ഞാൻ ദിവ്യ മിസിസ് ഇന്ത്യ

ആത്മവിശ്വാസത്തിന്‍റെ അധിക നിക്ഷേപമുള്ളവരാണ് കാലത്തെയും പ്രായത്തെയും പിന്തള്ളി വലിയ വിജയങ്ങൾ എത്തിപ്പിടിക്കുന്നത്. ദിവ്യ വാണിശേരി ഈ ക്ലബിലെ സ്ഥിരാംഗമാണ്! മിസിസ് ഇന്ത്യ റണ്ണർഅപ്പ് പട്ടം നേടിയ ദിവ്യയുടെ അപൂർവ്വ ജീവിതം ഒരു ഫീൽഗുഡ് സ്റ്റോറിയാണ്. ഞാൻ കാണാൻ എത്തുമ്പോൾ മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള ബോഡിഫിറ്റിൽ സുംബ-വർക്കൗട്ട് സെഷനിലായിരുന്നു ദിവ്യ. വർക്കൗട്ട് ഫിനിഷ് ചെയ്‌ത് വിയർത്തു കുളിച്ച് വന്ന് ദിവ്യ പറഞ്ഞു തുടങ്ങിയത് തന്നെ തന്‍റെ വ്യായാമത്തെക്കുറിച്ചാണ്.

ആരാണ് ദിവ്യ എന്നല്ലേ? 2017 ലെ മിസിസ് ഇന്ത്യ റണ്ണർ അപ്പ് ദിവ്യ വാണിശേരി. ഡൽഹിയിൽ നടന്ന മിസിസ് ഇന്ത്യ, ഷീ ഈസ് ഇന്ത്യ മത്സരത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഏക മത്സരാർത്ഥി ആണ് ദിവ്യ. മൂന്നു കുട്ടികളുടെ അമ്മയായ ദിവ്യയ്ക്ക് കൗമാരത്തിന്‍റെ ചുറുചുറുക്കുണ്ട്. തനിക്ക് ഈ പദവി സ്വന്തമാക്കാൻ കഴിഞ്ഞത് തന്‍റെ കൃത്യമായ വ്യായാമ ശീലങ്ങൾ തന്ന ആത്മവിശ്വാസം തന്നെയാണെന്ന് ദിവ്യ പറഞ്ഞാൽ അതിൽ അതിശയിക്കാനില്ല. “രണ്ടു ദിവസം അടുപ്പിച്ച് വർക്കൗട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ പോലും മൂഡ് ഓഫ് ആകും എനിക്ക്. അത്രയും ഇഷ്‌ടമാണ് വ്യായാമവും, സുംബ ഡാൻസും.” ബോഡിഫിറ്റിലെ സുംബ ഇൻസ്ട്രക്റ്റർ കൂടിയാണ് ദിവ്യ.

സ്വപ്നം കാണാനുള്ള മനസ്സും ആത്മവിശ്വാസവും മികച്ച വ്യായാമശീലങ്ങളും. മിസിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ ദിവ്യയ്ക്ക് ഉണ്ടായിരുന്ന പ്ലസ്പോയിന്‍റുകൾ ഇതൊക്കെയാണ്. പിന്നെ ഒരു സ്ത്രീയുടെ വിജയത്തിന് എപ്പോഴും തിളക്കം നൽകുന്നത് കുടുംബത്തിന്‍റെ പിന്തുണയാണ്. “ബോബിയും, എന്‍റെ മൂന്നു മക്കളും എനിക്ക് കട്ട സപ്പോർട്ട് ആയിരുന്നു. എന്തു കാര്യത്തിനും അവർ കൂടെ ഉണ്ട്. എന്‍റെ പാഷൻ അദ്ദേഹത്തിന് നന്നായിട്ടറിയാം. എനിക്ക് വീട്ടിൽ വെറുതെ ഇരിക്കാൻ ഇഷ്ടമല്ല. എന്തെങ്കിലുമൊക്കെ ചെയ്യണം. ബോഡിഫിറ്റ് എന്ന സ്ഥാപനം തുടങ്ങിയതും എന്‍റെ ചിരകാല സ്വപ്നമായിരുന്നു.”

നിറമുള്ള സ്വപ്നങ്ങൾ

“പ്രായം ഒരു സ്വപ്നത്തിനും തടസമല്ല. ഞാൻ 13-ാം വയസ്സിൽ കണ്ട സ്വപ്നമാണ് 36-ാം വയസ്സിൽ നടന്നത്. കുട്ടിക്കാലത്ത് സുസ്മിത സെന്നിനെപ്പോലെ സൗന്ദര്യ മത്സരവേദിയിൽ പെർഫോം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. അതൊക്കെ ഞാൻ വിഷ്വലൈസ് ചെയ്യും. മിസ് എന്ന പദവി മാറി മിസിസ് ആയി അമ്മയായി. പക്ഷേ ഞാനെന്‍റെ സ്വപ്നം കൈവിട്ടില്ല. ഒരു അവസരം കൈവരും എന്നുറച്ചു വിശ്വസിച്ചു. കാത്തിരുന്നു. 3 കുട്ടികളുടെ അമ്മയായ ശേഷം എനിക്ക് റാമ്പിൽ കയറാൻ കഴിഞ്ഞു. കാറ്റ്‍വാക്ക് ചെയ്യാൻ സാധിച്ചു. എന്നെപ്പോലൊരു സ്ത്രീക്ക് ഇതൊക്കെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ മറ്റാർക്കും ചെയ്യാം” ദിവ്യ പറയുന്നു.

“ആഗ്രഹിച്ചാൽ എന്തും നടക്കും. ഇക്കാര്യത്തിൽ എന്‍റെ ലൈഫിൽ ഒന്നല്ല. ധാരാളം അനുഭവങ്ങൾ ഉണ്ട്. എനിക്കും ഉണ്ടായിരുന്നു ഒരു കാലം, ഒന്നും ചെയ്യാതെ കടന്നുപോയ കാലം. അതിൽ നിന്നാണ് ഞാൻ ബോഡിഫിറ്റ് എന്ന സ്‌ഥാപനത്തിലേക്കും, മിസിസ് ഇന്ത്യ റണ്ണർ അപ്പിലേക്കും കടന്നു വന്നത്.” ഓൺലൈനിൽ മത്സരത്തിന്‍റെ പരസ്യം കണ്ടാണ് ദിവ്യ അപേക്ഷിച്ചത്. “ഔപചാരികമായ ഒരു പരിശീലനവും എനിക്ക് ലഭിച്ചിട്ടില്ല. ഡൽഹിയിൽ മത്സരത്തിന് ഞാൻ ചെല്ലുമ്പോൾ 29 പേരുണ്ടായിരുന്നു. അവരിൽ പലരും സൗന്ദര്യമത്സരത്തിനുള്ള പരിശീലനമൊക്കെ നേടിയവരായിരുന്നു. വർക്കൗട്ടും സുംബയും മാത്രമാണ് എന്‍റെ കരുത്ത്. എന്നെക്കാൾ പ്രായം കുറഞ്ഞവരും ഉണ്ടായിരുന്നു മത്സരത്തിന്. ഇവർക്കിടയിൽ നിന്നൊക്കെ എനിക്ക് സെലക്ടാവാൻ കഴിഞ്ഞതെങ്ങനെ എന്നു ചോദിച്ചാൽ സ്വപ്നത്തിന്‍റെ ശക്‌തി ഇതാണെന്നു ഞാൻ പറയും. ടെലിഫോണിക് ഇന്‍റർവ്യൂ, വീഡിയോ ഇന്‍റർവ്യൂ തുടങ്ങിയ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ് ഡൽഹിയിൽ നടന്ന ഫൈനലിലേക്ക് സെലക്ട് ആയത്. അവിടെ 3 ദിവസത്തെ പരിശീലനം ഉണ്ടായിരുന്നു. കാറ്റ്‍വാക്ക് അടക്കമുള്ള ഗ്രൂമിംഗ് സെഷൻ. അതിനു ശേഷമായിരുന്നു ഫൈനൽ റൗണ്ട്.

ഫൈനൽ റൗണ്ട് നാലു ഘട്ടങ്ങളായിരുന്നു. ഇൻട്രൊഡക്ഷൻ, ടാലന്‍റ്, എത്നിക്ക് വിയർ, ഗൗൺ എന്നീ റൗണ്ടുകളിലൂടെയാണ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ഒരു ചോദ്യോത്തര സെഷനിലൂടെ ഫൈനലിസ്റ്റുകളിൽ നിന്ന് വിജയികളെ തെരഞ്ഞെടുക്കുന്നു. അഭിമാന നിമിഷത്തിൽ “ഫൈനലിൽ എന്നോട് ചോദിച്ചത്, ശരീരത്തിന്‍റെ ഫിറ്റ്നസാണോ, മനസ്സിന്‍റെ ഫിറ്റ്നസാണോ ഏറ്റവും പ്രധാനം എന്നായിരുന്നു. ഹൃദയമിടിപ്പും ശ്വാസവും ഇതിലേതാണ് വലുത് എന്ന് പറയാൻ കഴിയുമോ? അത്രയേറെ ബന്ധം അവയ്ക്കുണ്ട്. അതുപോലെയാണ് മനസ്സും ശരീരവും. ആരോഗ്യമുള്ള മനസ്സ് സുന്ദരമായ മുഖം പ്രതിഫലിപ്പിക്കുന്നു. ആരോഗ്യമുള്ള ശരീരം സുന്ദരമായ ശരീരവും നൽകുന്നു. രണ്ടും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു.” ഇതായിരുന്നു ദിവ്യയുടെ ഉത്തരം.

divya

ഡൽഹിയിലാണ് ദിവ്യ ബിരുദം പഠിച്ചത്. അതിനാൽ ഹിന്ദിയും ഇംഗ്ലീഷും നന്നായിട്ടറിയാം. അതും ദിവ്യയെ വളരെയധികം സഹായിച്ചു. പിന്നെ പത്തുകൽപനകൾ എന്ന ചിത്രത്തിൽ ചെറിയൊരു വേഷവും. ക്യാമറയെ മടിയില്ലാതെ അഭിമുഖീകരിക്കാൻ ഇതും സഹായിച്ചു. ടാലന്‍റ് റൗണ്ടിൽ കണ്ടംപററി ഡെമോൺസ്ട്രേഷൻ ഓഫ് ഡൊമസ്റ്റിക് വയലൻസ് എന്ന തീം ആണ് ചെയ്‌തത്. പീഡനങ്ങൾക്കിരയാകുന്ന പെൺകുട്ടി തന്‍റെ കഥ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ അവളുടെ മനസ്സിലൂടെ കടന്നു പോകുന്ന ഭയം, സങ്കടം, നിരാശ ഇതൊക്കെയാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. വളരെ പ്രാക്ടീസ് ചെയ്‌താണ് ഈ ഡാൻസ് അവതരിപ്പിച്ചത്. ഡാൻസ് മാസ്റ്റർക്കൊപ്പം എന്‍റെ കുടുംബവും എന്നെ ഒരുപാട് സഹായിച്ചു. ഈ പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നതിന് ഏറ്റവും നിർബന്ധിച്ചത് എന്‍റെ കുട്ടികളായിരുന്നു. മൂന്നു ആൺകുട്ടികളുണ്ട് ദിവ്യയ്ക്ക്. “ആ സമയത്തൊക്കെ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല. പക്ഷേ ഹെൻറിയും ഹാരിയും ഹെറാൾഡും ഒരുപാട് പ്രോത്സാഹിപ്പിച്ചു. അമ്മ പോയ്ക്കോ ഞങ്ങൾ എല്ലാം നോക്കിക്കൊള്ളാം എന്നാണ് അവർ പറഞ്ഞത്.”

സ്വന്തം വ്യക്‌തിത്വം

കുട്ടികളെ ഓവർ പ്രൊട്ടക്ട് ചെയ്‌ത് വളർത്തുന്ന അമ്മമാരോട് ദിവ്യക്ക് ചിലത് പറയാനുണ്ട്. “സ്വന്തം ലൈഫ് മറന്ന് കുട്ടികളെ ഓവർ പ്രൊട്ടക്ട് ചെയ്യുന്നത് ശരിയായ രീതിയല്ല. കുഞ്ഞുങ്ങൾ ഇൻഡിപ്പെൻഡന്‍റായി വളരണം. ചില അമ്മമാരുണ്ട് കുട്ടികളുണ്ടായ ശേഷം അവർക്ക് സ്വന്തം ലൈഫ് ഇല്ലാതാവും. കുട്ടികളുടെ കാര്യം മാത്രം നോക്കിക്കൊണ്ട് സ്വന്തം കാര്യം മറക്കും. ശാരീരികാരോഗ്യം പോലും. കുട്ടികൾക്കു വേണ്ടത് എനർജറ്റിക് ആയ അമ്മയെയാണ്. ഐശ്വര്യറായിയെപ്പോലെ ഇരിക്കണമെന്നല്ല പറയുന്നത്. ഒരു കുടുംബത്തിൽ ഭർത്താവിനും കുട്ടികൾക്കും സ്വയവും ആവശ്യം ഊർജ്വസ്വലയായ സന്തോഷവതിയായ വ്യക്തിയെയാണ്. ഫിറ്റ്നസ് നിലനിർത്തിയാൽ എപ്പോഴും യംഗ് ഫീൽ ഉണ്ടാകും. അതു നമ്മുടെ മൊത്തം പ്രവർത്തനങ്ങളെ സ്വാധീനിക്കും.”

യോജിച്ച വർക്കൗട്ട്

സ്വന്തം വ്യക്‌തിത്വം ഉപേക്ഷിക്കേണ്ടി വരുമ്പോഴാണ് പലരും നിരാശരാകുന്നത്. ദൈനംദിന തിരക്കുകൾ, സ്ട്രെസ്, കുടുംബ കാര്യങ്ങൾ ഇതിനൊക്കെ ഇടയിൽ ഒരു മണിക്കൂർ വർക്ക്ഔട്ട് ചെയ്‌താൽ പിന്നെ യാതൊന്നും ഒരു പ്രശ്നമായി തോന്നില്ല. എനർജി ലെവൽ വർദ്ധിക്കും. “എന്‍റെ കുട്ടികൾ തീരെ കുഞ്ഞായിരുന്നപ്പോൾ നാലുമണിക്ക് എഴുന്നേറ്റ് ഞാൻ വ്യായാമം ചെയ്യാൻ പോകുമായിരുന്നു. 5 മണി മുതൽ 6 വരെ വർക്കൗട്ട് ചെയ്‌ത് തിരിച്ചു ചെന്ന് കുഞ്ഞുങ്ങളെ സ്ക്കൂളിൽ അയച്ചിട്ടുണ്ട്. പിന്നീട് എറണാകുളത്തു നിന്ന് മുവാറ്റുപുഴയ്ക്ക് താമസം മാറിയപ്പോൾ വർക്കൗട്ടില്ല, സുംബയില്ല. വ്യായാമം ചെയ്യാൻ പറ്റാതെ വന്നതോടെ ഞാൻ ഡൗൺ ആവാൻ തുടങ്ങി. അപ്പോഴാണ് ഒരു ഫിറ്റ്നസ് സെന്‍റർ തുടങ്ങിയാലോ എന്നാലോചിച്ചത്. ബോഡിഫിറ്റിന്‍റെ തുടക്കം അങ്ങനെയാണ്.

വിദേശത്തെ ജോലി വിട്ട് ഭർത്താവ് ബോബിയും കൂടെ ഉണ്ടായിരുന്നതിനാൽ എനിക്ക് ആ സ്വപ്നം പ്രാവർത്തികമാക്കാൻ കഴിഞ്ഞു. മെന്‍റലി ആന്‍റ് ഫിസിക്കലി ഫിറ്റായിരിക്കാൻ ഒരു ഷോർട്ട് കട്ടും ഇല്ല എന്നതാണ് വാസ്തവം. ഡയറ്റിംഗ് മാത്രം ചെയ്‌താൽ സ്കിൻ സാഗ് ചെയ്യും. വർക്കൗട്ടിന്‍റെ കൂടെ ഡയറ്റ് ചെയ്‌താൽ ബോഡിക്ക് പ്രത്യേക ഭംഗിയാണ് കിട്ടുന്നത് ദിവ്യ പറയുന്നു.

വർക്കൗട്ട് ചെയ്യുന്നവരോട് ദിവ്യക്ക് ചില ഉപദേശങ്ങൾ ഉണ്ട്. “വ്യായാമം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ ഗുണം ലഭിക്കും. വർക്കൗട്ട് കഴിഞ്ഞാൽ 25 മിനിട്ടുകൾക്കുള്ളിൽ പ്രോട്ടീൻ കഴിക്കുക. ഫിറ്റ്നസിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആവശ്യത്തിന് ഉറക്കവും, വെള്ളവും, ശരീരത്തിന് കിട്ടുക എന്നതാണ്. പിന്നെ ശുഭചിന്ത. ഡയറ്റ് തെരഞ്ഞെടുക്കുമ്പോൾ ലൈഫ് സ്റ്റെലുമായി ഒത്തുപോകുന്നത് മാത്രം സ്വീകരിക്കുക.” മോഡലിംഗ് ചെയ്യാൻ ആണ് ദിവ്യക്ക് ഇഷ്‌ടം. പിന്നെ തന്‍റെ സ്വപ്ന സ്‌ഥാപനമായ ബോഡിഫിറ്റ് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെടണം. ബ്രാഞ്ചുകൾ തുറക്കണം. ശക്തമായി ആഗ്രഹിച്ചാൽ എന്തും നടക്കുമെന്ന അനുഭവം ദിവ്യക്ക് കൂട്ടായുണ്ട്.

പ്രണയം പൂക്കും ഫെബ്രുവരി

ഫെബ്രുവരി പ്രണയത്തിന്‍റെയും പ്രണയനികളുടെയും മാസം. “എനിക്ക് നിന്നോടുള്ള പ്രണയത്തിന് അതിരുകളും ആകാശവും ഇല്ല. എന്‍റെ ഓരോ അണുവിലും നീ ആണ്. നീ ഒരു ശബ്‌ദം മാത്രമാണ്. അതിന്‍റെ പേരാണ് സന്തോഷം.”

ഇങ്ങനെ കാവ്യാത്മകമായ വാക്കുകൾ നാവിലും വിരൽ തുമ്പിലും ഒഴുകിയെത്തുന്ന ഫെബ്രുവരി മാസം. എനിക്ക് നിന്നോട് പ്രണയമാണെന്ന് ഒരുപാട് പറഞ്ഞിട്ടുണ്ടെങ്കിൽ പോലും പ്രണയദിനത്തിൽ അതു പറയുമ്പോൾ കുറച്ചു കൂടി റൊമാന്‍റിക്ക് ആവുന്നു. പ്രണയത്തിന് കൂടുതൽ തീവ്രത കൈവരുന്നു. പ്രണയിനിയോട് സ്നേഹം പറയുമ്പോൾ സുന്ദരമായ ഒരു സമ്മാനം കൂടി ഉണ്ടാവുന്നതാണ് നല്ലത്. ഫെബ്രുവരി 14, എന്ന ദിവസത്തിന് പ്രണയവുമായുള്ള ബന്ധം എന്ത് എന്ന് ഇപ്പോൾ പലർക്കുമറിയാം.

പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സ്വന്തം ജീവിതം ദാനം ചെയ്‌ത വാലന്‍റൈൻ എന്ന വ്യക്‌തിയുടെ സ്മരണയിലാണ് വാലന്‍റൈൻ ഡോ ആചരിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ കാലത്ത് റോമിൽ ഉണ്ടായിരുന്ന ഭരണാധികാരിയുടെ ക്രൂരമായ ഭരണരീതി നിമിത്തം പ്രണയികളെ തുറങ്കിലടയ്ക്കുകയോ കൊല്ലുകയോ ചെയ്യുമായിരുന്നു. പ്രണയവിവാഹം നിരോധിച്ചു കൊണ്ടുള്ള രാജാവിന്‍റെ ഉത്തരവിനെ മറികടന്ന് വാലന്‍റൈൻ പ്രണയ ജോടികൾക്ക് വിവാഹം നടത്തി കൊടുത്തു. ഇതറിഞ്ഞ രാജാവ് വാലന്‍റൈനെ വധശിക്ഷയ്ക്കു വിധേയനാക്കി. ഫെബ്രുവരി 14 ന് ആണ് അദ്ദേഹത്തെ വധിച്ചത്.

ലോകമെങ്ങും വാലന്‍റൈൻ ഡേ പ്രചാരത്തിലുണ്ട് ഇന്ത്യയിൽ ഈ ദിനം ഇത്രയും പ്രചാരത്തിലായിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ. തുടക്കത്തിൽ ആളുകൾ ഈ ദിവസത്തിൽ പ്രണയലേഖനം കൈമാറുന്നതായിരുന്നു ആകെയുള്ള ഒരു കാര്യം. പിന്നീട് ഈ ദിനം പ്രണയനികളുടെ ഡേറ്റിംഗ് ഡേയും, സമ്മാനം കൊടുക്കൽ ഡേയുമൊക്കെയായി. ഓരോ സമ്മാനങ്ങൾ കൊടുക്കുമ്പോഴും അതിൽ ഓരോ സന്ദേശമുണ്ട്. വാലന്‍റൈൻ ഡേയ്ക്ക് പ്രിയപ്പെട്ടവർക്ക് സമ്മാനം നൽക്കുമ്പോൾ ഇതും അറിഞ്ഞിരിക്കാം.

റോസാപുഷപം

സ്നേഹത്തിന്‍റെ പ്രണയത്തിന്‍റെ പ്രതീകമാണ് റോസാപുഷ്പം. എന്നാൽ ഒരു കാര്യം വിസ്മരിക്കരുത്. പ്രണയിനിക്ക്, പ്രണയിതാവിന് നൽകുന്ന പുഷ്പങ്ങളുടെ സംഖ്യയും നിങ്ങളോട് ചിലതു പറയും. പ്രണയം പറയാൻ ഒരു പുഷ്പം ആയാലും മതി, ആശംസകൾ അർപ്പിക്കാൻ 25 പുഷ്പങ്ങൾ, നിബന്ധനകളില്ലാത്ത പ്രണയം പ്രകടിപ്പിക്കാൻ 50 പുഷ്‌പങ്ങൾ ഇങ്ങനെ പല സംഖ്യകൾ ഉപയോഗിക്കാറുണ്ട്. റോസാപുഷ്പം ഉപഹാരമായി കൊടുക്കുമ്പോൾ ഈ കാര്യം മറക്കരുത് ഒരു പ്രണയലേഖനം!

ഹൃദയം

വാലന്‍റൈൻ ഡേയിൽ റോസാപുഷ്‌പങ്ങൾക്കു ശേഷം ഏറ്റവും കൂടുതൽ ഡിമാന്‍റ് ഹൃദയത്തിനാണ്. ഹൃദയത്തിന്‍റെ ആകൃതിയിലുള്ള ഗ്രീറ്റിംഗ് കാർഡുകളും സമ്മാനങ്ങളും പ്രിയപ്പെട്ടയാൾക്ക് നൽകാവുന്നതാണ്. ഷോപീസ്, ടെഡി ബിയർ, പൗച്ച്, ഇയറിംഗ്സ്, റിംഗ്സ്, ജ്വല്ലറി ബോക്‌സ്, സെറാമിക് കോഫി മഗ്, കുഷ്യൻ കവർ, പില്ലോ കവർ ഇവയൊക്കെ സമ്മാനമാക്കാം.

ഇണപ്രാവുകൾ

നീയില്ലെങ്കിൽ എനിക്ക് ജീവിക്കാൻ വയ്യ എന്ന തോന്നലാണല്ലോ പ്രണയത്തിന്‍റെ കാതൽ. പ്രാവുകൾ അങ്ങനെയാണ്. ഇണപ്രാവുകളിൽ ഒരാൾ മൃദിയടഞ്ഞാൽ മറ്റേ ഇണ തുടർ ജീവിതം ഏകാകിയായി നയിക്കും. അവരുടെ സ്നേഹം പരസ്‌പരം സമർപ്പിതമാണ്. രണ്ട് പ്രാവുകളെ സമ്മാനമായി നൽകിയാൽ മരണം വരെ പിരിയില്ലെന്ന് വാക്കു നൽകുന്നതു പോലെയാണ്.

ചിനാർ ഇല

കാനഡയിലെ ദേശീയ വൃക്ഷമായ ചിനാർ മരങ്ങളുടെ ഇലകൾ ഇപ്പോൾ പ്രണയത്തിന്‍റെ അടയാളമായി ലോകം കാണുന്നു. ജപ്പാനിലും ചൈനയിലും ഇത് പ്രണയ സൂചകമായി ഉപയോഗിക്കാറുണ്ട്. ഇതിന്‍റെ ഇലയ്ക്ക് ചെറിയ മധുരമുണ്ട്. കാമുകി കാമുകന്മാർ കിടക്കയിൽ ചിനാർ ഇല സൂക്ഷിച്ചു വയ്‌ക്കുന്ന പതിവ് അമേരിക്കയിലുണ്ട്. യഥാർത്ഥ പ്രണയം ലഭിക്കാനാണത്രേ ഇങ്ങനെ ചെയ്യുന്നത്. വാലന്‍റൈൻ ഡേയിലും ഈ ഇല വച്ച കാർഡുകൾ ലഭ്യമാണ്.

ടുലിപ് പൂക്കൾ

11-ാം വിവാഹ വാർഷികത്തിന്‍റെ പ്രതീകമായി ചിലയിടങ്ങളിൽ ടുലിപ് പൂക്കൾ ഉപയോഗിക്കാറുണ്ട്. ഈ പൂക്കളുടെ ഇതളുകൾക്കിടയിലെ കറുത്ത അടയാളം പ്രണയിയുടെ ഹൃദയമായിട്ടാണ് അതിനെ കാണുന്നത്. ശീരി ഫർഹാദ് പ്രണയകഥയിലൂടെയാണ് ടുലീപ് പുഷ്പം പ്രണയത്തിന്‍റെ അടയാളമായത്. തുർക്കിക്കാരനായ ഫർഹാദിന് ശീരിയോട് അതിശക്‌തമായ പ്രണയം ആയിരുന്നു. വർഷങ്ങൾക്കു ശേഷം ശീരി ജീവിച്ചിരിപ്പില്ലെന്ന വിവരം ഫർഹാദ് അറിയുന്നു. അയാൾ ഭ്രാന്തനെപ്പോലെ കുന്നിൻ മുകളിൽ കയറി കൊക്കയിലേക്ക് സ്വയം ചാടി മരിച്ചു. അയാളുടെ രക്തം വീണ് വിരിഞ്ഞതാണ് ടുലിപ് പുഷ്‌പങ്ങൾ എന്നാണ് കഥ.

ഡയമണ്ട്

സ്നേഹം പ്രകടിപ്പിക്കാൻ ഡയമണ്ടിനേക്കാൾ വലിയ മറ്റൊരു സമ്മാനം ഉണ്ടാവില്ല. ഈ പ്രണയം ശിലാലിഖിതം പോലെ എന്നുമുണ്ടാകും എന്ന് പറയാതെ പറയുകയാണ് വജ്ര സമ്മാനം. ഗ്രീക്ക് ഇതിഹാസപ്രകാരം വജ്രം ദേവതയുടെ കണ്ണുകളാണ്. ഇത് ധരിച്ചാൽ വ്യക്‌തിത്വത്തിൽ ദേവസമാനമായി ഉയർച്ച ഉണ്ടാകുമെന്നാണ് വിശ്വാസം. കാമുകിയെ ഇംപ്രസ് ചെയ്യാൻ വജ്രം വാലന്‍റൈൻ ദിനത്തിൽ അണിയിക്കാം.

ഇന്നലെയുടെ ബാക്കി

വൈദേഹിയുടെ മനസ്സ് അശാന്തമായിരുന്നു. 10 വർഷങ്ങൾക്കുശേഷം സൗരഭിന്‍റെ ഒരു ഇമെയിൽ സന്ദേശം വന്നിരിക്കുന്നു… മനസ്സ് സമ്മതിക്കുന്നില്ലെങ്കിലും അറിയാതെ അയാളെക്കുറിച്ച് ഓർത്തുപോകുന്നു. എല്ലാം ഇമെയിൽ കാരണമാണ്. ഒന്നും പറയാതെ പോയിക്കളഞ്ഞ ആളല്ലേ.

നിനക്ക് വേണ്ടി ഞാൻ നക്ഷത്രങ്ങൾ കൊണ്ടുവന്നില്ല. പക്ഷേ ജീവൻ തന്നെ നൽകും… ഇങ്ങനെയൊക്കെയായിരുന്നു ഡയലോഗുകൾ. ഇതൊക്കെ കേൾക്കുമ്പോൾ വൈദേഹി ചിരിച്ചു കൊണ്ടു പറയും “കള്ളനാണ് നീ… പേടിത്തൊണ്ടനായ കള്ളൻ”

ഇന്നും ഇതോർക്കുമ്പോൾ വൈദേഹിയുടെ മുഖത്ത് പുഞ്ചിരി വിടരും. എങ്കിലും ഉള്ളിൽ ദേഷ്യം തളകെട്ടി നിന്നതിനാൽ മുഖം ചുവന്നു. എന്നിട്ട് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.

“അയാൾ എന്തിനാണ് എന്നെ ഉപേക്ഷിച്ചുപോയത്?”

ഇന്ന് എന്തിനാണ് എന്നെ ഓർത്ത് ഇമെയിൽ അയച്ചത്.

വൈദേഹി ഇമെയിൽ തുറന്ന് വായിച്ചു. രണ്ട് വരിയെ ഉണ്ടായിരുന്നുള്ളൂ. “അയാം കമിംഗ് ടു സിംഗപ്പൂർ ടുമാറോ, പ്ലീസ് കം ആന്‍റ് സി മി… വിൽ അപ്ഡേറ്റ് യു ദ ടൈം..”

“ഫോൺ നമ്പർ തരൂ ഞാൻ വിളിക്കാം” എന്നും ഉണ്ടായിരുന്നു.

നമ്പർ കൊടുക്കണോ? മനസ്സ് പിടയാൻ തുടങ്ങി. ഇത്രയും വർഷങ്ങൾക്ക് ശേഷം കാണേണ്ട കാര്യമുണ്ടോ? 10 വർഷത്തിനിടയിൽ ഒരിക്കൽ പോലും വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലല്ലോ. എന്‍റെ സ്ഥിതി ഒരിക്കലും അന്വേഷിച്ചില്ലല്ലോ… ഇപ്പോൾ ഇതെന്തിനാണ് തിരിച്ചു വരുന്നത്? വൈദേഹിയുടെ മനസ്സിൽ ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു.

കുറേ നേരം വെറുതെയിരുന്ന ശേഷം വൈദേഹി തന്‍റെ നമ്പർ ഇമെയിൽ ചെയ്തുകൊടുത്തു. എന്നിട്ട് ബാൽക്കണിയിൽ പോയിരുന്ന് ആദ്യമായി കണ്ടുമുട്ടിയ ദിവസത്തെപ്പറ്റി ഓർത്തു.

10 വർഷം മുമ്പാണത്. ഫോറം ഷോപ്പിംഗ് മാളിന്‍റെ സമീപം ഓർക്കിഡ് റോഡിൽ ഒരു അപകടം നടന്നിട്ടുണ്ടായിരുന്നു. വൈദേഹി അപകടത്തിൽ പെട്ട് റോഡിൽ വീണ് കിടപ്പായിരുന്നു.

ഏതോ കാർ വന്ന് ഇടിച്ചതാണ്. അവിടെ പെട്ടെന്ന് തന്നെ ട്രാഫിക് ജാം ആയി. ആരും സഹായത്തിന് എത്തിയിരുന്നില്ല. ആളുകൾ കടന്നു പോയതല്ലാതെ ആരും തന്നെ ഒരു കൈ സഹായം തന്നില്ല. ഏതോ ഒരു സിംഗപ്പൂരിയൻ ഹെൽപ്പ് ലൈനിൽ വിളിച്ചതല്ലാതെ, ആംബുലൻസ് നീഡഡ്!

വൈദേഹിയുടെ കാലിൽ നിന്ന് ചോര വാർന്ന് കൊണ്ടിരുന്നു. ഹെൽപ്പ്… ഹെൽപ്പ് എന്ന് ഉറക്കെ കരയുന്നുണ്ടായിരുന്നു അവൾ. ആരും അടുത്ത് വരുന്നില്ല. ആ ട്രാഫിക് ജാമിൽ സൗരഭും കുടുങ്ങിയിരുന്നു. അയാൾ സഹായിക്കാനായി മുന്നോട്ട് വന്നു. വൈദേഹിയെ പൊക്കിയെടുത്ത് തന്‍റെ ബ്രാന്‍റ് ന്യൂ സ്പോർട്ട്സ് കാറിൽ ഹോസ്പിറ്റലിൽ എത്തിച്ചു.

വൈദേഹിയ്ക്ക് ബോധം പോകുന്നുണ്ടായിരുന്നു. സൗരഭ് അവളെ മടിയിൽ കിടത്തിയാണ് കാൽ ഓടിച്ചത്. ഇത്രയേ വൈദേഹിയ്ക്ക് ഓർമ്മയുള്ളു. അതിനുശേഷം അവൾ അബോധാവസ്ഥയിലായി. എന്നാലും അന്നും അയാൾ അന്ന് അണിഞ്ഞ ലെമൺ യെലോ ടീഷർട്ട് വൈദേഹിയ്ക്ക് നല്ല ഓർമ്മയുണ്ട്.

വൈദേഹിയെ സഹായിച്ചതിനാൽ സൗരഭ് പോലീസ് നൂലാമാലകളിൽ പെട്ടിട്ടുണ്ടാവാം. അവിടെ വിദേശി റോഡപകടത്തിൽ പെട്ടാൽ ആരും സഹായിക്കാൻ മെനക്കെടാത്തത്തിന്‍റെ കാരണം ഇതാണ്.

താൻ ഒരു ഇന്ത്യാക്കാരിയാണെന്നതുകൊണ്ടാവാം സൗരഭ് ഇടപെട്ടത്. ചോരവർന്നു കിടക്കുന്ന ഒരാളെ രക്ഷിക്കുകയെന്നത് മനുഷ്യത്വമാണല്ലോ. അതുകൊണ്ട് തന്നെ അയാളോട് വല്ലാത്ത ബഹുമാനവും ആരാധനയുമായി.

4 മണിക്കൂറിനുശേഷമാണ് വൈദേഹിയ്ക്ക് ബോധം തിരിച്ചു കിട്ടിയത്. അപ്പോഴും സൗരഭ് കട്ടിലിൽ വൈദേഹിയ്ക്ക് അടുത്ത് ഇരിക്കുകയായിരുന്നു. അപകടത്തിൽ വൈദേഹിയുടെ ഒരു കാലിന് ഒടിവ് ഉണ്ടായിരുന്നു. മെബൈലും പൊട്ടിപ്പോയിരുന്നു.

വൈദേഹിയ്ക്ക് ബോധം വരാൻ കാത്തിരിക്കുകയായിരുന്നു സൗരഭ്. കാരണം അടുത്ത ബന്ധുക്കളെയോ മറ്റോ അറിയിക്കണമെങ്കിൽ നമ്പർ വേണമല്ലോ.

കണ്ണ് തുറന്നപ്പോൾ വൈദേഹി സൗരഭിനെ നന്നായി കണ്ടു. എന്താണ് അയാളിലേക്ക് താൻ ആകർഷിക്കപ്പെടുന്നത്. അവൾക്ക് അന്നും അതിനൊരു ഉത്തരം ലഭിച്ചിരുന്നില്ല.

എന്തെങ്കിലും ചോദിക്കാൻ പോകും മുമ്പേ സൗരഭ് പറഞ്ഞു. “നിങ്ങൾ ഉണർന്നത് നന്നായി. ഇല്ലെങ്കിൽ ഇന്ന് രാത്രി മുഴുവനും ഞാൻ നിങ്ങൾക്കൊപ്പം ആശുപത്രിയിൽ കഴിയേണ്ടി വന്നേനേ… ഞാൻ സൗരഭ്. പേടിക്കണ്ട വലിയ കുഴപ്പമൊന്നുമില്ല.”

സൗരഭിന്‍റെ അടുപ്പം കണ്ടപ്പോൾ വൈദേഹി അയാളോട് താങ്ക്സ് പറഞ്ഞില്ല. കുടുംബത്തിലാരുടെയെങ്കിലും നമ്പർ തരാൻ സൗരഭ് പറഞ്ഞത് നല്ല ഓർമ്മയുണ്ട്. വൈദേഹി അമ്മയുടെ ഫോൺ നമ്പർ കൊടുത്തപ്പോൾ സൗരഭ് സ്വന്തം ഫോണിൽ നിന്ന് തന്നെയാണ് വിളിച്ചത്. അതിനുശേഷം അയാൾ ആശുപത്രി വിടുകയും ചെയ്തു. ഒരു ബൈ പോലും പറയാതെയാണ് ഇറങ്ങിപ്പോയത്. വൈദേഹി അയാളെ അപരിചിതൻ എന്ന ഓമനപ്പേരിലാണ് മനസ്സിൽ വിളിച്ചിരുന്നത്.

അതിനുശേഷം അയാളെ കാണാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. വൈദേഹിയുടെ അച്ഛനും അമ്മയും ആശുപത്രിയിലെത്തിയിരുന്നു. വൈദേഹി എല്ലാ കഥകളും അവരെ ധരിപ്പിച്ചു.

ഇങ്ങനെയായിരുന്നു വൈദേഹിയുടെയും സൗരഭിന്‍റെയും ആദ്യ സമാഗമം. എത്ര വിചിത്രമായ കണ്ടുമുട്ടൽ! അതോർത്ത് വൈദേഹി ചിരിച്ചു. ഒരു ഇമെയിൽ സന്ദേശം അവൾക്ക് സന്തോഷവും സങ്കടവും നൽകിയിരിക്കുന്നു.

അപകടത്തിനുശേഷം 15 ദിവസം ബെഡ്റെസ്റ്റ് പറഞ്ഞിരുന്നു. പുതിയ ജോലിയിൽ പ്രവേശിച്ച സമയവുമായിരുന്നു. വീട്ടിലെത്തിയതും വൈദേഹി ഓഫീസിൽ അറിയിക്കാമെന്ന് വച്ചു. മൊബൈൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് അത് സൗരഭിന്‍റെ കയ്യിലകപ്പെട്ട കാര്യം ഓർമ്മ വന്നത്. അന്നത്തെ തിരക്കിനിടയിൽ അയാൾ അതു തിരിച്ചു നൽകാൻ മറന്നുപോയിരുന്നു.

ഹോ… എല്ലാ കോണ്ടാക്ട് നമ്പറും അതിലാണ്. ഇനി എന്തുചെയ്യും അപ്പോഴാണ് അവൾ ഒരു കാര്യം ഓർത്തത്. സൗരഭ് അമ്മയെ വിളിച്ചത് സ്വന്തം നമ്പറിൽ നിന്നാണ്. അപ്പോൾ അമ്മയുടെ ഫോണിൽ സർച്ച് ചെയ്താൽ സൗരഭിന്‍റെ നമ്പർ കിട്ടും. അവൾ ആ നമ്പർ തപ്പിയെടുത്തു.

