വേനൽകാല വസ്ത്രങ്ങൾ എങ്ങനെയായിരിക്കണം

വേനൽക്കാലം വന്നിരിക്കുന്നു. ചർമ്മത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ട സമയം കൂടിയാണിത്. അതേസമയം, വേനൽക്കാലത്ത് നിങ്ങൾ ഏതുതരം വസ്ത്രങ്ങൾ ധരിക്കുന്നു, ഏതുതരം ആഭരണങ്ങൾ ധരിക്കുന്നു എന്നീ കാര്യങ്ങളും ചർമ്മസംരക്ഷണത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ഫാഷനെക്കുറിച്ച് പറയുമ്പോൾ ഏത് ഫാഷൻ ടിപ്പുകൾ പിന്തുടരണമെന്നുള്ള കൺഫ്യൂഷൻ ഉണ്ടാകാം. അത്തരം ഫാഷൻ ടിപ്പുകൾ അറിയുന്നതുവഴി വേനൽക്കാലത്തും നിങ്ങൾക്ക് കൂൾ ആന്‍റ് സ്റ്റൈലിഷ് ആയി നടക്കാം. വേനൽക്കാലത്ത് കൂളായും സ്റ്റൈലിഷായും നടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചുവടെ ചേർത്തിട്ടുള്ള ഈ ടിപ്‌സുകൾ പിന്തുടരുക.

വസ്ത്രങ്ങൾ

വേനൽക്കാലത്ത് ഏതുതരം വസ്ത്രങ്ങൾ ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ സമയത്ത് അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് ഒരു മികച്ച ഓപ്ഷനാണ്. കാരണം, വസ്ത്രം ശരീരത്തിൽ എത്രത്തോളം ഒട്ടിയിരിക്കാതിരിക്കുന്നോ അത്രത്തോളം അത് നമ്മളെ തണുപ്പിക്കാൻ സഹായിക്കും.

ഫാബ്രിക് ശ്രദ്ധിക്കുക

വേനൽക്കാലത്ത് ഏതെങ്കിലും വസ്ത്രങ്ങൾ വാങ്ങുന്നതിനുമുമ്പ്, അതിന്‍റെ ഫാബ്രിക് ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. റയോൺ, പോളിസ്റ്റർ, നൈലോൺ തുടങ്ങിയ തുണിത്തരങ്ങൾ ഈ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. വേനൽക്കാലത്ത് പരുത്തി വസ്ത്രങ്ങളാണ് അനുയോജ്യം. ഇതുകൂടാതെ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം.ഇത് ശരീരത്തിന് കുളിർമ്മ നൽകും.

ഫുൾ കവർ

വേനൽക്കാലത്ത്, കൂൾ ഫീൽ ഉണ്ടാകാൻ കട്ട് സ്ലീവ് അല്ലെങ്കിൽ ഷോർട്ട്സ് ധരിക്കുന്നതിനെക്കുറിച്ച് ആളുകൾ പലപ്പോഴും ചിന്തിക്കാറുണ്ട്, എന്നാൽ അത് ചർമ്മത്തിൽ നല്ല സ്വാധീനം ചെലുത്താറില്ല. ചർമ്മത്തെ സൂര്യനിൽ നിന്ന് സംരക്ഷിക്കേണ്ടത് പ്രധാനമാണ്, അതിനാൽ നിങ്ങളുടെ ശരീരം എത്രത്തോളം മറയ്ക്കുന്നുവോ അത്രത്തോളം അത് നിങ്ങൾക്ക് ഗുണം ചെയ്യും. കഴുത്തോ മുഖമോ മറയ്ക്കാൻ കോട്ടൺ സ്കാർഫ് ഉപയോഗിക്കുക. കുട നിർബന്ധമായും ഉപയോഗിക്കുക. സൺഗ്ലാസും ആവശ്യമെങ്കിൽ ധരിക്കാം.

ആഭരണം

വേനൽക്കാലത്ത് കഴിയുന്നത്ര ചെറിയ ആഭരണങ്ങൾ ധരിക്കാൻ ശ്രമിക്കുക. ആഭരണങ്ങൾ ധരിക്കണമെങ്കിൽ ചെറിയ കമ്മലുകളും പെൻഡന്‍റുകളുമാണ് ഉപയോഗിക്കാം. ആഭരണങ്ങൾ ചർമ്മവുമായി അധികമായി സമ്പർക്കം പുലർത്താതിരിക്കാൻ ഇത് സഹായിക്കും. ഇത് നിങ്ങളുടെ ചർമ്മത്തെ സുരക്ഷിതമായി നിലനിർത്തും. സാധ്യമെങ്കിൽ, വളകൾ, മോതിരങ്ങൾ, ലോഹ ആഭരണങ്ങൾ എന്നിവ ഒഴിവാക്കുക.

അടുക്കളയിൽ ട്രെൻഡിയാകുന്ന തടി പാത്രങ്ങൾ…

പണ്ട് കാലത്ത് ലോഹ പാത്രങ്ങളുടെ അഭാവം മൂലം ആളുകൾ തടി പാത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. പ്രത്യേകിച്ചും കേരളത്തിലെ മിക്ക വീടുകളിലും പഴയകാലങ്ങളിൽ തടി പത്രങ്ങൾ സർവ്വസാധാരണമായിരുന്നു. ചിരട്ട തവി, അട പലക, മരത്തവി, ചട്ടുകം, മുളക്, മല്ലി തുടങ്ങിയ മസാലകൾ സൂക്ഷിച്ചു വയ്ക്കുന്ന മരം കൊണ്ടുള്ള കംപാർട്‌മെന്‍റുകൾ ഉള്ള പെട്ടികൾ ഒക്കെ ഒരു കാലത്തു കേരളീയ ജീവിത ശൈലിയുടെ ഭാഗങ്ങളായിരുന്നു. തനതായതും പ്രകൃതിദത്തവുമായ ജീവിതശൈലിയെയാണ് ഇത് പ്രതിനിധാനം ചെയ്‌തിരുന്നത്‌. എന്നാൽ കാലം മാറിയെങ്കിലും തടി പാത്രങ്ങൾക്കുള്ള ചില ഗുണങ്ങൽ മൂലം അവ ഏറെ ജനപ്രിയമായി.

നോൺ- സ്റ്റിക്ക് ഫ്രണ്ട്‌ലി ആയതിനാൽ നോൺ- സ്റ്റിക്ക് പാത്രങ്ങളിൽ തടി സ്പൂണുകളാണ് ഉപയോഗിക്കുക. രണ്ടാമതായി, ഇത് ചൂടാകില്ല എന്നതാണ്. അതുകൊണ്ട് ചൂട് പാത്രങ്ങളിലുള്ള വിഭവങ്ങൾ അനായാസം ഇളക്കാനും കോരാനും മരത്തവികൾ സൂപ്പർ ആണ്. തടി കൊണ്ടുള്ള തവികൾ, ഗ്ലാസ്സുകൾ, പാത്രങ്ങൾ, പ്ലേറ്റുകൾ, ട്രേകൾ, മസാല കണ്ടെയ്‌നറുകൾ തുടങ്ങിയവയെല്ലാം ഉപയോഗിക്കുന്നത് പുതിയ ജീവിതശൈലിയുടെ ഭാഗമായിരിക്കുകയാണ്. ഭക്ഷണം വിളമ്പാനും കറിയും മറ്റും ഇളക്കാനും സെർവ് ചെയ്യാനും ഒക്കെ തടി പാത്രങ്ങൾ ആണ് ഇന്ന് മിക്കവരും ഉപയോഗിക്കുന്നത്. അതിനാൽ തടി പാത്രങ്ങൾക്കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ അറിയാം.

ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളിൽ തടി കൊണ്ടുള്ള പാത്രങ്ങൾ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. അവ മനോഹരവും വൈവിധ്യ പൂർണ്ണവുമാണ്, മാത്രമല്ല അവ ഉപയോഗിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളും ലഭിക്കും.

ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ- തടിയിൽ ടാനിൻ സാന്നിദ്ധ്യം ഉള്ളതിനാൽ തടികൊണ്ടുള്ള പാത്രങ്ങൾക്ക് സ്വാഭാവിക ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. പാത്രങ്ങളുടെ ഉപരിതലത്തിൽ ബാക്ടീരിയയുടെ വളർച്ചയെ ടാനിൻ തടയുന്നു. ഇത് ക്രോസ്- മലിനീകരണവും ഭക്ഷ്യവിഷബാധയും തടയാൻ സഹായിക്കുന്നു.

വിഷരഹിത മെറ്റീരിയൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, തടി പാത്രങ്ങൾ വിഷരഹിതമായ വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഭക്ഷണത്തിൽ അവ ഹാനികരമായ രാസവസ്തുക്കൾ കലർത്തുന്നില്ല എന്നാണ് ഇതിനർത്ഥം. ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും തടികൊണ്ടുള്ള പാത്രങ്ങൾ സുരക്ഷിതമായ ഓപ്ഷനാണ്.

ചൂട് പ്രതിരോധിക്കുന്നു- തടികൊണ്ടുള്ള പാത്രങ്ങൾ ചൂട് പ്രതിരോധിക്കും, ഉയർന്ന ഊഷ്മാവിൽ ഉരുകുകയോ വളഞ്ഞുപോകുകയോ ചെയ്യില്ല. അതുകൊണ്ട് ഭക്ഷണം പാക൦ ചെയ്യാനും ബേക്കിംഗിനും ഉപയോഗിക്കാൻ അവ അനുയോജ്യമാണ്. ഓവനിലെ ചൂടിനെ നേരിടാൻ തടികൊണ്ടുള്ള പാത്രങ്ങൾക്ക് കഴിയും.

കുക്ക് വെയറിൽ അനായാസം ഉപയോഗിക്കാം– തടികൊണ്ടുള്ള പാത്രങ്ങൾ കുക്ക് വെയറിൽ സുഖമായി ഉരുപയോഗിക്കാം. അവ നോൺ- സ്റ്റിക്ക് പ്രതലങ്ങളിൽ സ്‌ക്രാച്ചുകൾ വീഴ്ത്തുകയോ കേടുവരുത്തുകയോ ചെയ്യില്ല.
ഇത് നിങ്ങളുടെ പാത്രങ്ങളുടെയും ചട്ടികളുടെയും ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കുക്ക് വെയറിന്‍റെ ഗുണനിലവാരം നിലനിർത്തുന്നതിനുള്ള മികച്ച ഒരു ഓപ്ഷൻ ആണ് തടികൊണ്ടുള്ള പാത്രങ്ങൾ.

ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ, നോൺ- ടോക്സിക് മെറ്റീരിയൽ, ചൂട് പ്രതിരോധം, നോൺ സ്റ്റിക്ക് പാത്രങ്ങളിൽ സുരക്ഷിതമായ ഇവയുടെ ഉപയോഗം എന്നിവ ഉൾപ്പെടെ നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ തടി പാത്രങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യകരമായ അടുക്കളയ്ക്ക് തടി പാത്രങ്ങൾ ഉപയോഗിക്കുന്നത് ശീലമാക്കുക.

ഏത് തരം മരത്തടികൾ

റോസ്‌വുഡ്, അക്കേഷ്യ, വാൽനട്ട് എന്നിവയുടെ തടി വളരെ ശക്തവും കടുപ്പമുള്ളതുമാണ്, അതിനാൽ അവകൊണ്ട് നിർമ്മിച്ചിട്ടുള്ള പാത്രങ്ങൾ കടുപ്പമേറിയതാണ്. രണ്ടാമതായി, അവയയിൽ പ്രകൃതിദത്ത എണ്ണയുണ്ട്, അതിനാൽ അവ വരണ്ടുപോകില്ല. ബാക്ടീരിയ, ഫംഗസ് എന്നിവയെ തടിപ്പാത്രങ്ങൾ പ്രതിരോധിക്കും.

കടയിൽ നിന്നും ശരിയായതും കേടുപാടുകൾ ഇല്ലാത്തതുമായ തടി പാത്രങ്ങൾ വാങ്ങുക. വിള്ളലുകൾ ഉള്ള മരപാത്രങ്ങൾ ഒഴിവാക്കാം. ഇത് അഴുക്ക് നിറയാൻ കാരണമാകുകയും ആരോഗ്യത്തിന് ഹാനിയും സൃഷ്ടിക്കും.

പോളിഷ് ചെയ്ത തടി പാത്രങ്ങൾ ഉപയോഗിക്കുന്നതിന് പകരം പോളിഷ് ചെയ്യാത്ത പാത്രങ്ങൾ ഉപയോഗിക്കുക, കാരണം ആരോഗ്യത്തിന് ഹാനികരമായ പോളിഷ് ഭക്ഷണത്തിൽ ലയിച്ച് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.

എങ്ങനെ ഉപയോഗിക്കാം

പുതിയ പാത്രം നേരിട്ട് ഉപയോഗിക്കുന്നതിന് പകരമായി ആദ്യം ശുദ്ധജലത്തിൽ കഴുകി കോട്ടൺ തുണികൊണ്ട് തുടച്ച ശേഷം ഉപയോഗിക്കുക. ദ്രവരൂപത്തിലുള്ള ഭക്ഷണ സാധനങ്ങൾ തടി പാത്രങ്ങളിൽ ദീർഘനേരം വിളമ്പി വയ്ക്കരുത്. ഭക്ഷണം കഴിക്കാൻ നേരത്ത് മാത്രം വിളമ്പുക.
ഏതെങ്കിലും ലിക്വിഡ് സോപ്പ് ഉപയോഗിച്ച് തടി പാത്രങ്ങൾ കഴുകിയ ശേഷം അവ ഒരു നെറ്റ് സ്റ്റാൻഡിൽ സൂക്ഷിക്കുക, തുടർന്ന് തുടച്ച് ഭക്ഷണം വിളമ്പുക.
ചിപ്‌സ്, ബിസ്‌ക്കറ്റ്, പക്കോഡ, കച്ചോഡി തുടങ്ങിയ സ്‌നാക്ക്‌സ് നേരിട്ട് തടി പാത്രത്തിൽ ഇടുന്നതിന് പകരം അതിൽ ടിഷ്യൂ പേപ്പർ വിരിച്ച ശേഷം പലഹാരം വയ്ക്കുക. പത്രത്തിന്‍റെ ഉപരിതലത്തിൽ എണ്ണ മയം പുരളുന്നത് ഇത് തടയും.

കൂടുതൽ നേരം സിങ്കിലോ വെള്ളത്തിലോ ഇത്തരം പാത്രങ്ങൾ ഇട്ടുവയ്ക്കരുത്, ഉപയോഗത്തിന് ശേഷം ഉടൻ തന്നെ കഴുകുക, അങ്ങനെ ചെയ്‌താൽ അവ ദീർഘകാലം സുരക്ഷിതമായി ഉപയോഗിക്കാനാവും. അവ വൃത്തിയാക്കാൻ, ഏതെങ്കിലും തരത്തിലുള്ള കെമിക്കൽ ഡിറ്റർജന്‍റോ ലിക്വിഡ് സോപ്പോ ഉപയോഗിക്കുന്നതിന് പകരമായി ഏതെങ്കിലും ഡിഷ് വാഷ് സോപ്പ് ഉപയോഗിക്കുക. അവ വൃത്തിയാക്കാൻ വിനാഗിരി, നാരങ്ങ നീര് അല്ലെങ്കിൽ ബേക്കിംഗ് സോഡ എന്നിവയും ഉപയോഗിക്കാം. ഇവയിൽ ഏതെങ്കിലും ഒന്ന് തുല്യ അളവിൽ വെള്ളത്തിൽ കലർത്തി അതിൽ കോട്ടൺ അല്ലെങ്കിൽ മൃദുവായ തുണി മുക്കി പാത്രത്തിൽ തടവുക. പാത്രം പുതിയത് പോലെ തിളങ്ങും. വയർ സ്‌ക്രബ്ബർ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നതിന് പകരം മൃദുവായ ബ്രഷ് ഉപയോഗിച്ച് പാത്രം നന്നായി കഴുകി ഉണക്കുക.

അവയിൽ ഏതെങ്കിലും തരത്തിലുള്ള കറയുണ്ടെങ്കിൽ, ലിൻസീഡ്, വാൽനട്ട്, പോപ്പി സീഡ് അല്ലെങ്കിൽ വെളിച്ചെണ്ണ എന്നിവയിൽ തുല്യ അളവിൽ വിനാഗിരി കലർത്തി കോട്ടൺ അല്ലെങ്കിൽ മൃദുവായ തുണി ഉപയോഗിച്ച് പാത്രങ്ങളിൽ തടവുക, തുടർന്ന് ശുദ്ധമായ വെള്ളത്തിൽ കഴുകി ഉണക്കുക.
ഈ പാത്രങ്ങൾ ഡിഷ് വാഷർ, മൈക്രോവേവ്, ഒടിജി മുതലായവയിൽ വയ്ക്കരുത്. അതുപോലെ ഗ്യാസിന് സമീപം തടി പാത്രങ്ങൾ സൂക്ഷിക്കരുത്, അല്ലാത്തപക്ഷം അവ കത്തിപോകാം.

പാത്രങ്ങൾ എപ്പോഴും നനഞ്ഞിരിക്കരുത്. അല്ലാത്തപക്ഷം അവയിൽ പൂപ്പൽ വളരും, ഇത് ആരോഗ്യത്തെയും പാത്രങ്ങളെയും ദോഷകരമായി ബാധിക്കും.
മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം നിറഞ്ഞിരിക്കുന്നതിനാൽ ഈ സീസണിൽ തടിപ്പാത്രങ്ങൾ ഉപയോഗിക്കുന്നത്‌ ഒഴിവാക്കാം. ഈർപ്പ൦ തട്ടാതെ സംരക്ഷിക്കുന്നതിന് പാത്രങ്ങൾ പത്രത്തിൽ പൊതിഞ്ഞ് സൂക്ഷിക്കുക.

ഡയറ്റിൽ ചേർക്കു കാൻസർ പ്രതിരോധിക്കു

ലോകമെമ്പാടുമുള്ള ആളുകളുടെ മരണത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ് കാൻസർ. ഇത്തിൽ തന്നെ 100 ലധികം തരങ്ങളുണ്ട്. ലോകമെമ്പാടുമുള്ള വലിയൊരു ജനവിഭാഗം കാൻസർ ബാധിതരാണ്. ഇതിനുള്ള എല്ലാ കാരണങ്ങളിലും പ്രധാനമായും ഭക്ഷണവും ഉൾപ്പെടുന്നുണ്ട്. ഓർക്കുക… നമ്മൾ കഴിക്കുന്നതും കുടിക്കുന്നതും നമ്മുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. എന്നാൽ ചില ഭക്ഷണവസ്തുക്കൾ പതിവായി കഴിക്കുന്നതിലൂടെ നമുക്ക് ക്യാൻസർ സാധ്യത കുറയ്ക്കാൻ കഴിയും. ഇത് ഗവേഷണങ്ങളിലും പറയുന്നുണ്ട്.

  1. വാൽനട്ട്

പല തരത്തിലുള്ള ആരോഗ്യകരമായ മൂലകങ്ങൾ വാൽനട്ടിൽ കാണപ്പെടുന്നു. ചില പഠനങ്ങൾ പ്രകാരം വാൽനട്ട് കഴിക്കുന്നത് സ്തനാർബുദ സാധ്യതയെ കുറയ്ക്കും. ഇതുകൂടാതെ, പ്രോസ്റ്റേറ്റ് ക്യാൻസറിനും ഇത് വളരെ ഫലപ്രദമാണ്. ഇതോടൊപ്പം ഡിഎൻഎയെ സംരക്ഷിക്കാനും ഇത് വളരെ ഫലപ്രദമാണ്.

  1. ക്രാൻബെറികൾ

നാരുകൾ, വിറ്റാമിൻ സി, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയുടെ പ്രധാനപ്പെട്ട ഒരു ഉറവിടമാണ് ക്രാൻബെറി. ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന ക്യാൻസറിന്‍റെ മൂലകങ്ങളെ ഇല്ലാതാകുന്നു.

  1. ആപ്പിൾ

പല തരത്തിലുള്ള രോഗങ്ങൾക്കും ആപ്പിൾ വളരെ ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റും ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും ക്യാൻസർ സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. വൻകുടൽ കാൻസറിന് ഇത് പ്രത്യേകിച്ചും ഫലപ്രദമാണ്. ഭൂരിഭാഗം ആളുകളും ആപ്പിൾ തൊലി കളഞ്ഞാണ് കഴിക്കുക, എന്നാൽ ഇത് വളരെയധികം ദോഷം ചെയ്യും. ഈ ശീലം മാറ്റിയാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇതിന്‍റെ തൊലിയിൽ ആരോഗ്യത്തിന് ഗുണകരമാകുന്ന ധാരാളം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. വൻകുടൽ കാൻസറിന് പുറമെ, ശ്വാസകോശം, സ്തനാർബുദം, പാൻക്രിയാറ്റിക് കാൻസർ എന്നിവയിൽ നിന്നും ആപ്പിൾ സംരക്ഷിക്കുന്നു.

  1. ബ്ലൂ ബെറി (ഞാവൽ)

പല തരത്തിലുള്ള ഗുണം ചെയ്യുന്ന മൂലകങ്ങൾ നീല സരസഫലങ്ങളിൽ കാണപ്പെടുന്നു. ഫൈറ്റോകെമിക്കൽ, എലാജിക് ആസിഡ്, യുറോലിതിൻ തുടങ്ങി നിരവധി പ്രത്യേക ഗുണങ്ങൾ ഇതിൽ കാണപ്പെടുന്നുണ്ട്. ഇവ ശരീരത്തിലെ ഫ്രീ റാഡിക്കലുകളിൽ നിന്ന് നമ്മുടെ ഡിഎൻഎയ്ക്ക് സംരക്ഷണം നൽകുന്നു, ഇത് ക്യാൻസറിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. ബ്ലൂ ബെറി കഴിക്കുന്നത് വായ, സ്തനങ്ങൾ, വൻകുടൽ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കു൦.

ചുരുണ്ട മുടി ഇങ്ങനെ പരിചരിക്കു

ചോ: എന്‍റെ മുടി ചുരുണ്ടിട്ടാണ്‌. മുടി അമിതമായി ചുരുണ്ടിരിക്കുന്നത് കൊണ്ടു മുടി മാനേജ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. മാത്രവുമല്ല മുടി നിർജ്ജീവവും വരണ്ടതുമായി മാറിയിരിക്കുന്നു. കൂടാതെ മുടി പൊഴിയുകയും ചെയ്യുന്നുണ്ട്. ദയവായി എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ?

ഉ: ചുരുണ്ട മുടിയിൽ ചെറു ചൂടുള്ള എണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് മുടിക്ക് ഗുണം ചെയ്യും. ഇത് സ്ഥിരമായി ആഴ്‌ച്ചയിൽ ഒരിക്കൽ ചെയ്യൂന്നതിലൂടെ ഏത് തരം ചുരുണ്ട മുടിയും വളരെ മനോഹരമാകും. വെളിച്ചെണ്ണ, ഒലിവ് അല്ലെങ്കിൽ ബദാം എണ്ണ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് മുടി മസാജ് ചെയ്യാം. ദിവസവും മുടി ഷാംപൂ ചെയ്യുന്നത് മുടിക്ക് ദോഷം ചെയ്യും. ഇതുമൂലം മുടി കൊഴിയാനും മുടിയ്ക്ക് നിർജ്ജലീകരണം സംഭവിക്കാനും തുടങ്ങുന്നു. അതുകൊണ്ട് മുടി അധികം കഴുകാതിരിക്കുന്നതാണ് നല്ലത്.

ചുരുണ്ട മുടി വളരെ മുറുക്കി കെട്ടുന്നത് ഒഴിവാക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടി വേരുകൾ ദുർബലമാവുകയും പൊട്ടാൻ തുടങ്ങുകയും ചെയ്യു൦. മുടി നല്ലവണ്ണം ചുരുണ്ടത് ആണെങ്കിൽ ചെറുതായി നനവുള്ളപ്പോൾ ചീകി ഹെയർ സെറ്റ് ചെയ്യാം. ഇത് മുടിയുടെ വലിച്ചിൽ കുറയ്ക്കും. ചുരുണ്ട മുടിയിൽ ഡ്രയറിന്‍റെ ഉപയോഗം കുറയ്ക്കുക, കാരണം ഇതിന്‍റെ അമിത ഉപയോഗം മുടിയെ ദുർബലമാക്കു൦.

ചുരുണ്ട മുടിയുടെ മൃദുത്വം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, കെമിക്കൽ കളറുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. അവയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തരുത്. ഉചിതമായ രീതിയിൽ ശ്രദ്ധിച്ചാൽ മുടി മൃദുവും തിളക്കവുമുള്ളതുമായി മാറും. അതിനുള്ള ചില ഹെയർ പായ്ക്കുകൾ പരിചയപ്പെടാം.

  • 3 -4 ടേബിൾ സ്പൂൺ കട്ടി തൈര്, 2 ടേബിൾ സ്പൂൺ തേൻ, ഒരു വാഴപ്പഴം നന്നായി സ്‍മാഷ് ചെയ്തത്, 3 ടേബിൾ സ്പൂൺ നാരങ്ങാ നീര് എന്നിവ യോജിപ്പിച്ച് തലയിൽ പുരട്ടുക. മുടിയുടെ കട്ടി അനുസരിച്ച് ചേരുവകളുടെ അളവിൽ മാറ്റം വരുത്താം. 20 മിനിറ്റിനു ശേഷം മുടി നന്നായി കഴുകുക.
  • 2 ടേബിൾ സ്പൂൺ തേങ്ങ പാൽ, ഒരു മുട്ടയുടെ മഞ്ഞക്കരു, 2 ടേബിൾ സ്പൂൺ തേൻ, 2 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ/ ആൽമണ്ട് ഓയിൽ എന്നിവ ഒരു ബൗളിൽ നന്നായി അടിച്ച് യോജിപ്പിച്ച് തലയിൽ പുരട്ടുക.15- 20 മിനിട്ടിനു ശേഷം തല കഴുകാം.
  • ഒരു വാഴപ്പഴം, ഒരു അവോക്കാഡോ പഴം എന്നിവ സ്മാഷ് ചെയ്ത് അതിൽ ഒലിവ് ഓയിൽ ചേർത്ത് തലയിൽ പുരട്ടി 30 മിനിട്ടിനു ശേഷം കഴുകുക.
  • അലോവേര ജെല്ലും വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയുക.
  • പപ്പായയുടെ പൾപ്പും വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടി 20- 30 മിനിറ്റിന് ശേഷം തല കഴുകുക.

മേൽ വിവരിച്ച മാസ്‌കുകൾ രണ്ട് അഴ്ചയിൽ ഒരിക്കൽ ചെയ്യുക. അനുയോജ്യമായ മാറ്റങ്ങൾ നൽകുന്ന ഹെയർ മാസ്‌ക് ഉപയോഗിച്ച് നോക്കി കണ്ടെത്താം. ശരിയായ കേശ പരിചരണത്തിലൂടെ മുടിയ്ക്ക് നല്ല ആരോഗ്യവും തിളക്കവും ലഭിക്കും. ഒപ്പം ഭക്ഷണ കാര്യത്തിൽ കൂടി ശ്രദ്ധ നൽകാം. പ്രോട്ടീനിന്‍റെ അളവ് വർദ്ധിപ്പിക്കുക. പയർ വർഗ്ഗങ്ങൾ, മൽസ്യം, ഇലക്കറികൾ പ്രത്യേകിച്ചും ചീര, മുരിങ്ങയില എന്നിവ ആഴ്ചയിൽ ഒന്ന് രണ്ടു തവണ എങ്കലും ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തണം. മാനസിക സമ്മർദ്ദം കുറയ്ക്കുക. നോർമൽ മുടിയുള്ളവർക്കും മേൽ വിവരിച്ച ഹെയർ മാസ്കുകൾ ഉപയോഗിക്കാവുന്നതാണ്.

കൂട്ട് കൂടി മുന്നോട്ട്

ഇൻവെസ്റ്റ്‌ ഇൻ വുമൺ, ആക്‌സിലറേറ്റ് പ്രോഗ്രസ്സ്: (സ്ത്രീകളിൽ നിക്ഷേപിക്കുക പുരോഗതി ത്വരിതപ്പെടുത്തുക) 2024 ലെ വനിതാ ദിനത്തിന്‍റെ തീം മേല്പറഞ്ഞ ആശയം ആണ്.

മികച്ച സമ്പദ്‌വ്യവസ്ഥയും ആരോഗ്യമുള്ള ലോകവും സൃഷ്ടിക്കണമെങ്കിൽ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ലിംഗസമത്വവും സ്ത്രീകളുടെ ക്ഷേമവും കൈവരിക്കുന്നത് നിർണായകമാണ്. അതിനാൽ ‘സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്ന പ്രമേയത്തിന് കീഴിലുള്ള അന്താരാഷ്ട്ര വനിതാ ദിനത്തിൽ #InvestInWomen എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാനാണ് ഐക്യരാഷ്ട്ര സഭ നിർദേശിച്ചിരിക്കുന്നത്.

ഓരോ വർഷവും വനിതാ ദിനങ്ങൾ വന്നു ചേരുകയും പല പല ആശയങ്ങളും പ്രതീക്ഷകളുമായി കടന്നു പോവുകയും ചെയ്യുന്നു. കുടുംബത്തിന്‍റെ പുരോഗതി സ്ത്രീയുടെ സാമ്പത്തിക പുരോഗതിയിലൂടെ ആണെന്ന ചിന്ത ഇപ്പോൾ മാറ്റങ്ങൾ കൊണ്ടു വരുന്നുണ്ട്. അതിന് സംയുക്ത പ്രവർത്തനം തന്നെയാണ് ആവശ്യം..

2030-ഓടെ 342 ദശലക്ഷത്തിലധികം സ്ത്രീകളും പെൺകുട്ടികളും ദാരിദ്ര്യത്തിൽ കഴിയുന്നത് തടയാൻ അടിയന്തര നടപടി നിർണായകമാണ്. യുദ്ധങ്ങളും വിലക്കയറ്റവും നിമിത്തം 75% രാജ്യങ്ങളും 2025-ഓടെ പൊതുചെലവ് വെട്ടിക്കുറച്ചേക്കാം, ഇത് സ്ത്രീകളെയും അവരുടെ അവശ്യ സേവനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഐക്യരാഷ്ട്ര സഭ പങ്കു വെയ്ക്കുന്നു.

ഒരുമിച്ചു നിന്നാൽ ഒരുപാടു കാര്യങ്ങൾ ചെയ്യാമെന്ന തിരിച്ചറിവ് സ്ത്രീകൾക്ക് ഇപ്പോൾ ഉണ്ട്. അങ്ങനെ പല കാര്യങ്ങൾക്കായി അറിഞ്ഞോ അറിയാതെയോ ഒരുമിച്ചു ചേരുകയും പിന്നീട് അതൊരു സാമൂഹ്യ ചാലക ശക്തിയായി മാറുകയും ചെയ്ത ഏതാനും വനിതാ കൂട്ടായ്മകളെ നമുക്ക് പരിചയപ്പെടാം…

സ്വപ്നങ്ങളിലേക്ക് പറന്നു പറന്ന്സൃഷ്ടി

srishti travel group

ആരോടും ചോദിച്ചു നോക്കു, അവരുടെ സ്വപ്നങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ‘യാത്ര’ എന്നൊരു വാക്ക് ഉറപ്പായും ഉണ്ടാകും… എത്ര പേർക്ക് അതിന് കഴിയുന്നു എന്ന് ചോദിച്ചാൽ ഉത്തരം അത്ര യാത്രയോളം സുന്ദരമായിരിക്കില്ല… എന്നാൽ സ്വന്തം യാത്രാസ്വപ്നങ്ങൾ മുറുകെപ്പിടിച്ച് സ്ത്രീകൾ പരസ്പരം കൈകോർക്കാൻ തുടങ്ങിയതോടെ ആ മോഹങ്ങൾ ഇപ്പോൾ സാക്ഷാൽകരിക്കപെടുകയാണ് പലർക്കും. അതിന് സഹായിക്കുന്ന ഒരു വനിതാ യാത്ര കൂട്ടായ്മയാണ് സൃഷ്ടി… നക്ഷത്രങ്ങൾ നിറഞ്ഞ രാത്രികളും രസകരമായ ട്രെക്കിംഗും വിലയേറിയ നിമിഷങ്ങളും വാഗ്ദാനം ചെയ്യുന്ന സൃഷ്ടി എന്ന വനിതാ ട്രാവൽ ഗ്രുപ്പ്, ഗീതു മോഹൻദാസ് എന്ന ഒരു യുവ എഞ്ചിനീയർ തുടങ്ങിവെച്ച യാത്ര സ്റ്റാർട്ടപ്പിന്‍റെ ഭാഗമാണ്. സ്ത്രീകൾക്ക് മാത്രമുള്ള യാത്രകൾ കേരളത്തിൽ പ്രചാരം നേടിയിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു. സമാന ചിന്താഗതിക്കാരായ മറ്റ് സ്ത്രീകളോടൊപ്പം യാത്ര ചെയ്യാനുള്ള ഓരോ സ്ത്രീയുടെയും സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ് സൃഷ്ടിയുടെ ലക്ഷ്യം.

പെൺകുട്ടികൾ മുതൽ പ്രായമായ സ്ത്രീകൾ വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ‘സൃഷ്ടി’ എന്ന കൂട്ടായ്മയിൽ ബാക്ക് പാക്കുമായി ഇറങ്ങി തിരിക്കുന്നു. ഗീതു മോഹൻദാസ് പറയുന്നു. “പെൺകുട്ടികൾ, ജോലി ചെയ്യുന്ന സ്ത്രീകൾ, വീട്ടമ്മമാർ, വിരമിച്ച സ്ത്രീകൾ എന്നിവരെല്ലാം യാത്രയ്ക്ക് തയ്യാറാണ്. യാത്ര ക്ക് എത്തിക്കഴിഞ്ഞാൽ എല്ലാവരും ചെറുപ്പമാണ്. ഞങ്ങൾക്ക് ലഭിക്കുന്ന അന്വേഷണങ്ങളിൽ ഭൂരിഭാഗവും കൂട്ടായ്മയുടെ ഭാഗമാകാൻ പ്രായപരിധിയുണ്ടോ എന്നാണ്. ഇതിനകം യാത്ര ചെയ്ത ആളുകൾ തങ്ങളുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവെച്ചതിന് ശേഷം കൂടുതൽ ആളുകൾ താൽപ്പര്യം കാണിക്കുന്നുണ്ട്.”

തുടക്കത്തിൽ സ്ത്രീകൾക്ക് മാത്രമുള്ള യാത്രകൾ കേരളത്തിലെ ടൂറിസ്റ്റ് ടെസ്റ്റിനേഷനുകളിൽ മാത്രമായിരുന്നുവെങ്കിലും ഇപ്പോൾ സംഘം വിദേശ പര്യടനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

സ്ത്രീകൾക്ക് മാത്രമുള്ള എല്ലാ യാത്രകളും സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയാണ് നടത്തുന്നത്. ടൂർ ആരംഭിക്കുന്നതിന് മുമ്പ്, താമസസൗകര്യം ഉൾപ്പെടെ എല്ലാം കൃത്യം ആണെന്ന് ഉറപ്പാക്കാൻ സംഘാടകർ ഒരു ട്രയൽ ടൂർ നടത്തും. ട്രയൽ ടൂറിന്‍റെ പ്രധാന ലക്ഷ്യം മതിയായ സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. ട്രയൽ ട്രിപ്പ് നടത്തിയ ശേഷമേ സംഘം യാത്ര തുടങ്ങൂ.

എന്തും ചോദിക്കാൻ ആസ്ക്‌ വുമൺ

ask women

ഷൊർണൂരിലെ മയിൽവാഹനം ബിസിനസ്‌ കുടുംബത്തിൽ നിന്നുള്ള രൂപ ജോർജ്ജ്, വിശാല ഹൃദയമുള്ള സാമൂഹിക സംരംഭകയാണ്. ആളുകൾക്ക് എന്ത് സഹായവും സെൽഫ് ലെസ്സ് ആയി കൊടുക്കാനും നമ്മുടെ വിലപ്പെട്ട സമയം ആവശ്യമുള്ളവർക്ക് നൽകാനും പ്രേരിപ്പിക്കുവാൻ രൂപ ജോർജ് 2019 ൽ തുടക്കമിട്ട സോഷ്യൽ മീഡിയ കൂട്ടായ്മക്ക് വലിയ സ്വീകരണം ആണ് ലഭിച്ചത്. രൂപയുടെ ഫ്രണ്ട്‌സ് സർക്കിൾ എന്ന നിലയിൽ ആരംഭിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്കളായ ‘ആസ്ക്‌ വുമൺ, പ്രീ ലവ്ഡ്’ എന്നിവ വലിയ സാമൂഹ്യ സഹായമാണ് നൽകുന്നത്.

പാരിസ്ഥിതിക അവബോധം, ദയ, പത്രവായന, സെ നോ ടു ഡ്രഗ്സ്, തുടങ്ങി വിവിധ കാമ്പെയ്‌നുകൾ വഴി 300 ലധികം സ്കൂളുകളിൽ രൂപ സജീവമായി പ്രവർത്തിക്കുന്നു. ബഞ്ചുകൾ, ഡെസ്‌ക്കുകൾ, യൂണിഫോം, ലാബുകൾ, ലൈബ്രറികൾ, പുസ്തകങ്ങൾ, വിദ്യാഭ്യാസ ചെലവുകൾ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള പിന്തുണ ഉറപ്പാക്കിക്കൊണ്ട്, സിഎസ്ആർ ഫണ്ടുകളുമായി അർഹമായ സ്‌കൂളുകളെ ബന്ധിപ്പിച്ച് പ്രവർത്തിക്കുന്നു. ഭവനരഹിതർക്ക് വീടുകൾ നിർമ്മിക്കുന്നതിൽ സഹായിക്കുന്നു.

സ്ത്രീകൾക്ക് നെറ്റ്‌വർക്ക് ചെയ്യാനും ചർച്ച ചെയ്യാനും ആശയങ്ങൾ പങ്കിടാനും നിർദ്ദേശങ്ങൾ തേടാനും ബിസിനസ്സ് പ്രോത്സാഹിപ്പിക്കാനുംഉള്ള ഒരു പ്ലാറ്റ്ഫോം കൂടി ഇത് നൽകുന്നു. 5000 ത്തിലേറെ ഗുണഭോക്താക്കൾക്കൊപ്പം, പ്രിയപ്പെട്ട സാധനങ്ങൾ, ട്യൂഷൻ അന്വേഷണങ്ങൾ, ആരോഗ്യവും ശാരീരികക്ഷമതയും, കൗൺസിലിംഗ്, യാത്ര എന്നിവയ്‌ക്കായി പ്രത്യേക പ്ലാറ്റ്‌ഫോമുകൾ അവർ കൈകാര്യം ചെയ്യുന്നു.

നിരവധി സ്ത്രീകൾക്ക് ഉപദേശം തേടുന്നതിനും ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും അവരുടെ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. വെറുതെ വീട്ടിൽ സമയം കഴിച്ചു കൊണ്ടിരുന്ന കുറേ പേർക്കെങ്കിലും ഈ കൂട്ടായ്മയുടെ തണലിൽ സംരംഭകരായി വിജയിക്കാൻ കഴിഞ്ഞു.

പ്രീ ലൗഡ് എന്ന കൂട്ടായ്മയിൽ യൂസ്ഡ് സാമഗ്രികളുടെ വില്പനയും വാങ്ങലും വളരെ എളുപ്പമായി സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്നു. വസ്ത്രങ്ങൾ മുതൽ ഫർണിചർ വരെ ഈ രീതിയിൽ വിപണനം ചെയ്യാൻ ഗ്രൂപ്പ്‌ സഹായിക്കുന്നു.

കൈപിടിച്ചു കൂടെ ഉണ്ട് ക്വീൻസ് ബിസിനസ്‌ ഗ്ലോബൽ 

Queens business global

സ്ത്രീയുടെ ആഗ്രഹങ്ങളും ദുഖങ്ങളും വേഗം മനസിലാക്കാൻ കഴിയുന്നത് മറ്റൊരു സ്ത്രീക്ക് തന്നെയാണ്. അവളുടെ ഉയർച്ച കാണാൻ ആഗ്രഹിക്കുന്നതും അതിലൂടെ സ്വയം പ്രചോദിതർ ആകാനും ആഗ്രഹിക്കുന്നതും സ്ത്രീകൾ തന്നെയാണ്… ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ള മലയാളി സ്ത്രീ സംരംഭകരുടെ ഒരു ഓൺലൈൻ കൂട്ടായ്മ ആണ് QBG- ക്വീൻസ് ബിസിനസ് ഗ്ലോബൽ. ഇതിലെ ഓരോ അംഗവും അവരവരുടേതായ ബിസിനസുകളിൽ മികവ് തെളിയിച്ചവർ ആണ്. മാത്രമല്ല പുതിയ ഓരോ സംരംഭത്തിലേക്കു ചുവട് വെയ്ക്കുന്നവരെ കൈ പിടിച്ചു കയറ്റുന്നവർ കൂടിയാണ് ഈ കൂട്ടായ്മയിൽ ഉള്ളത്. പരസ്പരം സഹകരിച്ചു ഒരു നെറ്റ്‌വർക്ക് ആയി പ്രവർത്തിച്ചു കൊണ്ട് ഒരു വലിയ സ്ത്രീ സംരംഭ കൂട്ടായ്മ ആയി മാറി കൊണ്ടിരിക്കുകയാണ് QBG.

സാമ്പത്തിക സ്വാതന്ത്രം എല്ലാവരുടേയും അവകാശമാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നതിൽ നിന്നുമാണ് ഈ ഗ്രൂപ്പിന്‍റെ ഉത്ഭവം എന്ന് കൂട്ടായ്മ നയിക്കുന്നവരിൽ ഒരാളായ സന്ധ്യ രാധാകൃഷ്ണൻ പറയുന്നു.

സ്ത്രീ ശാക്തീകരണം വാക്കുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല എന്നും, നമ്മുടെ കൂടെ ഉള്ള മറ്റു സ്ത്രീകൾക്ക് ഒരു കൈ താങ്ങ് ആവുക കൂടി നമ്മുടെ ചുമതല ആണെന്ന് വിശ്വസിക്കുന്നവരാണ് ഈ ഗ്രൂപ്പിലെ അംഗങ്ങൾ. ഇവിടെ വലിയ സംരംഭകർ, ചെറിയവർ അങ്ങനെയൊന്നുമില്ല, എല്ലാവരും ഒരുപോലെയാണ്. 2000 ൽ പരം സംരംഭകർ ഇത് വരെ QBG യുടെ ഭാഗം ആയിട്ടുണ്ട്. ഇതിൽ പല ജോലികൾ ചെയ്യുന്നവരുണ്ട്. സ്റ്റിച്ചിംഗ് ചെയ്യുന്നവരുണ്ട്, ഭക്ഷ്യവസ്തുക്കള്‍ വിൽക്കുന്നവരുണ്ട്, ആക്‌സസറീസ് ചെയ്യുന്നവരുണ്ട്, വക്കീലന്മാരുണ്ട്, കൗൺസിലിംഗ് ചെയുന്നവരുണ്ട് . ഇടനിലക്കാരില്ലാതെ നേരിട്ടുള്ള വ്യവഹാരം ആയതിനാൽ കൊള്ളലാഭം ആരും ഇടാകുന്നില്ല.

50,000 ൽ അധികം ഉപഭോക്താക്കൾ നിലവിൽ ഗ്രൂപ്പിലുണ്ട്. അതുകൊണ്ട് തന്നെ ഒരു സോഷ്യൽ മീഡിയ മാർക്കറ്റ് തന്നെയാണ് ഇന്ന് QBG. കോവിഡ് തുടങ്ങിയതിനു ശേഷം സ്വന്തമായി ജീവിത മാർഗം കണ്ടെത്തിയ നിരവധി സ്ത്രീകളുണ്ട്. കേക്ക് നിർമാണം മുതൽ, തലമുടിയ്ക്ക് വേണ്ട എണ്ണയുടെ ഉൽപാദനം വരെ ചെയ്യുന്നുണ്ട് ഇപ്പോൾ, നൂലിൽ ചിത്രം വരക്കുന്നവർ മുതൽ കുപ്പിയിൽ ലോകം ചുരുക്കുന്നവർ വരെ, മാർക്കറ്റിംഗ് മേഖലയിൽ ഉള്ളവർ മുതൽ സിവി /റെസ്യുമെ മേക്കഓവർ ചെയ്യുന്നവർ വരെ ഉള്ള ഒരു ചെറിയ വലിയ ലോകം.

പല പ്രായത്തിലുള്ള സ്ത്രീകളുടെ ഒരു കൂട്ടമാണിത്. പ്രായം കുറഞ്ഞവർ മുതൽ കൂടിയവർ വരെ. വിപണിയിൽ വിൽക്കപ്പെടുന്ന വസ്തുക്കൾക്ക് വേണ്ടി മാത്രമല്ല ഈ ഗ്രൂപ്പ്. ഉപഭോക്താക്കൾക്കായി പ്രൊഫെഷണൽ ജോലി ചെയ്യുന്ന സ്ത്രീകളും ഗ്രൂപ്പിലുണ്ട്. കച്ചവടം, സ്ത്രീ ശാക്തീകരണം, സാമ്പത്തിക സ്വാതന്ത്രം എന്നത് തന്നെയാണ് ഗ്രൂപ്പിന്‍റെ മുഖ്യ ലക്‌ഷ്യം. ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും 5 സ്ത്രീകൾ ആണ് ഈ കൂട്ടായ്മ നയിക്കുന്നത്.

അമ്മക്കരുത്തോടെ മോംസ് ഓഫ് കൊച്ചി

Moms of Cochin

ഒരുമിച്ചു ചേരാൻ എന്തെല്ലാം കാരണങ്ങൾ ആണ് നമുക്കെല്ലാം ഉള്ളത്. അമ്മ എന്നത് തന്നെ വലിയ ശക്തിയാണ്. അപ്പോൾ അമ്മമാർ കുറേപേർ ഒരുമിച്ച് ചേർന്നാലോ? കൊച്ചിയിൽ ജനിച്ചു വളർന്നതോ താമസിക്കുന്നതോ ആയ അമ്മമാരുടെ കൂട്ടായ്മയാണ് മോംസ് ഓഫ് കൊച്ചി. 2021, മെയ് 21-ന് സ്ഥാപിതമായ ഈ സംരംഭം, സംശയങ്ങൾ പങ്കുവയ്ക്കാൻ അമ്മമാരുടെ ഒരു ചെറിയ ഗ്രൂപ്പായി ആരംഭിച്ചു. ഓരോരുത്തരുടെയും ബിസിനസ്സ് പ്രോത്സാഹിപ്പിക്കുകയും ക്രിയാത്മക കഴിവുകൾ പ്രകടിപ്പിക്കുകയും എക്സിബിഷൻ നടത്തുകയും പരസ്പരം ബന്ധപ്പെടുകയും ഒരുമിച്ച് വളരുകയും ചെയ്യുന്ന 2000 അമ്മമാരുടെ ഒരു വലിയ കമ്മ്യൂണിറ്റിയിലേക്ക് ഇത് പതുക്കെ വളർന്നു.

എല്ലാ വർഷവും പാവപ്പെട്ട കുട്ടികൾക്ക് അവർ ജൈവ പച്ചക്കറികൾ ഉപയോഗിച്ച് അമ്മമാർ തന്നെ പാചകം ചെയ്ത് ധനസഹായം നൽകി ഓണ സദ്യ നൽകുന്നു. കൂടാതെ, നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് യൂണിഫോമുകളും ബാഗുകളും നൽകുന്നു. ഗ്രൂപ്പിന്‍റെ സ്ഥാപകയായ രാഖി ഒരു ബ്ലോഗറും എഴുത്തുകാരിയും ഹോളിസ്റ്റിക് വെൽനസ് കോച്ചുമാണ്. അവർ തന്‍റെ 8 കോർ ടീം അംഗങ്ങളായ സുമി, ആതിര, അനു, ലിൻഡ, ശോഭ, മനു, ജെമിനി, മേരിലിൻ എന്നിവരോടൊപ്പം 2024-ൽ അമ്മമാരെ പിന്തുണയ്ക്കുന്നതിനായി പുതിയ സംരംഭങ്ങൾ കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ട്. കൂട്ടായ്മ വളരുന്നതിനനുസരിച്ച് മോംസ് ഓഫ് കൊച്ചിയിൽ നിന്ന് കൂടുതൽ അമ്മമാർ പ്രയോജനം നേടുന്നു. വാട്സാപ്പിലും ഫേസ്ബുക്കിലുമാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.

ഇപ്പോൾ പ്രധാന ഗ്രൂപ് കൂടാതെ 28 സബ് ഗ്രൂപ്പുകൾ ഉണ്ട്. സംരംഭകർ, ഗർഭിണികൾ ന്യൂ മദർ, സിംഗിൾ മദർ, പ്ലാന്‍റ് മോംസ്, പെറ്റ് മോംസ്, മൂവി ലവേർസ്, ഫുഡ്‌ ലവേർസ്, ബുക്ക്‌ ലവേർസ്, എക്സ്പോ ഗ്രൂപ്പ്‌ എന്നിങ്ങനെ പോകുന്നു സബ് ഗ്രൂപ്പുകൾ.

കുട്ടികൾക്ക് നൽകാൻ ടേസ്റ്റി ഡിഷസ്

കുട്ടികൾക്കും മുതിർന്നവർക്കുമായി ഈവനിംഗ് സ്‌നാക്കായി ഒരു സ്പെഷ്യൽ വിഭവം നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ചൈനീസ് ഭേൽ അതിനുള്ള ഏറ്റവും മികച്ച ഒരു ഓപ്ഷനാണ്. വൈകുന്നേരത്തെ ലഘുഭക്ഷണത്തിനായി നിങ്ങൾക്ക് വിളമ്പാവുന്ന, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഒരു എളുപ്പ റെസിപ്പിയാണ് ഇത്.

ചേരുവകൾ

1 പാക്കറ്റ് ഹക്ക നൂഡിൽസ്
2 ടീസ്പൂൺ കാരറ്റ് സ്ട്രിപ്പുകളായി മുറിച്ചത്
2 ടീസ്പൂൺ നന്നായി അരിഞ്ഞ കാബേജ്
2 ടേബിൾ സ്പൂൺ കാപ്സിക്കം ചെറു കഷണങ്ങളാക്കിയത്
2 ടേബിൾ സ്പൂൺ ഉള്ളി സ്ട്രിപ്പുകളായി മുറിച്ചത്
1 ടീസ്പൂൺ ഷെസ്‌വാൻ സോസ്
1 ടേബിൾ സ്പൂൺ റെഡ് ചില്ലി സോസ്
1 ടീസ്പൂൺ പച്ചമുളക് സോസ്
1 ടീസ്പൂൺ വിനാഗിരി
1/2 ടീസ്പൂൺ പഞ്ചസാര
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

ഒരു പാനിൽ നൂഡിൽസ് തിളപ്പിക്കുക. നൂഡിൽസിലെ വെള്ളം ഊറ്റിയശേഷം വേവിച്ച നൂഡിൽസ് തണുത്ത വെള്ളത്തിൽ കഴുകുക. ഒരു പാനിൽ എണ്ണ ചൂടാക്കുക. ചൂടായ എണ്ണയിൽ വേവിച്ച നൂഡിൽസ് സ്വർണ്ണ നിറമാകുന്നതുവരെ ഫ്രൈ ചെയ്യാം.
എല്ലാ പച്ചക്കറികളും, സോസ്, ഉപ്പ്, പഞ്ചസാര എന്നിവ മറ്റൊരു പാനിൽ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് വറുത്ത നൂഡിൽസ് ചേർത്ത് നന്നായി ഇളക്കി മുകളിൽ മല്ലിയില വിതറി ഉടൻ വിളമ്പുക.

ചില്ലി ഗാർലിക് പൊറോട്ട

നമ്മുടെ ഭക്ഷണത്തിന്‍റെ അവിഭാജ്യ ഘടകമാണ് പൊറോട്ട. യഥാർത്ഥത്തിൽ, പൊറോട്ട പൂരിക്കും ചപ്പാത്തിക്കും ഇടയിലുള്ള ഒരു ഭക്ഷണമാണ് എന്ന് പറയാം. കാരണം ഇത് പൂരി പോലെ എണ്ണയിൽ വറുത്തല്ല എടുക്കുക അതുപോലെ ചപ്പാത്തി പോലെ നെയ്യും എണ്ണയും ഇല്ലാതെയുമല്ല തയ്യാറാക്കുക. ഇത് ചട്ടിയിൽ ഇട്ട് അൽപം എണ്ണയോ നെയ്യോ ഉപയോഗിച്ചാണ് ഉണ്ടാക്കുക.

പ്ലെയിൻ ആയിട്ടുള്ള പൊറോട്ടകൾക്ക് പകരമായി വിവിധതരം പച്ചക്കറികൾ ചേർത്തും മസാലകൾ നിറഞ്ഞ പൊറോട്ട വ്യത്യസ്തമായി തയ്യാറാക്കാം. മാവിൽ പച്ചക്കറികൾ കുഴച്ചും പൊറോട്ട ഉണ്ടാക്കാറുണ്ട്. ഇന്ന് നാം ഇവിടെ പരിചയപെടുത്തുന്നത് അത്തരത്തിൽ മാവ് കുഴയ്ക്കാതെ ഉണ്ടാക്കാവുന്ന ചില്ലി ഗാർലിക് പൊറോട്ടയാണ്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ് കൂടാതെ, കേടുകൂടാതെ എളുപ്പത്തിൽ സൂക്ഷിക്കാനും കഴിയും. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

എത്ര പേർക്ക്: 4

തയ്യാറാക്കാൻ എടുക്കുന്ന സമയം: 10 മിനിറ്റ്

ചേരുവകൾ

വെണ്ണ 1 ടീസ്പൂൺ

ചുവന്ന മുളക് ചതച്ചത് 1 ടീസ്പൂൺ

വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂൺ

മല്ലിയില അരിഞ്ഞത് 2 ടീസ്പൂൺ

മഞ്ഞൾ പൊടി 1/4 ടീസ്പൂൺ

മൈദ 1 കപ്പ്

ഗോതമ്പ് മാവ് 1 കപ്പ്

വെള്ളം 2 കപ്പ്

പഞ്ചസാര 1 ടീസ്പൂൺ

ഉപ്പ് 1 ടീസ്പൂൺ

തയ്യാറാക്കുന്ന രീതി

ചുവന്ന മുളക്, വെളുത്തുള്ളി, പച്ച മല്ലി എന്നിവ വെണ്ണയിൽ ചേർത്ത് നന്നായി ഇളക്കുക. ഒരു പാത്രത്തിൽ മൈദ, ഗോതമ്പു മാവ്, ഉപ്പ് എന്നിവ ഇളക്കി യോജിപ്പിക്കുക. മാവ് കട്ട പിടിക്കാതിരിക്കാൻ വെള്ളം പതുക്കെ ചേർത്ത് ഇളക്കുക.

തയ്യാറാക്കിയ വെണ്ണ മിശ്രിതം മാവിൽ ചേർക്കുക. പൊറോട്ടയ്ക്കുള്ള മാവ് ദോശ മാവുപോലെ ആകണം. ഒരു നോൺസ്റ്റിക്ക് പാൻ ചൂടാക്കി നെയ്യ് പുരട്ടി ഒരു ടേബിൾ സ്പൂൺ മാവ് ഒഴിച്ച് ഇടത്തരം കട്ടിയിൽ പരത്തുക. ഇടത്തരം തീയിൽ വെണ്ണ പുരട്ടി ഇരുവശവും നന്നായി മൊരിയുന്നതു വരെ വേവിച്ച്‌ എടുക്കുക. എല്ലാ പൊറോട്ടയും ഒരേ രീതിയിൽ തയ്യാറാക്കുക.

സ്നേഹവും കരുതലും നിറച്ച് എന്‍റെ ചോറ്റുപാത്രം

എന്‍റെ ചോറ്റുപാത്രം സംരംഭത്തിന് ജീവിതപ്രതിസന്ധികളെ പടവെട്ടി വിജയ൦ വരിച്ച വീട്ടമ്മയുടെ വിജയഗാഥയാണ് പറയാനുള്ളത്. ഒരമ്മയുടെ സ്നേഹവാത്സല്യങ്ങൾ ഊട്ടിവളർത്തിയ സ്വപ്നമാണ് ഷാലിന്‍റെ എന്‍റെ ചോറ്റുപാത്രം. ലാഭം ലക്ഷ്യമാക്കിയ ബിസിനസുകാരിൽ നിന്ന് വേറിട്ട് നിൽക്കുന്ന പ്രവർത്തനമാണ് അവരുടേത്. ഓരോ ചോറ്റുപാത്രത്തിലും സ്നേഹവും കരുതലും നിറയ്ക്കുകയാണ്. പോഷകമൂല്യമേറിയ രുചിസമ്പന്നമായ ഭക്ഷണം അവരുടെ അടുക്കളയിൽ ഒരുങ്ങുന്നു. എഞ്ചിനീയർമാർ, ഡോക്ടർമാർ, അധ്യാപകർ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവർ ഇവിടുത്തെ ഗുണഭോക്താക്കളാണ്. ഭക്ഷണം തയാറാക്കാൻ പ്രയാസം നേരിടുന്നവരുടെ കൈകളിലും കരുതലിന്‍റെ ചോറ്റുപാത്രം എത്തും. മൂന്ന് പേർക്കായി തുടങ്ങിയ സംരംഭത്തിൽ ഗുണഭോക്താക്കൾ ഇപ്പോൾ 200 കവിയും. തിരുവനന്തപുരം വെള്ളയമ്പലം ഷാലിന്‍റെ വീട്ടിൽ നിന്നാണ് ചോറ്റുപാത്രം ഒരുങ്ങുന്നത്.

പ്രതിസന്ധികളോട് പടവെട്ടിയവൾ

13 വർഷം മുമ്പ് ജീവിതത്തിലുണ്ടായ പ്രതിസന്ധി മൂലം പൂജ്യത്തിൽ നിന്ന് തുടങ്ങിയ ജീവിതം. 15ഉം 11ഉം വയസ്സുള്ള രണ്ട് മക്കളെയും ചേർത്തുപിടിച്ച് ചെറിയൊരു ജോലിയിൽ നിന്ന് ജീവിതം തുടങ്ങി. ഷാലിൻ മക്കളെ സർക്കാർ സ്കൂളിൽ ചേർത്തു. അവർ മിടുക്കരായി പഠിച്ചു. മൂത്തമകൾ എലിസ് ജോൺ ഇപ്പോൾ ഡോക്ടറാണ്. ഇളയ മകൻ എബി ജോൺ മെക്കാനിക്കൽ എഞ്ചിനീയറും.

ഐ ഫ്രൂട്ട് ലൈവ് ഐസ് ക്രീം സംരംഭം

നാലു വർഷം മുമ്പാണ് 18 ലക്ഷം രൂപ ലോൺ എടുത്തു കേരളത്തിലെ ആദ്യത്തെ എന്ന് പറയാവുന്ന ഐ ഫ്രൂട്ട് ലൈവ് ഐസ്ക്രീം എന്ന പ്രോജക്റ്റ് ആരംഭിക്കുന്നത്. തുടങ്ങിയ അന്ന് തന്നെ ലോക്ക്ഡൗൺ മൂലം 10 മാസം അടച്ചിടേണ്ടി വന്നു. ഇടവേളയിൽ മാസ്‌ക് നിർമ്മാണത്തിൽ മുഴുകി. തുടർന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ ഐ ഫ്രൂട്ട് സജീവമായി. ആ സമയത്താണ് ഐസ്ക്രീം കഴിക്കാൻ വന്ന കുട്ടികൾ ഉച്ചഭക്ഷണം ലഘുഭക്ഷണത്തിൽ ഒതുക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഒരമ്മയെന്ന നിലയിൽ അത് വല്ലാത്ത സങ്കടമുണ്ടാക്കി. അങ്ങനെ മൂന്ന് കുട്ടികൾക്കായി ഉച്ചഭക്ഷണമൊരുക്കിയാണ് എന്‍റെ ചോറ്റുപാത്രം 2021ൽ തുടങ്ങുന്നത്. സ്റ്റീൽ ചോറ്റുപാത്രം വാങ്ങി അതിൽ നിന്നാണ് ‘എന്‍റെ ചോറ്റുപാത്രം’ എന്ന പേര് പിറവികൊള്ളുന്നത്. ഭക്ഷണം കഴിക്കുന്ന ഓരോരുത്തർക്കും ‘ഇത് എന്‍റെ സ്വന്തം ചോറ്റുപാത്രം’ എന്ന ചിന്തയുണ്ടാകണം അതാണ് ഷാലിൻ ആഗ്രഹിക്കുന്നത്. ഈ സംരംഭത്തിന് ഇപ്പോൾ മൂന്ന് വയസ്സായിരിക്കുന്നു.

ആരോഗ്യത്തിന് മുൻഗണന

ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ പച്ചക്കറികൾ മുതൽ മൾബറി ഇലകൾ, പപ്പായയുടെ ഇല,ചൊറിയണത്തിന്‍റെ ഇല, വൈവിധ്യമാർന്ന മറ്റു നാടൻ ഇലകൾ, പച്ചക്കറികൾ എന്നിവ ഉപയോഗിച്ചുള്ള നാടൻ വിഭവങ്ങളാണ് ചോറ്റുപാത്രത്തിനായി ഒരുക്കുന്നത്. നോൺവെജ് ആവശ്യമുള്ളവർക്ക് അതും ഉണ്ടാകും. കുത്തരി ചോറിനൊപ്പം പോഷകസമ്പുഷ്ടമായ കറികൾ ഉൾപ്പെടുന്ന ചോറ്റുപാത്രത്തിന് ആരാധകർ ഏറെയാണ്. രുചിക്കൊപ്പം ഓരോരുത്തരുടെയും ആരോഗ്യകാര്യങ്ങളും കൂടി മുൻനിർത്തിയാണ് ഷാലിൻ വിഭവങ്ങൾ ഒരുക്കുന്നത്. അമ്മമാർ കുടുംബാംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും ആരോഗ്യവും പരിഗണിച്ച് കരുതലോടെ തയ്യാറാക്കുന്ന പോലെ. രണ്ട് വയസ്സുകാരി ഡോറ തുടങ്ങി 86 വയസ്സുള്ള ഒരു മുതിർന്ന വ്യക്തിവരെയും ഉൾപ്പെടുന്നുതാണ് എന്‍റെ ചോറ്റുപത്രത്തിന്‍റെ ഗുണഭോക്താക്കൾ.

പച്ചക്കറി വേവിച്ചു ഉടച്ച്, മീൻമുള്ള് പ്രത്യേകം മാറ്റിയാണ് ഡോറക്കുള്ള ചോറ്റുപാത്രം ഒരുങ്ങുന്നത്. ചിലപ്പോൾ ഡോറയുടെ കുഞ്ഞുപാത്രത്തിൽ വേവിച്ചുടച്ച കാരറ്റും ഉണ്ടാകും. അതുപോലെ ചിലർക്ക് പച്ചക്കറി നന്നായി വേവിച്ചുടച്ചാണ്‌ വേണ്ടത്. ഷുഗർ, ബിപി ഉള്ളവർക്ക് അതിനനുസരിച്ച്‌ ഉപ്പ്, എരിവ് കുറച്ച് കറികളിൽ മാറ്റം വരുത്തും. ചോറിന്‍റെ അളവ് കുറച്ച് കറികൾ കൂടിയ അളവിൽ വച്ചാണ് ചോറ്റുപാത്രം ഒരുങ്ങുന്നത്. ഓട്ടിസ്റ്റിക് ആയിട്ടുള്ള കുട്ടികൾക്കും പ്രത്യേക കരുതലുണ്ട്. അവർ എല്ലാ കറികളും പ്രത്യേകം എടുത്ത് ചോറിനൊപ്പം കഴിക്കാത്തതിനാൽ പച്ചക്കറി നന്നായി വെന്തുടച്ച് ഒറ്റ കറിയാക്കി ചോറ്റുപാത്രത്തിൽ കരുതും. ചോറ് വേണ്ടാത്തവർക്കു ചപ്പാത്തിയായിരിക്കും മെനുവിൽ. എന്നാൽ, ചോറിനുള്ള കറികൾ തന്നെയായിരിക്കും ചപ്പാത്തിക്കൊപ്പം ഉണ്ടാവുക. ചപ്പാത്തിക്ക് ഉപയോഗിക്കുന്ന ഗോതമ്പുപൊടിയിൽ റാഗിയും മറ്റു മില്ലേറ്റുകളും നവധാന്യപ്പൊടിയും മിക്സ് ചെയ്യും.

ദീർഘകാലമായി ഹോട്ടൽ ഭക്ഷണം കഴിച്ച് അസിഡിറ്റി പ്രശ്‌നം ഉണ്ടായവർക്ക് ഇവിടുത്തെ ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ പ്രശ്‌നം മാറിയെന്നൊക്കെയുള്ള പ്രതികരണങ്ങൾ ഷാലിന്‍റെ കരുതലിനുള്ള അംഗീകാരവും കൂടിയാണ്. ഇന്ന് 300ഓളം പേർക്കുള്ള ഭക്ഷണമാണ് ഒരുങ്ങുന്നത്. ഭക്ഷണം പാചകം ചെയ്യുന്നത് ഷാലിനാണ്. കൂടെ പച്ചക്കറി അരിയാനും മറ്റും സഹായിയുണ്ട്. രാവിലെ ഒമ്പതരയോടെ ഉച്ചയൂണ് റെഡിയാകും. ചോറ്റുപാത്രം വിതരണം ചെയ്യാൻ രണ്ട് ഡെലിവറി ബോയ്‌സുണ്ട്. ഭക്ഷണം നേരിട്ട് വാങ്ങി പോകുന്നവരുമുണ്ട്. 11. 30 ഓടെ ഉച്ചയൂണിന്‍റെ പരിപാടി കഴിയും.

പ്രതിസന്ധികളെ കരുത്താക്കിയവൾ

ജീവിതത്തെ ലാഘവത്തോടെ കാണാതെ ജീവിതത്തെ ജീവിതമായി കണ്ട് മുന്നേറുകയാണ് വേണ്ടതെന്നാണ് ഷാലിൻ പറയുന്നത്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും സാമ്പത്തികമായി സ്വാതന്ത്ര്യം കൈവരിക്കണം. നമുക്കൊപ്പം വളരാൻ കുട്ടികളെയും പ്രേരിപ്പിക്കുക. കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ അവരെയും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ചോറ്റുപാത്രം എന്ന ആശയം ഒരുപാടു പേർക്ക് പ്രചോദനമായിട്ടുണ്ട്. ഇത് മാതൃകയാക്കി പലരും സ്വന്തം വീട്ടിൽ ഉച്ചഭക്ഷണമൊരുക്കി ആവശ്യക്കാരിൽ എത്തിക്കുന്നുണ്ട്, ഓരോ സ്ത്രീയ്ക്കും സ്വന്തം അടുക്കളയിൽ നിന്ന് ഇത്തരത്തിൽ പ്രവർത്തിച്ച് വരുമാനം ഉണ്ടാക്കാവുന്നതാണ്. കുടുംബാംഗങ്ങൾക്ക് തയ്യാറാക്കുന്ന ഭക്ഷണത്തിൽ ഒരല്പം അളവ് കൂട്ടി ഭക്ഷണം കുറച്ചു പേരിലേക്ക് എത്തിക്കാം. പ്രതിസന്ധികളിൽ തളർന്നുപോകാതെ അതിനെ നേരിട്ടുകൊണ്ട് അടുത്ത ചുവടെടുത്തു വച്ച് മുന്നേറുന്നതിലാണ് വിജയം. വീഴ്ചയിൽ നിന്നെഴുന്നേറ്റ് മുന്നോട്ട് പോകാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നതിലാണ് വിജയം. ആഗ്രഹത്തിനൊപ്പം നിരന്തരമായ പരിശ്രമവും കൂടി ചേരുന്നതോടെ വിജയമുണ്ടാകുമെന്നാണ് ഷാലിൻ പറയുന്നത്. ഇനിയും ഒരുപാട് സ്വപ്നപദ്ധതികൾ സാക്ഷാത്കരിക്കാനുള്ള മുന്നേറ്റത്തിലാണ് ഷാലിൻ.

എന്‍റെ വിജയം

സ്ത്രീ എന്ന നിലയിൽ സാധ്യമല്ലാത്ത ഒന്നും തന്നെ ജീവിതത്തിൽ ഇല്ല. എന്‍റെ ദൂരവും ലക്ഷ്യവും എന്‍റേത് മാത്രമാണ്. അത് നേടിയെടുക്കാൻ പോകും വഴിയിൽ കാണുന്ന മുഖങ്ങളിൽ പുഞ്ചിരി വിടർത്താനും ചേർത്ത് പിടിക്കാനും സാധിക്കുന്നത് അന്ന് എന്നെ ഞാൻ ആക്കുന്നത്. ജീവിത വിജയം ഒരിക്കൽ പൂർത്തിയാകുന്ന ഒന്നല്ല. നമ്മുടെ ജീവൻ ഉള്ളിടത്തോളം അതിനെ സേഫ് ആക്കി കൊണ്ടുപോകാൻ സാധിക്കണം തോൽവികൾ ഉണ്ടായാലും എഴുനേൽക്കാൻ ശ്രമിക്കുകയും വേണം.

എന്‍റെ സന്ദേശം

വീഴ്‌ചകൾ സ്വാഭാവികം. പക്ഷേ, ആ വീച്ചയെ പഴിപറഞ്ഞു മുന്നോട്ടുള്ള ജീവിതത്തെ നശിപ്പിക്കരുത്. മുന്നോട്ട് വയ്ക്കുന്ന ചുവടാണ് എപ്പോഴും വിജയം നൽകുന്നത്. ആ ചുവട് വയ്ക്കാൻ നമ്മെ ആരും സഹായിക്കില്ല. നമ്മൾ തന്നെ അതിനു ശ്രമിക്കണം. നമ്മെ സ്വയം സ്‌നേഹിക്കുമ്പോൾ മാത്രമാണ് അതിനുള്ള ആർജ്ജവം നേടാൻ കഴിയുന്നത്. പ്രതിസന്ധികളിൽ തോറ്റുകൊടുക്കാൻ തയ്യാറാകാതെ ചിരിച്ചുകൊണ്ട് നേരിടാൻ കഴിയുന്നവർ മാത്രമേ വിജയത്തിന്‍റെ പടികൾ കണ്ടിട്ടുള്ളൂ.

വിജയം നേടാൻ സ്വയം തിരിച്ചറിയണം- മിന്നു മണി

ഞാൻ വിജയം സ്വപ്നം കാണാറില്ല, വിജയത്തിനായി പ്രവർത്തിക്കാറേ ഉള്ളു. സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ ധൈര്യത്തോടെ മുന്നിട്ടിറങ്ങണം. നിങ്ങൾക്ക് ആവശ്യമായ എല്ലാ വിജയങ്ങളും നേടാൻ നിങ്ങളുടെ ജീവിതവും സമയവും ശക്തിയും ഉപയോഗിക്കുക. ഇന്ത്യൻ വനിതാ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്ന മിന്നു മണിയുടെ വാക്കുകളാണിത്. വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന ഈ മിടുക്കി ആഭ്യന്തര ക്രിക്കറ്റിൽ കേരള ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ആദ്യ കേരള വനിതാ ക്രിക്കറ്റ് താരമാണ് മിന്നു മണി.

ക്രിക്കറ്റിനെ തന്‍റെ ഹൃദയത്തോട് ചേർത്തുനിർത്താൻ മിന്നു മണി എല്ലാ പ്രതിബന്ധങ്ങളോടും പൊരുതി. മെഗ് ലാനിംഗ്, ഷഫാലി വർമ, ജെമിമ റോഡ്രിഗസ് തുടങ്ങിയ താരങ്ങൾക്കൊപ്പം ടാറ്റ ഡബ്ല്യുപിഎല്ലിന് വേണ്ടി കളിക്കാനുള്ള അവസരവും മിന്നുവിനെ തേടിയെത്തി.

കേരളത്തിൽ നിന്നുള്ള ആദിവാസി പെൺകുട്ടിയായ മിന്നുവിന്‍റെ കുടുംബപശ്ചാത്തലം വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. കുറിച്യർ സമുദായത്തിൽ പെട്ട മിന്നുവിന്‍റെ അച്ഛൻ മണി ദിവസക്കൂലിക്കാരനും അമ്മ വസന്ത വീട്ടമ്മയുമാണ്. പത്താമത്തെ വയസ്സിലാണ് മിന്നുവിന്‍റെ ക്രിക്കറ്റ് ദിനങ്ങൾ ആരംഭിച്ചത്. അവൾ ബന്ധുക്കളോടും നാട്ടുകാരായ ആൺകുട്ടികളോടും ഒപ്പം നെൽപ്പാടങ്ങളിൽ കളിക്കാൻ തുടങ്ങി. എന്നാൽ ആദ്യമൊക്കെ അച്ഛന് ഭയമായിരുന്നു. ഇവരുടെ സമുദായത്തിൽ പെൺകുട്ടികൾ ഇങ്ങനെ ആൺകുട്ടികളുടെ കൂടെ കളിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമായിരുന്നില്ല.

മിന്നുവിന് ചുറ്റുമുള്ളവരെല്ലാം അവളെ ക്രിക്കറ്റ് കളിക്കുന്നത് നിരുത്സാഹപ്പെടുത്തി. ക്രിക്കറ്റ് ആൺകുട്ടികൾക്കുള്ള ഒരു കായിക വിനോദമാണെന്ന് അവളോട് പറഞ്ഞു. സാമ്പത്തിക സമ്മർദ്ദം അവളുടെ പ്രതിബന്ധങ്ങളുടെ കൂടെ ചേർന്നു. അതിനാൽ മാതാപിതാക്കളും അവളെ നിരുത്സാഹപ്പെടുത്തി. എന്നാൽ ക്രിക്കറ്റ് ഒരു ഹോബി എന്ന നിലയിൽ മാത്രമല്ല, ദീർഘകാല കരിയർ എന്ന നിലയിലും പിന്തുടരുന്നതിന് മിന്നു തീരുമാനിച്ചത് ഹൈ സ്കൂളിൽ പഠിക്കുമ്പോഴാണ്.

എന്തായാലും മിന്നുവിന്‍റെ പോരാട്ടം അത്ര എളുപ്പമായിരുന്നില്ല. അമ്മയോടൊപ്പം ഭക്ഷണം തയ്യാറാക്കാൻ അവൾ രാവിലെ 4 മണിക്ക് എഴുന്നേൽക്കും. പിന്നെ, പരിശീലനത്തിനായി ക്രിക്കറ്റ് ഗ്രൗണ്ടിലെത്താൻ അവൾക്ക് നാല് ബസുകൾ മാറി കേറണം. വൈകുന്നേരത്തോടെ അവൾ വീട്ടിലേക്ക് മടങ്ങുമ്പോൾ, ആകെ ക്ഷീണിച്ചു പോയിട്ടുണ്ടാകും. എന്നാൽ അവളുടെ അർപ്പണബോധം അവളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പ്രേരണ നൽകി. ടാറ്റ വിമൻസ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരം മിന്നുവിന്‍റെ കായികരംഗത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും കഠിനാധ്വാനത്തിന്‍റെയും തെളിവാണ്.

വെല്ലുവിളികൾ

എനിക്ക് ഇത്രയൊക്കെ ആവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്. കാരണം, ഞാൻ കുറിച്യ സമുദായത്തിൽ നിന്നാണ് വരുന്നത്. എന്‍റെ മുന്നിൽ ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. ബന്ധുക്കൾക്കൊന്നും ഞാൻ കളിക്കുന്നതിൽ താൽപ്പര്യം ഉണ്ടായിരുന്നില്ല. പണം ലഭിക്കുന്ന കളിയുടെ ഭാഗമാകുന്നു എന്നതൊക്കെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അവരുടെ കാഴ്ചപ്പാടുകളൊക്കെ തിരുത്തി നല്ല രീതിയിൽ ഉയർന്ന് വരാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

ഞാൻ മാനന്തവാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വനിതാ ക്രിക്കറ്റിനെക്കുറിച്ച് കൂടുതൽ അറിയുന്നത്. സ്കൂളിലെ കായിക അധ്യാപികയായ എൽസമ്മ ടീച്ചറാണ് എന്‍റെ കഴിവ് തിരിച്ചറിഞ്ഞതും ഇക്കാര്യങ്ങൾ പറഞ്ഞ് തന്നതും. ഇപ്പോൾ ഞാൻ വളരെ എക്സൈറ്റാണ്. ഹർമൻപ്രീത് കൗർ, സ്മ്യതി മന്ദാന ടീമിന്‍റെ കളി ടിവിയിൽ കാണുമ്പോൾ ഇന്ത്യൻ ടീമിൽ കളിക്കുന്നതൊക്കെ ആഗ്രഹിച്ചിരുന്നു, സ്വപ്നം കണ്ടിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് 

തുടക്കകാലത്ത് സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാൽ എന്‍റെ മാതാപിതാക്കൾ ആ ബുദ്ധിമുട്ട് എന്നെ അറിയിച്ചിരുന്നില്ല. ബന്ധുക്കളിൽ നിന്ന് കടമൊക്കെ വാങ്ങി എന്നെ പരിശീലനത്തിന് അയച്ചു. വയനാട് ജില്ലാ ടീമിലേക്ക് സെലക്ഷൻ കിട്ടിയതിന് ശേഷമായിരുന്നു അവരും ഈ കളിയോട് താൽപ്പര്യം പ്രകടിപ്പിച്ചത്. അതിന് മുൻപ് സ്കൂളിൽ സ്പെഷ്യൽ ക്ലാസുണ്ടെന്നൊക്കെ പറഞ്ഞായിരുന്നു പരിശീലനത്തിന് സമയം കണ്ടെത്തിയിരുന്നത്.

ഓൾറൗണ്ടർ ആകണം 

ക്രിക്കറ്റിൽ ഓൾറൗണ്ടർ എന്ന് പറയുന്നത് എപ്പോഴും ഗുണമാണ്. സെലക്ഷൻ വരുമ്പോഴും മുൻഗണനകൾക്കുള്ള സാധ്യതകളും കൂടുതലാണ്. ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം ചെറിയൊരു തുടക്കം മാത്രമാണ്. ഇന്ത്യക്ക് വേണ്ടി നന്നായി കളിക്കണം. ഏതൊരു ക്രിക്കറ്ററേയും സംബന്ധിച്ച സ്വപ്നമാണ് ലോകകപ്പ് കിരീടം നേടുക എന്നത്.

ഒരു ലക്ഷ്യം നേടാൻ ആഗ്രഹിക്കുമ്പോൾ ആദ്യം നമ്മളെ തിരിച്ചറിയുക എന്നതാണ് പ്രധാനം. എന്നെ സംബന്ധിച്ച് ഞാന്‍ സ്വന്തമായി തിരഞ്ഞെടുത്ത ഫീല്‍ഡായിരുന്നു ഇത്. എന്തെങ്കിലും ആകാന്‍ സാധിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതിനാല്‍ ക്രിക്കറ്റിലേക്ക് മാത്രം ഫോക്കസ് ചെയ്തുകൊണ്ടാണ് മുന്നോട്ട് പോയത്. സിന്‍സിയറായി കഠിനാധ്വാനം ചെയ്താൽ അതിന് എന്തായാലും ഫലമുണ്ടാകും. ഏത് കായിക ഇനമായാലും അത് പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആകട്ടെ നമ്മളെ സ്വയം വഞ്ചിക്കരുത്. നമുക്ക് അര്‍ഹിക്കുന്നത് തേടിത്തന്നെ വരും.

ജനനിയുടെ കരുത്തയായ അമരക്കാരി

പ്രീഡിഗ്രി പഠനകാലത്ത് അപ്രതീക്ഷിതമായുണ്ടായ അപകട൦ പാലക്കാട് സ്വദേശിനിയായ പ്രിയ രാമകൃഷ്ണന്‍റെ ജീവിതത്തിൽ വലിയ മാറ്റമാണുണ്ടാക്കിയത്. പാലക്കാട് മേഴ്‌സി കോളേജിൽ നിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിൽ ബസിൽനിന്ന് തെറിച്ച് റോഡിൽ വീണ പ്രിയയ്ക്ക് ആദ്യം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. കുഴപ്പമില്ലായെന്ന തോന്നലിൽ ആ സമയത്ത് പതിയെ എഴുന്നേറ്റ് നിന്നു. ശരീരമാകെ തരിപ്പ്. വീട്ടിലെത്തിയ പ്രിയയെ വീട്ടുകാർ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിച്ചില്ല.

കുഴപ്പമില്ലായെന്നായിരുന്നു ഡോക്ടറുടെ മറുപടി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞതോടെ വലത് കാലിന് മുട്ടിന് താഴെ കഠിനമായ വേദനയുണ്ടായി. തുടർന്നങ്ങോട്ട് ചികിത്സ നടത്തിയെങ്കിലും പരിക്ക് പൂർണ്ണമായും ഭേദമായില്ല. വീഴ്ചയുടെ ആഘാതത്തിൽ പ്രിയയുടെ നട്ടെല്ലിന് കാര്യമായ ക്ഷതമേറ്റിരുന്നു. അതോടെ ശരീര വളർച്ച നിലച്ചു. അതിനിടെ അസുഖം കഴുത്തിനെയും സാരമായി ബാധിച്ചു. കഴുത്ത് തിരിക്കാൻ വയ്യാതെയായി. കഴുത്തു തിരിച്ചു നോക്കാനോ മുകളിലേക്ക് നോക്കാനോ ശ്രമിച്ചാൽ കഠിനമായ വേദനയായിരിക്കും. അതിനെ തുടർന്ന് നീണ്ട 30 വർഷത്തെ ചികിത്സ. വൈദ്യശാസ്ത്രപരമായി പറഞ്ഞാൽ ലോക്കോ മോട്ടോർ എന്ന അവസ്ഥ.

16 വയസു വരെ ജീവിതത്തെക്കുറിച്ചു ഏറെ സ്വപ്നങ്ങൾ കണ്ടിരുന്ന പെൺകുട്ടി. ഒരുപാട് പ്രതീക്ഷകളോടെ കോളേജിൽ പോയിരുന്നവൾ. എന്നാൽ ആ വീഴ്ചയോടെ അവളുടെ ജീവിതം സങ്കടങ്ങളുടെയും ഏകാന്തതയുടെയും ലോകത്തായി. തുടർ ചികിത്സകൾ, മരുന്നുകൾ. അങ്ങനെ ജീവിതം തുടർന്നു. സങ്കടപ്പെട്ടിരുന്ന നാളുകളിൽ എപ്പോഴോ ഒരു ദിവസം ജീവിതത്തെക്കുറിച്ച് പുതിയ പ്രതീക്ഷകൾ പ്രിയയുടെ മനസ്സിൽ നാമ്പിട്ടു. അത് മനസിന്‌ കരുത്തു൦ പ്രകാശവും പകർന്നു. ശരീരത്തിന്‍റെ അസ്വസ്ഥകളെ പ്രിയ പിന്നെ വകവച്ചില്ല. ആ ഉൾക്കരുത്തിൽനിന്നാണ് അനേകം പേരുടെ താങ്ങും തണലുമായി മാറിയ പ്രിയ പുതിയൊരു ജീവിതത്തിലേക്ക് നടന്നു തുടങ്ങുന്നത്.

അശരണരായ സ്ത്രീകളെയും കുട്ടികളെയും അവൾ തനിക്കൊപ്പം ചേർത്തുപിടിച്ചു. അവരുടെ മുഖങ്ങളിൽ പുഞ്ചിരി നിറച്ചു. ശരീരത്തിനേറ്റ വൈകല്യം മനസ്സിനെ തളർത്തിയില്ല, മറിച്ചു അത് അവരെ പുതിയ കർമ്മപഥങ്ങളിലേക്ക് നയിക്കുകയാണുണ്ടായത്. രോഗാവസ്ഥയുടെ കാഠിന്യ൦ അലട്ടുമ്പോഴും പ്രിയ പഠനം തുടർന്നുകൊണ്ടിരുന്നു. പ്രീഡിഗ്രി, ഡിഗ്രി, എംഎസ് ഡബ്ലിയു, പിജിഡിസിഎ, എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കി.

മനക്കരുത്തും ആത്മവിശ്വാസവും കൈമുതലാക്കി പ്രിയ പിന്നീട് അനേകം പേരുടെ ജീവിതത്തിലെ വെളിച്ചമായി മാറുകയായിരുന്നു. വേദനസംഹാരികൾ ജീവിതത്തിന്‍റെ ഭാഗമായെങ്കിലും പ്രിയയുടെ ഇച്ഛാശക്തിയെ തോൽപ്പിക്കാൻ ഒന്നിനും കഴിഞ്ഞില്ല. വിദ്യാഭ്യാസം നേടാൻ കഴിയാത്തവർക്കായി തണലാകണമെന്ന ചിന്തയിൽ നിന്നാണ് ജനനി എഡ്യൂക്കേഷണൽ ആൻഡ് കൾച്ചുറൽ ചാരിറ്റബിൾ സൊസൈറ്റിയും ജനനി വൊക്കേഷണൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും 2003ൽ തുടങ്ങുന്നത്. സുഖമില്ലാത്തയാൾ ഇതിനൊക്കെ ഇറങ്ങി പുറപ്പെടണോ എന്നൊക്കെയുള്ള വിമർശനം ചുറ്റിലും നിന്നും ഉയർന്നെങ്കിലും അത്തരം വാക്കുകളൊന്നും പ്രിയയെ ഒട്ടും തളർത്തിയില്ല. ജനനിയുടെ പ്രവർത്തനത്തിന്‍റെ ഭാഗമായി സാമ്പത്തിക പ്രശ്‌നം ഉയർന്നപ്പോൾ ഒപ്പമുണ്ടായിരുന്നവർ പതിയെ പിൻവലിഞ്ഞു. എന്നിട്ടും പതറാതെ മുന്നോട്ട് നീങ്ങി.

2003ൽ തുടങ്ങിയ ജനനി ഇന്ന് ഒരു കൂട്ടായ്‌മയുടെ വിജയഗാഥയാണ് രചിക്കുന്നത്. ഇതിനെല്ലാം നേതൃത്വ൦ വഹിക്കുന്നത് പ്രിയയാണ്. ഒപ്പം കൂട്ടായി ജനനിയുടെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കാൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ജിസയും ഒപ്പമുണ്ട്. ഗൾഫിൽ ടീച്ചർ ആയിരുന്ന ജിസ ജോമോൻ ഒരിക്കൽ നാട്ടിൽ എത്തിയപ്പോഴാണ് ജനനിയെയും പ്രിയയെയും കുറിച്ചറിയുന്നത്. അതോടെ ജിസ ജോമോനും കുടുംബവും ജനനിയുടെ സജീവപ്രവർത്തകരായി മാറി. കേരള സ്റ്റേറ്റ് യുവജന ക്ഷേമ ബോർഡിൽ ജീവനക്കാരിയാണ് 49കാരിയായ പ്രിയ. ജോലിസമയം കഴിഞ്ഞാണ് ജനനിയുടെ പ്രവർത്തനങ്ങൾക്കും സാമൂഹികപ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്നത്.

ജനനിയുടെ പ്രവർത്തനങ്ങൾ

സ്ത്രീകൾക്കും കുട്ടികൾക്കും തൊഴിൽ പരിശീലനം, സാക്ഷരത തുടർ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ, കമ്പ്യൂട്ടർ പരിശീലനം, വൊക്കേഷണൽ ട്രെയിനിംഗ്, ഇതിനൊക്കെ പുറമെ പേപ്പർ ബാഗ് നിർമ്മാണം, ബ്യൂട്ടീഷ്യൻ പരിശീലനം, കൂൺകൃഷി പരിശീലനം, പേപ്പർ പെൻ നിർമ്മാണം, ജൂട്ട് ബാഗ് നിർമ്മാണം, മുള ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം, തുടർന്നത് മാർക്കറ്റ് ചെയ്യാനുള്ള പിന്തുണ നൽകൽ എന്നിങ്ങനെ വിവിധ മേഖലകളിലായി ജനനി സ്ത്രീകൾക്കും കുട്ടികൾക്കും താങ്ങുംതണലുമാകുന്നു.

ഇത് കൂടാതെ സൗജന്യ നിയമ സഹായം, സൗജന്യ കൗൺസലിംഗിനുള്ള സൗകര്യ൦ എന്നിവയും ജനനിയുടെ പ്രവർത്തങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ശാരീരിക വൈകല്യമുള്ളവരും അല്ലാത്തവരുമായ ഏകദേശം 3000ത്തിലധികം സ്ത്രീകൾ ഇവിടെ നിന്ന് വിവിധ മേഖലകളിലായി പരിശീലനം നേടിയിട്ടുണ്. നബാർഡും കുടുംബശ്രീയുമായി യോജിച്ച് സ്ത്രീകളുടെ ക്ഷേമത്തിനായുള്ള വിവിധ പരിപാടികളിലും ജനനി സജീവമാണ്.

ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്

ഇതുവരെ ചെയ്‌ത എല്ലാ പ്രവർത്തനങ്ങളിലും നിറഞ്ഞ സംതൃപ്തി ഉണ്ടെങ്കിലും പ്രിയ അടിയുറച്ചു പറയുന്ന ഒരു കാര്യമുണ്ട്. “ഇനിയും ഏറെ കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാനുണ്ട്. ഭിന്ന ശേഷിക്കാർക്കായുള്ള വൊക്കേഷണൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റീഹാബിലിറ്റേഷൻ സെന്‍റർ തുടങ്ങണമെന്നുണ്ട്. അതിനൊക്കെ നല്ല പണമാവശ്യമുണ്ട്. സാമ്പത്തിക പ്രയാസം വലിയ അളവിൽ ജനനിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. അത് മറികടക്കണം.” ഇൻസ്റ്റിറ്റ്യുട്ടിന്‍റെ കടം വീട്ടുവാൻ സ്വന്തം പേരിലുള്ള സ്ഥലവും വീടും വരെ പ്രിയയ്ക്ക് വിൽക്കേണ്ടി വന്നു. നിലവിൽ പ്രിയ അമ്മയ്ക്കും സഹോദരനുമൊപ്പം വാടക വീട്ടിലാണ് താമസം.  അതിനിടെ കടന്നുവന്ന കൊറോണയും ലോക്ക്ഡൗണും ജനനിയുടെ പ്രവർത്തനത്തെ ഇടയ്ക്ക് സാരമായി ബാധിച്ചുവെങ്കിലും അതിനൊന്നും പ്രിയയുടെ ആത്മവീര്യത്തെ തളർത്താനാവില്ല.

ബഹുമതികൾ

യുവജന ക്ഷേമ പ്രവർത്തനങ്ങൾക്ക് 2006ൽ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിൽ നിന്ന് നാഷണൽ യൂത്ത് അവാർഡ് പ പ്രിയ നേടിയിട്ടുണ്ട്. 2010ൽ നെഹ്‌റു യുവ കേന്ദ്ര അവാർഡ് ലഭിച്ചു. അങ്ങനെ ഒരുപാടു പുരസ്‌കാരങ്ങൾ. മികച്ചൊരു സാമൂഹിക പ്രവർത്തക എന്നതിനൊപ്പം ആർച്ചറി സൗത്ത് ഇന്ത്യൻ ചാമ്പ്യൻ കൂടിയാണ് പ്രിയ. പാര ഒളിംപിക്സിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് പ്രിയ ഇപ്പോൾ. പ്രിയയുടെ വലിയൊരു സ്വപ്നനവും ലക്ഷ്യവുമാണത്. വായനയും, കവിതയെഴുത്തുമാണ് പ്രിയയുടെ മറ്റ് ഇഷ്ടമേഖലകൾ. സമയം കിട്ടുമ്പോൾ കവിതയെഴുതാറുണ്ട്. 25 വർഷം മുമ്പ് കർമ്മഭൂമി എന്ന കവിതസംഹാരം പ്രസിദ്ധികരിക്കുകയുമുണ്ടായി.

എനിക്ക് പറയാനുള്ളത്

പ്രതിസന്ധികളിൽ തളരാതെ സമൂഹനന്മയ്ക്കായി എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുക, നിങ്ങളിലുള്ള കഴിവുകളെ മറ്റുള്ളവർ കാണുകയോ പ്രോത്സാഹിപ്പികയോ ചെയ്യണമെന്നില്ല. അതൊന്നും കാര്യമാക്കാതെ സ്വന്തം പരിമിതികളെ അതിജീവിച്ചു മുന്നേറുക. ഒരിക്കൽ ലോകം നിങ്ങളെ തിരിച്ചറിയും എന്നാണ് പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്ക് പ്രിയ നൽകുന്ന സന്ദേശം. പരിമിതികളെയോർത്ത് പരിതപിക്കാതെ സാമൂഹിക നന്മയ്ക്കായി കർമ്മനിരതയായിരിക്കുന്ന പ്രിയ കഴിഞ്ഞ 30 വർഷമായി കർമ്മനിരതമായ സ്വന്തം ജീവിതം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുകയാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें