അത്രമേൽ പ്രണയിക്കയാൽ… ബൃന്ദ പുനലൂർ

തന്നിലുണരുന്ന പ്രണയത്തിന്‍റെ ഉദ്യാനത്തിലേക്ക് ഉന്മാദത്തോടെ ഒരാളെ ചേർത്തുവയ്ക്കാൻ ഏതൊരാളിലും സ്വയമറിയാതെ ഒരു അന്വേഷണം ഉണ്ടാകാറുണ്ട്. അത്തരം ചിലതൊക്കെ വായനക്കാരിൽ സംഭവിപ്പിക്കാൻ എന്‍റെ കവിതകൾക്ക് കഴിയുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. “എന്‍റെ അനുരാഗി വസന്തത്തിന്‍റെ രാജകുമാരാ എന്നിൽ പ്രണയനർത്തനം ചെയ്യുന്നവനേ..” എന്ന് ഞാൻ കവിത കുറിക്കുമ്പോൾ പ്രണയി എന്‍റെ മേൽ പ്രണയത്തിന്‍റെ വർഷരാഗങ്ങൾ തൂകിക്കൊണ്ടിരുന്നു. പിന്നീട് അവൻ അതൊക്കെ വായിച്ചു കേൾപ്പിക്കുമ്പോൾ പ്രപഞ്ചമാകെ പ്രണയം നിറയും.

കവിത നൽകിയ മധുര നിമിഷങ്ങൾ. ഏതു ചഷകത്തിലാണ് നിറച്ചു വയ്ക്കേണ്ടതെന്നറിയാതെ ഉള്ളം നിറയെ പ്രണയവുമായാണ് ഓരോരുത്തരും ജീവിക്കുന്നത്.പ്രണയം തൊട്ട വദനങ്ങളിൽ നിന്ന് വായിച്ചെടുക്കാം അതിന്‍റെ ഉന്മാദവും സുഗന്ധവും മധുരവും. തീയിൽ ചവിട്ടി നിൽക്കുമ്പോഴും നിൽക്കുമ്പോഴും അതിനെക്കുറിച്ച് ഓർക്കാതെയും ആളുന്ന അഗ്നി നാമ്പുകളെ ആറ്റിത്തണുപ്പിക്കുവാനും പ്രണയത്തിനേ കഴിയൂ. പ്രണയത്തിൽ ഇല്ലാത്തതായി എന്താണുള്ളത്? ഒറ്റ കാഴ്ചയിൽ ഒരു ഞൊടിനേരം കൊണ്ട് പ്രണയത്തിലായവരായിരുന്നു ഞങ്ങൾ. എങ്ങനെയാണതും സംഭവിച്ചത്. പിൽക്കാല നേരങ്ങളിൽ ഞങ്ങൾ വിസ്മയഭരിതരാകുന്നു.

“ഈ ഭൂമിക്കു മീതെ കാറ്റിനുമീതെ ജലരാശികൾക്കു മീതെ എന്നെ കണ്ടെത്തും വരെയും അലഞ്ഞു നടന്ന ഈ പാദങ്ങളെയാണ് എനിക്കിഷ്ടം” എന്ന നെരൂദ കവിതയിലെന്ന പോലെ ഞങ്ങൾ കടന്നുവന്ന കാലങ്ങളിലേക്കും തിരിഞ്ഞു നോക്കുന്നു. നമ്മൾ കണ്ടുമുട്ടും മുമ്പ് നമ്മളുണ്ടായിരുന്നില്ല എന്നും കണ്ടുമുട്ടിയതിനുശേഷമാണ് പ്രപഞ്ചമുണ്ടായതെന്നും കരുതി പരസ്പരം പാദങ്ങൾ പിണച്ചു വയ്ക്കുന്നു. ഏകാന്തതകളിൽ നടന്നു തീർത്ത വഴികളെക്കുറിച്ചാലോചിക്കുന്നു. ഒളിച്ചു വച്ചിരിക്കുന്ന ഇഷ്ടങ്ങളുടെ മധുരവും ചവർപ്പും കണ്ണീരുപ്പും ഓരോ ഉള്ളകങ്ങളിലുമുണ്ട്. പലരും അവരുടെ ഹൃദയബന്ധുവായി കരുതി അതൊക്കെ പങ്ക് വച്ചതും കവിതകൾ അവർക്ക് നൽകിയ അജ്‌ഞാതമായ ഏതോ ഉറപ്പുകളാണ്.

ചെറുപ്പത്തിലെ പ്രണയം അര നൂറ്റാണ്ടാകുമ്പോഴും ഇപ്പോഴും അതേപോലെ സൂക്ഷിക്കുന്ന ഗാഢാനുരാഗികളും മുന്നിൽ വന്നു. കാലത്തിനും സാഹചര്യങ്ങൾക്കും ഉള്ളിൽ പൂവിട്ട ഒന്നിനെയും ഇല്ലാതാക്കാനാവില്ല എന്ന് ജീവിതം കൊണ്ട് കാണിച്ചു തന്നു. എന്‍റെ പ്രണയകവിതകളെ നിങ്ങളിങ്ങനെയൊക്കെയാണ് എന്നെക്കൂടി കുളിർപ്പിക്കുന്നതും തേൻ പിടിപ്പിക്കുന്നതും എന്ന് ഞാൻ ആനന്ദപ്പെട്ടു.

ഒരിക്കൽ ഒരു കവിത പുസ്തകം വായിച്ചശേഷം ഒരു കലാലയ വിദ്യാർഥിനി അറിയിച്ചു. തന്‍റെ പ്രണയത്തിന്‍റെ രാഷ്ട്രീയമാണ് ആ കവിതകളിലെങ്ങും എന്ന്. തന്‍റെ പ്രണയിയെ പ്രണയിക്കുന്നതും ആലിംഗനം ചെയ്യേണ്ടതും അവനിൽ ശയിക്കേണ്ടതും താൻ ആഗ്രഹിക്കുന്നത് ഇങ്ങനെയൊക്കെയെന്ന് ആവൾ വെളിപ്പെടുത്തുന്നു.

നാം പ്രണയിക്കും പോലെ മറ്റാർക്ക് പ്രണയിക്കാൻ കഴിയുമെന്ന്, നിന്നെ ഉള്ളിൽ കൊണ്ടുനടക്കും പോലെ മറ്റാർക്കും കഴിയില്ലെന്ന്… ഇതാണ് പ്രണയത്തിന്‍റെ ആത്മവിശ്വാസം. ഇതാണ് പ്രണയത്തിന്‍റെ കരൾ. പ്രണയം എന്‍റെ ശ്വാസമാണ്. എനിക്കുറങ്ങാൻ, ഉണരാൻ നിന്‍റെ കൈത്തണ്ടയുടെ സുരക്ഷിതത്വമെന്ന പോലെ മുഖം ചേർക്കുന്ന ഹൃദയത്തിന്‍റെ ചൂടെന്ന പോലെ, ചിലപ്പോൾ ഉത്ഭവമറിയാത്ത നദി പോലെ, ചിലപ്പോൾ ലക്ഷ്യമില്ലാത്ത ഒഴുക്ക് പോലെ, ചിലപ്പോൾ നിശ്ചല തടാകം പോലെ പ്രണയം അതിന്‍റെ ഋതുക്കൾ എന്നിൽ വർഷിക്കുന്നു. ഉള്ളിലും പുറത്തും ദൂരത്തിരുന്നും അടുപ്പം കൊണ്ട് ഞെരിഞ്ഞും അകലം കൊണ്ട് പിടഞ്ഞും പ്രണയത്തെ അറിയുന്നു. ആഘോഷിക്കുന്നു എങ്കിലും മിക്കാവറും പേർ അദ്ഭുതപ്പെടുന്നു.

ഈ പ്രണയമൊക്കെ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന്. പ്രണയമില്ലാക്കാലത്ത് ഇതേക്കുറിച്ചെഴുതുന്നതെന്തിനെന്ന്. പ്രണയമില്ലാകാലം. ആ വാക്ക് എന്നെ അമ്പരപ്പിക്കുന്നതേയില്ല. പകരം എങ്ങനെയാണ് ഭൂരിപക്ഷം മനുഷ്യരിൽ നിന്നും അത് അപ്രത്യക്ഷമായത് എന്ന് ഞാൻ ആലോചിക്കുന്നു. നശീകരണത്തിന്‍റെ ബദൽ വികാരങ്ങൾ എങ്ങനെ സ്ഥാനം പിടിക്കുന്നു. അറിയില്ല. പ്രണയത്തിന്‍റെ മറുപേര് പെട്രോളിലെരിയുക എന്ന തരത്തിലേക്ക് വികാരങ്ങളെ മാറ്റിയെഴുതിയിരിക്കുന്നു. തിരസ്കാരങ്ങൾ, ഉടൽ അധിനിവേശങ്ങൾ, ഇല്ലാതാക്കലുകൾ എന്നിങ്ങനെ കുറ്റക്യത്യങ്ങളുടെ വേഷം ധരിച്ചെത്തുമ്പോൾ തങ്ങൾക്ക് പ്രണയിക്കാനും ഭയം എന്ന് ചിന്തിച്ചുപോകുന്നതിൽ തെറ്റു പറയാനും പറ്റില്ല.

“എനിക്ക് സ്നേഹിക്കാൻ കഴിഞ്ഞവരെ ഞാൻ വേണ്ടത്ര സ്നേഹിച്ചിട്ടില്ല” എന്ന നോബൽ സമ്മാനജേതാവായ വിഖ്യാത കവിയും എഴുത്തുകാരനുമായ ഡെറക് വാൽക്കോട്ട് തന്‍റെ കവിതയിൽ കുറിക്കുംപോലെ ആരെയും വേണ്ടത്ര സ്നേഹിക്കാത്ത ഒരു സമൂഹം സ്നേഹനിരാലംബമായി അലയുന്നു. നിങ്ങൾക്ക് എന്ന കവിതയിലെപ്പോലെ സ്നേഹിച്ചു കൂടെ എന്ന ചോദ്യങ്ങൾ മനുഷ്യവംശത്തിന്‍റെ അദമ്യമായ പ്രണയ ദാഹങ്ങളായി വായിച്ചെടുക്കുന്നു.

പ്രണയം ഒരു കാത്തിരിപ്പാണ്… കെ.വി. സുമിത്ര

പ്രണയം എന്നത് എനിക്ക് സാഹിത്യ അനുഭവം അല്ല, മറിച്ച് സമഗ്രമായ ജീവിതത്തെ ഉൾക്കൊള്ളുന്ന ദർശനമാണ്. വ്യക്‌തിപരമായ പ്രണയാനുഭവങ്ങൾ അല്ല എന്‍റെ കവിതയിൽ വിഷയമാവാറുള്ളത്. പലപ്പോഴും പ്രണയമെന്നത് ഒരു സ്വപ്‌നം പോലെ കവിതയായി അനുഭവിക്കാറുണ്ട്. അതാണ് പതിവ്. ശ്രദ്ധിക്കപ്പെട്ട പല പ്രണയ കവിതകളും എന്‍റെ തന്നെ അനുഭവങ്ങളാണ് എന്ന് തെറ്റിദ്ധരിച്ചു അഭിപ്രായപ്പെടുന്ന ഒരുപാട് വായനക്കാരുണ്ട്. എന്നാൽ കവിതയുടെ ആത്മാവും സത്തയും ഒരേപോലെ ഉൾക്കൊള്ളുന്ന വായനക്കാരൻ അഥവാ വായനക്കാരിയെയാണ് ഞാൻ പ്രോത്സാഹിപ്പിക്കാറുളള്ളത്.

കവി ഉദ്ദേശിക്കുന്നത് എന്താണോ, അത് ഉൾക്കൊള്ളുന്ന ആ വായനക്കാരൻ നമ്മേ തിരിച്ചറിയുമ്പോൾ കിട്ടുന്ന സുഖമാണല്ലോ മറ്റെന്തിനെക്കാളും വലുത്. പ്രണയത്തെ ആൺ-പെൺ പക്ഷം മാത്രമായി ചുരുക്കി കാട്ടാൻ എനിക്ക് താൽപര്യമില്ല. 16 കാരിയായ പെൺകുട്ടിക്ക് തന്‍റെ പേനയോട് തോന്നുന്ന, അവൾ വായിക്കുന്ന, വായിക്കപ്പെടുന്ന കഥയോ കവിതയോ അതിലെ കഥാപാത്രങ്ങളോ അങ്ങനെ മറ്റനേകം പേരില്ലാത്ത, പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളോടും തോന്നുന്ന ഉൽക്കടമായ അനിർവചനീയമായ, ആ വികാരത്തെ പ്രണയമെന്ന് വിളിക്കാമെങ്കിൽ, ആ പ്രണയം വിലമതിക്കാനാവാത്തതാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

ഞാൻ കാണാത്ത, ഭാവനയിലെ പ്രണയങ്ങളുടെ മഴവില്ലാണ് എന്‍റെ കവിത. മഴവില്ല് കാണുമ്പോൾ മയിൽ നൃത്തം ചെയ്യും. വായനക്കാരുടെ പ്രതികരണത്തെ ഞാൻ ആ നൃത്തത്തോടാണ് ഉപമിക്കുന്നത്. പ്രകൃതീയമായിട്ടുള്ളത്. അങ്ങനെയുള്ള ഒരനുഭവമാണ് ഞാൻ അവരിൽ നിന്നും അനുഭവിക്കുന്നത്. എന്‍റെ സ്വത്വത്തെ ഉൾക്കൊള്ളുന്ന മറ്റൊരു സമതലം. പക്ഷേ, മഴവില്ല് ഇല്ലെങ്കിൽ നൃത്തമില്ല. മഴവിൽ ഉണ്ടാകണമെങ്കിൽ പ്രണയാനുഭവം ഉണ്ടാവണം. ആ തോന്നലിന്‍റെ പരോൾ ലഭിക്കാത്ത ജീവപര്യന്ത തടവുകാരിയാണ് ഞാൻ.

ഞാൻ എഴുതിയ പല കവിതകളും മുഖപുസ്‌തകത്തിൽ പ്രസിദ്ധീകരിക്കാറുണ്ട്. അതിന് താഴെ വരുന്ന കമന്‍റുകൾ പലതും നിലവാരമുള്ളവ ആയിട്ടാണ് എനിക്ക് തോന്നാറുള്ളത്. കവിയെക്കാൾ മുന്നേ നടക്കുന്ന വായനക്കാരുടെ ഒരു കാലമാണിതെന്ന് തോന്നാറുണ്ട്. പക്വമായ ആസ്വാദനമാണ് പലപ്പോഴും വായനക്കാരൻ നടത്തുന്നത്. വേറൊരർത്ഥത്തിൽ, കവികൾ ആകാൻ ശ്രമിച്ചു പരാജയപ്പെട്ട ആളുകൾ ആണല്ലൊ കേരളത്തിലെ ഇന്നത്തെ കവിതാ വായനക്കാർ. ഈ കവിത എനിക്ക് എഴുതാൻ പറ്റുമായിരുന്നു അല്ലെങ്കിൽ ഇത് എന്‍റെ അനുഭവമാണല്ലോ എന്ന തിരിച്ചറിവിന്‍റെ നിമിഷത്തിലാണ് വായനക്കാരൻ കവിയുമായി താരതമ്യം സാധിക്കുന്നത്. ആ താരതമ്യപ്പെടലിന്‍റെ കാത്തിരിപ്പിലാണ് പ്രണയം. അതുകൊണ്ടായിരിക്കണം പ്രണയകവിതകൾ കൂടുതൽ സ്വീകരിക്കപ്പെടുന്നത്.

ഇഷ്‌ടപ്പെട്ട പ്രണയ കവിത ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ സദ്‌ഗതിയാണ്. അതിലെ ഒരു വരിയുണ്ട്. “പല നാളും മാറ്റിവെച്ച പ്രണയത്തിൻ പുസ്‌തകം നീ തുറക്കും അതിലെന്നും നീയെന്‍റെ പേര് കാണും അതിലെന്‍റെ ജീവന്‍റെ നേര് കാണും” എന്ന വരി എല്ലാ കാലത്തെയും മികച്ച പ്രണയാനുഭവ വായനയാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്. സദ്ഗതിയിലെ ആ വരികൾക്ക് മുന്നിൽ കെ.വി. സുമിത്രയുടെ കവിതകൾ ഒരു കടുകുമണിയോളം ചെറുതാകുന്നു എന്ന് കണ്ട്, അതിൽ സങ്കടം അല്ല, സന്തോഷമാണ് എനിക്ക് തോന്നാറുള്ളത്. കാരണം അത്തരം സന്തോഷങ്ങൾ കൂടിയാണ് എനിക്ക് എന്‍റെ കവിത…

പ്രണയം ഒരു കാത്തിരിപ്പാണ്. ജീവിതത്തിനപ്പുറമുള്ള ഒരു സ്വപ്‌നസഞ്ചാരത്തിലേക്കുള്ള പ്രാർത്ഥനയോടു കൂടിയ ഒരു യാത്ര. ആ യാത്രയ്‌ക്കൊപ്പം ചേരാൻ നാം കൊതിക്കുന്ന മുഖങ്ങളുണ്ട്. ഭൂഖണ്ഡം പ്രഖ്യാപിക്കാതെ, അതിർത്തികൾ നിവർത്താത്ത ഒരു ലോകം. സഞ്ചരിക്കുമ്പോൾ നാം കാണാൻ ആഗ്രഹിച്ച മുഖങ്ങളെ കണ്ടെത്തിയെന്ന് തോന്നും. കവിതകളിൽ നിറയുന്ന “നീ” ആ മുഖങ്ങൾ ആണ്. അവയെല്ലാം വായിച്ചു കഴിയുമ്പോൾ, ഏതോ ലോകത്തിന്‍റെ അപ്പുറത്തിരുന്ന് എന്‍റെ കവിതാവായനക്കാരൻ എനിക്ക് നേർക്കു പിടിച്ച പ്രണയ ഭിക്ഷകളുണ്ട്, പ്രണയപാനങ്ങളുണ്ട്… “അതതല്ല, അതതല്ല” എന്ന് പറഞ്ഞു ഒഴിഞ്ഞു പോകുമ്പോൾ, മനസ്സ് പിടച്ചില്ലെന്നു പറയാനും പറ്റില്ല… കാരണം, ആ കണ്ണീരു വിങ്ങുന്ന ഹൃദയവും ചേർത്ത് വെച്ച് അവർക്കായി സമർപ്പിക്കുന്നതും കൂടിയാണ് ഈ ഞാൻ എന്ന എന്നിലെ കവയിത്രി…

ചോദിക്കാത്തവരില്ല, “ഇപ്പോൾ അപാര പ്രണയത്തിൽ ആണല്ലോ” എന്ന്… ചെറു ചിരിയോടെ “ജീവിച്ചു പോകട്ടെ മാഷേ” എന്ന വാക്കുകളിൽ ഒതുക്കി മുനയൊടിക്കുന്നവയും ഉണ്ട്. അപ്പോഴും പറയുന്നു… ഉള്ളിൽ നിന്നുള്ളവയെ എന്‍റെ എഴുത്തിൽ വിടരൂ… അങ്ങനെ തന്നെയല്ലേ വേണ്ടതും… എന്‍റെ എഴുത്തിനെ ഉൾക്കൊള്ളുന്ന, മനസിലാക്കുന്ന ആ ഒരേയൊരു സഹൃദയനുവേണ്ടി, ഏറ്റുവാങ്ങുന്ന വേദനകളുടെ അപാരതകളും മനോഹാരിതകളും ഇതാ എഴുത്തിലൂടെ, ഈ നീറ്റെഴുത്തായി വീണ്ടും നിങ്ങൾക്ക് മുന്നിൽ വെക്കുന്നു…

പറയാതെ പറയും ശരീരവും

ആധുനിക മന:ശാസ്ത്രത്തിന്‍റെ പിതാവായ സിഗ്‍മണ്ട് ഫ്രോയിഡ് പറഞ്ഞു. “കാണാൻ കണ്ണും കേൾക്കാൻ ചെവിയും ഉള്ള മനുഷ്യൻ സ്വയം മനസ്സിലാക്കുക, അവന് ഒരു രഹസ്യവും സൂക്ഷിക്കാൻ കഴിയില്ല. അവന്‍റെ ചുണ്ടുകൾ നിശബ്ദമായിരിക്കാം, പക്ഷേ അപ്പോൾ അവന്‍റെ കൈ വിരലുകൾ മന്ത്രിക്കുന്നുണ്ടാകും. വഞ്ചന അവന്‍റെ ഓരോ രോമകൂപത്തിൽ നിന്നും പുറത്തേക്ക് വരും.”

നിശ്ശബ്ദരായിരിക്കുന്ന വേളയിലും ആളുകൾ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്. മൗനം പോലും വാചാലം എന്ന് സാഹിത്യഭാഷയിൽ പറയുന്നതും വെറുതെയല്ല. ശരീര ഭാഷയിലൂടെയും ആംഗ്യത്തിലൂടെയും ഒരു സ്ഥലത്തേക്ക് കടന്നു വരുന്ന രീതിയിൽ പോലും ആ സംവേദനം തുടർന്നു കൊണ്ടിരിക്കും. വായ് കൊണ്ടു പറയുന്നതിലും സത്യസന്ധമായിരിക്കും ഇങ്ങനെ പറയാതെ പറയുന്ന കാര്യങ്ങൾ. മാനറിസങ്ങളെ കുറിച്ചും അവാചിക ആശയവിനിമയത്തെ കുറിച്ചുമുള്ള പഠനത്തെ സൈക്കോഡ്രാമ എന്നാണ് വിളിക്കുന്നത്.

കൈകളുടെ ചലനത്തിൽ നിന്നു മാത്രം ഒരു വ്യക്‌തിയുടെ യാഥാർത്ഥ്യങ്ങൾ കണ്ടെത്താൻ നൂറ്റാണ്ടുകൾക്കു മുമ്പേ മനുഷ്യൻ ശ്രമിച്ചു തുടങ്ങിയതാണ്. ഈ പറഞ്ഞ കാര്യങ്ങളെ അവഗണിക്കാൻ കഴിയില്ല എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞരും പറയുന്നത്. ഭൂരിഭാഗം പേരും അവർ പോലും അറിയാതെ അംഗവിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഇനി മനപൂർവ്വം അംഗവിക്ഷേപം കുറയ്‌ക്കാൻ ശ്രമിച്ചെന്നിരിക്കട്ടെ, അതും നൽകുന്നുണ്ട് ചില സന്ദേശങ്ങൾ. അങ്ങനെ ചെയ്യുമ്പോൾ സ്വയം ഒരു സാഹചര്യത്തിൽ നിന്നോ, മറ്റൊരു വ്യക്‌തിയിൽ നിന്നോ ഉൾവലിയാൻ ആഗ്രഹിക്കുന്നു എന്നു തന്നെയാണ് സൂചന. മാനറിസങ്ങളും ചേഷ്ടകളും പ്രകടിപ്പിക്കുന്നത് മോശമോ തെറ്റോ അല്ല. സത്യസന്ധമായ രീതിയിൽ നമ്മുടെ വികാരവിചാരങ്ങളെ ശരീരം പ്രകടിപ്പിക്കുന്നു. അത് നമ്മൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും.

അംഗവിക്ഷേപങ്ങളെ പൊതുവൽക്കരിക്കുക പ്രയാസമാണ്. അത് സാഹചര്യങ്ങളെയും വ്യക്‌തിയെയും ആശ്രയിച്ചാണിരിക്കുന്നത്. എങ്കിലും പൊതുവായി മൂക്കു കടിക്കുമ്പോഴാണ് ഒരാൾ തന്‍റെ മൂക്ക് ചൊറിയാൻ തുടങ്ങുന്നത്. പക്ഷേ നിങ്ങൾ ഒരു കാര്യം പറയുന്നതിനിടെ കേൾക്കുന്നയാൾ മൂക്ക് ചൊറിയുന്നുണ്ടെങ്കിൽ പറയുന്ന കാര്യം അത്ര വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നാണ് അർത്ഥം. സംസാരിക്കുന്ന വ്യക്‌തി മൂക്ക് ചൊറിയുന്നുണ്ടെങ്കിലും ആ സംസാരത്തിൽ എന്തോ അസ്വാഭാവികമായതുണ്ടെന്ന് മനസ്സിലാക്കണം.

അംഗവിക്ഷേപങ്ങളെയും പെരുമാറ്റത്തെയും കൃത്യമായി ക്ലാസിഫൈ ചെയ്യാൻ കഴിയില്ലെങ്കിലും നാല് വിഭാഗങ്ങളിലായി അവയെ ഉൾപ്പെടുത്തി മനസ്സിലാക്കാവുന്നത്.

      • സംരക്ഷണം
      • ഉറപ്പ്
      • അനിശ്ചിതത്വം
      • ആക്രമണം

സംരക്ഷണം എന്ന വിഭാഗത്തിൽ ഏറ്റവും പൊതുവായ അംഗ വിക്ഷേപങ്ങള്‍ പെടുന്നതാണ്. കൈകൾ നെഞ്ചിൽ കെട്ടി നിൽക്കുന്നത്. മറ്റൊരാളെ വിമർശിക്കുമ്പോൾ നാം ഇങ്ങനെ കൈകൾ നെഞ്ചിൽ പിണച്ചു കവചം തീർക്കുക സ്വാഭാവികമാണ്. ബസ് സ്റ്റോപ്പുകളിലും മറ്റും നിൽക്കുമ്പോൾ സ്ത്രീകൾ ഇങ്ങനെ കൈ നെഞ്ചത്തു കെട്ടി നിൽക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. സ്വയം സംരക്ഷണമാണത്. ലൈംഗികമായ മാനറിസങ്ങളിലേക്കു വരുമ്പോൾ പുരുഷനാണ് സ്ത്രീയെക്കാൾ കൂടുതൽ പ്രകടിപ്പിക്കുന്നത്. അതേസമയം തോളുകൾ ഇളക്കുന്നതിലും കൈകാലുകൾ കൂടുതൽ ചലിപ്പിക്കുന്നതിലും സ്ത്രീകൾ തന്നെയാണ്.

ഒരു പൊതുപരിപാടിയിൽ ഒരു അതിഥി തന്‍റെ കസേരയിൽ വളരെ ഉറപ്പിച്ച് ഇരിക്കുന്നതു കണ്ടാൽ ഒരു കാര്യം ഉറപ്പിക്കാം. അയാൾ സ്വയം അറിയാതെ ഒരു സംരക്ഷണം ആഗ്രഹിക്കുകയാണ്. അങ്ങനെയൊരാളെ ശരിക്കും നിരീക്ഷിക്കുകയും സംസാരിക്കുകയും ചെയ്‌തു നോക്കൂ. മേൽപ്പറഞ്ഞ കാര്യം സത്യമാണെന്ന് വ്യക്‌തമാകും.

അതുപോലെ തന്നെ ഒരു വ്യക്‌തിയോട് നാം സംസാരിക്കുമ്പോൾ ആ വ്യക്തി കോട്ടിന്‍റെ ബട്ടനുകൾ ഇടാൻ ശ്രമിക്കുന്നുണ്ടെങ്കിൽ പൊതുവിൽ അയാൾ സംരക്ഷണം തേടുന്നു എന്നാണ് സൂചന. പ്രത്യേകിച്ചും മുറിയിൽ തണുപ്പില്ലെങ്കിൽ തീർച്ചയായും ആ പ്രതികരണം മനസ്സിന്‍റെ തന്നെയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കൂടെയുള്ള ആളിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിന്‍റെ തെളിവും ആകാം.

സ്ത്രീകളാണെന്നിരിക്കട്ടെ, ഈ സാഹ ചര്യത്തിലെന്നു കരുതുക. അവർ സ്വന്തം തൊണ്ടയിൽ മെല്ലെ വിരൽ ഓടിക്കും. ഒരു വ്യക്‌തിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്നതിന്‍റെയോ പ്രത്യേക സാഹചര്യത്തിൽ നിന്ന് സംരക്ഷണം തേടുന്നതിന്‍റെയോ, മറ്റൊരു ആംഗ്യമാണ് സ്വന്തം കൈകൾ ഒരു കണ്ണിനുമേൽ വച്ച് സംസാരിക്കാനുള്ള ശ്രമം. കാലുകൾ പിണച്ച് വച്ച് ഇരിക്കുന്നതും കൈകൾ മടിയിൽ വച്ച് ഇരിക്കുന്നതും സംരക്ഷണം തേടുന്നത്തിന്‍റെ സൂചനയാണ്.

ഓഫീസിലെ ഫർണീച്ചർ അറേഞ്ച്മെന്‍റിൽ പോലും സംരക്ഷണം ആഗ്രഹിക്കുന്നതിന്‍റെ പ്രതികരണം കാണാൻ കഴിയും ഒരു വലിയ ടേബിളിന്‍റെ ഒരു വശത്ത് ഒരാളും, അതേ സ്ഥാപനത്തിലെ മറ്റുള്ളവർ ആ ടേബിളിന്‍റെ എതിർവശത്തും മാത്രം ഇരിക്കാൻ പാകത്തിന് കസേര അറേഞ്ച് ചെയ്യുന്നതിൽ ഡിഫൻസീവ് കാരണം ഉണ്ടാകുമെന്നാണ് മന:ശാസ്ത്രജ്‌ഞരുടെ നിഗമനം. സ്വന്തം ഐഡന്‍റിറ്റി തേടുന്നതിന്‍റെ പൊതുവായ അംഗവിക്ഷേപങ്ങളിലൊന്നാണ് കൈകൾ കൂട്ടിപിടിക്കുന്നതും തള്ളവിരലുകൾ തമ്മിൽ കൂട്ടിയുരസുന്നതും. എന്നാൽ തള്ളവിരൽ എതിർദിശയിൽ പിടിച്ച് ഉരസാൻ ശ്രമിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം. കക്ഷി അൽപം അസ്വസ്ഥനാണ്. കൈവിരലുകൾ കോർത്തു പിടിക്കുന്നത് യാഥാർത്ഥ്യ ബോധത്തിലാണെന്ന ചിന്ത ശക്‌തിപ്പെടുത്താനാണ്.

ഇങ്ങനെ സ്വയം ഉറപ്പുവരുത്തുന്നതിന്‍റെ മറ്റൊരു ലക്ഷണമാണ് ഒരു കൂട്ടം ആളുകൾക്കിടയിലേക്ക് കടന്നു ചെല്ലുമ്പോൾ അവിടെ കിടക്കുന്ന കസേരകളിലോ, വസ്തുക്കളിലോ സ്പർശിക്കുന്നത്.

ബോസിന്‍റെ മേശപ്പുറത്ത് പ്രത്യേകം ഒരുക്കി വച്ച പെൻസിൽ ബോക്‌സ്, പേപ്പർ തുടങ്ങിയവ കണ്ടാൽ മനസ്സിലാക്കുക, ബോക്സിനും താൻ ബോസാണെന്ന ഉറപ്പാക്കൽ ആവശ്യമുണ്ട് എന്ന്. ബോസ് തന്‍റെ ആഷ്‍ട്രേയും പെൻസിൽ ബോക്‌സും ഇടയ്ക്കിടെ റീ അറേഞ്ച് ചെയ്യുന്നുണ്ടെങ്കിൽ അതിന്‍റെ അർത്ഥം ഇതാണ്.

“കണ്ടോ ഞാൻ വളരെ പ്രധാനപ്പെട്ട വ്യക്‌തിയാണ്. നിങ്ങൾ കൊണ്ടുവരുന്ന ഏതു പേപ്പറും പരിശോധിക്കാനുള്ള അധികാരം മാർക്ക് ചെയ്യുന്ന പെൻസിലും എന്‍റെ കൈവശമുണ്ട്.”പിന്നെ ചെറിയ ശബ്ദത്തിൽ അദ്ദേഹം ഇങ്ങനെ സ്വയം ചോദിക്കുന്നുണ്ടാകും. “ഇതെല്ലാം നേരു തന്നെ?”

ഒരു ഗ്രൂപ്പിൽ തന്‍റെ സ്‌ഥാനം ഉറപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്‌തി എപ്പോഴും ബന്ധപ്പെട്ട അധികാരിയുടെ തൊട്ടടുത്ത സിറ്റിൽ ഇരിക്കാൻ ശ്രമിക്കും.

ഇനി ഒരു വ്യക്‌തി നിങ്ങളോട് സഹകരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അയാൾ പല രീതിയിൽ അതു പറയാതെ പറയും. ഒഴിഞ്ഞു മാറാൻ ആഗ്രഹിക്കുന്ന വ്യക്‌തി കോട്ടിന്‍റെ ബട്ടൻ ഇടുന്നതു പോലെ സഹകരിക്കാൻ ആഗ്രഹിക്കുന്നയാൾ കോട്ടിന്‍റെ ബട്ടൻ അഴിക്കും. കോട്ട് പുറകോട്ട് തള്ളുകയോ ബെൽറ്റിലോ പോക്കറ്റിലോ കൈവിരലുകൾ ഇടുകയോ ചെയ്യും. നിങ്ങളെ കേൾക്കാൻ ഞാൻ തയ്യാറാണ് എന്നതിന്‍റെ സൂചനയാണത്.

ഇരിക്കുകയാണെങ്കിൽ ആ വ്യക്‌തി കാലുകൾ പിണയ്‌ക്കാതെ നീട്ടി വച്ചിരിക്കും. ഓഫീസിലാണെങ്കിൽ രണ്ടുപേർക്കിടയിൽ ഡസ്കിന്‍റെ തടസം പോലും വരാതെ ഇരിക്കാൻ ശ്രമിക്കും.

മറ്റൊരാൾ പറയുന്നത് കേട്ടിരിക്കുന്ന ആൾ, വായ്പൊത്തി കേൾക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന്‍റെ അർത്ഥം അവർ ഉള്ളിലെ ദേഷ്യം അടക്കാൻ ശ്രമിക്കുന്നു എന്നാണ്. മനസ്സിലെ ദേഷ്യം തീർക്കാൻ ആക്രമണസ്വഭാവം പ്രകടിപ്പിക്കുന്നത് പല രീതിയിലാണ്. ചില നേരത്ത് ദേഷ്യം നിയന്ത്രിക്കേണ്ടി വരുമ്പോൾ ശരീരം സ്വയമറിയാതെ ചില സൂചനകൾ നൽകും. ഇഷ്‌ടപ്പെടാത്ത കാര്യം സംസാരിക്കുമ്പോൾ കസേരയിൽ പിന്നോക്കം ചാഞ്ഞിരിക്കുന്നത് അത്തരം ഒരു സൂചന പുറപ്പെടുവിക്കുന്നു. ഷൂ കൊണ്ട് തറയിൽ സ്വയമറിയാതെ ഉരസുന്നതും മറ്റൊരു പ്രകടനമാണ്.

അഗ്രസീവ് രീതിയും ദേഷ്യം അടക്കുന്ന രീതിയുമൊക്കെ പലരിലും വ്യത്യസ്‌തമാണ്. എങ്കിലും ശ്രദ്ധിച്ചു നോക്കിയാൽ മറ്റൊരാൾ പറയാതെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്കും മനസ്സിലാവും. അതിനാൽ നല്ലൊരു കേൾവിക്കാരനും കാഴ്ചക്കാരനും ആകാം. കൂടുതൽ മനസ്സിലാക്കാം.

ഒരു വട്ടം കൂടി

കോളേജിൽ നിന്നും എത്തിയയുടനെ സ്നേഹ എന്നെ കെട്ടിപ്പിടിച്ചു.

“അമ്മേ, ശനിയാഴ്ച 10-ാം ക്ലാസിൽ പഠിച്ച ഞങ്ങളുടെ ബാച്ചിന്‍റെ റീയൂണിയനാണ്. നല്ല രസമായിരിക്കും. ഞാൻ ഭയങ്കര എക്സൈറ്റഡാണ്. നീതയേയും പിങ്കിയേയും സ്വപ്നയേയും കണ്ടിട്ട് വർഷങ്ങളായി. റീയൂണിയനു വേണ്ടി മാത്രമായിട്ടാ അവർ ഡൽഹിയിൽ നിന്നും വരുന്നത്. അമ്മേ ഞാനേത് ഡ്രസ്സാ ഇടേണ്ടത്?”

സന്തോഷം തുടിക്കുന്ന അവളുടെ മുഖത്തേക്ക് ഞാൻ നോക്കിയിരുന്നു. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരായ പിങ്കിയും നീതയും സ്വപ്നയും ചെന്നൈയിൽ എൻജീനിയറിംഗിന് പഠിക്കുകയാണ്. വളരെ അടുത്ത സൗഹൃദമാണവരുടേത്.

“അമ്മയെന്താ ആലോചിക്കുന്നത്? പഴയ കൂട്ടുകാരെ കാണുന്നത് നല്ല രസമുള്ള കാര്യമാ, അല്ലേ അമ്മേ?” അവളുടെ ചോദ്യം കേട്ട് മനസ്സില്ലാതെയാണെങ്കിലും ഞാൻ നിർവ്വികാരയായി ഒന്നു മൂളി.”

“അതെ സന്തോഷമുള്ള കാര്യമാ.”

“അമ്മേ, അമ്മയ്ക്കും കുറച്ച് ഫ്രണ്ട്സൊക്കെ ഉണ്ടാകുമല്ലോ… അമ്മ അവരെക്കുറിച്ചൊക്കെ ഓർക്കാറുണ്ടോ.” സ്നേഹ അടുത്ത് വന്നിരുന്ന് എന്‍റെ ചുമലിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“ങ്ഹും, ഓർക്കാറുണ്ട്. പക്ഷേ കല്യാണം കഴിയുമ്പോൾ എല്ലാവരും അവരവരുടെ ജീവിതത്തിലായി മുഴുകും. ആഗ്രഹിച്ചാൽ പോലും പരസ്പരം എങ്ങനെയാ കാണാൻ കഴിയാ.”

“ഓ… അമ്മേ, കൂട്ടുകാരെ കണ്ടുപിടിക്കാൻ അത്ര പാടുള്ള കാര്യമൊന്നുമല്ലല്ലോ. അമ്മ സ്വന്തം വീട്ടിൽ പോകുമ്പോൾ പഴയ കൂട്ടുകാരെ കാണാൻ ആഗ്രഹിക്കാറില്ലേ?”

“ങ്…ഹും. ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ അവിടെ കുറച്ച് പേരല്ലേയുള്ളൂ. ഞാൻ അവിടെ എത്തിയ കാര്യമറിയുമ്പോൾ ആരെങ്കിലും വന്ന് എന്നെ കാണും. അത്ര തന്നെ.”

“അമ്മ ഇനിയൊന്ന് നന്നായി ശ്രമിച്ചു നോക്ക്. അമ്മയ്ക്ക് അവരെയൊക്കെ കാണാൻ സാധിക്കും. നല്ല രസമായിരിക്കും. അമ്മയുടെ ലൈഫിനും ഒരു മാറ്റം വരും. ഒരു റീയൂണിയൻ അമ്മയുടെ വകയായി ഇരിക്കട്ടെ.”

സ്നേഹ കുറച്ച് നേരം അതിനെപ്പറ്റി സംസാരിച്ച ശേഷം സ്വന്തം മുറിയിലേക്ക് പോയി. അവൾ പറഞ്ഞതിലും കാര്യമുണ്ട്. എന്‍റെ മനസ്സിലപ്പോൾ രണ്ട് മുഖങ്ങൾ തെളിഞ്ഞു വന്നു. സുകന്യയുടെയും ശ്രീലതയുടെയും. എന്തുകൊണ്ട് അവരെയൊന്ന് കാണാൻ ശ്രമിച്ചു കൂടാ…

പക്ഷേ… ഞാനിവിടെ മുംബൈയിലും സുകന്യ ചെന്നൈയിലും ശ്രീലത ഡൽഹിയിലുമല്ലേ. കഴിഞ്ഞ 20 വർഷമായി അവരുമായി യാതൊരു ബന്ധവുമില്ലല്ലോ. ഇടയ്ക്ക് നാട്ടിൽ പോകുമ്പോൾ അവരെക്കുറിച്ച് അമ്മയോട് ചോദിച്ചറിയുക മാത്രമല്ലേ ചെയ്‌തിരുന്നത്. ഇനിയിപ്പോ കണ്ടാൽ തന്നെ അവരൊക്കെ പഴയതു പോലെ അടുപ്പം കാട്ടുമോ? അവരുടെയൊക്കെ സ്വഭാവം എത്രമാത്രം മാറിയിട്ടുണ്ടാവും… ആർക്കറിയാം.

കൂടിക്കാഴ്ച നടത്തുന്നതിനോട് അവർക്ക് താൽപര്യമുണ്ടാവോ… എന്തോ ഒന്നുമറിയില്ല. പക്ഷേ ആദ്യമൊന്ന് ശ്രമിച്ചു നോക്കാം. ഒരു പരിശ്രമം നടത്തി നോക്കുന്നതിൽ എന്താ തെറ്റ്. പിന്നീടുള്ള സമയത്തിൽ അതേപ്പറ്റിയുള്ള ചിന്ത മാത്രമായി.

ഓഫീസിൽ നിന്നെത്തിയ അജിത് എന്നെ കുറച്ച് നേരം നോക്കി നിന്ന ശേഷം കാര്യം തിരക്കി, “മിനു, എന്തുപറ്റി. എന്തോ ചിന്തയിലാണല്ലോ?”

ഞാനതിന് മറുപടിയൊന്നും പറയാതെ ഒഴിഞ്ഞു മാറി. രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ സ്നേഹയും രാഹുലും എന്നിലുണ്ടായ മാറ്റത്തെക്കുറിച്ച് ചോദിച്ചു.

“എന്തുപറ്റി അമ്മേ?”

ഞാനതിന് മറുപടിയൊന്നും പറയാതെ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി. ഇപ്പോൾ ആരോടും അതിനെപ്പറ്റിയൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ആദ്യം എന്‍റെ കൂട്ടുകാരികളുടെ മേൽവിലാസമൊക്കെ കണ്ടുപിടിക്കട്ടെ.

പിറ്റേന്ന് രാവിലെ എല്ലാവരും പോയശേഷം ഞാൻ അമ്മയെ ഫോണിൽ വിളിച്ച് മനസ്സിലുള്ള കാര്യം പറഞ്ഞു. അമ്മ എന്‍റെ ആഗ്രഹം കേട്ട് ആദ്യമൊന്ന് പൊട്ടിച്ചിരിച്ചു.

“മോളെ, അത് നല്ല കാര്യമാ… നീ അതിന് തയ്യാറെടുത്തോ.”

“പക്ഷേ അമ്മേ, എന്‍റെ കയ്യിൽ അവരുടെ ഫോൺ നമ്പറൊന്നുമില്ലല്ലോ.”

“അതിന് നീയെന്തിനാ വിഷമിക്കുന്നത്. ഞാനവരുടെ വീട്ടിൽ പോയി ഫോൺ നമ്പർ സംഘടിപ്പിച്ച് തരാം. പോരെ.”

അമ്മയുടെ ഉത്സാഹം നിറഞ്ഞ മറുപടി കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരാശ്വാസം തോന്നി. ഉച്ചകഴിഞ്ഞ സമയത്ത് അമ്മ ഫോണിൽ വിളിച്ച് രണ്ടുപേരുടെയും ഫോൺ നമ്പർ തന്നു. നാട്ടിൽ സുകന്യയുടെ വീട് എന്‍റെ വീടിന് 3 കിലോമീറ്റർ അപ്പുറമായിരുന്നു. ശ്രീലതയുടെയും ഏറെക്കുറെ ആ പ്രദേശത്ത് തന്നെയായിരുന്നു.

വർഷങ്ങൾക്കു ശേഷം ഇരുവരോടുമായി സംസാരിക്കുന്നതിലുള്ള ആവേശത്തിലായിരുന്നു ഞാൻ. എന്‍റെ ശബ്ദം ഇരുവർക്കും തിരിച്ചറിയാൻ കഴിഞ്ഞതേയില്ല, പക്ഷേ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ പരസ്പരം വിളിച്ചിരുന്ന ഇരട്ടപ്പേര് പറഞ്ഞതോടെ ഇരുവരും ഞെട്ടിപ്പോയി.

ഇടയ്ക്ക് ഒരിക്കൽ പോലും കാണാനോ പരസ്പരം ഒന്ന് മിണ്ടാനോ ശ്രമിക്കാത്തതിനെപ്പറ്റിയും ഓർമ്മിക്കാത്തതിനെപ്പറ്റിയുമൊക്കെ ഞങ്ങൾ പരിഭവവും പരാതിയും പറഞ്ഞു കൊണ്ടിരുന്നു. കുറേ നേരം വിശേഷങ്ങൾ സംസാരിച്ച ശേഷം കൂടിക്കാഴ്ച നടത്താനുള്ള അനുയോജ്യമായ ദിവസത്തെക്കുറിച്ചായി ഞങ്ങളുടെ ചർച്ച.

ഒടുവിൽ ഒരു തീയതി ഉറപ്പിച്ചു. അപ്പോഴും ഒരു പ്രശ്നമുണ്ട്. ഞാനും സുകന്യയും വീട്ടമ്മമാരായതിനാൽ ഞങ്ങൾക്ക് നിശ്ചയിച്ച തീയതിയിൽ കാണാൻ പ്രശ്നമില്ലായിരുന്നു. എന്നാൽ ശ്രീലത അദ്ധ്യാപികയായതിനാൽ, അവൾക്ക് ആ ദിവസം എത്തിച്ചേരുകയെന്നുള്ളത് പ്രയാസമായിരുന്നുവെങ്കിലും നിശ്ചയിച്ച അന്ന് തന്നെ അവളും വരാമെന്ന് വാക്ക് നൽകി.

രാത്രി ഞങ്ങൾ നാലുപേരും ഭക്ഷണം കഴിക്കാനിരുന്ന സമയത്ത് അന്ന് സംഭവിച്ച പുതിയ വിശേഷത്തെക്കുറിച്ച് ഞാൻ സന്തോഷത്തോടെ പറഞ്ഞു.

“അജിത്ത്, ഇന്നൊരു വലിയസർപ്രൈസുണ്ടായി.” അജിത്തിന്‍റെയും കുട്ടികളുടെയും മുഖം ജിജ്ഞാസ കൊണ്ട് വിടർന്നു.

“എന്താ, വേഗം പറ?” ആകാംക്ഷയോടെ അജിത് ചോദിച്ചു.

“ഞാനിന്ന് എന്‍റെ പഴയ കൂട്ടുകാരികളെ വിളിച്ചു. ഞങ്ങൾ ഒരു ഗെറ്റ് റ്റു ഗദർ ആലോചിച്ചിട്ടുണ്ട്. ഡേറ്റ് ഫിക്സ് ചെയ്‌തു. എനിക്കവരെ കാണാൻ പോകണമെന്നുണ്ട്.” ഞാൻ ആവേശത്തോടെ പറഞ്ഞു. എല്ലാവരും അത് കേട്ട് ചിരിക്കാൻ തുടങ്ങി. ആ ചിരിയിൽ ഞാൻ പരുങ്ങി നിന്നപ്പോൾ അജിത് സ്നേഹയോടായി പറഞ്ഞു.

“മോളെ, നീ എന്തൊക്കെയാ അമ്മയെ പഠിപ്പിക്കുന്നത്. കണ്ടില്ലേ ഇപ്പോ… സംഗതി സീരിയസായത്.”

“അതിനെന്താ അച്‌ഛാ, അമ്മയ്ക്കുമില്ലേ ഒരു ലൈഫ്. അമ്മ മുഴുവൻ സമയവും നമുക്ക് വേണ്ടിയല്ലേ ജീവിക്കുന്നത്? അമ്മയ്ക്കുമുണ്ടാകുമല്ലോ മോഹങ്ങൾ. പഴയ കൂട്ടുകാരെ കാണാൻ. അമ്മേ, പറ എന്താ ഇനി അടുത്ത പ്ലാൻ?”

സുകന്യയോടും ശ്രീലതയോടും ഫോണിൽ സംസാരിച്ച കാര്യമെല്ലാം അവരെ ധരിപ്പിച്ചു.

ഇത് കേട്ട് രാഹുലിന്‍റെ മുഖം വാടി, “അമ്മേ, അപ്പോൾ ഞങ്ങളുടെ ഭക്ഷണ കാര്യം?”

“അവന് തീറ്റയെന്ന ഒറ്റ ചിന്തയേയുള്ളൂ,” സ്നേഹ രാഹുലിനെ ശാസിച്ചു.

“അതൊക്കെ ഞാൻ മെയ്ഡിനോട് പ്രത്യേകം പറയാം. അവർ ദിവസവും രണ്ട് നേരവും വന്ന് ഭക്ഷണം ഉണ്ടാക്കിയാൽ പോരെ.”

അജിത് 2-3 ദിവസം കഴിഞ്ഞ് ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്‌തു. എയർ ടിക്കറ്റ് ശരിയായ ശേഷം ഞാൻ സുകന്യയേയും ശ്രീലതയേയും വിളിച്ച് കാര്യം പറഞ്ഞു.

മനസ് സന്തോഷം കൊണ്ട് തുടിക്കുകയായിരുന്നു. വർഷങ്ങൾക്കു ശേഷം, സ്ക്കൂളിലും കോളേജിലും പഠിച്ച കൂട്ടുകാരികളെ കാണാൻ പോകുന്നതിന്‍റെ ആകാംക്ഷ കൊണ്ട് എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തണമെന്ന് പോലും അറിയാതെ ആശങ്കയിൽ ഞാൻ മുറിയിൽ ഓടി നടന്നു.

സുകന്യയുടെ ഭർത്താവ് ബിസിനസ്സുകാരനാണ്. അവർക്ക് ആണും പെണ്ണുമായി രണ്ട് കുട്ടികളുണ്ട്. ശ്രീലതയുടെ ഭർത്താവാകട്ടെ ഡോക്ടറുമാണ്. അവരുടെ ഏക മകൻ ഡൽഹിയിൽ എൻജീനിയറിംഗ് വിദ്യാർത്ഥിയാണ്. എല്ലാവരും സ്വസ്ഥമായ ജീവിതം നയിക്കുന്നു.

“ഞങ്ങൾ മൂന്നുപേരും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. പ്രീഡിഗ്രി വരെ ഒരേ ക്ലാസിലും. ത്രിമൂർത്തികളെന്നാണ് മറ്റുള്ള കുട്ടികൾ ഞങ്ങളെ വിളിച്ചിരുന്നത്. പ്രീഡിഗ്രിക്കു ശേഷം ഡിഗ്രിക്കും ഞങ്ങൾ ഒരേ കോളേജിലെത്തി. ഞങ്ങൾ മൂന്നുപേരും വ്യത്യസ്ത വിഷയങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നു. ബിഎ കഴിഞ്ഞയുടൻ തന്നെയായിരുന്നു സുകന്യയുടെ വിവാഹം. ശ്രീലതയും ഞാനുമാകട്ടെ പോസ്റ്റ്ഗ്രാജുവേഷൻ കഴിഞ്ഞാണ് വിവാഹിതരായത്. ഇംഗ്ലീഷ് ലിറ്ററേച്ചറായിരുന്നു ശ്രീലതയുടെ വിഷയം. ഞാൻ എക്കണോമിക്സിലും.

ആ ഓർമ്മകൾ മനസിലേക്ക് ഓടി വന്നപ്പോൾ പണ്ട് നടന്ന നല്ലതും ചീത്തയുമായ കുറേ ഓർമ്മകൾ കൂടി കടന്നു വന്നു. ഞങ്ങൾ മൂന്നുപേരുടെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 20-22 വർഷമായിരിക്കുന്നു. പക്ഷേ ആ പ്രായത്തിൽ നടന്ന കാര്യങ്ങൾ ഇപ്പോൾ ഓർക്കുമ്പോൾ എല്ലാം വിചിത്രമായി തോന്നുന്നു.

വിനയനെക്കുറിച്ചുള്ള ഓർമ്മകൾ വരുമ്പോൾ മനസിൽ കയ്പുരസം പടരുന്ന പോലെ. വിനയനെപ്പോലെയുള്ള അത്യാഗ്രഹിയെക്കുറിച്ചുള്ള സത്യാവസ്‌ഥ അറിഞ്ഞത് എത്ര ഭാഗ്യമായി പോയി. അധ്യാപികയായിരുന്ന എന്‍റെ അമ്മയ്ക്ക് അയാൾ ആവശ്യപ്പെട്ട സ്ത്രീധനം കൊടുക്കാൻ പറ്റുമായിരുന്നില്ലല്ലോ.

എനിക്ക് 13 വയസ്സുള്ളപ്പോൾ എന്‍റെ അച്‌ഛൻ വിട്ടു പിരിഞ്ഞു പോയതാണ്. അജിത്തുമായുള്ള വിവാഹം എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹമായിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും സങ്കടമെന്തെന്ന് അറിയാതെയുള്ള ജീവിതമായിരുന്നു ഞങ്ങളുടേത്.

സുകന്യയ്ക്ക് അനിലിനെ മറക്കാൻ കഴിഞ്ഞിരിക്കുമോ. ബിഎ ക്ലാസിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു അവർ. അവർക്കിടയിലുണ്ടായ സൗഹൃദം എപ്പോഴോ ഒരു പ്രണയമായി വളർന്നു. ഈ വിവരം സുകന്യയുടെ വീട്ടിലറിഞ്ഞ് പ്രശ്നമായി. അങ്ങനെ ഡിഗ്രി കഴിഞ്ഞയുടനെ വീട്ടുകാർ അവളുടെ വിവാഹം മറ്റൊരാളുമായി നടത്തുകയായിരുന്നു. അതിനുശേഷം പ്രണയനൈരാശ്യം ബാധിച്ച കാമുകന്‍റെ പരിവേഷത്തോടെയാണ് അനിൽ ജീവിച്ചത്. കോളേജിന്‍റെ ഇടനാഴികകളിൽ വച്ച് അവന്‍റെ മ്ലാനമായ മുഖം കാണുമ്പോഴൊക്കെ ഞങ്ങളുടെ മനസ്സും നൊന്തിരുന്നു.

സുകന്യയുടെ വിവാഹശേഷം പിന്നീട് നടന്നത് എന്‍റെ വിവാഹമായിരുന്നു. ഇക്കാര്യത്തിൽ ശ്രീലതയായിരുന്നു ഏറ്റവും ബുദ്ധിമതി. കോളേജിൽ വല്ല പ്രണയക്കുരുക്കിലും പെട്ടാൽ വീട്ടുകാർ പഠനമവസാനിപ്പിക്കുമെന്ന് നന്നായി അറിയാവുന്നതു കൊണ്ട് അവൾ പ്രണയത്തിലൊന്നും ചാടാതെ പഠനത്തിൽ തന്നെ ശ്രദ്ധിച്ചു. എല്ലാവരും അവരവരുടെ ജീവിതത്തിൽ മുഴുകിയപ്പോൾ ഈയനുഭവങ്ങളൊക്കെ ഏറെക്കുറെ എല്ലാവരും മറന്നു കഴിഞ്ഞിരുന്നു. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ രസമായി തോന്നുന്നു.

കൂട്ടുകാരെ കാണാനുള്ള എന്‍റെ ഉത്സാഹവും ആവേശവും കണ്ട് അജിത്തും മക്കളും സന്തോഷിച്ചു. ഞാൻ കൊച്ചിയിൽ ഫ്ളൈറ്റ് ഇറങ്ങിയാൽ എന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകാൻ ശ്രീലത വരാമെന്ന് ഏറ്റിരുന്നുവെങ്കിലും നേരിട്ട് വീട്ടിൽ പോയി ആദ്യം അമ്മയെ കാണേണ്ടതുള്ളതിനാൽ ഞാൻ ആ നിർദേശം സ്നേഹപൂർവ്വം നിരസിച്ചു. അതിനടുത്ത ദിവസം ഒരു ഹോട്ടലിൽ ഒത്തു കൂടാനായിരുന്നു ഞങ്ങളുടെ പ്ലാൻ.

എന്‍റെ ഗ്രാമത്തിലേക്കുള്ള വഴിയിൽ എത്തിയതോടെ സന്തോഷമാണ് തോന്നിയത്. കാറ്റിലൂടെ ഏതൊക്കെയോ പൂക്കളുടെ ഗന്ധം മൂക്കിലടിച്ചപ്പോൾ ബാല്യകാല ഓർമ്മകളിലൂടെ ഒരു കൊച്ചു കുട്ടിയെ പോലെ ഓടി നടക്കുന്നതു പോലെയായിരുന്നു.

കാറ്റിലൂടെ ഒഴുകിയെത്തിയ ചിരപരിചിതമായ ഏതൊക്കെയോ ഗന്ധങ്ങൾ മൂക്കിലടിച്ചപ്പോൾ ശരിക്കും ശരീരവും മനസ്സും ചെറുപ്പമാകുന്നതു പോലെ… എന്നെ ഏറെ സ്നേഹിക്കുന്ന കരുതലിന്‍റെ മേലാപ്പ് ചാർത്തിയ പോലെ ആ അന്തരീക്ഷത്തെ ഞാൻ ആവോളം ഹൃദയത്തിലേക്ക് ആവാഹിച്ചു. നഷ്ടപ്പെട്ടത് പരമാവധി വീണ്ടെടുക്കും പോലെ ഞാൻ ആ ഗന്ധം ശ്വസിച്ചു. ഇനി കിട്ടുകയില്ലേ എന്ന നഷ്ടബോധമായിരുന്നു എനിക്ക് അപ്പോൾ. പഴയ ആ ടീനേജുകാരിയായ പോലെ.

ഓരോ ചിന്തകളും കടന്ന് വീട്ടിലെത്തിയപ്പോൾ നേരം ഉച്ചയോടടുത്തു. അമ്മയും അനിയനും ഭാര്യയുമൊക്കെ എന്‍റെ വരവും കാത്തിരിക്കുകയായിരുന്നു. ഏറെ നാളിനു ശേഷം കാണുന്നതു കൊണ്ട് അമ്മയ്ക്ക് പറയാൻ ഒരുപാട് നാളത്തെ വിശേഷങ്ങളുണ്ടായിരുന്നു.

അമ്മ എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട അവിയലും തീയലുമൊക്കെ പ്രത്യേകം തയ്യാറാക്കിയിരുന്നു. അമ്മയുടെ കൈകൊണ്ട് തയ്യാറാക്കിയ വിഭവങ്ങളുടെ രുചി ഒരു വലിയ ഇടവേളയെ ഓർമ്മിപ്പിക്കുന്നതായി. ആ രുചിയോർമ്മകൾ എന്നിൽ വല്ലാത്ത ഗൃഹാതുരതയുണർത്തി കൊണ്ടിരുന്നു. ഇനി ആ ഓർമ്മകളൊന്നും തിരിച്ചു കിട്ടില്ലല്ലോയെന്നോർത്തപ്പോൾ മനസ്സിൽ ഒരു വിങ്ങൽ തികട്ടി വന്നു.

അമ്മ എനിക്കിഷ്ടപ്പെട്ട കറികളൊക്കെ വിളമ്പി തരുന്ന ആവേശത്തിലായിരുന്നു. അമ്മയുടെ വാത്സല്യത്തിനും ഇപ്പോഴും അതേ ചെറുപ്പം. വാർദ്ധക്യത്തിന്‍റെ അവശതകളുടെയോ തളർച്ചയുടെയോ ഏറ്റക്കുറച്ചിലുകളൊന്നുമില്ലാത്ത തെളിനീർ പോലെയുള്ള അമ്മയുടെ സ്നേഹമേറ്റപ്പോൾ മനസ്സിൽ അറിയാതെയൊരു വിങ്ങൽ.

ഇനിയും എത്രകാലം നിലാവു പോലെ പരക്കുന്ന ഈ സ്നേഹം അനുഭവിക്കാൻ കാലം എന്നെ അനുവദിക്കും! ഈ ചിന്തയിൽ ഞാനമ്മയെ ചേർത്തു പിടിച്ചു. ഞാൻ കുറച്ച് നേരം അമ്മയോടും ഇളയ സഹോദരനോടും നാത്തൂനോടും വർത്തമാനം പറഞ്ഞ ശേഷം മുറ്റത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന മുല്ലവള്ളികൾക്കടുത്ത് ചെന്നു നിന്നു.

പണ്ട് സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്ത് എവിടെ നിന്നോ കൊണ്ടു വന്ന് നട്ട മുല്ലക്കമ്പിൽ നിന്നുണ്ടായ പിന്മുറക്കാരെ ഞാൻ അഭിമാനത്തോടെ ഏറെ നേരം നോക്കി നിന്നു. മുറ്റത്ത് അനുജൻ അപ്പുവും നാത്തൂനും ഭംഗിയായി നട്ട് നനച്ച് വളർത്തുന്ന ചെടികളെ നോക്കി നിന്നപ്പോൾ മുംബൈയിലുള്ള ഫ്ളാറ്റിലെ ബാൽക്കണി ചട്ടിയിൽ ശ്വാസം മുട്ടി വളരുന്ന പാം ട്രീയേയും ഹൈഡ്രാഞ്ചിയേയുമാണ് ഓർമ്മ വരുന്നത്.

സ്വാതന്ത്യ്രത്തിന്‍റെ സമൃദ്ധിയിൽ പക്ഷികളും ചെടികളും വൃക്ഷങ്ങളുമൊക്കെ എത്രയാസ്വദിച്ചാണ് വളരുന്നതും പൂക്കുന്നതുമൊക്കെ… നഗരങ്ങളിലോ… മനുഷ്യരെ പോലെ മുരടിച്ച് വളരുന്ന അവയ്ക്കുമുണ്ടാവില്ലേ കുറേ മോഹങ്ങൾ.

“ചേച്ചി കൂട്ടുകാരികളെ കാണുമ്പോൾ ഞങ്ങളെ മറന്നു പോകല്ലേ…” ഞാൻ മുറ്റത്ത് നിൽക്കുന്നത് കണ്ട് അടുത്ത് വന്ന നാത്തൂൻ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.

വരാന്തയിൽ നിൽക്കുകയായിരുന്ന അമ്മയും അപ്പുവും അത് കേട്ട് ഉച്ചത്തിൽ ചിരിച്ചു.

പിറ്റേന്ന് രാവിലെ ശ്രീലത വീട്ടിലെത്തി എന്നേയും കൂട്ടി കുറച്ചകലെയുള്ള പാർക്കിലെ കൽമണ്ഡപത്തിലേക്ക് യാത്ര തിരിച്ചു. അവിടേക്ക് സുകന്യയും അൽപം കഴിഞ്ഞ് എത്തിച്ചേർന്നു. നീണ്ട ഇടവേളയിൽ കാലം ഞങ്ങളുടെ ശരീരത്തിലുണ്ടാക്കിയ മാറ്റങ്ങൾ ഞങ്ങൾ എണ്ണിപ്പറഞ്ഞ് ചിരിച്ചു.

പഴയ ആ കൂട്ടുകാരികളെപ്പോലെ. 20 വർഷം കഴിഞ്ഞുവെങ്കിലും പ്രായത്തിന്‍റേതായ വലിയ മാറ്റങ്ങൾ ഞങ്ങളിൽ ആർക്കുമുണ്ടായിരുന്നില്ല. പഴയ ആ കുട്ടിത്തം മാറി പ്രായത്തിന്‍റേതായ പാകത വന്നു എന്നതൊഴിച്ചാൽ. ഞങ്ങൾ മൂന്നുപേർക്കും പഴയ കോളേജ് കാലത്തെ ഓർമ്മകൾ കൂടുതൽ തെളിച്ചത്തോടെ ഓർത്തെടുക്കാനുള്ള അവസരം കൂടിയായിരുന്നു.

കുറേ നേരം ഞങ്ങൾ ഓരോരോ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു. പഠന കാലത്ത് ശ്രീലതയ്ക്ക് പിന്നാലെ പ്രേമാഭ്യർത്ഥനയുമായി നടന്ന കോട്ടയംകാരൻ ജോസഫ് ഒടുവിൽ നിരാശനായി ഒരു മരച്ചുവട്ടിലിരുന്ന് കരഞ്ഞ കഥ കോളേജ് ക്യാമ്പസിൽ പാട്ടായതും അതിന്‍റെ പേരിൽ ശ്രീലതയെ എല്ലാവരും കുറ്റപ്പെടുത്തിയതുമൊക്കെ ഓർത്തോർത്ത് ഞങ്ങൾ ഒരുപാട് നേരം ചിരിച്ചു.

നേരം ഉച്ചയായപ്പോൾ ഞങ്ങൾ നഗരത്തിലുള്ള ഒരു മുന്തിയ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം ടാക്സി വിളിച്ച് നേരെ എന്‍റെ വീട്ടിലേക്ക് മടങ്ങി. ജീവിതത്തിലെ സുന്ദരമായ ദിവസങ്ങളിലൊന്നായി മാറി എനിക്കാ ദിവസം. എനിക്ക് മാത്രമല്ല എന്‍റെ പ്രിയ കൂട്ടുകാരികൾക്കും. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങൾ.

വീട്ടിലെത്തിയ ഞങ്ങളെ കാണാൻ അടുക്കളയിൽ നിന്നും നാത്തൂനും അമ്മയും പൂമുഖത്തേക്ക് ഓടി വന്നു. എന്‍റെ കൂട്ടുകാരികളെ ചെറുപ്പം മുതലെ അമ്മയ്ക്ക് നല്ല പരിചയമുണ്ടായിരുന്നു.

കൂട്ടുകാർക്കൊപ്പമുള്ള എന്‍റെ ഒത്തുച്ചേരലിനെ അമ്മയും നാത്തൂനും അപ്പുവുമൊക്കെ ചേർന്ന് നന്നായി ആഘോഷിക്കുന്നതു പോലെയാണ് തോന്നിയത്. അവരും അത് ആസ്വദിക്കുകയായിരുന്നു. ഇതിനിടെ നാത്തൂനും അമ്മയും കൂടി നേരത്തെ തയ്യാറാക്കി വച്ച ഉണ്ണിയപ്പവും അച്ചപ്പവും മുറുക്കും ഓരോ പ്ലെയിറ്റിലായി ഞങ്ങൾക്ക് മുന്നിലായി ടേബിളിൽ വച്ചു. ഞങ്ങൾ പരസ്പരം കുട്ടികളെ പോലെ മത്സരിച്ച് പലഹാരങ്ങൾ തിന്നു കൊണ്ടിരുന്നു. അമ്മയും അപ്പുവും ഇതെല്ലാം കണ്ട് ഊറിച്ചിരിച്ചു.

“അമ്മേ ഞങ്ങൾക്ക് ഒരു ഫോർമാലിറ്റിയുമില്ല” ശ്രീലത അമ്മയുടെ കയ്യിൽ വാത്സല്യത്തോടെ പിടിച്ചു കൊണ്ട് പറഞ്ഞു. സുകന്യയും അതെയെന്നർത്ഥത്തിൽ തലയാടി ചിരിച്ചു.

“അമ്മ പണ്ട് ഉണ്ടാക്കുന്നതു പോലെ… അതേരുചി.” ഞാൻ മനസ്സിലോർത്തു.

ഈ വീട്ടിലെത്തിയതോടെ അപ്പുവിന്‍റെ മകൻ വിഷ്ണുവിന്‍റെ സ്റ്റഡി റൂം എന്‍റെ താൽക്കാലിക ബെഡ്റൂമായി മാറിയിരുന്നു. പണ്ടും അതേ മുറിയിലായിരുന്നു എന്‍റെ വാസം.

ഇന്ന് ആ മുറിയ്ക്ക് ഏറെ വ്യത്യാസങ്ങൾ വന്നിരിക്കുന്നു. നിലത്ത് വിട്രിഫൈഡ് ടൈൽസിന്‍റെ മനോഹാരിത. അറ്റാച്ച്ഡ് ബാത്ത് റൂം ഒക്കെയായി മുറിയ്ക്ക് മൊത്തത്തിൽ ഒരു ഗസ്റ്റ് ലുക്ക്. ഞങ്ങൾ മൂന്നുപേരും കിടക്കയിൽ കിടന്ന് ഓരോന്നിനെപ്പറ്റി പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടെ ഞാൻ മുംബൈയിൽ വിളിച്ച് സ്നേഹയോട് കൂട്ടുകാരെപ്പറ്റി പറഞ്ഞു. സുകന്യയും ശ്രീലതയും മോളോട് ഫോണിൽ വിശേഷങ്ങളാരാഞ്ഞു. അജിത്തും മകനും വീട്ടിൽ നേരം വൈകിയേ എത്തൂ. അതുകൊണ്ട് വീട്ടിലെ കാര്യങ്ങൾ ശരിയായവണ്ണം നോക്കണമെന്ന് മോളെ ഓർമ്മപ്പെടുത്തി. ഞാൻ പഴയ കൂട്ടുകാരികളെ കണ്ടതിൽ അവൾക്കായിരുന്നു ഏറ്റവും സന്തോഷം. അവൾ അക്കാര്യം ആന്‍റിമാരോട് പറയുകയും ചെയ്‌തു.

ഇതിനിടെ സുകന്യ സഹപാഠിയായ അനിലിനെപ്പറ്റി പറഞ്ഞു.

“നീ അനിലിനെ ഇതുവരെ മറന്നില്ലേ?” എന്‍റെ ചോദ്യം കേട്ട് ശ്രീലത പൊട്ടിചിരിച്ചു.

“ഒന്നു പോടീ. ഞാൻ മറന്നിട്ടില്ല. എന്നു വിചാരിച്ച് അതോർത്ത് പരീക്കുട്ടിയെ പോലെ വിഷമിച്ച് നടക്കുവൊന്നുമില്ല. ഒക്കെ ഒരു കാലമായിരുന്നു.”

“സുകു, നാട്ടിൽ വരുമ്പോൾ നീ അനിലിനെ എന്നെങ്കിലും കണ്ടിരുന്നോ?”

“ഇല്ലടീ”

ശ്രീലത ദീർഘനിശ്വാസമുതിർത്തു കൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു.

“ങ്ഹും… പാവം അനിൽ.. പരീക്കുട്ടിയായോ എന്തോ?”

ഞാനും സുകന്യയും അത് കേട്ട് പൊട്ടിച്ചിരിച്ചു.

“ഞാനെന്‍റെ മക്കളോട് ഈ കഥയൊക്കൊ പറഞ്ഞിട്ടുണ്ട്. അവർ അതൊക്കെ കേട്ട് ചിരിക്കാറുണ്ട്.” സുകന്യ ചെറിയൊരു കള്ളച്ചിരിയോടെ പറഞ്ഞു.

“നമുക്ക് അനിലിനെ പോയി കണ്ടാലോ? അവനൊരു വലിയ സർപ്രൈസാകും.” ശ്രീലത കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റു കൊണ്ട് പറഞ്ഞു.

എല്ലാവരും ആ തീരുമാനത്തോട് യോജിച്ചു. പിറ്റേന്ന് കാണാമെന്ന് പറഞ്ഞശേഷം സുകന്യയും ശ്രീലതയും അവരുടെ വീടുകളിലേക്ക് മടങ്ങി. ഏറെ വർഷങ്ങൾക്കു ശേഷം കൂട്ടുകാരികളെ കണ്ട ഹാങ്ഓവറിലായിരുന്നു ഞാൻ. അവരുമൊത്തുള്ള ഓരോ നിമിഷത്തേയും ഓർത്തു കൊണ്ട് ഞാൻ കിടക്കയിലേക്ക് ചാഞ്ഞു.

പിറ്റേ ദിവസം ഞങ്ങൾ മൂന്നുപേരും സിറ്റിയിലുള്ള ഒരു വലിയ ഷോപ്പിൽ കയറി അനിലിന് കൊടുക്കാനുള്ള ഗിഫ്റ്റ് വാങ്ങി. സുകന്യ ഇത്തിരി ഇമോഷണലായോ, അതോ എന്‍റെ തോന്നലാണോ. എന്തോ വേർതിരിച്ചറിയാനാവാത്ത ഒരു വികാരം അവളുടെ മുഖത്ത് മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാനും ശ്രീലതയും അത് കണ്ട് പാടുപ്പെട്ട് ചിരിയൊതുക്കി.

“കണ്ടിട്ട് , ഇവൾ പിടിവിട്ട് പോകുമെന്നാ തോന്നുന്നത്” ശ്രീലത തമാശയെന്നോണം പറഞ്ഞു.

“മ്… നിങ്ങൾ തന്നെ അത് പറയണം. അനിലിനെ കാണാനുള്ള ഐഡിയ പറഞ്ഞതാരാ.” സുകന്യ കണ്ണുരുട്ടി.

ശ്രീലത ഗൗരവം നടിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ അദ്ധ്യാപികയാണ്. കുസൃതി കാട്ടുന്ന കുട്ടികളെ നേർവഴിക്ക് നയിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമാ.”

സുകന്യ സാധനങ്ങളെല്ലാം വാങ്ങി അടുത്ത് വന്നപ്പോൾ ഞങ്ങൾ ഉദ്വേഗത്തോടെ അവളെ നോക്കി.

“എന്തൊക്കെ വാങ്ങി?”

“അങ്ങനെ സ്പെഷ്യലൊന്നുമില്ല. അനിലിനായി ഒരു ബ്രാന്‍റഡ് ഷർട്ട്. ഒരു പെർഫ്യൂം. കുറച്ച് പേന, പിന്നെ കുറച്ച് സ്വീറ്റ്സ്.”

“വാ, നമുക്ക് പ്രൊഫസർ സാറിന്‍റെ വീട്ടിൽ പോകാം. സാറിപ്പോ വീട്ടിലെത്തി കാണും.”

വൈകുന്നേരം 4 മണി. ഞങ്ങൾ മൂന്നുപേരും തിരക്കുള്ള റോഡിലൂടെ നടന്നു. പ്രധാന നിരത്തിൽ നിന്നും ഒരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞപ്പോൾ ശ്രീലത വഴിയുടെ അങ്ങേയറ്റത്ത് ഒറ്റപ്പെട്ട് നിൽക്കുന്ന വീട്ടിലേക്ക് വിരൽ ചൂണ്ടി.

“ദാ, അതാണ്. അവിടെ ബൈക്കിന് അടുത്ത് നിൽക്കുന്ന ആളിനെ കണ്ടോ… ചിലപ്പോ അതായിരിക്കും അനിൽ.”

വലിയൊരു ആവേശത്തോടെ ഞങ്ങൾ മൂന്നുപേരും ആ വീട് ലക്ഷ്യമാക്കി മുന്നോട്ട് നടന്നു.

“സുകന്യാ… അത് അനിൽ തന്നെ” ശ്രീലത സുകന്യയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

സുകന്യ സൂക്ഷിച്ചു നോക്കി. അനിൽ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. വശം ചരിഞ്ഞു നിൽക്കുന്നതുകൊണ്ട് ഞങ്ങളുടെ വരവൊന്നും അനിൽ കണ്ടില്ല.

സുകന്യയുടെ മുഖത്ത് വലിയൊരു പുഞ്ചിരി വിടരുന്നത് ഞാൻ രഹസ്യമായി കണ്ടു. “കഷണ്ടിയുള്ള ആ മനുഷ്യനെങ്ങനെ അനിലാകും. പക്ഷേ മുഖത്തിന് നല്ല സാമ്യം.”

“ഇത് തന്നെയാ അനിൽ. ശ്രീലത തറപ്പിച്ചു പറഞ്ഞു. വീടിന്‍റെ ഗെയിറ്റിനരികിൽ നിൽക്കുന്നതിനാൽ മൂന്ന് സ്ത്രീ രത്നങ്ങളെ അനിൽ കണ്ണടയിലൂടെ സൂക്ഷിച്ചു നോക്കി. ആദ്യം അപരിചിതഭാവത്തോടെ നോക്കിയ അനിലിന്‍റെ മുഖത്ത് നിമിഷങ്ങൾക്കകം പഴയ ആ ചിരി വിടർന്നു.

അദ്ഭുതം അടക്കാനാവാതെ അനിൽ ഓടി വന്ന് ഗെയ്റ്റ് തുറന്ന് ഞങ്ങളെ സ്വീകരണ മുറിയിലേക്ക് ആനയിച്ചു. ഭാര്യയെ വിളിച്ച് പഴയ സഹപാഠികളായ ഞങ്ങളെ ഓരോരുത്തരെ അനിൽ പരിചയപ്പെടുത്തി. സുകന്യയുടെ പേര് പറഞ്ഞത് കേട്ട് അനിലിന്‍റെ ഭാര്യയുടെ മുഖത്ത് ഒരു കള്ളച്ചിരി വിടരുന്നത് ഞങ്ങൾ മൂന്നുപേരും ശ്രദ്ധിച്ചു. അയാളും അതാസ്വദിച്ചു കൊണ്ട് ഊറിചിരിച്ചു.

സുകന്യ അയാൾക്കുള്ള സമ്മാനപ്പൊതി നീട്ടി. അയാളത് സ്വീകരിച്ചു. കുറച്ചു നേരം വിശേഷങ്ങൾ പറഞ്ഞ് അനിലിന്‍റെ ഭാര്യ തന്ന ചായയും കുടിച്ച് ഞങ്ങൾ മടങ്ങി. വർഷങ്ങൾക്കിപ്പുറമുള്ള ആ കൂടിക്കാഴ്ചയുടെ ഹൃദ്യതയെപ്പറ്റി ഓർത്ത് ഞങ്ങൾ കുറച്ച് നേരം നിശബ്ദരായി നടന്നു.

ഇനി കുറച്ച് ദിവസങ്ങളെയുള്ളൂ. ഞങ്ങൾ മൂന്നുപേർക്കും ഇനി തിരിച്ചു പോകണം. പിറ്റേ ദിവസം ഞങ്ങൾ മൂന്നുപേരും അമ്മയ്ക്കും അനിയനും നാത്തൂനും മകനും വേണ്ടി കുറച്ച് ഡ്രസ്സ് വാങ്ങി. ഒപ്പം സുകന്യയും ശ്രീലതയും വീട്ടിലുള്ളവർക്കായി ഡ്രസ്സ് എടുത്തു.

പർച്ചെയ്സിംഗ് ഒക്കെ കഴിഞ്ഞ ശേഷം ഞങ്ങൾ മൂന്നുപേരും ഒരു കോഫി ഷോപ്പിൽ കയറി. ഈ സമയം ഞങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഭവങ്ങളെക്കുറിച്ച് അയവിറക്കി കൊണ്ടിരുന്നു. ഒരുപാട് നല്ല ഓർമ്മകളുടെ ഭാരത്തിൽ ഞങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

തിരികെ വീട്ടിലെത്തിയപ്പോൾ എന്നെ കാത്തിരിക്കുകയായിരുന്ന നാത്തൂനും അനിയനും കൂടി വിശേഷങ്ങൾ ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു. എന്‍റെ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയായിരുന്നു അവർക്ക്. അവർക്കുള്ള ഡ്രസ്സുകൾ കൊടുക്കുമ്പോൾ നാത്തൂൻ പരിഭവപ്പെട്ടു. ചേച്ചി കൂട്ടുകാരികളെ കണ്ടപ്പോൾ ഞങ്ങളെ മറന്നു. ഇവിടെ രണ്ടു ദിവസം കൂടി ഞങ്ങൾക്കൊപ്പം നിന്നില്ലല്ലോ.” അവളുടെ പരിഭവത്തിന് മറുപടിയെന്നോണം ഞാനവളെ ചേർത്തു നിർത്തി.

“ഇനി വിഷുവിന് ഞങ്ങളെല്ലാവരും കുറച്ച് ദിവസം ഞങ്ങൾ ഇവിടെയുണ്ടാകും മോളെ ഉറപ്പ്.” അത് പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു.

പിറ്റേന്ന് കൊച്ചിയിൽ നിന്നും മുംബൈയിലേക്കുള്ള ഫ്ളൈറ്റിൽ ഇരിക്കുമ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പുകയായിരുന്നു. കുറേ വർഷത്തെ ഓർമ്മകളെ മനസിലേക്ക് ചേർത്തു നിർത്തിയ ആ മുഹൂർത്തങ്ങളെ ഞാൻ റീവൈൻഡ് ചെയ്‌തു കൊണ്ടിരുന്നു. ഇനിയും വരണം ആ സൗഹൃദങ്ങളുടെ പച്ചപ്പ് തേടി….

പ്രണയവും ഫെമിനിസവും

പ്രണയമാണ് എനിക്ക് ഇഷ്‌ടപ്പെട്ട വിഷയം. സോഷ്യൽ മീഡിയയിൽ എന്‍റെ എഴുത്തുകൾ മിക്കതും സ്‌ത്രീപക്ഷമാണുതാനും പ്രണയിനിയും ഫെമിനിസ്‌റ്റും തമ്മിൽച്ചേരില്ല എന്നു പറയുന്നവരോട് എന്നെ നോക്കൂ എന്നേ പറയാനുള്ളൂ.

എനിക്ക് എന്‍റെ എഴുത്തുകളെ കുറിച്ച് നല്ലതായി പറയാനുള്ളത് ഒരു കാര്യമാണ്. അത് സത്യസന്ധമാണ് എന്നതാണ് അക്കാര്യം. ചിലപ്പോഴെങ്കിലും ആത്മാംശം കലർന്നതും മറ്റു ചിലപ്പോൾ അത്രമേൽ പ്രിയപ്പെട്ട ചിലരുടെ അനുഭവങ്ങൾ ആത്മാംശം പോലെ തോന്നിപ്പിക്കുന്ന തരത്തിലുമാണ് എഴുത്തുകൾ. അപൂർവമായി പൊതുവായ എഴുത്തുകളും ഉണ്ടാവാറുണ്ട്. തിരിച്ചു പ്രതികരണങ്ങൾ കുറവാകയാൽ വലിയ തോതിൽ വായിക്കപ്പെടുകയോ പ്രചരിപ്പിക്കപ്പെടുകയോ ചെയ്യാറില്ലാത്ത എഴുത്തുകളുടെ ഉടമയാണ് ഞാൻ എന്ന് പറയേണ്ടിയിരിക്കുന്നു. എങ്കിലും എനിക്ക് സന്തോഷത്തോടെ പറയാനുള്ളത് കമന്‍റ് ബോക്‌സിൽ പരസ്യമായോ മെസ്സേജ് ബോക്‌സിൽ രഹസ്യമായി ശല്യപ്പെടുത്തുന്ന തരത്തിലോ അലോസരമുണ്ടാക്കുന്ന തരത്തിലോ ആരും തന്നെ പ്രതികരിക്കാറില്ല എന്നതാണ്.

ഉറച്ചതും ധൈര്യപൂർവവുമായ നിലപാടുകളാണ് എനിക്കുള്ളതെന്ന് എഴുത്തുകാർ ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ടെന്നാണ് വിശ്വാസം. ഇതുവരെയുള്ള പ്രതികരണങ്ങൾ കണക്കിലെടുക്കുമ്പോൾ അത്രമേൽ നിലവാരം കുറഞ്ഞ വായനക്കാരാരും തന്നെ മുഖപുസ്തകത്തിൽ എനിക്കില്ലതാനും. പോസ്‌റ്റുകൾ എല്ലാം പബ്ലിക് ആയതിനാൽ സുഹൃത്തുക്കളല്ലാത്തവർക്കും വായിക്കാവുന്നതാണ്. അതിന് കാരണം സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ പുലർത്തുന്ന സൂക്ഷ്‌മതയല്ല. മറ്റൊന്ന് ഫേസ്ബുക്കിലായാലും വാട്‌സാപ്പിലായാലും ചാറ്റിംഗ് എന്‍റെ മേഖലയല്ല എന്നതാണ്. വളരെ ആവശ്യമെങ്കിൽ മാത്രം ഒന്നോ രണ്ടോ വരി പറഞ്ഞെങ്കിലായി.

ജെനുവിൻ ആണെന്നു തോന്നുന്നവർക്ക് ഫോൺ നമ്പർ കൊടുക്കുകയാണ് പതിവ്. നേരിട്ട് സംസാരിക്കുന്നതാണ് സന്തോഷം. എന്‍റെ എഴുത്തുകൾ വായിച്ച് അഭിപ്രായം പറയാൻ ഞരമ്പു രോഗികൾ തീരെ വന്നിട്ടില്ല എന്നല്ല, വളരെ അപൂർവമായി മാത്രം ഉണ്ടായിട്ടുണ്ട്. കാര്യം മനസ്സിലായി കഴിഞ്ഞാൽ വാദപ്രതിവാദങ്ങൾക്കും പോകാറില്ല. അടുത്ത നിമിഷം ബ്ലോക്ക് ചെയ്യുകയാണ് പതിവ്. സ്‌ക്രീൻ ഷോട്ട് എടുത്ത് പരസ്യപ്പെടുത്തുന്നതിനോട് എന്തോ എനിക്ക് താല്‌പര്യമില്ല. അങ്ങനെ ചെയ്യുന്നവരെ കുറ്റപ്പെടുത്താനുമില്ല. അവർക്ക് അവരുടേതായ ന്യായീകരണങ്ങൾ കാണും.

തുറന്നെഴുത്ത് എന്നാൽ ജീവിതം പച്ചയായ് വെട്ടിവിളിച്ച് പറയുന്നതാണെന്നും അഭിപ്രായമില്ല. അശ്ലീലവും ലൈംഗികതയും പച്ചയ്‌ക്ക് വിളിച്ചു പറയുന്നതാണ് തുറന്നെഴുത്തെന്നും അഭിപ്രായമില്ല. സ്വയം വിമർശനമാവണം തുറന്നെഴുത്തിന്‍റെ ആത്മാവ്. സ്‌ത്രീയായതുകൊണ്ട് വായനക്കാർ കൂടുന്നു എന്ന ആരോപണം എന്‍റെ കാര്യത്തിൽ തീർത്തും ശരിയല്ല. എഴുത്തിൽ നിലവാരം കുറഞ്ഞ പുരുഷന്മാർക്ക് എന്‍റേതിനേക്കാൾ പതിന്മടങ്ങ് വായനക്കാരുള്ളതായി കണ്ടിട്ടുമുണ്ട്.

മറ്റുള്ളവരുടെ എഴുത്തുകൾ വായിക്കുകയും പ്രതികരിക്കുകയും വളരെ കുറച്ചേ ചെയ്യാറുള്ളൂ എന്നതിനാൽ തിരിച്ചു പ്രതീക്ഷിക്കുന്നത് ശരിയല്ലല്ലോ. അങ്ങനെ പരസ്‌പര സഹായ പദ്ധതിയിലൂടെ ലൈക്കും കമന്‍റും കൂട്ടാൻ താല്‌പര്യവുമില്ല. ഒരിക്കൽ പോലും ആരുടെയും മെസേജ് ബോക്‌സിൽ ലിങ്ക് കോപ്പി ചെയ്‌ത് കൊടുത്ത് ലൈക്കോ കമന്‍റോ ചോദിച്ചു വാങ്ങലുമില്ല . പോസ്‌റ്റുകളിൽ ആരെയും ടാഗ് ചെയ്യാറുമില്ല. വായിക്കാൻ താല്‌പര്യമുള്ളവർ വായിച്ചാൽ മതി എന്നാണ്.

സൂര്യനുണരാത്ത ഗവി

കുറേനാളുകളായി ഗവി എന്ന സുന്ദരിയെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട്! നവാഗതനായ സുഗീത് സംവിധാനം ചെയ്ത ഓർഡിനറി സിനിമയാണ് പത്തനംതിട്ട ജില്ലയിലെ ഗവി എന്ന ഉൾനാടൻ ഗ്രാമസുന്ദരിയുടെ മുഖപടം മാറ്റി മലയാളനാടിനെ പരിചയപ്പെടുത്തിയത്. ഓർഡിനറിയിലെ സുന്ദരിപ്പെണ്ണേ എന്ന ഗാനം കാണുമ്പോഴൊക്കെ പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരിയുടെ ഡയറിത്താളുകൾ ആ പേര് ഒന്നുകൂടി വ്യക്‌തമായി കോറിയിടും. പത്തനംതിട്ടക്കാരി കൂടിയായതിനാലാവണം ഗവിയുടെ മടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മോഹത്തിന് ഓരോ നിമിഷവും കനം വയ്ക്കുകയായിരുന്നു. അങ്ങനെയാണ് ഗവി ഒരാവേശമായി മുളച്ചുപൊന്തിയത്.

കാലത്ത് 5 മണിയ്ക്ക് ഞങ്ങൾ തയ്യാറാവുന്നതിനു മുമ്പേ കൃത്യനിഷ്ഠയുടെ അടയാളമായി കുട്ടേട്ടൻ എത്തി. ഈ കുട്ടേട്ടൻ ആരെന്നല്ലേ? ഞങ്ങളെ ഗവിയിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ സുന്ദരൻ ടവേരയാണ് കുട്ടേട്ടൻ. ഡ്രൈവിംഗ് സീറ്റിൽ ചന്ദനക്കുറിയിട്ട് കുട്ടേട്ടനൊപ്പം ഓമന എന്നും കൂടി ചേർത്ത് ഓമനക്കുട്ടനായി മാറിയ പഴയൊരു കാഥികനും രസികനുമായ ചേട്ടനും റെഡി. അപ്പോ പോകാല്ലേ ഗവിയിലേക്ക്.

ഇടവപ്പാതിയുടെ പഴയകാല പ്രകമ്പനങ്ങൾ അത്രയൊന്നും മുഴങ്ങാത്ത ജൂൺ പുലരിയായതിനാലാവാം ഞങ്ങളിറങ്ങുമ്പോൾ മഴയൊന്നെത്തി നോക്കി പിന്തിരിഞ്ഞത്. ഗ്രാമ്യസൗന്ദര്യത്തിന്‍റെ വിഭാത വിശുദ്ധിയും ശീതളിമയും ശാന്തതയും മനസ്സിലേക്ക് ഒരു മഞ്ഞുകണം പോലെ കുളിർമ്മ പകരുമ്പോൾ കുട്ടേട്ടന്‍റെ ഭക്‌തിഗാനങ്ങൾ പകരുന്ന ചൈതന്യവുമായി യാത്ര തുടങ്ങിയിരുന്നു.

ഞങ്ങളുടെ നാട്ടിൽ നിന്ന് വടശേരിക്കര, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി വഴിയായിരുന്നു യാത്ര. തീർത്തും പച്ചപ്പ് നിറഞ്ഞ പാതയോരങ്ങൾ. പ്രകൃതി അതിന്‍റെ തനത് ചാരുതയിൽ വഴിയോരക്കാഴ്ചകളിൽ ഹരിതലാവണ്യം തീർക്കുമ്പോൾ വികസനത്തിന്‍റെ പേരിൽ മൺൽക്കാടുകളായി മാറിക്കൊണ്ടിരിക്കുന്ന നഗരജീവിതത്തിന്‍റെ ദുരവസ്ഥയോർക്കാതിരിക്കുന്നതെങ്ങനെ. പമ്പയുടെ കൈവഴികൾ ചെറുകല്ലുകളിൽ തട്ടിയൊഴുകുന്ന പ്രത്യേക സംഗീതം പ്രകൃതിയുടെ താളങ്ങൾക്കൊപ്പം ഇടകലർന്നപ്പോൾ വഴിയിരികിലെ മരച്ചില്ലകളിൽ തങ്ങി നിന്നിരുന്ന മഴമുത്തുകൾ മുഖത്തേക്ക് ഈറൻ പകരുന്ന സുഖമാസ്വദിക്കുകയായിരുന്നു ഞങ്ങൾ.

gavi

കൃത്യം 7 മണിയോടെ ആങ്ങമൂഴിയെത്തിയപ്പോൾ ഒരു ബോർഡ് ഗവിയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. ആ ബോർഡിൽ ഗവിയിലേക്ക് പോകുന്നവർ പാസ് എടുക്കേണ്ട വഴി ഇത് എന്ന ഇടത്തേക്ക് അടയാളപ്പെടുത്തിയിരിക്കുന്നു. റാന്നി ഫോറസ്റ്റ് ഡിവിഷന്‍റെ അധീനതയിലുള്ള ഗൂഡ്രിക്കൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്. 8 മണിക്കേ ഓഫീസ് തുറക്കുകയുള്ളു എന്ന അറിയിപ്പ് കിട്ടിയതിനാൽ ഞങ്ങൾ അടുത്തുള്ള ഭക്ഷണശാലകളിൽ കയറി വിശപ്പിന്‍റെ വിളിയുണരും മുമ്പേ വയറു നിറച്ചു. ഓർക്കുക. പത്തനംതിട്ടയിൽ നിന്നും ഗവിയേക്ക് പോകുന്നവർക്ക് ഭക്ഷണം ലഭിക്കുന്ന അവസാനത്തെ താവളമാണ്. ഇതിനുശേഷം ഭക്ഷണം ലഭിക്കണമെങ്കിൽ കൊച്ചുപമ്പയിലെ കെഎസ്ഇബി ക്യാന്‍റീൻ മാത്രമാണ് ആശ്രയം. മുൻകൂറായി ബുക്ക് ചെയ്ത് ഉറപ്പിക്കാം.

പുലർകാലെ വനമേഖലയിലേക്ക് കടക്കുന്ന ആദ്യവാഹനം എന്ന ബഹുമതി സ്വന്തമാക്കിക്കൊണ്ട് കുട്ടേട്ടൻ ചെക്ക്പോസ്റ്റ് കടന്ന് പ്രയാണമാരംഭിച്ചു. പെരിയാർ ടൈഗർ റിസർവ്വ് പരിധിയിൽ വരുന്ന ഈ വനമേഖലയിൽ കടുവയും ആനയും വരയാടും മഴമുഴക്കിവേഴാമ്പലും സിംഹവാലൻ കുരങ്ങുകളും എന്നുവേണ്ട 24 ലധികം ഉഭയജീവികളും 45 ൽ പരം ഉരഗജീവികളും 62 ൽ അധികം സസ്തനികളും 123 ൽ പരം ചിത്രശലഭങ്ങളുടെയും 142 ഇനം പക്ഷികളുടേയും ആവാസമേഖലയാണ്. ഗജവീരന്മാരുടെ ഇഷ്ടഭക്ഷണമായ മുളങ്കാടുകളുടെ സമൃദ്ധിയിൽ പച്ചവിരിച്ചു നിൽക്കുകയാണ് മദ്യപന്മാർക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള ഈ ആരണ്യഭൂമി. അതുകൊണ്ട് കള്ള് കുപ്പികളുമായി ആരും കാട് കയറാൻ മെനക്കെടരുത്.

പാട്ടുമൂളിയെത്തുന്ന നനുത്ത കാറ്റിനൊപ്പം പല്ലവി മൂളുന്ന മുളന്തണ്ടുകൾ വഴിയൊരമൊട്ടാകെ ചാഞ്ഞും ചരിഞ്ഞും കിടന്ന് വിരുന്ന് വന്നവരെ ആനന്ദിപ്പിക്കുന്നുണ്ടായിരുന്നു. ഈറ്റ സമൃദ്ധിയുടെ ഈ ഹരിതഭൂവിൽ നിന്നാണ് കേരള ബാംബു കോർപ്പറേഷന്‍ ആവശ്യമായ മുളകൾ ശേഖരിക്കുന്നത്. ഏതോ ത്രില്ലർ നോവലിലെ നിഗൂഢതകൾ നിറഞ്ഞ വഴിത്താരകൾ പോലെ ഹരിതസമൃദ്ധിയുടെ നിറവിൽ ഇരുണ്ട് മഞ്ഞുമൂടിയ പാതയങ്ങനെ വഴിതെളിച്ചുകൊണ്ടേയിരുന്നു. സൂര്യരശ്മികൾ ഒരു മിന്നായം പോലെ ഇടയ്ക്കിടെ മകര ജ്യോതിയുടെ ഓർമ്മയുണർത്തി തെളിഞ്ഞു മറയുന്നുണ്ടായിരുന്നു.

ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകളായതിനാൽ ഓഫ് റോഡ് വാഹനങ്ങൾ മാത്രമേ ഗവിയാത്രയിൽ കൂടെക്കൂട്ടാവൂ. ഇല്ലെങ്കിൽ പണിപാളും! കടന്നുപോന്ന വഴിയിലത്രയും ആനച്ചൂര് തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ഏതോ ഒറ്റയാൻ ഞങ്ങൾക്കു തൊട്ടുമുമ്പേ കടന്നുപോയതിന്‍റെ അവശേഷിപ്പുകളായി റോഡരികിലുള്ള ഈറ്റത്തലപ്പുകളും മണ്ണും ചവിട്ടിമെതിച്ചിട്ടുണ്ടായിരുന്നു. ഉള്ളിൽ ചെറിയ പേടിയുടെ കരി നിഴൽ വ്യക്‌തമല്ലാത്ത ചിത്രമെഴുതുമ്പോഴും കാടിന്‍റെ വന്യസൗന്ദര്യം വിസ്മയിപ്പിച്ചുകൊണ്ടിരുന്നു.

അമ്മ കറുമ്പി മോള് വെളുമ്പി മകളുടെ മകളൊരു സുന്ദരി എന്നു പേരുള്ള സുന്ദരിച്ചെടി അതിരിട്ട വനപാതയിലൂടെയുള്ള നീണ്ടയാത്രയിൽ പേരറിയാപ്പക്ഷികൾ ചിലച്ചുകൊണ്ടേയിരുന്നു. വനലതകളിൽ ചവിട്ടിമെതിച്ച് ആരോ നടക്കുന്ന ശബ്ദം ഭീതിപ്പെടുത്തി. ഇടയ്ക്ക് ഒരു കുഞ്ഞുമാൻപേട റോഡരികിലൂടെ വേഗത്തിൽ പായുന്നുണ്ടായിരുന്നു. കൂട്ടം തെറ്റിപ്പോയതാവാം. കരിങ്കുരങ്ങുകളും ചുവന്ന നീളൻ വാലുള്ള മലയണ്ണാനും ഊഞ്ഞാലാടി വന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു. റോഡിൽ നിന്നും അധികം വിദൂരത്തല്ലാതെ ടാർപ്പോളിൻ വലിച്ചുകെട്ടിയ ഒന്നുരണ്ട് ആദിവാസിക്കുടിലുകൾ കണ്ടു. കാടിനെയറിഞ്ഞ് പ്രകൃതിയെയറിഞ്ഞ് മൃഗങ്ങളോടിണങ്ങി കുടിലതയും കുതന്ത്രങ്ങളും സമാധാനം കെടുത്താതെ പണത്തിന്‍റെ പ്രലോഭനങ്ങളോ എറ്റിഎം കാർഡിന്‍റെ വ്യാകുലതകളോ ഇല്ലാതെ ജീവിക്കുന്ന അവരോട് ബഹുമാനവും സ്നേഹവും തോന്നി. എങ്കിലും വഴിയിലുടനീളം കണ്ട ആനപ്പിണ്ടങ്ങളും മറ്റൊരു വാഹനത്തിന്‍റെയും സാന്നിദ്ധ്യമില്ലാത്തതും ഒരളവു വരെ ഉള്ളിൽ ആശങ്കയുടെ ചെറുവിത്തുകൾ പാകി.

ശബരിഗിരി ജലവൈദ്യുതപദ്ധതി പ്രദേശമായതിനാൽ കെഎസ്ഇബി വാഹനങ്ങളും വനംവകുപ്പിന്‍റെ വാഹനങ്ങളും മാത്രമാണ് ഈ വഴികവിൽ കൂടുതലും കാണാൻ കഴിയുക. മൂഴിയാർ, ആനത്തോട്, കക്കി, മണിയാർ, കൊച്ചുപമ്പ ഡാമുകളും മൂഴിയാർ പവർഹൗസിലേക്ക് വെള്ളമെത്തിക്കുന്ന വലിയ പൈൻസ്റ്റോക്ക് പൈപ്പുകളും ഗവിയാത്രയിലെ ആകർഷണീയ ഘടകങ്ങളാണ്. ഡാമുകൾ സന്ദർശിക്കാൻ അനുമതിയുണ്ടെങ്കിലും ഫോട്ടോഗ്രാഫി നിരോധിത മേഖലയായിതിനാൽ ചെക്കിംഗിനായി കൂടെയാളുണ്ടാവും. ജംലസംഭരണികൾക്കുൾവശത്ത് ജലദൗർലഭ്യതയാൽ ചുവന്ന മൊട്ടക്കുന്നുകൾ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു. പല്ലുകൂട്ടിയിടിക്കുന്ന തണുപ്പായതിനാൽ അവിടെ അധികനേരം ചിലവഴിക്കൻ സാധിച്ചില്ല. വീണ്ടും വനാന്തരങ്ങളിലൂടെ ഗവിയിലേക്ക്.

വിലയേറിയതും അപൂർവ്വമായതുമായി നിരവധി വൃക്ഷഖനികളാൽ സമ്പന്നമാണ് പെരിയാർ വനമേഖല! നിത്യഹരിത തരുക്കളും ഇലകൊഴിയും തരുക്കളും പുഷ്പിതവൃക്ഷങ്ങളും പുൽമേടുകളും ഏലസുഗന്ധവും പെരിയാറിന്‍റെ വനസമ്പന്നതയ്ക്ക് തിലകക്കുറി ചാർത്തി തലയെടുപ്പോടെ നിൽക്കുകയാണ്. നിറയെ പൂത്തലഞ്ഞു കായ്ച്ചു നിൽക്കുന്ന കാട്ടുനെല്ലി മരങ്ങളും മാവും പിന്നെ കാട്ടുപഴങ്ങൾ കൊണ്ട് സമൃദ്ധമായ തരുനിരകളും മഞ്ഞുമേഘങ്ങളും ഈറൻകാറ്റും എന്നുവേണ്ട പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരിയ്ക്ക് വേണ്ട വിഭവങ്ങളെല്ലാം കാത്തുവച്ചിട്ടുണ്ട് ഈ വനവിശാലത!

ഏകദേശം 12 മണിയോടുകൂടി ഞങ്ങൾ ഗവിയിലെത്തി. ഗവിയാർ ഡാം എന്ന ബോർഡുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് സൂര്യനെയൊളിപ്പിച്ച് വച്ച് കോടമഞ്ഞിന്‍റെ കമ്പളം പുതച്ച് ഗവി! പെട്ടെന്ന് കാണുമ്പോ ഇതാണോ ഗവി? എന്നുതോന്നുമെങ്കിലും പയ്യപ്പയ്യേ പ്രകൃതിയുടെ മടിത്തട്ടിൽ ഭൂസൗന്ദര്യത്തിന്‍റെ തനിമ കൈവിടാതെ വികസനം എന്നോമനപ്പേരിട്ടു വിളിക്കുന്ന കോൺക്രീറ്റ് സൗധങ്ങൾ കയ്യടക്കാതെ തെളിഞ്ഞു ശോഭിക്കുന്ന ഈ കൊച്ചുസുന്ദരിയോട് നമുക്കിഷ്ടം തോന്നും. പിന്നെ ആ സൗന്ദര്യത്തെ ക്യാമറയിലേക്ക് പകർത്തിയെടുക്കാനുള്ള വെമ്പലായിരിക്കും.

ഏലത്തോട്ടങ്ങളാണ് ഗവിയുടെ ട്രേഡ്മാർക്ക്. ശ്രീലങ്കയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട തമിഴ് വംശജകർക്ക് തലചായ്ക്കാനൊരിടവും വിശപ്പകറ്റാൻ അന്നവും നൽകുക എന്ന സദുദ്ദേശമാണ് ഗവിയിലെ ഏലകൃഷിയുടെയും നിയന്ത്രിത വിനോദസഞ്ചാരപദ്ധതിയുടെയും പിറവിക്ക് കാരണമായത്. കേരള സർക്കാരിന്‍റെ അധീനതയിലുള്ള ഇവിടത്തെ ഏലത്തോട്ടങ്ങളിൽ നിന്നുള്ള ഏലക്കായ്കൾ ശബരിക്ഷേത്രത്തിലെ അരവണ നിർമ്മാണ രുചിക്കൂട്ടിലെ അത്യന്താപേക്ഷിത ഘടകമാണ്. കേരളാ ടൂറിസം ഡവലപ്മെന്‍റ് കോർപറേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രീൻ മാൻഷനിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ച് താമസസൗകര്യങ്ങളും ഭക്ഷണവുമടക്കുള്ള പാക്കേജ് സൗകര്യങ്ങൾ ലഭ്യമാണ്.

gavi

ബോട്ടിംഗ് സഫാരി, സൈക്ലിംഗ്, ട്രക്കിംഗ്, ശബരിമല വ്യൂപോയിന്‍റ് തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. നട്ടുച്ചയ്ക്കുപോലും തണുപ്പ് അസഹനീയമാണെങ്കിലും കോടമഞ്ഞിന്‍റെ മൂടുപടമണിഞ്ഞ ഗവിയിൽ ഒരിത്തിരിനേരും കൂടി നിൽക്കാൻ മനസ്സ് കൊതിച്ചുപോകും. ഇടയിലെപ്പോഴൊ കുമളിയിലേക്കുള്ള ആനവണ്ടി കടന്നുപോയപ്പോൾ ഓർഡിനറിയിലെ കഥാപാത്രങ്ങൾ പുഞ്ചിരിക്കുന്നതുപോലെ തോന്നി.

ഒരിക്കലും മുൻവിധികളോടെയോ അല്ലെങ്കിൽ ഓർഡിനറി മൂവിയിലെ ലൊക്കേഷനായോ ഗവിയെ കാണരുത്. അഭ്ര പാളികളിൽ നാം കണ്ട ഗവിയായിരിക്കില്ല ഒരുപക്ഷേ നേരിട്ടു കാണുമ്പോൾ കാത്തിരിക്കുക. പാത്തനംതിട്ടയിൽ നിന്നും ഗവിയിലേക്ക് പോകുന്നുവർ കൈയിൽ ആവശ്യത്തിനുള്ള ഭക്ഷണം, വെള്ളം എന്നിവ നിർബന്ധമായും കരുതിയിരിക്കണം. ആനവണ്ടിയാണ് ഏറ്റവും സുരക്ഷിതവും ചിലവ് കുറഞ്ഞതുമെങ്കിലും സ്വകാര്യവാഹനങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർ ഓഫ് റോഡ് വണ്ടികൾ മാത്രമേ തെരഞ്ഞെടുക്കാവൂ. യാത്ര പുറപ്പെടും മുമ്പ് വണ്ടിയുടെ കണ്ടീഷൻ ചെക്ക് ചെയ്ത് പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം. മൊബൈൽ നെറ്റ്‍വർക്ക് ഇല്ലാത്തതിനാൽ കാടിന്‍റെ നിശബ്ദതയിൽ, വന്യതയിൽ ഒറ്റപ്പെട്ടുപോയാൽ സഹായമെത്താൻ പരിമിതികളുണ്ടെന്ന് ഓർക്കുക.

വനത്തിന്‍റെയും വനജീവികളുടെയും ആവാസവ്യവസ്ഥയെയും സുരക്ഷയെയും കാര്യമായി ബാധിക്കും എന്നതിനാലാവണം ഇവിടെ റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താതെ നാമമാത്രമായത്. വന്യമൃഗങ്ങളുടെ ഭീഷണി മൂലമാവും കൊച്ചുപമ്പയിലെ കെഎസ്ഇബി ക്യാന്‍റീൻ ഒഴികെ മറ്റൊരു തരത്തിലുള്ള സ്ഥാപനങ്ങളുമില്ലാത്തത്!

എങ്കിലും വന്യമായ കാടിന്‍റെ നിഗൂഢതയിലൂടെ, ഏതുനിമിഷവും മുന്നിലേക്ക് വന്നുപെട്ടേക്കാവുന്ന ഒറ്റയാന്‍റെ ഭീതിയിലൂടെ, കാട്ടുചോലകളുടെ കലമ്പലുകളിലൂടെ ശരീരത്തിലെ ചോരയൂറ്റിക്കുടിക്കുന്ന അട്ടകളുടെ സാമ്രാജ്യത്തിലൂടെ, വൃക്ഷസമൃദ്ധിയുടെ ഹരിതഭംഗിയിലൂടെ, കാട്ടുഫലങ്ങളുടെ പൂക്കളുടെ നിറവസന്തത്തിലൂടെ ആരാണൊരു യാത്ര കൊതിക്കാത്തത്. ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല. തുടരുകയാണ്… ഗവിയും കടന്ന് വള്ളക്കടവും കടന്ന് കുമളിയിലൂടെ തേക്കടിയിലൂടെ വാഗമണ്ണിന്‍റെ വിസ്മയങ്ങളിലേക്ക്.

നിയന്ത്രിത വിനോദസഞ്ചാരമേഖലയായ ഗവിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ കേരള ടൂറിസം ഡിപ്പാർട്ടുമെന്‍റിന്‍റെ, പത്തനംതിട്ട ടൂറിസം ഡിവിഷന്‍റെ, ഗവി ഇക്കോ ടൂറിസത്തിന്‍റെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. വായിച്ചറിയുക, ചോദിച്ചറിയുക പ്രകൃതിയെയറിയുക, വനമര്യാദകൾ പാലിക്കുക. ഗവി ഒരനുഭവമാകും തീർച്ച!

പ്രണയത്തിന്‍റെ ആനന്ദമുറ്റങ്ങൾ

2014 ൽ ആണെന്ന് തോന്നുന്നു. അന്ന് ഞാൻ ആലുവ യുസി കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം. ഒരു ദിവസം ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞു സ്റ്റാഫ് റൂമിലേക്ക് ചെന്നപ്പോൾ അവിടെ ഭയങ്കര ബഹളം. നോക്കിയപ്പോ 2 കുട്ടികളുടെ വീട്ടുകാർ വകുപ്പ് മേധാവി വിളിപ്പിച്ചിട്ട് ഹാജരായേക്കുവാണ്. പ്രേമക്കേസ് പൊക്കിയതാണ് വിഷയം.

പെൺകുട്ടിയുടെ വീട്ടുകാർ എന്ത് ചെയ്‌താലും സമ്മതിക്കാൻ തയ്യാറല്ല. “ഞങ്ങൾ അത്രമേൽ ശ്രദ്ധിച്ചാണ് കുട്ടിയെ വളർത്തുന്നത്” എന്നും “അവളുടെ ഫോൺ വരെ ഓരോ 5 മിനിറ്റു കൂടുമ്പോൾ പരിശോധിക്കാറുണ്ട്” എന്നും “ഞങ്ങൾ അത്തരക്കാരായ കുടുംബമല്ല” എന്നുമൊക്കെ പോകുന്നു ന്യായികരണങ്ങൾ. ഒന്നുടെ കുത്തി കുത്തി ചോദിച്ചപ്പോ കുട്ടികൾ രണ്ടുപേരും കാര്യം പറഞ്ഞു. ഒരു ആപ്പുണ്ട്, സന്ദേശമയച്ചു സ്വീകരിച്ചു 20 സെക്കൻഡിൽ മാഞ്ഞു പോകുന്ന ഒരു ആപ്പ് ആ ആപ്പാണ് അവർക്ക് ഹംസമായത്. വീട്ടുക്കാർ സ്തബ്ധരായി നിന്ന് പോയി.

2014 ൽ ആണ് ഈ സംഭവം എന്നോർക്കണം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. മിക്ക സ്കൂളുകളിലും കോളേജുകളിലും ഇത്തരം രഹസ്യ പ്രേമങ്ങൾ മൊബൈൽ സല്ലാപങ്ങൾ പൊക്കുകയും ഉപദേശിക്കുകയും അധ്യാപകരുടെ ജോലിയുടെ ഒരു സുപ്രധാന ഭാഗമായി കഴിഞ്ഞു. (അതിന്‍റെ ശരി – തെറ്റുകളിലേക്ക് പിന്നെ വരാം). ഇന്ന്, 2020-21 ൽ സാങ്കേതികമായി യുവാക്കൾക്ക് കാര്യങ്ങൾ കുറെക്കൂടി എളുപ്പമാണ്, അത്രയ്ക്കുണ്ട് എന്തിനും ഏതിനും ആപ്പുകൾ.

പ്രണയം എപ്പോഴും ഒരു പ്രശ്നവൽകൃത വിഷയമാണ്. മിക്കപ്പോഴും പ്രേമിക്കുന്നവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ന്യായീകരിക്കപ്പെടുകയും ബന്ധുക്കളുടെ ഭാഗത്തു നിന്ന് നോക്കുമ്പോ സങ്കീർണ്ണമാകുകയും ചെയ്യുന്ന ഒരു സമസ്യ! വീട്ടുകാരും കമിതാക്കളും ഒരു പോലെ ഈ ലേഖനത്തിന്‍റെ വായനക്കാരാണ് എന്നുള്ളത് കൊണ്ട് തന്നെ ആരുടേയും പക്ഷം പിടിക്കാതെ വസ്തുതാപരമായി ചില കാര്യങ്ങൾ ഈ ലക്കത്തിൽ ചർച്ച ചെയ്യാം.

anandam feb love

ഞാൻ പെറ്റ മകളെ…

“നീ കരുതിയിരുന്നോ… ഇത്രയും കാലം പൊന്നു പോലെ നോക്കി വളർത്തിയ എന്നെ വഞ്ചിച്ചിട്ടാണ് ഇവൾ ഇന്നലെ കണ്ട് നിന്‍റെ കൂടെ ഇറങ്ങിപ്പോരുന്നത്. നാളെ ഇവൾ നിന്നെയും വഞ്ചിക്കും” ഷേക്സിപിയറിന്‍റെ ഒഥല്ലോ എന്ന നാടകത്തിൽ മകൾ ഡെസ്സെമോണ ഒഥെല്ലോയുടെ കൂടെയിറങ്ങി പോകുമ്പോൾ ബ്രബാൺഷിയോ പറയുന്ന വാക്കുകളാണിവ. മിക്കപ്പോഴും ഇന്നലെ കണ്ടവന്‍റെ കൂടെ മക്കൾ ഇറങ്ങി പോകുമ്പോൾ മാതാപിതാക്കൾ ഇതാവർത്തിക്കാറുണ്ട്.

പ്രായാധിക്യം, അനുഭവസമ്പത്ത്, കരുതൽ, അഗാധമായ പുത്ര- പുത്രി വാത്സല്യം എന്നിവയിലൂന്നി എന്ന മട്ടിൽ മക്കൾ തകർത്തു കളഞ്ഞ അവർക്കായി കണ്ട ഭാവി സ്വപ്നങ്ങളില്ലാതായതിലുള്ള, അരിശവും വെറുപ്പും കൂട്ടി കലർത്തിയ വാക്കുകൾ. പ്രണയ വിവാഹത്തിന്‍റെ പരിണിത ഫലം എപ്പോഴും വഞ്ചന ആയിക്കൊള്ളണം എന്നൊന്നുമില്ല. അഥവാ അറേഞ്ച്ഡ് വിവാഹങ്ങളെ വച്ച് നോക്കുമ്പോൾ പ്രണയ വിവാഹങ്ങൾക്ക് ഒരുപാട് ഗുണങ്ങളുണ്ട്.

ഡിസംബറിലെ ( https://malayalam.grihshobha.in/relationship/unmarried-or-live-in-relationship-avivahithar ) ലേഖനത്തിൽ സൂചിപ്പിച്ചത് പോലെ ഇന്നലെ കണ്ട് 5 മിനിറ്റു ചായ കുടിച്ചു എന്നതല്ലാതെ ഒരു മുൻപരിചയവുമില്ലാത്ത ഒരാളെ കല്യാണം കഴിക്കുന്നതിനെ അപേക്ഷിച്ചു അടുത്തറിയാവുന്ന ഒരേ ചിന്താഗതിയുള്ള തന്നെ നിസ്വാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ വിവാഹം കഴിക്കുന്നത് എന്ത് കൊണ്ടും അഭികാമ്യം തന്നെയാണ്. ജന്മം നൽകി എന്നതോ വളർത്തി വലുതാക്കി എന്നതോ ഒരാളുടെ ശിഷ്ട ജീവിതത്തെ നിയന്ത്രിക്കാനുള്ള ലൈസൻസല്ല. മാത്രമല്ല, നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയവും മതപരവും ലിംഗപരവുമായ പല വിവേചനങ്ങൾക്കുമുള്ള ഒരു ഡെമോക്രാറ്റിക് പോംവഴി കൂടിയാണ് പ്രണയ വിവാഹം.

പ്രണയമോ കാമമോ?

ഈയിടെ സുഹൃത്തുക്കളുമായുള്ള ഒരു അനൗപചാരിക ഒത്തു ചേരലിനിടയിലുരുത്തിരിഞ്ഞ ചർച്ച ഇന്നത്തെ തലമുറയ്ക്ക് ശരിക്കും പ്രണയം എന്നൊരു വികാരം അനുഭവിച്ചറിയാൻ കഴിയുന്നുണ്ടോ അതോ അത് വെറും കാമത്തിലേക്ക് ചുരുങ്ങിപ്പോവുന്നുണ്ടോ എന്നതായിരുന്നു.

ഞാൻ ഇപ്പോഴും ഓർക്കുന്നു, ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മൊബൈൽ വിപ്ലവം ആരംഭം കുറിക്കുന്നത്. റിലൈൻസ്, എയർസെൽ, ഡോകോമോ തുടങ്ങിയ സേവനദാതാക്കളുടെ കടന്നു വരവും സൗജന്യ എസ്എംഎസ്, വിളികളും 2010-11 ൽ ആണ് വ്യാപകമാകുന്നത്. അത് വരെ സ്വകാര്യ സംഭാഷണങ്ങൾക്ക് സൗധ്യതകൾ പരിമിതമായിരുന്നു. ഒരു ഒറ്റ രൂപാ തുട്ടിട്ട് 1 മിനിട്ടോളം സംസാരിക്കാവുന്ന കോയിൻ ബൂത്തുകളായിരുന്നു ആകെ ഉള്ള ഒരു സംസാരോപാധി.

anandam feb love

കലാലയത്തിൽ വച്ച് ഒളിച്ചും പാത്തും കൂട്ടുകാരുടെ കണ്ണ് വെട്ടിച്ചും ഉള്ള ചില കൂടിക്കാഴ്ചകളും ലൈബ്രറി പുസ്തകത്തിനിടയിൽ വച്ചുള്ള ചില കത്തിടപാടുകളും (അല്ല അതിനു പകരം ഹംസമാവുന്ന സുഹൃത്തുക്കളും, ചിലപ്പോൾ അങ്ങനെ ഹംസം പെണ്ണിനെ അടിച്ചോണ്ട് പോവുന്നതും) നോട്ടം കൊണ്ടുള്ള ആലിംഗനങ്ങളിലും ഒക്കെയായി പ്രണയം കൊണ്ടാടിയ ഒരു തലമുറയുണ്ടായിരുന്നു ഒരു ദശാബ്ദം മുമ്പ് വരെ.

എന്നാൽ ടെക്നോളജിയുടെ ക്ഷിപ്ര പരിണാമം കാര്യങ്ങളെയാകെ മാറ്റി മറിച്ചു. ഒരേ സമയം രക്ഷകനായും വില്ലനായും മൊബൈൽ ഫോൺ മാറി. മിക്കപ്പോഴും മൊബൈൽ ഫോൺ ഒരു സ്വകാര്യ കിടപ്പുമുറിയായി രൂപാന്തരം പ്രാപിച്ചു. ആശയവിനിമയം ആഗോളവൽകൃതവും ജനകീയവും ഒരു ക്ലിക്കിൽ ഒതുങ്ങുന്നതുമായതോടെ പ്രണയബന്ധങ്ങളും രൂപാന്തരപെടാൻ തുടങ്ങി. മേൽസൂചിപ്പിച്ച ജാതി-മത-നിറ-ദേശ ഭേദങ്ങൾക്കതീതമായി പ്രണയത്തിന്‍റെ സാധ്യതകൾ വളർന്നുവെങ്കിലും ടെക്നോളജി മുന്നോട്ട് വച്ച അനന്ത സാധ്യതകൾ അൽപ്പായുസ്സുള്ള പ്രണയങ്ങൾക്കും വിവാഹപൂർവ-വിവാഹേതര ബന്ധങ്ങൾക്കും പുറമെ ഒട്ടേറെ ചതിക്കുഴികളും കരുതി വച്ചു.

മേൽപറഞ്ഞ ചർച്ചയിൽ സുഹൃത്തുക്കൾ പങ്കു വച്ച ചിന്തകളുമായ ചില നിരീക്ഷണങ്ങളുണ്ട്. കമിതാക്കൾക്കായ് ഒരു സ്വകാര്യ ഇടം എവിടെയാണുള്ളത്? വീടുകളും കലാലയങ്ങളും ഒരു പരിധി വരെ “പ്രണയേ പാപം” എന്ന സിദ്ധാന്തം പിന്തുടരുന്ന ഇടങ്ങളാണ്. (കൊറോണ കാലത്തിനു മുമ്പ് വരെ) തിയേറ്ററുകളും പാർക്കുകളും ഒരു പരിധി വരെ ആശ്വാസം നൽകിയ ഇടത്താവളങ്ങളായിരുന്നു.

ഒരു സുഹൃത്ത് നിരീക്ഷിച്ചത് പ്രണയം ആത്യന്തികമായി കാമമെന്ന ജന്മചോദനയുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും, എന്നാൽ “എനിക്ക് നിങ്ങളോടു ശാരീരികമായ അടുപ്പം തോന്നുന്നു, നിങ്ങളുടെ കൂടെ കിടക്കാൻ തോന്നുന്നു” എന്നൊക്കെ പറഞ്ഞാൽ കരണത്തടി കിട്ടും എന്നുള്ളത് കൊണ്ട് പലരും പുറകെ നടന്നു ഇഷ്ടം പറഞ്ഞു ചക്കരെ തേനേ എന്നൊക്കെ വിളിച്ചനുനയിപ്പിച്ചു അതിന്‍റെ ലക്ഷ്യത്തിലേക്കെത്തിച്ചേരുന്നു. ഇതിനെ ഒരു പരിധി വരെ നവ മാധ്യമങ്ങളും പ്രത്യേകിച്ച് ചാറ്റിംഗ് ആപ്പുകളും ഇപ്പോൾ സഹായകമായ അന്തരീക്ഷം ഒരുക്കി കൊടുക്കുന്നുണ്ട്.

(ശരിയോ തെറ്റോ എന്നുള്ള ആ വാദപ്രതിവാദം അവിടെ നിൽക്കട്ടെ) മേൽപറഞ്ഞ സാങ്കേതിക മാറ്റങ്ങൾ ലൈംഗീകതയെ തുറന്ന സമീപനത്തോടെ കാണാൻ യുവ തലമുറയെ സഹായിച്ചിട്ടുണ്ട്. വിവാഹ-പൂർവ, ഇതര ലൈംഗീകതയെക്കുറിച്ചും സേഫ് സെക്സിനെക്കുറിച്ചും എഗ്ഗ് ഫ്രീസിംഗിനെക്കുറിച്ചും ഒക്കെ ബോധവാന്മാരെന്ന് മാത്രമല്ല അതിനെക്കുറിച്ച് തുറന്നു സംസാരിക്കാനും അവരാർക്കും മടിയില്ല എന്നത് ഒരു കാതലായ മാറ്റം തന്നെയാണ്.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു കേന്ദ്ര സർവകലാശാലയുടെ ഹോസ്റ്റലിൽ ചെന്നാൽ നൂറായിരം കോണ്ടം കാണാം എന്ന് ഒരു കേന്ദ്ര മന്ത്രി പറഞ്ഞത് വൻ വിവാദമായിരുന്നു. എന്നാൽ ഞാൻ അതിൽ വളരെ പോസിറ്റീവ് ആയി കാണുന്ന ഒരു കാര്യം അത് തന്നെയാണ്. ആ (പ്രായപൂർത്തിയായ) വിദ്യാർത്ഥികൾ അവരുടെ ലൈംഗീകതയെ തിരിച്ചറിയുകയും ആസ്വദിക്കുകയും ചെയ്യുമ്പോഴും കരുതൽ കൈവിടാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ശരിക്കും അത് അഭിനന്ദിക്കപ്പെടേണ്ടതല്ലേ?

പുസ്തകങ്ങൾ സിനിമകൾ പിന്നെ കാപ്പി കപ്പിലെ പ്രണയങ്ങളും

പ്രണയത്തിന്‍റെ വിത്ത് പാകുന്നതിൽ കാലങ്ങളായി പുസ്തകങ്ങൾക്കും സിനിമകൾക്കും ഒരു വലിയ പങ്കുണ്ട്. ഷേക്സ്പിയറും കീറ്റ്സും നെരൂദയും എത്രയെത്ര പേരെയാണ് കാലങ്ങളായി പ്രണയത്തിലേക്ക് കൂട്ടി കൊണ്ട് പോയിരിക്കുന്നത്. ആനന്ദം സ്‌ഥിരമായി വായിക്കുന്ന ചില വായനക്കാർ ആസ്വാദ്യകരമായ പുസ്തകങ്ങളും സിനിമകളും പറഞ്ഞു തരാമോ എന്ന് മിക്കപ്പോഴും ചോദിക്കാറുണ്ട്.

anandam feb love

ഈയിടെ വായിച്ചതിൽ എനിക്കിഷ്ടപ്പെട്ട ഒരു പ്രണയകഥ (സമാഹാരം) വിജെ ജയിംസിന്‍റെ “പ്രണയോപനിഷത്താണ്”. ഇതിനെ ആസ്പദമാക്കിയാണ് ജിത്തു ജേക്കബ് മോഹൻലാലിനെ നായകനാക്കി “മുന്തിരിവള്ളികൾ തളിർക്കുമ്പോൾ” എന്ന സിനിമ തയ്യാറാക്കിയത്. സമകാലീകമല്ലെങ്കിലും വി ആർ സുധീഷ് എഡിറ്റ് ചെയ്‌ത “മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ കഥകൾ”, “മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ കവിതകൾ”, കെ ആർ മീരയുടെ “ആ മരത്തെയും മറന്നു മറന്നു ഞാൻ” (മനോരമയിലെ ന്യൂസ് റീഡർ കൂടി ആയ) പ്രമോദ് രാമന്‍റെ “ചെന്താംശ ജീവിതം” എന്നിവയും മസ്റ്റ് റീഡുകളാണ്.

ആഴത്തിലുള്ള പ്രണയ എഴുത്തുകളും വായനകളും കാഴ്ചകളും കുറഞ്ഞു വരുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്. പലപ്പോഴും ഞാൻ വിദ്യാർത്ഥികളോട് ഇഷ്ടമുള്ള എഴുത്തുകാരൻ, കൃതി ചോദിക്കുമ്പോൾ കിട്ടുന്ന ഉത്തരം ചേതൻ ഭഗത്, രവീന്ദർ സിംഗ് (ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി) എന്നിങ്ങനെയുള്ള പൾപ്പ് ഫിക്ഷനിസ്റ്റുകളുടെയാണ്. ഓടിടി പ്ലാറ്റുഫോമുകൾ സജീവമായതോടെ വെബ് സീരിസുകൾ സിനിമകളേക്കാൾ പ്രചാരം നേടി. അങ്ങനെ കാമ്പുള്ള കഥകളേക്കാൾ ഊതി വീർപ്പിച്ച, എരിവും പുളിയും ചേർത്ത കുറെ സീരിസുകൾ ട്രെൻഡിംഗ് ആയി.

എന്നിരിക്കിലും അതൊന്നും നല്ല വായനയ്ക്ക് പകരമാവില്ല തന്നെ. മിലൻ കുന്ദേരയുടെ “അൺബെയറബിൾ ലൈറ്റൻസസ് ഓഫ് ബീയിങ്”, ജെയിൻ ഓസ്റ്റിന്‍റെ നോവലുകൾ, മാർകേസിന്‍റെ “കോളറ കാലത്തെ പ്രണയം” എന്നിങ്ങനെ എത്രയെത്ര ക്ലാസ്സിക്കുകളാണ് നമ്മെ കാത്തിരിക്കുന്നത്.

എതിർപ്പുകൾ താണ്ടി ഉയിർക്കും പ്രണയ പൂങ്കാവനങ്ങൾ

കാലങ്ങളായുള്ള ഒരു പ്രതിഭാസത്തെക്കുറിച്ചു കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം. എതിർക്കുന്തോറും ശക്തി പ്രാപിക്കുന്ന ഒന്നാണ് പ്രണയം. തുടക്കത്തിൽ പറഞ്ഞ കഥയിൽ മാതാപിതാക്കൾ അത്രയും സ്ട്രിക്ട് ആയിട്ട് കൂടി മക്കളുടെ പ്രണയ സല്ലാപങ്ങൾക്കു പൂട്ടിടാനായില്ല. ചോക്ലേറ്റ് എന്ന സിനിമയിലെ രാജൻ പി ദേവിനെയാണ് ഈ അവസരത്തിൽ ഓർമ്മ വരുന്നത്. തന്‍റെ ആദ്യ രണ്ടു പെണ്മക്കളും പ്രണയിച്ചു ഒളിച്ചോടിയത് കൊണ്ട് മൂന്നാമത്തെ മകളെ വുമൺസ് ഒൺലി കോളേജിൽ ചേർക്കുന്നു. ഇടയ്ക്കിടയ്ക്ക് ചെന്ന് മോളെ കണ്ണുരുട്ടി പേടിപ്പിക്കുന്നു. എന്നാൽ മൂന്നാമത്തെ മകളും (സംവൃത) ആ വഴിയേ തന്നെ പോകുന്നു. അത് കൊണ്ട് തന്നെ എനിക്ക് പറയാനുള്ളതെന്തെന്നാൽ സാധിക്കുമെങ്കിൽ മക്കളോടൊപ്പം അൽപ സമയം എല്ലാ ദിവസവും ചെലവിടുക. എന്തും തുറന്നു പറയാനുള്ള സ്പേസ് അവർക്കു നൽകുക. ഒരു പരിധി വരെ അവരുടെ കൗമാര ജിജ്ഞാസകളിൽ കൂടെ നിൽക്കാനും അബദ്ധങ്ങളിലും ചതികുഴികളിലും ചാടുന്നതിൽ നിന്ന് അവരെ രക്ഷിക്കാനും അതിലൂടെ സാധിക്കും.

വീരാൻ കുട്ടിയുടെ പ്രശസ്തമായ നാല് വരികൾ കുറിച്ച് അവസാനിപ്പിക്കട്ടെ.

“ഭൂമിക്കടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു.

ഇലകൾ തമ്മിൽ തൊടുമെന്നു പേടിച്ചു നാം അകറ്റി നട്ട മരങ്ങൾ

പ്രണയ മരങ്ങൾ പൂത്തുലയുമാറാവട്ടെ

ആനന്ദ മുറ്റത്തു ആറാടട്ടെ!”

യൂറോപ്യൻ ലുക്ക് മേക്കപ്പ്!

മേക്കപ്പിന്‍റെ വ്യത്യസ്തമായ ലുക്ക് വ്യക്‌തിത്വത്തിന് അഴകുപകരുന്നതിനൊപ്പം ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു. വെഡിംഗ്, പാർട്ടി മേക്കപ്പിൽ ഏറ്റവും ട്രെൻഡിയായ ഒരു മേക്കപ്പാണ് യൂറോപ്യൻ ലുക്ക് മേക്കപ്പ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്‌റ്റ് അഭിഷേക് ഖേത്രപാല്‍ യൂറോപ്യൻ ലുക്ക് മേക്കപ്പ് പരിചയപ്പെടുത്തുന്നു. യൂറോപ്യൻ ലുക്ക് മേക്കപ്പ് ചെയ്യുന്നതെങ്ങനെയെന്നറിയാം.

ബേസ് മേക്കപ്പ്

മേക്കപ്പിടും മുമ്പ് മുഖം ക്ലൻസിംഗ് ചെയ്ത് നന്നായി വൃത്തിയാക്കണം. ശേഷം ടോണിംഗ്, മോയിസ്ച്ചുറൈസിംഗ് ചെയ്യാം. തുടർന്ന് കൺസീലർ പുരട്ടി മുഖത്തെ പാടുകളെയും മറ്റും മറയ്ക്കാം. ഇനിയാണ് ഫൗണ്ടേഷൻ അഥവാ ബേസ് പുരട്ടി മുഖത്തിന് സ്മൂത്ത് ലുക്ക് നൽകേണ്ടത്. ശ്രദ്ധിക്കുക സ്വന്തം സ്കിൻ ടോണിന് അനുസരിച്ചുള്ളതാകണം ബേസ്. സ്കിൻ ടോണിന് അനുസരിച്ചുള്ള ബേസ് തെരഞ്ഞെടുക്കാൻ ബേസ് നെറ്റിത്തടത്തിലോ, കവിളുകളിലോ പുരട്ടി നോക്കാം. മുഖചർമ്മവുമായി ബേസ് നന്നായി ഇണങ്ങുന്നുണ്ടെങ്കിൽ മുഖത്തിന് അതേ ബേസ് അപ്ലൈ ചെയ്യാം. ബേസ് അപ്ലൈ ചെയ്യുമ്പോൾ ലാഫിംഗ് ലൈൻസ്, ഐ കോർണറുകൾ, ലിപ് കോർണറുകൾ എന്നീ ഭാഗങ്ങൾ ശ്രദ്ധയോടെ അപ്ലിഫ്റ്റ് ചെയ്യാം. ബേസ് നന്നായി ബ്ലൻഡ് ചെയ്യുംവിധം വേണം ചർമ്മത്തിൽ അപ്ലൈ ചെയ്യാൻ. ചർമ്മ സുഷിരങ്ങൾ ഫിൽ ചെയ്‌ത് സ്മൂത്ത് ആക്കുംവിധം ബേസ് അപ്ലൈ ചെയ്യാം.

മുഖം അൽപം ഡ്രൈ ആണെങ്കിൽ പ്രൈമർ അല്ലെങ്കിൽ മോയിസ്ച്ചുറൈസർ പുരട്ടാം അഥവാ ഓയിലിയാണെങ്കിൽ മാറ്റ് ഫിനിഷ് ടോണർ പുരട്ടാൻ മറക്കരുത്. അതോടെ ചർമ്മത്തിലെ ഓയിലി ഇഫക്റ്റ് വരുന്നത് ഇല്ലാതാകും. ബേസ് ബ്ലൻഡ് ചെയ്യുമ്പോൾ കൈ കൊണ്ട് നേരിയ പ്രഷർ മാത്രമേ കൊടുക്കാവൂ. ഐ ബോൾസ് ഏരിയയിൽ ബേസ് പുരട്ടരുത്. പുരട്ടിയാൽ കണ്ണുകൾ ചെറുതായതു പോലെ തോന്നും.

ട്രാൻസ്‍ല്യൂഷൻ പൗഡർ

മുഖത്ത് ബേസ് നന്നായി ബ്ലൻഡ് ചെയ്‌ത് പിടിപ്പിക്കുക. അതിനു മീതെ ട്രാൻസ്‍ല്യൂഷൻ പൗഡർ റൗണ്ട് ഡയറക്ഷനിലായി പുരട്ടുക. അഥവാ കൂടുതലായി പോയാൽ ബ്രഷ് ഉപയോഗിച്ച് എക്സ്ട്രാ പൗഡർ നീക്കാം. ലാഫിംഗ് ലൈൻ കാണാതിരിക്കാൻ ബ്ലൻഡിംഗ് നല്ലവണ്ണം ചെയ്യുക.

പാൻകേക്ക് ടച്ച് ചെയ്യുകയാണെങ്കിൽ വെള്ളം മിക്‌സ് ചെയ്‌ത് തന്നെ ടച്ച് ചെയ്യാം. മേക്കപ്പ് നീക്കം ചെയ്യുമ്പോൾ എണ്ണ പുരട്ടി നീക്കം ചെയ്യണം. പാൻകേക്ക് മേക്കപ്പിനെ ലോംഗ്‍ലാസ്റ്റിംഗും വാട്ടർ പ്രൂഫുമാക്കും. നൈറ്റ് പാർട്ടിയ്ക്ക് വെസ്റ്റേൺ ഡ്രസ്സാണ് അണിയുന്നതെങ്കിൽ മുഖത്ത് മെറ്റാലിക് ഷൈനർ ടച്ച് ചെയ്യാം.

ബ്ലഷർ

മേക്കപ്പിൽ ബ്ലഷർ ഏറ്റവും പ്രധാനമാണ്. ഡൾ സ്കിന്നിൽ ഫ്രഷ്നസ്സും റോസിഗ്ലോയും നൽകും. ബ്ലഷർ ഫീച്ചേഴ്സിനെ കൂടുതൽ എടുത്ത് കാട്ടും. ഒപ്പം മുഖത്തിന് ശരിയായ ഡെഫിനിഷനും കിട്ടും. മുഖത്തിന് ഷെയ്പ് വരുത്തുന്നതിന് പുറമെ കൊൺടൂറിംഗും ചെയ്യാന്‍ ബ്ലഷര്‍ ഉപയോഗപ്പെടുത്താം. ബ്ലഷർ അപ്ലൈ ചെയ്യാൻ ഡോം ഷെയിഡ്സ് ബ്ലഷർ ബ്രഷ് ഉപയോഗിക്കാം. ബ്ലഷറിൽ ബ്രഷ് വട്ടത്തിൽ ചലിപ്പിച്ച് കവിളിൽ ലൈറ്റ് സ്ട്രോക്‌സായി ഇട്ടുകൊണ്ട് നെറ്റിയിലേക്ക് ബ്ലഷർ വ്യാപിപ്പിച്ച് ബ്ലൻഡ് ചെയ്യാം. ബ്ലഷർ കൂടി പോയാൽ പൗഡർ പഫിൽ ടിഷ്യൂപേപ്പർ പൊതിഞ്ഞ് ബ്ലഷറിൽ ഗോൾഡൻ ഷിമർ ചേർത്ത് അപ്ലൈ ചെയ്യാം. ഇത് മുഖത്തെ ഫീച്ചേഴ്സിനെ ഹൈലൈറ്റ് ചെയ്യും. സ്കിൻ ടോൺ ഡാർക്ക് ആണെങ്കിൽ പേൾ പെസ്റ്റൽ ഷെയിഡ്സ് അപ്ലൈ ചെയ്യുന്നത് ഒഴിവാക്കാം. അല്ലെങ്കിൽ ചർമ്മത്തിന്‍റെ നിറം ചാരനിറമാർന്നതായി കാണപ്പെടും.

ഹെയർ സ്റ്റൈൽ

ഏത് സ്റ്റൈലിലുള്ള മേക്കപ്പും ഡ്രസ്സും പെർഫക്റ്റാകാൻ ഹെയർ സ്റ്റൈൽ മികച്ചതായിരിക്കേണ്ടത് പ്രധാനമാണ്. യൂറോപ്യൻ സ്റ്റൈൽ മേക്കപ്പിൽ ഏറ്റവുമാദ്യം മുടി ബ്ലോ ഡ്രൈ ചെയ്‌ത് സ്മൂത്താക്കണം. അതിനു ശേഷം മുടി 3 ഭാഗങ്ങളായി വേർതിരിക്കണം. പിറകിലെ മുടി റോൾ ചെയ്‌ത് കൊണ്ട ആകൃതിയിലാക്കാം. ശേഷം ഇരുവശത്തുമുള്ള മുടിയിഴകൾ ഓരോന്നായി എടുത്ത് റബ്ബറിട്ട് കെട്ടുക. ശേഷം രണ്ട് വശത്തുള്ള ബ്രെയിഡിനെ കൊണ്ടയ്ക്ക് മുകളിൽ കൊണ്ടു വന്ന് പിൻ അപ്പ് ചെയ്യാം. ഹെയർ സ്റ്റൈലിനെ ആക്സസറൈസ് ചെയ്യുന്നതിന് ചെറിയ ആർട്ടിഫിഷ്യൽ അല്ലെങ്കിൽ നാച്ചുറൽ ഫ്ളവർ വയ്ക്കാം.

ലിപ് മേക്കപ്പ്

ചുണ്ടുകളുടെ മേക്കപ്പിനായി ലിപ്സ്റ്റിക്ക് ഷെയിഡുമായി മാച്ച് ചെയ്യുന്ന ലിപ്ലൈനർ കൊണ്ട് ഔട്ട്‍ലൈൻ വരയ്ക്കാം. ഔട്ട്‍ലൈനിംഗിന് ഡാർക്ക് ഷെയിഡ് പ്രയോഗിക്കരുത്. വളരെ നേർത്ത ചുണ്ടാണെങ്കിൽ തടിച്ചതായി കാണാൻ ചുണ്ടുകളുടെ അരികുകളിലൂടെ ലിപ്ലൈൻ വരയ്ക്കാം. ഡ്രസ്സിനിണങ്ങുന്ന ലിപ്സ്റ്റിക്ക് ഷെയിഡ് എടുത്ത് ചുണ്ടുകൾക്ക് മൊത്തത്തിലായി ഫിൽ ചെയ്യാം. ലിപ്സ്റ്റിക്ക് ടച്ച് ചെയ്‌ത ശേഷം ലിപ്ഗ്ലോസ് കൊണ്ട് ചുണ്ടുകൾ ഹൈലൈറ്റ് ചെയ്യാം. ലോംഗ് ലാസ്റ്റിംഗ് ഗ്ലോയിംഗിനും ഇത് സഹായിക്കും.

4 ആഴ്ച കൊണ്ട് 4 കിലോ കുറയ്ക്കാം

ഫിറ്റ്നസിന്‍റെ ഈ പുതിയ പാഠങ്ങൾ സ്വീകരിച്ച് നിങ്ങളുടെ സ്വപ്നം സഫലമാക്കാം. ഒരു മാസം കഴിയുമ്പോൾ മേഘയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ബാച്ച്ലർ പാർട്ടിയുണ്ട്. അതിൽ ഹോട്ട്ലുക്കിലാവും എല്ലാവരും പങ്കെടുക്കുന്നത്. പക്ഷേ മേഘയ്ക്ക് അഞ്ചടി നാലിഞ്ച് ഉയരവും 59 കിലോ ഭാരവും. ഷോർട്ട് ഡ്രസ് ധരിക്കണമെന്നുണ്ട്. അരക്കെട്ടിന്‍റെയും കാലിന്‍റെയും വണ്ണം അൽപം കൂടി കുറവായിരുന്നെങ്കിൽ. നാല് ആഴ്ചയുണ്ട് മുന്നിൽ. ഭാരം നാലു കിലോ കുറച്ചാൽ 55 ആകും. ഉയരത്തിനനുസരിച്ച് ഭാരം. അതിനായി ഫുഡ് ഡയറ്റ് പ്ലാൻ ചെയ്യുകയും ഒപ്പം വർക്കൗട്ടും നടക്കട്ടെ.. അദ്ഭുതങ്ങൾ പ്രതീക്ഷിക്കാം.

നാല് ആഴ്ച കൊണ്ട് നാല് കിലോ വരെ കുറയ്‌ക്കാൻ കഴിയുന്ന ഫിറ്റ്നസ് ചാർട്ട് നിങ്ങളും ശ്രമിച്ചു നോക്കൂ. ഭാരം അമിതമായി കൂടി കഴിഞ്ഞാൽ പിന്നെ കുറച്ചു കൊണ്ടു വരാൻ പ്രയാസമാണ്. ഭാരം കുറയ്‌ക്കാൻ വേണ്ടി ബിഎംആർ അഥവാ ബേസിക് മെറ്റബോളിക് റേറ്റ് വർദ്ധിപ്പിക്കുകയാണ് വേണ്ടത്. ദിനചര്യയിലും ഭക്ഷണത്തിലും ശ്രദ്ധിച്ചാൽ ഇക്കാര്യം നേടിയെടുക്കാം.

4 കാര്യങ്ങൾക്ക് വിട

  • അമിത ഭക്ഷണം
  • ശീതള പാനീയം
  • പഞ്ചസാര
  • ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കൽ

4 കാര്യങ്ങൾ ശ്രദ്ധിക്കുക

  • രാവിലെ ഒരു ഗ്ലാസ് ശുദ്ധ ജലത്തിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുക.
  • സന്തുലിതമായ ഭക്ഷണം കഴിക്കുക.
  • പോഷകമുള്ള സ്നാക്സുകൾ മാത്രം ഭക്ഷിക്കുക. (സലാഡ്, കാരറ്റ്, പൊട്ടുവെള്ളരി തുടങ്ങിയവ)
  • ഭാരം കുറയണമെങ്കിൽ ഡയറ്റ് മാത്രം പോര. വ്യായാമവും വേണം. തുടക്കത്തിൽ 15 മിനിറ്റ് വ്യായാമം ചെയ്‌ത് അത് ദിവസവും 45 മിനിറ്റ് എന്ന കണക്കിൽ വർദ്ധിപ്പിച്ചു കൊണ്ടു വരിക.

ചെയ്യേണ്ട 4 കാര്യങ്ങൾ

ഫിസിക്കൽ ആക്‌ടിവിറ്റി: ശരീരം എപ്പോഴും ആക്ടീവായി നിലനിർത്തിയാൽ മാത്രമേ ഭാരം കുറയ്‌ക്കുക എന്ന ലക്ഷ്യം നേടാൻ കഴിയൂ. എയ്റോബിക്‌സ്, ട്രെഡ്മിൽ, നടത്തം, നൃത്തം ഇങ്ങനെ ഏതുതരം ആക്‌ടിവിറ്റിയാണെങ്കിലും 30-45 മിനിറ്റ് ചെയ്യണം. ഇത് ദിവസവും ചെയ്യുന്നുണ്ടെങ്കിൽ 30 മിനിറ്റ് ആയാലും മതി. ആഴ്ചയിൽ നാലു ദിവസമേ ചെയ്യുന്നുള്ളൂവെങ്കിൽ 45 മിനിട്ടെങ്കിലും ചെയ്യണം.

ഭക്ഷണം ആണ് ശരീരം: രാവിലത്തെ തിരക്കിൽ ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കാൻ സമയം കിട്ടാത്തവരാണ് നിങ്ങളെങ്കിൽ സംശയിക്കേണ്ട, വണ്ണം കൂടും! രാവിലെ പോലും ഞാൻ ഒന്നും കഴിക്കുന്നില്ല. എന്നിട്ടു കണ്ടില്ലേ ഈ തടി. എന്ന് കരഞ്ഞിട്ട് കാര്യമില്ല. ബ്രേയ്ക്ക് ഫാസ്റ്റ് കഴിച്ചാൽ തടി കുറയ്ക്കാം എന്ന സത്യം മറക്കാതിരിക്കുക. രാവിലെ നന്നായി കഴിച്ചില്ലെങ്കിൽ തുടർന്നുള്ള ഭക്ഷണത്തിന്‍റെ അളവ് കൂടും.

ചെറിയ ഇടവേളകളിൽ ലഘുവായി ഭക്ഷണം: കഴിക്കുന്നതാണ് നല്ല രീതി. ശരീരത്തിനാവശ്യമായ ഊർജ്‌ജം ലഭിക്കും. അമിതമായി കൊഴുപ്പ് അടിയുകയുമില്ല.

ഹൈഡ്രേറ്റ് ചെയ്യാം: ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്തുകയാണ് വണ്ണം കൂടാതിരിക്കാനുള്ള ഒരു മാർഗ്ഗം. 4 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ശരീരത്തിലെ ടോക്‌സിനുകൾ പുറത്തു പോകാൻ ഇത് സഹായിക്കും. പ്രത്യേകിച്ചും ചൂട് കൂടുതലുള്ള സ്‌ഥലങ്ങളിൽ കഴിയുന്നവരാണെങ്കിൽ വെള്ളം കൂടുതൽ കുടിക്കണം.

ഡയറ്റ്

ഫിറ്റായിരിക്കാൻ സന്തുലിതമായ ഭക്ഷണം അനിവാര്യമാണ്. നാരുകൾ അടങ്ങിയ ഭക്ഷണമാണ് ആവശ്യം. തവിടുള്ള ധാന്യം, പച്ചക്കറികൾ, പഴങ്ങൾ ഇവ ധാരാളം ഉപയോഗിക്കണം. കാർബോഹൈഡ്രേറ്റിനു പകരം, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. ദിവസത്തിന്‍റെ തുടക്കത്തിൽ പാൽ, പാലുൽപ്പന്നങ്ങൾ തുടങ്ങി പ്രോട്ടീനടങ്ങിയ ഭക്ഷണം കഴിക്കണം. നാരങ്ങാ വെള്ളം, ലസ്സി, ഗ്രീൻടീ, കോൾഡ് കോഫി തുടങ്ങിയവ ശീലമാക്കുക.

സാമ്പിൾ ഡയറ്റ്

ഒന്നും രണ്ടും ദിവസം

ബ്രേയ്ക്ക് ഫാസ്റ്റ് – ചായ, കോഫി, പാൽ, പനീർ, സാന്‍വിച്ച്.

മിഡ്മീൽ – നാരങ്ങാ വെള്ളം, 6-7 ബദാം

ലഞ്ച് – സലാഡ്, ചപ്പാത്തി അല്ലെങ്കിൽ ചോറും കറിയും.

വൈകുന്നേരം – 2 ഡൈജസ്റ്റീവ് ബിസ്ക്കറ്റ്, ചായ.

ഡിന്നർ – സാലഡ്, പഴങ്ങൾ.

മൂന്നാം ദിനം

ബ്രേക്ക് ഫാസ്റ്റ് – ഓംലറ്റ്, കടലമാവു കൊണ്ടുള്ള എന്തെങ്കിലും വിഭവം.

മിഡ്മിൽ – നാരങ്ങാ വെള്ളം, പഴങ്ങൾ

ലഞ്ച് – സലാഡ്, ചപ്പാത്തി അല്ലെങ്കിൽ ചോറും കറിയും

വൈകുന്നേരം – 2 ഡൈജസ്റ്റീവ് ബിസ്ക്കറ്റ്, ചായ.

ഡിന്നർ – പാൽ, കോൺഫള്ക്‌സ്

നാലാം ദിനം

മത്തങ്ങ – ഇത് ഏതു രൂപത്തിലും കഴിക്കാം. മടുപ്പു തോന്നിയാൽ ഒന്നോ രണ്ടോ ചപ്പാത്തി കഴിക്കാം.

അഞ്ചും ആറും ദിനം

നിയന്ത്രിത അളവിൽ ഭക്ഷണം എന്തും കഴിക്കാം. തവിടുള്ള ധാന്യവും ഉൾപ്പെടുത്തണം.

ഏഴാം ദിനം

ലഘുപാനീയങ്ങളും, പഴങ്ങളും മാത്രം. ശരീരം ഡിറ്റോക്സ് ചെയ്‌തു ഒരു ആഴ്ച പൂർത്തിയാക്കി അടുത്ത ആഴ്ചയും ഇതേ ഡയറ്റ് ചാർട്ട് തുടങ്ങുക. 4 കിലോ ഭാരം തീർച്ചയായും കുറയും.

രോഗമുള്ളവർ ഡോക്‌ടറുടെ നിർദ്ദേശം ആരായണം.

അടുക്കള ഭരണം

എംബിഎ കഴിഞ്ഞയുടനെ കാമ്പസ് സെലക്ഷൻ വഴി ബാംഗ്ലൂരിൽ ഒരു വൻകിട കമ്പനിയിൽ എനിക്ക് ജോലി കിട്ടി. താമസിക്കുന്നതിനായി സിറ്റിയിൽ തന്നെ അൽപം മുന്തിയ അപ്പാർട്ട്മെന്‍റ് വാടകയ്ക്കെടുത്തിരുന്നു. ജോലി കിട്ടിയതറിഞ്ഞതു മുതൽ അച്‌ഛനുമമ്മയും എനിക്കുവേണ്ടി പെണ്ണന്വേഷിച്ചു തുടങ്ങി. ഒടുവിൽ അന്വേഷണം ഒരു കേണലിന്‍റെ സുന്ദരിയായ മകളിലെത്തി ചേർന്നു. കുടുംബങ്ങൾ തമ്മിൽ നല്ല ചേർച്ച. കുഴപ്പമില്ലെന്ന് ഗ്രീൻ സിഗ്നൽ കിട്ടിയതോടെ വിവാഹ തീരുമാനത്തിനായി അച്‌ഛനും അമ്മയും എന്നെ നാട്ടിലേക്ക് വിളിപ്പിച്ചു. സിറ്റിയിലെ വലിയൊരു മാളിൽ വച്ച് ഞാനെന്‍റെ പ്രതിശ്രുത വധുവിനെ ആദ്യമായി കണ്ടു. ഒറ്റനോട്ടത്തിൽ അവളെന്‍റെ മനസ്സിൽ പച്ച കുത്തിയപോലെ പതിഞ്ഞിരുന്നു.

സുഹാനാ!!

ഞങ്ങളൊരുമിച്ച് ഒരു റസ്റ്റോറന്‍റിൽ കയറി പനീർ കട്‍ലറ്റും പനീർ ചില്ലിയും ചൂട് കോഫിയും ആസ്വദിച്ച് കഴിച്ചു. റസ്റ്റോറന്‍റിലെ അന്തരീക്ഷം സുഹാനയ്ക്ക് ഏറെയിഷ്‌ടമായി. ഞങ്ങൾ അവിടെയിരുന്ന് മനസ്സു തുറന്നു.

“ഞാനൊരു ഭക്ഷണപ്രിയനാണ്. പ്രത്യേകിച്ചും നോർത്തിന്ത്യൻ ഫുഡ് എനിക്ക് വീക്കനെസ്സാണ്” ഞാൻ സുഹാനയോട് പറഞ്ഞു.

“എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.” അതുവരെ ഞാൻ പറയുന്നതിന് മാത്രം ചെറു വാക്കുകളിൽ മറുപടി പറഞ്ഞിരുന്ന സുഹാന അൽപം മടിയോടെ പറഞ്ഞു.

“ഷുവർ പറയൂ, ആരെയെങ്കിലും ഇഷ്‌ടപ്പെടുന്നുണ്ടോ? അഫയർ! മറ്റെന്തെങ്കിലും?” ഞാൻ ഒറ്റശ്വാസത്തിൽ ചോദിച്ചു. എന്‍റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. അൽപനേരം കൊണ്ട് വെളുത്തു മെലിഞ്ഞ നാണം കുണുങ്ങിയായ ആ സുന്ദരിയെ ഞാൻ മനസ്സുകൊണ്ട് സ്വന്തമാക്കി കഴിഞ്ഞിരുന്നുവല്ലോ!

“എനിക്ക് കുക്കിംഗ് അറിയില്ല. ഒരു ചായയുണ്ടാക്കാൻ പോലുമറിയില്ല. വീട്ടിൽ പാചകം ചെയ്യാൻ കുക്കുണ്ട്” സുഹാന കുറ്റസമ്മതം നടത്തുംപോലെ തലകുനിച്ചു കൊണ്ട് പറഞ്ഞു. ഒരു പക്ഷേ എന്‍റെ പരിഭ്രമം കണ്ടിട്ടാകണം അവളുടെ മുഖത്ത് ഒരു പുഞ്ചിരി മിന്നി മറയുന്നത് ഞാൻ ശ്രദ്ധിച്ചു.

“നോ പ്രോബ്ലം. ഒരു കുക്കിനെ വയ്‌ക്കാം. അത് വലിയ കാര്യമല്ല.” അവളുടെ സൗന്ദര്യം അടുക്കളയിലെ ചൂടേറ്റ് മങ്ങലേൽക്കരുതെന്ന ചിന്തയിലും അവളെ നഷ്‌ടപ്പെടരുതെന്ന ധാരണയിലും ഞാൻ ഉടനടി മറുപടി പറഞ്ഞു.

എന്‍റെ ഓകെ റിപ്പോർട്ടിനെ തുടർന്ന് വിവാഹ തീയതി കുറിക്കപ്പെട്ടു. 30 ദിവസത്തിനുള്ളിൽ സുഹാന എന്‍റെ പ്രിയ പത്നി ഹൃദയേശ്വരി, ഹംറ്റി ശർമ്മ കി ദുൽഹനിയയായി മാറി. ഞങ്ങൾ മൈസൂറിലും കൂർഗിലും പോയി ഹണിമൂൺ ആഘോഷിച്ചു.

“കുക്കിനെ വച്ച ശേഷമേ ഞാൻ ബാംഗ്ലൂരിൽ വരൂ,” സുഹാന ഒരു നിബന്ധന മുന്നോട്ടു വച്ചു.

ഞാൻ ഓഫീസിലെ മുഴുവൻ കൂട്ടുകാരോടും വിവാഹ വിശേഷം ആവേശത്തോടെ വിളമ്പി. അവരിൽ രണ്ട് കൂട്ടുകാർ ഞാൻ താമസിക്കുന്ന അതേ കോംപ്ലക്സിൽ തന്നെയുള്ള അപ്പാർട്ടുമെന്‍റുകളിലായിരുന്നു താമസം. സെക്യൂരിറ്റി ഓഫീസിൽ ചെന്ന് വേഗം ഒരു കുക്കിനെ സംഘടിപ്പിച്ച് തരാനാവശ്യപ്പെട്ടു.

പിറ്റേ ദിവസം അതിരാവിലെ അടുക്കളക്കാരി ഹാജരായി. അവധി ദിവസമായതിനാൽ ഞാൻ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. പുതിയ അടുക്കളക്കാരിയുടെ രംഗപ്രവേശം. ഞാൻ അടുക്കളക്കാരിയെ അടിമുടി വീക്ഷിച്ചു. മെലിഞ്ഞ് ഇരുണ്ട ഒരു ചെറുപ്പക്കാരി വലിയ കണ്ണുകൾ. മൊത്തത്തിൽ ഒരു സുന്ദരി. ചുളുങ്ങിയതാണെങ്കിലും നല്ല വൃത്തിയുള്ള സൽവാർ കമ്മീസായിരുന്നു അവളുടെ വേഷം.

“പാചകമൊക്കെ അറിയാമോ?” പൊടുന്നനെ ഗൗരവം നടിച്ചു കൊണ്ട് ഞാനവളെ നോക്കി.

“പാചകമറിയില്ലെങ്കിൽ 2 ഫ്ളാറ്റുകളിൽ ഞാനതിന് പോവുകയില്ലായിരുന്നല്ലോ സാർ?  അവളുടെ എടുത്തടിച്ചപ്പോലെയുള്ള മറുപടി കേട്ട് ഞാനൊന്ന് ഞെട്ടി പോയെങ്കിലും ആ ഞെട്ടൽ ഞാൻ പ്രകടിപ്പിച്ചില്ല.

“ആലു പൊറോട്ട ഉണ്ടാക്കാനറിയാമോ?”

“ബ്രേക്ക് ഫാസ്റ്റിന് 6 പൊറോട്ട, അല്ലെങ്കിൽ 12 പൂരിയും കറിയും ലഞ്ചിന് 10 ചപ്പാത്തിയും ഗ്രീന്‍പീസ് കറിയും അത്താഴത്തിന് 6 ചപ്പാത്തി കുറച്ച് ചോറ് പച്ചക്കറി കൊണ്ടുള്ള കറി, വഴുതനങ്ങ ഫ്രൈ ഉണ്ടാക്കും. ഞായറാഴ്ച ചിക്കൻ ബിരിയാണി, സലാഡ്. ചിക്കൻ ആണെങ്കിൽ ഞാൻ കുട്ടികൾക്കായി കുറച്ചു വീട്ടിലേക്ക് കൊണ്ടു പോകും. മാസം 7500 രൂപ തരണം. അടുക്കള ക്ലീൻ ചെയ്യുന്നതിന് വേറെയും. സമ്മതമാണെങ്കിൽ പറയാം. അല്ലെങ്കിൽ വേണ്ട.“ ഇരുനിറക്കാരി ഒറ്റശ്വാസത്തിൽ സ്വന്തം ഡിമാന്‍റുകൾ മുന്നോട്ട് വച്ചശേഷം പുറത്തേക്ക് പോകാനെന്ന മട്ടിൽ നിന്നു.

“കുഴപ്പമില്ല… സമ്മതമാണ്. അടുത്ത മാസം ഒന്നാം തീയതി മുതൽ വന്നോളൂ,“ ഇരുനിറക്കാരിയുടെ ആവശ്യങ്ങളെ ഒറ്റയടിക്ക് അംഗീകരിച്ചുകൊണ്ട് ഞാൻ ഒറ്റശ്വാസത്തിൽ മറുപടി പറഞ്ഞു. എനിക്ക് കിട്ടിയ അപൂർവ്വ രത്നം പോലെയായിരുന്നു ആ ഇരുനിറക്കാരി.

ഞാനുടൻ തന്നെ സുഹാനയെ ഫോൺ ചെയ്‌ത് ആ സന്തോഷവാർത്ത അറിയിച്ചു. ഫോണിൽ ആവേശത്തോടെ പാചകക്കാരിയെക്കുറിച്ച് ഒരു ചെറുവിവരണം നടത്തി.

“അവൾ സുന്ദരിയാണോ? എന്താ പേര്?” സുഹാനയുടെ ആദ്യം ചോദ്യം അതായിരുന്നു.

“ഫോട്ടോജനിക് ആണ്. നിന്നെപ്പോലെ വെളുത്തിട്ടല്ല… പേര് ഞാൻ ചോദിച്ചില്ല,” എന്തോ തെറ്റുപിണഞ്ഞതുപോലെ ഞാൻ അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.

“ഇരുനിറക്കാരിയിൽ സാറങ്ങ് മയങ്ങി വീണെന്ന് തോന്നുന്നു. എന്താ ഭാര്യയെ വേണ്ടാതായോ….” സുഹാന അൽപം കുസൃതി കലർന്ന ഗൗരവത്തോടെ എന്നെ കളിയാക്കി.

“പാചകം അറിയാത്തതിന്‍റെ നഷ്‌ടം സഹിച്ചേ പറ്റൂ,” ഞാനും വിട്ടു കൊടുത്തില്ല.

“ഞാൻ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കും. റിട്ടയേഡ് കേണലിന്‍റെ മകളല്ലേ ഞാൻ. പെട്ടെന്ന് കുക്കിംഗ് പഠിച്ചിട്ട് ഇരുനിറക്കാരിയെ കോർട്ട് മാർഷൽ ചെയ്തു കളയും.” സുഹാന അപ്പോഴേക്കും രാജകുമാരിയിൽ നിന്നും വീട്ടുകാരിയായി മാറി.

ഇനി കാത്തിരിപ്പ് അസഹ്യമായിരിക്കുന്നു. മാസത്തിന്‍റെ അവസാന ദിവസം തന്നെ. സുഹാന നാട്ടിൽ നിന്നും ബാംഗ്ലൂരിലെത്തി. ഞാൻ ആ ആഴ്ച മുഴുവനും അവധിയെടുത്തു. പ്രിയപത്നിക്കായി… എയർപോർട്ടിൽ നിന്നും മടങ്ങും വഴി ഞങ്ങൾ കുറേ ഷോപ്പിംഗ് നടത്തി. അടുക്കളയിലേക്കായി കുറേ പാത്രങ്ങളും പലവ്യജ്ഞനങ്ങളും വാങ്ങി. കൂട്ടത്തിൽ സുഹാന തനിക്കും വേണ്ടിയും കുറേ സാധനങ്ങൾ വാങ്ങിയിരുന്നു. അന്നേ ദിവസം ഞങ്ങൾ റസ്റ്റോറന്‍റിൽ നിന്നും ഭക്ഷണം കഴിച്ചു. വീട്ടിലെത്തി സാധനങ്ങൾ അടുക്കളയിൽ അതാതിടത്ത് അടുക്കി വച്ചു.

രാവിലെ 6.30 ഓടെ ഇരുനിറക്കാരിയെത്തി. അവൾ സുഹാനയെ കണ്ട് പിരചയപ്പെട്ടു. ഇരുവരും എന്തോ കുറച്ച് കാര്യങ്ങൾ സംസാരിച്ചശേഷം പാചകക്കാരി അടുക്കളയിൽ കയറി പ്രാതലിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒരു മണിക്കൂറിനു ശേഷം ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി അവൾ ടേബിളിൽ അലങ്കരിച്ച് വച്ച ശേഷം അടുത്ത ജോലിയിൽ മുഴുകി. കൊള്ളാം ഇവൾ തരക്കേടില്ല.

പ്രാതൽ കഴിക്കാനായി ഞങ്ങൾ കുളിച്ച് തയ്യാറായി വന്ന് ഒരുമിച്ചിരുന്നു. ഞങ്ങളുടെ പാചകക്കാരി ഉദ്ഘാടന ദിവസം ഞങ്ങൾക്കായി ആലുപോറോട്ടയാണ് തയ്യാറാക്കിയത്. ഒപ്പം കാബേജും കുമ്പളങ്ങയും ചേർത്ത ഏതോ മസാലക്കറിയുമുണ്ട്. ഒപ്പം വെണ്ണ, മിക്‌സഡ് അച്ചാർ… ചൂട് ചായയും ഫ്ളാസ്കിൽ പകർന്നു വച്ചിരിക്കുന്നു.

“ പൊറോട്ടയ്ക്ക് നല്ല രുചിയുണ്ട്. പക്ഷേ 3 പൊറോട്ട കൊണ്ട് വിശപ്പടക്കാൻ പറ്റുമോ?”

“കാബേജ് കറിയും കൊള്ളാം.” സുഹാനയും പുതിയ പാചകക്കാരിയെ വാനോളം പുകഴ്ത്തി.

“എനിക്ക് രണ്ട് പൊറോട്ട മതി” സുഹാന തന്‍റെ പ്ലെയിറ്റിൽ നിന്നും ഒരു പൊറോട്ടയെടുത്ത് എന്‍റെ പ്ലെയ്റ്റിലേക്ക് ഇട്ടു.

വെണ്ണ പുരട്ടിയ ചൂട് പൊറോട്ട… ബ്രേക്ക് ഫാസ്റ്റ് ആസ്വദിച്ചു കഴിച്ചു. അവളുടെ ജോലിയിൽ ഞങ്ങൾ രണ്ടുപേരും സന്തുഷ്ടരും സംതൃപ്തരുമായി.

പാചകക്കാരി അടുക്കള ഡ്യൂട്ടി ഭംഗിയായി നിറവേറ്റികൊണ്ടിരുന്നു. അവൾ ചിക്കൻ കറിയും, ചിക്കൻ ബിരിയാണിയും നന്നായി പാകം ചെയ്യുമായിരുന്നു. നല്ല ചുറുചുറുക്കായിരുന്നു അവൾക്ക്. സമയം അവൾ നന്നായി വിനിയോഗിച്ചിരുന്നു. ആവശ്യമുള്ളപ്പോൾ മാത്രം അവൾ സംസാരിച്ചുള്ളൂ. അവളുടെ കണ്ണുകളും ഭാവവുമൊക്കെ തീക്ഷണങ്ങളായിരുന്നു. മുഖത്ത് നല്ല തിളക്കം. യഥാർത്ഥത്തിൽ അവൾ ഇടയ്‌ക്കൊക്കെ സ്മിതാ പാട്ടീലിനെപോലെ സുന്ദരിയായി തോന്നിച്ചു. മനോഹരമായ ഒരു കാട്ടുപൂവ്പോലെ.

സുഹാന നന്നായി അണിഞ്ഞൊരുങ്ങുന്ന കൂട്ടത്തിലായിരുന്നു. അവളുടെ ചർമ്മത്തിന് നല്ല തെളിച്ചമായിരുന്നു. വെണ്ണപോലെ സ്നിഗ്ദ്ധമായ ഉടൽ. മിക്കപ്പോഴും അവൾ പാർലറിൽ പോയി മുഖവും മുടിയുമൊക്കെ മിനുക്കിയിരുന്നു. വിലയേറിയ വസ്‌ത്രങ്ങളെ അവൾ അണിഞ്ഞിരുന്നുള്ളൂ. വിദേശ ബ്രാന്‍റിലുള്ള പെർഫ്യൂം മാത്രമേ അവൾ പൂശിയിരുന്നുള്ളൂ. ഞാനവളെ നിർന്നിമേഷം നോക്കി നിൽക്കുമായിരുന്നു. അവളുടെ ശരീരത്തിൽ നിന്നുയരുന്ന സുഗന്ധത്തിൽ ഞാൻ മദോന്മത്തനായി മാറുമായിരുന്നു. ചില ദിവസം ഓഫീസിൽ പോകാൻ തന്നെ മടിയായിരുന്നു. സുഹാന എന്നെ നിർബന്ധിച്ചാണ് ഓഫീസിലേക്ക് അയച്ചിരുന്നത്. എന്തെങ്കിലും കളവ് പറഞ്ഞ് ഞാൻ ഓഫീസിൽ നിന്നും ലീവെടുക്കുന്നത് അവളിഷ്‌ടപ്പെട്ടിരുന്നില്ല.

സുഹാന ഞങ്ങളുടെ ചീഫ് കുക്കിനൊപ്പം ചേർന്ന് ചില പാചകരീതികളൊക്കെ പഠിച്ചെടുത്തിരുന്നു. കുക്ക് അവധിയായിരിക്കുമ്പോൾ ട്രെയിനിയായ സുഹാനയ്ക്കായിരുന്നു അടുക്കള ചാർജ്. അവളും ആലു പൊറോട്ടയും ചിക്കൻ ബിരിയാണിയുമൊക്കെ തയ്യാറാക്കാൻ പഠിച്ചു. ഒരു പക്ഷേ സ്മാതാപാട്ടിലിനെ പുറത്താക്കാനാവും.

സുഹാന സദാ ഇരുവരേയും നിരീക്ഷിച്ചു കൊണ്ടിരുന്നു. ഭർത്താവിന്‍റെ മുഴുവൻ ശ്രദ്ധയും തന്നിലേക്ക് ആകർഷിച്ച് നിർത്താൻ അവൾ എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു. അവൾ വീട്ടുകാരിയല്ലേ. സുന്ദരിയും സ്വപ്നങ്ങളുടെ റാണിയുമല്ലോ? സ്വർഗ്ഗ ലോകത്തിലെ അപ്സരസ്സ്.

പാചകക്കാരി ഇരുനിറക്കാരിയായ സുന്ദരി. അവളും ആകർഷകയായിരുന്നു. എന്നാൽ ഒരു എംഎൻസി കമ്പനിയിലെ സീനിയർ എക്‌സിക്യൂട്ടീവായ എന്നെ സുഹാന അവളുടെ സ്വന്തം സൗന്ദര്യത്തിന്‍റെ അടിമയാക്കി വച്ചിരിക്കുകയല്ലേ. റിട്ടയേഡ് കേണലിന്‍റെ മകൾ അതായത് എന്‍റെ ധർമ്മ പത്നി ഗൃഹനാഥ പാവം കുക്കിനെ കോർട്ട് മാർഷൽ ചെയ്‌ൽ വച്ചിരിക്കുകയല്ലേ.

“നീ ശരിക്കും നല്ലൊരു കുക്കായല്ലോ. പക്ഷേ അവളെ പറഞ്ഞു വിടേണ്ട.”

“അതെന്താ അവളെ അത്ര ഇഷ്‌ടമാണോ?” അതല്ല,?അടുക്കളയിൽ ജോലി ചെയ്‌ത് നീ ഇരുണ്ട് പോകും. എപ്പോഴും വിയർത്തൊലിക്കും.

“ശരീരത്തിന് എപ്പോഴും മസാലയുടെ മണമായിരിക്കും.”

“ അടുക്കളയിൽ ഏസി ഫിറ്റ് ചെയ്‌താൽ മതി.” സുഹാന കൂളായി പറഞ്ഞു.

“ശരീരത്തിന് മസാലമണമായിരിക്കുകയില്ലേ എപ്പോഴും.”

“പെർഫ്യൂം പൂശും” സുഹാന വിജയി ഭാവത്തിൽ പുഞ്ചിരിച്ചു. ഇത് ഞങ്ങൾ പറഞ്ഞ ചില സ്വകാര്യ സംഭാഷണങ്ങളാണ്. ഓഫ് ദി റെക്കോഡിൽ…

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें