പ്രായത്തെ ചെറുക്കുന്ന ഫേഷ്യലുകൾ

ഓരോ പ്രായത്തിലും ചർമ്മത്തിന്‍റെ സ്വഭാവം മാറും. അതിന്‍റെ പരിചരണത്തിലും ആ മാറ്റം പരിഗണിക്കണം. പ്രായത്തിനനുസരിച്ചുള്ള സൗന്ദര്യവർദ്ധക സാമഗ്രികൾ ഉപയോഗിക്കുന്നതുപോലെ പ്രധാനമാണ് പ്രായം കണക്കിലെടുത്തുള്ള ബ്യൂട്ടിട്രീറ്റ്മെന്‍റുകൾ. മുഖത്തിന് തിളക്കവും ഫേസ്‍ലിഫ്റ്റും ടൈറ്റനിംഗ് ഇഫക്‌ടും നൽകുന്ന നോൺസർജിക്കൽ ഫേഷ്യലുകൾ ഉണ്ട്. ഇതിലൂടെ ദീർഘനാൾ യംഗ് ലുക്ക് നിലനിർത്താൻ കഴിയും. പ്രായമേറുന്നതിനനുസരിച്ച് ചർമ്മത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെയും ചുളിവുകളെയും പരിഹരിക്കാൻ ഈ ഫേഷ്യൽ സഹായകമാണ്. അലോവേര തുടങ്ങിയ പ്രകൃതിദത്ത മൂലികകൾ കൊണ്ടാണ് ഇതു ചെയ്യുന്നത്. പാർശ്വഫലങ്ങളൊന്നും ഉണ്ടാവുകയില്ല എന്നു മാത്രമല്ല ചർമ്മത്തിന്‍റെ ജലാംശം നില നിർത്തുകയും ചെയ്യും. സർജറിയോ ഇൻജക്ഷനോ ഇല്ലാതെ മുഖചർമ്മത്തെ അപ്‍ലിഫ്റ്റ് ചെയ്യാൻ ഇതിലൂടെ സാധിക്കും.

അലോവേരാ ഫേഷ്യൽ

അലോവേരാ ഫേഷ്യൽ കിറ്റ് വാങ്ങുക. ഇതിൽ എല്ലാം തന്നെ പ്രകൃതിദത്ത സാമഗ്രികൾ ആയിരിക്കും. ആദ്യം തന്നെ എക്സ്ഫോളിയേറ്റിംഗ് ക്ലൻസർ മുഖത്ത് തേച്ച് രണ്ട് മിനിറ്റ് മസാജ് ചെയ്യുക. മുഖം വൃത്തിയാകും. കോട്ടൺ കൊണ്ട് നന്നായി ഒപ്പിക്കളയുക. തുടർന്ന് കണ്ടൂർ മാസ്ക് ഇട്ട് 15 മിനിറ്റ് കാത്തിരിക്കാം. മാസ്ക് ഇടുന്നതിനു മുമ്പോ ശേഷമോ ഗോളാകൃതിയിൽ പഞ്ഞിയെടുത്ത് റോസ്‍വാട്ടർ മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. ചെവികളിൽ കോട്ടൺ വയ്‌ക്കുക. മൂക്കിനകത്തും ബട്ടർപേപ്പർ വയ്ക്കുക. മാസ്ക് മുഖത്ത് ഉണങ്ങാൻ അനുവദിക്കുക. 15 മിനിറ്റിനു ശേഷം കോട്ടൺ ഉപയോഗിച്ച് മാസ്ക് ക്ലീൻ ചെയ്യാം. എന്നിട്ട് റി ഹൈഡ്രേറ്റഡ് ടോണർ ഇട്ടു കൊടുക്കുക. അതിനുശേഷം മുഖം മുഴുവൻ ലോഷൻ പുരട്ടാം. ഈ ഫേഷ്യൽ ചെയ്‌തു കഴിഞ്ഞാലുടൻ കാണാം വ്യത്യാസം. ചർമ്മത്തിന് തിളക്കവും യുവത്വവും കൈവരും. വീട്ടിലിരുന്നും ചെയ്യാവുന്ന ഫേഷ്യൽ ആണിത്. മറ്റ് ഫേഷ്യലുകളെ അപേക്ഷിച്ച് 20-25 മിനിറ്റ് മതിയാകും. ഈ കിറ്റിൽ ഡേ, നൈറ്റ് ലോഷൻ ഉണ്ടാകും. സമയത്തിനനുസരിച്ച് ലോഷൻ ഉപയോഗിക്കാം.

തിളക്കം ലഭിക്കാൻ

മുഖത്ത് വേണ്ടത്ര ജലാംശം നില നിർത്തുകയാണ് യുവത്വം പൊയ്പ്പോകാതിരിക്കാനുള്ള പ്രധാന മാർഗ്ഗം. ഹൈഡ്രേറ്റ് ചെയ്യുന്നതിലൂടെ പ്രായാധിക്യ ലക്ഷണങ്ങൾ തടയാൻ പറ്റും. ഫേഷ്യൽ ചെയ്യുന്നതിന് മുമ്പ് ചർമ്മത്തിന്‍റെ സ്വഭാവം കൂടി മനസ്സിലാക്കുക. സെൻസിറ്റീവ് ആണെങ്കിൽ പ്രത്യേക ശ്രദ്ധ വേണം.

ഓക്സിജൻ ഫേഷ്യൽ

മുഖചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കാൻ ഓക്സിജൻ ഫേഷ്യൽ സഹായകമാണ്. ഏജിംഗിന് കാരണമാക്കുന്ന ഫ്രീറാഡിക്കലുകളെ തടയുകയാണ് ഓക്‌സിജൻ ഫേഷ്യലിലൂടെ ചെയ്യുന്നത്. മോയിസ്ചുറൈസിംഗ്, ഡിറ്റോക്സിഫൈ, റിപ്പയർ ഇങ്ങനെയാണ് ഓക്‌സിജൻ ഫേഷ്യലിന്‍റെ പ്രവർത്തന രീതി. രണ്ടു മിനിറ്റുവരെ ഓക്സിജൻ ഫേഷ്യൽ മുഖത്ത് സ്പ്രേ ചെയ്യുന്നു. മുഖത്ത് കൂടുതൽ ഓക്സിജൻ എത്തുന്നതു വഴി ചർമ്മത്തിലെ കോശങ്ങൾക്ക് മെച്ചപ്പെട്ട ഊർജ്‌ജം ലഭിക്കുന്നു.

ചോക്ക്ളേറ്റ് ഫേഷ്യൽ

അൾട്രാസെൻസിറ്റീവ് സ്കിൻ ആണെങ്കിൽ ചോക്ക്ളേറ്റ് ഫേഷ്യൽ ഉത്തമമാണ്. കൊക്കോയുടെ ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങളാണ് ഈ ഫേഷ്യലിന്‍റെ പ്രത്യേകത.

ഫ്രൂട്ട് ഫേഷ്യൽ

അൾട്രാസെൻസിറ്റീവായ സ്കിന്നിനു ചേർന്ന മറ്റൊരു ഫേഷ്യലാണ്. ഫ്രൂട്ട് ഫേഷ്യൽ പായ്ക്ക് ഇടുന്നതിനുമുമ്പ് ഏതെങ്കിലും പഴങ്ങൾ ചർമ്മത്തിന് അലർജി ഉണ്ടാക്കുന്നതാണോ എന്ന് അറിയണം. അത് ഒഴിവാക്കി ഫേഷ്യൽ ചെയ്യാവുന്നതാണ്. സാൻഡൽ വുഡ് ഫേഷ്യലും നല്ലതാണ്.

പ്ലാറ്റിനം ഫേഷ്യൽ

ഇതു ചെയ്‌താൽ പ്രായാധിക്യത്തിന്‍റെ ഫലമായുണ്ടാകുന്ന ചുളിവുകൾ കുറയ്‌ക്കാൻ സാധിക്കും. ചർമ്മത്തിലെ കൊളാജന്‍റെ അളവു വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

വിറ്റാമിൻ സി ഫേഷ്യൽ

ചർമ്മത്തിലെ ആന്‍റി ഓക്സിഡന്‍റുകളെ വർദ്ധിപ്പിക്കുകയാണ് വിറ്റാമിൻ സി ഫേഷ്യൽ. പുതിയ കോശങ്ങളെ ഉണ്ടാക്കാൻ സഹായിക്കുന്നതിനു പുറമെ, ഫ്രീറാഡിക്കലുകളെ പുറന്തള്ളുകയും ചെയ്യുന്നു. ചുളിവ്, കറുത്തപാട്, മുഖക്കുരു ഇവയും കുറയ്‌ക്കും.

ഐസ്ക്യൂബ് ഫേഷ്യൽ

ഈ ഫേഷ്യലിലൂടെ മുഖത്തിലെ സുഷിരങ്ങളുടെ വ്യാപ്‌തിയും മുഖക്കുരുവും കുറയും. ദിവസവും ഐസ് മസാജ് ചെയ്താൽ രക്‌ത സഞ്ചാരം വർദ്ധിക്കും. ചുളിവുകളും കുറയും. ഐസ്കട്ട തുണിയിൽ പൊതിഞ്ഞ ശേഷം വൃത്താകൃതിയിൽ മസാജ് ചെയ്യാം. ഐസിൽ ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ കൂടി ചേർത്താൽ സൺബേൺ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾക്കും പരിഹാരമാകും.

കോവാക്സിൻ എടുക്കാമോ?

എന്താണ് ഈ കൊവാക്സിൻ?

പരമ്പരാഗത രീതിയിൽ നിർമ്മിച്ച ഒന്നാണത്. അതായത് പണ്ടു കാലം മുതൽ നിർമ്മിച്ചു വന്ന രീതിയിൽ.

എന്നു വച്ചാൽ എന്താണ്?

പകർച്ചവ്യാധികളെ ചെറുക്കാനായി ശരീരത്തെ സജ്ജമാക്കുന്ന ഇൻജെക്ഷൻ ആണ് വാക്‌സിൻ. രോഗം വരുത്താതെ പ്രതിരോധം ജനിപ്പിക്കുക എന്നതാണ് വിദ്യ. അവ പലതരം. അതിൽ inactivated വാക്‌സിൻ ആവുമ്പോൾ രോഗാണുവിന്‍റെ അംശങ്ങൾ ഉണ്ടാവും, കൂടെ ചമ്മന്തിക്ക് തേങ്ങാപ്പീര പോലെ ഒരു adjuvant ഉം. ഈ മിശ്രിതമാണ് കുത്തിവയ്ക്കുന്നത്.

മറ്റാരെങ്കിലും ഇതുപയോഗിച്ചിട്ടുണ്ടോ?

ഇതേ പരമ്പരാഗത രീതിയാണ് പാൻഡെമിക് കണ്ടയുടൻ തന്നെ ഈയിനത്തിൽ പെട്ട വൈറസിനെ പറ്റി ഏറ്റവും അധികം ഗവേഷണം നടത്തി പാരമ്പര്യമുള്ള ചൈന സ്വീകരിച്ചത്. അവർ മാസങ്ങൾക്കുള്ളിൽ ക്ളിനിക്കൽ ട്രയലുകൾ പബ്ലിഷ് ചെയ്യാൻ കാത്തു നിൽക്കാതെ എത്രയും വേഗം ലക്ഷക്കണക്കിന് പൗരന്മാർക്ക് ആ വാക്‌സിൻ എത്തിച്ചു കൊടുത്തു. ചൈനയിൽ മരണങ്ങൾ പൊടുന്നനെ കുറയാൻ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അവരുടെ അതിവേഗ വാക്സിനേഷൻ പ്രോഗ്രാമാണ്.

എന്തിനാണ് adjuvant ചേർക്കുന്നത്? വെറുതെ അൽപം വൈറസ് പൊടിച്ച് അരച്ചു കുത്തിവച്ചാൽ പോരേ?

ജീവനുള്ള വൈറസ് ആണ് കൂടുതൽ പ്രഹരശേഷിയുള്ളത്. അതു കുത്തിവച്ചാൽ Adjuvant ഇല്ലാതെ തന്നെ സിസ്റ്റം ഓണായിക്കൊള്ളും. എന്നാൽ കോവിഡ് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തൽക്കാലം ജീവനുള്ള കൊറോണാ വൈറസ് കൊണ്ട് വാക്‌സിൻ ഇറക്കിയിട്ടില്ല. അതിനാൽ “നിര്യാതനായ” (inactivated) വൈറസ് ഉപയോഗിക്കുമ്പോൾ ഇമ്മ്യൂൺ സിസ്റ്റം ഉണർന്നു വരാനുള്ള ഒരു ബൂസ്റ്റർ ആണ് ഈ adjuvant.

കോവാക്സിൻ adjuvant ന്‍റെ പ്രത്യേകത?

ഏറ്റവും പുതിയ മോഡൽ adjuvant ആണ് ഇതിൽ ചേർത്തിട്ടുള്ളത്. ഉണ്ടാകാവുന്നതിൽ ഏറ്റവും മെച്ചപ്പെട്ട തരം ഇമ്മ്യൂൺ റെസ്‌പോൺസ്‌ ഉണ്ടാവാൻ വേണ്ടി ഏറെ അന്വേഷിച്ചാണ് പണ്ട് മുതൽ ഉപയോഗിച്ചു വന്ന വെറും പച്ച ALUM എന്നതിനു പകരം  toll-like receptor 7/8 agonist  ആയ IMDG അതിൽ ALUM -നോടൊപ്പം ചേർത്തിട്ടുള്ളത്. അതിന് ALUM-IMDG എന്നു പറയുന്നു. ചൈന ഉപയോഗിച്ച വെറും ALUM – നേക്കാൾ മെച്ചപ്പെട്ടതാണിത്.

ഏതാണ് എടുക്കേണ്ടത്? കോവിഷീൽഡോ കോവാക്സിനോ?

ഏതാണോ ആദ്യം കിട്ടുക അതെടുക്കുക. ഇതാണ് ലോകമെമ്പാടും വിദഗ്ദ്ധർ ഒരേ സ്വരത്തിൽ പറയുന്നത്.

ഏതാണ് നല്ലത്?

ഉത്തരമില്ലാത്ത ചോദ്യമാണിത്. രണ്ടും മെച്ചപ്പെട്ട വാക്‌സിൻ എന്ന് എന്‍റെ വ്യക്തിപരമായ അഭിപ്രായം. ടോയോട്ടയാണോ ഹോണ്ടയാണോ നല്ലത് എന്നു ചോദിച്ചാൽ എന്നതു പോലെയാണ്.

കോവിഷീൽഡിനില്ലാത്ത എന്തെങ്കിലും ഗുണം കോവാക്സിനുണ്ടോ?

കോവിഷീൽഡ്‌ വൈറസിന്‍റെ മുള്ളിനെതിരെ മാത്രം പ്രതിരോധം ഉല്പാദിപ്പിക്കുന്നു. കോവാക്സിൻ മൊത്തം വൈറസിനെതിരെയും. അതിനാൽ ഭാവിയിൽ കാര്യമായ ജനിതകമാറ്റം വൈറസിൽ ഉണ്ടായാൽ ഒരു പക്ഷേ ചെറുത്തു നിൽകാൻ സഹായിക്കുക കോവാകസിൻ ആവാം. ഇത് ഒരു എഡ്യൂക്കേറ്റഡ് ഗസ്സ്‌ മാത്രം ആണ്; കാരണം അങ്ങനെ വലിയ രീതിയിൽ  ഒരു ജനിതക മാറ്റം ഇതു വരെ സംഭവിച്ചിട്ടില്ലല്ലോ.

കൊവാക്സിൻ ഫലപ്രദം ആണെന്ന് തെളിവുണ്ടോ?

ഒരു കോവിഡ് വാക്സിനിൽ ഞാൻ പ്രതീക്ഷിക്കുന്ന എല്ലാ കാര്യങ്ങളും ഇതു തരുന്നതായി തെളിവുണ്ട്. എനിക്കു വേണ്ടത് പ്രധാനമായും ഒരു പ്രത്യേക തരത്തിലുള്ള ടി സെൽ റെസ്പോൺസ് ആണ്. Th-1 എന്നു പറയും. അതോടൊപ്പം ആവശ്യത്തിന് ആന്‍റിബോഡിയും ഉത്പാദിപ്പിക്കുന്നുണ്ട് എന്ന് എണ്ണൂറോളം മനുഷ്യരിൽ പഠനം നടത്തി പബ്ലിഷ് ചെയ്‌തു കഴിഞ്ഞു. ദീർഘ കാലത്തേക്കുള്ള സംരക്ഷണവും ഗുരുതര രോഗത്തിൽ നിന്നുമുള്ള പരിരക്ഷയും പ്രധാനമായും ടി സെൽ മുഖേനയാണ് നമുക്ക് ലഭിക്കുക എന്ന് നിരവധി സമീപകാല പഠനങ്ങൾ ഞാൻ വിശദമായി ട്വീറ്റ് ചെയ്തിട്ടുണ്ട്. (@rajeevjayadevan )

 

snake bite

കോവാക്സിൻ സുരക്ഷിതമാണോ?

പണ്ടുമുതൽ പ്രയോഗിച്ചു വരുന്ന രീതിയിൽ നിർമ്മിക്കുന്ന കോവാക്സിന്‍റെ സുരക്ഷിതത്വത്തെപ്പറ്റി ഈ ഫീൽഡറിയാവുന്ന ആർക്കും ആശങ്കയില്ല. ന്യൂ ജനറേഷൻ വാക്‌സിനുകളായ കോവിഷീൽഡ്‌, ഫൈസർ, മോഡർന, സ്പുട്നിക് മുതലായവയെ ചുറ്റിപ്പറ്റിയായിരുന്നു ആശങ്ക കൂടുതൽ. മറ്റൊന്നും കൊണ്ടല്ല; പുതിയ ടെക്നോളജി ആയത് കൊണ്ടു മാത്രം. ട്രയലുകളിൽ അവർ സുരക്ഷിതം എന്ന് തെളിഞ്ഞിട്ടുണ്ട്. പോരാത്തതിന് മേൽപ്പറഞ്ഞ ട്രയലിൽ കോവാക്സിനും സുരക്ഷിതം എന്നു തെളിഞ്ഞിട്ടുണ്ട്.

എന്താണ് ക്ലിനിക്കൽ ട്രയൽ മോഡ് എന്നൊക്കെ വച്ചാൽ?

വ്യത്യസ്തമായ അപ്രൂവൽ ആയതിനാൽ കോവാക്സിൻ എടുക്കുന്ന വ്യക്തികൾ അഡീഷനലായി ഒരു ഫോം പൂരിപ്പിക്കണം എന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ പോയാൽ നമുക്ക് ചികിത്സയിൽ എതിർപ്പില്ല എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം നിരവധി ഫോമുകൾ ഒപ്പിടേണ്ടി വരാറുണ്ട്, അതു പോലെ തന്നെ ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ, MRI സ്‌കാൻ എടുക്കേണ്ടി വരുമ്പോൾ. സാങ്കേതികമായ കാര്യമാണ്. അതിൽ ഒരു കുഴപ്പവും ഇല്ല എന്നാണ് ഔദ്യോഗിക പദവിയിൽ ഉള്ളവരിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ ഇത്തരം സമ്മത പത്രം ഒപ്പിടാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല.

എന്താണ് ചിലർ ഇതു വേണ്ടാ എന്നു പറയുന്നത്?

അമിതമായ ആലോചനയാണ് പലപ്പോഴും തെറ്റായ തീരുമാനങ്ങളിലേക്ക് നമ്മെ നയിക്കുന്നത്. അതിന് ഇൻഫർമേഷൻ ഓവർലോഡ് ആൻഡ് ഓവർ തിങ്കിംഗ് എന്നു പറയും. വർഷങ്ങൾക്കു മുൻപ് എഴുതിയിട്ടുള്ള വിഷയമാണിത്. കടയിൽ വച്ച് ഏതു മാങ്ങ വാങ്ങണം എന്നു തീരുമാനിക്കാൻ നാം ലൈബ്രറിയിൽ പോയി ഫ്രൂട്ട്സിനെ പറ്റിയുള്ള എൻസൈക്ലോപീഡിയ നോക്കാൻ തുനിഞ്ഞാൽ, അല്ലെങ്കിൽ പത്തു പേരോട് അഭിപ്രായം ചോദിച്ചാൽ, ചിലപ്പോൾ ഒന്നും തീരുമാനിക്കാൻ സാധിക്കാതെ വെറും കയ്യോടെ മടങ്ങി എന്നു വരും. ഒരു പക്ഷേ മാങ്ങ ഇനി മേലാൽ വാങ്ങരുതെന്നും അതിനേക്കാൾ നല്ലത് ആപ്പിളാണെന്ന് തീരുമാനിച്ചെന്നും ഇരിക്കും.

വാക്‌സിന്‍റെ കാര്യത്തിൽ ഏറെ അറിവും എക്സ്‌പീരിയൻസും ഉള്ളവർ പറയുന്നത് നമുക്കു വിശ്വസിക്കാം. പിന്നെ വാക്‌സിൻ എടുക്കണോ വേണ്ടേ എന്നുള്ളത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. ആരെയും വാക്‌സിൻ എടുക്കാൻ നിര്ബന്ധിക്കേണ്ടതില്ല.

വാക്‌സിൻ എടുത്തവർക്ക് പിൽക്കാലത്ത് അഥവാ വൈറസ് ബാധിച്ചാലും ഗുരുതര രോഗം പിടിപെടാതെ രക്ഷപെടാം എന്നുള്ള പ്രതീക്ഷയാണ് നിലവിലുള്ള എല്ലാ കോവിഡ് വാക്‌സിനുകളും നമുക്കു നൽകുന്നത്.

നൃത്തം അയിത്തം!

പ്രതികൂല സാഹചര്യങ്ങൾ ചിലരെ തളർത്തിക്കളയാം, ആത്മവിശ്വാസത്തെ തകർത്തു കളയാം. എന്നാൽ വർദ്ധിച്ച ആത്മവിശ്വാസത്തോടെ മന:കരുത്തോടെ പിടിച്ച് നിൽക്കുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു വ്യക്‌തിത്വമാണ് ചെറായി സ്വദേശിയായ നൃത്താദ്ധ്യാപിക ഹേമലതയുടേത്. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നൃത്തം പഠിക്കുകയും പിന്നീട് അതേ കോളേജിൽ ഗസ്റ്റ് അദ്ധ്യാപികയുമായിരുന്ന ഹേമലതയ്ക്ക് കോളേജിൽ നേരിടേണ്ടി വന്നത് ജാതിവർണ്ണ വ്യവസ്ഥകളിലെ അസമത്വങ്ങളേയും അതിന് ചുക്കാൻ പിടിക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങളേയുമായിരുന്നു.

മാനസികമായി തകർന്നു പോകാവുന്ന ഒത്തിരി സാഹചര്യങ്ങൾ, ഒറ്റപ്പെടലുകൾ… എന്നിട്ടും ടീച്ചർ ഒട്ടും ധൈര്യം ചോരാതെ, ജാഗ്രതയോടെ അതിനെതിരെ നിയമപോരാട്ടം നടത്തുകയായിരുന്നു. ഹേമലത ആ അനുഭവങ്ങൾ ഓർമ്മിക്കുകയാണ്.

ബാല്യകാലാനുഭവങ്ങൾ

“സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബപശ്ചാത്തലമാണ് എന്‍റേത്. ഞങ്ങൾ നാല് സഹോദരങ്ങളും അച്‌ഛനും അമ്മയും അടങ്ങുന്ന കുടുംബം. അച്‌ഛൻ ഭാസ്കരൻ എഫ്എസിറ്റി ജീവനക്കാരനായിരുന്നു. കഷ്ടപ്പാടുകൾ നിറഞ്ഞ നാളുകളായിരുന്നുവത്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് നാട്ടിലെ കലാപ്രവർത്തങ്ങളിലൊക്കെ സജീവമായിരുന്നു ഞാൻ.” ആ സമയത്താണ് ഹേമലതയുടെ മനസ്സിൽ ഒരു കുഞ്ഞ് വലിയ സ്വപ്നം ചേക്കേറിയത്. ക്ലാസിക്കൽ നൃത്തം പഠിക്കണം! ആ സ്വപ്നത്തിലേക്ക് അധിക ദൂരമില്ലെന്ന് അറിഞ്ഞനാളിൽ ഹേമലത തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ ഭരതനാട്യം ഡിപ്ലോമ കോഴ്സിന് ചേരാനുള്ള അപേക്ഷ സമർപ്പിച്ചു.

“അതിനു മുമ്പ് നാട്ടിലെ ചില പരിപാടികളിൽ തിരുവാ തിര കളിക്കുന്നതായിരുന്നു എനിക്ക് നൃത്തവുമായുണ്ടായിരുന്ന ഏക ബന്ധം. അല്ലാതെ കുഞ്ഞുന്നാൾ തുടങ്ങി നൃത്തം പഠിച്ച് തുടങ്ങാൻ അവസരമൊന്നുമുണ്ടായില്ല. പിന്നെ രണ്ടും കൽപിച്ച് മുന്നിട്ടിറങ്ങുകയായിരുന്നു. അതൊരു കുറച്ചിലായി എനിക്ക് തോന്നിയതുമില്ല. നൃത്തം ഏത് പ്രായത്തിലും പഠിക്കാമെന്ന ആത്മവിശ്വാസവും ധൈര്യവും മാത്രമായിരുന്നു എന്‍റെ മുതൽക്കൂട്ട്” ഹേമലത പറയുന്നു.

ആർഎൽവി കോളേജിലേക്ക്

“യാതൊരു മുന്നോരുക്കവുമില്ലാതെയായിരുന്നു ഞാൻ ആർഎൽവി കോളേജിലേക്ക് പോകുന്നത്. അവിടെ എത്തുമ്പോൾ അഡ്മിഷനു വേണ്ടി ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എല്ലാവരും തന്നെ ചെറുപ്പം തുടങ്ങി നൃത്തം അഭ്യസിച്ചവരും നിരവധി കലാമത്സരങ്ങളിൽ പങ്കെടുത്തവരും. അവരിൽ നിന്നൊക്കെ വേറിട്ട് നിന്നത് ഞാൻ മാത്രമായിരുന്നു. അതുകൊണ്ട് അതിന്‍റെ ആശങ്കയും മനസ്സിലുണ്ടായിരുന്നു. അഭിമുഖത്തിനൊപ്പം അധ്യാപകർ ആവശ്യപ്പെടുന്ന നൃത്ത ചുവടുകളും കാട്ടി കൊടുക്കണം. ഇക്കാര്യം അവിടെ എത്തിയപ്പോഴാണ് ഞാനറിയുന്നത്. എനിക്കാണെങ്കിൽ തിരുവാതിരയുടെ ചുവടുകൾ മാത്രമേ അറിയൂ. എന്‍റെ വിഷമസ്‌ഥിതിയറിഞ്ഞ് ഒരു കുട്ടി എനിക്ക് ചില ചുവടുകൾ കാണിച്ചു തന്നു. ചെറിയൊരു റിഹേഴ്സൽ നടത്തി. ആ സമയത്ത് അതൊക്കെ മനസ്സിലാക്കുക പ്രയാസമായിരുന്നു. എങ്കിലും നൃത്തത്തിന്‍റെ ഏകദേശ രീതിയെപ്പറ്റി ധാരണ കിട്ടുമല്ലോ.

അഭിമുഖത്തിനായി ഉള്ളിലേക്ക് വിളിക്കുന്നു. അകത്ത് ചെന്നപ്പോൾ അന്നത്തെ പ്രിൻസിപ്പാൾ പി. ലീല, കലാക്ഷേത്ര വിലാസിനി ടീച്ചർ അടക്കം 2-3 അധ്യാപികമാരും ഒപ്പം ഒരു സീനിയർ വിദ്യാർത്ഥിനിയുമുണ്ടായിരുന്നു. അവരെയൊക്കെ നോക്കി ബഹുമാന പുരസ്സരം വണങ്ങിയ ശേഷം വല്ലാത്തൊരു നെഞ്ചിടിപ്പോടെ ചോദ്യങ്ങൾക്കായി കാത്തിരുന്നു. പേരും മറ്റ് വിവരങ്ങളും ചോദിച്ച ശേഷം നൃത്തം പഠിച്ചിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. വല്ലാത്ത ആശങ്കയോടെ ഇല്ലെന്ന് മറുപടി പറഞ്ഞു. എന്‍റെ മറുപടി കേട്ട് നൃത്തം അറിയാത്തതാണ് നല്ലത് അങ്ങനെയായാൽ നൃത്തം നന്നായി പഠിച്ചെടുക്കും എന്നായിരുന്നു എന്നെ ഞെട്ടിച്ചു കൊണ്ടുള്ള വിലാസിനി ടീച്ചറുടെ മറുപടി. അത് കഴിഞ്ഞായിരുന്നു മറ്റൊരു രസകരമായ കാര്യം നടന്നത്. അധ്യാപികമാരിൽ ഒരാൾ എന്നോട് നമസ്കാരം കാണിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഉടനടി എഴുന്നേറ്റ് ഒരിക്കൽ കൂടി എല്ലാവരോടുമായി നമസ്ക്കാരം പറഞ്ഞു. അത് കണ്ട് അവർ എന്നെ തിരുത്തി. നൃത്തത്തിലെ നമസ്ക്കാരം കാണിക്കാനാണ് അവർ ആവശ്യപ്പെട്ടത്. അതോടെ ഞാൻ കുറച്ച് മുമ്പ് പഠിച്ച ചുവടുകൾ മറന്നു പോയി. ആ സീനിയർ വിദ്യാർത്ഥിനി നമസ്ക്കാരം ചെയ്യുന്നതെങ്ങനെയാണെന്ന് കാട്ടി തന്നു. ഇത്തിരി പരിശ്രമത്തിനൊടുവിൽ ഞാൻ ഏറെക്കുറെ അതുപോലെ കാണിച്ചു. അങ്ങനെ ആർഎൽവിയിൽ എനിക്ക് അഡ്മിഷൻ കിട്ടി.”

നൃത്ത പഠനക്കാലം സന്തോഷത്തിന്‍റെ നാളുകളായിരുന്നു. സ്നേഹനിധികളായ അധ്യാപകരുടെ ചിട്ടയാർന്ന ശിക്ഷണത്തിലൂടെ ഹേമലത നൃത്തത്തിന്‍റെ ഓരോ ചുവടുകളും പഠിച്ചെടുത്തു.

മാറ്റത്തിന്‍റെ തുടക്കം

4 വർഷത്തെ ഡിപ്ലോമ കഴിഞ്ഞായിരുന്നു അരങ്ങേറ്റം. ആർഎൽവിയിലെ അധ്യാപികമാരുടെയും സഹപാഠികളുടെയുമൊക്കെ സാന്നിധ്യത്തിൽ സ്വന്തം നാടായ ചെറായിയിൽ. “എനിക്ക് മറക്കാനാവാത്ത മുഹൂർത്തമായിരുന്നു. ജീവിതത്തിന് പുതിയൊരു ദിശ കൈ വന്നതു പോലെ തോന്നി.”

“പക്ഷേ റിസൽറ്റ് വന്നപ്പോൾ എനിക്ക് സെക്കന്‍റ് ക്ലാസ്സ്. അങ്ങനെയൊരിക്കലും സംഭവിക്കുകയില്ലെന്ന് എന്നെ പഠിപ്പിച്ച അധ്യാപികമാരും തറപ്പിച്ച് പറഞ്ഞു. കാരണം തീയറിയും പ്രാക്ടിക്കലുമൊക്കെ ഞാൻ നന്നായി ചെയ്‌തിരുന്നു.” നിജ:സ്ഥിതിയറിയാൻ ഹേമലത തിരുവനന്തപുരത്തു പോയി. “പുന:പരിശോധനയിൽ എനിക്ക് മാർക്ക് കൂടുതലുള്ളതായി അറിഞ്ഞു. അങ്ങനെ എന്‍റെ സർട്ടിഫിക്കറ്റിൽ ഫസ്റ്റ് ക്ലാസ്സ് എന്ന് തിരുത്തു കിട്ടി.”

ജാതീയമായ വിവേചനം ആയിരുന്നു ഇതിന് പിന്നിൽ. ഉന്നത ജാതിയിൽപ്പെട്ടവരായിരുന്നു കോളേജിൽ അധികവും വന്നിരുന്നത്. ആ സാഹചര്യത്തിൽ ദളിത് വിദ്യാർത്ഥികൾക്ക് പല തരത്തിലുള്ള വിവേചനങ്ങൾ നേരിടേണ്ടതായി വന്നിരുന്നു. ക്ലാസ്സിലെ ഏറ്റവും പിൻനിര ബെഞ്ചിലായിരുന്നു ദളിത് വിദ്യാർത്ഥികളുടെ സ്‌ഥാനം, ഇന്‍റേണൽ അസസ്സ്മെന്‍റ് മാർക്ക് കുറയ്ക്കൽ, ബെറ്റർമെന്‍റ് അവസരം നിഷേധിക്കൽ, ദളിത് വിദ്യാർത്ഥികളെ ക്ലാസ്സിൽ പൂർണ്ണമായി അവഗണിക്കൽ ഇങ്ങനെയൊക്കെയായിരുന്നു. “ഞാൻ ബെറ്റർമെന്‍റിന് കൊടുത്തപ്പോൾ എനിക്ക് സർട്ടിഫിക്കറ്റിൽ ഫസ്റ്റ് ക്ലാസ്സായി തിരുത്തി കിട്ടി. പക്ഷേ ബെറ്റർമെന്‍റ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ബെറ്റർമെന്‍റിന് അപേക്ഷിച്ച മറ്റ് മുന്നോക്ക വിഭാഗക്കാരായ കുട്ടികളുടെ സർട്ടിഫിക്കറ്റിൽ ഇങ്ങനെയെഴുതിയിരുന്നില്ലെന്നതാണ് വിഷമിപ്പിച്ച കാര്യം.

“ക്ലാസ്സിൽ ഇത്തരം വിവേചനങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ഞാനത്ര കാര്യമാക്കിയിരുന്നില്ല. സ്നേഹനിധികളായ ചില അധ്യാപികമാരുടെ സാന്നിധ്യവും ശിക്ഷണവും ഉള്ളതു കൊണ്ട് അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. എങ്കിലും മാറ്റി നിർത്തപ്പെടുമ്പോൾ ചെറുതായി വേദനിച്ചിട്ടുണ്ട്.” ഹേമലത പറയുന്നു.

ഭരതനാട്യം പോസ്റ്റ് ഡിപ്ലോമയ്ക്ക് ചേർന്ന സമയം. അതു പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ യൂണിവേഴ്സിറ്റി റൂൾ അനുസരിച്ച് എംഎ ഭരതനാട്യം ചെയ്യാനുള്ള അവസരം കിട്ടി.

hemalatha

ഗസ്റ്റ് അധ്യാപികയുടെ റോൾ

“ഭരതനാട്യത്തിൽ പിജി കഴിഞ്ഞ് ഹേമലത ആർഎൽവിയിൽ തന്നെ ഒരു വർഷക്കാലം ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തു. പിന്നീട് കാലടി സംസ്കൃത സർവകലാശാലയിൽ. മൂന്ന് വർഷത്തെ കരാറിലായിരുന്നു നിയമനമെങ്കിലും രണ്ട് വർഷം പിന്നിട്ട ശേഷമാണ് ഹേമലതയ്ക്ക് കയ്യിൽ നിയമന ഉത്തരവ് കിട്ടുന്നത്. അതുകൊണ്ട് നഷ്‌ടമായത് രണ്ട് വർഷമാണ്. ഇത്തരം അന്യായങ്ങൾക്കിടയിലും മൊത്തം ഏഴ് വർഷക്കാലത്തോളം അവിടെ തുടരാൻ സാധിച്ചു. 2009 ൽ വീണ്ടും ആർഎൽവി കോളേജിൽ തന്നെ എനിക്ക് ഭരതനാട്യത്തിൽ ഗസ്റ്റ് ലക്‌ചററായി നിയമനം കിട്ടി.” 2010 ൽ വീണ്ടും ഇന്‍റര്‍വ്യൂവിന് പോയെങ്കിലും ഇത്രയും പരിചയസമ്പന്നത ഉണ്ടായിട്ടു പോലും ഹേമലത തഴയപ്പെട്ടു.

“ഗസ്റ്റ് ലക്ച്ചർ നിയമനങ്ങളിൽ വരുന്ന വിവേചനം ചൂണ്ടിക്കാണിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിക്ക് ഞാൻ പരാതി കൊടുത്തതിന്‍റെ ഫലമായാണ് നിയമനം എംപ്ലോയ്മെന്‍റ് വഴിയാക്കിയത്.”

2013 ൽ ആർഎൽവിയിൽ ജൂനിയർ ലക്ചറർ പോസ്റ്റിലേക്ക് ഹേമലതയ്ക്ക് നിയമനം കിട്ടി. “പക്ഷേ എന്‍റെയടക്കം 15 അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റുകളിൽ കോളേജ് അധികൃതർ മോശമായ പരാമർശം എഴുതി വച്ചത് വിനയായി. അതിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ച് ഈ പരാമർശം മാറ്റി കിട്ടാൻ അപേക്ഷ സമർപ്പിച്ചു. അന്ന് ഈ പരാതി നൽകാൻ കൂടെയുണ്ടായിരുന്നത് ആറോ ഏഴോ അധ്യാപകർ മാത്രമായിരുന്നു. ബാക്കിയെല്ലാവരും ഭയന്ന് പിന്മാറുകയായിരുന്നു. പരാതി കൊടുത്താൽ ഒരു പബ്ലിക്ക് പരിപാടിയും തരില്ലെന്ന് പറഞ്ഞ് കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് അവർ പിന്മാറിയത്. ഒടുക്കം ഞാനും വീണ ഡിപ്പാർട്ട്മെന്‍റിലെ അധ്യാപികയായ ശുഭയും മാത്രമാണ് പരാതിയുമായി മുന്നോട്ട് പോയത്. അങ്ങനെ സർട്ടിഫിക്കറ്റ് തിരുത്തി കിട്ടി. ആ വർഷം മെയ് 31 ന് റിട്ടേർഡ് ആകുന്ന പ്രിൻസിപ്പാൾ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള നിയമനങ്ങൾ നടത്തി. അതിൽ നിന്നും ഞങ്ങളെ മന:പൂർവ്വം ഒഴിവാക്കി.

അതിനുശേഷം കോളേജ് അധികൃതർ പ്രതികാര ബുദ്ധിയോടെയാണ് ഞങ്ങളോട് പെരുമാറിയത്. പിറ്റേവർഷം ആർഎൽവിയിൽ ജോലിക്ക് കയറിയപ്പോൾ സ്‌ഥിതി കൂടുതൽ വഷളായി. “ഞാൻ ആരോടും സംസാരിക്കരുതെന്ന് കർശനമായി വിലക്കി. ഞങ്ങളോട് മിണ്ടിയവരെ എച്ച്ഒഡി വിളിച്ച് ശകാരിക്കുമായിരുന്നു. താക്കീത് ലംഘിച്ചാൽ പുറത്താക്കുമെന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തി. അതുകൊണ്ട് ആരും ഞങ്ങളോട് സംസാരിക്കാതെയായി. ഞാൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ പോലും എന്നോട് മിണ്ടാൻ ഭയന്നു. ഇന്‍റേണൽ മാർക്ക് കുറയ്ക്കും. അതുകൊണ്ട് വളരെ സൂക്ഷിച്ച് ശ്രദ്ധയോടെയാണ് ഞാനവിടെ നിന്നിരുന്നത്. ഇത്തരം അനീതികൾക്കിടയിൽ സ്വസ്ഥമായി ജോലി ചെയ്യുകയെന്നത് എത്രമാത്രം വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് ഊഹിക്കാമല്ലോ.”

“ഇതിനിടയിൽ റൊട്ടേഷൻ അനുസരിച്ചല്ല നിയമനമെന്ന് പറഞ്ഞ് എസ്ടി വിഭാഗക്കാരനായ ഒരധ്യാപകൻ കേസ് ഫയൽ ചെയ്‌തിരുന്നു. എന്നാൽ മറ്റ് ഡിപ്പാർട്ടുമെന്‍റുകളിൽ 3 വർഷം തുടർച്ചയായി അധ്യാപകർ ജോലി ചെയ്‌തിരുന്നുവെന്നതാണ് വിരോധാഭാസം. അത് എന്തുകൊണ്ടാണെന്ന് ഞങ്ങളുടെ ചോദ്യത്തിന് എംപ്ലോയ്മെന്‍റിന് വ്യക്‌തമായ മറുപടി തരാൻ കഴിഞ്ഞില്ല. അതിന് പിന്നിലും ജാതീയമായ വേർതിരിവ് തന്നെയല്ലേ?” ഹേമലത ചോദിക്കുന്നു.

പിന്നേയും പ്രശ്നങ്ങൾ ഒതുക്കാനുള്ള ശ്രമങ്ങൾ

പ്രശ്നങ്ങൾ അവിടെയും അവസാനിച്ചില്ല. രണ്ട് മൂന്ന് അധ്യാപകർ കുട്ടികളെ സമീപിച്ച് ഹേമലതയ്ക്കെതിരെ പരാതി എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു.

“അധ്യാപകർക്ക് ഇഷ്‌ടമുള്ള ചില കുട്ടികളുണ്ട് അവർ ക്ലാസ്സിൽ വരാത്തവരാണെങ്കിൽ അറ്റന്‍റൻസ് കൊടുക്കാൻ ആവശ്യപ്പെടുമായിരുന്നു. എന്നാൽ കൃത്യമായി വരുന്നവർക്ക് അവർ അധ്യാപകരുടെ പ്രിയപ്പെട്ടവരല്ലെങ്കിൽ അറ്റന്‍റഡൻസ് കൊടുക്കരുതെന്നുമായിരുന്നു വിലക്ക്.” ഇത്തരം അനീതികളെയൊക്കെ ഹേമലത ചോദ്യം ചെയ്യുന്നത് കോളേജ് അധികൃതരെ ചൊടിപ്പിച്ചിരുന്നു.

“ഒരു അധ്യാപിക എന്ന രീതിയിൽ വിദ്യാർത്ഥികളുടെ പിഴവുകൾ കണ്ടാൽ അവരെ തിരുത്തി നേർവഴിയ്ക്ക് നയിക്കണമെന്ന പാഠമാണ് എന്‍റെ ഗുരുക്കന്മാർ എന്നെ പഠിപ്പിച്ചത്. അത് ഞാൻ അങ്ങേയറ്റം ശ്രദ്ധിച്ചു.” ഹേമലത ആ നാളുകൾ കണ്ണീരോടെ ഓർക്കുന്നു.

“2015 അധ്യയനവർഷത്തിൽ ജോലി ചെയ്യുന്ന സമയം. ഡിസംബർ 31 ന് ഒരു വിദ്യാർത്ഥിനിയുടെ വ്യാജപരാതിയെ തുടർന്ന് എന്നെ കോളേജിൽ നിന്നും പുറത്താക്കി. അതിന് തൊട്ട് മുമ്പ് 3 ദിവസങ്ങളിൽ ഞാൻ അവധിയിലായിരുന്നു. മുൻകൂട്ടി അവധി വാങ്ങിയപ്പോഴൊന്നും ഇത്തരത്തിൽ ഒരു പരാതിയുള്ളതായി എച്ച്ഒഡി സൂചിപ്പിച്ചിരുന്നുമില്ല. അവധി കഴിഞ്ഞ് കോളേജിൽ എത്തിയപ്പോഴാണ് ഇന്നു മുതൽ ക്ലാസെടുക്കണ്ടാ എന്ന് പ്രിൻസിപ്പാൾ വാക്കാൽ അറിയിക്കുന്നത്. ശരിക്കും കാര്യമറിയാതെ ഞാൻ പകച്ചു നിന്നു.”

“എന്താണ് പരാതിയെന്ന് ചോദിച്ചപ്പോൾ” നിങ്ങൾ കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു മേലധികാരിയുടെ ഒഴുക്കൻ മറുപടി. മാത്രമല്ല പരാതി കാട്ടിയതുമില്ല. സത്യത്തിൽ അങ്ങനെയൊരു സംഭവവും നടന്നിട്ടില്ല. എനിക്ക് ഒരു മെമ്മോ പോലും മുൻകൂറായി തന്നിട്ടില്ല. അത് ചോദ്യം ചെയ്തപ്പോൾ പിന്നെയും പ്രശ്നങ്ങൾ. ഞാൻ ജോലിയുപേക്ഷിച്ച് പോകുകയാണെന്ന് എഴുതി കൊടുക്കണമെന്നായി പ്രിൻസിപ്പാൾ ഗോവിന്ദൻ നമ്പൂതിരി സർ. ഒപ്പം എച്ച്ഒഡി യും അത് തന്നെ ആവർത്തിച്ചു.

ഹേമലത പിറ്റേ ദിവസം തന്നെ പുറത്താക്കലിന്‍റെ കാരണമന്വേഷിച്ച് കോളേജ് അധികൃതർക്ക് ഒരു കത്ത് നൽകി. വിദ്യാർത്ഥി സംഘടനകളുടെ പരാതിയും ഭീഷണിയും കാരണം പുറത്താക്കുന്നു എന്നായിരുന്നു കോളേജ് അധികൃതരുടെ മറുപടി. വിദ്യാർത്ഥിനിയുടെ പരാതിയടക്കം രേഖാമൂലം മറുപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പകരമായി ഹേമലതയ്ക്ക് കോളേജ് അധികൃതർ കുറ്റാരോപണ മെമ്മോയാണ് നൽകിയത്. ഒപ്പം വിശദീകരണം തരുന്നതുവരെ കോളേജിൽ പ്രവേശനം നിഷേധിച്ചുള്ള താക്കീതും.

“ആരോപണം ഉണ്ടായ സാഹചര്യം രഹസ്യമൊഴിയായി രേഖപ്പെടുത്താം പരസ്യമായി വെളിപ്പെടുത്താനാവില്ല”എന്ന് ഞാൻ മറുപടി കൊടുത്തു. അതിന് 15 ദിവസം കഴിഞ്ഞ് എന്നെ പുറത്താക്കി കൊണ്ടുള്ള ഓർഡർ വീട്ടിലേക്ക് അയച്ചു തരുകയായിരുന്നു. അതിന് മുന്നോടിയായി കോടതിയിൽ ഞാൻ സ്റ്റേ ഓർഡറിനായി അപേക്ഷിച്ചിരുന്നു. സ്റ്റേ ഓർഡറുമായി കോളേജിൽ പ്രവേശിച്ച എനിക്കെതിരെ കുറച്ച് ഫൈൻ ആർട്സ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി വന്നു. സ്റ്റേ ഓർഡർ കത്തിക്കുക എന്ന ലക്ഷ്യവുമായി.”

“കോടതിയുത്തരവ് കത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത് ഞാൻ വിദഗ്ദ്ധമായി അവിടെ നിന്നു പിന്മാറി.”

“വിദ്യാർത്ഥി സംഘടനയിലെ കുട്ടികളായിരുന്നു അവർ. സംഘടന ബലത്തിലല്ല അവരുടെ എതിർപ്പ്. ആരുടെയോ വ്യക്‌തി താൽപര്യം സംരക്ഷിക്കാൻ വേണ്ടിയായിരുന്നു ഇതെല്ലാം കോളേജിലെ ചില അധ്യാപകരുടെ മേൽനോട്ടത്തിലായിരുന്നു.”

“തുടർന്ന് ഞാൻ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും സർവീസ് കേസാണെന്ന് പറഞ്ഞ് കേസ് പിൻവലിക്കാൻ പോലീസ് എന്നെ നിർബന്ധിക്കുകയായിരുന്നു. എസ്സി, എസ്ടി പീഡന കേസല്ല ഇത് എന്നായിരുന്നു പോലീസിന്‍റെ വാദം.”

“പിന്നീട് മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്‌തതിനെ തുടർന്ന് പോലീസ് എഫ്ഐആർ തയ്യാറാക്കി. ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഹൈക്കോർട്ടിൽ കേസ് ഫയൽ ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് പോലീസ് നൽകിയ മറുപടിയും വിചിത്രമായിരുന്നു. കേസ് അന്വേഷണം പൂർത്തിയായെന്നും സാക്ഷിമൊഴികളുടെ അടിസ്‌ഥാനത്തിൽ കേസിന് കഴമ്പില്ല എന്നുമായിരുന്നു അത്. അതോടെ കുറ്റപത്രത്തിന്‍റെ കോപ്പിയ്ക്കായും കാത്തിരിപ്പായി. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ വിവരാവകാശം ആവശ്യപ്പെട്ടപ്പോൾ കേസന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു പോലീസിന്‍റെ മറുപടി. യഥാർത്ഥത്തിൽ പോലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസമന്ത്രിയ്ക്കും ഹരിജനക്ഷേമവകുപ്പ് മന്ത്രിയ്ക്കും എസ്എസി എസ്ടി കമ്മീഷനും പരാതി നൽകി. കുറ്റക്കാർക്കെതിരെ സർക്കാർ വേണ്ട നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്” ഇത്തരം ജാതീയമായ അടിച്ചമർത്തലുകളും ഒറ്റപ്പെടുത്തലുകളും കാലങ്ങളായി ആ കാമ്പസിലുണ്ടായിരുന്നതാണെന്ന് ഹേമലത ചൂണ്ടിക്കാട്ടുന്നു.

പിഎസ്സി വഴിയുള്ള നിയമനം കോളേജിൽ നടന്നത് 1970 തുകളിലായിരുന്നു. അതിനുശേഷം അത് നടന്നിട്ടില്ല എന്ന വസ്തുതയും ഈ നിയമനങ്ങൾ നടത്തുന്നതിനു വേണ്ടിയും സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

“ഇതെനിക്ക് വേണ്ടിയുള്ള നിയമപോരാട്ടമല്ല. സമാന അനുഭവങ്ങൾ നേരിടുന്നവർക്കും ഇനി അതിന് ഇരയാക്കാൻ പോകുന്നവർക്കും വേണ്ടിയുള്ളതാണ്. അത്തരക്കാരുടെ വിഷമങ്ങളും സങ്കടങ്ങളും പുറംലോകം അറിയുന്നില്ല. സമൂഹത്തിൽ ഒറ്റപ്പെടും ജോലി നഷ്ടപ്പെടും എന്നൊക്കെയുള്ള ആധികൾ മൂലമാണ് ഇതിനെ ആരും ചോദ്യം ചെയ്യാത്തത്. തന്നെയുമല്ല കേസിന് പോയാൽ വർഷങ്ങൾ കഴിഞ്ഞാലും തീരില്ല. നല്ലൊരു സമ്പാദ്യം തന്നെ തീരും.

“കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിയമ പരിരക്ഷ കിട്ടുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്. ഇത്തരം ആക്രമണങ്ങൾ സംഘടനാപരമല്ല വ്യക്‌തി താൽപര്യങ്ങളുടെ പേരിലാണ്. അവിടെ നിന്നും പഠിച്ചു പോയ നേതാവ് ഈ കാമ്പസ് കണി കാണിക്കില്ല അധ്യാപികേ… എന്നാണ് എന്നെ ഭീഷണിപ്പെടുത്തിയത്.

കോളേജിന്‍റെ അഫിലിയേഷൻ സമരങ്ങളിലും വികസന പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത വിദ്യാർത്ഥി നേതാവ് കൂടിയായിരുന്നു ഹേമലത ടീച്ചർ.

അതിജീവനത്തിനായുള്ള പോരാട്ടം

മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പരാതി കൊടുത്തിരുന്നു. പക്ഷേ ഇതുവരെ പുനരന്വേഷണത്തിന് ഉത്തരവിട്ടില്ല എന്നതാണ് വാസ്തവം. മുഖ്യമന്ത്രിയുടെ മുന്നില്‍ ഈ വിഷയം എത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. മൂന്നോ നാലോ തവണ ഞാന്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നു, പക്ഷേ അപ്പോഴൊന്നും കാണാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്‍റെ സെക്രട്ടറി ജയരാജന്‍ സാറിനെ കണ്ട് റിക്വസ്റ്റ് കൊടുത്തിരുന്നു. എം വി ജയരാജന്‍ സാര്‍ മുഖാന്തിരം നല്‍കിയ കത്ത് മുഖ്യമന്ത്രിയുടെ ഫയലില്‍ ഉള്ളതായി അറിഞ്ഞു. മന്ത്രി എ.കെ ബാലനും നേരിട്ട് പരാതി കൊടുത്തിരുന്നു. അദ്ദേഹം അത് ഒപ്പിട്ട് ഉടന്‍ തന്നെ അഡീഷണല്‍ സെക്രട്ടറിയ്ക്ക് കൊടുക്കാന്‍ പറഞ്ഞതുമാണ്. പക്ഷേ, എന്തുകൊണ്ടോ അത് അഡീഷണല്‍ സെക്രട്ടറിയുടെ കൈവശം എത്തിയില്ല. എറണാകുളം ജില്ലയിലുള്ള ആരോ അത് എടുത്ത് മാറ്റിയിട്ടുണ്ട്. ഇതിന്‍റെ സത്യാവസ്ഥ പുറത്തു വരാന്‍ പാടില്ല എന്ന നിലപാടാണ് ഇതിന് പിന്നില്‍. ഈ പരാതിയുമായി ബന്ധപ്പെട്ട് പലരേയും നേരില്‍ കണ്ട് നീതി ലഭിക്കണം എന്ന് പറഞ്ഞിട്ടും ഇതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പരിമിതികളുണ്ടെന്നാണ് പലരില്‍ നിന്നും എനിക്ക് ലഭിച്ച മറുപടി. എന്നാല്‍ എന്നെങ്കിലും സത്യം പുറത്തു വരും എനിക്ക് നീതി ലഭിക്കും എന്നു വിശ്വസിക്കുന്നു.

hemalatha

ടീച്ചര്‍ ഉറച്ച് വിശ്വസിക്കുന്നു

ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് അയച്ചിരിക്കുന്ന ടീച്ചര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത് ഈ പരാതി അന്വേഷിക്കാന്‍ ചുമതലപ്പെട്ടയാളും പരാതിക്കാനുമായ എച്ച്ഒഡി യാണെന്നതാണ് മറ്റൊരു വിരോധാഭാസം. ആ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹോമലത ടീച്ചര്‍ നീതി തേടി കോടതിയെ സമീപിച്ചത് തെറ്റാണെന്ന വിധി വന്നിരിക്കുന്നതും. ഇതില്‍ നിന്നും ഉരുത്തിരിയുന്ന യാഥാര്‍ത്ഥ്യം ഒന്നുമാത്രമാണ് നീതിനിഷേധം മാത്രമാണ്.

എസ് സി എസ് ടി കമ്മീഷനിലും ടീച്ചര്‍ പരതി നല്‍കുകയുണ്ടായി. കമ്മീഷന്‍ വിളിക്കാന്‍ ഒന്നരവര്‍ഷക്കാലം കാത്തിരിക്കേണ്ടി വന്നു ടീച്ചര്‍ക്ക്. അതും നിരവധി തവണയായുള്ള അപേക്ഷയയ്ക്ക് ശേഷം.

“കമ്മീഷന്‍ ഹീയറിംഗിന് വിളിച്ചപ്പോള്‍ ഞാനും എന്നെ കോളേജില്‍ നിന്നും പുറത്താക്കിയ പ്രിന്‍സിപ്പാളും പിന്നീട് വന്ന പ്രിന്‍സിപ്പാളും എന്നെ പുറത്താക്കാന്‍ വ്യാജരേഖ ചമച്ച എച്ച്ഒഡിയും ഹാജരായി. എല്ലാ രേഖകളും ഞാന്‍ കൃത്യമായി അവരെ കാണിക്കുകയും അവര്‍ക്കത് ബോധ്യമായതിന്‍റെ അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം സംവരണ തത്ത്വങ്ങള്‍ പാലിച്ചുകൊണ്ട് വേണമെന്ന് കമ്മീഷന്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. കമ്മീഷന്‍റെ ഉത്തരവുണ്ടായിട്ടും ഉത്തരവ് ലഭിക്കാന്‍ കാലതാമസമുണ്ടായി. കമ്മീഷന്‍ ഓഫീസിലുള്ള ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുകയായിരുന്നു. ഒരു വര്‍ഷമായുള്ള കാത്തിരിപ്പിന് ശേഷമാണ് ലഭിക്കുന്നത്.” ടീച്ചര്‍ സങ്കടത്തോടെ പറയുന്നു.

എന്നിട്ടും പ്രശ്നം പരിഹാരിക്കാതെ

“ഈ ഉത്തരവനുസരിച്ച് ഇന്‍റര്‍വ്യൂവിന് ഹാജരാകുന്നതിനു വേണ്ടി കോളേജിലേയ്ക്ക് ഞാന്‍ പലപ്രാവശ്യം വിളിക്കുകയുണ്ടായി. കൊറോണക്കാലമാണ് ഈ വര്‍ഷം താല്‍കാലിക അധ്യാപകരെ നിയമിക്കുന്നില്ലെന്ന മറുപടിയാണ് അവിടെ നിന്നും ലഭിച്ചത്. എന്നാല്‍ ഇന്‍റര്‍വ്യൂ നടത്തി നിയമനം നടത്തിയതായി എനിക്കറിയന്‍ കഴിഞ്ഞു.”

“ഞാനും ഇടതുപക്ഷ സഹയാത്രികയാണ്. എന്‍റെ പ്രശ്നത്തില്‍ രാഷ്ട്രീയക്കാരായ ആളുകളുടെ ഇടപെടല്‍ ശക്തമായ നിലയിലുണ്ടായിട്ടുണ്ട്. അത് വ്യക്തിതാല്‍പര്യം സംരക്ഷിക്കാനാവും. ഇവിടെ ജാതിവിവേചനം ശക്തമാണെന്നതാണ് ഇതില്‍ നിന്നും മനസിലാകുന്നത്. തൊഴിലിടങ്ങളിലാണെങ്കില്‍ അവരെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്ന വിധത്തിലാണ് സവര്‍ണ്ണാധിപത്യം വച്ചുപുലര്‍ത്തുന്ന ചില വ്യക്തികള്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷേ അത് പുറംലോകം അറിയുന്നില്ല.”

“പക്ഷേ ഞാന്‍ ഒരു സ്ത്രീയായിട്ടുപോലും പിടിച്ചു നില്‍ക്കുകയാണ്. അതിജീവനമെന്നത് എന്നെ സംബന്ധിച്ച് വളരെ വിഷമകരമായ കാര്യമാണ്. നിയമപരമായി പോകണമെങ്കില്‍ സാമ്പത്തിക പിന്‍ബലമാവശ്യമാണ്. എന്‍റെ ജീവന് ഭീഷണിയുണ്ട്. ഭീഷണി മുഴക്കിയവര്‍ യുവജനസംഘടനാ നേതാക്കന്മാരാണ്. ഇത് പൊതുസമൂഹം അറിഞ്ഞില്ലയെങ്കില്‍ നീതി ലഭിക്കില്ലായെന്നാണ് ഇവിടുത്തെ സ്ഥിതി വിശേഷം. ഈ കേസുമായി 4-5 വര്‍ഷമായി നീതിയ്ക്കായി കാത്തിരിക്കുകയാണ്. ഒരു മേഖലയിലും തൊഴിലെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബന്ധപ്പെട്ട മേഖലയില്‍ അവസരമുണ്ടായിട്ടും നീതിനിഷേധമാണ്. എന്നെപ്പോലെ ഇനി എത്രയോ പേര്‍ ഇവിടെ ഉണ്ടാവും.” ടീച്ചര്‍ ചോദിക്കുന്നു.

ജാതീയമായ വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യര്‍ ഈ ‘ആധുനിക യുഗത്തിലും’ മാനസികമായി വളര്‍ന്നിട്ടില്ലെന്നതാണ് ഹേമലത ടീച്ചറുടെ അനുഭവം വ്യക്തമാക്കുന്നത്. ഇവിടെ ജാതിവര്‍ണ്ണവിവേചനങ്ങള്‍ക്കതീതമായി സ്വാതന്ത്ര്യത്തോടെ അന്തസ്സോടെ അവകാശത്തോടെ തൊഴിലെടുത്ത് ജീവിക്കാന്‍ എല്ലാവര്‍ക്കുമില്ലേ അവകാശം?

മൃഗങ്ങൾ ഡ്രാഗൺ പിടിയിൽ

ലോകത്തെ മുഴുവൻ അപൂർവ്വങ്ങളായ മൃഗങ്ങളെ ചൈന വിഴുങ്ങിക്കളയുമെന്നാണ് തോന്നുന്നത്. ഇന്ത്യയിൽ തന്നെ ധാരാളം ഇനങ്ങളിൽപ്പെട്ട ജീവികളുടെ

എണ്ണം ഇപ്പോൾ തന്നെ കുറവായിരിക്കുകയാണ്. ഞണ്ട്, സ്രാവ്, ചീറ്റപ്പുലി തുടങ്ങി അനേകതരം മൃഗങ്ങളെ നമ്മുടെ അയൽരാജ്യമായ ചൈന നിയമവിരുദ്ധമായി വേട്ടയാടുന്നു. ചൈനയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ കാക്കകൾ ഏറെക്കുറെ നാമാവശേഷമായിരിക്കുന്നു.

ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു

പാരമ്പര്യ ഔഷധങ്ങളുടെ പേരിൽ നിയമവിരുദ്ധമായി നടക്കുന്ന വൻ വ്യവസായമാണ് ഇതിന് കാരണം. ആയുർവ്വേദം പോലെ ചൈനീസ് പാരമ്പര്യമനുസരിച്ചുള്ള ഔഷധ നിർമ്മാണത്തിനായി മരങ്ങളും വൃക്ഷങ്ങളും മൃഗങ്ങളുടെ ശരീരാവയവങ്ങളും ധാതുക്കളും മറ്റും വൻതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ചൈനീസ് പാരമ്പര്യ ചികിത്സയനുസരിച്ച് ശരീരാരോഗ്യം നിലനിർത്താൻ ജീവസുറ്റ ഊർജ്‌ജശേഖരം ആവശ്യമാണത്രേ. ഇക്കാര്യം മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട നായിസിംഗ് എന്ന പുസ്തകത്തിൽ പ്രത്യേകം പറയുന്നുണ്ട്.

ചൈനീസ് വൈദ്യശാസ്ത്രമനുസരിച്ച് ഏകദേശം 1000 ഇനത്തിൽപ്പെട്ട മരങ്ങളും വൃക്ഷങ്ങളും 36 തരം മൃഗങ്ങളും 100 ലധികം ഇനങ്ങളിൽപ്പെട്ട കീടങ്ങളും പ്രാണികളുമാണ് ഔഷധ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. അവയിലധികവും ഇന്ത്യയിലാണ് കണ്ടുവരുന്നതും.

സമുദ്രത്തിൽ കണ്ടുവരുന്ന കടൽക്കുതിര (സീ ഹോഴ്സ്) യെ വേട്ടയാടുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. എന്നാൽ ചെന്നൈയിൽ നിന്നും ചൈനയിലേക്ക് പോകുകയായിരുന്ന രക്ഷക്കണക്കിന് കടൽക്കുതിരകൾ നിറച്ച കപ്പലുകളെ ഈയടുത്ത് പിടികൂടുകയുണ്ടായി. ചൈനീസ് തീൻമേശയിൽ പ്രയവിഭവമാകാൻ നമ്മുടെ കാടുകളിലുള്ള കരടികളെ ഏറെക്കുറെ പിടികൂടി കഴിഞ്ഞിരിക്കുകയാണ്. അവശേഷിച്ചവ ഇപ്പോൾ പ്രത്യേക സംരക്ഷണയിലാണ്.

സിംഹങ്ങളും അപകടഭീഷണിയിൽ

കഴിഞ്ഞ 100 വർഷമായി ഇന്ത്യൻ സിംഹങ്ങളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്നും കുറഞ്ഞ് 1000 എണ്ണം എന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതിൽ ഏകദേശം അറുപതിനായിരം സിംഹങ്ങളെ കൊന്നൊടുക്കി കഴിഞ്ഞിരിക്കുന്നു. സിംഹങ്ങളുടേയും പുലികളുടേയും തുകൽ തിബറ്റിൽ പരസ്യമായാണ് വിൽക്കുന്നത്. യഥാർത്ഥത്തിൽ ഏതുതരം ദിവ്യ ഔഷധത്തിനു വേണ്ടിയാണ് നമ്മുടെ പ്രിയപ്പെട്ട സിംഹങ്ങൾ കൊന്നൊടുക്കപ്പെടുന്നത്?

ചൈനീസ് വൈദ്യശാസ്ത്രമനുസരിച്ച് സിംഹത്തിന്‍റെ എല്ലുകൾ പ്ലാസ്റ്റർ രൂപത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട് അതായത് സന്ധികൾക്കുണ്ടാവുന്ന പ്രശ്നങ്ങൾക്ക് ഫലവത്തായ ചികിത്സയാണത്രേ ഇത്. അപസ്മാര രോഗികൾ ഇതിന്‍റെ കണ്ണുകൾ തിന്നാറണ്ട്. പല്ലുവേദന ശമിക്കുന്നതിന് വേണ്ടി ഇതിന്‍റെ മീശ ഉപയോഗിക്കാറുണ്ട്. പൗരുഷം വർദ്ധിപ്പിക്കാനായി സിംഹത്തിന്‍റെ രഹസ്യാവയവങ്ങൾ കഴിക്കുന്ന പതിവും അവിടെയുണ്ട്. ലോകത്തിലെ ഭൂരിഭാഗം സിംഹങ്ങളേയും ചൈനക്കാർ ഇല്ലാതാക്കി കഴിഞ്ഞിരിക്കുന്നു. ഇതിൽ സൈബീരിയ, സുമാത്ര എന്നിവിടങ്ങളിലെ സിംഹങ്ങളും ഉൾപ്പെടുന്നു. ഇപ്പോൾ ചൈനക്കാർ പുതിയൊരു രീതിയും തുടങ്ങിയിരിക്കുന്നു.

ഇത്തരം ആവശ്യങ്ങൾക്കായി പ്രത്യുൽപാദനം നടത്തി സിംഹങ്ങളെ വളർത്തിക്കൊണ്ടുവരുന്നതാണ് പുതിയ രീതി. ചൈനീസ് ഫാംഹൗസുകളിൽ ഏകദേശം 5,000 സിംഹങ്ങളേയാണ് അവർ ഇപ്രകാരം വളർത്തിക്കൊണ്ടുവരികയും കൊല്ലുകയും ചെയ്യുന്നത്.

ഇനി മുതൽ ഫാംഹൗസിൽ വളർത്തുന്ന സിംഹങ്ങളുടെ അവയവങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന് ചൈനീസ് അധികാരികൾ 2007 ൽ സ്പഷ്ടമാക്കിയിരുന്നു. യഥാർത്ഥത്തിൽ ഇതൊരു പുതിയ തന്ത്രം മാത്രമായിരുന്നു. ലോകത്തെവിടെയെങ്കിലുമുള്ള സിംഹങ്ങളെ പരസ്യമായി വേട്ടയാടിക്കൊണ്ടുവന്ന് ഫാംഹൗസിലെ സിംഹമാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു അവർ. ചൈനീസ് മൃഗശാലകളിലുള്ള സിംഹങ്ങളെയാകട്ടെ മരണം വരെ പട്ടിണിക്കിടും. മൃഗശാലയിൽ സിംഹങ്ങളുടെ പ്രദർശനത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിന്‍റെ എത്രയോ മടങ്ങാണ് അവയുടെ അവയവങ്ങള്‍ വിൽക്കുക വഴി ലഭിക്കുന്നത്.

ചൈനീസ് വൈദ്യശാസ്ത്രജ്‌ഞന്മാർ സ്വന്തം ഫാർമാകോപ്പിയിൽ നിന്നും സിംഹത്തിന്‍റെ എല്ലുകൾ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്ന ഭാഗം നീക്കം ചെയ്തില്ലെങ്കിലും അതിനുപകരം കാട്ടിലുള്ള എലി, നായകൾ, ആടുകൾ എന്നിവയെ ഉപയോഗിക്കാമെന്ന് അവർ എടുത്ത് പറയുന്നു. അഥവാ സിംഹങ്ങളുടെ അവയവങ്ങൾക്ക് പകരമായി മറ്റ് മൃഗങ്ങളെ ഉപയോഗിക്കാമെങ്കിൽ പിന്നെന്തുകൊണ്ട് ഭൂമിയിൽ നാമാവശേഷമായി കൊണ്ടിരിക്കുന്ന സിംഹത്തെ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു? യഥാർത്ഥത്തിൽ സർവ്വേഫലം മറ്റൊരു സത്യമാണ് ചൂണ്ടിക്കാട്ടുന്നത്. നിരോധനം ഉണ്ടായിട്ടും 3 മുതൽ 5 ശതമാനം ചൈനീസ് കടകളിലും ലോകമെമ്പാടുമുള്ള ചൈനീസ് പാരമ്പര്യമുള്ള ചിക്‌തിസയുമായി ബന്ധപ്പെട്ട ഏറെക്കുറെ 45 ശതമാനം കടകളിലും സിംഹങ്ങളുടെ അവയവങ്ങളുടെ വ്യവസായം ഇപ്പോഴും നടക്കുന്നുണ്ട്.

കടുവകളും ഭീഷണയിൽ

കറുത്ത കടുവകളുടെ പിത്തം കരൾ സംബന്ധമായ അസുഖങ്ങൾക്കും തലവേദയ്ക്കും ഫലവത്താണത്രേ. കരടിയുടെ പിത്തത്തിന് പുറമേ കരടിയെക്കൊണ്ട് മറ്റ് ചില രോഗങ്ങൾക്കും ഉപയോഗമുണ്ടത്രേ. ഏഷ്യൻ കാടുകളിൽ വേട്ടയാടപ്പെടുന്ന കറുത്ത കടുവകളുടെ എണ്ണം കൂടിവരികയാണെത്രേ. അതുപോലെ 1984 തുടങ്ങി ചൈനക്കാർ കരടി ഫാമുകളും തുടങ്ങിയിട്ടുണ്ട്. ഫാം ഹൗസുകളിൽ ഏകദേശം 7000 കരടികളെയാണ് ചെറിയ കൂടുകളിൽ അടച്ചിട്ടിരിക്കുന്നത് അവ അതിനുള്ളിൽ ഞെരുങ്ങി കഴിയുന്ന കാഴ്ച ദയനീയമാണ്. അവയ്ക്ക് നേരാംവണ്ണം ശരീരം ചലിപ്പിക്കാൻ കഴിയാത്ത വണ്ണം അത്രയ്ക്ക് ചെറുതാണ് കൂടുകൾ. കരടിയുടെ ശരീരത്തിനുള്ളിൽ ഒരു കത്തീറ്റർ ഫിക്സ് ചെയ്തിട്ടുണ്ട് ഇതിലൂടെയാണ് പിത്തം ശേഖരിക്കുക. ഈ സാഹചര്യത്തിൽ കരടികൾ കൂടിനകത്ത് വേദനകൊണ്ട് പുളഞ്ഞ് നിലവിളിക്കുകയും കൂടിന്‍റെ ചുവരിൽ തലയിട്ടടിക്കുകയും ചെയ്യുന്ന കാഴ്ച പരമദയനീയമാണ്.

കസ്തൂരിക്കായ കൊല്ലപ്പെടുന്ന കസ്തൂരി മാന്‍

കസ്തൂരി മാനിന്‍റെ കസ്തൂരി രക്‌തചംക്രമണ പ്രക്രിയ സന്തുലിതമായി നിലനിർത്തുന്നതിനും ചർമ്മത്തിലുണ്ടാകുന്ന അണുബാധയ്ക്കും ഉദര വേദനയ്ക്കും ഉപയോഗിക്കാറുണ്ട് പരിസ്ഥിതി സംരക്ഷണത്തിന് മൃഗസംരക്ഷണ സംഘടന നടത്തിയ അന്വേഷണ റിപ്പോർട്ട് അനുസരിച്ച് ചൈനയിൽ ഓരോ വർഷവും 1000 കിലോഗ്രാം കസ്തൂരിയാണ് ഉപയോഗിക്കുന്നത്. ഇത്രയും അ‌ളവിൽ കസ്തൂരി ലഭിക്കാൻ ഏകദേശം ഒരുലക്ഷം മാനുകളുടെ ഗ്രന്ഥികൾ ആവശ്യമായി വരാം. ഇന്ത്യയിലുള്ള കസ്തൂരി മാനുകളെ അത്രയധികമാണ് ചൈനക്കാർ വേട്ടയാടുന്നത്. ഇപ്പോൾ ഇതിന്‍റെ സംഖ്യ കുറഞ്ഞ് ആയിരത്തിൽ എത്തി നിൽക്കുകയാണ്.

ചൈനീസ് ചികിത്സയ്ക്കായി 90 തരം ഔഷധങ്ങളിൽ നീർക്കുതിരകളെ ഉപയോഗിക്കുന്നുണ്ട്. കിഡ്നി സംബന്ധമായ തകരാറുകൾ, രക്‌തപ്രവാഹം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ, ഷണ്ഡത്വം എന്നിവയ്ക്കായി ഈ ഔഷധങ്ങൾ ഉപയോഗിക്കുന്നുണ്ട് 32 രാജ്യങ്ങളിലായി 2 കോടി നീർക്കുതിരകളെയാണ് ഓരോ വർഷവും കൊന്നെടുക്കുന്നത്. ഏകദേശം 250 ടൺ ആണ് വർഷംതോറും ഉള്ള ഇതിന്‍റെ ഡിമാന്‍റ്.

എണ്ണം കുറയുന്ന കാണ്ടാമൃഗം

കാണ്ടാമൃഗങ്ങളുടെ കൊമ്പിന് ചൈനീസ് ചികിത്സാരംഗത്ത് വൻ ഡിമാന്‍റാണ്. ഇപ്പോൾ ഇന്ത്യയിൽ 500 കാണ്ടാമൃഗങ്ങൾ മാത്രം അവശേഷിച്ചിരിക്കുകയാണ്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് അനുസരിച്ച് 3000 കാണ്ടാമൃഗങ്ങളാണ് ആഫ്രിക്കയിലുള്ളത് ഏഷ്യൻ രാജ്യങ്ങളായ സുമാത്ര, ജാവാ, ഇന്ത്യ എന്നീ 3 രാജ്യങ്ങളിൽ 2800 കാണ്ടാമൃഗങ്ങൾ മാത്രമാണുള്ളത്. പനി, പുളിച്ചുതികട്ടൽ, തലവേദന, ടൈഫോയിഡ് ഉദരസംബന്ധമായ തകരാറുകള്‍, രക്‌തസ്രാവം മൂക്കിൽ നിന്നുള്ള രക്‌തസ്രാവം, ആൽറ്റ്രൈീസ്, മാനസിക പിരിമുറുക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാണ്ടാമൃഗങ്ങളുടെ കൊമ്പ് നല്ലതാണത്രേ.

കാണ്ടാമൃഗത്തിന്‍റെ മൂക്കിൽ വളരുന്ന ചെറിയ രോമങ്ങൾ കൊണ്ട് രൂപം കൊണ്ടിരിക്കുന്ന ഈ അവയവം ഏതുതരം അസ്വസ്ഥതയും ഇല്ലാതാക്കുമെന്ന് ചൈനീസ് വൈദ്യശാസ്ത്രം പറയുന്നത്.

കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട സമിതിയാകട്ടെ അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. കാണ്ടാമൃഗങ്ങളുടെ നിമയവിരുദ്ധ വേട്ടയ്ക്ക് പിന്നിൽ ഒരു വൻ ഗാംഗ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പറയുന്നത് കഴിഞ്ഞ 80 വർഷമായി ചൈന, ഹോംഗ്കോംഗ് തായ്‍വാൻ എന്നിവയാണ് കാണ്ടാമൃഗ കൊമ്പ് വൻതോതിൽ വാങ്ങുന്ന രാജ്യക്കാർ.

ഇന്ത്യയിൽ മൃഗക്കൊമ്പുകൾ വാങ്ങുന്നതും വിൽക്കുന്നതും 1979 മുതൽ കർശനമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ മകാവു, ബർമ്മ, ഇൻഡോനേഷ്യ, മലേഷ്യ, ഇന്ത്യ, തായ്‍വാൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇതിന്‍റെ കള്ളക്കടത്ത് വൻതോതിൽ നടക്കുന്നുണ്ട്.

കഴിഞ്ഞ 30 വർഷമായി കാണ്ടാമൃഗങ്ങളുടെ എണ്ണം 95 ശതമാനം ആയി കുറഞ്ഞിരിക്കുന്നു. ചൈനാക്കാരുടെ നിരന്തരമായ വേട്ടയാൽ ഭീകരമായ മറ്റൊരു വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത് അടുത്ത 5 വർഷത്തോടെ കാണ്ടാമൃഗങ്ങളുടെ ജീവൻ വെല്ലുവിളി നിറഞ്ഞതാണ്. ദക്ഷിണ ആഫ്രിക്കയിൽ ദിവസവും ഒരു കാണ്ടാമൃഗമെങ്കിലും കൊല്ലപ്പെടുന്നുണ്ട് ഡബ്ലിയു ഡബ്ലിയു എഫ് അനുസരിച്ച് ഏകദേശം 340 ൽ അധികം കാണ്ടാമൃഗങ്ങളെയാണ് 2013 ൽ ദക്ഷിണാഫ്രിക്കയിൽ കൊന്നൊടുക്കിയത്.

ദി ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ അപകടഭീഷണി നേരിടുന്ന ഒരു റിപ്പോർട്ട് തയ്യാറാക്കുകയുണ്ടായി. വെസ്റ്റേൺ ബ്ലാക്ക് റൈനോ (കറുത്ത കാണ്ടാമൃഗം) യെ വംശനാശ ഭീഷണി നേരിടുന്ന ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊറിയയും പിന്നിലല്ല

ഏറെക്കുറേ ചൈനക്കാർ ഔഷധം ഉണ്ടാക്കുന്നതു പോലെ തന്നെയാണ് കൊറിയക്കാരുടേയും ഔഷധ നിർമ്മാണം. കൊറിയക്കാരും കാണ്ടാമൃഗങ്ങളുടെ കൊമ്പുകൾ ഉപേയാഗിക്കുന്നുണ്ട് ഹൃദ്രോഗം, ഡർമെറ്റൈറ്റിസ്, ഫേഷ്യൽ പരാലിസിസ്, ഉയർന്ന രക്‌തസമ്മർദ്ദം, കോമ തുങ്ങിയ ചികിത്സിക്കാനാണ് കൊറിയക്കാർ കാണ്ടാമൃഗക്കൊമ്പ് ഉപയോഗിക്കുന്നത്.

മത്സ്യങ്ങളും സുരക്ഷിതമല്ല

മൃഗങ്ങളുടെ അവയവങ്ങൾക്കുള്ള വർദ്ധിച്ച ഡിമാന്‍റിൽ സമുദ്രത്തിൽ യഥേഷ്ടം നീന്തിത്തുടിക്കുന്ന മത്സ്യങ്ങളും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മന്താറേ മത്സ്യങ്ങളുടെ എണ്ണത്തിൽ ഭാരിച്ച കുറവാണ് ഉണ്ടായിരിക്കുന്നത് ഈ അപകടത്തെ മണത്തറിഞ്ഞ ആസ്ട്രേലിയ മന്താറേയെ സംരക്ഷിത ജീവിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

മന്താറേയുടെ എണ്ണം കുറയുന്നതിനു പിന്നിലും ചൈനയുടെ കൈകൾ തന്നെയാണ്. ചിക്കൻപോക്സ് ചികിത്സയ്ക്ക് ഇത് ഉത്തമമാണത്രേ. ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പെറു തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ചൈനക്കാർ ഇതിനെ പിടികൂടുന്നത്.

വംശനാശ ഭീഷണിയിലും ജീവികൾ

മാനിനെപ്പോലെ തോന്നിപ്പിക്കുന്ന സൈഗ ആന്‍റി ലോപ് ഏറെക്കുറെ നാശോന്മുഖമായിരിക്കുകയാണ്. കൊമ്പിനു വേണ്ടിയാണ് ഇതിനേയും വട്ടയാടുന്നത്. കടൽക്കുതിരയുടെ സംഖ്യ 200 ൽ താഴെയായിരിക്കുകയാണ്. ചൈനയിലെ ആൻടുയി മേഖലയിൽ ഇതിനെ സംരക്ഷിക്കുന്നുണ്ട്. കാൻസർ, പനി എന്നിവയ്ക്കുള്ള ഔഷധങ്ങൾക്കായി ഇവയുടെ മാംസവും അവയവങ്ങളും ഉപയോഗിക്കുന്നുണ്ട്. ആന കാലിന്‍റെ പേസ്റ്റ് ഹെർണിയയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പതിവുമുണ്ട് പനി തുടങ്ങി പുളിച്ച് തികട്ടൽ വരെയുള്ള അസുഖങ്ങൾക്കുള്ള ഔഷധ നിർമ്മാണത്തിനായി കാട്ടുപോത്തിനെ വേട്ടയാടുന്നതും പതിവാണ്.

സ്രാവുകളുടെ എണ്ണത്തിലും ഭാരിച്ച കുറവ് വന്നിട്ടുണ്ട് ഇതിന്‍റെ ചെകിള ചൈനീസ് വിഭവമെന്ന നിലയിലും അവയവങ്ങൾ ഔഷധ നിര്‍മ്മാണത്തിനുമായി ഉപയോഗിക്കുന്നുണ്ട. ഇന്ത്യയിൽ നിന്നാണ് സ്രാവ് ചിറകിന്‍റെ 95 ശതമാനവും കടത്തുന്നത്. ചിറക് വെട്ടിയെടുത്ത് വെള്ള സ്രാവിനെ ജീവനോടെ വെള്ളത്തിലിടുകയാണ് ചെയ്യുന്നത് അതോടെ സ്രാവ് പിടഞ്ഞ് പിടഞ്ഞ് ചത്തു പോകുന്നു.

യഥാർത്ഥത്തിൽ മൃഗങ്ങളുടെ അവയവങ്ങള്‍ ഒരിക്കലും ഔഷധമായി പ്രവർത്തിക്കുന്നില്ല. മനുഷ്യന്‍റെ സ്വർത്ഥപരമായ പ്രവർത്തിയുടെ ഫലമായി ഭൂമുഖത്തുനിന്നും തുടച്ച് നീക്കപ്പെടുന്നത് ഗൗരവമർഹിക്കുന്ന വസ്തുതയാണ്. മനുഷ്യന്‍റെ ഇത്തരം ഹീനമായ പ്രവർത്തി മാനവരാശിയ്‌ക്ക് തന്നെ നാണക്കേട് തന്നെയാണ്. ഇതിനെ കർശനമായി തടഞ്ഞില്ലെങ്കിൽ ഒരുപക്ഷേ നമ്മുടെ ഭൂമിയിൽ നിന്നും മൃഗങ്ങളെല്ലാം അപ്രത്യക്ഷമായേക്കാം.

സ്ത്രീകൾക്കുള്ള കാൻസർ പരിശോധനകൾ

കാൻസറും മറ്റു പല രോഗങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഡോക്‌ടർമാർ വിവിധ തരത്തിൽപ്പെട്ട പരിശോധനകൾ നിർദ്ദേശിക്കാറുണ്ട്. പക്ഷേ പലരും ടെസ്റ്റുകൾ നടത്താൻ താൽപര്യം കാണിക്കാറില്ല. “എനിക്കു രോഗമൊന്നുമില്ലല്ലോ” അല്ലെങ്കിൽ “എനിക്ക് കാൻസർ വരാനിടയില്ല. പിന്നെന്തിനാണ് പരിശോധന?” എന്നാണ് അവർ ചിന്തിക്കുന്നത്. സ്ത്രീകളിൽ അധികം പേരും ലജ്ജ കൊണ്ടോ ഭയം കൊണ്ടോ ടെസ്‌റ്റുകൾ നടത്തുന്നതിൽ നിന്ന് ഒഴിഞ്ഞു മാറുന്നു.

സ്ത്രീ പുരുഷന്മാരെ താരതമ്യപ്പെടുത്തി നോക്കിയാൽ സ്ത്രീകളിലെ കാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കാൻ കഴിയും. അതുകൊണ്ട് സ്ത്രീകൾ കൗമാര പ്രായം മുതൽ തന്നെ ചില ടെസ്‌റ്റുകൾക്ക് വിധേയരായാൽ കാൻസർ തുടക്കത്തിൽ ത്തന്നെ കണ്ടുപിടിച്ച് ലളിതമായ ചികിത്സ കൊണ്ട് ഭേദമാക്കാം. കാൻസർ അവസാന ഘട്ടങ്ങളിലാണ് മനസ്സിലാവുന്നതെങ്കിൽ ചികിത്സ വിഷമമേറുമെന്നു മാത്രമല്ല, രോഗി മരിച്ചു പോവാനുമിടയുണ്ട്.

ടെസ്റ്റുകൾ രണ്ടു പ്രധാന വിഭാഗത്തിൽപ്പെടുന്നു. രോഗലക്ഷണങ്ങൾ കണ്ടാൽ ഏതു രോഗമാണെന്നും നിർണ്ണയിക്കാനുള്ള ടെസ്‌റ്റുകളും സ്ക്രീനിംഗ് ടെസ്‌റ്റുകളും. രോഗമില്ലാത്തവരെയും രോഗം വരാൻ സാദ്ധ്യതയുള്ളവരെയുമാണ് സ്ക്രീനിംഗ് ടെസ്‌റ്റുകൾക്ക് വിധേയരാക്കുന്നത്. സ്ക്രീനിംഗ് ടെസ്‌റ്റുകൾ നടത്തി കാൻസർ ആണെന്നു മനസ്സിലായാൽ കൃത്യ സമയത്തു തന്നെ ചികിത്സ തുടങ്ങാൻ കഴിയും. വിവിധതരം സ്ക്രീനിംഗ് ടെസ്‌റ്റുകളും അവ നടത്തുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്നു നോക്കാം.

രോഗി ഡോക്ടറെ സമീപിക്കുന്നതിനു മുമ്പുള്ള തയ്യാറെടുപ്പുകൾ

  • പണ്ട് ഉണ്ടായിരുന്ന അസുഖങ്ങളെക്കുറിച്ചും നടത്തിയ ചികിത്സകളെക്കുറിച്ചും പറയുക. അവയുടെ മെഡിക്കൽ റിപ്പോർട്ടുകൾ ഉണ്ടെങ്കിൽ ഡോക്‌ടറെ കാണിക്കുക.
  • മുമ്പു നടത്തിയ ടെസ്‌റ്റുകളുടെ (ഉദാ: എക്സറേ, സിടി സ്കാൻ, എംആർഐ സ്കാൻ, ബയോപ്സി മുതലായവ) റിപ്പോർട്ടുകൾ കാണിക്കുക.
  • മുമ്പു നടന്ന ശസ്ത്രക്രിയകളുടെ വിശദവിവരങ്ങൾ പറയുക.
  • പാരമ്പര്യ രോഗ ചരിത്രം വളരെ പ്രധാനമാണ്. കാരണം ചില രോഗങ്ങൾ പാരമ്പര്യമായി നമുക്ക് ലഭിക്കാറുണ്ട്. അതുകൊണ്ട് അച്‌ഛനമ്മമാർക്കോ അവരുടെ കുടുംബങ്ങളിലോ രോഗങ്ങളുണ്ടെങ്കിൽ ഡോക്‌ടറോടു പറയുക.
  • വ്യക്‌തിപരമായ കാര്യങ്ങൾ ( ഉദാ: ജോലി, ജീവിത രീതി, വിദേശയാത്ര, ഭക്ഷണക്രമം എന്നിവയെല്ലാം) വിശദമായി പറയുക.
  • പ്രമേഹം, രക്‌തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുണ്ടെങ്കിൽ അതിനു വേണ്ടി കഴിക്കുന്ന മരുന്നുകളെക്കുറിച്ചും മരുന്നുകളോട് അലർജ്‌ജിയുണ്ടെങ്കിൽ അതിനെക്കുറിച്ചും ഒരു മെഡിക്കൽ ഡയറിയുണ്ടാക്കി അതിൽ കുറിച്ചു വയ്‌ക്കണം. ഡോക്‌ടറെ ഈ മെഡിക്കൽ ഡയറി കാണിച്ചു കൊടുക്കുക.

ഗർഭിണികൾ അവരുടെ മുഴുവൻ വിവരങ്ങളും (ഉദാ: ആർത്തവ ചക്രം, അവസാനമായി ആർത്തവമുണ്ടായ തീയ്യതി, ആർത്തവകാല അസ്വാസ്ഥ്യങ്ങൾ, മുമ്പ് ഗർഭഛിദ്രമുണ്ടായിരുന്നോ എന്ന കാര്യം, അമിതമായ രക്‌തസ്രാവമുണ്ടെങ്കിൽ അത് എന്നിവ) ഡോക്‌ടറോടു പറയണം.

മേൽപ്പറഞ്ഞ കാര്യങ്ങൾ ഡോക്‌ടറിൽ നിന്നു മറച്ചു വയ്ക്കാതെ തുറന്നു പറയുന്നത് രോഗനിർണ്ണയത്തിനു സഹായകമാവും.

സ്ക്രീനിംഗ് ടെസ്‌റ്റുകൾ പലതരത്തിലുണ്ട്. സ്ത്രീകൾ നടത്തേണ്ട പ്രധാന ടെസ്‌റ്റുകളെന്തെല്ലാമാണെന്നാണ് മനസ്സിലാക്കാം.

സ്തനാർബ്ബുദത്തിന്‍റെ സ്ക്രീനിംഗ് ടെസ്റ്റുകൾ

സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ ഇപ്പോൾ ഒന്നാം സ്ഥാനം സ്തനാർബ്ബുദത്തിനാണ്. വളരെ ലളിതമായ സ്തനപരിശോധന കൊണ്ട് മാറിടത്തിലെ മുഴകൾ രോഗിക്കു സ്വയം കണ്ടുപിടിക്കാൻ കഴിയും. നേരത്തെ ആർത്തവമുണ്ടാകുന്ന പെൺകുട്ടികളിൽ സ്തനാർബ്ബുദത്തിനു സാദ്ധ്യത കൂടുതലാണെന്നു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് 20-ാം വയസ്സുമുതൽ ഓരോ പെൺകുട്ടിയും മാസംതോറും സ്വയം സ്തനപരിശോധന നടത്തണം. 20 മുതൽ 39 വയസ്സു വരെ മൂന്നു വർഷത്തിലൊരിക്കലും അതിനു ശേഷം വർഷത്തിലൊരിക്കലും ഡോക്‌ടറെ സമീപിച്ച് ക്ലിനിക്കൽ സ്തനപരിശോധന നടത്തിക്കണം. 35-ാം വയസ്സിൽ ബേസ്‍ലൈൻ മാമോഗ്രാഫിയും അതിനു ശേഷം രണ്ടു വർഷത്തിലൊരിക്കൽ വീതം മാമോഗ്രാഫിയും നടത്തണം. ചുരുക്കിപറയുകയാണെങ്കിൽ.

40 വയസ്സിനു താഴെ

  • മാസം തോറും സ്വയം സ്തന പരിശോധന
  • മൂന്നു വർഷത്തിലൊരിക്കൽ ക്ലിനിക്കൽ സ്തനപരിശോധന
  • 35 വയസ്സിനും 39 വയസ്സിനുമിടയ്‌ക്ക് മാമോഗ്രാഫി

40 വയസ്സു മുതൽ 49 വയസ്സു വരെ

  • മാസം തോറും സ്വയം പരിശോധന
  • വർഷത്തിലൊരിക്കൽ ക്ലിനിക്കൽ സ്തനപരിശോധന
  • ഒന്നോ രണ്ടോ വർഷത്തിലൊരിക്കൽ മാമോഗ്രാഫി

50 വയസ്സിനു മുകളിൽ

  • മാസം തോറും സ്വയം സ്തനപരിശോധന
  • വർഷം തോറും ക്ലിനിക്കൽ സ്തന പരിശോധന
  • വർഷം തോറും മാമോഗ്രാഫി
  • സ്വയം സ്തന പരിശോധന, ഡോക്‌ടർ നടത്തുന്ന ക്ലീനിക്കൽ സ്തനപരിശോധന, മാമോഗ്രാഫി എന്നിവയുടെയെല്ലാം വിശദവിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കണം.
  • കാൻസർ വരാൻ കൂടുതൽ സാദ്ധ്യതയുള്ളവർ ( ഉദാ: പാരമ്പര്യമായി സ്തനാർബ്ബുദമുണ്ടെങ്കിൽ 35 വയസ്സിനു ശേഷം 6 മാസത്തിലൊരിക്കൽ വീതം ഡോക്‌ടറെ കൊണ്ട് സ്തനപരിശോധന നടത്തിക്കണം.

മാമോഗ്രാഫി

  • സ്തനാർബ്ബുദം കണ്ടെത്താനായി നടത്തുന്നതാണ് മാമോഗ്രാഫി. ഇത് സ്തനങ്ങളുടെ എക്സറേ പരിശോധനയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഗർഭിണികൾ ഈ പരിശോധന ഒഴിവാക്കണം,
  • ടെസ്‌റ്റിനു മുമ്പ് എന്തെങ്കിലും ശസ്ത്രക്രിയ നടന്നിട്ടുണ്ടോ, ഹോർമോണുകൾ ഉപയോഗിച്ചിട്ടുണ്ടോ, പാരമ്പര്യമായി സ്തനാർബ്ബുദമുണ്ടോ എന്നീ കാര്യങ്ങൾ മുൻകൂട്ടി ഡോക്‌ടറെ അറിയിക്കേണ്ടതാണ്.
  • മുമ്പ് മാമോഗ്രാഫി നടന്നിട്ടുണ്ടെങ്കിൽ മാമോഗ്രാമിന്‍റെ കോപ്പികൾ ഡോക്‌ടറെ കാണിക്കുക. പുതിയ മാമോഗ്രാമുമായി താരതമ്യപ്പെടുത്താനിത് ഉപകരിക്കും.
  • ടെസ്‌റ്റിനു മുമ്പ് ആവശ്യമെന്നു തോന്നുകയാണെങ്കിൽ ഒരു വേദനാസംഹാരി ഗുളിക കഴിക്കാം.
  • മാമോഗ്രാഫി നടത്തുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുമ്പു തന്നെ കഫീനും (കാപ്പി, കോള) ഉപ്പും കുറയ്‌ക്കുക.
  • മാമോഗ്രാഫി ചെയ്യുമ്പോൾ സ്തനങ്ങളിൽ സമ്മർദ്ദം വരുന്നതു കൊണ്ട് അസ്വസ്ഥത തോന്നും. അതിനാൽ സ്തനങ്ങളിൽ വേദന കുറവുള്ള സമയമാണ് ഇതിനു വേണ്ടി തെരഞ്ഞെടുക്കേണ്ടത്. ആർത്തവത്തിനു തൊട്ടുമുമ്പുള്ള ആഴ്ച ഒഴിവാക്കുക (കാരണം, ആ സമയത്ത് മാറിടങ്ങളിൽ വേദന അനുഭവപ്പെടാറുണ്ട്) ആർത്തവം കഴിഞ്ഞുള്ള ആദ്യത്തെ ആഴ്ചയാണ് ഈ ടെസ്‌റ്റിന് അനുയോജ്യം.
  • മാമോഗ്രാഫിക്കു പോകുമ്പോൾ അതിനു യോജിക്കുന്ന വസ്‌ത്രങ്ങൾ ധരിക്കുക. (ഉദാ: പാവാടയും ബ്ലൗസ്സും, സൽവാർ കമ്മീസ്) കാരണം, മുകളിലെ വസ്‌ത്രം എളുപ്പത്തിൽ അഴിച്ചു മാറ്റാൻ കഴിയണം.
  • ടെസ്‌റ്റിനു മുമ്പ് പൗഡറോ മണമില്ലാതാക്കുന്ന ലോഷനുകളോ കക്ഷത്തിലും മാറിടത്തിലും വിതറാതിരിക്കുക. ഇത് എക്സറേയിൽ കാണാനിടയുണ്ട്.
  • ടെസ്‌റ്റ് നടത്തുമ്പോൾ ടെക്‌നീഷ്യൻ നിങ്ങളുടെ കൈയും സ്തനവും ശരിയായ സ്ഥിതിയിൽ ക്രമീകരിക്കുന്ന സമയത്ത് മാംസപേശികൾ തളർത്തിയിടുക. അനാവശ്യമായി ടെൻഷൻ തോന്നി മാംസപേശികൾ ബലം പിടിക്കരുത്. ടെസ്‌റ്റിനു മുമ്പ് അൽപനേരം ദീർഘശ്വാസ വ്യായാമമോ, ധ്യാനമോ നടത്തിയാൽ മാനസിക സമ്മർദ്ദം കുറയ്ക്കാം.
  • ടെസ്‌റ്റിന്‍റെ സമയത്ത് വേദനയിൽ കൂടുതൽ ശ്രദ്ധിക്കാതിരിക്കാൻ മറ്റെന്തെങ്കിലും കാര്യത്തിലോ ചുറ്റുമുള്ള സാധനങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുക.
  • കടുത്ത വേദന തോന്നുകയാണെങ്കിൽ ടെക്‌നീഷ്യനോടു പറയുക. അതിനനുസരിച്ച് സ്തനങ്ങളിലെ സമ്മർദ്ദം കുറയ്‌ക്കാൻ കഴിയും.
  • ടെസ്റ്റിനു പോകുമ്പോൾ വിലപിടിച്ച വസ്‌തുക്കൾ (ഉദാ: മൊബൈൽ, ആഭരണം, ക്രെഡിറ്റ് കാർഡുകൾ) എടുക്കാതിരിക്കുക. മറന്നു വെക്കാനോ നഷ്‌ടപ്പെടാനോ സാദ്ധ്യതയുണ്ട്.

പാപ്സ്മിയർ (സെർവൈക്കൽ സ്മിയർ) പരിശോധന

  • ഗർഭാശയ ഗള കാൻസർ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്നതാണ് പാപ് ടെസ്‌റ്റ് അഥവാ പാപ്സ്മിയർ പരിശോധന. ഇത് കണ്ടുപിടിച്ചത് ജോർജ്‌ജ് നിക്കോളാസ് പാപ്പനിക്കോളോ എന്ന ഗ്രീക്ക് ഡോക്‌ടറാണ്.
  • ലൈംഗിക ജീവിതമാരംഭിച്ച് മൂന്നു വർഷത്തിനകമോ 21 വയസ്സാവുമ്പോഴോ (ഏതാണ് ആദ്യം എന്നതനുസരിച്ച്) ആദ്യമായി പാപ്ടെസ്റ്റ് നടത്തണം.
  • 29 വയസ്സു വരെ എല്ലാ വർഷവും 30 മുതൽ 69 വയസ്സു വരെ രണ്ടുവർഷം കൂടുമ്പോഴും പാപ് ടെസ്‌റ്റ് ചെയ്യണം. എച്ച്പിവി എന്ന വൈറസ്സ് സംഭോഗം വഴി പകരുന്നതാണ് ഗർഭാശയ ഗളാർബ്ബുദത്തിനു കാരണം. പലപ്പോഴും കോശങ്ങളിൽ അർബ്ബുദത്തിന്‍റെ മാറ്റങ്ങൾ കണ്ടുപിടിക്കാമെങ്കിലും രോഗിക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല. അതുകൊണ്ട് പാപ്ടെസ്‌റ്റ് കൃത്യമായി നടത്തേണ്ടതാണ്. 30 വയസ്സു കഴിഞ്ഞവർക്ക് പാപ് ടെസ്റ്റിനോടൊപ്പം എച്ച്പിവി ടെസ്‌റ്റും നടത്താം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മുമ്പ് പാപ് ടെസ്‌റ്റ് നടന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് ഡോക്ടറോട് പറയുകയും റിപ്പോർട്ടുകൾ കാണിക്കുകയും ചെയ്യുക.
  • ആർത്തവത്തോടനുബന്ധിച്ച് അമിത രക്‌തസ്രാവമുണ്ടെങ്കിൽ ടെസ്‌റ്റ് നീട്ടി വയ്‌ക്കുക.
  • എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡോക്‌ടറോടും ചോദിക്കുക.
  • ടെസ്‌റ്റിന് ഒരു ദിവസം മുമ്പ് ശാരീരികബന്ധം നടത്താതിരിക്കുക.
  • ടെസ്‌റ്റിനു രണ്ടുദിവസം മുമ്പുവരെ, ഗർഭം തടയാനുള്ള ക്രീമുകൾ, ശുക്ലങ്ങളെ നശിപ്പിക്കുന്ന മരുന്നുകൾ, ഗർഭ നിരോധക വസ്‌തുക്കൾ, യോനിയിൽ നിക്ഷേപിക്കുന്ന മരുന്നുകൾ, ജെല്ലികൾ എന്നിവയൊന്നും യോനിയിൽ ഉപയോഗിക്കരുത്.
  • ടെസ്‌റ്റിനു മുമ്പ് ആന്‍റി സെപ്റ്റിക് ലോഷൻ ഉപയോഗിച്ച് യോനി കഴുകരുത്.
  • ഇപ്പോൾ ചിലതരം എച്ച്പി വൈറസ്സിൽ നിന്നും രക്ഷനേടാനായി സ്ത്രീകൾക്കും പെൺകുട്ടികൾക്കും നൽകാവുന്ന എച്ച്പിവി വാക്‌സിൻ കണ്ടുപിടിച്ചിട്ടുണ്ട്.
  • മുമ്പ് അർബുദമോ അർബുദ പൂർവ്വ സ്ഥിതിയോ ചികിത്സിച്ചു മാറ്റാനായി ഹിസ്റ്റ്റെക്ടമി (അതായത് ഗർഭപാത്രം നീക്കം ചെയ്യൽ) ചെയ്‌തിട്ടുണ്ടെങ്കിൽ കൃത്യമായി പാപ് ടെസ്‌റ്റ് ചെയ്യണം. പക്ഷേ വേറെ എന്തെങ്കിലും കാരണ വശാൽ ഗർഭാശയപാത്രവും ഗർഭാശയ ഗളവും മുഴുവനായി നീക്കം ചെയ്‌തിട്ടുണ്ടെങ്കിൽ പാപ് ടെസ്റ്റ് നടത്തേണ്ടതില്ല.

ഡി ആന്‍റ് സി (ഡൈലറ്റേഷൻ ആന്‍റ് ക്യൂരട്ടേജ്)

  • ഗർഭാശയ കാൻസർ കണ്ടുപിടിക്കാനും യോനിയിൽ നിന്ന് ഇടയ്ക്കിടെയുള്ള രക്തസ്രാവത്തിന്‍റെ കാരണമറിയാനുമായി ഡി ആന്‍റ് സി ചെയ്യാറുണ്ട്. പലപ്പോഴും ഡി ആന്‍റ് സി കൊണ്ട് രക്‌തസ്രാവം ഭേദമാവാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെസ്റ്റിനു മുമ്പുള്ള രാത്രിയിൽ ഭക്ഷണമൊന്നും കഴിക്കാതെ വെറും വയറോടെ രാവിലെ ടെസ്‌റ്റ് നടത്തണം. ഡോക്‌ടറോട് എല്ലാ രോഗലക്ഷണങ്ങളും മുമ്പു നടത്തിയ ചികിത്സകളുമെല്ലാം വ്യക്‌തമായി പറയുക.

പെൽവിസിന്‍റെ (അടിവയറിന്‍റെ) അൾട്രാ സൗണ്ട്

  • യോനി വഴി അൾട്രാസൗണ്ട് നടത്തി വേണ്ടി വന്നാൽ ബയോപ്സി പരിശോധനയും നടത്തുകയാണെങ്കിൽ ഗർഭപാത്ര കാൻസർ കണ്ടുപിടിക്കാം.
  • അടിവയറ്റിൽ വേദന കൂടുതലായി വെള്ളപോക്ക്, ആർത്തവ ക്രമക്കേടുകൾ എന്നീ അവസ്‌ഥകൾക്കു പുറമേ കാൻസർ സ്ക്രീനിംഗ് ടെസ്‌റ്റായും ഈ പരിശോധന നടത്താറുണ്ട്. ഗർഭിണികളിൽ ഒന്നിലധികം ഭ്രൂണങ്ങളുണ്ടോ എന്നറിയാനും ഭ്രൂണ വളർച്ചയും ഭ്രൂണത്തിന്‍റെ തൂക്കവും കണ്ടുപിടിക്കാനും മറുപിള്ളയുടെ സ്ഥാനമറിയാനും ഭ്രൂണത്തിന്‍റെ വൈകല്യങ്ങൾ മനസ്സിലാക്കാനും ഈ പരിശോധന സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ ടെസ്‌റ്റിനു വേണ്ടി മൂത്ര സഞ്ചി നിറഞ്ഞിരിക്കണം. ധാരാളം വെള്ളം കുടിക്കുക. ടെസ്‌റ്റിനു 2 മണിക്കൂർ മുമ്പു മുതൽ മൂത്രമൊഴിക്കരുത്.

വയറിന്‍റെ മുകൾ ഭാഗത്തിലെ അൾട്രാസൗണ്ട്

വയറുവേദന, നീണ്ടു നിൽക്കുന്ന പനി, അകാരണമായ തൂക്കക്കുറവ് എന്നീ ലക്ഷണങ്ങളുണ്ടാകുമ്പോൾ ഡോക്‌ടർ നിർദ്ദേശിക്കുന്നതിനനുസരിച്ച് ഈ പരിശോധന ചെയ്യാം. വയറ്റിനുള്ളിലെ അവയവങ്ങളുടെ (കരൾ, പിത്തസഞ്ചി, കിഡ്നി മുതലായവ) രോഗങ്ങൾ കണ്ടുപിടിക്കാനും ഈ ടെസ്‌റ്റ് നടത്താറുണ്ട്. ഈ ടെസ്‌റ്റിനു 3 മണിക്കൂർ മുമ്പ് മുതൽ ഭക്ഷണം കഴിക്കാതിരിക്കണം.

ഹിസ്റ്ററോ സ്കോപ്പി

ഗർഭാശയഗളം വികസിപ്പിച്ച് വലുതാക്കി അതിലൂടെ ഉപകരണം കടത്തി ഗർഭാശയത്തിന്‍റെ അകവശം പരിശോധിക്കുന്ന ടെസ്‌റ്റാണിത്. ഡി ആന്‍റ് സി പോലെ ഗർഭാശയ കാൻസർ, മുഴകൾ എന്നിവ കണ്ടുപിടിക്കാനും അമിത രക്‌തസ്രാവത്തിന്‍റെ കാരണം മനസ്സിലാക്കാനും ഫൈബ്രോയ്ഡ് പോലെയുള്ള ഗർഭ പാത്ര മുഴകൾ നീക്കം ചെയ്യാനും ഇതുപകരിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതിരിക്കുക അല്ലെങ്കിൽ ചുരുങ്ങിയത് നാലോ ആറോ മണിക്കൂറെങ്കിലും (ടെസ്റ്റിനു മുമ്പ്) ഭക്ഷണം കഴിക്കരുത്.

കോൾപോസ്കോപ്പി

ഗർഭാശയഗളത്തിന്‍റെ ബാഹ്യഭാഗം പ്രത്യേകതരം മൈക്രോസ്കോപ്പ് ഉപയോഗിച്ച് നേരിട്ട് പരിശോധിക്കുന്ന ടെസ്‌റ്റാണിത്. ഗർഭാശയ ഗളം അനാരോഗ്യകരമായ അവസ്‌ഥയിലാണെങ്കിലും ഗർഭാശ യഗളത്തിൽ എന്തെങ്കിലും മുഴകളോ വളർച്ചയോ ഉണെങ്കിലും പാപ്സ്പിയർ ടെസ്‌റ്റിൽ തകരാറുണ്ടെങ്കിലും ഈ ടെസ്‌റ്റ് നടത്താറുണ്ട്. ഈ ടെസ്റ്റിനു മുമ്പുള്ള രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതെ വെറും വയറോടെയാണ് ടെസ്‌റ്റ് നടത്തേണ്ടത്.

ലാപ്രോസ്കോപ്പി

ഇത് നടത്തേണ്ട സന്ദർഭങ്ങൾ

  • വന്ധ്യത
  • എൻഡോമെട്രിയോസിസ് എന്ന അസുഖം
  • അടിവയറ്റിൽ ദീർഘ കാല വേദന
  • ഗർഭപാത്രത്തിനു പുറമെയുള്ള ഗർഭധാരണം
  • അടിവയറ്റിലെ രോഗാണുബാധ
  • അണ്ഡാശയാർബ്ബുദത്തിന്‍റെ പ്രാരംഭം
  • വന്ധ്യകരണ ശസ്‌ത്രക്രിയയിൽ അണ്ഡവാഹിനിക്കുഴലുകൾ മുറിക്കുക.
  • അണ്ഡവാഹിനിക്കുഴലുകൾ വീണ്ടും യോജിപ്പിക്കുക.
  • അണ്ഡാശയങ്ങൾ, അണ്ഡാശയങ്ങളിലുണ്ടാവുന്ന മുഴകൾ. ബീജവാഹിനി കുഴലുകൾ, ഫൈബ്രോയ്ഡ് മുഴകൾ എന്നിവ നീക്കം ചെയ്യുക.
  • ഈ ടെസ്‌റ്റിനു മുമ്പ് രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതിരിക്കണം. ഗൈനക്കോളജിസ്‌റ്റിന്‍റെ അടുത്ത് പരിശോധ നയ്ക്കെത്തുമ്പോൾ പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
  • ടെസ്‌റ്റിനു തൊട്ടു മുമ്പ് ശാരീരിക ബന്ധം നടത്താൻ പാടില്ല. കാരണം സംഭോഗത്തിനു ശേഷം ഗർഭാശയ ഗളത്തിലുണ്ടാവുന്ന ചുവപ്പു നിറവും മറ്റു മാറ്റങ്ങളും അണുബാധയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ശുക്ലാണുക്കള്‍ ഉണ്ടായിരുന്നാൽ പാപ്സ്മിയർ പരിശോധിച്ചു മനസ്സിലാക്കാൻ പറ്റില്ല.
  • യോനീസ്രവത്തിന്‍റെ ഗന്ധം മാറ്റാനായി ടെസ്‌റ്റിനു മുമ്പ് ചില സ്ത്രീകൾ യോനി കഴുകാറുണ്ട്. അതു ശരിയല്ല. കാരണം രോഗാണുബാധ കണ്ടുപിടിക്കാനുപകരിക്കുന്ന യോനീസ്രവം കഴുകുന്നതിലൂടെ നഷ്‌ടമാകുന്നു. അതുകൊണ്ട് പലപ്പോഴും സ്മിയർ ടെസ്‌റ്റിൽ രോഗാണുക്കളെ കാണാൻ കിട്ടാറില്ല. ടെസ്‌റ്റിനു മുമ്പ് വെള്ളം കൊണ്ടോ ആന്‍റിസെപ്ടിക് ലോഷൻ കൊണ്ടോ യോനി കഴുകരുത്.
  • യോനിയിൽ ക്രീമുകൾ, ജെല്ലികൾ, മറ്റു ഗർഭനിരോധക വസ്‌തുക്കൾ എന്നിവ ടെസ്‌റ്റിനു മുമ്പ് ഉപയോഗിക്കാതിരിക്കുക.

ആധി പിടിക്കണ്ട ആപ്പുണ്ട്!

മാളിലോ തീയറ്ററിലോ, നിങ്ങളിനി എവിടെപോയാലും കൂട്ടിനൊരാൾ എപ്പോഴുമുണ്ടാവും. ഗ്ലീഗിയെന്ന ചങ്ങാതി. “അയ്യോ, അവളിപ്പോ എവിടെയായിരിക്കും ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ” എന്നൊന്നും പറഞ്ഞ് വീട്ടിലിരിക്കുന്ന അച്ഛനും അമ്മയ്ക്കും ഇനി ആധി പിടിക്കേണ്ടിയും വരില്ലെന്ന് ചുരുക്കം. ഈ ഗ്ലീഗി ആരാണെന്നല്ലേ.. പേരുപോലെ അരുമയായ കൂട്ടുകാരനോ കൂട്ടുകാരിയോ ആണ് ഗ്ലീഗി. കൂടുതൽ വ്യക്‌തമായി പറഞ്ഞാൽ നിങ്ങൾ എവിടെയുണ്ടെന്ന് കൃത്യമായ വിവിരം നൽകുന്ന ഒരു സ്വീറ്റ് ആപ് ആണ് ഗ്ലീഗി. അതുകൊണ്ട് അച്ഛനോടും അമ്മയോടും നിങ്ങൾ എവിടെ പോകുന്നുവെന്ന് പറയാൻ അവസരം കിട്ടിയില്ലെങ്കിൽ മൊബൈലിൽ ഗ്ലീഗിയെന്ന ആപ് ഉണ്ടെങ്കിൽ നിങ്ങളെ ഈസിയായി ട്രാക്ക് ചെയ്യാനാവും. മൂവാറ്റുപുഴ സ്വദേശിനി ശ്രീമോൾ വി എൽദോസ് എന്ന യുവ ടെക്കിയുടെ തലയിലുദിച്ച ആശയമാണ് ഈ ക്യൂട്ട് ചങ്ങാതി ഗ്ലീഗി. ഗൂഗിൾ മാപ്പിന്‍റെയും സോഷ്യൽ മീഡിയയുടെയും ഫീച്ചറുകൾ ചോർന്നതാണ് ഈ ആപ്പ്.

ഗ്ലീഗിയെന്ന ആശയം

“സേലത്ത് എൻജീനിയറിംഗ് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു നിർഭയ കേസ്. ആ സംഭവം എന്നെ വേദനിപ്പിച്ചു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നയാളാണ് ഞാൻ. സമൂഹമായി ഇഴുകിച്ചേർന്ന ജീവിതമാണ് എനിക്കിഷ്ടവും. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ എന്നെ വല്ലാതെ അലട്ടുന്നത് സ്വാഭാവികമായിരുന്നു. സ്ത്രീകൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിൽ നിന്നാണ് ഇങ്ങനെയൊരു സുരക്ഷാ ആപ്പിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നതു തന്നെ. ആ സമയത്ത് ഞാൻ ധൃതി പിടിച്ച് ആപ് നിർമ്മാണത്തിന് ശ്രമിച്ചില്ല. അന്ന് ആ രംഗത്ത് ധാരാളം പേരുണ്ടായിരുന്നു” ശ്രീമോൾ പറയുന്നു. എൻജിനീയറിംഗ് അവസാന വർഷ പ്രൊജക്റ്റ് ആയാണ് ഈ ആപ്പ് നിർമ്മാണം ശ്രീമോൾ തെരഞ്ഞെടുക്കുന്നത്.

“പെൺമക്കളുള്ള അമ്മമാർ, നിർഭയ, ജിഷ സംഭവങ്ങൾ കേൾക്കുമ്പോൾ എത്രമാത്രം ഭയക്കുന്നുണ്ടാകും. പെൺമക്കൾ വീടെത്താൻ നേരം വൈകിയാൽ വീട്ടിലുള്ളവർക്ക് ആധിയാകും. ഒട്ടും ധൈര്യമില്ലാത്ത അമ്മമാരാണെങ്കിൽ പറയുകയും വേണ്ട. മക്കൾ തിരിച്ചെത്തുംവരെ ചങ്കിടിപ്പായിരിക്കും. ഇതൊക്കെ ഓർത്തപ്പോഴാണ് ഒരു സെക്യൂരിറ്റി സിസ്റ്റം വേണമെന്ന് തോന്നിയത്. നെറ്റ്‍വർക്കും എന്‍റെ ആശയങ്ങളും ചേർത്ത് ഏറ്റവും യുണീക്കായ ഒന്നായിരിക്കണം ആപ് എന്നെനിക്ക് നിർബന്ധമായിരുന്നു. അതാണ് ഗ്ലീഗിയുടെ ആവിഷ്ക്കാരത്തിലേക്ക് നയിച്ചത്” ശ്രീമോൾ അഭിമാനത്തോടെ പറയുന്നു. ട്രാക്ക്, ട്രേസ് ആന്‍റ് ലൊക്കേറ്റ് എന്നതിലധിഷ്ഠിതമാണ് ഗ്ലീഗിയുടെ പ്രവർത്തനം.

ഗ്ലീഗിയുടെ പ്രവർത്തന രീതി

ഗൂഗിൾ മാപ്പിന്‍റെയും സോഷ്യൽ മീഡിയയുടെയും മെർജിംഗ് ആപ് ആണ് ഗ്ലീഗി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ. ഈ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് കൂട്ടുകാരെയോ വീട്ടുകാരെയോ ആപ്പിൽ ആഡ് ചെയ്ത് ഗ്രൂപ്പുണ്ടാക്കുകയാണ് ചെയ്യുക. പരസ്പരം ട്രാക്ക് ചെയ്യാൻ ഇത് സഹായിക്കും. ഗ്രൂപ്പിലുള്ള ഒരു വ്യക്‌തി ഈ സമയം എവിടെയാണെന്ന്. ഗൂഗിൾ ആപ്പുവഴി കൂട്ടുകാർക്കോ വീട്ടുകാർക്കോ അറിയാൻ കഴിയും.

ഇനി വല്ല പ്രതിസന്ധി ഘട്ടത്തിലോ അല്ലെങ്കിൽ വല്ല പ്രശ്നവുമുണ്ടായാലോ ഗ്ലീഗിയിലെ പാനിക്ക് ബട്ടൺ ഒന്നമർത്തുകയേ വേണ്ടൂ. ആഡ് ചെയ്ത മുഴുവൻ അംഗങ്ങൾക്കും സൂചന ലഭിക്കും. ഉടൻ തന്നെ അവർക്ക് ലൊക്കേഷനിലെത്തി നിങ്ങളെ സഹായിക്കാനാവും. അല്ലെങ്കിൽ മറ്റ് സഹായമെത്തിക്കാനാവും.

എന്നാൽ നിങ്ങളുടെ നമ്പറോ ഇമെയിൽ ഐഡിയോ ഇല്ലാതെ ഗ്രൂപ്പിലില്ലാത്ത ആർക്കും നിങ്ങളെ ട്രാക്ക് ചെയ്യാനാവില്ലെന്നതാണ് ഗ്ലീഗിയുടെ സുരക്ഷിതത്വം. ഗ്ലീഗി ആപ്പ് ഇറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 3500 ഡൗൺലോഡിംഗ് ആണ് നടന്നത്. ഇന്ത്യ കൂടാതെ ലോകമെമ്പാടും ഈ ആപ്പിന് ഉപഭോക്താക്കളുണ്ട്. ഗൂഗിൾ ആപ്പുകളിൽ 98-ാം സ്ഥാനമാണ് ഗ്ലീഗിയ്ക്ക്.

ഗ്ലീഗി എന്ന പേര്

“ഈ ആപ്പിന് യുണീക്കായ ഒരു പേര് വേണമെന്ന ചിന്തയിലാണ് ഗ്ലീഗിയെന്ന പേര് ഈ ആപ്പിനിട്ടത്. ഗൂഗിൾ എന്ന് പറയും പോലെ ഇമ്പമുള്ളതായിരിക്കണം ഗ്ലീഗി” ശ്രീ മോൾ ചിരിയോടെ പറയുന്നു. ലൊക്കേഷൻ ഷെയർ ചെയ്യാനുള്ള സൗകര്യം ഈ ആപ്പിൽ ഉണ്ട്. ഒരേ മാളിന്‍റെ രണ്ട് സ്ഥലങ്ങളിലായി നിൽക്കുന്ന കൂട്ടുകാർക്ക് ദാ ഞാൻ ഇവിടെയുണ്ടേയ് എന്ന് ലൊക്കേഷൻ ഷെയർ ചെയ്ത് അറിയിക്കാം. അതുകൊണ്ട് ഗ്ലീഗി കയ്യിലുണ്ടെങ്കിൽ ഉത്സവ പറമ്പിലെത്തിയാലും മാളിലെത്തിയാലും കൂട്ടുകാർ പരസ്പരം കാണാതെ പോകില്ലെന്ന് ഉറപ്പിക്കാം.

സേലം വിനായക മിഷൻ എൻജിനീയറിംഗ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസ് ആന്‍റ് എൻജിനീയറിംഗിൽ ബിരുദം നേടിയ ശ്രീമോൾ കൊച്ചി ഇൻഫോപാർക്കിലെ നാസ്ക്കോമിന്‍റെ സ്റ്റാർട്ട് അപ്പ് കമ്പനിയായി രൂപീകരിച്ച ഗ്ലീഗിയുടെ സിഇഒ ആണ്.

ചാർട്ടേഡ് അക്കൗണ്ടന്‍റായ വികെ എൽദോസിന്‍റെയും ഇന്ത്യൻ നേവിയിൽ നിന്നും വിരമിച്ച മേരിക്കുട്ടിയുടേയും മൂത്തമകളാണ് ശ്രീമോൾ. ഏക സഹോദരി സഞ്‌ജു ബിഡിഎസ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്.

ഗ്ലീഗിയുടെ അടുത്ത ഘട്ടത്തിന്‍റെ നിർമ്മാണം തുടർന്നു കൊണ്ടിരിക്കുകയാണ്. സമീപത്തുള്ള ആപ്പ് ഉപഭോക്‌താക്കളെ ലൊക്കേഷൻ അലർട്ട് ചെയ്യാൻ സാധിക്കും വിധം യൂബർ ടൈപ്പ് ട്രാക്കിംഗ് സംവിധാനമുള്ളതായിരിക്കും പുതിയ ഫീച്ചർ.

ഹിമകണങ്ങൾ കൂടെ നടക്കും ഹിമാചൽ പ്രദേശ്

ഭൂമി കൈകൾ നീട്ടി ആകാശത്തെ തൊടുന്നത് കണ്ടിട്ടുണ്ടോ…? അങ്ങനെയും ചില സ്ഥലങ്ങളുണ്ട് ഭൂമിയിൽ. അതിലൊന്നാണ് ഹിമാലയത്തിനോട് തൊട്ടു കിടക്കുന്ന ഹിമാചൽപ്രദേശ്. ഹിമകണങ്ങൾ ഭൂമിയിലേക്ക് പൊഴിയുന്ന നാട്. ശിവശക്തിയുടെ അഗ്നി മഞ്ഞു മലകളിൽ കത്തി പടരുന്നത് കൊണ്ട് കൂടിയാകാം ആ നാട് ഹണിമൂൺ ഡെസ്റ്റിനേഷനും കൂടി ഒന്നാമതായി പേര് കേട്ടത്. മഞ്ഞു പൂക്കൾ കൊണ്ട് മൂടിയ മല നിരകൾ നിറഞ്ഞ ആ നാട്ടിലേക്ക് നമുക്കൊന്ന് പോയാലോ…?

ആകാശം തൊടാൻ വെമ്പുന്ന മഞ്ഞു മലകൾ, താഴ്വരകൾ, നദികൾ, മിനുസമുള്ള ഉരുളൻ കല്ലുകൾ, വലിയ റോസാപ്പൂക്കൾ, തളിരിലയിട്ട ആപ്പിൾ തോട്ടങ്ങൾ, തണുപ്പ് കുപ്പായങ്ങൾ വിൽക്കുന്ന തെരുവുകൾ, ഗോതമ്പ് നിറമുള്ള ആളുകൾ, ചൂടു ചായ വിൽക്കുന്ന പെട്ടിക്കടകൾ, കല്ലും മരവും കൊണ്ട് മാത്രം കെട്ടിയുണ്ടാക്കിയ ചെറിയ വീടുകൾ, വളഞ്ഞു പുളഞ്ഞു താഴേക്കും അതേ ഉശിരോടെ മുകളിലേക്കും വലിഞ്ഞു കേറിപോകുന്ന റോഡുകൾ, ഒരുപാട് രോമങ്ങളുള്ള കണ്ടാൽ സിംഹത്തിന്‍റെ തലയെടുപ്പുള്ള തെരുവ് നായ്ക്കൾ, ഇതൊക്കെയായിരുന്നു ഞാൻ അവിടെ കണ്ട ചുരുക്കം ചില കാഴ്ചകൾ.

വളരെ അപ്രതീക്ഷിതമായിട്ടാണ് ഹിമാചൽപ്രദേശിന്‍റെ ഹൃദയ ഭാഗമായ മണാലി യാത്രക്കു അവസരമുണ്ടായത്. ജീവൻ പണയം വച്ചുള്ള യാത്രയായിരിക്കുമെന്ന ചിലരുടെ ഉപദേശം കേട്ടപ്പോൾ ഉള്ളൊന്നു നടുങ്ങിയെങ്കിലും പ്രിയപ്പെട്ടവരുടെ കൂടെയുള്ള യാത്ര ഒഴിവാക്കാൻ മനസ്സനുവദിച്ചില്ല. ആദ്യമായി ഡൽഹിയിൽ വരുന്ന ധന്യയുടെ മോഹമായിരുന്നു ഇങ്ങിനെയൊരു യാത്രയ്ക്ക് തുടക്കം കുറിച്ചത്.

എങ്ങനെ അവിടെ എത്തിപ്പെടുമെന്നായിരുന്നു ആദ്യത്തെ ചിന്ത. തീവണ്ടി ഗതാഗതം ചണ്ഡീഗഡ് വരെ മാത്രമേ ഉള്ളൂ. ഫ്ളൈറ്റ് വഴി പോകുന്നതും ഒരുപാട് ചെലവ് കൂടുതലാണ്. സ്വന്തമായി ഡ്രൈവ് ചെയ്‌തു പോകാൻ ധൈര്യം സമ്മതിച്ചില്ല. അങ്ങിനെയാണ് ഡൽഹിയിൽ നിന്നും 550 കിലോമീറ്റർ ദൂരെയുള്ള മണാലിയിലേക്കു പോകാൻ ടൂർ പാക്കേജുകാരുമായി ബന്ധപ്പെട്ടത്. അവർ എല്ലാം വിശദമായി തന്നെ പറഞ്ഞു തന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ഞങ്ങൾ രണ്ടു ഫാമിലികൾ ഒന്നിച്ചു അവരുടെ പാക്കേജിൽ ബുക്ക് ചെയ്‌തു. ഡൽഹിയിൽ നിന്നും മണാലിയിലേക്ക് വോൾവോ ബസ് മൂന്ന് ദിവസം ഹോട്ടൽ താമസവും അവിടുത്തെ കാഴ്ചകൾ കാണിക്കലും, തിരിച്ചു മണാലിയിൽ നിന്നും ഡൽഹിയിലേക്ക്. ഇതെല്ലാം പാക്കേജിൽ ഉൾപ്പെട്ടിരുന്നു.

3 ദിവസത്തെ യാത്ര തുടങ്ങുകയാണ്

വാക പൂക്കാൻ തുടങ്ങുന്ന ഏപ്രിൽ മാസത്തെ അവസാന ദിവസങ്ങളിലൊന്നിൽ ഡൽഹിയിലെ രാമകൃഷ്ണാശ്രമത്തിന്‍റെ മെട്രോ സ്റ്റേഷൻ പില്ലർ നമ്പർ 9 ൽ ഞങ്ങൾ എത്തി. ഡൽഹിയിൽ നിന്നും മണാലിയിലേക്കുള്ള വോൾവോ ബസിന്‍റെ സ്റ്റാർട്ടിംഗ് പോയിന്‍റ് ആയിരുന്നു അവിടെ. കൃത്യ സമയത്തു തന്നെ ബസ് പുറപ്പെടാൻ തുടങ്ങി.

ബസിലെ സീറ്റുകളിൽ ഫുൾ യാത്രക്കാരുണ്ടായിരുന്നു. ബസിൽ ഭൂരിഭാഗവും പുതിയതായി വിവാഹം കഴിച്ചു ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന ദമ്പതികളായിരുന്നു. അത് കണ്ടപ്പോഴാണ് ധന്യക്കൊരു സംശയമുണ്ടായത്. നവവധുവിന്‍റെ കൈകളിൽ നിറയെ ചുവന്ന ഒരു തരം പ്ലാസ്റ്റിക് വളകൾ ഇട്ടതു എന്തിനായിരുന്നുയെന്നത്. പഞ്ചാബികളുടെ ഒരു രീതിയാണത്. പുതുപ്പെണ്ണിങ്ങനെ ചുവന്ന വളകളിടുന്നത്. അതിനു ചൂടായെന്നാണ് അവർ പറയുന്നത്. ചൂട അഴിക്കുന്നതുവരെ അവർക്കു ഭർത്താവിന്‍റെ വീട്ടിൽ പാചകമൊന്നും ചെയ്യേണ്ട. രാജ്‌ഞിയെ പോലെ കഴിയാം. അത് അവരുടെ ഒരു രീതിയാണ്. ഒരു മാസം മുതൽ ഒരു കൊല്ലം വരെ എത്രവരെ വേണമെങ്കിലും ആ വളകൾ കൈയിലണിയാം. എന്ത് നല്ല രീതി അല്ലേ..

വോൾലോ ബസിലെ 14-15 മണിക്കൂർ യാത്ര. ആദ്യമായിട്ടാണ് ഇത്രയും ദൂരം ബസിലിരുന്ന് യാത്ര ചെയ്യുന്നത്. ഛർദ്ദിക്കുമെന്ന് പേടി കൊണ്ടു ആദ്യം തന്നെ മുൻകൂർ ജാമ്യം പോലെ ടാബ്‍ലെറ്റ് കഴിച്ചു. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡാണ്. പർവതം തുരന്ന് ഇടുങ്ങിയ റോഡുകളിലൂടെയാണ് യാത്രയെന്ന് ആദ്യം തന്നെ അറിയാമായിരുന്നു. ഡൽഹി കഴിഞ്ഞു ബസ് ഹരിയാന ബോർഡർ നരേലയും കഴിഞ്ഞു പ്രയാണം തുടർന്നു. ഹരിയാനയുടെയും പഞ്ചാബിന്‍റെയും തലസ്‌ഥാനമായ ചണ്ഡീഗഡ് എത്താൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്.

സൂര്യൻ കാണാമറയത്ത് പോയി മറയുന്നു. നക്ഷത്രങ്ങൾ മോണ കാട്ടി മിന്നാൻ തുടങ്ങി. നഗരം ആ സുന്ദര ദിവസത്തെയും വിഴുങ്ങാൻ തുടങ്ങുകയാണ്. ബസിലുള്ള യാത്രക്കാർ എല്ലാവരും എന്നെ പോലെ എത്രയും വേഗം നാളെ ഒന്ന് നേരം വെളുത്തിരുന്നെങ്കിൽ എന്ന് ആലോചിക്കുന്ന വരായിരിക്കുമോ? പല നാടുകളിൽ നിന്നും വരുന്നവർ. മലയാളികൾ, തമിഴ്നാട്ടുകാർ, നോർത്ത് ഇന്ത്യൻസ് എല്ലാവരുമുണ്ടായിരുന്നു. യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി എന്ന് ഞാൻ വെറുതെ ഓർത്തു പോയി. ഹരിയാനയിലെ ഡാബ എന്നറിയപ്പെടുന്ന ഭക്ഷണശാലകൾ ഒന്നൊന്നായി കഴിഞ്ഞു പോകുന്നു. അവസാനം പീപ്പിലി എന്ന സ്ഥലത്തെ ഒരു ഹോട്ടലിനു മുമ്പിൽ ബസ് നിർത്തി. 30 മിനിട്ടു ഹാൾട്ട് ഉണ്ട്. ഭക്ഷണം കഴിച്ചു വരാൻ അറിയിപ്പുണ്ടായി. എല്ലാവരും താഴെ ഇറങ്ങി അവരവർക്കു ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു തിരിച്ചു ബസിൽ കയറി. സമയം രാത്രി 9 മണി കഴിഞ്ഞു. എപ്പോഴോ ഉറങ്ങിപ്പോയി.

കണ്ണ് തുറക്കുമ്പോൾ ബസ് നിർത്തിയിട്ടിരിക്കുന്നു. സമയം രാവിലെ 4.30. ചണ്ഡീഗഡ് മണാലി നാഷണൽ ഹൈവേയിൽ 3 കിലോമീറ്റർ ദൂരമുള്ള ഓട്ട് എന്ന് പേരുള്ള ഒരു വലിയൊരു തുരങ്കമുണ്ട് മണ്ഡിയെന്ന സ്ഥലത്ത്. രാത്രിയിലെപ്പോഴോ ആ തുരങ്കം കഴിഞ്ഞ് പോയിരിക്കുന്നു. ഞാൻ കാണാതിരുന്നത് നന്നായി. ഇല്ലെങ്കിൽ തുരങ്കത്തിൽ മറ്റൊരു ദുരന്തം ആവുമായിരുന്നു ചിലപ്പോൾ ഞാൻ. ചുറ്റും നേരിയ ഇരുട്ടിന്‍റെ മറവിലിരുന്നു കുന്നുകളും മലകളും മാടി വിളിക്കുന്നതു പോലെ. ചായ കുടിക്കാൻ നിർത്തിയ ബസിൽ ചിലരൊക്കെ അപ്പോഴും നല്ല ഉറക്കമാണ്. ഇടയ്ക്കു കണ്ടക്ടർ വന്നു പറഞ്ഞു മൂന്ന് മണിക്കൂർ യാത്ര ഇനിയും ഉണ്ട്. രാവിലെ 8 മണിയാകുമ്പോൾ നമ്മൾ മണാലി എത്തിച്ചേരും. ആ സമയത്താണ് എന്‍റെ ഫോൺ റിംഗ് ചെയ്‌തത്.

ഈ അസമയത്ത് ആരായിരിക്കുമെന്ന് വിചാരിച്ച് നോക്കിയപ്പോൾ പരിചയമുള്ള നമ്പർ ആയിരുന്നില്ല. ഹലോ പറഞ്ഞപ്പോൾ ടൂർ പാക്കേജുകാർ ഏർപ്പാടാക്കിയ ടാക്‌സി ഡ്രൈവറുടെ വിളിയായിരുന്നു എവിടെയെത്തിയെന്നറിയാൻ. കുളു എത്തിയാൽ അറിയിക്കണമെന്ന് പറയാനായിരുന്നു ആ കാൾ (തണുപ്പ് പെയ്യുന്ന പുലർച്ചയിലും തൊഴിലിനോടുള്ള നീതി പുലർത്തുന്നവർ. ആദരവ് താന്നി അയാളോട്) കുളുവിൽ നിന്നും 40 കിലോമീറ്റർ ദൂരെയാണ് മണാലി. കുളുവിൽ എത്താൻ ഇനിയും 80 കിലോമീറ്റർ ഉണ്ട്. എനിക്കവിടെയിറങ്ങി, ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ആ മലകളോട് മൗനമായൊന്നു സംസാരിക്കാനും ആ മണ്ണിലൊന്നു കാൽപാദം തൊട്ടു അവിടുത്തെ തണുപ്പിന്‍റെ ചൂടറിയാനും കൊതി തോന്നിയിരുന്നു. യാത്രയുടെ അവസാന മണിക്കൂറുകൾ പിന്നിട്ട് പോവുകയാണ്. ഇനി എന്തായാലും ഉറങ്ങില്ലായെന്നു തീരുമാനിച്ചു ചിലരൊക്കെ അപ്പോഴും നല്ല ഉറക്കത്തിലാണ്.

വളരെ വീതി കുറഞ്ഞ റോഡുകൾ. വളവും തിരിവും അപ്പോഴാണ് ശരിക്കറിയുന്നത്. സൂര്യൻ ഭൂമിയെ വിളിച്ചുണർത്താനുള്ള പുറപ്പാടിലാണ്. ദൂരെ മലമുകളിൽ ചുവപ്പ് പടരുന്നു. കിളികൾ പറക്കാൻ തുടങ്ങി. റോഡിന്‍റെ ഒരു വശത്തു കൂടെ ഒരു നദി ബസിന്‍റെ കൂടെ തന്നെ ഒഴുകുന്നുണ്ട് ചാഞ്ഞും ചെരിഞ്ഞും അടുത്തും അകന്നുമൊക്കെ. നദിയിലെ വലിയ ഉരുളൻ കല്ലുകൾ മീനുകൾ തടവി മിനുസ്സപ്പെടുത്തിയത് പോലെയുണ്ടായിരുന്നു. ബസ് ഉയരത്തിലേക്ക് കയറുകയാണ്. കുളു എത്താറായിരിക്കുന്നു. ചുറ്റും ആപ്പിൾ മരങ്ങൾ കാണാൻ തുടങ്ങി. പൂക്കളും കായ്കളും ഇല്ലാത്ത ആപ്പിൾ മരങ്ങൾ. അവ പൂക്കാൻ തുടങ്ങുന്നത് ഓഗസ്റ്റ് മാസത്തിലാണ്. (കാലം തെറ്റി എവിടെ എങ്കിലുമൊരു ആപ്പിൾ മരം പൂവിട്ടിട്ടുണ്ടോയെന്ന് പോയി നോക്കിയാലോ. വെറുതെ ഒരു മോഹം)

ഞങ്ങൾ കുളുവിൽ എത്തി. ടാക്സി ഡ്രൈവറെ വിളിച്ചു ഞാൻ വിവരം അറിയിച്ചു. രണ്ടു മണിക്കൂറിൽ മണാലി എത്തും. ബസ് വീണ്ടും പോകാൻ തുടങ്ങി ഹിമാലയത്തിനു അടുത്തേക്ക്. ഭൂമിയിലെ പറുദീസ പോലെ സുന്ദരമായ കാഴ്ചകൾ. പുഴയ്ക്ക് ചുറ്റും മരങ്ങൾ, മലനിരകൾ… പിന്നെ അങ്ങ് ദൂരെ പർവ്വതങ്ങൾക്കു മുകളിൽ വെളുത്ത പരവതാനി പോലെ മഞ്ഞു കട്ടകൾ. സൂര്യന്‍റെ വെളിച്ചം ടോർച്ച് വെളിച്ചം പോലെ കത്തിയും കെട്ടും മലനിരകളെ പുണരുന്നു. ഇടയ്ക്കു പുഴയിലേക്കും അത് പരക്കുന്നുണ്ട്.

സമയം രാവിലെ 7.30 ഞങ്ങൾ മണാലിയിലെത്തി. കാലാവസ്‌ഥ നിരീക്ഷണത്തിന്‍റെ പ്രവചനം വിശ്വസിച്ച്, കൊടും തണുപ്പൊന്നും ഉണ്ടാകില്ലായെന്ന് കരുതി തണുപ്പ് കുപ്പായങ്ങൾ വളരെ കുറച്ച് മാത്രമാണ് കരുതിയിരുന്നത്. എന്നാൽ ആ തീരുമാനത്തെ മനസ്സിൽ ശരിക്കും ശപിക്കുമാറ് മണാലിയിലെ നിലത്തു കാലെടുത്തു വച്ചത് 4 ഡിഗ്രി തണുപ്പിലേക്കായിരുന്നു. എല്ലാവരും തണുത്തു വിറക്കുന്നുണ്ടായിരുന്നു. ഒരിക്കൽ പോലും തണുക്കുന്നു എന്ന് പറയാത്ത ദയകുട്ടി തണുപ്പടിച്ച് അമ്മയുടെ ഒക്കത്ത് കേറി. എങ്കിലും ചുറ്റുമുള്ള കാഴ്ച ആ തണുപ്പിനെ ഒക്കെ മറികടന്ന് മനസ്സിലേക്ക് ഇളം വെയിൽ പരത്തി.

ഞങ്ങളുടെ ടാക്‌സി ഡ്രൈവർ അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ബസ് സ്റ്റാൻഡിൽ നിന്നും വെറും 10 മിനിട്ടു ദൂരത്തായിരുന്നു ബുക്ക് ചെയ്‌ത ഹോട്ടൽ. ഹോട്ടലിലെ വെൽകം ഡ്രിങ്കായ ചൂട് കാപ്പി തണുപ്പിനെ കുറച്ചൊന്നു ശമിപ്പിച്ചു. കുറച്ചു നേരം റസ്റ്റൈടുത്ത് ഫ്രഷായി കഴിഞ്ഞ് വിളിച്ചാൽ മതി ആ സമയത്ത് വരാമെന്ന് പറഞ്ഞു ടാക്സി ഡ്രൈവർ പോയി.

himachal

സമതല പ്രദേശത്തു നിന്നും 6700 അടി ഉയരത്തിൽ, ഹിമാലയത്തിന്‍റെ തൊട്ടടുത്താണിപ്പോൾ ഞാനുള്ളതെന്നു വിശ്വസിക്കാൻ പ്രയാസം. ഹോട്ടൽ മുറിയിലെ കാഴ്ചകളിൽ പ്രിയം ദൂരെ മഞ്ഞു മൂടിയ മലനിരകളായിരുന്നു. സമയം 12 മണിയായി. ഞങ്ങൾ പ്രഭാത ഭക്ഷണമൊക്കെ കഴിച്ച് പുറം കാഴ്ചകൾ കാണാനുള്ള തിടുക്കത്തിലായി.

ഡ്രൈവർ കം ഗൈഡിന്‍റെ സഹായത്തോടെ ആദ്യം പോകാൻ തീരുമാനിച്ചത് ഹോട്ടലിൽ നിന്നും 4 കിലോമീറ്റർ മാത്രം ദൂരമുള്ള ഹിഡുംബി ക്ഷേത്രത്തിലേക്കായിരുന്നു. വീതി കുറഞ്ഞ തിരക്കുള്ള റോഡിലൂടെ ഞങ്ങൾ ക്ഷേത്രത്തിന്‍റെ മുന്നിലെത്തി. അവിടെ തന്നെ ഹിഡുംബിയുടെ മകൻ ഘടോൽകചനേയും പൂജിക്കുന്ന സ്‌ഥലവും കാണാം. മഹാഭാരത കഥയിലെ നെടും തൂണും, രണ്ടാമൂഴത്തിലെ പ്രധാന കഥാപാത്രവുമായ ഭീമന്‍റെ പത്നിയുടെയും മകന്‍റെയും സാമീപ്യങ്ങൾ നിറഞ്ഞ അന്തരീക്ഷം.

വെറും വലിയ രണ്ടു ദേവതാരു വൃക്ഷങ്ങളാണ് ഘടോൽക്കചന്‍റെ പ്രതീകമായി അവിടെ കണ്ടത്. അതിലെ ഒരു മരത്തിനു ചുറ്റും തറ പോലെ കെട്ടിയുണ്ടാക്കി അതിൽ കല്ല് കൊണ്ട് കൊത്തിയ ചെറിയ കറുത്ത ആൾരൂപങ്ങളെ നിരത്തി വച്ചിട്ടുണ്ട്. ആ മരത്തിന്‍റെ തന്നെ താഴേക്ക് തൂങ്ങിയാടുന്നൊരു കൊമ്പിൽ വലിയൊരു പിച്ചള മണി തൂക്കിയിട്ടിരിക്കുന്നു. മറ്റേ മരത്തിന്‍റെ തടിയിൽ അസുരന്മാരെ ഓർമ്മിപ്പിക്കുന്ന മൃഗങ്ങളുടെ തലയോട്ടിയും കൊമ്പുകളും പിന്നെ കുറെ ശൂലങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

അവിടെയും തണുപ്പ് കുപ്പായങ്ങൾ വിൽക്കുന്നവരുണ്ട്. അവരിൽ കൂടുതലും സ്ത്രീകളാണ്. ഞങ്ങൾ പിന്നെ നേരെ ഹിഡുംബി ക്ഷേത്രത്തിലേക്ക് പോയി. ഒറ്റത്തടിയിൽ, അധികം ശിഖരങ്ങൾ ഇല്ലാതെ ഒരുപാട് ഉയരത്തിലേക്ക് വളർന്നു നിൽക്കുന്ന ദേവതാരു വൃക്ഷങ്ങളാണ് ചുറ്റും. അതിൽ തിങ്ങി നിറഞ്ഞ സൂചിമുന പോലുള്ള ഇലകൾ തണുപ്പിനെ ചെറുത്തു നിൽക്കാൻ വേണ്ടിയാണെന്ന് പറയുന്നു.

പെട്ടെന്നാണ് എന്‍റെ കാതിൽ ഒരു മിണ്ടാപ്രാണിയുടെ പിടച്ചിൽ കേട്ടത്. യാക് വിളിക്കുന്ന പശുവിന്‍റേതായിരുന്നു അത്. മൂക്കിലൂടെ പ്ലാസ്റ്റിക്ക് കയറിട്ടു, വളരെ ക്രൂരമായി വലിച്ചിഴച്ചു അതിന്‍റെ പുറത്തു വിനോദ സഞ്ചാരികളെ കയറ്റി ഇരുത്തി സവാരി ചെയ്യിപ്പിക്കുകയാണവിടെ. നിറയെ മരങ്ങൾക്കിടയിൽ നാല് തട്ടുകൾ പോലെ തോന്നിപ്പിക്കുന്ന ഒരു പ്രത്യേകതരം കെട്ടിടം. കാട്ടിലെ ഒറ്റപ്പെട്ടു പോയൊരു കൊച്ചു കൊട്ടാരം ഓർമ്മിപ്പിച്ചു. അവിടെ ഹിഡുംബിയുടെ ചിലങ്ക മണികളുടെ നാദം ഒറ്റത്തടി മരങ്ങളുടെ ഇലകളെ പ്രകമ്പനം കൊള്ളിക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിനുള്ളിലെ മൂർത്തിയിൽ ആവാഹിച്ച ഹിഡുംബിയെ എന്തുകൊണ്ടോ ഞങ്ങൾ കാണാൻ പോയില്ല.

ചെറിയ പടികൾ ഇറങ്ങി ഞങ്ങൾ താഴേക്കു റോഡിലിറങ്ങി. അവിടെ ഞങ്ങളുടെ വണ്ടിയും എത്തി. അപ്പോഴേക്കും സമയം 2 മണിയായി. എല്ലാവർക്കും വിശക്കുന്നുണ്ടായിരുന്നു. കുത്തനെ കയറ്റമുള്ള റോഡിലൂടെ 10 മിനിറ്റ് യാത്ര ചെയ്‌തു ഞങ്ങളൊരു ഹോട്ടലിൽ കയറി. രണ്ടു നിലകൾ മാത്രമുള്ള കെട്ടിടത്തിന്‍റെ മുകളിലെ നിലയിലായിരുന്നു ഭക്ഷണം. ഞങ്ങൾ ഗോവണി കയറി മുകളിലെത്തിയപ്പോൾ കണ്ട കാഴ്ച അക്ഷരങ്ങളിലൂടെ വർണ്ണിക്കാൻ കഴിയുന്നതല്ല.

himachal

ഇളം വെയിൽ പരന്നു കിടക്കുന്ന ഒരു വലിയ വരാന്തയിലായിരുന്നു ഇരിപ്പിടങ്ങൾ. താഴേക്ക് നോക്കിയാൽ ബിയാസ് നദി ഒഴുകുന്നത് കാണാം. കണ്ണെത്തും ദൂരം മുഴുവൻ മലനിരകൾ. അതിനു മുകളിൽ പഞ്ഞി തൊപ്പി പോലെ മഞ്ഞു മൂടി കിടക്കുന്നു. തണുപ്പുള്ള കാറ്റിലും ഞങ്ങൾ സംതൃപ്തിയുടെ നീര് കുടിക്കുകയായിരുന്നു. ഹോട്ടലിന്‍റെ പേര് തന്നെ വേൾഡ് പീസ് എന്നായിരുന്നു. ശരിക്കും പേരിനൊത്ത സ്‌ഥലം. ഭക്ഷണം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വീണ്ടും വരാമെന്നു ഹോട്ടൽകാരോടും ബിയാസ് നദിയോടും ഞങ്ങൾ പറയുകയായിരുന്നു.

പിന്നേ നേരെ പോയത് അവിടെ അടുത്ത് തന്നെയുള്ള വസിഷ്ഠ ക്ഷേത്രത്തിലേക്കാണ്. 4000 കൊല്ലം പഴക്കമുള്ള ക്ഷേത്രമാണത്. പണ്ട് വിശ്വാമിത്രമുനി വസിഷ്ഠ മുനിയുടെ മക്കളെ ശപിച്ചു കൊന്നു. അതിൽ വസിഷ്ഠ മുനി ഹൃദയം നൊന്ത് ബിയാസ് നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ പോയിരുന്നു. പക്ഷേ ബിയാസ് നദി മുനിയുടെ ജീവനൊടുക്കാൻ വിസമ്മതിച്ചു. അങ്ങിനെ വസിഷ്ഠ മുനിയുടെ ആശ്രമമാണ് പിന്നീട് ക്ഷേത്രമായത്. ആ ഗ്രാമം വസിഷ്ഠ ഗ്രാമം എന്നറിയപ്പെട്ടു.

അവിടെയുള്ള വേറൊരു അത്ഭുതമെന്നു പറയുന്നത് മൈനസ് ഡിഗ്രി തണുപ്പിലും ചൂടുള്ള വെള്ളത്തിന്‍റെ ഒരുറവ! പ്രകൃതിയെന്ന അമ്മ അവിടെയുള്ള ഗ്രാമവാസികൾക്ക് കനിഞ്ഞു നൽകിയതാണ്. അരിയും പരിപ്പും പോലും ആ ചൂട് വെള്ളത്തിൽ വെന്തു കിട്ടുമെന്ന് പറയുന്നു. സൾഫറിന്‍റെ അതിപ്രസരമുള്ള ഈ വെള്ളം എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ഒറ്റമൂലി ഔഷധമായും ഉപയോഗിക്കുന്നുണ്ട്.

ക്ഷേത്രത്തിനുള്ളിൽ കറുത്ത കല്ലിൽ കടഞ്ഞെടുത്ത ആരാധനമൂർത്തിയെ മുണ്ട് ഉടുപ്പിച്ചിട്ടുണ്ട്. (അവർ ദോത്തിയെന്നു പറയും) ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് വെറും മരവും കല്ലും കൊണ്ട് മാത്രമാണ്. മരത്തിൽ കൊത്തുപണികൾ ചെയ്‌ത് മേൽക്കൂര ആകർഷകമാക്കിയിട്ടുണ്ട്. മോഡേൺ ആർക്കിടെക്റ്റുകൾ പോലും തോറ്റു പോകുന്ന ഡിസൈനുകൾ.

സമയം 5 മണി കഴിഞ്ഞു. ഞങ്ങൾക്കു തിരിച്ചു പോകേണ്ട സമയമായി. തണുപ്പും കൂടി കൂടി വന്നു. ഞങ്ങളെ മണാലിയിലെ മാല്‍ റോഡിൽ ഇറക്കി കാബ് തിരിച്ചു പോയി. മാ ല്‍ റോഡ് മണാലിയിലെ ഷോപ്പിംഗ് മാർക്കറ്റ് ആണ്. അവിടെ നിന്ന് ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് വെറും 5 മിനിട്ടു നടക്കാനുള്ള ദൂരമേയുള്ളൂ. അതുകൊണ്ടു തന്നെ ഞങ്ങൾ അവിടെയിറങ്ങി.

അടുത്ത് തന്നെ ഒരു ബുദ്ധമത ടെമ്പിൾ ഉണ്ട്. വലിയൊരു ബുദ്ധപ്രതിമയായിരുന്നു അതിന്‍റെ ഉള്ളിൽ. കനത്തൊരു നിശബ്ദത ബുദ്ധനെ കൂടുതൽ ധ്യാനനിരതനാക്കിയ പോലെയുണ്ടായിരുന്നു. പുറത്തു പ്രദിക്ഷണ വഴിയിൽ ചുറ്റും മണിമന്ത്ര എന്ന ചക്രം കൈകൊണ്ടു ഉരുട്ടാൻ പാകത്തിൽ സ്‌ഥാപിച്ചിട്ടുണ്ട്. എല്ലാവരും അത് ഉരുട്ടിയാണ് പ്രദിക്ഷണം വയ്ക്കുന്നത്. അതിനു പുറത്തും വെറൊരു കെട്ടിടത്തിൽ മേൽക്കൂര മുതൽ തറ വരെ തൊട്ടു കൊണ്ടു വലിയൊരു മണിമന്ത്ര ചക്രം സ്‌ഥാപിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് ഒരാളെ കൊണ്ടത് തിരിക്കുക പ്രയാസം. അതിനൊരു കയറും കെട്ടിയിട്ടുണ്ട്. ഞങ്ങൾ എല്ലാവരും കൂടി ആ കയറിൽ പിടിച്ചൊന്നു കറക്കി ഒരുവട്ടം. അത് കറക്കുമ്പോൾ എന്തോ ഒരു മന്ത്രം കൂടി ചൊല്ലുമെന്നു അവിടെ ഉള്ളവർ പറഞ്ഞിരുന്നു. മണിമന്ത്രം പോലെ ഒന്നാണത്രേ അത്.

പുറത്ത് ഇരുട്ട് പരക്കാൻ തുടങ്ങി. മാർക്കറ്റ് സജീവമാണ്. നിറയെ ആളുകൾ. ഇടയ്ക്കിടയ്ക്ക് ഇരിക്കാൻ സൗകര്യത്തിൽ ബഞ്ചുകളും ഉണ്ട്. ഞങ്ങൾ 8 മണി വരെ അവിടെ ചെലവഴിച്ചു. രാത്രി ഭക്ഷണം താമസിക്കുന്ന ഹോട്ടലിലെ പാക്കേജിൽ ഉൾപ്പെട്ടിരുന്നു. തിരിച്ചു ഹോട്ടലിൽ എത്തിയ ഞങ്ങൾ അന്നത്തെ കാഴ്ചകൾ മുഴുവൻ പകർത്തിയ ക്യാമറയിലെ ഫോട്ടോകൾ നോക്കിയിരുന്നു. മറക്കാനാവാത്ത ഒരു ദിവസം കൂടി തീരുകയാണ്. തണുപ്പിന്‍റെ കാഠിന്യത്തിലും ഓർമ്മകളെ നിങ്ങൾക്കെന്തൊരു ചൂട്.!!

തണുപ്പ് മണക്കുന്ന ഹിമാചൽപ്രദേശിലെ രണ്ടാമത്തെ ദിവസം

വലിയൊരു ടാസ്ക്കാണ് അന്ന് ഞങ്ങൾ ചെയ്യാൻ പോകുന്നതെന്ന് ആദ്യം അറിയില്ലായിരുന്നു. മണാലിയിൽ നിന്നും 20 കിലോമീറ്റർ ദൂരെയുള്ള ഗുലാബയിലേക്കായിരുന്നു അന്നത്തെ യാത്ര. താമസിക്കുന്ന ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിഞ്ഞു 10 മണിയായപ്പോഴേക്കും പോകാൻ ഞങ്ങൾ റെഡിയായി. ക്യാബും ആ സമയത്തേക്ക് ഹോട്ടലിൽ എത്തിയിരുന്നു. പിന്നെയും ഞങ്ങൾ ഉയരത്തിലേക്കാണ് പോകുന്നത്. റോഡിന്‍റെ ഇരുവശത്തും ഭൂമിയുടെ ഹൃദയത്തിന്‍റെ ഇസിജി ഗ്രാഫ് പോലെ ഉയർന്നു താഴ്ന്ന് നിൽക്കുന്ന വലിയ പർവത നിരകളും അഗാധഗർത്തങ്ങളും. അതിൽ നിറയെ പൈൻ മരങ്ങളും ദേവദാരു വൃക്ഷങ്ങളും നിറഞ്ഞ് കരിമ്പച്ച കാടുകൾ പോലെയുണ്ടായിരുന്നു. കുത്തനെയുള്ള കയറ്റം കാതിൽ തേനീച്ചയുടെ മൂളലുണ്ടാക്കി. വേറെയും വിനോദയാത്രക്കാരുടെ വാഹനങ്ങൾ ഞങ്ങൾക്ക് മുന്നിലും പിന്നിലും ഉണ്ടായിരുന്നു. പാതയോരത്ത് ഇടയ്ക്കിടെ തൂക്കിയിട്ടിരിക്കുന്ന ട്രക്കിംഗ് ഡ്രസ്സ് കാണുന്നുണ്ട്.

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ക്യാബ് ഒരു കടയുടെ മുമ്പിൽ നിർത്തി ഡ്രൈവർ പറഞ്ഞു “നിങ്ങൾക്കും ഈ ഡ്രസ്സ് വാങ്ങേണ്ടി വരും. കാരണം മുകളിൽ മഞ്ഞും തണുപ്പും കൂടുതലാണ്. ഈ ഡ്രസ്സുകൾ മുഴുവൻ നിങ്ങളുടെ പാകത്തിന് ഇവിടുന്ന് വാടകയ്ക്ക് കിട്ടുമെന്നും. ഞങ്ങൾ ആ റോഡ് സൈഡിലെ കടയിൽ കയറി. അവിടെയും കുറെ ആളുകൾ ഇങ്ങനെ വാങ്ങാൻ വന്നിരിക്കുന്നവരാണ്. ശരീരം മുഴുവൻ മറക്കുന്ന സ്പോഞ്ചു ഉള്ളിൽ നിറച്ചുള്ള ഒരുതരം ട്രാക്സ്യൂട്ട് പോലെയുള്ള ഒറ്റപ്പീസ് കുപ്പായമായിരുന്നു അത്. തൊപ്പിയും അതിന്‍റെ കൂടെത്തന്നെ ഉണ്ടായിരുന്നു. കൂടെ വൂളൻ സോക്സും ബൂട്സും കയ്യിലിടാൻ ഹാൻഡ് ഗ്ലൗസും തന്നു. അപ്പോൾ തന്നെ ഏതാണ്ട് തണുപ്പിന്‍റെ കാഠിന്യം ഞങ്ങൾക്ക് മനസ്സിലായി.

വീണ്ടും യാത്ര ദൂരെ ഉയരത്തിലേക്ക്

മഞ്ഞു മൂടി കിടക്കുന്ന മലനിരകൾ. അവിടേക്കു കുതിക്കുകയാണ് ഞങ്ങൾ. വളവും തിരിവുമുള്ള റോഡുകൾ. ഡ്രൈവറുടെ മനസ്സാന്നിധ്യം അപാരം. കുറച്ചൊന്നു ശ്രദ്ധ തെറ്റിയാൽ ആലോചിക്കാൻ കൂടി വയ്യാ. എങ്കിലും ആകാശം കൈയെത്തി പിടിക്കാൻ പോകുന്നൊരു പ്രതീതിയായിരുന്നു. അവസാനം ഞങ്ങൾ സോലാങ് വാലിയെന്ന താഴ്വരയിലെത്തി. സോലാങ് വാലിയിൽ നിന്നും 6 കിലോമീറ്റർ കൂടി പോയാൽ റോത്താങ് പാസ് എന്ന സ്‌ഥലത്തെത്താം. പക്ഷേ അവിടേക്കു പോകാനുള്ള റോഡും ക്ലോസ് ചെയ്തിരിക്കുന്നു. മഞ്ഞു വീഴ്ചയിലും മഴയിലും അവിടേക്കു പോകുന്ന വിനോദസഞ്ചാരികളെ ടൂറിസം ഡിപ്പാർട്ട്മെന്‍റ് നിരോധിച്ചിരിക്കുന്നതാണ് കാരണം.

ഞങ്ങൾക്ക് പോകേണ്ടത് ഗുലാബയിലേക്കാണ്. അപ്പോഴല്ലേ കഥയറിയുന്നത്. മഞ്ഞു പെയ്യുന്ന കുന്നിന്‍ മുകളിലെത്താൻ ഇനി കാൽനട തന്നെ വേണമെന്ന്. അവിടുന്നങ്ങോട്ട് വാഹനങ്ങൾ പോകില്ല. ഞങ്ങളെല്ലാവരും ഇറങ്ങി ചുറ്റുപാടും ഒന്ന് നോക്കി. കുറെ ആളുകളുണ്ട്. കയറുന്നവരും ഇറങ്ങുന്നവരും. എല്ലാവരുടെ കൈയിലും ഒരു ഊന്നുവടിയുമുണ്ട്. അപ്പോഴാണ് അടുത്തു തന്നെ 20 രൂപക്കും 15 രൂപക്കും വടി വിൽക്കുന്നവരെ കാണുന്നത്. തിരിച്ചു വരുമ്പോൾ അതവർക്ക് തിരിച്ചു കൊടുക്കുകയും വേണം. ഊന്നുവടിയുമായി ഞങ്ങൾ നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും ആരോ വിളിക്കുന്നു.

നല്ല സുമുഖനായ ഗോതമ്പു നിറമുള്ള ഒരു ചെറുപ്പക്കാരൻ കൂളിംഗ് ഗ്ലാസ്സ് ഒക്കെ വച്ച് ഋതിക് റോഷൻ സ്റ്റൈലിൽ ചിരിച്ചു കൊണ്ട് ചോദിക്കുന്നു. “കുട്ടിയെ മുകളിലെത്തിക്കാൻ ആളെ വേണോയെന്ന്” ദയകുട്ടിയെ മുകളിലെത്തിക്കാൻ പാടുപെടുമെന്നു അയാൾ പറയുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ സംശയിച്ചു. പിന്നെയും അവൻ വിശദീകരിച്ചു. മുകളിലെത്താൻ പ്രയാസമാകും. കുട്ടിക്ക് ഒറ്റയ്ക്ക് കയറാൻ പറ്റില്ല. നിങ്ങൾക്ക് കുട്ടിയെ എടുത്തു കയറാൻ സാധിക്കില്ല എന്നൊക്കെ. അവന്‍റെ ചാർജ് എത്രയെന്ന് ചോദിച്ചു. 1500 രൂപയാണ് പറഞ്ഞത്. ഞങ്ങൾ സമ്മതിച്ചു. കൂടെ അവന്‍റെ പേരും ചോദിച്ചു. ചന്ദാ ഠാക്കൂർ.

പൂർണ്ണ ചന്ദ്രനെ പോലെ തന്നെയുള്ളവൻ. ദയകുട്ടിയെ തോളിൽ കയറ്റി ഇരുത്തി അയാൾ യാത്ര തുടങ്ങി. 5 മിനിട്ട് കഴിഞ്ഞപ്പോൾ തന്നെ കയറ്റത്തിന്‍റെ കാഠിന്യം മനസ്സിലായി. കയറ്റം കയറാൻ പ്രത്യേകിച്ച് വഴിയൊന്നുമില്ല. കൂടെ കുറച്ചു വഴുക്കലുമുണ്ട്. എനിക്ക് കയറാൻ കഴിയുമെന്ന് തോന്നുന്നില്ലയെന്നു അപ്പോൾ തന്നെ ഞാൻ വിചാരിച്ചു. ഞങ്ങളുടെ ചന്ദാ ഠാക്കൂർ മോളെയും തോളിലേറ്റി പറക്കുകയായിരുന്നു. കുറച്ചു ദൂരം ചെന്ന് അയാൾ ഞങ്ങളെ കാത്തിരിപ്പായി. എനിക്ക് ഒട്ടും കഴിയുന്നില്ല കയറാൻ. ചന്ദാ കയറുന്ന വിധമെനിക്ക് പറഞ്ഞു തന്നു. കൂടെ കൈ പിടിച്ചു ഒരു സ്റ്റൈപ്പ് മുകളിലേക്ക് കൊണ്ടു വന്നു. ആദ്യത്തെ 10 മിനിട്ടു കഴിഞ്ഞപ്പോൾ ചെറിയൊരു ആത്മവിശ്വാസം വന്നു മുകളിലെത്താൻ കഴിയുമെന്ന്. നടക്കുന്നത് കൊണ്ട് തണുപ്പ് അധികമൊന്നും അനുഭവപ്പെട്ടില്ല.

വഴിയിലൊക്കെ ചായ വിൽപനക്കാരും ചെറിയ തോതിൽ സ്നാക്സും ബിസ്ക്കറ്റും ഒക്കെ വിൽക്കുന്നവരുമുണ്ട്. എങ്കിലും അവിടെയൊന്നും പ്ലാസ്റ്റിക് കവറുകളോ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളോ കണ്ടില്ല. ഇക്കോ ഫ്രണ്ട്‍ലി സിറ്റിയാണ് മണാലി. ഇവിടേയും വാഹനത്തിൽ ഗവൺമെന്‍റ് ഉദ്യോഗസ്‌ഥർ റോന്തു ചുറ്റുന്നുണ്ട്. ആരെങ്കിലും വേസ്റ്റ് വഴിയിലോ റോഡിലോ കളയുന്നുണ്ടോയെന്നു പരിശോധിക്കാൻ. ഞങ്ങളും ഇടയ്ക്കിടയ്ക്ക് ചായ കുടിക്കാനും കടല വേവിച്ചത് കഴിക്കാനും ഒക്കെ ബ്രേക്ക് എടുത്തു. അവശിഷ്ടങ്ങൾ കളയാനായി അടുത്തു തന്നെ വലിയൊരു ബാസ്ക്കറ്റ് വച്ചിട്ടുണ്ട്.

ആ സമയത്താണ് ഞങ്ങൾ ചന്ദയുമായി കുശലാന്വേഷണം നടത്തിയത്. 25 വയസ്സുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ് അവൻ. പോക്കറ്റ് മണിക്കായിട്ടാണ് ഇവിടെ വന്നു ട്രക്കിംഗ് ചെയ്യുന്നത്. ഒരു ദിവസം ചിലപ്പോൾ മൂന്ന് ട്രിപ്പ് വരെ ചെയ്യും. നല്ലൊരു എക്സർസൈസ് കൂടിയാണ് ഇതെന്ന് അവൻ കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് ഫ്രീ ആയിട്ട് ഒരു ഫോട്ടോഗ്രാഫറെ കിട്ടി. പ്രത്യേകിച്ചും ആ സമയത്തു എനിക്കും ധന്യക്കും സെൽഫി എടുക്കാനുള്ള എനർജി ഇല്ലായിരുന്നു.

സമയം ഒരുമണിയായി. ഇനിയും മുകളിലെത്താൻ കുറച്ചു ദൂരം കൂടിയുണ്ട്. ചന്ദാ ദയകുട്ടിക്ക് ഹിന്ദിപാട്ടുകൾ പാടിക്കൊടുക്കുന്നുണ്ട്. ദയകുട്ടിയും ചന്ദയുടെ തോളിലിരുന്ന് സന്തോഷമായി പാട്ടു കേട്ടു കൊണ്ടിരിക്കുന്നു. ഇടയ്ക്ക് എന്തൊക്കെയോ സംഭാഷണങ്ങളും ഉണ്ടെന്നു തോന്നുന്നു. ദയകുട്ടി മലയാളത്തിലും ചന്ദാ ഹിന്ദിയിലും. രണ്ടുപേർക്കും തമ്മിൽ പറയുന്നത് മനസ്സിലാവുന്ന പോലെ ചിരിച്ചു കളിച്ചു സംസാരിക്കുന്നുണ്ട്. കുട്ടികൾക്കൊരു ഭാഷയും വേണ്ട ചങ്ങാത്തം കൂടാൻ.

himachal

അറ്റ് ലാസ്റ്റ് ഞങ്ങൾ 14000 അടി മുകളിൽ, ഹിമാലയത്തിന്‍റെ തൊട്ടടുത്ത് എത്തി. സ്വർഗ്ഗത്തിലേക്കുള്ള കവാടമാണോ ഇത് എന്ന് തോന്നിപ്പിക്കുന്ന ചുറ്റുപാട്. നോക്കുന്ന സ്‌ഥലത്തൊക്കെ മഞ്ഞു മൂടി കിടക്കുന്നു. പൈൻ മരങ്ങളിൽ മഞ്ഞു കൊണ്ട് തോരണം ചാർത്തിയിട്ടുണ്ട്. അതുവരെ കയറ്റം കയറി വന്ന ക്ഷീണമൊക്കെ ഞങ്ങൾ മറന്നു. കുറച്ചു മുമ്പ് ദൂരെ കണ്ട മഞ്ഞുമലകളെ ഇപ്പോ കൈയ്യെത്തി പിടിക്കാൻ കഴിയുന്ന പോലെ. വിശ്വാസം വരുന്നില്ല. കണ്ണടച്ച് കുറച്ചു സെക്കൻഡുകൾ നിന്നപ്പോൾ പുതിയൊരു ഊർജ്ജമായിരുന്നു കൈവന്നത്. ഫ്രീയായി കിട്ടിയ ഫോട്ടോഗ്രാഫർ ഒരുപാട് നല്ല പടങ്ങൾ എടുത്തു തന്നു. മഞ്ഞു കട്ടകൾ കൈയ്യിലെടുത്തു തമ്മിൽ വാരിയെറിഞ്ഞു. വല്ലാത്തൊരു അനുഭൂതിയായിരുന്നു അത്. ആകാശം താഴേക്കു ഇറങ്ങി വരുന്നു. ഭൂമി ഉയർന്നു ആകാശത്തെ തൊടുന്നു. അല്ലെങ്കിൽ തൊടുന്ന പോലെ നമ്മൾക്ക് തോന്നുന്നു.

അന്തരീക്ഷത്തിൽ മഴയുടെ വട്ടം കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട് ചന്ദാ പറഞ്ഞു നമുക്ക് ഇറങ്ങാൻ തുടങ്ങാം. മഴ പെയ്താൽ ഇറക്കത്തിൽ വഴുക്കൽ കൂടുമെന്ന്. മനസ്സില്ലാമനസ്സോടെ ഞങ്ങൾ താഴേക്കിറങ്ങാൻ തുടങ്ങി. ഇറങ്ങുമ്പോഴും മഞ്ഞുമലകൾ എന്നെ അവരിലേക്ക് ആകർഷിപ്പിക്കുന്നുണ്ടായിരുന്നു. താഴേക്കുള്ള ഇറക്കം വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല. ശരിക്കും വടി കുത്തിയിറങ്ങിയില്ലെങ്കിൽ താഴേക്ക് വീഴും. രണ്ട് മണിക്കൂർ കയറാൻ എടുത്ത സമയം തന്നെ ഇറങ്ങാനും എടുക്കുമെന്ന് മനസ്സിലായി. ഇടക്കുള്ള ഇറക്കത്തിൽ വീണ്ടും സ്നാക്ക്സ് വിൽപ്പനക്കാർ. ഞങ്ങൾ ന്യൂഡിൽസ് വാങ്ങി കഴിച്ചു. ഹോ ന്യൂഡിൽസ് ഇത്രയും സ്വാദുണ്ടെന്നു ആദ്യമായി അറിയുകയായിരുന്നു ഞാൻ! വീണ്ടും ഇറക്കം. ഞങ്ങളുടെ വാടകയ്ക്ക് വാങ്ങിയ തണുപ്പ് കുപ്പായം എങ്ങിനെയെങ്കിലും ഒന്ന് മാറ്റിയാൽ മതിയെന്നായി എനിക്ക്. അപ്പോഴാണ് ചന്ദ പറയുന്നത്. അത് മാറ്റി ഒന്ന് നടന്നു നോക്ക്. 2 കിലോ കുറയുമെന്ന് ഹോ എന്തൊരു ആശ്വാസം. ഞങ്ങൾ ഒരുവിധം താഴേക്കു എത്താറായി. താഴെ റോഡ് കാണുന്നു. മഴ ഏതു നേരത്തും ഞങ്ങളെ നനക്കുമെന്ന് തോന്നി. കാശ് കൂടുതൽ കൊടുത്തപ്പോൾ അവന്‍റെ കണ്ണിലെ തിളക്കം പറഞ്ഞറിയിക്കാൻ വയ്യ. വൈകുന്നേരം ബാഹുബലി കാണാൻ പോകുന്നുണ്ടെന്നും പറഞ്ഞു ഞങ്ങളോടെല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞു. ഞങ്ങളുടെ താങ്ങായിരുന്ന ഊന്നുവടിയും തിരികെ കൊടുത്തു. ആ സമയത്താണ് ഞങ്ങളെ നനയിക്കാൻ ആകാശത്തു നിന്നും പനിനീർത്തുള്ളികൾ ഓരോ തുള്ളി തുള്ളിയായി ഇറ്റുവീഴുന്നത്. ഹിമാലയസാനുക്കളിലെ വരദാനം പോലെ എല്ലാം തികഞ്ഞു.

ഡ്രൈവർ വണ്ടിയും കൊണ്ടുവന്നു. ഞങ്ങളെല്ലാവരും തിരിച്ചു പോകാൻ ഇറങ്ങി. അപ്പോഴേക്കും സമയം മൂന്നുമണി കഴിഞ്ഞിരുന്നു. ചാറ്റൽ മഴയുണ്ട്. കൂടെ ഭയങ്കര വിശപ്പും. താഴേക്കുള്ള ഇറക്കത്തിലും ചെവി ചൂളം വിളിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഹോട്ടൽ കണ്ടു. അവിടെയും തിരക്കുണ്ട്. അത്യാവശ്യം നല്ലൊരു ഹോട്ടൽ. ഞങ്ങളവിടെ കയറി ഫ്രഷ് ആയിട്ട് ഭക്ഷണം കഴിച്ചു തിരിച്ചു. തണുപ്പ് പിന്നെയും കൂടി. കൂടെ മഴയും. വാടകയ്ക്ക് വാങ്ങിയ കുപ്പായങ്ങളും ഷൂവും ഒക്കെ തിരിച്ചു കൊടുത്തു വരുന്ന വഴിയിൽ തന്നെ. താഴ്വരകളും നദിയും ഒക്കെ പിന്നിട്ട് മണാലി ഹോട്ടലിലെത്തി. അപ്പോഴേക്കും സമയം 5 മണി കഴിഞ്ഞു.

മണാലിയോട് യാത്ര പറയുകയാണ്. അന്നത്തെ ദിവസം മഴയെ കണ്ടതേയില്ല. മണാലിയിലെ കഞ്ചാവു ചെടികളിൽ മയങ്ങിയ സ്വപ്നങ്ങളെ നിങ്ങൾക്ക് വിട. ബസ് 5 മണിക്ക് തന്നെ ഡൽഹിയിലേക്ക് യാത്ര ആരംഭിച്ചു. പിറ്റേ ദിവസം രാവിലെ 7 മണിക്ക് ഡൽഹിയിലെത്താനുള്ളതാണ്. കുളു വരെ ബിയാസ് ഞങ്ങളെ പിന്തുടർന്നു. വലിയ റോസാപ്പൂക്കൾ വഴിക്കണ്ണുമായി ഞങ്ങളെ യാത്രയാക്കി. ആപ്പിൾ മരങ്ങളുടെ തളിരിലകൾ തലകുനിച്ചു നിൽക്കുന്നു. ദൂരെ ഹിമാലയത്തിന്‍റെ മുകളിൽ നിന്നും ഒരു മഞ്ഞു തുള്ളി ഉരുകിയൊലിച്ചു താഴെ ഭൂമിയിലേക്ക് ഇറ്റു വീഴുന്നു.

പുരാണ പരമ്പരകളിൽ ഫാഷൻ തരംഗം

ഹിന്ദി ടെലിവിഷൻ രംഗത്തു നിന്നാണ് പുരാണ പരമ്പരകൾ മിനിസ്ക്രീനിൽ ചുവടുറപ്പിച്ചത്. ഇന്നും ഈ പരമ്പരകൾ മൊഴി മാറ്റി മറ്റ് ഭാഷകളിലും വേരുറച്ചു. ഗ്ലാമറസ് ഫാഷനും, സാമൂഹ്യ ചിന്തയും ഇഴചേർന്നു നിൽക്കുകയാണ് പുതിയ കാലത്തെ പുരാണ പരമ്പരകൾ.

ഇപ്പോ ഇറങ്ങുന്ന പുരാണ സീരിയലുകൾക്ക് ചാനലുകളുടെ റേറ്റിംഗ് കൂട്ടുന്ന പരമ്പകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ കാഴ്ചക്കാർ വർദ്ധിക്കുന്നതിൽ ഭക്‌തിയാണ് കാരണം എന്നു കരുതിയാൽ തെറ്റി. പുരാണകഥകളുമായി ബന്ധപ്പെട്ട് സൃഷ്‌ടിക്കുന്ന ടിവി പരമ്പരകൾ വേഷവിതാനം കൊണ്ടും പശ്ചാത്തല സൗന്ദര്യം കൊണ്ടും സിനിമകളെ തോൽപിക്കുകയാണ്.

കളർഫുൾ ആയ പരമ്പരകളിലെ ഫാഷൻ സാധ്യതകൾ, വ്യത്യസ്തങ്ങളായ കോസ്റ്റ്യൂമുകൾ, ചമയ രീതികൾ എല്ലാം ആളുകളെ ആകർഷിക്കുന്നു എന്നു ചുരുക്കം. മതത്തെക്കുറിച്ചുള്ള സമൂഹത്തിന്‍റെ ചിന്തകളും കാഴ്ചപ്പാടുകളും വളരെയധികം മാറി വരുന്ന കാലമാണിത്. മതത്തോടുള്ള അന്ധമായ ആരാധന കുറഞ്ഞു. മതത്തിന്‍റെ പേരിൽ അടക്കമുള്ള ഭ്രാന്തമായ ആചാരരീതികൾക്കൊക്കെ മാറ്റം വരികയോ ഇല്ലാതാവുകയോ ചെയ്‌തിട്ടുണ്ട്. ആളുകൾ മതങ്ങൾക്ക് എതിരായി എന്നല്ല ഇതിനർത്ഥം. മത തീവ്രവാദം സമർത്ഥിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്നേ ഇത് അർത്ഥമാക്കുന്നുള്ളൂ.

പരമ്പരകൾ ഇന്ന് മത തീവ്രവാദം വളർത്താനല്ല, സമൂഹത്തിന്‍റെ ആവശ്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനുള്ള വേദിയാക്കി അണിയിച്ച് കൊണ്ടു വരുന്നത് അതുകൊണ്ടാണ്. സാമൂഹ്യ പ്രതിബദ്ധതയ്ക്കൊപ്പം തന്നെ ഈ പരമ്പരകൾ ഫാഷന്‍റെയും ഗ്ലാമറിന്‍റെയും പുതിയ തരംഗം തീർക്കുന്നു.

പുരാണ പരമ്പരകളിൽ ഏറ്റവും ശ്രദ്ധ നേടിയതും ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉണ്ടായതും രാമായണം സീരിയലിരുന്നു. ഈ കഥ തന്നെ വീണ്ടും പല രീതിയിൽ പല പേരിൽ ഇറങ്ങി. അതിനും കാണികളുണ്ടായി. ഓരോ കഥകൾ ഇറങ്ങുമ്പോഴും ഇതിലും വ്യത്യസ്‌തമായി ഈ കഥ ഇനി പറയാനില്ലെന്ന് തോന്നിപ്പോകും.

സ്റ്റാർ പ്ലസിൽ സംപ്രേക്ഷണം ചെയ്‌ത രാമായണത്തെ ആധാരമാക്കിയ പരമ്പര ‘സിയാ കെ രാം’ നിൽ സീതയെപ്പോലെ, ഉപേക്ഷിക്കപ്പെട്ടതോ അവഗണിക്കപ്പെട്ടതോ സമൂഹത്തിന്‍റെ പീഡനം ഏറ്റുവാങ്ങേണ്ടി വന്നതോ ആയ പുരാണ സ്ത്രീ കഥാപാത്രങ്ങളെ മുൻ നിർത്തി ഒരുക്കിയതായിരുന്നു. ടെലിവിഷൻ പരമ്പരകളുടെ ചരിത്രത്തിൽ ഇതൊരു പുതിയ കാൽ വയ്‌പായിരുന്നു. ഇത്തരം സീരിയലുകളുടെ ഷൂട്ടിംഗ് സാഘാരമ സ്റ്റൂഡിയോകളിലാണ് പലപ്പോഴും നടക്കാറുള്ളത്. എന്നാൽ വൻ സെറ്റിന്‍റെ പിൻബലം ആവശ്യമുള്ള പുതിയ പുരാണ പരമ്പരകൾ ഹൈദ്രബാദിലെ രാമോജി ഫിലിം സിറ്റിയിലാണ്. അയോധ്യയെന്നും മിഥിലയെന്നും പേരുള്ള രണ്ട് പ്രത്യേക ഷൂട്ടിംഗ് ലൊക്കേഷൻ സീതയുടെ രാമൻ (സിയാ കെ രാം) എന്ന പരമ്പരയ്‌ക്കു വേണ്ടി തന്നെയുണ്ട്.

ഒരു കാലഘട്ടത്തിന്‍റെ സാമൂഹ്യസ്‌ഥിതിയാണ് ഈ പരമ്പര പറയാൻ ആഗ്രഹിക്കുന്നതെങ്കിൽ കൂടി, അതിന്‍റെ പ്രചാരത്തിനായി ധനുഷ് യാത്ര പോലുള്ള ചില പരിപാടികൾ കൂടി നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്. മതത്തെ പുതിയ കാഴ്ചപ്പാടോടെ ജനം വീക്ഷിക്കണമെന്നാണ് ഇവരുടെ ലക്ഷ്യം. സിയാ കെ രാം എന്ന പരമ്പരയിൽ സീതയുടെ ലുക്ക് വളരെ സ്റ്റൈലിഷ് ആണ്. ഓം നമ ശിവായ തുടങ്ങിയ ശിവ പാർവ്വതി കേന്ദ്രീകൃതമായ പരമ്പരകളിൽ പാർവ്വതിയുടെ വേഷഭൂഷാദികളും വളരെ ഗ്ലാമറസ് ആയാണ് അവതരിപ്പിച്ചത്.

രാമായണ കഥയുമായി ചേർത്ത് ഇറങ്ങിയ പരമ്പരകളിൽ പലതിലും രാജ്‌ഞിമാരായ കൗസല്യ, കൈകേയി, സുമിത്ര, എന്തിനധികം മുനി പത്നിയായ ഗാർഗിയുടെ പോലും വസ്‌ത്രധാരണം വളരെ ഗ്ലാമറസും ഫാഷനബിളും ആണ്. ഇപ്പോഴത്തെ പ്രേക്ഷകരെ പിടിച്ചു നിർത്താനും ടിആർപി റേറ്റ് കൂട്ടാനും ഇതൊക്കെയാണ് ആവശ്യമെന്ന് നിർമാതാക്കൾക്ക് അറിയാം. പുരാണകഥയുമായി സ്വന്തം ജീവിതത്തെ ആരും ബന്ധപ്പെടുത്താറില്ല. അതുകൊണ്ടു തന്നെ കഥയുടെ ആഖ്യാന രീതിയിലെ മാറ്റവും കഥാപാത്രങ്ങളുടെ ഫാഷനബിൾ ലുക്കും. ഒരു തരത്തിലും കാണികളെ പിന്തിരിപ്പിക്കില്ല.

അതിനാൽ പുരാണ പരമ്പരകൾ എന്നു പറയുന്നുണ്ടെങ്കിൽ ഈ പരമ്പരകൾ തീർത്തും പുരാണത്തിൽ അധിഷ്ഠിതമല്ല. ഒരു ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സന്തോഷി മാ എന്ന പരമ്പരയിൽ സന്തോഷി മാ എന്ന ദേവതയേക്കാൾ ഉപരിയായി സന്തോഷി എന്നു പേരുള്ള ഒരു സാധാരണ പെൺകുട്ടിയുടെ ജീവിത കഥയാണ് പറയുന്നത്. ഈ കഥാപാത്രം ചെയ്യുന്നത് രതൻ രാജ്പുതാണ്. സമൂഹത്തിലെ കാര്യങ്ങളിലാണ് പരമ്പര കൂടുതൽ ചർച്ച ചെയ്യുന്നതെന്ന് അവർ പറയുന്നു.

ടിവി കാഴ്ചകളെ കുറിച്ചുള്ള ലേഖനങ്ങൾ എഴുതാറുള്ള രജനീഷിന്‍റെ അഭിപ്രായത്തിൽ, പുതുതലമുറ മതതീവ്രവാദത്തെ സ്വീകരിക്കാൻ വിമുഖരാണ് എന്നാണ്. ഈ കാരണം കൊണ്ടാണ് അവർക്കും കൂടി ഇഷ്‌ടപ്പെടുന്ന തരത്തിൽ പുരാണകഥകൾക്ക് പുതിയ ആഖ്യാന രീതി സൃഷ്‌ടിച്ചിരിക്കുന്നത്. സാമൂഹികതയുടെ ആവരണമണിഞ്ഞു വരുന്ന പുരാണ പരമ്പരകൾ വേഗം മനസ്സിലാക്കാനും പറ്റും. മിനിസ്ക്രീനിൽ പുരാണപരമ്പരകൾ പഴയ വീഞ്ഞ് പുതിയ കുപ്പി എന്ന രീതിയിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്നതും അതു കൊണ്ടാണ്.

പക്ഷേ കഥയിലെ മാറ്റങ്ങൾക്കനുസരിച്ചു പൂജാരീതികൾ മറ്റ് ആചാരങ്ങൾ എന്നിവയ്‌ക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതായും കണ്ടു വരുന്നു. ദേവിദേവന്മാരുടെ കൃപ ലഭിക്കാൻ പ്രത്യാനുഷ്ഠാനങ്ങൾ വേണം, മുനിമാരുടെ ശാപമേറ്റാൽ പിന്നെ മറ്റൊരു രക്ഷയില്ല എന്നിങ്ങനെയുള്ള ചിന്താഗതികളും ഈ പരമ്പരകൾ വളർത്തിക്കൊണ്ടു വരുന്നു.

ഇത്തരം പരമ്പരകളുടെ നൂതനമായ ശൈലിയും മറ്റും മതതീവ്രവാദത്തെ കുറയ്‌ക്കുന്നുണ്ടെങ്കിലും മതത്തിന്‍റെ പേരിലുള്ള ആഡംബരങ്ങളെയും ആചാരങ്ങളെയും കൂടുതൽ ആധുനുകവൽക്കരിച്ച് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഒരു താരാട്ട്പാട്ടിന്‍റെ ഈണം

അടുത്തുള്ള മുറിയിൽ നിന്നും ഇപ്പോൾ അവ്യക്‌തമായ സംസാരങ്ങൾ മാത്രമേ കേൾക്കുന്നുള്ളൂ. കുറച്ച് നേരം മുമ്പ് വരെ അവരുടെ വാക്കുകൾ സ്പഷ്ടമായിരുന്നു. കാര്യം അത്ര ഗുരുതരമായിട്ടുള്ളതുമായിരുന്നില്ല. പിന്നെന്തു കൊണ്ടാണ് അവരിത്രമാത്രം ഒച്ച വയ്‌ക്കുന്നതും പൊട്ടിച്ചിരിക്കുന്നതും അവർ തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കും? സംസാരങ്ങളും ഇടയ്‌ക്കിടെയുള്ള പൊട്ടിച്ചിരികളം അയാളുടെ ചിന്തകളെ എരിച്ചു കൊണ്ടിരുന്നു.

ഓരോ വാക്കുകളും കൂരമ്പുകളായി രൂപം പ്രാപിച്ച് ലക്ഷ്യസ്‌ഥാനം കണ്ടെത്തി കുത്തുന്നതു പോലെയായിരുന്നു അവരുടെ സംസാരം. രമണിന് അപ്പോൾ ഹാളിന്‍റെ വശത്തായുള്ള മുറിയിൽ കതകടിച്ചിരുന്ന് ഉച്ചത്തിൽ പാട്ടു വച്ച് അതിലെ ഓരോ അലകളിൽ സ്വയം അലിയിച്ച് കളയാനാണ് തോന്നിയത്.

ചുറ്റും നടക്കുന്നതൊന്നും അറിയാതെ. പക്ഷേ എന്തോ ഒരു വിചിത്ര ജീവി മനസ്സിനെ അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്നു. താളം തെറ്റിയ തന്ത്രികൾ പോലെ ഹൃദയമിടിച്ചു കൊണ്ടിരുന്നു. മുന്നോട്ട് ഒരു ചുവടുപ്പോലും വയ്ക്കാനാവാതെ ചങ്ങലക്കിട്ട് ബന്ധിച്ചതു പോലെ… പക്ഷേ ആ വിചിത്ര ജീവി അടിക്കടി അലോസരപ്പെടുത്തി കൊണ്ടിരുന്നു. അടുത്തുള്ള മുറിയിൽ നിന്നുയരുന്ന സംസാരം കേൾക്കാൻ അതയാളെ വിവശമാക്കി കൊണ്ടിരുന്നു. പ്രിയങ്ക ഏതോ പാട്ടിലെ വരികൾ മൂളികൊണ്ടിരുന്നു.

“രോഹന് അത് കേട്ട് വിസിലടിക്കേണ്ട വല്ല കാര്യവുമുണ്ടോ? നാണമില്ലാത്തവൻ,” സോഫയിൽ കണ്ണുമടച്ച് കിടക്കുകയായിരുന്ന രമൺ അപ്പോൾ ആലോചിച്ചു. അയാൾക്ക് അടിമുടി ദേഷ്യം അരിച്ചു കയറി. അയാളെന്തോ ആലോചിക്കവെ രോഹന്‍റെ പൊട്ടിചിരി ഉയരുന്നു. അതോടെ ദേഷ്യത്തിന്‍റെ പാരമ്യത്തിലായിരുന്നു രമൺ സോഫയിലിരുന്ന കുഷ്യൻ എടുത്ത് കസേരയിലേക്ക് എറിഞ്ഞ ശേഷം ചാടിയെണീറ്റൂ.

“എന്തായിത്? എത്ര നേരമായി നിങ്ങളുടെ ഈ ഒച്ചപ്പാട് തുടങ്ങിയിട്ട്. വീട്ടിൽപ്പോലും സ്വസ്ഥമായിരിക്കാൻ സമ്മതിക്കില്ലല്ലോ.” ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ച രമണന്‍റെ ഭാവമാറ്റം കണ്ട് രോഹന്‍റെ മുഖഭാവം മാറി.

രോഹൻ ക്ഷമ പറഞ്ഞു കൊണ്ട് അവിടെ നിന്നെഴുന്നേറ്റു പോയി.

പക്ഷേ പ്രിയ അപ്പോഴും പാട്ടു മൂളികൊണ്ടിരുന്നു. രോഹൻ പോയശേഷവും പ്രിയങ്ക പാട്ടുമൂളി കൊണ്ടിരുന്നത് അയാളുടെ മനസ്സിനെ തണുപ്പിച്ചു. അയാൾ അവളെ കൺകുളിർക്കെ നോക്കി നിന്നു.

അവളിപ്പോൾ 7 മാസം ഗർഭിണിയാണ്. ഇത്രയും സുന്ദരിയായിട്ട് വിവാഹത്തിന് മുമ്പ് പോലും അവളെ കണ്ടിട്ടില്ല. തുടുത്ത കവിളിണകളിൽ മുമ്പത്തേതിലും അരുണിമ വർദ്ധിച്ചതു പോലെ. ശരീരത്തിന് കുറേക്കൂടി നിറം കൂടിയതു പോലെ. മൊത്തത്തിൽ ഐശ്വര്യം തുളുമ്പുന്ന മുഖം കാണുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസമാണ് പകരുന്നത്.

അവാച്യമായ ഏതോ അനുഭൂതി തോന്നുന്നപ്പോലെ. സ്വതവേ മെലിഞ്ഞ ശരീര പ്രകൃതക്കാരിയായ പ്രിയങ്കയ്ക്ക് ഇന്നെതോ വശ്യമായ ഒരു സൗന്ദര്യം. ആരേയും ആകർഷിക്കുന്ന അപൂർവ്വമായ ഒരു വ്യക്‌തിത്വം. ഏത് സ്ത്രീയും ഗർഭിണിയാകുമ്പോഴാണ് അവളുടെ സൗന്ദര്യത്തിന്‍റെ പാരമ്യത്തിലെത്തുക.

അവളുടെ ചലനങ്ങളിലും ഭാവങ്ങളിലും പരിപൂർണ്ണമായ മാതൃത്വത്തിന്‍റെ സൗന്ദര്യം കൊണ്ട് നിറയും. മനോഹരമായ പുഷ്പത്തിൽ നിന്നും പൂമ്പാറ്റ ആവോളം തേൻ നുകരുന്നതുപോലെ…

രമൺ ഭാര്യയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കെ രോഹൻ മുറിയിലേക്ക് കടന്നു വന്നു. അതോടെ സ്വപ്നത്തിൽ നിന്ന് ഉണർന്ന് യഥാർത്ഥ്യ ലോകത്തെ വികൃതമായ സത്യങ്ങളിൽ നിന്നും മുഖം തിരിച്ച് അയാൾ മുറിവിട്ടിറങ്ങി.

പലതരം പഴങ്ങൾ മുറിച്ച് തയ്യാറാക്കിയ ഫ്രൂട്ട് സലാദ് നിറച്ച പാത്രവുമായിട്ടാണ് രോഹൻ വന്നത്.

രമൺ ഹാളിനടുത്തുള്ള മുറിയിൽ കയറി കിടക്കയുൽ കിടന്നു. ആർക്കോ വേണ്ടിയെന്നോണം ഉച്ചസ്‌ഥായിയിൽ സംഗീതം മുഴങ്ങി കൊണ്ടിരുന്നു. ചെവി പൊട്ടുന്ന ശബ്ദത്തിലാണ് സംഗീതം മുഴങ്ങിയിരുന്നതെങ്കിലും അടുത്ത മുറിയിൽ നിന്നും വന്നിരുന്ന അടക്കി പിടിച്ച ശബ്ദത്തെ തടയാൻ അതിന് കഴിഞ്ഞില്ല.

രോഹന്‍റെ പൊട്ടിചിരിയോടെയുള്ള തമാശകൾ ആസ്വദിച്ചുള്ള പ്രിയങ്കയുടെ ചിരി അയാളെ വല്ലാതെ അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്നു. രണ്ട് ചെവികളേയും കീറി മുറിച്ച് ശബ്ദങ്ങൾ കടന്നു പോകുന്നതു പോലെയാണ് അയാൾക്ക് തോന്നിയത്.

അയാൾ അസ്വസ്ഥതയോടെ ചെവി പൊത്തി തിരിഞ്ഞും മറിഞ്ഞും കിടന്നു. അടുത്തുള്ള മുറിയിൽ നിന്നും വരുന്ന സംസാരങ്ങളും ഉച്ചസ്‌ഥായിലുള്ള സംഗീതവും ഓർമ്മകളും അയാളെ ചുട്ടുനീറ്റി. ഉത്കണ്ഠകൾക്കിടയിലും തന്‍റെ സന്തോഷത്തെ നേടിയെടുക്കുകയെന്നത് രമൺ ഒത്തിരി ആഗ്രഹിച്ചു. പക്ഷേ ആ സന്തോഷം തന്നെയും കടന്നു പോകുമെന്നത് അയാളെ സംബന്ധിച്ച് കല്പനാതീതമായിരുന്നു.

“കുറച്ചു ദിവസം മുമ്പ് എല്ലാം സന്തോഷത്തിലായിരുന്നു. രമൺ വീണ്ടും ആലോചനയിൽ മുഴുകി. പക്ഷേ സന്തോഷത്തിലായിരുന്നുവെന്ന് എങ്ങനെയാണ് പറയാൻ കഴിയുക. അപ്പോൾ മറ്റൊരു പ്രശ്നമല്ലേ അലട്ടി കൊണ്ടിരുന്നത്?

വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 10 വർഷം കഴിഞ്ഞിരിക്കുന്നു. ആദ്യ വർഷങ്ങളിൽ ഉദ്യോഗം, കരിയർ, പ്രമോഷൻ, വീട്ടിലെ ഉത്തരവാദിത്തങ്ങളൊക്കെയായി നല്ലൊരു സമയം കഴിഞ്ഞു പോയി. പ്രിയങ്കയാകട്ടെ ഒരു കുട്ടി വേണമെന്ന രമണിന്‍റെ തീരുമാനത്തെ ഒഴിവ് കഴിവ് പറഞ്ഞ് നീട്ടി കൊണ്ടുപോയി.

രണ്ടുപേരും മറ്റുള്ളവർക്ക് മാതൃകാദമ്പതികളായിരുന്നു. രമണിന്‍റെയും പ്രിയങ്കയുടേയും മാതാപിതാക്കളും ബന്ധുക്കളുമൊക്കെ അവർക്ക് ഒരു കുഞ്ഞുണ്ടായി കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു. അവരുടെ ഏഴാം വിവാഹ വാർഷികാഘോഷത്തിന് പ്രിയങ്കയുടെ അച്‌ഛനും അമ്മയും അവരെ സന്ദർശിക്കാനെത്തിയത് അയാൾ ഓർത്തു.

“നിങ്ങൾ വളരെ ഗംഭീരമായി വെഡ്‌ഡിംഗ് ആനിവേഴ്സറി ആഘോഷിക്കാൻ പോവുകയാണല്ലോ. എന്തുപറ്റി? മുമ്പ് ഇതിനൊക്കെ എതിരായിരുന്നുവല്ലോ. വളരെ സന്തോഷം തോന്നുന്നു മക്കളെ” പ്രിയങ്കയുടെ അച്‌ഛന്‍റെ സന്തോഷം അത്രമാത്രമായിരുന്നു.

അതിന് അപ്പോൾ പ്രിയങ്കയാണ് മറുപടി പറഞ്ഞത്. “അതെ പപ്പാ, ഇതൊരു സ്പെഷ്യൽ ആഘോഷമാണ്. രമണിന്‍റെ ബ്രദർ രോഹൻ പഠനം പൂർത്തിയാക്കി വന്നിരിക്കുകയല്ലേ. ഇനിയുള്ള സ്റ്റഡീസിന്‍റെ ചെലവ് അവൻ സ്വയം വഹിക്കും. രോഹൻ ഡോക്‌ടറായിരിക്കുന്നു. ഞങ്ങളുടെ കാത്തിരിപ്പ് സഫലമായി. വെഡ്ഡിംഗ് ആനിവേഴ്സറി ആഘോഷിക്കുന്നുവെന്നേയുള്ളൂ. പക്ഷേ ഞങ്ങളുടെ സന്തോഷം മുഴുവൻ രോഹൻ ഡോക്‌ടറായതിലാണ്.”

“നാത്തൂനെ, രമണിനോടും പ്രിയങ്കയോടും നമുക്ക് സന്തോഷിക്കാനുള്ള ഒരവസരം ഉണ്ടാക്കാൻ പറയൂ. എനിക്കാണെങ്കിൽ ഒരു കുഞ്ഞിനെ എടുത്ത് ലാളിക്കാഞ്ഞിട്ട് വയ്യാ. ഇനി വൈകിയാൽ പ്രശ്നമാകില്ലേ…” രമണിന്‍റെ അമ്മ പ്രിയങ്കയുടെ അമ്മയോട് പറഞ്ഞു.

“അതെ ഇന്ദിരേ, നിങ്ങൾ പറഞ്ഞത് ശരിയാ. എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ ആ സമയമാകുമ്പോൾ എല്ലാം ശരിയാകും. നമുക്കും പ്രായമായി വരികയല്ലേ. നമുക്കും കൊച്ചുമക്കളെ ലാളിക്കാനുള്ള കൊതി കാണില്ലേ.” പ്രിയങ്കയുടെ അമ്മ രമണിന്‍റെ അമ്മ പറഞ്ഞതിനോട് യോജിച്ചു.

ഏതാനും മാസങ്ങൾ കഴിഞ്ഞതോടെ എവിടെയോ എന്തോ പ്രശ്നമുണ്ടെന്ന് പ്രിയങ്കയ്ക്ക് തോന്നിത്തുടങ്ങി. അതോടെ വിവിധതരം വൈദ്യപരിശോധനകളുടെ ഒരു പരമ്പര തന്നെയായിരുന്നു പിന്നീട് അങ്ങോട്ട്. ഒരു കുഞ്ഞിനെപ്പറ്റി ആഗ്രഹിക്കാതിരുന്ന സമയത്ത് ഇത്തരം കാര്യത്തെപ്പറ്റി അവളൊട്ടും ബോധവതിയായിരുന്നില്ല. എന്നാലിപ്പോൾ ആഗ്രഹിക്കാത്ത പരിശോധന ഫലങ്ങളും പരാജയങ്ങളുമായതോടെ ഒരു കുഞ്ഞ് ഉണ്ടായി കാണുന്നതിനെപ്പറ്റിയുള്ള ആശങ്കകളിലായി രമണും പ്രിയങ്കയും.

കുടുംബത്തിലുള്ള മുതിർന്നവരുടെ ആശങ്കകളുടെ സമ്മർദ്ദം വേറെയും. വൈദ്യപരിശോധനയിൽ രമണിനായിരുന്നു കുഴപ്പം കണ്ടെത്തിയത്. ആരോഗ്യ കാര്യത്തിലും ജീവിതശൈലിയിലുമൊക്കെ നിഷ്ഠ പുലർത്തിയിരുന്ന ഇരുവർക്കും ഇങ്ങനെയൊരു പ്രശ്നമുണ്ടാകുമെന്ന് ആരും തന്നെ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.

“വൈദ്യശാസ്ത്രം ഇത്രമാത്രം പുരോഗമിച്ചിരിക്കുകയല്ലേ. അപ്പോൾ എല്ലാറ്റിനും പരിഹാരം കാണുമല്ലോ. നമുക്ക് നല്ലൊരു ആശുപത്രിയിൽ പോകുന്നതായിരിക്കും നല്ലത്. ഐവിഎഫ് ചെയ്യാമല്ലോ.” കുടുംബാംഗങ്ങൾ എല്ലാവരും ഇരിക്കെ രമണിന്‍റെ കൈപിടിച്ചു കൊണ്ട് പ്രിയങ്ക തങ്ങളുടെ തീരുമാനം അവരെ അറിയിച്ചു.

“എന്തിനാ വേറെ ഹോസ്പിറ്റലിൽ പോകുന്ന കാര്യത്തെപ്പറ്റി ചിന്തിക്കുന്നത്? എന്‍റെ ഹോസ്പിറ്റലിൽ അതിനുള്ള ഫെസിലിറ്റി ഉണ്ട്. അതിനായി സ്പെഷ്യൽ ഡിപ്പാർട്ടുമെന്‍റ് വരെയുണ്ട്. നാളെ തന്നെ ഞാൻ സ്പെഷ്യലിസ്‌റ്റിനോട് സംസാരിക്കാം.” രോഹൻ പ്രിയങ്കയുടെ അഭിപ്രായത്തിന് മറുപടിയെന്നോണം പറഞ്ഞു.

രമണിന്‍റെയും പ്രിയങ്കയുടെയും മാതാപിതാക്കൾ പ്രിയങ്കയുടെയും രമണിന്‍റെയും അഭിപ്രായത്തെപ്പറ്റി ആശങ്കയോടെയാണ് കണ്ടത്. എന്നാൽ ഈ സമയം ബാൽക്കണിയിൽ നിൽക്കുകയായിരുന്ന രമണും പ്രിയങ്കയും താഴെ പാർക്കിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ നോക്കി ഏതോ സ്വപ്നത്തിൽ മുഴുകി.

ആ ദിവസങ്ങളിലൊക്കെ പ്രിയങ്ക എപ്പോഴും രമണിന്‍റെ കൈ തന്‍റെ കൈക്കുള്ളിൽ ഒതുക്കിപിടിച്ചു കൊണ്ടിരിക്കുന്നത് പതിവായിരുന്നു. തനിക്കാണ് കുഴപ്പം എന്ന ചിന്ത അയാളിൽ ഉടലെടുക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധ പുലർത്തി. ഈയൊരു പ്രശ്നത്തെ അതിജീവിക്കാൻ ഇരുവരും സധൈര്യം മുന്നേറി. ഇരുവരും രണ്ടുശരീരങ്ങളും ഒരു മനസ്സുമായി മാറി.

“പക്ഷേ… ഐവിഎഫ്?” അമ്മായിയമ്മയുടെ അസ്വസ്ഥമായ ചോദ്യങ്ങളെക്കുറിച്ച് പ്രിയങ്കയ്ക്ക് നല്ല ധാരണയുണ്ടായിരുന്നു.

“അങ്ങനെ ജനിക്കുന്ന കുട്ടികൾ പൂർണ്ണ ആരോഗ്യവാന്മാരായിരിക്കുമോ?” രമണിന്‍റെ അച്‌ഛൻ ചോദിച്ചു.

“ഏത് ജാതി, മതമെന്നൊക്കെ എങ്ങനെ തീരുമാനിക്കും?” പ്രിയങ്കയുടെ അമ്മ മറ്റൊരാശങ്കയുമായി രംഗത്തു വന്നു. കുറച്ചുനേരത്തേക്ക് അവർക്കിടയിൽ നിശബ്ദത പടർന്നു.

പരുഷവും ക്രൂരവുമായ മൗനം മുറിവേൽപ്പിച്ചതോടെ രമൺ നിസ്സഹായതയോടെ എല്ലാവരേയും നോക്കി, “ഞങ്ങൾക്ക് മറ്റ് വഴികളൊന്നുമില്ല. ഞങ്ങൾക്ക് വേണമെങ്കിൽ ഇക്കാര്യം ആരോടും പറയാതിരിക്കാമായിരുന്നു. പക്ഷേ നിങ്ങൾ എല്ലാം അറിയണം. അതിനുള്ള അവകാശവും നിങ്ങൾക്കുണ്ടല്ലോ എന്നതു കൊണ്ടാ ഇക്കാര്യം പറഞ്ഞത്.” രമണിന്‍റെ മുഖം ഗൗരവം പൂണ്ടു.

“ഒരു വഴിയുണ്ട്. കുടുംബത്തിലേതെങ്കിലും പുരുഷന്‍റെ സ്പേം ആണെങ്കിൽ ജാതിയും മതവുമൊന്നും പ്രശ്നമാകില്ലല്ലോ.” പ്രിയങ്കയുടെ അച്‌ഛൻ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു.

“നിങ്ങൾ ഇതൊന്നും ഓർത്ത് പരിഭ്രമിക്കേണ്ട ഒരാവശ്യവുമില്ല. ധാരാളംപ്പേർ ഈ മാർഗ്ഗം സ്വീകരിക്കാറുണ്ട്. ഇതൊന്നും പുതിയ കാര്യമല്ല. അത്ര കോംപ്ലിക്കേറ്റ്ഡ് ആയ കാര്യവുമല്ല. ഞാൻ തന്നെ കെയർ ചെയ്‌തോളാം.” രോഹന്‍റെ അഭിപ്രായം എല്ലാവർക്കും ഇത്തിരി ആശ്വാസം പകർന്നു.

വർഷങ്ങൾക്കിപ്പുറം, എല്ലാവരും ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്നത് തന്നെ സംഭവിച്ചു. പ്രിയങ്ക ഗർഭിണിയായി. ബെഡ്റെസ്റ്റ് വേണ്ടി വന്നതിനാൽ പ്രിയങ്ക നീണ്ട അവധിയെടുത്തു. ഒരു കുഞ്ഞിന്‍റെ വരവിനായുള്ള എല്ലാവരുടേയും പ്രതീക്ഷ നിറഞ്ഞ കാത്തിരുപ്പായി പിന്നീട്.

കൈകാലിട്ടടിക്കുന്നതും മുട്ടിലിഴഞ്ഞു നടക്കുന്നതും പിഞ്ചു പാദങ്ങൾ ഊന്നി പിച്ചവച്ച് നടക്കുന്നതും ചിരികളുമൊക്കെയായി ഇനി മുഴങ്ങി കേൾക്കാൻ പോകുന്ന നാളുകളെക്കുറിച്ച് അവർ സ്വപ്നം കണ്ടു. രമണിന്‍റെയും പ്രിയങ്കയുടെയും മാതാപിതാക്കൾക്കായിരുന്നു ഏറ്റവും തിടുക്കം.

ഭാര്യ അവളുടെ മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് അയാളെ ചെറുതായിട്ടെങ്കിലും അസ്വസ്ഥനാക്കി. പ്രിയങ്കയെ കാണാനായി അവളുടെ മാതാപിതാക്കൾ എല്ലാ ആഴ്ചയിലും വീട്ടിൽ വരുന്നത് പതിവായി.

എങ്കിലും താനൊരു അച്‌ഛനാകാൻ പോകുന്ന തോർത്ത് ഓരോ നിമിഷവും അയാൾ ഒരു വിജയിയുടെ ഭാവത്തിൽ ആസ്വദിച്ചു കൊണ്ടിരുന്നു. “അച്ഛാ, അച്ഛാ” എന്ന് കുഞ്ഞ് വിളി കേൾക്കാനായി അയാളുടെ ഹൃദയം ഓരോ നിമിഷവും തുടിച്ചു കൊണ്ടിരുന്നു.

കാര്യങ്ങളെല്ലാം കുഴപ്പമില്ലാതെ നടന്നു പോയി. ഓരോ ചെക്കപ്പിനു ശേഷവും ഡോക്‌ടർ സന്തുഷ്ടി പ്രകടിപ്പിച്ചത് അവർക്ക് ആശ്വാസം പകർന്നു. മാസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു.

ഇതിനിടെ രമൺ മറ്റൊന്നുകൂടി ശ്രദ്ധിച്ചു. ഈയിടെയായി രോഹനും പതിവിലും നേരത്തെ വീട്ടിലെത്തിതുടങ്ങിയിരിക്കുന്നു. അവൻ നേരത്തെ വരുന്നതിൽ വലിയ വിചിത്രതയൊന്നുമില്ല. അത് അവന്‍റെയും കൂടി വീടാണല്ലോ. തന്നെയുമല്ല അവനൊരു ഡോക്‌ടറും കൂടിയാണ്.

വീട്ടിലുള്ളവർക്ക് എല്ലാം അവന്‍റെ സാന്നിധ്യം ആവശ്യമാണ്. പ്രത്യേകിച്ചും പപ്പയ്ക്ക്. ചിലപ്പോൾ അമ്മയ്ക്കും. വയസ്സായി വരുന്നതിന്‍റെ ശാരീരികമായ അസ്വസ്ഥതകൾ അവരേയും അലട്ടി തുടങ്ങിയിട്ടുണ്ടല്ലോ. ആ സമയത്ത് ഒരു ഡോക്‌ടറുടെ സാന്നിധ്യം നല്ലതാണ്. വീട്ടിലെത്തി കഴിഞ്ഞാൽ പിന്നെ രോഹൻ പ്രിയങ്കയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകുന്നത് രമണിനെ അലോസരപ്പെടുത്തി. അയാളുടെ മനസ്സിൽ സംശയത്തിന്‍റെ വിത്ത് മുളച്ചു കൊണ്ടിരുന്നു. ഇനി രോഹനായിരിക്കുമോ ഗർഭധാരണത്തിനായി സ്പേം ഡോണേറ്റ് ചെയ്‌തിരിക്കുകയെന്നതായിരുന്നു രമണിന്‍റെ സംശയം.

പക്ഷേ? അതിനുള്ള വ്യക്‌തമായ തെളിവൊന്നും അയാളുടെ കൈവശമുണ്ടായിരുന്നില്ല. ഇക്കാര്യത്തിലുള്ള തന്‍റെ മാത്രമായ ബലഹീനത കൊണ്ടാകാം സ്വഭാവികമായും ഇത്തരത്തിൽ സംശയം ഉണ്ടാകാൻ കാരണമെന്ന് അയാൾ സ്വയം ആശ്വസിച്ചു.

പക്ഷേ രോഹനെ കാണുമ്പോഴൊക്കെ രമണിന് സ്വന്തം കുറവിനെപ്പറ്റി ശക്‌തമായി ഓർമ്മ വരുന്നത് പതിവായി. രോഹൻ പ്രിയങ്കക്കൊപ്പം ചെലവഴിക്കുന്ന അവസങ്ങൾ അയാളെ വല്ലാതെ അസ്വസ്ഥമാക്കി. രമൺ പ്രിയങ്കയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ ആലോചിച്ച് തുടങ്ങുമ്പോൾ രോഹൻ അത് ഉടനടി ചെയ്യും.

രോഹനടക്കം വീട്ടിലുള്ളവർ എന്തെങ്കിലും തമാശ പറഞ്ഞ് ഇരിക്കുമ്പോൾ രമൺ എന്തെങ്കിലും ഒഴിവ് കഴിവ് കണ്ടെത്തി അത്തരമവസരങ്ങളിൽ നിന്നും ഒഴിഞ്ഞു മാറും. ജീവിതത്തോട് അയാൾക്ക് അപരിചിതമായ ഒരു വിരക്‌തി തോന്നി തുടങ്ങി. തന്നോടുതന്നെ വെറുപ്പു തോന്നി.

പ്രിയങ്ക വിളിക്കുമ്പോൾ മാത്രം രമൺ അവൾക്കരികിൽ ചെന്നു. അല്ലാത്ത സമയങ്ങളിൽ അയാൾ അവളിൽ നിന്നും അകലം പാലിച്ചു നിന്നു. രോഹനും പ്രിയങ്കയും തമ്മിലുള്ള അടുപ്പം രമണിനെ വല്ലാതെ പിടിച്ചുലച്ചു.

“കുഞ്ഞിന്‍റെ അച്ഛൻ രോഹനാണെങ്കിൽ പിന്നെന്തിന് ഞാൻ ഒരു ശല്യമാകണം?” എന്ന് അയാൾ ഓർത്തു. ഈ ചിന്ത അയാളുടെ മനസ്സിനെ കാർന്നു തിന്നുകൊണ്ടിരുന്നു. രമൺ പതിവിലും കൂടുതൽ സമയം ഓഫീസിൽ തന്നെ കഴിച്ചു കൂട്ടി. ചിലപ്പോൾ ഔദ്യോഗിക ടൂറിന്‍റെ പേരും പറഞ്ഞ് അയാൾ ദിവസങ്ങളോളം എങ്ങോട്ടെങ്കിലും യാത്ര പോകും.

ഗർഭകാലത്തിന്‍റെ അവസാന നാളുകൾ പ്രിയങ്കയ്ക്ക് കഷ്ടപാടുകൾ നിറഞ്ഞതായിരുന്നു. പ്രിയങ്കയെ എഴുന്നേൽപ്പിക്കാനും കിടക്കാനുമൊക്കെ സഹായിച്ചിരുന്നത് രോഹനായിരുന്നു. രമണും പ്രിയങ്കയും തമ്മിലുള്ള ബന്ധം കേവലം നാമമാത്രമായി. തങ്ങളുടെ വിവാഹം നടക്കുമ്പോൾ രോഹൻ വളരെ ചെറുതായിരുന്നു.

പ്രിയങ്കയെ അവൻ ചേച്ചിയമ്മയെന്നാണ് വിളിച്ചിരുന്നത്. അന്നൊക്കെ അവന്‍റെ പഠിത്ത കാര്യത്തിൽ പ്രിയങ്ക എത്രമാത്രമാണ് ശ്രദ്ധിച്ചിരുന്നത്. രമൺ കഴിഞ്ഞുപോയ കാലത്തെ ക്കുറിച്ച് ഓർത്തു.

“ഛെ, എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ഇതിലും ഭേദം കുട്ടികളല്ലാതിരിക്കുന്നതായിരുന്നു.” മനസ്സിൽ എരിഞ്ഞു കത്തുന്ന അസ്വസ്ഥതയിൽ രമൺ സ്വയം എരിഞ്ഞടങ്ങാൻ മോഹിച്ചു.

ആ സമയം രമണിന്‍റെ മൊബൈൽ ഫോൺ ശബ്ദിച്ചു. മറുവശത്ത് രോഹനാണ്, “ചേട്ടാ ഒന്ന് വേഗം വന്നേ, ചേച്ചിക്ക് പെയിൻ തുടങ്ങി. ഹോസ്പിറ്റലിൽ ഉടനെ കൊണ്ടു പോകണം.”

“നീ കൊണ്ടുപോയ്ക്കോ… ഞാൻ വന്നിട്ട് എന്ത് ചെയ്യാനാ. നീയൊരു ഡോക്ടറല്ലേ, എനിക്ക് അത്യാവശ്യമായി 15 ദിവസത്തേക്ക് ഹൈദരാബാദ് പോകണം. അർജന്‍റാണ്. രമൺ തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞു.

തന്‍റെ കുറവിനെക്കുറിച്ചുള്ള അപകർഷതാ ബോധം മൂലമാണ് രമൺ ഇങ്ങനെ പെരുമാറുന്നതെന്ന് പ്രിയങ്ക നന്നായി മനസ്സിലാക്കിയിരുന്നു. ജീവശാസ്ത്രപരമായി കുഞ്ഞിന്‍റെ അച്ഛൻ രമൺ അല്ലല്ലോ. മാത്രവുമല്ല പ്രശ്നമുള്ള പുരുഷന്മാരിൽ ഭൂരിഭാഗംപ്പേരും ഇത്തരത്തിൽ പെരുമാറുമെന്ന് ഡോക്ടർ മുൻക്കൂട്ടി അവളെ ധരിപ്പിക്കുകയും ചെയ്‌തിരുന്നു.

ഏകദേശം 10 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം പ്രിയങ്ക കുഞ്ഞുങ്ങളുമായി സസുഖം വീട്ടിലെത്തി. ഇതിനിടെ ഒരിക്കൽപ്പോലും രമൺ ആശുപത്രിയിൽ അമ്മയേയോ കുഞ്ഞുങ്ങളേയോ കാണാൻ ശ്രമിച്ചില്ല.

15-ാം ദിവസം അയാൾ വീട്ടിൽ മടങ്ങിയെത്തി. അയാളുടെ മാനസികാവസ്‌ഥയെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പ്രിയങ്കയ്ക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുക. കോർണർ റൂമിൽ ഒഴുകി കൊണ്ടിരുന്ന മധുരതരമായ സംഗീതത്തിന്‍റെ അലകളിൽ സ്വയം ലയിച്ചു ചേരാൻ അയാൾ മോഹിച്ചു. പക്ഷേ എന്തോ ഒരു അസ്വസ്ഥത അയാളെ വലയം വച്ചു.

“കുഞ്ഞുങ്ങൾ കരയുന്ന ശബ്ദം” രമൺ ഇരട്ടക്കുട്ടികളായിരിക്കുമോ? ഉടനടി മ്യൂസിക് സിസ്റ്റം ഓഫാക്കി ചെവിയോർത്തു. കുഞ്ഞിക്കരച്ചിലുകളുടെ അലകൾ അയാളുടെ ചെവിയിൽ പതിച്ചു. പെൺകുഞ്ഞായിരിക്കുമോ അതോ ആൺ കുഞ്ഞോ? ഛെ ആരുമെന്താ അവരെ ആശ്വസിപ്പിക്കാത്തത്?” ഹൃദയമിടിപ്പുകളോടെ അയാൾ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം വീണ്ടും കരച്ചിൽ…

രമൺ അസ്വസ്ഥനായി മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. അയാളടെ തൊണ്ട വറ്റിവരണ്ട പോലെ… അടുത്ത മുറിയിൽ നിന്നുയരുന്ന കുഞ്ഞിക്കരച്ചിലുകളും ചിണുങ്ങലുകളും തണുത്തുറഞ്ഞ ശിലയെ ഇളം ചൂടിൽ ഉരുകിയൊലിപ്പിക്കാൻ തുടങ്ങി.

ഇതിനിടെ രമണിന്‍റെ ഫോൺ മുഴങ്ങാൻ തുടങ്ങി. അയാൾ ഫോണെടുത്ത് പരിശോധിച്ചു. പുതിയ നമ്പറാണ്. എന്നാലോചിച്ചു കൊണ്ട് ഫോൺ ചെവിയോട് ചേർത്തു.

“ചേട്ടാ, ഞാൻ രോഹനാണ്. പ്ലീസ് ഫോൺ കട്ട് ചെയ്യരുത്. ഞാൻ ഇന്നലെ രാത്രിയോടെ സിഡ്നിയിൽ എത്തി. എനിക്ക് ഇവിടെയുള്ള ഹോസ്പിറ്റലിൽ ജോലി കിട്ടി. അതോടൊപ്പം എനിക്ക് ചില കോഴ്സുകളും ചെയ്യാം. ചേട്ടനും ചേച്ചിയമ്മയും എന്നെ ഈ നിലയിലെത്തിക്കാൻ ഒത്തിരി സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി ചേച്ചി വല്ലാത്ത വിഷമത്തിലായിരുന്നു. ചേട്ടന്‍റെ അവഗണനയും നിസ്സംഗതയും ചേച്ചിയെ വല്ലാതെ വിഷമത്തിലാക്കി. ചേട്ടൻ ഏറെക്കുറെ ചേച്ചിയെ ഉപേക്ഷിക്കുക തന്നെ ചെയ്‌തിരുന്നു. പക്ഷേ ഇപ്പോൾ ചേച്ചിയ്ക്ക് ചേട്ടന്‍റെ സാന്നിധ്യം ഏറ്റവുമാവശ്യമാണ്.” തുടർന്ന് ഒന്നും പറയാനാവാതെ രോഹൻ പൊട്ടിക്കരയാൻ തുടങ്ങി. അവർക്കിടയിൽ ദീർഘസമയത്തെ ഒരു നിശബ്ദത പടർന്നു.

“രോഹൻ ഇപ്പോൾ ഏറെ മുതിർന്നിരിക്കുന്നു. അവന് എല്ലാം മനസിസലാക്കാൻ പറ്റുന്നു. പക്ഷേ ഞാനോ അനാവശ്യമായ പ്രശ്നങ്ങളുടെ പേരിൽ അവരെ എത്രമാത്രം വേദനിപ്പിച്ചു.” രമൺ ഓർത്തു.

രമൺ തിരിച്ച് എന്തെങ്കിലും പറയും മുമ്പെ വീണ്ടും രോഹന്‍റെ ശബ്ദം മുഴങ്ങി. “ചേട്ടാ, കുഞ്ഞുങ്ങളെന്തിനാ കരയുന്നേ? അവർ കരയുന്ന ശബ്ദം എനിക്ക് കേൾക്കാമല്ലോ.”

“ഇരട്ടകുട്ടികളാണോ?” രമണിന്‍റെ ഹൃദയം തുടിച്ചു. അയാൾ നേരെ അടുത്ത മുറിയിലേക്ക് ഓടി. ഇളം റോസ് നിറത്തിലായി രണ്ട് പൂമുട്ടകൾ പോലെ… രണ്ട് കുഞ്ഞുങ്ങൾ കൈകാലിട്ടടിച്ച് മത്സരിച്ച് കരയുകയാണ്.

“രോഹൻ നീ വേഗം വീട്ടിൽ വരണം.” എന്ന് പറഞ്ഞുകൊണ്ട് രമൺ തിടുക്കപ്പെട്ട് ഇരുവരേയും എടുത്ത് മാറോട് ചേർത്തു പിടിച്ചു.

കുഞ്ഞുങ്ങൾ രോഹന്‍റേതായാലും മറ്റാരുടേതാ യാലും എന്ത് കാര്യം. ഇപ്പോൾ അവർ എന്‍റെ കുഞ്ഞുങ്ങളാണല്ലോ. ഞാനാണല്ലോ അവരുടെ അച്‌ഛൻ. അതല്ലേ എന്‍റെ ഏറ്റവും വലിയ സന്തോഷം. തന്‍റെ മാലാഖക്കുഞ്ഞുങ്ങളുടെ മുഖത്തേക്ക് രമൺ മതിവരാതെ ഉറ്റുനോക്കി കൊണ്ടിരുന്നു.

പ്രണയത്തിൻ അപ്പുറം… ശ്രീപാർവ്വതി

വർഷങ്ങൾക്കു മുമ്പ് ആദ്യമായി പ്രണയത്തെക്കുറിച്ചെഴുതി തുടങ്ങുമ്പോൾ അത് ഒരു പുസ്‌തകമാകും എന്ന് പോലും കരുതിയിരുന്നതുമില്ല. റൂമിയുടെ വചനങ്ങളായിരുന്നു ജീവൻ, സൂഫിസത്തിന്‍റെ അർത്ഥം തേടി പല സോഷ്യൽ മീഡിയ പ്രൊഫൈലുകളും കയറിയിറങ്ങുമ്പോൾ സ്വാഭാവികമെന്നോണം സുഹൃത്തുക്കളും വർദ്ധിച്ചു വന്നു. പ്രണയത്തിന് വായനക്കാർ കൂടി. സ്‌ഥിരമെഴുതിക്കൊണ്ടിരുന്ന പ്രണയക്കുറിപ്പുകൾക്ക് വായനക്കാരുണ്ടായി.

മനുഷ്യന്‍റെ അടിസ്‌ഥാന വികാരങ്ങളിൽ പ്രണയവും മരണഭീതിയും ഒക്കെയുള്ളതുകൊണ്ട് അതിന്‍റെ വായനക്കാരും അതേ വൈകാരികതയെ ഉൾക്കൊള്ളുന്നവർ തന്നെയാകേണ്ടതുണ്ട്. അതിവൈകാരികതയുടെ ഉഷ്‌ണമകറ്റാൻ സോഷ്യൽ മീഡിയ സഹായിക്കുമെന്ന മിഥ്യാധാരണ കൊണ്ടോ എന്തോ ഒരുകാലത്ത് ഫെയ്‌സ് ബുക്ക്, ഓർക്കുട്ട് പോലെയുള്ള മാധ്യമങ്ങളിൽ പ്രണയത്തിനായിരുന്നു ആരാധകർ കൂടുതലും. എഴുതിത്തുടങ്ങുന്നവർ ആശ്രയിക്കുന്നതെപ്പോഴും പ്രണയവും മരണവുമൊക്കെ തന്നെയായതുകൊണ്ടും സോഷ്യൽ മീഡിയ എഴുത്തുകാർ മുളച്ച് പൊന്തുന്ന സമയമായതു കൊണ്ടും പ്രണയക്കുറിപ്പുകൾ ധാരാളവുമായിരുന്നു.

എഴുതുന്നതിന്‍റെ താഴെ വരികളുടെ മറുപടികളായി കവിത പൂക്കുന്ന മറുവരികൾ കുറിക്കുന്നവരുണ്ടായിരുന്നു. “നീയാണെന്‍റെ മീര” എന്ന് പറഞ്ഞ ഒരു എഴുത്തുകാരനെ ഞാനിപ്പോഴും ഓർക്കുന്നു. കവിതകളും മറുപടികളുമൊക്കെ ടൈം ലൈനിൽ ഒതുക്കി നിർത്താൻ ആഗ്രഹിച്ചതുകൊണ്ട് മാത്രം മീരയെന്ന പേരിനെ അദ്ദേഹത്തിന്‍റെ സങ്കൽപ്പത്തിൽ തന്നെ സൂക്ഷിച്ചു വയ്‌ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞത് ആ കവിയോട് വെറുപ്പുണ്ടായിട്ടല്ല. അതീവ സ്‌നേഹത്തോടെയാണ് പറഞ്ഞത്, അല്ലെങ്കിലും സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്ന ഒരാൾക്ക് സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വെറുപ്പുണ്ടാകാൻ പാടില്ലല്ലോ. പക്ഷേ ഒടുവിൽ സ്വകാര്യമായി ലഭിക്കാത്ത മറുകുറിപ്പുകൾ പ്രതീക്ഷിച്ചു മടുത്ത് അദ്ദേഹം എന്നെ വിട്ടിറങ്ങിപ്പോയി. പരാതിയില്ല, പരിഭവങ്ങളില്ല.

വായനകൾ വായിക്കേണ്ടയിടത്ത് നിന്നും വായിക്കുന്നതാണ് സുഖം. അതിനപ്പുറം അത് സഞ്ചരിക്കുമ്പോൾ സങ്കൽപ്പങ്ങൾ പൊടിഞ്ഞു പോയേക്കും. റൂമിയെ, വരികളെ പ്രണയിക്കുക-അദ്ദേഹത്തിന്‍റെ ജീവിതം അന്വേഷിച്ചു പോകുന്നത് സദാചാര നീതിയ്‌ക്ക് എതിരാണ്. എഴുത്ത് ഗൗരവമായി കാണുന്ന കാലമായപ്പോൾ പ്രണയവും അതിവൈകാരികതയിൽ നിന്നും ബുദ്ധിയുടെ ഇടങ്ങളിലേക്ക് സഞ്ചരിച്ചു. അവിടെ നിന്നും അക്ഷരങ്ങൾ പുറപ്പെടുകയില്ലെന്ന് ഞാനപ്പോൾ മനസ്സിലാക്കി. പ്രണയത്തിന്‍റെ യഥാർത്ഥ രസവും ഉള്ളും തിരിച്ചറിഞ്ഞ നാൾ മുതൽ, അതിന്‍റെ പൂർണത തിരിച്ചറിഞ്ഞപ്പോൾ മുതൽ അതിലെ അക്ഷരമില്ലായ്‌മ എന്നെ ആദ്യം വലച്ചു. പിന്നെ മനസ്സിലായി, ഹൃദയം നിറഞ്ഞിരിക്കുമ്പോൾ വാക്കുകൾ വരേണ്ടതില്ലെന്ന്. ഇത് ഞാനല്ല ഷേ്‌ക്‌സ്‌പിയർ പറഞ്ഞതാണ്, അദ്ദേഹത്തിന്‍റെ കിംഗ് ലിയർ എന്ന നാടകത്തിലൂടെ. പൂർണമായി നിൽക്കുന്ന ഒന്നിലേക്ക് ഒന്നും ഒതുക്കേണ്ടതില്ല, അതിൽ നിന്നും ഒന്നും പുറത്തേയ്‌ക്കും വരികയില്ല.

ഫെയ്‌സ്‌ബുക്കിൽ അനേകം പോസ്‌റ്റുകൾ എഴുതി പൂർത്തിയാക്കി പോസ്‌റ്റ് ചെയ്യാതെ മായ്‌ക്കപ്പെട്ടു പോയി. പ്രണയം എഴുതാനുള്ളതല്ലെന്നും അനുഭവിക്കാനുള്ളതാണെന്നും അവൻ പറഞ്ഞത് എത്ര സത്യമാണെന്ന് ഞാനപ്പോൾ ഓർത്തു. സോഷ്യൽ മീഡിയ അപ്പോഴേക്കും പ്രണയത്തിന്‍റെ കാര്യത്തിലും ഇരുത്തം വന്നിരുന്നുവെന്നു തോന്നുന്നു. പ്രണയത്തെ വിട്ട് രാഷ്‌ട്രീയവും ജീവിതവും അവർ സംസാരിച്ചു തുടങ്ങി. സ്‌ത്രീകൾ സ്വപ്‌നങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. ധൈര്യത്തോടെ സമരങ്ങൾക്കിറങ്ങി. എങ്കിലും പ്രണയത്തിന്‍റെ രേഖപ്പെടുത്തലുകൾ അവർക്ക് ആശ്വാസവും ധൈര്യപ്പെടുത്തലുമായി.പ്രണയത്തെക്കുറിച്ചെഴുതിയിട്ട് നാളുകളേറെയായി.

ഭയവും ആക്രമണങ്ങളും കൊലപാതകവുമൊക്കെയാണിപ്പോൾ മനസ്സ് നിറയെ, എഴുതേണ്ടത് അതിനെക്കുറിച്ചാണ്. മനുഷ്യന്‍റെ അടിസ്‌ഥാന വികാരത്തിൽ നിന്ന് പ്രണയം പതുക്കെ നിഷ്‌കാസനം ചെയ്യപ്പെടുന്നു. പകരം അവിടെ ഭയം മാത്രമായി അവശേഷിക്കുന്നു. പ്രണയത്തെപ്പോലും ഭയക്കേണ്ട മനുഷ്യരുണ്ടാകുന്നു. പുസ്‌തകമെഴുതുന്നത് പോലും അതിനെക്കുറിച്ചാണ്… എങ്കിലും ഉള്ളിലുണ്ട്, മനസ്സും ആത്മാവും ശരീരവും നിറയ്‌ക്കുന്ന ഒരു പൂർണത. അതിനെ ഞാൻ പ്രണയമെന്നു വിളിക്കുന്നു. അതുറക്കേ പറയേണ്ടതല്ലെന്നും ഞാൻ തിരിച്ചറിയുന്നു. പകരം മാനുഷികതയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും സംസാരിക്കാനാഗ്രഹിക്കുന്നു. ഭയംകൊണ്ട് വീർപ്പുമുട്ടുന്ന മനുഷ്യർക്ക് പ്രണയമല്ല, കരുതൽ കൊണ്ട് ചൂട് പിടിപ്പിക്കുന്ന കൈകളും സൗഹൃദവുമാണ് ആവശ്യം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें