മുടി മാറ്റിവയ്ക്കൽ സുരക്ഷിതമാണോ?

അടുത്തയിടെ കൊച്ചിയിൽ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഒരു യുവാവിന്‍റെ ദയനീയമായ അവസ്‌ഥ മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. മരണത്തിന്‍റെ വക്കിൽ നിന്ന് ഏറെ പണിപ്പെട്ടാണ് ആ യുവാവ് പുറത്ത് കടന്നത്. ചില ഇടങ്ങളിൽ ഹെയർ ട്രാൻസ്‌പ്ലാന്‍റേഷൻ നടത്തി മരണംവരെ സംഭവിച്ചിട്ടുണ്ട്. അത്രയ്ക്കും അപകടകരമാണോ ഈ ശസ്ത്രക്രിയ?

മുടി കൊഴിച്ചിൽ, കഷണ്ടി, ദുർബലമായ മുടി എന്നീ പ്രശ്‌നങ്ങൾ ഇപ്പോൾ സർവ്വ സാധാരണമാണ്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഈ പ്രശ്നം അതിവേഗം വർദ്ധിച്ചുവരികയാണ്. വർദ്ധിച്ചുവരുന്ന മലിനീകരണം, മോശം ജീവിതശൈലി, സമ്മർദ്ദം, ഉറക്കക്കുറവ്, ആരോഗ്യകരമായ ഭക്ഷണത്തിന്‍റെ അഭാവം, പാരമ്പര്യം, ജങ്ക് ഫുഡിനോടുള്ള ഇഷ്ട‌ം എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട്.

സോഷ്യൽ മീഡിയയിലെ “പെർഫെക്റ്റ് ലുക്ക്” എന്ന സമ്മർദ്ദം കാരണം യുവാക്കൾ കൂടുതൽ സൗന്ദ്യവർദ്ധക ചികിത്സകളിലേക്ക് ആകർഷിക്കപ്പെടുന്നു. അതിലൊന്നാണ് ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ. ഇതിനെ മുടി പുനഃസ്‌ഥാപനം അല്ലെങ്കിൽ മുടി മാറ്റിവയ്ക്കൽ എന്നും വിളിക്കുന്നു.

മുടി മാറ്റിവയ്ക്കൽ ഒരു മേജർ ശസ്ത്രക്രിയയാണ്. ശരിയായ രീതിയിലും പരിചയസമ്പന്നനായ ഒരു ഡോക്ട‌റുടെ മേൽനോട്ടത്തിലും ചെയ്‌താൽ ഫലപ്രദമായേക്കാവുന്ന ഒരു ശസ്ത്രക്രിയ. എന്നാൽ ഇതിൽ ചെറിയ അശ്രദ്ധ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് മരണത്തിലേക്ക് പോലും നയിച്ചേക്കാം.

അടുത്തിടെ കാൺപൂരിൽ മുടി മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ടുപേരുടെ മരണത്തിന് കാരണമായ സംഭവങ്ങൾ പുറത്തുവന്നു. ഈ പ്രക്രിയയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. കഷണ്ടിയുടെ പേരിൽ വിഷമിക്കുന്നവർ ഇതൊന്നും ചെയ്യരുത് എന്നല്ല പറഞ്ഞു വരുന്നത്. സ്വന്തം വ്യക്തിത്വം മെച്ചപ്പെടുത്താൻ ഒരാൾക്ക് പൂർണ്ണ അവകാശമുണ്ട്. പക്ഷേ മുടി മാറ്റിവയ്ക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശ്രദ്ധിക്കേണ്ടത് അതിലും പ്രധാനമാണ്.

മുടി മാറ്റിവയ്ക്കൽ എന്താണ്?

തലയുടെ ഏത് ഭാഗത്തുനിന്നും മുടിയുടെ വേരുകൾ (ഫോളിക്കിളുകൾ) എടുത്ത് കഷണ്ടിയുള്ളതോ നേർത്ത രോമമുള്ളതോ ആയ ഭാഗങ്ങളിൽ മാറ്റി വയ്ക്കുന്ന ഒരു ശസ്ത്രക്രിയയാണ് മുടി മാറ്റിവയ്ക്കൽ. മുടി കൊഴിച്ചിലും കഷണ്ടിയും കൊണ്ട് ബുദ്ധിമുട്ടുന്ന യുവാക്കൾ മുടി വളരാൻ എല്ലാ പ്രതിവിധികളും പരീക്ഷിച്ചു കഴിഞ്ഞാൽ അവസാനത്തേതും സ്‌ഥിരവുമായ ഓപ്ഷനായി മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറാവുകയാണ്.

എത്രതരം മുടി മാറ്റിവയ്ക്കലുകൾ

ഫോളിക്കുലാർ യൂണിറ്റ് ട്രാൻസ്പ്ലാന്‍റേഷൻ (എഫ്‌റ്റി): ആയിരക്കണക്കിന് രോമകൂപങ്ങൾ അടങ്ങിയ തലയുടെ പിൻഭാഗത്ത് ഒരു മുറിവുണ്ടാക്കി ചർമ്മത്തിന്‍റെ നേർത്ത ഒരു സ്ട്രിപ്പ് നീക്കം ചെയ്യുന്നു. ആ സ്കിൻ സ്ട്രിപ്പ് ഒരു മൈ ക്രോസ്കോപ്പിന്‍റെ സഹായത്തോടെ നിരവധി ചെറിയ ഗ്രാഫ്റ്റുകളായി (ഫോളി കുലാർ യൂണിറ്റുകൾ) തിരിച്ചിരിക്കുന്നു. അതിൽ 1 മുതൽ 4 വരെ രോമവേരുകൾ അടങ്ങിയിരിക്കുന്നു. രോമം കുറവുള്ളതോ ഇല്ലാത്തതോ ആയ സ്‌ഥലങ്ങളിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കിയാണ് ഈ സ്ക‌ിൻ ഗ്രാഫ്റ്റുകൾ പ്രയോഗിക്കുന്നത്. പിന്നീട് ചർമ്മം തുന്നിച്ചേർക്കുകയും ഏതാനും ആഴ്ചകൾക്കുള്ളിൽ അവിടെ രോമം വളരാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാൽ തലയുടെ പിൻഭാഗത്തുള്ള നീളമുള്ള മുറിവ് സുഖപ്പെടാൻ സമയമെടുക്കും. തുന്നലുകൾ ഉണങ്ങി സുഖപ്പെടുന്നതുവരെ വ്യക്തിക്ക് ഉറക്കക്കുറവും അനുഭവപ്പെടുന്നു. മുറിവിന്‍റെ അടയാളവും വളരെക്കാലം ദൃശ്യമായി തുടരും.

ഫോളികുലാർ യൂണിറ്റ് എക്സ്‌ട്രാക്ഷൻ (എഫ്‌ഇ): ഇതിനായി ആദ്യം ആ ഭാഗം ട്രിം ചെയ്യുന്നു. അതായത് നീക്കം ചെയ്യേണ്ട മുടിയുടെ നീളം കുറയ്ക്കുന്നു. തുടർന്ന് ഒരു മൈക്രോ പഞ്ച് ടൂളിന്‍റെ സഹായത്തോടെ രോമ വേരുകൾ (ഫോളികുലാർ യൂണിറ്റുകൾ) നീക്കം ചെയ്യുന്നു. ഇതിൽ സർജിക്കൽ സ്ട്രിപ്പ് നീക്കം ചെയ്യുന്നില്ല. അതിനാൽ നീളമുള്ള മുറിവ് ഉണ്ടാക്കുന്നില്ല. ഇതിന്‍റെ മറ്റൊരു നല്ല കാര്യം തലയിൽ നിന്ന് മാത്രമല്ല താടി, നെഞ്ച്, വയർ, പ്യൂബിക് ഏരിയ തുടങ്ങിയ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നും രോമം എടുക്കാൻ കഴിയും എന്നതാണ്. മുടി എടുത്ത സ്‌ഥലത്ത് മുറിവ് സുഖപ്പെടുത്താൻ എടുക്കുന്ന സമയവും കുറവാണ്.

ഇനി ആണ് ആ ചോദ്യം ആർക്കൊക്കെ മുടി മാറ്റിവയ്ക്കാം?

മുടി വളർച്ചയ്ക്ക് മറ്റ് രീതികൾ പരീക്ഷിച്ചിട്ടും ഫലം ലഭിക്കാത്തവർ, തലയുടെ 50% വരെ മുടി കൊഴിഞ്ഞവർ സ്‌ഥിരമായി മുടി കൊഴിച്ചിൽ ഉള്ളവർ.

ആർക്ക് മുടി മാറ്റിവയ്ക്കൽ നടത്തരുത്?

പ്രമേഹ രോഗികളിൽ മുറിവ് ഉണക്കുന്ന പ്രക്രിയ മന്ദഗതിയിലാണ് ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഹൃദയ രോഗികൾ ഒരു കാർഡിയോളജിസ്‌റ്റിന്‍റെ മേൽനോട്ടത്തിൽ ഈ ശസ്ത്രക്രിയയ്ക്ക് വിധേയരാകണം. കാരണം അനസ്തേഷ്യയോ ആന്‍റിബയോട്ടിക്കുകളോ അലർജിക്ക് കാരണമാകും. ശസ്ത്രക്രിയയ്ക്ക് മുമ്പ് നിങ്ങൾ എല്ലാ അലർജി പരിശോധകളും നടത്തേണ്ടത് പ്രധാനമാണ്. അലോപ്പീസിയ ഏരിയറ്റ പോലുള്ള തലയോട്ടി രോഗങ്ങളുള്ളവരിൽ മുടി മാറ്റിവയ്ക്കൽ വിജയകരമല്ല. ഇത് ശരീരത്തിൽ നിന്ന് മുഴുവൻ മുടി കൊഴിഞ്ഞുപോകാൻ തുടങ്ങുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമാണ്. അല്ലെങ്കിൽ ലൈക്കൺ പ്ലാനോ പിലാരിസ്. ദുർബലമായ രോഗപ്രതിരോധ സംവിധാനമുള്ള ആളുകൾക്കും ഈ നടപടിക്രമം ദോഷകരമാണ്. രക്തം കട്ടപിടിക്കൽ പോലുള്ള പ്രശ്‌നങ്ങൾ ഉള്ളവർ ട്രാൻസ്പ്ലാന്‍റിൽ നിന്ന് വിട്ടുനിൽക്കണം. 25 വയസ്സിന് താഴെയുള്ളവർ ട്രാൻ സ്പ്ലാന്‍റിൽ നിന്ന് വിട്ടുനിൽക്കണം.

ശസ്ത്രക്രിയയ്ക്ക് മുമ്പ് മുൻകരുതലുകൾ എടുക്കുക

പരിചയസമ്പന്നനും സാക്ഷ്യപ്പെടുത്തിയതുമായ ഒരു ഹെയർ ട്രാൻസ്പ്ലാന്‍റ് സർജനെ മാത്രം സമീപിക്കുക. ഡോക്ടറുടെ യോഗ്യത, അനുഭവം, മുൻരോഗികളുടെ അവലോകനങ്ങൾ എന്നിവ അറിയുക.

നിങ്ങളുടെ ആരോഗ്യസ്ഥിതി, അലർജികൾ, മരുന്നുകൾ എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഡോക്ട‌റെ അറിയിക്കുക. അനസ്തേഷ്യയ്‌ക്കോ മരുന്നുകൾക്കോ റിയാക്ഷൻ ഉണ്ടോ എന്നറിയാൻ അലർജി പരിശോധന നടത്തുന്നത് ഉറപ്പാക്കുക. ക്ലിനിക്കിൽ അടിയന്തര സൗകര്യങ്ങൾ, സ്‌റ്ററിലൈസേഷൻ, ഓക്‌സിജൻ എന്നിവ ലഭ്യമായിരിക്കണം. അനസ്തേഷ്യ സമയത്ത് ഒരു വിദഗ്ദ്ധൻ ഉണ്ടായിരിക്കണം. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഒരു ടെക്നീഷ്യനോ കൗൺസിലറോ അല്ല ഡോക്ടർ തന്നെ ആയിരിക്കണം കാര്യങ്ങൾ എല്ലാം ഉറപ്പാക്കേണ്ടത്.

മുടി ട്രാൻസ്പ്ലാന്‍റിന് ശേഷം എപ്പോഴാണ് മുടി വളരുന്നത്?

3 മുതൽ 4 മാസത്തിനുള്ളിൽ 10-20% മുടി വളരുന്നു. 6 മാസത്തിനുള്ളിൽ 50% വരെ വളർച്ച സംഭവിക്കുന്നു. 8 മുതൽ 9 മാസത്തിനുള്ളിൽ ഏകദേശം 80% ഫലങ്ങൾ ദൃശ്യമാകും. മിക്ക കേസുകളിലും 12 മാസത്തിനു ള്ളിൽ 100% വളർച്ച കൈവരിക്കുന്നു. എന്നിരുന്നാലും ഈ സമയം ഓരോ വ്യക്തിയുടേയും ശരീരം, ചർമ്മം ഫോളിക്കിൾശേഷി എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ട്രാൻസ്‌പ്ലാന്‍റ് കഴിഞ്ഞ് എന്തൊക്കെ മുൻകരുതലുകൾ എടുക്കണം

ശസ്ത്രക്രിയയ്ക്ക് ശേഷം കുറച്ച് ദിവസത്തേക്ക് നിവർന്ന് കിടന്ന് ഉറങ്ങരുത്. വശം ചരിഞ്ഞ് കിടക്കുക. തല ഉയർത്തി വയ്ക്കുക. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഹെന്ന പുരട്ടുകയോ മുടി ഡൈ ചെയ്യുകയോ ചെയ്യരുത്. തലയിൽ എണ്ണയോ ജെല്ലോ ഉപയോഗിച്ച് ശസ്ത്രക്രിയയ്ക്ക് പോകരുത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് മുടിയും തലയോട്ടിയും വൃത്തിയായിരിക്കണം. ട്രാൻസ്പ്ലാന്‍റ് നടന്ന അതേ നഗരത്തിൽ 2-3 ദിവസം താമസിക്കുക.

ക്ലിനിക്കിൽ പോയി മാത്രം ആദ്യത്തെ ബാൻഡേജ് നീക്കം ചെയ്യുക. ഡോക്ടറുടെ മേൽ നോട്ടത്തിൽ ക്ലിനിക്കിൽ ആദ്യത്തെ ഹെയർ വാഷ് നടത്തുക. മുടിയിൽ സലൈൻ തളിക്കുക. തലയയിൽ സ്‌പർശിക്കുകയോ ചൊറിയുന്നതോ ഒഴിവാക്കുക. സൂര്യപ്രകാശത്തിൽ പുറത്തു പോകുന്നത് ഒഴിവാക്കുക. പുറത്തുപോകുമ്പോൾ ഒരു സർജിക്കൽ തൊപ്പി ധരിക്കുക. 10-15 ദിവസത്തിനുശേഷം ഹെൽമെറ്റ് അല്ലെങ്കിൽ സാധാരണ തൊപ്പി ധരിക്കുക. മുടി കഴുകാൻ ഷാംപൂ വെള്ളം ഒഴിക്കുക. തലയിൽ തടവരുത്. മുറിവ് ഉണങ്ങുന്നത് വരെ തല ഒരു സർജിക്കൽ തൊപ്പിയോ കോട്ടൺ തുണിയോ ഉപയോഗിച്ച് മൂടുക. ട്രാൻസ്‌പ്ലാന്‍റ് ചെയ്ത ഭാഗത്തു ഈച്ചകളേയും കൊതുകിനേയും ഇരിക്കാൻ അനുവദിക്കരുത്. കുറഞ്ഞത് 2 ആഴ്ച്ചയെങ്കിലും നീന്തുന്നത് ഒ ഴിവാക്കുക. ട്രാൻസ്‌പ്ലാന്‍റ് കഴിഞ്ഞ് കുറഞ്ഞത് 10 ദിവസമെങ്കിലും കനത്ത വ്യായാമത്തിൽ നിന്ന് വിട്ടുനിൽക്കുക. മദ്യവും സിഗരറ്റും കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്. ഡോക്ടർ നിങ്ങൾക്ക് നൽകുന്ന ആന്‍റിബയോട്ടിക്കുകൾ കൃത്യസമയത്ത് കഴിക്കുക. ശസ്ത്രക്രിയയ്ക്ക് 24 മണിക്കൂർ മുമ്പ് വരെ ഡോക്ട‌റോട് പറയാതെ ഒരു മരുന്നും കഴിക്കരുത്.

മുടി ട്രാൻസ്പ്ലാന്‍റിന്‍റെ പാർശ്വഫലങ്ങൾ

ട്രാൻസ്പ്ലാന്‍റ് നടപടിക്രമം പൊതുവെ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. പക്ഷേ ചില പാർശ്വഫലങ്ങളും ഉണ്ടാകാം. തലയോട്ടിയിലെ വരണ്ട വ്രണങ്ങൾ ചൊറിച്ചിൽ, പൊള്ളൽ, മരവിപ്പ്, ഇക്കിളി നേരിയ തലവേദനയോ അസ്വസ്‌ഥതയോ നീർവീക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടേക്കാം. സാധാരണയായി ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതെല്ലാം പരിഹരിക്കപ്പെടും. എന്നാൽ ആ കാലയളവിന് ശേഷവും അവസ്‌ഥ മെച്ചപ്പെട്ടില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറെ ബന്ധപ്പെടേണ്ടത് പ്രധാനമാണ്.

മുടി മാറ്റിവയ്ക്കൽ എത്രത്തോളം അപകടകരമാണ്?

ഒരു പഠനമനുസരിച്ച് മുടി മാറ്റി വയ്ക്കൽ കേസുകളിൽ 4.7 ശതമാനം കേസുകളിലും നെഗറ്റീവ് ഫലങ്ങൾ കണ്ടു. എണ്ണം കുറവാണെങ്കിലും മാരകമായേക്കാവുന്ന അവസ്‌ഥ അണുബാധ തുടങ്ങിയ കേസുകളും ഇതിൽ ഉൾപ്പെടുന്നു. ആവശ്യമായ വൈദ്യപരിശോധനയും മുൻകരുതലുകളും ഇല്ലാതെ നടത്തുന്ന മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ജീവന് ഭീഷണിയാകുമെന്നതിന്‍റെ ഒരു ഉദാഹരണമാണ് കാൺപൂർ സംഭവം. ഈ സാഹചര്യത്തിൽ ഓഫർ കണ്ട് മാത്രം തിടുക്കത്തിൽ നടപടികൾ സ്വീകരിക്കരുത്.

മുടി മാറ്റിവയ്ക്കൽ ഇന്നത്തെ കാലത്ത് ഒരു സാധാരണ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയായി മാറിയിരിക്കുന്നു. എന്നാൽ അതിന്‍റെ സങ്കീർണതകൾ സാധാരണമാണെന്ന് കണക്കാക്കുന്നത് ശരിയല്ല.

അതിനാൽ അത് ചെയ്യുന്നതിന് മുമ്പ് ഓരോ വ്യക്തിയും തന്‍റെ ആരോഗ്യസ്ഥിതിയും നടപടിക്രമത്തിന്‍റെ വിശദാംശങ്ങളും ഡോക്‌ടറുടെ യോഗ്യതയും ക്ലിനിക്കിന്‍റെ വിശ്വാസ്യതയും സമഗ്രമായി അന്വേഷിക്കണം. മുടിയോടുള്ള ആഗ്രഹത്തിൽ തിടുക്കമോ അശ്രദ്ധയോ ഉണ്ടായാൽ അത് മാരകമായേക്കാം. നാം ജാഗ്രത പാലിക്കുകയും ശരിയായ വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമെങ്കിൽ ബദൽ രീതികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മുടിയേക്കാൾ പ്രധാനമാണ് ജീവിതം. അതിനാൽ വിവേകത്തോടെ തീരുമാനമെടുക്കുക.

കൂടുമാറ്റം

ഓട്ടോറിക്ഷ മുറ്റത്ത് വന്നുനിൽക്കുന്ന ശബ്ദം കേട്ടിട്ടാവണം അടുക്കളയിൽ നിന്നും അമ്മ തിടുക്കപ്പെട്ട് കോലായിലേക്ക് വരുന്നത് ഹരികൃഷ്ണൻ കണ്ടു.

“ങാ നീയായിരുന്നോ?” എന്ന ചോദ്യവും പിറകെ വന്നു.

“ഇന്ന് ഓഫീസ് അവധിയാ.. രണ്ടാം ശനിയുടെ. ഇവിടന്ന് എന്‍റെ കൊറച്ച് സാധനങ്ങൾ കൊണ്ടുപോകാനുണ്ട്. അതിനാ ഞാൻ..”

“അപ്പോ ഹേമ വന്നില്ലേ?”

“ഇല്ല ടൗണിൽ പോയിരിക്ക്യാ. എന്തൊക്കെയോ വാങ്ങാനുണ്ടെന്ന്.. അമ്മുവിനേം രമ്യേം കൂട്ടി.” അയാൾ അതും പറഞ്ഞുകൊണ്ട് വരാന്തയിലേക്ക് കയറി. ഉടനെ വന്നു അമ്മയുടെ അടുത്ത ചോദ്യം.

“നെനക്കെന്താ സുകൂലേ ഹരീ… കണ്ണും മൊകോക്കെ വല്ലാതിരിക്ക്?”

ഹരികൃഷ്ണൻ മറുപടിയും പെട്ടെന്നുണ്ടായി.

“അതമ്മേ രാത്രീല് നല്ല തല വേദനയായിരുന്നു. പഴയ മൈഗ്രേൻ… ശരിക്കൊറങ്ങില്ല്യ. ഇപ്പോ കൊഴപ്പുല്യ.”

അതും പറഞ്ഞ് അമ്മയുടെ മുഖത്തു നിന്നും കണ്ണെടുത്ത് അയാൾ വരാന്തയിലെ കസേരയിൽ ചാരിയിരുന്നു. കൂട് മാറിയ കിളി വീണ്ടും തന്‍റെ പഴയ കൂട്ടിലേക്ക് വന്നുകയറിയതിന്‍റെതായ ഒരു പരുങ്ങലോടെ അയാളങ്ങനെ ഇരിക്കുമ്പോൾ…

“നെനക്ക് കുടിക്കാനെന്തെങ്കിലും എടുക്കാം.” എന്നും പറഞ്ഞ് അമ്മ അകത്തേക്ക് കയറിപ്പോയി. ഇവിടുന്ന് ഏതാനും കിലോമീറ്ററുകൾക്കപ്പുറം അയാൾ ഒരു പുതിയ വീടുവച്ച് താമസം തുടങ്ങിയിട്ട് രണ്ടു ദിവസം ആകുന്നതേയുള്ളൂ. ഇന്ന് അവധി ആയതിനാലും കുടുംബ വീട്ടിൽ നിന്ന് ചില അതാവശ്യ സാധനങ്ങൾ എടുക്കാനുള്ളതു കൊണ്ടും അമ്മ വിളമ്പിത്തരുന്ന ഉച്ചയൂണ് കഴിക്കാനുള്ള കൊതികൊണ്ടും വന്നിരിക്കയാണ്. അയാളുടെ ഭാര്യ ഹേമയാകട്ടെ ചില വീട്ടുസാധനങ്ങളും മറ്റും വാങ്ങുന്നതിനായി പ്ലസ്‌ടുക്കാരി മകളെയും സ്വന്തം അനിയത്തി രമ്യയേയും കൂട്ടി ടൗണിലെ സുപ്പർ മാർക്കറ്റിൽ പോയിരിക്കുന്നു.

അമ്മ കൊണ്ടുവന്ന “സംഭാരം” വാങ്ങിക്കുടിച്ച് ഹരികൃഷ്‌ണൻ തെക്കെ മുറ്റത്തും പറമ്പിലുമായി അഞ്ചാറ് ചാൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഏറെ വർഷങ്ങൾക്കുശേഷം തറവാട്ടിൽ തിരിച്ചെത്തിയ ഒരാളുടെ കൗതുകത്തോടെയും ആവേശത്തോടെയുമാണ് രണ്ടുനാൾ മുമ്പ് പുതിയ വീട്ടിലേക്ക് മാറിപ്പോയ ഹരികൃഷ്ണൻ ആ വീട്ടുപരിസരം മുഴുവൻ കണ്ടുനടന്നത്.

അപ്പോഴേക്കും അമ്മ ഉണ്ണാൻ വിളിച്ചു. അയാൾ മുറ്റത്തെ പൈപ്പിൽ നിന്ന് കൈ കഴുകി അടുക്കളയിലേക്ക് നടന്നു.

ചുരുങ്ങിയനേരം കൊണ്ട് തനിക്കായി അമ്മ തയ്യാറാക്കിയ ഊണ് വിഭവങ്ങൾ മേശപുറത്ത് നിരത്തിയിരിക്കുന്നു. കൺ നിറയെ അയാളത് കണ്ടു. കുത്തരിയുടെ ചോറ്. പപ്പായ ഉപ്പേരി. കടുമാങ്ങ അച്ചാർ. പരിപ്പും മുരിങ്ങയിലയും ചേർത്തുണ്ടാക്കിയ ഒഴിച്ചുകറി. പപ്പടം, മോര്… പിന്നെ തനിക്കേറ്റവും ഇഷ്ടമുള്ള കയ്പ്‌പക്കാ കൊണ്ടാട്ടം.

തന്നോടുള്ള അമ്മയുടെ സ്നേഹ വാത്സല്യം മുഴുവനും ആ മേശപ്പുറത്ത് ഇത്തിരി വട്ടത്തിൽ… പാത്രത്തിൽ നിന്നും ഓരോ ഉരുള വാരിത്തിന്നുമ്പോഴും ഹരികൃഷ്ണൻ കണ്ണുകൾ ഈറനണിയുകയായിരുന്നു. ഊണ് കഴിഞ്ഞതും അയാൾ നേരെ ചെന്നത് രണ്ടു ദിവസം മുമ്പുവരെ താൻ കിടന്നുറങ്ങിയ പത്തുമുപ്പതു വർഷം തന്‍റെ സാമ്രാജ്യമായിരുന്ന മുറിയിലേക്കാണ്. ചില പ്രധാന വസ്‌തുക്കൾ ഇവിടുന്ന് പുതിയ വീട്ടിലേക്കു കൊണ്ടു പോകേണ്ടതുണ്ട്. മുറിയിലെ പഴയ ഇരുമ്പ് ഷെൽഫിൽ അടുക്കി കെട്ടിവച്ചിരിക്കുന്ന പഴയ മാസികകൾ കുറച്ച് പത്ര കട്ടിങ്ങുകൾ താൻ എഴുതിയ കവിതകൾ അച്ചടിച്ചുവന്ന മാസികകളും വാരാന്തപ്പതിപ്പുകളും. കോളേജ് പഠന കാലത്ത് സുഹൃത്തുക്കൾ അയച്ചിട്ടുള്ള കുറച്ചു കത്തുകൾ… പിന്നെയുള്ളത് താൻ ഈ വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ചില ലൊട്ടുലൊടുക്ക് സാധനങ്ങളാണ്. ഷേവിംഗ് സെറ്റ്, ടൂത്ത് ബ്രഷ്, കുളിക്കാൻ ഉപയോഗിക്കുന്ന തോർത്ത്, പേന, ലെറ്റർ പാഡ്, രണ്ട് മൂന്ന് പഴയ ഡയറി കൾ ഒരു മൊബൈൽ ചാർജർ. അങ്ങനെയങ്ങനെ കുറേ വസ്തുക്കൾ. ഇവിടുത്തെ എണ്ണമയമുള്ള പഴയ തോർത്തുകൊണ്ട് തോർത്തിയാലേ കുളിച്ചെന്ന തോന്നൽ തനിക്കുണ്ടാവൂ എന്നാലോചിച്ചപ്പോൾ ഹരികൃഷ്ണന് ഉള്ളിൽ ചിരിവന്നു.

ഒരു ബിഗ്ഷോപ്പറിലും മറ്റൊരു കവറിലും അയാൾ കിട്ടിയതെല്ലാം കുത്തി നിറച്ചു. ഇടയ്ക്ക് അമ്മ അടുക്കളയിൽ നിന്ന് എന്തൊക്കെയോ വിളിച്ചു ചോദിക്കുന്നും മറ്റുമുണ്ടായിരുന്നു. തനിക്ക് പുതിയ വീട്ടിലേക്ക് തന്നുവിടാനുള്ള ഓരോരോ സാധനങ്ങൾ പരതിയെടുക്കുകയാണ് പാവം. അത്യാവശ്യം വേണ്ടതൊക്കെ എടുത്തുവെച്ച് മുറിയിൽ നിന്നും പുറത്ത് കടന്നു. അപ്പോൾ കുളി മുറിയുടെ പുറത്ത് വരാന്തയിൽ അമ്മ നിൽക്കുന്നുണ്ടായിരുന്നു. കയ്യിൽ ഒരു കോപ്പയിൽ ഉച്ചഭക്ഷണത്തിന്‍റെ ബാക്കി മുറ്റത്തുള്ള കോഴികൾക്ക് വിതറിക്കൊടുക്കുകയാണ്. അമ്മയുടെ കയ്യിൽനിന്നും ചിതറി വീഴുന്ന വറ്റുകൾ കൊത്തിപ്പെറുക്കാൻ മത്സരിച്ചോടുന്ന കോഴികളെ നോക്കി ഏതാനും നിമിഷങ്ങൾ അയാൾ അവിടത്തന്നെ നിന്നു പോയി.

കുട്ടിക്കാലത്ത് ഞങ്ങൾ മൂന്നു മക്കൾക്കും അമ്മ ഉരുളയാക്കി ചോറ് വായിൽ വച്ചുതരുന്നതും. അനിയൻ എന്തെങ്കിലുമൊരു കാരണമുണ്ടാക്കി വാശിപിടിച്ച് പിണങ്ങിപ്പോകുന്നതും. അയാളും അനിയത്തിയും അവനെ ചൊടിപ്പിക്കാൻ ചുണ്ടുകൊണ്ട് കോക്രി കാട്ടിയതും എല്ലാം അയാൾക്ക് ഇപ്പോൾ ഓർമ്മയിലേക്ക് തികട്ടി വന്നു.

അനിയൻ ബിടെക് കഴിഞ്ഞ് ഗൾഫിലേക്ക് പോയി. വിവാഹശേഷം കുടുംബവുമൊത്ത് അവിടെ കഴിയുന്നു. ബിരുദ പഠനം പൂർത്തിയാക്കിയ അനിയത്തി മിലിട്ടറി ഉദ്യോഗസ്‌ഥനായ ഭർത്താവിനോടും മക്കളോടുമൊപ്പം ഇപ്പോൾ രാജസ്ഥാനിൽ…

ഹരികൃഷ്ണൻ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു അച്‌ഛൻ മരണം. വർഷങ്ങളായിട്ട് ഈ വീട്ടിൽ അമ്മയോടൊപ്പം അയാളും കുടുംബവുമാണ്. ഇനിയങ്ങോട്ട് ഇവിടെ അമ്മ തനിച്ച്.

സ്വന്തമായി പുതിയ ഒരു വീട് അയാൾ ആഗ്രഹിച്ചതല്ല. പക്ഷേ ഹേമയുടെ നിർബ്ബന്ധം വാശി. അയാൾക്ക് വഴങ്ങേണ്ടിവന്നു. ബാങ്ക് ലോണും പിഎഫ് അഡ്വാൻസും.. പിന്നെ അവളുടെ ഓഹരി വിറ്റു കിട്ടിയ കുറച്ച് തുകയും. അങ്ങനെ മൂന്ന് വർഷത്തെ കഠിനാധ്വാനം. പുതിയ കോഴികൾക്ക് അന്നം കൊടുക്കുന്ന അമ്മയുടെ പിറകിലൂടെ ഹരികൃഷ്‌ണൻ മുറ്റത്തിറങ്ങി.

നേരെ കണ്ണുകൾ ചെന്നത് മുറ്റത്തോട് ചേർന്നു നിൽക്കുന്ന വടുകപ്പുളി മരത്തിലേക്കാണ്. വർഷങ്ങളായി നന്നായി കായ്‌ഫലം തരുന്ന മരം. എങ്കിലും ഇക്കൊല്ലം കായ്കൾ കുറച്ചേയുള്ളൂ. വിളഞ്ഞ് പാകമായിത്തുടങ്ങിയിട്ടില്ല. കുട്ടിക്കാലത്ത് തങ്ങളുടെ വിശപ്പും ദാഹവും ഒരു പരിധിവരെ പരിഹരിച്ചിരുന്ന ദയാനിധിയായിരുന്നല്ലോ ഈ മരം എന്ന് അപ്പോൾ നന്ദിയോടെ അയാൾ ഓർത്തു. കിണറിനടുത്തേക്ക് അയാൾ പതുക്കെ നടന്നു. മഴ മാറിയിട്ടും പുല്ല് വളർന്ന് കിണർ പരിസരം ആകെ വൃത്തികേടായിട്ടുണ്ട്. മുമ്പൊക്കെ അമ്മ തന്നെ അതെല്ലാം പറിച്ചു കളയുമായിരുന്നു. ഇപ്പോൾ നടുവേദനയും മുട്ടു വേദനയും എല്ലാം കൂടി. ഒന്നിനും വയ്യാതായിരിക്കുന്നു അമ്മയ്ക്ക്. അതാലോചിച്ചപ്പോൾ അയാൾക്ക് വിഷമം തോന്നി.

തേപ്പ് സിമൻറ് പലേടത്തും അടർന്നു മാറി ചെങ്കല്ല് തെളിഞ്ഞു കാണുന്ന കിണറിന്‍റെ ഫ്ളാറ്റ്ഫോമിലേക്ക് കയറി. കിണറിനുള്ളിലേക്ക് അയാൾ ഏന്തിവലിഞ്ഞ് നോക്കി. സ്ഫ‌ടികസമാനമായ തെളിനീർ. നീല നിറം. ഗ്രാമവിശുദ്ധി വിളംബരം ചെയ്യുന്ന ഈ തറവാട്ടുകിണറും ഇനി തന്‍റെ നഷ്ടങ്ങളുടെ പട്ടികയിലാണ്. പുതിയ പൊറുതി സ്‌ഥലത്തേക്ക് ഒരിക്കലും എടുത്തുകൊണ്ടുപോകാൻ പറ്റാത്ത ഒരു സ്നേഹകുംഭം. അതാണ് ഈ കിണർ. ഏത് കഠിനമായ വേനലിലും അടിത്തട്ടിൽ വറ്റാത്ത നീരുറവ കാത്തുസൂക്ഷിച്ച് ഈ കരുണാമയി ഞങ്ങൾക്കായി ചുരത്തി. എത്രയോ അനുഭവിച്ചതാണ് ആ സ്നേഹം. അമ്മയുടെ സ്നേഹം പോലെ.. അയാൾ പിന്നെയും കുറച്ചുനേരം എന്തൊക്കെയോ ആലോചിച്ചങ്ങനെ… പെട്ടെന്ന് വേറെന്തോ ചിന്തയിൽ കിണറിനടുത്തുനിന്നും ഹരികൃഷ്ണൻ മടങ്ങി. ഹേമയും മറ്റും ഇപ്പോൾ ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തും. അതിനും മുമ്പായി തനിക്ക്… അയാൾ വരാന്തയിലേക്ക് തിരിച്ചു കയറുമ്പോൾ അവിടെ അമ്മ ഉണ്ടായിരുന്നില്ല. മുറ്റത്ത് അമ്മയുടെ സ്നേഹം അനുഭവിച്ചുകൊണ്ട് ഓടി നടന്നിരുന്ന ആ കോഴികളും.

MY ഓണം MY ഡെസിഗ്‌നേഷൻ

കേരളത്തിൽ വളർന്നവർക്ക് ഓണം ഒരു ആഷോഷത്തിനപ്പുറം നൊസ്റ്റാൾജിയ ഉണർത്തുന്ന, അതിശയിപ്പിക്കുന്ന വികാരമാണ്. ഓണം ഇങ്ങടുത്തുവരുമ്പോൾ അന്തരീക്ഷത്തിന് പോലും മാന്ത്രികഭാവം കൈ വരും…

കള്ളക്കർക്കിടകത്തിന്‍റെ കറുത്ത മൂടുപാടം മാറ്റി പ്രകൃതി സ്വർണ വെയിൽ പട്ട് ചുറ്റുന്ന സമയം.. അന്തരീക്ഷത്തിലെവിടേയും ചിങ്ങക്കാറ്റിന്‍റെ മർമ്മരം, കായ വറുക്കുന്നതിന്‍റെ സുഗന്ധം, പൂക്കളുടെ സംഗീതം… ആങ്ങനെ ഓണ ദിനങ്ങൾ അനുഭവിച്ചറിഞ്ഞു മാത്രം വിശദീകരിക്കാൻ കഴിയുന്ന സവിശേഷ വികാരമാണ്..

കുട്ടികൾക്കാവട്ടെ അവർ കാത്തിരുന്ന സ്‌കൂൾ അവധിക്കാലത്തിന്‍റെ ആവേശമാണ്. ഒരു മേൽക്കൂരയ്ക്ക് കീഴിൽ ബന്ധുക്കളും കൂട്ടുകാരുമായി വീണ്ടും ഒന്നിക്കുന്നതിന്‍റെ സന്തോഷം. ഓണ പൂക്കളത്തിനായി കുട്ട നിറയെ പൂക്കൾ ശേഖരിക്കാനുള്ള ആഹ്ളാദം, മുതിർന്നവർ സ്നേഹപൂർവ്വം സമ്മാനിച്ച പുത്തൻ ഓണക്കോടി ധരിക്കുന്നതിന്‍റെ അഭിമാനം.

ലോകത്തിന്‍റെ ഏത് കോണിലായാലും ഓരോ മലയാളിയും ഓണത്തിന്‍റെ സ്വന്തം പതിപ്പ് ഹ്യദയത്തിൽ ചേർത്തു വെയ്ക്കുന്നു. ചിലർക്ക് നിലത്തിരുന്നു വാഴയിലയിൽ സദ്യ വിളമ്പിക്കഴിക്കുന്നതിന്‍റെ ഉഷ്മളതയാണത്. അടുക്കളയിൽ നിന്ന് പായസത്തിന്‍റെ സുഗന്ധം ഒഴുകി എത്തുമ്പോൾ ടിവിയിൽ ഓണത്തിന്‍റെ പ്രത്യേക പരിപാടികൾ കാണുന്ന സന്തോഷം ചിലർക്ക്. അങ്ങനെ എന്നും നിലനിൽക്കുന്ന ഓർമ്മയായി ഓരോ ഓണവും മാറുന്നു.

കേരളത്തിനകത്തും പുറത്തും വളർന്നു വരുന്ന ക്ലോതിങ് ബ്രാൻഡ് ആയ മൈ ഡെസിഗ്‌നേഷൻ യഥാർത്ഥത്തിൽ ഈ ഓർമ്മകളെ ചേർത്തുപിടിക്കുകയാണ്. ഇവിടെ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുക മാത്രമല്ല മലയാളത്തനിമയുടെ സംസ്കൃതിയുടെ കഥകൾ അഭിമാനത്തോടെ നമുക്ക് ധരിക്കാൻ നൂലിഴയിൽ തുന്നിച്ചേർക്കുകയാണ്. ഒരു മലയാളിയായി വളർന്നതിന്‍റെ നൊസ്‌റ്റാൾജിയയെ അങ്ങനെ ഓരോ ഓണവേളയിലും സജീവമാക്കുന്നു.

മൈ ഡെസിഗ്നേഷൻ ഓണം

ഓരോ വർഷവും ഓണം അടുക്കുമ്പോൾ ആവേശം കൊണ്ട് ഞങ്ങളുടേയും ഹൃദയമിടിപ്പു കൂടുകയാണ്. അത് ആഘോഷങ്ങൾക്ക് വേണ്ടി മാത്രമല്ല, പുതിയ ഡി സൈൻ സൃഷ്ടിക്കുന്നതിന്‍റെ സന്തോഷ ത്തിലും കൂടിയാണ്. ശരിക്കും ഒരു സ്‌റ്റൈ ൽ സ്റ്റേറ്റ്‌മെന്റ് എന്നതിനപ്പുറം ആളുക ളെ അവരുടെ വേരുകളെക്കുറിച്ച് ഓർമ്മി പ്പിക്കാൻ കൂടിയുള്ളതാണ് ഈ വേള. നൊ സ്‌റ്റാൾജിയ ഉണർത്താനും ബന്ധങ്ങൾ കൂട്ടിയിണക്കാനും എവിടെയും ഓണാ ഘോഷത്തിൻറ ആരവം ഉയർത്താനും

 

ഉതകുന്നതാണ് മൈഡെസിഗ്‌നേഷൻ ഓരോ ഫാഷൻ ഡിസൈനും.

 

ബോൾഡ് എംബ്രോയ്ഡറി ചെയ്തത വടംവലി ഡിസൈൻ മുതൽ ചുവർചിത്ര കലവരെ, പ്രിയപ്പെട്ട ഓണത്തിന്‍റെ രൂപ ങ്ങൾ പകർത്തുന്ന പ്രിൻറുകൾ വരെ. ന മ്മുടെ ഊർജ്ജസ്വലമായ പൈതൃകത്തെ ആഘോഷിക്കുന്ന സൃഷ്ടികൾ ആണ്. കേരളത്തിന്‍റെ പാരമ്പര്യ തനിമയും ഊ ഷ്‌മളതയും കലകളും സമന്വയിപ്പിക്കുന്ന നിറങ്ങളും ഡിസൈനുകളും പ്രത്യേകമാ al contrastrasoning any lanzarawaars can ന്നിയെടുത്തിരിക്കുന്നു. ഒട്ടും വിട്ടുവീഴ്ച്ചയില്ലാത്ത ആ രൂപകൽപ്പന കൊണ്ടാണ് മുംബൈ പോലുള്ള സ്‌ഥലങ്ങളിൽ കേരള ഷർട്ട് തരംഗമായത്. സംസ്ഥാനത്തിന് പുറത്തുള്ള ആളുകൾ പോലും നമ്മുടെ സംസ്കാരത്തെ സ്വന്തം എന്ന് സ്വീകരിക്കുന്നത് അഭിമാനാർഹമാണ്.

ബാലരാമപുരത്തെ പരമ്പരാഗത നെയ്ത് സമൂഹവുമായുള്ള സഹകരണമാണ് മൈഡെസിഗ്നേഷൻ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്ന്. തലമുറകളായി അവർ കേരളത്തിന്‍റെ കൈത്തറി പൈതൃകത്തിന്‍റെ സൂക്ഷിപ്പുകാരാണ്. അവരുമായുള്ള പങ്കാളിത്തം തുണിത്തരങ്ങളിൽ മാത്രമല്ല ശാക്‌തീകരണം, സംരക്ഷണം, അംഗീകാരം എന്നിവയും ലക്ഷ്യമിടുന്നു. പാരമ്പര്യത്തോടുള്ള ആദരവ് എന്ന നിലയിലും തദ്ദേശീയമായ ഫാഷനോടുള്ള പ്രതിബദ്ധത എന്ന നിലയിലും അവരുടെ പാരമ്പര്യത്തെ മുൻപന്തിയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചു. അതിനോടുള്ള ജനങ്ങളുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു.

ഓണക്കോടി സമ്മാനം

ഹൃദയങ്ങളെ നിറയ്ക്കുന്ന മറ്റൊരു അധ്യായം- അതാണ് ക്യൂറേറ്റഡ് ഓണക്കോടി സമ്മാനപ്പൊതികൾ. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി രൂപ കൽപ്പന ചെയ്ത‌ ഈ ഫെസ്‌റ്റിവൽ ബോക്സ് സന്തോഷവും ആശ്ചര്യവും ഗൃഹാതുരത്വവും നൽകുന്നു. ആളുകൾക്ക് അവരുടെ ബാല്യകാലം ഓർത്തു കൊണ്ട് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മഹത്തായ ഓണം പങ്കിടാനുള്ള അവസരം ഒരുക്കുന്നു. “ഈ വർഷം എന്‍റെ ഓണാഘോഷം പൂർണമാക്കിയത് മൈ ഡെസിഗ്‌നേഷൻ ആണ്” എന്ന് കേൾക്കുന്നത് എത്ര സന്തോഷമാണ്.

നാട്ടിൽ നിന്ന് ആഗോളതലത്തിലേക്ക്

വലിയ സ്വപ്നങ്ങളുള്ള ഒരു ചെറിയ ലേബലായിട്ടാണ് തുടക്കം. കേരളത്തിന്‍റെ ഊർജ്ജസ്വലമായ സംസ്‌കാരത്തെ ആഘോഷിക്കുന്ന ആഗോള സാന്നിധ്യമുള്ള ഒരു സൗഹൃദ ബ്രാൻഡായി മൈ ഡെസിഗ്നേഷൻ ഇപ്പോൾ വളർന്നിരിക്കുന്നു.

സിറ്റുവേഷൻഷിപ്പ് പുതിയ ട്രെൻഡ്

ഹിന്ദി ചിത്രമായ “ഉപ്കാർ” എന്ന ചിത്രത്തിലെ “കമ്മേ വാദേ പ്യാർ വഫാ…” എന്ന ഗാനം ഒരു സിറ്റുവേഷനിസം ബന്ധത്തെയാണ് ചിത്രീകരിക്കുന്നത്. അതിലെ നായികയ്ക്കും നായകനുമിടയിലെ ബന്ധത്തെ എന്ത് പേര് ചൊല്ലി വിളിക്കണമെന്ന ആശങ്കയെ ഇല്ലാതാക്കുകയാണ് സിറ്റുവേഷനിസം എന്ന ബന്ധം. ഇതിൽ രണ്ടുപേർ പരസ്‌പരം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരുമിച്ച് ജീവിക്കുന്നു. ഇതിൽ രണ്ടുപേർക്കും ഒരുമിച്ച് പുറത്തു പോകാം. ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കാം. എന്നാൽ ഈ ബന്ധത്തിന് പ്രണയത്തിന്‍റെതായ ഒരു സ്‌റ്റാറ്റസും ഉണ്ടായിരിക്കുകയുമില്ല. അങ്ങനെ പ്രണയത്തിന്‍റെതായ യാതൊരു അടയാളവും ഉണ്ടായിരിക്കുകയുമില്ല.

ഇവിടെ നിരുപാധികമായി അതും ഒരാൾ ആഗ്രഹിക്കുന്നിടത്തോളം കാലം ഈ സിറ്റുവേഷൻഷിപ്പ് ബന്ധത്തിൽ തുടരാം. മടുക്കുമ്പോൾ അവസാനിപ്പിക്കുകയും ചെയ്യാം. ഇക്കാര്യത്തിൽ മറ്റേ പങ്കാളിയോട് പ്രതിബദ്ധതയൊന്നും കാട്ടേണ്ടതുമില്ല. മറ്റൊന്ന് ഈ ബന്ധത്തെക്കുറിച്ച് അവർ ആരോടും പറയാൻ ആഗ്രഹിക്കുകയുമില്ല. അതിന് ഒരു പേരും നൽകാൻ ആഗ്രഹിക്കുന്നില്ല. അധികമാർക്കും സുപരിചിതമല്ലാത്ത ഈ സിറ്റുവേഷൻഷിപ്പ് ബന്ധം എങ്ങനെയുള്ളതാണെന്ന് അറിയണ്ടേ.

“മേനെ പ്യാർ കിയ” “ബാഘി” “ഖയാമത് സെ ഖയാമൽ തക്” തുടങ്ങിയ നിരവധി സിനിമകളിൽ കാണിച്ചിരിക്കുന്നതുപോലെ പ്രണയത്തിനുവേണ്ടി ആളുകൾ മത്സരിക്കുകയും അതിനായി മരിക്കുകയും സ്വന്തം വീടുകൾ ഉപേക്ഷിക്കുകയും ചെയ്തത് ഒരു കാലമുണ്ടായിരുന്നു. വാസ്തവത്തിൽ ഈ സിനിമകൾ സമൂഹത്തിന്‍റെ യഥാർത്ഥ കണ്ണാടിയായിരുന്നു.

എന്നാൽ ഇപ്പോൾ പ്രണയം അങ്ങനെ സ്വാഭാവികമായി “സംഭവിക്കുന്നില്ല.” മറിച്ച് ശ്രദ്ധാപൂർവ്വമായ പരിഗണനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും വിധേയമായ ശേഷമാണ് അത് സംഭവിക്കുന്നത്. പരസ്പരം പ്രതിബദ്ധത ഉണ്ടാകുന്നതിനു മുമ്പായി ഇന്നത്തെ യുവാക്കൾ ആ ബന്ധത്തെ കുറിച്ച് നൂറ് തവണ ചിന്തിക്കുകയും ആ ബന്ധത്തിൽ കുറച്ചുകാലം ഒരുമിച്ച് താമസിച്ചുകൊണ്ട് പരസ്പ‌രം ജഡ്‌ജ് ചെയ്യുകയും ചെയ്യുന്നു. പിന്നീട് എല്ലാം ശരിയാണെന്ന് തോന്നുകയാണെങ്കിൽ അത് തുടർന്നുപോകാം. അല്ലാത്ത പക്ഷം അവർ സ്വന്തം റൂട്ട് മാറ്റാൻ അധികം സമയമെടുക്കില്ല. എന്നാൽ പിന്നീട് അവർ അവരുടെ റൂട്ട് മാറ്റിയാൽ തന്നെ വേർപിരിയലിനെ നേരിടാൻ അവർക്ക് ശക്തിയുണ്ടാകണമെന്നില്ല. അതിനാലാണ് ഒരു മിഡ് പാത്ത് എന്ന നിലയിൽ ഈയൊരു ആശയം ഉയർന്നുവരുന്നത്. അവിടെ വേർപിരിയലോ പ്രതിബന്ധതയോ ഇല്ല. മറിച്ച് ഒരുമയുണ്ട്. ഇതിനെയാണ് നമ്മുടെ പുതിയ തലമുറ ഇപ്പോൾ സിറ്റുവേഷൻഷിപ്പ് റിലേഷൻ എന്നുവിളിക്കുന്നത്.

അതായത് അത്തരമൊരു ബന്ധമുണ്ട്. പക്ഷേ അതിന്‍റെ പേര് അനുസരിച്ച് “സിറ്റുവേഷൻ” “റിലേഷൻ” എന്നീ രണ്ട് വാക്കുകൾ ചേർന്നതാണ്. ഈ ബന്ധം സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. അതായത് ഇവിടെ ബന്ധം നിലനിർത്താൻ പരസ്പരമുള്ള സമ്മർദ്ദമുണ്ടായിരിക്കുകയില്ല. കാരണം അവർക്കിടയിൽ പ്രതിബദ്ധതയുണ്ടായിരിക്കുകയില്ല. ഈ ബന്ധത്തിൽ സ്വന്തം പ്രണയവും ശാരീരിക ആവശ്യങ്ങളും നിറവേറ്റുന്നതിനായി അവർ ഒത്തുചേരുന്നു അത്രമാത്രം.

ചിലർ സമയം കളയാൻ വേണ്ടി പോലും ഈ ബന്ധത്തിൽ ഏർപ്പെടാറുണ്ട്. ഈ ബന്ധത്തിൽ നിന്നും വേർപിരിയാൻ വളരെ എളുപ്പമാണ്. ഒരു വിശദീകരണവുമില്ലാതെ അതും ഒരു ചോദ്യവുമില്ലാതെ പങ്കാളിയെ ഉപേക്ഷിക്കാം.

എന്തുകൊണ്ട് യുവാക്കൾ സിറ്റുവേഷൻഷിപ്പ് റിലേഷൻ ഇഷ്ട‌പ്പെടുന്നു?

ഇതിനെക്കുറിച്ച് ബിരുദവിദ്യാർത്ഥിയായ നിഹാൽ പറയുന്നത് ഇങ്ങനെയാണ്. “വാസ്തവത്തിൽ മുൻ ബന്ധത്തിലുണ്ടായ വഞ്ചനയോ പരാജയമോ മൂലമാണ് പലരും ഇത്തരത്തിലുള്ള ബന്ധത്തിന് മുതിരുന്നത്. രണ്ടാമതായി ഒരിക്കൽ വേർപിരിയലിന്‍റെ വേദനയിലൂടെ കടന്നുപോയ ശേഷം വീണ്ടും ഹൃദയഭേദകമായ സാഹചര്യങ്ങളിലേക്ക് പോകാൻ അവർ ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം.” അതേസമയയം ജീവിത ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ തന്നെ ബന്ധത്തിന്‍റെ ഗുണങ്ങൾ ആസ്വദിക്കാമെന്നും ചിലർ വിശ്വസിക്കുകയും ചെയ്യുന്നു.

സിറ്റുവേഷൻഷിപ്പ് റിലേഷൻ ഗുണങ്ങൾ

അത്തരം ബന്ധങ്ങളിൽ അടുപ്പത്തിന്‍റെ നിലവാരം ഒരുമിച്ച് ചെലവഴിക്കുന്ന സമയം മുതലായവ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. ഇതിൽ രണ്ട് വ്യക്തികൾ ഒരു പ്രണയ ബന്ധത്തിന്‍റെ ഗുണങ്ങൾ പരസ്പ്‌പരം പങ്കിടാൻ മാത്രമാണ് ഒന്നിക്കുന്നത്. അവിടെ അവർ പരസ്പരം സ്നേഹപൂർവ്വമായ യാതൊരു വാഗ്ദാനവും നൽകുന്നില്ല. ഈ ബന്ധത്തിൽ പങ്കാളികൾക്കിടയിൽ ഭാവിയെക്കുറിച്ച് യാതൊരു ചർച്ചയും ഉണ്ടായിരിക്കുകയില്ല. രണ്ടുപേരും ഒരു നിബന്ധനയുമില്ലാതെ ഒരുമിച്ച് ജീവിക്കുകയും നല്ല സമയം ചെലവഴിക്കുകയും ചെയ്യുന്നു. പലപ്പോഴും ഒരു സിറ്റുവേഷൻഷിപ്പ് ബന്ധത്തിലേക്ക് വരുന്നതിലൂടെ യുവാക്കൾക്ക് സ്വയം അറിയാനും മനസ്സിലാക്കാനും അവസരം ലഭിക്കുന്നു. ബന്ധത്തിൽ ഏർപ്പെട്ടതിനുശേഷം സ്വന്തം മുൻഗണനകളെക്കുറിച്ച് അവർക്ക് കൂടുതൽ മനസിലാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.

സിറ്റുവേഷൻഷിപ്പ് ബന്ധമാണോ എന്ന് എങ്ങനെയറിയാം

ഈ ബന്ധത്തിൽ പങ്കാളികൾ പൊതുസ്‌ഥലങ്ങളിൽ കണ്ടുമുട്ടുന്നത് ഒഴിവാക്കുകയും പരസ്പരം വീട് സന്ദർശിക്കുന്നതും ബന്ധുക്കളെ കണ്ടുമുട്ടുന്നതും ഒഴിവാക്കുകയും ചെയ്യും. ഒരു സോഷ്യൽ ഗെറ്റ് ടുഗതറിന് പോകുമ്പോൾ കൂടെയുള്ള പങ്കാളി അപരിചിതനായി മാറുന്നുവെങ്കിൽ അത് സിറ്റുവേഷൻഷിപ്പ് ബന്ധത്തിന്‍റെ ലക്ഷണമായി കണക്കാക്കാം. പങ്കാളി വളരെ അടുത്തയാളാണെങ്കിലും അമിതമായ വൈകാരിക അടുപ്പവും ഏതെങ്കിലും തരത്തിലുള്ള പ്രതിബന്ധതയും ഒഴിവാക്കുന്നുണ്ടെങ്കിൽ നിങ്ങൾ സിറ്റുവേഷൻഷിപ്പ് ബന്ധത്തിലാണെന്ന് വ്യക്തമാണ്. അതുപോലെ പ്രധാനമാണ് ഇരുവരും ബന്ധം ഔദ്യോഗികമായി അംഗീകരിക്കാത്തതും.

സിറ്റുവേഷൻഷിപ്പ് ബന്ധത്തിന്‍റെ പോരായ്‌മകൾ

ഈ ബന്ധത്തിൽ പ്രതിബന്ധതയില്ലെന്നത് ഉറപ്പാണ്. എന്നാൽ കാര്യങ്ങൾ നിങ്ങളുടെ ആഗ്രഹപ്രകാരം സംഭവിക്കുന്നില്ലെങ്കിൽ സ്വാഭാവികമായും നിങ്ങളെ പ്രകോപിതരാക്കുമെന്ന ന്യൂനതയുമുണ്ട്. ബന്ധത്തിലുള്ള ഒരു വ്യക്‌തി കൂടുതൽ വൈകാരികമായി പെരുമാറുന്ന ആളാണെങ്കിൽ ഈ ബന്ധം അയാളിൽ വൈകാരിക ഏറ്റക്കുറച്ചിലുകളും അരക്ഷിതാവസ്‌ഥയും സൃഷ്ടിക്കും.

മറ്റൊന്ന് സിറ്റുവേഷൻഷിപ്പ് ബന്ധം കാരണം, പല നല്ല പങ്കാളികളും നിങ്ങളുടെ കൈകളിൽ നിന്ന് വഴുതിപ്പോയേക്കാം. സിറ്റുവേഷൻഷിപ്പ് ബന്ധത്തിലായിരിക്കുകമ്പോൾ യഥാർത്ഥ ജീവിത പങ്കാളിയെ തേടാനുള്ള മറ്റ് ഓപ്ഷനുകൾ പോലും അതിലുള്ള വ്യക്ത്‌തികൾ പരിഗണിച്ചെന്ന് വരില്ല. ഇക്കാരണംകൊണ്ട് പലപ്പോഴും ജീവിതകാലം മുഴുവനും ഒപ്പം തുടരാനുള്ള ഒരു നല്ല പങ്കാളിയെ നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം.

സിറ്റുവേഷൻഷിപ്പ് ബന്ധം ഒരു സമ്പൂർണ്ണ ബന്ധമല്ലാത്തതിനാൽ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. സിറ്റുവേഷൻഷിപ്പ് ബന്ധത്തിലായിരിക്കുന്ന സാഹചര്യത്തിൽ രണ്ടുപേരിൽ ഒരാൾ ബന്ധത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെങ്കിൽ അയാളിൽ- അവളിൽ വൈകാരിക ആശയക്കുഴപ്പം സ്വാഭാവികമായും ഉണ്ടാകാം. കാരണം ബന്ധത്തിൽ ഏത് ഘട്ടത്തിലാണ് തങ്ങൾ നിൽക്കുന്നതെന്ന് ഇരുവർക്കും യാതൊരു അറിവും ഉണ്ടാകണമെന്നില്ല. ഇത്തരത്തിലുള്ള വൈകാരിക പിരിമുറുക്കം അവർക്ക് കടുത്ത മാനസിക സമ്മർദ്ദം നൽകും. കൂടാതെ സിറ്റുവേഷൻഷിപ്പ് ബന്ധത്തിന് ധാരാളം സമയവും ഊർജ്ജവും പാഴാക്കപ്പെടും. അവരുടെ ബന്ധം മനസ്സിലാക്കാനും അതിന് ശരിയായ ദിശ നൽകാനും അവർക്ക് ധാരാളം സമയം ചെലവഴിക്കേണ്ടി വരും. പക്ഷേ ഒടുവിൽ ആ ബന്ധം ഒരു നിഗമനത്തിലുമെത്താതെ വരുന്നതോടെ അതിനായി ചെലവഴിച്ച സമയവും ഊർജ്ജവും പാഴാകുമെന്നത് ഉറപ്പാണ്.

മാത്രവുമല്ല, ഈ ബന്ധത്തിൽ ഭാവിയെക്കറച്ച് ഒരു ഉറപ്പുമുണ്ടാവില്ല. ഇതിൽ രണ്ടുപേരും പരസ്‌പരം സമയം ചെലവഴിക്കുന്നുണ്ട്. പക്ഷേ ഭാവിയിൽ അവരുടെ ബന്ധത്തിന് ഉറച്ച അടിത്തറയുണ്ടാകുമോ ഇല്ലയോ എന്ന് അവർക്ക് നിശ്ചയിക്കാനാവില്ല. അതിനാൽ അത്തരമൊരു ബന്ധത്തെ ശ്രദ്ധാപൂർവ്വം പഠിക്കേണ്ടത് അനിവാര്യമാണ്.

വൺ വേ പ്രണയത്തിന്‍റെ അപകടങ്ങൾ

പ്രണയം നിരാകരിച്ചതിന്‍റെ പേരിൽ കേരളത്തിൽ കഴിഞ്ഞ ദിവസമാണ് ഒരു യുവ ഡോക്ടറെ ഒരു യുവാവ് വെടിവെച്ചു കൊലപ്പെടുത്തുകയും സ്വയം വെടിവെച്ചു മരിക്കുകയും ചെയ്തത്. കേരളത്തെ നടുക്കിയ  വെടിവയ്പ് സംഭവത്തിലെ രണ്ട് ഇരകളും ഇൻസ്റ്റഗ്രാമിലൂടെ സുഹൃത്തുക്കൾ ആയവരാണ്. തുടർന്ന് ആ സൗഹൃദം മുന്നോട്ട് കൊണ്ടുപോകാൻ പെൺകുട്ടി താല്പര്യം പ്രകടിപ്പിക്കാതെ വന്നപ്പോൾ ഈ കടും കൈ ചെയ്യാൻ യുവാവ് തയ്യാറാവുകയായിരുന്നു.

മറ്റൊരു സംഭവം ഇങ്ങനെ. സൗരഭ് ബന്ധുവിന്‍റെ വിവാഹചടങ്ങിലാണ് ആ പെൺകുട്ടിയെ ആദ്യമായി കണ്ടത് ആദ്യത്തെ കാഴ്ചയിൽ തന്നെ അവന് ആ പെൺകുട്ടിയെ ഇഷ്ടമായി. കല്യാണം കഴിഞ്ഞപ്പോൾ പെൺകുട്ടിയും തിരികെ പോയി. പക്ഷേ, സൗരഭ് വൺ വേ പ്രണയത്തിൽ ഭ്രാന്തനായി. ദിവസവും ആ പെൺകുട്ടിയെ ആലോചിച്ച് ദുഖിതനായി.

പെൺകുട്ടിയെക്കുറിച്ച് തന്‍റെ ബന്ധുവിനോട് ചോദിച്ചറിയാനും അവളെ കാണാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ അവന്‍റെ ബന്ധു പറഞ്ഞു, “നിങ്ങൾ ശിഖയുമായി പ്രണയത്തിലാണെന്നോ, അവളുടെ വിവാഹനിശ്ചയം കഴിഞ്ഞു. 2 മാസത്തിനു ശേഷം വിവാഹിതയാകാൻ പോകുന്ന കുട്ടിയാണ്.” ആ ചിന്തകളൊക്കെ മറന്നേക്കാൻ ബന്ധു ഉപദേശിച്ചു. അതോടെ സൗരഭിന്‍റെ സ്വപ്നങ്ങളെല്ലാം തകർന്നു. അവൻ വളരെ വിഷാദത്തിലായി, അത് അവനെ ക്രമേണ ആത്മഹത്യയിലേക്ക് നയിച്ചു.

പ്രണയം തോന്നുകയും നഷ്ടപ്പെടുമ്പോൾ പകയോ ദേഷ്യണോ നിരാശയോ തോന്നുകയും ചെയുന്നത് സ്വാഭാവികം ആണ്. എന്നാൽ അത് ജീവൻ എടുക്കുന്ന തരത്തിലേക്ക് മാറുന്നത് തികച്ചും അവിവേകമാണ്.

വൺ വേ പ്രണയങ്ങൾ എന്തു കൊണ്ടാണ് ഇത്രയും അപകടം ഉണ്ടാക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ഒരാൾക്ക് തന്നോട് ഭ്രാന്തമായി പ്രണയമുണ്ടെന്ന് പോലും അറിയാത്ത ഒരാളെ അംഗീകരിക്കണോ വേണ്ടയോ എന്ന ചോദ്യം എവിടെയാണ് ഉയരുന്നത്.

ആരെയെങ്കിലും സ്നേഹിക്കുകയോ സ്നേഹിക്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ മനസ്സിൽ ഉള്ള കാര്യം തുറന്നു പറയാൻ മടിക്കരുത്. അല്ലെങ്കിൽ വൈകരുത്. സമയബന്ധിതമായി ഇതിനെക്കുറിച്ച് പറയുക, ആ വ്യക്തി അത് നിരസിക്കുകയാണെങ്കിൽ പിന്നോട്ട് പോകുന്നതാണ് നല്ലത്. അയാൾക്ക് ഉത്തരം പറയാൻ കുറച്ച് സമയം വേണമെങ്കിൽ, അത് നൽകണം.സ്നേഹത്തിൽ ഒരു നിർബന്ധവും നിബന്ധനകളും ഗുണം ചെയ്യില്ല.

സ്നേഹം നിരസിക്കപ്പെട്ടാൽ, ലോകം അവസാനിച്ചു എന്നല്ല ഇതിനർത്ഥം. അത്തരമൊരു സാഹചര്യത്തിൽ, പ്രതികാരം ചെയ്യുന്നതിനെക്കുറിച്ചോ ആ വ്യക്തിയെ ഒരു പാഠം പഠിപ്പിക്കുന്നതിനെക്കുറിച്ചോ ആണ് ചിലർ ചിന്തിക്കുന്നത്.

ആൺകുട്ടികൾ അവരുടെ ഏകപക്ഷീയമായ സ്നേഹം പ്രകടിപ്പിക്കാൻ ഉത്സുകരാകുമ്പോൾ, പെൺകുട്ടികൾക്ക് അവരുടെ ലജ്ജ കാരണം അത് പ്രകടിപ്പിക്കാൻ കഴിയുന്നില്ല.

പലപ്പോഴും ഒരാളിലേക്ക് ആകർഷിക്കപ്പെടുമ്പോൾ, ഭൂരിപക്ഷം പേരും ആ ആകർഷണത്തെ സ്നേഹമായി ചിന്തിക്കാൻ തുടങ്ങും. എന്നാൽ ഇവ രണ്ടും വ്യത്യസ്ത കാര്യങ്ങളാണ്. ആകർഷണം വെറും ഭ്രമമാണ്, സ്നേഹം വികാരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, ആകർഷണം കാമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കാമത്തിന് സ്നേഹത്തിന്‍റെ പേര് നൽകുന്നത് ബുദ്ധിയല്ല. വൺ വേ പ്രണയത്തിലെ പരാജയത്തെ വഞ്ചന എന്ന് വിളിക്കാനാവില്ല, കാരണം അയാൾക്ക് ഇതിനെക്കുറിച്ച് കാര്യമായ അറിയില്ല. സ്നേഹം അംഗീകരിക്കപ്പെട്ടാൽ, മനസ്സിന്‍റെ ആഗ്രഹം നിറവേറ്റാൻ കഴിയുമെന്നു മാത്രം കരുതുക. അല്ലാത്തപക്ഷം ബന്ധപ്പെട്ട വ്യക്തിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.

സ്നേഹത്തിനുപകരം സ്നേഹമാണ് നമുക്ക് വേണ്ടത്, എന്നാൽ സ്നേഹം ഏകപക്ഷീയമാകുമ്പോൾ, നമുക്ക് അത് ലഭിക്കുകയില്ല. ഒരാളുടെ ആരാധകനോ ആരാധികയൊ ആയിരിക്കുക എന്നത് മറ്റൊരു കാര്യമാണ്, സ്നേഹിക്കുന്നത് മറ്റൊരു കാര്യമാണ്.

ആരെയെങ്കിലും ഏകപക്ഷീയമായി സ്നേഹിച്ചു എന്നത് കൊണ്ട് ആ വ്യക്തിയുടെ ജീവിതത്തിൽ ഇടപെടാൻ മറ്റൊരാൾക്ക് അവകാശമില്ല. അവർ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കട്ടെ. നിങ്ങളുടെ ഏക പക്ഷീമായ സ്നേഹം വേദന നൽകുന്നതാണ്. എന്നാൽ ആ വേദന പക ആയി വളരാൻ അനുവദിക്കരുത്.

ഫ്രിഡ്ജിൽ വയ്ക്കണ്ടാത്ത ഭക്ഷ്യവസ്തുക്കൾ

ചില ഭക്ഷ്യ വസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അവയുടെ പോഷകങ്ങൾ നഷ്ടപ്പെടുകയും കേടാവാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുമെന്ന കാര്യം നിങ്ങൾക്കറിയാമോ… അവ ഏതൊക്കെയെന്ന് അറിയാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് റഫ്രിജറേറ്റ് ചെയ്യുന്നത് അതിന്‍റെ രുചിയെ ബാധിക്കും. അതിനാൽ ഉരുളക്കിഴങ്ങ് പുറത്ത് പേപ്പർ ബാഗിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക് ബാഗിൽ ഇട്ടുവച്ചാൽ ഈർപ്പം തങ്ങി നിന്ന് വേഗം കേടുവരാം.

സവാള, ചെറിയ ഉള്ളി

ഇവ പേപ്പർ ബാഗിലാക്കി നോർമൽ റൂം ടെംപറേച്ചറിൽ വെളിച്ചം ഇല്ലാത്ത ഇരുണ്ട സ്‌ഥലത്തായി സൂക്ഷിക്കാം. ഉരുളക്കിഴങ്ങിനടുത്തായി സൂക്ഷിക്കരുത്. ഫ്രിഡ്ജിൽ ഇവ സൂക്ഷിച്ചാൽ നനവ് ഉണ്ടായി കേടായി പോകാം.

തക്കാളി

ഫ്രിഡ്ജിൽ തക്കാളി വച്ചാൽ രുചി വ്യത്യാസമുണ്ടായി ചീഞ്ഞു പോകാം. എന്നാൽ തക്കാളി പഴുത്ത് കിട്ടാൻ ഒരു പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. പഴുത്ത് കഴിഞ്ഞാൽ 3 ദിവസം കേടു കൂടാതെയിരിക്കും.

അച്ചാർ

കേടുകൂടാതിരിക്കാൻ പലരും അച്ചാർ ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാറുണ്ട്. പ്രിസർവേറ്റിവുകൾ ചേർത്ത അച്ചാറുകൾ പുറത്ത് സൂക്ഷിക്കാം. കേടാവില്ല.

തണ്ണിമത്തൻ

തണ്ണിമത്തൻ ഫ്രിഡ്ജിലല്ലാതെ പുറത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. അത് ഫ്രിഡ്ജിൽ വച്ചാൽ ചീഞ്ഞു പോകും. അതിനാൽ രുചിയും ഫ്രഷ്നസും അതേപ്പടി നിലനിർത്താൻ റൂം ടെംപറേച്ചറിൽ സൂക്ഷിക്കുന്നതാണ് ഉചിതം. എങ്കിലും തണ്ണിമത്തൻ മുറിച്ചാൽ അതിന്‍റെ ബാക്കി വന്ന ഭാഗം ഫ്രിഡ്ജിൽ മൂന്നാല് ദിവസം സൂക്ഷിക്കാം.

തേൻ

ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ തേൻ കട്ടിയുള്ളതാവും. അതുകൊണ്ട് റൂം ടെംപറേച്ചറിൽ നേരിട്ട് സൂര്യപ്രകാശം കടക്കാത്ത സ്ഥലത്ത് തേൻ ഭദ്രമായി സൂക്ഷിക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിന്‍റെ ഗന്ധത്തിനും രുചിക്കും വ്യത്യാസമുണ്ടാകും. വേഗം കേടായി പോവുകയും ചെയ്യും. സവാള പോലെ തന്നെ പുറത്ത് പേപ്പർ ബാഗിൽ വെളുത്തുള്ളി സൂക്ഷിച്ചു വയ്ക്കാം.

ജാം, ജെല്ലി

ഇവ ഫ്രിഡ്ജിൽ വയ്ക്കാതെ കുപ്പി തുറന്ന് ഉപയോഗിച്ചതാണെങ്കിൽ കൂടി പുറത്ത് വയ്ക്കാം.

ഡ്രൈനട്ട്സ്

പലരും നട്ട്സ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്, അതിന്‍റെ ആവശ്യമില്ല. പുറത്ത് സൂര്യപ്രകാശം കടക്കാത്ത ഇരുണ്ട ഇടത്ത് സൂക്ഷിക്കാം.

എണ്ണ

എല്ലാതരം എണ്ണകളും റൂം ടെംപറേച്ചറിൽ സൂക്ഷിക്കാം. എന്നാൽ സൺഫ്ളവർ പോലെ പൂരിത കൊഴുപ്പ് കുറഞ്ഞ എണ്ണ ഇരുണ്ട കാബിനകത്തോ ഫ്രിഡ്ജിന്‍റെ ഡോറിലോ സ്റ്റോർ ചെയ്യാം.

സലാദ് ഡ്രസ്സിംഗ്

വിനേഗർ, ഓയിൽ ബേസ്ഡ് ആയിട്ടുള്ളവ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കാം. എന്നാൽ ക്രീം, യോഗർട്ട്, മയോണൈസ് എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉചിതം.

അമിതമായി ചായ കുടിക്കുന്നു

ചോദ്യം –

ഞാൻ 24 വയസ്സുള്ള ചെറുപ്പക്കാരനാണ്. ഇപ്പോൾ ഞാൻ വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. എനിക്ക് ചായ കുടിക്കുന്ന ശീലമുണ്ട്. എന്നാൽ വർക്ക്‌ ഫ്രം ഹോം ആയതോടെ ഞാൻ ധാരാളം ചായ കുടിക്കാൻ തുടങ്ങി. ഈ ചായശീലം ഞാൻ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ എങ്ങനെ?

 

ഉത്തരം-

ദിവസത്തിൽ ഒന്നോ രണ്ടോ തവണ ചായ കുടിച്ചാലും ഒരു കുഴപ്പവുമില്ല, പക്ഷേ നിങ്ങൾ ചായയ്ക്ക് അടിമ ആയാൽ അത് ശരിക്കും ദോഷകരമാണ്. തേയിലയിൽ സ്വാഭാവികമായും കഫീൻ അടങ്ങിയിട്ടുണ്ട്. നിങ്ങൾ ഒരു ദിവസം 200 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ കഴിക്കുകയാണെങ്കിൽ, ഇത് മൂലം നിങ്ങൾക്ക് പിരിമുറുക്കവും അസ്വസ്ഥതയും ഉണ്ടാകാം.

ചായ ആസക്തിയിൽ നിന്ന് മുക്തി നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം ആ തീരുമാനം എടുക്കുക. ഇതുകൂടാതെ, ചായ കുടിക്കാൻ തോന്നുമ്പോൾ ഗ്രീൻ ടീ, നാരങ്ങാവെള്ളം, തേങ്ങാവെള്ളം, മറ്റേതെങ്കിലും പാനീയങ്ങൾ കുടിച്ച് ചായയെ ഒഴിവാക്കുക.

തുടക്കത്തിൽ നിങ്ങൾക്ക് അൽപ്പം ക്ഷീണം അനുഭവപ്പെടും. തലവേദനയും ഉണ്ടാകാം. ഗ്രീൻ ടീയ്‌ക്കൊപ്പം കുറച്ച് ബദാം, ഉണക്കമുന്തിരി എന്നിവ കഴിച്ചാൽ നന്നായിരിക്കും.

പഴം, പച്ചക്കറി, കുക്കുമ്പർ, പൈനാപ്പിൾ, ഇഞ്ചി ഇവയൊക്കെ കൊണ്ടുള്ള സ്മൂത്തികൾ നിങ്ങൾക്ക് ദിവസം മുഴുവൻ ഉണർവ് നൽകും. ചായയുടെ കുറവ് പരിഹരിക്കാൻ ഇവ ഒരു പരിധി വരെ സഹായിക്കുകയും ചെയ്യും.

സൈക്കിളോടിക്കൂ ആരോഗ്യം നേടൂ

കുറച്ചുനാൾ മുമ്പു വരെ സൈക്കിൾ സവാരി നടത്തുകയെന്നത് പലർക്കും മടിയുള്ള കാര്യമായിരുന്നു. ഇന്നാണെങ്കിലോ സംഗതി വേറെ ലെവലിലാണ്. ലക്ഷ്വറി കാറുകൾ ഉള്ള വീടുകളിൽപ്പോലും ഇന്ന് ഒന്നും രണ്ടും സൈക്കിളുകൾ വരെയുണ്ട്. നല്ല ചുറുചുറുക്കും ഫിറ്റ്നസും ലഭിക്കാൻ യുവാക്കൾ സൈക്കിളോടിക്കുമ്പോൾ ആകർഷണീയമായ ശരീരഭംഗിയ്ക്കും ഫിറ്റ്നസിനും വേണ്ടി പെൺകുട്ടികളും സൈക്കിളോടിക്കുന്നത് സർവ്വസാധാരണമായിരിക്കുകയാണ്.

30 മിനിറ്റ് സൈക്കിളോടിക്കുമ്പോൾ കിട്ടുന്ന പ്രയോജനങ്ങളെപ്പറ്റി അറിഞ്ഞാൽ ഒരു പക്ഷേ നാളെ നിങ്ങളും സൈക്കിളോടിച്ചു തുടങ്ങും.

  • ദിവസവും 2 കിലോമീറ്റർ അല്ലെങ്കിൽ 30 മിനിറ്റ് വരെ സൈക്കിളോടിക്കുകയാണെങ്കിൽ ദീർഘകാലം ചെറുപ്പം നിലനിർത്താം. അതായത് രക്തയോട്ടം മികച്ച രീതിയിലാവുന്നതിനാലാണ് ദിവസം ചെല്ലും തോറും ഉത്സാഹവും ഉണർവ്വും ഉണ്ടാവുക.
  • അരമണിക്കൂർ നേരം സൈക്കിളോടിക്കുകയാണെങ്കിൽ ശരീരത്തിലെ എല്ലാ അവയവങ്ങളും ആക്ടീവാകും. ഇത് രാത്രിയിൽ മികച്ച ഉറക്കം നൽകും.
  • അരമണിക്കൂർ നേരം സൈക്കിളോടിക്കുക വഴി ശരീരത്തിലെ ഇമ്മ്യൂൺ സെല്ലുകൾ കൂടുതൽ ആക്ടീവാകും. അസുഖങ്ങൾ വരുന്നത് കുറയുകയും ചെയ്യും.
  • സൈക്കിളോടിക്കുന്നതിലൂടെ ശരീരത്തിലെ മുഴുവൻ മാംസപേശികളും നല്ല ബലമുള്ളതാകും. അത് കൂടുതൽ ആത്മവിശ്വാസം പകരും.
  • മറ്റൊന്ന് ബ്രെയിൻ ഹെൽത്ത് വർദ്ധിക്കുമെന്നതാണ്. നിരന്തരം സൈക്കിളോടിക്കുന്നവർക്ക് സാധാരണ ആളുകളെ അപേക്ഷിച്ച് വ്യക്‌തമായ തീരുമാനങ്ങൾ കൈകൊള്ളാനുള്ള ക്ഷമത കൂടുതലായിരിക്കും.
  • അരമണിക്കൂർ നേരം സൈക്കിളോടിക്കുന്നതിലൂടെ അമിത ഫാറ്റ് കുറയും വിധം കലോറി എരിച്ച് കളയും.
  • പതിവായി സൈക്കിളിംഗ് ചെയ്യുന്നതിലൂടെ ഇമ്മ്യൂൺ സിസ്റ്റം അടിയുറച്ചതാകും. യൂണിവേഴ്സിറ്റി ഓഫ് കരോലിനയിൽ നടത്തിയ ഒരു ഗവേഷണത്തിൽ പറയുന്നത് ആഴ്ചയിൽ കുറഞ്ഞത് 5 ദിവസം അരമണിക്കൂർ നേരം സൈക്കിളിംഗ് ചെയ്‌താൽ ആ വ്യക്‌തി രോഗിയാകാനുള്ള സാധ്യത 50 ശതമാനം വരെ കുറയുമെന്നാണ്. രോഗപ്രതിരോധം മെച്ചപ്പെടുത്തുന്നതിന് സൈക്കിളിംഗ് ഗുണകരമാണ്.
  • സൈക്കിളിംഗ് ചെയ്യുന്നതിലൂടെ ഹാർട്ട്റേറ്റ് വർദ്ധിക്കും. അത് രക്തസഞ്ചാരത്തെ മെച്ചപ്പെടുത്തും. ഒപ്പം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.
  • പതിവായി സൈക്കിളിംഗ് ചെയ്യുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദത്തിനും സംഘർഷങ്ങൾക്കും അടിപ്പെടുന്നത് കുറവായിരിക്കുമെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്.
  • സൈക്കിളിംഗ് ചെയ്യുന്നതിലൂടെ രക്‌തക്കുഴലുകളിലും ചർമ്മത്തിലും ഓക്സിജന്‍റെ അഭാവം നികത്തപ്പെടും. ചർമ്മം കൂടുതൽ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാകും. സമപ്രായക്കാരെ അപേക്ഷിച്ച് കൂടുതൽ ചെറുപ്പമാകും. ചെറുപ്പമാകുമെന്ന് മാത്രമല്ല യഥാർത്ഥത്തിൽ കൂടുതൽ ചെറുപ്പമാകുമെന്ന് സാരം. ശരീരത്തിന് കൂടുതൽ സ്റ്റാമിനയും ഊർജ്ജവും വർധിച്ചതു പോലെ തോന്നും.
  • സൈക്കിളിംഗ് ഹോബിയാക്കിയവരുടെ കാലുകൾക്കും കാൽപ്പാദങ്ങൾക്കും നല്ല ഉറപ്പും ബലവുമുണ്ടാകും. മാത്രവുമല്ല കാലുകൾക്ക് നല്ല വ്യായാമവും ആയിരിക്കും. ഒപ്പം ശരീരത്തിന് പൂർണ്ണമായ വ്യായാമവും ലഭിക്കും.
  • ശരീരത്തിലെ എല്ലാ അവയവങ്ങൾക്കുമിടയിൽ മികച്ച രീതിയിലുള്ള കോർഡിനേഷൻ ഉണ്ടാകുമെന്നാണ് സൈക്കിളിംഗിന്‍റെ മറ്റൊരു വലിയ ഗുണം. കൈ, കാൽ, കണ്ണുകൾ എന്നിവയ്ക്കിടയിൽ മികച്ച കോർഡിനേഷൻ ഉണ്ടാകുന്നത് ശരീരത്തിന്‍റെ ഓവർ ഓൾ ബാലൻസിംഗിനെ മികച്ചതാക്കും.

ഇത് മാത്രമല്ല, ബൈക്ക് അല്ലെങ്കിൽ സ്ക്കൂട്ടി ഓടിക്കാൻ പഠിക്കണമെന്നുണ്ടെങ്കിൽ സൈക്കിളിംഗ് അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും. സൈക്കിളിംഗ് കൊണ്ട് മറ്റൊരു ഗുണവും കൂടിയുണ്ട്. അത് അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുകയില്ലെന്നതാണ്. അത്തരമൊരു വാഹനം ഓടിക്കുക വഴി നമ്മൾ സ്വന്തം ഭൂമിയെ സ്നേഹിക്കുക കൂടിയാണ്.

എങ്ങനെയുള്ള സൈക്കിൾ വാങ്ങണം

സൈക്കിൾ എങ്ങനെയുള്ളതായിരിക്കണമെന്നതും ഒരു ചോദ്യമാണ്. ദിവസവും സൈക്കിളിംഗ് ചെയ്യുന്നവരാണെങ്കിൽ ദീർഘദൂരം ഓടിക്കുന്നതു കൊണ്ട് ക്ഷീണമോ തളർച്ചയോ ഉണ്ടാക്കാത്ത സൈക്കിൾ വാങ്ങാം.

ഇന്ന് പലതരം സൈക്കിളുകൾ ലഭ്യമാണ്. സ്വന്തം ആവശ്യങ്ങൾക്ക് അനുസരിച്ചുള്ളതിന് ഉപരിയായി വിലയേറിയ സൈക്കിളാണ് പരലും വാങ്ങുക. സാധാരണ രീതിയിൽ 4-5 തരം സൈക്കിളുകളാണ് വിപണിയിൽ ലഭിക്കുക. സ്വന്തം ആവശ്യങ്ങൾക്ക് അനുസരിച്ചുള്ളത് വാങ്ങുകയെന്നത് ഓരോരുത്തരേയും ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. റോഡിൽ, പാർക്കിൽ ഓടിക്കുന്ന തരം, 2 അല്ലെങ്കിൽ 4 മണിക്കൂർ മാർക്കറ്റിൽ പോയി വരാൻ ഉപയോഗിക്കുന്ന തരം അതുമല്ലെങ്കിൽ പൊങ്ങിയും താഴ്ന്നുമുള്ള പ്രദേശങ്ങളിലൂടെ ഓടിക്കുന്നവ, റേസിംഗിന്, നോർമൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തരം എന്നിങ്ങനെ സ്വന്തം ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സൈക്കിൾ വാങ്ങാം.

റോഡ് സൈക്കിൾ

റേസിംഗ് സൈക്കിളെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. വളരെ ലൈറ്റാണിത്. വളരെ വീതി കുറഞ്ഞ നേർത്ത വീലാണ് ഇതിനുള്ളത്. കൂടുതൽ സൈക്കിളിംഗ് നടത്തുന്നവരാണ് ഇത്തരം സൈക്കിൾ ഉപയോഗിക്കുക. പ്രത്യേകിച്ചും പ്രൊഫഷണൽ സൈക്കിളിസ്റ്റുകൾ, തടിച്ച ടയർ ഉള്ള സൈക്കിൾ ഈ സൈക്കിളിൽ ഏതാനും മണിക്കൂർ കൊണ്ട് 100 മുതൽ 150 കിലോമീറ്റർ ദൂരം വരെ താണ്ടാനാവും.

30,000 തുടങ്ങി ലക്ഷങ്ങളാണ് ഇതിന്‍റെ വില. എന്നാൽ ഇതിന്‍റെ സർവ്വീസിംഗ് അൽപ്പം ചെലവേറിയതാണ്. റേസിംഗ് വർക്കൗട്ടിൽ ഈ സൈക്കിൾ യോജിച്ചതാണ്. ഇംപോർട്ടഡ് സൈക്കിളാണിത്. ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നാണ് ഭൂരിഭാഗം സൈക്കിളുകൾ വരുന്നത്. ദീർഘ ദൂരം ഓടിച്ചാലും തളർച്ച തോന്നാത്തവിധമാണ് ഈ സൈക്കിൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

തടിച്ച ടയർ ഉള്ള സൈക്കിൾ

വളരെ ട്രെൻഡിയായ സൈക്കിളാണിത്. തടിച്ച ടയർ ഉള്ളതിനാൽ ഇതിനെ ഫാറ്റ് ടയർ ബൈക്ക് എന്നും വിശേഷിപ്പിക്കാറുണ്ട്. ഡെസർട്ട്, ഐസ് ഉള്ള ഇടങ്ങളിലുമാണ് ഈ സൈക്കിൾ പൊതുവെ ഉപയോഗിക്കാറ്. സാധാരണ റോഡുകൾക്ക് ഇത് അനുയോജ്യമല്ല. ഇത് ഓടിക്കാൻ കൂടുതൽ ശക്‌തി പ്രയോഗിക്കേണ്ടി വരും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൈക്കിൾ വാങ്ങാം. 10,000 നും 20,000 നുമിടയിലാണ് ഇതിന്‍റെ വില.

മൗണ്ടൻ സൈക്കിൾ

ഇതെപ്പോൾ വേണമെങ്കിലും ഓടിക്കാം. ഏറ്റവും അധികം വിൽക്കപ്പെടുന്ന സൈക്കിളാണിത്. ദിവസവും സൈക്കിളോടിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന സൈക്കിളാണിത്. റോഡിലെന്ന പോലെ പർവ്വതങ്ങളിലും ഇടവഴികളിലുമൊക്കെ അനായാസം ഓടിക്കാൻ സാധിക്കും. കംഫർട്ടിബിൾ ഗിയർ വെറൈറ്റി ഉള്ളതിനാൽ കൂടുതൽ പേർ ഇഷ്ടപ്പെടുന്ന സൈക്കിളാണിത്. അഡ്വഞ്ചർ സൈക്കിൾ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഇതിനും തടിച്ച ടയറാണ് ഉള്ളത്. സൈക്കിളിംഗിന് തുടക്കമിടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ധൈര്യപൂർവ്വം ഓടിക്കാം. പ്രത്യേകിച്ചും പർവ്വത പ്രദേശങ്ങളിലെ റോഡുകളിൽ. 10,000 ൽ തുടങ്ങി 20,000 വരെയാണ് ഇതിന്‍റെ വില.

ചായ വേണോ…

ചായ എന്നത് നമുക്ക് വെറുമൊരു പാനീയമല്ല. ചിലപ്പോൾ മനസ്സിന് ആശ്വാസം ലഭിക്കാനോ അതുമല്ലെങ്കിൽ ക്ഷീണമകറ്റാനോ ഒക്കെ ചായ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാകുന്നു. സത്യം പറഞ്ഞാൽ ചായ നമ്മുടെ സംസ്ക്കാരത്തിന്‍റെയും ദിനചര്യയുടേയും ഭാഗമായി മാറിയിരിക്കുന്നു. ദിവസവും ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് പ്രഭാതം ആരംഭിക്കുന്ന പതിവ് മിക്കവർക്കുമുണ്ട്. അത് കിട്ടാതെ വന്നാൽ ആ ദിവസം തന്നെ പോക്കാണ് എന്ന് വരെ അവർ ചിന്തിച്ചു കളയും. പിന്നീട് പ്രാതലിനൊപ്പം, ജോലിയ്ക്കിടയിൽ, വൈകുന്നേരം എന്നീ സമയങ്ങളിലൊക്കെ ആവി പറത്തിക്കൊണ്ട് ചായ കടന്നുവരാം. എന്തിനേറെ പറയുന്നു. സുഖകരമായ കാലാവസ്‌ഥ ആസ്വദിക്കുമ്പോൾ പോലും നല്ലൊരു കപ്പ് ചൂട് ചായ കുടിക്കുന്നതിനെപ്പറ്റിയും ചിന്തിക്കുന്നവരുമുണ്ട്. അത്രത്തോളമാണ് ഈ ചായ നമ്മോടൊപ്പം ചേർന്ന് നിൽക്കുന്നത്. ചിലർ പറയുന്നത് ചായ വെറും ചായയല്ല. മറിച്ച് അവർക്ക് അതിജീവിക്കാൻ കഴിയാത്ത ഒരു വികാരമാണ് അത് എന്നാണ്.

വാസ്തവത്തിൽ നമ്മുടെ പൂർവ്വികരിൽ നിന്നും ലഭിച്ച ഒന്നല്ല ചായ എന്ന ഈ പാനീയം. മറിച്ച് ബ്രിട്ടീഷുകാർ നമുക്ക് നൽകിയ ഒരു ആസക്തിയാണ് ഇതെന്നാണ് രസകരമായ കാര്യം. അത് നമ്മൾ തന്നെ അമൃതാക്കി മാറ്റി. അതിഥിക്ക് ചായ കൊടുത്തില്ലെങ്കിൽ എന്തോ വലിയ കുറച്ചിലാണെന്ന ഒരു കാഴ്ച്ചപ്പാട് നമ്മുടെ സമൂഹത്തിൽ കാലങ്ങളായി തുടർന്നു പോരുന്ന ഒന്നാണ്. പക്ഷേ ഇതായിരുന്നോ നമ്മുടെ യഥാർത്ഥ സംസ്ക്കാരം? നമ്മുടെ പൂർവ്വികർ ഒരു ദിവസം 5-6 കപ്പ് ചായ കുടിച്ചിരുന്നോ? പിന്നെ എന്തുകൊണ്ടാണ് ആരോഗ്യപരിപാലനത്തിന്‍റെ ഭാഗമായി ചായയുടെ ഉപയോഗം പരിമിതപ്പെടുത്താൻ ആരോഗ്യവിദഗ്ധർ ഉപദേശിക്കുന്നത്?

ചായയുടെ വരവും മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ സംസ്ക്കാരവും

ചായ നമ്മുടെ അടുക്കളകളെ എങ്ങനെ കീഴടക്കി എന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് തേയിലക്കുരു നമ്മുടെ നാട്ടിൽ എങ്ങനെ പ്രവേശിച്ചുവെന്ന് നമുക്ക് ആദ്യം പരിശോധിക്കാം. ചായ ഇന്ത്യൻ സംസ്‌കാരത്തിന്‍റെ ഭാഗമല്ലായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ചായയുടെ പ്രചാരം വർദ്ധിക്കുകയായിരുന്നു. തങ്ങളുടെ ചായ വ്യാപാരം വളർത്തുന്നതിന്‍റെ ഭാഗമായി ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ ചായ കുടിക്കാൻ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്.

1610-ൽ ഡച്ച് വ്യാപാരികൾ ചൈനയിൽ നിന്ന് യൂറോപ്പിലേക്ക് ചായ കൊണ്ടുപോയി, ക്രമേണ അത് ലോകമെമ്പാടും പ്രിയപ്പെട്ട പാനീയമായി മാറി. ഇന്ത്യയിൽ തേയിലയുടെ പാരമ്പര്യം ആരംഭിക്കുന്നതിനും അതിന്‍റെ ഉത്പ്പാദന സാധ്യതകൾ പരിശോധിക്കുന്നതിനുമായി അന്നത്തെ ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ലോർഡ് ബെന്‍റിക് ഒരു കമ്മിറ്റി രൂപികരിച്ചു. 1835-ൽ ബ്രിട്ടീഷുകാർ അസമിൽ ആദ്യമായി തേയിലത്തോട്ടങ്ങൾ സ്ഥാപിച്ചു. ക്രമേണ ഇന്ത്യക്കാർ ചായയുടെ രുചി അറിയാൻ തുടങ്ങി.

പക്ഷേ അതിനുമുമ്പ് ചായ ഇല്ലാതിരുന്ന കാലത്തു നമ്മുടെ പൂർവ്വികർ അതിഥികളെ എങ്ങനെയാകും സ്വീകരിച്ചിരിക്കുക? അതിഥികൾ വെള്ളം മാത്രം കുടിച്ചാണോ മടങ്ങിയിരുന്നത്? എന്നാൽ അതായിരുന്നില്ല സത്യം. പാൽ, ലസ്സി, മോര്, നാരങ്ങാ വെള്ളം, മസാല പാൽ തുടങ്ങിയ പ്രകൃതിദത്തവും പോഷക സമൃദ്ധവുമായ പാനീയങ്ങൾക്കാണ് പണ്ടുള്ളവർ പ്രാധാന്യം നൽകിയിരുന്നത്. വീട്ടിൽ വരുന്ന അതിഥികൾക്ക് ഉന്മേഷം പകരാൻ ഔഷധഗുണങ്ങൾ നിറഞ്ഞ തൈര് കൊണ്ടുണ്ടാക്കിയ തണുത്ത ലസ്സിയോ ചൂടുള്ള പാലോ ആണ് അവർ നൽകിയിരുന്നത്. വേനൽക്കാലത്ത് കൂവളം ഉപയോഗിച്ചുള്ള സർബത്തും പണ്ട് സാധാരണമായിരുന്നു.

എല്ലാ അവസരങ്ങളിലും ചായ

ഇന്നാണെങ്കിൽ നമ്മുടെ സംസ്ക്കാരവുമായി ചായ വളരെയധികം ഇഴുകിച്ചേർന്നിരിക്കുന്നു. ഇനി അത് വെറുമൊരു പാനീയമല്ല. മറിച്ച് എല്ലാ സാഹചര്യങ്ങൾക്കുമുള്ള ഒരു പരിഹാരവുമാണ്. എന്നാൽ ഈ ചായ എത്രത്തോളം ഗുണകരമാണെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

മധുരം ചേർത്ത ചായ ശരീരത്തിന് ഹാനികരം

ചായയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകാം. പക്ഷേ അതിന്‍റെ ദോഷങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നമ്മൾ പണ്ടേ നിർത്തിയിരിക്കുന്നുവെന്നതാണ് സത്യം.

കഫീൻ ആസക്തി: ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ പതുക്കെ ശരീരത്തിൽ അതിനോടുള്ള ആസക്ത‌ി കൂട്ടുകയാണ് ചെയ്യുന്നത്. ഒരു ദിവസം ചായ കിട്ടിയില്ലെങ്കിൽ തലവേദന, ക്ഷോഭം, അലസത, മടുപ്പ് എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടാകുന്നതായി പലരും പരാതി പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ ഇത് അമിതമായി കഴിച്ചാൽ അസ്വസ്‌ഥത, ഉറക്കമില്ലായ്‌മ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. ഇതേപ്പറ്റി ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.

അയണിന്‍റെ കുറവ്: ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻ ശരീരത്തിൽ അയൺ ആഗിരണം ചെയ്യുന്നത് തടയുന്നു. ഇത് വിളർച്ചയ്ക്ക് കാരണമാകും.

ദഹനപ്രശ്‌നങ്ങൾ: ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. അമിതമായി ചൂടോടെ ചായ കുടിക്കുന്നത് വായിലും വയറ്റിലും അൾസർ ഉണ്ടാക്കും.

അസ്‌ഥികളിൽ പ്രശ്‌നം: ചായയിൽ അടങ്ങിയിരിക്കുന്ന അമിതമായ ഫ്ളൂറൈഡ് അസ്‌ഥികളെ ദുർബലപ്പെടുത്തും.

പല്ലിന്‍റെ മഞ്ഞനിറം: അമിതമായി ചായ കുടിക്കുന്നത് പല്ലുകളിൽ കറയുണ്ടാക്കുകയും വായയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

എപ്പോഴും ചായ കുടിക്കാനായി ഒഴികഴിവുകൾ തേടാതെ അതിന്‍റെ ഉപയോഗം സമീകൃത അളവിൽ പരിമിതപ്പെടുത്തുകയെന്നുള്ളത് പ്രധാനമാണ്. എന്നിരുന്നാലും ചായയോടുള്ള ഈ അമിത ഭ്രമം മൂലം മുതിർന്നവർ കൊച്ചുകുട്ടികൾക്ക് പോലും ചായ കൊടുത്ത് കാണാറുണ്ട്. എന്തിനു ചുമയോ ജലദോഷമോ വന്നാൽ പോലും കുടുംബത്തിലെ മുതിർന്നവർ ആദ്യം ചായ കൊടുക്കാനായിരിക്കും ശുപാർശ ചെയ്യുക. ഇത്തരത്തിൽ മാതാപിതാക്കൾ അറിയാതെ തന്നെ കുട്ടികളെ ചായയ്ക്ക് അടിമകളാക്കുന്നു. ചായ കുടിക്കുന്നത് കുട്ടികൾക്ക് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

കുടൽ പാളിക്ക് കേടുപാടുകൾ

ചായയിൽ അടങ്ങിയിരിക്കുന്ന ടാനിനുകളും കഫീനും കുട്ടിയുടെ വയറിലെ അതിലോലമായ കുടൽ പാളിയെ നശിപ്പിക്കും. ഇത് വയറ്റിൽ എരിച്ചിലും അൾസറും ഉണ്ടാക്കും.

അയണിന്‍റെ അഭാവം: ടാനിൻ ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം കുറയ്ക്കും. ഇത് വിളർച്ചയ്ക്കും ബലഹീനതയ്ക്കും കാരണമാകുമെന്നു പറയേണ്ടതില്ലല്ലോ.

ദഹന വ്യവസ്‌ഥയെ ബാധിക്കുന്നു: കൊച്ചുകുട്ടികളുടെ ദഹനവ്യവസ്ഥ വളരെ ലോലമാണ്. ചായയുടെ ഉപയോഗം അവരുടെ വയറ്റിൽ അസിഡിറ്റി, ദഹനക്കേട്, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും.

ചായയോടുള്ള ആസക്‌തി ഇല്ലാതാക്കാൻ നമ്മുടെ പഴയ പാരമ്പര്യങ്ങളിലേക്ക് തിരിച്ചു പോകുകയെന്നതാണ് ഏറ്റവും മികച്ച മാർഗ്ഗം. ചായയ്ക്ക് പകരം മികച്ച പാനീയങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. പണ്ടുള്ളവർ ആരോഗ്യമുള്ളവരും ഊർജ്ജസ്വലരുമായിരുന്നു. അതിനുകാരണം അവർ കഴിച്ചിരുന്ന പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ പാനീയങ്ങളും ഭക്ഷ്യവിഭവങ്ങളും തന്നെയായിരുന്നു.

മികച്ച ചില ആരോഗ്യ പാനീയങ്ങൾ

പാൽ അല്ലെങ്കിൽ മഞ്ഞൾ പാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കും. ലസ്സി, മോര് കുടിക്കുന്നത് വേനൽക്കാലത്ത് തണുപ്പിനും ദഹനത്തിനും ഉത്തമമാണ്. നാരങ്ങാവെള്ളം അല്ലെങ്കിൽ സീസൺ പഴങ്ങൾ ഉപയോഗിച്ചുള്ള ജ്യൂസുകൾ ചായക്ക് പകരം കുടിക്കാം. ശരീരം വിഷവിമുക്തമാക്കുന്നതിനും ജലാംശം നിലനിർത്തുന്നതിനും പെരുംജീരകം, ഇഞ്ചി എന്നിവയുടെ പാനീയം തയ്യാറാക്കി കഴിക്കാം. പ്രതിരോധശേഷിയും ദഹനവും മെച്ചപ്പെടും.

ഇത്തരം പാനീയങ്ങൾ കഴിക്കുന്നത് ക്രമേണ ശീലമാക്കുകയും ഒപ്പം ദിവസം 5-6 തവണ ചായ കുടിക്കുന്ന ശീലം ഉപേക്ഷിക്കുകയും ചെയ്‌താൽ അത് നമ്മുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണഫലങ്ങൾ ഏറെയായിരിക്കും. അതുകൊണ്ട് ചായ കുടിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അതിന്‍റെ അളവ് കുറയ്ക്കുക. മറ്റൊന്ന് ബാക്കി വരുന്ന ചായ വീണ്ടും ചൂടാക്കി കുടിക്കരുത്.

ചായ പ്രേമികൾ വിഷമിക്കേണ്ടതില്ല. പൂർണ്ണമായും ചായ ഉപേക്ഷിക്കുന്നതിനേക്കുറിച്ചല്ല നമ്മൾ സംസാരിക്കുന്നത് മറിച്ച് ആവശ്യത്തതിലധികം അത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഓർമ്മപ്പെടുത്താനാണ്. ഒന്ന് ചിന്തിച്ചു നോക്കൂ. ബ്രിട്ടീഷുകാർ നമ്മളെ ചായ കുടിക്കാൻ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ഇന്ന് നമുക്ക് ചായ ഇത്രയധികം ഇഷ്ട്‌ടപ്പെടുമായിരുന്നോ?

പരിമിതമായ അളവിൽ മാത്രം ചായ കുടിക്കാം. അതിന്‍റെ രുചി നമ്മുടെ ആരോഗ്യത്തെ കീഴടക്കാൻ അനുവദിക്കാതിരിക്കുക. അടുത്ത തവണ അതിഥികൾ വരുമ്പോൾ ചായയ്ക്ക് പകരം മറ്റെന്തെങ്കിലും വിളമ്പി നോക്കു. അത് നല്ലൊരു ആരോഗ്യശീലത്തെ വളർത്തിയെടുക്കും.

മൺസൂൺ ഗാർഡനിംഗ് ടിപ്സ്

ഫ്ളാറ്റിന്‍റെ ബാൽക്കണികൾ വളരെ വില കൂടിയ ചെടികൾ കൊണ്ട് അലങ്കരിക്കുന്ന രീതി ഇപ്പോൾ വളരെ വർദ്ധിച്ചിരിക്കുന്നു. സമയം ക്രിയാത്മകമായി വിനിയോഗിക്കാൻ കഴിയുന്ന ഒന്നാണ് പൂന്തോട്ട പരിപാലനം. പൂച്ചട്ടികളിലും ഗ്രോബാഗുകളിലും ഇഷ്ടപ്പെട്ട പൂച്ചെടികളും പച്ചക്കറികളും നട്ടുവളർത്തുന്നതിനൊപ്പം മറ്റ് പലതരം കൃഷികളും പരീക്ഷിച്ച് നോക്കാറുണ്ട്.  മഴയിലും വെയിലിലും ചെടികൾ ശോഭയോടെ നിലനിർത്താൻ പ്രത്യേക പരിചരണം ആവശ്യമാണ്. മഴക്കാലം തുടങ്ങുമ്പോൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം അഡീനിയം, അഗ്ലോനെമ, ക്രോട്ടൺ, പാം തുടങ്ങിയ മിക്ക സസ്യങ്ങളുടെയും വേരുകൾ ചീയുകയും ആ സസ്യങ്ങൾ പതുക്കെ നശിക്കുകയും ചെയ്തേക്കാം. മിക്ക വീടുകളിലും ബാൽക്കണിയിലും ടെറസിലും ഉള്ള പൂന്തോട്ടങ്ങൾ ചട്ടിയിൽ നട്ടുണ്ടാക്കുന്നതാണ്. അവയുടെ വേരുകൾ ഒരു ചെറിയ ചട്ടിയിൽ ആയതിനാൽ അവയ്ക്ക് അധിക പോഷണവും പരിചരണവും ആവശ്യമാണ്. മഴക്കാലത്ത് അവ നന്നായി വളരുന്നുവെന്ന് ഉറപ്പാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

ചട്ടിയിൽ മണ്ണ് വ്യത്തിയായി സൂക്ഷിക്കാൻ പലപ്പോഴും പാത്രങ്ങൾക്കടിയിൽ പ്ലേറ്റുകൾ വയ്ക്കാറുണ്ട്. പക്ഷേ മഴക്കാലത്ത് ഈ പ്ലേറ്റുകൾ വെള്ളം കൊണ്ട് നിറയും. ഒരു വശത്ത് ഈ നിറച്ച വെള്ളം ചട്ടിയിൽ വളരുന്ന ചെടികളുടെ വേരുകൾക്ക് കേടുവരുത്തുമ്പോൾ മറുവശത്ത് വെള്ളത്തിൽ ഡെങ്കിപ്പനി പോലുള്ള രോഗങ്ങളുടെ ബാക്ട‌ീരിയകൾ വളരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മഴ തുടങ്ങിയാലുടൻ പാത്രങ്ങൾക്കടിയിൽ നിന്ന് പ്ലേറ്റുകൾ നീക്കം ചെയ്യുന്നതാണ് ഉചിതം.

  • മഴക്കാലത്ത് ചട്ടിയുടെ അടിയിലുള്ള ഡ്രയിനേജ് ദ്വാരം പരിശോധിക്കുക. മഴവെള്ളം മുഴുവൻ ഡ്രയിനേജ് ദ്വാരത്തിലൂടെ പുറത്തേക്ക് ഒഴുകിപ്പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. വെള്ളം നിറഞ്ഞു നിന്നാൽ ചെടി അഴുകിപ്പോകും. ചട്ടിയുടെ മുകൾ ഭാഗത്ത് വെള്ളമുണ്ടെങ്കിൽ ചട്ടി ചെറുതായി ചരിച്ചു വെള്ളം നീക്കം ചെയ്യുക.
  • കരിഞ്ഞുണങ്ങിയ സസ്യങ്ങൾക്ക് മഴക്കാലമാവുമ്പോൾ പുതു ജീവൻ ലഭിക്കും. എന്നാൽ ഈ സീസണിൽ വിവിധതരം പ്രാണികളും സസ്യങ്ങളെ ആക്രമിക്കും. ഇവയിൽ നിന്ന് അവയെ സംരക്ഷിക്കാൻ 1 ലിറ്റർ വെള്ളത്തിൽ 1 ടേബിൾ സ്‌പൂൺ ലിക്വിഡ് സോപ്പ് കലർത്തി ആഴ്ചയിൽ ഒരിക്കൽ ചെടികളിൽ തളിക്കുക.
  • വളരെ കുറച്ച് വെള്ളം മാത്രം ആവശ്യമുള്ള അഡീനിയം, കള്ളിച്ചെടി, ജേഡ് പ്ലാന്‍റ്, പാം തുടങ്ങിയ കുറഞ്ഞ പരിപാലനം ആവശ്യമുള്ള സസ്യങ്ങൾ 2-3 മഴയ്ക്ക് ശേഷം മഴവെള്ളത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന സ്‌ഥലത്ത് സൂക്ഷിക്കണം.
  • മഴ തുടരെ പെയ്യുന്നതിനാൽ ചട്ടിയിലെ മണ്ണ് നനഞ്ഞിരിക്കുന്നതിനാൽ കള പറിച്ചെടുക്കാൻ കഴിയില്ല. അതുകൊണ്ട് കാലാവസ്‌ഥ അൽപം തെളിഞ്ഞതായി കാണുമ്പോഴെല്ലാം ചെടികൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്ന തരത്തിൽ കള പറിച്ചു.
  • സസ്യങ്ങൾക്ക് നൈട്രജൻ സമ്പുഷ്ടമായ ഭക്ഷണം നൽകേണ്ട ശരിയായ സമയമാണിത്. രാസവളങ്ങൾ ഉപയോഗിക്കുന്നതിന് പകരം ഓരോ ചെടിയിലും 1 ടേബിൾ സ്‌പൂൺ ജൈവ വളമോ ചാണക വളമോ ചേർക്കുക. ഇത് ചെടിക്ക് ആവശ്യമായ പോഷണം നൽകുകയും വേഗത്തിൽ വളരുകയും ചെയ്യും.
  • മഴവെള്ളം സസ്യങ്ങൾക്ക് ജീവൻ രക്ഷിക്കുന്ന ഒന്നായി പ്രവർത്തിക്കുന്നു. അതിനാൽ എല്ലാ ഇൻഡോർ സസ്യങ്ങളും കുറച്ച് ദിവസത്തേക്ക് തുറന്ന സ്ഥലത്ത് വയ്ക്കുക. അതു വഴി അവയ്ക്ക് മഴവെള്ളം പ്രയോജനപ്പെടുത്താൻ കഴിയും. പക്ഷേ അവയിൽ വെള്ളം കൂടുതൽ നിറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
  • പുതിയ ചെടികൾ നടുന്നതിനും വെട്ടിയെടുത്ത് പറിച്ച് നടുന്നതിനും. ഈ സീസൺ ഏറ്റവും അനുയോജ്യമായ സമയമാണ്. അതിനാൽ ഈ ദിവസങ്ങളിൽ നിങ്ങൾക്ക് ഇഷ്‌ടമുള്ള ചെടികൾ നടാം.
अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें