ഏഷ്യയുടെ സ്കോട്ട്ലാന്‍റ് എന്നറിയപ്പെടുന്ന വാഗമൺ കാണണമെന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് നാളുകളായെങ്കിലും അവസരം ഒത്തുവന്നത് അടുത്തിടെയാണ്. എല്ലാറ്റിനും അതിന്‍റെ സമയമുണ്ടല്ലോ ദാസാ... എന്നു പറയുന്നതു വെറുതെയാണോ? തൊടുപുഴ വഴിയും പാല വഴിയും വാഗമൺ എത്താം. പാല വഴി പോകേണ്ട ആവശ്യം വന്നതിനാൽ വാഗമണിലേക്കുള്ള യാത്രയ്ക്ക് ആ റൂട്ട് ആണ് തെരഞ്ഞെടുത്തത്.
മനോഹരമായ ശാന്തമായ മാലിനീകരിക്കപ്പെടാത്ത ഒരു പ്രദേശത്ത് ഒരു ദിവസം ചെലവഴിക്കുക എന്ന മിതമായ ആഗ്രഹം മാത്രമേ ആ യാത്രയിൽ ഉണ്ടായിരുന്നുള്ളൂ. പട്ടു പോലെയുള്ള പുൽത്തകിടികളും കുന്നിൽ നിന്ന് മറ്റൊരു കുന്നിലേക്ക് ആകാശം തൊട്ടുരുമിപ്പറക്കുന്ന പാരാഗ്ലൈഡർമാരെയും ആണ് വാഗമണ്ണിനെ കുറിച്ച് അവിടെ പോകും വരെ ആകെ അറിയാവുന്ന കാര്യങ്ങൾ. പക്ഷേ കാത്തിരുന്നത് വിസ്മയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. വെറും കാഴ്ചകൾ എന്നു പറഞ്ഞാൽ യാത്രയുടെ ഒരിത് നഷ്ടമാകും. വാഗമണ്ണിലെ പ്രകൃതി അനുഭവിച്ച് തന്നെ അറിയണം.
അത്ര പരിചയമില്ലാത്ത വഴികളായതിനാൽ ഗൂഗിൾ മാപ്പ് സെറ്റ് ചെയ്‌തു വച്ചായിരുന്നു ഞങ്ങളുടെ യാത്ര. ഇടയ്ക്കൊക്കെ ഗൂഗിൾ ചേച്ചി വഴി തെറ്റിച്ച് കുറച്ചൊന്നു വളഞ്ഞു സഞ്ചരിച്ചെങ്കിലും വാഗമണ്ണിലേക്കുള്ള വഴിയിലൂടെ ഞങ്ങൾ അനായാസമെത്തിച്ചേർന്നു.
വാഗമൺ എത്തുന്നതിനു മുമ്പ് റോഡരികിൽ അത്ര തിരക്കില്ലാതെ കണ്ട ഒരു ചായക്കടയിൽ കയറി. അവിടെ ആകെയുള്ളത് പൊറോട്ടയും മുട്ടക്കറിയും. വേറെ വഴിയില്ലാത്തതു കൊണ്ട് കേരളത്തിന്‍റെ ജനകീയ ഭക്ഷണമായ പൊറോട്ടയും മുട്ടക്കറിയും വാങ്ങിക്കഴിച്ചു. സത്യം പറയാലോ.. അടിപൊളി സ്വാദുള്ള പൊറോട്ടയും കറിയും. ഇതു കഴിച്ചതിന്‍റെ ഇഫക്ട് എന്തായാലും ഉഗ്രൻ. ഒരു ദിവസം മുഴുവൻ വിശപ്പ് തോന്നിയില്ല. യാത്രയിൽ പിന്നെ ഭക്ഷണം കഴിച്ചതേയില്ല.
പൊതുവേ നമ്മളെല്ലാം യാത്രകൾ ചെയ്യുന്ന സീസൺ ഏപ്രിൽ, മെയ്യ് ആയിരിക്കും. എന്നാൽ വാഗമണ്ണിൽ ആ കാലത്ത് പോകാതിരിക്കുകയാണ് ഉത്തമം. കരിഞ്ഞ മൊട്ടക്കുന്നുകൾ മാത്രമേ അപ്പോൾ ഉണ്ടാകൂ... പച്ചപ്പ് കുറയും. ആഗസ്റ്റു മുതൽ ഡിസംബർ വരെയുള്ള സീസൺ വാഗമൺ സന്ദർശിക്കാൻ പറ്റിയ സമയമാണ്. നല്ല അന്തരീക്ഷം മാത്രമല്ല പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ആവാഹിച്ച് നിൽക്കുകയുമാവും.
ഞങ്ങൾ പോയ സമയം വളരെ നല്ലതാണെന്ന് തോന്നിയതോടെ ആവേശം പതിന്മടങ്ങായി. ചില സ്പോട്ടുകളിൽ ആളുകൾ വാഹനങ്ങൾ നിർത്തി പടമെടുപ്പാണ്. അത്തരം സെന്‍ററുകൾ ചെറിയ ഷോപ്പിംഗ് സെന്‍ററുകൾ കൂടിയാണ്. സെൽഫി വന്നതോടെ സ്വന്തം പടമെടുക്കാൻ ആളെ അന്വേഷിക്കാൻ മെനക്കെടേണ്ട കാര്യമൊന്നുമില്ലാത്തതിനാൽ യാത്രികർ മിക്കവരും സെൽഫി പിടുത്തമാണ്. ഈ അവസരം മുതലാക്കി സെൽഫി സ്റ്റിക്ക് വിൽക്കുന്ന ഒരു യുവാവിനെ കണ്ടു. സെൽഫി സ്റ്റിക്ക് കണ്ടപ്പോഴാണ് ഒന്നു വാങ്ങിയാലോ എന്ന ചിന്ത വന്നത്. 100 മുതൽ 150 രൂപ വരെ വിലയുള്ള സെൽഫി സ്റ്റിക്കുകൾ. അതിലൊന്ന് വാങ്ങി. സ്റ്റിക്ക് അയാൾ തന്നെ ഫോണിൽ ഫിറ്റ് ചെയ്‌തു തന്നു. അപ്പോൾ തന്നെ ഒരു പരീക്ഷണ ഫ്രെയിം എടുത്തു. ആഹാ... കിടിലം.... വാഗമണ്ണിന്‍റെ പ്രകൃതി ഭംഗി മുഴുവൻ പകർത്താൻ ഈ സെൽഫി സ്റ്റിക്കാണ് ഞങ്ങളെ സഹായിച്ചത്.