കോളേജിൽ നിന്നും എത്തിയയുടനെ സ്നേഹ എന്നെ കെട്ടിപ്പിടിച്ചു.
“അമ്മേ, ശനിയാഴ്ച 10-ാം ക്ലാസിൽ പഠിച്ച ഞങ്ങളുടെ ബാച്ചിന്‍റെ റീയൂണിയനാണ്. നല്ല രസമായിരിക്കും. ഞാൻ ഭയങ്കര എക്സൈറ്റഡാണ്. നീതയേയും പിങ്കിയേയും സ്വപ്നയേയും കണ്ടിട്ട് വർഷങ്ങളായി. റീയൂണിയനു വേണ്ടി മാത്രമായിട്ടാ അവർ ഡൽഹിയിൽ നിന്നും വരുന്നത്. അമ്മേ ഞാനേത് ഡ്രസ്സാ ഇടേണ്ടത്?”
സന്തോഷം തുടിക്കുന്ന അവളുടെ മുഖത്തേക്ക് ഞാൻ നോക്കിയിരുന്നു. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരായ പിങ്കിയും നീതയും സ്വപ്നയും ചെന്നൈയിൽ എൻജീനിയറിംഗിന് പഠിക്കുകയാണ്. വളരെ അടുത്ത സൗഹൃദമാണവരുടേത്.
“അമ്മയെന്താ ആലോചിക്കുന്നത്? പഴയ കൂട്ടുകാരെ കാണുന്നത് നല്ല രസമുള്ള കാര്യമാ, അല്ലേ അമ്മേ?” അവളുടെ ചോദ്യം കേട്ട് മനസ്സില്ലാതെയാണെങ്കിലും ഞാൻ നിർവ്വികാരയായി ഒന്നു മൂളി.”
“അതെ സന്തോഷമുള്ള കാര്യമാ.”
“അമ്മേ, അമ്മയ്ക്കും കുറച്ച് ഫ്രണ്ട്സൊക്കെ ഉണ്ടാകുമല്ലോ... അമ്മ അവരെക്കുറിച്ചൊക്കെ ഓർക്കാറുണ്ടോ.” സ്നേഹ അടുത്ത് വന്നിരുന്ന് എന്‍റെ ചുമലിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
“ങ്ഹും, ഓർക്കാറുണ്ട്. പക്ഷേ കല്യാണം കഴിയുമ്പോൾ എല്ലാവരും അവരവരുടെ ജീവിതത്തിലായി മുഴുകും. ആഗ്രഹിച്ചാൽ പോലും പരസ്പരം എങ്ങനെയാ കാണാൻ കഴിയാ.”
“ഓ... അമ്മേ, കൂട്ടുകാരെ കണ്ടുപിടിക്കാൻ അത്ര പാടുള്ള കാര്യമൊന്നുമല്ലല്ലോ. അമ്മ സ്വന്തം വീട്ടിൽ പോകുമ്പോൾ പഴയ കൂട്ടുകാരെ കാണാൻ ആഗ്രഹിക്കാറില്ലേ?”
“ങ്...ഹും. ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ അവിടെ കുറച്ച് പേരല്ലേയുള്ളൂ. ഞാൻ അവിടെ എത്തിയ കാര്യമറിയുമ്പോൾ ആരെങ്കിലും വന്ന് എന്നെ കാണും. അത്ര തന്നെ.”
“അമ്മ ഇനിയൊന്ന് നന്നായി ശ്രമിച്ചു നോക്ക്. അമ്മയ്ക്ക് അവരെയൊക്കെ കാണാൻ സാധിക്കും. നല്ല രസമായിരിക്കും. അമ്മയുടെ ലൈഫിനും ഒരു മാറ്റം വരും. ഒരു റീയൂണിയൻ അമ്മയുടെ വകയായി ഇരിക്കട്ടെ.”
സ്നേഹ കുറച്ച് നേരം അതിനെപ്പറ്റി സംസാരിച്ച ശേഷം സ്വന്തം മുറിയിലേക്ക് പോയി. അവൾ പറഞ്ഞതിലും കാര്യമുണ്ട്. എന്‍റെ മനസ്സിലപ്പോൾ രണ്ട് മുഖങ്ങൾ തെളിഞ്ഞു വന്നു. സുകന്യയുടെയും ശ്രീലതയുടെയും. എന്തുകൊണ്ട് അവരെയൊന്ന് കാണാൻ ശ്രമിച്ചു കൂടാ...
പക്ഷേ... ഞാനിവിടെ മുംബൈയിലും സുകന്യ ചെന്നൈയിലും ശ്രീലത ഡൽഹിയിലുമല്ലേ. കഴിഞ്ഞ 20 വർഷമായി അവരുമായി യാതൊരു ബന്ധവുമില്ലല്ലോ. ഇടയ്ക്ക് നാട്ടിൽ പോകുമ്പോൾ അവരെക്കുറിച്ച് അമ്മയോട് ചോദിച്ചറിയുക മാത്രമല്ലേ ചെയ്‌തിരുന്നത്. ഇനിയിപ്പോ കണ്ടാൽ തന്നെ അവരൊക്കെ പഴയതു പോലെ അടുപ്പം കാട്ടുമോ? അവരുടെയൊക്കെ സ്വഭാവം എത്രമാത്രം മാറിയിട്ടുണ്ടാവും... ആർക്കറിയാം.
കൂടിക്കാഴ്ച നടത്തുന്നതിനോട് അവർക്ക് താൽപര്യമുണ്ടാവോ... എന്തോ ഒന്നുമറിയില്ല. പക്ഷേ ആദ്യമൊന്ന് ശ്രമിച്ചു നോക്കാം. ഒരു പരിശ്രമം നടത്തി നോക്കുന്നതിൽ എന്താ തെറ്റ്. പിന്നീടുള്ള സമയത്തിൽ അതേപ്പറ്റിയുള്ള ചിന്ത മാത്രമായി.
ഓഫീസിൽ നിന്നെത്തിയ അജിത് എന്നെ കുറച്ച് നേരം നോക്കി നിന്ന ശേഷം കാര്യം തിരക്കി, “മിനു, എന്തുപറ്റി. എന്തോ ചിന്തയിലാണല്ലോ?”
ഞാനതിന് മറുപടിയൊന്നും പറയാതെ ഒഴിഞ്ഞു മാറി. രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ സ്നേഹയും രാഹുലും എന്നിലുണ്ടായ മാറ്റത്തെക്കുറിച്ച് ചോദിച്ചു.