അപാരവായനക്കാരനാണ് ഇന്ദ്രൻസ്. പക്ഷേ ഏതൊരു പുസ്തകത്തിൽ നിന്ന് കിട്ടിയതിനേക്കാളും ജീവിതാനുഭവങ്ങളിൽ നിന്ന് ഇന്ദ്രൻസിനു വെളിച്ചം ലഭിച്ചിട്ടുമുണ്ട്. അറിവുകളും അനുഭൂതികളും ഇല്ലായ്മകളും സങ്കടങ്ങളും സന്തോഷങ്ങളും തുന്നി ചേർത്ത ഒരു വലിയ പുസ്തകമാണീ മെലിഞ്ഞ മനുഷ്യൻ. തയ്യൽക്കാരനായി കരിയർ തുടങ്ങിയ ഇന്ദ്രൻസ് ഇന്ന് ലോകോത്തര നടനായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ഷാങ്ഹായ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വരെ ആദരിക്കപ്പെട്ട അഭിനയ പ്രതിഭ മനസ്സ് തുറക്കുന്നു...
വർഷങ്ങളായി സിനിമയിൽ എത്തിയിട്ട്. അംഗീകാരം കിട്ടാൻ വൈകിയെന്ന സങ്കടം ഉണ്ടായിരുന്നോ?
ഇപ്പോഴും ഞാൻ സിനിമയിലുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഒരു നടന് സിനിമയിൽ വരാൻ എളുപ്പമാണ്. പക്ഷേ വർഷങ്ങളോളം നിലനിൽക്കാൻ വലിയ പാടാണ്. സിനിമയിൽ ഇത്രയൊക്കെ എത്തിപ്പിടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയതിൽ ഞാൻ സംതൃപ്തനാണ്. ആഗ്രഹിച്ചതിനേക്കാൾ കൂടുതലാണ് ഇതെല്ലാം. എന്നെ കുടക്കമ്പിയെന്ന് വിളിച്ച് കളിയാക്കിയവർ ഇപ്പോൾ ഇവിടെയില്ല.
നാൽപതോളം വർഷമായി സിനിമയിൽ...
അതെ, അതൊരു നീണ്ടയാത്രയാണ്. സിനിമയുടെ ബലത്തിലാണ് ചൈനയിലും പോകാൻ കഴിഞ്ഞത്. വെയിൽ മരങ്ങൾക്ക് ഷാങ്ഹായ് ഫെസ്റ്റിവലിൽ സെലക്ഷൻ കിട്ടിയെന്നും മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെന്നും ഡോ.ബിജു ഫോണിൽ വിളിച്ചറിയിച്ചപ്പോൾ സന്തോഷവും കൺഫ്യൂഷനും.. എന്താ പറയാ... മുമ്പ് പല അവാർഡുകളും ലഭിച്ചിട്ടുണ്ടെങ്കിലും ഒരു എക്സൈറ്റ്മെന്‍റ്! പിന്നെ പുതിയൊരു പടത്തിന്‍റെ ഷൂട്ടിംഗിൽ ആയതു കൊണ്ട് ആദ്യം ചൈനയിലേയ്ക്ക് പോകാൻ വലിയ താൽപര്യമൊന്നുമില്ലായിരുന്നു. പിന്നെ ഈ മേളയുടെ മഹത്വവും വലിപ്പവും എനിക്കറിയില്ലായിരുന്നു. ഗോവയിലൊക്കെ പോകുന്നതു പോലയെ കരുതിയുള്ളൂ.
വമ്പിച്ച സ്വീകരണമാണ് അവിടെ ലഭിച്ചത്, അല്ലേ?
ഒരു പരിചയവും ഇല്ലാത്ത രാജ്യവും ആളുകളും. അവരുടെ കൂടെ എങ്ങനെ ദിവസങ്ങൾ ചെലവഴിക്കും ഇതൊക്കെയായിരുന്നു എന്‍റെ ചിന്ത. പക്ഷേ അവർ വളരെ കാര്യമായാണ് അങ്ങോട്ടേയ്ക്ക് ക്ഷണിച്ചു കൊണ്ടു പോയത്. താമസ സൗകര്യവും ടിക്കറ്റും വിസയുമൊക്കെ തന്നു. അപ്പോഴാണ് മനസിലായത് ഇതത്ര നിസ്സാര കാര്യമല്ലെന്ന്. ആ മേളയിൽ കയറിപ്പറ്റാൻ വളരെ പാടുള്ള കാര്യമാണെന്ന്. വേറിട്ട ഒരു അനുഭവമായിരുന്നു റെഡ് കാർപെറ്റിലൂടെ ഉള്ള നടത്തം. എനിക്കിടാനുള്ള കോട്ട് ഞാനും സഹോദരനുമാണ് തയ്ച്ചത്. ഫോർമൽ കോട്ടായിരുന്നു ഡ്രസ്സ് കോഡ്.
ചൈനയിൽ പോയി ചോപ്സ്റ്റിക് വച്ച് ഭക്ഷണം കഴിക്കുന്ന തിന്‍റെ വീഡിയോ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ഹിറ്റായിരുന്നു...
സ്റ്റിക് ഉപയോഗിച്ച് നമുക്ക് ഭക്ഷണം കഴിക്കാൻ വലിയ പാടാണ്. ഇതിനേക്കാൾ ഒക്കെ എളുപ്പം കൈ കൊണ്ട് കുഴച്ച് തിന്നുന്നതാ (ചിരിക്കുന്നു). ഞാൻ ആളുകൾ കാണാത്തപ്പോൾ അങ്ങനെയാ കഴിച്ചത്. പിന്നെ ചെറിയ പ്രാക്ടീസൊക്കെ ഉണ്ടെങ്കിൽ ചെയ്യാൻ പറ്റും. ഓർമ്മയ്ക്കായി ഞാൻ രണ്ട് ചോപ്സ്റ്റിക്ക് വീട്ടിലേയ്ക്ക് കൊണ്ടു വന്നിട്ടുണ്ട്.
സിനിമയിൽ വരുന്നത് വസ്ത്രാലങ്കാരം ചെയ്‌തു കൊണ്ടാണ്. ഇപ്പോൾ സിനിമയിൽ ലോക പ്രശസ്തനായി...
ഞാൻ 12-ാം വയസിൽ തയ്യൽക്കാരനായി ജോലി തുടങ്ങിയ ആളാണ്. നടനായി... ജീവിത സൗകര്യമൊക്കെയായി. ഞാൻ ഇപ്പോഴും തയ്യ്ക്കാറുണ്ട്. വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്ത് ഒരു പൂതി തോന്നും. അനിയന്മാർ നടത്തുന്ന തയ്യൽ കടയിൽ നിന്ന് നമ്പറൊക്കെയിട്ട് തുണി കൊടുത്തു വിടും. ഞാൻ വീട്ടിൽ ഇരുന്ന് കട്ട് ചെയ്തു കൊടുക്കും. തുന്നും. ഇതൊക്കെ ഒരാഗ്രഹത്തിന്‍റെ പുറത്ത് ചെയ്യുന്നതാണ്. തയ്യൽക്കാരനായതു കൊണ്ടാണ് എനിക്ക് സിനിമയിൽ വരാൻ സാധിച്ചത്. സിനിമയിൽ വന്നു എന്നതിനേക്കാൾ ഇത്രയും കാലം ഇതിൽ നിൽക്കാൻ സാധിച്ചു എന്നുള്ളതാണ് സന്തോഷം. എഴുന്നേൽക്കുമ്പോൾ ഞാനിപ്പോഴും ഇവിടെ ഉണ്ടല്ലോ എന്ന സന്തോഷം.