ജലപ്പരപ്പിലെ കുമിളകൾ

വലിയൊരു കൊടുങ്കാറ്റിനും പേമാരിക്കും ശേഷം ക്രമേണ അന്തരീക്ഷം ശാന്തമാകാൻ തുടങ്ങിയിരിക്കുന്നു. ഇടിമുഴക്കങ്ങളും ഗർജ്ജനങ്ങളും വിടർന്ന രണ്ടു കുഞ്ഞു കണ്ണുകളിൽ ഭയത്തിന്‍റെ അലകൾ നിറച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഇപ്പോൾ മുറിയിലാകെ കനം തൂങ്ങുന്ന നിശബ്ദത മാത്രം…

സൂചി വീണാൽ പോലും കേൾക്കാവുന്ന നിശബ്ദതയെ അൽപമെങ്കിലും പോറലേൽപ്പിക്കുന്നത് അടക്കിയിട്ടും അടങ്ങാതെ പുറത്തേക്കു തെറിച്ചു വീഴുന്ന നീലിമയുടെ തേങ്ങലുകൾ മാത്രമാണ്… പാവം കുട്ടി. കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന അവളുടെ ഭീതി നിറഞ്ഞ കുഞ്ഞുമുഖം തറയിൽ ചടഞ്ഞിരിക്കുന്ന തനിക്കും കാണാം.

ഓർക്കുന്തോറും രമേശിനോടുള്ള കോപം അനുനിമിഷം പൊങ്ങിവരുന്ന ഭയാനകമായ ജലപ്പരപ്പുപോലെ തന്നിൽ നിറഞ്ഞു കവിഞ്ഞ് ചുറ്റുപാടുകളെ വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ സങ്കടമല്ല അനുഭവപ്പെടുന്നത്. സർവ്വവും നശിപ്പിച്ച് ചാമ്പലാക്കാനുള്ള വ്യഗ്രതയാണ്. അങ്ങനെയെങ്കിലും രമേശിനോട് പ്രതികാരം ചെയ്യണം.

ആ വിങ്ങുന്ന കുഞ്ഞുമനസ്സിനെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കാനാവുക. ഒന്നുമറിയാത്ത പ്രായത്തിൽ മനസ്സിനേൽക്കുന്ന ആഘാതങ്ങൾ അവളെ എത്ര തകർത്തിട്ടുണ്ടാകും. അത്തരം കാര്യങ്ങളൊന്നും രമേശിനറിയാത്തതല്ലല്ലോ. ആരോടാണ് ഈ പക? വാശി? മദ്യം ബുദ്ധിയെ കീഴടക്കുകയും അതിനടിമപ്പെടുകയും ചെയ്യുന്ന ഒരവസ്‌ഥയിലെത്തിയിരിക്കുന്നു രമേശ്.

സത്യത്തിൽ ഇന്നെന്താണ് രമേശിനെ ഇത്രയധികം പ്രകോപിപ്പിച്ചത്? എത്ര ആലോചിച്ചിട്ടും വ്യക്‌തമായ ഒരു കാരണം കണ്ടുപിടിക്കാൻ മായയ്ക്ക് കഴിഞ്ഞില്ല. എന്നത്തേയും പോലെത്തന്നെ ഈയിടെയായി രമേശ് ഒന്നിനും കാരണം തേടാറില്ലല്ലോ.

ഒരു ചെറിയ തുമ്പു കണ്ടെത്തി അതിൽ പിടിച്ച് കത്തിക്കയറുകയാണ് പതിവ്. അതിൽ എരിഞ്ഞു ചാമ്പലാവുന്ന ഒരു കുഞ്ഞുമുഖവും തകർന്ന മനസ്സും ഒന്നും രമേശിന്‍റെ കാഴ്ചയിലോ മനസ്സിലോ പെടാറുമില്ല. മരത്തിന്‍റെ നിർവ്വികാരത മാത്രമാണ് ഈയിടെയായി രമേശിന്.

ഇന്നെന്താണ് ഉണ്ടായത്? വീണ്ടും ചിന്ത കറങ്ങിത്തിരിഞ്ഞ് ആ ചോദ്യത്തിൽത്തന്നെ തിരിച്ചെത്തി. കാരണങ്ങളോ ഉത്തരങ്ങളോ കണ്ടെത്താനാവാത്ത സമസ്യ കുടഞ്ഞ് കളഞ്ഞ് മായ എഴുന്നേറ്റു. ഇരുട്ട് വീടിനകത്തേക്കു കടന്നു വരാൻ തുടങ്ങിയിരുന്നു.

ഇപ്പോൾ നീലിമയുടെ തേങ്ങൽ കേൾക്കാനില്ല. കട്ടിലിനടിയിലേക്ക് കുനിഞ്ഞു നോക്കി. പാവം കുട്ടി. കൈവിരൽ വായിൽ വച്ച് തളർന്ന് ഉറങ്ങുകയാണ്. ഇടയ്ക്കിടെ പുറത്തേക്കു തെറിച്ചു വീഴുന്ന തേങ്ങൽ ഉള്ളിൽ തന്നെ അമരുന്നത് നെഞ്ചിന്‍റെ ഉയർച്ച താഴ്ചകൾക്കിടയിൽ വ്യക്‌തമായി കാണാം.

കലാപങ്ങൾക്കൊടുവിൽ ഷർട്ടെടുത്തിട്ട് രമേശ് പുറത്തേക്കു പോകുന്നതു കണ്ടിരുന്നു. വീണ്ടും മനസ്സും വാക്കുകളും ചാർജജ് ചെയ്‌ത് വരാനാകും. കണ്ണീർ തോരാതെ പെയ്യുന്ന വീടായിക്കഴിഞ്ഞിരിക്കുന്നു ഈ വീടിപ്പോൾ. നീലിമയുടെ കളിചിരികൾ പോലും വളരെ അപൂർവ്വമാണ്. കേട്ടു പരിചയിച്ച കഥകളിലെ രാക്ഷസൻ മനുഷ്യരൂപം പൂണ്ട് വന്നതാണ് ഇപ്പോൾ അവളുടെ അച്‌ഛൻ സങ്കൽപ്പം.

ഓരോ വഴക്കിനു ശേഷവും കാരണം കണ്ടെത്താൻ ശ്രമിച്ച് സ്വയം പരാജയം ഏറ്റുവാങ്ങാറാണ് പതിവ്. താണുകൊടുക്കൽ തന്‍റെ ബലഹീനതയായാണ് രമേശ് കാണുന്നത്.

കുടുംബമെന്ന കണ്ണി അറ്റുപോകാതെ നിലനിർത്താനുള്ള വിട്ടുവീഴ്ച്ചയായി കാണുന്നതേയില്ല. തന്‍റെ കുഞ്ഞിന് അവളുടെ അച്‌ഛൻ വേണമെന്നുള്ളതു കൊണ്ട് വിട്ടുവീഴ്ചക്കു തയ്യാറായേ പറ്റൂ… താനെങ്കിലും… മുറിച്ചു മാറ്റാൻ എളുപ്പമാണ്. ആ മുറിപ്പാടിലെ നൊമ്പരവും വിങ്ങലും വളർച്ചയുടെ ഓരോ ഘട്ടത്തിലും നീലിമയെ വല്ലാതെ തളർത്തും. താൻ കരുത്താർജ്ജിച്ചേ പറ്റൂ…

“നീലൂ… എഴുന്നേറ്റു വരൂ… ” എത്ര വിളിച്ചിട്ടും അവൾ തലപൊക്കി നോക്കുകയോ വിളി കേൾക്കുകയോ ചെയ്‌തില്ല. മായ തറയിൽ കുനിഞ്ഞിരുന്ന് കുഞ്ഞിനെ എടുത്ത് മടിയിൽ കിടത്തി. കണ്ണീർ വാർന്നുണങ്ങിയ പാട് കവിളത്തു കാണാം. ചുണ്ടുകൾക്കിടയിൽ ഇരിക്കുന്ന കൈ വിരലിലൂടെ ഉമിനീർ ഇറങ്ങി കവിളത്ത് പടർന്നു കിടക്കുന്നുണ്ട്.

എന്തോ കണ്ട് ഭയന്നിട്ടെന്നോണം കുട്ടി ചാടി എഴുന്നേറ്റിരുന്നു. കണ്ണുകൾ ഉരുട്ടി മിഴിച്ച് അവൾ തന്നെത്തന്നെ നോക്കുകയായിരുന്നു ഭയം വിട്ടുമാറിയിട്ടില്ലാത്ത മുഖത്തോടെ… പെട്ടെന്ന് തന്‍റെ മടിയിൽ മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്ന് അവൾ പോലുമറിയാതെ ഉറക്കത്തിലേക്ക് ആണ്ടുപോവുകയും ചെയ്‌തു. സുരക്ഷിതമായ ഇടത്തെന്ന പോലെ ശാന്തമായി ശ്വാസോച്ഛ്വാസം ചെയ്യുന്നത് അവളുടെ നെഞ്ചത്തിരിക്കുന്ന തന്‍റെ കൈകൾക്ക് അനുഭവവേദ്യമാകുന്നുണ്ട്.

ഇന്ന് വൈകുന്നേരം എന്താണുണ്ടായത്? ഒരു വലിയ പൊട്ടിത്തെറിയിലെത്താൻ മാത്രം സംഭവ വികാസങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. കാര്യങ്ങൾക്കു വേണ്ടി കാരണങ്ങൾ ഉണ്ടാക്കുക എന്നതാണ് ഇപ്പോൾ രമേശിന്‍റെ രീതി.

എല്ലാം ശാന്തമാണല്ലോ എന്ന ആശ്വാസത്തിൽ ഇരിക്കവെയാണ് അതുണ്ടായത്. എത്ര പെട്ടെന്നാണ് ആരോപണങ്ങളും തർക്കങ്ങളും ശരം കണക്കെ ചീറിപ്പായാൻ തുടങ്ങിയത്. മിണ്ടുന്നതു തന്നെ മണ്ടത്തരമായോ അപകടകരമായോ തീർന്നേക്കാവുന്ന സംഭവങ്ങളാണ് ഈയിടെയായി തനിക്കും രമേശിനുമിടയിൽ. തങ്ങളുടെ കൊച്ചു കുടുംബത്തിൽ നിന്നും ഈയിടെയായി രമേശ് വല്ലാതെ അകന്നു കഴിഞ്ഞിരിക്കുന്നു.

പുതിയ സൗഹൃദങ്ങളും മദ്യപാനവും രമേശിനെ മറ്റൊരു മനുഷ്യനാക്കിയിരിക്കുന്നു. താനും മോളും രമേശിന്‍റെ നല്ല ഓർമ്മകളിൽ നിന്ന് പോലും പുറം തള്ളപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാൻ. ഈയിടെയായി വീട്ടിലേക്കുള്ള വരവു തന്നെ അപൂർവ്വമാണ്. ഓഫീസ് ടൂർ, മീറ്റിംഗ്, പൊതു പ്രവർത്തനം അങ്ങനെ വീട്ടിൽ നിന്നകന്നു നിൽക്കാൻ കാരണങ്ങൾ ഏറെ പറയാനുമുണ്ട്.

ഇത്തവണ രമേശ് പോയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. പണ്ടൊക്കെ എവിടെപ്പോയാലും എന്നും രാത്രി ഉറങ്ങുന്നതിനു മുമ്പ് മോളെ വിളിക്കാറുള്ള ആളാണ്. ഇത്തവണ അഞ്ചോ ആറോ ദിവസം കൂടുമ്പോൾ ഒന്നു വിളിച്ചെങ്കിലായി.

“അച്‌ഛനെന്താ വരാത്തെ അമ്മേ?” രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്നും നീലിമ ചോദിക്കുന്നതിന് വിശ്വസനീയമായ എന്തെങ്കിലും ഉത്തരങ്ങൾ കണ്ടെത്തി അവളെ നിശബ്ദയാക്കുന്നതിൽ താനും വിജയിക്കാറുണ്ട്. എങ്കിലും ഈയിടെയായി തന്‍റെ മറുപടികൾ അവൾക്ക് സ്വീകാര്യമല്ലാതായി തുടങ്ങിയിരിക്കുന്നു.

“അച്‌ഛൻ ടൂറിന് പോയിരിക്കുകയല്ലേ? നാളെയോ മറ്റന്നാളോ വരും…” ഉത്തരം നീലിമക്ക് തൃപ്തികരമായില്ല എന്നു തോന്നുന്നു. ചെരിഞ്ഞു കിടന്ന് ഒരു കാൽ തന്‍റെ ശരീരത്തിലേക്കെടുത്തിട്ടു കൊണ്ട് അവൾ തുടർന്നു.

“എന്താ അച്‌ഛൻ ടൂർ പോകുമ്പോൾ നമ്മളെ കൊണ്ടു പോകാത്തത്? എന്‍റെ ക്ലാസിലെ ഉത്തരയും അവളുടെ അച്‌ഛനും അമ്മയും ഒക്കെ ഒരുമിച്ചാ ടൂറു പോവ്വാ… .നല്ല രസാത്രെ… ” ആവേശത്താൽ അവളുടെ സ്വരം ഉച്ചസ്‌ഥായി ലായി.

“നമ്മക്കും അച്‌ഛന്‍റെ കൂടെ പോകാം, അമ്മേ… എന്നിട്ട് വെള്ളത്തിലൊക്കെ എറങ്ങി കളിക്കാം…” ഉത്തരയിൽ നിന്നു പകർന്നു കിട്ടിയ ടൂറിന്‍റെ രസങ്ങൾ അവളുടെ ഉള്ളിൽ ബാക്കി കിടക്കുന്നുണ്ട്.

“ഉത്തരാ പറയ്വാ… ഏതോ ഒരു സ്‌ഥലത്ത് പാറയിൽ തട്ടിച്ചിതറി ഒഴുകി വരുന്ന പുഴയുണ്ടത്രെ… അവളുടെ അച്‌ഛനും അമ്മയും അവളെ കൂട്ടി ആ വെള്ളത്തിൽ ഇറങ്ങി കളിക്കുകയും കുളിക്കുകയും എല്ലാം ചെയ്യുമത്രെ. അമ്മേ…” അവളുടെ കണ്ണുകളിൽ ആയിരം നക്ഷത്രത്തിളക്കം… സ്വരത്തിൽ ആവേശം.

“അച്‌ഛൻ വന്നാൽ അമ്മ പറയണംട്ടോ… നമ്മക്കും പോണംന്ന്… ”പുറത്തേക്കു തെറിച്ചു വീഴുന്ന വാക്കുകളിൽ വല്ലാത്ത ആവേശം. എത്ര പെട്ടെന്നാണ് കുട്ടികൾക്ക് സ്വയം പകർന്നാടാൻ കഴിയുന്നത്. മായയുടെ തലക്കുള്ളിൽ കഴിഞ്ഞാഴ്ച രമേശ് വന്നപ്പോഴുണ്ടായ വാഗ്‍വാദങ്ങളും അട്ടഹാസങ്ങളും പ്രകമ്പനങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. നീലിമ ഈയിടെയായി അച്‌ഛന്‍റെ അടുത്തേക്കധികം പോകാറില്ല.

ഭീതി നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കാറാണ് പതിവ്. ആ കുഞ്ഞുമനസ്സിന് താങ്ങാവുന്നതിലുമധികം ഭയമുളവാകുമ്പോൾ മേശക്കടിയിലോ കട്ടിലിനടിയിലോ അവൾ കമിഴ്ന്ന് കിടക്കും. സ്‌ഥലകാല ബോധങ്ങൾ മറന്ന് ക്രമേണ അവൾ ഉറങ്ങിപ്പോകും. ചുണ്ടുകൾക്കിടയിലെ തള്ളവിരലിലാണ് സർവ്വ ആലംബവും എന്ന പോൽ കണ്ണുകൾ പാതി തുറന്ന് ഉറങ്ങിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്.

ഇന്നെന്താണ് ഉണ്ടായത്? ഓർത്തെടുക്കാൻ ശ്രമിക്കവെ അടുക്കും ചിട്ടയുമില്ലാതെ ഒട്ടേറെ സംഭവങ്ങൾ മനസ്സിലൂടെ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ് മലീമസമാക്കിയ സായാഹ്നമായിരുന്നു അത്. അഞ്ചുവയസ്സുകാരിയുടെ കുഞ്ഞുമനസ്സിനെ അതു കീറി മുറിപ്പെടുത്തുമെന്ന് ആലോചിക്കാനുള്ള വിവേകം നഷ്ടപ്പെട്ട അച്‌ഛനമ്മമാരായിക്കഴിഞ്ഞിരുന്നല്ലോ ഞങ്ങൾ.

എത്രയോ സമയമായി ഈ ഇരിപ്പു തുടരുകയായിരുന്നു എന്ന് അപ്പോഴാണ് മായ ഓർത്തത്. കണ്ണു തുറന്നു നോക്കുമ്പോൾ മുറിയിലാകെ ഇരുട്ടു പടർന്നു കഴിഞ്ഞിരുന്നു. നീലിമയുടെ നേരിയ കൂർക്കം വലിയും ഇടയ്ക്കിടെ പൊന്തിയ തേങ്ങലും ദുഃഖ സാന്ദ്രമായ സന്ധ്യയെ കൂടുതൽ ഇരുണ്ടതാക്കി.

ഇനി ചില തീരുമാനങ്ങളെടുത്തേ പറ്റൂ… തന്‍റെ കുഞ്ഞിനൊരു ജീവിതം വേണം. അച്‌ഛനമ്മമാരുടെ വാശിയേറിയ മത്സരത്തിനിടയിൽ അവളെ വിസ്മരിക്കാനാവില്ല. അച്‌ഛനുമമ്മയും വഴക്കിടുമോ എന്നു ഭയന്ന് അവധി ദിവസങ്ങളിൽ കൂട്ടുകാരോടൊപ്പം പുറത്തു പോയി കളിക്കാൻ പോലും നീലിമ സമ്മതിക്കാറില്ല. പോയാൽ തന്നെ ഇടയ്ക്കിടെ ഓടി വന്ന് ഒന്നെത്തി നോക്കി പോകും. എപ്പോഴും ഒരു വേവലാതി കലർന്ന പെരുമാറ്റമാണ് ഈയിടെയായി നീലിമ കാണിക്കുന്നത്.

“സാറാടേം അബൂന്‍റേയും പപ്പയും മമ്മയുമൊന്നും വഴക്കടിക്കാറേയില്ലത്രേ. എന്താ എന്‍റെ അച്‌ഛനും അമ്മയും മാത്രം ഇങ്ങനെ…?” ഒരു ദിവസം അവൾ ചോദിക്കുക തന്നെ ചെയ്‌തു.

“വേണ്ടാത്ത കാര്യങ്ങൾ അന്വേഷിക്കാതെ കടന്നു പോകുന്നുണ്ടോ എന്‍റെ മുമ്പിൽ നിന്ന്…” കുറച്ച് ഉറക്കെത്തന്നെയാണ് പറഞ്ഞത്. അവളുടെ വിടർന്ന കണ്ണുകളിൽ ഭയം നിഴലിച്ചു. അമ്മയും എന്താ ഇങ്ങനെ എന്ന അവിശ്വസനീയമായ ഭാവമായിരുന്നു അപ്പോൾ അവളുടെ മുഖത്ത്.

കാറും കോളും നിറഞ്ഞ ജീവിതം ഇഴഞ്ഞു നീങ്ങുന്നതിനിടെ ഒരു ദിവസമാണ് അതുണ്ടായത്. ആഴ്ചകൾക്കു ശേഷമാണ് അന്ന് രമേശ് വീട്ടിലെത്തിയത്. എവിടെയായിരുന്നെന്നും എന്തുകൊണ്ടിത്ര ദിവസം ഒന്നുവിളിക്കുക പോലും ചെയ്‌തില്ലെന്നുമുള്ള തർക്കങ്ങളും കുറ്റപ്പെടുത്തലുകളും ചീറിപ്പാഞ്ഞ് അന്യോന്യം ചെളി വാരി എറിഞ്ഞ ഒരു സായാഹ്നം…

“ഈ വീട് വിൽക്കാൻ പോവുകയാണ്. മോളേയും കൂട്ടി നീ നിന്‍റെ വീട്ടിലേയ്ക്ക് പോയ്ക്കോ…” മുഖത്തു നോക്കാതെയാണ് രമേശ് പറഞ്ഞത്.

“ഞാൻ നിങ്ങളുടെ കൂടെ സ്വയം ഇറങ്ങി വന്നതൊന്നുമല്ല. അച്‌ഛനമ്മമാർ തീരുമാനിച്ചുറപ്പിച്ച് നടത്തിയ വിവാഹമാണ്. നിങ്ങൾക്കെന്നെ വേണ്ടെങ്കിൽ അന്തസ്സായി എന്‍റെ വീട്ടിൽ കൊണ്ടു പോയാക്കണം. എനിക്കും ഈ ജീവിതം മതിയായി…” ഇത്രയും രമേശ് പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു.

ശൂന്യമായ മനസ്സുമായി നിർവ്വചിക്കാനാവാത്ത ശാന്തതയോടെ മായയും അവിടെത്തന്നെ ഇരുന്നു. രണ്ടുപേർക്കുമിടയിൽ ഒരു ശ്വാസത്തിന്‍റെ അകലം മാത്രം…

ഇനിയും ഒരു തീരുമാനമെടുക്കാൻ വൈകി കൂടാ. മായ ചിന്തിച്ചു. തനിക്കു വേണ്ടി വാദിക്കാനോ സംസാരിക്കാനോ ആരുമില്ല. വയസ്സായ അമ്മ മാത്രമേയുള്ളൂ. അവർ ഇതൊന്നും അറിയാനിടവരരുത്.

കരടിയുടെ കെട്ടിപ്പിടുത്തം പോലുള്ള ഈ ദാമ്പത്യം കൊണ്ട് താൻ എന്തു നേടി? കുടഞ്ഞുകളയാനോ പിടിവിടുവിക്കാനോ ആവാതെ എത്രകാലം ഇങ്ങനെ കഴിയാനാകും? തന്‍റെ കുഞ്ഞിനെങ്കിലും നല്ലൊരു ജീവിതം ഉണ്ടാക്കി എടുക്കണം. അതിനു വേണ്ടി എന്തു ചെയ്യാനാകുമെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇനിയുള്ള കാലം തനിയെ ജീവിക്കാനാണെങ്കിൽ അതിനും താൻ തയ്യാറാണ്. തീരുമാനമെടുക്കാൻ വൈകി കൂടാ. പരസ്പരസ്നേഹവും സത്യസന്ധതയുമാണ് ഏതൊരു വിവാഹവും അരക്കിട്ടുറപ്പിക്കുന്നത്. കുറഞ്ഞ പക്ഷം അതൊക്കെ ഉണ്ടെന്ന ഒരു തോന്നലെങ്കിലും അന്യോന്യം ഉണ്ടാക്കി എടുത്താലേ ദാമ്പത്യം പോകൂ. ഇവിടെ ഞങ്ങൾക്കിടയിൽ അതൊന്നുമില്ലെന്ന് എന്നേ പരസ്പരം തിരിച്ചറിഞ്ഞതാണ്.

പലതവണയായി അന്യോന്യം വാരി എറിഞ്ഞ കടുത്ത വാക്കുകൾ വൃത്തിയുള്ള ഭിത്തിയിൽ കോറിയിട്ട വികൃതമായ ചിത്രങ്ങൾ പോലെ മനസ്സിൽ ആഴ്ന്നു കിടപ്പുണ്ട് ഇന്നും…

ഇനി വയ്യ. ഇതിവിടെ അവസാനിപ്പിച്ചേ പറ്റൂ. ഏറെ നേരത്തെ പുനർ ചിന്തകൾക്കും കൂട്ടിക്കിഴിക്കലുകൾക്കും ഒടുവിൽ ഒരു ഉറച്ച തീരുമാനത്തിലെത്തിക്കഴിഞ്ഞിരുന്നു.

പിറ്റേന്ന് മോളേയും കൂട്ടി നിർവ്വികാരമായ മനസ്സോടെ വീട്ടിലെത്തുമ്പോൾ അമ്മ പൂജാമുറിയിലായിരുന്നു. ആകാശത്തും അന്തിത്തിരി കൊളുത്തിക്കഴിഞ്ഞിരുന്നു.

ഇപ്പോൾ ഈ ഒരു തീരുമാനമെടുത്തില്ലെങ്കിൽ നാളെ തന്‍റെ മകൾ പോലും തന്നോടു തിരിച്ചു ചോദിക്കും, പേരിനു മാത്രമായി ഒരച്‌ഛൻ! എന്താവശ്യത്തിന്? താൻ കരുത്താർജ്ജിച്ചേ പറ്റൂ.

ഭർത്താവുണ്ടായിട്ടും ഏകാകിനിയായി കഴിയുന്ന മകളെ ഓർത്ത് അമ്മ കണ്ണീർ വാർത്തു. അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകൾ മതിയാവില്ല എന്നറിയാവുന്നതു കൊണ്ട് താൻ നിശബ്ദയായി കാര്യങ്ങൾ ചെയ്യുകയും കരുത്താർജ്ജിക്കുകയും ചെയ്‌തു. വിധവയായ അമ്മയും ഭർത്താവിനാൽ തിരസ്കൃതയായ ഭാര്യയും അച്‌ഛൻ എന്ന സങ്കൽപ്പം ഉള്ളിൽ സൂക്ഷിക്കുന്ന മകളും അടങ്ങുന്ന ഇടമായി മാറി ഞങ്ങളുടെ വീട്.

ആരുടേയും കനിവിനു വേണ്ടി യാചിക്കേണ്ടവളല്ല സ്ത്രീ. അമ്മയുടെയും അച്‌ഛന്‍റേയും ഉത്തരവാദിത്വം തന്നിലൂടെ നിറവേറ്റപ്പെടേണ്ടതുണ്ട് എന്ന തിരിച്ചറിവ് തന്നെ കരുത്തുള്ളവളാക്കിയിരിക്കുന്നു. അമ്മയ്ക്ക് തന്‍റേയും മോളുടേയും തിരിച്ചു വരവ് വലിയ പ്രഹരമേറ്റ പോലെയായി.

ടീച്ചറായിരുന്ന അമ്മയുടെ പെൻഷനും മൂന്നുനാലുപേർക്ക് ജീവിച്ചു പോകാനുള്ള കൃഷിയുമാണ് ആകെയുള്ള സമ്പാദ്യം. സ്വന്തം കാലിൽ നിൽക്കാൻ തക്കവണ്ണമുള്ള ഒരു ജോലി ഉണ്ടെന്നതു കൊണ്ടു കൂടിയാകാം ഇത്തരമൊരു പറിച്ചുനടലിന് തനിക്കു ധൈര്യം കിട്ടിയത്.

വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു ഇപ്പോൾ… ! അന്ന് സർവ്വം സഹയായി രമേശിനൊടൊപ്പം കഴിഞ്ഞിരുന്നെങ്കിൽ തന്‍റെ മകൾ ഇത്ര കരുത്താർജ്ജിക്കുമായിരുന്നില്ല. സ്നേഹത്തിനു പകരം അപമാനവും ആക്ഷേപവും സഹിച്ച് ഒന്നിന് കൊള്ളാത്തവളായിത്തീരുമായിരുന്നു. മകളെ തന്നോടൊപ്പം വിട്ടു കിട്ടാൻ വേണ്ടി രമേശ് പല തന്ത്രങ്ങളും നടത്തിയിരുന്നു. ഉത്തരവാദിത്തമില്ലാത്ത അച്‌ഛനോടൊപ്പം പോകാൻ നീലിമ തയ്യാറായില്ല. അച്‌ഛന്‍റെ സാമീപ്യം ഭയമുളവാക്കുന്ന അനുഭവമായിരുന്നല്ലോ അവൾക്കെന്നും.

ഇതിനിടെ രമേശിന്‍റെ അമ്മയും തനിക്ക് എതിരെ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞിരുന്നു. മകനുമായി പിണങ്ങി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിൽ കഴിയുന്ന മരുമകൾക്ക് അഹങ്കാരത്തിനു പുറമെ മറ്റു പല ആരോപണങ്ങളും അവർ ഉന്നയിച്ചു കൊണ്ടിരുന്നു. കഥകൾ കേൾക്കാൻ എക്കാലത്തും കാതോർത്തിരിക്കുന്ന സമൂഹം അതേറ്റുപാടി ആസ്വദിച്ചു. കുളിക്കാതെ ഈറൻ ചുമക്കേണ്ടി വരുന്നതിൽ തളരാതെ വാശിയുൾക്കൊണ്ട് മുമ്പോട്ടു പോകാനുള്ള വഴികൾ മായയും കണ്ടെത്തി.

ഒരു ഞായറാഴ്ച മകളേയും കൊണ്ട് രമേശിന്‍റെ വീട്ടിലെത്തിയ മായയെ കണ്ട് അമ്മയിഅമ്മ ഉറഞ്ഞുതുള്ളി. അവൾക്കുമേൽ എന്നും ഒരു സംരക്ഷണവലയം സൃഷ്ടിച്ചിരുന്ന അച്‌ഛൻ പതിവുപോലെ അവളെ നോക്കി പുഞ്ചിരിച്ചു.

നീലിമയെ വിളിച്ച് ചേർത്തു നിർത്തി മൂർദ്ധാവിൽ തടവുമ്പോൾ ആ വൃദ്ധ നയനങ്ങൾ നിറഞ്ഞു കവിയാൻ തുടങ്ങിയിരുന്നു. തന്‍റെ മിഴികളുമായി ഇടയുമ്പോഴൊക്കെ സാന്ത്വനത്തിന്‍റെ ചെറുപുഞ്ചിരി അച്ഛന്‍റെ മുഖത്തു തിളങ്ങി. മകനെ ഉപേക്ഷിച്ചു നടക്കുന്ന മരുമകളെ വീട്ടിൽ കയറ്റരുതെന്ന് അമ്മ അടുക്കളയിൽ നിന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.

“ഭർത്താവിനെ വേണ്ടാത്തവർക്ക് എന്തിനാണ് ഭർത്താവിന്‍റെ വീടും വീട്ടുകാരും…?” ഈ ചോദ്യം പല തവണ വിവിധ രൂപത്തിൽ അവർ ചോദിച്ചു കൊണ്ടിരുന്നു.

“എന്‍റെ മകളുടെ അച്‌ഛനാണ് അമ്മയുടെ മകൻ.” മായയുടെ സ്വരം ഒരിട ഒന്നിടറിയെങ്കിലും അവൾ ഉറച്ച സ്വരത്തിൽ ആവശ്യം വ്യക്‌തമാക്കി.

“ഞങ്ങൾ രണ്ടുപേർക്കും പരസ്പരം വേണ്ട. എങ്കിലും നീലിമയ്ക്ക് അവളുടെ അച്‌ഛനെ വേണം… ” ചൂണ്ടിക്കാണിക്കാനെങ്കിലും…” ഒന്നും മനസ്സിലാകാത്ത പോലെ അമ്മ തുറിച്ചു നോക്കി നിന്നതേയുള്ളൂ.

അമ്മയുടെ പുറകിൽ നിന്ന് തന്‍റെ മുഖത്തു പതിയുന്ന അച്‌ഛന്‍റെ കണ്ണുകളിലെ സാന്ത്വനം പ്രോത്സാഹജനകമായിരുന്നു. പേടിക്കണ്ട, ഞാൻ കൂടെയുണ്ട് എന്ന ഭാവം. അമ്മ അറിയാതെ അച്‌ഛൻ ഫോൺ ചെയ്യുമ്പോൾ നിന്‍റെ കൂടെ ഞാനുണ്ട് മോളേ എന്നൊരു ആശ്വസിപ്പിക്കൽ അനുഭവപ്പെടാറുണ്ട്. അതാണ് തനിക്ക് കരുത്തേകുന്നത്. ഞാൻ പറഞ്ഞാലൊന്നും അവൾ കേൾക്കില്ല മോളെ എന്നൊരു കുറ്റസമ്മതവും അച്‌ഛൻ ഇടയ്ക്കിടെ നടത്തുന്നതു കേൾക്കാം.

പെട്ടിയുമെടുത്ത് മകളുടെ കൈ പിടിച്ച് തന്‍റെ മുറിയിലേക്കു നടക്കുമ്പോൾ അവൾ തിരിഞ്ഞു നിന്ന് ഒന്നു കൂടി ഉറപ്പു കൊടുത്തു.

“ഇവിടെ ഞാൻ താമസിക്കുന്നു എന്നു വച്ച് എനിക്ക് അമ്മയുടെ മകനെ വേണ്ട… നീലിമയ്ക്ക് വേണ്ടി മാത്രമാണ് ഇങ്ങനെയൊരു തീരുമാനം… ”

രമേശ് മദ്രാസിലാണ് ഇടക്കു വല്ലപ്പോഴുമേ നാട്ടിലെത്താറുള്ളൂ. അമ്മയിൽ നിന്ന് വിവരമറിഞ്ഞാൽ ഫോണിൽ കൂടെ ഉണ്ടാകാവുന്ന പ്രത്യാക്രമണങ്ങൾ നേരിടാനുള്ള ഒരുക്കങ്ങൾ താൻ സ്വയം എടുത്തു കഴിഞ്ഞിരുന്നു.

മാനസികമായ തയ്യാറെടുപ്പുകൾ. വേണമെങ്കിൽ എനിക്ക് എന്‍റെ വീട്ടിലേക്ക് തിരിച്ചു പോകാമായിരുന്നു. ഇതിലും ദാരുണമായൊരു അവസ്ഥയിലേക്ക് എടുത്തെറിയലാകും അത്. വിധവയായ തന്‍റെ അമ്മയ്ക്ക് സ്വന്ത ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ഭർത്താവുമായി തെറ്റിപ്പിരിഞ്ഞു വരുന്ന മകളും കുട്ടിയും താങ്ങാനാവാത്ത ഭാരമായിരിക്കും. മാനസികമായും സാമ്പത്തികമായും.

നീലിമ അപ്പൂപ്പനുമായി സ്ക്കൂൾ വിശേഷങ്ങൾ കൈമാറുകയാണ്. അച്ഛൻ അവളുടെ തലയിൽ തടവികൊണ്ട് നല്ല ശ്രോതാവായി കൗതുകത്തോടെ നോക്കി ഇരിക്കുന്നു. തന്‍റേയും രമേശിന്‍റെയും മുറി വീട്ടിലെ ഉപയോഗശൂന്യമായ പഴയ പാത്രങ്ങളും കെട്ടിവെച്ച ദിനപത്രങ്ങളും മറ്റുമായി ഒരു സ്റ്റോർ മുറിയായി കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ ജീവിതം പോലെത്തന്നെ മുറിയിലാകെ ജീർണ്ണതയുടെ ഗന്ധം നിറഞ്ഞു നിന്നിരുന്നു.

കല്യാണം കഴിഞ്ഞ് ഈ വീട്ടിൽ വന്ന ആദ്യ ദിവസം മുതലുള്ള സംഭവങ്ങൾ ഫ്ളാഷ് ബാക്കിലെന്നോണം മനസ്സിന്‍റെ സ്ക്രീനിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. പിടിച്ചു നിർത്താൻ കഴിയാത്തവണ്ണം ഓഫീസ് ടൂറുകളും യാത്രകളും മീറ്റിംഗുകളുമായി രമേശ് കുടുംബത്തിൽ നിന്നും ഏറെ അകലെയായിരുന്നു എന്നും. പുതിയ മേച്ചിൽ പുറങ്ങളും കൂട്ടുകാരും കൂട്ടിനുമുണ്ടായിരുന്നല്ലോ. കുടുംബം അസ്വസ്ഥത മാത്രമുള്ള ഇടമായി മാറാൻ… !

ഇല്ല തന്‍റെ മകൾ വളർന്ന് സ്വന്തം കാലിൽ നിൽക്കാനാവുന്നതുവരെ അവൾക്കൊരച്ഛന്‍റെ മേൽവിലാസം വേണം. എല്ലാം മനസ്സിലുറപ്പിച്ച് വ്യക്തമായ രൂപരേഖ ഉണ്ടാക്കിയിട്ടാണ് വന്നിട്ടുള്ളത്. കണ്ണീരിന് തടയിട്ട് പ്രവൃത്തിയിൽ ശ്രദ്ധിക്കുക എന്ന ഏക വഴിയേ തന്‍റെ മുമ്പിലുള്ളൂ. കരഞ്ഞ് ജീവിതം തുലയ്ക്കുന്ന സ്ത്രീകളുടെ കാലം കഴിഞ്ഞിരിക്കുന്നു.

അവൾ മുറി വൃത്തിയാക്കി പെട്ടിയിൽ നിന്ന് തന്‍റേയും നീലിമയുടെയും വസ്ത്രങ്ങൾ, പുസ്തകങ്ങൾ എല്ലാം പുറത്തെടുത്തു വച്ചു. ഏതാനും മണിക്കൂറുകൾ കൊണ്ട് ആ മുറി തന്‍റേയും നീലിമയുടേയും മാനോഹരമായ വാസസ്ഥലമാക്കി മാറ്റാൻ കഴിഞ്ഞു.

അമ്മ വാതിക്കൽ വന്ന് അകത്തേക്ക് എത്തി നോക്കുന്നത് കണ്ടു.

“നീ ഇതെന്തു ഭാവിച്ചാ…? അവനോടൊരു വാക്കു ചോദിക്കാതെ…” അമ്മ വാക്കുകൾക്കായി തപ്പുകയാണ്. രോഷത്തോടെ സംസാരിച്ച് കൂടുതൽ പ്രകോപിപ്പിക്കണ്ട എന്നു കരുതിയാവും സ്വരത്തിന് ഇത്ര മയം.

“അമ്മ പേടിക്കണ്ട. നിങ്ങൾക്കൊരു ഭാരമാവില്ല ഞങ്ങൾ. മകൾക്കൊരു അച്‌ഛനും എനിക്ക് സമൂഹത്തിൽ തല ഉയർത്തി നടക്കാൻ ഭർത്താവിന്‍റെ മേൽവിലാസവും വേണം. അതു മാത്രമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ… ആഗ്രഹിക്കുന്നുള്ളൂ…”

അച്‌ഛന്‍റെ കണ്ണുകൾ അഭിനന്ദന സൂചകമായി തന്നിൽ പതിയുന്നുണ്ട്. ഈ വീട്ടിൽ എന്നും അച്‌ഛൻ തനിക്കു നൽകി പോന്നിട്ടുള്ള കരുതൽ ഓർമ്മയുടെ നിലാവായി തന്നെ പൊതിഞ്ഞു. അമ്മ കനത്ത മുഖത്തോടെ ഒന്നു നോക്കിയ ശേഷം അടുക്കളയിലേക്കു നടന്നു.

ഒരു കുടുംബ കലഹം കൂടി ഈ ചേരിതിരിവിനോടൊപ്പം വേണ്ടെന്നു കരുതി ആവാം. അച്‌ഛൻ ഇതിലൊന്നും പ്രത്യക്ഷമായി ഇടപെടാതിരുന്നത്. എങ്കിലും ഓരോ തവണയും തന്‍റെ നോട്ടവുമായി ഇടയുമ്പോൾ സാന്ത്വനത്തിന്‍റെ ശാന്തതയും കണ്ണുകളിൽ പാരാവാരം പോലെ കിടക്കുന്ന സ്നേഹവും തനിക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. മൗനം വാക്കുകളേക്കാൾ ഏറെ വാചാലമാകുന്ന നിമിഷങ്ങൾ.

വൈകുന്നേരം ടൗണിൽ പോയി സ്റ്റൗവും അത്യാവശ്യ സാധനങ്ങളും വാങ്ങിക്കൊണ്ടുവന്നു. അടുക്കളയോടു ചേർന്നുള്ള വരാന്തയിൽ ഒരു കൊച്ച് അടുക്കള രൂപം കൊണ്ടു.

രാവിലെ നീലിമയെ ഒരുക്കി സ്ക്കൂളിലാക്കി താൻ ജോലിക്കു പോകുന്ന രീതി ഇപ്പോൾ വളരെ ആയാസരഹിതമായി കഴിഞ്ഞിരിക്കുന്നു. വൈകുന്നേരം അച്‌ഛൻ മോളെ സ്ക്കൂളിൽ നിന്ന് കൊണ്ടുവരും. രമേശിന്‍റെ അമ്മയെ അവൾക്ക് ഭയമായിരുന്നു. ഇതിനിടെ രണ്ടുമൂന്നു തവണ രമേശ് വീട്ടിൽ വന്നിരുന്നു.

അച്‌ഛനോടും അമ്മയോടും ഒപ്പം കഴിഞ്ഞ് തിരികെ പോകും. തന്നോടൊ മോളോടോ മിണ്ടാനൊ കാണാനൊ ശ്രമിക്കാറില്ല. പേടിയുളവാക്കുന്ന ഒരാളെ കാണുന്ന പോലെയാണ് ഇപ്പോൾ നീലിമ അച്‌ഛനെ നോക്കി കാണുന്നത്.

രാവിലെ കുളി കഴിഞ്ഞ് ബാത്ത്റൂമിൽ നിന്നു വരുമ്പോൾ തീരെ പ്രതീക്ഷിക്കാതെയാണ് താൻ രമേശിന്‍റെ മുമ്പിൽ എത്തപ്പെട്ടത്. ഏതോ നികൃഷ്ട വസ്തുവിനെ എന്ന പോലെ ഒന്നു നോക്കി രമേശ് നടന്നകലുന്നത് കണ്ണീർ മറച്ച കാഴ്ചയിലൂടെ നോക്കി നിന്നു. ഉള്ളിൽ എന്തൊക്കെയോ പൊട്ടിത്തകരുന്ന നൊമ്പരത്തോടെ നനവു നിറഞ്ഞ ഒരിളം കാറ്റ് തന്നെ തഴുകി കടന്നു പോയത് മായ അറിഞ്ഞു.

ഇല്ല… താൻ തോറ്റു കൊടുക്കില്ല. ഇവിടെ തളർന്നു പോയാൽ തകരുന്നത് തന്‍റെ കുഞ്ഞിന്‍റെ ഭാവിയാകും. തകർന്ന ദാമ്പത്യത്തിന്‍റെ ബാക്കി പത്രമായി അവൾ വളർന്നാൽ ക്ഷതമേറ്റു പിടഞ്ഞ് വികൃതമായ മനസ്സിനുടമയാകാനേ അതുപകരിക്കൂ. നിലനിൽക്കേണ്ടവയെല്ലാം നിലനിൽക്കും.

വീണും ഊർന്നും പോകേണ്ടവ പോകട്ടെ. ഇപ്പോൾത്തന്നെ നീലിമയുടെ മനസ്സിനേറ്റിട്ടുള്ള ക്ഷതം അവളെ അന്തർമുഖയാക്കിയിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ലോകത്ത് ഒരാളും അവനവനു വേണ്ടി മാത്രം ജീവിക്കുന്നില്ല. അങ്ങനെ ജീവിക്കാനും സാധിക്കില്ല എന്നത് ലോകസത്യം മാത്രമാണ്.

അച്‌ഛനമ്മമാർക്കു വേണ്ടി, ഭാര്യക്കുവേണ്ടി, മകൾക്കു വേണ്ടി അങ്ങനെ നമ്മുടെയൊക്കെ ജീവിതം എല്ലായ്പ്പോഴും മറ്റൊരു ജീവിതത്തെ പരിപോഷിപ്പിക്കാൻ വേണ്ടി നിയുക്തമായിട്ടുള്ളതാണ്. അപ്പോഴാണ് ജീവിതം സാത്വികമാകുന്നത്. എന്നാൽ എല്ലാവരുമുള്ള അക്ഷരത്തെറ്റുകളായി ഇതു പോലുള്ള ചിലവീടുകളും കണ്ടേക്കാം.

ഇപ്പോൾ തനിക്കെന്ന പോലെ തന്നെ നീലിമയ്ക്കും എല്ലാം ഉൾക്കൊള്ളാനാവുന്നുണ്ട്. അതിർത്തി കാക്കുന്ന ജവാന്മാരെപ്പോലെ ഇടയ്ക്കിടെ സംശയദൃഷ്ടിയോടെയുള്ള നോട്ടവും ചില കുഞ്ഞു കുഞ്ഞു ക്രമസമാധാനത്തകർച്ചയും ഉണ്ടാകാറുണ്ടെങ്കിലും വീട്ടിലെ അന്തരീക്ഷം ശാന്തമായിരുന്നു. വല്ലപ്പോഴും രമേശ് വന്നാൽ തന്നെ അയാളുടെ അതിർത്തിക്കപ്പുറം നോക്കാറില്ല. എങ്കിലും തന്‍റെ കുഞ്ഞിന്‍റെ രക്ഷാധികാരിയായി ആ വീട്ടിലൊരു മുറിയിൽ അവളുടെ അച്‌ഛൻ ഉണ്ടെന്നത് തനിക്ക് വളരെ ആശ്വാസവും സുരക്ഷിതത്വവും നൽകിയിരുന്നു.

——————————————————————————————-

വർഷങ്ങൾ എത്ര പെട്ടെന്നാണ് ഓടിയകലുന്നത്. ഇപ്പോൾ നീലിമ തന്‍റേടവും താൻ പോരിമയുമുള്ള മുതിർന്ന പെൺകുട്ടിയായിരിക്കുന്നു. ഈയിടെയായി രമേശ് അവളെ ഫോണിൽ വിളിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ടത്രേ! താൻ എത്ര അകറ്റി നിർത്തിയാലും അച്‌ഛനും മകളും എന്ന രക്ത ബന്ധം… അതിന്‍റെ പ്രതിപ്രവർത്തനം സംഭവിക്കാതിരിക്കില്ല.

രമേശാണ് കുടുംബം ഉപേക്ഷിച്ചു പോയത്. മകൾക്കു വേണ്ടി മാത്രമാണ് ഇത്രയും കാലം ബന്ധം വേർപ്പെടുത്താതെ താൻ ജീവിച്ചത്. അവൾക്ക് അച്‌ഛനെ തള്ളാനും കൊള്ളാനും സ്നേഹിക്കാനും വെറുക്കാനും പൂർണ്ണ സ്വാതന്ത്യ്രമുണ്ട്.

താൻ വാശി കാണിച്ചാൽ അതേറെ തളർത്തുക നീലിമയെയാണ്. അവളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒരമ്മയുടെ സന്തോഷവും നിരവൃതിയും അറിയാൻ തനിക്കായിട്ടുണ്ട്. രമേശിന് അവയൊക്കെ ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത നഷ്ടങ്ങളായിത്തന്നെ നില കൊള്ളും. പകരം വെക്കാനില്ലാത്ത കഴിഞ്ഞ കാലങ്ങൾ പറഞ്ഞ് മാപ്പു ചോദിക്കുമായിരിക്കും. തിരിച്ചു പിടിക്കാനാവാത്ത എത്ര എത്ര മുഹൂർത്തങ്ങൾ. അവയൊക്കെ നഷ്ടം തന്നെയല്ലേ…

——————————————————————————————-

ഇപ്പോൾ വർഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു. രമേശിന്‍റെ അച്‌ഛൻ മരിച്ചപ്പോഴാണ് താൻ ശരിക്കും അനാഥയായത്. ഒട്ടിച്ചു വച്ചിട്ടും വേരുപിടിക്കാത്ത കമ്പ് പോലെ രമേശിന്‍റെ വീട്ടിൽ താനും മോളും അന്യരായിത്തന്നെ നിലകൊണ്ടു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തന്‍റെ തീരുമാനങ്ങൾ ശരിയായിരുന്നു എന്ന് ബോധ്യമാവുന്നുണ്ട്. തന്‍റെ മകൾ പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കാനായല്ലോ. ഇനി അവളുടെ ജീവിതം… അതവൾക്കു തെരഞ്ഞെടുക്കാം. അച്‌ഛനമ്മമാരുടെ ആഗ്രഹ പൂർത്തീകരണത്തിനുള്ളതല്ല മക്കളുടെ ജീവിതം. അവർക്കും ഇഷ്‌ടാനാഷ്ടങ്ങളുണ്ടാവാം. ശരിതെറ്റുകൾ തിരിച്ചറിയാനുള്ള കഴിവും ബുദ്ധിയും അവർക്കുമുണ്ട്.

തീരെ പ്രതീക്ഷിക്കാതെയാണ് ഒരുനാൾ രമേശിന്‍റെ ഫോൺ വന്നത്. വർഷങ്ങൾക്കു മുമ്പ് നേരിട്ടും ഫോണിലൂടെയും കേട്ടു പരിചയിച്ച ക്രൂരത നിറഞ്ഞ ശബ്ദമല്ല… മറിച്ച് കുറ്റബോധമോ… ലജ്ജയോ… ആത്മവിശ്വാസമില്ലായ്കയോ… വേർതിരിച്ചെടുക്കാൻ കഴിഞ്ഞില്ല… ചിതറിത്തെറിച്ച വാക്കുകൾ മനസ്സിലെ വിടെയൊക്കെയോ ഉടക്കി.

“കഴിഞ്ഞതെല്ലാം മറന്നു കൂടേ…” വർഷങ്ങൾക്കു മുമ്പ് ഈ ഒരു ചോദ്യത്തിനു വേണ്ടി എത്ര ആഗ്രഹിച്ചതാണ്… കാത്തിരുന്നതാണ്. ഇപ്പോൾ തന്‍റെ മനസ്സ് നിർവ്വികാരമാണ്. ശക്തനല്ലാത്ത എതിരാളിയോട് യുദ്ധം ചെയ്‌ത് വിജയം നേടിയിട്ടെന്തു കാര്യം?

എന്താണ് പറയേണ്ടതെന്നറിയാതെ രണ്ടു അപരിചിതരെ പോലെ ഫോൺ കൈയ്യിൽ പിടിച്ച്… തമ്മിൽ തല്ലുന്ന ഹൃദയമിടുപ്പോടെ നിശബ്ദമായി നിൽക്കാനെ കഴിഞ്ഞുള്ളൂ. തൊട്ടടുത്ത് മകൾ വീർപ്പടക്കി നിൽക്കുന്നുണ്ട്.

തന്‍റെ മുഖഭാവവും മൗനവും പെയ്തൊഴിയുന്ന കണ്ണീരും കണ്ടാവാം അവൾക്കെന്തൊക്കെയോ മനസ്സിലായിട്ടുണ്ട്. മാത്രവുമല്ല ഇപ്പോൾ അവൾ അച്‌ഛനുമായി ഇടയ്ക്ക് ഫോണിൽ സംസാരിക്കാറുണ്ടെന്ന് തനിക്കറിയാവുന്നതാണ്. അതുവഴി രക്‌തം രക്‌തത്തെ തിരിച്ചറിഞ്ഞിട്ടെന്ന വണ്ണം സ്നേഹത്തിന്‍റെ സ്നിഗ്ദ്ധത ഉടലെടുത്തിട്ടുണ്ടാകാം. ശരിക്കും തെറ്റിനുമിടക്കുള്ള രണ്ടിലേക്കും ചായുന്ന ഒരു മുക്കൂട്ടുകവലയിലൂടെ സഞ്ചരിക്കുകയാണ് ഇപ്പോൾ തന്‍റെ മനസ്സ്. വേണോ വേണ്ടയോ എന്ന തീരുമാനം തന്‍റെതു മാത്രം…

മകൾ ശ്വാസമടക്കി തൊട്ടടുത്തു നിൽക്കുന്നു. ഏറെ പ്രതീക്ഷ നിറഞ്ഞ അവളുടെ മനസ്സ് തനിക്ക് വായിച്ചെടുക്കാം. ഒരു സ്ത്രീ തകർന്നു പോകുന്നതും കരുത്താർജ്ജിക്കുന്നതും അവൾ കഠിനമായി പരീക്ഷണങ്ങളിലൂടെ കടന്നു പോകുമ്പോഴാണ്. രണ്ടുതരത്തിൽ അത്തരം ചുറ്റുപാടുകളോടു പ്രതികരിക്കാം.

കരഞ്ഞും സ്വയം വിധിയെ പഴിച്ചും കാലം കഴിക്കുക. അല്ലെങ്കിൽ ചുടലയിൽ നിന്നുയർന്നു എണീറ്റ് വന്നാലെന്ന വണ്ണം കരുത്താർജ്ജിച്ച് പ്രതികൂല സാഹചര്യങ്ങളെ തനിക്ക് അനുകൂലമാക്കി എടുത്ത് മുന്നേറുക. രണ്ടാമത്തേതാണ് താനിഷ്ടപ്പെടുന്നത്. ഏതു പ്രതികൂലാവസ്‌ഥയിലും ഒരു വൻസാധ്യത ഒളിഞ്ഞിരിപ്പുണ്ടാവും. അതു കണ്ടെത്തി മുന്നേറുക.

ചിന്തയിലാണ്ടിരിക്കുന്ന തന്‍റെ അടുത്ത് മകൾ വന്നിരുന്നു. കഴുത്തിലൂടെ കൈയിട്ട് തന്നെ ചേർത്തു പിടിച്ചു. അവളുടെ കൈകൾ കരുത്താർജ്ജിച്ചിരിക്കുന്നു.

“അമ്മയുടെ ഇഷ്‌ടം പോലെ തീരുമാനമെടുക്കാം… കഴിഞ്ഞ കുറേയേറെ വർഷങ്ങൾ കണ്ണീർ വറ്റിയ കരുത്തയായ സ്ത്രീയായി അമ്മ എന്നെ സംരക്ഷിച്ചു. ഒരിക്കൽ പോലും അച്‌ഛനെ കുറിച്ച് അമ്മ മോശമായി ഒന്നും എന്നോടു പറഞ്ഞിട്ടില്ല…” മനസ്സിലുള്ളത് എങ്ങനെ പറഞ്ഞു ഫലിപ്പിക്കണമെന്നറിയാതെ അവൾ പരുങ്ങുകയാണ്.

പ്രായപൂർത്തിയായ പെൺകുട്ടിയാണ് നീലിമ. അവളുടെ അഭിപ്രായങ്ങൾ പറയാനുള്ള വിവരവും സ്വാതന്ത്യ്രവും അവൾക്കുണ്ട്. ആകാംക്ഷയോടെ അവളുടെ മുഖത്തേക്കു നോക്കിയിരുന്നു. എന്താണ് പറഞ്ഞുവരുന്നത് എന്നു കേൾക്കാനുള്ള വ്യഗ്രതയോടെ.

“അമ്മ അച്‌ഛനോടൊപ്പം പോകാൻ തയ്യാറാകണം. തന്‍റെ മുഖത്തേക്കു തന്നെ നോക്കി അവൾ തുടർന്നു. തിരിച്ചു പിടിക്കാനാവാത്ത എന്‍റെ ബാല്യകൗമാര ചിന്തകളിൽ അച്‌ഛനമ്മമാരോടൊപ്പം കഴിഞ്ഞ നല്ല ഓർമ്മകളില്ല. എങ്കിലും…” എന്തുപറയണമെന്നറിയാതെ അവൾ നിശബ്ദയായി.

“അച്‌ഛനമ്മമാരോടൊത്തുള്ള ജീവിതത്തിന്‍റെ സുരക്ഷിതത്വം… സന്തോഷം… എല്ലാം എനിക്കന്യമായിരുന്നില്ലേ… ഇനിയെങ്കിലും….” അവളുടെ ശബ്ദം ഇടറി…

“ഇനിയെങ്കിലും ഒന്നിച്ചു കഴിഞ്ഞു കൂടെ?” പറഞ്ഞു തുടങ്ങിയത് അവസാനിപ്പിക്കണമല്ലോ എന്ന മട്ടിൽ അവൾ ധൃതിപ്പെട്ട് പറഞ്ഞു നിർത്തി.

“തീരുമാനമെടുക്കേണ്ടത് അമ്മയാണ്…” പുറത്തേക്കു നടക്കവേ ഒരു നിമിഷം തിരിഞ്ഞു നിന്ന് അവൾ തുടർന്നു. “ഒരു നിശ്ബദ ചിത്രം കണക്കെ ഇതുവരെ എത്തിച്ച ജീവിതത്തിന്‍റെ ബാക്കിയും അമ്മക്കു തന്നെ എഴുതാ…” അവൾ പുറത്തേക്കു പോകുമ്പോൾ നോക്കി നിന്നു. എന്തൊരു ചടുലമായ നീക്കങ്ങൾ… സംശയമോ പേടിയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തമായ തീരുമാനങ്ങൾ!! അവൾ തന്നേക്കാൾ വളർന്നിരിക്കുന്നു.

“ജീവിതത്തിൽ ഒരു പ്രതിസന്ധി വരുമ്പോൾ കുടുംബം ഉപേക്ഷിക്കുകയല്ല വേണ്ടത്…” അതിനെ നേരിട്ട് മുന്നേറുകയാണ് വേണ്ടത്…” നീലിമയുടെ സ്വരത്തിന് വല്ലാത്ത ദൃഢത…

താനും അതു തന്നെയല്ലേ ചെയ്തത്…? തന്‍റെ വഴി ശരി മാത്രമായിരുന്നു എന്ന ധാരണയെയാണ് മകൾ വർഷങ്ങൾക്കു ശേഷം ചോദ്യം ചെയ്തിരിക്കുന്നത്.

നീലിമ വളർന്നിരിക്കുന്നു. അച്‌ഛനമ്മമാരെ ചോദ്യം ചെയ്യാനുള്ള പക്വത ആർജ്ജിച്ചിരിക്കുന്നു. തിരുത്തി വരയ്ക്കാൻ പറ്റാത്ത ചിത്രമാണ് ജീവിതം. എത്ര കഴുകിക്കളഞ്ഞാലും പോകാത്ത കറ പോലെ പഴയകാല ഓർമ്മകൾ വ്യക്തതയോടെ മനസ്സിൽ തെളിഞ്ഞു വരുന്നു. ഇന്നലെ കഴിഞ്ഞ പോലെ…

ഇന്നലെയുടെ ഏടുകൾ തീർത്തും നശിപ്പിച്ചേ പറ്റൂ. ഇന്നിന്‍റെ പുതുജീവൻ ഉൾക്കൊള്ളാൻ തെറ്റുകൾക്കെല്ലാം കണ്ണീരിന്‍റെ നനവും ചോരയുടെ ഗന്ധവുമുണ്ടെന്ന് ആരാണ് പറഞ്ഞത്…!!

പെട്ടെന്ന് ചിന്തകളിൽ നിന്നും മായ ഞെട്ടി ഉണർന്നു. മനസ്സിന് വല്ലാത്തൊരു ലാഘവത്വം അനുഭവപ്പെടുന്നുണ്ട്. പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ എന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുക്കാൻ കഴിയാത്ത ഒരവസ്ഥ… മനസ്സ് വെള്ളക്കടലാസ് പോലെ ശൂന്യം. ഇവിടെ നിന്ന് എല്ലാം ആദ്യം തുടങ്ങാം… തുടങ്ങണം.

മായ ഫോണിനടുത്തേുക്കു നടന്നു. അപ്പോൾ കിഴക്ക് പുലരി പൊട്ടി വിടരുന്നതേ ഉണ്ടായിരുന്നുള്ളൂ… പ്രഭാതം ഏറ്റവും സുന്ദരമായി പിറന്നത് ഇന്നാണെന്ന് മായയ്ക്ക് തോന്നി.

ഗർഭിണിയാണോ? എങ്കിൽ ശ്രദ്ധിക്കൂ

ഉദ്യോഗസ്ഥകളെ സംബന്ധിച്ച് ഗർഭകാലം ഏറെ ടെൻഷൻ പിടിച്ച സമയമായിരിക്കും. ജോലി ചെയ്യുന്നതിനൊപ്പം ഗർഭസ്‌ഥ ശിശുവിന്‍റെ ആരോഗ്യവും ശ്രദ്ധിക്കണമല്ലോ. അതിനുള്ള 5 ഹെൽത്തി ടിപ്സ് വായിച്ചറിയാം.

ഒരു ദിവസത്തിന് ഇങ്ങനെ തുടക്കം കുറിക്കുക

രാവിലെ എഴുന്നേറ്റാലുടൻ ജനാലകളും വാതിലുകളും തുറന്നിടുക. പ്രഭാതത്തിലെ ശുദ്ധമായ കുളിർക്കാറ്റ് നിങ്ങളുടെ ശരീരത്തേയും മനസ്സിനേയും ഫ്രഷാക്കും. രാത്രി മുഴുവനുമുള്ള മുറിക്കുള്ളിലെ വായു പുറന്തള്ളപ്പെടുകയും ചെയ്യും. രാവിലെ എഴുന്നേറ്റാലുടൻ ചായ കുടിക്കുന്ന ശീലമുള്ളവരായിരിക്കും മിക്കവരും. ചായയ്ക്ക് പകരമായി ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കുക.

ആന്‍റി ഓക്സിഡന്‍റ് സമ്പന്നമായ ഗ്രീൻ ടീ നിങ്ങൾക്ക് ഊർജ്ജം പകരും. പാൽ ചേർത്ത ചായ കുടിക്കുന്നത് ഹാനികരമാണ്. മോണിംഗ് വാക്കിന് പുറത്ത് പോകാൻ കഴിയാത്തവരാണെങ്കിൽ വീട്ടിൽ തന്നെ 5-10 മിനിറ്റ് നടക്കുക. എത്ര വൈകിയുണർന്നാലും വ്യായാമം മുടക്കരുത്. സമയമില്ലെങ്കിൽ 10 മിനിറ്റ് നേരമെങ്കിലും വ്യായാമം ചെയ്യുക. അതുകൊണ്ട് പ്രയോജനങ്ങൾ മാത്രമേയുണ്ടാകൂ. വ്യായാമം ചെയ്യുന്നതിലൂടെ തളർച്ച കുറയും, ഒപ്പം രക്‌ത സഞ്ചാരം ശരിയായ രീതിയിലുമാകും.

ഹെൽത്തി ഡയറ്റ് എപ്പോൾ, എവിടെ?

ഗർഭകാലത്ത് ഡയറ്റ് ബാലൻസ്ഡും ഹെൽത്തിയുമായിരിക്കണം. ഉദ്യോഗസ്‌ഥകൾ ഗർഭകാലത്ത് വീട്ടിലെയും ഓഫീസിലെയും ജോലിത്തിരക്കുകൾ കാരണം ശരിയായവണ്ണം കഴിച്ചെന്ന് വരില്ല. ജോലി സമയത്ത് എങ്ങനെ കഴിക്കുമെന്നാവും അവർ പരാതി പറയുക. ഈ ചിന്ത തൽക്കാലം മാറ്റി വയ്‌ക്കുക. നിങ്ങൾ ഗർഭിണിയാണെന്നും അമ്മയ്ക്കും ഗർഭസ്‌ഥ ശിശുവിനും പോഷണം ആവശ്യമാണെന്നതും എല്ലാവർക്കും അറിയാവുന്ന കാര്യമായിരിക്കുമല്ലോ. അതുകൊണ്ട് ടെൻഷൻ ഫ്രീയായി കഴിക്കുക. ലഞ്ച് കൂടാതെ ഇടനേരങ്ങൾക്കായുള്ള സ്നാക്സും കയ്യിൽ കരുതുക. ആപ്പിൾ, വാഴപ്പഴം, മറ്റ് പഴങ്ങൾ, മിക്‌സഡ് സാലഡ്, ഡ്രൈഫ്രൂട്ട്സ്, ഹൽവ തുടങ്ങിയവ വെവ്വേറെ കരുതാം. ജോലിക്കിടയിൽ അൽപാൽപമായി കഴിക്കുക. ചെറിയ ഇടവേളകളിലായി എന്തെങ്കിലും ഹെൽത്തി ഡയറ്റ് കഴിക്കാൻ ശ്രദ്ധിക്കുക.

ഇഷ്ടം പോലെ വെള്ളം കുടിക്കുക

ഓഫീസിലാണെങ്കിലും ഗർഭിണികൾ ഇഷ്‌ടം പോലെ വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നതിൽ യാതൊരു പിശുക്കും വേണ്ട. ഇതിന് പുറമെ ധാരാളം ജ്യൂസ്, സൂപ്പ്, ഷേക്ക്, ഗ്രീൻ ടീ എന്നിവ കുടിക്കാം. ഓഫീസിൽ ഗ്രീൻ ടീ തയ്യാറാക്കാനുള്ള സൗകര്യമില്ലെങ്കിലും വീട്ടിൽ നിന്നും ഗ്രീൻ ടീ പൗച്ചും ഫ്ളാസ്കിൽ ചൂട് വെള്ളവും കൊണ്ടു വന്ന് ആവശ്യമുള്ളപ്പോൾ ഗ്രീൻ ടീ തയ്യാറാക്കി കുടിക്കാം.

രാത്രിയിൽ നിർബന്ധമായും ഒരു ഗ്ലാസ് പാൽ കുടിക്കണം. പാൽ ഇഷ്ടമല്ലെങ്കിൽ പനീർ ഡയറ്റിൽ ഉൾപ്പെടുത്താം. കുറഞ്ഞത് ഒരു തവണയെങ്കിലും സൂപ്പ് കഴിക്കുക. ഒന്നിനും നേരമില്ലെന്ന ധാരണ പൊതുവെ ഉദ്യോഗസ്‌ഥകളായ സ്ത്രീകൾക്കുണ്ട്. ഈ ധാരണ തിരുത്തുക.

ഓരോ ജോലിയും മാനേജ് ചെയ്യാൻ ശീലിക്കുക. സൂപ്പ് തയ്യാറാക്കാൻ സമയമില്ലെങ്കിൽ വീട്ടിൽ മറ്റംഗങ്ങൾ ആരെങ്കിലുമുണ്ടെങ്കിൽ സൂപ്പ് തയ്യാറാക്കാൻ അവരോട് ആവശ്യപ്പെടാം. അൽപം കൂടുതൽ സൂപ്പ് തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. ഇത് 2-3 ദിവസം ഉപയോഗിക്കാം. സ്വയം തയ്യാറാക്കാനാണ് ഇഷ്ടമെങ്കിൽ മറ്റ് ചില ജോലികൾ ഒഴിവാക്കി സൂപ്പ് തയ്യാറാക്കുക. സാഹചര്യമനുസരിച്ച് മാനേജ് ചെയ്യാൻ ശീലിക്കുക.

വിശ്രമവേളകൾ കണ്ടുപിടിക്കുക

ആവശ്യത്തിലധികമുള്ള ഓട്ടപ്പാച്ചിലുകൾ തളർച്ചയുണ്ടാക്കും. നിങ്ങളുടെ ആരോഗ്യത്തെയത് പ്രതികൂലമായി ബാധിക്കും. ഓഫീസിൽ ഒരെയിരുപ്പ് ഇരിക്കുക, കമ്പ്യൂട്ടറിൽ തുടർച്ചയായി ജോലി ചെയ്യുക എന്നിവ ഗർഭകാലത്ത് ഉചിതമല്ല. ഇതിന് പുറമെ യാത്ര ബുദ്ധിമുട്ടുകളും. ഓഫീസിലേക്ക് വരുന്ന വേളയിലും വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലും ട്രാഫിക്ക് ബ്ലോക്കിൽ പെടുക, പൊടി, പുക, തിരക്കുകൾ എന്നിവ ഗർഭസ്‌ഥ ശിശുവിന്‍റെ ആരോഗ്യത്തിന് ദോഷകരമാണ്. ഇത്തരം സാഹചര്യങ്ങൾ ഗർഭകാലത്ത് ബ്ലീഡിംഗ് ഉണ്ടാകാനും അകാല പ്രസവം ഉണ്ടാകാനും ഇടയാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ജോലിയുടെ കൂടുതൽ ഉത്തരവാദിത്തം സ്വന്തം തലയിലേറ്റരുത്. മൂന്നാമത്തെയും നാലാമത്തെയും മാസത്തെയും വീക്കെൻഡിലെ അവധിക്ക് പുറമെ ഇടയിലൊരു ദിവസം അവധിയെടുക്കാം. ഏഴാം മാസം ഒരു ദിവസം കൂടുതൽ അവധിയെടുക്കാം.

ഉദ്യോഗസ്‌ഥകളായ സ്ത്രീകളിൽ അടിക്കടി ഗർഭഛിദ്രം ഉണ്ടാകാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന് പിന്നിലുള്ള പ്രധാന കാരണം വിശ്രമമില്ലാത്ത ജോലിയാണ്. ഗർഭകാലത്ത് ഗർഭസ്ഥ ശിശുവിന് മേലുള്ള ഉത്തരവാദിത്തം പൂർണ്ണമായും നിർവഹിക്കുക. ആരോഗ്യമുള്ള ശരീരവും മനസ്സിനുമൊപ്പം ഗർഭസ്‌ഥ ശിശുവിനെ പുറത്തെ ആരോഗ്യമുള്ള ഇടത്തേക്ക് കൊണ്ടു വരാനുള്ള ഉത്തരവാദിത്തം അമ്മയ്ക്കാണ്. അതിനുള്ള കാര്യങ്ങൾ കൃത്യതയോടെ ചെയ്യാം.

സുഖനിദ്ര ആവശ്യം

സുഖകരമായ ഗാഢനിദ്ര എല്ലാവർക്കും ആവശ്യമാണ്. ഗർഭിണികൾക്ക് പ്രത്യേകിച്ചും. എത്രയൊക്കെ ജോലിയുണ്ടായാലും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറക്കമാവശ്യമാണ്. ഓഫീസ് ജോലി വീട്ടിലേക്ക് കൊണ്ടു വരരുത്, ഉറങ്ങാൻ കൃത്യമായ സമയം നിശ്ചയിക്കുക. ഏകദേശം 10 മണിയോടു കൂടി ഉറങ്ങുക. ഇത് കർശനമായും പാലിച്ചിരിക്കണം. അതിന്‍റെ പേരിൽ എന്തെങ്കിലും ജോലി പാതിവഴിക്ക് ഇട്ടാലും കുഴപ്പമില്ല. പിറ്റേദിവസം ആ ജോലി മുഴുമിക്കാം. എന്നാൽ പാതിയായ ഉറക്കം പിറ്റേന്ന് ഉറങ്ങാനാവില്ലല്ലോ. കാരണം രാവിലെ എഴുന്നേറ്റ് വീണ്ടും അടുത്ത റൂട്ടീൻ തുടങ്ങേണ്ടതല്ലേ. അതിനാൽ ഇക്കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ല.

ഇക്കാര്യങ്ങൾക്കൊപ്പം പരമ പ്രധാനമായ മറ്റൊന്നു കൂടിയുണ്ട്. സന്തോഷത്തോടെയിരിക്കുകയെന്നത്. ഇതിന്‍റെ ഫലം ഗർഭസ്‌ഥ ശിശുവിൽ കാണാൻ കഴിയും.

വില്‍ യു മാരി മീ… ഭാഗം 2

സുജാത മടിയൊന്നുമില്ലാതെ അകത്തേക്കു കടന്നു. ജയപാൽ എന്തോ പറയാൻ ശ്രമിക്കുന്നു ണ്ടായിരുന്നു. പക്ഷേ അയാൾ അദ്ഭുതസ്തബ്ധനായി തന്നെ നിൽക്കുകയാണ്. സുജാത തന്‍റെ വീട് കണ്ടുപിടിച്ച് വരുമെന്ന് അയാൾ ഒട്ടും പ്രതീക്ഷിച്ചില്ല. അയാളുടെ വൈക്ലബ്യത്തിന്‍റെ കാരണം ഉടനെ തന്നെ സുജാതയ്ക്കു മുന്നിൽ അഖിലിന്‍റെ രൂപത്തിൽ പ്രത്യക്ഷമായി. ജയപാലിന്‍റെ മകനാണ് അഖിൽ. അയാൾ അകത്തു നിന്ന് പുഞ്ചിരിയോടെ ലിവിംഗ് റൂമിലേക്കു വന്നു സുജാതയെ അഭിവാദ്യം ചെയ്‌തു.

“ഗുഡ് ഈവനിംഗ് ആന്‍റി.”

“ഗുഡ് ഈവനിംഗ്” സുജാത അതിശയത്തോടെ അഖിലിനെയും ജയപാലിനെയും നോക്കി. എന്നോടെന്താണ് അപ്പു വന്നിട്ട് പറയാത്തേ എന്ന മുഖഭാവം അവളുടെ മുഖത്തുണ്ടായിരുന്നു. അതറിഞ്ഞിട്ടെന്ന പോലെ ജയപാൽ പറഞ്ഞു. “അപ്പു ഇന്നു രാവിലെ എത്തി.”

“ആന്‍റി ഞാൻ ഇന്നലെ വീട്ടിലെത്തി, അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. ഇന്ന് രാവിലെ ഞാൻ ഇവിടെയും.” അപ്പു എന്ന അഖിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

ജയപാലിന്‍റെ അതേ പെരുമാറ്റ രീതികൾ. ശരിക്കും അച്‌ഛന്‍റെ മകൻ തന്നെ. സുജാത മനസ്സിലോർത്തു. കൗതുകത്തോടെ അഖിലിനെ നോക്കി.

ജയപാൽ അകത്തേക്കു പോയ സന്ദർഭത്തിൽ അഖിൽ സുജാതയെ നോക്കി ഹൃദ്യമായി ചിരിച്ചു.

“ആന്‍റി, അച്‌ഛൻ എന്നോട് നിങ്ങളെ കുറിച്ച് പറഞ്ഞിരുന്നു.” സുജാത ഒട്ടൊരു ഞെട്ടലോടെ അഖിലിന്‍റെ കണ്ണുകളിലേക്ക് നോക്കി. ജയപാലും ഭാര്യയും ഡിവോഴ്സ് ചെയ്‌തിട്ട് വർഷങ്ങളായി. മകൻ അമ്മയുടെ കൂടെയാണ്. നിയമപരമായ നടപടിയാണല്ലോ. എന്നാൽ 18 വയസ്സിനു ശേഷം അവൻ രണ്ടുപേർക്കുമൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കാറുണ്ട് എന്ന് ജയപാൽ പറഞ്ഞ് സുജാതയ്ക്കറിയാം.

“ഒരു സമ്പന്നനായ അച്‌ഛന്‍റെ ഒറ്റപുത്രി എന്ന പദവി എന്‍റെ അമ്മയ്ക്ക് വളരെ ദോഷം ചെയ്‌തു. ഈഗോയുടെ പ്രതിരൂപമായി അമ്മ ജീവിക്കുന്നതു കാണുമ്പോൾ ഏറ്റവും വേദനിക്കുന്നത് ഞാനാണ്. അമ്മയുടെ ഈഗോയുടെ ഇരയാണ് അച്‌ഛൻ. അവർക്ക് വേദനിക്കാതിരിക്കാനാണ് അച്‌ഛൻ തന്‍റെ വ്യക്‌തിത്വം പോലും അടിയറവുവച്ചത്. അമ്മയുടെ സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റമില്ല.” അഖിൽ ദുഃഖത്തോടെ പറയാൻ തുടങ്ങി.

ആദ്യമായി കാണുന്ന ഒരാളോട് ചിരപരിചിതമെന്നോണമുള്ള അഖിലിന്‍റെ സംസാരം, സുജാതയെ അമ്പരപ്പെടുത്തി. എന്നാൽ ആ അമ്പരപ്പ് സന്തോഷത്തിലേക്ക് വഴി മാറാൻ ഒട്ടും സമയം വേണ്ടി വന്നില്ല.

“അച്ഛൻ ആരോടും അത്ര വേഗം അടുക്കുന്ന ആൾ അല്ല. പക്ഷേ ആന്‍റിയെ കണ്ടതും പരിചയപ്പെട്ടതും ഗോവ യാത്രയ്ക്കു പ്ലാൻ ചെയ്യുന്നതിനെക്കുറിച്ചും അച്‌ഛൻ എന്നോടു പറഞ്ഞു. ഇവിടത്തെ കാര്യമൊക്കെ ഞാൻ നോക്കിക്കൊള്ളാം. അച്‌ഛനെ എങ്ങനെയും യാത്രയ്ക്കു കൂടെ കൂട്ടൂ. ആ മനസ്സ് സന്തോഷം എന്തെന്ന് അനുഭവിച്ചിട്ടേയില്ല എന്ന് എനിക്കറിയാം.”

അഖിൽ ആവേശത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ കണ്ണിൽ കണ്ട നനവ് ഹൃദയത്തിൽ നിന്നൂറിയതാണെന്ന് സുജാത അറിഞ്ഞു.

“അപ്പു, അക്കാര്യം ഞാനേറ്റു.”

സുജാത തന്‍റെ പതിവു ശൈലിയിൽ ചിരിച്ചു.

ആ ചിരിക്കിടയിലും സുജാതയുടെ കണ്ണിനു മുന്നിൽ ജയപാലിന്‍റെ കണ്ണുകളിലെ വിഷാദഭാവം തെളിഞ്ഞു വന്നു. എന്താണ് അതിന്‍റെ കാരണം എന്ന് അവർ തിരിച്ചറിഞ്ഞു. എത്ര സ്നേഹം കൊടുത്തിട്ടും അവജ്ഞ മാത്രം തിരികെ ലഭിച്ചു കൊണ്ടിരിക്കുന്ന ഒരാൾ. ഇതുപോലൊരു സ്നേഹനിധിയായ വ്യക്‌തിയോട് ഇങ്ങനെയൊക്കെ പെരുമാറാൻ അവർക്കെങ്ങനെ കഴിഞ്ഞു? ഇതിനിടെ ജയപാൽ ആവി പറക്കുന്ന ചായയും സുജാതയ്ക്കിഷ്ടപ്പെട്ട പഴം പൊരിയുമായെത്തി. അവൾ സന്തോഷപൂർവ്വം അത് വാങ്ങി.

“നാളെ രാവിലെ 11 മണിക്ക് നമുക്ക് മാളിൽ പോകാം. കുറച്ച് ഡ്രസ് വാങ്ങണം.” ചായ ഊതി കുടിച്ച് സുജാത പറഞ്ഞു.

“ആർക്കാണ് ഡ്രസ്. എനിക്ക് ആവശ്യത്തിന് ഇവിടെയുണ്ട്.” ജയപാൽ അമ്പരപ്പോടെ നോക്കി.

“അതൊക്കെ അവിടെയിരിക്കട്ടെ, നമുക്ക് ചില ഡ്രസുകൾ വാങ്ങണം. ഒരു മേക്കോവർ നടത്തണം.”

സുജാത, കുസൃതിച്ചിരിയോടെ അഖിലിനെ നോക്കി.

“ശരിയാ…അത് വേണം” അഖിലും സുജാതയെ പിന്താങ്ങി.

“ബെല്ലയെക്കുറിച്ചും ചിന്ത വേണ്ട. അവളുടെ കാര്യം ഞാനേറ്റു.”

ജയപാൽ അക്കാര്യം പറയും മുന്നേ അഖിൽ അതിലും ഒരു പരിഹാരം കണ്ടെത്തി.

അത്രയും പറഞ്ഞിട്ട് വിജയഭാവത്തിൽ അഖിൽ ജയപാലിനെ ഇടം കണ്ണിട്ട് നോക്കി.

പിറ്റേന്ന് രാവിലെ തന്നെ രണ്ടുപേരും ഷോപ്പിംഗിനായി നഗരത്തിലേക്കിറങ്ങി. സുജാത, രണ്ടുപേർക്കും യാത്രയ്ക്കായുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുത്തു. കൂട്ടത്തിൽ ജയപാലിന് ചേരുന്ന ജീൻസും കുർത്തിയും എല്ലാം എടുക്കാനും അവൾ മറന്നില്ല. ഡ്രസ് എടുത്തു കഴിഞ്ഞപ്പോഴെക്കും രണ്ടുപേർക്കും നല്ല വിശപ്പു തോന്നി. റസ്റ്ററന്‍റിൽ കയറി വയറു നിറയെ കഴിച്ച് പുറത്തേക്കിറങ്ങി.

വീട്ടിലേക്ക് ബസിനു പോയാലോ എന്ന് സുജാതയ്ക്ക് ഒരു തോന്നൽ. പലപ്പോഴും കാർ വിളിച്ചാണ് പോകുന്നത്. ഇങ്ങനെ ഒരു അവസരത്തിൽ ബസിൽ പോകുന്നതിനെ കുറിച്ചോർത്തപ്പോൾ അവൾക്ക് ഒരു രസം തോന്നി. ബസ് സ്റ്റോപ്പിൽ ധാരാളം സ്ക്കൂൾ കുട്ടികൾ ഉണ്ടായിരുന്നു. ആദ്യത്തെ ബസ് നിറയെ കുട്ടികളുമായി കടന്നു പോയി. തൊട്ടുപിന്നാലെ വന്ന ബസിൽ അത്ര തിരക്കില്ലായിരുന്നു.

അവർ രണ്ടുപേരും ആ ബസിൽ കയറി. സുജാതയുടെ കയ്യിലെ കൂടുകളും മറ്റും കണ്ടിട്ട് ഒരു യുവാവ് അവൾക്ക് തന്‍റെ സീറ്റ് ഒഴിഞ്ഞു കൊടുത്തു.

“താങ്ക് യു” അവൾ ആ സീറ്റിൽ ഇരുന്നു. ജയപാൽ അവൾക്കടുത്തു തന്നെ സീറ്റിൽ പിടിച്ചു നിന്നു. അടുത്ത സ്റ്റോപ്പിൽ നിന്ന് നിറയെ ആളുകൾ കയറി. ജയപാൽ സീറ്റിൽ ചാരി നിന്നതിനാൽ സുജാതയ്ക്ക് കൂടുതൽ തിക്കും തിരക്കും അനുഭവിക്കേണ്ടി വന്നില്ല. അയാൾ അങ്ങനെ നിൽക്കവെ, തനിക്ക് വലിയൊരു സുരക്ഷിതത്വം അനുഭവപ്പെടുന്നത് അവൾ തിരിച്ചറിഞ്ഞു.

വൈകിട്ട് 6 മണിയോടെ രണ്ടുപേരും വീട്ടിലെത്തി. സുജാതയെ വീടു വരെ അനുഗമിച്ച ശേഷം ജയപാൽ സ്വന്തം വീട്ടിലേക്ക് മടങ്ങി. അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു നിന്നിരുന്നു.

അടുത്ത ശനിയാഴ്ച ഗോവ പോവുകയാണ്. അതിന്‍റെ തയ്യാറെടുപ്പുകൾ എല്ലാം സുജാത പൂർത്തിയാക്കി. ഇതിനിടയിലാണ് മകൾ വിളിച്ചത്. “ഹായ് അമ്മ എന്തുണ്ട് അവിടെ? എന്ന ചോദ്യം കേട്ടപ്പോൾ സുജാത ഒന്ന് ആലോചിച്ചു. ഗോവയ്ക്കു പോകുന്ന കാര്യം പറയണം, പക്ഷേ ജയപാൽ ഉണ്ടെന്നു പറയണോ?”

അടുത്ത നിമിഷം അവൾ വേണ്ടെന്നു വച്ചു. ഇപ്പോൾ ഒന്നും പറയണ്ട.

“എല്ലാം ശരിയാക്കുന്നു” അടുത്ത ശനിയാഴ്ച പോകും.”

“മീരാന്‍റി ഉണ്ടോ കൂടെ?”

“ഉണ്ട്”

ഒരുപാടു നേരം പല കാര്യങ്ങൾ സംസാരിച്ച ശേഷം അവൾ ഫോൺ വച്ചു. പക്ഷേ ജയപാലിനെക്കുറിച്ച് സുജാത മൗനം പാലിച്ചു.

ഗോവ യാത്രയ്ക്ക് 12 പേരാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. ഒരു മിനി ലക്ഷ്വറി വാനിലാണ് യാത്ര.

സുജാതയുടെ വീടിനു മുന്നിൽ 7 മണിക്ക് ബസ് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജയപാലും അവിടെ നിന്ന് കയറാനാണ് പ്ലാൻ.

കൃത്യം 7 മണിക്കു തന്നെ ജയപാൽ സുജാതയുടെ വീട്ടിലെത്തി. പുതിയ ഡ്രസിൽ അതീവ സുന്ദരനായിരിക്കുന്നു ജയപാൽ.

“അടിപൊളി! നല്ല ചേർച്ചയുണ്ട് ഈ ഡ്രസ്!” സുജാത അയാളെ ചിരിയോടെ കോംപ്ലിമെന്‍റ് ചെയ്‌തു. ഓഫ് വൈറ്റ് ടീഷർട്ടിലും ബ്ലൂ ജീൻസിലും അയാൾക്ക് പകുതി വയസ്സ് കുറഞ്ഞതു പോലെ!

“ഓൾ ക്രെഡിറ്റ് ഗോസ് റ്റു യു” ജയപാൽ പുഞ്ചിരിച്ചു.

ബസ് പത്തു മിനിറ്റിനകം സ്‌ഥലത്തെത്തി. സുജാത എല്ലാവരേയും ജയപാലിന് പരിചയപ്പെടുത്തി. കുറച്ച് സമയത്തിനകം സുജാതയുടെ സുഹൃത്തുക്കളുമായി ജയപാൽ നല്ല കമ്പനിയായി. യാത്രയിലുടനീളം അവർ രണ്ടുപേരും പരസ്പരം വളരെയേറെ കെയർ ചെയ്‌തു കൊണ്ടിരുന്നു. യഥാർത്ഥത്തിൽ സുജാത ആ യാത്രയിൽ പുതിയൊരു ജയപാലിനെയാണ് ദർശിച്ചത്.

ജയപാൽ വളരെ ശാന്ത നാണെന്നാണ് അതുവരെ സുജാത കരുതിയിരുന്നത്. എന്നാൽ ഒരുപാട് നർമ്മ ബോധമുള്ള ഊർജ്വസ്വലനായ മറ്റൊരു ജയപാൽ അയാളിൽ നിന്നു ഉണർന്നു വന്നു. സുജാത പതിവിലും സന്തോഷവതിയായി. അവളിലെ മാറ്റം മീരയും ശ്രദ്ധിച്ചു. രണ്ടുപേരുടെയും സന്തോഷം നിറഞ്ഞ ഇടപെടൽ ആ യാത്രയിലുട നീളം സഹയാത്രികർക്കും വലിയ ആവേശമാണ് നൽകിയത്.

ഒരു ആഴ്ചയോളം നീണ്ട വിനോദയാത്ര സുജാതയെ ഒരുപാട് ഉന്മേഷവതിയാക്കി. മാത്രമല്ല, ജയപാലുമായി ഗാഢമായ ആത്മബന്ധം ഉടലെടുക്കുകയും ചെയ്‌തു. യാത്ര കഴിഞ്ഞു വന്നശേഷം രണ്ടുപേരും ദിവസവും ഫോണിൽ സംസാരിക്കുന്നതും ശീലമായി.

വീട്ടിലെ ജോലികൾ ചെയ്യുന്ന സമയമൊഴികെ, ബാക്കി വേളകളിലൊക്കെ ഫോണിലൂടെയോ നേരിട്ടോ അവർ പരസ്പരം സംസാരിച്ചു കൊണ്ടേയിരുന്നു. രാജ് വേർപിരിഞ്ഞതിനുശേഷം ഇത്രയും സന്തോഷഭരിതമായ ദിനങ്ങൾ സുജാത അനുഭവിച്ചിട്ടേയില്ല. ദിവസങ്ങൾ ശരവേഗം കടന്നു പോവുകയായിരുന്നു. ഇതിനിടയിൽ ഒരു പുലരിയിൽ പതിവു നടത്തത്തിന് ജയപാൽ എത്തിച്ചേർന്നില്ല. സുജാത കുറച്ചു കാത്തുവെങ്കിലും ആളെ കണ്ടില്ല.

“എന്തെങ്കിലും തിരക്കിലായി കാണും, മോൻ വീട്ടിലുള്ളതല്ലേ.” സുജാത സ്വയം വിശ്വസിപ്പിക്കാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. എന്തായാലും ഒന്നു ഫോൺ ചെയ്യാമല്ലോ. അതും ഉണ്ടായില്ലല്ലോ. അവൾ തിരിച്ചു വീട്ടിലേക്ക് നടന്നു. ഫോൺ ചെയ്‌തു. പക്ഷേ ഫോൺ എടുക്കുന്നില്ല. അവൾ അന്നത്തെ നടത്തത്തിനു ശേഷം വീട്ടിലെത്തി അത്യാവശ്യ ജോലികളൊക്കെ ചെയ്‌ത ശേഷം ജയപാലിന്‍റെ വീട്ടിലേക്ക് നടന്നു. വീടിനു മുന്നിൽ എത്തിയപ്പോൾ അവിടെ അടിച്ചു വാരാൻ വരുന്ന സ്ത്രീ മുറ്റത്തു നിൽപ്പുണ്ട്.

“ജയപാൽ ഇല്ലേ?”

“ഉണ്ടല്ലോ, അകത്തുണ്ട്.”

“അസുഖം വല്ലതും? ഇന്നു പുറത്തേക്ക് കണ്ടില്ല.”

സുജാത അവരോട് അന്വേഷിച്ചു. “സാറിന് കുഴപ്പമൊന്നുമില്ല. ഇന്നലെ ഇവിടത്തെ നായ് ചത്തു പോയി.” അവർ ശബ്ദം താഴ്ത്തി പറഞ്ഞു.

“എന്താ പറഞ്ഞേ, എന്തു പറ്റി ബെല്ലയ്ക്ക്?”

സുജാത വിശ്വാസം വരാതെ എടുത്തു ചോദിച്ചു. ഇന്നലെയും താൻ അവളെ കണ്ടതാണല്ലോ.

“വൈകുന്നേരമായപ്പോ എവിടെന്നോ ഒരു പാമ്പ് ഇഴഞ്ഞു വന്നു. അതിനെ നായ് എടുത്തു കടിച്ചു കുടഞ്ഞു. പക്ഷേ പാമ്പിന്‍റെ കടിയേറ്റു. ആശുപത്രിയിൽ കൊണ്ടുപോയി, കാര്യമുണ്ടായില്ല.”

“ഓഹ്! ബെല്ല!”

സുജാത വീടിനകത്തേക്കു ഓടിച്ചെന്നു. ലിവിംഗ് റൂമിലെ സോഫയിൽ ദുഃഖിതനായി ജയപാൽ ഇരിക്കുന്നുണ്ടായിരുന്നു. സുജാതയെ കണ്ടപ്പോൾ കൊച്ചു കുഞ്ഞിനെപ്പോലെ ജയപാൽ വിതുമ്പി.

(തുടരും)

ഹാപ്പി ഹോം ഹാപ്പി മോം

അടുത്തിടെ മെട്രോ നഗരങ്ങളിലും മറ്റ് നഗരങ്ങളിലും താമസിക്കുന്ന 1,200 സ്ത്രീകൾക്കിടയിൽ മോസ് പ്രസ്സോ എന്ന കമ്പനി നടത്തിയ സർവ്വേയിൽ നിന്നും ചില കൗതുകകരമായ വസ്തുത പുറത്തു വരികയുണ്ടായി. 70 ശതമാനം അമ്മമാരും സ്വന്തം ജീവിതത്തിൽ സന്തുഷ്ടരല്ലെന്നാണ് സർവ്വേയിൽ വെളിപ്പെട്ട ഒരു സത്യം. വിവാഹ ജീവിതത്തിൽ അസംതൃപ്തരും അസന്തുഷ്ടരുമായ സ്ത്രീകൾ 59 ശതമാനം ആണെങ്കിൽ 73 ശതമാനം സ്ത്രീകൾ വിചാരിക്കുന്നത് തങ്ങൾക്ക് കുട്ടികളുടെ കാഴ്ചപ്പാടിൽ നല്ല അമ്മമാരാകാൻ കഴിയില്ലെന്നാണ്.

മാതൃത്വത്തിന്‍റെ യാത്ര എത്രമാത്രം കഠിനതരമാണെന്ന് ഓർക്കുക. 9 മാസം ഗർഭം ധരിച്ച്, ഗർഭകാലത്തെ മുഴുവൻ ആലസ്യങ്ങളും സന്തോഷത്തോടെ നേരിടുന്നത് സ്വന്തം കുഞ്ഞിനെ ലാളിക്കാനുള്ള ഒരമ്മയുടെ മനസ്സൊരുങ്ങുന്നതുകൊണ്ടല്ലേ? അപ്പോഴല്ലേ ഒരു സ്ത്രീ പരിപൂർണ്ണമായും അമ്മയാകുന്നത്.

അമ്മയായതിനു ശേഷം സ്ത്രീ കുഞ്ഞിനൊപ്പം രാത്രി മുഴുവനും ഉണർന്നിരിക്കുന്നു. തന്‍റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ പരാതിയും പരിഭവവുമില്ലാതെ വീട്ടുജോലികൾ ചെയ്‌തു കൊണ്ടിരിക്കുന്നു. ഭക്ഷണമൊന്നും കാര്യമായി കഴിക്കാതെ തുടർച്ചയായി ജോലി ചെയ്യുന്നു. കുഞ്ഞിന് മുലയൂട്ടുന്നു. സമയാസമയത്ത് കുഞ്ഞിന്‍റെ ഡയപ്പർ മാറ്റുന്നു. 24 മണിക്കൂറും ഉറക്കമൊഴിഞ്ഞ് കുഞ്ഞിന്‍റെ പരിചരണത്തിൽ അവൾ സ്വയം ലയിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഈ അമ്മയുടെ സന്തോഷത്തിന് വീട്ടുകാർ എത്രമാത്രം പ്രാധാന്യം നൽകാറുണ്ട്.

എന്തുകൊണ്ട് അമ്മമാർ നിരാശരാകുന്നു?

ഇന്ന് കുടുംബ സംവിധാനത്തിൽ മാറ്റമുണ്ടായി അണുകുടുംബമായതോടെ കുഞ്ഞുങ്ങളുടെ പരിചരണം വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. പണ്ട് കൂട്ടുകുടുംബങ്ങളിൽ കുഞ്ഞുങ്ങളെ പരിചരിക്കാൻ വീട്ടിലെ മുതിർന്ന അംഗങ്ങളുണ്ടായിരുന്നു. അണുകുടുംബമായതോടെ കുഞ്ഞുങ്ങളുടെ പരിചരണവും സംരക്ഷണവും അമ്മമാരെ സംബന്ധിച്ച് വലിയ മാനസിക പ്രശ്നം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ഭാര്യയും ഭർത്താവും ഉദ്യോഗസ്‌ഥരാണെങ്കിൽ കുഞ്ഞുങ്ങൾ ഓടികളിക്കാനാവാതെ വീടിന്‍റെ നാലു ചുവരുകൾക്കുളളിൽ കഴിയേണ്ടി വരിക, കുഞ്ഞുങ്ങൾ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾ ഉപയോഗിക്കുക, ഇന്‍റർനെറ്റ് അമിതമായി ഉപയോഗിക്കുക, അച്ചടക്ക സംബന്ധമായ പ്രശ്നങ്ങൾ, സ്ക്കൂൾ പരീക്ഷകൾ, കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ അമ്മമാർക്ക് വലിയൊരു തലവേദനയാകുന്നു.

ഗൃഹനാഥ ഉദ്യോഗസ്‌ഥയാണെങ്കിൽ കുടുംബത്തിനും ജോലിക്കുമിടയിൽ സന്തുലിതാവസ്‌ഥ നിലനിർത്തുകയെന്നുള്ളത് ഏറെ ശ്രമകരമായ കാര്യമായിരിക്കും. എത്രയൊക്കെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിയാലും ഗൃഹനാഥയ്ക്ക് നല്ലൊരു അമ്മയുടെയോ നല്ലൊരു ഭാര്യയുടെയോ പദവി കിട്ടണമെന്നില്ല. പെപ്സിക്കോ സിഇഒ ഇന്ദ്ര നൂയി ഒരഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഈ സന്ദർഭത്തിൽ ഓർമ്മ വരുന്നത്.

“എന്‍റെ വിവാഹം കഴിഞ്ഞിട്ട് 34 വർഷത്തിലധികമായിരിക്കുന്നു. ഞങ്ങൾക്ക് രണ്ട് പെണ്മക്കളാണ്. ഭാര്യയുടെയോ അല്ലെങ്കിൽ ഒരമ്മയുടെയോ റോൾ ആണോ നിർവ്വഹിക്കേണ്ടതെന്ന് എല്ലാ ദിവസവും രാവിലെ ചിന്തിക്കേണ്ടി വരും. നിങ്ങൾക്ക് ധാരാളം തീരുമാനങ്ങൾ എടുക്കേണ്ടി വരും. പക്ഷേ ഞാനൊരു നല്ല അമ്മയായിരുന്നോ എന്ന് ഇന്ന് നിങ്ങൾ എന്‍റെ മക്കളോട് ചോദിക്കുകയാണെങ്കിൽ ഞാനൊരു നല്ല അമ്മയാണെന്ന് അവർ പറയുമെന്ന് തോന്നുന്നില്ല.”

ഒരമ്മയുടെ സന്തോഷം അതിരറ്റതാക്കുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ഭർത്താവിന്‍റെയും കുട്ടികളുടെയും സപ്പോർട്ട്

27 ശതമാനം അസന്തുഷ്ടരായ അമ്മമാർക്ക് കഴിഞ്ഞ ഒരു വർഷത്തിലുടനീളം യാതൊരു വിധത്തിലുമുള്ള പിന്തുണയും കിട്ടിയിട്ടില്ലായെന്നാണ് സർവ്വേയിൽ കണ്ടെത്തിയ കാര്യം. ഒരു അമ്മ രാവിലെ മുതൽ രാത്രി വരെ കുഞ്ഞുങ്ങൾക്കു വേണ്ടി പലതരം ജോലി ചെയ്‌ത് കഷ്ടപ്പെടുന്നുണ്ടെങ്കിൽ സ്വന്തം ഭാര്യയെ സഹായിക്കാൻ അവർക്കൊപ്പം നിൽക്കാനുള്ള ഉത്തരവാദിത്വം ഭർത്താക്കന്മാർക്കില്ലേ? അമ്മയ്ക്ക് അമ്മയുടേതായ സ്പേസ് വേണമെന്ന് മക്കൾക്കും ഇപ്രകാരം ചിന്തിക്കാമല്ലോ? അല്ലെങ്കിൽ അമ്മയ്ക്ക് വേണ്ട കരുതലും സ്നേഹവും നൽകണമെന്ന് ചിന്തിച്ചുകൂടെ?

ടീ ടൈം

ഭർത്താവിനെ, കുട്ടികളെ, മറ്റ് കുടുംബാംഗങ്ങളെ എങ്ങനെ സന്തുഷ്ടരാക്കണമെന്നത് ഒരു ഗൃഹനാഥയെ സംബന്ധിച്ച് വലിയൊരു കീറാമുട്ടി പ്രശ്നമാണ്. എന്നാൽ സ്വന്തം ആഗ്രഹങ്ങളും സന്തോഷങ്ങളും അവർ മാറ്റി വച്ചു കൊണ്ടാകും മറ്റുള്ളവർക്ക് മുൻഗണന നൽകുക.

സ്വന്തം കുടുംബത്തിനൊപ്പം സ്വന്തം സന്തോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ട പരിഗണന നൽകാൻ ഗൃഹനാഥ ശ്രമിക്കുകയാണ് വേണ്ടത്. അത് അനിവാര്യമാണ്. ആഴ്ചയിലൊരു ദിവസം കുറഞ്ഞത് ഒരു ദിവസമെങ്കിലും കൂട്ടുകാരികൾക്കൊപ്പം പുറത്ത് കറങ്ങാൻ പോവുക. ഇഷ്ടപ്പെട്ട് ഷോപ്പിംഗ് നടത്തുക. മനസിൽ ആഗ്രഹിച്ച കാര്യം സഫലീകരിക്കുക. സ്വയം അണിഞ്ഞൊരുങ്ങി ജീവിതം ഇഷ്ടം പോലെ ആസ്വദിക്കുക. സ്വയം സന്തോഷിക്കുമ്പോഴാണ് കുടുംബത്തിന്‍റെ മൊത്തം സന്തോഷമുണ്ടാകുക.

ഏത് ബന്ധവും ദൃഢമാകുന്നത് അതിന്‍റെ അടിത്തറ ശക്തമാകുമ്പോഴാണ്. ഒരു സ്ത്രീ ഒരു കുടുംബത്തിന്‍റെ ഭാഗമാകുമ്പോൾ അവർക്ക് പല കോംപ്രമൈസുകളും ചെയ്യേണ്ടി വരും. ഇക്കാര്യം കുടുംബാംഗങ്ങൾ അറിയുകയും അതനുസരിച്ച് അവർക്ക് വേണ്ട പിന്തുണ നൽകുകയുമാണ് വേണ്ടത്. തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്യ്രം അവർക്ക് അവകാശപ്പെട്ടതാണ്. അവരുടെ ആഹ്ലാദങ്ങളും അവർക്ക് അവകാശപ്പെട്ടതാണ്.

ആർഎൽവി അനിൽകുമാർ

25 വർഷമായി നൃത്താദ്ധ്യാപകനായി കലാജീവിതം നയിക്കുന്ന ആർഎൽവി അനിൽകുമാർ ആദ്യ കാലത്തൊക്കെ സിനിമയിൽ മുഖം കാണിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം നിനച്ചിരിക്കാതെ പൂമരം സിനിമ യിൽ അഭിനയിച്ചു. അതും ഒരു നൃത്ത അദ്ധ്യാപകനായി. എത്ര മനോഹരമായ കാവ്യനീതിയാണ് അല്ലേ? പൂമരത്തിലെ കഥാപാത്രമായ നൃത്താദ്ധ്യാപകനെ സിനിമ കണ്ട പ്രേക്ഷകരാരും മറക്കില്ല. യുവജനോത്സവ വേദിയിലെത്തുന്ന നൃത്താദ്ധ്യാപകരുടെ അസൂയയും പകയും മത്സരവീര്യവു മൊക്കെ ഹാസ്യാത്മകമായി എത്ര തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്!

ഒരു പിടി സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന അനിൽ കുമാർ തന്‍റെ കലാജീവിതത്തെക്കുറിച്ചും വ്യക്‌തി ജീവിതത്തെക്കുറിച്ചും പറയുന്നു.

നൃത്തകലയിലെ സാന്നിദ്ധ്യം

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലാണ് ഞാൻ സ്പെഷ്യലൈസ് ചെയ്‌തത്. ഏകദേശം മൂന്നര വയസ്സിൽ അക്ഷരം പഠിച്ച് തുടങ്ങും മുമ്പേ നൃത്തം പഠിച്ച് തുടങ്ങിയതാണ്. നൃത്ത കലയോട് വലിയ താൽപര്യമുള്ള ആളായിരുന്നു അച്‌ഛൻ. പ്രത്യേകിച്ചും കഥകളിയോട്. അമ്മയും അതെ. അച് ഛൻ ജോലി സംബന്ധമായി കോട്ടയത്തായിരുന്നു. ഞങ്ങൾ കാഞ്ഞിരപ്പള്ളിയിലും. ഡാൻസ് പഠിപ്പിക്കണമെന്ന ആഗ്രഹം കൊണ്ട് അമ്മയ്ക്ക് ട്രാൻസ്ഫർ തരപ്പെടുത്തി ഞങ്ങളെ കോട്ടയത്തേക്ക് കൊണ്ടു വന്നു. പിന്നീടുള്ള സ്ക്കൂൾ വിദ്യാഭ്യാസം അവിടെയായിരുന്നു.

കലോത്സവ ഓർമ്മകൾ

സ്ക്കൂളിലും കോളേജിലും പഠിക്കുമ്പോൾ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. അന്ന് ഇന്നത്തെ പോലെയത്ര കളർഫുള്ളായിരുന്നില്ല. എല്ലാവരും തന്നെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നും പഠിച്ച് വരുന്നവരാണ്. അന്ന് സബ് ജില്ല കലോത്സവമില്ല. നേരിട്ട ജില്ല കലോത്സവമാണ്. 10-ാം ക്ലാസിൽ പഠിക്കുമ്പോൾ സ്ക്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്തിരുന്നു. ജില്ലാതലത്തിൽ എനിക്ക് ഫസ്റ്റ് കിട്ടി. ഒരുപാട് പെൺകുട്ടികളെ തോൽപ്പിച്ചാണ് ഭരതനാട്യത്തിൽ ഫസ്റ്റ് കിട്ടിയത്. അതും 18 സ്ക്കൂളിൽ നിന്നും വന്ന 18 പെൺകുട്ടികളെ! പക്ഷേ സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലായപ്പോൾ നിർഭാഗ്യമെന്ന് പറയട്ടെ എനിക്ക് ചിക്കൻ പോക്സ് പിടിപ്പെട്ടു. എനിക്കത് ഒരിക്കലും മറക്കാനാവാത്ത വേദനയായി. അതുവരെ എല്ലാവർഷവും മത്സരങ്ങൾക്ക് പോകണമെന്ന് പറഞ്ഞ് ഞാൻ വീട്ടിൽ വഴക്കിടുമായിരുന്നു. വീട്ടിലെ സാമ്പത്തിക സ്‌ഥിതി പ്രതികൂലമായിരുന്നു. 10-ാം ക്ലാസിലായപ്പോൾ അച്‌ഛൻ സമ്മതിച്ചു. പക്ഷേ ചിക്കൻ പോക്സ് വില്ലനായി കടന്നു വന്നു. അന്നത്തെ സംസ്ഥാന കലോത്സവത്തിൽ കലാപ്രതിഭ യായത് നടൻ വിനീത്!

ആർഎൽവിയിലെ പഠനം

പ്രീഡിഗ്രി പഠനം കഴിഞ്ഞാണ് തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ ചേരുന്നത്. എന്‍റെ ഗുരുവിന്‍റെ നിർദ്ദേശപ്രകാരമായിരുന്നുവത്. നൃത്തകലയെക്കുറിച്ച് ആധികാരികമായി അറിയാൻ ആർഎൽവിയിലെ പഠനം സഹായിച്ചു.

ജീവിത പങ്കാളിയെ ആർഎൽവിയിൽ നിന്നാണോ കണ്ടെത്തിയത്?

അതെ, ആർഎൽവിയിൽ പഠിക്കുമ്പോൾ തന്നെ സിന്ധുവിനെ പരിചയമുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ ബന്ധത്തെ പ്രണയമെന്ന് പറയാനാവില്ല. അവൾ ഒരു ഓർഫനേജിൽ വളർന്ന കുട്ടിയായിരുന്നു. അങ്ങനെ ഇഷ്‌ടപ്പെട്ട് വിവാഹം ചെയ്യുകയായിരുന്നു. സിന്ധു സ്പെഷ്യലൈസ് ചെയ്‌തത് ഭരതനാട്യത്തിലാണ്. ആർഎൽവി കോളേജിൽ പ്രൊഫസറായിരുന്നു. 97ൽ കാലടി ശ്രീശങ്കരാ കോളേജിൽ ജോലി കിട്ടി. ഇപ്പോൾ ഞങ്ങൾ പെരുമ്പാവൂരാണ് താമസം. എനിക്ക് മൂന്ന് ആൺമക്കളാണ്. മൂത്തയാൾ അനന്തു, രണ്ടാമത്തെയാൾ അച്യുത്, ഇളയയാൾ അനിരുദ്ധ്. മക്കൾക്കാർക്കും ക്ലാസിക്കൽ നൃത്തകലയിലൊന്നും താൽപര്യമില്ല.

സിനിമകൾ

മെജോ മാത്യു സംവിധാനം ചെയ്യുന്ന മദർ എന്ന പടമാണ് അടുത്തിടെ ചെയ്‌തത്. അതിൽ ഒരു മാന്ത്രവാദിയുടെ വേഷമാണ്. ഷാജി ശ്രീരാഗം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമന ബ്രഹ്മദത്തൻ നമ്പൂതിരി എന്ന കഥാപാത്രം ചെയ്‌തു. നിധീഷ് കെ നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു കഥകളിയാചാര്യന്‍റെ വേഷമാണ്. ഇതൊരു നായക കഥാപാത്രമാണ്. ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ്. രഞ്ജിത്ത്, ജയരാജ്, ശ്യാം ഗോപാൽ എന്നിവരുടെ പടങ്ങളിലും ഞാൻ വേഷമിടുന്നുണ്ട്. പുതുതായി 5 പടങ്ങളുണ്ട്. അതിലൊന്നിൽ ഒരു പോലീസ് ഓഫീസറുടെ വേഷമാണ്.

ദുബായിലെ ഡാൻസ് സ്ക്കൂൾ 

2003 ലാണ് ദുബായിൽ പോകുന്നത്. നാട്ടിലായിരുന്നപ്പോൾ എനിക്ക് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. അതിൽ സിനിമക്കാരും ഉൾപ്പെട്ടിരുന്നു. ഇവരെയൊക്കെ പഠിപ്പിച്ചും കോംപറ്റീഷനു വേണ്ടി പഠിപ്പിച്ചും പ്രോഗ്രാംസിന് പോയുമൊക്കെ എനിക്കാകെ മടുപ്പ് തോന്നി. ആകെയൊരു ഹറിബറി ലൈഫ്. അങ്ങനെ എല്ലാറ്റിനും ഒരവധി നൽകി ഞാൻ ദുബായിലെത്തി. അവിടെ നിറയെ മത്സരങ്ങളാണ്. പക്ഷേ ഒരു വ്യത്യാസം മാത്രം. അവിടെ മത്സരങ്ങളിൽ പരാതിയൊന്നുമില്ല. സ്റ്റേജിൽ വന്ന് കളിച്ചു പോകും അത്രയേയുള്ളൂ. എന്‍റെ ക്ലാസ് നല്ല രീതിയിൽ നടക്കുന്നു. ഇപ്പോൾ നാട്ടിലാണ്. സിനിമയിൽ അഭിനയിക്കുന്നതിനാലും അതിന് കുറച്ച് സമയം ആവശ്യമുള്ളതു കൊണ്ടും തൽക്കാലം ഒരിടവേളയെടുത്തിരിക്കുകയാണ്.

അഭിനയം എളുപ്പമായിരുന്നോ?

ആദ്യമായി ക്യാമറയെ ഫേസ് ചെയ്‌തപ്പോൾ വലിയ പേടിയൊന്നും തോന്നിയില്ല. ഒരു സീനിന് കുറേ റീടേക്ക് വരുമ്പോൾ ടെൻഷൻ തോന്നിയിട്ടുണ്ട്. ഇനിയെന്‍റെ ഭാഗം ശരിയാകാത്തതുകൊണ്ടാണോ എന്നൊക്കെ ഓർത്ത്. എബ്രിഡ് ഷൈൻ സാറൊക്കെ ഓരോ സീനും വളരെ പെർഫക്ടാകുന്നതുവരെ റീടേക്ക് എടുക്കും. സിനിമയിൽ ഓവറാക്ടിംഗ് വേണ്ട. അത് മനസിലാക്കിയാൽ ചെയ്യുന്ന കഥാപാത്രങ്ങൾ മികച്ചതാകും.

പൂമരം ചെയ്‌തപ്പോൾ കലോത്സവവേദികൾ ഓർത്തോ?

ഒരുപാട് നല്ല ഓർമ്മകളിലേക്ക് ആ സിനിമ കൂട്ടി കൊണ്ടു പോയി. നൃത്തകല പഠിച്ചതു കൊണ്ടും നൃത്ത അധ്യാപകനായതു കൊണ്ടും എനിക്ക് സിനിമയുമായി കുറേ റിലേറ്റ് ചെയ്യാൻ പറ്റി. കലോത്സവവും അതിന് പിന്നിൽ നടക്കുന്ന തർക്കങ്ങളും പ്രതീക്ഷകളും നിരാശയും മത്സരവീര്യവുമൊക്കെ യഥാർത്ഥത്തിൽ നടക്കുന്നത് തന്നെയാണ്. ഞാൻ കണ്ട് അനുഭവിച്ച റിയൽ ലൈഫാണത്.

നൃത്തത്തിന്‍റെ ക്ലാസിക്കൽ ടച്ച്

നൃത്തത്തിന്‍റെ ക്ലാസിക്കൽ സൗന്ദര്യം ഒരിക്കലും നഷ്‌ടപ്പെട്ടിട്ടില്ല. പലരും പറയാറുണ്ട് മാറ്റങ്ങൾ കൊണ്ടുവരാം എന്നൊക്കെ. അതൊക്കെ വെറുതെയാണ്. 45 മിനിറ്റ് വർണ്ണത്തിൽ പ്രത്യേകിച്ച് മാറ്റമൊന്നും കൊണ്ടുവരാൻ പറ്റില്ല. ക്ലാസിക്കൽ നൃത്തകലയുടെ സൗന്ദര്യം തന്നെ അതിന്‍റെ കലർപ്പില്ലാത്ത സൗന്ദര്യം തന്നെയാണ്. ഞാനെന്നും ട്രെഡീഷണൽ ഫോം ഫോളോ ചെയ്യുന്നയാളാണ്. മത്സരങ്ങൾക്കു വേണ്ടി വർണ്ണങ്ങൾ ചെയ്യുമ്പോൾ പരീക്ഷണങ്ങൾ പാടില്ല. കോംപോസിഷനിൽ മാറ്റം വരാൻ പാടില്ല. നൃത്തത്തിന്‍റെ ഫ്രെയിം വിട്ടുള്ള മാറ്റങ്ങൾ വേണ്ടായെന്നാണ് എന്‍റെ അഭിപ്രായം.

നമ്മുടെ നാട്ടിൽ ആർട്സ് സ്ക്കൂളുകൾ കുറവാണോ?

നമ്മുടെ പ്രധാനപ്പെട്ട ആർട്സ് കോളേജുകളിൽ നിന്നും ഒരുപാട് കുട്ടികൾ പഠിച്ചിറങ്ങുന്നുണ്ട്. പക്ഷേ ജോലിയുടെ സാധ്യത വളരെ കുറവാണ്. ഓരോ കോളേജിലും സീറ്റ് കുറവാണ്. കൂട്ടാൻ പോകുന്നുവെന്ന് പറയുന്നുണ്ട്. ഞാനുൾപ്പെടുന്ന കലാകാരന്മാർ എത്രയോ വർഷം ഈ രംഗത്ത് പ്രവർത്തിച്ച് വന്നവരാണ്. ഇന്നും കഷ്ടപ്പെടുന്നുണ്ട്. നൃത്തമല്ലാതെ മറ്റൊരു തൊഴിലും ചെയ്യാനാവില്ല. നൃത്തം പഠിച്ച് ഒന്നും ചെയ്യാനാവാത്ത കലാകാരന്മാരുമുണ്ട്.

വിദേശ രാജ്യങ്ങളിൽ കിട്ടുന്ന പ്രോത്സാഹനങ്ങൾ

വിദേശങ്ങളിൽ നമ്മുടെ കലകൾക്ക് കിട്ടുന്ന അംഗീകാരങ്ങൾ വളരെ വലുതാണ്. കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുള്ളവർക്ക് കലാകാരന്മാരോട് വളരെ ബഹുമാനമാണ്. പക്ഷേ സ്വന്തം നാട്ടിൽ ആ ബഹുമാനം കിട്ടാറില്ല. എന്നാൽ നേരെമറിച്ച് ക്ലാസിക്കൽ ഡാൻസർ വല്ല സിനിമാതാരവുമാണെങ്കിൽ വലിയ ബഹുമാനമൊക്കെ കിട്ടും. എഫ്ബിയിൽ അവർക്ക് ഇഷ്‌ടം പോലെ ലൈക്കുകളും കിട്ടും.

വിദേശയാത്രകൾ

ആദ്യം പോയത് യൂറോപ്പിലേക്കാണ്. ഏതാണ്ട് യൂറോപ്പിലുള്ള ഒട്ടുമുക്കാൽ രാജ്യങ്ങളും നൃത്തപരിപാടിയോടനുബന്ധിച്ച് സന്ദർശിച്ചിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞാണ് ദുബായിൽ സെറ്റിൽ ചെയ്യുന്നത്. സിങ്കപ്പൂർ, ബാങ്കോക്ക് പോകുന്നത്. യുഎസിലേക്ക് പോകാൻ 3 വട്ടം ഓഫർ കിട്ടിയതാണ്. ചില അസൗകര്യങ്ങൾ കാരണം പോകാനായില്ല.

വിദേശ രാജ്യങ്ങളിലെ ഓഡിയൻസിന് നമ്മളോട് ഭയങ്കര റെസ്പക്റ്റ് ആണ്. നൃത്തകലയിലെ ചലനങ്ങളെപ്പറ്റി അവർ കൗതുകത്തോടെ ചോദിച്ചറിയും. കുച്ചിപ്പുടി ചെയ്യുമ്പോൾ താലത്തിൽ കയറി നില്ക്കില്ലേ അതുപോലെ തലയിൽ കുടം വയ്ക്കുന്നതുമൊക്കെ അവർക്ക് കൗതുകമാണ്. ഭയങ്കര ഇഷ്‌ടമാണ്. ഇതിനിടയിൽ ഒന്ന് രണ്ട് വിദേശ വനിതകളും എന്‍റെ കീഴിൽ നൃത്തമഭ്യസിക്കാൻ വന്നിട്ടുണ്ട്.

അംഗീകാരങ്ങൾ, ലക്ഷ്യം

ഒരുപാട് പേർ അംഗീകാരങ്ങൾ തന്നിട്ടുണ്ട്. വീട്ടിൽ നിറയെ അത്തരം മെമന്‍റോകളുമൊക്കെയുണ്ട്. പക്ഷേ ഗവൺമെന്‍റ് തരുന്ന അംഗീകാരമാണ് വലുത്. അത്തരമൊരു പുരസ്കാരമാണ് ഞാൻ കാത്തിരിക്കുന്നതും. ഒരു ലക്ഷ്യമുണ്ട്. ഒരു ഡാൻസ് സ്ക്കൂൾ തുടങ്ങണം. 2 വർഷം കൂടി ഇനി ദുബായ്ക്കുള്ളൂ. സിനിമയിൽ വരണമെന്ന് ഒരു കാലത്ത് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അന്നത് ഉണ്ടായില്ല. ഇപ്പോൾ നിനച്ചിരിക്കാതെ ആ ഭാഗ്യവും ഉണ്ടായി. ഒരുപാട് സന്തോഷമുണ്ട്. മൊത്തത്തിൽ ഞാൻ ഹാപ്പിയാണ്.

സ്വപ്നജാലകങ്ങൾ

പണ്ട് വീടിനകത്തേക്ക് പ്രകാശവും കാറ്റും പരത്തിയിരുന്ന ഇത്തിരി ചുതരങ്ങളായിരുന്നു കിളിവാതിലുകൾ. എന്നാൽ കാലാന്തരത്തിൽ കിളിവാതിലുകളുടെ രൂപവും ഭാവവും മാറി. ട്രെഡീഷണൽ തുടങ്ങി മോഡേൺ ട്രെന്‍റുകളിൽ വരെ ജാലകസുന്ദരികൾ വീടുകളിൽ സ്‌ഥാനം പിടിച്ചിരിക്കുന്നു. ചുവരിന്‍റെ നല്ലൊരു ഭാഗം ജനാലകൾ തീർത്ത് മുറിയ്ക്ക് ഗാംഭീര്യവും പ്രകാശവും ചൊരിയുന്നതും ലേറ്റസ്റ്റ് ട്രെന്‍റാണ്.

മുറിയ്ക്ക് അഴക് വർദ്ധിപ്പിക്കുന്നതിൽ ജാലകങ്ങൾക്കും നല്ലൊരു പങ്കുണ്ടെന്നാണ് ഇന്‍റീരിയർ ഡിസൈനർമാർ അഭിപ്രായപ്പെടുന്നത്. മുറിയിൽ പ്രകാശം ചൊരിയുന്ന രീതിയിൽ വൈവിധ്യങ്ങൾ വരുത്തുന്ന ജനാലകൾ മുതൽ പുറത്തെ നല്ലൊരു ഭാഗം കാഴ്ചയെ ഉള്ളിലേക്ക് ആവാഹിച്ചെടുക്കുന്ന ജനാലകൾ വരെ ട്രെന്‍റാണിപ്പോൾ. ഒപ്പം പ്രകൃതിയേയും വീടിനേയും സമന്വയിപ്പിച്ച് ഗൃഹാന്തരീക്ഷത്തിന് ഇക്കോഫ്രണ്ട്‍ലി മൂഡ് നൽകുകയും ചെയ്യുന്നു. അത്തരം ചില ജനാലവിശേഷങ്ങൾ അറിയാം.

ലോംഗ് ടേം സെക്യുരിറ്റി വിൻഡോ

സ്ക്വയർ വുഡൻ ഫ്രെയിമിന്‍റെ ക്ലാസിക് ഡിസൈൻ പണ്ടുകാലം തൊട്ടെ നിലവിലുണ്ട്. ഈ സ്റ്റൈലിഷ് വിൻഡോവിന് പുറത്തു നിന്നും സുരക്ഷിതത്വം നൽകുന്ന രീതിയാണ് സെക്യുരിറ്റി വിൻഡോ. ജനാലയ്ക്ക് പുറത്ത് കമ്പി കൊണ്ട് ചതുരക്കോളം പോലെ കവചമൊരുക്കിയുള്ള താണിത്. കവചമുള്ളതിനാൽ വീട്ടുടമയ്ക്ക് ഭയമൊന്നുമില്ലാതെ മുഴുവൻ ദിവസം ജനാല തുറന്നിടാം.

ഫ്രഞ്ച് വിൻഡോ

ഫ്രഞ്ച് വിൻഡോ വീടിന് മനോഹാരിത മാത്രമല്ല വിർദ്ധിപ്പിക്കുന്നത്, മറിച്ച് അതിന് ചില ഉപയോഗങ്ങളും ഫംഗ്ഷനുകളുമുണ്ട്. അകത്തളങ്ങളിലേക്ക് വളരെ മനോഹരമായി നാച്ചുറൽ ലൈറ്റിനെ വിന്യസിക്കുന്നതിനൊപ്പം വീടിന് എനർജി എഫിഷ്യൻസിയും നൽകുന്നു. യുപിസിയിൽ നിർമ്മിതമായ ജനാലകൾ ദീർഘകാലം ഈടു നിൽക്കും. ലാളിത്യവും പ്രൗഢിയുമാണ് ഫ്രഞ്ച് വിൻഡോ ഡിസൈനിന്‍റെ മുഖമുദ്ര.

പിക്ച്ചർ വിൻഡോ

ഫിക്സഡ് സാഷ് ഉള്ളതാണ് ഇത്തരം ജനാലകൾ. ധാരാളം വായുവും പ്രകാശവും അകത്ത് കടക്കുന്ന വിശാലമായ ജനാല. ഈ സ്റ്റൈലിലുള്ള വിൻഡോ കേസ്മെന്‍റ് വിൻഡോയുമായി കൂട്ടിയിണക്കിയും ഡിസൈൻ ചെയ്യാറുണ്ട്. അടുക്കളയ്ക്കും വർക്ക് ഏരിയയ്ക്കുമാണ് ഇത് ഇണങ്ങുക. വലിയൊരു പെയ്ന്‍റിംഗ് ഫ്രെയിം പോലെയാണീ വിൻഡോ. ഉള്ളിൽ വലിയ വുഡ് സ്ക്വയർ ഗ്യാപ്പോടു കൂടി കൊടുക്കാം.

ഗ്രിൽ ഇല്ലാതെയാണ് ഈ ജനാലയുടെ ഫിനിഷിംഗ് പുറത്തെ ബഹുഭൂരിഭാഗം കാഴ്ചകളെയും ക്യാപ്ച്ചർ ചെയ്യുന്ന രീതിയിലാണ് ഈ പിക്ച്ചർ ജാലകത്തിന്‍റെ നിർമ്മിതി.

ഗേബിൾ വിൻഡോ

ചെരിച്ച് വാർത്തതോ അല്ലെങ്കിൽ ടൈൽ റൂഫിംഗ് ഉള്ളതുമായ വീടുകളിലാണ് ഗേബിൾ വിൻഡോ ഏറ്റവും ഇണങ്ങുന്നത്. രണ്ട് ചെരിച്ച റൂഫിംഗിൽ ട്രയാംഗുലർ ഏരിയയിൽ വരുന്നയിടത്താണ് ഗേബിൾ വിൻഡോ സ്‌ഥാപിക്കേണ്ടത്. സ്ഥലത്തിന്‍റെ പ്രത്യേകതയനുസരിച്ച് ചെറുതോ വലുതോ ആകാം ഇത്. പണ്ടത്തെ നാലു കെട്ടിന് മുകൾനിലയിലുള്ള കിളിവാതിലിനെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്. സ്ക്വയർ, ആർച്ച്, റെക്റ്റാഗുലർ ഷെയ്പുകളിലും ഗേബിൾ വിൻഡോ സ്റ്റൈൽ ചെയ്യാം.

ഡോർമർ വിൻഡോ

ഇതൊരു റൂഫ് ടോപ്പ് വിൻഡോയാണ്. ഏറെക്കുറെ ഗേബിൾ വിൻഡോയെപ്പോലെയാണിത്. ഏറ്റവും മുകൾ നിലയിലെ കൊച്ചുമുറിക്ക് (ടെറസിലേക്കോ ബാൽക്കണിയിലേക്കോ ഓപ്പണിംഗ് ഉള്ള മുറി) പുറത്തായി തള്ളി നിൽക്കുന്ന ചെറിയ ജാലകമാണിത്, വ്യത്യസ്തങ്ങളായ ഡോർമർ വിൻഡോകളുണ്ട്. ഇത് വീടിന് ഡിഫറന്‍റ് സ്റ്റൈൽ നൽകും. മുറിയുടെ വലിപ്പമനുസരിച്ച് ഡോർമൻ വിൻഡോ നിരകളായി സ്ഥാപിക്കുന്ന രീതിയുമുണ്ട്.

ഫ്ളോർ ടു സീലിംഗ് വിൻഡോ

പേര് സൂചിപ്പിക്കും പോലെ നിലത്തു നിന്നും സീലിംഗ് വരെ നീളുന്ന വിൻഡോ സ്റ്റൈലാണിത്. ഒരു ഭാഗത്തെ മൊത്തം ചുവരിന്‍റെ ഭാഗം കയ്യടക്കിയോ അല്ലെങ്കിൽ ചുവരിന്‍റെ വലിയ ഒരു ഏരിയയിൽ മാത്രമായോ ആണ് ഈ വിൻഡോ ഘടിപ്പിക്കുക. പൊതുവെ സ്വീകരണ മുറിയുടെ ഒരു ഭാഗത്തോ അതുമല്ലെങ്കിൽ മുകൾ നിലയിലെ ലിവിംഗ് സ്പേസിലോ ആണ് ഈ വിൻഡോ സ്റ്റൈൽ വരുന്നത്. പൂന്തോട്ടത്തിന് അഭിമുഖമായാണ് ഈ വിൻഡോ ഒരുക്കുന്നത്. കർട്ടൻ നീക്കിയാൽ ഗാർഡനിന്‍റെ വിശാലവും മനോഹരവുമായ വ്യൂ കിട്ടും. ഒപ്പം പ്രകൃതിയുമായി തൊട്ടുരുമ്മി നിൽക്കുന്ന ഇഫ്കറ്റുമുണ്ടാകും. മുറിക്കകത്തിരുന്ന് മഴയും കാറ്റും സൂര്യപ്രകാശത്തിന്‍റെ വ്യതിയാനങ്ങളും ആവോളം ആസ്വദിക്കാം.

ബേ വിൻഡോ

ചുവരിൽ നിന്നും പുറമേക്ക് തള്ളി നിൽക്കുകയും അകത്ത് ക്യൂട്ടായ ഒരു സിറ്റിംഗ് സ്പേസ് ഒരുക്കുകയും ചെയ്യുന്ന ഒരു ക്യൂട്ട് വിൻഡോ സ്റ്റൈലിംഗ് ആണിത്. ചതുരത്തിലോ ഷഡ്ഭുജാകൃതിയിലോ റൗണ്ട് ഷെയ്പിലോ ദീർഘ സമചതുരത്തിലോ തുടങ്ങി ഏത് ഷെയ്പിലും ബേ വിൻഡോ വീടിന് ഇണങ്ങും വിധം ഫിറ്റ്സ് ചെയ്യാമെന്നതാണ് പ്രത്യേകത. വലിയ ജനാലകളാണ് ഈ സ്റ്റൈൽ വരുന്നത്. പുറമേക്കുള്ള പ്രൊജക്ഷൻ മൂലം അകത്ത് ക്രിയേറ്റ് ചെയ്യുന്ന സ്പേസ് മനോഹരമായ സീറ്റായി ഉപയോഗിക്കാം. ജനാലയ്ക്ക് ഇണങ്ങുന്ന ഫർണിഷിംഗ് കൊടുത്ത് സീറ്റിംഗ് സ്പേസ് ഒരുക്കിയെടുക്കാം. ജനാലപ്പടിയിലിരുന്ന് പുറത്തെ കാഴ്ച ആസ്വദിക്കാം. പുസ്തകം വായിച്ചിരിക്കാനോ എഴുതാനോ ഈ സ്പേസ് യൂസ് ചെയ്യാം. ബേ വിൻഡോ സ്വീകരണ മുറിയിലോ ബാൽക്കണിയിലോ സ്റ്റഡി റൂമിലോ സ്റ്റൈലിനനുസരിച്ച് ഒരുക്കാം.

കോർണർ വിൻഡോ

ഒരു മുറിയുടെ കോർണർ ഭാഗത്തായി വരുന്ന വിശാലമായ വിൻഡോ സ്ട്രക്ച്ചറാണിത്. മുറിയുടെ കോർണർ ഭാഗത്ത് (രണ്ട് ചുവരുകൾ ചേരുന്ന ഭാഗം) ഫുൾ ഗ്ലാസ് ഓപ്പണിംഗ് കൊടുത്തും ഈ വിൻഡോ ഒരുക്കാറുണ്ട്. രണ്ട് വിൻഡോ കോർണർ ഭാഗങ്ങളിലായി പരസ്പരം അഭിമുഖമായി കൂട്ടിച്ചേർത്ത് ആണ് കോർണർ വിൻഡോ ഒരുക്കുന്നത് ഇത് കോർണറിലേക്ക് സ്ലൈഡ് ചെയ്യാം. മുകൾ നിലയിലെ മുറികൾക്കാണ് ഈ വിൻഡോ ഏറെ അനുയോജ്യം.

വില്‍ യു മാരി മീ… ഭാഗം 1

സുജാതയ്ക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൾ ഒട്ടും മറച്ചു വയ്ക്കാതെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. മീരയ്ക്കും ചിരി വരുന്നുണ്ടെങ്കിലും പരിസരബോധം വന്നതു കൊണ്ട് കടിച്ചുപിടിച്ചു. പ്രഭാത നടത്തത്തിനിറങ്ങിയവരെല്ലാം സുജാതയുടെ ചിരി കണ്ട് ഒരുതരം നോട്ടം നോക്കുന്നുണ്ട്. ചിലരുടെ മുഖത്ത് എന്തോ അദ്ഭുതം ദർശിച്ച ഭാവമാണ്. ഇതെല്ലാം ശ്രദ്ധിച്ചതു കൊണ്ടാണ് മീര ചിരി ഒതുക്കിയത്.

സുജാതയ്ക്ക് 50 വയസ്സ് ആയിട്ടുണ്ട്. പക്ഷേ സുജാതയുടെ സ്റ്റൈലും, ജീവിതത്തോടുള്ള കാഴ്ചപ്പാടും അവരുടെ സമപ്രായക്കാരേക്കാൾ വളരെ വ്യത്യസ്തമാണ്. അതുകൊണ്ടാവണം ഏത് ആൾക്കൂട്ടത്തിലും, എത്ര ചെറുപ്പക്കാർക്കിടയിലും ഈ പ്രായത്തിലും താരമാണ് സുജാത.

സത്യത്തിൽ ഈ കൊച്ചു വെളുപ്പാൻ കാലത്തും സംഭവിച്ചത് അതൊക്കെ തന്നെയാണ്. സുജാതയിൽ നിന്ന് ശ്രദ്ധ മാറ്റാൻ പെട്ടെന്നാർക്കും കഴിയില്ല.

യഥാർത്ഥത്തിൽ ഒരു കൊച്ചു മുംബൈ ആണ് രാജേന്ദ്രനഗർ എന്നു പറയാം. ഗോപുർ ഭാഗത്തു നിന്ന് രാജേന്ദ്രനഗറിലേക്ക് പോകുന്ന റിംഗ് റോഡിൽ പ്രഭാത സവാരി ചെയ്യാനെത്തുന്നവരുടെ തിരക്കാണ്. ആ പരിസരത്തുള്ള ഐഡിയൽ ഹൗസിംഗ് കോളനിയിൽ നിന്നുള്ള വരാണ് അവിടെ നടക്കാൻ വരുന്നവരിൽ ഭൂരിഭാഗവും. രാവിലെയും രാത്രിയും ആ ഭാഗത്തെ മനോഹരമായ വീതിയേറിയ റോഡുകളിൽ നടക്കാനും, സൊറ പറഞ്ഞിരിക്കാനും വരുന്നവരുടെ തിരക്കാണ്.

ആ കോളനിയിലാണ് സുജാതയുടെ താമസം. ഭർത്താവ് പട്ടാളത്തിൽ നിന്ന് വിരമിച്ച കേണൽ രാജ്കുമാർ. അദ്ദേഹം രണ്ട് വർഷം മുമ്പ് മരണമടഞ്ഞു. ഒരു റോഡപകടത്തിലാണ് അന്ത്യം സംഭവിച്ചത്. വളരെ ഊർജസ്വലനായ സാഹസികത ഇഷ്‌ടപ്പെടുന്ന വ്യക്‌തിയായിരുന്നു. അദ്ദേഹത്തോടൊപ്പം ജീവിതം ഒരു ആഘോഷമാക്കി തന്നെയാണ് സുജാത ജിവിച്ചിരുന്നത്.

അവിചാരിതമായി രാജ് വേർപിരിഞ്ഞുവെങ്കിലും യാഥാർത്ഥ്യം സ്വീകരിച്ച് തന്‍റെ ജീവിതം വഴി തിരിച്ചു വിടാനുള്ള ആർജവം സുജാതയ്ക്കുണ്ടായിരുന്നു. രാജിനെപ്പോലൊരു വ്യക്‌തിയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം, അതാണ്.

എപ്പോഴും ചിരിക്കാൻ ഇഷ്‌ടപ്പെടുന്ന ഒരു വ്യക്‌തിയുടെ ഓർമ്മയിൽ മറ്റൊരാൾ കരഞ്ഞു ജീവിക്കുന്നതു കൊണ്ടെന്തു കാര്യം. അവർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സ്മരണാജ്ഞലി സന്തോഷമായി ജീവിതം തുടരുകയാണ്. സുജാത അങ്ങനെയാണ് വിശ്വസിച്ചിരുന്നത്.

6 മാസം മുമ്പാണ് ഒരേയൊരു മകൾ ഗോപികയുടെ വിവാഹം വളരെ ആർഭാടത്തോടെ നടത്തിയത്. അവൾ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. കൂടെ ജോലി ചെയ്യുന്ന സമീർ ആണ് വിവാഹം ചെയ്തത്. അവർ പൂനെയിലാണ് താമസം.

ചിട്ടയായ ജീവിതരീതികളും, ഭക്ഷണശീലവും വ്യായാമവും സുജാതയ്ക്ക് 50ലും 30ന്‍റെ ഊർജസ്വലത നൽകി. 50 പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് അവളെ കണ്ടാൽ ആരും പറഞ്ഞു പോകും.

ആ ദിവസം മീരയ്ക്ക് പ്രഭാത സവാരിയ്ക്ക് എത്താൻ കഴിഞ്ഞില്ല. അന്ന് സുജാത പതിവുപോലെ വ്യായാമത്തിനായി രാവിലെ തന്നെ പുറത്തിറങ്ങി. പതിവു നടത്തം ഒരു കാരണവശാലും മുടക്കാൻ ഇഷ്‌ടമില്ല സുജാതയ്ക്ക്. തനിച്ചായതിനാൽ സാധാരണയിലും വേഗതയിൽ അവൾ നടക്കാൻ തുടങ്ങി. രണ്ടു കിലോമീറ്റർ ആണ് നടക്കാറുള്ളത്. ഇന്നും ഏകദേശം അത് പൂർത്തിയാക്കി. വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി.

അപ്രതീക്ഷിതമായാണ് അതു സംഭവിച്ചത്. സമീപത്തെ മതിൽ എടുത്തു ചാടി ഒരു നായ സുജാതയുടെ ദേഹത്തേക്ക് ശക്‌തിയായി വന്നിടിച്ചു. പെട്ടെന്നുള്ള വരവായതിനാൽ സുജാത റോഡിൽ തട്ടിത്തടഞ്ഞു വീണു പോയി. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല, പിന്നാലെ വന്ന സ്ത്രീ സുജാതയെ പിടിച്ചെഴുന്നേൽപിച്ചു. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലായില്ല സുജാതയ്ക്ക്. അപ്പോഴാണ് മധ്യവയസു തോന്നുന്ന ഒരു മനുഷ്യൻ ആ നായയെ ചങ്ങലയിൽ പിടിച്ച് അടുത്തേക്ക് വന്നത്.

“സോറി മാഡം” അയാൾ അങ്ങേയറ്റം വ്യസനത്തോടെ സുജാതയോടെ ക്ഷമ ചോദിച്ചു.

“ബെല്ല ഇങ്ങനെ ഒരു പണി തരുമെന്ന് ഞാൻ കരുതിയില്ല. സാധാരണ വളരെ ശാന്തയായിട്ടാണ് എന്‍റെ കൂടെ നടക്കാൻ ഇറങ്ങാറ്. ഒന്ന് ഞാൻ കൂട് തുറന്നപ്പോഴേ അവൾ എടുത്തുചാടി ഓടി… എന്തെങ്കിലും പറ്റിയോ മാഡം?”

“ഏയ്… സാരമില്ല. എനിക്ക് കുഴപ്പമൊന്നുമില്ല.” ഡ്രസ്സിൽ പറ്റിപ്പിടിച്ച ചെളി കൈ കൊണ്ടു തുടച്ച് സുജാത പുഞ്ചിരിയോടെ പ്രതികരിച്ചു.

“മാഡം… ഇതാ ഈ ടവൽ കൊണ്ട് തുടച്ചോളൂ.” അയാൾ തന്‍റെ പോക്കറ്റിൽനിന്ന് തൂവാല എടുത്ത് അവൾക്കു നേരെ നീട്ടി. അവൾ അത് വാങ്ങി ചെളിയും പൊടിയും തുടച്ചു.

നടക്കാനിറങ്ങുമ്പോഴൊക്കെ അയാളെ സുജാത കാണാറുണ്ട്. മിക്കവാറും വെള്ള ടീഷർട്ടും, കറുത്ത ട്രാക്ക് സ്യൂട്ടുമാണ് വേഷം. ദിവസവും കാണാറുണ്ടെങ്കിലും ഇന്നാണ് ആദ്യമായി സംസാരിക്കാനിടയായത്. സുജാത ടവൽ തിരികെ നൽകി കൊണ്ട് അയാൾക്കൊപ്പം മുന്നോട്ടു നടക്കാൻ തുടങ്ങി.

“എന്‍റെ പേര് ജയപാൽ! മാഡത്തിന്‍റെ?” അയാൾ ജിജ്ഞാസയോടെ അവളെ നോക്കി.

“ഞാൻ സുജാത.”

പിന്നീട് അയാൾ ആ നായ്ക്കുട്ടിയെ സ്നേഹശാസനയോടെ കൂടെ നടത്തി സുജാതയെ വീടു വരെ അനുഗമിച്ചു. വീടിനടുത്തെത്തിയപ്പോൾ സുജാത അയാൾക്ക് ബൈ പറഞ്ഞു കൊണ്ട് ഗേറ്റു തുറക്കാനായി താക്കോൽ എടുത്തു.

“ഓക്കെ ബൈ, വിൽ സി യു” ഗേറ്റ് തുറക്കവേ, പിന്നിൽ നിന്ന് ജയപാലിന്‍റെ എക്സ്ക്യൂസ് മീ കേട്ട് അവൾ പിന്തിരിഞ്ഞു നോക്കി.

“ഒരു ഗ്ലാസ് വെള്ളം കിട്ടുമോ?”

ആ ചോദ്യവും മട്ടും ഭാവവുമൊക്കെ കണ്ടപ്പോൾ സുജാതയ്ക്ക് ചിരി വന്നു. “പിന്നെന്താ… തീർച്ചയായും വരൂ.” അവൾ വാതിൽ തുറന്ന് അകത്തേക്ക് നടന്നു കൊണ്ട് ക്ഷണിച്ചു. ബെല്ലയെ ഗേറ്റിൽ കെട്ടിയിട്ട് ജയപാൽ അകത്തേക്ക് വന്നു. അപ്പോഴെക്കും സുജാത വെള്ളമെടുത്തെത്തി. അയാൾ വെള്ളം വാങ്ങിക്കുടിച്ചിട്ട് സ്വീകരണമുറിയിലെ കൗതുകമുള്ള അലങ്കാരങ്ങളിൽ ശ്രദ്ധിച്ചു.

“ഇരിക്കൂ” അവൾ വെള്ളം കൊണ്ടു വന്ന ട്രേ മേശപ്പുറത്തു വച്ച് ജയപാലിനോട് ആതിഥ്യ മര്യാദ കാണിച്ചു.

“താങ്ക്സ്… നടന്നിട്ടും, ബെല്ലയുടെ പിന്നാലെ ഓടിയിട്ടുമാവും, വല്ലാത്ത ദാഹം തോന്നി.” അയാൾ വെള്ളം ഒറ്റവലിക്കു കുടിച്ചു തീർത്തു.

“ശരി, ഞാനിറങ്ങട്ടെ, ഇവിടെ വേറെയാരുമില്ലേ, യുവർ ഹസ്, കിഡ്സ്?” അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് ഔപചാരികമായി ചോദിച്ചു.

“എന്‍റെ ഭർത്താവ് ജീവിച്ചിരിപ്പില്ല. ഒരു മകൾ ഉണ്ട്. വിവാഹിതയാണ്.”

“ഓഹ്… ഞാൻ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കൂ. അറിവില്ലാതെ ചോദിച്ചു പോയതാണ്.”

“ഇതിൽ മാപ്പ് ചോദിക്കാൻ എന്താണുള്ളത്. സംഭവിക്കേണ്ടത് സംഭവിച്ചല്ലോ. അതിൽ ഇനി ഫീൽ ചെയ്യേണ്ടതില്ലല്ലോ.” ഇത്രയും സംസാരിച്ചപ്പോൾ തിരിച്ചു ചോദിക്കാതിരിക്കാൻ സുജാതയ്ക്കും കഴിഞ്ഞില്ല. ജയപാൽ വിവാഹമോചിതനാണ്. ഭാര്യയായിരുന്ന സ്ത്രീ ഇപ്പോൾ താമസിക്കുന്നത് അന്നപൂർണ്ണ കോളനിയിലാണ്. ഒരു മകനുണ്ട്. അവൻ പഠിക്കുകയാണ്. വിദേശത്താണ്.

ജയപാൽ മടങ്ങിയതിനു ശേഷം സുജാത കുറച്ചുനേരം ആ സംഭവങ്ങളെക്കുറിച്ചും ജയപാലിനെ കുറിച്ചും ആലോചിച്ചിരുന്നു. വളരെ ശാന്തവും സൗമ്യവുമായ പ്രകൃതം. അയാളുടെ കണ്ണുകളിൽ വിഷാദം തളം കെട്ടി നിൽക്കുന്നുണ്ട്. എല്ലാവർക്കും ഉണ്ട് ഒളിച്ചു വച്ച സങ്കടങ്ങൾ. അത് പലർക്കും പല രീതിയിലാണല്ലോ അനുഭവപ്പെടുക. സുജാത താമസിയാതെ തന്‍റെ ദൈനംദിന കാര്യങ്ങളിലേക്ക് കടന്നു. മടി പിടിച്ചിരിക്കുന്ന ശീലം ഇല്ലാ ത്തതിനാൽ വീട്ടിലെ കാര്യങ്ങൾ വളരെ വേഗം അവൾ ചെയ്‌തു തീർത്തു.

സുഖമില്ലാത്തതിനാൽ മീര പിറ്റേന്നും ഉണ്ടായിരുന്നില്ല. നടക്കാനായി തനിച്ച് രാവിലെ റിംഗ് റോഡിലെത്തിയപ്പോൾ തലേ ദിവസത്തെ സംഭവം സുജാത ഓർമ്മിച്ചു. അവളുടെ കണ്ണുകൾ നടക്കാനിറങ്ങിയവർക്കിടയിൽ ആകാംക്ഷയോടെ പരതുന്നുണ്ടായിരുന്നു.

നീല ഷർട്ടും കറുത്ത ട്രാക്ക്സ്യൂട്ടും ധരിച്ച് ജയപാൽ അൽപം അകലെ നടക്കുന്നത് അവൾ കണ്ടുപിടുച്ചു. അവൾ വേഗത്തിൽ നടന്ന് അയാൾക്കൊപ്പമെത്തി. “ഗുഡ്മോണിംഗ് ജയപാൽ സർ”

“വെരി ഗുഡ്മോണിംഗ്”

“ഇന്ന് ബെല്ല ഇല്ലേ?” സുജാത കുസൃതി ചിരിയോടെ ചോദിച്ചു.

“ഹ…ഹ… അവളെ നേരത്തെ പുറത്തിറക്കി തിരിച്ചു കൊണ്ടു പോയി കൂട്ടിലാക്കി. ഇന്നലെ ചില്ലറ പണിയാണോ അവൾ തന്നത്?”

“അങ്ങനെയൊന്നും ചെയ്യേണ്ട. അവൾ എന്നെ ഇടിച്ചപ്പോൾ ഞാൻ ബാലൻസ് തെറ്റിപ്പോയതല്ലേ. അല്ലാതെ എനിക്ക് പേടിയൊന്നുമില്ല” സുജാത ചിരിച്ചു.

“കൂട്ടുകാരിയെ കണ്ടില്ലല്ലോ? എന്തുപറ്റി?” സുജാത ഒന്നു അമ്പരന്നു. അപ്പോൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നോ നേരത്തെ! “അവൾ വന്നില്ല. സുഖമില്ല. നാളെ മുതൽ വരുമായിരിക്കും.”

സുജാത ഒന്നു നിർത്തിയിട്ട് വീണ്ടും ചോദിച്ചു.

“ഞാൻ കൂട്ടുകാരിയുടെ കൂടെയാണ് വരുന്നതെന്ന് എങ്ങനെ മനസ്സിലായി?”

“നിങ്ങൾ രണ്ടാളും കൂടി നടക്കു ന്നത് ഞാൻ മുമ്പ് കണ്ടിട്ടുണ്ട്, സിമ്പിൾ!”

“പക്ഷേ ഞാൻ താങ്കളെ ആദ്യമായിട്ടാണ് ഇന്നലെ കണ്ടത്.” സുജാത?അയാളുടെ ഭംഗിയുള്ള തായ്‍ലെന്‍റ് മെയ്ഡ് ഷൂ ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും കൂടി നടക്കുമ്പോൾ ചുറ്റും ഉള്ളവരെ ശ്രദ്ധിക്കാറു പോലുമില്ല.”

“സോറി, ഞാൻ അങ്ങനെയാണ്. കിട്ടുന്ന സമയം അടിച്ചു പൊളിച്ചു ചിരിച്ചു ജീവിക്കാനാണ് ഇഷ്‌ടം. ഈ പ്രായത്തിൽ ഈ ആറ്റിറ്റ്യൂഡ് ചിലപ്പോൾ ഒരു കുറവായിട്ട് തോന്നാം. പക്ഷേ എനിക്ക് അങ്ങനെ പ്രായത്തിന്‍റെ മേൽ സീരിയസ്നസിന്‍റെ മൂടുപടം ഇട്ട് നടക്കാൻ അറിയില്ല.”

“അയ്യോ, ഞാൻ പറഞ്ഞത് മോശം സെൻസിലല്ല. ഞാൻ ശ്രദ്ധിച്ച കാര്യം പറഞ്ഞുവെന്നേയുള്ളൂ. എന്നോട് ക്ഷമിക്കൂ.” ജയപാൽ നേർത്ത ചമ്മലോടെ ചിരിച്ചു.

“ഹഹ… നമ്മളിങ്ങനെ പരസ്പരം സോറി പറഞ്ഞു കളിക്കുകയാണല്ലോ.” സുജാത ചിരി അമർത്താൻ ശ്രമിച്ചുവെങ്കിലും അതൊരു പൊട്ടിച്ചിരിയിൽ അവസാനിച്ചു.

തുടർന്നുള്ള മൂന്നു ദിവസങ്ങളിലും മീര നടക്കാൻ വന്നില്ല. ആ ദിവസങ്ങളിൽ ജയപാലിനൊപ്പമാണ് സുജാത നടന്നത്. രണ്ടുപേരും നല്ല ചങ്ങാതിമാരാവുകയും ചെയ്‌തു.

സുജാത ഒരു കിലുക്കാംപെട്ടിയാണെങ്കിൽ ജയപാൽ കാര്യമാത്രമായി സംസാരിക്കുന്ന ശാന്തപ്രകൃതനായിരുന്നു. എങ്കിലും രണ്ടുപേരുടെയും സൗഹൃദത്തിന് അതൊന്നും തടസമായതേയില്ല.

ഒരാഴ്ചയ്ക്കു ശേഷം മീര മടങ്ങി വന്നപ്പോൾ സുജാത, ജയപാലിനെ അവൾക്കു പരിചയപ്പെടുത്തി. മൂവരും കൂടി പ്രഭാത സവാരി നടത്തിയെങ്കിലും മൂന്നുപേർക്കും എന്തോ ഒരു അസ്വഭാവികത തോന്നുകയും ചെയ്തു. അന്ന് നടത്തം കഴിഞ്ഞ് മീര സുജാതയുടെ വീട്ടിലേക്ക് വന്നു. സുജാത ചായ ഉണ്ടാക്കാൻ തുടങ്ങവേ മീര കിച്ചൻ സ്ലാബിൽ ഇരുന്നു.

“സുജു, ആക്വച്ലി എന്താ ഇവിടെ സംഭവിച്ചത്?”

“എന്ത്? എന്തു സംഭവിച്ചു?” സുജാത അതിശയത്തോടെ മീരയെ നോക്കി.

“ഓഹോ! നീ ചുമ്മാ കളിക്കല്ലേ! കണ്ണടച്ച് പാൽ കട്ടു കുടിക്കുമ്പോൾ പൂച്ച യുടെ ചിന്ത ആരും കാണുന്നില്ല എന്നാ”

“അതുശരി, നീ ജയപാലിന്‍റെ കാര്യമാണോ പറഞ്ഞത്? ഹീ ഈസ് മൈ ഫ്രണ്ട്. അദ്ദേഹത്തെ കാണുന്നതും മിണ്ടുന്നതും എനിക്ക് ഇഷ്‌ടമാ… ഇപ്പോൾ നിനക്ക് സമാധാനമായില്ലേ?” സുജാത പൊട്ടിച്ചിരിയോടെ ചോദിച്ചു.

“ഇല്ല, എനിക്ക് സമാധാനമായില്ല. എന്‍റെ പ്രശ്നം ഇവിടന്ന് തുടങ്ങുന്നേയുള്ളൂ. ഇനി എന്തായിത്തീരും എന്ന് എനിക്ക് കൺഫ്യൂഷനുണ്ട്.” മീര തലയ്ക്ക് കൈ കൊടുത്ത് ചിരി അമർത്തി.

“ഹും… എനിക്കറിയില്ല. ആ കക്ഷിയെ എനിക്കെന്തോ ഇഷ്‌ടപ്പെട്ടു. സാധാരണ ആളുകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന എന്തോ ഒരിത് ആൾക്കുണ്ട്.”

“പിന്നെ മുന്നോട്ടുള്ള കാര്യം, അതൊക്കെ വരുന്നേടത്തു വച്ചു കാണാം. നീ അതൊന്നും ഓർത്തു വിഷമിക്കണ്ട. ജീവിതമല്ലേ, അതങ്ങ് ഒഴുകിക്കൊണ്ടിരിക്കും.”

സുജാത തന്‍റെ മനസ്സിലൊന്നും ഒളിക്കാതെ തുറന്നു പറഞ്ഞു.

“കാര്യമൊക്കെ ശരി, നിന്‍റെ ഫിലോസഫിയും കൊള്ളാം. സൂക്ഷിച്ചും കണ്ടും നിന്നാൽ നിനക്കു നല്ലത്.”

മീരയ്ക്ക് സുജാതയുടെ നിസ്സാര ഭാവം ഒട്ടും ഇഷ്‌ടമായില്ല. എന്തു പറഞ്ഞാലും അവളിങ്ങനെയാണ്. യാതൊരു കുലുക്കവുമില്ല.

“ഡോണ്ട് വറി ടീ, സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നു കേട്ടിട്ടില്ലേ, നാം കണ്ടുമുട്ടുന്ന ഓരോ വ്യക്‌തിയ്ക്കും എന്തെങ്കിലും നിയോഗം നമ്മുടെ ലൈഫിലുണ്ടാകും. അത്രേം കരുതിയാ മതി.”

മീര ചായ കുടിച്ചു പിരിഞ്ഞ ശേഷ മാണ് സുജാത ശരിക്കും ആലോചിക്കാൻ തുടങ്ങിയത്. മീര പറഞ്ഞതിൽ ഒരു സത്യമില്ലേ, തനിക്ക് അയാളോട് സത്യത്തിൽ എന്തോ ഒരു താൽപര്യം ഇല്ലേ? അതുവെറും കൗതുകമാണോ? സൗഹൃദത്തിനപ്പുറം ഒരു ആകർഷണം തോന്നിത്തുടങ്ങിയോ?

രാജ് വിട്ടുപിരിഞ്ഞതിനു ശേഷം ഇങ്ങനെ ഒരു ആളോട് ആദ്യമായിട്ടാണ് ഇഷ്‌ടം തോന്നുന്നത്. ബന്ധുമിത്രാദികളുടെയെല്ലാം ശരിയായ മുഖം മനസ്സിലാക്കാനുള്ള കാലയളവു കൂടിയായിരുന്നു ഈ രണ്ടു വർഷം. പണം തന്നെയാണ് ബന്ധത്തേക്കാൾ വലുതെന്ന അനുഭവങ്ങൾ പലരിൽ നിന്നും ഉണ്ടായി. മകൾ ഗോപികയും അവളുടെ ഭർത്താവും പിന്നെ മീരയും മാത്രമാണ് തനിക്ക് വിശ്വസിക്കാൻ തോന്നുന്ന ഉറ്റവർ. ബാക്കി എല്ലാവരും ആടിന്‍റെ തോലിട്ട ചെന്നായ്ക്കളെ പോലെയാണ്. ഗോപിക, വിവാഹിതയായി സ്വന്തം ജീവിതം തുടങ്ങിയ ശേഷം കടുത്ത ഏകാന്തത തനിക്ക് തോന്നിയിട്ടുണ്ട്. ഇതിനിടയിൽ മീരയാണ് അപ്പോഴും ഇപ്പോഴും ആശ്വാസം. സോഷ്യൽ ലൈഫിൽ ഒരുപാടു പേർ വന്നു പോകുന്നു. പക്ഷേ മനസ്സിലുള്ള കാര്യങ്ങൾ പങ്കുവയ്ക്കാൻ എന്തിനു ഒരു സിനിമ കാണാൻ പോകാൻ മനസ്സിനിണങ്ങിയ ഒരു കൂട്ട് ഇല്ല.

ജയപാലിന്‍റെ കണ്ണുകൾ ആ മനസ്സിന്‍റെ അകത്തു നിന്ന് നോക്കുന്ന പോലെ വ്യക്‌തമായി കാണാം. മനസ്സിന്‍റെ ജാലകമാണ് കണ്ണുകൾ എന്നുപറയുന്നത് വെറുതെയല്ല. ജയപാലിനെ കണ്ടുമുട്ടിയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഒരാഴ്ചയ്ക്കിടയിൽ ജയപാൽ സംസാരിച്ച കാര്യങ്ങൾ പോലും, അയാളെ പോലെ തന്നെ അവളുടെ മനസ്സിൽ പതിഞ്ഞു പോയി. അടുത്ത ദിവസങ്ങളിൽ മീരക്കൊപ്പം നടക്കാനിറങ്ങുമ്പോൾ, ചിരിയിലും ചെറിയൊരു കുശലാന്വേഷണത്തിലും ഒതുക്കി തന്‍റെ സൗഹൃദത്തെ ഒളിപ്പിക്കാൻ സുജാത ശ്രമിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കുടുംബത്തോടൊപ്പം ഗോവയ്ക്ക് പോകാൻ മീര തീരുമാനിച്ചു.

“നീ തനിച്ചാവുമല്ലോ സുജു, ഞങ്ങൾക്കൊപ്പം വരൂ.” അന്ന് നടക്കാനിറങ്ങിയപ്പോൾ മീര അവളെ ഓർമ്മിപ്പിച്ചു.

“ഞാനില്ല മീര, നിങ്ങളെല്ലാം ഭർത്താക്കന്മാരുടെയും മക്കളുടെയും കൂടെ നടക്കുമ്പോൾ ഞാൻ തനിച്ചായി പോകില്ലേ. അതിലും ഭേദം ഇവിടെ തന്നെ ഇരിക്കുന്നതാ.” സുജാതയ്ക്ക് താൽപര്യം തോന്നിയില്ല. അവൾക്ക് യാത്ര ഒഴിവാക്കാനായിരുന്നു ഇഷ്ടം.

“എന്നാൽ നീ ഒരു കാര്യം ചെയ്യൂ. നിന്‍റെ ഫ്രണ്ടിനോട് ചോദിക്ക്. കൂടെ പോരുന്നോ എന്ന്.” മീര പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.

“അതു കൊള്ളാമല്ലോ. നല്ല ഐഡിയ. ഞാനങ്ങനെ ഒരു കാര്യം ചിന്തിച്ചതേയില്ല.” സുജാത ചിരിച്ചു.

“ശരി നമുക്ക് നോക്കാം.”

രാജ് ഉള്ള സമയത്ത് വർഷത്തിൽ രണ്ടുപ്രാവശ്യം വിനോദയാത്ര പോകുന്നത് പതിവായിരുന്നു. പിന്നീട് യാത്രകളെ കുറിച്ചോ പിക്നിക്കിനോ കുറിച്ചോ കാര്യമായി ചിന്തിച്ചിട്ടില്ല. പോകേണ്ട എന്നു തീരുമാനമൊന്നുമില്ല. പക്ഷേ പോകാൻ പറ്റിയൊരു കൂട്ടോ, മനസ്സോ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഒരു ആഗ്രഹം തോന്നുന്നു. ഗോവയ്ക്ക് മീരയുടെ കൂടെ പോകുമ്പോൾ ജയപാലിനെയും വിളിച്ചാലോ… മറ്റൊന്നും ആലോചിക്കാൻ മെനക്കെടാതെ സുജാത, അയാളെ ഫോണിൽ വിളിച്ചു. കാര്യം പറഞ്ഞപ്പോൾ ജയപാലിന് മടി.

“അയ്യോ സുജ, ഞാൻ തന്‍റെ ഫ്രണ്ട്സിന്‍റെ കൂടെ വന്നാൽ ശരിയാവുമോ? അവരൊന്നും എന്നെ അറിയില്ല. പിന്നെ ഞാനും അറിയില്ല. മാത്രമോ, ഇവിടെ ബെല്ലയുടെ കാര്യം ആരു നോക്കും?” അയാൾ തന്‍റെ പ്രയാസം തുറന്നു പറഞ്ഞു.

“ഓഹോ… വരാതിരിക്കാൻ ഓരോ ഒഴിവു പറയുവാണോ? എന്‍റെ കൂട്ടുകാർക്കൊപ്പം കൂടാൻ ഒരു പ്രയാസവും ഉണ്ടാകില്ല. അതു ഞാൻ ഉറപ്പു തരാം. ബെല്ലയെ ഒരു ഹോസ്റ്റലിൽ ഏൽപിക്കൂ.” അത്രയും പറഞ്ഞിട്ട് അവൾ ഫോൺ വച്ചു. അന്നു വൈകിട്ട് ആളുകളോട് ചോദിച്ച് മനസ്സിലാക്കി, ജയപാലിന്‍റെ വീട്ടിൽ അവൾ എത്തി. കോളിംഗ് ബെൽ അടിച്ചു. ഡോർബെൽ കേട്ട് വാതിൽ തുറന്ന ജയപാൽ അക്ഷരാർത്ഥത്തിൽ ഞെട്ടി പ്പോയി.

“ആഹാ… സുജയോ… അതിശയമായിരിക്കുന്നല്ലോ.”

“എനിക്ക് അകത്തേക്ക് വരാമോ?” സൂജാത ജയപാലിനോട് അനുവാദം ചോദിച്ചു.

സുജാതയെ കണ്ട് അന്തംവിട്ടുപോയ ജയപാൽ വാതിക്കൽ തന്നെ നിൽക്കുകയായിരുന്നു.

(തുടരും)

ഇവരാണ് ന്യൂജെൻ അമ്മമാർ

അമ്മ വേഷം ചെയ്യുക എന്നാൽ അത്ര എളുപ്പമുള്ള കാര്യമല്ല. അതും താരതമ്യേന സ്വന്തം പ്രായമുള്ളതോ തന്നേക്കാൾ പ്രായമുള്ളവരോ ആയ നായകന്മാരുടെ അമ്മ വേഷം. മലയാള സിനിമയിൽ അമ്മറോളിൽ തിളങ്ങിയ നിരവധി നടിമാരുണ്ട്. അടുത്ത കാലത്ത് ന്യൂജെൻ താരങ്ങളുടെ അമ്മ വേഷങ്ങളിൽ പകർന്നാടി നിറഞ്ഞ കയ്യടി നേടിയ ചില ന്യൂജെൻ അമ്മ നായികമാർ…

മാലാ പാർവ്വതി

ടൊവിനോ, പൃഥ്വിരാജ്, ഫഹദ്, ഷെയ്ൻ, ദുൽഖർ, കുഞ്ചാക്കോ ബോബൻ, ഐശ്വര്യ ലക്ഷ്മി ഇങ്ങനെ പുതുതലമുറ നായികാനായകന്മാരിൽ മിക്കവരുടെയും അമ്മയാകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് മാലാ പാർവ്വതിക്ക്. “ചുരുങ്ങിയ കാലം കൊണ്ട് 50 ലേറെ ചിത്രങ്ങൾ. കുറേ പേരുടെ അമ്മയായി അഭിനയിച്ചു. എല്ലാ അമ്മമാരും ഒന്നിനൊന്നു വ്യത്യസ്തമാണ്.” ഏറ്റവും അടുത്ത് ചെയ്‌തത് ഇഷ്കിലെ രാധമ്മയാണ്.

ആങ്കർ, ജേണലിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന സമയത്ത് സുരേഷ്ഗോപിയെ ഒരു ചാനലിനു വേണ്ടി ഇന്‍റർവ്യൂ ചെയ്‌തപ്പോഴാണ്, അദ്ദേഹം ഒരു ഓഫർ മുന്നോട്ടു വച്ചത്. പത്മപ്രിയയുടെ അമ്മയുടെ റോൾ ആണ്. മേരി റോയ്, അരുന്ധതി റോയ് എന്നിവരെ സെക്ച്ച് ചെയ്തുള്ള അമ്മയും മകളുമായതിനാൽ ആക്ടിവിസ്റ്റ് എന്ന നിലയിൽ ഒരു പുതിയ മുഖം തേടുകയായിരുന്നു.

“എന്തായാലും അതിലാണ് തുടക്കം. അത് ഭംഗിയായി ചെയ്തോ എന്നു ചോദിച്ചാൽ ഇല്ല എന്നുറപ്പാണ്. കോൺഫിഡൻസ് ഉണ്ടായില്ല. പിന്നെ 2009 ൽ നീലത്താമര ചെയ്യാൻ എംടി സാർ വിളിച്ചു. ആ സമയത്താണ് ഇത് സീരിയസായി ചെയ്യാനുള്ള തോന്നലുണ്ടായത്. അഭിനയ നാടക സംഘത്തിൽ ചേർന്ന് ആക്ടിംഗ് വർക്ക്ഷോപ്പ് അറ്റന്‍റ് ചെയ്‌തു. അങ്ങനെയങ്ങനെ പിന്നീട് കുറേപ്പേരുടെ അമ്മയായി.

newgen mothers

ടൊവിനോയ്ക്കൊപ്പമാണ് ഏറ്റവും കൂടുതൽ അമ്മ വേഷം ചെയ്‌തത്. 4 സിനിമകൾ. ടൊവിനോ, പൃഥ്വി, ഷെയ്ൻ ഇവരൊക്കെ വലിയ ടാലന്‍റ് ഉള്ളവരല്ലേ. ഇപ്പോഴത്തെ കാലത്ത് എല്ലാവരും പ്രതിഭകളാണ്. ഗെയിം ഓവർ എന്ന ചിത്രത്തിലും മികച്ച റോൾ ഉണ്ട്. ഒരു നടിയുടെ അമ്മ റോൾ ചെയ്യണം എന്നാഗ്രഹിക്കുന്നുണ്ട് മാലാ പാർവ്വതി. അതു മറ്റാരുമല്ല, സായ്പല്ലവി. എന്‍റെ തുടക്കത്തിലെ രീതികൾ ഒക്കെ കണ്ട കൂട്ടുകാർ വിചാരിച്ചിരുന്നത് ഞാനൊരു രാഷ്ട്രീയ നേതാവാകുമെന്നോ മറ്റോ ആണ്. ഇപ്പോൾ എന്തായി? എല്ലാം അൺപ്രഡിക്ടറ്റബിൾ ആണ്. എന്‍റെ ഏറ്റവും വലിയ ക്രിട്ടിക് എന്‍റെ മകൻ തന്നെയാണ്. അവൻ ഒരു റോളും വിമർശിക്കാതെ വിട്ടിട്ടില്ല.

ഉർവ്വശി

അഭിനയത്തിലും ജീവിതത്തിലും വളരെ തുറന്ന സ്വഭാവമാണ് ഉർവ്വശിക്ക്. അതിനാൽ വിവാദങ്ങളാണ് കൂടപ്പിറപ്പ്. കരിയറിന്‍റെ തുടക്കകാലത്തു പോലും അമ്മ വേഷം ചെയ്യാൻ തയ്യാറായ നടിയാണ് ഉർവ്വശി. അച്ചുവിന്‍റെ അമ്മ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ അമ്മ എന്ന വാക്ക് അർത്ഥവത്താക്കിയ അഭിനയമായിരുന്നു. മീരാ ജാസ്മിന്‍റെ അമ്മ വേഷമാണ് അതിൽ ചെയ്തത്.

ശരീരത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത നടിയാണ് ഉർവ്വശി. ഒരുപാട് അസുഖങ്ങളൊക്കെയുണ്ട്. പുറം വേദന, മുട്ടുവേദന, ബിപി, ഷുഗർ, കൊളസ്ട്രോൾ. പക്ഷേ ഭക്ഷണം നിയന്ത്രിക്കുന്ന കാര്യം ഒട്ടും താൽപര്യമില്ല. “ഞാൻ ഭയങ്കര മടിച്ചിയാണ്. എനിക്ക് സന്തോഷം തോന്നിയാൽ ഞാൻ ധാരാളം കഴിക്കും. ഇടയ്ക്ക് ആരെങ്കിലും ഓർമ്മിപ്പിക്കുമ്പോഴാണ് തടി കൂടിയല്ലോ എന്നോർക്കുക.”

“ഒരു സ്ത്രീയുടെ ഏറ്റവും റെസ്പെക്ട്ഫുൾ സ്റ്റേജ് ആണ് അമ്മയാവുക എന്നത്. എനിക്ക് ഒരുപാടു കുഞ്ഞുങ്ങളുടെ അമ്മ ആകണമെന്നാണ് ആഗ്രഹം. ലേറ്റ് ഡെലിവറി ആയിട്ടും, റിസ്ക് ആയിട്ടും ഞാൻ അമ്മയാകാൻ തയ്യാറായത് അതുകൊണ്ടാണ്.

40 കഴിഞ്ഞ നടിമാരോട് മാധ്യമങ്ങൾ കുറച്ചു കൂടി ദയ കാട്ടണമെന്നാണ് എനിക്ക് തോന്നാറുള്ളത്. നല്ല അമ്മ വേഷങ്ങൾ മാത്രമല്ല, അതിശക്‌തമായ കഥാപാത്രങ്ങൾ ചെയ്യാനും ഞാൻ തയ്യാറാണ്. അടുത്തിറങ്ങിയ എന്‍റെ ഉമ്മാന്‍റെ പേരിൽ ടൊവിനോയുടെ അമ്മ റോൾ ചെയ്‌തിരുന്നു.

newgen mothers

ലെന

ഏതു വേഷവും അസാമാന്യ കയ്യടക്കത്തോടെ അഭിനയിച്ചു പൊലിപ്പിക്കാൻ കഴിവുള്ള താരമാണ് ലെന. വ്യത്യസ്തമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. പ്രണവ് മോഹൻലാൽ നായകനായ ആദിയിലെ അമ്മ വേഷം ചെയ്‌തത് ലെനയാണ്. അതിനു മുമ്പ് വിക്രമാദിത്യനിലും, എന്ന് നിന്‍റെ മൊയ്തീനിലും അമ്മറോൾ കൈകാര്യം ചെയ്‌തു. വിക്രമാദിത്യനിൽ ദുൽഖറിന്‍റെ അമ്മ. എന്ന് നിന്‍റെ മൊയ്തീനിൽ പൃഥ്വിരാജിന്‍റെ അമ്മ വേഷം.

അമ്മ വേഷം ചെയ്യുമ്പോൾ മറ്റു റോളുകൾ ചെയ്യുമ്പോഴുള്ളത്ര കംഫർട്ട് ഫീൽ ഉണ്ടായിട്ടില്ല എന്ന് ലെന തുറന്നു സമ്മതിക്കുന്നു. പൃഥ്വിയ്ക്കും ലെനയ്ക്കും ഏതാണ്ട് ഒരേ പ്രായമാണ്. എന്ന് നിന്‍റെ മൊയ്തീനിൽ അഭിനയിക്കാൻ ആർ.എസ്.വിമൽ വിളിച്ചപ്പോൾ, എന്നെ എന്തുകൊണ്ട് അമ്മവേഷം ചെയ്യാൻ ക്ഷണിച്ചുവെന്ന് സംശയിച്ചിരുന്നു. മൊയ്തീന്‍റെ അമ്മ പാത്തുമ്മയുടെ വേഷം അത്രയും ശ്രദ്ധേയമാണ്. അതിനാൽ ഈ റോളിൽ ലെനയായിരിക്കും നല്ലത് എന്ന തോന്നലുണ്ടായി, അത് ലെന എന്ന നടിയിലുള്ള വിശ്വാസമാണ്. എന്തു വേഷമാകട്ടെ, സഹതാരമായാലും, അമ്മ വേഷമായാലും അഭിനയത്തിന്‍റെ കാര്യത്തിൽ കോംപ്രമൈസ് പറ്റില്ലല്ലോ. ലെനയെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് ഇതുപോലുള്ള നിലപാടുകൾ കൊണ്ടും കൂടിയാണ്.

ആശ ശരത്

വിവാഹശേഷം സിനിമാരംഗം വിട്ടു പോകുന്നവർക്കിടയിൽ രണ്ട് പെൺകുട്ടികളുടെ അമ്മയായ ശേഷം സിനിമാ രംഗത്തേക്ക് ചുവടുറപ്പിച്ച വനിതയാണ് ആശ ശരത്. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് എന്നു പറയാം. പാവാട എന്ന ചിത്രത്തിൽ പൃഥ്വിയുടെ അമ്മ റോൾ ചെയ്‌തത് ആശയാണ്. പ്രായമേറിയ രൂപത്തിലുള്ള പോസ്റ്ററുകൾ വയ്ക്കരുത് എന്നു മാത്രമേ ഇക്കാര്യത്തിൽ ചെറിയ ഒരു ആഗ്രഹം ഉള്ളത്. ഏറെ വൈകാരിക അഭിനയതലങ്ങളുള്ള സിസിലി എന്ന കഥാ പാത്രത്തെയാണ് ആശ അവതരിപ്പിച്ചത്. “കരിയറിലെ മികച്ച വേഷം തന്നെയാണിത്” ആശ പറയുന്നു. അനുരാഗ കരിക്കിൻ വെള്ളത്തിൽ ആസിഫിന്‍റെ അമ്മയായി അഭിനയിച്ചതും ആശയാണ്.

സക്കറിയായുടെ ഗർഭിണികൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഇപ്പോൾ വിദേശത്ത് താമസിക്കുന്ന ആശ കലാമണ്ഡലം സുമതിയുടെ മകളാണ്.

ശാന്തി കൃഷ്ണ

1980 കളിലെ നായിക, ഒരിടവേളയ്ക്കു ശേഷം അമ്മ റോളിലാണ് തിരിച്ചെത്തിയത്. ശാന്തി കൃഷ്ണയുടെ ആ തിരിച്ചു വരവ് നിവിൻ പോളിയുടെ അമ്മയായിട്ടാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലാണ് അതു സംഭവിച്ചത്. കുട്ടനാടൻ മാർപ്പാപ്പയിൽ സിംഗിൾ മദറാണ്. “മേരിക്കുട്ടി എന്ന കഥാപാത്രവുമായി സ്വന്തം ജീവിതം റിലേറ്റ് ചെയ്യാൻ കഴിയുന്നതിനാൽ വളരെ ആസ്വദിച്ചാണ് ചെയ്‌തത്.”

പണ്ടൊക്കെ ഞാൻ ഷൂട്ടിംഗ് ലൊക്കോഷനുകളിൽ മസിൽ പിടിച്ചിരിക്കുന്ന രീതിയായിരുന്നു. പക്ഷേ ഇപ്പോൾ റിലാക്സ്ഡ് മൂഡിലാണ് എല്ലാം ചെയ്യുന്നത്. കുട്ടനാടൻ മാർപാപ്പയിൽ കുഞ്ചാക്കോ ബോബന്‍റെ അമ്മയായി. അമ്മയും മകനും എന്ന നിലയിൽ നല്ല കെമിസ്ട്രിയാണ് ഈ ചിത്രത്തിൽ ഫീൽ ചെയ്‌തത്. അരവിന്ദന്‍റെ അതിഥികളിൽ വിനീത് ശ്രീനിവാസന്‍റെ അമ്മയായതും ശാന്തികൃഷ്ണയാണ്. ഇനിയും നിരവധി ചിത്രങ്ങൾ വരാനിരിക്കുന്നു.

വീടും ശരീരവും വൃത്തിയായി സൂക്ഷിക്കാം

വ്യക്തി ശുചിത്വമാണ് ആരോഗ്യത്തിലേക്കുള്ള ആദ്യ വഴി. വീട്ടിലും ശുചിത്വശീലം കാത്തു സൂക്ഷിച്ചാൽ മാത്രമേ വ്യക്‌തിശുചിത്വം പൂർണ്ണമാവുകയുള്ളൂ. കൈ കഴുക്കുക, കുളിക്കുക, പല്ല് തേയ്ക്കുക, എല്ലാം ബോറിംഗ് ആയി തോന്നാം. എന്നാൽ ഇത് രസകരമായി ചെയ്ത് ആരോഗ്യവും മടുപ്പും മാറ്റാം. ഇതെല്ലാം തന്നെ കീടാണുക്കളിൽ നിന്നും വൈറസിൽ നിന്നും അസുഖത്തിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

വ്യക്‌തിശുചിത്വത്തിനു വേണ്ടി ചെയ്യാവുന്ന കാര്യങ്ങൾ അനവധിയാണ്. നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങൾ ഓർമ്മപ്പെടുത്താം.

ഈർപ്പരഹിതവും വൃത്തിയോടെയും

  • നിത്യവും കുളിക്കുക. അടുക്കള ജോലി കഴിഞ്ഞ ശേഷവും രാത്രി ഉറങ്ങാൻ പോകും മുമ്പും മേൽ കഴുകാം.
  • സോപ്പ് ഉപയോഗിക്കുകയാണെങ്കിൽ അത് നന്നായി വെള്ളം കൊണ്ട് കഴുകി കളയണം. മൈൽഡ് സോപ്പ് ഉപയോഗിക്കാം.
  • ഇറുകിയ വസ്ത്രങ്ങൾ ഉപയോഗിക്കരുത്. അണ്ടർ ഗാർമെന്‍റ്സ് ശരിയായ അളവിൽ ഉള്ളത് മാത്രം ധരിക്കുക. കോട്ടൺ വസ്ത്രങ്ങൾ ആണ് നല്ലത്.
  • മോഷനുശേഷം യോനിമുഖം നന്നായി കഴുകുക. മുമ്പിൽ നിന്ന് പിറകിലേയ്ക്ക് എന്ന വിധം തുടയ്ക്കാം. അണുക്കൾ ഉള്ളിൽ കടക്കാതിരിക്കാൻ ഇങ്ങനെ ചെയ്യുക.
  • രാത്രി ഉറങ്ങുമ്പോൾ അടിവസ്ത്രം അണിയാതെ കിടക്കുക. യോനി സ്‌ഥലം ഈർപ്പരഹിതമായിരിക്കാൻ ഇത് സഹായിക്കും. വിയർപ്പും മറ്റു പ്രശ്നങ്ങളും ഉണ്ടാവുകയില്ല.

ഭക്ഷ്യസംഭരണം

  • വേവിക്കാത്ത ഇറച്ചിയും മത്സ്യങ്ങളും സൂക്ഷിച്ചു വയ്ക്കുമ്പോൾ മറ്റ് ഭക്ഷ്യവസ്തുക്കളിൽ നിന്നും മാറ്റി വയ്ക്കുക. സമ്പർക്കം ഇല്ലാത്തവിധം ഇത് സ്റ്റോർ ചെയ്യാം.
  • ജ്യൂസ് അടിച്ചു വച്ച് മറ്റുളളവയുമായി ചേരാത്ത വിധം വയ്ക്കുക. ഫ്രിഡ്ജിൽ വേവിച്ചതും വേവിക്കാത്തതും ഒരേ തട്ടിൽ വയ്ക്കരുത്.
  • അരിയിലും ധാന്യങ്ങളിലും പ്രാണികൾ വരാത്തവിധം ടൈറ്റായി അടച്ചു വയ്ക്കാം. ഇതിൽ ഉണങ്ങിയ കറിവേപ്പില. തൊലി കളയാത്ത വെളുത്തുള്ളി, കറുവപ്പട്ട എന്നിവ ഇട്ടു വച്ചാൽ പ്രാണി ശല്യം ഉണ്ടാവില്ല.
  • കറിപ്പൊടികൾ പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ സൂക്ഷിക്കരുത്. കുപ്പിയുടെ കണ്ടെയ്നറുകൾ ആണ് നല്ലത്. നിത്യാവശ്യത്തിനുള്ളത് ഒരു ചെറിയ കുപ്പിയിലേയ്ക്ക് മാറ്റി വച്ച ശേഷം ചെറിയ സ്പൂൺ അതിൽ ഇട്ടു വയ്ക്കാം. ഈർപ്പം തട്ടി പുറത്തു പോകാനുള്ള സാധ്യത കുറയ്ക്കാം. ഒന്നിച്ചു ഇട്ട കുപ്പിയിൽ നിന്ന് നിത്യവും എടുക്കുമ്പോൾ അത് കേടാവാനുള്ള സാധ്യത കൂടും.

ഭക്ഷണം പാകം ചെയ്യുമ്പോൾ

  • പച്ചക്കറികളും മത്സ്യമാംസങ്ങളും വേറെ വേറെ കത്തി ഉപയോഗിച്ച് മുറിക്കുന്നതാണ് ഉത്തമം. ഇതിനായി വേറെ വേറെ ചോപ്പിംഗ് ബോർഡ് ഉപയോഗിച്ചാൽ വളരെ നന്ന്.
  • പച്ചക്കറികളും പഴങ്ങളും മുറിക്കുന്നതിന് മുമ്പ് നന്നായി കഴുകണം, പീൽ ചെയ്യുന്നതിനുമുമ്പും ഉപ്പിട്ട വെള്ളത്തിൽ കുറച്ചു നേരം മുക്കിവച്ച ശേഷവും നന്നായി കഴുകുക.
  • ഇറച്ചിയും മീനും കഴുകിയ വെള്ളം സിങ്കിലേയ്ക്ക് ഒഴിക്കരുത്. അല്ലെങ്കിൽ സിങ്കിൽ ഇട്ട് ഇത് കഴുകരുത്. കീടാണുക്കൾ പെരുകും, മണം വരും, അസുഖം പിടിപെടാൻ ഇതിടയാക്കും.
  • മാംസം നന്നായി പാചകം ചെയ്യുക. പലപ്പോഴും നന്നായി വേവിച്ചാലും ഹാനികരങ്ങളായ ബാക്ടീരിയ നശിക്കണമെന്നില്ല. അതിനാൽ നല്ല ഫ്രഷായ മാംസം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വായ്നാറ്റം അകറ്റാം

  • നന്നായി വെള്ളം കുടിക്കുക. വായനാറ്റം അകലും.
  • നിത്യവും രണ്ടുനേരം ആയുർവേദ പേസ്റ്റ് കൊണ്ട് ബ്രഷ് ചെയ്യാം. മോണയും പല്ലും നന്നായി വൃത്തിയാക്കണം.
  • ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഗാർഗിൾ ചെയ്യുക.
  • വയറിന്‍റെ പ്രശ്നങ്ങൾ ചികിത്സിക്കുക. ഗുഹ്യരോഗങ്ങൾ ഉണ്ടെങ്കിൽ ഡോക്‌ടറെ കാണുക.
  • കറുമുറെ കഴിക്കാൻ ഉതകുന്ന പച്ചക്കറികളും പഴങ്ങളും കഴിക്കുക. ഉദാ: ആപ്പിൾ, സബർജിൽ, ക്യാരറ്റ്, കുക്കുംബർ.
  • കാപ്പി കഴിക്കുന്നത് ഒഴിവാക്കുക.
  • ഷുഗർലെസ് ബബിൾഗം ചവയ്ക്കാം.
  • കട്ടിത്തൈര് കഴിക്കുക.
  • വിറ്റാമിൻ കുറവ് പരിഹരിക്കുക. ഇത് മോണയുടെയും പല്ലിന്‍റെയും അസുഖം മാറ്റും. കാവിറ്റീസ് അകറ്റും.

സംരഭകയും വീട്ടമ്മയും ആയ രഞ്‌ജിനി കൃഷ്ണൻ

സോപ്പു കുമിളകൾ പോലെ അത്ര ദുർബലവും ഹ്രസ്വവുമല്ല അമ്മമാരുടെ സ്വപ്നങ്ങൾ. കുഞ്ഞിന്‍റെ ഓരോ ശ്വാസത്തിലും അമ്മ മനസ്സിന്‍റെ കിനാവുകൾ ഉണ്ട്. രഞ്ജിനി കൃഷ്ണൻ എന്ന അമ്മയും ഈ കാര്യത്തിൽ വ്യത്യസ്തയല്ല. പക്ഷേ അവർ ഏറെ വ്യത്യസ്തയാവുന്നത് സ്വന്തം കുഞ്ഞിന്‍റെ മേനിയ്ക്ക് ഹാനികാരകമായ സോപ്പ് ഉപയോഗിക്കാതെ സ്വന്തം കൈകൊണ്ട് പ്രകൃതിദത്തമായ ചേരുവകൾ ചേർത്ത് ബേബിസോപ്പ് നിർമ്മിച്ചു കൊണ്ടാണ്. രാസവസ്തുക്കളൊന്നും ചേർക്കാതെ തികച്ചും ഓർഗാനിക്കായ ബോഡി ട്രീ സോപ്പ് എന്ന നന്മ ഓൺലൈനിലൂടെ വിപണനവും നടത്തുന്നുണ്ട് രഞ്ജിനി കൃഷ്ണൻ. കുഞ്ഞിളം മേനിയ്ക്ക് ഒരമ്മയുടെ യത്രയും സ്നേഹപരിചരണങ്ങൾ ചൊരിയുകയാണ് ഈ ഹാൻഡ്മെയ്ഡ് ഓർഗാനിക് സോപ്പ്. ബോഡി ട്രീ ബ്രാന്‍റിൽ സോപ്പുകളുടെ ഒരു ശൃംഖല തന്നെ അവതരിപ്പിച്ചിരിക്കുകയാണ് രഞ്ജിനി. ആ സോപ്പിന്‍റെ പിന്നിലെ കഥയ്ക്കുമുണ്ട് മണ്ണിന്‍റെയും പ്രകൃതിയുടെയും മണം. ബോഡി ട്രീയിലേയ്ക്ക് തന്നെ നയിച്ച അനുഭവത്തെപ്പറ്റി രഞ്ജിനി കൃഷ്ണൻ പറയുന്നതിങ്ങനെ.

“ഞാൻ പല പേരന്‍റിംഗ് ഗ്രൂപ്പുകളിൽ അംഗമായിരുന്നു. അത്തരം ഗ്രൂപ്പുകളിൽ ഞങ്ങളെല്ലാവരും പല ആശയങ്ങളും ആശങ്കകളുമൊക്കെ പരസ്പരം കൈമാറിയിരുന്നു. ഒരിക്കൽ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന സോപ്പായിരുന്നു വിഷയം. സോപ്പിൽ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കളെപ്പറ്റിയായി ഞങ്ങളുടെ ചർച്ച. ആ സമയത്ത് ഞാൻ ഗർഭിണിയായിരുന്നു. അതുകൊണ്ട് സ്വാഭാവികമായും ഒത്തിരി ആശങ്കകളുണ്ടാകുമല്ലോ. ഞാൻ അതേപ്പറ്റി കുറേ ആലോചിച്ചു. വീട്ടിൽ തന്നെ വളരെയെളുപ്പം ഹാന്‍റ്മെയ്ഡ് ഓർഗാനിക് സോപ്പ് ഉണ്ടാക്കാമെന്ന ആശയം എനിക്ക് ഗ്രൂപ്പിൽ നിന്നാണ് പകർന്നു കിട്ടിയത്. ആ അറിവാണ് എന്നെ ബോഡി ട്രീയിലേക്ക് എത്തിച്ചത്.” രഞ്‌ജിനി പറയുന്നു.

അതിനും ഇത്തിരി വെല്ലുവിളിയുണ്ടായിരുന്നു. കാസ്‌റ്റിക് സോഡയില്ലാതെ സോപ്പ് ഉണ്ടാക്കാൻ പറ്റില്ലല്ലോ… ഗർഭിണിയുമായിരുന്നതുകൊണ്ട് അതുപയോഗിക്കാൻ പേടിയും ഉണ്ടായിരുന്നു. മകൻ പിറന്ന് 6 മാസത്തിനു ശേഷമായിരുന്നു ഞാൻ ഫസ്റ്റ് ബാച്ച് സോപ്പ് ഉണ്ടാക്കിനോക്കിയത്.

സോപ്പുണ്ടാക്കിയ കഥ

രഞ്ജിനി സോപ്പുണ്ടാക്കിയ കഥയിങ്ങനെ. “യൂ ട്യൂബിൽ നോക്കിയായിരുന്നു ആദ്യ പരീക്ഷണം. പക്ഷേ പരാജയമായിരുന്നു ഫലം. അവിടം കൊണ്ടും പരീക്ഷണം കൈവിടാൻ ഞാൻ തയ്യാറായില്ല. അതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി. സോപ്പിനുള്ള ചേരുവകളും അളവും കൃത്യമായാലെ സോപ്പ് ശരിയായ രീതിയിൽ കിട്ടുകയുള്ളൂ. ഞാനുടൻ തന്നെ ഒരു വെയിംഗ് മെഷീൻ വാങ്ങി. ഒപ്പം സോപ്പ് നിർമ്മാണത്തെ സംബന്ധിച്ചുള്ള ക്ലാസിലും അറ്റൻഡ് ചെയ്‌തു. ഫോർമുല കൃത്യമായി ഫോളോ ചെയ്തു. ഇതിനിടെ ഞാൻ എന്‍റെ ഡോക്ടറേറ്റിനുള്ള ഗവേഷണത്തിലും മുഴുകിയിരുന്നു. സകല സൈറ്റുകളും നോക്കി കുറേ റിസർച്ചുകൾ ചെയ്തു. ഓരോന്നിനെപ്പറ്റി നോട്സ് എഴതി വച്ചു. ഇപ്പോഴും എന്‍റെ കയ്യിൽ രണ്ട് നോട്ട് ബുക്ക് ഉണ്ട്. അളവ് കൃത്യമായതോടെ സോപ്പ് കൃത്യമായി. എണ്ണയും വെള്ളവും വരെ ഞാൻ കൃത്യമായി അളന്നാണ് എടുത്തത്. എന്തായാലും പ്രൊഡക്ഷൻ കൃത്യമായി വന്നു. നറിഷിംഗ് ചേരുവകൾ ചേർന്ന് പതയും മോയിസ്ചറുമൊക്കെ ചേർന്ന് ഒരു കംപ്ലീറ്റ് സോപ്പായി. തേർഡ് ബാച്ച് തൊട്ട് എന്‍റെ സോപ്പ് തന്നെയാണ് മോനു വേണ്ടി ഉപയോഗിച്ചത്.” രഞ്ജിനിയുടെ മുഖത്ത് പരീക്ഷണം വിജയിച്ചതിലുള്ള ചാരിതാർത്ഥ്യം പ്രകടമായിരുന്നു.

രണ്ട് പരീക്ഷണങ്ങൾ

“പിഎച്ച്ഡി ചെയ്യുന്നതിനിടെയായിരുന്നു എന്‍റെ സോപ്പ് പരീക്ഷണം. അതിന്‍റെ സ്ട്രെസ്സും മറ്റ് ടെൻഷനുമൊക്കെ മറക്കാൻ രസകരമായ ഈ സോപ്പ് നിർമ്മാണം സഹായിച്ചുവെന്നു വേണം പറയാൻ. തീസിസ് എഴുതി കഴിഞ്ഞപ്പോഴേക്കും എന്‍റെ വീട് മുഴുവനും സോപ്പ് ആയിരുന്നു. വീട്ടിലുള്ള സകല ഷെൽ ഫിലും ഷൂ റാക്കിലും വരെ സോപ്പ്. ഏത് ഷെൽഫ് തുറന്നാലും സോപ്പ് പായ്ക്കുകൾ! ബെഡ്റൂമിലും ഡ്രോയിംഗ് റൂമിലും വരെ സോപ്പ്! ഇങ്ങനെയായാൽ പറ്റില്ലായെന്ന് വീട്ടിലുള്ളവർ പറഞ്ഞ് തുടങ്ങിയപ്പോഴാ ഇതിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച്ച് തുടങ്ങുന്നത്. അങ്ങനെ ഞാൻ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. കൂട്ടുകാർ അതിനു വേണ്ടിയുള്ള ഫോട്ടോയെടുത്തു തന്നു. എന്‍റെ സുഹൃത്ത് പ്രിയ രഞ്‌ജൻലാൽ തന്നെ ലോഗോയും ഡിസൈൻ ചെയ്‌തു. അങ്ങനെ ഞങ്ങളെല്ലാവരും ചേർന്ന് സോപ്പ് ബ്രാന്‍റ് ചെയ്‌തു. 2014 ൽ ബോഡി ട്രീ ലോഞ്ച് ചെയ്തു.”

ബോഡി ട്രീ എന്ന പേരിന് പിന്നിൽ

ഓർഗാനിക് എന്ന ആശയമാണ് ആ പേര് തെരഞ്ഞെടുക്കുന്നതിലേക്ക് രഞ്ജിനിയെ നയിച്ചത്. “മണ്ണിൽ വേരൂന്നി തളിർത്ത് വളർന്ന് പന്തലിച്ച് പിന്നീട് മണ്ണിലേക്ക് തന്നെ ജീവിതം ഒടുങ്ങുന്നുവെന്ന ആശയമാണ് ഇതിന് പിന്നിൽ.” സിന്തറ്റിക് കളറുകളോ പെർഫ്യൂമുകളോ ഡിറ്റർജന്‍റോ കൃത്രിമ ഫില്ലേഴ്സോ ഒന്നുമില്ല ബോഡി ട്രീയിൽ.” ഒരമ്മയ്ക്ക് കുഞ്ഞിനോടുള്ള കരുതലും വാത്സല്യവും പോലെ അത്രയും നിർമ്മലമാണ് രഞ്ജിനി തയ്യാറാക്കുന്ന സോപ്പ്.

“ഞാൻ തയ്യാറാക്കിയ നീം സോപ്പുകൾക്ക് ആര്യവേപ്പില പോലെ ഇളം പച്ച നിറമാണ്. അതുപോലെ തേങ്ങാപ്പാലും തേനും ചേർന്ന സോപ്പിന് ബ്രൗൺ നിറവും സുഖകരമായ സുഗന്ധവുമുണ്ട്. സ്പൈസി ഫ്ളേവറിന് കോഫീ ബ്രൗണും. നാച്ചുറൽ ചേരുവകളുടെ നിറങ്ങൾ തന്നെയാണ് സ്വാഭാവികമായും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അവയൊക്കെയും ചർമ്മത്തെ പരിപാലിക്കുന്നു. അതുപോലെ മണ്ണിനും ഒട്ടും ദോഷമുണ്ടാക്കുന്നില്ല.”

ബോഡി ട്രീ സോപ്പ് പ്രത്യേകതകൾ

സോപ്പ് ഉണ്ടാക്കാൻ വെളിച്ചെണ്ണ, ആവണക്കെണ്ണ, പാം ഓയിൽ തുടങ്ങിയ വെജിറ്റബിൾ ഓയിലുകൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. ക്രിത്രിമ കളറുകൾ, പെർഫ്യൂം, ഗ്ലിസറിൻ, എസ്എൽഎസ് (സോഡിയം ലോറൽ സൾഫേറ്റ്) പോലുള്ള ഡിറ്റർജന്‍റുകൾ ചേർക്കുന്നില്ല.

“സോപ്പ് നിർമ്മാണത്തിനായി മാനുഫാക്ച്ചറിംഗ് യൂണിറ്റുണ്ട്. ഇപ്പോൾ സോപ്പ് നിർമ്മാണം 4 വർഷത്തിലധികമായിരിക്കുന്നു. ഒത്തിരി സോപ്പ് ഉണ്ടാക്കി മാർക്കറ്റ് ചെയ്യുന്നതിന് പകരം വളരെ കുറച്ച് സോപ്പ് തയ്യാറാക്കി വിപണനം ചെയ്യുന്നതിനാണ് ഞാൻ മുൻതൂക്കം നൽകുന്നത്.”

യാതൊരു തരത്തിലുമുള്ള രാസവസ്തുക്കളും അടങ്ങിയിട്ടില്ലെന്നതാണ് ബോഡി ട്രീയുടെ ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. രഞ്ജിനിയുടെ വാക്കുകളിൽ പറഞ്ഞാൽ സസ്‍റ്റനബിൾ ഗ്രീൻ പ്രൊഡക്ടറ്റാണിത്.

ബ്യൂട്ടി സോപ്പ് എന്ന കൺസെപ്റ്റിനോട് ഒട്ടും താൽപര്യമില്ല രഞ്ജിനിയ്ക്ക്. സാധാരണ സോപ്പുകൾ ഉന്നയിക്കുന്ന പ്രധാന വാദഗതികളോ ആകർഷകങ്ങളായ മോഹവാഗ്ദാനങ്ങളോ ഒന്നും ഇതിൽ അടയാളപ്പെടുത്തിയിട്ടില്ല. ആന്‍റിറിങ്കിൾ എന്നെഴുതിയിട്ടുമില്ല.

വൈറ്റനിംഗ് സോപ്പ് ആവശ്യപ്പെടു ന്നവരുണ്ട്. അങ്ങനെയൊന്ന് ചെയ്യുന്നതിൽ താൽപര്യമില്ല. പലപല നിറത്തിലുള്ളവരാണ് മനുഷ്യർ. എല്ലാ നിറവും ഭംഗിയുള്ളത് തന്നെയാണ്. പക്ഷേ എന്നെ സംബന്ധിച്ച് ഞാൻ ആരോഗ്യത്തിനാണ് മുൻതൂക്കം നൽകുന്നത്. അല്ലാതെ സൗന്ദര്യത്തിനല്ല.” രഞ്ജിനി പറയുന്നു.

“ദിവസേന കുളിക്കുമ്പോൾ സോപ്പിലുള്ള കെമിക്കലുകൾ കൊണ്ട് ബോഡി നശിപ്പിക്കാതിരിക്കുക, മണ്ണ് നശിപ്പിക്കാതിരിക്കുക അതാണ് ബോഡി ട്രീ സോപ്പിന്‍റെ മന്ത്രം. ബോഡി ട്രീ സോപ്പിലുള്ള ചേരുവകൾ സ്കിൻ നറിഷിംഗ് ആയതുകൊണ്ട് കുറച്ച് കഴിയുന്നതോടെ ചർമ്മ സൗന്ദര്യം കൂടാം. ഹോർമോൺ പ്രശ്നങ്ങൾ, ശരിയായ ഡയറ്റ് ഇല്ലാത്തത് എന്നിവയൊക്കെ ചർമ്മസൗന്ദര്യത്തിന് മങ്ങലേൽപ്പിക്കാം. ജെന്‍റിൽ ഓൺ സ്കിൻ, ജെന്‍റിൽ ഓൺ എർത്ത് എന്നതാണ് ബോഡി ട്രീയുടെ മോട്ടോ.”

കോൾഡ് പ്രോസസിലൂടെയാണ് സോപ്പിന്‍റെ നിർമ്മാണം. അമിതമായ ചൂടേൽപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ സോപ്പിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഗ്ലിസറിൻ അതേപോലെ നിലനിൽക്കുന്നു. എക്സ്ട്രാ ഹീറ്റിംഗ് പ്രകൃതിദത്തമായ നറിഷിംഗ് ഘടകങ്ങളെ നഷ്ടപ്പെടുത്തു ന്നതു കാരണം അതൊഴിവാക്കിയുള്ള നിർമ്മാണമാണ് അവംലബിക്കുന്നത്.

7 തരത്തിലുള്ള സോപ്പുകളാണ് ബോഡി ട്രീ റേഞ്ചിൽ വരുന്നത്. സോപ്പിന് പുറമെ ബോഡി സ്ക്രബ്ബ്, ബോഡി നറിഷിംഗ് ക്രീം, ഫേസ് ക്ലൻസർ, ഫേസ് മാസ്ക്, ഹെയർ ക്ലീനർ, ഹാൻഡ് ആന്‍റ് ഫൂട്ട് ബട്ടർ, ലിപ് ബാം, ലിപ്സ്ക്രബ്ബ് എന്നിങ്ങനെ ചർമ്മ പരിപാലനത്തിലുള്ള പ്രകൃതിദത്ത ചേരുവകളടങ്ങിയ മറ്റ് ഉൽപന്നങ്ങളും ബോഡി ട്രീയുടെ പ്രത്യേകതകളാണ്.

ക്യൂട്ട് പായ്ക്കിംഗ്

“എന്‍റെ സുഹൃത്തുക്കളാണ് കവർ ഡിസൈൻ ചെയ്‌ത് തന്നത്. വ്യത്യസ്തമായ പായ്ക്കിംഗ് ആയിരിക്കണമെന്നതുകൊണ്ടാണ് പില്ലോ കവർ എന്ന കൺസെപ്റ്റിൽ എത്തിയത്. റീസൈക്കിളിംഗ് പായ്ക്കിംഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

മിനിമം ഒരു വർഷമെങ്കിലും സോപ്പ് നന്നായിരിക്കണമെന്നതു കൊണ്ട് പ്ലാസ്റ്റിക്കല്ലാതെ മറ്റൊന്നും ഉപയോഗിക്കാൻ പറ്റാത്തതിനാൽ ഒരു തിൻ പ്ലാസ്റ്റിൻ ലെയർ ആണ് സോപ്പ് കവറിംഗിന് ഉപയോഗിച്ചിരിക്കുന്നത്.” രഞ്ജിനിയുടെ വാക്കുകളിൽ പറഞ്ഞാൽ ബോഡി ട്രീ സോപ്പ് 95 ശതമാനം ഓർഗാനിക്കാണ്, ഈ തിൻ പ്ലാസ്റ്റിക് കവറൊഴിച്ച്.

ബിസിനസ്സും സിനിമയും

സോപ്പ് നിർമ്മാണത്തിനിടയിൽ സാംസ്ക്കാരിക പഠന ഗവേഷണത്തിലായിരുന്നു രഞ്ജിനി. എഴുത്തിലും താൽപര്യമുള്ള രഞ്ജിനി മുമ്പ് മാസികയിലും മറ്റും ചെറുകഥകൾ എഴുതിയിട്ടുണ്ട്. ആകെ എഴുതിയ 3 കഥകൾക്കും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

“ഇപ്പോൾ എഴുതാറില്ല. സിദ്ധാന്തം വായിക്കാൻ തുടങ്ങിയപ്പോൾ കഥയെഴുത്ത് നിന്നുപോയി. പിന്നീട് ഫിക്ഷൻ എഴുതിയിട്ടില്ല. എങ്കിലും ഭർത്താവ് മനോജുമൊത്ത് ഡോക്യുമെന്‍ററിയിൽ വർക്ക് ചെയ്തിട്ടുണ്ട്. 2010ൽ ആയിരുന്നുവത്.”

“എ പെസ്റ്ററിംഗ് ജേർണി. നമ്മുടെ ജീവിതത്തിൽ രാസവസ്തുക്കൾ എത്ര മാത്രം സ്വാധീനിക്കുന്നുവെന്ന ചിന്തയി ലൂടെയാണ് ഈ ഡോക്യമെന്‍ററിയുടെ പിറവി. എൻഡോസൾഫാൻ ദുരിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്‍ററിയായിരുന്നുവത്. ആ വർഷം അതിന് നാഷണൽ അവാർഡും കിട്ടി.

കന്യകാ ടാക്കീസിൽ

“ഭർത്താവ് കെ.ആർ മനോജ് ഒരു ഫിലിം മേക്കറാണ്. ഷാജി കുമാറിന്‍റെ കഥയെ ആസ്പദമാക്കിയുള്ളതാണ് കന്യകാ ടാക്കീസ്. ഷാജിയും മനോജും ഞാനും ഒരുമിച്ചിരുന്ന് ചർച്ച ചെയ്‌താണ് സിനിമയ്ക്കു വേണ്ടി കഥയിൽ ചില്ലറ മാറ്റങ്ങൾ വരുത്തി സ്ക്രിപ്റ്റ് ചെയ്‌തത്. സ്ക്രിപ്റ്റിൽ ഭാഗമാകാൻ എനിക്കും കഴിഞ്ഞതിൽ സന്തോഷമുണ്ട്. സിനിമ ശ്രദ്ധിക്കപ്പെട്ടു.” രഞ്ജിനി സിനിമ വിശേഷത്തെക്കുറിച്ച് പറയുന്നു.

ഇപ്പോൾ ഒന്ന് രണ്ട് വീഡിയോ ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഈ ബിസിനസ്സ് സംരഭക. മകൻ 5 വയസ്സുകാരൻ നിരാമയനൊപ്പം ഈ മോം എന്‍റര്‍പ്രണർ ബിസിയാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें