വർഷത്തിലെ ആ പത്തു ദിനങ്ങൾ… ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെ ഉള്ള ഓണം ആഘോഷ ദിനങ്ങളിൽ മുടി നിറയെ മുല്ലപ്പൂ ചൂടി പരമ്പരാഗത കസവ് സാരി ഉടുത്തു മലയാളി വനിതകൾ ആവേശഭരിതരായി ഒരുങ്ങുന്നത് ജാതിമതങ്ങൾക്കതീതമായ സുന്ദരമായ കാഴ്ചയാണ്..
സമൃദ്ധിയുടെയും പാരമ്പര്യത്തിന്‍റെയും സീസണൽ ആഘോഷം മാത്രമല്ല ഓണം. സ്ത്രീകളുടെ സാംസ്കാരിക ആവിഷ്കാരത്തിനും നേതൃത്വത്തിനും സമൂഹനിർമ്മാണത്തിനുമുള്ള ശക്തമായ ഒരു വേദി കൂടിയാണ് ഓണം. സ്ത്രീകൾ പ്രധാന പങ്കുവഹിക്കുന്ന ഒരു സാംസ്കാരിക ഇടമായി ഓണം പരിണമിച്ചത് ഇന്നും ഇന്നലെയുമല്ല. നിറങ്ങളുടെ സർഗ്ഗാത്മകതയുടെ ഒരുമയുടെ ഉത്സവ കൂട്ടായ്‌മ. കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വിദേശത്ത് പോലും ഓണാഘോഷത്തെ ഇത്രയും ജനപ്രിയമാക്കുന്നത് സ്ത്രീകളുടെ പങ്കാളിത്തം തന്നെയാണ്.
വനിതകളുടെ നേതൃത്വം
പത്തുദിനങ്ങൾ മുറ്റങ്ങളെ ദീപ്തമാക്കുന്ന ഓണപ്പൂക്കളത്തിന്‍റെ വിസ്‌മയം മുതൽ തിരുവാതിരകളിയുടെ ലാസ്യഭാവത്തിൽ വരെ ഓണം സ്ത്രീകൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനും ആഘോഷിക്കാനും അവസരം നൽകുന്നു. അതിനാൽ തന്നെ സ്‌കൂളുകളിലും ജോലിസ്‌ഥലങ്ങളിലും, കമ്മ്യൂണിറ്റി സെന്‍ററുകളിലും വീടുകളിലും സ്ത്രീകൾ പൂക്കളം തീർക്കാൻ നേതൃത്വം നൽകുന്നത് പതിവ് കാഴ്ച്ചയാണ്. ആഘോഷത്തിന്‍റെ ഭാഗമായി തിരുവാതിരയും കൈകൊട്ടിക്കളിയും അടക്കമുള്ള നൃത്തങ്ങൾ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.
ഇപ്പോൾ കേരളത്തിൽ എല്ലാ പ്രായത്തിലുള്ളവരും വ്യാപകമായി പഠിച്ചു അവതരിപ്പിക്കുന്ന ഡാൻസ് ഇനമാണ് കൈകൊട്ടിക്കളി. ഇതിന് ആരാധകർ ഏറെ ആണ്. അതുകൊണ്ട് പാരമ്പര്യത്തിനപ്പുറം ഓണം സ്ത്രീകൾക്ക് അവരുടെ കുടുംബങ്ങളിലും സ്‌ഥാപനങ്ങളിലും സമൂഹങ്ങളിലും നേതൃത്വപരമായ റോളുകളിലേക്ക് ചുവടുവെക്കാനുള്ള അവസരം കൂടി നൽകുന്നുണ്ട്. എവിടെ നോക്കിയാലും അറിയാം ഓണാഘോഷങ്ങൾക്ക് പിന്നിലെ പ്രധാന സംഘാടകരാണ് സ്ത്രീകൾ. വീട്ടിൽ ആയാലും ഓഫീസിൽ ആയാലും കലാപരിപാടികൾ ആസൂത്രണം ചെയ്യുക, സദ്യ ഒരുക്കുക വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒന്നിപ്പിക്കുകയും അപ്പാർട്ടുമെന്‍റുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, സംഘടനകൾ, ക്ലബ്ബുകൾ ഇവിടങ്ങളിലെല്ലാം സദ്യകൾ, സാംസ്കാരിക പരിപാടികൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന്‍റെ ചുമതലയും സ്ത്രീകൾ ഏറ്റെടുക്കുന്നു. കേരളത്തിന് അകത്തും പുറത്തും ഇത് തുടരുന്നു.
ഓണാഘോഷങ്ങളുടെ ആസൂത്രണവും നിർവ്വഹണവും സ്ത്രീകളെ ടീം വർക്ക്, ഇവന്‍റ് മാനേജ്മെന്‍റ്, പൊതുവേദിയിൽ പ്രസംഗം എന്നിവയിൽ കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുന്നു. ഇവ വെറും ഉത്സവത്തിന് മാത്രം ആയ കഴിവുകളായി ചുരുക്കി കാണേണ്ട. ജോലി, സംരംഭകത്വം, രാഷ്ട്രീയം എന്നിവയുൾപ്പെടെ ജീവിതത്തിന്‍റെ മറ്റ് മേഖലകളിൽ ആത്മവിശ്വാസവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. കേരളത്തിലെ ഗ്രാമങ്ങളിലായാലും ഗൾഫ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ മലയാളി സമൂഹങ്ങളിലായാലും ഇന്ത്യൻ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗ്ഗമായി ഓണത്തെ ഉപയോഗിക്കുന്നു. തലമുറകൾക്കും സാമൂഹിക വിഭജനങ്ങൾക്കും അതീതമായി ഓണം ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു. ഐക്യ ബോധം വളർത്തുന്നു.
ഓണം നാളിൽ സംഘടിപ്പിക്കുന്ന സമൂഹ സദ്യകൾ സമൃദ്ധി ആഘോഷിക്കുക മാത്രമല്ല എല്ലാവരെയും ഉൾക്കൊള്ളുക എന്ന മഹത്തായ ആശയം നടപ്പാക്കുകയും ചെയ്യുന്നു.





