സമൂഹത്തിലെ നിർദ്ധനരേയും നിസ്സഹായരേയും വൃദ്ധരേയും പരിരക്ഷിക്കുകയും കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും സ്ത്രീകളെ വേശ്യാവൃത്തിയിൽ നിന്നും മോചിപ്പിക്കുകയും ചെയ്ത ധീരയായ സാമൂഹ്യ പ്രവർത്തക. 2019 മാർച്ചിൽ ശ്രുതി ഫൗണ്ടേഷന് തുടക്കം കുറിച്ച് സമൂഹത്തിലെ ഉപേക്ഷിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച് വരികയാണവർ. ഛത്തീസ് ഗഡിലെ ഭിലായ് പട്ടണത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന നീതു ശ്രീവാസ്തവ സ്ക്കൂളിൽ പഠിച്ചിരുന്ന കാലംതൊട്ടെ സമൂഹ നന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ ആഗ്രഹം മനസ്സിനുള്ളിൽ സൂക്ഷിച്ചിരുന്നു.
സോഷ്യൽ വർക്കിലും പൊളിറ്റിക്കൽ സയൻസിലും ബിരുദാനന്തര ബിരുദം നേടിയ നീതു ഐടിഐയിൽ നിന്നും ഇലക്ട്രോണിക്സിൽ പിജിയും കരസ്ഥമാക്കിയിട്ടുണ്ട്.
സാമൂഹ്യ സേവനരംഗത്ത് വരാനുള്ള പ്രേരണ?
സ്ക്കൂളിൽ പഠിച്ചിരുന്ന കാലം തൊട്ടേ സാമൂഹ്യ സേവനം എന്ന ചിന്ത മനസിലുണ്ടായിരുന്നു. സ്ക്കൂളിൽ സ്കൗട്ടിന്‍റെ ഭാഗമായി രോഗികളെ പരിചരിക്കുന്നതെങ്ങനെ എന്നൊക്കെ പരിശീലിക്കുന്നതിനായി ഞങ്ങൾ വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുമായിരുന്നു. അങ്ങനെ മനസ്സിൽ സാമൂഹ്യ സേവനം വളർന്നു കൊണ്ടിരുന്നു. സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവരിലായി എന്‍റെ ശ്രദ്ധ.
സാമൂഹ്യസംഘടനകളുമായി എങ്ങനെയാണ് ബന്ധപ്പെട്ടത്?
ഈ രംഗത്ത് ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യുകയെന്നത് അസാദ്ധ്യമായിരുന്നു. സമൂഹ നന്മയ്ക്കായി ചെയ്യുന്ന ഏത് കാര്യവും ഞാൻ എഫ്ബിയിൽ പങ്ക് വയ്ക്കുമായിരുന്നു. അങ്ങനെ ആളുകളും വിവിധ സാമൂഹ്യ സംഘടനകളും എന്നെ ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെയാണ് സാമൂഹ്യ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഓഫർ കിട്ടുന്നത്.
വിദ്യാഭ്യാസം ലഭിക്കാതിരിക്കുക, വേശ്യാവൃത്തി എന്നിവ രാജ്യത്തെ 2 വലിയ പ്രശ്നങ്ങളാണ്. ഇവയ്ക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് പറയാമോ?
ഇവ രണ്ടിനുമുള്ള കാരണങ്ങൾ പണത്തിന്‍റെ അഭാവവും നിസ്സഹായവസ്ഥയും വിദ്യാഭ്യാസമില്ലാത്തതുമാണ്. ഒപ്പം ആളുകൾക്കിടയിൽ വേണ്ടത്ര ബോധവൽക്കരണമില്ലാത്തതും ഒരു കാരണമാണ്. വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ട് ഇതിന്‍റെ മോശമായ പരിണിത ഫലങ്ങളെക്കുറിച്ച് പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവരെ ഇതിൽ നിന്നും മോചിപ്പിച്ച് പുനരധിവസിപ്പിക്കേണ്ടതുണ്ട്.
വലിയ സാമൂഹ്യ സംഘടനകൾക്ക് പേരുണ്ട്, കാഴ്ച വളരെ ചെറുതും. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
വലിയ വലിയ സംഘടനകൾ, പുറമേ നിന്ന് നോക്കുമ്പോൾ വളരെ വലുതായി തോന്നും. പക്ഷേ അകത്ത് വെറും പൊള്ളയായിരിക്കും. നമ്മുടെ സമൂഹത്തിലുള്ളവർ തന്നെ സമൂഹത്തെ സഹായിക്കാൻ മുന്നോട്ട് വരാതിരിക്കുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. എന്‍റെ യുദ്ധം ഇവിടെ നിന്നാണ് തുടങ്ങിയത്. ഗ്രൗണ്ട് ലെവലിൽ നിന്ന് പ്രവർത്തിച്ച് തുടങ്ങിയ എനിക്ക് ഈ ഫീൽഡിൽ വേറിട്ട പ്രവർത്തനം കാഴ്ച വയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്തെങ്കിലും ചെയ്യാൻ വലിയ ഡൊണേഷന്‍റെ ആവശ്യമൊന്നുമില്ല. ഭരണകൂടത്തിന്‍റെ സഹായ സഹകരണത്തിലൂടെ പല കാര്യങ്ങളും നമുക്ക് ചെയ്യാനാവും.
വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ടോ?
പലതരം വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ട്. പ്രത്യേകിച്ചും മെഡിക്കൽ ഫീൽഡിൽ. ആളുകൾക്ക് സഹായവും പണവും ആവശ്യമാണ്. ഈ സാഹചര്യത്തിൽ അവരെ പറഞ്ഞ് മനസ്സിലാക്കേണ്ടി വരും. ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ചെയ്യുന്നത് ശരിയാണെന്ന് അവരെ ബോധിപ്പിക്കേണ്ടി വരും. എന്തെങ്കിലും തർക്കങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ സാക്ഷി പറയുന്നതിൽ നിന്നും പിൻവാങ്ങും. അങ്ങനെ വരുമ്പോൾ ഏത് കേസായാലും ദുർബലമായി പോകുമല്ലോ.