അവൾ അയാളെ വിളിച്ചു ചെറിയ കുശലാന്വേഷണത്തിനുശേഷം തന്‍റെ മൊബൈൽ തിരിച്ചു കൊണ്ട് തരാമോ എന്ന് അഭ്യർത്ഥിച്ചു.

“ഫ്രീയായി തരില്ല..പകരം നല്ല ഭക്ഷണം തരേണ്ടിവരും. നാളെ വൈകിട്ട് വീട്ടിൽ വരാം. വിലാസം പറയൂ” സൗരഭ് സ്നേഹത്തോടെയാണ് സംസാരിച്ചത്.

ഇയാൾ ഒരു വിചിത്രജീവി തന്നെ. എന്തായാലും മൊബൈൽ ലഭിച്ചല്ലേ പറ്റൂ. അവൾ സമ്മതിച്ചു. അടുത്ത ദിവസം വൈകുന്നേരം കക്ഷി വീട്ടിലെത്തി. ഒറ്റ സായാഹ്നം കൊണ്ട് തന്നെ അയാൾ വീട്ടിലെല്ലാവരുമായി കൂട്ടായി. ഏറെ കാലമായി അറിയുന്ന ആളെ പോലെയായി സൗരഭ്. അപരിചിതത്വം തോന്നിയതേയില്ല. അത് അയാളുടെ സ്വഭാവത്തിന്‍റെ സവിശേഷതയാവാം.

സൗരഭ് പോയി കഴിഞ്ഞിട്ടും എല്ലാവരും അയാളുടെ പെരുമാറ്റത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു. അയാൾ വീട് വിട്ടിറങ്ങിയപ്പോൾ വൈദേഹിയുടെ മനസ്സും അയാൾക്കൊപ്പം പോയോ… അയാളിൽ അവൾ അത്രയ്ക്ക് ആകൃഷ്ടയായിരുന്നു.

സൗരഭ് സിംഗപ്പൂരിൽ ഒറ്റയ്ക്കായിരുന്നു താമസം. ഒരു കാർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ മനേജർ ആയിരുന്നു. സൗരഭിന് പുതിയ കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കിട്ടുമായിരുന്നു. പലപ്പോഴും അയാൾ അത് ചോദിച്ചു വാങ്ങാറാണ് പതിവ്. വൈദേഹിയ്ക്ക് അപകടം പിണഞ്ഞ ദിവസവും സ്പോർട്ട്സ് കാറിന്‍റെ ടെസ്റ്റ് ഡ്രൈവിന് വന്നതായിരുന്നു. അയാളുടെ രക്ഷിതാക്കൾ ഇന്ത്യയിലായിരുന്നു.

അതിനാൽ ഒരേ ദേശക്കാരുമായി അടുക്കാൻ അയാൾക്ക് മറ്റ് പ്രവാസികളെപ്പോലെ തന്നെ ഇഷ്ടമായിരുന്നു. വൈദേഹിയുമായി ചാങ്ങാത്തത്തിലാവാൻ ഒരു പ്രധാന കാരണവും ഉണ്ടായിരുന്നു. വൈദേഹിയുടെ മനസ്സിലും അയാൾക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നു. അവർ ഇടയ്ക്കിടയ്ക്ക് കാണാൻ തുടങ്ങി. ചായ കുടിക്കാൻ തുടങ്ങി. പക്ഷേ ഇരുവരും ഒരിക്കൽ പോലും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞില്ല.

ബെഡ് റെസ്റ്റിനു ശേഷം വൈദേഹി ഓഫീസിൽ പോകാൻ തുടങ്ങി. രണ്ടാളുടെയും ഓഫീസ് ഓർക്കിഡ് റോഡിൽ തന്നെയായിരുന്നു. പല ദിവസങ്ങളിലും സൗരഭ് വൈദേഹിയെ ഓഫീസിൽ നിന്ന് വീട്ടിൽ കൊണ്ട് വിട്ടിരുന്നു.

കാലിന് ഫ്രാക്ചർ ഉള്ളതിനാൽ 6 മാസം വരെ ശ്രദ്ധിക്കേണ്ടിയിരുന്നു. സൗരഭ് തനിക്ക് ലിഫ്റ്റ് തരുന്നത് വൈദേഹി നന്നായി ആസ്വദിച്ചിരുന്നു.

തന്‍റെ 23-ാം പിറന്നാളിന്‍റെ അന്നാണ് സൗരഭ് വളരെ റൊമാന്‍റിക്കായി തന്നെ പ്രൊപ്പോസ് ചെയ്തത്. ആ കാര്യം ഇന്നലെക്കഴിഞ്ഞപോലെ വൈദേഹിയ്ക്ക് ഓർമ്മയുണ്ട്. സാധാരണ ആളുകൾ റിംഗ്, ചോക്ലേറ്റ് എന്നിവയൊക്കെ കൊടുത്താണല്ലോ പ്രൊപ്പോസ് ചെയ്യുന്നത്. സൗരഭ് പക്ഷേ വൈദേഹിയുടെ കയ്യിൽ ഒരു കാറിന്‍റെ ചെറിയ മോഡൽ നൽകിയാണ് തന്‍റെ സ്നേഹം അറിയിച്ചത്. വിൽ യൂ മാരി മീ… എന്ന്. താൻ എന്‍റെ കൂടെ ജീവിതകാലം മുഴുവൻ യാത്ര ചെയ്യാമോ? എന്ന് ചോദിക്കാതെ ചോദിച്ചു സൗരഭ്. വിചിത്രഭ്രാന്തുള്ള മനുഷ്യൻ!

വളരെ അടുത്ത് വന്ന് രണ്ട് കൈകൊണ്ടും തന്‍റെ മുഖം പിടിച്ചശേഷം ആണ് സൗരഭ് പ്രൊപ്പോസ് ചെയ്തത്. വല്ലാത്ത ഒരു നിമിഷമായിരുന്നു അത്. വൈദേഹിയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു.

വൈദേഹി ഏറെ നേരം അനങ്ങാതെ നിന്നു. പിന്നെ വിവശയായി പറഞ്ഞു. നാളെ ഗാർഡൻ ബായ് ദ വേയിൽ വച്ച് കാണാം. അപ്പോൾ ഞാൻ ഒരു മറുപടി പറയാം.”

അന്ന് രാത്രി വൈദേഹി ഒരു പോള കണ്ണടച്ചിരുന്നില്ല. എത്ര ശ്രമിച്ചിട്ടും ഉറക്കം കിട്ടുന്നില്ല. അവൾ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. 23 വയസ്സേയുള്ളു. ഇത്ര നേരത്തെ കല്യാണം വേണോ? സൗരഭിനും 25 വയസ്സല്ലേയുള്ളു. പക്ഷേ തനിക്ക് ഇയാളെ പെരുത്ത് ഇഷ്ടമാണെന്ന് പറയാൻ തന്നെ വൈദേഹി തീരുമാനിച്ചു. ചുരുങ്ങിയത് ഒരു വർഷത്തിനു ശേഷം വിവാഹം മതി എന്നായിരുന്നു അവൾക്ക്. അപ്പോഴേക്കും പൂർണ്ണമായി മനസ്സിലാക്കാനും സമയം കിട്ടുമല്ലോ.

അടുത്ത ദിവസം കൃത്യം 5 മണിയ്ക്ക് ഗാർഡൻ ബായ് ദ വേയിൽ വൈദേഹിയെത്തി കാത്തു നിന്നു. ഒരു ബഞ്ചിൽ ഇരുന്ന അവൾ സൗരഭിന് ഫോൺ ചെയ്തു. പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അവൾ ഓരോന്ന് ഓർത്ത് അവിടെ ഏറെ നേരം ഇരുന്നു. വീണ്ടും ഫോൺ ചെയ്തു നോക്കി. അപ്പോഴും ഫോൺ സ്വിച്ച് ഓഫ് തന്നെ.

വിളിച്ചിട്ട് കിട്ടാതായപ്പോൾ വൈദേഹി ടെൻഷനാവാൻ തുടങ്ങി. ഓഫീസിൽ എന്തെങ്കിലും അത്യാവശ്യ ജോലിയിൽ പെട്ടു കാണുമെന്ന് ആശ്വസിക്കാൻ ശ്രമിച്ചു. വല്ല മീറ്റിംഗോ മറ്റോ ആണെങ്കിൽ ഫോൺ ഓഫാക്കി വച്ചതാവാം. അവൾ നേരമിരുട്ടും വരെ അവിടെ തന്നെ കാത്ത് നിന്നു. വരുമെന്ന പ്രതീക്ഷയിൽ. പക്ഷേ 8 മണിയായിട്ടും സൗരഭ് വന്നില്ല. ഫോൺ ഒരിക്കലും റിംഗ് ചെയ്തില്ല.

2 വർഷക്കാലം വൈദേഹി സൗരഭിനെ പ്രതീക്ഷിച്ചിരുന്നു. ഒരു ഫോൺ കോൾ, ഒരു ഇമെയിൽ ഒന്നും സംഭവിച്ചില്ല. അതിനുശേഷം വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി വിവാഹിതയായി. ആദിത്യൻ സിംഗപ്പൂരിൽ തന്നെ ബിസിനസ്സ് നടത്തുകയായിരുന്നു. വൈദേഹിയ്ക്ക് ചേർന്ന പങ്കാളിയായിരുന്നു അയാൾ.

വിവാഹം കഴിഞ്ഞും ഏറെ വർഷങ്ങൾ കഴിഞ്ഞാണ് സൗരഭിനെ മറക്കാൻ വൈദേഹിയ്ക്ക് കഴിഞ്ഞത്. ആദ്യമായി മനസ്സിൽ കയറിയ ആളെ അത്ര പെട്ടെന്ന് ഇറക്കിവിടാൻ കഴിയുമോ? എന്തെങ്കിലുമൊക്കെ കാണുമ്പോഴും യാത്ര ചെയ്യുമ്പോഴും ഭക്ഷിക്കുമ്പോഴും അയാളെ ഓർമ്മ വരും. ഇന്ന് മെയിൽ വന്നിരിക്കുന്നു. കാണണമെന്ന് പറയുന്നു. എന്താവും കാര്യം?

അവിചാരിതമായി ശബ്ദിച്ച ഫോൺ. വൈദേഹിയുടെ ചിന്തകളെ മുറിച്ചു. അറിയാത്ത നമ്പർ ആണല്ലോ. ഹൃദയം ഇരട്ടി വേഗത്തിൽ മിടിക്കാൻ തുടങ്ങി. ഇത് സൗരഭിന്‍റെ ഫോൺ ആയിരിക്കുമോ?

കോൾ എടുത്തതും ചിരപരിചിതമായ ശബ്ദം. അപ്പുറത്ത് സൗരഭ് തന്നെയായിരുന്നു.

“ഹലോ ഈസ് ഇറ്റ് വൈദേഹി?” സ്വയം നിയ്രന്തിച്ചുകൊണ്ട് വൈദേഹി മറുപടി പറഞ്ഞു. “യസ് ദിസ് ഈസ് വൈദേഹി”

അധികം നാടകീയമായല്ലാതെ തന്നെ അവൾ തുടർന്നു.

“മെ ഐ നോ ഹൂ ഈസ് ടോക്കിംഗ്?” സൗരഭ് തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ മറുപടി പറഞ്ഞു. “ചങ്ങാതി…ഇതു ഞാനാണ്… നീയെന്നെ മറന്നുപോയോ… സൗരഭാണ്.”

“ഓ” വൈദേഹി അമർത്തി മൂളി.

“നിനക്ക് നാളെ എന്നെ കാണാനായി മറീന വേ സാന്‍റഡ് ഹോട്ടലിലെ റൂഫ് ടോപ്പിലെ റസ്റ്റോറന്‍റിൽ വരാനൊക്കുമോ? വൈകിട്ട് 5 മണിയ്ക്ക്”

എന്തോ ഒരു നിമിഷം ആലോചിച്ചശേഷം വൈദേഹി പതാറാതെ പറഞ്ഞു “ശരി, വരാം… എന്തായാലും നിന്നെ കാണണം.” വൈദേഹി ഫോൺ കട്ട് ചെയ്തു.

കൂടുതൽ സംസാരിച്ചാൽ തന്‍റെ ദേഷ്യം മുഴുവൻ ഫോണിൽ തീർക്കേണ്ടിവരുമെന്ന് അവൾ വിചാരിച്ചു. അതുകൊണ്ടാണ് സംഭാഷണം നീട്ടാതിരുന്നത്. അവൾക്ക് അവനോട് പകയും സ്നേഹവും എല്ലാം ഉണ്ടായിരുന്നു. ഉപേക്ഷിച്ചു പോയവരോട് പിന്നെ എന്ത് വികാരമാണ് വച്ചു പുലർത്തുക?

മനസ്സ് താളം തെറ്റാതെ സൂക്ഷിക്കാനായി അവൾ ആവതും ശ്രമിച്ചു. ജീവിതം വല്ലാത്തൊരു പരീക്ഷണമാണ് ചില നേരങ്ങളിൽ! അവൾ അടുക്കളയിലേക്ക് ചെന്ന് പതിവനു വിപരീതമായി ഒരു ഗ്രീൻ ടീ ഉണ്ടാക്കി കുടിച്ചു.

അടുത്ത ദിവസം സൗരഭിനെ കാണാൻ പോകാനായി വൈദേഹി തയ്യാറായി കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആദിത്യൻ മുറിയിൽ വന്നു.

“എവിടേക്കാണ് പോകുന്നത്?” ഭർത്താവ് ചോദിച്ചു.

“സൗരഭ് സിംഗപ്പൂരിൽ വന്നിട്ടുണ്ട്. എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു” അവൾ അളന്ന് മുറിച്ച് വാക്കുകളിൽ മറുപടി നൽകി. “ഞാൻ പോകണോ അതോ?”

“തീർച്ചയായും പോണം. കണ്ടിട്ടു വരൂ. ഡിന്നർ കഴിക്കാൻ ഞാൻ കാത്തിരിക്കാം” അയാൾ ചാർജ് ചെയ്യാൻ വച്ച ഫോൺ എടുത്ത് മുറിയ്ക്ക് പുറത്തേക്ക് പോയി. ആദിത്യൻ ആ കഥകൾ ധാരാളം കേട്ടിട്ടുണ്ട്. സൗരഭ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച കഥകൾ. വൈദേഹി തന്നെ പറഞ്ഞതാണ്. വൈദേഹിയുടെ കുടുംബം സൗരഭിനെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു.

ആദിത്യൻ തുറന്ന മനസ്സുള്ള ആളായിരുന്നു. അതുകൊണ്ട് അയാൾക്ക് അതൊക്കെ മനസ്സിലാക്കാൻ പറ്റിയിരുന്നു. ഇളം വയലറ്റ് നിറമുള്ള സാരിയാണിഞ്ഞാണ് വൈദേഹി അയാളെ കാണാൻ പോയത്. ആ സാരിയിൽ അവൾ അതിമനോഹരിയായിരുന്നു. മുടി സ്ലോ ഡ്രൈ ചെയ്ത് നീട്ടിയിരുന്നു.

സൗരഭിന് നീണ്ട മുടി വലിയ ഇഷ്ടമായിരുന്നുവല്ലോ.വൈദേഹി സൗരഭിന്‍റെ ഇഷ്ടങ്ങൾ അറിഞ്ഞ് തയ്യാറെടുത്തത് എന്തിനാണെന്ന് അവൾക്ക് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. ആദ്യ പ്രണയത്തിന്‍റെ കുളിർമ്മ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നതു കൊണ്ടാവാം. സ്നേഹം ഒരു മലവെള്ളപ്പാച്ചിൽ ആണ്. എപ്പോഴും അത് പിടിച്ചു നിർത്താൻ കഴിഞ്ഞെന്നുവരില്ല.

വൈദേഹി കൃത്യം 5 മണിയ്ക്ക് മറീനയിലെ റൂഫ് ടോപ്പ് റെസ്റ്റോറന്‍റിൽ എത്തി. സൗരഭ് അവിടെ നേരത്തെ തന്നെ വന്നിരിപ്പുണ്ടായിരുന്നു.

വൈദേഹി വരുന്നത് കണ്ടപ്പോൾ അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ട് വന്ന് അവളെ കെട്ടിപ്പിടിച്ചു.

“നൈസ് ടൂ സീയൂ ആഫ്റ്റർ എ ഡിക്കേഡ്. യു ആർ ലുക്കിംഗ് ഗോർജിയസ്” വൈദേഹി അപ്പോഴും ഗഹനമായ ആലോചനയിലായിരുന്നു.

കൃത്രിമമായ ഒരു ചിരി മുഖത്ത് വരുത്തിക്കൊണ്ട് അവൾ പറഞ്ഞു.. “കോംപ്ലിമെന്‍റിനു നന്ദി. അയാം സർപ്രൈസ് ടു സി യൂ ആക്ച്വലി.”

ഉരുളയ്ക്ക് ഉപ്പോരിപോലെ മറുപടി പറയുന്ന വൈദേഹിയെ കണ്ട് സൗരഭ് ചോദിച്ചു. എന്നോടുള്ള ദേഷ്യം മാറിയിട്ടില്ലല്ലേ

“മാപ്പ് തന്നിട്ടില്ലെന്ന് സാരം എനിക്കറിയാം ഞാൻ വാക്ക് തന്നിട്ട് മുങ്ങിയ ആളല്ലെ. അന്ന് എനിക്ക് വരാൻ കഴിഞ്ഞില്ല. എനിക്ക് അന്ന് എന്താണ് പറ്റിയതെന്ന് നിനക്കറിയോ?”

“10 വർഷം എന്തെങ്കിലും ജോലിയിൽ കുടുങ്ങിപ്പോയി എന്ന് വിശ്വസിക്കണോ… ഞാൻ എന്തിനാണ് മാപ്പ് അർഹിക്കാത്തവർക്ക് അത് നൽകുന്നത്. എങ്കിലും നിനക്ക് അന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാൻ താൽപര്യമുണ്ട്. അതറിഞ്ഞിട്ട് ജീവിതം തിരുത്താൻ കഴിയില്ലെന്ന് അറിയാം. എങ്കിലും പറയൂ… ചുരുങ്ങിയ പക്ഷം മനസ്സമാധാനമെങ്കിലും കിട്ടുമല്ലോ..” വൈദേഹി വാചാലയായി.

“അന്ന് വല്ലാത്തൊരു ദിവസമായിരുന്നു. നിന്നെ കാണാമെന്ന് പറഞ്ഞ ദിവസം തന്നെയാണ് അത് സംഭവിച്ചത്. എന്‍റെ കമ്പനിയുടെ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്മഗ്ലിംഗ് ആയിരുന്നു ചാർത്തിയ കുറ്റം. ടോപ്പ് ലെവൽ മാനേജർമാരേയും റിമാൻഡ് ചെയ്തു. ഞങ്ങളുടെ ഫോൺ, അക്കൗണ്ട് എല്ലാം സീസ് ചെയ്തു. 3 ദിവസം നിരന്തര ചോദ്യം ചെയ്യലിനും വിധേയരായി. മാസങ്ങളോളമാണ് എനിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. രണ്ട് വർഷത്തോളം കേസ് നടന്നു. നിരപരാധികൾക്കും ജയിൽ കഴിയേണ്ടി വരുന്നത് വിധിയാണ്. അവസാനം നീതി ലഭിച്ചപ്പോഴേക്കും ഞാൻ തകർന്ന് പോയിരുന്നു. ആ ദിവസങ്ങളിൽ ഞാൻ എത്ര മാത്രം തീ തിന്നു എന്ന് നിനക്ക് ഊഹിക്കാൻ കഴിയുമോ?

അതെല്ലാം ഓർക്കുമ്പോൾ ഇന്നും എന്‍റെ ചങ്ക് പിടയ്ക്കും. പിന്നെ എങ്ങനെ നിന്നെ കാണാൻ വരാൻ കഴിയും കേസ് കഴിഞ്ഞ് എന്നെ അധികൃതർ ഇന്ത്യയിലേക്ക് കയറ്റി വിടുകയും ചെയ്തു. എന്‍റെ കയ്യിൽ മൊബൈൽ പോലും ഉണ്ടായിരുന്നില്ല. ബാങ്ക് ബാലൻസും ഉണ്ടായിരുന്നില്ല. നാട്ടിൽ ചെന്നപ്പോൾ അമ്മയ്ക്ക് സുഖമില്ലാത്ത വിവരമാണ് ലഭിച്ചത്. പിന്നെ അതിന്‍റെ പിന്നാലെയായി. മരുന്ന് ഹോസ്പിറ്റൽ. ഞാനാകെ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. കുഴഞ്ഞ് മറിഞ്ഞ ഒരു ജീവിതം. അമ്മ എന്‍റെ കല്യാണവും ഉറപ്പിച്ചിരുന്നു. പക്ഷേ ഞാൻ എന്‍റെ ജീവിതം സിംഗപ്പൂരിൽ ഉപേക്ഷിച്ചാണ് പോന്നതെന്ന് ആർക്കും അറിയില്ലായിരുന്നുവല്ലോ… അധികനാൾ കഴിയും മുമ്പേ അമ്മയും പോയി… നിന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ വല്ലാതെ അലട്ടിയിരുന്നു.

“നീ എന്നെപ്പറ്റി എന്താവും കരുതിക്കാണുക എന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു. പറ്റിച്ചു കടന്നു കളഞ്ഞവനല്ലേ ഞാൻ… അതിനാൽ എല്ലാം നേരിൽ കണ്ട് തുറന്ന് പറയണമെന്ന് കരുതി. എന്‍റെ ഇമെയിലും പോലീസുകാർ ബ്ലോക്ക് ചെയ്തിരുന്നു. അതിനാൽ നാട്ടിലെത്തിയിട്ടും മെയിൽ അയക്കാൻ എനിക്ക് നിന്‍റെ ഐഡിയും അറിയില്ലായിരുന്നു. പിന്നെ ഒരു ഊഹം വച്ച് അയച്ചതാണ്. അവസാന ശ്രമത്തിൽ അത് ശരിയാവുകയും ചെയ്തു.”

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സൗരഭ് തന്നെ വഞ്ചിച്ചതല്ല എന്ന് വൈദേഹിയ്ക്ക് ബോദ്ധ്യമായി.

“കാണാമെന്ന് പറഞ്ഞ ദിവസം നീ എന്നോട് പറയാൻ ഇരുന്ന കാര്യം എന്തായിരുന്നു. അത് കേൾക്കാൻ എനിക്കാഗ്രഹമുണ്ട്” സൗരഭ് എന്തോ ഒർത്തിട്ടെന്നപോലെ ചോദിച്ചു.

“ഞാനന്ന് പറയാൻ ഉദ്ദേശിച്ച കാര്യം ഇന്ന് പറയുന്നതിൽ ഒട്ടും പ്രസക്‌തിയില്ല. നമ്മുടെയൊക്കെ ജീവിതം ഒത്തിരി മാറിയില്ലേ?” സങ്കടങ്ങൾ ഉള്ളിൽ അമർത്തിവച്ചു കൊണ്ട് വൈദേഹി ചിരിക്കാൻ ശ്രമിച്ചു. രണ്ടാളും കുറച്ചു നേരം മിണ്ടാതിരുന്നു. പിന്നെ പേഴ്സിൽ നിന്ന് തുവാലയെടുത്ത് മുഖം തുടച്ചശേഷം വൈദേഹി പറഞ്ഞു “ലറ്റ്സ് ഓഡർ സം കോഫി.”

വീട്ടിലിരുന്ന് ജോലി; പാലിക്കേണ്ട കാര്യങ്ങൾ

വർക്ക് ഫ്രം ഹോം അല്ലെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യുകയെന്നത് ഇപ്പോൾ മുമ്പത്തേതിലും വർദ്ധിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ കമ്പനികളും ഉദാരമായ സമീപനം സ്വീകരിച്ചിരിക്കുകയാണ്. പക്ഷേ വീട്ടിലിരുന്ന് ജോലി ചെയ്യുകയെന്നതിനെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന കാര്യം ഇഷ്‌ടമുള്ളപ്പോൾ ജോലി ചെയ്താൽ മതിയല്ലോ ആരും ഇവിടെ നിയന്ത്രിക്കാനില്ലല്ലോ എന്നൊക്കെ ആയിരിക്കും. ശരിയാണ്, ആരും നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ ഇല്ല. ആരും നിയന്ത്രിക്കാനില്ലെങ്കിലും ജോലി ചെയ്യുന്നതിലും ചില മര്യാദകളുണ്ട് (എറ്റിക്വറ്റ്സ്). ജോലി എപ്പോൾ വേണമെങ്കിലും ചെയ്യാമല്ലോ ആരും കൺട്രോൾ ചെയ്യാനില്ലല്ലോ എന്ന് കരുതിയാൽ നിങ്ങൾ സ്ട്രസ്സ് ഫ്രീയായി ജോലി ശരിയായ വണ്ണം ചെയ്യണമെന്നുമില്ല.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ചുവടെ കൊടുത്തിരിക്കുന്ന വർക്ക് എറ്റിക്വറ്റ്സ് പാലിക്കുക.

വർക്ക് ഷെഡ്യൂൾ ആവശ്യമാണ്

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ജോലി സംബന്ധമായ കാര്യങ്ങൾ കടലാസിൽ എഴുതി എവിടെയെങ്കിലും വയ്ക്കാം. അല്ലെങ്കിൽ പിന്നെയത് അന്വേഷിച്ച് നടന്ന് നല്ലൊരു സമയം നഷ്ടപ്പെടും. അതുകൊണ്ട് നല്ലൊരു വർക്ക് ഷെഡ്യൂൾ തയ്യാറാക്കുക. അങ്ങനെയായാൽ ഏത് ജോലി എപ്പോൾ തീർക്കണമെന്നതിനെപ്പറ്റി ഒരു ധാരണ കിട്ടും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ജോലി ചെയ്‌ത് തീർക്കുകയും ആവാം.

കൃത്യമായ ജോലി സമയം (വർക്കിംഗ് അവേഴ്സ്)

എപ്പോഴെങ്കിലും വന്നിരുന്ന് ജോലി ചെയ്യുന്ന പ്രവണത ശരിയല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ജോലിയേയും ബാധിക്കാം. അതുകൊണ്ട് ജോലിക്കൊപ്പം ഫിറ്റും ഹെൽത്തിയു ആയിരിക്കാൻ ജോലി സമയം നിശ്ചയിക്കാം. പിന്നീട് അതിനനുസരിച്ച് ജോലി ചെയ്യാം. ഇക്കാര്യത്തിൽ കൃത്യത പാലിച്ചാൽ ജോലി ശരിയായ രീതിയിൽ പൂർത്തിയാക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും കഴിയും.

ചിട്ട പുലർത്തുക

ജോലി ചെയ്യുന്നതിനിടെ ചാറ്റിംഗും ഫോൺ ചെയ്യുന്നതും ഒഴിവാക്കണം. നല്ല ചിട്ട പുലർത്തുക. ജോലിയിൽ ശരിയായ ചിട്ട പുലർത്താതിരുന്നാൽ സ്വന്തം കഴിവ് അതിൽ പ്രദർശിപ്പിക്കാനാവില്ല. ഇക്കാര്യം കൂട്ടുകാരേയും ബന്ധുക്കളേയും അറിയിക്കുന്നത് നല്ലതായിരിക്കും. അവർക്ക് അതേക്കുറിച്ച് ബോധ്യമുണ്ടാകുന്നതു കൊണ്ട് നിങ്ങളെ യാതൊരു വിധത്തിലും ശല്യം ചെയ്യില്ല. ടെൻഷൻ ഫ്രീയായി ജോലിയും ചെയ്യാം.

ജോലി കൃത്യസമയത്ത് പൂർത്തിയാക്കുക

എന്തെങ്കിലും ഒഴികഴിവ് കണ്ടെത്തി ജോലിയിൽ ഉഴപ്പുന്നത് ശരിയല്ല. അത് നിങ്ങളെക്കുറിച്ചുള്ള മതിപ്പിന് കോട്ടമുണ്ടാക്കും. അതിനാൽ കൃത്യ സമയത്ത് ജോലി പൂർത്തിയാക്കാം. ഇത് വർക്ക് സ്പീഡ് നിലനിർത്തുന്നതിനൊപ്പം നിങ്ങളെ ടെൻഷൻ ഫ്രീയുമാക്കും.

ഫീൽഡിലുള്ളവരുമായി ബന്ധം നിലനിർത്തുക

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതു കൊണ്ട് ഓഫീസിൽ പോകേണ്ടി വരാത്തതിനാൽ മറ്റുള്ളവരുമായി ഇടപഴകുന്നത് വേണ്ടായെന്ന് കരുതരുത്. മറിച്ച് സ്വന്തം ഫീൽഡിലുള്ളവരുമായി കോൺടാക്റ്റ് നിലനിർത്തുക. അവരിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണ് അതുവഴി ലഭിക്കുക.

വേനൽക്കാല ചർമ്മ പ്രശ്നങ്ങളും പരിഹാരങ്ങളും

കൊടും ചൂടിന്‍റെ ദിനങ്ങളാനിനി വരാനിരിക്കുന്നത്. ചർമ്മത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയം കൂടിയാണിത്. ചൂട് കുരു തുടങ്ങി ചർമ്മത്തിന് പൊള്ളലേൽക്കുന്നതു വരെയുള്ള പ്രശ്നങ്ങൾ ആണ് ഈ കാലയളവിൽ കണ്ടുവരുന്നത്.

വേനൽക്കാലത്തുണ്ടാകുന്ന ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് യവ്നാ ക്ലിനിക്കിലെ ഡെർമ്മറ്റോളജിസ്റ്റായ ഡോ. മാധുരിയും വെൽനസ് ക്ലിനിക്കിലെ ബ്യൂട്ടി എക്സ്പെർട്ടായ ദിവ്യയും നൽകുന്ന നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

സൺബേൺ

സൂര്യന്‍റെ ഹാനികരങ്ങളായ കിരണങ്ങളേറ്റ് ചർമ്മത്തിലുണ്ടാകുന്ന റിയാക്ഷൻ ആണ് സൺബേൺ (കരുവാളിപ്പ്). നിരന്തരമായി വെയിൽ ഏൽക്കുക വഴി ചർമ്മം വരണ്ടതും നിർജ്ജീവവും ആകാം. ഒപ്പം ചുളിവുകളും ഉണ്ടാകും. ഗുരുതരമായ രീതിയിൽ സൂര്യതാപമേറ്റാൽ ചർമ്മത്തിൽ പൊള്ളലേറ്റ് കുമിളകൾ പ്രത്യക്ഷപ്പെടാം. ചിലപ്പോൾ ചർമ്മം പൊളിഞ്ഞു പോവുകയും ചെയ്യാം.

ചികിത്സ

  • വിറ്റാമിൻ ഇ ഒരു തരം ആന്‍റി ഓക്സിഡന്‍റാണ്. അണുബാധ കുറയ്‌ക്കാൻ ഇത് ഫലവത്താണ്. ചർമ്മത്തിലുണ്ടാകുന്ന പൊള്ളൽ, കരിവാളിപ്പ് മുതലായവയ്‌ക്ക് സപ്ലിമെന്‍റായി വിറ്റാമിൻ ഇ ഗുളിക കഴിക്കാം.
  • സോപ്പ് ഉപയോഗിക്കരുത്. ചർമ്മം വൃത്തിയാക്കാൻ ഫേസ് വാഷോ ലോഷനോ ഉപയോഗിക്കുക. പ്രത്യേകിച്ചും ടിട്രീ മൂലിക അടങ്ങിയ ഉൽപന്നമായാല്‍ നന്ന്. ചർമ്മം തണുത്തതായിരിക്കാൻ കലാമൈൻ ലോഷൻ ഉപയോഗിക്കാം.
  • കരിവാളിപ്പ് കൂടുതലുണ്ടെങ്കിൽ ഒരു ഡെർമ്മറ്റോളജിസ്റ്റിനെ കാണുന്നത് നല്ലതാണ്. ആന്‍റി അലർജി ഔഷധം നീറ്റൽ, നീര് തുടങ്ങിയവ കുറയ്ക്കും. പൊള്ളൽ മാറുന്നതോടെ ഹൈഡ്രോഫേഷ്യലിലൂടെ ചർമ്മത്തിന് ഓക്സിജൻ നൽകാം.

ചൂട് കുരുവിനുള്ള ചികിത്സ

ചൂട് കാലത്ത് അമിതമായി വിയർക്കുന്നത് സാധാരണമാണ്. വിയർപ്പ് മുഖത്ത് അടിഞ്ഞു കൂടി അതിന്‍റെ ഫലമായി ചർമ്മം ഡള്ളായി പോകാറുണ്ട്. വിയർക്കുക മൂലം ചർമ്മത്തിൽ ചെറിയ കുരുക്കളും പ്രത്യക്ഷപ്പെടാം. ചർമ്മത്തിലത് ചൊറിച്ചിലും അസ്വസ്ഥതയും ഉളവാക്കാം.

വീട്ടിൽ ചെയ്യാവുന്ന ഉപായങ്ങൾ

  • ചൂട് കുരുവിന് ബേക്കിംഗ് സോഡ ഉത്തമമാണ്. ഒരു സ്പൂൺ ബേക്കിംഗ് സോഡയിൽ തണുത്ത വെള്ളം ചേർത്ത് അതിൽ തുണി മുക്കി ചൂട് കുരുവോ കരിവാളിപ്പോ ഏറ്റ ഭാഗത്ത് 5-10 മിനിട്ട് നേരം വയ്‌ക്കുക. ചൂടുകുരു മൂലമുണ്ടാകുന്ന ചൊറിച്ചിൽ മാറും.
  • ചൂട് കുരുവിന് തണുത്ത വെള്ളം ഗുണം ചെയ്യും. ഒരു തുണിയിൽ കുറച്ച് ഐസ്ക്യൂബ്സ് കിഴി കെട്ടി കോൾഡ് കംപ്രഷൻ നൽകാം. 5-6 മണിക്കൂർ ഇടവിട്ട് ഇങ്ങനെ ചെയ്യാം. തടിപ്പും തിണർപ്പും അകലാൻ സഹായിക്കും.
  • ചന്ദനത്തിന് ശരീരത്തിന്‍റെ ചൂട് കുറയ്‌ക്കാനുള്ള കഴിവുണ്ട്. സാൻഡൽ പൗഡറും റോസ്‍വാട്ടറും തുല്യയളവിൽ എടുത്ത് മിക്‌സ് ചെയ്‌ത് ചൂട് കുരുവുള്ള ഭാഗത്ത് പുരട്ടാം. ഉണങ്ങിയ ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം. പകൽ ഇത് 2 തവണ ചെയ്യുക. നല്ല ആശ്വാസം ലഭിക്കും. നിർജ്ജലീകരണം തടയാൻ കരിക്കിൻ വെള്ളം കുടിക്കുക.

ചികിത്സ

ചൂട് കുരുവിന് ഹൈഡ്രോഫേഷ്യൽ ട്രീറ്റ്മെന്‍റ് ചെയ്യാം. 3-4 ഘട്ടമായുള്ള ചികിത്സയാണിത്. ആദ്യം സ്കിൻ ടൈറ്റ്നിംഗ് ചെയ്‌തശേഷം ടോക്സിൻ റിമൂവൽ ചെയ്യുന്നതാണ് രീതി. പിന്നീട് ഓക്സിജനൈസേഷനും ഒടുവിലായി വിറ്റാമിൻ ഇൻഫ്യൂസും ചെയ്യുന്നതാണ് ചികിത്സ.

റൊസേഷ്യക്കുള്ള വീട്ടു ചികിത്സ

  • പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ ഈ പ്രശ്നത്തെ ലഘൂകരിക്കാം. രണ്ട് കപ്പ് ഗ്രീൻ ടീ തയ്യാറാക്കി തണുപ്പിക്കാനായി അരമണിക്കൂർ നേരം ഫ്രിഡ്ജിൽ വയ്‌ക്കുക. പിന്നീട് ഫ്രിഡ്ജിൽ നിന്നെടുത്ത് ഇതിൽ തുണിമുക്കി റൊസേഷ്യ ബാധിച്ച ചർമ്മഭാഗങ്ങളിൽ കുറച്ച് നേരം വയ്‌ക്കുക.
  • ആപ്പിൾ മാസ്ക്കും റോസേഷ്യയ്ക്ക് ഉത്തമ പരിഹാരമാണ്. ആപ്പിൾ പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടുക. 15-20 മിനിറ്റിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകുക.

ചികിത്സ

റൊസേഷ്യയ്ക്ക് വീട്ടു ചികിത്സ നടത്തുന്നതിന് പുറമെ കെമിക്കൽ, ഗ്ലൈക്കോളിക് പീൽ, ഫോട്ടോ ഫേഷ്യൽ എന്നിവയിലൂടെയും പരിഹാരം കാണാം. കെമിക്കൽ പീൽ ഒരു ട്രീറ്റ്മെന്‍റാണ്. മൃതചർമ്മത്തെ നീക്കം ചെയ്‌ത് ചർമ്മം മൃദുലമാക്കുന്ന ചികിത്സയാണത്. ഇപ്രകാരം തന്നെയാണ് ഗ്ലൈക്കോലിറ്റ് പീലും പ്രവർത്തിക്കുക.

മുഖക്കുരു പ്രശ്നം

എണ്ണ ഗ്രന്ഥികൾ കൂടുതൽ സക്രിയമാകുകയും താളം തെറ്റിയ രീതിയിൽ പ്രവർത്തിക്കുന്നതിന്‍റെയും ഫലമായാണ് മുഖക്കുരു ഉണ്ടാകുന്നത്. എണ്ണഗ്രന്ഥി പുറപ്പെടുവിക്കുന്ന സ്രവം മൂലം ചർമ്മത്തിലെ രോമസുഷിരങ്ങൾ തുറക്കുകയും ബ്ലാക്ക്ഹെഡ്സ്, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.

വീട്ടു ചികിത്സ

  • കുക്കുംബർ ഫേസ്പായ്ക്ക് മുഖക്കുരു പ്രശ്നങ്ങൾക്ക് ഉത്തമമാണ്. കുക്കുംബറും ഓട്ട്മീലും ചേർത്ത് പേസ്റ്റാക്കി അതിൽ ഒരു സ്പൂൺ തൈരും ചേർത്ത് മുഖത്തിടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകാം. ചർമ്മത്തെ റിജുവനേറ്റ് ചെയ്യും.
  • അതുപോലെ മഞ്ഞളും ഏറെ ഫലവത്താണ്. രണ്ട് സ്പൂൺ മഞ്ഞളിൽ കുറച്ച് സാൻഡൽ, ബദാം ഓയിൽ ചേർത്ത് മുഖത്ത് പായ്ക്കിടുക. 10-15 മിനിറ്റിനു ശേഷം ചെറുതായി മസാജ് ചെയ്‌ത് പായ്ക്ക് നീക്കുക. ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക.
  • മുഖക്കുരു പ്രശ്നത്തിന് ഏറെ ഫലവത്താണ് തേൻ. തേനും നാരങ്ങാനീരും കൂട്ടി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകാം.

