ബുഷ്റ എന്ന പേരിന്‍റെ അർത്ഥം സന്തോഷവാർത്ത അറിയിക്കുന്നവൾ എന്നാണ്. ഈ ബുഷ്റയും അങ്ങനെ തന്നെ. സംസാരത്തിലും പെരുമാറ്റത്തിലും ആർക്കും സന്തോഷം തോന്നും. പക്ഷേ ബുഷ്റ അബ്ദു സ്വന്തം ജീവിതത്തിൽ സന്തോഷത്തെ തിരിച്ചു പിടിച്ചത് എത്ര എളുപ്പത്തിലല്ല. കഠിനമായ സങ്കടങ്ങളിൽ നിന്ന് സന്തോഷങ്ങളുടെ പൂക്കൂടാരത്തിലേക്ക് നിമിഷങ്ങളെ ശലഭങ്ങളെ പോലെ വലിച്ചടുപ്പിച്ചത് കഠിന പ്രയത്നം കൊണ്ടു മാത്രം.
ദാമ്പത്യത്തിൽ പ്രതിസന്ധികൾ മാത്രം അനുഭവിക്കേണ്ടി വന്ന വീട്ടമ്മയുടെ റോളിൽ നിന്ന് ഒരു യുവ സംരംഭകയുടെയും ബൈക്ക് റൈഡറുടെയും മേക്കപ്പ് ആർട്ടിസ്റ്റിന്‍റേയും റോളിലേക്ക് ബുഷ്റ കടന്നു വന്നത് ആത്മവിശ്വാസം ചേർത്തു പിടിച്ചാണ്. ഇളംകുളത്ത് ബുഷ്റാസ് മേക്കപ്പ് സ്റ്റുഡേിയോ നടത്തുകയാണ് ബുഷ്റ അബ്ദു.
ജീവിതം തിരിച്ചുപിടിച്ച വഴി
“ഞാൻ ചിറ്റേത്തുകരയിലെ ത്സാൻസി റാണിയാണ്” ഇങ്ങനെ ബുഷ്റ സ്വയം വിശേഷിപ്പിക്കാൻ ഇഷ്‌ടപ്പെടുമ്പോൾ അതൊരു തമാശയായി മാത്രമേ അവർ കരുതിയിട്ടുണ്ടാവൂ. എന്നാൽ ഒരു യുദ്ധം ജയിക്കുന്നതു പോലെ തന്നെയാണ് അവർ തന്‍റെ പ്രതിസന്ധികളെ മറികടന്നത്.
“ഡിഗ്രിക്കു പഠിക്കുമ്പോൾ വിവാഹിതയായി വർഷങ്ങൾക്കുള്ളിൽ മൂന്ന് കുട്ടികളുടെ അമ്മയുമായി. പിന്നീട് താളം തെറ്റിയ ദാമ്പത്യ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയതോടെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ട് ഞാൻ.”
“വാപ്പയും ഉമ്മയും മൂന്നു പെണ്മക്കളും അടങ്ങുന്ന കുടുംബം. ഞാനാണ് മൂത്ത പെൺകുട്ടി. വീട്ടിൽ ഞങ്ങൾ എല്ലാ സ്വാതന്ത്യ്രത്തോടെയുമാണ് വളർന്നത്. വാപ്പ അബദുവും ഉമ്മ റംലയും അക്കാര്യത്തിൽ വളരെ മുന്നിലായിരുന്നു. വീട്ടിൽ ഗ്യാസ് തീർന്നാൽ അതു മാറ്റിയിടാനും ഫ്യൂസ് പോയാൽ കെട്ടി ശരിയാക്കാനുമൊക്കെ ഞാൻ അന്നും ഇഷ്‌ടപ്പെട്ടിരുന്നു.”
ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞാൽ ആദ്യത്തെ രണ്ടു മാസമെങ്കിലും സ്ത്രീകൾ വളരെ സന്തോഷത്തോടെ ജീവിക്കും. എനിക്ക് പക്ഷേ വിവാഹത്തിന്‍റെ മൂന്നാം നാൾ മുതൽ തുടങ്ങിയ പ്രയാസങ്ങളാണ്. ഇതിനിടയിൽ മൂന്നു കുട്ടികളെ എനിക്ക് കിട്ടി എന്ന സന്തോഷം മാത്രം.
മറ്റുള്ളവരോട് സംസാരിക്കുന്നതു പോലും ഇഷ്‌ടമില്ലാത്ത ഒരാളോടൊപ്പമുള്ള ജീവിതം, ദുസ്സഹമായിരുന്നു. പിന്നീടൊരു ദിവസം ഞാൻ ആ ജീവിതം വേണ്ടെന്നു വച്ചു സ്വന്തം വീട്ടിലേക്കു മടങ്ങി. വീട്ടിൽ ഞാനും എന്‍റെ മൂന്നുമക്കളും കൂടി എത്തുമ്പോൾ വാപ്പയും ഉമ്മയും കഷ്ടപ്പെടുമല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. പക്ഷേ എന്‍റെ പാരന്‍റ്സ് ആണ് ഏറ്റവും വലിയ സപ്പോർട്ട്. അവളെ കൊള്ളില്ല എന്നു തോന്നുന്നെങ്കിൽ വിട്ടേക്ക് എന്നു ഭർതൃവീട്ടുകാരോട് പറഞ്ഞ് സ്വീകരിക്കാനുള്ള മനസ്സ് എന്‍റെ വാപ്പയും ഉമ്മയും കാണിച്ചു. ഒരു ജോലി കിട്ടിയിട്ട് വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് വാപ്പ വിവാഹത്തിന് മുമ്പും ചിന്തിച്ചിരുന്നു. പക്ഷേ അത് അന്ന് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇനി ഒരു ജോലി ഇല്ലാതെ പറ്റില്ല.
പുതിയ ജീവിതം
എന്‍റെ അനുജത്തിയുടെ ശ്രമത്തിൽ ഞാൻ കളർലാബ് എന്ന സ്‌ഥാപനത്തിൽ മാനേജർ ആയി ജോലിയിൽ കയറി. വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, ആൽബം മേക്കിംഗ് ഇങ്ങനെ ഞാൻ അറിയാത്ത ഒരു മേഖലയായിരുന്നു അതെങ്കിലും ആത്മവിശ്വാസത്തോടെ ഞാൻ ഏറ്റെടുത്തു. കുട്ടികളുടെ ഫീസ് അടയ്ക്കാനുള്ള പണമെങ്കിലും എനിക്ക് പണിയെടുത്തുണ്ടാക്കിയേ പറ്റൂ. അഞ്ചു വർഷത്തോളം അവിടെ ജോലി ചെയ്‌തു. ആ സമയത്താണ് സ്വന്തമായൊരു ബാങ്ക് അക്കൗണ്ട് പോലും ഞാൻ ഉണ്ടാക്കിയത്. ഇതിനിടെ രാവിലെ 7 മുതൽ 9.30 വരെ മോണിംഗ് ക്ലാസ്സിൽ ചേർന്നു പഠിച്ചു ഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു. ഡിഗ്രിക്കു പഠിക്കുന്ന സമയത്ത് സ്കിൻ ആന്‍റ് ഹെയർ ബ്യൂട്ടി ട്രീറ്റ്മെന്‍റ് സംബന്ധിച്ച് ഒരു കോഴ്സ് ചെയ്‌തിരുന്നു.