഗർഭകാലം എന്നിവയാണവ.

അമിത രോമവളർച്ച ഇല്ലാതാക്കാൻ ഇന്ന് ധാരാളം ആധുനിക സാങ്കേതിക വിദ്യകളുണ്ട്. വാക്‌സിംഗ്, ലേസർ ഹെയർ റിമൂവൽ, ഇലക്ട്രോലൈസിസ് എന്നിങ്ങനെ. അവയെല്ലാം ചെലവേറിയതും എല്ലാവർക്കും താങ്ങാനാവാത്തതുമാണ്. എന്നാൽ അനാവശ്യ രോമവളർച്ച തടയാൻ പണ്ടു മുതലെ ആളുകൾ പരീക്ഷിച്ചിരുന്നതും വീട്ടിൽ ചെയ്യാവുന്നതുമായ ചില വിദ്യകളുണ്ട്. അവയെല്ലാം പ്രകൃതിദത്തവും പാർശ്വഫലങ്ങളില്ലാത്തതുമാണ്. അത്തരം ചില ഹോം റെമഡീസ് ഇതാ…

എഗ്ഗ് മാസ്ക്ക്

പകുതി സ്പൂൺ കോൺഫ്ളോർ ഒരു ടേബിൾ സ്പൂൺ പഞ്ചസാര ഒരു മുട്ട എന്നിവ ചേർത്ത് കട്ടി പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം അത് നീക്കം ചെയ്യുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക ഫലം ഉറപ്പ്.

ചെറുപയർ പരിപ്പ് ഉരുളക്കിഴങ്ങ് പേസ്റ്റ്

ചെറുപയർ പരിപ്പ് ഒരു രാത്രി കുതിർക്കുക. ധാരാളം ബ്ലീച്ചിംഗ് മൂലികകൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും അരച്ച് പേസ്‌റ്റാക്കി മുഖത്തും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകി കളയാം.

ഷുഗർ ഹണി ലെമൺ മിക്‌സ്ച്ചർ

പഞ്ചസാരയും നാരങ്ങാനീരും തേനും കൂടി ചേർന്ന് ഒരു വാക്‌സ് പോലെയാണ് പ്രവർത്തിക്കുക. ഒരു ബൗളിൽ ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു സ്പൂൺ നാരങ്ങാനീരും ഒരു സ്പൂൺ തേനും ചേർത്ത് 3 മിനിറ്റു നേരം ചൂടാക്കുക. അതിനു ശേഷം തണുപ്പിക്കുക. രോമം നീക്കേണ്ട ഭാഗം നന്നായി വൃത്തിയാക്കിയ ശേഷം ആ ഭാഗത്ത് കോൺസ്റ്റാർച്ച് പുരട്ടുക. വാക്‌സിംഗ് സ്പാറ്റുല ഉപയോഗിച്ച് ഷുഗർ മിക്‌സ്ച്ചർ രോമവളർച്ചയ്ക്ക് എതിർദിശയിലേക്ക് എന്ന വണ്ണം പുരട്ടുക. അതിനുശേഷം തുണിയോ വാക്‌സിംഗ് സ്ട്രിപ്പോ ഉപയോഗിച്ച് അതിനു മീതെ അമർത്തി ഒട്ടിച്ച് രോമവളർച്ചയുടെ വിപരീത ദിശയിലേക്ക് വലിക്കുക. അതോടെ രോമം ഫലപ്രദമായി നീക്കം ചെയ്യപ്പെടും.

പടികക്കാരം റോസ്‍വാട്ടർ

മൂന്നിൽ രണ്ട് ടേബിൾ സ്പൂൺ റോസ്‍വാട്ടറും അര സ്പൂൺ പടികക്കാരവും മിക്‌സ് ചെയ്യുക. അതിൽ പഞ്ഞി മുക്കി രോമമുള്ള ഭാഗങ്ങളിൽ പുരട്ടുക. ഉണങ്ങിയ ശേഷം വീണ്ടും ഈ മിക്‌സ് പുരട്ടുക. ഒരു മണിക്കൂർ നേരം ഇതാവർത്തിക്കാം. അതിനുശേഷം കഴുകി കളയുക. തുടച്ച ശേഷം ഉടനടി കടുകെണ്ണയോ ഒലീവ് ഓയിലോ പുരട്ട മോയിസ്ച്ചുറൈസ് ചെയ്യുക.

ബനാനാ ആന്‍റ് ഓട്ട്മീൽ സ്ക്രബ്ബ്

വാഴപ്പഴവും ഓട്മീലും ചേർന്നുള്ള മിക്‌സ് നല്ലൊരു എക്സ്ഫോളിയേറ്റർ ആണ്. ചർമ്മത്തെ മൃദുലമാക്കാൻ ഈ് സഹായിക്കും. ഓട്ട്മീൽ സ്കിൻ ക്ലൻസറായി ഉപയോഗിക്കാം. നല്ല പഴുത്ത വാഴപ്പഴം നല്ലവണ്ണം ഉടച്ച് മാഷ് ചെയ്യുക. ഇതിലേക്ക് 2 ടിസ്പൂൺ ഓട്ട്മീൽ ചേർത്ത് പേസ്റ്റാക്കി രോമമുള്ളിടത്ത് അപ്ലൈ ചെയ്യുക. അതിനു ശേഷം വട്ടത്തിൽ ഉരച്ച് മസാജ് ചെയ്യുക. 15-20 മിനിറ്റിനു ശേഷം വെള്ളമൊഴിച്ച് നല്ലവണ്ണം കഴുകി കളയുക.

പച്ച പപ്പായയും മഞ്ഞൾപ്പൊടിയും

എല്ലാതരം ചർമ്മത്തിനും ഇണങ്ങുന്ന ഒരു പൊടിക്കൈയാണ് ഇത്. പപ്പായ തൊലി കളഞ്ഞ് കഷണങ്ങളാക്കി നന്നായി അരയ്ക്കുക. ഈ പേസ്റ്റിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. ചർമ്മം നന്നായി മസാജ് ചെയ്‌ത ശേഷം ഈ പേസ്റ്റ് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകുക. ഈ പായ്ക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പുരട്ടുക.

മഞ്ഞൾപ്പൊടി റോസ്‍വാട്ടർ

മഞ്ഞളിൽ ആന്‍റി ബാക്‌ടീരിയയും ആന്‍റി ബാക്‌ടീരിയൽ മൂലികകളുമുണ്ട്. ഇത് രോമവളർച്ചയെ തടയും. റോസ്‍വാട്ടറിൽ ആവശ്യമായ മഞ്ഞൾ, പാൽ, വെള്ളം എന്നിവ ചേർത്ത് പേസ്റ്റാക്കി മുഖത്തിടുക. 20 മിനിറ്റ് കഴിഞ്ഞ് ചൂടു വെള്ളമുപയോഗിച്ച് കഴുകുക.

സവാള, തുളസി പായ്ക്ക്

ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള പ്രകൃതിദത്ത ചേരുവകളാൽ സമ്പന്നമാണ് സവാള. സവാള തുളസിയിലക്കൊപ്പം ചേർത്തുപയോഗിച്ചാൽ അനാവശ്യരോമങ്ങൾ അനായാസം നീക്കം ചെയ്യാം. 2 മീഡിയം സൈസ് സവാളയുടെ പാളിയും 12 തുളസിയിലയും അരച്ച് പേസ്റ്റാക്കി അനാവശ്യ രോമമുള്ള ശരീരഭാഗങ്ങളിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഈ പ്രക്രിയ മൂന്നോ നാലോ വട്ടം ആവർത്തിക്കുക. ഇപ്രകാരം ഒന്നോ രണ്ടോ മാസം ചെയ്‌താൽ നല്ല ഫലം കിട്ടും.

കർപ്പൂരം കുരുമുളക് പായ്ക്ക്

കർപ്പൂരവും കുരുമുളകും ചർമ്മത്തിൽ പൊള്ളലിന് സമാനമായ അവസ്ഥയുണ്ടാകുന്നവയാണ്. പ്രത്യേകിച്ചും സംവേദന ക്ഷമതയേറിയ ചർമ്മത്തിൽ ഇത് അധികമായിരിക്കും. വെള്ള കുരുമുളക് നന്നായി പൊടിച്ച് രണ്ട് ടേബിൾ സ്പൂൺ കർപ്പൂര പൊടിയുമായി ചേർക്കുക. അതിൽ ഏതാനും തുള്ളി ആൽമണ്ട് ഓയിൽ ഒഴിച്ച് മിക്‌സ് ചെയ്‌ത് കാലുകളിൽ തേയ്‌ക്കുക. കൃത്യം 15 മിനിറ്റിന് ശേഷം കഴുകി രോമങ്ങൾ പൊഴിഞ്ഞു പോകുന്നത് കാണാനാവും.

ആര്യവേപ്പില – മഞ്ഞൾ പേസ്റ്റ്

ആര്യവേപ്പിലയും മഞ്ഞളും ചേർന്നുള്ള മിക്സ് അനാവശ്യ രോമത്തെ നീക്കം ചെയ്യാൻ ഫലവത്താണ്. അൽപം ആര്യവേപ്പിലയെടുത്ത് നന്നായി അരയ്‌ക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഏതാനും തുള്ളി വെള്ളവും ചേർത്ത് ഈ മിക്‌സ് ചർമ്മത്തിൽ അപ്ലൈ ചെയ്യുക. 15-20 മിനിറ്റിനു ശേഷം നീക്കം ചെയ്യുക.

ചെറുപ്പയർപ്പൊടി റോസ്‍വാട്ടർ പേസ്റ്റ്

ഒരു ബൗളിൽ 2 ടേബിൾസ്പൂൺ റോസ്‍വാട്ടർ എടുത്ത് അതിൽ 2 ടേബിൾ സ്പൂൺ ചെറുപ്പയർപൊടി ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് പേസ്റ്റാക്കി ചർമ്മത്തിൽ പുരട്ടുക. 20-25 മിനിറ്റിനു ശേഷം ഉണങ്ങിക്കഴിഞ്ഞ് കഴുകി കളയുക.

സ്പിയർമിന്‍റ് ടീ

സ്പിയർമിന്‍റ് ടീ ശരീരത്തിലുള്ള ആൻഡ്രജൽ ലെവൽ കുറയ്‌ക്കാൻ സഹായകമാണ്. ഇത് അനാവശ്യ രോമങ്ങൾ നീക്കം ചെയ്യും. 5 മുതൽ 6 ഫ്രഷ് സ്പിയർമിന്‍റ് ഇലയോ ഉണങ്ങിയ സ്പിയർമിന്‍റ് ഇട്ടോ ചായ തയ്യാറാക്കുക. 7-8 മിനിറ്റിനു ശേഷം ഫിൽറ്റർ ചെയ്‌ത് കുടിക്കുക. ഇത് ശരീരത്തിലെ അനാവശ്യ രോമവളർച്ചയെ തടയും. ഈ ചായ ദിവസവും ഒന്നോ രണ്ടോ തവണ കുടിക്കുക. നല്ല ഫലമുണ്ടാകുമെന്ന് തീർച്ച!

വീട്ടിലും പ്രണയം പൂക്കട്ടെ…

കാക്കനാട് കളക്ട്രേറ്റിലാണ് ഷീനയുടെ ജോലി. എന്നും രാവിലെയും വൈകിട്ടും വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും രണ്ട് മണിക്കൂർ ബസ്സ് യാത്രയുണ്ട്. അവധി ദിവസങ്ങളെത്തുമ്പോൾ ഉറങ്ങാനാണ് ഷീനയ്ക്കിഷ്ടം. വീട്ടിൽ എട്ടും പത്തും വയസ്സുള്ള കുട്ടികളുണ്ട്. അതുപോലെ ഭർത്താവിന്‍റേയും അച്‌ഛനമ്മമാരുടേയും കാര്യങ്ങൾ നോക്കണം. വീട്ടിലെ മറ്റു ചുമതലുകളും പിന്നെ ജോലിയും ദിവസേനയുള്ള യാത്രയും കൂടിയാവുമ്പോൾ താനിതൊക്കെ എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന് ഷീന ഇടയ്ക്കിടെ സ്വയം അത്ഭുതപ്പെടാറുണ്ട്.

ഇന്നത്തെ നാഗരിക സമൂഹത്തിൽ ഷീനയെപ്പോലെ തന്‍റേതായ ആഗ്രഹങ്ങളും ഇഷ്‌ടങ്ങളും മാറ്റിവച്ച് കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന ധാരാളം സ്ത്രീകളുണ്ട്. കുട്ടികളും മുതിർന്നവരും അടങ്ങുന്ന കുടുംബത്തിന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ട ഉത്തരവാദിത്വം പൊതുവേ ഭർത്താക്കന്മാരേക്കാൾ ഭാര്യമാരിലേക്കാണ് എത്തിച്ചേരുക.

ഇതിനിടയിൽ തന്നെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല, മുമ്പത്തെപ്പോലെ സ്നേഹമില്ല, എന്തോ ഇഷ്‌ടക്കുറവുള്ളത് പോലെ, സെക്‌സിൽ താൽപര്യം കാട്ടുന്നില്ല എന്നെല്ലാമുള്ള ഭർത്താക്കന്മാരുടെ പരാതികളാണ് ജോലി ചെയ്യുന്ന സ്ത്രീകളെ ഏറ്റവുമധികം മുഷിപ്പിക്കുന്നത്.

ഭാര്യമാർ അമാനുഷിക ശക്തിയുള്ള സൂപ്പർ വുമൺ അല്ല എന്നുള്ളത് ഭർത്താക്കന്മാർ ഓർക്കണം. ഇതൊക്കെയാണെങ്കിലും ജോലി, കുടുംബം എന്നതിനപ്പുറത്തേക്ക് ഭർത്താവുമൊത്തുള്ള റൊമാന്‍റിക് മൂഡ് തിരിച്ചു പിടിക്കാൻ ചില എളുപ്പവഴികളുണ്ട്.

യാത്രകൾ ഉപകരിക്കും

ദൂരയാത്രകൾക്ക് സമയം കിട്ടിയില്ലെങ്കിലും മാസത്തിൽ ഒന്നോ രണ്ടോ തവണ തൊട്ടടുത്ത ടൂറിസ്റ്റ് സ്പോട്ടുകളിലേക്ക് പോകാം. പാർക്കും ബീച്ചുമൊക്കെ ഈ യാത്രയിൽ ഉൾപ്പെടുത്താം. കുട്ടികളെ അവരുടെ കളികളിൽ മുഴുകാനനുവദിക്കുക. യാത്രയിൽ ഭാര്യയും ഭർത്താവും മാത്രമായി തനിച്ചു കിട്ടുന്ന സന്ദർഭങ്ങളിൽ തോളിലോ മടിയിലോ ചാരിയിരുന്ന് ഇതുവരെയുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുക. രസകരമായ സംഭവങ്ങളെ സംസാരത്തിനിടയിൽ ഓർത്തെടുക്കാം. കൈകോർത്ത് നടക്കാൻ മടി കാണിക്കരുത്.

സർപ്രൈസുകൾ

ചെറിയ സർപ്രൈസുകൾ ആരാണ് ഇഷ്ടപ്പെടാത്തത്. വൈകുന്നേരം കോഫി ബ്രേക്കിന് ഒരുമിച്ച് കൂടാം. ഭർത്താവിന്‍റെ ജോലി സ്ഥലത്ത് പെട്ടെന്നൊരു സന്ദർശനം നടത്തി ഒരു ട്രീറ്റ് പ്ലാൻ ചെയ്യാം. വീട്ടിലേക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ ശ്രമിക്കാം. ബന്ധങ്ങളിലെ ഇഴയടുപ്പം കൂട്ടാനും പങ്കാളി തന്‍റെ അരികിലുണ്ടെന്ന തോന്നലെപ്പോഴും കൂടെയുണ്ടാകാനും ഇത്തരം പ്രവൃത്തികളിലൂടെ സാധിക്കും.

മസാജുകൾ

അവധി ദിവസങ്ങളിൽ ടിവി ആസ്വദിക്കുന്ന നേരത്ത് നല്ലൊരു മസാജ് ആയാലോ. പ്രണയപൂർവ്വം കൈകളിലും കാലിലും ശരീരവടിവുകളിലും മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഭാര്യയും ഭർത്താവും പരസ്പരം മസാജ് ചെയ്യുന്നത് പുതിയൊരു അനുഭവമായിരിക്കും. കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് ശാരീരികവും മാനസികവുമായ ആനന്ദത്തെ തിരികെ വിളിക്കൂ.

ലൈംഗിക ജീവിതം

കുടുംബത്തിലെ തിരക്കുകൾക്കിടയിലും സ്നേഹത്തിന് ആക്കം കൂട്ടുന്നത് ലൈംഗിക ജീവിതമാണ്. പുരുഷന്മാർ പൊതുവെ പെട്ടെന്നുള്ള ലൈംഗിക ബന്ധങ്ങൾ ഇഷ്‌ടപ്പെടുന്നവരാണ്. എപ്പോഴും ഭർത്താവ് തന്നെ മുൻകൈ എടുക്കാതെ ഭാര്യയ്ക്കും താൽപര്യം കാണിക്കാം. ഭർത്താവ് സ്‌ഥിരമായി ലൈംഗിക ബന്ധത്തിന് വരുന്ന സമയത്തിന് കാത്തുനിൽക്കാതെ വ്യത്യാസം വരുത്താം. വേഷത്തിലും ഭക്ഷണത്തിലും ലൈംഗിക സംതൃപ്തി കിട്ടുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്താം.

അണിഞ്ഞൊരുങ്ങാം

ആഘോഷങ്ങൾക്ക് പങ്കെടുക്കാനല്ലാതെ ഭർത്താവിനു വേണ്ടിയും ഒരുങ്ങാം. അത് ചിലപ്പോൾ നല്ലൊരു ഫേഷ്യലാകാം. നല്ല പോലെ കണ്ണുകൾ എഴുതിയിട്ടാകാം അല്ലെങ്കിൽ ചെറിയ മേക്കപ്പോ നല്ലൊരു വസ്‌ത്രമോ ആകാം. പെർഫ്യൂമുകൾ അനുയോജ്യമായത് കണ്ടെത്തുന്നത് റൊമാൻസിന് നല്ലതാണ്.

ഒന്നിച്ചൊരു സിനിമയും ഡിന്നറും

ജോലിയിൽ നിന്ന് അവധിയെടുത്തോ അല്ലെങ്കിൽ വീട്ടിൽ മറ്റു തിരക്കുകളില്ലാത്ത ദിവസം കണ്ടെത്തിയോ ഭാര്യയും ഭർത്താവും മാത്രമായി ഒരു സിനിമ പ്ലാൻ ചെയ്യാം. മുമ്പ് സിനിമയ്ക്കു പോയ നിമിഷങ്ങളുടെ മധുരാനുഭവങ്ങൾ തിരിച്ച് വരട്ടെ. ഇതുപോലെ തന്നെ ഏതെങ്കിലും നല്ലൊരു റെസ്റ്റോറന്‍റിൽ ഡിന്നറിനു പ്ലാൻ ചെയ്യാം. ഭക്ഷണം കഴിക്കുന്ന സമയത്ത് ടേബിളിനരികിലെ പേപ്പർ നാപ്കിനെടുത്ത് പ്രണയ സന്ദേശങ്ങൾ എഴുതി കൈമാറുന്നത് പുതിയൊരു അനുഭൂതി നൽകും. തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും നിങ്ങൾക്കിടയിൽ നല്ലൊരു മൂഡ് സൃഷ്ടിക്കാൻ ഇത്തരം കൊച്ചു ഹാംഗ് ഔട്ടുകൾക്ക് സാധിക്കും.

താൽപര്യങ്ങളെ കൂട്ടുപിടിക്കാം

ഭർത്താവിന് സ്പോർട്സിലും പൊളിറ്റിക്‌സിലും മാത്രമേ താൽപര്യമുള്ളൂ എന്ന് പറഞ്ഞ് അവഗണിക്കരുത്. അവരുടെ കൂടെയിരുന്ന് ക്രിക്കറ്റോ, ഫുട്ബോളോ കാണുകയോ, വാർത്തകളെക്കുറിച്ച് ചോദിച്ചറിഞ്ഞ് താൽപര്യം പ്രകടിപ്പിക്കുകയോ ചെയ്യാം. പരസ്പരം ഇഷ്‌ടങ്ങൾ ഭാര്യയ്ക്കും ഈ അവസരങ്ങളിൽ തുറന്നു പറയാം.

അഭിപ്രായങ്ങൾ പറയാം

ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകളിൽ സമയം ചെലവഴിക്കുന്നതിന് പകരമായി നല്ലൊരു ചർച്ചയാവാം. ഭാര്യയ്ക്കും ഭർത്താവിനും വിവിധ താൽപര്യങ്ങളുണ്ടാകാം. പക്ഷേ അതിനെക്കുറിച്ചെല്ലാം പരസ്പരം ആശയവിനിമയം നടത്തിയാൽ തമ്മിൽ തമ്മിൽ ഒത്തൊരുമ വർദ്ധിക്കും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें