2014 ൽ ആണെന്ന് തോന്നുന്നു. അന്ന് ഞാൻ ആലുവ യുസി കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം. ഒരു ദിവസം ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞു സ്റ്റാഫ് റൂമിലേക്ക് ചെന്നപ്പോൾ അവിടെ ഭയങ്കര ബഹളം. നോക്കിയപ്പോ 2 കുട്ടികളുടെ വീട്ടുകാർ വകുപ്പ് മേധാവി വിളിപ്പിച്ചിട്ട് ഹാജരായേക്കുവാണ്. പ്രേമക്കേസ് പൊക്കിയതാണ് വിഷയം.
പെൺകുട്ടിയുടെ വീട്ടുകാർ എന്ത് ചെയ്‌താലും സമ്മതിക്കാൻ തയ്യാറല്ല. “ഞങ്ങൾ അത്രമേൽ ശ്രദ്ധിച്ചാണ് കുട്ടിയെ വളർത്തുന്നത്” എന്നും “അവളുടെ ഫോൺ വരെ ഓരോ 5 മിനിറ്റു കൂടുമ്പോൾ പരിശോധിക്കാറുണ്ട്” എന്നും “ഞങ്ങൾ അത്തരക്കാരായ കുടുംബമല്ല” എന്നുമൊക്കെ പോകുന്നു ന്യായികരണങ്ങൾ. ഒന്നുടെ കുത്തി കുത്തി ചോദിച്ചപ്പോ കുട്ടികൾ രണ്ടുപേരും കാര്യം പറഞ്ഞു. ഒരു ആപ്പുണ്ട്, സന്ദേശമയച്ചു സ്വീകരിച്ചു 20 സെക്കൻഡിൽ മാഞ്ഞു പോകുന്ന ഒരു ആപ്പ് ആ ആപ്പാണ് അവർക്ക് ഹംസമായത്. വീട്ടുക്കാർ സ്തബ്ധരായി നിന്ന് പോയി.
2014 ൽ ആണ് ഈ സംഭവം എന്നോർക്കണം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. മിക്ക സ്കൂളുകളിലും കോളേജുകളിലും ഇത്തരം രഹസ്യ പ്രേമങ്ങൾ മൊബൈൽ സല്ലാപങ്ങൾ പൊക്കുകയും ഉപദേശിക്കുകയും അധ്യാപകരുടെ ജോലിയുടെ ഒരു സുപ്രധാന ഭാഗമായി കഴിഞ്ഞു. (അതിന്‍റെ ശരി - തെറ്റുകളിലേക്ക് പിന്നെ വരാം). ഇന്ന്, 2020-21 ൽ സാങ്കേതികമായി യുവാക്കൾക്ക് കാര്യങ്ങൾ കുറെക്കൂടി എളുപ്പമാണ്, അത്രയ്ക്കുണ്ട് എന്തിനും ഏതിനും ആപ്പുകൾ.
പ്രണയം എപ്പോഴും ഒരു പ്രശ്നവൽകൃത വിഷയമാണ്. മിക്കപ്പോഴും പ്രേമിക്കുന്നവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ന്യായീകരിക്കപ്പെടുകയും ബന്ധുക്കളുടെ ഭാഗത്തു നിന്ന് നോക്കുമ്പോ സങ്കീർണ്ണമാകുകയും ചെയ്യുന്ന ഒരു സമസ്യ! വീട്ടുകാരും കമിതാക്കളും ഒരു പോലെ ഈ ലേഖനത്തിന്‍റെ വായനക്കാരാണ് എന്നുള്ളത് കൊണ്ട് തന്നെ ആരുടേയും പക്ഷം പിടിക്കാതെ വസ്തുതാപരമായി ചില കാര്യങ്ങൾ ഈ ലക്കത്തിൽ ചർച്ച ചെയ്യാം.
ഞാൻ പെറ്റ മകളെ...
“നീ കരുതിയിരുന്നോ... ഇത്രയും കാലം പൊന്നു പോലെ നോക്കി വളർത്തിയ എന്നെ വഞ്ചിച്ചിട്ടാണ് ഇവൾ ഇന്നലെ കണ്ട് നിന്‍റെ കൂടെ ഇറങ്ങിപ്പോരുന്നത്. നാളെ ഇവൾ നിന്നെയും വഞ്ചിക്കും” ഷേക്സിപിയറിന്‍റെ ഒഥല്ലോ എന്ന നാടകത്തിൽ മകൾ ഡെസ്സെമോണ ഒഥെല്ലോയുടെ കൂടെയിറങ്ങി പോകുമ്പോൾ ബ്രബാൺഷിയോ പറയുന്ന വാക്കുകളാണിവ. മിക്കപ്പോഴും ഇന്നലെ കണ്ടവന്‍റെ കൂടെ മക്കൾ ഇറങ്ങി പോകുമ്പോൾ മാതാപിതാക്കൾ ഇതാവർത്തിക്കാറുണ്ട്.
പ്രായാധിക്യം, അനുഭവസമ്പത്ത്, കരുതൽ, അഗാധമായ പുത്ര- പുത്രി വാത്സല്യം എന്നിവയിലൂന്നി എന്ന മട്ടിൽ മക്കൾ തകർത്തു കളഞ്ഞ അവർക്കായി കണ്ട ഭാവി സ്വപ്നങ്ങളില്ലാതായതിലുള്ള, അരിശവും വെറുപ്പും കൂട്ടി കലർത്തിയ വാക്കുകൾ. പ്രണയ വിവാഹത്തിന്‍റെ പരിണിത ഫലം എപ്പോഴും വഞ്ചന ആയിക്കൊള്ളണം എന്നൊന്നുമില്ല. അഥവാ അറേഞ്ച്ഡ് വിവാഹങ്ങളെ വച്ച് നോക്കുമ്പോൾ പ്രണയ വിവാഹങ്ങൾക്ക് ഒരുപാട് ഗുണങ്ങളുണ്ട്.
ഡിസംബറിലെ ( https://malayalam.grihshobha.in/relationship/unmarried-or-live-in-relationship-avivahithar ) ലേഖനത്തിൽ സൂചിപ്പിച്ചത് പോലെ ഇന്നലെ കണ്ട് 5 മിനിറ്റു ചായ കുടിച്ചു എന്നതല്ലാതെ ഒരു മുൻപരിചയവുമില്ലാത്ത ഒരാളെ കല്യാണം കഴിക്കുന്നതിനെ അപേക്ഷിച്ചു അടുത്തറിയാവുന്ന ഒരേ ചിന്താഗതിയുള്ള തന്നെ നിസ്വാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ വിവാഹം കഴിക്കുന്നത് എന്ത് കൊണ്ടും അഭികാമ്യം തന്നെയാണ്. ജന്മം നൽകി എന്നതോ വളർത്തി വലുതാക്കി എന്നതോ ഒരാളുടെ ശിഷ്ട ജീവിതത്തെ നിയന്ത്രിക്കാനുള്ള ലൈസൻസല്ല. മാത്രമല്ല, നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയവും മതപരവും ലിംഗപരവുമായ പല വിവേചനങ്ങൾക്കുമുള്ള ഒരു ഡെമോക്രാറ്റിക് പോംവഴി കൂടിയാണ് പ്രണയ വിവാഹം.