യാത്രയ്ക്കൊടുവിൽ

റിസർവ്വ് ചെയ്ത സീറ്റിനരികിൽ അയാൾ വന്നിരുന്നപ്പോഴാണ് മയക്കത്തിലായിരുന്ന ജാനകി ഉണർന്നത്. ചെന്നൈയിൽ നിന്ന് ബസ്സ് പുറപ്പെട്ടിട്ട് ഇപ്പോൾ ഏതാണ്ട് രണ്ടു മണിക്കൂറിലധികം ആയി. ബാഗ് എടുത്തു ഒതുക്കി വയ്ക്കുന്നതിനിടയിൽ അടുത്തു വന്നിരുന്ന ആളുടെ മുഖം ജാനകി ശ്രദ്ധിച്ചു. നല്ല പരിചയമുള്ള രൂപം. എവിടെയോ കണ്ട് മറന്നതു പോലെ. മങ്ങിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും. ജാനകിക്ക് അയാളുടെ മുഖം വ്യക്‌തമായി കാണാമായിരുന്നു. കുറച്ചു സമയമെടുത്തെങ്കിലും അവളുടെ ഓർമ്മകളിൽ ആ മുഖം തെളിഞ്ഞു വന്നു…

മനു നാരായണൻ, വർഷങ്ങൾക്കു മുമ്പ് ജാനകിയുടെ വീട്ടുകാർ മാട്രിമോണിയൽ സൈറ്റിൽ നോക്കി മാച്ചിംഗ് കണ്ടുപിടിച്ചതിൽ അവസാനത്തെയാൾ. ഫോണിലും, ഇൻറന്‍റർനെറ്റിലും എത്രയോ തവണ സംസാരിച്ചിരിക്കുന്നു. ഒരിക്കൽ നേരിട്ട് കണ്ടിട്ടുമുണ്ട്. അതൊക്കെ കഴിഞ്ഞ് ഇപ്പോൾ പത്തുവർഷത്തിലേറെയായി. ജാനകി പക്ഷേ ഈ സന്ദർഭത്തെ എങ്ങനെ കൈാര്യം ചെയ്യുമെന്നാലോചിച്ച് വല്ലാതെ അസ്വസ്ഥയായി. അയാൾ തന്നെ തിരിച്ചറിയുമോ എന്ന് ജാനകി ചിന്തിച്ചു കൊണ്ടിരുന്നു.

മാട്രിമോണിയൽ സൈറ്റുകൾ പലതും തെരഞ്ഞതിനു ശേഷമാണ് ഒരുപാട് ആളുകൾക്കിടയിൽ നിന്ന് അന്ന് മനു നാരായണന്‍റെ പ്രൊഫൈൽ തെരഞ്ഞെടുത്തത്. അന്ന് പക്ഷേ ആ വിവാഹാലോചന മുന്നോട്ടു പോയില്ല. ഒരുപാട് കാര്യങ്ങളിൽ സാമ്യതകളുണ്ടായിരുന്നെങ്കിലും മനു നാരായണനുമായി സംസാരിച്ച് ആ ബന്ധം മുന്നോട്ടു കൊണ്ടു പോകാൻ എന്തു കൊണ്ടോ സാധിച്ചില്ല. ഇതിനു മുമ്പ് പല വ്യക്‌തികളുമായും ഇതേ പ്രശ്നം ജാനകി നേരിട്ടിരുന്നു.

മനു നാരായണനുമായി അതേ പ്രശ്നം വന്നപ്പോഴാണ് ഇത് ഏതെങ്കിലും ഒരാളുമായി വന്ന കുഴപ്പമല്ല എന്ന് മനസ്സിലായത്. അതിനു ശേഷമാണ് അറേഞ്ച് മ്യാരേജ് എന്ന കൺസെപ്റ്റ് തന്നെ ജാനകി മറന്നു തുടങ്ങിയത്.

“ഒരുപാട് പേർക്ക് അറേഞ്ച് മ്യാരേജ് എന്ന ഓപ്ഷൻ നടക്കുമായിരിക്കും. പക്ഷേ എനിക്കത് ചേരില്ല അമ്മ…”

ജാനകി അമ്മയോടത് പറഞ്ഞ് അവസാനിപ്പിച്ചു. പിന്നീട് ആ വീട്ടിൽ വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. വോൾവോ ബസ്സിലെ ടിക്കറ്റിൽ സ്നാക്സും ഉൾപ്പെടുത്തിയിരുന്നു. കണ്ടക്ടർ എല്ലാ സീറ്റിലും സ്നാക്സും മറ്റും വിതരണം ചെയ്യാൻ തുടങ്ങി. ജാനകി ഒട്ടും കംഫർട്ടില്ലാതെയാണ് സീറ്റിൽ ഇരുന്നത്. കണ്ടക്ടർക്ക് സ്നാക്സ് വിതരണം ചെയ്യുന്നതിനിടയിൽ ഇടയ്ക്ക് ബാലൻസ് തെറ്റുന്നുണ്ടായിരുന്നു. മനു അയാളെ സഹായിക്കുന്നതിനു വേണ്ടി ഒരു കൈത്താങ്ങ് കൊടുത്തു. ഒന്നു ചിരിച്ച് നന്ദി പറഞ്ഞ ശേഷം സ്നാക്സ് പ്ലേയ്റ്റ് തൊട്ടടുത്തിരിക്കുന്ന ആൾക്ക് കൊടുക്കുമോ എന്ന് കണ്ടക്ടർ മനുവിനോട് ചോദിച്ചു.

“അതിനെന്താ…”

മനു നാരായൺ മറുപടിയായി പറഞ്ഞു കഴിഞ്ഞ് തെർമോക്കോൾ പ്ലേയ്റ്റ് ജാനകിക്കായി കൈമാറി. മനു തന്നെ ശ്രദ്ധിക്കാതിരിക്കാൻ വേണ്ടി കണ്ണുകൾ താഴ്ത്തിയാണ് ജാനകി പ്ലേയ്റ്റ് വാങ്ങിയത്. തന്നെ മനു ശ്രദ്ധിക്കുന്നുണ്ടോ അതോ താൻ വെറുതെ ആലോചിച്ചു കൂട്ടുന്നതാണോ എന്ന് കൂടി ജാനകി ചിന്തിക്കാതിരുന്നില്ല. മനു തനിക്കു കിട്ടിയ സ്നാക്സ് കഴിക്കുകയാണ്. ജാനകിയും അത് തുടർന്നു.

ഇടയ്ക്കെപ്പോഴോ പതിഞ്ഞ ശബ്ദത്തിൽ “നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ, ഒരു പരിചയം പോലെ തോന്നുന്നു” സ്നാക്സ് കഴിച്ചു കൊണ്ടു തന്നെ മുഖം തിരിച്ച് മനു ചോദിച്ചു. ജാനകിക്ക് തന്‍റെ ഹൃദയം വേഗത്തിലിടിക്കുന്ന പോലെ തോന്നി. മനു തന്നെ ഓർത്തെടുക്കുന്നുണ്ടോ. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം.

“ഇയാളെവിടെയോ…” ഒന്നു നിർത്തിയതിനു ശേഷം ആലോചിച്ച്” ജാനകി രാമൻ അല്ലേ” മനു പെട്ടെന്നു തന്നെ പറഞ്ഞു.

ജാനകി തന്‍റെ കണ്ണുകൾ ഒന്നു വെട്ടിച്ച ശേഷം മനുവിനെ മനസ്സിലാകാത്ത പോലെ ഇരുന്നു.

“എന്നെ ഓർക്കുന്നില്ലേ, ഞാൻ മനു നാരായണൻ. 2005 ൽ ഒരു വിവാഹാലോചനയുമായി ബന്ധപ്പെട്ട് നമ്മൾ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.” ഇതു പറഞ്ഞ ശേഷം മനു ഒരു സർപ്രൈസ് വന്നതു പോലെ കുലുങ്ങി ചിരിച്ചു.

ജാനകി ഓർത്തെടുക്കുന്ന പോലെ…

“അതെ, ശരിയാണ് ഇപ്പോളോർക്കുന്നു. ഞാനൊരിക്കലും കരുതിയില്ല നമ്മളിങ്ങനെ വീണ്ടും കാണുമെന്ന്… ഇപ്പോൾ എവിടെ പോകുന്നു?”

മനു അയാളുടെ മകനെ ഊട്ടിയിലെ ബോർഡിംഗ് സ്കൂളിൽ നിന്നും വെക്കേഷന് കൊണ്ടുവരാൻ പോവുകയാണെന്ന് മറുപടിയായി പറഞ്ഞു.

“എന്‍റെ മകളും അവിടെ ബോർഡിംഗിലാണ് പഠിക്കുന്നത്. ഞാൻ അവളെ തിരിച്ച് കൊണ്ട് വരാൻ പോവുകയാണ്.” ജാനകി കുറച്ചു കൂടി കംഫർട്ടായി എന്ന പോലെ സംസാരിച്ചു.

“ഏത് സ്റ്റാൻഡേർഡിലാണ് മോള് പഠിക്കുന്നത്. ഏതാ സ്ക്കൂൾ?” മനു വിശദമായി അറിയാനെന്ന ഭാവത്തിൽ ചോദിച്ചു.

“അവളിപ്പോ ഏഴാം സ്റ്റാൻഡേർഡിലായി. ഗുഡ് ഷെപ്പേർഡിലാണ്. മകനെത്രയിലാ, ഏത് സ്ക്കൂളിലാ പഠിക്കുന്നത്?” “ലോറൻസില് ഏഴാം സ്റ്റാൻഡേർഡിൽ തന്നെ” അയാൾ വളരെ സ്വഭാവികമെന്നോണം മറുപടി പറഞ്ഞു.

“അതുശരി” ഇതു പറഞ്ഞു കൊണ്ട് ജാനകി മന്ദഹസിച്ചു. ഇനിയെന്താണ് പറയേണ്ടത് എന്നതിനെക്കുറിച്ച് അവൾക്കൊരു എത്തും പിടിയും കിട്ടിയിരുന്നില്ല. വളരെ ക്യാഷ്വലായി ചില കാര്യങ്ങൾ തുടർന്ന് പറഞ്ഞ് കൊണ്ട് നിലവിലെ മൂകതയിൽ നിന്നും മോചനം തേടി. ഊട്ടിയിലെ ബോർഡിംഗ് സ്കൂളുകളെക്കുറിച്ചും, അവിടത്തെ സൗകര്യങ്ങളെ പറ്റിയും കാലാവസ്ഥയെക്കുറിച്ചും സിലബസിന്‍റെ രീതികളെക്കുറിച്ചും അവർ സംസാരിച്ചു.

ബസ്സ് കുറച്ചു നീങ്ങിയതിനു ശേഷം കണ്ടക്ടർ ഒരു പതിനഞ്ച് മിനിറ്റ് വഴിയിൽ നിർത്തുന്നുണ്ടെന്ന അറിയിപ്പുമായി വന്നു. യാത്രക്കാരിൽ ചിലർ ടോയ്‍ലെറ്റിൽ പോകുവാനായി ഇറങ്ങി. ജാനകിയും മനുവും പുറത്തിറങ്ങി തൊട്ടടുത്ത പെട്ടിക്കടയിൽ നിന്നും ചൂടുള്ള ചായ പറഞ്ഞു.

“ഹസ്ബെന്‍റ് എന്തു ചെയ്യുന്നു.” മനുവിന്‍റെ ഈ ചോദ്യം ജാനകി പ്രതീക്ഷിച്ചതാണ്. അവൾ ചായയെടുത്ത് കുടിച്ച ശേഷം പറഞ്ഞു.

“ഞാൻ കല്യാണം കഴിച്ചിട്ടില്ല. എന്‍റെ മകൾ താരയെ ഒരു വയസ്സുള്ളപ്പോൾ ദത്തെടുത്തതാണ്.” മനു തീരെ പ്രതീക്ഷിക്കാത്ത ഒന്ന് കേട്ട പോലെയാണ് ജാനകി പറഞ്ഞത് ശ്രവിച്ചത്.

“അല്ല, അപ്പോൾ ജാനകി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. ഒരു കുട്ടിയെ ദത്തെടുത്ത് വളർത്തുന്നു. ജാനകിയോട് ഇപ്പോൾ ബഹുമാനവും ആദരവുമൊക്കെ തോന്നുന്നുണ്ട്.” മനുവിന് ഒരു നല്ല കാര്യം കേട്ടതു പോലെ ജാനകിയ്ക്ക് തോന്നി. മനോഹരമായ ചിരി അതിനു പകരമായി നൽകി.

“മിസിസ് നാരായണൻ എന്തു ചെയ്യുന്നു.”

“അമ്മ…?” ഒരിക്കൽ മനുവിന്‍റെ അമ്മയുമായി ഫോണിൽ സംസാരിച്ചതിന്‍റെ ഓർമ്മയിലാണോ ജാനകി ചോദിക്കുന്നതെന്ന ഭാവത്തിൽ അയാൾ സംശയത്തോടെ…

“അല്ല… ഞാനുദ്ദേശിച്ചത് ഭാര്യയെക്കുറിച്ചാണ്.” ജാനകി ഒന്നു കൂടി വ്യക്‌തമാക്കി.

“ഓഹോ” മനു ചെറിയൊരു മൗനത്തിനു ശേഷം ചായഗ്ലാസ് കുടിച്ചത് കടയിലെ തട്ടിലേക്ക് എടുത്തു വച്ചു.

“എന്‍റെ ഭാര്യ മരിച്ചിട്ട് ഇപ്പോൾ നാലുവർഷമായി” അവർക്കിടയിലെ ചെറിയൊരു മൗനത്തിനു ശേഷം ജാനകി ചോദിച്ചു.

“മനുവിന് ഓർമ്മയുണ്ടോ നമ്മൾ തമ്മിലുള്ള വിവാഹലോചന എന്തുകൊണ്ടാണ് മുന്നോട്ടു പോകാഞ്ഞതെന്ന്.”

“അന്ന് നമ്മുടെ വിവാഹം കുറച്ചു കൂടി നീട്ടിവയ്ക്കണമെന്ന് ജാനകി ആവശ്യപ്പെട്ടു എന്നാണ് എന്‍റെ ഓർമ്മ” വളരെ കൃത്യമെന്നോണം യാതൊരു സംശയവുമില്ലാതെയാണ് മനു അത് പറഞ്ഞത്.

“അങ്ങനെയല്ല. എനിക്ക് മനുവുമായി കൂടുതൽ സമയം ചെലവഴിക്കണം. പരസ്പരം മനസ്സിലാക്കണം. നമ്മുടെ താൽപര്യങ്ങൾ ഒരുമിച്ച് കൊണ്ടു പോകാൻ പറ്റുന്നതാണോ എന്ന് നോക്കണം. എനിക്കറിയാം മനു ഒരു നല്ല കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന്. ഒരു ബാച്ചിലർ വിവാഹം ആലോചിക്കാൻ തുടങ്ങുമ്പോൾ വേണ്ട എല്ലാ ക്വാളിറ്റിയും മനുവിന്‍റെ പ്രപ്പോസലിൽ ഉണ്ടായിരുന്നു. പക്ഷേ മനുവെന്ന വ്യക്‌തിയെ മനസ്സിലാക്കാൻ എനിക്ക് സമയം വേണമായിരുന്നു. എനിക്കൊരു ലോംഗ് ടേം കമിറ്റ്മെന്‍റിലേക്ക് ഇറങ്ങും മുമ്പ് ആളെക്കുറിച്ച് വ്യക്‌തമായൊരു ധാരണ വേണമെന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. പക്ഷേ മനുവിന് അത് സാധ്യമായിരുന്നില്ല. എത്രയും വേഗം വിവാഹ തീയതി നിശ്ചയിക്കണമെന്നായിരുന്നു.

കല്യാണം കഴിച്ചതിനു ശേഷം എന്‍റെ രീതികൾ മനുവിന് ഇഷ്‌ടപ്പെടാതിരിക്കുകയും അതുവരെ ഉണ്ടായിരുന്ന നല്ല നിമിഷങ്ങളെല്ലാം പെട്ടെന്നൊരു ദിവസം ഇല്ലാതാകുകയും ചെയ്താൽ അതൊക്കെ സ്വയം വരുത്തി വച്ചതാണെന്ന രീതിയിൽ സമാധാനിക്കാനും എനിക്കാവില്ല. ഒരാളെ മനസ്സിലാക്കാതെ കല്യാണം കഴിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. വിവാഹ ജീവിതത്തിൽ ഒന്നും സ്‌ഥിരമല്ല, അതിങ്ങനെ മാറിക്കൊണ്ടിരിക്കും.”

മനു ജാനകി പറയുന്നത് തന്നെ ശ്രദ്ധിച്ചിരുന്നു. ഇനിയും ജാനകിയെന്തൊക്കെയോ പറയാൻ തുടങ്ങുന്ന എന്നതിനാൽ അത് തടസ്സപ്പെടുത്താതെ കേട്ടിരുന്നു.

“ജീവിതം ഇനി എങ്ങനെയൊക്കെ മാറിയാലും ഞാൻ ഒരാളെ മനസ്സിലാക്കിയതിനു ശേഷമാണല്ലോ വിവാഹത്തിന് തയ്യാറായത് എന്നുള്ള ബോധ്യം എനിക്കുണ്ടാകണം. ഒരാളുടെ സാമ്പത്തിക ചുറ്റുപാട് നല്ലതാണെന്നു കരുതി അയാളെക്കുറിച്ച് അറിയാതെ തികച്ചും ഒരപരിചിതമായി ജീവിച്ചു തുടങ്ങുവാൻ ഞാൻ തയ്യാറല്ല. എന്തായാലും മനുവിന്‍റെ അന്നത്തെ വിവാഹാലോചന മുന്നോട്ടു പോകാഞ്ഞത് പെട്ടെന്നു തന്നെ വിവാഹ തീയതി നിശ്ചയിക്കണം എന്നു പറഞ്ഞതു കൊണ്ടാണ്.” ജാനകി വ്യക്‌തമാക്കുന്നതു പോലെ പറഞ്ഞു.

“ശരി, ഓക്കെ” മനു എല്ലാം സമ്മതിക്കുന്ന പോലെ.

“മനുവിന് അറിയാമോ ഞാൻ പിന്നീട് അന്വേഷിച്ചപ്പോ കണ്ടെത്താൻ കഴിഞ്ഞത് എന്താണെന്ന്! ഇന്ത്യയിലെ അറേഞ്ച്ഡ് മാര്യേജുകളിൽ ഒന്നിലും പരസ്പരം മനസ്സിലാക്കാനുള്ള കാലയളവ് ലഭിക്കുന്നില്ല. നിയമം അനുസരിച്ചുള്ള കരാറൊപ്പിട്ട് ഭൂരിഭാഗം പേരും ജീവിതം തുടങ്ങുന്നു. ഇത് കാലാകാലങ്ങളായി നടക്കുന്നതാണ്. ഒരാളും അതിനെ എതിർത്തിട്ടില്ല. എന്നെപ്പോലുള്ള എത്രയോ ആളുകൾ ഇതിന് ഇരയാകുന്നു. എന്തായാലും അന്ന് മനുവിന്‍റെ ആലോചന മുടങ്ങിപ്പോയതിൽ പിന്നെ ഞാൻ വീട്ടിൽ എനിക്കു വേണ്ടി കല്യാണമാലോചിക്കുന്നത് നിർത്തുവാൻ പറഞ്ഞു. എനിക്കൊരിക്കലും പെട്ടെന്നൊരാളെ കണ്ണടച്ച് വിശ്വസിച്ച് ഒരു ജീവിതം തുടങ്ങാൻ സാധിക്കില്ല. ഞാൻ അതുകൊണ്ട് ഒരാളെ മനസ്സിലാക്കാതെ കല്യാണത്തിലേക്ക് കടക്കുന്നില്ല എന്ന് തീരുമാനിച്ചു.”

എല്ലാം കേട്ട ശേഷം സീറ്റിൽ നേരെയിരുന്നു. മനു തന്‍റെ മുഖം ചെറുതായൊന്നുയർത്തി. “ഇപ്പോളെന്തു തോന്നുന്നു” മനുവിന്‍റെ ചോദ്യം പെട്ടെന്നായിരുന്നു.

“അന്ന് മനു തയ്യാറായിരുന്നില്ല, ഇപ്പോൾ മനുവിന് കല്യാണ തീയതി നിശ്ചയിക്കാതെ പരസ്പരം മനസ്സിലാകുന്നത് വരെ ഒരുമിച്ച് ഇടപഴകാൻ സാധിക്കുമോ?” എന്നാൽ ഞാൻ തയ്യാറാണ്.

മനു ജാനകി ഇതു പറഞ്ഞതും വിശ്വസിക്കാനാവാത്ത പോലെ നോക്കി.

“ജാനകി നമ്മുടെ കുട്ടികളെപ്പറ്റി ആലോചിക്കൂ. നമ്മളങ്ങനെ കാണുന്നതും ഇടപഴകുന്നതും കുട്ടികളറിഞ്ഞാൽ അവരെന്തു വിചാരിക്കും. വിവാഹം നമ്മുടെ സമൂഹത്തിന്‍റെ മുമ്പിൽ ഒരു സാധ്യതയാണ്. വിവാഹത്തിനു ശേഷം പരസ്പരം മനസ്സിലാക്കാൻ ധാരാളം സമയമുണ്ടല്ലോ” ജാനകി ഇതു കേട്ടതും ചെറുതായി ചിരിച്ചു.

“മനു” ഒന്നു നീട്ടി വിളിക്കുന്നതു പോലെ പറഞ്ഞ്.

“അവിടെയാണ് പോയിന്‍റ്, എനിക്ക് വിവാഹ ശേഷം മനസ്സിലാക്കാൻ എടുക്കുന്ന ആ സമയം വരെ. അങ്ങനെ കാത്തിരുന്ന് ചെയ്യേണ്ടതായി തോന്നുന്നില്ല. പിന്നീട് അത് വലിയ കുഴപ്പങ്ങളുണ്ടാക്കും.”

മനുവും ചെറുതായി ചിരിക്കുന്നു.

“അപ്പോൾ ഇപ്പോഴും എന്നെ മനസ്സിലാക്കാൻ ജാനകിക്ക് താൽപര്യമുണ്ടോ? മനു എടുത്തു ചോദിച്ചു.

“പക്ഷേ മനുവിനിപ്പോഴും അങ്ങനെയൊരു റിലേഷനിൽ സമയം ചെലവഴിക്കാൻ കഴിയുന്നില്ല. അതൊരു സത്യമാണല്ലോ.” ജാനകി തന്‍റെ ഭാഗം വെളിപ്പെടുത്തി. ഈ സമയം ബസ്സിനകത്തെ അറിയിപ്പ് ശബ്ദം മുഴങ്ങി.

“എല്ലാവരും ശ്രദ്ധിക്കുക, ഊട്ടിയിലെ അവസാനത്തെ സ്റ്റോപ്പ് എത്തിച്ചേരുകയാണ്. ഈ ബസ്സിനോടൊപ്പം യാത്ര തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദി.”

“നമുക്ക് ഇറങ്ങാൻ സമയമായി. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം” ജാനകി മനുവിനെ ഹസ്തദാനം ചെയ്തു.

“ടേക്ക് കെയർ” ഇരുവരും പരസ്പരം പറഞ്ഞ് ബാഗുകളെടുത്ത് ബസ്സിനു പുറത്തേക്കിറങ്ങാൻ തുടങ്ങി. ബസ്സിൽ നിന്നിറങ്ങി ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഒരു ദീർഘനിശ്വാസമെടുത്തതിനു ശേഷം ജാനകി ടാക്‌സി സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു നീങ്ങി. മനു നാരായണൻ ആകാശത്തെ നോക്കി തന്‍റെ തൊണ്ടയിലെ ഇടർച്ച ശരിയാക്കി മറ്റൊരു ദിക്കിലേക്ക്….

ഏത് ഡ്രസ്സിടണം കൺഫ്യൂഷൻ തീർക്കണമേ…

പെട്ടെന്ന് ഏതെങ്കിലും വിശേഷാവസരത്തിന് പോകേണ്ടി വരുമ്പോഴാവും മിക്കവരും ഡ്രസ്സിനെപ്പറ്റി ഓർത്ത് ടെൻഷനടിക്കുക. ഏത് നിറത്തിൽ ഏത് സ്റ്റൈലിലുള്ള ഡ്രസ്സ് വേണം? വാർഡ്രോബിൽ ഡ്രസ്സുകൾ ഇഷ്‌ടം പോലെയുണ്ടാകുമെങ്കിലും അവയിൽ നിന്നും പറ്റിയ ഒരെണ്ണം തെരഞ്ഞെടുക്കുകയെന്നത് പ്രയാസകരമായിരിക്കും. അഥവാ കൂട്ടത്തിൽ നല്ലതെന്ന് കരുതി അണിഞ്ഞു കൊണ്ടു പോകുന്ന ഡ്രസ്സ് ഇണങ്ങുന്നതല്ലെങ്കിൽ പിന്നെ പറയുകയും വേണ്ട. ഉള്ള സന്തോഷം തന്നെ ഇല്ലാതാകും. ഇത്തരം അനുഭവം എല്ലാവർക്കും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള പ്രശ്നം ഒഴിവാക്കാനുള്ള ചില വഴികളുണ്ട്.

വാർഡ്രോബ് ബ്ലൻഡേഴ്സിൽ നിന്നും രക്ഷപ്പെടാം

ഭൂരിഭാഗം സ്ത്രീകളും സ്വന്തം വാർഡ്രോബ് ചിട്ടയായി വയ്‌ക്കാറില്ല. ഡ്രസ്സുകളൊക്കെ വലിച്ചുവാരിയാവും വയ്‌ക്കുക. വാർഡ്രോബ് അലങ്കോലപ്പെട്ടിരിക്കാൻ അനുവദിക്കാതെ ഓരോ ഡ്രസ്സും ചിട്ടയായി അടുക്കി വയ്ക്കുന്നതാണ് സമയലാഭവും സൗകര്യവും ഉണ്ടാക്കുക.

നിരീക്ഷിക്കാം

ഇടയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ വാർഡ്രോബിലെ ഡ്രസ്സുകൾ പരിശോധിക്കാം. പരിശോധന വേളയിൽ ഏതെങ്കിലും ഡ്രസ്സ് അൺഫിറ്റോ ഔട്ട് ഡേറ്റഡായോ ഫാഷനബിൾ അല്ലാത്തതായോ തോന്നുന്നുവെങ്കിൽ വാർഡ്രോബിൽ നിന്നും ഉടനടി മാറ്റുക. വിശേഷാവസരങ്ങളിൽ അനുയോജ്യമായ ഡ്രസ്സ് തെരഞ്ഞെടുക്കുന്ന വേളകളിൽ ഇത്തരം ഡ്രസ്സുകൾ ബുദ്ധിമുട്ട് സൃഷ്ടിക്കും.

ആഗ്രഹം ഉപേക്ഷിക്കുക

മിക്കവരും അൺഫിറ്റായതും ഔട്ട് ഡേറ്റായതും സുഖപ്രദമല്ലാത്തതും സ്റ്റൈലിഷ് അല്ലാത്തതുമായ ഡ്രസ്സുകൾ വാർഡ്രോബിൽ കരുതി വയ്ക്കുന്നത് അവയുമായുള്ള ചില പ്രത്യേക ഓർമ്മകളുടെ പേരിലാവും. ഉദാ: ഗിഫ്റ്റ് കിട്ടിയതോ അതുമല്ലെങ്കിൽ ഏറെ വില കൊടുത്ത് വാങ്ങിയതോ അങ്ങനെ വല്ലതുമാകാം. ഇത്തരം ഡ്രസ്സുകൾ അണിയാൻ താൽപര്യമില്ലെങ്കിൽ സെന്‍റിമെന്‍റ്സ് ഒഴിവാക്കി അവ വാർഡ്രോബിൽ നിന്നും മാറ്റുന്നതാണ് ഉചിതം.

ആൽബം തയ്യാറാക്കാം

സ്വന്തം കയ്യിൽ ഏതെല്ലാം തരം ഡ്രസ്സുകൾ ഉണ്ട്, ഏതെല്ലാം നിറങ്ങളിൽ, പ്രിന്‍റുകളിൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ മിക്കവർക്കും ഓർമ്മയുണ്ടാവില്ല. ചിലർ ചില ഡ്രസ്സുകളെക്കുറിച്ച് മറന്നു തന്നെ പോയേക്കാം. ഇതിന് ഒരു എളുപ്പ വഴിയുണ്ട്. മൊബൈലിൽ ഓരോ ഡ്രസ്സിന്‍റെയും ഫോട്ടോ എടുത്ത് ആൽബമായി സൂക്ഷിക്കുക. ആവശ്യമുള്ള സമയത്ത് ആൽബം ഓപ്പൺ ചെയ്‌ത് ഡ്രസ്സുകൾ പരിശോധിച്ച് യോജിച്ച ഒരെണ്ണം തെരഞ്ഞെടുക്കാം.

ഇനി ഡ്രസ്സ് വാങ്ങാൻ ഷോപ്പിൽ പോവുകയാണെങ്കിൽ ഈ ചിത്രങ്ങൾ പരിശോധിച്ച് തീർത്തും വ്യത്യസ്‌ത സ്റ്റൈലിലും കളറിലുമുള്ള ഡിഫറന്‍റ് പ്രിന്‍റിലുള്ളത് തെരഞ്ഞെടുക്കാം.

വാർഡ്രോബ് പരിപാലനം

വാർഡ്രോബിന് പല അറകളുണ്ടാകാം. കാഷ്വൽ ഡ്രസ്സ്, പാർട്ടി ഡ്രസ്സ്, ഹെവി ഡ്രസ്സ്, ഒഫീഷ്യൽ ഡ്രസ്സ് എന്നിങ്ങനെ വേർതിരിച്ച് ഓരോന്നും പ്രത്യേകം അറകളിലായി സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ അനായാസമായി ഡ്രസ്സ് തെരഞ്ഞെടുക്കാൻ ഇത് സഹായിക്കും.

ഹോംവർക്ക്

ഷോപ്പിംഗിന് പോകും മുമ്പേ നല്ല ഹോംവർക്ക് ചെയ്യുക. സാധ്യമെങ്കിൽ ഏത് സ്റ്റൈലിലുള്ളത്, കളർ, ബജറ്റ് തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി നിശ്ച യിച്ച് ഷോപ്പിൽ പോകാം. കാഷ്വൽ, ഒഫീഷ്യൽ, ഹെവി അല്ലെങ്കിൽ പാർട്ടിവെയർ ഇവയിൽ ഏത് തരം ഡ്രസ്സാണ് വാങ്ങുന്നതെന്ന കാര്യം കൂടി ഉറപ്പിക്കുക.

നമ്പർ ഓഫ് ഡ്രസ്സ്സ്

വാർഡ്രോബിൽ ഡ്രസ്സുകളുടെ എണ്ണം കൂട്ടുന്നതിന് പകരമായി ക്വാളിറ്റിയ്ക്ക് പ്രാധാന്യം നൽകുക. ഭൂരിഭാഗം പേരും ക്വാളിറ്റി നോക്കുന്നതിന് പകരമായി എണ്ണത്തിന് പ്രാധാന്യം നൽകി കാണാറുണ്ട്. അത്തരക്കാരുടെ വാർഡ്രോബ് നിറഞ്ഞ് നിൽക്കുമെങ്കിലും വിശേഷാവസരത്തിന് യോജിച്ചവ ഉണ്ടാകണമെന്നില്ല. കാഷ്വൽ, ഒഫീഷ്യൽ, ഹെവി ഡ്രസ്സുകൾ എന്നിവയുടെ എണ്ണത്തിലും ശ്രദ്ധിക്കുക. പാർട്ടി ഡ്രസ്സ്, ഹെവി ഡ്രസ്സ് എന്നിവയുടെ എണ്ണം കൂടുന്നതും കാഷ്വൽ, ഒഫീഷ്യൽ ഡ്രസ്സുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നതും നന്നല്ല.

ഡ്രസ്സിന്‍റെ ഫിറ്റിംഗ്

ഡ്രസ്സിന് എത്ര തന്നെ വില ആയിക്കൊള്ളട്ടെ അതിന്‍റെ ഫിറ്റിംഗ് ശരിയല്ലെങ്കിൽ അത് അണിഞ്ഞതു കൊണ്ട് പ്രയോജനമുണ്ടാകണമെന്നില്ല. അതു കൊണ്ട് ശരീരത്തിന് അനുസരിച്ചുള്ള ഡ്രസ്സ് തെരഞ്ഞെടുക്കുക. എന്നാലേ അത് നന്നായി ഇണങ്ങൂ. മറ്റൊരാൾക്ക് നന്നായി ഇണങ്ങുന്ന ഡ്രസ്സ് നിങ്ങൾക്ക് ഇണങ്ങണമെന്നില്ല. അതുകൊണ്ട് ഷോപ്പിൽ വച്ച് സ്വയം അണിഞ്ഞ് പരിശോധിച്ച ശേഷം വാങ്ങുക. ഒറ്റത്തവണത്തേക്ക് മാത്രം അണിഞ്ഞാൽ മതിയല്ലോ എന്ന് കരുതി ഡ്രസ്സ് വാങ്ങിക്കരുത്. ഏത് അവസരത്തിലേക്കുള്ളതായാലും ശരി അണിഞ്ഞ് നോക്കി യോജിച്ചതാണെങ്കിൽ മാത്രം വാങ്ങുക. അല്ലാതെ വാങ്ങിക്കൊണ്ടു വന്നശേഷം ഇഷ്‌ടമില്ലാതെ വാർഡ്രോബിൽ വച്ചിട്ട് എന്തു ഫലം.

നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ

എല്ലാ നിറങ്ങളും എല്ലാവർക്കും ഇണങ്ങണമെന്നില്ല. അതുകൊണ്ട് ഡ്രസ്സിട്ട ശേഷം നാച്ചുറൽ ലൈറ്റിൽ സ്വയം നിറം പരിശോധിച്ച് നോക്കുക. ഏത് നിറത്തിലുള്ള ഡ്രസ്സാണ് ശരീരത്തിന് ഗ്ലോ തരുന്നത് എന്നറിയുക. അത്തരം നിറം തെരഞ്ഞെടുക്കാം.

എക്സ്ക്ലുസീവ് ഡ്രസ്സ്

എക്സ്ക്ലുസീവ് ഡ്രസ്സുകളുടെ കാലമാണിപ്പോൾ. അതുകൊണ്ട് ആരെയും അനുകരിക്കാതിരിക്കുക. സ്വന്തമായ ഒരു സ്റ്റൈൽ സൃഷ്ടിക്കുക. ടിവി സീരിയൽ താരത്തെയോ അല്ലെങ്കിൽ ഏതെങ്കിലും സിനിമ നായികയെയോ ഇക്കാര്യത്തിൽ കോപ്പി ചെയ്യരുത്. സ്വന്തം പ്രായം, പ്രൊഫഷൻ, കോംപ്ലക്ഷൻ തുടങ്ങിയവയ്‌ക്ക് അനുസരിച്ച് ഡ്രസ്സ് തെരഞ്ഞെടുക്കാം.

വിൻഡോ ഷോപ്പിംഗ്

സമയം കിട്ടുമ്പോൾ വിൻഡോ ഷോപ്പിംഗ് ചെയ്യുക. വിൻഡോ ഷോപ്പിംഗ് വഴി പുതിയ ട്രെന്‍റ്, റേറ്റ് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുക. ഒപ്പം ഔട്ട്ഡേറ്റഡ് ആയ ഡ്രസ്സ് വാർഡ്രോബിൽ നിന്നും ഒഴിവാക്കുകയും ചെയ്യാം.

ഡ്രസ്സിന്‍റെ പരിചരണം

ഡെയ്‍ലി വിയർ ഡ്രസ്സുകൾ പ്രത്യേകം മാറ്റി വയ്‌ക്കുക. അവയുടെ വൃത്തി കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകാം. ഹെവി ആന്‍റ് പാർട്ടി വെയർ ഡ്രസ്സുകൾ ഡ്രൈക്ലീൻ ചെയ്യിക്കാം. ഏതെങ്കിലും ഡ്രസ്സിന്‍റെ തയ്യൽ വിട്ടു പോയിട്ടുണ്ടെങ്കിൽ അത് ഉടനടി റിപ്പയർ ചെയ്യിക്കാം. ജറി, മുത്തുകൾ എന്നിവ ഇളകിയിട്ടുണ്ടെങ്കിൽ അത് കൃത്യമായി റിപ്പയർ ചെയ്‌ത് മോടി കൂട്ടുക. കുറേ ഡ്രസ്സുകൾ ഒരു കൂമ്പാരമായി വാർഡ്രോബിൽ വയ്ക്കരുത്.

വാർഡ്രോബിൽ ഓരോ ഡ്രസ്സും കൃത്യമായ ഇടങ്ങളിൽ അടുക്കി ചിട്ടയോടെ വയ്‌ക്കുക. ഹാങ്കറിൽ ഇടേണ്ടവ ഹാങ്കറിൽ കൃത്യമായി തൂക്കിയിടുക. ഒരിക്കൽ അണിഞ്ഞ ഡ്രസ്സ് പുറത്ത് ഇളം വെയിലിലിട്ട് വിയർപ്പ് മണം മാറിയ ശേഷം മടക്കി വയ്ക്കുക. തുണികൾക്കിടയിൽ നാഫ്തലീൻ ബോൾസ് ഇടാം. പാറ്റ, കീടങ്ങൾ തുടങ്ങിയവയുടെ ശല്യമുണ്ടാകില്ല.

വിവാഹത്തിന് മുൻപ് ചോദിക്കു ഈ 6 കാര്യങ്ങൾ

വിവാഹം എന്നു കേട്ടയുടനെ ചിലരുടെടെ മുഖത്ത് പുഞ്ചിരിയും ചിലരുടെ മുഖത്ത് പിരിമുറുക്കവും ഉണ്ടാകും.. അതെന്താണ്? വിവാഹിതരിൽ കുറച്ചു പേർ സന്തുഷ്ടരാണെങ്കിൽ കുറേപ്പേർ വിഷമിക്കുകയും ചെയ്യുന്നു. അതേ സമയം വിവാഹജീവിതം സുഖദുഃഖ സമ്മിശ്രമാണ്.എന്നിട്ടും അവിവാഹിതർ വിവാഹജീവിതത്തെ സന്തോഷത്തോടെ നോക്കിക്കാണുന്നു. കല്യാണം കഴിക്കാൻ തീരുമാനിച്ചിരിക്കുന്ന വ്യക്തി ആണോ എങ്കിൽ നിങ്ങൾ തീർച്ചയായും പങ്കാളിയോട് ചില ചോദ്യങ്ങൾ ചോദിച്ചു ഉത്തരം അറിയേണ്ടത് വളരെ പ്രധാനമാണ്.

വിവാഹത്തിന് ശേഷം, നിങ്ങളുടെ പങ്കാളിയെക്കുറിച്ച് എല്ലാ ദിവസവും പുതിയ കാര്യങ്ങൾ അറിയാൻ കഴിയും, എന്നാൽ വിവാഹത്തിന് മുമ്പ് നിങ്ങൾ രണ്ടുപേരും അറിയേണ്ട ചില കാര്യങ്ങളുണ്ട്. ആ ഉത്തരങ്ങൾ അറിഞ്ഞ ശേഷം, നിങ്ങൾക്ക് അവരെ വിവാഹം കഴിക്കണോ വേണ്ടയൊ എന്നു തീരുമാനിക്കാം .

  1. വീട്ടുജോലിയുടെ ഉത്തരവാദിത്തം

വീട്ടുജോലിയുടെ മുഴുവൻ ഭാരവും ഒരു വ്യക്തിയുടെ മേൽ ചുമത്തേണ്ട ആവശ്യം ഇല്ല. വിവാഹശേഷം, വീട്ടിലെ ജോലിയെ കുറിച്ച് പറഞ്ഞു വഴക്കുണ്ടാക്കുന്നവർ വളരെ അധികമാണ്. പാത്രങ്ങൾ, വസ്ത്രങ്ങൾ കഴുകൽ, പാചകം എന്നിവ ആരാണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചാണ് തർക്കം. ജീവിത പങ്കാളി വെള്ളം പോലും തിളപ്പിക്കാൻ കഴിയില്ലെന്ന് നിങ്ങളോട് പറഞ്ഞാൽ, വീട്ടുജോലികൾ ചെയ്യുന്നത് വിദൂര കാര്യമാണ്. അത് ആലോചിക്കേണ്ട കാര്യമല്ലേ?

എന്നാൽ വീട്ടുജോലി നിങ്ങൾക്ക് സ്വയം മാനേജു ചെയ്യാൻ കഴിയുമെങ്കിൽ, ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു പ്രശ്നവുമില്ല, എന്നാൽ വീട്ടുജോലികളിൽ അവരും സഹായിക്കണമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, അവരോട് ഇത് പറയുക. താൻ ഇതിന് തയ്യാറാണെന്ന് അദ്ദേഹം ഉത്തരം നൽകിയാൽ, ബന്ധം മുന്നോട്ട് കൊണ്ടുപോകുക, എന്നാൽ വീട്ടുജോലിയുടെ ഉത്തരവാദിത്തം സ്ത്രീക്ക് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞാൽ, അത്തരമൊരു ബന്ധത്തിൽ ശ്രദ്ധാലുവായിരിക്കുന്നതാണ് നല്ലത്.

  1. വിവാഹാനന്തര കരിയർ

കരിയറിനു വളരെ പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തി ആണ് നിങ്ങളെങ്കിൽ ഭാവി ലൈഫ് പാർട്ണറിനോട്‌ നിങ്ങളുടെ കരിയറിനെക്കുറിച്ച് പറയുക. ജോലിയിൽ നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നു, വിവാഹത്തിന് ശേഷവും പുറത്തുപോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. അത് തുറന്നു പറയുക. അതേസമയം വിവാഹശേഷം ജോലി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ അവരോട് അക്കാര്യം വ്യക്തമായി പറയുക. കൂടാതെ, പാർട്ണറുടെ കരിയർ പ്ലാനിംഗ് എന്തായിരിക്കുമെന്ന് അവരോട് ചോദിക്കുക. .

  1. കടമുണ്ടോ

വിവാഹം നടന്നതിനു ശേഷം, പങ്കാളിക്ക് വലിയ കടം ഉള്ളതായി കണ്ടെത്തിയാൽ, അവസ്ഥ എന്താവും. അതിനാൽ, ലോൺ ഉണ്ടോ, ക്രെഡിറ്റ് കാർഡിന്‍റെ ഉപയോഗം ഉണ്ടോ എന്നൊക്കെ ഉള്ള കാര്യങ്ങൾ മുൻകൂട്ടി ചോദിക്കുക. മറുപടി ലഭിച്ച ശേഷം, അടുത്ത ഘട്ടത്തെക്കുറിച്ച് ചിന്തിക്കുക, സാമ്പത്തിക കാരണങ്ങളാൽ ആണ് ഭൂരിപക്ഷം ജീവിതങ്ങളിലും വലിയ വഴക്കുകൾ ഉണ്ടാകുന്നത്.

  1. കുട്ടികളെക്കുറിച്ച്

ഇന്നത്തെ കാലഘട്ടത്തിൽ, കുട്ടികൾ വേണമെന്ന് ആഗ്രഹിക്കാത്ത നിരവധി ദമ്പതികളുണ്ട്. അവർ ദത്തെടുക്കൽ അല്ലെങ്കിൽ ഐവിഎഫ് മികച്ചതായി കണക്കാക്കുന്നു. അതിനാൽ, വിവാഹത്തിന് മുമ്പ് പരസ്പരം ചിന്തകൾ അറിയേണ്ടത് പ്രധാനമാണ്. കുട്ടിയെ വേണോ വേണ്ടയോ എന്ന കാര്യങ്ങൾ അത് സമയബന്ധിതമായിട്ടാണെങ്കിൽ കൂടി തുറന്നു സംസാരിക്കുക.

  1. മതം രാഷ്ട്രീയം

രണ്ടുപേരും അവരവരുടെ മത-രാഷ്ട്രീയ വീക്ഷണങ്ങൾ പേറുന്ന രണ്ടു വ്യക്തികൾ ആവാം.. എല്ലാവർക്കും അവരവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും മതപരമായ വീക്ഷണവുമുണ്ട് നിരീശ്വരവാദിയോ മത വിശ്വസിയോ ആവട്ടെ, അവരുടെ കാഴ്ചപ്പാടുകൾ മറ്റാരുടെയും മേൽ അടിച്ചേൽപ്പിക്കാത്ത ചിലരുണ്ട്, എന്നാൽ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരും ഉണ്ട്. അതിനാൽ, രണ്ടുപേർക്കും ഒരേ ചിന്താഗതി ഉണ്ടായിരിക്കുന്നത് നല്ലതാണ്. അങ്ങനെ അല്ലെങ്കിൽപ്പോലും, ഭാവിയിൽ നിങ്ങൾക്ക് പരസ്പരം മത-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ ബഹുമാനിക്കാൻ കഴിയുമോ ഇല്ലയോ എന്ന് അവരോട് ചോദിക്കുക.

  1. ആരോഗ്യപ്രശ്നം

ഇന്നത്തെ കാലഘട്ടത്തിൽ, ഒരു പ്രധാന ചോദ്യത്തിനുള്ള ഉത്തരം അറിയേണ്ടത് വളരെ പ്രധാനമാണ്, അതായത് ആരോഗ്യ പ്രശ്നം. രോഗം വലുതോ ചെറുതോ ആകട്ടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് രണ്ടുപേരും സംസാരിക്കണം. അതിനുശേഷം രണ്ടുപേർക്കും കൃത്യമായ തീരുമാനം എടുക്കാൻ കഴിഞ്ഞേക്കാം. പൊരുത്തപ്പെടാവുന്ന സാഹചര്യം ആണെങ്കിൽ, ബന്ധത്തിൽ മുന്നോട്ട് പോകുന്നതിൽ തെറ്റൊന്നുമില്ല.

ശുചിത്വം ആരോഗ്യം

ശുചിത്വപരിപാലനമെന്നത് വിട്ടു വീഴ്ചയില്ലാത്ത ജീവിതചര്യയായിരിക്കുകയെന്നതാണ് കോവിഡ് 19. കോവിഡ് പടരുന്ന സാഹചര്യത്തിൽ ഓർക്കേണ്ട പ്രധാനപ്പെട്ട കാര്യം. രോഗം പകരുന്ന സാഹചര്യങ്ങൾ ഏറെക്കുറെ എല്ലാവർക്കും അറിയാം. എന്നാലും ചെറിയൊരു ജാഗ്രതക്കുറവ് വലിയൊരു പ്രതിസന്ധിയ്ക്ക് വഴി വയ്ക്കാം.

ഓരോ വ്യക്‌തിയും 100 ശതമാനം ശ്രദ്ധ പുലർത്തിയാൽ തീർച്ചയായും നല്ലൊരു അളവ് വരെ ഭീതിജനകമായ സാഹചര്യമൊഴിവാക്കാനാവും. ഹാന്‍റ് വാഷ് ഉപയോഗിച്ചുള്ള ഹാന്‍റ് വാഷിംഗും സാനിറ്റൈസിംഗും മാസ്ക് ഉപയോഗിക്കുന്നതും അതിന്‍റെ പ്രാധാന്യവും ഇന്ന് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. അതുപോലെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചും മലയാളിക്ക് അറിയാം.

സോപ്പ്, ഹാന്‍റ്‍വാഷ് എന്നിവ ഉപയോഗിച്ച് കഴുകുന്നതിന് ചൂട്‍വെള്ളവും തണുത്തവെള്ളവും ഒരുപോലെ അണുക്കളെ നശിപ്പിക്കുന്നതിന് ഉത്തമമാണ്.

വ്യക്‌തി ശുചിത്വം പാലിക്കുന്നതിനൊപ്പം പ്രധാനമാണ് വീടും വീടിന് ചുറ്റുമുള്ള പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്നുള്ളതും.

വീടും പരിസരവും

വീടിനകവശം പൂർണ്ണമായും അണുവിമുക്‌തമാക്കുകയാണ് ആദ്യം വേണ്ടത്. എല്ലാ വീടുകളിലും അംഗങ്ങളെല്ലാം പൊതുവായി സ്പർശിക്കുകയും ഇടപഴകുകയും ചെയ്യുന്ന ഇടങ്ങളുണ്ടാകും. ഡോർ ഹാന്‍റിലുകൾ, കസേര, മേശ, കൈവരി, അടുക്കള, ടാപ്പ്, ബാത്ത്റൂം നിലം, സ്വിച്ചുകൾ, ടോയ്‍ലെറ്റുകൾ, ഇലക്‌ട്രിക് ഉപകരണങ്ങളായ മൊബൈൽ, കമ്പ്യൂട്ടർ, ടാബ്, റിമോട്ട് കൺട്രോൾ എന്നിങ്ങനെ നിരവധി വസ്തുക്കളും ഉപകരണങ്ങളും ഈ ശ്രേണിയിൽ ഉൾപ്പെടാം.

അഴുക്കുപിടിച്ച പ്രതലങ്ങളും ഫ്ളോറുമൊക്കെ സോപ്പോ ഡിറ്റർജന്‍റോ ഉപയോഗിച്ച് ആദ്യം വൃത്തിയാക്കിയശേഷം അണുനശീകരണ വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കാം. ഇത്തരം അണുനശീകരണ വസ്തുക്കൾ 70 ശതമാനം ആൽക്കഹോൾ അടങ്ങിയതായിരിക്കണം.

അണുനശീകരണം എങ്ങനെ ഉപയോഗിക്കാം

തറയിലോ മറ്റ് പ്രതലങ്ങളിലോ അണുനശീകരണം ഇട്ടയുടനെ തുടച്ച് വൃത്തിയാക്കരുത്. ചില അണുനശീകരണങ്ങൾ തറയിലും മറ്റും ഏതാനും നേരം ഇരിക്കുന്നത് നല്ലതാണ്. നിലത്തെ അണുക്കളേയും മറ്റും നശിപ്പിക്കാൻ ഇതാവശ്യമാണ്. ഓരോ അണുനശീകരണവും അവയിൽ എഴുതിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഉപയോഗിക്കാം. ഇലക്ട്രിക് ഉപകരണങ്ങൾ സൂക്ഷിച്ച് നനവ് പറ്റാതെ തുടച്ച് വൃത്തിയാക്കാം.

വൃത്തിയുള്ള വസ്ത്രം

വസ്ത്രങ്ങൾ ശുചിയായി സൂക്ഷിക്കുകയെന്നുള്ളതും ഈ രോഗകാലത്ത് പ്രധാനമാണ്. മുഷിഞ്ഞ വസ്ത്രങ്ങൾ വീടിനകത്ത് കൂട്ടിയിടാതെ അപ്പപ്പോൾ ഡിറ്റർജന്‍റ് ഉപയോഗിച്ച് അലക്കി ഉണക്കിയെടുക്കുക. അതുപോലെ പുറത്തുപോയി വരുമ്പോൾ കൈകൾ കൃത്യമായി കഴുകുന്നത് ശീലമാക്കുക. അതുപോലെ മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി ശരീരം ശുചിയാക്കി വൃത്തിയുള്ള വസ്ത്രം ധരിക്കാം.

വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും ടവ്വലും മറ്റും കൃത്യമായ രീതികളിൽ വൃത്തിയാവണം. വസ്ത്രങ്ങളും മറ്റും സോപ്പും ഡിറ്റർജന്‍റും ഉപയോഗിച്ച് ചൂട്‍ വെള്ളത്തിൽ കഴുകിയെടുക്കാം. അണുക്കളെ നശിപ്പിക്കാൻ ഇത് സഹായിക്കും. വസ്ത്രങ്ങൾ പരമാവധി വീട്ടിൽ കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്. കഴുകിയ വസ്ത്രങ്ങൾ വെയിലത്ത് ഇട്ട് ഉണക്കിയെടുക്കണം.

ഭക്ഷണകാര്യത്തിലും വേണം പൂർണ്ണശ്രദ്ധ

കടകളിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന പഴങ്ങളും പച്ചക്കറികളും അണുനാശിനികൾ കൊണ്ട് കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കാൻ. പാക്കറ്റ് ഫുഡുകളാണെങ്കിൽ പാക്കറ്റുകൾ സാനിറ്റൈസ് ചെയ്ത് വൃത്തിയാക്കാം.

ഫുഡ് ഡെലിവറികളിലും പൂർണ്ണമായ ശുചിത്വപാലനവും ജാഗ്രതയും വേണം. വീട്ടിൽ വാങ്ങി വരുന്ന ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകൾ നീക്കം ചെയ്യാം. അവ ഭദ്രമായി ബിന്നിൽ നിക്ഷേപിക്കാം. അതുപോലെ കൺടെയ്നറുകളും ഒഴിവാക്കാം. ഫുഡ് പാക്കറ്റുകൾ അണിനാശിനികൾ കൊണ്ട് വൃത്തിയാക്കിയശേഷം മാത്രമേ തുറന്ന് ഭക്ഷ്യവസ്തു പുറത്തെടുക്കാവൂ. ഇത്തരം വസ്തുക്കൾ വൃത്തിയാക്കിയയുടൻ കൈകൾ ഹാന്‍റ് വാഷ് ഉപയോഗിച്ച് കൃത്യമായി കഴുകണം.

ഭക്ഷണം പാകം ചെയ്യും മുമ്പും കൈകൾ കഴുകി ശുചിയാക്കണം. പരമാവധി ഫ്രഷ് ഭക്ഷണം പാകം ചെയ്തു കഴിക്കുക. വീടിന്‍റെ ശുചീകരണത്തിൽ ഏറ്റവും പരമപ്രധാനമാണ് അടുക്കള ശുചിത്വം എന്നത്.

അടുക്കള കൃത്യമായി അണുനശീകരണ ലായനി കൊണ്ട് തുടച്ച് വൃത്തിയാക്കാം. പാത്രങ്ങളും ഗ്ലാസും സ്പൂണുമൊക്കെ കഴുകിയ ശേഷം ചൂട് വെള്ളത്തിലിട്ട് വയ്ക്കുന്നത് നല്ലതാണ്.

വീടും പരിസരവും വൃത്തിയാക്കുന്നതുപോലെ പരമപ്രധാനമാണ് ഫ്രിഡ്ജ് ക്ലീനിംഗ്. നമ്മുടെ ആരോഗ്യത്തെ ഹനിക്കുന്ന ധാരാളം അണുക്കളുടെ പ്രഭവ കേന്ദ്രം ശുചിയില്ലാത്ത ഫ്രിഡ്ജാണെന്ന കാര്യം മറക്കരുതേ. പലരും ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ കാലങ്ങളോളം സൂക്ഷിച്ച് വയ്ക്കാറുണ്ട്.

ബട്ടർ, ചീസ്, ചോക്ക്ളേറ്റ്, ക്രീം, സോസ് തുടങ്ങി ബേക്കറി പലഹാരങ്ങൾ വരെയുള്ള വസ്തുക്കളുടെ വേസ്റ്റ് ബിന്നാകാറുണ്ട് ഫ്രിഡ്ജ്. അതുകൊണ്ട് പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കൾ ഫ്രഡ്ജിൽ നിന്നും നീക്കം ചെയ്യുക.

ഫ്രിഡ്ജ് ഡിറ്റർജന്‍റ് കൊണ്ട് തുടച്ച് ക്ലീൻ ചെയ്യാം. ചൂട് വെള്ളമുപയോഗിച്ച് തുടച്ച് ക്ലീനാക്കാം. ഭക്ഷണവും മറ്റും വീണ് അഴുക്ക് പിടിച്ച സ്റ്റാന്‍റുകൾ പുറത്തെടുത്ത് ചൂട് വെള്ളമുപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കിയെടുക്കുക.

ഫ്രിഡ്ജിൽ ഭക്ഷ്യവസ്തുക്കൾ ദീർഘകാലം സൂക്ഷിക്കുന്നത് ഒഴിവാക്കുക. പരമാവധി ആവശ്യമുള്ളയത്ര ഭക്ഷണം പാകം ചെയ്ത് ഭക്ഷണം ഫ്രഷായി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മിച്ചം വരുന്ന ഭക്ഷണം പിറ്റേന്ന് ഉപയോഗിക്കാമെങ്കിലും അത് കഴിഞ്ഞുള്ള ദിവസങ്ങളിലേക്ക് സൂക്ഷിച്ച് വയ്ക്കാതിരിക്കുക.

പോഷകസമ്പന്നമായ ഭക്ഷണരീതി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും ആവശ്യമാണ്. അതോടൊപ്പം ആരോഗ്യപ്രദമായ ശീലങ്ങളും വളർത്തുക. ഒപ്പം ശുചിത്വപരിപാലനത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താതിരിക്കുക. തീർച്ചയായും രോഗങ്ങളെ നല്ലൊരു അളവുവരെ പടിക്ക് പുറത്തുനിർത്താൻ ഇത്തരം കാര്യങ്ങൾ സഹായിക്കും.

കുറഞ്ഞ ബജറ്റിൽ വീട് അലങ്കരിക്കാം

വീട് അലങ്കരിക്കാൻ പലപ്പോഴും നമ്മൾ വിപണിയിൽ നിന്ന് നിരവധി പുതിയ സാധനങ്ങൾ തെരെഞ്ഞെടുത്തു വാങ്ങാറുണ്ട്. അവ വീടിന് പ്രൗഡി നൽകുന്നു, പക്ഷേ ചിലപ്പോൾ അവ ബജറ്റൊക്കെ തെറ്റിച്ചു കളയും എന്ന് മാത്രം. കൈയിൽ പണം കുറവാണ്, എന്നാൽ ഭംഗിയുള്ള ഇന്‍റീരിയർ വേണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഇതൊന്നു ശ്രദ്ധിക്കൂ.

  1. പ്രധാന വാതിൽ

വീടിന്‍റെ പ്രധാനവാതിലിൽ നിങ്ങൾക്ക് പൂക്കളോ കളിമണ്ണോ കൊണ്ട് നിർമ്മിച്ച അലങ്കാരങ്ങൾ ഉപയോഗിക്കാം. കളിമണ്ണിൽ നിർമ്മിച്ച വളരെ ആകർഷകമായ അലങ്കാരവസ്തുക്കൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. വീടിന്‍റെ പ്രധാന കവാടത്തിൽ കളിമണ്ണിന്‍റെ വർണ്ണാഭമായ വിൻഡ് ചൈയിംസ് പ്രയോഗിക്കാൻ കഴിയും. ഇതുകൂടാതെ, വാതിലിനടുത്തായി മനോഹരമായ മൺപാത്രങ്ങളിൽ 5 മുതൽ 7 വരെ നിറപ്പകിട്ടുള്ള പൂക്കൾ വെള്ളത്തിൽ നിറച്ച് വെച്ച് അലങ്കരിക്കാം.

  1. സ്വീകരണമുറി

വീട് മുഴുവൻ സുന്ദരം ആക്കുന്നതിന് പെയിന്‍റ് ചെയ്യാൻ പോക്കറ്റിൽ വേണ്ടത്ര പണം ഇല്ല എങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. വീട് മുഴുവൻ പെയിന്‍റ് ചെയ്യാതെ നിങ്ങളുടെ ഡ്രോയിംഗ് റൂമിന്‍റെ ഒരു ഭിത്തി കടും നിറത്തിൽ പെയിന്‍റ് ചെയ്യുക. വീടിനു പുതിയ രൂപം നൽകാൻ കഴിയും. സോഫയുടെ മുകൾ ഭാഗത്ത് ആ നിറത്തിന്‍റെ 3 മടങ്ങ് കടും നിറം പെയിന്‍റ് ചെയ്തും നിങ്ങൾക്ക് ചുവരിൽ കലാസൃഷ്‌ടി നടത്താനാകും.

  1. വാൾ ഡെക്കറേഷൻ

ചുവരുകൾ അലങ്കരിക്കാൻ ഒരുപാട് രീതികൾ വിപണിയിൽ നിലനിൽക്കുന്നു. പേപ്പർ വർക്ക്, പേപ്പർ പേസ്റ്റിംഗ് എന്നിവ ഉപയോഗിച്ച് അലങ്കരിക്കുന്നതാണ് ഒരു ട്രെൻഡ്. പെയിന്‍റ് ചെയ്യുന്നതിനെ അപേക്ഷിച്ച് അതിന്‍റെ ചെലവ് വളരെ കുറവാണ്, മാത്രമല്ല വീടിനു പൂർണ്ണമായും പുതിയ ലുക്ക് ലഭിക്കുകയും ചെയ്യും. വാൾ പേപ്പർ ആർട്ട്‌ എല്ലാത്തരം ഡിസൈനുകളിലും വിപണിയിൽ എളുപ്പത്തിൽ ലഭ്യമാണ്.

  1. സോഫ കവർ

സോഫ മാറ്റുന്നതിനു പകരം സോഫ കവറും തലയണയും മാറ്റി സ്ഥാപിക്കുക എന്നതാണ് മറ്റൊരു ഓപ്ഷൻ. നിങ്ങളുടെ സോഫ കവറിന്‍റെ നിറം ക്രീം ആണെങ്കിൽ, നിങ്ങൾ മൂന്ന് വലിയ തലയണയും മൂന്ന് ചെറിയ തലയണയും വാങ്ങുക. ചെറിയ തലയണ കടും നിറത്തിലുള്ളത് വാങ്ങാം . കുഷ്യൻ കവറിന്‍റെ നിറം വാതിലുകളുടെയും വിൻഡോകളുടെയും നിറവുമായി പൊരുത്തപ്പെടുന്നത് സെലക്ട്‌ ചെയ്യാം .

  1. കാർപെറ്റ് ഫ്ലോറിംഗ്

തറയിൽ വിരിച്ച ഫ്ലോർ ടൈൽ അല്ലെങ്കിൽ സിമെന്‍റ് ഫ്ലോർ‌ മോശം ആണെന്ന് തോന്നുണ്ടോ. അവ പഴയ പ്രവണതയ്‌ക്കനുസൃതമായി നിർമ്മിച്ചതാണോ, വിഷമിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ഫ്ലോറിംഗ് മെറ്റീരിയൽ നശിപ്പിക്കാതെ തറ പുതിയതായി മാറ്റിയെടുക്കാം. ഇതിന് ആവശ്യം ആയ വിവിധ തരം ഫ്ലോറിംഗ് മെറ്റീരിയലുകൾ എല്ലാ നിറത്തിലും ഡിസൈനിലും വിപണിയിൽ ലഭ്യമാണ്.

വേണമെങ്കിൽ, വർഷാവർഷം ഇത് മാറ്റാനും വീടിന് വീണ്ടും പുതിയ രൂപം നൽകാനും കഴിയും. ഈ ഫ്ലോറിംഗിന്‍റെ പ്രത്യേകത, മാർബിൾ ടൈലുകൾ വൃത്തിയാക്കുന്ന അതേ രീതിയിൽ വൃത്തിയാക്കാൻ കഴിയും എന്നതാണ്.

  1. ഫ്ലവർ ഡെക്കറേഷൻ

പുഷ്പങ്ങൾ ഉപയോഗിച്ചുള്ള ഡെക്കറേഷൻ ഏറ്റവും താങ്ങാവുന്നതും ലളിതവും ആകർഷകവുമാണ്. ഇതിനായി, ഫ്രഷ് പൂക്കളോ വിപണിയിൽ എളുപ്പത്തിൽ ലഭ്യമായ കൃത്രിമ പൂക്കളോ ഉപയോഗിക്കാം. ഗ്ലാസ് പാത്രത്തിൽ വെള്ളം നിറച്ചു വർണ്ണാഭമായ പൂക്കൾ സെന്‍റർ ടേബിളിൽ വെയ്ക്കാം. ഈ പാത്രത്തിൽ ഫ്ലോട്ടിംഗ് മെഴുകുതിരികൾ കത്തിച്ച് മുറിയുടെ ഭംഗി വർദ്ധിപ്പിക്കാനും കഴിയും.

ചിക്കൻ @65

ഷീനാമ്മ കണ്ണാടിയിൽ കണ്ട തന്‍റെ പ്രതിരൂപത്തെ ചാഞ്ഞും ചെരിഞ്ഞും നോക്കി. ശരീരഭംഗിക്ക് അൽപം ഉടവുതട്ടിയിട്ടുണ്ട്. ഈയിടെയായി രാവിലെ എണീറ്റുള്ള നടക്കാൻ പോക്കങ്ങു കുറഞ്ഞു. രാവിലെ മഴയാണേൽ പിന്നെ പറയുവേം വേണ്ട. നടുവേദന വിടാതെ പിന്തുടരുന്നത് കൊണ്ട് മുറ്റമടിക്കാൻ മാത്രം ഒരാളെ അടുത്തിടെ കുര്യച്ചായൻ ഏർപ്പാടാക്കിയിരുന്നു. “സൂസന്ന” അല്ലറ ചില്ലറ പണിയും ജാതിക്കാ പെറുക്കും ഒക്കെ കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ കൂടുതലുള്ള വിഭവത്തിന്‍റെ ഒരു പങ്ക് കൊടുത്തു വിടും. ഇവിടെ വിശേഷാൽ എന്തെങ്കിലുമാണേൽ മാത്രം.

ചിക്കൻ 65 ആണ് ഷീന അസ്സലായി ഉണ്ടാക്കാറുള്ളത്. ആ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാണ്. അതിൽ ഒരു പങ്ക് അടുത്ത വീട്ടിലെ ജയന്തിക്ക് കൊടുത്തിട്ടേ അവർ കഴിക്കൂ. അവിടുത്തെ കുഞ്ഞുങ്ങൾക്ക് കൊടുത്തില്ലേൽ എന്ത് വിചാരിക്കുന്നൊരു തോന്നൽ. റയാൻ മോനിവിടെ ഉണ്ടെങ്കിൽ എന്നും പരാതിയാ അവന്. “ഈയമ്മ ഉണ്ടാക്കുന്നത് അയാലോക്കക്കാർക്ക് വേണ്ടിയാണോ അതോ ഇവിടെ ഉള്ളോർക്കാണോന്ന്. പിള്ളേരില്ലാത്തപ്പോ മിച്ചം വരുന്നത് കേറിയും ഇറങ്ങിയും താൻ തന്നെ കഴിച്ചു തീർക്കും.

അഞ്ചു കിലോയാ ഇപ്പോൾ തൂക്കം കൂടിയത്. ഈ മാസം നാലു കല്യാണം, രണ്ടു മാമോദീസ, ഒരു കേറിത്താമസം എന്നിവ വന്നു. നല്ല സുഖമായിട്ടങ്ങു കഴിച്ചു. ഇന്നലെ ലാബിൽ പോയി നോക്കിയപ്പോ ആകെ അന്ധാളിച്ചു പോയി. എത്രയാ കൊളസ്ട്രോൾ കൂടിയത്. പരി പാടിക്ക് പോയാൽ അതിനു വിളിച്ചവരു ടെ കാശ് വെറുതെ കളയണ്ടല്ലോ എന്നോർത്ത് മൂക്കു മുട്ടെ കഴിക്കും, അതിപ്പോ ഇങ്ങനേമായി.

മുറ്റമടിച്ചു കയറി വന്ന സൂസന്നയെ ആദ്യമായി കാണുന്ന പോലെ ഷീന നോക്കിപ്പോയി. തെല്ലും ദുർമ്മേദസ്സില്ല. രണ്ടു വീട്ടിലെ പണി ചെയ്തും തൊഴിലുറപ്പിനു പോയുമൊക്കെ ഭർത്താവില്ലാത്ത കുറവറിയിക്കാതെ മക്കളെപ്പോറ്റുന്നു.

“എന്താ ചേച്ചി… ഇങ്ങനെ മിഴിച്ചു നോക്കുന്നേ?” ചിന്തയിൽ നിന്നുണർന്ന് പെട്ടെന്ന് സ്‌ഥലകാല ബോധം വണ്ടെടുത്തു.

“ഞാനേ… എന്തൊക്കെയോ ഓർത്തിരുന്നു പോയി സൂസേ. എത്ര പെട്ടെന്നാ സമയം കടന്നു പോയത്. ഇച്ചിരി വ്യായാമം ഒക്കെ ചെയ്യണോന്നു ഞാൻ എന്നും ഓർക്കും. കുര്യച്ചായനാണേൽ എന്നും രാവിലെ നടക്കാൻ പോകും അങ്ങേര് നാൾ കഴിയും തോറും ചെറുപ്പമായി വരുന്നു. അപ്പുറത്തെ ജയന്തി ഏതാണ്ട് “സുംബ” ഡാൻസ് ഒക്കെ കളിക്കാൻ പോകും. എന്നേം വിളിച്ചതാന്നേ. ഈ തടീം വെച്ച് എനിക്ക് പത്തടി നടക്കാൻ പോലും പറ്റില്ല പിന്നാ.”

“അതൊക്കെ വെറുതെ തോന്നുവാ ചേച്ചി. വിചാരിച്ചാൽ എല്ലാം നടക്കും. ഞാൻ അപ്പോൾ പത്താം തരം തുല്യതാ പരീക്ഷ എഴുതാൻ പോവാ. അന്ന് പത്തിൽ തോറ്റേപ്പിന്നെ മടിയായിരുന്നു. ഇച്ചിരി ശമ്പളം കൂട്ടിക്കിട്ടുന്ന ഏതു പണിയും ചെയ്യാൻ എനിക്ക് മനസ്സുണ്ട്. രാവിലെയും വൈകുന്നേരവും ഇവിടെയും വരുന്നുണ്ട്. ചേച്ചി ജയന്തിയുടെ കൂടെ രണ്ടു ദിവസം പോയി നോക്കിക്കേ. ആദ്യം ഉള്ള ഈ ബുദ്ധിമുട്ടൊക്കെ പമ്പ കടക്കും.” അവളുടെ വാക്കുകൾ പകർന്ന ആത്മവിശ്വാസം ഷീനക്ക് അത്ര ചെറുതായിരുന്നില്ല.

ഡിഗ്രിക്കാരിയായ താൻ എന്തൊരു അലസ ജീവിതമാണ് നയിച്ചത് എന്നോർക്കുമ്പോൾ ഇപ്പോ ഒരുതരം കുറ്റബോധവും. അല്ലെങ്കിലും സൂസന്ന പറയും പാലെ പത്തു കാശ് സ്വന്തമായി ഉണ്ടാക്കുന്നതിന്‍റെ വില ഒന്ന് വേറെ തന്നെ .

ഹെന്ന ചെയ്തിരുന്ന മുടിയിൽ ആദ്യമായ് ഫോണിലെ ഇൻസ്റ്റാ പരസ്യം കണ്ട് തേച്ച ഡൈ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. മുഖത്ത് നിറയെ കുരുക്കൾ. ചെന്നിയിലും, നല്ല വേദനയുമുണ്ട്. മരുന്ന് വാങ്ങി മെല്ലെ കുറഞ്ഞു തുടങ്ങി. എന്ത് ചെയ്യാനാ. ആ ഹെന്ന തന്നെ മതിയായിരുന്നു. പുറത്തേക്ക് ഇറങ്ങാനുള്ള മടി ഈയിടെയായി കൂടിയിരിക്കുന്നു. ഇപ്പോൾ ആകെ നര കൂടു കൂട്ടിയ ശിരസ്സ്. അടുത്തിടെ കേടായ അണപ്പല്ലുകളെടുത്തിട്ട് വെപ്പു പല്ലുറപ്പിച്ചു. ഏതാണ്ട് ഇംപ്ലാന്‍റ് ഒക്കെ ഉണ്ടത്രേ. അതിന് പൂത്ത കാശാകും. കെട്ടിയോനോട് ചോദിച്ചാൽ ഒരു പക്ഷേ സമ്മതിച്ചേനെ. പിള്ളേരെ പഠിപ്പിക്കാൻ തന്നെ എത്ര ചെലവാക്കി. ഇനി കെട്ടിക്കണേലോ ജീവിതകാലം മുഴുവൻ കഷ്‌ടപ്പെട്ടത് മുടക്കണം. ആ അതിലല്ലേ ഈ കഷ്ടപ്പാടൊക്കെ, രോഗദുരിതങ്ങൾ വന്ന് അവരെ ബുദ്ധിമുട്ടിക്കാൻ ഇടവരുത്തരുതേ കർത്താവേ എന്നൊരു പ്രാർത്ഥന മാത്രമേ ഉള്ളൂ. ഇൻഷുറൻസ് ഒക്കെ ഉള്ളതാ ആകെ ഒരു ബലം.

ബിസിനസ് ഒക്കെ നഷ്‌ടത്തിലാണ് എന്ന് ഈയിടെയും ഇച്ചായൻ പറയുന്നത് കേട്ടു. ടൗണിലെ പച്ചക്കറികടയിൽ നിന്നുള്ള വരുമാനമല്ലേ ഉള്ളു. പിന്നെ തരക്കെടില്ലാത്ത വീടും ഇച്ചിരി സ്‌ഥലവും. ഭർത്താവിനോട് എല്ലാത്തിനും കൈ നീട്ടണ്ടേ? മൂന്നാല് ദിവസമായി സൂസന്ന വരാഞ്ഞപ്പോ വെറുതെ ഒന്ന് വിളിച്ചു നോക്കി. പനി വന്ന് ഇനി വല്ല കിടപ്പോ മറ്റോ ആണോ?

“ചേച്ചി എന്‍റെ ഒരു കൂട്ടുകാരി വഴി എനിക്ക് ദുബായിൽ ഒരു ഡോക്ടറുടെ വീട്ടിൽ ജോലി കിട്ടി. അതിന്‍റെ ഓരോ ആവശ്യങ്ങൾക്ക് ഓടി നടക്കുവാ ഞാൻ. ഇവിടെ കിടന്നു തുഴയുന്നതിലും ഭേദമാ. തന്നേമല്ല പിള്ളേരൊക്കെ ഹോസ്‌റ്റലിലായ കൊണ്ട് ഒരു സമാധാനം ഉണ്ട്. ഇനി വേറെ ആരെയെങ്കിലും മുറ്റമടിക്കാൻ നോക്കിക്കോ കേട്ടോ.” കുശലാന്വേഷണം ഒക്കെ കഴിഞ്ഞിട്ടും അക്കാര്യത്തിൽ എന്തോ ഒരു തൃപ്ത‌ിക്കുറവ് തോന്നി.

ശ്ശോ… എന്തൊരു കഷ്ടം. നേരത്തെ തന്നെ അവൾ അറിഞ്ഞിട്ടും മനഃപൂർവ്വം എന്നോട് പറയാഞ്ഞതായിരിക്കുമോ? ഓരോരുത്തരുടെ ജീവിതം അവരല്ലേ തീരുമാനിക്കുന്നത് കുറ്റം പറയരുതല്ലോ? കഴിഞ്ഞ ദിവസം ഒരു ഒത്തു കല്യാണം കൂടി വരുന്ന വഴി ടൗണിൽ വെച്ച് പഴയ കൂട്ടുകാരി ലക്ഷ്‌മിക്കുട്ടിയെ കണ്ടു. ബസ്റ്റാൻഡിലേക്ക് നടക്കും വഴിയിൽ കാർ കൊണ്ട് വന്നു നിർത്തി അവൾ ഒരു കടയിൽ കയറാൻ തുടങ്ങുവായിരുന്നു.

എത്ര കാലമായി പരസ്പരം കണ്ടിട്ട്. അവൾക്ക് മനസ്സിലായത് പോലും ഇല്ല. മുഖത്താണെങ്കിൽ ഒരുതരം അവജ്‌ഞ. നമ്മുടെ രൂപവും ഭാവവും സാഹചര്യങ്ങളും എന്നും ഒരേ പോലെ ഇരിക്കില്ലല്ലോ. മൂന്നു വർഷം എത്രയോ ഹൃദയരഹസ്യങ്ങൾ കൈ മാറി ഇരുന്നവരാ. എന്തുമാത്രം സങ്കടം വന്നെന്നോ. സ്വയം പരിചയപ്പെടുത്തേണ്ടി വന്നു.

“ഡീ മോളെ ഞാൻ ഷീനാ വില്ല്യംസ്. കോളേജിൽ ഒപ്പം പഠിച്ച ഓർമ്മയില്ലേ?”

“ഓ നീയാണോ? എനിക്ക് മനസ്സിലായതേയില്ല കോട്ടോ. ആളാകെ മാറിപ്പോയല്ലോ.” വളരെ പ്രയാസപ്പെട്ട് ഒരു ചിരി വരുത്തി തന്‍റെ കയ്യിൽ പിടിച്ചു.

“ഞാനേ അൽപം തിരക്കിലാ. മോൾ വൈകുന്നേരത്തെ ഫ്ളൈറ്റിനു എബ്രോഡ് പോണു, കാണാട്ടോ” എന്ന് പറഞ്ഞു ഷോപ്പിംഗ് മാളിനുള്ളിലേക്ക് അവൾ ഊളിയിട്ടു. നര കയറിയ ഈ മധ്യവയസ്ക തന്‍റെ സഹപാഠി ആണെന്ന് പറയാനും അംഗീകരിക്കാനും ആയമ്മയ്ക്ക് കുറച്ചിലാവും. ആ പോണൊരു പോട്ടെ… അല്ല പിന്നെ.

വല്ലാണ്ട് വിയർക്കുന്നുണ്ട്. സൂര്യൻ ഉച്ചിയിൽ കത്തി ജ്വലിക്കുന്നു. ബസിൽ കയറിയിരുന്നു ടിക്കറ്റ് എടുത്തു. അത് പുറപ്പെടാൻ ഇനിയും പത്തു മിനിറ്റ് കൂടിയുണ്ട്. കുര്യച്ചൻ വരാഞ്ഞത് കഷ്ടമായി. സാധനം എടുക്കാൻ പോയത് കൊണ്ട് തന്നെ തനിയെ പറഞ്ഞു വിട്ടു. മോളുടെ കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണമാണ് അവൾക്ക് വരാൻ പറ്റില്ലല്ലോ. വിളിച്ചതല്ലേ മമ്മി എങ്കിലും പോയേ പറ്റൂന്ന് നിർബന്ധം അവൾക്ക്. അലസമായി ഇരുന്നു കണ്ണടഞ്ഞു പോയി.

“ഇച്ചിരി നീങ്ങിയിരിക്കൂ…” ഒരു യുവതിയാണ്. അവൾക്ക് ഇടമൊരുക്കിക്കഴിഞ്ഞപ്പോൾ അടുത്ത ചോദ്യം.

“ആന്‍റി ഞാൻ സൈഡിൽ ഇരുന്നോട്ടെ?”

“ഉം” ഒന്ന് മൂളി.

അഴകളവുകൾ തികഞ്ഞ കുട്ടി. ഇരുന്നപാടെ അവൾ ഇയർ പോഡ്സ് ചെവിയിൽ തിരുകി. പിന്നെ ഒന്നും ശ്രദ്ധിക്കാതെ ഫോണിൽ മുഴുകി. ഇപ്പോഴത്തെ യുവതലമുറ പുറം കാഴ്‌ചകൾ ശ്രദ്ധിക്കുന്നേയില്ല. എന്തിന് യുവത്വത്തെ പറയുന്നു? എല്ലാ മനുഷ്യരും ഇപ്പോൾ ഇങ്ങനെ തന്നെ. കേവലം യാന്ത്രികമായ ജീവിതം. മരണ വീട്ടിൽ പോലും അവരുടെ ശ്രദ്ധ മൊബൈൽ ചതുരത്തിൽ ആയിരിക്കും.

ശരീരത്തിന്‍റെ ക്ഷീണം മനസ്സിനെ ബാധിച്ചതിനാലാണോ എന്തോ മെനോപോസ് അവസ്ഥകൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. കുറച്ചു സമയം കിട്ടുമ്പോൾ കിടന്നു മയങ്ങാനാണ് തനിക്കിഷ്ടം. മക്കൾ വീട്ടിലില്ലാത്തതിന്‍റെ ശൂന്യത എത്രയോ വലുതാണ്. അവരെത്തുമ്പോഴാണ് മനസ്സ് നിറഞ്ഞു ചിരിക്കുന്നത് പോലും.

തീരെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും ഈയിടെയായി ഭയം തോന്നിപ്പിക്കുന്നു. ജീവിതം ഒരു തുരങ്കത്തിനുള്ളിലേക്ക് കടക്കുന്ന പോലെ. ഒന്ന് പുറത്ത് കടക്കാനാണ് പാട്. വല്ലാത്ത വീർപ്പുമുട്ടൽ. ഒറ്റപ്പെടൽ. ഇറങ്ങാനുള്ള സ്റ്റോപ്പ് ആകുന്നു. കുര്യച്ചായനെ കടയിൽ കേറി കണ്ടിട്ട് പോകാം. ബസിറങ്ങി എതിർവശത്തുള്ള കടയിലേക്ക് ക്രോസ്സ് ചെയ്യുന്നതിനിടയിൽ എവിടെ നിന്നോ വേഗത്തിൽ വന്ന ഒരു ബൈക്ക് ഇടിച്ചു തെറിപ്പിച്ചതും, ശക്തിയായി തല ഇടിച്ചതും വലതു കാൽ പറിഞ്ഞു പോകുന്ന വേദനയും ശബ്ദവും മാത്രം അവസാന ഓർമ്മയിൽ ഉണ്ട്.

പിന്നെ ഓർമ്മ വന്നപ്പോൾ കുറേ മെഷീനുകൾക്കും ഡ്രിപ്പുകൾക്കും ഇടയിലായിരുന്നു. ആകെയുള്ളത് വേദന മാത്രം. ഇവിടെ കിടക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്നോ തന്‍റെ അവസ്‌ഥ എന്തെന്നോ പോലും അറിയുന്നുണ്ടായിരുന്നില്ല. ശരീരം ഓപ്പറേഷന് വിധേയമായത് മോൾ പറഞ്ഞാണറിഞ്ഞത്. തിരിച്ചൊന്നും പ്രതികാരിക്കാനാവാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കാലിന് നല്ല പൊട്ടലുണ്ട്. കൈക്ക് വെച്ചു കെട്ടുണ്ട്. പിന്നെ ഒന്ന് രണ്ട് ചെറിയ മുറിവുകളും. തന്‍റെ ദേഹം തുടച്ചു വൃത്തിയാക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ഒക്കെ ചെയ്യുന്ന നഴ്‌സുമാരെ കാണുമ്പോൾ വല്ലാതെ സങ്കടം വരും. സ്വയം ചെയ്യേണ്ട കാര്യങ്ങൾക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടി വരുന്ന അവസ്ഥയാണ് ഏറ്റവും ദയനീയം.

ഒന്ന് രണ്ട് ദിവസം അമ്മ ഒപ്പം വന്നു നിന്നെങ്കിലും കാലിനു നീര് വെച്ച് അതിന് വയ്യാണ്ടായി. ലിറ്റി മോൾക്കാണെങ്കിൽ പരീക്ഷക്കാലം. “മമ്മിയെ ഇങ്ങനെ കണ്ടിട്ട് ഞാൻ എങ്ങനെ പോകും?”

എന്ന് അവൾ ചോദിച്ചു. പപ്പാ ലിറ്റി മോളെ സമാധാനിപ്പിച്ചു. “ഇവിടുത്തെ കാര്യങ്ങൾ ഓർത്തു മോൾ വിഷമിക്കേണ്ട. ഒക്കെ പപ്പാ നോക്കിക്കൊള്ളാം. നീ ധൈര്യമായി പൊക്കോ. പോയി പരീക്ഷക്ക് പഠിക്ക്. ഇതോർത്തിരുന്നു മാർക്കെങ്ങാനും കുറഞ്ഞാലുണ്ടല്ലോ… ആ ഞാൻ പറഞ്ഞേക്കാം.” തികട്ടി വന്ന കരച്ചിൽ അടക്കി വെച്ച് ഷീന മുഖം ചെരിച്ചു കിടന്നു. “മമ്മീ… മമ്മി പറയ്. ഞാൻ പോണോ?”

“പപ്പാ പറഞ്ഞത് കേട്ടില്ലേ മോളെ കൊച്ച് വീട്ടിലോട്ട് ചെല്ല്. എന്നിട്ട് കോളേജിലേക്ക് പോ.”

മനസ്സില്ലാ മനസ്സോടെ അവൾ ഹോ‌സ്റ്റലിലേക്ക് തിരിച്ചു പോയി. പിന്നെ കുര്യാച്ചൻ ആയിരുന്നു എല്ലാത്തിനും. ആശുപത്രിയിൽ നിന്ന് വീട്ടിൽ വന്നു കഴിഞ്ഞു ഒരു ഹോംനഴ്‌സിനെ വെച്ചെങ്കിലും അതിനൊരു വീറും വൃത്തിയുമില്ല. എപ്പോഴും ഫോണും ചുരണ്ടി ഇരിക്കും. ആശുപത്രിയിൽ ഒത്തിരി പൈസ ചെലവായല്ലോ എന്നോർത്ത് ഷീനക്ക് സങ്കടം. എല്ലാം ഇങ്ങേര് തനിയെ കൂട്ടിയാൽ കൂടണ്ടേ. എന്തായാലും പതിനഞ്ച് ദിവസം കഴിഞ്ഞപ്പോൾ അവരെ പറഞ്ഞു വിട്ടു.

“ഇനി നിന്നെ നോക്കാൻ ഞാൻ മാത്രം മതി.” എന്ന പ്രസ്‌താവനയോടെ കുര്യൻ ആ ജോലി ഏറ്റെടുത്തു. സാമ്പത്തിക ഭാരം അത്രക്ക് വലുതാണ്. സ്വയം ചെയ്യുമ്പോ അത്രയും സമാധാനം എന്ന് ഓർത്തിട്ടാവും. ബന്ധുക്കൾ ഒക്കെ രണ്ടു പേർക്കും ഉണ്ടെങ്കിലും വെറും ഫോണിൽ കൂടിയുള്ള അന്വേഷണം മാത്രമേ ഉള്ളൂ. ഒരു നേരത്തെ ആഹാരം പോലും ആരും തരില്ല. കടയിൽ പോക്കും വീട്ടുജോലികളും കൂടി അങ്ങേര് പൊറുതി മുട്ടുന്നത് കണ്ടിട്ട് ഷീനക്ക് എന്തെന്നില്ലാത്ത ഒരു വിഷമം. മുഖത്ത് തോർത്ത് മറച്ച് കയ്യിൽ ഗ്ലൗസ് ഇട്ട് തനിക്ക് ബെഡ് പാൻ വെയ്ക്കുന്ന ആദ്യ ദിവസങ്ങളിൽ ഒരു മനം പിരട്ടലോടെ വാഷ്റൂമിലേക്ക് ഓടുന്ന ഭർത്താവിനെ കണ്ടിട്ട് വല്ലാതെ നെഞ്ചു പിടഞ്ഞു. ആശുപത്രിയിൽ വെച്ച് ഒരു ദിവസം നേഴ്സ് തന്‍റെ ശരീരം വൃത്തിയാക്കുന്നത് കണ്ട് അറപ്പോടെ നിന്ന സ്വന്തം മകളെ അറിയാതെ ഓർത്തു പോയി. ആഹാരം കഴിക്കാൻ ഒക്കെ വല്ലാണ്ട് മടി തോന്നിത്തുടങ്ങി. ഇടയ്ക്ക് എങ്ങാനും വയറ്റിൽ നിന്ന് പോകണമെന്ന് തോന്നിയാലോ?

ഷീനയുടെ ഭാവമാറ്റം മനസ്സിലായിട്ടാണോ എന്തോ ഒരു ദിവസം കുര്യച്ചൻ അവളോട് പറഞ്ഞു. “എന്‍റെ ഷീനാ… നീ ഇങ്ങനെ ഒന്നും കഴിക്കാണ്ടിരുന്നാൽ എങ്ങനെയാ? ഞാൻ ഇതൊക്കെ ചെയ്യേണ്ടി വരുമെന്നോർത്താണോ നീ ഇങ്ങനെ പട്ടിണി കിടക്കുന്നെ? മനുഷ്യനല്ലേ ചിലപ്പോൾ ആദ്യമായ് ചെയ്യുമ്പോ ഒരു ഓക്കാനവും പരിചയക്കുറവും ഒക്കെയുണ്ട്. വേറാരാ ചെയ്തു തരാൻ ? നീ ഒന്നും ഓർത്തു വിഷമിക്കല്ലേ.” നിറഞ്ഞ കണ്ണുകൾ കാണാതിരിക്കാൻ മുഖം തിരിച്ചു കിടന്ന ഭാര്യയെ നെറുകയിൽ തലോടി അയാൾ ആശ്വസിപ്പിച്ചു. എത്ര കർക്കശക്കാരനെന്ന് കരുതിയ ആളാണ്. ഈ മനുഷ്യന്‍റെ ഉള്ളിൽ സ്നേഹത്തിന്‍റെ ഇത്രയും തെളിനീരുറവ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നെന്ന് ആരറിഞ്ഞു?

എന്‍റെ മാതാവേ സ്വന്തം പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനെങ്കിലുമുള്ള ഒരു രോഗശാന്തി വേഗം എനിക്ക് തരണേ. കുറച്ചു ദിവസം കൊണ്ട് തന്നെ ആദ്യം ബുദ്ധിമുട്ട് ആയിരുന്ന കാര്യങ്ങൾ ഒക്കെ കുര്യച്ചന് ഒരു ശീലമായി തുടങ്ങി. കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞു വൈകുന്നേരം താമസിച്ചു വന്നിരുന്ന ആൾ ഉച്ചക്ക് ഭക്ഷണം കൊടുക്കാനും നാലുമണിക്ക് ഡയപ്പർ മാറ്റി വൃത്തിയാക്കാനും ഒക്കെ ഓടി വരും. ഒന്നോരണ്ടോ ദിവസം വരാൻ വൈകി. ഭക്ഷണം കഴിക്കാഞ്ഞത് കൊണ്ടല്ല ഡയപ്പർ നനഞ്ഞു വല്ലാതെ വിഷമിച്ച് പോയി. അന്ന് കുറേ സോറി ഒക്കെ പറഞ്ഞു. എത്ര മാത്രം കരുതലോടെയാണ് തന്നെ നോക്കുന്നതെന്ന് ഷീന അതിശയിച്ചു.

അടുത്ത വീട്ടിലെ ജയന്തി ഇടക്കൊക്കെ മതിലിന്‍റെ അരികിൽ വന്നു നിന്ന് സംസാരിച്ചിരുന്നതാ. ഇപ്പോൾ വരാറേയില്ല. മൊബൈൽ ഫോൺ ഉള്ളതാണ് ഏക ആശ്വാസം. കുര്യച്ചൻ പോയി കഴിഞ്ഞാൽ ഷീന ഒറ്റക്കാണെന്നും കിടപ്പിൽ ആണെന്നും അറിയാവുന്നതാണ് എന്നിട്ടും. ആ അവഗണന ഉണ്ടാക്കിയ മാനസിക പ്രയാസം ചില്ലറ ഒന്നുമല്ല. ഒരു വിശേഷം വന്നാൽ വീട്ടിൽ ഉണ്ടാക്കിയ വിഭവങ്ങളുടെ പങ്കുമായി ഓടി നടന്നു കൊണ്ട് കൊടുത്തിരുന്ന തനിക്ക് ഒരു ഗ്ലാസ് വെള്ളം അനത്തിത്തരാൻ വേറാരും ഇല്ല എന്നത് ഒരു വലിയ തിരിച്ചറിവാണ്.

ദിവസങ്ങൾ കടന്നു പോകെ ഷീനയുടെ പ്രസരിപ്പൊക്കെ പോയി. ഈ കിടപ്പ് എന്തൊരു ബുദ്ധിമുട്ടാണ്. തുറന്നിട്ട ജനാലയിലൂടെ കടന്നു വരുന്ന വെളിച്ചം തന്‍റെ മനസ്സിലും കൂടി പ്രകാശം പരത്താത്തത് എന്തേ? ഒറ്റയ്ക്ക് ഇരിക്കുന്ന നേരങ്ങളിൽ വല്ലാതെ വീർപ്പു മുട്ടുന്നു. ഇടയ്ക്ക് മോൾ വന്നു. എന്നാലും പപ്പയുടെ അത്ര നോട്ടം പോരാ. പിന്നെ അവൾ കൊച്ചല്ലേ എന്ന് കരുതി ഷീന സമാധാനിച്ചു. അവളും കൂടി പോയിക്കഴിഞ്ഞു. വിഷാദം ചേക്കേറിത്തുടങ്ങി. ഈയിടെയായി ഷീനയുടെ മുഖം വാടിയത് കുര്യച്ചൻ ശ്രദ്ധിക്കാതെ ഇരുന്നില്ല. ഇത്തവണ ഡോക്ടറെ കാണാൻ പോയപ്പോൾ വാക്കർ വാങ്ങാൻ ഒരു നിർദേശം കിട്ടി. വീടിനുള്ളിൽ ഒക്കെ സഞ്ചരിക്കാമെന്ന് ആയപ്പോ ഷീനക്ക് എന്തെന്നില്ലാത്ത സന്തോഷം. പക്ഷേ കൈക്ക് ഒത്തിരി ബലം കൊടുക്കാൻ വയ്യാ. മുറിവൊക്കെ ഏതാണ്ട് കരിഞ്ഞു. എത്തിച്ചാടി അടുക്കളയിലും സ്വീകരണ മുറിയിലുമൊക്കെ ആയി ദിവസങ്ങൾ കഴിച്ചു.

മൂന്നു മാസങ്ങൾക്കു ശേഷം കാൽ സ്വതന്ത്രമായി. ഇടയ്ക്കു ചില വ്യായാമമൊക്കെ പറഞ്ഞു തന്നിട്ടുണ്ട് ഡോക്ട‌ർ. എന്തായാലും തന്‍റെ ഒപ്പം ആരൊക്കെ ഉണ്ടെന്ന് നന്നായി മനസിലായി. മനുഷ്യരൊക്കെ എത്ര സ്വാർത്ഥരാണ്. എന്തും കിട്ടിക്കൊണ്ടേയിരിക്കുമ്പോൾ മാത്രമേ അവർക്ക് നമ്മോട് സ്നേഹം ഉണ്ടാവൂ. അത് പണമോ വസ്തുക്കളോ മറ്റെന്തു തന്നെ ആയാലും.” പണ്ട് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്

“ഈശോയെ എന്നെ ആദ്യം വിളിക്കണേ ഇല്ലെങ്കിൽ ഈ മനുഷ്യൻ പോയിക്കഴിഞ്ഞു ഞാൻ എന്ത് ചെയ്യും?” എന്ന് അമ്മയുടെ പ്രാർത്ഥന പക്ഷേ ദൈവം കേട്ടില്ല. ഇന്നും ഒറ്റയ്ക്കാണ് അമ്മ. ഷീനക്കും അതേ പ്രർത്ഥിക്കാനുള്ളൂ.

“എന്നെ നോക്കാൻ ഈ ആളുള്ളപ്പോൾ തന്നെ ഞാൻ മരിക്കണേന്ന്.” അത്ര മാത്രം ആ കരുതൽ സ്നേഹം അനുഭവിച്ചതാണ്.

ഇന്ന് ഷീനക്ക് എന്തെന്നില്ലാത്ത ഒരു ഉത്സാഹം തോന്നി. കുര്യച്ചൻ ഉച്ചക്ക് വന്നപ്പോ ചിക്കൻ കൊണ്ട് വന്നിട്ടുണ്ട്. വൈകിട്ട് ഒരു സർപ്രൈസ് കൊടുത്താലോ? എന്നും വഴിപാട് പോലെ വല്ലതും കഴിക്കുന്നു എന്നല്ലാതെ സന്തോഷത്തോടെ വെച്ചു വിളമ്പിയിട്ട് എത്ര നാളായി? വൈകിട്ട് കുര്യച്ചൻ വന്നപ്പോൾ വീട്ടിൽ ഹൃദ്യമായ ഒരു സുഗന്ധം. നേരെ അടുക്കളയിലോട്ട് ചെന്നു. ഷീന തന്നെ ആണ് ഒക്കെ ചെയ്തെന്ന് തോന്നുന്നു. മുഖത്ത് ഒരു തെളിച്ചം ഉണ്ട്. അവിടെ നല്ല ഭക്ഷണം പാകമായിരിക്കുന്നു. പക്ഷേ ചെറിയ പാത്രത്തിൽ. അപ്പവും സ്‌റ്റുവും റൈസും പിന്നെ ചിക്കൻ 65ഉം അതും വളരെ കുറച്ച്. എന്നും വലിയ തോതിൽ ഉണ്ടാക്കുന്ന ഇവൾക്കെന്തുപറ്റി?

“ആഹാ… വന്നോ? മേൽ കഴുകി വാ വിളമ്പാം.”

“ഇന്നെന്താ അപ്പുറത്തെ വീട്ടിൽ കൊടുക്കുന്നില്ലേ?”

“പിന്നെ ഞാൻ ആർക്കും കൊടുക്കുന്നില്ല. ഇവിടെ ഇത്രയും ദിവസം കിടന്നിട്ട് എനിക്ക് ആരും ഒന്നും തന്നില്ലല്ലോ. ഇതു നമുക്ക് മാത്രം ഉള്ളതാ.”

കുര്യച്ചൻ അറിയാതെ ചിരിച്ചു പോയി. വീടിന്‍റെ പരിസരത്ത് നിറഞ്ഞ ചിക്കൻ മണം അടുത്ത മതിലിന്‍റെ അതിരുകൾ ഭേദിച്ചു കടന്നു.

എന്റെ വ്യക്തിത്വം ആളുകളെ ഭയപ്പെടുത്തുന്നു

മോഡലിംഗിൽ നിന്ന് അഭിനയ രംഗത്തേക്ക് പ്രവേശിച്ച സുന്ദരിയാണ് അലംകൃത. 2014 മിസ് ഇന്ത്യ എർത്തിലേക്കുള്ള യാത്ര അവർക്ക് എളുപ്പമായിരുന്നിരിക്കാം. പക്ഷേ ഒരു നല്ല വേഷത്തിനായി അലംകൃതയ്ക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. ഒരു ഗോഡ്ഫാദർ ഇല്ലാതെ ബോളിവുഡിൽ പ്രവേശിക്കുന്നത് എളുപ്പമല്ലായെന്ന് അലംകൃത പറയുന്നു. ഗോഡ്ഫാദർ ഇല്ലാത്തവർ ഒരു നല്ല കലാകാരനാണെന്ന് എല്ലാ ദിവസവും സ്വയം തെളിയിക്കണം. ഇതിനു പുറമെ മോഡലിന്‍റെ ഇമേജിൽ നിന്ന് പുറത്ത് വന്ന് ഒരു നടിയായി സ്വയം സ്‌ഥാപിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്.

മാതാപിതാക്കളും സുഹൃത്തുക്കളും കരിയറിൽ എപ്പോഴും അവളെ പിന്തുണച്ചിട്ടുണ്ട്. കോർപ്പറേറ്റ് ലോകത്ത് നിന്നു തന്‍റെ ജീവിതപങ്കാളിയേയും അലംകൃത കണ്ടെത്തി. ഒരു മ്യൂസിക്കൽ വീഡിയോയുടെയും ഒരു പൊളിറ്റിക്കൽ ത്രില്ലർ നാടക പരമ്പരയുടേയും ചിത്രീകരണം പൂർത്തിയാക്കിയ അലംകൃത കൂടുതൽ പ്രോജക്റ്റുകളിൽ പ്രവർത്തിക്കാൻ തയ്യാറെടുക്കുകയാണ്. ജോലി മന്ദഗതിയിലായിരിക്കാം. പക്ഷേ അവർ അതിൽ സംതൃപ്തതയാണ്.

ഈ പുതിയ പരമ്പരയിൽ ഞാൻ ഒരു രാഷ്ട്രീയക്കാരന്‍റെ ഭാര്യയുടെ വേഷം ചെയ്തു. അതിനായി സംവിധായകനുമായി നിരവധി വർക്ക്‌ഷോപ്പുകൾ നടത്തിയിട്ടുണ്ട്. ഇത് അഭിനയം എളുപ്പമാക്കി. പക്ഷേ ഒരു വൈകാരിക രംഗം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. അതിൽ എനിക്ക് കരച്ചിൽ കൂടാതെ ദേഷ്യവും പ്രകടിപ്പിക്കേണ്ടിവന്നു. പ്രേക്ഷകർക്ക് സഹതാപം തോന്നേണ്ട ഒരു രംഗമാണ്. അത്തരമൊരു രംഗം അഭിനയിക്കുന്നത് എനിക്ക് അത്ര എളുപ്പമായിരുന്നില്ല.

ഈ മേഖല എളുപ്പമല്ല

മിസ് ഇന്ത്യയായതിനുശേഷം അഭിനയ മേഖലയിലേക്ക് വരുന്നതിന്‍റെ ഗുണം അലംകൃതയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിലെ ബുദ്ധിമുട്ടുകളും കുറവല്ല. ലോകമെമ്പാടുമുള്ള എല്ലാവരും തന്നെ മിസ് ഇന്ത്യ എന്ന നിലയിൽ കണ്ടതിനാൽ ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. അതുകൊണ്ടാണ് എനിക്ക് നിരവധി ബ്രാൻഡുകളെ കണ്ടുമുട്ടാനും ആളുകളെ പരിചയപ്പെടാനും ധാരാളം കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞത്. ഈ രംഗത്തെ മാനേജ്‌മെന്‍റ് പഠിക്കാൻ എനിക്ക് ഏകദേശം 5 വർഷമെടുത്തു. അതിൽ നയതന്ത്രം, രാഷ്ട്രീയം, ബന്ധങ്ങൾ കൈകാര്യം ചെയ്യൽ, മുടി, മേക്കപ്പ് മുതലായവ വ്യവസായത്തിനനുസരിച്ച് പഠിക്കേണ്ടി വന്നു. കാരണം ഞാൻ ഈ വ്യവസായത്തിൽ നിന്നുള്ള ആളല്ല. അതിനാൽ തുടക്കം മുതൽ തന്നെ എനിക്ക് ഈ കാര്യങ്ങളിലെല്ലാം വളരെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നു. അതിനായി ഞാൻ ധാരാളം സമയമെടുത്തു. സ്വന്തം യാത്ര സ്വയം തീരുമാനിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ഞാൻ സന്തോഷിക്കുന്നു. കാരണം ഇതിലൂടെ ഒരു വ്യക്‌തിക്ക് സ്വന്തം ചിന്തകൾ, കഠിനാധ്വാനം, സമർപ്പണം എന്നിവ അനുസരിച്ച് എല്ലാം ചെയ്യാൻ കഴിയും. 2 വർഷം മുമ്പ് എന്‍റെ അച്‌ഛനെ നഷ്ടപ്പെട്ടപ്പോൾ എനിക്ക് ജോലി ചെയ്യാൻ തോന്നിയില്ല. പക്ഷേ കാലക്രമേണ എല്ലാം മാറി. കൂടുതൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചു.

പ്രചോദനം ലഭിച്ചു

കുട്ടിക്കാലം മുതൽ തെരുവ് നാടകങ്ങളിൽ അഭിനയിക്കുക, നൃത്തം പഠിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തിരുന്നുവെന്ന് അലംകൃത പറയുന്നു. ഇതിനുപുറമെ ഒരിക്കൽ മിസ് നോയിഡയും ആയി. ഞാൻ സ്‌കൂളിൽ നിന്ന് അഭിനയിക്കാൻ തുടങ്ങി. തുടർന്ന് ഈ മേഖലയിലേക്ക് വരാൻ പ്രചോദനം ലഭിച്ചു. നേരത്തെ എനിക്ക് ഒരു ഐഎഎസ് ഓഫീസറാകാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കലയിലും എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. പക്ഷേ ഇത് എന്‍റെ കരിയർ ആകുമെന്ന് ഞാൻ കരുതിയിരുന്നില്ല. പഠനം പൂർത്തിയാക്കിയ ശേഷം ഞാൻ മുംബൈയിൽ എത്തി. ഒരു ജോലി ചെയ്തു. പിന്നീട് ഞാൻ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു വിജയിച്ചതോടെ എന്‍റെ ജീവിതം മാറി. പതുക്കെ ഞാൻ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. എന്‍റെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കപ്പെട്ടു. എന്‍റെ മാതാപിതാക്കളും സഹോദരിയും എല്ലാവരും പൂർണ്ണ പിന്തുണ നൽകി

ഒറ്റക്കല്ല പോരാട്ടം

തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അലംകൃത പറയുന്നു. എന്‍റെ കുടുംബാംഗങ്ങൾ വളരെ പിന്തുണ നൽകിയിട്ടുണ്ട്. തുടക്കത്തിൽ എന്‍റെ അച്ഛൻ മുംബൈയിൽ എന്നോടൊപ്പം താമസിച്ചിരുന്നു. ഓരോ വ്യക്ത‌ിയും സ്വന്തം മേഖലയിൽ വിജയത്തിനായി പോരാടുന്നു. ഞാൻ പോരാട്ടത്തെ നെഗറ്റീവ് അർത്ഥത്തിൽ കാണുന്നില്ല. ഞാൻ അതിനെ ഒരു നേട്ടമായി കാണുന്നു. എന്നെ ഒരു ലക്ഷ്യ സ്ഥാനത്തേക്ക് കൊണ്ടുപോകുക എന്നതാണ് എന്‍റെ വെല്ലുവിളികൾ. മറ്റ് പലരുമായി താരതമ്യം ചെയ്താൽ എന്‍റെ പോരാട്ടം ഒന്നുമല്ല. ഏതൊരു സങ്കടവും 15 മിനിറ്റ് മാത്രം എന്നെ ബാധിക്കാറുള്ളു. കാരണം തുടർന്ന് മുന്നോട്ട് പോകുക തന്നെ വേണം.

ആദ്യത്തെ ബ്രേക്ക്

മിസ് ഇന്ത്യയ്ക്ക് ശേഷം ഗായകൻ ഹിമേഷ് രേഷ്‌മിയ, നടൻ അമിതാഭ് ബച്ചൻ, നടൻ സൽമാൻ ഖാൻ എന്നിവർ ചേർന്ന് പുറത്തിറക്കിയ ഒരു സംഗീത ആൽബത്തിന്‍റെ പ്രകാശനത്തിലൂടെ എനിക്ക് എല്ലായിടത്തും അംഗീകാരം ലഭിച്ചു. ആളുകൾക്ക് അത് വളരെ ഇഷ്ടപ്പെട്ടു.

നിരസിക്കൽ ബാധിക്കുന്നില്ല

ആദ്യം സൂചിപ്പിച്ചപോലെ അലംകൃത നിരസിക്കലിനെയും എളുപ്പത്തിൽ എടുക്കുന്നു. ഏത് നിരസിക്കലിനെയും ഞാൻ പോസിറ്റീവ് അർത്ഥത്തിൽ എടുക്കുകയും ഞാൻ അത് അർഹിക്കുന്നില്ലെന്ന് സ്വയം വിശദീകരിക്കുകയും ചെയ്യും. ഞാൻ സുന്ദരിയല്ല എനിക്ക് എങ്ങനെ അഭിനയിക്കണമെന്ന് അറിയില്ല ഓഡിഷനിൽ പങ്കെടുക്കുന്ന ആളുകൾക്ക് എന്നെ ഇഷ്ടമല്ല തുടങ്ങിയ കാര്യങ്ങളിൽ എനിക്ക് വിഷമം തോന്നിയിരുന്നു. അത്തരം നിരവധി ചിന്തകൾ എന്‍റെ മനസ്സിൽ വന്നിരുന്നു. നമ്മുടെ മാനസികാരോഗ്യം നിലനിർത്താൻ മാതപിതാക്കളോ സഹോദരങ്ങളോ സുഹൃത്തുക്കളോ ഉണ്ട്. ഇൻഡസ്ട്രിയിലെ നിരസിക്കൽ നേരിടാൻ സ്‌കൂളിലോ കോളേജിലോ പഠിപ്പിക്കുന്നില്ല. ഒരു വ്യക്തി അത് ജീവിതാനുഭവങ്ങളിൽ നിന്ന് പഠിക്കുന്നു. അഭിനയിച്ചും വർക്ക്ഷോപ്പുകൾ നടത്തിയും ഞാൻ അഭിനയത്തിന്‍റെ കല പഠിച്ചു. ജോലി ചെയ്യുമ്പോൾ ഇൻഡസ്ട്രിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഞാൻ പഠിച്ചു.

തുറന്നു സംസാരിക്കുന്നത്

 

അലംകൃത തുറന്നു സംസാരിക്കുന്നവളാണ്. പക്ഷേ ഇതിന്‍റെ അനന്തരഫലങ്ങൾ അവൾ പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആളുകൾ എന്നെ അഹങ്കാരിയായും കണക്കാക്കുന്നുവെന്ന് അവർ പറയുന്നു. കാരണം എനിക്ക് ജോലിയിൽ എപ്പോഴും വ്യക്തത ഇഷ്ടമാണ്. കൂടാതെ എനിക്ക് ഇഷ്ടപ്പെടാത്തത് ഞാൻ തുറന്നു പറയുന്നു. സ്വയം കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നാം കണ്ടുമുട്ടുന്ന ആളുകളുടെ സ്വഭാവം തന്നെയാണ് എന്ന് അലംകൃത പറയുന്നു. കാസ്‌റ്റിംഗ് കൗച്ചിൽ ഞാൻ ബന്ധപ്പെട്ട എല്ലാവരും നല്ലവരായിരുന്നു. പക്ഷേ പഞ്ചാബ് ഇൻഡസ്ട്രിയിൽ ആദ്യമായി ഒരു സിനിമ നിർമ്മിച്ച ഒരു നിർമ്മാതാവ് പ്രൊഫഷണലല്ലാത്തവനും ധാർമ്മികത  ഇല്ലാത്തവനുമായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. തുടക്കത്തിൽ തന്നെ ഞാൻ അദ്ദേഹത്തിന്‍റെ തെറ്റായ നിർദ്ദേശം നിരസിച്ചു. കാരണം സെറ്റിൽ ഞാൻ ഉപദ്രവിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല.

എല്ലാവരേയും ഞാൻ ബഹുമാനിക്കുന്നു. രാത്രിയിൽ സമാധാനമായി ഉറങ്ങാൻ ഇഷ്ടപ്പെടുന്നു. പക്ഷേ ഞാൻ എൻറ നിലപാടിൽ ഉറച്ചുനിന്നു. അതോടെ ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ ബോളിവുഡിൽ ഇത് സംഭവിച്ചില്ല. കാരണം ആളുകൾ എന്‍റെ വ്യക്‌തിത്വത്തെ ഭയപ്പെടുന്നു. എന്നെ കണ്ടാൽ ശക്തയായി കാണപ്പെടുന്നു. എനിക്ക് ഇത് ഇഷ്ടമാണ്. യഥാർത്ഥ ജീവിതത്തിൽ ഞാൻ ഒരു തേങ്ങ പോലെയാണ്. അത് പുറത്ത് നിന്ന് കഠിനവും ഉള്ളിൽ നിന്ന് മൃദുവുമാണ്. അക്കാര്യം എന്‍റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ അറിയൂ. സത്യം പറഞ്ഞാൽ ഞാൻ ഒരു ഇമോഷണൽ ആണ്. ജോലിസ്‌ഥലത്ത് എപ്പോഴും സന്തുലിതാവസ്‌ഥ, അന്തസ്സ്, ബഹുമാനം എന്നിവ നിലനിർത്തുന്നതിൽ ഞാൻ വിശ്വസിക്കുന്നു.

സോഷ്യൽ മീഡിയയെ വിശ്വസിക്കുന്നത് ശരിയല്ല

ഇന്ന് ബ്ലോഗർമാരും ഇൻഫ്ളുവൻസേഴ്‌സും ഒരു നടനേക്കാൾ കൂടുതൽ പണം സോഷ്യൽ മീഡിയയിൽ നിന്ന് സമ്പാദിക്കുന്നുണ്ടെന്ന് അലംകൃത പറയുന്നു. പക്ഷേ അത് എളുപ്പമല്ല. ക്യാമറയല്ലാതെ മറ്റൊന്നും എനിക്കറിയില്ല. കാസ്‌റ്റിംഗ് പോലും സോഷ്യൽ മീഡിയയുടെ സ്വാധീനത്തെ ആശ്രയിച്ചിരിക്കുന്നു എന്നത് ശരിയാണ്. അവസരം ലഭിച്ചില്ലെങ്കിൽ ഫോളോവേഴ്‌സ് എങ്ങനെ വർദ്ധിക്കും. ലൈക്കുകളുടേയും ഫോളോവേഴ്സ‌സിന്‍റെയും അടിസ്ഥാനത്തിൽ കാസ്റ്റിംഗ് ചെയ്യുന്നത് തെറ്റാണ്. കാരണം അതുകൊണ്ടു മാത്രം ഒരാൾ നല്ല കലാകാരനാകുമെന്ന് ഉറപ്പു നൽകുന്നില്ല. കഴിവിനെ എല്ലാമായി കണക്കാക്കുന്ന ചിലർ ഉള്ളത് കൊണ്ട് അവസരം ലഭിക്കുന്നു. കഴിവിനെ സംഖ്യകളുമായി ബന്ധിപ്പിക്കുന്നത് ഒരു പ്രശ്നമാണ്. കഴിവ് പുരോഗമിക്കുമ്പോൾ സംഖ്യകൾ യാന്ത്രികമായി വർദ്ധിക്കും.

എല്ലാവരും ഉത്തരവാദികളാണ്

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് അലംകൃത പറയുന്നത് ഇന്നും സ്ത്രീകൾ ഭയത്തോടെയാണ് തെരുവുകളിൽ നടക്കുന്നത് എന്നാണ്. അവർക്ക് അവരുടേതായ രീതിയിൽ ജീവിക്കാനും വസ്ത്രം ധരിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യമില്ല. ഇതുമാത്രമല്ല പല നഗരങ്ങളിലും ശരിയായ സുരക്ഷാ ക്രമീകരണങ്ങളില്ല. പലയിടത്തും തെരുവ് വിളക്കുകളില്ല. പെൺകുട്ടികൾ ഇരുട്ടിൽ നടക്കേണ്ടിവരുന്നു. എന്‍റെ അഭിപ്രായത്തിൽ ഒന്നാമതായി സാമൂഹികവും സാമ്പത്തികവുമായ അവസ്‌ഥ മാറ്റേണ്ടതുണ്ട്. ശുചിത്വ, ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്.

കാലകാരന്മാർ മുതൽ ഇൻഫ്ളുവൻസർമാർ വരെ എല്ലാവരും സ്വന്തം സൗകര്യത്തിനനുസരിച്ച് ഈ ജോലി ചെയ്യേണ്ടിവരും. ഒരു പെൺകുട്ടിയെ വെറുതെ മോശം എന്ന് വിളിച്ചാൽ സമൂഹം എങ്ങനെ പുരോഗമിക്കും. പുരുഷന്മാരും സ്ത്രീകളും പരസ്പരം ബഹുമാനിക്കുമ്പോൾ മാത്രമേ സ്ത്രീകൾക്ക് ശാക്തീകരണം ലഭിക്കൂ.

സൂപ്പർ പവർ ലഭിച്ചാൽ

ഓരോ വ്യക്ത‌ിയുടേയും മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ ആയാൽ എന്തെങ്കിലും തെറ്റ് സംഭവിക്കുന്നതിന് മുമ്പ് അത് തടയാൻ കഴിയും.

നിങ്ങൾക്ക് ആധിപത്യ സ്വഭാവം ഉണ്ടോ?

പറഞ്ഞത് കേട്ടോ, സഹോദരിയുടെ വിവാഹത്തിന് നീല സാരി ധരിക്കൂ. പക്ഷേ പിങ്ക് ചുരിദാർ ധരിക്കരുത്. അത് ഒട്ടും ചേരില്ല എന്ന് തോന്നുന്നു. പിന്നെ ശനിയാഴ്ച‌ പോകാനും തിങ്കളാഴ്‌ച തിരിച്ചു വരാനും ഞാൻ ടിക്കറ്റ് റിസർവേഷൻ ചെയ്തിട്ടുണ്ട്. അതിനാൽ അത്രയും ലഗേജ് മാത്രം പായ്ക്ക് ചെയ്യുക.” എന്ന് പറഞ്ഞുകൊണ്ട് സമീർ ഓഫീസിലേക്ക് പോയി. അനു അപ്പോൾ തന്‍റെ മാതാപിതാക്കളുടെ വീട്ടിൽ എത്തുമ്പോൾ എന്ത് ധരിക്കും. എപ്പോൾ പോയി തിരിച്ചുവരും.

എന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അവളുടെ ആഗ്രഹങ്ങളിൽ അവൾക്ക് ഒരു പങ്കുമില്ല എന്ന മട്ടിൽ സമീർ എല്ലാം സ്വയം തീരുമാനിച്ചു. മറുവശത്ത് ശൈലേഷ് തന്‍റെ മുറിയിൽ നിന്നുകൊണ്ട് ഭാര്യയോട് വിളിച്ചു ചോദിക്കുകയായിരുന്നു. അവൾ അയാൾക്കുള്ള വസ്ത്രങ്ങൾ പുറത്തെടുത്ത് മാറ്റി വച്ചിട്ടില്ല. അപ്പോൾ ഇന്ന് ഓഫീലേക്ക് എന്ത് വസ്ത്രം ധരിക്കുമെന്ന് ആണ് ചോദ്യം. മുഴുവൻ വാർഡ്രോബും നോക്കിയതിന് ശേഷവും അയാൾക്ക് സ്വയം എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്നില്ല. സവിതയുടെ ഇഷ്‌ടത്തിനനുസരിച്ച് എപ്പോഴും വസ്ത്രങ്ങൾ ധരിക്കുന്നതിനാൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതിൽ അയാൾക്ക് ശീലമില്ലാതായി.

രണ്ട് സാഹചര്യങ്ങളിലും ഒരു പങ്കാളിക്ക് ഒരു ഉത്തരവാദിത്തവുമില്ല. എല്ലാം മറ്റേയാൾ ക്രമീകരിക്കുകയോ ചെയ്തു തീർക്കുകയോ ചെയ്യും. അനുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സമീർ ഇതുപോലെ എടുത്തുകൊണ്ടിരിക്കുകയാണ്. എന്ത് ധരിക്കണം, എവിടെ പോകണം അല്ലെങ്കിൽ ഏത് റ‌സ്റ്റോറന്‍റിൽ ഭക്ഷണം, എന്ത് ഓർഡർ ചെയ്യണം ഇതെല്ലാം ആദ്യം തീരുമാനിക്കുന്നത് അവനാണ്. അനു പുഞ്ചിരിച്ചുകൊണ്ട് അവൻ ആഗ്രഹത്തിന് സന്തോഷം പ്രകടിപ്പിക്കുന്നു.

മറുവശത്ത് ഭാര്യയുടെ നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമേ കാര്യങ്ങൾ എളുപ്പത്തിൽ സാധ്യമാകൂ എന്ന സമാധാനം മാത്രമാണ് ശൈലേഷ് ആഗ്രഹിച്ചത്. അതിനാൽ ഈ സാഹചര്യം നിശബ്ദമായി അംഗീകരിക്കുന്നതാണ് നല്ലതെന്ന് അയാൾക്ക് തോന്നി. അത്തരമൊരു സാഹചര്യത്തിൽ ആ വ്യക്‌തി തന്‍റെ പങ്കാളി വരച്ച വരയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കണം. അത്തരമൊരു പങ്കാളിയെ ആധിപത്യ വ്യക്തിത്വം എന്ന് വിളിക്കുന്നു.

അത്തരമൊരു വ്യക്തി എപ്പോഴും തന്‍റെ അടുത്ത ആളുകളെ തന്‍റെ സ്വാധീനത്തിൽ നിലനിർത്തുന്നു. അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ അന്തിമ തീരുമാനങ്ങൾ തന്‍റെ പരമാധികാരമായി കണക്കാക്കുന്നു.

ആധിപത്യം പുലർത്തുന്ന ആളുകൾ വളരെ ഉത്തരവാദിത്തമുള്ളവരും അവരുടെ കുടുംബത്തിന് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാൻ ശ്രമിക്കുന്നവരും മികച്ച തീരുമാനങ്ങൾ എടുക്കുന്നുവരും ആയിരിക്കാം. പക്ഷേ അവരുടെ പങ്കാളിക്ക് അവരുടേതായ അഭിപ്രായവും ധാരണയും ഉണ്ടെന്ന് അവർ മറക്കുന്നു. ചിലപ്പോൾ ആ പങ്കാളിയുടെ തീരുമാനങ്ങൾ അവരുടേതിനേക്കാൾ മികച്ചതായിരിക്കും.

ഒരു ആധിപത്യ വ്യക്ത‌ി എപ്പോഴും തന്‍റെ വാദം ശരിയാണെന്ന് തെളിയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇക്കാരണത്താൽ അയാൾ ആരോടെങ്കിലും വഴക്കിടാൻ പോലും സാധ്യതയുണ്ട്. അയാൾക്ക് ഓരോ ജോലിയും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ചെയ്യണം. അതേസമയം ഒരു ജോലി ചെയ്യുന്നതിന് മറ്റ് നിരവധി ശരിയായ മാർഗങ്ങളുണ്ടാകാം.

അത്തരമൊരു വ്യക്ത‌ിയുടെ പങ്കാളി തികച്ചും സ്വസ്ഥനായിരിക്കും. വീട്ടിലെ പല കുടുംബ ഉത്തരവാദിത്തങ്ങളിൽ നിന്നും മോചനം ലഭിക്കുന്നു. തന്‍റെ ഹോബികൾക്കായി സമയം കണ്ടെത്താൻ ആ വ്യക്തിക്ക് കഴിയും. എന്നാൽ പലപ്പോഴും അതാവില്ല സംഭവിക്കുന്നത് അധിപത്യം പുലർത്തുന്ന വ്യക്തിയുടെ പങ്കാളിയുടെ വ്യ ക്തിത്വവും നിരാശാജനകമാകും. ഓരോ തീരുമാനത്തിലും അയാൾക്ക് ആരുടെയെങ്കിലും സഹായം ആവശ്യമാണ്. പിന്നെ ഒരു തീരുമാനം എടുക്കേണ്ട ദിവസം വന്നു ചേരുമ്പോൾ അയാൾക്ക് ശരിയായ തീരുമാനം എടുക്കാനുള്ള കഴിവ് ഇല്ലാതാകും. ഒരു ചരടിൽ വലിക്കാവുന്ന എവിടേക്കും നീക്കാവുന്ന ഒരു പാവയെപ്പോലെയാണ് ആ വ്യക്തി മാറുന്നത്.

അത്തരമൊരു പങ്കാളിയുടെ ആത്മവിശ്വാസം ക്രമേണ കുറഞ്ഞുവരുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. പ ക്ഷേ ബന്ധം നിലനിർത്താനായി തന്‍റെ ആത്മവിശ്വാസത്തിന്‍റെ തകർച്ച പോലും സഹിക്കുന്നു. ജീവിതത്തിൽ എപ്പോഴെങ്കിലും ഒറ്റപ്പെട്ടാൽ അത് വളരെ ബുദ്ധിമുട്ടായിത്തീരുന്നു. ഒരു ഡോമിനേറ്റിംഗ് വ്യക്തി പലപ്പോഴും തന്‍റെ പങ്കാളിയിൽ നിന്ന് അകന്നു നിൽക്കുന്നു. തന്‍റെ പങ്കാളിയുടെ ആത്മവിശ്വാസം സ്വയം നശിപ്പിക്കുന്നതിലൂടെ ആ വ്യക്‌തി ആത്മവിശ്വാസമുള്ള മറ്റ് ആളുകളിലേക്ക് ആകർഷിക്കപ്പെടാൻ തുടങ്ങുന്നു. പല സ്‌ഥലങ്ങളിലും ഈ സാഹചര്യം വിവാഹമോചനത്തിന് പോലും കാരണമാകുന്നു.

മറുവശത്ത് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും കൂട്ടാളികളും പലരും അത്തരം ആളുകളിൽ നിന്ന് അകന്നു മാറാൻ തുടങ്ങുന്നു. കാരണം മറ്റൊരാൾ ആധിപത്യം സ്‌ഥാപിക്കുന്നത് ആർക്കും സഹിക്കാൻ കഴിയില്ല. എല്ലാം ചെയ്ത‌തിനുശേഷവും അത്തരം ആളുകൾ ഒറ്റയ്ക്കായിരിക്കും. നിങ്ങളും അങ്ങനെ ഒരു വ്യക്തിത്വമാണോ? പലപ്പോഴും ആധിപത്യം പുലർത്തുന്ന ആളുകൾക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ എത്രത്തോളം ഇടപെടുന്നു അതായത് അവർ എത്രത്തോളം ആധിപത്യം പുലർത്തുന്നവരാണെന്ന് മനസ്സിലാകുന്നില്ല. അത് മനസ്സിലാക്കാൻ സ്വയം പരിശോധനയ്ക്ക് വിധേയമാകണം. ഇതിനായി നിങ്ങൾക്ക് സ്വയം ചില ചോദ്യങ്ങൾ ചോദിക്കാം.

  • എതെങ്കിലും കുടുംബ പ്രശ്‌നത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങൾ അത് കുടുംബത്തിന്‍റെ മുന്നിൽ വയ്ക്കാറുണ്ടോ?
  • നിങ്ങൾ എടുക്കുന്ന ഓരോ തീരുമാനവും അന്തിമ തീരുമാനമാണോ?
  • കുടുംബത്തിലെ ഒരാൾ ഏത് നിറത്തി ലുള്ള വസ്ത്രം ധരിക്കണമെന്ന് നിങ്ങൾ ഒറ്റയ്ക്ക് തീരുമാനിക്കാറുണ്ടോ?
  • കുടുംബത്തിന്‍റെ തിരഞ്ഞെടുപ്പുകൾ നിങ്ങൾക്ക് ഇഷ്‌ടപ്പെടാത്തതാണോ?
  • കുടുംബം നിങ്ങളെ സമൂഹത്തിൽ ഒരു പരിഹാസപാത്രമാക്കി മാറ്റിയേക്കാം എന്നതുകൊണ്ട് നിങ്ങൾ എപ്പോഴും അമിതമായി ഇടപെടുന്നതായി തോന്നാറുണ്ടോ?
  • പങ്കാളിയെക്കുറിച്ച് നിങ്ങൾക്ക് എപ്പോഴും അരക്ഷിതാവസ്‌ഥ തോന്നാറുണ്ടോ?

ഈ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ അതെ എന്നാണെങ്കിൽ നിങ്ങൾക്ക് ഒരു ഡോമിനേറ്റിംഗ് വ്യക്തിത്വമുണ്ടെന്ന് മനസ്സിലാക്കുക. ആധിപത്യം സ്‌ഥാപിക്കുന്നതിൽ നിങ്ങൾക്കോ കുടുംബത്തിനോ ഒരു പ്രശ്നവുമില്ലെങ്കിൽ പിന്നെ എന്തിനാണ് അത് മാറ്റുന്നത് എന്നതാണ്. ഇന്ന് ഈ ചിന്തയിൽ ഒരു പ്രശ്‌നവും ഉണ്ടാകണമെന്നില്ല. കുടുംബത്തിലെ കിരീടം വയ്ക്കാത്ത രാജാവായി നിങ്ങൾ സ്വയം കണക്കാക്കിയേക്കാം. എന്നാൽ ഭാവിയിൽ ഈ അധികാരം മുള്ളായി മാറിയേക്കാമെന്ന് മനസ്സിലാക്കുക.

എങ്ങനെ? ഇതുപോലെ: ഒന്നാമതായി ഓർക്കുക ജീവിത വാഹനം രണ്ട് ചക്രങ്ങളിലും സഞ്ചരിക്കണം. അപ്പോൾ മാത്രമേ അതിന് ശരിയായി നീങ്ങാൻ കഴിയൂ. അല്ലെങ്കിൽ ഒരു ചക്രം മറ്റൊന്നിനെ എത്രത്തോളം വലിച്ചിടും. കാരണം ജീവിതത്തിൽ പങ്കാളിയുടെ സഹായം ആവശ്യമുള്ളപ്പോഴെല്ലാം ആ സഹായം ലഭിക്കില്ല.

രണ്ടാമതായി ഒരിക്കലും ഒരു തീരു മാനവും എടുക്കാത്ത വ്യക്‌തി ഒരു ദിവസം നിരാശനാകും. നിങ്ങളുടെ ജീവിതം മുഴുവൻ നിരാശനായ ഒരു വ്യക്‌തിയോടൊപ്പം ചെലവഴിക്കേണ്ടിവരുന്നത് സങ്കൽപ്പിക്കുക.

എല്ലാ തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്നതിലൂടെ കുടുംബത്തിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും നിങ്ങളുടെ മേൽ വരും. പിന്നീട് ഒരു ദിവസം ഈ വർദ്ധിച്ച ചുമതല നിങ്ങൾക്ക് ഭാരമായി തോന്നാൻ തുടങ്ങും പക്ഷേ അപ്പോൾ ആരുമായും ഉത്തരവാദിത്തം പങ്കിടാൻ കഴിഞ്ഞെന്നു വരില്ലല്ലോ…

ഒരുമിച്ച് പോകാം

ഓരോ വ്യക്തിക്കും അവരുടേതായ വ്യക്തിത്വമുണ്ട് അതിൽ അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉൾപ്പെടുന്നു. ഒരു രക്ഷിതാവ് അല്ലെങ്കിൽ പങ്കാളി എന്ന നിലയിൽ ശരിയും തെറ്റും നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം അവനെ പഠിപ്പിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. പക്ഷേ നിങ്ങൾ ചിന്തിക്കുന്നതോ ഇഷ്ടപ്പെടുന്നതോ മാത്രമാണ് സത്യം എന്ന് കരുതുന്നത് ശരിയല്ല.

ഓർക്കുക ആരുടേയും ആത്മവിശ്വാസം കുറയാൻ ഒരിക്കലും അനുവദിക്കരുത്. പങ്കാളിയുടെ ആത്മവിശ്വാസം നശിപ്പിക്കുന്നതിലൂടെ കുടുംബം ദുർബലമാകുന്നു. അതുകൊണ്ട് നിങ്ങളുടെ പങ്കാളിക്കും കുടുംബത്തിനും വളരാനും അഭിവൃദ്ധി പ്രാപിക്കാനും അവർക്കും പൂർണ്ണ അവസരം നൽകുന്നതും ഉപദേശം ചോദിക്കുന്നതും നല്ലതാണ്.

വർക്കേഷൻ പുതിയ വർക്ക് കൾച്ചർ

വർക്കേഷൻ എന്നത് ഇന്നത്തെ യുവാക്കളുടെ പുതിയ തൊഴിൽ സംസ്ക്കാരമാണ്. വീട്ടിൽ നിന്ന് മാറി ദൂര പ്രദേശങ്ങളിൽ താമസിച്ച് ജോലി ചെയ്യാൻ ഇഷ്‌ടപ്പെടുന്നതിനെയാണ് വർക്കേഷൻ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. വർക്ക് + വെക്കേഷൻ എന്നീ രണ്ട് ഇംഗ്ലീഷ് പദങ്ങൾ സംയോജിപ്പിച്ചാണി വാക്ക് രൂപം കൊണ്ടിരിക്കുന്നത്. ഒരേ സ്‌ഥലത്ത് താമസിച്ച് ജോലി ചെയ്യുന്നതിന് പകരം വ്യത്യസ്‌ത സ്‌ഥലങ്ങളിൽ പോയി ജോലി ചെയ്യാനാണ് യുവാക്കൾ ഇന്ന് ഏറെ ഇഷ്‌ടപ്പെടുന്നതെന്നാണ് പുതിയ ഈ ട്രെൻഡ് സൂചിപ്പിക്കുന്നത്.

കൊറോണയ്ക്ക് ശേഷം ബഹുഭൂരിഭാഗം കമ്പനികൾ അവരുടെ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരവും നൽകിയിരുന്നു. അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നവരുമുണ്ട്. ഇതുമൂലം ഒരേ മുറിയിലും ഒരേ സ്‌ഥലത്തും ഇരുന്ന് തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നതിനാൽ മിക്കവർക്കും ജോലിയിൽ വിരസത അനുഭവപ്പെട്ടു തുടങ്ങും. ഇത് അവരുടെ ജോലിയെ നേരിട്ട് ബാധിക്കുന്നു. ഈ വിരസത ഒഴിവാക്കുന്നതിനായി യുവാക്കൾ അവരുടെ ലാപ് ടോപ്പുകളും മറ്റ് ഓഫീസ് വസ്തുക്കളും എടുത്ത് വിദൂര സ്‌ഥലങ്ങളിലേക്ക് പോയി താമസിച്ച് പകൽ സമയത്ത് ജോലി ചെയ്യുകയും ബാക്കിയുള്ള സമയങ്ങളിൽ അവിടെയുള്ള സ്‌ഥലങ്ങൾ ചുറ്റിസഞ്ചരിച്ച് കാണുകയും ചെയ്യുന്നു. അങ്ങനെ അവർ ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്നു.

ജോലിയുടെ ഉൽപ്പാദനക്ഷമത നിലനിർത്തുക എന്ന ലക്ഷ്യം

സ്വന്തം ജീവനക്കാരെ ഓഫീസ്- വീട് എന്നിവിടങ്ങളിൽ നിന്നും മാറി നിന്ന് ജോലി ചെയ്യാൻ അനുവദിച്ചുകൊണ്ട് പല കമ്പനികളും മുന്നോട്ടു വരുന്നുണ്ട്. അങ്ങനെ കമ്പനികൾ ജോലിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നു. യുവാക്കൾക്കിടയിൽ ഈ രീതി ഏറെ ജനപ്രീതി നേടുന്നതിന് കാരണമായിരിക്കുകയാണ്. കാരണം വർക്കേഷൻ സമയത്ത് യാത്ര ചെയ്യാൻ അവർക്ക് പ്രത്യേക അവധി എടുക്കേണ്ടിയും വരികയില്ല.

വർക്കേഷന്‍റെ ഗുണങ്ങൾ

ഒരു മൾട്ടിനാഷണൽ കമ്പനിയ്ക്കായി വർക്ക് ഫ്രം ഹോം ചെയ്യുന്ന അനാമിക പറയുന്നത് ഇതാണ്, “കഴിഞ്ഞ ഒരു വർഷമായി ഒരേ മുറിയിൽ ഇരുന്ന് ജോലി ചെയ്ത‌ത് എനിക്ക് മടുപ്പ് തോന്നിയിരുന്നു. കുടുംബാംഗങ്ങളുടെ ആവലാതികളും പരാതികളും കൂട്ടത്തിൽ കേൾക്കുകയും പരിഹരിക്കുകയും വേണം. ഇതെല്ലാം ക്രമേണ മടുപ്പുളവാക്കി. അങ്ങനെയാണ് കഴിഞ്ഞ വർഷം ഹിമാചൽ പ്രദേശിലെ ബിർ എന്ന സ്‌ഥലത്ത് സുഹൃത്തിനൊപ്പം ചേർന്ന് ഒരു മാസക്കാലം ജോലി ചെയ്യുന്നത്. ഈ സമയത്ത് എന്‍റെ ജോലിയുടെ ഗുണനിലവാരവും ഉൽപ്പാദന ക്ഷമതയും വളരെയധികം മെച്ചപ്പെട്ടു. കാരണം അവിടുത്തെ അന്തരീക്ഷം വ്യത്യസ്ത‌മായിരുന്നു. മുമ്പത്തേക്കാൾ കൂടുതൽ എന്‍റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് കഴിഞ്ഞു.”

മൾട്ടി നാഷണൽ കമ്പനി ഉദ്യോഗസ്ഥനായ അശ്വിൻ ഉദ്യോഗസ്‌ഥയായ ഭാര്യയോടൊപ്പം രണ്ട് മാസം കൂടുമ്പോൾ 15 ദിവസം വീട്ടിൽ നിന്ന് മാറി അകലെ മറ്റൊരിടത്തേക്ക് ജോലിയ്ക്കായി ചേക്കേറും. ഇരുവരും ഒരുമിച്ച് ഏതെങ്കിലും ഹോട്ടലിൽ മുറിയെടുത്താണ് ജോലി ചെയ്യുക.” മുമ്പ് ഞങ്ങൾ രണ്ടുപേരും ഒരേ ഫ്ളാറ്റിലെ വ്യത്യസ്‌ത മുറികളിൽ ഇരുന്ന് ജോലി ചെയ്യുകയാണ് ഉണ്ടായിരുന്നത്. വൈകുന്നേരത്താണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ദിവസവും ഒരേ റൂട്ടീൻ. ഇതിൽ മടുപ്പു തോന്നിയിരുന്നു. അങ്ങനെയാണ് ഓരോ രണ്ട് മാസവും കൂടുമ്പോൾ പുതിയ ഒരു സ്‌ഥലത്തേക്ക് പോകുന്നത് പതിവാക്കിയത്. ജോലി പൂർത്തിയാക്കിയ ശേഷം ആ സ്‌ഥലം ചുറ്റിക്കറങ്ങി കാണുകയും ചെയ്യും. ഈ രീതിയിൽ ഞങ്ങളുടെ ജോലി ജീവിതം വളരെ നന്നായി സന്തുലിതമാക്കാൻ സാധിച്ചു.”

വർക്കേഷനിനായി ആൾ തിരക്കും ബഹളവുമേറിയ സ്ഥലങ്ങളേക്കാൾ ശാന്തമായ സ്‌ഥലങ്ങളിലേക്ക് പോകാനാണ് ചെറുപ്പക്കാർ ഇഷ്ട‌പ്പെടുന്നത്. ജോലിക്കൊപ്പം ഇത്തരമിടങ്ങൾ ചുറ്റി സഞ്ചരിച്ച് ആസ്വദിക്കുകയും ചെയ്യും.

ഭോപ്പാലിൽ താമസിക്കുന്ന ആകാംക്ഷ ഒരു ഹോംസ്റ്റേയിൽ താമസിച്ച് 15 ദിവസം ജോലി ചെയ്‌തു.” ഹോംസ്റ്റേയിലായതുകൊണ്ട് പണച്ചെലവ് അത്രയൊന്നും ഉണ്ടാകില്ല. മാത്രവുമല്ല യാത്ര ചെയ്യുന്നതിനായി എനിക്ക് പ്രത്യേക അവധി എടുക്കേണ്ടിയും വന്നില്ല. 15 ദിവസം ഇവിടെ താമസിച്ചതിനാൽ ഇവിടുത്തെ എല്ലാ സ്‌ഥലങ്ങളും നന്നായി പര്യവേക്ഷണം ചെയ്യാൻ എനിക്ക് കഴിഞ്ഞു. പുതിയ ആളുകളും സ്‌ഥലങ്ങളുമായുള്ള എന്‍റെ പരിചയം എന്‍റെ ചിന്തയെയും ജോലിയെയും വളരെയധികം സ്വാധീനിച്ചു.” ആകാംഷ പറയുന്നു.

ജോലിയിലെ തന്‍റെ അനുഭവം പങ്കുവെച്ച രാജേഷ് പറയുന്നു. “എന്‍റെ മാതാപിതാക്കൾക്ക് അസുഖം വന്നതിനാൽ വളരെക്കാലമായി ഞാൻ വീട്ടിൽ ഇരുന്നാണ് ജോലി ചെയ്ത‌ിരുന്നത്. അതെൻറ ജോലിയെ സാരമായി ബാധിച്ചു. കമ്പനി ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്‍റെ ഭാര്യയുടെ നിർബന്ധപ്രകാരം ഞാൻ കുറച്ച് ദിവസത്തേക്ക് വീട്ടിൽ നിന്ന് മാറി ദൂര സ്‌ഥലത്തുള്ള ഒരു ഹോംസ്‌റ്റേയിൽ താമസിച്ച് ജോലി ചെയ്യാൻ തുടങ്ങി. ഈ സമയത്ത് എനിക്ക് എന്‍റെ ജോലിയിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞു.”

ഈ കാര്യങ്ങളും ശ്രദ്ധിക്കുക

സ്വന്തം കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നല്ല ഒരു മാർഗ്ഗമാണ് വർക്കേഷൻ. ഓഫീസിൽ പോകുമ്പോൾ ഒരു ദിവസം വ്യത്യസ്‌ത ആളുകളെ കണ്ടുമുട്ടുകയും ചാറ്റ് ചെയ്യുകയും ചെയ്യുന്നു. അതിനാൽ ജോലിയിൽ വലിയ മുഷിച്ചിൽ അനുഭവപ്പെടുകയില്ല. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ എല്ലാ ദിവസവും ഒരേ സ്‌ഥലത്തിരുന്നു ജോലി ചെയ്യുന്നത് മടുപ്പുളവാക്കും. ഒരു വർക്കേഷൻ പ്ലാൻ ചെയ്യുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾക്കുടി ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

  • നിങ്ങളുടെ താമസസ്ഥ‌ലം കൃത്യ സമയത്ത് ബുക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ പോകുന്ന സ്‌ഥലത്തിന്‍റെ ഒരു പ്ലാൻ മുൻക്കൂട്ടി തയ്യാറാക്കുക.
  • മിക്കവാറും എല്ലാ ജോലികളും ഇന്ന് ഇന്‍റർനെറ്റ് വഴിയാണ് ചെയ്യുന്നത്. അതിനാൽ ഒരു സ്‌ഥലം തിരഞ്ഞെടുക്കുന്നതിന് മുമ്പ് അവിടത്തെ ഇന്‍റർനെറ്റ് ലഭ്യത ഉറപ്പാക്കുക.
  • എന്തെങ്കിലും പ്രശ്നമുണ്ടായാൽ ബന്ധപ്പെടാൻ കഴിയുന്ന തരത്തിൽ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ നിങ്ങൾ പോകുന്ന സ്‌ഥലത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകുക.
  • പലപ്പോഴും മാതാപിതാക്കൾ അവിവാഹിതരായ തങ്ങളുടെ പെൺകുട്ടികളെ ഇതുപോലെ ദൂരേക്ക് അയയ്ക്കാൻ തയ്യാറാകില്ല. അത്തരമൊരു സാഹചര്യത്തിൽ സ്നേഹത്തോടെ അവർക്ക് വർക്കേഷനെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകുക. മാതാപിതാക്കളെ ഇതുമായി പൊരുത്തപ്പെടുത്തുന്നതിനായി തുടക്കത്തിൽ ഏതാനും ദിവസങ്ങൾക്കായി വർക്കേഷൻ ആസൂത്രണം ചെയ്യുക.

കുറഞ്ഞ ചെലവിൽ ജോലി ചെയ്യാൻ കഴിയുന്ന തരത്തിൽ ബജറ്റ് ഫ്രണ്ട്‌ലിയായ സ്‌ഥലം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

ഓർമ്മകളിലുണ്ട് ഓണമധുരം

കഴിഞ്ഞ 25 ഓണങ്ങളിലേറെയായി ഓണം വീട്ടിലിരുന്ന് ആഘോഷിക്കാൻ കഴിയാറി ല്ല. രഞ്ജിനി ചിരിച്ചു കൊണ്ട് പറയുന്നു. “സാധാരണയായി കേരള സർക്കാരിന്‍റെ ആഘോഷങ്ങളുടെ ഭാഗമായി ആ ദിവസങ്ങളിൽ യാത്ര ചെയ്യേണ്ടി വരാറുണ്ട്. എങ്കിലും എന്‍റെ ഏറ്റവും ഇഷ്‌ടമുള്ള ഓണക്കാഴ്ചകൾ വീട്ടിൽ തന്നെയാണ്. കസവു സാരി ധരിച്ച് പൂക്കളം ഉണ്ടാക്കൽ, പപ്പായുടെയും മമ്മിയുടേയുമൊപ്പം ഇലയിൽ സദ്യ കഴിക്കുന്നതും പായസം കുടിക്കുന്നതും പോലുള്ള പഴയ ഓർമ്മകൾക്ക് ഇപ്പോഴും എന്തൊരു ചന്തമാണ്!!”

ഈ വർഷം രഞ്ജിനിക്ക് ഓണം ഗംഭീരമായി ആഘോഷിക്കാൻ വേറെയും ഒരുപാട് കാരണങ്ങളുണ്ട്. രഞ്ജിനി സംഗീത രംഗത്ത് 25 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കൗമാരത്തിൽ തുടങ്ങിയ ആ യാത്രയിൽ ഇപ്പോൾ 200-ഓളം സിനിമകളും അഞ്ച് ഭാഷകളും കൂടെ കൂടി. നിരവധി വിദേശ യാത്രകൾ. ആർ ജെ ദി ബാൻഡ് എന്ന സ്വന്തം ഇൻഡി ബാൻഡ് വഴി സ്വതന്ത്ര സംഗീതലോ കത്തിലേക്ക് കടക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന വഴികളിലൂടെയാണ് ആ യാത്ര കടന്നുപോയത്. രഞ്ജിനിയുടെ ശബ്ദം പോലെ തന്നെ വൈവിധ്യമുള്ള ഭയമില്ലാത്ത യാത്ര. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് റോക്കിലേക്ക്, മലയാളം മുതൽ ഹിന്ദിവരെ പ്ലേബാക്കിൽ നിന്ന് സ്വന്തം രചനകളിലേക്ക്. രഞ്ജിനിയുമായി കുറച്ച് സമയം ചെലവഴിക്കാം.

സംഗീത ജീവിതത്തിൽ 25 വർഷങ്ങൾ പിന്നിടുമ്പോൾ എങ്ങനെ തോന്നുന്നു?

നന്ദി. സന്തോഷം… അത്ഭുതം… കോവിഡ് കാലത്ത് കുറച്ച് സമയം എല്ലാറ്റിൽ നിന്നും പിൻവാങ്ങിനിന്ന വേളയിൽ ആണ് ഞാൻ ഈ രംഗത്ത് എത്രദൂരം എത്തിനിൽക്കുന്നു എന്ന് ചിന്തിച്ചത്. കോവിഡ് കാലം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും പഴയ പോലെ തിരക്കുകളിലേക്ക് ആയി. ടൂറുകൾ, റെക്കോർഡിംഗുകൾ, സ്‌റ്റേജ് ഷോകൾ. അപ്പോഴാണ് മനസ്സിലായത് എനിക്ക് ഇത്രയും കാലം ഈ രംഗത്ത് തുടരാൻ കഴിഞ്ഞല്ലോ എന്ന്. ഇനി എനിക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാനാണ് ഇഷ്ടം. ഇനി ഞാൻ എന്‍റെ സംഗീതത്തെ കൂടുതൽ ഗൗരവത്തോടെ കാണുന്നു.

മെറ്റമോർഫ് എന്ന പുതിയ പ്രോജക്ടിനെ കുറിച്ച് പറയാമോ?

മെറ്റമോർഫ് എനിക്ക് ഏറെ വ്യക്തിപരമാണ്. എന്‍റെ ആദ്യ സ്വതന്ത്ര ആൽബമാണ് ഇത്. അതിലെ എല്ലാ പാട്ടുകളും എന്‍റെ സ്വന്തം രചനകളാണ് ആദ്യ ട്രാക്കായ ഹ്യൂസ് ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. പ്ലേബാക്ക് ഗാനങ്ങൾക്കപ്പുറം പലതും ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ലിറിക്സ് എഴുതുന്നത് എനിക്ക് ഒരു തെറാപ്പി പോലെയാണ്. ഇതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ എഴുത്തിലൂടെ പറയാൻ ഞാൻ ശ്രമിക്കാറുണ്ട്. ആർ ജെ ദി ബാൻഡ് എന്‍റെ പ്രൊഡ്യൂസർ ചാൾസ് നസ്രത്ത് എന്നിവരോടൊപ്പം ഞാൻ മികച്ച പുതിയ സൃഷ്‌ടികൾ ഒരുക്കുന്നു.

താങ്കൾ വിവിധ ഇന്ത്യൻ ഭാഷകളിൽ പാടുന്നു. അതെങ്ങനെ സാധിക്കുന്നു?

ഞാൻ ഭാഷകളെ സ്നേഹിക്കുന്നു. ഓരോ ഭാഷയും എങ്ങനെ വികാരങ്ങളെ ഉൾക്കൊള്ളുന്നു എന്ന് അറിയാൻ എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. എനിക്ക് പല ഭാഷകളും ആസ്വദിക്കാനാകുന്നുണ്ട്. ഞാൻ പല ഭാഷകളിലുമായി ലിറിക്സ് എഴുതുകയും ചെയ്യുന്നു. ഭാഷ എനിക്ക് ഒരു തടസ്സമല്ല.

ഇന്ന് കുടുതൽ സ്ത്രീകൾ സ്വതന്ത്ര സംഗീതം ചെയ്യുന്നു. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?

നമുക്ക് ഏറെ പ്രചോദനമാണ് അതെല്ലാം. ഒരു കാലത്ത് ഒറിജിനൽ മ്യൂസിക് പ്രൊഡക്ഷൻ പുരുഷന്മാരുടെ മേഖലയായി കരുതപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അത് മാറിക്കൊണ്ടിരിക്കുന്നു. ഗൗരി ലക്ഷ്മിയും, സയനോരയും ഞാനുമൊക്കെ ഒരുപാട് വർഷങ്ങളായി ഒറിജിനൽ ഗാനങ്ങൾ ചെയ്യുന്നവരാണ്. ഒരു പ്രാവശ്യം എആർ റഹ്മാൻ സാറിനെ ഞാൻ ഇന്‍റർവ്യൂ ചെയ്‌തപ്പോൾ അദ്ദേഹം പറഞ്ഞു. “രഞ്ജിനി ഒറിജിനലുകൾ ചെയ്തുകൊണ്ടിരിക്കുക.” ആ ഉപദേശം എനിക്ക് ഇന്നും ഓർമ്മയിലുണ്ട്. ഇപ്പോൾ യൂട്യൂബ് പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ നമുക്ക് സ്വന്തം ഇടം നൽകുന്നു.

1999ൽ പ്ലേബാക്ക് ആരംഭിച്ച സമയം?

അന്ന് ഞാൻ പ്ലസ്‌ടുവിൽ പഠിക്കുകയായിരുന്നു. എന്‍റെ ആദ്യ സിനിമാ പാട്ട് ബേണി- ഇഗ്നേഷ്യസ് സാർ ഒരുക്കിയ “മേലേവാര്യത്തെ മാലാഖക്കുട്ടികൾ” എന്ന സിനിമയിലായിരുന്നു. തൃശൂരിലെ ചേതന സ്റ്റുഡിയോയിൽ ആണ് റെക്കോർഡ് ചെയ്തത്. ആദ്യം ലഭിച്ചത് അഭിനയിക്കാനുള്ള ചാൻസായിരുന്നു. പിന്നെ അത് പാടാനുള്ള അവസരം ആയി മാറി. കാസറ്റിൽ എന്‍റെ ഫോട്ടോ ചിത്രചേച്ചിയോടൊപ്പം വന്നപ്പോൾ അതായിരുന്നു എന്‍റെ ആദ്യ വലിയ സന്തോഷ നിമിഷം. അതിനുശേഷം ഞാൻ നിരവധി ഭാഷകളിൽ 200-ലേറെ സിനിമകളിൽ പാടി.

ഇളയരാജ, എസ്‌പിബി, ശങ്കർ മഹാദേവൻ തുടങ്ങിയവരോടൊപ്പം പാടിയിട്ടുണ്ട്. ആ അനുഭവങ്ങൾ എങ്ങനെയായിരുന്നു?

അസുലഭമായ അനുഭവങ്ങൾ. ഇളയരാജ സാറിനെ ആദ്യമായി കണ്ടപ്പോൾ “അഖിലാണ്ഡേശ്വരി” എന്ന ഗാനം പാടേണ്ടി വന്നു. അത് കേട്ടപ്പോൾ അദ്ദേഹം ചിരിച്ചു പറഞ്ഞു. “നല്ല ശബ്ദം. നന്നായി പാടിയിരിക്കുന്നു.” അതിനുശേഷം ഞാൻ “പൊന്മുടി പുഴയോരം” എന്ന പാട്ട് പാടി. വിദ്യാസാഗർ സാർ, മനു രമേഷ്, ശരത്ത് സാർ ഇവർക്കൊപ്പം എനിക്ക് വർക്ക് ചെയ്യാൻ ഭാഗ്യം ലഭിച്ചു. എസ്‌ ബി സാറിനൊപ്പം പാടാനും സാധിച്ചു. അതൊക്കെ സ്വപ്‌നസാക്ഷാൽകാരമായിരുന്നു.

ഡബ്ബിംഗ് ചെയ്തിട്ടുമുണ്ടല്ലോ?

അതെ ബാൻഡിഷ് ബാൻഡിറ്റ്സ്, റെഡ് വൈറ്റ് ആന്‍റ് റോയൽ ബ്ലൂ, എക്സ്‌പാറ്റ്സ് എന്നിവയ്ക്കായി ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല ചിലപ്പോൾ ഇംഗ്ലീഷിലോ മറ്റ് ഭാഷകളിലോ ഒക്കെ. വൈകാരികമായി ചെയ്യേണ്ട ഒരു പെർഫോമൻസ് ആണ് ഡബ്ബിഗും.

സിനിമയിൽ അഭിനയിച്ചല്ലോ. അതേ കുറിച്ച്?

അതെ അഭിനയിച്ചത് വളരെ സ്വാഭാവികമായാണ് സംഭവിച്ചത്. മോഹൻലാൽ സാറിനൊപ്പമുള്ള റെഡ് ചില്ലീസ്, മമ്മൂട്ടി സാറിനൊപ്പമുള്ള ദ്രോണ എന്നീ സിനിമകളിൽ അവസരം ലഭിച്ചു. അപ്രതീക്ഷിതമായി ലഭിച്ച അവസരങ്ങൾ ആണ് അതെല്ലാം.

യാത്ര അനുഭവങ്ങൾ എങ്ങനെയായിരുന്നു?

ഭാരതത്തിൽ മുഴുവൻ, ഗൾഫിൽ, യൂറോപ്പിൽ, അമേരിക്കയിൽ ഒക്കെ പാടാൻ അവസരം ലഭിച്ചു. അടുത്തിടെ തായ്ലൻഡിലെ ബാങ്കോക്കിൽ പാടിയിട്ടുണ്ട്. കൂടുതൽ ഏഷ്യൻ രാജ്യങ്ങളിലായി പാടാനുള്ള ആഗ്രഹം ഉണ്ട്. തുടർച്ചയായി യാത്ര ചെയ്യുന്നത് പ്രയാസം ഉണ്ടെങ്കിലും ലൈവ് ഓഡിയൻസിന്‍റെ ഊർജം അതുല്യമാണ്.

ഇന്ത്യൻ സംഗീതത്തിന്‍റെ ഭാവിയെക്കുറിച്ച്?

സ്വതന്ത്ര സംഗീതമാണ് ഭാവി. സിനിമ പാട്ടുകൾ ഒരിക്കൽ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ എല്ലാവർക്കും പ്ലേബാക്ക് അവസരമില്ല. ഇൻഡി മ്യൂസിക്, ഗായകർക്ക് അവരുടെ സ്വന്തം ശബ്ദം നൽകുന്നു. ജോബ് കുര്യൻ, അഗം ബാൻഡ് തുടങ്ങിയ ഒറിജിനലുകൾ ഇപ്പോൾ വളരുന്നു. അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. നല്ല സംഗീതം ഇനിയും വരട്ടെ.

സംഗീതമല്ലാത്ത പക്ഷം രഞ്ജിനി ജോസ് എന്താകുമായിരുന്നു?

എനിക്ക് അതറിയില്ല. ഞാൻ ജനിക്കും മുമ്പ് തന്നെ പാട്ട് പാടുന്ന മകൾ എന്‍റെ അച്‌ഛന്‍റെ സ്വപ്നം ആയിരുന്നു. ഞാൻ ആ സ്വപ്നത്തിൽ ജീവിച്ചുകൊണ്ടിരിക്കുകയാണ്.

പ്രിയപ്പെട്ട ഓണക്കാഴ്ച‌ എന്താണ്?

ഓണം എന്നത് എനിക്ക് കേരളം തന്നെയാണ്. വീട്ടിലിരുന്ന് ആഘോഷിക്കാൻ കഴിയാറില്ലെങ്കിലും ഓണത്തിന്‍റെ പ്രത്യേകത കുറഞ്ഞിട്ടില്ല. ഏറ്റവും മികച്ച ഓർമ്മകൾ മാതാപിതാക്കളോടൊപ്പമുള്ളതാണ്. സാരി ധരിച്ചു പൂക്കളം ഉണ്ടാക്കൽ, പായസം, പപ്പടം ഉൾപ്പെടെ സദ്യ കഴിക്കൽ. എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ കൂട്ടുകറിയും പൈനാപ്പിൾ പച്ചടിയും ആണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें