രസം

ഓണക്കാലത്താണ് മലയാളികൾ, കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണ രീതികളിലേക്ക് ഗൃഹാതുരതയോടെ ഇറങ്ങിച്ചെല്ലുന്ന സമയം. അത്തം മുതൽ പത്തു ദിനങ്ങളിലെ ഓണാഘോഷത്തിന്‍റെ പൊലിമ മുറ്റത്തെ പൂക്കളത്തിലും അടുക്കളയിലെ സദ്യ വട്ടങ്ങളിലും ഓണാക്കോടിയിലും ആണ്. എല്ലാവരും ഒരുമിച്ചു ചേർന്ന് ഗംഭീര വിഭവങ്ങൾ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്ന സന്തോഷം മറ്റെവിടെ കിട്ടും?

ചേരുവകൾ:

പരിപ്പ് – ഒരു ടേബിൾ സ്പൂൺ

തക്കാളി – 1 വലുത്

മല്ലിപൊടി – ഒരു സ്പൂൺ

മുളക് പൊടി – ഒരു സ്പൂൺ

കുരുമുളക് പൊടി – അര സ്പൂൺ

ജീരകം ചതച്ചത് – ഒരു സ്പൂൺ

കായം – അര സ്പൂൺ

വെളുത്തുള്ളി – 7-8 എണ്ണം

തയ്യാറാക്കുന്ന വിധം:

പരിപ്പിൽ രണ്ട് കപ്പ് വെള്ളം ചേർത്ത് അതിൽ തക്കാളിയും കുറച്ചു മഞ്ഞൾ പൊടിയും ഉപ്പും ചേർത്തു കുക്കറിൽ നന്നായി വേവിച്ചെടുക്കുക.

പരിപ്പും തക്കാളിയും നന്നായി ഉടച്ച ശേഷം അതിലേക്കു ഒരു വലിയ നെല്ലിക്ക വലിപ്പത്തിൽ പുളി എടുത്തു കലക്കി ഒഴിക്കുക.

അതിൽ മല്ലിപൊടി, മുളകുപൊടി, കുരുമുളക് പൊടി, ജീരകം ചതച്ചത് എല്ലാം കൂടി ചേർത്ത് തിളച്ചു കഴിഞ്ഞാൽ അതിലേക്ക് വെളുത്തുള്ളി ചതച്ചതും കായവും ചേർത്ത് ഒന്ന് കൂടി തിളപ്പിക്കുക.

പിന്നെ കുറച്ചു വെളിച്ചെണ്ണയിൽ ഒരു സ്പൂൺ കടുകും രണ്ടു വറ്റൽ മുളകും കൂടി വറുത്തിടുക. കൂടെ ഒരു തണ്ട് കറിവേപ്പിലയും കുറച്ചു മല്ലിയില അരിഞ്ഞതും ചേർക്കാം. രസം റെഡി.

പൊന്നോണം പെണ്ണോണം

വർഷത്തിലെ ആ പത്തു ദിനങ്ങൾ… ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെ ഉള്ള ഓണം ആഘോഷ ദിനങ്ങളിൽ മുടി നിറയെ മുല്ലപ്പൂ ചൂടി പരമ്പരാഗത കസവ് സാരി ഉടുത്തു മലയാളി വനിതകൾ ആവേശഭരിതരായി ഒരുങ്ങുന്നത് ജാതിമതങ്ങൾക്കതീതമായ സുന്ദരമായ കാഴ്ചയാണ്..

സമൃദ്ധിയുടെയും പാരമ്പര്യത്തിന്‍റെയും സീസണൽ ആഘോഷം മാത്രമല്ല ഓണം. സ്ത്രീകളുടെ സാംസ്കാരിക ആവിഷ്കാരത്തിനും നേതൃത്വത്തിനും സമൂഹനിർമ്മാണത്തിനുമുള്ള ശക്തമായ ഒരു വേദി കൂടിയാണ് ഓണം. സ്ത്രീകൾ പ്രധാന പങ്കുവഹിക്കുന്ന ഒരു സാംസ്കാരിക ഇടമായി ഓണം പരിണമിച്ചത് ഇന്നും ഇന്നലെയുമല്ല. നിറങ്ങളുടെ സർഗ്ഗാത്മകതയുടെ ഒരുമയുടെ ഉത്സവ കൂട്ടായ്‌മ. കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വിദേശത്ത് പോലും ഓണാഘോഷത്തെ ഇത്രയും ജനപ്രിയമാക്കുന്നത് സ്ത്രീകളുടെ പങ്കാളിത്തം തന്നെയാണ്.

വനിതകളുടെ നേതൃത്വം

പത്തുദിനങ്ങൾ മുറ്റങ്ങളെ ദീപ്തമാക്കുന്ന ഓണപ്പൂക്കളത്തിന്‍റെ വിസ്‌മയം മുതൽ തിരുവാതിരകളിയുടെ ലാസ്യഭാവത്തിൽ വരെ ഓണം സ്ത്രീകൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനും ആഘോഷിക്കാനും അവസരം നൽകുന്നു. അതിനാൽ തന്നെ സ്‌കൂളുകളിലും ജോലിസ്‌ഥലങ്ങളിലും, കമ്മ്യൂണിറ്റി സെന്‍ററുകളിലും വീടുകളിലും സ്ത്രീകൾ പൂക്കളം തീർക്കാൻ നേതൃത്വം നൽകുന്നത് പതിവ് കാഴ്ച്ചയാണ്. ആഘോഷത്തിന്‍റെ ഭാഗമായി തിരുവാതിരയും കൈകൊട്ടിക്കളിയും അടക്കമുള്ള നൃത്തങ്ങൾ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.

ഇപ്പോൾ കേരളത്തിൽ എല്ലാ പ്രായത്തിലുള്ളവരും വ്യാപകമായി പഠിച്ചു അവതരിപ്പിക്കുന്ന ഡാൻസ് ഇനമാണ് കൈകൊട്ടിക്കളി. ഇതിന് ആരാധകർ ഏറെ ആണ്. അതുകൊണ്ട് പാരമ്പര്യത്തിനപ്പുറം ഓണം സ്ത്രീകൾക്ക് അവരുടെ കുടുംബങ്ങളിലും സ്‌ഥാപനങ്ങളിലും സമൂഹങ്ങളിലും നേതൃത്വപരമായ റോളുകളിലേക്ക് ചുവടുവെക്കാനുള്ള അവസരം കൂടി നൽകുന്നുണ്ട്. എവിടെ നോക്കിയാലും അറിയാം ഓണാഘോഷങ്ങൾക്ക് പിന്നിലെ പ്രധാന സംഘാടകരാണ് സ്ത്രീകൾ. വീട്ടിൽ ആയാലും ഓഫീസിൽ ആയാലും കലാപരിപാടികൾ ആസൂത്രണം ചെയ്യുക, സദ്യ ഒരുക്കുക വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒന്നിപ്പിക്കുകയും അപ്പാർട്ടുമെന്‍റുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, സംഘടനകൾ, ക്ലബ്ബുകൾ ഇവിടങ്ങളിലെല്ലാം സദ്യകൾ, സാംസ്കാരിക പരിപാടികൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന്‍റെ ചുമതലയും സ്ത്രീകൾ ഏറ്റെടുക്കുന്നു. കേരളത്തിന് അകത്തും പുറത്തും ഇത് തുടരുന്നു.

ഓണാഘോഷങ്ങളുടെ ആസൂത്രണവും നിർവ്വഹണവും സ്ത്രീകളെ ടീം വർക്ക്, ഇവന്‍റ് മാനേജ്മെന്‍റ്, പൊതുവേദിയിൽ പ്രസംഗം എന്നിവയിൽ കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുന്നു. ഇവ വെറും ഉത്സവത്തിന് മാത്രം ആയ കഴിവുകളായി ചുരുക്കി കാണേണ്ട. ജോലി, സംരംഭകത്വം, രാഷ്ട്രീയം എന്നിവയുൾപ്പെടെ ജീവിതത്തിന്‍റെ മറ്റ് മേഖലകളിൽ ആത്മവിശ്വാസവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. കേരളത്തിലെ ഗ്രാമങ്ങളിലായാലും ഗൾഫ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ മലയാളി സമൂഹങ്ങളിലായാലും ഇന്ത്യൻ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗ്ഗമായി ഓണത്തെ ഉപയോഗിക്കുന്നു. തലമുറകൾക്കും സാമൂഹിക വിഭജനങ്ങൾക്കും അതീതമായി ഓണം ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു. ഐക്യ ബോധം വളർത്തുന്നു.

ഓണം നാളിൽ സംഘടിപ്പിക്കുന്ന സമൂഹ സദ്യകൾ സമൃദ്ധി ആഘോഷിക്കുക മാത്രമല്ല എല്ലാവരെയും ഉൾക്കൊള്ളുക എന്ന മഹത്തായ ആശയം നടപ്പാക്കുകയും ചെയ്യുന്നു.

കുടുംബശ്രീ അടക്കം സ്ത്രീകൾ നയിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകളും സഹകരണസ്‌ഥാപനങ്ങളും ഓണം വിപണികളിൽ എല്ലാവർഷവും സ്‌റ്റാളുകൾ നടത്തിവരുന്നുണ്ട്. കരകൗശല വസ്തു‌ക്കൾ, അച്ചാറുകൾ, സാരികൾ, ലഘുഭക്ഷണങ്ങൾ എന്നിവ ഇതിലൂടെ വിൽക്കുന്നു. അതുവഴി സാമ്പത്തിക ശാക്തീകരണത്തിനുള്ള വേദികൾ സൃഷ്ടിക്കുന്നു. പല സന്ദർഭങ്ങളിലും സാമൂഹിക വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും കമ്മ്യൂണിറ്റി പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനും പ്രാദേശിക കലാകാരന്മാരെയും കരകൗശല വിദഗ്‌ധരെയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു അവസരമായി ഓണം മാറുന്നു. അങ്ങനെ ഓണം എന്ന ആഘോഷത്തെ ഒരു പ്രസ്ഥാനമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഓണം കേരളത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. ലോകമെമ്പാടും മലയാളികൾ താമസിക്കുന്നിടത്തെല്ലാം ഓണം വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. സ്ത്രീകൾ എപ്പോഴും ഈ ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവാണ്.

സാങ്കേതിക വിദ്യയുടെ ആവിർഭാവവും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിച്ചു എന്ന് പറയാം. കോവിഡ്-19 പാൻഡെമിക് സമയത്ത് പോലും ഓൺലൈൻ നൃത്ത മത്സരങ്ങൾ, പാചകക്കുറിപ്പ് പങ്കിടൽ, കവിതാ വായന എന്നിങ്ങനെ വെർച്വൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിലും പങ്കെടുക്കുന്നതിലും സ്ത്രീകൾ തന്നെയാണ് മുൻപന്തിയിൽ ഉണ്ടായിരുന്നത്.

ഓണം ഇന്ന് ഒരു പുരാതന സുവർണ്ണ കാലഘട്ടത്തിന്‍റെ ഓർമ്മ മാത്രമല്ല. അത് ശാക്തീകരണത്തിന്‍റെയും ഐക്യത്തിന്‍റെയും ഉത്സവമാണ്. സ്ത്രീകൾ അതിന്‍റെ ഹൃദയമിടിപ്പ് ആണ്. നേതൃത്വം ഏറ്റെടുത്തും, സമൂഹങ്ങളെ ഒരുമിപ്പിച്ചും സ്ത്രീകൾ ഓണത്തെ ഒരു ആചാരത്തിനപ്പുറം പകരം വെയ്ക്കാനില്ലാത്ത ഒരു ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു.

പൂക്കളത്തിലെ ഓരോ ഇതളിലും വാഴയിലയിലെ ഓരോ വിഭവത്തിലും ചെണ്ടയുടെ ഓരോ സ്പന്ദനത്തിലും തുഴയുടെ ഓരോ ഓളത്തിലും പോലും ആ സന്തോഷം ആഴത്തിൽ അനുഭവപ്പെടുന്നു. ആഴത്തിൽ ആഘോഷിക്കപ്പെടുന്നു.

സമാധാനത്തിന്‍റെയും സമൃദ്ധിയുടെയും സുവർണ്ണ കാലഘട്ടമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന മഹാബലിയുടെ തിരിച്ചുവരവിനെയാണ് ഓണം അടയാളപ്പെടുത്തുന്നത്. മലയാള മാസമായ ചിങ്ങത്തിൽ അതായത് ഓഗസ്‌റ്റ് സെപ്റ്റംബർ മാസത്തിൽ ആഘോഷിക്കുന്ന ഓണം കഥകളി, വള്ളംകളി, പുലിക്കളി, പൂക്കളം തുടങ്ങിയ പരമ്പരാഗത രീതികളിലൂടെ കേരളത്തിന്‍റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന ഒരു വിളവെടുപ്പ് ഉത്സവമാണ്.

വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ ഐക്യത്തെയും സമൃദ്ധിയെയും പ്രതീകപ്പെടുത്തുന്നു. പ്രാദേശിക വേരുകൾക്കപ്പുറം ഒരുമയുടെ മൂല്യം പ്രോത്സാഹിപ്പിക്കുന്നതിനാൽ ഓണത്തിന് ദേശീയ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തെയും കാർഷിക പാരമ്പര്യങ്ങളും ഉത്സവങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയും കൂടി ഇത് പ്രതിഫലിപ്പിക്കുന്നു.

പൊന്നോണപൂക്കളം

പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തിനായി നാടും നഗരവുമെല്ലാം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. എവിടെയും പൂവും പൂക്കളും നിറപ്പകിട്ടും മാത്രം. നാടും നഗരവും ആഹ്ളാദരവങ്ങൾ കൊണ്ട് നിറയുന്നു. അത്തം മുതൽ തിരുവോണ നാളുവരെ ഓരോ വീട്ടുമുറ്റത്തും നിറയുന്ന വർണ്ണാഭമായ പൂക്കളം. അതിലുമുണ്ട് രസകരമായ മത്സരം. ഏറ്റവും നല്ല പൂക്കളം തീർക്കാൻ, അപ്പുറത്തെ വീട്ടിലെ പൂക്കളത്തേക്കാൾ മനോഹരമായ പൂക്കളം ഒരുക്കാൻ. കേരളക്കരയിലെ ഓരോ വീട്ടുമുറ്റത്തും പൂക്കളമൊരുക്കാൻ ജമന്തി, സീനിയ, താമര, വാടാമല്ലി, തുടങ്ങിയ പേരറിയാത്ത നിരവധി ഇനം പൂക്കളുമായി പുഷ്‌പ വിപണിയും സജീവമാണ്.

ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുന്നതുപോലെ വീടുകളും അണിഞ്ഞൊരുങ്ങുന്നു. ആളുകൾ വീട് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുന്നു. അങ്ങനെ ഓണത്തെ വരവേൽക്കാനുള്ള ഉത്സാഹവും ആവേശവുമാണ് എവിടെയും.

കെങ്കേമം ഓണസദ്യ

ഓണം കേരളത്തിന്‍റെ ഏറ്റവും വലിയ ഉത്സവമാണ്. അതിന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഓണസദ്യ. വിഭവസമൃദ്ധിയോടെ ഒരുക്കപ്പെടുന്ന പായസം, കൂട്ടുകറി, തോരൻ, അവിയൽ, സാമ്പാർ, മെഴുക്കുപുരട്ടി, ഓലൻ, രസം, കിച്ചടി, പച്ചടി, അച്ചാർ, ഇഞ്ചിത്തൈര്, പഴം, ശർക്കരപുരട്ടി, ഉപ്പേരി അങ്ങനെ നീളുന്നു ഓണസദ്യയുടെ രുചിപെരുമ. ഓണസദ്യയിലെ ഓരോ വിഭവത്തിനുമുണ്ട് അതിന്‍റെതായ പ്രാധാന്യം. അതോടൊപ്പം ഇവയിലൊന്നും ഒരു വിട്ടു വീഴ്ച്ചയും പാടില്ലെന്ന നിർബന്ധവും ഓരോ മലയാളിയ്ക്കുമുണ്ട്. പരമ്പരാഗത രീതിയിലാണ് ഈ വിഭവങ്ങളെല്ലാം ഓരോ അടുക്കളയിലും ഒരുങ്ങുന്നത്. രുചിപ്പെരുമ കൊണ്ടും വാഴയിലയിലുള്ള സദ്യ വിളമ്പലിന്‍റെ പ്രത്യേകത കൊണ്ടും ഓണസദ്യ ലോക പ്രശസ്തം തന്നെ. ഓണദിനത്തിൽ കുടുംബാംഗങ്ങൾ ഒത്തു കൂടുന്ന അതുല്യ നിമിഷത്തിൽ സദ്യയാണ് ഉത്സവാഘോഷത്തിന്‍റെ കൊഴുപ്പ് കൂട്ടുന്നത്. വിശേഷിച്ച് തിരുവോണനാളിൽ…

ഓണം കഴിഞ്ഞുള്ള ദിവസങ്ങളായ അവിട്ടം, ചതയം എന്നിവയും പ്രധാനമാണ്. ഓണത്തോടനുബന്ധിച്ചുള്ള ഘോഷയാത്രകൾ, ആചാരങ്ങൾ, സാംസ്കാരിക പരിപാടികൾ, സർക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള പരിപാടികൾ എന്നിവയെല്ലാം തന്നെ ഓണാഘോഷത്തിന് കൊഴുപ്പേകുന്നു. ഓണം വെറും ആചാരങ്ങളുടെ മാത്രം ആഘോഷമല്ല. കേരളത്തിന്‍റെ സമ്പന്നമായ പൈത്യകത്തിന്‍റെ ഒരു പ്രതിഫലനവും കൂടിയാണ്.

നെറ്റിപ്പട്ടം കെട്ടിയ ആനകൾ, നാടോടി കലകൾ, ഫ്ളോട്ടുകൾ എന്നിവ ഉൾക്കൊള്ളുന്ന മഹത്തായ അത്തചമയ ഘോഷയാത്ര, വള്ളംകളി, പുലികളി, തിരുവാതിര, കൈകൊട്ടിക്കളി, തുമ്പിതുള്ളൽ തുടങ്ങിയ നാടിന്‍റെ തനിമ പേറുന്ന സവിശേഷ കലാരൂപങ്ങൾ ഒക്കെയും ഓണക്കാലത്തെ ഗംഭീരമാക്കുന്നു.

കുട്ടായ്മയുടെ ആഘോഷം

ഓണം ഇന്ന് ഒരു ആഗോള ആഘോഷമായി മാറിയിരിക്കുന്നു. ഉത്സവ ചൈതന്യം പുനരുജ്‌ജീവിപ്പിക്കാൻ സാംസ്‌കാരിക പരിപാടികൾ, വിരുന്നുകൾ, ഗെയിമുകൾ എന്നിവയൊക്കെ സംഘടിപ്പിച്ചാണ് ലോകമെമ്പാടുമുള്ള മലയാളി സമൂഹങ്ങൾ ഓണം ആഘോഷിക്കുന്നത്. പ്രവാസികൾക്കിത് കൂട്ടായ്‌മയുടെയും കൂടി ആഘോഷമാണ്.

ഇത്തരം ഉത്സവങ്ങൾ മാനസികാ രോഗ്യത്തിന് ഗുണം ചെയ്യും. തിരക്കുപിടിച്ച ജീവിത സഹചര്യത്തിൽ സന്തോഷവും സമാധാനവും അനുഭവിക്കാനുള്ള അവസരങ്ങളാണ് ഉത്സവങ്ങൾ ഒരുക്കുന്നത്. സാംസ്ക്കാരിക പ്രാധാന്യത്തിനപ്പുറം ഉത്സവങ്ങൾ നമ്മുടെ മാനസികാ രോഗ്യത്തിന് അഗാധമായ ഗുണങ്ങൾ നൽകുന്നു. മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിലും പോസിറ്റിവിറ്റി പ്രസരിപ്പിക്കുന്നതിലും അവ നിർണായക പങ്ക് വഹിക്കുന്നുണ്ട്. എല്ലാ വെല്ലുവിളികളെയും അവഗണിച്ച് ജീവിതം ആസ്വദിക്കാനും ഒത്തുചേരലിനുമുള്ള അവസരങ്ങാണ് ഓരോ ഉത്സവകാലവും നമുക്ക് നൽകുന്ന അമൂല്യങ്ങളായ നന്മകൾ. ജീവിതകാലം മുഴുവനും നിലനിൽക്കുന്ന നല്ല ഓർമ്മകളാണ് ഓരോ ഓണക്കാലവും സമ്മാനിക്കുന്നത്.

സുന്ദരൻ ഞാനും സുന്ദരി നീയും

എല്ലാവരും ഏറ്റവും മികച്ചതായി കാണപ്പെടാൻ ആഗ്രഹിക്കുന്ന സമയം കൂടിയാണ് ഈ ഉത്സവകാലം. ആഘോഷത്തിന്‍റെ ഭാഗമായി ഫോട്ടോ- വീഡിയോ എടുക്കലും മറ്റും ഇപ്പോൾ സർവ്വ സാധാരണമായതിനാൽ പ്രായഭേദമന്യേ എല്ലാവരും സൗന്ദര്യ പരിപാലനവും മറ്റും ഈ സമയത്ത് കൃത്യമായി നടത്തുന്നതും പതിവുള്ള കാഴ്ചകളാണ്. ബ്യൂട്ടി സലണുകളിൽ തിരക്ക് വർദ്ധിക്കുന്നു. ഈ സമയത്ത് ഏറെപ്പേരും ഫെയ്‌സ് മാസ്ക്കുകൾ, പെഡിക്യൂർ, മാനിക്യൂർ നെയിൽ പോളിഷ്, ഹെന്ന എന്നിങ്ങനെയുള്ള സൗന്ദര്യവർദ്ധക പരിചരണങ്ങൾ ആഘോഷത്തിന്‍റെ ഭാഗമായി തകൃതിയായി നടത്തും. പ്രത്യേകിച്ചും ചെറുപ്പക്കാർ. ക്ലെൻസിങ്, ടോണിംഗ്, മോയ്‌സ്ചറൈസിംഗ് എന്നിവയൊക്കെ മനസ്സിനും ശരീരത്തിനും ശാന്തതയും സന്തോഷവും പകരുന്ന ഉപാധികളാണ്. ബാഹ്യസൗന്ദര്യം മെച്ചപ്പെടുന്നതിനനുസരിച്ച് മനസ്സ് പ്രതീക്ഷ നിർഭരമാകും. പ്രത്യേകിച്ചും കലാലയങ്ങളിലാണ് ഓണാഘോഷത്തിന്‍റെ തിമിർപ്പും ഊർജ്ജവും നിറഞ്ഞു നിൽക്കുന്നത്. അതിനായി വിദ്യാർത്ഥികളും അധ്യാപകരും മുൻകൂട്ടിതന്നെ തയ്യാറെടുപ്പുകൾ ചെയ്തു തുടങ്ങും. സൗന്ദര്യ പരിചരണവുമൊക്കെ അതിന്‍റെ ഭാഗമായി ഉണ്ടാകും. ഓണാഘോഷത്തിന് പാരമ്പര്യതനിമയും ആധുനികതയും കൂട്ടിയിണക്കിയുള്ള വസ്ത്ര സങ്കൽപങ്ങളോടാണ് യൂത്തിന് താൽപര്യം. ആധുനിക സ്പർശം നൽകി തയ്യാറാക്കിയിട്ടുള്ള ദാവണിയും സെറ്റ് സാരിയുമൊക്കെ ഓണക്കാലത്തു നിറഞ്ഞു നിൽക്കുന്ന ഫാഷൻ വേഷങ്ങളാണ്. മൊത്തത്തിൽ മനസ്സിനും ശരീരത്തിനും ആവേശം പകരുകയാണ് ഓരോ ഓണക്കാലവും.

ഹാപ്പിനെസ്സ് തെറാപ്പി

ഉത്സവാന്തരീക്ഷം സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുന്നു. ഉത്സവത്തിനായി തയ്യാറെടുക്കൽ, വീടൊരുക്കൽ, സൗന്ദര്യ പരിചരണം, ഹെയർ സ്‌റ്റൈലിംഗ്, ഷോപ്പിംഗ്, പുതിയ വസ്ത്രങ്ങൾ ധരിക്കൽ, മെഹന്തി ഇടൽ തുടങ്ങിയ വലുതും ചെറുതുമായ ഏതൊരു ഒരുക്കവും പോലും ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. മനസ്സിനെയും ശരീരത്തെയും അത് ചെറുപ്പമുള്ളതാക്കും.

വീട് അലങ്കരിക്കൽ, ഉത്സവ വേളകളിൽ ആഘോഷങ്ങൾക്കായി തയ്യാറെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നമ്മുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കും. ഇത്തരം ജോലികൾ ചെയ്യുമ്പോൾ നമ്മൾ ക്ഷീണിതരാകുമെങ്കിലും അവ മനസ്സിനും ശരീരത്തിനും പകരുന്ന പുത്തൻ ഉണർവ്വം ഊർജ്ജവും വിവരണാതീതമാണ്. ഒപ്പം സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയുകയും ചെയ്യും.

ആഘോഷങ്ങളിൽ പൂർണ്ണമനസ്സോടെ പങ്കെടുക്കുന്നത് ഒരു തെറാപ്പി പോലെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ കഴിയും. മേക്കപ്പ് അല്ലെങ്കിൽ ഹോം ഡെക്കറേഷൻ ചെയ്യുന്നത് ഉത്കണ്ഠ ഇല്ലാതാക്കുമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. മനസ്സിലെ സമ്മർദ്ദം കുറയ്ക്കുകയും നെഗറ്റീവ് ചിന്തകൾ വരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ശുഭ പ്രതീക്ഷ

ഓരോ ഉത്സവക്കാലവും മനസ്സിൽ പ്രതീക്ഷയും പോസിറ്റീവ് ചിന്തയും നിറയ്ക്കും. ഈയൊരു ആവേശവും പ്രതീ ക്ഷയും മാനസികാരോഗ്യം മെച്ചപ്പെടുത്തും. എപ്പോഴും ഒരേ റൂട്ടിനിൽ ചലിച്ചുകൊണ്ടിരിക്കുന്ന ദിനചര്യയിൽ നിന്ന് മാറിയുള്ള ആഹ്ളാദകരമായ ഒരു ഇടവേളയാണ് ഇത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാതെ പലപ്പോഴും പല കാരണങ്ങൾകൊണ്ടും ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരുണ്ട്. അതുപോലെ ഒന്നിനും സമയമില്ലാതെ എപ്പോഴും തിരക്കിലാകുന്നവരുമുണ്ട്. അത്തരക്കാരെ സംബന്ധിച്ച് ഉത്സവകാലങ്ങൾ പകരുന്ന സന്തോഷവും സമാധാനവും വളരെ വലുതാണ്. ഉത്സവകാലത്തെ കുടുംബ ഒത്തുചേരലുകൾ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. സൗഹൃദങ്ങളെ അടിയുറച്ചതാക്കുന്നതിൽ ഇത്തരം ആഘോഷങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ആഘോഷങ്ങൾക്ക് പുതുമ പകരാം

പഴയ ആചാരങ്ങൾക്കനുസരിച്ച് ഉത്സവങ്ങൾ എപ്പോഴും ഒരു രീതിയിൽ ആഘോഷിക്കണമെന്നോ എല്ലാ കാര്യങ്ങളും പഴയ രീതിയിൽ ചെയ്യണമെന്നോ നിർബന്ധമില്ല. പുതിയ രീതിയിലും ഉത്സവങ്ങൾ ആഘോഷിക്കാൻ പുതുതലമുറ തയ്യാറാണ്.

വ്യത്യസ്‌തമായ എന്തെങ്കിലും ചെയ്യുന്നത് ആഘോഷത്തിന് പുതുമ പകരും. എല്ലാ തവണയും സ്വന്തം വീട്ടിൽ ഉത്സവങ്ങൾ ആഘോഷിക്കുന്നതിനു പകരമായി ഇത്തവണ ഏതെങ്കിലും ബന്ധുവിന്‍റെ വീട്ടിൽ ഒത്തുചേർന്ന് ഓണം ആഘോഷിക്കാം. അല്ലെങ്കിൽ ഇത്തവണ പുതിയ എന്തെങ്കിലും വാങ്ങാം. കാർ അല്ലെങ്കിൽ വീട്ടുപകരണങ്ങൾ സ്വന്തമാക്കുന്നത് ആഘോഷത്തെ അവിസ്മരണീയമാക്കും. പണികഴി ഞ്ഞ പുതിയ വീട്ടിലേക്ക് താമസമാക്കുന്നതും ആഘോഷത്തിന് പത്തരമാറ്റ് തിളക്കം പകരും.

ഇതുമാത്രമല്ല വിശേഷപ്പെട്ട ദിവസത്തിൽ ആരോരുമില്ലാത്തവർക്ക് സന്തോഷം നൽകുന്നതും ആഘോഷത്തിന് ഇരട്ടി മാധുര്യം നൽകും. ഏതെങ്കിലും അനാഥാലയമോ വൃദ്ധസദനമോ സന്ദർശിച്ച് സദ്യയും വസ്ത്രവും നൽകി അവിടെയുള്ള അഗതികൾക്കൊപ്പം ഓണം ആഘോഷിക്കാം.

പ്രിയപ്പെട്ടവർക്ക് ഓണക്കോടി

കുടുംബങ്ങൾ ഒത്തുചേരുകയും ഹൃദയങ്ങൾ ഒന്നിക്കുകയും ചെയ്യുമ്പോൾ ഓണത്തലേന്ന് സമ്മാനങ്ങളും ഓണക്കോടിയും നൽകുന്നത് ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന അർത്ഥവത്തായ ഒരു പ്രവൃത്തിയായി മാറുന്നു. ഇത് ഭതികതയെക്കുറിച്ചല്ല മറിച്ച് നമ്മുടെ ജീവിതം മികച്ചതാക്കുന്ന ആളുകളോടുള്ള കരുതൽ, സ്മരണ, മതിപ്പ് എന്നിവ പ്രകടിപ്പിക്കുന്നതിനാണ്. പ്രിയപ്പെട്ടവർ ക്ക് സമ്മാനം നൽകി അവരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ കഴിയുന്ന ഒരു അവസരമാണ് ഓരോ ഉത്സവക്കാലവും നൽകുന്നതെന്ന് ഓർക്കുക. അത്തരത്തിൽ നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതംകൂടി മികച്ചതാക്കാൻ കഴിയും. സമ്മാനം ലഭിക്കുന്ന ആളുടെ മുഖത്തുണ്ടാകുന്ന സന്തോഷവും സംതൃപ്‌തിയും എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. അതിനായി വലിയ പണം മുടക്കേണ്ടതുമില്ല. വിലയേറിയ എന്തെങ്കിലും വാങ്ങേണ്ട ആവശ്യവുമില്ല. നിങ്ങൾ അവരെ എത്രമാത്രം പരിഗണിക്കുന്നുവെന്ന് സ്നേഹിക്കുന്നുവെന്ന് അടയാളപെടുത്തുകയാണ് ഓരോ സമ്മാനവും. അതുവഴി പ്രിയപ്പെട്ടവർ നിങ്ങളെ എക്കാലവും ഓർത്തുവയ്ക്കും. സമ്മാനം അവരുടെ ഇഷ്‌ടവും താൽപര്യവുമനുസരിച്ചായാൽ സന്തോഷത്തിന് ഇരട്ടി മധുരമായിരിക്കും ഉണ്ടാകുക.

സമൃദ്ധിയുടെയും ഐക്യത്തിന്‍റെയും പ്രതീകമായ ഓണത്തെ ജാതിമത ഭേദമന്യേ ജീവിതത്തിന്‍റെ നാനാ തുറകളിലുമുള്ള ആളുകൾ ഒരേ മനസ്സോടെയാണ് വരവേൽക്കുന്നത്. മാവേലി നാടുവാണീടും കാലം… മാനുഷരെല്ലാവരും ഒന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്ന നന്മയുടെ പാഠമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഓണസദ്യയുടെ രുചിമേളം, വർണ്ണാഭമായ പൂക്കളങ്ങൾ, പരമ്പരാഗത കളികൾ, സംഗീതം, നൃത്തം എന്നിവയെല്ലാം മലയാള പൈതൃകത്തിന്‍റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു. ബന്ധങ്ങളെ വിലമതിക്കാനും കാഴ്ച്ചപ്പാടുകളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനും സന്തോഷം പ്രസരിപ്പിക്കാനുമുള്ള മനോഹരമായ സമയമാണിത്.

തയ്യാറാക്കിയത്- എം കെ ഗീത, പ്രീത കെ ജി

പൈനാപ്പിൾ മധുരക്കറി

പൈനാപ്പിൾ കൊണ്ട് ജ്യൂസ്‌, ജാമും മാത്രമല്ല നല്ല കിടിലൻ കറിയും ഉണ്ടാക്കാം. സ്വദിഷ്ഠമായ മധുരമുള്ള പൈനാപ്പിൾ കറി ഉണ്ടാക്കി നോക്കിയാലോ?

ചേരുവകൾ

പൈനാപ്പിൾ ചെറുതായി അരിഞ്ഞത് ഒരു കപ്പ്

പഴുത്ത ഏത്തപ്പഴം ചെറുതായി അരിഞ്ഞത് അര കപ്പ്

കറുത്ത മുന്തിരി 10-12 എണ്ണം

മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ

മുളകുപൊടി അര ടീസ്പൂൺ

വെള്ളം അര കപ്പ്

തേങ്ങ ചിരകിയത് അര കപ്പ്

പച്ചമുളക് രണ്ടെണ്ണം

കടുക് ഒരു നുള്ള്

ശർക്കര/പഞ്ചസാര 2 ടീസ്പൂൺ

തൈര് 3 ടീസ്പൂൺ

വറ്റൽ മുളക് 2-3 എണ്ണം

കറിവേപ്പില 3 തണ്ട്

എണ്ണ ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ പൈനാപ്പിളും പഴം നുറുക്കിയതും മഞ്ഞൾപ്പൊടിയും മുളകുപൊടിയും അൽപം ഉപ്പും ചേർത്ത് അര കപ്പ് വെള്ളവും ഒഴിച്ചു അടച്ചുവച്ച് വേവിക്കുക.

ആ സമയം കൊണ്ട് തേങ്ങ ചിരകിയതും കടുകും പച്ചമുളകും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം.

പാനിലുള്ള കഷണങ്ങൾ വെന്ത ശേഷം ഒരു തവി കൊണ്ട് കഷണങ്ങൾ ഉടയ്ക്കുക. അതിലേക്ക് അരച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്യുക. 2-3 മിനിറ്റ് നേരം കൂടി വേവിക്കുക.

ഇനി അതിലേക്ക് പഞ്ചസാര/ ശർക്കര ചേർത്ത് ഇളക്കാം. മധുരം ഇഷ്ടപ്പെടുന്നവർക്ക് അളവ് കൂട്ടാം.

ഒടുവിലായി മുന്തിരി ചേർക്കുക. മുന്തിരി വെന്ത് പോകരുത്. ഗ്യാസ് ഓഫാക്കി കറിയൽപ്പം തണുക്കാൻ അനുവദിക്കാം. അൽപം ചൂട് മാറിയ ശേഷം തൈര് ചേർക്കാം.

മറ്റൊരു പാനിൽ എണ്ണ അൽപം ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം കറിവേപ്പിലയും വറ്റൽ മുളകും ഇട്ട് മൂപ്പിച്ചശേഷം കറിയിലേക്ക് ചേർക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന കറി ആണിത്..

സ്പെഷ്യൽ ഓണം

ഓണനിലാവിൽ തിളങ്ങുന്ന ഉത്രാട രാത്രിയിൽ ഓണത്തപ്പനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞുവോ? ഓണസദ്യ വിഭവങ്ങളുടെ മനം മയക്കുന്ന സുഗന്ധം നിറയുന്ന അടുക്കള മുറ്റത്ത് തൂശനിലകൾ കാത്തിരിക്കുന്നു. ഓണക്കോടികളുടെ ഉലച്ചിൽ കേൾക്കാൻ കൊതിച്ച് കോണിപ്പടികൾ പോലും കാതോർക്കുകയാണ്.

തുമ്പയുടെയും തുളസിയുടെയും മുക്കൂറ്റിയുടെയും നേർത്ത ഗന്ധം ആവാഹിച്ച കുഞ്ഞിളം കാറ്റിന്‍റെ സുന്ദരമായ ഒരു ഓണം കൂടി വന്നണയുന്നു. വീട് പെയിന്‍റ് ചെയ്തും ഓണസമ്മാനങ്ങൾ  വാങ്ങിയും ഓഫറുകൾ തൂങ്ങിയാടുന്ന തുണിക്കടകൾ സന്ദർശിച്ചും മറുനാടൻ പൂക്കളങ്ങളിട്ടും കേരള സാരിയിൽ ഫോട്ടോ പോസ്റ്റ് ചെയ്തും ഓണാഘോഷം പൊടിപൊടിക്കുമ്പോൾ എന്തോ ഒരു കുറവ് പിന്തുടരുന്നതുപോലെ തോന്നിയോ?

ജീവിതത്തിന്‍റെ ആഘോഷമാണ് ഉത്സവങ്ങൾ. ഇവ നമുക്ക് സന്തോഷിക്കാനും ആസ്വദിക്കാനുമുള്ള അവസരങ്ങളാണ് നൽകുന്നത്. മാവേലി നാടു വാണീടും കാലം മാലോകാരെല്ലാരുമൊന്നുപോലെ… ഈ വരികളിൽ പറയുമ്പോലെ വലുപ്പച്ചെറുപ്പങ്ങളില്ലാതെ ആഘോഷിക്കാനുള്ള അവസരമൊരുക്കി ഈ ഓണക്കാലത്തെ മാറ്റിയെടുക്കാം.

ഓരോ ഓണവും ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ നൽകുമ്പോഴാണ് മറ്റുള്ളവർക്ക് അൽപം സന്തോഷം പകരാൻ കഴിയുക. വീടും പരിസരവും വൃത്തിയാക്കുന്നതുപോലെ, മനസ്സ് ക്ലീൻ ചെയ്യുന്നതുപോലെ, നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള വഴിയാണത്. അതുകൊണ്ട് ഈ ഓണത്തിന് മറ്റുള്ളവർക്കുവേണ്ടി എന്തു ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കൂ.

ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യത്തിൽ നിന്ന് തന്നെ തുടങ്ങാം. അത് മറ്റൊന്നുമല്ല, അന്നദാനം തന്നെ. ചിങ്ങമാസത്തിലെ അത്തം മുതൽ ഓണം വരെയുള്ള ദിവസങ്ങളിൽ ഓഫീസുകളിലും വീടുകളിലുമെല്ലാം സദ്യയുടെ മേളമായിരിക്കും. ഇപ്പോഴത് ചിങ്ങം ഒന്നു മുതലേ തുടങ്ങാറുണ്ട്. അതിനാൽ കാറ്ററിംഗ് സർവ്വീസുകാർക്ക് ഇടതടവില്ലാതെ, വിശ്രമമില്ലാതെ ഓണസദ്യ ഒരുക്കുന്ന സമയം കൂടിയാണിത്.

ഈ ആർഭാടങ്ങൾക്കിടയിൽ ഓണസദ്യയ്ക്ക് സാധ്യതയില്ലാത്ത ഇടങ്ങൾ കണ്ടെത്തി അവിടെ ഒരൽപം മധുരം വിളമ്പിക്കൊടുത്താലോ? പായസമോ പരമ്പരാഗത വിഭവങ്ങളോ എന്തുമാകാം. വീട്ടിൽ പാചകം ചെയ്ത ഭക്ഷണവും നൽകാം. ഏത്തപ്പഴം, ഓറഞ്ച്, പേരയ്ക്കാ തുടങ്ങിയ പഴങ്ങൾ ആണെങ്കിൽ വിതരണം ചെയ്യാൻ എളുപ്പമാണ്. ഭക്ഷണം ആവശ്യമുള്ളവർക്കാണ് ഇവ കൊടുക്കുന്നതെങ്കിൽ ഏറെ സംതൃപ്തി ലഭിക്കും. ഓണ ദിവസങ്ങളിൽ അഗതികൾക്കൊപ്പം ഭക്ഷണം കഴിക്കാനിഷ്ടപ്പെടുന്നവരുണ്ട്. ഇനി ഒരുപാട് പണം മുടക്കി കുറേപ്പേർക്ക് ഭക്ഷണ സാധനങ്ങൾ നൽകണമെന്നും നിർബന്ധമില്ല. വിശന്നു വലഞ്ഞു വരുന്ന ഒരാൾക്കെങ്കിലും ഭക്ഷണം നൽകൂ. അവരുടെ വയറു നിറയുന്നതിനൊപ്പം നമ്മുടെ മനസ്സും നിറയും.

പ്രിയപ്പെട്ടവർ ഓണത്തിന് നമുക്കൊപ്പം ഭക്ഷണം കഴിക്കാനില്ലെങ്കിൽ തീർച്ചയായും എന്തോ ഒരു കുറവ് നമുക്ക് തോന്നും. എന്നാൽ ആശുപത്രികളിലും വൃദ്ധമന്ദിരങ്ങളിലും കഴിയുന്ന പാവപ്പെട്ടവരുടെ കാര്യമോർത്തു നോക്കൂ. ബന്ധുക്കളുടെ സാമീപ്യം പോലുമില്ലാതെ വരണ്ട ഓണ ദിനങ്ങൾ തള്ളി നീക്കുമ്പോൾ നിങ്ങൾ അവിടെയൊന്ന് സന്ദർശിച്ചാൽ! വൈകാരികമായ പിന്തുണ അവർക്കും ആവശ്യമാണ്. മാസത്തിലൊരിക്കലെങ്കിലും ഒരു വൃദ്ധ മന്ദിരത്തിലെ അന്തേവാസികളെ സന്ദർശിക്കാൻ സമയം കണ്ടെത്താമോ? ഒരു പരസ്യത്തിൽ പറയുന്നതുപോലെ ആരുമില്ലാത്തവരുടെ കൂടെ ഒരു ചായയെങ്കിലും കുടിക്കാം! നിങ്ങൾ നൽകുന്ന ആ സമയം തന്നെയാണ് ഏറ്റവും വലിയ സമ്മാനം. ജീവിതത്തിൽ അവർക്ക് നഷ്ടമായ നിമിഷങ്ങൾ നിങ്ങൾ സൃഷ്ടിക്കുന്നു എന്നു കരുതിയാൽ മതി. അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയേക്കാൾ പത്തരമാറ്റ് തിളക്കം, നിങ്ങളുടെ നെഞ്ചിനകത്തുണ്ടാകും തീർച്ച!

പകരുന്തോറും ഏറുന്നതേത് എന്ന ചോദ്യത്തിന് രണ്ട് ഉത്തരമേയുള്ളൂ. ഒന്ന് വിദ്യ, മറ്റൊന്ന് ചിരി. ഇത് രണ്ടും നൽകാൻ സഹായിക്കുന്ന ഒരു കാര്യം പറയട്ടേ. ഒരു പാവപ്പെട്ട കുട്ടിയെ പഠിപ്പിക്കുക. ആ കുട്ടിക്ക് ആവശ്യമായ ബുക്ക്, പുസ്തകം, പേന എന്നിവ വാങ്ങി നൽകാം. പെൺകുട്ടിയെയാണ് പഠിപ്പിക്കുന്നതെങ്കിൽ അൽപം തിളക്കം കൂടും.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ഇപ്പോഴും അത്ര പ്രബുദ്ധമായ സമൂഹമല്ല നമ്മുടേത്. സാമ്പത്തിക പ്രതിസന്ധി കൊണ്ട് പഠിക്കാൻ സാഹചര്യമില്ലാതെ പോയ ഒരു പെൺകുട്ടിക്കെങ്കിലും തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാം. ആ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ സാമ്പത്തിക ഭാരം അങ്ങനെ ലഘൂകരിക്കാം. ഒരു പെൺകുട്ടിക്ക് വിദ്യാഭ്യാസം ലഭിക്കുമ്പോൾ ഒരു കുടുംബം മുഴുവനാണ് വിദ്യയുടെ കിരണങ്ങൾ ഏറ്റുവാങ്ങുന്നതെന്നോർ ക്കുക.

അൽപം കൂടി പണം മുടക്കാൻ സാമ്പത്തിക ശേഷിയുണ്ടെങ്കിൽ മറ്റൊരു കാര്യം ചെയ്യാം. ഏതെങ്കിലും സ്ക്കൂളുമായി ബന്ധപ്പെട്ട് അർഹിക്കുന്ന ഒരു കുട്ടിയുടെ ജീവിതകാലം മുഴുവൻ സ്പോൺസർ ചെയ്യാം. അതായത് ആ കുട്ടി പഠിച്ച് ഒരു ജോലി കിട്ടുന്നതുവരെ.

പാവപ്പെട്ടവർക്ക് ഒരു ഓണക്കോടി സമ്മാനിക്കാൻ തയ്യാറാണോ? എങ്കിൽ നിങ്ങളുടെ ചുറ്റുവട്ടത്തു കഴിയുന്ന തീർത്തും പാവപ്പെട്ടവർക്ക് വസ്ത്രങ്ങൾ വാങ്ങി നൽകാം. മുണ്ട്, ഷർട്ട്, സാരി, പുതപ്പ്, കുട്ടിയുടുപ്പ് തുടങ്ങിയ എന്തും നൽകാമല്ലോ. വസ്ത്രം കൊടുക്കുമ്പോൾ അവർക്കുണ്ടാകുന്ന ആനന്ദം, അവരുടെ ചിരിയിൽ നിന്നു തന്നെ നിങ്ങൾക്ക് മനസ്സിലാകും.

ആഘോഷം എല്ലാ സീസണിലും വരും. എന്നാൽ പുതിയ കാലഘട്ടത്തെ മനസ്സിൽ ഉൾക്കൊണ്ടും സമൂഹത്തിൽ എന്തു സംഭവിക്കുന്നു എന്ന് മനസ്സിലാക്കിയുമുള്ള ആഘോഷവേളകൾ കൂടുതൽ ഊർജ്ജം പകരും. എല്ലാവർക്കും ഗൃഹശോഭയുടെ ഓണാശംസകൾ.

തുമ്പ ഒരുക്കണ്ടേ… തുമ്പി കളിക്കണ്ടേ…

കരിനിഴലുകളെയും രൗദ്രമാർന്ന പേമാരിയേയും വകഞ്ഞുമാറ്റി ചിങ്ങത്തിലെ ഓണവെയിൽ പ്രകൃതിയിൽ സ്വർണ്ണ വർണ്ണം വാരി വിതറുകയാണ്. കഴിഞ്ഞുപോയ മഴക്കാലത്ത് പൊലിഞ്ഞ ജീവിതങ്ങളെക്കുറിച്ച് സ്‌മരിച്ചുകൊണ്ടുതന്നെ നമുക്ക് ഈ ഓണം അതിജീവനത്തിന്‍റെ ആഘോഷമാക്കാം. കേരളത്തിന്‍റെ പരമ്പരാഗത ആഘോഷമായ ഓണം പ്രായഭേമന്യേ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണത്തിന് അൽപം മങ്ങലേൽക്കും. എന്നിരുന്നാലും എന്തിനേയും അതിജീവിക്കുന്ന മലയാളിയ്ക്ക് കാത്തിരിപ്പിന്‍റെയും സഹനത്തിന്‍റെയും നല്ല നാളേക്കുള്ള പ്രതീക്ഷയുടെയും കൂടി പ്രതീകമാണ് ഓണം.

യുവത്വത്തിന്‍റെ ഓണം

ഓണം യുവതലമുറയെ സംബന്ധിച്ച് പ്രൗഢമാർന്ന ആഘോഷം തന്നെയാണ്. അവരെ സംബന്ധിച്ച് ഓണം കുറേക്കൂടി വൈവിധ്യമുള്ളതായിരിക്കുന്നു. ആഘോഷങ്ങളിൽ കാലോചിതമായ ചില പുത്തൻ ട്രെൻഡുകൾ കൂട്ടിച്ചേർത്തുള്ളതാണ് യുവതലമുറയുടെ ഓണം. വേഷത്തിലും ആ മാറ്റം പ്രകടം. ഓഫീസിലും കോളേജിലും അല്ലാതെയും സംഘം ചേർന്നാണ് ഓണമാഘോഷിക്കുക. വിദേശ രാജ്യങ്ങളിലാണ് ഇപ്പോൾ കേരളത്തിലെ യുവജനതയുടെ നാൽപ്പത് ശതമാനവും. എന്നാൽ ചെന്നയിടങ്ങളിൽ ഓണം സ്പെഷ്യൽ ആഘോഷമാക്കി മാറ്റാൻ അവർക്ക് നിറഞ്ഞ ഉത്സാഹമാണ്. അതിനായി അവർ തനത് വേഷഭൂഷാദികൾ ഓൺലൈനായി വാങ്ങുകയും അന്നാട്ടുകാരേക്കൂടി ആഘോഷത്തിന്‍റെ ഭാഗമാക്കുകയും ചെയ്യും.

പ്രവാസി ഓണം

പ്രത്യേകിച്ചും മലയാളികളായ പ്രവാസികൾക്ക് ഓണം ഒഴിച്ചുകൂടാവാനാത്ത ആഘോഷമാണ്. അത്രത്തോളം ഗൃഹാതുരമായ ഒന്നാണ് മലയാളിയ്ക്ക് ഓണക്കാലം പാടവരമ്പും മുക്കുറ്റിയും ചെമ്പരത്തിയും കനകാമ്പരവും ജമന്തിയും ഡാലിയയുമൊക്കെ നിറഞ്ഞ ഓണക്കാലം എങ്ങനെയാണ് മറക്കാനാവുക. ഇന്ന് നാട്ടിൽ ആഘോഷിക്കുന്ന ഓണത്തേക്കാൾ പത്തിരട്ടി മാറ്റോടെയാണ് പ്രവാസി മലയാളികൾ ഓണമാഘോഷിക്കുന്നത്. ഒന്നിനും ഒരു കുറവും വരുത്താതെ പൂക്കളമിട്ടും സദ്യവട്ടങ്ങളെല്ലാം നാടൻ രുചിയിൽ തയ്യാറാക്കിയും തൂശനിലയിൽ സമൃദ്ധമായി കഴിച്ചും തിരുവാതിര കളിച്ചും പ്രവാസി മലയാളികൾ ഓണം തകർത്താസ്വദിക്കുന്നു. വർഷത്തിലൊരിക്കൽ അവധിയെടുത്ത് അൽപം ലാവിഷായി തന്നെ ഓണസദ്യയൊരുക്കാനും ഓണത്തപ്പനെ വരവേൽക്കാനും ലോകത്തെവിടെയുമുള്ള മലയാളികൾ തയ്യാർ. ഗൾഫ് മലയാളികൾ അവധി ദിവസമായ വെള്ളിയാഴ്‌ചയാണ് ഓണമാഘോഷിക്കുക. സൗഹ്യദകൂട്ടായ്‌മകളാണ് ഓണാഘോഷത്തിന് ചുക്കാൻ പിടിക്കുക. കൂടാതെ കുടുംബങ്ങൾ ചേർന്നുള്ള ആഘോഷങ്ങളും പ്രവാസലോകത്ത് സജീവമായി നടക്കാറുണ്ട്.

ഓഫീസ് ഓണം

മുന്നോട്ടുള്ള ദിനങ്ങൾക്ക് പുത്തനുണർവ്വം ഊർജ്ജവും പകർന്ന് നൽകി യുവതലമുറ ഓണാഘോങ്ങളെ അൽപം ഡിഫറന്‍റാക്കിയെന്നുള്ളതാണ് വലിയൊരു പ്രത്യേകത. ഓണത്തോടനുബന്ധിച്ച് ഫ്യൂഷൻ തിരുവാതിര, ഡാൻസ്, പാട്ട്, ഫാഷൻ ഷോകൾ, ഗെയിമുകൾ. അന്താക്ഷരി എന്നിവ ഓണമത്സരങ്ങളിലെ ഹൈലൈറ്റുകളായിരിക്കുകയാണ്. ഓഫീസ് ഓണങ്ങളിലാണ് ഇത്തരം കലാപ്രവർത്തനങ്ങൾ ഏറെയും നടക്കുന്നതെന്നാണ് ഇൻഫോപാർക്ക് ജീവനക്കാരിയായ അശ്വതി പറയുന്നത്. ഒപ്പം ചില തട്ടിക്കൂട്ട് ഗെയിമുകളും ഉണ്ടാകും. സ്‌ഥലവും സൗകര്യവും കണക്കിലെടുത്താണ് ഇത്തരം ഗെയിമുകൾ ആസൂത്രണം ചെയ്യുന്നതെന്നാണ് ഐടി ഉദ്യോഗസ്‌ഥനായ മോഹിത് പറയുന്നത്. “സഹപ്രവർത്തകരായി ധാരാളം നോർത്തിന്ത്യക്കാരുണ്ട്. അവർക്കൊക്കെ സദ്യയും പായസവും വടംവലിയും സുന്ദരിയ്ക്ക് പൊട്ടുകുത്തലൊക്കെ കൗതുകകരമായ അനുഭവമാണ് നൽകുന്നത്. നമ്മുടെ ആഘോഷത്തിന്‍റെ പെരുമ അവരെക്കൂടി അറിയിക്കുന്നതിനായി ഞങ്ങൾ ഓരോ വർഷവും ഓണം ഗംഭീരമായി തന്നെ ആഘോഷിക്കാറുണ്ട്. കുറെ ഗെയിമുകളും ഉണ്ടാവും. പക്ഷെ ആഘോഷമെപ്പോഴും തിരുവോണദിവസത്തിന് മുമ്പേയായിരിക്കും.” മോഹിത് പറയുന്നു. ഓഫീസ് ഓണങ്ങളിൽ വേഷത്തിലും ഉണ്ട് ചില വൈവിധ്യങ്ങൾ. വനിതകൾക്ക് സെറ്റും മുണ്ടും ആണെങ്കിലും ബ്ലൗസ് ഫാഷനബിളായ ഒരു ഡ്രസ് തന്നെയാവും. പുരുഷന്മാർ ഒരേ കളർതീം തന്നെ ഓണം ഡ്രസ്സിനായി തെരഞ്ഞെടുക്കും. ഇത്തവണ ബ്ലാക്ക് ഷർട്ടും കസവ് മുണ്ടുമാണ് ഓണഘോഷത്തിനായി മുൻകൂട്ടി തയ്യാറാക്കി വച്ചിരിക്കുന്നത്. എന്നാണ് മോഹിത് പറയുന്നത്.

ഓണാഘോഷങ്ങളിലെ പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും സമന്വയം കേരളത്തിന്‍റെ ഊർ‌ജ്ജസ്വലമായ ചൈതന്യത്തെ പ്രകടമാക്കുന്നു. സാംസ്ക്കാരിക സത്ത നിലനിർത്തിക്കൊണ്ട് ഉത്സവം കാലത്തിനനുസരിച്ച് വികസിച്ചു കൊണ്ടേയിരിക്കുന്നു. ആഹ്ളാദത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായി ഒളിമങ്ങാത്ത ആഘോഷമായി ഓണം തലമുറകളായി സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഒപ്പം ഓണാഘോഷത്തിന് പ്രാദേശികമായ ചില കലാരൂപങ്ങളും ഒത്തുചേരുന്നതോടെ ഓണം കൂടുതൽ വർണ്ണാഭമാവുകയാണ്.

ഓണസദ്യ

ഓണത്തിന്‍റെ പരമപ്രധാനമായ ആകർഷണം രുചിസമ്പന്നമായ ഓണസദ്യ തന്നെയാണ്. ഓണസദ്യയുടെ നാടൻ രുചിയിൽ യാതൊരു കോംപ്രമൈസ് വരുത്താനും മലയാളി തയ്യാറല്ല തന്നെ. വൈവിധ്യമാർന്ന രുചിക്കൂട്ടുകളുടെ ഒത്തുചേരലാണ് ഓണസദ്യ. ഓലനും കാളനും സാമ്പാറും പരിപ്പും പച്ചടിയും പൈനാപ്പിൾ കറിയും ഇഞ്ചിക്കറിയും മോരും തീയലും അവിയലും അച്ചാറും പപ്പടവും പായസവും ഉപ്പേരിയും ശർക്കരവരട്ടിയും ഉണ്ണിയപ്പവും അച്ചപ്പവുമൊക്കെ ചേർന്ന രുചി സാമ്രാജ്യമാണ് ഓണസദ്യ. അമ്മമാരുടെ സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും രുചി ചേർന്നതാണ് സദ്യയെന്ന് തന്നെ പറയാം.

ഓണസദ്യയൊരുക്കാൻ ദിവസങ്ങൾക്ക് മുന്നേതന്നെ തയ്യാറെടുപ്പ് ആരംഭിക്കും. അതുകൊണ്ട് തന്നെ തിരുവോണത്തിന്‍റെ തലേന്ന് ഉത്രാട ദിനത്തിൽ ഉള്ള തിരക്കിനെ ഉത്രാടപ്പാച്ചിൽ എന്നാണ് വിളിക്കുന്നത്. സദ്യ വട്ടങ്ങൾക്കുള്ള പച്ചക്കറിയും മറ്റു സാധനങ്ങളുമൊക്കെ ശേഖരിച്ച് പ്രതീക്ഷകളോടെയുള്ള തയ്യാറെടുപ്പുകൾ പകരുന്ന ഊർജ്ജവും ഉണർവ്വം ഒന്ന് വേറെ തന്നെയാണ്. കുടുംബാംഗങ്ങൾക്ക് ഊർജ്ജം പകരുന്ന മോട്ടിവേഷൻ പോലെയാണത്. സദ്യയൊരുക്കാൻ കുടുംബാംഗങ്ങളെല്ലാവരും ഒത്തുചേരുന്നു.

അത്തപ്പൂക്കളം

പൂക്കളമില്ലാത്ത ഓണം മലയാളിയ്ക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. അത്തം മുതൽ തിരുവോണം വരെ പത്തു ദിനങ്ങളിൽ മാവേലിയെ വരവേൽക്കാൻ ഒരുക്കുന്നതാണ് പൂക്കളം. പൂക്കളുടെ ഉത്സവമായ ഓണത്തിന് അത്തപ്പൂക്കളം വൈവിധ്യമുള്ളതായിരിക്കുകയാണ്. ഫ്രഷ് പൂവിന് പുറമെ വർണ്ണപ്പൊടികളും പ്ലാസ്‌റ്റിക് ഇലകളും പൂക്കളുമൊക്കെ സ്‌ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും പ്രാമുഖ്യം എപ്പോഴും ഫ്രഷ് പൂക്കൾക്ക് തന്നെയാണ്. പൂക്കളമൊരുക്കാൻ പണ്ട് പാടവരമ്പത്തും പറമ്പിലും മുറ്റത്തു നിന്നുമൊക്കെ യഥേഷ്‌ടം പൂക്കൾ ലഭിച്ചിരുന്നു. നാട്ടിൻ പുറങ്ങളിൽ പൂക്കൾ സമൃദ്ധമായി ലഭിക്കും. എന്നാൽ നഗരങ്ങളിൽ പൂക്കൾക്കായി വിപണിയെ ആശ്രയിക്കുക തന്നെ വേണം. ഓണമാകുന്നതോടെ മലയാളിയ്ക്ക് പൂക്കളമൊരുക്കാൻ തമിഴ്‌നാട്ടിൽ നിന്നും അരളി, ജമന്തി, കനകാമ്പരം, താമര, ഡാലിയ പോലെയുള്ള പൂക്കൾ കേരള വിപണിയിൽ സജീവമാകും. എല്ലാ വീട്ടുമുറ്റത്തും അലങ്കാരമായി നിറയുന്ന അത്തപ്പൂക്കളം കേരളത്തിലുടനീളം കാണാൻ കഴിയുന്ന മനോഹരമായ കാഴ്ച്‌ചയാണ്. വലുതും ചെറുതുമായ വൈവിധ്യങ്ങളുടെ പൂക്കളങ്ങൾ കേരളത്തിലുടനീളം അണിനിരക്കും.

ഓണക്കോടി

ഓണമായാൽ ഒരു “കോടി”യെങ്കിലും വാങ്ങണം എന്നാണ് മലയാളിയുടെ “ഒരിത്”. “കോടി” എന്നാൽ ഓണക്കോടി. ഈ ഓണം വരാൻ കാത്തിരുന്നതു തന്നെ ഓണക്കോടി വാങ്ങാനെന്ന് തോന്നും. ഒരു ചടങ്ങ് എന്നതിലുപരി പ്രിയപ്പെട്ടവരോടുള്ള സ്നേഹം കൈമാറാനുള്ള ഒരു മാർഗ്ഗം കൂടിയാണ് മലയാളിക്ക് ഓണക്കോടി. സെറ്റു സാരിയും കസവുമുണ്ടും പട്ടുപാവാടയും ഇല്ലാത്ത ഓണമോ? ആലോചിക്കാനേ വയ്യ! എന്തായാലും ഇക്കുറി ഓണത്തിന് ഓണക്കോടി വാങ്ങുമ്പോൾ പ്രിയപ്പെട്ടവർക്കല്ലാതെ, ആവശ്യക്കാരായ ഒരാൾക്കു കൂടി ഒരു വസ്ത്രം സമ്മാനിക്കാൻ മറക്കണ്ട.

ഗൃഹോപകരണ വിപണി

ഓണക്കാലം ഓഫറുകളുടെ കാലമാണ്. ടിവിയും ഫ്രിഡ്‌ജും, ലാപും, മൊബൈലും, ഏസിയും എന്നുവേണ്ട വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം ഗാഡ്‌ജറ്റുകളും ആഭരണങ്ങളുമൊക്കെ വിവിധതരം ആകർഷണീയമായ ഓഫറുകളോടെ ഓണക്കാലത്ത് ലഭിക്കുന്നു. വയനാട്ടിൽ വീടുകൾ നഷ്‌ടപ്പെട്ട് ജീവൻ മാത്രം ബാക്കിയായ കുടുംബങ്ങളിൽ പലരും ക്യാമ്പുകൾ വിട്ട് വാടക വീടുകൾ തേടുന്നുണ്ട്. അവർക്ക് ആവശ്യമായ ഗൃഹോപകരണങ്ങൾ സംഭാവനയായി നൽകാൻ കഴിയുന്നവർ, അതായത് ഒരു കുടുംബത്തിന് ഒരു മിക്സ‌ി അല്ലെങ്കിൽ രണ്ട് കസേര, കട്ടിൽ ഇങ്ങനെയൊക്കെ സംഭാവന ചെയ്യാൻ കഴിഞ്ഞാൽ അതൊരു വലിയ സഹായമാകും. ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമൂഹ്യ സംഘടനകൾ ഉണ്ട്. അവരുമായി ബന്ധപ്പെട്ട് ഒരു കൈത്താങ്ങ് നൽകിക്കൊണ്ടും ഓണം സ്പെഷ്യൽ ആക്കാം!

അത്തച്ചമയം

ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന അത്തച്ചമയത്തേക്കാൾ വർണ്ണാഭമായ തുടക്കം ഓണത്തിനില്ല എന്നുള്ളതാണ് സത്യം. വിവിധ നാടൻ കലാരൂപങ്ങളുടെയും മനോഹരമായ കാഴ്ചയാണ് അത്തച്ചമയം നമുക്ക് നൽകുന്നത്. എന്നാൽ വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ആഘോഷം പരിമിതമായിരിക്കാം. ആനകൾ, ഫ്ളോട്ടുകൾ, കഥകളി, മോഹിനിയാട്ടം, തിരുവാതിര, തെയ്യം, അമ്മൻകുടം തുടങ്ങിയ വിവിധ പരമ്പരാഗത കേരളീയ കലാരൂപങ്ങൾ ആഘോഷത്തിൽ ഉൾപ്പെടുത്തിയുള്ളതാണ് അത്തച്ചമയം.

ഓണപ്പൊട്ടൻ

വടക്കൻ കേരളത്തിലെ ഓണാഘോഷത്തിന്‍റെ പ്രതീകമാണ് ഓണപ്പൊട്ടൻ, തിരുവോണനാളിൽ വടക്കൻ കേരളത്തിലെ എല്ലാ വീടുകളും സന്ദർശിക്കുന്ന അതിഥിയാണ് ഓണപ്പൊട്ടൻ. കിരീടം ധരിച്ച് മുഖത്തെഴുത്തും വർണ്ണാഭമായ വസ്ത്രങ്ങളും ധരിച്ച ഓണപ്പൊട്ടൻ മഹാബലിയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരു കയ്യിൽ മണിയും മറ്റേക്കയ്യിൽ ഓലക്കുടയും പിടിച്ചാണ് ഓണപ്പൊട്ടന്‍റെ ഗൃഹസന്ദർശനം. വടക്കൻ മലബാർ മേഖലയിൽ ഓണപ്പൊട്ടൻ വ്യത്യസ്‌ത പേരുകളിലാണ് അറിയപ്പെടുന്നത്. കണ്ണൂരിൽ ഓണപ്പൊട്ടനെന്നും കോഴിക്കോട് ഓണേശ്വരൻ അല്ലെങ്കിൽ ഓണപ്പൊട്ടൻ എന്നും ആണ് ഇതറിയപ്പെടുന്നത്. ഓണഘോ ഷവുമായി ബന്ധപ്പെട്ട വളരെ പ്രധാന പ്പെട്ട ഒരു ആചാരമാണിത്.

പുലിക്കളി

തൃശൂരിലെ ഓണാഘോഷത്തിന്‍റെ പ്രധാനാകർഷണമാണ് പുലിക്കളി ഓണത്തിന്‍റെ നാലാം ദിവസം ചെണ്ട്, തകിൽ തുടങ്ങിയ ഉപകരണങ്ങളുടെ താളത്തിനൊത്ത് നിറം പൂശിയ കടുവകൾ നൃത്തം ചെയ്യും. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഓണാഘോഷത്തിന്‍റെ ഭാഗമായി പുലിക്കളി നടത്താറുണ്ട്. ചിലയിടങ്ങളിൽ ഓഫീസ് ഓണത്തിന്‍റെ ഭാഗമായി പുലിയുടെ തൊലിയ്ക്ക് സമാനമായ വസ്ത്രമണിഞ്ഞ് പുലിക്കളി നടത്തുന്ന ട്രെൻഡും ഉണ്ട്. കുട്ടികൾ മുതൽ പ്രായമായവർ വരെ പുലിക്കളിയിൽ പങ്കെടുക്കാറുണ്ട്. പുലിക്കളി കലാകാരന്മാർ ഓണമടുക്കുന്നതിന് മുമ്പായി തന്നെ അതിനായി തയ്യാറെടുത്ത് തുടങ്ങും. തൃശൂർക്കാർക്കിത് വർണ്ണാഭമായ കാർണിവൽ പോലെയാണ്. ഇത് കാണാൻ തന്നെ നാട്ടിൽ അവധിയെടുത്ത് വരുന്നവരുമുണ്ട്.

വള്ളം കളി

ഓണപ്പെരുമയുടെ പ്രധാനപ്പെട്ട പ്രതീകമാണ് വള്ളംകളി. ഓണാഘോഷത്തിന്‍റെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ വള്ളം കളി ഓണക്കാലത്തെ പ്രധാന ജലമേളയാണ്. ഓണക്കാലത്ത് കേരളത്തിലെ കായലുകൾ അലങ്കരിച്ച് ഫ്ളോട്ടുകളും വാട്ടർ സ്പോർട്ട്സും കൊണ്ട് സജീവമാകും. വഞ്ചിപ്പാട്ടുകൾ കൊണ്ട് മുഖരിതമാക്കുന്ന കായലോരങ്ങൾ കാണികൾക്ക് ഉത്സവമേളമാണ് പകരുന്നത്. ഓണത്തോടനുബന്ധിച്ചുള്ള വള്ളം കളി മത്സരങ്ങൾ കാണാൻ അവധിയെടുത്ത് മലയാളികൾ നാട്ടിലെത്താറുണ്ട്. അത്രത്തോളമാണ് ഈ ജലമേളയുടെ ഹരവും രസവും.

ഓണത്തിന് അടുക്കളയിൽ കയറുമ്പോൾ

ഓണത്തിന് മക്കളും മരുമക്കളും കൊച്ചുമക്കളും ചങ്ങാതികളുമെല്ലാം വരുമ്പോൾ പാചകം ജോറാക്കണ്ടേ… കൈപുണ്യം കൈയിലുണ്ടെങ്കിലും ചില നേരത്ത് പണി പാളാറുണ്ടല്ലോ… പക്ഷേ, ടെൻഷൻ വേണ്ട. അടുക്കളയിൽ കാര്യങ്ങൾ കൈവിട്ട് പോകാതിരിക്കാൻ ചില ടിപ്സ് ഇതാ.

ഗെറ്റ് റെഡി ഫോർ ഓണം

ഓണമിങ്ങെത്തും മുമ്പേ ഒരുക്കങ്ങൾ തുടങ്ങുന്നത് വഴി തിരക്കും അലച്ചിലും ഒഴിവാക്കാം. പാചകം കൂടുതൽ ഈസിയും രസകരവുമാക്കാം. മല്ലി, മുളക്, ജീരകം, മഞ്ഞൾ, ഉലുവ തുടങ്ങിയ മസാലകൾ വറുത്തും അല്ലാതെയും പ്രത്യേകം പൊടിച്ച് ടിന്നുകളിൽ അടച്ച് സൂക്ഷിക്കുക. തീയലിനും മറ്റും ഇത് ആവശ്യമായി വരും.

  • പായസത്തിനുള്ള ശർക്കര ഉരിക്കി പാനിയാക്കി അരിച്ച് കരടും മറ്റും നീക്കി പാത്രത്തിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
  • ഓണത്തിന്‍റെ തലേന്ന് തേങ്ങാപ്പാൽ തയ്യാറാക്കി കണ്ടെയ്നറുകളിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ജോലി ഭാരം കുറയ്ക്കും.
  • അവിയൽ, തോരൻ, പച്ചടി, കിച്ചടി, കൂട്ടുകറി, പരിപ്പ് തുടങ്ങിയ കറികൾക്ക് ആവശ്യമായ തേങ്ങ ചിരകി കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ കരുതി വയ്ക്കാം. ചില കറികൾക്ക് നേരത്തേ തന്നെ അരപ്പ് തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാം. കേടാകുകയില്ല.
  • പച്ചക്കറികൾ തലേദിവസം തന്നെ കഴുകി അരിഞ്ഞു വയ്ക്കുക. ഇത് ഫ്രിഡ്ജിലോ പുറത്തോ നന്നായി അടച്ച് സൂക്ഷിക്കുക.
  • പലഹാര കണ്ടെയ്നറിന്‍റെ വക്കിൽ ആവണക്കെണ്ണ പുരട്ടിയാൽ ഉറുമ്പ് കയറുകയില്ല.
  • ചെറുപയർ വറുത്ത് തൊലി നീക്കി ടിന്നിലടച്ച് വയ്ക്കുക. ഓണദിവസം അതെടുത്ത് പരിപ്പ് തയ്യാറാക്കിയാൽ മതി.

ചിപ്സ്… ചിപ്സ്…

  • ഓണസദ്യയിലെ വിഐപി ആണല്ലോ ചിപ്സ്. വീട്ടിൽ ചിപ്സ് തയ്യാറാക്കുമ്പോൾ പലപ്പോഴും കരിഞ്ഞ് പോകുകയോ നിറം മങ്ങിയിരിക്കുകയോ ചെയ്യാറുണ്ട്. ചിപ്സിന് നല്ല സ്വർണ്ണവർണ്ണം കിട്ടാൻ എണ്ണയിൽ അൽപം മഞ്ഞൾ പൊടിയിട്ടോളൂ.
  • ചിപ്സിന് വാഴക്കായ നുറുക്കുമ്പോൾ കൈയിൽ കറപുരണ്ട് കറുത്ത് പോകാറില്ലേ… നുറുക്കുമ്പോൾ കടുകെണ്ണയും ഉപ്പും ചേർത്ത് കൈയിൽ പുരട്ടി നോക്കൂ. കൈ കറക്കുകില്ല.
  • പായസം തയ്യാറാക്കുമ്പോൾ സേമിയ വെന്ത് കുഴഞ്ഞ് പോകാതിരിക്കാൻ തിളയ്ക്കുന്ന വെള്ളത്തിലിട്ട് സേമിയ വേവിച്ച ശേഷം പായസം തയ്യാറാക്കുക.
  • പരിപ്പും പ്രഥമനും നന്നായി വെന്ത ശേഷം വേണം മധുരം ചേർക്കാൻ. അല്ലെങ്കിൽ പരിപ്പും അടയും വേകുകയില്ല.
  • പായസം കുറുകി പോയാൽ അതിനുമുണ്ട് പോംവഴി. അൽപം തേങ്ങാപ്പാലോ പശുവിൻപാലോ ചേർത്തോളൂ. നല്ല രുചി കിട്ടും. ശർക്കര ചേർക്കുമ്പോൾ അതിൽ ചുക്കും ജീരകവും പൊടിച്ച് ചേർക്കുക. പായസത്തിന് രുചി കൂടും.
  • പ്രഥമൻ പിരിഞ്ഞു പോകുന്നതിനുമുണ്ട് പോംവഴി. പ്രഥമൻ നന്നായി തിളച്ച ശേഷം താങ്ങാപ്പാലൊഴിച്ച് അടുപ്പിൽ നിന്നിറക്കി വയ്ക്കുക. തേങ്ങാപ്പാൽ ഒഴിച്ച ശേഷം പ്രഥമൻ തിളപ്പിക്കരുത്.
  • അരിപായസം തയ്യാറാക്കുമ്പോൾ അരി നന്നായി വെന്തശേഷം മാത്രമേ ശർക്കര ചേർക്കാവൂ. ശർക്കര ആദ്യമേ ചേർത്താൽ അരി വേകുകയില്ല.
  • എണ്ണ പലഹാരങ്ങൾ കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കാൻ ടിന്നിൽ അൽപം അരി വിതറിയിട്ട ശേഷം ഇട്ട് വയ്ക്കുക. പലഹാരങ്ങൾ തണുത്ത് പോകുകയില്ല, കരുകരുപ്പും മാറുകയില്ല.
  • അച്ചപ്പം ഉണ്ടാക്കുമ്പോൾ മാവ് അച്ചിൽ പിടിക്കുന്നത് സാധാരണമാണല്ലോ. ഇതിനൊരു പരിഹാരമുണ്ട്, അച്ച് പുളി വെള്ളത്തിൽ ഇട്ട് അരമണിക്കൂർ തിളപ്പിക്കുക.
  • ഉണ്ണിയപ്പം സോഫ്റ്റാകുന്നതിന് മാവിൽ ഒന്നോ രണ്ടോ പൂവൻപഴം ചേർക്കുക. അൽപം ചുക്കും ചേർക്കുക. ഉണ്ണിയപ്പത്തിന് രുചി കൂടും.
  • ഉണ്ണിയപ്പത്തിന് ആവശ്യമായ മാവ് കുഴയ്ക്കാതെ നല്ല വെള്ള തുണിയിൽ കെട്ടി പത്തുമിനിട്ട് ആവി കയറ്റുക. എന്നിട്ട് മാവ് കുഴയ്ക്കുക. ഉണ്ണിയപ്പത്തിന് സ്വാദ് കൂടും.

ഓണസദ്യ തയ്യാറാക്കുമ്പോൾ

  • ഓണസദ്യയിലെ ഒന്നാമൻ പരിപ്പാണല്ലോ. ചെറുപയർ പരിപ്പ് നന്നായി വെന്തുകിട്ടാൻ അരമണിക്കൂർ നേരം കുതിർത്തശേഷം വേവിക്കുക. പരിപ്പുകറിക്ക് രുചി കൂടും, പോഷകാംശം നഷ്ടപ്പെടുകയുമില്ല.
  • ഇഞ്ചിക്കറി തയ്യാറാക്കാൻ ഇഞ്ചി ചതച്ചെടുക്കുമ്പോൾ ബാക്കി വരുന്ന ഇഞ്ചിനീര് ഒരു പാത്രത്തിലൊഴിച്ച് അടച്ചുസൂക്ഷിക്കുക. നാരങ്ങാ ജ്യൂസിൽ ഈ ഇഞ്ചിനീര് ആവശ്യാനുസരണം ചേർത്ത് കഴിക്കാം. ദഹനം സുഗമമാകും.
  • കൂട്ടുകറി കുറുകിപ്പോയാൽ ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് കറി ഒന്നുകൂടി ചൂടാക്കി എടുക്കുക. രുചി കൂടും.
  • ഒരു ഗ്ലാസ് കാച്ചിയപാലിൽ പച്ചമുളകിന്‍റെ അരി ഇട്ടുവെച്ചാൽ പുളിയില്ലാത്ത നല്ല തൈര് കിട്ടും.
  • തൈര് പുളിച്ച് പോയാൽ അതിൽ വെള്ളമൊഴിച്ച് വാർത്ത് കളയുക. പുളി കുറയും.
  • സാമ്പാറിൽ ഉപ്പ് അധികമായാൽ രണ്ട് പച്ചത്തക്കാളി ഉടച്ച് ചേർക്കുക. അല്ലെങ്കിൽ ഉരുളക്കിഴങ്ങ് വേവിച്ച് ചേർക്കുക. ഉപ്പും കുറയും രുചിയും കൂടും.
  • കറിക്ക് എരിവുകൂടിയാൽ അപ്പോൾതന്നെ കറിയിൽ ഒരു കഷ്ണം ഉരുളക്കിഴങ്ങ് പുഴുങ്ങി ചേർക്കുക.
  • രസം ഉണ്ടാക്കുമ്പോൾ അതിൽ അൽപം ശർക്കര ചേർക്കാം. രുചി കൂടും. തേങ്ങാപ്പാൽ ചേർത്താലും രുചി വർദ്ധിക്കും.
  • കഴിവതും പോഷകാംശം നഷടപ്പെടാത്തവിധമുള്ള പാചകരീതി അവലംബിക്കുക. പച്ചക്കറികൾ അമിതമായി വേവിക്കേണ്ടതില്ല. പച്ചക്കറി വേവിച്ച വെള്ളം ഉപയോഗിച്ച് ഉഗ്രൻ വെജിറ്റബിൾ സൂപ്പ് തയ്യാറാക്കാം.
  • എണ്ണയുടെ അളവ് പരമാവധി കുറയ്ക്കുക.
  • ചോറ് വെന്തുപോയാൽ 2-3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം വീണ്ടും ചൂടാക്കുക.

തിരക്കുപിടിച്ച പാചകത്തിനിടയിൽ കൈക്ക് പെള്ളലേൽക്കുന്നത് സാധാരണമാണല്ലോ. ഇത്തരം സാഹചര്യങ്ങളിൽ ഉടനടി വാഴപ്പഴം ഉടച്ച് പൊള്ളിയ ഭാഗത്ത് വയ്ക്കുക. ടൂത്ത്പേസ്റ്റ് പുരട്ടുന്നതും പൊള്ളലിന് പരിഹാരമാണ്.

അവിയൽ

ഓണക്കാലത്താണ് മലയാളികൾ, കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണ രീതികളിലേക്ക് ഗൃഹാതുരതയോടെ ഇറങ്ങിച്ചെല്ലുന്ന സമയം. അത്തം മുതൽ പത്തു ദിനങ്ങളിലെ ഓണാഘോഷത്തിന്‍റെ പൊലിമ മുറ്റത്തെ പൂക്കളത്തിലും അടുക്കളയിലെ സദ്യ വട്ടങ്ങളിലും ഓണാക്കോടിയിലും ആണ്. എല്ലാവരും ഒരുമിച്ചു ചേർന്ന് ഗംഭീര വിഭവങ്ങൾ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്ന സന്തോഷം മറ്റെവിടെ കിട്ടും?

ചേരുവകൾ:

ചേന – 200 ഗ്രാം

മുരിങ്ങക്കായ – 2

പച്ചക്കായ – 2

കുമ്പളങ്ങ – 200 ഗ്രാം

കയ്പക്ക – ഒന്ന്

പച്ചപയർ – 200 ഗ്രാം

കാരറ്റ് – ഒന്ന്

തേങ്ങ – രണ്ടു മുറി ചെറുത് ചിരകിയത്

പച്ചമുളക് -5 എണ്ണം

പുളിച്ച കട്ടതൈര് – 1 കപ്പ്

തയ്യാറാക്കുന്ന വിധം:

പച്ചക്കറികൾ നിളത്തില്‍ അരിയുക. അടി കട്ടിയുള്ള പാത്രത്തിൽ പച്ചക്കറികൾ മാത്രം വെള്ളം ഒഴിച്ച് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് അടച്ച് വേവിക്കുക (കുക്കറിൽ വേവിച്ചാൽ കഷണങ്ങൾ ഉടഞ്ഞു പോകും).

കഷണങ്ങൾ വെന്ത് വെള്ളം ഏകദേശം വറ്റിയാൽ തേങ്ങയും പച്ചമുളകും വെള്ളം കൂട്ടാതെ മിക്‌സിയിൽ ചതച്ചെടുത്തത് ചേര്‍ക്കുക.

അതിലേക്ക് തൈര് ഉടച്ചത് ചേർത്തു നന്നായി രണ്ട് മിനിറ്റ് ഇളക്കുക. കഷണങ്ങളിൽ നന്നായി അരപ്പ് ചേർന്ന് കഴിഞ്ഞാൽ കറിവേപ്പില ഇട്ട് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി മൂടി വയ്ക്കുക.

എരിശേരി

ഓണക്കാലത്താണ് മലയാളികൾ, കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണ രീതികളിലേക്ക് ഗൃഹാതുരതയോടെ ഇറങ്ങിച്ചെല്ലുന്ന സമയം. അത്തം മുതൽ പത്തു ദിനങ്ങളിലെ ഓണാഘോഷത്തിന്‍റെ പൊലിമ മുറ്റത്തെ പൂക്കളത്തിലും അടുക്കളയിലെ സദ്യ വട്ടങ്ങളിലും ഓണാക്കോടിയിലും ആണ്. എല്ലാവരും ഒരുമിച്ചു ചേർന്ന് ഗംഭീര വിഭവങ്ങൾ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്ന സന്തോഷം മറ്റെവിടെ കിട്ടും?

ചേരുവകൾ:

വൻപയർ വേവിച്ചത് – രണ്ട് ചെറിയ കപ്പ്

മത്തൻ – 250 ഗ്രാം

തേങ്ങ ഒരു മുറി ചിരകിയത്

ജീരകം – ഒരു ടീ സ്പൂൺ

ചുവന്ന മുളക് – 3 (പൊടിയായാലും മതി)

കടുക് – രണ്ട് ടീസ്പൂൺ

വറ്റൽ മുളക് – 1

തേങ്ങ ചിരകിയത് – ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:

മത്തൻ കുറച്ചു മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. അതിലേക്കു വേവിച്ചു വച്ച വൻപയർ ഇട്ട് തിളപ്പിക്കുക.

ഇതിലേക്ക് തേങ്ങയും ജീരകവും മുളകും കൂടി നന്നായി അരച്ചത് ചേർക്കുക. ശരിക്കും തിളച്ചാൽ വാങ്ങി വച്ച് അതിലേക്കു കടുകും മുളകും തേങ്ങയും വറുത്തിടുക.

തേങ്ങ നന്നായി ചുവക്കും വരെ വറുക്കണം. (എരിശേരിയിൽ ഒരിക്കലും കറിവേപ്പില ചേർക്കില്ല എന്നാണ് പ്രമാണം)

വറുത്തരച്ച സാമ്പാർ

ഓണക്കാലത്താണ് മലയാളികൾ, കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണ രീതികളിലേക്ക് ഗൃഹാതുരതയോടെ ഇറങ്ങിച്ചെല്ലുന്ന സമയം. അത്തം മുതൽ പത്തു ദിനങ്ങളിലെ ഓണാഘോഷത്തിന്‍റെ പൊലിമ മുറ്റത്തെ പൂക്കളത്തിലും അടുക്കളയിലെ സദ്യ വട്ടങ്ങളിലും ഓണാക്കോടിയിലും ആണ്. എല്ലാവരും ഒരുമിച്ചു ചേർന്ന് ഗംഭീര വിഭവങ്ങൾ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്ന സന്തോഷം മറ്റെവിടെ കിട്ടും?

ചേരുവകൾ:

തുവര പരിപ്പ് – ഒരു കപ്പ്

മുരിങ്ങക്കായ- 2 എണ്ണം

ഉരുളക്കിഴങ്ങ് – 1

തക്കാളി – 2 എണ്ണം

വഴുതനങ്ങ – 1

കാരറ്റ് -1

സവാള – 1

പുളി – ഒരു ചെറുനാരങ്ങ വലിപ്പത്തിൽ.

വറുത്തരയ്ക്കാൻ:

മല്ലി – 6 ടീസ്പൂൺ

വറ്റൽ മുളക് – 4 (എരിവനുസരിച്ചു കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യാം)

ഉലുവ – 1/4 ടീസ്പൂൺ

ജീരകം – 1/4 ടീസ്പൂൺ

ചെറിയ ഉള്ളി – 1

കറിവേപ്പില – ഒരു തണ്ട്

തേങ്ങ – ചിരകിയത് ഒരു മുറിയുടെ പകുതി (ചെറിയത്)

കായം – ഒരു സ്പൂൺ

തയ്യാറാക്കുന്ന വിധം:

പരിപ്പ് കുക്കറിൽ നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് മല്ലിയും മുളകും ജീരകവും ഉലുവയും കറിവേപ്പിലയും വറുക്കുക. ഏകദേശം വറവ് മണം വരാൻ തുടങ്ങിയാൽ തേങ്ങയും ചെറിയ ഉള്ളിയും കായവും ചേർത്ത് രണ്ട് മിനിറ്റ് വറുക്കുക (വറവ് മൂത്തോ എന്നറിയാൻ കറിവേപ്പില എടുത്തു ഒന്ന് പൊടിച്ചു നോക്കിയാൽ മതി. മൂത്തെങ്കിൽ കറിവേപ്പില പൊടിഞ്ഞു പോകും)

തക്കാളി ഒഴികെയുള്ള പച്ചക്കറികൾ ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വേവിക്കുക. അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ചേർത്തു 2 മിനിറ്റ് തിളപ്പിക്കുക.

അതിനു ശേഷം അതിലേക്കു പുളി പിഴിഞ്ഞ വെള്ളം ചേർക്കുക. കൂടെ തക്കാളി മുറിച്ചതും കുറച്ചു ഉപ്പും കൂടി ചേർത്ത് തിളപ്പിക്കുക.

പുളി ഒഴിച്ച് നന്നായി തിളച്ചതിനു ശേഷം അതിലേക്കു അരപ്പ് ചേർത്ത് ഇളക്കി വീണ്ടും തിളപ്പിക്കുക. രണ്ട് മിനിട്ട് തിളച്ച ശേഷം മൂന്ന് നാല് തണ്ട് കറിവേപ്പിലയും കായവും ഇട്ട് വാങ്ങി വയ്‌ക്കാം.

കൂട്ടുകറി

ഓണക്കാലത്താണ് മലയാളികൾ, കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണ രീതികളിലേക്ക് ഗൃഹാതുരതയോടെ ഇറങ്ങിച്ചെല്ലുന്ന സമയം. അത്തം മുതൽ പത്തു ദിനങ്ങളിലെ ഓണാഘോഷത്തിന്‍റെ പൊലിമ മുറ്റത്തെ പൂക്കളത്തിലും അടുക്കളയിലെ സദ്യ വട്ടങ്ങളിലും ഓണാക്കോടിയിലും ആണ്. എല്ലാവരും ഒരുമിച്ചു ചേർന്ന് ഗംഭീര വിഭവങ്ങൾ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്ന സന്തോഷം മറ്റെവിടെ കിട്ടും?

ചേരുവകൾ:

കടല – ഒരു കപ്പ്

ചേന ചെറുതായി ചതുരക്കഷണങ്ങൾ ആക്കിയത് – 1 കപ്പ്

പച്ചക്കായ ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

തേങ്ങ ചിരകിയത് – ഒരു മുറി

പച്ചമുളക് – 4

ജീരകം – ഒരു ടീസ്പൂൺ

കുരുമുളക് – ഒരു ടീസ്പൂൺ

ചെറിയ ഉള്ളി – 3 എണ്ണം

കടുക് – രണ്ട് ടീസ്പൂൺ

തേങ്ങ ചിരകിയത് – ഒരു ടേബിൾ സ്പൂൺ

വറ്റൽ മുളക് – രണ്ട്

തയ്യാറാക്കുന്ന വിധം:

ചേനയും പച്ചക്കായയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. (ചേനയ്ക്ക് വേവ് കൂടുതലായതിനാൽ കുക്കറിൽ വച്ച് ചേന മാത്രം വേവിച്ചെടുക്കുക. പിന്നെ കായ അതിൽ വച്ച് വേവിച്ചാലും മതി)

അതിലേക്കു കടല വേവിച്ചത് ഇട്ട് നല്ല പോലെ തിളപ്പിക്കുക. തേങ്ങയും പച്ചമുളകും ജീരകവും  കുരുമുളകും ഉള്ളിയും ചെറുതായി അരച്ചെടുത്ത് വെന്ത  കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കുക. കഷണങ്ങളിൽ അരച്ചത് നന്നായി ചേർന്നാൽ വാങ്ങി വയ്ക്കുക.

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിയാൽ അതിലേക്കു വറ്റൽ മുളകും ചിരകിയ തേങ്ങയും ഇട്ടു വറുക്കുക. തേങ്ങ ബ്രൗൺ നിറമായാൽ കറിവേപ്പിലയും ഇട്ട് വാങ്ങി കറിയിലേക്ക് ചേർക്കാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें