യാത്ര എപ്പോഴും എനിക്കിഷ്ടം തന്നെയാണ്. ഓരോ യാത്രയും നമുക്ക് പല അനുഭവങ്ങളാണ് പകർന്നു നൽകുന്നത്. വ്യത്യസ്‌തതരം ആളുകളേയും അവരുടെ ജീവിത രീതികളേയും ഭാഷയേയും അടുത്തറിയാനാകും. ഷൂട്ടിനായി ലക്ഷദ്വീപിലേക്കു നടത്തിയ ട്രിപ്പ് എനിക്ക് അവിസ്മരണീയമാണ്. ഇതുവരെ കാണാത്ത, അല്ലെങ്കിൽ കേൾക്കാത്ത ഒരു ലോകത്തേക്കാണ് അതെന്നെ എത്തിച്ചത്. അത്രമാത്രം ആകർഷകമായിരുന്നു അവിടുത്തെ കാഴ്ചകൾ. മിയ തന്‍റെ യാത്രാനുഭവങ്ങൾ ഓർമ്മയിൽ ഇഴനെയ്യുകയാണ്. കണ്ണും കാതും മനവും നിറഞ്ഞ നിമിഷങ്ങളിലേക്ക് മിഴി തുറക്കുകയാണ് ഈ താരം.
സച്ചി ചേട്ടൻ സംവിധാനം ചെയ്‌ത അനാർക്കലി എൺപത് ശതമാനത്തോളവും ഷൂട്ട് ചെയ്‌തത് ലക്ഷദ്വീപിൽ തന്നെയാണ്. ഒരു അഡ്വഞ്ചറസ് മൂവിയാണിത്. സിനിമയിലുടനീളം കടലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്. നമ്മൾ പറഞ്ഞുമാത്രം കേട്ടിട്ടുള്ള ലക്ഷദ്വീപിലെ കാഴ്ചകൾ നേരിൽ കാണാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം തോന്നി. എന്നോടൊപ്പം രാജുചേട്ടൻ (പൃഥിരാജ്), ബിജുചേട്ടൻ (ബിജുമേനോൻ), സുരേഷേട്ടൻ (സുരേഷ് കൃഷ്ണ) എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതിനാൽ ടീമംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ചുള്ള ഒരു യാത്രയും കൂടിയായിരുന്നു അത്.
കപ്പൽ യാത്ര രസകരം
കൊച്ചിയിലെ വില്ലിംഗ്ടൺ ഐലന്‍റിൽ നിന്നും ഞങ്ങൾ പുറപ്പെടുമ്പോൾ സമയം ഉച്ചകഴിഞ്ഞ് മൂന്നരയോളമായിരുന്നു. എല്ലാവരും വളരെ ജോളിയായിട്ടാണ് കാണപ്പെട്ടത്. താരങ്ങളും അണിയറ പ്രവർത്തകരും അടങ്ങിയ സംഘത്തിന്‍റെ യാത്ര. ഇതിനിടയിൽ തന്നെ സിനിമയുടെ ഭാഗങ്ങളും ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. ക്രൂയിസിലെ മണിക്കൂറുകളോളമുള്ള യാത്ര ഒരനുഭവം തന്നെയാണ്. ഒരു പുതിയ സഥലത്തേക്ക് പോകുന്നതിന്‍റെ ആകാംക്ഷയും മനസ്സിലുണ്ടായിരുന്നു.
കപ്പൽ പുറപ്പെട്ട് അധികം വൈകാതെ തന്നെ ഞങ്ങൾക്ക് കേരളതീരവുമായുള്ള ബന്ധം ഇല്ലാതായി. മൊബൈലിനാണെങ്കിൽ റെയ്ഞ്ചും കിട്ടുന്നില്ല. ടിവിയും മൊബൈലും ഒന്നുമില്ലാതെയുള്ള യാത്ര. സന്ധ്യയാകുമ്പോഴേക്കും പുറത്തേക്ക് ഒരു കാഴ്ചയുമില്ല. മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്‌ഥയും. പലപ്പോഴും ഷൂട്ടിനായി ക്രൂയിസ് പിടിച്ചിട്ടിരുന്നു. കപ്പലിൽ വച്ച് ഒരു സോംഗും ചിത്രീകരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ അങ്ങനെ ഞങ്ങൾ തീരത്തേക്കടുത്തു. അവിടെയെത്തിയപ്പോൾ മൊബൈലിന് റേയ്ഞ്ച് ലഭിച്ചിരുന്നു.
ലക്ഷദ്വീപ് നേർക്കാഴ്ചകൾ
ആദ്യമായി ലക്ഷദ്വീപിലെത്തിയ ഞങ്ങളെ ആകർഷിച്ചത് അവിടത്തെ തെങ്ങുകൾ തന്നെയാണ്. നമ്മുടേതിനെക്കാളും അധികം തെങ്ങുകൾ അവിടെയുണ്ടെന്ന് തോന്നിപ്പോകും. എല്ലാം തൊട്ടു തൊട്ടു നിൽക്കുകയാണ്. അതിനു ചുവട്ടിലൂടെ നടക്കാൻ തന്നെപേടി തോന്നും. തേങ്ങയെങ്ങാനും താഴെ വീണാലോ... റോഡുകൾ ഒക്കെ കോൺക്രീറ്റ് ചെയ്‌തിട്ടുണ്ട്. പക്ഷേ അവയൊക്കെ തീരെ വീതി കുറഞ്ഞവയുമാണ്. പെട്രോൾ പമ്പൊന്നും അവിടെയില്ല.
പൂച്ചയും കോഴിയുമൊക്കെ ഇഷ്ടം പോലെ കാണാൻ കഴിയും. എന്നാൽ കാക്കയോ പാമ്പോ ഒന്നും ഉണ്ടായിരുന്നില്ല. അവിടെ സാധനങ്ങൾ ഒക്കെ വാങ്ങാൻ കിട്ടും. പക്ഷേ അത് കൊച്ചിയിൽ നിന്നോ കോഴിക്കോട്ടു നിന്നോ എത്തിക്കുകയാണ്. അരി പോലും തീർന്നു പോയാൽ അതു വരുന്നതു നോക്കിയിരിക്കേണ്ട അവസ്‌ഥ. ഷോപ്പുകൾ അത്യാവശ്യം ഉണ്ട്. ഹോസ്പിറ്റൽ സൗകര്യവും ലഭിക്കും. തീയേറ്റർ അവിടെയില്ല. അവർക്ക് ടിവി തന്നെയാണ് ആശ്രയം.