മുഖക്കുരു ചികിത്സ

മുഖക്കുരു (അക്നെ) പ്രശ്നം പരിഹരിക്കുന്നതിന് മരുന്ന് കഴിക്കാം. അതുപോലെ മുഖക്കുരു പ്രശ്നം തടയാൻ വിവിധതരം ഉൽപന്നങ്ങൾ തന്നെയുണ്ട്. അക്നെ ഫേസ്വാഷ്, അക്നെ ബേബി ക്രീം, അക്നെ സോഫ്റ്റ് കൺസീലർ, അക്നെ പീൽ, കെമിക്കൽ പീൽ, ലേസർ ലൈറ്റ്ട്രീറ്റ്മെന്‍റ് എന്നീ മാർഗ്ഗങ്ങൾ ഉപയോഗിച്ച് മുഖക്കുരു പ്രശ്നം തടയാം. സാലിസിലിക്ക് ആസിഡ് ചേരുവയായുള്ള ഫേസ് വാഷും ക്രീമും ഉത്തമമാണ്.

ശരീര ദുർഗന്ധം

നമ്മുടെ ശരീരത്തിൽ നിന്നും രണ്ട് തരം വിയർപ്പുകളാണ് ഉണ്ടാവുക. ആദ്യത്തേത്, അക്രായിൻ ദുർഗന്ധമില്ലാത്തതും വൃത്തിയുള്ളതുമായ വിയർപ്പ്. ശരീരം മൊത്തത്തിൽ ഈ വിയർപ്പുണ്ടാകാം. ശരീരത്തിന്‍റെ ശരീരോഷ്മാവ് ഇത് നലനിർത്തുകയും ചെയ്യും. രണ്ടാമത്തേത് ആപോക്രൈൻ ആണ്. അരക്കെട്ട്, കക്ഷം എന്നീ ഭാഗങ്ങളിലുള്ള ഗ്രന്ഥികൾ സ്രവിപ്പിക്കുന്ന അൽപം കട്ടി കൂടിയ സ്രവമാണിത്. ബാക്‌ടീരിയയുടെ പ്രവർത്തനത്തിന്‍റെ ഫലമായാണ് ഈ വിയർപ്പ് ദുർഗന്ധ പൂർണ്ണമാകുന്നത്. ശരീരത്തിലെ വിയർപ്പ് ഗന്ധമകലാൻ ചുവടെ കൊടുത്തിരിക്കുന്ന ഉപായങ്ങൾ സ്വീകരിക്കാം.

  • നാരങ്ങ നല്ലൊരു ബാക്‌ടീരിയ നാശിനിയാണ്. ഒരു നാരങ്ങ രണ്ടായി മുറിച്ച് കക്ഷഭാഗങ്ങളിൽ ഉരയ്‌ക്കുക. കുറച്ചു കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ട് കഴുകുക.
  • നിങ്ങളുടെ കൈവശം ഡിയോഡറന്‍റ് ഇല്ലാതെ വരികയാണെങ്കിൽ ഒരു കപ്പ് വെള്ളത്തിൽ അൽപം ഹൈഡ്രജൻ പെറോക്‌സൈഡ് ചേർക്കുക. ഈ വെള്ളത്തിൽ വൃത്തിയുള്ള തുണി മുക്കി നനച്ച് കക്ഷം തുടയ്ക്കുക.

ചികിത്സ

ഡിയോഡ്രാറ്റ്, ആന്‍റിപെഴ്സിപിറന്‍റ് എന്നിവ ചില ചികിത്സാ രീതികളാണ്. ആന്‍റി പെഴ്സിപിറന്‍റിൽ അലുമിനിയം ക്ലോറൈഡ് ഉണ്ട്. ഇത് ശരീരത്തിൽ നിന്നും സ്രവിക്കുന്ന വിയർപ്പിനെ കുറയ്ക്കും. ബോട്ടോക്സ് ട്രീറ്റ്മെന്‍റിലൂടെയും പരിഹാരം കാണാം.

പച്ച തൊട്ട വിജയം – ഹസീന

പള്ളി കഴിഞ്ഞ് കുറച്ച് കൂടി മുന്നോട്ട് പോയി കലുങ്കിറങ്ങി നടക്കണം. ഒരു വളവ് വരുമ്പോൾ വടക്കോട്ട് തിരിഞ്ഞ് പോവുക. അവിടെ പഴയൊരു കമ്പനിയുണ്ട്. അതിന്‍റെ പിറകിലാണ്. ചായക്കടയിലിരുന്ന് സുലൈമാനി അകത്താക്കണ മൂപ്പര് പറഞ്ഞ പോലെ ആ വീട് ലക്ഷ്യമാക്കി നടന്നു. പഞ്ചായത്ത് റോഡിന്‍റെ സമീപത്തു കൂടി ഒരു തോട് പോകുന്നുണ്ട്. അതിനു വേലി പോലെയെന്നോണം ഗ്രോബാഗുകൾ നിരത്തിയിരിക്കുന്നത് കണ്ണിലെത്തിയതോടെ ഹസീനയുടെ വീട് അടുത്തുവെന്നു മനസ്സിലായി. വീട്ടുമുറ്റത്തും ടെറസ്സിലും റോഡരികിലുമായി അഞ്ഞൂറിലധികം ഗ്രോ ബാഗുകളിൽ ജൈവകൃഷി ചെയ്യുന്ന എറണാകുളം എടവനക്കാട് വാക്കയിൽ വീട്ടിൽ ഹസീന, ജൈവകൃഷിയിൽ സ്വയം പര്യാപ്തത നേടിയ വ്യക്‌തിത്വമാണ്.

കൃഷി ചെയ്യാൻ സ്‌ഥലമില്ല. സമയമില്ല എന്നെല്ലാം പറയുന്നവരോട് ഹസീന സ്വന്തം മാതൃക പറഞ്ഞ് കൊടുക്കും. വീട്ടുചെലവ് കുറയ്ക്കാൻ ഗ്രോ ബാഗിൽ കൃഷി ചെയ്ത് തുടങ്ങിയ ഹസീന ഇന്ന് മൂവായിരത്തിലധികം ഇടങ്ങളിൽ ജൈവകൃഷിയുടെ മേൽനോട്ടം വഹിച്ചതിന്‍റെ അനുഭവ സമ്പത്തുമായി മുന്നോട്ടു പോവുകയാണ്. കൃഷിയെ സ്നേഹിക്കുന്ന ഹസീനയുമായി ഒരു ജൈവ സംഭാഷണം.

ആദ്യമായിട്ട് കൃഷി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

മണ്ണിന്‍റെ പിഎച്ച് ആണ് പ്രധാനം. ഡോളോമൈറ്റോ കക്കപ്പൊടിയോ ചേർത്ത് മണ്ണൊരുക്കിയെടുക്കാം. നിങ്ങൾ ചെയ്യാൻ പാകുന്നതെന്തായാലും അതിനു വേണ്ട വളം കൃത്യസമയത്ത് ചേർത്തിരിക്കണം. പശുവിനേയും ആടിനേയും കോഴിയേയുമൊക്കെ വളർത്തുന്നുവെങ്കിൽ വളത്തിനായി ഓടി നടക്കേണ്ടി വരില്ല. കാലാവസ്‌ഥയാണ് മറ്റൊരു ഘടകം. സ്വന്തം മക്കളെ പരിപാലിക്കുന്നതു പോലെയാണ് ഓരോ ചെടിയേയും കാണേണ്ടത്. ആ സ്നേഹം നമുക്കും തിരിച്ച് കിട്ടും. ക്ഷമ അത്യാവശ്യമാണ്. കൃഷി ചെയ്യാനുള്ള താൽപര്യമുണ്ടെങ്കിൽ അതിൽ നിന്നു കിട്ടുന്ന സംതൃപ്തി മറ്റൊന്നിനുമില്ല.

സാമ്പത്തികമായി നഷ്‌ടം നേരിട്ട സമയത്ത് കൃഷി ചെയ്യണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?

കുടിലിൽ നിന്നും ഇന്ന് കാണുന്ന ഈ കോൺക്രീറ്റ് വീട്ടിലേക്ക് മാറിയത് ഞാൻ കൃഷി ചെയ്യാനെടുത്ത എന്‍റെ തീരുമാനമാണ്. ഏഴ് കൊല്ലമായി ഈ കൊച്ചു സ്‌ഥലത്ത് ഗ്രോ ബാഗിനുള്ളിൽ ഓരോ വിത്തും മാറി മാറി പരീക്ഷിക്കുന്നു. എനിക്ക് കൃഷി പാഷനാണ്. നഷ്ടമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും എന്‍റെ ആത്മവിശ്വാസം കുറച്ചിട്ടില്ല. ആളുകൾ ഇന്ന് കാണുന്ന പരിഗണനയും അംഗീകാരവും പ്രോത്സാഹനവുമൊക്കെ തരുന്നത് ഞാൻ കൃഷി ചെയ്‌തു കൊണ്ടിരിക്കുന്നത് കൊണ്ടാണ്. ഒരു തവണ ഞാൻ വച്ച പച്ചമുളക് മുഴുവൻ കേടായിപ്പോയി. കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് എപ്പോഴാണ്, എങ്ങിനെയാണ് തുടങ്ങി ഒരുപാട് കാര്യങ്ങൾ അതുകൊണ്ട് നമ്മൾ പഠിക്കും. കൃഷി ഒരിക്കലും പെട്ടെന്നൊരു ദിവസം കൊണ്ട് വിജയിപ്പിച്ചെടുക്കാവുന്ന ഒന്നല്ല. ക്ഷമയോടെ കാര്യങ്ങൾ മുന്നോട്ടു നീക്കണം.

ആളുകൾ ക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതെപ്പോഴാണ്?

ഞാൻ അംഗനവാടി ഹെൽപ്പറായിട്ട് ജോലി ചെയ്യുന്നുണ്ട്. അതിനിടയിൽ സമയം കിട്ടുന്ന നേരത്താണ് കൃഷി ചെയ്‌തു തുടങ്ങിയത്. ഈ വീടിരിക്കണ സ്‌ഥലത്ത് ഒരു കുടിലായിരുന്നു. ഓടൊക്കെ നിരത്തി വച്ച് അതിനു മുകളിൽ ഗ്രോ ബാഗ് നിരത്തിയാണ് കൃഷി ചെയ്ത് തുടങ്ങിയത്. ഇവിടെ മൊത്തം വെള്ളം കയറുമായിരുന്നു. തോട്ടിൽ നിന്ന് വെള്ളം കേറിക്കിടക്കുന്നത് കൊണ്ട് മണ്ണിൽ ഒരുക്കാൻ പറ്റില്ല. ഗ്രോ ബാഗാണ് കൃഷിക്ക് തെരഞ്ഞെടുത്തത്. അന്ന് ഞാൻ വെള്ളത്തിൽ കൃഷി ചെയ്യുന്നത് കാണാൻ ആളുകൾ വരുമായിരുന്നു. എന്‍റെ ബുദ്ധിമുട്ട് കണ്ട് ഒരുപാടാളുകൾ വീട് വയ്ക്കാൻ സഹായിച്ചു. ആഴ്ച പതിപ്പുകളിലും മാസികകളിലും വരുന്ന വിത്ത് ശേഖരിച്ച് കൃഷിക്ക് ഉപയോഗിച്ചിരുന്നു. അവർ ഏർപ്പെടുത്തിയ കൃഷിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുത്തതു കൊണ്ട് പല അംഗീകാരങ്ങളും എനിക്ക് കിട്ടി.

ജൈവ കൃഷി തന്നെ ചെയ്യണമെന്നുള്ള തീരുമാനം എന്തുകൊണ്ടാണ്? ആരാണ് പ്രചോദനം?

രാസവളങ്ങളും ഹാനികരമായ കീടനാശിനികളും ഉപയോഗിച്ച് മണ്ണിനെ എന്തിന് നശിപ്പിക്കണം. പല വലിപ്പത്തിലും നിറത്തിലും പുത്തൻ പോലെ കേടുവരാത്ത പച്ചക്കറികൾ കടകളിൽ നിരത്തി വയ്ക്കുമ്പോൾ അതൊക്കെ എത്രത്തോളം സുരക്ഷിതമാണ്. എത്രയോ ആളുകൾ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നു. മണ്ണിന്‍റേയും ചെടിയുടേയും ജൈവഘടനയെ നശിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. എല്ലാവർക്കും വീട്ടിൽ തന്നെ പച്ചക്കറികൾ കൃഷി ചെയ്യാൻ സാധിക്കും. ഞാൻ എന്‍റെ വീട്ടുചെലവ് കുറയ്ക്കാനാണ് കൃഷി ചെയ്തു തുടങ്ങിയത്. പുറത്തു പോയി സാമ്പാർ കഷണങ്ങൾ വാങ്ങിച്ച് വച്ച് കഴിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് സ്വന്തം കൃഷിയിടത്തിൽ നിന്നുള്ള പച്ചക്കറി ഉപയോഗിക്കുന്നത്. കെ വി ദയാൽ സാറാണ് എനിക്ക് ജൈവ കൃഷിയിൽ ഗുരുതുല്യനെന്നു പറയാവുന്ന ആൾ. അദ്ദേഹം തരുന്ന പ്രോത്സാഹനവും പിന്തുണയും ഊർജ്ജവുമാണ് ജൈവകൃഷിയിലെ പരീക്ഷണങ്ങൾക്ക് എന്നെ മുന്നോട്ടു നയിക്കുന്നത്. (ഇടവിട്ട് ഇടവിട്ട് ഹസീനയ്ക്ക് ഫോൺ കോളുകൾ വന്നു കൊണ്ടിരിക്കുന്നു.)

ധാരാളം ആളുകൾ എന്നെ ജൈവകൃഷിയുടെ സംശയങ്ങൾ ചോദിച്ച് വിളിക്കാറുണ്ട്. പകലായാലും രാത്രിയായാലും ഞാനാരേയും മുഷിപ്പിക്കാറില്ല. എനിക്കറിയാവുന്നത് പറഞ്ഞു കൊടുക്കും. സംശയം വന്നാൽ ദയാൽ സാറിന്‍റെ അടുത്ത് ചോദിച്ച് മനസ്സിലാക്കും.

ഗ്രോ ബാഗിൽ മാത്രം കൃഷി ചെയ്ത് ഒരു സ്‌ഥിരവരുമാനമാക്കി മാറ്റുവാൻ സാധിക്കുമോ?

തീർച്ചയായും സാധിക്കും. എന്‍റെ സ്‌ഥലപരിമിതിയെ ഞാൻ ഗ്രോ ബാഗ് ഉപയോഗിച്ചാണ് മറികടന്നത്. ഇന്നത്തെ കാലത്ത് ഏതൊരു തൊഴിലിനും ഒരു മുതൽ മുടക്ക് അത്യാവശ്യമാണ്. കൃഷിയാകുമ്പോൾ അൽപം റിസ്ക്കും കൂടെയുണ്ട്. അടുക്കളത്തോട്ടത്തേക്കാൾ ഉപരി അനുബന്ധ ഘടകങ്ങൾ കൂടി ശ്രദ്ധിക്കണം. നല്ല നിരീക്ഷണം വേണം. മണ്ണിന്‍റെ ഘടന, വളം നൽകൽ, കാലാവസ്‌ഥ ഇതൊക്കെ കൃഷിയെ സ്വാധീനിക്കുന്നതായതുകൊണ്ട് കഠിനാദ്ധ്വാനം കൊണ്ടു മാത്രമേ പുരോഗതി കൈവരിക്കുവാൻ സാധിക്കുകയുള്ളൂ. പച്ചക്കറികൾ ഭൂരിഭാഗവും മൂന്നുമാസത്തിനുള്ളിൽ വിളവെടുക്കാം. സ്‌ഥിര വരുമാനം എന്നതിലേക്ക് ചിന്തിക്കുന്നവർക്ക് വളം നിർമ്മാണത്തിലും അടുക്കളത്തോട്ടം ഒരുക്കി കൊടുക്കുന്നതിലും തൈകൾ തയ്യാറാക്കുന്നതിലും ശ്രദ്ധ കൊടുക്കാം. ഞാനിപ്പോൾ അക്വാപോണിക്സ് പരീക്ഷിക്കുന്നു. മീൻ വളർത്തുന്നതിനൊപ്പം കൃഷിക്ക് ഗുണകരമാകുന്ന അക്വാപോണിക്സ് രീതി ധാരാളമാളുകൾ പരീക്ഷിച്ച് വിജയിക്കുന്നുണ്ട്. കാലാവസ്‌ഥ ചതിക്കില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ കാലാവസ്‌ഥ കൃഷിയെ മാത്രമല്ല എല്ലാ മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന കാര്യമാണ്. കൃഷി ചെയ്യാനും തൈ ഒരുക്കാനും ധാരാളം മാർഗ്ഗങ്ങൾ ഇന്നുണ്ട്. എല്ലാം ശ്രദ്ധാപൂർവ്വം മനസ്സിലാക്കി ചെയ്യുക. സൂര്യപ്രകാശം ജല ലഭ്യത ഇതൊക്കെ കൃഷി ചെയ്യുന്നിടത്തു തന്നെ ഉറപ്പുവരുത്തുക.

കൃഷിയൊരുക്കി കൊടുക്കുന്നതിന് എവിടെ നിന്നൊക്കെയാണ് വിളിക്കാറുള്ളത്?

കൃഷിഭവൻ, സഹകരണ സംഘങ്ങൾ, സ്ക്കൂളുകൾ ഇവിടെ നിന്നെല്ലാം വിളിക്കുന്നത് പോലെ ഓർഡർ പിടിക്കും. പഞ്ചായത്തിന്‍റെ ഓർഡർ അനുസരിച്ച് ചെയ്‌ത് കൊടുക്കാറുണ്ട്. നേരിട്ട് നൂറ്റമ്പതിലധികം വീടുകളിൽ ചെയ്‌തിരുന്നു. സ്‌ഥലമുള്ളവർക്ക് മണ്ണിൽ വേണമെങ്കിൽ അങ്ങനെ. ഗ്രോ ബാഗിലാണ് കൂടുതൽ പേർക്കും എത്തിച്ചു കൊടുക്കുന്നത്. ഇപ്പോൾ വൃദ്ധസദനങ്ങളിൽ ചെയ്‌ത് കൊടുക്കുന്നുണ്ട്. എടവനക്കാട് ഞാൻ ജോലി ചെയ്യുന്ന അംഗൻവാടിയിൽ കൃഷി ചെയ്തപ്പോൾ മേലധികാരികളിൽ നിന്നും നല്ല പ്രതികരണങ്ങളും പ്രോത്സാഹനങ്ങളും ഉണ്ടായി.

കൃഷി ഭവനിൽ നിന്നും പഞ്ചായത്തിൽ നിന്നും അവാർഡൊക്കെ തന്നു. അതുകൊണ്ട് ഇപ്പോൾ തൊട്ടടുത്തെ അംഗൻവാടികളിൽ കൃഷി ചെയ്യുന്നുണ്ട്. സ്ക്കൂളുകളിൽ നിന്നൊക്കെ സ്‌ഥിരം വിളിക്കാറുണ്ട്. കുട്ടികളും അധ്യാപകരും നല്ല പിന്തുണയാണ് നൽകുന്നത്.

ജൈവ പച്ചക്കറികൾ എവിടെയൊക്കെ യാണ് വിൽക്കാൻ കൊടുക്കുന്നത്?

പാടിവട്ടത്തെ അസീസിയ ജൈവ കേന്ദ്രത്തിൽ പച്ചക്കറികൾ നൽകുന്നുണ്ട്. മുമ്പ് ഒരേഴെട്ടു മാസത്തോളം അസീസിയയുടെ ഫാമിൽ ഞാൻ ജോലി ചെയ്‌തിരുന്നു. ഇവിടെ പഞ്ചായത്തിൽ കൊടുക്കാറുണ്ട്. പിന്നെ ഞാറയ്ക്കലുള്ള ഡോക്‌ടർമാർ എന്‍റെ പക്കൽ നിന്നും സ്‌ഥിരം വാങ്ങാറുണ്ട്. അവരുടെ വീട്ടിലും നൂറിലധികം ഗ്രോബാഗിൽ കൃഷി ചെയ്യുന്നുണ്ട്.

ജൈവ കൃഷി രീതിയിലൂടെ മരുന്നിനാവശ്യമായാണ് അവർ കൃഷി ചെയ്യുന്നത്. പച്ചക്കറികൾ ചോദിച്ചെത്തുന്നവർക്ക് എന്‍റെ കയ്യിലുള്ളത് കൊടുക്കും. ആവശ്യക്കാർക്ക് വേണ്ടത് ഇവിടെയില്ലെങ്കിൽ മറ്റുള്ള ജൈവ കർഷകരുടെ പക്കൽ നിന്നും എത്തിക്കും.

മറ്റു കൃഷിക്കാരുമായി അനുഭവങ്ങൾ പങ്കുവയ്ക്കാറില്ലേ?

മീറ്റിങ്ങിനൊക്കെ പോകുമ്പോൾ പരസ്പരം സംസാരിക്കുമെങ്കിലും ചെയ്‌തു നോക്കുന്ന മെത്തേഡുകൾ പലരും പുറത്ത് പറയാറില്ല. പറയാനുള്ള അവരുടെ മടി കാണുമ്പോൾ നിർബന്ധിക്കില്ല. ഞാൻ സ്വയം പരീക്ഷിച്ച് നോക്കി സംശയം വന്നാൽ അത് സാറുമാരോട് വിളിച്ചു ചോദിക്കും. എംജി യൂണിവേഴ്സിറ്റിയിലെ 6 മാസത്തെ ജൈവകൃഷി കോഴ്സ് ചെയ്‌തിരുന്നു. അത് കഴിഞ്ഞപ്പോൾ പല പുതിയ പരീക്ഷണങ്ങളും ചെയ്‌ത് നോക്കാനുള്ള ആത്മവിശ്വാസമൊക്കെ വന്നു. 52 പേരോളം ആ ബാച്ചിൽ കോഴ്സ് അറ്റൻഡ് ചെയ്‌തിരുന്നു.

ജൈവ കൃഷിയിലെ ഹസീന സ്പെഷ്യൽ എന്തൊക്കെയാണ്?

എല്ലാത്തരം പച്ചക്കറികളും ചെയ്‌തു നോക്കാറുണ്ട്. ആനക്കൊമ്പൻ വെണ്ട ഉണ്ടായപ്പോൾ അതുണ്ടായിക്കിടക്കുന്നത് കാണാനും തൈ വാങ്ങാനും ധാരാളമാളുകൾ വന്നിരുന്നു. ഗോമൂത്രം, പച്ചചാണകം, എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് ഇതൊക്കെ ചേർത്താണ് ഞാൻ ഗ്രോ ബാഗ് ഒരുക്കുന്നത്. പിന്നെ കരിയില ആവശ്യത്തിന് നിറച്ചു വയ്‌ക്കും. ഇലകൾ കത്തിച്ചു കളയാറില്ല.

കീട നിയന്ത്രണത്തിന് എന്തൊക്കെയാണ് ചെയ്യാറുള്ളത്?

അങ്ങിനെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതായി വരാറില്ല. പുകയിലക്കഷായം, കാന്താരിമുളക്, വെളുത്തുള്ളി ഇതൊക്കെ ജ്യൂസടിച്ച് തളിക്കാറുണ്ട്. പച്ചമുളകാണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്. കൃത്യമായ പരിപാലനം കീടങ്ങളെ അകറ്റി നിർത്തും.

വീട്ടുകാർ കൃഷി പരിപാലനത്തിൽ സഹായിക്കാറുണ്ടോ?

ഭർത്താവും മക്കളുമൊക്കെ എല്ലാ സഹായത്തിനും അവരെക്കൊണ്ടാകുന്ന വിധത്തിൽ ചെയ്യാറുണ്ട്. മകൻ ആദിൽ, മകൾ അസ്നത്ത്. നനയ്ക്കാനൊക്കെ അവർ സഹായിക്കാറുണ്ട്. ഭർത്താവ് അസീസ്. ഗ്രോ ബാഗ് നിറച്ചു വയ്ക്കാനും ഒരുക്കാനുമൊക്കെ അസീസ് എപ്പോഴും ഹസീനയ്ക്ക് കൂട്ടായിട്ടുണ്ട്.

ഫ്രൂട്ട് ശ്രീഖണ്ഡ്, മിന്‍റ് മംഗോ ലസ്സി

പഴങ്ങൾ കൊണ്ട് ഉണ്ടാകുന്ന രണ്ടു വിഭവങ്ങൾ പരിചയപ്പെടാം.

ഫ്രൂട്ട് ശ്രീ ഖണ്ഡ്

ചേരുവകൾ

ഏതെങ്കിലും സീസൺ പഴം കാൽ കപ്പ്

തൈര് മൂന്ന് കപ്പ്

പഞ്ചസാര ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

തൈര് വൃത്തിയുള്ള ഒരു തുണിയിൽ ഒരു രാത്രി മുഴുവൻ കിഴികെട്ടി വയ്‌ക്കുക.

പഴം, പഞ്ചസാര എന്നിവ മിക്‌സറിൽ ബ്ലൻഡ് ചെയ്യുക. ഇതിൽ തൈര് ചേർക്കുക. ഇത് നന്നായി അടിച്ച് ഒരു ബൗളിൽ ഒഴിച്ച് തണുപ്പിച്ച് സെർവ്വ് ചെയ്യുക.

 

മാംഗോ മിന്‍റ് ലസ്സി

mango mint lassi

ചേരുവകൾ:

മാമ്പഴം വലുത് ഒന്ന്

പഞ്ചസാര മൂന്ന് ടേബിൾ സ്‌പൂൺ

പൊദിനയില ചെറുതായി അരിഞ്ഞത് രണ്ട് ടേബിൾ സ്‌പൂൺ

തക്കോലം പൊടിച്ചത് ഒരു ടീസ്‌പൂൺ

ഏലയ്‌ക്കാ പൊടി ഒരു ടീസ്‌പൂൺ

നാരങ്ങാ നീര് ഒരു ടേബിൾ സ്‌പൂൺ

പാൽ അല്ലെങ്കിൽ തൈര് രണ്ട് കപ്പ്

പൊദിനയില അരിഞ്ഞത് അലങ്കരിക്കാൻ.

തയ്യാറാക്കുന്ന വിധം

മാമ്പഴം ചെറുകഷണങ്ങളാക്കി ബ്ലൻഡറിൽ ഇട്ട് ബാക്കി ചേരുവകളും ചേർത്ത് നന്നായി അടിച്ചെടുക്കുക.

ഇനി ഇത് ഗ്ലാസിൽ പകർന്ന് പൊദിനയില കൊണ്ട് അലങ്കരിച്ച് സെർവ്വ് ചെയ്യാം.

വൈറ്റ് കാശ്മീർ

ആരും പോകാൻ കൊതിക്കുന്ന ആ മഞ്ഞിന്‍റെ താഴ്വരയിലേക്ക് മക്കളുടെ വിന്‍റർ വെക്കേഷൻ ആസ്വദിക്കാൻ പോയ പ്രവാസി മലയാളി ശിഹാബ് കുമ്പളയും കുടുംബവും അവിസ്മരണീയമായ കാശ്മീരിയാത്രയുടെ അഴക് വർണ്ണിക്കുന്നു…

ഒരുപാട് കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഒരു പ്രാവശ്യമെങ്കിലും കാശ്മീർ കാണണമെന്നത്. ഇന്ത്യയിലെ സ്വിറ്റ്സർലൻഡ്, ഭൂമിയിലെ മനോഹരമായ അപൂർവ്വ പ്രകൃതി കാഴ്ചകളിൽ ഒന്ന് എന്നിങ്ങനെ പല അപര നാമങ്ങളിൽ കേട്ട് കേൾവി മാത്രമുള്ള ഒരു പ്രദേശം. പക്ഷേ മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കിയത് അശാന്തി നിറഞ്ഞ സുരക്ഷിതമല്ലാത്തൊരിടം. പത്ത് പതിനഞ്ച് വർഷമായി മനസ്സിൽ കൊണ്ട് നടന്ന പ്രകൃതിസൗന്ദര്യത്തിന്‍റെ അവസാന വാക്ക്. ഈ ഇടയ്ക്കാണ് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു കാശ്മീർ വാസിയെ കാണാൻ ഇടയായത്. കാശ്മീരിനെകുറിച്ച് ചോദിച്ചപ്പോൾ അയാൾ വാചാലനായി. സുഹൃത്തേ നിങ്ങൾ മനസ്സിലാക്കിയ കാശ്മീർ അല്ല യഥാർത്ഥ കാശ്മീർ. 100 ശതമാനം സുരക്ഷ ഉറപ്പുള്ള പ്രദേശമാണ്. ധൈര്യമായി പൊയ്ക്കോളൂ, കണ്ട് വിലയിരുത്തു, എന്‍റെ വീട്ടിൽ വരൂ… എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞതിന് ശേഷമാണ് ഈ സ്വപ്നഭൂമിയിൽ പോകാൻ ഞാൻ തീരുമാനിച്ചത്.

ഇതിനിടയിൽ സ്ക്കൂൾ വിന്‍റർ വെക്കേഷൻ തുടങ്ങി. കുട്ടികൾക്ക് മഞ്ഞുകാഴ്ചകൾ കാണാൻ വല്ലാത്ത ആഗ്രഹം. ഏതെങ്കിലും യൂറോപ്യൻ നാടുകളിൽ പോകാൻ പറഞ്ഞോണ്ടിരുന്നു. പ്രത്യേകിച്ച് ജോർജിയ, റുമേനിയ എന്നീ നാടുകൾ. പക്ഷേ ഇതിനേക്കാളും മനോഹരമായ സ്ഥലങ്ങൾ സ്വന്തം നാട്ടിൽ ഉണ്ടാകുമ്പോൾ… എന്‍റെ മനസ്സ് മന്ത്രിച്ചു. എന്തുകൊണ്ട് കാശ്മീർ ആയിക്കൂടാ എന്ന്. കുട്ടികളോട് പറഞ്ഞു നമുക്ക് കാശ്മീർ പോകാം. അവിടെ ഇഷ്ടം പോലെ മഞ്ഞുകാഴ്ച കാണാം എന്ന്. അവർ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു.

പരിചയമുള്ള ഒരു ട്രാവൽ ആന്‍റ് ടൂറിസം സ്ഥാപനത്തിനോട് കാശ്മീർ പാക്കേജിന്‍റെ കാര്യം ചോദിച്ചു. അവർ കൂടുതൽ ധൈര്യം തന്നു. അങ്ങനെ 16 ഡിസംബർ 2017 ന് ദുബായിൽ നിന്നും സ്വപ്നഭൂമിയിലേക്ക് യാത്ര തിരിച്ചു. ഡൽഹി വഴി ശ്രീനഗർ എയർപോർട്ട്. വിമാനം ഇറങ്ങി എല്ലാവരും. ആകാംക്ഷയോടെ വിമാനത്തിന്‍റെ ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. രാവിലെ 8.45 ആണ് സമയം. അപ്പോൾ -3 ഡിഗ്രിയാണ് പുറഞ്ഞെ താപനിലയെന്ന് പൈലറ്റ് പറഞ്ഞു. റൺവേയുടെ അങ്ങിങ്ങ് മഞ്ഞുകട്ടകൾ കാണാമായിരുന്നു.

എയർപോർട്ടിൽ നിന്നും ഞങ്ങളെ കൊണ്ടുപോകാൻ ട്രാവൽ ഏജൻസിയുടെ വണ്ടിയും ഡ്രൈവറും പുറത്തു കാത്തു നിൽക്കുന്നു. എന്‍റെ മൊബൈൽ നോ സർവ്വീസ് എന്ന് കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് ഡ്രൈവർ പറഞ്ഞാണ് ഞാൻ അറിഞ്ഞത് ജമ്മുകാശ്മീരിൽ പ്രീപെയ്ഡ് സിം ആക്ടീവ് ആവില്ല എന്ന്. എന്തോ പ്രത്യേക നിയമം ആണത്രേ. ലോക്കൽ അല്ലാത്തവരുടെ സിം പോസ്റ്റ് പെയ്ഡ് ആവണമെന്ന്. ആദ്യം ഇത്തിരി പരിഭ്രമിച്ചെങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെട്ടു. ഡ്രൈവർ ഫുൾ ടൈം കൂടെയുണ്ടല്ലോ.

ഷിക്കാര തോണി യാത്ര

എയർപോർട്ടിൽ നിന്നും നേരെ ഹൗസ് ബോട്ടിലേക്കുള്ള യാത്ര. പോകുന്ന വഴികൾ പ്രത്യേക കാഴ്ചകൾ ഒന്നും ഇല്ലായിരുന്നു. കുറച്ച് യാത്രയ്ക്ക്ശേഷം മനോഹരമായ ഷിക്കാര (ചെറുതോണി) വഞ്ചി ഹൗസ്ബോട്ട് എത്തി. അവിടെ ചെക്ക് ഇൻ ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം പ്രശ്സതമായ ഹസ്റത് ബാൽ മസ്ജിദ് കണ്ടു. പിന്നെ രണ്ട് മണിക്കൂർ വീണ്ടും ഷിക്കാര ഡ്രൈവ്, മനോഹരമായ കാഴ്ചകൾ. സീസൺ അല്ലാത്തതിനാൽ കുറേയധികം ഷിക്കാരകൾ വെള്ളത്തിലില്ലായിരുന്നു. പക്ഷേ അങ്ങിങ്ങായി കുറച്ച് തോണികൾ ഞങ്ങളുടെ അടുത്തെത്തി. കച്ചവടക്കാർ, പൂക്കൾ, കാശ്മീരിഷാൾ, പഴങ്ങൾ എന്നിങ്ങനെ. ഷിക്കാരയിൽ നിന്നും പുറത്തേക്കുള്ള കാഴ്ചകൾ വളരെ മനോഹരമാണ്. മഞ്ഞുമലകൾ വെള്ളി കൊണ്ട് മൂടിയപോലെ സൂര്യപ്രകാശം അതിൽ തട്ടി നമ്മുടെ മുഖത്ത് തട്ടുന്ന ഒരു അനുഭൂതി. നേരം ഇരുട്ടാൻ തുടങ്ങി. കൂടെ തണുപ്പും കൂടി കൂടി വന്നു. അവിടെ നിന്നും കാറിലൂടെ പ്രശസ്തമായ മുഗൾ ഗാർഡൻ ലക്ഷ്യമാക്കി യാത്ര തുടർന്നു. അവിടെ, മഞ്ഞുകാലത്ത് പൂക്കൾ ഉണ്ടാവാത്തതിനാൽ അതിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ ഭാഗ്യമുണ്ടായില്ല. ഇതിനിടയിൽ ഒരു കാശ്മീരി കുടുംബത്തെ പരിചയപ്പെടാൻ സാധിച്ചു. അവർക്കിടയിൽ നിന്നും ഒരു യുവതി എന്‍റെ ഭാര്യയോട് നിങ്ങൾ എന്തിനാ വിന്‍റർ സീസൺ തെരഞ്ഞെടുത്തത്? കാശ്മീരിന്‍റെ സൗന്ദര്യം അനുഭവിക്കണമെങ്കിൽ സ്പ്രിംഗ് (മാർച്ച്- മെയ്) അല്ലെങ്കിൽ സമ്മർ (മെയ്- ആഗസ്റ്റ്) വരണമെന്ന് പറഞ്ഞു. ഒരു കാര്യം പറയാൻ വിട്ടുപോയി. കാശ്മീരികൾ അവരുടെ ഭൂപ്രകൃതി പോലെ വളരെ സൗന്ദര്യമുള്ളവരാണ്. പ്രത്യേകിച്ച് കൊച്ചു കുട്ടികൾ. വെളുത്ത ചുവന്ന മനുഷ്യർ.

പിന്നീട് ബോട്ടിലേക്ക് തിരിച്ചു. പ്രാർത്ഥനയ്ക്കു ശേഷം ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു. ബോട്ടിൽ ഹീറ്റിംഗ് സൗകര്യം ഉണ്ടായിരുന്നു. പിറ്റേന്ന് പ്രഭാത ഭക്ഷണത്തിനു ശേഷം ചെക്ക് ഔട്ട് ചെയ്ത് വീണ്ടും ഡ്രൈവറുടെ കൂടെ കാറിൽ പഹൽഗാം ലക്ഷ്യമാക്കിയുള്ള യാത്ര. ദൂരെ മലയ്ക്ക് മുകളിൽ മനോഹരമായ അക്ബർ ഫോർട്ട് കാണാമായിരുന്നു. ഇപ്പോൾ അത് സൈനിക താവളമായതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല. വഴിമദ്ധ്യേ മനോഹരമായ പീൽ പഞ്ചാൽ മലനിരകളുടെ കാഴ്ചകളും റോഡിനു സമാന്തരമായി ഒഴുകുന്ന ലിഡർ അരുവിയും.

ആപ്പിൾ വാലിയെത്തിയപ്പോൾ ഉച്ചഭക്ഷണം കഴിച്ചു. വീണ്ടും യാത്ര തുടർന്നു. ആപ്പിൾ സീസൺ കഴിഞ്ഞതിനാൽ മരങ്ങളെല്ലാം ഉണങ്ങിയത് പോലെയാണ്. സെപ്റ്റംബറിലാണ് ആപ്പിൾ വിളവെടുക്കുന്നത്. കഴിഞ്ഞ വർഷം പോയ ഷിംല മനാലി യാത്രയിൽ ആപ്പിൾ വിളവെടുപ്പ് കണ്ടതിനാൽ മഞ്ഞുകാഴ്ചകൾ മാത്രമായിരുന്നു ഇത്തവണത്തെ ലക്ഷ്യം. അതുകൊണ്ട് ആപ്പിൾ കാഴ്ചകൾ കണ്ടില്ലെങ്കിലും വിഷമം തോന്നിയില്ല. മനോഹരമായ കുങ്കുമ കാഴ്ചയും സീസൺ കഴിഞ്ഞു പോയതിനാൽ മിസ്സായി. വല്ലാത്ത നഷ്ടം തോന്നി. കുറേ കുങ്കുമ കൃഷി നടത്തിയിരുന്ന പാടങ്ങൾ മാത്രം കണ്ടു.

ഉച്ചകഴിഞ്ഞപ്പോൾ പഹൽഗാം എത്തി. ഹോട്ടൽ ഗ്രീൻ റിസോർട്ടിൽ ചെക്ക് ഇൻ ചെയ്തു. അവിടെ മൊത്തം മഞ്ഞ് മൂടിയിരുന്നു. കുട്ടികൾ മഞ്ഞിൽ കുറച്ചു നേരം കളിച്ചു. പിന്നീട് കുതിര സവാരി. മഞ്ഞിന് മീതെയുള്ള കുതിര സവാരി വല്ലാത്ത ഒരു അനുഭവമായിരുന്നു. ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് അടുത്തുള്ള ബൈസ്റാൻ വാലി കാണാൻ പോയി. അവിടെ താപനില മൈനസ് 6 ഡിഗ്രിയ്ക്ക് താഴെയാണ്. ശ്വസിക്കുമ്പോൾ മൂക്കിലും വായിലും എല്ലാം പുക. കുട്ടികൾക്ക് കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പറ്റുമോ എന്ന് കുറച്ച് പേടി തോന്നാതിരുന്നില്ല.

തിരിച്ചെത്തിയപ്പോഴേക്കും ഹോട്ടലിന്‍റെ മുന്നിലുള്ള സ്ഥലങ്ങളിൽ കാൽ ഭാഗവും മഞ്ഞിൽ മൂടിയിരുന്നു. ഹോട്ടലിന്‍റെ ഇടതുഭാഗം സൈനിക താവളമാണ്. മേലെ ഇന്ത്യൻ പതാക പറക്കുന്നത് കാണാം. അത്താഴത്തിനുശേഷം കുറച്ച് സമയം പുറത്തേക്ക് നോക്കി നിന്നു. അത്ര മനോഹരമാണ് ആ സ്ഥലങ്ങൾ. പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണത്തിനുശേഷം ചന്ദൻവാടിയും അരുൺവാലിയും കാണാൻ യാത്ര തിരിച്ചു. ബേതാബ് വാലിയും കണ്ടു. അവിടെയാണത്രേ ബേതാബ് ഹിന്ദി ഫിലിം ചിത്രീകരിച്ചത്. അതിനുശേഷം ഈ പേരിൽ അറിയപ്പെട്ടു. നായർസാബ്, പിക്കറ്റ് 43 തുടങ്ങിയ ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന സ്ഥലങ്ങൾ നേരിൽ കാണുമ്പോൾ വല്ലാത്തൊരു അനുഭവമായിരുന്നു. പ്രശസ്തമായ അമർനാഥ് ക്ഷേത്രത്തിലേക്കുള്ള വഴിയും ഇത് തന്നെ.

പിറ്റേന്നുള്ള യാത്ര ഗുൽ മാർഗ് ലക്ഷ്യം വച്ചായിരുന്നു. ഗുൽ മാർഗ് എത്തുന്നതിനു മുമ്പുള്ള ചെറുപട്ടണമാണ് തൻ മാർഗ്. അവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ചു. വൈകാതെ ഗുൽ മാർഗിൽ എത്തി. മഞ്ഞാൽ മൂടപ്പെട്ടു കിടക്കുന്ന ഗുൽ മാർഗ് വല്ലാത്തൊരു റൊമാന്‍റിക് മൂഡ് സമ്മാനിക്കും. ഇരുട്ടുമ്പോഴേക്കും മൈനസ് 11 ഡിഗ്രി വരെയാണത്രേ അവിടത്തെ തണുപ്പ്.

അന്ന് അവിടെ തങ്ങി. പിറ്റേന്ന് ഗൈഡിനെ കൂട്ടി ഗുണ്ടുള കേബിൾ കാർ യാത്ര. സമുദ്രനിരപ്പിൽ നിന്നും 10,000 ഫീറ്റ് മേലെ. താഴെ കുറേ കൊച്ചുവീടുകൾ. പൂർണ്ണമായും മഞ്ഞാൽ മൂടിയിരിക്കുന്നു. ആൾ താമസമില്ല. ശൈത്യകാലത്ത് അവർ താഴ്ഭാഗങ്ങളിൽ പോയി താമസിക്കാറാണ് പതിവത്രേ. ആകെയുള്ളത് അവിടിവിടെയായി കാണുന്ന സൈനികർ. കാശ്മീരി യാത്രയിൽ ഉടനീളം സൈനികരുമായി ചങ്ങാത്തം കൂടാൻ സാധിച്ചു എന്നു എടു ത്ത് പറയട്ടെ. ഇത്ര തണുപ്പിലും രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നവർ.

മഞ്ഞിൽ ആടിത്തിമിർത്ത്…

ഗുണ്ടുളയിൽ ഒരുപാട് മഞ്ഞ് ഗെയിംസ് ഉണ്ടായിരുന്നു. സ്കീയിംഗ്, സ്നോബോർഡിംഗ് അങ്ങനെ തുടങ്ങുന്ന ഒരു വലിയ ലിസ്റ്റ്. അതെല്ലാം മക്കളുമായി ആവോളം ആസ്വദിച്ച ശേഷം അന്ന് വൈകുന്നേരം ശ്രീനഗറിലേക്കുള്ള മടക്കായാത്ര. ശ്രീനഗർ അടുക്കും തോറും മഞ്ഞുമലകൾ കുറഞ്ഞു കുറഞ്ഞുവന്നു. ഇരുട്ടുന്നതിനു മുമ്പ് ഹോട്ടലിൽ തിരിച്ചെത്തി.

പിറ്റേന്ന് രാവിലെ ചെക്ക് ഔട്ട് ചെയ്ത് എയർപോർട്ടിലേക്കുള്ള യാത്ര. ഫ്ളൈറ്റിന് 2 മണിക്കൂർ മുമ്പേ സുരക്ഷ പരിശോധനയ്ക്കായി എയർപോർട്ടിൽ എത്തണം. കാരണം മറ്റു എയർപോർട്ടുകളിൽ നിന്നും വ്യത്യസ്തമായി സൈനിക പരിശോധന കൂടി കഴിഞ്ഞതിനു ശേഷമാണ് യാത്രികർക്ക് പ്രവേശനം. പരിശോധനയ്ക്ക് ശേഷം ഫ്ളൈറ്റിൽ കയറി, വിന്‍റർ വെക്കേഷന് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഏറ്റവും നല്ല അനുഭവങ്ങൾ സമ്മാനിച്ച കാശ്മീരിനോട് യാത്ര പറഞ്ഞൊരു ടേക്ക് ഓഫ്!

ലൈഫ് സ്കിൽസ്

ആശയ്ക്ക് ആകെ ദേഷ്യം വന്നിരിക്കുകയാണ്. ഒരു വശത്ത് കൊടുംമഴ തുടരുന്നു. വൈദ്യുതി പോയിട്ട് മൂന്നു മണിക്കൂറായി. അയൽവക്കത്തെ വീട്ടിലെല്ലാം വെളിച്ചമുണ്ട്, ഈ വീട്ടിൽ മാത്രം ഇല്ല. ഈ മഴയിൽ ഒരു ഇലക്ട്രീഷ്യനെ വിളിച്ചിട്ട് കിട്ടുന്നുമില്ല. തുണി അലക്കാൻ ഇട്ടത് ഉണങ്ങിയിട്ടുമില്ല. അകത്തൊരു അയകെട്ടാൻ ഭിത്തിയിൽ സീൽ വയ്ക്കാൻ ശ്രമിച്ചിട്ട് ശരിയാകുന്നുമില്ല.

ഇങ്ങനെ ആകെ ഭ്രാന്ത് പിടിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത വീട്ടിലെ ചിത്രചേച്ചി അങ്ങോട്ട് വന്നത്. ആശയുടെ മാത്രം വീട്ടിൽ കറന്‍റ് ഇല്ലെന്ന് മനസ്സിലായ ചിത്ര മെയിൻ സ്വിച്ച് തുറന്ന് നോക്കി ഫ്യൂസ് പരിശോധിച്ചു. സംഗതി അതു തന്നെ. ഫ്യൂസ് പോയതാണ്. ചിത്ര ഉടനെ തന്നെ ഫ്യൂസ് ശരിയാക്കി മെയിൻ സ്വിച്ച് ഓണാക്കി. കറന്‍റും വന്നു. പിന്നെ ചിത്ര വീട്ടിലേക്ക് ഫോൺ ചെയ്‌ത് തന്‍റെ ടൂൾ ബോക്സ് എടുപ്പിച്ചു. ഡ്രിൽ മെഷീൻ കൊണ്ട് രണ്ടു ആണി ഉറപ്പിച്ച് അയ കെട്ടി നനഞ്ഞ തുണി നിവർത്തിയിടാനുള്ള സൗകര്യവും ഉണ്ടാക്കി. ആശ മൂന്നുമണിക്കൂറായി ആലോചിച്ചു വിഷമിച്ചു നിന്ന കാര്യങ്ങൾ അരമണിക്കൂറിനുള്ളിൽ ചിത്ര ചെയ്‌തു കൊടുത്തു.

ചിത്രയിൽ നിന്ന് ആശയ്ക്കൊരു ഉപദേശവും കിട്ടി. ജോലിക്കാരിയാണോ, വീട്ടമ്മയാണോ എന്നൊന്നും ഇല്ല, ഇത്തരം ചില കാര്യങ്ങൾ എല്ലാ സ്ത്രീകളും പഠിച്ചിരിക്കണം. ഇതുപോലെ അടിയന്തിര ഘട്ടങ്ങളിൽ മറ്റുള്ളവരുടെ സഹായം ലഭ്യമായില്ലെങ്കിലും കാര്യം നടത്താൻ കഴിയുമല്ലോ.”

റിപ്പയറിംഗ്

ഇതൊക്കെ, പഠിക്കേണ്ട വിഷയം ആണോ എന്ന് സംശയം തോന്നിയോ? എങ്കിൽ ഒരു കാര്യം ഓർത്തോളൂ റിപ്പയറിംഗ് വിദേശ രാജ്യങ്ങളിൽ ഒരു കോഴ്സ് ആയി പഠിപ്പിക്കുന്നുണ്ട്. വീടുകളിൽ ആവശ്യമായി വരുന്ന പല ലൈഫ് സ്കില്ലുകളും പരിശീലനത്തിലൂടെ സ്വായത്തമാക്കാവുന്നതേയുള്ളൂ. പോയി പഠിക്കാൻ ഇടമില്ലെങ്കിൽ അറിയാവുന്നവരോട് ചോദിച്ച് മനസ്സിലാക്കാം. യുട്യൂബ് വഴിയും കുറെയൊക്കെ സ്കിൽസ് സ്വായത്തമാക്കാം.

ഹൗസ് പെയിന്‍റിംഗ്, പ്ലമ്പിംഗ്, കാർപ്പന്‍ററി, ഇലക്ട്രിക്കൽ ജോലികൾ, വീട്ടിലെ മറ്റു അറ്റകുറ്റപ്പണികൾ ഇതൊക്കെ ചെയ്യാൻ കുറച്ചെങ്കിലും പഠിച്ചിരുന്നാൽ വളരെയധികം പ്രയോജനപ്പെടും. ഭിത്തിയിൽ ഒരു ക്ലോക്ക് വയ്ക്കേണ്ടി വന്നാൽ ആണി തറയ്ക്കാൻ പോലും മറ്റൊരാളെ വിളിക്കുന്നവരുണ്ട്. ഇതു പോലുള്ള എല്ലാ പണികളുടെയും അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കിയിരുന്നാൽ ജീവിതം കുറച്ചു കൂടി എളുപ്പമാവും.

വാഹനം കേടായാൽ

എല്ലാ വീട്ടിലും കാണും, ഉറപ്പായും ഒന്നോ രണ്ടോ വാഹനം എന്ന നിലയിലെക്കെത്തിയിരിക്കുന്ന കാലമാണിത്. ഉദ്യോഗസ്‌ഥരായവർക്ക് സ്വന്തം വാഹനം ഒരു അത്യാവശ്യം ആണ്. യാത്രയ്ക്കിടയിൽ വണ്ടി നിന്നു പോയാൽ ടയർ പഞ്ചറായാൽ പെട്ടു പോയതു തന്നെ. പ്രത്യേകിച്ച് അടുത്തൊന്നും ആരും സഹായത്തിന് ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ട.

കാറും സ്ക്കൂട്ടറുമൊക്കെ ഓടിക്കാൻ പലർക്കും അറിയാം. എന്നാൽ അതിനൊരു ചെറിയ തകരാറുണ്ടായാൽ എങ്ങനെ പരിഹരിക്കണമെന്നറിയില്ല. വാഹനം ഭംഗിയായി കഴുകി വൃത്തിയാക്കാൻ പോലും അറിയില്ല. എന്നാൽ ഇതും കൂടി അറിഞ്ഞിരുന്നാൽ കാര്യങ്ങൾ എത്ര ഈസി ആവുമെന്നോർത്തു നോക്കൂ. ഓരോ തവണയും സർവീസ് സെന്‍ററുകൾ അന്വേഷിച്ചു നടക്കാനുള്ള മെനക്കേട് തോന്നിയാൽ കുറച്ചു കാര്യങ്ങൾ സ്വയം പഠിച്ചു വയ്ക്കാം.

വാഹനം കഴുകൽ, ഓയിൽ ചേഞ്ചിംഗ്, ടയറിന്‍റെ പ്രഷർ പരിശോധിക്കൽ തുടങ്ങിയ കാര്യങ്ങളില്ലെങ്കിലും അത്യാവശ്യം അറിവു വേണം. കാറോടിച്ചു പോകുമ്പോൾ ടയർ പഞ്ചറായാൽ അതു മാറി പുതിയത് ഇടാനും പരിശീലിക്കണം.

മുറിവുണ്ടായാൽ പ്രാഥമികശുശ്രൂഷ

അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നൊക്കെ അറിയാമെങ്കിലും സംഭവിച്ചു കഴിയുമ്പോഴാണ് മുൻ കരുതലിനെ കുറിച്ചോ, പ്രാഥമിക ശുശ്രൂഷയെ കുറിച്ചോ നാം ചിന്തിക്കുന്നത്. ഒരു അപകടം മറ്റൊരാൾക്ക് നേരിട്ടാൽ കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യാതെ ധൈര്യപൂർവ്വം കാര്യങ്ങൾ നടത്താൻ ശ്രമിക്കണം. പ്രാഥമിക ചികിത്സ നൽകി എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയാണ് പ്രധാന സംഗതി. ആന്‍റി സെപ്റ്റിക് ലോഷൻ, ബാന്‍റേജ്, പെയിൻ കില്ലർ, കോട്ടൺ തുടങ്ങിയവ വീട്ടിൽ സൂക്ഷിക്കണം. സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് തുടങ്ങിയ അവസ്‌ഥകൾ ഉണ്ടായാൽ അടിയന്തിരമായി നൽകേണ്ട ശുശ്രൂഷ എന്തെന്നും അറിഞ്ഞിരിക്കണം.

ചമ്മലും മടിയും വേണ്ട

എന്തു കാര്യത്തിനും ഏറ്റവും വലിയ തടസമായി നിൽക്കുന്നതെന്താണ് എന്നറിയുമോ? സ്ത്രീകളെ സംബന്ധിച്ചാണെങ്കിൽ ലജ്ജ! ഇതൊരു വാസ്തവം തന്നെയാണ്. പരിചയമില്ലാത്തവരോട് സംസാരിക്കാൻ ഏറ്റവും മടി ഉള്ള കൂട്ടരാണ് സ്ത്രീകൾ. നല്ല രീതിയിൽ സംസാരിക്കാൻ ശീലിക്കുക എന്നതും പോസിറ്റീവ് സംഗതിയായി കൂടെ കൂട്ടാം. കുട്ടികളുടെ അഡ്മിഷൻ, സർക്കാർ ഓഫീസിൽ പോകാൻ, നോട്ടറിയിൽ വിജ്ഞാപനം കൊടുക്കാൻ, ഡോക്ടറെ കാണാൻ ഒക്കെ മറ്റുള്ളവരുടെ സഹായം തേടേണ്ട കാര്യമില്ല. ഇതിനൊക്കെ ഭർത്താവിനെയോ മക്കളെയോ തന്നെ അയക്കേണ്ടി വരില്ല. വീട്ടമ്മമാരായ സ്ത്രീകൾ ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിച്ചാൽ അവർക്ക് നല്ല വ്യക്‌തിത്വമായി ഉയരാനും കഴിയും.

സൈബർ അറിവ്

സൈബർ ക്രൈമുകൾ വർദ്ധിച്ചു വരുന്ന കാലമാണ്. ഓൺലൈനും ഫോണും ഒന്നും ഇല്ലാതെ ജീവിക്കുന്നതും അസാധ്യമായിരിക്കുന്നു. ഓൺലൈൻ ഷോപ്പിംഗിൽ മാത്രമല്ല, ഓൺലൈൻ ഏതൊക്കെ വിധത്തിൽ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ശരിയായ അറിവ് നേടിയെടുക്കാം. ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഗൂഗിൾ പെ തുടങ്ങിയവയൊക്കെ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ശ്രദ്ധ എന്തൊക്കെയാണെന്ന് സ്വയം മനസിലാക്കുക. ഫേസ് ബുക്ക് അക്കൗണ്ട് സെക്യുയർ ആക്കുക, പ്രൊഫൈൽ പിക്ച്ചർ പ്രൊട്ടക്ട് ചെയ്യുക തുടങ്ങി നിസ്സാരമായ കാര്യങ്ങളിലും ജാഗ്രത പുലർത്താം.

തനിച്ച് യാത്ര

അൽപം അകലെയുള്ള ഒരു നഗരത്തിലേക്ക് തനിച്ച് യാത്ര ചെയ്യാൻ മിക്ക സ്ത്രീകളും ഇപ്പോഴും മടി കാണിക്കാറുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും സോളോ ട്രാവ്‍ലർ ആകണമെന്നാണ് ഗസ്റ്റി ട്രാവ്‍ലർ ഡോട്ട് കോം സിഇഒ ബോണ്ട് പറയുന്നത്. അതു വെറും ഒരു പരസ്യമല്ല. യഥാർത്ഥത്തിൽ ഏതു വ്യക്‌തിയും ട്രൈ ചെയ്യേണ്ട അവശ്യ സംഗതിയാണ്. ആരുടെയും സഹായമില്ലാതെ പൂർണ്ണമായും സ്വന്തം റിസ്കിൽ ഒരു ഏകാന്ത യാത്ര! അതു വലിയ അനുഭവമായിരിക്കും നൽകുക.

സാമ്പത്തിക നിയന്ത്രണം

പണം ഇല്ലെങ്കിൽ ഒന്നും ഇല്ല എന്നു തന്നെ പറയേണ്ടി വരും ഇപ്പോൾ. സാമ്പത്തിക കാര്യങ്ങളിൽ ഒട്ടൊരു ധാരണ ഉണ്ടായില്ലെങ്കിൽ ഭാവി ജീവിതം താറുമാറായേക്കാം. വരുമാനം എത്ര, സമ്പാദ്യം എത്ര, മാസം തോറുമുള്ള ചെലവ്, ഹെൽത്ത് ഇൻഷുറൻസിന്‍റെ പ്രീമിയം എത്ര, മ്യൂച്വൽ ഫണ്ട് ഏതാണ് നല്ല ഒപ്ഷൻ നല്ല പ്രോപ്പർട്ടി ഏതു സ്‌ഥലത്താണ് തുടങ്ങിയ നിരവധി കാര്യങ്ങൾ മനസിലാക്കി ഒരു ഡയറിയിൽ കുറിക്കുന്നത് ശീലമാക്കി നോക്കൂ.

സ്നേഹം എന്‍റെ ഭാഷ – ലൂസി കളപ്പുര

കുറച്ചു മാസങ്ങൾക്ക് മുൻപാണ് സോയ സിസ്റ്റർ ലൂസിയെ ഈ നേരിട്ട് കാണാൻ ഇടയായത്. അതിനുശേഷം മാസങ്ങൾ വീണ്ടും കടന്നു പോയി.ഇപ്പോഴും സിസ്റ്റർ ലൂസി നേരിടുന്ന പ്രയാസങ്ങൾക്ക്, അവഗണനയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അത്രയേറെ പുരുഷാധിപത്യ സ്വഭാവത്തോടെ ആണ് ഇപ്പോഴും സഭ പ്രവർത്തിക്കുന്നത് എന്ന് ഇതിൽ നിന്നു വ്യക്തമാണ്..

സന്യാസിനി സമൂഹത്തിന്‍റെ ചട്ടങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് ക്രൈസ്തവ സഭയുടെ പീഡനങ്ങൾ നേരിടേണ്ടിവന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പറയാനുള്ളത് ഇതൊക്കെയാണ്…

സഹനത്തിന്‍റെ മാലാഖ

മാനന്തവാടി കാരയ്ക്കാമല കോൺവെന്‍റിലോ ദ്വാരക സ്ക്കൂളിലോ ചെന്നാൽ സിസ്റ്റർ ലൂസിയെ നിങ്ങൾക്ക് കാണാൻ പറ്റും. ഇത്രയേറെ പ്രതിസന്ധി നേരിടുന്ന സന്യാസിനി ആയിട്ടും വളരെ വിനയാന്വിതയായി നിറഞ്ഞ പുഞ്ചിരിയോടെ മാത്രമേ അവർ നമ്മളെ സ്വീകരിക്കുകയുള്ളൂ… കേരളം മുഴുവൻ വാർത്തകളിൽ നിറഞ്ഞ് നിന്ന ആ കന്യാസ്ത്രീ ആണോ ഇവർ എന്ന് സംശയം തോന്നിപ്പോകും. അവരുടെ മുഖത്തോ സംസാരത്തിലോ അൽപം പോലും ഭാവഭേദമില്ല. ഒട്ടും ആത്മീയവിശ്വാസം കെടാത്ത സംസാരം. സിസ്റ്റർ ആരെയും കുറ്റപ്പെടുത്താറില്ല. എല്ലാം യേശുവിൽ അർപ്പിക്കുകയാണ് അവർ, അത് അവർ പറയുകയും ചെയുന്നു. ആ മുഖത്തെ പുഞ്ചിരി കാണുമ്പോൾ ഇവരാണോ ഇത്രയും വലിയ പ്രശ്നങ്ങളിലൂടെ കടന്ന് പോയത് എന്ന് ചിന്തിച്ചു പോകും.

കന്യാസ്ത്രീ സമരം കഴിഞ്ഞ് തിരിച്ച് കാരയ്ക്കാമല കോൺവെന്‍റിലെത്തിയ സിസ്റ്ററെ മഠത്തിൽ കയറ്റാതിരിക്കുകയും കാരയ്ക്കാമലയിലെ വിശ്വാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് മഠത്തിൽ കയറ്റുകയും ചെയ്ത വാർത്ത മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതിനെ തുടർന്നാണ് ഞാൻ സിസ്റ്ററെ കാണാൻ ദ്വാരകയിലെത്തിയത്. അന്ന് ഞങ്ങൾ കുറേ സംസാരിച്ച് പിരിഞ്ഞു. പിന്നീട് ഇടയ്ക്ക് വിളിക്കുമ്പോൾ പ്രത്യേകിച്ചൊന്നുമില്ല ജീവിതം അങ്ങനെയൊക്കെ പോകുന്നു. എന്നാലും ചില സങ്കടങ്ങൾ ഉണ്ട്. മഠത്തിൽ ചിലപ്പോൾ അച്ചൻമാർ വരും. ബാക്കി എല്ലാ സിസ്റ്റേഴ്സിനോടും സംസാരിക്കും എന്നോട് മാത്രം മിണ്ടില്ല എന്ന് സിസ്റ്റർ തെല്ലൊരു ദു:ഖത്തോടെ പറഞ്ഞു. സാരമില്ല പോട്ടെ എന്ന് ഞാനും പറഞ്ഞു. “അതല്ല ഇവരൊക്കെ മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നവരാണല്ലോ എന്നോർക്കുമ്പോൾ…” സിസ്റ്റർ ഇങ്ങനെ പറഞ്ഞപ്പോൾ അവരുടെ ഉള്ളിലെ വേദന ശക്തമാണ് എന്ന് തോന്നിപ്പോയി.

എന്നെ പിന്നീട് എഫ്സിസിയിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള കത്ത് എനിക്ക് കിട്ടിയിരുന്നു… അതോടെ ആ വേദന ഇരട്ടിയായി. ഇതിന് പിറ്റേദിവസം സിസ്റ്ററെ മഠത്തിൽ പൂട്ടിയിടുകയും ചെയ്തു. അതിനെപ്പറ്റി നോബിൾ തോമസ് പാറയ്ക്കൽ എന്ന വൈദികന്‍റെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ കണ്ടപ്പോൾ ഞാൻ പലതവണ ഫോണിൽ സിസ്റ്ററെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷെ കിട്ടിയില്ല. പിന്നെ മറ്റൊന്നും നോക്കിയില്ല, ഞാൻ നേരെ ദ്വാരക സ്ക്കൂളിലെത്തി സിസ്റ്ററെ അന്വേഷിച്ചു. അപ്പോൾ സിസ്റ്റർ കോൺവെന്‍റിലേക്ക് പോയി എന്നറിഞ്ഞു. വീണ്ടും വിളിച്ചപ്പോൾ സിസ്റ്ററെ ഫോണിൽ കിട്ടി. അങ്ങനെ കാരയ്ക്കാമല കോൺവെന്‍റിലെത്തി ഞാൻ കോളിംഗ് ബെല്ലമർത്തി കാത്തു നിന്നു. അൽപം കഴിഞ്ഞപ്പോൾ പാതി തുറന്ന ജനലിലൂടെ മുഖം പുറത്തേക്ക് കാണിച്ച് ഒരു സിസ്റ്റർ ചോദിച്ചു. “എന്തു വേണം” “സിസ്റ്റർ ലൂസിയെ കാണാൻ”

“സിസ്റ്ററെ വിളിച്ചിരുന്നോ”

“ഉവ്വ്”

“എങ്കിൽ ഒന്നു കൂടി ഫോണിൽ വിളിച്ചോളൂട്ടോ”

ഞാൻ വീണ്ടും ഫോണിൽ വിളിച്ചു.

“ദാ വരുന്നു…” അകത്തു നിന്നും സിസ്റ്ററുടെ ശബ്ദം.

അവരെ ഞാൻ പുറത്ത് കാത്തുനിന്നു. കുറേക്കാലം വാർത്തകളിൽ ഇടം പിടിച്ച കാരയ്ക്കാമലകോൺവെന്‍റിനെ ഞാനൊന്നു സൂക്ഷിച്ചു നോക്കി. പുറത്ത് നിന്ന് നോക്കിയാൽ തന്നെ അറിയാം അകത്തെ കട്ട പിടിച്ച കൂരിരുട്ട്. കണ്ടാൽ ഒരു കാരാഗൃഹം പോലെയുണ്ട്. ഇരുട്ട് നിറഞ്ഞ നീണ്ട ഇടനാഴികൾ കോൺവെന്‍റുകളുടെ പ്രത്യേകതയാണ്. ആലോചിച്ചു നിന്നപ്പോൾ വിസിറ്റിംഗ് റൂമിന്‍റെ വാതിൽ തുറന്ന് സിസ്റ്റർ പുറത്തേക്ക് വന്നത് ഞാൻ അറിഞ്ഞതേയില്ല.

എപ്പോഴെത്തെയും പോലെ നിറഞ്ഞ പുഞ്ചിരിയോടെ അവർ കോൺവെന്‍റിന്‍റെ മുറ്റത്ത് നിന്ന് എന്നോട് സംസാരിച്ചു. ഇതിനിടയിലും സിസ്റ്ററിന് നിരവധി ഫോൺ കോളുകൾ വന്നുകൊണ്ടേയിരുന്നു. “ഞാൻ അത്യാവശ്യം കോളുകൾ മാത്രമേ എടുക്കുന്നുള്ളൂ.”

Zoya and lucy kalappura

എന്നിട്ട് ഫോണെടുത്ത് മിഡ്സ് കോളുകളുടെ നീണ്ട നിര കാണിച്ചു തന്നു. “ഞാൻ സത്യത്തിന്‍റെ കൂടെയാണ്. അതുകൊണ്ടാണ് ഇത്രയധികം ആളുകൾ എന്നെ പിന്തുണയ്ക്കുന്നത്. സഭയിൽ നിന്നോ മഠത്തിൽ നിന്നോ പുറത്താക്കേണ്ട യാതൊരു തെറ്റും ഞാൻ ചെയ്‌തിട്ടില്ല. ഞാൻ കന്യാസ്ത്രീ ആയതും മഠത്തിൽ ചേർന്നതും മനുഷ്യരെ സ്നേഹിക്കാൻ വേണ്ടിയാണ്.” സിസ്റ്റർ ലൂസി പറഞ്ഞു.

കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത കരിക്കോട്ടക്കിരിയിലാണ് സിസ്റ്റർ ലൂസി കളപ്പുര ജനിച്ചത്. കളപ്പുര സ്കറിയായുടേയും റോസയുടേയും ഏഴാമത്തെ മകളാണ് ലൂസി. പാവങ്ങളെ സഹായിക്കുന്ന നല്ല മനസിനുടമയായ ലൂസിയുടെ പിതാവ് സമ്പന്നനായിരുന്നു. അതുകൊണ്ട് തന്നെ 11 മക്കളിൽ ഒന്നിനെ കന്യാസ്ത്രീ ആകാൻ വിടാൻ സ്കറിയായ്ക്ക് ഇഷ്ടമായിരുന്നില്ല. പിതാവും സഹോദരങ്ങളും എതിർത്തിട്ടും ലൂസി കന്യാസ്ത്രീ ആകണമെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. ദാരിദ്ര്യം കൊണ്ടല്ല ലൂസി കന്യാസ്ത്രീ ആകാൻ തീരുമാനിച്ചത്. മാനവ സേവ ചെയ്യാൻ വേണ്ടി ആയിരുന്നു. ദൈവവിളി സ്വീകരിച്ചായിരുന്നു.

കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷം അവർ മഠത്തിൽ ചേർന്നു. മഠത്തിൽ ചേർന്നതിന് ശേഷം ബിഎസ്സി മാത്ത്സും ബിഎഡും എടുത്തു. 1996 ൽ മാനന്തവാടിക്കടുത്തുള്ള ദ്വാരകയിൽ അധ്യാപികയായി സേവനമാരംഭിച്ചു. കുട്ടികൾക്ക് പ്രിയപ്പെട്ട ടീച്ചറായി. ഇതിനിടയിൽ സ്ക്കൂളിലേയും കോൺവെന്‍റിലേയും ചില അനീതികൾക്കെതിരെ പ്രതികരിച്ചതുകൊണ്ട് ചിലരുടെയൊക്കെ കണ്ണിലെ കരടായി മാറി. ഇപ്പോൾ സിസ്റ്റർ കോൺവെന്‍റിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല. രാവിലെ കാരയ്ക്കാമലയിലോ ദ്വാരകയിലോ പോയി പ്രാതൽ കഴിക്കും. ഉച്ചയ്ക്ക് സഹ അധ്യാപകർ കൊണ്ടു തരുന്ന ഭക്ഷണമോ കുട്ടികളുടെ ഉച്ചക്കഞ്ഞിയോ കഴിക്കും. വൈകുന്നേരം പഴങ്ങളോ എന്തെങ്കിലും ലഘു ഭക്ഷണമോ… സിസ്റ്റർ കോൺവെന്‍റിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആരും മിണ്ടാറില്ല. ടിവി നശിപ്പിച്ചു. പുറംലോകവുമായി ബന്ധപ്പെടാനും വാർത്തകൾ അറിയാനും ഫോൺ മാത്രമാണ് ആശ്രയം. അതു തട്ടിപ്പറിക്കാനുള്ള ശ്രമവും നടന്നു.

“സ്വന്തം മാതാപിതാക്കളെയും കുടുംബത്തെയും എല്ലാം ഉപേക്ഷിച്ചാണ് ഒരു പെൺകുട്ടി മഠത്തിൽ ചേരുന്നത്. ജോലി ചെയ്യുന്നതും ജീവിക്കുന്നതും ശമ്പളം വാങ്ങുന്നതുമെല്ലാം സഭയ്ക്ക് വേണ്ടി മാത്രം. 34 വർഷം എന്നത് ചെറിയ ഒരു കാലയളവല്ല. യേശുവിനെ പൂർണമായി പിന്തുടരാൻ ഇറങ്ങിത്തിരിച്ച എനിക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിസന്ധികളാണ്. എന്‍റെ യൗവ്വനവും ആരോഗ്യവും ഞാൻ ചെലവഴിച്ചത് ഈ മഠത്തിനുള്ളിലാണ്. സഭയ്ക്ക് വേണ്ടിയാണ്. സുഹൃത്തുക്കളായി കരുതിയ സഹകന്യാസ്ത്രീകൾ പോലും ശത്രുവിനെ പോലെ കരുതാൻ ഞാൻ ചെയ്‌ത തെറ്റെന്താണ്?” സിസ്റ്റർ ലൂസി ചോദിക്കുന്നു.

കവിത എഴുതി, സിഡി ഇറക്കി, ചുരിദാർ ധരിച്ചു എന്നതൊക്കെയാണ് എനിക്കെതിരെ ആരോപിക്കുന്ന കുറ്റം. എന്നാൽ യഥാർത്ഥ കുറ്റം അതല്ല. ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീക്ക് വേണ്ടി സമരപ്പന്തലിലെത്തി സംസാരിച്ചു. അതാണ് പ്രശ്നം. 2017 ഡിസംബർ മുതലാണ് ഞാൻ എന്‍റെ ശമ്പളം സഭയ്ക്ക് കൊടുക്കാതായത്. അതിൽ ഞാൻ എനിക്ക് വേണ്ടി ചെയ്‌തത് “സ്നേഹ മഴയിൽ” എന്ന കവിതാസമാഹാരം, ദേവാലയം എന്ന സിഡി, ആൾട്ടോ കെ 10 കാർ എന്നിവയ്ക്ക് വേണ്ടി ആയിരുന്നു. ബാക്കി പണം ഞാൻ പ്രേഷിത പ്രവർത്തനങ്ങൾ ചെയ്യാൻ വേണ്ടിയാണ് ഉപയോഗിച്ചത്.

സഭയുടെ പണം സഭയുടെ സ്വത്തായ ഞാൻ സഭ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ വേണ്ടി ഉപയോഗിച്ചു എന്ന തെറ്റാണ് ചെയ്തതതെന്ന് അവർ ആരോപിക്കുന്നത്. “ചുരിദാർ ധരിച്ചത് എന്‍റെ ശരീരത്തിന് സഭാവസ്ത്രം ഒരുതരത്തിലും യോജിക്കാത്തതുകൊണ്ടാണ്. അസഹ്യമായ ചൂട് കാരണമാണ് ഞാൻ ചുരിദാർ ധരിക്കാൻ അനുവാദം ചോദിച്ചത്. സഭയിൽ തന്നെ ജോലിസംബന്ധമായ കാര്യങ്ങൾക്ക് പുറത്ത് പോകുന്ന പല കന്യാസ്ത്രീകളും ചുരിദാർ ധരിക്കാറുണ്ട്. എനിക്ക് മാത്രമാണ് വിലക്ക്. ഈ വയനാടിനെ ഹൃദയത്തിൽ സ്വീകരിച്ചവളാണ് ഞാൻ. ഈ നാടിന്‍റെ തണുപ്പും പ്രകൃതി ഭംഗിയും സാംസ്ക്കാരിക നിലവാരവും ഞാനൊരുപാട് ഇഷ്ടപ്പെട്ടതാണ്. ഇവിടം വിട്ട് ഞാനെങ്ങോട്ടുമില്ല.” സിസ്റ്റർ പറയുന്നു.

“എന്നെ ഇവിടെ എത്തിച്ചത് എന്‍റെ തന്നെ സന്യാസ സഭയിലെ അംഗങ്ങളാണ്. ഞാൻ എന്‍റെ സഭയ്ക്ക് എതിരല്ല. ഒരു ഭാരതീയനായ ഞാൻ ഭാരതത്തിന്‍റെ വസ്ത്രം ധരിച്ച് ഭാരതീയനായി ജീവിക്കാൻ ഇഷ്ടപ്പെടുന്നു. എന്‍റെ സമർപ്പണ ജീവിതത്തിന് വ്യക്‌തമായ നിലപാട് ഉണ്ടായിരുന്നു. ആ നിലപാടിൽ ഉറച്ചു നിന്നു എന്നതു മാത്രമേ ഞാൻ ചെയ്‌തിട്ടുള്ളൂ. എന്നെ മനസ്സിലാക്കുന്ന ഒരു സമൂഹം എനിക്കൊപ്പമുണ്ട് എന്നതാണ് എന്‍റെ സന്തോഷം.” സിസ്റ്റർ ലൂസി കൂട്ടിച്ചേർക്കുന്നു.

മാധ്യമ പ്രവർത്തകർ വന്നു എന്ന് പറഞ്ഞ ആ പിൻവാതിൽ സിസ്റ്റർ കാണിച്ചു തന്നു. ആ വാതിലിലൂടെയാണ് പലരും അകത്തു കയറാറുള്ളത്. മഠത്തിൽ എല്ലായിടത്തും സിസി ടിവി ക്യാമറ ഉണ്ട്. ക്യാമറയുടെ കണ്ണിലൂടെയാണ് ജീവിതം. ബെഡ്റൂമിൽ കയറി വാതിൽ അടയ്ക്കും വരെ ക്യാമറക്കണ്ണുകൾ കൂടെയുണ്ട്.

സിസ്റ്റർ ഓർമ്മപ്പെടുത്തി

അങ്ങനെ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ സിസ്റ്റർക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു കോൾ വന്നു. സിസ്റ്റർ കൊടുത്ത പരാതിയിൻ മേൽ മൊഴിയെടുക്കാൻ പോലീസ് ഉടനെ എത്തുമെന്നു പറഞ്ഞുള്ള കാൾ.. ഇനി സംസാരിക്കാൻ സമയം ഇല്ലെന്നറിഞ്ഞപ്പോൾ ഞാൻ മടങ്ങാൻ ഒരുങ്ങി. യാത്ര പറഞ്ഞപ്പോൾ സിസ്റ്റർ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ ചോദിച്ചു, ഞങ്ങളുടെ സംഘടന സിസ്റ്റർക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്? “നിങ്ങൾക്ക് ചെയ്യാനുള്ളത് നിങ്ങൾ ചെയ്യൂ” ഇത്ര മാത്രം ആയിരുന്നു മറുപടി. യാത്ര പറഞ്ഞു പിരിയുമ്പോൾ സിസ്റ്റർക്ക് വിടാൻ മനസ്സുണ്ടായിരുന്നില്ല എന്ന് തോന്നി.പുഞ്ചിരി മായാതെ കണ്ണിൽ നിന്നു മറയുന്നതുവരെയും അവർ നോക്കി നിൽക്കുന്നുണ്ടായിരുന്നു. സിസ്റ്ററെ അവിടെ വിട്ട് കോൺവെന്‍റിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ മനസ്സ് വളരെ അസ്വസ്ഥമായി മാറി എന്ന് പറയുന്നതാണ് ശരി…

മതാധികാരവും പുരുഷാധിപത്യവും ചേർന്ന് സിസ്റ്റർ ലൂസി എന്ന നീതിബോധമുള്ള സ്ത്രീയെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. അവർ അതിന് സ്നേഹത്തിന്‍റെ ഭാഷയിൽ തന്നെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സിസ്റ്റർ ലൂസിക്ക് വേണ്ടി മാനന്തവാടിയിൽ സ്ത്രീപക്ഷ സംഘടനയായ വിംഗ്സ് കേരളാ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. വൻ വിജയമായിരുന്നു ആ പരിപാടി. അതു തെളിയിക്കുന്നതും സിസ്റ്റർ ലൂസിയ്ക്കുള്ള ജനാംഗീകാരം തന്നെയാണ്.പക്ഷെ അധികാര സ്ഥാങ്ങളിൽ ഇരിക്കുന്നവർക്ക് ജനങ്ങളുടെ മനസ് അറിയേണ്ട കാര്യമുണ്ടോ..!!!!

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें