കരിനിഴലുകളെയും രൗദ്രമാർന്ന പേമാരിയേയും വകഞ്ഞുമാറ്റി ചിങ്ങത്തിലെ ഓണവെയിൽ പ്രകൃതിയിൽ സ്വർണ്ണ വർണ്ണം വാരി വിതറുകയാണ്. കഴിഞ്ഞുപോയ മഴക്കാലത്ത് പൊലിഞ്ഞ ജീവിതങ്ങളെക്കുറിച്ച് സ്‌മരിച്ചുകൊണ്ടുതന്നെ നമുക്ക് ഈ ഓണം അതിജീവനത്തിന്‍റെ ആഘോഷമാക്കാം. കേരളത്തിന്‍റെ പരമ്പരാഗത ആഘോഷമായ ഓണം പ്രായഭേമന്യേ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണത്തിന് അൽപം മങ്ങലേൽക്കും. എന്നിരുന്നാലും എന്തിനേയും അതിജീവിക്കുന്ന മലയാളിയ്ക്ക് കാത്തിരിപ്പിന്‍റെയും സഹനത്തിന്‍റെയും നല്ല നാളേക്കുള്ള പ്രതീക്ഷയുടെയും കൂടി പ്രതീകമാണ് ഓണം.
യുവത്വത്തിന്‍റെ ഓണം
ഓണം യുവതലമുറയെ സംബന്ധിച്ച് പ്രൗഢമാർന്ന ആഘോഷം തന്നെയാണ്. അവരെ സംബന്ധിച്ച് ഓണം കുറേക്കൂടി വൈവിധ്യമുള്ളതായിരിക്കുന്നു. ആഘോഷങ്ങളിൽ കാലോചിതമായ ചില പുത്തൻ ട്രെൻഡുകൾ കൂട്ടിച്ചേർത്തുള്ളതാണ് യുവതലമുറയുടെ ഓണം. വേഷത്തിലും ആ മാറ്റം പ്രകടം. ഓഫീസിലും കോളേജിലും അല്ലാതെയും സംഘം ചേർന്നാണ് ഓണമാഘോഷിക്കുക. വിദേശ രാജ്യങ്ങളിലാണ് ഇപ്പോൾ കേരളത്തിലെ യുവജനതയുടെ നാൽപ്പത് ശതമാനവും. എന്നാൽ ചെന്നയിടങ്ങളിൽ ഓണം സ്പെഷ്യൽ ആഘോഷമാക്കി മാറ്റാൻ അവർക്ക് നിറഞ്ഞ ഉത്സാഹമാണ്. അതിനായി അവർ തനത് വേഷഭൂഷാദികൾ ഓൺലൈനായി വാങ്ങുകയും അന്നാട്ടുകാരേക്കൂടി ആഘോഷത്തിന്‍റെ ഭാഗമാക്കുകയും ചെയ്യും.
പ്രവാസി ഓണം
പ്രത്യേകിച്ചും മലയാളികളായ പ്രവാസികൾക്ക് ഓണം ഒഴിച്ചുകൂടാവാനാത്ത ആഘോഷമാണ്. അത്രത്തോളം ഗൃഹാതുരമായ ഒന്നാണ് മലയാളിയ്ക്ക് ഓണക്കാലം പാടവരമ്പും മുക്കുറ്റിയും ചെമ്പരത്തിയും കനകാമ്പരവും ജമന്തിയും ഡാലിയയുമൊക്കെ നിറഞ്ഞ ഓണക്കാലം എങ്ങനെയാണ് മറക്കാനാവുക. ഇന്ന് നാട്ടിൽ ആഘോഷിക്കുന്ന ഓണത്തേക്കാൾ പത്തിരട്ടി മാറ്റോടെയാണ് പ്രവാസി മലയാളികൾ ഓണമാഘോഷിക്കുന്നത്. ഒന്നിനും ഒരു കുറവും വരുത്താതെ പൂക്കളമിട്ടും സദ്യവട്ടങ്ങളെല്ലാം നാടൻ രുചിയിൽ തയ്യാറാക്കിയും തൂശനിലയിൽ സമൃദ്ധമായി കഴിച്ചും തിരുവാതിര കളിച്ചും പ്രവാസി മലയാളികൾ ഓണം തകർത്താസ്വദിക്കുന്നു. വർഷത്തിലൊരിക്കൽ അവധിയെടുത്ത് അൽപം ലാവിഷായി തന്നെ ഓണസദ്യയൊരുക്കാനും ഓണത്തപ്പനെ വരവേൽക്കാനും ലോകത്തെവിടെയുമുള്ള മലയാളികൾ തയ്യാർ. ഗൾഫ് മലയാളികൾ അവധി ദിവസമായ വെള്ളിയാഴ്‌ചയാണ് ഓണമാഘോഷിക്കുക. സൗഹ്യദകൂട്ടായ്‌മകളാണ് ഓണാഘോഷത്തിന് ചുക്കാൻ പിടിക്കുക. കൂടാതെ കുടുംബങ്ങൾ ചേർന്നുള്ള ആഘോഷങ്ങളും പ്രവാസലോകത്ത് സജീവമായി നടക്കാറുണ്ട്.
ഓഫീസ് ഓണം
മുന്നോട്ടുള്ള ദിനങ്ങൾക്ക് പുത്തനുണർവ്വം ഊർജ്ജവും പകർന്ന് നൽകി യുവതലമുറ ഓണാഘോങ്ങളെ അൽപം ഡിഫറന്‍റാക്കിയെന്നുള്ളതാണ് വലിയൊരു പ്രത്യേകത. ഓണത്തോടനുബന്ധിച്ച് ഫ്യൂഷൻ തിരുവാതിര, ഡാൻസ്, പാട്ട്, ഫാഷൻ ഷോകൾ, ഗെയിമുകൾ. അന്താക്ഷരി എന്നിവ ഓണമത്സരങ്ങളിലെ ഹൈലൈറ്റുകളായിരിക്കുകയാണ്. ഓഫീസ് ഓണങ്ങളിലാണ് ഇത്തരം കലാപ്രവർത്തനങ്ങൾ ഏറെയും നടക്കുന്നതെന്നാണ് ഇൻഫോപാർക്ക് ജീവനക്കാരിയായ അശ്വതി പറയുന്നത്. ഒപ്പം ചില തട്ടിക്കൂട്ട് ഗെയിമുകളും ഉണ്ടാകും. സ്‌ഥലവും സൗകര്യവും കണക്കിലെടുത്താണ് ഇത്തരം ഗെയിമുകൾ ആസൂത്രണം ചെയ്യുന്നതെന്നാണ് ഐടി ഉദ്യോഗസ്‌ഥനായ മോഹിത് പറയുന്നത്. “സഹപ്രവർത്തകരായി ധാരാളം നോർത്തിന്ത്യക്കാരുണ്ട്. അവർക്കൊക്കെ സദ്യയും പായസവും വടംവലിയും സുന്ദരിയ്ക്ക് പൊട്ടുകുത്തലൊക്കെ കൗതുകകരമായ അനുഭവമാണ് നൽകുന്നത്. നമ്മുടെ ആഘോഷത്തിന്‍റെ പെരുമ അവരെക്കൂടി അറിയിക്കുന്നതിനായി ഞങ്ങൾ ഓരോ വർഷവും ഓണം ഗംഭീരമായി തന്നെ ആഘോഷിക്കാറുണ്ട്. കുറെ ഗെയിമുകളും ഉണ്ടാവും. പക്ഷെ ആഘോഷമെപ്പോഴും തിരുവോണദിവസത്തിന് മുമ്പേയായിരിക്കും." മോഹിത് പറയുന്നു. ഓഫീസ് ഓണങ്ങളിൽ വേഷത്തിലും ഉണ്ട് ചില വൈവിധ്യങ്ങൾ. വനിതകൾക്ക് സെറ്റും മുണ്ടും ആണെങ്കിലും ബ്ലൗസ് ഫാഷനബിളായ ഒരു ഡ്രസ് തന്നെയാവും. പുരുഷന്മാർ ഒരേ കളർതീം തന്നെ ഓണം ഡ്രസ്സിനായി തെരഞ്ഞെടുക്കും. ഇത്തവണ ബ്ലാക്ക് ഷർട്ടും കസവ് മുണ്ടുമാണ് ഓണഘോഷത്തിനായി മുൻകൂട്ടി തയ്യാറാക്കി വച്ചിരിക്കുന്നത്. എന്നാണ് മോഹിത് പറയുന്നത്.