ഇന്നിവിടെ വന്നിട്ട് എത്ര ദിവസങ്ങളായി? അവൾ കൈവിരലുകൾ നിവർത്തി കണക്കു കൂട്ടാൻ ആരംഭിച്ചു. ഒന്ന്, രണ്ട്, മൂന്ന്...... വീണ്ടും എണ്ണാൻ ശ്രമിക്കവേ മുന്നിൽ നിന്ന ചേച്ചി അവളോട് പതുക്കെ ചോദിച്ചു....
"രാവിലെ കുളിച്ചുവോ? നാലമ്പലം തൊഴാൻ സമയമായി. അബ്ദുൾ കലാം എട്ടൻ ഇപ്പോൾ വരും."
ഏ....
അവളുടെ കണ്ണുകൾ മിഴിഞ്ഞു.
അതാ കേൾക്കുന്നു ഒന്ന്, രണ്ട്, മൂന്ന്, നാല്...
അപ്പോഴാണ് താൻ നിൽക്കുന്നത് മാനസികരോഗാശുപത്രിയിലെ അന്തേവാസികളുടെ വ്യായാമമുറിയിലാണ് എന്ന് തിരിച്ചറിവ് വന്നത്. ഇന്ന് വരുന്നില്ലെന്ന് പറഞ്ഞിട്ട് നേഴ്സ് സമ്മതിച്ചില്ല. കൂടുതൽ സമയം ഡോക്ടർ വ്യായാമം ചെയ്യാൻ പറയുമെന്ന് കേട്ടപ്പോൾ മനസ്സില്ലാ മനസ്സോടെ വന്നു.
റുഖിയ ഇന്നും നെഞ്ചുവേദന എന്നു പറഞ്ഞു നിൽക്കുന്നുണ്ട്. ഇവിടെ വന്ന ദിവസം മുതൽ ശ്രദ്ധിക്കുന്നതാണ് അവളെ. പാവം അവളുടെ കുഞ്ഞിന് പാൽ കൊടുത്തപ്പോൾ ഉറങ്ങിപ്പോയി. മുഖം എടുക്കാനാവാതെ ശ്വാസം മുട്ടി മരിച്ചു.
റൂമിലേക്ക് നടക്കവേ വീണ്ടും അരുകിൽ വരാറുള്ള നാഗദേവനെ മിന്നായം കണ്ടു. നാഗദേവനെ അവൾ ആദ്യമായി കണ്ടത് താമരപ്പൂക്കൾ നിറഞ്ഞ കുളം സ്വപ്നത്തിൽ കണ്ടപ്പോഴായിരുന്നു.
ദിവ്യദർശനം കിട്ടിയ അവൾ രഹസ്യ ഭാഷകൾ കുത്തിക്കുറിക്കുവാൻ തുടങ്ങി. അക്ഷരങ്ങളിലിഴയുന്ന നാഗങ്ങൾ അവൾക്ക് കൂട്ടു വന്നു. സ്വർണ്ണ നിറവും, പച്ച, വെള്ള, കറുപ്പ്, മെറൂൺ നിറങ്ങളുമുള്ള പാമ്പുകൾ രാത്രിയിൽ അവളെ ചുറ്റിവരിഞ്ഞ് കിടക്കാൻ തുടങ്ങി.
രാത്രി ഉറങ്ങാതെയവൾ അവരുമായി സംവാദത്തിലേർപ്പെട്ടു. പകൽ അവരെല്ലാം അപ്രത്യക്ഷരായിരുന്നു. എന്നാൽ ചില മനുഷ്യരിൽ അവൾ സർപ്പ മുഖങ്ങൾ കണ്ടെത്തി. റോഡരികിലെ പരസ്യചിത്രങ്ങളിലെ ചിലർക്കും സർപ്പ മുഖങ്ങൾ കാണാൻ തുടങ്ങി. W M V എന്നീ അക്ഷരങ്ങൾ കാണുമ്പോൾ കണ്ണുകൾ മഞ്ഞ നിറത്തിൽ മുങ്ങി അവളെ വെറുപ്പിക്കാൻ തുടങ്ങി. മുഖപുസ്തകത്തിൽ വായിക്കുന്ന പോസ്റ്റുകൾക്കു താഴെയുള്ള കമന്‍റു കൂമ്പാരം കണ്ട് കുപ്പത്തൊട്ടിയിലെ അഴുകുന്ന മണം മൂക്കിലടിച്ച് ഓക്കാനം വന്ന് ഛർദ്ദിക്കാൻ തുടങ്ങി.
ഛർദ്ദിയുടെ ഒച്ച കേട്ട് വന്നവർ അവളെ രൂക്ഷമായി നോക്കിയതിന്‍റെ അർത്ഥമവൾക്ക് പിടി കിട്ടിയതേയില്ല. രാത്രി സ്വർണ്ണ നിറമുള്ള സർപ്പവുമായി സംസാരിച്ചിരിക്കവേ അവൾ പിടിക്കപ്പെട്ടു. അപ്രത്യക്ഷനാവുന്നതിനു മുൻപ് ഒരു പച്ചക്കല്ല് അവളുടെ കയ്യിൽ കൊടുത്ത് സൂക്ഷിച്ച് വെക്കണമെന്നു പറഞ്ഞു സ്വർണ്ണ സർപ്പം. അത് നെറുകന്തലയിൽ വെച്ച അവളിൽ നിന്നും ആരോ എടുത്തു മാറ്റി. അവൾ അതിനു വേണ്ടി ഒച്ചയിട്ട് ബഹളം വെക്കാൻ തുടങ്ങി. എല്ലാവരും തന്നെ പിടിച്ചുകെട്ടുന്നത് അറിഞ്ഞെങ്കിലും അവൾക്ക് രക്ഷപ്പെടുവാൻ ഒരു മാർഗ്ഗവുമില്ലായിരുന്നു.
ദിവസങ്ങളോളം അവൾ എഴുതിയ രഹസ്യ ലേഖനങ്ങളുടെ പേരിൽ ഡോക്ടർ, നേഴ്സ്, അമ്മ, പഠന പരിശീലനത്തിന് വന്നവർ.... ഇവരാൽ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ അവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. രാത്രി കൊളുത്തില്ലാത്ത മുറിയും, കുളിമുറിയും അവളെ ഭയപ്പെടുത്തി. ഉറങ്ങാതെ കിടന്നപ്പോൾ ഇടക്കാരോ മുറിയിൽ വരുന്നതു പോലെ, അവൾ എണീറ്റിരുന്നു. എന്നാൽ അടുത്ത ദിവസം ഉറക്കമില്ല എന്ന കുറ്റത്തിന് വിധി ഉറക്ക ഗുളികയാൽ നിർണയിക്കപ്പെട്ടു.