ഫിറ്റ്നസിന്‍റെ ഈ പുതിയ പാഠങ്ങൾ സ്വീകരിച്ച് നിങ്ങളുടെ സ്വപ്നം സഫലമാക്കാം. ഒരു മാസം കഴിയുമ്പോൾ മേഘയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ബാച്ച്ലർ പാർട്ടിയുണ്ട്. അതിൽ ഹോട്ട്ലുക്കിലാവും എല്ലാവരും പങ്കെടുക്കുന്നത്. പക്ഷേ മേഘയ്ക്ക് അഞ്ചടി നാലിഞ്ച് ഉയരവും 59 കിലോ ഭാരവും. ഷോർട്ട് ഡ്രസ് ധരിക്കണമെന്നുണ്ട്. അരക്കെട്ടിന്‍റെയും കാലിന്‍റെയും വണ്ണം അൽപം കൂടി കുറവായിരുന്നെങ്കിൽ. നാല് ആഴ്ചയുണ്ട് മുന്നിൽ. ഭാരം നാലു കിലോ കുറച്ചാൽ 55 ആകും. ഉയരത്തിനനുസരിച്ച് ഭാരം. അതിനായി ഫുഡ് ഡയറ്റ് പ്ലാൻ ചെയ്യുകയും ഒപ്പം വർക്കൗട്ടും നടക്കട്ടെ.. അദ്ഭുതങ്ങൾ പ്രതീക്ഷിക്കാം.
നാല് ആഴ്ച കൊണ്ട് നാല് കിലോ വരെ കുറയ്‌ക്കാൻ കഴിയുന്ന ഫിറ്റ്നസ് ചാർട്ട് നിങ്ങളും ശ്രമിച്ചു നോക്കൂ. ഭാരം അമിതമായി കൂടി കഴിഞ്ഞാൽ പിന്നെ കുറച്ചു കൊണ്ടു വരാൻ പ്രയാസമാണ്. ഭാരം കുറയ്‌ക്കാൻ വേണ്ടി ബിഎംആർ അഥവാ ബേസിക് മെറ്റബോളിക് റേറ്റ് വർദ്ധിപ്പിക്കുകയാണ് വേണ്ടത്. ദിനചര്യയിലും ഭക്ഷണത്തിലും ശ്രദ്ധിച്ചാൽ ഇക്കാര്യം നേടിയെടുക്കാം.
4 കാര്യങ്ങൾക്ക് വിട
- അമിത ഭക്ഷണം
- ശീതള പാനീയം
- പഞ്ചസാര
- ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കൽ
4 കാര്യങ്ങൾ ശ്രദ്ധിക്കുക
- രാവിലെ ഒരു ഗ്ലാസ് ശുദ്ധ ജലത്തിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുക.
- സന്തുലിതമായ ഭക്ഷണം കഴിക്കുക.
- പോഷകമുള്ള സ്നാക്സുകൾ മാത്രം ഭക്ഷിക്കുക. (സലാഡ്, കാരറ്റ്, പൊട്ടുവെള്ളരി തുടങ്ങിയവ)
- ഭാരം കുറയണമെങ്കിൽ ഡയറ്റ് മാത്രം പോര. വ്യായാമവും വേണം. തുടക്കത്തിൽ 15 മിനിറ്റ് വ്യായാമം ചെയ്‌ത് അത് ദിവസവും 45 മിനിറ്റ് എന്ന കണക്കിൽ വർദ്ധിപ്പിച്ചു കൊണ്ടു വരിക.
ചെയ്യേണ്ട 4 കാര്യങ്ങൾ
ഫിസിക്കൽ ആക്‌ടിവിറ്റി: ശരീരം എപ്പോഴും ആക്ടീവായി നിലനിർത്തിയാൽ മാത്രമേ ഭാരം കുറയ്‌ക്കുക എന്ന ലക്ഷ്യം നേടാൻ കഴിയൂ. എയ്റോബിക്‌സ്, ട്രെഡ്മിൽ, നടത്തം, നൃത്തം ഇങ്ങനെ ഏതുതരം ആക്‌ടിവിറ്റിയാണെങ്കിലും 30-45 മിനിറ്റ് ചെയ്യണം. ഇത് ദിവസവും ചെയ്യുന്നുണ്ടെങ്കിൽ 30 മിനിറ്റ് ആയാലും മതി. ആഴ്ചയിൽ നാലു ദിവസമേ ചെയ്യുന്നുള്ളൂവെങ്കിൽ 45 മിനിട്ടെങ്കിലും ചെയ്യണം.
ഭക്ഷണം ആണ് ശരീരം: രാവിലത്തെ തിരക്കിൽ ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കാൻ സമയം കിട്ടാത്തവരാണ് നിങ്ങളെങ്കിൽ സംശയിക്കേണ്ട, വണ്ണം കൂടും! രാവിലെ പോലും ഞാൻ ഒന്നും കഴിക്കുന്നില്ല. എന്നിട്ടു കണ്ടില്ലേ ഈ തടി. എന്ന് കരഞ്ഞിട്ട് കാര്യമില്ല. ബ്രേയ്ക്ക് ഫാസ്റ്റ് കഴിച്ചാൽ തടി കുറയ്ക്കാം എന്ന സത്യം മറക്കാതിരിക്കുക. രാവിലെ നന്നായി കഴിച്ചില്ലെങ്കിൽ തുടർന്നുള്ള ഭക്ഷണത്തിന്‍റെ അളവ് കൂടും.
ചെറിയ ഇടവേളകളിൽ ലഘുവായി ഭക്ഷണം: കഴിക്കുന്നതാണ് നല്ല രീതി. ശരീരത്തിനാവശ്യമായ ഊർജ്‌ജം ലഭിക്കും. അമിതമായി കൊഴുപ്പ് അടിയുകയുമില്ല.
ഹൈഡ്രേറ്റ് ചെയ്യാം: ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്തുകയാണ് വണ്ണം കൂടാതിരിക്കാനുള്ള ഒരു മാർഗ്ഗം. 4 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ശരീരത്തിലെ ടോക്‌സിനുകൾ പുറത്തു പോകാൻ ഇത് സഹായിക്കും. പ്രത്യേകിച്ചും ചൂട് കൂടുതലുള്ള സ്‌ഥലങ്ങളിൽ കഴിയുന്നവരാണെങ്കിൽ വെള്ളം കൂടുതൽ കുടിക്കണം.