ഹെൽത്ത് ഗാഡ്ജറ്റ്

ആരോഗ്യവും ഫിറ്റ്നസും ഉറപ്പാക്കാൻ സഹായിക്കുന്ന അനേകം ഗാഡ്ജറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് കുടവയറും പൊണ്ണത്തടിയും നടുവേദനയും ഉണ്ടാക്കുമല്ലോ. അപ്പോൾ എത്ര നേരം ഇരുന്നു എത്രനേരം നടന്നു എന്നൊക്കെ കൃത്യമായി രേഖപ്പെടുത്താനും അത് ഓർമ്മിപ്പിക്കാനും ഉപകരിക്കുന്ന ഉപകരണങ്ങൾ ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞു. ഇത്തരം ഫിറ്റ്നസ് ഗാഡ്ജറ്റുകൾ ഒന്നിനും നേരം തികയാത്ത തലമുറയ്ക്ക് പറ്റിയതു തന്നെ.

സ്മാർട്ട് ഷൂ

ഓടാൻ പണ്ട് ഉപയോഗിച്ച ഷൂസിന്‍റെ കാലം അസ്തമിച്ചു. കണ്ടാൽ സ്പോർട്സ് ഷൂ ആണെന്ന തോന്നൽ ഉണ്ടാക്കുന്ന തരം ഫിറ്റ്നസ് ഷൂസാണ് വിപണിയുടെ താരം. ഈ ഷൂ മൊബൈൽ ആപ്പുമായി കണകറ്റ് ചെയ്താൽ ഫിറ്റ്നസ് ആക്റ്റിവിറ്റി സംബന്ധിച്ച സകല വിവരങ്ങളും മൊബൈലിൽ അറിയാനാവും. സഞ്ചരിച്ച ദൂരം, വേഗം, എത്ര സ്റ്റെപ്സ് നടന്നു, എരിഞ്ഞു തീർത്ത കലോറിയുടെ അളവ് ഇവയെല്ലാം മനസിലാക്കാൻ സ്മാർട്ട് ഷൂ സഹായിക്കും.

സ്മാർട്ട് വാട്ടർ ബോട്ടിൽ

ഈ വാട്ടർ ബോട്ടിലിൽ വെള്ളം കഴിച്ചതിന്‍റെ അളവ് ലഭിക്കുന്നു. ജോലിത്തിരക്കിനിടെ വെള്ളം കുടിയ്ക്കാൻ മറന്നു പോകുന്നവർക്കും ഓർമ്മപ്പിശകുള്ളവർക്കും ഉപകരിക്കും. ഈ വാട്ടർ ബോട്ടിലിൽ ബ്ലൂടൂത്ത് വഴി മൊബൈലിൽ ആപ്പുമായി കണക്ട് ചെയ്‌താൽ കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കൃത്യമായി അറിയാൻ സാധിക്കും. വെള്ളം കുടിക്കാൻ നിർബന്ധിക്കുന്ന മെസേജും കൃത്യമായി ഇടവേളകളിൽ ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യും. വർക്കൗട്ട്, ഔട്ട്ഡോർ ആക്റ്റിവിറ്റി ഇവ കൂടുതൽ ഉള്ളവർക്ക് വളരെ പ്രയോജനപ്രദമാണ്.

വെയറബിൾ തെർമോമീറ്റർ

ഈ ഉപകരണം അണിഞ്ഞാൽ എത്ര ഡിഗ്രി സെൽഷ്യസ് പനിയുണ്ടെന്ന് ബ്ലൂടുത്ത് വഴി മൊബൈലിൽ അറിയാൻ സാധിക്കും. വീട്ടിൽ വാങ്ങിവച്ചാൽ, കുട്ടികളുടെയും പ്രായമായവരുടെയും പനി അളക്കാൻ സഹായകമാണ്. പനിയുടെ വ്യതിയാനവും നിശ്ചയിക്കാനാവും. ഗ്യാരന്‍റിയുള്ള വിശ്വാസ യോഗ്യമായ ബ്രാന്‍റ് വാങ്ങണമെന്ന് മാത്രം.

ഫെർട്ടിലിറ്റി മോണിറ്റർ

ഗർഭധാരണത്തിനു സാധ്യതയുള്ള ദിവസങ്ങൾ അറിയാൻ ഈ ഗാഡ്ജറ്റ് സഹായിക്കുന്നു. കൂടുതൽ കൃത്യതയോടെ ഓവുലേഷൻ ദിനങ്ങൾ പ്രവചിക്കാൻ കഴിയും എന്നതാണീ ഉപകരണത്തിന്‍റെ പ്രത്യേകത. കുഞ്ഞിനു വേണ്ടി തയ്യാറെടുക്കുന്നവർക്ക് വളരെ പ്രയോജനപ്രദമാണ് ഗാഡ്ജറ്റ്. വാച്ച് പോലെ അണിയാനും സാധിക്കും. ഫെർട്ടിലിറ്റി ട്രാക്കും ലഭ്യമാണ്.

ഫിറ്റ്നസ് ട്രാക്കർ

ഫിറ്റ്നസ് ബാൻഡാണ് പുതിയ തരംഗം. ഇത് സമയം കാണിക്കുന്നതിനൊപ്പം നടന്ന ദൂരം, എരിഞ്ഞ കലോറി, ഹൃദയമിടിപ്പിന്‍റെ നിരക്ക്, എത്ര സമയം ഉറങ്ങി എന്നിവയെല്ലാം രേഖപ്പെടുത്തും. ഡീപ്പ് സ്ലീപ്പ്, ലൈറ്റ് സ്ലീപ്പ് സമയം എന്നിവയും അറിയാൻ കഴിയും. ഇതിനായി ഉറങ്ങുമ്പോൾ അണിയണമെന്ന് മാത്രം. ഇതു കൂടാതെ ബ്ലൂടൂത്ത് വഴി ഫോണുമായി കണക്ട് ചെയ്‌താൽ സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനും ലഭിക്കും.

ഇന്ദ്രൻസ് ഇങ്ങനെയാണ്…

അപാരവായനക്കാരനാണ് ഇന്ദ്രൻസ്. പക്ഷേ ഏതൊരു പുസ്തകത്തിൽ നിന്ന് കിട്ടിയതിനേക്കാളും ജീവിതാനുഭവങ്ങളിൽ നിന്ന് ഇന്ദ്രൻസിനു വെളിച്ചം ലഭിച്ചിട്ടുമുണ്ട്. അറിവുകളും അനുഭൂതികളും ഇല്ലായ്മകളും സങ്കടങ്ങളും സന്തോഷങ്ങളും തുന്നി ചേർത്ത ഒരു വലിയ പുസ്തകമാണീ മെലിഞ്ഞ മനുഷ്യൻ. തയ്യൽക്കാരനായി കരിയർ തുടങ്ങിയ ഇന്ദ്രൻസ് ഇന്ന് ലോകോത്തര നടനായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ഷാങ്ഹായ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വരെ ആദരിക്കപ്പെട്ട അഭിനയ പ്രതിഭ മനസ്സ് തുറക്കുന്നു…

വർഷങ്ങളായി സിനിമയിൽ എത്തിയിട്ട്. അംഗീകാരം കിട്ടാൻ വൈകിയെന്ന സങ്കടം ഉണ്ടായിരുന്നോ?

ഇപ്പോഴും ഞാൻ സിനിമയിലുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഒരു നടന് സിനിമയിൽ വരാൻ എളുപ്പമാണ്. പക്ഷേ വർഷങ്ങളോളം നിലനിൽക്കാൻ വലിയ പാടാണ്. സിനിമയിൽ ഇത്രയൊക്കെ എത്തിപ്പിടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയതിൽ ഞാൻ സംതൃപ്തനാണ്. ആഗ്രഹിച്ചതിനേക്കാൾ കൂടുതലാണ് ഇതെല്ലാം. എന്നെ കുടക്കമ്പിയെന്ന് വിളിച്ച് കളിയാക്കിയവർ ഇപ്പോൾ ഇവിടെയില്ല.

നാൽപതോളം വർഷമായി സിനിമയിൽ…

അതെ, അതൊരു നീണ്ടയാത്രയാണ്. സിനിമയുടെ ബലത്തിലാണ് ചൈനയിലും പോകാൻ കഴിഞ്ഞത്. വെയിൽ മരങ്ങൾക്ക് ഷാങ്ഹായ് ഫെസ്റ്റിവലിൽ സെലക്ഷൻ കിട്ടിയെന്നും മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെന്നും ഡോ.ബിജു ഫോണിൽ വിളിച്ചറിയിച്ചപ്പോൾ സന്തോഷവും കൺഫ്യൂഷനും.. എന്താ പറയാ… മുമ്പ് പല അവാർഡുകളും ലഭിച്ചിട്ടുണ്ടെങ്കിലും ഒരു എക്സൈറ്റ്മെന്‍റ്! പിന്നെ പുതിയൊരു പടത്തിന്‍റെ ഷൂട്ടിംഗിൽ ആയതു കൊണ്ട് ആദ്യം ചൈനയിലേയ്ക്ക് പോകാൻ വലിയ താൽപര്യമൊന്നുമില്ലായിരുന്നു. പിന്നെ ഈ മേളയുടെ മഹത്വവും വലിപ്പവും എനിക്കറിയില്ലായിരുന്നു. ഗോവയിലൊക്കെ പോകുന്നതു പോലയെ കരുതിയുള്ളൂ.

വമ്പിച്ച സ്വീകരണമാണ് അവിടെ ലഭിച്ചത്, അല്ലേ?

ഒരു പരിചയവും ഇല്ലാത്ത രാജ്യവും ആളുകളും. അവരുടെ കൂടെ എങ്ങനെ ദിവസങ്ങൾ ചെലവഴിക്കും ഇതൊക്കെയായിരുന്നു എന്‍റെ ചിന്ത. പക്ഷേ അവർ വളരെ കാര്യമായാണ് അങ്ങോട്ടേയ്ക്ക് ക്ഷണിച്ചു കൊണ്ടു പോയത്. താമസ സൗകര്യവും ടിക്കറ്റും വിസയുമൊക്കെ തന്നു. അപ്പോഴാണ് മനസിലായത് ഇതത്ര നിസ്സാര കാര്യമല്ലെന്ന്. ആ മേളയിൽ കയറിപ്പറ്റാൻ വളരെ പാടുള്ള കാര്യമാണെന്ന്. വേറിട്ട ഒരു അനുഭവമായിരുന്നു റെഡ് കാർപെറ്റിലൂടെ ഉള്ള നടത്തം. എനിക്കിടാനുള്ള കോട്ട് ഞാനും സഹോദരനുമാണ് തയ്ച്ചത്. ഫോർമൽ കോട്ടായിരുന്നു ഡ്രസ്സ് കോഡ്.

ചൈനയിൽ പോയി ചോപ്സ്റ്റിക് വച്ച് ഭക്ഷണം കഴിക്കുന്ന തിന്‍റെ വീഡിയോ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ഹിറ്റായിരുന്നു…

സ്റ്റിക് ഉപയോഗിച്ച് നമുക്ക് ഭക്ഷണം കഴിക്കാൻ വലിയ പാടാണ്. ഇതിനേക്കാൾ ഒക്കെ എളുപ്പം കൈ കൊണ്ട് കുഴച്ച് തിന്നുന്നതാ (ചിരിക്കുന്നു). ഞാൻ ആളുകൾ കാണാത്തപ്പോൾ അങ്ങനെയാ കഴിച്ചത്. പിന്നെ ചെറിയ പ്രാക്ടീസൊക്കെ ഉണ്ടെങ്കിൽ ചെയ്യാൻ പറ്റും. ഓർമ്മയ്ക്കായി ഞാൻ രണ്ട് ചോപ്സ്റ്റിക്ക് വീട്ടിലേയ്ക്ക് കൊണ്ടു വന്നിട്ടുണ്ട്.

സിനിമയിൽ വരുന്നത് വസ്ത്രാലങ്കാരം ചെയ്‌തു കൊണ്ടാണ്. ഇപ്പോൾ സിനിമയിൽ ലോക പ്രശസ്തനായി…

ഞാൻ 12-ാം വയസിൽ തയ്യൽക്കാരനായി ജോലി തുടങ്ങിയ ആളാണ്. നടനായി… ജീവിത സൗകര്യമൊക്കെയായി. ഞാൻ ഇപ്പോഴും തയ്യ്ക്കാറുണ്ട്. വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്ത് ഒരു പൂതി തോന്നും. അനിയന്മാർ നടത്തുന്ന തയ്യൽ കടയിൽ നിന്ന് നമ്പറൊക്കെയിട്ട് തുണി കൊടുത്തു വിടും. ഞാൻ വീട്ടിൽ ഇരുന്ന് കട്ട് ചെയ്തു കൊടുക്കും. തുന്നും. ഇതൊക്കെ ഒരാഗ്രഹത്തിന്‍റെ പുറത്ത് ചെയ്യുന്നതാണ്. തയ്യൽക്കാരനായതു കൊണ്ടാണ് എനിക്ക് സിനിമയിൽ വരാൻ സാധിച്ചത്. സിനിമയിൽ വന്നു എന്നതിനേക്കാൾ ഇത്രയും കാലം ഇതിൽ നിൽക്കാൻ സാധിച്ചു എന്നുള്ളതാണ് സന്തോഷം. എഴുന്നേൽക്കുമ്പോൾ ഞാനിപ്പോഴും ഇവിടെ ഉണ്ടല്ലോ എന്ന സന്തോഷം.

ഇന്ദ്രൻസ് എല്ലാവരേയും ചിരിപ്പിക്കുന്ന മനുഷ്യനാണ്. ദേഷ്യം വരാറുണ്ടോ?

വല്ലപ്പോഴും. വന്നാൽ പിന്നെ ഒരു രക്ഷയുമില്ല. എനിക്ക് ഏറ്റവും പേടി ദേഷ്യം വരുന്നതാണ്. ദേഷ്യപ്പെട്ടു കഴിഞ്ഞാൽ പറഞ്ഞു പോകുന്ന വാക്കോ ചെയ്‌തു പോയ കാര്യമോ ആലോചിച്ച് ഞാൻ തന്നെ സങ്കടപ്പെടാറുണ്ട്. അത് പാടില്ലായിരുന്നു എന്ന് പിന്നെ ചിന്തിക്കും. ചെറുപ്പത്തിൽ അമ്മയോട് ദേഷ്യം തോന്നി നാടുവിട്ടിട്ടുണ്ട്. എവിടെ പോയാലും സന്ധ്യയാകുമ്പോൾ പേടിയാവും. തിരിച്ച് വീട്ടിലേയ്ക്ക് പതുങ്ങി ചെല്ലും.

വെയിൽ മരങ്ങൾ എങ്ങനെയാണ് ചൈനയിൽ സ്വീകരിക്കപ്പെട്ടത്…

14 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സരത്തിന് തെരഞ്ഞെടുത്തത്. അതിലൊന്നായിരുന്നു വെയിൽ മരങ്ങൾ. നമ്മുടെ ചിത്രത്തിന് ലഭിച്ചത് ഔട്ട് സ്റ്റാൻഡിംഗ് ആർട്ടിസ്റ്റിക്ക് അച്ചീവ്മെന്‍റ് അവാർഡാണ്. ഷാങ്ഹായ് മേളയിൽ പുരസ്കാരം നേടുന്ന ആദ്യ മലയാള ചിത്രമാണിത്. ഇതിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കേരളത്തിൽ നിന്ന് ഹിമാചലിലേക്ക് പാലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്‍റെ കഥ പറയുന്ന ചിത്രമാണിത്. ചിത്രം കണ്ടു കഴിഞ്ഞ കാണികളുടെ വക സ്റ്റാനി‍റിംഗ് ഒവേഷനായിരുന്നു. ഇതിന്‍റെ ക്രെഡിറ്റ് ഡോ. ബിജുവിനുള്ളതാണ്. അദ്ദേഹം കാരണമാണ് എനിക്കിതിന് അവസരം ലഭിച്ചത്.

അവിടുത്തെ ചടങ്ങിന്‍റെ പ്രത്യേകതകൾ എന്തൊക്കെയായിരുന്നു?

നന്നായി ഓർഗനൈസ് ചെയ്‌ത ചടങ്ങുകൾ ആയിരുന്നു. അച്ചടക്കമുള്ള മനുഷ്യർ. ഇവിടുത്തെ പോലെ വളരെ നീണ്ട പ്രസംഗങ്ങൾ ഒന്നുമില്ല. എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. മഹാമേള തന്നെയായിരുന്നു. ഷാങ്ഹായ് എന്ന വൻ നഗരത്തിന്‍റെ പ്രൗഢി മേളയിലും പ്രകടമായിരുന്നു. സമയത്തിനു വലിയ വില കൽപ്പിക്കുന്ന മനുഷ്യരുടെ നഗരമാണിത് എന്നാണ് മനസിലാക്കാൻ സാധിച്ചത്. ഞാൻ മലയാളത്തിലാണ് പ്രസംഗിച്ചത്. അത് ഒരാൾ ഇംഗ്ലീഷിലേയ്ക്ക് ആക്കി. അത് വേറൊരാൾ അവരുടെ ഭാഷയിലാക്കി. ഇങ്ങനെയായിരുന്നു. കൈമാറി കൈ മാറി പോകുമ്പോൾ നമ്മൾ പറയുന്നത് മറ്റൊരു അർത്ഥത്തിൽ വരുമോ എന്ന പേടി ഉണ്ടായിരുന്നു. പക്ഷേ ആളുകളുടെ കൈയ്യടിയും മറ്റും കേട്ടപ്പോൾ പറഞ്ഞത് ശരിയായാണ് കമ്മ്യൂണിക്കേറ്റ് ചെയ്‌തത് എന്ന് മനസിലായി.

ചൈന അദ്ഭുതപ്പെടുത്തിയോ?

അവിടുത്തെ മരങ്ങൾ തണലുകൾ… ട്രാഫിക്കില്ലാത്ത റോഡുകൾ പ്രത്യേകതകളായി തോന്നി. അവിടെ ഫ്ളക്സുകളുമില്ല! ആയിരക്കണക്കിനു വർഷങ്ങളായുള്ള അവരുടെ പരമ്പരാഗത സംവിധാനങ്ങളെല്ലാം നശിച്ചു പോകാതെ സംരക്ഷിച്ചിട്ടുണ്ട്.

സ്റ്റേറ്റ് അവാർഡിനു ശേഷം ആളൊരുക്കത്തിലേതുപോലെ വളരെ സീരിയസ്സായ വേഷങ്ങൾ ആണല്ലോ ലഭിക്കുന്നത്…

അതു ശരിയാണ്. ആളൊരുക്കത്തിലേതു പോലുള്ള അച്‌ഛന്‍റെ വേഷമാണിപ്പോൾ കൂടുതലും വരുന്നത്. തൊണ്ണൂറുകളിൽ കോമഡി റോളുകളായിരുന്നു കൂടുതലും കിട്ടിയിരുന്നത്. അങ്ങനെയിരിക്കെയാണ് ടിവി ചന്ദ്രൻ സാറിന്‍റെ കഥാവശേഷനിൽ സീരിയസായ ഒരു കള്ളന്‍റെ വേഷം ലഭിച്ചത്. പക്ഷേ, എനിക്ക് കോമഡി ചെയ്യാനാണ് കൂടുതൽ ഇഷ്ടം.

സൂചിയും നൂലും എന്ന ആത്മ കഥാപരമായ പുസ്തകത്തിൽ സങ്കടങ്ങളും സന്തോഷവും ഒക്കെ നിറയുന്ന അനുഭവങ്ങൾ തുന്നി വച്ചിട്ടുണ്ട്…

ശരിയാണ്, എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സങ്കടവും ഉണ്ടാവുമല്ലോ. ഞാൻ പലതും സീരിയസായി കണ്ടിട്ടില്ല. പട്ടിണി കിടന്നപ്പോഴും അത് പട്ടിണിയാണെന്ന് അറിയുന്നത് പിന്നിട്ട് ഇപ്പോൾ നന്നായി ഭക്ഷണം കിട്ടിത്തുടങ്ങിയപ്പോഴാണ്. അന്ന് എല്ലാവരും അങ്ങനെയാണെന്നാണ് വിചാരിച്ചത്. ഞാൻ നടനായപ്പോൾ ആരും അറിയാതെ ജിമ്മിൽ ചേരാൻ പോയി. ബോഡി ബിൽഡിംഗിനായി. ഈ ശരീരവും വച്ചിട്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞിട്ടാവും അവരെന്നെ മടക്കി അയച്ചു. കുടക്കമ്പി, സോഡാകുപ്പി എന്നൊക്കെ വിളിപേര് വന്നപ്പോഴും ഞാൻ സങ്കടപ്പെട്ടിരുന്നില്ല.

സാഗരസംഗമം ഭാഗം – 3

എന്നാൽ ഹൃദയത്തിനേറ്റ മുറിവുകളാണ് ശരീരത്തിനേറ്റ മുറിവുകളേക്കാൾ വലുതെന്ന് അദ്ദേഹമെഴുതി. എന്‍റെ അഭാവം ആ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയെന്നും…

അച്‌ഛന്‍റെ പണത്തിന്‍റെ സ്വാധീനവും, ഉയർന്ന പോലീസ് ഉദ്യോഗസ്‌ഥനുമായുള്ള കൂട്ടുകെട്ടും നീണ്ടനാൾ അദ്ദേഹത്തെ കാരാഗൃഹത്തിലാക്കി

ഒരുനാൾ അച്‌ഛൻ അമ്മയോടു തർക്കിച്ച് പറയുന്നതു കേട്ടു. “ഈ ഫഹദ് സാർ എന്നു പറയുന്നവൻ പക്കാ വർഗ്ഗീയ വാദിയാണു കേട്ടോ. ഇവളെ അവൻ കെട്ടി മതം മാറ്റാനാണ് ഉദ്ദേശിച്ചിരുന്നത്. ഞാൻ ചെല്ലുമ്പോൾ ഇവൾ തനി മുസ്ലീം സ്ത്രീയായി വേഷവിധാനം ചെയ്‌തിരുന്നു. അവൾ ശരിയ്ക്കും ഹിന്ദുവാണെന്നറിഞ്ഞാൽ എല്ലാ ഹിന്ദുക്കളും അവനെതിരായി തിരിയുകയും ചെയ്യുമായിരുന്നു. അതാണ് ആ നാട്ടിൽ ഞാൻ ചെന്നപ്പോൾ ഉണ്ടായ സംഘർഷത്തിൽ നിന്നും മനസ്സിലായത്. ഏതായാലും ഭാഗ്യം കൊണ്ടാണ് അതൊരു വലിയ ലഹളയായി പരിണമിയ്ക്കാതിരുന്നത്. ഞാൻ പോലീസിനെയും കൊണ്ട് ചെന്നതാണ് ഏറ്റവും വലിയ ഭാഗ്യായത്. അല്ലെങ്കിൽ ഒരു വലിയ ലഹളയുണ്ടായി ഞങ്ങളും അതിൽ പെട്ടുപോയേനെ. നിന്‍റെ മോളെ ഇങ്ങനെ ജീവനോടെ കിട്ടിയത് എന്‍റെ മിടുക്കു കൊണ്ടാണെന്ന് കരുതിയ്ക്കോ. അല്ലെങ്കിൽ അവളുടെ കത്തിക്കരിഞ്ഞ ശവമേ നിനക്ക് കിട്ടുമായിരുന്നുള്ളൂ.”

എന്നെ വീട്ടുതടങ്കലിലിട്ടതിൽ മനംനൊന്ത് അച്‌ഛനോടു തർക്കിക്കാൻ ചെന്ന അമ്മയുടെ നാവടഞ്ഞുപോയി. അച്‌ഛൻ ചെയ്‌തതു തന്നെയാണ് ശരിയെന്ന് അമ്മയ്ക്കും ബോധ്യമായി. അമ്മയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം അച്‌ഛൻ എന്നോടു പറഞ്ഞു.

“നിന്നെ വിവാഹം കഴിയ്ക്കുവാൻ സുഭദ്രേച്ചിയുടെ മകൻ വിഷ്ണു നാരായണൻ ഒരുക്കമാണ്. നിന്നെ അത്രയ്ക്കിഷ്ടമാണ് അയാൾക്ക്. ഞാനീ വിവാഹം ഉടനെ നടത്താൻ പോവുകയാണ്. അതുവരെ നിന്‍റെയാ ഫഹദ്സാർ ജയിലിൽ കിടക്കുക തന്നെ ചെയ്യും. ചിലപ്പോൾ അവിടെക്കിടന്ന് പോലീസുകാരുടെ തല്ലു കൊണ്ട് അയാൾ മരിയ്ക്കും. കാരണം അയാൾ ചെയ്‌ത കുറ്റം അത്രയേറെ ഗൗരവമേറിയതാണ്. വർഗ്ഗീയ ലഹളയുണ്ടാക്കുക എന്നുവച്ചാൽ അതൊരു തരം തീവ്രവാദം തന്നെയാണ്. അയാളുടെ ശിക്ഷ ജീവപര്യന്തമാകാനും മതി.”

അച്‌ഛന്‍റെ കണ്ണുകളിൽ നിറഞ്ഞു നിന്ന നിഗൂഢഭാവം എന്നെ ഭയചകിതയാക്കി. അപകടം മണത്തറിഞ്ഞ ഞാൻ ആ കാലുപിടിച്ചപേക്ഷിച്ചു.

“അച്‌ഛാ… അച്‌ഛൻ എന്‍റെ വിവാഹം ആരുമായിട്ടു വേണമെങ്കിലും നടത്തിക്കോളൂ… പക്ഷേ എന്‍റെ ഫഹദ് സാറിനെ വെറുതെ വിടണം. അദ്ദേഹത്തിന്‍റെ പേരിലുള്ള കള്ളക്കേസുകൾ ഉടനെ പിൻവലിക്കണം അച്ഛാ…”

എന്നാൽ കാരിരുമ്പിന്‍റെ കരുത്തുള്ള ആ ഹൃദയം എന്‍റെ അപേക്ഷകൾക്ക് പുല്ലുവില പോലും കൽപിച്ചില്ല. എന്‍റെ ആത്മഹത്യാ ഭീഷണികളും വിലപ്പോയില്ല. ഒടുവിൽ ഒരു ചിങ്ങമാസപ്പുലരിയിൽ വിഷ്ണു നാരായണൻ എന്‍റെ കഴുത്തിൽ താലിചാർത്തി. വിവാഹ ശേഷം കാലിൽ തൊട്ടുവന്ദിച്ച് യാത്ര പുറപ്പെടാനൊരുങ്ങിയ എന്നോട് അച്‌ഛൻ പറഞ്ഞു.

“സോറി മോളെ… നിന്നെ എനിക്കൽപം വേദനിപ്പിക്കേണ്ടി വന്നു. നിന്‍റെ നല്ല ഭാവിയായിരുന്നു എനിക്ക് പ്രധാനം. അതിനുവേണ്ടി എനിക്കൽപം ക്രൂരനാകേണ്ടി വന്നു. പക്ഷേ ഇതോടെ നിന്‍റെ ഫഹദ് സാറിനോടുള്ള എന്‍റെ ശത്രുത തീർന്നു. പോലീസുകാർ അയാളെ ഉടനെ വിട്ടയയ്ക്കും. ഇതിനു വേണ്ടി നിന്നെ വേദനിപ്പിക്കേണ്ടി വന്നതിൽ ഞാൻ മാപ്പു ചോദിക്കുന്നു മോളെ…”

ഫഹദ്സാറിനെ വിട്ടയയ്ക്കും എന്ന വാർത്ത ആശ്വാസ പ്രദമായിരുന്നുവെങ്കിലും, അച്‌ഛന്‍റെ മാപ്പപേക്ഷ എന്‍റെ ഹൃദയത്തെ ചലിപ്പിച്ചില്ല. ഉള്ളിലുറഞ്ഞു കൂടിയ സ്നേഹപാശത്താൽ അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കിയപ്പോഴും ഞാനല്പം പോലും ഇളകിയില്ല. എല്ലാം വെറും അഭിനയമാണെന്ന് ഞാൻ കരുതി. അച്‌ഛനു വലുത് സ്വന്തം ദുരഭിമാനവും, കുടുംബ മഹിമയുമാണെന്ന് മനസ്സു പറഞ്ഞു. അല്ലെങ്കിൽ ഫഹദ് സാർ എന്ന മുസൽമാനിലെ പച്ചമനുഷ്യനെ കണ്ടെത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞേനെ.

പിന്നീട് എന്നെ യാത്രയാക്കുമ്പോൾ പൊട്ടിക്കരഞ്ഞ അമ്മയുടേയും അനുജത്തിമാരുടേയും മുന്നിൽ ഞാൻ സ്വയം നിയന്ത്രിച്ചു നിന്നു. ഒടുവിൽ മരവിച്ച മനസ്സുമായി നരേട്ടനോടൊപ്പം, അദ്ദേഹത്തിന്‍റെ സ്നേഹ വചസ്സുകൾക്ക് ചെവി കൊടുക്കാതെ, അങ്ങകലെയുള്ള ഏതോ ഗ്രാമത്തിലേയ്ക്ക് കാറിൽ ഒരു യാത്ര!…

ഇഴഞ്ഞു നീങ്ങിയ മണിക്കൂറുകൾക്കൊടുവിൽ ചെമ്മണ്ണു വിരിച്ച ഏതോ ഗ്രാമപാതയോരത്ത് ഞങ്ങളുടെ കാറെത്തി. ഇരുവശത്തും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾക്കിടയിലൂടെ പൊടിപറത്തിക്കൊണ്ട് പാഞ്ഞു പോയ ഞങ്ങളുടെ കാർ കണ്ട് ചിലർ നിന്നു. ഗ്രാമത്തിന്‍റെ ഹൃദയ നൈർമ്മല്യം കോർത്തു വച്ച് അവർ പറഞ്ഞു.

“അതാ പനയ്ക്കലെ വിഷ്ണു നാരായണനും ഭാര്യയുമല്ലേ. ഇന്നായിരുന്നു അവരുടെ താലികെട്ട്, പെണ്ണു കാണാൻ സുന്ദരി തന്നെ. അല്ലെങ്കിലും മുറപ്പെണ്ണു തന്നെയല്ലെ.” ഒടുവിൽ നരേട്ടന്‍റെ തറവാട്ടിൽ എത്തിച്ചേർന്ന ഞങ്ങളെ സ്വീകരിക്കാൻ അദ്ദേഹത്തിന്‍റെ ബന്ധുജനങ്ങളോടൊപ്പം അമ്മയും പെങ്ങന്മാരും കാത്തു നിന്നു.

കാറിൽ നിന്നിറങ്ങി, മൂത്ത പെങ്ങൾ നീട്ടിയ നിലവിളക്കുമായി പൂജാമുറിയിലേയ്ക്ക് നടക്കുമ്പോൾ അറിയാതെ കാലുകൾ വിറകൊണ്ടുവോ…? ഇടറിവീഴാതിരിയ്ക്കാൻ, പണിപ്പെട്ട് കാലുകൾ വലിച്ചു വച്ച് നടന്നടുക്കുമ്പോൾ ഹൃദയം മൂകമായി മന്ത്രിച്ചു.

“ഇവിടെ നീ കാലുറപ്പിച്ച് നടന്നടുക്കുന്നത് മരണത്തിലേയ്ക്കാണ്… ഇവിടെ മരണ ദൂതൻ നിനക്കായ് മണിയറയൊരുക്കി കാത്തിരിക്കുന്നു.”

ആരുമറിയാതെ ഹൃദയത്തിലൊളിപ്പിച്ച ദുരൂഹ രഹസ്യത്തെ മടിത്തട്ടിലൊതുക്കി ഞാൻ മണിയറയിൽ കടന്നു.

എന്നെ മണിയറയിലെത്തിച്ചത് അദ്ദേഹത്തിന്‍റെ ഇളയ സഹോദരി ഇന്ദുലേഖയായിരുന്നു. അച്‌ഛന്‍റെ വീട്ടിൽ എല്ലാവരും അവളെ ഇന്ദു എന്നാണ് വിളിച്ചിരുന്നത്. അവൾ കൈയ്യിലൊരു പാൽ ഗ്ലാസ്സ് തന്നു കൊണ്ട് കളിതമാശയായി പറഞ്ഞു.

“ഉം… ചെല്ല്…. ചെല്ല്… ഏട്ടൻ മീരേച്ചിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതുകൊണ്ട് ഇനി മീരേച്ചി അൽപനേരം ഏട്ടനെ കാത്തിരുന്നോളൂ…”

അന്ന് ഡിഗ്രിയ്ക്കു പഠിച്ചു കൊണ്ടിരുന്ന അവൾ എന്‍റെ മായയുടെ പ്രായമാണ്. അച്‌ഛന്‍റെ തറവാട്ടിലെത്തുമ്പോൾ കുട്ടിക്കാലത്ത് പലപ്പോഴും ഞങ്ങളൊന്നിച്ച് കളിക്കാറുണ്ടായിരുന്നു. പക്ഷേ അപ്പോഴെല്ലാം അവരെക്കാൾ മൂന്നു നാലു വയസ്സു മുതിർന്ന ഞാൻ അവരെ നിയന്ത്രിച്ചിരുന്നു. ഒരു മൂത്ത ജ്യേഷ്ഠത്തിയെപ്പോലെ… അതിനോടൊപ്പം സ്നേഹ വാത്സല്യങ്ങളും നൽകിയിരുന്നു. അവരെക്കാളൊക്കെ ഊർജ്ജസ്വലയായ പെൺകുട്ടിയായിരുന്നു ഞാൻ. എന്നാലിന്നിപ്പോൾ ചത്ത കോഴിയെപ്പോലുള്ള എന്‍റെ തൂങ്ങിപ്പിടിച്ച നില്പു കണ്ടിട്ടാകാം ഇന്ദു അൽപം തമാശ കലർത്തി പറഞ്ഞു.

“ഉം… മീരേച്ചി നരേട്ടനെ ആകെ ഭയന്നിട്ടാണെന്നു തോന്നുന്നു. ഒന്നും പേടിക്കേണ്ടാട്ടോ… എന്‍റെ നരേട്ടൻ ചെറുപ്പത്തിലേപ്പോലെ തന്നെ ഇപ്പോഴും ഒരു പാവമാണ്. ഒരു മിണ്ടാപ്പൂച്ച… ഒറ്റക്കുഴപ്പമേ ഉള്ളൂ… മീരേച്ചിയോട് കണ്ണും പൂട്ടിയുള്ള പ്രേമമാണ്… അല്ല… അത് ചെറുപ്പത്തിലെ തൊടങ്ങിയതാണല്ലോ… ഇപ്പഴാ അസുഖം അൽപം കൂടിയിട്ടുണ്ടെന്നു മാത്രം… ഉം… ചേച്ചി തന്നെ അതുമാറ്റിയെടുത്താൻ മതി…” അവൾ എന്‍റെ ചെവിയിൽ അൽപം ഉറക്കെ കളിതമാശകൾ പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു.

എന്നാലവയൊന്നും ഉൾക്കൊള്ളാനാവാത്ത സ്‌ഥിതിയിൽ ഒരു മരപ്പാവയെപ്പോലെയായിരുന്നു ഞാൻ. ചെറുപ്പം മുതൽ നരേട്ടന് എന്നോട് ഇഷ്ടക്കൂടുതലുണ്ടെന്നറിയാമായിരുന്നു. എന്നാൽ അതിത്രത്തോളം ഗാഢമാണെന്ന് ഞാനറിഞ്ഞിരുന്നില്ല. ഇന്നിപ്പോൾ മറ്റൊരു പുരുഷന്‍റെ ഭാര്യയായിക്കഴിഞ്ഞ എന്നെ എല്ലാം അറിഞ്ഞു കൊണ്ട് ആയിരിക്കുമോ നരേട്ടൻ സ്വീകരിക്കുന്നത്? അച്‌ഛൻ നരേട്ടനോട് എല്ലാം പറഞ്ഞു കാണുമോ? അതോ ഞാൻ കന്യകയാണെന്നു കരുതി അദ്ദേഹം എന്നെ സ്വീകരിക്കുന്നതായിരിക്കുമോ? മനസ്സിൽ ചോദ്യശരങ്ങൾ വന്ന് വിർപ്പുമുട്ടിച്ചു കൊണ്ടിരുന്നു. ഒപ്പം കുറ്റബോധവും നിരാശാ ബോധവും മനസ്സിനുള്ളിലേയ്ക്ക് ആർത്തലച്ച് കടന്നു വന്നു.

പൊട്ടിച്ചിരികളും കളിതമാശകളുമായി മണിയറയിലേയ്ക്ക് എന്നെ തള്ളിവിട്ട് അദ്ദേഹത്തിന്‍റെ ബന്ധുക്കൾ നടന്നകന്നു. അപ്പോൾ മണിയറയിൽ ഞാൻ തനിച്ചായിരുന്നു. വേപഥുവോടെ ഭർത്താവിന്‍റെ വരവിനായി കാത്തിരിയ്ക്കേണ്ട നിമിഷങ്ങളിൽ കുറ്റബോധവും നിരാശാബോധവും എന്നെ വിർപ്പുമുട്ടിച്ചു. ഒടുവിൽ എല്ലാം തുറന്നു പറഞ്ഞ് ഒരു യാത്രാമൊഴി… ഞാൻ തീരുമാനിച്ചുറച്ചു. കയ്യിൽ കരുതിയിരുന്ന പേനയും കടലാസ്സുമെടുത്ത് ധൃതിയിൽ വരികൾ കുറിച്ച് ഹാൻഡ് ബാഗിൽ കരുതിയിരുന്ന സ്ലീപ്പിംഗ് പിൽസ് എടുത്ത് വായിലേയ്ക്കിടുവാൻ ഭാവിക്കവേ, രണ്ടു കൈകൾ എന്നെ പിടിച്ചു നിർത്തി. ബലിഷ്ഠമായ ആ കരങ്ങളുടെ മുറുക്കത്തിൽ ഞാൻ ചലനരഹിതയായ്ത്തീർന്നു.

“അരുത്… മീര… താൻ അവിവേകമൊന്നും കാണിക്കരുത്. കഴിഞ്ഞതെല്ലാം താൻ മറക്കണം. ഞാൻ എല്ലാം അറിഞ്ഞു കൊണ്ടാണ് തന്നെ വിവാഹം ചെയ്‌തത്. ചെറുപ്പം മുതൽ എനിക്ക് തന്നെ അത്രയ്ക്കിഷ്ടമായിരുന്നു. എല്ലാം മറന്ന് നമുക്ക് ഒരു പുതുജീവിതം തുടങ്ങാം…”

ആ വാക്കുകൾ എന്‍റെ ഉള്ളിൽ കത്തിജ്വലിച്ച അഗ്നിയിൽ ശീതമഴ പെയ്യിച്ചു. എന്നാൽ ഉള്ളിലെ നെരിപ്പോട് അപ്പോഴും ഒരിയ്ക്കലും അണയാത്തവിധം എരിഞ്ഞു കൊണ്ടിരുന്നു. പിന്നീട് ഉത്തരേന്ത്യയിലെ ദില്ലിയിലേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ അദ്ദേഹം എന്നെ അനുനയിപ്പിക്കാൻ പല തവണ ശ്രമിച്ചു.

എന്നാൽ ഫഹദ് മുഹമ്മദ് എന്ന ചെറുപ്പക്കാരൻ മനസ്സിന്‍റെ അകത്തളങ്ങളിൽ ഒരു നനുത്ത ബിന്ദുവായി തെളിഞ്ഞു നിന്നപ്പോൾ മനസ്സ് നരേട്ടനിൽ നിന്ന് നിശ്ചിത അകലം പാലിച്ചത് ഞാനറിയാതെയാണ്. എവിടെയോ എപ്പോഴൊക്കെയോ ആ പിൻവിളി മുഴങ്ങുന്നത് ഞാൻ കാണുകയും കേൾക്കുകയും ചെയ്‌തു.

മീരാ… ഞാൻ വരുന്നു… നീയെന്‍റെ കൂടെ വരികയില്ലെ… അകലങ്ങളിലെ ആത്മാവിന്‍റെ തേങ്ങലുകൾ ഞാൻ കേട്ടു.

“ഞാൻ വരുന്നു ഫഹദ്സർ… നമുക്കൊരുമിച്ച് മുന്തിരിത്തോപ്പുകളിൽ രാപാർക്കാം… നമുക്കൊരുമിച്ച് അറിയാത്ത… കേൾക്കാത്ത ഗാനവീഥിയിലൂടെ അലയാം…” എങ്ങോ കേട്ടു മറന്ന കവിതയിലെ വരികൾ അറിയാതെ മനസ്സു മന്ത്രിച്ച നിമിഷങ്ങളിൽ ഹൃദയം എന്തിനോ വേണ്ടി കലമ്പൽ കൂട്ടി. ഇണയെ പിരിഞ്ഞ കിളിയുടെ ആത്മവേദന സ്വയമനുഭവിച്ചറിഞ്ഞ നാളുകളിൽ ഹൃദയം ആത്മപീഢയാൽ വെന്തുരുകി… ഒരു പറവയായ് ആകാശത്തിന്‍റെ അനന്ത നീലിമയിലേയ്ക്ക് പറന്നുയരാൻ തനിക്ക് കഴിഞ്ഞെങ്കിൽ! മനസ് അറിയാതെ കൊതിച്ചു പോയി.

(ഇന്നീ ആശുപത്രിക്കിടക്കയിൽ വച്ച് ചിന്തിക്കുമ്പോൾ എനിക്കു തോന്നുന്നു, അന്ന് അച്‌ഛനെ എതിർക്കുവാൻ വേണ്ടത്ര ചങ്കൂറ്റമുണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷേ എന്‍റെ ജീവിതം ഒരിയ്ക്കലും മറ്റൊരു രീതിയിൽ വഴി തിരിയുമായിരുന്നില്ല. മറ്റൊരാളുടെ മുന്നിൽ സ്വയം നിസ്സഹായയായ ഒരു പെണ്ണിനെ പോലെ താലിക്കെട്ടാൻ നിന്നു കൊടുക്കേണ്ടി വരുമായിരുന്നില്ല. ഒരാണിന്‍റെ തന്‍റേടമുണ്ടെന്ന് സ്വയം അഹങ്കരിച്ചു നടന്ന താൻ, കേവലമൊരു പെണ്ണാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ! അപകർഷതാ ബോധത്തിന്‍റെ ആണിക്കല്ലിൽ സ്വയം തളച്ചിട്ട ആ നാളകൾ എനിക്കൊരിക്കലും മറക്കാനാവുകയില്ല…)

“ചായ്…ചായ്…സാബ്ജീ….”

ട്രെയിൻ പാളങ്ങളിൽ ഉരഞ്ഞു നില്ക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തി നിൽക്കുന്നു. ചുറ്റിനും നിറമുള്ള വസ്ത്രങ്ങൾ ധരിച്ച യാത്രക്കാർ തങ്ങളുടെ കംപാർട്ടുമെന്‍റുകൾ തേടി അലയുന്നു. യാത്രയവസാനിപ്പിച്ച് കംപാർട്ടുമെന്‍റുകളിൽ നിന്നുമിറങ്ങാൻ തിരക്കു കൂട്ടുന്നവർ… അവർ ആളുകളെ തള്ളിമാറ്റി ഭാരമുള്ള ലഗേജ്‌ജുമായി പുറത്തിറങ്ങാൻ വെമ്പൽ കൂട്ടുന്നു.

വിൽപന സാധനങ്ങളുമായി ഓരോ കംപാർട്ടുമെന്‍റിനു മുന്നിലുമെത്തുന്നവർ, ആളുകളെക്കൊണ്ട് അതുവാങ്ങിപ്പിക്കുവാൻ വ്യഗ്രതയോടെ അലയുന്നവർ. ആകെ ബഹളമയമായ ആ അന്തരീക്ഷത്തിൽ നിന്നും അൽപം മാറി നിന്ന നരേട്ടൻ എന്‍റെ അരികിലെത്തി ആരാഞ്ഞു.

“മീരാ… താനിത്രനേരവും ഒന്നും കഴിച്ചില്ലല്ലോ… അതിരാവിലെ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ എന്തോ കഴിച്ചതല്ലെ?… ഇപ്പോൾ നേരം രാത്രിയായിരിക്കുന്നു. ഉച്ചയ്ക്കും താനൊന്നും കഴിച്ചില്ല. ഇങ്ങനെ പട്ടിണിയിരുന്നാൽ വല്ല അസുഖവും പിടിപെടും…”

നരേട്ടൻ തന്നെ ഓർമിപ്പിച്ചു. പക്ഷേ വിശപ്പും, ദാഹവും തന്നെ വിട്ടകന്നിട്ട് നാളുകളേറെയായിരിക്കുന്നു എന്ന് ഇദ്ദേഹത്തിനറിയില്ലല്ലോ എന്ന് മീര ഓർക്കുകയായിരുന്നു. ഫഹദ്സാറിനെ വിട്ടു പിരിഞ്ഞ നാളുകളിൽ തനിക്ക് വിശപ്പ് കെട്ടടങ്ങിയതാണ്. പിന്നെ അച്‌ഛന്‍റെ കടുത്ത ശിക്ഷാവിധിയ്ക്കനുസരിച്ച് അല്പാഹാരം കഴിച്ചു തുടങ്ങിയതോടെ വേണമെങ്കിൽ ആഹാരമില്ലാതെയും ജീവിയ്ക്കാമെന്നായി.

“എനിക്കൊന്നും വേണ്ടാ… വിശപ്പില്ലാ…” നരേട്ടൻ നീട്ടിപിടിച്ച താലീ മീൽസ് നിഷേധച്ചു കൊണ്ട് ഞാൻ പറഞ്ഞു. ആ മുഖം മങ്ങുന്നതും അവിടെ ദുഃഖം വന്നു നിറയുന്നതും ഞാൻ കണ്ടു. എന്‍റെ സ്നേഹത്തെ മനസ്സിലാക്കുവാൻ ഇവൾക്കാകുന്നില്ലല്ലോ എന്നായിരിക്കും അപ്പോളദ്ദേഹം ആലോചിച്ചത്. പിന്നീടല്പം കഴിഞ്ഞ് ഒരു ഗ്ലാസ് ചായയുമായദ്ദേഹം വന്നെത്തി.

“ഈ ചായയെങ്കിലും കുടിയ്ക്കു മീരാ… നമ്മൾ പോകുന്നത് ബന്ധുമിത്രാദികളൊന്നുമില്ലാത്ത വിദൂരമായ ഒരു സ്‌ഥലത്തേയ്ക്കാണ്. അവിടെ വച്ച് തനിയ്ക്കെന്തെങ്കിലും അസുഖം പിടിപെട്ടാൽ ശുശ്രൂഷിയ്ക്കാൻ ഞാനല്ലാതെ മറ്റാരും ഉണ്ടാവുകയില്ല. എനിക്കാണെങ്കിൽ കോളേജിൽ പോകേണ്ടതുള്ളതു കൊണ്ട് തന്നെ ശുശ്രൂഷിക്കാനും പറ്റുകയില്ല. അതുകൊണ്ട് താൻ തന്‍റെ ആരോഗ്യം ശ്രദ്ധിക്കണം. വേണ്ട പോലെ ആഹാരം കഴിയ്ക്കണം. തന്നെ ഒരു രോഗിയായിക്കാണുവാനല്ല ഞാൻ കൂട്ടിക്കൊണ്ടു വന്നത്…”

അദ്ദേഹം പകുതി കാര്യമായും, പകുതി കളിതമാശയായും പറഞ്ഞു നിർത്തി. തനിയ്ക്കു വേണ്ടി ത്യാഗങ്ങൾ സഹിക്കുന്ന ആ മനുഷ്യനെ വേദനിപ്പിക്കണ്ടല്ലോ, എന്നു കരുതി ഞാൻ ചായ വാങ്ങിക്കുടിച്ചു അതുകണ്ടപ്പോൾ ആശ്വാസത്തോടെ നരേട്ടൻ പറഞ്ഞു.

“മീര, ഞാൻ തന്നെ വിവാഹം ചെയ്‌തത് തന്‍റെ സന്തോഷം തുടിയ്ക്കുന്ന മുഖം കാണാനാണ്. അല്ലാതെ മൂടിക്കെട്ടിയ ഈ മുഖം കണ്ട് ജീവിതകാലം മുഴുവൻ കഴിയാനല്ല…”

പിന്നീട് എന്നെ സന്തോഷിപ്പിക്കുവാനുള്ള ശ്രമങ്ങളായിരുന്നു നരേട്ടന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്. ഏതു രീതിയിലും എന്നെ ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടുവരാൻ അദ്ദേഹം ആവുന്നത്ര ശ്രമിച്ചുക്കൊണ്ടിരുന്നു. സത്യത്തിൽ എനിക്കു വേണ്ടി ഒരു കോമാളി വേഷം കെട്ടുകയായിരുന്നുവല്ലോ, അദ്ദേഹം ജീവിതകാലം മുഴുവൻ എന്ന് ഞാനോർത്തു. ഉള്ളു തുറന്ന് ചിരിയ്ക്കാത്ത രാജകുമാരിയെ ചിരിപ്പിയ്ക്കാനായി വിദൂഷക വേഷം കെട്ടിയാടിയ കോമാളി…

മുറപ്പെണ്ണിനോടുള്ള അഭിനിവേശം മൂത്ത് എന്നെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു. എന്നോടൊത്തുള്ള ജീവിതത്തിൽ മഴവിൽ നിറങ്ങൾ സ്വപ്നം കണ്ട അദ്ദേഹത്തിന് പൂർണ്ണ മനസ്സോടെ അതു നൽകുവാൻ എനിക്കു കഴിഞ്ഞുവോ? ഇന്ന് ഈ ഹോസ്പിറ്റൽ ബെഡ്‌ഡിൽ വച്ച് എല്ലാം ഓർക്കുമ്പോൾ മനസ്സ് എന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നുവോ?

മീരാ നാരായണൻ അസ്വസ്ഥതയോടെ മിഴികൾ പൂട്ടി സ്വയം ഒരു ആത്മപരിശോധന നടത്തി…

പിന്നീട് ദില്ലിയിലെ ഫ്ളാറ്റിൽ ഒരു പുതിയ ജീവിതത്തിന് അടിത്തറയിടുമ്പോൾ നരേട്ടൻ ആഹ്ലാദവാനായിരുന്നു. എന്നെ ചേർത്തു പിടിച്ച് അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞതെല്ലാം നമുക്കു മറക്കാം മീരാ… ഒരു പുതിയ ജീവിതം നമുക്കിവിടെ ആരംഭിക്കാം. നീയെന്നോടൊപ്പമുണ്ടെങ്കിൽ ഏതു കല്ലും, മുള്ളും എനിക്കു പൂമെത്തയാകും. എല്ലാം മറന്ന് സംഗീത സാന്ദ്രമായ ഒരു പുതുജീവിതം. അതാണ് ഞാൻ സ്വപ്നം കാണുന്നത്.”

പുതിയ ജീവിതത്തിന്‍റെ സന്തോഷ ലഹരിയിൽ അദ്ദേഹം പുതിയ ഫർണീച്ചറുകളും, കരകൗശല വസ്തുക്കളും, ഇലക്ട്രോണിക് സാധാനങ്ങളും വാരിക്കൂട്ടി. പുത്തൻ കർട്ടനുകളാൽ വീടു മോടിപിടിപ്പിച്ചു. പെയിന്‍റിംഗുകളാൽ ഭിത്തി അലങ്കരിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു.

“എല്ലാം നിനക്കു വേണ്ടിയാണ് മീര. നീയൊന്നു ചിരിച്ചു കാണാൻ ഞാൻ അത്രയേറെ ആഗ്രഹിക്കുന്നു.” പക്ഷേ എന്‍റെ മുഖത്തു നിന്ന് കാർമേഘങ്ങൾ ഒഴിഞ്ഞു പോയില്ല. അതെപ്പോഴും മൂടിക്കെട്ടിയ ആകാശം പോലെ മേഘാവൃതമായിരുന്നു. വല്ലപ്പോഴും ഒറ്റയ്ക്കിരിയ്ക്കുമ്പോൾ പെയ്തൊഴിയാൻ മാത്രമായ കാർമേഘക്കീറുകൾ വീണ്ടും വീണ്ടും എന്‍റെ മിഴികളിൽ ഉറഞ്ഞു കൂടി. എന്തൊക്കെ ചെയ്‌തിട്ടും എന്‍റെ സ്‌ഥിതിയിൽ മാറ്റമില്ലെന്നു കണ്ട് ഒരിയ്ക്കൽ അദ്ദേഹം പറഞ്ഞു.

“മീരാ… നീയിങ്ങനെയായാൽ എനിക്ക് വേഗം ജീവിതം മടുത്തു പോകും. നീയൊരു കാര്യം ചെയ്യൂ. കഴിഞ്ഞതെല്ലാം മറക്കാൻ എന്തിലെങ്കിലും മുഴുകാൻ ശ്രമിയ്ക്കൂ. ഒരു പക്ഷേ നിനക്ക് പഠിക്കാനോ, ജോലിയ്ക്കു പോകാനോ ഇഷ്ടമാണെങ്കിൽ അങ്ങിനെയാവാം.”

ഒടുവിൽ നരേട്ടന്‍റെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങി ഞാൻ പിഎച്ച്ഡി കംപ്ലീറ്റാക്കാമെന്ന് തീരുമാനിച്ചു. അങ്ങിനെ ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രഗത്ഭനായ ഒരു അദ്ധ്യാപകന്‍റെ കീഴിൽ പിഎച്ച്ഡി ഗവേഷണം പുനരാരംഭിച്ച ഞാൻ അതിൽ മുഴുകി സ്വയം മറക്കാൻ ശ്രമിച്ചു. ഒപ്പം ഡൽഹി യൂണിവേഴ്സിറ്റിയിലെ ലക്ചറർ തസ്തികയ്ക്കും ഞാനപേക്ഷിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ പിഎച്ച്ഡി ലഭിച്ച എനിക്ക് ഡൽഹി യൂണിവേഴ്സിറ്റിയിൽ ലക്ചററായി നിയമനാനുമതിയും ലഭിച്ചു. അങ്ങിനെ വീണ്ടും ചിറകുമുളച്ച ദിനങ്ങൾ ആഹ്ലാദത്തോടെ പറന്നുയരാൻ തുടങ്ങി.

മനസ്സിനുള്ളിൽ ഒരു നേരിയ വിങ്ങൽ മാത്രമവശേഷിപ്പിച്ച് വേദനകൾ അകലേയ്ക്ക് പോയി മാഞ്ഞു തുടങ്ങി. നരേട്ടന്‍റെ സ്നേഹമസൃണമായ പെരുമാറ്റത്തിൽ ഞാൻ നല്ലൊരു ഭാര്യയാകുവാനുള്ള ശ്രമമാരംഭിച്ചു.

ഇതിനിടയിൽ വീട്ടിൽ നിന്നും കത്തുകൾ വന്നു കൊണ്ടിരുന്നു. ഞങ്ങളുടെ പുതു ജീവിതത്തിൽ സന്തോഷമറിയിച്ച് അച്‌ഛന്‍റേയും അമ്മയുടേയും അനുജത്തിമാരുടേയും കത്തുകൾ. ഒടുവിൽ ആ വിശേഷവും വന്നെത്തി. ഞങ്ങളുടെ ആദ്യത്തെ കണ്മണി രാഹുൽ മോന്‍റെ ജനനം. അവന്‍റെ ജനനം എന്‍റെ മനസ്സിൽ ഇടയ്ക്കിടെ വീശിയടിച്ചിരുന്ന ഈറൻ കാറ്റിനെ പോലും അകലേയ്ക്കുതുരുത്തി.

നരേട്ടനോടൊപ്പം ജീവിതം ആസ്വദിച്ചു തുടങ്ങിയ നിമിഷങ്ങൾ. അവന്‍റെ കളിചിരികളിൽ കുട്ടിക്കുറുമ്പുകളിൽ എല്ലാം മറന്നുല്ലസിച്ച നാളുകൾ! ഇതിനിടയിൽ ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കുകൾ. എന്നിലേയ്ക്കു തിരിഞ്ഞു നോക്കുവാൻ ഒരു നിമിഷം പോലും ലഭിക്കാതെയായപ്പോൾ വേദനകൾ ഒരു ശവപ്പറമ്പിലെന്ന പോലെ കുഴിച്ചു മൂടപ്പെട്ടു.

ഉള്ളിൽ പണിതുയർത്തിയ ശവക്കല്ലറയിൽ കഴിഞ്ഞ കാല യാഥാർത്ഥ്യങ്ങൾ ഒരു പൊട്ടു പോലും അവശേഷിക്കാതെ ജീർണ്ണിച്ചു കിടന്നു. പിന്നെ രണ്ടു വർഷങ്ങൾക്കു ശേഷം കൃഷ്ണമോൾ ജനിച്ചു. കാലം ഒരു മാന്ത്രികനെപ്പോലെ ഹൃദയത്തിൽ നിറങ്ങൾ ചാലിച്ചു ചേർത്തപ്പോൾ അച്‌ഛനോടുള്ള വിദ്വേഷവും ക്രമേണ വിട്ടകന്നു. പിന്നീട് വളരെക്കാലത്തിനു ശേഷം ഇടയ്ക്കിടയ്ക്കുള്ള നാട്ടിലേയ്ക്കുള്ള യാത്രകൾ.

പക്ഷേ ഫഹദ്സാറിനെപ്പറ്റി ഒരിയ്ക്കൽ പോലും ആരും ഒന്നും പറഞ്ഞു കേട്ടില്ല. പഴയ കൂട്ടുകാർ ആരേയും കണ്ടതുമില്ല. വീട്ടിലാണെങ്കിൽ എല്ലാവരും എന്നെ ഒന്നും അറിയിക്കാതിരിക്കാൻ പാടുപെടുകയായിരുന്നു. അമ്മയും എന്‍റെ സ്വന്തം അനുജത്തിമാർ പോലും എല്ലാം മറച്ചു വച്ചു. ഒടുവിൽ എപ്പോഴോ ഞാനറിഞ്ഞു എല്ലാം എന്നിൽ നിന്നും മറയ്ക്കപ്പെടുകയായിരുന്നുവെന്ന്. എല്ലാവർക്കും നേരെ അച്‌ഛന്‍റെ ഭീഷണികൾ നിലനിന്നു.

ഒരിയ്ക്കൽ കോളേജിൽ നിന്നും മടങ്ങിയെത്തുമ്പോഴാണ് ഡോറിനടുത്ത് ആ കത്തു കിടക്കുന്നത് ഞാൻ കണ്ടത്. അത് നിമിഷയുടേതായിരുന്നു. യാഥാർത്ഥ്യങ്ങളും, കുറ്റപ്പെടുത്തലുകളും പരിഭവങ്ങളും നിറഞ്ഞ ആ കത്ത് എന്‍റെ ഉള്ളുലയ്ക്കുന്നതായിരുന്നു. മനസ്സിനകത്ത് കുഴിച്ചു മൂടിയ കഴിഞ്ഞകാല യാഥാർത്ഥ്യങ്ങൾ ഒരു പ്രേതത്തെപ്പോലെ ഉയിർത്തെഴുന്നേറ്റ് വന്ന് എന്നെ ശ്വാസം മുട്ടിച്ചു. ചുറ്റിനും ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ഓർമ്മകൾ പൊടി പടലമുയർത്തി എന്നെ ചൂഴ്ന്നു നിന്നു.

“മീര… നീ ഞങ്ങളെയൊക്കെ മറന്നുവെന്ന് ഞാൻ കരുതുന്നു. ഇത്ര കാലമായിട്ടും ഒരു കത്തു പോലും അയയ്ക്കുവാൻ നിനക്ക് സമയമില്ലായിരുന്നുവെന്ന് ഞാനറിയുന്നു. ജീവിതത്തിന്‍റെ ആഘോഷത്തിരക്കുകളിൽ നീ ഞങ്ങളെയൊക്കെ മറക്കുകയായിരുന്നുവല്ലോ. ഞങ്ങളെ മറന്നതു പോകട്ടെ. നിനക്കുവേണ്ടി ജീവിതം ബലി കഴിച്ച ഫഹദ്സാറിനെ നീ മറക്കരുതായിരുന്നു. പക്ഷേ ഞങ്ങൾക്കദ്ദേഹത്തിനെ മറക്കാനാവുകയില്ല. കാരണം പ്രഗത്ഭനായ ഒരു അദ്ധ്യാപകനായിരുന്നുവല്ലോ അദ്ദേഹം. അദ്ദേഹത്തിന്‍റെ ശിഷ്യഗണത്തിൽപ്പെട്ട എനിക്ക് അദ്ദേഹത്തിന്‍റെ പതനം കണ്ടു നിൽക്കാനാവുമായിരുന്നില്ല.

ഞാനിപ്പോൾ നിന്‍റെ അഡ്രസ്സ് നിന്‍റെ അനുജത്തിമാരിൽ നിന്നും ശേഖരിച്ചാണ് ഈ കത്തെഴുതുന്നത്. നിനക്കറിയുമോ മീരാ… നിന്‍റെ വിവാഹശേഷം കുറച്ച് കോളേജ് അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ശ്രമഫലമായി ജയിലിൽ നിന്നും പുറത്തിറങ്ങിയ ഫഹദ്സാർ ഒരു ഭ്രാന്തനെപ്പോലെയായിത്തീർന്നു. ശരീരത്തിനും മനസ്സിനുമേറ്റ ആഘാതം അദ്ദേഹത്തിന് താങ്ങാനാവുമായിരുന്നില്ല.

അദ്ദേഹം മിക്ക ദിവസവും കോളേജിൽ എത്തിയിരുന്നില്ല. ഒരു മദ്യപാനിയെപ്പോലെ തെരുവിൽ അലഞ്ഞു നടന്നു. ഒടുവിൽ കോളേജിൽ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം താല്ക്കാലികമായി ജോലി നഷ്ടപ്പെട്ട് എങ്ങോട്ടോ പോയി. ഇന്നിപ്പോൾ അദ്ദേഹത്തെപ്പറ്റി ഒരു വിവരവുമില്ല.

അദ്ദേഹത്തിന്‍റെ ഉമ്മയാകട്ടെ മകന്‍റെ അവസ്‌ഥയിൽ മനം നൊന്ത് ജീവിതം തള്ളി നീക്കുന്നു. ഞങ്ങൾ ഇടയ്ക്ക് അവരെപ്പോയി കാണാറുണ്ട്. പണമായും മറ്റും ഞങ്ങൾക്കാവുന്ന സഹായങ്ങളും ചെയ്‌തു കൊടുക്കാറുണ്ട്.

നിനക്കു സുഖമാണല്ലോ. നിന്നെ വേദനിപ്പിക്കുവാൻ വേണ്ടിയല്ല ഞാനീ കത്തെഴുതിയത്. അദ്ദേഹത്തിന്‍റെ അവസ്‌ഥ നിന്നെ അറിയിക്കണമെന്നു തോന്നി. ഒരു പക്ഷേ നീയിപ്പോൾ അദ്ദേഹത്തെ മറന്നു കാണുമെന്നെനിക്കറിയാം. നിനക്കു വലുത് നിന്‍റെ ജീവിതമാണല്ലോ.

അല്പമെങ്കിലും മനഃസാക്ഷിയുണ്ടെങ്കിൽ മനസ്സു കൊണ്ടെങ്കിലും നീ അദ്ദേഹത്തോടു മാപ്പു ചോദിക്കുക.

എന്ന്

ഇന്നിപ്പോൾ നിന്നെ വെറുക്കുന്ന

നിന്‍റെ പഴയ കൂട്ടുകാരി

ആ കത്ത് എന്നിലുളവാക്കിയ കൊടുങ്കാറ്റ് ആഞ്ഞടിച്ച് പലതും കടപുഴകി വീണു. മറവിയുടെ കരിങ്കൽ ഭിത്തി കൊണ്ട് ഞാൻ കെട്ടിപ്പൊക്കിയ കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വീണു. അശാന്തിയുടെ തീരങ്ങളിൽ ഗതികിട്ടാതെ അലഞ്ഞു നടന്ന മനസ്സ് ആരോടൊക്കെയോ പക തീർക്കാനുള്ള വ്യഗ്രതയിൽ ഉഴറി നടന്നു. സ്വന്തം മക്കളോടു പോലും നീതികാണിക്കാനാവാതെ ഹൃദയം കലുഷിതമായി. ഏറെക്കാലത്തിനു ശേഷമുള്ള എന്‍റെ ഭാവമാറ്റം കണ്ട് നരേട്ടനും, മക്കളും അമ്പരന്നു നിന്നു.

“എന്താ മീര ഇത്… നീ വീണ്ടും പഴയതു പോലെയായോ? ഇത്രകാലത്തിനു ശേഷവും നിനക്കൊന്നും മറക്കാറായില്ലെ. നീയൊന്നോർക്കണം. നീയിന്നിപ്പോൾ പഴയ മീരയല്ല. നീയിന്നൊരു ഭാര്യയാണ് അതിലുപരി ഒരമ്മയും…” നരേട്ടൻ എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ അതിനുത്തരം ഒരു പൊട്ടിത്തെറിയായിരുന്നു.

“അതെ നരേട്ടാ… ആദ്യം ഫഹദ്സാറിന്‍റെ ഭാര്യയായിട്ടാണ് ഞാൻ നിങ്ങളുടെ ഭാര്യയായത്. പക്ഷേ നിങ്ങൾ അതറിഞ്ഞു കൊണ്ടു തന്നെ എന്നെ വിവാഹം കഴിക്കുകയായിരുന്നു. എന്‍റെ നിസ്സഹായതയെ മുതലെടുത്ത എന്‍റെ അച്‌ഛനും, ഒരു ത്യാഗിയെപ്പോലെ എന്നെ വിവാഹം ചെയ്‌ത നിങ്ങളുമെല്ലാം ഒരു തരത്തിൽ എന്നോടും, ഫഹദ്സാറിനോടും ചെയ്തത് അനീതി തന്നെയാണ്. അല്ലെന്ന് നിങ്ങൾക്ക് പറയാനാകുമോ?”

എന്‍റെ ചോദ്യത്തിനു മുന്നിൽ ഉത്തരങ്ങളില്ലാതെ നരേട്ടൻ കുഴങ്ങി നിന്നു. ഞാൻ വീണ്ടും പൊട്ടിത്തെറിച്ചു.

“അതെ… നിങ്ങളെ വിവാഹം ചെയ്‌തതിലൂടെ ഞാൻ ഫഹദ്സാറിനോട് ചെയ്‌തത് ഏറ്റവും വലിയ ക്രൂരതയാണ്. നിമിഷയും മറ്റും കുറ്റപ്പെടുത്തുന്നതു പോലെ എനിക്കു വലുത് എന്‍റെ ജീവിതമായിരുന്നു. ഞാൻ നിങ്ങളോടൊപ്പം എല്ലാം മറന്നു ജീവിച്ചു. എന്‍റെ ഫഹദ്സാറിനെ… ആദ്യ ഭർത്താവിനെ ഞാൻ മറന്നു. ആ മനുഷ്യന് ഞാൻ ക്രൂരമായി മാനസിക- ശാരീരിക പീഡനങ്ങൾ നൽകി ജീവിതത്തിൽ നിന്നുമകറ്റി. ഞാൻ… ഞാൻ… മനസ്സാക്ഷിയില്ലാത്തവളാണ് നരേട്ടാ… എനിക്കദ്ദേഹത്തോട് മാപ്പു ചോദിക്കണം.”

അനിയന്ത്രിതമായ വികാരവിക്ഷുബ്ധതയാൽ നിലതെറ്റിയവളെപ്പോലെ ഉറക്കെ പൊട്ടിക്കരഞ്ഞു തുടങ്ങിയ എന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതെ നരേട്ടൻ ചലനരഹിതനായി നിലകൊണ്ടു. മിഴികളിൽ നിറഞ്ഞ അമ്പരപ്പോടെ നാലുകുഞ്ഞിക്കണ്ണുകൾ അപ്പോഴും ഞങ്ങളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

ആർത്തലച്ചു പെയ്ത മഴയ്ക്കു ശേഷമെന്ന പോലെ അലയടങ്ങി മനസ്സൊന്നു ശാന്തമായപ്പോൾ ഒരിയ്ക്കൽ, കോണാട്ട് പ്ലേസിലെ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ഞാനും, നരേട്ടനും, മക്കളും. ഏതോ കൗതുകവസ്തുവിനായി വാശിപിടിച്ചു നിന്ന രാഹുൽ മോനേയും, കൃഷ്ണയേയും അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച് ഞാൻ നിന്നു. പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ ഞാനാരൂപം കണ്ടത്. താടി വളർത്തി ഒരു ഫക്കീറിനെ പോലെ അലയുന്ന ഒരു ഭ്രാന്തന്‍റെ രൂപം…

തീക്ഷ്ണമായ ആ കണ്ണുകൾ. അതിലെ പ്രകാശം ഭൂതകാലത്തിന്‍റെ ഇനിയും നിറം മങ്ങാത്ത ഓർമ്മകളിലേയ്ക്കു എന്നെ കൂട്ടിക്കൊണ്ടു പോയി. ഒരിക്കൽ എന്നെ കുളിരണിയിച്ചിരുന്ന ആ കണ്ണുകളിലെ തിളക്കം… അത് ഫഹദ്സാറിന്‍റേതാണെന്ന് തിരിച്ചറിയാൻ എനിക്ക് അധികം താമസമുണ്ടായില്ല. കുട്ടികളുടെ കൈവിട്ട് തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലൂടെ പായുമ്പോൾ എനിക്ക് സ്വബോധം നഷ്ടപ്പെട്ടിരുന്നു. പുറകിലൂടെ പാഞ്ഞെത്തിയ നരേട്ടന്‍റെ കൈകൾ എന്നെ പിടിച്ചു നിർത്തി.

“നീയെന്താ മീരാ ഇക്കാണിക്കുന്നത്? ഇതൊരു മാർക്കറ്റാണെന്ന് നിനക്കറിയില്ലെ?…. ആളുകൾ നിന്നെ ശ്രദ്ധിക്കുന്നുണ്ട്.”

സ്വബോധം നഷ്ടപ്പെട്ടവളെപ്പോലെ ഞാൻ പിറുപിറുത്തു.

അത്… അത് ഫഹദ്സാറാണ്. നരേട്ടാ… ഞാൻ… ഞാൻ അദ്ദേഹത്തെ കണ്ടു.“ ഞാൻ മൂലം ഒരു ഭ്രാന്തനായി അലഞ്ഞു തിരിയുകയാണ് അദ്ദേഹമിപ്പോൾ. എനിക്കദ്ദേഹത്തെ കണ്ടെത്തി രക്ഷിക്കണം നരേട്ടാ.”

ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ തേങ്ങിക്കരഞ്ഞു കൊണ്ട് നരേട്ടന്‍റെ തോളിൽ തലചായ്ച്ചു. എന്നാൽ എന്നെ ശാസിച്ചു കൊണ്ട് നരേട്ടൻ പറഞ്ഞു.

“എല്ലാം നിന്‍റെ തോന്നലാണ് മീരാ… നിന്‍റെ ഫഹദ്സാർ ഇവിടെ എങ്ങിനെ വരാനാണ്. നീ അദ്ദേഹത്തെത്തന്നെ ഓർത്തിരിക്കുന്നതു കൊണ്ട് തോന്നുന്നതാണെല്ലാം.”

അന്ന് ഷോപ്പിംഗ് മതിയാക്കി കാറിൽ മടങ്ങുമ്പോഴും ആൾക്കൂട്ടത്തിനിടയിൽ ഞാനാ ഭ്രാന്തനെ തിരഞ്ഞു. എന്നാൽ എങ്ങും കാണാതെ നിരാശയാകുമ്പോഴും മനസ്സു പറഞ്ഞു കൊണ്ടിരുന്നു. ഉണ്ട് അദ്ദേഹം എന്‍റെ സമീപത്തുതന്നെ എവിടെയോ ഉണ്ട്. ഒരിയ്ക്കൽ എന്നെങ്കിലുമൊരിയ്ക്കൽ എനിക്കദ്ദേഹത്തിനെ കണ്ടെത്താൻ കഴിഞ്ഞേക്കും.

എന്‍റെ ഊഹം ശരിയായിരുന്നുവെന്ന് വീണ്ടും ഒരിയ്ക്കൽക്കൂടി കണ്മുന്നിൽ തെളിഞ്ഞു.

അപ്പോഴേയ്ക്കും ഫ്ളാറ്റുപേക്ഷിച്ച് ഞങ്ങൾ നഗരമദ്ധ്യത്തിൽ സ്വന്തം വീടു പണിതു താമസമാക്കിയിരുന്നു. ഒരു ദിവസം വൈകുന്നേരം മാളിക മുകളിലെ വിശാലമായ ടെറസ്സിൽ നിന്ന് ഞാനാകാഴ്ച കണ്ടു. മീരാ കെ പ്രഭു എന്നു തുടങ്ങുന്ന ഹിന്ദി ഭക്‌തിഗാനം പാടി അലയുന്ന ആ ഫക്കീറിനെ. ആ കണ്ണുകൾ എന്‍റെ വീടിനു ചുറ്റും അലഞ്ഞു നടന്നു. നഷ്ടപ്പെട്ടതെന്തോ തിരയുന്ന ഒരു അന്വേഷകന്‍റെ ഭാവമായിരുന്നു ആ മുഖത്തപ്പോൾ. പ്രാകൃതമായ ആ രൂപം ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാതെ ഞാൻ നിന്നു. എന്നാൽ തൊട്ടടുത്ത നിമിഷം ആ പുരുഷ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. കേരളത്തിലെ പ്രസിദ്ധമായ കോളേജങ്കണത്തിൽ മൃദുവചനങ്ങളാൽ എന്നെ അഭിഷേകം ചെയ്ത ആ പുരുഷ ശബ്ദം തിരിച്ചറിയാൻ എനിക്കധികം സമയം വേണ്ടി വന്നില്ല. തിരിച്ചറിഞ്ഞ നിമിഷം ഞാനെല്ലാം മറന്ന് ഓടുകയായിരുന്നല്ലോ?…

പക്ഷേ പൂട്ടിയിട്ട ഇരുമ്പു ഗേറ്റിനപ്പുറം വരെയെത്തി നിൽക്കാനെ എനിക്കു കഴിഞ്ഞുള്ളൂ. അവിടെ കാവൽ നിന്ന സെക്യൂരിറ്റി അപ്പോൾ എവിടെയോ പോയി മറഞ്ഞിരുന്നു. നിശ്ചലമായ പാദം വലിച്ചു വച്ച് തിരിഞ്ഞു നടക്കുമ്പോൾ ആ ശബ്ദം അകന്നു പോകുന്നത് ഞാൻ കേട്ടു.

ഒരു വിരഹ ഗാനത്തിന്‍റെ മാറ്റൊലി അന്തരീക്ഷത്തിൽ അപ്പോഴും അലഞ്ഞു നടന്നു. ആത്മാവില്ലാത്ത പ്രേതം പോലെ. ഗാനത്തിന്‍റെ ആത്മാവാകട്ടെ എന്നെ അന്വേഷിച്ച് വിദൂരതയിലെങ്ങോ അലഞ്ഞു തിരിഞ്ഞു. വീണ്ടും ഒന്നു രണ്ടു പ്രാവശ്യം ഞാൻ അകലെ നിന്ന് അദ്ദേഹത്തെക്കണ്ടു.

ഒരിയ്ക്കൽ ഒരു വളച്ചെട്ടിയായും പിന്നൊരിയ്ക്കൽ ഐസ്ക്രീം കച്ചവടക്കാരനായും തെരുവിൽ അലയുന്ന ഫഹദ്സാറിനെ. ഞാൻ അരികിൽ ഓടി എത്തുമ്പോഴേയ്ക്കും അദ്ദേഹം ആൾക്കൂട്ടത്തിൽ മറഞ്ഞു കഴിയും. ഒരു പക്ഷേ അതു മനഃപൂർവ്വമായിരുന്നോ എന്ന് എനിക്കറിയില്ല. ഒരു പക്ഷേ സ്വബോധം നഷ്ടപ്പെട്ട് ഭ്രാന്തനെപ്പോലെയായി തീർന്ന അദ്ദേഹം എന്നെ തിരിച്ചറിയാതെ പോയതാവാം.

എന്നാലും ആഴമളക്കാനാവാത്ത ഒരു സ്നേഹ സമുദ്രം ഉള്ളിലൊളിപ്പിച്ച് അദ്ദേഹം സ്വയമറിയാതെ എന്നെ പിന്തുടരുന്നതായി തോന്നിയിരുന്നു. ഉറക്കം നഷ്ടപ്പെട്ട ദിനരാത്രങ്ങളിൽ ഞാനാ രൂപം തേടിയലഞ്ഞു. എന്നാൽ കാലത്തിന്‍റെ ഇരുൾ മറയ്ക്കുള്ളിൽ എങ്ങോ പോയ്മറഞ്ഞ ആ രൂപവും, ശബ്ദവും പിന്നീടൊരിക്കലും എനിക്ക് വീണ്ടെടുക്കാനായില്ല. എന്നാൽ ഞാൻ പ്രതീക്ഷ കൈവിട്ടില്ല.

(തുടരും)

കൊച്ചു കൊച്ചു ഭൂകമ്പങ്ങൾ

രാഖി സാധനങ്ങൾ നിറച്ച മൂന്ന് നാല് വലിയ ക്യാരി ബാഗുകളും താങ്ങി പിടിച്ചു കൊണ്ട് തിടുക്കപ്പെട്ട് ലിഫ്റ്റിന് നേരെ നടന്നു. ബട്ടനമർത്തിയയുടനെ ലിഫ്റ്റിന്‍റെ വാതിൽ തുറക്കപ്പെട്ടു. അവൾ ലിഫ്റ്റിനകത്തേക്ക് തിടുക്കപ്പെട്ട് കയറിയശേഷം പാടുപ്പെട്ട് നാലാം നിലയിലേക്കുള്ള ബട്ടനമർത്തി. ലിഫ്റ്റിനകത്ത് മൂന്നാം നിലയിലെ താമസക്കാരിയായ റീനയുമുണ്ടായിരുന്നു. കടന്നൽ കുത്തിയ പോലെ റീന മുഖം വീർപ്പിച്ചു നിൽക്കുന്നു. റീനയുടെ മുഖത്തേക്ക് നോക്കി രാഖി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും റീന അതൊന്നും ശ്രദ്ധിക്കാതെ ലിഫ്റ്റ് തുറക്കുന്നതും കാത്തു നിന്നു. രാഖി നിരാശയോടെ ലിഫ്റ്റിന്‍റെ വശം ചേർന്നു നിന്നു. എന്തെല്ലാം തരത്തിലുള്ള ആളുകളാണ് ഈ ലോകത്തുള്ളത്. നിസ്സാര പ്രശ്നം പോലും ഊതി പെരുപ്പിച്ച് മനസ്സിലിട്ട് ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം കൊണ്ടു നടക്കും. ആ പ്രശ്നം ചിലപ്പോൾ ആ നിമിഷത്തിൽ അവസാനിപ്പിക്കാവുന്ന ഒന്നാണെങ്കിൽ പോലും… രാഖി മനസ്സിലോർത്തു. ലിഫ്റ്റ് മൂന്നാം നിലയിലിത്തെിയതോടെ റീന പുറത്തു കടന്നു. നാലാം നിലയിലെത്തിയപ്പോൾ രാഖിയും ലിഫ്റ്റിന് പുറത്തിറങ്ങി സ്വന്തം ഫ്ളാറ്റിലേക്ക് നടന്നു. രാഖി പാടുപ്പെട്ട് ക്യാരിബാഗ് നിലത്ത് വച്ചശേഷം കോളിംഗ് ബെൽ അമർത്തി.

“എത്ര നേരമായി… രാഖി നിനക്ക് ഫോണൊന്ന് എടുത്തു കൂടെ… ഞാനാകെ ടെൻഷനടിച്ചിരിക്കുകയായിരുന്നു.” രാഖിയെ കണ്ടയുടനെ സുമിത് ദേഷ്യത്തോടെ പറഞ്ഞു.

“ഹമ്മോ… ഞാനൊന്ന് അകത്തേക്ക് കയറിക്കോട്ടെ. ഹൊ പുറത്ത് വല്ലാത്ത ചൂട്. പുറത്ത് വണ്ടിയുടെ ഒച്ച കാരണം ഫോൺ റിംഗ് ചെയ്‌തതൊന്നും കേട്ടില്ല” രാഖി സാധനങ്ങൾ ടേബിളിൽ വച്ചു കൊണ്ട് പറഞ്ഞു.

സുമിത് രാഖിയ്ക്ക് കുടിയ്ക്കാനായി വെള്ളവുമായി വന്നു. രാഖി ഫാൻ ഓൺ ചെയ്‌ത് കസേരയിലിരുന്നു.

“സുമിത്… ഞാനിന്ന് ലിഫ്റ്റിൽ വച്ച് റീനയെ കണ്ടു. അവരുടെ പിണക്കവും ദേഷ്യവും ജീവിതകാലം മുഴുവനും നീണ്ടു നിൽക്കുമെന്നാ തോന്നുന്നത്. ചില സമയത്ത് മനീഷയും ഓരോന്ന് പറയും. പ്രശ്നം തീരുന്നതിന് പകരം നീണ്ടു പോകുവാ.” രാഖി നിരാശയോടെ പറഞ്ഞു.

“നീ അതൊക്കെ വിട്” എന്നു പറഞ്ഞു കൊണ്ട് സുമിത് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എനിക്ക് ഫ്ളാറ്റിൽ താമസിക്കാൻ ആദ്യം മുതലെ ഇഷ്‌ടമുണ്ടായിരുന്നില്ല. ഇൻഡിപെൻറഡന്‍റ് ഹൗസ് അതായിരുന്നു താൽപര്യം. ഫ്ളാറ്റിലാണെങ്കിൽ സ്വന്തമായി ഭൂമിയോ ആകാശമോ ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ എല്ലാവരും അതേറ്റു പിടിച്ച് വഷളാക്കും. നിന്‍റെ ആഗ്രഹമായിരുന്നില്ലെ ഫ്ളാറ്റിൽ താമസിക്കാൻ… എല്ലാവരും ചേർന്ന് താമസിക്കുന്നതു കൊണ്ട് നല്ല രസമായിരിക്കുമെന്നല്ലേ നീ പറഞ്ഞത്… ഇപ്പോ എന്തായി.” സുമിത് നിരാശയോടെ പറഞ്ഞു.

ഞാൻ തെറ്റൊന്നുമല്ലല്ലോ പറഞ്ഞത്. ആളുകൾക്കെന്താ കുഴപ്പം. പക്ഷേ നമ്മുടെ തൊട്ടടുത്ത താമസക്കാർ ഇങ്ങനെയൊക്കെ പ്രശ്നമുണ്ടാക്കുമെന്ന് വിചാരിച്ചില്ലല്ലോ. രാഖി സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്നവളും വളരെ രസികപ്രിയയുമായിരുന്നു. അവർക്ക് രണ്ട് കുട്ടികൾ. കുട്ടികൾ സ്ക്കൂളിൽ പഠിക്കുന്നു. അനാമിക അപ്പാർട്ട്മെന്‍റില്‍ ഫ്ളാറ്റ് വാങ്ങി താമസം തുടങ്ങിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. 4 നിലകളിലായുള്ള കെട്ടിടത്തിൽ മൊത്തം 16 ഫ്ളാറ്റുകളുണ്ട്. സൊസൈറ്റിക്കായി ഒരു കമ്മിറ്റിയുണ്ടായിരുന്നു. ഏത് ആഘോഷത്തിനും കമ്മിറ്റിയിൽ ഓരോ അംഗങ്ങളും പണം സ്വരൂപിച്ച് ആഘോഷിക്കുന്നത് പതിവായിരുന്നു. ചിലപ്പോൾ എല്ലാവരും ചേർന്ന് ഡിന്നർ കഴിക്കും.

ചിലപ്പോഴൊക്കെ ദമ്പതികൾക്കായുള്ള പരിപാടിയുണ്ടാവും മറ്റ് ചിലപ്പോൾ സ്ത്രീകൾക്ക് മാത്രമായുള്ള പരിപാടികളും. 16 കുടുംബങ്ങളിൽ 2-3 കുടുംബമൊഴിച്ച് ബാക്കിയെല്ലാവരും തന്നെ അടുത്തിടപഴകുന്നവരും സൗഹൃദ മനോഭാവമുള്ളവരുമായിരുന്നു. വ്യത്യസ്ത ഏജ് ഗ്രൂപ്പിലുള്ളവരായിട്ടും ആർക്കും പ്രത്യേകിച്ചും ഒരു വിഷമവും ഉണ്ടായിട്ടില്ല. ഒരു വർഷം മുമ്പ് ഫ്ളാറ്റ് വാങ്ങി താമസിക്കാനെത്തിയപ്പോൾ ഫ്ളാറ്റിന് എതിർവശത്തെ താമസക്കാരിയായ ശിവാനി തൊട്ട് താഴത്തെ നിലയിലെ താമസക്കാരിയായ മനീഷയെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് തന്നിരുന്നതാണ്. അവർ പെട്ടെന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലാണത്രേ. ചെറിയ കാര്യം പോലും തെറ്റിദ്ധരിച്ച് മുഖം വീർപ്പിച്ചിരിക്കും. പക്ഷേ എല്ലാവരും ഒത്തു ചേർന്ന് താമസിക്കുമ്പോൾ എന്തെങ്കിലുമൊക്കെ തമാശയൊക്കെ പറയുന്നത് പതിവാണല്ലോ.

ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമല്ലോ. അതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ ശീലിക്കണം. പക്ഷേ മനീഷ അങ്ങനെയായിരുന്നില്ല. പക്ഷേ അന്ന് അവർ ദേഷ്യപ്പെടാനും മാത്രം ഒന്നും സംഭവിച്ചതുമില്ല.

അക്കാര്യം രാഖി സുമിത്തിനോട് പറഞ്ഞപ്പോൾ സുമിത് അത് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു. “ഇത് തന്നെ അവർക്ക് ധാരാളം ടിപ്പിക്കൽ ലേഡീസിന് ഇത് മതി. നീ ഇത്തരം കാര്യത്തിലൊന്നും അധികം തലയിടണ്ട നിന്‍റെ എഴുത്തിനെയത് ബാധിക്കും. എല്ലാവരോടും ഒരു ഹലോവിൽ ബന്ധം ഒതുക്കിയാൽ മതി. ആരുടെയും കൂടെയിരുന്ന് ആരുടേയും കുറ്റമൊന്നും പറയണ്ട.”

പതിയെ പതിയെ രാഖി എല്ലാവരുമായും പരിചയത്തിലായി. മനീഷയിൽ ആദ്യമൊന്നും ഒരു കുഴപ്പമുള്ളതായി അവൾക്ക് തോന്നിയതേയില്ല. മാത്രവുമല്ല രാഖി ആരുടേയും വ്യക്‌തിപരമായ കാര്യത്തിലൊന്നും ഇടപെടാറുമില്ല. അതുകൊണ്ട് അവൾക്ക് ആരുമായും സ്വതന്ത്രമായി ഇടപഴകാൻ കഴിയുമായിരുന്നു. ഇതിനിടെ അവൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. മനീഷ രജനിയും സജ്ഞനയുമാ യൊക്കെ വളരെയടുപ്പം പുലർത്തുന്നത്. സജ്ഞന രാഖിയുടെ ഫ്ളാറ്റിന് തൊട്ട് മുകളിലായുള്ള ഫ്ളോറിലായിരുന്നു താമസം. രജനിയാകട്ടെ ശിവാനി താമസിച്ചിരുന്ന ഫ്ളാറ്റിന് തൊട്ട് താഴെയും. അതായത് എല്ലാ വേസ്റ്റുകളും തനിക്ക് ചുറ്റുമായിരുന്നുവെന്ന് അതോർത്ത് രാഖിയ്ക്ക് മനസ്സിൽ ചിരി പൊട്ടി.

മനീഷയുടെയും സജ്ഞനയുടെയും രജനിയുടെയും നിസ്സഹകരണ സ്വഭാവം അനാമിക അപ്പാർട്ട്മെൻറിൽ എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നു.

രാഖി താമസം തുടങ്ങി ഏതാനും മാസം കഴിഞ്ഞായിരുന്നു ആ സംഭവമുണ്ടായത്. ഒരു ദിവസം രാവിലെ പാൽക്കാരൻ ഡോർബെല്ല് മുഴക്കിയത് കേട്ട് വാതിൽ തുറന്ന് വന്ന രാഖി വാതിലിന് തൊട്ട് മുന്നിൽ നായ കാഷ്ഠം കണ്ട് അരിശപ്പെട്ടു. രാവിലെ തന്നെ അറപ്പുളവാകുന്ന കാര്യം കണ്ട് ആർക്കാണ് ദേഷ്യം തോന്നാത്തത്. അവൾ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു. പാൽ വാങ്ങി അവൾ അകത്തു പോയി. അന്ന് സ്വീപ്പറിന്‍റെ കാലുപിടിച്ച് അവളത് വൃത്തിയാക്കിക്കുകയായിരുന്നു. പക്ഷേ എന്ത് പറയാൻ അതിനു ശേഷം അത് പതിവായി.

ഒരു ദിവസം അരിശം മൂത്ത രാഖി നേരെ എതിർവശത്ത് താമസിക്കുന്ന ശിവാനിയുടെ ഡോർബെൽ മുഴക്കി. പുറത്ത് വന്ന ശിവാനി അവളെ ചോദ്യ ഭാവത്തിൽ നോക്കി. “ശിവാനി, ആരാ നായയെ വളർത്തുന്നത്. എല്ലാ ദിവസവും നായ ഞങ്ങളുടെ ഡോറിന് മുന്നിൽ കാഷ്ഠിക്കുകയാ… നായയെ കൊണ്ട് വല്യ ശല്യമായിരിക്കുകയാ.” രാഖി അൽപം ദേഷ്യത്തോടെയാണ് പറഞ്ഞത്.

അതിന് മറുപടിയെന്നോണം ശിവാനിയുടെ മുഖത്ത് പരിഹാസം കലർന്ന ചിരിയാണ് വന്നത്.

“മനീഷയാ നായയെ വളർത്തുന്നത്. രാവിലെ അതിനെ അഴിച്ച് പുറത്ത് വിടും. നായ താഴെ പോകുന്നോ മുകളിൽ പോകുന്നോ എന്നൊന്നും പിന്നെ നോക്കുകയേയില്ല. ആ നായ എനിക്കും ശല്യമായിരുന്നു. എന്തെങ്കിലും പറഞ്ഞാൽ പിന്നെ അവരത് വലിയ പ്രശ്നമാക്കും.”

എന്തോ ആലോചിച്ച ശേഷം രാഖി താഴത്തെ നിലയിലേക്ക് ഓടിയിറങ്ങി. മനീഷയുടെ ഫ്ളാറ്റിലെ ഡോർബെല്ലിൽ വിരലമർത്തി. വാതിൽ തുറക്കുന്നത് വരെ അവൾ മുഖത്ത് ശാന്തത വരുത്തി കാത്തിരുന്നു. വാതിൽ തുറന്ന് പുറത്തെത്തിയ മനീഷയെ നോക്കി രാഖി ചിരിക്കാൻ ശ്രമിച്ചു.

“ഹലോ മനീഷ”

“രാഖി… വാ അകത്തു വാ..”

“അയ്യോ… ഞാനിപ്പോ ഇരിക്കാൻ വന്നതല്ല. ചെറിയ പ്രോബ്ളം പറയാൻ വന്നതാ. നിങ്ങൾ വളർത്തുന്ന നായ എന്നും രാവിലെ എന്‍റെ ഡോറിന് മുന്നിലാ കാഷ്ഠിക്കുന്നത്. എനിക്കെന്നും ഇത് വൃത്തിയാക്കേണ്ടി വരുന്നു. അത് വലിയ ബുദ്ധിമുട്ടായിരിക്കുകയാ. അതിനെ എന്നും പുറത്ത് നടക്കാൻ കൊണ്ടു പോവുകയാണെങ്കിൽ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. നായയ്ക്കും അത് നല്ലതായിരിക്കും.”

അത് കേട്ടപാടെ മനീഷയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“രാഖി, നിങ്ങളത് നേരിൽ കണ്ടപോലെയാണല്ലോ പറയുന്നത്. ഈ അപ്പാർട്ടുമെൻറിൽ എനിക്ക് മാത്രമല്ല നായയുള്ളത്.”

മനീഷയുടെ ശബ്ദം ഉയർന്നതോടെ രാഖി സങ്കോചത്തോടെ ചുറ്റിലും നോക്കി. സമീപത്തുള്ള ഫ്ളാറ്റുകാർ വാതിൽ തുറന്ന് പുറത്തേക്ക് തലനീട്ടി. എല്ലാ കണ്ണുകളിലും ആകാംക്ഷ. “ചിലപ്പോൾ മറ്റേതെങ്കിലും നായയായിരിക്കും മനീഷ” എന്നു പറഞ്ഞു കൊണ്ട് സംസാരം അവസാനിപ്പിച്ച് രാഖി അവിടെ നിന്നും വലിഞ്ഞു. അതിനു ശേഷം രാഖിയെ കാണുമ്പോഴൊക്കെ അവൾ മുഖം വീർപ്പിച്ചു കടന്നു പോകുമായിരുന്നു. താൻ എന്തോ വലിയ തെറ്റ് ചെയ്‌തതെന്ന പോലെയായിരുന്നു അവളുടെ പെരുമാറ്റം. ശിവാനി പറഞ്ഞത് എത്ര സത്യമാണ്.

ഒരു ദിവസം രാവിലെ ഉറക്കമെണീറ്റ രാഖി ടോയ്‍ലെറ്റ് ഫ്ളഷ് ജാം ആയിരിക്കുന്നതാണ് കണ്ടത്. ഫ്ളഷിൽ നിന്നും വെള്ളം താഴോട്ട് പോകുന്നില്ല. വെള്ളം ടോയ്‍ലെറ്റിൽ നിറഞ്ഞ് പുറത്തേക്ക് ഒഴുകുകയായിരുന്നു. രാഖി താഴത്തെ ഫ്ളോറിൽ പോയി മനീഷയോടും മുകളിലെ ഫ്ളാറ്റിൽ താമസിക്കുന്ന സജ്ഞനയുടെ ഭർത്താവിനോടും തൽക്കാലം അവരുടെ ടോയ്‍ലെറ്റ് ഉപയോഗിക്കരുതെന്ന് അപേക്ഷിച്ചു. നേരത്തെ തന്നെ രാഖിയോട് ദേഷ്യമുണ്ടായിരുന്ന മനീഷ ഇക്കാര്യമറിഞ്ഞപ്പോൾ ഒന്നു കൂടി ദേഷ്യത്തിലായി.

“ഞങ്ങൾക്ക് ഇവിടെയൊരു പ്രോബ്ളവും ഇല്ല. നിങ്ങളുടെ ടോയ്‍ലെറ്റിനാ കംപ്ലയിന്‍റ്. പോയി നോക്കൂ.” മനീഷ നീരസത്തോടെ പറഞ്ഞു.

“നിങ്ങൾ കാരണമാണ് പ്രശ്നമെന്ന് ഞാൻ പറഞ്ഞില്ലല്ലോ മനീഷ. ഏതോ മീഡിൽ പോർഷനിലാ പ്രശ്നം. സുമിത് പ്ല്ലമ്പറിനെ വിളിക്കാൻ പോവുകയാ. നിങ്ങൾക്ക് കുറച്ച് നേരം ബുദ്ധിമുട്ട് ഉണ്ടാകും. പ്ലമ്പർ ഇവിടെയും വന്ന് ചെക്ക് ചെയ്യുമല്ലോ. എവിടെയാണ് പ്രശ്നമെന്ന് അയാൾ കണ്ടുപിടിക്കട്ടെ.”

“എനിക്കൊന്ന് പുറത്ത് പോകേണ്ടതുണ്ട്. ഇന്നിവിടെ ഞാൻ കാണില്ല.” മനീഷ ഒഴികഴിവ് കണ്ടെത്തി.

“അയ്യോ, അങ്ങനെയാണെങ്കിൽ താക്കോൽ എനിക്ക് തന്നിട്ട് പോയ്ക്കോ. ഞാൻ ശരിയാക്കിച്ചോളാം.”

“അതെങ്ങനെ ശരിയാകും. പ്ലമ്പർ എങ്ങനെയുള്ള ആളാണെന്ന് ആർക്കറിയാം.” മനീഷ നീരസത്തോടെ പറഞ്ഞു.

“പക്ഷേ മനീഷ പ്ലമ്പറിനെ ടോയ്‍ലെറ്റ് കാണിക്കേണ്ടി വരുമല്ലോ. ഈ പ്രശ്നം സോൾവ് ചെയ്യണം. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ നന്നാക്കിക്കണമല്ലോ.” എന്നു പറഞ്ഞു കൊണ്ട് രാഖി മുകളിലേക്ക് കയറി പോയി.

ആ ദിവസം മനീഷയുടെ ഭർത്താവ് രോഹിത് ഫ്ളാറ്റിൽ തങ്ങി. പ്ലമ്പർ എത്തി. മനീഷയുടെ ഫ്ളാറ്റിലെ പൈപ്പിലായിരുന്നു പ്രശ്നം. അയാൾ വളരെ പാടുപെട്ട് അത് ശരിയാക്കി. എന്നാൽ മനീഷയ്ക്ക് രാഖിയോടുള്ള ദേഷ്യവും വെറുപ്പും അതോടു കൂടി വർദ്ധിച്ചു. ശിവാനിയുടെ ഫ്ളാറ്റിന് തൊട്ട് താഴെയുള്ള ഫ്ളാറ്റിൽ താമസിക്കുന്ന രജനിയും ഒട്ടും പിന്നിലല്ലായിരുന്നു. ശിവാനി അവരോട് മൂന്നുപേരോടും ഇടയ്ക്ക് പിണങ്ങുന്നത് പതിവായിരുന്നു. പിന്നെ അതിവേഗം ഇണങ്ങുകയും ചെയ്യും.

പക്ഷേ രാഖിയ്ക്ക് അതിനൊന്നും കഴിയുമായിരുന്നില്ല. അവരോട് കലഹിക്കാനും പിന്നീട് അവരുടെ ഓരോ കുറ്റം പറയാനും മറ്റൊരിക്കൽ അവർക്കൊപ്പമിരുന്ന് ചായ കുടിക്കാനും രാഖിയ്ക്ക് പരിചയമില്ലാത്ത കാര്യങ്ങളായിരുന്നു.

ഒരു ദിവസം വെയ്സ്റ്റ് എടുക്കാൻ വരുന്നവർ രാഖിയുടെ ഫ്ളാറ്റിന് മുന്നിൽ വച്ചിരുന്ന വെയ്സ്‌റ്റ് കൂട എടുത്തു കൊണ്ടു പോയി രജനിയുടെ ഫ്ളാറ്റിന് മുന്നിൽ കൊണ്ടു വച്ച് മറന്നു. രജനി അത് കണ്ട് ഉച്ചത്തിൽ ബഹളം വയ്ക്കാൻ തുടങ്ങി. “ഏത് ധിക്കാരിയാ ഇത് ചെയ്‌തത്. നാണമില്ലേ…. വിവരമില്ലാത്തവർ.” പുറത്തെ ഒച്ചയും ബഹളവും കേട്ട് രാഖി പുറത്തു വന്നു നോക്കി.

വാതിലിന് മുന്നിൽ വച്ചിരിക്കുന്ന വെയ്സ്റ്റ് കൂട കണ്ട് അത് തങ്ങളുടേതാണെന്ന് രാഖി തിരിച്ചറിഞ്ഞു. പെട്ടെന്ന് അവൾ താഴേക്ക് ഓടിയിറങ്ങി കൂട പൊക്കിയെടുത്തു. “സോറി രജനി, വെയ്സ്റ്റ് എടുക്കുന്നവർ ഇവിടെ മറന്ന് വച്ചതാകും.” പക്ഷേ അതൊന്നും കേട്ടിട്ട് ശാന്തമാകാതെ രജനിയുടെ മുഖം ഒന്നു കൂടി വലിഞ്ഞു മുറുകി. ദേഷ്യമടക്കാനാവാതെ അവൾ ഓരോന്ന് പറഞ്ഞ് രാഖിയെ അപമാനിച്ചു കൊണ്ടിരുന്നു.

അപ്പാർട്ടുമെന്‍റിൽ ആഘോഷിക്കുന്ന ദീപാവലിയും ക്രിസ്മസും ന്യൂ ഇയർ പരിപാടികളൊക്കെ രാഖിയ്ക്ക് വലിയ ഇഷ്‌ടമായിരുന്നു. അതെല്ലാം അവൾ നന്നായി ആസ്വദിച്ചിരുന്നുവെങ്കിലും ഇത്തരത്തിലുള്ള ചെറിയ വേദനകൾ അവളെ ആഴത്തിൽ മുറിപ്പെടുത്താൻ തുടങ്ങി. സുമിത് രാഖിയെ ആവുന്നതും പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു.

“എനിക്ക് ഫ്ളാറ്റിൽ ജീവിക്കാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ ഇവിടെ വന്ന സ്‌ഥിതിയ്ക്ക് അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കണം. ശിവാനിയും ഇവിടെ താമസിക്കുന്നില്ലേ. ഇത്രയും സെൻസിറ്റീവ് ആകേണ്ട യാതൊരു ആവശ്യവുമില്ല. എല്ലാവരും നമ്മളെ പോലെയാകണമെന്ന് കരുതുന്നത് ശരിയല്ലല്ലോ. മാക്സിമം ആരേയും വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും നോവിക്കാൻ പോകരുത്. അത്രയേയുള്ളൂ.”

“പക്ഷേ… എന്നാലും സുമിത്. വരുമ്പോഴും പോകുമ്പോഴും അവരുടെ വീർപ്പിച്ച മുഖം കാണുകയെന്നത് അത്ര സുഖമുള്ള കാര്യമല്ല. കുറച്ച് ദിവസമാണെങ്കിൽ കുഴപ്പമില്ല. എന്തെങ്കിലും കുഞ്ഞ് കാര്യത്തിനും മൂന്നുപേരും വഴക്കടിക്കും. പിന്നെ മിണ്ടുകയേയില്ല. ഫ്ളാറ്റായതു കൊണ്ട് ആരോടും മിണ്ടാതിരിക്കാനും ആവില്ലല്ലോ.”

ഇങ്ങനെയുള്ള ചെറിയ സുഖദുഃഖങ്ങളിലൂടെ ജീവിതം കടന്നു പോയി കൊണ്ടിരുന്നു. അങ്ങനെ ഒരു വർഷം കടന്നു പോയി. സുമിതിന് പ്രൊമോഷൻ കിട്ടിയ സന്തോഷത്തിൽ 16 കുടുംബത്തിൽ നിന്നും 16 സ്ത്രീകളെ രാഖി ടീ പാർട്ടിയ്ക്കായി ക്ഷണിച്ചു. മനീഷയും രജനിയും സജ്ഞനയുമൊഴിച്ച് ബാക്കിയെല്ലാവരും ടീ പാർട്ടിയ്ക്കായി എത്തി. വന്നവർ അവർ വരാത്തതിന്‍റെ കാരണമാരാഞ്ഞതു കൊണ്ട് രാഖി മടിച്ചാണെങ്കിലും അവർക്കിടയിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി പറഞ്ഞു.

ശിവാനിയ്ക്ക് അവരുടെ ഇണക്കവും പിണക്കവുമൊന്നും പ്രശ്നമല്ലായിരുന്നു. നല്ല ഇണക്കത്തിലാണെങ്കിൽ ശിവാനി അവരോട് നന്നായി സംസാരിക്കും. എന്നാൽ പിണങ്ങിയിരിക്കുകയാണെങ്കിൽ അവരെ നോക്കാതെ കടന്നു പോകും. ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു അവൾക്ക്. രജനിയുടെ വീട്ടിൽ ഗസ്റ്റ് ഉണ്ടെന്ന് തോന്നുന്നു. ഒച്ചയും ബഹളവുമൊക്കെ കേൾക്കുന്നുണ്ടല്ലോ.” ഒരു ദിവസം ചായ കുടിച്ചു കൊണ്ടിരിക്കെ രാഖി സുമിതിനോട് പറഞ്ഞു. തൊട്ടടുത്ത നിമിഷം ഡോർബെൽ 3-4 പ്രാവശ്യം മുഴങ്ങി.

“ആരാ ഇത്രയും രാവിലെ…” എന്നു പിറുപിറുത്തു കൊണ്ട് ഇരുവരും കൂടി വാതിലിന് നേരെ നടന്നു.

പുറത്ത് രജനിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു.

“മാഡം, വേഗം താഴെയൊന്ന് വരാമോ.. അവിടുത്തെ ചേച്ചിയുടെ അമ്മായിയച്‌ഛൻ മരിച്ചു പോയി.

“ങ്ഹേ…? അമ്മായിയച്ഛൻ വന്നിരുന്നോ?”

“അതെ, വേഗം വരൂ. രാത്രിയിൽ അദ്ദേഹത്തിന് പെട്ടെന്ന് അസുഖം വന്നു. സാറ് ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും മരിച്ചു പോയി. സാറ് ഇപ്പോഴും ആശുപത്രിയിലാ. സുമിതും രാഖിയും തിടുക്കപ്പെട്ട് കോണിപ്പടികൾ ഇറങ്ങി രജനിയുടെ ഫ്ളാറ്റിൽ ചെന്നു. അകത്ത് അമ്മായിയമ്മയും മരുമകളും ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു. രാഖി അവരുടെ അടുത്ത് ചെന്ന് ഇരുവരെയും ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുറച്ച് കഴിഞ്ഞ് ആശുപത്രിയിൽ നിന്നും മൃത ശരീരം കൊണ്ടു വന്നു. ഫ്ളാറ്റ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ട് നിറഞ്ഞു. രാഖി രജനിയുടെ രണ്ട് കുട്ടികളുടെയും ചുമതല സ്നേഹപൂർവ്വം ഏറ്റെടുത്തു. അവർ കുട്ടികളെ സ്വന്തം ഫ്ളാറ്റിലേക്ക് കൂട്ടി കൊണ്ടു വന്നു. അവർക്ക് പറ്റാവുന്ന എല്ലാ സഹായങ്ങളും രജനിയ്ക്കും കുടുംബത്തിനായും 16 ദിവസം ചെയ്‌തു കൊടുത്തു. ഏറെ സങ്കീർണ്ണമായ ഘട്ടത്തിൽ രാഖിയും സുമിത്തും ചെയ്‌ത സഹായ സഹകരണങ്ങൾ രജനിയുടെ മനസ്സിനെ സ്പർശിച്ചു. അതിനു ശേഷം അവൾ മനീഷയേയും സജ്ഞനയേയും വകവയ്ക്കാതെ രാഖിയുമായി നല്ല സൗഹൃദത്തിലായി.

സജ്ഞനയുടെ മകൻ മോഹിതും മനീഷയുടെ മകൾ ഖുശിയും ഒരേ സ്ക്കൂളിലാണ് പഠിച്ചിരുന്നത്. അവർ ഒരേ ഓട്ടോറിക്ഷയിലാണ് സ്ക്കൂളിലേക്ക് പോയി വന്നിരുന്നത്. ഒരു ദിവസം സുമിതിന് അവധിയായിരുന്നതിനാൽ രാഖിയും സുമിതും സാധനങ്ങൾ വാങ്ങി മാർക്കറ്റിൽ നിന്നും മടങ്ങവെ റോഡിൽ ആൾ ക്കൂട്ടം കണ്ട് കാർ നിർത്തിയ ശേഷം ഒരു വഴിപോക്കനോട് കാര്യമന്വേഷിച്ചു.

“ഒരു ആക്സിഡൻറാ, ഓട്ടോറിക്ഷയെ കാറിടിച്ചു. റിക്ഷയിൽ 2 കുട്ടികളുണ്ടായിരുന്നു.”

“അയ്യോ… കുട്ടികൾക്ക് കുഴപ്പമെന്തെങ്കിലും”

“പരിക്ക് പറ്റിയിട്ടുണ്ട്.”

സുമിത് വേഗം തന്നെ കാറിൽ നിന്നിറങ്ങി ആക്സിഡന്‍റ് നടന്ന സ്ഥലത്തേക്ക് നടന്നു. പരിക്കേറ്റ് മോഹിതും ഖുശിയും റോഡിലിരുന്ന് കരയുകയായിരുന്നു. റിക്ഷാ ഡ്രൈവറും കാറുകാരനും തമ്മിൽ പൊരിഞ്ഞ തർക്കം!

“നിങ്ങൾ ഇവിടെ കലഹിക്കുകയാണോ കുട്ടികൾക്ക് പരിക്ക് പറ്റിയിരിക്കുന്നത് കണ്ടില്ലേ. നിങ്ങളത് കാണുന്നില്ലേ, ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കണം.” സുമിത് ഓട്ടോറിക്ഷക്കാരനോട് കയർത്തു.

ഓട്ടോ ഡ്രൈവർക്ക് സുമിതിനെ നല്ല പരിചയമുണ്ടായിരുന്നു.

“സാറേ, ഇത് കണ്ടില്ലേ… എന്‍റെ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നിരിക്കുന്നു. അതിന്‍റെ നഷ്ടപരിഹാരം വാങ്ങാതെ ഞാൻ പോകില്ല.”

“കുട്ടികൾക്ക് എന്തെങ്കിലും അപകടം പറ്റിയാലും അല്ലേ” സുമിത് അരിശത്തോടെ അയാളോട് കയർത്തു.

“ഞാൻ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയാ,” എന്നു പറഞ്ഞു കൊണ്ട് സുമിത് ഇരുവരേയും കാറിനടുത്തേക്ക് കൊണ്ടു വന്നു. ഇത് കണ്ട് രാഖി കാറിൽ നിന്നും ചാടിയിറങ്ങി.

“എന്തു പറ്റി ഇവർക്ക്?”

“കണ്ടില്ലേ… ആ ഓട്ടോക്കാരൻ അവിടെ തർക്കിച്ച് നിൽക്കുവാ നമുക്കിവരെ ആശുപത്രിയിൽ എത്തിക്കാം. നീ ഉടനെ തന്നെ മനീഷയേയും സജ്ഞനയേയും ഫോൺ ചെയ്‌ത വിവരമറിയിക്ക്. ആശുപത്രിയിൽ വരാൻ പറ.” അവർ ഇരുവരും ചേർന്ന് കുട്ടികളെ കാറിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു.

അവരുടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മോഹിതിന്‍റെ തലയിൽ സ്റ്റിച്ചും ഖുശിയുടെ കയ്യിൽ പ്ലാസ്റ്ററും ഇട്ടു കഴിഞ്ഞിരുന്നു. അവർ കൃതജ്ഞതയോടെയും ലജ്ജയോടെയും സുമിതിനെയും രാഖിയേയും നോക്കി.

“നിന്‍റെ കൂട്ടുകാരികൾ തൽക്കാലം ഇക്കാര്യത്തെ ചൊല്ലി വഴക്കടിക്കുകയില്ലെന്ന് തോന്നുന്നു.” സുമിത് ചെറുചിരിയോടെ രാഖിയോട് പറഞ്ഞു.

“ങ്ഹാ കുറച്ച് ദിവസം നല്ല സ്നേഹവും സഹകരണവുമൊക്കെയായിരിക്കും. കുട്ടികളുടെ മുറിവ് ഉണങ്ങും വരെ.”

“ങ്ഹാ അത് ശരിയാ. കുറച്ച് ദിവസം ടെൻഷനൊന്നും ഇല്ല.” രാഖി പൊട്ടിച്ചിരിച്ചു. ഇപ്പോൾ എല്ലാ നല്ല രീതിയിൽ നടന്നു പോകുന്നുണ്ട്. ശിവാനിയും സജ്ഞനയും മനീഷയും നടക്കാൻ പോകുമ്പോഴൊക്കെ രാഖിയോട് സന്തോഷപൂർവ്വം സംസാരിക്കാറുണ്ട്. തമാശകൾ കൈമാറാറുണ്ട്. എല്ലാം സ്വസ്ഥമായി പോകുന്നു.

അങ്ങനെ 2 മാസം കടന്നു പോയി. ഒരു ദിവസം പതിവുപോലെ രാഖി പാൽക്കാരനിൽ നിന്നും പാൽ വാങ്ങാനായി വാതിൽ തുറന്നപ്പോൾ അപ്രതീക്ഷിതമായി നായ കാഷ്ഠിച്ചിരിക്കുന്നത് കണ്ടു. വീണ്ടും അറപ്പുളവാക്കുന്ന കാഴ്ച! രാഖിയ്ക്ക് പെട്ടെന്ന് അരിശം കയറി. ഇനി എന്തെങ്കിലും പറഞ്ഞാൽ മനീഷയ്ക്ക് പഴയതു പോലെ ദേഷ്യമാകും. ഇനി പറഞ്ഞില്ലെങ്കിലോ ദിവസവും നായയുടെ വിസർജ്ജ്യം വൃത്തിയാക്കേണ്ടി വരും. പിറ്റേന്ന് കുറച്ച് നേരത്തെ എഴുന്നേറ്റ് രാഖി വാതിൽ തുറന്നിട്ട് വാതിലിന് അടുത്തായി ഇരുന്നു. നായ വരികയാണെങ്കിൽ അതിനെ നേരിട്ട് കാണാമല്ലോ. അല്പ സമയം കഴിഞ്ഞില്ല പ്രശ്നക്കാരനായ വില്ലൻ സാക്ഷാൽ മനീഷയുടെ നായ അവിടെ പ്രത്യക്ഷപ്പെട്ടു. നായ അവിടെ വന്ന് നിന്നില്ല അതിനു മുമ്പേ രാഖി ഒച്ചവച്ചും ചീത്ത വിളിച്ചും അതിനെ ഓടിച്ചു വിട്ടു.

അപ്പോഴേക്കും പാൽക്കാരനും എത്തി. രാഖി പാൽക്കാരനിൽ നിന്നും പാൽ വാങ്ങിച്ച ശേഷം അയാളെ പ്രത്യേകം ഓർമ്മപ്പെടുത്തി.

“സഹോദരാ, താഴത്തെ ഫ്ളോറിലെ മനീഷയോട് പറഞ്ഞേക്കൂ നായ വീണ്ടും ഇവിടെ വന്ന് കാഷ്ഠിക്കാൻ തുടങ്ങിയെന്ന്.” പിറ്റേദിവസം രാഖി താഴെ ലോണിൽ നടക്കാൻ ചെന്നപ്പോൾ മനീഷ പഴയതു പോലെ മുഖം വീർപ്പിച്ചു കൊണ്ട് കടന്നു പോയി.

“ഇനി സജ്ഞനയും രജനിയും ഇത് തന്നെ ചെയ്യും. എന്നോർത്തു കൊണ്ട് രാഖി നടപ്പ് തുടർന്നു. അവൾ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു. ഇനി ആരേയും വകവയ്ക്കാതെ തന്‍റേതായ വഴിയിലൂടെ സഞ്ചരിക്കും.

“സുമിത് നിങ്ങൾ പറഞ്ഞതാണ് ശരി. എനിക്കും ഇവിടുത്തെ താമസം ഇഷ്‌ടമല്ലാതായിരിക്കുന്നു. നമുക്ക് ഈ ഫ്ളാറ്റ് വിറ്റിട്ട് എവിടെയെങ്കിലും ഒരു നല്ല വീട് വാങ്ങാം.” രാത്രിയായപ്പോൾ രാഖി സുമിതിനോട് പറഞ്ഞു.

സുമിത് അൽപനേരം രാഖിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. “ശരിയാണ്, നാളെ തന്നെ ഏതെങ്കിലും പ്രോപ്പർട്ടി ഡീലറെ കണ്ട് കാര്യം പറയാം.”

സുമിതിന് ഏറെ കാലമായി കിഡ്നി സ്റ്റോണിന്‍റെ അസുഖമുള്ളതിനാൽ ദീർഘകാലമായി മരുന്ന് കഴിക്കുന്നു. ഡോക്ടർ ഏറെ നാൾ മുമ്പ് ഓപ്പറേഷന് നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. പല തിരക്കുകൾ കാരണം ഓപ്പറേഷൻ നീണ്ടു പോയി. എന്നാൽ വേദന കടുത്തതോടെ ശസ്ത്രക്രിയയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഒടുവിൽ ഓപ്പറേഷൻ ചെയ്യേണ്ട ദിവസം അടുത്തു. സുമിത് ഓഫീസിൽ നിന്നും നീണ്ട അവധിയെടുത്തു.

അവരുടെ കുട്ടികൾ അത്ര ചെറുതല്ലായിരുന്നുവെങ്കിലും അവരുടെ ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാവശ്യമായിരുന്നു. സുമിതിന്‍റെ ഓപ്പറേഷൻ വിവിരം രാഖി ശിവാനിയോട് മാത്രം പറഞ്ഞു. എന്നാൽ ആ വാർത്ത ശിവാനിയിൽ നിന്നും അനാമിക അപ്പാർട്ടുമെന്‍റ് മുഴുവനും വ്യാപിച്ചു.

സുമിത് ശസ്ത്രക്രിയക്കായി ആശുപത്രിയിൽ അഡ്മിറ്റായി. അനാമിക അപ്പാർട്ടുമെന്‍റിലെ മുഴുവനാളുകളും സ്വന്തം സമയം ക്രമീകരിച്ച് ആശുപത്രിയിൽ സുമിതിന് കൂട്ടിരുന്നു. സുമിതിന്‍റെ ഓപ്പറേഷൻ വിജയകരമായി നടന്നു. ആശുപത്രി വാസത്തിലായിരുന്ന സുമിതിനും രാഖിയ്ക്കുള്ള ഭക്ഷണം എവിടെ നിന്നാണ് വരുന്നതെന്നും കുട്ടികൾ എവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും, ആരാണ് അവർക്ക് ടിഫിനൊരുക്കി സ്ക്കൂളിലേക്ക് അയക്കുന്നതെന്നും ജോലിക്കാരിയെ കൊണ്ട് ഫ്ളാറ്റിലെ ജോലിയെടുപ്പിക്കുന്നതാരാണെന്നൊന്നും ആലോചിക്കാനുള്ള സമയമൊന്നും രാഖിക്കുണ്ടായിരുന്നില്ല. പക്ഷേ എല്ലാ ജോലിയും പതിവ് തെറ്റാതെ തുടർന്നു. ശിവാനിക്കൊപ്പം രജനിയും സജ്ഞനയും മനീഷയും മുന്നിട്ടിറങ്ങി എല്ലാം ചെയ്‌തു കൊണ്ടിരുന്നു. ആർക്കും അക്കാര്യത്തിൽ നീരസവും മടുപ്പും ഉള്ളതായി തോന്നിയതേയില്ല.

ആശുപത്രി വാസം കഴിഞ്ഞ് സുമിത് വീട്ടിലെത്തി. കുറച്ച് ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും സുമിത് ഓഫീസിൽ പോയി തുടങ്ങി. എന്നാൽ ഇതിനിടെ എപ്പോഴോ രാഖിയുടെ ചിന്ത മാറി കഴിഞ്ഞിരുന്നു. ഇനി ഇവിടെ നിന്നും താൻ എങ്ങോട്ടേക്കും പോകുന്നില്ല. അനാമിക അപ്പാർട്ടുമെന്‍റിൽ എല്ലാവർക്കും ഒപ്പമുള്ള താമസം ചെറിയ സുഖ ദുഃഖങ്ങൾ നിറഞ്ഞതാണ്. ഒരു കുടുംബമായാൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാവുകയില്ലേ രാഖി ഓർത്തു. എവിടെ പോയി താമസിച്ചാലും മനസ്സിന് വേദനയുണ്ടാക്കുന്ന എന്തെങ്കിലുമൊരു കാര്യം ഉറപ്പായും ഉണ്ടാകും. പുതിയ തീരുമാനത്തിൽ നിന്നും സുമിതിനെ പിന്തിരിപ്പിക്കാൻ തീരുമാനമെടുത്തു. ശിവാനിയുടെ നയമാണ് ശരി. എല്ലാവർക്കുമൊപ്പമായും എന്നാൽ നിശ്ചിത അകലത്തിലും കഴിയണം. ഈ പുതിയ വഴിയിലൂടെ രാഖി സഞ്ചരിച്ചു തുടങ്ങി.

കൂൾ & ഫ്രഷ് ആകാം വേനലിലും

തുളച്ചു കയറുന്ന വെയിൽ, പൊങ്ങിപ്പടരുന്ന പൊടിപടലങ്ങൾ, വേനൽക്കാലം ശരിക്കും വല്ലാത്ത പ്രയാസമാണ്. അത് ചർമ്മത്തിന്‍റെയും മുടിയുടെയും സ്വാഭാവിക സൗന്ദര്യം നഷ്‌ടപ്പെടുത്തിക്കളയും. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ കാലാവസ്‌ഥയിലും കൂൾ, ഫ്രഷ് ഫീൽ നിലനിർത്താനാകും.

ദിവസവും കുളിക്കാം

വേനൽക്കാലത്ത് ദിവസവും കുളിക്കുന്നതിലൂടെ ശരീരദുർഗന്ധം, രോഗാണുബാധ എന്നിവയിൽ നിന്ന് രക്ഷ നേടാം. പ്രതിരോധ ശക്‌തിയും വർദ്ധിക്കും. നമ്മുടെ ശരീരത്തിൽ നിന്ന് ധാരാളം വിയർപ്പ് പുറന്തള്ളപ്പെടുന്നുണ്ട്. ഇതിനൊപ്പം ചില വിഷാംശങ്ങളും. സ്നാനത്തിലൂടെ ഈ വിഷാംശങ്ങൾ മാത്രമല്ല, ജീവാണുക്കളും, വൈറസുകളും എല്ലാം കഴുകിപ്പോകുന്നു. കുളിയിലൂടെ നല്ല ഉറക്കവും ലഭിക്കും. അൽപം ഉപ്പിട്ട വെള്ളത്തിലെ കുളി പ്രായാധിക്യത്തിന്‍റെ പ്രഭാവങ്ങൾ കുറയ്‌ക്കുന്നു.

മോയിസ്ചുറൈസര്‍

വേനലിൽ ചർമ്മം ഉണങ്ങി വരണ്ടതായി കാണപ്പെടാം. തീക്ഷണമായ സൂര്യകിരണങ്ങൾ ചർമ്മത്തെ ഡീഹൈഡ്രേറ്റ് ചെയ്‌ത് സ്വാഭാവികത നശിപ്പിക്കും. ഇതൊഴിവാക്കാൻ നല്ല നിലവാരമുള്ള മോയിസ്ചുറൈസർ ക്രീം ഉപയോഗിക്കുക.

സൺസ്ക്രീന്‍

അൾട്രാവയലറ്റ് കിരണങ്ങളുമായി ശരീരം സമ്പർക്കത്തിലാവുമ്പോൾ ചർമ്മത്തിന് അത് ഹാനികരമായി മാറുന്നു. ഇതിലൂടെ സൂര്യാഘാതം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ബ്യൂട്ടി എക്സ്പെർട്ട് നിർമൽ രൺധാവ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ സൺസ്ക്രീൻ പ്രയോഗിക്കേണ്ടത് അനിവാര്യമാണ്. 30 എസ്പിഎഫ് നുമേലുള്ള സൺസ്ക്രീൻ ആണ് ഉപയോഗിക്കേണ്ടത്. വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന് 15-20 മിനിട്ട് മുമ്പ് സൺസ്ക്രീൻ പുരട്ടണം.

ചർമ്മം സംരക്ഷണം

വേനലിൽ ചർമ്മം യഥാവിധം പരിപാലിച്ചില്ലെങ്കിൽ സൺബേൺ, കരുവാളിപ്പ്, ചുവന്നു തടിക്കൽ, സ്കിൻ അലർജി തുടങ്ങിയവ ഉണ്ടായേക്കാം.

  • സൂര്യ രശ്മികൾ നേരിട്ട് ശരീരത്തിൽ പതിക്കുമ്പോൾ ചർമ്മത്തിലെ കൊളാജനും, ഇലാസ്റ്റിക് കോശങ്ങൾക്കും കേടുപാട് സംഭവിക്കുന്നു. പുറത്തേക്ക് പോകേണ്ട അവസരങ്ങളിൽ സൺസ്ക്രീൻ പുരട്ടുക.
  • വെയിലത്തിറങ്ങുമ്പോൾ കറുത്ത കണ്ണട ഉപയോഗിച്ചാൽ കണ്ണിനു താഴെയുള്ള കറുപ്പ് കുറയ്ക്കാം.
  • വേനൽക്കാലത്ത് ചർമ്മത്തിൽ ക്ലൻസിംഗ്, ടോണിംഗ്, മോയിസ്ചുറൈസിംഗ് ഇവ നിശ്ചയമായും ചെയ്‌തിരിക്കണം.
  • പാൽ കൊണ്ട് ക്ലൻസിംഗ് ചെയ്യാം റോസ് വാട്ടർ ഉപയോഗിച്ച് ടോണിംഗും, അലോവെരാജെൽ കൊണ്ട് മോയിസ്ച്ചുറൈസിംഗും ചെയ്യാം.
  • ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും എക്സ്ഫോളിയേറ്റ് ചെയ്യുക. ഇതിലൂടെ രക്‌തചംക്രമണം വർദ്ധിക്കും. ചർമ്മത്തിന്‍റെ ബാഹ്യപാളിയിലുള്ള മൃതകോശങ്ങൾ അകന്നു കിട്ടുകയും ചെയ്യും.

മുടിയുടെ പരിചരണം

വേനൽക്കാലത്ത് ഹ്യുമിഡിറ്റി ലെവൽ വർദ്ധിക്കുന്നത് മുടിയെ ദോഷകരമായി ബാധിക്കും. കേശ പരിചരണത്തിന് ബിഗ് ബോസ് ഹെയർ സലൂൺ ആന്‍റ് സ്പാ ഫൗണ്ടർ ഹരീഷ് ഭാട്ടിയ നൽകുന്ന ചില ടിപ്സുകൾ.

  • ഹെയർഡ്രയർ പ്രയോഗം പരമാവധി കുറയ്ക്കുക.
  • മുടി ഷാംപു ചെയ്‌തശേഷം നേരിയ ചൂടുള്ള എണ്ണ മുടിവേരുകൾ തുടങ്ങി. അറ്റം വരെ പുരട്ടി മസാജ് ചെയ്യുക.
  • പല്ലകന്ന ചീപ്പ് ഉപയോഗിക്കുക.
  • നനഞ്ഞ മുടി ചീകരുത്
  • പുറത്ത് പോകുന്ന അവസരങ്ങളിൽ തലയിൽ തൊപ്പിയണിയുകയോ സ്കാർഫ് കെട്ടുകയോ ചെയ്താൽ സൂര്യന്‍റെ ശക്‌തമായ ചൂടേറ്റ് മുടിയ്ക്ക് ദോഷമേൽക്കുകയില്ല.
  • നീന്തലിന് പോകുമ്പോൾ വെള്ളത്തിൽ ഇറങ്ങും മുമ്പ് മുടി കഴുകുക. മുടി നനഞ്ഞിരിക്കുന്നതിനാൽ കുറച്ച് ക്ലോറിൻ മാത്രമേ മുടി വലിച്ചെടുക്കൂ.
  • മുടിയിൽ പതിവായി കണ്ടീഷണറും ഹെയർ സൺസ്ക്രീൻ ക്രീമും ഉപയോഗിക്കുക.

വസ്ത്രത്തില്‍ ശ്രദ്ധിക്കാം

വേനൽക്കാലത്ത് ഫാഷനും മേക്കപ്പുമൊന്നും ഒഴിവാക്കാനാവില്ല. അതിനാൽ ഈ കാലാവസ്‌ഥയിൽ വാർഡ്രോബിന് ഒരു കൂൾ ടച്ച് നൽകാം. ലൈറ്റ് നിറങ്ങളിലുള്ള കോട്ടൺ അല്ലെങ്കിൽ ലിനൻ ഫാബ്രിക്കിലുള്ള വസ്‌ത്രങ്ങൾ അണിയാം ഇണങ്ങുന്ന ലൈറ്റ് ഷെയിഡുകളായ വെള്ള, മഞ്ഞ, ലൈറ്റ് പിങ്ക്, ബ്ലൂ അല്ലെങ്കിൽ പെസ്റ്റൽ ഷെയിഡുകൾ മികച്ചതായിരിക്കും.

മേക്കപ്പ്

വളരെ ലൈറ്റ് നിറത്തിലുള്ള മേക്കപ്പാണ് വേനൽക്കാലത്ത് ഇണങ്ങുക. വാട്ടർപ്രൂഫ് മേക്കപ്പാണ് നല്ലത്. ബ്യൂട്ടി എക്സ്പെർട്ട് നിർമ്മൽ രൺധാവ പറയുന്നത് ശ്രദ്ധിക്കൂ.

“വേനൽക്കാലത്ത് ഐഷാഡോ ക്രീം അല്ലെങ്കിൽ ഗ്ലിറ്റർ പ്രയോഗിക്കുന്നത് ഒഴിവാക്കണം. ലൈറ്റ് ഷെയിഡിലുള്ള കേക്ക് ഐഷാഡോ ഉപയോഗിക്കാം. കണ്ണുകളുടെ മേക്കപ്പിന് ഒരേ നിറത്തിലുള്ള ഷെയിഡുകൾ പ്രയോഗിക്കുന്നതാണ് നല്ലത്. ഐലൈനറിനൊപ്പം വാട്ടർപ്രൂഫ് മസ്ക്കാര ഉപയോഗിക്കുക. പീച്ച്, റോസ് അല്ലെങ്കിൽ ഇളം പിങ്ക് നിറത്തിലുള്ള ഷെയിഡുകൾ ചുണ്ടുകൾക്കായി ഉപയോഗിക്കാം.

ജലാംശം നഷ്‌ടപ്പെടാതിരിക്കാൻ

വേനൽക്കാലത്ത് പകൽ സമയം കുറഞ്ഞത് 10-12 ഗ്ലാസ് വെള്ളം കുടിക്കുക. ശരീരം ഹൈഡ്രേറ്റഡ് ആകുമെന്ന് മാത്രമല്ല ഊർജ്ജസ്വലവുമാകും. ഈ കാലാവസ്‌ഥയിൽ തണ്ണിമത്തൻ, മുന്തിരി, മുള്ളങ്കി, തുടങ്ങി ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ദിവസവും ഒരു ബൗൾ സലാഡ് കഴിക്കുക. ചിപ്സ്, ക്രാക്കേഴ്സ്, ടിന്നിലടച്ച ഭക്ഷ്യവസ്‌തുക്കൾ, ജങ്ക് ഫുഡ് ഇവ കഴിക്കരുത്.

ഫ്രാഗ്രന്‍റഡ് സോപ്പ്, ടാൽക്കം പൗഡർ

വേനൽക്കാലത്ത് വിയർപ്പ് വഴിയുണ്ടാകുന്ന ദുർഗന്ധമകറ്റാൻ നമ്മൾ പൊതുവെ ഡിയോ ഉപയോഗിക്കാറുണ്ട്. ഡിയോയിൽ രാസ വസ്തുക്കൾ ധാരാളമായി ഉണ്ടെന്ന കാര്യം മറക്കാതിരിക്കുക. നിങ്ങൾ ഇത് നേരിട്ട് ചർമ്മത്തിൽ സ്പ്രേ ചെയ്യുകയാണെങ്കിൽ വെയിലേറ്റ് ചർമ്മത്തിൽ അലർജിയുണ്ടാകാനിടയാകും. അതുകൊണ്ട് വേനൽക്കാലത്ത് ഫ്രഷ് ആയി തോന്നാൻ ടാൽക്കം പൗഡറോ നല്ല സുഗന്ധമുള്ള സോപ്പോ ഉപയോഗിക്കുക. ലെമൺ, മെന്തോൾ, ലാവന്‍റർ, റോസ്, ജാസ്മിൻ തുടങ്ങി വിവിധതരം സുഗന്ധങ്ങളിൽ ലഭ്യമായ സോപ്പും പൗഡറും പ്രകൃതിദത്തമായ സാമഗ്രികൾ കൊണ്ട് നിർമ്മിതമാണ്.

ആകർഷകമായ സുഗന്ധമുള്ള സോപ്പും ടാൽക്കം പൗഡറും നിങ്ങളെ ഉൻമേഷവാനാക്കുന്നു. ഇതിൽ വൈദ്യഗുണങ്ങൾ ഉണ്ട്. ടാൽക്കം പൗഡർ കക്ഷത്തിൽ നിന്നും മറ്റും ഈർപ്പം വലിച്ചെടുക്കുന്നു. ഫംഗസ് ഇൻഫക്ഷൻ എന്നിവയും തടയുന്നു.

ഉചിതമായ പെർഫ്യൂം തെരഞ്ഞെടുക്കാം

വേനലിൽ സിട്രസും വുഡും അടിസ്ഥാനമാക്കിയുള്ള പെർഫ്യൂം ആണ് നല്ലത്. നേർത്ത സുഗന്ധമുള്ള ചന്ദന പെർഫ്യൂം മനസ്സിനും ശരീരത്തിനും കുളിർമ്മയേകും. ഇതു കൂടാതെ ലെമൺ, സ്ട്രോബറി, ലാവന്‍റഡർ, മുല്ല തുടങ്ങിയ പൂക്കളുടെ സുഗന്ധമുള്ള പെർഫ്യൂം നന്ന്.

അനാവശ്യ രോമങ്ങളിൽ നിന്ന് മുക്‌തി

വേനലിൽ വിയർപ്പിന്‍റെ പ്രശ്നങ്ങൾ അധികമായിരിക്കും. ശരീരത്തിലെ ചില ഭാഗങ്ങളിൽ രോമവളർച്ച കൂടുതലായിരിക്കും. അവിടെ വിയർപ്പും കൂടുതലായുണ്ടാവുന്നതിനാൽ ദുർഗന്ധവും ഇൻഫക്ഷനും ഉണ്ടാവുന്നു. “ശരീരത്തിലെ അനാവശ്യരോമങ്ങൾ നീക്കം ചെയ്യുന്നതിന് വാക്‌സിംഗ്, ഷേവിംഗ് എന്നിവയാണ് ഉചിതമായ മാർഗ്ഗങ്ങൾ. സ്‌ഥിരമായി രോമം നീക്കം ചെയ്യാൻ ലേസർ ടെക്‌നിക്കാണ് പ്രയോഗിക്കുന്നത് ഇത് ഫലപ്രദവുമാണ്.” നിർമ്മൽ പറയുന്നു. ഇതു കൂടാതെ പ്രകൃതിദത്തമായ രീതികളിലൂടെയും രോമ നീക്കം ചെയ്യാം.

ബിഗ് ബോസ് ഹെയർ സലൂൺ ആന്‍റ് സ്പായിലെ ഹെയർ സ്റ്റൈലിസ്റ്റ് മിലൻ ഭാട്ടിയ നൽകുന്ന ടിപ്സ്

  • പഞ്ചസാര, തേൻ, ചെറുനാരങ്ങ നന്നായി മിക്‌സ് ചെയ്‌ത് ചെറുതായി ചൂടാക്കുക. ഈ മിശ്രിതം കട്ടിയായി തുടങ്ങുമ്പോൾ കുറച്ച് വെളളം ഒഴിക്കുക. എന്നിട്ട് തണുക്കാൻ വയ്‌ക്കുക. ഇളം ചൂടോടെ ചെറിയ തവി ഉപയോഗിച്ച് രോമം നീക്കം ചെയ്യാനുള്ള ഇടങ്ങളിൽ തേയ്ക്കുക. അവിടെ തുണികൊണ്ട് കവർ ചെയ്‌ത് തിരുമുക. എന്നിട്ട് രോമ വളർച്ചയുടെ എതിർദിശയിലേക്ക് വലിച്ചെടുക്കുക.
  • രണ്ട് സ്പൂൺ പപ്പായ പേസ്‌റ്റിൽ അര സ്പൂൺ മഞ്ഞൾപൊടി ചേർക്കുക. ഈ പേസ്റ്റ് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15-20 മിനിറ്റിനു ശേഷം കൈ കൊണ്ട് സ്ക്രബ്ബ് ചെയ്‌ത് തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. ആഴ്‌ചയിൽ 1-2 തവണ ഈ പ്രക്രിയ ആവർത്തിക്കുക.

സ്ലിപ്പറുകളുടെ അടയാളം മാറാൻ എന്തുചെയ്യണം?

ചോദ്യം- എന്‍റെ കാലിൽ ചെരിപ്പിന്‍റെ പാടുകൾ ഉണ്ട്, അവ നീക്കം ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ?

ഉത്തരം: നിങ്ങളുടെ ചെരിപ്പുകൾ തീർച്ചയായും ഇറുകിയതായിരിക്കും, അതിനാലാണ് ഇത് സംഭവിക്കുന്നത്. കുറച്ച് അയഞ്ഞ ചെരിപ്പുകൾ ധരിക്കുക. ഇത് കാലിൽ പാടുകൾ ഉണ്ടാക്കുകയില്ല. ഈ അടയാളങ്ങൾ വേഗത്തിൽ മായ്‌ക്കാനും നിങ്ങൾക്ക് സ്‌ക്രബ് ചെയ്യാം. ഇതിനായി ഒന്നര ടീസ്പൂൺ ഓട്സ്, തക്കാളി പൾപ്പ്, തേൻ എന്നിവ 2 ടീസ്പൂൺ കലാമൈൻ പൊടിയിൽ ഇട്ടു ഒരു പേസ്റ്റ് ഉണ്ടാക്കി ദിവസവും കാലിൽ പുരട്ടുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ പാടുകൾ മാഞ്ഞു പോകും.

15 ദിവസത്തിലൊരിക്കൽ, ഒരു നല്ല ബ്യൂട്ടി ക്ലിനിക്കില്‍ പോയി പെഡിക്യൂർ നടത്തുക. ഇത് മൃത ചർമ്മം നീക്കം ചെയ്യുകയും ചർമ്മത്തെ മൃദുവാക്കുകയും ചെയ്യും. ചർമ്മം വളരെ ഇരുണ്ടതാണെങ്കിൽ, പെഡിക്യറിനൊപ്പം ബ്ലീച്ച് പ്രയോഗിക്കുക, കാരണം ടാനിംഗ് നീക്കം ചെയ്യാൻ ബ്ലീച്ച് വളരെ ഫലപ്രദമാണ്.

ഇതുകൂടാതെ, വീട്ടിൽ കാലുകൾ വൃത്തിയാക്കാൻ, 1 ടേബിൾ സ്പൂൺ ഷാംപൂ, 2 ടീസ്പൂൺ ഹൈഡ്രജൻ പെറോക്സൈഡ്, 1 ടീസ്പൂൺ അമോണിയ എന്നിവ അര  ബക്കറ്റ് ചൂട് വെള്ളത്തിൽ ചേർക്കുക.

കാലുകൾ ഈ വെള്ളത്തിൽ 10 മിനിറ്റ് മുക്കിവയ്ക്കുക, എന്നിട്ട് ശുദ്ധമായ വെള്ളത്തിൽ കഴുകി പ്യൂമിക് കല്ല് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ക്രീം ഉപയോഗിച്ച് മസാജ് ചെയ്യുക.

വേനൽക്കാല സീസണിൽ ചർമ്മം വളരെ വരണ്ടതായി മാറുന്നു, അതിനാൽ ഇത് നിർജീവമായി കാണാൻ തുടങ്ങുന്നു. ഈ സീസണിൽ ചർമ്മത്തിന് പ്രത്യേക മോയ്സ്ചറൈസിംഗ് ആവശ്യമാണ്.

ശൈത്യകാലത്ത്, ഈർപ്പം ഇല്ലാത്തതിനാൽ കൈകകാലുകളിലെ ചർമ്മത്തിൽ വെളുത്ത വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു, അത്തരമൊരു സാഹചര്യത്തിൽ, ഒരു സാധാരണ മാനിക്യൂർ പെഡിക്യൂർ നിന്ന് ഒരു ഗുണവും കിട്ടില്ല, പക്ഷേ ഒരു പ്രത്യേക തരം മാനിക്യൂർ പെഡിക്യൂർ ആവശ്യമാണ്. ഇതിനായി നിങ്ങൾക്ക് മെഴുകുതിരി മാനിക്യൂർ പെഡിക്യൂർ തെറാപ്പി ഉപയോഗിക്കാം. ഇത് ഉപയോഗിക്കുന്നതിലൂടെ ചർമ്മം മൃദുവും തിളക്കമുള്ളതുമായി  മാറും.

നിങ്ങൾക്ക് സമാനമായ പ്രശ്നമുണ്ടെങ്കിൽ ഈ ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കുക. grihshobha.cochin@delhipress.biz

കളിക്കളത്തിൽ കഴിവും ഗ്ലാമറും

ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിർസ ജനലക്ഷങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചത് തന്‍റെ കിടിലൻ പെർഫോമൻസ് കൊണ്ടാണ്. എന്നാൽ ടെന്നീസ് എന്തെന്നുപോലും അറിയാത്ത അതിലേറെപ്പേരുടെ ഇഷ്‌ട സ്പോർട്സ് താരമായി അവർ മാറിയത് ആ ഗ്ലാമർ കൊണ്ടും കൂടിയാണ്.

ടിവിയിലും ഇന്‍റർനെറ്റിലുമായി വ്യാപിച്ചു കിടക്കുന്ന ഗ്ലാമർലോകത്ത് സാനിയയും ഹിറ്റാണ്. കായികരംഗത്തെ സൂപ്പർ താരപരിവേഷം കൈവരാൻ സൗന്ദര്യവും സെക്‌സ് അപ്പീലും സഹായിക്കും. ഇക്കാര്യം സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കും ബാധകമാണ്. ലോകമെങ്ങും ശ്രദ്ധിക്കപ്പെടുന്ന താരമാകാൻ എങ്ങനെയൊക്കെ ഹൈലൈറ്റ് ചെയ്യണമെന്ന് അവർക്കും അറിയാം. സെക്‌സ് അപ്പീലുള്ള താരങ്ങൾക്കുള്ള ഫോളോവേഴ്സിന്‍റെ എണ്ണം മാത്രം ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാണ്.

സാനിയ മിർസയും സൈന നെഹ്‍വാളും പുറത്തിറങ്ങുമ്പോൾ ഷോർട്സ്, ഷോർട്ട്സ്കർട്ട് ഇവ ധരിച്ചു കാണാറില്ല. എന്നാൽ കളിക്കളത്തിലിറങ്ങുമ്പോൾ ഇവരെ അത്തരം വേഷത്തിലേ കാണൂ. ആ ഷോർട്സും സ്കർട്ടും ഇട്ടുള്ള കളി യുവാക്കളുടെ ഹൃദയത്തിലേക്കുള്ള ഒരു എൻട്രിക്കൂടിയാണ്.

ഈ രണ്ടു താരങ്ങളും ഗ്ലാമർ വേൾഡിൽ പെടുത്താവുന്നവരല്ലാതിരുന്നിട്ടും ഇവരുടെ ഫാൻ ഫേളോവിംഗ് ഏതൊരു ബോളിവുഡ് താരത്തെയും പോലെ ശക്‌തമാണ്. കളിയിൽ സാമർത്ഥ്യം ഉള്ള മികവു തെളിയിച്ച നിരവധി വനിതാ കായിക താരങ്ങൾ വേറെയുമുണ്ട്. എന്നാൽ അവരാരും ഇവരെപ്പോലെ ഹിറ്റാവാത്തത് ഇവർക്കൊപ്പം സെക്‌സ് അപ്പീൽ ഇല്ല എന്നതു കൊണ്ടു തന്നെയാണ്. മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും ഇങ്ങനെ സെക്‌സ് അപ്പീൽ ഉള്ള വ്യക്‌തികൾക്ക് കൂടുതൽ കാഴ്ചക്കാരുണ്ടാകുന്നതു കൊണ്ട് അവർ കൂടുതൽ ഹിറ്റാവുന്നു. അതിനാൽ കളിക്കാർക്ക് ഫിറ്റ്നസിനും കളിയിലെ മികവിനും ഒപ്പം മേക്ക് ഓവറിലും ശ്രദ്ധിക്കേണ്ടി വരുന്നു. ഗ്ലാമർ കൊണ്ടും കൂടി ഹിറ്റായ ചില വനിതാ കായികതാരങ്ങളെ  പരിചയപ്പെടാം.

നമ്പർ വൺ ഗ്ലാമറസ്

സ്റ്റെഫി ഗ്രാഫ്, മാർട്ടീന, സെറീന തുടങ്ങിയ വിദേശ കായികതാരങ്ങളുടെ ഗ്ലാമറസ് സ്റ്റൈൽ ലോകം ആരാധനയോടെ കണ്ടിരിക്കുന്ന കാലത്ത് ഒരു ഇന്ത്യൻ കായികതാരം ആ തലത്തിൽ ചൂണ്ടിക്കാട്ടാൻ ഉണ്ടായിരുന്നില്ല. സാനിയ മിർസയാണ് ആ കുറവ് നികത്തിയ ഇന്ത്യൻ താരം. കളിക്കളത്തിലെ അവരുടെ ഇറക്കം കുറഞ്ഞ സ്കർട്ട് വലിയ വിവാദമാണ് ഉയർത്തിയത്. ടീ ഷർട്ടിൽ എഴുതിയ സന്ദേശങ്ങൾ പോലും ആരാധകരെ ഇളക്കി മറിച്ചു. ഇപ്പോഴും സാനിയയുടെ പേര് ഹൈലൈറ്റ് ചെയ്യപ്പെടുന്നത് അവരുടെ ഗ്ലാമറിന്‍റെ പേരിൽ തന്നെ.

കഴിവിന്‍റെ കരുത്തിൽ

സൈന നെഹ്‍‍വാളിന് സ്കർട്ടിനെക്കാളും ഇഷ്‌ടം ഷോർട്സ് ധരിച്ച് കളിക്കളത്തിലിറങ്ങാനാണ്. സാനിയക്കൊപ്പം തന്നെ സെക്‌സ് അപ്പീൽ ഉള്ള താരം എന്ന നിലയിൽ സൈനയും ഹിറ്റായി. കളിക്കളത്തിൽ ഇടയ്‌ക്ക് സ്കർട്ടും ഷോർട്സും ധരിച്ചെത്തുന്ന സൈനയ്ക്കും തകർപ്പൻ സ്റ്റൈലിനും അവരുടെ സ്മാഷികൾക്കൊപ്പം റേറ്റിംഗ് കിട്ടി.

സെക്‌സി ലുക്ക്

ബാറ്റ്മിന്‍റൺ കോർട്ടിൽ കുഞ്ഞുപാവാട ഇട്ട് മനോഹരമായ നീണ്ട കാലുകൾ പ്രദർശിപ്പിച്ച് കളിച്ച തേജത്രാർ ജ്വാല കാണികൾക്ക് പ്രിയങ്കരിയായിരുന്നു. ബോളിവുഡ് ചിത്രത്തിൽ ഐറ്റം നമ്പർ കൂടി ചെയ്യാൻ അവരെ വിളിച്ചത് ആ സെക്‌സി ലുക്കിന്‍റെ പേരിൽ തന്നെ.

സൗന്ദര്യപ്പട്ടവും പ്രശസ്തയായ ബേസ്ബോൾ കളിക്കാരിയാണ് പ്രാചി തഹ്‍ലാൻ. ഇന്ത്യൻ കായിക രംഗത്ത് ഇത്രയും സുന്ദരിയായ താരം വേറെയില്ല എന്നു പറയാം. ചെറുപ്രായത്തിൽ കളിക്കളത്തിലിറങ്ങിയ പ്രാചിയും യുവത്വത്തിലെത്തിയപ്പോൾ ഹോട്ട് താരമായി മാറി.

ബ്യൂട്ടി വിത് ബ്രെയിൻ

ചെസ് കളിക്കാരിയായ താനിയ സച്ദേവ് ബുദ്ധി ശക്‌തിയിൽ മാത്രമല്ല സൗന്ദര്യത്തിലും മുന്നിലാണ്. ബ്യൂട്ടി വിത് ബ്രെയിൻ എന്ന വിശേഷണം തികച്ചും യോജിക്കുന്ന കളിക്കാരിയാണ്.

ബോൾഡ് ആന്‍റ് സെക്സി

ലോകത്തിലെ ഏറ്റവും ടോപ്പ് 10 സ്ക്വാഷ് കളിക്കാരിൽ ഒരാളാണ് കേരളത്തിന്‍റെ സുന്ദരി ദീപിക പള്ളിക്കൽ. മോഡലിംഗിലും തിളങ്ങുന്ന ദീപികയുടെ സ്റ്റൈൽ ആന്‍റ് ബ്യൂട്ടി കളിക്കളത്തിൽ ചർച്ചാവിഷയമാണ്.

കുലീന സൗന്ദര്യം

ഗോൾഫ് കളിക്കാരിൽ മുമ്പന്തിയിൽ നിൽക്കുന്ന ശർമ്മിള നിക്കോളേറ്റ് തന്‍റെ സെക്‌സ് അപ്പീൽ കൊണ്ട് ഗോൾഫ് കളിയുടെ റേറ്റിംഗ് കൂട്ടി.

നല്ല കളിക്കാർ, പക്ഷേ സെക്‌സ് അപ്പീൽ ഇമേജ് ഇല്ലാത്തവർ എന്ന വിഭാഗത്തിലും ധാരാളം വനിതകൾ ഉണ്ട്. പ്രശസ്ത വെയ്റ്റ് ലിഫ്റ്റിംഗ് താരവും ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്നവളുമായ കർണ്ണം മല്ലേശ്വരി, സ്പ്രിന്‍റ് റാണ് പിടി ഉഷ, ബോക്‌സിംഗ് ചാമ്പ്യൻ മേരി കോം, നീന്തൽ താരം നിഷാ മില്ലെറ്റ് എന്നിവർ സെക്‌സ് അപ്പീൽ ഇല്ലെങ്കിലും കായികമായ കഴിവു കൊണ്ടു മാത്രം ശ്രദ്ധിക്കപ്പെട്ടവരാണ്.v

വെഡിംഗ് റിംഗ്

എപ്പോഴത്തെയും പോലെ ഇന്നു വൈകുന്നേരവും ഫാൻസി നമ്പറുള്ള മേഴ്സിഡസ് കാർ ലഖ്നൗവിലെ ഏറ്റവും മുന്തിയ സ്റ്റാർ ഹോട്ടലിനു മുമ്പിൽ വന്നു നിർത്തി. ഹേമന്ദ് കാറിൽ നിന്നിറങ്ങി ഹോട്ടലിലലെ ഫുഡ് കോർട്ടിലേയ്ക്ക് കയറി. ഫ്രണ്ട് ഓഫീസിലുള്ളവർ അയാളെ ബഹുമാനത്തോടെ വണങ്ങി. അയാൾ പുഞ്ചിരിച്ചു.

ഹേമന്ദ് ചുറ്റിലും നോക്കി. ആളൊഴിഞ്ഞ ഒരിടത്ത് ഇരുന്നു. അയാളുടെ തൊട്ട് മുന്നിലെ സീറ്റിൽ ഒരു സുന്ദരി ഇരിപ്പുണ്ടായിരുന്നു. അവൾ ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് ഹേമന്ദ് ഒളികണ്ണിട്ടു നോക്കി. വീണ്ടും വീണ്ടും നോക്കാൻ പ്രേരിപ്പിക്കുന്ന കരിഷ്മ അവൾക്ക് ഉണ്ടായിരുന്നു. അയാൾ അവളുടെ അരികിൽ ചെന്ന് ഒരു കസേര വലിച്ചിട്ട് ഇവിടെ ഇരുന്നോട്ടെ എന്ന് ചോദിച്ചു.

“ഇരുന്നോളൂ” അവൾ പുഞ്ചിരിച്ചു. എന്തെങ്കിലും സംസാരിക്കുന്നതിനു മുമ്പ് തന്നെ ഹേമന്ദ് ഡ്രിങ്ക് ഓഫർ ചെയ്‌തു.

“നോ, സ്ട്രിക്റ്റിലി നോ. ഐ ഡോണ്ട് ടേക്ക് വൈൻ” അവൾ വിദേശ ഉച്ചാരണത്തോടെ പറഞ്ഞു.

ഇവർ വിദേശത്ത് സെറ്റിൽഡ് ആണെന്ന് ഹേമന്ദിന് മനസ്സിലായി.

നാടും പേരും ചോദിക്കുന്നതിനു മുമ്പ് തന്നെ അവൾ സംസാരിച്ചു തുടങ്ങി. “ഞാൻ കാനഡയിലാണ് താമസിക്കുന്നത്. അവിടെ എല്ലായ്പ്പോഴും വൈൻ ഓഫർ ചെയ്യുന്നത് ഒരു സാധാരണ കാര്യമാണ്. പക്ഷേ ഞാൻ മദ്യപിക്കാറില്ല. ആൽക്കഹോൾ വിരോധിയാണ്.”

“നിങ്ങളുടെ പേര്?” ഹേമന്ദ് ചോദിച്ചു.

“പേരറിഞ്ഞിട്ട് എന്തു ചെയ്യാനാണ്? ഞാൻ ഏതാനും മാസം ഇന്ത്യയിൽ കഴിയാൻ വന്നതാണ്. കുറച്ചു ദിവസങ്ങൾക്കകം മടങ്ങിപ്പോവും. എല്ലാ വൈകുന്നേരവും ഒന്നു റിലാക്‌സ് ചെയ്യാനായി ഇവിടെ വരാറുണ്ട്. ഇത്രയും വിവരങ്ങൾ അറിഞ്ഞാൽ മതിയോ?” അവൾ വാച്ച് നോക്കിയ ശേഷം പോകാനായി എഴുന്നേറ്റു.

“പ്ലീസ്, കുറച്ചു നേരം കൂടി ഇരിക്കൂ. എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. എന്നെ തെറ്റിദ്ധരിക്കരുത്. നിങ്ങൾ എന്നെ വല്ലാതെ ഇംപ്രസ് ചെയ്‌തു” ഹേമന്ദ് പറഞ്ഞു.

മോഡേൺ സ്റ്റൈലിൽ സാരിയണിഞ്ഞ അവൾ ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം അവിടെ തന്നെ ഇരുന്നു.

“പ്രിയ എന്നാണ് എന്‍റെ പേര്. എൻആർഐ ആണ്. ഇന്ത്യയിൽ ഗസ്റ്റ് ആയി വന്നതാണ്. ചുറ്റി കറങ്ങാനായി. ഇവിടെ എന്‍റെ മുത്തച്ഛൻ ഉണ്ട്. അദ്ദേഹത്തെ കാണാനായി വന്നതാണ്. എന്‍റെ രക്ഷിതാക്കൾ വർഷങ്ങൾക്ക് മുമ്പ് കാനഡയിലേയ്‌ക്ക് കുടിയേറിയതാണ്. അവരവിടെ സർക്കാർ സ്ക്കൂളിൽ ടീച്ചർമാരാണ്.”

ഇത്രയും പറഞ്ഞ് കൊണ്ട് അവൾ വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ഹേമന്ദ് പറഞ്ഞു. “ആയിക്കൊട്ടെ ഞാൻ നിങ്ങളെ മുത്തച്ഛന്‍റെ വീട്ടിൽ കൊണ്ട് വിടാം. എന്നെ വിശ്വസിക്കാം. പ്രയാസമാണെങ്കിൽ മുത്തച്ഛന്‍റെ അനുവാദം വാങ്ങിക്കോളൂ. സൂപ്പർ ഇൻഡസ്ട്രീസിന്‍റെ മുതലാളിയുടെ വണ്ടിയിലാണ് വീട്ടിലേയ്‌ക്ക് വരുന്നതെന്ന് മുത്തച്ഛനോട് പറഞ്ഞോളൂ. ലഖ്നൗവിൽ സൂപ്പർ ഇൻഡസ്ട്രീസ് അറിയാത്തവരായി ആരും ഉണ്ടാവില്ല.”

പ്രിയ അയാളോട് വിസിറ്റിംഗ് കാർഡ് ചോദിച്ചു. അതു വാങ്ങി നോക്കി പേഴ്സിൽ വച്ച ശേഷം ഒന്നിച്ചു പോകാൻ സമ്മതിച്ചു. വണ്ടിയിൽ കയറി ഇരുന്നതും ഹേമന്ദ് ഉത്സാഹഭരിതനായി കാണപ്പെട്ടു. ഒരു അപരിചിതയോട് ഹേമന്ദ് തന്‍റെ സ്വന്തമെന്ന പോലെ ഇടപെടുന്നതെന്തെന്ന് മനസ്സിലായില്ല. പ്രിയയുടെ വ്യക്‌തിത്വത്തിൽ അത്രയ്ക്കും ഹേമന്ദ് ആകൃഷ്ടനായിപ്പോയിരുന്നു.

വണ്ടിയിൽ ഇരിക്കുമ്പോൾ ഹേമന്ദ് കുടുംബ കാര്യങ്ങൾ ചോദിക്കുന്നത് നിർത്തി തന്‍റെ ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. വണ്ടി മുന്നോട്ട് നീങ്ങി എവിടേക്കാണ് പോവേണ്ടതെന്ന് ഹേമന്ദ് ചോദിച്ചു.

“ഏതാണ് റൂട്ട്?”

ഹേമന്ദ് ചോദിച്ചു.

“അമിനാബാദ്” പ്രിയ ഉടനെ പറഞ്ഞു.

“നിങ്ങളുടെ മുത്തച്ഛൻ എന്താണ് ചെയ്യുന്നത്?” ഹേമന്ദ് നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു.

തന്‍റെ മുത്തച്ഛൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിൽ ആണ് ജോലി ചെയ്യുന്നത്. അമിനാബാദിൽ ആണ് മുത്തച്ഛന്‍റെ ഫ്ളാറ്റ്.

“വണ്ടി നിർത്താമോ, എന്‍റെ വീട് ഇവിടെ അടുത്ത് തന്നെയാണ്” പ്രിയ പറഞ്ഞു.

“ആയിക്കോട്ടെ ഞാൻ വീട്ടിൽ വിട്ടു തരാം” ഹേമന്ദ് ഉത്സാഹത്തോടെ പറഞ്ഞു.

“അയ്യോ… വേണ്ട വേണ്ട. ഞാൻ തനിയേ പോയി കൊള്ളാം” പ്രിയ പറഞ്ഞു.

വീണ്ടും കാണാം എന്നൊന്നും ഇരുവരും പറഞ്ഞില്ല. പ്രിയ വണ്ടിയിൽ നിന്നിറങ്ങി വേഗം റോഡ് ക്രോസ് ചെയ്തു. ഹേമന്ദ് തന്‍റെ വീട്ടിലേയ്‌ക്ക് കാർ ഓടിച്ചു പോയി. അയാളുടെ മനസ്സ് മുഴുവൻ അവളായിരുന്നു. ഗേറ്റിൽ പാറാവു നിൽക്കുന്ന വൃദ്ധൻ ഹേമന്ദിനെ കണ്ട് ചോദിച്ചു. “അല്ല സാർ ഇന്ന് വളരെ നേരത്തെയാണല്ലോ.”

ഹേമന്ദ് മറുപടിയൊന്നും പറയാതെ കാർ പോർച്ചിലേയ്‌ക്ക് കയറ്റി. അമ്മ മുറിയിലായിരുന്നു. ഏക സഹോദരി മകനെ പഠിപ്പിച്ചു കൊണ്ട് ഡ്രോയിംഗ് റൂമിലായിരുന്നു.

“ബിനി എന്താ ചെയ്യുന്നേ?” ഹേമന്ദ് ചോദിച്ചു.

ബിനി പക്ഷേ മറ്റൊരു ചോദ്യമാണ് ഉന്നയിച്ചത്” അല്ല ചേട്ടൻ ഇന്ന് നേരത്തെ പോന്നോ? എങ്കിൽ നമുക്ക് പോയി എനിക്കുള്ള ബർത്ത് ഡേ ഗിഫ്‌റ്റ് വാങ്ങി വരാം.”

ചിരിച്ചു കൊണ്ട് വീട്ടു ജോലിക്കാരി ഒരു ഗ്ലാസ് ആപ്പിൾ ജ്യൂസുമായി വന്നു. ഹേമന്ദ് ജ്യൂസ് കുടിക്കുന്നതിനിടയിൽ പത്രം ഒന്ന് ഓടിച്ചു നോക്കി. ബിനിയോട് പറഞ്ഞു“ എങ്കിൽ വേഗം റെഡിയായിക്കോളൂ. നിന്‍റെ സെറ്റ് വാങ്ങാം.”

അവർ ഡയമണ്ട് സെറ്റ് വാങ്ങി മടങ്ങുമ്പോൾ ധൈര്യം സംഭരിച്ചു കൊണ്ട് ചോദിച്ചു. “അല്ല ചേട്ടാ… ഒരു സെറ്റ് ഞാൻ എന്‍റെ ഇഷ്‌ടത്തിനുള്ളത് എടുത്തു. പക്ഷേ മറ്റൊരു സെറ്റ് ചേട്ടന്‍റെ ഇഷ്‌ടത്തിനുള്ളത് എടുത്തിരിക്കുന്നു. എന്താ കാര്യം ഹെ ഹെ?”

ഇത് കേട്ട് ഹേമന്ദ് ഹൃദയം തുറന്ന് ചിരിച്ചു. അയാൾക്ക് അതിന് കൃത്യമായി ഒരു ഉത്തരം പറയാൻ കഴിഞ്ഞില്ല. വീട്ടുകാർ 2 വർഷമായി കാത്തിരിക്കുന്ന സംഗതി ഉടനെ സംഭവിക്കുമെന്ന് ബിനിക്ക് തോന്നി. ഒരുപാട് വിവാഹലോചനകൾ വേണ്ടെന്ന് പറഞ്ഞ ആൾ ഇപ്പോൾ 18 ലക്ഷം രൂപയുടെ ഡയമണ്ട് സെറ്റ് എന്തിനാണ് വാങ്ങിയത്? തീർച്ചയായും വരാനിരിക്കുന്ന നാത്തൂന് വേണ്ടിയാവും…

വീട്ടിലെത്തിയതും ബിനി ഈ രഹസ്യം പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും വലിയ സന്തോഷമായി. വീട്ടുജോലിക്കാരി സന്തോഷം അടക്കാനാവാതെ അന്ന് സ്പെഷ്യൽ ഭക്ഷണം തന്നെ ഒരുക്കി. ഭക്ഷണ ശേഷം ഒരുപാട് നേരം എല്ലാവരും സംസാരിച്ചിരുന്നു. പിന്നെ ഹേമന്ദിന് ഉറക്കം വന്നപ്പോഴാണ് എല്ലാവരും ഉറങ്ങാനായി പോയത്.

നേരം വെളുത്തപ്പോൾ ഒരു മൂളിപ്പാട്ട് പാടികൊണ്ടാണ് ഹേമന്ദിന്‍റെ അച്‌ഛൻ ബെഡ് കോഫി നുണഞ്ഞത്. പകൽ മുഴുവൻ ബിനിയും അമ്മയും കല്യാണത്തിന്‍റെ ഒരുക്കത്തിനെപ്പറ്റി സംസാരിച്ചു. അവൾ ക്ഷണിക്കേണ്ട അതിഥികളുടെ ലിസ്റ്റ് വരെ തയ്യാറാക്കി കളഞ്ഞു.

വീണ്ടും വൈകുന്നേരമായി. അതേ സായാഹ്നം. അതേ റെസ്റ്റോറന്‍റ് പക്ഷേ ഒരുപാട് കാത്തിരിന്നിട്ടും പ്രിയ അവിടെ എത്തിയില്ല. വളരെ നിരാശ നായാണ് ഹേമന്ദ് അന്ന് രാത്രി വീട്ടിലെത്തിയത്.

അടുത്ത ദിവസം വൈകുന്നേരം ഏറെ വൈകിയാണ് പ്രിയ റസ്റ്റോറന്‍റിൽ എത്തിയത്. അവളെ കണ്ടതും ഹേമന്ദ് ഓടി അടുത്ത് ചെന്നു. എന്നിട്ട് ഹൃദയമിടിപ്പോടെ ചോദിച്ചു“ ഇന്നലെ എന്താണ് വരാതിരുന്നത്?”

“ഞാൻ വരാഞ്ഞതിൽ നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടും നേരിട്ടോ?” പ്രിയ ഇഷ്‌ടത്തോടെയല്ല സംസാരിച്ചത്.

ഹേമന്ദ് തന്‍റെ മനസ്സിലുള്ളത് അവളോട് തുറന്ന് പറഞ്ഞു.

“നിന്നെപ്പോലുള്ള ഒരു പെൺകുട്ടിയെയാണ് ഞാൻ തേടിക്കൊണ്ടിരുന്നത്. എന്‍റെ ലൈഫ് സ്റ്റൈലുമായി മാച്ച് ചെയ്യുന്നത്. എന്‍റെ അമ്മയ്ക്കും അനിയത്തിക്കും നിറയെ സ്നേഹം കൊടുക്കുന്ന ഒരാളെ. ഇന്ത്യൻ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരാൾക്കേ അതിനു കഴിയൂ. സത്യം പറയാല്ലോ. നിന്‍റെ വിവാഹം നടന്നിട്ടില്ലായെങ്കിൽ നിന്നെ വിവാഹം കഴിക്കാൻ ഞാനാഗ്രഹിക്കുന്നു.”

പ്രിയ ഹേമന്ദിനെ തന്നെ തുറിച്ചു നോക്കിയിരുന്നു. “എന്നെപറ്റി നന്നായി അന്വേഷിക്കുക പോലും ചെയ്യാതെ എന്തിനാണിങ്ങനെയൊരു തീരുമാനം എടുക്കുന്നത്? നിങ്ങൾക്ക് എന്‍റെ പേരല്ലാതെ മറ്റൊന്നും അറിയില്ല. നിങ്ങളെപറ്റിയും എനിക്കൊന്നും അറിയില്ല. എനിക്കെന്‍റെ രക്ഷിതാക്കളോടും സംസാരിക്കണം. നിങ്ങൾ നിങ്ങളുടെ വീട്ടുകാരെപ്പറ്റി ചിന്തിക്കുന്നതുപോലെ എനിക്കും ചില സ്വപ്നങ്ങൾ ഉണ്ട്. വീട്ടുകാരുടെ ഇഷ്‌ടത്തിനെതിരായി ഞാനൊന്നും ചെയ്യില്ല. വിവാഹശേഷം ജീവിതം ഇതുപോലെ സ്മൂത്ത് ആകുമെന്ന് ആർക്കറിയാം?” പ്രിയ പറഞ്ഞു. ആവേശത്തിലായിരുന്നു ഹേമന്ദ്.

“വരൂ നമുക്ക് എന്‍റെ വീട്ടിൽ പോകാം. അവിടെ ഇരുന്ന് ഒരു തീരുമാനത്തിൽ എത്താം.”

ഹേമന്ദിന്‍റെ കൂടെ വീട്ടിൽ പോകാൻ പ്രിയ കൂട്ടാക്കിയില്ല. മുത്തച്ഛനൊപ്പം മാത്രമേ വീട്ടിൽ വരൂ എന്ന നിലപാടിലായിരുന്നു പ്രിയ. കാറിൽ കയറി ഇരുന്നപ്പോൾ നാളെ മുത്തച്ഛനുമായി വരാമെന്ന് അവൾ ഹേമന്ദിന് വാക്ക് കൊടുത്തു, എന്നിട്ട് പതിവായിറങ്ങുന്ന സ്‌ഥലത്ത് കാറിറങ്ങി.

അടുത്ത ദിവസം അതേ റസ്റ്റോറന്‍റിൽ. സൂര്യാസ്തമയം മനോഹരമായിരുന്നു. പ്രിയയും അതിസുന്ദരിയായി കാണപ്പെട്ടു. പതിവിലധികം അണിഞ്ഞൊരുങ്ങിയപോലെ. അവളുടെ കൂടെ 20-22 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. ചോദിച്ചപ്പോൾ തന്‍റെ കസിൻ ആണെന്നാണ് പ്രിയ പറഞ്ഞത്. മുത്തച്ഛന് ഓഫീസ് ആവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ പോകേണ്ടി വന്നുവത്രേ. ഇനി ഒരാഴ്ച കഴിഞ്ഞേ വരൂ. അതാണ് കസിനെയും കൂട്ടി വന്നത്.

ഹേമന്ദ് മിണ്ടാതെയിരുന്നു. പക്ഷേ പ്രിയ ഹേമന്ദിന്‍റെ അസ്‌ഥിയിൽ പിടിച്ചിരുന്നു. അവളുടെ വിചാരമേയുള്ളൂ അയാൾക്ക്, ഏതുനേരവും. ഇനി ഒരടി പിന്നോട്ട് മാറാൻ അയാൾക്കാവില്ലായിരുന്നു. അവരെയും കൊണ്ട് വീട്ടിൽ പോകാൻ അയാൾ തീരുമാനിച്ചു.

പ്രിയയെയും കസിനെയും കൊണ്ട് ഹേമന്ദിന്‍റെ വീട്ടിലെത്തി. ബിനിയും അമ്മയും ഗേറ്റിനരികിൽ വന്ന് അവരെ സ്വാഗതം ചെയ്തു. ബിനി പ്രിയയുടെ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് കൂട്ടി കൊണ്ടുപ്പോയി.

ഐശ്വര്യമുള്ള എന്നാൽ സ്മാർട്ടായി തോന്നിക്കുന്ന പെൺകുട്ടിയെ കണ്ട് എല്ലാവർക്കും വലിയ ഇഷ്‌ടമായി. പക്ഷേ ഹേമന്ദിന്‍റെ അച്ഛൻ ഉടനെ ഒരു തീരുമാനമെടുക്കാൻ തയ്യാറല്ലായിരുന്നു. പക്ഷേ ഹേമന്ദിന്‍റെയും ബിനിയുടെയും അമ്മയുടെയും ഇഷ്‌ടത്തിനെതിരായി അച്‌ഛന് ഒന്നും ചെയ്യാനായി കഴിയുമായിരുന്നില്ല.

നല്ല മരുമകളെ കിട്ടുന്ന സന്തോഷത്തിൽ മറ്റൊന്നും ആലോചിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. അത്രയും ഉത്സാഹത്തിലായിരുന്നു അവർ. ഹേമന്ദ് വാങ്ങി കൊണ്ടു വന്ന 18 ലക്ഷത്തിന്‍റെ ഡയമണ്ട് സെറ്റ് അമ്മ പ്രിയക്ക് എടുത്ത് അണിയിച്ചു കൊടുത്തു.

വിവാഹ നിശ്ചയത്തെ പറ്റിയുള്ള ചർച്ച വന്നപ്പോൾ പ്രിയ പറഞ്ഞു. “എന്‍റെ രക്ഷിതാക്കൾ അടുത്ത മാസം വരും. ആ സമയത്ത് നടത്താം. അപ്പഴേ അവർക്ക് ഇന്ത്യയിലെത്താൻ കഴിയൂ. ഞാൻ അമ്മയുമായി സംസാരിച്ചിരുന്നു. എന്‍റെ ഇഷ്‌ടമാണ് അവരുടെയും ഇഷ്‌ടം.”

ഹേമന്ദിന് ഒരു ബിസിനസ്സ് ട്രിപ്പിനായി വിദേശത്ത് പോകേണ്ടതുണ്ടായിരുന്നു. തന്‍റെ സ്വപ്നം എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാകണമെന്ന് ഹേമന്ദ് ആഗ്രഹിച്ചു.

വിവാഹ നിശ്ചയം ഉടനെ വേണമെന്നായിരുന്നു ഹേമന്ദിന്. അതിനാൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ ചടങ്ങ് നടത്താൻ തീരുമാനിച്ചു. ഒരുക്കങ്ങൾ എല്ലാം ഹേമന്ദ് തന്നെ ചെയ്‌തു. പ്രിയയുടെ ഭാഗത്ത് നിന്ന് ആർക്കും തന്നെ പങ്കെടുക്കാനായില്ലെന്ന് അറിയാവുന്നത് കൊണ്ട് മറ്റൊരു ചടങ്ങ് പിന്നീട് നടത്താമെന്നും ഉറപ്പിച്ചു.

ഫൈവ് സ്റ്റാർ ഹോട്ടലിലെ ബൊക്കറ്റ് ഹാളിൽ ഹേമന്ദിന്‍റെ കുടുംബക്കാരും 100 അതിഥികളും എത്തി. പ്രിയയെപ്പറ്റിയും അവളണിഞ്ഞ ഡയമണ്ടിനെപ്പറ്റിയും ആളുകൾ സംസാരിച്ചു കൊണ്ടിരുന്നു. ഹേമന്ദ് അവൾക്ക് ഡയമണ്ടിന്‍റെ മോതിരം അണിയിച്ചു.

പ്രിയയും ഒരു വലിയ സ്വർണ്ണ മോതിരം കൈമാറി. ഹേമന്ദിന്‍റെ അമ്മ 25 ലക്ഷം രൂപ വില വരുന്ന ഡയമണ്ട് സെറ്റ് പ്രിയക്കു നൽകി. ഡിന്നറിനു ശേഷം എല്ലാ അതിഥികളും ആശംസകൾ അർപ്പിക്കാനെത്തി. കുറച്ചു സമയത്തിനകം തന്നെ എല്ലാവരും പിരിഞ്ഞുപോയി. ബിനിയും അമ്മയും ചേർന്ന് ഗിഫ്റ്റായി കിട്ടിയ വസ്‌തുക്കളും ക്യാഷും എണ്ണിതിട്ടപ്പെടുത്തി. ഏകദേശം 5 ലക്ഷം രൂപ ക്യാഷായും 85 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഉണ്ടായിരുന്നു. ബിനി പ്രിയയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. എന്നിട്ട് കിട്ടിയ ഗിഫ്റ്റുകളെല്ലാം ഒരു വലിയ പാക്കറ്റിലാക്കി പ്രിയക്കു നൽകി.

ഹേമന്ദ് പ്രിയയെ കൊണ്ടുവിടാനായി ഡ്രൈവറെ ചട്ടം കെട്ടി. ഗാർഡിനോടും കൂടെ പോകാനായി നിർദ്ദേശിച്ചു. അടുത്ത ദിവസം ഒന്നിച്ച് ലഞ്ച് കഴിക്കാമെന്ന ഉറപ്പിൽ ഹേമന്ദ് പ്രിയയെ കാറിൽ കയറ്റി വിട്ടു. പ്രിയയ്ക്ക് അയാളോട് വല്ലാത്ത പ്രേമം തോന്നി. അവളുടെ കണ്ണുകളിൽ അയാളും അത് വായിച്ചെടുത്തു. ബൈ.. അയാൾ പറഞ്ഞു.

അടുത്ത ദിവസം രാവിലെ ഹേമന്ദ് ഓഫീസിലെത്തി പ്രധാന ജോലികൾ എല്ലാം പെട്ടെന്ന് തീർത്തു. ഓഫീസ് സ്‌റ്റാഫുകൾ പലരും അയാളുടെ ക്യാബിനിൽ എത്തി അഭിനന്ദിച്ചു. ഹേമന്ദ് മിഠായി വിതരണം ചെയ്യാൻ ഓഡർ നൽകി. അതു കഴിഞ്ഞ് അയാൾ പ്രിയയുടെ വീട്ടിലേക്ക് വണ്ടി വിട്ടു.

20-25 മിനിറ്റിനു ശേഷം അമിനാബാദ് എത്തിയതും ഡ്രൈവർ പ്രിയ സ്ഥിരം ഇറങ്ങാറുള്ള സ്‌ഥലത്ത് വണ്ടി നിർത്തി.

“ഇനി എവിടെക്കാണ് പോകേണ്ടത് സർ?” ഡ്രൈവർ ചോദിച്ചു.

“പ്രിയ മാഡത്തിന്‍റെ വീട്ടിലേയ്‌ക്ക്” ഹേമന്ദ് ഡ്രൈവറെ നോക്കി.

“സാർ, മാഡം സ്‌ഥിരമായി ഇവിടെയാണ് ഇറങ്ങാറുള്ളത്. ഈ വഴിയിലേയ്‌ക്ക് കാർ കയറാൻ ബുദ്ധിമുട്ടാണെനാണ് പറയാറ്. വളയ്ക്കാൻ പ്രയാസമാണത്രേ” ഡ്രൈവർ മറുപടി നൽകി.

“മണ്ടത്തരം, നീ മാഡത്തെ വഴിയിലാണോ ഇറക്കി വിടുന്നത്. വിവാഹം നിശ്ചയ ദിവസം ഗാർഡിനെയും കൂടെ വിട്ടിരുന്നു. അവൻ എന്തായാലും കൂടെ പോയി കാണും. അവനെ വിളിച്ചു ചോദിക്കൂ” ഹേമന്ദിന് ദേഷ്യം വരുന്നുണ്ടായിരുന്നു.

ഗാർഡ് ബംഗ്ലാവിൽ ഡ്യൂട്ടിയിലായിരുന്നു. അയാൾ ഫോണെടുത്ത് മറുപടി പറഞ്ഞു. “ഞാൻ ഒരുപാട് നിർബന്ധിച്ചതാണ് സാർ, പക്ഷേ മാഡം ഒറ്റയ്‌ക്ക് പോയി കൊള്ളാമെന്ന് പലവട്ടം കർശനമായി പറഞ്ഞു. അതിനാൽ വഴിയിൽ വച്ച് ഞാൻ തിരിച്ചു പോന്നു. വീട് ഞാൻ കണ്ടില്ല.”

ഹേമന്ദ് ഉറക്കെ ചോദിച്ചു. “അലവലാതികൾ, ഞാൻ നിന്നെ മാഡത്തിന്‍റെ സുരക്ഷയ്ക്കല്ലെ കൂടെ വിട്ടത്. എന്നിട്ട് ഇടയ്ക്ക് വച്ച് വഴിയിൽ ഉപേക്ഷിച്ചു പോന്നു. ഞാൻ നിങ്ങളെ രണ്ടാളേയും പിരിച്ചു വിടാൻ പോവുകയാ.”

ഹേമന്ദ് പ്രിയയുടെ ഫോണിലേയ്‌ക്ക് വിളിച്ചു. പക്ഷേ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. അയാൾ ഓഫീസിൽ എത്തിയിട്ട് വീണ്ടും മാറി മാറി വിളിച്ചു കൊണ്ടിരുന്നു. ലാൻറ് ലൈനിൽ നിന്ന് ട്രൈ ചെയ്തപ്പോൾ കിട്ടി. അവൾ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു.

“എന്‍റെ കസിന്‍റെ ആരോഗ്യസ്‌ഥിതി വളരെ മോശമായിരിക്കുകയാണ്. ഡോക്‌ടർ നോക്കി കൊണ്ടിരിക്കുകയാണ്. ഞാൻ രാത്രി അങ്ങോട്ട്‌ വിളിച്ചോളാം” ഇത്രയും പറഞ്ഞ ശേഷം ഫോൺ കട്ടായി.

ഹേമന്ദിന് ഉറക്കം നഷ്‌ടപ്പെട്ടു. രാത്രി അയാൾ വളരെ അസ്വസ്ഥനായിരുന്നു. രാവിലെ വ്യായാമം ചെയ്യാൻ പോലും നിൽക്കാതെ അയാൾ അമിനാബാദിലേയ്ക്ക് പുറപ്പെട്ടു. വിവാഹ നിശ്ചയം കഴിഞ്ഞ് 6 മണിക്കൂർ പിന്നിട്ടിരുന്നു. പ്രിയയുമായി എല്ലാ സമ്പർക്കവും നഷ്‌ടപ്പെട്ടിരുന്നു.

ഡ്രൈവർ അടയാളം പറഞ്ഞ സ്‌ഥലത്തേയ്ക്ക് ഹേമന്ദ് ഇറങ്ങി നടന്നു. അവിടെ ഫുട്പാത്തിൽ ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു. അയാൾ ഒരു ചായ വാങ്ങി കുടിച്ചു. ഇന്ന് എന്തായാലും അവളെ കണ്ടേ പറ്റൂ. കടക്കാരനോട് കുശലം പറഞ്ഞ ശേഷം അയാൾ പ്രിയയുടെ കാര്യം അന്വേഷിച്ചു.

രണ്ട് പ്രാവശ്യം നിങ്ങൾ പറഞ്ഞ സൂചനകൾ ഉള്ള ഒരു പെൺകുട്ടി ഇവിടെ കാർ ഇറങ്ങുന്നത് കണ്ടിരുന്നു. അതിൽ കൂടുതലൊന്നും കടക്കാരനും അറിയില്ലായിരുന്നു. ഹേമന്ദ് നിരാശനായി.

“നിങ്ങൾ പറഞ്ഞതുപോലുള്ള അനേകം സ്ത്രീകൾ ഉണ്ട്. പക്ഷേ രാത്രി ആയതിനാൽ മുഖം ശരിക്കും കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഒരു കാര്യം എനിക്കുറപ്പാണ്. ഞാൻ കണ്ട സ്ത്രീ നിങ്ങൾ ഇപ്പോൾ വന്ന വണ്ടിയിലാണ് രണ്ട് പ്രാവശ്യവും ഇവിടെ വന്നിറങ്ങിയത്.” കടക്കാരൻ പറഞ്ഞു.

ഹേമന്ദ് കോളനിയിലെ ഇടുങ്ങിയ വഴിയിലേയ്‌ക്ക് കയറി നടന്നു. രാവിലെ ആയതിനാൽ മിക്കവാറും ആളുകൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പ്രിയ എന്ന് പേരുള്ള ഒരു പെൺകുട്ടിയെ അറിയില്ലെന്നാണ് മിക്കവരും പറഞ്ഞത്. എന്നാൽ വിദ്യാസമ്പന്നനായ ഒരു വൃദ്ധ മൗലവി പറഞ്ഞ കാര്യം കേട്ട് ഹേമന്ദിന്‍റെ കാലിനടിയിൽ നിന്ന് മണ്ണ് ചോർന്ന് പോകുന്നതുപോലെ തോന്നി.

“മോനെ, ഈ കോളനിയിൽ കൂലി വേലക്കാരാണ് അധികവും താമസിക്കുന്നത്. പലരും ചെറിയ ചെറിയ ജോലി ചെയ്യുന്നവർ. ഇവിടെ ഒരിക്കലും ഒരു എൻആർഐ വരാനിടയില്ല. നിങ്ങൾ പറഞ്ഞപോലെയുള്ള പെൺകുട്ടി ഇങ്ങനെയുള്ള ഒരു സെറ്റപ്പിൽ താമസിക്കുമോ? ഞാനങ്ങനെ ഒരാളെ ഇതുവരെ കണ്ടിട്ടുമില്ല. മാത്രമല്ല ഈ തെരുവ് ഇവിടെ അവസാനിക്കുകയാണ്. അതിനപ്പുറത്ത് ആൾതാമസമില്ലാത്ത ചതുപ്പാണ്. നിങ്ങൾ തെറ്റായ സ്‌ഥലത്താണ് വന്നതെന്ന് തോന്നുന്നു.”

താൻ ചതിയിൽപ്പെട്ടതാണെന്ന് ഹേമന്ദിനു തോന്നി തുടങ്ങി. പ്രിയയുടെ വീടിന്‍റെ വിലാസം ഒരിക്കലും ഇതുപോലെയൊരിടത്താവില്ല. ഹേമന്ദ് ഉടനെ കാർ എടുത്ത് റസ്റ്റോറന്‍റിലേയ്‌ക്ക് വിട്ടു.

അവിടെ അടിച്ചു തുടയ്‌ക്കുന്നവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹേമന്ദിനെ രാവിലെ തന്നെ കണ്ടതിനാൽ എല്ലാവരും പുറത്തേക്ക് വന്നു. അയാൾക്ക് അവിടെ നിന്ന് ലഭിച്ച വിവരം അയാളുടെ സംശയം ബലപ്പെടുത്തുന്നതായിരുന്നു.

ഹേമന്ദിന്‍റെ അടുത്തേയ്ക്ക് വന്ന് ഒരു സെക്യൂരിറ്റി ഗാർഡ് ചില വിവരങ്ങൾ നൽകി.“ മാഡം ആദ്യമായി വന്ന ദിവസം എന്നോട് സൂപ്പർ ഇൻഡസ്ട്രീസിന്‍റെ ഹേമന്ദ് രസ്ത്തോഗി ആരാണെന്ന് ചോദിച്ചിരുന്നു. ഞാൻ സാറിനെ കാണിച്ചുകൊടുത്തിരുന്നു. പിന്നെ നിങ്ങൾ രണ്ടാളും ഒന്നിച്ചു പുറത്തേയ്ക്ക് പോയപ്പോൾ ഞാൻ കരുതിയത് നിങ്ങൾ നേരത്തെ പരിചയമുള്ളവരാണെന്നാണ്.”

ഇതു കൂടി കേട്ടതോടെ ഹേമന്ദിന്‍റെ തല പെരുക്കാൻ തുടങ്ങി. പ്രിയ എന്തിനോ വേണ്ടി ഒരുങ്ങി പുറപ്പെട്ടതാണെന്ന് മനസ്സിലായി. എല്ലാം പ്ലാൻ ചെയ്ത പരിപാടികൾ ആയിരുന്നു. ഹേമന്ദ് കബളിപ്പിക്കപ്പെട്ടിരിക്കുന്നു.

ഹേമന്ദ് സമനില തിരിച്ചു പിടിച്ച് കാറിൽ കയറി. വീട്ടിലെത്തി അയാൾ എല്ലാവരോടും നടന്ന കാര്യങ്ങൾ വിവരിച്ചു. ഹേമന്ദിനെ ആശ്വസിപ്പിച്ച ശേഷം ഹേമന്ദിന്‍റെ അച്‌ഛൻ സിറ്റി പോലീസ് കമ്മീഷണർക്ക് ഫോൺ ചെയ്‌തു. അവർ സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് ഓഫീസർ ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നു. വിവാഹ നിശ്ചയത്തിന്‍റെ ഫോട്ടോകൾ ഹേമന്ദിന്‍റെ അച്‌ഛൻ കമ്മീഷണർക്ക് കൈമാറി. കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രിയക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.

അടുത്ത ദിവസം ഹേമന്ദും അച്‌ഛനും കമ്മീഷണറുടെ ഓഫീസിൽ ചെന്നപ്പോൾ ഡൽഹി ക്രൈംബ്രാഞ്ചിൽ നിന്ന് ഈ സ്ത്രീ ഒരു ഹിസ്‌റ്ററി ചീറ്റർ ആണെന്ന വിവരം കിട്ടിയതായി പോലീസ് ഓഫീസർ പറഞ്ഞു. ഡൽഹി ഇന്‍റർനാഷണൽ എയർപോർട്ടിൽ അന്വേഷിച്ചപ്പോൾ ഈ പെൺകുട്ടി, സംഭവം നടന്ന രണ്ടാം ദിവസം കാനഡയിലേയ്‌ക്ക് കടന്നതായിട്ടാണ് അറിയാൻ കഴിഞ്ഞത്. ഇത്തരം തട്ടിപ്പുകൾക്കായ് ഇടയ്ക്കിടെ ഇന്ത്യയിൽ വരുന്ന പതിവുണ്ട്. പേരും രൂപവും മാറ്റിയാണ് പുതിയ തട്ടിപ്പിന് ഇറങ്ങുന്നത്. തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേയ്ക്ക് കടന്നു കളയും.

കഴിഞ്ഞ വർഷം ജയ്പൂരിൽ നിന്ന് ഇതുപോലെ വിവാഹശേഷം സ്വത്തുക്കൾ അടിച്ചു മാറ്റി കടന്നു കളഞ്ഞിരുന്നു. ഇനിയവർ രക്ഷപ്പെടില്ല. കാരണം റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇനി ഇന്ത്യയിലെവിടെ വിമാനമിറങ്ങിയാലും പിടിക്കപ്പെടും. കസിന്‍റെ അസുഖ കാര്യം പറഞ്ഞ് ബന്ധം വിഛേദിച്ചത് കടന്നു കളയാനുള്ള ഒരുക്കം നടത്താനായിരുന്നു എന്ന കാര്യം ഹേമന്ദിന് ബോധ്യപ്പെട്ടു.

ഇനി എന്താണ് തുടർ നടപടി? ഹേമന്ദിന്‍റെ അച്‌ഛൻ പോലീസ് ഓഫീസറോട് ചോദിച്ചു. “അവൾ പിടിക്കപ്പെട്ടാൽ തിരിച്ചറിയാനായി സ്റ്റേഷനിൽ വരേണ്ടിവരും.”

കേസ് നടക്കുകയാണെങ്കിൽ കോടതിയിലും ഹാജരാകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. “അതിനേക്കാൾ ഉപരി പോലിസിന് മൊഴി കൊടുക്കാനും വരണം. കേസാക്കുകയും വേണം.”

“അതായത് പോലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങണമെന്നർത്ഥം. ബിസിനസ്സ് തിരക്കുകൾ എല്ലാം മാറ്റി വച്ച് ഇതിന്‍റെ പിന്നാലെ പോവുന്നത് എത്രമാത്രം പ്രായോഗികമാണെന്ന് കണ്ടറിയേണ്ടി വരും.”

ഹേമന്ദിന്‍റെ അച്‌ഛൻ പറഞ്ഞു. ഇത് കേട്ട് കമ്മീഷണർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇതെല്ലാം നിയമത്തിന്‍റെ കാര്യങ്ങളാണ്. അത് നമ്മൾ പാലിച്ചല്ലേ പറ്റൂ. നിയമം നിയമത്തിന്‍റെ വഴിക്ക് നീങ്ങും.” ഏറെ നേരത്തെ മൗനത്തിനു ശേഷം ഹേമന്ദ് വായ തുറന്നു.

“ലക്ഷങ്ങളുടെ നഷ്‌ടവും കോടതി കയറിയിറങ്ങലും എന്തുതന്നെയായാലും നഷ്ടം നമുക്ക് തന്നെയാണ്.” പോലീസുമായി സമ്പർക്കം പുലർത്താൻ പറഞ്ഞു കൊണ്ട് കമ്മീഷണർ ഹേമന്ദിന്‍റെ അച്‌ഛന് കൈ കൊടുത്ത് കൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റു.

അച്ഛനോടൊപ്പം കാറിൽ വീട്ടിലേയ്‌ക്ക് പോകുമ്പോഴും അയാളുടെ മനസ്സിൽ പ്രിയയുടെ മുഖം തെളിഞ്ഞു. “ഇനി എങ്ങനെയാണ് സുന്ദരികളെ വിശ്വസിക്കുക?” അവളണിയിച്ച മോതിരം ഊരി ദൂരെ കളഞ്ഞു.

കഴുത്ത് വേദനയ്ക്ക് പരിഹാരം

ചോദ്യം: എനിക്ക് പലപ്പോഴും കഠിനമായ കഴുത്ത് വേദനയുണ്ട്. എന്തുകൊണ്ടാണ് ഈ പ്രശ്നം സംഭവിക്കുന്നത്. ഇത് ഒഴിവാക്കാനുള്ള പരിഹാരങ്ങളെ കുറിച്ച് ദയവായി പറയുക.

ഉത്തരം:- മെഡിക്കൽ ഭാഷയിൽ, കഴുത്തിലെ വേദനയെ സെർവിക്കൽ വേദന എന്ന് വിളിക്കുന്നു. കഴുത്തിലൂടെ കടന്നുപോകുന്ന സെർവിക്കൽ നട്ടെല്ലിന്‍റെ സന്ധികളിലും ഡിസ്കുകളിലുമുള്ള പ്രശ്നങ്ങൾ മൂലമാണ് സെർവിക്കൽ വേദന ഉണ്ടാകുന്നത്. പ്രശ്നം ചെറുതാണെങ്കിൽ, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി അത് ശരിയാക്കാം, ഗുരുതരമാണെങ്കിൽ, ചികിത്സ ആവശ്യമാണ്.

വേദന ഒഴിവാക്കാൻ, കമ്പ്യൂട്ടറിൽ ഇരിക്കുമ്പോഴും നടക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും നിങ്ങളുടെ ബോഡി പോസ്റ്റർ കൃത്യമായി നിലനിർത്തുക. പതിവായി വ്യായാമം ചെയ്യുക. ചെവിക്കും തോളിനും ഇടയിൽ മൊബൈൽ ഫോൺ പിടിച്ച് സംസാരിക്കരുത്.

മൊബൈൽ‌ ഫോൺ‌ കഴുത്തിൽ‌ അമർത്തിക്കൊണ്ട് സംസാരിക്കുന്നത് പതിവാണെങ്കിൽ‌, നിങ്ങൾ‌ ഈ ശീലത്തോട് വിട പറയേണ്ടതുണ്ട്. ഗാഡ്‌ജെറ്റുകളിൽ‌ കൂടുതൽ‌ സമയം ചെലവഴിക്കുന്നതിനാൽ‌ മൊബൈൽ‌ ഫോൺ‌ ഉപയോക്താക്കൾ‌ ഇപ്പോൾ‌ ഈ പുതിയ പ്രശ്‌നത്തിന് ഇരയാകുന്നു.

നിങ്ങൾ ഈ രീതിയിൽ ഫോണിൽ ദീർഘനേരം സംസാരിക്കുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് സന്ധിവാതം ഉണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. വേദന പ്രശ്‌നകരവും കഠിനവുമാകുമ്പോൾ, പേശികൾ ശാശ്വതമായി വളഞ്ഞു പോകാം, ഇത് കഴുത്ത് നേരെയാക്കുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.

കഴുത്ത് ദീർഘനേരം വളച്ചുവയ്ക്കുന്നത് ടെക്സ്റ്റ് നെക്ക് പ്രശ്‌നങ്ങൾക്ക് കാരണമാകും. സ്മാർട്ട് ഫോണുകളുടെയും ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളുടെയും ഉപയോഗം വർദ്ധിക്കുന്നതിനാൽ ഈ പ്രശ്‌നം അനുഭവിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു.

സമാനമായ പ്രശ്നം നിങ്ങൾക്കുണ്ടെങ്കിൽ ഈ ഇമെയിൽ ഐഡി യിലേക്ക് അയയ്ക്കുക. grihshobha.cochin@delhipress.biz

പച്ചക്കല്ല്

ഇന്നിവിടെ വന്നിട്ട് എത്ര ദിവസങ്ങളായി? അവൾ കൈവിരലുകൾ നിവർത്തി കണക്കു കൂട്ടാൻ ആരംഭിച്ചു. ഒന്ന്, രണ്ട്, മൂന്ന്…… വീണ്ടും എണ്ണാൻ ശ്രമിക്കവേ മുന്നിൽ നിന്ന ചേച്ചി അവളോട് പതുക്കെ ചോദിച്ചു….

“രാവിലെ കുളിച്ചുവോ? നാലമ്പലം തൊഴാൻ സമയമായി. അബ്ദുൾ കലാം എട്ടൻ ഇപ്പോൾ വരും.”

ഏ….

അവളുടെ കണ്ണുകൾ മിഴിഞ്ഞു.

അതാ കേൾക്കുന്നു ഒന്ന്, രണ്ട്, മൂന്ന്, നാല്…

അപ്പോഴാണ് താൻ നിൽക്കുന്നത് മാനസികരോഗാശുപത്രിയിലെ അന്തേവാസികളുടെ വ്യായാമമുറിയിലാണ് എന്ന് തിരിച്ചറിവ് വന്നത്. ഇന്ന് വരുന്നില്ലെന്ന് പറഞ്ഞിട്ട് നേഴ്സ് സമ്മതിച്ചില്ല. കൂടുതൽ സമയം ഡോക്ടർ വ്യായാമം ചെയ്യാൻ പറയുമെന്ന് കേട്ടപ്പോൾ മനസ്സില്ലാ മനസ്സോടെ വന്നു.

റുഖിയ ഇന്നും  നെഞ്ചുവേദന എന്നു പറഞ്ഞു നിൽക്കുന്നുണ്ട്. ഇവിടെ വന്ന ദിവസം മുതൽ ശ്രദ്ധിക്കുന്നതാണ് അവളെ. പാവം അവളുടെ കുഞ്ഞിന് പാൽ കൊടുത്തപ്പോൾ ഉറങ്ങിപ്പോയി. മുഖം എടുക്കാനാവാതെ ശ്വാസം മുട്ടി മരിച്ചു.

റൂമിലേക്ക് നടക്കവേ വീണ്ടും അരുകിൽ വരാറുള്ള നാഗദേവനെ മിന്നായം കണ്ടു. നാഗദേവനെ അവൾ ആദ്യമായി കണ്ടത് താമരപ്പൂക്കൾ നിറഞ്ഞ കുളം സ്വപ്നത്തിൽ കണ്ടപ്പോഴായിരുന്നു.

ദിവ്യദർശനം കിട്ടിയ അവൾ രഹസ്യ ഭാഷകൾ കുത്തിക്കുറിക്കുവാൻ തുടങ്ങി. അക്ഷരങ്ങളിലിഴയുന്ന നാഗങ്ങൾ അവൾക്ക് കൂട്ടു വന്നു. സ്വർണ്ണ നിറവും, പച്ച, വെള്ള, കറുപ്പ്, മെറൂൺ നിറങ്ങളുമുള്ള പാമ്പുകൾ രാത്രിയിൽ അവളെ ചുറ്റിവരിഞ്ഞ് കിടക്കാൻ തുടങ്ങി.

രാത്രി ഉറങ്ങാതെയവൾ അവരുമായി സംവാദത്തിലേർപ്പെട്ടു. പകൽ അവരെല്ലാം അപ്രത്യക്ഷരായിരുന്നു. എന്നാൽ ചില മനുഷ്യരിൽ അവൾ സർപ്പ മുഖങ്ങൾ കണ്ടെത്തി. റോഡരികിലെ പരസ്യചിത്രങ്ങളിലെ ചിലർക്കും സർപ്പ മുഖങ്ങൾ കാണാൻ തുടങ്ങി. W M V എന്നീ അക്ഷരങ്ങൾ കാണുമ്പോൾ കണ്ണുകൾ മഞ്ഞ നിറത്തിൽ മുങ്ങി അവളെ വെറുപ്പിക്കാൻ തുടങ്ങി. മുഖപുസ്തകത്തിൽ വായിക്കുന്ന പോസ്റ്റുകൾക്കു താഴെയുള്ള കമന്‍റു കൂമ്പാരം കണ്ട് കുപ്പത്തൊട്ടിയിലെ അഴുകുന്ന മണം മൂക്കിലടിച്ച് ഓക്കാനം വന്ന് ഛർദ്ദിക്കാൻ തുടങ്ങി.

ഛർദ്ദിയുടെ ഒച്ച കേട്ട് വന്നവർ അവളെ രൂക്ഷമായി നോക്കിയതിന്‍റെ അർത്ഥമവൾക്ക് പിടി കിട്ടിയതേയില്ല. രാത്രി സ്വർണ്ണ നിറമുള്ള സർപ്പവുമായി സംസാരിച്ചിരിക്കവേ അവൾ പിടിക്കപ്പെട്ടു. അപ്രത്യക്ഷനാവുന്നതിനു മുൻപ് ഒരു പച്ചക്കല്ല് അവളുടെ കയ്യിൽ കൊടുത്ത് സൂക്ഷിച്ച് വെക്കണമെന്നു പറഞ്ഞു സ്വർണ്ണ സർപ്പം. അത് നെറുകന്തലയിൽ വെച്ച അവളിൽ നിന്നും ആരോ എടുത്തു മാറ്റി. അവൾ അതിനു വേണ്ടി ഒച്ചയിട്ട് ബഹളം വെക്കാൻ തുടങ്ങി. എല്ലാവരും തന്നെ പിടിച്ചുകെട്ടുന്നത് അറിഞ്ഞെങ്കിലും അവൾക്ക് രക്ഷപ്പെടുവാൻ ഒരു മാർഗ്ഗവുമില്ലായിരുന്നു.

ദിവസങ്ങളോളം അവൾ എഴുതിയ രഹസ്യ ലേഖനങ്ങളുടെ പേരിൽ ഡോക്ടർ, നേഴ്സ്, അമ്മ, പഠന പരിശീലനത്തിന് വന്നവർ…. ഇവരാൽ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ അവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. രാത്രി കൊളുത്തില്ലാത്ത മുറിയും, കുളിമുറിയും അവളെ ഭയപ്പെടുത്തി. ഉറങ്ങാതെ കിടന്നപ്പോൾ ഇടക്കാരോ മുറിയിൽ വരുന്നതു പോലെ, അവൾ എണീറ്റിരുന്നു. എന്നാൽ അടുത്ത ദിവസം ഉറക്കമില്ല എന്ന കുറ്റത്തിന് വിധി ഉറക്ക ഗുളികയാൽ നിർണയിക്കപ്പെട്ടു.

അടുത്ത കട്ടിലിലെ ചേച്ചി അവളോട് പറഞ്ഞു.. ദേഷ്യം വന്നപ്പോൾ മകനെ അടിച്ചതിനാണ് ആങ്ങള ഇവിടെ തന്നെ കൊണ്ടുവന്നതെന്ന്. ചില സമയം ദേഷ്യം നിയന്ത്രിക്കാനാവുന്നില്ല. ഇപ്പോൾ മകനെ കാണാൻ കൊതിയാവുന്നെന്നും പറഞ്ഞു.

സ്വന്തം ജീവിതം ഒരിക്കലും സ്വന്തം ആവാത്തതെന്ത്?

ക്ഷീണത്തോടെ അവൾ കട്ടിലിലേക്ക് ചാഞ്ഞ് കണ്ണടച്ചു.

“ചേച്ചീ”

ഉച്ചമയക്കത്തിൽ തോളിൽ തട്ടി നേഴ്സ്…

എങ്ങോട്ട്? ഉറക്കം മുറിഞ്ഞ നീരസം.

ഡോക്ടർ വിളിക്കുന്നു….

നിസ്സഹായതയിൽ പുറകേ നടക്കവേ… എവിടെയോ കേട്ട ഒരു അലർച്ച അവളെ ഒന്നുകൂടി ഭീതിയുള്ളവളാക്കി.

ഏതോ കൗൺസിലിംഗ് സ്പെഷ്യലിസ്റ്റ് കന്യാസ്ത്രീയുടെ മുന്നിൽ അവൾ എത്തിക്കപ്പെട്ടു. രൗദ്രമല്ലാത്ത അവരുടെ മുഖം അവൾക്കൽപ്പം ആശ്വാസമേകി.

കന്യാസ്ത്രീയും ആദ്യം ചോദിച്ചത് അവളുടെ രഹസ്യ ലേഖനങ്ങളെക്കുറിച്ചാണ്. മറുപടി പറയാതിരുന്ന അവളിലെ വീണ്ടുമുണർന്നു വരുന്ന ആശങ്കകളെ തിരിച്ചറിഞ്ഞാവാം അവർ സംഭാഷണം മാറ്റി.

പിന്നീടെപ്പോഴോ അവർ മഷി കുടഞ്ഞ് ഉണ്ടായ രൂപങ്ങൾ പോലെ ചില രൂപങ്ങളുടെ ചിത്രങ്ങൾ എടുത്തവളുടെ മുന്നിൽ വെച്ചു. ഈ രൂപങ്ങളിൽ എന്താണ് കാണുന്നത് എന്ന് ചോദിച്ചു.

അവൾ അതിൽ കടവാവലിനേയും, ഒരു താടിക്കാരനേയും, മലകളും കണ്ടെങ്കിലും, ചികത്സയുടെ പ്രോസസിനെ സഹായിക്കാനുള്ള ഒരു രീതിയാണിത് എന്ന് പറഞ്ഞതോണ്ട്, അനിഷ്ടം തോന്നി…. കണ്ട രൂപങ്ങളെ ഒളിപ്പിച്ചു.

എന്തു ചികത്സ? ഈ അവസ്ഥയിൽ താൻ തനിച്ചാണ്, തനിക്കാരും കൂട്ടില്ലെന്നവൾക്ക് ബോധ്യമായിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें